അഷിമ

മിലിയുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ട് അഷിമ പാടുപെട്ട് ചിരിയടക്കി. രോഹന്‍റെ ബർത്ത് ഡേ പാർട്ടിയ്ക്ക് അനീഷ് നിനക്ക് പകരം പ്രിയയെയാണല്ലോ കൊണ്ടു പോകുന്നത്?” അഷിമ ചിരിക്കുന്നത് കണ്ടപ്പോൾ മിലിയുടെ ദേഷ്യം ഇരട്ടിയായി.

അഷിമ സ്നേഹത്തോടെ മിലിയുടെ കൈ തന്‍റെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്ത സ്വരത്തിൽ പറഞ്ഞു.

“മറ്റന്നാൾ ഞായറാഴ്ച ഫ്രഞ്ച് ലാംഗ്വേജിന്‍റെ എക്സാമായതു കൊണ്ട് ഞാൻ വരില്ലെന്ന് അനീഷിനോട് പറഞ്ഞിരുന്നു. പിന്നെയുള്ളത് പ്രിയയാണ്. അവർക്ക് രണ്ടുപേർക്കും പാർട്ടിയ്ക്ക് പോകാൻ വലിയ ഇഷ്ടമാണല്ലോ. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് പോകുന്നതിന് നിനക്കെന്താ ചേതം.”

“കാരണം എനിക്ക് അവളെ നന്നായി അറിയാം. നിന്നെ ഒഴിവാക്കി അനീഷിനെ സ്വന്തമാക്കാനാ അവളുടെ പ്ലാൻ.”

“സുന്ദരനും സുമുഖനും സമ്പന്നനുമായ ഒരാളെ ജീവിത പങ്കാളിയാക്കാൻ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്? അങ്ങനെയൊരു ആഗ്രഹം അവളുടെ ഉള്ളിലും കാണുമെന്ന് വിചാരിച്ചാ അതിലെന്താ തെറ്റ്?”

“നിനക്ക് അനീഷിനെ നഷ്ടപ്പെടും. അതോർത്തിട്ട് നിനക്കൊരു വിഷമവും ഇല്ലല്ലോ?” മിലി സങ്കടത്തോടെ പറഞ്ഞു.

“ഒട്ടുമില്ല. അനീഷിന്‍റെ ജീവിതത്തിൽ എന്നേക്കാൾ നല്ലതായി വേറൊരു പെണ്ണില്ല. അത് തന്നെ കാരണം.” അഷിമ തെല്ലും കൂസലില്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ബർത്ത്‌ഡേ പാർട്ടിയ്ക്ക് പോകാൻ അവൻ നിന്നെ ആദ്യം വിളിച്ചതാ. അത് നീ മറന്നു പോയോ?”

“അനീഷിന്‍റെ കൂടെ പോകാൻ അവളെ അനുവദിച്ചത് ശരിയായില്ല. നീ പരീക്ഷയൊക്കെ മാറ്റി വച്ച് പോകേണ്ടതായിരുന്നു. മണ്ടിയാ നീ.”

“സത്യം പറയട്ടെ മിലി. അനീഷിന്‍റെ ഫ്രണ്ട്സൊക്കെ വളരെ റിച്ചാ അവർ സംഘടിപ്പിക്കുന്ന പാർട്ടിയിൽ പോകാൻ എനിക്കൊട്ടും താൽപര്യമില്ല. വലിയ പോഷ് കാറിൽ വന്നിറങ്ങുന്ന ഫ്രണ്ട്സും പാർട്ടിയും ഒക്കെ കാണുമ്പോൾ ഒരുമാതിരി പൊള്ളത്തരം പോലെ തോന്നും. തന്നെയുമല്ല അവർക്കൊക്കെ ഞാൻ സ്ട്രയിഞ്ചറാണ്. അനീഷിനും കുറച്ച് പ്രയാസം തോന്നും. അതുകൊണ്ടാ ഞാൻ പോകാതിരുന്നത്.”

അഷിമ നേർത്ത പുഞ്ചിരിയോടെ മിലിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മിലി കുറച്ചുനേരം അഷിമയെ ആശ്ചര്യത്തോടെ നോക്കി നിന്ന ശേഷം ചോദിച്ചു.

“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”

“ങ്ഹും.. പറയാം.”

അഷിമ ജിജ്‌ഞാസയോടെ മിലിയുടെ മുഖത്തേക്ക് ഉറ്റുനോക്കി

“നിനക്ക് അനീഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലേ?”

ചോദ്യം കേട്ട് ഒരു നിമിഷം ആലോ ചിച്ച് നിന്നശേഷം അഷിമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“അനീഷ് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവന്‍റെ സാന്നിധ്യം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ വിവാഹം നടന്നേ പറ്റൂ എന്നൊന്നുമുള്ള തീവ്രമായ ആഗ്രഹം ഞാൻ മനസ്സിൽ സൂക്ഷിക്കാറില്ല. ഭാവിയിൽ എന്താണോ നടക്കുന്നത് അത് ഞാൻ സ്വീകരിക്കും.”

“നീയൊരു വിചിത്ര ജീവി തന്നെ.” മിലി അസ്വസ്‌ഥതയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

“സമ്പന്നമായ കുടുംബത്തിലെ ഭാര്യയാകുക വഴി നിന്‍റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കും. അനീഷിനെ കൈവിട്ടു പോകാതിരിക്കാൻ നീ ശ്രമിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം വച്ചുപുലർത്തുന്നത് ദോഷം ചെയ്യുകയേയുള്ളൂ.”

“അനീഷിനെ ജീവിത പങ്കാളിയാക്കാൻ അവന്‍റെ പിന്നാലെ നടക്കുന്നത് വിഡ്ഢിത്തമല്ലേ. നല്ല പങ്കാളി ഒപ്പം നടക്കുകയല്ലേ വേണ്ടത്. അല്ലാതെ മുന്നിലോ പിന്നിലോ അല്ലല്ലോ നടക്കേണ്ടത്.”

“ഇനി ഒരു പക്ഷേയുമില്ല. വാ നമുക്ക് ജിമ്മിൽ പോകാം. കുറച്ച് നേരം വർക്കൗട്ട് ചെയ്യുന്നതോടെ നമ്മൾ ഫ്രഷാകും.”

അഷിമ ഒരു കയ്യിൽ ബാഗും തൂക്കി മറ്റേ കൈ കൊണ്ട് മിലിയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. അഷിമ ജിമ്മിൽ പോകുന്ന കാര്യം അമ്മയെ അറിയിച്ച ശേഷം ഇരുവരും കൂടി പുറത്തേക്ക് നടന്നു.

ജിമ്മിൽ നല്ല തിരക്ക്. എല്ലാവരും ആരോഗ്യത്തെക്കുറിച്ച് ബോധവന്മാരായതിന്‍റെ സൂചനയാണത്. അഷിമ അവിടുത്തെ പഴയ മെമ്പറായിരുന്നു. അതുകൊണ്ട് അവിടെ വരുന്ന ഭൂരിഭാഗം പേർക്കും അവളെ നല്ല പരിചയമായിരുന്നു. അവരോടൊക്കെ ഹായ് ഹലോ പറഞ്ഞ് ചെറിയ കുശലാന്വേഷണം നടത്തി അവൾ വർക്കൗട്ട് ചെയ്യുന്നതിൽ മുഴുകി. എന്നാൽ മിലിക്കാകട്ടെ അഷിമയോട് സംസാരിക്കാനായിരുന്നു കൂടുതൽ താൽപര്യം ശാരീരികമായും മാനസികമായും ഫിറ്റായിരിക്കാനുള്ള അഷിമയുടെ ആഗ്രഹം അവളെ ആകർഷണീയമായ ശരീര സൗന്ദര്യത്തിനുടമയാക്കി. വർക്കൗട്ട് ചെയ്യുന്നതിലുള്ള അവളുടെ ഏകാഗ്രതയേയും അർപ്പണബോധത്തേയും വലിയ ആരാധനയോടെയാണ് അവിടെ എത്തിയ പുരുഷന്മാർ കണ്ടിരുന്നത്. അവരുടെ നോട്ടങ്ങളിൽ അശ്ലീലമായ ഭാവമായിരുന്നില്ല മറിച്ച് അവളുടെ ഹൃദ്യമായ പെരുമാറ്റവും സംസാരവുമാണ് അവരെയെല്ലാം അവളുടെ സൃഹൃത്തുക്കളാക്കിയത്. ഏകദേശം ഒരു മണിക്കൂർ സമയം ജിമ്മിൽ ചെലവഴിച്ച ശേഷം ഇരുവരും കൂടി വീട്ടിലേക്ക് മടങ്ങി.

“യു ആർ ദി ബെസ്‌റ്റ് അഷിമ” യാദൃശ്ചികമായി മിലിയുടെ വായിൽ നിന്നു വന്ന പ്രശംസ കേട്ട് അഷിമയ്ക്ക് സന്തോഷത്തോടൊപ്പം ആശ്ചര്യവും തോന്നി.

“താങ്ക്യൂ മിലി, പക്ഷേ പെട്ടെന്ന് എന്താ എന്നോടിത്ര സ്നേഹം?” അഷിമ ചിരിയോടെ ചോദിച്ചു.

“ഞാൻ സത്യമാണ് പറയുന്നത് നിനക്ക് എന്താ ഇല്ലാത്തത്. സൗന്ദര്യം, നല്ല ശരീരവടിവ്, ഉയരം, എക്ണോമിക്സിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രി അതും ഫോറിൻ ഡിഗ്രി, എംബിഎ, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, എംഎൻസി കമ്പനിയിലെ ഉയർന്ന ഉദ്യോ ഗം, നല്ല പെരുമാറ്റം.. ഒരു സാധാരണ സ്ക്കൂൾ അധ്യാപകന്‍റെ മകൾക്ക് ഇത്രയും ഉയരത്തിലെത്താൻ കഴിയുന്നത് വലിയ നേട്ടമല്ലേ? ഇപ്പോഴും നീ പഠിച്ചു കൊണ്ടിരിക്കുകയല്ലേ.”

“എനിക്ക് കിട്ടിയ അവസരങ്ങളിലും ഗുണങ്ങളിലും എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഒന്നിലും പരിഭവം തോന്നിയിട്ടില്ല. മനസ്സു കൊണ്ട് അദ്ധ്വാനിക്കുന്നതിലാണ് എപ്പോഴും നേട്ടം. സ്വന്തം ദാരിദ്ര്യവും സുഖസൗകര്യങ്ങളുടെ കുറവും മറച്ചു വച്ച് ഉയരാനുള്ള എന്‍റെ ലക്ഷ്യത്തെ ഞാൻ ദുർബലമാക്കാറില്ല. എന്‍റെ ഈ കാഴ്ചപ്പാടാണ് ജീവിതത്തിൽ എന്തെങ്കിലും നേടാൻ എന്നെ സഹായിച്ചത്.” അഷിമയുടെ വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസവും ദൃഢനിശ്ചയവും തുളുമ്പി നിന്നിരുന്നു.

“ഇനി നീ അനീഷിനെ കല്യാണം കൂടി കഴിക്കുകയാണെങ്കിൽ പിന്നെ നിന്‍റെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.” മിലി ഏറെ സന്തോഷത്തോടെ പറഞ്ഞു. കുറച്ചുനേരം നിശബ്‌ദയായിരുന്ന അഷിമ ഏതോ ദാർശനികയെപ്പോലെ പറഞ്ഞു.

“എന്‍റെ സന്തോഷമത്രയും അനീഷുമായുള്ള വിവാഹവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നില്ല. എന്തെങ്കിലും വിശേഷപ്പെട്ടത് നേടിയിട്ട് അത് എന്നന്നേക്കുമുള്ള സന്തോഷമാണെന്ന് നിശ്ചയിക്കുക പ്രയാസമാണ് പെണ്ണെ. ജീവിതയാത്ര എന്നത് എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് ഞാനെപ്പോഴും എന്‍റെ ജീവിതത്തെ മികച്ചതാക്കാൻ നിരന്തരം ആക്ടീവായിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നെ സംബദ്ധിച്ച് ഈ ജീവിതയാത്ര പരമപ്രധാനമാണ്. അനീഷുമായുള്ള വിവാഹം നടന്നാൽ സന്തുഷ്ടയാകും നടന്നില്ലെങ്കിലോ ദുഃഖിക്കുകയുമില്ല.”

“നീ മറ്റുള്ള പെൺകുട്ടികളെ പോലെയല്ല. വളരെ വ്യത്യസ്തത തന്നെ.”

“എടി പെണ്ണെ ഈ ലോകത്തുള്ള എല്ലാവരും വ്യത്യസ്തരാണ്. നീയും അതെ. മറ്റുള്ളവരുമായി നമ്മൾ സ്വയം താരതമ്യം ചെയ്തു കൊണ്ടിരിക്കുന്നത് നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുത്തിക്കളയും. എന്‍റെ കാലിൽ നിന്ന് കൊണ്ട് എന്‍റെ ജീവിതം സന്തോഷമുള്ളതാക്കി തീർക്കാനാണ് ആഗ്രഹം. ഈ യാത്രയിൽ അനീഷ് എന്‍റെ സഹയാത്രികനായാൽ സ്വാഗതം. അങ്ങനെയായില്ലെങ്കിലും എനിക്ക് വിഷമമുണ്ടാകില്ല. കാരണം മറ്റൊരു അനുയോജ്യനായ സഹയാത്രികനെ എനിക്ക് തീർച്ചയായും കിട്ടും. അതിൽ വിശ്വാസവുമുണ്ട്.

“നിന്‍റെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ടായിരിക്കും അനീഷ് നിന്‍റെ ആരാധകനായത്.” മിലി ചിരിച്ചു കൊണ്ട് പറഞ്ഞു. മിലിയുടെ വാക്കുകൾ കേട്ട് അഷിമ പുഞ്ചിരിച്ചു.

മിലിയും അഷിമയും നടന്ന് പകുതി ദൂരമായപ്പോഴേക്കും അനീഷിന്‍റെ കാർ അവർക്കരികിലായി വന്നുനിന്നു. യാദ്യശ്ചികമായി അനീഷിനെ കണ്ട് ഇരുവരും അത്ഭുതപ്പെട്ടു.

“ഹാ.. നീ എങ്ങനെ ഇവിടെ?” അനീഷിനെ കണ്ട സന്തോഷത്തിൽ അഷിമയുടെ മുഖം ചുവന്നു തുടുത്തു.

“പാർട്ടിക്ക് പോകാൻ താൽപര്യം തോന്നിയില്ല.” അനീഷ് അഷിമയുടെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കികൊണ്ട് പറഞ്ഞു.

“കുറച്ച് സമയം നിനക്കൊപ്പെം ചെലവഴിച്ച ശേഷം പാർട്ടിയ്ക്ക് പോകാമെന്ന് വിചാരിച്ചു.”

“എന്താ? പ്രിയയേയും കൂടെ കൊണ്ടു പോകുന്നുണ്ടോ?” മിലി ഗൂഢമായ അർത്ഥത്തിൽ ചോദിച്ചു.

“ഇല്ല അവൾ അമിതിനൊപ്പം പോയി. വാ നമുക്ക് ഐസ്ക്രീം കഴിക്കാം.” മിലിയോട് അലക്ഷ്യമായി മറുപടി പറഞ്ഞ് അയാൾ അഷിമയുടെ മുഖത്തേക്ക് നോക്കി.

“ആദ്യം എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്ക്.” മിലി സങ്കടഭാവം നടിച്ചു കൊണ്ട് പറഞ്ഞു.

“ഓക്കെ” അനീഷ് മിലിയെ അവർക്കൊപ്പം കൂടാൻ നിർബന്ധിച്ചില്ല.

അഷിമ കാറിൽ ഇടതു വശത്തായി ഇരുന്നു. മിലി പിറകിലെ സീറ്റി ലും കയറി. അനീഷ് കാർ മുന്നോട്ടെടുത്തു.

“ആദ്യം നിങ്ങൾ രണ്ടുപേരും എന്‍റെ വീട്ടിലേക്ക് വാ.” അഷിമ അന്തരീക്ഷത്തിന് അയവുവരുത്താനായി പറഞ്ഞു.

“വേണ്ട കുറച്ച് സമയം നിനക്കൊപ്പം ചെലവഴിക്കണം.” അനീഷ് വിസമ്മതഭാവത്തിൽ പറഞ്ഞു.

“ആദ്യം വീട്ടിൽ ഒന്ന് പോകാം.” അവൾ സ്നേഹത്തോടെ നിർബന്ധിച്ചു.

“അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പെഷ്യൽ ഫുഡ് കഴിക്കാം.”

“എന്താ?”

“അത് സീക്രട്ടാണ്.”

“എന്നാലും”

“പ്ലീസ്”, അഷിമ സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ അയാൾ കാർ അഷിമയുടെ വീട്ടിലേക്ക് തിരിച്ചു.

മിലി സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിച്ചതെങ്കിലും അഷിമ അവളെ നിർബന്ധിച്ച് കൂടെ വരാൻ ആവശ്യപ്പെട്ടു.

അനീഷ് തനിക്ക് അനുയോജ്യനല്ലാത്ത പങ്കാളിയാണെന്ന് മിലിയ്ക്ക് ഒരു ധാരണയുള്ളതായി അഷിമയ്ക്ക് അറിയാമായിരുന്നു. അനീഷ് ചതിക്കുമോ എന്നവൾ ഭയപ്പെട്ടിരുന്നു. ഏറെ ശ്രമിച്ചിട്ടും മിലിയുടെ ധാരണ തിരുത്താൻ അഷിമയ്ക്ക് സാധിച്ചിരുന്നില്ല. ഇരുവരും കൂടെയുള്ളപ്പോഴൊക്കെ അന്തരീക്ഷത്തിന് അയവ് വരുത്താനായി അഷിമയ്ക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്. അനീഷ് നല്ല മധുര പ്രിയനായിരുന്നു. അഷിമയുടെ അമ്മ തയ്യാറാക്കിയ സ്പെഷ്യൽ പേട രുചിച്ചപ്പോൾ അയാൾ ഏറെ ഉല്ലാസവാനായി. പേട തിന്നശേഷം മിലി അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി. അഷിമ അനീഷിനെ ഭക്ഷണം കഴിപ്പിച്ചശേഷമാണ് മടക്കി അയച്ചത്. കളിചിരി തമാശകൾ നിറഞ്ഞ രണ്ട് മണിക്കൂർ നേരം കടന്നുപോയത് അവർ ഇരുവരുമറിഞ്ഞില്ല.

“ഒരു ലോംഗ് ഡ്രൈവിന് പോകാൻ തോന്നുന്നുണ്ട്.” പുറത്തെ തണുത്ത കാറ്റേറ്റപ്പോൾ അനീഷ് അഷിമയെ തന്‍റെ ആഗ്രഹമറിയിച്ചു.

“ഇന്നത്തേക്ക് ക്ഷമിക്കൂ. പിന്നീട് എന്നെങ്കിലും പോകാം.”

“മറ്റന്നാൾ പോകാം. പ്രോമീസ് ചെയ്തു. എക്സാം കഴിഞ്ഞ ശേഷം?” അനീഷ് സ്നേഹ നിർഭരമായ മിഴികളോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

“ഷുവർ” അഷിമ സമ്മതിച്ചു

“എക്സ‌ാം കഴിഞ്ഞയുടൻ ഇറങ്ങാം.”

“ഓകെ”

“എങ്ങോട്ടാ പോകുന്നതെന്ന് ചോദിക്ക്?”

“നിന്‍റെ കൂടെയല്ലേ അപ്പോൾ എല്ലാ സ്‌ഥലവും മനോഹരമായിരിക്കുമല്ലോ.”

“ഐ ലവ് യു ”

“മീ ടു”

ഇതിനിടെ അനീഷ് പലയാവർത്തി അഷിമയുടെ കൈ പിടിച്ച് ചുംബിച്ചു. അതിനുശേഷം അയാൾ കാർ സ്മാർട്ടാക്കി മുന്നോട്ടെടുത്തു. അനീഷ് നൽകിയ ഓരോ ചുംബനവും അഷിമയുടെ ശരീരത്തിലാസകലം മിന്നൽപ്പിണരുകൾ സൃഷ്ടിച്ചു. അവൾ ലജ്ജയോടെ സ്വന്തം മുറിയിലേക്ക് പോയി. അവളുടെ സ്വപ്‌നങ്ങളുടെ ലോകം കൂടുതൽ വർണ്ണപ്പകിട്ടാർന്നതു പോലെയായി. അവളുടെ മുഖത്തെ പുഞ്ചിരി അത് വെളിപ്പെടുത്തി കൊണ്ടിരുന്നു. ഞായറാഴ്ച‌ ഉച്ചയായപ്പോഴേക്കും എക്സാം കഴിഞ്ഞിരുന്നു. പരീക്ഷ കഴിഞ്ഞ സന്തോഷത്തോടെ പുറത്തുവന്ന അവളേയും കാത്ത് അനീഷ് വലിയ വാകമരച്ചുവട്ടിൽ നിൽക്കുന്നത് അവൾ ദൂരെ നിന്നു കണ്ടു.

അഷിമയേയും കൂട്ടി അനീഷ് നേരെ പാർക്കിലേക്ക് പോയി. ഏകദേശം അരമണിക്കൂർ നേരത്തെ ഡ്രൈവിനു ശേഷമാണ് അവിടെയെത്തിയത്. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ ഒരിടത്ത് ഏക്കർ കണക്കിന് വിശാലമായ പാർക്ക് പ്രണയിനികളുടേയും ഏകാകികളുടേയും പ്രിയപ്പെട്ട ഇടമായിരുന്നു. മരങ്ങളും ചെടികളും നിറഞ്ഞ ഭംഗിയു ള്ള ശാന്തമായ ഒരിടം. പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്‌ത ശേഷം ഇരുവരും തണുത്ത കാറ്റേറ്റു കൊണ്ട് പാർക്കിനുള്ളിലെ കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു. അഷിമയ്ക്കപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. ചുറ്റുമുള്ള ഹ്യദ്യമായ അന്തരീക്ഷവും തൊട്ടരികെ പ്രിയപ്പെട്ടവനും ചേർന്നുള്ള ആ സന്തോഷത്തിൽ അവൾ പാട്ട് മുളാൻ തുടങ്ങി. അവളുടെ മുഖത്തെ സന്തോഷം വായിച്ചറിഞ്ഞ അനീഷ് അവളറിയാതെ ആ സുന്ദരമായ മുഖത്തേക്ക് ഉറ്റുനോക്കി.

“ഈ ലോകത്തിൽ വച്ചേറ്റവും സുന്ദരിയായ സ്ത്രീയാണ് നീ.” അനീഷിന്‍റെ ചുണ്ടിൽ നിന്നും അവിചാരിതമായി വന്ന വാക്കുകൾ കേട്ട് അവളൊരു നിമിഷം കോരിത്തരിച്ചു പോയി. അവൾ പൂർവ്വാധികം സ്നേഹത്തോടെ അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“പച്ചക്കള്ളം” അവൾ തമാശ കലർത്തികൊണ്ട് പറഞ്ഞു. മറുപടി പറയാതെ അനീഷ് അവളെ ചേർത്തു നിർത്തി.

“നീയൊരു മജീഷ്യനെപ്പോലെയാ, നിന്നോട് സംസാരിക്കുന്തോറും ഇഷ്ട‌ടം കൂടികൂടി വരും. അതുകൊണ്ട് ഈ ഇഷ്ടത്തെ ഞാൻ എന്‍റെ ജീവിതത്തോട് ചേർത്ത് നിർത്തിക്കോട്ടെ.”

“നീ അസാധാരണയായ സ്ത്രീ തന്നെ.”

“ആണോ? അറിയില്ല. ഒന്നറിയാം. സ്വന്തം സ്വപ്നം പൂർത്തീകരിക്കാനുള്ള ധൈര്യവും അർപ്പണവും കഠിന പരിശ്രമവുമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും അസാധാരണമായ ഉയരം കീഴടക്കാനാവും.” അഷിമ അനീഷിന്‍റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് പുഞ്ചിരിച്ചു.

അവർ പാർക്കിന് തൊട്ടരികെയുള്ള അരുവിയ്ക്ക് അഭിമുഖമായുള്ള സീറ്റിലിരുന്ന് കളകളാരവത്തിന്‍റെ സംഗീതം പൊഴിച്ചു കൊണ്ട് ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കി. അത് തങ്ങളുടെ ജീവിതത്തിന്‍റെ സംഗീതമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അഷിമ അയാളുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു. ഒരു വാഗ്ദാനം പോലെ അയാൾ അവളെ തലോടി.

സീതാപരിത്യാഗം

രാത്രിയിൽ നല്ല മഴയായിരുന്നു. നല്ല കാറ്റും. വേനലിലെ ആദ്യത്തെ മഴ. മഴയുടെ താളം ശ്രവിച്ച് സീത വെറുതെ ഓരോന്നോർത്തു കിടക്കുകയായിരുന്നു. ഒട്ടും ഉറക്കം വന്നതേയില്ല. രാവിലെ അവൾ നേരത്തെ എഴുന്നേറ്റു.

ഞായറാഴ്ചയാണ്. ഒരുപാടു ജോലികൾ ചെയ്‌തു തീർക്കാനുണ്ട്. അവധിയുടെ ആലസ്യമാണോ പുതുമഴ സമ്മാനിച്ച കുളിരാണോ എന്താണെന്നറിയില്ല രഘുനാഥൻ മൂടി പുതച്ചു കിടന്നു നല്ല ഉറക്കത്തിലാണ്.

ഇത് എങ്ങനെയൊക്കെയാണ് ഈ കിടക്കുന്നത്… കൊച്ചു കുട്ടികളെക്കാൾ കഷ്ടമായിട്ട് സ്‌ഥാനം തെറ്റിക്കിടന്നിരുന്ന അയാളുടെ വസ്ത്രം അവൾ ശരിക്ക് പിടിച്ചിട്ടു. കിടക്കയിൽ നിന്നും വഴുതി പോയ തലയിണ നേരെ വച്ചു കൊടുത്തു. മധുരതരമായ ഏതോ സ്വപ്നം കണ്ടിട്ടെന്നവണ്ണം ഒരു ചെറുപുഞ്ചിരി ഇടക്കിടയ്ക്ക് അയാളുടെ ചുണ്ടിൽ മിന്നിമറയുന്നുണ്ട്. അതും നോക്കി സീത കട്ടിലിന്‍റെ ഓരം ചേർന്ന് വേറുതെയങ്ങനെയിരുന്നു.

പണ്ട് രഘുനാഥനോടൊപ്പം ചെലവഴിച്ച ഞായറാഴ്ചകളിലെ പുലർച്ചകളെപ്പറ്റി അവൾ ഓർത്തു. രണ്ടുപേരും പരസ്പരം കെട്ടിപ്പിണഞ്ഞു ഓരോരോ കുസൃതിത്തരങ്ങളും കാട്ടി അങ്ങനെ കിടക്കും. ആരുടേയും ഒരു ശല്യമോ, ബഹളമോ ഒന്നുമില്ലാതെ. നഗരം നേർത്ത് നേർത്ത് വന്ന് അവസാനിക്കുന്നിടത്ത് ഗ്രാമത്തിന്‍റെ ശാലീന സൗന്ദര്യമുള്ള ഒരു കൊച്ചു വീട്ടിൽ അവർ രണ്ടേ രണ്ടുപേർ മാത്രം. ഉച്ചിയിൽ വെയിൽ വന്നു വീഴുമ്പോഴാകും എഴുന്നേൽക്കുക. അതുപോലെ ഒരിക്കൽ കൂടി കുറച്ച് നേരം മനസ്സും ശരീരവും ഒന്നായി അയാളെ ഇറുകെ പുണർന്ന് കിടക്കുവാൻ അവൾ അതിയായി മോഹിച്ചു. പക്ഷേ…?

മുടി വാരിക്കെട്ടി അവൾ ഒരു നെടുവീർപ്പോടെ പുറത്തേക്കിറങ്ങി. വിചാരിച്ചതു പോലെ മുറ്റം മുഴുവൻ കാറ്റും മഴയും ചേർന്ന് ഒരു യുദ്ധം നടത്തിയതു പോലുണ്ട്. മുറ്റത്തെ മൂവാണ്ടൻ മാവിന്‍റെ ഒരു കൊമ്പൊടിഞ്ഞു അതിൽ തന്നെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മുറ്റമടിച്ചു വൃത്തിയാക്കിയപ്പോഴേക്കും ആകെ കുഴഞ്ഞു പോയി. അവൾ പിന്നെ അകത്തു ചെന്ന് പുരയ്ക്കകം മുഴുവൻ തൂത്ത് തുടച്ചു, കർട്ടൻ വിരികൾ നേരയാക്കി അവിടെയും ഇവിടെയും അലക്ഷ്യമായി കിടന്നിരുന്ന സാധനങ്ങളും, പഴയ പത്രമാസികകളുമെല്ലാം അടുക്കി വച്ച് എല്ലാത്തിനുമൊരു ചിട്ട വരുത്തി. പിന്നെ അടുക്കളയിൽ ചെന്ന് പ്രഭാത ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായി.

രഘുനാഥിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പവും, മുട്ടക്കറിയുമുണ്ടാക്കി ഹോട്ട് ഡിഷിലാക്കി അവൾ ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചു അപ്പോഴേക്കും അടുപ്പത്തു വച്ചിരുന്ന വെള്ളം തിളച്ചു. അതിൽ അരി കഴുകി വാരിയിട്ടു, കറിക്കരിഞ്ഞു, ഫ്രിഡ്ജിൽ മുളക് തേച്ച് വച്ചിരുന്ന മീനെടുത്തു വറുത്ത് എല്ലാം കഴിഞ്ഞ് വന്നു നോക്കുമ്പോഴും രഘുനാഥൻ ഉണർന്നിട്ടില്ല. കട്ടിലിൽ കിടന്നു അയാൾ ഭ്രമണം ചെയ്യുകയാണെന്നു അവൾക്കു തോന്നി.

അവൾ അയാളെ വിളിക്കാനൊന്നും പോയില്ല. അവധിയല്ലേ… ഓഫീസിലൊന്നും പോകണ്ടല്ലോ. ഉണരുമ്പോൾ ഉണരട്ടെയെന്നു വിചാരിച്ചു.

പ്രതീക്ഷിച്ചതിലും നേരത്തെ ജോലികൾ എല്ലാം തീർന്നു. ഒന്നു രണ്ടു ഡ്രസ്സുകൾ കൂടി നനച്ചിടാമെന്നു വച്ചു അവൾ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ നോക്കി ഹാംഗറിൽ നിന്നും എടുത്തുകൊണ്ടു പോയി. പോകുന്ന വഴിക്ക് ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് താഴെ വീണു.

ഒരു വർണ്ണക്കടലാസ്. അവൾ അതിലൂടെ നിസംഗതയോടെ കണ്ണുകളോടിച്ചു. നഗരത്തിലെ പ്രശസ്തമായ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ആർക്കോ ചുരീദാറോ മറ്റോ വാങ്ങിയതിന്‍റെ ബില്ലാണത്. അവൾ അതിനെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കാനൊന്നും നിന്നില്ല. ആ പേപ്പർ മടക്കി പോക്കറ്റിലിട്ട് അവളത് അതേ പടി ഹാംഗറിൽ കൊണ്ടു പോയി തൂക്കി.

വെള്ളത്തിൽ മുക്കുന്നതിന് മുമ്പ് അത് കണ്ടത് നന്നായെന്ന് അവൾ വിചാരിച്ചു. അപ്പോൾ കൃത്യം പോലെ രഘുനാഥന്‍റെ ഫോൺ വിളറി പിടിച്ച് ഗൗളിയെപ്പോലെ ചിലച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഒരു വിളിയുള്ളതാണ്. ഏതോ ഒരു രേണുകയോ മറ്റോ ആണ്. രഘുനാഥന് ഗുഡ്മോണിംഗ് പറയാൻ വേണ്ടി വിളിക്കുന്നതാണ്.

കൂട്ടത്തിൽ രാത്രിയിൽ നന്നായി ഉറങ്ങിയോ? രാവിലെ എന്താണ് കഴിച്ചത്? ഓഫീസിൽ വരുമ്പോൾ ഏത് ഷർട്ടാണിടുന്നത്? ഉച്ചയ്ക്ക് ചോറിന്‍റെ കൂടെ എന്തൊക്കെയുണ്ടാകും കൂട്ടാൻ? അങ്ങനെ നിർദോഷമായ ചില അന്വേഷണങ്ങളും ഉണ്ടാകും. അതെല്ലാം പരിഭ്രമം പിടിച്ച നോട്ടങ്ങളിൽ, അമർത്തിപ്പിടിച്ച മൂളലുകളിൽ ഒളിക്കാൻ നോക്കുന്ന സുഖദമായ ഞരങ്ങലുകളിൽ മണക്കാതെ മണത്തും, കേൾക്കാതെ കേട്ടും അവൾ പണ്ടേ രഘുനാഥന്‍റെ മുഖത്ത് നിന്ന് വായിച്ചെടുത്തിട്ടുള്ളതാണ്.

ഫോൺ നിറുത്താതെ റിംഗ് ചെയ്‌തു കൊണ്ടിരുന്നെങ്കിലും അവളത് എടുക്കാനൊന്നും പോയില്ല. ഉദ്ദേശിച്ച ആളല്ല എടുക്കുന്നതെങ്കിൽ അങ്ങേത്തലയ്ക്കൽ ഒരു മഹാ മൗനമായിരിക്കും മറുപടി. വെറുതെ മറ്റുള്ളവരെ കൂടി എന്തിന് അർദ്ധവിരാമത്തിന്‍റെ മുൾമുനയിൽ നിർത്തണം?

വസ്ത്രങ്ങൾ അലക്കി വിരിച്ചിട്ടു പിന്നെ കുളിച്ചു ഈറൻ മാറാത്ത മുടിയുമായി അകത്തെത്തിയപ്പോഴേക്കും രഘുനാഥൻ എഴുന്നേറ്റ് പ്രാതൽ കഴിക്കാൻ തുടങ്ങിയിരുന്നു. വാതിൽപ്പടി ചാരി ശിരസ്സ് കുനിച്ചു ഏതോ ചിന്തയിലാണ്ട് അവൾ കുറേ നേരം അയാൾക്കു മുന്നിൽ തന്നെ നിന്നു.

രഘുനാഥൻ പ്രാതൽ കഴിക്കുന്നതിനോടൊപ്പം കൈയിലിരുന്ന പത്രത്തിന്‍റെ നിർജീവങ്ങളായ കോളങ്ങളിലേക്ക് നോക്കിയതല്ലാതെ അവളെ ശ്രദ്ധിച്ചതേയില്ല. മുഖമുയർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“ഞാൻ പോകുകയാണ്. ഇനി വരില്ല… ഒരിക്കലും…” അവൾ പറഞ്ഞു. അയാളത് കേട്ടതായി ഭാവിച്ചില്ല. പത്രത്തിലെ മാട്രിമോണിയൽ കോളത്തിലെ ഏതോ കോളത്തിൽ മിഴിനട്ടിരിക്കുകയായിരുന്നു അയാളപ്പോൾ. അയാളുടെ മറുപടി പ്രതീക്ഷിച്ചിട്ടാണെന്നു തോന്നുന്നു പിന്നെയും കുറേനേരം അവൾ അവിടെ തന്നെ നിന്നത്.

രാവിലത്തെ ഒരുക്കം കണ്ടപ്പോൾ അയാൾ വിചാരിച്ചത് അവളേതോ അമ്പലത്തിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ്. അവളിങ്ങനെ ദിവസോം അമ്പലത്തിൽ പോകുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളതെന്നു അയാൾ പുച്ഛത്തോടെ ചിന്തിക്കുകയും ചെയ്‌തു. പ്രാതൽ കഴിഞ്ഞു രഘുനാഥൻ എഴുന്നേറ്റു കൈ കഴുകി വന്നു വീണ്ടും പത്രതാളുകളിലേക്ക് മുഖം പൂഴ്ത്തി.

“ബസ്സ് എപ്പോഴോണ്ട്?” അതിനിടയ്ക്ക് അയാൾ ചോദിച്ചു.

“ബസ്സല്ല, ട്രെയിന് പോകുകയാണ്. അതാണ് സുഖം” അവൾ പറഞ്ഞു.

“പോകനെല്ലാം ഒരുക്കിയോ?”

“ഇല്ല ഒരുക്കാനൊന്നുമില്ല”

“എടുക്കാനുള്ളതെല്ലാം മറക്കാതെ എടുത്തോളണം” അയാളുടെ വാക്കുകളിൽ എന്തോ കാർക്കശ്യമുണ്ടായിരുന്നതു പോലെ.

അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ മനഃപൂർവ്വം ചോദിച്ചില്ല. അവൾക്കു പോകാൻ അധികമിടമൊന്നും ഇല്ലെന്ന് അയാൾക്കും അറിവുള്ളതായിരുന്നുവല്ലോ.

അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അച്‌ഛൻ പട്ടാളത്തിൽ ഭേദപ്പെട്ട റാങ്കുള്ള ഒരുദ്യോഗസ്‌ഥനായിരുന്നു. അവളെ വിവാഹം കഴിച്ചയച്ചതിനു ശേഷം അയാൾ മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്ണിനെ കെട്ടി ജോലി സ്‌ഥലത്തേക്ക് കൊണ്ടു പോയി. അതോടു കൂടി അയാളും അവളെക്കുറിച്ച് അന്വേഷിക്കാതെയായി. മകളെ ഒരു സർക്കാർ ഉദ്യോഗസ്‌ഥന് വിവാഹം കഴിച്ചു കൊടുത്തതോടെ അവളുടെ ജീവിതം സുരക്ഷിതമായെന്ന് അയാളും വിചാരിച്ചു കാണണം.

സീത പിന്നീടു അവിടെ നിന്നില്ല. അവൾ കണ്ണ് തുടച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് പോകാനെല്ലാം ഒരുക്കി. ഒരു സ്യൂട്ട് കേസിലും ഒരു ചെറിയ ബാഗിലും കൊള്ളാവുന്ന സാധനങ്ങൾ മാത്രമേ അവളുടേതായിട്ട് ഉണ്ടായിരുന്നുള്ളൂ. പെട്ടന്നവൾ എന്തോ ഓർത്തിട്ടെന്നവണ്ണം അലമാര തുറന്നു അവരുടെ വിവാഹ ആൽബം പുറത്തെടുത്തു.

“ഞാനിതിൽ നിന്നും ഒരു ഫോട്ടോ എടുക്കുകയാണ്” അവൾ പറഞ്ഞു. ഒരു ഫോട്ടോയല്ല ആ ആൽബം തന്നെ എടുത്തോളാൻ അയാൾ പറഞ്ഞു. അവളത് ഭദ്രമായി പൊതിഞ്ഞു ബാഗിനകത്തു വച്ചു. പിന്നെ നിലക്കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്ന് വിവാഹത്തിന്‍റെ ആദ്യ വാർഷിക ദിനത്തിൽ രഘുനാഥൻ സമ്മാനിച്ച ചുവപ്പിൽ ഇളം പൂക്കളുള്ള പട്ടുസാരിയെടുത്ത് ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങാൻ തുടങ്ങി. പത്രം വായിക്കുന്നു എന്നാ ഭാവേനെ രഘുനാഥൻ അത് അസഹ്യതയോടെ നോക്കിയിരുന്നു. “ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണന്നറിയുമോ നിങ്ങൾക്ക്?” അവൾ ചോദിച്ചു. ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ പിടികിട്ടി. എങ്കിലും അയാൾ അജ്‌ഞത നടിച്ചു.

“ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്. ഏഴു വർഷങ്ങൾക്കു മുമ്പ് ഇതേ പോലൊരു ദിവസമാണ് ഞാനാദ്യമായി നിങ്ങളോടൊപ്പം ഈ വീടിന്‍റെ പടി ചവിട്ടുന്നത്. അതെല്ലാം ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു.”

രഘുനാഥൻ പരമ പുച്ഛത്തോടെ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു.

“കുറെനാളായി അമ്മാതിരി കാര്യങ്ങളൊന്നും ഓർക്കാൻ ഞാനിഷ്ടപ്പെടുന്നതേയില്ല.”

“അതെനിക്കറിയാം. അതുകൊണ്ടാണല്ലോ ഉറക്കത്തിനിടയിൽ പോലും നിങ്ങൾ എന്നിൽ നിന്നും കൃത്യമായ അകലം പാലിക്കുന്നത്.”

രഘുനാഥന് ചെറുതായെങ്കിലും കുറ്റബോധം തോന്നിയിരിക്കണം. അയാൾ പത്രവായന അവസാനിപ്പിച്ച്, അവൾ അണിയിച്ച വിവാഹ മോതിരവും തെരുപ്പിടിപ്പിച്ചു അങ്ങനെയിരുന്നു.

“ചോറും കറികളും വിളമ്പി ഞാൻ അടുക്കളേൽ അടച്ചു വച്ചിട്ടുണ്ട്. നിങ്ങളത് സമയത്തിനെടുത്തു കഴിക്കണം.”

“ഓഹോ… നന്ദി.”

രഘുനാഥൻ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ പിടിപ്പിച്ചു കൊണ്ട് എന്തോ ആലോചിച്ചു കസേരയിലേക്ക് ചാഞ്ഞു കിടന്നു.

“നിങ്ങൾ ആരോഗ്യം നോക്കണം. സിഗരറ്റു വലി കുറക്കണം. അസുഖം വന്നാൽ സമയത്തിന് ഡോക്ടറെ പോയി കാണണം. മഴക്കാലം വരികയാണ്. തലയിൽ വെള്ളം താന്നാൽ പെട്ടെന്ന് പനി പിടിക്കുന്ന സ്വഭാവമാ നിങ്ങൾക്ക്. അതുകൊണ്ട് റെയിൻ കോട്ടോ, കുടയോ ഒന്നുമില്ലാതെ പുറത്തോട്ടൊന്നും പോകരുത്.”

“നീയെന്നെ ഇങ്ങനെ ഉപദേശിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല” അയാൾ അൽപം ദേഷ്യത്തോടെ പറഞ്ഞു.

അവൾ അതൊന്നും വക വയ്ക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ഗ്യാസ് ഓൺ ചെയ്‌തിട്ട് എങ്ങും പോവരുതെന്നോ, അടുക്കളയിലെ സ്റ്റോറിൽ ചമ്മന്തിപ്പൊടിയോ, മാങ്ങാ അച്ചാറോ അങ്ങനെ ഏതാണ്ടൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടന്നോ, അതൊന്നും നനഞ്ഞ സ്പൂണിട്ടു എടുക്കരുതെന്നോ, രാവിലെ മുറ്റമടിക്കാൻ അയലത്തെ വീട്ടിൽ അടുക്കളയ്ക്ക് നിൽക്കുന്ന സ്ത്രീയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നോ… അങ്ങനെ പലതും ഒടുവിൽ പതുക്കെ പതുക്കെ അവൾ തനിയെ നിശബ്ദയായി.

മുറിക്കകത്തുനിന്നും ബാഗും സ്യൂട്കേസുമെടുത്തു സിറ്റൗട്ടിൽ കൊണ്ടു വച്ച് അവൾ വിദൂരതയിലേക്ക് നോക്കി നിന്നു.

നല്ല മഴക്കോളുണ്ട്. മൂടൽ മഞ്ഞ് പോലെ പൊടിമഴ ചാറുന്നു.

“റോഡ് മുഴുവൻ വെള്ളമായിരിക്കും. നടന്നു പോയാൽ സാരി മുഴുവൻ ചെളി തെറിക്കും. അതുകൊണ്ട് നിങ്ങൾ…”

“സ്ക്കൂട്ടർ കണ്ടീഷനല്ല” പൊടുന്നനെ അയാൾ പറഞ്ഞു.

“മഴയത്ത് സ്ക്കൂട്ടെറെടുത്ത് നിങ്ങൾ ബുദ്ധിമുട്ടെണ്ടാ. ഒരു ഓട്ടോ പിടിച്ചു തന്നാൽ മതി. അതാണ് നല്ലത്” അവൾ പറഞ്ഞു.

രഘുനാഥൻ നീരസത്തോടെ എഴുന്നേറ്റു ചെന്ന് ഫോണെടുത്തു ഏതോ നമ്പർ ഡയൽ ചെയ്‌തു വന്നു.

“ഓട്ടോ ഇപ്പോഴിങ്ങെത്തും. ഒന്നും മറന്നിട്ടില്ലല്ലോ” രഘുനാഥൻ ഓർമ്മിപ്പിച്ചു.

അവളപ്പോൾ കൈവിരലിലെ നഖങ്ങൾ കൊണ്ട് ഭിത്തിയിലെന്തോ കോറുകയായിരുന്നു. ഭിത്തിയിൽ നിന്നപ്പോൾ നരച്ച മേഘത്തിന്‍റെ നിറമുള്ള വെള്ളയുടെ ഒരുപാളി അടർന്നു താഴെ വീണു ചിന്നി ചിതറി.

“നിങ്ങളുടെ ഒരു കുഞ്ഞിന്‍റെ അമ്മയാകാൻ കഴിഞ്ഞില്ല എന്ന തെറ്റു മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. രമണിയേയോ, രേണുകയേയോ ആരെയാണെങ്കിലും നിങ്ങൾ ഉടനെ വിവാഹം ചെയ്യണം. ആഗ്രഹം പോലെ ഒരു കുഞ്ഞിന്‍റെ അച്‌ഛനാകണം. ഒന്നിനും ഞാനൊരു തടസ്സമാകുന്നില്ല. നിങ്ങളെന്നെ ഒഴിയുക മാത്രം ചെയ്യരുത്. അവകാശം ചോദിച്ചു ഞാനൊരിക്കലും വരില്ല.”

മുറ്റത്തു ഒരു ഓട്ടോ വന്നു ഞരങ്ങി നിന്നു. ചാറി ചാറി നിന്നിരുന്ന മഴ അപ്പോൾ ചന്നം പിന്നം പെയ്യാൻ തുടങ്ങി. നാലുവശത്തു നിന്നും തൂവാനും അകത്തേക്ക് അടിച്ചു കയറി. ഡ്രൈവർ ഓട്ടോ പോർച്ചിലേക്ക് നീക്കിയിട്ടു. സീത തണുത്ത കൈവിരലുകൾ കൊണ്ട് രഘുനാഥന്‍റെ നെഞ്ചിൽ പതിയെ സ്പർശിച്ചു. അവളുടെ കരസ്പർശം ഏറ്റു തന്‍റെ നെഞ്ചു പൊള്ളുന്നത് പോലെ അയാൾക്ക് തോന്നി.

“ജീവിതത്തിൽ ഞാനാദ്യമായും, അവസാനമായും സ്നേഹിച്ച പുരുഷൻ നിങ്ങളാണ്. എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോൾ വരാൻ മടിക്കരുത്.”

അവൾ സ്യൂട്ട്കേസ്, ഓട്ടോയിൽ കൊണ്ട് വച്ച് അതിൽ കയറിയിരുന്നു. “മഴതോരട്ടെ… ഓട്ടോക്കാരന് ധൃതിയൊന്നുമില്ല” രഘുനാഥൻ പറഞ്ഞു. അവളൊന്നു ചിരിച്ചു. “ഈ മഴ ഇപ്പോഴെങ്ങും തോരില്ല. വെള്ളം അകത്തേക്ക് തെറിക്കാതിരിക്കാനെന്നവണ്ണം അവൾ സൈഡിലെ ടാർപാളിൻ ഷീറ്റുകൾ താഴ്ത്തിയിട്ടു. അതിനിടയിൽ അവൾ പറഞ്ഞു. “കുടിക്കാൻ വെള്ളം എടുത്തു വയ്ക്കുന്ന കാര്യം ഞാൻ മറന്നു പോയി. നിങ്ങൾ പച്ചവെള്ളം കുടിച്ചു ഇല്ലാത്ത രോഗം ഒന്നും വരുത്തി വയ്ക്കരുത്.”

ഓട്ടോ ഒരു ഇരമ്പലോടെ അകന്നു പോയി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ ഏതാണ്ട് തോർന്നിരുന്നു. യാത്രക്കാരായിട്ടു വളരെ കുറച്ചു ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ അവൾ രഘുനാഥനെക്കുറിച്ചോർത്തു, മടിയനാണ്. കുടിക്കാനുള്ള വെള്ളം ചൂടാക്കിയിരിക്കാൻ ഒരു വഴിയുമില്ല.

നാളെ ഓഫീസിലേക്കു പോകാൻ അയാൾക്ക് ആരായിരിക്കും എല്ലാം ഒരുക്കി കൊടുക്കുക. നല്ല കാര്യം, നാട്ടിൽ ഹോട്ടലുകൾക്കാണോ പഞ്ഞം?

“അടുത്ത ട്രെയിൻ എപ്പോഴാണ്?” കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന ഒരു വൃദ്ധനോട് അവൾ ചോദിച്ചു.

അയാൾ മനോഹരമായി ചിരിച്ചു. “തെക്കോട്ടാണോ… വടക്കോട്ടാണോ…?”

“ആദ്യം ഏതാണ് വരുന്നത്…?”

വടക്കോട്ടാണെങ്കിൽ ഇപ്പോൾ ഒരു എക്സ്പ്രസ്സുണ്ട്. പക്ഷേ അതിനിവിടെ സ്റ്റോപ്പില്ല. പിന്നെ പാസഞ്ചറുണ്ട്. അതു വരാൻ ഉച്ച കഴിയും.”

അവൾ അവിടെ കണ്ട ഒരു സിമന്‍റ് ബഞ്ചിൽ പോയിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പ്രാതൽ കഴിക്കുന്ന കാര്യം തിരക്കിനിടയിൽ മനഃപൂർവ്വം മറന്നു. അവൾ ബാഗു തുറന്നു വിവാഹ ആൽബമെടുത്ത് വെറുതെ മറിച്ചു നോക്കി കൊണ്ടിരുന്നു.

രഘുനാഥന്‍റെ നവവധുവായി ആ വീട്ടിൽ ചെന്ന് കയറിയ ദിനം. അയാളുടെ സ്നേഹ പ്രകടനങ്ങൾ, കുസൃതിത്തരങ്ങൾ, നേരമ്പോക്കുകൾ, ഉച്ചത്തിലുള്ള പൊട്ടിച്ചിരികൾ…

തെക്കു നിന്ന് ഒരു ട്രെയിന്‍റെ ഉച്ചത്തിലുള്ള മുഴക്കം കേട്ടു അവൾ ബാഗും സ്യൂട്ട്കേസും അവിടെത്തന്നെ വച്ചിട്ട് പതിയെ എഴുന്നേറ്റു നടന്നു. പ്ലാറ്റ്ഫോമും കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്നു.

അപ്പോൾ വലിയൊരു കാറ്റ് വീശി. ഓരത്തെ മരച്ചില്ലകളിൽ നിന്ന് സ്ഫടിക കഷ്ണങ്ങൾ പോലെ ജലകണങ്ങൾ പൊഴിഞ്ഞു. അതേൽക്കാതിരിക്കാനെന്നവണ്ണം അവളപ്പോൾ സാരിത്തലപ്പു പിടിച്ചു തലവഴിയേയിട്ടു.

ബിക്കിനി കള്ളൻ

സെൻട്രൽ മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിയിലെ ചുവരിൽ ആണിയിൽ തൂങ്ങിക്കിടക്കുന്ന മഹാത്മാജിയുടെ ചിത്രത്തിലേക്ക് നോക്കി രാമാനുജൻ പതിവു പോലെ കൈകൂപ്പി. കാണുന്നവർക്ക് തോന്നും ഇത്രയും ദേശഭക്തിയുള്ള പോലീസുകാരനോ, അൽപം കൂടി സൂക്ഷിച്ചു നോക്കിയാൽ ഗാന്ധിജിയുടെ ഫോട്ടോയോട് ചേർന്ന് താഴെ മൂലയിൽ വച്ച ഒരു ചെറിയ ചിത്രം, രാമാനുജൻ കടുത്ത വൈഷ്ണവാരാധകനാണ്.

കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന ഈ വ്യായാമം ഇന്നും അയാൾ നിർവ്വഹിച്ചു. പ്രാർത്ഥിക്കുമ്പോൾ ചുണ്ടുകൾ മെല്ലെ അനക്കും. പക്ഷേ ശബ്ദം പുറത്തേക്കു വരില്ല. സെൻട്രൽ മാർക്കറ്റ് സ്റ്റേഷനിൽ നിന്ന് ഒരിക്കലും സ്‌ഥലം മാറ്റം ഉണ്ടാവരുതല്ലോ. അതിനും കൂടിയാണ് ഈ കൈമണി.

രാമാനുജന്‍റെ വീട് സെൻട്രൽ മാർക്കറ്റ് റോഡിലാണ്. വീട്ടിൽ നിന്ന് അമ്പത് അടി നടന്നാൽ സ്റ്റേഷനായി. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ജീവിക്കുന്നത് ഈ തിരക്കു പിടിച്ച ചന്തത്തെരുവിലാണ്. ഇവിടെത്തന്നെയായിരുന്നു ജീവിതത്തിന്‍റെ തുടക്കം. ഒടുക്കവും ഇവിടെ മതിയെന്ന് ചിന്തിക്കാതിരിക്കാൻ ഒരു കാരണവുമില്ല രാമാനുജന്.

സ്റ്റേഷനിലെ ഏറ്റവും ഇടുങ്ങിയ മുറിയാണ് റെക്കോർഡ് റൂം. അക്കാലമത്രയും ഉള്ള കേസുകൾ ഫയലുകളായി ശ്വാസം മുട്ടിക്കിടക്കുകയാണ് അവിടെ. പക്ഷേ ഏതു ഫയലും എപ്പോൾ ചോദിച്ചാലും രാമാനുജന് കൃത്യമായറിയാം. രാവിലെ 8 മണിക്കു വന്നാൽ രാത്രി 8 മണി വരെ രാമാനുജന്‍റെ സേവനം അവിടെയുണ്ട്.

ഗാന്ധി ചിത്രത്തിനു താഴെ നിന്ന് ചന്ദനത്തിരി കത്തിച്ചു വച്ച് ഒരു മിനിറ്റ് കണ്ണടച്ചു നിന്നിട്ട് രാമാനുജൻ തന്‍റെ കസേരയിൽ വന്നിരുന്നു. അതേ സമയം തന്നെ രണ്ട് സുന്ദരികൾ അവിടേക്ക് വന്നു. രണ്ടുപേർക്കും ശരാശരിയിലധികം ഉയരമുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് യാതൊരു സങ്കോചവുമില്ലാതെ അവർ കടന്നു വന്നു. വളരെ ഭംഗിയായ വസ്ത്രധാരണം ചെയ്‌ത ആ സ്ത്രീകൾ എഫ്ഐആർ നൽകുവാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ പാറാവു നിൽക്കുന്ന കോൺസ്റ്റബിൾ കൗതുകത്തോടെ അവരെ നോക്കിക്കൊണ്ട് റെക്കോർഡ് റൂമിലേക്ക് കൈചൂണ്ടി.

വാതിലിനു പുറംതിരിഞ്ഞാണ് രാമാനുജന്‍റെ ഇരിപ്പ്. താളാത്മകമായി ചെരുപ്പുകൾ നിലത്തുരയുന്ന ശബ്ദവും അവിടമാകെ മദിപ്പിക്കുന്ന സുഗന്ധവും രാമാനുജന് അപരിചിതമായി തോന്നി. അയാൾ പുറം തിരിഞ്ഞു നോക്കി. യുവതികളെ കണ്ട് തെല്ല് അമ്പരന്നെങ്കിലും അയാൾ തന്‍റെ പതിവു ചോദ്യം മറന്നില്ല.

“എന്താ വേണ്ടത്?”

“പരാതി നൽകാനുണ്ട്” തെല്ലും സങ്കോചമില്ലാതെ അവർ പറഞ്ഞു. അവർ രണ്ടുപേരും സുന്ദരികളാണ്. എന്തെങ്കിലും അതിക്രമത്തിന് ഇരകളാണെന്ന് തോന്നുന്നില്ല. മനസിലെ സംശയം മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ അയാൾ വളരെ പ്രയാസപ്പെട്ടു.

“ഇൻസ്പെകടർ അകത്തുണ്ട്. അദ്ദേഹത്തെ കണ്ടാൽ, പരാതി എഴുതാതെ ചിലപ്പോൾ നിങ്ങളുടെ പ്രശ്നം പരിഹരിക്കും. വളരെ മിടുക്കനാണ്.”

കേസും കൂട്ടവും വന്നാലുള്ള നൂലാമാലകൾ കണ്ടു തഴമ്പിച്ച രാമാനുജന്‍റെ കണ്ണുകൾ ആ യുവതികളെ സംശയത്തോടെ ചൂഴ്ന്നു നോക്കി. അയാളുടെ മുന്നറിയിപ്പ് അവർക്ക് അത്ര ഇഷ്‌ടമായില്ലെന്ന് തോന്നിയെങ്കിലും നീരസം പുറത്തു കാണിക്കാതെ ഒരു സുന്ദരി രാമാനുജനെ വീണ്ടു ഞെട്ടിച്ചു.

“അദ്ദേഹം മിടുക്കനായിരിക്കാം. പക്ഷേ ഞങ്ങൾക്ക് ഈ പരാതി ബോധ്യപ്പെടുത്തണം, രസീതും വേണം.”

രാമാനുജൻ ഫയലുകൾക്കിടയിൽ നിന്ന് പച്ചപുറം ചട്ടയുള്ള ഫയൽ വലിച്ചെടുത്തു സാവകാശം നിവർത്തി. പറഞ്ഞോളൂ എന്ന മട്ടിൽ അയാൾ പേനയുടെ ക്യാപ് ഊരി മേശമേൽ വച്ച് തയ്യാറായി. പരാതിക്കാരികൾക്ക് അൽപം മടിയുണ്ടെന്ന് രാമാനുജന് മനസ്സിലായത് അപ്പോഴാണ്.

“അൽപം കാത്തിരിക്കാൻ തയ്യാറാണെങ്കിൽ എഫ്ഐആർ രേഖപ്പെടുത്താൻ ലേഡി കോൺസ്റ്റബിളിനെ വിളിക്കാം.”രാമാനുജൻ പറഞ്ഞു.

നിമിഷങ്ങളുടെ ഇടവേളയിൽ അവരിലൊരാൾ മറുപടി നൽകി.

“യഥാർത്ഥത്തിൽ, ഇതൊരു ചെറിയ വിഷയമാണ്. ഐ മീൻ, അൽപം വ്യത്യസ്തമായത്. പക്ഷേ ഒരു വനിതാ പോലീസിന്‍റെ ആവശ്യമില്ല.”

അപ്പോഴേക്കും, മറ്റേ യുവതി കാര്യങ്ങൾ വിവരിക്കാൻ ആരംഭിച്ചു.

“ഞങ്ങൾ സുഹൃത്തുക്കളാണ്. കഴിഞ്ഞ 6 മാസമായി വാടക വീട്ടിലാണ് താമസം. ഇവൾ പഞ്ചാബിയാണ്. ഞാൻ ആസ്സാംകാരിയും. ഞങ്ങൾ ഒരേ ലക്ഷ്യത്തിലാണ് ഈ ഫാഷൻ നഗരത്തിൽ വന്നത്. മോഡലിംഗ് താരങ്ങളാവണമെന്നാണ് ആഗ്രഹം. ഇപ്പോൾ ചില്ലറ കരാറുകൾ കിട്ടിത്തുടങ്ങി. അത്ര വലിയ ഓഫറുകളല്ല, കുഴപ്പമില്ലാതെ ജീവിക്കാം. അത്രയേയുള്ളൂ.” അവൾ പറഞ്ഞതിന്‍റെ ബാക്കി മറ്റേ യുവതി ഏറ്റെടുത്തു.

“അടുത്തയിടെ, ഫാഷൻ ഹൗസിൽ നിന്ന് ഞങ്ങൾക്ക് മോഡൽ അസൈന്‍റ്മെന്‍റ് കിട്ടി. ചെറിയ കാലയളവുകൊണ്ട് ഉയർന്നു വന്ന സ്‌ഥാപനമാണ്. സ്ത്രീകൾക്കു വേണ്ടി എക്സ്ക്ലൂസീവായ അടിവസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌ത് നിർമ്മിക്കുന്നു. ഇന്നലെ 10 സെറ്റ് വസ്ത്രങ്ങൾക്ക് ഞങ്ങൾ മോഡൽ ചെയ്‌തിരുന്നു.” ഇത്രയും പറഞ്ഞിട്ട് ആ യുവതികൾ പരസ്പരം നോക്കി.

“അടി വസ്ത്രങ്ങളുടെ മോഡലിംഗ്?”

രാമാനുജൻ ആകാംക്ഷയും അമ്പരപ്പും മുറ്റി നിൽക്കുന്ന ഭാവത്തോടെ അവരെ നോക്കി. തൊട്ടടുത്ത നിമിഷം തന്നെ അതിലെ വശപ്പിശക് മനസ്സിലാക്കി അയാൾ നിസംഗതയോടെ ചോദിച്ചു.

“എന്നിട്ടെന്നു സംഭവിച്ചു?”

“സർ, മോഡലിംഗിനു ശേഷം അടിവസ്ത്രങ്ങൾ കമ്പനിക്ക് തിരിച്ചു കൊടുക്കണമായിരുന്നു. അവിടെ അതുമായിച്ചെന്നപ്പോഴാണ് ഒരു സെറ്റ് കാണാനില്ലെന്നറിയുന്നത്. എല്ലായിടവും അരിച്ചു പെറുക്കി. ഫോട്ടോഷൂട്ട് നടന്ന സഥലവും സ്റ്റുഡിയോ കോർണറും ടോയ്‍ലെറ്റുമെല്ലാം. ചെറി റെഡ് നിറത്തിലുള്ള ഒന്നാണ് നഷ്ടമായത്.”

രാമാനുജൻ അന്തംവിട്ടു. ഛെ! എന്തു കഷ്ടം… തന്‍റെ മുപ്പത് വർഷത്തെ സർവ്വീസിൽ ഇതാദ്യത്തെ സംഭവമാണ്. അടി വസ്ത്രം നഷ്ടപ്പെട്ടുവെന്ന് പോലീസിൽ പരാതി ലഭിക്കുക. അത് എഴുതി വാങ്ങിക്കുക. അയാൾ തന്‍റെ പേന മേശപ്പുറത്ത് വച്ചു. “ഒരു ജോഡി അടിവസ്‌ത്രം നഷ്ടപ്പെട്ടാലെന്ത്? അതങ്ങ് പോയി എന്നു കരുതിയാൽ പോരേ… പോലീസിന്‍റെ സമയം മെനക്കെടുത്തുന്നതെന്തിന്?” രാമാനുജൻ ചിന്തിച്ചത് ഇങ്ങനെയാണെങ്കിലും പറഞ്ഞത് മറ്റൊന്നാണ്.

“നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. പുറത്തു പറയാനാവാത്ത സംഗതി പോലും കളവുപോയി എന്ന് പരാതിപ്പെട്ടല്ലോ. നിങ്ങൾ എവിടെയോ മറന്നിട്ട അടിവസ്‌ത്രം കണ്ടുപിടിക്കുക എന്ന ജോലി പോലീസിന് കൊടുക്കുന്നതെന്തിനാണ് മാഡം?”

രാമാനുജന്‍റെ ഇഷ്ടക്കേട് അവർക്ക് മനസ്സിലായി. പഞ്ചാബിക്കാരിയായ യുവതി പെട്ടെന്ന് പറഞ്ഞു.

“സർ, ആ അടിവസ്ത്രങ്ങൾ സാധാരണ വസ്ത്രങ്ങളല്ല. അതൊരു ഡിസൈനർ പീസ് ആണ്. അതിൽ വജ്രം പതിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ വില വരുമതിന്! അവ നഷ്ടപ്പെട്ടതിനാൽ ഞങ്ങൾക്ക് പ്രതിഫലം കിട്ടിയിട്ടില്ല. ഞങ്ങൾക്കെതിരെ കേസും ഉണ്ടാകും. കാരണം അതു മോഷ്ടിച്ചത് ഞങ്ങളാണെന്ന് കമ്പനി തെറ്റിദ്ധരിച്ചിരിക്കുന്നു.”

ഇപ്പോൾ രാമാനുജൻ വീണ്ടും ഞെട്ടി. സംഗതി നിസ്സാരമല്ല…

“ഡയമണ്ട്! അടിവസ്ത്രങ്ങളിൽ ഡയമണ്ട് പിടിപ്പിച്ച് ഇറക്കുക. കൊള്ളാം, ഏതു കമ്പനിയാണത്? രാമാനുജനും പൊട്ടിത്തെറിക്കും പോലെയാണ് പ്രതികരിച്ചത്. അയാൾ ഞെട്ടിത്തെറിച്ച് ചുമരിലെ ഗാന്ധി പ്രതിമയുടെ മൂലയിലുള്ള ഫോട്ടോയിലേക്ക് നോക്കി.

“അമ്പമ്പോ എന്തൊക്കെയാണീ കേൾക്കുന്നത്?”

പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമോ എന്ന സംശയത്തിൽ യുവതികൾ പരിഭ്രാന്തിയോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതി കൊടുത്താലേ, തങ്ങളുടെ നിരപരാധിത്വം വിശ്വസിക്കൂ എന്ന് അവർ കരുതുന്നുണ്ട്. അല്ലെങ്കിൽ ഫാഷൻ ഹൗസ് ഉടമകൾ വെറുതെയിരിക്കുമോ? അധികാര സ്‌ഥാനങ്ങളിലുള്ള പുരുഷന്മാർ ഇതൊരവരസമായി കണ്ട് പല മോഹവുമായി വരുമെന്നും അവർക്കറിയാം. അല്ലെങ്കിലും അവസരം ചോദിച്ചു ചെന്ന വേളയിൽ ചിലർ പറഞ്ഞ വാചകങ്ങളിലെ അർത്ഥം ശരിക്കും മനസ്സിലാക്കിയതാണ്.

“ഇൻഡസ്ട്രിയിൽ നഷ്ടങ്ങളുണ്ടായാൽ അതു മറ്റു രീതിയിൽ നികത്താൻ മോഡലുകൾ ബാധ്യസ്‌ഥരാണത്രേ.”

ഒരു സീനിയർ മോഡലിന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു. “ആളുകൾക്ക് ഉൽപന്നവും അതിന്‍റെ ബ്രാന്‍ഡ് അംബാസിഡറും വിൽപന വസ്തുക്കളാണ്. ഇവിടെ പ്രൊഫഷനിൽ ദയയ്ക്ക് യാതൊരു സ്‌ഥാനവുമില്ല.”

രാമാനുജൻ പേനയെടുത്ത് രജിസ്റ്ററിൽ എഴുതാനാരംഭിച്ചു. അഞ്ച് മിനിറ്റോളം നീണ്ടു എഴുത്ത്. അയാൾ ഒരു രസീതും എഴുതി മോഡലുകൾക്ക് കൊടുത്തു.

“ഇപ്പോൾ നിങ്ങൾക്കു പോകാം. ഇൻസ്പെക്ടർ കാണാൻ വരും. അപ്പോൾ കൂടുതൽ വിവരങ്ങൾ നൽകിയാൽ മതി.”

അയാൾ ദീർഘ നിശ്വാസത്തോടെ കസേരയിൽ നിവർന്നിരുന്നു. പക്ഷേ അടുത്ത രണ്ടാഴ്ചകൾ രാമാനുജനെ സംബന്ധിച്ച് തികച്ചും തലവേദനയായി. രാമാനുജനു മാത്രമല്ല പോലീസ് സ്റ്റേഷനിലാകെ കോലാഹലം. സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇത്തരം 6 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അടി വസ്ത്രങ്ങൾ മാത്രമാണ് നഷ്ടമാകുന്നത്. ഓരോ പരാതിയിലും അവ വളരെ വിലപിടിപ്പുള്ളതാണെന്ന പരാമർശവും ഉണ്ട്.

പ്രമുഖ ഡിസൈനർ ആയ മിസിസ് ഉമാപിള്ളയുടെ ബാഗിൽ കഴിഞ്ഞ രണ്ടുമാസമായി സൂക്ഷിച്ചിരുന്ന ഡിസൈനർ പീസ് നഷ്ടപ്പെട്ടതായി അവർ അറിഞ്ഞത് ഒരാഴ്ച മുമ്പ് വിമാനത്താവളത്തിൽ വച്ചാണ്. ബാൽക്കണിയിലെ ഓപ്പൺ ഏരിയയിലെ അയയിൽ ഉണക്കാനിട്ട അടിവസ്‌ത്രം കാറ്റത്തു നഷ്ടപ്പെട്ടു എന്നൊരു പരാതിയും ലഭിച്ചു. സിനിമാരംഗത്ത് തുടക്കക്കാരിയായ മായ എന്ന സുന്ദരിക്ക് വിദേശയാത്ര കഴിഞ്ഞു വന്നപ്പോൾ ഭർത്താവ് സമ്മാനിച്ച വിലയേറിയ ഡിസൈനർ ലിംഗറിയാണ് നഷ്ടമായത്.

പുതിയ മോഷണ പരമ്പര പോലീസിനെ ശരിക്കും വെട്ടിലാക്കി. സ്ത്രീകളുടെ അടിവസ്ത്രം മാത്രമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിഷയത്തിന്‍റെ പുതുമ കൊണ്ട് മോഷണം ജനശ്രദ്ധ നേടാൻ തുടങ്ങിയതും പോലീസിനെ പ്രതിസന്ധിയിലാക്കി.

ഊഹാപോഹങ്ങൾക്ക് ഒരു പഞ്ഞവുമില്ല. മോഷണം നടത്തുന്നത് ഒരേ കള്ളനാണെന്നായിരുന്നു അതിൽ പ്രധാനം. സ്ത്രീകളുടെ അടിവസ്ത്രങ്ങളോടു തോന്നിയ ആകർഷണം. അങ്ങനെയും പറഞ്ഞു കേൾക്കുന്നുണ്ടല്ലോ. വിലപിടിപ്പുള്ളവ ധരിക്കാൻ ആഗ്രഹിക്കുന്ന കള്ളികളുമാവാം. ഇതു ചെയ്തതെന്നാണ് മറ്റൊരാഖ്യാനം.

കേസുകളുടെ എണ്ണം കൂടിയതോടെ സംഗതി പോലീസിന്‍റെ കൈവിട്ടു പോകുമോ എന്നായി ഭയം. പോലീസിന്‍റെ നിഷ്ക്രിയത്വം വിമർശിക്കപ്പെട്ടു. പത്രങ്ങളും ചാനലുകളും അടിവസ്ത്ര മോഷണ വാർത്ത ആഘോഷപൂർവ്വം കൊണ്ടാടി. പരിപാടികൾക്കിടയിലും ടിവി സ്ക്രീനിന്‍റെ ഏറ്റവും താഴെ അടിവസ്ത്ര മോഷണ വാർത്ത അപഡേറ്റ് ചെയ്യപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ അടിവസ്ത്രങ്ങൾ ദേശീയതലത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കിയേക്കാവുന്ന ഒരു കൊടുങ്കാറ്റായി. പാർക്കുകളിൽ, ജോലി സ്‌ഥലങ്ങളിൽ തെരുവുകളിൽ എല്ലാം ഇതു തന്നെ ചർച്ച. ആരാണ് ഈ ബിക്കിനി കള്ളൻ? അടിവസ്ത്രം മോഷ്ടിച്ച് ആ കള്ളൻ എന്താണ് ലക്ഷ്യമിടുന്നത്.

അത്താഴം പോലും ഉപേക്ഷിച്ച് ചാനൽ ഡിബേറ്റുകൾ കാണാൻ ജനം മെനക്കെട്ടു. അടിവസ്ത്ര നിർമ്മാതാക്കൾ ഈ അവസരം ശരിക്കും ഉപയോഗിച്ചു. പരിപാടികൾ സ്പോൺസർ ചെയ്യാൻ കിട്ടിയ മികച്ച അവസരം ആരും പാഴാക്കിയില്ല. ചാനൽ ചർച്ചകളിൽ എല്ലാ വിഭാഗങ്ങളിലുള്ളവരും പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.

“ബിക്കിനികൾ പോലും ഈ നാട്ടിൽ സുരക്ഷിതമല്ലാതായിരിക്കുന്നു. അപ്പോൾ അതു ധരിക്കുന്ന സ്ത്രീകളോ? ഒരു പ്രമുഖ ചാനലിൽ പ്രശസ്തനായ അവതാരകന്‍റെ നേരെ നോക്കി. സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകൻ നിശീതമായി വാദിച്ചു.

“അതൊരു മണ്ടൻ വാദമാണ്. വിദേശ രാജ്യങ്ങളിൽ ആർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ബിക്കിനി ധരിച്ചും നടക്കാം. അവിടെ ആരും അതേച്ചൊല്ലി വിലപിക്കാറില്ല. സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ.” മറ്റൊരു പാനലിസ്റ്റ്, അയാൾ ഒരു സാമ്പത്തിക വിദഗ്ദ്ധനും പാശ്ചാത്യാനുകൂലിയുമാണെന്ന് തോന്നുന്നു. തന്‍റെ കണ്ണട സ്റ്റൈലായി തലയ്ക്കുമുകളിൽ വച്ച് ഗമയോടെ ചാഞ്ഞിരുന്നു.

“നമ്മുടെ നാട്ടിലെ ജനങ്ങൾ മൂന്ന് കാര്യത്തിലാണ് ദുഃഖിക്കാറുള്ളത്. വീട്, ഭക്ഷണം, വസ്ത്രം. ഇപ്പോൾ അവർക്ക് അടിവസ്‌ത്രത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.”

താടി വളർത്തി നിരാശ ഭാവത്തിലിരിക്കുന്ന ഇടതു ചിന്തകന്‍റെ വാക്കുകൾ കേട്ടപ്പോൾ പലരും അതേയെന്ന മട്ടിൽ തലകുലുക്കി.

“നമ്മൾ വിഷയത്തിൽ നിന്നകന്നു. ഇവിടെ ചർച്ച ചെയ്യുന്നത് മോഷണത്തെക്കുറിച്ചാണ്. അതിലേക്ക് സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും കൊണ്ടു വന്നതെന്തിനാണ്? ഒരു ബിക്കിനി കള്ളൻ, അതല്ലെങ്കിൽ ഒരു പറ്റം കള്ളന്മാർ വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ല സ്ത്രീ ജീവിതം.” ചർച്ചയുടെ ഗതി മാറുന്നതിൽ പ്രതിഷേധിച്ച് മുൻപോലീസ് ഓഫീസർ മുഷ്ടി ചുരുട്ടി ശൂന്യതയിൽ പ്രഹരിച്ചു.

“എന്നിട്ടെന്താ? പോലീസിപ്പോ എന്നാ ചെയ്യുവാ? കണ്ടില്ലേ, ഒന്നിന്നും കൊള്ളാത്തവരാണെന്ന് പിന്നേം പിന്നേം തെളിയിക്കല്യോ…” ഒരു പോലീസ് വിരോധി പരിഹസിച്ചു. അവതാരകൻ ഇടപെട്ടു.

“പക്ഷേ, പ്രിയ സുഹൃത്തുക്കളെ, ഈ പ്രശ്നത്തിന് എന്താണ് പരിഹാരം. അതാണ് ഞാനും എന്‍റെ പ്രേക്ഷകരും നിങ്ങളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്നത്.” വളരെ സ്ഫുടമായ ഭാഷാശൈലിയായിരുന്നു അയാളുടേത്. താരത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

“തെരുവിൽ അടിവസ്ത്രം ധരിക്കാതെ കുട്ടികൾ ഭിക്ഷ യാചിക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാട്ടിൽ സ്ത്രീകളെങ്ങനെ അടിവസ്ത്രമില്ലാതെ ജീവിക്കും? ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത് എക്സ്ക്ലൂസീവ് അടിവസ്ത്രങ്ങളാണ്. അടിവസ്‌ത്രം നഷ്ടപ്പെട്ടവർ, ഇനി നഷ്ടപ്പെടാനുള്ളവർ എല്ലാവരും ഉൾപ്പെട്ട നമ്മുടെ പ്രേക്ഷകർ അതീവ പ്രതീക്ഷയോടെയാണ് ഈ ചാനൽ പരിപാടി കണ്ടു കൊണ്ടിരിക്കുന്നത്. നിങ്ങൾ അത് മറക്കരുത്” അവതാരകൻ പറഞ്ഞു കൊണ്ടിരുന്നു.

“യഥാർത്ഥത്തിൽ ഈ ബിക്കിനി കള്ളൻ ഒരു ഗുണം സമൂഹത്തിന് ചെയ്യുന്നുണ്ട്. അയാളുടെ രീതി സ്വീകാര്യമല്ലെങ്കിൽ കൂടി ഒരു കള്ളനിൽ നിന്ന് ഇതല്ലാതെ എന്തോന്ന് പ്രതീക്ഷിക്കാനാണ്? നമുക്ക് ബി യുടേയും പി യുടേയും കെട്ടുപാടുകൾ ഒഴിവാക്കുകയുമാവാല്ലോ. പിന്നെ മോഷണത്തെ ഭയക്കണോ?” ഒരു സാമ്പത്തിക വിദഗ്ദ്ധന്‍റെ അഭിപ്രായം കേട്ടപ്പോൾ അവതാരകൻ ഒന്നു ഞെട്ടി. പക്ഷേ അയാൾ പറഞ്ഞതിന്‍റെ അർത്ഥം ശരിക്കും മനസ്സിലായിട്ടില്ല.

“അതായത്, ഞാൻ നിങ്ങൾക്ക് ഒരു ക്ലൂ തരാം, ബി എന്നാൽ ബ്രേസിയർ, മനസ്സിലായോ?” എന്നിട്ടും കാര്യം അത്രയൊന്നും വ്യക്തമായിട്ടില്ലെന്ന മട്ടിൽ അവതാരകൻ lല കുലുക്കി.

“സാംസ്കാരികമായും പാരമ്പര്യമായും ഒരു നാണക്കേട് നാം വളർത്തിയെടുത്തിരിക്കുകയാണ്. അടി വസ്ത്രമില്ലാതെ പുറത്തിറങ്ങുക എന്ന കാര്യം നമുക്കാലോചിക്കാൻ പോലും വയ്യ. നിങ്ങൾ അത് ധരിച്ചിട്ടുണ്ടോ ഇല്ലല്ലോ എന്ന കാര്യം മറ്റുള്ളവരെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. അത് ഒരാളുടെ ഇഷ്ടമാണ്. താങ്ങാവുന്ന ബജറ്റിലുള്ളതു ഉപയോഗിക്കുന്നു അത്ര തന്നെ. അടിവസ്ത്രം ഉപേക്ഷിക്കാനുള്ള ആർജ്ജവവും നമ്മൾ കാട്ടണം. എന്നാൽ പൊതുജനത്തിന്‍റെ നാണക്കേട് എന്ന ഫോബിയ വളർത്തിയെടുക്കുന്നത് മറ്റൊരു സാമ്പത്തിക തന്ത്രം. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല.” അയാൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു തീർന്നപ്പോൾ അവതാരകൻ പെട്ടെന്ന് ഇടപെട്ടു.

“മോഷണമെന്ന പ്രധാന വിഷയത്തെക്കുറിച്ചുള്ള ചർച്ച പല ദിശയിലേക്ക് പോയിക്കൂടാ. സ്ത്രീകൾക്ക് ഒട്ടും ഒഴിച്ചു കൂടാനാവാത്ത ഒരു സംഗതിയാണ് ആരോ നിഷേധിക്കാൻ ശ്രമിക്കുന്നത്. ഇവയ്ക്ക് ഒരു പരിഹാരം കാണണം. ഇന്നു രാത്രി തന്നെ ഐ മീൻ ആഫ്റ്റർ എ വെരി ഷോർട്ട് കൊമേഴ്സ്യൽ ബ്രേക്ക്!”

മോഷണത്തിനിരയായ അടിവസ്ത്രത്തിന്‍റെ ഉടമകളായ ഫാഷൻ ഹൗസ് ആണ് ചാറ്റ്ഷോയുടെ സ്പോൺസർ. സ്ക്രീനിൽ ഫാഷൻ ഹൗസിന്‍റെ പരസ്യം മിന്നിമറയുമ്പോൾ പാനലിസ്റ്റുകൾ സഹതാപത്തോടെ നോക്കിയിരുന്നു. ലോകോത്തര നിലവാരമുള്ള അടിവസ്ത്രങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കിയ വലിയൊരു സ്‌ഥാപനം. അതിന്‍റെ ഭാവി തുലാസിലാണ്. അവതാരകൻ വീണ്ടും വന്നു. ചോദ്യം ആവർത്തിച്ചു.

“നമുക്കൊരു പരിഹാരമാണ് വേണ്ടത്. അത് ഇന്നു തന്നെ ലഭിക്കണം.”

അപ്പോൾ പാനലിസ്റ്റായ മുൻ പോലീസുകാരൻ തന്‍റെ പോലീസ് ബുദ്ധി പുറത്തെടുത്തു. “എല്ലാ മോഷണവും ഒരു പ്രത്യേക രീതിയിലാണ് പ്ലാൻ ചെയ്‌തതെങ്കിൽ, അയാളൊരു മനോവൈകല്യമുള്ള കള്ളനാണെന്ന് കരുതാം. പക്ഷേ ഇവിടെ അങ്ങനെയല്ല. കള്ളൻ ഒരു സാധാരണ വ്യക്‌തി തന്നെ. അയാളുടെ ലക്ഷ്യം വ്യക്‌തമാവുന്നില്ല.”

“ചിലപ്പോൾ മോഷണം നടത്തിയത് ഒരു പെണ്ണാകാനും സാധ്യതയുണ്ട്. കള്ളൻ എന്ന് പറഞ്ഞ് പുരുഷബിംബീകരിക്കുന്നതെന്തിന്?”

പ്രതിപക്ഷ പാർട്ടിയെ പ്രതിനിധീകരിക്കുന്ന വളർന്നു വരുന്ന യുവ നേതാവ് രോഷത്തോടെ ചോദ്യ ശരമെറിഞ്ഞു. അപ്പോൾ അയാളുടെ നോട്ടം ഭരണ കക്ഷിയുടെ പ്രതിനിധിക്കും നേരെയായിരുന്നു. ഇതുവരെയും മൗനം വിദ്വാനുഭൂഷണം എന്ന മട്ടിൽ വാദപ്രതിവാദം കേട്ടു രസിച്ചിരുന്നു ഭരണകക്ഷി പ്രതിനിധി, വായ് തുറക്കാൻ ശ്രമിച്ചതും അവതാരകൻ വീണ്ടും ഇടപെട്ടു.

“ദയവായി, പരസ്പരം വെല്ലുവിളിക്കുന്നത് ഒഴിവാക്കൂ. ക്രിയാത്മകമായ ഒരു പരിഹാര നിർദ്ദേശമാണിവിടെ ആവശ്യം. നമ്മുടെ തലയ്ക്കു മീതെ കത്തുന്ന ഒരു വിഷയമല്ലേ ഇത്.”

“ഇതത്രയ്ക്കു പരിഭ്രമിക്കാനുള്ള സാഹചര്യമൊന്നുമല്ല. കോളനി വാഴ്ചയുടെ സ്വാധീനത്തിൽ നിന്ന് തുറന്ന സമൂഹത്തിന്‍റെ സ്വാതന്ത്യ്രത്തിലേക്കുള്ള യാത്രയിൽ ഇതുപോലെ പലതും നേരിടേണ്ടി വരും. എനിക്ക് തോന്നുന്നത് ആ കള്ളന് എന്തോ മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നാണ്.”

“മോഷണം എന്തായാലും മോഷണം തന്നെ. അതിനെ അങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റില്ല. ചെറുപ്പത്തിലേ മുതൽ നമ്മൾ കേൾക്കുന്നതാണ്, മോഷണം മോശം ശീലമാണ്.

“ഓഹോ! അങ്ങനെയെങ്കിൽ ഭൗതികവാദവും നമ്മുടെ ചെറുപ്പത്തിൽ മോശം കാര്യമായിരുന്നു. ഇപ്പോഴോ?”

“യഥാർത്ഥത്തിൽ ഈ ചർച്ചയിൽ ഒരു വനിതയെയെങ്കിലും ഉൾപ്പെടുത്തേണ്ടതായിരുന്നു.” ഇടതു ചിന്തകൾ ഇതു പറഞ്ഞപ്പോൾ തെല്ലിട മൗനം പരന്നു. പങ്കെടുക്കാമെന്നറിയിച്ച വനിത അവസാന നിമിഷം പിൻവാങ്ങിയതായി ചാനൽ അവതാരകൻ പറഞ്ഞു. ഇത്തരം ചർച്ചയിൽ പങ്കെടുക്കാൻ അവർക്കു താൽപര്യമില്ല എന്നാണ് പറഞ്ഞത്.

“അതിൽ അതിശയിക്കാനൊന്നുമില്ല. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റ്വോ? അടിവസ്ത്രം മോഷ്ടാക്കളല്ലേ വിലസുന്നത്. എന്തായാലും പുരുഷന്മാരെ അവർ വെറുതെ വിട്ടത് നന്നായി.” ചർച്ച നാളെ തുടരുമെന്ന പ്രഖ്യാപനത്തോടെ അവതാരകൻ സിനിമാസ്റ്റൈലിൽ സൈൻ ഓഫ് ചെയ്‌തു.

സ്ക്രീനിനു മുന്നിൽ കുത്തിയിരുന്നവരോട് നാളെ വരെ ക്ഷമിക്കൂ എന്നാണ് അപേക്ഷ. തുടർ ചർച്ചകളിലും അവതാരകൻ ആവശ്യപ്പെട്ട പോലെ പരിഹാരം ഉണ്ടായില്ല.

പ്രാദേശിക ചാനലുകളിലെ ചർച്ചകളെല്ലാം പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു. കേവലം ഒരു ഷഡ്ഡി മോഷണം കണ്ടുപിടിക്കാൻ കഴിയാത്ത പോലീസ് എങ്ങനെ സ്ഫോടനങ്ങൾക്ക് തടയിടും? രാജ്യം വലിയ സുരക്ഷ പ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്. ആ തരത്തിൽ ചിന്തിച്ചാൽ ചാനൽ ചർച്ചകൾക്ക് ഫലമുണ്ടായി.

സംഭവം ആഭ്യന്തര മന്ത്രിയുടെ തലയിൽ മുൾക്കീരിടം വയ്പിച്ചുവല്ലോ, സ്‌ഥാനം തെറിക്കുമെന്ന ഭയത്തിൽ മന്ത്രി അടിയന്തിരയോഗം ചേർന്നു. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വായ് തുറന്നാൽ അബദ്ധം മാത്രം പറയുന്ന ആഭ്യന്തര മന്ത്രി പക്ഷേ ഇതിനായി ഒരു തന്ത്രം തന്നെ ഉപദേശിച്ചു.

ഒരു ലിംഗറി ഫെയർ നടത്തുക. “ഈ അവസരം കള്ളൻ നഷ്ടപ്പെടുത്താനിടയില്ല. അവൻ വരും, മോഷ്ടിക്കും, അപ്പോൾ കയ്യോടെ പോലീസ് പിടികുടണം.”

ലിംഗറി ഷോ സ്പോൺസർ ചെയ്യാൻ മോഷണത്തിന്‍റെ ഇരയായ ഫാഷൻ ഹൗസ് തന്നെ തയ്യാറായി. അതിനുള്ള പ്രത്യുപകാരമെന്നോണം, കമ്പനിയുടെ പുതിയ ശാഖയ്ക്ക് കുറഞ്ഞ നിരക്കിൽ സ്ഥലം നൽകും. അക്കാര്യം മന്ത്രി ചർച്ചയിൽ വച്ചു തന്നെ ഉറപ്പു നൽകി.

ലിംഗറി ഷോ പെട്ടെന്നുള്ള പരിപാടി ആയതു കൊണ്ട് എട്ടു ബ്രാൻഡുകളേ പങ്കെടുത്തുള്ളൂ. അവർ തങ്ങളുടെ ഉൽപന്നങ്ങൾ ഭംഗിയായി പ്രദർശിപ്പിച്ചു. ഷോ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് കനത്ത പോലീസ് ബന്തവസ്സോടെയായിരുന്നു. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഘടിപ്പിച്ച പ്രദർശന നഗരിയിൽ ധാരാളം സന്ദർശകർ. അവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങൾ കാണാൻ പുരുഷന്മാർ കൂടുതൽ വരുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. അതുതന്നെയാണ് ശരിയായ ട്രെന്‍റ് എന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ വിശകലനം. ഇന്നാട്ടിലെ ജനത ശരിയായ വഴിക്കാണ് ചിന്തിക്കുന്നത്.

സന്ദർശകരിൽ ഭൂരിഭാഗം പേർക്കും, പ്രദർശിപ്പിച്ച വസ്തുക്കൾ ആകാശ നക്ഷത്രങ്ങൾ മാത്രം. ആകർഷകമാണ്. പക്ഷേ അടുക്കാൻ വയ്യ. അത്രയ്ക്കു വിലപിടിപ്പുള്ള അടിവസ്ത്രങ്ങൾ ഒന്നു കാണാൻ പറ്റുക എന്നതു പോലും ഭാഗ്യമല്ലേ എന്നു കരുതി വന്നവരും ധാരാളം ഇങ്ങനെ ഒന്നും വാങ്ങാതെ ചുറ്റിക്കറങ്ങി നടക്കുന്നവരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു.

ഷോ അവസാനിക്കാറായ സമയത്താണ് അത് സംഭവിച്ചത്. ഏതാനും കമ്പനികൾ തങ്ങളുടെ ഷഡ്ഡികൾ കാണാനില്ല എന്ന പരാതിയുമായെത്തി. ഡിസൈനർ ഇനങ്ങൾ തന്നെയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധാരണ കള്ളന് ഇത്രയും കഴിവോ? വിദേശ ബ്രാൻഡുകളുടെ പ്രതിനിധികൾ അവിശ്വസനീയതയോടെ പ്രതികരിച്ചു.

ഏറ്റവും മികച്ചതാണ് നഷ്ടമായിരിക്കുന്നത്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഒന്നും സംസാരിച്ചതുമില്ല. ഒരേ പീസിനു വേണ്ടി രണ്ട് കസ്റ്റമറുകൾ കലഹിക്കുന്നത് അടിവസ്ത്രങ്ങളുടെ ഫാൻറസി ലോകത്ത്, കുഞ്ഞുങ്ങളെ മറന്നു പോയ അമ്മമാർ. ഇങ്ങനെ ഏതാനും കേസുകൾ വന്നുപെട്ടതല്ലാതെ മോഷണത്തിന്‍റെ യാതൊരു സാധ്യതകളും പോലീസിനു മുന്നിൽ ഉണ്ടായിരുന്നില്ല. അർദ്ധരാത്രിയിൽ പോലീസ് നേതൃത്വം ആഭ്യന്ത മന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നു. തങ്ങൾക്ക് പറ്റിയ പിഴവ് എവിടെയാണെന്നറിയാതെ അവർ നാണം കെട്ടു.

“നിങ്ങളുടെ മൂക്കിനടിയിൽ നിന്നല്ലേ ഇത്രയേറെ അടിവസ്‌ത്രങ്ങൾ മോഷണം പോയത്? എന്നിട്ടും നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നു വന്നാൽ?” ആഭ്യന്തര മന്ത്രി ദേഷ്യത്തോടെ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു.

“ഡ്യൂട്ടിയിൽ ഉറങ്ങുന്ന സ്വഭാവമുണ്ടോ നിങ്ങൾക്ക്? എനിക്ക് മറുപടി വേണം പോലീസ് മേധാവി?”

മുഖം ഉയർത്തിയാണിരിക്കുന്നതെങ്കിലും പോലീസ് മേധാവിക്ക് ഒളിക്കണമെന്നു തോന്നിക്കാണും. അദ്ദേഹം എന്തു മറുപടി നൽകാനാണ്. അതും നേരിട്ട് ഏറ്റെടുക്കാത്ത ഒരു കാര്യത്തെക്കുറിച്ച്. എങ്കിലും തൊട്ടടുത്ത റാങ്കിലുള്ള ഉദ്യോഗസ്‌ഥൻ മറുപടി നൽകി. “ഞങ്ങൾ വൈകിട്ട് പരിപാടി തീരും വരെ വളരെ അലർട്ടായിരുന്നു സർ, കണ്ണിലെണ്ണയൊഴിച്ചാണ് ഞങ്ങൾ കാവലിരുന്നത്.”

മന്ത്രിയുടെ പൊട്ടിത്തെറിയും ശകാരവും കുറേ സമയം നീണ്ടു, കൂടുതലൊന്നും പറയാനില്ലാത്തതിനാൽ യോഗം അരമണിക്കൂർ മാത്രം നീണ്ടു.

പ്രദർശനത്തിൽ പങ്കെടുത്തവരുടെ പേരു വിവരവും അവർ പ്രദർശിപ്പിച്ച അടിവസ്ത്ര ശ്രേണികളും രാമാനുജൻ വീണ്ടും വീണ്ടും പരിശോധിച്ചു. പ്രദർശനത്തിനു മുമ്പ്, പിൻപ് എന്ന രീതിയിലാണ് കണക്ക് ഇത് ഇൻസ്പെക്ടർ കൈമാറിയത്. ഫയൽ റെക്കോർഡ് ചെയ്യാനാണ്. സാധാരണ പേപ്പറിൽ രണ്ട് തുള ഇട്ട് തടിച്ച ക്ലിപ് ബോർഡിലേക്ക് ഇടുക മാത്രമാണ് രാമാനുജന്‍റെ ഡ്യൂട്ടി. എന്നാൽ ഇത്തവണ അതുമാത്രം ചെയ്‌ത് കണ്ണടയ്ക്കാൻ രാമാനുജന് തോന്നിയില്ല.

അയാൾ ആ കടലാസിലെ വിവരങ്ങളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിച്ചു. നരവീണ പുരികങ്ങൾക്കിടയിലെ അയാളുടെ കണ്ണുകൾ എന്തോ കണ്ടുപിടിച്ച സൂചനയിൽ വജ്രം പോലെ തിളങ്ങി. അസ്‌ഥികൾ തെളിഞ്ഞു നിൽക്കുന്ന മെലിഞ്ഞ കൈവിരലുകൾ കൊണ്ട് അയാൾ തലയുടെ ഇരുപുറവും അമർത്തി.

അയാളുടെ മനസിൽ ചില ഗുണനങ്ങളും ഹരണങ്ങളും നടക്കുന്നതിന്‍റെ സൂചന ആയിരുന്നു അത്. ഷോ സ്പോൺസർ ചെയ്ത കമ്പനിയുടേതൊഴികെ പങ്കെടുത്ത ബാക്കി എല്ലാ കമ്പനികളുടേയും അടിവസ്ത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

“നാളെ ഈ കേസിന് ഒരു പുതിയ ഫയൽ തുറക്കേണ്ടി വരും.” രാമാനുജൻ ആലോചനയോടെ തന്‍റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. ചുമരിലെ ഗാന്ധി ചിത്രത്തിലേക്ക് നോക്കിയിട്ട് അയാൾ തല കുനിച്ചു. മെല്ലെ ഇടറുന്ന കാൽപാദങ്ങളോടെ അയാൾ പുറത്തേക്കു നടന്നു. ഇന്ന് വളരെ വൈകി. രാത്രി 10.30 ആയിരിക്കുന്നു. പതിവായി രാമാനുജൻ പോകുന്ന സമയം 8 മണിയാണ്.

ഇൻസ്പെക്ടർ ജീപ്പിലിരിപ്പുണ്ട്. വണ്ടി സ്റ്റാർട്ടാക്കി അദ്ദേഹം രാമാനുജനെ വിളിച്ചു. “വളരെ വൈകിയിരിക്കുന്നു. ജീപ്പിൽ കയറിക്കോ ഞാൻ വീടിനു മുന്നിലിറക്കാം.”

രാമാനുജൻ ജീപ്പിന്‍റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു. അയാൾ വരണ്ട തൊണ്ടയിലേക്ക് ഉമിനീര് ഇറക്കാൻ പ്രയാസപ്പെട്ടു. എങ്കിലും മുരടനക്കി ധൈര്യം സംഭരിച്ചു. രാമാനുജന് ആ ചോദ്യം ചോദിക്കാതിരിക്കാനായില്ല. “സർ. നമുക്ക് കള്ളനെ പിടിച്ചു കൂടെ? ഫാഷൻ ഹൗസിനെ തന്നെ ചോദ്യം ചെയ്‌താൽ മതിയെന്ന് എനിക്കൊരു തോന്നൽ!”

ഇൻസ്പെക്ടർ ഡ്രൈവറുടെ സമീപമാണ് ഇരിക്കുന്നത്. ഇരുട്ടിൽ മുഖഭാവം വ്യക്‌തമല്ല. എങ്കിലും ഒരു നേർത്ത ചിരി ഇൻസ്പെക്ടറുടെ മുഖത്ത് തെളിഞ്ഞു. പുറത്തു മഞ്ഞിൽ പുതഞ്ഞ കുളിർമയുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു.

ശ്വാസം നന്നായൊന്നു വലിച്ച് കൈകൾ മുകളിലേക്ക് ഉയർത്തി. പുഞ്ചിരിച്ചു കൊണ്ട് ഇൻസ്പെക്ടർ പിന്നിലേക്ക് തിരിഞ്ഞ് രാമാനുജനെ നോക്കി.

“രാമാനുജാ, ഇതൊരു മോഷണക്കേസു തന്നെ. പക്ഷേ മോഷണം ഇവിടെയൊരു വിഷയമേയല്ല…”

രാമാനുജന് അതു കേട്ടിട്ട് ഞെട്ടലൊന്നും ഉണ്ടായില്ല. പക്ഷേ അയാൾക്ക് പെട്ടെന്ന് ഒരു സുഗന്ധം ഓർമ്മ വന്നു. തൊട്ടു പിന്നാലെ മനോഹരമായ വിരലുകളും.

“അപ്പോൾ ആ മോഡലുകളുടെ പരാതി?”

“സത്യം അവരും താമസിയാതെ അറിയും.”

രാത്രിയിൽ പതുങ്ങി വരുന്ന കള്ളനെ പോലെ ജീപ്പ് ശബ്ദമുണ്ടാക്കാതെ നിരത്തോരത്ത് വീടിനോട് ചേർന്ന് നിന്നു. രാമാനുജൻ വളരെ സാവകാശം ജീപ്പിൽ നിന്നിറങ്ങി. വീട്ടിലേക്കുള്ള വഴി ഒരു കള്ളനെപ്പോലെ പതുങ്ങി നിൽപ്പുണ്ടായിരുന്നു.

വനമാലി

അത്താഴം കഴിഞ്ഞ് കിഴക്കെ മുറ്റത്ത് തെക്കുവടക്കായുള്ള പതിവ് നടത്തത്തിന്‍റെ ഇടയിലായിരുന്നു റിട്ടയേർഡ് ബാങ്ക് ജീവനക്കാരനും കവിയുമായ ദേവകുമാറിന് വാർഡ് മെമ്പറുടെ ഫോൺ വന്നത്.

“ദേവേട്ടാ ഞാൻ വാർഡ് മെമ്പറാണ്. നാളെ നമ്മുടെ മാങ്കോട്ടുകോണം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് മൂന്ന് മണിയ്ക്ക് നമ്മുടെ വാർഡിന്‍റെ ഒരു സഭ കൂടുന്നുണ്ട്. പ്രവർത്തന വിലയിരുത്തലിന് ശേഷം നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിയ്ക്കുന്ന ചടങ്ങുകൂടെയുണ്ട്. ഈ വർഷത്തെ മികച്ച കവിതാ സമാഹാരത്തിന് മൂന്നാം സമ്മാനാർഹനായ ചേട്ടനെ ആദരിക്കുവാനുദ്ദേശിക്കുന്നു. ചേട്ടൻ സകുടുംബം നിർബ്ബന്ധമായും വരണം.”

അങ്ങോട്ടൊന്നും ചോദിക്കാൻ ഇടം തരാതെ ആ മിടുക്കിക്കുട്ടി എല്ലാം ഒറ്റശ്വാസത്തിൽ പൂർത്തിയാക്കി. സമ്മതമറിയിച്ചതോടെ നാളെ അവിടെ കാണാമെന്നും ഈയിടെ നേടിയ പുരസ്കാരങ്ങളുടെയെല്ലാം ഒരു സംക്ഷിപ്തം വാട്സ്ആപ്പിലൂടെ അയച്ചു കൊടുക്കണമെന്നും അഭ്യർത്ഥിച്ചിട്ട് ഇങ്ങോട്ട് നന്ദി പറഞ്ഞു കൊണ്ട് മെമ്പർ ഫോൺ കാൾ അവസാനിപ്പിച്ചു.

നാലുവർഷങ്ങൾക്കു മുന്നെ വനിതാ വാർഡ് ആയി നിശ്ചയിക്കപ്പെട്ട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയിട്ട് ആദ്യ പര്യടനത്തിനിടയിൽ പ്രവർത്തകർക്കൊപ്പം എല്ലാ വീടുകളിലും കയറി ആദ്യമായി പരിചയപ്പെടുന്ന ദിവസം തന്‍റെ വീട്ടിലും വന്ന് തനിക്ക് ഒരു പഴയകാല പ്രവർത്തകൻ എന്ന ബഹുമാനം തന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞ് തന്‍റെ കാൽ തൊട്ടു വണങ്ങിയ സംഭവം പെട്ടെന്ന് ദേവൻ മനസ്സിലൂടെ കടന്നുപോയി. ഇലക്ഷനിൽ മത്സരിച്ച് ജയിച്ച് നവാഗതയായിട്ട് കൂടി ഒട്ടും തെറ്റില്ലാത്ത രീതിയിൽ തന്നെ വാർഡിലെ റോഡിന്‍റെയും കുടിവെള്ളത്തിന്‍റെയും കാര്യങ്ങളിലും മറ്റ് സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവച്ച മെമ്പറെ ഒന്ന് അനുമോദിക്കാൻ കൂടി ഒരവസരമായല്ലോ എന്ന് ആലോചിച്ച് ദേവന് ഏറെ സന്തോഷവും ഒരു ആദരവ് ഏറ്റുവാങ്ങുന്നതിൽ അഭിമാനവും തോന്നി.

അത്താഴത്തിന് ശേഷമുള്ള അടുക്കള ജോലികളെല്ലാം പൂർത്തിയാക്കി ഭാര്യയും മകളും കൊച്ചുമോനും കൂടി പതിവ് വീട്ടു സഭയ്ക്ക് തയ്യാറെടുത്ത് സിറ്റൗട്ടിൽ സ്‌ഥലം പിടിച്ചു. മരുമകൻ ജോലി അൽപം ദൂരെ ആയതിനാൽ ഇപ്പോൾ കുറെ നാളായിട്ട് ആഴ്ചയിൽ വന്ന് പോകുകയാണ്.

“ആരായിരുന്നു വിളിച്ചത്? കോളേജിലെ പഴയ ചങ്ങാതിക്കൂട്ടം ഒത്തുകൂടാനുള്ള വല്ല പ്ലാനുമുണ്ടോ? പിന്നെ കൂടുന്നതൊക്കെ കൊള്ളാം. ബോധം ഒട്ടും കുറയാതെ തന്നെ ഇങ്ങെത്തിയേക്കണം എന്‍റെ സ്വഭാവം മാറ്റരുത്…”

അവൾ ലക്ഷ്മ‌ണരേഖ വരച്ചു കഴിഞ്ഞു. ഞാൻ കാര്യമെല്ലാം ചുരുക്കിപ്പറഞ്ഞതും എന്നാൽ പിന്നെ നമുക്ക് ഒരുമിച്ച് പോയാലോ എന്നായി രണ്ടാം ക്ലാസിലായ കൊച്ചുമോന്‍റെ കൂട്ടിച്ചേർക്കൽ. താൻ അവിടെ തന്നെയാണോ പോകുന്നതെന്ന് അറിയുവാനുള്ള ഒരു അവസരമാണല്ലോ ഇത് എന്ന് കരുതിയാകും ശ്രീമതിയും അതിനെ പിന്താങ്ങി. അപ്പോഴാണ് മകൾ ഇടപെട്ടത്. “അച്ഛാ ശർമ്മ സാർ നല്ല സുഖമില്ലാതെ കിടപ്പിലാണെന്ന് കേട്ടു. പുറത്തോട്ടൊന്നും തീരെ യാത്രയില്ലന്നാണ് അറിഞ്ഞത്.” മുറ്റത്ത് ഉലാത്തിയ ദേവന്‍റെ പാദങ്ങൾ ആരോ പിടിച്ചു വച്ചതു പോലെ നിശ്ചലമായി. അയാൾ നടപ്പ് നിറുത്തി സിറ്റൗട്ടിൽ നിന്ന് ഒരു ചൂരൽ കസേര എടുത്ത് മുറ്റത്തെ പ്രിയ മാവിന്‍റെ ചുവട്ടിലിട്ട് മെല്ലെ അതിലിരുന്നു. ദേവന്‍റെ ഓർമ്മകൾ കോളേജിലെ തന്‍റെ ബിഎ മലയാളം അദ്ധ്യാപകനായിരുന്ന ശർമ്മ സാറിന്‍റെ അടുക്കലേക്ക് ഇളം കാറ്റിലെന്നവണ്ണം ഒഴുകിയെത്തി.

ബിരുദ പഠന സമയത്താണ് തന്‍റെ ചില കവിതകൾ കോളേജ് മാഗസിനിലൂടെ ആദ്യമായി പ്രകാശിതമായത്. അന്ന് ദേവൻ എന്ന തൂലികാ നാമം വച്ചിട്ടായിരുന്നു അച്ചടിച്ചു വന്നത്. ശർമ്മ സർ അത് കണ്ട് ആരാണ് ഈ ദേവൻ എന്ന് ചിലരോടൊക്കെ അന്വേഷിച്ച് തന്നെ ടീച്ചേഴ്സ് റൂമിലേയ്ക്ക് വിളിപ്പിച്ചു. “ദേവകുമാർ എന്ന ഒരു കവി എന്‍റെ ക്ലാസിലുണ്ട് എന്ന് ഞാനറിഞ്ഞത് ഈ മാഗസിൻ കാരണമാണെടോ. ഈ കവിതയുടെ വിഷയം ലോകമുണ്ടായ കാലം മുതലുള്ള പ്രണയം എന്ന പഴയ വിഷയം തന്നെയായിട്ടും താൻ അത് ഒരു പുതുമ കലർന്ന വ്യത്യസ്ത‌മായ രീതിയിൽ അവതരിപ്പിച്ചു എന്നിടത്താണ് തന്‍റെ മിടുക്ക്. ദേവനിൽ ഒരു നല്ല കവിയെയും തന്‍റെ ഒരു കയ്യൊപ്പും ഇതിലൂടെ എനിക്ക് കാണാം. എഴുത്ത് നിർത്തരുത് എന്ന് മാത്രമല്ല ഇതുപോലെ പുതിയ രീതികൾ പരീക്ഷിക്കുകയും വേണം.”

അന്നത്തെ ആ അനുമോദനവും ധൈര്യപ്പെടുത്തലും തന്‍റെ ചെവിയിൽ ഇപ്പോൾ വീണ്ടുമൊരിക്കൽ കൂടി കേൾക്കുന്നപോലെ തോന്നി ദേവന്. അയാൾ കൊച്ചുമോനെക്കൊണ്ട് ടീപോയിൽ നിന്ന് ഫോൺ എടുപ്പിച്ച് ശർമ്മ സാറിന്‍റെ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിംഗിൽ തന്നെ ഫോൺ കണക്‌ട് ആയി.

“ശർമ്മ സർ ഞാൻ ദേവനാണ്.”

“ഹലോ അങ്കിൾ, അച്ഛൻ ഈയിടെയായി നേരത്തെ ആഹാരവും മരുന്നും കഴിച്ച് കിടക്കും. മരുന്നിന് ചെറിയ സെഡേഷൻ ഉള്ളതിനാൽ ഇപ്പോൾ ഉറങ്ങിത്തുടങ്ങി. ഞാൻ മകനാണ്.”

ദേവൻ നാളെ നടക്കുവാൻ പോകുന്ന വാർഡ് സഭയിലെ ആദരിക്കൽ ചടങ്ങിന്‍റെ കാര്യം ചുരുക്കിപ്പറഞ്ഞിട്ട് നാളെ രാവിലെ നേരിട്ട് വിളിച്ച് കൊള്ളാമെന്നും പറഞ്ഞ് ഡിസ്‌കണക്ട് ആക്കി.

മകര മഞ്ഞ് കൊണ്ട് ഇനി പനിയൊന്നും വരുത്താതെ അകത്ത് ഇരുന്നിട്ട് മതി ബാക്കിയെല്ലാം എന്ന് ഭാര്യയുടെ താക്കീതു കൂടെയായപ്പോൾ എല്ലാവരും എഴുന്നേറ്റു. എഴുത്തുമുറിയിൽ ഇരുന്ന് നാളത്തെ ചടങ്ങിൽ മറുമൊഴിയായി എന്തു പറയണം എന്നാലോചിക്കുമ്പോഴും ശർമ്മ സർ തന്‍റെ മനസ്സിൽ അപ്പോഴും നിറഞ്ഞു തന്നെ നിൽക്കുകയാണ് എന്ന് അയാളറിഞ്ഞു.

ബിരുദമെല്ലാം കഴിഞ്ഞ് പിന്നെ ജോലിക്കായിട്ടുള്ള പാച്ചിലിൽ എഴുത്തിന്‍റെ വഴിയിൽ അൽപം വേഗത കുറഞ്ഞുവെങ്കിലും ബാങ്കിന്‍റെ പൂനെ ബ്രാഞ്ചിൽ ജോലിയിൽ കയറിയപ്പോഴാണ് കവിതയുടെ വഴിയോരങ്ങളിൽ സുഗന്ധ പുഷ്പങ്ങൾ വിടർന്നു തുടങ്ങിയത്. ഫോൺ വ്യാപകമല്ലാതിരുന്ന ആ കാലത്ത് കത്തിലൂടെ ശർമ്മ സാറുമായി ഇടക്ക് ബന്ധപ്പെട്ടിരുന്നതിൽ നിന്നാണ് അതുവരെ എഴുതിയ പലതും നാട്ടിലെ വാരികയിലും മാസികയിലുമൊക്കെ ഇടയ്ക്ക് അച്ചടിച്ച് വന്നത്.

പ്രസിദ്ധീകരണത്തിനായി അയയ്ക്കുമ്പോൾ ചെയ്യേണ്ടതായ ഓരോ കാര്യങ്ങളും പാലിക്കേണ്ടതായ സാഹിത്യ രംഗത്തെ മര്യാദകളും തത്വദീക്ഷകളും എല്ലാം ക്ലാസിലിരിക്കുന്ന ഒരു കൊച്ചുകുട്ടിയോടെന്ന പോലെ സർ എഴുത്തിലൂടെ പറഞ്ഞ് തന്ന് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നത് കൊണ്ടാകാം പ്രശസ്‌തരായ പല എഴുത്തുകാരുമായും പ്രസാധകരുമായും ഒരു ആത്മബന്ധം പുലർത്തുവാൻ തനിക്ക് എളുപ്പം സാധിച്ചത് എന്ന് ദേവൻ ഓർത്തു.

ശർമ്മ സർ റിട്ടയർ ചെയ്ത് സ്വസ്ഥമായപ്പോഴാണ് തനിക്ക് നാട്ടിലേക്ക് മാറ്റം കിട്ടിയതും സാറിന്‍റെ നിർദ്ദേശപ്രകാരം അതുവരെ എഴുതിയ എൺപതോളം കവിതകൾ എല്ലാം ചേർത്ത് ഒരു സമാഹാരമായി പുറത്തിറക്കുവാനും സാധിച്ചത്. സാറിനെക്കൊണ്ട് തന്നെ അവതാരികയും എഴുതിച്ച് അത് പുറത്തിറങ്ങിയപ്പോൾ സദസ്സിൽ വച്ച് സാർ കെട്ടിപ്പുണർന്നത് ഇപ്പോഴെന്നതു പോലെ ദേവന് തോന്നി.

വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തന്‍റെ റിട്ടയർമെന്‍റിന് ശേഷം ഇറങ്ങിയ രണ്ടാമത്തെ കവിതാ സമാഹാരമാണ് കഴിഞ്ഞ മൂന്ന് വർഷം സംസ്‌ഥാനത്ത് പ്രസിദ്ധീകരിച്ചവയിൽ വച്ച് ഏറ്റവും മികച്ചതിനുള്ള മൂന്നാം സമ്മാനാർഹമായത് എന്നറിഞ്ഞ് ശർമ്മ സർ തന്നെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്‍റെ സംസാരത്തിലുള്ള വയ്യായ്കയും കിതപ്പുമെല്ലാം താൻ തിരിച്ചറിഞ്ഞുരുന്നതാണ് എന്ന് ദേവൻ കസേരയിൽ ചാഞ്ഞ് കിടന്നുകൊണ്ട് ഓർത്തു.

അങ്ങനെ കിടന്ന് എപ്പോഴാണ് ഉറങ്ങിയത് എന്ന് ദേവന് ഓർമ്മയില്ല. രാവിലെ മോൾ ചായ കൊണ്ടുവന്നപ്പോൾ ശർമ്മ സാറിനെ വിളിക്കുവാൻ അവൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു. സർ എഴുന്നേറ്റ് ഒന്ന് ഫ്രെഷ് ആയി വരാൻ സമയമെടുക്കുമെന്നതിനാൽ ഒമ്പതുമണിയോടെ വിളിച്ചു കാര്യം പറയാമെന്ന് കരുതി തന്‍റെ ചായ മെല്ലെ ആസ്വദിക്കുമ്പോഴാണ് ശർമ്മ സർ തന്നെ ഇങ്ങോട്ട് വിളിച്ചത്. സംസാരിച്ചത് പക്ഷെ ഇന്നലത്തെപ്പോലെ മകൻ തന്നെയായിരുന്നു.

“അങ്കിൾ അച്ഛൻ ഇന്നലെ രാത്രി ഒരു പത്ത് മണിയോടെ വെള്ളം വേണമെന്ന് പറഞ്ഞ് എഴുന്നേറ്റിരുന്നു. ഞാൻ അങ്കിൾ വിളിച്ച കാര്യവും ഇന്നത്തെ ചടങ്ങുമെല്ലാം പറഞ്ഞു. അതു കേട്ടപ്പോൾ മുഖത്ത് വല്ലാത്ത ഒരു സന്തോഷം വന്നിട്ട് തല മെല്ലെ മുന്നോട്ടും പുറകോട്ടും രണ്ടുവട്ടം ആട്ടി. കണ്ണുകൾ അടച്ച് എല്ലാം ഭംഗിയാകുമെന്ന് പറഞ്ഞിട്ട് അൽപം വെള്ളം കുടിച്ച് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. പക്ഷെ രാത്രി എപ്പോഴോ അച്ഛന്‍റെ ആത്മാവ് നമ്മളെയെല്ലാം വിട്ടുപോയി അങ്കിൾ. രാവിലെ അമ്മ വിളിച്ചുണർത്താൻ നോക്കിയപ്പോഴാണ് ഞങ്ങൾ അറിയുന്നത്.”

ഒരു നിമിഷം ഇടറിപ്പോയ തൊണ്ട കാരണം ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു. “സ്വസ്ഥവും സമാധാനപൂർണ്ണവുമായ ഒരു വേർപാട് ഈശ്വരാനുഗ്രഹത്താൽ ലഭിച്ചു. അച്‌ഛൻ വിട പറയുന്നതിന് മുന്നെ അവസാനമായി കേട്ടത് അങ്കിളിന്‍റെ ഇന്നത്തെ ആദരിക്കൽ ചടങ്ങിന്‍റെ കാര്യങ്ങളായിരുന്നു. ശാന്തികവാടത്തിൽ വച്ച് മൂന്ന് മണിയ്ക്കാണ് സംസ്‌കാരം അങ്കിൾ.

നേരമേറെക്കഴിഞ്ഞ് ഒഴിഞ്ഞ ചായക്കപ്പ് എടുക്കാനായി മോൾ വന്നു നോക്കുമ്പോൾ അൽപം മാത്രം കുടിച്ച ചായയുടെ ബാക്കി മുന്നിലിരിക്കുന്നതോ ഡിസ്ക‌ണക്ട് ആയ ഫോൺ ചെവിയോട് ചേർത്തു തന്നെ വച്ചിരിയ്ക്കുന്നതോ മകൾ വന്നതോ ഒന്നും അറിയാതെ തന്‍റെ മനസ്സിൽ കവിതയുടെ ഒരു ആരാമം നട്ടു നനച്ച് വളർത്തിയെടുത്ത് അതിൽ വർണ്ണ പുഷ്പങ്ങളെക്കൊണ്ട് കാവ്യ വസന്തം വിരിയിച്ച വനമാലിയുടെ ഓർമ്മകളിലായിരുന്നു അയാളപ്പോഴും.

ഒരു പെൺകുട്ടി

പൂർണ്ണ ചന്ദ്രനെ ഓർമ്മപ്പെടുത്തുന്ന മുഖം. അത്രയ്ക്ക് നിലാ (നിലാവിൻ) പെരുമയുള്ള മുഖം

“നിലാപെരുമയെന്ന് പറഞ്ഞാൽ…” സംശയത്തിൻ ഇരുളിൽ നിന്ന് ഇങ്ങനെയൊരു ഒച്ചയുമായ് ശബ്നം.

“അത്രയ്ക്ക് പ്രസന്നത ഞാൻ പിന്നെയൊരു പെൺകുട്ടിയിലും കണ്ടിട്ടില്ല. അത് കൊണ്ടാണിങ്ങനെയൊരു ഉപമ…”

“ആ പെൺകുട്ടിക്ക് ശേഷമൊരു പെൺ മുഖത്തും നോക്കി കാണില്ല. അത് കൊണ്ടാ…” ഇത്രയും പറഞ്ഞ് ശബ്നം ചിരിച്ചു.

വാസ്തവ വിരുദ്ധമായ ഒന്നാണ് ശബ്നം എനിക്ക് മേൽ ആരോപിക്കുന്നത്. എന്‍റെ കാഴ്ച‌കളുടെ സൂക്ഷ്മ‌തയിൽ സ്ത്രീകളേയുള്ളു. ഒരിക്കൽ ശബ്നവുമായ് എവിടെയോ പോയ് തിരിച്ച് വരുമ്പോൾ ബസ്സിന്‍റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ നോക്കുമ്പോൾ ആ പെൺകുട്ടി ആംഗ്യ ഭാഷയിൽ കൂടെയുള്ള ശബ്നയെ നോക്കുവെന്ന് പറഞ്ഞതവൾ മറന്ന് കാണും.

പെണ്ണുങ്ങളെ കാണുമ്പോൾ ഇങ്ങനെ നോക്കുന്നത് എന്തിനാണെന്ന് പുറത്തേക്കിറങ്ങുമ്പോഴൊക്കെ ശബ്നം ചോദിക്കാറുണ്ട്. കാണാൻ ചന്തമുള്ള പെണ്ണിനെ കാണുന്നിടത്തോളം ആനന്ദകരമായ ഒരു കാഴ്ചയും ഈ ലോകത്തിൽ വേറെയില്ലെന്നാണ് എന്‍റെ പക്ഷം.

ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാനും കാണാൻ ചേലുള്ള പെണ്ണല്ലേ എന്നാകും അവളുടെ മറുമൊഴി. സ്‌ഥിരമായ കാഴ്ച. അതെത്ര മനോഹരമായിരുന്നാലും വിരസമാകും.

ഇങ്ങനെയൊക്കെ പറഞ്ഞാലും ശബ്നത്തിന്‍റെ സുപ്പീരിയോറിറ്റിയും ഈഗോയുമൊന്നുമതിനെ അംഗീകരിച്ച് തരില്ല. എന്നാൽ സ്ത്രീയായാൽ എത്ര ബോൾഡായിരിക്കണമെന്നതിനുള്ള ഉത്തമോദാഹരണമാണ് ശബ്നമെന്നും എനിക്ക് അഭിപ്രായമുണ്ട്.

“ഇത്രയും നേരം പറഞ്ഞത് പോലല്ലല്ലോ അയാളിപ്പോൾ പറയുന്നത്. ഇയാളൊരു പെൺകോന്തനാണോ?”

“എന്‍റെ പ്രിയ സുഹൃത്തേ ആണിലാണെങ്കിലും പെണ്ണിലാണെങ്കിലും കാണുന്നതിനെ അംഗീകരിക്കണം. അല്ലാത്തതിന് നേരെ കണ്ണടയ്ക്കുയല്ല ചെയ്യേണ്ടത്. അതിനാ നിഷ്പക്ഷത എന്ന് പറയുന്നേ. മനസ്സിലായോ?”

“അതൊരു സുപ്രഭാതത്തിൽ ഉണ്ടാക്കി എടുക്കാനാവുന്നതല്ല. അതൊക്കെ ജന്മനാൽ ഉണ്ടാകണം. മനുഷ്യരൊക്കെ ഇപ്പോ തൻകാര്യം വൻകാര്യമെന്ന് കരുതുന്നവരാ. നടപ്പ് ഭാഷയിൽ പറഞ്ഞാൽ സ്വാർത്ഥർ. അതിനപ്പുറത്തേക്കൊരു ജീവിത സഞ്ചാരവും ഇപ്പോൾ ആർക്കുമില്ല. സമൂഹത്തിലുമില്ല. കുടുംബത്തിലുമില്ല. ഇപ്പോ കൂട്ടായ്മയൊന്നുമില്ല. ഇങ്ങനെയൊക്കെ പേരിട്ട് ചില നാടകങ്ങൾ ചില സംഘടനകൾ നടത്തുന്നുവെന്നല്ലാതെ.. ഒരുമിച്ച് ഇരിക്കുമ്പോഴും അടുത്തിരിക്കുന്ന ആളൊടൊരു മുന കാണും. അപ്പോ ചിലർ പറയും. ഞങ്ങൾ ദൈവമൊന്നുമല്ലല്ലോ കുറ്റങ്ങളും കുറവുകളുമൊന്നും ഇല്ലാതിരിക്കാൻ.. കുറ്റങ്ങളും കുറവുകളുമൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാ..”

“ഇതൊരു അഞ്ഞഞ്ഞാ പിഞ്ഞഞ്ഞാ വർത്തമാനമായ് പോയ്. കുറ്റങ്ങളും കുറവുകളും മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണെങ്കിലും അതിൽ നിന്നെങ്ങനെ വിട്ട് നിൽക്കാനാവുമെന്നതിനു വിശേഷബുദ്ധിയും മനുഷ്യന് കൊടുത്തിട്ടുണ്ട്. അത് കൊണ്ടല്ലേ നാരായണ ഗുരു അവനവനാത്മസുഖത്തിനായ് ആചരിക്കുന്നത് അപരനുമങ്ങനെയാവണമെന്ന് പറഞ്ഞത്. എന്നിട്ട് നിങ്ങളൊരു പെണ്ണിനെ കാണുമ്പോൾ നോക്കുന്നതിലങ്ങനെ സംഭവിക്കുന്നുണ്ടോ?”

“എന്തേ സംശയം?”

“അത് ഞാൻ നോക്കുന്ന പെണ്ണിന് താൻ കാണാൻ കൊള്ളാവുന്നൊരു പെണ്ണാണെന്ന പ്രതീതി ജനിപ്പിക്കുന്നില്ലേ? അതവരുടെ വ്യക്‌തി പ്രഭാവത്തെ വർദ്ധിപ്പിക്കുന്നില്ലേ? കൂടുതൽ അണിഞ്ഞൊരുങ്ങാൻ പ്രേരിപ്പിക്കുന്നില്ലേ? എന്തിലും ഏതിലും അപര ആദരവും സ്നേഹവും ഉണ്ടെങ്കിൽ കുടുംബവും സമൂഹവുമൊക്കെ നന്നായ്കൊള്ളും.”

“ഇതൊന്നും ആർക്കും മനസ്സിലാകാത്തതല്ല. മനസ്സിലായത് മനസ്സിലാകുന്നില്ലെന്ന് നടിക്കുന്നതാണ്. ഏത് മാരക രോഗത്തിന് ചികിത്സയുണ്ടെങ്കിലും ഈ രോഗത്തിന് ചികിത്സയില്ല. അത് കൊണ്ടാണീ സമൂഹം അതിന്‍റെ രോഗാതുരതയെ അതിജീവിക്കാനാവാതെ ഉഴലുന്നത്. ഇനിയുള്ള കാലമിതൊക്കയേ നടക്കൂ. അതെക്കുറിച്ചൊന്നുമാർക്കുമൊരു പരാതിയോ പരിഭവമോ ഉണ്ടാവാനും ഇടയില്ല. ഉണ്ടായെങ്കിൽ എന്നേ ഇവിടമതിന്‍റെ മിന്നാമിനുങ്ങിന് നുറുങ്ങ് വെട്ടം പോലുള്ള സൂചനകളെങ്കിലും ഉണ്ടായേക്കാം.

“കള്ളന്മാർ നാട് ഭരിക്കും പ്രജകൾ ബുദ്ധിമാന്ദ്യം വന്നവരെ പോലവരെ പേറും. ഭരിക്കുന്നവർ വിവേകികളാകും. അവർക്ക് ഊണിലും ഉറക്കത്തിലുമൊക്കെയൊരു പ്രാർത്ഥനയെ ഉണ്ടാകൂ. പ്രജകൾ യുക്ത‌ിഹീനരാകണമെന്ന്.”

ശബ്നം ഉറങ്ങിക്കഴിഞ്ഞു. കേൾക്കാൻ ആളില്ലെങ്കിൽ പറയുന്നതിനൊരു ആത്മാവുണ്ടാകില്ല. അപ്പോ ബാക്കിയൊക്കെ പിന്നെ പറയാനായ് കരുതിവെക്കാം. ആയുസ്സ് അനുവദിക്കുമെങ്കിൽ…

പിന്നെ ശബ്നത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അതെന്‍റെ വ്യക്തിപരമായ കാര്യമാണ്. തൽക്കാലം നിങ്ങളതിൽ ഇടപെടേണ്ട. അവൾ ജീവിച്ചിരിക്കുന്ന കാലത്തിന്‍റെ വിഹ്വലതകൾ അവൾക്ക് കൂടെ ബോധ്യമാകണമല്ലോ. അതിനായ് ഇങ്ങനെ ചില പറച്ചിലുകൾ.. അതെന്‍റെ… എന്ന നിലക്കുള്ള ഉത്തരവാദിത്തമാണെന്നാ ഞാൻ കരുതുന്നത്.”

“നാളെയൊരു കാലം അവൾ വേദനിക്കരുത്. എന്‍റെ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് അത് ഭാവിയിൽ എത്രത്തോളം സഫലവും ആരോഗ്യകരമാകുന്നതിനെക്കുറിച്ചുള്ള വിചാരങ്ങളിലൊന്നും ഞാനിപ്പോൾ വ്യാപൃതനാകുന്നില്ല.”

“എന്തായാലും ശബ്നം ആരാണെന്നും എന്താണ് നിങ്ങളും അവരും തമ്മിലുള്ള ബന്ധമെന്നും വ്യക്തമാക്കേണ്ടതുമുണ്ടായിരുന്നു.”

“മനസ്സില്ല”

“ഞാൻ നിങ്ങൾ കരുതും പോലൊരു മര്യാദ രാമനെന്നു വ്യക്‌തിപരമായി പറഞ്ഞതിന്മേൽ കയറി വീണ്ടും സർക്കസ്സ് കളിക്കുന്നോ? ഞാൻ കരുതിയിരുന്നതാണ്. അവസാനം ഇങ്ങനെയൊരു കല്ലേറ്… അത് സംഭവിച്ചില്ലെങ്കിലും ഒരു സത്യം പറയാം. ഇപ്പോ ശബ്നം ഉള്ളത് കൊണ്ടാണ് എന്‍റെ ജീവിതഗൃഹത്തിൽ കാറ്റും വെളിച്ചവുമൊക്കെ കടന്ന് വരുന്നത്. അതിന് മുൻപെ ഞാനൊരു ഏകാകിയായിരുന്നു. എന്തായാലും എല്ലാവരോടും ഈയുള്ളവന്‍റെയും ശബ്നത്തിന്‍റെയും നന്ദിയും സ്നേഹവും…….

യാത്രയ്ക്കൊടുവിൽ

റിസർവ്വ് ചെയ്ത സീറ്റിനരികിൽ അയാൾ വന്നിരുന്നപ്പോഴാണ് മയക്കത്തിലായിരുന്ന ജാനകി ഉണർന്നത്. ചെന്നൈയിൽ നിന്ന് ബസ്സ് പുറപ്പെട്ടിട്ട് ഇപ്പോൾ ഏതാണ്ട് രണ്ടു മണിക്കൂറിലധികം ആയി. ബാഗ് എടുത്തു ഒതുക്കി വയ്ക്കുന്നതിനിടയിൽ അടുത്തു വന്നിരുന്ന ആളുടെ മുഖം ജാനകി ശ്രദ്ധിച്ചു. നല്ല പരിചയമുള്ള രൂപം. എവിടെയോ കണ്ട് മറന്നതു പോലെ. മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും. ജാനകിക്ക് അയാളുടെ മുഖം വ്യക്‌തമായി കാണാമായിരുന്നു. കുറച്ചു സമയമെടുത്തെങ്കിലും അവളുടെ ഓർമ്മകളിൽ ആ മുഖം തെളിഞ്ഞു വന്നു…

മനു നാരായണൻ, വർഷങ്ങൾക്കു മുമ്പ് ജാനകിയുടെ വീട്ടുകാർ മാട്രിമോണിയൽ സൈറ്റിൽ നോക്കി മാച്ചിംഗ് കണ്ടുപിടിച്ചതിൽ അവസാനത്തെയാൾ. ഫോണിലും, ഇൻറന്‍റർനെറ്റിലും എത്രയോ തവണ സംസാരിച്ചിരിക്കുന്നു. ഒരിക്കൽ നേരിട്ട് കണ്ടിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ പത്തുവർഷത്തിലേറെയായി. ജാനകി പക്ഷേ ഈ സന്ദർഭത്തെ എങ്ങനെ കൈാര്യം ചെയ്യുമെന്നാലോചിച്ച് വല്ലാതെ അസ്വസ്ഥയായി. അയാൾ തന്നെ തിരിച്ചറിയുമോ എന്ന് ജാനകി ചിന്തിച്ചു കൊണ്ടിരുന്നു.

മാട്രിമോണിയൽ സൈറ്റുകൾ പലതും തെരഞ്ഞതിനു ശേഷമാണ് ഒരുപാട് ആളുകൾക്കിടയിൽ നിന്ന് അന്ന് മനു നാരായണന്‍റെ പ്രൊഫൈൽ തെരഞ്ഞെടുത്തത്. അന്ന് പക്ഷേ ആ വിവാഹാലോചന മുന്നോട്ടു പോയില്ല. ഒരുപാട് കാര്യങ്ങളിൽ സാമ്യതകളുണ്ടായിരുന്നെങ്കിലും മനു നാരായണനുമായി സംസാരിച്ച് ആ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ എന്തു കൊണ്ടോ സാധിച്ചില്ല. ഇതിനു മുമ്പ് പല വ്യക്‌തികളുമായും ഇതേ പ്രശ്നം ജാനകി നേരിട്ടിരുന്നു.

മനു നാരായണനുമായി അതേ പ്രശ്നം വന്നപ്പോഴാണ് ഇത് ഏതെങ്കിലും ഒരാളുമായി വന്ന കുഴപ്പമല്ല എന്ന് മനസ്സിലായത്. അതിനു ശേഷമാണ് അറേഞ്ച് മ്യാരേജ് എന്ന കൺസെപ്റ്റ് തന്നെ ജാനകി മറന്നു തുടങ്ങിയത്.

“ഒരുപാട് പേർക്ക് അറേഞ്ച് മ്യാരേജ് എന്ന ഓപ്ഷൻ നടക്കുമായിരിക്കും. പക്ഷേ എനിക്കത് ചേരില്ല അമ്മ…”

ജാനകി അമ്മയോടത് പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീട് ആ വീട്ടിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വോൾവോ ബസ്സിലെ ടിക്കറ്റിൽ സ്നാക്സും ഉൾപ്പെടുത്തിയിരുന്നു. കണ്ടക്ടർ എല്ലാ സീറ്റിലും സ്നാക്സും മറ്റും വിതരണം ചെയ്യാൻ തുടങ്ങി. ജാനകി ഒട്ടും കംഫർട്ടില്ലാതെയാണ് സീറ്റിൽ ഇരുന്നത്. കണ്ടക്ടർക്ക് സ്നാക്സ് വിതരണം ചെയ്യുന്നതിനിടയിൽ ഇടയ്ക്ക് ബാലൻസ് തെറ്റുന്നുണ്ടായിരുന്നു. മനു അയാളെ സഹായിക്കുന്നതിനു വേണ്ടി ഒരു കൈത്താങ്ങ് കൊടുത്തു. ഒന്നു ചിരിച്ച് നന്ദി പറഞ്ഞ ശേഷം സ്നാക്സ് പ്ലേയ്റ്റ് തൊട്ടടുത്തിരിക്കുന്ന ആൾക്ക് കൊടുക്കുമോ എന്ന് കണ്ടക്ടർ മനുവിനോട് ചോദിച്ചു.

“അതിനെന്താ…”

മനു നാരായൺ മറുപടിയായി പറഞ്ഞു കഴിഞ്ഞ് തെർമോക്കോൾ പ്ലേയ്റ്റ് ജാനകിക്കായി കൈമാറി. മനു തന്നെ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി കണ്ണുകൾ താഴ്ത്തിയാണ് ജാനകി പ്ലേയ്റ്റ് വാങ്ങിയത്. തന്നെ മനു ശ്രദ്ധിക്കുന്നുണ്ടോ അതോ താൻ വെറുതെ ആലോചിച്ചു കൂട്ടുന്നതാണോ എന്ന് കൂടി ജാനകി ചിന്തിക്കാതിരുന്നില്ല. മനു തനിക്കു കിട്ടിയ സ്നാക്സ് കഴിക്കുകയാണ്. ജാനകിയും അത് തുടർന്നു.

ഇടയ്ക്കെപ്പോഴോ പതിഞ്ഞ ശബ്ദത്തിൽ “നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ, ഒരു പരിചയം പോലെ തോന്നുന്നു” സ്നാക്സ് കഴിച്ചു കൊണ്ടു തന്നെ മുഖം തിരിച്ച് മനു ചോദിച്ചു. ജാനകിക്ക് തന്‍റെ ഹൃദയം വേഗത്തിലിടിക്കുന്ന പോലെ തോന്നി. മനു തന്നെ ഓർത്തെടുക്കുന്നുണ്ടോ. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം.

“ഇയാളെവിടെയോ…” ഒന്നു നിർത്തിയതിനു ശേഷം ആലോചിച്ച്” ജാനകി രാമൻ അല്ലേ” മനു പെട്ടെന്നു തന്നെ പറഞ്ഞു.

ജാനകി തന്‍റെ കണ്ണുകൾ ഒന്നു വെട്ടിച്ച ശേഷം മനുവിനെ മനസ്സിലാകാത്ത പോലെ ഇരുന്നു.

“എന്നെ ഓർക്കുന്നില്ലേ, ഞാൻ മനു നാരായണൻ. 2005 ൽ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ട് നമ്മൾ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.” ഇതു പറഞ്ഞ ശേഷം മനു ഒരു സർപ്രൈസ് വന്നതു പോലെ കുലുങ്ങി ചിരിച്ചു.

ജാനകി ഓർത്തെടുക്കുന്ന പോലെ…

“അതെ, ശരിയാണ് ഇപ്പോളോർക്കുന്നു. ഞാനൊരിക്കലും കരുതിയില്ല നമ്മളിങ്ങനെ വീണ്ടും കാണുമെന്ന്… ഇപ്പോൾ എവിടെ പോകുന്നു?”

മനു അയാളുടെ മകനെ ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ നിന്നും വെക്കേഷന് കൊണ്ടുവരാൻ പോവുകയാണെന്ന് മറുപടിയായി പറഞ്ഞു.

“എന്‍റെ മകളും അവിടെ ബോർഡിംഗിലാണ് പഠിക്കുന്നത്. ഞാൻ അവളെ തിരിച്ച് കൊണ്ട് വരാൻ പോവുകയാണ്.” ജാനകി കുറച്ചു കൂടി കംഫർട്ടായി എന്ന പോലെ സംസാരിച്ചു.

“ഏത് സ്റ്റാൻഡേർഡിലാണ് മോള് പഠിക്കുന്നത്. ഏതാ സ്ക്കൂൾ?” മനു വിശദമായി അറിയാനെന്ന ഭാവത്തിൽ ചോദിച്ചു.

“അവളിപ്പോ ഏഴാം സ്റ്റാൻഡേർഡിലായി. ഗുഡ് ഷെപ്പേർഡിലാണ്. മകനെത്രയിലാ, ഏത് സ്ക്കൂളിലാ പഠിക്കുന്നത്?” “ലോറൻസില് ഏഴാം സ്റ്റാൻഡേർഡിൽ തന്നെ” അയാൾ വളരെ സ്വഭാവികമെന്നോണം മറുപടി പറഞ്ഞു.

“അതുശരി” ഇതു പറഞ്ഞു കൊണ്ട് ജാനകി മന്ദഹസിച്ചു. ഇനിയെന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് അവൾക്കൊരു എത്തും പിടിയും കിട്ടിയിരുന്നില്ല. വളരെ ക്യാഷ്വലായി ചില കാര്യങ്ങൾ തുടർന്ന് പറഞ്ഞ് കൊണ്ട് നിലവിലെ മൂകതയിൽ നിന്നും മോചനം തേടി. ഊട്ടിയിലെ ബോർഡിംഗ് സ്കൂളുകളെക്കുറിച്ചും, അവിടത്തെ സൗകര്യങ്ങളെ പറ്റിയും കാലാവസ്ഥയെക്കുറിച്ചും സിലബസിന്‍റെ രീതികളെക്കുറിച്ചും അവർ സംസാരിച്ചു.

ബസ്സ് കുറച്ചു നീങ്ങിയതിനു ശേഷം കണ്ടക്ടർ ഒരു പതിനഞ്ച് മിനിറ്റ് വഴിയിൽ നിർത്തുന്നുണ്ടെന്ന അറിയിപ്പുമായി വന്നു. യാത്രക്കാരിൽ ചിലർ ടോയ്‍ലെറ്റിൽ പോകുവാനായി ഇറങ്ങി. ജാനകിയും മനുവും പുറത്തിറങ്ങി തൊട്ടടുത്ത പെട്ടിക്കടയിൽ നിന്നും ചൂടുള്ള ചായ പറഞ്ഞു.

“ഹസ്ബെന്‍റ് എന്തു ചെയ്യുന്നു.” മനുവിന്‍റെ ഈ ചോദ്യം ജാനകി പ്രതീക്ഷിച്ചതാണ്. അവൾ ചായയെടുത്ത് കുടിച്ച ശേഷം പറഞ്ഞു.

“ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്‍റെ മകൾ താരയെ ഒരു വയസ്സുള്ളപ്പോൾ ദത്തെടുത്തതാണ്.” മനു തീരെ പ്രതീക്ഷിക്കാത്ത ഒന്ന് കേട്ട പോലെയാണ് ജാനകി പറഞ്ഞത് ശ്രവിച്ചത്.

“അല്ല, അപ്പോൾ ജാനകി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തുന്നു. ജാനകിയോട് ഇപ്പോൾ ബഹുമാനവും ആദരവുമൊക്കെ തോന്നുന്നുണ്ട്.” മനുവിന് ഒരു നല്ല കാര്യം കേട്ടതു പോലെ ജാനകിയ്ക്ക് തോന്നി. മനോഹരമായ ചിരി അതിനു പകരമായി നൽകി.

“മിസിസ് നാരായണൻ എന്തു ചെയ്യുന്നു.”

“അമ്മ…?” ഒരിക്കൽ മനുവിന്‍റെ അമ്മയുമായി ഫോണിൽ സംസാരിച്ചതിന്‍റെ ഓർമ്മയിലാണോ ജാനകി ചോദിക്കുന്നതെന്ന ഭാവത്തിൽ അയാൾ സംശയത്തോടെ…

“അല്ല… ഞാനുദ്ദേശിച്ചത് ഭാര്യയെക്കുറിച്ചാണ്.” ജാനകി ഒന്നു കൂടി വ്യക്‌തമാക്കി.

“ഓഹോ” മനു ചെറിയൊരു മൗനത്തിനു ശേഷം ചായഗ്ലാസ് കുടിച്ചത് കടയിലെ തട്ടിലേക്ക് എടുത്തു വച്ചു.

“എന്‍റെ ഭാര്യ മരിച്ചിട്ട് ഇപ്പോൾ നാലുവർഷമായി” അവർക്കിടയിലെ ചെറിയൊരു മൗനത്തിനു ശേഷം ജാനകി ചോദിച്ചു.

“മനുവിന് ഓർമ്മയുണ്ടോ നമ്മൾ തമ്മിലുള്ള വിവാഹലോചന എന്തുകൊണ്ടാണ് മുന്നോട്ടു പോകാഞ്ഞതെന്ന്.”

“അന്ന് നമ്മുടെ വിവാഹം കുറച്ചു കൂടി നീട്ടിവയ്ക്കണമെന്ന് ജാനകി ആവശ്യപ്പെട്ടു എന്നാണ് എന്‍റെ ഓർമ്മ” വളരെ കൃത്യമെന്നോണം യാതൊരു സംശയവുമില്ലാതെയാണ് മനു അത് പറഞ്ഞത്.

“അങ്ങനെയല്ല. എനിക്ക് മനുവുമായി കൂടുതൽ സമയം ചെലവഴിക്കണം. പരസ്പരം മനസ്സിലാക്കണം. നമ്മുടെ താൽപര്യങ്ങൾ ഒരുമിച്ച് കൊണ്ടു പോകാൻ പറ്റുന്നതാണോ എന്ന് നോക്കണം. എനിക്കറിയാം മനു ഒരു നല്ല കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന്. ഒരു ബാച്ചിലർ വിവാഹം ആലോചിക്കാൻ തുടങ്ങുമ്പോൾ വേണ്ട എല്ലാ ക്വാളിറ്റിയും മനുവിന്‍റെ പ്രപ്പോസലിൽ ഉണ്ടായിരുന്നു. പക്ഷേ മനുവെന്ന വ്യക്‌തിയെ മനസ്സിലാക്കാൻ എനിക്ക് സമയം വേണമായിരുന്നു. എനിക്കൊരു ലോംഗ് ടേം കമിറ്റ്മെന്‍റിലേക്ക് ഇറങ്ങും മുമ്പ് ആളെക്കുറിച്ച് വ്യക്‌തമായൊരു ധാരണ വേണമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. പക്ഷേ മനുവിന് അത് സാധ്യമായിരുന്നില്ല. എത്രയും വേഗം വിവാഹ തീയതി നിശ്ചയിക്കണമെന്നായിരുന്നു.

കല്യാണം കഴിച്ചതിനു ശേഷം എന്‍റെ രീതികൾ മനുവിന് ഇഷ്‌ടപ്പെടാതിരിക്കുകയും അതുവരെ ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെല്ലാം പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയും ചെയ്താൽ അതൊക്കെ സ്വയം വരുത്തി വച്ചതാണെന്ന രീതിയിൽ സമാധാനിക്കാനും എനിക്കാവില്ല. ഒരാളെ മനസ്സിലാക്കാതെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവാഹ ജീവിതത്തിൽ ഒന്നും സ്‌ഥിരമല്ല, അതിങ്ങനെ മാറിക്കൊണ്ടിരിക്കും.”

മനു ജാനകി പറയുന്നത് തന്നെ ശ്രദ്ധിച്ചിരുന്നു. ഇനിയും ജാനകിയെന്തൊക്കെയോ പറയാൻ തുടങ്ങുന്ന എന്നതിനാൽ അത് തടസ്സപ്പെടുത്താതെ കേട്ടിരുന്നു.

“ജീവിതം ഇനി എങ്ങനെയൊക്കെ മാറിയാലും ഞാൻ ഒരാളെ മനസ്സിലാക്കിയതിനു ശേഷമാണല്ലോ വിവാഹത്തിന് തയ്യാറായത് എന്നുള്ള ബോധ്യം എനിക്കുണ്ടാകണം. ഒരാളുടെ സാമ്പത്തിക ചുറ്റുപാട് നല്ലതാണെന്നു കരുതി അയാളെക്കുറിച്ച് അറിയാതെ തികച്ചും ഒരപരിചിതമായി ജീവിച്ചു തുടങ്ങുവാൻ ഞാൻ തയ്യാറല്ല. എന്തായാലും മനുവിന്‍റെ അന്നത്തെ വിവാഹാലോചന മുന്നോട്ടു പോകാഞ്ഞത് പെട്ടെന്നു തന്നെ വിവാഹ തീയതി നിശ്ചയിക്കണം എന്നു പറഞ്ഞതു കൊണ്ടാണ്.” ജാനകി വ്യക്‌തമാക്കുന്നതു പോലെ പറഞ്ഞു.

“ശരി, ഓക്കെ” മനു എല്ലാം സമ്മതിക്കുന്ന പോലെ.

“മനുവിന് അറിയാമോ ഞാൻ പിന്നീട് അന്വേഷിച്ചപ്പോ കണ്ടെത്താൻ കഴിഞ്ഞത് എന്താണെന്ന്! ഇന്ത്യയിലെ അറേഞ്ച്ഡ് മാര്യേജുകളിൽ ഒന്നിലും പരസ്പരം മനസ്സിലാക്കാനുള്ള കാലയളവ് ലഭിക്കുന്നില്ല. നിയമം അനുസരിച്ചുള്ള കരാറൊപ്പിട്ട് ഭൂരിഭാഗം പേരും ജീവിതം തുടങ്ങുന്നു. ഇത് കാലാകാലങ്ങളായി നടക്കുന്നതാണ്. ഒരാളും അതിനെ എതിർത്തിട്ടില്ല. എന്നെപ്പോലുള്ള എത്രയോ ആളുകൾ ഇതിന് ഇരയാകുന്നു. എന്തായാലും അന്ന് മനുവിന്‍റെ ആലോചന മുടങ്ങിപ്പോയതിൽ പിന്നെ ഞാൻ വീട്ടിൽ എനിക്കു വേണ്ടി കല്യാണമാലോചിക്കുന്നത് നിർത്തുവാൻ പറഞ്ഞു. എനിക്കൊരിക്കലും പെട്ടെന്നൊരാളെ കണ്ണടച്ച് വിശ്വസിച്ച് ഒരു ജീവിതം തുടങ്ങാൻ സാധിക്കില്ല. ഞാൻ അതുകൊണ്ട് ഒരാളെ മനസ്സിലാക്കാതെ കല്യാണത്തിലേക്ക് കടക്കുന്നില്ല എന്ന് തീരുമാനിച്ചു.”

എല്ലാം കേട്ട ശേഷം സീറ്റിൽ നേരെയിരുന്നു. മനു തന്‍റെ മുഖം ചെറുതായൊന്നുയർത്തി. “ഇപ്പോളെന്തു തോന്നുന്നു” മനുവിന്‍റെ ചോദ്യം പെട്ടെന്നായിരുന്നു.

“അന്ന് മനു തയ്യാറായിരുന്നില്ല, ഇപ്പോൾ മനുവിന് കല്യാണ തീയതി നിശ്ചയിക്കാതെ പരസ്പരം മനസ്സിലാകുന്നത് വരെ ഒരുമിച്ച് ഇടപഴകാൻ സാധിക്കുമോ?” എന്നാൽ ഞാൻ തയ്യാറാണ്.

മനു ജാനകി ഇതു പറഞ്ഞതും വിശ്വസിക്കാനാവാത്ത പോലെ നോക്കി.

“ജാനകി നമ്മുടെ കുട്ടികളെപ്പറ്റി ആലോചിക്കൂ. നമ്മളങ്ങനെ കാണുന്നതും ഇടപഴകുന്നതും കുട്ടികളറിഞ്ഞാൽ അവരെന്തു വിചാരിക്കും. വിവാഹം നമ്മുടെ സമൂഹത്തിന്‍റെ മുമ്പിൽ ഒരു സാധ്യതയാണ്. വിവാഹത്തിനു ശേഷം പരസ്പരം മനസ്സിലാക്കാൻ ധാരാളം സമയമുണ്ടല്ലോ” ജാനകി ഇതു കേട്ടതും ചെറുതായി ചിരിച്ചു.

“മനു” ഒന്നു നീട്ടി വിളിക്കുന്നതു പോലെ പറഞ്ഞ്.

“അവിടെയാണ് പോയിന്‍റ്, എനിക്ക് വിവാഹ ശേഷം മനസ്സിലാക്കാൻ എടുക്കുന്ന ആ സമയം വരെ. അങ്ങനെ കാത്തിരുന്ന് ചെയ്യേണ്ടതായി തോന്നുന്നില്ല. പിന്നീട് അത് വലിയ കുഴപ്പങ്ങളുണ്ടാക്കും.”

മനുവും ചെറുതായി ചിരിക്കുന്നു.

“അപ്പോൾ ഇപ്പോഴും എന്നെ മനസ്സിലാക്കാൻ ജാനകിക്ക് താൽപര്യമുണ്ടോ? മനു എടുത്തു ചോദിച്ചു.

“പക്ഷേ മനുവിനിപ്പോഴും അങ്ങനെയൊരു റിലേഷനിൽ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. അതൊരു സത്യമാണല്ലോ.” ജാനകി തന്‍റെ ഭാഗം വെളിപ്പെടുത്തി. ഈ സമയം ബസ്സിനകത്തെ അറിയിപ്പ് ശബ്ദം മുഴങ്ങി.

“എല്ലാവരും ശ്രദ്ധിക്കുക, ഊട്ടിയിലെ അവസാനത്തെ സ്റ്റോപ്പ് എത്തിച്ചേരുകയാണ്. ഈ ബസ്സിനോടൊപ്പം യാത്ര തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി.”

“നമുക്ക് ഇറങ്ങാൻ സമയമായി. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം” ജാനകി മനുവിനെ ഹസ്തദാനം ചെയ്തു.

“ടേക്ക് കെയർ” ഇരുവരും പരസ്പരം പറഞ്ഞ് ബാഗുകളെടുത്ത് ബസ്സിനു പുറത്തേക്കിറങ്ങാൻ തുടങ്ങി. ബസ്സിൽ നിന്നിറങ്ങി ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഒരു ദീർഘനിശ്വാസമെടുത്തതിനു ശേഷം ജാനകി ടാക്‌സി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു നീങ്ങി. മനു നാരായണൻ ആകാശത്തെ നോക്കി തന്‍റെ തൊണ്ടയിലെ ഇടർച്ച ശരിയാക്കി മറ്റൊരു ദിക്കിലേക്ക്….

ചിക്കൻ @65

ഷീനാമ്മ കണ്ണാടിയിൽ കണ്ട തന്‍റെ പ്രതിരൂപത്തെ ചാഞ്ഞും ചെരിഞ്ഞും നോക്കി. ശരീരഭംഗിക്ക് അൽപം ഉടവുതട്ടിയിട്ടുണ്ട്. ഈയിടെയായി രാവിലെ എണീറ്റുള്ള നടക്കാൻ പോക്കങ്ങു കുറഞ്ഞു. രാവിലെ മഴയാണേൽ പിന്നെ പറയുവേം വേണ്ട. നടുവേദന വിടാതെ പിന്തുടരുന്നത് കൊണ്ട് മുറ്റമടിക്കാൻ മാത്രം ഒരാളെ അടുത്തിടെ കുര്യച്ചായൻ ഏർപ്പാടാക്കിയിരുന്നു. “സൂസന്ന” അല്ലറ ചില്ലറ പണിയും ജാതിക്കാ പെറുക്കും ഒക്കെ കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ കൂടുതലുള്ള വിഭവത്തിന്‍റെ ഒരു പങ്ക് കൊടുത്തു വിടും. ഇവിടെ വിശേഷാൽ എന്തെങ്കിലുമാണേൽ മാത്രം.

ചിക്കൻ 65 ആണ് ഷീന അസ്സലായി ഉണ്ടാക്കാറുള്ളത്. ആ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണ്. അതിൽ ഒരു പങ്ക് അടുത്ത വീട്ടിലെ ജയന്തിക്ക് കൊടുത്തിട്ടേ അവർ കഴിക്കൂ. അവിടുത്തെ കുഞ്ഞുങ്ങൾക്ക് കൊടുത്തില്ലേൽ എന്ത് വിചാരിക്കുന്നൊരു തോന്നൽ. റയാൻ മോനിവിടെ ഉണ്ടെങ്കിൽ എന്നും പരാതിയാ അവന്. “ഈയമ്മ ഉണ്ടാക്കുന്നത് അയാലോക്കക്കാർക്ക് വേണ്ടിയാണോ അതോ ഇവിടെ ഉള്ളോർക്കാണോന്ന്. പിള്ളേരില്ലാത്തപ്പോ മിച്ചം വരുന്നത് കേറിയും ഇറങ്ങിയും താൻ തന്നെ കഴിച്ചു തീർക്കും.

അഞ്ചു കിലോയാ ഇപ്പോൾ തൂക്കം കൂടിയത്. ഈ മാസം നാലു കല്യാണം, രണ്ടു മാമോദീസ, ഒരു കേറിത്താമസം എന്നിവ വന്നു. നല്ല സുഖമായിട്ടങ്ങു കഴിച്ചു. ഇന്നലെ ലാബിൽ പോയി നോക്കിയപ്പോ ആകെ അന്ധാളിച്ചു പോയി. എത്രയാ കൊളസ്ട്രോൾ കൂടിയത്. പരി പാടിക്ക് പോയാൽ അതിനു വിളിച്ചവരു ടെ കാശ് വെറുതെ കളയണ്ടല്ലോ എന്നോർത്ത് മൂക്കു മുട്ടെ കഴിക്കും, അതിപ്പോ ഇങ്ങനേമായി.

മുറ്റമടിച്ചു കയറി വന്ന സൂസന്നയെ ആദ്യമായി കാണുന്ന പോലെ ഷീന നോക്കിപ്പോയി. തെല്ലും ദുർമ്മേദസ്സില്ല. രണ്ടു വീട്ടിലെ പണി ചെയ്തും തൊഴിലുറപ്പിനു പോയുമൊക്കെ ഭർത്താവില്ലാത്ത കുറവറിയിക്കാതെ മക്കളെപ്പോറ്റുന്നു.

“എന്താ ചേച്ചി… ഇങ്ങനെ മിഴിച്ചു നോക്കുന്നേ?” ചിന്തയിൽ നിന്നുണർന്ന് പെട്ടെന്ന് സ്‌ഥലകാല ബോധം വണ്ടെടുത്തു.

“ഞാനേ… എന്തൊക്കെയോ ഓർത്തിരുന്നു പോയി സൂസേ. എത്ര പെട്ടെന്നാ സമയം കടന്നു പോയത്. ഇച്ചിരി വ്യായാമം ഒക്കെ ചെയ്യണോന്നു ഞാൻ എന്നും ഓർക്കും. കുര്യച്ചായനാണേൽ എന്നും രാവിലെ നടക്കാൻ പോകും അങ്ങേര് നാൾ കഴിയും തോറും ചെറുപ്പമായി വരുന്നു. അപ്പുറത്തെ ജയന്തി ഏതാണ്ട് “സുംബ” ഡാൻസ് ഒക്കെ കളിക്കാൻ പോകും. എന്നേം വിളിച്ചതാന്നേ. ഈ തടീം വെച്ച് എനിക്ക് പത്തടി നടക്കാൻ പോലും പറ്റില്ല പിന്നാ.”

“അതൊക്കെ വെറുതെ തോന്നുവാ ചേച്ചി. വിചാരിച്ചാൽ എല്ലാം നടക്കും. ഞാൻ അപ്പോൾ പത്താം തരം തുല്യതാ പരീക്ഷ എഴുതാൻ പോവാ. അന്ന് പത്തിൽ തോറ്റേപ്പിന്നെ മടിയായിരുന്നു. ഇച്ചിരി ശമ്പളം കൂട്ടിക്കിട്ടുന്ന ഏതു പണിയും ചെയ്യാൻ എനിക്ക് മനസ്സുണ്ട്. രാവിലെയും വൈകുന്നേരവും ഇവിടെയും വരുന്നുണ്ട്. ചേച്ചി ജയന്തിയുടെ കൂടെ രണ്ടു ദിവസം പോയി നോക്കിക്കേ. ആദ്യം ഉള്ള ഈ ബുദ്ധിമുട്ടൊക്കെ പമ്പ കടക്കും.” അവളുടെ വാക്കുകൾ പകർന്ന ആത്മവിശ്വാസം ഷീനക്ക് അത്ര ചെറുതായിരുന്നില്ല.

ഡിഗ്രിക്കാരിയായ താൻ എന്തൊരു അലസ ജീവിതമാണ് നയിച്ചത് എന്നോർക്കുമ്പോൾ ഇപ്പോ ഒരുതരം കുറ്റബോധവും. അല്ലെങ്കിലും സൂസന്ന പറയും പാലെ പത്തു കാശ് സ്വന്തമായി ഉണ്ടാക്കുന്നതിന്‍റെ വില ഒന്ന് വേറെ തന്നെ .

ഹെന്ന ചെയ്തിരുന്ന മുടിയിൽ ആദ്യമായ് ഫോണിലെ ഇൻസ്റ്റാ പരസ്യം കണ്ട് തേച്ച ഡൈ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. മുഖത്ത് നിറയെ കുരുക്കൾ. ചെന്നിയിലും, നല്ല വേദനയുമുണ്ട്. മരുന്ന് വാങ്ങി മെല്ലെ കുറഞ്ഞു തുടങ്ങി. എന്ത് ചെയ്യാനാ. ആ ഹെന്ന തന്നെ മതിയായിരുന്നു. പുറത്തേക്ക് ഇറങ്ങാനുള്ള മടി ഈയിടെയായി കൂടിയിരിക്കുന്നു. ഇപ്പോൾ ആകെ നര കൂടു കൂട്ടിയ ശിരസ്സ്. അടുത്തിടെ കേടായ അണപ്പല്ലുകളെടുത്തിട്ട് വെപ്പു പല്ലുറപ്പിച്ചു. ഏതാണ്ട് ഇംപ്ലാന്‍റ് ഒക്കെ ഉണ്ടത്രേ. അതിന് പൂത്ത കാശാകും. കെട്ടിയോനോട് ചോദിച്ചാൽ ഒരു പക്ഷേ സമ്മതിച്ചേനെ. പിള്ളേരെ പഠിപ്പിക്കാൻ തന്നെ എത്ര ചെലവാക്കി. ഇനി കെട്ടിക്കണേലോ ജീവിതകാലം മുഴുവൻ കഷ്‌ടപ്പെട്ടത് മുടക്കണം. ആ അതിലല്ലേ ഈ കഷ്ടപ്പാടൊക്കെ, രോഗദുരിതങ്ങൾ വന്ന് അവരെ ബുദ്ധിമുട്ടിക്കാൻ ഇടവരുത്തരുതേ കർത്താവേ എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ. ഇൻഷുറൻസ് ഒക്കെ ഉള്ളതാ ആകെ ഒരു ബലം.

ബിസിനസ് ഒക്കെ നഷ്‌ടത്തിലാണ് എന്ന് ഈയിടെയും ഇച്ചായൻ പറയുന്നത് കേട്ടു. ടൗണിലെ പച്ചക്കറികടയിൽ നിന്നുള്ള വരുമാനമല്ലേ ഉള്ളു. പിന്നെ തരക്കെടില്ലാത്ത വീടും ഇച്ചിരി സ്‌ഥലവും. ഭർത്താവിനോട് എല്ലാത്തിനും കൈ നീട്ടണ്ടേ? മൂന്നാല് ദിവസമായി സൂസന്ന വരാഞ്ഞപ്പോ വെറുതെ ഒന്ന് വിളിച്ചു നോക്കി. പനി വന്ന് ഇനി വല്ല കിടപ്പോ മറ്റോ ആണോ?

“ചേച്ചി എന്‍റെ ഒരു കൂട്ടുകാരി വഴി എനിക്ക് ദുബായിൽ ഒരു ഡോക്ടറുടെ വീട്ടിൽ ജോലി കിട്ടി. അതിന്‍റെ ഓരോ ആവശ്യങ്ങൾക്ക് ഓടി നടക്കുവാ ഞാൻ. ഇവിടെ കിടന്നു തുഴയുന്നതിലും ഭേദമാ. തന്നേമല്ല പിള്ളേരൊക്കെ ഹോസ്‌റ്റലിലായ കൊണ്ട് ഒരു സമാധാനം ഉണ്ട്. ഇനി വേറെ ആരെയെങ്കിലും മുറ്റമടിക്കാൻ നോക്കിക്കോ കേട്ടോ.” കുശലാന്വേഷണം ഒക്കെ കഴിഞ്ഞിട്ടും അക്കാര്യത്തിൽ എന്തോ ഒരു തൃപ്ത‌ിക്കുറവ് തോന്നി.

ശ്ശോ… എന്തൊരു കഷ്ടം. നേരത്തെ തന്നെ അവൾ അറിഞ്ഞിട്ടും മനഃപൂർവ്വം എന്നോട് പറയാഞ്ഞതായിരിക്കുമോ? ഓരോരുത്തരുടെ ജീവിതം അവരല്ലേ തീരുമാനിക്കുന്നത് കുറ്റം പറയരുതല്ലോ? കഴിഞ്ഞ ദിവസം ഒരു ഒത്തു കല്യാണം കൂടി വരുന്ന വഴി ടൗണിൽ വെച്ച് പഴയ കൂട്ടുകാരി ലക്ഷ്‌മിക്കുട്ടിയെ കണ്ടു. ബസ്റ്റാൻഡിലേക്ക് നടക്കും വഴിയിൽ കാർ കൊണ്ട് വന്നു നിർത്തി അവൾ ഒരു കടയിൽ കയറാൻ തുടങ്ങുവായിരുന്നു.

എത്ര കാലമായി പരസ്പരം കണ്ടിട്ട്. അവൾക്ക് മനസ്സിലായത് പോലും ഇല്ല. മുഖത്താണെങ്കിൽ ഒരുതരം അവജ്‌ഞ. നമ്മുടെ രൂപവും ഭാവവും സാഹചര്യങ്ങളും എന്നും ഒരേ പോലെ ഇരിക്കില്ലല്ലോ. മൂന്നു വർഷം എത്രയോ ഹൃദയരഹസ്യങ്ങൾ കൈ മാറി ഇരുന്നവരാ. എന്തുമാത്രം സങ്കടം വന്നെന്നോ. സ്വയം പരിചയപ്പെടുത്തേണ്ടി വന്നു.

“ഡീ മോളെ ഞാൻ ഷീനാ വില്ല്യംസ്. കോളേജിൽ ഒപ്പം പഠിച്ച ഓർമ്മയില്ലേ?”

“ഓ നീയാണോ? എനിക്ക് മനസ്സിലായതേയില്ല കോട്ടോ. ആളാകെ മാറിപ്പോയല്ലോ.” വളരെ പ്രയാസപ്പെട്ട് ഒരു ചിരി വരുത്തി തന്‍റെ കയ്യിൽ പിടിച്ചു.

“ഞാനേ അൽപം തിരക്കിലാ. മോൾ വൈകുന്നേരത്തെ ഫ്ളൈറ്റിനു എബ്രോഡ് പോണു, കാണാട്ടോ” എന്ന് പറഞ്ഞു ഷോപ്പിംഗ് മാളിനുള്ളിലേക്ക് അവൾ ഊളിയിട്ടു. നര കയറിയ ഈ മധ്യവയസ്ക തന്‍റെ സഹപാഠി ആണെന്ന് പറയാനും അംഗീകരിക്കാനും ആയമ്മയ്ക്ക് കുറച്ചിലാവും. ആ പോണൊരു പോട്ടെ… അല്ല പിന്നെ.

വല്ലാണ്ട് വിയർക്കുന്നുണ്ട്. സൂര്യൻ ഉച്ചിയിൽ കത്തി ജ്വലിക്കുന്നു. ബസിൽ കയറിയിരുന്നു ടിക്കറ്റ് എടുത്തു. അത് പുറപ്പെടാൻ ഇനിയും പത്തു മിനിറ്റ് കൂടിയുണ്ട്. കുര്യച്ചൻ വരാഞ്ഞത് കഷ്ടമായി. സാധനം എടുക്കാൻ പോയത് കൊണ്ട് തന്നെ തനിയെ പറഞ്ഞു വിട്ടു. മോളുടെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണമാണ് അവൾക്ക് വരാൻ പറ്റില്ലല്ലോ. വിളിച്ചതല്ലേ മമ്മി എങ്കിലും പോയേ പറ്റൂന്ന് നിർബന്ധം അവൾക്ക്. അലസമായി ഇരുന്നു കണ്ണടഞ്ഞു പോയി.

“ഇച്ചിരി നീങ്ങിയിരിക്കൂ…” ഒരു യുവതിയാണ്. അവൾക്ക് ഇടമൊരുക്കിക്കഴിഞ്ഞപ്പോൾ അടുത്ത ചോദ്യം.

“ആന്‍റി ഞാൻ സൈഡിൽ ഇരുന്നോട്ടെ?”

“ഉം” ഒന്ന് മൂളി.

അഴകളവുകൾ തികഞ്ഞ കുട്ടി. ഇരുന്നപാടെ അവൾ ഇയർ പോഡ്സ് ചെവിയിൽ തിരുകി. പിന്നെ ഒന്നും ശ്രദ്ധിക്കാതെ ഫോണിൽ മുഴുകി. ഇപ്പോഴത്തെ യുവതലമുറ പുറം കാഴ്‌ചകൾ ശ്രദ്ധിക്കുന്നേയില്ല. എന്തിന് യുവത്വത്തെ പറയുന്നു? എല്ലാ മനുഷ്യരും ഇപ്പോൾ ഇങ്ങനെ തന്നെ. കേവലം യാന്ത്രികമായ ജീവിതം. മരണ വീട്ടിൽ പോലും അവരുടെ ശ്രദ്ധ മൊബൈൽ ചതുരത്തിൽ ആയിരിക്കും.

ശരീരത്തിന്‍റെ ക്ഷീണം മനസ്സിനെ ബാധിച്ചതിനാലാണോ എന്തോ മെനോപോസ് അവസ്ഥകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. കുറച്ചു സമയം കിട്ടുമ്പോൾ കിടന്നു മയങ്ങാനാണ് തനിക്കിഷ്ടം. മക്കൾ വീട്ടിലില്ലാത്തതിന്‍റെ ശൂന്യത എത്രയോ വലുതാണ്. അവരെത്തുമ്പോഴാണ് മനസ്സ് നിറഞ്ഞു ചിരിക്കുന്നത് പോലും.

തീരെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും ഈയിടെയായി ഭയം തോന്നിപ്പിക്കുന്നു. ജീവിതം ഒരു തുരങ്കത്തിനുള്ളിലേക്ക് കടക്കുന്ന പോലെ. ഒന്ന് പുറത്ത് കടക്കാനാണ് പാട്. വല്ലാത്ത വീർപ്പുമുട്ടൽ. ഒറ്റപ്പെടൽ. ഇറങ്ങാനുള്ള സ്റ്റോപ്പ് ആകുന്നു. കുര്യച്ചായനെ കടയിൽ കേറി കണ്ടിട്ട് പോകാം. ബസിറങ്ങി എതിർവശത്തുള്ള കടയിലേക്ക് ക്രോസ്സ് ചെയ്യുന്നതിനിടയിൽ എവിടെ നിന്നോ വേഗത്തിൽ വന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിച്ചതും, ശക്തിയായി തല ഇടിച്ചതും വലതു കാൽ പറിഞ്ഞു പോകുന്ന വേദനയും ശബ്ദവും മാത്രം അവസാന ഓർമ്മയിൽ ഉണ്ട്.

പിന്നെ ഓർമ്മ വന്നപ്പോൾ കുറേ മെഷീനുകൾക്കും ഡ്രിപ്പുകൾക്കും ഇടയിലായിരുന്നു. ആകെയുള്ളത് വേദന മാത്രം. ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നോ തന്‍റെ അവസ്‌ഥ എന്തെന്നോ പോലും അറിയുന്നുണ്ടായിരുന്നില്ല. ശരീരം ഓപ്പറേഷന് വിധേയമായത് മോൾ പറഞ്ഞാണറിഞ്ഞത്. തിരിച്ചൊന്നും പ്രതികാരിക്കാനാവാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കാലിന് നല്ല പൊട്ടലുണ്ട്. കൈക്ക് വെച്ചു കെട്ടുണ്ട്. പിന്നെ ഒന്ന് രണ്ട് ചെറിയ മുറിവുകളും. തന്‍റെ ദേഹം തുടച്ചു വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഒക്കെ ചെയ്യുന്ന നഴ്‌സുമാരെ കാണുമ്പോൾ വല്ലാതെ സങ്കടം വരും. സ്വയം ചെയ്യേണ്ട കാര്യങ്ങൾക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്ന അവസ്ഥയാണ് ഏറ്റവും ദയനീയം.

ഒന്ന് രണ്ട് ദിവസം അമ്മ ഒപ്പം വന്നു നിന്നെങ്കിലും കാലിനു നീര് വെച്ച് അതിന് വയ്യാണ്ടായി. ലിറ്റി മോൾക്കാണെങ്കിൽ പരീക്ഷക്കാലം. “മമ്മിയെ ഇങ്ങനെ കണ്ടിട്ട് ഞാൻ എങ്ങനെ പോകും?”

എന്ന് അവൾ ചോദിച്ചു. പപ്പാ ലിറ്റി മോളെ സമാധാനിപ്പിച്ചു. “ഇവിടുത്തെ കാര്യങ്ങൾ ഓർത്തു മോൾ വിഷമിക്കേണ്ട. ഒക്കെ പപ്പാ നോക്കിക്കൊള്ളാം. നീ ധൈര്യമായി പൊക്കോ. പോയി പരീക്ഷക്ക് പഠിക്ക്. ഇതോർത്തിരുന്നു മാർക്കെങ്ങാനും കുറഞ്ഞാലുണ്ടല്ലോ… ആ ഞാൻ പറഞ്ഞേക്കാം.” തികട്ടി വന്ന കരച്ചിൽ അടക്കി വെച്ച് ഷീന മുഖം ചെരിച്ചു കിടന്നു. “മമ്മീ… മമ്മി പറയ്. ഞാൻ പോണോ?”

“പപ്പാ പറഞ്ഞത് കേട്ടില്ലേ മോളെ കൊച്ച് വീട്ടിലോട്ട് ചെല്ല്. എന്നിട്ട് കോളേജിലേക്ക് പോ.”

മനസ്സില്ലാ മനസ്സോടെ അവൾ ഹോ‌സ്റ്റലിലേക്ക് തിരിച്ചു പോയി. പിന്നെ കുര്യാച്ചൻ ആയിരുന്നു എല്ലാത്തിനും. ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നു കഴിഞ്ഞു ഒരു ഹോംനഴ്‌സിനെ വെച്ചെങ്കിലും അതിനൊരു വീറും വൃത്തിയുമില്ല. എപ്പോഴും ഫോണും ചുരണ്ടി ഇരിക്കും. ആശുപത്രിയിൽ ഒത്തിരി പൈസ ചെലവായല്ലോ എന്നോർത്ത് ഷീനക്ക് സങ്കടം. എല്ലാം ഇങ്ങേര് തനിയെ കൂട്ടിയാൽ കൂടണ്ടേ. എന്തായാലും പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ അവരെ പറഞ്ഞു വിട്ടു.

“ഇനി നിന്നെ നോക്കാൻ ഞാൻ മാത്രം മതി.” എന്ന പ്രസ്‌താവനയോടെ കുര്യൻ ആ ജോലി ഏറ്റെടുത്തു. സാമ്പത്തിക ഭാരം അത്രക്ക് വലുതാണ്. സ്വയം ചെയ്യുമ്പോ അത്രയും സമാധാനം എന്ന് ഓർത്തിട്ടാവും. ബന്ധുക്കൾ ഒക്കെ രണ്ടു പേർക്കും ഉണ്ടെങ്കിലും വെറും ഫോണിൽ കൂടിയുള്ള അന്വേഷണം മാത്രമേ ഉള്ളൂ. ഒരു നേരത്തെ ആഹാരം പോലും ആരും തരില്ല. കടയിൽ പോക്കും വീട്ടുജോലികളും കൂടി അങ്ങേര് പൊറുതി മുട്ടുന്നത് കണ്ടിട്ട് ഷീനക്ക് എന്തെന്നില്ലാത്ത ഒരു വിഷമം. മുഖത്ത് തോർത്ത് മറച്ച് കയ്യിൽ ഗ്ലൗസ് ഇട്ട് തനിക്ക് ബെഡ് പാൻ വെയ്ക്കുന്ന ആദ്യ ദിവസങ്ങളിൽ ഒരു മനം പിരട്ടലോടെ വാഷ്റൂമിലേക്ക് ഓടുന്ന ഭർത്താവിനെ കണ്ടിട്ട് വല്ലാതെ നെഞ്ചു പിടഞ്ഞു. ആശുപത്രിയിൽ വെച്ച് ഒരു ദിവസം നേഴ്സ് തന്‍റെ ശരീരം വൃത്തിയാക്കുന്നത് കണ്ട് അറപ്പോടെ നിന്ന സ്വന്തം മകളെ അറിയാതെ ഓർത്തു പോയി. ആഹാരം കഴിക്കാൻ ഒക്കെ വല്ലാണ്ട് മടി തോന്നിത്തുടങ്ങി. ഇടയ്ക്ക് എങ്ങാനും വയറ്റിൽ നിന്ന് പോകണമെന്ന് തോന്നിയാലോ?

ഷീനയുടെ ഭാവമാറ്റം മനസ്സിലായിട്ടാണോ എന്തോ ഒരു ദിവസം കുര്യച്ചൻ അവളോട് പറഞ്ഞു. “എന്‍റെ ഷീനാ… നീ ഇങ്ങനെ ഒന്നും കഴിക്കാണ്ടിരുന്നാൽ എങ്ങനെയാ? ഞാൻ ഇതൊക്കെ ചെയ്യേണ്ടി വരുമെന്നോർത്താണോ നീ ഇങ്ങനെ പട്ടിണി കിടക്കുന്നെ? മനുഷ്യനല്ലേ ചിലപ്പോൾ ആദ്യമായ് ചെയ്യുമ്പോ ഒരു ഓക്കാനവും പരിചയക്കുറവും ഒക്കെയുണ്ട്. വേറാരാ ചെയ്തു തരാൻ ? നീ ഒന്നും ഓർത്തു വിഷമിക്കല്ലേ.” നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ മുഖം തിരിച്ചു കിടന്ന ഭാര്യയെ നെറുകയിൽ തലോടി അയാൾ ആശ്വസിപ്പിച്ചു. എത്ര കർക്കശക്കാരനെന്ന് കരുതിയ ആളാണ്. ഈ മനുഷ്യന്‍റെ ഉള്ളിൽ സ്നേഹത്തിന്‍റെ ഇത്രയും തെളിനീരുറവ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നെന്ന് ആരറിഞ്ഞു?

എന്‍റെ മാതാവേ സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനെങ്കിലുമുള്ള ഒരു രോഗശാന്തി വേഗം എനിക്ക് തരണേ. കുറച്ചു ദിവസം കൊണ്ട് തന്നെ ആദ്യം ബുദ്ധിമുട്ട് ആയിരുന്ന കാര്യങ്ങൾ ഒക്കെ കുര്യച്ചന് ഒരു ശീലമായി തുടങ്ങി. കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞു വൈകുന്നേരം താമസിച്ചു വന്നിരുന്ന ആൾ ഉച്ചക്ക് ഭക്ഷണം കൊടുക്കാനും നാലുമണിക്ക് ഡയപ്പർ മാറ്റി വൃത്തിയാക്കാനും ഒക്കെ ഓടി വരും. ഒന്നോരണ്ടോ ദിവസം വരാൻ വൈകി. ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ടല്ല ഡയപ്പർ നനഞ്ഞു വല്ലാതെ വിഷമിച്ച് പോയി. അന്ന് കുറേ സോറി ഒക്കെ പറഞ്ഞു. എത്ര മാത്രം കരുതലോടെയാണ് തന്നെ നോക്കുന്നതെന്ന് ഷീന അതിശയിച്ചു.

അടുത്ത വീട്ടിലെ ജയന്തി ഇടക്കൊക്കെ മതിലിന്‍റെ അരികിൽ വന്നു നിന്ന് സംസാരിച്ചിരുന്നതാ. ഇപ്പോൾ വരാറേയില്ല. മൊബൈൽ ഫോൺ ഉള്ളതാണ് ഏക ആശ്വാസം. കുര്യച്ചൻ പോയി കഴിഞ്ഞാൽ ഷീന ഒറ്റക്കാണെന്നും കിടപ്പിൽ ആണെന്നും അറിയാവുന്നതാണ് എന്നിട്ടും. ആ അവഗണന ഉണ്ടാക്കിയ മാനസിക പ്രയാസം ചില്ലറ ഒന്നുമല്ല. ഒരു വിശേഷം വന്നാൽ വീട്ടിൽ ഉണ്ടാക്കിയ വിഭവങ്ങളുടെ പങ്കുമായി ഓടി നടന്നു കൊണ്ട് കൊടുത്തിരുന്ന തനിക്ക് ഒരു ഗ്ലാസ് വെള്ളം അനത്തിത്തരാൻ വേറാരും ഇല്ല എന്നത് ഒരു വലിയ തിരിച്ചറിവാണ്.

ദിവസങ്ങൾ കടന്നു പോകെ ഷീനയുടെ പ്രസരിപ്പൊക്കെ പോയി. ഈ കിടപ്പ് എന്തൊരു ബുദ്ധിമുട്ടാണ്. തുറന്നിട്ട ജനാലയിലൂടെ കടന്നു വരുന്ന വെളിച്ചം തന്‍റെ മനസ്സിലും കൂടി പ്രകാശം പരത്താത്തത് എന്തേ? ഒറ്റയ്ക്ക് ഇരിക്കുന്ന നേരങ്ങളിൽ വല്ലാതെ വീർപ്പു മുട്ടുന്നു. ഇടയ്ക്ക് മോൾ വന്നു. എന്നാലും പപ്പയുടെ അത്ര നോട്ടം പോരാ. പിന്നെ അവൾ കൊച്ചല്ലേ എന്ന് കരുതി ഷീന സമാധാനിച്ചു. അവളും കൂടി പോയിക്കഴിഞ്ഞു. വിഷാദം ചേക്കേറിത്തുടങ്ങി. ഈയിടെയായി ഷീനയുടെ മുഖം വാടിയത് കുര്യച്ചൻ ശ്രദ്ധിക്കാതെ ഇരുന്നില്ല. ഇത്തവണ ഡോക്ടറെ കാണാൻ പോയപ്പോൾ വാക്കർ വാങ്ങാൻ ഒരു നിർദേശം കിട്ടി. വീടിനുള്ളിൽ ഒക്കെ സഞ്ചരിക്കാമെന്ന് ആയപ്പോ ഷീനക്ക് എന്തെന്നില്ലാത്ത സന്തോഷം. പക്ഷേ കൈക്ക് ഒത്തിരി ബലം കൊടുക്കാൻ വയ്യാ. മുറിവൊക്കെ ഏതാണ്ട് കരിഞ്ഞു. എത്തിച്ചാടി അടുക്കളയിലും സ്വീകരണ മുറിയിലുമൊക്കെ ആയി ദിവസങ്ങൾ കഴിച്ചു.

മൂന്നു മാസങ്ങൾക്കു ശേഷം കാൽ സ്വതന്ത്രമായി. ഇടയ്ക്കു ചില വ്യായാമമൊക്കെ പറഞ്ഞു തന്നിട്ടുണ്ട് ഡോക്ട‌ർ. എന്തായാലും തന്‍റെ ഒപ്പം ആരൊക്കെ ഉണ്ടെന്ന് നന്നായി മനസിലായി. മനുഷ്യരൊക്കെ എത്ര സ്വാർത്ഥരാണ്. എന്തും കിട്ടിക്കൊണ്ടേയിരിക്കുമ്പോൾ മാത്രമേ അവർക്ക് നമ്മോട് സ്നേഹം ഉണ്ടാവൂ. അത് പണമോ വസ്തുക്കളോ മറ്റെന്തു തന്നെ ആയാലും.” പണ്ട് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്

“ഈശോയെ എന്നെ ആദ്യം വിളിക്കണേ ഇല്ലെങ്കിൽ ഈ മനുഷ്യൻ പോയിക്കഴിഞ്ഞു ഞാൻ എന്ത് ചെയ്യും?” എന്ന് അമ്മയുടെ പ്രാർത്ഥന പക്ഷേ ദൈവം കേട്ടില്ല. ഇന്നും ഒറ്റയ്ക്കാണ് അമ്മ. ഷീനക്കും അതേ പ്രർത്ഥിക്കാനുള്ളൂ.

“എന്നെ നോക്കാൻ ഈ ആളുള്ളപ്പോൾ തന്നെ ഞാൻ മരിക്കണേന്ന്.” അത്ര മാത്രം ആ കരുതൽ സ്നേഹം അനുഭവിച്ചതാണ്.

ഇന്ന് ഷീനക്ക് എന്തെന്നില്ലാത്ത ഒരു ഉത്സാഹം തോന്നി. കുര്യച്ചൻ ഉച്ചക്ക് വന്നപ്പോ ചിക്കൻ കൊണ്ട് വന്നിട്ടുണ്ട്. വൈകിട്ട് ഒരു സർപ്രൈസ് കൊടുത്താലോ? എന്നും വഴിപാട് പോലെ വല്ലതും കഴിക്കുന്നു എന്നല്ലാതെ സന്തോഷത്തോടെ വെച്ചു വിളമ്പിയിട്ട് എത്ര നാളായി? വൈകിട്ട് കുര്യച്ചൻ വന്നപ്പോൾ വീട്ടിൽ ഹൃദ്യമായ ഒരു സുഗന്ധം. നേരെ അടുക്കളയിലോട്ട് ചെന്നു. ഷീന തന്നെ ആണ് ഒക്കെ ചെയ്തെന്ന് തോന്നുന്നു. മുഖത്ത് ഒരു തെളിച്ചം ഉണ്ട്. അവിടെ നല്ല ഭക്ഷണം പാകമായിരിക്കുന്നു. പക്ഷേ ചെറിയ പാത്രത്തിൽ. അപ്പവും സ്‌റ്റുവും റൈസും പിന്നെ ചിക്കൻ 65ഉം അതും വളരെ കുറച്ച്. എന്നും വലിയ തോതിൽ ഉണ്ടാക്കുന്ന ഇവൾക്കെന്തുപറ്റി?

“ആഹാ… വന്നോ? മേൽ കഴുകി വാ വിളമ്പാം.”

“ഇന്നെന്താ അപ്പുറത്തെ വീട്ടിൽ കൊടുക്കുന്നില്ലേ?”

“പിന്നെ ഞാൻ ആർക്കും കൊടുക്കുന്നില്ല. ഇവിടെ ഇത്രയും ദിവസം കിടന്നിട്ട് എനിക്ക് ആരും ഒന്നും തന്നില്ലല്ലോ. ഇതു നമുക്ക് മാത്രം ഉള്ളതാ.”

കുര്യച്ചൻ അറിയാതെ ചിരിച്ചു പോയി. വീടിന്‍റെ പരിസരത്ത് നിറഞ്ഞ ചിക്കൻ മണം അടുത്ത മതിലിന്‍റെ അതിരുകൾ ഭേദിച്ചു കടന്നു.

കൂടുമാറ്റം

ഓട്ടോറിക്ഷ മുറ്റത്ത് വന്നുനിൽക്കുന്ന ശബ്ദം കേട്ടിട്ടാവണം അടുക്കളയിൽ നിന്നും അമ്മ തിടുക്കപ്പെട്ട് കോലായിലേക്ക് വരുന്നത് ഹരികൃഷ്ണൻ കണ്ടു.

“ങാ നീയായിരുന്നോ?” എന്ന ചോദ്യവും പിറകെ വന്നു.

“ഇന്ന് ഓഫീസ് അവധിയാ.. രണ്ടാം ശനിയുടെ. ഇവിടന്ന് എന്‍റെ കൊറച്ച് സാധനങ്ങൾ കൊണ്ടുപോകാനുണ്ട്. അതിനാ ഞാൻ..”

“അപ്പോ ഹേമ വന്നില്ലേ?”

“ഇല്ല ടൗണിൽ പോയിരിക്ക്യാ. എന്തൊക്കെയോ വാങ്ങാനുണ്ടെന്ന്.. അമ്മുവിനേം രമ്യേം കൂട്ടി.” അയാൾ അതും പറഞ്ഞുകൊണ്ട് വരാന്തയിലേക്ക് കയറി. ഉടനെ വന്നു അമ്മയുടെ അടുത്ത ചോദ്യം.

“നെനക്കെന്താ സുകൂലേ ഹരീ… കണ്ണും മൊകോക്കെ വല്ലാതിരിക്ക്?”

ഹരികൃഷ്ണൻ മറുപടിയും പെട്ടെന്നുണ്ടായി.

“അതമ്മേ രാത്രീല് നല്ല തല വേദനയായിരുന്നു. പഴയ മൈഗ്രേൻ… ശരിക്കൊറങ്ങില്ല്യ. ഇപ്പോ കൊഴപ്പുല്യ.”

അതും പറഞ്ഞ് അമ്മയുടെ മുഖത്തു നിന്നും കണ്ണെടുത്ത് അയാൾ വരാന്തയിലെ കസേരയിൽ ചാരിയിരുന്നു. കൂട് മാറിയ കിളി വീണ്ടും തന്‍റെ പഴയ കൂട്ടിലേക്ക് വന്നുകയറിയതിന്‍റെതായ ഒരു പരുങ്ങലോടെ അയാളങ്ങനെ ഇരിക്കുമ്പോൾ…

“നെനക്ക് കുടിക്കാനെന്തെങ്കിലും എടുക്കാം.” എന്നും പറഞ്ഞ് അമ്മ അകത്തേക്ക് കയറിപ്പോയി. ഇവിടുന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം അയാൾ ഒരു പുതിയ വീടുവച്ച് താമസം തുടങ്ങിയിട്ട് രണ്ടു ദിവസം ആകുന്നതേയുള്ളൂ. ഇന്ന് അവധി ആയതിനാലും കുടുംബ വീട്ടിൽ നിന്ന് ചില അതാവശ്യ സാധനങ്ങൾ എടുക്കാനുള്ളതു കൊണ്ടും അമ്മ വിളമ്പിത്തരുന്ന ഉച്ചയൂണ് കഴിക്കാനുള്ള കൊതികൊണ്ടും വന്നിരിക്കയാണ്. അയാളുടെ ഭാര്യ ഹേമയാകട്ടെ ചില വീട്ടുസാധനങ്ങളും മറ്റും വാങ്ങുന്നതിനായി പ്ലസ്‌ടുക്കാരി മകളെയും സ്വന്തം അനിയത്തി രമ്യയേയും കൂട്ടി ടൗണിലെ സുപ്പർ മാർക്കറ്റിൽ പോയിരിക്കുന്നു.

അമ്മ കൊണ്ടുവന്ന “സംഭാരം” വാങ്ങിക്കുടിച്ച് ഹരികൃഷ്‌ണൻ തെക്കെ മുറ്റത്തും പറമ്പിലുമായി അഞ്ചാറ് ചാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഏറെ വർഷങ്ങൾക്കുശേഷം തറവാട്ടിൽ തിരിച്ചെത്തിയ ഒരാളുടെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് രണ്ടുനാൾ മുമ്പ് പുതിയ വീട്ടിലേക്ക് മാറിപ്പോയ ഹരികൃഷ്ണൻ ആ വീട്ടുപരിസരം മുഴുവൻ കണ്ടുനടന്നത്.

അപ്പോഴേക്കും അമ്മ ഉണ്ണാൻ വിളിച്ചു. അയാൾ മുറ്റത്തെ പൈപ്പിൽ നിന്ന് കൈ കഴുകി അടുക്കളയിലേക്ക് നടന്നു.

ചുരുങ്ങിയനേരം കൊണ്ട് തനിക്കായി അമ്മ തയ്യാറാക്കിയ ഊണ് വിഭവങ്ങൾ മേശപുറത്ത് നിരത്തിയിരിക്കുന്നു. കൺ നിറയെ അയാളത് കണ്ടു. കുത്തരിയുടെ ചോറ്. പപ്പായ ഉപ്പേരി. കടുമാങ്ങ അച്ചാർ. പരിപ്പും മുരിങ്ങയിലയും ചേർത്തുണ്ടാക്കിയ ഒഴിച്ചുകറി. പപ്പടം, മോര്… പിന്നെ തനിക്കേറ്റവും ഇഷ്ടമുള്ള കയ്പ്‌പക്കാ കൊണ്ടാട്ടം.

തന്നോടുള്ള അമ്മയുടെ സ്നേഹ വാത്സല്യം മുഴുവനും ആ മേശപ്പുറത്ത് ഇത്തിരി വട്ടത്തിൽ… പാത്രത്തിൽ നിന്നും ഓരോ ഉരുള വാരിത്തിന്നുമ്പോഴും ഹരികൃഷ്ണൻ കണ്ണുകൾ ഈറനണിയുകയായിരുന്നു. ഊണ് കഴിഞ്ഞതും അയാൾ നേരെ ചെന്നത് രണ്ടു ദിവസം മുമ്പുവരെ താൻ കിടന്നുറങ്ങിയ പത്തുമുപ്പതു വർഷം തന്‍റെ സാമ്രാജ്യമായിരുന്ന മുറിയിലേക്കാണ്. ചില പ്രധാന വസ്‌തുക്കൾ ഇവിടുന്ന് പുതിയ വീട്ടിലേക്കു കൊണ്ടു പോകേണ്ടതുണ്ട്. മുറിയിലെ പഴയ ഇരുമ്പ് ഷെൽഫിൽ അടുക്കി കെട്ടിവച്ചിരിക്കുന്ന പഴയ മാസികകൾ കുറച്ച് പത്ര കട്ടിങ്ങുകൾ താൻ എഴുതിയ കവിതകൾ അച്ചടിച്ചുവന്ന മാസികകളും വാരാന്തപ്പതിപ്പുകളും. കോളേജ് പഠന കാലത്ത് സുഹൃത്തുക്കൾ അയച്ചിട്ടുള്ള കുറച്ചു കത്തുകൾ… പിന്നെയുള്ളത് താൻ ഈ വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചില ലൊട്ടുലൊടുക്ക് സാധനങ്ങളാണ്. ഷേവിംഗ് സെറ്റ്, ടൂത്ത് ബ്രഷ്, കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത്, പേന, ലെറ്റർ പാഡ്, രണ്ട് മൂന്ന് പഴയ ഡയറി കൾ ഒരു മൊബൈൽ ചാർജർ. അങ്ങനെയങ്ങനെ കുറേ വസ്തുക്കൾ. ഇവിടുത്തെ എണ്ണമയമുള്ള പഴയ തോർത്തുകൊണ്ട് തോർത്തിയാലേ കുളിച്ചെന്ന തോന്നൽ തനിക്കുണ്ടാവൂ എന്നാലോചിച്ചപ്പോൾ ഹരികൃഷ്ണന് ഉള്ളിൽ ചിരിവന്നു.

ഒരു ബിഗ്ഷോപ്പറിലും മറ്റൊരു കവറിലും അയാൾ കിട്ടിയതെല്ലാം കുത്തി നിറച്ചു. ഇടയ്ക്ക് അമ്മ അടുക്കളയിൽ നിന്ന് എന്തൊക്കെയോ വിളിച്ചു ചോദിക്കുന്നും മറ്റുമുണ്ടായിരുന്നു. തനിക്ക് പുതിയ വീട്ടിലേക്ക് തന്നുവിടാനുള്ള ഓരോരോ സാധനങ്ങൾ പരതിയെടുക്കുകയാണ് പാവം. അത്യാവശ്യം വേണ്ടതൊക്കെ എടുത്തുവെച്ച് മുറിയിൽ നിന്നും പുറത്ത് കടന്നു. അപ്പോൾ കുളി മുറിയുടെ പുറത്ത് വരാന്തയിൽ അമ്മ നിൽക്കുന്നുണ്ടായിരുന്നു. കയ്യിൽ ഒരു കോപ്പയിൽ ഉച്ചഭക്ഷണത്തിന്‍റെ ബാക്കി മുറ്റത്തുള്ള കോഴികൾക്ക് വിതറിക്കൊടുക്കുകയാണ്. അമ്മയുടെ കയ്യിൽനിന്നും ചിതറി വീഴുന്ന വറ്റുകൾ കൊത്തിപ്പെറുക്കാൻ മത്സരിച്ചോടുന്ന കോഴികളെ നോക്കി ഏതാനും നിമിഷങ്ങൾ അയാൾ അവിടത്തന്നെ നിന്നു പോയി.

കുട്ടിക്കാലത്ത് ഞങ്ങൾ മൂന്നു മക്കൾക്കും അമ്മ ഉരുളയാക്കി ചോറ് വായിൽ വച്ചുതരുന്നതും. അനിയൻ എന്തെങ്കിലുമൊരു കാരണമുണ്ടാക്കി വാശിപിടിച്ച് പിണങ്ങിപ്പോകുന്നതും. അയാളും അനിയത്തിയും അവനെ ചൊടിപ്പിക്കാൻ ചുണ്ടുകൊണ്ട് കോക്രി കാട്ടിയതും എല്ലാം അയാൾക്ക് ഇപ്പോൾ ഓർമ്മയിലേക്ക് തികട്ടി വന്നു.

അനിയൻ ബിടെക് കഴിഞ്ഞ് ഗൾഫിലേക്ക് പോയി. വിവാഹശേഷം കുടുംബവുമൊത്ത് അവിടെ കഴിയുന്നു. ബിരുദ പഠനം പൂർത്തിയാക്കിയ അനിയത്തി മിലിട്ടറി ഉദ്യോഗസ്‌ഥനായ ഭർത്താവിനോടും മക്കളോടുമൊപ്പം ഇപ്പോൾ രാജസ്ഥാനിൽ…

ഹരികൃഷ്ണൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്‌ഛൻ മരണം. വർഷങ്ങളായിട്ട് ഈ വീട്ടിൽ അമ്മയോടൊപ്പം അയാളും കുടുംബവുമാണ്. ഇനിയങ്ങോട്ട് ഇവിടെ അമ്മ തനിച്ച്.

സ്വന്തമായി പുതിയ ഒരു വീട് അയാൾ ആഗ്രഹിച്ചതല്ല. പക്ഷേ ഹേമയുടെ നിർബ്ബന്ധം വാശി. അയാൾക്ക് വഴങ്ങേണ്ടിവന്നു. ബാങ്ക് ലോണും പിഎഫ് അഡ്വാൻസും.. പിന്നെ അവളുടെ ഓഹരി വിറ്റു കിട്ടിയ കുറച്ച് തുകയും. അങ്ങനെ മൂന്ന് വർഷത്തെ കഠിനാധ്വാനം. പുതിയ കോഴികൾക്ക് അന്നം കൊടുക്കുന്ന അമ്മയുടെ പിറകിലൂടെ ഹരികൃഷ്‌ണൻ മുറ്റത്തിറങ്ങി.

നേരെ കണ്ണുകൾ ചെന്നത് മുറ്റത്തോട് ചേർന്നു നിൽക്കുന്ന വടുകപ്പുളി മരത്തിലേക്കാണ്. വർഷങ്ങളായി നന്നായി കായ്‌ഫലം തരുന്ന മരം. എങ്കിലും ഇക്കൊല്ലം കായ്കൾ കുറച്ചേയുള്ളൂ. വിളഞ്ഞ് പാകമായിത്തുടങ്ങിയിട്ടില്ല. കുട്ടിക്കാലത്ത് തങ്ങളുടെ വിശപ്പും ദാഹവും ഒരു പരിധിവരെ പരിഹരിച്ചിരുന്ന ദയാനിധിയായിരുന്നല്ലോ ഈ മരം എന്ന് അപ്പോൾ നന്ദിയോടെ അയാൾ ഓർത്തു. കിണറിനടുത്തേക്ക് അയാൾ പതുക്കെ നടന്നു. മഴ മാറിയിട്ടും പുല്ല് വളർന്ന് കിണർ പരിസരം ആകെ വൃത്തികേടായിട്ടുണ്ട്. മുമ്പൊക്കെ അമ്മ തന്നെ അതെല്ലാം പറിച്ചു കളയുമായിരുന്നു. ഇപ്പോൾ നടുവേദനയും മുട്ടു വേദനയും എല്ലാം കൂടി. ഒന്നിനും വയ്യാതായിരിക്കുന്നു അമ്മയ്ക്ക്. അതാലോചിച്ചപ്പോൾ അയാൾക്ക് വിഷമം തോന്നി.

തേപ്പ് സിമൻറ് പലേടത്തും അടർന്നു മാറി ചെങ്കല്ല് തെളിഞ്ഞു കാണുന്ന കിണറിന്‍റെ ഫ്ളാറ്റ്ഫോമിലേക്ക് കയറി. കിണറിനുള്ളിലേക്ക് അയാൾ ഏന്തിവലിഞ്ഞ് നോക്കി. സ്ഫ‌ടികസമാനമായ തെളിനീർ. നീല നിറം. ഗ്രാമവിശുദ്ധി വിളംബരം ചെയ്യുന്ന ഈ തറവാട്ടുകിണറും ഇനി തന്‍റെ നഷ്ടങ്ങളുടെ പട്ടികയിലാണ്. പുതിയ പൊറുതി സ്‌ഥലത്തേക്ക് ഒരിക്കലും എടുത്തുകൊണ്ടുപോകാൻ പറ്റാത്ത ഒരു സ്നേഹകുംഭം. അതാണ് ഈ കിണർ. ഏത് കഠിനമായ വേനലിലും അടിത്തട്ടിൽ വറ്റാത്ത നീരുറവ കാത്തുസൂക്ഷിച്ച് ഈ കരുണാമയി ഞങ്ങൾക്കായി ചുരത്തി. എത്രയോ അനുഭവിച്ചതാണ് ആ സ്നേഹം. അമ്മയുടെ സ്നേഹം പോലെ.. അയാൾ പിന്നെയും കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചങ്ങനെ… പെട്ടെന്ന് വേറെന്തോ ചിന്തയിൽ കിണറിനടുത്തുനിന്നും ഹരികൃഷ്ണൻ മടങ്ങി. ഹേമയും മറ്റും ഇപ്പോൾ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തും. അതിനും മുമ്പായി തനിക്ക്… അയാൾ വരാന്തയിലേക്ക് തിരിച്ചു കയറുമ്പോൾ അവിടെ അമ്മ ഉണ്ടായിരുന്നില്ല. മുറ്റത്ത് അമ്മയുടെ സ്നേഹം അനുഭവിച്ചുകൊണ്ട് ഓടി നടന്നിരുന്ന ആ കോഴികളും.

ലുക്കാച്ചിപ്പി

പരിപ്പ് കറി തയ്യാറാക്കുമ്പോഴും എന്‍റെ ശ്രദ്ധ വാച്ചിൽ തന്നെ ആയിരുന്നു. ഇനി ചപ്പാത്തി ചുടണമല്ലോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. പണ്ട് ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ഞാൻ ചപ്പാത്തി ഉണ്ടാക്കും. പിന്നെ ഞങ്ങളും മക്കളും ഒരു മിച്ച് ഉച്ചഭക്ഷണം കഴിക്കുമായിരുന്നു. വീട്ടിൽ പായസം ഉണ്ടാക്കുമ്പോഴെല്ലാം അവൻ സന്തോഷത്തോടെ നൃത്തം ചെയ്യുമായിരുന്നു. ബാൽക്കണിയിൽ നിന്നുകൊണ്ട് അവൻ കൂട്ടുകാരോട് വിളിച്ചു പറയും.

“ഇന്ന് അമ്മ പായസം ഉണ്ടാക്കിയല്ലോ.”

വഴിയേ പോകുന്നവരും അവൻ പറഞ്ഞത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ആരെയും ഗൗനിക്കാതെ വീട്ടിൽ പായസം തയ്യാറാക്കിയതിൽ എന്‍റെ കുട്ടി സന്തോഷിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും പരിപ്പുകറിയും ചപ്പാത്തിയും മാത്രം ഉണ്ടാക്കുമ്പോൾ ഇടയ്ക്ക് പായസം കിട്ടിയാൽ സന്തോഷിക്കാൻ അതിലും വലിയ കാരണമൊന്നും ആവശ്യമില്ല. അത്തരം കുഞ്ഞു സന്തോഷങ്ങൾ ആഘോഷമാക്കാൻ ജതിനിൽ നിന്നാണ് ഞാൻ പഠിച്ചത്.

ഇപ്പോൾ അവൻ വർഷത്തിൽ ഒരിക്കൽ മാത്രം വരും. അതും ഒരാഴ്ചത്തേക്ക് ഈ സമയത്ത് അവനെ കണ്ടിട്ട് എന്‍റെ കണ്ണുകളോ ഹൃദയമോ സന്തോഷം കൊണ്ട് നിറയുന്നില്ല. അവന്‍റെ കൂടെ ചെല്ലാൻ അവൻ എത്ര പറയുന്നു? ഞാൻ പോകാൻ ഒരുക്കമാണ്. പക്ഷേ നരേന്ദ്രൻ തയ്യാറല്ല. സ്വന്തം വീട്ടിൽ കിട്ടുന്ന സമാധാനം മറ്റൊരിടത്തും കിട്ടില്ലെന്ന് അദ്ദേഹം പറയാറുണ്ട്. മകന്‍റെ വീട് സ്വന്തം വീടല്ലേ എന്ന് ഇവരോട് ചോദിക്കണം എന്ന് കരുതും. എന്നാൽ ഒരുതരത്തിലുള്ള മാറ്റവും അംഗീകരിക്കാൻ നരേന്ദ്രൻ തയ്യാറല്ല. ഭക്ഷണം തയ്യാറായി. നല്ല മണം! ഷീബയ്ക്ക് ഞാൻ തയ്യാറാക്കുന്ന പരിപ്പ് വളരെ ഇഷ്ടമാണ്. അതിനാൽ കുട്ടികൾ വരുമ്പോൾ ഇരുവരുടേയും ഇഷ്ട‌ം മനസ്സിൽ വെച്ചാണ് ഞാൻ ഭക്ഷണം പാകം ചെയ്യുന്നത്. പ്രായം കൊണ്ട് ശരീരം നമ്മെ താങ്ങുന്നില്ലെങ്കിലും കുട്ടികൾക്കുവേണ്ടി ജോലി ചെയ്യുമ്പോൾ ക്ഷീണം തോന്നാറില്ല. ജോലികളെല്ലാം തീർത്ത് അവർ ഡൈനിംഗ് ടേബിളിൽ ഇരുന്ന് വൈകുന്നേരത്തേക്കുള്ള ചായക്ക് സ്ന‌ാക്സ‌് തയ്യാറാക്കാൻ തുടങ്ങി. അപ്പോൾ വരാന്തയിലിരുന്ന് നരേന്ദ്രൻ പത്രം വായിക്കുകയായിരുന്നു.

രാവിലെ മുതൽ 4 തവണയെങ്കിലും പത്രം വായിച്ചതാണ്. വായിച്ചത് വീണ്ടും വായിച്ചുകൊണ്ടിരുന്നു. ഈ പത്ര വായന ഒരു ഒഴികഴിവ് മാത്രമാണ് എന്നതാണ് സത്യം. കുട്ടികളെ കാത്ത് വരാന്തയിൽ ഇരിക്കുന്നതാണ്. അദ്ദേഹം ഒരു പിതാവാണ് എന്നാൽ തന്‍റെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ ഇഷ്ട‌പെടാറില്ല. ജതിൻ ചെറുതായിരുന്നപ്പോൾ എനിക്കൊരു പ്രത്യേക ശീലമുണ്ടായിരുന്നു. ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ഞാൻ വീടിന്‍റെ പ്രധാന വാതിൽ തുറന്ന് വീടിന്‍റെ ഏതെങ്കിലും മൂലയിൽ ഒളിക്കും.

“അമ്മേ..അമ്മേ എവിടെയാണ്?” ഇതും പറഞ്ഞ് ജതിൻ വീട്ടിലേക്ക് കയറും. ബാഗ് ഒതുക്കിവെച്ച് അവൻ എന്നെ അന്വേഷിക്കും. മകന്‍റെ ശബ്ദം കേട്ട് എനിക്ക് ഒരു സംതൃപ്തി തോന്നും. വീട്ടിൽ കയറിയ ഉടനെ എന്‍റെ കുട്ടി എന്നെ ആദ്യം ഓർക്കും എന്ന ആശ്വാസം.

ജതിൻ എന്നെ കണ്ടുപിടിച്ചു കെട്ടിപ്പിടിക്കും. “അമ്മേ എനിക്ക് അമ്മയില്ലാതെ എങ്ങും പോകാൻ തോന്നു ന്നില്ല.”

“എനിക്കും നീയില്ലാതെ വീട്ടിൽ ഇരിക്കാൻ കഴിയുന്നില്ല എന്‍റെ കുട്ടീ.”

ആ ഒരു നിമിഷത്തിൽ ഞങ്ങൾ അമ്മയും മകനും പരസ്‌പരം സ്നേഹം ആഴത്തിൽ അനുഭവിച്ചു. ഇതായിരുന്നു ഞങ്ങളുടെ പതിവ്. ജതിൻ സ്‌കൂളിൽ പോകാൻ തുടങ്ങിയത് മുതൽ കോളേജിൽ എത്തുന്നത് വരെ ഈ കളിയുടെ പേരിൽ പലതവണ നരേന്ദ്രൻ മകനെ കളിയാക്കിയിട്ടുണ്ട്.

“ഈ കുട്ടിക്കളി നിർത്താറായില്ലേ… നിങ്ങൾക്ക് വട്ടാണ്.”

ആ വാക്കുകൾ കേട്ട് ഞാൻ പുഞ്ചിരിച്ചു. ജതിൻ എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഇത് വെറുമൊരു കളിയായിരുന്നില്ല. ഞങ്ങൾ രണ്ടുപേർക്കും പരസ്‌പരം സ്നേഹം പ്രകടപ്പിക്കാനുളള ഒരു മാർഗമായിരുന്നു. കുട്ടിക്കാലം മുതൽ മറ്റ് കുട്ടി കളിൽ നിന്ന് വ്യത്യസ്തനായിരുന്നു ജതിൻ. പഠനത്തിൽ മിടുക്കനും ബുദ്ധിമാനും പ്രായത്തിനപ്പുറം ഉത്തരവാദിത്തമുള്ളവനുമായ അവൻ മറ്റ് കുട്ടികളെപ്പോലെ വാശിപിടിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്ത‌ില്ല. ഞങ്ങളുടെ വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു. ഒന്നും പറയാതെ പരസ്പ‌രം മനസ്സിലാക്കും.

ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം എന്‍റെ മുഴുവൻ സമയവും അവനുവേണ്ടി നീക്കിവച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ സ്കൂ‌ളിലെ ഓരോ വിശേഷങ്ങൾ പറയുന്നതുവരെ ജതിന് സമാധാനം കിട്ടില്ല.

കൗമാരപ്രായത്തിൽ പോലും സ്‌കൂളിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്നോട് പങ്കുവെക്കും. ഞാൻ തടസ്സപ്പെടുത്താതെ കേൾക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ആ കാര്യങ്ങളിൽ എന്താണ് ശരിയും തെറ്റും എന്ന് അവർ അവനോട് പറയും. ഞാൻ പറഞ്ഞതെല്ലാ അവനും സമ്മതിച്ചു.

“നീ മക്കളോട് സംസാരിച്ചോ?” നരേന്ദ്രന്‍റെ ശബ്ദം എന്നെ വർത്തമാനകാലത്തിലേക്ക് തിരികെ കൊണ്ടു വന്നു.

“ഉം, ഞാൻ ഷീബയോട് സംസാരി ച്ചു. അവൾ 3 മണിക്ക് എത്തും. നിങ്ങൾ ഭക്ഷണം കഴിക്കൂ.”

“ഇല്ല അവർ വരട്ടെ ഞാൻ കുട്ടികളുടെ കുടെ ഭക്ഷണം കഴിക്കാം.”

“ഇന്ന് നീ നിന്‍റെ ഒളിത്താവളം കണ്ടെത്തിയോ, ഇന്നും നിന്‍റെ മകൻ നിന്നെ അന്വേഷിക്കുമോ?”

നരേന്ദ്രൻ വാക്കുകളിൽ ഒരുതരം പരിഹാസം ഉണ്ടായിരുന്നു. അതിന് എനിക്ക് മറുപടിയില്ല. ഈ പ്രായത്തിൽ നമ്മുടെ മകന്‍റെ സ്നേഹത്തിന് തെളിവ് ആവശ്യമുണ്ടോ?

ഞാൻ സ്വയം ന്യായവാദം ചെയ്തതാണോ അതോ സത്യത്തിൽ ആ ചിന്തയിൽ നിന്ന് പിന്തിരിയുകയായിരുന്നോ എന്ന് എനിക്കറിയില്ല. അത് ഒക്കെ സംഭവിച്ചത് അവൻ കുട്ടിക്കാലത്താണെന്ന് എനിക്കറിയാം. ഇപ്പോൾ അവൻ ഉത്തരവാദിത്തമുള്ള ഭർത്താവും പിതാവുമായി മാറിയിരിക്കുന്നു.

ജതിനൊപ്പമാണ് ഷീബ കോളേജിൽ പഠിച്ചത്. കോളേജിലെ അവസാന പരീക്ഷ കഴിഞ്ഞ് ജതിൻ തന്‍റെ അടുത്ത സുഹൃത്തുക്കളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ഷീബയും വന്നിരുന്നു.

നേരത്തെ തന്നെ മറ്റ് സുഹൃത്തുക്കളെപ്പോലെ ജതിൻ ഷീബയേയും കുറിച്ച് പറയുന്നത് കേട്ടിരുന്നു. എല്ലാവരും കൂട്ടം കൂടി രസിച്ചിരിക്കുമ്പോൾ ഷീബ അടുക്കളയിൽ എന്‍റെ അടുത്തേക്ക് വന്നു. “ആന്‍റീ ഞാൻ സഹായിക്കട്ടെ?” ആ സ്വരത്തിൽ അജ്‌ഞാതമായ ഒരു പരിചയം ഉണ്ടായിരുന്നു.

“ഇല്ല മോളെ എല്ലാം കഴിഞ്ഞു, മോൾ പോയി കൂട്ടുകാരുടെ കൂടെ സംസാരിച്ചോളൂ.” പക്ഷേ അവൾ എന്നോടൊപ്പം തന്നെ നിന്നു.

കളിച്ചും രസിച്ചും കൂട്ടുകാർ എല്ലാവരും പോയി. ഞാൻ അടുക്കള വൃത്തിയാക്കുകയായിരുന്നു. ജതിൻ വന്നു ഗ്ലാസ് പാത്രങ്ങൾ തുടയ്ക്കാൻ തുടങ്ങി.

“എന്താടാ പറയൂ.”

“അമ്മേ അവൾ…”

“ഞാൻ അച്ഛനോട് സംസാരിക്കാം. എനിക്ക് ഷീബയെ ഇഷ്‌ടമായി.”

“അമ്മേ, അത് എങ്ങനെ മനസ്സിലായി?”

“ഞാൻ അമ്മയാണ് നിന്‍റെ കണ്ണുകളിൽ നോക്കിയാണ് നിന്‍റെ മാനസികാവസ്‌ഥ ഞാൻ അറിയുന്നത്.”

“അമ്മേ അമ്മയാണ്, ലോകത്തിലെ ഏറ്റവും നല്ല അമ്മ.. എന്നെ മറ്റാരേക്കാളും നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞാൻ അമ്മയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു.” അവൻ പറഞ്ഞ വാക്കുകൾ കേട്ട് ആദ്യമായി എനിക്ക് എന്തോ അസ്വസ്‌ഥത തോന്നി.

“ഷീബ, ഇത് എങ്ങനെ ഇഷ്ടപ്പെടും? എന്തായാലും ഇന്നത്തെ പെൺകുട്ടികൾക്ക് ഭർത്താവിനെ മാത്രമേ ആവശ്യമുള്ളൂ. അമ്മയുടെ ആൺകുട്ടിയെയല്ല.”

എന്‍റെ ജതിൻ ശരിക്കും അമ്മയുടെ കുട്ടിയായിരുന്നു. കുറച്ച് ദിവസം മുമ്പ് മൂത്ത സഹോദരി പറഞ്ഞത് മനസ്സിൽ വന്നു.

“നോക്കൂ സുധ ജതിൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. അവൻ വിവാഹിതനാകുമ്പോൾ ഭാര്യയെ അവൻ എപ്പോഴും നീയുമായി താരതമ്യം ചെയ്യും അല്ലെങ്കിൽ നിനക്ക് കൂടുതൽ പ്രാധാന്യം നൽകും. രണ്ടായാലും അവന്‍റെ കുടുംബ ജീവിതം തകരും. നിന്‍റെ സ്നേഹം അവൻ കുടുംബ ജീവിതം നശിപ്പിക്കും.”

ചേച്ചി പറഞ്ഞ വാക്കുകൾ ഒരു കെണി പോലെ എന്‍റെ ഹൃദ യത്തിൽ തുളച്ചു കയറി. എന്‍റെ കുട്ടിയുടെ കുടുംബത്തിലെ വിള്ളലുകളുടെ കാരണമായി ഞാൻ മാറിയേക്കാം.

കോളേജ് പഠനം പൂർത്തിയാക്കി താമസിയാതെ ജതിന് നല്ലൊരു ജോലി ലഭിച്ചു. നൂറുകണക്കിന് മൈലുകൾക്ക് അപ്പുറം. അവിടെ നിന്ന് വരുമ്പോഴെല്ലൊം അവൻ എന്നെ വിളിക്കാനോ എന്നെ അന്വേഷിക്കാതിരിക്കാനോ വേണ്ടി ഞാൻ തന്നെ വാതിൽ തുറക്കും. അങ്ങനെ ഞാൻ തന്നെ ഒളിച്ചു കളി നിർത്തി.

ജതിൻ ഷീബയെ വിവാഹം കഴിച്ചു. അവളുടെ വിവേകവും ബന്ധങ്ങളോടുള്ള ബഹുമാനവും കണ്ടപ്പോൾ എന്‍റെ സംശയങ്ങൾ മാറി. എനിക്ക് മകൾ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ജതിനേക്കാൾ പ്രാധാന്യം ഷീബയ്ക്ക് കൊടുക്കാൻ തുടങ്ങി.

ജതിൻ എന്‍റെ സ്വന്തം മകനാണ്. എനിക്ക് ഷീബയുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. എപ്പോഴാണ് അവൾ ഒന്നാമതും ജതിൻ രണ്ടാമതും ആയി തുടങ്ങിയത് എന്ന് പോലും മനസിലായില്ല.

എല്ലാം നന്നായി പോകുന്നു. കുട്ടികൾ അവരുടെ ജീവിതത്തിൽ സന്തുഷ്ടരാണ്. എവിടെയും ഒരു പരാതിക്കും സ്കോപ്പില്ല. എന്നിട്ടും മനസ്സിന്‍റെ ഏതോ കോണിൽ എനിക്ക് ശൂന്യത അനുഭവപ്പെട്ടു.

ക്ലോക്കിലേക്ക് നോക്കി. സമയം 2 മണിയായി. ഞാൻ ഒരിക്കൽ കൂടി ഷീബയെ വിളിച്ചു.

“ഹലോ അമ്മേ ഞാൻ വിളിക്കാൻ പോവുകയായിരുന്നു. ഒരു മണിക്കൂർ കൂടി എടുക്കും. രണ്ടുപേരും ഭക്ഷണം കഴിച്ചോളൂ. മരുന്നും കഴിക്കണം.” മകളെപ്പോലെ സ്നേഹവും അമ്മയെപ്പോലെ അധികാരവും അവളുടെ ശബ്ദത്തിലുണ്ടായിരുന്നു.

“ശരി.”

“മുത്തശ്ശി.. മുത്തശ്ശി, എനിക്ക് പാസ്ത‌ കഴിക്കണം.” മൂന്ന് വയസ്സുള്ള വൃന്ദ പറഞ്ഞു.

“ഇല്ല വൃന്ദ… മുത്തശ്ശി പരിപ്പുകറിയും ചപ്പാത്തിയും പായസവും തയ്യാറാക്കി വെച്ചിട്ടുണ്ട്. നമുക്ക് അത് തന്നെ കഴി ക്കാം.” ജതിന്‍റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി.

“നീ എങ്ങനെ അറിഞ്ഞു?”

“അമ്മേ ഞാൻ നിങ്ങളുടെ മകനാണ്. ഇപ്പോൾ അമ്മ എന്നെക്കാൾ ഷീബയെയും വ്യന്ദയെയും സ്നേഹിക്കുന്നു എന്നത് വേറെ കാര്യം…” ഇത്രയും പറഞ്ഞ് ജതിൻ നിശബ്ദനായി.

“പിന്നെ എന്തുണ്ട്?”

“ഒന്നുമില്ല അമ്മേ നിങ്ങൾ ഭക്ഷണം കഴിക്കൂ.”

കുട്ടികളില്ലാതെ ഭക്ഷണം കഴിക്കാൻ തോന്നിയില്ലെങ്കിലും മരുന്ന് കഴിക്കേണ്ടി വന്നതിനാൽ 2 ബിസ്ക്‌കറ്റ് കഴിച്ച ശേഷം ഞാൻ മരുന്ന് കഴിച്ചു. പക്ഷേ ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് സന്ദേശം അയച്ചു.

വൃന്ദ എന്നോട് വീഡിയോ കോളിൽ സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ അവൾ വ്യക്തമായി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അവൾ പറയുന്നത് എനിക്ക് വേഗം മനസ്സിലാകും അപ്പോൾ ഷീബ ചിരിക്കും.

“അമ്മയ്ക്കെങ്ങനെ ഇത് ഇത്ര പെട്ടെന്ന് മനസ്സിലായി. ഞങ്ങൾ രണ്ടു പേർക്കും ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല.”

വൃന്ദയുടെ ജനനസമയത്ത് മാത്രമാണ് ഞങ്ങൾ കുട്ടികളുടെ അടു ത്തേക്ക് പോയിരുന്നത്. ഞാൻ അവളെ വിട്ട് തിരിച്ചു വരുമ്പോൾ വൃന്ദയ്ക്ക് നാലുമാസം പ്രായമായിരുന്നു. കൂടുതൽ കാലം നിൽക്കാൻ ജതിൻ ഒരുപാട് നിർബന്ധിച്ചെങ്കിലും നരേന്ദ്രൻ സമ്മതിച്ചില്ല.

ഡോർബെൽ ശബ്ദിച്ചപ്പോഴാണ് ചിന്തകൾ മുറിഞ്ഞത്. കുട്ടികൾ വന്നിട്ടുണ്ടെന്ന് തോന്നുന്നു. തിടുക്കത്തിൽ നടക്കാൻ ശ്രമിക്കുന്നതിനിടയിൽ എന്‍റെ കാൽ ഒന്ന് വളഞ്ഞു. ഞാൻ അവിടെ തന്നെ ഇരുന്നു പോയി. വാതിൽ തുറന്നയുടനെ വൃന്ദ നരേന്ദ്രന്‍റെ മടിയിൽ ചാടിക്കയറി. ഒരു പാവക്കുട്ടിയെപ്പോലെ ഉണ്ട് അവൾ. അയൽക്കാരനായ അങ്കിളിനെ കണ്ട് ജതിൻ സംസാരിച്ച് നിന്നു. ഷീബ അകത്തേക്ക് കയറി വന്നു.

“അമ്മയ്ക്കെന്തു പറ്റി?”

“വാതിൽ തുറക്കാൻ വരുമ്പോൾ കാൽ ഉളുക്കി.

“അമ്മേ കാലിന് നീരു വന്നു തൂങ്ങിയിരിക്കുന്നു. വരൂ ബെഡ്‌റൂമിൽ പോയി ഇരിക്കാം. മരുന്ന് പ്രേ ചെയ്യാം എന്നിട്ടും ആശ്വാസം കിട്ടിയില്ലെങ്കിൽ ഡോക്ട‌റെ നമുക്ക് കാണിക്കാം. എനിക്ക് അകത്തേക്ക് കയറാൻ തോന്നിയില്ല, ജതിൻ ഇതുവരെ വന്നിട്ടില്ല. ഷീബ കാലിൽ പ്രേ ചെയ്തപ്പോൾ പുറത്ത് നിന്ന് ജതിന്‍റെ ശബ്ദം…

“അമ്മേ… എവിടെയാ അമ്മേ?”

കാലം ഒരു നിമിഷം നിലച്ച പോലെ.. എന്‍റെ ജതിൻ എന്നെ വിളിച്ചു. അത് എന്‍റെ കുഞ്ഞ് മകനാണ്. ഇന്നും വീട്ടിൽ കയറിയ ഉടനെ അവൻ എന്നെയാണ് ആദ്യം ഓർത്തത്. എന്‍റെ മാതൃത്വം സംതൃപ്തമാണ്. അവർ മറുപടി പറയാതെ നിശബ്ദയായി ഇരുന്നു.

അവനും മറുപടി പറഞ്ഞില്ല.

“ഞാൻ അമ്മയെ അന്വേഷിക്കുകയായിരുന്നു. അമ്മയില്ലാതെ എനിക്ക് എങ്ങും പോകാൻ തോന്നുന്നില്ല.”

“എനിക്കും നീയില്ലാതെ ഇരിക്കാൻ തോന്നുന്നില്ല കുട്ടീ” ഞാൻ ഇരു കൈകളും വിടർത്തി ജതിൻ എന്നെ കെട്ടിപ്പിടിച്ചു.

“എന്‍റെ കുഞ്ഞേ… നീ എത്ര മുതിർന്നാലും എനിക്ക് നീ എപ്പോഴും സ്‌കൂളിൽ നിന്ന് മടങ്ങുന്ന മകൻ തന്നെ.”

“പിന്നെ അമ്മയെന്താ എന്നോടൊത്ത് ലുക്കാച്ചിപ്പി കളിക്കുന്നത് നിർത്തിയത്.”

“മോനെ, നിന്‍റെയും ഷീബയുടേയും ഇടയിൽ എന്‍റെ അമിതമായ സ്നേഹം വരുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷേ എന്‍റെ കുട്ടിക്ക് അത് എങ്ങനെ ആവുമെന്ന് ഞാൻ ചിന്തിച്ചില്ല.”

“മറ്റൊരു ബന്ധവുമായി ഈ ബന്ധത്തെ താരതമ്യപ്പെടുത്താനാവില്ല. നല്ല അമ്മായിയമ്മയും അമ്മൂമ്മയും ആകാൻ അമ്മ മകനെ അവഗണിച്ചു. എത്രയോ വർഷമായി ഞാൻ കൊതിക്കുന്നു. ശരിക്കും അമ്മയെവിടെയോ നഷ്ടപ്പെട്ട പോലെ തോന്നി. ഇനി നമ്മുടെ ഒളിച്ചുകളി അവസാനിക്കില്ലെന്ന് വാക്ക് തരൂ.” ജതിൻ എന്‍റെ നേരെ കൈ നീട്ടി. ഞാൻ അവന്‍റെ കൈയിൽ കൈവച്ചു. നഷ്ടമായത് എന്തോ തിരിച്ചു കിട്ടിയപോലെ എനിക്ക് അപ്പോൾ തോന്നി.

പ്രേയസി

“എനിക്ക് ഒരാവശ്യം വന്നാൽ സഹായം ചോദിക്കാൻ നിങ്ങളോടല്ലാതെ ആരോടാണ്. അമ്മ അച്ഛനോട് പറഞ്ഞ് ഇതിന് പോസിറ്റീവായ മറുപടി പറയണം. അധികം വൈകിപ്പിക്കരുത്.”

“ഈ കാര്യത്തിനെങ്കിലും ഫോൺ ചെയ്യാതെ നീ വന്നല്ലോ? എത്ര കാലമായി നിന്നെ കണ്ടിട്ട്. അനുവിനെയും മോനേയും കണ്ടിട്ട് അതിലേറെയായി.” അമ്മ വരുണിനോട് പരിഭവം പറഞ്ഞു.

“അമ്മേ അനുവിന് ലീവ് കിട്ടേണ്ടെ? ഈ കഴിഞ്ഞ ക്രിസ്തു‌മസ് വെക്കേഷന് വരാനിരുന്നതാണ് അപ്പോഴാണ് അവളുടെ കുടുബത്തിൽ ഒരു കല്ല്യാണം. ഞാൻ ഇറങ്ങാണ്. ഒരു ഫ്രണ്ടിനെ കാണാനുണ്ട്.”

“ഇത്ര പെട്ടെന്ന് പോവായോ? ഭക്ഷണം പോലും കഴിക്കാതെ നീ വരുന്ന വിവരം ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിനക്ക് ഇഷ്‌ടമുള്ള മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി വെക്കില്ലേ?”

“ഒന്നും വേണ്ട അമ്മേ. ഇപ്പോൾ ബാംഗ്ലൂരിലും നാടൻ മാങ്ങ ഇനങ്ങൾ കിട്ടും. അനു ഉണ്ടാക്കും പക്ഷെ അമ്മ ഉണ്ടാക്കുന്നത് രുചി ഉണ്ടാവാറില്ല.” അമ്മയെ ഒന്നു സുഖിപ്പിക്കാൻ വേണ്ടി വരുൺ പറഞ്ഞു.

“നീയാകെ കോലം കെട്ടല്ലോ മോനെ. മുടി കൊഴിഞ്ഞ് നെറ്റി കേറി. ഇനി വരുമ്പോൾ അമ്മ കാച്ചിയ എണ്ണ ഉണ്ടാക്കിത്തരാം.” വരുൺ യാത്ര പറഞ്ഞ് നടന്നകലുമ്പോൾ ആ അമ്മമനസ്സ് ഒന്ന് പിടഞ്ഞു.

മധുവേട്ടൻ ജോലികഴിഞ്ഞ് വരാൻ രാത്രിയായാലും അതുവരെയുള്ള ഏകാന്തത. എത്രനേരം ടെലിവിഷൻ കണ്ടിരിക്കാൻ പറ്റും. പത്തു മണിയാകുമ്പോഴേക്കും വീട്ടുപണികൾ കഴിയും. ഒന്ന് മിണ്ടിപറയാൻപോലും ആരുമില്ലാത്ത അവസ്‌ഥ.

നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു മധുസൂദനൻ. അവിടെ നിന്നും റിട്ടയർ ചെയ്തശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ജീവിത സമ്പാദ്യമെല്ലാം മകന്‍റെയും മകളുടെയും വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കുമായി ചിലവഴിച്ചു. മകൾ നേഴ്‌സിംഗ് കഴിഞ്ഞ് ഫാമിലി സഹിതം വിദേശത്തും മകൻ ബാംഗ്ലൂരിലുമായി. അവസാനകാലത്ത് പരമ്പരാഗതമായി കിട്ടിയ അഞ്ചുസെന്‍റ് സ്‌ഥലവും വീടും മാത്രം ബാക്കിയായി.

മധുവിന്‍റെ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപ്പോൾ പ്രസീദയുടെ മുഖം വിടർന്നു. അയാൾ വന്നയുടൻ സ്‌കൂട്ടറിന്‍റെ സീറ്റ് തുറന്ന് അതിൽ അവൾക്കായി കരുതിവെച്ച ഉഴുന്നുവട എടുത്തു കൊടുത്തു. എന്നും പതിവുള്ള കാര്യമാണത്.

“ഈ എണ്ണ പലഹാരങ്ങൾ നന്നല്ല. ഇനി ഞാൻ ഇത്തരം സാധനങ്ങൾ വാങ്ങില്ല.” അയാൾ പതിവില്ലാതെ വന്നയു ടൻ ഫാൻ ഓണാക്കി സെറ്റിയിൽ ഇരുന്നു.

“ഇന്നെന്താ മധുവേട്ടാ വസ്ത്രം മാറുന്നില്ലേ? ആകെ ഒരു തളർച്ചപോലെ.”

“ചെറുപ്പം അല്ലല്ലോ പ്രസീ. വയസ്സ് സിക്സ്‌റ്റി പ്ലസ് ആയില്ലേ? അതിന്‍റെ തളർച്ച കാണും.”

“ഇനി ജോലിക്ക് പോവേണ്ട എന്നു ഞാൻ പറയില്ല. രണ്ടീസം കഴിയുമ്പോഴേക്കും വീട്ടിലിരുന്ന് മധുവേട്ടന് മടുപ്പാവും. പിന്നെ ദേഷ്യവും അതുമാത്രമല്ലല്ലോ? ഇന്നത്തെ കാലത്ത് പട്ടിണി കിടക്കാൻ പോലും അഞ്ഞൂറുരൂപയെങ്കിലും വേണ്ടേ?” പ്രസീദ സഹതാപപ്പെട്ടു.

“ഈ ജോലി ഇനി എത്രകാലം ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല. പഠിച്ചിറങ്ങിയ ചെറുപ്പക്കാർ ഒരു എക്സ്‌പീ രിയൻസിനുവേണ്ടി ചെറിയ ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറാ. മാനേജ്‌മെന്‍റ് അവരുടെ ലാഭമല്ലേ നോക്കാ. ഈ പ്രായത്തിൽ ഇനി മറ്റൊരു ജോലി കണ്ടെത്താൻ അതും പ്രയാസമാണ്.”

പ്രസീദ രണ്ട് കപ്പ് ചായയുമായി വന്നു.

“പ്രസീ.. നിനക്ക് കഴിക്കാമായിരുന്നില്ലേ? ഇത്രയും വൈകി നീ എന്തിനാ കാത്തിരിക്കുന്നത്.”

“ഒറ്റക്കിരുന്ന് ചായപോലും കുടിക്കാൻ തോന്നില്ല മധുവേട്ടാ… അതോണ്ടാ.”

ചായ കുടിക്കുന്നതിനിടയിൽ മധു ചോദിച്ചു.

“ചായക്ക് മധുരം കുറച്ചോ?”

“കുറച്ചതല്ല. പഞ്ചസാര തീർന്നതാ. ഞാൻ രാവിലെ പറഞ്ഞിരുന്നു. മധുവേട്ടൻ മറന്നു. സാരല്യ പഞ്ചസാര മധുരമുള്ള വിഷമല്ലേ.” ചിരിച്ചുകൊണ്ട് പ്രസീദ പറഞ്ഞു.

“ഇന്ന് വരുൺ വന്നിരുന്നു. ഒരുമണിക്കുറെ നിന്നുള്ളു. ഒറ്റക്കാണ് വന്നത്. ഓഫീസ് കാര്യത്തിന് ചിലരെ കാണാനുണ്ട് എന്ന് പറഞ്ഞു. അവന് കുറച്ച് പണത്തിന്‍റെ ആവശ്യമുണ്ടെന്നും ഒരു സ്‌റ്റാർട്ട് അപ്പ് തുടങ്ങണമെന്നും ഈ വീടും പറമ്പും അവന്‍റെ പേരിൽ രജിസ്‌റ്റർ ചെയ്താൽ അവന് ലോൺ എടുക്കാൻ പറ്റുമെന്നും രണ്ട് മൂന്ന് കൊല്ലം കൊണ്ട് തിരിച്ചെടുത്ത് നമ്മുടെ പേരിലേക്ക് മാറ്റി എഴുതി തരാമെന്നും പറഞ്ഞു.”

“ഉം” മധു ഒന്ന് മൂളികേട്ടു.

“അവന് ഒരാവശ്യം വന്നാൽ ആരോടാണ് ചോദിക്കാ. നമ്മളല്ലേ ഉള്ളൂ മധുവേട്ടാ.”

“അനുവിന്‍റെ ആഭരണമില്ലേ? അവരുടെ ആവശ്യങ്ങൾക്ക് അത് ഉപയോഗിച്ചുകൂടെ.”

“രണ്ട് കൊല്ലം മുമ്പ് ഫ്ളാറ്റ് വാങ്ങിയത് അവളുടെ ആഭരണം കൊടുത്താണ്. അതോണ്ടുതന്നെ അനുവിന്‍റെ പേരിലാ ഫ്ളാറ്റ്.” പ്രസീദ പറഞ്ഞു.

“നമ്മൾക്ക് അവസാനമായിട്ടും ആകെയുള്ളതും ഈ വീടും സ്‌ഥലവുമാണ്. ഇത് പണയപ്പെടുത്താനോ അവന്‍റെ പേരിൽ കൊടുക്കാനോ ഞാൻ തയ്യാറല്ല. കുട്ടികളെ സംരക്ഷിക്കേണ്ടതിനും പരിധിയുണ്ട്. ഇവിടെ അച്ഛനും അമ്മയും എങ്ങനെ ജീവിക്കുന്നുണ്ടെന്നുപോലും അവർ അന്വേഷിക്കാറുണ്ടോ? സംരക്ഷിച്ചില്ലെങ്കിലും ദ്രോഹിക്കാൻ വരരുതെന്ന് നീ നിന്‍റെ പുന്നാരമോനോട് പറയണം.”

“മക്കൾക്ക് ഉള്ളതല്ലേ ഇതെല്ലാം അത് കുറച്ച് നേരത്തെ കൊടുക്കുന്നു എന്നു കരുതിയാൽ മതി. ഇതെല്ലാം കെട്ടിപ്പിടിച്ചിരുന്ന് നമ്മൾ മരിച്ചാൽ കൊണ്ടോവോ മധുവേട്ടാ.”

“നാളെ ഞാൻ ഇല്ലാതായാൽ നിനക്ക് കേറികിടക്കാൻപോലും വീടില്ലാത്ത അവസ്‌ഥയാവും. ഉള്ള സമയത്ത് എല്ലാം മക്കൾക്ക് വീതിച്ചു നൽകി അച്ഛനമ്മമാരെ പീടികത്തിണ്ണയിലും അനാഥാലയത്തിലും ആക്കിയ മക്കളെപ്പറ്റി നീ കേട്ടിട്ടില്ലെ?”

“വരുൺ നാട്ടിൽപോയ കാര്യം എന്തായി. എന്തെങ്കിലും നടക്കോ? അനുശ്രീയുടെ ചോദ്യത്തിൽ പരിഹാസമുണ്ടായിരുന്നു.

“നിങ്ങൾക്ക് ബിസിനസ് തുടങ്ങാനാണ് എന്നുപറഞ്ഞാൽ അവർ തരാതിരിക്കില്ല. നിങ്ങളുടെ സഹോദരിയുടെ വിവാഹ ആവശ്യത്തിന് നല്ല ഒരു ശതമാനം പണം നമ്മളല്ലേ ചിലവഴിച്ചത്.” വരുൺ അതു ശ്രദ്ധിക്കാതെ ലാപ്ടോപ്പും നോക്കി ജോലിയുടെ തിരക്ക് ഭാവിച്ചു.

“നിങ്ങൾ ഇപ്പോൾ വീട്ടിലെ ഒരു കാര്യവും ശ്രദ്ധിക്കുന്നില്ല. വന്നപാടെ റൂം അടച്ച് ലാപ്പും വെച്ച് ഇരിപ്പാണ്. ഇന്ന് ഡിന്നർ ഞാനാ ഉണ്ടാക്കിയത്. ഞാനും രാവിലെ ജോലിക്ക് പോയാൽ രാത്രിയെ വരുന്നുള്ളു. ഭക്ഷണം കഴിച്ച പ്ലേറ്റ് പോലും കഴുകാൻ മടി. വീട്ടുപണികളൊന്നും ആണുങ്ങൾ ചെയ്യാൻ പാടില്ല എന്ന തോന്നൽ.”

“നിന്‍റെ കുറ്റപ്പെടുത്തൽ ഒന്ന് നിർത്ത് അനു. ഇവിടെ സ്ത്രീ പീഢനമല്ല. പുരുഷ പീഢനമാണ് നടക്കുന്നത്.” വരുൺ തമാശക്ക് പറഞ്ഞു.

മധുവേട്ടൻ വരാറുള്ള സമയം കഴിഞ്ഞു. പ്രസീദ റോഡിലേക്ക് നോക്കിയിരുന്നു. രാത്രിയായാൽ ഡ്രൈവ് ചെയ്യാൻ പ്രയാസമാണ്. കണ്ണ് ടെസ്‌റ്റ് ചെയ്തപ്പോൾ ഓപ്പറേഷനുള്ള തീയതി തന്നതാണ്. പിന്നീടാകാം എന്ന് പറഞ്ഞു. സ്വന്തം കാര്യങ്ങൾ അങ്ങനെയാണ്. പിന്നീട് പിന്നീട് എന്നു പറഞ്ഞ് നീട്ടി കൊണ്ടുപോകും. പല പ്രയാസങ്ങളും കൊണ്ടുനടന്ന് വിഷമിക്കുന്നുണ്ട്. പുറത്ത് ഒന്നും കാണിക്കാറില്ല. മധുവിന്‍റെ സ്‌കൂട്ടർ മുറ്റത്തെത്തിയപ്പോൾ പ്രസീദക്ക് ആശ്വാസമായി. സീറ്റ് തുറന്ന് ഹെൽമറ്റ് ഊരി അവിടെ വച്ചു. പതിവു പോലെ എണ്ണ പലഹാരം കണ്ടില്ല. വാങ്ങാൻ മറന്നതാകും. ഇപ്പോൾ മറവി കൂടുതലാണ്.

“ഇന്ന് ഒന്നും വാങ്ങിയില്ലെ?”

ഒന്നും മിണ്ടാതെ മധു അകത്തേക്ക് പോയി. ഡ്രസ്സ് മാറ്റി ചായ കുടിക്കുന്നതിനിടയിലാണ് പറഞ്ഞത്.

“എന്‍റെ ജോലി മതിയാക്കി. ഒരർത്ഥത്തിൽ പറഞ്ഞാൽ അവർ പിരിച്ചു വിട്ടു. ചെറുപ്പക്കാർ ഇവിടെ ജോലിയില്ലാതിരിക്കുമ്പോൾ സീനിയർ സിറ്റിസൺ ആയ ഞാൻ അധികപറ്റാണ്.”

“മോനോ മോളോ എന്തെങ്കിലും മാസത്തിൽ അയച്ചു തരാതിരിക്കില്ല. അല്ലെങ്കിൽ അവരോട് ആവശ്യപ്പെടാം. അവരെ പഠിപ്പിച്ച് ജോലിയാക്കിയില്ലേ? അവർ പഠിക്കുമ്പോൾ കണക്ക് ചോദിക്കാതെ പറയുന്ന പണം അയച്ചു കൊടുത്തതല്ലേ?”

“അത് രക്ഷിതാക്കളുടെ കടമ.”

“പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കേണ്ടതും പ്രായപൂർത്തിയായ മക്കളുടെ കടമായാണ് മധുവേട്ടാ.”

“ഒരാവശ്യം വന്നാൽ ഈ വീടുപോലും പണയപ്പെടുത്താൻ പറ്റാതെയായി. അതും അവൻ എഴുതി വാങ്ങി. ഞാൻ അപ്പോഴേ പറഞ്ഞതാ. നാളെ അവൻ ഇറക്കി വിട്ടാൽ…”

“ഒന്നും ഉണ്ടാവില്ല. എഴുതാപ്പുറം വായിക്കല്ലേ” പ്രസീദ സമാധാനിപ്പിച്ചു. മധു നെഞ്ചു തടവി കൊണ്ടിരുന്നു.

“എന്തുപറ്റി മധുവേട്ടാ. വല്ലാതെ വിയർക്കുന്നല്ലോ.”

“എനിക്ക് ഒരു നെഞ്ചു വേദനപോലെ. ഇത് കയ്യിലേക്ക് ഇറങ്ങിവരുന്നു. സാരല്യ എന്നും എണ്ണ പലഹാരം കഴിച്ചിട്ട് ഗ്യാസിന്‍റെ പ്രശ്നാവും.”

“ഞാൻ വേഗം ഓട്ടോ വിളിക്കാം. ഇപ്പോൾ തന്നെ ആശുപത്രിയിൽ പോവാം.” പ്രസീദ സ്‌ഥിരമായി വിളിക്കാറുള്ള ഓട്ടോക്കാരന്‍റz നമ്പർ ഡയൽ ചെയ്തു.

ഓട്ടോറിക്ഷ ആശുപത്രിയിലെത്തിയപ്പോഴേക്കും വീൽചെയറിൽ മധുവിനെ അറ്റൻഡർമാർ എമർജൻസിയിലേക്ക് മാറ്റി. അവിടെ പല ടെസ്‌റ്റുകൾക്കും വിധേയനാക്കി. വരുണിനെ പ്രസീദ പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. കുറച്ചു സമയത്തിനുശേഷം പ്രസീദയെ ഡോക്ടർ വിളിപ്പിച്ചു.

“മൂന്ന് ബ്ലോക്ക് ഉണ്ട്. ഓപ്പറേഷൻ വേണ്ടിവരും.”

“കൂടെ ആരുമില്ലേ. തൽക്കാലം മരുന്നുകൊണ്ട് ആശ്വാസം കിട്ടിയേക്കാം. പക്ഷെ അധികം വൈകാതെ സർജറി ചെയ്യേണ്ടിവരും.” പ്രസീദയുടെ സങ്കടം കണ്ടപ്പോൾ ഡോക്‌ടർ മറുപടി പറഞ്ഞു.

“മക്കളൊക്കെ എന്തു ചെയ്യുന്നു.” ഡോക്ടർ ചോദിച്ചു.

“മകളും ഭർത്താവും യുകെയിലാണ്. മകനും ഭാര്യയും ബാഗ്ലൂരിൽ” പ്രസീദ അഭിമാനത്തോടെ പറഞ്ഞു.

“എന്നിട്ടാണോ വൈകിപ്പിക്കുന്നത്. ഉടനെ എല്ലാവരോടും ചോദിച്ച് ഡേറ്റ് തീരുമാനിക്ക്. തൽക്കാലം നാളെ ഡിസ്‌ചാർജ് ചെയ്യാം. അധികം വൈകാതെ നിങ്ങൾ സർജറിക്കായി തയ്യാറായി വരൂ.”

ഡോക്ടറുടെ മുറിയിൽ കയറിയപ്പോൾ ഫോൺ സൈലന്‍റ് ആക്കിയിരുന്നു. പുറത്ത് കടന്നപ്പോഴാണ് വരുണിന്‍റെ മിസ്‌ഡ് കോൾ കണ്ടത്. തിരിച്ചു വിളിച്ചു.

“മോനെ അച്ഛൻ ആശുപത്രിയിലാ. നെഞ്ചുവേദന വന്നിട്ട് കൊണ്ടു വന്നതാ. മൂന്ന് ബ്ലോക്ക് ഉണ്ട്. കഴിയു സത്രവേഗം സർജറി വേണമെന്നാ പറഞ്ഞത്. തൽക്കാലം മരുന്ന് തന്ന് ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു.” പ്രസീദ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.

“സരിതയോട് വിവരം പറഞ്ഞോ?”

“അവൾ യുകെയിലല്ലേ.. നീയല്ലെ അടുത്തുള്ളത്.”

“അച്ഛൻ അമ്മ എന്നൊക്കെ പറയുന്നത് ഒരാളുടെ മാത്രം സ്വന്തമല്ല. അവൾക്കും ബാധ്യതയുണ്ട്. എനിക്ക് ലീവെടുക്കാൻ പ്രയാസമാണ്. തൽക്കാലം മരുന്ന് കഴിക്ക്. അല്ലെങ്കിലും ലക്ഷങ്ങൾ മുടക്കി സർജറി ചെയ്‌തിട്ട് എന്താണ് ഒരു ബെനിഫിറ്റ്. തലപോയ തെങ്ങിനാരെങ്കിലും വളമിടോ?”

എപ്പോഴും ലാഭനഷ്ടകണക്കുകൾ മാത്രം നോക്കുന്ന മകന്‍റെ കോൾ സങ്കടത്തോടെ പ്രസീദ കട്ട് ചെയ്തു.

“മോൻ എന്തു പറഞ്ഞു.”

“വരും മധുവേട്ട. വരാതിരിക്കില്ല.”

“പ്രസീ, നിന്‍റെ മുഖം കണ്ടാൽ എനിക്കറിയില്ലേ? മക്കളേയും മാമ്പൂവും കണ്ട് കൊതിക്കരുതെന്ന് പണ്ടുള്ളവർ പറഞ്ഞത് വെറുതെയല്ല.”

“എനിക്ക് തെറ്റുപറ്റി മധുവേട്ടാ. ഞാൻ നിർബന്ധിച്ച് വീടും പറമ്പും അവന്‍റെ പേരിൽ…” പ്രസീദ തേങ്ങി.

“മക്കളെ നോക്കേണ്ട എന്നല്ല. അവർ ഇത്തിൾക്കണ്ണിയാകുമ്പോൾ…” മധുവിനും സങ്കടം വന്നു.

“ഇപ്പോൾ വയോജന സംരക്ഷണ നിയമം ശക്തമാണ്. മക്കൾ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് കൊടുത്ത സ്വത്ത് തിരിച്ചെടുക്കാനും അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനും പറ്റും.” പ്രസീദ ആശ്വസിച്ചു.

“കേരളം വയോജനങ്ങളുടെ ഹബ്ബായി മാറികൊണ്ടിരിക്കുകയാണ്. മക്കളെല്ലാം പുറം രാജ്യത്തും. നാളെ ഡിസ്ചാർജ് ചെയ്ത‌താൽ ആദ്യം നല്ല ഒരു വക്കീലിനെ കാണണം. കൈവിട്ടതെല്ലാം തിരിച്ചെടുക്കണം.” മധു അമർഷം പൂണ്ടു. ആശുപത്രിയിലെ ശീതികരിച്ച മുറിയിൽ ഒരു പുതിയ പുലരി സ്വപ്നം കണ്ടുകൊണ്ട് സമാധാനമായി അവർ ഉറങ്ങി.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें