ചോദ്യം

19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. ബി.കോം രണ്ടാം വർഷമാണ്. എനിക്ക് അടിക്കടി പനിയും ചുമയും ഉണ്ടാകുന്നു. എക്സ്റേ എടുത്ത് നോക്കിയപ്പോൾ എന്‍റെ മുക്കിനുള്ളിലെ എല്ല് വളഞ്ഞിരിക്കുന്നതായാണ് കണ്ടത്. ഇത് നേരെയാക്കാൻ ശസ്ത്രക്രിയ വേണ്ടി വരുമോ? മരുന്ന് കൊണ്ട് ഇത് ഭേദപ്പെടുമോ?

ഉത്തരം

പ്രശ്നം അലർജി കൊണ്ടുള്ളതാണ് എന്നാണ് കത്തിൽ നിന്നും മനസ്സിലാക്കുന്നത്. മൂക്കിനുള്ളിലെ എല്ല് അഥവാ സെപ്റ്റം (മൂക്കിനെ രണ്ട് ഭാഗമായി തിരിക്കുന്നത്) വളഞ്ഞിരിക്കുന്നത് പലരിലും സംഭവിക്കുന്നുണ്ട്. മുമ്പ് പനിയും ചുമയും വരുമ്പോൾ മൂക്കിന്‍റെ എല്ല് വളഞ്ഞിരിക്കുന്നതുമായി ബന്ധപ്പെടുത്തി കാണുമായിരുന്നു. അത് മാറാനായി സെപ്റ്റോ പ്ലാസ്റ്ററി ഓപ്പറേഷനും ചെയ്യുമായിരുന്നു. എന്നാൽ സെപ്റ്റം വളഞ്ഞിരിക്കുന്നതുമായി മൂക്കിലെ അലർജിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. തൽക്കാലം ശസ്ത്രക്ക്രിയയെപ്പറ്റി ആലോചിക്കുന്നതിന് പകരമായി അലർജിയെ പ്രതിരോധിക്കാനുള്ള മരുന്നുകൾ കൃത്യമായി കഴിക്കുക.

ഏതെങ്കിലും മികച്ച ഇഎൻടി ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ നടത്തുക. പ്രശ്നം മാറിക്കിട്ടും.

ചോദ്യം

ഭക്ഷ്യവസ്തുക്കൾ സ്ത്രീ പുരുഷന്മാരുടെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കുമെന്ന് പറയുന്നത് സത്യമാണോ? കഴിഞ്ഞ ദിവസം ഇന്‍റർനെറ്റിൽ ഇതേ വിഷയത്തെ സംബന്ധിച്ച് തിരഞ്ഞപ്പോൾ അറിയാൻ ഇടയായ കാര്യമാണ് ഇത്. കൊഴുപ്പ് കൂടുതലുള്ള അമിത ഭക്ഷണം പുരുഷന്‍റെ പ്രത്യുൽപ്പാദനശേഷിയെ കുറയ്ക്കും എന്ന് കണ്ടു. എന്‍റെ ഭർത്താവ് ഇത് വിശ്വസിക്കുന്നില്ല. ഇന്‍റർനെറ്റിൽ അടിസ്ഥാനരഹിതമായ വിവരങ്ങളും ഉണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്. അതൊന്നും വിശ്വസനീയം അല്ലത്രേ. സത്യമാണോ ഇക്കാര്യം?

ഉത്തരം

ഇന്‍റർനെറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെല്ലാം വിശ്വാസ യോഗ്യമല്ലെന്നുള്ള ഭർത്താവിന്‍റെ അഭിപ്രായം ശരിയാണ്. ഇന്‍റർനെറ്റിൽ യഥാർത്ഥവും അല്ലാത്തതുമായ ധാരാളം വിവരങ്ങൾ പലയിടത്തും നിന്നുമായി എത്തിച്ചേരാം.

