നിഴൽച്ചിത്രം

ഹർഷിനെ ഞാൻ പരിചയപ്പെട്ടത് ഒരു ആർട്ട് ഗാലറിയിൽ വച്ചാണ്. ഹ്രസ്വമായ ആ കൂടിക്കാഴ്ചയ്ക്കിടയിൽ ഞാൻ എന്‍റെ ബിസിനസ്സ് കാർഡ് കൊടുക്കാൻ മറന്നില്ല.

“ഇത് എന്‍റെ വെബ്സൈറ്റ് ആണ്. എന്‍റെ എല്ലാ പെയിന്‍റിംഗ്സും അതിൽ ഉണ്ട്. വിലയും കാണാം.” ബിസിനസ്സ് കാർഡ് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ആഹാ… തീർച്ചയായും ഞാൻ നോക്കാം. ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം അറിയിക്കാം. ഞാൻ ധാരാളം ആർട്ട് ഗാലറികൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഇത്രയും ഇഷ്‌ടപ്പെട്ട പെയിന്‍റിംഗ്സ്… അത് വേറെങ്ങും കണ്ടിട്ടില്ല. യുവർ എവരി പെയിന്‍റിംഗ് ഈസ് സേയിംഗ് തൗസന്‍റ് വേഡ്സ്…” പെയിന്‍റിംഗിലേക്ക് ഗഹനമായി നോക്കിക്കൊണ്ടിരിക്കവേ അയാൾ പറഞ്ഞു.

“ഓഹ്… താങ്ക്യു സോ മച്ച്… സ്റ്റേ ഇൻ ടച്ച്.” ഞാൻ വളരെ ആഹ്ലാദത്തോടെ ഹർഷിനെ നോക്കി പുഞ്ചിരിച്ചു.

ഹർഷിന്‍റെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത് അയാൾ ഒരു വലിയ കലാസ്നേഹി ആയിരിക്കും എന്നാണ്. അഞ്ച് മിനിട്ടു മാത്രമേ സംസാരിച്ചുള്ളൂ. എന്നാൽ ഗാലറിയിലുണ്ടായിരുന്ന അരമണിക്കൂർ ഹർഷ് ചിത്രങ്ങളെ നോക്കി ആസ്വദിക്കുന്ന രീതിയാണ് അയാൾ കലാസ്നേഹിയാണെന്ന തോന്നൽ ഉണ്ടാക്കിയത്.

ആ കൂടിക്കാഴ്ചയ്ക്കു ശേഷം ഹർഷിനെ കണ്ടിട്ട് 6 മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഒരു വട്ടം പോലും പരസ്‌പരം ഫോൺ ചെയ്യുകയോ മെസേജ് ചെയ്യുകയോ ഉണ്ടായില്ല. എന്‍റെ വെബ്സൈറ്റിൽ കൂടുതൽ ചിത്രങ്ങൾ ചേർത്ത സമയത്ത് ഞാൻ വീണ്ടും പലരേയും ആ വിവരം മെസേജിലൂടെ അറിയിച്ചു. അക്കൂട്ടത്തിൽ ഹർഷിനേയും.

അയച്ച മെസേജിന് ഹർഷ് തിരിച്ചയച്ച മെസേജ് കണ്ട് ഞാൻ അമ്പരന്നു പോയി.

“ഇന്ന് എന്‍റെ കൂടെ കോഫി കുടിക്കാൻ വരുമോ?” എന്നാണ് ചോദ്യം.

5 മിനിട്ട് മാത്രം കണ്ട ഒരാളോട് അതും ആറുമാസത്തിനു ശേഷമുള്ള ഒരു ഒറ്റവരി മെസേജിൽ കാപ്പി കുടിക്കാൻ ക്ഷണിക്കുക.

വിചിത്രമായ ലോകം! അതിലും വിചിത്രമായ ആളുകൾ. ഞാൻ മനസ്സിലിൽ പറഞ്ഞു. ആ മെസേജിന് മറുപടിയൊന്നും അയച്ചതുമില്ല.

രണ്ടു ദിവസത്തിനകം നടക്കാനിരിക്കുന്ന കലാപ്രദർശനത്തിന്‍റെ തയ്യാറെടുപ്പിലായിരുന്നു ഞാൻ. അതിനിടയിൽ ഹർഷിന്‍റെ മെസേജൊക്കെ മറന്നുപോയി എന്നതാണ് സത്യം. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവിചാരിതമായി ഹർഷിന്‍റെ ഫോൺ വന്നു. വീണ്ടും അതേ ആവശ്യം തന്നെയാണ്. ഒന്നു കാണണം. ഒരുമിച്ച് കാപ്പി കുടിക്കണം. അതുകേട്ടപ്പോൾ എനിക്ക് അങ്ങനെ ചോദിക്കാതിരിക്കാനായില്ല.

“എന്നെ അറിയില്ല, ഞാനും നിങ്ങളെ അറിയില്ല. ആകെ പരിചയം 5 മിനിട്ട്. പിന്നെന്തിനാണ് ഒരുമിച്ച് കാപ്പി കുടിക്കണമെന്നു പറയുന്നത്. ഞാൻ ഒരു മെസേജ് അയച്ചു എന്നതിന് നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അർത്ഥമില്ല. ഞാൻ ഇതു പറഞ്ഞതും ഹർഷിന്‍റെ മറുപടി വന്നു.

“അയ്യോ… ഞാൻ അങ്ങനെയൊന്നും കരുതിയില്ല. ഞാൻ നിങ്ങളുടെ കലയെയും അതിലൂടെ നിങ്ങളെയും ഇഷ്‌ടപ്പെട്ടു. എംഎഫ് ഹുസൈനെ ഞാൻ ആദരിക്കുന്നത്ര ആഴത്തിൽ നിങ്ങളെയും ആദരിക്കുന്നു. നിങ്ങളുടെ പേര് മൊബൈലിൽ സേവ് ചെയ്‌തിരിക്കുന്നതു പോലും പെയിന്‍റർ എന്നു ചേർത്താണ്. നിങ്ങളും ഒരു ദിവസം എംഎഫ് ഹുസൈനെപ്പോലെ ലോകപ്രശ്സയാവും.”

ഇങ്ങനെയൊക്കെ പുകഴ്ത്തിയാൽ അതു ഇഷ്‌ടപ്പെടാത്ത ആരെങ്കിലുമുണ്ടാകുമോ? എനിക്കും അങ്ങനെ തന്നെ തോന്നി. സംസാരത്തിൽ നിന്ന് അയാൾ നല്ല മനുഷ്യനായിരിക്കുമെന്ന് തോന്നാതിരുന്നില്ല. കലയെക്കുറിച്ചുള്ള അയാളുടെ ഇഷ്‌ടം കൊണ്ടും, സംഭാഷണത്താലും മണിക്കൂറുകളോളം ഞാൻ സന്തോഷത്തോടെ സംസാരിക്കാൻ തയ്യാറായി. എന്നെയും എന്‍റെ ചിത്രങ്ങളെയും ഹർഷ് പുകഴ്ത്തുന്നത് ഒരു പ്രത്യേക രീതിയിലാണ്.

മറ്റു പലരും പ്രശംസിച്ചിട്ടുണ്ടെങ്കിലും ഇത്രയും ആഹ്ലാദം തോന്നിയിട്ടില്ല. എന്‍റെ സ്വപ്നങ്ങൾക്ക് ചിറകു വയ്‌ക്കുന്നതിന് ആ വാക്കുകൾ പ്രചോദനമായി. വലിയ സെലിബ്രിറ്റി ആകാനുള്ള പ്രേരണയും ആഗ്രഹവും എന്നിൽ വീണ്ടും വീണ്ടും നിറഞ്ഞിരിക്കുന്നു.

“മാസങ്ങളായി ഞാൻ ഒരു കപ്പ് കാപ്പി കുടിക്കാൻ വിളിക്കുന്നു. ഒരു കല്ലിനെ വിളിച്ചാൽ പോലും ഇത്രയും കാലം കൊണ്ട് കൂടെ വന്നിട്ടുണ്ടാകും.” ഹർഷ് ഒരിക്കൽ കളിയായി പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ പിന്നെയും ബലം പിടിച്ചിരിക്കാൻ തോന്നിയില്ല. അങ്ങനെ ആ ഒരു കപ്പ് കാപ്പി സ്വീകരിച്ചതിൽ പിന്നെ എത്രയോ കൂടിക്കാഴ്ചകൾ. ഞങ്ങളുടെ പരിചയത്തിൽ സൗഹൃദത്തിന്‍റെ സുഗന്ധം നിറഞ്ഞത് ഞങ്ങൾ പോലും അറിയാതെയാണ്.

ഞങ്ങളുടെ ഏതോ ഒരു കൂടിക്കാഴ്ചയിൽ വച്ചാണ് ഹർഷ് താൻ വിവാഹിതനും മൂന്നു വയസ്സുള്ള കുട്ടിയുടെ പിതാവുമാണെന്ന് പറഞ്ഞതെന്നാണ് എന്‍റെ ഓർമ്മ. ഭാര്യ മീനാക്ഷി വീടിനടുത്തു തന്നെ സ്ക്കൂളിൽ അധ്യാപികയാണ്. ഹർഷ് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യുന്നില്ല.

എനിക്ക് എന്തിനാ ജോലി? എന്‍റെ അച്‌ഛൻ എംഎൽഎ ആണ്. വേണ്ടത്ര സമ്പാദിച്ചിട്ടുണ്ട്. അടുത്ത പ്രാവശ്യം തെരഞ്ഞെടുപ്പിൽ എംഎൽഎ ടിക്കറ്റ് എനിക്ക് കിട്ടും. ചെറിയ ജോലി ചെയ്യാനൊന്നും എനിക്ക് താൽപര്യമില്ലെടോ. ഹർഷിന്‍റെ സംസാരം കേട്ടപ്പോൾ എനിക്ക് തിരിച്ച് ചോദിക്കാതിരിക്കാനായില്ല.

“ജോലി ചെയ്യുന്നത് ഇഷ്‌ടമല്ലെങ്കിൽ പിന്നെ ജോലിയുള്ള പെണ്ണിനെ കെട്ടിയത് എന്താണാവോ?”

“അവളുടെ താൽപര്യത്തിന് പോകുന്നതല്ലേ. വിവാഹത്തിനു മുമ്പ് അവളും കുടുംബവും പറഞ്ഞത്, വിവാഹ ശേഷം ജോലി ഉപേക്ഷിക്കുമെന്നാണ്. എന്നാൽ അതുണ്ടായില്ല. എംഎൽഎ കുടുംബത്തിൽ കഴിയുമ്പോൾ എങ്ങനെ ജീവിക്കണമെന്ന് അറിയാത്തവൾ!”

ഹർഷിന്‍റെ മുഖം ദേഷ്യത്താൽ അൽപം ഇരുണ്ടു.

ആ ഉത്തരം കേട്ടപ്പോൾ എനിക്ക് അതിയായ ദു:ഖം തോന്നി. മാത്രമല്ല കടുത്ത ആശയക്കുഴപ്പവും. ഞാൻ കൂട്ടുകൂടിയത് എനിക്ക് ചേരാത്ത ആളുമായിട്ടാണല്ലോ? എന്നെയും എന്‍റെ ചിത്ര കലാപാടവത്തെയും പുകഴ്ത്തുന്നതും, എംഎൽഎയുടെ മകൻ എന്ന സവിശേഷതയും സെലിബ്രിറ്റി ആകാനുള്ള മോഹവും… ഇതൊക്കെയാവാം, ഹർഷ് എന്ന വ്യക്തിയിലെ ഇരുണ്ട വശത്തിനു നേരെ ഞാൻ മുഖം തിരിക്കാൻ കാരണം. സൗഹൃദം തുടരുന്നതിന്‍റെ പിന്നിലെ താൽപര്യം ഞങ്ങൾക്കു രണ്ടാൾക്കും വ്യക്‌തമല്ല.

“എനിക്ക് നിങ്ങളെ കാണുമ്പോൾ ദേവിയെപ്പോലെയാണ് തോന്നുന്നത്. ഞാൻ ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്‍റെ വാക്കുകളെ മനസ്സിൽ സൂക്ഷിക്കേണ്ട, എന്നെയും.” ഒരിക്കൽ ഹർഷ് പറഞ്ഞു.

ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.

“മറ്റൊന്നുമല്ല, ഞാൻ വിവാഹിതനാണല്ലോ, എനിക്ക് നിങ്ങളോടുള്ള സൗഹൃദത്തിന് അതിർവരമ്പുണ്ടെന്ന് ഓർമ്മിപ്പിച്ചുവെന്നു മാത്രം. നമ്മുടെ ഒരുമിച്ചുള്ള യാത്രയ്ക്കും ദൈർഘ്യം കുറവായിരിക്കും.”

“ഓഹ്… അതാണോ? നിങ്ങൾ വിവാഹിതനാണെന്ന് എനിക്കും അറിയാമല്ലോ. ഞാൻ ഒരു ആഗ്രഹവും മനസ്സിൽ വച്ചിട്ടില്ല. പക്ഷ എന്തിനാണ് നമ്മൾ ഇങ്ങനെ കാണുകയും ദിവസവും സംസാരിക്കുന്നത് എന്ന് സംശയം തോന്നിയിട്ടുണ്ട്.”

“നമ്മുടെ സൗഹൃദം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കരുതരുത്. നീ വിജയത്തിന്‍റെ കൊടുമുടി കയറണമെന്നാണ് എന്‍റെ ആഗ്രഹം. അതിനു വേണ്ടി എന്തു ചെയ്യാനും ഞാൻ തയ്യാറാണ്. എന്‍റെ ഒരു നല്ല ചങ്ങാതി ആയിരുന്നാൽ മതി. അടുത്ത വർഷം തായ് ലാന്‍റിൽ നടക്കാനിരിക്കുന്ന കലാപ്രദർശനത്തിൽ പങ്കെടുക്കാനുള്ള ചാൻസ് നമുക്ക് ലളിത കലാ അക്കാദമിയിൽ നിന്ന് നേടിയെടുക്കണം. എന്‍റെ ഡാഡിയുടെ കോൺടാക്റ്റ്സ് നമുക്ക് ഉപയോഗിക്കാമല്ലോ. ഇതൊന്നും അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. മൂന്ന് ഇന്‍റർനാഷണൽ പ്രദർശനം കിട്ടിയാൽ മതി. പിന്നെ തന്‍റെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവും.”

ഇതു കേട്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. പ്രശസ്തയാകുമോ അല്ലയോ എന്നതല്ല വിഷയം എന്നെ ഇത്രയും പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരാളുണ്ടല്ലോ…

എല്ലാ ദിവസവും ഞങ്ങൾ കാണാറുണ്ട്. ഹർഷിന് ഇപ്പോൾ എന്നോടുള്ള ആദരവും താൽപര്യവും മറ്റെന്തൊക്കെയോ തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങി. ആദ്യമൊക്കെ ഹർഷ് എന്‍റെ അടുത്തിരുന്ന് എന്നെ നോക്കി, പെയിന്‍റിംഗുകളെക്കുറിച്ച് വാചാലനാവുകയായിരുന്നു പതിവ്. ഇപ്പോൾ മറ്റെന്തൊക്കെയോ കൂടി ആഗ്രഹിക്കുന്ന പോലെ.

“ഒരു കാര്യം ചോദിക്കാമോ എനിക്ക്?”

“എന്താണ്?”

“ഞാൻ കൈകൾ ഒന്നു ചേർത്തു പിടിച്ചോട്ടെ.”

“എന്തിന്? അതൊന്നും വേണ്ട.”

“പ്ലീസ്… ഒരിക്കൽ മാത്രം. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചതെന്ന് അറിയാമോ?” ഹർഷ് എന്നെ യാചനയോടെ നോക്കി.

ഞാൻ എന്താണെന്ന മട്ടിൽ കണ്ണുകൾ കൊണ്ട് ചോദിച്ചു.

“ആ കൈകൾ എന്‍റെ കൈകൾക്കുള്ളിലാക്കുന്ന നിമിഷം കാലം നിശ്ചലമായെങ്കിൽ എന്നാണ് എന്‍റെ ആഗ്രഹം. അത്രയോക്കെ ഞാൻ നിങ്ങളെ ആരാധിക്കുന്നു. അങ്ങനെ കാലം നിശ്ചലമായാൽ ആ കൈകൾക്കുള്ളിൽ എന്‍റെ കൈകൾ ചേർന്ന് പ്രതിമകൾ പോലെയാവുമല്ലോ.”

മുഖത്തേക്ക് വീണു കിടന്ന ഏതാനും മുടിയിഴകൾ കൈകൊണ്ട് തലോടി നീക്കി അയാൾ പറഞ്ഞു. ഞാൻ ആകെ അസ്വസ്ഥയായി. ഹർഷ്, പ്ലീസ്! ഞാൻ ഇപ്പോൾ വീട്ടിൽ പോകട്ടെ. വൈകുന്നേരത്തോടെ ഒരു പെയിന്‍റിംഗ് ചെയ്തു തീർക്കാനുണ്ട്.” വിഷയം മാറ്റാനായി അപ്പോൾ ഇങ്ങനെ പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ.

“ശരി, ഉടനെ കാണണം. ഈ ആഴ്ച അവസരം ലഭിച്ചാൽ ഡാഡിയോട് അക്കാദമി സ്കോളർഷിപ്പിനെ കുറിച്ച് സൂചിപ്പിക്കാം കേട്ടോ.” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടു. രണ്ടുപേർക്കും പ്രിയപ്പെട്ട റെസ്റ്റോറന്‍റിൽ ആയിരുന്നു കൂടിക്കാഴ്ച. ഡിന്നറിനു ശേഷം ഞങ്ങൾ റെസ്റ്റോറന്‍റിന്‍റെ അടുത്തു തന്നെയുള്ള പാർക്കിൽ പോയി. മഴയ്ക്കു ശേഷമുള്ള തെളിഞ്ഞ രാത്രിയായതിനാൽ പ്രകൃതിയുടെ സൗന്ദര്യം വർദ്ധിച്ച പോലെ. ആളുകൾ വന്നും പോയുമിരിക്കുന്ന തുറന്ന ഇടം ആയതിനാൽ എനിക്കും അപാകതയൊന്നും തോന്നിയില്ല.

“അങ്ങോട്ട് നോക്കൂ, രണ്ട് കിളികളെ കണ്ടോ ആ മരക്കൊമ്പിൽ. അവർ ഇപ്പോൾ എന്താ ചെയ്യുന്നത് എന്ന് കണ്ടോ?”

“എന്താണ്?” ഞാൻ അജ്ഞത നടിച്ചു. അവർ കൊക്കുരുമ്മി സ്നേഹിക്കുന്നതു കണ്ടില്ലേ. ഇത് പ്രകൃതിയുടെ വികാരം തന്നെയാണ്. പിന്നെ നമ്മൾ എന്തിനാ ഇങ്ങനെ കഴിയുന്നത്?”

“ഹർഷ്! നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്.”

“നിനക്കറിയാലോ ഞാൻ വിവാഹിതനാണെന്ന്. ഈ നഗരത്തിൽ എന്‍റെ പിതാവിനെ അറിയാത്തവർ ആരും ഉണ്ടാവില്ല. എങ്കിലും ഞാൻ നിന്‍റെ കൂടെ ഇത്രയും സമയം ചെലവിടുന്നില്ലല്ലേ? ഇതിനപ്പുറം ഒന്നിലേക്കും പോകാനോ, നിന്നെ സ്നേഹിക്കാനോ എനിക്ക് ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. പക്ഷേ എന്‍റെ ഡാഡിയുടെ ഇമേജ് ശ്രദ്ധിക്കണമല്ലോ. എന്നിട്ടും ഈ നിമിഷം എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. നിന്നോടുള്ള എന്‍റെ ആരാധനയുടെ പൂർത്തീകരണമാണ് ഈ ചുംബനം.” ഇത്രയും പറഞ്ഞിട്ട് ഹർഷ് എന്നെ ശരീരത്തോട് ചേർത്തു പിടിച്ചു. എന്തോ പറയാൻ തയ്യാറെടുത്ത എന്‍റെ ചുണ്ടുകൾക്ക് മേലെ അയാൾ തന്‍റെ ചുണ്ടുകൾ അമർത്തി. എന്നെ ചേർത്തു പിടിച്ചു കൊണ്ട് ഹർഷ് ചുണ്ടുകൾക്ക് മോചനം നൽകി. പക്ഷ ആകെ അധീരയായി ഞാൻ സ്തംബ്ധയായി പോയി. അതൊന്നും കണക്കിലെടുക്കാതെ അയാൾ സംഭാഷണം തുടർന്നു.

ഒരിക്കൽ നീ ഈ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിത്രകാരിയായി മാറും. നിന്‍റെ ചിത്രങ്ങൾ ലോകത്തിലെ എല്ലാ ആർട്ട് ഗാലറികളിലും ശോഭക്കൂട്ടും. ഏതാനും മാസമായി ഡാഡി ഭയങ്കര തിരക്കിലാണ്. അതിനാൽ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്ന് എന്തായാലും സംസാരിക്കണം.” അത്രയും പറഞ്ഞിട്ട് അയാൾ ഏതാനും നിമിഷം നിശബ്ദനായി. പിന്നെ എന്‍റെ കൈകൾ കൈക്കുളിലാക്കി ക്ഷമ ചോദിച്ചു. “ക്ഷമിക്കൂ, ഒരു നിമിഷം എനിക്കെന്നെ നിയന്ത്രിക്കാനായില്ല. എന്‍റെ ദേവിയെ ഞാൻ വേദനിപ്പിച്ചോ… റിലാക്‌സ് ഡാർലിംഗ്! നിന്നെ ഞാൻ ഫ്ളാറ്റലാക്കാം.”

ഹർഷ് എഴുന്നേറ്റ് കാറുനടുത്തേക്ക് നീങ്ങി. ഞാനും പുറകെ നടന്നു. അയാൾ കാറിന്‍റെ ഡോർ തുറന്ന് തന്നു. ഫ്ളാറ്റിലെത്തിയപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. ഹർഷ് കാറിൽ നിന്നിറങ്ങാതെ ഗുഡ്നൈറ്റ് പറഞ്ഞ് യാത്രയായി. ഞാൻ എന്നും പോകുന്ന എന്‍റെ വീട്ടിലേക്കുള്ള വഴി അന്ന് അപരിചിതമായി എനിക്ക് തോന്നി. എന്‍റെ പാത ശരിയായ വഴിയിലാണോ? ഹർഷുമായുള്ള എന്‍റെ ബന്ധം എങ്ങോട്ടാണ് പോകുന്നത്.

പലതരം ചിന്തകൾ എന്‍റെ മനസ്സിൽ കുടിയേറി. ഞാനും ഹർഷും സുഹൃത്തുക്കളായിട്ട് രണ്ട് വർഷമാകാൻ പോകുന്നു. യഥാർത്ഥത്തിൽ അയാൾക്ക് എന്നോട് ആരാധനയാണോ? ഞാൻ വലിയൊരു കലാകാരിയാവുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കണമെന്ന ഹർഷിന്‍റെ ആഗ്രഹം ശരിക്കും സത്യസന്ധമാണോ? അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എന്‍റെ പ്രതിഭയ്ക്ക് എന്തു തിളക്കമാണ് എനിക്കുണ്ടായത്?

ഇങ്ങനെ പലവിധ ചിന്തകളുമായാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് ഉണർന്നപ്പോഴും ആ ചിന്തകൾ എന്നെ വിട്ടുപോയിരുന്നില്ല. മനസ്സിൽ ഉണർന്ന ആ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടിയേ പറ്റൂ. കഴിഞ്ഞ 2 വർഷമായി ഞാൻ എന്‍റെ പ്രിയമിത്രങ്ങളിൽ നിന്നു പോലും അകന്നു പോയിരിക്കുന്നു. എന്നിൽ ഹർഷിന്‍റെ സ്വാധീനം തന്നെയാണ് കാരണം. അവരെയൊക്കെ മറന്ന് ഞാൻ ഹർഷിൽ മാത്രമായി എന്‍റെ ലോകത്തെ ചുരുക്കിക്കളഞ്ഞുവോ? എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ശ്രേയയെപ്പോലും ഏറെ നാളായി വിളിക്കുകയോ കാണുകയോ ചെയ്‌തിട്ട്. ഒന്ന് എന്തായാലും അവളുടെ വീട്ടിൽ പോകാം. ഞാൻ അവളെ വിളിക്കാതെ തന്നെ വീട്ടിലേക്ക് ചെന്നു. എന്നെക്കണ്ട് ശ്രേയയുടെ അമ്മ അതിശയത്തോടെ ഓടി വന്നു ചേർത്തു പിടിച്ചു.

“കുറേ നാൾ ആയല്ലോ മോളെ നിന്നെ കണ്ടിട്ട്? എവിടെയായിരുന്നു.”

അമ്മയുടെ സ്നേഹപ്രകടനവും ചോദ്യവും എന്‍റെ കണ്ണുകളെ ഈറനാക്കി.

ഒന്നുമില്ല ആന്‍റി. എന്‍റെ വർക്കുമായി ബന്ധപ്പെട്ട് കുറച്ച് തിരക്കായിരുന്നു. വന്നു കാണാനോ വിളിക്കാനോ ഒന്നും കഴിഞ്ഞില്ല. ഞാൻ വൈക്ലബ്യത്തോടെ പറഞ്ഞു. “ഓഹ്… അതൊക്കെ സാരമില്ല കുട്ടി. ഇപ്പോൾ നിനക്കെന്താ എടുക്കേണ്ടത്? ചായയോ കാപ്പിയോ.

“ആന്‍റിക്കിഷ്ടമുള്ളത് എടുത്തോളൂ. ശ്രേയ എവിടെപ്പോയി?”

ശ്രേയ വീട്ടിലില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു.

ഇത്രയും നാളുകൾക്കു ശേഷം നീ വന്നതല്ലേ. ചായയൊക്കെ കുടിച്ച് വിശ്രമിക്ക്. അപ്പോഴെക്കും ശ്രേയ ഇങ്ങെത്തും. ഇന്ന് അവളുടെ പ്രോഗ്രാം ഉണ്ട്. സിതാർ കച്ചേരിയ്ക്ക് ധാരാളം ഗസ്‌റ്റുകൾ വരുന്നുണ്ടെന്നാ പറഞ്ഞത്. കുറേ മാസമായി അവളും ആ തിരക്കിലായിരുന്നു.”

ശ്രേയയുടെ ആ പ്രോഗ്രാമിനെ കുറിച്ച് ഓർത്തില്ലല്ലോ എന്ന് ഞാൻ വളരെ ഖിന്നതയോടെ ആലോചിച്ചു. രണ്ട് വർഷം ഉണ്ടാക്കിയ വിടവുകൾ! ഇന്ന് എന്തായാലും ശ്രേയയെ കണ്ടിട്ടു തന്നെ മടങ്ങുന്നുള്ളൂ.

ആന്‍റിയുമായി സംസാരിച്ചിരുന്നപ്പോൾ ഒരു മണിക്കൂർ കടന്നു പോയത് അറിഞ്ഞതേയില്ല. അൽപം കഴിഞ്ഞപ്പോൾ കോളിംഗ്ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് ആന്‍റി വാതിൽ തുറന്നു. ശ്രേയ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അവൾ അതീവ സന്തോഷത്തിലാണെന്ന് തോന്നി. തിനിരിക്കുന്നത് അവൾ കണ്ടിട്ടില്ല.

“മമ്മി, ഇന്നത്തെ പ്രോഗ്രാമിന് മമ്മി വരാത്തത് വലിയ കഷ്‌ടമായി. വളരെ നല്ല ക്രൗഡ് ആയിരുന്നു. സിറ്റിയിലെ എംഎൽഎയും കുടുംബവും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകൻ, പ്രോഗ്രം കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നു. എന്‍റെ സിതാർ വായന വളരെ ഇഷ്‌ടപ്പെട്ടുവത്രേ! എന്നെ ഒത്തിരി പ്രശംസിച്ചു. പണ്ഡിറ്റ് രവി ശങ്കറിനെ പോലെ ഒരു വലിയ കലാകാരിയാവട്ടെ എന്ന് ആശംസിച്ചു. മാത്രമല്ല നല്ലൊരു സ്കോളർഷിപ്പ് സംഘടിപ്പിക്കാമെന്നും പറഞ്ഞു.”

ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ ശേഷമാണ് ശ്രേയ മമ്മിയുടെ കൈവിട്ടത്. അപ്പോഴാണ് സെറ്റിയിൽ ഞാൻ ഇരിക്കുന്നത് അവൾ കണ്ടത്! ശ്രേയ ആഹ്ലാദഭരിതയായി എന്‍റെ അടുത്തേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു. തോളോടുതോൾ ചേർന്നു കെട്ടിപ്പിടിച്ചു നിൽക്കുമ്പോഴും എന്‍റെ മനസ്സിലെ വികാരങ്ങളെ മറച്ചു പിടിക്കാൻ ഞാൻ കഷ്‌ടപ്പെട്ടു. അവിടെ നിന്ന് എത്രയും വേഗം പുറത്തു കടക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് മനസ്സിലുള്ളത്. രണ്ട് വർഷമായി നടന്നു കൊണ്ടിരുന്ന ഒരു ഗെയിം ഇനി അവസാനിപ്പിക്കാറായി. ഞാനും ഹർഷും തമ്മിലുള്ള ബന്ധത്തിന്‍റെ യാഥാർത്ഥ്യം ഇന്ന് തനിക്കു മുന്നിൽ വെളിപ്പെട്ടിരിക്കുന്നു.

ശ്രേയ, കൺഗ്രാചുലേഷൻസ്… നിന്നെ കാണാനുള്ള കൊതി കൊണ്ട് ഓടി വന്നതാ. എനിക്ക് ഒത്തിരി വൈകി വീട്ടിലെത്താൻ. ഇനിയൊരിക്കൽ ഞാൻ വരാം. “അതു കേട്ട് ശ്രേയ അമ്പരന്നു. എന്താടാ… നീ പോവുകയാണോ? ഇത്ര വേഗം.” അതെ എനിക്ക് നല്ല സുഖം തോന്നുന്നില്ല. വീട്ടിൽ പോയി വിശ്രമിക്കണം.

“ഓഹ്… എങ്കിൽ നീ പൊയ്ക്കോളൂ, മുഖം വല്ലാതെ ക്ഷീണിച്ച് വിളറി ഇരിക്കുന്നു. നമുക്ക് പിന്നീടൊരിക്കൽ കൂടാം.” അവൾ എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു.

ഞാൻ ഇടറിയ കാൽപാദവും, ഉറച്ച മനസ്സുമായിട്ടാണ് ശ്രേയയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ രണ്ടു വർഷമായി മനസ്സിനെ മൂടിയ അന്ധകാരം നീങ്ങി. ഹർഷ് എന്ന വ്യക്‌തിയുടെ പല അവതാരങ്ങൾ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

അധ്യാപികയായ സ്വന്തം ഭാര്യയെ ബഹുമാനിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഒരു വ്യക്‌തിക്ക് മറ്റു സ്ത്രീകളെ ആദരിക്കാൻ കഴിയുമോ?

അവരുടെ പ്രൊഫഷനെ ബഹുമാനിക്കാൻ സാധിക്കുമോ അതിന്‍റെ ഉത്തരം ഇന്ന് കിട്ടിയിരിക്കുന്നു. ഇതുവരെ എനിക്ക് കിട്ടിയ പ്രശസ്തി, എന്‍റെ സ്വന്തം പ്രയത്നത്തിന്‍റെ ഫലമാണ്. അത് ഒരു എംഎൽഎയുടെ മകന്‍റെ ദാനമല്ല.

ഹർഷ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് വിധിയായിരിക്കാം. എന്നാൽ ആ വിധിയുടെ പേരിൽ ജീവിതം നശിപ്പിക്കപ്പെട്ടാതെ നോക്കേണ്ടത് എന്‍റെ കടമയാണ്.

ഇനി ഒരിക്കലും ഞാൻ അയാളെ കാണില്ല. എന്‍റെ ജീവിതത്തിലെ ഹർഷ് എന്ന അധ്യായം അവസാനിച്ചിരിക്കുന്നു. ഞാൻ ബാഗിൽ നിന്ന് ഫോൺ എടുത്ത് ഹർഷിന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌തു.

യു ടേൺ

ഓഫീസ് തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ഗിരീഷിന് വീട് അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ട് പ്രത്യേകിച്ചും യാതൊരു അസ്വസ്ഥതയും തോന്നിയില്ല. ഒരു പക്ഷേ ആ കാഴ്ച ശീലമായതിനാലാവാം അയാൾ അപ്പോഴെക്കെയും പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത് ഒരു ലേഖനത്തിൽ എഴുതിയ വരികൾ ഓർക്കുമായിരുന്നു.

“വീട്ടിലെ പുരുഷന്മാർ നല്ല ചൂടുള്ള ചപ്പാത്തി കഴിക്കണമെന്ന ആഗ്രഹം വെടിഞ്ഞാലേ ആ വീട്ടിലെ സ്ത്രീയ്ക്ക് വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കൊപ്പം സ്വന്തം കരിയറിൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് വളരാനാവൂ.” ലേഖനത്തിലെ ഈ വരികളാണ് ഗിരീഷിനെ എപ്പോഴും ശാന്തനായിരിക്കാൻ സഹായിച്ചിരുന്നത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഗിരീഷിന് രൂപാലിയുടെ വീട്ടുകാരുമായി അടുക്കേണ്ടി വന്നത്. ആ സമയം മുതൽ തന്നെ രൂപാലിയുടെ ആധിപത്യ സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായ കാഴ്ചപ്പാടിനെക്കുറിച്ചും ഗിരീഷിന് ഏറെക്കുറെ മനസ്സിലായി കഴിഞ്ഞിരുന്നു.

“എനിക്ക് എന്‍റെതായ കാഴ്ചപ്പാട് ഉണ്ട്. സ്വന്തമായ വഴിയും ഞാൻ അതിലൂടെ സഞ്ചരിക്കൂ.” സമാധാനപൂർണ്ണമായ ജീവിതത്തിന് തുല്യപദവി അലങ്കരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവളുടെ ഈ നിലപാടിലൂടെ അയാൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഗിരീഷ് യാതൊരു പ്രശ്നങ്ങൾക്കും പഴികൾക്കും ഇടം കൊടുക്കാതെ സ്വയം വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്‌തു. കഴിയുന്നിടത്തോളം ഗിരീഷ് വീട്ടുജോലികൾ ചെയ്‌ത് ഭാര്യയെ സഹായിച്ചു.

രാവിലെ ഓഫീസിൽ പോകും മുമ്പെ വാഷിംഗ് മെഷീനിൽ മുഷിഞ്ഞ തുണിയൊക്കെ ഇട്ട് അലക്കിയെടുത്ത് വിരിക്കും. വീട്ടുവേലക്കാരി അവിധിയെടുക്കുന്ന ദിവസങ്ങളിൽ രൂപാലി വീട് വൃത്തിയാക്കുമ്പോൾ ഗിരീഷ് അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കി അടുക്കള ക്ലീനാക്കുന്ന ജോലി ഏറ്റെടുക്കും.

ഭക്ഷണം പാകം ചെയ്യാനായിരുന്നു ഗിരീഷിന് ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നിൽക്കാത്തതിനാൽ വീട്ടിൽ അമ്മയായിരുന്നു ഭക്ഷണം പാകം ചെയ്‌തിരുന്നത്. പക്ഷേ ജോലി കിട്ടി മറ്റൊരു നഗരത്തിലെത്തിയതോടെ ഓഫീസ് കാന്‍റീനും ഹോട്ടലുമൊക്കെയായി ആശ്രയം. അതുകൊണ്ട് പാചകം ചെയ്‌തുള്ള ശീലം ഗിരീഷിന് ഇല്ലായിരുന്നു. അതിനിടെയാണ് കല്യാണമൊക്കെ കഴിഞ്ഞ് വീടിന്‍റെ സുഖസൗകര്യങ്ങളിലേക്ക് മാറിയത്.

വീട്ടിൽ വന്നയുടനെ ഗിരീഷ് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. അതിനു ശേഷം ചിതറി കിടന്ന പാത്രങ്ങളും പുസ്തകങ്ങളും അടുക്കി ടീപ്പോയിൽ വച്ചു. കിടക്കയിലും കസേരയിലുമായി ചിതറി കിടന്ന രാവിലെ മാറിയ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് ലോൺട്രിയിൽ നിക്ഷേപിച്ചു. കിടക്കവിരി കുടഞ്ഞ് ചുളിവില്ലാതെ വിരിച്ചിട്ടു. രൂപാലി അപ്പോഴും ഓഫീസിൽ നിന്നും മടങ്ങിയെത്തിയിരുന്നില്ല. ജോലിക്കാരിയും ഇന്ന് വന്നിട്ടില്ല. രാവിലെ അത്യാവശ്യ ജോലികൾ മാത്രം ചെയ്‌ത് തീർത്ത് രണ്ടുപേരും ഓഫീസിലേക്ക് പോവുകയാണ് ഉണ്ടായത്.

“ഗിരി എപ്പോഴാ എത്തിയത്? ഇന്ന് ഞാൻ അൽപം വൈകി,” വീട്ടിൽ പ്രവേശിച്ചയുടനെ രൂപാലി അദ്ഭുതത്തോടെ പറഞ്ഞു.

“ഞാനും എത്തിയതേയുള്ളൂ. ഏകദേശം 15 മിനിറ്റായി കാണും.” ഗിരീഷ് സാധനങ്ങൾ അടുക്കിവച്ച് പറഞ്ഞു.

“ഇന്ന് ഞങ്ങളുടെ ടീമിൽ വീണ്ടും തർക്കമുണ്ടായി. അതുകൊണ്ടാ ഞാൻ ലേറ്റ് ആയത്. ഓഫീസിലെ സജിത്തില്ലേ അവൻ പറയുവാ സ്ത്രീകൾ ഒന്ന് ചിരിച്ചു കാണിച്ചാൽ മാത്രം മതി പ്രൊമോഷൻ കിട്ടുമെന്ന്. ഒട്ടും പ്രയാസമില്ലെന്ന്. പിന്നെ ഞാൻ വിട്ടുകൊടുക്കുമോ. അവനെ കണക്കിന് പറഞ്ഞു. ഈ പുരുഷന്മാർ സ്വയം എന്താ ധരിച്ച് വച്ചിരിക്കുന്നത്. ഞങ്ങൾ സ്ത്രീകളും അവരെപ്പോലെ കഷ്ടപ്പെട്ട് പഠിച്ചല്ലേ ജോലി നേടുന്നത്. മത്സര പരീക്ഷകളിലൊക്കെ അവരെപ്പോലെ കഷ്ടപ്പെട്ട് തന്നെയാ ജോലി നേടുന്നത്. കഠിനമായി പരിശ്രമിച്ച് തന്നെയാണ് ജോലിയിലും കഴിവ് തെളിയിക്കുന്നത്. അത് മാത്രമല്ല മറിച്ച് ഞങ്ങൾക്ക് മുന്നേറാൻ കുറേക്കൂടി അദ്ധ്വാനിക്കേണ്ടി വരുന്നുണ്ട്. ഗിരി ഗ്ലാസ് സീലിംഗിനെ പറ്റി കേട്ടിട്ടുണ്ടോ.”

“നീ ഗ്ലാസ് സീലിംഗിനെ അംഗീകരിക്കുന്നുണ്ടോ?”

“എനിക്കതിന്‍റെ ആവശ്യമില്ല. കാരണം ഞാൻ ശക്‌തയായ സ്ത്രീയാണ്. അബലയല്ല. എന്നെ ജയിക്കാൻ ഒരു പുരുഷനും കഴിയില്ല.”

“പാവം ഈ പുരുഷനോട് ക്രൂരത കാട്ടല്ലേ ഡാർളിംഗ്. നീ എന്തെങ്കിലും ഉണ്ടാക്കി തരാമോ? എനിക്ക് വിശക്കുന്നു.” ഗിരീഷിന് സഹിക്കാനാവാത്ത വിശപ്പ് തോന്നി.

“ഞാനും ഗിരീഷിനെപ്പോലെ ജോലി ചെയ്‌തിട്ടല്ലേ ഓഫീസിൽ നിന്നും വരുന്നത്. നിങ്ങളെപ്പോലെ തന്നെ ക്ഷീണിച്ച് എന്നിട്ടാണോ… ഇങ്ങനെ…”

“എന്ത് ചെയ്യാനാ, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ എനിക്ക് നിന്നെ ആശ്രയിച്ചേ പറ്റൂ. അതുകൊണ്ടല്ലേ മെയിഡ് വരാത്തപ്പോൾ ഞാൻ മറ്റ് ജോലികളൊക്കെ ചെയ്യുന്നത്. നിന്നോട് ഞാൻ അനീതി കാണിക്കുകയാണെന്ന് വിചാരിക്കരുത്. കഴിക്കാൻ ഉപ്പ് മാവായാലും മതി.”

രൂപാലി നേരിയൊരു നീരസത്തോടെ തിടുക്കപ്പെട്ട് ഉപ്പ്മാവ് തയ്യാറാക്കി. മുമ്പൊക്കെ ഗിരീഷ് എന്തെങ്കിലും കഴിക്കാൻ ആവശ്യപ്പെടുമ്പോൾ ഹോട്ടലിൽ ഓർഡർ നൽകി എന്തെങ്കിലും വാങ്ങിക്കുമായിരുന്നു. പക്ഷേ അപ്പോഴൊക്കെ ഗിരീഷിന്‍റെ വയറിന് അസുഖം പിടിപ്പെടുന്നത് മാത്രവുമല്ല ഗിരീഷ് വൃത്തി ഭ്രാന്തനായിരുന്നു. എന്നാൽ രൂപാലി നേരെ മറിച്ചും. എന്തെങ്കിലും വസ്‌തു അലങ്കോലമായി കിടന്നാലും അതൊന്നും അവളെ തെല്ലും അലട്ടിയിരുന്നില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് ടേബിളിൽ വച്ചിരിക്കുന്ന വസ്‌തുക്കൾ എടുത്ത് സോഫയിൽ വയ്ക്കും. സോഫയിൽ ഇരിക്കാൻ പോകുമ്പോൾ ആ സാധനങ്ങളെക്കെ എടുത്ത് തിരിച്ച് ടേബിളിലും വയ്‌ക്കും.

ഗിരീഷ് ഇതിനെ എതിർക്കുമ്പോഴൊക്കെ രൂപാലി ഉടനടി പറയും.

“ഗിരിയ്ക്ക് ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരുന്നുണ്ടെങ്കിൽ സ്വയമെടുത്ത് മാറ്റി വച്ചോ. ഞാനും നിങ്ങളെപ്പോലെ കഷ്‌ടപ്പെട്ട് ജോലി ചെയ്‌താ വരുന്നത്. ആഫ്റ്റർ ഓൾ സമത്വത്തിന്‍റെ കാലമാണല്ലോ ഇപ്പോൾ.” അതോടെ ഗിരീഷ് നിശബ്ദത പാലിക്കും.

ഒരിക്കൽ ഗിരീഷിന്‍റെ അമ്മ അവരെ സന്ദർശിക്കാൻ വന്ന സമയത്തും ഇരുവർക്കുമിടയിൽ ഇതുപോലെ തർക്കമുയർന്നു. ഏറെ നേരമായുള്ള വാഗ്വാദം കേട്ട് അമ്മയ്ക്കും ഇടപെടേണ്ടി വന്നു.

“സമത്വം നല്ല കാര്യം തന്നെ. അങ്ങനെ തന്നെയാണ് വേണ്ടതും. പക്ഷേ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ ചില ജോലികൾ സ്ത്രീകളും മറ്റ് ചിലത് പുരുഷന്മാരും ചെയ്യണം. ഉദാ: ഗൃഹപരിപാലനം, ഭക്ഷണം പാകം ചെയ്യൽ സ്ത്രീകൾക്കേ തന്മയത്വത്തോടെ ചെയ്യാനാവൂ. എന്നാൽ വീടിന് പുറത്തുള്ള ജോലി പുരുഷനും ചെയ്യാം. എന്നാൽ രൂപാലിയ്‌ക്ക് അമ്മയുടെ അഭിപ്രായത്തോട് യോജിക്കാനായില്ല. അതുകൊണ്ട് അവളത് കേട്ടതായി പോലും നടിച്ചില്ല.

എന്തിനേറെ കിടപ്പറയിൽ അയാൾ അവളെ പ്രണയപുരസ്സരം കെട്ടിപിടിച്ചാലും അവളിലെ ഫെമിനിസ്‌റ്റ് വീറോടെ എതിർത്തു തുടങ്ങും.

“ഗിരി, ഞാൻ തുടക്കമിടുന്നതു വരെ കാത്തിരിക്കാൻ വയ്യേ?”

“ഞാനതിന് ബലപ്രയോഗമൊന്നും ചെയ്യുന്നില്ലല്ലോ. നിനക്ക് താൽപ്പര്യമില്ലെങ്കിൽ വേണ്ട.”

“എന്നോട് അങ്ങനെ ആർക്കും ബലം പ്രയോഗിക്കാനൊന്നും കഴിയില്ല. നിങ്ങൾക്കും അതെ.”

“ഞാനും അതെ പറഞ്ഞുള്ളൂ രൂപ. നിർബന്ധിക്കാൻ എനിക്കിഷ്ടമല്ലെന്ന്. ഇതിൽ തർക്കിക്കാനുള്ള കാര്യമൊന്നുമില്ലല്ലോ?” രൂപാലി അനാവശ്യമായി വാദിക്കുന്നത് കേട്ട് ഗിരീഷിന് ഉള്ളിൽ ദേഷ്യം തോന്നി.

ഏതാനും മാസങ്ങൾക്കുശേഷം രൂപാലിയുടെ അമ്മ അവർക്കൊപ്പം കുറച്ച് ദിവസം താമസിക്കാനായി വന്നു. മകളുടെ കുടുംബ ജീവിതം കണ്ട് അവർ സന്തുഷ്ടയായി. എന്നാലും അമ്മയ്ക്ക് മുന്നിൽ ഗിരീഷിനും രൂപാലിക്കുമിടയിൽ സ്ത്രീ പുരുഷ സമത്വത്തെ ചൊല്ലിയുള്ള പൊട്ടിതെറികൾ പതിവു പോലെ ഉണ്ടായി കൊണ്ടിരുന്നു. ഇതിനിടെ ഗിരീഷിന് ഔദ്യോഗികാവശ്യത്തിനായി ടൂർ പോകേണ്ടി വന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ ഗിരിഷ് രൂപാലിയെ ഫോൺ ചെയ്‌ത് തനിക്കുള്ള ഡ്രസ്സ് ബാഗിൽ എടുത്തു വയ്‌ക്കാൻ ആവശ്യപ്പെട്ടു.

“ഓഹോ… ഓർഡർ തന്നാൽ മതിയല്ലോ. ഞാനെന്താ വെറുതെ ഇരിക്കുകയാണോ ഇവിടെ? തന്നെത്താൻ ചെയ്‌താലെന്താ? എനിക്കും എന്‍റേതായ ജോലിയുണ്ട്. നാളെ പോകണമെന്നുണ്ടെങ്കിൽ ഓഫീസിൽ നിന്നും വൈകുന്നേരം നേരത്തെ ഇറങ്ങിയാൽ പോരെ. കല്യാണത്തിന് മുമ്പും സ്വന്തം ജോലി മറ്റുള്ളവരെ കൊണ്ടാണോ ചെയ്യിച്ചിരുന്നത്.”

“എന്താ രൂപാലി നീയിങ്ങനെ? നീ അവന്‍റെ ഭാര്യയല്ലേ? കുടുംബ ജീവിതമാകുമ്പോൾ ഭാര്യയും ഭർത്താവും എല്ലാ കാര്യങ്ങളും പങ്കുവച്ച് ജീവിക്കണം. അതിൽ വിട്ടുവീഴ്ചയൊക്കെ വേണം. നീ അവന്‍റെ കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ പിന്നെ ആര് ചെയ്യും? അങ്ങനെ അവനവന്‍റെ കാര്യം മാത്രം നോക്കി ജീവിച്ചാൽ മതിയായിരുന്നുവെങ്കിൽ കല്യാണം കഴിക്കേണ്ടതിന്‍റെ ആവശ്യമൊന്നുമില്ലല്ലോ? ഞാനെന്തിനാ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് അത് ഗിരീഷിന് ചെയ്തു കൂടെയെന്ന് നാളെ നീ ചോദിക്കില്ലെന്ന് ആര് കണ്ടു” രൂപാലിയുടെ അമ്മയ്ക്ക് അവളുടെ നിലപാടിനോട് യോജിക്കാനായില്ല.

“അമ്മ ഗിരീഷിന്‍റെ അമ്മയെ പോലെ സംസാരിക്കല്ലേ,” രൂപാലിയ്ക്ക് അമ്മയുടെ സംസാരം കേട്ട് ദേഷ്യം വന്നു. അതോടെ അമ്മ വാത്സല്യപൂർവ്വം രൂപാലിയുടെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.

“മോളെ, അമ്മയായാലും അമ്മായിയമ്മയായാലും ശരി മക്കളുടെ നന്മ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ. നല്ലത് മാത്രമേ പറയൂ. കുറേ ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറയുന്നത്. മക്കൾക്ക് അറിയാത്ത കാര്യം അമ്മമാർ പറഞ്ഞുതരും.”

“പക്ഷേ അമ്മേ, ഗിരീഷ് പഠിച്ചത്രയും ഞാനും പതിച്ചിട്ടുണ്ട്. ഗിരീഷിന്‍റെ ജോലി പോലെ തന്നെ കഠിനമാണ് എന്‍റെ ജോലിയും. പിന്നെ എന്തിന് ഞാൻ മാത്രം കുടുംബകാര്യവും നോക്കണം. പിന്നെ ഞാനൊരു ഫെമിനിസ്‌റ്റാണെന്ന കാര്യം അമ്മയ്ക്ക് അറിയാമല്ലോ.”

“നീ പരിധി വിടുകയാണ് രൂപാലി എല്ലാ കാര്യത്തിലും പുരുഷനെ എതിർക്കുകയെന്നതല്ല സ്ത്രീവാദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ഹൃദ്യമായ ബന്ധം കൊണ്ടാണ് കുടുംബ ജീവിതം സുഖകരമാകുക. ഗിരീഷിന് പറ്റുന്ന രീതിയിൽ നിന്നെ സഹായിക്കാറില്ലേ. നിനക്ക് ചെയ്യാനുള്ളത് നീയും ചെയ്യണം.”

പക്ഷേ അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ രൂപാലിയെ സംബന്ധിച്ച് അർത്ഥശൂന്യങ്ങളായ വാക്കുകളായിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെക്കുറെ ഒരു വർഷമായതോടെ ഗിരീഷ് രൂപാലിയുടെ സ്വഭാവത്തിനനുസരിച്ച് സ്വയം മാറ്റിയെടുത്തു കൊണ്ടിരുന്നു. ഗിരീഷിന് രൂപാലിയെ ജീവനായിരുന്നു. ഭാര്യ എപ്പോഴും സന്തോവതിയായിരിക്കണം എന്ന് മാത്രമേ അയാൾ ചിന്തിച്ചിരുന്നുള്ളൂ. സ്ത്രീ സമത്വം എന്നത് ആപ്തവാക്യമാക്കിയെടുത്ത രൂപാലിയുടെ സ്വഭാവമാകട്ടെ തെല്ലിട മാറിയില്ല.

ഒരിക്കൽ ഗിരീഷിന്‍റെ ഏതാനും സുഹൃത്തുക്കൾ ഗിരീഷിനെ കാണാനായി വീട്ടിൽ വന്നു. അവരുടെ സംസാരത്തിൽ സ്‌ഥലം മാറി വന്ന പുതിയ ബോസും വിഷയമായി മാറി. “എന്താണെന്ന് അറിയില്ല, അവർ ഭയങ്കര ധിക്കാരിയാണ്. എന്ത് പറഞ്ഞാലും വളരെ ദേഷ്യത്തിലായിരിക്കും. അവരുടെ റിയാക്ഷൻ അറോഗന്‍റ് ലേഡി.”

ഗിരീഷിന്‍റെ സഹപ്രവർത്തകരിൽ ഒരാളായ വിജയിയുടെ അഭിപ്രായം കേട്ട് രൂപാലിയുടെ ഭാവം മാറി.

“നിങ്ങൾ പുരുഷന്മാർക്ക് ഏതെങ്കിലും സ്ത്രീ ബോസായി വന്നാൽ അവരെ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ് അല്ലേ? ആ സ്‌ഥാനത്ത് ഏതെങ്കിലും പുരുഷനായാൽ ഒരു കുഴപ്പവുമില്ല. പക്ഷേ സ്ത്രീയായാൽ പിന്നെ പറയണ്ട പുരുഷന്മാർ അവരുടെ കുറ്റം പറയും പരിഹസിക്കും. വർക്ക് റിലേഷൻഷിപ്പു പോലും ഉണ്ടാവില്ല.”

“അയ്യോ ചേച്ചി എന്താ ഈ പറയുന്നത്?” വിജയിയുടെ മുഖം വിളറി വെളുത്തു.

“രൂപാലി നീ ഇതെന്ത് അറിഞ്ഞിട്ടാ പറയുന്നത്. നിനക്ക് ഞങ്ങളെയെല്ലാം അറിയാമല്ലോ. പക്ഷേ ഞങ്ങളുടെ പുതിയ ബോസിനെ നിനക്കറിയാമോ? എന്നിട്ടും നീ അവരെപ്പറ്റി പുകഴ്‌ത്തി സംസാരിക്കുകയാണോ?” രൂപാലിയുടെ പെട്ടെന്നുള്ള പ്രതികരണം കേട്ട് ഗിരീഷ് വല്ലാതെ പരിഭ്രമിച്ചു പോയി.

രൂപാലിയുടെ മനസ്സിലുള്ള അനാവശ്യമായ പുരുഷ വിദ്വോഷമാണെന്ന് അതോടെ ഗിരീഷിന് മനസ്സിലായി. പുരുഷന്മാർ ഒന്നടങ്കം സ്ത്രീകളുടെ ശത്രുക്കളാണെന്ന അന്ധമായ വിശ്വാസമാണ് അവളെ നയിക്കുന്നത് അതു കൊണ്ടാണ് സ്ത്രീ സമത്വം എന്ന പേരും പറഞ്ഞ് വീട്ടുജോലികൾ വരെ അവൾ തരംതിരിച്ച് നിർത്തിയിരുന്നത്.

അന്ന് രാത്രി ഗിരീഷും രൂപാലിയും പുറത്ത് ഡിന്നർ കഴിക്കാനായി പോയി. ഭക്ഷണം കഴിച്ച ശേഷം അവർ കാറിൽ മടങ്ങവെ രണ്ട് മൂന്ന് ബൈക്കുകളിലായി വന്ന ഒരു സംഘം കാറിനെ പിന്തുടരുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഏകദേശം 3 ബൈക്കുകളിലായി 6-7 യൂവാക്കളാണ് ഉണ്ടായിരുന്നത്. കാറിന് പിന്നിൽ എത്തുമ്പോൾ യുവാക്കൾ ഉച്ചത്തിൽ കൂവികൊണ്ടിരുന്നു.

“ഞാൻ നേരത്തെ പറഞ്ഞതാ ഇതുവഴി പോകരുതെന്ന്. ഷോർട്ട് കട്ട്? കണ്ടില്ലേ ഇപ്പോൾ? രൂപാലിയുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു.

“എന്ത് കണ്ടുവെന്നാ? ഒന്നുമില്ല. എന്തിനാ നീ പേടിക്കുന്നത്? ആഫ്റ്റർ ഓൾ സമത്വത്തിന്‍റെ കാലമല്ലേ.” ഗിരീഷിന്‍റെ പ്രതികരണം കേട്ടതോടെ രൂപാലിയുടെ മുഖം വിളറി വെളുത്തു. അവൾ അടിക്കടി ആവർത്തിച്ചിരുന്ന കാര്യം ഗിരീഷിനെ എത്രമാത്രം വേദനിപ്പിച്ചിരുന്നുവെന്ന് അന്നവൾ ആദ്യമായി മനസ്സിലാക്കുകയായിരുന്നു.

അപ്പോഴെക്കും രൂപാലി ആകെ അസ്വസ്ഥയായി. “ഗിരീഷ് നിങ്ങളെന്‍റെ ഭർത്താവാണ്.” എന്‍റെ സംരക്ഷിക്കേണ്ട ചുമതലയും ഉത്തരവാദിത്തവും നിങ്ങൾക്കാണ്. എന്‍റെ സുരക്ഷിതത്വം നിന്‍റെ കൈകളിലാണ്. നീ നിന്‍റെ കർത്തവ്യത്തിൽ നിന്നും പിന്നോട്ട് മാറരുത്.”

ഗിരീഷ് മറുപടിയൊന്നും പറയാതെ കാർ അതിവേഗം പായിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടു നിർത്തി. അപ്പോഴെക്കും ബൈക്കുകളിൽ പിന്തുടർന്നിരുന്നവർ എങ്ങോട്ടോ അപ്രത്യക്ഷമായി. തുടർന്ന് വീട്ടിലെത്തിയ അവർ രക്ഷപ്പെട്ട ആശ്വാസത്തിൽ ദീർഘ നിശ്വാസമുതിർത്തു. പക്ഷേ രണ്ടുപേരും ഒരക്ഷരം പോലും സംസാരിക്കാതെ യാന്ത്രികമായി അവരവരുടെ ജോലികളിൽ മുഴുകി. ഗിരീഷ് നിശബ്ദത പാലിച്ചു കൊണ്ട് തനിക്ക് പിറ്റേ ദിവസം പോകാനുള്ള ഫയലുകളും മറ്റും അടുക്കി വച്ചു.

രൂപാലിയ്ക്ക് സ്വയം ചിന്തിക്കാനുള്ള അവസരം മന:പൂർവ്വം ഒരുക്കുകയായിരുന്നു ഗിരീഷ്. രൂപാലിയും നിശബ്ദയായിരുന്നു. കഥ വലിയൊരാഘാതത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു അവൾ. തന്‍റെ ദൗർബല്യത്തെക്കുറിച്ച് സ്വയം പറയേണ്ടി വന്നതിലുള്ള ഇച്‌ഛാഭംഗത്തിലായിരുന്നു രൂപാലി.

പിറ്റേന്ന് രാവിലെ ഗിരീഷ് തയ്യാറായി ഓഫീസിലേക്ക് പുറപ്പെട്ടു. പിന്നാലെ രൂപാലിയും തന്‍റെ ഓഫീസിലേക്ക് പോയി. കമ്പ്യൂട്ടറിൽ ഇമെയിൽ പരിശോധിക്കുന്നതിനിടെ അവൾക്ക് ഗിരീഷിന്‍റെ ഇമെയിൽ സന്ദേശമെത്തി.

“രൂപാലി,

എന്നെ മനസ്സിലാക്കുക. സ്ത്രീയെ രണ്ടാം കിടയായി കാണുന്ന ഒരു വ്യക്‌തിയേയല്ല ഞാൻ. നിന്നെപ്പോലെ തന്നെ സ്ത്രീ പുരുഷ സമത്വത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ എന്നു മാത്രമല്ല പുരുഷനുള്ളതു പോലെ സ്ത്രീക്കും എല്ലാ അവകാശവും അധികാരവുമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. പുരുഷൻ നൽകുന്ന ഔദാര്യവുല്ല അത്. അതുകൊണ്ടാണല്ലോ ഞാൻ നിന്നെ ഇത്രയധികം സ്നേഹിക്കുന്നതും പരിപാലിക്കുന്നതും. ഇനിയും അത് തുടരും. എന്‍റെ മരണം വരെ.

പക്ഷേ നിന്‍റേത് വ്യർത്ഥമായ നിലപാടാണ്. എല്ലാ പുരുഷന്മാരേയും ശത്രുക്കളായി കാണുന്നതാണ് നിന്‍റെ മനോഭാവം. ഒന്ന് മനസ്സിലാക്കുക. സ്ത്രീയും പുരുഷനും പരസ്‌പര പൂരകങ്ങളായ ഘടകങ്ങളാണ്. സ്ത്രീയില്ലെങ്കിൽ പുരുഷനില്ല. പുരുഷനില്ലെങ്കിൽ സ്ത്രീയും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും രണ്ടുപേരും വേണം.

പക്ഷേ നമ്മുടെ വീട്ടിൽ സംഭവിക്കുന്നതെന്താണ്? വികലമായ കാഴ്ചപ്പാടിന്‍റെ പേരിൽ നീ അവകാശവും അധികാരവും ഉറപ്പിക്കുകയല്ലേ? അതും ഒരു വാശിപ്പോലെ. വാശിയുടെ ആവശ്യമുണ്ടോ, നമുക്കിടയിൽ? വിലപ്പെട്ട വ്യക്‌തിയായല്ലേ ഞാൻ നിന്നെ കാണുന്നത്. മറ്റൊന്ന് സ്ത്രീ കഴിവുള്ളവൾ തന്നെയാണ്.

എല്ലാ കാര്യത്തിലും പുരുഷനെപ്പോലെ അല്ലെങ്കിൽ അതിലുമേറെ അവൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ പറ്റും. എങ്കിലും ഇവർ രണ്ടു പേർക്കും ജനിതകപരമായ ചില ധർമ്മങ്ങളും ദൗർബല്യങ്ങളുമില്ലേ. പരസ്‌പരം സ്നേഹിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യുന്നതിന് എന്തിനാണ് ഈ പിടിവാശി കാട്ടുന്നത്. ജീവിതത്തിലെ നല്ല നിമിഷങ്ങളെ കൊല്ലുന്നത്.

എന്ന് നിന്‍റെ സ്വന്തം

ഗിരി

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഗിരീഷ് വീടിനകത്തെ പതിവില്ലാത്ത കാഴ്ച കണ്ട് അദ്ഭുതപ്പെട്ടു. എന്നും അലങ്കോലമായി കിടക്കുന്ന വീട് ഇന്ന് മൊത്തത്തിൽ ചിട്ടയായിരിക്കുന്നു.

എല്ലാ വസ്‌തുക്കളും അതാതിടത്ത് ഭംഗിയായി വച്ചിരിക്കുന്നു. നിലം അടിച്ച് വാരി തുടച്ചിരിക്കുന്നു. ഫ്ളവർ പോട്ടിൽ ഫ്രഷ് പൂക്കൾ. തീൻമേശയിൽ നല്ല ചൂടൻ പൂരിയും മസാലയും ഗ്ലാസ് ബൗളിൽ അടച്ച് വച്ചിരിക്കുന്നു.

അടുക്കളിയിൽ നിന്നും പുഞ്ചിരിയോടെ ഇറങ്ങി വന്ന രൂപാലി തെല്ലൊരു ലജ്‌ജയോടെ എന്നാൽ അൽപം ഗമയോടെ അയാളെ നോക്കി. താൻ സ്വപ്നം കാണുകയാണോ അതോ ഇതെല്ലാം യാഥാർത്ഥ്യമാണോ എന്നറിയാതെ ഗിരീഷ് അവളെ തന്നെ നോക്കിയിരുന്നു.

ഒടുവിൽ അയാൾ വലിയൊരു പുഞ്ചിരിയോടെ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളത് കാത്തിരിക്കുകയായിരുന്നു.

“ഞാനെന്‍റെ ജോലി ചെയ്‌തു. ഇനി ഗിരിയുടെ ഊഴമാണ്” അവളുടെ മുഖത്ത് വിജയിയുടെ ഭാവമായിരുന്നു അപ്പോൾ.

എല്ലാം പെയ്തൊഴിഞ്ഞതുപോലെ അയാൾ അവളെ ഇറുകെ പുണർന്നു നിന്നു.

ഇനിയുമെത്ര ദൂരം

“ഭയ്യാ… ജൽദി…” റയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടപ്പാച്ചിൽ ഇന്നും അങ്ങനെ തന്നെ. എന്താണ് എല്ലാ പ്രാവശ്യവും ഇതുപോലൊക്കെ തന്നെ സംഭവിക്കുന്നത്. നീര ആലോചിച്ചു. താൻ തിരക്ക് കൂട്ടിയെന്നിട്ടും ഡ്രൈവർ അതു കേട്ടില്ലെന്നു തോന്നുന്നു. അയാൾ പ്രതികരിച്ചതേയില്ല.

നീരയ്ക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. പുറത്തെ ചൂടും അകത്തെ ചൂടും. സുര്യൻ നന്നായി ചുട്ടുപഴുത്തു തിളങ്ങി നിൽക്കുന്ന ഒരു ദിവസം. വിയർപ്പു ചാലിട്ട മുഖവും കഴുത്തും. വേനൽക്കാലം നീരയ്ക്ക് വെറുപ്പാണ്. സത്യം പറഞ്ഞാൽ അവൾക്ക് ജീവിതത്തിൽ ഒന്നും തന്നെ ഇഷ്‌ടമുള്ളത് ഇല്ല!

അമൃത്സർ റയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹി സ്റ്റേഷനിലേക്കാണ് ട്രെയിൻ പിടിക്കേണ്ടത്. അതു മിസ് ചെയ്താൽ, വീട്ടിൽ ചെല്ലുമ്പോൾ വഴക്കിന്‍റെ പൂരമായിരിക്കും.

“കുറച്ചു കൂടി വേഗം പോകുമോ? പ്ലീസ്…” അവൾ വളരെ താഴ്മയായി ചോദിച്ചു. ഇത്തരം സമയങ്ങളൽ താഴ്ന്നു നിന്നില്ലെങ്കിൽ കാര്യം നടക്കില്ല. മനസമാധാനവും നഷ്‌ടമാകും.

നീര ബാഗിൽ നിന്ന് കർചീഫെടുത്ത് നെറ്റിയും മുഖവും തുടച്ചു. സ്പീഡ് കൂട്ടാൻ പറഞ്ഞത് ഡ്രൈവർ ഇപ്രാവശ്യം കേട്ടെന്ന് തോന്നി. അയാൾ കുറച്ചു വേഗത കൂട്ടിയിട്ടുണ്ട്. പക്ഷേ എന്തുകാര്യം. ഈ നഗരത്തിലെ ട്രാഫിക്ക്! സ്പീഡ് കൂട്ടാൻ പോയിട്ട്, അൽപം പോലും നീങ്ങാൻ കഴിഞ്ഞിട്ടു വേണ്ടേ?

നീര ദീർഘമായി ശ്വസിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം തന്നെ ആകെ കഷ്ടപ്പാടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കറന്‍റ് ഇല്ല. ഇൻവെർട്ടർ ഓൺ ചെയ്‌തപ്പോൾ അഞ്ചു മിനിറ്റിൽ അതു പണി മുടക്കി. പിന്നെ ഇരുട്ടത്തിരുന്ന് എന്തൊക്കെയോ പാക്ക് ചെയ്തു. അതു കാരണം പലതും മറന്നു. അത്യാവശ്യമായി കയ്യിൽ കരുതേണ്ട മരുന്നു പോലും.

നീര ഒരു ഡിപ്രഷൻ രോഗിയാണ്. എങ്ങനെയാണ് ഈ അവസ്‌ഥയിലെത്തിയതെന്ന് അവൾക്കും അറിയില്ല. ജീവിതം തരക്കേടില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നത്ര പണം തന്‍റെ ജോലിയിലൂടെ നീര കണ്ടെത്തുന്നുണ്ട്. ചിലപ്പോഴൊക്കെ കുടുംബത്തിന്‍റെ ആവശ്യങ്ങൾക്കും പണം ചെലവഴിക്കാറുണ്ട്.

ആരുമായും പ്രണയബന്ധമില്ലാത്തതിനാൽ ഹാർട്ട് ബ്രേയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്താണോ ഇപ്പോഴത്തെ ജീവിതം അതു ഭംഗിയായി പോകുന്നു, പക്ഷേ എന്നാൽ സന്തുഷ്ടയാണോ എന്നു ചോദിച്ചാൽ അല്ല.

റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ ഓട്ടോ ഡ്രൈവർക്ക് പണം കൊടുത്ത് അവൾ പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറി. ടിക്കറ്റ് റിസർവ് ചെയ്‌ത മെസേജ് ഒന്നു കൂടി നോക്കി കമ്പാർട്ട്മെന്‍റ് ഉറപ്പിച്ചു.

മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ വന്നു കഴിഞ്ഞു. എക്സലേറ്ററിനും വേഗതയില്ലെന്ന് നീരയ്ക്ക് തോന്നി. ഓടിക്കുതിച്ചെത്തിയ ട്രെയിന് ഒരു മിനിട്ട് സ്റ്റോപ്പേ ഉള്ളൂ. ട്രെയിനിൽ കാലെടുത്തു വച്ചതേ ഉള്ളൂ വണ്ടി അനങ്ങിത്തുടങ്ങി.

ശ്വാസമെടുക്കാൻ ബന്ധപ്പെട്ട് അവൾ അകത്തേക്ക് വലിഞ്ഞു കയറി.

കൃത്യസമയത്ത് വന്നതു കൊണ്ട് വണ്ടി കടന്നു പോയില്ല. ഭാഗ്യം! ഒരു മിനിട്ട് വൈകിയാൽ പ്ലാറ്റ്ഫോമിൽ ഇരിക്കേണ്ടി വന്നേനെ.

ഇനി ട്രെയിൻ കിട്ടിയാൽ തന്നെയും സീറ്റും ഉണ്ടാകില്ല. സീറ്റിൽ ഇരിക്കും മുമ്പേ തന്‍റെ സഹയാത്രികയെ നീര കണ്ണു കൊണ്ട് ഉഴിഞ്ഞു. കറുത്ത ഡ്രസ്സിൽ സുന്ദരിയായ ഒരു സ്ത്രീ. അവർ എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്.

നീര തന്‍റെ ലഗേജ് കുറച്ചു ഒതുക്കി വച്ച് കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളം വിഴുങ്ങി സീറ്റിൽ ഇരുന്നു. ട്രെയിൻ അതിവേഗം മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

നീര ജനാലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ പടർത്തി വിട്ടു. യാത്രകൾ ഇഷ്‌ടമാണ്. ഡെസ്റ്റിനേഷൻ എത്തുന്നതിനേക്കൾ ഇഷ്‌ടം ഇങ്ങനെ യാത്ര ചെയ്‌തു കൊണ്ടിരിക്കുന്നതാണ്.

യാത്ര എന്നു പറഞ്ഞാൽ അതിന് ഒരു ലക്ഷ്യമുണ്ട്. ജീവിതം പോലെ. ആ ലക്ഷ്യത്തിലെത്തിയാൽ പിന്നെ അതിന്‍റെ ത്രില്ല് കുറഞ്ഞു പോകും.

ആകാശത്ത് മേഘങ്ങൾ മാഞ്ഞു പോകുന്നതും പക്ഷികൾ പറക്കുന്നതും നോക്കിയിരിക്കേ അവളുടെ മനം ആർദ്രമായി. കണ്ണുകളിൽ നനവു പടർന്നു. ഇത്രയും വെയിലിൽ ഈ പക്ഷികൾ എങ്ങനെ പറക്കുന്നുണ്ടാവുമോ?

ഫോൺ ബെല്ലടിക്കുന്ന ശബ്ദം അവളുടെ ആകാശ കാഴ്ചകളെ പെട്ടെന്ന് പിന്നോട്ടു തള്ളി. തൊട്ടടുത്ത സീറ്റിലെ സ്ത്രീയുടെ ഫോൺ ആണ്. ബാഗിൽ നിന്ന് അവർ അത് പണിപ്പെട്ട് തപ്പിയെടുത്തു കോൾ അറ്റന്‍റ് ചെയ്‌തു.

നീരയ്ക്ക് ഫോൺ ശബ്ദം കേട്ടപ്പോൾ അസ്വസ്ഥത തോന്നി. ആ യുവതി ഫോണിൽ ആരോടോ ഉറക്കെ സംസാരിക്കാൻ തുടങ്ങി.

ഗോതമ്പിന്‍റെ നിറമുള്ള ശരീരം. അതു മാത്രമല്ല തിളക്കമുള്ള ചർമ്മസൗന്ദര്യം. കറുത്ത കണ്ണുകൾ അലസമായ മുടിയിഴകളിൽ ചിലവ മുഖത്തേക്ക് വീണു കിടക്കുന്നു. അത് അവരുടെ മുഖസൗന്ദര്യത്തിന്‍റെ ചാരുത കൂടി.

പ്രൊഫഷണൽ സ്റ്റൈലിൽ ബ്ലാക്ക് കോട്ട് ഉൾപ്പെട്ട ഡ്രസ്സ്, ഹൈ ഹീൽസ്. തനിക്കു ചുറ്റുമുള്ള അന്തരീക്ഷത്തിനു പോലും ഒരു പ്രാധാന്യം നൽകാൻ അവർക്കു കഴിയുന്നുണ്ടല്ലോ എന്ന് നീര ലേശം കുറുമ്പോടെ ചിന്തിച്ചു.

“ഞാൻ ഡൽഹി എത്തിയാലുടൻ അവിടെ വരാം.”

ആ യുവതി തന്‍റെ ഫോണിൽ ആരോടൊ പറയുന്നുണ്ടായിരുന്നു.

“ഇനി ഇക്കാര്യത്തിൽ ഒത്തിരി താമസം ഉണ്ടാകില്ല. എത്രയും വേഗം തീർക്കാനാണ് ഞാനും ശ്രമിക്കുന്നത്.” അവൾ പിന്നെ കുറച്ചു നേരം നിശബ്ദമായി, മറുവശത്തെ ആൾ പറയുന്നത് കേട്ടു കൊണ്ടിരുന്നു.

സംഭാഷണത്തിനൊടുവിൽ ഔപചാരികമായി ഒരു ഗുഡ്ബൈ പറഞ്ഞിട്ട് അവർ ഫോൺ ഹാന്‍റ് ബാഗിലേക്ക് വച്ചു. നീര അപ്പോഴാണ് അതു ശ്രദ്ധിച്ചത്. അവരുടെ കൈവശമുള്ളത് ഒരു ഐഫോൺ ആണ്.

താൻ ഈ നേരമത്രയും അവരെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണെന്ന സത്യം അവരുടെ മറുചോദ്യത്തിലൂടെയാണ് നീര മനസ്സിലാക്കിയത്.

“ഹലോ? എവിടെ പോകുന്നു?”

നീര പെട്ടെന്ന് ഞെട്ടിയെങ്കിലും പുഞ്ചിരി മുഖത്തു വരുത്തി. “ഡൽഹി” എന്നു മറുപടി പറഞ്ഞെങ്കിലും ഈ സ്ത്രീയെ ഇനി ശ്രദ്ധിക്കുന്ന പ്രശ്നമില്ലെന്ന് നീര മനസ്സിലുറപ്പിച്ചു.

യാത്രയിലുടനീളം, അടുത്തിരിക്കുന്ന വ്യക്‌തിയെ അവഗണിക്കുക അത്ര എളുപ്പമല്ല. എങ്കിലും അപ്പോൾ അവൾ ആഗ്രഹിച്ചത്.

നീര, അന്ന് പൊതുവേ കുറച്ച് വിഷാദത്തിലായിരുന്നു. ജീവിതത്തിൽ എന്തൊക്കെയോ നേടണമെന്നുണ്ട്. പക്ഷേ, ജീവിതം തരുന്നതോ? വളരെ കുറച്ചു മാത്രം.

പഠിക്കുമ്പോൾ മുതൽ കഠിനാധ്വാനി ആണ്. എന്നാൽ തന്‍റെ അച്‌ഛനമ്മമാരെ സംതൃപ്തിപ്പെടുത്താൻ കഴിയുന്നത്ര അക്കാദമിക നിലവാരം പുലർത്താൻ കഴിഞ്ഞില്ല. നല്ലൊരു ജോലി ലഭിക്കത്ര മാർക്കും കഴിവും ഉണ്ടായില്ല.

പാട്ടു പാടാൻ വളരെ ഇഷ്‌ടമാണ്. ആ രംഗത്തു തുടരാൻ ആഗ്രഹിച്ചപ്പോൾ മറ്റു പല പ്രശ്നങ്ങളുടെ മുൻഗണനാക്രമത്തിൽ ആ മോഹം ചവറ്റുകുട്ടയിലായി. ഇപ്പോഴുള്ള ജോലിയോട് വലിയ താൽപര്യം ഒന്നും ഇല്ല. വരുമാന മാർഗ്ഗം എന്ന നിലയിൽ അതു തുടരുന്നു എന്നു മാത്രം.

താൻ ആദ്യമായി സ്നേഹിച്ച പുരുഷനോട് അക്കാര്യം തുറന്നു പറയാൻ പോലും കഴിഞ്ഞില്ല. അയാളാകാട്ടെ കാനഡ എന്ന കണ്ണെത്താദൂരത്തേക്ക് കുടിയേറിപ്പോയി.

ജീവിതം എന്താണ് തനിക്ക് കാത്തു വച്ചിരിക്കുന്നത്. അത് തന്നെ എവിടെയും വീഡ്ഢിയാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ജീവിതം യഥാർത്ഥത്തിൽ ജീവിക്കുകയല്ല, എന്തിനോ അതിജീവിക്കുകയാണെന്ന തോന്നൽ!

നീര തന്‍റെ ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആ യുവതി തൊട്ടടുത്തിരുന്ന് ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്‌തു കൊണ്ടിരിക്കുകയാണ്. യാത്രയും പകുതി ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. അപ്പോഴും അവർ തന്‍റെ ജോലി തുടരുന്നുണ്ടായിരുന്നു.

എല്ലാം മറന്ന് ലാപ്പിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ആ സ്ത്രീയോട് നീരയ്ക്ക് അകാരണമായി നീരസം തോന്നി. ഇടയ്ക്കിടെ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിക്കുന്ന തൊഴിച്ചാൽ അവർ മറ്റൊരു കാര്യവും ശ്രദ്ധിക്കുന്നതേയില്ല.

അവർക്ക് വളരെയധികം കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ടെന്ന് തോന്നുന്നു. അവരെ കാണാൻ നല്ല ചന്തമുണ്ട്. ഇഷ്‌ടം പോലെ പണം, സ്വന്തമായൊരു ലാപ്ടോപ്പ്, ഐഫോൺ, ഡയമണ്ട്സ്, എല്ലാറ്റിനുമുപരി വളരെ ഇഷ്‌ടപ്പെട്ട ജോലിയാണെന്നു തോന്നുന്നു.

ഇവർക്കൊക്കെ ജീവിതം എത്ര ലളിതവും രസകരവുമാണ്. പക്ഷേ എന്നെപ്പോലെ കുറേപ്പേർക്ക് അതൊരു വല്ലാത്ത കഷ്ടപ്പാടും. നീര ആലോചിച്ചു.

അനന്തമായ ചിന്താച്ചരടുകളിൽ അവളുടെ മനസ്സ് ആടിക്കളിച്ചു. എപ്പോഴോ ഉറങ്ങിപ്പോയതെന്ന് ഓർമ്മയില്ല. അടുത്തിരുന്ന് അവർ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. ചൂടു കാരണം ശരീരമാകെ വിയർത്തുക്കുളിച്ചിരുന്നു. വേനൽക്കാലത്തെ ഇഷ്ടമല്ലാത്തതു ഇതൊക്കെ കൊണ്ടാണ്.

ലഞ്ച്ട്രോളിയുമായി ട്രെയിൻ കാറ്ററിംഗ് സർവീസ് വന്നു നിൽക്കുന്നു. എന്താണ് വേണ്ടതെന്ന് അറിയാനാണ് നീരയെ വിളിച്ചുണർത്തിയത്. വെജിറ്റേറിയൻ നീര മെല്ലെ പറഞ്ഞു. വെയിറ്റർ ഒരു പാക്കറ്റ് ഫുഡ് സീറ്റിൽ വച്ചിട്ട് മുന്നോട്ടു നീങ്ങി.

“താങ്ക്യൂ…” നീര, ആ യുവതിയെ ക്ഷമാപണ ഭാവത്തോടെ നോക്കി.

അവർ പുഞ്ചിരിച്ചു.

“ഓകെ ആം ആയിഷ ദേവ്”

ഞാൻ നീര.

നീര വളരെ മൃദുവായി പറഞ്ഞിട്ടു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ആയിഷയെപ്പോലൊരു ലേഡിയുമായി കൂടുതൽ സംസാരിക്കാൻ നീരയുടെ മനം എന്തോ പിന്നെയും മടിച്ചു.

“ഇവരുടെ പേരും ഒരുമാതിരി…” നീര ആലോചിച്ചു.

ഭക്ഷണം കഴിച്ചു തീരും വരെ നീര, ആയിഷയെ പൂർണ്ണമായും അവഗണിച്ചു. അവൾക്ക് അപകർഷതാബോധം തോന്നിയതിനാൽ അങ്ങനെ ചെയ്യാനെ കഴിയുന്നുണ്ടായിരുന്നുള്ളൂ.

“നിങ്ങൾ അമൃത്സറിൽ നിന്നാണോ?” ആയിഷ സ്നേഹാദരവോടെ ചോദിക്കുന്നു. പക്ഷേ അതിനുള്ള മറുപടി പോലും നേരെ ചൊവ്വേ പറയാൻ നീര പണിപ്പെട്ടു.

ആയിഷ എന്തിനാണ് തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നതെന്ന് ആലോചിച്ചു പോയി. അവർ ശരിക്കും ഒരു സംഭാഷണം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടാകുമോ?

“അതേ… പക്ഷേ. ഞാൻ വർക്ക് ചെയ്യുന്നത് ഡൽഹിയിലാണ്.”

“ഓഹോ… എവിടെയാണ്.?”

“ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ട്സ് സെക്ഷൻ” നീര ഒട്ടും താൽപര്യമില്ലാതെ മറുപടി പറഞ്ഞു.

എന്തെങ്കിലും നല്ല കാര്യങ്ങൾ ഇത്രയും കാലത്തിനിടയിൽ ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത അവളുടെ മനസ്സിൽ തികട്ടി വന്നു.

“വൗ അത് കൊള്ളാം” ആയിഷയുടെ കണ്ണുകളിൽ തിളക്കം.

“എനിക്ക് വളരെ ഇഷ്‌ടമുള്ള രംഗമാണ് അക്കൗണ്ടിംഗ്. പക്ഷേ ഞാൻ ഒരു ഇവന്‍റ്മാനേജ്മെന്‍റ് സ്‌ഥാപനത്തിൽ പെട്ടു പോയി…”

നീര തലയാട്ടി. അതുകണ്ട് ആയിഷ അതിശയം കൂറുന്ന മിഴിയോടെ നോക്കി. “എന്തെങ്കിലും പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?” ആയിഷയുടെ ചോദ്യം കേട്ടപ്പോൾ നീര ഒന്നു ഞെട്ടി.

“ഇല്ല അങ്ങനെയൊന്നുമില്ല.” നീര പെട്ടെന്ന് മറുപടി പറഞ്ഞു.

“യാത്രയിലുടനീളം എന്താ ടൈപ്പ് ചെയ്‌തു കൊണ്ടിരിക്കുന്നത്?”

ആയിഷ ചിരിച്ചു. ഒരു വ്യത്യസ്‌തമായ ചിരി ആയിരുന്നു അത്.

“അതൊരു കഥയാണ്.”

“ഇവന്‍റ് സ്‌ഥാപനത്തിൽ കഥ എഴുത്തോ?” നീര സംശയത്തോടെ ചോദിച്ചു.

ആയിഷ അതുകേട്ട് ഉറക്കെ ചിരിച്ചു.

“നോ… ഞാൻ ഒരു കഥ എഴുതുന്നു. പക്ഷേ, അതെന്‍റെ ജോലിയുടെ ഭാഗമല്ല. ഞാൻ എന്‍റെ ജോലി ഉപേക്ഷിക്കാൻ പോകുകയാണ്.”

നീരയ്ക്ക് വലിയ അതിശയം തോന്നി.

“ജോലി ഉപേക്ഷിക്കുകയോ… നല്ല ശബളം ഉള്ള ജോലിയല്ലേ?”

ആയിഷ തലയാട്ടി.

“പിന്നെന്തെ ഇങ്ങനെ ഒരു തീരുമാനം?”

“എനിക്ക് ഈ കഥ ഉടനെ തീർക്കണം. എന്‍റെ ജോലിയുടെ സ്വഭാവം വച്ച് അതിനൊപ്പം കഥയെഴുത്ത് വലിയ പ്രയാസമാണ്.”

ആയിഷയുടെ മുഖത്ത് വിടർന്ന ചിരി നീര കൗതുകത്തോടെ നോക്കിയിരുന്നു.

“ഒന്നിനും സമയം തികയാതെയായി.” ആയിഷ ആത്മഗതമൊന്നോണം മന്ത്രിച്ചു.

“കഥ എഴുതിക്കൊടുക്കാൻ സമയം പറഞ്ഞിട്ടുണ്ടോ?” അവൾക്ക് ജിജ്‌ഞാസ അടക്കാൻ പറ്റിയില്ല. ആയിഷയോടുള്ള അസൂയ നിമിഷം പ്രതി ഇരട്ടിക്കുന്നതു പോലെ! ഇത്രയും ശബളമുള്ള ഒരു ജോലി ഇട്ടെറിഞ്ഞു പോകാൻ ഇവർക്കെന്താ വട്ടാണോ?

“ഇത് എഴുതിയാൽ ഇപ്പോൾ കിട്ടുന്ന ശബളത്തേക്കാൾ കൂടുതൽ കിട്ടുമോ?”

നീര തന്‍റെ സംശയം തീർക്കാൻ വേണ്ടി വീണ്ടും ചോദിച്ചു.

“അതറിയില്ല. ഈ കഥയ്ക്ക് അത്രയൊന്നും കിട്ടാനിടയില്ല.”

“പിന്നെന്തിനാ റിസ്ക് എടുക്കുന്നത്?” നിങ്ങൾക്ക് ഇപ്പോൾ വേണ്ടത്ര പണം ബാങ്ക് ബാലൻസ് ഉണ്ടാകുമല്ലേ?”

ആയിഷ അതുകേട്ട് പൊട്ടിച്ചിരിച്ചു. “ഓഹ്… ഇല്ല ഞാൻ ഒരു ഇടത്തരം കുടുബാംഗമാണ്. അങ്ങനെ വലിയ സേവിംഗ്സ് ഒന്നും ഇല്ലടോ…”

ഇത്രയും നേരം സംസാരിച്ച ടോണിൽ നിന്ന് വിഭിന്നമായിരുന്നു പിന്നെ ആയിഷയുടെ സംസാരം.

“ഞാൻ ഇത് ചെയ്യുന്നത് എനിക്ക് എഴുതാൻ ഇഷ്‌ടമുള്ളതു കൊണ്ടാണ്. അത് എന്നെ സന്തുഷ്ടയാക്കുന്നു. ഇതുവരെ ഞാനെന്‍റെ ജീവിതം പണം ഉണ്ടാക്കാൻ മാത്രമായി വിനിയോഗിച്ചു. എനിക്ക് സന്തോഷം ലഭിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്‌തില്ല. എഴുത്ത് എനിക്ക് ഹാപ്പിനസ് തരുന്ന കാര്യമാണ്. ഇനി ഞാൻ അത് പിന്തുടരാൻ തീരുമാനിച്ചു.”

അതുകേട്ട് നീര, ആയിഷയെ നിർന്നിമേഷമായി നോക്കിയിരുന്നു.

“സ്വയം ഹാപ്പിയാവാൻ നീര എന്താണ് ചെയ്യുന്നത്? എന്തൊക്കെയാ ഹോബി?”

ആയിഷ ചോദിച്ചു.

“ഹും… നീര ഒന്നു മൂളി. ഞാൻ പാട്ട് പാടാറുണ്ടായിരുന്നു.”

“ഉണ്ടായിരുന്നു? അതിനർത്ഥം ഇപ്പോൾ ഇല്ല എന്നാണോ?”

ആയിഷയുടെ മുഖത്ത് അമ്പരപ്പ്.

നീര തലകുലുക്കി.

“സമയം കിട്ടുന്നില്ല. അതു തന്നെ പ്രശ്നം.”

“ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. താൻ ഇത്ര ഡിപ്രസ്ഡ് ആയിരിക്കുന്നത് ഇതു കൊണ്ടാണ്.”

ആയിഷയുടെ വാക്കുകൾ നീരയുടെ ഹൃദയത്തിൽ തന്നെയാണ് തറച്ചത്. പക്ഷേ അവൾ നിശബ്ദത പാലിച്ചു.

“സന്തോഷം ലഭിക്കുന്ന കാര്യം താൻ ഉപേക്ഷിച്ചിരിക്കുന്നു. പണത്തേക്കാൾ ജീവിതത്തിൽ വലുത് ഹാപ്പിനസ് തന്നെയാണെടോ.”

“പക്ഷേ നിങ്ങൾക്ക് പണത്തിന്‍റെ ആവശ്യകതയെ കുറിച്ച് എന്തറിയാം ആയിഷ?” നീര അൽപം ദേഷ്യത്തോടെ പ്രതികരിച്ചു.

“നിങ്ങളുടെ ജോലി, നിങ്ങൾക്ക് ആവശ്യമുള്ളതിലേറെ ശബളം തരുന്നു. ഐഫോൺ, ലാപ്ടോപ്, ബ്രാന്‍റഡ് ക്ലോത്ത്സ്… എല്ലാം സ്വന്തം. ചിലപ്പോൾ നിങ്ങൾ ഡൽഹിയിലെത്തുമ്പോൾ ബിഎംഡബ്ലിയു കാർ കാത്ത് കിടപ്പുണ്ടാകും. പക്ഷേ എന്നെപ്പോലുള്ള സാധാരണക്കാരായവരോ? ഓരോ ദിവസവും ജീവിച്ചു പോകാൻ കഷ്‌ടപ്പെടുകയാണ്. പണം ആവശ്യത്തിലേറെ ഉള്ളവർക്ക് അതിന്‍റെ വില മനസ്സിലാവില്ല.”

നീരയുടെ രോഷം പൂണ്ട വാക്കുകൾ കേട്ടപ്പോൾ ആയിഷ കുറച്ചുനേരം നിശബ്ദയായി. അവൾ ഒരു ദീർഘനിശ്വാസത്തോടെ സാവകാശം പറയാൻ തുടങ്ങി.

“ശരിയാണ് ഞാൻ അർഹിക്കുന്നതിലും പണം എനിക്ക് കിട്ടുന്നുണ്ട്. പക്ഷേ എന്‍റെ ചോദ്യം ഇതാണ്. അത്രയും പണം നൽകുന്ന ആ ജോലി ചെയ്‌തതു കൊണ്ട് ഞാൻ ഹാപ്പിയാണോ? ആ ചോദ്യത്തിന് എന്‍റെ ഉത്തരം നോ എന്നാണ്.”

അതുകേട്ട് നീര ഒന്നുകൂടെ ഉഷാറായി. ഇവരുടെ ഈ നിലപാടിനെ അഹങ്കാരം എന്നല്ലാതെ എന്താ പറയുക? “അത്…” നീര പറയാൻ തുടങ്ങിയതിനെ ഖണ്ഡിച്ചു കൊണ്ട് ആയിഷ പറഞ്ഞു തുടങ്ങി.

“ഞാൻ സന്തോഷത്തിന്‍റെ അന്വേഷണത്തിലാണ്. എനിക്ക് ഇനിയുള്ള ഈ ചെറിയ ജീവിതം പരമാവധി സന്തോഷത്തോടെ ജീവിക്കണം. എനിക്കു മുന്നിൽ ദീർഘമായ ജീവിതം ഇനിയുണ്ടോ എന്നറിയില്ല. ഞാൻ ഒരു ഹൃദ്രോഗിയാണ്. ഏതു നിമിഷവും താളം തെറ്റാവുന്ന ഹൃദയവുമായി നടക്കുന്നവൾ. ചിലപ്പോൾ ഈ ട്രെയിനിൽ നിന്ന് ഇറങ്ങും മുമ്പ് അല്ലെങ്കിൽ എന്‍റെ പുസ്തകം പ്രകാശനം ചെയ്യും മുമ്പ്, അതുമല്ലെങ്കിൽ ഞാൻ അടുത്ത ഒരു വാക്ക് പറയും മുമ്പ്! എപ്പോൾ വേണമെങ്കിലും അതു സംഭവിക്കാം. മരണം! അതിലേക്ക് നടക്കുന്ന ഓരോ നിമിഷവും ഞാൻ സന്തോഷത്തോടെയല്ലേ ജീവിക്കേണ്ടത്?” ആയിഷ പുഞ്ചിരിച്ചു.

നീരയുടെ നെഞ്ചിൽ ഒരു സ്ഫോടനം ശക്‌തിയോടെ കലഹിച്ചു. മറുവാക്കിനായി ചുണ്ടുകൾ പരതുമ്പോൾ അവൾ കണ്ണുകളെ ജനാലയിലേക്ക് തുറന്നു വച്ചു.

സമ്മർ ക്യാമ്പ്

ഒന്നും ചെയ്യാതെ ജനാലയ്ക്കരികിൽ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുന്ന ടിൻസിയെ വാസുദേവ് ശ്രദ്ധിച്ചു. തന്‍റെ മകൾ ഇങ്ങനെ ആക്ടിവല്ലാതെ ഉത്സാഹമൊന്നും കാണിക്കാതെ ഇരിക്കുന്നതിനോട് അയാൾക്ക് യോജിപ്പില്ല.

“ഇവളെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ആരെങ്കിലും അവളെ ശല്യപ്പെടുത്തുന്നുണ്ടോ” അയാൾ ഭാര്യ റോമയെ വിളിച്ച് സംശയം പ്രകടിപ്പിച്ചു.

“ഏയ്… എന്‍റെ അറിവിൽ ആരും അവളെ ശല്യപ്പെടുത്തുന്നില്ല. ഇത് ഒട്ടുമിക്ക കൗമാരക്കാരും കടന്നു പോകുന്ന അവസ്ഥയല്ലേ. നാളയെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതാണ്” റോമയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു.

“എന്തായാലും അവളുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുവാൻ നമുക്ക് എന്തെങ്കിലും ചെയ്തേ മതിയാവൂ. എന്താ നിന്‍റെ അഭിപ്രായം” വാസുദേവ് ഭാര്യയോട് എന്തെങ്കിലുമൊരു ഉപായം പറയൂ എന്ന രീതിയിൽ അന്വേഷിച്ചു.

“ഞാൻ അവളോട് ഒരു സമ്മർ ക്യാംപിന്‍റെ കാര്യം പറഞ്ഞിരുന്നു. എന്തോ അവളത്ര താൽപര്യം കാണിച്ചില്ല. സമ്മർ ക്യാംപൊക്കെ ആകുമ്പോൾ ധാരാളം കുട്ടികളുണ്ടാകും. പുതിയ കൂട്ടുകാരും പിന്നെ ഗെയിമുകളും ക്രിയേറ്റീവ് പ്ലാറ്റ്ഫോമും കൂടിയാകുമ്പോൾ ടിൻസി മൊത്തത്തിൽ ഉഷാറാകുമല്ലേ” റോമ തനിക്കു തോന്നിയ കാര്യം പറഞ്ഞു.

“അതൊരു നല്ല ഐഡിയ ആണല്ലോ. മറ്റുള്ളവരോട് ആശയവിനിമയം നടത്താനും ക്യാംപിന്‍റെ അന്തരീക്ഷത്തിൽ ഇഴുകി ചേരാനും ടിൻസിക്ക് സാധിച്ചാൽ അവളുടെ ആത്മവിശ്വാസം താനേ വർദ്ധിക്കും. എങ്കിൽ മാത്രമേ ഈ ഉൾവലിഞ്ഞിരിക്കുന്ന സ്വഭാവം മാറുകയുള്ളൂ.” വാസുദേവ് ഒരു പരിഹാരം കണ്ടെത്തിയ പോലെ നിർദേശിച്ചു.

ടിൻസി അവരെ ചുറ്റിപ്പറ്റി മാത്രം നിന്നാൽ മാനസികാവസ്‌ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് റോമയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വാഗമണ്ണിലെ സമ്മർ ക്യാംപിൽ ടിൻസിയെ എങ്ങനെയെങ്കിലും നിർബന്ധിച്ച് അയക്കാൻ റോമ തീരുമാനിച്ചു.

പറ്റിയൊരു സമയം നോക്കിയിരുന്ന റോമ ഡൈനിംഗ് സമയത്ത് വാഗമണ്ണിലെ സമ്മർ ക്യാംപിന്‍റെ കാര്യം വീണ്ടും എടുത്തിട്ടു.

“ഇവൾക്കിവിടെ വെറുതെ ഇരിക്കുന്ന നേരം കൊണ്ട് വാഗമണ്ണിൽ ക്യാംപിന് പൊയ്ക്കൂടെ? എന്തു പറയുന്നു വാസു. അതല്ലേ നല്ലത്” റോമ ഭർത്താവിനോട് അഭിപ്രായം ചോദിക്കുന്ന പോലെ.

“ശരിയാ, ഇവിടെ ചടഞ്ഞു കൂടി ഇരിക്കണ്ടല്ലോ” വാസുദേവിന്‍റെ പെട്ടെന്നുള്ള മറുപടി. ടിൻസി അച്‌ഛനും അമ്മയും പറയുന്നത് കേട്ട് മൂളുക മാത്രം ചെയ്‌തു.

“എന്തായാലും അടുത്താഴ്ച വിമലയുടെ ഇരട്ടകൾ ഇവിടെ വരുന്നുണ്ട്. നീ ക്യാംപിന് പോകുന്നില്ലേൽ അവർക്ക് കമ്പനി കൊടുക്ക്” റോമ ടിൻസിയുടെ റിയാക്ഷൻ എന്താണെന്നറിയാൻ ശ്രദ്ധിച്ചിരുന്നു.

ടിൻസി ഇരട്ടകൾ എന്നു കേട്ടപ്പോഴേ അപകടം തിരിച്ചറിഞ്ഞമട്ടാണ്. കഴിഞ്ഞ വർഷം അവർ വന്ന് തനിക്ക് തലയ്ക്ക് സ്വൈര്യം തരാതിരുന്നത് ടിൻസി ഇപ്പോഴും മറന്നിട്ടില്ല. അത്രയും തെറുപ്പുകളാണ് ആ കുട്ടികളുടെ കയ്യിലുണ്ടായിരുന്നത്.

ഇരട്ടകളുടെ കയ്യിൽ പെടുന്നതിനേക്കാളും ക്യാംപിൽ പോകുന്നതാണ് നല്ലതെന്ന് ടിൻസി തീരുമാനിച്ചു.

ഇരട്ടപിള്ളേരെ ടിൻസിക്ക് ഇഷ്‌ടമല്ല എന്നറിയാവുന്ന റോമ അവരുടെ രണ്ട് ദിവസത്തേക്ക് മാത്രമായുള്ള വരവിനെ ഒരു മാസത്തേക്കെന്ന പോലെ അവതരിപ്പിച്ച് മകളുടെ മനസ്സിനെ സ്വാധീനിച്ചെടുത്തു.

“ഞാൻ സമ്മർ ക്യാംപിലേക്ക് പോകാം അമ്മേ, ഇവിടെ വെറുതെ ഇരിക്കുന്നതിലും നല്ലത് അത് തന്നെയാ.” ടിൻസി സമ്മതമെന്ന പോലെ പറഞ്ഞു.

റോമയും വാസുദേവും ടിൻസിക്ക് പോകാനുള്ള അറേഞ്ച്മെന്‍റ്സ് ചെയ്‌തു. വാഗമണ്ണിലേക്കായതു കൊണ്ട് കുന്നുകളും തടാകങ്ങളുമുള്ള പ്രദേശത്തിന്‍റെ ഒരേകദേശ രൂപം ടിൻസിയുടെ ചിന്തകളിലേക്ക് ഓടിയെത്തി.

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ടിൻസി കുടുംബത്തോടൊപ്പമല്ലാതെ ആദ്യമായിട്ടാണ് തനിച്ച് പോകുന്നത്. വാസുദേവ് തന്‍റെ മാനേജറെ വാഗമൺ വരെ ടിൻസിയെ കൊണ്ടാക്കുവാൻ ഏൽപ്പിച്ചു.

ബാംഗ്ലൂരിൽ നിന്ന് എറണാകുളം വരെ ട്രെയിൻ ബുക്ക് ചെയ്‌തു. എറണാകുളത്ത് നിന്ന് ട്രാവൽ ഏജൻസിക്കാരെ വിളിച്ച് പോകാമെന്നായിരുന്നു പ്ലാനെങ്കിലും വിചാരിച്ച പോലെ ടാക്‌സി ബുക്ക് ചെയ്‌ത് കിട്ടിയില്ല.

മാനേജർ രഘുവരൻ തന്‍റെ പരിചയത്തിലുള്ള ഒരു ഏജൻസിയെ വിളിച്ച് പരമാവധി ഇടങ്ങളിൽ അന്വേഷിക്കാൻ പറഞ്ഞു. ഊബർ ആപ്പിൽ തീരെ പരിചയമില്ലാത്ത ഒരാളുടെ കൂടെ പോകാനൊരു മടി ആയതു കൊണ്ട് രഘുവരൻ കുറച്ചു കൂടി ഉത്തരവാദിത്വമുള്ള ഏജൻസിക്കാരെ തന്നെ വിളിച്ചു.

എറണാകുളത്ത് ടിൻസിയും രഘുവരനും ട്രെയിനിറങ്ങിയപ്പോൾ ഏജൻസിയിൽ നിന്ന് വാഗമണ്ണിലെ അതേ ക്യാംപിലെ സ്ഥലത്തേക്ക് ഇന്ന് ഉച്ചയ്ക്ക് ഒരു കാർ പോകുന്നുണ്ടെന്നും അല്ലെങ്കിൽ രണ്ട് ദിവസം വെയിറ്റ് ചെയ്യണമെന്നും. ഫോൺ വിളിച്ച് പറഞ്ഞു. ഏജൻസിയിൽ നേരിട്ട് ചെന്നപ്പോൾ പോകുന്നത് ഒരാളാണെന്നും കാർ ഷെയർ ചെയ്യാൻ അയാൾ തയ്യാറാണെന്നും അറിയിച്ചു.

അങ്ങനെ രഘുവരനും ടിൻസിയും കാത്തു നിൽക്കവെ ക്യാംപിലേക്ക് പോകുന്ന കാർ ഏജൻസിയിലെത്തി. ടിൻസിയോളം തന്നെ സമപ്രായമുള്ള വിനീത് എന്ന യുവാവാണ് ആ എസ്യുവിയിൽ ഉണ്ടായിരുന്നത്.

രഘുവരന് തനിക്കറിയാവുന്ന ഏജൻസിയിൽ നിന്നു തന്നെ കാർ ലഭിച്ചതിൽ സന്തോഷവും സുരക്ഷിതത്വവും തോന്നി. അവരേയും കൊണ്ട് കാർ വാഗമണ്ണിലേക്ക് നീങ്ങി.

വിനീത് സ്വന്തം പേര് പരിചയപ്പെടുത്തിയതല്ലാതെ കൂടുതലൊന്നും സംസാരിക്കാത്തതിൽ ടിൻസിക്കും സമാധാനമായി. രഘുവരനങ്കിൾ തന്‍റെ കൂടെയുണ്ടെന്നതിനാൽ ടിൻസിക്ക് യാത്രയിൽ യാതൊരുവിധത്തിലുമുള്ള അസ്വസ്ഥതകളും തോന്നിയില്ല.

ക്യാംപിലെത്തിയതും വിനീത് അവരോട് ബൈ പറഞ്ഞ് സംഘാടക സമിതിയിലുള്ള തന്‍റെ കൂട്ടുകാരെ തേടിപ്പോയി.

രഘുവരൻ ക്യാംപ് ഡയറക്ടറുടെ അടുത്ത് ചെന്ന് ടിൻസിയെ അഡ്മിറ്റ് ചെയ്‌തു. എല്ലാം ഓക്കെയെന്നു ഉറപ്പു വരുത്തിയ ശേഷം ഒരു മാസം കഴിഞ്ഞ് ക്യാംപ് സമാപിക്കുന്ന ദിവസം വരാമെന്നേറ്റ് രഘുവരൻ വന്ന കാറിൽ തന്നെ തിരിച്ച് മലയിറങ്ങി.

രാത്രി ഡോർമെറ്ററിയിൽ കിടന്നുറങ്ങവെ ടിൻസിക്ക് വീണ്ടും ഒരു മടുപ്പു പോലെ വന്നു. ഇരട്ടകളെ സഹിക്കുന്നതായിരുന്നു ഭേദമെന്ന് അവൾക്ക് തോന്നി.

ടിൻസിക്ക് മൊത്തത്തിൽ കൺഫ്യൂഷനായതു പോലെ. ആരേയും പരിചയമില്ലാതെ ഒറ്റക്കിവിടെ മാനേജ് ചെയ്യുന്ന കാര്യം ടിൻസി ആലോചിച്ച് കിടന്നു.

പിറ്റേ ദിവസം രാവിലെ ക്യാംപിൽ മഞ്ഞുരുക്കൽ പ്രഖ്യാപനം നടന്നുവെങ്കിലും അവിടെ വന്നതിലധികവും കുട്ടികളും തമ്മിൽ പരിചയമുള്ളവരായിരുന്നു.

നാലു വർഷത്തോളമായി സ്‌ഥിരം ക്യാംപിൽ വരുന്നവരും. ഒരേ കോളേജിൽ നിന്നുള്ളവരും, സോഷ്യൽ മീഡിയയിൽ കണക്റ്റ് ആയിട്ടുള്ളവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതുകൊണ്ടെല്ലാം മറ്റുള്ളവർക്ക് പെട്ടെന്ന് തമ്മിൽ കൂട്ടുകൂടാനും ഓരോ ഗ്രൂപ്പായി മാറാനും സാധിച്ചു. ടിൻസി പറ്റിയൊരാളെ തിരഞ്ഞു.

മാനസിയാണ് ടിൻസിക്കൊരു കൂട്ടായി ക്യാംപിൽ പെരുമാറിയത്. പക്ഷേ മാനസിയുടെ ഒരു വലിയ പ്രശ്നം തന്‍റെ കൂട്ടുകാരെല്ലാം തന്നെ മാത്രം ആശ്രയിക്കുന്നവരും കൂടെ നിന്ന് മറ്റുള്ളവരെ കളിയാക്കുന്നതിന് മുൻകൈ എടുക്കുന്നവരുമാകണമെന്നാണ്.

മാനസിയുടെ സിൽബന്തികളായി നിൽക്കുന്നവരുടെ കൂട്ടത്തിൽ പെരുമാറുവാൻ ടിൻസിക്ക് സാധിക്കില്ലായിരുന്നു. മറ്റുള്ളവരെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്‌ത് അവരുടെ സ്വഭാവത്തിലെ പിശകുകൾ കണ്ടുപിടിക്കാൻ മാനസി വിദഗ്ധയായിരുന്നു.

ടിൻസി തന്‍റെ രീതികൾക്കനുസരിച്ച് നിൽക്കുന്നയാളല്ല എന്നു മനസ്സിലാക്കിയ മാനസി തരം കിട്ടുമ്പോഴെല്ലാം ടിൻസിയെ ലക്ഷ്യമിട്ട് പരിഹാസങ്ങൾ ഇറക്കുവാൻ തീരുമാനിച്ചു.

ടിൻസിക്ക് ചുണ്ടെലി എന്നൊരു ഇരട്ടപ്പേരിടാനും മാനസി മറന്നില്ല. വിനീതുമായി ടിൻസി അടുപ്പത്തിലാണെന്നൊരു ഗോസിപ്പ് പെട്ടെന്നാണ് ക്യാംപിൽ പടർന്നത്.

എങ്ങനെയാണ് ഇങ്ങനെയൊരു ഗോസിപ്പ് പടർന്നു പിടിച്ചതെന്ന് എത്രയാലോചിച്ചിട്ടും ടിൻസിക്ക് മനസ്സിലായില്ല. വിനീതുമായി കാറിൽ ഒരുമിച്ചു വന്നു എന്നല്ലാതെ പിന്നെ സംസാരിച്ചതേയില്ല.

“ചുണ്ടെലി പതുങ്ങിയിരിക്കുന്നു എന്നേയുള്ളൂ നമ്മളോടൊന്നും സംസാരിച്ചില്ലെങ്കിലും ആൺകുട്ടികളിൽ ചിലരുമായി അടുക്കുന്നതിന് യാതൊരു മടിയുമില്ല.” മാനസി തന്‍റെ പതിവ് ശൈലിയിൽ പറഞ്ഞു കൊണ്ടിരുന്നു. മാനസിയുടെ സിൽബന്തി അഞ്ജലി ഇതുകേട്ട് ഡോർമെറ്ററി മുഴങ്ങുമാറ് “ആരാണാ ഭാഗ്യവാന്മാർ” എന്ന് വിളിച്ചുകൂവി.

ഇതൊക്കെയാണെങ്കിലും ടിൻസി പതിയെ ക്യാംപിനെ ഇഷ്‌ടപ്പെട്ടു പോന്നു. മാനസിയുടെ കളിയാക്കലും ഗോസിപ്പും ഒഴിവായിക്കിട്ടണമെന്ന് പൂർണ്ണമായും ടിൻസി ആഗ്രഹിച്ചില്ല. കാരണം ക്യാംപിലെ പത്തഞ്ഞൂറ് പേരുടെ ഇടയിൽ കളിയാക്കുവാനാണെങ്കിലും മാനസി തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ.

രാവിലെ യോഗ ചെയ്യുന്ന സമയത്തും, ഭക്ഷണം വിളമ്പുന്ന നേരങ്ങളിലും വൈകുന്നേരം തീയിട്ട് ക്യാംപ് അംഗങ്ങൾ വട്ടം കൂടുന്ന കലാസന്ധ്യയിലും ടിൻസി തന്‍റേതായ ഇടത്തിൽ സ്വസ്ഥമായിരുന്നു. അപ്പോഴൊക്കെ ടിൻസിയെ ശല്യപ്പെടുത്തുവാൻ ആരും ഉണ്ടാകില്ല.

പക്ഷേ ഒരു വൈകുന്നേരം മാനസി ടിൻസിയെ നിർബന്ധിച്ച് കൊണ്ടുവന്ന് കലാസന്ധ്യയിൽ വട്ടം കൂടിയ സദസ്സിന്‍റെ മുമ്പിൽ വച്ച് പാടാൻ പറഞ്ഞു. പക്ഷേ ടിൻസി മടിയും നാണവും കൊണ്ട് അത് നിരസിച്ചു. പക്ഷേ അവിടെ കൂടിയിരുന്നവർ വിടാനൊരുക്കമില്ല.

“അല്ലേൽ വേണ്ടന്നേ. വെറുതെ എന്തിനാ അവളെ നിർബന്ധിക്കുന്നേ അവൾക്ക് പാടാനൊന്നും അറിയത്തില്ല. വെറുതെ എന്തിനാ ഇൻട്രസ്റ്റിംഗ് അല്ലാത്ത ശബ്ദത്തിൽ പാടിപ്പിച്ച് മൂഡ് കളയണോ. ചുണ്ടെലിയെ പോലുള്ളവരെ സഹിക്കാൻ വിനീതിനേ പറ്റൂ.” മാനസിയും കൂട്ടുകാരും ഇത് പറഞ്ഞ് ചിരിയായി. പെട്ടെന്ന് ടിൻസിക്ക് എന്തോപോലെ തോന്നി.

അവൾ അവരുടെ കൂട്ടത്തിൽ നിന്ന് ഡോർമെറ്ററി ഭാഗത്തേക്ക് ഓടിപ്പോയി. അവൾക്ക് കരച്ചിൽ വന്നു. ഡോർമെറ്ററിക്ക് സമീപമുള്ള ഗാർഡനിലെ ബെഞ്ചിൽ കലങ്ങിയ കണ്ണുകളോടെ അവളിരുന്നു.

അൽപസമയം കഴിഞ്ഞ് തന്‍റെ മുഖത്തിനു നേരെ ഒരു തൂവാല ഉയർന്നു വരുന്നതായി അവൾക്ക് തോന്നി. അത് വിനീതിന്‍റെ കൈയിലെ കർച്ചീഫായിരുന്നു.

“ടിൻസി മാനസിക്ക് പിടികൊടുത്തല്ലേ… മുഖമൊക്കെ ആകെ വല്ലാതായല്ലോ. ടിൻസിയെപ്പോലെ ബോൾഡായൊരു പെൺകുട്ടിക്ക് മാനസിയെ മാനേജ് ചെയ്യാൻ അറിയില്ലേ. ഇതൊക്കെ നിസ്സാരമായി എടുക്കായിരുന്നു.” വിനീത് വളരെ ലാഘവത്തോടെ പറഞ്ഞു.

വിനീതിനു നേരെ മുഖം ഉയർത്തി കൊണ്ട് “നമ്മളെക്കുറിച്ചുള്ള ഗോസിപ്പ് എങ്ങിനെയാ പടർന്നത്” ടിൻസി ചോദിച്ചു.

“നമ്മളിവിടെ വന്ന ദിവസം ഒരേ കാറിൽ നിന്നിറങ്ങുന്നത് പലരും കണ്ടതല്ലേ. ആൺപിള്ളേരിൽ പലരും എന്നെയതു പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാനത് കേൾക്കുമ്പോഴൊക്കെ ചിരിക്കും എന്നല്ലാതെ അതോർത്തിരിക്കാറില്ല. പലരും അവരുടെ കഴിവില്ലായ്മയെ മറച്ചു വയ്ക്കാൻ മറ്റുള്ളവരെ പരിഹസിക്കാറുണ്ട്. നമ്മളതിനോട് ഓവർ റിയാക്ട് ചെയ്യുമ്പോൾ അവർ വിജയിച്ച പോലെയായില്ലേ.” വിനീത് ടിൻസിയോടായി കാരണങ്ങൾ എടുത്തു പറഞ്ഞു.

“ഞാനെന്തു ചെയ്യണമെന്നാണ്”

ടിൻസി നിസ്സഹായതയോടെ വിനീതിനോട് ചോദിച്ചു.

“എന്തിനാ ഒളിച്ചോടുന്നത് അവിടെ കൂട്ടത്തിൽ പോയി ഇരിക്ക് അവര് പറഞ്ഞപോലെ പാട്ടൊക്കെ പാടൂ. ടിൻസി നന്നായി പാടുമല്ലോ”

വിനീത് പറഞ്ഞതു കേട്ട് “ഞാൻ പാടുമെന്ന് വിനീതിനെങ്ങിനെ അറിയാം.” ടിൻസി ആകാംക്ഷ നിറഞ്ഞ ഭാവത്തിൽ ചോദിച്ചു.

“ക്യാംപിലേക്ക് വരുന്ന വഴി ടിൻസി കാറിലിരുന്ന് നല്ല പോലെ ഈണത്തിൽ മൂളുന്നുണ്ടായിരുന്നല്ലോ. ഞാനന്ന് ശ്രദ്ധിച്ചിരുന്നു.” വിനീത് ഇതു പറഞ്ഞതും ടിൻസി ചെറുതായി മന്ദഹസിച്ചു.

അവർ രണ്ടുപേരും പതിയെ അവിടെ നിന്നും തിരിച്ച് കലാസന്ധ്യയുടെ കൂട്ടത്തിലേക്ക് നടന്നു ചെന്നു.

വിനീതും ടിൻസിയും ഒരുമിച്ച് നടന്നു വരുന്നത് കണ്ട മാനസി, “ഇതാ നമ്മുടെ ചുണ്ടെലിയും സഹയാത്രികനും എത്തിയിരിക്കുന്നു.”

വിനീത് മാനസി പറഞ്ഞത് ശ്രദ്ധിക്കാതെ വട്ടം കൂടിയിരുന്നവരുടെ മധ്യഭാഗത്തേക്ക് കടന്ന് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന മട്ടിൽ എല്ലാവരോടുമായി ടിൻസിയൊരു പാട്ട് പാടുന്നതാണെന്ന് അനൗൺസ് ചെയ്‌തു.

ഗിത്താർ വായിക്കുകയായിരുന്ന ആലിയയും, ഷാഹിദും പാട്ടിനെ അനുഗമിക്കാനെനോണം ടിൻസിക്ക് അരികിലേക്ക് എത്തി.

ടിൻസിക്ക് തന്‍റെ ഹൃദയത്തിന് പെട്ടെന്ന് ഭാരം കൂടിയതു പോലെ തോന്നി. എന്നാലും ധൈര്യം സംഭരിച്ച് ഒന്നു രണ്ടു വരികൾ മൂളികൊണ്ട് തുടങ്ങി. ഗിത്താറിന്‍റെ താളവും ഒപ്പം ചേർന്നു വന്നു. ആദ്യം പതർച്ച അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ടിൻസി മനസ്സറിഞ്ഞ് പാടി.

സദസ്സിലാകെ നിശബ്ദത പടർന്നു. ടിൻസിയുടെ മനോഹരമായ ശബ്ദം ആ അന്തരീക്ഷത്തിൽ ഒരു കാവ്യം പോലെ അലിഞ്ഞു ചേർന്നു. കണ്ണടച്ചാണ് ടിൻസി പാട്ട് പാടിയത്.

മാനസി ടിൻസിയുടെ പാട്ട് കേട്ട് തരിച്ചിരുന്നു പോയി. ടിൻസി പാടിക്കഴിഞ്ഞതും അവിടെയാകെ കൈയടി പടർന്നു. മാനസിക്കും കൂട്ടർക്കും കൈയടിക്കണം എന്നുണ്ടായിരുന്നുവെങ്കിലും അവരത് ചെയ്‌തില്ല. അവിടെക്കൂടിയിരുന്നവരിൽ പലരും ടിൻസിക്ക് ചുറ്റുമായി വന്നിരുന്നു.

ടിൻസി ഒരുപാട് പേരുടെ ഇഷ്‌ടം സമ്പാദിച്ചു. പെൺകുട്ടികൾക്കിടയിലെ ഒരു താരമായി ടിൻസി മാറി. ക്യാംപിൽ ടിൻസിയുടെ പാട്ട് ചർച്ചാ വിഷയമായി.

ക്യാംപിലെ ആൺകുട്ടികളും പെൺകുട്ടികളും ഗ്രൂപ്പ് തിരിഞ്ഞ് നടത്തുന്ന പോയിന്‍റ് മത്സരങ്ങൾ തുടങ്ങുന്ന ദിവസമെത്തി. മാനസിക്കാണ് പെൺകുട്ടികളുടെ മത്സരങ്ങൾ ലീഡ് ചെയ്യാനുള്ള ചാർജ്.

ടിൻസിയുടെ പാട്ട് വേണമെന്ന് ഭൂരിഭാഗം പേരും മാനസിയോട് ആവശ്യപ്പെട്ടു. “ഞാൻ ടിൻസിയെ ഒരുപാട് കളിയാക്കിയിട്ടുണ്ട് ഞാനിപ്പോൾ ഇത് പറഞ്ഞാൽ അവൾ കേൾക്കുമോ.” മാനസി സംശയത്തോടെ പറഞ്ഞു. ഇത് കേട്ടു അങ്ങോട്ടെക്കെത്തിയ ടിൻസി ചിരിച്ചു.

“എന്താ മാനസി, പോയിന്‍റ് കിട്ടുമെങ്കിൽ അതിനു ഞാൻ തയ്യാറാണ്. നിങ്ങൾ പറ ഞാനെന്തു ചെയ്യണമെന്ന്. ഇത് നമ്മൾ പെൺകുട്ടികളുടെ അഭിമാന പ്രശ്നമല്ലേ.”

ഇതു പറഞ്ഞു കഴിഞ്ഞതിനു ശേഷം മാനസിയോട് സാവധാനത്തിൽ ചെവിയോട് ചേർന്നിരുന്ന്, “എനിക്ക് മാനസിയോട് വ്യക്‌തിവിദ്വേഷം ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാ എന്നെ എപ്പോഴും കളിയാക്കുന്നത്.” ടിൻസി ഇതു പറഞ്ഞതും മാനസിക്ക് സ്വയം ഇല്ലാതായതു പോലെ തോന്നി.

“എന്നെ മാനസിക്ക് ഇഷ്‌ടമല്ലെങ്കിൽ കൂടി ഒരിക്കലും എന്നെ ഉപദ്രവിക്കണമെന്ന രീതിയിൽ ചിന്തിക്കരുതായിരുന്നു. എന്നെ തരം താഴ്ത്തി മാനസി സംസാരിക്കാൻ ശ്രമിച്ചതു തീരെ ശരിയായില്ല” ടിൻസി ഇതു പറഞ്ഞ് അവസാനിപ്പിച്ചു.

“ക്ഷമിക്കണം… ഇനി ഞാൻ…” ഇടർച്ചയോടെ മാനസി ടിൻസിയോട് മാപ്പു പറഞ്ഞു.

“അപ്പോൾ നമ്മൾ കൂട്ടുകാരല്ലേ മാനസി” ടിൻസി മാനസിയുടെ കൈളെടുത്ത് തന്‍റെ കൈയോടു ചേർത്ത് പിടിച്ചിത് പറഞ്ഞതും മാനസിക്ക് സന്തോഷമായി.

“അതെ” മാനസി മുഖത്തൊരു പ്രകാശം നിറയ്ക്കുന്നതുപോലെ പുഞ്ചിരിച്ചു.

ടിൻസിക്ക് എന്ത് പ്രശ്നം വന്നാലും ഇനിയെന്തു സാഹചര്യം ക്യാംപിലുണ്ടായാലും അതിജീവിക്കാൻ തക്കവണ്ണം ആത്മവിശ്വാസം കൈവന്നിരുന്നു.

സമ്മർ ക്യാംപിലെ ഇനിയുള്ള ദിവസങ്ങൾ തനിക്ക് ഏറ്റവും നല്ല നിമിഷങ്ങൾ സമ്മാനിക്കുമെന്ന് ടിൻസിക്ക് ഉറപ്പായി. ക്യാംപ് പതിവുപോലെ ആക്ടീവായി.

സ്മാർട്ട് ഫോൺ

സുനിതയുടെ എട്ട് വയസ്സുള്ള മകൻ ആദിത്യൻ കട്ടിലിൽ ഉറങ്ങുകയാണ്. സമീപത്ത് തന്നെ സുനിത ഉറങ്ങാതെയിരിക്കുന്നു. ആദിത്യൻ വളരെ ക്ഷീണിതനാണ്.

മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന സുനിതയുടെ ഭർത്താവ് മനീഷ് കട്ടിലിന്‍റെ മറ്റൊരു വശത്ത് തന്‍റെ മൊബൈൽ ഫോണിൽ ഗെയിം ഓഫ് ക്രോൺസ് ഗെയിം കളിച്ചു കൊണ്ട് സമയം നീക്കുന്നു. ബെഡ്റൂം ലൈറ്റിന്‍റെ മങ്ങിയ പ്രകാശം അവിടെ തങ്ങി നിൽക്കുന്നുണ്ട്.

സുനിത തന്‍റെ മുമ്പിൽ നിരത്തി വച്ചിരിക്കുന്ന ഉത്തരക്കടലാസുകൾ നോക്കുകയാണ്. സുനിതയുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഉറക്കത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. കോട്ടുവായ വന്ന് മൂടുന്നുണ്ടെങ്കിലും തന്‍റെ കയ്യിലെ പേപ്പറുകൾ വളരെ ശ്രദ്ധയോടെ അവൾ പരിശോധിക്കുകയാണ്.

സംശയം തോന്നുന്ന ചില പേപ്പറുകൾ ടേബിൾ ലാംപിന്‍റെ അരികിലോട്ട് നീക്കി വച്ച് നോക്കുന്നുണ്ട്.

“ഇനിയെത്ര നേരം കൂടിയുണ്ട്” മനീഷ് ഗെയിം ഓഫ് ക്രോൺസ് കളിക്കുന്നതിനിടയിൽ സുനിതയ്ക്ക് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. സുനിതയ്ക്ക് പക്ഷേ അനക്കമൊന്നുമില്ല.

മനീഷ് ഗെയിം കളിച്ചു കൊണ്ട് തന്നെ വീണ്ടും ചോദിച്ചു “ഇന്ന് രാത്രി മുഴുവൻ ഇതും നോക്കിയിരിക്കാൻ പോകുവാണോ? മതീന്നേ ഇനി ബാക്കി നാളെ നോക്കാം.”

സുനിത പേപ്പറിൽ നിന്ന് കണ്ണൊന്നു ചലിപ്പിച്ച ശേഷം “ഇല്ല” മനീഷിനോട് മറുപടിയെന്നോണം പറഞ്ഞു.

“എനിക്ക് ഇനിയും കുറേ പേപ്പറുകൾ നോക്കാനുണ്ട്. ആക്ച്വലി ഇത് കൗസല്യ മാഡത്തിന്‍റെ വർക്കാണ്. മാഡത്തിനു തീരെ വയ്യ. അതുകൊണ്ട് ഇത് മുഴുവൻ ചെയ്‌ത് കൊടുക്കാമെന്ന് ഞാനേറ്റതാണ്. നാളെയിത് സബ്മിറ്റ് ചെയ്യാനുള്ളതു കൊണ്ട് ഇന്ന് രാത്രി തന്നെ മുഴുവനും പരിശോധിച്ച് തീർക്കണം.”

സുനിത ഇതു പറഞ്ഞു കൊണ്ട് തന്‍റെ ജോലി തുടർന്നു.

“ഓഹോ” മനീഷ് സുനിത പറഞ്ഞതെല്ലാം കേട്ടു എന്ന ഭാവത്തിൽ വീണ്ടും ഗെയിമിനുള്ളിലേക്ക് കടന്നു.

സമയം കടന്നുപോയിക്കൊണ്ടിരുന്നു. ക്ലോക്കിൽ സമയം പുലർച്ചെ രണ്ട് മണിയാകാറായി. മനീഷ് ഗെയിമിൽ നിന്നും തൽക്കാലം ശ്രദ്ധ തിരിച്ച് കൈകളൊന്ന് അയച്ചു കൊണ്ട് തിരിഞ്ഞ് കിടന്നു.

മുറിക്കുള്ളിൽ ആരോ കരയുന്നതു പോലെ ഒരു തോന്നൽ മനീഷിനുണ്ടായി. പേപ്പറുകൾ നോക്കി കൊണ്ടിരിക്കുന്ന സുനിതയുടെ ഭാഗത്തേക്ക് നോക്കിയ മനീഷ് പെട്ടെന്ന് വല്ലാതായി. കൈയിലിരുന്ന മൊബൈൽ ഫോൺ പിടുത്തം വിട്ട് തെന്നി കട്ടിലിലേക്ക് വീണു. സുനിത വിതുമ്പുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരിക്കുന്നു.

“എന്താ… എന്തുപറ്റി” മനീഷ് നേരെയിരുന്ന് സുനിതയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു.

“ഏയ്… ഒന്നുമില്ല” സുനിത തന്‍റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“കുഴപ്പമെന്തെങ്കിലും” താനെന്തെങ്കിലും മറന്നുപോയോ എന്ന രീതിയിലാണ് മനീഷ് അത് ചോദിച്ചത്. സുനിത കരയുന്നുണ്ടെങ്കിൽ തീർച്ചയായും അതിലെന്തോ കാരണമുണ്ട്. മനീഷ് വല്ലാത്ത ആശയക്കുഴപ്പത്തിലായി.

ഒരൽപ നേരത്തെ മൗനത്തിനു ശേഷം മനീഷെന്തോ പറയാൻ തുടങ്ങും മുമ്പേ സുനിത ഉത്തരക്കടലാസിലൊന്ന് എടുത്ത് മനീഷിനു നേരെ നീട്ടി.

“ഇത് വായിക്കൂ… ഒരു കുട്ടി എഴുതിയ ഉപന്യാസമാണ്.”

“ഉപന്യാസം”

“അതേ”

“ഇതുകൊണ്ടെന്താ”

“സ്കൂൾ പരീക്ഷയിൽ വിദ്യാർത്ഥികളോട് ഒരു പ്രത്യേക ചോദ്യം ചോദിച്ചിരുന്നു, മനുവേട്ടാ!” സുനിത താൻ പറഞ്ഞത് ഒന്നു കൂടി വ്യക്‌തമാക്കുന്ന രീതിയിൽ പറഞ്ഞു. “അവരോട് നിങ്ങൾക്കൊരു അവസരം കിട്ടിയാൽ എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചിരുന്നു? മനുവേട്ടനറിയോ ഈ കുട്ടി എന്താണ് എഴുതിവച്ചിരിക്കുന്നതെന്ന്?”

“എന്താണ്… എന്താണ് അതിലെഴുതി വച്ചിരിക്കുന്നത്. മനീഷ് അൽപം ഇടറിയ ശബ്ദത്തിൽ ആകാംക്ഷയോടെ ചോദിച്ചു.

“ഈ കുട്ടിയെഴുതിരിക്കുകയാണ് അവനൊരു സ്മാർട്ട് ഫോൺ ആകണമെന്ന്.”

“സ്മാർട്ട് ഫോൺ” മനീഷിന് അപ്രതീക്ഷിതമായെന്തോ കേട്ട പോലെ.

“അതെ”

“അതെന്താ…” മനീഷ് സുനിതയിൽ നിന്നും കൂടുതൽ കേൾക്കാനെന്ന പോലെ വീണ്ടും എടുത്തു ചോദിച്ചു.

“എന്താ സ്മാർട്ട് ഫോണെന്നു എഴുതിയിരിക്കുന്നത്. പ്രത്യേകിച്ചെന്താ അതിലുള്ളത്?”

“അവനെഴുതിയിരിക്കുവാ…” സുനിത വളരെ വൈകാരികമെന്നോണം ആ ഉത്തരക്കടലാസിൽ എഴുതിയിരിക്കുന്നത് വായിക്കുവാൻ തുടങ്ങി.

“ഇപ്പോൾ എന്‍റെ അമ്മയുടേയും അച്‌ഛന്‍റേയും ജീവിതത്തിൽ സ്മാർട്ട്ഫോണിന് അവരുടെ മകനേക്കാൾ വലിയ സ്‌ഥാനമാണുള്ളത്. ഞാനൊരു സ്മാർട്ട് ഫോണായിരുന്നെങ്കിൽ അവരെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് എത്ര മണിക്കൂർ വേണമെങ്കിലും ചെലവഴിച്ചേനെ.

അമ്മയ്ക്കും അച്ഛനും എന്‍റെ കൂടെ സമയം നീക്കാൻ കഴിയുന്നില്ല. ഓഫീസിൽ നിന്നു വീട്ടിലേക്ക് വന്നാലും അവർ ഇരുവരും ഫോണുകളിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു.

അവർ ഫോണിൽ എത്രനേരം വേണമെങ്കിലും ഗെയിം കളിക്കും. പക്ഷേ എന്‍റെ കൂടെ കുറച്ചുനേരം പുറത്ത് കളിക്കാൻ കൂടാൻ വിളിച്ചാൽ ഉടനെ എന്നോട് ചൂടാകും. എന്‍റെ പ്രായത്തിലുള്ള കുട്ടികളെ വിളിച്ച് കൊണ്ടു വന്ന് കളിക്കാൻ പറഞ്ഞ് ഒഴിവാക്കും.

അവരുടെ സ്മാർട്ട് ഫോണെങ്ങാനും താഴെ വീണാൽ അപ്പോൾ നെഞ്ചിടിക്കുന്നത് കേൾക്കാം. അവരുടനെ ഫോൺ കൈയ്യിലെടുത്ത് അതിന് പോറലേറ്റിട്ടുണ്ടോ എന്ന് നോക്കുന്നു.

ഞാനെങ്ങാനും അടിതെറ്റിയോ അശ്രദ്ധമായോ വീണുപോയാൽ എന്നെ ഞെക്കി പിടിച്ചു കൊണ്ട് നീ എന്താ തോന്നിയ പോലെ നടക്കുന്നത്. ഇതെപ്പോഴും ഇങ്ങനെയാ” എന്ന് പറഞ്ഞ് കുറ്റപ്പെടുത്തും.

അവരുടെ ഫോണിന് ചാർജ്‌ജ് തിർന്നു പോയാൽ അപ്പോൾ തന്നെ ബാറ്ററി നോക്കി കരണ്ടിൽ കുത്തിയിടാൻ ശ്രദ്ധിക്കും.

പക്ഷേ അച്‌ഛനും അമ്മയ്ക്കും ഞാനിപ്പോൾ എന്ത് കഴിച്ചുവെന്നോ ഇനിയെന്താണ് വേണ്ടതെന്നോ ശ്രദ്ധിക്കാൻ സമയമില്ല. രാവിലെ ഞാനൊന്നും കഴിച്ചില്ലെങ്കിലും അവർക്ക് പ്രശ്നമില്ല.”

മനീഷ് സുനിത വായിച്ചു കൊണ്ടിരുന്ന ഓരോ വാക്കും കേട്ട് ഞെട്ടിപ്പോയി, ആ കുട്ടി എഴുതിവച്ചിരിക്കുന്നത് കേട്ടപ്പോൾ തന്നെ ഇരുവരും നിശബ്ദതയിലേക്ക് ആഴ്ന്നിരുന്നു.

“ഇതു മാത്രമല്ല” അവളുടെ മുഖവും കണ്ണുകളും മനോവേദനയുടെ ഭാവങ്ങൾക്ക് കളം കണ്ടെത്തിയിരുന്നു സുനിത ഉത്തരക്കടലാസ് വീണ്ടും തുടർന്ന് വായിച്ചു. കുട്ടി പിന്നെയും എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

“അച്‌ഛനും അമ്മയും എന്‍റെ അഴുക്കുപുരണ്ട യൂണിഫോമിലേക്കോ, ഷൂസിലേക്കോ ശ്രദ്ധിക്കുന്നില്ല. അവരെന്തോ ചടങ്ങുപോലെ എന്തൊക്കെയോ ചെയ്യുന്നു.

പക്ഷേ അവരുടെ സ്മാർട്ട് ഫോണിന് ഭംഗിയുള്ളതും വില കൂടിയ കവറുകൾ മാറ്റി വാങ്ങാന്‍ എപ്പോഴും മുൻകൈ എടുക്കുന്നുണ്ട്.

ഇന്നത്തെ മൊബൈൽ ഫോണുകൾ റേഡിയേഷനും അമിതമായ ഉപയോഗത്തിലൂടെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നവയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സർക്കാർ അതിനു വേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളോട് പറയുന്നുണ്ട്.

മൊബൈൽ ഫോൺ നമ്മുടെ ശരീരത്തിൽ നിന്ന് ഒരു കൈയ്യകലത്തിൽ മാറ്റി വയ്‌ക്കണം. സംസാരിക്കുന്ന സമയത്ത് സ്പീക്കറുകളിൽ നിന്ന് ചെവി അകത്തി പിടിക്കണം പരമാവധി ഹെഡ്സെറ്റ് ഉപയോഗിക്കണം.

സിഗ്നൽ വീക്കാകുന്ന സമയത്ത് റേഡിയേഷൻ കൂടുതലായതിനാൽ അത്തരം സമയങ്ങളിലെ മൊബൈൽ ഫോണിന്‍റെ ഉപയോഗം കുറയ്ക്കണം. ഷർട്ടിന്‍റേയോ, പാൻറിന്‍റേയോ പോക്കറ്റുകളിൽ മൊബൈൽ ഫോൺ ഇട്ട് നടക്കരുത്. ഹോസ്പിറ്റലുകളിൽ രോഗികൾക്ക് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്രയൊക്കെ നിർദ്ദേശങ്ങളും വിവരങ്ങളും. അറിയുന്നവരായിട്ടും അച്‌ഛനും അമ്മയും മൊബൈൽ ഫോണുകൾ കൂടെത്തന്നെ കൊണ്ടു നടക്കുകയാണ്.

ഇപ്പോഴുള്ള സ്മാർട്ട് ഫോണുകൾ വ്യക്‌തികളെ യഥാർത്ഥ ലോകത്തു നിന്നും അകറ്റി നിർത്തുകയാണ്. നമ്മളെല്ലാവരും കൂടുതൽ ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത്തരം ഫോണുകളുടെ ദുരുപയോഗത്തിലൂടെ കുടുംബബന്ധങ്ങളിലും വ്യക്‌തിബന്ധങ്ങളിലും വിള്ളലുണ്ടാകുന്നു.

സ്മാർട്ട് ഫോണുകൾ വാഴുന്ന നേരത്ത് പരസ്പരം സംസാരിക്കാൻ പോലും ആരും മുതിരുന്നില്ല. ഇതൊക്കെയായിട്ടും സ്മാർട്ട് ഫോണുകളെ മാറ്റി നിറുത്തണമെന്ന ചിന്ത ആർക്കുമില്ല.

അതു കൊണ്ടു തന്നെ ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്നതിനേക്കാൾ നല്ലത് എനിക്കൊരു സ്മാർട്ട് ഫോൺ ആകുന്നതാണ്. അങ്ങിനെയെങ്കിലും എന്‍റെ അച്‌ഛനും അമ്മയും എന്നെ പൊന്നു പോലെ കൊണ്ടു നടക്കില്ലേ. ഏറ്റവും സുരക്ഷിതമായി ശ്രദ്ധയോടെ എന്നെ നോക്കില്ലേ.

ഇന്നത്തെക്കാലത്ത് ആരും മറ്റുള്ളവരുടെ വികാരങ്ങൾക്ക് ഒരു സ്മാർട്ട് ഫോണിനോടു കാട്ടുന്ന പരിഗണന പോലും നൽകുന്നില്ല. ഇതല്ലേ നമുക്കു ചുറ്റും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.”

സുനിത ആ ഉപന്യാസം മുഴുവൻ വായിച്ചു തീർത്തു. അവളുടെ കണ്ണുകൾ ഒരു പുഴപോലെ ഒഴുകി നിറഞ്ഞിരുന്നു. മഞ്ഞുകണങ്ങൾ ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ മനീഷിന്‍റെ മുഖവും വാടിയിരിക്കുന്നു. ആ കുട്ടിയെഴുതിയ ഓരോ വാക്കുകളും അവരുടെ നെഞ്ചിൽ തറച്ചു നിന്നു.

“ഈ കുട്ടിയുടെ രക്ഷിതാക്കളാണ് ഇതിനുത്തരവാദികൾ” മനീഷ് ദേഷ്യം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു. ഇത് പറഞ്ഞതിനൊപ്പം ഉറങ്ങിക്കിടക്കുന്ന ആദിത്യനെ മനീഷ് ചെറുതായെന്നു പാളനോക്കി.

“നമുക്ക് അവരോട് സംസാരിക്കണം. ഇവരൊക്കെയെന്താ ഇങ്ങനെ. കുട്ടികളെ ശ്രദ്ധിക്കാൻ പോലും നേരമില്ലേ. അവരുടെ ഫോണുകളിൽ തന്നെ മുഴുകിപ്പോയാലെങ്ങനാ… എന്താ ആ കുട്ടിയുടെ പേര്?” മനീഷ് തന്‍റെയുള്ളിലെ രക്ഷിതാവിന്‍റെ ഉത്തരവാദിത്വബോധത്തോടെ സുനിതയോടിതു എടുത്തു പറഞ്ഞു.

“ആ… ആദി… ആദിത്യൻ” സുനിതയുടെ വാക്കുകളിലും തൊണ്ടയിലും ഇടർച്ച കലർന്നിരുന്നു.

“ആദിത്യൻ എം. നമ്മുടെ ആദിയാണ്. ഇത് എഴുതിയിരിക്കുന്നത്” സുനിത എങ്ങിനെയോ പറഞ്ഞവസാനിപ്പിച്ചു.

“നമ്മുടെ ആദിയോ…!” മനീഷിന് വാക്കുകൾ തിരയേണ്ടി വന്നു. അവർക്കിടയിൽ വികാരങ്ങളുടെ പകർച്ചകൾ മാറി മറഞ്ഞു കൊണ്ടിരുന്നു.

മനീഷിന്‍റെ സ്മാർട്ട് ഫോണിലെ നീല വെളിച്ചത്തിൽ ഗെയിമിന്‍റെ നോട്ടിഫിക്കേഷൻ വന്ന് കൊണ്ടിരുന്നു.

പ്രോഗ്രസ്സ് ലോട്ട് കടന്നിരിക്കുന്നതിലുള്ള സൂചനയെന്നോണം യൂസറോട് ഫോണെടുത്ത് ലെവലുകൾ ക്ലിയർ ചെയ്യാനുള്ള അപ്ഡേറ്റുകൾ കാണിച്ചു കൊണ്ടിരിക്കുന്നു.

സരസ്വതി വെറുതെ പറയുന്നതല്ല!

ഡോർബെൽ മുഴങ്ങിയതും എനിക്ക് അരിശം വന്നു. “ദേ പിന്നേയും ആരോ വന്നിരിക്കുന്നു. പാൽക്കാരനും പത്രക്കാരനും വന്നു പോയതല്ലേയുള്ളൂ. ഇനി ആരാണ്? 5-10 മിനിറ്റ്. വീണ്ടും വെറുതെ പോകും. ഇന്ന് അൽപം കുഴപ്പം പിടിച്ച പണികളാണുള്ളത്. ചപ്പാത്തി കുഴച്ച് മാവ് കൈയ്യിലുണ്ട്. ഇപ്പോൾ തന്നെ സമയം ഒമ്പത് മണിയായി. ഇനി സന്ദീപിന് ചപ്പാത്തി ഉണ്ടാക്കണം. 9.05 ആകുമ്പോൾ പുള്ളി ഓഫീസിൽ പോകും. അപ്പോഴേക്കും കറിയും റെഡിയാക്കണം.” ഞാൻ കൈ കഴുകി ഡോർ തുറക്കാൻ ചെല്ലുമ്പോഴേക്കും വീണ്ടും ബെൽ മുഴങ്ങിയിരുന്നു. ഇങ്ങനെ ഡോർബെൽ മുഴങ്ങിക്കൊണ്ടിരുന്നാൽ എന്‍റെ പണിയൊന്നും നടക്കില്ല.

ഞാൻ കൈ തുടച്ചു കൊണ്ട് പോയി ഡോർ തുറന്നു. നീണ്ട കറുത്ത, മനോഹര യ കണ്ണുകളുള്ള ഒരു സ്‌ത്രീ മുറ്റത്ത് നിൽക്കുകയാണ്.

“ശർമിള ചേച്ചി പറഞ്ഞിട്ട് വന്നതാണ്.”

പുതിയ ജോലിക്കാരിയെ വേണമെന്ന് ഞാൻ ശർമിള ചേച്ചിയോട് പറഞ്ഞിരുന്നു. ഞാൻ ജോലിക്കാരിയോട് പേര് ചോദിച്ചു. സരസ്വതി അവർ പറഞ്ഞു.

ഞാനവരോട് അൽപനേരം ഇരിക്കാൻ പറഞ്ഞ് അടുക്കളയിലേക്കു പോയി. അടുക്കള ജോലിയെല്ലാം തീർത്തു. സന്ദീപിന് ബ്രേക്‌ഫാസറ്റ് കൊടുത്തു. സന്ദീപിറങ്ങിയ ശേഷം ഞാൻ സരസ്വതിയുടെ അടുത്തേയ്‌ക്ക് ചെന്നു.

മനോഹരമായ കണ്ണുകൾ കൊണ്ട് അവളെന്നെ മിഴിച്ചു നോക്കി.

മുറുക്കുന്ന സ്വഭാവമുണ്ടെന്ന് ചുണ്ടുകൾ കണ്ടപ്പോൾ തോന്നി. നരച്ച സാരിയാണെങ്കിലും നന്നായി ഉടുത്തിട്ടുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ളയാളാണെന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു. മുടിയെല്ലാം നന്നായി കെട്ടി വച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആളെ പിടിച്ചു.

അടുക്കളയിൽ സഹായിക്കാൻ നല്ലൊരാളെ കിട്ടുന്നതിന്‍റെ സന്തോഷം എനിക്കുണ്ടായിരുന്നു. ചിലരെ കാണുമ്പോൾ എനിക്ക് അടുക്കളയിലേയ്‌ക്ക് കയറ്റാൻ പോലും തോന്നാറില്ല. പക്ഷേ സരസ്വതിയ്‌ക്ക് ഐശ്വര്യമൊക്കെയുണ്ട്. കണ്ടിട്ട് ഒരു പാവമാണെന്നാണ് തോന്നുന്നത്.

ഞാൻ അടുക്കളയിൽ നിന്ന് പുറത്തേയ്‌ക്ക് വരുമ്പോൾ അവൾ ഹാളിന്‍റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. വീട് മുഴുവൻ നിരീക്ഷിച്ചു കാണും.

“മാഡം, നിങ്ങൾ വീടെല്ലാം നല്ല വൃത്തിയായി സൂക്ഷിക്കുന്നുണ്ടല്ലോ” എന്നെ കണ്ടതും അവൾ പറഞ്ഞു.

“അപ്പോൾ എന്‍റെ വീട്ടിലെ പണിയെല്ലാം ചെയ്യാൻ റെഡിയാണോ?”

“അതിനെന്താ, ഇവിടെ ജോലി ചെയ്യാൻ എനിക്ക് ഇഷ്‌ടമാണ്. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി.”

“പാത്രങ്ങൾ കഴുകണം, വീട് അടിച്ചു തുടയ്‌ക്കണം, പിന്നെ വല്ലപ്പോഴും വസ്‌ത്രങ്ങളും അലക്കേണ്ടി വരും.”

“അതു ചെയ്യാൻ എനിക്ക് വിരോധമില്ല. വർഷങ്ങളായി എന്‍റെ പണി തന്നെ അതാണല്ലോ?”

“എത്ര കാശ് വേണം, ഏതു സമയത്ത് വരും എന്നെല്ലാം ഇപ്പോഴേ തീരുമാനിക്കണം.”

“കാശ് നിങ്ങള് തന്നെ പറഞ്ഞാൽ മതി മാഡം, മുമ്പുണ്ടായിരുന്നവൾക്ക് കൊടുത്തതിനേക്കാൾ കൂടുതലോ കുറവോ വേണ്ട. ഇപ്പോഴത്തെ നിലവാരം മാഡത്തിനും അറിയാമായിരിക്കുമല്ലോ. നേരത്തെ വരണമെന്നുണ്ടെങ്കിൽ ഞാൻ ആദ്യം ഇവിടെ വരാം. ഒരു ഏഴുമണിയ്‌ക്ക് വന്നാൽ മതിയോ?”

“അതു നല്ല കാര്യമായിരിക്കും. എനിക്ക് രാവിലെയാണിവിടെ തിരക്ക്. ഏഴ് മണിയ്‌ക്ക് വന്നാൽ നന്ന്” ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“വരാം മാഡം, പക്ഷേ രാവിലെ എനിക്ക് ഒരു കപ്പ് ചായ തരേണ്ടി വരും.”

“അതു കുഴപ്പമില്ല, ഒന്നോ രണ്ടോ ഗ്ലാസ് ചായ ആവാം. പക്ഷേ ജോലി വൃത്തിയോടെ ചെയ്യണം. അതെനിക്ക് നിർബന്ധമാണ്. അങ്ങനെയാണെങ്കിൽ ന്യായമായ കാശ് തരുന്നതിൽ എനിക്കൊരു വിരോധവുമില്ല.”

“അതു മാഡം പേടിക്കണ്ട, എന്‍റെ ജോലിയിൽ ഒരിക്കലും ഞാൻ വെള്ളം ചേർക്കില്ല. കാശ് കിട്ടുമെങ്കിൽ ആരെങ്കിലും ജോലിയിൽ ഉഴപ്പുമോ? എന്നെപ്പറ്റി ഒരു പരാതിയും ആർക്കും കാണില്ല. സ്‌നേഹം തന്നാൽ ജീവൻ കൊടുക്കും അതാണ് എന്‍റെ സ്വഭാവം” സരസ്വതി പറഞ്ഞു.

“അതെന്തായാലും നല്ല കാര്യം തന്നെ.”

ഇത്രയും ആയപ്പോഴേക്കും അവളെ എനിക്ക് പിടികിട്ടിയിരുന്നു. അൽപം സംസാരപ്രിയ ആണെന്നേയുള്ളൂ, പറയുന്നതെല്ലാം കാര്യമായിരുന്നു.

എനിക്ക് പക്ഷേ ഒരുപാട് സംസാരിക്കുന്നവരെ അത്ര ഇഷ്‌ടമല്ല. പക്ഷേ ഇവിടെ ഒരു ജോലിക്കാരിയെ കിട്ടാനില്ലാത്തതു കൊണ്ട് ഇഷ്‌ടം നോക്കിയിട്ട് ആളെ നിർത്താനും പറ്റില്ലല്ലോ. എന്തായാലും വേണ്ടില്ല. ഞാനവളോട് അടുത്ത ദിവസം മുതൽ വരാനായി ആവശ്യപ്പെട്ടു.

സരസ്വതി പോയി കഴിഞ്ഞപ്പോൾ ഞാൻ വീട് മുഴുവൻ ഒന്നു നോക്കി. എല്ലാം അലങ്കോലമായി കിടക്കുകയാണ്. സോഫയുടെ കുഷ്യൻ നിലത്ത് കിടക്കുന്നു. പത്രം കട്ടിലിന്‍റെ മേലെ വാരിവലിച്ചിട്ടിരിക്കുന്നു. ഡൈനിംഗ് ടേബിളിൽ ചായ കുടിച്ച കപ്പുകൾ ഇരിക്കുന്നു…

കോകിലയുടെ ചെരിപ്പുകളും പുസ്‌തകങ്ങളും ഹാളിൽ അവിടെയും ഇവിടെയും കിടക്കുന്നു.. ഇതെല്ലാം കണ്ട് എനിക്ക് ചിരിയാണ് വന്നത്. ഈ അവസ്‌ഥ കണ്ടിട്ടും വീട് വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെന്നല്ലേ സരസ്വതി പറഞ്ഞത്!

ഇനി എന്നെ പരിഹസിക്കാൻ വേണ്ടി പറഞ്ഞതാവുമോ? ഏയ്.. വന്ന് കയറിയ ഉടൻ മുഷിപ്പിക്കുന്ന കാര്യം പറയേണ്ട വല്ല കാര്യവും അവൾക്കുണ്ടോ? അത് നല്ലത് ഉദ്ദേശിച്ച് തന്നെ പറഞ്ഞതാവും പാവം.

മുഷിഞ്ഞ തുണികളും അലങ്കോലപ്പെട്ട് കിടക്കുന്ന കിടക്കവിരികളും നിലത്ത് വീണ് കിടക്കുന്ന പാത്രങ്ങളും മറ്റും എനിക്ക് ഒട്ടും ഇഷ്‌ടമല്ല. എല്ലാം അടുക്കി വച്ചത് അലങ്കോലമാക്കിയാൽ എനിക്ക് ദേഷ്യം വരും. വീട്ടിൽ മറ്റ് ഒഴിച്ചുകൂടാനാവാത്ത ജോലി ഉള്ളതിനാലാണ് എനിക്ക് ഇതൊന്നും ഓർഡറാക്കി വയ്‌ക്കാൻ കഴിയാത്തത്.

ഉടനെ ഹാളിലെ വസ്‌തുക്കളെല്ലാം നേരെയാക്കി ഞാൻ മുറിയിലേയ്‌ക്ക് കയറി. അവിടെയും കോകില മോൾ പലതും അവിടെയും ഇവിടെയും ഇട്ടിരിക്കുകയായിരുന്നു. ഞാൻ മുറിയെല്ലാം വൃത്തിയാക്കി..

നനഞ്ഞ തോർത്ത് കിടക്കയിൽ ഇടരുതെന്ന് പറഞ്ഞാൽ അച്‌ഛനും മോളും കേൾക്കില്ല. അത് ജനലിലോ വരാന്തയിലെ അയയിലോ ഇടാൻ പറഞ്ഞാൽ കേൾക്കില്ല രണ്ടാളും. എല്ലാം വൃത്തിയാക്കി വയ്‌ക്കാൻ ഇവിടെ ഒരു മെഷീനുണ്ടല്ലോ അതാണല്ലോ ഈ ഞാൻ…

ഇനി ഡ്രസ്സിംഗ് ടേബിൾ വൃത്തിയാക്കുന്നതാണ് മറ്റൊരു പണി. അവിടെ പൗഡറും ക്രീമും ചീർപ്പും എല്ലാം പരന്ന് കിടക്കുകയാണ്. എല്ലാം ഒതുക്കിക്കഴിഞ്ഞപ്പോഴേക്കും ക്ലോക്കിൽ പതിനൊന്ന് മണി അടിച്ചു.

അയ്യോ… ഇനി അടുക്കളയിൽ കയറി ചോറ് വയ്‌ക്കണമല്ലോ. 12.30 ആകുമ്പോൾ മോള് സ്‌ക്കൂളിൽ നിന്ന് വരും. 1.20 ആകുമ്പോൾ അദ്ദേഹവും ഇങ്ങെത്തും. രണ്ടാൾക്കും ഭക്ഷണം കൊടുക്കണ്ടേ? ഞാൻ ഉടനെ അടുക്കളയിൽ കയറി പണി തുടങ്ങി…

അടുത്ത ദിവസം ഏഴ് മണിയ്‌ക്ക് തന്നെ കുളിച്ചൊരുങ്ങി, എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് സരസ്വതി എത്തി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇനി പണിയെല്ലാം വളരെ എളുപ്പമാകുമല്ലോ.

പാത്രം കഴുകുന്നതാണ് എന്നെ ഏറ്റവും മുഷിപ്പിച്ചിരുന്നത്. ഇനി അതിൽ നിന്ന് മോചനം ആയല്ലോ. ഇത്രയും കൃത്യനിഷ്‌ഠയുള്ള ഒരു വീട്ട് ജോലിക്കാരിയെ എനിക്കിതുവരെ കിട്ടിയിരുന്നില്ല.

ദിവസങ്ങൾ കടന്നുപോയി. സരസ്വതി എന്നും കൃത്യസമയത്തു തന്നെ എത്തുമായിരുന്നു. മോളാണ് സരസ്വതിയുമായി ഏറ്റവും എളുപ്പത്തിൽ ഇണങ്ങിയത്. അവർ രണ്ടാളും നല്ല കൂട്ടായി.

രാവിലെ അധികം സമയം കിട്ടാറില്ല. പക്ഷേ ഉച്ചയ്‌ക്ക് വരുമ്പോൾ കോകിലയുമായി കളിക്കും. സരസ്വതി കോകിലയ്‌ക്ക് മിക്കപ്പോഴും കഥകൾ പറഞ്ഞുകൊടുക്കും. ചിലപ്പോൾ മുടി ചീകി കെട്ടി കൊടുക്കും.

ഞാൻ കോകിലയെ പഠിപ്പിക്കാൻ ഇരിക്കുമ്പോൾ പലപ്പോഴും വഴക്ക് പറയാറുണ്ട്. ഇതുകേൾക്കുമ്പോൾ സരസ്വതി പറയും “എന്തിനാ മാഡം വഴക്ക് പറയുന്നത്. അവൾ ചെറിയ കുട്ടിയല്ലേ. നിങ്ങൾ നോക്കിക്കോ അവൾ മിടുക്കിയായി എല്ലാം പഠിച്ചോളും. വളർന്ന് വലിയ ഓഫീസറാകും. ഇപ്പോൾ അവളെ കളിക്കാൻ വിട്ടോളൂ, നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ എപ്പോഴും ഇരുത്തി പഠിപ്പിക്കുന്നതെന്തിനാണ്?”

ഒരു ദിവസം സരസ്വതിയോട് ഇങ്ങനെ പറഞ്ഞു. “ഇപ്പോൾ പഠിക്കാനുള്ള താൽപര്യം കാണിച്ചിട്ടില്ലെങ്കിൽ പിന്നെ ഭാവിയിൽ എങ്ങനെ അതുണ്ടാവും. ഇപ്പോൾ എല്ലാ മേഖലയിലും കടുത്ത മത്സരമാണ്. പിറകിലായി പോയാൽ പിന്നെ കര കയറാനാവില്ല. പഠിക്കേണ്ട സമയത്ത് പഠിക്കുക തന്നെ വേണം.”

“എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് മാഡം. നിങ്ങളുടെ ഭാഗം ശരിയാണ്. പക്ഷേ നിങ്ങൾ നിങ്ങളുടെ ചെറുപ്രായത്തിൽ ഇത്രയൊക്കെ പഠിച്ചിരുന്നോ? എന്നിട്ടിപ്പോൾ നിങ്ങൾക്ക് വല്ല കുറവും ഉണ്ടോ? എല്ലാ സുഖസൗകര്യങ്ങളും ഇല്ലേ… ഇതുപോലെ കോകില മോളും സുഖമായി കഴിഞ്ഞോളും. പിന്നെ മാഡം ഒരാൾക്ക് ഭാവിയിൽ എത്ര സുഖം ലഭിക്കും എത്ര ദുഃഖം അനുഭവിക്കേണ്ടി വരും എന്നൊന്നും ആർക്കും പറയാനാവില്ലല്ലോ. ചുരുങ്ങിയ പക്ഷം അവരുടെ ബാല്യത്തിലെ സന്തോഷമെങ്കിലും നമ്മൾ ഉറപ്പാക്കണം.”

സരസ്വതിയുടെ വാക്കുകൾ തന്‍റെ ഹൃദയത്തെ വല്ലാതെ സ്‌പർശിച്ചു. ശരിയാണത്. ഭാവി എന്താകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇപ്പോൾ കളിച്ച് ചിരിച്ച് കഴിയട്ടെ.. ഇങ്ങനെ പല കാര്യത്തിലും സരസ്വതി പറയുന്ന കാര്യങ്ങൾ എനിക്ക് ജീവിതത്തിൽ നടപ്പിലാക്കേണ്ടി വന്നു.

അവൾ ജീവിതത്തെ എത്ര ഈസിയായാണ് കാണുന്നത്. അനാവശ്യമായ ഒരു സംഘർഷവും അവളുടെ ജീവിതത്തിലില്ല. എന്നെക്കാൾ പ്രായം കുറഞ്ഞ അവളുടെ ജീവിതാനുഭവങ്ങൾക്ക് മുന്നിൽ എന്‍റെ ചിന്തകൾ അർത്ഥശൂന്യമായപോലെ…

മാഡം എനിക്കെല്ലാം അറിയാം എന്ന തരത്തിലാണ് അവളുടെ മറുപടികളെല്ലാം. ഞാൻ ഒട്ടും വിദ്യഭ്യാസമില്ലാത്തവളല്ല, വിദ്യാസമ്പന്നരേക്കാൾ ബുദ്ധി എനിക്കുണ്ട്. അവളുടെ മനസ്സ് ഇങ്ങനെ പറയുന്നതായാണ് എനിക്ക് പലപ്പോഴും തോന്നാറുള്ളത്.

അങ്ങനെ പതുക്കെ പതുക്കെ സരസ്വതി എന്‍റെ കുടുംബത്തിന്‍റെ ഭാഗമായി തീർന്നു. ജോലിയിൽ ഒരിക്കലും അവൾ ഉഴപ്പിയില്ല. എന്നും ഉത്സാഹത്തോടെ എല്ലാം ചെയ്‌തു തീർത്തു.

ഒരു ദിവസം പോലും അനാവശ്യമായി ലീവ് ചോദിച്ചിട്ടില്ല. മറ്റ് പലയിടങ്ങളിലും പോകാത്ത ദിവസം പോലും എന്‍റെ വീട്ടിൽ അവൾ വന്നു. എന്നെയും അവൾക്ക് ഒത്തിരി ഇഷ്‌ടമായിരുന്നു എന്നാണ് തോന്നുന്നത്. ആവശ്യം വരുമ്പോൾ ഞാനവളെ സഹായിക്കാനും മടിച്ചിരുന്നില്ല.

ഒരു ജോലിക്കാരി എന്ന നിലയിൽ നിന്ന് മാറി ഒരു കുടുംബാംഗത്തെപ്പോലെ അവളെന്നോട് പെരുമാറാൻ തുടങ്ങി. ഞാൻ അധികം അണിഞ്ഞൊരുങ്ങാൻ ശ്രദ്ധിച്ചിരുന്നില്ല. പ്രത്യേകിച്ചും വീട്ടിൽ തന്നെ ഉണ്ടാവുന്ന സമയത്ത്. വെളിയിൽ പോകുമ്പോൾ മാത്രമാണ് അൽപം മേക്കപ്പ് ചെയ്യുന്നതുതന്നെ.

ഒരിക്കൽ സരസ്വതി എന്‍റെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു. “എന്താണിത് മാഡം, കുറച്ച് അണിഞ്ഞൊരുങ്ങി നിന്നുകൂടെ. ഞാൻ നിങ്ങൾക്കായി എന്നും കനകാംബര മാല കൊണ്ടു വന്നു തരുന്നത് കോകില മോൾക്ക് വച്ചു കൊടുക്കും.”

“എന്താ എന്നെ കാണാൻ ഈ കോലത്തിലും സുന്ദരിയല്ലേ?” ഞാൻ ചിരിച്ചുകൊണ്ടു ചോദിച്ചു.

“അല്ലാ, അതൊന്നുമല്ല കാര്യം. മാഡം സുന്ദരിയാണ്. പക്ഷേ കുറച്ച് മേക്കപ്പ് ചെയ്‌താലെന്താ കുഴപ്പം. അതിന്‍റെ ഗുണവും കിട്ടും. അടുത്ത വീട്ടിലെ മെഹ്‌റാ മാഡം എല്ലാ ദിവസവും അണിഞ്ഞൊരുങ്ങിയാണ് നടപ്പ്. സിനിമയിലെ നായികമാരെ പോലെ…”

“അവർക്ക് അതിനുള്ള സമയം കാണും സരസ്വതി… അങ്ങനെയാവാനൊന്നും എനിക്ക് പറ്റില്ല.”

“സമയത്തിന്‍റെ കാര്യമൊക്കെ വിട് മാഡം. അവർ ടിവി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് നെയിൽ പോളിഷിടുന്നത്, മുടികെട്ടുന്നത്, മാനിക്യൂർ ചെയ്യുന്നത്. നിങ്ങളാണെങ്കിൽ ടിവി കാണാറുപോലുമില്ല. എപ്പോൾ നോക്കിയാലും പുസ്‌തകം വായിച്ചിരിക്കും. നല്ല നല്ല പരിപാടിയാണിപ്പോൾ ഉള്ളത് മാഡം. മാത്രമല്ല അതിനിടയിൽ പച്ചക്കറിപോലും അരിയാനും കഴിയും. അല്ലാതെ ഈ പത്രത്തിലൊക്കെ എന്താണുള്ളത്? എന്നും ഒരേ വാർത്തകൾ… ആ നേതാവ് ഈ നേതാവിനെ കുറ്റം പറഞ്ഞു, വിലക്കയറ്റം, പെട്രോൾ വില വർദ്ധനവ്, പാലിനു വിലകൂടി, അയാളുടെ ഭാര്യ അയൽക്കാരനൊപ്പം ഒളിച്ചോടി, സ്വത്ത് തർക്കം സഹോദരനെ കുത്തി, കൂട്ട ബലാത്സംഗം നടന്നു… ഇങ്ങനെയുള്ള കാര്യങ്ങളാണ് നിത്യവും വായിക്കാനുണ്ടാവുക. മാഡം കുറച്ച് സമയം നമ്മളുടെ സ്വന്തം കാര്യത്തിനായി മാറ്റി വയ്‌ക്കണ്ടേ…”

സരസ്വതി എന്നും എന്തെങ്കിലുമൊക്കെ എന്നെ പഠിപ്പിച്ചോണ്ടിരിക്കും. പുസ്‌തകവും പത്രവും വായിക്കുമ്പോൾ എനിക്ക് മനസ്സുഖം ലഭിക്കുന്നുണ്ടെന്ന് ഞാനവളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും.

ഒരു ദിവസം സരസ്വതി വന്നയുടനെ ബാഗിൽ നിന്ന് രണ്ട് കനകാംബര മാല പുറത്തെടുത്തു കൊണ്ട് പറഞ്ഞു. “ഇതാ മാഡം, ഇന്ന് ഞാൻ രണ്ടാൾക്കുമായി മാല കൊണ്ടു വന്നിട്ടുണ്ട്. മാഡത്തിനും കോകില മോൾക്കും വേറെ വേറെ.

ഇന്ന് മാഡത്തിന് ഈ മാല ചൂടാതിരിക്കാനാവില്ല.”

“ശരി സരസ്വതി, ഞാൻ അണിഞ്ഞോളാം.”

“മാഡം മറ്റൊന്നും വിചാരിക്കില്ലെങ്കിൽ ഞാൻ തന്നെ ചൂടി തരാം. മാഡത്തിനെ അണിയിച്ചൊരുക്കാൻ എനിക്കിഷ്‌ടമാണ്” നാണിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്.

“അയ്യോ.. അതിലെനിക്കൊരു എതിർപ്പുമില്ല സരസ്വതി… പക്ഷേ നീ എന്നെ എന്തു ചെയ്യാൻ പോകുകയാ?” ഞാൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതൊക്കെ മാഡം കണ്ടോളൂ” എന്നുപറഞ്ഞ് അവൾ എന്നെ ഒരുക്കാൻ തുടങ്ങി. അന്ന് സരസ്വതിയുടെ ആഗ്രഹം നടക്കട്ടെയെന്ന് ഞാനും കരുതി.

ആദ്യം അവളെന്‍റെ വിരലുകൾ മനോഹരമായി നെയിൽപോളിഷ് ഇട്ടുതന്നു. എന്നിട്ട് എന്‍റെ വിരലുകളിലേയ്‌ക്ക് നോക്കി പറഞ്ഞു.

“ഇപ്പോൾ ഈ വിരലുകൾ എത്ര മനോഹരമായിരിക്കുന്നു. ഇന്ന് സാറ് നിങ്ങളുടെ വിരലുകളിൽ നിന്ന് നോട്ടമെടുക്കില്ല.”

“സരസ്വതി, നെറ്റിയിലെ പൊട്ട് പോലും അദ്ദേഹം ശ്രദ്ധിക്കാറില്ല. പിന്നെങ്ങനെയാണ് കൈവിരലുകളിലെ സൗന്ദര്യം കാണുന്നത്. നിന്‍റെ സാറിന് സിംപിൾ ലുക്കാണ് ഇഷ്‌ടം” ഞാൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“സാറിന്‍റെ ശ്രദ്ധ മേക്കപ്പിൽ മാത്രമായിരിക്കും എന്നല്ല ഞാൻ പറയുന്നത് മാഡം. എന്‍റെ മാഡം ഒരു ദേവി തന്നെയല്ലേ. ഞാനെത്രയോ കാലമായി പല വീടുകളിലും ജോലി ചെയ്യുന്നു. ഇതുപോലൊരു ഐശ്വര്യമുള്ള മാഡത്തിനെ ഞാനിതുവരെ കണ്ടിട്ടില്ല.

അണിഞ്ഞൊരുങ്ങുന്നത് അത്ര തെറ്റായ കാര്യമൊന്നുമല്ല മാഡം. ഒരുങ്ങി നിൽക്കുന്ന പെണ്ണുങ്ങളെ ആണുങ്ങൾക്ക് വലിയ ഇഷ്‌ടമാണുതാനും. നന്നായി ഒരുങ്ങിയതിന്‍റെ പേരിൽ ഒരു സ്‌ത്രീയേയും ആണുങ്ങൾ വഴക്ക് പറഞ്ഞിട്ടുണ്ടാവില്ല.

നന്നായി മുടി ചീകി, പൂവ് ചൂടി, വൃത്തിയുള്ള ചേല ചുറ്റി ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനെ എതിരേറ്റാൽ അദ്ദേഹത്തിന്‍റെ എല്ലാം മുഷിപ്പും ഉടനെ പറ പറക്കും മാഡം.”

ഞാൻ മറുപടിയൊന്നും പറയാതെ അവളുടെ നിർത്താതെയുള്ള സംസാരം കേട്ട് കൊണ്ടിരുന്നു. കാരണം ഞാനെന്തെങ്കിലും പറഞ്ഞാൽ ഉടനെ അവൾ പറയും ഞാൻ അത്ര മണ്ടിയൊന്നുമല്ല, വിദ്യാഭ്യാസമുള്ളവളാണെന്ന്…

ഇതിനിടയിൽ അവൾ എന്‍റെ കയ്യിലെ വളയും മാറ്റി ഇട്ടു തന്നു. നല്ല പൊട്ട് കുത്തി തന്നു. പുരികം ത്രെഡ് ചെയ്‌ത ശേഷം നന്നായി മുഖം വൃത്തിയാക്കി പൗഡറും ഇടാൻ മറന്നില്ല. മേക്കപ്പിന്‍റെ കാര്യത്തിൽ അവൾക്ക് സംതൃപ്‌തി വന്നപ്പോൾ അവൾ പറയുകയാണ്.

“ഹെയർ സ്‌റ്റൈലു കൂടി മാറ്റിയാൽ വളരെ നന്നായേനേ…” അത് കഴിഞ്ഞ് അവൾ ജോലിയെല്ലാം തീർത്ത് വീട്ടിലേയ്‌ക്ക് പോയി. ഞാനും എന്‍റെ മറ്റ് പണികളിൽ മുഴുകി. അതിനിടയിൽ ഞാനക്കാര്യം മറന്നുപോയിരുന്നു. ഇന്ന് സ്‌പെഷ്യലായി ഒരുങ്ങിയത്!

ഡോർബെൽ മുഴങ്ങി. സന്ദീപ് വന്നിരിക്കുന്നു. ഞാൻ ചായ വേണോ എന്ന് ചോദിക്കാൻ ചെന്നപ്പോൾ അദ്ദേഹം എന്നെ ഇമവെട്ടാതെ നോക്കുന്നത് കണ്ടു. “ചായ എടുക്കട്ടെ ” ഞാൻ ചോദിച്ചു.

“നീ കുറച്ച് നേരം എന്‍റെ അടുത്ത് ഇരിക്കടോ” സന്ദീപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇന്ന് നീ പതിവിലധികം സുന്ദരിയായിട്ടുണ്ടല്ലോ. ഇന്ന് ചായയൊന്നും വേണ്ട. നിന്നെ കണ്ടിരിക്കുമ്പോൾ തന്നെ ഞാൻ റീഫ്രഷ് ആകുന്നുണ്ട്. ഒരു ദിവസത്തെ എല്ലാ മടുപ്പും പമ്പകടക്കുന്ന പോലെ…”

ഈ അടുത്ത കാലത്തൊന്നും സന്ദീപിൽ നിന്ന് ഒരു വലിയ കോംപ്ലിമെന്‍റ് കിട്ടിയതായി എന്‍റെ ഓർമ്മയിൽ ഇല്ല. ഇന്ന് മനസ്സ് തുറക്കാൻ സന്ദീപീന് ഇതെന്തുപറ്റി!

ഞാൻ സന്ദീപിന്‍റെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു. അപ്പോൾ സരസ്വതി പിറുപിറുക്കുന്നതായി എനിക്ക് കേൾക്കാനായി.

“നോക്കു മാഡം, ഞാനത്ര മണ്ടിയൊന്നുമല്ല, വിദ്യാഭ്യാസമുള്ളവളാണ്.”

കാറ്റും കോളും

താരേഷ്, ഇതെന്തു പേരാണമേ നിങ്ങൾ എനിക്ക് ഇട്ടിരിക്കുന്നത്? എല്ലാവരും എന്നെ താരേ താരേ എന്നാണ് വിളിക്കുന്നത്. പെൺകുട്ടികളുടെ മുമ്പിൽ വച്ച് പോലും കൂട്ടുകാർ എന്നെ താരേ എന്ന് നീട്ടി വിളിക്കും. എനിക്കിതൊന്നും സഹിക്കാനാവുന്നില്ല” താരേഷ് അമ്മയോട് പരിഭവം പറഞ്ഞു.

“നിന്‍റെ പേര് മുത്തശ്ശി വളരെ ഇഷ്‌ടപ്പെട്ട് ഇട്ടതാണ്. നീ ജനിച്ചത് രാത്രി ആകാശത്ത് പ്രത്യേകതയുള്ള നക്ഷത്രങ്ങൾ മുത്തശ്ശി കാണാൻ ഇടയായതിനാലാണ് നിനക്ക് ഇങ്ങനെയൊരു പേര് ഇട്ടത്” അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“പേരിട്ട മുത്തശ്ശി മരിച്ചു പോയി, ഇപ്പോൾ അനുഭവിക്കുന്നത് ഞാനും” താരേഷ് മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു. “എനിക്കീ പേര് ഇഷ്‌ടമല്ല. അമ്മ ദയവ് ചെയ്ത് എന്‍റെ പേര് മാറ്റി തരൂ.”

“താരേഷ് എന്നാൽ താരങ്ങളുടെ രാജാവ്. നിനക്ക് ചന്ദ്രികയെപ്പോലെ തിളങ്ങുന്ന പെണ്ണിനെ കിട്ടും.” അമ്മ പറഞ്ഞു.

“അത്ര തിളക്കമുള്ള വേറെയൊന്നും എനിക്ക് വേണ്ട. എനിക്ക് സൂര്യനെ മതി. ചൂടു തരുന്ന തിളങ്ങുന്ന സൂര്യൻ” താരേഷ് ദേഷ്യത്തോടെ പറഞ്ഞു.

പക്ഷേ അത് താരേഷിന് അറിയുമായിരുന്നില്ലല്ലോ. ഭാവിയിൽ അവനിഷ്ടപ്പെടുക സൂര്യനെയായിരിക്കമെന്ന്!

“അഭിനന്ദനങ്ങൾ, പെൺകുട്ടിയാണ്” നഴ്സ് പുറത്തേയ്‌ക്ക് വന്ന് താരേഷിനോട് പറഞ്ഞപ്പോഴാണ് അയാൾ പഴയകാല ഓർമ്മയിൽ നിന്ന് ഉണർന്നത്.

“എനിക്കിപ്പോൾ കാണാനൊക്കുമോ?”

“പിന്നെന്താ” താരേഷിന്‍റെ ഉത്സാഹം കണ്ടപ്പോൾ നേഴ്സ് മനോഹരമായി പുഞ്ചിരിച്ചു.

“എത്ര സോഫ്റ്റ് ആണ്…” കുഞ്ഞിനെ താരേഷ് കൈയ്യിലെടുത്തു നെഞ്ചിനോട് ചേർത്തു. കണ്ണടച്ചിരുന്നെങ്കിലും കുഞ്ഞ് തന്നെ തന്നെ നോക്കുകയാണെന്ന് അയാൾക്ക് തോന്നി.”

താരേഷ് കുഞ്ഞിന്‍റെ നെറ്റിയിൽ വിരൽ വച്ചു.

“സുമേഷിന്‍റെ അതേ ഛായ” താരേഷ് മനസ്സിൽ പറഞ്ഞു. എന്നിട്ട് കുഞ്ഞിനെ ഉമ്മ വച്ച ശേഷം സറോഗേറ്റ് മദറിന്‍റെ അരികിൽ കിടത്തി.

സ്കൂൾ കാലം തൊട്ട് താരേഷ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നു. പക്ഷേ പെൺകുട്ടികളോട് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. ഒരു ഗെ യുടെ മനസ്സായിരുന്നു താരേഷിനുണ്ടായിരുന്നത്.

അവന്‍റെ സ്പോട്‌സ് ടീച്ചർ അശോക് സാറിനെ അവന് വലിയ ഇഷ്‌ടമായരുന്നു. പ്രത്യേകിച്ചും മാഷിന്‍റെ ബലിഷ്ഠമായ കൈകളും മസിലും എല്ലാം അവൻ നോക്കി നിൽക്കും. സ്വപ്നം കാണും.

മാഷ് ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോൾ താരേഷ് നോക്കി നിൽക്കുന്നത് പതിവാണ്. മാഷിന്‍റെ വിയർത്തൊലിക്കുന്ന ശരീരം കാണുമ്പോൾ അവന് വല്ലാത്ത ആനന്ദമാണ്. അവന് കായിക ഇനങ്ങളിൽ ഒന്നും വലിയ താത്പര്യമില്ലായിരുന്നുവെങ്കിലും മാഷിന്‍റെ കളികാണാൻ ഇഷ്‌ടമായിരുന്നു. അശോക് സാറിന്‍റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നതിനാൽ അവൻ ജിംനാസ്റ്റികിന് ചേർന്നു.

പരിശീലിപ്പിക്കുന്നതിനിടയിൽ മാഷ് ശരീരഭാഗങ്ങളിലെവിടെയെങ്കിലും തട്ടുകയോ, തൊട്ടു പോവുകയോ ഒക്കെ ചെയ്യുമ്പോൾ താരേഷിന് വല്ലാത്ത കോരിത്തരുപ്പമാണ്. പലപ്പോഴും കറന്‍റ് അടിച്ചതുപ്പോലെയുള്ള ഒരു ഫീലിംഗ്! അവന്‍റെ ശ്വാസം അപ്പോൾ അനിയന്ത്രിമാവും. അവൻ കണ്ണടച്ച് അശോക് സാറിനെ കെട്ടിപ്പിടിക്കുന്നത് ഒരു നിമിഷം സങ്കൽപ്പിക്കും. ചുറ്റുമുള്ളവർ ഇത് കണ്ട് കളിയാക്കി ചിരിക്കുമ്പോഴാണ് പലപ്പോഴും അവൻ സ്വപ്നത്തിൽ നിന്ന് ഉണരുന്നത് തന്നെ.

കോളേജിലെത്തിയപ്പോഴും താരേഷിന്‍റെ സ്വഭാവത്തിൽ യാതൊരു മാറ്റാവും വന്നില്ല. മറ്റ് ആൺകുട്ടികൾ പെൺപിള്ളരെ ഫ്ളർട്ട് ചെയ്യുമ്പോൾ അതിലൊന്നും താൽപര്യമില്ലാതെ താരേഷ് പകൽ കിനാവുകളിൽ മുഴുകിയിരിക്കുമായിരുന്നു. പക്ഷേ സുമേഷിനെ പരിചയപ്പെട്ടതോടെ അവന്‍റെ ഒറ്റപ്പെടൽ മാറി തുടങ്ങി.

സുമേഷിനും താരേഷിനും വല്ലാതെ ഇഷ്‌ടമായി. വേഗം തന്നെ അവൻ നല്ല കൂട്ടായി. ക്ലാസ്സിലെ പിൻ ബെഞ്ചിൽ ഇരുന്നു കൊണ്ട് രണ്ടാളും സംസാരിച്ചു കൊണ്ടിരിക്കും. തൊട്ടുരുമ്മി കളിച്ചു കൊണ്ടിരിക്കും. അവധി ദിവസങ്ങളിൽ വല്ലാത്ത അസ്വസ്ഥതയാണ് രണ്ടാൾക്കും. എങ്ങനെയെങ്കിലും കോളേജിലെത്തിയാൽ മതി എന്ന അവസ്‌ഥയിലാണ് ഞായറാഴ്ചകളൊക്കെ കഴിച്ചു കൂടുന്നത്.

ക്യാമ്പസിൽ തങ്ങൾക്കിഷ്ടമുള്ള പെൺകുട്ടികളുമായി പയ്യന്മാർ ചുറ്റിയടിച്ചു നടക്കുമ്പോൾ താരേഷ് മരച്ചുവട്ടിലോ ക്ലാസ്സ് മുറിയിലോ സുമേഷുമായി വർത്തമാനം പറഞ്ഞിരിക്കും.

കോളേജ് കഴിഞ്ഞാൽ രണ്ടാളും ബിസിനസ്സ് മാനേജ്മെന്‍റിൽ മാസ്റ്റർ ഡിഗ്രി എടുക്കാൻ തീരുമാനിച്ചിരുന്നു. രണ്ടാൾക്കും ഒന്നിച്ചു കഴിയുകയുമാവാം. ഉപരിപഠനത്തെ പറ്റി വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും ഇത് താൽപര്യമായിരുന്നു. അവർ സന്തോഷപൂർവ്വം സമ്മതിച്ചു.

ഡൽഹിയിലെ ഉന്നതമായ ഒരു കോളേജിൽ അവർക്ക് അഡ്മിഷൻ കിട്ടി. ഒറ്റ മുറി ഫ്ളാറ്റ് അവർ ഇരുവരും ചേർന്നു വാടകയ്ക്ക് എടുത്തു.

എല്ലാ കാര്യങ്ങളും സാധാരണപ്പോലെ നടന്നു. രണ്ടാളും ഒരുമിച്ചാണ് ക്ലാസ്സിൽ പോയിക്കൊണ്ടിരുന്നത്. കറങ്ങി നടക്കുന്നതും പഠിക്കുന്നതും ഒന്നിച്ചു തന്നെ. ചിലപ്പോൾ ഭക്ഷണം ഉണ്ടാക്കും. മറ്റു ചിലപ്പോൾ പുറത്ത് നിന്ന് കഴിക്കും. രണ്ടാളുടെയും ഇഷ്‌ടങ്ങൾ ഒന്നായിരുന്നു.

ഇരുവർക്കുമിടയിൽ പൊരുത്തകേടുകൾ കുറവായിരുന്നു. ക്യാമ്പസിൽ എല്ലാവരും ഇവരെ രാമകൃഷ്ണൻ എന്നാണ് വിളിച്ചിരുന്നത്. ഇത് കേൾക്കുന്നത് അവർക്ക് സന്തോഷം നൽകുന്ന കാര്യമായിരുന്നു.

കാര്യങ്ങൾ നന്നായി നടന്നുപ്പോയി. ലാസ്റ്റ് സെമസ്റ്റർ വന്നെത്തി. കോളേജിൽ ക്യാമ്പസ് ഇന്‍റർവ്യൂ തുടങ്ങി. മിക്കവാറും കുട്ടികൾക്ക് നല്ല നല്ല കമ്പനികളിൽ പ്ലേസ്മെന്‍റ് ലഭിച്ചു.

താരേഷിന് ബാംഗ്ലൂരിലുള്ള കമ്പനിയാണ് തെരഞ്ഞെടുത്തത്. സുമേഷിന് ലഭിച്ചതാകട്ടെ ഹൈദരാബാദിലുള്ള ഒരു കമ്പനിയിലും. പാക്കേജിൽ രണ്ടാളും തൃപ്തരായിരുന്നു. പക്ഷേ രണ്ടാൾക്കും വേർപിരിയേണ്ടി വരുമല്ലോ? അത് ഇരുവർക്കും സഹിക്കാവുന്ന കാര്യമായിരുന്നില്ല. പ്രത്യേകിച്ചും താരേഷിനായിരുന്നു കൂടുതൽ വിഷമം.

വീട്ടിൽ എത്തിയിട്ടും രണ്ടാളും സങ്കടപ്പെട്ടിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത സ്‌ഥിതിയായിരുന്നു. ജീവിതപങ്കാളി വേണോ കരിയർ വേണോ? രണ്ടാളും വളരെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു. വേർപ്പെടാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല.

അന്ന് രാത്രി അവർക്കൊരു കാര്യം മനസ്സിലായി. തങ്ങൾ ജനിച്ചത് പരസ്പരം സ്നേഹിക്കാനാണ്. ഒന്നിച്ച് ജീവിക്കാനാണ്. അത് രാത്രി അവർ ഭ്രാന്തമായ രതിയിൽ ഏർപ്പെട്ടു. തങ്ങൾ വേർപ്പെടാനാവാത്ത വിധം സ്നേഹത്താൽ പറ്റിച്ചേർന്നിരിക്കുകയാണെന്ന് അവർക്ക് ആ രാത്രി മനസ്സിലാക്കി കൊടുത്തു.

രണ്ടാളും ആ ബന്ധത്തെ മനസ്സാവഹിച്ചു. ലോകത്തിന്‍റെ കണ്ണിൽ അധാർമ്മികമായാലും പ്രകൃതി വിരുദ്ധമായാലും… ഇനി ഒരിക്കലും വേർപിരിയാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായി.

ഞങ്ങൾ ഗെയാണ്. അതിൽ ഞങ്ങൾക്ക് ഒരു ലജ്ജയുമില്ല. ലോകം ഞങ്ങളെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒന്നിച്ചു കഴിയാൻ അവർ തീരുമാനിച്ചു. താരേഷ് സുമേഷിന്‍റെ ചുണ്ടുകൾ കോരി കടിച്ചു. ഒരേ കട്ടിലിൽ അവർ ഉടുതുണിയില്ലാതെ ഒരേ ശരീരമായി കിടന്ന് നേരം വെളപ്പിച്ചു.

രണ്ടാളും തങ്ങളുടെ പ്ലേസ്മെന്‍റ് ക്യാൻസൽ ചെയ്‌തു. എന്നിട്ട് ഡൽഹിയിൽ തന്നെ ഏതെങ്കിലും കമ്പനിയിൽ ജോലി നോക്കാൻ തീരുമാനിച്ചു. കുറച്ച് ദിവസത്തെ അലച്ചിലിനു ശേഷം താരേഷിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടി. രണ്ട് മാസത്തിനു ശേഷം സുമേഷിനും ജോലിയായി.

രണ്ടാളുടെയും ജീവിതം വീണ്ടും പൂത്തു തളിർത്തു. കിടപ്പറയിലും പുറത്തും പൂന്തോട്ടത്തിലും അവർ സ്നേഹിച്ചു നടന്നു. ശരീരവും മനസ്സും പങ്കുവച്ച് അവൾ കൊതിതീരാതെ ജീവിച്ചു.

താരേഷിന്‍റെ അമ്മ അവനെ കല്യാണം കഴിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്നു. അവർ മകനുവേണ്ടി പെണ്ണ് അന്വേഷിക്കാൻ തുടങ്ങി. സുമേഷിന്‍റെ വീട്ടിലും വിവാഹ ആലോചനകൾ നടന്നു.

വീട്ടുകാർ അവനു വേണ്ടി മാട്രിമോണിയൻ സൈറ്റിലും പരസ്യം ചെയ്‌തു. വീട്ടുകാരുടെ ഈ നീക്കത്തെ പറ്റിയൊന്നും ഈ രണ്ട് ലൗബേർഡ്സും യാതൊന്നും അറിഞ്ഞിരുന്നില്ല. യാതൊരു കാരണവുമില്ലാതെ സുമേഷ് നിരന്തരം ആലോചനകൾ ഉപേക്ഷിച്ചപ്പോൾ മകന് വേറെവല്ല ചുറ്റികളിയും ഉണ്ടോ എന്ന് അമ്മ സംശയിച്ചു.

അവരത് അവനോട് ചോദിക്കുകയും ചെയ്‌തു. “അങ്ങനെയുണ്ടെങ്കിൽ ആ പെൺകുട്ടിയെ നമുക്ക് ആലോചിക്കാം.”

ഇതേ കാര്യം തന്നെയായിരുന്നു താരേഷിന്‍റെ വീട്ടിലും അരങ്ങേറിയിരുന്നത്. ഒരു ദിവസം താരേഷിന്‍റെ അമ്മ ഡൽഹിയിലെ മകന്‍റെ ഫ്ളാറ്റിലെത്തി. രണ്ട് പയ്യന്മാരുടെയും പെരുമാറ്റ രീതി കണ്ട് അവർക്ക് എന്തോ പന്തികേട് തോന്നി. അവർ ഫോൺ ചെയ്‌ത് താരേഷിന്‍റെ അച്‌ഛനെയും സുമേഷിന്‍റെ രക്ഷിതാക്കളെയും വിളിപ്പിച്ചു.

ഞങ്ങൾ രണ്ടാളും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച കാര്യം അവർ രക്ഷിതാക്കളോട് തുറന്ന് പറഞ്ഞു. ഗെ. ജീവിതപങ്കാളിയെ പിരിയാനാവില്ലെന്ന് ഇരുവരും പറഞ്ഞതോടെ വലിയ പൊട്ടലും ചീറ്റലും നടന്നു.

സമൂഹം എന്ത് പറയുമെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഇരുവരും പിന്മാറാൻ തയ്യാറായില്ല. സദാചാര മര്യാദകൾ പാലിച്ചില്ലെങ്കിൽ വീട്ടിൽ കയറ്റില്ലെന്ന് രക്ഷിതാക്കൾ ഭീഷണി മുഴുക്കി.

പെങ്ങളുടെ ജീവിതം നീ കാരണം നശിക്കുമെന്ന് സുമേഷിന്‍റെ അമ്മ കരഞ്ഞ് കാലുപിടിച്ചു. പക്ഷേ എന്നിട്ടും രണ്ടാളും മനസ്സ് മാറ്റിയില്ല. അവിടെ വഴക്ക് മൂത്ത് ഹൗസിംഗ് സൊസൈറ്റിയിലെ ആൾക്കാർ മൊത്തം ഇവരുടെ ബന്ധത്തെപ്പറ്റി അറിഞ്ഞു. ഫ്ളാറ്റ് ഉടമ അവരെ അവിടെ നിന്ന് പുറത്താക്കി.

സംഭവം കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവരുടെ ഓഫീസിലും എത്തി. വിചിത്ര ജീവികളെ നോക്കുന്നതുപ്പോലെ ആളുകൾ അവരെ വീക്ഷിക്കാൻ തുടങ്ങി. പലരും നല്ല കാര്യങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്തി.

ഒറ്റ ദിവസം കൊണ്ട് അവർ ആർക്കും പ്രിയപ്പെട്ടവരല്ലാതായി തീർന്നു.

സുമേഷിനെ ബോസ് വിളിപ്പിച്ച് സംസാരിക്കുകയും ചെയ്‌തു.“ നോക്കു സുമേഷ്, നിങ്ങൾ കാരണം ഓഫീസിന്‍റെ അന്തരീക്ഷം മഹാമോശമായിരിക്കുകയാണ്.

ജീവനക്കാർ ജോലിയിൽ ശ്രദ്ധിക്കാതെ നിന്‍റെ കഥ പറഞ്ഞ് നേരം പോക്കുകയാണ്. കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാതെ നിങ്ങൾ രാജി വയ്‌ക്കുന്നതാണ് നല്ലത്. എന്തെങ്കിലും റിമോർക്കോട് കൂടിയാണ് പുറത്ത് പോകുന്നതെങ്കിൽ അത് നിങ്ങളുടെ കരിയറിനെയും സാരമായി ബാധിക്കും.”

കൊടുകാറ്റിൽപ്പെട്ടവർക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ലല്ലോ.

തോൽവി സമ്മതിച്ച് രണ്ടാളും നഗരം വിടാൻ തീരുമാനിച്ചു. അവർ മുംബൈയിലേയ്‌ക്ക് ഷിഫ്റ്റായി. ഇതിനിടയിൽ സുമേഷിന്‍റെ പെങ്ങളുടെ (രാഖി) വിവാഹവും കഴിഞ്ഞു. പക്ഷേ സുമേഷിനെ അതാരും അറിയിച്ചുപ്പോലുമില്ല. രാഖി സുഖമായിരിക്കണമെന്ന് മാത്രം അയാൾ ആഗ്രഹിച്ചു. സങ്കടം അടക്കിപ്പിടിച്ചു.

വീട്ടുകാർ എന്നേ പടിയടച്ച് പിണ്ഡം വച്ചതാണല്ലോ. പഴയകാല സുഹൃത്തുക്കളുമായി യാതൊരു അടുപ്പവും ഇല്ലായിരുന്നു. എന്നാൽ സുമേഷിന്‍റെ ഒരു ആന്‍റി ഉണ്ടായിരുന്നു, ലീന. അവർക്ക് സുമേഷിനോട് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നു. ഇടയ്ക്ക് വിളിക്കാറുമുണ്ടായിരുന്നു. അവരാണ് രാഖിയുടെ കല്യാണക്കാര്യമൊക്കെ പറഞ്ഞത്. പുതിയ നഗരത്തിൽ അവരെ ആരും അറിയുമായിരുന്നില്ല.

ഒരു പുതിയ ജീവിതം തുടങ്ങാൻ അതു തന്നെ അവൾക്ക് ആത്മവിശ്വാസം നൽകി. ജീവിതം സാധാരണപ്പോലെ ചലിക്കാൻ തുടങ്ങി. ഇരുവർക്കും മുംബൈയിൽ നല്ല ജോലിയും കിട്ടിയിരുന്നു.

ഒരു ദിവസം ലീന ആന്‍റിയുടെ ഫോൺ വന്നു. രാഖിയുടെ ഭർത്താവ് ഒരു ആക്സിഡന്‍റിൽ മരിച്ചു എന്ന് അറിയിച്ചു. സുമേഷിന്‍റെ ചങ്ക് തകർന്നുപ്പോയി.

പെങ്ങളോട് അയാൾക്ക് വലിയ സ്നേഹമായിരുന്നു. തത്ക്കാൽ ട്രെയിൻ ബുക്ക് ചെയ്ത് അയാൾ പെങ്ങളെ കാണാൻ പോയി.

സുമേഷിനെ കണ്ടതും രാഖി ഓടി വന്ന് കെട്ടിപിടിച്ച് കരഞ്ഞു. അവളുടെ കസിൻസ് വന്ന് രാഖിയെ അകത്തേയ്ക്ക് ബലം പ്രയോഗിച്ച് കൂട്ടി കൊണ്ട് പോയി. താൻ വന്നത് വീട്ടുകാർക്ക് ഒട്ടും ഇഷ്‌ടപ്പെട്ടില്ലെന്ന് സുമേഷിന് മനസ്സിലായി.

തന്‍റെ രക്‌തബന്ധത്തിലുള്ളവരുമായുള്ള സുമേഷിന്‍റെ അവസാന കൂടി കാഴ്ചയായിരുന്നു അത്. സുമേഷിന്‍റെയും താരേഷിന്‍റെയും ജീവിതം അവരിൽ മാത്രമായി ചുരുങ്ങി.

ഒരു ദിവസം ടിവിയിൽ അവർ ഹേ ബേബി എന്ന സിനിമ ഒന്നിച്ചിരുന്നു കാണുകയായിരുന്നു. 3 പുരുഷന്മാർ ചേർന്ന് ഒരു കൊച്ചിനെ വളർത്തി വലുതാക്കുന്നതായിരുന്നു ആ ചിത്രത്തിന്‍റെ കഥ.

“താരേ… നമുക്ക് ഇതുപ്പോലെ ഒരു കുഞ്ഞിനെ വേണ്ടേ?” സുമേഷ് ചോദിച്ചു.

“ആഗ്രഹം ഉണ്ട്. പക്ഷേ കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിലല്ലേ ജനിക്കുക. നമുക്ക് വളർത്താനല്ലേ പറ്റൂ പ്രസവിക്കാൻ കഴിയില്ലല്ലോ?” താരേഷ് പറഞ്ഞു.

“ശാസ്ത്രം ഒരുപാട് വളർന്നിരിക്കുകയല്ലേ. എന്തെങ്കിലും വഴി കാണാതിരിക്കില്ല… നമുക്ക് സെറോഗസി ടെക്നിക്ക് ഉപയോഗപ്പെടുത്തിയാലോ? സുമേഷിന് വലിയ പ്രതീക്ഷയായിരുന്നു.

“അത് ഒരു പക്ഷേ ശരിയാവാം. പക്ഷേ നിയമപരമായ ഊരാക്കുടുക്കുകൾ… നിയമം നമ്മളെപ്പോലുള്ളവർക്ക് ഇതു ചെയ്യാൻ അനുമതി തരുമോ?

അതിനേക്കാൾ വലിയ വെല്ലുവിളി സെറോഗസി അമ്മയെ ലഭിക്കുകയെന്നതാണ്. നമ്മുടെ കുടുംബക്കാർ എല്ലാവരും തന്നെ നമ്മളിൽ നിന്ന് അകന്നിരിക്കുകയല്ലോ. അതിനാൽ ഈ മോഹം ഇവിടെ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. വേണമെങ്കിൽ ഒരു വിദഗ്ദ്ധനെപ്പോയി കാണാമെന്ന് മാത്രം.”

താരേഷ് ഇത്രയും പറഞ്ഞപ്പോൾ തന്നെ സുമേഷിന്‍റെ മുഖം വാടി. അവനെ സന്തോഷിപ്പിക്കാനെനോണം താരേഷ് സുമേഷിന്‍റെ മടിയിൽ കയറി ഇരുന്നു. ചുണ്ടിൽ മെല്ലെ വിരൽ പായിച്ചു. വിരൽ സാവധാനം നെഞ്ചിലേക്കിറങ്ങി… പിന്നെ… താഴോട്ട്…

അന്നവർ സങ്കടത്താലും ഈ ലോകത്തോടുള്ള അമർഷത്താലും അതിൽ വൈകാരികാവസ്‌ഥയിൽ ആയിരുന്നു. അവർ പരസ്പരം സ്നേഹം കൊണ്ട് എല്ലാറ്റിനെയും മറികടക്കാൻ ശ്രമിച്ചു.

ഒരു ദിവസം താരേഷ് ജോലിയുമായി ബന്ദപ്പെട്ട് ഒരു മൾട്ടി സ്ഫെഷ്യാലിറ്റി ആശുപ്രതിയിൽ പോയിരുന്നു. അവിടെ ഐവിഎഫ് സെന്‍റർ ഉണ്ടായിരുന്നു. അവന് സുമേഷിന്‍റെ സ്വപ്നം ഓർമ്മ വന്നു. പാർട്ടണറുടെ ആഗ്രഹം സാധിക്കാൻ അവന് താൽപര്യമായിരുന്നു.

അവിടുത്തെ ഹെഡിന്‍റെ കണ്ടുസംസാരിച്ചു. ഡോ: സജോ ആന്‍റണിയുടെ അപ്പോയ്ന്‍റ് മെന്‍റ് വാങ്ങി. അടുത്ത ദിവസം സുമേഷിനെയും കൂട്ടി ഡോക്ടറെ കാണാൻ ചെന്നു.

ഡോ: സജോ അവരുടെ കഥകൾ പൂർണ്ണമായി കേട്ടി. സുമേഷിന്‍റെ ആഗ്രഹം ഐവിഎഫിന്‍റെയും സറോഗസി അമ്മയുടെയും സഹായാത്താൽ തീർച്ചയായും സാധിക്കുമെന്ന് ഡോക്ടർ അവൾക്ക് ആത്മവിശ്വാസം നൽകി.

നോക്കൂ, സർക്കാർ ഈയിടെയാണ് സരോഗസി ബിൽ പാസാക്കിയത്. അതുപോകാരം സിംഗിൾ പാരന്‍റിനും സമലൈംഗിക ജോഡികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ അനുമതിയില്ല.

പക്ഷേ ഇതിപ്പോഴും നിയമമാക്കിയിട്ടില്ല. പക്ഷേ ഭാവിയിൽ പ്രായാസം സൃഷ്ടിച്ചെടുക്കാം. നിങ്ങൾ കേട്ടിട്ടുണ്ടാവും ഏതാനും മാസങ്ങൾക്കു മുമ്പ് സിനിമാതാരം തുഷാർ പൂർ ഈ ടെക്നിക് ഉപയോഗിച്ച് രാജ്യത്തെ ആദ്യത്തെ സിംഗൾ ഫാദർ ആയത്.

നമ്മുടെ ഇടയിൽ ഒരുപാട് സിംഗിൾ മദേഴ്സ് ഉണ്ട്. അനവധി സിംഗിൾ യുവതികളും യുവാക്കളും രക്ഷിതാക്കളാവുന്നതിന് അച്ഛനമ്മമാർ ആവുന്നതിന് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നിങ്ങൾക്കും ഇതാവാം. ഇത് നടക്കാത്ത സ്വപ്നം ഒന്നുമല്ല”

“വാടക ഗർഭപാത്രം എങ്ങനെയാണ് ലഭിക്കുക?”

“അതിനായി നിങ്ങൾക്ക് ഏറ്റവും അടുത്ത ബന്ധുക്കളുടെ സഹായം തേടേണ്ടി വരും.”

“പക്ഷേ ഞങ്ങളുടെ ബന്ധുക്കൾ ഞങ്ങളെ സാമൂഹ്യമായി ബഹിഷ്ക്കരിച്ചിരിക്കുകയാണ്. ആരും ഞങ്ങളെ സപ്പോർട്ട് ചെയ്യില്ല.”

“പക്ഷേ നിങ്ങൾക്ക് കുറച്ച് കഷ്ടപ്പെടേണ്ടിവരും. ആത്മവിശ്വാസത്തോടെ ശ്രദ്ധിക്കൂ” ഡോ: തന്‍റെ അടുത്ത വിസിറ്ററെ വിളിപ്പിച്ചു.

ക്ലനിക്കിൽ നിന്ന് ഇറങ്ങുമ്പോൾ സുമേഷിന് ലീന ആന്‍റിയെ ഓർമ്മ വന്നു. അയാൾ അവരെ ഫോൺ ചെയ്തു” ആന്‍റി ഇന്ന് ഞാനാണ്. സുഖമാണോ?”

“സുമു… മോനു… എന്താണിപ്പോ എന്നെ ഒരാമ്മ വന്നത് എന്തെങ്കിലും വിശേഷം ഉണ്ടോ? കുശല പ്രശ്നത്തിനു ശേഷം സുമേഷ് കാര്യത്തിലേക്ക് കടന്നു.

“ഒരു ആവശ്യത്തിനായി ലീന ആന്‍റിയുടെ സഹായം വേണം. തടസ്സം പറയരുത്” സുമേഷ് പറഞ്ഞു.

“എന്നോട് ക്ഷമിക്കണം സുമേഷ്. ഈ കാര്യത്തിൽ എനിക്ക് നിന്നെ സഹായിക്കാനാവില്ല. നിന്‍റെ ചേട്ടൻ ഈ കാര്യത്തോട് ഒട്ടും യോജിക്കുകയില്ല. മാത്രമല്ല എന്നെ സംബന്ധിച്ച് ഏട്ടന്‍റെ കുടുംബമാണ് ഏറ്റവും വലുത്.”

ലീനയുടെ നിലപാട് അറിഞ്ഞതോടെ സുമേഷിന്‍റെ ഏക ആശ്രയവും ആശയും പൊളിഞ്ഞു. ഇനി എന്തുചെയ്യും. ഇന്‍റർനെറ്റിനെ ആശ്രയിക്കാമെന്ന് യാൾ കരുതി. ഇനി അതേ വഴിയുള്ളൂ.

എന്തു തിരഞ്ഞാലും കിട്ടുന്ന സ്ഥലമല്ലല്ലോ ഇങ്ങനെ തിരയുന്നതിനിടയിൽ ഒരു പത്രറിപ്പോർട്ടറുടെ ലേഖനം വായിക്കാനിടയിൽ. ഗുജറാത്തിൽ ഒരു സ്ഥലമുണ്ട്. ആനന്ദ്. അവിടെ സറോഗേറ്റ് മദർ എളുപ്പത്തിൽ കിട്ടുമെന്നാണ് ലേഖനിത്തിൽ ഉള്ളത്.

മാത്രമല്ല അവിടെ ഇതുവരെ 1,100 കുട്ടികളാണ് ഇത്തരത്തിൽ ജന്മം കൊണ്ടത്. ഈ ലേഖനം ഓൻലൈനിൽ വായിച്ചപ്പോൾ തന്നെ രണ്ട് പേർക്കും വലിയ സന്തോഷം തോന്നി. തങ്ങളുടെ സ്വപ്നം സഫലമാക്കാൻ ഇനി അധികം താമസം ഉണ്ടാവില്ലെന്ന് അയാൾ മനസ്സിലാക്കി.

ഒരു ടെസ്റ്റ് ട്യൂബ് ബേബി ക്ലിനിക്കിന്‍റെ പുറത്ത് അവൻ ഒരു ഇടനിലക്കാരനുമായി പരിചയപ്പെട്ടു. അയാൾ സറോഗസി അമ്മമാരാകാൻ താൽപര്യമുള്ളരെ സപ്ലൈ ചെയ്യുന്ന ഒരാളായിരുന്നു. അനേകം കോണ്ടാക്റ്റ് അയാൾക്കുണ്ടായിരുന്നു.

താരേഷിന്‍റെയും സുമേഷിന്‍റെയും ആഗ്രഹം മുതലെടുക്കാൻ ഇടനിലക്കാരൻ തീരുമാനിച്ചു. നിയമത്തിന്‍റെ നൂലാമാലകൾ എല്ലാം അതിവിദഗ്ദ്ധമായി മറികടന്ന് അയാൾ അവർക്കായി ഒരു സറോഗസി അമ്മയെ ഒപ്പിച്ചുകെടുത്തു. കാശ് വളരെ അധികം ചെലവഴിക്കേണ്ടി വന്നെങ്കിലും താരേഷും സുമേഷും വളരെ സന്തുഷ്ഠരായിരുന്നു.

രണ്ട് ദിവസത്തിനുനുള്ളിൽ എല്ലാ ഔപചാരികതകളും പൂർത്തിയായി. അവർ വളരെ സന്തോഷപൂർവ്വം മുംബൈയിലേക്ക് മടങ്ങിവന്നു.

ഇരുവരുടേയും ജീവിതം സ്വപ്ന സമാനമായി തുടരുമ്പോഴാണ് ആ സംഭവം ഉണ്ടായത്.

ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരുന്നതിന്‍റെ ആഹ്ലാദം അവർ ആഘോഷിക്കാൻ പ്രകടിപ്പിച്ചു. മൺസൂൺ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

മഴ നനഞ്ഞ് കിടക്കുന്ന കടപ്പുറത്ത് പോയി ഇരിക്കാമെന്ന് വച്ച് അവൾ ഡ്രൈവ് ചെയ്ത് ബിച്ചിലേക്ക് ഹൈവേയിലൂടെ പോകുകയായിരുന്നു. ഇപ്പോൾ അവിചാരിതമായി പാഞ്ഞ് വന്ന ഒരു ട്രക്ക് ഇരുവരും സംസാരിച്ചിരുന്ന കാർ ഇടിച്ചു തകർത്തു.

ഗുരുതരപരിക്കുകളോടെ ഇരുവരും ആശുപത്രിയിലെത്തിച്ചു. പക്ഷേ വഴിയിൽ വച്ചു തന്നെ സുമേഷിന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. വരുന്ന വിവരം അറിഞ്ഞിട്ടും സുമേഷിന്‍റെ വീട്ടിൽ നിന്ന് ആരും വന്നില്ല.

താരേഷ് ആശുപത്രിയിൽ കിടന്നാണ് എല്ലാ ചടങ്ങുകൾക്കും നേതൃത്വം നൽകിയത്. വല്ലാതെ തകർന്നു പോയിരുന്നു അയാൾ.

ഒരുമാസം കഴിഞ്ഞപ്പോൾ ഇടനിലക്കാരന്‍റെ ഫോൺ വന്നു. താരേഷ് അയാളോട് എല്ലാം തുറന്നു പറഞ്ഞു.

സുമേഷിന്‍റെ സംരക്ഷിക്കപ്പെട്ട ബീജം ഉപയോഗിച്ച് പിതാവാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇടനിലക്കാരൻ ഇനിയും കുറേകൂടി കാശ് സ്വരൂപിച്ചു വയ്ക്കാനിയി നിർദ്ദേശിച്ചു.

താരേഷ് തന്‍റെ ഇതുവരെയുള്ള സമ്പാദ്യമെല്ലാം സുമേഷിന്‍റെ ഏറ്റവും വലിയ മോഹം സഫലമാക്കാനായി മാറ്റിവച്ചു. മരണശേഷവും പങ്കാളിയോട് വല്ലാത്ത സ്നേഹമായിരുന്നു താരേഷിന്. സങ്കടം വരുമ്പോഴൊക്കെ താരേഷ് സുമേഷിന്‍റെ കുപ്പായം എടുത്തണിയും എന്നിട്ട് നിർത്താതെ കരയും.

എല്ലാ ഔപചാരികതയും നിറവേറ്റിയ ശേഷംസ്ത്രീയുടെ അണ്ഡവും സ്പേം ബാങ്കിൽ സൂക്ഷിച്ച സുമേഷിന്‍റെ ബീജവും ലാബിൽ ഒന്നിപ്പിച്ച ശേഷം ഭ്രൂണത്തെ സറോഗേറ്റ് മദറിന്‍റെ ഗർഭത്തിൽ വജയാത്മകമായി സന്നിവേശിപ്പിച്ചു.

നിശ്ചിത സമയത്ത് തന്നെ കുഞ്ഞ് ജനിച്ചു. കുഞ്ഞിന്‍റെ ജനിറ്റിക് പിതാവ് സുമേഷ് തന്നെയായിരുന്നു.

കുഞ്ഞിനെ ഒറ്റയ്ക്ക് പരിപാലിക്കുന്നത്. വലിയ സാഹസമായിരിക്കുമെന്ന് താരേഷിന് അറിയാമായിരുന്നു.

സുമേഷിന്‍റെ സ്വപ്നം സാക്ഷാൽക്കരിക്കകയെന്നതായിരുന്നു താരേഷിന്‍റെ ജീവിത ലക്ഷ്യം. അതിനായി എന്ത് യാഗം സഹിക്കാനും താരേഷ് തയ്യാറായിരുന്നു. മാസനികമായും താരേഷ് അതിനായി ഒരുങ്ങിയിരുന്നു.

കോൺട്രാക്റ്റ് പ്രകാരം ഒരുമാസം വരെ കുഞ്ഞ് സറോഗേറ്റ് മദറിനൊപ്പമായിരുന്നു അമ്മ കുഞ്ഞിന് അവസാനമായി മുലപ്പാൽ കൊടുത്തശേഷം കുഞ്ഞിനെ താരേഷിന്‍റെ കയ്യിൽ ഏൽപ്പിച്ചു സ്ഥലം വിട്ടു.

ഒരുമാസം മാത്രം പ്രായമായ കുഞ്ഞിനെയുമായി താരേഷ് സുമേഷിന്‍റെ വീട്ടിൽ ചെന്നു. അവന്‍റെ അച്ഛനോടും അമ്മയോടും കുഞ്ഞ് സുമേഷിന്‍റെതാണെന്ന് പറഞ്ഞതും രാഖിയുടെ കണ്ണ് നിറഞ്ഞു.

അവൾ ഓടിവന്ന് കുഞ്ഞിനെ വാരിപ്പുണർന്നു. പക്ഷേ അച്ഛന്‍റെയും അമ്മയുടേയും എതിർപ്പ് രാഖിയ്ക്ക് മറികടക്കാനായില്ല.

“നിങ്ങൾക്ക് എന്നോട് വെറുപ്പായിരിക്കും എന്ന് എനിക്കറിയാം. പക്ഷേ ഈ കുഞ്ഞിന് നിങ്ങളുടെ രക്‌തബന്ധമാണുള്ളത്. എനിക്ക് ഒറ്റയ്ക്ക് ഈ കുഞ്ഞിനെ രാജകുമാരിയെപ്പോലെ നോക്കാൻ സാധിക്കും.”

“സുമേഷ് ജീവിച്ചിരിപ്പുണ്ടായിരുന്നവെങ്കിൽ അവന്‍റെ കുഞ്ഞ് മുത്തച്ഛന്‍റെയും മുത്തശിയുടേയും സ്നേഹം കിട്ടി വളരണമെന്ന് ആഗ്രഹിച്ചേനെ. കുഞ്ഞിനെ ഇവിടെ ഉപേക്ഷിക്കാനല്ല ഞാൻ വന്നത്. നിങ്ങളുടെയെല്ലാം അനുഗ്രഹം വാങ്ങാനാണ്.”

താരേഷ് വല്ലാതെ വൈകാരികമായാണിത് പറഞ്ഞത്. ആരും പോസറ്റീവ് മറുപടി നൽകാത്തതിനാൽ താരേഷ് കുഞ്ഞിനേയും കൊണ്ട് വേഗം പടിയിറങ്ങി.

അപ്പോൾ കർട്ടന്‍റെ പിറകിൽ നിൽക്കുകയായിരുന്ന സുമേഷിന്‍റെ അമ്മയുടെ ശബ്ദം പുറത്ത് വന്നു. “നിൽക്കൂ”

താരേഷ് തിരിഞ്ഞു നോക്കിയപ്പോൾ അവർ ഓടിവരുന്നതെന്നാണ് കണ്ടത്. സുമേഷിന്‍റെ അമ്മ കുഞ്ഞിനെ കയ്യിലെടുത്ത് പൊട്ടിക്കരഞ്ഞു. രാഖിയും ഓടിവന്ന് അമ്മയെ ആശ്വസിപ്പിച്ചു.

സുമേഷിന്‍റെ അച്ഛൻ കണ്ണ് തുടച്ച് ഓടിവന്നു “മോനെ.. എന്‍റെ മോൻ ഈ ലോകം വിട്ടുപോയി..ഇനിയവന്‍റെ ഓർമ്മയ്ക്കായി പ്രകൃതി തന്നതാണീ കുഞ്ഞിനെ. ഞങ്ങളിതിനെ പൊന്നുപോലെ വളർത്തും. ഇത് ഞങ്ങളുടെ ചോരയാണ്…”

“പക്ഷേ ഇത് ങ്ങളുടെ രണ്ടാളുടേയും സ്വപ്നമാണ്” കുഞ്ഞിനെ എന്നന്നേക്കുമായി നഷ്ടപ്പെടുമന്ന് താരേഷ് കരുതി.

“നിങ്ങൾക്ക് ഈ കുട്ടിയുടെ അച്ഛനായി തുടരാം. പക്ഷേ ഇപ്പോൾ കുഞ്ഞിനെ അമ്മയുടെ സ്നേഹവും സാന്നിദ്ധ്യവുമാണ് വേണ്ടത്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ രാഖി ആ ദൗത്യം ഏറ്റെടുത്തൊളും. അത് അവൾക്കും ഒരു ആശ്വാസമാകും താരേഷ്”

“പക്ഷേ നിങ്ങൾക്ക് അറിയാമല്ലോ… എനിക്കൊരിക്കലും ഒരു സ്ത്രീയെ സംതൃപ്തിപ്പെടുത്താൻ കഴിയില്ല. രാഖിയുടെ ഭർത്താവായിരിക്കാൻ പൂർണ്ണ അർത്ഥത്തിൽ എനിക്കാവില്ല.”

“എനിക്ക് ഭർത്താവിന്‍റെ ലാളനകൾ അല്ല വേണ്ടത്. അമ്മയാവുന്നതിന്‍റെ ആനന്ദമാണ് ഞാൻ ആഗ്രഹിക്കുന്നത്” ഇത്രയും പറഞ്ഞ് രാഖി അമ്മയിൽ നിന്ന് കുഞ്ഞിനെ എടുത്ത് തോളിലിട്ടു തലോടി.

കുഞ്ഞ് നിഷ്കളങ്കമായി ചിരിച്ചപ്പോൾ സുമേഷ് ചിരിക്കുന്നതായി താരേഷിന് തോന്നി.

ഒരു പാതിരാ കൊലപാതകം

പുതുവർഷ തലേന്ന് പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച പാർട്ടിയിൽ പത്ര പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ച് ധാരാളം പോലീസ് ഓഫീസർമാരും എത്തിയിരുന്നു. തികച്ചും അനൗപചാരികമായ അന്തരീക്ഷം. കുശലാന്വേഷണങ്ങളും തമാശകളും പൊട്ടിച്ചിരികളും പ്രസ്സ് ക്ലബ്ബ് ഹാളിനെ ഉത്സവ ലഹരിയിലാക്കി.

“കഴിഞ്ഞുപോയ ഈ വർഷത്തിൽ ഞങ്ങൾ നിങ്ങളെയെല്ലാം കുറേയധികം വെള്ളം കുടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളാരും തന്നെ ഒരു വെറുപ്പും കാട്ടാതെ ഇവിടെയെത്തി.”  ന്യൂപേജിലെ മുതിർന്ന പത്രാധിപരായ മാധവൻ പോലീസ് ഓഫീസർമാരെ നോക്കി പുഞ്ചിരിച്ചു.

“ദാറ്റീസ് ആൾ പാർട്ട് ഓഫ് ദി ജോബ് മിസ്‌റ്റർ മാധവൻ” സിഐഡി ഇൻസ്‌പെക്‌ടർ ദേവ് പറഞ്ഞു. “ഇന്ന് വിദ്വേഷമൊക്കെ മറന്ന് എല്ലാവരും ആഘോഷിക്കും. നാളെയാണെങ്കിലോ നിങ്ങൾ പതിവുപോലെ ഞങ്ങളെ വിമർശിച്ച് ഭക്ഷിച്ചു തുടങ്ങും. എന്നാൽ പിന്നെ ഇന്ന് നിങ്ങൾ തരുന്നത് ഭക്ഷിക്കാമെന്ന് വിചാരിച്ചു.”

ഹാളിൽ പൊട്ടിച്ചിരി മുഴങ്ങി.

“മി.ദേവ് പറഞ്ഞത് ശരിയാണ്.”  പൊട്ടിച്ചിരിയൊന്നടങ്ങിയപ്പോൾ ഇൻസ്‌പെക്‌ടർ മോഹൻകുമാർ പറഞ്ഞു.

“എനിക്കാണൈങ്കിൽ രാത്രി മുഴുവനും മൊബൈൽ വാനിൽ റോന്ത് ചുറ്റണം. ഡബിൾ ഡ്യൂട്ടിക്ക് മുമ്പായി വിശ്രമിക്കുന്നതിനു പകരം ഞാനിവിടെ ഹാജരായിരിക്കുകയാണ്.”

“ഫ്രണ്ട്, നിങ്ങളൊരു ഫ്രീ ബേഡല്ലേ, ഇഷ്‌ടമുള്ളപ്പോൾ ഉണരാം. ആരും ചോദിക്കില്ല,” മോഹൻ കുമാറിനെ നോക്കി മാധവൻ ഊറിച്ചിരിച്ചു.

“പക്ഷേ, ഭാര്യമാരുടേയും കാമുകിമാരുടേയും ദേഷ്യം വകവയ്‌ക്കാതെ ഇവിടെ എത്തിയവരോടാണ് നന്ദി പറയേണ്ടത്.”

“ഛെ, നമ്മളെന്തിന് ഈ സന്തോഷം ഇല്ലാതാക്കണം?”

സംസാരം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നതു കണ്ട് ഹാളിലിരുന്ന പലരും ഒച്ച വയ്‌ക്കാൻ തുടങ്ങി.

“വൈ യു ആർ ഫ്‌ളർട്ടിംഗ് എറൗണ്ട് വുമൻ?” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ തമാശ മട്ടിൽ പറഞ്ഞു.

“ഒന്നു മനസ്സു വെച്ചാൽ സ്വയം മനസ്സിലാക്കാം.” ഇൻസ്‌പെക്‌ടർ അലിയുടേതായിരുന്നു തമാശ.

“നോ ചാൻസ്, ജീവിതത്തിൽ ഇനിയും വേദന നിറയ്‌ക്കാൻ ആരെങ്കിലും മനസ്സു വയ്‌ക്കുമോ?” മോഹൻ കുമാർ ഗൗരവത്തോടെ പറഞ്ഞു.

“തൊഴിലിലും പെണ്ണിലും പ്രശ്നങ്ങളുണ്ടായില്ലെങ്കിൽ പിന്നെന്ത് വിഷമമാണുണ്ടാവുക?” ചെറുപ്പക്കാരനായ ഒരു പത്ര പ്രവർത്തകർ ചോദിച്ചു.

“മിസ്‌റ്റർ മോഹനനെ പിന്തുടർന്നാൽ നിങ്ങൾക്കത് മനസ്സിലാകും,” അലി വീണ്ടും അതേ ഉദ്ദേശ്യത്തോടെ പറഞ്ഞു.

“നോക്കൂ, അദ്ദേഹം പോവുകയാണ്.”

“പട്രോളിംഗിന് പോവുകയാണ് ഫ്രണ്ട്‌സ്,” മോഹൻ കുമാർ തിരിഞ്ഞു നിന്ന് പറഞ്ഞു,

“വേദനയെ കഴുത്തിലണിയാനല്ല.”

“അദ്ദേഹത്തിന് എന്തോ കുടുംബ പ്രശ്നമുണ്ടെന്ന് തോന്നുന്നു” ഇൻസ്‌പെക്‌ടർ ദേവ് പറഞ്ഞു.

“അല്ലാ ഫ്രണ്ട്‌സ്, കൽപന ടെക്‌സ്‌റ്റൈൽസ് ഉടമ വിമലയുടെ ഏക മകനാണ്” അലി വിവരിച്ചു.

“പണത്തിനും സ്വാതന്ത്യ്രത്തിനും ഒരു കുറവുമില്ല.”

“അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് മറ്റെന്തെങ്കിലും വിഷമമുണ്ടാകും” മാധവൻ പറഞ്ഞു.

മൊബൈൽ ഫോൺ മുഴങ്ങുന്നതുകേട്ട് ദേവ് അസ്വസ്‌ഥനായി. “ഛെ, രാവിലെ ന്യൂ ഇയർ വിഷസ് പറഞ്ഞ് ഉറക്കം നശിപ്പിക്കാൻ വന്നിരിക്കുന്നു” പക്ഷേ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ കോളറിന്‍റെ പേര് കണ്ടതോടെ ദേവിന്‍റെ ഉറക്കം പമ്പ കടന്നു.

“ദേവ്, വ്യവസായി ഗോവിന്ദ് നാരായൺ കൊല്ലപ്പെട്ടിരിക്കുന്നു. ഞാൻ അദ്ദേഹ ത്തിന്‍റെ ബംഗ്ലാവിൽ നിന്നാണ് സംസാരിക്കുന്നത്. ദേവ് ഉടൻ ഇവിടെ എത്തിച്ചേരണം.” പോലീസ് കമ്മീഷണറുടെ ശബ്‌ദം.

“യെസ് സർ.”

ദേവ് ഉടൻ തന്നെ തയ്യാറായി ഗോവിന്ദ് നാരായണന്‍റെ ബംഗ്ലാവിലെത്തി. കമ്മീഷണർ ബംഗ്ലാവിന്‍റെ ലോണിൽ തന്നെ ഉണ്ടായിരുന്നു.

“ദേവ്, ഗോവിന്ദ് നാരായണന്‍റെ മക്കളെ പരിചയപ്പെടുത്താം” കമ്മീഷണർ തൊട്ടടുത്ത് വിഷാദമൂകരായി നിൽക്കുന്ന യുവാക്കളെ നോക്കി.

“ഇത് മൂത്തമകൻ ഋഷഭ് നാരായൺ അത് ഭാര്യ റീന. ഇത് രണ്ടാമത്തെ മകൻ പ്രവീൺ നാരായൺ. മറ്റേത് അർജുൻ. അവർ രണ്ടുപേരും അവിവാഹിതരാണ്.

ഇന്നലെ രാത്രി ഇവിടെ ന്യൂ ഇയർ പാർട്ടിയുണ്ടായിരുന്നു. ഋഷഭിന്‍റെ ചില കൂട്ടുകാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഒരു മണിയോടെ ഞങ്ങളെല്ലാവരും വീട്ടിലേക്ക് മടങ്ങി. എന്നാൽ കുട്ടികൾ മൂന്നുമണിവരെ ഇവിടെയുണ്ടായിരുന്നു.

അതിഥികളെയൊക്കെ യാത്രയയച്ച ശേഷം ഇവർ മുറിയിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്നുള്ള കാര്യം ഋഷഭ് പറയും.”

“മുറിയിലെത്തിയ റീന ലൈറ്റ് ഓൺ ചെയ്‌തപ്പോൾ ഞെട്ടിപ്പോയി. അലമാരയും ലോക്കറും മറ്റും തുറന്നു കിടക്കുന്നതാണ് കണ്ടത്. അവളുടനെ ബഹളം വച്ചു. അവളുടെ ഒച്ച കേട്ട് പ്രവീണും അർജുനും ഓടിയെത്തുകയായിരുന്നു. അവരുടെ മുറിയിൽ നിന്നും ലാപ്‌ടോപ്പും ഐ പാഡും മറ്റും നഷ്‌ടപ്പെട്ടിരുന്നു…

റീനയുടെ ആഭരണങ്ങളും പണവും എന്‍റെ ലാപ്‌ടോപ്പുമാണ് എന്‍റെ മുറിയിൽ നിന്നും മോഷണം പോയത്. ഞങ്ങൾ ഉടൻ പോലീസിന് ഫോൺ ചെയ്‌തു.

മിനിറ്റുകൾക്കകം ഇൻസ്‌പെക്‌ടർ മോഹൻ കുമാറെത്തി. പതിനൊന്ന് മണിയോടെ ഏകദേശം നാലുപേർ ഒരു വെളുത്ത മാരുതിയിൽ വന്നിരുന്നുവെന്നാണ് വേലക്കാരൻ കേശു പറയുന്നത്. അവരിൽ രണ്ടു പേരുടെ കൈയിൽ ബാഗുണ്ടായിരുന്നുവത്രേ. അവരിലൊരാൾ ബാഗ് കേശുവിനെ ഏൽപിച്ചിരുന്നു.

മറ്റേയാൾ ബാഗിൽ കൂട്ടുകാരനുള്ള സമ്മാനമാണെന്നാണ് പറഞ്ഞത്. അവർ അര മണിക്കൂറിനു ശേഷം മടങ്ങിപ്പോവുകയും ചെയ്‌തു. എന്തിനാ ഇത്രയും നേരത്തെ പോകുന്നതെന്ന് വാച്ചർ അവരോട് ചോദിച്ചിരുന്നുവത്രേ. അവർക്ക് മറ്റെവിടെയോ പോകാനുണ്ടെന്ന് പറഞ്ഞ് തിടുക്കത്തിൽ പോവുകയായിരുന്നു.

ഞങ്ങളുടെ ഒരതിഥിയും ബാഗുമായി വരികയോ മൂന്നു മണിക്ക് മുമ്പായി പോവുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ട് മോഷ്‌ടാക്കൾ അവരായിരിക്കാനാണ് സാധ്യത. ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവരെക്കുറിച്ചുള്ള സൂചന ട്രാഫിക് പോലീസിന് കൈമാറിയിരുന്നു. പക്ഷേ അപ്പോഴേക്കും അവർ സുരക്ഷിതമായ സ്‌ഥാനത്തേക്ക് രക്ഷപ്പെട്ടിരുന്നു.”

“ക്ഷമിക്കണം, ഈ സമയം നിങ്ങളുടെ അച്‌ഛൻ എവിടെയായിരുന്നു?” ഇൻസ്‌പെക്‌ടർ ദേവ് ചോദ്യ ഭാവത്തിൽ അവരെ നോക്കി.

“പപ്പയ്‌ക്ക് ബ്ലഡ് പ്രഷർ ഉണ്ടായതിനാൽ ഉറങ്ങാനുള്ള മരുന്നും കഴിച്ച് നേരത്തേ കിടന്നു. മാത്രമല്ല പപ്പ താഴത്തെ നിലയിലാണ് ഉറങ്ങാറ്. ആ മുറിക്ക് മുന്നിൽ നിന്നു കൊണ്ടാണ് കേശു അതിഥികളെ മുകളിലേക്ക് പറഞ്ഞു വിട്ടിരുന്നത്.

അതുകൊണ്ട് പപ്പയുടെ മുറിയിൽ മോഷണം നടക്കാൻ ഒരു ചാൻസുമുണ്ടായിരുന്നില്ല. അതുകൊണ്ട് പപ്പയെ ഉണർത്തുന്നത് ശരിയാണെന്ന് തോന്നിയില്ല” ഋഷഭ് പറഞ്ഞു.

“ഇൻസ്‌പെക്‌ടർ മോഹൻ കുമാർ പപ്പയുടെ മുറിയിൽ പോയിരുന്നു സർ,” അർജുൻ പറഞ്ഞു.

“എപ്പോൾ?”

“എന്‍റെ മുറിയിൽ തൂക്കിയിട്ടിരുന്ന മമ്മിയുടേയും പപ്പയുടെയും ഫോട്ടോ കണ്ടിട്ട് ഇൻസ്‌പെക്‌ടർ അവരെക്കുറിച്ച് ചോദിച്ചു. മമ്മി മരിച്ചു പോയി, പപ്പ സ്ലീപ്പിംഗ് പിൽസ് കഴിച്ചുറങ്ങുകയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സുരക്ഷിതനാണോ അല്ലയോയെന്ന് മുറിയിൽ ചെന്ന് പരിശോധിക്കണമെന്ന് ഇൻസ്‌പെക്‌ടർ പറഞ്ഞു.

എന്നെ മുറിക്ക് പുറത്ത് നിർത്തിയ ശേഷം അദ്ദേഹം കാലൊച്ച പോലും കേൾപ്പിക്കാതെ അകത്തു പോയി, കുറച്ചു നേരത്തിനു ശേഷം പുറത്തു വന്ന് അകത്ത് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു.”

“ഇത് ഏത് സമയത്തായിരുന്നു?” ദേവ് ആകാംക്ഷയോടെ ചോദിച്ചു.

“ഏകദേശം മൂന്ന്- മൂന്നരയ്ക്ക്. കാരണം നാല് മണിക്കു മുമ്പായി ഇൻസ്‌പെക്‌ടർ മടങ്ങിപ്പോവുകയും ചെയ്‌തു.”

“അതായത് കൊലപാതകം മൂന്നരയ്‌ക്ക് ശേഷമാണ് നടന്നിരിക്കുക.”

“അതെ ദേവ്, മോഷണവുമായി ഇതിന് യാതൊരു ബന്ധവുമില്ല. കാരണം മോഷ്‌ടാക്കൾ പന്ത്രണ്ട് മണിക്ക് മുമ്പേ തന്നെ മടങ്ങിപ്പോയിരുന്നല്ലോ. മാത്രമല്ല, ഋഷഭ് ഒരു മണിവരെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.” കമ്മീഷണർ തെല്ലൊരു ആലോചനയ്‌ക്കു ശേഷം പറഞ്ഞു.

“കൊലപാതക വിവരം എപ്പോഴാണ് അറിഞ്ഞത്?”

“പപ്പ എത്ര വൈകി ഉറങ്ങിയാലും രാവിലെ ആറ് മണിയോടെ എഴുന്നേൽക്കും. പതിവുപോലെ ചായയുമായി മുറിയിലെത്തിയ കേശു രക്‌തമൊഴുകുന്നതു കണ്ട് നിലവിളിക്കുകയായിരുന്നു. ഉടൻ തന്നെ ഞങ്ങൾ കമ്മീഷണർ അങ്കിളിനെ വിളിച്ചു” പ്രവീൺ പറഞ്ഞു.

“ഡോക്‌ടറെ വിളിച്ചില്ലേ?”

“ഞാൻ ഡോക്‌ടറാണ് സർ” പ്രവീൺ മുന്നോട്ടു വന്നു.

അപ്പോഴേക്കും പോലീസ് വാഹനമെത്തി. ഫോട്ടോഗ്രാഫറും ഫോറൻസിക് വിദഗ്‌ദ്ധരുമായിരുന്നു പോലീസ് വാഹനത്തിൽ.

“നിങ്ങൾ ബോഡി പരിശോധിച്ചോളൂ ദേവ്. അതിനു ശേഷം പോസ്‌റ്റ് മോർട്ടത്തിനായി ബോഡി അയയ്‌ക്കാം” കമ്മീഷണർ പറഞ്ഞു. “ങ്‌ഹാ, ഇത് നിന്‍റെ കേസാണ്, എന്നാലും ഞാൻ ഇൻസ്‌പെക്‌ടർ മോഹൻ കുമാറിനെ കൂടി വിളിക്കാം.”

“താങ്ക്‌യൂ സർ.”

ഗുരുതരമായ രീതിയിൽ തലയ്‌ക്ക് അടിയേറ്റാണ് ഗോവിന്ദ് നാരായൺ മരിച്ചത്. കൊല്ലപ്പെട്ടയാൾ ഉറക്കഗുളിക കഴിച്ച് ഗാഢമായ നിദ്രയിലായിരുന്നതിനാൽ വേദനയൊന്നുമറിഞ്ഞില്ലെന്ന് മാത്രമല്ല നിലവിളിച്ചതുമില്ല. അമിതമായ രക്‌തം വാർന്നാണോ അതോ ശക്‌തമായ പ്രഹരമേറ്റാണോ ഗോവിന്ദ് നാരായൺ മരിച്ചതെന്ന് പറയാനാവില്ല.

ഡ്രസിംഗ് ടേബിളിൽ സ്വർണ്ണച്ചെയിനും വിലപിടിപ്പുള്ള വാച്ചും അലമാരിയുടെ താക്കോലും പണമടങ്ങിയ പേഴ്‌സും അതേപടിയിരുന്നു. അതുകൊണ്ട് മോഷണമല്ല കൊലപാതകത്തിന് കാരണമെന്ന് വ്യക്‌തമാണ്. വിലപിടിപ്പുള്ള ഫ്‌ളോർ മാറ്റിൽ കൊലപാതകിയുടെ ഷൂ അമർന്ന നേരിയ പാട് ദേവിന്‍റെ ശ്രദ്ധയിൽ പതിഞ്ഞു.

“അതിന്‍റെ ഫോട്ടോയെടുത്തോളൂ. ഒന്നുമില്ലെങ്കിൽ കൊലപാതകി അണിഞ്ഞിരുന്ന ഷൂവിന്‍റെ അളവെങ്കിലും പിടികിട്ടുമല്ലോ.”

“അത്യാവശ്യമില്ല ദേവ്, ഗോവിന്ദിന്‍റെ ചെരിപ്പടയാളമാവാമിത്” കമ്മീഷണർ പറഞ്ഞു.

“സാർ, ഒരു കാര്യം ഉറപ്പാണ്. മോഷണമല്ല കൊലപാതകത്തിന് കാരണം. എന്തോ വൈരാഗ്യമാണ്” ദേവ് പറഞ്ഞു.

“സാർ, വീട്ടിലുള്ള ആരോ ആണ് അത് ചെയ്‌തിരിക്കുന്നത്” കേശു പറഞ്ഞു. “കാരണം, മോഹൻ സാർ പോയ ശേഷം ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരുന്നു. രാവിലെ മുതലാളിക്ക് നടക്കാൻ പോകുന്ന പതിവുള്ളതു കൊണ്ട് വാച്ചറിന്‍റെ കൈയിൽ നിന്നും താക്കോൽ വാങ്ങിയിരുന്നു.. പിന്നീട് കമ്മീഷണർ സാർ വന്ന ശേഷമാണ് പൂട്ട് തുറന്നത്. അങ്ങനെയാണെങ്കിൽ കൊലപാതകി വീട്ടിൽ തന്നെയുണ്ടെന്നല്ലേ… സാർ.”

“അത് നിനക്കെങ്ങനെ അറിയാം?” ദേവ് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ഗേറ്റ് പൂട്ടിയ ശേഷം അകത്തേക്കോ പുറത്തേക്കോ ആരെങ്കിലും വരികയോ പോവുകയോ ചെയ്‌തിട്ടില്ല. ഗേറ്റ് പൂട്ടുന്നതിനു മുമ്പ് ജീവനോടെയുണ്ടായിരുന്നു” കേശു കൈകൂപ്പിക്കൊണ്ട് പറഞ്ഞു.

“അത് കേശു ചേട്ടന് എങ്ങനെ അറിയാം?” അർജുന് ദേഷ്യം വന്നു.

“ചേട്ടൻ പപ്പയുടെ മുറിയിൽ പോയിരുന്നോ?”

“മോഹൻ സാർ അകത്ത് പോയിരുന്നല്ലോ.”

“പക്ഷേ പപ്പ ജീവനോടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ?”

“ങ്‌ഹാ, മോഹൻ കുമാർ എത്തിയല്ലോ,” കമ്മീഷണർ പറഞ്ഞു.

“അതേപ്പറ്റി മോഹനോട് തന്നെ ചോദിക്കാം?”

“സർ, ഞാൻ അലമാരിയിലും മുറിയിലുള്ള മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളുമാണ് ആദ്യം ശ്രദ്ധിച്ചത്. മുറിയിൽ നിന്നും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലന്ന് എനിക്ക് ബോധ്യമായി. ഈ സമയം ഗോവിന്ദ് സാർ ചെരിഞ്ഞ് കിടന്ന് നല്ല ഉറക്കമായിരുന്നു. മുറിക്ക് പുറത്തുവരെ അദ്ദേഹത്തിന്‍റെ കൂർക്കംവലി കേൾക്കാമായിരുന്നു. അർജുനും കേശുവും ഒരു പക്ഷേ അത് കേട്ടിരിക്കാം” മോഹൻ ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.

ഇരുവരും തലയാട്ടി സമ്മതിച്ചു.

“അങ്ങനെയാണെങ്കിൽ മോഹൻ പോയ ശേഷമാണ് കൊലപാതകം നടന്നത്. വീട്ടിലുള്ള ആരോ ആണ് അത് ചെയ്‌തിരിക്കാനിട.” കമ്മീഷണർ പുതിയ നിഗമനത്തിലെത്തി.

“പക്ഷേ അത് ഏതെങ്കിലും വേലക്കാരൻ ചെയ്‌തിരിക്കാൻ വഴിയില്ല. കാരണം മുറിയിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലല്ലോ” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ തിരുത്തി.

“അതിനു കാരണം പരസ്‌പര വൈരാഗ്യമാണെന്നാണോ മിസ്‌റ്റർ മോഹൻ?” ദേവ് ചോദ്യഭാവത്തിൽ ഇൻസ്‌പെക്‌ടർ മോഹനെ നോക്കി.

“തീർച്ചയായും, മിസ്‌റ്റേക്കൺ ഐഡന്‍റിറ്റിയെ മാറ്റി നിർത്തുകയാണെങ്കിൽ എല്ലാ കൊലപാതകത്തിനും കാരണം വ്യക്‌തിപരമായ നേട്ടമോ ശത്രുതയോ ആവാം. ഗോവിന്ദ് നാരായണനോട് ഏതെങ്കിലും വേലക്കാരന് എന്ത് ശത്രുതയുണ്ടാവാനാ?”

“മറ്റൊരു സാധ്യതയുണ്ട്, ആർക്കെങ്കിലും അദ്ദേഹത്തോട് ശത്രുതയുണ്ടെങ്കിൽ ഏതെങ്കിലും പരിചാരകനെക്കൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്തിക്കൂടേ?” ദേവ് ഇരുവരെയും നോക്കി പുഞ്ചിരിച്ചു.

“മാത്രമല്ല വീട്ടിലുള്ള ആരെങ്കിലും അതിനായി ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിലോ? അദ്ദേഹത്തെ നന്നായി അറിയുന്ന ആരോ ആണ് അത് ചെയ്‌തിരിക്കുക. ന്യൂ ഇയറിന് മദ്യപിക്കുകയും സെഡേറ്റീവ് മെഡിസിൻ കഴിക്കുകയും ചെയ്‌താൽ അദ്ദേഹം ബോധം കെട്ടുറങ്ങുമെന്ന് കൊലപാതകിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.

അപ്പോഴേക്കും വാച്ചറേയും കൂട്ടി കോൺസ്‌റ്റബിൾ അവിടെയെത്തി. ദേവിന് അയാളെ നല്ല പരിചയമുണ്ടായിരുന്നു. കമ്മീഷണറുടെ ഡ്രൈവർ റഷീദായിരുന്നു അത്.

“സർ, ഞാൻ സാറിന്‍റെ ബംഗ്ലാവിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് ഈ സംഭവത്തെക്കുറിച്ച് അറിയുന്നത്” റഷീദ് വിറയലോടെ പറഞ്ഞു.

“അവർ നാലുപേരുണ്ടായിരുന്നു. വെളുത്ത മാരുതിയിലാണ് അവർ എത്തിയത്. കാറിൽ റയോൺ സർവ്വീസ് ഗാരേജെന്ന ലേബലും ഒട്ടിച്ചിരുന്നു. അതിന്‍റെ ബംപറിൽ ഉരഞ്ഞ പാടുണ്ടായിരുന്നു.”

“റയോൺ ഗാരേജിൽ സർവ്വീസിന് വരുന്ന എല്ലാ വെളുത്ത മാരുതി കാറുകളുടേയും ഉടമകളെക്കുറിച്ച് അന്വേഷിക്കണം. ബംപറിലുള്ള അടയാളം വച്ച് അത് അന്വേഷിക്കാം.”

“ഗോവിന്ദ് നാരായണന്‍റെ കൊലപാതകിയെ അനായാസം കണ്ടെത്താനാവും അല്ലേ ദേവ്,” കമ്മീഷണർ അവിടെനിന്ന് പോയ ശേഷവും ഇൻസ്‌പെക്‌ടർ മോഹൻ കുമാർ ജിജ്‌ഞാസയോടെ ചോദിച്ചു.

“കാരണം, ഇവർ കമ്മീഷണറുമായി വളരെ അടുപ്പമുള്ളവരാണ്. അവരെ ചോദ്യം ചെയ്യുകയേ അസാധ്യമാണ്.”

“അതോർത്ത് ടെൻഷൻ വേണ്ട. ഇതിനു മുമ്പും ഇത്തരം കേസുകൾ പുഷ്‌പം പോലെ ഞാൻ പരിഹരിച്ചിട്ടുണ്ട് മോഹൻ. ഇവിടെ നടന്ന മോഷണവും കൊലപാതകവും തമ്മിൽ എന്തോ ഒരു ബന്ധമുണ്ട്. ഇപ്പോൾ നിങ്ങൾ റയോൺ ഗാരേജുവരെ പോകണം. എനിക്കിവിടെ ചിലരെ ചോദ്യം ചെയ്യാനുണ്ട്. വൈകുന്നേരം നമുക്ക് അതേക്കുറിച്ച് സംസാരിക്കാം” ദേവ് ഗൗരവപൂർവ്വം പറഞ്ഞു.

“ശരി, ഞാൻ വൈകുന്നേരം ഫോൺ ചെയ്യാം.” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവിടെ നിന്നുമിറങ്ങി.

ബോഡി പോസ്‌റ്റുമോർട്ടത്തിന് അയച്ച ശേഷം ദേവ് വീട്ടിലുള്ളവരെ ചോദ്യം ചെയ്യാനായി കമ്മീഷണറുടെ അനുവാദം വാങ്ങി. കമ്മീഷണർ ദേവിന്‍റെ നടപടിയിൽ അദ്‌ഭുതം കൂറി.

“പക്ഷേ ദേവ്, നിങ്ങൾ ആരേയും ചോദ്യം ചെയ്‌തില്ലല്ലോ.”

“ഇപ്പോൾ ആരും ഒന്നും പറയാവുന്ന അവസ്‌ഥയിലല്ല സർ. എല്ലാവരുടേയും വിരലടയാളം ശേഖരിച്ചിട്ടുണ്ട്. മോഹൻ കുമാർ മോഷ്‌ടാക്കളെ പിടികൂടുന്നതോടെ ഫോറൻസിക് റിപ്പോർട്ടും കിട്ടും. അതിനു ശേഷം ആവശ്യമെങ്കിൽ ചോദ്യം ചെയ്യൽ തുടരും.”

കമ്മീഷണർക്ക് ദേവിന്‍റെ കേസന്വേഷണ രീതി വിചിത്രമായി തോന്നി. അയാൾക്ക് കേസന്വേഷണത്തിൽ യാതൊരു താൽപര്യവുമില്ലെന്ന് തോന്നിപ്പോകും. എങ്കിലും നിശ്ശബ്‌ദനായിരിക്കാനാണ് കമ്മീഷണർ താൽപര്യപ്പെട്ടത്.

ഓരോ കേസിലും ദേവിന്‍റെ രീതി ഓരോ വിധത്തിലാണ്. ഓഫീസിൽ വന്നപ്പോഴാണ് ഗോവിന്ദ് നാരായണ ഗ്രൂപ്പിന്‍റെ മറ്റ് പാർട്ട്‌ണർമാരെക്കുറിച്ച് അന്വേഷിക്കാൻ ദേവ് രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിച്ചിരിക്കുന്ന കാര്യമറിയുന്നത്. പിറ്റേന്ന് ദേവിനെ കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിച്ചു.

“ദേവ്, മോഹൻ കുമാർ മോഷ്‌ടാക്കളെ തൊണ്ടി സഹിതം പിടികൂടിയിട്ടുണ്ട്. പ്രതികളെല്ലാവരും വലിയ വീട്ടിലെ പിള്ളേരാണ്” കമ്മീഷണർ കൂടുതൽ ഉത്സാഹത്തിലായിരുന്നു.

“ങ്‌ഹാ ദേവ്, അന്വേഷണം എവിടെ വരെയെത്തി?”

“ങ്‌ഹാ, നടക്കുന്നു സാർ, ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷമേ എന്തെങ്കിലും പറയാനാവൂ. ഇന്നലെ മോഹനെ വീട്ടിൽ കാണാമെന്ന് പറഞ്ഞെങ്കിലും ആ മീറ്റിംഗ് നടന്നില്ല” ദേവ് തെല്ല് നിരാശമട്ടിൽ പറഞ്ഞു.

“റയോൺ ഗാരേജിൽ നിന്നും വൈറ്റ് മാരുതിയുടെ ഉടമയെ അന്വേഷിച്ച് മോഹന് സിറ്റിക്ക് പുറത്തുവരെ പോകേണ്ടി വന്നു. അതുകൊണ്ടാണ് അയാൾ ആ സമയത്ത് വീട്ടിൽ എത്താതിരുന്നത്. കൊലപാതകത്തെക്കുറിച്ച് മോഹനോട് എന്ത് സംസാരിക്കാനാണ് ദേവ്? മോഷണവും കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല” കമ്മീഷണർ തറപ്പിച്ചു പറഞ്ഞു.

“അത് മോഹനുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷമേ പറയാനാവൂ സാർ. മോഹനോട് ഇവിടെ വരെ വരാൻ ഒന്ന് ആവശ്യപ്പെടണം.”

“അയാൾ ഇപ്പോൾ എത്തിച്ചേരും ദേവ്. രാവിലെ ഇവിടെ വരുമെന്ന് ഇൻഫോം ചെയ്‌തിരുന്നു” കമ്മീഷണർ പറഞ്ഞു. അപ്പോഴേയ്‌ക്കും ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവിടെയെത്തി.

“ഗുഡ്‌മോണിംഗ് ദേവ്,” മോഹൻ കുമാർ ഉത്സാഹത്തിലായിരുന്നു. മോഷ്‌ടാക്കളെ പിടികൂടിയതിന് ഇരുവരും അയാളെ അഭിനന്ദിച്ചു.

“എങ്ങനെയാണ് അവരെ പിടികൂടിയത്?” കമ്മീഷണർക്ക് ആകാംക്ഷയായി.

“വണ്ടിയുടെ ബംപറിയിലുണ്ടായ ഉരഞ്ഞ പാടാണ് അവരെ പിടിക്കാൻ സഹായിച്ചത്. വാഹനം ഡോക്‌ടർ രാജ് മോഹന്‍റേതായിരുന്നു. ന്യൂ ഇയറിന്‍റെ തലേന്ന് വൈകുന്നേരം അദ്ദേഹത്തിന്‍റെ സഹോദരിയുടെ ന്യൂ ഇയർ പാർട്ടിയുണ്ടായിരുന്നു. അതുകൊണ്ട് അവരെല്ലാവരും കൂടി ആ വാഹനത്തിലാണ് സഹോദരിയുടെ വീട്ടിൽ പോയത്. അത് ഒമ്പതുമണിക്കായിരുന്നു. രാത്രി രണ്ടു മണിയോടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. വാഹനം ഈ സമയം വീടിന് പുറത്താണ് പാർക്ക് ചെയ്‌തിരുന്നത്.

മകൻ സഞ്‌ജീവ് അവരെ അവിടെ ഇറക്കിയ ശേഷം അവിടെ നിന്ന് എവിടേക്കെങ്കിലും പോയിരുന്നോ എന്ന് ചോദിച്ചപ്പോൾ, സഞ്‌ജീവ് അവർക്കൊപ്പം ഗിറ്റാർ വായിച്ചുകൊണ്ട് അവിടെ തന്നെയുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്.

സഞ്‌ജീവും അതു തന്നെയാണ് പറഞ്ഞത്. കാറിന്‍റെ താക്കോൽ അയാളുടെ പോക്കറ്റിലുണ്ടായിരുന്നു. പാർട്ടി കഴിഞ്ഞ് പുറത്തുവന്നപ്പോൾ വാഹനം അവിടെ തന്നെയുണ്ടാ യിരുന്നുവത്രേ.”

“എനിക്കതത്ര വിശ്വാസം വരാത്തതുകൊണ്ട് സഞ്‌ജീവിനെ വീണ്ടും ചോദ്യം ചെയ്‌തു. കൂട്ടുകാരെ കൂട്ടാതെ കുടുംബത്തോടൊപ്പം ന്യൂ ഇയർ പാർട്ടി ആഘോഷിക്കുമോ എന്നു ചോദിച്ചു. കൂടെ സമപ്രായക്കാരായ കസിൻസുണ്ടായിരുന്നുവെന്നാണ് അവൻ പറഞ്ഞത്. അതിനു ശേഷം ന്യൂ ഇയർ ആഘോഷിക്കാനായി ഒരു കൂട്ടുകാരന്‍റെ വീട്ടിൽ പോയത്രേ. മുൻ മന്ത്രി കെ.രാമകൃഷ്‌ണന്‍റെ മകൻ ജയദീപാണ് ആ കൂട്ടുകാരൻ. ഞാൻ നിരാശനായി പുറത്തു വന്നപ്പോഴാണ് എന്‍റെ അസിസ്‌റ്റന്‍റ് നവീൻ റഷീദ് തയ്യാറാക്കിയ രേഖാചിത്രവുമായി അവിടെ വന്നത്. അത് അമ്മയേയും മകനേയും കാണിക്കുന്നതിനു മുമ്പ് അവരുടെ വീട്ടിലെ പൂന്തോട്ടക്കാരനെ കാണിച്ചാലോയെന്ന് എനിക്ക് തോന്നി. അവനാണ് രേഖാചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞത്. സഞ്‌ജീവിന്‍റെ കൂട്ടുകാരനാണവൻ. സഞ്‌ജീവിന്‍റെ വീട്ടിൽ അവൻ കൂടെക്കൂടെ വരാറുണ്ട്…”

“എക്‌സ്‌ക്യൂസ് മീ മോഹൻ, എനിക്ക് ഒരു അത്യാവശ്യ ജോലിയുണ്ട്. ഇപ്പോഴാ ഓർമ്മ വന്നത്. ഞാൻ ഉടനെ വരാം.” ദേവ് തിടുക്കപ്പെട്ട് പുറത്തേക്ക് പോയി.

കുറച്ച് നേരത്തിനു ശേഷം മോഹൻ മടങ്ങിയെത്തി. മോഹൻ പറഞ്ഞു, “കുറ്റം ചെയ്‌തിട്ടുണ്ടെന്ന് അവർ സമ്മതിച്ചു. സമ്പന്ന വീട്ടിലെ സന്തതികളാണവർ. വീട്ടിൽ നിന്നും പണം കിട്ടാത്തതു കൊണ്ടാണത്രേ മോഷണം നടത്തിയത്.”

“കള്ളി വെളിച്ചത്താക്കാനുള്ള നിങ്ങളുടെ അസാമാന്യമായ കഴിവ് അംഗീകരിച്ചേ പറ്റൂ,” ദേവ് അതേക്കുറിച്ച് തുടർ ന്ന് സംസാരിക്കാൻ താൽപര്യം കാട്ടിയില്ല. കുറച്ചു കഴിഞ്ഞ്, മോഹൻ കുമാറിനെയും കൂട്ടി തന്‍റെ മുറിയിലേക്ക് നടന്നു.

“ഗോവിന്ദ് നാരായണന്‍റെ കൊലപാതകത്തെക്കുറിച്ച് എന്തോ പറയാമെന്ന് പറഞ്ഞിരുന്നുവല്ലോ ദേവ്,” മോഹൻ ചായ കുടിക്കുന്നതിനിടെ ചോദിച്ചു.

“വൈകുന്നേരം ഗോവിന്ദ് നാരായണന്‍റെ ബംഗ്ലാവിൽ വച്ച് അദ്ദേഹത്തിന്‍റെ ശവ സംസ്‌കാരത്തിനു ശേഷം പറയാം.”

ശവ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ബന്ധുമിത്രാദികൾ മടങ്ങിപ്പോയതോടെ അർജുൻ കമ്മീഷണർക്ക് അരികിൽ ചെന്നു.

“അങ്കിൾ, മോഷണം പോയ വസ്‌തുക്കളും പണവും തിരികെ കിട്ടി. പക്ഷേ പപ്പ… പപ്പയുടെ കൊലപാതകിയെക്കുറിച്ച് ഇതുവരെ ഒരു വിവരവും കിട്ടിയില്ലല്ലോ.”

“കൊലപാതകിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു അർജുൻ. പക്ഷേ കുടുംബത്തിനുമേൽ പതിച്ച കളങ്കം മായില്ല. കാരണം ഈ കുടുംബത്തിൽ പെട്ടയാൾ തന്നെയാണ് ആ കൃത്യം നിർവഹിച്ചിരിക്കുന്നത്” ദേവ് ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു.

അർജുൻ പകച്ചു നിന്നു.

“അതെങ്ങനെ സംഭവിക്കും സാർ. പപ്പയ്‌ക്ക് സ്വന്തക്കാരോട് മാത്രമല്ല പുറത്തുള്ളവരുമായും നല്ല ബന്ധമായിരുന്നു. കൊലപാതകത്തിന് തക്കതായ കാരണമുണ്ടാകണമല്ലോ?” അതുവരെ നിശ്ശബ്‌ദനായി നിന്ന പ്രവീൺ പറഞ്ഞു.

“ഡോ. അയിഷയുമായുള്ള നിങ്ങളുടെ വിവാഹം പപ്പയുടെ മരണശേഷമേ നടക്കൂവെന്ന് നിങ്ങൾക്ക് നന്നായി അറിയുകയും ചെയ്യാം. എന്താ അതുമൊരു കാരണമല്ലേ?” ദേവ് അയാളെ നോക്കി.

“ഇല്ല സർ, ഞാനൊരു ഡോക്‌ടറാണ്. പപ്പാ എനിക്ക് സ്വത്തൊന്നും തന്നില്ലെങ്കിലും എനിക്ക് ജോലിയെടുത്ത് ജീവിക്കാനാവും” പ്രവീൺ പരിഭ്രാന്തിയോടെ പറഞ്ഞു.

“പറഞ്ഞത് ശരിയാണ്” ദേവ് വിഷയം മാറ്റി.

“പക്ഷേ ഋഷഭിനും അർജുനും ഇത് പറയാൻ കഴിയില്ല. സ്വന്തം ബിസിനസ്സ് മെച്ചപ്പെടുത്താൻ അവർക്ക് മറ്റ് ജോലികളൊന്നും ചെയ്യാനാവില്ല. ഗോവിന്ദ് നാരായണന്‍റെ നിഴലിൽ ബിസിനസ്സ് ചെയ്യുകയെന്നത് ഒരു തരം അടിമത്തമാണ്. അത് നിങ്ങൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.” ദേവ് പറയുന്നതിനെ ആരും ഖണ്ഡിക്കാൻ തയ്യാറായില്ല.

“ഇവരെല്ലാവരും ചേർന്ന് കൊലപാതകം നടത്തിയെന്നാണോ ദേവ് പറഞ്ഞുവരുന്നത്?” കമ്മീഷണറുടെ ശബ്‌ദത്തിൽ നിരാശ പടർന്നിരുന്നു.

“അല്ല സർ, കൊലപാതകത്തിന് യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്നുള്ള ഇവരുടെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു സാർ ഞാൻ.”

“എന്താ ഇതിനൊക്കെ അർത്ഥം. വീട്ടിലുള്ള ആരോ ആണ് കൊലപാതകം ചെയ്‌തതെന്ന് പറഞ്ഞല്ലോ ദേവ്. ഇവരല്ലെങ്കിൽ പിന്നെ ആരാണ്?” മോഹൻ തമാശയെന്നോണം പറഞ്ഞു.

“സാർ, അദ്ദേഹത്തിന്‍റെ മക്കളല്ല കൊലപാതകം ചെയ്‌തതെന്ന് ഉറപ്പാണ്” റീന അസ്വസ്‌ഥതയോടെ പറഞ്ഞു.

“മകൻ തന്നെയാണ് കൊലപാതകത്തിന് പിന്നിൽ. പക്ഷേ നിങ്ങളുടെ ഭർത്താവോ അനുജന്മാരോ അല്ല.”

“ഇവർ നിരപരാധികളാണെങ്കിൽ കൊലപാതകം നടത്തിയ ആ മകനാരെന്ന് വെളിപ്പെടുത്തിക്കൂടെ, മിസ്‌റ്റർ ദേവ്?” മോഹൻ കുമാറിന്‍റെ ശബ്‌ദത്തിൽ പരിഹാസച്ചുവ പടർന്നിരുന്നു.

“ആ മകൻ… അതായത് അവിഹിത സന്തതി നിങ്ങളാണ് മി. മോഹൻ. മുറിയിൽ കണ്ട വിരലടയാളവും കാർപെറ്റിൽ പതിഞ്ഞ ഷൂവിന്‍റെ പാടുകളും നിങ്ങളുടേതാണ്. ” പോക്കറ്റിൽ നിന്നും ഒരു കടലാസെടുത്തുകൊണ്ട് ദേവ് പറഞ്ഞു.

“എന്‍റെ വിരലടയാളവും ഷൂസിന്‍റെ പാടുകളും ദേവ് എപ്പോഴാണ് എടുത്തതെന്ന് സാർ ഇദ്ദേഹത്തോട് ചോദിച്ചാലും.” മോഹന്‍റെ ശബ്‌ദം പതറിയിരുന്നു.

“ദേവ് വിരലടയാളവും മറ്റും നിങ്ങളെപ്പോഴാണ് എടുത്തത്?” കമ്മീഷണർക്കും ദേവിനോട് നീരസം തോന്നി.

“ഇന്ന് രാവിലെ സാർ, ഞാൻ അത്യാവശ്യ ജോലിയെന്ന് പറഞ്ഞു പോയത് ഓർക്കുന്നില്ലേ, എന്‍റെ ഓഫീസ് മുറിയിലെ തറയിൽ വാക്‌സ് പുരട്ടാൻ വേണ്ടിയായിരുന്നു അത്. മോഹൻ അവിടെ വരികയാണെങ്കിൽ ഷൂവിന്‍റെ അടയാളം അവിടെ പതിയുമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഞാനത് ചെയ്‌തത്. മാത്രമല്ല എന്‍റെ മുറിയിലെത്തിയ മോഹന് ഞാൻ ചായയും നൽകിയിരുന്നു. അങ്ങനെ എനിക്ക് വിരലടയാളവും കിട്ടി.”

“ഷൂവിന്‍റെ അടയാളം കണ്ടതു മുതൽ മോഹൻ, എനിക്ക് നിങ്ങളെ സംശയമായിരുന്നു. മാത്രമല്ല ജീവിതത്തോടുള്ള നിങ്ങളുടെ വെറുപ്പും ഈ കേസിലേക്ക് വെളിച്ചം വീശുകയായിരുന്നു. എന്തിനാ മോഹൻ നിങ്ങളീ ക്രൂരത കാട്ടിയത്?”

“ദേവ്.. നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ കാണാത്ത എന്‍റെ ജന്മദാതാവിനോടുള്ള വെറുപ്പായിരുന്നു എന്‍റെ മനസ്സ് മുഴുവനും. അമ്മയോട് അതേപ്പറ്റി പലതവണ ചോദിച്ചപ്പോഴും അമ്മ ജി.എൻ എന്ന് മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ല. മാത്രമല്ല, ഒരു ഫോട്ടോ പോലും കാണിച്ചില്ല.”

ചെറുപ്പത്തിൽ അമ്മ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ കണ്ടിട്ടാണ് അത് പപ്പയാണോ എന്ന് ഞാൻ അമ്മയോട് ചോദിച്ചത്. പക്ഷേ അമ്മ ഉടൻ തന്നെ ആ ഫോട്ടോ തുണ്ടം തുണ്ടമായി കീറിക്കളഞ്ഞു.

വളരെ ജിജ്‌ഞാസയോടെയാണ് ഗോവിന്ദ് നാരായണനെ കാണാനായി ഞാൻ മുറിയിലെത്തിയത്.

പക്ഷേ അദ്ദേഹം സുഖമായി ഉറങ്ങുന്നതു കണ്ടപ്പോൾ രാത്രി മുഴുവനും അസ്വസ്‌ഥതയോടെ ഉറക്കമില്ലാതെ കഴിയുന്ന അമ്മയെക്കുറിച്ചാണ് ഞാൻ ഓർത്തത്.

സ്വന്തം സുഖത്തിനുവേണ്ടി അമ്മയുടെ ജീവിതം നശിപ്പിച്ചയാളെ ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്?

ഊന്നുവടിയുടെ പിടികൊണ്ട് ഞാനയാളുടെ തലയിൽ ആഞ്ഞടിച്ചു.

ഇതൊക്കെ പറയുമ്പോൾ നിർജ്‌ജീവമായ മുഖഭാവത്തോടെ വിലങ്ങണിയാനായി ഇൻസ്‌പെക്‌ടർ മോഹൻകുമാർ ഇരുകൈകളും ദേവിന് മുന്നിൽ നീട്ടിപ്പിടിച്ചു.

അപരിചിതൻ

ഡൽഹി നഗരം മുഴുവൻ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന പോലെയാണ് സ്റ്റേഷനിലെ തിരക്ക്. ശ്വാസം വിടാൻ പോലും സ്‌ഥലമില്ലാത്ത പോലെ, ചുറ്റും നോക്കി.

കഴിഞ്ഞ അഞ്ചു വർഷങ്ങൾ താൻ ഈ തിരക്കിന്‍റെ ഭാഗമായിരുന്നു. ഡൽഹി നഗരത്തെ കുറിച്ചുള്ള തന്‍റെ ആദ്യത്തെ ഓർമ്മകൾ എന്തായിരുന്നു?

ഇന്ത്യ ഗേറ്റിൽ വഴി തെറ്റി അലഞ്ഞതോ? ഒരിക്കലും മനസ്സിൽ വേരുറയ്ക്കാത്ത സരോജിനി നഗറിലെ തലങ്ങും വിലങ്ങുമുള്ള ഇടവഴികളോ? മെട്രോയിൽ ഒഴിഞ്ഞ സീറ്റുകൾ തേടിയുള്ള അലച്ചിലോ?

എന്തു തന്നെയായാലും ഈ നഗരത്തെ ഒത്തിരി സ്നേഹിച്ചു പോയി. സ്വപ്നങ്ങൾക്ക് അതിർവരമ്പു വേണ്ടെന്ന് പഠിപ്പിച്ചു തന്നത് ഈ നഗരമായതു കൊണ്ടാണോ?

ജീവിതത്തെക്കാൾ വലിയ സ്വപ്നങ്ങൾ താൻ കണ്ടത്. ഇവിടെ വച്ചായിരുന്നല്ലോ. അതിലെല്ലാം ഉപരിയായി മനസ്സിൽ നിന്ന് കുടിയിറക്കാൻ ആഗ്രഹിക്കുന്ന ചില ഓർമ്മകളെ ഈ തിരക്കുകളിലെവിടെയൊക്കെയോ ഉപേക്ഷിച്ചു പോകാൻ ആഗ്രഹിച്ചിട്ടുണ്ട്.

മുൻ ജീവിതത്തിന്‍റെ കയ്‌പ് രസം പുറന്തള്ളാൻ ഞാൻ ആഗ്രഹിച്ചിരുന്നു. വേദനിക്കുന്ന ഹൃദയത്തോടെ ഞാൻ എന്‍റെ സമയത്തെ ഈ തിരക്കുകൾക്കിടയിൽ ഒഴുക്കി കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നല്ലോ.

അഞ്ച് വർഷം മുമ്പാണ് അവനെ എനിക്ക് നഷ്‌ടമായത്. ഒന്നും അവശേഷിപ്പിക്കാതെ, ഒരു തെളിവും നൽകാതെ അവൻ അപ്രത്യക്ഷനായത് എങ്ങോട്ടാണ്? എന്തു കൊണ്ടാണ്? അതിന് ഉത്തരം കിട്ടാതെ വലഞ്ഞ മനസ്സിനെയും ചുമന്നാണ് ഈ നഗരത്തിൽ വന്നു പെട്ടത്.

നഷ്‌ടപ്പെട്ട സ്നേഹത്തിന്‍റെ പരിക്കുകൾ മനസ്സിൽ നിന്നു നീങ്ങിയോ എന്നറിയില്ല. എങ്കിലും മറക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ.

അതു കൊണ്ടാണല്ലോ ജോലിത്തിരക്കുകളിൽ ഞാൻ എന്നെ തള്ളച്ചിടാൻ കൊതിച്ചത്. സ്നേഹബന്ധങ്ങളെ കണ്ടില്ലെന്ന് നടിച്ചത്.

ജോലിയുടെ സ്വഭാവം വച്ച് നോക്കിയാൽ ഒരാഴ്ച അവധി കിട്ടുക എന്നത് ഒരു ആഡംബരം തന്നെയാണ്. ഇത്തവണ അങ്ങനെ ഒരു അദ്ഭുതം സംഭവിച്ചാൽ സന്തോഷം കൊണ്ട് ഹൃദയം തുടിച്ചു.

അഡ്രിനാലിൻ കൂടിയിട്ടാണോ ഇങ്ങനെ നെഞ്ചിടിക്കുന്നത്? ഒരു വർഷമായി വീട്ടിൽ പോയിട്ട്. മനസ്സിന്‍റെ ആകാംക്ഷയും പിരിമുറുക്കവും അയയുന്നില്ല. സീറ്റിലിരുന്നിട്ട് ഞാൻ എന്‍റെ ട്രാവൽ ചെക്ക് ലിസ്‌റ്റ് മനസ്സിൽ ഒന്നുകൂടി നോക്കിക്കണ്ടു.

വെള്ളം, ഐഡി പ്രൂഫ്, സ്യൂട്ട് കേസ്, ടിക്കറ്റ്… ഓഹ് ടിക്കറ്റ്! അതെവിടെ വച്ചു. ഹൊ…. അങ്ങനെ ഒരു മറവി വരുമോ? ഇല്ല… ഇല്ല…

ബാഗിന്‍റെ അകത്തെ അറയിൽ മീര എല്ലാം മറന്ന് പരതി. വളരെ ശ്രദ്ധയോടെ ടിക്കറ്റ് നോക്കുമ്പോഴാണ് ശ്രദ്ധയെല്ലാം തടസപ്പെടുത്തിക്കൊണ്ട് ഒരു മുരടൻ ആൺ ശബ്ദം…

“ഹലോ, വഴിയിൽ നിന്ന് മാറൂ.”

ശബ്ദത്തിലെന്തൊരു ശൗര്യവും ക്രൗര്യവും. അത്ര സുഖകരമായി തോന്നിയില്ല. എങ്കിലും ഈ ശബ്ദം എവിടെയോ കേട്ടു മറന്നപോലെ.

കക്ഷിയെ ഒന്നു കാണാൻ വേണ്ടി തിരിഞ്ഞു നോക്കി. ഇങ്ങനെ റൂഡ് ആയി സംസാരിക്കുന്ന ആളോട് തോന്നാവുന്ന അത്ര ദേഷ്യത്തോടെ, പകയോടെയാണ് നോക്കിയത്.

എന്നോട് മുട്ടാൻ വരുന്നവരെ വന്യമായി നേരിടാനുള്ള ധൈര്യം ഈ ഡൽഹി നഗരം തനിക്ക് ആവോളം നൽകിയിട്ടുണ്ടല്ലോ. തിരിഞ്ഞു നോക്കിയപ്പോൾ ആ വന്യമായ മനസ് കൈവിട്ടു പോയി.

അതേ രൂപം, അതേ ശബ്ദം. ഇത്…?

കണ്ണുകൾ അയാളെ തുറിച്ചു നോക്കി. തുറന്ന വായ അടഞ്ഞു പോകാൻ പോലും കഴിയാത്ത പോലെ.

ഒരു നിമിഷം, ഓർമ്മകൾ അണകെട്ടു തുറന്നപോലെ മനസ്സിലേക്ക് പ്രവഹിച്ചു. ആ പ്രവാഹത്തിന്‍റെ ശക്‌തിയും വേദനയും മനസ്സിൽ നിറഞ്ഞു നിൽക്കവേ, അയാൾ തൊട്ടുരുമ്മി തന്നെ മറികടന്ന് സീറ്റിൽ സാധനങ്ങൾ വച്ചതുപോലും അവൾ അറിഞ്ഞില്ല.

വണ്ടി മുന്നോട്ടെടുത്തു. അയാൾക്ക് എതിരെയുള്ള സീറ്റാണ്. എന്‍റെ എല്ലാ ചിന്തകളെ പോലും വേട്ടയാടിയിരുന്ന ഒരു ഓർമ്മയുടെ സ്വപ്നത്തിന്‍റെ കദനകാലം എന്‍റെ മിഴികളിൽ നിറഞ്ഞു നിന്നിട്ടുണ്ടാവണം.

ബാഗിൽ നിന്ന് ഒരു പുസ്‌തകമെടുത്ത് വായിക്കാൻ തുടങ്ങിയെങ്കിലും കണ്ണുകൾ അക്ഷരങ്ങളോട് ഒളിച്ചു കളിക്കാൻ തുടങ്ങി. മുന്നിലിരിക്കുന്ന ആളിലേക്ക് കൃഷ്ണമണികൾ അറിയാതെ നീണ്ടു പോവുന്നു. അത് തുടരെ തുടരെ സംഭവിച്ചു കൊണ്ടിരുന്നു.

“നിനക്കെന്തു പറ്റി? അത് അയാളല്ല. എന്തൊരു മണ്ടത്തരമാണ്. ഇങ്ങനെ തുറിച്ചു നോക്കുന്നത് ശരിയല്ല. മീര സ്വയം ശാസിച്ചു കൊണ്ടിരുന്നു.

തീവണ്ടി ഇരുട്ടിലൂടെ കുതിച്ചു പായുകയായിരുന്നു. അരണ്ട വെളിച്ചത്തിൽ ആളുകൾ ഉറക്കത്തിനായി ശ്രമിക്കുന്നു.

മീരയുടേത് ഏറ്റവും മുകളിലെ ബർത്താണ്. ഈ രാത്രി തനിക്ക് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. രാത്രിയുടെ നിശബ്ദതയിൽ ഉയരുന്ന ശബ്ദങ്ങളെല്ലാം വണ്ടിയുടെ ശബ്ദത്തിൽ അലിഞ്ഞു പോയിരിക്കുന്നു.

പെട്ടെന്നാണ് ആ ചോദ്യം.

“നിങ്ങൾ എന്താണ് എന്നെ നോക്കിക്കൊണ്ടിരിക്കുന്നത്?”

എതിർവശത്തുള്ള ബെർത്തിൽ നിന്നാണ് ആ ചോദ്യം. ആ കക്ഷി തന്നെ. മീരയ്ക്ക് കടുത്ത നാണക്കേട് തോന്നി. പക്ഷേ ഈ ചോദ്യം അവഗണിക്കാൻ നിർവാഹമില്ലല്ലോ. “ഞാൻ സ്നേഹിച്ച ഒരാളുടെ അതേ രൂപം നിങ്ങൾക്ക്.” “അതു കൊണ്ടെന്താ?” അയാളുടെ മനോഭാവവും ചൂടൻ സ്വഭാവവും കണ്ടപ്പോൾ എനിയ്‌ക്ക് ചോദിക്കാതിരിക്കാൻ ആയില്ല.

“നിങ്ങൾ ഇങ്ങനെയാണോ എല്ലാവരോടും പെരുമാറുന്നത്. അതോ എന്നോട് എന്തെങ്കിലും ശത്രുതയുണ്ടോ?” സ്വന്തം മനസിനെ നിയന്ത്രിക്കാനാണ് അങ്ങനെ ചോദിച്ചതെങ്കിലും, പണ്ട് രുദ്രൻ ഇങ്ങനെയാണല്ലോ പെരുമാറാറുള്ളത് എന്ന് ഞാൻ ഓർമ്മിച്ചു.

“എനിവേ, ആം സോറി. നിങ്ങളുടെ ശബ്ദം, മുടി, കണ്ണുകൾ എല്ലാം എന്‍റെ സ്നേഹിതനുമായി ഒത്തിരി സാമ്യമുണ്ട്.”

“നിങ്ങൾ ശരിക്കും അയാളെ സ്നേഹിച്ചിരുന്നു!”

“അത്….”

“ഏയ്, എനിക്ക് കൂടുതൽ അറിയണമെന്നില്ല.”

ഹൊ! എന്തൊരു മനുഷ്യൻ. ഞാൻ അൽപം ദേഷ്യത്തോടെ പുറം തിരിഞ്ഞു. എന്‍റെ മുഖത്തെ ചമ്മലും വൈമനസ്യവും അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവണം. അൽപം കഴിഞ്ഞപ്പോൾ ക്ഷമാപണവുമായി അയാൾ വന്നു.

“ആം സോറി. അപരിചിതരോട് എനിക്ക് സോഫ്റ്റ് ആയി സംസാരിക്കാൻ അറിയില്ല.”

“ഇറ്റ് ഈസ് ഒ.കെ. അവനും ഇങ്ങനെയായിരുന്നു. ഇതുപോലെത്തെ അവസ്‌ഥകളിൽ ഞാൻ പലപ്പോഴും പെട്ടുപോയിട്ടുമുണ്ട്.” അതു കേട്ടപ്പോൾ അയാൾ ചിരി അമർത്തിക്കൊണ്ട് തുടർന്നു.

“എങ്ങോട്ടാണ് പോകുന്നത്?”

“ഇൻഡോർ”

“നിങ്ങളോ?”

“ഞാനുമതേ.”

അപരിചിതരോട് സംസാരിക്കാൻ മടിയുള്ള ആളാണ് ഞാൻ. എന്നിട്ടും ഒട്ടും ബോറടിക്കാതെ ഒരു മണിക്കൂറോളം ഒരു അപരിചിതനോട് സംസാരിക്കുക! എനിക്ക് അതിശയം തോന്നി.

അടുത്ത രണ്ടു മണിക്കൂറും ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. രുദ്രനെ കുറിച്ചും, അയാളുടെ അഭാവത്തെകുറിച്ചും ഞാൻ പറഞ്ഞു. കൂട്ടുകാർ, ജീവിതം, സ്വപ്നങ്ങൾ, നിരാശ എല്ലാം കൂടിക്കുഴഞ്ഞ ഡൽഹി ജീവിതത്തിൽ പാർക്ക് ബല്ലുച്ചി എന്‍റെ ഇഷ്ടപ്പെട്ട റസ്റ്റോറന്‍റ് ആയതെങ്ങനെ എന്നു വരെ!

ഞങ്ങളുടെ സംസാരം ദീർഘമായത്തോടെ അടുത്തിരുന്ന യാത്രക്കാരൻ അസ്വസ്ഥതയോടെ ഇടപെട്ടൂ.

“അൽപം ശബ്ദം കുറയ്‌ക്കാമോ?”

അതു കേട്ടപ്പോഴും സംസാരം നിർത്താനുള്ള തോന്നൽ ഉണ്ടായില്ല.

“ഞാൻ അവിടെ വന്നിരുന്നാൽ പ്രശ്നമാവില്ലല്ലോ?” അയാളിരിക്കുന്ന ബർത്തിലേക്ക് ചൂണ്ടി ഞാൻ ചോദിച്ചു.

“ഇഷ്‌ടം പോലെ ചെയ്യൂ.”

കാര്യമത്ര പ്രസക്തമായാണ് അാൾ സംസാരിക്കുന്നത്. യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. അതിനാൽ ജോലി ഉപേക്ഷിച്ച് കുറച്ചുകാലം യാത്രയ്ക്കു പുറപ്പെടാൻ ആഗ്രഹിക്കുന്നു. അമ്മ കാൻസർ വന്നു മരിച്ചു അതിനാൽ താൻ പുകവലിയും ഉപേക്ഷിച്ചു. ഹസ്‌തരേഖാ ശാസ്ത്രം വളരെ ഇഷ്‌ടമാണ്. ഇങ്ങനെ കുറേ കാര്യങ്ങൾ അയാൾ പങ്കുവച്ചു.

സംഭാഷണങ്ങൾക്കിടെ രാത്രി ഓരോ വിടിപ്പുകളായി തീർന്നു കൊണ്ടേ ഇരുന്നു.

“ങ്ഹോ…”

ഒരു കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഞാൻ ഞെട്ടി ഉണർന്നു.

നേർത്ത വെളിച്ചം അകത്തേക്ക് ചാലുകളിട്ട് കയറിത്തുടങ്ങുന്നു. നേരം പുലർന്നുവോ? ഞാൻ കണ്ണു തുറന്നപ്പോൾ അമ്പരന്നു പോയി.

അയാളുടെ ബെർത്തിലാണ് ഞാൻ കിടക്കുന്നത്. ഒരു വശത്ത് അയാൾ ഇരുന്നുറങ്ങുന്നു. ആ കൈകൾ തന്‍റെ തലയ്‌ക്കു മുകളിൽ ചേർത്തു പിടിച്ചിട്ടുണ്ട്.

ഹെ!! ഞാൻ ചാടിയെഴുന്നേറ്റു പോയി. അയാളും ഞെട്ടി ഉണർന്നു. എന്നെ നോക്കി ഞാനെന്‍റെ വസ്‌ത്രങ്ങളും, ബാഗും ഒരൊറ്റനിമിഷം കൊണ്ട് പരിശോധിച്ചു. എന്‍റെ വെപ്രാളം കണ്ട് അയാൾ ചിരിച്ചു.

“ഹേയ്… ഒന്നും സംഭവിച്ചിട്ടില്ല. വിഷമിക്കേണ്ട. കൂർക്കം വലിക്കുമ്പോൾ നിങ്ങൾ കൂടുതൽ സുന്ദരിയാണ്.” എനിക്ക് മറുപടി ഒന്നും പറയാനായില്ല. ഞാനും ചിരിച്ചു മങ്ങിയ ചിരി.

ഇൻഡോർ അടുക്കാറായി. ഞങ്ങൾക്കിടയിൽ അകാരണമായ ഒരു നിശബ്ദത വട്ടമിടാൻ തുടങ്ങി. അയാൾ എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു അപരിചിതനൊപ്പം ബർത്തിൽ ഉറങ്ങിയല്ലോ എന്ന ഷോക്കിൽ നിന്ന് എനിക്ക് പെട്ടെന്ന് മോചനം കിട്ടിയില്ല.

ഒരു പക്ഷേ അയാൾ എന്‍റെ മനസ്സിലെ ചീന്തകൾ മനസ്സിലാക്കിയിട്ടുണ്ടാവും. അതു കൊണ്ടാവണം അയാളും നിശബ്ദനായി.

തീവണ്ടി വലിയൊരു ഞെരക്കത്തോടെ ഇൻഡോറിലെ പ്ലാറ്റ് ഫോമിലേക്ക് നിരങ്ങിയെത്തി. ഒരുമിച്ച് പുറത്തിറങ്ങിയപ്പോൾ പരസ്‌പരം നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരി…ഇനി…. എന്നാണ് കാണുക?”

“ഇനി കാണണമെന്ന് നിയോഗമുണ്ടെങ്കിൽ നമ്മൾ തീർച്ചയായും കാണും.”

“ഈ വൻ നഗരത്തിലോ? എങ്ങനെ കണ്ടുപിടിക്കാനാണ്?”

രുദ്രനെ ഞാൻ അയാളിൽ കാണുന്നുണ്ടോ? എനിക്കെന്‍റെ മനസിനെ പിടികിട്ടുന്നില്ല. ഈ അപരിചിതനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.

അയാൾ ദീർഘമായി ശ്വാസമെടുത്തു.

“ഞാൻ പറഞ്ഞല്ലോ, നാം കൂട്ടിമുട്ടാൻ വിധിക്കപ്പെട്ടവരാണെങ്കിൽ വീണ്ടും കാണും.”

“നിങ്ങളുടെ പേര് പോലും ചോദിക്കാൻ മറന്നു.”

“അതിന്‍റെ ആവശ്യമെന്ത്? എന്നെ കാണുമ്പോൾ നിങ്ങൾ കണ്ടത് രുദ്രനെയാണ് എന്നോടല്ല സംസാരിച്ചത്, രുദ്രനോടാണ്. രുദ്രൻ കൂടെ ഇല്ലെങ്കിലും, നിങ്ങളുടെ മനസ്സിൽ എപ്പോഴുമുണ്ട്. ഒരിക്കലും കാണാൻ ഇടയില്ലെന്ന് ഉറപ്പുണ്ടായിട്ടും, നിങ്ങൾ അയാളെ സ്നേഹിക്കുന്നു, നിങ്ങളുടെ ഓരോ അണുവിലും ആ സ്നേഹം ഉണ്ട്.” അയാൾ കൈവീശി നടന്നുപോകവെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.

ഒരു സ്നേഹപ്രവാഹമായി രുദ്രൻ എപ്പോഴും എന്‍റെ കൂടെയുണ്ട്. വിട്ടു പിരിയാതെ അതെന്‍റെ മനസിൽ ചുഴികളും മലരുകളും തീർത്തു കൊണ്ടേയിരിക്കുന്നു. നിനവുകളിലും ജീവിതത്തിലും വിടാതെ പിന്തുടരുന്ന അർത്ഥഗർഭമായ മൗനം പോലെ. രുദ്രൻ എന്നോടൊപ്പം നടക്കുന്നു. എക്കാലവും…

പ്രവാസം

“പുതിയ രാജ്യം, പുതിയ ആളുകൾ… എനിക്കെന്തോ വിചിത്രമായി തോന്നുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങി പോകാനാ തോന്നുന്നത്.” സമീക്ഷ പതിവ് പരാതി അന്നും ആവർത്തിച്ചു.

“ഇത് ആസ്ട്രേലിയ ആണ്. ഏറ്റവും ഡെവല്പ്ഡായ രാജ്യങ്ങളിലൊന്ന്. എല്ലാവരും ഇങ്ങോട്ട് മൈഗ്രേറ്റ് ചെയ്യാനാ ആഗ്രഹിക്കുന്നത്. പക്ഷേ നീ മാത്രമെന്താ ഇങ്ങനെ… വെറും ബാലിശം.”

“പിന്നെന്താ ചെയ്യേണ്ടത്? പ്രതീകിന് ജോലിയുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ സർക്കിൾ ഇവിടെ ഉണ്ട്. കുട്ടികൾക്കാകട്ടെ സ്ക്കൂളിൽ ഫ്രണ്ട്സും കിട്ടും. പക്ഷേ എനിക്ക് മാത്രം പകൽ മുഴുവനും ഈ നാലു ചുവരും നോക്കിയിരിക്കാനാ വിധി. ഒറ്റയ്ക്ക് ഇരുന്ന് മടുത്തു.”

“ശരിയാണ്… സംഗതി സീരിയസ് തന്നെ.” പ്രതീക് തമാശ ഭാവത്തിൽ ചിരിച്ചു.

“പ്രതീകിന് തമാശയായി തോന്നും. പക്ഷേ ഞാൻ സീരിയസായി പറയുവാ. കുണ്ടിൽ കിടക്കുന്ന തവളയുടെ അവസ്‌ഥയാ എനിക്ക് ഇപ്പോൾ. കല്യാണം കഴിഞ്ഞ് ഉത്തരവാദിത്തങ്ങളായതോടെ പണ്ട് പഠിച്ചതൊക്കെ മറന്നു പോയി.”

“ആര് പറഞ്ഞു നീ കുണ്ടിലെ തവളയെ പോലെയാണെന്ന്. നീ ഏറെ ഉയരത്തിലെത്തി ഈ ആകാശത്തെ തൊടണമെന്നാ എന്‍റെ ആഗ്രഹം.”

“ഈ നാലു ചുവരിനിപ്പുറം 3 ജീവികളെയല്ലാതെ നാലാമതൊരെണ്ണത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. പിന്നെങ്ങനെയാ ഞാൻ ആകാശത്തെ തൊടുന്നത്?”

“നിനക്ക് ജീവിതത്തെക്കുറിച്ച് മാറിയൊന്ന് ചിന്തിച്ചു കൂടെ… ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ പഠിക്കൂ. നമുക്ക് എന്താണോ ജീവിതം തരുന്നത് അതിൽ നിന്നും ഏറ്റവും മനോഹരമായ നിമിഷങ്ങളുണ്ടാക്കുക.” പ്രതീക് സമീക്ഷയുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി കൊണ്ട് അവളെ വിളിച്ച് അടുത്തിരുത്തി ഒരു തത്ത്വജ്ഞാനിയെപ്പോലെ ഉപദേശിച്ചു കൊണ്ടിരുന്നു.

“എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല. നിങ്ങൾ തന്നെ എന്തെങ്കിലും പരിഹാരം കാണണം” സമീക്ഷ നിരാശ ഭാവത്തിൽ പറഞ്ഞു.

“ഞാൻ കുറച്ച് ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു. കുട്ടികൾ വളർന്ന് വലുതായി നമ്മളിൽ നിന്നും വിട്ട് അവർ സ്വന്തമായ ഒരു ലോകമുണ്ടാക്കും. അവർ അവരുടെ ജീവിതത്തിൽ മുഴുകും. അപ്പോൾ നിനക്ക് കടുത്ത ഏകാന്തത തോന്നും. ഓരോ ദിവസം കഴിയുമ്പോഴും അത് കൂടി വരും. അതുകൊണ്ട് ഇപ്പോഴെ അതിനു വേണ്ടി എന്തെങ്കിലും തയ്യാറെടുപ്പ് നടത്തുന്നത് ഉചിതമായിരിക്കും. നീ എന്തെങ്കിലും പഠിക്കണം.”

“ഈ പ്രായത്തിലോ… അങ്ങനെയാണെങ്കിൽ പ്രതീക് പറയുന്നതു പോലെ ഞാനെന്തെങ്കിലും കോഴ്സ് ചെയ്യാം. പക്ഷേ അതുകൊണ്ടെന്ത് ചെയ്യാൻ പറ്റും? 1-2 വർഷം കൊണ്ട് കോഴ്സ് കഴിയും. അത് കഴിഞ്ഞാലോ വീണ്ടും പഴയ ആ സ്‌ഥാനത്ത്. ഈ പ്രായത്തിൽ എനിക്ക് ആര് ജോലി തരാനാണ്. അതും ആസ്ട്രേലിയയിൽ.”

“ഇന്ത്യയിൽ പ്രത്യേക ഏജ് ലിമിറ്റുള്ളതു പോലെ ആസ്ട്രേലിയയിൽ ഇല്ല. ഇവിടെ കുട്ടികൾ കുറച്ച് വലുതാകുമ്പോഴാണ് അമ്മമാർ സ്വയം റീബിൽഡ് ചെയ്യുന്നത്. ഏറ്റവും അത്യാവശ്യമുള്ള കോഴ്സൊക്കെ ചെയ്‌ത് അവർ പുതിയ ജോലിയിൽ പ്രവേശിക്കും.”

“ങ്ഹാ… ഇപ്പോൾ എനിക്ക് ഏറെക്കുറെ കാര്യം പിടികിട്ടി. ഞാൻ നാളെ തന്നെ യൂണിവേഴ്സിറ്റി വെബ്സൈറ്റൊക്കെ സർച്ച് ചെയ്യാം.” സമീക്ഷ പുതിയൊരു വഴി തുറന്ന് കിട്ടിയ ആശ്വാസത്തോടെ പ്രതീകിനെ നോക്കി.

പിന്നീടുള്ള ദിവസങ്ങളിൽ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സമീക്ഷ മണിക്കൂറുകളോളം അരിച്ചു പെറുക്കി പരിശോധിച്ചു.

ഒടുവിൽ ഇഷ്‌ടപ്പെട്ട ഒരു കോഴ്സ് സമീക്ഷ തെരഞ്ഞെടുത്തു. ഇവന്‍റ് മാനേജ്മെന്‍റ്. 14 വർഷങ്ങൾക്കു ശേഷം തുടങ്ങുന്ന പഠനം. തെല്ലൊരാശങ്ക കലർന്ന പ്രതീക്ഷയോടെയാണ് അവൾ ടേഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്.

സമീക്ഷ അവിടെ ഹഫീസയെന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. ഹഫീസയും ഇവന്‍റ് മാനേജുമെന്‍റ് കോഴ്സ് ചെയ്യാനെത്തിയതായിരുന്നു. ഹഫീസ ഇറാഖിയായിരുന്നു.

ഇംഗ്ലീഷിലുള്ള പരിമിതമായ അറിവു മൂലം അവളാകെ പരിഭ്മിച്ച് ഒതുങ്ങി മാറി നിന്നു. ഹഫീസയുടെ പതുങ്ങിയുള്ള ഇരിപ്പ് കണ്ടിട്ട് സമീക്ഷയ്ക്ക് അവളോട് സഹതാപം തോന്നി. ആ പരിമിതിക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ ഹഫീസയെ അൽപം സഹായിച്ചേ പറ്റൂവെന്ന് അവൾക്ക് തോന്നി. അതോടെ സമയം കിട്ടുമ്പോഴൊക്കെ സമീക്ഷ ഹഫീസയെ ഇംഗ്ലീഷിൽ സംസാരിക്കാൻ പഠിപ്പിക്കാൻ തുടങ്ങി.

സമീക്ഷയെപ്പോലെ ബുദ്ധി ജീവിയായ കൂട്ടുകാരിയെ കിട്ടിയതിൽ ഹഫീസ ഏറെ സന്തോഷിച്ചു. കുറച്ച് ദിവസങ്ങൾ കൊണ്ട് അവൾക്ക് സമീക്ഷ ഏറെ പ്രിയപ്പെട്ടവളായി മാറി. സമീക്ഷയോടുള്ള അഗാധമായ സ്നേഹവും കൃതജ്ഞതയും മൂലം വിശേഷാവസരങ്ങളിലും അല്ലാത്തപ്പോഴും ഹഫീസ സമീക്ഷയേയും കുടുംബത്തേയും വീട്ടിൽ ക്ഷണിക്കുകയും സൽക്കരിക്കുകയും ചെയ്‌തു.

ഇറാഖി – അഫ്ഗാൻ വിഭവങ്ങൾ പാകം ചെയ്യുന്നതിൽ ഹഫീസ സമർത്ഥയായിരുന്നു. സമീക്ഷ ഇക്കാര്യത്തിൽ വിട്ടു നിന്നില്ല. ഹഫീസയ്ക്കായി അവൾ ചില സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടു പോയി.

ക്ലാസ്റൂമിൽ അടുത്തടുത്തായുള്ള ഇരിപ്പിടങ്ങളിലായിരുന്നു അവരുടെ ഇരിപ്പ്. ക്ലാസിലെ അസൈൻമെന്‍റുകൾ അവരൊരുമിച്ച് ആസ്വദിച്ച് ചെയ്‌തു. ഓരോ ദിവസം കഴിയുന്തോറും അവർക്കിടയിലെ അടുപ്പവും സ്നേഹവും കൂടി കൂടി വന്നു.

വെളുത്ത് തുടുത്ത് സുന്ദരിയായ സമീക്ഷയുടെ സൗന്ദര്യത്തിന് അടുത്ത് നിൽക്കുന്നതായിരുന്നു ഹഫീസയുടെ സൗന്ദര്യവും. അവർക്കിടയിലെ സൗഹൃദവും അടുപ്പവും കാരണം അടുത്ത ബന്ധുക്കളാണെന്നാണ് ക്ലാസിലുള്ള മറ്റ് വിദ്യാർത്ഥികൾ കരുതിയിരുന്നത്.

ആരെങ്കിലും അവരോട് സംസാരിച്ചാൽ മാത്രമേ അവർക്കിടയിലെ അന്തരം മനസ്സിലാക്കിയിരുന്നുള്ളൂ. സമീക്ഷ നല്ല ഒഴുക്കിലാണ് ഇംഗ്ലീഷ് സംസാരിച്ചിരുന്നത്. ഹഫീസയാകട്ടെ മുറി ഇംഗ്ലീഷിലും.

“നീ എത്ര മനോഹരമായാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്?” ഇംഗ്ലീഷ് ഭാഷയിലുള്ള തന്‍റെ പരിമിതമായ പരിജ്ഞാനത്തെ ഓർത്തു കൊണ്ട് ഹഫീസ ഒരിക്കൽ ചോദിക്കുക വരെ ചെയ്‌തു.

“എന്‍റെ രാജ്യത്തെ രണ്ടാം ഭാഷയാണ് ഇംഗ്ലീഷ്. ഞങ്ങളുടെ നാട്ടിൽ ധാരാളം നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളുമുണ്ട്. വിദ്യാഭ്യാസത്തിനുള്ള മാധ്യമവും ഇംഗ്ലീഷിലാണ്. ഞങ്ങളുടെ നാട്ടിൽ ഒരുപാട് ഇംഗ്ലീഷ് പത്രങ്ങളും വാരികകളുമുണ്ട്. അതൊക്കെ നിരന്തരം വായിച്ചാണ് ഇത്രയെങ്കിലും ഭാഷാപരിജ്ഞാനം ഉണ്ടായത്.” സമീക്ഷ അഭിമാനത്തോടെ പറഞ്ഞു.

സമീക്ഷ പറഞ്ഞത് കേട്ട് അൽപ സമയം ഹഫീസ നിശബ്ദയായിരുന്നു. കുറച്ച് കഴിഞ്ഞ് ദീർഘ നിശ്വാസം ഉതിർത്തു കൊണ്ട് ഹഫീസ പറഞ്ഞു.

“നിങ്ങളെ പോലെയുള്ള ഇംഗ്ലീഷ് ഭാഷ അറിയാവുന്നവർക്ക് എവിടെയും ജീവിതം എളുപ്പമായിരിക്കും. ഞങ്ങളെപ്പോലെയുള്ളവർക്ക് ഭാഷയും ആക്സന്‍റും പഠിക്കാൻ യുദ്ധം തന്നെ ചെയ്യേണ്ടി വരും. മറ്റുള്ള കാര്യങ്ങളൊക്കെ പിന്നെ വരുന്ന പ്രശ്നങ്ങളാ.”

“ഹഫീസ അതൊക്കെ ശരിയാണ്. പക്ഷേ ഞാനെപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ഇങ്ങനെയൊരവസ്‌ഥയിൽ നീയെങ്ങനെയാ ഇവിടെയെത്തി ചേർന്നത്? കാരണം വിസ കിട്ടണമെങ്കിൽ ഭാഷ പരിജ്ഞാനം വേണമല്ലോ.” ചോദ്യം കേട്ട് ഹഫീസയുടെ മുഖഭാവം മാറി.

“അത്… ഞാൻ മറ്റൊരു വഴിക്കാണ് ഇവിടെയെത്തിയത്.” എന്‍റെ ചോദ്യത്തിന് സമർത്ഥമായി മറുപടി പറയാതൊഴിയാൻ അന്ന് ഹഫീസയ്ക്ക് കഴിഞ്ഞു.

എന്നിരുന്നാലും കുറച്ച് കഴിഞ്ഞതോടെ ഹഫീസ ഒരു വിധവയാണെന്ന കാര്യം ഞാൻ പതിയെ മനസ്സിലാക്കി. അവളുടെ മകൻ പിറക്കുന്നതിന് 3-4 മാസം മുമ്പായിരുന്നു അവളുടെ ഭർത്താവിന്‍റെ മരണം.

ആസ്ട്രേലിയയിലുള്ള ചില ബന്ധുക്കളുടെ സഹായത്തോടെയാണ് അവൾ അഭയാർത്ഥിയായി ഇവിടെ എത്തിയത്. അവളുടെ ബന്ധുക്കളെല്ലാവരും തന്നെ ഈയൊരു രീതിയിലാണ് ആസ്ട്രേലിയൻ പൗരന്മാരായി മാറിയതത്രേ. പഠനത്തോടൊപ്പം ഒരു റസ്റ്റോറന്‍റിൽ ഏതാനും മണിക്കൂർ വെയിറ്ററായും അവൾ ജോലി നോക്കിയിരുന്നു.

ഹഫീസയുടെ ജീവിതശൈലി കണ്ട് പലപ്പോഴും സമീക്ഷ അന്തംവിട്ട് നിന്നിട്ടുണ്ട്. ഏതോ സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വേഷവിധാനം. മാത്രമല്ല നല്ലൊരു മേഖലയിലാണ് അവൾ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നതും. ഇവിടെയുള്ള മികച്ചൊരു സ്ക്കൂളിലാണ് അവളുടെ മകൾ പഠിച്ചിരുന്നത്.

“ഒറ്റയ്ക്കെല്ലാം മാനേജ് ചെയ്യാൻ നിനക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടാവുമല്ലോ. എങ്ങനെയാ അതൊക്കെ ചെയ്യുന്നത്? കുറച്ച് സമയം മാത്രമുള്ള വെയിറ്റർ ജോലി കൊണ്ട് വീട്ടുചെലവ് നടത്താനാവുമോ?” ഒരു ദിവസം സംസാരത്തിനിടെ ഹഫീസയുടെ ലൈഫ്സ്റ്റൈലിന്‍റെ രഹസ്യം അറിയുന്നതിനായി ഞാൻ സൂത്രത്തിൽ ചോദിച്ചു.

“ഞാനൊരു സിംഗിൾ മോം ആണ്. അതുകൊണ്ട് എനിക്ക് സർക്കാരിൽ നിന്നും സോഷ്യൽ സെക്യുരിറ്റി അലവൻസ് കിട്ടുന്നുണ്ട്. അതൊക്കെ വച്ച് മാനേജ് ചെയ്യുന്നു.”

ഹഫീസയുടെ നിഷ്ക്കളങ്കമായ മറുപടി സമീക്ഷയുടെ ജിജ്‌ഞാസ കൂട്ടിയതേയുള്ളൂ. അതുകൊണ്ട് അവൾ ഉള്ളിലുയർന്ന ചോദ്യത്തെ അടക്കി നിർത്തിയില്ല.

“ആസ്ട്രേലിയയിൽ വന്നപ്പോൾ നിനക്ക് ഒറ്റ ഇംഗ്ലീഷ് വാക്കുപോലും അറിയില്ലായിരുന്നു എന്നല്ലേ പറഞ്ഞത്. പക്ഷേ ഇപ്പോ മുറി ഇംഗ്ലീഷാണെങ്കിലും കുഴപ്പമില്ലാതെ സംസാരിക്കുന്നു. പക്ഷേ ജോലി ചെയ്യാനുള്ള ഇംഗ്ലീഷൊക്കെ അറിയാമല്ലോ. എങ്ങനെയാ നീ ഇതൊക്കെ പഠിച്ചത്?”

“അതോ… ഞാനിവിടെ… അഡൽറ്റ് മൈഗ്രേറ്റ് ഇംഗ്ലീഷ് പ്രോഗ്രാമിന്‍റെ ഭാഗമായി ഇംഗ്ലീഷ് പഠനത്തിനായുള്ള സർക്കാരിന്‍റെ 510 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ ട്യൂഷനിൽ പങ്കെടുത്തിരുന്നു.”

“അതാ ഞാൻ ആലോചിച്ചത്, നിനക്കെങ്ങനെ ഇത്ര ധൈര്യം കിട്ടിയെന്ന്, അതുകൊണ്ടാ അല്ലേ… നിന്‍റെ നാട്ടിൽ നിന്നും ധാരാളമാളുകൾ എന്നും ബോട്ടിൽ ഇവിടെയെത്തുന്നത്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നും വരുന്ന അഭയാർത്ഥികളെ കുറിച്ച് ദേശീയ രംഗത്ത് വലിയ വാർത്തകൾ വരാറുണ്ടല്ലോ.” കയ്പു നിറഞ്ഞ ആ സത്യാവസ്‌ഥയെപ്പറ്റി സമീക്ഷ അറിയാതെയാണെങ്കിലും പറഞ്ഞു പോയി.

“അതിലധികം ഇന്ത്യാക്കാരും വരാറുണ്ടല്ലോ.” സമീക്ഷയുടെ ചോദ്യത്തിൽ നീരസം തോന്നിയ ഹഫീസ സ്വയരക്ഷയ്ക്കായി പറഞ്ഞു.

“അതെ വരാറുണ്ട്. പക്ഷേ നിങ്ങൾ ഇവിടെ വരുന്ന രീതിയലല്ല ഇന്ത്യക്കാർ വരുന്നത്. ഞങ്ങളെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവർ സ്കിൽ മൈഗ്രേഷൻ വിസയിലോ അതുമല്ലെങ്കിൽ സ്റ്റുഡന്‍റ് വിസയിലോ ആണ് വരിക. ഈ രണ്ട് രീതിയിലും ഞങ്ങൾ രാജ്യങ്ങളുടെ സാമ്പത്തിക നില ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.”

ക്ഷമ കെട്ട ഹഫീസ സമീക്ഷ പറയുന്നതിനിടയിൽ കയറി പറഞ്ഞു. “ങ്ഹാ… ഞങ്ങളെപ്പോലെയുള്ളവരെ പറ്റി നാഷണൽ ന്യൂസിൽ എന്തോ പറയാറുണ്ടെന്ന് സമീക്ഷ പറഞ്ഞല്ലോ…സമീക്ഷ എപ്പോഴെങ്കിലും എസ്ബിഎസ് ടിവി കണ്ടിട്ടുണ്ടോ? ഇന്ത്യയെക്കുറിച്ച് ഏതെല്ലാം തരം ഡോക്യുമെന്‍ററികളാണ് അതിൽ വരുന്നത്. അവിടത്തെ ദുർഗന്ധം വമിപ്പിക്കുന്ന ഓടകളെക്കുറിച്ചും, വൃത്തിഹീനമായ ചേരി പ്രദേശങ്ങളെക്കുറിച്ചുമൊക്കെ” ഹഫീസ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങളുടെ നാട്ടിനെക്കുറിച്ച് കുറച്ച് വർഷം മുമ്പ് ഓസ്ക്കർ അവാർഡ് നേടിയ സിനിമയും ഇറങ്ങിയിരുന്നു. ആ സിനിമയിലും ഈ വൃത്തികേടുകൾ കാട്ടുന്നുണ്ടായിരുന്നു. ങ്ഹാ… ഓർമ്മ വന്നു സ്ലം ഡോഗ് മില്യനയർ… ഇത്രയൊക്കെ ദോഷങ്ങളുണ്ടായിട്ടും വളരെ പരിഷ്കൃതരും ആധുനികരുമാണെന്ന ചിന്തയാ നിങ്ങൾക്ക്,” സമീക്ഷയെ പരിഹസിച്ചു കൊണ്ട് ഹഫീസ ഒരു വിജയിയുടെ ഭാവത്തിൽ പറഞ്ഞു.

“ഞങ്ങൾ ഇന്ത്യക്കാർ അഭിമാനികളാണ്. സൗജന്യമായി എന്തെങ്കിലും കിട്ടുമെന്ന് കണ്ട് അങ്ങോട്ട് ഓടിപ്പോകുന്നവരല്ല. ഞങ്ങളുടെ ഇന്ത്യ ഇന്ത്യയാണ്. നിങ്ങളുടെ ഇറാഖ് ഇറാഖും… എന്താ ഞങ്ങളോട് മത്സരിക്കാൻ പറ്റുമോ? പറ്റില്ല. വികസ്വര രാജ്യങ്ങൾക്ക് ഞങ്ങളെ പോലെയുള്ള പ്രതിഭാ സമ്പന്നരായ ആളുകളെയാണ് ആവശ്യം. അതുകൊണ്ടാ വലിയ കമ്പനികൾ ഞങ്ങൾക്ക് വിസാ സ്പോൺസർ ചെയ്‌ത് ഞങ്ങളെ വിദേശനാടുകളിൽ എത്തിക്കുന്നത്. ലോകം മുഴുവനുമുള്ള ഇൻഫോർമേഷൻ ടെക്നോളജി ഞങ്ങൾ ഇന്ത്യക്കാരുടെ പ്രയത്നം കൊണ്ടാ ഉണ്ടായത്. ഞങ്ങൾ ആവശ്യമില്ലാതെ അഭയാർത്ഥികളായി വികസിത രാജ്യങ്ങളുടെ സാമ്പത്തിക നില തകർക്കാൻ തുനിയാറില്ല.” സമീക്ഷയും ഒരു പോരാളിയെ പോലെ ഇന്ത്യക്കാരുടെ സവിശേഷതകളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

“പിന്നെന്തു കൊണ്ടാ നിങ്ങൾ ഇന്ത്യക്കാർ വർഷങ്ങളോളം ഇംഗ്ലീഷുക്കാരുടെ അടിമകളായി ജീവിച്ചത്? സ്വന്തം നാട്ടിൽ നിങ്ങൾ കൊള്ളയടിക്കപ്പെടുകയായിരുന്നില്ലേ?

“കയ്യിൽ പണമുള്ളവരെയല്ലേ കൊള്ളയടിക്കാൻ വരിക. ഇന്ത്യ പ്രാചീന കാലം തൊട്ടെ അളവില്ലാത്ത സമ്പത്തുള്ള രാജ്യമായിരുന്നുവെന്ന് ചരിത്രങ്ങൾ പറയുന്നുണ്ട്. ലോകം മുഴുവനുമുള്ള ആളുകൾ ഞങ്ങളുടെ ധനവും ജ്ഞാനവും കൊള്ളയടിക്കാനേ വന്നിട്ടുള്ളൂ.” സ്വന്തം രാജ്യത്തെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ കേട്ട് സമീക്ഷ സമനില തെറ്റിയ അവസ്‌ഥയിലായി.

“നിങ്ങൾ ഇന്ത്യക്കാർ മറ്റുള്ളവരുടെ ആകർഷണ കേന്ദ്രമാണെങ്കിൽ പിന്നെന്തു കൊണ്ടാ മെൽബെണിൽ ഇന്ത്യൻ സ്റ്റുഡന്‍റ്സ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്? ഇന്ത്യക്കാരെക്കുറിച്ചുള്ള മോശമായ വാർത്തകൾ ചികഞ്ഞു പെറുക്കി അവൾ ആവേശത്തോടെ പറഞ്ഞു.

“അങ്ങനെ കുറച്ച് മോശമാളുകളുണ്ടാവും. നല്ലതും ചീത്തയുമായ കാര്യങ്ങൾ എവിടെയും ഉണ്ടാകുമല്ലോ. നിങ്ങൾക്കും ഉണ്ടല്ലോ അത്തരം ചില മോശം പ്രവൃത്തികൾ” സമീക്ഷയും വീറോടെ വാദിച്ചു കൊണ്ടിരുന്നു.

ഹഫീസയുടെ മുഖം കണ്ടാൽ അവളിപ്പോൾ തന്നെ സമീക്ഷയെ വിഴുങ്ങിക്കളയുമെന്ന മട്ടിലായി. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു. എന്നാൽ സമീക്ഷയാകട്ടെ അവളെ നോക്കി ക്രൂരമായി പുഞ്ചിരിച്ച് സ്വന്തം പുസ്തകങ്ങൾ അടുക്കി പെറുക്കി വച്ചു.

ഹഫീസ നീരസത്തോടെ ക്ലാസ് മുറി വിട്ടിറങ്ങി. രണ്ടുപേർക്കിടയിലുള്ള തർക്കങ്ങൾ കാണാൻ അവിടെ ആരും ഉണ്ടാകാതിരുന്നത് ഭാഗ്യമായി. ക്ലാസിനിടയിൽ ഒഴിവ് സമയം കിട്ടിയപ്പോൾ ഇംഗ്ലീഷ് പഠിക്കാനായി ഒരു ഒഴിഞ്ഞ ക്ലാസ്മുറിയിൽ വന്നതായിരുന്നു അവർ. എന്നാൽ അവർക്കിടയിലെ മനോഹരമായ സൗഹൃദത്തിന് അവിചാരിതമായി മുറിറ്റേതിൽ ഇരുവരും വേദനിച്ചു കൊണ്ടിരുന്നു.

ആ ദിവസത്തിനു ശേഷം ഉറ്റ കൂട്ടുകാരികളായിരുന്ന അവർ ക്ലാസ് റൂമിൽ വെവ്വേറെ ഇരിപ്പിടങ്ങളിലായി ഇരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ ആ പിണക്കത്തെപ്പറ്റിയോർത്ത് ഇരുവരും പരിഭവിച്ചു കൊണ്ടിരുന്നു.

ഇരുവരും പരസ്പരം വീണ്ടും സംസാരിക്കാനും സൗഹൃദത്തിലാകാനുമായി മനസ്സിൽ നൂറുവട്ടമെങ്കിലും കൊതിച്ചു.

ഒടുക്കം ഒരു ദിവസം അവർ പരസ്പരം നോക്കി പുഞ്ചിരി പൊഴിച്ചു. മനോഹരമായ രണ്ട് പുഞ്ചിരികളിൽ അവരുടെ പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം അലിഞ്ഞില്ലാതെയായി.

ഭാഷയുടെയും സംസ്ക്കാരത്തിന്‍റെയും കാഴ്ചപ്പാടുകളുടെയും ചിന്തകളുടേയും അന്തരങ്ങളെയും അതിർവരമ്പുകളേയും മായ്ച്ച് കൊണ്ട് അവർക്കിടയിലെ സൗഹൃദം വീണ്ടും തളിർത്തു തുടങ്ങി.

ഇനിയൊരിക്കലും പിണങ്ങില്ലെന്ന് നാണം കലർന്ന പരിഭവത്തോടെ മൊഴിഞ്ഞു കൊണ്ട് ഹഫീസയും സമീക്ഷയും പരസ്പരം നോക്കി പൂനിലാവു പോലെ പുഞ്ചിരിച്ചു. ആ സ്നേഹത്തണലിൽ അവർക്കിടയിൽ വലിയൊരു ലോകം സൃഷ്ടിക്കപ്പെടുകയായിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें