നഖങ്ങൾ ഒന്ന് മിനുക്കിയാലോ…

കൈകളുടെ അഴക് വർദ്ധിപ്പിക്കുന്നതിന് മനോഹരങ്ങളായ നഖങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സുന്ദരവും കരുത്തുറ്റതുമായ നഖങ്ങൾ മികച്ച ആരോഗ്യത്തിന്‍റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു. അതിനാൽ അവയെ ശരീരത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടുന്നു. വൃത്തിയും മനോഹരവുമായ നഖങ്ങൾ മികച്ച വ്യക്തിത്വത്തിന്‍റെ അടയാളവും കൂടിയാണ്. അത് വ്യക്തിയുടെ സൗന്ദര്യ ബോധത്തെയും പോസിറ്റീവായ മനോഭാവത്തെയും പ്രതിഫലിപ്പിക്കും.

നഖങ്ങളുടെ അഴക് വർദ്ധിപ്പിക്കുന്നതിനായി സ്ത്രീകൾ നഖങ്ങളിൽ ധാരാളം പരീക്ഷണങ്ങൾ നടത്താറുണ്ട്. സാധാരണ നെയിൽ പോളിഷിനു പകരമായി നഖം മിനുക്കാനായി നെയിൽ ആർട്ട് എന്ന സംവിധാനവും ബ്യൂട്ടി പാർലറുകളിൽ ലഭ്യമാണ്. പ്രായത്തിനോ ഇഷ്ടത്തിനോ അനുസൃതമായി നഖങ്ങൾ ഡിസൈനും സ്റ്റൈലും പകരാൻ വിദഗ്ദ്ധരായ നെയിൽ ആർട്ടിസ്റ്റുകളോ സാങ്കേതിക വിദഗ്ധരോ ഉണ്ട്.

നിങ്ങളുടെ കൈകൾ അലങ്കരിക്കാനും അവയെ മികച്ച രീതിയിൽ അവതരിപ്പിക്കാനുമുള്ള വളരെ മനോഹരമായ മാർഗ്ഗമാണ് നെയിൽ ആർട്ട്. നെയിൽ ആർട്ട് അടിസ്‌ഥാനപരമായി സ്വയം പരിചരണമാണെന്നും വിശേഷിപ്പിക്കാം. നെയിൽ ആർട്ട് പല തരത്തിലുണ്ട്, വ്യത്യസ്ത തരം നെയിൽ ആർട്ടുകൾ ഏതൊക്കെയെന്ന് അറിയാം.

ഡോട്ട്സ്– നെയിൽ ആർട്ടിൽ ഏറ്റവും എളുപ്പമുള്ള രീതിയാണ് ഇത്. ഇതിൽ, ആദ്യം നഖങ്ങൾക്ക് നിറം പകർന്നു കൊണ്ടാണ് ഡിസൈൻ ചെയ്യുക. ഇതിനുശേഷം, നെയിൽ പോളിഷ് ബ്രഷിന്‍റെ സഹായത്തോടെ നഖങ്ങളിൽ ഡോട്ട് ഇടാം. ഡോട്ട് കൊണ്ട് ഫിൽ ചെയ്യാം അല്ലെങ്കിൽ വളരെ കുറച്ചു ഡോട്ട് ഇടാം.

സ്‌ട്രൈപ്‌സ്- നഖങ്ങളിൽ ഈ ഡിസൈൻ ചെയ്യുന്നതിനു നഖങ്ങൾക്ക് ആദ്യം നിറം നൽകുക. അതിനുശേഷം, സ്ട്രൈപ്പിംഗ് ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ മുകളിൽ നിന്ന് താഴേക്ക് വരകൾ (സ്‌ട്രൈപ്‌സ്) വരയ്ക്കാൻ തുടങ്ങുക. ഇവിടെ നിങ്ങൾക്ക് ലളിതമായ വരയോ ഡോട്ടുകളായുള്ള വരയോ സൃഷ്ടിക്കാം.

ഹാഫ് മൂൺ- ഈ ആർട്ട് ചെയ്യാൻ, ആദ്യം നിങ്ങളുടെ നഖങ്ങളിൽ ബേസ് കോട്ട് പുരട്ടുക, തുടർന്ന് നഖങ്ങളിൽ (ക്യൂട്ടിക്കിൾ ഏരിയയിൽ )ചന്ദ്രകല ഷേപ്പിൽ മുറിച്ച സെല്ലോ ടേപ്പ് ഒട്ടിച്ച ശേഷം ബാക്കി ഭാഗത്ത് ഇഷ്ടപെട്ട ഷേഡിൽ ഉള്ള നെയിൽ പെയിന്‍റ് പുരട്ടുക. നെയിൽ പെയിന്‍റ് ഉണങ്ങിയ ശേഷം സെല്ലോ ടേപ്പ് നീക്കം ചെയ്യുക. ഹാഫ് മൂൺ ഡിസൈൻ റെഡി

റോസ് ക്വാർട്സ്- ഈ ആർട്ട് ചെയ്യാൻ, ആദ്യം ബേസ് കോട്ട് പുരട്ടുക, തുടർന്ന് വൈറ്റ് നെയിൽ പോളിഷ് പുരട്ടുക. ഇതിനുശേഷം നഖങ്ങളുടെ വശങ്ങളിൽ വെളുത്ത വരകൾ നൽകാം. മികച്ച ഫലം ലഭിക്കുന്നത് കാണാം.

ക്‌ളൗഡ്‌- ആദ്യം നഖങ്ങളിൽ ബേസ് കോട്ട് പുരട്ടുക. ഇതിനുശേഷം, നീല നെയിൽ പോളിഷിന്‍റെ സഹായത്തോടെ മേഘങ്ങളുടെ ആകൃതി ഉണ്ടാക്കുക, തുടർന്ന് ഇളം വെള്ള നിറത്തിൽ രൂപരേഖ തയ്യാറാക്കുക. ഒരു പെയിന്റിംഗ് പോലെ. അവസാന ഘട്ടത്തിൽ, വെളുത്ത കോട്ട് പ്രയോഗിക്കുക. ഒരു കിടിലൻ ക്‌ളൗഡ്‌ ഡിസൈൻ റെഡി.

നീണ്ട നഖങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എന്നാൽ നഖങ്ങൾക്ക് സ്വാഭാവിക നീളം കുറവാണെങ്കിൽ, നെയിൽ എക്സ്റ്റൻഷൻ ചെയ്ത് സൗന്ദര്യം വർദ്ധിപ്പിക്കാം. നെയിൽ ആർട്ട് എന്നത് ഇന്നത്തെ കാലത്ത് ഗ്രൂമിംഗിന്‍റെ പര്യായമായി മാറിയിരിക്കുകയാണ്. എയർലൈൻ വ്യവസായം, ഹോട്ടൽ വ്യവസായം, കോർപ്പറേറ്റ് മേഖല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷനലുകൾക്കും എയർഹോസ്റ്റസുമാർക്കും ക്യാബിൻ ക്രൂവിനും ഇടയിൽ ഇത് ട്രെൻഡി ആയിരിക്കുകയാണ്. ഇതോടൊപ്പം വിവാഹ ചടങ്ങുകളിലോ വീട്ടിലെ മറ്റ് ചടങ്ങുകളിലോ നെയിൽ ആർട്ട് ചെയ്യാറുണ്ട്. നെയിൽ ടെക്നോളജി കോസ്മെറ്റോളജിയുടെ ഭാഗമാണ്.

മൾട്ടിടാസ്‌കിംഗ് എന്ന ഇരുതല വാൾ

മൾട്ടി ടാസ്കിംഗ് എന്നാൽ ഒന്നിലധികം ജോലികൾ ഒരേസമയം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് ആണ്. ആധുനിക ജീവിതത്തിൽ ആവശ്യമായ ഒരു വൈദഗ്ധ്യമായി ഈ കഴിവിനെ വാഴ്ത്തപ്പെടുന്നു. എന്നാൽ വളരെ കാര്യക്ഷമമെന്നു പുറമേക്ക് തോന്നുന്ന ഈ പ്രക്രിയ വ്യക്തിജീവിതത്തിലും ആരോഗ്യത്തിനും അത്രയും ഗുണകരമല്ല എന്നറിയാമോ?

ഒരു കണക്കിന് പറഞ്ഞാൽ 

മൾട്ടിടാസ്കിംഗ് ഒരു ഇരുതല മൂർച്ചയുള്ള വാളിന് സമാനമാണ്‌. ഉദാഹരണത്തിന്, ഒരു അമ്മ /അച്ഛൻ കുട്ടിയെ ഗൃഹപാഠത്തിൽ സഹായിക്കുകയും ഒപ്പം ആ ദിവസത്തെ വാർത്തകൾ വായിക്കുകയും കൂടെ ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്നു എന്ന് കരുതുക. ഇത് ദൈനംദിന ജീവിതത്തിന്‍റെ തിരക്കിൽ സമയം ലാഭിക്കാൻ സഹായിക്കും. എല്ലാം നടന്നതായി നമുക്ക് തോന്നുകയും ചെയ്യും. മൾട്ടിടാസ്കിംഗ് നിങ്ങളെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നതായി തോന്നിയേക്കാം, എന്നാൽ ഇത് യഥാർത്ഥത്തിൽ ഗ്രഹണശേഷി, ശ്രദ്ധ, മൊത്തത്തിലുള്ള പ്രകടനം എന്നിവ കുറയ്ക്കുന്നതിലൂടെ ഉൽപ്പാദനക്ഷമതയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.

ടാസ്‌ക്കുകൾക്കിടയിൽ നിരന്തരം ശ്രദ്ധ മാറുന്നത് ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും. തൽഫലമായി, പ്രിയപ്പെട്ടവർ അവഗണിക്കപ്പെടുകയോ അല്ലെങ്കിൽ അവർക്ക് അർഹമായ ശ്രദ്ധ ലഭിക്കാതെയും വരാം. അങ്ങനെ ബന്ധങ്ങൾ തകരാറിലായേക്കാം. ജീവിതത്തിലെ നല്ല നിമിഷങ്ങൾ, സംഭാഷണങ്ങൾ, ഒരുമിച്ച് പങ്കിടുന്ന അനുഭവങ്ങൾ ഇവയുടെ ഒക്കെ ഗുണ നിലവാരം നഷ്ടപ്പെട്ടേക്കാം.

ഇനി ആരോഗ്യകാര്യത്തിലേക്ക് വന്നാൽ 

മൾട്ടിടാസ്‌കിംഗ്, ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. കാരണം ഒന്നിലധികം ജോലികൾ ഒരേ സമയം ഫലപ്രദമായി നിർവഹിക്കാൻ ഉള്ള കഴിവ് മനുഷ്യ മസ്തിഷ്കത്തിന് ഇല്ല. മാനസിക ഭാരം തലച്ചോറിന്‍റെ പ്രോസസ്സിംഗ് ശേഷിയെ കവിയുന്നതിനാൽ, സമ്മർദ്ദത്തിന്‍റെ അളവ് വർദ്ധിപ്പിക്കും. രക്താതിസമർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ദുർബലമായ രോഗപ്രതിരോധ പ്രവർത്തനം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള റിസ്ക് വർദ്ധിച്ചേക്കാം. ഒപ്പം മെമ്മറിയെ തടസ്സപ്പെടുത്തുകയും ദീർഘകാല മെമ്മറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

മാത്രമല്ല, ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുന്നു. പല കാര്യങ്ങൾ ചെയ്യുന്നതിനാൽ ഇപ്പോഴും ജാഗ്രതയോടെ ഇരിക്കാനും തലച്ചോർ ശ്രമിക്കുന്നു. അങ്ങനെ നിരന്തരമായ ഉത്തേജനത്തിന് ശീലിച്ച തലച്ചോറിനും മനസിനും വിശ്രമിക്കാനും ഉറങ്ങാനും കഴിയാതെ വെല്ലുവിളിയായേക്കാം. കാലക്രമേണ, ഉറക്കക്കുറവ് കുമിഞ്ഞുകൂടാം, ഇത് ബുദ്ധിശക്തി കുറയുന്നതിനും മാനസിക അസ്വസ്ഥതകൾക്കും സമ്മർദ്ദം കൂടുതൽ വഷളാക്കുന്നതിനും ഇടയാക്കും. ഇത് നെഗറ്റീവ് വികാരങ്ങളിലേക്കും ഉത്കണ്ഠയിലേക്കും നയിച്ചേക്കാം.

അതേ സമയം മൾട്ടിടാസ്കിംഗിന്‍റെ പോരായ്മകൾ മനസിലാക്കി അതിന്‍റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ അറിയുന്നവർക്ക് അതൊരു നല്ല കാര്യം ആണ് താനും. എപ്പോൾ മൾട്ടിടാസ്‌ക് ചെയ്യണമെന്നും ഒരു ടാസ്‌ക്കിലേക്കോ പ്രിയപ്പെട്ടവരിലേക്കോ ശ്രദ്ധ എപ്പോൾ നൽകണമെന്നും തിരിച്ചറിയുന്നത് ഇതിൽ ഉൾപ്പെടുന്നു.

മൾട്ടിടാസ്‌കിംഗ് മികച്ച വൈദഗ്‌ധ്യമാകുമെങ്കിലും, അതിനെ ശ്രദ്ധയോടെയും സദുദ്ദേശ്യത്തോടെയും സമീപിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, വ്യക്തിജീവിതത്തിലെ സങ്കീർണതകൾ ഒഴിവാക്കി കെണികളിൽ വീഴാതെ ആരോഗ്യം നിലനിർത്താനും കഴിയും.

ചുരുക്കത്തിൽ, മൾട്ടിടാസ്‌കിംഗ് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഒരു നല്ല മാർഗമായി തോന്നുമെങ്കിലും, അത് യഥാർത്ഥത്തിൽ വിപരീത ഫലമുണ്ടാക്കുകയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഒരു സമയം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതായത് മോണോടാസ്കിംഗ് ഉൽപ്പാദനക്ഷമതയ്ക്കും ആരോഗ്യത്തിനും മികച്ചതായി പൊതുവെ കണക്കാക്കപ്പെടുന്നു. ചില സമയങ്ങളിൽ സിംഗിൾ ടാസ്‌കിംഗ് സ്വീകരിക്കുന്നത്, കൂടുതൽ സന്തുലിതവും സംതൃപ്തവുമായ ജീവിതത്തിലേക്കുള്ള പാത വാഗ്ദാനം ചെയ്യുന്നു.

ആദ്യം സൂചിപ്പിച്ച പോലെ രണ്ടിനും ഒരു ബാലൻസ് കണ്ടെത്തുകയും മൾട്ടിടാസ്‌ക്കിംഗിന്‍റെ പോരായ്മകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പുരുഷന്മാരെക്കാൾ മികച്ച പ്രകടനം സ്ത്രീകളുടേത്

മൾട്ടിടാസ്‌കിംഗ് ചെയ്യുമ്പോൾ സ്ത്രീകൾ പുരുഷന്മാരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് കാണുന്നത്. മൾട്ടിടാസ്‌ക്കിംഗിലെ ലിംഗ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ അത്രയും കാര്യമായി നടന്നിട്ടില്ല.

ചില മൾട്ടിടാസ്കിംഗ് സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ഒരു നേട്ടമുണ്ടാകാം, എന്നാൽ വ്യക്തിഗത വ്യത്യാസങ്ങൾ സംഭവിക്കാം. ആരോഗ്യത്തിലും ഉൽപ്പാദനക്ഷമതയിലും ഇതെങ്ങനെ ആണ് എന്നറിയാൻ ഇനിയും കൂടുതൽ അന്വേഷണം ആവശ്യമാണ്.

നമ്മൾ “മൾട്ടിടാസ്‌കിംഗ്” എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിനെ “ടാസ്ക്- സ്വിച്ചിംഗ്” എന്ന് പരാമർശിക്കുന്നത് കൂടുതൽ നന്നായിരിക്കും. നേരത്തെ പറഞ്ഞത് പോലെ, മസ്തിഷ്കം ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യുന്നില്ല; പകരം, അത് ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് ശ്രദ്ധ വേഗത്തിൽ മാറ്റുന്നു.

മോസ്കോയിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ (എച്ച്എസ്ഇ) ഗവേഷകർ നടത്തിയ ഒരു പഠനം ശ്രദ്ധേയമാണ്. ടാസ്ക് പെട്ടെന്ന് മാറുമ്പോൾ ഉണ്ടാകുന്ന പ്രകടനത്തിലെ ലിംഗ വ്യത്യാസങ്ങൾ ആണ് ഇവിടെ പഠന വിഷയം ആയത്. ഫംഗ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എഫ്എംആർഐ) മെഷീനിൽ ഒരു ടാസ്‌ക് സ്വിച്ചിംഗ് ടെസ്റ്റ് നടത്തിയാണ് പരീക്ഷിച്ചത്.

ജോലികൾക്കിടയിൽ പല കാര്യം മാറുന്നത് പുരുഷന്മാർക്ക് കൂടുതൽ ബുദ്ധിമുട്ടാണെന്ന് പഠനം കണ്ടെത്തി. ലിംഗഭേദമോ പ്രായമോ പരിഗണിക്കാതെ, ടാസ്‌ക് സ്വിച്ചിംഗ് പ്രത്യേക മസ്തിഷ്ക മേഖലകളെ സജീവമാക്കുന്നുണ്ട്. പുരുഷ മസ്തിഷ്കം ടാസ്‌ക്- സ്വിച്ചിംഗ് ടെസ്റ്റുകൾ നടത്തുമ്പോൾ കൂടുതൽ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. അതേസമയം നാഷണൽ റിസർച്ച് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇക്കണോമിക്സ് ന്യൂറോലിംഗ്വിസ്റ്റിക് ലബോറട്ടറി നടത്തിയ ഒരു പഠനത്തിൽ, പല കാര്യങ്ങൾ ഒരേ സമയം ചെയ്യാൻ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ എളുപ്പമാണെന്ന് കണ്ടെത്തി. മൾട്ടിടാസ്കിംഗ് ചെയ്യുമ്പോൾ അവരുടെ തലച്ചോറിന് അധിക വിഭവങ്ങൾ സമാഹരിക്കേണ്ട ആവശ്യമില്ല.

പല ജോലികൾക്ക് ഇടയിൽ ഇൻകമിംഗ് ഇമെയിലുകൾ, ഫോൺ കോളുകൾ, അസൈൻമെന്‍റുകൾ, മീറ്റിംഗുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ സ്ത്രീകൾ മികവ് കാട്ടുന്നു. എന്നിരുന്നാലും, മൾട്ടിടാസ്കിംഗ് സമയത്ത് വേഗത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നതിനാൽ സ്ത്രീകളും പുരുഷന്മാരും കൂടുതൽ തെറ്റുകൾ വരുത്തുകയും ചെയ്യുന്നുണ്ട്. കൃത്യമായ ഉത്തരം ഇല്ലെങ്കിലും, ലിംഗഭേദമില്ലാതെ, വ്യക്തികൾക്കിടയിൽ ടാസ്‌ക് സ്വിച്ചിംഗ് കഴിവുകൾ വ്യത്യാസപ്പെടാമെന്ന് വ്യക്തമാണ്.

ഓരോ വ്യക്തിയുടെയും മൾട്ടിടാസ്കിംഗ് കഴിവുകൾ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. മൾട്ടിടാസ്‌കിംഗ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ജോലിയുടെ സ്വഭാവത്തെയും ആശ്രയിച്ച്, കരിയർ വളർച്ചയിൽ പോസിറ്റീവും പ്രതികൂലവുമായ സ്വാധീനം ചെലുത്തും.

പരിഗണിക്കേണ്ട ചില പോയിന്‍റുകൾ ഇതാ:

കരിയർ വളർച്ചയ്ക്ക് മൾട്ടിടാസ്കിംഗിന്‍റെ പോസിറ്റീവ് വശങ്ങൾ:

ഉൽപ്പാദനക്ഷമത: ഫലപ്രദമായി ചെയ്യുകയാണെങ്കിൽ, മൾട്ടിടാസ്കിംഗ് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും, കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ ജോലികൾ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.

നൈപുണ്യ വികസനം: ഒന്നിലധികം ജോലികൾ കൈകാര്യം ചെയ്യുന്നത് ഏത് കരിയറിലെയും മൂല്യവത്തായ ഓർഗനൈസേഷണൽ, ടൈം-മാനേജ്‌മെന്‍റ് കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കും.

പൊരുത്തപ്പെടുത്തൽ: ഒന്നിലധികം ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നവരെയാണ് തൊഴിലുടമകൾ പലപ്പോഴും അന്വേഷിക്കുന്നത്.

കരിയർ വളർച്ചയ്ക്ക് മൾട്ടിടാസ്കിംഗിന്‍റെ നെഗറ്റീവ് വശങ്ങൾ:

ജോലിയുടെ ഗുണനിലവാരം: മൾട്ടിടാസ്കിംഗ് ചിലപ്പോൾ ജോലിയുടെ ഗുണനിലവാരം കുറയാൻ ഇടയാക്കും, കാരണം ശ്രദ്ധ വിഭജിക്കുന്നത് കൂടുതൽ പിശകുകളിലേക്കോ കുറവുകളിലേക്കോ നയിച്ചേക്കാം.

സ്ട്രെസ്: ഇത് സ്ട്രെസ് ലെവലുകൾ വർദ്ധിപ്പിക്കും, ഇത് മൊത്തത്തിലുള്ള ജോലി പ്രകടനത്തെയും സംതൃപ്തിയെയും പ്രതികൂലമായി ബാധിച്ചേക്കാം. മതിയായ ഇടവേളകളില്ലാതെ തുടർച്ചയായി മൾട്ടിടാസ്‌കിംഗ് ചെയ്യുന്നത് നല്ലതല്ല ഇത് കരിയർ വളർച്ചയ്ക്ക് ഹാനികരമാണ്.

മൾട്ടിടാസ്കിംഗ് എങ്ങനെ ബാലൻസ് ചെയ്യാം 

മൈൻഡ്‌ഫുൾ മൾട്ടിടാസ്‌കിംഗ്: എപ്പോൾ മൾട്ടിടാസ്‌ക് ചെയ്യണമെന്ന് തിരഞ്ഞെടുക്കുകയും ജോലിയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് നിർണായകമാണ്.

മുൻഗണന: ടാസ്‌ക്കുകൾക്ക് മുൻഗണന നൽകുന്നതും ഏറ്റവും നിർണായകമായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മൾട്ടിടാസ്‌കിംഗ് കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കും.

പ്രൊഫഷണൽ ഡെവലപ്‌മെന്‍റ്: എങ്ങനെ മൾട്ടിടാസ്‌ക് ഫലപ്രദമായി നടത്താം എന്നതിനെക്കുറിച്ച് തൊഴിലുടമകൾ പരിശീലനം നൽകണം. ഇത് കരിയർ പുരോഗതിക്ക് പ്രയോജനകരമാകും.

മൾട്ടിടാസ്‌കിംഗ് കരിയർ വളർച്ചയ്ക്ക് സംഭാവന നൽകുന്ന ഒരു വൈദഗ്ദ്ധ്യം ആയിരിക്കുമെങ്കിലും, അതിനെ ശ്രദ്ധാപൂർവം സമീപിക്കുകയും അത് കരിയർ പാതയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

തത്വമസി

കമ്പനി കണ്ടുപിടിച്ച് മാനേജരുടെ അനുവാദത്തോട മുതലാളിയുടെ ക്യാബിനിലേയ്ക്ക് നേരിയ വിറയലോടെ ഉസ്മാൻ കടന്നു ചെന്നു. തിരക്കിട്ട് ഫയലുകൾ നോക്കിക്കൊണ്ടിരുന്ന മുതലാളിയുടെ ഇരിക്കുവാനുള്ള ക്ഷണം കൈക്കൊണ്ട് വിനയത്തോടെ കസേരയിൽ ഇരുന്നപ്പോൾ തന്നെ അദ്ദേഹം വീണ്ടും ഫയലുകളിലേയ്ക്ക് തിരിഞ്ഞു. ഒപ്പം ഉസ്മാന്‍റെ ചിന്തകൾ പഴയ സംഭവങ്ങളിലേക്കും.

രണ്ടു മാസം മുൻപ് ഒരു ദിവസം രാവിലെയാണ് സംഭവം. ടാക്സി കാർ സ്വന്തമായിട്ടുള്ള അയൽ വീട്ടിലെ രാമൻകുട്ടി വേലിപ്പടി കവച്ചു വച്ച് തന്‍റെ വീട്ടിലേക്ക് വരുന്നത് താൻ ഉമ്മറത്ത് ഇരുന്ന് കാണുന്നുണ്ടായിരുന്നു. അവന് കിട്ടുന്ന ഓട്ടങ്ങളിൽ ചിലത് അവൻ തന്നെയാണ് ഏൽപ്പിക്കാറുള്ളത്. ഓട്ടം പോയിട്ട് കിട്ടിയ കാശ് മുഴുവനായും അവനെ ഏൽപ്പിക്കുമ്പോൾ മാന്യമായ പ്രതിഫലവും അവൻ തരാറുണ്ട്.

രണ്ട് കുടുംബങ്ങളും തമ്മിലുള്ള നിരവധി വർഷങ്ങളുടെ ബന്ധം എല്ലാ ആഘോഷങ്ങളിലും തെളിഞ്ഞു കാണാറുണ്ട്. ഇന്നത്തെ അവന്‍റെ വരവും ഏതെങ്കിലും ഓട്ടം അവന് പകരമായി തന്നെ വിടാൻ വേണ്ടിയിട്ടാകും. ഒരു പക്ഷേ, ഒരു സ്ഥിര വരുമാനമില്ലാത്ത തന്‍റെ അവസ്ഥ കണ്ട് തനിക്ക് ഒരു സഹായമാകട്ടെ എന്ന ചിന്തയും അതിന്‍റെ പുറകിൽ ഉണ്ടാകുമായിരിക്കും.

പക്ഷേ, പതിവിന് വിപരീതമായി രാമൻകുട്ടി തന്നെ തീരെ ഗൗനിക്കാതെ നേരെ അടുക്കളയിലേക്കാണ് പോയത്. അടുക്കളയിൽ ഉമ്മയോട് എന്തോ കുശുകുശുത്ത ശേഷമാണ് അവൻ ഉമ്മറത്ത് വന്ന് തന്നോട് കാര്യം പറഞ്ഞത്. പുറകെ ഉമ്മയുമെത്തി. ശബരിമലയിൽ സീസൺ തുടങ്ങുകയാണത്രെ. വൃശ്ചികം, ധനു രണ്ട് മാസം തീർത്ഥാടകരുടെ പ്രവാഹമായിരിക്കും. ഈ അറുപത് ദിവസവും മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സുരക്ഷാ ഡ്രൈവുകൾക്ക് വേണ്ടി താൽക്കാലികമായി ഡ്രൈവർമാരെ എടുക്കുന്നുണ്ടത്രെ.

അതിന് വേണ്ടി വകുപ്പ് നടത്തുന്ന ടെസ്റ്റിൽ പങ്കെടുക്കാൻ രാമൻകുട്ടി പോകുന്നുണ്ട്. താൻ കൂടെ വരുന്നോ എന്നറിയാനാണ് അവൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ഉമ്മയുടെ അഭിപ്രായവും രാമൻകുട്ടി സൂചിപ്പിച്ച പോലെ ഒന്ന് പങ്കെടുത്ത് നോക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ്. ഉസ്മാൻ സമ്മതം മൂളിയപ്പോൾ, എങ്കിൽ രാവിലത്തെ കഞ്ഞി കുടിച്ച് ഉടനെ പുറപ്പെടാമെന്ന് പറഞ്ഞ് രാമൻകുട്ടി എഴുന്നേറ്റു.

ഇലവുങ്കലിൽ താൽക്കാലികമായി തയ്യാറാക്കിയ സേഫ് സോൺ ക്യാമ്പ് ഓഫീസിൽ വച്ച്, ഒരു മണിക്കൂർ കൊണ്ട് മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന്, എത്തിച്ചേർന്ന മുപ്പത് പേരുടെയും ലൈസൻസ് പരിശോധന പൂർത്തിയാക്കി. തുടർന്ന് ഡ്രൈവിംഗ് മികവ് അറിയുവാനുള്ള പ്രായോഗിക പരീക്ഷ തീർന്നപ്പോഴേക്കും ഉച്ചക്ക് ഒരു മണിയായി. ആൽകോമീറ്റർ ടെസ്റ്റിൽ രണ്ടു പേർ മദ്യപിച്ചതായി കണ്ടതിനാൽ അവരെ ഉടനെ പറഞ്ഞു വിട്ടു. പിന്നെ ഒരാളെപ്പോലും ഒഴിവാക്കാതെ ബാക്കിയുള്ള എല്ലാവരെയും സെലക്ട് ചെയ്തു.

എല്ലാവർക്കും ആഹാരം തന്ന ശേഷം ഒരു മണിക്കൂർ നീണ്ട ക്ലാസ് ഉണ്ടായിരുന്നു. കൊടുംവളവുകളിൽ ശ്രദ്ധിക്കേണ്ടത്, രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ടത്, അപകടത്തിൽ പെടുന്ന തീർത്ഥാടകരെ രക്ഷിക്കേണ്ടുന്ന വിധം, ഫസ്റ്റ് എയിഡ് നൽകേണ്ടുന്ന വിധം, വിവരങ്ങൾ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അറിയിക്കുന്ന രീതികൾ, വന്യമൃഗങ്ങളുടെ സാമീപ്യം ഉണ്ടായാൽ പ്രതികരിക്കേണ്ട രീതികൾ, തീർത്ഥാടകരോട് ഇടപഴകേണ്ട രീതികളും മര്യാദകളും അവർക്ക് ചെയ്തു കൊടുക്കേണ്ടതായ സേവനങ്ങൾ തുടങ്ങി പല വിഷയങ്ങളായി ഒരു മണിക്കൂർ പോയതറിഞ്ഞില്ല.

ഉദ്യോഗസ്ഥർ തുടർന്ന് എല്ലാവരുടെയും അഡ്രസ്സും വാട്സ് ആപ് നമ്പറും വാങ്ങി വൃശ്ചികം ഒന്നിന് ഡ്യൂട്ടി തുടങ്ങുവാൻ തയ്യാറായി തലേദിവസം തന്നെ എത്തിചേരുമ്പോൾ കരുതേണ്ടതായ കാര്യങ്ങളും പറഞ്ഞ് തന്ന് ചായയും കഴിപ്പിച്ചാണ് ടെസ്റ്റിന് വന്നവരെ എല്ലാവരെയും യാത്രയാക്കിയത്. അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഒരു സർക്കാർ വകുപ്പിൽ നിന്ന് ഇത്തരം ഹൃദ്യമായ ഒരു ഇടപഴകൽ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരുമായി സംസാരിച്ചപ്പോൾ മനസ്സിലായത്.

വൃശ്ചികം ഒന്നിന് തീർത്ഥാടകരുടെ തിരക്ക് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. ഒരു ദിവസം എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായിരുന്നു പട്രോളിംഗ് ഡ്രൈവ് . പത്ത് റൂട്ടുകളിൽ ഒരു ഷിഫ്റ്റിൽത്തന്നെ പത്ത് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നിയന്ത്രണത്തിൽ പത്ത് വണ്ടികൾ. മൂന്ന് ഷിഫ്റ്റിലുമായി ഒരു ദിവസം മുപ്പത് ഇൻസ്പെക്ടറും മുപ്പത് ഡ്രൈവറും. എല്ലാ വണ്ടിയിലും സെർച്ച് ലൈറ്റും കപ്പിയും വടവും പോലീസിന്‍റെ കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാവുന്ന വയർലെസ് സെറ്റും കൂടാതെ ഫസ്റ്റ് എയിഡ് സാമഗ്രികളും. ചില റൂട്ടുകളിൽ വനം വകുപ്പിന്‍റെ ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു.

ആദ്യത്തെ നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ചുറ്റുപാടുമായി ഉസ്മാൻ നന്നെ ഇണങ്ങിക്കഴിഞ്ഞു. തൽക്കാലത്തേക്കാണെങ്കിലും വലിയൊരു സേനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉസ്മാന് അഭിമാനം തോന്നി. ഒരു സർക്കാർ ജീപ്പ്, അതും ടോപ്പ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് അഞ്ച് വ്യത്യസ്ഥ അലാറം മുഴക്കുന്ന, എയർ കണ്ടിഷൻ ഫിറ്റ് ചെയ്തിട്ടുള്ള എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനം. ഇതിൽ പരം ഒരു അഭിമാനം മറ്റെന്തുണ്ട്. ദിവസം ചെല്ലുന്തോറും തിരക്ക് വർദ്ധിച്ചു വരുകയാണ്.

എല്ലാ ദിവസവും ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവേഴ്സ് ഡോർമെട്രിയിൽ പോയി വിശ്രമിക്കുമ്പോൾ ഓരോരുത്തരും അന്നത്തെ അവരുടെ അനുഭവങ്ങൾ വിവരിക്കാറുണ്ട്. ചെറുതും വലുതുമായ അപകടങ്ങൾ, തീർത്ഥാടകർക്ക് പറ്റിയ പരിക്കുകൾ, അവരുടെ വാഹനത്തിന് പറ്റിയ കേടുപാടുകൾ, ‘സേഫ് സോണ്‍’ ടീം ഇടപെട്ട് അവിടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ, ടീം നൽകിയ സഹായങ്ങൾ, അങ്ങനെ എല്ലാം കൂടെയുള്ള ഡ്രൈവർമാർ പറയുമ്പോൾ ഉസ്മാൻ മനസ്സുരുകി , അങ്ങനെ ഒരപകടവും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാറാണ് പതിവ്.

മൂന്ന് ദിവസത്തെ ഡ്യൂട്ടിയെടുത്താൽ ഒരു ദിവസം ഓഫ് കിട്ടും. രാമൻകുട്ടി ആ ഓഫ് ദിവസം നോക്കി നാട്ടിലുള്ള ഒരു ഓട്ടം തരപ്പെടുത്തി വീട്ടിലേക്ക് പോയി. ഉസ്മാൻ കഴിഞ്ഞ ആറ് ഡ്യൂട്ടികളിൽ കിട്ടിയ പൈസ മുഴുവനുമായി ഉമ്മയ്ക്കു കൊടുക്കുവാൻ രാമൻകുട്ടിയെ ഏൽപ്പിച്ചിരുന്നു. ഇവിടെ താമസവും അഹാരവും എല്ലാം ഫ്രീ ആയതിനാൽ അതാണ് നല്ലത് എന്ന് കരുതി. മാത്രവുമല്ല വീട്ടിൽ ഉമ്മയ്ക്ക് ചിലവും ഉണ്ടല്ലോ.

രണ്ടാമത്തെ ഓഫ് ദിവസം ഉസ്മാൻ വെറുതെ കളഞ്ഞില്ല. പമ്പ വരെ ഡ്യൂട്ടിയ്ക്കു പോകുന്ന ഒരു ജീപ്പിൽ കയറി അവിടെയിറങ്ങി. പമ്പയിൽ കുളിച്ച് ശരണം വിളിച്ച് മല കയറുന്ന ഭക്തരുടെ തിരക്കും ഉത്സാഹവും ആവേശവും എല്ലാം വീക്ഷിച്ച് ഒതുങ്ങിയിരുന്നപ്പോഴാണ് നിര നിരയായി കിടക്കുന്ന ട്രാക്റ്ററിൽ സന്നിധാനത്തേക്ക് എത്തിക്കുവാനായി അരിയും പച്ചക്കറികളും അരവണയ്ക്കും അപ്പത്തിനുമുള്ള ശർക്കരയും മറ്റ് സാമഗ്രികളും കയറ്റുന്നത് കണ്ടത്.

അതിൽ നന്നെ പ്രായം തോന്നിക്കുന്ന ഒരു ഡ്രൈവർ വിഷമിച്ച് സാധനങ്ങൾ കയറ്റുന്നത് കണ്ട ഉസ്മാൻ അയാളുടെ അടുത്തെത്തി സഹായിച്ചു. അര മണിക്കൂർ കൊണ്ട് എല്ലാം കയറ്റിക്കഴിഞ്ഞപ്പോൾ വൃദ്ധൻ ഒരു നൂറ് രൂപ നോട്ട് എടുത്ത് ഉസ്മാന് നേരെ നീട്ടി. താൽക്കാലികമായിട്ടാണെങ്കിലും തനിക്ക് സർക്കാർ ശമ്പളം തരുന്നുണ്ട് എന്ന് പറഞ്ഞ് ഉസ്മാൻ ആ നോട്ട് വൃദ്ധന്‍റെ കയ്യിൽ തന്നെ തിരികെ വച്ച് കൊടുത്തു. നീ മുകളിലേക്ക് വരുന്നെങ്കിൽ വാ, ഇതിൽ തന്നെ തിരിച്ചും വരാം; അവിടെ ഇതെല്ലാം ഇറക്കാൻ എനിക്കൊരു സഹായവും ആകും, എന്ന് പറഞ്ഞ് ക്ഷണിച്ചപ്പോൾ, സന്തോഷത്തോടെ ഇപ്പോഴില്ല, പിന്നെയാകട്ടെ എന്ന് പറഞ്ഞ് ഉസ്മാൻ ഇലവുങ്കലിലെ ക്യാമ്പിലേക്ക് തിരിച്ചു.

ക്യാമ്പിലെത്തി ഊണ് കഴിഞ്ഞ് ഒന്ന് വിശ്രമിച്ച ശേഷം എരുമേലിയിൽ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു ജീപ്പിൽ കയറി വൈകീട്ട് വരെ അവിടമാകെ നടന്നു കണ്ട് തിരിച്ച് ക്യാമ്പിലെത്തി. നിലയ്ക്കൽ ബേസ് ക്യാമ്പ് കാണുന്നത് അടുത്ത ഓഫ് ദിവസം ആയിക്കളയാമെന്ന് തീരുമാനിച്ചു.

പിറ്റേന്ന് രാവിലത്തെ ഡ്യൂട്ടിയിലാണ് ഉസ്മാന്‍റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. രാവിലെ ആറു മണിയ്ക്ക് ഡ്യൂട്ടി തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞതേയുള്ളു. അപ്പോഴാണ് തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു തീർത്ഥാടകനും ഭാര്യയും മകനും ചെറുമകനും അടങ്ങിയ കുടുംബം ദർശനം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെടുന്നത് ഉസ്മാനും ഇൻസ്പെക്ടറും അടങ്ങുന്ന ടീം നേരിട്ട് കാണുന്നത്.

ഡ്രൈവർ മയങ്ങിപ്പോയതിനാൽ കാർ ഇടതു വശത്തുള്ള താഴ്ചയിലേക്ക് മറിയുകയും ഇരുപത് അടി താഴ്ചയിലുള്ള രണ്ട് മരങ്ങളുടെ ഇടയിൽ തങ്ങി വീണ്ടും താഴ്ചയിലേക്ക് മറിയാതെ നിന്നതിനാൽ ആർക്കും ജീവാപായം ഉണ്ടായില്ല.

ഇൻസ്പെക്ടർ അറിയിക്കേണ്ട കേന്ദ്രങ്ങളെ വയർലസ് മുഖേന അറിയിച്ചതിനാൽ പത്ത് മിനിറ്റികം റിക്കവറി വാഹനവും റെസ്ക്യൂ ടീമും എത്തിയപ്പോഴേക്കും ഉസ്മാനും ഇൻസ്പെക്ടറും താഴേയ്ക്ക് ഇറങ്ങി, വടം കൊണ്ട് കെട്ടി വണ്ടിയെ ഭദ്രമാക്കി, കപ്പി ബന്ധിപ്പിച്ച് ആളുകളെ ഓരോരുത്തരെയായി മുകളിൽ എത്തിച്ചു കഴിഞ്ഞിരുന്നു. അവിടെയെത്തിയ ആമ്പുലൻസിൽ കയറ്റി എല്ലാവർക്കും പ്രാഥമിക ശുശ്രൂഷയും ടീം കൊടുത്ത ശേഷം വണ്ടി മുകളിലെത്തിക്കാൻ ശ്രമം തുടങ്ങി.

ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ നാലു ദിവസത്തെ ആശുപത്രി ചികിത്സ കഴിഞ്ഞപ്പോഴേയ്ക്കും റിക്കവർ ചെയ്ത കാറിന്‍റെ റിപ്പയറിംഗും പൂർത്തിയാക്കി അവർക്ക് തിരിച്ച് പോകുവാൻ പറ്റുന്ന വിധത്തിലാക്കി കൊടുക്കാനും പറ്റി. ഈ നാലു ദിവസങ്ങളിലും ഉസ്മാൻ ഡ്യൂട്ടി കഴിഞ്ഞ സമയത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട് വേണ്ടതായ കാര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു.

ശബരിമലയിൽ തീർഥാടകരുടെ സീസൺ ആയതിനാൽ താൽക്കാലിക ജോലിയാണ് ഉസ്മാന് എന്ന് മനസ്സിലാക്കിയ കുടുംബനാഥൻ, യാത്ര പറഞ്ഞ് പിരിയുന്ന നേരം അദ്ദേഹത്തിന്‍റെ വിസിറ്റിംഗ് കാർഡ് നൽകിയിട്ട് സ്വന്തം ശരീരത്തോട് ചേർത്ത് നിറുത്തി പറഞ്ഞു, “ഉങ്കളെ എൻ അയ്യപ്പ സ്വാമി താൻ അന്ത സമയത്തുക്ക് എൻ മുമ്പാകെ എത്തിച്ചത്. സ്വല്പം കൂടി സരിയായി ശൊല്ലിയാൽ ഉങ്കൾ താൻ അയ്യപ്പ സ്വാമി… അതാവത്… തത്വമസി…! തെരിഞ്ചിതാ? ആനാൽ ഇങ്ക പക്കത്തെ ഡ്യൂട്ടികളെല്ലാം മുടിഞ്ചാൽ നെക്സ്റ്റ് ഡേ തന്നെ എന്നുടെ കമ്പനിയിൽ വന്തിട്ട് ഡ്രൈവർ ജോലിക്ക് കയറണം. എന്താ വരില്ലേ?”

ഉസ്മാൻ ഇത് കേട്ടതും ഒന്ന് ഞെട്ടി. പിന്നെ കുനിഞ്ഞ് അദ്ദേഹത്തിന്‍റെ കാൽ തൊട്ടു വണങ്ങിയിട്ട് എഴുന്നേറ്റ് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു. “അങ്ങാണ് സർ എന്‍റെ അയ്യപ്പ സ്വാമി. ഞാൻ അവിടെയെത്തും സർ.”

“മിസ്റ്റർ ഉസ്മാൻ, വാട്ട് അർ യൂ തിങ്കിംഗ്?”

മുതലാളിയുടെ ചോദ്യമാണ് ഉസ്മാനെ കഴിഞ്ഞ കാല ചിന്തകളിൽ നിന്ന് ഉണർത്തിയത്. അദ്ദേഹം ഫയൽ തിരക്കിൽ നിന്നും മോചിതനായിരിക്കുന്നു.

“കഴിത്ത കാല സംഭവങ്ങൾ അറിയാതെ ഓർത്തു പോയതാണ് സർ” ഉസ്മാൻ ഒറ്റവാക്കിൽ ഒതുക്കി.

“ഓക്കെ, ദെൻ ഗോ ആന്‍റ് ജോയിൻ ഡ്യൂട്ടി” എന്ന് പറഞ്ഞ് മുതലാളി അദ്ദേഹത്തിന്‍റെ പേഴ്സണൽ മാനേജരെ വിളിച്ച് ബാക്കി കാര്യങ്ങൾ മാനേജരെ ഏൽപ്പിച്ചു. സ്ഥിര വരുമാനമുള്ള ജോലി കിട്ടി, ജീവിതത്തിന്‍റെ നില തന്നെ മാറിയതിലുള്ള സമാധാനത്തോടെ പുതിയ ജോലിയിൽ ചേരുവാനായി ഉസ്മാൻ ഉമ്മയെ ഓർത്തു കൊണ്ട് മാനേജർക്കൊപ്പം പുറത്തുകടന്നു.

കഥ തുടരുന്നു

സരോജിനിയമ്മയ്ക്ക് അച്ഛനിൽ നിന്ന് പൂർവ്വികമായി കിട്ടിയതാണ് പാർവ്വതി പുത്തനാറിന്‍റെ കരയിലുള്ള മൂന്ന് ഏക്കർ തെങ്ങിൽ പുരയിടവും അതിന്‍റെ അറ്റത്ത് ആറിനോട് ചേർന്നുള്ള സമുദായത്തിന്‍റെ ശ്മശാനവും. അച്ഛന്‍റെ മരണത്തിൽ ആ മൃതശരീരം സ്വന്തം കൈ കൊണ്ട് തന്നെ സ്വന്തമായി നടത്തുന്ന ചിതയിലേയ്ക്ക് വച്ച്, അന്നു തുടങ്ങിയതാണ് ശ്‌മശാനത്തിന്‍റെ നടത്തിപ്പ്. ആണും പെണ്ണുമായി ഒറ്റ സന്തതിയായ കാരണം എല്ലാ സ്വത്തുക്കളും കൈവശം വച്ച് അനുഭവിക്കുവാനുള്ള യോഗം അങ്ങിനെ മുപ്പതു വർഷമായി ഇപ്പോഴും തുടരുന്നു.

ഒരു നൂറ്റാണ്ട് മുൻപേ രാജാവ് നേരിട്ട് സരോജിനിയമ്മയുടെ പൂർവ്വികർക്ക് അനുവദിച്ചു കൊടുത്തതായിരുന്നു സമുദായത്തിനുള്ള ഈ ശ്മശാനം. അങ്ങനെയാണ് ചിതപ്പുരയ്ക്കൽ തറവാട് എന്ന് പേരു വീണത്. അന്ന് റോഡുകൾ കുറവായിരുന്നതിനാലും പ്രധാന ഗതാഗതവും വ്യാപാരങ്ങളും പാർവ്വതീ പുത്തനാറിലൂടെയായിരുന്നതിനാലും എന്നും തിരക്കോട് തിരക്കായിരുന്നു. അന്ന് സമുദായ പ്രമാണിമാരുടെ ചരമ ശേഷം ശരീരം ശ്മശാനത്തിലേയ്ക്ക് പുത്തനാറിലൂടെ അലങ്കരിച്ച കെട്ടുവള്ളത്തിൽ എത്തിച്ചിരുന്നത് കുട്ടിയായിരുന്ന സരോജിനി വിടർന്ന കണ്ണുകളോടെ അച്ഛനൊപ്പം നിന്ന് കണ്ടിട്ടുണ്ട്. കാലമേറെച്ചെന്ന് ഇന്ന് വൈദ്യുതി ശ്മശാനം നിലവിൽ വന്നതിനാലും മറ്റു ചിലയിടങ്ങളിൽ ശ്മശാനങ്ങൾ വേറെ വന്നതിനാലും അല്പം തിരക്ക് കുറഞ്ഞുവെന്ന് മാത്രം.

സരോജിനി കുട്ടിയായിരുന്നപ്പോഴും അച്ഛനെ ശ്മശാനം നടത്തിയിരുന്നതിലും കൊപ്ര പണിയിലും പറമ്പിലെ കൃഷിയിലും പശുവിനെ വളർത്തുന്നതിലും അമ്മയ്ക്ക് ഒപ്പം നിന്ന് സഹായിച്ചിരുന്നതിനാൽ അച്ഛന്‍റെ മരണശേഷവും ഒന്നിനും ഒരു മുടക്കവുമില്ലാതെ എല്ലാം ഭംഗിയായി പിന്നീടും തുടർന്നു പോന്നു. ഇപ്പോൾ ഭർത്താവിന് വയസ്സ് എഴുപത് കഴിഞ്ഞ് കിടപ്പിലായതു മുതൽ എല്ലാ കാര്യങ്ങളും ഒറ്റ മകനായ രാമചന്ദ്രനാണ് നോക്കി നടത്തുന്നത്. ഇനി ശ്മശാനം നടത്തിപ്പിന്‍റെ ലൈസൻസ് രാമുവിന്‍റെ പേരിലാക്കിയിട്ട് ചിതപ്പുരയുടെ താക്കോലും അവനെ ഏൽപ്പിച്ചിട്ട് വേണം ഒന്ന് വിശ്രമിക്കാൻ എന്ന് സരോജിനിയമ്മ കുറച്ചു നാളായി ചിന്തിക്കാൻ തുടങ്ങിയിട്ട്.

വൈകീട്ട് നടത്തേണ്ട ചിതയ്ക്കുള്ള വിറകും തൊണ്ടും ചിരട്ടയും സംഘടിപ്പിക്കാനായി രാമു പെട്ടി ഓട്ടോറിക്ഷയും എടുത്ത് ഇറങ്ങിയിട്ട് നേരം ഒരു പാടായല്ലോ എന്ന് ചിന്തിച്ച് ഹൈസ്കൂളിൽ പഠിയ്ക്കുന്ന കൊച്ചു മകനെക്കൊണ്ട് മൊബൈലിൽ വിളിച്ചു നോക്കാമെന്ന് കരുതിയാണ് സരോജിനിയമ്മ പറമ്പിൽ നിന്നും വീട്ടിനകത്തേക്ക് കയറിയത്. അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ വരുന്നത് കണ്ടത്. മരണം നടന്ന് ഇവിടത്തെ ചിതയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തെപ്പറ്റി ബന്ധുക്കൾ ഫോണിലൂടെയാവും പലപ്പോഴും അറിയിക്കുക.

അപ്പോള്‍ പിന്നെ കാറിൽ ആരാകുമെന്ന് കരുതി നിന്നപ്പോഴാണ് വാർഡ് മെമ്പറും സമാജത്തിന്‍റെ സെക്രട്ടറിയും ഇറങ്ങിയത്. ചിതയ്ക്കുളള സാമഗ്രികളുമായി രാമു വരവെ ഉണ്ടായ അപകടത്തെപ്പറ്റി അവർ മുഖവുരയൊന്നുമില്ലാതെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ ആയിരക്കണക്കിന് ശരീരങ്ങളെ ചിതയിലേയ്ക്ക് ആനയിച്ച്, ചിതപ്പുരയ്ക്കൽ അപ്പന്‍റെ ചിത്രത്തിനു മുമ്പിൽ പൂജ ചെയ്ത ദീപത്തിൽ നിന്നും ചിതയിലേയ്ക്ക് ദീപം പകർന്നു കൊടുത്ത തഴക്കവും പഴക്കവുമുള്ള സരോജിനിയമ്മ ഒരു മാത്ര ഒന്ന് പതറി, വീടിന്‍റെ തിണ്ണയുടെ ഓരത്ത് തൂണിൽ ചാരി തളർന്ന് ഇരുന്നു പോയി.

അല്പ സമയത്തിനകം ചിതപ്പുരയ്ക്കൽ വീടും പറമ്പും സമുദായപ്രവർത്തകരെയും ബന്ധുക്കളെയും സമീപവാസികളെയും കൊണ്ട് നിറഞ്ഞു. വൈകിട്ട് നാലു മണിയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി വീട്ടിലെത്തിച്ച്, അന്ത്യ കർമ്മങ്ങൾക്ക് എടുത്തു. വർഷങ്ങൾക്ക് മുൻപ് അച്ഛന്‍റെ ശരീരം ചിതയിലേയ്ക്കെടുത്തപ്പോഴുള്ള അതേ വിറയലോടെ ഒരിക്കൽ കൂടി സരോജിനിയമ്മ മകനുവേണ്ടിയും പരദേവതയായ മഹാദേവന്‍റെ ചിത്രത്തിനു മുന്നിൽ തെളിഞ്ഞു കത്തുന്ന വിളക്കിൽ നിന്നും ദീപം പകർന്നെടുത്ത് പതിനാലുകാരനായ കൊച്ചു മകന്‍റെ ഒരു കയ്യിൽ പിടിപ്പിച്ച്, അവനെയും കൂട്ടി ചിതയിലേക്ക് നടന്നു.

തീ കൊളുത്തപ്പെട്ട ചിത ആളിക്കത്താന്‍ തുടങ്ങിയപ്പോൾ കൊച്ചുമകനെയും കൂട്ടി പുറത്തുകടന്ന സരോജിനിയമ്മ പരദേവതയുടെ മുന്നില്‍ കത്തുന്ന വിളക്കിനു സമീപത്തു വച്ചിരുന്ന ചിതപ്പുരയുടെ താക്കോല്‍ക്കൂട്ടം എടുത്ത് കൊച്ചുമകന്‍റെ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് അതിലേയ്ക്ക് വച്ചുകൊടുത്തു കൊണ്ടു് ഒരു ധ്യാനത്തിലെന്നവണ്ണം മന്തിച്ചു “എന്‍റെ രണ്ടു തലമുറകള്‍ക്ക് മുമ്പ് അന്നത്തെ രാജഭരണം നമ്മുടെ കുടുംബത്തെ ഏല്‍പ്പിച്ച ദൗത്യം നീയാകുന്ന നാലാം തലമുറയിലേക്ക് പകരുകയാണ്, കാലത്തിനൊപ്പം ഈ കഥ തുടരുവാനായി.”

കൊച്ചു മകന്‍റെ മൂർദ്ധാവിൽ വലതു കൈവച്ച് അനുഗ്രഹിച്ച ശേഷം അവനെ ചേർത്തുപിടിച്ചു കൊണ്ട് സരോജിനിയമ്മ പുറത്തെ ചാരുബഞ്ചിൽ ഇരുന്നു. തലമുറകളുടെ ദൗത്യം കൊച്ചു മകനെയും പരിശീലിപ്പിയ്ക്കുന്ന പുതിയ അദ്ധ്യായം തുറക്കുവാനായി… ചിത ആളിക്കത്തുവാൻ തുടങ്ങിയതോടെ ആളുകൾ കുടുംബത്തിനെ ആശ്വസിപ്പിച്ചു കൊണ്ട് വിട പറഞ്ഞു തുടങ്ങി. വാർഡ് മെമ്പറും സമാജം സെക്രട്ടറിയും കൂടി സരോജിനിയമ്മയുടെ അടുത്ത് വന്ന് രണ്ട് കസേരയെടുത്തിട്ട് അമ്മയ്ക്ക് അഭിമുഖമായി ഇരുന്നു.

സെക്രട്ടറി തന്നെ തുടക്കമിട്ടു. “ഈ നഷ്ടപെട്ട ജീവനു തുല്യമായി പകരം വയ്ക്കുവാൻ ഒന്നുമില്ല എന്നറിയാമെങ്കിലും ഒരു ആശ്വാസ വാർത്തയുണ്ട്. അത് മെംബർ തന്നെ പറയും.”

അമ്മ ആളിക്കത്തുന്ന ചിതയിൽ നിന്ന് ദൃഷ്ടി പതിയെ പിൻവലിച്ച് മെമ്പറെ നോക്കി. മെമ്പർ വളരെ പതിഞ്ഞ ശബ്ദത്തിൽ, “സർക്കാരിന്‍റെ ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിയ്ക്കുന്ന ബില്ലിനെപ്പറ്റി സൂചിപ്പിച്ചു. അതു പ്രകാരം ശ്മശാനം നടത്തിപ്പുകാർക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പെൻഷനും ഉറപ്പാക്കുന്ന ബില്ല് പാസാക്കി നിയമ നിർമ്മാണം നടത്തുന്നതാണ് എന്ന് തീരുമാനമായിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ എന്നെ ഈ തിരക്കൊഴിഞ്ഞിട്ട് ഏൽപ്പിച്ചാൽ മതി. എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം.” നാളെ രാവിലെ വീണ്ടും വരാമെന്ന് പറഞ്ഞ് അവരും മെല്ലെയെണീറ്റു.

പുത്തനാറിന്‍റെ ഇരു കരകളിലെയും വഴി വിളക്കുകളിൽ നിന്നുള്ള പീത ശോഭ പ്രത്യാശയുടെ പ്രകാശ രേണുക്കളായി മഞ്ഞിലൂടെയെന്നവണ്ണം അമ്മയുടെ മനസ്സിലേയ്ക്ക് ഒരു കുളിർമ്മയായി പെയ്തിറങ്ങുവാൻ തുടങ്ങി.

കളകളം മുഴക്കി, ഇരുവരെയും ആശ്വസിപ്പിച്ചു കൊണ്ടെന്നവണ്ണം എല്ലാത്തിനും മൂക സാക്ഷിയായി പുത്തനാർ തന്‍റെ മാതൃ സവിധത്തിലേയ്ക്കുള്ള ഒഴുക്ക് അപ്പോഴും തുടർന്നു കൊണ്ടേയിരുന്നു.

കൊറിയൻ ഗ്ലാസ് സ്കിൻ ഈസിയായി നേടാം

കൊറിയൻ ഗ്ലാസ് സ്കിൻ ലഭിക്കണമെന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു, കാരണം ഓരോ പെൺകുട്ടിയും കൊറിയൻ പെൺകുട്ടികളെ പോലെ ഗ്ലാസ് സ്‌കിൻ ആഗ്രഹിക്കുന്നവരാണ്. അത്തരമൊരു സാഹചര്യത്തിൽ, ഗ്ലാസ് പോലെ ചർമ്മത്തിന് സ്വാഭാവിക തിളക്കം പകരുന്നതിന് എന്ത് സൗന്ദര്യ രഹസ്യങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്? മേക്കപ്പ് വിദഗ്ധ രേണു മഹേശ്വരി ഇത് സംബന്ധിച്ച് പറയുന്നത് ശ്രദ്ധിക്കാം.

ഐസ് വാട്ടർ ഫേഷ്യൽ

ഐസ് വാട്ടർ ഫേഷ്യൽ ചെയ്യുന്ന രീതി സാധാരണ ഫേഷ്യൽ പോലെയല്ല. മറിച്ച്, ഇത് ചർമ്മത്തെ മെച്ചപ്പെടുത്തുന്ന ഒരു സൗന്ദര്യ പരിചരണമാണ്. ആദ്യം, ഒരു വലിയ പാത്രം എടുക്കുക, എന്നിട്ട് അതിൽ ഒരു പാത്രം ഐസ് വെള്ളം എടുക്കുക. അതിൽ 4-5 ഐസ് ക്യൂബുകൾ ചേർക്കുക. എന്നിട്ട് 30 സെക്കന്‍റ് അതിൽ മുഖം മുക്കി വയ്ക്കുക. പിന്നീട് ഒരു മൃദുവായ ടവ്വൽ ഉപയോഗിച്ച് മുഖം തുടയ്ക്കുക, തുടർന്ന് നിങ്ങളുടെ മുഖത്തിന്‍റെ താപനില സാധാരണ നിലയിലാകുമ്പോൾ മുഖം വീണ്ടും 30 സെക്കൻഡ് നേരം ഐസ് വെള്ളത്തിൽ മുക്കി വയ്ക്കുക. ഇത് മുഖത്തിന് തിളക്കം നൽകും. മുഖം ഇപ്രകാരം വെള്ളത്തിൽ മുക്കാൻ കഴിയുന്നില്ലെങ്കിൽ കോട്ടൺ തുണിയിൽ ഐസ് പൊതിഞ്ഞ് മുഖത്ത് ഉരസാം.