എന്നാൽ ഭക്ഷ്യവസ്തുക്കൾ പുരുഷന്‍റെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കും എന്നുള്ള വിവരം ശരിയാണ്. അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഒരു ഗവേഷണം നടത്തുകയുണ്ടായി. നാല് വർഷമായി 99 മുതിർന്ന പുരുഷന്മാരിൽ നടത്തിയ ഗവേഷണത്തിൽ നിന്നും ഭക്ഷണം അവരുടെ ബീജങ്ങളുടെ സംഖ്യയേയും ശേഷിയേയും ബാധിക്കുന്നു എന്നാണ് കണ്ടെത്തിയത്. അവരുടെ ഈ ഗവേഷണ ഫലം പ്രശസ്തമായ ഹ്യൂമൻ റിപ്രൊഡക്ഷൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പൂരിത കൊഴുപ്പ് അധിക അളവിൽ അടങ്ങിയ ഭക്ഷണം കഴിച്ച പുരുഷന്മാരിൽ ഭൂരിഭാഗം പേരുടെയും ബീജങ്ങളുടെ സംഖ്യ താരതമ്യേന കുറവായിരുന്നു എന്ന് ഗവേഷണ സംഘത്തിലെ ഡോക്ടറായ ഡോ. ജിൽ അറ്റാമാൻ പറയുന്നു. ഇത് മാത്രമല്ല ബീജങ്ങളുടെ രൂപത്തിലും ഗുണത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടത്രേ.

സാച്ചുറേറ്റഡ് ഫാറ്റ് കഴിച്ച പുരുഷന്മാരിൽ 43 ശതമാനം പേരുടെയും സെമൻ ടെസ്റ്റിൽ ബീജങ്ങളുടെ എണ്ണം കുറവായിരുന്നു. അതുപോലെ ബീജങ്ങളുടെ ക്രിയാശീലത തീരെ കുറവായിരുന്നു. ഇവരെ അപേക്ഷിച്ച് മോണോ, പോളി സാച്ചുറേറ്റഡ് ഫാറ്റ് കഴിച്ചവരുടെ ബീജാണുക്കൾ കൂടുതൽ ആരോഗ്യമുള്ളതായി കണ്ടെത്തുകയുണ്ടായി. ആരോഗ്യം മികച്ച രീതിയിൽ നിലനിർത്തുന്നതിന് കൊഴുപ്പ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

എണ്ണ, വെണ്ണ, നെയ്യ് എന്നിവ നിയന്ത്രിതമായ അളവിൽ കഴിക്കുക. മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പ് ആരോഗ്യത്തിന് മികച്ചവയാണ്. കൊളസ്ട്രോളിലെ ദോഷകാരികളായ ഘടകങ്ങളെ നിയന്ത്രിക്കുന്നതിന് ഇവ ആവശ്യമാണ്. ധമനികളുടെ പ്രവർത്തനരീതിയെ ഇത് മികച്ചതാക്കുന്നു.

ചോദ്യം

55 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. കഴിഞ്ഞ കുറെ മാസമായി എനിക്കുണ്ടായ മാറ്റങ്ങളിൽ ഞാനാകെ അസ്വസ്ഥയാണ്. സെക്സിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുന്നു. ഉള്ളിൽ താൽപര്യം ഉണ്ടായാലും സെക്സിൽ ഏർപ്പെടാൻ കഴിയുന്നില്ല.

ഇതിന്‍റെ പേരിൽ ഭർത്താവിന് എന്നോട് ദേഷ്യമാണ്. ഞങ്ങൾ വളരെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ, ഇപ്പോൾ ഇക്കാരണത്താൽ എപ്പോഴും വഴക്കാണ്. അദ്ദേഹത്തിന്‍റെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും ഞാൻ തീർത്തും നിസ്സഹായവസ്ഥയിൽ ആണ്. സങ്കോചം മൂലം ആരോടും പറയാനും കഴിയുന്നില്ല.

ഉത്തരം

മെനോപോസിന് (ആർത്തവവിരാമം) ശേഷം സ്ത്രീകളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകാം. ആർത്തവവിരാമത്തെ തുടർന്ന് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ ഉൽപാദനം നിലയ്ക്കുന്നു. ഇക്കാരണത്താൽ യോനിയിൽ ഡ്രൈനെസ്സ് ഉണ്ടാകാം. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുകയാണ് എങ്കിൽ പ്രശ്നം കൂടുതൽ വഷളാകുകയേയുള്ളൂ. ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിന് ഒപ്പം പതിവായി സെക്സിലേർപ്പെടുന്ന മദ്ധ്യവയസ്കരായ സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായി കാണാറില്ല. സെക്സിൽ ഏർപ്പെടുമ്പോൾ യോനിയിലെ രക്തക്കുഴലുകൾ വികസിച്ച് രക്തപ്രവാഹം കൂടുന്നതിനാൽ സ്വാഭാവികമായും മുമ്പത്തെ പോലെ തന്നെ സ്രവം ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. അമിതമായ ഉത്കണ്ഠ ഒഴിവാക്കുക.

Tags:
COMMENT