രാത്രിയുടെ അന്ത്യയാമത്തിൽ ലില്ലി കണ്ട സ്വപ്നത്തിൽ വിക്‌ടർ ഉണ്ടായിരുന്നില്ല... ആകാശം നിലം പൊത്തുന്നതായും ജീവജാലങ്ങളെല്ലാം ഭൂമി പിളർന്ന് അഗാധഗർത്തത്തിൽ പതിക്കുന്നതായും... പുകമറയ്ക്കുള്ളിൽ നിന്നും കറുത്ത കുപ്പായമണിഞ്ഞു വന്ന ഭീകരരൂപം ലില്ലിയെ നോക്കി അട്ടഹസിച്ച് നടന്നു മറഞ്ഞു...
“എന്‍റെ കുഞ്ഞെവിടെ...?” ഒരാർത്തനാദം അവളുടെ തൊണ്ടയിൽ വീർപ്പുമുട്ടി. ഹോ! ഈശ്വരാ, കുഞ്ഞു സുരക്ഷിതയാണ്!
പക്ഷേ... വിക്ടർ...? എന്നെയും കുഞ്ഞിനെയും മറന്ന് ഏതു തിരക്കിലേയ്ക്കാണ് നീ ഊളിയിട്ടത്... ഇവിടെ പ്രളയമാണ്. കടലിളകി വരുന്ന ശബ്ദം എനിക്ക് കേൾക്കാം. ആകാശത്തിന്‍റെ ഒരു തുണ്ട് കൂടി മുറിഞ്ഞു വീണപ്പോൾ ലില്ലി അലറി എഴുന്നേറ്റു.
"ആ...!" അവൾ ബോധരഹിതയായി നിലം പതിച്ചു.
“ലില്ലി...” എന്നെ ആരോ വിളിച്ചു... ഈ പൂമുഖത്ത് അവശേഷിക്കുന്ന ജീവന്‍റെ സ്വരം... ആരോ ജീവനോടെ ഉണ്ട്! ത്രേസ്യാമ്മച്ചിയാണ്!
“എന്തുപറ്റി ലില്ലീ... നീ എന്തിനാണ് നിലവിളിച്ചത്... മോളെവിടെ?"
എല്ലാവരും ജീവനോടെ ഉണ്ട്. ഭൂമിക്ക് രൂപം നഷ്ടപ്പെട്ടിട്ടില്ല! ഈ ദുഃസ്വപ്നത്തെക്കുറിച്ച് പറയുമ്പോൾ വിക്‌ടർ പറയുക ഇതാവും, “നിന്‍റെ സ്വപ്നം സത്യമായിരുന്നെങ്കിൽ, ആകാശം നിലം പൊത്തുന്നതിന്‍റെ അപൂർവ്വ ദൃശ്യം ജീവനോടെ പകർത്തുക എന്‍റെ ക്യാമറ മാത്രമായിരിക്കും.”
വിക്ടർ ഇനിയും എത്തിച്ചേർന്നിട്ടില്ല. തകർത്തു പെയ്യുന്ന മഴയിലേയ്ക്ക് ഊളിയിട്ട് വിസ്‌മയ കാഴ്‌ചകൾ ആവാഹിക്കാൻ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറയുമായി പുറപ്പെട്ട ശേഷം രണ്ടു പകലുകൾ അസ്‌തമിച്ചു.
ഇവിടെ തൂക്കണാംകുരുവി കൂട് നിർമ്മാണത്തിന്‍റെ അവസാന പണിപ്പുരയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിക്‌ടർ അതിനെ ചുറ്റിപ്പറ്റി നടന്നിരുന്നു. ജോലിത്തിരക്കിൽ നിന്നും മടങ്ങിവരുമ്പോഴേയ്ക്കും അവ മുട്ടയിട്ടിട്ടുണ്ടാവും. ആ സുന്ദരദൃശ്യങ്ങൾ തനിക്കു നഷ്‌ടപ്പെട്ടുവെന്ന് പരിതപിച്ചു നടക്കുകയാവും പിന്നെ! എങ്കിലും മഴയിലേയ്ക്കാണ് പോയിരിക്കുന്നത്. പ്രഥമ പ്രേയസിയും അവളാണല്ലോ! തിരിച്ചു വരുമ്പോൾ ഇതുവരെ കാണാത്ത ഒത്തിരി മഴച്ചിത്രങ്ങൾ എനിക്കു സമ്മാനിക്കുമെന്ന് ഉറപ്പു നൽകിയിട്ടാണ് വിക്‌ടർ പോയത്.
പിണങ്ങി നില്ക്കുന്ന പ്രകൃതിയെ സാന്ത്വനിപ്പിക്കാൻ പണിപ്പെടുന്ന കാറ്റും, പെയ്തൊഴിഞ്ഞാൽ ആശ്വാസമായേനെ എന്ന് പുലമ്പുന്ന ആകാശവും മർമ്മപ്രധാനമായ എന്തോ സംഗതിയെ ഒളിച്ചു വയ്ക്കാൻ ശ്രമിക്കും പോലെ!
അയൽപക്കത്തെ നായ നിറുത്താതെ കുരയ്ക്കുന്നു. ഇന്നലെ മുതൽ എന്തുപറ്റി ഇതിന്? ഈ ശബ്ദം കേൾക്കുന്നതു തന്നെ വിക്ടറിന് ദേഷ്യമാണ്. ചിലപ്പോൾ പറയും, നായ അല്ലേ നന്ദി കാണിച്ചല്ലേ പറ്റൂ എന്ന്. അടുത്ത പകലും അസ്‌തമിക്കാൻ ഒടുക്കം കൂട്ടുന്നു. രണ്ടു ദിവസമായി കേബിൾ അവതാളത്തിലാണ്. ജോർജൂട്ടി വന്ന് എന്തോ ചെയ്യുന്നത് കണ്ടു.
“ഇത് നന്നാവാൻ രണ്ടു ദിവസമെടുക്കും ചേച്ചീ.. മഴയല്ലേ, ക്ഷമിക്കന്നേ..."
അവൻ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്. പേടിച്ചിട്ടാവും. വിക്ടറിന് പക്ഷേ, സന്തോഷമേ ഉണ്ടാവൂ. നിലവാരം കുറഞ്ഞ സീരിയലിൽ നിന്നും മോചനം ഉണ്ടായല്ലോ എന്ന് കരുതും.
ഇന്നും നല്ല മഴക്കോളുണ്ട്; ശക്തമായ കാറ്റും! എന്താ ഒരു ശബ്ദം കേട്ടത്... സ്വീകരണ മുറിയിൽ നിന്നാണല്ലോ. വിവാഹത്തിന് ശേഷം ആദ്യമായെടുത്ത, വിക്ടറിനിഷ്ടപ്പെട്ട ഞങ്ങളുടെ ചിത്രം- അത് തറയിൽ വീണുടഞ്ഞിരിക്കുന്നു! അതെടുക്കുമ്പോഴേയ്ക്കും പുറത്തു കാൽ പെരുമാറ്റം- വിക്ടറല്ല. അവറാച്ചനാണ്, അപ്പച്ചന്‍റെ ഒരു സുഹൃത്ത്.