താരേഷ്, ഇതെന്തു പേരാണമേ നിങ്ങൾ എനിക്ക് ഇട്ടിരിക്കുന്നത്? എല്ലാവരും എന്നെ താരേ താരേ എന്നാണ് വിളിക്കുന്നത്. പെൺകുട്ടികളുടെ മുമ്പിൽ വച്ച് പോലും കൂട്ടുകാർ എന്നെ താരേ എന്ന് നീട്ടി വിളിക്കും. എനിക്കിതൊന്നും സഹിക്കാനാവുന്നില്ല” താരേഷ് അമ്മയോട് പരിഭവം പറഞ്ഞു.
“നിന്‍റെ പേര് മുത്തശ്ശി വളരെ ഇഷ്‌ടപ്പെട്ട് ഇട്ടതാണ്. നീ ജനിച്ചത് രാത്രി ആകാശത്ത് പ്രത്യേകതയുള്ള നക്ഷത്രങ്ങൾ മുത്തശ്ശി കാണാൻ ഇടയായതിനാലാണ് നിനക്ക് ഇങ്ങനെയൊരു പേര് ഇട്ടത്” അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“പേരിട്ട മുത്തശ്ശി മരിച്ചു പോയി, ഇപ്പോൾ അനുഭവിക്കുന്നത് ഞാനും” താരേഷ് മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു. “എനിക്കീ പേര് ഇഷ്‌ടമല്ല. അമ്മ ദയവ് ചെയ്ത് എന്‍റെ പേര് മാറ്റി തരൂ.”
“താരേഷ് എന്നാൽ താരങ്ങളുടെ രാജാവ്. നിനക്ക് ചന്ദ്രികയെപ്പോലെ തിളങ്ങുന്ന പെണ്ണിനെ കിട്ടും.” അമ്മ പറഞ്ഞു.
“അത്ര തിളക്കമുള്ള വേറെയൊന്നും എനിക്ക് വേണ്ട. എനിക്ക് സൂര്യനെ മതി. ചൂടു തരുന്ന തിളങ്ങുന്ന സൂര്യൻ” താരേഷ് ദേഷ്യത്തോടെ പറഞ്ഞു.
പക്ഷേ അത് താരേഷിന് അറിയുമായിരുന്നില്ലല്ലോ. ഭാവിയിൽ അവനിഷ്ടപ്പെടുക സൂര്യനെയായിരിക്കമെന്ന്!
“അഭിനന്ദനങ്ങൾ, പെൺകുട്ടിയാണ്” നഴ്സ് പുറത്തേയ്‌ക്ക് വന്ന് താരേഷിനോട് പറഞ്ഞപ്പോഴാണ് അയാൾ പഴയകാല ഓർമ്മയിൽ നിന്ന് ഉണർന്നത്.
“എനിക്കിപ്പോൾ കാണാനൊക്കുമോ?”
“പിന്നെന്താ” താരേഷിന്‍റെ ഉത്സാഹം കണ്ടപ്പോൾ നേഴ്സ് മനോഹരമായി പുഞ്ചിരിച്ചു.
“എത്ര സോഫ്റ്റ് ആണ്...” കുഞ്ഞിനെ താരേഷ് കൈയ്യിലെടുത്തു നെഞ്ചിനോട് ചേർത്തു. കണ്ണടച്ചിരുന്നെങ്കിലും കുഞ്ഞ് തന്നെ തന്നെ നോക്കുകയാണെന്ന് അയാൾക്ക് തോന്നി.”
താരേഷ് കുഞ്ഞിന്‍റെ നെറ്റിയിൽ വിരൽ വച്ചു.
“സുമേഷിന്‍റെ അതേ ഛായ” താരേഷ് മനസ്സിൽ പറഞ്ഞു. എന്നിട്ട് കുഞ്ഞിനെ ഉമ്മ വച്ച ശേഷം സറോഗേറ്റ് മദറിന്‍റെ അരികിൽ കിടത്തി.
സ്കൂൾ കാലം തൊട്ട് താരേഷ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നു. പക്ഷേ പെൺകുട്ടികളോട് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. ഒരു ഗെ യുടെ മനസ്സായിരുന്നു താരേഷിനുണ്ടായിരുന്നത്.
അവന്‍റെ സ്പോട്‌സ് ടീച്ചർ അശോക് സാറിനെ അവന് വലിയ ഇഷ്‌ടമായരുന്നു. പ്രത്യേകിച്ചും മാഷിന്‍റെ ബലിഷ്ഠമായ കൈകളും മസിലും എല്ലാം അവൻ നോക്കി നിൽക്കും. സ്വപ്നം കാണും.
മാഷ് ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോൾ താരേഷ് നോക്കി നിൽക്കുന്നത് പതിവാണ്. മാഷിന്‍റെ വിയർത്തൊലിക്കുന്ന ശരീരം കാണുമ്പോൾ അവന് വല്ലാത്ത ആനന്ദമാണ്. അവന് കായിക ഇനങ്ങളിൽ ഒന്നും വലിയ താത്പര്യമില്ലായിരുന്നുവെങ്കിലും മാഷിന്‍റെ കളികാണാൻ ഇഷ്‌ടമായിരുന്നു. അശോക് സാറിന്‍റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നതിനാൽ അവൻ ജിംനാസ്റ്റികിന് ചേർന്നു.
പരിശീലിപ്പിക്കുന്നതിനിടയിൽ മാഷ് ശരീരഭാഗങ്ങളിലെവിടെയെങ്കിലും തട്ടുകയോ, തൊട്ടു പോവുകയോ ഒക്കെ ചെയ്യുമ്പോൾ താരേഷിന് വല്ലാത്ത കോരിത്തരുപ്പമാണ്. പലപ്പോഴും കറന്‍റ് അടിച്ചതുപ്പോലെയുള്ള ഒരു ഫീലിംഗ്! അവന്‍റെ ശ്വാസം അപ്പോൾ അനിയന്ത്രിമാവും. അവൻ കണ്ണടച്ച് അശോക് സാറിനെ കെട്ടിപ്പിടിക്കുന്നത് ഒരു നിമിഷം സങ്കൽപ്പിക്കും. ചുറ്റുമുള്ളവർ ഇത് കണ്ട് കളിയാക്കി ചിരിക്കുമ്പോഴാണ് പലപ്പോഴും അവൻ സ്വപ്നത്തിൽ നിന്ന് ഉണരുന്നത് തന്നെ.