ബോംബെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും മധുവിനെ തേടി ശശിധരന്‍ നായരുടെ ഫോണ്‍കോളുമെത്തി.
“എന്താ നീയിതുവരെ ഇങ്ങോട്ട് എത്താഞ്ഞത്? ഫ്ളൈറ്റ് ലേറ്റായോ? മേഘനയെ കണ്ടോ? എന്താ നിന്‍റെ അഭിപ്രായം?”
“എല്ലാം ഞാന്‍ അവിടെ എത്തിയിട്ട് പറയാമച്ഛാ.”
“യാത്ര നാളേക്ക് നീട്ടിയോ? നീയിന്നിവിടെ എത്താമെന്നല്ലേ പറഞ്ഞിരുന്നത്? നിനക്ക് നാളെ യു ക്കേലേക്ക് മടങ്ങാനുള്ളതല്ലേ?”
“നാളെ രാത്രി രണ്ട് മണിക്കല്ലേ ഫ്ളൈറ്റ്. ഞാന്‍ സമയത്തിന് എത്തിക്കോളാം.” മധു ഫോണ്‍ ബന്ധം ഉടനെ വേര്‍പെടുത്തുകയും ചെയ്തു.
ശശിധരന്‍ നായര്‍ ഫോണില്‍ ആരോടോ സംസാരിക്കുന്ന സ്വരം കേട്ട് ഭാഗീരഥി അകത്തെ മുറിയില്‍ നിന്നും ധൃതിയില്‍ അങ്ങോട്ട് വന്നു. ആകാംക്ഷയോടെ അവര്‍ ചോദിച്ചു
“ഫോണില്‍ മധു ആയിരുന്നോ?”
“അതെ. അവന്‍ നാളെയെ ഇങ്ങോട്ട് എത്തുകയുള്ളൂന്ന്.”
“അതെന്താ യാത്ര നീട്ടിവെച്ചത്?”
“കാരണം മറ്റൊന്നുമാവാന്‍ വഴിയില്ല. തമ്മില്‍ കണ്ടപ്പോള്‍ തന്നെ മേഘനക്കും മധുവിനും വിട്ടുപിരിയാന്‍ പ്രയാസം തോന്നിയിട്ടുണ്ടാകും. മേഘനയോടൊപ്പം കുറച്ചു സമയം ചിലവഴിക്കാമെന്ന് കരുതി യാത്ര നാളേക്ക് നീട്ടിയതാവാം. ആരംഭത്തില്‍ത്തന്നെ രണ്ടുപേര്‍ക്കും ഇത്രമാത്രം അടുപ്പം തോന്നിയല്ലോ. മേഡ് ഫോര്‍ ഈച്ച് അതര്‍ എന്ന്‍ പറയുന്നപോലെ.”
ഭര്‍ത്താവിന്‍റെ ആഹ്ലാദം തുളുമ്പുന്ന വിശദീകരണം കേട്ടയുടനെ മ്ലാനമായ മുഖത്തോടെ നടന്നകലുന്ന ഭാഗീരഥിയെ പരിഹാസത്തോടെ നോക്കിക്കൊണ്ട് ശശിധരന്‍ നായര്‍ ആത്മഗതം ചെയ്തു. “ഇത്തരം പഴഞ്ചന്‍ മനസ്ഥിതിക്കാരെ ഇക്കാര്യങ്ങളെല്ലാം എങ്ങനെ ബോധ്യപ്പെടുത്താനാണ്? കഷ്ടംതന്നെ.”
പിറ്റേന്ന് മേഘനയുടെ ബോംബെയിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവും എത്താനുള്ള മാര്‍ഗ്ഗവും ഗൂഗിള്‍ മാപ്പില്‍നിന്ന്‍ മനസ്സിലാക്കിയ ശേഷമാണ് മധു അവളെ കാണാന്‍ പുറപ്പെട്ടത്.
റൂം ഒഴിഞ്ഞശേഷം ഹോട്ടലില്‍ നിന്നും സൂട്ട്കേസും എല്ലാമായി ഇറങ്ങി മേഘനയെ കണ്ടശേഷം നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനായിരുന്നു പ്ളാന്‍.
കൃത്യം പത്തുമണിക്ക് തന്നെ അയാള്‍ മേഘനയുടെ ഓഫീസിലെത്തി. അധികം വൈകാതെ അവളെ കാണാന്‍ സൗകര്യപ്പെടുകയും ചെയ്തു. മധു മേഘനയുടെ കാബിനകത്തേക്ക് ചെല്ലുമ്പോള്‍ അവള്‍ ലാപ്ടോപ്പില്‍ ശ്രദ്ധയോടെ എന്തോ ജോലിയിലാണ്. ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ സുന്ദരിയാണവള്‍ എന്നുതോന്നി മധുവിന്. ഈ ജ്വലിക്കുന്ന സൗന്ദര്യമാണല്ലോ തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് ആലോചിക്കുകയും ചെയ്തു.
ലാപ്ടോപ്പില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കാതെതന്നെ അവള്‍ നിര്‍ദ്ദേശം നല്‍കി. “പ്ളീസ് ടേക്ക് യുവര്‍ സീറ്റ്”(ദയവായി ഇരിക്കൂ).
അവള്‍ തന്‍റെ ജോലി തുടരുന്നത് കണ്ടപ്പോള്‍ അക്ഷമയോടെ മധു സംഭാഷണമാരംഭിക്കാന്‍ മുന്‍കൈയെടുത്തു “അയാം മധുമോഹന്‍.”
ലാപ്ടോപ്പില്‍ നിന്നും കണ്ണുകള്‍ ഉയര്‍ത്താതെ മേഘന ചോദിച്ചു “ഓ കേ, വാട്ട് ഹെല്പ് കാന്‍ ഐ ഡു ഫോര്‍ യു”
“ഞാന്‍ മേഘനയെ നേരിലൊന്ന് കാണാന്‍ വന്നതാണ്” പച്ചമലയാളത്തിലുള്ള സംസാരം ആശയക്കുഴപ്പം ഉണ്ടാക്കിയതിനാലാകാം അവള്‍ പെട്ടെന്ന് തല ഉയര്‍ത്തി
മധുവിന്‍റെ മുഖത്തേക്ക് നോക്കി.
“യുവര്‍ ഫേസ്... ഐ ഹാവ് സീന്‍ യൂ ബിഫോര്‍” (നിങ്ങളുടെ മുഖം... ഞാന്‍ നിങ്ങളെ ഇതിനുമുന്‍പ് കണ്ടിട്ടുണ്ട്.)
“പോസ്സിബിള്‍ “(ഉണ്ടാകാം) മധുവിന്‍റെ മുഖത്ത് അര്‍ത്ഥഗര്‍ഭമായൊരു പുഞ്ചിരി വിടര്‍ന്നു “എന്‍റെ ഫോട്ടോയും മറ്റ് വിവരങ്ങളും മിസ്റ്റര്‍ മാധവ് മനോഹര്‍ മേഘനക്ക് അയച്ചുതന്നിട്ടുണ്ടാവുമല്ലോ.”