ആഷ്നയുടെ വീട്
അപ്പൂപ്പൻപറമ്പ് എന്നൊരു ഗ്രാമത്തിലായിരുന്നു ആഷ്നയുടെ വീട് അവിടെയെല്ലാവരും കവികളാണത്രേ. വളർന്നുകൊണ്ടിരിക്കുന്ന കവികളും വളർച്ച നിലച്ചവരും!
അവൾ പറഞ്ഞ സ്റ്റോപ്പിൽ വണ്ടിയിറങ്ങി. നാലുപാടും നോക്കി. മനുഷ്യരോ, ആത്മാക്കളോ ആരുമേയില്ല.
ചെവിയോർത്തപ്പോൾ കുറച്ചകലെ നിന്ന് ഒരിരമ്പം! രണ്ടു വളവുകൾ തിരിഞ്ഞപ്പോൾ മുന്നിൽ ക്രിക്കറ്റ് പൂത്ത പാടങ്ങൾ!
ഈ ആഷ്നയുടെ വീടെവിടെയാ? ഞാൻ ചോദിച്ചു. (അതോ അലറുകയായിരുന്നോ?)
'ഈ വഴി തന്നെ തെക്കോട്ട്, കാണാം വലിയൊരു കൈക്കോട്ട്; അതുക്കു മേലെ ലക്കോട്ട്! പിന്നെ ഇത്തിരി പടിഞ്ഞാട്ട്! '
ഒരുമിച്ചുണർന്നു എന്‍റെ വിശപ്പും ദാഹവും ദേഷ്യവും. ഭാവമാറ്റം കണ്ടിട്ടാവണം അടുത്തയാൾ ഇടപെട്ടു:
"മൂപ്പര് പറഞ്ഞ സ്ഥലം തന്നെ! അവിടെ മൂക്കുത്തിയണിഞ്ഞ ഒരു വീടൊണ്ട്. അവിടെയൊണ്ട് ആഷ്ന എന്ന് ആശാട്ടി"
പ്രാസമൊപ്പിച്ച് മറുപടി പറയാൻ നിൽക്കാതെ ഒറ്റയോട്ടമായിരുന്നു.
'ആഷ്നേ, ഞാനിതാ വരുന്നേ!' എന്നു നിലവിളിച്ചുകൊണ്ട്.
അവളെ കാണുമ്പോൾ, പ്രത്യഭിവാദ്യം പോലും ചെയ്യാതെ 'എവിടെ ചിറകുകളുള്ള നിന്‍റെ തീൻമേശ?' എന്നറിയാതെ ചോദിച്ചു പോകുമെന്ന് അപ്പോൾ നിനച്ചതേയില്ല!
ചിന്താവളപ്പ് ബസ്റ്റോപ്പിലെ പൂവ്
കുമാരൻ മാസ്റ്റർ റോഡിലെ മീഡിയനില് പാവാടോള് വിടർത്തി നിക്കണ
ജമന്തിപ്പൂക്കളീന്ന് തേങ്കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തിങ്കു ശലഭം റിങ്കൂനോടാ വെളിപ്പെടുത്തല് നടത്തീത്.
'ചിന്താവളപ്പില് ഒരു പ്രത്യേക സൈസ് പൂവ് വിരിഞ്ഞുനിക്കണുണ്ടത്രേ!
കുടിക്കാൻ നല്ല രസാന്ന് എല്ലാവരും പറേണു. ഇദ് കഴിഞ്ഞങ്ങോട്ട് പോവാ!'
'ചിന്താവളപ്പ്ല് വടെ?'
'അവ്ടെ ബസ്റ്റോപ്പ്ല് ഇരിക്കണുണ്ട് ന്ന്!'
'ബസ്റ്റോപ്പില് പൂവിരിക്ക്യേ?'
റിങ്കുവിന്‍റെ ചിറകടി ഒരു നിമിഷം നിലച്ചു.
'വരണുണ്ടെങ്കില് വാ പൊട്ടികാളീ റിങ്ക്വോ!'
തേമ്പറ്റിയ ചിറി തൊടയ്ക്കാൻ കൂടി നിക്കാതെ തിങ്കു പറന്നുപൊങ്ങി.