സുനിതയുടെ എട്ട് വയസ്സുള്ള മകൻ ആദിത്യൻ കട്ടിലിൽ ഉറങ്ങുകയാണ്. സമീപത്ത് തന്നെ സുനിത ഉറങ്ങാതെയിരിക്കുന്നു. ആദിത്യൻ വളരെ ക്ഷീണിതനാണ്.
മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന സുനിതയുടെ ഭർത്താവ് മനീഷ് കട്ടിലിന്‍റെ മറ്റൊരു വശത്ത് തന്‍റെ മൊബൈൽ ഫോണിൽ ഗെയിം ഓഫ് ക്രോൺസ് ഗെയിം കളിച്ചു കൊണ്ട് സമയം നീക്കുന്നു. ബെഡ്റൂം ലൈറ്റിന്‍റെ മങ്ങിയ പ്രകാശം അവിടെ തങ്ങി നിൽക്കുന്നുണ്ട്.
സുനിത തന്‍റെ മുമ്പിൽ നിരത്തി വച്ചിരിക്കുന്ന ഉത്തരക്കടലാസുകൾ നോക്കുകയാണ്. സുനിതയുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഉറക്കത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. കോട്ടുവായ വന്ന് മൂടുന്നുണ്ടെങ്കിലും തന്‍റെ കയ്യിലെ പേപ്പറുകൾ വളരെ ശ്രദ്ധയോടെ അവൾ പരിശോധിക്കുകയാണ്.
സംശയം തോന്നുന്ന ചില പേപ്പറുകൾ ടേബിൾ ലാംപിന്‍റെ അരികിലോട്ട് നീക്കി വച്ച് നോക്കുന്നുണ്ട്.
“ഇനിയെത്ര നേരം കൂടിയുണ്ട്” മനീഷ് ഗെയിം ഓഫ് ക്രോൺസ് കളിക്കുന്നതിനിടയിൽ സുനിതയ്ക്ക് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. സുനിതയ്ക്ക് പക്ഷേ അനക്കമൊന്നുമില്ല.
മനീഷ് ഗെയിം കളിച്ചു കൊണ്ട് തന്നെ വീണ്ടും ചോദിച്ചു “ഇന്ന് രാത്രി മുഴുവൻ ഇതും നോക്കിയിരിക്കാൻ പോകുവാണോ? മതീന്നേ ഇനി ബാക്കി നാളെ നോക്കാം.”
സുനിത പേപ്പറിൽ നിന്ന് കണ്ണൊന്നു ചലിപ്പിച്ച ശേഷം “ഇല്ല” മനീഷിനോട് മറുപടിയെന്നോണം പറഞ്ഞു.
“എനിക്ക് ഇനിയും കുറേ പേപ്പറുകൾ നോക്കാനുണ്ട്. ആക്ച്വലി ഇത് കൗസല്യ മാഡത്തിന്‍റെ വർക്കാണ്. മാഡത്തിനു തീരെ വയ്യ. അതുകൊണ്ട് ഇത് മുഴുവൻ ചെയ്‌ത് കൊടുക്കാമെന്ന് ഞാനേറ്റതാണ്. നാളെയിത് സബ്മിറ്റ് ചെയ്യാനുള്ളതു കൊണ്ട് ഇന്ന് രാത്രി തന്നെ മുഴുവനും പരിശോധിച്ച് തീർക്കണം.”
സുനിത ഇതു പറഞ്ഞു കൊണ്ട് തന്‍റെ ജോലി തുടർന്നു.
“ഓഹോ” മനീഷ് സുനിത പറഞ്ഞതെല്ലാം കേട്ടു എന്ന ഭാവത്തിൽ വീണ്ടും ഗെയിമിനുള്ളിലേക്ക് കടന്നു.
സമയം കടന്നുപോയിക്കൊണ്ടിരുന്നു. ക്ലോക്കിൽ സമയം പുലർച്ചെ രണ്ട് മണിയാകാറായി. മനീഷ് ഗെയിമിൽ നിന്നും തൽക്കാലം ശ്രദ്ധ തിരിച്ച് കൈകളൊന്ന് അയച്ചു കൊണ്ട് തിരിഞ്ഞ് കിടന്നു.
മുറിക്കുള്ളിൽ ആരോ കരയുന്നതു പോലെ ഒരു തോന്നൽ മനീഷിനുണ്ടായി. പേപ്പറുകൾ നോക്കി കൊണ്ടിരിക്കുന്ന സുനിതയുടെ ഭാഗത്തേക്ക് നോക്കിയ മനീഷ് പെട്ടെന്ന് വല്ലാതായി. കൈയിലിരുന്ന മൊബൈൽ ഫോൺ പിടുത്തം വിട്ട് തെന്നി കട്ടിലിലേക്ക് വീണു. സുനിത വിതുമ്പുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരിക്കുന്നു.
“എന്താ... എന്തുപറ്റി” മനീഷ് നേരെയിരുന്ന് സുനിതയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു.
“ഏയ്... ഒന്നുമില്ല” സുനിത തന്‍റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.
“കുഴപ്പമെന്തെങ്കിലും” താനെന്തെങ്കിലും മറന്നുപോയോ എന്ന രീതിയിലാണ് മനീഷ് അത് ചോദിച്ചത്. സുനിത കരയുന്നുണ്ടെങ്കിൽ തീർച്ചയായും അതിലെന്തോ കാരണമുണ്ട്. മനീഷ് വല്ലാത്ത ആശയക്കുഴപ്പത്തിലായി.
ഒരൽപ നേരത്തെ മൗനത്തിനു ശേഷം മനീഷെന്തോ പറയാൻ തുടങ്ങും മുമ്പേ സുനിത ഉത്തരക്കടലാസിലൊന്ന് എടുത്ത് മനീഷിനു നേരെ നീട്ടി.
“ഇത് വായിക്കൂ... ഒരു കുട്ടി എഴുതിയ ഉപന്യാസമാണ്.”
“ഉപന്യാസം”
“അതേ”
“ഇതുകൊണ്ടെന്താ”
“സ്കൂൾ പരീക്ഷയിൽ വിദ്യാർത്ഥികളോട് ഒരു പ്രത്യേക ചോദ്യം ചോദിച്ചിരുന്നു, മനുവേട്ടാ!” സുനിത താൻ പറഞ്ഞത് ഒന്നു കൂടി വ്യക്‌തമാക്കുന്ന രീതിയിൽ പറഞ്ഞു. “അവരോട് നിങ്ങൾക്കൊരു അവസരം കിട്ടിയാൽ എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചിരുന്നു? മനുവേട്ടനറിയോ ഈ കുട്ടി എന്താണ് എഴുതിവച്ചിരിക്കുന്നതെന്ന്?”