“മിനിഞ്ഞാന്ന് മേഘന നാട്ടിൽ എത്താതിരുന്നത് എന്തുകൊണ്ടാണ്? ഞാൻ മേഘനയെ കാണുവാൻ വേണ്ടി മാത്രം യുകെയിൽ നിന്ന് എത്തിയതായിരുന്നു.”
“സോറി. ഞാറാഴ്ചയാണ് ഞാൻ പൂനയിൽനിന്ന് ബാംഗ്‍ളൂരിൽ എത്തിയത്. ആസ് ഐ വാസ് വെരി ബിസ്സി....”
“ബാംഗ്ളൂരിലെ ട്രാഫിക് ബ്ളോക്കുകൊണ്ട് ഫ്ളൈറ്റിന്‍റെ സമയത്തിന് എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയാഞ്ഞതുകൊണ്ട് മേഘനക്ക് പെണ്ണുകാണല്‍ ചടങ്ങിന് എത്താനായില്ല എന്നാണ് മിസ്റ്റര്‍ മാധവ് മനോഹര്‍ പറഞ്ഞത്...”
“യെസ്... യെസ് .കാരണം അതുതന്നെയാണ്.” ഒരു പിടിവള്ളി കിട്ടിയ ആശ്വാസമാണ് മേഘനയുടെ മുഖത്തിപ്പോള്‍.
“പക്ഷെ,ഞാന്‍ നിങ്ങളുടെ ബാംഗ്ളൂര്‍ ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് താനിന്നലെ ബോംബെയ്ക്ക് പോന്നുവെന്നാണല്ലോ.”
കള്ളം കണ്ടുപിടിക്കപ്പെട്ടതിന്‍റെ ജാള്യതയോടെ മേഘന അറിയിച്ചു. “ഞാന്‍ പൂനയിലെ ഓഫീസില്‍ ഒരു മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുമ്പോഴാണ്, മിസ്റ്റര്‍ മധു എന്‍റെ വീട്ടില്‍ വരുന്ന വിവരത്തിന് ഡാഡിയുടെ കാള്‍ വന്നത്. ഐ ഹാഡ് ഏ വെരി ഹെക്ടിക് ടൈം ഇന്‍ പൂന. (പൂനയിലെനിക്ക് നല്ല തിരക്കായിരുന്നു) ബാംഗ്ലൂരില്‍ എത്തിയശേഷം എനിക്ക് കുറേ പെന്റിംഗ് വര്‍ക്ക് തീര്‍ക്കാനുണ്ടായിരുന്നു. പിന്നെ ഇങ്ങോട്ടുള്ള ടൂറും കൂടി ആയപ്പോള്‍ ഞാന്‍ ഡാഡിയുടെ ഫോണ്‍ കോളിന്‍റെ കാര്യം തന്നെ മറന്നുവെന്നതാണ് സത്യം. മൈ ജോബ് ഈസ് ലൈക്ക് ദാറ്റ്. ഐ ഹാവ് ടു ട്രാവല്‍ എലോട്ട് ആന്‍ഡ് ആള്‍വേയ്സ് വെരി വെരി ബിസി.” (എന്‍റെ ജോലി അങ്ങനെയാണ്. ധാരാളം യാത്ര ചെയ്യണം. എപ്പോഴും ജോലി തിരക്ക്.)
“എന്തിനാണ് മേഘന ഇങ്ങനെ തിരക്കുള്ള ഒരു ജോലിയില്‍ തുടരുന്നത്? മറ്റെവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചുകൂടേ?”
“വൈ ഷുഡ് ഐ? ഐ റിയലി എന്‍ജോയ് ദിസ് ജോബ്. ടോപ് പൊസിഷന്‍ ആന്‍ഡ് വെരി റിവാര്‍ഡിംഗ് സാലറി. പിന്നെ ഐ ലൈക്ക് ടു ട്രാവല്‍” (എന്തിന്?.ഈ ജോലി ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥാനവും നല്ല ശമ്പളവും. പിന്നെ എനിക്ക് യാത്ര ഇഷ്ടവുമാണ്)
അപ്പോഴേക്കും അല്പം മുന്‍പ് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട മനുഷ്യന്‍ അനുവാദം ചോദിക്കാതെതന്നെ ധൃതിയില്‍ അകത്തേക്ക് കടന്നുവന്നു. അയാളുടെ കയ്യില്‍ ഒന്നോ രണ്ടോ ഫയലുകളും ഉണ്ടായിരുന്നു.
“എക്സ്ക്യൂസ് മി മാഡം. ഇഫ് യു ഡിലേ ഫര്‍തെര്‍ യു വില്‍ മിസ് യുവര്‍ ഫ്ളൈറ്റ്.” (ക്ഷമിക്കണം മാഡം, ഇനിയും വൈകിയാല്‍ ഫ്ലൈറ്റ് കിട്ടാതിരുന്നേക്കാം.)
ഫയല്‍ അവളുടെ കയ്യില്‍ ഏല്പിച്ച ശേഷം ഭവ്യതയോടെ അയാള്‍ ക്യാബിന് പുറത്തേക്ക് നടന്നുമറയുകയും ചെയ്തു.
“എവിടെക്കാണ് യാത്ര?” മധു ചോദിച്ചു.
“ഇത്തവണ വിദേശത്തേക്കാണ്.”
“എന്ന് മടങ്ങും?”
“തീര്‍ച്ചയില്ല. കമ്പനിയുടെ നാലഞ്ച് ബ്രാഞ്ചുകളില്‍ പോകാനുണ്ട്.” വാച്ചിലേക്ക് നോക്കിക്കൊണ്ടവള്‍ തുടര്‍ന്നു. “ഓ! ഐയാം ഗെറ്റിംഗ് ലേറ്റ്. സോറി, ഐ ഹാവ് ടു ലീവ് നൗ” (ഓ! സമയം വൈകുന്നു. സോറി. എനിക്കിപ്പോള്‍തന്നെ പുറപ്പടേ ണ്ടതായുണ്ട് )
ഫയലുകള്‍ ലാപ്ടോപ് ബാഗിന്‍റെ അകത്തേക്ക് വെച്ചശേഷം അവള്‍ കാബിന് പുറത്തേക്ക് നടക്കുവാന്‍ തുടങ്ങി. അടുത്തനിമിഷം തിരിഞ്ഞുനിന്നുകൊണ്ട് ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. ”വെരി സോറി ഫോര്‍ ഓള്‍ ദി ട്രബിള്‍ (ബുദ്ധിമുട്ടിച്ചതില്‍ ദുഖിക്കുന്നു) ടൂര്‍ കഴിഞ്ഞ് ഞാനെത്തിയാല്‍ നമുക്ക് വീണ്ടും മീറ്റ് ചെയ്യാം.”