സാഗരസംഗമം ഭാഗം- 25

വളവുകൾ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാർ ഒടുവിൽ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആൾക്കൂട്ടം കണ്ടു. കുറെപ്പേർ അവിടവിടെയായി കൂടി നിൽക്കുന്നു. കുറെ കസേരകളും മുറ്റത്ത് ഇട്ടിട്ടുണ്ട്. മായയുടെയും മഞ്ജുവിന്‍റെയും ഭർത്താക്കന്മാർ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നു. വടക്കു വശത്ത് മാവുവെട്ടുന്ന ശബ്ദം കേൾക്കാം.

വിറയാർന്ന കാലടികളോടെ അകത്തേയ്ക്ക് നടക്കുമ്പോൾ കണ്ടു. പൂമുഖത്ത് നിറതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിൽ വാഴയിലയിൽ നീണ്ടു നിവർന്നു കിടക്കുന്നു അമ്മ. ആ നീണ്ട നിദ്രയിലും അമ്മ എത്ര സുന്ദരിയാണെന്നോർത്തു. പ്രൗഢയായ ഒരു തറവാട്ടമ്മ….

ഒരു വശത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മായയും മഞ്ജുവും അവരുടെ മക്കളും. എന്നെക്കണ്ട് അവർ എഴുന്നേറ്റോടി വന്നു.

“നമ്മുടെ അമ്മ പോയി ചേച്ചീ… ഇനി നമുക്ക് ആരുണ്ട്?” മായയും മഞ്ജുവും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോൾ വിഫലമായി സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഒരു ജന്മം മുഴുവൻ മക്കൾക്കായി ഹോമിച്ച അമ്മ. ആ അമ്മയുടെ ചലനരഹിതമായ ശരീരം കാണുമ്പോൾ ഞങ്ങൾ അനാഥരാക്കപ്പെട്ടതു പോലെ തോന്നി. മുലപ്പാൽ മണം മാറാത്ത കുഞ്ഞുങ്ങളെപ്പോലെ ആ മാറത്ത് തലചായ്ച്ച് പൊട്ടിക്കരയുമ്പോൾ അനാഥത്വം ഞങ്ങളെ വരിഞ്ഞു മുറുക്കി. ഈ ലോകത്ത് എന്തൊക്കെ ലഭിച്ചാലും മാതൃ-സ്നേഹത്തോളം അതിന് വിലയുണ്ടാവുകയില്ല. മുലപ്പാൽ മധുരം പോലെ ധന്യമായ മറ്റൊന്നും ഈ ലോകത്ത് ഈ ജന്മത്തിൽ രുചിക്കുകയുമില്ല.

മക്കളുടെ ഏതൊരു ദുഃഖവും സ്നേഹമാകുന്ന ആ പാൽക്കടലിൽ അലിയിച്ചൊഴുക്കാൻ അമ്മയ്ക്കല്ലാതെ മറ്റാർക്കാണു കഴിയുക?

ഇവിടെ അമ്മ പോയതോടെ അക്ഷരാർത്ഥത്തിൽ ഞാൻ അനാഥയാക്കപ്പെട്ടിരിക്കുന്നു. സമാശ്വസത്തിന്‍റെ ഒരിറ്റു മഞ്ഞുതുള്ളി, അതിനി എവിടെയാണ് ഞാൻ തേടി അലയേണ്ടത്? അമ്മേ… കണ്ണുനീർ പുഷ്പങ്ങൾ ഈ കാൽക്കൽ അർച്ചന ചെയ്‌ത് ഞാൻ എന്‍റെ ദുഃഖഭാരത്തെ ഇവിടെ അടിയറ വയ്ക്കട്ടെ… കൊടിയ ദുഃഖത്തിന്‍റെ അനാഥത്വത്തിന്‍റെ ചൂടേറ്റ് മരുഭൂമിയിലെന്ന പോലെ തപിക്കുന്ന ഈ മകൾക്ക് ആ ശുഷ്ക്കിച്ച കരങ്ങളുടെ ഒരു തലോടൽ… അതുമതിയായിരുന്നു. എല്ലാ ദുഃഖങ്ങളിൽ നിന്നും, കൊടിയ വേദനകളിൽ നിന്നും ഒരു വൈദ്യനെ എന്നപ്പോലെ ആശ്വാസം പകരാൻ…

എന്നാലിന്നിപ്പോൾ അകലങ്ങളിലിരുന്ന് അമ്മ കാണുന്നുണ്ടോ? സങ്കടക്കടലിലകപ്പെട്ട് നട്ടം തിരിയുന്ന ഈ പുത്രിയെ… മാതാപിതാക്കൾ കഴിഞ്ഞാൽ ഭർത്താവും, മകനുമാണ് ഒരു സ്ത്രീയ്ക്ക് ആശ്രയമായിത്തീരേണ്ടത്. എന്നാലാ ആശ്രയം എനിക്ക് നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. പിന്നെയുള്ളത് ഏതോ തെറ്റിദ്ധാരണയാൽ എന്നോട് കൊടിയ ശത്രുത്വം വച്ചു പുലർത്തുന്ന മകളാണ്. അവൾക്ക് വേണ്ടത് എന്‍റെ സമ്പത്തു മാത്രമാണ്. സ്നേഹത്തിന്‍റെ ഒരിറ്റു ദാഹജലം പോലും പകർന്നു നൽകാൻ കൂട്ടാക്കാത്ത അവളുടെ മുന്നിൽ അതിനു വേണ്ടി കൈനീട്ടിയിട്ടെന്തു കാര്യം? ഞാനിന്ന് അനാഥയാണ് അമ്മേ… എല്ലാ അർത്ഥത്തിലും അനാഥ…

ഹൃദയം തകർന്ന് പൊട്ടിക്കരയുമ്പോൾ മായയും മഞ്ജുവും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പ്രളയജലത്തിലെന്ന പോലെ ദുഃഖം കരകവിഞ്ഞൊഴുകി. തീരങ്ങളെ തല്ലിത്തകർത്ത് ആർത്തലച്ചൊഴുകിയ ആ പ്രളയ ജലം ഒടുവിൽ ഒരു മാസ്മരിക കരസ്പർശത്താൽ പൊടുന്നനെയൊടുങ്ങി ശാന്തമായി. അത് അരുണിന്‍റേതായിരുന്നു. ഒരു പുത്രനെന്നപോലെ അവൻ എന്‍റെ കരങ്ങൾ പിടിച്ചെഴുന്നേൽപ്പിച്ചു. എന്നെമെല്ലെ നടത്തി.

“വരൂ മാഡം… ഇനി കരയരുത്. മാഡത്തിന്‍റെ ഏതു ദുഃഖത്തിലും ഞാനുണ്ടാവും കൂടെ. എന്നെ മാഡത്തിന്‍റെ മകനായിത്തന്നെ കരുതിക്കോളൂ. അങ്ങനെ സാന്ത്വന വചസ്സുകൾ പറഞ്ഞ് അവൻ എന്‍റെ കൂടെ നിന്നു. ഏതോ മുജ്‌ജന്മ ബന്ധം പോലെ എനിക്കു വരദാനമായി ലഭിച്ച മകൻ. ഇവനുള്ളപ്പോൾ ഞാനെന്തിനാണ് ദുഃഖിക്കുന്നത്? മനസ്സ് തിരയടങ്ങിയ കടൽ പോലെ ശാന്തമായി. അവിടെ ചെറിയ ഓളങ്ങൾ മാത്രം ഇടയ്ക്കിടെ തീരത്തു വന്ന് തല്ലിയലച്ച് മടങ്ങി.

ഒടുവിൽ അമ്മയെ ദഹിപ്പിക്കാനായി പുറത്തേയ്ക്കെടുക്കുവാൻ തുടങ്ങി. ഞങ്ങൾ മക്കളും, കൊച്ചുമക്കളും വായ്ക്കരിയിട്ട ശേഷം ആ ശരീരം പുറത്തേയ്ക്കെടുക്കുമ്പോൾ മായ ബോധം കെട്ടു വീണു. അവളായിരുന്നല്ലോ അമ്മയ്ക്കെന്നും തുണയായി കൂടെ നിന്നത്. എന്നാൽ അമ്മയോടുള്ള കടമകൾ പൂർത്തീകരിക്കാൻ കഴിയാത്ത മകളെന്ന ദുഃഖം എന്നിൽ ബാക്കി നിൽക്കുന്നു.

വടക്കു വശത്തൊരുക്കിയ ചിതയിൽ എരിഞ്ഞടങ്ങുന്ന അമ്മയുടെ ചേതനയറ്റ ശരീരം ജനലിലൂടെ നോക്കി ഏറെനേരം നിശ്ചലയായി നിന്നു. ആളിക്കത്തുന്ന ആ ചിത എന്‍റെ മനസ്സിലും എരിഞ്ഞടങ്ങുന്നുണ്ടോ? വിട പറഞ്ഞു പോകുന്ന ആ ആത്മാവിനോടുള്ള കടപ്പാട് ഏതു ജന്മത്തിലാണ് എനിക്കു പൂർത്തീകരിക്കാൻ കഴിയുക? എത്ര ജന്മങ്ങൾ കഴിഞ്ഞാലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടല്ലെ മക്കൾക്ക് അമ്മയോടുണ്ടാവുക? അന്ത്യ കർമ്മങ്ങൾ ചെയ്‌തത് മായയുടെ ഇളയമകൻ വിപിനാണ്. മൂന്നു പെണ്മക്കൾ മാത്രമുള്ള അമ്മയ്ക്ക് കർമ്മം ചെയ്യുവാൻ ഭാഗ്യമുണ്ടായത് അവനാണ്. കുടുംബത്തിൽ ഇനി ആകെയുള്ള ആൺതരി.

ആരോ പറയുന്നതു കേട്ടു, “ പുത്രന്മാരുണ്ടായാൽ പോരാ… അനുഭവിക്കാൻ യോഗം വേണം…” നാട്ടുകാരിൽ ആരുടെയോ ഒളിയമ്പ് എന്‍റെ നേർക്കാണെന്നു തോന്നി. തുടർന്നാ ശബ്ദം വീണ്ടും കേട്ടു.

“അതെങ്ങനാ… സുകൃതക്ഷയം അല്ലാതെന്താ? ഈ ജന്മത്തിലും മുജ്ജന്മത്തിലും പാപം ചെയ്യാത്തവർക്കല്ലെ സദ്ഗതി വരൂ. മറ്റുള്ളവരെ മനഃപൂർവ്വം വേദനിപ്പിക്കുന്നത് പാപം തന്നാണെ…” ഹൃദയം കുത്തിക്കീറുന്ന വാക്കുകൾ, നെഞ്ചിനകത്തു കൂടി ശരം പോലെ പാഞ്ഞു പോയി.

ഈ നാട്ടുകാർക്കെല്ലാം ഫഹദ് സാറിനെ അറിയാം. ഞാൻ കാരണം അദ്ദേഹത്തിനുണ്ടായ അധഃപതനവും… എന്നാൽ ഒന്നും ഞാൻ മനഃപൂർവ്വം ചെയ്‌തതല്ലെന്ന് അവർക്കറിയില്ലല്ലോ… അവരുടെ കണ്ണിൽ ഞാൻ, താലികെട്ടിയ പുരുഷനെ മനഃപൂർവ്വം ഇട്ടെറിഞ്ഞു പോയ നിഷ്ഠൂരയായ സ്ത്രീയാണ്. അയാളുടെ ഹൃദയം കുത്തിക്കീറിയവളാണ്.

എല്ലാം കുറെയൊക്കെ കോളേജിലെ സഹപാഠികൾ പറഞ്ഞുണ്ടാക്കിയ കഥകളാവാം. ചുരുക്കം ചിലർക്കൊഴിക്കെ ബാക്കിയാർക്കും യഥാർത്ഥ കഥകൾ അറിയില്ലല്ലോ? അല്ലെങ്കിൽ നിസ്സഹായയായ ഒരു പെണ്ണിന്‍റെ രോദനം അവർ കെട്ടില്ലെന്നു വരുമോ? അവർക്കെല്ലാം ഞാൻ രണ്ടു പുരുഷന്മാരെ ചതിച്ചവളാണ്.

ജ്വലിയ്ക്കുന്ന സൗന്ദര്യവുമായി പുരുഷന്മാരെ വശീകരിക്കാൻ നടക്കുന്ന ഒരു വേശ്യയോടാവുമോ അവർ എന്നെ ഉപമിച്ചിട്ടുണ്ടാവുക? ഒടുവിൽ കോളേജിലെ സഹപാഠികളായ നിമിഷയെപ്പോലുള്ള ഉറ്റസുഹൃത്തുക്കൾ വരെ എന്നെ കുറ്റപ്പെടുത്തിയില്ലെ? അവർക്കെല്ലാം ഫഹദ് സാർ ജീവനായിരുന്നു.

ആൾക്കൂട്ടത്തിൽ തിരഞ്ഞ എന്‍റെ കണ്ണുകൾക്ക് സഹപാഠികളിലൊരാളെ കണ്ടെത്തുവാൻ കഴിഞ്ഞു. എന്‍റെ ശത്രുനിരയിൽപ്പെട്ട ഒരാൾ… ഞാൻ തിരിച്ചറിഞ്ഞു എന്നു തോന്നിയിട്ടോ എന്തോ അയാൾ ആൾക്കൂട്ടത്തിൽ മറഞ്ഞു കളഞ്ഞു. മുമ്പ് എന്‍റെ അയൽവാസിയായിരുന്ന. ചെറുപ്പത്തിൽ കോളേജിൽ വച്ച് എന്നെ പ്രണയിച്ചിരുന്ന നിരഞ്ജൻ ആയിരുന്നു അത്.

പലപ്പോഴും ഞാൻ തിരിഞ്ഞു നോക്കാതെ തഴഞ്ഞിരുന്ന ഒരാൾ… അയാളുടെ പ്രേമാഭ്യർത്ഥനയെ ഞാൻ പുറംകാലു കൊണ്ട് തട്ടിയെറിഞ്ഞിരുന്നു. ഞാൻ ഫഹദ് സാറിനെ പ്രണയിച്ചപ്പോൾ അവന്‍റെ കണ്ണിൽ പ്രണയ നൈരാശ്യമുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ അന്നത്തെ പ്രണയത്തിനുപകരം അയാളുടെ കണ്ണിൽ കത്തിജ്വലിക്കുന്നത് എന്നോടുള്ള വിദ്വേഷമല്ലേ?

ഇത്രകാലങ്ങൾക്കു ശേഷം, ജീവിതത്തിൽ നിലയില്ലാക്കയത്തിൽ വീണു പോയ എന്നെക്കാണുവാനെത്തിയതായിരിക്കുമോ അയാൾ? അഭയമായ്ത്തീർന്ന എല്ലാവരേയും വേർപിരിഞ്ഞ് ഒടുവിൽ ഒരു പിടിവള്ളിക്കായ് കേഴുന്ന എന്നെക്കാണുവാൻ… കണ്ടു സന്തോഷിക്കുവാൻ… പ്രതികാരാഗ്നിയിൽ പിടയുന്ന ആ കണ്ണുകളിലെ തീക്കനൽ തിളക്കം അതല്ലെ വിളിച്ചു പറയുന്നത്. അതെ… എന്‍റെ ശത്രു പക്ഷത്ത് നിൽക്കുന്നത് അയാൾ തന്നെയാണ്. അയൽക്കാർക്കിടയിൽ എന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി അയാൾ സംതൃപ്തി നേടുന്നു. ക്രൂരമായ സംതൃപ്തി.

ഒരിക്കൽ കൂടി പഴയ ഉറ്റ സുഹൃത്തുക്കളെക്കാണുവാൻ മോഹം തോന്നി. ആനന്ദും, അഭിലാഷും, നിമിഷയും… അവർ ഇന്നെവിടെയായിരിക്കും? നിമിഷയെയെങ്കിലും കണ്ടെത്തിയാൽ മതിയായിരുന്നു. ഒടുവിൽ എന്നെക്കുറ്റപ്പെടുത്തിയെഴുതിയ ഒരു കത്തിനു ശേഷം അവളെപ്പറ്റി ഒരു വിവരമുണ്ടായില്ല. അവളെക്കണ്ടെത്തിയാൽ ആ മാറിൽ തലചായ്ച്ച് ഒന്നു പൊട്ടിക്കരയാൻ, എന്‍റേതല്ലാത്ത തെറ്റുകൾക്കാണ് ഞാൻ ശിക്ഷിക്കപ്പെടുന്നതെന്നറിയ്ക്കാൻ, എനിക്കു കഴിഞ്ഞെങ്കിൽ…

പഞ്ചാഗ്നി മദ്ധ്യത്തിൽ എന്നെ എരിച്ചു കൊണ്ട് കടന്നു പോയ ഏതാനും ദിനരാത്രങ്ങൾക്കൊടുവിൽ അമ്മയുടെ മരണാനന്തര കർമ്മങ്ങളും കഴിഞ്ഞു.

ഈ ദിനങ്ങളിൽ ചില അയൽവാസികളിൽ നിന്നും ചില ഒളിയമ്പുകൾ എന്നെ ജീവനോട് ദഹിപ്പിക്കും വിധം പാഞ്ഞു വന്നു. എരിതീയിൽ എണ്ണയൊഴിക്കും പോലെയുള്ള അവരുടെ പ്രകടനങ്ങൾ അസഹ്യമായിരുന്നു. ഈ ദിനങ്ങളിൽ ആശ്വസിപ്പിക്കുവാൻ അരുൺ അടുത്തില്ലാതെ പോയി. ഏതാനും ദിനങ്ങൾ എങ്ങോ പോയി മടങ്ങിയെത്തിയ അവൻ തിരികെയെത്തിയപ്പോൾ എന്‍റെ കോലം കണ്ട് ഞെട്ടി.

കണ്ണുകൾക്കടിയിലെ കറുത്തപാടുകളും, കുഴിഞ്ഞ കണ്ണുകളും, മെലിഞ്ഞ ശരീരവും കണ്ട് അവൻ അദ്ഭുതപ്പെട്ടു. “എന്തുപറ്റി മാഡം? ഇത്ര ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത്രത്തോളം മാറിപ്പോകുവാൻ… ഞാൻ പോകുമ്പോഴുള്ള മാഡമല്ലല്ലോ ഇപ്പോൾ?” അവൻ ആരാഞ്ഞു.

എന്‍റെ മൗനം കണ്ട് അവൻ തുടർന്നു. “സോറി മാഡം… ഞാൻ എന്‍റെ അമ്മയുടെ നാട്ടിലൊന്നു പോയതാണ്… കോഴിക്കോട്… അവിടെ എന്‍റെ മുത്തശ്ശിയും മരിച്ചു പോയ വല്യമ്മയുടെ രണ്ടു മക്കളുമുണ്ട്. അവരെക്കണ്ടു മടങ്ങി. ഇവിടെ നിന്നു പോകുമ്പോൾ മാഡം ആകെ പരിക്ഷീണിതയായിരുന്നു. അതുകൊണ്ട് മാഡത്തിനെക്കണ്ട് പറയാൻ കഴിഞ്ഞില്ല.”

“അതുസാരമില്ല കുട്ടീ… അല്ലെങ്കിൽ തന്നെ നീയെനിക്ക് ആരുമല്ലാതിരുന്നിട്ടും ഇത്രയൊക്കെ എനിക്കു വേണ്ടി ചെയ്യുന്നില്ലെ. അതിന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇനി മരണം മാത്രമേ എനിക്കാശ്വാസമായുള്ളൂ…”

“അങ്ങിനെ പറയരുത് മാഡം…. ഞാൻ മാഡത്തിനൊരു സന്തോഷവാർത്തയുമായാണ് മടങ്ങിയെത്തിയിട്ടുള്ളത്…”

എന്താണ് അരുൺ? ഒട്ടൊരു ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

“ഞാൻ മുമ്പൊരിക്കൽ മാഡത്തിനോടു പറഞ്ഞിരുന്നില്ലെ മാഡത്തിന്‍റെ പഴയ രഹസ്യങ്ങൾ ഞാൻ കണ്ടെത്തുമെന്ന്. ഇന്നിപ്പോൾ ഞാനതിൽ വിജയിച്ചിരിക്കുന്നു…”

അരുൺ പറഞ്ഞു വരുന്നത് ഫഹദ്സാറിനെ അവൻ കണ്ടെത്തിയെന്നാണോ? മനസ്സ് ഏതോ അജ്ഞാതമായ ഉൽക്കണ്ഠയാൽ തുടികൊട്ടി. എങ്കിലും ഒന്നുമറിയാത്ത പോലെ ഞാനവനെ നോക്കി.

“എന്താണ് ഞാൻ കണ്ടെത്തിയ രഹസ്യമെന്ന് മാഡത്തിനറിയണ്ടെ? മാഡത്തിന്‍റെ പഴയകാലം… കാമുകൻ… എല്ലാ ഞാൻ കണ്ടെത്തിയിരിക്കുന്നു.”

അരുൺ വിജയശ്രീലാളിതനെപ്പോലെ പറഞ്ഞു. അവൻ തുടർന്നു.

“മാഡം പേരു പറയാതെ എന്നോടു പറഞ്ഞ ആ കഥയിലെ നായകനില്ലെ… മാഡത്തിന്‍റെ പഴയ അദ്ധ്യാപകൻ… അദ്ദേഹത്തിന്‍റെ പേരും, മേൽവിലാസവും എല്ലാം ഞാൻ കണ്ടെത്തി. മാഡം ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കങ്ങോട്ടു പോകാം…”

മനസ്സ് പിടിവിട്ട ചിത്രശലഭത്തെ പോലെ പാറിപ്പറന്നു പോയി. ഏതോ മരക്കൊമ്പിന്‍റെ ഉച്ചയിലിരുന്ന് അത് തന്‍റെ ചിറകു വിടർത്തി ആനന്ദ നൃത്തം ചെയ്‌തു കൊണ്ടിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ ചിത്രശലഭം താഴേയ്ക്ക് മടങ്ങി വന്നു. അരുത്… ഞാൻ സ്വയം മറക്കരുത്… മനസ്സു ശാസിച്ചു. ഭർത്താവു മരിച്ച് അധിക നാളുകളാകാത്ത ഞാൻ പഴയ കാമുകനെത്തോടിപ്പോയെന്ന അപവാദം കൂടി ഇനി കേൾക്കണോ?… മരക്കൊമ്പിലെ ചിത്രശലഭം ചിറകൊതുക്കി മനസ്സിന്‍റെ ഏതോ കോണിലൊളിച്ചു.

“എന്താ മാഡം ഒന്നും മിണ്ടാത്തത്… ഫഹദ് സാര്‍ എന്നല്ലെ അദ്ദേഹത്തിന്‍റെ പേര്… ഞാൻ കോളേജിൽ ചെന്ന് മാഡത്തിന്‍റെ പഴയ സുഹൃത്തുക്കളെക്കണ്ടപ്പോൾ അവർ പറഞ്ഞതാണ്. അവരിൽ ചിലർ അദ്ധ്യാപകരായി ഇപ്പോഴും ആ കോളേജിലുണ്ട്.”

“ആരൊക്കെയാണ് അരുൺ? അവരുടെ പേരു ചോദിച്ചോ?” ഞാൻ ജിജ്ഞാസയോടെ തിരക്കി.

“ഉവ്വ് മാഡം, ഒരു ആനന്ദ്, പിന്നെ നിമിഷ, ശ്രീജിത്ത് ഇതൊക്കെയാണ് മാഡത്തിന്‍റെ സഹപാഠികളെന്നു പറഞ്ഞവരുടെ പേരുകൾ…”

“അവരൊക്കെ എന്നെ അന്വേഷിച്ചോ? എന്നോടവർക്ക് വിരോധമൊന്നുമില്ലല്ലോ?” എന്‍റെ ഉൽകണ്ഠ അതിന്‍റെ പാരമ്യത്തിലെത്തിയിരുന്നു.

“അവർക്ക് മാഡത്തെപ്പറ്റി എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടെന്നു തോന്നി. അതുകൊണ്ടു തന്നെ മാഡം ഇവിടെയുണ്ടെന്നറിയിച്ചിട്ടും അവർ എന്‍റെ കൂടെ വരാൻ ഉത്സാഹം കാണിച്ചില്ല. അവർ മാഡത്തെ തെറ്റിദ്ധരിക്കാൻ കാരണം എന്താണ്?” അരുൺ ഉദ്വേഗത്തോടെ ചോദിച്ചു.

എല്ലാം എന്‍റെ തലേവിധിയാണ് അരുൺ. ഞാൻ കാരണം ഫഹദ് സാറിന് ജീവിതത്തിൽ സംഭവിച്ച അധഃപതനമാണ് അവർക്ക് എന്നോടുള്ള വിരോധത്തിനു കാരണം. എന്നെ വേർപിരിഞ്ഞ അദ്ദേഹം ഒരു മദ്യപാനിയായി. പിന്നെ ഭ്രാന്തനെപ്പോലെ കുറെനാൾ അലഞ്ഞു നടന്നു.

(തുടരും)

പ്രണയകാലം

ശതാബ്‌ദി എക്‌സ്‌പ്രസ് ലേറ്റാണ്. മാഡം, ഒരു മണിക്കൂർ. എൻക്വയറിയിലുള്ള വെളുത്തു മെലിഞ്ഞ, കണ്ണട വച്ച ചെറുപ്പക്കാരൻ തമിഴ്‌ചുവ കലർന്ന മലയാളത്തിൽ പറഞ്ഞതു കേട്ട് മിത്ര വെയിറ്റിംഗ് റൂമിലെ കസേരയിൽ വന്നിരുന്നു.

ഒരു ട്രെയിൻ വന്നപ്പോൾ കുറേപ്പേർ പുറത്തേക്കു കടന്നു. മിത്ര ആശ്വാസത്തോടെ കാൽ നീട്ടിയിരുന്നു. അപ്പോഴാണ് എതിർവശത്തിരിക്കുന്ന യുവാവ് തന്നെതന്നെ ഉറ്റുനോക്കുന്നത് കണ്ടത്. ഒരു ഞെട്ടലോടെ മിത്ര അയാളെ സൂക്ഷിച്ചു നോക്കി.

പ്രദീപ് !…….. അവൾ ഉറക്കെപ്പറഞ്ഞു പോയി. സങ്കോചവും സന്തോഷവും അമ്പരപ്പും നിഴലിട്ട കണ്ണുകൾ.

“മിത്രയെന്നെ മറന്നിട്ടില്ല.” പ്രദീപ് പുഞ്ചിരിയോടെ അവൾക്ക് സമീപത്തേക്ക് കസേര വലിച്ചിട്ടിരുന്നു.

മിത്രയുടെ മറുപടി ചിരിയിലൊതുങ്ങിയപ്പോഴും അമ്പരപ്പു വിട്ടുമാറിയിട്ടില്ല ആ മുഖത്ത്.

“ഇപ്പോൾ എവിടെയാണ്?”

“നാലു വർഷം മുമ്പ് മിത്ര ഉപേക്ഷിച്ചു പോന്ന അതേ നഗരത്തിൽ തന്നെ.”കുറ്റബോധത്താൽ അവളുടെ ശിരസ്സു താഴ്‌ന്നു.

ബാംഗ്ലൂർ നഗരം…..! നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം അവശേഷിപ്പിച്ച് താൻ വിട്ടുപോന്ന പ്രിയപ്പെട്ട നഗരം.

പ്രദീപ് ഓഫീസ് ഹെഡായി വന്ന ദിവസം പോലും മനസ്സിലുണ്ട്. ഓഫ്‌വൈറ്റ് ഷർട്ടും ലൈറ്റ് ബ്ലൂ പാന്‍റും നന്നായി ഇണങ്ങുന്നുണ്ടായിരുന്നു അയാൾക്ക്.

“എങ്ങോട്ടാണെന്നു പോലും പറയാതെ എന്തിനായിരുന്നു ആ ശിക്ഷ…?”

പ്രദീപിന്‍റെ ചോദ്യത്തിനു മുന്നിൽ വിളറിയ ചിരിയോടെ നിൽക്കുമ്പോൾ അവളുടെ മനസ് വീണ്ടും ഭൂതക്കാലത്തിലേക്ക് പറന്നു. വിവാഹമോചിതയാണെന്ന് ആരെയുമറിയിക്കാതെ എല്ലാം സ്വയമൊതുക്കി, നിശ്ശബ്‌ദം കഴിയുകയായിരുന്നു അന്ന്.

ഗുൽമോഹറുകൾ പൂത്ത നഗരവീഥികളിലൂടെ സായന്തനങ്ങളിൽ ശൂന്യമായ മനസ്സുമായി നടക്കാറുള്ളത് എങ്ങനെ മറക്കാനാണ്. അസ്‌തമിക്കുന്ന പകലിന്‍റെ വിരഹഭാവവുമായെത്തുന്ന സന്ധ്യകളെ നോക്കി, തീരുമാനമെടുക്കാനാകാതെ എത്രയേ ദിനങ്ങൾ…..!

നാലു വർഷങ്ങൾക്കു ശേഷം ഒരു കൂടിക്കാഴ്‌ച. പ്രദീപിന്‍റെ മുഖത്ത് അമ്പരപ്പിനേക്കാളേറെ അനിവാര്യമായതെന്തോ സംഭവിച്ചുവെന്ന ഭാവമാണ്. ഇതുപോലൊരു യാത്രയിലാണ്

നാലു വർഷം മുമ്പ് പ്രദീപ് മനസ്സുതുറന്നത്. ഒരു ഒഫീഷ്യൽ ടൂറിനിടയ്‌ക്ക്.

“മിത്രയെ എനിക്കിഷ്‌ടമായി, ഞാൻ മാര്യേജിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്താ അഭിപ്രായം?”

കാതുകളെ വിശ്വസിക്കാനാകാതെ താൻ തരിച്ചിരുന്നു.

“നോ..! പ്രദീപ് ഹൊ ഞാനെങ്ങനെ പറയുമത്? ഞാൻ ഭർത്താവ് ഉപേക്ഷിച്ചവളാണ്. വിവാഹമോചിത!”

“ഓഹോ! എത്ര വർഷമായി”

“മൂന്നു വർഷം”

“ഓ.കെ. മിത്ര, നീ എന്‍റെ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല.”

ആ രഹസ്യം തുറന്നു പറഞ്ഞിട്ടും പ്രദീപ് തന്നെ ഇഷ്‌ടപ്പെടുന്നുവെന്നോ? ആശ്ചര്യമായിരുന്നു തനിക്ക്.

“കഴിഞ്ഞതു കഴിഞ്ഞു. ഇനി ഭാവിയെക്കുറിച്ചാലോചിച്ചാൽ പോരെ?”

സ്‌റ്റേഷൻ വിട്ടു പോകുന്ന ട്രെയിനിന്‍റെ ചൂളം വിളി മിത്രയുടെ ചിന്തകളെ തിരികെ വിളിച്ചു.

“നീ ഇപ്പോഴും കൊച്ചിയിലാണോ?”

“അതേ.” പ്രദീപ് വരണ്ട ചിരിയോടെ തുടർന്നു.

“ഹാ, ബാംഗ്ലൂരിൽ നിന്ന് ഒളിച്ച് കടന്നത് എന്നെ ഒഴിവാക്കാനായിരുന്നില്ലേ മിത്രാ… നീ ഓർക്കുന്നുണ്ടോയെന്നറിയില്ല, ഭൂതകാലത്തിൽ ജീവിക്കരുതെന്ന് ഞാൻ നിന്നെ ഉപദേശിക്കുമായിരുന്നു.

പക്ഷേ, ആ ഞാൻ ഇപ്പോൾ….”

പ്രദീപിന്‍റെ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വ്യഥ അവളുടെ ഹൃദയത്തിലേക്ക് സൂചിമുനകളായി തറഞ്ഞിറങ്ങി.

കർചീഫെടുത്ത് കണ്ണു തുടയ്‌ക്കുന്ന പ്രദീപിനെ മിത്ര നിസ്സഹായയായി നോക്കി.

“മിത്രാ, അറ്റ്‌ലീസ്‌റ്റ് നിനക്ക് ഇപ്പോഴെന്‍റെ സുഹൃത്തെങ്കിലുമായിക്കൂടെ?” നിനച്ചിരിക്കാതെ പ്രദീപിന്‍റെ വാക്കുകൾ..

പ്രദീപ് എന്നും അങ്ങനെയായിരുന്നല്ലോ.. ചോദ്യങ്ങളെല്ലാം അപ്രതീക്ഷിതമായി….

ഈ മനുഷ്യനെ മനസ്സിൽ കുടിയിരുത്തി, നാലു വർഷൾ കൊഴിഞ്ഞു പോയ സത്യം തുറന്നു പറയാൻ മിത്ര അശക്‌തയായിരുന്നു. തന്‍റെ മൗനമാണ് എല്ലാത്തിനും കാരണം… ഇപ്പോൾ സുഹൃത്തായി കരുതാൻ പ്രദീപ് അപേക്ഷിക്കാനിടവരുത്തുന്നതും ഈ മൗനം തന്നെയല്ലേ… അയാളെ താൻ ഇ്ൄഷ്‌ടപ്പെടുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒരാഴ്‌ച അവധിയെടുത്ത് നാട്ടിൽ പോയി വന്ന ദിവസം മനസ്സ് കല്ലാക്കിക്കൊണ്ടാണ് ക്യാബിനിൽ ചെല്ലുക.

ഒരു ബന്ധവും വേണ്ട ആരുമായും, പ്രദീപുമായും. പക്ഷേ ആ കണ്ണുകൾ.. സ്‌നേഹം തിരയിളക്കുന്ന നോട്ടം, തന്നെ ഓരോ വട്ടവും പരാജയപ്പെടുത്തി.

“നാട്ടിൽപ്പോയി വരുമ്പോൾ മിത്രയെന്താ ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ..”

തമാശ കലർത്തിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായി മനപൂർവം ശ്രമിക്കാം. പക്ഷേ ആ കണ്ണുകളിലേക്ക് നോക്കിയാൽ സ്വയം കെട്ടിപ്പടുത്ത ചില്ലുമറ, പളുങ്കുമണികളായി പൊട്ടിത്തകരുമെന്ന് തോന്നിയ നിമിഷം താൻ പുറത്തേക്കു കടന്നു.

എല്ലാം മാറ്റി മറിച്ചത് ആ പിറന്നാൾ ദിനമായിരുന്നു. ആശംസകൾ നേർന്ന് ഒരു കുടന്ന പൂക്കളുമായ് താൻ പ്രദീപിന്‍റെ ക്യാബിനിൽ ചെന്നു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ..! എന്തു പ്രസാണ് പിറന്നാളുകാരന് വേണ്ടത്?”

“നിന്നെ.” ഉടൻ വന്നു മറുപടി. അവിശ്വസനീയമായത് വീണ്ടും കേട്ടപ്പോഴുണ്ടായ പരിഭ്രമത്തിലും മനസ്സിലെവിടെയോ സുഖദഭാവം കൈവരുന്നു.

മറുപടി കാക്കാതെ പ്രദീപ് തുടരുന്നു.

ഭർത്താവ് നിന്നെ ഉപേക്ഷിച്ചുവെന്നത് ശരിയാകാം. പക്ഷേ അതിന്‍റെ പേരിൽ പുരുഷലോകത്തെ ഒന്നടങ്കം അവിശ്വസിക്കണോ മിത്ര… അനുഭവമാണ് ഗുരു. പക്ഷേ ഒരു കാര്യമുണ്ട്. ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല. നിന്നെ കാണുമ്പോഴെല്ലാം നീ സ്വന്തമാണെന്ന തോന്നൽ ഓരോ ദിവസം കഴിയും തോറും ശക്‌തമായി കൊണ്ടിരിക്കും….

മിത്രയുടെ കൈകൾ റോസാമലരുകൾക്കൊപ്പം നെഞ്ചിലേക്കു ചേർത്തു പ്രദീപ്. കുങ്കുമത്തിളക്കമില്ലാത്ത അവളുടെ നെറ്റിയിൽ സ്‌നേഹമുദ്ര ചാർത്തി. കാന്തിക വലയത്തിലകപ്പെട്ടതുപ്പോലെ മിത്ര നിശ്ചലയായി നിന്നു. ആ അവസ്‌ഥയിലും മിത്ര തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ പ്രദീപിന് ആ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ.

എങ്കിലും പ്രദീപ് പറഞ്ഞു.

“മിത്ര, നീ എന്നെ പൂർണ്ണമായി സ്‌നേഹിക്കുന്ന ഒരു ദിനമെത്തും. ഞാൻ കാത്തിരിക്കാം. ആ സമയം തന്‍റെ ബോധമനസ്സിലേക്ക് പ്രദീപിന്‍റെ വാക്കുകൾ ദൂരെ നിന്നെന്ന പോലെയാണ് കുടിയേറിയത്. ക്യാബിനിൽ നിന്ന് സീറ്റിൽ മടങ്ങിയെത്തുമ്പോൾ മേശപ്പുറത്ത് തന്നെ കാത്ത് ഒരു കവർ.

ആറുമാസം മുമ്പ് അയച്ച ജോലിക്കുള്ള അപേക്ഷ പരിഗണിച്ചു കൊണ്ട് ഐ.ബി.സി.യുടെ ലെറ്റർ. പബ്ലിക്ക് റിലേഷൻസിലേക്കാണ് നിയമനം.

മോഹിച്ച ജോലിയാണ്.

പ്രദീപ് ഉള്ള കമ്പനി വിട്ടുപോകുന്നത് ദുഃഖകരമാണ്. പക്ഷേ…

അവിവാഹിതനും സുന്ദരനും ഉന്നതസ്‌ഥാനീയനുമായ ചെറുപ്പക്കാരന് വിവാഹമോചിത യോജിച്ചവളാണോ?”

അതേ ഇതാണവസരം.

നഷ്‌ടങ്ങൾ മാത്രം സമ്മാനിച്ച ഈ നഗരത്തിൽ നിന്ന് വിടപറയാം, ഒപ്പം പ്രദീപിൽ നിന്നും. രണ്ടു ദിവസത്തിനകം കൊച്ചിയിൽ ജോയിൻ ചെയ്യാനാണ് നിർദ്ദേശം. അന്ന് വൈകിട്ട് പ്രദീപിന് ഒരു കത്തെഴുതി മേശപ്പുറത്ത് വച്ചു.

“ആ സ്‌നേഹം തിരസ്‌കരിക്കുന്നില്ല. പക്ഷേ, നിങ്ങൾ എന്നെ സ്‌നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലയെനിക്ക്. എന്‍റെ ധാരണ തെറ്റാണെങ്കിൽ കൊടിയ അപരാധമാണ് ഞാൻ ചെയ്യുന്നത് എന്നറിയാം. സാധിക്കുമെങ്കിൽ മാപ്പു തരൂ…”

“മിത്ര..”

“ഒരു കാപ്പി കുടിച്ചാലോ?”

പ്രദീപിന്‍റെ ക്ഷണം അവളെ വീണ്ടും ചിന്തയിൽ നിന്നുണർത്തി. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ചോദിച്ചു.

“പ്രദീപ്, കുടുംബം എവിടെ? വിവാഹം?”

“വിവാഹം! ഞാൻ മോഹിച്ച പെണ്ണ് ഒരു ദിനം ആരോരുമിയാതെ സ്‌ഥലം വിട്ടില്ലേ. പിന്നെയാരെ കല്യാണം കഴിക്കും?”

ഉള്ളിലുയർന്ന വിറയലിൽ ചുണ്ടോടടുപ്പിച്ച ചൂടു ചായ തുളുമ്പി കൈയിൽ വീണു. തുടയ്‌ക്കാനായി കർചീഫ് എടുത്തു കൊടുത്തുകൊണ്ട് പ്രദീപ് തുടർന്നു.

“ഞാനവളെ തെരയാത്ത ഇടമില്ല. ഭൂതകാലം മറക്കാൻ എനിക്കും കഴിയുന്നില്ല. ഈ നാലു വർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു.” പേഴ്‌സിൽ നിന്ന് കീറിപ്പിഞ്ഞിയ ഒരു കടലാസ് എടുത്ത് പ്രദീപ് നീട്ടി.

“അവൾ എനിക്കെഴുതിയ അവസാനത്തെ കത്ത്! ഇത് ഓരോ മിടിപ്പിലും

എന്നോടൊപ്പമുണ്ട്”

അക്ഷരങ്ങൾ മാഞ്ഞ ആ കത്ത് ഹൃദയത്തോടു ചേർത്ത് പ്രദീപ് മെല്ലെ പറഞ്ഞു.

“അക്ഷരങ്ങൾ മാഞ്ഞത് കടലാസിൽ നിന്നു മാത്രമാവണം. എന്‍റെ ഹൃദയത്തിൽ അത് എപ്പോഴേ പതിഞ്ഞു കിടക്കുന്നു.”

മിത്രയുടെ കണ്ണുകൾ പെയ്യാൻ വിതുമ്പിയ കാർമേഘങ്ങളായി.

“എന്നോടു ക്ഷമിക്കൂ.. പ്രദീപ്, നിങ്ങളെ ഞാൻ സ്‌നേഹിച്ചിരുന്നു. പക്ഷേ എനിക്ക് എന്‍റെ വിധിയോട് ഭയമായിരുന്നു. എന്നെ കാണാതായാൽ നിങ്ങൾ എന്നെ മറക്കുമെന്ന് കരുതി, പക്ഷേ.. സംഭവിച്ചിത് ഇങ്ങനെയാണല്ലോ..”

പ്രദീപ്, നിങ്ങളെന്നെ മറക്കേണ്ടതായിരുന്നു…. വേറെ വിവാഹം…. മിത്രയ്‌ക്ക് പറഞ്ഞുപൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു മുമ്പ് അയാൾ അവളുടെ ചുണ്ടിൽ വിരൽ ചേർത്തു. പക്ഷേ, ഇതല്‌പം കൂടിപ്പോയി.”

“സർ, ട്രെയിനെത്തി.” ലഗേജുമായി പോർട്ടർ പ്രദീപിനെ വിളിച്ചു.

“സർ സാധനങ്ങൾ കയറ്റട്ടേ…”

“ശരി.”

മിത്രയുടെ കരഞ്ഞു ചുവന്ന കണ്ണുകളിൽ നിറയുന്ന ദുഃഖം അയാളുടെ ഹൃദയത്തിന്‍റെ ആഴങ്ങളോളം സ്‌പർശിച്ചു. അയാൾ മിത്രയുടെ കൈകളിൽ മുറുകെപ്പിടിച്ചു.

“വരൂ, നമുക്കു പോകാം മിത്ര..” ഞെട്ടലോടെ മിത്ര പ്രദീപിനെ ഉറ്റുനോക്കി.

“ഈ ട്രെയിൻ ബാംഗ്ലൂർക്കാണ് പ്രദീപ്, ഞാൻ.”

“അതേ, ബാംഗ്ലൂർക്ക് തന്നെ….

നാലു വർഷം മുമ്പ് ഞാൻ ചെയ്യേണ്ടിയിരുന്നത് ഈ നിമിഷത്തിൽ ചെയ്യുന്നു. ഇത്രയും കാലം നാമിരുവരും സ്വയമറിയാതെ കാത്തിരിക്കുകയായിരുന്നല്ലോ… നിന്‍റെ സങ്കടങ്ങൾ, എന്‍റെ കാത്തിരിപ്പ്.. എല്ലാം ഇവിടെ അവസാനിക്കട്ടെ. നാം മടങ്ങുകയാണ്. നമ്മുടെ വീട്ടിലേക്ക്.”

അപ്രതീക്ഷിതമായതു സംഭവിച്ച പരിഭ്രമത്തോടെ മിത്ര പ്രദീപിന്‍റെ കൈകളിൽ ഇറുകെപ്പിടിച്ചു. അയാൾ അവളെ ചേർത്തുപിടിച്ച് രണ്ടാം നമ്പർ ഫ്‌ളാറ്റ്‌ഫോമിലേക്കുള്ള പടവുകൾ കയറി.

അപ്പോൾ ആകാശത്തിന്‍റെ സിന്ദൂര രേഖയിൽ കുങ്കുമമേഘങ്ങൾ കൂട്ടംകൂടുകയായിരുന്നു.

തനിച്ചല്ല ഞാൻ

വെള്ളയും വയലറ്റും നിറമുളള ഓർക്കിഡ് പുഷ്‌പങ്ങൾ കൊണ്ട് അലങ്കരിച്ച വേദിയിൽ നിന്ന് ചന്ദനത്തിരിയുടെ മനം മയക്കുന്ന ഗന്ധം. മീന അത് ആസ്വദിച്ചു. മനസ് ആഹ്ലാദഭരിതമായിരിക്കുമ്പോൾ സുഗന്ധത്തിന് കൂടതൽ ഗന്ധമുണ്ടെന്ന് തോന്നുന്നത് സ്വാഭാവികമാണല്ലോ.

വരാൻ പോകുന്ന നല്ല നിമിഷങ്ങളെക്കുറിച്ചോർത്ത് പുളകിതമായ മനസോടെ മീന നിന്നു.

“ഹലോ മീന, ഈ പീകോക്ക് ബ്ലൂ സാരിയിൽ തന്നെ കാണാൻ നല്ല ചന്തമുണ്ടെടോ.” സഹപ്രവർത്തകയായ രാജി ഓടിവന്ന് കൈപിടിച്ചു മൊത്തത്തിൽ സൂക്ഷ്‌മനിരീക്ഷണം നടത്തി. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു.

“ഹും… ബോസ് കാണേണ്ട താമസമേയുളളൂ. പുളളി വീണുപോകുമെന്ന് ഉറപ്പാ…” അവളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ കുസൃതി ശ്രദ്ധിച്ചുവെങ്കിലും, അക്കാര്യം കൂടുതൽ സംസാരിക്കാനുളള സന്ദർഭമായിരുന്നില്ലല്ലോ അത്.

ഓഫീസിൽ എല്ലാവർക്കും അറിയാം, അശോക് സാറിന് മീനയോടുളള താല്‌പര്യം. അദ്ദേഹത്തിന് തന്നോട് ഇഷ്‌ടമുണ്ടെന്ന തിരിച്ചറിവ് സന്തോഷം പകരുന്നതായിരുന്നെങ്കിലും അത്തരമൊരു പെരുമാറ്റം മീനയിൽ നിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല.

അദ്ദേഹവുമായി ഒരു ബന്ധം സ്‌ഥാപിക്കണമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടായിരുന്നില്ല മീന.

“രാജി, വരൂ… ഇപ്പോൾ ഇതൊക്കെ സംസാരിക്കാനുളള മൂഡിലല്ല ഞാൻ. നീ ഈ ഫ്‌ളീറ്റ് ഒന്നു ശരിയാക്ക്. അല്‌പം ഇറക്കം കുറഞ്ഞെന്നു തോന്നുന്നു.”

സാരി ഒന്നു കൂടി ഭംഗിയാക്കിയ ശേഷം മീന ഹാളിലേക്ക് നടന്നു. ഈ വർഷത്തെ മികച്ച തൊഴിലാളിക്കുളള അവാർഡ് സ്വീകരിക്കാൻ പോകുകയാണ് മീന.

ബെസ്‌റ്റ് വർക്കർ! അവൾ അവിശ്വസനീയതയോടെ കൈയിലിരുന്ന ക്ഷണക്കത്തിലെ വരികളിലൂടെ കണ്ണോടിച്ചു. ഈ പ്രായത്തിൽ ഇത്തരം ഒരു അവാർഡ് കിട്ടുമെന്ന് പത്തുവർഷം മുമ്പ് എന്നല്ല ഒരു മാസം മുമ്പ് പോലും ചിന്തിച്ചിട്ടേയില്ല.

ജീവിതം കൺമുന്നിൽ നടക്കുന്ന ഒരു ചലച്ചിത്രം പോലെയാണ് തോന്നിയിട്ടുള്ളത്. അത് കൗതുകത്തോടെ കണ്ടിരിക്കുന്ന ഒരു പ്രേക്ഷകയാണോ താൻ!

ഹാളിന്‍റെ ഭിത്തിയിൽ പിടിപ്പിച്ച നീളൻ കണ്ണാടിയിൽ തന്‍റെ പ്രതിബിംബം കണ്ടപ്പോൾ ഒരു നിമിഷം നോക്കി. 47 വയസായി. പക്ഷേ അത്രയും പ്രായം തനിക്കു തോന്നുന്നില്ല എന്ന് മീനയ്‌ക്കും അറിയാം. 35 വയസ് അത്രയേ തോന്നൂവെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്.

“മാഡം…” ആരോ വിളിക്കുന്നതു കേട്ട് അവൾ തിരിഞ്ഞു നോക്കി. തന്‍റെ ജൂനിയർ ആയ സതീഷ് ആണ്. വേദിയിലേക്ക് കയറും മുമ്പ് സദസിൽ ഒരുക്കിയ ഇരിപ്പിടത്തിലേക്ക് സതീഷ് ക്ഷണിച്ചു. മീന പുഞ്ചിരിയോടെ അവിടെ ചെന്നിരുന്നു. ചെറിയ ഹാൾ ആണ്, സ്‌റ്റാഫുകൾ വന്നു തുടങ്ങിക്കഴിഞ്ഞു. പുറത്തു നിന്നും ഏതാനും അതിഥികൾ ഉണ്ട്.

അവൾ വാച്ചിൽ നോക്കി. മുൻനിരയിലായി രണ്ട് സീറ്റുകൾ റിസർവ് ചെയ്‌തിട്ടുണ്ട്. ഒന്ന് മകനു വേണ്ടിയാണ്. അനിരുദ്ധ് ഇപ്പോൾ വിളിച്ചതേയുളളൂ.

10 മിനിട്ടിനകം അവൻ വന്നേക്കും. അടുത്ത സീറ്റ് സോഹനു വേണ്ടിയാണ്. തന്‍റെ മുൻ ഭർത്താവ് അതേ… മുൻ ഭർത്താവ്. അങ്ങനെ ചിന്തിച്ചപ്പോൾ സ്വയം ഒരു അനൗചിത്വം തോന്നാതിരുന്നില്ല. സോഹനുമായി വേർപിരിഞ്ഞിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. മീനയുടെ മനസ് സ്വയമറിയാതെ പഴയകാലത്തിലേക്ക് പറന്നുപോയി. തീർത്തും അവിചാരിതമായ ഒരു സന്ദർഭത്തിൽ സോഹൻ നിർലജ്‌ജം നടത്തിയ ആ വെളിപ്പെടുത്തൽ. അതിനെ തുടർന്നുണ്ടായതാണ് എല്ലാം. അയാൾ രേഖയുമായി പ്രണയത്തിലായിരുന്നത്രേ…

“ഞാൻ നിന്നെയും സ്‌നേഹിക്കുന്നുണ്ട്. പക്ഷേ പഴയതുപോലെ സ്‌നേഹിക്കാനാവില്ല.” എന്നാണ് അന്ന് സോഹൻ പറഞ്ഞത്. കേട്ടപ്പോൾ വിശ്വസിക്കാനായില്ല. ഒരു സംശയവും അതുവരെ സോഹനെക്കുറിച്ച് തനിക്കുണ്ടായിരുന്നില്ലല്ലോ.

വിവാഹം കഴിഞ്ഞിട്ട് 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുപോലൊരു സാഹചര്യം സ്വപ്‌നത്തിൽ പോലുമില്ലായിരുന്നു. പുസ്‌തകങ്ങളിലും സിനിമകളിലും കണ്ടിട്ടുളളത് തന്‍റെ ജീവിതത്തിലും സംഭവിക്കാൻ പോകുന്നു.

സോഹന്‍റെ വെളിപ്പെടുത്തൽ അമ്പരപ്പോടെ കേട്ടപ്പോൾ പ്രതികരിക്കാൻ പോലും താൻ മറന്നുപോയോ. “എന്താണ് പറഞ്ഞത്. തമാശയല്ലല്ലോ…” താൻ ഇങ്ങനെയാണ് ആദ്യം പ്രതികരിച്ചതെന്ന് മീന ഓർമ്മിച്ചു. അപ്പോൾ സോഹൻ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ തയ്യാറായി.

“എനിക്ക് സങ്കടമുണ്ട്. പക്ഷേ സത്യമാണ് ഞാൻ പറഞ്ഞത്. എനിക്ക് രേഖയെ വിവാഹം ചെയ്‌തേ പറ്റൂ. അതാണ് സാഹചര്യം.. ഞാൻ…” അയാൾ പറയാൻ തുടങ്ങി. പക്ഷേ ബാക്കിയൊന്നും താൻ കേട്ടില്ലെന്നതാണ് സത്യം.

മനസിൽ ഒരു ചുഴലിക്കാറ്റ് മണൽത്തരികളും കരിയിലകളും പടർത്തി ഉയർന്നുപൊങ്ങുന്നതു മാത്രമേ അറിഞ്ഞുളളൂ. രേഖ. അവർ തന്‍റെ പഴയ അയൽക്കാരിയാണ്. മുമ്പ് താമസിച്ച ഫ്‌ളാറ്റിൽ ഏറ്റവും നല്ല സൗഹൃദം എന്ന് തെറ്റിദ്ധരിച്ചത് ഈ രേഖയുടേതായിരുന്നു.

തന്‍റേതെന്ന് മാത്രം ചിന്തിച്ചു നടന്ന സോഹൻ. തൊട്ടു മുന്നിൽ നിൽക്കുന്നയാൾ ഒറ്റനിമിഷം കൊണ്ട് അപരിചിതനായതു പോലെ. ഇതുവരെ കാണാത്ത കേൾക്കാത്ത ഒരാൾ… ഒരു അനുരഞ്‌ജന ചർച്ചയ്‌ക്കോ, പുനർചിന്തയ്‌ക്കോ അവൾ അയാളെ പ്രേരിപ്പിച്ചില്ല. എത്രയും വേഗം പിരിയാൻ മാത്രം അവൾ ആഗ്രഹിച്ചു.

മൊബൈലിലെ വൈബ്രേഷൻ മീനയുടെ ചിന്തകൾ മുറിച്ചു കളഞ്ഞു. ഫോണിൽ സോഹൻ!

അയാൾ വാതിൽക്കൽ എത്തിയിട്ടുണ്ട്. മീനു വേഗം പുറത്തേക്ക് ചെന്ന് പുഞ്ചിരിയോടെ സ്വീകരിച്ചു. “ഹലോ… താങ്ക്‌സ്…ഒരു ഷോർട്ട് നോട്ടീസിൽ വന്നല്ലോ…”

“നിനക്കുവേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നത് ഇതു മാത്രമാണല്ലോ. സോ. അതുസാരമില്ല, ഇക്കഴിഞ്ഞ വർഷങ്ങളത്രയും നീ എന്നോട് ഒന്നും ആവശ്യപ്പെട്ടതുമില്ല.” സോഹന്‍റെ ശബ്‌ദം ഒട്ടും വിറച്ചിട്ടില്ല, പക്ഷേ അതിന് പരിഭവത്തിന്‍റെ മങ്ങൽ ഉണ്ടായിരുന്നുവെന്ന് തോന്നി.

പഴയതുപോലെ സുന്ദരൻ ആണ് സോഹൻ ഇപ്പോഴും. പ്രായം ആ സൗന്ദര്യത്തിന് അല്‌പം കൂടി പ്രൗഢി സമ്മാനിച്ചതേയുളളൂ എന്ന് തോന്നി മീനയ്‌ക്ക്. ഒരിക്കൽ താനെത്ര മാത്രം സ്‌നേഹിച്ചിരുന്ന മുഖമാണിത്.

“കൺഗ്രാചുലേഷൻസ്… നിനക്ക് അവാർഡ് കിട്ടുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.” അയാൾ തുടർന്നു. സോഹൻ യഥാർത്ഥത്തിൽ ആത്മാർത്ഥമായിത്തന്നെയാണോ അത് പറഞ്ഞത്?

അയാളേയും കൂട്ടി ഹാളിനകത്തേക്ക് കടക്കുമ്പോൾ അവളുടെ മനസ് പിന്നെയും എങ്ങോട്ടോ പറന്നുപോയി.

വർഷങ്ങൾക്കപ്പുറത്തേയ്‌ക്ക്.

സോഹന്‍റെ വേർപിരിയൽ ഉണ്ടാക്കിയ മാനസികമായ പിരിമുറുക്കങ്ങളെ മറികടക്കാൻ തുടക്കത്തിൽ ഞാൻ വളരെ പ്രയാസപ്പെട്ടു. പക്ഷേ മറ്റുളളവർക്കു മുന്നിൽ കരഞ്ഞും വിളിച്ചും സ്വന്തം ദൗർബല്യങ്ങൾ പ്രകടിപ്പിക്കാൻ ഒട്ടും ആഗ്രഹിച്ചിട്ടില്ല. തന്‍റെ ദുഃഖമല്ല, മകന്‍റെ ഭാവിയാണ് പ്രധാനം.

അനിരുദ്ധന് അപ്പോൾ 10 വയസ്സേയുളളൂ. അവിചാരിതമായ സംഭവവികാസങ്ങളിൽ പകച്ചുനിന്ന തന്‍റെ അച്‌ഛനമ്മമാരോട് മീന പറഞ്ഞു. “ഇതെന്‍റെ ജീവിതത്തിന്‍റെ അന്ത്യമല്ല, ജീവിതത്തിലെ ഒരു അധ്യായം അടഞ്ഞുവെന്നേയുള്ളൂ. ഇനിയുളളത് എന്‍റെ മകനുവേണ്ടിയാണ്. അതുകൊണ്ട് സങ്കടപ്പെടാതിരിക്കൂ.”

വിവാഹമോചന നടപടികൾ വളരെ ലളിതമായി കടന്നുപോയി. കൂടുതൽ വിചാരണകൾക്ക് നിന്ന് കൊടുക്കേണ്ടി വന്നില്ല. പരസ്‌പരം സമ്മതിച്ചുകൊണ്ടുളള വിവാഹമോചനം ആയതിനാൽ സോഹൻ, അനിരുദ്ധനെ വിട്ടുകിട്ടാൻ ശ്രമിച്ചില്ല.

വിവാഹമോചനം നേടിയതുകൊണ്ട് സോഹൻ, അനിരുദ്ധന്‍റെ അച്‌ഛനല്ലാതായി മാറുന്നില്ലല്ലോ. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും കാണാനുളള സമ്മതം ഒരു കോടതിയും പറയാതെ തന്നെ മീന കൊടുത്തു. പക്ഷേ കുട്ടിയെ കാണാൻ വരുന്നതിനു മുമ്പ് അറിയിക്കണം. ഇതു മാത്രമായിരുന്നു മീനയുടെ ആവശ്യം.

അച്‌ഛനും അമ്മയും വേർപിരിഞ്ഞു എന്ന സത്യം ആ പത്തുവയസ്സുകാരൻ അസാമാന്യമായ വിവേകത്തോടെയാണ് ഉൾക്കൊണ്ടത്. ഏതാനും ചില ചോദ്യങ്ങൾ അവൻ അച്‌ഛനോടും അമ്മയോടും ചോദിച്ചു. അത്രമാത്രം. മറുപടിയിൽ അവൻ തൃപ്‌തനായിട്ടുണ്ടാകണം.

കണ്ടാൽ കടിച്ചു കീറാൻ നിൽക്കുന്ന സിംഹങ്ങളെപ്പോലെ ഒരിക്കലും അച്‌ഛനമ്മമാരെ കാണാത്തതുകൊണ്ട് അവൻ വളരെയധികം ആശങ്കപ്പെട്ടില്ല എന്നതാണ് വാസ്‌തവം. മുതിർന്നവർ കരുതുന്നതിനേക്കാൾ കൂടുതൽ പക്വതയും വിവേകവും ഉളളവരാണ് ഇന്നത്തെ കുഞ്ഞുങ്ങൾ.

സ്വന്തം ജീവിതം, അതു തന്‍റെ മാത്രമല്ലല്ലോ, തന്‍റേയും അനിരുദ്ധിന്‍റേയും ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നുളളതായിരുന്നു ഏറ്റവും പ്രഥമമായ കാര്യം.

12 വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ വിവാഹശേഷം തന്‍റെ കരിയർ കുടുംബജീവിതത്തിനുവേണ്ടി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ 37 വയസായി. ഈ പ്രായത്തിൽ നല്ലൊരു ജോലി, അതും ഇത്രയും നാളത്തെ ഇടവേളയ്‌ക്കുശേഷം കണ്ടെത്തുക എന്നത് അല്‌പം ബുദ്ധിമുട്ടുളള കാര്യമായിരുന്നു.

പുതിയ ജനറേഷനുമായിട്ടാണ് താൻ ജോലിക്കുവേണ്ടി മത്സരിക്കേണ്ടത്. അവരുടെ പുത്തൻ ആശയങ്ങളും ഉത്സാഹവുമായിട്ടാണ് പൊരുത്തപ്പെടേണ്ടത്. മനസിലെ പ്രയാസങ്ങൾ നിമിത്തം മീനയ്‌ക്ക് അപ്പോൾ ഉള്ളതിലേറെ പ്രായം തോന്നിച്ചിരുന്നു.

“മോളേ, സ്വന്തം കഴിവിൽ വിശ്വസിക്കൂ. കുഞ്ഞിന്‍റെ കാര്യമോർത്ത് നീ പ്രയാസപ്പെടേണ്ട. അവന്‍റെ പഠനകാര്യങ്ങൾക്ക് യാതൊരു തടസ്സവും വരാതെ ഞങ്ങൾ നോക്കാം. നീ ഒരു ജോലി കണ്ടുപിടിക്കൂ. അച്‌ഛൻ അങ്ങനെ പറഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നി. അച്‌ഛനും അമ്മയും തന്ന പിന്തുണ വളരെ വലുതായിരുന്നു.

തുടക്കത്തിൽ ഒരു പാർട്ട്‌ടൈം ജോലിയാണ് കിട്ടിയത്. അതുകൊണ്ട് അനിരുദ്ധന്‍റെ കാര്യങ്ങൾ തുടർന്നും ശ്രദ്ധിക്കാൻ കഴിഞ്ഞു. പിന്നീടത് മുഴുവൻ സമയമായി പ്രമോട്ട് ചെയ്‌തു. കഠിനാദ്ധ്വാനത്തിനു ലഭിച്ച ആദ്യസമ്മാനം!

