വിവാഹക്കാര്യം എടുത്തിടുമ്പോഴെല്ലാം റീനയ്ക്ക് അവനെ ഓർമ്മ വരും. കൂട്ടുകാരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോഴും പഴയ ഓർമ്മകൾ അവളെ ഏതോ ലോകത്തേക്കു കൊണ്ടു പോകും. “23 വയസ്സാകുമ്പോൾ ജോലി കിട്ടും, ഒരു വർഷം കഴിഞ്ഞ് കല്യാണം.” അരുണിന്‍റെ ശബ്ദം, കാതിനു പിന്നിൽ ഓളങ്ങൾ ചാർത്തുമ്പോലെ.
ഇപ്പോൾ വയസ്സ് 30 ആയി. കഴിഞ്ഞ പത്ത് വർഷമായി അവനെ കണ്ടിട്ടു പോലുമില്ല. കോളേജു കാലഘട്ടത്തിൽ രസങ്ങൾ ആവോളമുണ്ടായിട്ടും, നശിച്ചു പോകുന്ന ചപല പ്രണയം ആയിരുന്നില്ല റീനയ്ക്ക് ആ ബന്ധം. എന്നിട്ടും ഒന്നു കാണാൻ പോലും കഴിഞ്ഞില്ല. ഇക്കാലമത്രയും അവനെ കാണാൻ കൊതിച്ച് ജീവിക്കുമ്പോഴും ബന്ധങ്ങൾ അങ്ങനെയൊക്കെയാണ് എന്ന ചിന്തയിൽ റീന ആശ്വാസം കണ്ടെത്തി. ഈ ലോകം ഉരുണ്ടതാണ്. എന്നെങ്കിലും കണ്ടുമുട്ടും. അവളുടെ ചിന്തകളിൽ അരുൺ ഒരു തപസു പോലെ നിറഞ്ഞു നിന്നു.
“അയാളില്ലാതെ എനിക്ക് പറ്റില്ല.”
കൂട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ റീന തമാശ പോലെ പറയും. നിറയുന്ന കണ്ണിനെ മറച്ചു പിടിച്ച് ചിരിയുടെ മേമ്പൊടി ചേർത്താണ് ആ പറച്ചിൽ.
“പിന്നേ, അനശ്വര പ്രണയം. തനിക്കു പറ്റുമെടോ, ഈ വർഷങ്ങളത്രയും ജീവിച്ചത് അവനില്ലാതെയല്ലേ...”
എന്തായാലും റീന മറ്റു പുരുഷന്മാരെ ശ്രദ്ധിക്കാൻ ആരംഭിച്ചത് തന്നെ കൂട്ടുകാരുടെ നിരന്തരമായ പ്രേരണയിലാണ്.
റീനയ്ക്ക് പക്ഷേ ഒരാണിനോടും ഒരാഴ്ചയിൽ കൂടുതൽ അടുപ്പം കാണിക്കാനായില്ല. “നിന്‍റെ റൊമാൻശ് ക്വാട്ട തീർന്നെന്നു തോന്നുന്നെടി...”
ഓരോരുത്തരേയും പരിചയപ്പെട്ടു പിൻവാങ്ങുമ്പോൾ റീന സ്വയം പരിഹസിച്ചു. പത്ത് വർഷം മുമ്പ് അവസാനമായി കണ്ട ആ ദിനത്തിൽ റീന അയാളുടെ കണ്ണുകളിലേക്ക് നോക്കിയത്. ഞാൻ തയ്യാറാണ്, നിന്‍റെ ഭാര്യയാകാൻ എന്ന് മന്ത്രിച്ചു കൊണ്ടായിരുന്നു. ഇനി കാമുകിയുടെ വേഷം വേണ്ട, സമൂഹം അംഗീകരിക്കുവാൻ ഭാര്യയുടെ റോൾ മതി എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അവൻ വിട്ടുപോയി.
“നീ എപ്പോഴും ഇങ്ങനെ വീട്ടിൽ അടച്ചിരുന്നാൽ ആരെങ്കിലും നിന്നെ കാണുന്നതെങ്ങനെ?” റീന വീട്ടിൽ വന്നാൽ സദാസമയം കമ്പ്യൂട്ടറിലും വായനയിലും മുഴുകുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് തോന്നിയ സംശയം. അത് അമ്മ അവളോട് ചോദിക്കാതിരുന്നില്ല. എങ്ങനെയും പെണ്ണിനെ കെട്ടിച്ചു വിടണം. അമ്മയുടെ കൂടെക്കൂടെയുള്ള പരിദേവനങ്ങൾക്ക് അച്‌ഛൻ നിശ്ശബ്ദത കൊണ്ടാണ് മറുപടി നൽകിയത്. അമ്മയുടെ മിഴികൾ നിറയുന്ന ദിവസം രണ്ട് പയ്യന്മാരുടെ ചിത്രമെങ്കിലും കൊണ്ടു വരും. പലപ്പോഴും അച്‌ഛന്‍റെ കൂട്ടുകാരുടെ മക്കളുടെ തന്നെ.
“നോക്ക്, ഈ പയ്യനെ നോക്ക്, വളരെ ഹാന്‍സം ആണ്. ഒരു കൺസൾട്ടൻസി സ്‌ഥാപനത്തിൽ ഹെഡ് ആണ്.” ഇങ്ങനെ ഓരോരോ ബയോഗ്രാഫികൾ... റീനയ്ക്ക് അതെല്ലാം കണ്ടും കേട്ടും ബോറടിച്ചു. വിലയേറിയ കാറുകൾ, ഡിസൈനർ സ്യൂട്ടുകൾ തുങ്ങി ഹൈ-ഫൈ ലൈഫ് സ്റ്റൈലിന്‍റെ സൂചകങ്ങളെ പോലും അവൾ വെറുത്തു തുടങ്ങി.
ശബളം കിട്ടുന്ന തുകയിൽ പാതിയും അനാഥർക്കു ചെലവഴിക്കാനാണ് റീനയ്ക്കിഷ്ടം. റോഡിലൂടെ അലഞ്ഞു തിരിയുന്ന നായകൾക്ക് ബിസ്ക്കറ്റ് വാങ്ങിയും അവളുടെ കീശയിൽ നിന്ന് വക മാറി ഒഴുകി.