നിർത്താതെ പെയ്‌ത മഴയുടെ ആലസ്യത്തിൽ നിന്നും പ്രകൃതി ഉണർന്നു വരുന്നതേയുള്ളൂ. ഉദിച്ചുയരുന്ന സൂര്യനെ ഗ്രസിക്കാൻ ആർത്തി കൂട്ടുന്നതുപോൽ ആകാശത്ത് അങ്ങിങ്ങായി മഴ മേഘങ്ങൾ ചിതറി കിടക്കുന്നുണ്ട്.
അപ്രതീക്ഷിതമായ മഴ പെയ്‌തതിൽ തണുത്തു വിറങ്ങലിച്ചു നിൽക്കുകയാണ് പ്രകൃതി. മഴയുടെ വരവറിയിച്ചെത്തിയ ആദ്യ മഴയാണ്. റോഡും പരിസരവും വെള്ളം പുതച്ചിട്ടുണ്ട്. അവിടവിടെയായി വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്.
ഒന്നും പ്രശ്നമാക്കാതെ കുട്ടികൾ കൂട്ടം കൂട്ടമായി ഓടിയെത്തുന്നുണ്ട്. വെള്ളം ചവിട്ടിത്തെറിപ്പിച്ചും കൈകളിൽ കോരി എറിഞ്ഞും ആർപ്പുവിളിച്ചും കടലാസു തോണികൾ തീർത്തും മഴ അവർ ആഘോഷിക്കുകയാണ്. ബാൽക്കണിയിലേക്കിറങ്ങി നിന്നാൽ പുറത്തെ കാഴ്‌ചകളത്രയും കാണാം...
മനം കുളിർപ്പിക്കുന്ന മനോഹര ദൃശ്യങ്ങൾ കാണാമല്ലോ, അർച്ചനയും ബാൽക്കണിയിലേക്കിറങ്ങി വന്നു.
മണ്ണിന്‍റെ ഗന്ധം പേറിയെത്തിയ ഇളം കാറ്റ്... അർച്ചനയ്‌ക്ക് തന്‍റെ ബാല്യമാണ് ഓർമ്മ വന്നത്. കൂട്ടുകാരോരോരുത്തരും വീട്ടു കോലായിൽ മഴ തീരാൻ കാത്തു നിൽക്കും. പിന്നെ മാവിൻചുവട്ടിലേയ്‌ക്ക് ഒറ്റയോട്ടമാണ്. നിലത്തു വീണു കിടക്കുന്ന മാമ്പഴം എടുക്കാൻ മത്സരിക്കും.
കളിയും തീറ്റയും കഴിഞ്ഞാൽ പിന്നെ മണ്ണിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചുവന്ന അട്ടകളെ നിരീക്ഷിക്കലാണ് പ്രധാന ജോലി. പച്ച പുൽനാമ്പുകളിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ സുന്ദര അട്ടകൾ... എന്തു ഭംഗിയാണിവയ്‌ക്ക്...
ഒന്നിനെപ്പോലും വേദനിപ്പിക്കാതെ തീപ്പെട്ടിക്കൂടിനുള്ളിലാക്കി വീട്ടിലെത്തിക്കും. തീപ്പെട്ടിക്കൂടു തുറന്ന് പുറത്തേക്കെറിയും. ചുവന്ന ചെറു പാമ്പുകളെ പോലെ അവ മുറ്റത്തു കൂടി തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങുന്നത് തനിക്കന്ന് കൗതുകക്കാഴ്‌ചയാണ്.
“ചേച്ചീ, ചായയെടുത്തു വച്ചിട്ടുണ്ട്.” ജോലിക്കാരിയുടെ ശബ്‌ദമാണ്. അർച്ചന തിരിഞ്ഞു നോക്കി. മിഥില ജോലി തീർത്ത് മടങ്ങാൻ തിടുക്കം കൂട്ടുകയാണ്.
പഴയ ഓർമ്മകൾ കുടഞ്ഞെറിഞ്ഞ് അർച്ചന അകത്തേക്കു നടന്നു. ഭർത്താവിന്‍റെ അച്‌ഛനും അമ്മയും ഡൈനിംഗ് ടേബിളിനരികിൽ തനിക്കായി കാത്തിരിക്കുകയാണ്. അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
വിവാഹം കഴിഞ്ഞ് കഷ്‌ടിച്ച് പത്ത് നാളാവുന്നതേയുള്ളൂ. എന്നാൽ വിവാഹനാളിൽ വധു അണിയുന്ന സന്തോഷവും സംതൃപ്‌തിയുമൊന്നും ആ മുഖത്ത് പ്രകടമായിരുന്നില്ല. കടന്നുപോയ ദിനങ്ങൾ വിരസതയുടെ കയ്‌പ്പ് അനുഭവങ്ങൾ സമ്മാനിക്കുന്നവയായിരുന്നല്ലോ. ധനഞ്‌ജയ്... ഒരായുസ്സ് മുഴുവനും തനിക്കൊപ്പമുണ്ടാവും. തന്നെ പാണിഗ്രഹണം ചെയ്‌ത് അഗ്നി സാക്ഷിയാക്കിയപ്പോൾ പറഞ്ഞതാണ്.
പക്ഷേ ആദ്യ രാത്രിയിലെ അനുഭവം മറിച്ചായിരുന്നുവല്ലോ? “അർച്ചനാ, നിന്നിൽ നിന്നും ഒന്നും മറയ്‌ക്കുന്നില്ല. ഡാഡിയുടേയും മമ്മിയുടേയും നിർബന്ധം കൊണ്ടുമാത്രമാണ് എനിക്ക് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നത്. വിവാഹം ഉടൻ വേണ്ടെന്ന അഭിപ്രായമായിരുന്നു എന്‍റേത്. കമ്പനി പ്രോജക്‌റ്റ് തീർക്കാൻ കുറഞ്ഞതു മൂന്നു വർഷമെങ്കിലും അമേരിക്കയിൽ തന്നെ നിൽക്കേണ്ടി വരും. വെള്ളക്കാരിയെ കെട്ടി വീട്ടിൽ കൊണ്ടു വന്നാലോ എന്ന് ഭയന്നു വീട്ടുകാർ വിവാഹത്തിനു തിടുക്കം കാട്ടുകയായിരുന്നു. ഐ ആം ഹെൽപ്പ് ലെസ്സ്... നോ പറയാനാവാത്ത അവസ്‌ഥ.” ധനഞ്‌ജയ് സംസാരം മതിയാക്കി. പറയാതെ പലതും വായിപ്പിക്കുന്ന മുഖഭാവം.
“സോറി... അടുത്തയാഴ്‌ച ഞാൻ അമേരിക്കയ്‌ക്ക് തിരിക്കും, അർച്ചനയെ കൊണ്ടുപോകാനാവില്ല.” ധനഞ്‌ജയ് മുഖമുയർത്താതെ പറഞ്ഞു.