ഇപ്പോഴും തന്നെ ചിന്തിപ്പിക്കുന്ന ഒരു കാര്യമുണ്ട്. തന്‍റെയും സോഹന്‍റെയും പ്രണയവിവാഹമായിരുന്നു. വളരെ പെർഫെ്‌ക്‌ട് ആയ വിവാഹം. ജാതകപ്പൊരുത്തവും മനപ്പൊരുത്തവും കുടുംബപ്പൊരുത്തവും ഉളള വിവാഹം. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

വഴിത്തിരിവ് ഒരിക്കലും പ്രതീക്ഷിച്ചതേയില്ല. യഥാർത്ഥത്തിൽ ഇത് കാലം കരുതിവച്ച വഴിത്തിരിവാണ്. അവിടെ നിന്ന് പുതിയൊരു മീന പിറവിയെടുത്തു. അത് അനിവാര്യമായിരുന്നു. ഇപ്പോൾ കിട്ടുന്ന ഈ അവാർഡ് 10 വർഷത്തെ തന്‍റെ കഠിനാദ്ധ്വാനത്തിനുള്ള സമ്മാനമാണ്.

മൊബൈലിന്‍റെ വൈബ്രേറ്റിംഗ് മോഡ് ആണ് മീനയെ വീണ്ടും ചിന്തയിൽ നിന്ന് ഉണർത്തിയത്. അനിരുദ്ധ് ആണ്. അവൻ വേദിക്കു പുറത്ത് എത്തിയിട്ടുണ്ട്. മീനയ്‌ക്ക് ചിരി വന്നു. എവിടെയും പറഞ്ഞതിലും 10 മിനിട്ട് വൈകിയേ അവനെത്തൂ. മീനയെ കണ്ടയുടനെ അവൻ ഓടിവന്നു. “ഹായ് അമ്മേ, സോറി. ഞാനല്‌പം വൈകി. ഹൊ! എന്തൊരു തിരക്കാണ് റോഡിൽ…”

“ഇറ്റ്‌സ് ഒ.കെ. പരിപാടി തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇടതുവശത്തെ സെക്കന്‍റ് റോയിൽ നിന്‍റെ സീറ്റുണ്ട്. നിനക്ക് ഇഷ്‌ടപ്പെട്ട ഫസ്‌റ്റ് സൈഡ്‌സീറ്റ്.”

“ഓ… അമ്മേ, ഡാർലിംഗ്… താങ്ക്സ്. ഞാൻ ഇവിടെയൊക്കെ ഉണ്ടാകും. അമ്മ മീറ്റിംഗിൽ ശ്രദ്ധിച്ചോളൂ.”

ചടങ്ങ് തുടങ്ങുകയാണ്. വേദിയിലേക്ക് മീന പ്രവേശിക്കും മുമ്പ് അനിരുദ്ധ് വളരെ സ്‌നേഹത്തോടെ അവളെ ആലിംഗനം ചെയ്‌തു. അവൻ സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങുമ്പോഴാണ് വലതുവശത്തെ സീറ്റിലുളള ആളെ ശ്രദ്ധിച്ചത്. സോഹൻ. അനിരുദ്ധ് അദ്‌ഭുതത്തോടെ മീനയെ നോക്കി. “അമ്മേ, ഇദ്ദേഹമെന്താ ഇവിടെ?” അനിരുദ്ധ് മീനയുടെ ചെവിയിൽ മന്ത്രിച്ചു.

അവൾ തലകുലുക്കി ചെറിയൊരു പുഞ്ചിരിയോടെ അവന്‍റെ തോളത്തുതട്ടിയതല്ലാതെ മറുപടി പറഞ്ഞില്ല. സോഹനു നേരെ സന്തോഷ സൂചകമായ ഒരു ചിരിചിരിച്ചുകൊണ്ട് അനിരുദ്ധ് തൊട്ടടുത്ത സീറ്റിൽ തന്നെ ഇരുന്നു.

ആ സമയത്താണ് മീനയുടെ ബോസ് അശോക് അങ്ങോട്ട് കടന്നു വന്നത്. ഒരു ജന്‍റിൽമാൻ എല്ലാ രീതിയിലും. നേവിബ്ലൂ കോട്ടിൽ അദ്ദേഹത്തിന് വളരെ ആകർഷകത്വം തോന്നി. മീനയ്‌ക്ക് തന്‍റെ കരിയറിൽ മുന്നേറാൻ അശോക് നല്‌കിയ പ്രോത്സാഹനം അളവറ്റതാണ്. മതിപ്പോടെ മീനയെ നോക്കിക്കൊണ്ട് അശോക് അനിരുദ്ധനോട് പറഞ്ഞു.

“ഹായ്, അനിരുദ്ധ്… ഹൗ ആർ യു? അവധിക്കാലം ആഘോഷിക്കുകയാണോ കൂട്ടുകാർക്കൊപ്പം?” മീനയെ നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം തുടർന്നു.

“മീന, ഇന്ന് നിങ്ങൾ രണ്ടുപേരെയും വൈകിട്ട് ഡിന്നറിന് ക്ഷണിക്കുകയാണ്. വരുമല്ലോ? അല്ലേ…” അനിരുദ്ധനോ, മീനയോ മറുപടി പറയും മുമ്പേ, വേദിയിലേക്ക് അശോകിനെ ക്ഷണിക്കുന്നതായ അറിയിപ്പ് വന്നു. അദ്ദേഹം മറുപടിക്ക് കാക്കാതെ പെട്ടെന്ന് തന്നെ വേദിയിലേക്ക് നടന്നു.

അശോക് വിഭാര്യനാണ്. ഏകമകൾ വിവാഹിതയായി ലണ്ടനിലാണ് താമസം. വർഷത്തിലൊരിക്കൽ മകൾ നാട്ടിൽ വരും. ആ സമയത്ത് ഓഫീസും സന്ദർശിക്കും. മീനയ്‌ക്ക് അങ്ങനെ പരിചയമുണ്ട് അശോകിന്‍റെ കുടുംബത്തെ.

ജീവിതത്തിലെ ഇത്തരം അപൂർവ്വ ഘട്ടങ്ങളിൽ പലതും മനസിലേക്കു വരിക സ്വാഭാവികം. ഭൂതകാലത്തിന്‍റെ തിരയിളക്കത്തിൽ മെല്ലെ ചാഞ്ചാടി ഒഴുകുമ്പോഴും, അവളുടെ മനസിൽ ദുഃഖം തോന്നിയതേയില്ല. കണ്ണുകളിൽ നീർപൊടിഞ്ഞിട്ടില്ല, ഹൃദയത്തിൽ കയ്‌പുരസം രുചിച്ചതുമില്ല. എല്ലാം തൊട്ടുമുന്നിലെ തിരശീലയിൽ മിന്നിമറയുന്ന ദൃശ്യങ്ങൾ മാത്രം, അത് സ്വന്തം ജീവിതമേയല്ല.

ഓരോ അനുഭവങ്ങളും അവളെ കടുത്ത യാഥാർത്ഥ്യങ്ങളെ സമചിത്തതയോടെ നേരിടാൻ പഠിപ്പിച്ചു. ഇപ്പോൾ കഴിഞ്ഞുപോയ കാലത്തെക്കുറിച്ചോർത്ത് സങ്കടപ്പെടാറില്ല മീന.

ഇപ്പോഴത്തെ ജീവിതവും താൻ ഇഷ്‌ടപ്പെടുന്നുണ്ട്. ഒരുപക്ഷേ പണ്ടത്തേതിലും. ഇതിന് സോഹനും ഉത്തരവാദിയാണ്, അറിയാതെ ആണെങ്കിലും. ജീവിതത്തെ ഒറ്റയ്‌ക്കു നേരിടാൻ പ്രേരിപ്പിച്ചത് സോഹന്‍റെ തീരുമാനമാണ്. ആ തണലിൽ കഴിഞ്ഞപ്പോൾ സ്വന്തം കഴിവുകളെക്കുറിച്ച് താൻ ബോധവതിയായിരുന്നില്ല. ഇപ്പോൾ വലിയ രൂപാന്തരമാണ് സംഭവിച്ചത്. ഒരു വൻമാറ്റം.

ഇപ്പോൾ സോഹൻ തന്‍റെ തൊട്ടടുത്തിരിക്കുമ്പോഴും ഒട്ടും അടുപ്പം തോന്നാതെ, എന്നാൽ ഒട്ടും വെറുപ്പില്ലാതെ ഇങ്ങനെ പെരുമാറാൻ കഴിയുന്നത് മനസിൽ ഒട്ടും കാലുഷ്യമില്ലാത്തു കൊണ്ടാണ്. അതുകൊണ്ടാണ് ഈ ചടങ്ങിലേക്ക് സോഹനെ ക്ഷണിച്ചത്. അനിരുദ്ധ് അതെങ്ങനെ ഉൾക്കൊള്ളും എന്നറിയില്ല.

സദസിൽ നിന്ന് പെട്ടെന്ന് ഉയർന്ന കയ്യടിയാണ് മീനയെ വീണ്ടും വർത്തമാനകാലത്തിലേക്ക് കൊണ്ടുവന്നത്. തന്‍റെ പേര് വിളിച്ചിരിക്കുന്നു. മീന ആത്മവിശ്വാസത്തോടെ വേദിയിലേക്ക് നടന്നു. അവളുടെ മുഖത്ത് അഭിമാനം നിറഞ്ഞുനിന്നു. ആദ്യത്തെ സ്‌കൂൾ പ്രൈസ് വാങ്ങാൻ കയറിയ ആ ചെറിയ പെൺകുട്ടിയുടെ അതേ മനസാണല്ലോ ഇപ്പോഴും തനിക്കെന്ന് മീന ഓർമ്മിച്ചു.

അശോക് അവൾക്ക് മനോഹരമായ ഒരു ട്രോഫി സമ്മാനിച്ചു. ഹാൾ പ്രകമ്പനം കൊണ്ട കരഘോഷത്തിനിടയിൽ അശോകിന്‍റെ കൈയിൽ നിന്ന് മൈക്ക് സ്വീകരിച്ച് മീന സദസിനെ നോക്കി കൈകൂപ്പി. അവൾ അനിരുദ്ധിനെ ശ്രദ്ധിച്ചു. അഭിമാനം കൊണ്ട് തിളങ്ങി നിൽക്കുകയാണ് അവന്‍റെ മുഖം… തന്‍റെ പ്രിയപ്പെട്ട മകൻ…

മീന ആദ്യം നന്ദി പറഞ്ഞത് അശോകിനും തന്‍റെ സഹപ്രവർത്തകർക്കുമാണ്.

“ഈ ഒരു നേട്ടം, ഈ ആദരവ് ഇതെല്ലാം എനിക്കു ലഭിച്ചതിന് എല്ലാവർക്കും ഞാൻ നന്ദി പറയുന്നു, പ്രത്യേകിച്ച് എന്‍റെ ബോസ് മിസ്‌റ്റർ അശോക്, എന്‍റെ സഹപ്രവർത്തകർ, ഇവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും ഈ നേട്ടത്തിന് അർഹയാവുകയില്ല.

വർഷങ്ങൾ നീണ്ട എന്‍റെ സഹനങ്ങളെക്കുറിച്ച് ഈ അവസരത്തിൽ ഞാൻ ഓർത്തുപോവുകയാണ്. അത് ഞാൻ ഈ വേദിയിൽ പങ്കുവയ്‌ക്കാൻ ആഗ്രഹിക്കുന്നു. ജീവിതപ്രതിസന്ധികളിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ. ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. അതിനിടയിൽ ഉണ്ടാകുന്ന വെല്ലുവിളികളെ പോസിറ്റീവ് ആയി സമീപിക്കണം.”

അവൾ ഒരു നിമിഷം നിർത്തി, ചുറ്റും വീക്ഷിച്ചു. അപ്പോൾ എല്ലാ കണ്ണുകളും തന്നിലാണ് എന്ന് മീന അറിഞ്ഞു. സന്തോഷം കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടയ്‌ക്കാതെ അവൾ തുടർന്നു. സ്വയം വെല്ലുവിളിക്കൂ, സ്വന്തം കഴിവുകളോട്.

ഒരിക്കലും നിങ്ങൾ ശ്രമിച്ചിട്ടില്ലാത്ത തലങ്ങളിലേക്ക്. പിന്നെ സ്വയം ബഹുമാനിക്കാൻ ശീലിക്കുക, സ്വന്തം കഴിവുകളെ അംഗീകരിക്കുക. ഇത്രയും ചെയ്‌താൽ ജീവിതം നിങ്ങളുടെ ആഗ്രഹത്തിനൊത്തു നീങ്ങും. ഞാൻ എന്‍റെ കരിയർ തുടങ്ങുമ്പോൾ എന്‍റെ വഴി നിറയെ പ്രശ്നങ്ങളായിരുന്നു. പക്ഷേ ഓരോ പ്രശ്നങ്ങൾക്കു മുന്നിലും, ആത്മാവിനെ ശക്‌തമായി പിടിച്ചുനിൽക്കാൻ ഞാൻ പഠിച്ചു. അതാണെനിക്ക് മുന്നോട്ട് പോകാനുളള ഈ ഊർജ്‌ജം നല്‌കിയത്.

എന്‍റെ സുഹൃത്തുക്കളേ, സ്വന്തം ഷെല്ലിൽ നിന്ന് പുറത്തുവരാൻ നിങ്ങളും ശ്രമിക്കണം. ചിലപ്പോഴൊക്കെ ജീവിതത്തിന്‍റെ ഏറ്റവും ഇരുളടഞ്ഞ ഘട്ടത്തിൽ നിന്നാണ് ഏറ്റവും തിളക്കമുള്ള പ്രതീക്ഷയുടെ പ്രകാശം തെളിഞ്ഞു വരിക. ഓരോ ദിവസവും ഓരോ ചെറുജീവിതമാണ്, അത് ജീവിക്കാതെ വിട്ടാൽ എന്നേക്കുമായി അപ്രത്യക്ഷമാകുമെന്ന് ഞാൻ മനസ്സിലാക്കി. സോ… താങ്ക്‌യു… ആൾ ഓഫ് യു…! അവൾ പുഞ്ചിരിയോടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഒരു വലിയ കരഘോഷം കാത്തിരിപ്പുണ്ടായിരുന്നു. ട്രോഫി നെഞ്ചോട് ചേർത്ത് പിടിച്ച് പടികളിറങ്ങുമ്പോൾ, ഒരു വസന്തം തനിക്കൊപ്പം പൂത്തുനിൽക്കുന്നതു പോലെ മീനയ്‌ക്കു തോന്നി.

തന്‍റെ പാദങ്ങൾക്കു ചുറ്റും പനിറത്തിൽ പൂക്കളും പൂമ്പാറ്റകളുമായി വസന്തം…

അഭിനന്ദനങ്ങളുടെ പൂമഴയ്‌ക്കു താഴെ അനിരുദ്ധ് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.

“കൺഗ്രാറ്റ്‌സ് മാ… യു ഡിസർവ് ഇറ്റ്. ഇനി ഒരു കാര്യം കൂടിയുണ്ട്. അശോക് സാറിന്‍റെ ഇൻവിറ്റേഷൻ മറക്കണ്ട. അമ്മ പോകണം. അദ്ദേഹം നല്ല മനുഷ്യനാണ്. അമ്മയെ ഒരുപാട് ഇഷ്‌ടമാണ്. ഇന്നൊരു ദിവസത്തേക്കെങ്കിലും അദ്ദേഹത്തിന്‍റെയൊപ്പം റിലാക്‌സ് ചെയ്യൂ. എന്നെക്കുറിച്ചോർത്ത് ടെൻഷൻ വേണ്ട. ഞാൻ വീട്ടിലുണ്ടാകും. അമ്മ ഡിന്നർ കഴിഞ്ഞിട്ട് വന്നാൽ മതി. അശോകിനെ നോക്കി ചിരിച്ചുകൊണ്ട് അനിരുദ്ധ് ഹാളിലെ ഫുഡ് കൗണ്ടറിലേക്ക് നടന്നു.

എന്‍റെ മകൻ…! പറയാതെ എന്‍റെ മനം അവൻ കണ്ടു. അതിശയിച്ചു നിൽക്കുമ്പോൾ അശോകിന്‍റെ സ്വരം, സോ… ഷാൽ… വീ…?

മീന പുഞ്ചിരിയോടെ തലകുലുക്കി. ഇപ്പോൾ അവൾ വീണ്ടും അതിശയിച്ചു. ജീവിതത്തിന്‍റെ ഈ നിമിഷം തന്നെ എങ്ങോട്ടാണ് നയിക്കുന്നത്?

സാഗരസംഗമം ഭാഗം- 24

എങ്കിലും ആശ്വാസ വചനങ്ങൾ ചെവിക്കൊള്ളാതെ ഞാൻ മുറിയിലേയ്ക്ക് ഓടിക്കയറി. കിടക്കയിൽ വീണ് പൊട്ടിക്കരയുമ്പോൾ എല്ലാ ആശ്രയവും കൈവിട്ട പ്രതീതിയായിരുന്നു. അവസാനത്തെ അത്താണിയായിരുന്നു അമ്മ… ഇന്നിപ്പോൾ നരേട്ടനില്ലാത്ത നേരത്ത് എനിക്ക് ഏറെ ആശ്വാസമാകുമായിരുന്നു അമ്മ. എന്നാൽ എന്നെ ഉപേക്ഷിച്ച് അമ്മയും കടന്നു പോകുമ്പോൾ, ഹൃദയം വല്ലാതെ പിടഞ്ഞു പോകുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അരുന്ധതി കുഴങ്ങി നിന്നു. പിന്നെ അവർ ഫോണെടുത്ത് അരുണിനെ വിളിച്ചു.

“എനിക്കിന്നു തന്നെ മടങ്ങിപ്പോകണം അരുന്ധതി. അവിടെച്ചെന്നാലുടനെ കേരളത്തിലേയ്ക്കു പുറപ്പെടണം. അരുണിനോടു പറയൂ എനിക്കു വേണ്ടി ഒരു ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യാൻ…” ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു. അരുന്ധതി അരുണിനോടു പറഞ്ഞു.

“നീ ഇപ്പോൾത്തന്നെ മടങ്ങിവരണം. നമ്മൾ മടങ്ങിപ്പോവുകയാണ്.“ മാഡത്തിന്‍റെ അമ്മ മരിച്ചു പോയി…” അപ്പോഴേയ്ക്കും സമയം ഉച്ചയോടടുത്തു. അൽപം കഴിഞ്ഞപ്പോൾ അരുണും കൂട്ടരും തിരിച്ചെത്തി. അവർ മല കയറാൻ തുടങ്ങിയതേ ഉള്ളൂ… അതുകൊണ്ടാണ് വേഗം തിരിച്ചെത്തിയത്. ഉച്ചയ്ക്ക് ഞാനൊഴിച്ച് മറ്റെല്ലാവരും ആഹാരം കഴിച്ചു. തിരിച്ചുള്ള യാത്ര അൽപം വേഗത്തിലായിരുന്നു. അരുൺ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു. അവനും മാനസികമായി ഏതോ അസ്വസ്ഥതയുടെ പിടിയിലാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കവന്‍റെ കണ്ണു നിറയുന്നുണ്ടോ എന്നും സംശയം തോന്നി. പക്ഷെ ഞാനോ അരുന്ധതിയോ അവനോട് എന്തെങ്കിലും ചോദിച്ചറിയാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല.

ഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. പക്ഷെ രാത്രിയിലെ ഫ്ളൈറ്റിൽത്തന്നെ കേരളത്തിലേയ്ക്ക് പോകാൻ ഞാനൊരുങ്ങി. അരുൺ പറഞ്ഞു.

“പുലർച്ചെ ഒരു ഫ്ളൈറ്റുണ്ട് മാഡം. അതിനു പോകാം. രാത്രിയിൽ മാഡം ഒറ്റയ്ക്ക് നെടുമ്പാശ്ശേരിയിലെത്തിയാൽ എറണാകുളത്തേയ്ക്കുള്ള യാത്ര വിഷമമാകും.”

അരുണിന്‍റെ നിർദ്ദേശമനുസരിച്ച് പുലർച്ചെയ്ക്കുള്ള ഫ്ളൈറ്റിനു ബുക്കു ചെയ്‌തു. അരുൺ കൂടെ വരാമെന്നു പറഞ്ഞു. ഒറ്റയ്ക്കു പോകേണ്ടെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ രണ്ട് ടിക്കറ്റിന് ബുക്കു ചെയ്‌തു.

യാത്ര പുറപ്പെടുമ്പോൾ അരുന്ധതി സമാശ്വസിപ്പിച്ചു. മാഡം കരയരുത്. എന്തിനേയും നേരിടാനുള്ള ധൈര്യം നമുക്കുണ്ടാവണം. വിധിയുടെ താഢനമേറ്റ് തളർന്നു വീഴുമ്പോഴും കരയാതെ പിടിച്ചു നിൽക്കാൻ നമുക്കു കഴിയണം. പലപ്പോഴും ജീവിതം ഇങ്ങിനെയൊക്കെയാണ്. മാഡത്തെപ്പറ്റി ഞാൻ കരുതിയത് നല്ല ഉൾക്കരുത്തുള്ള ഒരു സ്ത്രീ എന്നാണ്. എന്നാലിപ്പോൾ മാഡം എന്‍റെ ധാരണകൾ തിരുത്തിയിരിക്കുന്നു.

“ശരിയാണ് അരുന്ധതി, ഒരു കാലത്ത് എനിക്ക് നല്ല ഉൾക്കരുത്തുണ്ടായിരുന്നു…” അങ്ങിനെ പറയണമെന്നു തോന്നി. പക്ഷെ ഒന്നും പറയാതെ ആ കൈപിടിച്ചമർത്തി ഞാൻ യാത്ര ചോദിച്ചു. പുലരുമ്പോൾ അരുന്ധതി വീടു പൂട്ടി താക്കോലുമായി സ്വന്തം വീട്ടിലേയ്ക്കു പോകുമെന്നു പറഞ്ഞു.

“രാമേട്ടനെ വിശ്വസിക്കാം… താക്കോൽ രാമേട്ടന്‍റെ കൈയ്യിൽ കൊടുത്തോളൂ…” ഞാനറിയിച്ചു.

“എന്നാൽ ശരി രാമേട്ടന്‍റെ കൈയ്യിൽ കൊടുത്തേയ്ക്കാം. മാഡം തിരികെയെത്തുമ്പോൾ വാങ്ങിക്കോളൂ…” അരുന്ധതി പറഞ്ഞു.

അരുൺ കൂടെയുള്ളപ്പോൾ ഒന്നും പേടിയ്ക്കെണ്ടെന്നും സമാശ്വസിപ്പിച്ചു.

അരുൺ വിളിച്ചു വരുത്തിയ ടാക്സിയിൽ എയ്റോ ഡ്രോമിലേയ്ക്കു യാത്ര പുറപ്പെടുമ്പോൾ മനസ്സ് സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ഈശ്വരൻ തന്നെ തനിച്ചാക്കുന്നില്ലല്ലോ എന്നോർത്ത് സമാശ്വസിച്ചു.

കൈവിട്ടു പോകുന്ന മരച്ചില്ലകൾക്കു പകരം ഈശ്വരൻ കൈനീട്ടിത്തരുന്ന മറ്റു ചില പുൽനാമ്പുകൾ… അതിലൊന്നാണ് അരുണും, അരുന്ധതിയും… ആ പുൽനാമ്പുകളിൽ പിടിച്ച് എനിക്ക് അക്കരെയെത്താം സുരക്ഷിതമായി. പ്രളയ ജലത്തിൽ മുങ്ങിപ്പോകാതെ അവർ എന്നെ കാത്തു കൊള്ളും. മനസ്സു മന്ത്രിച്ചു.

ചെക്ക് ഇൻ ചെയ്‌തു കഴിഞ്ഞ് ഡിപ്പാർച്ചർ ലോഞ്ചിലിരിക്കുമ്പോൾ കൃഷ്ണമോളെ ഫോണിൽ വിളിച്ചു. ഏറെ നേരത്തിനു ശേഷം അവളെ ഫോണിൽ കിട്ടി.

“കൃഷ്ണമോളെ… മുത്തശ്ശി ഇന്നലെ മരിച്ചു പോയി. നാളെയാണ് ക്രിമേഷൻ. നീ എത്രയും വേഗം എറണാകുളത്ത് എത്തണം. ബാംഗ്ലൂരിൽ നിന്ന് ഇന്നു പുറപ്പെട്ടാൽ ക്രിമേഷൻ സമയത്തിനു മുമ്പ് എത്താം.”

തൊണ്ടയിടർച്ചയോടെ ഞാൻ പറഞ്ഞതു കേട്ട് കൃഷ്ണമോൾ ഉറക്കച്ചടവോടെ പറഞ്ഞു.

“എന്ത്… മുത്തശ്ശി മരിച്ചുവെന്നോ… മമ്മി ഈ നേരത്ത് എന്നെ വിളിച്ച് പറഞ്ഞാലെങ്ങനെയാ? നേരത്തെ ആയിരുന്നുവെങ്കിൽ ക്രിമേഷനു മുമ്പ് എറണാകുളത്ത് എത്താമായിരുന്നു. ഇനിയിപ്പോൾ ഫ്ളൈറ്റ് ബുക്ക് ചെയ്‌ത് എപ്പോൾ എത്താനാണ്. എനിക്കാണെങ്കിൽ ലീവ് കിട്ടുമോ എന്നും അറിയില്ല. ഇന്ന് ഓഫീസിൽ ചെന്നാൽ മാത്രമേ ലീവ് കിട്ടുമോന്നറിയുകയുള്ളൂ…“ അവൾ ഉറക്കച്ചടവിന്‍റെ വിമ്മിഷ്ടത്തോടെ പറഞ്ഞു. തുടർന്നവൾ ഒരു കോട്ടുവായിട്ട് അലസ്യത്തോടെ പറഞ്ഞു” അല്ലെങ്കിൽ ഒരു മാസം മുമ്പ് മുത്തശ്ശിയെ കണ്ടതല്ലെ… അതുമതി. ഇനിയിപ്പോൾ മരിച്ച ശേഷം കണ്ടിട്ടെന്തിനാ… ഞാൻ വരുന്നില്ല. അല്ലെങ്കിലും മുത്തശ്ശിയ്ക്ക് പത്തെൺപതു വയസ്സായില്ലെ? മരിക്കേണ്ട സമയത്തു തന്നെയാ മരിച്ചത്. അതിൽ ദുഃഖിച്ചിട്ടെന്തു കാര്യം… അവൾ ഫോൺ വച്ചു.

അൽപം മുമ്പ്, തെല്ലു കുറ്റബോധത്തോടെ ചിന്തിച്ചിരുന്നു. അവളോട് നേരത്തെ പറയാതിരുന്നത് തെറ്റായിപ്പോയിയെന്ന്. എന്നാലിപ്പോൾ ആ കുറ്റബോധം അകന്നു പോയിരിക്കുന്നു. നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അവൾ ഒരു പക്ഷെ ഇങ്ങനെ തന്നെ പറയുമായിരുന്നു. അമ്മയോട് അവൾക്കുള്ള അടുപ്പം അത്രയേ ഉണ്ടായിരുന്നുള്ളൂ. കീറച്ചാക്കു പോലെ പഴയ തലമുറയെ അവഗണിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയാണല്ലോ അവൾ എന്നും ചിന്തിക്കാതെയിരുന്നില്ല.

ഫ്ളൈറ്റ് അൽപം ലേറ്റായിട്ടാണ് എത്തിയത്. വേഗം ലോഞ്ചിൽ നിന്നും പുറത്ത് കടന്ന് ഫ്ളൈറ്റിൽ കയറാൻ ഭാവിക്കുമ്പോൾ അരുൺ അടുത്തെത്തി. കൈയ്യിലിരുന്ന ചെറിയ ബാഗ് വാങ്ങിക്കൊണ്ടു പറഞ്ഞു.

“മാഡം കയറിക്കോളൂ… ഞാൻ ബാഗ് പിടിച്ചോളാം…” അവന്‍റെ കണ്ണുകളിൽ തങ്ങി നിന്ന സഹതാപ അല ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. “വേണ്ടാ, അരുൺ… ഇത് എനിക്കു പിടിക്കാവുന്നതേ ഉള്ളൂ…” ബാഗ് തിരികെ വാങ്ങി. സത്യത്തിൽ മനസ്സും ശരീരവും ആകെ ക്ഷീണിച്ചിരുന്നു. യാത്രാക്ഷീണത്തിനു പുറമേ, അമ്മയുടെ വേർപാട് സൃഷ്ടിച്ച മനസ്സിന്‍റെ നൊമ്പരവും, ശരീരത്തെ അവശതയിലെത്തിച്ചിരുന്നു. ഇപ്പോൾ എന്നെക്കണ്ടാൽ ഉള്ളതിലേറെ പ്രായം തോന്നിക്കുമെന്നു തോന്നി. നേരത്തെ വാഷ്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം ദർശിച്ചിരുന്നു. വാർദ്ധക്യത്തിന്‍റെ ചുളിവുകൾ നേരിയ തോതിൽ മുഖത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അമ്പതു കടന്നിട്ടും വലിയ പോറലൊന്നു മേല്ക്കാതെ നിലനിന്ന സൗന്ദര്യത്തിന് മങ്ങലേറ്റിരിക്കുന്നു. ഒന്നിനു പുറകേ ഒന്നായി കാലം നൽകിയ ഹൃദയ ആഘാതങ്ങളായിരിക്കാം സ്വന്ദര്യത്തിന് മങ്ങലേല്പിച്ചത് എന്നും ഓർത്തു.

വിമാനത്തിലെ സീറ്റിലിരിക്കുമ്പോൾ ചിന്തകൾ കാടു കയറി. പല പ്രാവശ്യം നിർബന്ധപൂർവ്വം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഒരിക്കൽ കൂടി ഞാനാ വിലക്കപ്പെട്ട ഭൂമിയിലേയ്ക്ക് യാത്രയാകുന്നു. പക്ഷെ ഇന്നിപ്പോൾ എന്നെ അവിടെ വേരുറപ്പിച്ചു നിർത്തിയിരുന്ന തായ്‍വേര് എനിക്ക് നഷ്ടമായിക്കഴിഞ്ഞു. ഒരു സാന്ത്വനം പോലെ എന്നെ തൊട്ടു തലോടിയിരുന്ന ആ കൈകൾ… പ്രതിസന്ധിയിലും എന്നെ തുണച്ചിരുന്നു. ഇന്നിപ്പോൾ താങ്ങുകൾ നഷ്ടപ്പെട്ട്, ഒടിഞ്ഞു വീഴാറായ തൂണുപോലെ ഞാൻ അബലയായിത്തീർന്നിരിക്കുന്നു.

പൂതലിച്ച മരം പോലെ ഒരിക്കൽ ഞാനും തളർന്നു വീഴും. അതോടെ ഇഹലോകത്തിലെ എല്ലാ ദുഃഖങ്ങളും, യാതനകളും എന്നിൽ നിന്നും അകന്നു പോകും. പിന്നെ അന്ധകാരത്തിന്‍റെ വലയത്തിനുള്ളിൽ ഒരു ചെറു മിന്നാമിനുങ്ങായി വെളിച്ചത്തിന്‍റെ നുറുങ്ങു വെട്ടം അവശേഷിപ്പിച്ചു കൊണ്ട് ഞാനും ലയിച്ചു ചേരും, പ്രപഞ്ചമെന്ന മഹാ സത്യത്തിൽ ഒരു ബിന്ദുവായി കേവലം ഓർമ്മയായി…

ജീവിച്ചിരിക്കുമ്പോൾ പലതും നേടിയെന്ന് അഹങ്കരിക്കുകയും തനിക്കു ചുറ്റും സ്വയം ഒരു പ്രഭാവലയം തീർക്കുകയും ചെയ്യുന്ന മനുഷ്യജന്മം ഇത്രയല്ലെ ഉള്ളൂ എന്നും ഓർക്കാതെയിരുന്നില്ല.

സ്വർഗ്ഗത്തിൽ, ദൈവത്തിന്‍റെ കണക്കു പുസ്തകത്തിൽ ഏതാനും ദിവസങ്ങളായി മാത്രം കണക്കാക്കപ്പെടുന്ന നമ്മുടെ നീണ്ട വർഷങ്ങൾ… ഒരുറുമ്പിന്‍റേതു പോലെ എത്രയോ നിസ്സാരമായി എണ്ണപ്പെട്ട വർഷങ്ങൾ കൊണ്ട് ദൈവത്തിന്‍റെ കാൽക്കൽ അടിഞ്ഞു തീരുന്ന മനുഷ്യജന്മം…

പകലത്തെ യാത്രാക്ഷീണം കൺപോളകളെ തഴുകി മയക്കമായി രൂപം പ്രാപിച്ചത് ഞാനറിയാതെയാണ്. ഏസിയുടെ സുഖകരമായ തണുപ്പിൽ എല്ലാം മറന്ന് ഗാഢനിദ്രയിലാഴുമ്പോൾ അരുൺ ഒരു മകനെപ്പോലെ സംരക്ഷണ കവചം തീർത്ത് എന്‍റെ അരികിലിരുന്നു.

മാഡം ഇറങ്ങാറായി. അരുൺ തൊട്ടുണർത്തിയപ്പോൾ ഞെട്ടി ഉണർന്ന് ചുറ്റും നോക്കി. ഞങ്ങളുടെ ഫ്ളൈറ്റ് ഒരു കഴുകനെപ്പോലെ താഴോട്ട് നിപതിച്ചു കൊണ്ടിരുന്നു. മെല്ലെ മെല്ലെ അത് റൺവേയിൽ തൊട്ടപ്പോൾ അരുൺ എന്‍റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.

“മാഡം ഞാൻ കൈപിടിക്കാം. സൂക്ഷിച്ചു നടന്നോളൂ…”

മാസങ്ങളായി അവശതയിലാണ്ടു കിടന്ന ഒരു രോഗിയെപ്പോലെ ദയനീയമായിത്തീർന്നിരുന്നു എന്‍റെ സ്ഥിതിയിപ്പോൾ. അരുൺ എന്‍റെ ബാഗും മറ്റേ കൈയ്യിൽ ഒതുക്കിപ്പിടിച്ചിരുന്നു. വിമാനത്തിന്‍റെ പടികളിറങ്ങുമ്പോൾ താഴെ വീഴാതിരിക്കാൻ കൈവരികളിൽ മുറുകെപ്പിടിച്ചു. അരുൺ ഒപ്പമുണ്ടായിരുന്നത് അൽപം ആത്മവിശ്വാസം പകർന്നു.

എയ്റോ ഡ്രോമിൽ നിന്ന് ടാക്സി പിടിച്ച് വീട്ടിലേയ്ക്കു തിരിക്കുമ്പോൾ അരുൺ ഓർമ്മിപ്പിച്ചു.

“മാഡം… തറവാട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തോളൂ… ഒരു മണിക്കൂറിനുള്ളിൽ നമ്മൾ എറണാകുളത്തെത്തും.”

ടാക്സി ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുക്കുമ്പോൾ ശബ്ദം പതറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വണ്ടി എറണാകുളത്തെത്തുമ്പോൾ വെയിൽ പരന്നു തുടങ്ങിയിരുന്നു. വേനൽ ചൂട് ശരീരത്തിനെന്നപോലെ മനസ്സിനേയും ചൂടുപിടിപ്പിച്ചു.

എറണാകുളത്തെത്തിയപ്പോൾ അരുൺ ചോദിച്ചു.

“മാഡം കുടിക്കാൻ എന്തെങ്കിലും വാങ്ങിയ്ക്കട്ടെ. വേനൽക്കാലമല്ലെ. ദാഹിക്കുന്നുണ്ടാവും. വിശപ്പും ദാഹവുമെല്ലാം കെട്ടു പോയിരുന്നു. അതിനാൽ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട അരുൺ… വേണമെങ്കിൽ അരുൺ വാങ്ങി കുടിച്ചോളൂ…” അരുൺ കാറിൽ നിന്നുമിറങ്ങി അടുത്ത കടയിലേയ്ക്കു നടന്നു. വിമാനത്തിൽ ആഹാരമുണ്ടായിരുന്നുവെങ്കിലും കഴിച്ചിരുന്നില്ല. ഇന്നലെയും മിക്കവാറും പട്ടിണിയാണ്. പെറ്റമ്മ മരിച്ചു കിടക്കുമ്പോൾ മക്കൾക്ക് ആഹാരം ഇറങ്ങുന്നതെങ്ങിനെ? ഇനി ദഹനം കഴിഞ്ഞ ശേഷമേ എന്തെങ്കിലും കഴിക്കുകയുള്ളൂ. വേണ്ടപ്പെട്ടവർ ആഹാരം കഴിച്ചാൽ ആത്മാവിന് സ്വർഗ്ഗത്തിൽ പ്രവേശനം നിഷേധിക്കുമത്രെ. ആരോ പറഞ്ഞു കേട്ടതാണ്. വേണ്ട, അമ്മ സ്വർഗ്ഗത്തിൽ തന്നെ പോകണം. അതിനുള്ള അർഹത അമ്മയ്ക്കുണ്ട്. അരുൺ ജ്യൂസ് കുടിച്ച് മയങ്ങിയെത്തിയപ്പോൾ ഞാൻ കാർ ഡ്രൈവർക്ക് വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുക്കുകയായിരുന്നു. വീട്ടിലെത്താൻ പത്തു പതിനഞ്ചു മിനിട്ടു കൂടി മതി.

(തുടരും)

അപരാജിത

നിർത്താതെ പെയ്‌ത മഴയുടെ ആലസ്യത്തിൽ നിന്നും പ്രകൃതി ഉണർന്നു വരുന്നതേയുള്ളൂ. ഉദിച്ചുയരുന്ന സൂര്യനെ ഗ്രസിക്കാൻ ആർത്തി കൂട്ടുന്നതുപോൽ ആകാശത്ത് അങ്ങിങ്ങായി മഴ മേഘങ്ങൾ ചിതറി കിടക്കുന്നുണ്ട്.

അപ്രതീക്ഷിതമായ മഴ പെയ്‌തതിൽ തണുത്തു വിറങ്ങലിച്ചു നിൽക്കുകയാണ് പ്രകൃതി. മഴയുടെ വരവറിയിച്ചെത്തിയ ആദ്യ മഴയാണ്. റോഡും പരിസരവും വെള്ളം പുതച്ചിട്ടുണ്ട്. അവിടവിടെയായി വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്.

ഒന്നും പ്രശ്നമാക്കാതെ കുട്ടികൾ കൂട്ടം കൂട്ടമായി ഓടിയെത്തുന്നുണ്ട്. വെള്ളം ചവിട്ടിത്തെറിപ്പിച്ചും കൈകളിൽ കോരി എറിഞ്ഞും ആർപ്പുവിളിച്ചും കടലാസു തോണികൾ തീർത്തും മഴ അവർ ആഘോഷിക്കുകയാണ്. ബാൽക്കണിയിലേക്കിറങ്ങി നിന്നാൽ പുറത്തെ കാഴ്‌ചകളത്രയും കാണാം…

മനം കുളിർപ്പിക്കുന്ന മനോഹര ദൃശ്യങ്ങൾ കാണാമല്ലോ, അർച്ചനയും ബാൽക്കണിയിലേക്കിറങ്ങി വന്നു.

മണ്ണിന്‍റെ ഗന്ധം പേറിയെത്തിയ ഇളം കാറ്റ്… അർച്ചനയ്‌ക്ക് തന്‍റെ ബാല്യമാണ് ഓർമ്മ വന്നത്. കൂട്ടുകാരോരോരുത്തരും വീട്ടു കോലായിൽ മഴ തീരാൻ കാത്തു നിൽക്കും. പിന്നെ മാവിൻചുവട്ടിലേയ്‌ക്ക് ഒറ്റയോട്ടമാണ്. നിലത്തു വീണു കിടക്കുന്ന മാമ്പഴം എടുക്കാൻ മത്സരിക്കും.

കളിയും തീറ്റയും കഴിഞ്ഞാൽ പിന്നെ മണ്ണിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചുവന്ന അട്ടകളെ നിരീക്ഷിക്കലാണ് പ്രധാന ജോലി. പച്ച പുൽനാമ്പുകളിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ സുന്ദര അട്ടകൾ… എന്തു ഭംഗിയാണിവയ്‌ക്ക്…

ഒന്നിനെപ്പോലും വേദനിപ്പിക്കാതെ തീപ്പെട്ടിക്കൂടിനുള്ളിലാക്കി വീട്ടിലെത്തിക്കും. തീപ്പെട്ടിക്കൂടു തുറന്ന് പുറത്തേക്കെറിയും. ചുവന്ന ചെറു പാമ്പുകളെ പോലെ അവ മുറ്റത്തു കൂടി തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങുന്നത് തനിക്കന്ന് കൗതുകക്കാഴ്‌ചയാണ്.

“ചേച്ചീ, ചായയെടുത്തു വച്ചിട്ടുണ്ട്.” ജോലിക്കാരിയുടെ ശബ്‌ദമാണ്. അർച്ചന തിരിഞ്ഞു നോക്കി. മിഥില ജോലി തീർത്ത് മടങ്ങാൻ തിടുക്കം കൂട്ടുകയാണ്.

പഴയ ഓർമ്മകൾ കുടഞ്ഞെറിഞ്ഞ് അർച്ചന അകത്തേക്കു നടന്നു. ഭർത്താവിന്‍റെ അച്‌ഛനും അമ്മയും ഡൈനിംഗ് ടേബിളിനരികിൽ തനിക്കായി കാത്തിരിക്കുകയാണ്. അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

വിവാഹം കഴിഞ്ഞ് കഷ്‌ടിച്ച് പത്ത് നാളാവുന്നതേയുള്ളൂ. എന്നാൽ വിവാഹനാളിൽ വധു അണിയുന്ന സന്തോഷവും സംതൃപ്‌തിയുമൊന്നും ആ മുഖത്ത് പ്രകടമായിരുന്നില്ല. കടന്നുപോയ ദിനങ്ങൾ വിരസതയുടെ കയ്‌പ്പ് അനുഭവങ്ങൾ സമ്മാനിക്കുന്നവയായിരുന്നല്ലോ. ധനഞ്‌ജയ്… ഒരായുസ്സ് മുഴുവനും തനിക്കൊപ്പമുണ്ടാവും. തന്നെ പാണിഗ്രഹണം ചെയ്‌ത് അഗ്നി സാക്ഷിയാക്കിയപ്പോൾ പറഞ്ഞതാണ്.

പക്ഷേ ആദ്യ രാത്രിയിലെ അനുഭവം മറിച്ചായിരുന്നുവല്ലോ? “അർച്ചനാ, നിന്നിൽ നിന്നും ഒന്നും മറയ്‌ക്കുന്നില്ല. ഡാഡിയുടേയും മമ്മിയുടേയും നിർബന്ധം കൊണ്ടുമാത്രമാണ് എനിക്ക് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നത്. വിവാഹം ഉടൻ വേണ്ടെന്ന അഭിപ്രായമായിരുന്നു എന്‍റേത്. കമ്പനി പ്രോജക്‌റ്റ് തീർക്കാൻ കുറഞ്ഞതു മൂന്നു വർഷമെങ്കിലും അമേരിക്കയിൽ തന്നെ നിൽക്കേണ്ടി വരും. വെള്ളക്കാരിയെ കെട്ടി വീട്ടിൽ കൊണ്ടു വന്നാലോ എന്ന് ഭയന്നു വീട്ടുകാർ വിവാഹത്തിനു തിടുക്കം കാട്ടുകയായിരുന്നു. ഐ ആം ഹെൽപ്പ് ലെസ്സ്… നോ പറയാനാവാത്ത അവസ്‌ഥ.” ധനഞ്‌ജയ് സംസാരം മതിയാക്കി. പറയാതെ പലതും വായിപ്പിക്കുന്ന മുഖഭാവം.

“സോറി… അടുത്തയാഴ്‌ച ഞാൻ അമേരിക്കയ്‌ക്ക് തിരിക്കും, അർച്ചനയെ കൊണ്ടുപോകാനാവില്ല.” ധനഞ്‌ജയ് മുഖമുയർത്താതെ പറഞ്ഞു.

കടുത്ത അപമാനം. തന്നെ ഒഴിവാക്കുകയാണ്. പിന്നെ എന്തിനായിരുന്നു ഈ വിവാഹവും പ്രഹസനവുമൊക്കെ… അർച്ചന അടിമുടി വിറച്ചു. ഹൃദയം വരളുന്നു, കവിളുകൾ തലോടി കണ്ണുനീരായി സങ്കടം പൊഴിക്കുകയാണ്. പലതും പറയണമെന്നുണ്ട്. വാക്കുകൾ അണ തീർക്കുകയാണ്.

“ബലിയാടാക്കാൻ എന്നെ മാത്രമേ കിട്ടിയുള്ളോ, ഞാൻ എന്തു തെറ്റാണ് ചെയ്‌തത്?” അർച്ചന വാചാലയായി.

“അർച്ചനയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. ഒക്കെ വിധിയുടെ കളിയെന്നേ പറയൂ. വിവാഹത്തിനു നിർബന്ധം കാണിച്ചപ്പോൾ ആ തീരുമാനം ഞാൻ പാരന്‍റ്സിനു വിട്ടുകൊടുക്കുകയായിരുന്നു. അർച്ചനയുടെ സ്‌ഥാനത്ത് മറ്റൊരു പെൺകുട്ടിയായിരുന്നെങ്കിലും ഞാനിതേ ചെയ്യുമായിരുന്നുള്ളൂ. ആഹ്! മറ്റൊന്നു കൂടിയുണ്ട്. ആറ് മാസത്തിനകം അർച്ചനയെയും അമേരിക്കയിലേക്ക് കൊണ്ടു പോകുമെന്ന് ഞാൻ വീട്ടുകാർക്ക് വാക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ സോറി… മൂന്നു വർഷം കഴിഞ്ഞേ ഞാൻ മടങ്ങൂ… ഇനിയെന്തു വേണമെന്ന് അർച്ചനയ്‌ക്ക് സ്വയം തീരുമാനിക്കാം…”

ധനഞ്‌ജയന്‍റെ ഓരോ വാക്കുകളും ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്ന പ്രതീതിയുളവാക്കുന്നതായിരുന്നു. പക്ഷേ ധനഞ്‌ജയന്‍റെ രക്ഷിതാക്കൾ തനിക്കു നൽകിയ സ്‌നേഹവും ആദരവും അടുപ്പവുമൊന്നുകൊണ്ടു മാത്രം അർച്ചന എല്ലാം സഹിക്കുകയായിരുന്നു. എന്നിരുന്നാലും ഭാവിയെച്ചൊല്ലി മനസ്സും മസ്‌തിഷ്‌കവുമായുള്ള ദ്വന്ദം മുറുകി. സ്വന്തം അച്‌ഛനമ്മമാരെ വിഷമിപ്പിക്കണ്ടെന്നു കരുതി ഇക്കാര്യമൊന്നും അവൾ അവരോട് പറഞ്ഞതുമില്ല.

ധനഞ്‌ജയനെ യാത്രയാക്കാൻ രക്ഷിതാക്കൾക്കൊപ്പം അർച്ചനയും എയർപോർട്ടിലേയ്‌ക്ക് തിരിച്ചു. യാത്രാവേളയിൽ തങ്ങളുടെ മുഖത്ത് വിഷാദമായിരുന്നുവെങ്കിലും ധനഞ്‌ജയ് വലിയ ഉത്സാഹത്തിലായിരുന്നു.

മടങ്ങിയെത്തിയ ശേഷം നടന്നതത്രയും ധനഞ്‌ജയന്‍റെ രക്ഷിതാക്കളെ ധരിപ്പിക്കണമെന്നുണ്ടായിരുന്നു. എന്‍റെ ജീവിതം കൊണ്ട് പന്താടാൻ ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത് എന്ന് പലവുരു ചോദിക്കാൻ മുതിർന്നതുമാണ്. എന്നാൽ ജീവിച്ച സാഹചര്യങ്ങളും സംസ്‌കാരവും ധനഞ്‌ജയന്‍റെ രക്ഷിതാക്കൾ നൽകിയ സ്‌നേഹവും പരിഗണനയും… അർച്ചനയുടെ മനസ്സ് മടിച്ചു. സമയമെത്തുമ്പോൾ എല്ലാം പറയാം, അവൾ മനസ്സിനെ സ്വയം മെരുക്കി. പിറ്റേന്നു തന്നെ സ്വന്തം വീട്ടിലേയ്‌ക്കു മടങ്ങണമെന്നു അർച്ചന ആഗ്രഹം പ്രകടിപ്പിച്ചു. തൊട്ടടുത്ത ദിവസം സഹോദരനോടൊപ്പം അവൾ വീട്ടിലേയ്‌ക്ക് മടങ്ങി.

അർച്ചന നടന്നതൊക്കെ അമ്മയോടു പറഞ്ഞു. ചതി! മകളുടെ ഭാവിയെക്കുറിച്ചോർത്ത് സാവിത്രിയ്‌ക്ക് ആശങ്കയായി. അച്‌ഛനാകട്ടെ ദേഷ്യമടക്കാനാവാതെ ആരെയൊക്കെയോ ശകാരിക്കുന്നുണ്ടായിരുന്നു. ഹാർട്ട് പേഷ്യന്‍റായ അച്‌ഛനെ കൂടുതൽ വിഷമിപ്പിക്കരുതെന്ന് കരുതി അർച്ചന ദുഃഖം കടിച്ചമർത്തുകയായിരുന്നു.

നിരാശയുടേയും വിഷാദത്തിന്‍റേയും നിഴൽ വീടിനെ വരിഞ്ഞു മുറുക്കി. സന്തോഷവും ഒച്ചപ്പാടും നിറഞ്ഞ വീട് ഇന്ന് ശ്മശാനമൂകമായിരിക്കുന്നു. ഈ ദുർഘടാവസ്‌ഥയിൽ നിന്ന് എങ്ങനെ കരകയറുമെന്നു മാത്രം ആർക്കുമറിയില്ലായിരുന്നു. ഭാവിയിലെന്തായിത്തീരുമെന്ന ഭയവും ആശങ്കയും മാത്രമായിരുന്നു അർച്ചനയുടെ മനസ്സിൽ. തെന്നുന്ന പാറയിൽ കാൽവച്ചതുപോൽ മനസ്സൊരിടത്ത് ഉറയ്ക്കുന്നില്ല. ഏറെ നാൾ നീണ്ടുനിന്ന മനസ്സിന്‍റെ പിടിവലിയ്‌ക്കൊടുവിൽ അർച്ചന ഒരുറച്ച തീരുമാനം കൈക്കൊണ്ടു. ഇനി മുന്നോട്ടുള്ള ജീവിതം സ്വന്തം ഇഷ്‌ടപ്രകാരമേ ജീവിക്കൂ. ഭാവി സ്വന്തം കൈകളിലാണ്. ധനഞ്‌ജയനെക്കുറിച്ച് ഒരു പ്രതീക്ഷയും വേണ്ട.

ഡിഗ്രി പൂർത്തിയായ ശേഷമാണ് അർച്ചനയുടെ വിവാഹം നടന്നത്. ചെറുപ്പം മുതൽക്കെ കഥകും ഭരതനാട്യവും പരിശീലിച്ചിരുന്നു. നൃത്തത്തിൽ പ്രാവീണ്യം നേടി ഈ രംഗത്ത് അടിയുറച്ചു നിൽക്കണം. അർച്ചന ഉറച്ച തീരുമാനമെടുത്തു.

അർച്ചനയുടെ അഭിപ്രായം രക്ഷിതാക്കളും ശരിവച്ചു. ധനഞ്‌ജയ് മടങ്ങി വരുന്നതു വരെ മകൾ തങ്ങൾക്കൊപ്പം തങ്ങുമെന്ന് അർച്ചനയുടെ രക്ഷിതാക്കൾ ധനഞ്‌ജയന്‍റെ പാരന്‍റ്സിനെ അറിയിച്ചിരുന്നു. ഔപചാരികമെന്നോണം വിദേശത്തു നിന്നും ഒന്നോ രണ്ടോ തവണ ധനഞ്‌ജയ് അർച്ചനയെ വിളിച്ചു സംസാരിച്ചു. സ്‌നേഹം തൊട്ടുതീണ്ടാത്ത പൊള്ളയായ വാക്കുകൾ.

അർച്ചനയ്‌ക്ക് പെട്ടെന്ന് തന്നെ നൃത്തത്തിൽ തന്‍റെ മികവു കാട്ടാൻ സാധിച്ചു. നൃത്തം കരിയറാക്കി തെരഞ്ഞെടുത്തതോടെ നൃത്തകലാ അക്കാദമി എന്ന സ്വപ്‌നം മാത്രമായി മനസ്സിൽ. അധികം വൈകാതെ ഈ സ്വപ്‌നവും സാക്ഷാത്ക്കരിക്കാൻ സാധിച്ചു. മകൾ കൈവരിച്ച മാനസിക പക്വതയും സാമ്പത്തിക നേട്ടവും കണ്ട് രക്ഷിതാക്കളും സന്തോഷിച്ചു. മൂന്നു വർഷം കടന്നുപോയി. ധനഞ്‌ജയ് മടങ്ങി വരുമെന്നും മരുമകൾക്കൊപ്പം സംതൃപ്‌ത ജീവിതം നയിക്കുമെന്നും രക്ഷിതാക്കൾ ആശിച്ചു.

നൃത്തകലാ അക്കാദമി ഉദ്‌ഘാടന ദിവസം അർച്ചനയുടെ പേരിൽ ധനഞ്‌ജയ് അയച്ച കത്ത് പോസ്‌റ്റ്‌മാൻ വീട്ടിലെത്തിച്ചു. ഉദ്വേഗത്തോടെ അവൾ കത്ത് പൊട്ടിച്ചു. ധനഞ്‌ജയ് ഒപ്പിട്ട ഡിവോഴ്‌സ് പേപ്പർ. ഒപ്പം ഒരു ചെറിയ കത്തും.  “സോറി അർച്ചന, എന്‍റെ വിവാഹം കഴിഞ്ഞു. ഇന്നാട്ടുകാരി മരിയയാണ് വധു. ഇനി നാട്ടിലേക്ക് ഒരു മടക്കം ഒരിയ്‌ക്കലുമുണ്ടാവില്ല. ഡിവോഴ്‌സ് പേപ്പർ സൈൻ ചെയ്‌താൽ യു ആർ ഫ്രീ. അർച്ചനയ്‌ക്ക് പുതിയൊരു ജീവിതം തുടങ്ങാം” ധനഞ്‌ജയ്.

ഉള്ളിൽ കത്തി നിന്ന ഒരു തരി പ്രകാശം പെട്ടെന്ന് കെട്ടടഞ്ഞതുപോലെ. അർച്ചനയുടെ കണ്ണുകളിൽ ഇരുൾ നിറഞ്ഞു. വീടും ശോകമൂകമായി. ജീവിതമേൽപ്പിച്ച കനത്ത ആഘാതത്തിൽ ഇനിയൊരു വിവാഹമേ വേണ്ട എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്‌തു. പിന്നീട് കേവലം നൃത്ത ഉപാസന മാത്രമായിരുന്നു ജീവിത ലക്ഷ്യം.

നൃത്തകലാ അക്കാദമിയിൽ തിരക്കു കൂടിക്കൊണ്ടിരുന്നു. സ്‌കൂൾ – കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾ സംഘമായി നൃത്തം അഭ്യസിക്കാനെത്തി. ചിലർ വെറുമൊരു ഹോബിയെന്നോണം നൃത്തം അഭ്യസിച്ചു. മറ്റൊരു കൂട്ടരാകട്ടെ കരിയർ എന്ന ലക്ഷ്യം മുന്നിൽ കണ്ടും പഠനം നടത്തി. തികഞ്ഞ ആത്മാർത്ഥതയോടെ അർച്ചന അവർക്ക് നൃത്തത്തിന്‍റെ ബാല പാഠങ്ങൾ പകർന്നു നൽകി.

നൃത്ത ചുവടുകൾ തെറ്റുമ്പോൾ ശകാരത്തിനു പകരം സ്‌നേഹ വാക്കുകൾ കൊണ്ടു തിരുത്തും. അദ്ധ്യാപികയെന്നതിലുപരി ശിഷ്യർക്ക് അർച്ചന നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. കുറച്ചു സമയംകൊണ്ട് തന്നെ അവൾ സകലർക്കും പ്രിയപ്പെട്ടവളായി മാറി.

കാലത്തിനു ദുഃഖങ്ങളും വേദനകളും മായ്‌ക്കാനും മറക്കാനുമുള്ള അപാര കഴിവുണ്ട്. വേനൽച്ചൂടിനെ മറക്കാൻ തണുത്ത ഒരു മഴ മതിയല്ലോ? വർഷങ്ങൾ കൊഴിഞ്ഞു വീണു. അർച്ചനയുടെ ശരീരവും മനസ്സും നൃത്ത തപസ്യയിലലിഞ്ഞു ചേർന്നിരുന്നു. സങ്കടങ്ങൾ എല്ലാം അവൾ മറന്നു.

അഞ്ചു വർഷം കടന്നുപോയി. തന്‍റെ ശിഷ്യ നീലിമയുടെ സഹോദരൻ ജതിൻ തന്നോട് ഒരു പ്രത്യേക അടുപ്പം കാട്ടാൻ ശ്രമിക്കുന്നുണ്ട്… തന്‍റെ തോന്നലായിരിക്കാം എന്നാണ് അർച്ചന ആദ്യം കരുതിയത്. അവസരത്തിലും അനവസരത്തിലുമൊക്കെ ജതിൻ തന്നോട് സംസാരിക്കാൻ കൂടുതൽ താൽപര്യം കാട്ടുന്നുണ്ട്. മനസ്സിനെ നൃത്തത്തിൽ അടക്കി നിർത്താൻ ശ്രമിച്ചപ്പോഴൊക്കെ കടിഞ്ഞാൺ വിട്ട മനസ്സ്, ജതിനിലേക്ക് അടുക്കുന്നുണ്ടോ?

ജതിനിന്‍റെ സൗമ്യമായ പെരുമാറ്റവും സ്വഭാവവും അർച്ചനയ്‌ക്കും ഇഷ്‌ടമായിരുന്നു. പെട്ടെന്നൊരു ദിവസം ജതിൻ അർച്ചനയോട് മുഖവുര കൂടാതെ വിവാഹാഭ്യർത്ഥന നടത്തി. അർച്ചനയ്‌ക്ക് എതിർപ്പൊന്നുമില്ലായിരുന്നെങ്കിലും ജതിൻ തന്‍റെ ഭൂതകാലം അറിയണമെന്നു ശഠിച്ചു.

എല്ലാം ക്ഷമയോടെ കേട്ട ശേഷം ജതിൻ അല്പ സമയം സ്‌തബ്‌ധനായി. “അത് അർച്ചനയുടെ പാസ്‌റ്റാണ്, എനിക്കതൊന്നും അറിയണ്ട. ഇനിയുള്ള ജീവിതമാണ് പ്രധാനം. അർച്ചനയ്‌ക്കൊപ്പം ഒരു ജീവിതം അതുമാത്രമാണ് ഞാനിന്ന് ആഗ്രഹിക്കുന്നത്.”

അർച്ചന ഇക്കാര്യം തന്‍റെ രക്ഷിതാക്കളെ അറിയിച്ചു. വിവാഹ മോചിതയായ മകളെ സ്‌ത്രീധനമോ മറ്റു നിബന്ധനകളോ കൂടാതെ വിവാഹം നടന്നു കാണുക… രക്ഷിതാക്കൾക്ക് സന്തോഷവും അതിലേറെ മനസമാധാനവും തോന്നി.

അധികം വൈകാതെ ലളിതമായ ചടങ്ങുകളോടു കൂടി അവരുടെ വിവാഹം നടന്നു. വിവാഹശേഷവും നൃത്തകലാ അക്കാദമി പ്രവർത്തിപ്പിക്കും എന്ന ഒരൊറ്റ നിബന്ധന മാത്രമാണ് അർച്ചന മുന്നോട്ടു വച്ചത്. ജതിൻ ഇതിനു പൂർണ്ണസമ്മതം നൽകിയെന്നു മാത്രമല്ല തന്നാലാവുന്ന സഹായം നൽകുമെന്ന് വാക്കും നൽകി.

പിന്നീട് ജീവിതം സ്‌നേഹനിർഭരമായി ഒഴുകുകയായിരുന്നു. വർഷങ്ങൾ കടന്നുപോയി. 10 വയസ്സുകാരി മകളും അർച്ചനയുടെ കീഴിൽ നൃത്തപഠനം തുടർന്നു. അർച്ചന കുടുംബവും നൃത്ത അക്കാദമിയും ഉത്തരവാദിത്വത്തോടെ നോക്കി നടത്തി.

അർച്ചനയുടെ വിജയച്ചുവടുകൾക്കൊപ്പം ജതിൻ ഒരു കൈത്താങ്ങായി നിന്നു. ധാരാളം പെൺകുട്ടികൾ നൃത്തവിദ്യാലയത്തിൽ നിന്നും പരിശീലനം നേടിയിരുന്നു. ഒട്ടനവധി പേർ നൃത്തം ഒരു പ്രൊഫഷനാക്കി തീർത്തിരുന്നു. ജീവിതത്തിലും കരിയറിലുമുള്ള വളർച്ച കണ്ട് അർച്ചന സംതൃപ്‌തയായി.

ചെറുപ്പക്കാരനായ പോലീസുകാരൻ മുറ്റത്ത് ഫോൺ ചെയ്‌ത് കൊണ്ട് നിൽക്കുന്നു. അയാൾ കോളിംഗ് ബെല്ലിൽ വിരലമർത്തും മുമ്പേ അവൾ വാതിൽ തുറന്നു.

വനിതാ ദിനത്തിൽ അതാതു പ്രദേശത്തെ മികവുറ്റ കലാകാരികളെ തെരഞ്ഞെടുത്ത് ആദരിക്കാൻ മേഖലാ കമ്മറ്റികൾ തീരുമാനിച്ചു. മുഖ്യമന്ത്രി മുഖ്യ അതിഥിയാവുന്ന ചടങ്ങിൽ വച്ച് വിശിഷ്‌ട വ്യക്‌തികൾക്ക് സമ്മാനദാനം നടത്താനും തീരുമാനിച്ചു. നൃത്ത കലാരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്ത് അർച്ചനയ്‌ക്ക് ആ വർഷത്തെ കലാശ്രീ പുരസ്‌കാരം നൽകി. പുരസ്‌കാരം ഏറ്റുവാങ്ങാൻ ഭർത്താവിനൊപ്പം അർച്ചന തലസ്‌ഥാന നഗരിയിലെത്തി.

വലിയൊരു ഹാളിലാണ് പരിപാടി. സമ്മാനദാനത്തിനു ശേഷം അർച്ചനയോടു രണ്ട് വാക്ക് പറയാൻ ആവശ്യപ്പെട്ടു. വിടർന്ന കണ്ണുകളോടെ അവൾ മൈക്ക് കൈയിലെടുത്തു. ഹാളിനു പുറത്ത് നല്ല വെയിൽ ഉണ്ടായിരുന്നു.

“നൃത്തം ഒരു തപസ്യയാണ്. മനസ്സും ശരീരവും ഏകാഗ്രമാക്കുന്ന കല… ഭർത്താവ് ജതിന്‍റെ സഹായവും സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് എനിക്ക് ഈ രംഗത്ത് ചുവടുറപ്പിച്ചു നിൽക്കാൻ സാധിക്കുന്നത്. ഇന്നും വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ സ്‌ത്രീകൾ ഒതുങ്ങി ജീവിക്കുന്നുണ്ട്. ഭാര്യയുടെ കഴിവും ഗുണങ്ങളും തിരിച്ചറിഞ്ഞ് വേണ്ട പ്രോത്സാഹനവും സഹകരണവും മാർഗ്ഗനിർദ്ദേശവും നൽകിയാൽ വിജയം നേടാൻ പ്രയാസമുണ്ടാവില്ല.” കരഘോഷങ്ങൾക്കിടയിൽ മതി മറന്ന് അർച്ചന സ്‌റ്റേജിൽ നിന്നിറങ്ങി ജതിന്‍റെയും മകളുടെയും അടുത്ത് വന്നിരുന്നു. തോൽപ്പിക്കാൻ വന്നവരുടെ മുന്നിൽ തളരാതെ നിന്ന മനസ്സിനോട് അർച്ചന നന്ദി പറഞ്ഞു.

സൂര്യനെ ഗ്രസിക്കാൻ വെമ്പി നിന്ന മഴമേഘങ്ങളെ കാറ്റ് എങ്ങോട്ടേയ്‌ക്കോ കൂട്ടിക്കൊണ്ടു പോകുന്നു.

സാഗരസംഗമം ഭാഗം- 23

അവർ യുവത്വത്തിന്‍റെ ആഘോഷ ലഹരിയിൽ കൈയ്യിലെ മദ്യ ഗ്ലാസ്സുകൾ പരസ്പരം കൂട്ടിമുട്ടിച്ചു. അവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു. അവർ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും കണ്ടു. പുതുതലമുറയുടെ സ്വാതന്ത്യ്രബോധം അവരിൽ ഉണർന്നിരുന്നു. തന്നെപ്പോലുള്ള പഴയ തലമുറ മുറുകെപ്പിടിച്ചിരുന്ന പല മൂല്യങ്ങളും ഇന്നവർ കാറ്റിൽ പറത്തി തുടങ്ങിയിരിക്കുന്നു.

പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ കടന്നുകയറ്റം അവരുടെ പെരുമാറ്റ രീതികളിലും പ്രതിഫലിച്ചു തുടങ്ങുന്നത് പലതും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു. മറിച്ചായാൽ ഞങ്ങൾ പഴയ തലമുറയിൽപ്പെട്ടവരെല്ലാം അവരുടെ ശത്രുക്കളായി മാറും. മാത്രമല്ല കാലഹരണപ്പെട്ട വസ്തുക്കൾ പോലെ പുറന്തള്ളപ്പെടുകയും ചെയ്യുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ക്ലാസ്സെടുക്കുമ്പോൾ പലപ്പോഴും ചില മൂല്യങ്ങളെ മുറുകെപ്പിടിക്കുവാൻ ഞാനവരെ ഉപദേശിക്കുമായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളെ…

തെറ്റായ മൂല്യബോധത്തിന്‍റെ ഭവിഷ്യത്തുക്കളെക്കുറിച്ച് ബോധവതികളായ പലരും എന്നെ പിന്തുണച്ചു. എങ്കിലും കുറെപ്പേരെങ്കിലും വഴിവിട്ട ജീവിതം തെരഞ്ഞെടുക്കുന്നത് എനിക്ക് നിസ്സഹായയായി നോക്കി നിൽക്കേണ്ടി വന്നു. അപ്പോഴെല്ലാം മനസ്സിൽ ചോദ്യശരങ്ങളുയർന്നു വന്നു. മഹത്തായ ഒരു സംസ്ക്കാരത്തിന്‍റെ പാരമ്പര്യ വക്താക്കളെന്ന് അഭിമാനിച്ചിരുന്ന നമ്മൾ ഇന്നെങ്ങോട്ടാണ് നീങ്ങുന്നത്? കഞ്ചാവിനും, മദ്യലഹരിയ്ക്കും ലൈംഗിക വൈകൃതങ്ങൾക്കും അടിമകളായി വഴിതെറ്റിയ ഒരു തലമുറ സൃഷ്ടിക്കുന്ന നവഭാരതമാണോ നാം ഭാവിയിൽ കാണേണ്ടി വരിക…

എങ്കിൽ പാശ്ചാത്യരെപ്പോലെ മൂല്യങ്ങളും, വേരുകളും നഷ്ടപ്പെട്ട് ഗതികിട്ടാ പ്രേതങ്ങളെപ്പോലെ തലമുറകൾ അലയേണ്ടി വരികയില്ലെ? ഇനി സൃഷ്ടിക്കപ്പെടുന്ന തലമുറകൾ, അതിന്‍റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരികയില്ലെ?

ശരിയായ ഒരു കുടുംബ സംസ്ക്കാരം, കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങൾ എല്ലാം പാഴ്ക്കിനാവായി മാറുകയാണോ? ഒന്നിനോടും പ്രതിപത്തിയില്ലാത്ത സ്നേഹമെന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു തലമുറയാണോ ഇനി സൃഷ്ടിക്കപ്പെടാൻ പോകുന്നത്? വലിച്ചെറിയപ്പെടുന്ന മാതാപിതാക്കൾ, ദിനംതോറും പെരുകുന്ന വിവാഹമോചനങ്ങൾ അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങൾ… വാർത്തകളിൽ നിറയുന്ന പീഡന കഥകൾ… എല്ലാമെല്ലാം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്?

പുഴുക്കളെപ്പോലെ ചീഞ്ഞളിഞ്ഞു, നിരത്തിൽ അനാഥരെപ്പോലെ കിടന്ന് മരണമടയുന്ന ഒരു തലമുറയെയാണോ ഭാവിയിൽ നാം കാണേണ്ടി വരിക? ഭയാനകമായ ആ ഭാവിയെക്കുറിച്ചോർത്തപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ കണ്ണുതുറന്നേ തീരൂ… അതിനെന്താണ് എന്നെക്കൊണ്ടു ചെയ്യാൻ കഴിയുക? മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട ഈ വിദ്യാർത്ഥി സമൂഹത്തെ നിയന്ത്രിക്കാൻ എനിക്കാവുമോ? ഒരദ്ധ്യാപികയെന്ന നിലയിൽ എനിക്കെന്തു ചെയ്യാൻ കഴിയും? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി ഇരുട്ടിലേയ്ക്കുറ്റു നോക്കി ഞാനിരുന്നു.

അപ്പോഴാണ് അരുൺ അങ്ങോട്ട് കടന്നു വന്നത്. “എന്താ മാഡം തനിച്ചിരുന്ന് ആലോചിക്കുന്നത്? ഞാൻ ചോദിച്ചതിനുത്തരമാണെങ്കിൽ മാഡത്തിനിപ്പോൾ പറയാമല്ലൊ?”

“ഞാൻ ആലോചിച്ചത് എന്‍റെ വ്യക്‌തിപരമായ കാര്യങ്ങളല്ല അരുൺ… മറിച്ച് നമ്മുടെ വിദ്യാർത്ഥികൾക്കിടയിൽ മൂല്യബോധം സൃഷ്ടിക്കുന്ന എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിച്ചാലോ എന്നതിനെക്കുറിച്ചാണ്… അരുൺ കണ്ടില്ലെ ആ കുട്ടികൾ പലരും മദ്യത്തിനും കഞ്ചാവിനും അടിമകളാണ്. പെൺകുട്ടികളും അവരോടൊപ്പമുണ്ട്. സദാചാര ബോധമില്ലാത്ത അവരിൽ പലരും വഴിവിട്ട ഒരു ജീവിതമാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്നു കണ്ടാലറിയാം. പാശ്ചാത്യ സംസ്കാരത്തിനടിപ്പെട്ട അവരെ നേരിട്ടു പറഞ്ഞു മനസ്സിലാക്കാൻ വിഷമമാണ്. കോളേജിൽ ചെന്നിട്ട് നമുക്കവരിൽ ഒരു പരിവർത്തനം സൃഷ്ടിക്കാനുതകുന്ന എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. അരുൺ എന്തു പറയുന്നു?” പെട്ടെന്ന് അരുണിന്‍റെ കണ്ണുകളിൽ ഒരു പ്രകാശം മിന്നിത്തിളങ്ങി.

“മാഡം, പഴയ ഊർജ്ജസ്വലയായ അദ്ധ്യാപികയായി മടങ്ങി വരികയാണെന്നു തോന്നുന്നു. ഇത് നല്ലൊരു മാറ്റമാണ്. അല്പം സാമൂഹ്യപ്രവർത്തനം ഈ ഘട്ടത്തിൽ മാഡത്തിനു നല്ലതാണ്. ഏകാന്തതയിൽ നിന്നും, ദുഃഖ ചിന്തകളിൽ നിന്നും അതുവഴി മാഡത്തിന് മോചനം ലഭിക്കും. മാഡം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഗൗരവമായിട്ട് ആലോചിക്കാം. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് എനിക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും.

“മാഡം എന്‍റെ കൂടെ നിന്നാൽ മതി…” അരുണിന്‍റെ വാക്കുകളിൽ ആത്മവിശ്വാസം തുടിച്ചു നിന്നു. പെട്ടെന്ന് അരുൺ അപ്പുറത്തു തുടരുന്ന ബഹളങ്ങളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും നോക്കിപ്പറഞ്ഞു.

“എന്നേയും അവർ കൂടുവാൻ ക്ഷണിച്ചതാണ്… ഞാൻ പോയില്ല… ഇത്തരം ആഘോഷങ്ങളൊന്നും ഞാനിഷ്ടപ്പെടുന്നില്ല, മാഡം…”

അവന്‍റെ വാക്കുകൾക്ക് കരുത്തും, ആത്മവിശ്വാസവും ഉണ്ടായിരുന്നു. അതുൾക്കൊണ്ട ഞാൻ പറഞ്ഞു. “അരുൺ… നിന്നെപ്പോലെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. ഭാവിയിൽ ഒരു നല്ല ഭാരതം നിങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കും. അല്ലെങ്കിൽ തന്നെ അച്‌ഛനമ്മമാരാണല്ലോ മക്കൾക്ക് മാതൃകയാകേണ്ടത്. സ്നേഹവും നന്മയും ഊട്ടി വളർത്തി അവർ വളർത്തിക്കൊണ്ടു വരുന്ന മക്കൾ ഒരിക്കലും വഴി തെറ്റുകയില്ല. അരുണിന്‍റെ അച്‌ഛനമ്മമാരെപ്പോലെ…

അടിയുറച്ച കുടുംബ ബന്ധങ്ങൾ ഇല്ലാതെ പോകുമ്പോഴാണ് മക്കൾ വഴിതെറ്റുന്നത്. ഒരിക്കൽ എന്‍റെ കുടുംബത്തിലും അതു സംഭവിച്ചതാണല്ലോ. എന്നാൽ അതു ഞാനും, നരേട്ടനും തിരിച്ചറിഞ്ഞതോടെ മക്കളെ ഞങ്ങൾക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞു. ഇന്നിപ്പോൾ അത്തരമൊരു ഉയിർത്തെഴുന്നേൽപ്പ്, മക്കളെപ്പോലെയുള്ള എന്‍റെ വിദ്യാർത്ഥികൾക്കായി ഞാൻ നടത്തേണ്ടിയിരിക്കുന്നു. അവരുടെ കുടുംബ പശ്ചാത്തലങ്ങൾ മനസ്സിലാക്കി, അവരുടെ മാതാപിതാക്കളെ ശരിയായ കുടുംബ ജീവിതത്തിലേയ്ക്ക് കൊണ്ടു വരണം. മക്കളുടെ വഴിതെറ്റൽ അവരെ ബോധ്യപ്പെടുത്തണം. അതിനായി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്‌തേ തീരൂ…”

യുവത്വത്തിലെ പഴയ മീര എന്നിൽ വീണ്ടു ഉയിർത്തെഴുന്നേൽക്കുകയാണെന്നു തോന്നി. പുതിയ ചില കർമ്മ പദ്ധതികൾ എന്നെ ഒരു പുതിയ തലത്തിലെത്തിക്കുമെന്ന് മനസ്സു പറഞ്ഞു.

“കോളേജിലെത്തിയാലുടൻ, മദ്യത്തിനും മയക്കുമരുന്നിനുമെതിരായി നമുക്ക് ഒരു കാംപെയിൻ സംഘടിപ്പിക്കാം മാഡം. അരുൺ എന്തോ തീരുമാനിച്ചുറച്ചതു പോലെ പറഞ്ഞു.

“ശരിയാണ് അരുൺ… നമുക്ക് വിദ്യാർത്ഥികളോടൊപ്പം അവരുടെ മാതാപിതാക്കളെയും കോളേജിലേയ്ക്ക് ക്ഷണിച്ച്, ഇതിനെക്കുറിച്ചുള്ള പ്രസംഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കണം. വിദ്യാർത്ഥികളേയും അവരുടെ മാതാപിതാക്കളേയും നമുക്കിതിനെക്കുറിച്ച് ബോധവാന്മാരാക്കിയെ തീരൂ…” ഞാൻ ഊർജ്ജസ്വലതയോടെ പറഞ്ഞു. അപ്പോൾ അരുണിന്‍റെ അമ്മ അകത്തു നിന്നും ഇറങ്ങി വന്നു.

“എന്താണ് രണ്ടുപേരും കൂടി ഒരു ഗൂഢാലോചന. എനിക്കും കൂടി കേൾക്കാവുന്ന കാര്യമാണോ?”

അരുന്ധതിയുടെ അന്വേഷണത്തിന് ഞാൻ മറുപടി പറഞ്ഞു.“ തീർച്ചയായും. അരുന്ധതിയും ഞങ്ങളോടൊപ്പം ചേർന്നോളൂ…”

ഞങ്ങൾ ഇരുവരും കൂടി അരുന്ധതിയോട് ഞങ്ങളുടെ പദ്ധതികളെപ്പറ്റി പറഞ്ഞു.

അരുന്ധതി ഞങ്ങളെ അനുകൂലിച്ചു കൊണ്ട് പറഞ്ഞു.

“തീരീച്ചയായും ഇതൊരു നല്ല പദ്ധതിയാണ്. ഞാനും നിങ്ങളുടെ കൂടെ ഉണ്ട്. മാഡത്തിന്‍റെ ശ്രദ്ധ ഇത്തരം കാര്യങ്ങളിലേയ്ക്കു തിരിയുന്നത് എന്തുകൊണ്ടും ഇപ്പോൾ നല്ലതാണ്,” മാഡത്തിനെ അലട്ടുന്ന എല്ലാ ദുഃഖങ്ങളിൽ നിന്നും ഒരു മോചനം കൂടിയാകുമിത്. അരുന്ധതി എന്നെ അനുകൂലിച്ചു പറഞ്ഞു.

രാത്രി ഏറെ വൈകും വരെ ആ വിദ്യാർത്ഥികളുടെ ആഘോഷം നീണ്ടു നിന്നു. അവരിൽ പലരും മയക്കുമരുന്നിനടിമകളാണെന്ന് അവരുടെ പെരുമാറ്റങ്ങളിൽ നിന്നും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. താൻ കൂട്ടിക്കൊണ്ടു വന്ന തന്‍റെ സുഹൃത്തുക്കൾ ഇത്തരത്തിൽ പെരുമാറുമെന്ന് അരുൺ വിചാരിച്ചിരുന്നില്ല.

വല്ലപ്പോഴും കൂട്ടുചേർന്ന് മദ്യം ഉപയോഗിക്കുമെന്നല്ലാതെ മയക്കുമരുന്ന് അവന്‍റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നാലിന്നിപ്പോൾ നേരിട്ടു കണ്ട കാഴ്ചകൾ അവനെ വല്ലാതെ ദുഃഖിതനാക്കി. തന്‍റെ സുഹൃത്തുക്കൾ ഇങ്ങനെ അധഃപതിക്കുന്നത് കണ്ടു നില്ക്കാനാവാതെ അരുൺ അകത്തേയ്ക്കു നടന്നു. അപ്പോൾ അവൻ ദൃഢനിശ്ചയത്തോടെ എന്നെ നോക്കിപ്പറഞ്ഞു.

മാഡം തീർച്ചയായും നമുക്കിതിനെതിരായി പൊരുത്തണം. എന്‍റെ സുഹൃത്തുക്കൾ പലരും ഇത്തരക്കാരാണെന്ന് ഞാനറിഞ്ഞിരുന്നില്ല. അവരെ ഈ വിപത്തിൽ നിന്നും രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്. ഞാനിത് നേരത്തെ കണ്ടറിയേണ്ടതായിരുന്നു മാഡം. അവൻ ദുഃഖത്തോടെ പറഞ്ഞു നിർത്തി. പിന്നെ കുനിഞ്ഞ ശിരസ്സോടെ അവൻ തന്‍റെ റൂമിലേയ്ക്ക് നടന്നു.

രണ്ടു കിടക്ക മുറികളുള്ള ആ കോട്ടേജിൽ ഒരടുക്കളയും, രണ്ടു ബാത്ത്റൂമുകളുമുണ്ടായിരുന്നു. ഒരു ഫാമിലിയ്ക്ക് വേണമെങ്കിൽ ആഹാരം പാകം ചെയ്‌ത് കഴിക്കുന്നതിനുള്ള സൗകര്യവും അവിടെയുണ്ടായിരുന്നു.

അന്നു രാത്രിയിൽ ഞാനും, അരുന്ധതിയും ഒരു മുറിയിൽ അടുത്തടുത്ത കട്ടിലിൽ കിടന്നു. യാത്രാക്ഷീണം മൂലം അറിയാതെ ഗാഢനിദ്രയിൽ മുഴുകിപ്പോയ ഞാൻ ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. മേഘങ്ങൾക്കിടയിലൂടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന നരേട്ടൻ… പക്ഷെ അടുത്ത നിമിഷം നരേട്ടന്‍റെ ആ പുഞ്ചിരി മങ്ങുന്നതും കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ഞാൻ കണ്ടു. പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.

“എന്തിനാ നരേട്ടാ കരയുന്നത്? അങ്ങയ്ക്കവിടെ സുഖമല്ലേ?…”

“ഇല്ല മീരാ… ഞാൻ ഇപ്പോഴും ഗതികിട്ടാത്ത പ്രേതത്തെപ്പോലെ അലയുകയാണ്. എന്‍റെ ആത്മാവിന് ഇതുവരെ മോക്ഷം ലഭിച്ചിട്ടില്ല.”

അപ്പോഴാണ് ഓർത്തത് ഞാൻ ബോധമില്ലാതെ കിടന്നതു കാരണം മരണാന്തര കർമ്മങ്ങൾ വേണ്ട വിധത്തിൽ ചെയ്യാൻ പറ്റിയില്ല. കൃഷ്ണമോൾ എല്ലാം ചെയ്‌തു കാണുമെന്ന് വിചാരിച്ചു. മരണ ശേഷം എല്ലാത്തിനും നേതൃത്വം നൽകിയത് കോളേജിലെ മലയാളിയായ അദ്ദേഹത്തിന്‍റെ ഒരു സഹപ്രവർത്തകനാണെന്നും അറിഞ്ഞിരുന്നു. കൂടാതെ ഡൽഹിയിലെ മലയാളി അസോസിയേഷനും, കോളേജിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും ചടങ്ങുകളിൽ പങ്കെടുത്തു. എല്ലാം പിന്നീട് കൃഷ്ണമോളും, അരുണും പറഞ്ഞറിഞ്ഞതാണ്. പെട്ടെന്ന് അത്യന്തം വിഷമത്തോടെ ഞാൻ പറഞ്ഞു.

“സോറി നരേട്ടാ… അങ്ങ് മരണമടഞ്ഞതിനടുത്ത നാളുകളിൽ എനിക്കൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഞാൻ അബോധാവസ്ഥയിലായിരുന്നു. എന്‍റെ അനുജത്തിമാരേയും അമ്മയേയും അങ്ങയുടെ മറ്റു ബന്ധുമിത്രാദികളെയോ വിവരം അറിയിക്കാനും കഴിഞ്ഞില്ല. കൃഷ്ണമോൾ എല്ലാം ചെയ്‌തു കാണുമെന്ന് ഞാൻ വിചാരിച്ചു.” ഞാൻ കുറ്റബോധത്തോടെ പറഞ്ഞു. പെട്ടെന്ന് നരേട്ടൻ ഉറക്കെ പൊട്ടിക്കരഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു.

“എന്‍റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ കർമ്മങ്ങൾ മാത്രം ചെയ്താൽ പോരാ നീ ഫഹദ്സാറിനെ വിവാഹം കഴിക്കണം. എന്നാൽ മാത്രമേ ഞാൻ ചെയ്‌ത തെറ്റിന് പ്രായശ്ചിത്തമാവുകയുള്ളൂ. ഇന്നിപ്പോൾ ഞാൻ ചെയ്‌ത പാപകർമ്മം മൂലം ഇഹത്തിലും പരത്തിലും എനിക്ക് മോക്ഷമില്ലാത്ത അവസ്‌ഥയാണ്. തന്നെ ജീവനു തുല്യം സ്നേഹിച്ച ഫഹദ്സാറിനോടും തന്നോടും ഞാൻ കടുത്ത അപരാധമാണ് ചെയ്‌തത്. രാഹുൽമോനെ എനിക്ക് നഷ്ടപ്പെടുത്തിയതും ഭൂലോക ജീവിതത്തിൽ എനിക്ക് സുഖം ലഭിക്കാതെ പോയതും അതുകൊണ്ടാണ്…. മീരാ, എത്രയും വേഗം ഫഹദ്സാറിനെ കണ്ടെത്തി വിവാഹം ചെയ്‌ത് ഞാൻ ചെയ്ത തെറ്റിന് പരിഹാരം കണ്ടെത്തണം. എനിക്കറിയാം തന്‍റെ മനസ്സിൽ അദ്ദേഹമിപ്പോഴുമുണ്ടെന്ന്.”

അദ്ദേഹത്തിന്‍റെ വാക്കുകൾ കേട്ട് വിങ്ങലോടെ ഞാൻ പറഞ്ഞു.

“ഒരിക്കലുമില്ല നരേട്ടാ… ഫഹദ്സാർ ഇപ്പോൾ എന്നെ മറന്നു കാണും… ഞാനും അങ്ങയെ വിവാഹം കഴിച്ചതോടെ ഫഹദ്സാറിനെ മറന്നു തുടങ്ങിയിരുന്നു. ഞങ്ങൾക്കിനി ഒരുമിച്ച് ജീവിക്കാനാവില്ല…” അതുകേട്ട് നരേട്ടൻ ക്ഷുഭിതനായി.

“എന്തിനാ മീരാ എന്നോട് കള്ളം പറയുന്നത്? താൻ എന്നോടൊത്തു ജീവിക്കുമ്പോഴും ഫഹദ്സാറിനെയാണ് ആഗ്രഹിച്ചിരുന്നത്. എന്നോടു കള്ളം പറയണ്ട…” അദ്ദേഹം പതിവില്ലാത്ത വിധം ക്ഷുഭിതനാണെന്നു തോന്നി.

പരലോകത്തിരുന്ന് അദ്ദേഹം എന്‍റെ മനസ്സറിഞ്ഞിരിക്കുന്നു. ഇനിയും എനിക്ക് രക്ഷപ്പെടാൻ പഴുതെവിടെ? അപ്പോൾ അദ്ദേഹത്തിന്‍റെ ശബ്ദം വീണ്ടും മുഴങ്ങിക്കേട്ടു. “ഇനി നിങ്ങൾ വിവാഹിതരായ ശേഷം മാത്രം നമ്മൾ തമ്മിൽ കണ്ടാൽ മതി. അതുവരെ ഇനി ഞാൻ തന്‍റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയില്ല. ഓർത്തോളൂ… എന്‍റെ ആത്മാവ് ഗതികിട്ടാതെ അലയുകയാണ്. അതിനു പരിഹാരം കാണേണ്ടത്  താനാണ്…”

അത്രയുമായപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു കാണും. ജനലിലൂടെ നോക്കിയപ്പോൾ അങ്ങകലെ ചക്രവാളത്തിൽ ഒരു വെളുത്ത പുകപടലം നീങ്ങിപ്പോകുന്നതു കണ്ടു. അത് നരേട്ടനായിരിക്കുമോ? അദ്ദേഹം പറഞ്ഞതു പോലെ ഗതികിട്ടാതെ അലഞ്ഞു നടക്കുകയാണോ…. അദ്ദേഹത്തിന്‍റെ ആത്മാവ്…. അതോ എല്ലാം എന്‍റെ തോന്നലായിരിക്കുമോ? എന്‍റെ മനസാക്ഷിയുടെ മന്ത്രണമാണോ ഞാൻ കേട്ടത്. എങ്കിൽ… എങ്കിൽ… ഇപ്പോഴും ഫഹദ്സാറിനെ ആഗ്രഹിക്കുന്നുവോ? അദ്ദേഹമിപ്പോൾ എവിടെയാണ്?

ഒരിക്കൽ അരുൺ ചോദിച്ചതു പോലെ അദ്ദേഹത്തെ കണ്ടെത്തിയാൽ അദ്ദേഹമിപ്പോഴും ഏകനായി കഴിയുകയാണെങ്കിൽ ഫഹദ്സാറിനെ ഞാൻ വിവാഹം കഴിക്കുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിനെ അലട്ടിയപ്പോൾ ഉറക്കം നഷ്ടപ്പെട്ട് ഞാൻ എഴുന്നേറ്റിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പ് ഷാൾ പുതച്ചിട്ടും ശരീരത്തിനെ പൊതിഞ്ഞ് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ മനസ്സിനെ ഏതോ അഗ്നികുണ്ഠം വലയം ചെയ്‌തതു പോലെ… ഈ ചൂട് മെല്ലെയുയർന്ന് ശരീരത്തിനേയും വലയം ചെയ്‌തു തുടങ്ങി.

പുതപ്പു വലിച്ചു മാറ്റി മെല്ലെ വാതിൽ തുറന്ന് പുറത്തേയ്ക്കിറങ്ങി. സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞിൻ പാളികൾ കണ്ടു. സിരകളിൽ തണുപ്പ് ഒരു മരവിപ്പായി പടർന്നു കയറി. എന്നിട്ടും ഉള്ളിൽ ചിറകടിക്കുന്ന അസ്വസ്ഥതയുടെ പക്ഷി ഉള്ളിലെ അഗ്നിയെ ഊതി ഉണർത്തിയതെ ഉള്ളൂ. മാഡം, അവിടെ എന്താണു ചെയ്യുന്നത്? കിടക്കുന്നില്ലേ?

തിരിഞ്ഞു നോക്കുമ്പോൾ അരുന്ധതി എന്നെത്തന്നെ ഉറ്റുനോക്കി ആകാംക്ഷയോടെ നിൽക്കുന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അകത്തേയ്ക്കു നടക്കുമ്പോൾ പറഞ്ഞു. “ഓരോന്നോർത്തപ്പോൾ ഉറക്കം വന്നില്ല. അതുകൊണ്ടല്പനേരം പുറത്തു നിൽക്കാമെന്ന് കരുതി.”

“പുറത്തു നല്ല തണുപ്പുണ്ട് മാഡം. കൂടുതൽ തണുപ്പടിച്ചാൽ എന്തെങ്കിലും അസുഖം പിടിപെടും… അകത്തു വന്നു കിടന്നോളൂ…”

അരുന്ധതി അലിവോടെ പറഞ്ഞു. പിന്നെ പറഞ്ഞു മാഡം ഉറങ്ങിയെന്നു കരുതിയാണ് ഞാനും കിടന്നത്. ഉറക്കം വരുന്നില്ലെങ്കിൽ ഞാനും കൂട്ടിരിക്കാം.

“വേണ്ടാ അരുന്ധതി ഉറങ്ങിക്കോളൂ… നരേട്ടൻ പോയതിൽപ്പിന്നെ ഞാനിങ്ങനെയാണ്.പെട്ടെന്നൊന്നും ഉറക്കം വരികയില്ല. ഓരോന്നാലോചിച്ച് കിടക്കും. പക്ഷെ ഇപ്പോൾ ഞാൻ ഉണർന്നത് ഒരു ദുഃസ്വപ്നം കണ്ടിട്ടാണ്…”

“എന്തു സ്വപ്നം, ചീത്ത സ്വപ്നമാണെങ്കിൽ മറ്റുള്ളവരുമായി പങ്കുവച്ചു കഴിയുമ്പോൾ അതിന്‍റെ ദുഷ്ഫലം തനിയെ മാറും. മാത്രമല്ല മനസ്സിന് ശാന്തത കിട്ടുകയും ചെയ്യും. മാഡത്തിന് എന്നോടു പങ്കുവയ്ക്കാവുന്ന കാര്യമാണെങ്കിൽ പറഞ്ഞോളൂ… മനസ്സിന് സമാധാനം കിട്ടട്ടെ…”

അരുന്ധതിയുടെ അഭ്യർത്ഥന കേട്ടപ്പോൾ പറയാതിരിക്കാൻ കഴിഞ്ഞില്ല. സ്വപ്നത്തിൽ നരേട്ടനെ കണ്ടകാര്യം പറഞ്ഞപ്പോൾ അരുന്ധതി പറഞ്ഞു.