ഐസ് വാട്ടർ ഫേഷ്യലിന്‍റെ ഗുണങ്ങൾ

ഐസ് വാട്ടർ ഫേഷ്യൽ മുഖത്തെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ ഇറുകിയതാക്കുകയും ചെയ്യുന്നു. കണ്ണുകൾക്ക് സമീപമുള്ള നീർക്കെട്ട് കുറയ്ക്കാനും ഫ്രഷ് ആയി കാണാനും ഇത് സഹായിക്കുന്നു. ഇതുമൂലം, മുഖത്തെ സുഷിരങ്ങൾ ചുരുങ്ങുന്നു, ഇത് മേക്കപ്പ് ചെയ്യുന്നത് എളുപ്പമാക്കുന്നു. മുഖത്തെ രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, മുഖക്കുരു വീക്കം കുറയ്ക്കുന്നു. ഏജിംഗ് ലക്ഷണങ്ങൾ കുറയ്ക്കുന്നു. സൂര്യാഘാതത്തിൽ നിന്ന് ആശ്വാസം നൽകുന്നു. മുഖത്തെ എണ്ണമയം കുറയ്ക്കുന്നു.

വീട്ടിൽ ചെയ്യാൻ കഴിയുന്ന ഗ്ലാസ് സ്‌കിൻ ടിപ്‌സ്

  • 3 ടീസ്പൂൺ പാലിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് മിക്സ് മിശ്രിതത്തിൽ പഞ്ഞി മുക്കി മുഖം തുടയ്ക്കുക. മുഖത്തെ മുഴുവൻ അഴുക്കുകളും നീങ്ങി കിട്ടും.
  • വെള്ളം ചൂടാക്കിയതിൽ അലോവേര ജെൽ ചേർത്ത് 10 മിനിറ്റ് നേരം ആവി കൊള്ളുക
  • സ്ക്രബ്ബ്‌: കോഫി പൗഡറിൽ അലോവേര ജെൽ ചേർത്തത് മുഖത്ത് പുരട്ടി അൽപ സമയം കഴിഞ്ഞ് സ്ക്രബ്ബ്‌ ചെയ്യാം. മൃതകോശങ്ങൾ നീങ്ങി സ്കിൻ ക്ലീൻ ആകും.
  • ടോണിംഗ് : റോസ് വാട്ടറിൽ അലോവേര ജെൽ മിക്സ് ചെയ്തത് മുഖത്തു സ്പ്രേ ചെയ്യുക.10 മിനിറ്റിനു ശേഷം ടവൽ ഉപയോഗിച്ച് മൃദുവായി തുടയ്ക്കാം.

 ക്ലെൻസിംഗിനായി ഉപയോഗിക്കുന്ന ഉല്പന്നങ്ങൾ

  • അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി മൃദുവായ ക്ലെൻസർ ഉപയോഗിച്ച് നിങ്ങളുടെ ദിനചര്യ ആരംഭിക്കുക.
  • ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാൻ മികച്ച ഫേസ് വാഷ് വൃത്തിയാക്കൽ ഉപയോഗിക്കുക.
  • ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ മൃദുലമായ എക്സ്ഫോളിയേറ്റർ ഉപയോഗിക്കാം.

ടോണിംഗ്

  • ചർമ്മത്തിന്‍റെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഹൈഡ്രേറ്റിംഗ് ടോണർ ഉപയോഗിക്കുക.
  • ഹൈലൂറോണിക് ആസിഡ് പോലുള്ള ജലാംശം നൽകുന്ന ചേരുവകളുള്ള ടോണറുകൾക്കായി തിരയുക.
  • പരമാവധി ആഗിരണം ഉറപ്പാക്കാൻ ടോണർ നിങ്ങളുടെ ചർമ്മത്തിൽ പതിക്കുക.

സിറം

  • കൊറിയൻ ചർമ്മസംരക്ഷണ ദിനചര്യയിലെ ഒരു നിർണായക ഘട്ടമാണ് എസെൻസ്.
  • ചർമ്മത്തെ ജലാംശം നൽകാനും പോഷിപ്പിക്കാനും എസെൻസ് സഹായിക്കുന്നു.
  • അടുത്ത ഘട്ടങ്ങൾക്കായി ചർമ്മത്തെ തയ്യാറാക്കാൻ ടോണറിന് ശേഷം എസ്സെൻസ് പുരട്ടുക.

മോയ്സ്ചറൈസിംഗ്

  • കനംകുറഞ്ഞ മോയ്‌സ്‌ചുറൈസർ ഉപയോഗിച്ച് ചർമ്മത്തെ ഈർപ്പമുള്ളതാക്കുക.
  • ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ സെറാമൈഡുകൾ അടങ്ങിയ മോയ്സ്ചറൈസറുകൾ ഉപയോഗിക്കാം.
  • ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ഡേ, നൈറ്റ് മോയ്സ്ചറൈസ് ചെയ്യുക.

സൺസ്ക്രീൻ

  • അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഉയർന്ന എസ്പിഎഫ് സൺസ്‌ക്രീൻ ഉപയോഗിക്കുക.
  • ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകാത്ത ലൈറ്റ് വെയിറ്റ് സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക.
  • പരമാവധി സംരക്ഷണത്തിനായി ദിവസം മുഴുവൻ സൺസ്‌ക്രീൻ വീണ്ടും പുരട്ടുക.

കൊതിപ്പിക്കുന്ന കൊറിയൻ ഗ്ലാസ് സ്കിൻ ലുക്ക് നേടാൻ ഈ ഘട്ടങ്ങൾ ശ്രദ്ധയോടെ പിന്തുടരുക. ചർമ്മസംരക്ഷണ ദിനചര്യകളുടെ കാര്യത്തിൽ സ്ഥിരത പ്രധാനമാണ്.

ഇവ കഴിക്കൂ ശരീരം സുഗന്ധപൂരിതമാക്കാം

നമ്മുടെ ഭക്ഷണരീതി ഉചിതമായതല്ലെങ്കിൽ മൂത്രത്തിന്‍റെ നിറം മാറുന്നതിനൊപ്പം ദുർഗന്ധം ഉണ്ടാവുകയും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്നാണ് ഇത് സംബന്ധിച്ച് രചനാ ഡയറ്റ് സെന്‍ററിലെ ഡോ. പവൻ പറയുന്നത്. ദിവസവും 20- 30 മിനിറ്റ് കൂടുന്നതനുസരിച്ച് വെള്ളം കുടിക്കുന്നത് ശീലമാക്കാം.

അമിത അളവിലുള്ള ജങ്ക്‌ഫുഡ്

അമിത അളവിൽ ജങ്ക് ഫുഡ് കഴിക്കുകയാണെങ്കിൽ വിയർപ്പിന്‍റെ രൂപത്തിൽ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷവസ്തുവിനും ദുർഗന്ധമുണ്ടാകും. മാത്രമല്ല ട്രാൻസ്‌ഫാറ്റ് ശരീരത്തിലെത്തുന്നതു കൊണ്ട് ലിവർ ഫാറ്റിയാകും. അതിനാൽ ഹെൽത്തി ഫുഡ് ശീലമാക്കുക. ശരിയായ ആഹാരം കഴിച്ചില്ലെങ്കിൽ നമ്മുടെ വൻകുടലിൽ മോശം ബാക്ട‌ീരിയ രൂപം കൊള്ളും അതുകൊണ്ട് 2-3 മണിക്കൂർ കൂടുന്നതനുസരിച്ച് എന്തെങ്കിലും ആരോഗ്യദായകമായ ഭക്ഷണം കഴിക്കുക.

ഫ്ളൂയിഡ് മെയിന്‍റയിൻ ചെയ്യുക

ഫ്ളൂയിഡ് മെയിന്‍റയിൻ ചെയ്‌താൽ രക്തം കട്ട പിടിക്കുകയില്ല. അതുപോലെ മലബന്ധം പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുകയുമില്ല. ഒപ്പം യൂറിൻ ട്രാക്ക് ക്ലീയർ ആകുന്നതോടെ ഇൻഫക്ഷൻ ഉണ്ടാവുകയില്ല. സ്വന്തം ഭക്ഷണത്തിൽ ചുവടെ കൊടുത്തിരിക്കുന്നവ ഉൾപ്പെടുത്താൻ മറക്കരുത്.

ഗ്രീൻ ടീ

ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളാൽ സമ്പന്നമായ ഗ്രീൻ ടീ ശരീര ദുർഗന്ധം അകറ്റാൻ ശേഷിയുള്ള ശക്‌തമായ ഒരു ഉപായമാണ്. ബാഡ് ബ്രീത്തിന് കാരണമായവയെ ഇല്ലാതാക്കും. അതുകൊണ്ട് ഗ്രീൻ ടീ കുടിച്ചു കൊണ്ട് ഓരോ ദിവസത്തിനും തുടക്കമിടാം.

നാരങ്ങ

നാരങ്ങയിൽ ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ അത് ശരീര ദുർഗന്ധം അകറ്റും. ഒപ്പം അസിഡിക് ഗുണമുള്ളതിനാൽ ചർമ്മത്തിന്‍റെ പിഎച്ച് ലെവൽ കുറയ്ക്കും. അതുവഴി ബാക്‌ടീരിയ പെരുകുന്നത് തടയും. ഇതിന് പുറമെ നാരങ്ങയിലുള്ള വിറ്റാമിൻ സിയുടെ സാന്നിദ്ധ്യം രോഗപ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് സ്വന്തം സിസ്‌റ്റം ഇംപ്രൂവ് ചെയ്യാൻ ഒരു ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിച്ച് ദിവസത്തിന് തുടക്കം കുറിക്കുന്നത് തികച്ചും ആരോഗ്യപ്രദമാണ്. കാത്സ്യക്കുറവ് ഉള്ളവർ ഇടവിട്ട ദിവസങ്ങളിൽ നാരങ്ങാവെള്ളം കുടിക്കാം.

തക്കാളി

ശരീരത്തിൽ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയയെ ഇല്ലാതാക്കാൻ തക്കാളി ഫലവത്താണ്. ഇതിൽ നാച്ചുറൽ ആസ്ട്രജന്‍റ് ഉള്ളതിനാൽ മുഖത്ത് വിയർപ്പുണ്ടാകുന്നതും തടയും. അതിനാൽ ദിവസവും അരക്കപ്പ് തക്കാളി ജ്യൂസ് കുടിക്കുക. അല്ലെങ്കിൽ സലാഡായി തക്കാളി ഉൾപ്പെടുത്തുക. വിയർപ്പ് അമിതമായി വരുന്ന ഭാഗങ്ങളിൽ 10-15 മിനിറ്റ് നേരം തക്കാളി നീര് പുരട്ടിയിരിക്കുക. ഇങ്ങനെ ചെയ്‌താൽ ശമനമുണ്ടാകും.

തൈര്

ഇതിൽ ശരീരത്തിനാവശ്യമായ അണുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണം ദഹിപ്പിക്കും. ഒപ്പം ശരീരത്തിൽ നിന്നും ടോക്‌സിനുകളെ അനായാസം പുറന്തള്ളും. അതുകൊണ്ട് പതിവായി തൈരും മോരും കഴിക്കുക.

ഏലയ്ക്ക

ശരീരം സുഗന്ധപൂരിതമാകാൻ  ഏറ്റവും യോജിച്ച ഒന്നാണ് ഏലയ്ക്ക. ഭക്ഷണത്തിൽ 1-2 ഏലയ്ക്ക ചേർക്കുക. ശരീരത്തിൽ നിന്നും മോശം ബാക്ടീരിയയെ പുറന്തള്ളാൻ ഇതിന് കഴിയും.

ഇഞ്ചി

മേൽപ്പറഞ്ഞ ഗുണങ്ങൾ ഇഞ്ചിയ്ക്കും ഉണ്ട്. അതുകൊണ്ട് ചായയിലോ കറിയിലോ ഇഞ്ചി ചേർത്ത് കഴിക്കുകയാണെങ്കിൽ ശരീരത്തിൽ നിന്നും ദുർഗന്ധതയകറ്റും.

ഹെൽത്തി ബാത്ത്

കുളിക്കാനുള്ള വെള്ളത്തിൽ അരമുറി നാരങ്ങയുടെ നീര് ചേർത്ത് കുളിക്കുന്നത് ശരീരത്തിന് ഹൃദ്യമായ സുഗന്ധം പകരും. അതുപോലെ തുളസിയില പ്രത്യേകിച്ചും രാമതുളസിയില ചേർത്ത വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ശരീരത്തിനും മനസിനും ഫ്രഷ്‌നസ്സ് നൽകും. നല്ലൊരളവുവരെ അത് ശരീര ദുർഗന്ധത്തെ അകറ്റി നിർത്തും. സ്വയം വൃത്തിയും വെടിപ്പുമുള്ളതായിരിക്കാൻ ദിവസവും ആന്‍റി ബാക്‌ടീരിയൽ സോപ്പ് ഉപയോഗിച്ച് ദേഹശുദ്ധി വരുത്താം. കുളിക്കഴിഞ്ഞ ശേഷം നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കുക. പുറത്ത് നിന്ന് വരുന്ന അവസരങ്ങളിൽ കയ്യും കാലും കഴുകുക. ആവശ്യമെങ്കിൽ കുളിക്കുകയും ചെയ്യാം.

സമ്മർ ബൈറ്റ്സ്

പിസ്സാ

ചേരുവകൾ

ഗോതമ്പ് പൊടി 1 കപ്പ്

സ്വീറ്റ് സോഡ 1/4 ടീസ്പൂൺ

ബേക്കിംഗ് പൗഡർ 1/2 ടീസ്പൂൺ

പഞ്ചസാര 1/4 ടീസ്പൂൺ

ഉപ്പ് 1/4 ടീസ്പൂൺ

പുളിച്ച തൈര് 1/2 കപ്പ്

ഒലിവ് ഓയിൽ 1 ടീസ്പൂൺ

ചേരുവകൾ (ടോപ്പിംഗിന്)

കിസ്സ മൊസറെല്ല ചീസ് 1 കപ്പ്

പിസ്സ സോസ് 2 ടീസ്പൂൺ

സവാള 1

പച്ച കാപ്സിക്കം 1

ചുവന്ന കാപ്സിക്കം 1

മഞ്ഞ കാപ്സിക്കം 1

തക്കാളി 1

മിക്സ് ഹെർബ്സ് 1/4 ടീസ്പൂൺ

ചില്ലി ഫ്ലേക്സ് 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഗോതമ്പ് പൊടിയിൽ തൈര് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. ഇനി തൈര് ചേർത്ത് നന്നായി കുഴക്കുക.

ഇനി ഒലിവ് ഓയിൽ ചേർത്ത് 1 മണിക്കൂർ മൂടി വയ്ക്കുക. 1 മണിക്കൂറിന് ശേഷം, തയ്യാറാക്കിയ മാവ് 4 ഭാഗങ്ങളായി വിഭജിക്കുക. കട്ട് ചെയ്ത മാവ് ഏകദേശം അര ഇഞ്ച് കനത്തിൽ പരത്തുക, പാകം ചെയ്യുമ്പോൾ വീർക്കാതിരിക്കാൻ ഒരു ഫോർക്ക് ഉപയോഗിച്ച് കുത്തുക. അതുപോലെ, നാല് പിസ്സ ബേസുകളും ഉരുട്ടുക. തയ്യാറാക്കിയ പിസ്സ ബേസ് ഒരു നോൺ-സ്റ്റിക്ക് പാനിൽ വശത്ത് ഫോർക്ക് കൊണ്ട് കുത്തി 2 മിനിറ്റ് ചെറിയ തീയിൽ വേവിച്ച ശേഷം ഒരു പ്ലേറ്റിൽ എടുക്കുക.

എല്ലാ പച്ചക്കറികളും നീളത്തിൽ അരിയുക. ഇനി തയ്യാറാക്കിയ പിസ്സ ബേസിന്‍റെ ബ്രൗൺ വശത്ത് അര ടീസ്പൂൺ പിസ്സ സോസ് പുരട്ടി ചീസ് പരത്തുക. മുകളിൽ എല്ലാ പച്ചക്കറികളും നിരത്തിയശേഷം വീണ്ടും ചീസ് ചേർക്കുക. ഹെർബ്സും ചില്ലി ഫ്‌ളേക്‌സും മിക്‌സ് പിസ്സയുടെ മുകളിൽ വിതറുക.

തയ്യാറാക്കിയ നാല് പിസ്സകളും ചുവട് കട്ടിയുള്ള ഒരു പാനിൽ വയ്ക്കുക, മൂടി വെച്ച് 5 മുതൽ 7 മിനിറ്റ് വരെ അല്ലെങ്കിൽ ചീസ് ഉരുകുന്നത് വരെ ചെറിയ ചെറു തീയിൽ വേവിക്കുക. തയ്യാറായ പിസ്സ തക്കാളി സോസിനൊപ്പം കുട്ടികൾക്ക് വിളമ്പുക.

വെജ് ലോലിപോപ്പ്

പച്ചക്കറികളും സോസേജുകളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഇൻഡോ ചൈനീസ് വിഭവമാണ് വെജ് ലോലിപോപ്പ്. പൊതുവെ കുട്ടികൾ പച്ചക്കറികൾ കഴിക്കാൻ മടി കാണിക്കാറുണ്ട്. ധാരാളം പോഷകഗുണമുള്ള പച്ചക്കറികൾ ഉപയോഗിച്ചുള്ള ഒരു വിഭവമാണ് വെജ് ലോലിപോപ്പ്. ഇഷ്ടമുള്ള ഏത് പച്ചക്കറിയും ഇതിൽ ഉപയോഗിക്കാം എന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത, അത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

പുഴുങ്ങിയ ഉരുളക്കിഴങ്ങ് 2

സവാള ചെറുതായി അരിഞ്ഞത് 2

ഗ്രീൻ പീസ് 2 ടേബിൾ സ്പൂൺ

ചെറുതായി അരിഞ്ഞ കാപ്സിക്കം 1

കാരറ്റ് 1

ചോളമലരുകൾ 2 ടേബിൾ സ്പൂൺ

കാശ്മീരി മുളക് പൊടി 1 ടീസ്പൂൺ

ഗരം മസാല പൊടി 1/4 ടീസ്പൂൺ

ഉപ്പ് പാകത്തിന്

ഉണങ്ങിയ മാങ്ങാപ്പൊടി 1/2 ടീസ്പൂൺ

ചാട്ട് മസാല 1/2 ടീസ്പൂൺ

ചെറുതായി അരിഞ്ഞ മല്ലിയില 1 ടീസ്പൂൺ

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂൺ

ബ്രെഡ് നുറുക്കുകൾ 1/4 കപ്പ്

മൈദ 2 ടേബിൾ സ്പൂൺ

കോൺ ഫ്ലോർ 1 ടീസ്പൂൺ

കുരുമുളക് പൊടി 1/4 ടീസ്പൂൺ

വെള്ളം 1/2 കപ്പ്

വറുക്കാനുള്ള എണ്ണ

തയ്യാറാക്കുന്ന വിധം

ബ്രെഡ് നുറുക്കുകൾ, മൈദ, എണ്ണ, വെള്ളം, കോൺഫ്ലോർ എന്നിവ ഒഴികെയുള്ള എല്ലാ പച്ചക്കറികളും മസാലകളും ഒരു വലിയ പാത്രത്തിൽ നന്നായി മിക്സ് ചെയ്യുക. ഇനി കോൺഫ്ലോർ, ബ്രെഡ് നുറുക്കുകൾ, വെള്ളം എന്നിവ ചേർത്ത് ലോലിപോപ്പ് ചേരുവ തയ്യാറാക്കുക. മൈദ 2 ടേബിൾസ്പൂൺ വെള്ളത്തിൽ ചേർത്ത് വയ്ക്കുക.

തയ്യാറാക്കിയ ചേരുവ അല്പം കൈപ്പത്തിയിൽ വച്ച്‌ പരത്തുക. അതിൽ ഐസ് ക്രീം സ്റ്റിക്കു വച്ചിട്ട് മൈദ ലായനിയിൽ മുക്കി ചൂടായ എണ്ണയിൽ ഇടത്തരം തീയിൽ ഗോൾഡൻ നിറമാകുന്നത് വരെ വറുത്തെടുക്കുക അല്ലെങ്കിൽ മൈക്രോവേവിൽ 180 ഡിഗ്രിയിൽ 12 മുതൽ 15 മിനിറ്റ് വരെ ബേക്ക് ചെയ്യുക. തക്കാളി സോസ് അല്ലെങ്കിൽ മയോന്നൈസിന്‍റെ കൂടെ ലോലിപോപ്പുകൾ കഴിക്കാം.

ദാൽ കബാബ്

മസൂർ ദാൽ – ½ കിലോ

നെയ്യ് – 2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

പച്ചമുളക് – 2 മുതൽ 4 വരെ ചെറുതായി അരിഞ്ഞത്

സവാള വൃത്താകൃതിയിൽ അരിഞ്ഞത്

തയ്യാറാക്കുന്ന രീതി

ആദ്യം, ഒരു പാത്രത്തിൽ മസൂർ ദാൽ കുതിർത്തു വയ്ക്കുക. ഇതിനുശേഷം, ഗ്യാസിൽ കുക്കർ ചൂടാക്കാൻ വയ്ക്കുക. ഇനി കുക്കറിൽ നെയ്യ് ഒഴിച്ച് കുതിർത്തു വെച്ചിരിക്കുന്ന പരിപ്പിട്ടു വെള്ളവും ഉപ്പും ചേർത്ത് അൽപം ജീരകവും ചേർത്ത് 2-4 വിസിൽ വരുന്നതുവരെ വേവിക്കുക.

കുറച്ച് സമയത്തിന് ശേഷം, കുക്കർ തുറന്ന് മിശ്രിതം നന്നായി മഷ് ചെയ്യുക. തുടർന്ന് ഉടച്ച പരിപ്പുകൊണ്ട് ചെറിയ പാറ്റീസ് ഉണ്ടാക്കുക, എന്നിട്ട് അവ പരത്തുക, ഒരു പാത്രത്തിലോ നോൺ-സ്റ്റിക്ക് പാത്രത്തിലോ ചെറിയ തീയിൽ വേവിക്കുക. ടിക്കികൾ തയ്യാറായു ശേഷം അരിഞ്ഞ ഉള്ളിയും നാരങ്ങയും ചേർത്ത് വിളമ്പുക. അലങ്കരിക്കാൻ മല്ലിയിലയും വയ്ക്കാം.

ചീസ് ബോൾ

ചേരുവകൾ

ഗ്രേറ്റഡ് ചീസ് 1/2 കിലോ

ഉരുളക്കിഴങ്ങ് – 10 മുതൽ 12 വരെ

സവാള – 2 മുതൽ 3 വരെ അരിഞ്ഞത്

പച്ചമുളക് – 2 അല്ലെങ്കിൽ 3 എണ്ണം ചെറുതായി അരിഞ്ഞത്

ചുവന്ന മുളക് – 2 ടീസ്പൂൺ

ബ്രെഡ് നുറുക്കുകൾ – 250 ഗ്രാം

പുളി – 250 ഗ്രാം

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം അതിന്‍റെ തൊലി മാറ്റി ഉടച്ച ശേഷം അതിലേക്ക് അരിഞ്ഞ ഉള്ളി, പച്ചമുളക്, ചുവന്ന മുളക്, പുളി, ഉപ്പ് എന്നിവ ചേർക്കുക. ഇനി ഉരുളക്കിഴങ്ങ്കൊണ്ട് ഉരുളകൾ ഉണ്ടാക്കുക. ഉരുളകളുടെ നടുവിൽ അൽപം ചീസ് നിറച്ച ശേഷം ബ്രെഡ് പൊടിയിൽ ഉരുട്ടി ഡീപ് ഫ്രൈ ചെയ്യുക. ഈ ചൂടൻ ഉരുളകൾ ടൊമാറ്റോ കെച്ചപ്പ് അല്ലെങ്കിൽ മല്ലിയില ചട്നിക്കൊപ്പം വിളമ്പുക.

മാ൦ഗോ റോൾ

ചേരുവകൾ

നല്ല പഴുത്ത മാമ്പഴം 1

50 ഗ്രാം കോട്ടേജ് ചീസ് (പനീർ)

ബദാം തരികളായി പൊടിച്ചത് 1 ടേബിൾസ്പൂൺ

2 ടീസ്പൂൺ പൊടിച്ച പഞ്ചസാര

1/4 ടീസ്പൂൺ ഏലക്ക പൊടി

കുറച്ച് സ്ട്രോബെറി നീളമുള്ള നേർത്ത കഷണങ്ങളായി മുറിക്കുക

ചെറുതായി അരിഞ്ഞ പിസ്ത.

തയ്യാറാക്കുന്ന വിധം

മാങ്ങയുടെ തൊലി കളഞ്ഞ് നീളത്തിൽ അരിയുക. 7 കഷ്ണങ്ങളാക്കുക . കൈകൾ കൊണ്ട് പനീർ മഷ് ചെയ്യുക, അതിലേക്ക് പഞ്ചസാരപ്പൊടി, ഏലയ്ക്കാപ്പൊടി, ബദാം എന്നിവ ചേർക്കുക. ഓരോ സ്ലൈസിലും അൽപം ചീസ് മിശ്രിതം ഇട്ട് റോൾ തയ്യാറാക്കുക. പിസ്തയും സ്ട്രോബെറിയും കൊണ്ട് അലങ്കരിച്ച് വിളമ്പുക.

 

ചാവൽ ജർദ

വിശേഷാവസരങ്ങളിൽ തയ്യാറാക്കാവുന്ന ഒരു മധുര വിഭവം
ചേരുവകൾ

-½ കിലോ അരി

-രുചിയ്ക്ക് അനുസരിച്ചു പഞ്ചസാര

-കശുവണ്ടി- 15-20

-ബദാം-20-22

-ഡ്രൈ ഫ്രൂട്സ് പൊടിച്ചത് – അലങ്കരിക്കാൻ

-കറുവപ്പട്ട – അല്പം

-ഗ്രാമ്പൂ – 2

-ഫുഡ് കളർ – 2 ടീസ്പൂൺ

-പാൽ – 1 ലിറ്റർ

-നാടൻ നെയ്യ്- ആവശ്യാനുസരണം

-ഉണക്കമുന്തിരി – രുചി അനുസരിച്ച്

-റോസ് വാട്ടർ – 1 അല്ലെങ്കിൽ 2 തുള്ളി

തയ്യാറാക്കുന്ന രീതി
ആദ്യം ഒരു പാത്രത്തിൽ കുറച്ച് നെയ്യ് ചൂടാക്കുക അതിൽ വെള്ളം, കറുവപ്പട്ട, ഗ്രാമ്പൂ, കളർ എന്നിവ ചേർത്ത് അരിയുമിട്ട് അടച്ചു വച്ച് തിളപ്പിക്കുക. ഇതിനുശേഷം അരി പകുതി വേവാകുമ്പോൾ മാറ്റി വയ്ക്കുക.
അതിനുശേഷം, ബദാമും കശുവണ്ടിയും ഒരു പാനിൽ നെയ്യൊഴിച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക, എന്നിട്ട് മാറ്റി വെച്ചിരിക്കുന്ന അരി ചേർത്ത് അൽപം പാലും ചേർത്ത് ഇളക്കിയ ശേഷം വേവിക്കുക. ഇത് അര മണിക്കൂർ വേവിച്ചതിന് ശേഷം രണ്ട് തുള്ളി റോസ് വാട്ടർ അല്ലെങ്കിൽ ഒരു തുള്ളി പൈനാപ്പിൾ എസ്സെൻസ് ചേർത്ത് ചൂടോടെ വിളമ്പുക.

 

ബ്രഡ് പുഡ്ഡിംഗ്

-ഒന്നര ലിറ്റർ പാൽ

-12 സ്ലൈസ് ബ്രെഡ്

-2 കപ്പ് പഞ്ചസാര

-1 കപ്പ് നല്ല പച്ച തേങ്ങ അരച്ചത്

-ഒരു കപ്പ് കസ്റ്റാർഡ് പൗഡർ

-ചെറുതായി അരിഞ്ഞ ബദാം-പിസ്ത-കശുവണ്ടി

തയ്യാറാക്കുന്ന രീതി
– ആദ്യം ബ്രെഡ് പൊടിക്കുക. ശേഷം പാനിൽ പൊടികൾ ചെറുതായി വറുക്കുക.

– ഇനി അതിൽ പതിയെ ഒരു ലിറ്റർ പാൽ ചേർത്ത് തുടർച്ചയായി ഇളക്കുക.

– ശേഷം പഞ്ചസാരയും തേങ്ങയും ചേർത്ത് കുറുക്കുക .

– കുറുകി കഴിയുമ്പോൾ അത് ഒരു ഗ്ലാസ് പാത്രത്തിലേക്ക് മാറ്റുക .
ശേഷം കുറച്ച് പാലിൽ കസ്റ്റാർഡ് പൗഡർ അലിയിക്കുക .ബാക്കിയുള്ള പാലിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക.

– തിളയ്ക്കുന്ന പാലിൽ കസ്റ്റാർഡ് കലർത്തിയ പാൽ ചേർത്ത് തുടർച്ചയായി ഇളക്കുക. കട്ടിയാകുമ്പോൾ തീയിൽ നിന്ന് മാറ്റി പുഡ്ഡിംഗ് ബ്രഡിന് മുകളിൽ പരത്തുക.

– ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച ശേഷം ഫ്രിഡ്ജിൽ വെക്കുക.

 

ഇൻഡോർ പോഹ

-ഒരു കപ്പ് അവൽ
-2 ടീസ്പൂൺ എണ്ണ

1 ടീസ്പൂൺ കടുക്

1 ടീസ്പൂൺ ജീരകം

1ടീസ്പൂൺ പെരുംജീരകം

1 ടേബിൾസ്പൂൺ നിലക്കടല

½ ടീസ്പൂൺ ഇഞ്ചി (അരിഞ്ഞത്)

2 പച്ചമുളക് (ചെറുതായി അരിഞ്ഞത്)

7-8 കറിവേപ്പില

½ ടീസ്പൂൺ മഞ്ഞൾ പൊടി

½ ടീസ്പൂൺ ചുവന്ന മുളക് പൊടി

ഉപ്പ് പാകത്തിന്

ഒരു ടേബിൾ സ്പൂൺ പഞ്ചസാര

2 ടീസ്പൂൺ മല്ലിയില (അരിഞ്ഞത്)

1 സവാള (അരിഞ്ഞത്)

¼ കപ്പ് മാതള അല്ലി
തയ്യാറാക്കുന്ന രീതി

അവൽ വൃത്തിയാക്കിയ ശേഷം വെള്ളം തളിച്ച് നനയ്ക്കുക. അവലിൽ വെള്ളം പൂർണ്ണമായും പിടിച്ചു കഴിയുമ്പോൾ , പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക.

ഇനി പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. പൊട്ടുമ്പോൾ നിൽ കടലയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഒരു മിനിറ്റിനു ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് സവാള ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക.

ഇനി പെരുംജീരകം, ഇഞ്ചി, മഞ്ഞൾ, മുളക് പൊടി എന്നിവ ചേർത്ത് കുറച്ച് മിനിറ്റ് കൂടി വഴറ്റുക . ഇനി അവൽ ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് പാൻ മൂടിവച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.

തീ ഓഫ് ചെയ്ത് ഉള്ളി, മല്ലിയില, മാതളഅല്ലി എന്നിവ ചേർക്കുക. സ്വാദിഷ്ടമായ ഇൻഡോരി പോഹ തയ്യാർ. അതിൽ സേവ് ചേർക്കുകയും ചെയ്യാം.

വേദനിക്കുന്ന മനസ്സിനെ ചേർത്ത് പിടിക്കാം

സ്നേഹമോൾ മൂഡോഫ് ആയി ഇരിക്കുകയാണ്. ഇന്ന് സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ പങ്കെടുക്കവെ കുഴഞ്ഞ് വീണതിനാൽ മത്സരത്തിൽ വിജയിക്കാനായില്ല. തോറ്റതിനേക്കാൾ അവളെ സങ്കടപ്പെടുത്തിയത് വീണപ്പോൾ കൂട്ടുകാർ അവളെ കളിയാക്കിയതാണ്.

“എന്‍റെ കുഞ്ഞേ , നീയെന്‍റെ മിടുക്കി കുട്ടിയല്ലേ, ധൈര്യശാലിയായ കുട്ടികൾ ഇങ്ങനെ വിഷമിച്ചിരിക്കില്ലല്ലോ. അടുത്ത പ്രാവശ്യം എന്‍റെ മോള് ഫസ്റ്റ‌് ആകും.” അമ്മയുടെ വാക്കുകൾ സ്നേഹമോൾക്ക് വലിയ ആത്മവിശ്വാസം നൽകി. അമ്മയുടെ വാക്കുകൾ അവൾക്ക് വല്ലാത്തൊരു ഊർജ്ജമാണ് നൽകിയത്. അവൾ അമ്മയ്ക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ച് കളിക്കാനായി പുറത്തേക്ക് ഓടി.

10 ാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതിന്‍റെ സങ്കടത്തിലാണ് കിരൺ. അവന്‍റെ പ്രതീക്ഷയ്ക്ക് വിപരീതമായി 90 ശതമാനത്തിൽ കുറവ് മാർക്കാണവന് ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ടീച്ചർമാരുടെയും കണ്ണിലുണ്ണിയായ കിരൺ അതിന്‍റെ പേരിൽ സങ്കടപ്പെട്ടിരിക്കുകയാണ്. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാനാവില്ല എന്ന നിരാശയാണവന്. അവന്‍റെ മനസികാവസ്ഥയറിഞ്ഞ് മുത്തച്‌ഛൻ അവനെ ആശസിപ്പിച്ചു. എന്നാൽ അതിന് മറുപടിയായി അവൻ പൊട്ടിക്കരയുകയാണുണ്ടായത്. അവനത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

“എടാ മോനെ നിനക്ക് ലഭിച്ച 85 ശതമാനം മാർക്കിന്‍റെ കാര്യം അറിഞ്ഞിട്ട് നിന്നെ അഭിനന്ദിക്കാനായിട്ടാണ് ഞാനിത്രയും ദൂരം താണ്ടി നാട്ടിൽ നിന്നും വന്നത്. എന്നിട്ട് നീയിപ്പോ സങ്കടപ്പെട്ടിരിക്കുന്നോ? നീ നല്ല പ്രകടനമാണ് കാഴ്ച‌ വച്ചത്. നിന്‍റെ നേട്ടം നമ്മുടെ കുടുംബത്തിന് അഭിമാനകരമാണ്. അതിലും മാർക്ക് കുറഞ്ഞ് പോയവരുടെ കാര്യം നീ ഓർത്തു നോക്കിക്കേ. അവർ അത് അതിജീവിച്ചു അടുത്ത മികച്ച വിജയത്തിനായി പ്രയത്‌നിക്കും.” ഇതും പറഞ്ഞ് മുത്തച്‌ഛൻ കിരണിനെ കെട്ടിപ്പിടിച്ചു തോളിൽ തട്ടി.

മുത്തച്ഛന്‍റെ നല്ല വാക്കുകൾ അവന്‍റെ ഉള്ളിലെ നിരാശാബോധത്തെ
തൂത്തെറിഞ്ഞു. അവൻ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ തുടങ്ങി. ശരിയായ സമയത്ത് മുത്തച്ഛന്‍റെ അഭിനന്ദന വാക്കുകൾ അവൻ കേൾക്കാനിട വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കിരൺ കടുത്ത നിരാശയിലേക്ക് പതിച്ചേനെ.

ഏറ്റവും അടുപ്പമുള്ളവരെ അഭിനന്ദിച്ചാൽ തീരാവുന്നതേയുള്ളൂ ഏതു പ്രശ്നവും. പ്രത്യേകിച്ചും വീട്ടിലെ കാര്യങ്ങൾ. നല്ല വാക്കുകൾ മാജിക് പോലെയാണ് പ്രവർത്തിക്കുക. അത് മനുഷ്യമനസ്സുകളിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. ആൾക്കാർ പോസിറ്റീവായി പ്രവർത്തിക്കാനും തുടങ്ങും. പക്ഷേ പലർക്കും നല്ല വാക്കുകൾ പറയാൻ മടിയാണ്. അല്ലെങ്കിൽ അവസരത്തിനൊത്ത് അത് പറയാൻ സാധിക്കാറില്ല. നല്ലത് പറഞ്ഞാൽ നല്ലത് തിരിച്ചു കിട്ടും എന്നു കൂടി മനസ്സിലാക്കുക. പ്രശംസ ഇഷ്ടപ്പെടാത്ത ആരും തന്നെ ഭൂമിയിൽ ഉണ്ടാവില്ല. വൈകാരിക ചലനങ്ങൾ സൃഷ്ടിക്കാൻ പ്രശംസാവാക്കുകൾക്ക് ശക്തിയുണ്ട്.

6 വയസ്സായാലും 60 വയസ്സായാലും പ്രശംസ എല്ലാവരിലും ഉന്മേഷം നിറയ്ക്കും. അത് ആസ്വദിക്കാത്തവർ ആരും ഉണ്ടാവില്ല തന്നെ, ഒരു നല്ല കാര്യം ചെയ്തതാലുടൻ കുട്ടികളെ അഭിനന്ദിക്കാൻ മടിക്കരുത്. അതവർക്ക് പ്രോത്സാഹനം മാത്രമല്ല ഭാവിയിൽ വലിയ നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയും നൽകുന്നു. നല്ല സാമൂഹികാന്തരീക്ഷം ഉടലെടുക്കുന്നത് ഇത്തരം ആളുകളുടെ പ്രവർത്തനഫലമായാണ്.

ആരോഗ്യകരമായി പ്രശംസിക്കുന്നത് നിത്യജീവിതത്തിന്‍റെ ഭാഗമാക്കുക. അത് നിങ്ങളിലും വലിയ മാറ്റം കൊണ്ടു വരും. വിശാലമായ മനഃസ്‌ഥിതി ഉണ്ടാവാനും സ്വയം പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം കാര്യങ്ങൾ കൊണ്ട് സാധിക്കുന്നു. വലിയ മുതൽ മുടക്കോ ഒരുപാട് സമയമോ ഒന്നും ഈ നല്ല കാര്യം ചെയ്യാൻ ആവശ്യവുമില്ല. പിന്നെ എന്തിനു മടിക്കണം. നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അഭിനന്ദനം ചൊരിഞ്ഞോളൂ. വീട്ടിലും നാട്ടിലും ഈ സൽസ്വഭാവം തുടരുക.

സങ്കടം മനസിലാക്കി പിന്തുണ നൽകാം

ദുഃഖിതനായ ഒരാളുടെ മനസ്സിൽ എപ്പോഴും നെഗറ്റീവ് ചിന്തകളാവും ഉണ്ടാവുക. അതിൽ നിന്ന് അയാളെ മോചിപ്പിക്കുവാൻ സാധിച്ചാൽ അത് ഒരു നല്ല കാര്യമാവും. നല്ല വാക്കുകൾ പറഞ്ഞ് ആത്‌മവിശ്വാസം വീണ്ടെടുക്കാൻ കഴിയും. നിരാശാബോധം മാറ്റാൻ ഇതാണ് നല്ല മരുന്ന്. ചുറ്റിലുമുള്ള സന്തോഷം അനുഭവിക്കാൻ നിരാശാഭരിതനായ ഒരു വ്യക്തിക്ക് കഴിയുകയില്ല. പിന്നെ എങ്ങനെ സ്വയം സന്തോഷം കണ്ടത്താൻ സാധിക്കും. ഇങ്ങനെയുള്ള ആ വ്യക്തിയ്‌ക്ക്‌ ഊർജ്ജ്ജം പകരാൻ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ കൊണ്ടോ നല്ല വാക്കുകൾ കൊണ്ടോ സാധിക്കുന്നു. ഉറ്റവർ ഈ മാനസികാവസ്‌ഥയിൽ ആണെങ്കിൽ നിരന്തരം അവരുമായി സംസാരിക്കുക. കളി തമാശകൾ പറയുക. പ്രശംസ ചൊരിയുക. അവർ നിരാശയുടെ പടുകുഴിയിൽ നിന്ന് കയറി വരും. ജീവിതത്തിന്‍റെ നല്ല നിമിഷങ്ങൾ തിരിച്ചു പിടിക്കുകയും ചെയ്യും.

നല്ല വാക്കുകൾ പോസിറ്റിവിറ്റി നിറയ്ക്കും

ജീവിതത്തിൽ എല്ലായ്‌പ്പോഴും സങ്കടം നിലനിൽക്കണമെന്നില്ല. അതുപോലെ തന്നെ സന്തോഷവും. ഒന്നും സ്ഥായിയല്ല. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. എന്നെക്കൊണ്ട് മറ്റാർക്കും യാതൊരു പ്രയോജനവും ഇല്ലായെന്ന് വിചാരിക്കുന്ന ചിലരുണ്ട്. നെഗറ്റീവ് ചിന്താഗതികാർ. വിഷാദവതികളായ സ്ത്രീകൾ ആണ് പലപ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഈ മാനസികാവസ്‌ഥയിൽ ആരെങ്കിലും കഴിയുന്നുണ്ടെങ്കിൽ അവർക്ക് കൈത്താങ്ങ് നൽകുക, മാനസികമായ പിന്തുണ നല്ല വാക്കുകളായി നിങ്ങൾ അവരിൽ ചൊരിയുമ്പോൾ ക്രിയാത്‌മകമായ മാറ്റം അവരിൽ സംഭവിക്കുന്നു എന്നാണ് മനഃശാസ്ത്രജ്‌ഞന്മാർ പറയുന്നത്. നല്ല വാക്കുകൾ മൃതസഞ്ജീവനിയാണ്. ഉള്ളിലെ ഭയം, നിരാശ എല്ലാം പുറന്തള്ളാൻ ഇതിലൂടെ സാധിക്കുന്നു.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും

കുടുംബാംഗങ്ങളിൽ ഒരാൾ നല്ലതു പറയുകയും മറ്റുള്ളവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്ന ആളായാൽ ഒരു കൗൺസിലറുടെ റോളിലേയ്ക്കും അദ്ദേഹം ഉയരാം. ചെറിയ നിരാശകൾ, മൂഡ് ഓഫുകൾ എല്ലാം ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം കൊണ്ട് ഇല്ലാതാക്കാനും സാധിക്കുന്നു. പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. ചെറിയ കൂട്ടികൾക്ക് മാത്രമേ അഭിനന്ദനത്തിന്‍റെ ആവശ്യം ഉള്ളൂ എന്ന്. നല്ല വാക്കുകൾ കേൾക്കാൻ ഇഷ്‌ടപ്പെടാത്ത ആരും തന്നെ കാണില്ല. പ്രോത്സാഹനം മുതിർന്നവരും അർഹിക്കുന്നുണ്ട്. പ്രായവുമായി പ്രോത്സാഹനത്തിന് യാതൊരു ബന്ധവുമില്ല.

60 ാം വയസ്സിൽ ഓട്ടമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാലും നമ്മൾ ആ വ്യക്തിയെ അഭിനന്ദിക്കില്ലേ? 10-ാം വയസ്സിലെ നേട്ടങ്ങൾക്കും അഭിനന്ദനം നൽകില്ലേ. പക്ഷേ നാം മുതിർന്നവരെ അഭിനന്ദിക്കാൻ പലപ്പോഴും മനസ്സ് വയ്ക്കാറില്ലെന്ന് മാത്രം. അമ്മ നല്ല കറിയുണ്ടാക്കിയാൽ വീട്ടിൽ എത്ര പേർ നല്ലതു പറയും. അമ്മ വീട്ടിൽ ചെയ്യുന്ന ജോലിയെ എത്രപ്പേർ മനസ് നിറഞ്ഞു അഭിനന്ദിക്കാറുണ്ട്?

നിരാശ രോഗമാണ്

പ്രശസ്ത മനഃശാസ്ത്രജ്‌ഞനായ സുനിൽ മിത്തൽ പറയൂന്നത്, നമ്മുടെ രാജ്യത്ത് ഡിപ്രഷനിൽ അകപ്പെടുന്നവരുടെ എണ്ണം വളരെ കൂടി വരികയാണെന്നാണ്. അത് സർവ്വ വ്യാപകമായതോടെ ഇതൊരു രോഗമാണെന്ന് പോലും ആളുകൾ കരുതുന്നില്ലത്രെ. എന്നാൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്ന വ്യക്തിയെ എത്രയും പെട്ടെന്ന് കൗൺസിലിംഗിനു വിധേയമാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ആധുനിക ജീവിത സംഘർഷങ്ങളും ഫുഡ് ഹാബിറ്റും മത്സര ബുദ്ധിയേറിയതും ആളുകൾക്കിടയിൽ മനസ്സാമാധാനം കെടുത്തുന്നുമുണ്ടെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞ‌ർ കരുതുന്നത്. പരസ്പ‌രം നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും വീട്ടുകാരുടെ പ്രശ്ന‌ങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് ഇത്തരം ടെൻഷൻ ഒഴിവാക്കാനുള്ള കുറുക്കു വഴി. ഓരോ വ്യക്തിയും തന്‍റെ പ്രശ്‌നം ചർച്ച ചെയ്യാനും തയ്യാറാവണം. ജീവിതത്തിൽ ഇതുവരെ തന്നെ പറ്റി നെഗറ്റീവ് കമന്‍റുകൾ മാത്രം കേൾക്കുന്ന ഒരാൾക്ക് സമൂഹത്തെ വലിയ വിശ്വാസം ഉണ്ടാവില്ല. പുറത്തിറങ്ങി കൂട്ടുകാരെ സമ്പാദിക്കാനും സാമൂഹ്യമായ ഇടപെടൽ നടത്താനും ഇത്തരക്കാർ വിമുഖരായിരിക്കും. മനസ്സിനെ ഉണർത്തുന്ന കാര്യങ്ങൾ ഇവരോട് സംസാരിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും.

കൗതുകകരമായി തോന്നാവുന്ന ഒരു കാര്യം കൂടി പറയാം. അമേരിക്കയിലും കാനഡയിലും എല്ലാ വർഷവും ഫെബ്രുവരി 6 അഭിനന്ദന ദിനമായാണ് ആചരിക്കുന്നത്. ഈ ദിവസം വളരെ വിശേഷപ്പെട്ട രീതിയിൽ ആണ് കൊണ്ടാടുന്നത്. അഭിനന്ദനമറിയിച്ചു കൊണ്ടുള്ള ഗ്രീറ്റിംഗ് കാർഡുകൾ പ്രിയപ്പെട്ടവർക്ക് അയക്കും. ഓഫീസുകളിലും വലിയ ആഘോഷമാണ്. ബോസും ജീവനക്കാരും തമ്മിൽ നല്ല വർത്തമാനങ്ങൾ പറയാനുള്ള വേദിയൊരുക്കുകയും ചെയ്യും. ഇനി നിങ്ങളും ആരേയും അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കണ്ട. നിങ്ങളുടെ നല്ല വാക്കുകൾ കേട്ട് ആരെങ്കിലുമൊക്കെ നന്നായി വരുമെങ്കിൽ നന്നായിക്കോട്ടെ…

വരുൺ ധവൻ ഇരട്ടി സന്തോഷത്തിൽ

ബോളിവുഡിന്‍റെ “സുന്ദരനായ ബാലൻ വരുൺ ധവന് 37 വയസ്സ് തികഞ്ഞിരിക്കുന്നു. കരൺ ജോഹറിന്‍റെ സ്റ്റുഡന്‍റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ ആയിരുന്നു വരുണിന്‍റെ സിനിമാ പ്രവേശം. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു അത്. ആലിയ ഭട്ട്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവരും വരുണിനൊപ്പം ഈ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹാസ്യ ചലച്ചിത്ര സംവിധായകൻ ഡേവിഡ് ധവന്‍റെ മകനാണ് വരുൺ ധവൻ. നോട്ടിംഗ്ഹാം ട്രെന്‍റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് സ്റ്റഡീസിൽ ബിരുദം നേടിയ വരുൺ കരൺ ജോഹറിന്‍റെ ‘മൈ നെയിം ഈസ് ഖാൻ’ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് സിനിമ ബന്ധം ആരംഭിക്കുന്നത്.

ചെറുപ്പം മുതലേ തനിക്ക് നായകനാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് വരുൺ ഒരു അഭിമുഖത്തിനിടെ പറയുകയുണ്ടായി.  സമയോചിതമായ ഇടപെടലിലൂടെ ഒരു സ്ത്രീയെ പീഡന ശ്രമത്തിൽ നിന്നും രക്ഷിക്കുക വരെ ചെയ്തിട്ടുണ്ട് വരുൺ. അതും വരുണിന് 10 വയസുള്ളപ്പോൾ. സ്ത്രീയുടെ നിലവിളി കേട്ട വരുൺ ഉടൻ തന്നെ 100 ഡയൽ ചെയ്ത് പോലീസിനെ വിളിക്കുകയായിരുന്നു.

വരുണിന്‍റെ ഭാര്യ നടാഷയ്ക്ക് അടുത്തിടെയായിരുന്നു ബേബി ഷവർ. നടനും ഭാര്യയും വലിയ ആഘോഷത്തോടെയാണ് ബേബി ഷവർ നടത്തിയത്. വീടിന് പുറത്ത് തടിച്ചുകൂടിയ മാധ്യമ പ്രവർത്തകർക്ക് മധുരം വിതരണം ചെയ്ത് വരുൺ തന്‍റെ സന്തോഷം പങ്കിട്ടു. 2021 ജനുവരി 24 ന് ആയിരുന്നു വരുനിന്‍റെയും നടാഷയുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.  ത്രില്ലർ ചിത്രമായ ‘ബേബി ജോൺ’ എന്ന ചിത്രമാണ് വരുണിന്‍റെ അടുത്ത പ്രൊജക്റ്റ്. ചിത്രം സംവിധാനം ചെയ്യുന്നത് എ. കാളീശ്വരൻ ആണ്. ഇതിന് പുറമെ, ഹോളിവുഡ് പരമ്പരയായ സിറ്റാഡലിന്‍റെ ഹിന്ദി പതിപ്പിൽ സാമന്ത റൂത്തിനൊപ്പം അദ്ദേഹം വേഷമിടുന്നുണ്ട്. രാജും ഡികെയും ചേർന്നാണ് ഇതിന്‍റെ ഹിന്ദി പതിപ്പ് നിർമ്മിച്ചിരിക്കുന്നത്.

മികച്ച ഒരു ഹോസ്റ്റും കൂടിയാണ്

അഭിനയ ജീവിതത്തിനിടയിലും വരുൺ രണ്ട് അവാർഡ് ചടങ്ങുകൾക്ക് കോ -ആങ്കറിംഗും ചെയ്തിട്ടുണ്ട്. മികച്ചൊരു നടനെന്നതുപോലെ തന്നെ മികച്ചൊരു അവതാരകനും കൂടിയാണ് താൻ എന്ന് താരം തെളിയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് മൽഹോത്ര, ആയുഷ്മാൻ ഖുറാന എന്നിവർക്കൊപ്പം വരുൺ 2013-ൽ സ്റ്റാർഡസ്റ്റ് അവാർഡ് ദാന ചടങ്ങിന്‍റെയും 59-ാമത് ഫിലിംഫെയർ അവാർഡുകളുടെ ഒരു വിഭാഗത്തിന്‍റെയും അവതാരകനായി. കൂടാതെ ഷാരൂഖ് ഖാൻ, റിച്ച ഛദ്ദ എന്നിവർക്കൊപ്പം 20-ാമത് സ്‌ക്രീൻ അവാർഡു ഷോയുടെ സഹ-അവതാരകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, അദ്ദേഹം ഉത്തരാഖണ്ഡിലെ പ്രളയ സമയത്തു നടത്തിയ പ്രവർത്തനങ്ങളെപ്പറ്റിയയാണ്. 2013ൽ പ്രളയ ബാധിതർക്കായുള്ള ധനസമാഹരണത്തിനായി അദ്ദേഹം മൽഹോത്ര, ഹുമ ഖുറേഷി തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രത്യേക പരിപാടി വരെ അവതരിപ്പിക്കുകയുണ്ടായി. അതുപോലെ മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും താരം സജീവമാണ്.

മോഡേൺ ഹെയർ സ്റ്റൈൽ

ഇട തൂർന്ന മുടി ഇഴ എടുത്ത് മെടഞ്ഞിട്ട് ഒരു തുളസി കതിരും ചൂടി നാണത്താൽ കൂമ്പിയ മിഴിയുമായി നടന്ന് വരുന്ന പെൺകുട്ടികൾ വംശനാശം വന്നുപോയിട്ട് കാലം ഏറെയായി. ഇനി അങ്ങനെ ഒരു പെൺകുട്ടി സിറ്റിയിലോ, തിയേറ്ററിലെ വലിയ സ്‌ക്രീനിലോ പ്രത്യക്ഷപ്പെട്ടാൽ ഇവളേത്… അന്യഗ്രഹത്തിൽ നിന്നു വരുന്നോ… എന്ന മട്ടിലാണ് കോളേജ് പിള്ളേരുടെ നോട്ടം. ന്യൂ ജെൻ പിള്ളേരെ പറഞ്ഞിട്ടും കാര്യമില്ല. ഇത് തോളൊപ്പം വെട്ടിയ ബ്രൗൺ കളർ മുടിയുമായി ആത്മവിശ്വാസത്തോടെ തലയുയർത്തി പിടിച്ച് ആൾക്കൂട്ടത്തെ കടന്ന് പോകുന്ന നല്ല സ്‌മാർട്ട് ഗേൾസിന്‍റെ കാലമാണ്. മുടിയുടെ നീളം കുറയും തോറും ആത്മവിശ്വാസം കൂടുമെന്ന ഒരു പുത്തൻ ചൊല്ലും സ്‌മാർട്ട് ഗേൾസ്‌ ഇതിനകം കണ്ടുപിടിച്ചു കഴിഞ്ഞു.

അതുകൊണ്ടെന്താ, നാട്ടിലെ ബാർബർമാർക്കൊക്കെ ഇപ്പോൾ നല്ല കാലം. ഔട്ട് ഓഫ് ഫാഷനായ ബാർബർ ഷോപ്പെന്ന പേരൊക്കെ എടുത്തു കളഞ്ഞ് ഹെയർ ഡിസൈനേഴ്‌സ് ഷോപ്പ്, ഹെയർ  സലൂൺ, ഹെയർ ക്ലിനിക്ക് തുടങ്ങിയ സ്‌റ്റൈലിഷ് ഫ്‌ളക്‌സ് ബോർഡുകൾ ആണിപ്പോൾ നാടായ നാടൊക്കെ. സിനിമയിലെ ഹെയർ ഡിസൈനറായ വിജി തന്‍റെ സ്‌റ്റുഡിയോയ്‌ക്ക്‌ പേരിട്ടതും ഇത്തിരി പുതുമയോടെ തന്നെ. ഫെയർ ഇന്‍റർ നാഷണൽ ഹെയർ സ്‌റ്റുഡിയോ. മുടിക്കൊരു സ്‌റ്റുഡിയോ! “അമ്പട മുടിയേ, നിന്‍റെയൊരു ഡിമാന്‍റ്”എന്നു സമ്മതിക്കുക തന്നെ വേണം. “പഴയതിനേക്കാൾ ആളുകൾ മുടിയുടെ കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. ഹെയർ സ്‌റ്റൈലുകളുടെ കാര്യത്തിലും ഏറ്റവും പുത്തനായവ പിന്തുടരാനാണ് ആളുകൾക്ക് താല്‌പര്യം.” വിജി പറയുന്നു.

ബൗൺസിംഗ് ആന്‍റ് പേമിംഗ്‌

ബൗൺസിംഗാണ് ട്രെൻഡ്. ബൗൺസി ഹെയർ കട്ടിൽ കളറിംഗ് കൂടിയാകുമ്പോൾ സംഗതി കലക്കൻ. കട്ടി കൂടുതലുള്ള മുടിയുടെ കട്ടി കുറയ്‌ക്കാനും കട്ടി കുറവുള്ള മുടിയുടെ കട്ടി കൂട്ടാനുമൊക്കെ ബൗൺസിംഗ് ഫലപ്രദമായ രീതിയാണ്. ബൗൺസിംഗിന് ഒപ്പം തന്നെ പ്രചാരമുണ്ട് പേമിംഗിനും. സ്ഥിരമായി മുടി ചുരുട്ടുന്നതാണ് പേമിംഗ്. നീളമുള്ള മുടിയിലാണ് പേമിംഗ് കൂടുതൽ ഭംഗി.

ഹെയർ സ്‌ട്രെയിറ്റനിംഗ്

ഹെയർ സ്‌ട്രെയിറ്റനിംഗിന്‍റെ കാലം കഴിഞ്ഞെന്നു തന്നെ പറയാൻ കഴിയില്ലെങ്കിലും അൽപം ക്രേസ് കുറഞ്ഞെന്ന് പറായം. കേൾ ചെയ്‌ത മുടിയഴകിൽ ഉടക്കി പോയിരിക്കുകയാണ് മിക്ക ഫാഷൻ പ്രേമികളുടെയും മനസ്സ്. നീളമുള്ള മുടിയുള്ളവർ മുടിയുടെ അടിഭാഗം മാത്രം കേൾ ചെയ്‌ത് സ്റ്റൈലാക്കി ഇടുന്നു. റോയൽ ലുക്കിന് ഏറ്റവും യോജിച്ചതും ഇതുതന്നെ. ഇറ്റാലിയൻ കട്ടാണ് യുവത്വത്തിന്‍റെ മറ്റൊരു പ്രിയപ്പെട്ട സ്‌റ്റൈൽ. യു കട്ടിനും വി കട്ടിനുമൊക്കെ ഇന്നും ഡിമാൻറുണ്ട്. സ്ക്വയർ ഷെയ്‌പ് മുഖമുള്ളവർക്ക് ഏറ്റവും ഇണങ്ങിയത് ബ്ലന്‍റ് ബാംഗ്സ് ആണ്. കൂടുതൽ കവിൾ ഉള്ളവരുടെ ഫെയ്‌സ്‌ ബാലൻസ് ചെയ്യാനും ബ്ലന്‍റ് ബാംഗ്സ്‌ സഹായിക്കും. ഇത് മോഡേൺ, സോഫിസ്‌റ്റിക്കേറ്റഡ് ലുക്ക് നൽകും. മുടി ബോബ് ചെയ്യുക എന്നത് പഴയ പോലെ തന്നെ ക്രേസ് ആണിപ്പോഴും.

ഷോർട്ട് ഹെയർ- യംഗ് ലുക്ക്‌

ഷോർട്ട് ഹെയർ കട്ട് ചെറുപ്പം തോന്നിപ്പിക്കും. ലെയറുകൾ കൂടിയായാൽ ഒരു കൂൾ ലുക്കുമാകും. തല മറന്ന് എണ്ണ തേയ്‌ക്കരുത് എന്ന് പറയും പോലെ മുടിയറിഞ്ഞു വേണം ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കുന്നത്. നല്ല ഒരു ഹെയർ സ്‌റ്റൈലിഷറെ തന്നെ പോയി കാണുന്നതാണ് നല്ലത്. നിങ്ങളുടെ മുഖത്തിനും മുടിയ്‌ക്കും ഇണങ്ങിയ ഹെയർ സ്‌റ്റൈൽ ഏതെന്ന് പറഞ്ഞ് തരാൻ ഈ വിദഗ്‌ദ്ധർക്കാവും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें