വെള്ളയും വയലറ്റും നിറമുളള ഓർക്കിഡ് പുഷ്‌പങ്ങൾ കൊണ്ട് അലങ്കരിച്ച വേദിയിൽ നിന്ന് ചന്ദനത്തിരിയുടെ മനം മയക്കുന്ന ഗന്ധം. മീന അത് ആസ്വദിച്ചു. മനസ് ആഹ്ലാദഭരിതമായിരിക്കുമ്പോൾ സുഗന്ധത്തിന് കൂടതൽ ഗന്ധമുണ്ടെന്ന് തോന്നുന്നത് സ്വാഭാവികമാണല്ലോ.
വരാൻ പോകുന്ന നല്ല നിമിഷങ്ങളെക്കുറിച്ചോർത്ത് പുളകിതമായ മനസോടെ മീന നിന്നു.
“ഹലോ മീന, ഈ പീകോക്ക് ബ്ലൂ സാരിയിൽ തന്നെ കാണാൻ നല്ല ചന്തമുണ്ടെടോ.” സഹപ്രവർത്തകയായ രാജി ഓടിവന്ന് കൈപിടിച്ചു മൊത്തത്തിൽ സൂക്ഷ്‌മനിരീക്ഷണം നടത്തി. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു.
“ഹും... ബോസ് കാണേണ്ട താമസമേയുളളൂ. പുളളി വീണുപോകുമെന്ന് ഉറപ്പാ...” അവളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ കുസൃതി ശ്രദ്ധിച്ചുവെങ്കിലും, അക്കാര്യം കൂടുതൽ സംസാരിക്കാനുളള സന്ദർഭമായിരുന്നില്ലല്ലോ അത്.
ഓഫീസിൽ എല്ലാവർക്കും അറിയാം, അശോക് സാറിന് മീനയോടുളള താല്‌പര്യം. അദ്ദേഹത്തിന് തന്നോട് ഇഷ്‌ടമുണ്ടെന്ന തിരിച്ചറിവ് സന്തോഷം പകരുന്നതായിരുന്നെങ്കിലും അത്തരമൊരു പെരുമാറ്റം മീനയിൽ നിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല.
അദ്ദേഹവുമായി ഒരു ബന്ധം സ്‌ഥാപിക്കണമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടായിരുന്നില്ല മീന.
“രാജി, വരൂ... ഇപ്പോൾ ഇതൊക്കെ സംസാരിക്കാനുളള മൂഡിലല്ല ഞാൻ. നീ ഈ ഫ്‌ളീറ്റ് ഒന്നു ശരിയാക്ക്. അല്‌പം ഇറക്കം കുറഞ്ഞെന്നു തോന്നുന്നു.”
സാരി ഒന്നു കൂടി ഭംഗിയാക്കിയ ശേഷം മീന ഹാളിലേക്ക് നടന്നു. ഈ വർഷത്തെ മികച്ച തൊഴിലാളിക്കുളള അവാർഡ് സ്വീകരിക്കാൻ പോകുകയാണ് മീന.
ബെസ്‌റ്റ് വർക്കർ! അവൾ അവിശ്വസനീയതയോടെ കൈയിലിരുന്ന ക്ഷണക്കത്തിലെ വരികളിലൂടെ കണ്ണോടിച്ചു. ഈ പ്രായത്തിൽ ഇത്തരം ഒരു അവാർഡ് കിട്ടുമെന്ന് പത്തുവർഷം മുമ്പ് എന്നല്ല ഒരു മാസം മുമ്പ് പോലും ചിന്തിച്ചിട്ടേയില്ല.
ജീവിതം കൺമുന്നിൽ നടക്കുന്ന ഒരു ചലച്ചിത്രം പോലെയാണ് തോന്നിയിട്ടുള്ളത്. അത് കൗതുകത്തോടെ കണ്ടിരിക്കുന്ന ഒരു പ്രേക്ഷകയാണോ താൻ!
ഹാളിന്‍റെ ഭിത്തിയിൽ പിടിപ്പിച്ച നീളൻ കണ്ണാടിയിൽ തന്‍റെ പ്രതിബിംബം കണ്ടപ്പോൾ ഒരു നിമിഷം നോക്കി. 47 വയസായി. പക്ഷേ അത്രയും പ്രായം തനിക്കു തോന്നുന്നില്ല എന്ന് മീനയ്‌ക്കും അറിയാം. 35 വയസ് അത്രയേ തോന്നൂവെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്.
“മാഡം...” ആരോ വിളിക്കുന്നതു കേട്ട് അവൾ തിരിഞ്ഞു നോക്കി. തന്‍റെ ജൂനിയർ ആയ സതീഷ് ആണ്. വേദിയിലേക്ക് കയറും മുമ്പ് സദസിൽ ഒരുക്കിയ ഇരിപ്പിടത്തിലേക്ക് സതീഷ് ക്ഷണിച്ചു. മീന പുഞ്ചിരിയോടെ അവിടെ ചെന്നിരുന്നു. ചെറിയ ഹാൾ ആണ്, സ്‌റ്റാഫുകൾ വന്നു തുടങ്ങിക്കഴിഞ്ഞു. പുറത്തു നിന്നും ഏതാനും അതിഥികൾ ഉണ്ട്.
അവൾ വാച്ചിൽ നോക്കി. മുൻനിരയിലായി രണ്ട് സീറ്റുകൾ റിസർവ് ചെയ്‌തിട്ടുണ്ട്. ഒന്ന് മകനു വേണ്ടിയാണ്. അനിരുദ്ധ് ഇപ്പോൾ വിളിച്ചതേയുളളൂ.
10 മിനിട്ടിനകം അവൻ വന്നേക്കും. അടുത്ത സീറ്റ് സോഹനു വേണ്ടിയാണ്. തന്‍റെ മുൻ ഭർത്താവ് അതേ... മുൻ ഭർത്താവ്. അങ്ങനെ ചിന്തിച്ചപ്പോൾ സ്വയം ഒരു അനൗചിത്വം തോന്നാതിരുന്നില്ല. സോഹനുമായി വേർപിരിഞ്ഞിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. മീനയുടെ മനസ് സ്വയമറിയാതെ പഴയകാലത്തിലേക്ക് പറന്നുപോയി. തീർത്തും അവിചാരിതമായ ഒരു സന്ദർഭത്തിൽ സോഹൻ നിർലജ്‌ജം നടത്തിയ ആ വെളിപ്പെടുത്തൽ. അതിനെ തുടർന്നുണ്ടായതാണ് എല്ലാം. അയാൾ രേഖയുമായി പ്രണയത്തിലായിരുന്നത്രേ...