പ്രിയപ്പെട്ടവരുടെ ഇഷ്‌ടങ്ങൾ

വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങി. നിരഞ്‌ജന്‍റെ മനസ്സ് പിടഞ്ഞു. വരേണ്ടിയിരുന്നില്ല. മനസ്സിനെ അസ്വസ്‌ഥമാക്കിക്കൊണ്ട് ചിന്തകൾ പലവഴിക്കു പിരിഞ്ഞു. മൂന്നു വർഷങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തുകയാണ്. ഗൃഹാതുരത്വം നൽകുന്ന സന്തോഷം നിരഞ്‌ജന്‍റെ മുഖത്ത് പ്രകടമായിരുന്നില്ല. ഏക സഹോദരി നീലിമയുടെ വിവാഹത്തിൽ പങ്കെടുത്തേ തീരൂ… അമ്മയുടെ നിർബന്ധമാണ്. മറുത്തെന്തു പറയും?

ഇംഗ്ലണ്ടിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ… മനസ്സു നിറയെ അവളായിരുന്നു. സുപ്രിയാ. അതൊക്കെ മറക്കാൻ പലവുരു ശ്രമിച്ചതാണ്.

മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ ശ്രമിക്കുന്തോറും പിന്നേയും കൂടി ചേരുകയാണല്ലോ? സ്വന്തം അസ്‌തിത്വം പോലും അലിയിച്ചു കളയുന്നത്ര ഗാഢമാണ് എന്‍റെ പ്രണയം… സുപ്രിയ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്. പക്ഷേ തന്‍റെ ഈ കാമുക മനസ്സ് അതൊരിക്കലും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ?

പ്രണയ നൈരാശ്യത്താൽ മനസ്സ് ഭ്രാന്തമായ അവസ്‌ഥയിലേക്കു നീങ്ങുമെന്നായപ്പോഴാണ് അന്ന് നാടും നഗരവും വിടാൻ താൻ തീരുമാനിച്ചത്. അവളെ മറക്കാൻ ഒരു പലായനം അനിവാര്യമായിരുന്നു… പിന്നീട് ഊണിലും ഉറക്കത്തിലും ബിസിനസ്സ് ചിന്തകൾ മാത്രമായി.

കണ്ണുനിറഞ്ഞപ്പോൾ നിരഞ്‌ജൻ ചുറ്റുമൊന്നു നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ഓരോരുത്തരും അവരവരുടേതായ ലോകത്താണ്. ഒരു ദീർഘനിശ്വാസമുതിർത്ത് നിരഞ്‌ജൻ സ്വയം നോർമലാവാൻ ഒരു ശ്രമം നടത്തി.

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി ടാക്‌സി ഡ്രൈവർക്ക് സ്‌ഥലമേതെന്ന് പറഞ്ഞ് കൊടുത്ത് നിരഞ്‌ജൻ സീറ്റിൽ തല ചായ്‌ച്ചിരുന്നു. മനോഹരമായ പുറംകാഴ്‌ചകൾ സമ്മാനിച്ച് കാർ മുന്നോട്ടു നീങ്ങി. പെട്ടെന്ന് മൊബൈൽ ശബ്‌ദിച്ചു. “അമിത്” മൊബൈൽ സ്‌ക്രീനിൽ പേര് തെളിഞ്ഞു വന്നതു കണ്ട് നിരഞ്‌ജന്‍റെ മുഖത്തു ചിരി പടർന്നു.

“അഹ്! ഇപ്പോഴെത്തും”

വാടിത്തളർന്ന മനസ്സുമായാണ് അന്ന് ഇംഗ്ലണ്ടിലേയ്‌ക്ക് വിമാനം കയറിയത്. അവിടെ വച്ചാണ് അമിത്തിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കമ്പനി ഡെപ്യൂട്ടേഷനിൽ പരിശീലനത്തിനായി ഇംഗ്ലണ്ടിലെത്തിയതായിരുന്നു അമിത്. അടുത്തടുത്ത ഫ്‌ളാറ്റുകളിലായിരുന്നു താമസം. ആയിടയ്‌ക്ക് അമിതിനൊരപകടം പറ്റി. രാപകലെന്നില്ലാതെ സ്വന്തം സഹോദരനെപ്പോലെ നിരഞ്‌ജൻ അമിതിനെ പരിചരിച്ചു.

ആ സാമീപ്യത്തിൽ നിന്നാണ് ഹൃദ്യമായ സ്‌നേഹ ബന്ധം ഉടലെടുത്തത്. ട്രെയിനിംഗിനു ശേഷം അമിത് ഇന്ത്യയിലേക്കു മടങ്ങി. അധികം വൈകാതെ അമിത് വിവാഹിതനായി. എങ്കിലും അവർക്കിടയിൽ ഫോണിലൂടെയുള്ള സൗഹൃദം തുടർന്നു. കൊച്ചിയിലേയ്‌ക്കു വരുന്നുണ്ടെങ്കിൽ തന്നെ കണ്ടിട്ടെ മടങ്ങാവൂ എന്ന് അമിത് നിർബന്ധിച്ചിരുന്നു.

“സർ, സ്‌ഥലമെത്തി” ഡ്രൈവറുടെ ശബ്‌ദം കേട്ട് നിരഞ്‌ജൻ ചുറ്റും നോക്കി. അമിതിനെക്കുറിച്ചുളള ഓർമ്മകൾക്കിടയിൽ ദൂരം എത്ര താണ്ടിയെന്നൊന്നും നിരഞ്‌ജൻ ശ്രദ്ധിച്ചതേയില്ല. ഡ്രൈവർക്ക് പണം നല്‌കി ലഗേജുമെടുത്ത് നിരഞ്‌ജൻ അകത്തേക്കു നടന്നു.

ഡോർബെൽ അമർത്തി. അമിതാണ് വാതിൽ തുറന്നത്. വർഷങ്ങൾക്കു ശേഷമുളള കണ്ടുമുട്ടലാണ്. രണ്ടുപേരുടെയും മുഖത്ത് അതിന്‍റേതായ സന്തോഷം നിറഞ്ഞിരുന്നു.

“സോറി ദോസ്‌ത്, എയർപോർട്ടിൽ വരണമെന്നു കരുതിയതാണ്.” അമിത് ക്ഷമാപണം നടത്തി.

“ഇറ്റ്‌സ് ഓ.കെ, പെട്ടെന്നുളള വരവായിരുന്നല്ലോ? നീലുവിന്‍റെ മാര്യേജ്… അമ്മയുടെ നിർബന്ധം. ഒരൊറ്റ പെങ്ങൾ. എങ്ങനെ നോ പറയും. എയർപോർട്ടിൽ എത്തിയ ഉടനെ ഞാൻ നിന്നെ വിളിച്ചിരുന്നു. അവിടെ വച്ചു തന്നെ നിന്നെ കണ്ടിട്ടു മടങ്ങാമെന്നു കരുതിയതാണ്…

പക്ഷേ നീ… എനിക്ക് നിന്‍റെ സ്വഭാവം നന്നായറിയാം…” നിരഞ്‌ജൻ പറഞ്ഞതുകേട്ട് അമിത് പൊട്ടിച്ചിരിച്ചു.

നിരഞ്‌ജന്‍റെ തോളിൽ കൈയിട്ട് അമിത് അകത്തേക്കു നടന്നു.

“ഹൗ ഈസ് ഇറ്റ്… വീട് ഇഷ്‌ടമായോ എന്ന്?” അമിത് ചിരിച്ചു.

“ശാന്തസുന്ദരം എന്നൊക്കെ പറയാറില്ലേ? റിയലി ബ്യൂട്ടിഫുൾ. സാഹിത്യഭാഷയിൽ പറഞ്ഞാൽ സ്വർഗ്ഗം പോലുണ്ട്.”

“ഓഫ്‌കോഴ്‌സ്. പക്ഷേ ഈ സ്വർഗ്ഗത്തിൽ ഒരൊറ്റ അപ്‌സരസ്സേയുളളൂ.” അമിത്തിന്‍റെ മറുപടി കേട്ട് നിരഞ്‌ജൻ പൊട്ടിച്ചിരിച്ചു.

“നീയിരിക്ക്, ഞാനിപ്പോ വരാം” ടി.വി ഓണാക്കി അമിത് അകത്തേക്കു നടന്നു.

ഒരു കൈക്കുഞ്ഞുമായാണ് അമിത് മടങ്ങിയത്.

“നിരഞ്‌ജൻ, ഇതാരാണെന്നറിയാമോ?”

ഒരു ചെറുചിരി മാത്രം സമ്മാനിച്ച് നിരഞ്‌ജൻ കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി. തുടുത്ത കവിളുകൾ, നല്ല ചുറുചുറുക്ക്, ഓമനത്തമുളള മുഖം…

“ഇത് അപ്പു… അപരാജിത്…” അമിത് സംസാരം തുടർന്നു.

“അമീ, ഫുഡ് റെഡി,” വെളുത്ത നിറത്തിൽ കൊച്ചുപൂക്കൾ തുന്നി പിടിപ്പിച്ച റോസ് നിറത്തിലുളള സാരിയുടുത്തെത്തിയ യുവതിയെ കണ്ട് നിരഞ്‌ജൻ അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടി. ഹൃദയമിടിപ്പ് നിലച്ചു പോവുന്നതുപോലെ…

“ഇത് സുപ്രിയ, ഞാൻ നേരത്തെ പറഞ്ഞ ആ അപ്‌സരസ്സ്… എന്‍റെ ഭാര്യ.” അമിത് വിശദമായി പരിചയപ്പെടുത്തി.

നിരഞ്‌ജനെ നേരത്തെ അറിയാമായിരുന്നിട്ടു കൂടി സുപ്രിയയുടെ മുഖത്ത് പരിചയത്തിന്‍റേതായ യാതൊരു ഭാവവും പ്രകടമായിരുന്നില്ല.

“അമിതിനെപ്പോഴും നിരഞ്‌ജനെക്കുറിച്ചു പറയാനേ നേരമുള്ളൂ. ഇന്നിപ്പോൾ നിരഞ്‌ജൻ വരുമെന്ന് പറഞ്ഞ് ആൾ വലിയ സന്തോഷത്തിലുമാണ്.” സുപ്രിയ ഒഴുക്കൻ മറുപടി പറഞ്ഞു.

ചതി… വിശ്വാസവഞ്ചന… എന്നിട്ടിപ്പോ ഒന്നുമറിയാത്തതു പോലൊരു ഭാവവും.

“അമീ, ഫുഡ് എടുത്തു വച്ചിട്ടുണ്ട്. അപ്പുവിനെ ഇങ്ങുതരൂ, ഞാനവനെ ഉറക്കിയിട്ടുവരാം” സുപ്രിയ കുഞ്ഞിനെയുമെടുത്ത് അകത്തേക്കു നടന്നു.

“ഈ വീട്ടിൽ കാണുന്ന ഈ സന്തോഷവും ഐശ്വര്യവും സുപ്രിയയുടെ മിടുക്കാണ്.” അമിതിന്‍റെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.

അപ്‌സരസ്സു പോലും… അസുര സ്‌ത്രീയാണിവൾ. ഇവളുടെ തനി രൂപമെന്തെന്നു കാട്ടിക്കൊടുക്കാൻ ഒരൊറ്റ നിമിഷം മതി എനിക്ക്. സുപ്രിയയെക്കുറിച്ച് ഓർത്തപ്പോൾ വെറുപ്പ് ഒരു നേർത്ത കാറ്റായി മനസ്സിലേക്ക് പാഞ്ഞെത്തി.

“അമിത്, എന്താ വൈഫ് നമുക്കൊപ്പം ഭക്ഷണം കഴിക്കുന്നില്ലേ?”

അമിത് വിളിക്കുന്നതിനു മുമ്പ് തന്നെ സുപ്രിയ ഡൈനിംഗ് ടേബിളിനരികിലെത്തി.

“അപ്പു ഉറങ്ങി, എനിക്കിന്ന് പതിവിലധികം വിശപ്പുണ്ട്” സുപ്രിയ നിരഞ്‌ജന് അഭിമുഖമായി കസേര വലിച്ചിട്ടിരുന്നു.

പ്രണയം ഒരു വിചിത്ര വികാരം തന്നെയാണ്. പ്രണയിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ താൻ മരിച്ചുപോവുമെന്ന് പ്രണയക്കുരുക്കിൽപ്പെടുന്ന ഏതൊരു പെൺകുട്ടിയും ചിന്തിച്ചു കളയും. എന്നാൽ വിവാഹശേഷം ഭർത്താവിന്‍റെ സ്‌നേഹത്തിലലിഞ്ഞ് ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ ബാലിശമെന്നു പറഞ്ഞ് ചിരിച്ചു തളളാനും മടിക്കില്ല.

“നീയെന്താ ആലോചിക്കുന്നത്.? ഭക്ഷണം കഴിക്ക്” അമിത്തിന്‍റെ സ്വരം.

“ഏയ്, ഒന്നുമില്ല.” അസ്വസ്‌ഥത പുറത്തുകാട്ടാതെ നിരഞ്‌ജൻ പറഞ്ഞു.

“ഭക്ഷണം ഇഷ്‌ടമായില്ലെന്നുണ്ടോ?” സുപ്രിയ ആകാംക്ഷയോടെ ചോദിച്ചു.

“ഏയ്… അതൊന്നുമല്ല. ഭക്ഷണം നല്ല ടേസ്‌റ്റിയാണ്” നിരഞ്‌ജൻ മുഖമുയർത്താതെ പറഞ്ഞു.

“ഭക്ഷണമുണ്ടാക്കുന്ന കാര്യത്തിൽ പ്രിയ ഉസ്‌താദാണ്.” അമിതിന്‍റെ മറുപടി കേട്ട് സുപ്രിയ പൊട്ടിച്ചിരിച്ചു.

“നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ ചായയുണ്ടാക്കി കൊണ്ടു വരാം.” സുപ്രിയ എഴുന്നേറ്റു. അധികം വൈകാതെ സുപ്രിയ ട്രേയുമായി മടങ്ങിയെത്തി.

“അമീ, നിരഞ്‌ജൻ ഇന്നു വൈകിട്ടു തന്നെ പോകുമെന്നല്ലേ പറഞ്ഞത്. കുറഞ്ഞത് ഒരു ദിവസമെങ്കിലും താമസിച്ചിട്ടു പോയാൽ മതി എന്ന് പറയരുതായിരുന്നോ?”

സുപ്രിയ പറഞ്ഞതുകേട്ട് നിരഞ്‌ജൻ ശരിക്കും ഞെട്ടി. തന്നെ ഒഴിവാക്കാനുളള വഴികളാവും സുപ്രിയ ചിന്തിക്കുന്നതെന്നാണല്ലോ താൻ ഇതുവരെ കരുതിയത്. പക്ഷേ ഇതിപ്പോ?

“ഇവനിന്നു വൈകിട്ട് മടങ്ങാനോ? അതിനു ഞാനിവനെ വിട്ടിട്ടു വേണ്ടേ. ഇന്നൊരു ദിവസമെങ്കിലും ഇവിടെ നിന്നിട്ടു പോയാൽ മതി.” അമിത്

ഉത്സാഹത്തോടെ നിരഞ്‌ജന്‍റെ പുറത്തൊന്നു തട്ടി.

സുപ്രിയയോട് പ്രതികാരം ചെയ്യാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിച്ചെന്നു വരില്ല. നിരഞ്‌ജൻ മറുത്തൊന്നും പറഞ്ഞില്ല. ചായ സത്ക്കാരത്തിനു ശേഷം അമിത് നിരഞ്‌ജനെ വിശ്രമിക്കാനുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. വൃത്തിയുള്ള വലിയമുറി. ഏ.സിയുടെ തണുപ്പ്… വല്ലാത്ത യാത്രാക്ഷീണം. നിരഞ്‌ജൻ മെത്തയിൽ കണ്ണടച്ച് നിവർന്നു കിടന്നു. ഓർമ്മകൾ ഒഴുകി വന്നു.

അയൽപക്കത്ത് പുതിയ താമസക്കാരെത്തിയിട്ടുണ്ട്. സുപ്രിയയും പാരന്‍റ്സും. അധികം താമസിയാതെ നീലിമയും സുപ്രിയയും ഉറ്റ സുഹൃത്തുക്കളായി മാറി. നീലിമയെ തിരക്കി പലപ്പോഴും സുപ്രിയ വീട്ടിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പലപ്പോഴായി സുപ്രിയയെ കാണാനും സംസാരിക്കാനും നിരഞ്‌ജന് അവസരം ലഭിച്ചു.

തന്‍റെ സംസാരം സുപ്രിയയ്‌ക്ക് ഇഷ്‌ടമാവുന്നുണ്ടെന്ന് നിരഞ്‌ജനു തോന്നി. തുടർച്ചയായുള്ള കൂടിക്കാഴ്‌ചകൾ… നിരഞ്‌ജന്‍റെ മനസ്സിൽ പ്രണയം പൂവിട്ടു. പക്ഷേ അതു തുറന്നു പറയാനുള്ള ധൈര്യം നിരഞ്‌ജനില്ലായിരുന്നു.

നീലിമയുടെ ഏട്ടൻ, രക്ഷിതാക്കളുടെ പ്രിയ പുത്രനുമായിരുന്നു നിരഞ്‌ജൻ. എം.ബി.എ പഠനത്തിനു ശേഷം നിരഞ്‌ജൻ ബിസിനസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി. നിരഞ്‌ജന്‍റെ താത്പര്യം കണക്കിലെടുത്ത് അമ്മ സുപ്രിയയുടെ ജാതകം വാങ്ങിച്ചു.

പക്ഷേ പൊരുത്തമില്ലെന്നു കണ്ടതോടെ ഇരുവീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതറിഞ്ഞ നിരഞ്‌ജന്‍റെ മനസ്സും ശരീരവും പൊളളലേറ്റതുപോലെ പിടഞ്ഞു. ജാതകച്ചേർച്ച… ഒക്കെ അന്ധവിശ്വാസമാണ്. സുപ്രിയയ്‌ക്കൊപ്പമല്ലാത്ത ഒരു ജീവിതം തനിക്ക് ആലോചിക്കാനേ സാധിക്കുന്നില്ല.

സത്യാവസ്‌ഥയെന്തെന്നറിയാൻ നിരഞ്‌ജൻ നീലുവിനെ സുപ്രിയയുടെ വീട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചു. പ്രണയം… വിവാഹം ഇതേക്കുറിച്ചൊന്നും നിരഞ്‌ജൻ സുപ്രിയയോടു ഒരിക്കൽ പോലും സംസാരിച്ചിരുന്നില്ല. പക്ഷേ സുപ്രിയ മനസ്സുവച്ചിരുന്നെങ്കിൽ താനുമായുള്ള രജിസ്‌റ്റർ വിവാഹം നടക്കുമായിരുന്നു…

എന്നാൽ വീട്ടുകാരെ എതിർത്ത് ഒരു വിവാഹം സുപ്രിയയ്‌ക്കും താല്‌പര്യമില്ലായിരുന്നു. സുപ്രിയയുടെ ഈ പ്രതികരണമാണ് നിരഞ്‌ജനെ തളർത്തിയത്.

“നിരഞ്‌ജന്‍റെ വികാരങ്ങളെ ഞാൻ മാനിക്കുന്നുണ്ട്. നിരഞ്‌ജനെ എനിക്ക് ഇഷ്‌ടവുമാണ്. എന്നാൽ വിവാഹം അച്‌ഛനമ്മമാരുടെ അനുവാദത്തോടെ മാത്രമായിരിക്കും…”

അപ്പോൾ തന്നോടു തമാശ പറഞ്ഞതും അടുത്തിടപഴകിയതും സ്‌നേഹം കാണിച്ചതുമൊക്കെ വെറും പ്രഹസനം മാത്രമായിരുന്നോ? നിരഞ്‌ജന്‍റെ സ്വസ്‌ഥത നഷ്‌ടപ്പെട്ടു. സുപ്രിയ തന്നെ വഞ്ചിക്കുകയായിരുന്നില്ലേ? അതോടെ നീലിമയ്‌ക്കും സുപ്രിയയ്‌ക്കുമിടയിൽ സൗഹൃദം നേർത്തു വന്നു.

സുപ്രിയയിൽ നിന്നകലുന്നതിൽ നിരഞ്‌ജനു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. അധികം താമസിയാതെ നിരഞ്‌ജൻ ഇംഗ്ലണ്ടിലേയ്‌ക്ക് വിമാനം കയറി. നഷ്‌ട പ്രണയത്തിന്‍റെ ഈ നോവ് ഇന്നും അയാളുടെ മനസ്സിനെ വല്ലാതെ ഗ്രസിക്കുന്നുണ്ട്. പഴയതോരോന്നും ആലോചിച്ച് എപ്പോഴാണ് ഉറക്കത്തിലേയ്‌ക്ക് വഴുതി വീണതെന്ന് നിരഞ്‌ജൻ പോലുമറിഞ്ഞില്ല.

ഉണർന്ന് ഫ്രഷ് ആയതോടെ മനസ്സിനെ പിടിമുറുക്കിയ ക്ഷീണമൊക്കെ വിട്ടകന്നു. നിരഞ്‌ജൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. സുപ്രിയ ചായ തയ്യാറാക്കി മേശപ്പുറത്തു വച്ചിരുന്നു. ഓരോ തവണയും സുപ്രിയയെ കാണുമ്പോഴും പഴയതൊക്കെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നു…

“അമിത്…?”

“എന്തോ പർച്ചെസ് ചെയ്യാൻ പോയിരിക്കുകയാ, ഇപ്പോ എത്തും”

“എന്താ, എനിക്കൊപ്പം ചായ കുടിക്കുന്നില്ലേ? നിരഞ്‌ജന്‍റെ അസ്വസ്‌ഥ മനസ്സ് സുപ്രിയയിലേക്ക് വീണ്ടും അടുക്കാൻ ശ്രമിച്ചു.

“നിരഞ്‌ജൻ ചായ കുടിക്കൂ… എനിക്ക് അടുക്കളയിൽ സ്വല്‌പം ജോലിത്തിരക്കുണ്ട്.” സുപ്രിയ അടുക്കള ലക്ഷ്യമാക്കി നടന്നു.

വിശ്വാസ വഞ്ചന കാട്ടിയതല്ലേ എന്നെ അഭിമുഖീകരിക്കാൻ വിഷമം കാണും. പക്ഷേ ഞാനത്ര വിഡ്‌ഢിയല്ല സുപ്രിയ, അതു താമസം കൂടാതെതന്നെ ഞാൻ മനസ്സിലാക്കി തരുന്നുണ്ട്. പ്രതികാരത്തിന്‍റെ ആളിക്കത്തുന്ന മനസ്സുമായി നിരഞ്‌ജനും അങ്ങോട്ടു നടന്നു. വാതിലിൽ ചാരി നിന്ന് നിരഞ്‌ജൻ ഒരു നിമിഷം സുപ്രിയയെ തന്നെ ഉറ്റുനോക്കി.

“എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത്?” ജോലിയിൽ വ്യാപൃതയായിരുന്നെങ്കിലും സുപ്രിയയുടെ ശ്രദ്ധ മുഴുവനും നിരഞ്‌ജനിലായിരുന്നു.

“സനേഹിക്കുന്നത് ഒരാളെ… വിവാഹം കഴിക്കുന്നതു മറ്റൊരാളെ… നിന്നെപ്പോലുളള പെൺകുട്ടികൾക്ക് പ്രണയം വെറുമൊരു ഹോബി മാത്രമാണ്. നിനക്കെങ്ങനെ ഇത്ര ഭംഗിയായി അഭിനയിക്കാൻ സാധിക്കുന്നു.”

“ഇതൊക്കെ എന്നോടു പറയുന്നതെന്തിനാ?” സുപ്രിയ തിരിഞ്ഞു നോക്കാതെ ചോദിച്ചു.

“എല്ലാം അറിഞ്ഞിട്ടും എന്നെ മണ്ടനാക്കാനുളള ശ്രമമാണോ?”

നിരഞ്‌ജന്‍റെ ദൃഢശബ്‌ദം കേട്ട് സുപ്രിയ ശരിക്കും ഞെട്ടി.

“ഞാൻ നിങ്ങളെ വിഡ്‌ഢിയാക്കിയെന്നു പറഞ്ഞല്ലോ. നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണിത്. ഞാൻ നിങ്ങളോട് അല്‌പം സൗഹൃദത്തിൽ പെരുമാറിയിട്ടുണ്ട്. അതെന്‍റെ തെറ്റ്. പക്ഷേ ഇതിനൊക്കെ സ്‌നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും നിർവചനം നൽകിയത് ശരിയായില്ല. നിങ്ങൾക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്. നിങ്ങളുമായുള്ള വിവാഹാലോചന മുടങ്ങിയതിൽ പിന്നെ ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.”

“നുണ, ശുദ്ധ നുണ. നിനക്കെന്നെ ഇഷ്‌ടമാണെന്ന് ആദ്യം നീ നീലുവിനോട് പറഞ്ഞതോ? നിനക്ക് ആ ഇഷ്‌ടം നിന്‍റെ വീട്ടുകാരെക്കൂടി അറിയിക്കാമായിരുന്നു. നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലെന്നു മനസ്സിലാക്കിയ നീ എന്നെ തഴഞ്ഞു. അമിതുമായുളള നിന്‍റെ വിവാഹം വരെ, നിനക്ക് പലരുമായും ഇതു പോലെ…”

“നിരഞ്‌ജൻ” സുപ്രിയ ആക്രോശിച്ചു. പ്രായമെത്തുമ്പോൾ പെൺകുട്ടികൾക്ക് വിവാഹാലോചനകൾ വരും. നിങ്ങളുടെ വീട്ടുകാർ കൊണ്ടു വന്ന ഈ പ്രൊപ്പോസലും അത്തരത്തിൽ ഒന്നു മാത്രമായിരുന്നു. എനിക്ക് നിങ്ങളെ നേരത്തെ അറിയാം എന്ന ഒരൊറ്റ വ്യത്യാസം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ.”

“പിന്നെ നീലുവിനോട് ഞാൻ പറഞ്ഞത്. നീലു എന്നോട് നിരഞ്‌ജനെക്കുറിച്ച് ഒരു അഭിപ്രായം ചോദിച്ചു. നിരഞ്‌ജൻ സ്‌മാർട്ടാണെന്നും നല്ല സ്വഭാവമാണ് നിരഞ്‌ജന്‍റേതെന്നും ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതു തെറ്റൊന്നുമല്ലല്ലോ. നല്ലതെന്നു പറയിക്കാൻ വേണ്ട സകല ഗുണങ്ങളും നിരഞ്‌ജനിലുണ്ടായിരുന്നല്ലോ. പക്ഷേ എന്‍റെ പാരന്‍റ്സിന് ഇഷ്‌ടമല്ലെന്നറിഞ്ഞതു മുതൽ ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു പോലും നിർത്തി. അല്ല… അച്‌ഛനമ്മമാരെ അവഗണിച്ച് ഞാൻ നിങ്ങളോടൊപ്പം ഇറങ്ങി വന്നിരുന്നെങ്കിൽ… ഒളിച്ചോട്ടക്കാരി എന്ന ചീത്തപ്പേര് കേൾക്കേണ്ടി വരുമായിരുന്നില്ലേ? ഇങ്ങനെ സ്‌നേഹവും ആദരവും ലഭിക്കാത്ത പ്രണയം കൊണ്ടെന്തു നേട്ടം…?”

“ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളെ ഇഷ്‌ടവുമായിരുന്നു. പക്ഷേ അതിനർത്ഥം ഞാൻ നിങ്ങളെ പ്രണയിച്ചിരുന്നുവെന്നാക്കി മാറ്റരുത്. നിങ്ങൾ എന്നെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നു. അതുകൊണ്ടാണ് എന്‍റെ വിവാഹം വിശ്വാസവഞ്ചനയായി നിങ്ങൾക്ക് തോന്നുന്നത്. വീട്ടുകാരുടെ താല്‌പര്യം കാരണം അമിതുമായുളള എന്‍റെ വിവാഹം നടന്നു. ഇന്ന് അമിതിന്‍റെ സ്‌നേഹം കെയർ… അതിനപ്പുറം ഞാൻ മറ്റൊന്നും ആലോചിക്കാറില്ല, ആഗ്രഹിക്കുന്നുമില്ല.”

സുപ്രിയയുടെ വാക്കുകൾ നിറയെ അമിതിനോടുള്ള പ്രണയം മാത്രമായിരുന്നു. എന്തൊക്കെ മണ്ടത്തരമാണ് താനിതുവരെ ചിന്തിച്ചു കൂട്ടിയത്. ജീവിതത്തിന്‍റെ നീണ്ട നാളുകൾ വ്യർത്ഥമാക്കുകയായിരുന്നല്ലോ? താൻ മാത്രമാണ് സുപ്രിയയെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നതെന്നറിഞ്ഞ നിരഞ്‌ജൻ ശരിക്കും തളർന്നു പോയി. മനസ്സിന്‍റെ വേദനകൾക്ക് മരുന്ന് കുറിക്കാൻ ഒരു ഡോക്‌ടർക്കാവില്ലല്ലോ…

“നിരഞ്‌ജൻ… എന്തുപറ്റി? എന്താണ് ആലോചിക്കുന്നത്” അടുക്കളയിലെ ചൂടും വിയർപ്പും സുപ്രിയയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

“ഇവൾ… നീലുവിന്‍റെ കൂട്ടുകാരി… തന്‍റെ കാമുകി… സുപ്രിയ… നീ എന്‍റേതായിരുന്നെങ്കിൽ… നീയും എന്നെ ആത്മാർത്ഥമായി സ്‌നേഹിച്ചിരുന്നെങ്കിൽ…” പിടിവിട്ടു പോകുന്ന മനസ്സിനെ നിരഞ്‌ജൻ തന്നെ പിടിച്ചുകെട്ടി.

“ഛെ! ഞാനെന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്. സുപ്രിയ ഇന്ന് എന്‍റെ സുഹൃത്തിന്‍റെ ഭാര്യയാണ്.” നിരഞ്‌ജന് കുറ്റബോധവും തന്നോടു തന്നെ പുച്‌ഛവും തോന്നി. നിഞ്‌ജന്‍റെ മുഖത്ത് വികാരങ്ങളുടെ വേലിയേറ്റം പ്രകടമായിരുന്നു.

സുപ്രിയയും അതു വായിച്ചെടുത്തു. “ഇവിടെ നല്ല ചൂടുണ്ട്. നിരഞ്‌ജൻ ഡ്രോയിംഗ് റൂമിലിരുന്നോളൂ… ഞാനിപ്പോ വരാം.”

ഒന്നും പറയാതെ നിരഞ്‌ജൻ ഡ്രോയിംഗ് റൂമിലേയ്‌ക്കു നടന്നു.അപ്പു കളികളിൽ വ്യാപൃതനായിരുന്നു.

അടുക്കളയിലെ ജോലികളൊതുക്കി സുപ്രിയയും ഡ്രോയിംഗ് റൂമിലെത്തി. അല്പ സമയം അവർക്കിടയിൽ നിശ്ശബ്‌ദത തളംകെട്ടി നിന്നു.

“എനിക്ക് സുപ്രിയയെ നേരത്തെ അറിയാം. ഞാൻ സുപ്രിയയെ പ്രൊപ്പോസ് ചെയ്‌തിട്ടുണ്ട് എന്ന് അമിതിനോട് പറഞ്ഞാൽ…” നിരഞ്‌ജൻ സുപ്രിയയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.

ഒരു നിമിഷം സുപ്രിയയുടെ കണ്ണുകളിൽ ഇരുട്ടുനിറഞ്ഞു. സംശയത്തിന്‍റെ മുൾമുന തുളഞ്ഞു കയറുന്നതുപോലെ തോന്നി. “പുരുഷന്മാർ വിചിത്ര സ്വഭാവക്കാരാണ്. നല്ല മനസ്സാണെങ്കിൽ ദേവദൂതരെപ്പോലെ സഹായിക്കും. മോശം മനസ്സാണെങ്കിലോ ചെകുത്താനേക്കാൾ ക്രൂരന്മാരുമാകും. എന്തു ചെയ്യണമെന്നു നിരഞ്‌ജൻ തന്നെ തീരുമാനിച്ചോളൂ… എന്‍റെ സമാധാനം നിറഞ്ഞ ഈ ജീവിതം തകർത്ത് അമിതിനു മുന്നിൽ എന്നെ അപമാനിച്ച് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കിൽ അങ്ങനെയാവാം…”സുപ്രിയയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സുപ്രിയ പറഞ്ഞതാണ് ശരി. വിവേകപൂർവ്വം ആലോചിച്ചാൽ… അതെ, അതു തന്നെയാണ് ശരി. പക്ഷേ ഹൃദയവും വികാരങ്ങളും ഇതൊട്ടും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ? വിവേകത്തിനു വികാരങ്ങളെ കീഴ്‌പ്പെടുത്താനാവുമോ?

സുപ്രിയയുടെ മറുപടികേട്ട് നിരഞ്‌ജൻ പ്രജ്‌ഞയറ്റപോലെയിരുന്നു. തന്‍റെ ചിന്തകൾ എത്ര സങ്കുചിതമാണ്. നിരഞ്‌ജനു കുറ്റബോധം തോന്നി.

“ഐ ആം സോറി സുപ്രിയാ, എന്‍റെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുളള തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നോടു ക്ഷമിക്കണം” നിരഞ്‌ജൻ ധൈര്യം സംഭരിച്ചു പറഞ്ഞു.

അപ്പോഴേക്കും ചെറിയൊരു ഷോപ്പിംഗൊക്കെ കഴിഞ്ഞ് അമിതും മടങ്ങിയെത്തി. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നിരഞ്‌ജനും അമിതും പഴയ വിശേഷങ്ങൾ പങ്കുവച്ചു. സുപ്രിയ ജോലിയിൽ വ്യാപൃതയായി.

നിരഞ്‌ജനു മടങ്ങാൻ നേരമായി. അമിത് കാർ പാർക്കിംഗ് ഏരിയ ലക്ഷ്യമാക്കി നടന്നു.

“ഇനിയെന്നു വരും.” സുപ്രിയ ചോദിച്ചു.

“ഒരു പക്ഷേ… ഒരിക്കലുമില്ല…”

“ഏ… അതെന്താ?”

“വീണ്ടും എന്‍റെ ഈ സാന്നിദ്ധ്യം… സുപ്രിയാ നിനക്ക് ഭയം തോന്നുന്നില്ലേ?”

“ഭയമോ എന്തിന്?”

“സുപ്രിയയുടെ സന്തോഷം നിറഞ്ഞ ഈ ജീവിതം ഞാൻ തകർക്കുമെന്ന പേടി തോന്നുന്നില്ലേ?”

“ഇല്ല, കാരണം നിരഞ്‌ജനതു സാധിക്കില്ല.”

“അത് ഇത്ര ഉറപ്പിച്ചെങ്ങനെ പറയാനാവും.”

“എനിക്കറിയാം നിരഞ്‌ജന്‍റെ മനസ്സ് ശുദ്ധമാണ്, നിങ്ങൾ നല്ലവനാണ്. മാത്രമല്ല അമിതിന്‍റെ ഉറ്റമിത്രമാണ്. നിരഞ്‌ജന് എപ്പോൾ വേണമെങ്കിലും ഈ വീട്ടിൽ വരാം” സുപ്രിയ ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു.

“സുപ്രിയ ശരിക്കും ഭാഗ്യവതിയാണ്. ഇന്നത്തെ പോലെ എന്നും സുഖവും സന്തോഷവും നിങ്ങളുടെ ജീവിതത്തിലുണ്ടാവട്ടെ…” നിരഞ്‌ജൻ പുഞ്ചിരിച്ചു.

“നിരഞ്‌ജനും ഒരു വിവാഹമൊക്കെ കഴിച്ച് പഴയതൊക്കെ മറന്ന് നല്ലൊരു ജീവിതം നയിക്കണം.” സുപ്രിയയുടെ കണ്ണുകളിൽ സന്തോഷം അലതല്ലി. വികാരങ്ങളുടെ വേലിയേറ്റം കഴിഞ്ഞിരിക്കുന്നു.

മനസ്സ് ശാന്തമായ ഒരു നദി കണക്കെ ഒഴുകുകയാണ്. പ്രണയഭാരമിറക്കി വച്ച് തൂവൽപോലെ പറക്കുകയാണ് മനസ്സ്… അതെ… ഇതാണ് യഥാർത്ഥ പ്രണയം… നിരഞ്‌ജന്‍റെ ചുണ്ടുകൾ ചലിച്ചു.

അശുദ്ധി

“എത്രയൊക്കെ പുരോഗമനം ആയി എന്ന് പറഞ്ഞാലും അശുദ്ധി ഇപ്പോഴും അശുദ്ധി തന്നെയാണ്. അതനുസരിച്ച് ജീവിക്കുക തന്നെ വേണം.” ഈ വാചകങ്ങൾ ഇപ്പോഴും അശരീരി പോലെ പലയിടങ്ങളിൽ മുഴങ്ങുന്നുണ്ട്. നമ്മളിൽ എത്തിച്ചേരുമ്പോഴേ എന്തും അതിന്‍റേതായ രീതിയിൽ നാം അനുഭവിക്കുന്നുള്ളൂ. ആർത്തവം എന്നത് ഒരു തെറ്റാണോ? അതോ അതിനെ എന്തിനാണ് ചിലർ ഭയക്കുന്നത്? ഓരോ ആർത്തവവും പുതിയൊരു ജീവന്‍റെ കരുതൽ ആയിരുന്നുവെന്ന് എന്നാണീ സമൂഹം മനസ്സിലാക്കുക?

കോരിച്ചൊരിയുന്ന മഴയത്ത് പിന്നാമ്പുറത്തെ ഉമ്മറത്ത് തണുപ്പടിച്ചു കിടക്കുന്ന ഒരുവളുടെ മനസ്സിൽ അങ്ങനെ ഒട്ടനവധി ചിന്തകളും ചോദ്യങ്ങളും വന്നു പോയിക്കൊണ്ടേയിരുന്നു. തറയിലെ തണുപ്പിന് മാത്രമേ അവളോട് അത്രമേൽ സ്നേഹവും അനുകമ്പയും തോന്നിയുള്ളൂ. അടിതൊട്ട് മുടി വരെ തണുപ്പ് അവളെ വാരിപ്പുണർന്നു.

വെളുപ്പാൻ കാലം തൊട്ട് സായാഹ്നം വരെ അവൾക്ക് കൂട്ടായി ഇടിയും മിന്നലും മഴയും തണുപ്പും ഒറ്റക്കെട്ടായി നിന്നു. അരയ്ക്ക് താഴോട്ട് വേദന അവളെ വലിഞ്ഞു മുറുക്കുമ്പോഴും തണുപ്പ് അവളെ കൂടുതൽ കൂടുതൽ നിശ്ചലയാക്കി കൊണ്ടിരുന്നു. കാലുകളിലെ മരവിപ്പ് ശരീരമാകെ പടർന്നു. ഒരു ദയയും ഇല്ലാതെ കർക്കിടകം അപ്പോഴും പെയ്തു കൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ അവളുടെ വിവരം അന്വേഷിക്കാൻ എത്തിയവരുടെ വക, “മഴയല്ലേ… അതാ കിടക്കാൻ പായ തരാത്തത്. മഴയത്ത് ഉണങ്ങണ്ടേ…”?

ശരിയാണ്, മഴയാണ് അശുദ്ധിയായി ഇരിക്കുമ്പോൾ ഉപയോഗിച്ചത് എല്ലാം കഴുകി ഉണക്കണമല്ലോ. പായ ഒക്കെ എങ്ങനെ ഉണങ്ങാനാണ്? അതും ഈ കോരിച്ചൊരിയുന്ന മഴയത്ത്.

അവർ പോയതിനു ശേഷം വീണ്ടും അവളും തണുപ്പും മാത്രം. എന്തോ തണുപ്പിന് അവളെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു കാണും. ആരൊക്കെ പോയാലും തണുപ്പ് മാത്രം അവളെ വിട്ടു പോവാതങ്ങനെ കൂട്ടു പിടിച്ച് കിടപ്പുണ്ട്.

മനസ്സാകെ അസ്വസ്ഥമാണ്. പലരോടും വെറുപ്പും ദേഷ്യവും പതിയെ പതിയെ മനസ്സിൽ വന്നു നിറയാൻ തുടങ്ങി. സത്യത്തിൽ ഏകാന്തതയെ പ്രണയിച്ചവരെയൊക്കെ സമ്മതിക്കണം. ചിലപ്പോൾ സാഹചര്യങ്ങൾ അവരെ അങ്ങനെ ആക്കിയതുമാകാം. അങ്ങനെ ഒരുപാടൊരുപാട് ചിന്തകൾ അവളുടെ മനസ്സിലൂടെ വന്നും പോയും കൊണ്ടിരുന്നു.

ഇനിയും ഒരാഴ്ചക്കാലം ഈ തറയിൽ തന്നെ കഴിച്ചു കൂട്ടണം എന്ന ചിന്തയാണ് ഏറെ മനസ്സമാധാനം കെടുത്തുന്നത്. പേരുകേട്ട വലിയ കൂട്ടുകുടുംബമാണത്രേ. വേദനയും ദേഷ്യവും അതിന്‍റെ ഉച്ഛസ്‌ഥായിൽ എത്തുമ്പോൾ മുഷ്ടി ചുരുട്ടി തറയിൽ ഇടിച്ച് അവൾ നിർവൃതിയടഞ്ഞു. അവളെ സംബന്ധിച്ചിടത്തോളം ആചാരങ്ങൾക്ക് നേരെയുള്ള പ്രഹരം കൂടിയായിരുന്നു അത്.

അവളെപ്പോലെ എത്രയെത്ര പെൺകുട്ടികൾ ഇപ്പോഴും ഇതിനപ്പുറം അനുഭവിക്കുന്നു.

സമൂഹം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും ഇത്തരം കാര്യങ്ങളിൽ മാത്രം എന്തേ ആവോ പുരോഗമനം തൊട്ടു തീണ്ടാത്തത്? മഴയുടെ ശക്തിയേറി വരുന്നു. മിന്നലുകൾ കൂടുതൽ പ്രകാശത്തോടെ വന്നു പതിക്കാൻ തുടങ്ങി. വെളിച്ചം പാടേ അന്തരീക്ഷത്തിൽ നിന്നും മാഞ്ഞുപോയി. ഇടിയും ആരാവാരം കൂട്ടി എത്തിത്തുടങ്ങി. വേദനയിലമർന്ന് ആ തറയിൽ കിടന്ന് അവൾ എപ്പോഴോ ഉറങ്ങി.

ഒരു ഓൺലൈൻ പ്രണയകഥ

വിവാഹക്കാര്യം എടുത്തിടുമ്പോഴെല്ലാം റീനയ്ക്ക് അവനെ ഓർമ്മ വരും. കൂട്ടുകാരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോഴും പഴയ ഓർമ്മകൾ അവളെ ഏതോ ലോകത്തേക്കു കൊണ്ടു പോകും. “23 വയസ്സാകുമ്പോൾ ജോലി കിട്ടും, ഒരു വർഷം കഴിഞ്ഞ് കല്യാണം.” അരുണിന്‍റെ ശബ്ദം, കാതിനു പിന്നിൽ ഓളങ്ങൾ ചാർത്തുമ്പോലെ.

ഇപ്പോൾ വയസ്സ് 30 ആയി. കഴിഞ്ഞ പത്ത് വർഷമായി അവനെ കണ്ടിട്ടു പോലുമില്ല. കോളേജു കാലഘട്ടത്തിൽ രസങ്ങൾ ആവോളമുണ്ടായിട്ടും, നശിച്ചു പോകുന്ന ചപല പ്രണയം ആയിരുന്നില്ല റീനയ്ക്ക് ആ ബന്ധം. എന്നിട്ടും ഒന്നു കാണാൻ പോലും കഴിഞ്ഞില്ല. ഇക്കാലമത്രയും അവനെ കാണാൻ കൊതിച്ച് ജീവിക്കുമ്പോഴും ബന്ധങ്ങൾ അങ്ങനെയൊക്കെയാണ് എന്ന ചിന്തയിൽ റീന ആശ്വാസം കണ്ടെത്തി. ഈ ലോകം ഉരുണ്ടതാണ്. എന്നെങ്കിലും കണ്ടുമുട്ടും. അവളുടെ ചിന്തകളിൽ അരുൺ ഒരു തപസു പോലെ നിറഞ്ഞു നിന്നു.

“അയാളില്ലാതെ എനിക്ക് പറ്റില്ല.”

കൂട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ റീന തമാശ പോലെ പറയും. നിറയുന്ന കണ്ണിനെ മറച്ചു പിടിച്ച് ചിരിയുടെ മേമ്പൊടി ചേർത്താണ് ആ പറച്ചിൽ.

“പിന്നേ, അനശ്വര പ്രണയം. തനിക്കു പറ്റുമെടോ, ഈ വർഷങ്ങളത്രയും ജീവിച്ചത് അവനില്ലാതെയല്ലേ…”

എന്തായാലും റീന മറ്റു പുരുഷന്മാരെ ശ്രദ്ധിക്കാൻ ആരംഭിച്ചത് തന്നെ കൂട്ടുകാരുടെ നിരന്തരമായ പ്രേരണയിലാണ്.

റീനയ്ക്ക് പക്ഷേ ഒരാണിനോടും ഒരാഴ്ചയിൽ കൂടുതൽ അടുപ്പം കാണിക്കാനായില്ല. “നിന്‍റെ റൊമാൻശ് ക്വാട്ട തീർന്നെന്നു തോന്നുന്നെടി…”

ഓരോരുത്തരേയും പരിചയപ്പെട്ടു പിൻവാങ്ങുമ്പോൾ റീന സ്വയം പരിഹസിച്ചു. പത്ത് വർഷം മുമ്പ് അവസാനമായി കണ്ട ആ ദിനത്തിൽ റീന അയാളുടെ കണ്ണുകളിലേക്ക് നോക്കിയത്. ഞാൻ തയ്യാറാണ്, നിന്‍റെ ഭാര്യയാകാൻ എന്ന് മന്ത്രിച്ചു കൊണ്ടായിരുന്നു. ഇനി കാമുകിയുടെ വേഷം വേണ്ട, സമൂഹം അംഗീകരിക്കുവാൻ ഭാര്യയുടെ റോൾ മതി എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അവൻ വിട്ടുപോയി.

“നീ എപ്പോഴും ഇങ്ങനെ വീട്ടിൽ അടച്ചിരുന്നാൽ ആരെങ്കിലും നിന്നെ കാണുന്നതെങ്ങനെ?” റീന വീട്ടിൽ വന്നാൽ സദാസമയം കമ്പ്യൂട്ടറിലും വായനയിലും മുഴുകുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് തോന്നിയ സംശയം. അത് അമ്മ അവളോട് ചോദിക്കാതിരുന്നില്ല. എങ്ങനെയും പെണ്ണിനെ കെട്ടിച്ചു വിടണം. അമ്മയുടെ കൂടെക്കൂടെയുള്ള പരിദേവനങ്ങൾക്ക് അച്‌ഛൻ നിശ്ശബ്ദത കൊണ്ടാണ് മറുപടി നൽകിയത്. അമ്മയുടെ മിഴികൾ നിറയുന്ന ദിവസം രണ്ട് പയ്യന്മാരുടെ ചിത്രമെങ്കിലും കൊണ്ടു വരും. പലപ്പോഴും അച്‌ഛന്‍റെ കൂട്ടുകാരുടെ മക്കളുടെ തന്നെ.

“നോക്ക്, ഈ പയ്യനെ നോക്ക്, വളരെ ഹാന്‍സം ആണ്. ഒരു കൺസൾട്ടൻസി സ്‌ഥാപനത്തിൽ ഹെഡ് ആണ്.” ഇങ്ങനെ ഓരോരോ ബയോഗ്രാഫികൾ… റീനയ്ക്ക് അതെല്ലാം കണ്ടും കേട്ടും ബോറടിച്ചു. വിലയേറിയ കാറുകൾ, ഡിസൈനർ സ്യൂട്ടുകൾ തുങ്ങി ഹൈ-ഫൈ ലൈഫ് സ്റ്റൈലിന്‍റെ സൂചകങ്ങളെ പോലും അവൾ വെറുത്തു തുടങ്ങി.

ശബളം കിട്ടുന്ന തുകയിൽ പാതിയും അനാഥർക്കു ചെലവഴിക്കാനാണ് റീനയ്ക്കിഷ്ടം. റോഡിലൂടെ അലഞ്ഞു തിരിയുന്ന നായകൾക്ക് ബിസ്ക്കറ്റ് വാങ്ങിയും അവളുടെ കീശയിൽ നിന്ന് വക മാറി ഒഴുകി.

അമ്മയുടെ നിർബന്ധവും സങ്കടവും കണ്ട് കണ്ട് മതിയായി. ഒരൊറ്റ പയ്യനെ പോലും നേരിട്ടു കാണാൻ തയ്യാറായില്ലെങ്കിൽ പിന്നെ എങ്ങനെ ആലോചനകൾ മുന്നോട്ടു പോകും?

“എന്‍റെ കല്യാണത്തിന്‍റെ അന്നാ ഞാൻ നിന്‍റെ അച്‌ഛനെ കണ്ടത്?” അവളുടെ അമ്മ അൽപം തമാശയായും പഴയകാലം പുറത്തെടുത്തു. “ഇപ്പോൾ നിനക്ക് എന്താ പ്രശ്നം? കാണണമെന്നു വച്ചാൽ എപ്പോൾ വേണമെങ്കിലും കാണാം. സംസാരിക്കാൻ ഫോണുണ്ട്. സെമി- അറേഞ്ച്ഡ് മാര്യേജുകളല്ലേ ഇന്നു മുഴുവൻ നടക്കുന്നത്.”

എന്തായാലും അവസാനം ഒരാളെ കാണാമെന്ന് റീന കഷ്ടപ്പെട്ട് സമ്മതിച്ചു കൊടുത്തു. പക്ഷേ അയാൾ വീട്ടിൽ വരേണ്ട. ചായ കൊടുക്കലും പലഹാരമൊരുക്കലും വേണ്ട. “മെട്രോ റെസ്റ്റോറന്‍റിലെ 15-ാം നമ്പർ ടേബിളിലുണ്ടാകും. അവിടെ കാണാം.” അവളുടെ ആവശ്യം അച്‌ഛനും അമ്മയും അംഗീകരിച്ചു.

അയാൾ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഇഷാൻ എന്നാണ് പേര്.

കൊള്ളാം. ജെന്‍റിൽമാൻ. ഇഷാനെ കണ്ട മാത്രയിൽ അവളുടെ നാവ് പറഞ്ഞു. അയാൾ അവൾക്കായി കസേര വലിച്ചിട്ടു കൊടുക്കുകയും ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ പറയുകയും ചെയ്തു.

പതിനഞ്ചു മിനിറ്റ് നീണ്ട സംസാരത്തിൽ ഇഷാനെക്കുറിച്ച് നല്ല അഭിപ്രായമാണ് റീനയ്ക്കുണ്ടായത്. പക്ഷേ എന്തോ കുറവുണ്ട്. അതെന്താണെന്ന് അവൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. സുന്ദരനാണ് അയാൾ. കണ്ണുകളിൽ സത്യസന്ധതയുടെ തിളക്കമുണ്ട്. എന്‍റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുണ്ട്.

അവൾ ആലോചിച്ചു. എന്നിട്ടും എന്താണയാളിൽ എന്തോ കുറവ് എന്നു തോന്നുന്നത്. ഒരു പക്ഷേ അയാളെ താൻ അരുണുമായി താരതമ്യപ്പെടുത്തുകയാവും. പത്ത് വർഷം കഴിഞ്ഞില്ലേ. എന്നിട്ടും നീയൊരു ഫൂൾ! റീന സ്വയം പരിഹസിച്ചു. ആ പരിഹാസം അമർത്തിയ ചിരിയായി അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു.

ഇഷാൻ ആ ചിരി കണ്ട് സന്തുഷ്ടനായി. “എന്താണ് തമാശ? ഞാനും കേൾക്കട്ടെ” ഇഷാൻ ചോദിച്ചപ്പോൾ റീന മറുപടി എന്ത് പറയണമെന്നറിയാതെ വീണ്ടും ചിരിച്ചു.

“ശരിക്കും നല്ല മനുഷ്യനാണ് ഇഷാൻ.” അവൾ അത് സ്വയം അംഗീകരിച്ചു. അടുത്തയാഴ്ച കാപ്പി കുടിയ്ക്കാൻ കാണാമെന്നും അപ്പോൾ മറുപടി പറയാമെന്നും പറഞ്ഞ് അവൾ എഴുന്നേറ്റു. പക്ഷേ റീനയ്ക്കറിയാമായിരുന്നു. അടുത്ത ആഴ്ച അങ്ങനെയൊരു കൂടിക്കാഴ്ചയും കാപ്പിക്കുടിയും സംഭവിക്കാൻ പോകുന്നില്ല എന്ന്.

“അപ്പോ, എങ്ങനെയുണ്ട്  കക്ഷി?” മുറിയിൽ കയറി വാതിൽ അടയ്ക്കാൻ തുടങ്ങും മുമ്പോ അച്‌ഛനും അമ്മയും എത്തി.

“ഗുഡ്…” അവൾ അത്ര വലിയ താൽപര്യമൊന്നും കാട്ടാതെ ഒരു മറുപടി നൽകണമല്ലോ എന്നതു കൊണ്ട് ഒരു വാക്ക് പ്രയോഗിച്ചു. എന്നിട്ട് ലാപ്ടോപ്പ് ബാഗിൽ നിന്നെടുത്ത് കട്ടിലിലേക്ക് വച്ച് കിടന്നു. അവളുടെ തൊട്ടടുത്ത് തന്നെ ഇരുന്ന അമ്മ അക്ഷമയോടെ അവളെ നോക്കി. മകൾക്ക് 28 വയസ്സു തികഞ്ഞല്ലോ എന്ന വേവലാതി രണ്ടു വർഷം മുമ്പ് ആവോളം ഉണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചോദ്യങ്ങൾ ചോദിക്കുന്നു അതാണ് പ്രശ്നം. എന്നാൽ മാസങ്ങൾ പിന്നിട്ട് വർഷങ്ങളായപ്പോൾ ആ നാണക്കേടൊന്നും അച്‌ഛനമ്മമാർക്ക് ഇല്ല. മകൾ സ്വയം ഒരു ഭർത്താവിനെ കണ്ടുപിടിക്കട്ടെ എന്നു മാത്രം അവർ പ്രാർത്ഥിച്ചു.

ഒരേ ഒരു മകൾ, തങ്ങളുടെ കാലം കഴിഞ്ഞാൽ ഇവളെന്തു ചെയ്യും? ആ ചിന്തയാണ് അവരെ വിഷമിപ്പിക്കുന്നത് എന്ന് റീനയ്ക്കറിയാം.

“സാമ്പത്തികമായി എനിക്കൊരു ബുദ്ധിമുട്ടുമില്ല. പിന്നെ എനിക്കാരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ.” റീനയുടെ പ്രഖ്യാപനങ്ങൾ അച്‌ഛന് എളുപ്പത്തിൽ ദഹിക്കുന്നതായിരുന്നില്ല.

മുപ്പത്തിരണ്ടു വയസ്സു വരെ അവളുടെ കസിന്‍ ജയയും ഇങ്ങനൊക്കെ പറയുമായിരുന്നു. പിന്നെ അവളും തോൽവി സമ്മതിച്ചു. നാൽപ്പത് വയസ്സു കഴിഞ്ഞ ഒരാളെ കല്യാണം കഴിച്ച് സെറ്റിൽ ചെയ്യേണ്ടി വന്നു. ഇക്കാര്യം അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. “എനിക്ക് വേണമെന്നു തോന്നുമ്പോൾ ഞാൻ പറയാം.” റീന ഈ മറുപടിയിൽ അമ്മയെ നിശ്ശബ്ദയാക്കും.

ഇഷാൻ ഒരാഴ്ച കഴിഞ്ഞു വിളിച്ചു. നടക്കാത്ത സ്വപ്നം എന്നു അവൾ കുറിച്ചത് ഇഷാനുണ്ടോ അറിയുന്നു. “സുഖമില്ല, പിന്നീടാകട്ടെ” റീന ഒഴിവായി.

“ശരി വേഗം സുഖമാകട്ടെ, എന്നിട്ട് കാണാം.” ഇഷാൻ പ്രതീക്ഷയിലാണെന്ന് റീനയ്ക്കു മനസ്സിലായി. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കപ്പുറം മുമ്പും വന്ന ആലോചനകൾ പുരോഗമിച്ചിരുന്നില്ല. ഓരോ പുരുഷനിലും എന്തോ ഒരു കുറവ് അവൾക്ക് ഫീൽ ചെയ്‌തു.

അരുണിനെ ഇനി കാണാൻ കഴിയുമെന്നോ, ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്നോ റീന പ്രതീക്ഷിച്ചില്ല. അതെല്ലാം സംഭവിച്ചിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വലിയൊരു കാലമാണത്. ഇതിനിടയിൽ എന്തെല്ലാം മാറ്റം സംഭവിക്കാം. ഹൈസ്ക്കൂൾ മുതലാണ് അരുണിനെ പരിചയപ്പെടുന്നത്, 13 വയസ്സു മുതൽ 20 വയസ്സു വരെ റീനയ്ക്ക് അരുൺ മാത്രമായിരുന്നു സുഹൃത്ത്. അവൻ മാത്രമായിരുന്നു പുരുഷൻ. പക്ഷേ പിന്നീട്… ഇനിയും അതൊക്കെ ആലോചിച്ചിരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇഷാനാണെങ്കിൽ മടുത്തു പിന്മാറായിരിക്കുന്നു.

അങ്ങനെയിരിക്കെയാണ് അച്‌ഛനമ്മമാർ മറ്റൊരാലോചന കൊണ്ടു വന്നത്. നേരിട്ടു കാണേണ്ട, ഓൺലൈനിൽ മതി എന്ന ആദ്യ നിബന്ധന തന്നെ അവൾക്ക് ഇഷ്ടമായി. എന്തായാലും പെണ്ണുകാണൽ വേഷം കെട്ട് വേണ്ടല്ലോ ഇന്‍റർനെറ്റിൽ സജീവമായ റീനയ്ക്ക് ഈ ഓപ്ഷൻ സ്വീകാര്യമായിരുന്നു. ഒരു ഓൺലൈൻ പെണ്ണുകാണൽ എന്ന മെയിൽ ഐഡിയിൽ ചാറ്റിംഗ് തുടങ്ങാൻ അതു കൊണ്ട് റീനയ്ക്ക് ഒട്ടും മടി തോന്നിയില്ല. നഗരത്തിലെ അലഞ്ഞു തിരിയുന്ന നായകൾക്ക് അഭയവും ഭക്ഷണവും നൽകുക എന്ന അവളുടെ ആഗ്രഹത്തെക്കുറിച്ചായിരുന്നു ആദ്യദിനത്തിലെ ചാറ്റിംഗ്.

തന്‍റെ വീട്ടിലെ നായ, വളർത്തു മൃഗമായിട്ടല്ല, അംഗത്തിനെപ്പോലെയാണ് എന്ന് സ്ക്രീനിലെ അക്ഷരങ്ങൾ വായിച്ചപ്പോൾ റീന പുളകം കൊണ്ടു. പിറ്റേന്ന് പുസ്തകങ്ങളെക്കുറിച്ചായിരുന്നു ചാറ്റിംഗ്. “വായനയിലും നമുക്ക് ഒരു ടേസ്റ്റാണല്ലോ.” റീന അങ്ങോട്ട് ചാറ്റ് ചെയ്തു. അവൾ പോകാറുള്ള ബുക്ക് ഷോപ്പുകളിൽ അയാളും സന്ദർശകനാണത്രേ.

റീന സന്തോഷത്തോടെ സ്ക്രീൻ ലോഗ് ഓഫ് ചെയ്‌തു. പിറ്റേന്ന് വൈകിട്ട് ചാറ്റാമെന്ന സന്ദേശത്തോടെ, എന്തായാലും വൈകിട്ടത്തെ ചാറ്റിംഗ് ഒഴിവാക്കേണ്ട എന്ന് തീരുമാനിച്ചപ്പോൾ റീനയ്ക്ക് സ്വയം ചിരിക്കാൻ തോന്നി. തനിക്കെന്താ അയാളെ ഇഷ്ടമായിത്തുടങ്ങിയോ? അന്നത്തെ ജോലിയ്ക്കിടയിൽ റീന കൂടെക്കൂടെ വാച്ച് നോക്കുന്നുണ്ടായിരുന്നു. സഹപ്രവർത്തക സുജയ്ക്ക് അദ്ഭുതം തോന്നാതിരുന്നില്ല. “നിനക്ക് എവിടെയെങ്കിലും പോകാനുണ്ടോ?”

“ഇല്ല, പക്ഷേ വൈകിട്ട് 7 ന് ഒരു ചാറ്റ് പറഞ്ഞിട്ടുണ്ട്.” അതുകേട്ടവരും ഒളിഞ്ഞു കേട്ടവരുമെല്ലാം അദ്ഭുതപ്പെട്ടു. റീനയ്ക്ക് ആരോടോ അടുപ്പം തോന്നിയിരിക്കുന്നു. അല്ലെങ്കിൽ ഇങ്ങനെ ചാറ്റിംഗിന് സമയം നോക്കിയിരിക്കുമോ?

വീട്ടിൽ എത്തി രാത്രി 7 ന്, കൃത്യമായി പറഞ്ഞാൽ ഏഴുമണി പതിനാല് നിമിഷങ്ങളിൽ അവർ ചാറ്റിംഗ് ആരംഭിച്ചു.

ഇപ്രാവശ്യം അവളുടെ കോളേജ് കാമ്പസിനെക്കുറിച്ചാണ് ചോദിച്ചത്. രണ്ടോ മൂന്നോ വട്ടം ഞാൻ പഠിച്ച കോളേജിൽ അയാൾ വന്നിട്ടുണ്ടത്രേ, ഇൻട്രസ്റ്റിംഗ്… ഞാനെന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു.” മറുഭാഗത്ത് നിന്ന് വന്ന അക്ഷരങ്ങൾ അവളെ തൃപ്തിപ്പെടുത്തി. റീനയുടെ ബ്ലോഗിനെക്കുറിച്ചായിരുന്നു അടുത്ത കമന്‍റ്. അയാൾ തന്‍റെ കവിതകൾ വായിച്ചുവെന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷവും ലജ്ജയും തോന്നി. മൃഗങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ വളരെ നന്നായിട്ടുണ്ട്. ഫേസ്ബുക്കിൽ ലൈക്ക് കൊടുത്ത് അയാൾ തുടർന്നു.

“യു റിയലി ലവ് ദെം…”

“യെസ്, ദെ ആർ മൈ ലൈഫ്…” അവൾ തിരിച്ചു മറുപട് കൊടുത്തു.

അടുത്ത ആഴ്ചയായപ്പോഴേക്കും അവരവരുടെ കുട്ടിക്കാലത്തേക്കുറിച്ചായിരുന്നു ചർച്ച. സ്വന്തം വീട്ടുകാര്യങ്ങളിലേക്ക് സ്വകാര്യതയിലേക്കോ ആരെയും ഇടപെടുവിക്കാൻ ഇഷടമില്ലാത്തയാളാണ് റീന.

“നിന്‍റെ കണ്ണിന്‍റെ നിറമെന്താണ്?” അയാൾ ചോദിച്ചപ്പോൾ താൻ ലജ്ജിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

“ഇളം ബ്രൗൺ” അരുണിന്‍റെ കണ്ണുകൾ അവൾക്ക് പെട്ടെന്ന് ഓർമ്മ വന്നു. തവിട്ടു നിറം പടർന്ന കറുത്ത കണ്ണുകൾ തന്‍റെ ദൗർബല്യം ആയിരുന്നല്ലോ. അരുണിന്‍റെ ഓർമ്മകൾ വീണ്ടും തന്നെ നുള്ളി വേദനിപ്പിക്കുമെന്ന് തോന്നിയപ്പോൾ റീന മനസ്സിനെ കണക്കറ്റ് ശാസിച്ചു. “ഇല്ല അയാളെക്കുറിച്ച് ഇനി ചിന്തിക്കില്ല.”

ഒരു മാസം കഴിഞ്ഞു പോയി. ചാറ്റിംഗും ഷെയറിംഗും സമ്പന്നമാക്കിയ ഓൺലൈൻ സൗഹൃദത്തിന്‍റെ രസത്തിൽ ദിവസങ്ങൾ കടന്നു പോയത് റീന അറിഞ്ഞില്ല. പതിവു പോലെ മെയിൽ തുറന്നപ്പോൾ മറുഭാഗത്ത് ഒരു ചോദ്യം മെയിൽ ബോക്സിൽ വന്നു ചിരിച്ചു.

“കാൻ വീ വീഡിയോ ചാറ്റ്?”

ആ ചോദ്യം അവളെ കോരിത്തരിപ്പിച്ചു.

മെയിൽ ബോക്സിനപ്പുറമുള്ള സുന്ദരമായ ഹൃദയം പേറുന്ന ശരീരവും മുഖവും കാണാൻ റീന കൊതിച്ചു തുടങ്ങിയിരുന്നു.

മുടിയിഴകൾ ഒതുക്കി, മുഖത്ത് പ്രസന്നത ആവോളം വരുത്തി അവൾ വെബ് കാം ഓൺ ചെയ്തു. ഫാനിന്‍റെ കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവൾ ഹെയർബാന്‍റു കൊണ്ട് കെട്ടി വയ്ക്കാൻ തുടങ്ങിയപ്പോൾ ആ ശബ്ദം ചെവിയിൽ മന്ത്രിച്ചു. “മുടി കെട്ടല്ലേ, അതങ്ങനെ പാറിപ്പറക്കുന്നതു കാണാൻ നല്ല രസമുണ്ട്.” ഒരു വിസ്ഫോടനം സംഭവിച്ചതു പോലെ അവൾ അമ്പരപ്പോടെ സ്ക്രീനിലേക്ക് നോക്കി. അവൾ അദ്ഭുതം എന്ന വാക്കിന്‍റെ അർത്ഥം ശരിക്കും അറിഞ്ഞു.

“ഓ…മൈ ഗോഡ്… ഇറ്റ്സ് യൂ…”

അരുണിന്‍റെ മുഖത്തിന് കുറച്ചുമാറ്റം വന്നിട്ടുണ്ട്. പക്ഷേ ആ കണ്ണുകൾ അങ്ങനെ തന്നെ. കൂടുതൽ സുന്ദരനായിരിക്കുന്നു. അരുണിന്‍റെ മുഖത്ത് അതിശയഭാവമില്ല. പകരം മുൻപെങ്ങും നോക്കാത്തത്ര പ്രണയാതുരതയോടെ അവൻ റീനയെ നോക്കി പുഞ്ചിരിച്ചു.

സാഗരസംഗമം ഭാഗം- 22

ഞാൻ എന്‍റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അരുൺ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാൻ ഓരോന്നു പറയുമ്പോഴും അവന്‍റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടൻ എന്നെ വിവാഹം ചെയ്യാൻ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോൾ അരുൺ ചോദിച്ചു.

“മാഡത്തിനപ്പോൾ കഠിനമായി എതിർക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തിൽ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാൻ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”

എന്‍റെ അച്‌ഛൻ അപ്പോൾ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുൺ. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മർദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.

സഹതാപാർദ്രമായ മുഖത്തോടെ അരുൺ അത് കേട്ടിരുന്നു. ഒടുവിൽ ആദ്യ രാത്രിയിൽ ഉറക്കഗുളിക കഴിച്ച് മരിക്കാൻ തയ്യാറായതും നരേട്ടൻ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു. എല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.

പ്രേമം മൂലം മറ്റൊരാളിൽ നിന്ന് എന്നെ കവർന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാൽ എന്‍റെ നരേട്ടൻ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതിൽ വേദനിച്ച അദ്ദേഹം ഫഹദ്സാറിനെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.

എന്നോടുള്ള അഭിനിവേശത്താൽ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടൻ. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയർപ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോൾ തോന്നിപ്പോകുന്നു.

എന്‍റെ കഥ കേട്ട് അരുൺ നിശബ്ദനായിരുന്നു. ആ കണ്ണുകൾ എന്നോടുള്ള സഹതാപത്താൽ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാൽ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുൺ എന്നെ നോക്കി പറഞ്ഞു.

“എ വണ്ടർ ഫുൾ, എക്ട്രാ ഓർഡിനറി ലൗ സ്റ്റോറി. സിനിമകളിൽപ്പോലും ഇത്തരം കഥകൾ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്‍റെ കഥ. ആ പ്രേമം നുകരാൻ ഭാഗ്യമുണ്ടായവളാണ് മാഡം… ഞാനിനി ചോദിക്കട്ടെ… മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകൻ ഇനിയും മാഡത്തിന്‍റെ മുമ്പിൽ വന്നു നിന്നാൽ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്‍റെ മുമ്പിൽ എത്തിയ്ക്കാം…”

അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണിൽ നിന്നും വാർന്നു വീണത്. ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

മാഡം ആലോചിച്ചു പറഞ്ഞാൽ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. അൽപം നിർത്തി അരുൺ തുടർന്നു.

“മാഡം ഇതുവരെ ആ അദ്ധ്യാപകന്‍റെ പേരു പറഞ്ഞില്ല…” ഞാൻ നിശബ്ദയായിരുന്നപ്പോൾ ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.

സാരമില്ല… അതു ഞാൻ കണ്ടെത്തിക്കോളാം…”

അപ്പോൾ അസ്തമയ സൂര്യൻ അങ്ങകലെ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്ര അവസാനിപ്പിച്ച് കുന്നിറങ്ങി താഴേയ്ക്കു നടന്നു തുടങ്ങിയ ഞങ്ങൾക്കൊപ്പം സൂര്യദേവനും താഴേയ്ക്ക് മെല്ലെ മെല്ലെ നിപതിച്ചു കൊണ്ടിരുന്നു. ഇരുട്ട് മഞ്ഞിന്‍റെ മൂടുപടമണിഞ്ഞ് ലജ്ജാവതിയായ യുവതിയെപ്പോലെ ഞങ്ങൾക്കു മുന്നേ നടന്നു തുടങ്ങി.

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. കൂടുതൽ ചോദിച്ച് എന്നെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്ന് കരുതിയോ, അതോ അവന്‍റെ ചോദ്യങ്ങൾക്കുത്തരം അവൻ തന്നെ കണ്ടെത്തിക്കോളാം എന്നു കരുതിയിട്ടോ അവൻ പിന്നീട് നിശബ്ദനായിരുന്നു. എങ്കിലും ഏതോ സംശയം അവന്‍റെ ഹൃദയത്തിൽ തങ്ങി നിൽപുണ്ടെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു.

ആ സംശയം എന്താണെന്ന് എനിക്കൂഹിച്ചെടുക്കാൻ കഴിഞ്ഞു. ചോദ്യാരംഭത്തിൽ തന്നെ അവൻ ചോദിക്കാൻ തുനിഞ്ഞത് എന്താണെന്ന് ഞാൻ ഊഹിച്ചിരുന്നു. അതുകൊണ്ടാണ് അൽപം സാഹിത്യരൂപത്തിൽ ഞാനതിന് ഉത്തരം നൽകിയത്. ഇനിയും അവന്‍റെ മനസ്സിലെ ചോദ്യം എന്‍റെ യൗവ്വനത്തിൽ തേൻ നുകരാനെത്തിയ ആ വണ്ട് ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നായിരിക്കും. മറ്റൊന്ന് ഞാനദ്ദേഹത്തെ ഇപ്പോഴും പ്രേമിക്കുന്നുണ്ടോ എന്നും. അതിനു രണ്ടിനും മറ്റൊരവസരത്തിൽ ഉത്തരം നൽകാമെന്നുറച്ച് ഞാൻ അരുണിനൊടൊപ്പം നിശബ്ദയായി കുന്നിറങ്ങി.

ഒടുവിൽ സമതലം പോലെ തോന്നിച്ച ഒരിടത്തെത്തി ഞങ്ങളുടെ യാത്ര അവസാനിച്ചു. അപ്പോൾ അവിടെ നിരന്നിരുന്ന നിരവധി കോട്ടേജുകളിലൊന്നിന്‍റെ മുന്നിൽ അരുണിന്‍റെ അമ്മ നിന്നിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ട് എന്നാൽ അല്പം ജിജ്ഞാസയോടെ ചോദിച്ചു.

“ഗുരുവും ശിഷ്യനും കൂടു വന്നയുടനെ എങ്ങോട്ടാണ് യാത്ര പോയത്? ഞാനിവിടെ കാത്തിരുന്നു മുഷിഞ്ഞു…” അല്പം വിളറിയ മുഖത്തോടെ അതിനുത്തരം നൽകിയത് അരുണാണ്. “മമ്മീ, ഇവിടെ എത്തിയപ്പോൾ മാഡം വല്ലാതെ അപ്സെറ്റാകുന്നതു പോലെ തോന്നി. അതാണ് അല്പം നടക്കാമെന്ന് ഞാൻ പറഞ്ഞത്. മാഡത്തിന് ഒരു റിലീഫ് കിട്ടിക്കോട്ടെ എന്നു കരുതി.

“ശരിയാണ് അരുണിന്‍റമ്മേ… അരുൺ എന്നെ മറ്റു ചില ഓർമ്മകളിലേയ്ക്ക് നയിച്ചു. ഒരു ഡൈവേർഷൻ… ഇപ്പോൾ എന്‍റെ മനസ്സ് ശാന്തമാണ്. ഇതെല്ലാം രാഹുലിന്‍റെയും പ്രത്യേകതകളായിരുന്നു. ഞാൻ ദുഃഖിച്ചിരിക്കുന്നതു കാണുമ്പോൾ അവൻ എന്നെ കൈപിടിച്ചു നടത്തും. എന്‍റെ ചിന്തകളെ മറ്റൊരു തലത്തിലേയ്ക്ക് നയിക്കും. അതോടെ എന്‍റെ ദുഃഖങ്ങൾ പറന്നകലും. ഇന്നിപ്പോൾ അരുൺ എനിക്ക് രാഹുലിനെപ്പോലെ തന്നെയായിരിക്കുന്നു.” പെട്ടെന്ന് എന്തോ ഓർത്ത് അരുൺ ചോദിച്ചു.

“മമ്മീ… മാഡത്തിന്‍റെ ലഗ്ഗേജ് കാറിൽ നിന്നും എടുത്തു വച്ചോ? അതോ അത് കാറിൽ തന്നെയിരിക്കുകയാണോ?”

രണ്ടു ദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളടങ്ങിയ ചെറിയ ഒരു സൂട്ട്കേസ് ഞാനും കരുതിയിരുന്നു. അരുൺ അതിനെപ്പറ്റിയാണ് ചോദിച്ചത്.

“ഓ… അതെപ്പോഴെ ഞാനെടുത്തു വച്ചു. നമ്മുടെ കോട്ടേജിലിരുപ്പുണ്ട്. മാഡം നമ്മുടെ കൂടെയല്ലേ താമസിക്കുന്നത്?” എന്തോ ഓർത്ത് അരുണിന്‍റെ അമ്മ അല്പം ആശങ്കയോടെ ചോദിച്ചു.

അതെ… മമ്മീ… ഈ അവസ്‌ഥയിൽ മാഡത്തെ ഒറ്റയ്ക്ക് താമസിപ്പിക്കണ്ട. മമ്മി മാഡത്തെ കൂട്ടി കോട്ടേജിനകത്തേയ്ക്ക് പൊയ്ക്കോളൂ. പിന്നെ അവൻ മമ്മിയുടെ അടുത്തെത്തി എന്തോ രഹസ്യം പറയുന്ന മട്ടിൽ പറഞ്ഞു.

“മമ്മീ എപ്പോഴും മാഡത്തിന്‍റെ കൂടെ കാണണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് മാഡത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചോളൂ. ഈ യാത്ര കഴിയുമ്പോൾ മാഡത്തിന്‍റെ മൂഡ് നമുക്ക് മാറ്റിയെടുക്കണം…” അതുകേട്ട് സമ്മതിക്കുന്നമട്ടിൽ അരുണിന്‍റെ മമ്മി തലകുലുക്കി. അല്പം അകലെയാണ് നിന്നിരുന്നതെങ്കിലും അവർ പറഞ്ഞതെന്തെന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. അരുണിന് എന്‍റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധയാണെന്ന് കരുതുകയും ചെയ്‌തു.

ദൈവം ഒന്നു നിഷേധിക്കുമ്പോൾ മറ്റൊന്ന് നമ്മുടെ നേർക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഈ ലോകത്തിൽ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുടേയും ജീവിതത്തിലുടനീളം നിലനിൽക്കുന്നില്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു കൈ കൊണ്ടു തല്ലുമ്പോൾ മറ്റൊരു കൈ കൊണ്ട് ദൈവം നമ്മെ തലോടുകയും ചെയ്യുന്നുണ്ട്. സ്നേഹധനനായ അച്‌ഛനെപ്പോലെ…

“വരൂ മാഡം പുറത്തു നിന്ന് തണുപ്പു കൊള്ളണ്ടാ. നമുക്ക് അകത്തു പോയിരിക്കാം.” ഞാൻ ചിന്തിച്ചു നിൽക്കുന്നതു കണ്ട് അരുണിന്‍റെ അമ്മ വന്ന് കൈപിടിച്ചു. അവരോടൊപ്പം നടക്കുമ്പോൾ മായയെപ്പോലെയോ മഞ്ജുവിനെപ്പോലെയോ ആണ് അവരെന്നു തോന്നി. ചെറുപ്പത്തിൽ അവർ എനിക്കു നൽകിയ സ്നേഹം ഇപ്പോഴിതാ ഇവരിലൂടെ എനിക്കു ലഭിക്കുന്നു. ഒരനുജത്തിയെപ്പോലെ അവർ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു.

കൂടെ നടക്കുമ്പോൾ കുറ്റബോധത്തോടെ ഞാനോർത്തു ഇതുവരെ അരുണിന്‍റെ അമ്മ എന്ന സംബോധനയല്ലാതെ ഞാനവരോട് പേരു ചോദിച്ചില്ലല്ലോ എന്ന്. പെട്ടെന്ന് ഔപചാരികത കലർത്തി ഞാൻ ചോദിച്ചു.

“ എക്സ്ക്യൂസ് മീ, അരുണിന്‍റെ അമ്മയുടെ ശരിയായ പേര് എന്താണെന്ന് ഇതുവരെ എന്നോടു പറഞ്ഞില്ല. അതറിഞ്ഞാൽ പേരു വിളിക്കാമായിരുന്നു. മാത്രമല്ല, നിങ്ങൾ രണ്ടുപേരും കുടുബാംഗത്തെപ്പോലെയാണ് എനിക്കിപ്പോൾ. അങ്ങനെയുള്ളപ്പോൾ പേരു വിളിയ്ക്കാതിരിക്കുന്നത് ശരിയല്ലല്ലോ…”

എന്‍റെ സംസാരം കേട്ട് നേർത്ത പുഞ്ചിരിയോടെ അരുണിന്‍റെ അമ്മ പറഞ്ഞു. എന്‍റെ പേര് അരുന്ധതി എന്നാണ്. മാഡം എന്നെ അങ്ങിനെ വിളിച്ചോളൂ. പെട്ടെന്ന് അല്പം കുസൃതി കലർത്തി ഞാൻ ചോദിച്ചു. “അപ്പോൾ അരുണിന് അമ്മയിൽ നിന്നാണോ ആ പേര് ലഭിച്ചത്.” അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെ… എന്‍റെ പേരിലെ ആദ്യാക്ഷരങ്ങളും അദ്ദേഹത്തിന്‍റെ ഗുർചരൺ സിംഗ് എന്ന പേരിലെ അന്ത്യാക്ഷരവും ചേർത്താണ് അരുണിന് ആ പേരിട്ടത്.”

“അരുൺ നല്ല പേര് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തന്നെ ഒരു മകൻ. അവന് ആ പേര് എന്തുകൊണ്ടും യോജിക്കും. അവന് ജന്മം നൽകിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ്…”

ഞാൻ എന്തോ ഓർത്ത് വേദനയോടെ പറഞ്ഞു. രാഹുലിന്‍റെ ഓർമ്മകളിലേയ്ക്ക് ഞാൻ വീണ്ടും വഴുതി വീഴുമോ എന്നു പേടിച്ച് അരുന്ധതി പറഞ്ഞു.

“അവനിപ്പോൾ മാഡത്തിന്‍റെയും മകനാണല്ലോ.”

“അതെ എന്‍റെ സ്വന്തം മകൻ. രാഹുലിനെപ്പോലെ അവൻ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു. ഞാൻ പ്രസവിക്കാത്ത എന്‍റെ സ്വന്തം മകനെപ്പോലെ.” മന്ത്രോച്ചാരണം പോലുള്ള എന്‍റെ ആത്മഗതം കേട്ട് അരുന്ധതി മെല്ലെ ചിരിച്ചു. ആ ചിരിയിൽ ഒരനുജത്തിയുടെ എല്ലാ സ്നേഹവായ്പും നിറഞ്ഞിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു. വിഷാദഛായ പരന്ന ആ മുഖത്തേയ്ക്കു നോക്കി ഞാൻ ചോദിച്ചു.

“എന്താ അരുന്ധതി? എന്തിനാ കരയുന്നത്? ”

“എനിക്കിതു പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. എന്നെക്കാൾ നാലു വയസ്സു മൂപ്പുണ്ടായിരുന്നു അവൾക്ക്. എന്നാൽ പത്തുമുപ്പത്തഞ്ചു വയസ്സുള്ളപ്പോൾ ക്യാൻസർ വന്നവർ മരിച്ചു പോയി.”

“ഓഹോ… അരുന്ധതിയ്ക്ക് അങ്ങനെയൊരു ചേച്ചി ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു? അരുന്ധതിയ്ക്കിപ്പോൾ ആരൊക്കെയാണുള്ളത്? ശരിയ്ക്കുള്ള നാടെവിടെയാണ്?”

അരുന്ധതിയെപ്പറ്റി കൂടുതലറിയാൻ ആകാംക്ഷ തോന്നി.

“എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട്. ഇപ്പോൾ അമേരിക്കയിലാണ്. അമ്മയുമച്ഛനും വയസ്സായി നാട്ടിൽ തന്നെയുണ്ട്. കോഴിക്കോട്.”

“ഓഹോ… അരുന്ധതി കോഴിക്കോട്ടുകാരിയാണല്ലോ?” അപ്പോൾ പിന്നെ ചരണുമായിട്ടെങ്ങനെയാ പരിചയപ്പെട്ടത്?

“അദ്ദേഹവും ഞാനും ഐആർഎസ് എടുത്തവരാണെന്ന് മാഡത്തിനറിയാമല്ലോ? ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചുള്ള പരിചയമാണ്. പിന്നീട് ജോലിയായപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുൺ ഉണ്ടായി. കുറച്ചുനാൾ അമ്മയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ പിന്നെ അമ്മ നാട്ടിലേയ്ക്കു പോയപ്പോൾ എനിക്ക് നോക്കേണ്ടി വന്നു. ചേച്ചി മരിച്ചപ്പോൾ ചേച്ചിയുടെ കുഞ്ഞുങ്ങളെക്കൂടി അമ്മയ്ക്കു പരിപാലിക്കേണ്ടി വന്നു. അങ്ങിനെ അരുണിനെ നോക്കാൻ ആരുമില്ലാതായപ്പോൾ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു.

“എന്നാലും ഇത്രനല്ല ഒരു ക്വാളിഫിക്കേഷനും ജോലിയും കളഞ്ഞത് അരുണിനു വേണ്ടിയാണെന്നോർത്ത് അരുന്ധതിയ്ക്ക് സമാധാനിക്കാമല്ലോ. അരുൺ അതുപോലെ നല്ലവനായി വളരുകയും ചെയ്‌തു. ഇപ്പോൾ നിങ്ങൾക്കവനെയോർത്ത് അഭിമാനിക്കാമല്ലോ…”

അതെ മാഡം… മറ്റെന്തിനെക്കാളും ഞങ്ങൾക്ക് വലുത് അരുണായിരുന്നു. അവന്‍റെ വളർച്ചയ്ക്കിടയിൽ ഒരു ന്യൂനതയും ഉണ്ടാകരുതെന്ന് ഞങ്ങളുറപ്പിച്ചിരുന്നു.

അതെ… അരുന്ധതി ഒരു അമ്മയെന്ന നിലയിൽ വിജയിച്ചിരിക്കുന്നു. അമ്മമാർക്ക് ഒരു മഹനീയ മാതൃകയാണവർയ തന്‍റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് ആ മകനും തിരിച്ചറിവുണ്ട്. അതാണല്ലോ മറ്റെന്തിനെക്കാളും തനിക്ക് പ്രിയപ്പെട്ടത് അമ്മയാണെന്ന് അരുൺ പറയാറുള്ളത്. രാഹുലും അങ്ങിനെയായിരുന്നു. പ്രത്യേകിച്ച് ഞാൻ കിഡ്നി നൽകിയ ശേഷം എന്നാൽ ഞാനെന്ന അമ്മയുടെ ത്യാഗത്തെ തിരിച്ചറിയാൻ ഈശ്വരനായില്ലല്ലോ. അതാണല്ലോ രാഹുലിനെ എനിക്കു നഷ്ടപ്പെടുത്തിയത്.

ഊണുമുറിയിൽ അരുൺ രണ്ടുപേർക്കുള്ള ആഹാരം വാങ്ങി വച്ചിരുന്നു. എന്നിട്ടവൻ പുറത്തേയ്ക്കു പോയി. അവൻ തിരികെ വരുന്നതു വരെ ഞങ്ങൾ അവനെ നോക്കിയിരുന്നു. അവൻ വാങ്ങി വച്ച ആഹാരം കൈകൊണ്ടുതൊടാതെ. അവനിപ്പോൾ ഞങ്ങൾ രണ്ടുപേർക്കും മകനാണല്ലോ. അപ്പോൾ അവനെ ഊട്ടാതെ ഞങ്ങൾക്കുണ്ണാനാവുകയില്ല. ഞങ്ങൾ കാത്തിരുന്നു. കണ്ണനെ കാത്തിരിക്കുന്ന ദേവകിയേയും, യശോധരയേയും പോലെ….

അല്പം കഴിഞ്ഞയുടനെ അരുൺ തിരികെയെത്തി. അവനല്പം അസ്വസ്ഥനാണെന്നു തോന്നി. എന്തോ ചിന്ത അവനെ അലട്ടുന്നതു പോലെ… “അരുൺ, നിനക്കെന്തു പറ്റി?” അരുന്ധതി അവനോടു ചോദിച്ചെങ്കിലും ഒരു ചെറിയ തലവേദന എന്നു പറഞ്ഞവനൊഴിഞ്ഞു മാറി.

അന്നു രാത്രിയിൽ അരുൺ വാങ്ങിക്കൊണ്ടു വന്ന ആഹാരം ഞങ്ങളൊരുമിച്ച് പങ്കിട്ട് കഴിച്ചു. റിസോർട്ടിലെ തണുപ്പധികമായിരുന്നതിനാൽ ഞങ്ങളെല്ലാം ഷാൾ പുതച്ചിരുന്നു. രാത്രിയിൽ ഞാൻ മുകൾ നിലയിലെ സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ, അങ്ങു ദൂരെ, മലനിരകൾ കോടമഞ്ഞിന്‍റെ ആവരണത്താൽ കരിമ്പടം പുതച്ച് ഉറങ്ങിക്കിടന്നു. അടുത്തുള്ള കോട്ടേജിൽ വിദ്യാർത്ഥികൾ മുറ്റത്തു നിന്ന് ഉറക്കെ ഒച്ചവയ്ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ടു.

(തുടരും)

രണ്ട് ചെറുകഥകൾ

ആഷ്നയുടെ വീട്

 

അപ്പൂപ്പൻപറമ്പ് എന്നൊരു ഗ്രാമത്തിലായിരുന്നു ആഷ്നയുടെ വീട് അവിടെയെല്ലാവരും കവികളാണത്രേ. വളർന്നുകൊണ്ടിരിക്കുന്ന കവികളും വളർച്ച നിലച്ചവരും!

അവൾ പറഞ്ഞ സ്റ്റോപ്പിൽ വണ്ടിയിറങ്ങി. നാലുപാടും നോക്കി. മനുഷ്യരോ, ആത്മാക്കളോ ആരുമേയില്ല.

ചെവിയോർത്തപ്പോൾ കുറച്ചകലെ നിന്ന് ഒരിരമ്പം! രണ്ടു വളവുകൾ തിരിഞ്ഞപ്പോൾ മുന്നിൽ ക്രിക്കറ്റ് പൂത്ത പാടങ്ങൾ!

ഈ ആഷ്നയുടെ വീടെവിടെയാ? ഞാൻ ചോദിച്ചു. (അതോ അലറുകയായിരുന്നോ?)

‘ഈ വഴി തന്നെ തെക്കോട്ട്, കാണാം വലിയൊരു കൈക്കോട്ട്; അതുക്കു മേലെ ലക്കോട്ട്! പിന്നെ ഇത്തിരി പടിഞ്ഞാട്ട്! ‘

ഒരുമിച്ചുണർന്നു എന്‍റെ വിശപ്പും ദാഹവും ദേഷ്യവും. ഭാവമാറ്റം കണ്ടിട്ടാവണം അടുത്തയാൾ ഇടപെട്ടു:

“മൂപ്പര് പറഞ്ഞ സ്ഥലം തന്നെ! അവിടെ മൂക്കുത്തിയണിഞ്ഞ ഒരു വീടൊണ്ട്. അവിടെയൊണ്ട് ആഷ്ന എന്ന് ആശാട്ടി”

പ്രാസമൊപ്പിച്ച് മറുപടി പറയാൻ നിൽക്കാതെ ഒറ്റയോട്ടമായിരുന്നു.

‘ആഷ്നേ, ഞാനിതാ വരുന്നേ!’ എന്നു നിലവിളിച്ചുകൊണ്ട്.

അവളെ കാണുമ്പോൾ, പ്രത്യഭിവാദ്യം പോലും ചെയ്യാതെ ‘എവിടെ ചിറകുകളുള്ള നിന്‍റെ തീൻമേശ?’ എന്നറിയാതെ ചോദിച്ചു പോകുമെന്ന് അപ്പോൾ നിനച്ചതേയില്ല!

 

ചിന്താവളപ്പ് ബസ്റ്റോപ്പിലെ പൂവ്

 

കുമാരൻ മാസ്റ്റർ റോഡിലെ മീഡിയനില് പാവാടോള് വിടർത്തി നിക്കണ

ജമന്തിപ്പൂക്കളീന്ന് തേങ്കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തിങ്കു ശലഭം റിങ്കൂനോടാ വെളിപ്പെടുത്തല് നടത്തീത്.

‘ചിന്താവളപ്പില് ഒരു പ്രത്യേക സൈസ് പൂവ് വിരിഞ്ഞുനിക്കണുണ്ടത്രേ!

കുടിക്കാൻ നല്ല രസാന്ന് എല്ലാവരും പറേണു. ഇദ് കഴിഞ്ഞങ്ങോട്ട് പോവാ!’

‘ചിന്താവളപ്പ്ല് വടെ?’

‘അവ്ടെ ബസ്റ്റോപ്പ്ല് ഇരിക്കണുണ്ട് ന്ന്!’

‘ബസ്റ്റോപ്പില് പൂവിരിക്ക്യേ?’

റിങ്കുവിന്‍റെ ചിറകടി ഒരു നിമിഷം നിലച്ചു.

‘വരണുണ്ടെങ്കില് വാ പൊട്ടികാളീ റിങ്ക്വോ!’

തേമ്പറ്റിയ ചിറി തൊടയ്ക്കാൻ കൂടി നിക്കാതെ തിങ്കു പറന്നുപൊങ്ങി.

സാഗരസംഗമം ഭാഗം- 21

അരുണിന്‍റെ സന്ദർഭോചിതമായ ഇടപെടലുകൾ എന്‍റെ ഹൃദയാന്തർ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി.

അന്ന് അരുണിന്‍റെ നിർബന്ധം മൂലം ഞങ്ങൾ വൈകുന്നേരത്തോടെ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു. അരുണിന്‍റെ ഏതാനും സുഹൃത്തുക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. റിസോർട്ടിലേയ്ക്കുള്ള വഴിയിലുട നീളം ഇളംകാറ്റ് മെല്ലെ വീശി എന്നെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ കാറ്റ് ഇങ്ങനെ മന്ത്രിക്കുന്നതു പോലെ തോന്നി.

“കരയരുത്… ഏകാന്തമായ നിന്‍റെ യാത്രയിൽ നിന്നെ വിട്ടു പോയ ആത്മാക്കൾ എന്നും നിനക്ക് കൂട്ടുണ്ടാകും. നിനക്ക് ശക്തി പകർന്നു കൊണ്ട് നിന്‍റെ നിഴലായി നിന്നോടു സഹവർത്തിച്ചു കൊണ്ട് ആ ആത്മാക്കളുടെ പുണ്യം നിന്‍റെ ഇനിയുള്ള ജീവിതത്തെ സഫലമാക്കും… ജീവസ്സുറ്റതാക്കും…”

ആ മന്ത്രണം കാതിൽ അലയടിച്ചതോടെ എന്‍റെ ദുഃഖം പാതിയും കെട്ടടങ്ങി. ജീവിതത്തിന്‍റെ നീണ്ട വഴിത്താരയിൽ ഞാൻ ഒറ്റയ്ക്കാണെന്ന ബോധം ഇല്ലാതെയായി. പകരം താങ്ങായി അനേകം കൈകളുണ്ടെന്ന അവബോധം എനിക്കു ശക്തി പകർന്നു.

കാറിലും ബൈക്കിലുമായി അനേകം ചെറുപ്പക്കാർ എന്നെ അനുഗമിക്കുന്നുണ്ട്. എന്‍റെ തന്നെ വിദ്യാർത്ഥിനീ… വിദ്യാർത്ഥികളാണവർ… അവർ എനിക്കു പകർന്നു നൽകുന്ന ആത്മധൈര്യം ചെറുതല്ല. മുന്നിലെ ഇരുളടഞ്ഞ വഴിത്താരയിലുടനീളം ഒരു ചെറു കൈത്തിരി നാളമായി അവർ എനിക്കു ശക്തി പകരുന്നു.

ഇനിയുള്ള ജീവിതയാത്രയിൽ അവർ നൽകുന്ന ശക്തിയാണ് എന്‍റെ ഊർജ്ജം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു കുതിയ്ക്കുവാനുള്ള പ്രേരണ ഇനിയും ചില മഹത്തായ ലക്ഷ്യങ്ങൾ എനിക്കു പ്രാവർത്തികമാക്കാനുണ്ട്.

രാഹുൽമോന്‍റെയും നരേട്ടന്‍റെയും പേരിൽ അവരുടെ സ്മരണാർത്ഥം ഓരോ ചാരിറ്റബിൾ ട്രസ്റ്റ് എനിക്കു തുടങ്ങണം. ട്രസ്റ്റിൽ നിന്നും പലിശയായി ലഭിക്കുന്ന തുക ഉപയോഗിച്ച് നരേട്ടന്‍റെയും രാഹുൽ മോന്‍റെയും പേരിൽ പഠനത്തിൽ ഏറ്റവും സമർത്ഥരായ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ്, പിന്നെ അവാർഡുകൾ… അങ്ങനെ പല പദ്ധതികളും മനസ്സിൽ രൂപം കൊണ്ടു. അതിനു വേണ്ടിയായിരിക്കണം ഇനിയുള്ള എന്‍റെ ശബളത്തിൽ ഭൂരിഭാഗവും, പിന്നെ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന പണവും വിനിയോഗിക്കേണ്ടത്…

മനസ്സ് പദ്ധതികൾക്കു പുറകേ പായുമ്പോൾ ഞങ്ങളുടെ കാർ റിസോർട്ടിനോടടുത്തു കൊണ്ടിരുന്നു. ആഹ്ലാദഭരിതരായ ഒരു കൂട്ടം ചെറുപ്പക്കാർ സ്വയം മറന്ന് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്നു. അവർക്കു പിമ്പേ മനസ്സിനെ മേയാൻ വിടുമ്പോൾ മനഃപൂർവ്വം ദുഃഖങ്ങളെ മറക്കുവാനുള്ള ഉപാധിയായി ഞാനതിനെ കണ്ടു.

റിസോർട്ടിലേയ്ക്കു കടക്കുന്ന വഴിയിലുടനീളം കാറ്റാടി മരങ്ങൾ വച്ചു പിടിപ്പിച്ചിരുന്നു. ചൂളം കുത്തുന്ന കാറ്റിന്‍റെ ഗതിയ്ക്കനുസരിച്ചുള്ള അതിന്‍റെ തലയാട്ടവും ചൂളം വിളിയും ഏതോ പരേതാത്മാക്കളുടെ സ്വാഗതമായി എനിക്കു തോന്നി. അതൊരു പക്ഷെ നരേട്ടനും രാഹുലുമായിരിക്കുമോ? അവർ തങ്ങളുടെ ആത്മഹർഷങ്ങൾ കാറ്റിലൂടെ അറിയിക്കുന്നതായിരിക്കുമോ? ഒരു പക്ഷെ ജീവിച്ചിരുന്നെങ്കിൽ? ഈ യാത്രയിൽ അവരും പങ്കെടുക്കുമായിരുന്നു.

ഹർഷോന്മദത്തിന്‍റെ ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് അങ്ങിനെ എത്രയെത്ര യാത്രകൾ ഞങ്ങൾ നടത്തിയിരിക്കുന്നു. ഇന്നിപ്പോൾ ജീവിതത്തിന്‍റെ ഈ വഴിത്താരയിൽ എന്നെ ഒറ്റയ്ക്കായ്ക്കി നടന്നകലേണ്ടി വന്നപ്പോൾ തങ്ങൾക്കുളവായ ഹൃദയ വേദന കാറ്റിലൂടെ പങ്കിടാനെത്തിയതായിരിക്കുമോ അവർ? നരേട്ടനും രാഹുലും അവർക്കൊരിയ്ക്കലും എന്നെ വേർപിരിഞ്ഞിരിക്കാനാവുകയില്ലെന്നറിയാം. കാറ്റിന്‍റെ ആ ചൂളം വിളി നരേട്ടനെപ്പോലെ തന്നോടിങ്ങനെ മന്ത്രിക്കുന്നതായി തോന്നി.

“മീര… നീയൊട്ടും വിഷമിക്കേണ്ട ഈ യാത്രയിൽ ഞാനുണ്ട് നിന്‍റെ കൂടെ…” അതുപോലെ രാഹുലിന്‍റെ ശബ്ദവും എനിക്കു കേൾക്കുമാറായി.

മമ്മീ… മമ്മി ഒട്ടും വിഷമിക്കേണ്ട. എന്‍റെ പിറന്നാൾ ദിനത്തിലെ ഈ യാത്രയിൽ ഞാനും നിങ്ങളോടൊപ്പമുണ്ട്. ജീവിച്ചിരുന്നപ്പോൾ ഞാനേറ്റവുമധികം ആനന്ദിച്ചിരുന്നത് ഈ യാത്രകളിലാണ്. എന്‍റെ അരുണിനോടൊപ്പം എന്‍റെ ഉറ്റ സുഹൃത്തുക്കളോടൊപ്പം അടിച്ചു പൊളിച്ചുള്ള ആ യാത്രകള്‍ എനിക്കു മറക്കാനാവുകയില്ല. മമ്മീ… എനിക്കു വേണ്ടി ഈ യാത്രകൾ മമ്മി ആഘോഷമാക്കണം… എല്ലാം മറന്ന് ആനന്ദിക്കണം.

രാഹുലിന്‍റെ വാക്കുകൾ കാറ്റിലൂടെ ഒഴുകിയെത്തി എന്‍റെ കർണ്ണപുടങ്ങളിൽ അലയടിച്ചു.

“മാഡം… റിസോർട്ടെത്തി… ഇറങ്ങുന്നില്ലെ?” അരുണിന്‍റെ വാക്കുകൾ എന്നെ തൊട്ടുണർത്തി. വേപഥുവോടെ ചുറ്റും നോക്കിയപ്പോൾ കണ്ടത് നിരവധി കോട്ടേജുകളാണ്. ഇവിടെ, ചുറ്റുമുള്ള കാറ്റിന്‍റെ ഗന്ധം എനിക്കു പരിചിതമാണ്. എത്രയോ തവണ നരേട്ടനോടും മക്കളോടുമൊപ്പം ഞാനിവിടെ വന്നിരിക്കുന്നു. എല്ലാം മറന്ന് ഉല്ലസിച്ച ആ നാളുകളൊന്നിൽ നരേട്ടൻ പറഞ്ഞു.

“ഇവിടത്തെ ഈ കാറ്റിന്‍റേയും കുളിരിന്‍റേയും ഗന്ധം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇവിടുത്തെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന സുഗന്ധം അതേതോ അപൂർവ്വമായ പുഷ്പത്തിന്‍റേതാണ്. നിന്‍റെ ശരീരത്തിന്‍റെ കർപ്പൂര ഗന്ധം പോലെ… അതെന്നെ ഏറെ ആകർഷിക്കുന്നു. പിന്നെ ഈ മഞ്ഞു പുതച്ച മലനിരകളും, ഇവിടെ തങ്ങി നിൽക്കുന്ന കുളിർമ്മയും ഏതോ അഭൗമ ലോകത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. വരൂ മീരാ, നമുക്ക് അല്പം നടന്ന് ഇവിടുത്തെ കാഴ്ചകൾ കാണാം. അദ്ദേഹവുമൊത്തുള്ള ആ പ്രഭാത സവാരികൾ ഇന്നും ഓർമ്മയെ കുളിരണിയിക്കുന്നു.

എന്‍റെ കൈപിടിച്ചുള്ള ആ പ്രഭാത സവാരിക്കിടയിൽ അദ്ദേഹം കവിതകൾ മൂളും. പിന്നെ മലനിരകൾ ഓടിക്കയറും. പക്ഷെ അല്പം പ്രായമായപ്പോൾ മലനിരകൾ ഓടിക്കയറാൻ അദ്ദേഹത്തിനു വയ്യാതെയായി. പിന്നെ കോടമഞ്ഞു വീണു കിടക്കുന്ന ആ മലനിരകളുടെ ചിത്രങ്ങൾ പകർത്തി അദ്ദേഹം ആനന്ദിക്കും. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.

രാഹുൽമോനും കൃഷ്ണമോളും കുട്ടികളായിരുന്നപ്പോൾ അവർക്കൊപ്പം ഓടിക്കയറാൻ ഞങ്ങൾ മത്സരിക്കുമായിരുന്നു. എന്നാൽ മുന്നിലെ വഴിത്താരയിൽ വീണു കിടക്കുന്ന കോടമഞ്ഞു മൂലം പരസ്പരം കാണാനാകാതെ പലപ്പോഴും ഞങ്ങൾ വിഷമിച്ചു. അപ്പോൾ അവർ മുകളിലെത്തി ഞങ്ങളെ വിളിക്കുമായിരുന്നു. അവരുടെ കൊച്ചു ശബ്ദങ്ങളുടെ അലയൊലി താഴ്വരയിലെങ്ങും മുഴങ്ങിക്കേൾക്കുമായിരുന്നു.

ഒടുവിൽ ഞങ്ങൾ ബദ്ധപ്പെട്ട് മുകളിലെത്തി നോക്കുമ്പോൾ താഴ്വരയിലൂടെ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞുപടലങ്ങൾ കണ്ട് അവരിരുവരും കൈകൊട്ടിച്ചിരിക്കുമായിരുന്നു. അപ്പോൾ നരേട്ടൻ പറയും അതു ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേയ്ക്ക് ഒഴുകി നീങ്ങുന്ന മാലാഖമാരാണെന്ന്. അവർ ഭൂമിയിൽ വന്ന് മടങ്ങുന്നവരാണെന്ന്. അതുകേട്ട് കുട്ടികൾ ആർത്തു ചിരിക്കും.

മുതിർന്നപ്പോൾ മല കയറാൻ രാഹുലും, കൃഷ്ണയും മാത്രമായി. അവർ കൈകോർത്തു പിടിച്ച് മലകയറുന്നതു നോക്കി ഞങ്ങൾ ആനന്ദിക്കും. പിന്നെ വഴിയരികിലെങ്ങും കാണുന്ന വാനരന്മാരെ നോക്കി കോക്രി കാണിച്ചുള്ള യാത്രകൾ. അപ്പോൾ നരേട്ടൻ പറയും. മിണ്ടാപ്രാണികളെ പരിഹസിക്കരുതെന്ന്. അപ്പോൾ രാഹുലും, കൃഷ്ണയും അവയ്ക്ക് കൈയ്യിലിരിക്കുന്ന കപ്പലണ്ടിയും കടലയും വിതരണം ചെയ്യും.

ആഹ്ളാദ രമായി കടന്നു പോയ ആ ദിനരാത്രങ്ങളിലേയ്ക്ക് മനസ്സോടിച്ചെന്നപ്പോൾ വല്ലാത്ത നഷ്ടബോധം എന്നെ അലട്ടി. അറിയാതെ ഏങ്ങലടിച്ച എന്‍റെ അരികിലെത്തി അരുൺ പറഞ്ഞു.

“മാഡം… കരയരുത്… കരയാൻ വേണ്ടിയല്ല നമ്മളിവിടെ വന്നത്. രാഹുലിന്‍റെ ഓർമ്മകളിൽ ഒന്നു രണ്ടു ദിവസം ഇവിടെ ജീവിക്കാനാണ്. അവനേറ്റവും പ്രിയപ്പെട്ട ഈ സ്‌ഥലം തന്നെ അവന്‍റെ ജന്മദിനത്തിൽ ഞാൻ തെരഞ്ഞെടുത്തത് അതിനുവേണ്ടിയാണ്. പിന്നെ മാഡത്തിനെ അല്പമെങ്കിലും സന്തോഷിപ്പിക്കാനും…”

“ശരിയാണ് അരുൺ… എനിക്ക് നിങ്ങളോടൊത്ത് ആഹ്ലാദിക്കണമെന്നുണ്ട്. പക്ഷെ ഇവിടെയെത്തുമ്പോൾ പഴയ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടുന്നു. ഒരിക്കൽ കൂടി ആ നാളുകളിലേയ്ക്ക് എന്‍റെ മനസ്സ് മടങ്ങിപ്പോകുന്നു.”

പെട്ടെന്ന് അരുൺ എന്‍റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

“വരൂ… മാഡം… നമുക്കീ കോടമഞ്ഞു വീണു കിടക്കുന്ന വഴിത്താരയിലൂടെ അൽപം നടക്കാം. എന്നെ രാഹുലാണെന്ന് വിചാരിച്ച് എന്‍റെ കൈയ്യിൽ പിടിച്ച് നടന്നോളൂ…”

അരുണിന്‍റെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലേയ്ക്കു നോക്കിയപ്പോൾ ഞാനറിയാതെ ആ കരങ്ങളിൽ പിടിച്ചു നടന്നു തുടങ്ങി. അപ്പോൾ സൂര്യ കിരണങ്ങളേറ്റ് അകന്നു പോകുന്ന മഞ്ഞുതുള്ളി പോലെ എന്‍റെ ദുഃഖങ്ങളും മെല്ലെ മെല്ലെ അകലേയ്ക്ക് മാഞ്ഞു തുടങ്ങി.

ഹ്രസ്വമായ ആ വിനോദ യാത്രയ്ക്കിടയിൽ അരുൺ എന്‍റെ വ്യക്‌തിപരമായ പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഏറെ ജിജ്ഞാസയോടെയും എന്നാൽ അല്പം ചമ്മലോടെയുമാണ് അരുൺ എന്‍റെ നേർക്ക് ആ ചോദ്യങ്ങളുന്നയിച്ചത്. ഏറെനേരം നടന്നു തളർന്ന് കുന്നിൻ ചരിലിവിരിക്കുമ്പോഴായിരുന്നു അത്.

“മാഡം… ഞാൻ ചില വ്യക്‌തിപരമായ കാര്യങ്ങൾ മാഡത്തിനോട് ചോദിച്ചറിയാൻ ശ്രമിക്കുകയാണ് ഒന്നും തോന്നരുത്. ഇതെല്ലാം എന്നോടു പറഞ്ഞത് രാഹുലാണ്. ഒരു കാലത്ത് അവന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ പലതും അവൻ എന്നോടു പറയുമായിരുന്നു. അന്നവയെല്ലാം അവന്‍റെ മനസ്സിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. അങ്ങനെയാണ് അവൻ അന്ന് എല്ലാം എന്നോടു തുറന്നു പറയുന്നത്. മാഡത്തിന് പണ്ട് ഒരു ലൗ അഫയർ…” അല്പം നിർത്തി ചമ്മലോടെ അരുൺ എന്‍റെ നേരെ നോക്കി.

“എന്താണ് അരുൺ. അരുണിന് എന്തുവേണമെങ്കിലും എന്നോടു ചോദിക്കാമല്ലോ. നീയെനിക്ക് രാഹുലിനെപ്പോലെയാണെന്ന് ഞാൻ പലവട്ടം നിന്നോടു പറഞ്ഞിട്ടില്ലെ?…”

“സോറി മാഡം… എന്‍റെ ചോദ്യങ്ങൾ മാഡത്തിനെ കൂടുതൽ വിഷമിപ്പിക്കുമോ എന്നാണ് എന്‍റെ പേടി. എന്‍റെ ആത്മാർത്ഥതയെക്കുറിച്ച് പോലും മാഡത്തിനു സംശയം തോന്നാം എന്‍റെ ചോദ്യങ്ങൾ കേട്ടാൽ…”

“നോ അരുൺ… നീയെനിക്ക് പ്രിയപ്പെട്ട വിദ്യാർത്ഥി മാത്രമല്ല, എന്‍റെ മകനെപ്പോലെ തന്നെയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ… രാഹുലിന്‍റെ മിക്ക സ്വഭാവ സവിശേഷതകളും നിനക്കുമുണ്ട്. അതുകൊണ്ടു തന്നെ നിന്‍റെ ആത്മാർത്ഥയെക്കുറിച്ച് എനിക്ക് സംശയമൊന്നുമില്ല…”

അപ്പോൾ അകലെക്കാണുന്ന കുന്നിൻ ചരിവിലേയ്ക്ക് ഞങ്ങളിരുവരും മെല്ലെ നടക്കുകയായിരുന്നു. ഇരുവശവും പൂത്തു നിൽക്കുന്ന പല നിറത്തിലുള്ള പൂക്കളിലേയ്ക്കു നോക്കി ഞാൻ പറഞ്ഞു.

“യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ എനിക്കു കഴിയും അരുൺ… ഒരു കാലത്ത് ആത്മാർത്ഥ സ്നേഹവും, സ്നേഹ-ശൂന്യതയും ഒരുപോലെ അനുഭവിച്ചറിഞ്ഞവളാണ് ഈ മീരാ. അന്ന് ഈ പൂത്തു നിൽക്കുന്ന പുഷ്പങ്ങളെപ്പോലെ എന്നിലും വസന്തം വിരുന്നിനെത്തിയിരുന്നു. പൂവിലെ തേൻ നുകരാൻ ഒരു വണ്ടും പറന്നെത്തി. പക്ഷെ ആ വണ്ട് തേൻ മുഴുവൻ നുകരുന്നതിനു മുമ്പു തന്നെ കൊടുങ്കാറ്റടിച്ച് ആ പൂക്കളെല്ലാം കൊഴിഞ്ഞു പോയി. എന്നാൽ ആ കൊഴിഞ്ഞ പൂക്കളെ വാരിയെടുത്തു നുകരാൻ മറ്റൊരാളെത്തി.

എന്‍റെ നരേട്ടൻ… ആ കാൽക്കൽ ഒരു പൂജാപുഷ്പം പോലെ വീണടിഞ്ഞ എന്നെ അദ്ദേഹം മാറോടു ചേർത്തണച്ചു, പിന്നെ ശിരസ്സിലണിഞ്ഞു. എല്ലാമെല്ലാം എന്‍റെ ഭാഗ്യമായിരുന്നു. പക്ഷെ ഇന്നിപ്പോൾ ഞാൻ വീണ്ടും ഏകയായി, ഒഴിഞ്ഞ കിളിക്കൂടുപോലെയായിത്തീർന്ന എന്‍റെ വീട്ടിൽ നഷ്ട സ്വപ്നങ്ങളെണ്ണി ഞാൻ കഴിയുന്നു.

“എങ്കിലും മാഡത്തിന്‍റെ ഓർമ്മകളിൽ കോളേജിലെ ആ പഴയക്കാലം ഇപ്പോഴും തെളിഞ്ഞു നിൽപ്പുണ്ടാവുമല്ലോ. ഇന്നിപ്പോൾ ഇത്രയും സൗന്ദര്യമുള്ള മാഡത്തിന് അന്നെത്രമാത്രം സൗന്ദര്യമുണ്ടായിരുന്നുവെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. കത്തി ജ്വലിച്ചു നിന്ന ആ സൗന്ദര്യത്തിനു മുമ്പിൽ മുട്ടുമടക്കാത്തവർ അന്ന് ചുരുക്കമായിരിക്കും. ഒടുവിൽ ഏതു ഭാഗ്യവാനാണ് അന്ന് ആ ഭാഗ്യം കിട്ടിയത്? അല്പം കുസൃതിയും ജിജ്ഞാസയും കലർന്നിരുന്നു ആ ചോദ്യത്തിൽ. ഒരു കുസൃതിക്കുട്ടിയുടെ ജിജ്ഞാസയോടെ അരുൺ ചോദ്യശരങ്ങളറിഞ്ഞ് എന്നെ വീർപ്പുമുട്ടിയ്ക്കുകയായിരുന്നു.

ഒരമ്മയ്ക്ക് മകനോടു പറയാവുന്ന ഉത്തരങ്ങൾക്ക് പരിധിയില്ലേ… ഞാനാലോചിച്ചു നോക്കി.

“അരുൺ പറഞ്ഞതിലല്പം വ്യത്യാസമുണ്ട്. എന്‍റെ സൗന്ദര്യം അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്‍റെ സൗന്ദര്യം എന്നെ വീഴ്ത്തുകയായിരുന്നു. കോളേജിൽ പലരും പ്രേം നസീറും, ഷീലയുമെന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. അതെ കാഴ്ചയിൽ അവരോടും രണ്ടുപേരോടും ഏറെ സാമ്യമുണ്ടായിരുന്നു ഞങ്ങൾക്കു രണ്ടു പേർക്കും സ്വഭാവത്തിലുമുണ്ടായിരുന്നു സിനിമയിലെ അതേ സാമ്യം. അദ്ദേഹം ഇരുത്തം വന്ന കോളേജദ്ധ്യാപകനും ഞാൻ പൊട്ടിത്തെറിച്ചു നടക്കുന്ന ഒരു കോളേജ് കുമാരിയും. പക്ഷെ എന്‍റെ സ്മാർട്ട്നെസ്സും മറ്റു കഴിവുകളും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമായിരുന്നു. മറിച്ച് അദ്ദേഹത്തിന്‍റെ സൗന്ദര്യവും മറ്റ് സ്വഭാവ പ്രത്യേകതകളും എന്നെയും ആകർഷിച്ചു. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനിടയിക്ക് ഞങ്ങൾ വേർപിരിയാനാവാത്ത വിധം അടുത്തു…”

ഞാൻ എന്‍റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അരുൺ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാൻ ഓരോന്നു പറയുമ്പോഴും അവന്‍റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടൻ എന്നെ വിവാഹം ചെയ്യാൻ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോൾ അരുൺ ചോദിച്ചു.

“മാഡത്തിനപ്പോൾ കഠിനമായി എതിർക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തിൽ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാൻ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”

എന്‍റെ അച്‌ഛൻ അപ്പോൾ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുൺ. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മർദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.

സഹതാപാർദ്രമായ മുഖത്തോടെ അരുൺ അത് കേട്ടിരുന്നു. ഒടുവിൽ ആദ്യ രാത്രിയിൽ ഉറക്കഗുളിക കഴിച്ച് മരിക്കാൻ തയ്യാറായതും നരേട്ടൻ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു. എല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.

പ്രേമം മൂലം മറ്റൊരാളിൽ നിന്ന് എന്നെ കവർന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാൽ എന്‍റെ നരേട്ടൻ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതിൽ വേദനിച്ച അദ്ദേഹം ഫഹദ്സാറിനെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.

എന്നോടുള്ള അഭിനിവേശത്താൽ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടൻ. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയർപ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോൾ തോന്നിപ്പോകുന്നു.

എന്‍റെ കഥ കേട്ട് അരുൺ നിശബ്ദനായിരുന്നു. ആ കണ്ണുകൾ എന്നോടുള്ള സഹതാപത്താൽ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാൽ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുൺ എന്നെ നോക്കി പറഞ്ഞു.

“എ വണ്ടർ ഫുൾ, എക്ട്രാ ഓർഡിനറി ലൗ സ്റ്റോറി. സിനിമകളിൽപ്പോലും ഇത്തരം കഥകൾ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്‍റെ കഥ. ആ പ്രേമം നുകരാൻ ഭാഗ്യമുണ്ടായവളാണ് മാഡം… ഞാനിനി ചോദിക്കട്ടെ… മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകൻ ഇനിയും മാഡത്തിന്‍റെ മുമ്പിൽ വന്നു നിന്നാൽ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്‍റെ മുമ്പിൽ എത്തിയ്ക്കാം…”

അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണിൽ നിന്നും വാർന്നു വീണത്. ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

മാഡം ആലോചിച്ചു പറഞ്ഞാൽ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. അൽപം നിർത്തി അരുൺ തുടർന്നു.

“മാഡം ഇതുവരെ ആ അദ്ധ്യാപകന്‍റെ പേരു പറഞ്ഞില്ല…” ഞാൻ നിശബ്ദയായിരുന്നപ്പോൾ ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.

സാരമില്ല… അതു ഞാൻ കണ്ടെത്തിക്കോളാം…”

അപ്പോൾ അസ്തമയ സൂര്യൻ അങ്ങകലെ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്ര അവസാനിപ്പിച്ച് കുന്നിറങ്ങി താഴേയ്ക്കു നടന്നു തുടങ്ങിയ ഞങ്ങൾക്കൊപ്പം സൂര്യദേവനും താഴേയ്ക്ക് മെല്ലെ മെല്ലെ നിപതിച്ചു കൊണ്ടിരുന്നു. ഇരുട്ട് മഞ്ഞിന്‍റെ മൂടുപടമണിഞ്ഞ് ലജ്ജാവതിയായ യുവതിയെപ്പോലെ ഞങ്ങൾക്കു മുന്നേ നടന്നു തുടങ്ങി.

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. കൂടുതൽ ചോദിച്ച് എന്നെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്ന് കരുതിയോ, അതോ അവന്‍റെ ചോദ്യങ്ങൾക്കുത്തരം അവൻ തന്നെ കണ്ടെത്തിക്കോളാം എന്നു കരുതിയിട്ടോ അവൻ പിന്നീട് നിശബ്ദനായിരുന്നു. എങ്കിലും ഏതോ സംശയം അവന്‍റെ ഹൃദയത്തിൽ തങ്ങി നിൽപുണ്ടെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു.

ആ സംശയം എന്താണെന്ന് എനിക്കൂഹിച്ചെടുക്കാൻ കഴിഞ്ഞു. ചോദ്യാരംഭത്തിൽ തന്നെ അവൻ ചോദിക്കാൻ തുനിഞ്ഞത് എന്താണെന്ന് ഞാൻ ഊഹിച്ചിരുന്നു. അതുകൊണ്ടാണ് അൽപം സാഹിത്യരൂപത്തിൽ ഞാനതിന് ഉത്തരം നൽകിയത്. ഇനിയും അവന്‍റെ മനസ്സിലെ ചോദ്യം എന്‍റെ യൗവ്വനത്തിൽ തേൻ നുകരാനെത്തിയ ആ വണ്ട് ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നായിരിക്കും. മറ്റൊന്ന് ഞാനദ്ദേഹത്തെ ഇപ്പോഴും പ്രേമിക്കുന്നുണ്ടോ എന്നും. അതിനു രണ്ടിനും മറ്റൊരവസരത്തിൽ ഉത്തരം നൽകാമെന്നുറച്ച് ഞാൻ അരുണിനൊടൊപ്പം നിശബ്ദയായി കുന്നിറങ്ങി.

ഒടുവിൽ സമതലം പോലെ തോന്നിച്ച ഒരിടത്തെത്തി ഞങ്ങളുടെ യാത്ര അവസാനിച്ചു. അപ്പോൾ അവിടെ നിരന്നിരുന്ന നിരവധി കോട്ടേജുകളിലൊന്നിന്‍റെ മുന്നിൽ അരുണിന്‍റെ അമ്മ നിന്നിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ട് എന്നാൽ അല്പം ജിജ്ഞാസയോടെ ചോദിച്ചു.

“ഗുരുവും ശിഷ്യനും കൂടു വന്നയുടനെ എങ്ങോട്ടാണ് യാത്ര പോയത്? ഞാനിവിടെ കാത്തിരുന്നു മുഷിഞ്ഞു…” അല്പം വിളറിയ മുഖത്തോടെ അതിനുത്തരം നൽകിയത് അരുണാണ്. “മമ്മീ, ഇവിടെ എത്തിയപ്പോൾ മാഡം വല്ലാതെ അപ്സെറ്റാകുന്നതു പോലെ തോന്നി. അതാണ് അല്പം നടക്കാമെന്ന് ഞാൻ പറഞ്ഞത്. മാഡത്തിന് ഒരു റിലീഫ് കിട്ടിക്കോട്ടെ എന്നു കരുതി.

“ശരിയാണ് അരുണിന്‍റമ്മേ… അരുൺ എന്നെ മറ്റു ചില ഓർമ്മകളിലേയ്ക്ക് നയിച്ചു. ഒരു ഡൈവേർഷൻ… ഇപ്പോൾ എന്‍റെ മനസ്സ് ശാന്തമാണ്. ഇതെല്ലാം രാഹുലിന്‍റെയും പ്രത്യേകതകളായിരുന്നു. ഞാൻ ദുഃഖിച്ചിരിക്കുന്നതു കാണുമ്പോൾ അവൻ എന്നെ കൈപിടിച്ചു നടത്തും. എന്‍റെ ചിന്തകളെ മറ്റൊരു തലത്തിലേയ്ക്ക് നയിക്കും. അതോടെ എന്‍റെ ദുഃഖങ്ങൾ പറന്നകലും. ഇന്നിപ്പോൾ അരുൺ എനിക്ക് രാഹുലിനെപ്പോലെ തന്നെയായിരിക്കുന്നു.” പെട്ടെന്ന് എന്തോ ഓർത്ത് അരുൺ ചോദിച്ചു.

“മമ്മീ… മാഡത്തിന്‍റെ ലഗ്ഗേജ് കാറിൽ നിന്നും എടുത്തു വച്ചോ? അതോ അത് കാറിൽ തന്നെയിരിക്കുകയാണോ?”

രണ്ടു ദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളടങ്ങിയ ചെറിയ ഒരു സൂട്ട്കേസ് ഞാനും കരുതിയിരുന്നു. അരുൺ അതിനെപ്പറ്റിയാണ് ചോദിച്ചത്.

“ഓ… അതെപ്പോഴെ ഞാനെടുത്തു വച്ചു. നമ്മുടെ കോട്ടേജിലിരുപ്പുണ്ട്. മാഡം നമ്മുടെ കൂടെയല്ലേ താമസിക്കുന്നത്?” എന്തോ ഓർത്ത് അരുണിന്‍റെ അമ്മ അല്പം ആശങ്കയോടെ ചോദിച്ചു.

അതെ… മമ്മീ… ഈ അവസ്‌ഥയിൽ മാഡത്തെ ഒറ്റയ്ക്ക് താമസിപ്പിക്കണ്ട. മമ്മി മാഡത്തെ കൂട്ടി കോട്ടേജിനകത്തേയ്ക്ക് പൊയ്ക്കോളൂ. പിന്നെ അവൻ മമ്മിയുടെ അടുത്തെത്തി എന്തോ രഹസ്യം പറയുന്ന മട്ടിൽ പറഞ്ഞു.

“മമ്മീ എപ്പോഴും മാഡത്തിന്‍റെ കൂടെ കാണണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് മാഡത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചോളൂ. ഈ യാത്ര കഴിയുമ്പോൾ മാഡത്തിന്‍റെ മൂഡ് നമുക്ക് മാറ്റിയെടുക്കണം…” അതുകേട്ട് സമ്മതിക്കുന്നമട്ടിൽ അരുണിന്‍റെ മമ്മി തലകുലുക്കി. അല്പം അകലെയാണ് നിന്നിരുന്നതെങ്കിലും അവർ പറഞ്ഞതെന്തെന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. അരുണിന് എന്‍റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധയാണെന്ന് കരുതുകയും ചെയ്‌തു.

ദൈവം ഒന്നു നിഷേധിക്കുമ്പോൾ മറ്റൊന്ന് നമ്മുടെ നേർക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഈ ലോകത്തിൽ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുടേയും ജീവിതത്തിലുടനീളം നിലനിൽക്കുന്നില്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു കൈ കൊണ്ടു തല്ലുമ്പോൾ മറ്റൊരു കൈ കൊണ്ട് ദൈവം നമ്മെ തലോടുകയും ചെയ്യുന്നുണ്ട്. സ്നേഹധനനായ അച്‌ഛനെപ്പോലെ…

“വരൂ മാഡം പുറത്തു നിന്ന് തണുപ്പു കൊള്ളണ്ടാ. നമുക്ക് അകത്തു പോയിരിക്കാം.” ഞാൻ ചിന്തിച്ചു നിൽക്കുന്നതു കണ്ട് അരുണിന്‍റെ അമ്മ വന്ന് കൈപിടിച്ചു. അവരോടൊപ്പം നടക്കുമ്പോൾ മായയെപ്പോലെയോ മഞ്ജുവിനെപ്പോലെയോ ആണ് അവരെന്നു തോന്നി. ചെറുപ്പത്തിൽ അവർ എനിക്കു നൽകിയ സ്നേഹം ഇപ്പോഴിതാ ഇവരിലൂടെ എനിക്കു ലഭിക്കുന്നു. ഒരനുജത്തിയെപ്പോലെ അവർ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു.

കൂടെ നടക്കുമ്പോൾ കുറ്റബോധത്തോടെ ഞാനോർത്തു ഇതുവരെ അരുണിന്‍റെ അമ്മ എന്ന സംബോധനയല്ലാതെ ഞാനവരോട് പേരു ചോദിച്ചില്ലല്ലോ എന്ന്. പെട്ടെന്ന് ഔപചാരികത കലർത്തി ഞാൻ ചോദിച്ചു.

“ എക്സ്ക്യൂസ് മീ, അരുണിന്‍റെ അമ്മയുടെ ശരിയായ പേര് എന്താണെന്ന് ഇതുവരെ എന്നോടു പറഞ്ഞില്ല. അതറിഞ്ഞാൽ പേരു വിളിക്കാമായിരുന്നു. മാത്രമല്ല, നിങ്ങൾ രണ്ടുപേരും കുടുബാംഗത്തെപ്പോലെയാണ് എനിക്കിപ്പോൾ. അങ്ങനെയുള്ളപ്പോൾ പേരു വിളിയ്ക്കാതിരിക്കുന്നത് ശരിയല്ലല്ലോ…”

എന്‍റെ സംസാരം കേട്ട് നേർത്ത പുഞ്ചിരിയോടെ അരുണിന്‍റെ അമ്മ പറഞ്ഞു. എന്‍റെ പേര് അരുന്ധതി എന്നാണ്. മാഡം എന്നെ അങ്ങിനെ വിളിച്ചോളൂ. പെട്ടെന്ന് അല്പം കുസൃതി കലർത്തി ഞാൻ ചോദിച്ചു. “അപ്പോൾ അരുണിന് അമ്മയിൽ നിന്നാണോ ആ പേര് ലഭിച്ചത്.” അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെ… എന്‍റെ പേരിലെ ആദ്യാക്ഷരങ്ങളും അദ്ദേഹത്തിന്‍റെ ഗുർചരൺ സിംഗ് എന്ന പേരിലെ അന്ത്യാക്ഷരവും ചേർത്താണ് അരുണിന് ആ പേരിട്ടത്.”

“അരുൺ നല്ല പേര് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തന്നെ ഒരു മകൻ. അവന് ആ പേര് എന്തുകൊണ്ടും യോജിക്കും. അവന് ജന്മം നൽകിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ്…”

ഞാൻ എന്തോ ഓർത്ത് വേദനയോടെ പറഞ്ഞു. രാഹുലിന്‍റെ ഓർമ്മകളിലേയ്ക്ക് ഞാൻ വീണ്ടും വഴുതി വീഴുമോ എന്നു പേടിച്ച് അരുന്ധതി പറഞ്ഞു.

“അവനിപ്പോൾ മാഡത്തിന്‍റെയും മകനാണല്ലോ.”

“അതെ എന്‍റെ സ്വന്തം മകൻ. രാഹുലിനെപ്പോലെ അവൻ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു. ഞാൻ പ്രസവിക്കാത്ത എന്‍റെ സ്വന്തം മകനെപ്പോലെ.” മന്ത്രോച്ചാരണം പോലുള്ള എന്‍റെ ആത്മഗതം കേട്ട് അരുന്ധതി മെല്ലെ ചിരിച്ചു. ആ ചിരിയിൽ ഒരനുജത്തിയുടെ എല്ലാ സ്നേഹവായ്പും നിറഞ്ഞിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു. വിഷാദഛായ പരന്ന ആ മുഖത്തേയ്ക്കു നോക്കി ഞാൻ ചോദിച്ചു.

“എന്താ അരുന്ധതി? എന്തിനാ കരയുന്നത്?

“എനിക്കിതു പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. എന്നെക്കാൾ നാലു വയസ്സു മൂപ്പുണ്ടായിരുന്നു അവൾക്ക്. എന്നാൽ പത്തുമുപ്പത്തഞ്ചു വയസ്സുള്ളപ്പോൾ ക്യാൻസർ വന്നവർ മരിച്ചു പോയി.”

“ഓഹോ… അരുന്ധതിയ്ക്ക് അങ്ങനെയൊരു ചേച്ചി ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു? അരുന്ധതിയ്ക്കിപ്പോൾ ആരൊക്കെയാണുള്ളത്? ശരിയ്ക്കുള്ള നാടെവിടെയാണ്?”

അരുന്ധതിയെപ്പറ്റി കൂടുതലറിയാൻ ആകാംക്ഷ തോന്നി.

“എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട്. ഇപ്പോൾ അമേരിക്കയിലാണ്. അമ്മയുമച്ഛനും വയസ്സായി നാട്ടിൽ തന്നെയുണ്ട്. കോഴിക്കോട്.”

“ഓഹോ… അരുന്ധതി കോഴിക്കോട്ടുകാരിയാണല്ലോ?” അപ്പോൾ പിന്നെ ചരണുമായിട്ടെങ്ങനെയാ പരിചയപ്പെട്ടത്?

“അദ്ദേഹവും ഞാനും ഐആർഎസ് എടുത്തവരാണെന്ന് മാഡത്തിനറിയാമല്ലോ? ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചുള്ള പരിചയമാണ്. പിന്നീട് ജോലിയായപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുൺ ഉണ്ടായി. കുറച്ചുനാൾ അമ്മയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ പിന്നെ അമ്മ നാട്ടിലേയ്ക്കു പോയപ്പോൾ എനിക്ക് നോക്കേണ്ടി വന്നു. ചേച്ചി മരിച്ചപ്പോൾ ചേച്ചിയുടെ കുഞ്ഞുങ്ങളെക്കൂടി അമ്മയ്ക്കു പരിപാലിക്കേണ്ടി വന്നു. അങ്ങിനെ അരുണിനെ നോക്കാൻ ആരുമില്ലാതായപ്പോൾ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു.

“എന്നാലും ഇത്ര നല്ല ഒരു ക്വാളിഫിക്കേഷനും ജോലിയും കളഞ്ഞത് അരുണിനു വേണ്ടിയാണെന്നോർത്ത് അരുന്ധതിയ്ക്ക് സമാധാനിക്കാമല്ലോ. അരുൺ അതുപോലെ നല്ലവനായി വളരുകയും ചെയ്‌തു. ഇപ്പോൾ നിങ്ങൾക്കവനെയോർത്ത് അഭിമാനിക്കാമല്ലോ…”

അതെ മാഡം… മറ്റെന്തിനെക്കാളും ഞങ്ങൾക്ക് വലുത് അരുണായിരുന്നു. അവന്‍റെ വളർച്ചയ്ക്കിടയിൽ ഒരു ന്യൂനതയും ഉണ്ടാകരുതെന്ന് ഞങ്ങളുറപ്പിച്ചിരുന്നു.

അതെ… അരുന്ധതി ഒരു അമ്മയെന്ന നിലയിൽ വിജയിച്ചിരിക്കുന്നു. അമ്മമാർക്ക് ഒരു മഹനീയ മാതൃകയാണവർയ തന്‍റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് ആ മകനും തിരിച്ചറിവുണ്ട്. അതാണല്ലോ മറ്റെന്തിനെക്കാളും തനിക്ക് പ്രിയപ്പെട്ടത് അമ്മയാണെന്ന് അരുൺ പറയാറുള്ളത്. രാഹുലും അങ്ങിനെയായിരുന്നു. പ്രത്യേകിച്ച് ഞാൻ കിഡ്നി നൽകിയ ശേഷം എന്നാൽ ഞാനെന്ന അമ്മയുടെ ത്യാഗത്തെ തിരിച്ചറിയാൻ ഈശ്വരനായില്ലല്ലോ. അതാണല്ലോ രാഹുലിനെ എനിക്കു നഷ്ടപ്പെടുത്തിയത്.

ഊണുമുറിയിൽ അരുൺ രണ്ടുപേർക്കുള്ള ആഹാരം വാങ്ങി വച്ചിരുന്നു. എന്നിട്ടവൻ പുറത്തേയ്ക്കു പോയി. അവൻ തിരികെ വരുന്നതു വരെ ഞങ്ങൾ അവനെ നോക്കിയിരുന്നു. അവൻ വാങ്ങി വച്ച ആഹാരം കൈകൊണ്ടുതൊടാതെ. അവനിപ്പോൾ ഞങ്ങൾ രണ്ടുപേർക്കും മകനാണല്ലോ. അപ്പോൾ അവനെ ഊട്ടാതെ ഞങ്ങൾക്കുണ്ണാനാവുകയില്ല. ഞങ്ങൾ കാത്തിരുന്നു. കണ്ണനെ കാത്തിരിക്കുന്ന ദേവകിയേയും, യശോധരയേയും പോലെ…

അല്പം കഴിഞ്ഞയുടനെ അരുൺ തിരികെയെത്തി. അവനല്പം അസ്വസ്ഥനാണെന്നു തോന്നി. എന്തോ ചിന്ത അവനെ അലട്ടുന്നതു പോലെ… “അരുൺ, നിനക്കെന്തു പറ്റി?” അരുന്ധതി അവനോടു ചോദിച്ചെങ്കിലും ഒരു ചെറിയ തലവേദന എന്നു പറഞ്ഞവനൊഴിഞ്ഞു മാറി.

അന്നു രാത്രിയിൽ അരുൺ വാങ്ങിക്കൊണ്ടു വന്ന ആഹാരം ഞങ്ങളൊരുമിച്ച് പങ്കിട്ട് കഴിച്ചു. റിസോർട്ടിലെ തണുപ്പധികമായിരുന്നതിനാൽ ഞങ്ങളെല്ലാം ഷാൾ പുതച്ചിരുന്നു. രാത്രിയിൽ ഞാൻ മുകൾ നിലയിലെ സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ, അങ്ങു ദൂരെ, മലനിരകൾ കോടമഞ്ഞിന്‍റെ ആവരണത്താൽ കരിമ്പടം പുതച്ച് ഉറങ്ങിക്കിടന്നു. അടുത്തുള്ള കോട്ടേജിൽ വിദ്യാർത്ഥികൾ മുറ്റത്തു നിന്ന് ഉറക്കെ ഒച്ചവയ്ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ടു.

(തുടരും)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 4

“മിനിഞ്ഞാന്ന് മേഘന നാട്ടിൽ എത്താതിരുന്നത് എന്തുകൊണ്ടാണ്? ഞാൻ മേഘനയെ കാണുവാൻ വേണ്ടി മാത്രം യുകെയിൽ നിന്ന് എത്തിയതായിരുന്നു.”

“സോറി. ഞാറാഴ്ചയാണ് ഞാൻ പൂനയിൽനിന്ന് ബാംഗ്‍ളൂരിൽ എത്തിയത്. ആസ് ഐ വാസ് വെരി ബിസ്സി….”

“ബാംഗ്ളൂരിലെ ട്രാഫിക് ബ്ളോക്കുകൊണ്ട് ഫ്ളൈറ്റിന്‍റെ സമയത്തിന് എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയാഞ്ഞതുകൊണ്ട് മേഘനക്ക് പെണ്ണുകാണല്‍ ചടങ്ങിന് എത്താനായില്ല എന്നാണ് മിസ്റ്റര്‍ മാധവ് മനോഹര്‍ പറഞ്ഞത്…”

“യെസ്… യെസ് .കാരണം അതുതന്നെയാണ്.” ഒരു പിടിവള്ളി കിട്ടിയ ആശ്വാസമാണ് മേഘനയുടെ മുഖത്തിപ്പോള്‍.

“പക്ഷെ,ഞാന്‍ നിങ്ങളുടെ ബാംഗ്ളൂര്‍ ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് താനിന്നലെ ബോംബെയ്ക്ക് പോന്നുവെന്നാണല്ലോ.”

കള്ളം കണ്ടുപിടിക്കപ്പെട്ടതിന്‍റെ ജാള്യതയോടെ മേഘന അറിയിച്ചു. “ഞാന്‍ പൂനയിലെ ഓഫീസില്‍ ഒരു മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുമ്പോഴാണ്, മിസ്റ്റര്‍ മധു എന്‍റെ വീട്ടില്‍ വരുന്ന വിവരത്തിന്‌ ഡാഡിയുടെ കാള്‍ വന്നത്. ഐ ഹാഡ് ഏ വെരി ഹെക്ടിക് ടൈം ഇന്‍ പൂന. (പൂനയിലെനിക്ക് നല്ല തിരക്കായിരുന്നു) ബാംഗ്ലൂരില്‍ എത്തിയശേഷം എനിക്ക് കുറേ പെന്റിംഗ് വര്‍ക്ക് തീര്‍ക്കാനുണ്ടായിരുന്നു. പിന്നെ ഇങ്ങോട്ടുള്ള ടൂറും കൂടി ആയപ്പോള്‍ ഞാന്‍ ഡാഡിയുടെ ഫോണ്‍ കോളിന്‍റെ കാര്യം തന്നെ മറന്നുവെന്നതാണ് സത്യം. മൈ ജോബ്‌ ഈസ് ലൈക്ക് ദാറ്റ്‌. ഐ ഹാവ് ടു ട്രാവല്‍ എലോട്ട് ആന്‍ഡ്‌ ആള്‍വേയ്സ് വെരി വെരി ബിസി.” (എന്‍റെ ജോലി അങ്ങനെയാണ്. ധാരാളം യാത്ര ചെയ്യണം. എപ്പോഴും ജോലി തിരക്ക്.)

“എന്തിനാണ് മേഘന ഇങ്ങനെ തിരക്കുള്ള ഒരു ജോലിയില്‍ തുടരുന്നത്? മറ്റെവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചുകൂടേ?”

“വൈ ഷുഡ് ഐ? ഐ റിയലി എന്‍ജോയ് ദിസ്‌ ജോബ്‌. ടോപ്‌ പൊസിഷന്‍ ആന്‍ഡ്‌ വെരി റിവാര്‍ഡിംഗ് സാലറി. പിന്നെ ഐ ലൈക്ക്‌ ടു ട്രാവല്‍” (എന്തിന്?.ഈ ജോലി ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥാനവും നല്ല ശമ്പളവും. പിന്നെ എനിക്ക് യാത്ര ഇഷ്ടവുമാണ്)

അപ്പോഴേക്കും അല്പം മുന്‍പ് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട മനുഷ്യന്‍ അനുവാദം ചോദിക്കാതെതന്നെ ധൃതിയില്‍ അകത്തേക്ക് കടന്നുവന്നു. അയാളുടെ കയ്യില്‍ ഒന്നോ രണ്ടോ ഫയലുകളും ഉണ്ടായിരുന്നു.

“എക്സ്ക്യൂസ് മി മാഡം. ഇഫ്‌ യു ഡിലേ ഫര്‍തെര്‍ യു വില്‍ മിസ്‌ യുവര്‍ ഫ്ളൈറ്റ്.” (ക്ഷമിക്കണം മാഡം, ഇനിയും വൈകിയാല്‍ ഫ്ലൈറ്റ് കിട്ടാതിരുന്നേക്കാം.)

ഫയല്‍ അവളുടെ കയ്യില്‍ ഏല്പിച്ച ശേഷം ഭവ്യതയോടെ അയാള്‍ ക്യാബിന് പുറത്തേക്ക് നടന്നുമറയുകയും ചെയ്തു.

“എവിടെക്കാണ്‌ യാത്ര?” മധു ചോദിച്ചു.

“ഇത്തവണ വിദേശത്തേക്കാണ്.”

“എന്ന് മടങ്ങും?”

“തീര്‍ച്ചയില്ല. കമ്പനിയുടെ നാലഞ്ച് ബ്രാഞ്ചുകളില്‍ പോകാനുണ്ട്.” വാച്ചിലേക്ക് നോക്കിക്കൊണ്ടവള്‍ തുടര്‍ന്നു. “ഓ! ഐയാം ഗെറ്റിംഗ് ലേറ്റ്. സോറി, ഐ ഹാവ് ടു ലീവ് നൗ” (ഓ! സമയം വൈകുന്നു. സോറി. എനിക്കിപ്പോള്‍തന്നെ പുറപ്പടേ ണ്ടതായുണ്ട് )

ഫയലുകള്‍ ലാപ്ടോപ് ബാഗിന്‍റെ അകത്തേക്ക് വെച്ചശേഷം അവള്‍ കാബിന് പുറത്തേക്ക് നടക്കുവാന്‍ തുടങ്ങി. അടുത്തനിമിഷം തിരിഞ്ഞുനിന്നുകൊണ്ട് ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. ”വെരി സോറി ഫോര്‍ ഓള്‍ ദി ട്രബിള്‍ (ബുദ്ധിമുട്ടിച്ചതില്‍ ദുഖിക്കുന്നു) ടൂര്‍ കഴിഞ്ഞ് ഞാനെത്തിയാല്‍ നമുക്ക് വീണ്ടും മീറ്റ്‌ ചെയ്യാം.”

ക്ഷിപ്രവേഗത്തില്‍തന്നെ അവള്‍ കാഴ്ച്ചയില്‍ നിന്ന് മറയുകയും ചെയ്തു. ഏതോ സ്റ്റാഫ് ധൃതിയില്‍ കാബിന്‍റെ അകത്തേക്ക് വന്ന് ഒരരികില്‍ വെച്ചിരുന്ന സൂട്ട് കേസുമെടുത്ത് അവളുടെ പിറകെ പായുന്നതും ശ്രദ്ധിച്ചുകൊണ്ട് ഏതാനും നിമിഷത്തേക്ക് മധു ഒരു പ്രതിമയെപ്പോലെ ഇരുന്നുപോയി.

മേഘനയുടെ ഓഫീസില്‍ നിന്നും ബോംബെ എയര്‍ പോര്‍ട്ടിലേക്കുള്ള യാത്രയില്‍ മധുവിന്‍റെ മനസ്സ് ചിന്താകുഴപ്പത്താല്‍ അസ്വസ്ഥമായിരുന്നു.

വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം വീണ്ടും തമ്മില്‍ കാണാം എന്ന് പറഞ്ഞതില്‍ നിന്ന് താനുമായുള്ള വിവാഹബന്ധം അവള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്.

മേഘന കാഴ്ച്ചയില്‍ സുന്ദരിയാണ്‌. അവിവാഹിതനായ ഏതൊരു ചെറുപ്പക്കാരനും സ്വന്തമാക്കാനാഗ്രഹിച്ച് പോകുന്ന രൂപലാവണ്യം അവള്‍ക്കുണ്ടെന്നതില്‍ സംശയമില്ല. ഉന്നത ബിരുദങ്ങളും ഉയര്‍ന്ന ജോലിയും അവള്‍ നേടിയിട്ടുണ്ടെന്നതും ശരിതന്നെ. അവളുടെ മാതാപിതാക്കളും സംസ്ക്കാരസമ്പന്നരാണ്.

ഇങ്ങനെ പല മേന്മകളും മേഘനക്ക് സ്വന്തമാണെങ്കിലും തന്‍റെ ജീവിത പങ്കാളിയായി അവളെ മനസ്സില്‍ സങ്കല്പിക്കുമ്പോള്‍ പലപല പൊരുത്തക്കേടുകള്‍……

മേഘനയുടെയും, ഒരു നാട്ടുമ്പുറത്തുകാരന്‍റെ മനസ്സായതിനാലാകാം തന്‍റെയും ജീവിത സങ്കല്പങ്ങള്‍ തമ്മില്‍ വളരെയധികം അന്തരമുണ്ടെന്ന്‍ അല്പസമയത്തെ കൂടിക്കാഴ്ചകൊണ്ടുതന്നെ വ്യക്തമായി.

ഒരു പന്തയക്കുതിരയെപ്പോലെ ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതമെന്നാണ് തന്‍റെ ഉറച്ച വിശ്വാസം.

പരസ്പരസ്നേഹം, സഹകരണം, പങ്കാളിത്തം എന്നിവയാണ് വിവാഹജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്നും താന്‍ വിശ്വസിക്കുന്നു. മേഘനയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ അതെല്ലാം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകുമെന്ന് പറയാനാകില്ല. അവളെ അത്യധികം പ്രലോഭിപ്പിക്കുന്ന ജോലി ഉപേക്ഷിക്കാൻ അവൾ തയ്യാറല്ലെന്ന് അവളുടെ സംസാരത്തിൽനിന്ന് വ്യക്തവുമാണ്.

മേഘന ജീവിതസഖിയാ‍യി വന്നാൽ ഇരുവരുടെയും ഭാവിജീവിതത്തെ അതെങ്ങനെയെല്ലാം ബാധിക്കുമെന്ന് അയാൾ മടക്കയാത്രക്കിടയിൽ വിശദമായിത്തന്നെ ആലോചിച്ചു. ആ ബന്ധം രണ്ടുപേർക്കും ഒരുപൊലെ വിനാശകരമായിരിക്കുമെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു.

ചില ഉറച്ച തീരുമാനങ്ങളോടെയാണ് മധു സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.

നേരം സന്ധ്യയാകാറായിരുന്നു.

ടാക്സി വീടിന് മുന്നിൽ എത്തിയപ്പോഴേക്കും ശശിധരൻ നായരും ഭാഗീരഥിയും ഉമ്മറത്തേക്ക് ഓടിയെത്തി.

“ഹോ! നിന്നെയെന്താ കാണാത്തേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു…..”

ഭാഗീരഥിയുടെ വാക്കുകൾ മുഴുമിക്കും മുൻപ് ശശിധരൻ നായർ ഇടയ്ക്ക് കയറി ചോദിച്ചു “എന്തൊക്ക്യാണ്ടായത്? മേഘനയെ കണ്ടിട്ട് എന്താ അഭിപ്രായം? നിങ്ങൾക്ക് അന്യോന്യം ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല”

“എല്ലാം ഞാൻ വിശദമായി പറയാമച്ഛാ. അതിന് മുൻപ് എനിക്കൊരു സ്ഥലംവരെ പോകാനുണ്ട്.”

“എങ്ങോട്ട്?”

“സുധമ്മാമേം അമ്മായിയേം ഒന്നു കാണണം. പിന്നെ സുജാതേം. എനിക്കവളോട് മാപ്പുപറയണം”

ശശിധരൻ നായർ അത്ഭുതസ്തബ്ധനായി നിൽക്കുമ്പോൾ ഭാഗീരഥിയുടെ മുഖത്ത് അർത്ഥഗർഭമായ ഒരു പുഞ്ചിരി വിടർന്നു.

(അവസാനിച്ചു)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 3

ബോംബെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും മധുവിനെ തേടി ശശിധരന്‍ നായരുടെ ഫോണ്‍കോളുമെത്തി.

“എന്താ നീയിതുവരെ ഇങ്ങോട്ട് എത്താഞ്ഞത്? ഫ്ളൈറ്റ് ലേറ്റായോ? മേഘനയെ കണ്ടോ? എന്താ നിന്‍റെ അഭിപ്രായം?”

“എല്ലാം ഞാന്‍ അവിടെ എത്തിയിട്ട് പറയാമച്ഛാ.”

“യാത്ര നാളേക്ക് നീട്ടിയോ? നീയിന്നിവിടെ എത്താമെന്നല്ലേ പറഞ്ഞിരുന്നത്? നിനക്ക് നാളെ യു ക്കേലേക്ക് മടങ്ങാനുള്ളതല്ലേ?”

“നാളെ രാത്രി രണ്ട് മണിക്കല്ലേ ഫ്ളൈറ്റ്. ഞാന്‍ സമയത്തിന് എത്തിക്കോളാം.” മധു ഫോണ്‍ ബന്ധം ഉടനെ വേര്‍പെടുത്തുകയും ചെയ്തു.

ശശിധരന്‍ നായര്‍ ഫോണില്‍ ആരോടോ സംസാരിക്കുന്ന സ്വരം കേട്ട് ഭാഗീരഥി അകത്തെ മുറിയില്‍ നിന്നും ധൃതിയില്‍ അങ്ങോട്ട് വന്നു. ആകാംക്ഷയോടെ അവര്‍ ചോദിച്ചു

“ഫോണില്‍ മധു ആയിരുന്നോ?”

“അതെ. അവന്‍ നാളെയെ ഇങ്ങോട്ട് എത്തുകയുള്ളൂന്ന്.”

“അതെന്താ യാത്ര നീട്ടിവെച്ചത്?”

“കാരണം മറ്റൊന്നുമാവാന്‍ വഴിയില്ല. തമ്മില്‍ കണ്ടപ്പോള്‍ തന്നെ മേഘനക്കും മധുവിനും വിട്ടുപിരിയാന്‍ പ്രയാസം തോന്നിയിട്ടുണ്ടാകും. മേഘനയോടൊപ്പം കുറച്ചു സമയം ചിലവഴിക്കാമെന്ന് കരുതി യാത്ര നാളേക്ക് നീട്ടിയതാവാം. ആരംഭത്തില്‍ത്തന്നെ രണ്ടുപേര്‍ക്കും ഇത്രമാത്രം അടുപ്പം തോന്നിയല്ലോ. മേഡ് ഫോര്‍ ഈച്ച് അതര്‍ എന്ന്‍ പറയുന്നപോലെ.”

ഭര്‍ത്താവിന്‍റെ ആഹ്ലാദം തുളുമ്പുന്ന വിശദീകരണം കേട്ടയുടനെ മ്ലാനമായ മുഖത്തോടെ നടന്നകലുന്ന ഭാഗീരഥിയെ പരിഹാസത്തോടെ നോക്കിക്കൊണ്ട്‌ ശശിധരന്‍ നായര്‍ ആത്മഗതം ചെയ്തു. “ഇത്തരം പഴഞ്ചന്‍ മനസ്ഥിതിക്കാരെ ഇക്കാര്യങ്ങളെല്ലാം എങ്ങനെ ബോധ്യപ്പെടുത്താനാണ്? കഷ്ടംതന്നെ.”

പിറ്റേന്ന് മേഘനയുടെ ബോംബെയിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവും എത്താനുള്ള മാര്‍ഗ്ഗവും ഗൂഗിള്‍ മാപ്പില്‍നിന്ന്‍ മനസ്സിലാക്കിയ ശേഷമാണ് മധു അവളെ കാണാന്‍ പുറപ്പെട്ടത്.

റൂം ഒഴിഞ്ഞശേഷം ഹോട്ടലില്‍ നിന്നും സൂട്ട്കേസും എല്ലാമായി ഇറങ്ങി മേഘനയെ കണ്ടശേഷം നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനായിരുന്നു പ്ളാന്‍.

കൃത്യം പത്തുമണിക്ക് തന്നെ അയാള്‍ മേഘനയുടെ ഓഫീസിലെത്തി. അധികം വൈകാതെ അവളെ കാണാന്‍ സൗകര്യപ്പെടുകയും ചെയ്തു. മധു മേഘനയുടെ കാബിനകത്തേക്ക് ചെല്ലുമ്പോള്‍ അവള്‍ ലാപ്ടോപ്പില്‍ ശ്രദ്ധയോടെ എന്തോ ജോലിയിലാണ്. ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ സുന്ദരിയാണവള്‍ എന്നുതോന്നി മധുവിന്. ഈ ജ്വലിക്കുന്ന സൗന്ദര്യമാണല്ലോ തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് ആലോചിക്കുകയും ചെയ്തു.

ലാപ്ടോപ്പില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കാതെതന്നെ അവള്‍ നിര്‍ദ്ദേശം നല്‍കി. “പ്ളീസ് ടേക്ക് യുവര്‍ സീറ്റ്‌”(ദയവായി ഇരിക്കൂ).

അവള്‍ തന്‍റെ ജോലി തുടരുന്നത് കണ്ടപ്പോള്‍ അക്ഷമയോടെ മധു സംഭാഷണമാരംഭിക്കാന്‍ മുന്‍കൈയെടുത്തു “അയാം മധുമോഹന്‍.”

ലാപ്ടോപ്പില്‍ നിന്നും കണ്ണുകള്‍ ഉയര്‍ത്താതെ മേഘന ചോദിച്ചു “ഓ കേ, വാട്ട് ഹെല്പ് കാന്‍ ഐ ഡു ഫോര്‍ യു”

“ഞാന്‍ മേഘനയെ നേരിലൊന്ന് കാണാന്‍ വന്നതാണ്‌” പച്ചമലയാളത്തിലുള്ള സംസാരം ആശയക്കുഴപ്പം ഉണ്ടാക്കിയതിനാലാകാം അവള്‍ പെട്ടെന്ന് തല ഉയര്‍ത്തി

മധുവിന്‍റെ മുഖത്തേക്ക് നോക്കി.

“യുവര്‍ ഫേസ്… ഐ ഹാവ് സീന്‍ യൂ ബിഫോര്‍” (നിങ്ങളുടെ മുഖം… ഞാന്‍ നിങ്ങളെ ഇതിനുമുന്‍പ് കണ്ടിട്ടുണ്ട്.)

“പോസ്സിബിള്‍ “(ഉണ്ടാകാം) മധുവിന്‍റെ മുഖത്ത് അര്‍ത്ഥഗര്‍ഭമായൊരു പുഞ്ചിരി വിടര്‍ന്നു “എന്‍റെ ഫോട്ടോയും മറ്റ് വിവരങ്ങളും മിസ്റ്റര്‍ മാധവ് മനോഹര്‍ മേഘനക്ക് അയച്ചുതന്നിട്ടുണ്ടാവുമല്ലോ.”

മേഘനയുടെ മുഖത്ത് നനുത്ത കുങ്കുമരാശി പടര്‍ന്നുവോ?.നെറ്റിയിലും ചുമലിലും ഞാന്ന്‍ കിടക്കുന്ന മുടിയിഴകള്‍ വിരല്‍തുമ്പുകൊണ്ട് പിറകിലേക്ക് ഒതുക്കിക്കൊണ്ട്‌ അവള്‍ അല്പം ജാള്യതയോടെ പറഞ്ഞു. “യെസ്… യെസ്… മൈ ഡാഡി ഹാഡ് മെന്‍ഷന്‍റ് യുവര്‍ കേസ്. ആസ് ഐ വാസ് വെരി ബിസി ഐ കുഡ് ഓണ്‍ലി ഹാവ് എ ഹേസ്റ്റി ലുക്ക് അറ്റ്‌ ഹിസ്‌ മേയ്ല്‍” (അതെ… അതെ… നിങ്ങളുടെ കാര്യം ഡാഡി എന്നെ അറിയിച്ചിരുന്നു. ഞാന്‍ തിരക്കില്‍ ആയതുകൊണ്ട് ഡാഡിയുടെ സന്ദേശം ഒന്ന് ഓടിച്ചു നോക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.)

“ശരി, എങ്കില്‍ ഞാന്‍ എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം വിശദമായി പറയാം. എന്‍റെ വീട് ചേര്‍ത്തലയിലാണ്‌ .വീട്ടില്‍ അച്ഛനും അമ്മയും ഞാനും മാത്രം. ക്വാളിഫിക്കേഷന്‍ എം ടെക്കും…” അപ്പോഴേക്കും ഫോണിന്‍റെ മണിയടിസ്വരം….

“എക്സ്ക്യൂസ് മി” (എന്നോട് ക്ഷമിക്കുക.)

അടുത്ത നിമിഷം സ്പീക്കറിലൂടെയുള്ള സംഭാഷണം മധുവിനും കേള്‍ക്കാന്‍ കഴിഞ്ഞു. “മാഡം, കാന്‍ ഐ കം ഇന്‍, ഇറ്റ്‌ ഈസ് വെരി അര്‍ജെന്‍റ്” (മാഡം, എനിക്ക് അകത്തേക്ക് വരാമോ? വളരെ അത്യാവശ്യമാണ്.)

“പ്ളീസ് വേയ്റ്റ്. ഐ വില്‍ കോള്‍ യൂ” (വേയ്റ്റ് ചെയ്യൂ. ഞാന്‍ വിളിക്കാം.)

മധു തുടര്‍ന്നു. ”എം ടെക്കും എം ബി എയുമാണ്‌ ക്വാളിഫിക്കേഷന്‍. രണ്ടു വര്‍ഷമായി യൂ കേയിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഒരു മാട്രിമോണി ഏജന്‍സി വഴിയാണ് എന്‍റെ അച്ഛനും മേഘനയുടെ അച്ഛനും തമ്മില്‍ പരിചയപ്പെട്ടതും നമ്മള്‍ തമ്മിലുള്ള വിവാഹാലോചന നടത്തിയതും.”

“ഓ കെ.”

അവളെന്തോ മാനസികസമ്മര്‍ദ്ദത്തിന് നടുവിലാണെന്നും പാതിമനസ്സോടെ ആണ് തന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതെന്നും മധുവിന് തോന്നി.

“ഞാനും അച്ഛനും കൂടി മേഘനയെ കാണാന്‍ ഇന്നലെ നിങ്ങളുടെ വീട്ടില്‍ വന്നിരുന്നു. മേഘന എത്താഞ്ഞതുകൊണ്ട് …..”

അപ്പോഴേക്കും കാബിന്‍റെ വാതില്‍ തുറന്ന് ഒരു തല പ്രത്യക്ഷപ്പെട്ടു. “മാഡം…”

“പ്രതാപ്‌ മേത്താ, ഐ വില്‍ ടേക്ക് ഓണ്‍ലി ഫൈവ് മിനിറ്റ്സ്. പ്ളീസ് അറേഞ്ച് എ കാര്‍ ഫോര്‍ മി.”

(ഞാന്‍ അഞ്ചുമിനിറ്റ് കൂടി മാത്രമേ എടുക്കുകയുള്ളൂ. എനിക്ക് വേണ്ടി ഒരു കാര്‍ ഏര്‍പ്പാട് ചെയ്യുക.)

തല അപ്രത്യക്ഷമായി.

അവള്‍ എങ്ങോട്ടോ പോകാനുള്ള ധൃതിയിലാണെന്നും തനിക്കായി അവശേഷിച്ചിരിക്കുന്നത്‌ വെറും അഞ്ച് മിനിറ്റ് മാത്രമാണെന്നും മധുവിന് ബോദ്ധ്യമായി. പറയാന്‍ ബാക്കിയുള്ളത് കഴിയുന്നതും വേഗം പറയണം. തന്‍റെ സംശയങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം.

(തുടരും)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 2

പിറ്റേന്ന് രാവിലത്തെ തിരുവനന്തപുരം – ബാംഗ്ലൂര്‍ ഫ്ളൈറ്റിലും വൈകുന്നേരത്തെ ബാംഗ്ളൂര്‍ – കൊച്ചി ഫ്ളൈറ്റിലും സീറ്റുണ്ട്. മധു ഉടനെ അത് രണ്ടും ബുക്ക് ചെയ്തു.

പിന്നെ ശശിധരന്‍ നായരെ തന്‍റെ തീരുമാനം അറിയിച്ചു “അച്ഛാ, യൂ കേന്ന് വീണ്ടുമൊരു യാത്ര ഒഴിവാക്കാനുള്ള വഴി ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.”

“എങ്ങനെ?”

“ഞാന്‍ ബാംഗ്ളൂരിലുള്ള മേഘനയുടെ ഓഫീസില്‍ ചെന്ന് ആ കുട്ടിയെ കാണാം.”

“അതിനൊക്കെയിനി സമയമുണ്ടോ?”

“ധാരാളം. നാളെ ഇവിടെനിന്നുള്ള ബാംഗ്ളൂര്‍ ഫ്ളൈറ്റിലും നാളെ വൈകുന്നേരത്തെ ബാംഗ്ളൂര്‍- കൊച്ചി ഫ്ളൈറ്റിലും ഞാന്‍ ടിക്കറ്റും ബുക്ക് ചെയ്തു കഴിഞ്ഞു.”

“നന്നായി. മറ്റുകാര്യങ്ങളെല്ലാം തീരുമാനമായാല്‍ കല്യാണത്തിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് നീ ഇങ്ങോട്ട് എത്തിയാല്‍ മതിയല്ലോ.”

“അല്പം കഴിഞ്ഞ് ഞാന്‍ അച്ഛനെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാം. മടക്കത്തില്‍ എനിക്ക് രണ്ടു സെറ്റ് ഡ്രസ്സ്‌ കൂടി വാങ്ങണം. ഇങ്ങനെയൊരു യാത്ര വേണ്ടിവരുമെന്ന് കരുതിയിരുന്നില്ലല്ലോ. രാത്രി ഈ മുറിയില്‍ തന്നെ താമസിച്ച ശേഷം നാളെ രാവിലെ ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിക്കും.” മധു വിശദമാക്കി.

ശശിധരന്‍ നായര്‍ ചേര്‍ത്തലക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ബാംഗ്ളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ പതിനൊന്നുമണിയോടെ മധു മേഘനയുടെ ഓഫീസിലെത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളോട് കിടപിടിക്കാവുന്ന കൂറ്റന്‍ ബഹുനിലകെട്ടിടത്തിലെ റിസപ്ഷനിലേക്ക് ചെന്ന് മധു റിസപ്ഷനിസ്റ്റിനോട് മനസ്സില്‍ കരുതി വെച്ചിരുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു. “അയാം മേഘനാസ് കസിന്‍. ഐ ഹാവ് കം ടു സീ ഹേര്‍” (ഞാന്‍ മേഘനയുടെ കസിന്‍ ആണ്. ഞാനവളെ കാണാന്‍ വന്നതാണ്‌)

“മാഡം ഈസ് ഓണ്‍ ടൂര്‍, സര്‍. യെസ്റ്റെര്‍ഡേ ഷി വെന്‍റ് ടു ബോംബെ” (മാഡം ടൂറില്‍ ആണ്. ഇന്നലെ അവര്‍ ബോംബെയ്ക്ക് പോയി)

റിസപ്ഷനിസ്റ്റിന്‍റെ വാക്കുകള്‍ ഏതാനും നിമിഷത്തേക്ക് മധുവിനെ വിഭ്രമാവസ്ഥയിലാക്കി.

“ഡു യു വാണ്ട് എനി ഹെല്പ് ഫ്രം മീ സര്‍” (താങ്കള്‍ക്ക് എന്നില്‍നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ സര്‍) റിസപ്ഷനിസ്റ്റിന്‍റെ വിനയം തുളുമ്പുന്ന സ്വരം

“നോ താങ്ക്സ്” (ഇല്ല ,നന്ദി) എന്ന് പറഞ്ഞെങ്കിലും അടുത്ത നിമിഷം അയാള്‍ ആവശ്യപ്പെട്ടു “ഐ ഷാല്‍ സ്പീക്ക്‌ ടു വണ്‍ ഓഫ് ഹേര്‍ കൊളീഗ്സ്സ്” (ഞാന്‍ അവളുടെ ഏതെങ്കിലും സഹപ്രവര്‍ത്തകരോട് സംസാരിച്ചോട്ടെ)

“ഷുവര്‍ സര്‍” (തീര്‍ച്ചയായും സര്‍)

റിസപ്ഷനിസ്റ്റ് ഇന്‍റെര്‍കോമില്‍ മുകള്‍നിലയിലെ ഏതോ നമ്പരിലേക്ക് വിളിച്ചശേഷം ഫോണ്‍ മധുവിനെ ഏല്പിച്ചു. “ഹലോ അയാം മധു മോഹന്‍. മേഘനാസ് കസിന്‍. റിസപ്ഷനിസ്റ്റ് ടോള്‍ഡ്‌ മി ഷി ഈസ് ഇന്‍ ബോംബെ” (ഞാന്‍ മധു മോഹന്‍, മേഘനയുടെ കസിന്‍. അവള്‍ ബോംബെയിലാണെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു)

“യെസ്, യെസ്റ്റെര്‍ ഡേ ഷി ലെഫ്റ്റ് ഫോര്‍ ബോംബെ” (ശരിയാണ്. ഇന്നലെ അവര്‍ ബോംബെയ്ക്ക് പോയി)

“ഓ കേ.  താങ്ക് യു”

മധു ടാക്സിയിലേക്ക്‌ കയറിയിരുന്ന ശേഷം ഡ്രൈവറോട് എയര്‍ പോര്‍ട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

മേഘനയെ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വന്നതുകൊണ്ടുള്ള നിരാശയെക്കാള്‍ മധുവിന്‍റെ മനസ്സിനെ അലട്ടിയിരുന്നത് മറ്റുചില ആശങ്കകളായിരുന്നു.

മേഘന ഇന്നലെ തിരുവനന്തപുരത്തുള്ള അവളുടെ വീട്ടില്‍ എത്താഞ്ഞതിന് അവളുടെ മാതാപിതാക്കള്‍ നല്‍കിയ വിശദീകരണം ട്രാഫിക് ബ്ളോക്കില്‍ പെട്ടതുകൊണ്ട് അവള്‍ക്ക് സമയത്തിന് ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ എത്താനാകാത്തത് കൊണ്ടാണെന്നാണ്. എന്നാല്‍ അവളുടെ ബാംഗ്ളൂര്‍ ഓഫീസില്‍നിന്ന്‍ ലഭിച്ച വിവരം അവളിന്നലെ ബോംബേയ്ക്ക് പോയെന്നും. താനുമായുള്ള കൂടിക്കാഴ്ച അവള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണോ? എങ്കില്‍ അതിന്‍റെ കാരണം?

ഒരുപക്ഷെ അവള്‍ മറ്റാരെങ്കിലുമായി പ്രണയത്തിലായിരിക്കാം. ആരും ആരാധനയോടെ നോക്കിനിന്നു പോകുന്നത്ര ആകാരസൗഷ്ഠവം ഉള്ളവളാണവള്‍ എന്നതിനാല്‍ അതിനുള്ള സാധ്യതയും ഏറെയാണ്‌. മറ്റാരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളെ ധിക്കരിക്കനാകാതെ അവളീ വിവാഹത്തിന് സമ്മതം മൂളിയാല്‍ത്തന്നെ ഈ ബന്ധത്തിന് എന്ത് പൂര്‍ണ്ണതയാണുണ്ടാകുക?

പെണ്ണുകാണല്‍ ചടങ്ങിന് അവളെത്താതിരുന്നതിന്‍റെ യഥാര്‍ത്ഥകാരണമെന്തെന്ന് അന്വേഷിച്ചറിയണമെന്ന ഉറച്ച തീരുമാനവുമായാണ് മധു മോഹന്‍ ബാംഗ്ളൂര്‍ എയര്‍ പോര്‍ട്ടിന് മുന്നിലിറങ്ങിയത്. ഒട്ടും സമയം പാഴാക്കാതെ അയാള്‍ അന്ന് വൈകുന്നേരത്തെ ബാംഗ്ളൂര്‍ – ബോംബെ ഫ്ളൈറ്റിലും പിറ്റേന്ന് ഉച്ചക്കുള്ള ബോംബെ- കൊച്ചി ഫ്ളൈറ്റിലും ടിക്കറ്റ് ലഭ്യമാണോ എന്ന് തിരഞ്ഞു. ഭാഗ്യത്തിന് രണ്ടിലും സീറ്റൊഴിവുണ്ട്. ഉടനെ രണ്ടിലും ഓരോ ടിക്കെറ്റ് ഉറപ്പാക്കിയശേഷം ബോംബെക്കുള്ള ഫ്ളൈറ്റും കാത്തിരുന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 20

എന്നെങ്കിലുമൊരിക്കൽ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് ഈ മമ്മി ഈ ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോൺ കൈയ്യിലെടുത്തു. അപ്പുറത്ത് അരുണായിരുന്നു. എന്‍റെ പ്രിയപ്പെട്ട വിദ്യാർത്ഥി.

“ഹലോ മാഡം, ഇത് ഞാനാണ് അരുൺ…”

ഹിന്ദിച്ചുവയുള്ള മലയാളത്തിൽ അരുണിന്‍റെ വാക്കുകൾ ഒഴുകിയെത്തി.

“എന്താ അരുൺ?” ഇടറിയ സ്വരത്തിൽ ഞാൻ മറുചോദ്യം ഉന്നയിച്ചു.

“മാഡം, ഇന്ന് ഫ്രീയാണെങ്കിൽ ഞാൻ അങ്ങോട്ടു വന്നാലോ എന്നാലോചിക്കുകയായിരുന്നു. മാഡത്തോടൊപ്പം ഒരു ദിവസം ചെലവിടാൻ ഞാനാഗ്രഹിക്കുന്നു. നമുക്ക് പുറത്തൊക്കെ ചുറ്റിക്കറങ്ങി, ഹോട്ടലിൽ നിന്നും ആഹാരമൊക്കെ കഴിച്ച്, വേണമെങ്കിൽ ഒരു സിനിമയും കണ്ട്. അങ്ങിനെയൊക്കെ ഇന്നത്തെ ദിവസം ചെലവിട്ടാലോ എന്ന് ചിന്തിച്ചു. വേണമെങ്കിൽ എന്‍റെ അമ്മയെയും കൂട്ടാം…

“അതിനെന്താ അരുൺ വന്നോളൂ… ഇന്നത്തെ ദിവസം നമുക്കിവിടത്തന്നെ ചെലവിടാം. എന്‍റെ കൈ കൊണ്ട് ഞാൻ അരുണിനും അമ്മയ്ക്കും ആഹാരമുണ്ടാക്കിത്തരാം. ഒരമ്മയെ പോലെ അരുണിന് ആഹാരം വിളമ്പിത്തന്ന് എനിക്കിന്ന് സംതൃപ്തിയടയണം.”

“ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു മാഡം… ഒരു പതിനഞ്ചു മിനിട്ട്… ഞാനുമമ്മയും അവിടെ എത്തിയിരിക്കും.

അരുണിന്‍റെ വാക്കുകൾ അതുവരെ മനസ്സിനെ മൂടിയിരുന്ന കാർമേഘപടലത്തെ അകറ്റി നിർത്തി പകരം ഹൃദയത്തിൽ സന്തോഷം നിറച്ചു. അരുണിന്‍റെ അമ്മ മലയാളിയായതു കൊണ്ടു കൂടിയാണ് ഈ അടുപ്പം. അവർ കോഴിക്കോടുകാരാണത്രെ.

പത്തു പതിനഞ്ചു മിനിറ്റിനകം അവർ എത്തിച്ചേരും. അതിനു മുമ്പ് കുളിച്ചു ഡ്രസ്സുമാറി നില്ക്കാമെന്നു കരുതി. കുളിമുറിയിലേയ്ക്കു നടന്നു. രാവിലെ മുതൽ മൂഡു ശരിയല്ലാത്തതു കൊണ്ട് ഒന്നും ചെയ്യുവാൻ തോന്നിയില്ല. ആകെ ഒരു ഒറ്റപ്പെടൽ. ആ വേദന മനസ്സിനെ അലട്ടിയപ്പോഴാണ് കൃഷ്ണമോളെ വിളിക്കാമെന്ന് കരുതിയത്. മാത്രമല്ല ആഴ്ചയിൽ ആകെ കിട്ടുന്ന ഈ ഹോളിഡേയ്സിലാണ് കോളേജ് വിട്ട് മാറ്റാരോടെങ്കിലുമൊക്കെ സമ്പർക്കത്തിലേർപ്പെടാൻ കഴിയുന്നത്. അങ്ങനെയാണ് കൃഷ്ണമോളെ ഫോണിൽ വിളിച്ച് കാണണമെന്നു പറഞ്ഞത്.

പക്ഷെ അവളുടെ പെരുമാറ്റം ഉള്ള മൂഡും കൂടി തകർത്തു കളഞ്ഞു. എന്‍റെ മനോനില തന്നെ തകിടം മറിക്കുന്ന അവളുടെ പെരുമാറ്റം ഹൃദയത്തെ കുറച്ചൊന്നുമല്ല മുറിപ്പെടുത്തിയത്. ഹൃദയ ഭിത്തിയിൽ നിന്നും ഒലിച്ചിറങ്ങിയ ചോര കണ്ണുനീരായി വാർന്നൊഴുകി കിടക്കയെ കുതിർത്തപ്പോൾ ഒട്ടൊരു ആശ്വാസം കിട്ടി. അപ്പോഴാണ് അരുണിന്‍റെ ഫോൺ കോൾ വന്നത്.

എന്നെ സന്തോഷിപ്പിക്കാനായി മാത്രം ജനിച്ച ഒരേയൊരു മകനെപ്പോലെയാണവൻ. എന്‍റെ രാഹുൽ മോന്‍റെ പകരക്കാരൻ. അവന്‍റെ ഓരോ വരവും ഹൃദയത്തിൽ ആനന്ദത്തിന്‍റെ തേൻ തുള്ളികൾ മാത്രം നിറയ്ക്കുന്നു. രാഹുൽമോനെപ്പോലെ അവന്‍റെ ഓരോ വാക്കും നോക്കും എന്‍റെ മുഖത്തെ ഇപ്പോൾ ആവരണം ചെയ്‌തിരിക്കുന്ന ദുഃഖത്തിന്‍റെ മൂടുപടത്തെ എടുത്തു മാറ്റുന്നു. പകരം സന്തോഷത്തിന്‍റെ ഒരു നേർത്ത തിരശ്ശീല കൊണ്ട് അവൻ എന്‍റെ ജീവിതത്തെ ആവരണം ചെയ്യുന്നു.

കുളി കഴിഞ്ഞ് അവന്‍റെ ബൈക്കിന്‍റെ ശബ്ദത്തിനായി കാതോർത്തു കൊണ്ട് ഞാൻ സിറ്റൗട്ടിലിരുന്നു. അലക്ഷ്യമായ കൈ കൊണ്ട് കോതിയിട്ട മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. നരേട്ടനുള്ളപ്പോൾ അണിഞ്ഞൊരുങ്ങാൻ എനിക്കെന്തു താൽപര്യമായിരുന്നു. എന്നാലിന്നിപ്പോൾ മുടി ചീകാൻ പോലും മടി തോന്നുന്നു. കുളി കഴിഞ്ഞ് വലിയ സിന്ദൂരപ്പൊട്ട് നെറ്റിയിലണിഞ്ഞ് ഒരു നേരിയ പ്രസാദക്കുറിയുമണിഞ്ഞ് ഞാനെത്തുമ്പോൾ നരേട്ടൻ പറയുമായിരുന്നു.

“ഇപ്പോൾ സാക്ഷാൽ രവിവർമ്മ ചിത്രം പോലെ തന്നെക്കണ്ടാൽ തോന്നും. മാധവിക്കുട്ടിയും മറ്റും തന്നെപ്പോലെ വലിയ സിന്ദൂരപ്പൊട്ടണിയാറുണ്ട്. അപ്പോൾ ഞാൻ പറയാറുണ്ട്.” ഞാൻ മാധവിക്കുട്ടിയുടെ ഒരു വലിയ ഫാനാണെന്ന്, നരേട്ടനറിയില്ലേ…

സ്ത്രീ ഹൃദയ വൈവിദ്ധ്യങ്ങളെ പ്രേമത്തിന്‍റെ മനോഹരമായ ആവിഷ്കാരങ്ങളെ അവർ എത്ര ഭംഗിയായി തന്‍റെ കൃതികളിൽ വർണ്ണിച്ചിരിക്കുന്നു. കാലങ്ങളായി ആളുകൾ പറയുവാൻ മടിച്ചിരുന്ന പലതും. അവർ തന്‍റെ കൃതികളിലൂടെ തുറന്നടിച്ചു. പാരമ്പര്യങ്ങളെ പുഛിച്ചു തള്ളി…

“ഞാൻ മാധവിക്കുട്ടിയെക്കുറിച്ചു പറഞ്ഞ് ആവേശം കൊള്ളുമ്പോൾ നരേട്ടൻ ഉറക്കെ ചിരിക്കും…” തന്നിലും ഒരു പുരോഗമനവാദി ഒളിഞ്ഞു കിടപ്പുണ്ടല്ലോ? മാധവിക്കുട്ടിയെപ്പോലെ പാരമ്പര്യങ്ങളെ തൂത്തെറിയാനുള്ള വ്യഗ്രത തന്നിലുമുണ്ടല്ലേ?”

നരേട്ടൻ അതു പറയുമ്പോൾ അറിയാതെ ഒരു ചൂളൽ എന്നിൽപ്പടർന്നു കയറും. നരേട്ടൻ എന്നെക്കുറിച്ച് എത്ര ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ പഴഞ്ചൻ ചിന്താഗതികളെ പുഛിച്ചു തള്ളുവാൻ പറഞ്ഞ്, ആവേശത്തോടെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. പുത്തൻ പാരമ്പര്യത്തിന്‍റെ വക്താവായിട്ടുണ്ട്. അതെല്ലാം പലപ്പോഴായി നരേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പഠിപ്പിക്കുമ്പോഴും പലപ്പോഴും പുതിയ തലമുറയിൽ ഇത്തരത്തിലുള്ള പുത്തൻ ആവേശം ഉണർത്താൻ ശ്രമിക്കാറുണ്ട്. സ്വന്തം ജീവിതത്തിലും അത് കുറെയൊക്കെ പകർത്താൻ എനിക്കു കഴിഞ്ഞിട്ടുമുണ്ട്.

ജാതി-മതവ്യവസ്‌ഥിതികൾക്കെതിരായി ആവേശം കൊണ്ടിട്ടാണല്ലോ ഞാൻ ഫഹദ്സാറിനെ വിവാഹം  കഴിച്ചത്. മാധവിക്കുട്ടിയും ഒരു മുസ്ലീമായി മതം മാറി. എല്ലാം കൊണ്ടും എന്നോട് ഏറെ സാമ്യമുള്ള ആ കഥാകാരിയെ ഞാൻ ഏറെ ബഹുമാനിക്കുന്നു. നരേട്ടനതറിയാം. അതുകൊണ്ടാണ് പലപ്പോഴും മാധവിക്കുട്ടിയുമായി എന്നെ സാമ്യപ്പെടുത്തുന്നത്.

ഇന്നിപ്പോൾ നരേട്ടന്‍റെ ആ വാക്കുകൾ… പൊട്ടിച്ചിരി… എല്ലാം കേൾക്കുവാൻ കൊതി തോന്നുന്നു. പക്ഷെ…. അദ്ദേഹമിന്നെവിടെയാണ്. അനന്തവിഹായസ്സിൽ എവിടെയോ ഇരുന്ന് അദ്ദേഹം എന്നെ വീക്ഷിക്കുന്നുണ്ടാവുമോ? എന്‍റെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്നുണ്ടാവുമോ? വാക്കുകൾക്കതീതമായ ഏതോ ലോകത്തിരുന്ന് അദ്ദേഹം നിശബ്ദം എന്നെ സ്നേഹിക്കുന്നുണ്ടാവാം…

കണ്ണുകളിൽ ഊറിക്കൂടിയ മിഴിനീരിനിടയിൽ കൂടി ഞാൻ കണ്ടു ദൂരെ നിന്നും പാഞ്ഞെത്തുന്ന ആ മോട്ടോർ ബൈക്ക്… അതിൽ നിന്നും പ്രസന്നവദനനായി ചാടിയിറങ്ങുന്ന അരുൺ കൂടെ അയാളുടെ അമ്മ. മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരിയായ വീട്ടമ്മ. അമ്പതിനോടടുത്ത് പ്രായമുള്ള അവരുടെ കണ്ണുകളിൽ എന്നോടുള്ള സഹതാപവും സ്നേഹവും നിറഞ്ഞു നിന്നു. വിഷാദമഗ്നമായ ഒരു പുഞ്ചിരിയോടെ അവരെ എതിരേൽക്കുമ്പോൾ ഹൃദയം ഏതോ സമാശ്വാസ തീരങ്ങളിൽ അഭയം തേടുകയായിരുന്നുവോ? ആ സ്നേഹ സാമീപ്യങ്ങൾ ഒരു പൂന്തെന്നൽ പോലെ എന്നെ തഴുകി തലോടുന്നതു പോലെ.

എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളിൽ തങ്ങളുടെ സാമീപ്യ സ്പർശനത്താൻ ആ അമ്മയും മകനും തൈലം പുരട്ടുകയായിരുന്നില്ലെ. ഒരിക്കലും ഉണങ്ങാത്ത മുറിവുകളിൽ ഏതോ ദിവ്യ ഔഷധി എന്ന പോലെ ഇടയ്ക്കിടയ്ക്കുള്ള അവരുടെ സന്ദർശനങ്ങൾ മനഃപൂർവ്വമായി എന്നെ സന്തോഷിപ്പിക്കുവാനുള്ള അവരുടെ പരിശ്രമങ്ങൾ… എല്ലാമെല്ലാം ഏതോ സ്നേഹ സാന്ത്വനമായി എന്നിൽ പരിണമിക്കുകയായിരുന്നു. ഒരിക്കൽ കൂടി ഹൃദയത്തിന്‍റെ വാതായനങ്ങൾ തുറന്നിട്ട് ഞാൻ അവരെ സ്വീകരിച്ചു. അപ്പോൾ എന്‍റെ കണ്ണുകളിലെ വിഷാദഛായ  എങ്ങോ പോയി മറഞ്ഞിരുന്നു. പകരം ഹൃദ്യമായ ഒരു പുഞ്ചിരി ചുണ്ടുകളിൽ തങ്ങി നിന്നു.

ഡ്രോയിംഗ് റൂമിലേയ്ക്ക് നടന്നു കൊണ്ട് ഞാൻ അവരെ ക്ഷണിച്ചു. “വരൂ… നമുക്ക് അകത്തിരുന്ന് സംസാരിക്കാം…” അകത്ത് നിരത്തിയിട്ട സെറ്റികളിലൊന്നിൽ അവരെ ഇരിക്കാൻ ക്ഷണിച്ചു കൊണ്ട് ഞാനും അടുത്തിരുന്നു. അപ്പോൾ അരുൺ ചോദിച്ചു.

“മാഡം… ഒറ്റയ്ക്കിരുന്ന് വല്ലാതെ മുഷിയുന്നുണ്ടാവുമെന്നു തോന്നി. അതാണ് അമ്മയെ വിളിച്ചു കൊണ്ട് ഞാൻ വന്നത്.”

“അതു നന്നായി അരുൺ… അരുണിനെയും അമ്മയേയും കാണുന്നതാണ് എനിക്കിപ്പോൾ ഏറ്റവും സന്തോഷം. പഴയതെല്ലാം മറക്കാൻ നിങ്ങൾ എനിക്കു പ്രേരണ നൽകുന്നു.”

എന്‍റെ വാക്കുകൾ കേട്ട് അരുണിന്‍റെ അമ്മ പറഞ്ഞു.

“അരുണിനിപ്പോൾ മാഡത്തെപ്പറ്റി പറയാനെ നേരമുള്ളൂ… അവനിപ്പോൾ എന്നെക്കാളിഷ്ടം മാഡത്തിനോടാണ്.”

“അരുൺ എനിക്ക് രാഹുലിനെ പോലെയാണ്. രാഹുലിന്‍റെ പല സ്വഭാവ വിശേഷണങ്ങളും അരുണിനുമുണ്ട്…” അറിയാതെ നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. പെട്ടെന്ന് രാഹുൽ  മനസ്സിലേയ്ക്കോടിയെത്തിയതു കൊണ്ടാകാം അരുണിന്‍റേയും കണ്ണുകളിൽ വിഷാദഛായ പടർന്നു. അവൻ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“രാഹുൽ, മാഡത്തെപ്പറ്റി പറയാത്ത ദിവസങ്ങളില്ല. അവന്‍റെ ജീവിതത്തിൽ, അവനേറ്റവുമിഷ്ടം മാഡത്തിനോടായിരുന്നു. മമ്മി ഉണ്ടാക്കുന്നതു പോലെ ലോകത്തിലൊരു മമ്മിയ്ക്കും ഇത്ര സ്വാദുള്ള ആഹാരം ഉണ്ടാക്കാനാവുകയില്ലെന്ന് അവൻ പറയാറുണ്ടായിരുന്നു. മാഡം ഹോസ്റ്റലിലേയ്ക്ക് കൊടുത്തയയ്ക്കുന്ന ഉണ്ണിയപ്പവും, അച്ചപ്പവും, മുറുക്കും മറ്റും അവൻ എനിക്ക് കൊണ്ടു തരുമായിരുന്നു. അങ്ങനെ മാഡത്തിന്‍റെ കൈപ്പുണ്യം ഞാനും ഒരുപാടറിഞ്ഞിട്ടുണ്ട്.

“ശരിയാണ്, മീര മാഡം കൊടുത്തയയ്ക്കുന്ന ആഹാരം കഴിച്ചിട്ട് ഇവൻ എന്നോടു വന്നു വഴക്കുണ്ടാക്കും. ഞാനും അതുപോലെ കേരളീയ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ പറഞ്ഞ്. പക്ഷെ കേരളത്തിൽ നിന്ന് വിട്ടു പോന്നിട്ട് വർഷങ്ങൾ പലതായില്ലെ? എനിക്കിപ്പോൾ അത്തരം ഭക്ഷണമൊന്നും ഉണ്ടാക്കാനറിയില്ല. മാത്രമല്ല ഇവന്‍റെച്ഛൻ നോർത്തിന്ത്യൻ ആയതു കൊണ്ട് ആ രീതിയിലുള്ള ഭക്ഷണമേ ഞാനിപ്പോളുണ്ടാക്കാറുള്ളൂ…”

അരുണിന്‍റെ അമ്മ അൽപം വിളറിയ ചിരിയോടെ എന്നോടു പറഞ്ഞു. അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ചിരിച്ചു കൊണ്ട് തന്നെ അവർ തുടർന്നു. “ഇന്ന് മാഡത്തിന്‍റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാണ് അവൻ വന്നിരിക്കുന്നത്. ഞാൻ പറഞ്ഞു മാഡം മാനസികമായി വിഷമിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഉപദ്രവിക്കേണ്ടെന്ന്. പക്ഷെ ഇവൻ കേൾക്കണ്ടെ?

പെട്ടെന്ന് കണ്ണുകൾ തുടച്ച് ഉൻമേഷം വീണ്ടെടുത്ത് ഞാൻ പറഞ്ഞു.

“അരുണിന് എന്‍റെ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ഇന്ന് നമുക്ക് ചെറിയ രീതിയിൽ കേരളീയ ഭക്ഷണം ഉണ്ടാക്കി കഴിക്കാം. മാത്രമല്ല രാഹുലിന്‍റെ പിറന്നാൾ ദിനം കൂടിയാണിന്ന്. അവൻ മരിച്ചു പോയെങ്കിലും നരേട്ടനുള്ളപ്പോൾ ഞങ്ങളൊരുമിച്ച് അതാഘോഷിക്കാറുണ്ടായിരുന്നു. ഇന്ന് നമുക്കൊരുമിച്ച് അതാഘോഷിക്കണം. അകലങ്ങളിലിരുന്ന് രാഹുത്ത അതുകണ്ട് സന്തോഷിക്കട്ടെ… എന്തു പറയുന്നു അരുൺ?” അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ അരുണിനെ നോക്കി.

“ഓ… ഞാനറിഞ്ഞില്ല മാഡം ഇന്ന് രാഹുലിന്‍റെ പിറന്നാളാണെന്ന് ഞാനത് മറന്നു പോയി. അവനുള്ളപ്പോൾ എത്ര ബെർത്ത് ഡേകൾ ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ഞങ്ങൾ ഫ്രണ്ട്സെല്ലാം കൂടി അന്ന് ബൈക്കിൽ അൽപം ദൂരെ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകും. എന്നിട്ട് പാട്ടും ബഹളവുമായി എന്താഘോഷമായിരുന്നു അന്നെല്ലാം. അതെല്ലാം മരിയ്ക്കാത്ത ഓർമ്മകളായി ഇന്നും മനസ്സിൽ നിലനിൽക്കുന്നു. രാഹുലിനു വേണ്ടി നമുക്കൊരിയ്ക്കൽ കൂടി അങ്ങനെ ആഘോഷിക്കണം മാഡം. ഞാൻ എന്‍റെ കുറച്ചു ഫ്രണ്ട്സിനെക്കൂടി വിളിക്കട്ടെ. അവരോടൊത്ത് നമുക്ക് വൈകുന്നേരമാകുമ്പോൾ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകാം.”

അരുൺ അൽപം ആവേശപൂർവ്വം തന്‍റെ പ്ലാൻ അവതരിപ്പിച്ചു. ആഘോഷങ്ങൾക്കൊന്നും മനസ്സ് വഴങ്ങുകയില്ലെന്നറിഞ്ഞിട്ടും ഞാനപ്പോൾ അതിനു സമ്മതിച്ചു. അന്ന് ഉച്ചയ്ക്ക് ഒരു ചെറിയ സദ്യ ഉണ്ടാക്കി ഞാനവർക്കു നൽകി. ഒരു ചെറിയ ഇലക്കീറിൽ സദ്യ വിളമ്പി വച്ച് അതിനു മുന്നിൽ വിളക്കു കൊളുത്തി രാഹുലിനായി മാറ്റി വച്ചു. അവന്‍റെ ആത്മാവ് സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന് ആ സദ്യ ആസ്വദിച്ചു കാണുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നീട് കണ്ണീരോടെ അവനു വിളമ്പി വച്ച ആഹാരം കഴിക്കുമ്പോൾ ഒരമ്മ ഹൃദയത്തിന്‍റെ പിടച്ചിൽ ഞാനറിഞ്ഞു.

തൊണ്ട കഴച്ചു പൊട്ടുന്ന വേദനയിലും ഞാനവനു വേണ്ടി അതു മുഴുവൻ കഴിച്ചു തീർത്തു. അപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അരുൺ അടുത്തു നിന്നു. അടക്കാനാവാത്ത ഹൃദയ ഭാരത്താൽ ഹൃദയം പലപ്പോഴും പൊട്ടിപ്പോകുമെന്നു തോന്നി.

പക്ഷെ അരുണിന്‍റെ കൈകൾ താങ്ങി നിന്നതു കൊണ്ടാവാം ആ ദിനങ്ങളുടെ കാഠിന്യത്തെ അതിജീവിക്കാൻ എനിക്കു കഴിഞ്ഞത്. അല്ലെങ്കിൽ നരേട്ടന്‍റെയും രാഹുലിന്‍റെയും വേർപാട് തീർത്ത അസഹ്യമായ വേദനയിൽ പിടഞ്ഞ് ഇഞ്ചിഞ്ചായി ഞാനും മരിക്കുമായിരുന്നു.

അതെ! ആ വേദനയിൽ നിന്നും എന്നെ ഉയർത്തി കൊണ്ടു വന്നത് അരുണിന്‍റെ കൈകളാണ്.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें