സ്നേഹമോൾ മൂഡോഫ് ആയി ഇരിക്കുകയാണ്. ഇന്ന് സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ പങ്കെടുക്കവെ കുഴഞ്ഞ് വീണതിനാൽ മത്സരത്തിൽ വിജയിക്കാനായില്ല. തോറ്റതിനേക്കാൾ അവളെ സങ്കടപ്പെടുത്തിയത് വീണപ്പോൾ കൂട്ടുകാർ അവളെ കളിയാക്കിയതാണ്.
“എന്‍റെ കുഞ്ഞേ , നീയെന്‍റെ മിടുക്കി കുട്ടിയല്ലേ, ധൈര്യശാലിയായ കുട്ടികൾ ഇങ്ങനെ വിഷമിച്ചിരിക്കില്ലല്ലോ. അടുത്ത പ്രാവശ്യം എന്‍റെ മോള് ഫസ്റ്റ‌് ആകും." അമ്മയുടെ വാക്കുകൾ സ്നേഹമോൾക്ക് വലിയ ആത്മവിശ്വാസം നൽകി. അമ്മയുടെ വാക്കുകൾ അവൾക്ക് വല്ലാത്തൊരു ഊർജ്ജമാണ് നൽകിയത്. അവൾ അമ്മയ്ക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ച് കളിക്കാനായി പുറത്തേക്ക് ഓടി.
10 ാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതിന്‍റെ സങ്കടത്തിലാണ് കിരൺ. അവന്‍റെ പ്രതീക്ഷയ്ക്ക് വിപരീതമായി 90 ശതമാനത്തിൽ കുറവ് മാർക്കാണവന് ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ടീച്ചർമാരുടെയും കണ്ണിലുണ്ണിയായ കിരൺ അതിന്‍റെ പേരിൽ സങ്കടപ്പെട്ടിരിക്കുകയാണ്. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാനാവില്ല എന്ന നിരാശയാണവന്. അവന്‍റെ മനസികാവസ്ഥയറിഞ്ഞ് മുത്തച്‌ഛൻ അവനെ ആശസിപ്പിച്ചു. എന്നാൽ അതിന് മറുപടിയായി അവൻ പൊട്ടിക്കരയുകയാണുണ്ടായത്. അവനത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
“എടാ മോനെ നിനക്ക് ലഭിച്ച 85 ശതമാനം മാർക്കിന്‍റെ കാര്യം അറിഞ്ഞിട്ട് നിന്നെ അഭിനന്ദിക്കാനായിട്ടാണ് ഞാനിത്രയും ദൂരം താണ്ടി നാട്ടിൽ നിന്നും വന്നത്. എന്നിട്ട് നീയിപ്പോ സങ്കടപ്പെട്ടിരിക്കുന്നോ? നീ നല്ല പ്രകടനമാണ് കാഴ്ച വച്ചത്. നിന്‍റെ നേട്ടം നമ്മുടെ കുടുംബത്തിന് അഭിമാനകരമാണ്. അതിലും മാർക്ക് കുറഞ്ഞ് പോയവരുടെ കാര്യം നീ ഓർത്തു നോക്കിക്കേ. അവർ അത് അതിജീവിച്ചു അടുത്ത മികച്ച വിജയത്തിനായി പ്രയത്‌നിക്കും." ഇതും പറഞ്ഞ് മുത്തച്‌ഛൻ കിരണിനെ കെട്ടിപ്പിടിച്ചു തോളിൽ തട്ടി.
മുത്തച്ഛന്‍റെ നല്ല വാക്കുകൾ അവന്‍റെ ഉള്ളിലെ നിരാശാബോധത്തെ
തൂത്തെറിഞ്ഞു. അവൻ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ തുടങ്ങി. ശരിയായ സമയത്ത് മുത്തച്ഛന്‍റെ അഭിനന്ദന വാക്കുകൾ അവൻ കേൾക്കാനിട വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കിരൺ കടുത്ത നിരാശയിലേക്ക് പതിച്ചേനെ.
ഏറ്റവും അടുപ്പമുള്ളവരെ അഭിനന്ദിച്ചാൽ തീരാവുന്നതേയുള്ളൂ ഏതു പ്രശ്നവും. പ്രത്യേകിച്ചും വീട്ടിലെ കാര്യങ്ങൾ. നല്ല വാക്കുകൾ മാജിക് പോലെയാണ് പ്രവർത്തിക്കുക. അത് മനുഷ്യമനസ്സുകളിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. ആൾക്കാർ പോസിറ്റീവായി പ്രവർത്തിക്കാനും തുടങ്ങും. പക്ഷേ പലർക്കും നല്ല വാക്കുകൾ പറയാൻ മടിയാണ്. അല്ലെങ്കിൽ അവസരത്തിനൊത്ത് അത് പറയാൻ സാധിക്കാറില്ല. നല്ലത് പറഞ്ഞാൽ നല്ലത് തിരിച്ചു കിട്ടും എന്നു കൂടി മനസ്സിലാക്കുക. പ്രശംസ ഇഷ്ടപ്പെടാത്ത ആരും തന്നെ ഭൂമിയിൽ ഉണ്ടാവില്ല. വൈകാരിക ചലനങ്ങൾ സൃഷ്ടിക്കാൻ പ്രശംസാവാക്കുകൾക്ക് ശക്തിയുണ്ട്.
6 വയസ്സായാലും 60 വയസ്സായാലും പ്രശംസ എല്ലാവരിലും ഉന്മേഷം നിറയ്ക്കും. അത് ആസ്വദിക്കാത്തവർ ആരും ഉണ്ടാവില്ല തന്നെ, ഒരു നല്ല കാര്യം ചെയ്തതാലുടൻ കുട്ടികളെ അഭിനന്ദിക്കാൻ മടിക്കരുത്. അതവർക്ക് പ്രോത്സാഹനം മാത്രമല്ല ഭാവിയിൽ വലിയ നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയും നൽകുന്നു. നല്ല സാമൂഹികാന്തരീക്ഷം ഉടലെടുക്കുന്നത് ഇത്തരം ആളുകളുടെ പ്രവർത്തനഫലമായാണ്.