ഈറൻ പടർന്ന ഉച്ചനേരം. പുലർകാലത്തെ കുളിര് സൂര്യശകലങ്ങൾ ഏറ്റിട്ടും കുറഞ്ഞിരുന്നില്ല. അന്തരീക്ഷത്തിൽ മങ്ങിയ പുക പോലെ മഞ്ഞ് തളം കെട്ടി നിൽക്കുന്നു. മേലോട്ട് ഉയർന്നു നിൽക്കുന വൻമരങ്ങൾ സൂര്യനെ ഏറെക്കുറെ തടുത്തു നിർത്തുന്നതായി തോന്നിച്ചു.
പച്ച തഴച്ച് നിബിഡമായ കാടിന്‍റെ പരിസരത്ത് ഷൂട്ടിംഗ് സംഘം തമ്പടിച്ചിരിക്കുന്നു. കാടിന്‍റെ പരിസരമായിട്ടാണോ എന്തോ ഷൂട്ടിംഗ് സംഘത്തിൽ ഏറെ ആളുകളില്ല. ഞാൻ അവിടെ എത്തിയപ്പോൾ കാണുന്നത് ഒരു ട്രോളി ഷോട്ട് വിവിധ ആംഗിളുകളിൽ ചിത്രീകരിച്ച കൊണ്ടിരിക്കുകയാണ് ക്യാമറമാനും കൂടെയുള്ളവരും. അത്ര പ്രശസ്തരായ നടീനടന്മാരല്ല ചിത്രവുമായി സഹകരിക്കുന്നത്. പ്രധാന നടനെ ഒന്നോ രണ്ടോ ചിത്രത്തിൽ കണ്ടതായി ഓർക്കുന്നു.
ഈ സിനിമയുടെ പ്രൊഡക്ഷനിൽ പ്രവർത്തിക്കുന്ന സുഹൃത്ത് തോമാച്ചന്‍റെ അതിഥിയായി ഞാൻ രണ്ടു ദിവസമായി സെറ്റിലുണ്ട്. ഒരു പ്രധാന കാര്യം സംസാരിക്കുവാനുണ്ടെന്നു തോമാച്ചൻ പറഞ്ഞിരുന്നു. അതിനാൽ ദൈനംദിന നിത്യജീവിതത്തിൽ നിന്നും ഒരു മാറ്റം കാംക്ഷിച്ച് വന്നതായിരുന്നു ഞാൻ. കുറച്ചു ദിവസമായി വിരസമായ ദിനരാത്രങ്ങൾ ആണ് എനിക്ക് മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ തോമാച്ചൻ ഇങ്ങനെ ഒരാവശ്യം എനിക്കു മുന്നിൽ വക്കുകയും കാറയക്കുമെന്നു കൂടി പറഞ്ഞപ്പോൾ ഞാൻ ഏറെ ചിന്തിക്കാതെ പുറപ്പെടുകയായിരുന്നു. ഇവിടെ ഉന്മേഷകരമായ പരിസരം. പുതുമയേറിയ കാഴ്ചകൾ. എണ്ണയിട്ട യന്ത്രം കണക്ക് പ്രവർത്തിക്കുന്ന ഷൂട്ടിംഗ് ക്രൂ പിന്നെ ഒന്നാന്തരം ഭക്ഷണം.
ഇപ്പോൾ തന്നെ നോക്കൂ. രാവിലെ അഞ്ചിലേറെ പ്രാതൽ വിഭവങ്ങൾ. ഇടക്കിടെ ചായയും സ്നാക്സും. പൊതുവെ ഷൂട്ടിംഗ് പരിസരം തീർത്തും രസകരമായി തോന്നി. എന്നാൽ തോമാച്ചൻ എന്നെക്കൊണ്ടുള്ള ആവശ്യം എന്താണെന്ന് ഇതുവരെ പറഞ്ഞില്ല. അതിൽ എനിക്കയാളെ കുറ്റപ്പെടുത്താൻ കഴിയില്ല. രാവേറെ ചെല്ലുവോളം തിരക്കിലാണ് അയാൾ. അയാളുടെ പോസ്റ്റ് എന്താണെന്ന് എനിക്കറിയില്ല. എന്നാൽ സെറ്റിലെമ്പാടും അയാൾ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ട്.
ഏത് വിഷയത്തിനും സെറ്റിലുള്ളവരുടെ നാവിൽ വരുന്നത് തോമാച്ചന്‍റെ പേരാണ്. ഏതായാലും രണ്ടു ദിവസം കഴിഞ്ഞുള്ള ഞായറാഴ്ച വിവരം പറയാമെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. അന്ന് ഷൂട്ടിംഗ് സംഘാംഗങ്ങൾക്ക് അവധിയാണ്. ആ ഞായറാഴ്ചക്കു ശേഷം ലൊക്കേഷനും മറ്റും മാറുന്നുണ്ടെന്നാണ് അറിഞ്ഞത്. അതുവരെ തോമാച്ചൻ എനിക്കായി കല്ലിച്ചു നല്കിയ സ്ക്രിപ്റ്റ് അസിസ്റ്റന്‍റ് സ്ഥാനവും വഹിച്ച് കാഴ്ചകൾ കണ്ട് ഞാൻ അവിടെ ചുറ്റിത്തിരിഞ്ഞു. ഭക്ഷണ സമയത്ത് അടുക്കു തട്ടുകളിൽ കൊണ്ടുവരുന്ന വിവിധങ്ങളായ ആഹാരപദാർത്ഥങ്ങൾ ആസ്വദിച്ച്, ഷൂട്ടിംഗിന്‍റെ രസച്ചേരുവ കണ്ടു മനസ്സിലാക്കി വല്ലപ്പോഴും ക്യാമറാമാന്‍റെ പുറകിൽ നിന്ന് ക്യാമറാക്കണ്ണുകളിലൂടെയുള്ള ദൃശ്യങ്ങൾ നിരീക്ഷിച്ച് സമയം അങ്ങനെ കടന്നു പോയി.
തോമാച്ചന്‍റെ ആളെന്ന പരിഗണന എനിക്കവിടെ ലഭിച്ചു. എന്‍റെ ചെയ്ത്‌തുകൾക്ക് ആരും തടസ്സമൊന്നും പറഞ്ഞില്ല. ഷൂട്ടിംഗ് വേളയിൽ നടീനടന്മാർ വരുത്തുന്ന അബദ്ധങ്ങളും തമാശകളും ക്യാമറയിൽ നോക്കരുതെന്ന നിരന്തരമായ താക്കീതുകളും എല്ലാവരിലും ചിരി പടർത്തി. മികച്ച ഒരു കാഴ്ചാനുഭവം പ്രേക്ഷകന് നല്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ടീമിനെയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. ആ ഒത്തൊരുമ എന്നെ ആഹ്ളാദഭരിതനാക്കി.