ഞാൻ എന്‍റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അരുൺ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാൻ ഓരോന്നു പറയുമ്പോഴും അവന്‍റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടൻ എന്നെ വിവാഹം ചെയ്യാൻ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോൾ അരുൺ ചോദിച്ചു.
“മാഡത്തിനപ്പോൾ കഠിനമായി എതിർക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തിൽ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാൻ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”
എന്‍റെ അച്‌ഛൻ അപ്പോൾ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുൺ. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മർദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.
സഹതാപാർദ്രമായ മുഖത്തോടെ അരുൺ അത് കേട്ടിരുന്നു. ഒടുവിൽ ആദ്യ രാത്രിയിൽ ഉറക്കഗുളിക കഴിച്ച് മരിക്കാൻ തയ്യാറായതും നരേട്ടൻ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു. എല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.
പ്രേമം മൂലം മറ്റൊരാളിൽ നിന്ന് എന്നെ കവർന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാൽ എന്‍റെ നരേട്ടൻ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതിൽ വേദനിച്ച അദ്ദേഹം ഫഹദ്സാറിനെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.
എന്നോടുള്ള അഭിനിവേശത്താൽ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടൻ. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയർപ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോൾ തോന്നിപ്പോകുന്നു.
എന്‍റെ കഥ കേട്ട് അരുൺ നിശബ്ദനായിരുന്നു. ആ കണ്ണുകൾ എന്നോടുള്ള സഹതാപത്താൽ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാൽ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുൺ എന്നെ നോക്കി പറഞ്ഞു.
“എ വണ്ടർ ഫുൾ, എക്ട്രാ ഓർഡിനറി ലൗ സ്റ്റോറി. സിനിമകളിൽപ്പോലും ഇത്തരം കഥകൾ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്‍റെ കഥ. ആ പ്രേമം നുകരാൻ ഭാഗ്യമുണ്ടായവളാണ് മാഡം... ഞാനിനി ചോദിക്കട്ടെ... മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകൻ ഇനിയും മാഡത്തിന്‍റെ മുമ്പിൽ വന്നു നിന്നാൽ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്‍റെ മുമ്പിൽ എത്തിയ്ക്കാം...”
അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണിൽ നിന്നും വാർന്നു വീണത്. ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുൺ പറഞ്ഞു.
മാഡം ആലോചിച്ചു പറഞ്ഞാൽ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. അൽപം നിർത്തി അരുൺ തുടർന്നു.
“മാഡം ഇതുവരെ ആ അദ്ധ്യാപകന്‍റെ പേരു പറഞ്ഞില്ല...” ഞാൻ നിശബ്ദയായിരുന്നപ്പോൾ ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.
സാരമില്ല... അതു ഞാൻ കണ്ടെത്തിക്കോളാം...”