“മരിച്ചവർ സ്വപ്നത്തിൽ വന്ന് ഇത്തരം അപേക്ഷകൾ പറയുമ്പോൾ നാമത് നിറവേറ്റിക്കൊടുക്കണം. അതു മാഡത്തിന്‍റെ കടമയാണ്.”

അരുന്ധതിയോട് നരേട്ടന്‍റെ ആത്മാവ് ഗതികിട്ടാതെ അലയുന്നുണ്ടെന്ന് അദ്ദേഹം സ്വപ്നത്തിൽ വന്നു പറഞ്ഞുവെന്നു മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളൂ. ഫഹദ്സാറിന്‍റെ കാര്യവും, അദ്ദേഹത്തിനോട് നരേട്ടൻ ചെയ്ത അപരാധത്തിന്‍റെ കാര്യവും അപ്പോഴും ഞാൻ മറച്ചു വച്ചു. അരുന്ധതി തുടർന്നു പറഞ്ഞു കൊണ്ടിരുന്നു. മാഡത്തിന് കാശിയിൽ പോകണമെങ്കിൽ അരുണിനെ കൂട്ടിക്കോളൂ… വേണമെങ്കിൽ ഞാനും വരാം…

“കാശിയിൽ ഉടനെ പോയി കർമ്മങ്ങൾ ചെയ്യണമെന്നെനിക്കുണ്ട് അവിടേയ്ക്ക് ഞങ്ങൾ ഒരുമിച്ചു പോയി രാഹുൽമോന്‍റെ പേരിൽ ബലിയിടൽ കർമ്മങ്ങൾ ചെയ്യാനിരുന്നതാണ്. എന്നാൽ അതു നടക്കുന്നതിന് മുമ്പ് അദ്ദേഹം പോയി. ഇനി ഞാൻ തനിയെ പോയി അവർക്കു രണ്ടുപേർക്കുമുള്ള കർമ്മങ്ങൾ ചെയ്യുവാനാണ് വിധി…” നിറഞ്ഞൊഴുകുന്ന എന്‍റെ കണ്ണുകൾ കണ്ട് അരുന്ധതി പറഞ്ഞു.

“മാഡം… ഇനി കരയരുത്… കാശിയിൽ പോയി വേണ്ട കർമ്മങ്ങളെല്ലാം ചെയ്‌തു കഴിയുമ്പോൾ മാഡത്തിനു സമാധാനം കിട്ടും.”

അരുന്ധതി എന്‍റെ തോളിൽപ്പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. ഒരു സഹോദരിയുടെ സ്നേഹവായ്പ്പ നിറഞ്ഞു നിന്ന ആ കൈകളുടെ സ്പർശനമേറ്റപ്പോൾ മനസ്സിനുള്ളിൽ ഒരു കുളിരല വന്നു നിറഞ്ഞു. അതുവരെയുള്ള  അസ്വാസ്ഥ്യമെല്ലാം പുകമഞ്ഞുപോലെ അപ്രത്യക്ഷമായിത്തീർന്നു. അതുവരെയില്ലാത്ത ശാന്തതയോടെ കിടക്കയിലേയ്ക്കു ചായുമ്പോൾ അരുന്ധതി ഒരു കുഞ്ഞിനെയെന്ന പോലെ എന്നെ തലോടിക്കൊണ്ട് അടുത്തിരുന്നു. ആ കൈകളിൽ മുറുകെപ്പിടിച്ച് ശാന്തിതീരങ്ങളിലൂടെ യാത്ര തുടരുമ്പോൾ മിഴികളെ ഉമ്മ വച്ച് നിദ്രാ ദേവത ഒരിക്കൽ കൂടി കടന്നു വന്നു.

പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലും വിദ്യാർത്ഥികൾ ആഘോഷത്തിമിർപ്പിലായിരുന്നു. അതുപോലെ തലേന്നാളത്തെ ആഘോഷം പോലെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചിട്ടായിരുന്നില്ല. അവർ രാഹുലിനെ ഓർമ്മിച്ച് പ്രസംഗങ്ങൾ നടത്തി. പാട്ടുകൾ പാടി. അവരിൽ പലരും രാഹുലിന്‍റെ ഒപ്പം ചെറിയ ക്ലാസ്സുകളിൽ പഠിച്ചവരായിരുന്നു. ജീവിച്ചിരുന്നപ്പോൾ അവർക്കെല്ലാം രാഹുൽ പ്രിയപ്പെട്ടവനായിരുന്നു. മരണം അവനെ കൂടുതൽ പ്രിയപ്പെട്ടവനാക്കി. എന്നെ സന്തോഷിപ്പിക്കാൻ അവർ തമാശകൾ പറഞ്ഞു. അന്താക്ഷരികൾ അവതരിപ്പിച്ചു. റസ്റ്റോറൻറിൽ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു.

പിന്നെ പിറ്റേന്ന് മല മുകളിലേയ്ക്ക് ട്രക്കിംഗിനായി ക്ഷണിച്ചു. എന്നാൽ അവശത ശരീരത്തിനെന്നപോലെ മനസ്സിനെയും ബാധിച്ചിരുന്നതിനാൽ ഞാൻ അവർക്കൊപ്പം പോകാൻ മടിച്ചു. അരുൺ നിർബന്ധിച്ചിട്ടും ഞാൻ ഒഴിഞ്ഞു മാറി. ഒടുവിൽ അരുന്ധതിയും എനിക്കു വേണ്ടി ട്രക്കിംഗിനു പോകാതെ ഒഴിഞ്ഞു നിന്നു.

ഒടുവിൽ ഞങ്ങളിരുവരും കോട്ടേജിൽ തനിച്ചായി. കാപ്പി കുടി കഴിഞ്ഞ് കോട്ടേജിന്‍റെ മുറ്റത്ത് കസേരകളിട്ട് ഞങ്ങൾ അവിടെയിരുന്ന് പലതും സംസാരിച്ചു. പുലർ കാലത്തെ ചെറിയ തണുത്തകാറ്റ് വീശുന്നുണ്ടായിരുന്നു. സുഖകരമായ തണുപ്പ്. കൂട്ടത്തിൽ അരുന്ധതി തന്‍റെ പ്രണയ ദിനങ്ങളെക്കുറിച്ച് പറഞ്ഞു. ചരണിനോട് മണിക്കൂറോളം ഫോണിൽ സംസാരിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനിംഗിനിടയിൽ പരസ്പരം ഹെൽപ് ചെയ്‌തിരുന്നത്. ഒരിക്കൽ കുതിരപ്പുറത്തു നിന്നും താഴെ വീണ തന്നെ ചരൺ രക്ഷിച്ചത്. ഒടുവിൽ ട്രെയിനിംഗ് പൂർത്തിയാകുന്നതിനു മുമ്പ് ഞങ്ങളിരുവരും വിവാഹം കഴിക്കേണ്ടി വന്നത്. ചരണിനോടുള്ള ബന്ധം അതിരുവിട്ടപ്പോൾ ഒരു സുരക്ഷയ്ക്കു വേണ്ടിയാണത്രെ മലമുകളിലെ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായത്. എന്നാൽ വീട്ടിലെ എതിർപ്പു ഭയന്ന് അരുന്ധതി എല്ലാം മറച്ചു വച്ചു. ഒടുവിൽ ഗർഭിണിയായപ്പോൾ എല്ലാം തുറന്നു പറയേണ്ടി വന്നു. ആദ്യം വീട്ടിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവർ സമ്മതിച്ചു. ചരണിന്‍റെ വീട്ടുകാരും വലിയ എതിർപ്പൊന്നും കാണിച്ചില്ല. തങ്ങൾ പരിചയപ്പെടുന്നതിനു മുമ്പു തന്നെ ചരൺ വീട്ടിൽ പറയാറുണ്ടായിരുന്നുവത്രെ. താൻ ഒരന്യ നാട്ടുകാരിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന്. പറ്റുമെങ്കിൽ ഒരു കേരളീയ സ്ത്രീയെ… കേരളത്തിനോട് ചരണിന് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.

ഒടുവിൽ അരുന്ധതിയുടെ നാടായ കോഴിക്കോടു വച്ച് ആർഭാടമായി വിവാഹം നടന്നു. വിവാഹം കഴിഞ്ഞ എട്ടാം മാസത്തിൽ അരുൺ പിറന്നു. അപ്പോഴേയ്ക്കും യഥാർത്ഥത്തിൽ പത്തുമാസം തികഞ്ഞിരുന്നു. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെത്തന്നെ അരുന്ധതി പ്രസവിച്ചു.

“ഇന്നോർക്കുമ്പോൾ അൽപം തമാശയാണ് തോന്നുന്നത്. രണ്ടുമാസം ഗർഭിണിയായിരിക്കുമ്പോൾ വിവാഹം കഴിക്കുക, അതായത് ഒന്നെടുക്കുമ്പോൾ ഒന്ന് ഫ്രീ എന്നു പറഞ്ഞതു പോലെ ഞാനും, ചരണും അതു പറഞ്ഞ് പലപ്പോഴും ചിരിച്ചിട്ടുണ്ട്.”

അരുന്ധതി തന്‍റെ സംസാരത്തിൽ മനഃപൂർവ്വം തമാശ കലർത്തുകയാണെന്നു തോന്നി. എല്ലാം കേട്ടിരുന്നപ്പോഴും എന്‍റെ മനസ്സ് അശാന്തമായിരുന്നു. പതിവില്ലാത്ത വിധം മനസ്സ് പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു. ഏതോ ദുഃഖം മനസ്സിനെ പിടിച്ചുലയ്ക്കുന്നതു പോലെ, ഹൃദയം ശോകമൂകമായ ഭാഷയിൽ തേങ്ങിക്കൊണ്ടിരുന്നു. അറിയപ്പെടാത്ത ഏതോ അസ്വാസ്ഥ്യം മനസ്സിൽ പടരുന്നത് ഞാനറിഞ്ഞു.

“എന്താ മാഡം, ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലെന്നു തോന്നുന്നു. മറ്റെന്തോ ചിന്തകളിൽ മുഴുകുയിരിക്കുന്നതുപോലെ…”

അരുന്ധതി എന്നെ നോക്കി പറഞ്ഞു. ശരിയാണ് എന്‍റെ ദൃഷ്ടികൾ അപ്പോൾ മഞ്ഞണിഞ്ഞ മലനിരകളിലായിരുന്നു. ഘനീഭവിച്ച ദുഃഖം പോലെ മലനിരകൾ… അല്പം നിമിഷങ്ങൾക്കകം സൂര്യന്‍റെ തീക്ഷ്ണമായ ചൂടേറ്റ് ആ മഞ്ഞ് ഉരുകാൻ തുടങ്ങും. മലയുടെ മിഴികളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർത്തുള്ളി പോലെ. പ്രകൃതിയുടെ വേദന ഹൃദയം ഏറ്റെടുത്തതു പോലെ, മനസ്സിനുള്ളിലിരുന്ന് ആരോ ഏങ്ങലടിച്ചു.

ഒരു പക്ഷെ നരേട്ടനേയും രാഹുലിനേയും ഇന്നലെ സ്വപ്നത്തിൽ കണ്ടതാണോ ഈ ദുഃഖത്തിനു കാരണം. ഹൃദയം കാരണം ചികഞ്ഞു കൊണ്ടിരിക്കുമ്പോൾ ഫോൺ ബെല്ലടിച്ചു. കയ്യിലെപ്പൊഴും കരുതിയിരുന്ന ചെറിയ തുകൽ ബാഗിൽ നിന്നും ഫോൺ കൈയ്യിലെടുത്ത് ഓൺ ചെയ്യുമ്പോൾ കണ്ടു. മായയാണ് നാട്ടിൽ നിന്നും. അവളുടെ ശബ്ദം വല്ലാതെ വിറകൊണ്ടിരുന്നു.

“അമ്മ പോയി ചേച്ചി… കഴിയുന്നത്ര വേഗം പുറപ്പെട്ടോളൂ…”

അവളുടെ വാക്കുകൾ അവിശ്വസനീയമായി തോന്നി. അമ്മ മരിയ്ക്കുകയോ? ഇത്ര പെട്ടെന്ന്. ഞാൻ കണ്ടു പോന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അന്ന് നല്ല സുബോധത്തോടെ സംസാരിച്ച അമ്മ. ഇത്ര പെട്ടെന്ന് വിടപറഞ്ഞു പോയി എന്നോർക്കുമ്പോൾ… ഹൃദയം ഉറക്കെ കേണു. കൈകൾ തലയിൽ താങ്ങി കുനിഞ്ഞിരുന്ന് പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നപ്പോൾ അരുന്ധതി എഴുന്നേറ്റു വന്ന് ചോദിച്ചു.

“എന്താ മാഡം? എന്തുപറ്റി? ആരാണ് ഫോൺ ചെയ്‌തത്?”

“എന്‍റെ അമ്മ മരിച്ചു പോയി. നരേട്ടൻ പോയ പുറകെ അമ്മയും…”

മുഴുവൻ പറയാൻ കഴിയാതെ ഞാൻ വിങ്ങിപ്പൊട്ടി. അരുന്ധതി തലയിൽ തലോടി ആശ്വസിപ്പിച്ചു.

“സാരമില്ല മാഡം… അമ്മയ്ക്ക് പ്രായം ഒരുപാട് ആയി കാണുകയില്ലെ? മരിക്കേണ്ട പ്രായത്തിൽ തന്നെയാണ് അമ്മ മരിച്ചത്. അതുകൊണ്ട് ദുഃഖിക്കേണ്ട.”

(തുടരും)

ഗ്യാസ് ഔട്ട്!

ഭർത്താവിന്‍റെ മനസ്സിൽ കടന്നു കൂടാൻ ഒരെളുപ്പവഴിയുണ്ട്. അദ്ദേഹത്തിനിഷ്‌ടപ്പെട്ട നല്ല ഭക്ഷണം ഉണ്ടാക്കി കൊടുത്താൽ മതി.” അമ്മയും അമ്മൂമ്മയും ടിവി സീരിയലുകളും പഠിപ്പിച്ച പാഠങ്ങൾ മനസ്സിൽ ഉരുവിട്ടുകൊണ്ടാണ് നവവിവാഹിതയായ ഞാൻ ഭർത്താവിനൊപ്പം അന്യനാട്ടിലെത്തിയത്. എന്നാൽ അവിടെയെത്തിയപ്പോഴാണ് ഇതൊന്നുമല്ല സത്യാവസ്‌ഥയെന്ന് ഞാൻ മനസ്സിലാക്കുന്നത്. രുചിയുള്ള ഭക്ഷണമുണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇവിടെ ഭക്ഷണം തയ്യാറാക്കാനുള്ള ഗ്യാസ് സിലിണ്ടർ കണ്ടെത്തുകയെന്നത്.

വിവാഹത്തിനു മുമ്പ് അദ്ദേഹം തനിച്ച് താമസിച്ചിരുന്നതിനാൽ ഭക്ഷണം സ്‌ഥിരം ഹോട്ടലിൽ നിന്നാണ് കഴിച്ചിരുന്നത്. അതുകൊണ്ട് ഗ്യാസ് കണക്ഷനെക്കുറിച്ചൊന്നും ചിന്തിച്ച് തല പുകയ്ക്കേണ്ടി വന്നിട്ടുമില്ല. പക്ഷേ ഇതിപ്പോ ഞങ്ങൾരണ്ടാളില്ലേ? വീട്ടിൽ തീ പുകയ്‌ക്കാതെ പറ്റുമോ? ആഴ്‌ചകളോളം ഗ്യാസ് ഏജൻസിയുടെ പടി കയറിയിറങ്ങിയും എണ്ണമറ്റ കടലാസ്സുകൾ പൂരിപ്പിച്ചു കൊടുത്തും ഒരു കണക്കിനു ഗ്യാസ് കണക്ഷൻ തരപ്പെടുത്തി.

ആദ്യമായതുകൊണ്ട് നിയമപ്രകാരം ഒരു സിലിണ്ടർ എന്നതായിരുന്നു ഇവിടത്തെ കണക്ക്. പക്ഷേ ഈ സിലിണ്ടർ ക്ഷാമം അന്നെനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയതേയില്ല. ഒരൊറ്റ സിലിണ്ടർ കൊണ്ട് ഓണം ആഘോഷിക്കാം എന്നതായിരുന്നു അവസ്‌ഥ. ഹൽവ, പായസം അങ്ങനെ എന്തെങ്കിലും സ്‌പെഷ്യൽ വിഭവങ്ങൾ ഇല്ലാത്ത ദിവസ ങ്ങൾ ചുരുക്കമായിരുന്നു.

പുതിയ സിലിണ്ടർ പാചകവുമായി രണ്ട് മാസം കടന്നുപോയത് അറിഞ്ഞതേയില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ചായ തയ്യാറാക്കാനായി വെള്ളം അടുപ്പത്തു വച്ചു. ഫ്യൂസാവുന്ന ബൾബുപോലെ അടുപ്പ് ചിമ്മിക്കൊണ്ടിരുന്നു.

സിലിണ്ടർ പണിമുടക്ക് പ്രഖ്യാപനം നടത്തുകയാണ്. സിലിണ്ടർ നന്നായി കുലുക്കി ഞാനൊരു കണക്കിന് ചായയും പ്രാതലും തയ്യാറാക്കി. വൈകുന്നേരമാകുമ്പോഴേക്കും പുതിയ സിലിണ്ടർ കിട്ടുമായിരിക്കും ഞാൻ ആശ്വസിച്ചു. ഗ്യാസ് സിലിണ്ടറെത്താൻ കുറഞ്ഞതു 2-3 ദിവസം താമസമെടുക്കും. ബുക്കിംഗിനു വിളിച്ചപ്പോൾ ഗ്യാസ് ഏജൻസിയിൽ നിന്നും ലഭിച്ച മറുപടി ഈ വിധമായിരുന്നു. തെല്ലൊരു ആശങ്കയോടെയാണ് ഞാൻ ഓഫീസിലേക്ക് തിരിച്ചത്.

രാത്രിയിൽ ഭക്ഷണം പാകം ചെയ്യാൻ ഒരു നിർവ്വാഹവുമില്ലാതെ വന്നപ്പോൾ ഇന്നത്തെ ഭക്ഷണം ഹോട്ടലിൽ നിന്നാവാമെന്ന് ഭർത്താവ് നിർദ്ദേശിച്ചു. ഞങ്ങൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. സിലിണ്ടർ തീർന്നാൽ ഇങ്ങനെയും ചില ഗുണങ്ങളുണ്ടല്ലോ വല്ലാത്ത സന്തോഷം തോന്നി.

സിലിണ്ടർ തീർന്നെന്നു കരുതി അലമുറയിടേണ്ട കാര്യമൊന്നുമില്ല. ഭക്ഷണം പുറത്തു നിന്നാക്കിയാൽ പോരെ. എന്നാൽ ബിൽ കണ്ട് അദ്ദേഹത്തിന്‍റെ മുഖം വിവർണ്ണമായി. ഒരു കാര്യം വ്യക്‌തമാണ്. കടലാസ്സിൽ കനമുള്ള അക്കങ്ങളായിരിക്കും! ഇതൊക്കെ വെറും ആമുഖമായിരുന്നു.

ശരിക്കുമുള്ള കഥ തുടങ്ങിയതു പിറ്റേന്നായിരുന്നു. സിലിണ്ടർ തീർന്ന സ്‌ഥിതിക്ക് ബ്രഡ്‌ഡും ബട്ടറും കൊണ്ട് അദ്ദേഹം പ്രാതൽ ഒപ്പിക്കുമെന്നും എനിക്ക് അടുക്കളയുടെ പടി പോലും കാണേണ്ടി വരില്ലെന്നുമൊക്കെ ഞാൻ വെറുതെ മനക്കോട്ട കെട്ടി. പക്ഷേ സംഭവിച്ചത് നേർ വിപരീതമായിരുന്നു. അതിരാവിലെ തന്നെ അദ്ദേഹമെന്നെ കുലുക്കി ഉണർത്തി. എന്നോടു ഇരുചക്രവാഹനത്തിന്‍റെ പിൻസീറ്റിലിരിക്കാൻ പറഞ്ഞു. കയ്യിൽ ആ ഒഴിഞ്ഞ സിലിണ്ടറും പിടിച്ചേൽപ്പിച്ചു. വണ്ടി നേരെ റീഫിൽ സ്‌റ്റേഷനിലേക്കു വിട്ടു.

പുതിയ സ്‌ഥലമല്ലേ വഴി യാത്രയ്‌ക്കങ്ങ് നിശ്ചയവുമില്ലായിരുന്നു. ശരിക്കും പെരുവഴിയിലായെന്നു പറഞ്ഞാൽ മതിയല്ലോ? ഒരു ടാക്‌സിക്കാരൻ ഞങ്ങളുടെ സഹായത്തിനെത്തി. ഞങ്ങൾ അയാൾക്ക് പിന്നാലെ വച്ചുപിടിച്ചു. ഇടുങ്ങിയ ദുർഗന്ധം വമിക്കുന്ന തെരുവിൽ കുറെ വളവുകളും തിരിവുകളും കടന്ന് അരമണിക്കൂർ ദൈർഘ്യമുള്ള യാത്ര.

നുള്ളിപ്പെറുക്കിയെടുത്ത ധൈര്യവും ചോർന്നു പോയതുപോലെ. ടാക്‌സിക്കാരനെ തടഞ്ഞു നിർത്തി കാര്യം ചോദിച്ചാലോ എന്നു കരുതി നിൽക്കുമ്പോൾ അയാൾ സ്വയം വണ്ടി നിർത്തി ഞങ്ങളുടെ അടുത്തെത്തി. അല്ല സാറെ, നിങ്ങളെങ്ങോട്ടാ എന്‍റെ പിന്നാലെ വച്ചുപിടിച്ചു വരുന്നത്? നാലാമത്തെ തെരുവിൽ നിന്നും വടക്കോട്ടുള്ള റോഡിലൂടെയായിരുന്നു നിങ്ങൾക്ക് പോകേണ്ടിയിരുന്നത്.

ഉപകാരം ചെയ്‌തില്ലെങ്കിലും ഉപദ്രവിക്കേണ്ടിയിരുന്നില്ല സഹോദരാ… എന്നു പറയാൻ തോന്നിയെങ്കിലും ദേഷ്യമൊട്ടും പുറത്തുകാട്ടാതെ ഇതുവരെ ചെയ്‌ത സഹായത്തിനു അയാളോടു നന്ദി പറഞ്ഞു. വീണ്ടും കുഴികളും അഴുക്കും നിറഞ്ഞ ആ തെരുവിലൂടെ വണ്ടി തിരിച്ചു.

വഴി ചോദിച്ച് ചോദിച്ച് അവസാനം ഞങ്ങൾ റീഫിൽ സ്‌റ്റേഷനിലെത്തി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കാര്യം വ്യക്‌തമായി. ബുക്കിംഗ് സ്‌ളിപ്പിൽ എന്തോ വശപ്പിശകുണ്ട് പോലും. റീഫിൽ സ്‌റ്റേഷനിലുള്ളവർ സിലിണ്ടർ നൽകാൻ പറ്റില്ലെന്നു തീർത്തു പറഞ്ഞു. ഏജൻസിക്കാരുമായി സംസാരിച്ച് സംശയങ്ങൾ തീർക്കാനും നിർദ്ദേശിച്ചു.

സിലിണ്ടറിനു വേണ്ടി നടത്തിയ ഓട്ടപ്പാച്ചിലിൽ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല ഞാനും ഭർത്താവും നന്നേ വൈകിയാണ് ഓഫീസിലെത്തിയതും. ഒരു ഗത്യന്തരവുമില്ലാതെ വന്നപ്പോൾ ഞാൻ ഏജൻസിക്കാരെ വീണ്ടും വിളിച്ചു. ഏകദേശം ഒരു മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനൊടുവിലാണ് ഫോൺ കണക്‌റ്റായത്. “ദയവായി ഇന്നുതന്നെ സിലിണ്ടർ എത്തിക്കണം” ഞാൻ ഭൂമിയോളം താണുകേണു പറഞ്ഞു.

ഒടുക്കം ഒഴിഞ്ഞ സിലിണ്ടർ അയൽ വീട്ടിൽ ഏൽപ്പിച്ച് ഞാൻ ഓഫീസിലേക്ക് തിരിച്ചു. പക്ഷേ മനസ്സുനിറയെ സിലിണ്ടർ എന്ന ചിന്ത മാത്രമായിരുന്നു. വൈകിട്ട് ഓഫീസ് വിട്ട് മടങ്ങുമ്പോഴും ഈയൊരൊറ്റ ടെൻഷനേയുണ്ടായിരുന്നുള്ളൂ. ചേച്ചീ, പുതിയ സിലിണ്ടർ വന്നിട്ടുണ്ട്… അയൽക്കാരി പറഞ്ഞപ്പോഴാണ് പുകഞ്ഞു കൊണ്ടിരുന്ന മനസ്സിലെ തീ കെട്ടത്.

എന്തായാലും ഒന്നു മനസ്സിലായി. സിലിണ്ടർ നിസ്സാരക്കാരനല്ലെന്നും പകലന്തിയോളം നെട്ടോട്ടമോടിയാലേ വീട്ടിൽ നേരാംവണ്ണം തീ പുകയൂയെന്നും. അതുകൊണ്ട് സിലിണ്ടർ തീരാൻ കാത്തു നിൽക്കുന്നില്ല. ഇന്നേ ബുക്ക് ചെയ്‌തേക്കാം…

ഇപ്പോൾ മൊബൈലിൽ ബുക്ക് ചെയ്‌ത് മെസേജ് വന്നാലും ടെൻഷനാണ്. സിലിണ്ടർ വരുന്ന ദിവസം വീട്ടിൽ ആളില്ലെങ്കിൽ മടക്കിക്കൊണ്ടുപോകും. പിന്നെ വീണ്ടും പുതിയതായി ബുക്ക് ചെയ്യണം. ഗ്യാസ് കിട്ടാൻ ഇനി ജോലി ഉപേക്ഷിച്ച് വീട്ടിൽ കാത്തിരിക്കേണ്ടി വരുമോ?

പ്രിയപ്പെട്ടവരുടെ ഇഷ്‌ടങ്ങൾ

വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങി. നിരഞ്‌ജന്‍റെ മനസ്സ് പിടഞ്ഞു. വരേണ്ടിയിരുന്നില്ല. മനസ്സിനെ അസ്വസ്‌ഥമാക്കിക്കൊണ്ട് ചിന്തകൾ പലവഴിക്കു പിരിഞ്ഞു. മൂന്നു വർഷങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തുകയാണ്. ഗൃഹാതുരത്വം നൽകുന്ന സന്തോഷം നിരഞ്‌ജന്‍റെ മുഖത്ത് പ്രകടമായിരുന്നില്ല. ഏക സഹോദരി നീലിമയുടെ വിവാഹത്തിൽ പങ്കെടുത്തേ തീരൂ… അമ്മയുടെ നിർബന്ധമാണ്. മറുത്തെന്തു പറയും?

ഇംഗ്ലണ്ടിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ… മനസ്സു നിറയെ അവളായിരുന്നു. സുപ്രിയാ. അതൊക്കെ മറക്കാൻ പലവുരു ശ്രമിച്ചതാണ്.

മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ ശ്രമിക്കുന്തോറും പിന്നേയും കൂടി ചേരുകയാണല്ലോ? സ്വന്തം അസ്‌തിത്വം പോലും അലിയിച്ചു കളയുന്നത്ര ഗാഢമാണ് എന്‍റെ പ്രണയം… സുപ്രിയ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്. പക്ഷേ തന്‍റെ ഈ കാമുക മനസ്സ് അതൊരിക്കലും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ?

പ്രണയ നൈരാശ്യത്താൽ മനസ്സ് ഭ്രാന്തമായ അവസ്‌ഥയിലേക്കു നീങ്ങുമെന്നായപ്പോഴാണ് അന്ന് നാടും നഗരവും വിടാൻ താൻ തീരുമാനിച്ചത്. അവളെ മറക്കാൻ ഒരു പലായനം അനിവാര്യമായിരുന്നു… പിന്നീട് ഊണിലും ഉറക്കത്തിലും ബിസിനസ്സ് ചിന്തകൾ മാത്രമായി.

കണ്ണുനിറഞ്ഞപ്പോൾ നിരഞ്‌ജൻ ചുറ്റുമൊന്നു നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ഓരോരുത്തരും അവരവരുടേതായ ലോകത്താണ്. ഒരു ദീർഘനിശ്വാസമുതിർത്ത് നിരഞ്‌ജൻ സ്വയം നോർമലാവാൻ ഒരു ശ്രമം നടത്തി.

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി ടാക്‌സി ഡ്രൈവർക്ക് സ്‌ഥലമേതെന്ന് പറഞ്ഞ് കൊടുത്ത് നിരഞ്‌ജൻ സീറ്റിൽ തല ചായ്‌ച്ചിരുന്നു. മനോഹരമായ പുറംകാഴ്‌ചകൾ സമ്മാനിച്ച് കാർ മുന്നോട്ടു നീങ്ങി. പെട്ടെന്ന് മൊബൈൽ ശബ്‌ദിച്ചു. “അമിത്” മൊബൈൽ സ്‌ക്രീനിൽ പേര് തെളിഞ്ഞു വന്നതു കണ്ട് നിരഞ്‌ജന്‍റെ മുഖത്തു ചിരി പടർന്നു.

“അഹ്! ഇപ്പോഴെത്തും”

വാടിത്തളർന്ന മനസ്സുമായാണ് അന്ന് ഇംഗ്ലണ്ടിലേയ്‌ക്ക് വിമാനം കയറിയത്. അവിടെ വച്ചാണ് അമിത്തിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കമ്പനി ഡെപ്യൂട്ടേഷനിൽ പരിശീലനത്തിനായി ഇംഗ്ലണ്ടിലെത്തിയതായിരുന്നു അമിത്. അടുത്തടുത്ത ഫ്‌ളാറ്റുകളിലായിരുന്നു താമസം. ആയിടയ്‌ക്ക് അമിതിനൊരപകടം പറ്റി. രാപകലെന്നില്ലാതെ സ്വന്തം സഹോദരനെപ്പോലെ നിരഞ്‌ജൻ അമിതിനെ പരിചരിച്ചു.

ആ സാമീപ്യത്തിൽ നിന്നാണ് ഹൃദ്യമായ സ്‌നേഹ ബന്ധം ഉടലെടുത്തത്. ട്രെയിനിംഗിനു ശേഷം അമിത് ഇന്ത്യയിലേക്കു മടങ്ങി. അധികം വൈകാതെ അമിത് വിവാഹിതനായി. എങ്കിലും അവർക്കിടയിൽ ഫോണിലൂടെയുള്ള സൗഹൃദം തുടർന്നു. കൊച്ചിയിലേയ്‌ക്കു വരുന്നുണ്ടെങ്കിൽ തന്നെ കണ്ടിട്ടെ മടങ്ങാവൂ എന്ന് അമിത് നിർബന്ധിച്ചിരുന്നു.

“സർ, സ്‌ഥലമെത്തി” ഡ്രൈവറുടെ ശബ്‌ദം കേട്ട് നിരഞ്‌ജൻ ചുറ്റും നോക്കി. അമിതിനെക്കുറിച്ചുളള ഓർമ്മകൾക്കിടയിൽ ദൂരം എത്ര താണ്ടിയെന്നൊന്നും നിരഞ്‌ജൻ ശ്രദ്ധിച്ചതേയില്ല. ഡ്രൈവർക്ക് പണം നല്‌കി ലഗേജുമെടുത്ത് നിരഞ്‌ജൻ അകത്തേക്കു നടന്നു.

ഡോർബെൽ അമർത്തി. അമിതാണ് വാതിൽ തുറന്നത്. വർഷങ്ങൾക്കു ശേഷമുളള കണ്ടുമുട്ടലാണ്. രണ്ടുപേരുടെയും മുഖത്ത് അതിന്‍റേതായ സന്തോഷം നിറഞ്ഞിരുന്നു.

“സോറി ദോസ്‌ത്, എയർപോർട്ടിൽ വരണമെന്നു കരുതിയതാണ്.” അമിത് ക്ഷമാപണം നടത്തി.

“ഇറ്റ്‌സ് ഓ.കെ, പെട്ടെന്നുളള വരവായിരുന്നല്ലോ? നീലുവിന്‍റെ മാര്യേജ്… അമ്മയുടെ നിർബന്ധം. ഒരൊറ്റ പെങ്ങൾ. എങ്ങനെ നോ പറയും. എയർപോർട്ടിൽ എത്തിയ ഉടനെ ഞാൻ നിന്നെ വിളിച്ചിരുന്നു. അവിടെ വച്ചു തന്നെ നിന്നെ കണ്ടിട്ടു മടങ്ങാമെന്നു കരുതിയതാണ്…

പക്ഷേ നീ… എനിക്ക് നിന്‍റെ സ്വഭാവം നന്നായറിയാം…” നിരഞ്‌ജൻ പറഞ്ഞതുകേട്ട് അമിത് പൊട്ടിച്ചിരിച്ചു.

നിരഞ്‌ജന്‍റെ തോളിൽ കൈയിട്ട് അമിത് അകത്തേക്കു നടന്നു.

“ഹൗ ഈസ് ഇറ്റ്… വീട് ഇഷ്‌ടമായോ എന്ന്?” അമിത് ചിരിച്ചു.

“ശാന്തസുന്ദരം എന്നൊക്കെ പറയാറില്ലേ? റിയലി ബ്യൂട്ടിഫുൾ. സാഹിത്യഭാഷയിൽ പറഞ്ഞാൽ സ്വർഗ്ഗം പോലുണ്ട്.”

“ഓഫ്‌കോഴ്‌സ്. പക്ഷേ ഈ സ്വർഗ്ഗത്തിൽ ഒരൊറ്റ അപ്‌സരസ്സേയുളളൂ.” അമിത്തിന്‍റെ മറുപടി കേട്ട് നിരഞ്‌ജൻ പൊട്ടിച്ചിരിച്ചു.

“നീയിരിക്ക്, ഞാനിപ്പോ വരാം” ടി.വി ഓണാക്കി അമിത് അകത്തേക്കു നടന്നു.

ഒരു കൈക്കുഞ്ഞുമായാണ് അമിത് മടങ്ങിയത്.

“നിരഞ്‌ജൻ, ഇതാരാണെന്നറിയാമോ?”

ഒരു ചെറുചിരി മാത്രം സമ്മാനിച്ച് നിരഞ്‌ജൻ കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി. തുടുത്ത കവിളുകൾ, നല്ല ചുറുചുറുക്ക്, ഓമനത്തമുളള മുഖം…

“ഇത് അപ്പു… അപരാജിത്…” അമിത് സംസാരം തുടർന്നു.

“അമീ, ഫുഡ് റെഡി,” വെളുത്ത നിറത്തിൽ കൊച്ചുപൂക്കൾ തുന്നി പിടിപ്പിച്ച റോസ് നിറത്തിലുളള സാരിയുടുത്തെത്തിയ യുവതിയെ കണ്ട് നിരഞ്‌ജൻ അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടി. ഹൃദയമിടിപ്പ് നിലച്ചു പോവുന്നതുപോലെ…

“ഇത് സുപ്രിയ, ഞാൻ നേരത്തെ പറഞ്ഞ ആ അപ്‌സരസ്സ്… എന്‍റെ ഭാര്യ.” അമിത് വിശദമായി പരിചയപ്പെടുത്തി.

നിരഞ്‌ജനെ നേരത്തെ അറിയാമായിരുന്നിട്ടു കൂടി സുപ്രിയയുടെ മുഖത്ത് പരിചയത്തിന്‍റേതായ യാതൊരു ഭാവവും പ്രകടമായിരുന്നില്ല.

“അമിതിനെപ്പോഴും നിരഞ്‌ജനെക്കുറിച്ചു പറയാനേ നേരമുള്ളൂ. ഇന്നിപ്പോൾ നിരഞ്‌ജൻ വരുമെന്ന് പറഞ്ഞ് ആൾ വലിയ സന്തോഷത്തിലുമാണ്.” സുപ്രിയ ഒഴുക്കൻ മറുപടി പറഞ്ഞു.

ചതി… വിശ്വാസവഞ്ചന… എന്നിട്ടിപ്പോ ഒന്നുമറിയാത്തതു പോലൊരു ഭാവവും.

“അമീ, ഫുഡ് എടുത്തു വച്ചിട്ടുണ്ട്. അപ്പുവിനെ ഇങ്ങുതരൂ, ഞാനവനെ ഉറക്കിയിട്ടുവരാം” സുപ്രിയ കുഞ്ഞിനെയുമെടുത്ത് അകത്തേക്കു നടന്നു.

“ഈ വീട്ടിൽ കാണുന്ന ഈ സന്തോഷവും ഐശ്വര്യവും സുപ്രിയയുടെ മിടുക്കാണ്.” അമിതിന്‍റെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.

അപ്‌സരസ്സു പോലും… അസുര സ്‌ത്രീയാണിവൾ. ഇവളുടെ തനി രൂപമെന്തെന്നു കാട്ടിക്കൊടുക്കാൻ ഒരൊറ്റ നിമിഷം മതി എനിക്ക്. സുപ്രിയയെക്കുറിച്ച് ഓർത്തപ്പോൾ വെറുപ്പ് ഒരു നേർത്ത കാറ്റായി മനസ്സിലേക്ക് പാഞ്ഞെത്തി.

“അമിത്, എന്താ വൈഫ് നമുക്കൊപ്പം ഭക്ഷണം കഴിക്കുന്നില്ലേ?”

അമിത് വിളിക്കുന്നതിനു മുമ്പ് തന്നെ സുപ്രിയ ഡൈനിംഗ് ടേബിളിനരികിലെത്തി.

“അപ്പു ഉറങ്ങി, എനിക്കിന്ന് പതിവിലധികം വിശപ്പുണ്ട്” സുപ്രിയ നിരഞ്‌ജന് അഭിമുഖമായി കസേര വലിച്ചിട്ടിരുന്നു.

പ്രണയം ഒരു വിചിത്ര വികാരം തന്നെയാണ്. പ്രണയിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ താൻ മരിച്ചുപോവുമെന്ന് പ്രണയക്കുരുക്കിൽപ്പെടുന്ന ഏതൊരു പെൺകുട്ടിയും ചിന്തിച്ചു കളയും. എന്നാൽ വിവാഹശേഷം ഭർത്താവിന്‍റെ സ്‌നേഹത്തിലലിഞ്ഞ് ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ ബാലിശമെന്നു പറഞ്ഞ് ചിരിച്ചു തളളാനും മടിക്കില്ല.

“നീയെന്താ ആലോചിക്കുന്നത്.? ഭക്ഷണം കഴിക്ക്” അമിത്തിന്‍റെ സ്വരം.

“ഏയ്, ഒന്നുമില്ല.” അസ്വസ്‌ഥത പുറത്തുകാട്ടാതെ നിരഞ്‌ജൻ പറഞ്ഞു.

“ഭക്ഷണം ഇഷ്‌ടമായില്ലെന്നുണ്ടോ?” സുപ്രിയ ആകാംക്ഷയോടെ ചോദിച്ചു.

“ഏയ്… അതൊന്നുമല്ല. ഭക്ഷണം നല്ല ടേസ്‌റ്റിയാണ്” നിരഞ്‌ജൻ മുഖമുയർത്താതെ പറഞ്ഞു.

“ഭക്ഷണമുണ്ടാക്കുന്ന കാര്യത്തിൽ പ്രിയ ഉസ്‌താദാണ്.” അമിതിന്‍റെ മറുപടി കേട്ട് സുപ്രിയ പൊട്ടിച്ചിരിച്ചു.

“നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ ചായയുണ്ടാക്കി കൊണ്ടു വരാം.” സുപ്രിയ എഴുന്നേറ്റു. അധികം വൈകാതെ സുപ്രിയ ട്രേയുമായി മടങ്ങിയെത്തി.

“അമീ, നിരഞ്‌ജൻ ഇന്നു വൈകിട്ടു തന്നെ പോകുമെന്നല്ലേ പറഞ്ഞത്. കുറഞ്ഞത് ഒരു ദിവസമെങ്കിലും താമസിച്ചിട്ടു പോയാൽ മതി എന്ന് പറയരുതായിരുന്നോ?”

സുപ്രിയ പറഞ്ഞതുകേട്ട് നിരഞ്‌ജൻ ശരിക്കും ഞെട്ടി. തന്നെ ഒഴിവാക്കാനുളള വഴികളാവും സുപ്രിയ ചിന്തിക്കുന്നതെന്നാണല്ലോ താൻ ഇതുവരെ കരുതിയത്. പക്ഷേ ഇതിപ്പോ?

“ഇവനിന്നു വൈകിട്ട് മടങ്ങാനോ? അതിനു ഞാനിവനെ വിട്ടിട്ടു വേണ്ടേ. ഇന്നൊരു ദിവസമെങ്കിലും ഇവിടെ നിന്നിട്ടു പോയാൽ മതി.” അമിത്

ഉത്സാഹത്തോടെ നിരഞ്‌ജന്‍റെ പുറത്തൊന്നു തട്ടി.

സുപ്രിയയോട് പ്രതികാരം ചെയ്യാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിച്ചെന്നു വരില്ല. നിരഞ്‌ജൻ മറുത്തൊന്നും പറഞ്ഞില്ല. ചായ സത്ക്കാരത്തിനു ശേഷം അമിത് നിരഞ്‌ജനെ വിശ്രമിക്കാനുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. വൃത്തിയുള്ള വലിയമുറി. ഏ.സിയുടെ തണുപ്പ്… വല്ലാത്ത യാത്രാക്ഷീണം. നിരഞ്‌ജൻ മെത്തയിൽ കണ്ണടച്ച് നിവർന്നു കിടന്നു. ഓർമ്മകൾ ഒഴുകി വന്നു.

അയൽപക്കത്ത് പുതിയ താമസക്കാരെത്തിയിട്ടുണ്ട്. സുപ്രിയയും പാരന്‍റ്സും. അധികം താമസിയാതെ നീലിമയും സുപ്രിയയും ഉറ്റ സുഹൃത്തുക്കളായി മാറി. നീലിമയെ തിരക്കി പലപ്പോഴും സുപ്രിയ വീട്ടിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പലപ്പോഴായി സുപ്രിയയെ കാണാനും സംസാരിക്കാനും നിരഞ്‌ജന് അവസരം ലഭിച്ചു.

തന്‍റെ സംസാരം സുപ്രിയയ്‌ക്ക് ഇഷ്‌ടമാവുന്നുണ്ടെന്ന് നിരഞ്‌ജനു തോന്നി. തുടർച്ചയായുള്ള കൂടിക്കാഴ്‌ചകൾ… നിരഞ്‌ജന്‍റെ മനസ്സിൽ പ്രണയം പൂവിട്ടു. പക്ഷേ അതു തുറന്നു പറയാനുള്ള ധൈര്യം നിരഞ്‌ജനില്ലായിരുന്നു.

നീലിമയുടെ ഏട്ടൻ, രക്ഷിതാക്കളുടെ പ്രിയ പുത്രനുമായിരുന്നു നിരഞ്‌ജൻ. എം.ബി.എ പഠനത്തിനു ശേഷം നിരഞ്‌ജൻ ബിസിനസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി. നിരഞ്‌ജന്‍റെ താത്പര്യം കണക്കിലെടുത്ത് അമ്മ സുപ്രിയയുടെ ജാതകം വാങ്ങിച്ചു.

പക്ഷേ പൊരുത്തമില്ലെന്നു കണ്ടതോടെ ഇരുവീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതറിഞ്ഞ നിരഞ്‌ജന്‍റെ മനസ്സും ശരീരവും പൊളളലേറ്റതുപോലെ പിടഞ്ഞു. ജാതകച്ചേർച്ച… ഒക്കെ അന്ധവിശ്വാസമാണ്. സുപ്രിയയ്‌ക്കൊപ്പമല്ലാത്ത ഒരു ജീവിതം തനിക്ക് ആലോചിക്കാനേ സാധിക്കുന്നില്ല.

സത്യാവസ്‌ഥയെന്തെന്നറിയാൻ നിരഞ്‌ജൻ നീലുവിനെ സുപ്രിയയുടെ വീട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചു. പ്രണയം… വിവാഹം ഇതേക്കുറിച്ചൊന്നും നിരഞ്‌ജൻ സുപ്രിയയോടു ഒരിക്കൽ പോലും സംസാരിച്ചിരുന്നില്ല. പക്ഷേ സുപ്രിയ മനസ്സുവച്ചിരുന്നെങ്കിൽ താനുമായുള്ള രജിസ്‌റ്റർ വിവാഹം നടക്കുമായിരുന്നു…

എന്നാൽ വീട്ടുകാരെ എതിർത്ത് ഒരു വിവാഹം സുപ്രിയയ്‌ക്കും താല്‌പര്യമില്ലായിരുന്നു. സുപ്രിയയുടെ ഈ പ്രതികരണമാണ് നിരഞ്‌ജനെ തളർത്തിയത്.

“നിരഞ്‌ജന്‍റെ വികാരങ്ങളെ ഞാൻ മാനിക്കുന്നുണ്ട്. നിരഞ്‌ജനെ എനിക്ക് ഇഷ്‌ടവുമാണ്. എന്നാൽ വിവാഹം അച്‌ഛനമ്മമാരുടെ അനുവാദത്തോടെ മാത്രമായിരിക്കും…”

അപ്പോൾ തന്നോടു തമാശ പറഞ്ഞതും അടുത്തിടപഴകിയതും സ്‌നേഹം കാണിച്ചതുമൊക്കെ വെറും പ്രഹസനം മാത്രമായിരുന്നോ? നിരഞ്‌ജന്‍റെ സ്വസ്‌ഥത നഷ്‌ടപ്പെട്ടു. സുപ്രിയ തന്നെ വഞ്ചിക്കുകയായിരുന്നില്ലേ? അതോടെ നീലിമയ്‌ക്കും സുപ്രിയയ്‌ക്കുമിടയിൽ സൗഹൃദം നേർത്തു വന്നു.

സുപ്രിയയിൽ നിന്നകലുന്നതിൽ നിരഞ്‌ജനു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. അധികം താമസിയാതെ നിരഞ്‌ജൻ ഇംഗ്ലണ്ടിലേയ്‌ക്ക് വിമാനം കയറി. നഷ്‌ട പ്രണയത്തിന്‍റെ ഈ നോവ് ഇന്നും അയാളുടെ മനസ്സിനെ വല്ലാതെ ഗ്രസിക്കുന്നുണ്ട്. പഴയതോരോന്നും ആലോചിച്ച് എപ്പോഴാണ് ഉറക്കത്തിലേയ്‌ക്ക് വഴുതി വീണതെന്ന് നിരഞ്‌ജൻ പോലുമറിഞ്ഞില്ല.

ഉണർന്ന് ഫ്രഷ് ആയതോടെ മനസ്സിനെ പിടിമുറുക്കിയ ക്ഷീണമൊക്കെ വിട്ടകന്നു. നിരഞ്‌ജൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. സുപ്രിയ ചായ തയ്യാറാക്കി മേശപ്പുറത്തു വച്ചിരുന്നു. ഓരോ തവണയും സുപ്രിയയെ കാണുമ്പോഴും പഴയതൊക്കെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നു…

“അമിത്…?”

“എന്തോ പർച്ചെസ് ചെയ്യാൻ പോയിരിക്കുകയാ, ഇപ്പോ എത്തും”

“എന്താ, എനിക്കൊപ്പം ചായ കുടിക്കുന്നില്ലേ? നിരഞ്‌ജന്‍റെ അസ്വസ്‌ഥ മനസ്സ് സുപ്രിയയിലേക്ക് വീണ്ടും അടുക്കാൻ ശ്രമിച്ചു.

“നിരഞ്‌ജൻ ചായ കുടിക്കൂ… എനിക്ക് അടുക്കളയിൽ സ്വല്‌പം ജോലിത്തിരക്കുണ്ട്.” സുപ്രിയ അടുക്കള ലക്ഷ്യമാക്കി നടന്നു.

വിശ്വാസ വഞ്ചന കാട്ടിയതല്ലേ എന്നെ അഭിമുഖീകരിക്കാൻ വിഷമം കാണും. പക്ഷേ ഞാനത്ര വിഡ്‌ഢിയല്ല സുപ്രിയ, അതു താമസം കൂടാതെതന്നെ ഞാൻ മനസ്സിലാക്കി തരുന്നുണ്ട്. പ്രതികാരത്തിന്‍റെ ആളിക്കത്തുന്ന മനസ്സുമായി നിരഞ്‌ജനും അങ്ങോട്ടു നടന്നു. വാതിലിൽ ചാരി നിന്ന് നിരഞ്‌ജൻ ഒരു നിമിഷം സുപ്രിയയെ തന്നെ ഉറ്റുനോക്കി.

“എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത്?” ജോലിയിൽ വ്യാപൃതയായിരുന്നെങ്കിലും സുപ്രിയയുടെ ശ്രദ്ധ മുഴുവനും നിരഞ്‌ജനിലായിരുന്നു.

“സനേഹിക്കുന്നത് ഒരാളെ… വിവാഹം കഴിക്കുന്നതു മറ്റൊരാളെ… നിന്നെപ്പോലുളള പെൺകുട്ടികൾക്ക് പ്രണയം വെറുമൊരു ഹോബി മാത്രമാണ്. നിനക്കെങ്ങനെ ഇത്ര ഭംഗിയായി അഭിനയിക്കാൻ സാധിക്കുന്നു.”

“ഇതൊക്കെ എന്നോടു പറയുന്നതെന്തിനാ?” സുപ്രിയ തിരിഞ്ഞു നോക്കാതെ ചോദിച്ചു.

“എല്ലാം അറിഞ്ഞിട്ടും എന്നെ മണ്ടനാക്കാനുളള ശ്രമമാണോ?”

നിരഞ്‌ജന്‍റെ ദൃഢശബ്‌ദം കേട്ട് സുപ്രിയ ശരിക്കും ഞെട്ടി.

“ഞാൻ നിങ്ങളെ വിഡ്‌ഢിയാക്കിയെന്നു പറഞ്ഞല്ലോ. നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണിത്. ഞാൻ നിങ്ങളോട് അല്‌പം സൗഹൃദത്തിൽ പെരുമാറിയിട്ടുണ്ട്. അതെന്‍റെ തെറ്റ്. പക്ഷേ ഇതിനൊക്കെ സ്‌നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും നിർവചനം നൽകിയത് ശരിയായില്ല. നിങ്ങൾക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്. നിങ്ങളുമായുള്ള വിവാഹാലോചന മുടങ്ങിയതിൽ പിന്നെ ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.”

“നുണ, ശുദ്ധ നുണ. നിനക്കെന്നെ ഇഷ്‌ടമാണെന്ന് ആദ്യം നീ നീലുവിനോട് പറഞ്ഞതോ? നിനക്ക് ആ ഇഷ്‌ടം നിന്‍റെ വീട്ടുകാരെക്കൂടി അറിയിക്കാമായിരുന്നു. നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലെന്നു മനസ്സിലാക്കിയ നീ എന്നെ തഴഞ്ഞു. അമിതുമായുളള നിന്‍റെ വിവാഹം വരെ, നിനക്ക് പലരുമായും ഇതു പോലെ…”

“നിരഞ്‌ജൻ” സുപ്രിയ ആക്രോശിച്ചു. പ്രായമെത്തുമ്പോൾ പെൺകുട്ടികൾക്ക് വിവാഹാലോചനകൾ വരും. നിങ്ങളുടെ വീട്ടുകാർ കൊണ്ടു വന്ന ഈ പ്രൊപ്പോസലും അത്തരത്തിൽ ഒന്നു മാത്രമായിരുന്നു. എനിക്ക് നിങ്ങളെ നേരത്തെ അറിയാം എന്ന ഒരൊറ്റ വ്യത്യാസം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ.”

“പിന്നെ നീലുവിനോട് ഞാൻ പറഞ്ഞത്. നീലു എന്നോട് നിരഞ്‌ജനെക്കുറിച്ച് ഒരു അഭിപ്രായം ചോദിച്ചു. നിരഞ്‌ജൻ സ്‌മാർട്ടാണെന്നും നല്ല സ്വഭാവമാണ് നിരഞ്‌ജന്‍റേതെന്നും ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതു തെറ്റൊന്നുമല്ലല്ലോ. നല്ലതെന്നു പറയിക്കാൻ വേണ്ട സകല ഗുണങ്ങളും നിരഞ്‌ജനിലുണ്ടായിരുന്നല്ലോ. പക്ഷേ എന്‍റെ പാരന്‍റ്സിന് ഇഷ്‌ടമല്ലെന്നറിഞ്ഞതു മുതൽ ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു പോലും നിർത്തി. അല്ല… അച്‌ഛനമ്മമാരെ അവഗണിച്ച് ഞാൻ നിങ്ങളോടൊപ്പം ഇറങ്ങി വന്നിരുന്നെങ്കിൽ… ഒളിച്ചോട്ടക്കാരി എന്ന ചീത്തപ്പേര് കേൾക്കേണ്ടി വരുമായിരുന്നില്ലേ? ഇങ്ങനെ സ്‌നേഹവും ആദരവും ലഭിക്കാത്ത പ്രണയം കൊണ്ടെന്തു നേട്ടം…?”

“ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളെ ഇഷ്‌ടവുമായിരുന്നു. പക്ഷേ അതിനർത്ഥം ഞാൻ നിങ്ങളെ പ്രണയിച്ചിരുന്നുവെന്നാക്കി മാറ്റരുത്. നിങ്ങൾ എന്നെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നു. അതുകൊണ്ടാണ് എന്‍റെ വിവാഹം വിശ്വാസവഞ്ചനയായി നിങ്ങൾക്ക് തോന്നുന്നത്. വീട്ടുകാരുടെ താല്‌പര്യം കാരണം അമിതുമായുളള എന്‍റെ വിവാഹം നടന്നു. ഇന്ന് അമിതിന്‍റെ സ്‌നേഹം കെയർ… അതിനപ്പുറം ഞാൻ മറ്റൊന്നും ആലോചിക്കാറില്ല, ആഗ്രഹിക്കുന്നുമില്ല.”

സുപ്രിയയുടെ വാക്കുകൾ നിറയെ അമിതിനോടുള്ള പ്രണയം മാത്രമായിരുന്നു. എന്തൊക്കെ മണ്ടത്തരമാണ് താനിതുവരെ ചിന്തിച്ചു കൂട്ടിയത്. ജീവിതത്തിന്‍റെ നീണ്ട നാളുകൾ വ്യർത്ഥമാക്കുകയായിരുന്നല്ലോ? താൻ മാത്രമാണ് സുപ്രിയയെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നതെന്നറിഞ്ഞ നിരഞ്‌ജൻ ശരിക്കും തളർന്നു പോയി. മനസ്സിന്‍റെ വേദനകൾക്ക് മരുന്ന് കുറിക്കാൻ ഒരു ഡോക്‌ടർക്കാവില്ലല്ലോ…

“നിരഞ്‌ജൻ… എന്തുപറ്റി? എന്താണ് ആലോചിക്കുന്നത്” അടുക്കളയിലെ ചൂടും വിയർപ്പും സുപ്രിയയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

“ഇവൾ… നീലുവിന്‍റെ കൂട്ടുകാരി… തന്‍റെ കാമുകി… സുപ്രിയ… നീ എന്‍റേതായിരുന്നെങ്കിൽ… നീയും എന്നെ ആത്മാർത്ഥമായി സ്‌നേഹിച്ചിരുന്നെങ്കിൽ…” പിടിവിട്ടു പോകുന്ന മനസ്സിനെ നിരഞ്‌ജൻ തന്നെ പിടിച്ചുകെട്ടി.

“ഛെ! ഞാനെന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്. സുപ്രിയ ഇന്ന് എന്‍റെ സുഹൃത്തിന്‍റെ ഭാര്യയാണ്.” നിരഞ്‌ജന് കുറ്റബോധവും തന്നോടു തന്നെ പുച്‌ഛവും തോന്നി. നിഞ്‌ജന്‍റെ മുഖത്ത് വികാരങ്ങളുടെ വേലിയേറ്റം പ്രകടമായിരുന്നു.

സുപ്രിയയും അതു വായിച്ചെടുത്തു. “ഇവിടെ നല്ല ചൂടുണ്ട്. നിരഞ്‌ജൻ ഡ്രോയിംഗ് റൂമിലിരുന്നോളൂ… ഞാനിപ്പോ വരാം.”

ഒന്നും പറയാതെ നിരഞ്‌ജൻ ഡ്രോയിംഗ് റൂമിലേയ്‌ക്കു നടന്നു.അപ്പു കളികളിൽ വ്യാപൃതനായിരുന്നു.

അടുക്കളയിലെ ജോലികളൊതുക്കി സുപ്രിയയും ഡ്രോയിംഗ് റൂമിലെത്തി. അല്പ സമയം അവർക്കിടയിൽ നിശ്ശബ്‌ദത തളംകെട്ടി നിന്നു.

“എനിക്ക് സുപ്രിയയെ നേരത്തെ അറിയാം. ഞാൻ സുപ്രിയയെ പ്രൊപ്പോസ് ചെയ്‌തിട്ടുണ്ട് എന്ന് അമിതിനോട് പറഞ്ഞാൽ…” നിരഞ്‌ജൻ സുപ്രിയയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.

ഒരു നിമിഷം സുപ്രിയയുടെ കണ്ണുകളിൽ ഇരുട്ടുനിറഞ്ഞു. സംശയത്തിന്‍റെ മുൾമുന തുളഞ്ഞു കയറുന്നതുപോലെ തോന്നി. “പുരുഷന്മാർ വിചിത്ര സ്വഭാവക്കാരാണ്. നല്ല മനസ്സാണെങ്കിൽ ദേവദൂതരെപ്പോലെ സഹായിക്കും. മോശം മനസ്സാണെങ്കിലോ ചെകുത്താനേക്കാൾ ക്രൂരന്മാരുമാകും. എന്തു ചെയ്യണമെന്നു നിരഞ്‌ജൻ തന്നെ തീരുമാനിച്ചോളൂ… എന്‍റെ സമാധാനം നിറഞ്ഞ ഈ ജീവിതം തകർത്ത് അമിതിനു മുന്നിൽ എന്നെ അപമാനിച്ച് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കിൽ അങ്ങനെയാവാം…”സുപ്രിയയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സുപ്രിയ പറഞ്ഞതാണ് ശരി. വിവേകപൂർവ്വം ആലോചിച്ചാൽ… അതെ, അതു തന്നെയാണ് ശരി. പക്ഷേ ഹൃദയവും വികാരങ്ങളും ഇതൊട്ടും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ? വിവേകത്തിനു വികാരങ്ങളെ കീഴ്‌പ്പെടുത്താനാവുമോ?

സുപ്രിയയുടെ മറുപടികേട്ട് നിരഞ്‌ജൻ പ്രജ്‌ഞയറ്റപോലെയിരുന്നു. തന്‍റെ ചിന്തകൾ എത്ര സങ്കുചിതമാണ്. നിരഞ്‌ജനു കുറ്റബോധം തോന്നി.

“ഐ ആം സോറി സുപ്രിയാ, എന്‍റെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുളള തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നോടു ക്ഷമിക്കണം” നിരഞ്‌ജൻ ധൈര്യം സംഭരിച്ചു പറഞ്ഞു.

അപ്പോഴേക്കും ചെറിയൊരു ഷോപ്പിംഗൊക്കെ കഴിഞ്ഞ് അമിതും മടങ്ങിയെത്തി. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നിരഞ്‌ജനും അമിതും പഴയ വിശേഷങ്ങൾ പങ്കുവച്ചു. സുപ്രിയ ജോലിയിൽ വ്യാപൃതയായി.

നിരഞ്‌ജനു മടങ്ങാൻ നേരമായി. അമിത് കാർ പാർക്കിംഗ് ഏരിയ ലക്ഷ്യമാക്കി നടന്നു.

“ഇനിയെന്നു വരും.” സുപ്രിയ ചോദിച്ചു.

“ഒരു പക്ഷേ… ഒരിക്കലുമില്ല…”

“ഏ… അതെന്താ?”

“വീണ്ടും എന്‍റെ ഈ സാന്നിദ്ധ്യം… സുപ്രിയാ നിനക്ക് ഭയം തോന്നുന്നില്ലേ?”

“ഭയമോ എന്തിന്?”

“സുപ്രിയയുടെ സന്തോഷം നിറഞ്ഞ ഈ ജീവിതം ഞാൻ തകർക്കുമെന്ന പേടി തോന്നുന്നില്ലേ?”

“ഇല്ല, കാരണം നിരഞ്‌ജനതു സാധിക്കില്ല.”

“അത് ഇത്ര ഉറപ്പിച്ചെങ്ങനെ പറയാനാവും.”

“എനിക്കറിയാം നിരഞ്‌ജന്‍റെ മനസ്സ് ശുദ്ധമാണ്, നിങ്ങൾ നല്ലവനാണ്. മാത്രമല്ല അമിതിന്‍റെ ഉറ്റമിത്രമാണ്. നിരഞ്‌ജന് എപ്പോൾ വേണമെങ്കിലും ഈ വീട്ടിൽ വരാം” സുപ്രിയ ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു.

“സുപ്രിയ ശരിക്കും ഭാഗ്യവതിയാണ്. ഇന്നത്തെ പോലെ എന്നും സുഖവും സന്തോഷവും നിങ്ങളുടെ ജീവിതത്തിലുണ്ടാവട്ടെ…” നിരഞ്‌ജൻ പുഞ്ചിരിച്ചു.

“നിരഞ്‌ജനും ഒരു വിവാഹമൊക്കെ കഴിച്ച് പഴയതൊക്കെ മറന്ന് നല്ലൊരു ജീവിതം നയിക്കണം.” സുപ്രിയയുടെ കണ്ണുകളിൽ സന്തോഷം അലതല്ലി. വികാരങ്ങളുടെ വേലിയേറ്റം കഴിഞ്ഞിരിക്കുന്നു.

മനസ്സ് ശാന്തമായ ഒരു നദി കണക്കെ ഒഴുകുകയാണ്. പ്രണയഭാരമിറക്കി വച്ച് തൂവൽപോലെ പറക്കുകയാണ് മനസ്സ്… അതെ… ഇതാണ് യഥാർത്ഥ പ്രണയം… നിരഞ്‌ജന്‍റെ ചുണ്ടുകൾ ചലിച്ചു.

അശുദ്ധി

“എത്രയൊക്കെ പുരോഗമനം ആയി എന്ന് പറഞ്ഞാലും അശുദ്ധി ഇപ്പോഴും അശുദ്ധി തന്നെയാണ്. അതനുസരിച്ച് ജീവിക്കുക തന്നെ വേണം.” ഈ വാചകങ്ങൾ ഇപ്പോഴും അശരീരി പോലെ പലയിടങ്ങളിൽ മുഴങ്ങുന്നുണ്ട്. നമ്മളിൽ എത്തിച്ചേരുമ്പോഴേ എന്തും അതിന്‍റേതായ രീതിയിൽ നാം അനുഭവിക്കുന്നുള്ളൂ. ആർത്തവം എന്നത് ഒരു തെറ്റാണോ? അതോ അതിനെ എന്തിനാണ് ചിലർ ഭയക്കുന്നത്? ഓരോ ആർത്തവവും പുതിയൊരു ജീവന്‍റെ കരുതൽ ആയിരുന്നുവെന്ന് എന്നാണീ സമൂഹം മനസ്സിലാക്കുക?

കോരിച്ചൊരിയുന്ന മഴയത്ത് പിന്നാമ്പുറത്തെ ഉമ്മറത്ത് തണുപ്പടിച്ചു കിടക്കുന്ന ഒരുവളുടെ മനസ്സിൽ അങ്ങനെ ഒട്ടനവധി ചിന്തകളും ചോദ്യങ്ങളും വന്നു പോയിക്കൊണ്ടേയിരുന്നു. തറയിലെ തണുപ്പിന് മാത്രമേ അവളോട് അത്രമേൽ സ്നേഹവും അനുകമ്പയും തോന്നിയുള്ളൂ. അടിതൊട്ട് മുടി വരെ തണുപ്പ് അവളെ വാരിപ്പുണർന്നു.

വെളുപ്പാൻ കാലം തൊട്ട് സായാഹ്നം വരെ അവൾക്ക് കൂട്ടായി ഇടിയും മിന്നലും മഴയും തണുപ്പും ഒറ്റക്കെട്ടായി നിന്നു. അരയ്ക്ക് താഴോട്ട് വേദന അവളെ വലിഞ്ഞു മുറുക്കുമ്പോഴും തണുപ്പ് അവളെ കൂടുതൽ കൂടുതൽ നിശ്ചലയാക്കി കൊണ്ടിരുന്നു. കാലുകളിലെ മരവിപ്പ് ശരീരമാകെ പടർന്നു. ഒരു ദയയും ഇല്ലാതെ കർക്കിടകം അപ്പോഴും പെയ്തു കൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ അവളുടെ വിവരം അന്വേഷിക്കാൻ എത്തിയവരുടെ വക, “മഴയല്ലേ… അതാ കിടക്കാൻ പായ തരാത്തത്. മഴയത്ത് ഉണങ്ങണ്ടേ…”?

ശരിയാണ്, മഴയാണ് അശുദ്ധിയായി ഇരിക്കുമ്പോൾ ഉപയോഗിച്ചത് എല്ലാം കഴുകി ഉണക്കണമല്ലോ. പായ ഒക്കെ എങ്ങനെ ഉണങ്ങാനാണ്? അതും ഈ കോരിച്ചൊരിയുന്ന മഴയത്ത്.

അവർ പോയതിനു ശേഷം വീണ്ടും അവളും തണുപ്പും മാത്രം. എന്തോ തണുപ്പിന് അവളെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു കാണും. ആരൊക്കെ പോയാലും തണുപ്പ് മാത്രം അവളെ വിട്ടു പോവാതങ്ങനെ കൂട്ടു പിടിച്ച് കിടപ്പുണ്ട്.

മനസ്സാകെ അസ്വസ്ഥമാണ്. പലരോടും വെറുപ്പും ദേഷ്യവും പതിയെ പതിയെ മനസ്സിൽ വന്നു നിറയാൻ തുടങ്ങി. സത്യത്തിൽ ഏകാന്തതയെ പ്രണയിച്ചവരെയൊക്കെ സമ്മതിക്കണം. ചിലപ്പോൾ സാഹചര്യങ്ങൾ അവരെ അങ്ങനെ ആക്കിയതുമാകാം. അങ്ങനെ ഒരുപാടൊരുപാട് ചിന്തകൾ അവളുടെ മനസ്സിലൂടെ വന്നും പോയും കൊണ്ടിരുന്നു.

ഇനിയും ഒരാഴ്ചക്കാലം ഈ തറയിൽ തന്നെ കഴിച്ചു കൂട്ടണം എന്ന ചിന്തയാണ് ഏറെ മനസ്സമാധാനം കെടുത്തുന്നത്. പേരുകേട്ട വലിയ കൂട്ടുകുടുംബമാണത്രേ. വേദനയും ദേഷ്യവും അതിന്‍റെ ഉച്ഛസ്‌ഥായിൽ എത്തുമ്പോൾ മുഷ്ടി ചുരുട്ടി തറയിൽ ഇടിച്ച് അവൾ നിർവൃതിയടഞ്ഞു. അവളെ സംബന്ധിച്ചിടത്തോളം ആചാരങ്ങൾക്ക് നേരെയുള്ള പ്രഹരം കൂടിയായിരുന്നു അത്.

അവളെപ്പോലെ എത്രയെത്ര പെൺകുട്ടികൾ ഇപ്പോഴും ഇതിനപ്പുറം അനുഭവിക്കുന്നു.

സമൂഹം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും ഇത്തരം കാര്യങ്ങളിൽ മാത്രം എന്തേ ആവോ പുരോഗമനം തൊട്ടു തീണ്ടാത്തത്? മഴയുടെ ശക്തിയേറി വരുന്നു. മിന്നലുകൾ കൂടുതൽ പ്രകാശത്തോടെ വന്നു പതിക്കാൻ തുടങ്ങി. വെളിച്ചം പാടേ അന്തരീക്ഷത്തിൽ നിന്നും മാഞ്ഞുപോയി. ഇടിയും ആരാവാരം കൂട്ടി എത്തിത്തുടങ്ങി. വേദനയിലമർന്ന് ആ തറയിൽ കിടന്ന് അവൾ എപ്പോഴോ ഉറങ്ങി.

ഒരു ഓൺലൈൻ പ്രണയകഥ

വിവാഹക്കാര്യം എടുത്തിടുമ്പോഴെല്ലാം റീനയ്ക്ക് അവനെ ഓർമ്മ വരും. കൂട്ടുകാരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോഴും പഴയ ഓർമ്മകൾ അവളെ ഏതോ ലോകത്തേക്കു കൊണ്ടു പോകും. “23 വയസ്സാകുമ്പോൾ ജോലി കിട്ടും, ഒരു വർഷം കഴിഞ്ഞ് കല്യാണം.” അരുണിന്‍റെ ശബ്ദം, കാതിനു പിന്നിൽ ഓളങ്ങൾ ചാർത്തുമ്പോലെ.

ഇപ്പോൾ വയസ്സ് 30 ആയി. കഴിഞ്ഞ പത്ത് വർഷമായി അവനെ കണ്ടിട്ടു പോലുമില്ല. കോളേജു കാലഘട്ടത്തിൽ രസങ്ങൾ ആവോളമുണ്ടായിട്ടും, നശിച്ചു പോകുന്ന ചപല പ്രണയം ആയിരുന്നില്ല റീനയ്ക്ക് ആ ബന്ധം. എന്നിട്ടും ഒന്നു കാണാൻ പോലും കഴിഞ്ഞില്ല. ഇക്കാലമത്രയും അവനെ കാണാൻ കൊതിച്ച് ജീവിക്കുമ്പോഴും ബന്ധങ്ങൾ അങ്ങനെയൊക്കെയാണ് എന്ന ചിന്തയിൽ റീന ആശ്വാസം കണ്ടെത്തി. ഈ ലോകം ഉരുണ്ടതാണ്. എന്നെങ്കിലും കണ്ടുമുട്ടും. അവളുടെ ചിന്തകളിൽ അരുൺ ഒരു തപസു പോലെ നിറഞ്ഞു നിന്നു.

“അയാളില്ലാതെ എനിക്ക് പറ്റില്ല.”

കൂട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ റീന തമാശ പോലെ പറയും. നിറയുന്ന കണ്ണിനെ മറച്ചു പിടിച്ച് ചിരിയുടെ മേമ്പൊടി ചേർത്താണ് ആ പറച്ചിൽ.

“പിന്നേ, അനശ്വര പ്രണയം. തനിക്കു പറ്റുമെടോ, ഈ വർഷങ്ങളത്രയും ജീവിച്ചത് അവനില്ലാതെയല്ലേ…”

എന്തായാലും റീന മറ്റു പുരുഷന്മാരെ ശ്രദ്ധിക്കാൻ ആരംഭിച്ചത് തന്നെ കൂട്ടുകാരുടെ നിരന്തരമായ പ്രേരണയിലാണ്.

റീനയ്ക്ക് പക്ഷേ ഒരാണിനോടും ഒരാഴ്ചയിൽ കൂടുതൽ അടുപ്പം കാണിക്കാനായില്ല. “നിന്‍റെ റൊമാൻശ് ക്വാട്ട തീർന്നെന്നു തോന്നുന്നെടി…”

ഓരോരുത്തരേയും പരിചയപ്പെട്ടു പിൻവാങ്ങുമ്പോൾ റീന സ്വയം പരിഹസിച്ചു. പത്ത് വർഷം മുമ്പ് അവസാനമായി കണ്ട ആ ദിനത്തിൽ റീന അയാളുടെ കണ്ണുകളിലേക്ക് നോക്കിയത്. ഞാൻ തയ്യാറാണ്, നിന്‍റെ ഭാര്യയാകാൻ എന്ന് മന്ത്രിച്ചു കൊണ്ടായിരുന്നു. ഇനി കാമുകിയുടെ വേഷം വേണ്ട, സമൂഹം അംഗീകരിക്കുവാൻ ഭാര്യയുടെ റോൾ മതി എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അവൻ വിട്ടുപോയി.

“നീ എപ്പോഴും ഇങ്ങനെ വീട്ടിൽ അടച്ചിരുന്നാൽ ആരെങ്കിലും നിന്നെ കാണുന്നതെങ്ങനെ?” റീന വീട്ടിൽ വന്നാൽ സദാസമയം കമ്പ്യൂട്ടറിലും വായനയിലും മുഴുകുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് തോന്നിയ സംശയം. അത് അമ്മ അവളോട് ചോദിക്കാതിരുന്നില്ല. എങ്ങനെയും പെണ്ണിനെ കെട്ടിച്ചു വിടണം. അമ്മയുടെ കൂടെക്കൂടെയുള്ള പരിദേവനങ്ങൾക്ക് അച്‌ഛൻ നിശ്ശബ്ദത കൊണ്ടാണ് മറുപടി നൽകിയത്. അമ്മയുടെ മിഴികൾ നിറയുന്ന ദിവസം രണ്ട് പയ്യന്മാരുടെ ചിത്രമെങ്കിലും കൊണ്ടു വരും. പലപ്പോഴും അച്‌ഛന്‍റെ കൂട്ടുകാരുടെ മക്കളുടെ തന്നെ.

“നോക്ക്, ഈ പയ്യനെ നോക്ക്, വളരെ ഹാന്‍സം ആണ്. ഒരു കൺസൾട്ടൻസി സ്‌ഥാപനത്തിൽ ഹെഡ് ആണ്.” ഇങ്ങനെ ഓരോരോ ബയോഗ്രാഫികൾ… റീനയ്ക്ക് അതെല്ലാം കണ്ടും കേട്ടും ബോറടിച്ചു. വിലയേറിയ കാറുകൾ, ഡിസൈനർ സ്യൂട്ടുകൾ തുങ്ങി ഹൈ-ഫൈ ലൈഫ് സ്റ്റൈലിന്‍റെ സൂചകങ്ങളെ പോലും അവൾ വെറുത്തു തുടങ്ങി.

ശബളം കിട്ടുന്ന തുകയിൽ പാതിയും അനാഥർക്കു ചെലവഴിക്കാനാണ് റീനയ്ക്കിഷ്ടം. റോഡിലൂടെ അലഞ്ഞു തിരിയുന്ന നായകൾക്ക് ബിസ്ക്കറ്റ് വാങ്ങിയും അവളുടെ കീശയിൽ നിന്ന് വക മാറി ഒഴുകി.

അമ്മയുടെ നിർബന്ധവും സങ്കടവും കണ്ട് കണ്ട് മതിയായി. ഒരൊറ്റ പയ്യനെ പോലും നേരിട്ടു കാണാൻ തയ്യാറായില്ലെങ്കിൽ പിന്നെ എങ്ങനെ ആലോചനകൾ മുന്നോട്ടു പോകും?

“എന്‍റെ കല്യാണത്തിന്‍റെ അന്നാ ഞാൻ നിന്‍റെ അച്‌ഛനെ കണ്ടത്?” അവളുടെ അമ്മ അൽപം തമാശയായും പഴയകാലം പുറത്തെടുത്തു. “ഇപ്പോൾ നിനക്ക് എന്താ പ്രശ്നം? കാണണമെന്നു വച്ചാൽ എപ്പോൾ വേണമെങ്കിലും കാണാം. സംസാരിക്കാൻ ഫോണുണ്ട്. സെമി- അറേഞ്ച്ഡ് മാര്യേജുകളല്ലേ ഇന്നു മുഴുവൻ നടക്കുന്നത്.”

എന്തായാലും അവസാനം ഒരാളെ കാണാമെന്ന് റീന കഷ്ടപ്പെട്ട് സമ്മതിച്ചു കൊടുത്തു. പക്ഷേ അയാൾ വീട്ടിൽ വരേണ്ട. ചായ കൊടുക്കലും പലഹാരമൊരുക്കലും വേണ്ട. “മെട്രോ റെസ്റ്റോറന്‍റിലെ 15-ാം നമ്പർ ടേബിളിലുണ്ടാകും. അവിടെ കാണാം.” അവളുടെ ആവശ്യം അച്‌ഛനും അമ്മയും അംഗീകരിച്ചു.

അയാൾ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഇഷാൻ എന്നാണ് പേര്.

കൊള്ളാം. ജെന്‍റിൽമാൻ. ഇഷാനെ കണ്ട മാത്രയിൽ അവളുടെ നാവ് പറഞ്ഞു. അയാൾ അവൾക്കായി കസേര വലിച്ചിട്ടു കൊടുക്കുകയും ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ പറയുകയും ചെയ്തു.

പതിനഞ്ചു മിനിറ്റ് നീണ്ട സംസാരത്തിൽ ഇഷാനെക്കുറിച്ച് നല്ല അഭിപ്രായമാണ് റീനയ്ക്കുണ്ടായത്. പക്ഷേ എന്തോ കുറവുണ്ട്. അതെന്താണെന്ന് അവൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. സുന്ദരനാണ് അയാൾ. കണ്ണുകളിൽ സത്യസന്ധതയുടെ തിളക്കമുണ്ട്. എന്‍റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുണ്ട്.

അവൾ ആലോചിച്ചു. എന്നിട്ടും എന്താണയാളിൽ എന്തോ കുറവ് എന്നു തോന്നുന്നത്. ഒരു പക്ഷേ അയാളെ താൻ അരുണുമായി താരതമ്യപ്പെടുത്തുകയാവും. പത്ത് വർഷം കഴിഞ്ഞില്ലേ. എന്നിട്ടും നീയൊരു ഫൂൾ! റീന സ്വയം പരിഹസിച്ചു. ആ പരിഹാസം അമർത്തിയ ചിരിയായി അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു.

ഇഷാൻ ആ ചിരി കണ്ട് സന്തുഷ്ടനായി. “എന്താണ് തമാശ? ഞാനും കേൾക്കട്ടെ” ഇഷാൻ ചോദിച്ചപ്പോൾ റീന മറുപടി എന്ത് പറയണമെന്നറിയാതെ വീണ്ടും ചിരിച്ചു.

“ശരിക്കും നല്ല മനുഷ്യനാണ് ഇഷാൻ.” അവൾ അത് സ്വയം അംഗീകരിച്ചു. അടുത്തയാഴ്ച കാപ്പി കുടിയ്ക്കാൻ കാണാമെന്നും അപ്പോൾ മറുപടി പറയാമെന്നും പറഞ്ഞ് അവൾ എഴുന്നേറ്റു. പക്ഷേ റീനയ്ക്കറിയാമായിരുന്നു. അടുത്ത ആഴ്ച അങ്ങനെയൊരു കൂടിക്കാഴ്ചയും കാപ്പിക്കുടിയും സംഭവിക്കാൻ പോകുന്നില്ല എന്ന്.

“അപ്പോ, എങ്ങനെയുണ്ട്  കക്ഷി?” മുറിയിൽ കയറി വാതിൽ അടയ്ക്കാൻ തുടങ്ങും മുമ്പോ അച്‌ഛനും അമ്മയും എത്തി.

“ഗുഡ്…” അവൾ അത്ര വലിയ താൽപര്യമൊന്നും കാട്ടാതെ ഒരു മറുപടി നൽകണമല്ലോ എന്നതു കൊണ്ട് ഒരു വാക്ക് പ്രയോഗിച്ചു. എന്നിട്ട് ലാപ്ടോപ്പ് ബാഗിൽ നിന്നെടുത്ത് കട്ടിലിലേക്ക് വച്ച് കിടന്നു. അവളുടെ തൊട്ടടുത്ത് തന്നെ ഇരുന്ന അമ്മ അക്ഷമയോടെ അവളെ നോക്കി. മകൾക്ക് 28 വയസ്സു തികഞ്ഞല്ലോ എന്ന വേവലാതി രണ്ടു വർഷം മുമ്പ് ആവോളം ഉണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചോദ്യങ്ങൾ ചോദിക്കുന്നു അതാണ് പ്രശ്നം. എന്നാൽ മാസങ്ങൾ പിന്നിട്ട് വർഷങ്ങളായപ്പോൾ ആ നാണക്കേടൊന്നും അച്‌ഛനമ്മമാർക്ക് ഇല്ല. മകൾ സ്വയം ഒരു ഭർത്താവിനെ കണ്ടുപിടിക്കട്ടെ എന്നു മാത്രം അവർ പ്രാർത്ഥിച്ചു.

ഒരേ ഒരു മകൾ, തങ്ങളുടെ കാലം കഴിഞ്ഞാൽ ഇവളെന്തു ചെയ്യും? ആ ചിന്തയാണ് അവരെ വിഷമിപ്പിക്കുന്നത് എന്ന് റീനയ്ക്കറിയാം.

“സാമ്പത്തികമായി എനിക്കൊരു ബുദ്ധിമുട്ടുമില്ല. പിന്നെ എനിക്കാരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ.” റീനയുടെ പ്രഖ്യാപനങ്ങൾ അച്‌ഛന് എളുപ്പത്തിൽ ദഹിക്കുന്നതായിരുന്നില്ല.

മുപ്പത്തിരണ്ടു വയസ്സു വരെ അവളുടെ കസിന്‍ ജയയും ഇങ്ങനൊക്കെ പറയുമായിരുന്നു. പിന്നെ അവളും തോൽവി സമ്മതിച്ചു. നാൽപ്പത് വയസ്സു കഴിഞ്ഞ ഒരാളെ കല്യാണം കഴിച്ച് സെറ്റിൽ ചെയ്യേണ്ടി വന്നു. ഇക്കാര്യം അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. “എനിക്ക് വേണമെന്നു തോന്നുമ്പോൾ ഞാൻ പറയാം.” റീന ഈ മറുപടിയിൽ അമ്മയെ നിശ്ശബ്ദയാക്കും.

ഇഷാൻ ഒരാഴ്ച കഴിഞ്ഞു വിളിച്ചു. നടക്കാത്ത സ്വപ്നം എന്നു അവൾ കുറിച്ചത് ഇഷാനുണ്ടോ അറിയുന്നു. “സുഖമില്ല, പിന്നീടാകട്ടെ” റീന ഒഴിവായി.

“ശരി വേഗം സുഖമാകട്ടെ, എന്നിട്ട് കാണാം.” ഇഷാൻ പ്രതീക്ഷയിലാണെന്ന് റീനയ്ക്കു മനസ്സിലായി. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കപ്പുറം മുമ്പും വന്ന ആലോചനകൾ പുരോഗമിച്ചിരുന്നില്ല. ഓരോ പുരുഷനിലും എന്തോ ഒരു കുറവ് അവൾക്ക് ഫീൽ ചെയ്‌തു.

അരുണിനെ ഇനി കാണാൻ കഴിയുമെന്നോ, ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്നോ റീന പ്രതീക്ഷിച്ചില്ല. അതെല്ലാം സംഭവിച്ചിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വലിയൊരു കാലമാണത്. ഇതിനിടയിൽ എന്തെല്ലാം മാറ്റം സംഭവിക്കാം. ഹൈസ്ക്കൂൾ മുതലാണ് അരുണിനെ പരിചയപ്പെടുന്നത്, 13 വയസ്സു മുതൽ 20 വയസ്സു വരെ റീനയ്ക്ക് അരുൺ മാത്രമായിരുന്നു സുഹൃത്ത്. അവൻ മാത്രമായിരുന്നു പുരുഷൻ. പക്ഷേ പിന്നീട്… ഇനിയും അതൊക്കെ ആലോചിച്ചിരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇഷാനാണെങ്കിൽ മടുത്തു പിന്മാറായിരിക്കുന്നു.

അങ്ങനെയിരിക്കെയാണ് അച്‌ഛനമ്മമാർ മറ്റൊരാലോചന കൊണ്ടു വന്നത്. നേരിട്ടു കാണേണ്ട, ഓൺലൈനിൽ മതി എന്ന ആദ്യ നിബന്ധന തന്നെ അവൾക്ക് ഇഷ്ടമായി. എന്തായാലും പെണ്ണുകാണൽ വേഷം കെട്ട് വേണ്ടല്ലോ ഇന്‍റർനെറ്റിൽ സജീവമായ റീനയ്ക്ക് ഈ ഓപ്ഷൻ സ്വീകാര്യമായിരുന്നു. ഒരു ഓൺലൈൻ പെണ്ണുകാണൽ എന്ന മെയിൽ ഐഡിയിൽ ചാറ്റിംഗ് തുടങ്ങാൻ അതു കൊണ്ട് റീനയ്ക്ക് ഒട്ടും മടി തോന്നിയില്ല. നഗരത്തിലെ അലഞ്ഞു തിരിയുന്ന നായകൾക്ക് അഭയവും ഭക്ഷണവും നൽകുക എന്ന അവളുടെ ആഗ്രഹത്തെക്കുറിച്ചായിരുന്നു ആദ്യദിനത്തിലെ ചാറ്റിംഗ്.

തന്‍റെ വീട്ടിലെ നായ, വളർത്തു മൃഗമായിട്ടല്ല, അംഗത്തിനെപ്പോലെയാണ് എന്ന് സ്ക്രീനിലെ അക്ഷരങ്ങൾ വായിച്ചപ്പോൾ റീന പുളകം കൊണ്ടു. പിറ്റേന്ന് പുസ്തകങ്ങളെക്കുറിച്ചായിരുന്നു ചാറ്റിംഗ്. “വായനയിലും നമുക്ക് ഒരു ടേസ്റ്റാണല്ലോ.” റീന അങ്ങോട്ട് ചാറ്റ് ചെയ്തു. അവൾ പോകാറുള്ള ബുക്ക് ഷോപ്പുകളിൽ അയാളും സന്ദർശകനാണത്രേ.

റീന സന്തോഷത്തോടെ സ്ക്രീൻ ലോഗ് ഓഫ് ചെയ്‌തു. പിറ്റേന്ന് വൈകിട്ട് ചാറ്റാമെന്ന സന്ദേശത്തോടെ, എന്തായാലും വൈകിട്ടത്തെ ചാറ്റിംഗ് ഒഴിവാക്കേണ്ട എന്ന് തീരുമാനിച്ചപ്പോൾ റീനയ്ക്ക് സ്വയം ചിരിക്കാൻ തോന്നി. തനിക്കെന്താ അയാളെ ഇഷ്ടമായിത്തുടങ്ങിയോ? അന്നത്തെ ജോലിയ്ക്കിടയിൽ റീന കൂടെക്കൂടെ വാച്ച് നോക്കുന്നുണ്ടായിരുന്നു. സഹപ്രവർത്തക സുജയ്ക്ക് അദ്ഭുതം തോന്നാതിരുന്നില്ല. “നിനക്ക് എവിടെയെങ്കിലും പോകാനുണ്ടോ?”

“ഇല്ല, പക്ഷേ വൈകിട്ട് 7 ന് ഒരു ചാറ്റ് പറഞ്ഞിട്ടുണ്ട്.” അതുകേട്ടവരും ഒളിഞ്ഞു കേട്ടവരുമെല്ലാം അദ്ഭുതപ്പെട്ടു. റീനയ്ക്ക് ആരോടോ അടുപ്പം തോന്നിയിരിക്കുന്നു. അല്ലെങ്കിൽ ഇങ്ങനെ ചാറ്റിംഗിന് സമയം നോക്കിയിരിക്കുമോ?

വീട്ടിൽ എത്തി രാത്രി 7 ന്, കൃത്യമായി പറഞ്ഞാൽ ഏഴുമണി പതിനാല് നിമിഷങ്ങളിൽ അവർ ചാറ്റിംഗ് ആരംഭിച്ചു.

ഇപ്രാവശ്യം അവളുടെ കോളേജ് കാമ്പസിനെക്കുറിച്ചാണ് ചോദിച്ചത്. രണ്ടോ മൂന്നോ വട്ടം ഞാൻ പഠിച്ച കോളേജിൽ അയാൾ വന്നിട്ടുണ്ടത്രേ, ഇൻട്രസ്റ്റിംഗ്… ഞാനെന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു.” മറുഭാഗത്ത് നിന്ന് വന്ന അക്ഷരങ്ങൾ അവളെ തൃപ്തിപ്പെടുത്തി. റീനയുടെ ബ്ലോഗിനെക്കുറിച്ചായിരുന്നു അടുത്ത കമന്‍റ്. അയാൾ തന്‍റെ കവിതകൾ വായിച്ചുവെന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷവും ലജ്ജയും തോന്നി. മൃഗങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ വളരെ നന്നായിട്ടുണ്ട്. ഫേസ്ബുക്കിൽ ലൈക്ക് കൊടുത്ത് അയാൾ തുടർന്നു.

“യു റിയലി ലവ് ദെം…”

“യെസ്, ദെ ആർ മൈ ലൈഫ്…” അവൾ തിരിച്ചു മറുപട് കൊടുത്തു.

അടുത്ത ആഴ്ചയായപ്പോഴേക്കും അവരവരുടെ കുട്ടിക്കാലത്തേക്കുറിച്ചായിരുന്നു ചർച്ച. സ്വന്തം വീട്ടുകാര്യങ്ങളിലേക്ക് സ്വകാര്യതയിലേക്കോ ആരെയും ഇടപെടുവിക്കാൻ ഇഷടമില്ലാത്തയാളാണ് റീന.

“നിന്‍റെ കണ്ണിന്‍റെ നിറമെന്താണ്?” അയാൾ ചോദിച്ചപ്പോൾ താൻ ലജ്ജിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

“ഇളം ബ്രൗൺ” അരുണിന്‍റെ കണ്ണുകൾ അവൾക്ക് പെട്ടെന്ന് ഓർമ്മ വന്നു. തവിട്ടു നിറം പടർന്ന കറുത്ത കണ്ണുകൾ തന്‍റെ ദൗർബല്യം ആയിരുന്നല്ലോ. അരുണിന്‍റെ ഓർമ്മകൾ വീണ്ടും തന്നെ നുള്ളി വേദനിപ്പിക്കുമെന്ന് തോന്നിയപ്പോൾ റീന മനസ്സിനെ കണക്കറ്റ് ശാസിച്ചു. “ഇല്ല അയാളെക്കുറിച്ച് ഇനി ചിന്തിക്കില്ല.”

ഒരു മാസം കഴിഞ്ഞു പോയി. ചാറ്റിംഗും ഷെയറിംഗും സമ്പന്നമാക്കിയ ഓൺലൈൻ സൗഹൃദത്തിന്‍റെ രസത്തിൽ ദിവസങ്ങൾ കടന്നു പോയത് റീന അറിഞ്ഞില്ല. പതിവു പോലെ മെയിൽ തുറന്നപ്പോൾ മറുഭാഗത്ത് ഒരു ചോദ്യം മെയിൽ ബോക്സിൽ വന്നു ചിരിച്ചു.

“കാൻ വീ വീഡിയോ ചാറ്റ്?”

ആ ചോദ്യം അവളെ കോരിത്തരിപ്പിച്ചു.

മെയിൽ ബോക്സിനപ്പുറമുള്ള സുന്ദരമായ ഹൃദയം പേറുന്ന ശരീരവും മുഖവും കാണാൻ റീന കൊതിച്ചു തുടങ്ങിയിരുന്നു.

മുടിയിഴകൾ ഒതുക്കി, മുഖത്ത് പ്രസന്നത ആവോളം വരുത്തി അവൾ വെബ് കാം ഓൺ ചെയ്തു. ഫാനിന്‍റെ കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവൾ ഹെയർബാന്‍റു കൊണ്ട് കെട്ടി വയ്ക്കാൻ തുടങ്ങിയപ്പോൾ ആ ശബ്ദം ചെവിയിൽ മന്ത്രിച്ചു. “മുടി കെട്ടല്ലേ, അതങ്ങനെ പാറിപ്പറക്കുന്നതു കാണാൻ നല്ല രസമുണ്ട്.” ഒരു വിസ്ഫോടനം സംഭവിച്ചതു പോലെ അവൾ അമ്പരപ്പോടെ സ്ക്രീനിലേക്ക് നോക്കി. അവൾ അദ്ഭുതം എന്ന വാക്കിന്‍റെ അർത്ഥം ശരിക്കും അറിഞ്ഞു.

“ഓ…മൈ ഗോഡ്… ഇറ്റ്സ് യൂ…”

അരുണിന്‍റെ മുഖത്തിന് കുറച്ചുമാറ്റം വന്നിട്ടുണ്ട്. പക്ഷേ ആ കണ്ണുകൾ അങ്ങനെ തന്നെ. കൂടുതൽ സുന്ദരനായിരിക്കുന്നു. അരുണിന്‍റെ മുഖത്ത് അതിശയഭാവമില്ല. പകരം മുൻപെങ്ങും നോക്കാത്തത്ര പ്രണയാതുരതയോടെ അവൻ റീനയെ നോക്കി പുഞ്ചിരിച്ചു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें