സഖി

ഞാൻ വാച്ചിലേക്കൊന്നു നോക്കി. അഞ്ചു മിനിറ്റു കൂടിയുണ്ട്. ഇന്ന് ഓഫീസിൽ പതിവിലധികം തിരക്കായതുകൊണ്ട് ഫയലിൽ നിന്നും തലയുയർത്താൻ പോലും നേരം കിട്ടിയിരുന്നില്ല. ഞാൻ തിടുക്കപ്പെട്ട് ലഞ്ച് ബോക്‌സ് ബാഗിൽ വയ്‌ക്കുന്നതിനിടയിലാണ് ബോസ് വിളിക്കുന്നുവെന്ന് പ്യൂൺ പറഞ്ഞത്. ഇറങ്ങാനുള്ള തിടുക്കത്തിനിടയിൽ ഇങ്ങനെയൊരു വിളി ആർക്കും തന്നെ ഇഷ്‌ടമാവില്ല. മനസ്സില്ലാമനസ്സോടെ ഞാൻ ബോസിന്‍റെ ക്യാബിനിലെത്തി.

കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്ക് ക്രാഷ് ആയതുകൊണ്ട് അത്യാവശ്യം ചില ഫയലുകൾ വേണമത്രേ. ഫയൽ കണ്ടെത്തി ചില ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും മണി ആറ് കഴിഞ്ഞിരുന്നു.

സാധാരണയായി അഞ്ചു മണിയാവുമ്പോഴെക്കും ഞാനും പ്രിയങ്കയും ഓഫീസിൽ നിന്നും പുറത്തു കടക്കാനുള്ള ഒരുക്കത്തിലായിരിക്കും. അഞ്ചു മണിക്കിറങ്ങിയാൽ അഞ്ചരയുടെ ലേഡീസ് സ്‌പെഷ്യൽ ട്രെയിൻ കിട്ടും. അതു മാലാഡ് സ്‌റ്റേഷനിലെത്തുമ്പോഴേക്കും ആറര കഴിയും. ട്രെയിനിൽ നിന്നിറങ്ങിയാൽ പച്ചക്കറികളും വീട്ടാവശ്യത്തിനുള്ള അത്യാവശ്യ സാധനങ്ങളും വാങ്ങണം. പിന്നെ ശിശുസദനത്തിൽ എത്തി വരുണിനേയും കൂട്ടണം. അവൻ ശിശുസദനത്തിന്‍റെ ഗേയ്‌റ്റിനരുകിൽ അക്ഷമനായി കാത്തു നിൽക്കുന്നുണ്ടാവും. നാലു വയസ്സുകാരനു സമയം നോക്കാനൊന്നും അറിയില്ലായിരിക്കും. പക്ഷേ ആറുമണിയാവുമ്പോഴേക്കും അവൻ തിടുക്കപ്പെട്ട് ഗേയ്‌റ്റിനരുകിലേക്കോടും. ഒരിക്കൽ വൈകിയെത്തിയപ്പോൾ ആയ പറഞ്ഞതാണ്. വരുണിനേയും കൂട്ടി വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടയ്‌ക്ക് അയൽപക്കത്തെ ഒന്നു രണ്ടു പരിചയക്കാരെ കാണും. അവരോടു രണ്ടു വാക്കു സംസാരിച്ച് വീടെത്തുമ്പോഴേക്കും ഏഴ് മണി കഴിഞ്ഞിരിക്കും.

വീട്ടിൽ മൂത്തമകൻ കിരൺ ഞങ്ങളെ കാത്ത് നിൽപ്പുണ്ടാവും. കുട്ടികൾക്ക് പാലും ബിസ്‌ക്കറ്റും നൽകി ചായയുണ്ടാക്കി കുടിച്ച് ബേക്കറി പലഹാരമെന്തെങ്കിലും കഴിച്ചുവെന്നു വരുത്തി അല്‌പമൊന്നു വിശ്രമിക്കും. അതാണെന്‍റെ പതിവു ദിനചര്യ.

ഇന്ന് വൈകിയിറങ്ങിയതു കൊണ്ട് ലേഡീസ് സ്‌പെഷ്യൽ ട്രെയിൻ കിട്ടിയതുമില്ല. പിന്നീട് വന്ന ട്രെയിനുകളിൽ തിരക്കോട് തിരക്കുമായിരുന്നു. ആറരയുടെ ട്രെയിനിൽ ഒരു കണക്കിനു കയറിപ്പറ്റി. വരുണാകട്ടെ ശിശുസദനത്തിലെ ആയയെ വല്ലാതെ കഷ്‌ടപ്പെടുത്തിയിരുന്നു. അവനേയും കൂട്ടി വീടെത്തിയപ്പോഴേക്കും ഏഴര കഴിഞ്ഞു. കിരൺ മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. വൈകിയെത്തിയതിന്‍റെ പരിഭവം.

“മമ്മി, എന്താ ഇത്ര വൈകിയത്. ഇന്നെനിക്ക് ഗ്രൗണ്ടിൽ കളിക്കാൻ പോകാൻ പറ്റിയില്ല.” അവൻ പറഞ്ഞതു ശ്രദ്ധിക്കാതെ ഞാൻ ഒരു ഗ്ലാസ്സ് പാലെടുത്ത് കൊടുത്തു. എനിക്കു വേണ്ട അവൻ മുഖം കോടി മുറിയിലേക്കോടി. കാര്യങ്ങൾ വിശദികരീച്ച് മനസ്സിലാക്കി അവനു പാലും സ്‌നാക്‌സും നൽകി ചായയുണ്ടാക്കി കുടിച്ചു. മുംബൈ പോലെ ഒരു മഹാനഗരത്തിൽ സഹായത്തിനൊരാളെ കിട്ടുക അത്ര എളുപ്പമല്ല. ഒരു ജോലിക്കാരി തരപ്പെട്ടാൽ തന്നെ വഴിപാടു പോലെ ജോലി ചെയ്‌തവർ കടന്നു കളയും.

പകൽ മുഴുവനും ഓഫീസ് ഫയലുകളിൽ തലയിട്ടതുകൊണ്ടും ട്രെയിനിലെ ഉന്തും തള്ളും കൊണ്ടും ഞാൻ വല്ലാതെ ക്ഷീണിതയായി കഴിഞ്ഞിരുന്നു. അടുക്കളയിൽ ചെന്ന് ഭക്ഷണമുണ്ടാക്കാൻ മടി തോന്നി. അര മണിക്കൂർ കൂടി കഴിഞ്ഞാൽ മഹേഷ് വീട്ടിലെത്തും.

ആണുങ്ങൾ അടുക്കളയിൽ കയറി ജോലി ചെയ്യുന്നതു മോശമാണെന്നാണ് അമ്മായിയമ്മ പറയാറ്. അതുകേട്ടു വളർന്ന മകൻ പിന്നെ അടുക്കളപ്പടി കടക്കുമോ? വീടും ഓഫീസും എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നില്ലെന്നു പരാതി പറഞ്ഞാൽ നിനക്ക് ജോലി രാജി വച്ചു കൂടെയെന്നു ചോദിക്കും. വീട്ടിൽ സ്വസ്‌ഥമായിരിക്കാമല്ലോ. ഒഹ്! പക്ഷേ അതെങ്ങനെയാ ജോലി ഭ്രാന്ത് തലയ്‌ക്കു പിടിച്ചിരിക്കുകയല്ലേ. മഹേഷിനോടു തർക്കിക്കാൻ ഞാനാളല്ല. ഇത്രയൊക്കെ പഠിച്ചിട്ട് വീട്ടിൽ വെറുതെ കുത്തിയിരിക്കണോ? മാത്രമല്ല എന്‍റെ വരുമാനം വീടിനൊരു മുതൽക്കൂട്ടല്ലെ. സോഫയിൽ കിടന്ന് ഓരോന്ന് ആലോചിച്ച് ഉറങ്ങി പോയതറിഞ്ഞില്ല.

ഫോൺ ബെൽ മുഴുങ്ങുന്ന ശബ്‌ദം കേട്ടാണ് ഉണർന്നത്. മനസ്സൊന്നു മടിച്ചുവെങ്കിലും യാന്ത്രികമായി എഴുന്നേറ്റ് ഞാൻ ഫോണിനരുകിലെത്തി. ഫോൺ മുഴക്കം നിലച്ചിരുന്നു. അല്‌പസമയം കഴിഞ്ഞപ്പോഴേക്കും ഫോൺ വീണ്ടും ശബ്‌ദിക്കാൻ തുടങ്ങി. മഹേഷ് ഉമ്മറപ്പടി കടന്ന് വീടിനകത്ത് കടന്നിരുന്നു. “നീയെന്താ ഫോണെടുക്കാത്തത്?” മഹേഷ് ബാഗ് മേശപ്പുറത്ത് വച്ചു. മനസ്സില്ലാമനസ്സോടെ ഞാൻ റിസീവറെടുത്തു.

“ഹലോ?” ഞാൻ ദീന സ്വരത്തിൽ പറഞ്ഞു.

“എടോ! ദേവൂട്ടി, ഇതു ഞാനാ. മനസ്സിലായോ?”

“ഏ… നന്ദിതാ.” ശബ്‌ദം ഞാൻ തൽക്ഷണം തിരിച്ചറിഞ്ഞിരുന്നു. ഇഷ്‌ടം കൂടുമ്പോൾ പണ്ടേ എന്നെ ദേവൂട്ടി എന്നാണവൾ വിളിക്കാറ്. ദേവയാനി എന്നു തികച്ചു വിളിക്കില്ല. ഒരു നിമിഷം പോലും പരസ്‌പരം പിരിഞ്ഞിരിക്കാനാവത്തത്ര സൗഹൃദമായിരുന്നു. ഞങ്ങൾക്കിടയിൽ വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത്. അവളെ കണ്ടിട്ട് നാളൊരുപാടായി. ഒരു യുഗം കഴിഞ്ഞതു പോലുണ്ട്. നന്ദിതയുടെ ശബ്‌ദം കേട്ട് പുതുശ്വാസം കിട്ടിയതുപോലെ ഞാൻ ഉത്സാഹവതിയായി.

“ഇത്രയും നാൾ നീയിതെവിടെയായിരുന്നു? ഇപ്പോഴെങ്കിലും ഈ സുഹൃത്തിനെയോർമ്മ വന്നല്ലോ. ഒരു ഫോൺ വിളിയോ… ഒരു ഇ-മെയിലോ ഒന്നുമില്ല. എന്നെ നീ മറന്നിരിക്കുമെന്നാ ഞാൻ കരുതിയത്” ഞാൻ സ്‌നേഹശാസനയോടെ പറഞ്ഞു.

“ആഹ! അപ്പോ വാദി പ്രതിയോ? ഞാനല്ലേ അങ്ങോട്ടു ഫോൺ വിളിച്ചത്. അപ്പോ കുറ്റപ്പെടുത്താനുള്ള അവകാശവും എനിക്കാ” നന്ദിതയും ചിരിച്ചു.

“ശരി സമ്മതിച്ചു. നിന്നെ വിളിക്കണം സംസാരിക്കണമെന്ന് പലവട്ടം കരുതിയതാണ് അപ്പോഴൊക്കെ ഓരോരോ കുടുംബപ്രശ്നങ്ങളും ഓഫീസ് തിരക്കുകളുമാവും. വീട്ടു ജോലിയും കുട്ടികളുടെ കാര്യവും… ഈ തിരക്കിനിടയിൽ സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ പോലും സമയം തികയാറില്ല.”

“നീ വിഷമിക്കണ്ട, ഏതാണ്ട് ഈ അവസ്‌ഥയൊക്കെയാ എന്‍റേതും.” നന്ദിത എന്നെ ആശ്വസിപ്പിച്ചു.

“പിന്നെ ഫോണിൽ സംസാരിച്ചിട്ട് എനിക്ക് തൃപ്‌തി വരുന്നില്ല. എനിക്ക് നിന്നെ നേരിട്ടു കാണണമെന്നുണ്ട്. ഞാൻ നിന്നെ കാണാൻ വരുന്നുണ്ട്.”

“എപ്പോ?” എനിക്ക് സന്തോഷമടക്കാനായില്ല. “നാളെ രാവിലെ 10 മണിയുടെ ഫ്‌ളൈറ്റിനു ഞാനെത്തും. മുംബൈയിൽ രണ്ട് ദിവസത്തെ ഓഫീഷ്യൽ ടൂറുണ്ടെന്ന് നീരജ് പറഞ്ഞപ്പോഴെ ഞാൻ ഓഫീസിൽ നിന്നും ലീവെടുത്തു. നിന്നെ കാണാൻ തീരുമാനിച്ചു. ഇനി നീ ലീവെടുക്കാൻ പറ്റില്ലെന്നൊന്നും പറഞ്ഞേക്കരുത്.”

“നിനക്ക് വേണ്ടി ഈ ജീവൻ പോലും പണയപ്പെടുത്താൻ ഞാൻ ഒരുക്കമാണ്. പിന്നെയല്ലെ ലീവ്?” എന്‍റെ മനസ്സ് നിറഞ്ഞു.

“ശരി, നാളെ കാണാം.” നന്ദിത റിസീവർ വച്ചു. സ്വന്തം ആവശ്യത്തിനായി ലീവെടുത്തതായി എനിക്ക് ഓർമ്മയേയില്ല. വരുണിനു സുഖമില്ലാതായപ്പോൾ, കിരണിന്‍റെ പരീക്ഷാ സമയത്ത് പലപ്പോഴും ലീവെടുക്കേണ്ടി വന്നിട്ടുണ്ട്.

നന്ദിത വരുന്നുവെന്നറിഞ്ഞതു മുതൽ അസാധാരണമായ ഒരു ഊർജ്‌ജവും ഉണർവും കൈവന്ന പോലുണ്ട്. മഹേഷ് കുളിച്ച് ഫ്രഷായി ഡ്രോയിംഗ് റൂമിലെത്തി. കുട്ടികൾ കളി മതിയാക്കി ഞങ്ങൾക്കരുകിലെത്തി. എന്‍റെ ആവേശവും ഉത്സാഹവും അവരെ ശരിക്കും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

“അല്ലാ ദേവി, ഇന്ന് മുഖത്ത് വല്ലാത്ത തെളിച്ചമുണ്ടല്ലോ? എന്താണിത്ര സന്തോഷം?” മഹേഷ് ചോദിച്ചു.

“നന്ദിത… എന്‍റെ കൂട്ടുകാരിയെക്കുറിച്ച് ഞാൻ എപ്പോഴും പറയാറില്ലേ. അവൾ നാളെ വരുന്നുണ്ട്.” ഇത്രയും പറഞ്ഞ് തിടുക്കപ്പെട്ട് ഞാൻ രാത്രി ഭക്ഷണം തയ്യാറാക്കി. മഹേഷും കുട്ടികളും വീട് വൃത്തിയാക്കാൻ എന്നെ സഹായിച്ചു. അല്ലാത്തപ്പോൾ ഒരായിരം വട്ടം അലറി പറഞ്ഞാലും സഹായിക്കാത്ത കൂട്ടരാ ഇപ്പോൾ അതിഥി വരുന്നുവെന്നറിഞ്ഞ് ഈ ഉത്സാഹം കാട്ടുന്നത്.

ടേബിളിൽ ഭക്ഷണമെടുത്തു വയ്‌ക്കുന്നതിനിടയിൽ മൂത്തമകൻ കിരൺ എനിക്കരുകിലെത്തി. “മമ്മി, നന്ദിത ആന്‍റിയെ സ്‌ഥിരമായി നമ്മുടെ വീട്ടിൽ നിർത്തിക്കൂടെ!”

അതെന്തിനാണെന്ന അർത്ഥത്തിൽ ഞാനവനെയൊന്നു നോക്കി. “മമ്മിയ്‌ക്കിന്ന് എന്തൊരു സന്തോഷമാ. ഞങ്ങളെ വഴക്ക് പറഞ്ഞതു കൂടിയില്ല. പാട്ടൊക്കെ പാടുന്നുണ്ടല്ലോ. മമ്മിയെ കാണാൻ ഇന്നു നല്ല രസമുണ്ട്.”

കുട്ടിയാണെങ്കിലും ചെറിയ വായിൽ അവൻ വലിയ കാര്യമാണ് പറഞ്ഞത്. ജീവിതത്തിലെ അമൂല്യമായ ഒരു പാഠമാണ് പഠിപ്പിച്ചു തന്നത്. ശരിയാണ്. ജീവിതത്തിലെ വലിയ സന്തോഷങ്ങൾ നേടിയെടുക്കുന്നതിനിടയിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ കണ്ടില്ലെന്നു നടിച്ചു. ദൈനംദിന തിരക്കുകൾക്കിടയിൽ ചിരിക്കാനും സംസാരിക്കാനും മറന്നു. ഇനി ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനസ്സിനെ തന്നത്താൻ പറഞ്ഞു മനസ്സിലാക്കി.

കിരണിനെ അടുത്തിരുത്തി ലാളിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ എല്ലാവരും ഉറങ്ങി. നല്ല ക്ഷീണമുണ്ടായിട്ടും കൂടി എനിക്ക് ഉറക്കം തീരെ വന്നില്ല. അമിതമായ ആഹ്ലാദവും ഉറക്കം കെടുത്തുമോ?

“നന്ദിത നിനക്ക് ഏറ്റവും ഇഷ്‌ടമുള്ള കൂട്ടുകാരിയാണ്. പക്ഷേ നിങ്ങൾ കളിക്കൂട്ടുകാരാണെന്നു ഞാൻ കരുതിയതേയില്ല?” ഫോൺ വന്ന ശേഷം എന്‍റെ ഉത്സാഹം കണ്ട് മഹേഷ് പറഞ്ഞു.

“ഞാനും നന്ദിതയും ദില്ലിയിൽ ലജ്‌പത്നഗറിലായിരുന്നു താമസം. ഒരേ സ്‌ക്കൂളിൽ ഒരേ ബഞ്ചിലിരുന്നു പഠനം. കൂടുതൽ സമയവും ഒന്നിച്ച് ചെലവഴിച്ചതുകൊണ്ട് ഞങ്ങളുടെ അഭിരുചിയും ഏതാണ്ട് സമാനമായിരുന്നു”

“അപ്പോൾ രണ്ടുപേരും പഠിത്തത്തിൽ കേമികളായിരിക്കുമല്ലോ?” മഹേഷ് ഇടയ്‌ക്ക് ഒരു തമാശ പറയാൻ ശ്രമം നടത്തി.

“അല്ലേയല്ല. പഠനകാര്യത്തിൽ ഞങ്ങൾക്ക് ആവറേജ് മാർക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ സ്‌പോർട്‌സിൽ പ്രത്യേകിച്ച് ഓട്ടമത്സരത്തിൽ ഞങ്ങളെ വെല്ലാൻ ആരും തന്നെ ഇല്ലായിരുന്നു. എന്‍റെ വീട്ടിൽ നിന്നും ഒരു പത്ത് അടി ദൂരമേ നന്ദിതയുടെ വീട്ടിലേക്കുള്ളൂ. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വീട്ടുകാർ തമ്മിലുള്ള സൗഹൃദമായി വളർന്നു. രാവിലെ ഒരുങ്ങി കഴിഞ്ഞാൽ നീ റെഡിയായോ? എന്ന് ഞാൻ ഉറക്കെ വിളിച്ചു ചോദിക്കും. ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോഴേക്കും അവൾ തയ്യാറായിട്ടുണ്ടാവും.

ഒരിക്കൽ അമ്മയ്‌ക്ക് സുഖമില്ലാതെ വന്നപ്പോൾ അവൾ ഒരു പാട് സഹായിച്ചു. അമ്മ ആശുപത്രി വിട്ട് വീട്ടിൽ വരുന്നതു വരെ അവൾ എന്നെ ആശ്വസിപ്പിച്ചു. ക്ലാസ്സിൽ ഇരിക്കുമ്പോഴും ഞങ്ങൾ വീട്ടുകാര്യങ്ങൾ സംസാരിക്കും. പലപ്പോഴും അധ്യാപിക ഇതു കണ്ട് ഞങ്ങളെ മാറ്റിയിരുത്തിയിട്ടുണ്ട്.

മഹേഷ് ആകാംക്ഷയോടെ എന്‍റെ സംസാരം ശ്രദ്ധിക്കുന്നതു കണ്ട് എനിക്ക് ഉത്സാഹം തോന്നി. “നന്ദിതയ്‌ക്ക് അച്‌ഛനമ്മമാരെ കൂടാതെ ഒരു ഇളയ സഹോദരിയുമുണ്ടായിരുന്നു. നന്ദിതയുടെ ഇളയച്‌ഛനും ഇളയമ്മയും വാഹനപകടത്തിൽ മരിച്ചതുകൊണ്ട് അവരുടെ രണ്ടു മക്കളെ നോക്കേണ്ട ഉത്തരവാദിത്തവും അവളുടെ അച്‌ഛൻ ഏറ്റെടുത്തു. തീ പിടിച്ച പോലെ ദിനവും വില ഉയരുന്ന കാലത്ത് നാലു കുട്ടികളെ വളർത്തുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. സാമ്പത്തികമായി അവരുടെ കുടുംബം നല്ല ഞെരുക്കത്തിലായിരുന്നു.”

“നന്ദിതയ്‌ക്ക ഒരു മോശം ശീലമുണ്ടായിരുന്നു. ഇടയ്‌ക്കെങ്കിലും അവൾ അച്‌ഛന്‍റെ പോക്കറ്റിൽ നിന്നും 50 പൈസയോ ഒരു രൂപയോ മോഷ്‌ടിക്കും. അന്ന് ഞങ്ങൾ മൂന്നിലും നാലിലുമൊക്കെ പഠിക്കുന്ന സമയമാണ്. സ്‌ക്കൂളിൽ നിന്നും മടങ്ങുമ്പോൾ ആ പണം കൊണ്ട് അവൾ മിഠായിയോ മധുരപലഹാരമോ ഒക്കെ വാങ്ങും. എന്തു വാങ്ങിയാലും പകുതി എനിക്ക് തരും. നന്ദിതയുടെ പണം മോഷ്‌ടിക്കുന്ന സ്വഭാവം എനിക്ക് തീരെ ഇഷ്‌ടമില്ലായിരുന്നു. കിട്ടുന്നതു കഴിച്ചാൽ പോരെ. ഞാൻ എന്തിനവളെ ഉപദേശിക്കണം എന്ന നിലപാടായിരുന്നു എന്‍റേത്.”

“ഒരു ദിവസം നന്ദിത അഞ്ച് രൂപയുടെ നാണയം മോഷ്‌ടിച്ച് പ്ലം വാങ്ങിച്ചു. അഞ്ചു രൂപയ്‌ക്ക് കുറെയേറെ പ്ലം ലഭിച്ചു. ഞങ്ങൾ വഴിയിലുടനീളം പ്ലം കഴിച്ചു. എന്നിട്ടും മിച്ചം വന്ന പ്ലം വീട്ടിൽ അനിയത്തിയ്‌ക്ക് കൊണ്ടു കൊടുക്കാൻ നന്ദിതയോട് പറഞ്ഞു.”

ഞങ്ങൾ പ്ലം കഴിക്കുന്നതു കണ്ട് ഇതെവിടെ നിന്നും വാങ്ങിച്ചെന്ന് അമ്മ ചോദിച്ചു. നന്ദിത വാങ്ങിയതാണെന്ന് ഞാൻ പറഞ്ഞു. നന്ദിതയുടെ വീട്ടുകാർ കുട്ടികൾക്ക് പണം കൊടുക്കാറില്ലെന്ന് അമ്മയ്‌ക്ക് ഉറപ്പായിരുന്നു. അമ്മയ്‌ക്കെന്തോ സംശയം തോന്നി. അമ്മ നന്ദിതയുടെ വീട്ടിൽ പോയി ഇതേക്കുറിച്ച് സംസാരിച്ചു. താനല്ല വാങ്ങിയതെന്നും ദേവയാനിയാണ് വാങ്ങിയതെന്നും നന്ദിത തറപ്പിച്ചു പറഞ്ഞു. ഇതുകേട്ട് വീട്ടിലേയ്‌ക്ക് വന്ന് അമ്മയെന്നെ പൊതിരെ തല്ലി. തല്ലു കിട്ടിയിട്ടും ഞാനല്ല നന്ദിത തന്നെയാണ് പ്ലം വാങ്ങിയതെന്നും ഞാൻ ആണയിട്ടു പറഞ്ഞു. ഞാനല്ലെന്ന കാര്യം അമ്മയ്‌ക്ക് ഉറപ്പായി. എന്തായാലും സത്യം പുറത്തുകൊണ്ടു വന്നിട്ടുതന്നെ കാര്യം അമ്മ തീർച്ചയാക്കി. അമ്മ വേഗം നന്ദിതയുടെ വീട്ടിലേക്കോടി. നന്ദിത നിവൃത്തിയില്ലാതെ സത്യം തുറന്നു പറഞ്ഞു. വീട്ടിലെത്തിയ ശേഷം എന്നെ ചേർത്തു പിടിച്ച് അമ്മ കുറേനേരം കരഞ്ഞു. പിറ്റേന്നു എന്നെയും നന്ദിതയേയും പിടിച്ചിരുത്തി അമ്മ കുറെ ഉപദേശിച്ചു.

“തെറ്റു ചെയ്യുന്നതുപോലെ തന്നെ തെറ്റു ചെയ്യുന്നവർക്ക് കൂട്ടു നിൽക്കുന്നതും തെറ്റാണെന്ന് അമ്മ പറഞ്ഞു. നന്ദിത മോഷ്‌ടിക്കുന്ന കാശുകൊണ്ട് വാങ്ങുന്ന മിഠായി അറിഞ്ഞു കൊണ്ട് കഴിച്ചതാണ് ഞാൻ ചെയ്‌ത തെറ്റ്. അപ്പോ ഞാനും തുല്യ കുറ്റക്കാരിയാണ്. അന്ന് പഠിച്ച പാഠം ജീവിതകാലമത്രയും ഞാൻ മനസ്സിൽ സൂക്ഷിക്കുകയായിരുന്നു.” സംസാരത്തിനിടയ്‌ക്ക് ഞാൻ മഹേഷിനെയൊന്നു നോ%

മൈക്ക് ടെസ്‌റ്റിംഗ്!

“എടാ ഇത് ഞാനാ. എത്ര നേരമായി വിളിക്കുന്നു. നീ എന്താ ഫോൺ?എടുക്കാത്തത്. ” നികിലേഷ് അസ്വസ്‌ഥനായാണ് ലാലുവിനോട് സംസാരിച്ചത്.

“നീയിതെവിടുന്നാ സംസാരിക്കുന്നത് ചങ്ങാതി? ഞായറാഴ്‌ചയായിട്ട് പോലും നീ എന്നെ ഉറങ്ങാൻ സമ്മതിക്കില്ലേടാ” ലാലു ഉറക്കച്ചടവിൽ ചോദിച്ചു.

“എടാ ഞാനിവിടെ ടൗൺ ഹാളിൽ നിന്നാണ് വിളിക്കുന്നത്. നേരം വെളുത്ത് 10 മണിയായിട്ടും നീ മൂടിപ്പുതച്ച് കിടക്കുകയാണോ? നികിലേഷ് സ്‌നേഹം കലർന്ന ദേഷ്യത്തോടെ പറഞ്ഞു.

“അതു പോട്ടെ, നീ ഇതു രാവിലെ തന്നെ ടൗൺഹാളിൽ എന്തെടുക്കുകയാ. വല്ല ചുറ്റിക്കളിയുമാണോ ആശാനേ… ഹും നീ വിളിച്ചതിന്‍റെ കാര്യം പറ മോനേ.”

“എടാ നീ മറന്നു പോയോ? ഇന്ന് പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ ഡോ. ആശിഷ്, പ്രൊഫസർ രാജാറാം അനുസ്‌മരണ പ്രഭാഷണം നടത്തുന്നുണ്ട്.”

“ആ കാര്യം ഞാൻ മറന്നാലെന്ത്? ഓർത്താലെന്ത്? അതിൽ എനിക്ക് കാര്യമൊന്നുമില്ലല്ലോ. അത്തരം ബോറൻ പരിപാടിക്കൊന്നും എന്നെ കിട്ടില്ല ചങ്ങാതി.” ലാലു ഫോൺ കട്ടാക്കാനൊരുങ്ങി.

“എടാ… അങ്ങനെ പറയല്ലേ. ഒരു പ്രതിസന്ധി വരുമ്പോൾ നീയല്ലേടാ എന്നെ സഹായിക്കേണ്ടത്.” നികിലേഷ് കാലുപിടിക്കുന്നതു പോലെ പറഞ്ഞു.

“ഞാൻ നല്ല സുഖം പിടിച്ച് ഉറങ്ങുകയായിരുന്നു. നീ നിന്‍റെ സങ്കടം പറഞ്ഞ് തുലച്ചു. എന്നെ പോലെയുള്ള വിദ്യാർത്ഥികൾക്ക് ഞായറാഴ്‌ചയാണ് കുറച്ച് നന്നായി ഉറങ്ങാൻ സമയം കിട്ടുന്നത്. നീ അതു നശിപ്പിച്ചല്ലോടാ” ലാലു ചോദിച്ചു.

“നീയും നിന്‍റെ ഒരു ഉറക്കവും. ഞാൻ സഹായം ചോദിക്കുമ്പോഴാണ് നിന്‍റെ… എടാ നീ എന്‍റെ കരച്ചിൽ ഫോണിലൂടെ കേൾക്കുന്നില്ലേ. ഒന്ന് ഹെൽപ്പ് ചെയ്യടാ..”

“ആ… കാര്യം പറയൂ. പ്രസംഗം കേൾക്കാൻ പോയതല്ലേ. പിന്നെ എന്തു പറ്റി?”

“അതു തന്നെയാടാ പ്രശ്നം. ടൗൺഹാളിലാണ് പരിപാടി. അവിടെ എഴുന്നൂറ് പേർക്കിരിക്കാൻ സൗകര്യമുണ്ട്. ഞങ്ങൾ ആയിരം ക്ഷണക്കത്ത് നൽകിയിരുന്നു. കുറഞ്ഞത് അഞ്ഞൂറ് പേരെങ്കിലും വരുമെന്നാണ് കരുതിയത്. പക്ഷേ… ഏഴ് പേർ മാത്രമേ വന്നിട്ടുള്ളൂ! അതാണ് പ്രശ്നം.”

“ഹാ.. ഹ.. ഹ..” ലാലു പൊട്ടിച്ചിരിച്ചു.

“എനിക്ക് പ്രസവ വേദന നിനക്ക് വീണ വായന.” നികിലേഷിനും ദേഷ്യം വന്നു.

“മുഖ്യാതിഥി എത്തിക്കഴിഞ്ഞു. ഡിപാർട്ട്‌മെന്‍റ് തലവൻ എന്നെ ചീത്ത പറഞ്ഞ് പുള്ളിയേയും കൂട്ടി ചായ കുടിക്കാൻ പോയിരിക്കുകയാണ്. ഇനി ഞാനെന്തു ചെയ്യും.. ഒരു പരിഹാരം പറ.”

“നികിലേ.. അതു വലിയ ചതിയായല്ലോടാ.”

“അതല്ലേ ഞാൻ രാവിലെ തന്നെ നിന്നെ വിളിച്ചത്. നീ നിന്‍റെ ഹോസ്‌റ്റലിലെ കുട്ടികളെ കൂട്ടി ഒന്ന് വേഗം വാടാ.” നികിലേഷ് അഭ്യർത്ഥിച്ചു.

“നീ എന്താടാ പറയുന്നത്. എന്‍റെ കൈയിൽ അലാവുദ്ദീന്‍റെ അദ്‌ഭുത വിളക്കൊന്നും ഇല്ല. ഞാൻ പറയുമ്പോഴേയ്‌ക്കും കുട്ടികൾ എന്‍റെ കൂടെ പോരാൻ. മാത്രമല്ല പ്രസംഗം എന്ന് പറഞ്ഞാൽ തന്നെ അവർ ഓടി ഒളിക്കും.”

“അതൊന്നും എനിക്ക് അറിയണ്ട. നീ എന്നെ സഹായിച്ചേ പറ്റൂ. നിന്‍റെ സംഘാടക ശേഷിയൊക്കെ എനിക്ക് നന്നായി അറിയാം.”

തനിക്ക് ഒരു പ്രശംസ കിട്ടിയതിന്‍റെ ഊർജ്‌ജത്തിൽ ലാലു ഉഷാറായി എഴുന്നേറ്റിരുന്നു. ആദ്യം തന്നെ അവൻ തന്‍റെ ഹോസ്‌റ്റലിലെ പരിചയക്കാരെ കണ്ടു, കുറച്ച് കുട്ടികൾ കാന്‍റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ചിലർ ഉണർന്നിട്ടേ ഉണ്ടായിരുന്നുള്ളൂ.

കുറെ അധികം ശ്രമിച്ചിട്ടും കുട്ടികളെ ടൗൺ ഹാളിലേക്ക് എത്തിക്കാൻ ലാലുവിന് കഴിഞ്ഞില്ല. അവന്‍റെ പരിശ്രമങ്ങളെല്ലാം തുടക്കത്തിലെ പാളി. പലരും അവൻ പറയുന്നത് പോലും കേൾക്കാൻ ചെവി കൊടുത്തില്ല. ചിലർ പ്രസംഗം കേൾക്കാൻ തങ്ങൾക്ക് ഭ്രാന്തില്ലെന്ന് തുറന്നടിച്ചു.

“ഒരാഴ്‌ച മുഴുവൻ പ്രസംഗമല്ലേ ക്ലാസ്സിൽ കേട്ടു കൊണ്ടിരിക്കുന്നത്. ഞായറാഴ്‌ചയെങ്കിലും ഒന്ന് ഒഴിവു താടോ?” ഒരു സഹപാഠി പറഞ്ഞു.

“എന്തു വർത്തമാനമാടോ താൻ പറയുന്നത്? നിങ്ങൾ  വിചാരിക്കുന്നതു പോലുള്ള സെമിനാർ ഒന്നുമല്ല ഇത്. പ്രസിദ്ധ ശാസ്‌ത്രജ്‌ഞൻ ഡോ. ആശിഷ്, പ്രൊഫസർ രാജാറാം അനുസ്‌മരണ പ്രസംഗം നടത്തുകയാണ്. ഇതൊരു സുവർണ്ണാവസരമാണ്. ഇതിന്‍റെ ഭാഗമാകാൻ ജീവിതത്തിൽ ഒരിക്കലേ അവസരം കിട്ടൂ. അത് നഷ്‌ടപ്പെടുത്തരുത്.”

“എങ്കിൽ നീ പോയി അവിടെ കുത്തിയിരുന്നോ? ഒരു സുവർണ്ണാവസരം കളയണ്ട.” കുട്ടികൾ അവനെ കളിയാക്കി ചിരിച്ചു.

ലാലു പിന്നെ മറ്റ് കോളേജിൽ പഠിക്കുന്ന തന്‍റെ സുഹൃത്തുക്കളെ ഫോൺ ചെയ്‌തു. പക്ഷേ പലർക്കും ശാസ്‌ത്ര സംബന്ധിയായ പ്രസംഗം കേൾക്കാൻ താൽപര്യമില്ലായിരുന്നു.

“നഗരത്തിലെ പത്തോളം വരുന്ന ശാസ്‌ത്ര കോളേജിൽ നിന്ന് 10-100 കുട്ടികളെ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ അതൊരു വലിയ നാണക്കേടാവും.” സയൻസ് ക്ലബ് സെക്രട്ടറി കൂടിയായ ഫൈനൽ ഇയർ വിദ്യാർത്ഥിയായ റാം ജോർജിനോട് ലാലു പറഞ്ഞു.

“നീ പറഞ്ഞത് ശരിയാണ്. ഈ വിഷയത്തിൽ ഇപ്പോൾ ആർക്കും താൽപര്യമില്ല. പരീക്ഷ ജയിക്കാൻ വേണ്ടി മാത്രമാണ് എല്ലാവരും പഠിക്കുന്നത്? ഇതുപോലുള്ള സെമിനാറിലൊക്കെ പങ്കെടുക്കുന്നത് സമയം കൊല്ലുന്ന ഏർപ്പാടാണെന്നാണ് ഇവരെല്ലാം കരുതുന്നത്. വലിയ കഷ്‌ടമാണിത്” റാം ജോർജ് മറുപടി പറഞ്ഞു.

“ഇനി ഇപ്പോൾ എന്നാ ചെയ്യുക. നികിലിനോട് ഇനി ഞാൻ എന്തു പറയും.” ലാലു നെടുവീർപ്പിട്ടു.

“അവന് അങ്ങനെ തന്നെ വേണം. ഞായറാഴ്‌ച ഇത്തരം പരിപാടി സംഘടിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു. ഇപ്പോൾ ഒരു പോംവഴിയേയുള്ളൂ.” സയൻസ് ക്ലബ് സെക്രട്ടറി കൂടിയായ റാം ജോർജ് പറഞ്ഞു.

“നിന്‍റെ ഐഡിയ വേഗം പറ?” നികിലേഷ് ഉത്സാഹഭരിതനായി.

“കുറച്ച് ദിവസം മുമ്പാണ് ഞങ്ങളുടെ കോളേജിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. അതിൽ ടിവി ഷോയിൽ കോമഡി സ്‌കിറ്റ് അവതരിപ്പിക്കുന്ന ഒരു കലാകാരനെ ക്ഷണിച്ചിരുന്നു. അദ്ദേഹം ചെയ്‌ത കോമഡി കണ്ട് കുട്ടികൾ തലയറിഞ്ഞു ചിരിച്ചിരുന്നു. നീ സമ്മതിക്കുകയാണെങ്കിൽ നമുക്ക് അദ്ദേഹത്തെ വിളിക്കാം. അദ്ദേഹത്തിന്‍റെ പരിപാടിയുണ്ടെന്നറിഞ്ഞാൽ പിള്ളേർ തള്ളി കയറിക്കോളും!”

“നീ പറഞ്ഞത് ശരിയാണ് റാം. പക്ഷേ ഈ ഐഡിയ എനിക്ക് എന്താണ് നേരത്തെ തോന്നാതിരുന്നത്?” ഇത് കേട്ട് രണ്ടാളും ചിരിച്ചു. ഇതു കേട്ടതും നികിലേഷ് ആവേശഭരിതനായി.

“നീ എന്തു ചെയ്‌താലും വേണ്ടിയില്ല. ആൾക്കൂട്ടമുണ്ടായാൽ മതി. സീറ്റൊന്നും കാലിയായി കിടക്കരുത്. അത്രയും മതി.”

പത്ത് മണിയായിരുന്നു സമയം. ഇപ്പോൾ പക്ഷേ ഒരു മണിയായി. വകുപ്പ് മേധാവി എന്‍റെ നേരെയാണ് ചാടിക്കളിക്കുന്നത്. മുഖ്യാതിഥിയെ അദ്ദേഹം ഊണു കഴിക്കാനായി കൊണ്ടു പോയിരിക്കുകയാണ്. ഇനി ഡോ. ആശിഷ് മടങ്ങി വന്ന് പ്രഭാഷണം പൂർത്തിയാക്കുമോ എന്തോ?” നികിലേഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

കോമഡി സ്‌റ്റാർ ഉടനെ എത്താമെന്ന് അറിയിച്ചു. പരിപാടി അവതരിപ്പിക്കാൻ കോമഡി സ്‌റ്റാർ എത്തുന്നതറിഞ്ഞ് നേരത്തെ ഹാളിലെത്താൻ വിസമ്മതിച്ച കുട്ടികൾ വരെ ഇടിച്ചു കയറി. എസ്‌എംഎസ് ലഭിച്ചതോടെ കുട്ടികൾ ഹാളിലേയ്‌ക്ക് ഒഴുകി.

വകുപ്പ് മേധാവിയുമായി കൂടിയാലോചിച്ച ശേഷം സംഘാടകർ ഒരു തീരുമാനത്തിലെത്തി. ആദ്യം കോമഡി പരിപാടി നടത്താം. അപ്പോൾ കുട്ടികൾക്ക് ബോറടിയില്ല. അതിനു ശേഷം മുഖ്യാതിഥിയെ പ്രഭാഷണത്തിനായി ക്ഷണിക്കാം.

മുഖ്യാതിഥി ഇതറിഞ്ഞപ്പോൾ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു. “നോക്കൂ, ഞാനിവിടെ ബഹിരാകാശവുമായി ബന്ധപ്പെട്ട ശാസ്‌ത്രവിഷയം അവതരിപ്പിക്കാനാണ് വന്നത്. അല്ലാതെ നിങ്ങളുടെ വളുപ്പ് കോമഡി ആസ്വദിക്കാനല്ല. നിങ്ങളുടെ കുട്ടികൾക്ക് ഈ ശാസ്‌ത്ര വിഷയത്തിൽ താൽപര്യമില്ലെങ്കിൽ നിങ്ങൾ ആദ്യമേ ആലോചിക്കേണ്ടതായിരുന്നു.” അദ്ദേഹം വകുപ്പ് മേധാവിയോട് ഉച്ചത്തിലാണ് സംസാരിച്ചത്.

വകുപ്പ് മേധാവി ഡോ. ലാൽ നികിലേഷിനേയും കൂട്ടുകാരേയും കണ്ണുരുട്ടി നോക്കിയ ശേഷം മുഖ്യാതിഥി ഡോ. ആശിഷിന്‍റെ കൈ പിടിച്ചു കാണ്ട് മൃദുസ്വരത്തിൽ പറഞ്ഞു.

“ഇന്ന് സംഭവിച്ച കാര്യങ്ങൾക്ക് ഞാൻ അങ്ങയുടെ മുന്നിൽ ലജ്‌ജ കൊണ്ട് തല കുനിക്കുകയാണ്. എന്നോട് ക്ഷമിക്കണം. ഒരു വീഴ്‌ച പറ്റിയതാണ്…”

“ഡോ. ലാൽ, ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ എന്‍റെ സങ്കടം പറഞ്ഞുവെന്നേയുള്ളൂ, എനിക്ക് ഇന്ന് രണ്ട് സ്‌ഥലത്ത് പ്രഭാഷണം നടത്താനുള്ള ക്ഷണം ഉണ്ടായിരുന്നു. പക്ഷേ ഞാൻ യുവാക്കളെ പ്രോത്‌സാഹിപ്പിക്കാം എന്നു കരുതിയാണ് ഇവിടെ പങ്കെടുക്കാമെന്ന് ഏറ്റത്.”

“പക്ഷേ എന്‍റെ കണക്ക് കൂട്ടലുകൾ തെറ്റി. ചെറുപ്പക്കാർക്ക് ശാസ്‌ത്ര വിഷയത്തിൽ യാതൊരു താൽപ്യവുമില്ല. നമുക്ക് സ്‌ക്കൂൾ തലം മുതൽ കുട്ടികളിൽ ശാസ്‌ത്ര താൽപര്യം ജനിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങളാണ് വേണ്ടത്”

“സാറ് പറഞ്ഞത് ശരിയാണ്. നമ്മുടെ രാഷ്‌ട്രത്തിന്‍റെ ഭാവി തന്നെ യുവാക്കളായ ശാസ്‌ത്രജ്‌ഞരുടെ കൈയിലാണ്. സാറ് പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. സാറിന്‍റെ നിരീക്ഷണം വളരെ ശരിയാണ്” വകുപ്പ് മേധാവി പറഞ്ഞു.

“എനിക്ക് അഞ്ചു മണിയുടെ ഫ്‌ളൈറ്റിനാണ് പോകേണ്ടത്. ഇവിടെ നിന്ന് ഒരു മണിക്കൂർ എയർപോർട്ടിലേക്ക് വേണ്ടി വരും” ഡോ. ആശിഷ് പറഞ്ഞു.

“സാറ് പേടിക്കണ്ട. അതിനുള്ള സംവിധാനം ഒരുക്കാം” ഡോ. ലാൽ പറഞ്ഞു.

കോമഡി സ്‌റ്റാർ തന്‍റെ പരിപാടി തുടങ്ങിയതും ഹാളിൽ എല്ലാവരും തലയറിഞ്ഞു ചിരിച്ചു. നല്ല അച്ചടക്കമുള്ള സദസായിരുന്നു അത്. ഡോ. ലാൽ മുഖ്യാതിഥിയോടൊപ്പം സദസിൽ ഇരുന്നു. ഇരിവരും കുട്ടികൾക്കൊപ്പം പരിപാടി നന്നായി ആസ്വദിച്ചു. മുഖ്യാതിഥി ഇടയ്‌ക്കിടയ്‌ക്ക് വാച്ചിൽ നോക്കിക്കൊണ്ടിരുന്നു.

കോമഡി ഷോ തുടങ്ങി അര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഡോ.ലാൽ ഒരു അനൗൺസ്‌മെന്‍റ് നടത്തി. “മുഖ്യാതിഥിയും പ്രമുഖ ബഹിരാകാശ ശാസ്‌ത്രജ്‌ഞനുമായ ഡോ.ആശിഷ് സാറിന്‍റെ പ്രഭാഷണമാണ് അടുത്തത്! കോമഡി ഷോയുടെ ബാക്കി ഭാഗം പ്രഭാഷണ ശേഷം നടത്തുന്നതായിരിക്കും.”

ഉടനെ തന്നെ പ്രൊജക്‌ടറും കസേരകളും വേദിയിൽ സജ്‌ജമാക്കി. ഡോ. ലാൽ സ്‌നേഹപൂർവ്വം ഡോ. ആശിഷിനെ വേദിയിലേക്ക് ആനയിച്ചു. ഈ ഔപചാരികമായ കാര്യങ്ങൾ നടക്കുമ്പോൾ വിദ്യാർത്ഥികൾ ക്ഷമ നശിച്ചു ഇരിക്കുകയായിരുന്നു. കുറെ അധികം കുട്ടികൾ ഹാളിന്‍റെ പുറക് വശത്തെ വാതിലിലൂടെ പുറത്ത് കടന്നു.

നികിലേഷും കുട്ടുകാരും ഇതുകണ്ട് പരിഭ്രാന്തരായി. ഇനി എന്തു ചെയ്യും. അവർ ഉടനെ മുൻവശത്തെ വാതിൽ പോയി അടച്ചു. എന്നിട്ട് പുറക് വശത്തെ വാതിലിനരികിൽ പോയി നിന്നു. അതിനാൽ ഹാളിൽ നിന്ന് കുട്ടികളുടെ ഒഴുക്ക് തടയാനായി സാധിച്ചു. പക്ഷേ ഇതൊന്നും കുട്ടികളുടെ അടുത്ത് ചിലവാകുമായിരുന്നില്ല. അവർ മുൻവശത്തെ വാതിൽ തുറന്ന് പോകാൻ ഒരുങ്ങിയപ്പോൾ നികിലേഷും കൂട്ടുകാരും തടുത്തു. അത് സംഘർഷത്തിനു വഴി വച്ചു.

ഇതുകണ്ട് കൊണ്ട് വന്ന ഡോ. ലാൽ ആരെയും ബലം പ്രയോഗിച്ച് ഹാളിൽ ഇരുത്താൻ ശ്രമിക്കരുതെന്ന് നികിലേഷിന് ഉത്തരവു നൽകി. എല്ലാവരും അതോടെ ഹാളിലെ കസേരകളിൽ വന്നിരുന്നു. പ്രഭാഷണം ശ്രദ്ധിച്ചു.

ഡോ. ആശിഷ് പ്രഭാഷണം അവസാനിപ്പിക്കുമ്പോൾ ഹാളിൽ കഷ്‌ടിച്ച് അമ്പത് പേരെ ഉണ്ടായിരുന്നുള്ളൂ. അതിൽ പലരും ഉറങ്ങുകയോ പാതിമയക്കത്തിലോ ആയിരുന്നു. വിശ്രമിക്കാനാണ് പലരും അവിടെ ഇരുന്നത് തന്നെ. അല്ലാതെ പ്രഭാഷണം ശ്രദ്ധിക്കാനല്ല.

ഡോ. ആശിഷ് അര മണിക്കൂർ ഗംഭീര പ്രസംഗമാണ് നടത്തിയത്. തന്‍റെ ഉദ്ധരണികൾ ഹാളിന്‍റെ നാലു ചുമരുകളിൽ തട്ടി തിരിച്ചു വരികയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പ്രഭാഷണം അവസാനിച്ചതോടെ ഹാളിൽ അദ്‌ഭുതാവഹമായ കരഘോഷം മുഴങ്ങി. തന്‍റെ പ്രസംഗത്തിന്‍റെ മികവിനാണോ അതോ എത്രയും പെട്ടെന്ന് പ്രസംഗം അവസാനിപ്പിച്ചതിനാണോ കൈയടി എന്ന് ഡോ. ആശിഷിന് പിടികിട്ടിയില്ല. കാര്യം എന്തായാലും ഡോ.ആശിഷ് സന്തുഷ്‌ടനായിരുന്നു. കാരണം ഡോ. രാജാറാം അനുസ്‌മരണ പ്രഭാഷണം നടത്താൻ കഴിഞ്ഞല്ലോ. അല്ലെങ്കിൽ ആ മഹാനായ ശാസ്‌ത്രജ്‌ഞനോടുള്ള അനാദരവ് ആയേനെ അത്. അദ്ദേഹം വേഗം തന്‍റെ ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും കാറിൽ എടുത്തു വച്ചു. സംഘാടകർ അദ്ദേഹത്തെ യാത്രയാക്കി.

തിരിച്ച് ഹാളിലെത്തിയ അവർ അദ്‌ഭുതപ്പെട്ടു പോയി. വീണ്ടും കുട്ടികൾ കസേരകളിൽ വന്ന് നിറയുന്നു! ടൗൺ ഹാൾ നിറഞ്ഞു. അവിടെ ശബ്‌ദ മുഖരിതമായി. വകുപ്പ് ‌മേധാവിയും മറ്റ് സംഘാടകരും ഹാളിൽ ഒരിടത്ത് ഇരുന്നു.

കോമഡി സ്‌റ്റാർ സ്‌റ്റേജിലെത്തി. കുട്ടികൾ കരഘോഷം മുഴക്കി. ആ ആരവങ്ങൾക്കിടയിലും ഡോ. ലാൽ, ശാസ്‌ത്രത്തിന്‍റെ ഭാവി വാഗ്‌ദാനങ്ങളായ കുട്ടികളെക്കുറിച്ച് വേവലാതിപ്പെട്ടു. അയാൾ അസ്വസ്‌ഥനായി ഹാൾ വിടാനൊരുങ്ങിയപ്പോൾ നികിലേഷ് പിറകെ വന്നു. സാറിന് വഴിയൊരുക്കി കൊടുത്തു.

“സർ എന്താണ് പ്രശ്നം?” അവൻ ചോദിച്ചു.

ഡോ.ലാൽ ഒന്നു ഇരുത്തി മൂളിക്കൊണ്ട് മനസ്സിൽ പറഞ്ഞു. “ഈ ലോകം ഒരു കോമഡി ഷോ ആണ്.”

വിശുദ്ധയുടെ കാമുകൻ

പ്രണയത്തിന്‍റെ നനുത്ത സുഗന്ധം പരക്കുന്ന മനോഹരമായ ആ കിടപ്പുമുറിയിൽ സംഗീത മനോജിനെ നെഞ്ചിടിപ്പോടെ കാത്തിരുന്നു. ഇങ്ങനെയൊരു സുന്ദരമായ ദിവസം ജീവിതത്തിൽ എന്നെങ്കിലുമുണ്ടാവുമെന്ന് അന്നൊരിക്കലും നിനച്ചിരുന്നതല്ല. അവളൊരിക്കലും വിവാഹത്തിന് തയ്യാറല്ലായിരുന്നു. അല്ലെങ്കിലും എങ്ങനെ തയ്യാറാവാനാ? അവൾക്കുണ്ടായ ആ ദുരന്തം എപ്പോഴും ഉമിത്തീപോലെ അവളെ എരിച്ചടക്കുകയായിരുന്നുവല്ലോ.

ഒരു വർഷം മുമ്പ് നടന്ന ആ ദുരന്തത്തിന്‍റെ നടുക്കുന്ന ആ ഓർമ്മ അവളുടെ മനസ്സിനെ നുറുക്കി തകർത്തുകൊണ്ടിരുന്നു. ചുട്ടുപൊള്ളുന്ന ഒരു വെള്ളിയാഴ്‌ച ഉച്ചനേരത്ത് കോളേജിൽ നിന്നും ക്ലാസും കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു യാദൃച്ഛികമായി ഒരു കാർ അവൾക്കരികിൽ വന്ന് നിന്നത്.

ഞൊടിയിട നേരം കൊണ്ട് കാറിന്‍റെ പിൻ വാതിൽ തുറക്കപ്പെട്ടു. അതിലൂടെ നീണ്ടുവന്ന ബലിഷ്‌ഠങ്ങളായ കരങ്ങൾ അവളെ ബലമായി കാറിനകത്ത് വലിച്ചിട്ടു. പിന്നീട്… എല്ലാം ഒരു പുകമറ പോലെ….

ബോധത്തിന്‍റെയും അബോധത്തിന്‍റെയും ഇടവേളയിലെപ്പോഴോ അവൾ ഒരു ഞെട്ടലോടെ ആ സത്യം അറിഞ്ഞു. ചതഞ്ഞരയ്‌ക്കപ്പെട്ട പൂവ് പോലെ… നിസംഗയായി അവൾ വിജനതയിൽ അലഞ്ഞു നടന്നു. ഒടുവിൽ ജീവച്‌ഛമായി അവൾ വീടണഞ്ഞപ്പോൾ അമ്മ അവളെ നെഞ്ചോട് ചേർത്ത് കരഞ്ഞുകൊണ്ടിരുന്നു. ആ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നു നിൽക്കും. മരവിച്ച മനസ്സോടെ അവൾ ഓരോ ദിനവും തള്ളിനീക്കിക്കൊണ്ടിരുന്നു.

സർക്കാരുദ്യോഗസ്‌ഥനായ സോമരാജന്‍റെയും വീട്ടമ്മയായ വനജയുടെയും ഏകമകൾ. അപമാനഭീതി മൂലം മകൾക്കുണ്ടായ ദുരന്തത്തെപ്പറ്റി പോലീസിൽ പരാതി നൽകാൻ അവർ ആഗ്രഹിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി ഭീകരമായ ആ ഓർമ്മയിൽ നിന്നും മകളെ മോചിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു സോമരാജനും വനജയും.

വനജ തന്നെക്കൊണ്ട് ആവുന്നതും പറഞ്ഞ് അവളെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എങ്കിലും തന്‍റെ ജീവിതം തകർത്ത ആ ഓർമ്മയിൽ നിന്നും അവൾക്ക് മോചനം നേടാനാവുമായിരുന്നില്ല. മാത്രവുമല്ല മാധ്യമങ്ങളിലും മറ്റും ഇത്തരം വാർത്തകൾ വരുന്നത് പതിവായതിനാൽ ആ കറുത്ത ദിവസത്തിന്‍റെ ഓർമ്മ ഉണങ്ങാത്ത മുറിവായി അവളുടെ മനസ്സിൽ നീറ്റലായി മാറിക്കൊണ്ടിരുന്നു.

ചാനലുകളിലും പത്രങ്ങളിലും വരുന്ന ബലാത്സംഗ വാർത്ത അവളുടെ മനസ്സിൽ ആവർത്തിച്ചാവർത്തിച്ച് മുറിപ്പാടുകൾ വീഴ്‌ത്തിക്കൊണ്ടിരുന്നു. ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ… ഹൃദയം നുറുങ്ങി രക്‌തമൊലിപ്പിച്ചു കൊണ്ടിരുന്നു. അവൾ പല തവണയായി അതേ മരണം വരിച്ചു കൊണ്ടിരുന്നു. എങ്കിലും കാലം എല്ലാ മുറിവുകൾക്കുമുള്ള സിദ്ധൗഷധമാണല്ലോ. സമയം കടന്നു പോകവേ എല്ലാം സാധാരണ നിലയിലായിക്കൊണ്ടിരുന്നു.

ബി.കോം കഴിഞ്ഞയുടനെ സംഗീതയ്‌ക്ക് നല്ലൊരു വിവാഹലോചന വന്നു. സോമരാജന്‍റെ സഹപ്രവർത്തകനായ ശേഖരന്‍റെ ഏകമകൻ മനോജായിരുന്നു വരൻ. സംഗീതയുടെ വാടിയ മുഖം കണ്ട് അമ്മ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “മോള് അക്കാര്യമങ്ങ് മറക്കണം. അത് ആരോടും നീ പറയരുത്. മനോജിനോട് ഒരിക്കലും നീയത് പറയരുത്. സ്‌ത്രീയുടെ മനസ്സുപോലെ അത്ര വിശാലമല്ല പുരുഷ മനസ്സ്. വളരെ സങ്കീർണ്ണമാണത്. ഭാര്യയുമായി ബന്ധപ്പെട്ട അപ്രിയങ്ങളായ കാര്യങ്ങൾ അവർക്ക് മറക്കാനും പൊറുക്കാനും കഴിയില്ല.”

ഒരിക്കൽ മനോജിനും സംഗീതയ്‌ക്കും പരസ്‌പരം കാണാനുള്ള അവസരമുണ്ടായി. ആകർഷകവും സൗമ്യവുമായ വ്യക്‌തിത്വം അവരെ പരസ്‌പരം കൂടുതൽ ആകർഷിക്കുകയാണ് ഉണ്ടായത്. അന്നവർ കുറേനേരം സംസാരിച്ചു.

ഒരു ദിവസം സംസാരമദ്ധ്യേ സംഗീത തനിക്കുണ്ടായ ദുരന്തത്തെക്കുറിച്ച് മനോജിനോട് പറഞ്ഞു. “വലിയൊരു കളവ് മറച്ചുപിടിച്ചുകൊണ്ട് പുതിയൊരു ജീവിതം തുടങ്ങാൻ എനിക്കാവില്ല. എനിക്ക് നിങ്ങളെ വഞ്ചിക്കാനാവില്ല” സംഗീത ഒരു തേങ്ങിക്കരച്ചിലോടെ പറഞ്ഞു.

അവളുടെ സത്യസന്ധമായ പെരുമാറ്റം മനോജിന് വളരെയേറെ ഇഷ്‌ടപ്പെട്ടു.

എല്ലാം മറക്കണമെന്ന് പറഞ്ഞ് മനോജ് അവളെ സമാധാനിപ്പിച്ചപ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കിവച്ച ആശ്വാസത്തിൽ കണ്ണീരണിഞ്ഞ കണ്ണുകളിൽ ചിരിപടർന്നു. വലിയൊരു ചിന്താഭാരത്തിൽ നിന്നും മനോജ് തന്നെ ഉയർത്തിയെടുത്തതു പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയത്. അതിനുശേഷം വിവാഹം സമംഗളമായി നടന്നു.

മുറിയിലെത്തിയ മനോജ് നവവധുവായ സംഗീതയ്‌ക്കരികിൽ വന്നിരുന്നു. വലിയൊരു പുഞ്ചിരിയോടെ അയാൾ അവളുടെ കണ്ണുകളിൽ തന്നെ ഏറെ നേരം നോക്കിയിരുന്നു. അയാളുടെ കണ്ണുകളിൽ പ്രണയത്തിന്‍റെ അലകൾ ഉയരുന്നത് അവൾ തിരിച്ചറിഞ്ഞു. ആ അലകളിൽ അലിഞ്ഞു ചേരാൻ അവളുടെ മനസ്സ് കൊതിച്ചു കൊണ്ടിരുന്നു.

മനോജ് അവളെ നെഞ്ചോടു ചേർത്തുപിടിച്ച് കൈകളിൽ തഴുകി കൊണ്ടിരുന്നു. അയാളുടെ ചൂട് ശ്വാസനിശ്വാസങ്ങൾ അവളുടെ ശരീരത്തെ ഇക്കിളിപ്പെടുത്തി. പൊടുന്നനെ… എല്ലാം ശാന്തമായതുപോലെ… സംഗീതയെ ചുറ്റിവരഞ്ഞ കൈകൾ പെട്ടെന്ന് അയഞ്ഞു. കടലിൽ ഇരമ്പിയാർത്ത ഉയർന്ന തിരമാലകൾ തീരമണയാതെ മടങ്ങിയതുപോലെ. അവളുടെ മനസ്സ് നിരാശയിലീണ്ടു. സംഗീത ഒരു നിമിഷം മനോജിനെ പകച്ചുനോക്കി.

മനോജിന്‍റെ തളർന്ന മുഖം കണ്ട് അവൾ വിഷമത്തോടെ ചോദിച്ചു, “എന്തു പറ്റി? സുഖമില്ലേ?”

“ഒന്നുമില്ല. ഞാൻ കുറച്ച് കഴിഞ്ഞ് വരാം. നീ കിടന്നോ” മനോജ് നിരാശാഭാവത്തിൽ മുറിവിട്ടിറങ്ങി. ആശയക്കുഴപ്പത്തിലായ സംഗീത എന്തോ ആലോചിച്ച് എപ്പോഴോ ഉറങ്ങിപ്പോയി.

വിവാഹത്തിനെത്തിയ ഏതാനും ബന്ധുക്കളും പിറ്റേന്നും വീട്ടിലുണ്ടായിരുന്നു. പകൽ എല്ലാം സാധാരണ ഗതിയിൽ നടന്നു. രാത്രിയിൽ മനോജ് അവൾക്കരികിൽ വന്നിരുന്നുവെങ്കിലും പൊടുന്നനെ നിശ്ശബ്‌ദനായി. അയാൾ കിടക്കയുടെ ഒരു വശം പറ്റി കിടന്നുറങ്ങി. 3-4 രാത്രികൾ ഇതേമട്ടിൽ കഴിഞ്ഞതോടെ മനോജിന്‍റെ പെരുമാറ്റത്തിൽ എന്തോ പന്തികേടുള്ളതായി സംഗീതയ്‌ക്ക് തോന്നിത്തുടങ്ങി.

മനോജിന്‍റെ അകൽച്ച അവളെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു. സംഗീത മനോജിന്‍റെ മനസ്സിലിരുപ്പറിയാൻ ശ്രമിച്ചു. “എന്‍റെ കൈയിൽ നിന്നും എന്തെങ്കിലും തെറ്റുപറ്റിയോ?”

“ഇല്ല സംഗീതേ, നീയൊരു തെറ്റും ചെയ്‌തിട്ടില്ല. നീ നിഷ്കളങ്കയാണ്. പക്ഷേ എനിക്ക്.. എന്‍റെ മനസ്സ്.. ഞാനെന്ത് ചെയ്യാനാ… നിന്‍റെ അടുത്ത് വരുമ്പോഴൊക്കെ എന്തോ എന്നെ പിന്തിരിപ്പിക്കുന്നതുപോലെ. ഞാനാണ് തെറ്റുകാരൻ. ഞാനൊരു സാധാരണ മനുഷ്യനല്ലേ. നിന്നെ മറ്റൊരു പുരുഷൻ സ്‌പർശിച്ചതല്ലേ. എത്ര ശ്രമിച്ചിട്ടും എനിക്കത് മറക്കാനാവുന്നില്ല, മറക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ നിന്‍റെയടുത്ത് വരുമ്പോഴൊക്കെ…”

മനോജിന്‍റെ മുഖത്തേക്ക് നോക്കി സംഗീത പകച്ചിരുന്നു. ഹൃദയമിടിപ്പ് നിലച്ചതുപോലെ. ശരീരത്തിലെ മുഴുവൻ ശക്‌തിയും ചോർന്നുപോയി. അവളപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഓർത്തു.

അമ്മ പറഞ്ഞതെത്ര ശരിയാണ്. ഒരു സ്‌ത്രീയ്‌ക്ക് ഭർത്താവിന്‍റെ സ്‌നേഹം നേടി അയാളുടെ എല്ലാ തെറ്റുകളേയും മറക്കാനും പൊറുക്കാനുമാവും. എന്നാൽ ഭർത്താവിനോ? ഭാര്യ നിഷ്‌കളങ്കയാണെന്ന് അറിഞ്ഞാലും സ്വന്തം സങ്കീർണ്ണമായ മാസികാവസ്‌ഥയെ അയാൾക്ക് മാറ്റാനാവില്ല. കാര്യങ്ങളെ വിശാലതയോടെ കാണാനും അയാൾക്കാവില്ല.

മനോജ് കുറ്റവാളിയെപ്പോലെ തലകുനിച്ചിരുന്നു. തൊണ്ടയിടറിയ ശബ്‌ദത്തോടെ സംഗീത പറഞ്ഞു, “മനോജിനെ കണ്ടപ്പോൾ എന്താണെന്നറിയില്ല എന്‍റെ വേദനകളെ മനസിലാക്കുന്ന ഒരാളാണെന്ന് എനിക്ക് തോന്നി. മനോജിന്‍റെ ആ വിശാലമനസ്‌കതയിൽ എന്‍റെ ജീവിതം എന്നുമെന്നും സുരക്ഷിതമായിരിക്കുമെന്ന് തോന്നി… പക്ഷേ…”

മനോജ് നിശ്ശബ്‌ദനായി മുറിവിട്ട് ഇറങ്ങി. തന്‍റെ ജീവിതം പെട്ടെന്ന് ഇരുട്ടിലാഴ്‌ന്നതുപോലെ… അവളുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു.

ബന്ധുക്കളെല്ലാവരും പിരിഞ്ഞുപോയതോടെ മനോജിന്‍റെ അച്‌ഛൻ ശേഖരനും അമ്മ മായാദേവിയും അവരവരുടെ ജോലികളിൽ മുഴുകി.

മായാദേവി അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായിരുന്നു. എൻജിഒ സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനങ്ങളിൽ മായാദേവി സജീവമായിരുന്നു. ശേഖരനും മായാദേവിക്കും സംഗീത സ്വന്തം മകളാണ്. സംഗീതയുടെ കുലീനമായ പെരുമാറ്റവും ലാളിത്യവും അവരെ അത്ര മാത്രമാണ് ആകർഷിച്ചത്. പക്ഷേ അവളുടെ മുഖത്ത് നിഴലിച്ചിരുന്ന വിഷാദഭാവം ധാരാളം ജീവിതാനുഭവങ്ങൾ കണ്ട് തഴമ്പിച്ച അവർക്ക് മുന്നിൽ മറച്ചുവയ്‌ക്കാന്‍ ആവുമായിരുന്നില്ല. അവൾ എന്തോ കടുത്ത മാനസിക വിഷമം അനുഭവിക്കുന്നുണ്ടെന്ന് അവർ മനസിലാക്കി.

സന്തോഷം അഭിനയിക്കാൻ സംഗീത സദാ പാടുപെട്ടുകൊണ്ടിരുന്നു. പക്ഷേ അമ്മയേയും അച്‌ഛനേയും കാണാനായി സ്വന്തം വീട്ടിലെത്തിയപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. വീട്ടിലെത്തിയ ഉടൻ അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു.

കെട്ടിനിറുത്തിയ കണ്ണീർ വലിയൊരു പുഴയായി ഒഴുകി. അവളുടെ മനസ്സിലെ വേദനയെ തൊട്ടറിഞ്ഞെന്നപോലെ അമ്മയ്ക്കും കരച്ചിലടക്കാനായില്ല. “മോളേ, ഒടുവിൽ നീയത്… വേണ്ടായിരുന്നു. നിനക്കറിയില്ലേ പുരുഷ കേന്ദ്രീകൃതമായ സമൂഹമാണ് നമ്മുടേത്. പുരുഷനാണ് തെറ്റ് ചെയ്യുന്നതെങ്കിലും സ്‌ത്രീയെയാണ് സമൂഹം കളങ്കപ്പെട്ടവളായി കാണുന്നത്… അവൾ തെറ്റുകാരിയല്ലെങ്കിലും കൂടി. നീ എന്തിനാ മോളേ…?”

സംഗീത ഏറെ നേരം അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. സംഗീതയുടെ അച്‌ഛൻ ഇതെല്ലാം കണ്ട് നിശ്ശബ്‌ദനായി ഇരുന്നു. അദ്ദേഹം ശേഖരനെ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും സംഗീത അദ്ദേഹത്തെ തടഞ്ഞു.

വീട്ടിൽ രണ്ട് ദിവസം താമസിച്ച ശേഷം സംഗീത മനോജിന്‍റെ വീട്ടിൽ മടങ്ങി വന്നു. മനോജ് സാധാരണ മട്ടിൽ അവളോട് പെരുമാറി. അവളോട് കളിചിരി തമാശകൾ പറഞ്ഞെങ്കിലും അവർക്കിടയിലെ വിടവ് വളരെ പ്രകടമായിരുന്നു.

ഒരു ദിവസം മായാദേവി സംഗീതയെ അടുത്ത് വിളിച്ചിരുത്തി സ്‌നേഹപൂർവ്വം കാര്യങ്ങൾ തിരക്കി. സങ്കടം സഹിക്കവയ്യാതെ വലിയൊരു പൊട്ടിക്കരച്ചിലോടെ തന്‍റെ ജീവിതത്തിലുണ്ടായ ആ സംഭവത്തെക്കുറിച്ച് അവൾ തുറന്നു പറഞ്ഞു. സംഭവമറിഞ്ഞ് മായാദേവി ദുഃഖിതയായി.

അൽപസമയം ഏതോ ചിന്തയിൽ മുഴുകിയിരുന്ന അവർ സംഗീതയെ ചേർത്തുപിടിച്ച് വാത്സല്യപൂർവ്വം തഴുകി. “മോളേ, ഇനി നീ വിഷമിക്കരുത്. റോഡിലൂടെ നടന്നുപോകുമ്പോൾ ഏതെങ്കിലും പേ പിടിച്ച നായ കടിച്ചാൽ നമ്മുടെ ശരീരം കളങ്കപ്പെടുമോ? അത്രയും നീ കരുതിയാൽ മതി. അത് നിന്‍റെ തെറ്റല്ലല്ലോ.. ഞാനിന്ന് തന്നെ മനോജിനോട് സംസാരിക്കുന്നുണ്ട് വിഷമിക്കാതിരിക്കൂ… ഇനി നീ കരയരുത്.”

നിന്‍റെ അമ്മയ്‌ക്ക് നേരിയ പനിയുണ്ടെന്ന് പറഞ്ഞിരുന്നു. മോള് ഒന്ന് വീട്ടിൽ പോയി വാ… അമ്മയ്‌ക്ക് അത് ആശ്വാസമാകും. നിനക്കും സന്തോഷമാകും.”

അന്നുച്ചയ്‌ക്ക് തന്നെ മായാദേവി സംഗീതയെ അവളുടെ വീട്ടിലേക്ക് അയച്ചു. അതിനു ശേഷം അവർ മനോജ് ഓഫീസിൽ നിന്നും വരുന്നതും കാത്തിരുന്നു. മനോജിന്‍റെ തളർന്ന മുഖം കണ്ടിട്ട് മായാദേവിയ്‌ക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി.

പക്ഷേ മനോജിന്‍റെയും സംഗീതയുടേയും ഈ ദുഃഖത്തെ എന്നന്നേക്കുമായി അവസാനിപ്പിച്ചല്ലേ പറ്റൂ. അവർ മനോജിന് കഴിക്കാൻ ചായയും പലഹാരവും ഡൈനിംഗ് ടേബിളിൽ എടുത്തുവച്ചു. മനോജ് ഡൈനിംഗ് ടേബിളിൽ അമ്മയ്‌ക്ക് അഭിമുഖമായി ഇരുന്നു.

മായാദേവി മനോജിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വിഷയത്തിലേക്ക് എത്താനായി ഓഫീസ് വിശേഷങ്ങൾ ആരാഞ്ഞ ശേഷം അവർ പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു. “മോനേ, സംഗീത നിന്നോട് സത്യാവസ്‌ഥ പറഞ്ഞതാണല്ലോ.. പിന്നെന്തുകൊണ്ടാ ഈ അകൽച്ച?

അമ്മയുടെ തുറന്നുള്ള ചോദ്യം കേട്ട് മനോജ് ആദ്യമൊന്ന് പതറിപ്പോയി.

“അമ്മേ, ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മറക്കാനാവുന്നില്ല” മനോജ് ശബ്‌ദമിടറിക്കൊണ്ട് പറഞ്ഞു.

മായാദേവിയുടെ മുഖം ഗൗരവഭാവം പൂണ്ടു. “അവൾ സത്യം പറഞ്ഞത് തെറ്റായി പോയെന്നല്ലേ അതിനർത്ഥം. സത്യത്തിൽ അവളത് നിന്നിൽ നിന്നും മറച്ചു വയ്‌ക്കേണ്ടതായിരുന്നു. അല്ലേ? അവൾക്ക് ഇങ്ങനെ സംഭവിച്ചില്ലായിരുന്നു എന്നിരിക്കട്ടെ, നിന്‍റെ പഴയ പ്രണയ ബന്ധങ്ങളറിഞ്ഞ് അവൾ നിന്നോട് ഇങ്ങനെ പെരുമാറിയാൽ നിനക്ക് വിഷമം തോന്നില്ലേ? സംഗീത എന്തു തെറ്റാണ് ചെയ്‌തത്?”

“നിന്നിലുള്ള വിശ്വാസവും സ്‌നേഹവും കാരണമാണ് ആ വേദനിപ്പിക്കുന്ന സത്യം നിന്നോട് അവൾ പങ്കുവച്ചത്. പക്ഷേ നീയവളെ എന്തു മാത്രമാണ് വേദനിപ്പിച്ചത്. അവൾക്കൊപ്പം നമ്മൾ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. ഞാനൊരു സ്‌ത്രീയാണ്, എനിക്കവളുടെ വേദന തിരിച്ചറിയാം” മായാദേവി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

“നീ എല്ലാം അറിഞ്ഞുകൊണ്ട് സന്തോഷത്തോടെ അവളെ അംഗീകരിച്ചിരുന്നുവെങ്കിൽ ഞാൻ നിന്നിൽ അഭിമാനം കൊള്ളുമായിരുന്നു. പക്ഷേ നിന്നെയോർത്ത് ഇപ്പോൾ ഞാൻ ലജ്‌ജിക്കുന്നു” മായാദേവി ഏറെ നേരം നിശ്ശബ്‌ദയായി ഇരുന്നു.

അമ്മയുടെ വാക്കുകൾ മനോജിന്‍റെ മനസ്സിൽ വീണ കറയെ കഴുകിക്കളഞ്ഞു. പിറ്റേന്ന് വൈകുന്നേരത്തോടെ സംഗീത മടങ്ങിയെത്തി. സംഗീതയെ കണ്ടപ്പോൾ മായാദേവിയ്‌ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

“മോളെ, നീ ഇത്രപെട്ടെന്ന് മടങ്ങി പോന്നോ?”

“അമ്മയ്‌ക്ക് കുഴപ്പമൊന്നുമില്ല. പനി നല്ല കുറവുണ്ട്. നാളെ വീണ്ടും ചെല്ലാം” അവൾ തെളിഞ്ഞ മുഖത്തോടെ പുഞ്ചിരിച്ചു. ഇതിനിടെ ഓഫീസിൽ നിന്നും മടങ്ങി വന്ന മനോജ് വസ്‌ത്രം മാറി മുറിയിൽ നിന്നുമിറങ്ങി വരുന്നതുകണ്ട് സംഗീത അയാളെ നോക്കി.

“മനോജ് വന്നതേയുള്ളോ? ഞാൻ ചായ എടുക്കട്ടെ?”

മനോജ് പുഞ്ചിരിയോടെ തലയാട്ടി. സംഗീത തിടുക്കപ്പെട്ട് നേരെ അടുക്കളയിലേക്ക് നടന്നു. പിന്നാലെ മനോജും. മനോജ് അടുക്കളയിലേക്ക് പോകുന്നതുകണ്ട് മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞ ആശ്വാസത്തിൽ മായാദേവി പുഞ്ചിരിയോടെ ടിവി ഓൺ ചെയ്‌തു.

കാൽ പെരുമാറ്റം കേട്ട് സംഗീത തിരിഞ്ഞുനോക്കി. മനോജ് വലിയൊരു ചിരിയോടെ അവളെ കൈകൾക്കുള്ളിൽ ചേർത്തു നിർത്തി. “സോറി… ഒരായിരം സോറി… ഞാൻ നിന്നെ ഒത്തിരി വേദനിപ്പിച്ചു” അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു. ഇത്രയും ദിവസം കെട്ടിനിർത്തിയ വേദന കണ്ണീർ ചാലുകളായി. വിശുദ്ധയുടെ കണ്ണുനീരിൽ അയാൾ അവളുടെ ഇണപിരിയാത്ത നിത്യകാമുകനായി.

ച്യൂയിംഗം ഫാമിലി പായ്‌ക്ക് ഉണ്ടോ?

മാസാവസാനമായിരുന്നു. ശമ്പളം കിട്ടിയതിന്‍റെ അവശിഷ്‌ടങ്ങൾ മാത്രമേ പോക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ. പത്രത്തോടൊപ്പം വന്ന പരസ്യക്കടലാസിൽ മാളിലെ ഓഫർ വെണ്ടയ്‌ക്കാ അക്ഷരത്തിൽ കണ്ട ശ്രീമതി എന്നെ ഇരുത്തി പൊറുപ്പിക്കുന്നുണ്ടായിരുന്നില്ല. അവസാനം വലിയ തർക്കത്തിനു നിൽക്കാതെ ഞാൻ ശ്രീമതിയോടൊപ്പം നഗരത്തിലെ മാളിലെത്തി. അവിടെ ട്രോളി ഉന്തലാണ് എന്‍റെ ജോലി. എനിക്കാണെങ്കിൽ ലൈസൻസുമില്ല! അത്യാവശ്യകാര്യം ഉണ്ടെങ്കിൽ നിത്യകൂലിയ്‌ക്ക് ഡ്രൈവറെ വിളിച്ച് കാർ എടുക്കും (ഞാൻ മനഃപൂർവ്വം ഡ്രൈവിംഗ് പഠിക്കാത്തതാണ്. ഇല്ലെങ്കിൽ നിത്യവും ഞാൻ ശ്രീമതിയേയും കൊണ്ട് ചുറ്റാൻ പോകേണ്ടി വരും. വെറുതെ ഡ്രൈവർ പണി എടുക്കണോ) മാളിൽ നല്ല തിരക്കായിരുന്നു. അതിനാൽ ട്രോളി ഉന്തുവാൻ വലിയ പ്രയാസം നേരിട്ടു. ഇങ്ങുവാ മനുഷ്യാ… എന്ന് ഉറക്കെ പറഞ്ഞ് ശ്രീമതി കഴിയുന്ന വണ്ണം എന്നെ നാറ്റിക്കുന്നുണ്ടായിരുന്നു. മാളല്ലേ എന്ന് വിചാരിച്ചാണ് ഞാൻ ക്ഷമിച്ചത്. വീട്ടിലായിരുന്നുവെങ്കിൽ അവൾ മുഖം ചുവപ്പിക്കുമ്പോഴേക്കും ഞാൻ കരഞ്ഞേനെ!

ശ്രീമതി ഒരു ട്രോളി മുഴുവൻ സാധനങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്. അതെല്ലാം വലിച്ച് ഞാൻ തളർന്നു. ബിൽ കൗണ്ടറിലും വലിയ തിരക്കായിരുന്നു. കാർഡ് എടുത്തിട്ടില്ലെ മനുഷ്യാ… ഭാര്യ ഉറക്കെ ചോദിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. ഇനി ഞാൻ ക്യൂവിൽ നിന്ന് പേമന്‍റ് നടത്തുന്നതുവരെ അവൾ കാറിലിരിക്കും. എന്‍റെ ഒരു യോഗം.

ഇനി നിങ്ങൾക്ക് വല്ലതും വേണോ മനുഷ്യാ… അവൾ മടങ്ങി വന്ന് വെളുത്ത പല്ല് കാട്ടി ചിരിച്ചു. ആ സമയത്തെ ഭാര്യയുടെ ചിരിയും നിൽപ്പും കാണാൻ ഒരു ചന്തമൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേൾക്കുന്നവർക്ക് ഒരു കാര്യം മനസ്സിലാവും. ഞാൻ വീട്ടിലെ എലിയും അവൾ വീട്ടിലെ പുലിയും ആണെന്ന്. കാരണം മറ്റൊന്നുമല്ല ഒരു ബഹുമാനമില്ലാതെയല്ലേ അവൾ ഉച്ചത്തിൽ സംസാരിക്കുക.

“കാര്യമായിട്ടൊന്നുമില്ല… അടുത്തുള്ള ഡിപ്പാർട്ടുമെന്‍റ് സ്‌റ്റോറിൽ നിന്ന് കുറച്ച് സാധനങ്ങൾ… നീ കാറിൽ ഇരുന്നോ” ഞാൻ മറുപടി നൽകി. ക്യൂവിൽ എന്‍റെ തൊട്ട് മുന്നിലുണ്ടായിരുന്ന സുന്ദരിയെ മുട്ടാതെ നിന്നു. അറിയാതെ തട്ടിപ്പോയാലും മാനം പോകുന്ന കാലമാണ്.

“ചോക്‌ളേറ്റ് വാങ്ങാനുണ്ട്… സ്‌റ്റോറിലെ ഏതു സെക്ഷനിലാണ് ലഭിക്കുക?” എൻക്വയറി കൗണ്ടറിലെ കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന സുന്ദരിയോട് ഞാൻ ചോദിച്ചു.

“ചോക്‌ളേറ്റ് ഔട്ട് ഓഫ് സ്‌റ്റോക്കാണ്. അമേരിക്കൻ മേഡ് ച്യൂയിംഗം തീർന്നിരിക്കുകയാണ്… ഫസ്‌റ്റ് ഫ്‌ളോറിലെ കൗണ്ടർ നമ്പർ 16ൽ ഒന്നു കൺഫോം ചെയ്‌തോളൂ.” ആ മാന്യ വനിത ചിരിച്ചുകൊണ്ട് പറഞ്ഞു.

“ച്യൂയിംഗത്തിനായി അഡ്വാൻസ് ബുക്കിംഗ് ചെയ്യേണ്ടി വരും” ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ച 16-ാം കൗണ്ടറിലെ ചെറുപ്പക്കാരി പറഞ്ഞു. അവളുടെ ഓവറായ മേക്കപ്പും ഓവറായ സംസാരവും എനിക്ക് ഇഷ്‌ടപ്പെട്ടില്ല.”

“ച്യൂയിംഗത്തിനും അഡ്വാൻസ് ബുക്കിംഗോ?”

അഡ്വാൻസ് ബുക്കിംഗ് ഫോമിൽ വയസ്സ് ചോദിക്കുന്ന കോളവുമുണ്ട്. സ്‌റ്റോക്ക് എത്തിയാൽ വിളിച്ചു പറയാനുള്ള ഫോൺ നമ്പറും നൽകണം. ഒരു മിഠായി വാങ്ങാനുള്ള ഗതികേട് നോക്കണേ.

“ഗോരി തേരി പ്രീത് മേ” എന്ന ഹിന്ദി ചിത്രത്തിന്‍റെ ട്രേയിലർ ഹിറ്റായതോടെയാണ് ച്യൂയിംഗത്തിന് ഡിമാന്‍റ് കൂടിയത്. ച്യൂയിംഗം… എന്ന പാട്ടും ഹിറ്റായ തോടെ ചെറുപ്പക്കാർ മാത്രമല്ല ഉള്ളിൽ പ്രണയം കൊണ്ട് നടക്കുന്ന എല്ലാവരും തന്നെ ചവയ്‌ക്കാൻ തുടങ്ങിയിരിക്കുന്നു… സുന്ദരി കൗണ്ടറിലിരുന്ന് ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് സർക്കാർ ച്യൂയിംഗം ഇറക്കുമതി ചെയ്യാത്തതെന്നാണ് അവിടെ നിന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞത്. അതുകേട്ട് കൗണ്ടറിലെ സുന്ദരി ഇങ്ങനെ പറഞ്ഞു. “ഇപ്പോൾ അതിന് എന്തു സാധാനവും കരിഞ്ചന്തയിൽ കിട്ടുമല്ലോ. നിയമങ്ങൾ എല്ലാം വെറുതെയാണ്.”

“ച്യൂയിംഗത്തിനും കരിഞ്ചന്തയോ?” ഞാൻ വാ പൊളിച്ച് അവരുടെ സംസാരം കേട്ട് കൊണ്ടിരുന്നു. പിന്നെ മറ്റൊന്നും നോക്കാതെ ഓർഡർ ഫോം പൂരിപ്പിച്ചു കൊടുത്തു.

“കുറച്ച് പ്രധാനപ്പെട്ട സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു.” ഭാര്യ കാറിൽ ക്ഷമ നശിച്ചിരിക്കുന്നതു കൊണ്ട് ഞാൻ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. “ച്യൂയിംഗത്തിന് അഡ്വാൻസ് ബുക്കിംഗ് ചെയ്യാൻ ഏറെ സമയം എടുത്തു. സോറി…”

“ഹേ മനുഷ്യാ… എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലെ.. ഇങ്ങേർക്ക് മർക്കറ്റിനെപ്പറ്റി ഒന്നും അറിയില്ല.”

ഇതു കേട്ട് ഡ്രൈവർ അടക്കിചിരിച്ചത് ഞാൻ കണ്ടു.

“അവനെ അടുത്ത പ്രാവശ്യം വിളിക്കരുത്, ഇത്ര അഹങ്കാരം പാടില്ല.”

ശ്രീമതി മുഖം ചുളിച്ച് കൊണ്ട് പാരീസിൽ നിന്ന് വരുത്തിയ പേഴ്‌സിൽ നിന്ന് വിദേശ നിർമ്മിത ച്യൂയിംഗത്തിന്‍റെ വലിയ പാക്കറ്റു പുറത്തെടുത്തു!

ഭാര്യ ടിവിയിൽ ഒരു പാട്ട് സീൻ വന്നപ്പോൾ എന്നെ അലറി വിളിച്ചു. ഒരു ച്യൂയിംഗം പാട്ട്…

ആ പാട്ട് സീൻ കാണുമ്പോൾ ശ്രീമതിയും ച്യൂയിംഗം ചവയ്‌ക്കുന്നുണ്ടായിരുന്നു. സ്‌നേഹത്തോടെ എനിക്കും തന്നു ഒരെണ്ണം. ആ സ്‌നേഹത്തിന്‍റെ ദൗർബല്യത്തിൽ ഞാൻ ഒരു ഓഫർ കൊടുത്തു. ച്യൂയിംഗം ഓർഡർ വന്നാലും ഇല്ലെങ്കിലും ആ സിനിമ കാണാൻ മൾട്ടി പ്ലക്‌സിൽ കൊണ്ടു പോകാം. മാത്രമല്ല അന്ന് തന്നെ ഭാര്യയ്‌ക്ക് ഇഷ്‌ടപ്പെട്ട റസ്‌റ്റോറന്‍റിൽ നിന്ന് ഭക്ഷണവും ആവാം. ഇതൊന്നും പോരാഞ്ഞ് വാലൻന്‍റൈൻ ഡേയിൽ ഒരു ഡയമണ്ട് മോതിരവും ഞാൻ ഓഫർ ചെയ്‌തു!

ഇത് കേട്ടതും വീട് മുഴുവൻ അതിഗംഭീരമായ വെളിച്ചം നിറഞ്ഞു. ശ്രീമതിയുടെ കണ്ണ് ഉരുണ്ടു വലുതായതാണ്!

ഈയിടെയായി ഞങ്ങൾ രണ്ടാൾക്കും പല്ലിന്‍റെ പ്രശ്നങ്ങൾ ഉണ്ട്. അധികം തണുത്തതും ചൂടുള്ളതുമൊന്നും കഴിക്കാനാവുന്നില്ല. ഞാൻ ദന്ത സംരക്ഷണത്തെക്കുറിച്ച് അറിയാനായി ഗൂഗിൾ സർച്ച് ചെയ്‌തു. ച്യൂയിംഗം ചവയ്‌ക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ച് എനിക്ക് അറിവ് കിട്ടി. ഷുഗർ ഫ്രീ ച്യൂയിംഗത്തിൽ ജയ്‌ലി ടോൽ സ്വീറ്റ്‌നറിന്‍റെ പാളി ഉണ്ടാവും. ച്യൂയിംഗം ചവയ്‌ക്കുമ്പോൾ പല്ലിൽ കാവിറ്റി പ്ലാക്‌സ് ഉണ്ടാവില്ല. ജയ്‌ലി ടോൽ പല്ലിൽ സൃഷ്‌ടിക്കപ്പെടുന്ന ബാക്‌ടീരിയകളെ തുരത്തുന്നു.

വായിൽ ഉമിനീര് ഉൽപാദനം കൂടുകയും പല്ലിനെ ഇനാമൽ സംരക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തിൽ ഏറ്റവും ഉറപ്പുള്ളത് പല്ലിന്‍റെ ഇനാമൽ ആണ്. വായനാറ്റം അകറ്റാനും ച്യൂയിംഗം ചവയ്‌ക്കുന്നത് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടത്രേ.

പല്ലിന്‍റെ പ്രശ്നങ്ങൾ അകറ്റാൻ ഞങ്ങൾ ച്യൂയിംഗം വാങ്ങുന്നത് ശീലമാക്കി. ഞങ്ങളുടെ പല്ലിന്‍റെ പ്രശ്നങ്ങൾ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഭാര്യ അതു കാരണം ഇപ്പോൾ ആടിനെപ്പോലെയാണ്. സദാ ചവച്ചു കൊണ്ടിരിക്കും! അതുകൊണ്ട് ഒരു ഗുണം ഉണ്ട്. അവൾ എന്നെ ചീത്ത പറയാൻ അധികം വായ തുറക്കാറില്ല. ച്യൂയിംഗം കണ്ടുപിടിച്ചവന് സ്‌തുതി.

അടുത്ത ദിവസം ഞാൻ മാളിലെത്തി. ഓർഡർ വാങ്ങുമ്പോൾ ചോദിച്ചു.

“ച്യൂയിംഗം ഫാമിലി പായ്‌ക്ക് ഉണ്ടോ?”

ഇടവഴിയിൽ ഒരു പൂവ്

എല്ലാവരും അമ്പരന്നു നിൽക്കുകയാണ്. അവൻ അമ്മയോട് ഇങ്ങനെ തട്ടിക്കയറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. “ഡോക്‌ടർ ചെറിയാൻ ഇവിടെ വരുന്നത് എനിക്ക് ഇഷ്‌ടമല്ല. എന്തിനാ അയാളെ വീട്ടിലേയ്‌ക്ക് ക്ഷണിക്കുന്നത്?” ലിജു ജോൺ പൊട്ടിത്തെറിച്ചു.

“മോനേ, അദ്ദേഹം നിന്നോട് വളരെ സ്‌നേഹത്തോടെയാണല്ലോ പെരുമാറുന്നേ… പിന്നെ എന്തിനാ നീ ഡോക്‌ടറെ ഇങ്ങനെ വെറുക്കുന്നേ?” നിഷാ തന്‍റെ മകനോട് ഇടറിയ സ്വരത്തിൽ പറഞ്ഞു.

“ഡോക്‌ടറുടെ സ്‌നേഹം വെറും പ്രകടനം മാത്രമാണ്. അതുകൊണ്ടു തന്നെ അയാള് കാണിക്കുന്ന ആത്മാർത്ഥത എനിക്കിഷ്‌ടമല്ല.” ലിജുവിന് കലിയടങ്ങിയിരുന്നില്ല.

“നിന്‍റെ ചിന്ത ശരിയല്ല, ഞാനും ലിസി വല്യമ്മച്ചിയും അങ്ങനെ വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. നീ കുറേ കൂടി പക്വത കാണിക്കണം. വീട്ടിൽ വരുന്ന വരെ ബഹുമാനിക്കാൻ പഠിക്കണം.” അവർക്ക് മകനോട് തർക്കിക്കേണ്ടി വന്നതിൽ വിഷമമുണ്ടായിരുന്നു. പക്ഷേ ഡോക്‌ടറോടുള്ള സ്‌നേഹവും ബഹുമാനവും കാരണം അവർക്ക് പ്രതികരിക്കാതിരിക്കാനായില്ല.

“വീട്ടിൽ വരുന്നവരെ ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല. പക്ഷേ ഡോക്‌ടറുടെ കാര്യം വേറെയാണ്. എനിക്ക് അയാളെ ഇഷ്‌ടമല്ല.”

“അദ്ദേഹത്തോട് എന്താണ് നിനക്കിത്ര ദേഷ്യം? അദ്ദേഹം എന്ത് ചെയ്‌തൂന്നാ?” നിഷ വികാരാധീനയായി.

“എന്‍റെ പപ്പയുടെ സ്‌നേഹം കൈക്കലാക്കുക എന്നതാണ് അയാളുടെ മനസ്സിലിരുപ്പ്. അത് എനിക്ക് സഹിക്കാനൊക്കില്ല. അംഗീകരിക്കാനും” അവന്‍റെ മുഖം ചുവന്നു.

“മമ്മി എന്‍റെ സുഖവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ ബന്ധത്തിൽ നിന്നും പിന്മാറണം. ഇനി ഡോക്‌ടറെ കൂടിയേ തീരൂ എന്നാണെങ്കിൽ ഈ മകനെയങ്ങു മറന്നോ… എന്‍റെ പപ്പയുടെ സ്‌ഥാനത്ത് എനിക്ക് അയാളെ സങ്കൽപിക്കാനാവില്ല.” ഒരു വെടിക്കെട്ടപകടം നടന്ന അന്തരീക്ഷം പോലെ നിശ്ശബ്‌ദമായിപ്പോയി ആ വീട്.

അവരുടെ കണ്ണു നിറഞ്ഞു. ലിജു മമ്മിയെ അവഗണിച്ചുകൊണ്ട് പുറത്തേയ്‌ക്ക് ഇറങ്ങിപ്പോയി. ബൈക്കിന്‍റെ ശബ്‌ദം നേർത്തു നേർത്ത് അകന്നു പോയി.

ബന്ധങ്ങൾ എത്ര വേഗമാണ് അകന്നു പോകുന്നത്. ലിജു വീട്ടിൽ നിന്നിറങ്ങി പോകുന്നതു കണ്ട് അവന്‍റെ വല്യമ്മച്ചി നിഷയെ ആശ്വസിപ്പിച്ചു. നിഷയ്‌ക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെയെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവരാണ്. ലിജുവിന്‍റെ പെരുമാറ്റം അവരെയും വിഷമിപ്പിച്ചിരുന്നു.

നിഷ ചേച്ചി ലിസിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. രക്‌തബന്ധവും സ്‌നേഹ ബന്ധവും നൽകുന്ന വേദന അവരുടെ ജീവിതത്തെ വല്ലാതെ തളർത്തിയിരുന്നു. ഒന്നും തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്‌ഥ. ഞാൻ ഇത്രയും കാലം ജീവിച്ചത് അവന്‍റെ സന്തോഷത്തിനായിരുന്നില്ലേ. “അവന്‍റെ വളർച്ച കാണാനായിരുന്നില്ലേ… എന്നിട്ടും കേട്ടില്ലേ ചേച്ചി അവനെന്നെ തള്ളിപ്പറഞ്ഞത്..” അവർ കുട്ടികളെപ്പോലെ ഓരോന്നും പറഞ്ഞ് തേങ്ങിക്കൊണ്ടിരുന്നു.

ഈ ചെറുക്കനെ എനിക്ക് പിടി കിട്ടുന്നില്ല. അവനിതെന്തിനാ കുടുംബത്തിലെ സമാധാനം കളയുന്ന രീതിയിൽ പെരുമാറുന്നതെന്ന് മനസ്സിലാവുന്നില്ല. എന്താണവന് ഡോക്‌ടറോടിത്ര ദേഷ്യം? ലിസി വിചാരിച്ചു.

“മറ്റെന്നാൾ ഡോക്‌ടറെ ഡിന്നറിന്നു ക്ഷണിച്ചിട്ടുണ്ട്. ലിജു അന്നേരം രംഗം വഷളാക്കിയാൽ പിന്നെ എന്‍റെ വാക്കിനെന്താണൊരു വില? അദ്ദേഹം അപമാനിതനായാൽ പിന്നെ ഞാനുണ്ടാവില്ല.” നിഷയുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പുറത്തു വന്നു. ചേച്ചി അതിന് മറുപടിയൊന്നും പറയാതെ അവളെ തലോടുക മാത്രം ചെയ്‌തു.

ഡോക്‌ടർക്ക് നിഷയെ പരിചയപ്പെടുത്തിക്കൊടുത്തതും ലിസിയായിരുന്നു. ഭർത്താവിന്‍റെ മരണശേഷമുള്ള നിഷയുടെ ഒറ്റപ്പെടൽ ഒന്നു മാറട്ടെ എന്നു കരുതിത്തന്നെയാണ് ലിസി അവരെ തമ്മിലടുപ്പിച്ചത്. ഡോക്‌ടർക്കും നിഷയെ സ്വന്തമാക്കണമെന്ന് ആദ്യം കണ്ടപ്പോൾത്തന്നെ തോന്നി. അയാൾ ആ കാര്യം ലിസിയോട് പറയുകയും ചെയ്‌തു. കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടുമ്പോഴല്ലെ ഒരു ജീവിതം മണക്കുക. ലിസി അത്തരമൊരു പ്രകൃതി നിയമത്തിന് നിമിത്തമായി എന്നു മാത്രം. പക്ഷേ ലിജു… മമ്മി മറ്റൊരാളുടേതാവുന്നത് അവന് സങ്കൽപിക്കാൻ പോലുമാവില്ല.

ലിജു മോന് 12 വയസ്സുള്ളപ്പോഴാണ് അവന്‍റെ പപ്പ മരണപ്പെട്ടത്. ഒരു റോഡപകടം. ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങൾ കാറ്റിൽപ്പറത്തിയ ആ കറുത്ത വൈകുന്നേരത്തിനു ശേഷം ജീവിതം പിന്നെയും മുന്നോട്ടുപോയി. നിഷയ്‌ക്ക് സർക്കാർ ജോലിയുണ്ടായിരുന്നു. നല്ല പോസ്‌റ്റ്. ജീവിതത്തിൽ വലിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ നിഷ ഭർത്താവിന്‍റെ ഓർമ്മകളിൽ ജീവിച്ചു. മകനു വേണ്ടി.. അവന് നല്ല വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും നൽകാനായി നിഷ തന്‍റെ ജീവിത സുഖങ്ങൾ മാറ്റിവച്ചു.

ലിജു കോളേജിൽ പോയിത്തുടങ്ങി. ഇപ്പോൾ അവന് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. വീട്ടിൽ വൈകിയെത്തുന്നു. മമ്മിയോട് മിണ്ടാൻ പോലും അവന് സമയമില്ല. മമ്മിയുടെ ഒറ്റപ്പെടൽ അവൻ അറിയുന്നില്ല.

ഡോക്‌ടർ ചെറിയാന്‍റെ ഭാര്യ മൂന്നു വർഷങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. ക്യാൻസറായിരുന്നു, ഡോക്‌ടറുടെ രണ്ടു പെൺമക്കളും ഹോസ്‌റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഡോക്‌ടർ ഇടയ്‌ക്കിടയ്‌ക്ക് അവരെ കാണാൻ പോകാറുണ്ട്. നിഷയെപ്പോലെ തന്നെ മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനായിരുന്നു ഡോ. ചെറിയാനും.

നിഷ ഡോക്‌ടർക്ക് ഫോൺ ചെയ്യാറുണ്ട്. അവർ പുറത്തുവച്ച് കണ്ടുമുട്ടാറുണ്ട്. പ്രണയം പങ്കിടുന്ന നിമിഷങ്ങൾ… അവരുടെ ജീവിതത്തിന്‍റെ ശ്യൂനതയിലേക്ക് സ്‌നേഹം ഒഴുകി വന്നപ്പോൾ രണ്ടുപേർക്കും അത് നിരസിക്കാനായില്ല.

ആദ്യമൊക്കെ ലിജുവിന് ഡോ. ചെറിയാനെ ഇഷ്‌ടമായിരുന്നു. അവൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഡോക്‌ടർ ചെറിയാൻ മമ്മിയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച വിവരം അവനറിഞ്ഞത് രണ്ടുമാസം മുമ്പാണ്. അവന്‍റെ മനസ്സിൽ ഉണ്ടായിരുന്ന ഡോക്‌ടറുടെ വിഗ്രഹം അന്ന് ഉടഞ്ഞു. അവന് അവരുടെ സ്‌നേഹം അംഗീകരിക്കാനായില്ല. വെറുപ്പ്.. പിന്നെ പക…

ഇനിയൊരിക്കലും ഡോക്‌ടറെ കാണരുതെന്ന് അവൻ മമ്മിയെ വിലക്കി. ആ ബന്ധം ശരിയാവില്ലെന്ന് അവൻ കൂടെക്കൂടെ ഒച്ചവച്ചു.

അവനെ പറഞ്ഞു മനസ്സിലാക്കാൻ ലിസി വല്യമ്മച്ചി കിണഞ്ഞു ശ്രമിച്ചു. പക്ഷേ, എന്തു ഫലം! അവന്‍റെ മാനസികാവസ്‌ഥ മറ്റൊന്നായിരുന്നു. മമ്മിയുടെ സ്‌നേഹം മറ്റൊരാൾ ഷെയർ ചെയ്യുന്നത് സഹിക്കാനാവുമായിരുന്നില്ല അവന്. വീട്ടിൽ ഇതേച്ചൊല്ലി കലഹം പതിവായി, സ്‌നേഹബന്ധങ്ങൾ പൊട്ടിച്ചിതറാൻ സ്‌നേഹം തന്നെ കാരണമാകുന്നത് എത്ര വിചിത്രമാണ്!

ലിജു നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല. നിഷയെ ഇതെല്ലാം ഏറെ വേദനിപ്പിച്ചിരുന്നു. അവന്‍റെ ആരോഗ്യം ദിവസം ചെല്ലുന്തോറും മോശമായി. ഡ്രസ്സിംഗിൽ പോലും ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു.

മകന്‍റെ ഭാവി. നിഷയ്‌ക്ക് അതാണ് ആധി. മമ്മിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ലിജു ജീവിതത്തിൽ ഇന്നേവരെ കടന്നുപോയിട്ടില്ലാത്ത ഒരു മാനസികാവസ്‌ഥയിലായിരുന്നു. ആ അവസ്‌ഥയിൽ പുറത്ത് നടക്കുന്നതൊന്നും അവനറിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഹൃദയഹാരിയായ ഒരു വിളി അവനെ പിടിച്ചു നിർത്തുകതന്നെ ചെയ്‌തു. തന്നെ ലിജൂ എന്ന് മധുരമായി നീട്ടി വിളിച്ചത് ആരാണ്? അവൻ തിരിഞ്ഞു നോക്കി.

സുന്ദരിയായ ശിൽപാ കല്ലുങ്കൽ! സഹപാഠി. ലിജുവിന്‍റെ ഫ്‌ളാറ്റിന്‍റെ എതിർവശമുള്ള റോഡ് ക്രോസ് ചെയ്‌താൽ കാണുന്ന ഫ്‌ളാറ്റിലാണ് താമസം. ഇങ്ങോട്ട് മാറിയത് അടുത്ത ദിവസങ്ങളിലാണ്. പാഠ പുസ്‌തകത്തിന്‍റെ സംശയങ്ങൾ അവൾ പലപ്പോഴും ലിജുവിനോടാണ് ചോദിക്കാറുള്ളത്. ഇനി അതിനു കൂടുതൽ സൗകര്യമായി. രണ്ടാളും അടുത്തടുത്താണല്ലോ താമസിക്കുന്നത്. അവൾ വായാടിയാണ്. ഓരോന്ന് ലിജുവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു. അവന് ഒന്നും പറയേണ്ടി വന്നില്ല. അതിനുള്ള മൂഡും ഉണ്ടായിരുന്നില്ല. എങ്കിലും ഐസ്‌ക്രീം കഴിച്ചാണ് അന്ന് ഇരുവരും പിരിഞ്ഞത്. ഒരു ദിവസം ശിൽപ പറഞ്ഞു. “എനിക്ക് രസതന്ത്രത്തിൽ ചില സംശയങ്ങളുണ്ട്. അതൊന്ന് തീർത്തു തരണം.”

“ഇന്ന് പറ്റില്ല, നാളെ വരാം. അടുത്ത ദിവസം ലിജു ശിൽപയുടെ ഫ്‌ളാറ്റിലെത്തി. ഇതായിരുന്നു തുടക്കം. ലിജു അവളുടെ ഫ്‌ളാറ്റിൽ പോകുന്നത് പതിവാക്കി. അവന്‍റെ മനസ്സിൽ ശിൽപയുടെ സാന്നിധ്യം കുളിരു നിറച്ചു. വീട്ടിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്നുള്ള ആശ്വാസമായി അവൻ ശിൽപയുടെ സാന്നിധ്യത്തെ കാണാൻ തുടങ്ങി.

ശിൽപയുടെ അച്‌ഛനും അമ്മയും സർക്കാർ ജോലിക്കാരായിരുന്നു. ഉച്ചയ്‌ക്ക് ശിൽപയുടെ അനുജൻ വീട്ടിലുണ്ടാവും. അവൻ എപ്പോഴും കമ്പ്യൂട്ടറിന്‍റെ മുന്നിലാണ്. പഠനവും കളിയുമായി അവൻ ആർക്കും ശല്യമില്ലാതെ കഴിഞ്ഞു കൂടും. ആ മുറിയിൽ ഇരുന്നു തന്നെയാണ് ലിജു ശിൽപയ്‌ക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കാറ്. ഒരു ദിവസം ലിജുവിന്‍റെ ഉറക്കെയുള്ള പഠിപ്പിക്കലിൽ ദേഷ്യപ്പെട്ട് ശിൽപയുടെ അനിയൻ മുറിവിട്ടുപോയി.

ഇപ്പോൾ അവർ മാത്രമായി. രണ്ടു ഹൃദയങ്ങൾ കാതോർത്തിരിക്കുമ്പോഴാണല്ലോ ദൈവം പണി പറ്റിക്കുക. അതുതന്നെ സംഭവിച്ചു. ഇരുവർക്കും ഒരു നിമിഷം പോലും കാണാതിരിക്കാനാകുന്നില്ല. എപ്പോഴും സംസാരിച്ചിരിക്കാൻ തോന്നുന്ന അവസ്‌ഥ. പഠനത്തിന്‍റെ ഏകാഗ്രത കുറഞ്ഞു. ഹൃദയം പ്രണയഭരിതമായി. ഒരു മുറിയിൽ ഇരു ഹൃദയങ്ങൾ സ്വപ്‌നങ്ങൾ നെയ്‌തു.

“ശിൽപാ, ഇനി ഒരു പത്തു മിനിട്ട് ബ്രേക്ക്. എന്തോ ഒരു മൂഡ് കിട്ടുന്നില്ല പറഞ്ഞു തരാൻ.” അവൻ പുസ്‌തകം മടക്കി വച്ചു.

“അതിനെന്താ ഞാൻ ഒരു ചായ ഇട്ടു തരാം. അപ്പോഴേക്കും ഒന്നു റിലാക്‌സ് ചെയ്യ്.” ശിൽപ അടുക്കളയിലേക്ക് നടന്നു പോകുന്നത് ലിജു നോക്കി നിന്നു.

എന്തൊരു ഭംഗിയാണവളുടെ നടത്ത ത്തിന്! അവൻ മിഴിയെടുക്കാതെ അവളുടെ അഴകളവ് നോക്കി നിന്നു. അടുക്കളയിൽ പാത്രങ്ങൾ കലപില കൂട്ടുന്ന ശബ്‌ദം. ലിജു അടുക്കളയിലേയ്‌ക്ക് നടന്നു. അവളുടെ കാൽപാദം തൊട്ട അതേ പ്രതലത്തിൽ കാൽവച്ച് ലിജു അവളുടെ അടുത്തെത്തി.

“ചായ ആയോ?”

അവൾ പഞ്ചസാര ഇട്ടശേഷം ഒരു കപ്പ് ചായ ലിജുവിന് നീട്ടി.

“ഇനി മധുരം വേണോ?”

“ചായയിൽ വേണ്ട.” ലിജു ഒരു കാമുകനായി. അവൾ ഒരു നുള്ളു പഞ്ചസാരയെടുത്ത് അവന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു.

“നിനക്ക് എന്നെ ഇഷ്‌ടമാണോ?”

ലിജു ചോദിച്ചു.

“എനിക്ക് ഇയാളുടെ സ്‌നേഹം ഇഷ്‌ടമാണ്. പക്ഷേ, കോപം ഇഷ്‌ടമല്ല.”

ഇരുവരും ചിരിച്ചു. അന്ന് അവരുടെ ചായ സൽക്കാരം അവസാനിച്ചത് ഒരു ദീർഘ ചുംബനത്തിലാണ്.

ജീവിതത്തിലെ ആദ്യ ചുംബനത്തിന്‍റെ ബലത്തിൽ അവർ വേർപിരിയാൻ കഴിയാത്ത വിധം പ്രണയത്തിലായി. സുന്ദരിയായ ശിൽപയുടെ സ്‌നേഹം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ലിജു വളരെ തരളിതനായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം അതിഥിയായി വീട്ടിലെത്തിയ ഡോക്‌ടറോട് ലിജു ദേഷ്യമൊന്നും പ്രകടിപ്പിച്ചില്ല. അന്നു വൈകുന്നേരം വീട്ടിലെത്തിയതു മുതൽ അവൻ വിമുഖനായിരുന്നു. മുറിയടച്ച് ഒരേ ഇരുപ്പ്.

മമ്മിയോടും വല്യമ്മച്ചിയോടും വഴക്കിനൊന്നും അവൻ മുതിർന്നില്ല. ഡോക്‌ടർ വീട്ടിൽ വന്നതറിഞ്ഞിട്ടും അവൻ അടുത്തേയ്‌ക്കു വന്നില്ല. മുറിയിൽ തന്നെ എന്തൊക്കെയോ ആലോചിച്ചു കിടന്നു. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചത് ഡോക്‌ടർക്കൊപ്പമായിരുന്നു. പക്ഷേ, ലിജു മാത്രം ഭക്ഷണം കഴിക്കാൻ വന്നില്ല. മകന് നല്ല സുഖമില്ലെന്നു പറഞ്ഞ് നിഷ ഒഴിഞ്ഞു മാറി. ഡോക്‌ടർക്ക് അവനെ കാണണം എന്നുണ്ടായിരുന്നുവെങ്കിലും നിഷ വിലക്കി.

“ലിജുവിന് എന്നെ ഇഷ്‌ടമല്ലെന്ന് എനിക്കറിയാം. ഞാൻ ഇവിടെ വരുന്നതും നിഷയെ കാണുന്നതും അവന് വെറുപ്പാണ്. ഇപ്പോൾ എന്നെ ഒഴിവാക്കാൻ അവൻ മുറിയിൽ അടച്ചിരിപ്പാണ്. പക്ഷേ, നാളെ നമ്മുടെ കല്യാണം കഴിഞ്ഞാൽ അവൻ എന്തു ചെയ്യും?” ഡോക്‌ടർ തന്‍റെ ആശങ്ക പ്രകടിപ്പിച്ചു.

“നിങ്ങൾ കല്യാണ തീയതി ഉറപ്പിച്ചോളൂ. തുടക്കത്തിൽ അവൻ എന്‍റെയൊപ്പം നിന്നോട്ടെ. പിന്നെ സാവധാനം ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.” ചേച്ചി ഇങ്ങനെ പറഞ്ഞെങ്കിലും നിഷയുടെ ആധി കൂടിയതേയുള്ളൂ.

“ഞാനവന്‍റെ ഭാവിയെക്കുറിച്ച് ബോധവാനാണ്. പക്ഷേ അവൻ എന്നെ മനസ്സിലാക്കുന്നില്ല. ഇനി… അവനെ ഹോസ്‌റ്റലിൽ ചേർത്താൽ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകുമോ നിഷാ?” ഡോക്‌ടർ അഭിപ്രായം ആരാഞ്ഞു.

“വേണ്ട, ഈ അവസ്‌ഥയിൽ അവനെ ഹോസ്‌റ്റലിലാക്കണ്ട. അവനാകെ തകർന്നു പോകും. ഞാൻ വിവാഹം കഴിക്കുന്നതാണ് അവന്‍റെ പ്രശ്നം. വീടു വിട്ടു താമസിക്കേണ്ടി വരുകയും ചെയ്‌താൽ അവന്‍റെ ഭാവി തന്നെ അപകടത്തിലാവും.” നിഷയുടെ കണ്ണുകൾ നിറഞ്ഞു.

“ഇനി എന്താ ചെയ്യുക?” ഡോക്‌ടർക്കും ഒരുത്തരം കണ്ടെത്താനായില്ല.

ഡിന്നറിനു ശേഷം ഡോക്‌ടർ ഇറങ്ങി. നിഷയും ചേച്ചിയും ആശങ്കയിലായിരുന്നു. ഈ കുട്ടിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? പ്രായത്തിന്‍റെ വാശിയെ സ്‌നേഹ ബുദ്ധികൊണ്ട് ഉപദേശിച്ചാൽ മാറ്റിയെടുക്കാനാവില്ലല്ലോ എന്ന് വല്യമ്മച്ചി സങ്കടപ്പെട്ടു. വീട്ടിലേയ്‌ക്ക് ഡ്രൈവ് ചെയ്‌തു പോകുമ്പോൾ ഡോക്‌ടറുടെ മനസ്സും ആകെ കലുഷമായിരുന്നു.

ശിൽപയോടെപ്പം സമയം ചെലവിടുമ്പോൾ ലിജു വളരെ സന്തുഷ്‌ടനായിരുന്നു. സ്വന്തം വീട്ടിലിരിക്കുമ്പോഴാണ് അവന് സ്വയം വെറുപ്പ് തോന്നുക. അവൾ അടുത്തുണ്ടാവുമ്പോൾ അവൻ തന്‍റെ ജീവിതത്തെ ഏറെ സ്‌നേഹിക്കുന്നു.

മമ്മി തന്നെക്കുറിച്ച് ചിന്തിക്കുന്നേയില്ലല്ലോ. ഡോക്‌ടറുമായുള്ള ബന്ധം മമ്മിയുടെ സ്വാർത്ഥതയിൽ നിന്നുണ്ടായതാണെന്ന് അവൻ വിശ്വസിച്ചു. തന്‍റെ പപ്പയോടുള്ള വിശ്വാസ വഞ്ചനയാണ് മമ്മി കാണിക്കുന്നതെന്ന തോന്നലായിരുന്നു ലിജുവിന്.

ഡോക്‌ടർ ജീവിതത്തിലേയ്‌ക്ക് വന്നാൽ തന്‍റെ ഒറ്റപ്പെടൽ മാറുമെന്ന ചിന്തയായിരുന്നു നിഷയുടേത്. പക്ഷേ, മകനെ പിണക്കിക്കൊണ്ട് അവർക്കതിന് സാധിക്കുമായിരുന്നില്ല, തന്‍റെ ഭാവിയേക്കാൾ വലുത് മകന്‍റെ ഭാവിയാണെന്ന് അവർ വിശ്വസിച്ചു. മകനെ സങ്കടപ്പെടുത്തിയിട്ടുള്ള യാതൊരു സന്തോഷവും തനിക്കു വേണ്ടെന്ന് നിഷ തീരുമാനിച്ചു. ഡോക്‌ടറുടെ ഹൃദയത്തിൽ നിന്ന് ഞാൻ അകലുകയാണെന്ന് നിഷയ്‌ക്കു തോന്നി.

ഒരു ദിവസം നിഷയുടെ കൂട്ടുകാരി അഖില ഫ്‌ളാറ്റിൽ വന്നു. എന്തോ ഗൗരവമായ കാര്യം പറയാനാണ് അവർ വന്നത്. ചായ കുടിച്ചതിനു ശേഷം മടിച്ച് മടിച്ച് പറഞ്ഞു തുടങ്ങി.

“നിഷേ, ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം തോന്നരുത്. എന്‍റെ ഫ്‌ളാറ്റിനടുത്തു താമസിക്കുന്ന ശിൽപയുമായി നിന്‍റെ മോൻ അടുപ്പത്തിലാണ്, അവൻ എപ്പോഴും അവളുടെ ഫ്‌ളാറ്റിൽ വരാറുണ്ട്. ആദ്യം എനിക്കും സംശയമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, ഞാനിപ്പോൾ ഇതു നിന്നോട് പറഞ്ഞില്ലെങ്കിൽ പിന്നെ കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം?” അവർ സ്വയം പറഞ്ഞു.

തന്‍റെ മകന് എന്തുപറ്റിയെന്ന് നിഷ സങ്കടപ്പെട്ടു. എന്തു നല്ല സ്വഭാവമായിരുന്നു അവന്. എന്നോടുള്ള വാശി തീർക്കാനാണോ അവനി കുഴപ്പങ്ങളിൽ ചെന്നു ചാടുന്നത്. എന്നോട് എന്തിനാണിങ്ങനെ പ്രതിഷേധിക്കുന്നത്. ഞാൻ അവന്‍റെ മമ്മിയല്ലേ…

അന്നും ലിജു വളരെ വൈകിയാണ് വീട്ടിൽ വന്നത്. നിഷ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മമ്മി വീട്ടിൽ ഒറ്റയ്‌ക്കാണെന്ന ചിന്തയൊന്നും ലിജുവിനുണ്ടായിരുന്നില്ല. അവൻ നിഷേധിയുടെ സ്വഭാവം കാട്ടിത്തുടങ്ങിയിരുന്നു.

ലിജു കോളേജ് വിട്ടാൽ നേരെ പോകുന്നത് ശിൽപയുടെ ഫ്‌ളാറ്റിലേക്കാണ്. പക്ഷേ അവന്‍റെ മമ്മി വിചാരിച്ചത് അവൻ വീട്ടിലേക്ക് വരുന്നത് കോളേജിൽ നിന്നാണെന്നായിരുന്നു. ഈ കാര്യം പറഞ്ഞ് നിഷ അഖിലയുമായി തർക്കിക്കുക വരെ ചെയ്‌തു.

“അവൻ ക്ലാസ്സ് കട്ടു ചെയ്‌തും ശിൽപയുടെ ഫ്‌ളാറ്റിൽ എത്താറുണ്ട്. നിനക്ക് വിശ്വാസമായില്ലെങ്കിൽ നാളെ എന്‍റെ വീട്ടിൽ വന്നാൽ മതി. കാര്യങ്ങൾ നേരിട്ട് ബോധ്യമാകുമല്ലോ?” അഖില പറഞ്ഞു.

നിഷ അന്നു രാത്രി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു. ഞെട്ടലോടെയാണ് ലിജുവിന്‍റെ വല്യമ്മച്ചി ഇതു കേട്ടത്. ഈ പയ്യനിതെന്തുപറ്റി? എല്ലാവരുടേയും സ്വപ്‌നമായിരുന്നു അവന്‍റെ നല്ല ജീവിതം. അത് സ്വയം ഇല്ലാതാക്കുന്നു!

അടുത്ത ദിവസം രാവിലെ തന്നെ വല്യമ്മച്ചി വീട്ടിലെത്തി. അഖില പറഞ്ഞ കാര്യങ്ങളെല്ലാം നിഷ ചേച്ചിയോട് വിശദമായി പറഞ്ഞു.

“നീ പ്രശ്നമാക്കണ്ട, എല്ലാം നമുക്ക് പരിഹരിക്കാം.” അവർ നിഷയെ ആശ്വസിപ്പിച്ചു.

“അഖില പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ. എന്തായാലും അവൻ പോകുന്നതും വരുന്നതും ഞാൻ നിരീക്ഷിച്ചോളാം. ഇപ്പോൾ അവനോട് ഒന്നും ചോദിക്കണ്ട.” ചേച്ചി നിഷയെ ഉപദേശിച്ചു.

അടുത്ത ദിവസങ്ങളിൽ ലിജു ക്ലാസ്സ് കട്ട് ചെയ്‌ത് ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് വല്യമ്മച്ചി കാണുന്നുണ്ടായിരുന്നു.

ലിജു പതിവു പോലെ ക്ലാസ് വിട്ടെത്തുന്ന സമയത്തുതന്നെ വീട്ടിലെത്തി. നിഷ അവന്‍റെ വരവും കാത്തിരിക്കുകയായിരുന്നു.

“നിന്‍റെ പഠിത്തമൊക്കെ എങ്ങനെ നടക്കുന്നു ലിജു?” വല്യമ്മച്ചി ഔപചാരികമായി സംസാരിക്കുന്നതു കേട്ട് അവന് ആശ്ചര്യമായി.

“നന്നായി നടക്കുന്നു വല്യമ്മച്ചി.”

“നീയേതായാലും ശരിക്കും ക്ഷീണിച്ചിട്ടുണ്ട്. പഠന ഭാരം കൂടിയതുകൊണ്ടായിരിക്കും” വല്യമ്മച്ചി പറഞ്ഞു.

“ശരിയാണ് വല്യമ്മച്ചി. ഇന്ന് എല്ലാ അവറും ക്ലാസ്സുണ്ടായിരുന്നു.”

“ഇന്ന് എത്ര നേരം ക്ലാസ്സുണ്ടായിരുന്നു?”

“നാലുമണിയ്‌ക്കാണ് ലാസ്‌റ്റ് ക്ലാസ്സ് കഴിഞ്ഞത്” ലിജു കള്ളം പറഞ്ഞു.

ഇതുകേട്ടപ്പോൾ നിഷ പൊട്ടിത്തെറിച്ചു. “നാണമില്ലേടാ നിനക്കിങ്ങനെ കള്ളം പറയാൻ. നീ ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് ഞങ്ങൾ കണ്ടതാണ്. നീ ഇടയ്‌ക്കിടയ്‌ക്ക് അവിടെ പോകുന്നത് ഒളിച്ചു വയ്‌ക്കുന്നതെന്തിനാ?”

ലിജു ഉത്തരമൊന്നും പറയാതെ കലി തുള്ളി.

“കാര്യങ്ങൾ അറിഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ പറയാം.” ലിജുവിന്‍റെ ശബ്‌ദം ഉച്ചത്തിലായി.

“ഞാൻ ശിൽപയെ പഠിപ്പിക്കാനാണ് അവിടെ പോകുന്നത്. അത് പറയാതിരുന്നത് നിങ്ങൾ അതിന് തടസ്സം നിൽക്കുമെന്നുള്ളതുകൊണ്ടാണ്. നിങ്ങളുടെ ഇടുങ്ങിയ മനസ്സ് എനിക്കറിയാം.” അവൻ ഒരു അന്യയോടെന്നപോലെ മമ്മിയോട് കയർത്തു.

“അവിടെ ആരുമില്ലാത്തപ്പോൾ നീ അവളുടെ വീട്ടിൽ പോകുന്നത് ഞാൻ സമ്മതിക്കില്ല. ഇപ്പോൾ തന്നെ നാട്ടിൽ എല്ലാം പാട്ടായല്ലോ.”

“നിങ്ങൾ രണ്ടാളും വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ. അവൾ എന്‍റെ നല്ല സുഹൃത്താണ്. അവളുടെ പഠന സംബന്ധമായ സംശയങ്ങൾ പറഞ്ഞു കൊടുക്കാൻ ഞാനവിടെ പോകുന്നത് സത്യമാണ്. നാട്ടുകാരുടെ വായ അടപ്പിക്കാൻ എനിക്കാവില്ല.” അവൻ സൗമ്യനായി.

“അവളുടെ വലയിൽപ്പെട്ട് നിന്‍റെ പഠനം ഉഴപ്പുകയേയൂള്ളൂ.”

“എന്‍റെ പഠനം ഉഴപ്പുകയൊന്നുമില്ല മമ്മി” ലിജു ശാന്തനായി മമ്മിയെ നോക്കി.

“നീയിനി അവളെ കാണരുത്” മമ്മി ശാസിച്ചു.

“എങ്കിൽ ഇനി ഞാൻ ആരേയും കാണുന്നില്ല” അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.

“എന്‍റെ ജീവിതം എന്താകണമെന്ന് ഞാൻ തീരുമാനിച്ചോളാം” അവൻ ദേഷ്യത്തോടെ അകത്തു കയറി വാതിലടച്ചു.

വല്യമ്മച്ചി എത്ര വിളിച്ചിട്ടും അവൻ വാതിൽ തുറന്നില്ല. അപമാനിതയായതുപോലെ നിഷ സോഫയിൽ ഇരുന്നു.

“നീ ഇങ്ങനെ കരഞ്ഞിരിക്കാതെ ഞാൻ ലിജുവുമായി സംസാരിക്കട്ടെ” അവർ നിഷയോടു പറഞ്ഞു.

വല്യമ്മച്ചി ലിജുവിനെ അനുനയിപ്പിച്ച് സംസാരിച്ചു തുടങ്ങി. “മോനേ, ഞാൻ നിന്നെ ഉപദേശിക്കുകയാണെന്ന് വിചാരിക്കരുത്. നിന്‍റെ നല്ല ഭാവിക്കു വേണ്ടിയാണ് മമ്മി കഷ്‌ടപ്പെടുന്നതു മുഴുവൻ. അത് മോൻ മനസ്സിലാക്കണം. അല്ലാതെ ദേഷ്യമുണ്ടായിട്ടല്ല. മമ്മിക്ക് മോനല്ലാതെ ആരാണുള്ളത്?”

“വല്യമ്മച്ചി, പെൺകുട്ടികളുമായി സൗഹൃദത്തിലാവുന്നത് തെറ്റൊന്നുമല്ല. മമ്മി വെറുതെ ഓരോന്ന് സങ്കൽപിച്ച് സംഗതി വഷളാക്കാതിരുന്നാൽ മതി.”

“എന്താ, നിനക്ക് ശിൽപയെ ഇഷ്‌ടമല്ലേ?” ലിജു തല താഴ്‌ത്തിയിരുന്നു. ശിൽപയോടുള്ള അവന്‍റെ ഇഷ്‌ടം ആ മൗനത്തിലൂടെ വല്യമ്മച്ചിക്ക് മനസ്സിലായി. അവർ അവന്‍റെ കൈപിടിച്ച് സംസാരിച്ചു തുടങ്ങി.

“നിനക്ക് ശിൽപയോട് തോന്നുന്ന ഇഷ്‌ടം തന്നെയല്ലേ നിന്‍റെ മമ്മിയ്‌ക്ക് ഡോക്‌ടറോട് തോന്നുന്ന സ്‌നേഹവും, മാത്രമല്ല അത് നിന്‍റെ ഭാവിയോർത്തു കൊണ്ടുള്ളതാണ് താനും. നാളെ നിന്‍റെ ഉപരിപഠനത്തിനും മറ്റും ഡോക്‌ടർ സഹായിക്കുകയും ചെയ്യും. അമ്മയുടെ ഒറ്റപ്പെടൽ എന്താണ് നീ മനസ്സിലാക്കാത്തത്?”

വല്യമ്മച്ചിയുടെ വാക്കുകൾ അവന്‍റെ ഹൃദയത്തിൽ തട്ടി. “വല്യമ്മച്ചി തന്നെ പറയൂ, ഞനെന്താണ് ചെയ്യേണ്ടത്” അവൻ വിതുമ്പിപ്പോയി.

“മോൻ നല്ല കുട്ടിയാകണം. മമ്മിയ്‌ക്കും മോനും വേണ്ടി.”

അടുത്ത ദിവസം ഡോക്‌ടർ വന്നപ്പോൾ വാതിൽ തുറന്ന് കൊടുത്തത് ലിജുവാണ്. വാത്സല്യപൂർവ്വം ഡോക്‌ടർ അന്ന് അവനോട് ഏറെ നേരം സംസാരിച്ചു. പിറ്റേന്ന് ശിൽപയുടെ പിറന്നാളായിരുന്നു. ഡോക്‌ടറും മമ്മിയും വല്യമ്മച്ചിയും സമ്മാനപ്പൊതിയുമായാണ് ലിജുവിനൊപ്പം ശിൽപയുടെ വീട്ടിലെത്തിയത്.

ലിജു ശിൽപയോടു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ബാക്കിയുള്ള ജീവിതം സുന്ദരമായി ജീവിച്ചു തീർക്കാനുള്ള ഉറപ്പുള്ള ഒരു പാലം ആ സന്ധ്യയിൽ അവർ പണിതു.

പാർട്ടി കഴിഞ്ഞ് ഡോക്‌ടറുടെ കാറിൽ മടങ്ങുമ്പോൾ ലിജു മമ്മിയുടെ തോളിൽ ചാരി. എല്ലാം ശുഭമായി അവസാനിച്ചതിൽ സന്തോഷിച്ച് വല്യമ്മച്ചി കാറ്റിനോട് കഥ പറഞ്ഞിരുന്നു.

വഴിവക്കിലെ ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ കാർ ഓടിക്കുന്ന ഡോക്‌ടറെ നോക്കിയിരുന്നപ്പോൾ തന്‍റെ പപ്പ കാറോടിക്കുന്നതു പോലെ ലിജുവിന് തോന്നി.

ഡൽഹി ഡെയ്സ്

മാഡം എങ്ങോട്ടാ പോകേണ്ടത്? “കോണൗട്ട് പ്ലേസ്. എത്ര രൂപയാകും?”

“ഞങ്ങൾ മീറ്റർ ചാർജേ എടുക്കൂ. മാഡം. യാത്രക്കാരെ പറ്റിച്ച് പണമുണ്ടാക്കുന്ന ഓട്ടോക്കാരെ പോലെയല്ല ഞങ്ങൾ. ന്യായമായതേ ഈടാക്കൂ.” സുമുഖനായ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ നിന്നും തല പുറത്തേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ ഓട്ടോയിൽ കയറിയിരുന്നു. അയാൾ ഓട്ടോ സ്റ്റാർട്ടാക്കി.

“മാഡം, ഞങ്ങൾ കൊള്ളയടിക്കുന്നവരല്ല.”

ഓട്ടോറിക്ഷക്കാർക്കു മേൽ ചാർത്തപ്പെട്ട കളങ്കം മായ്ച്ചു കളയാനുളള ശ്രമമാണോ ഇയാൾക്ക്. എന്നു വിചാരിച്ചുകൊണ്ട് ഞാൻ അലക്ഷ്യമായി പുറത്തേ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു.

“കഷ്ടപ്പാടുകൾ ഏറെ സഹിച്ച് വളർന്നവനാണ് ഞാൻ. പക്ഷേ ഒരു രൂപ കൂടുതൽ ആരുടേയും കയ്യിൽ നിന്നും അമിതമായി ഈടാക്കില്ല. എനിക്ക് സ്വന്തമായി വീടും ഓട്ടോയുമുണ്ട്.” അയാൾ വാതോരാതെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. ഡൽഹിക്ക് തൊട്ടടുത്തുള്ള ഗുഡ്ഗാവിലാണ് അയാളുടെ വീടെന്നും സ്വന്തമായി കൃഷിയും കാര്യങ്ങളുമുള്ള കുടുംബമാണെന്നും വിദ്യാസമ്പന്നനാണെന്നുമൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ അയാൾ പറഞ്ഞു.

“ഈ ഓട്ടോ നിങ്ങളുടെ സ്വന്തമാണോ?” എന്തെങ്കിലും ചോദിച്ചുകളയാമെന്ന വ്യാജേന ഞാനയാളോട് ചോദിച്ചു.

“പിന്നല്ലാതെ, ലോണെടുത്ത് വാങ്ങിയതാ. ലോണെല്ലാം അടച്ചു തീർത്തു. ഇനി ഉടൻ തന്നെ ഒരു ടാക്സി വാങ്ങണം.” അയാൾ അഭിമാനപൂർവ്വം എന്നെ നോക്കി ചിരിച്ചു.

“അത്രയ്ക്കും പണം കയ്യിലുണ്ടോ?” അയാളുടെ സാമ്പത്തിക ഭദ്രതയെ അളന്നുകളയാമെന്ന മട്ടിൽ ഞാൻ ചോദിച്ചു.

“എല്ലാം സത്യസന്ധമായി സമ്പാദിച്ചതാ മാഡം. ഞാൻ ഓട്ടോ ഓടിക്കുക മാത്രമല്ല. വിദേശ ടൂറിസ്റ്റുകളെ കൊണ്ടുപോയി ഓരോ സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്യാറുണ്ട്. ഇത് കണ്ടോ മാഡം, ഈ ഓട്ടോയിൽ നിറയെ മാപ്പ് ഒട്ടിച്ചു വച്ചിരിക്കുന്നത്.

ടൂറിസ്റ്റുകൾ രാവിലെ ഓട്ടോയിൽ കയറിയാൽ പിന്നെ വൈകുന്നേരമേ ഇറങ്ങൂ. ഞാനവരെ മുഴുവൻ ഡൽഹിയും കാണിച്ചേ വിടുകയുള്ളൂ. അവർക്കും സന്തോഷം എനിക്കും സന്തോഷം. എനിക്ക് നല്ല വരുമാനവുമാകും. ചിലർ 10 ഉം 20 ഉം ഡോളർ കൂടുതൽ തരും.” എനിക്ക് എത്തേണ്ട സ്ഥലമായപ്പോൾ അയാൾ വണ്ടി നിർത്തി പിന്നിൽ തിരിഞ്ഞ് മീറ്ററിൽ നോക്കി.

“എത്രയായി.”

“42 രൂപ.” അയാൾ പറഞ്ഞു.

“ദാ 50 രൂപ ചേഞ്ചില്ല.” ബാഗിൽ നിന്നും 50 രൂപാനോട്ടെടുത്ത് ഞാൻ അയാളുടെ നേർക്ക് നീട്ടി.

“അയ്യോ മാഡം രാവിലയല്ലെ? എന്‍റെ കയ്യിൽ ചേഞ്ചില്ല. മാഡം ബാഗിൽ ഒന്നു കൂടി നോക്ക്, ചില്ലറ കാണും.”

“ഇല്ലാ”

“എങ്കിൽ വിട്ടുകള മാഡം. പിന്നെ എപ്പോഴങ്കിലും മാഡം ഈ ഓട്ടോയിൽ കയറിയാൽ മതി. അപ്പോ കണക്ക് ശരിയാക്കാം.” ഓട്ടോക്കാരൻ 50 രൂപയും വാങ്ങി പോക്കറ്റിലിട്ടു.

“അതെങ്ങനെ ശരിയാകും. മര്യാദയ്ക്ക് ബാക്കി താടോ.” എനിക്ക് അരിശം വന്നു.

“മാഡം 5-6 രൂപയ്ക്കു വേണ്ടിയാണോ ഈ തർക്കം. ഞാൻ ഇവിടെയുള്ള ആള് തന്നെയാ, എന്‍റെ കയ്യിൽ ചില്ലറയില്ല.”

“പണത്തിന്‍റെ കാര്യമല്ല. നിങ്ങൾ ചെയ്യുന്നത് ന്യായമല്ലല്ലോ.” ഞാനയാളോട് കയർത്തു.

“എന്താ മാഡം ഇത്. മറ്റു വല്ല ഓട്ടോക്കാരായിരുന്നുവെങ്കിൽ ഇത്രയും ദൂരം ഓടിയതിന് 60- 70 രൂപ വാങ്ങിയേനെ, അറിയാമോ?” ഓട്ടോക്കാരൻ അയാളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു.

ഒടുവിൽ ഞാൻ ദേഷ്യപ്പെട്ട് ഓട്ടോയിൽ നിന്നിറങ്ങി. അയാൾ ഒരു വിജയിയുടെ ഭാവത്തിൽ ചിരിച്ചുകൊണ്ട് ഓട്ടോ ഓടിച്ചു പോയി. അയാളെ മനസ്സിൽ നൂറ് ചീത്തയും പറഞ്ഞ് ഓഫീസിലേക്ക് ഞാൻ നടന്നു.

രാവിലെ മനസ്സറിയാതെ വഞ്ചിക്കപ്പെട്ടതിൽ എന്‍റെ മൂഡാകെ തെറ്റിയിരുന്നു. എന്ത് ചെയ്യാനാ, ഓഫീസിൽ കൃത്യസമയത്ത് എത്താനായി ചില നേരത്ത് ഓട്ടോ പിടിക്കേണ്ടി വരുന്നത് പതിവാണ്. ചിലർ അമിതമായി ചാർജ് വാങ്ങാറുമുണ്ട്. പക്ഷേ ഇത്തരമൊരനുഭവം ഇതാദ്യമാണ്.

വൈകുന്നേരം ജോലിയും കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ഏറെ തളർന്നിരുന്നു. ശരീരത്തിനാകെയൊരു ക്ഷീണം. മെട്രോസ്റ്റേഷനിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളുവെങ്കിലും ക്ഷീണം കാരണം എനിക്കതിനും കഴിയുന്നില്ല. സ്റ്റാന്‍റിൽ കിടന്ന ഒരു ഓട്ടോയിൽ കയറിയിരുന്ന് ഡ്രൈവറോട് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞുകൊണ്ട് ഞാൻ മുന്നിലേക്ക് നോക്കി.

“ഞാൻ മറ്റൊരു ഓട്ടത്തിന് കാത്തിരിക്കുകയാണ് മാഡംജി. മറ്റുവല്ല ഓട്ടോയും പിടിക്ക്” ഓട്ടോക്കാരൻ പറഞ്ഞു.

അത്ര ശുദ്ധമല്ലാത്ത ഹിന്ദിയിലുള്ള സംസാരം കേട്ടപ്പോൾ അയാളൊരു ബീഹാറിയാണെന്നു മനസ്സിലായി.

ഉള്ളിൽ ദേഷ്യം നുരച്ച് പൊന്തിയെങ്കിലും ഡൽഹിയിലെ മുഴുവൻ ഓട്ടോക്കാരെയും മനസ്സിൽ ശപിച്ചുകൊണ്ട് ഞാനെന്‍റെ ദേഷ്യമടക്കിപ്പിടിച്ച് മെട്രോസ്റ്റേഷനിലേക്ക് നടന്നു. ഇന്നത്തെ ദിവസമേ ശരിയല്ല.

“മാഡം ജി കയറിക്കോളൂ.” പിന്നിൽ നിന്നും ഒരു പരിചിത ശബ്ദം കേട്ട് ഞാനൊരു നിമിഷം തിരഞ്ഞു നോക്കി. രാവിലെ കണ്ട അതേ ഓട്ടോക്കാരൻ.

ഓട്ടോയിൽ കയറാൻ ക്ഷണിക്കുകയാണ്. എന്‍റെ ശരീരത്താകമാനം ദേഷ്യം

ഇരച്ചു കയറി. വേണ്ടായെന്ന് അറുത്തു മുറിച്ച് പറഞ്ഞപ്പോഴേക്കും അയാൾ മറ്റൊരു പെൺകുട്ടിയോട് ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുന്നതു കണ്ട് ഞാൻ ആ പെൺകുട്ടിയെ സൂക്ഷിച്ചുനോക്കി.

സുപ്രിയാ ശർമ്മ! ഒരു കാല് മാത്രമുള്ള വികലാംഗയായ സുപ്രിയ എനിക്കൊപ്പമെത്താൻ വേഗത്തിൽ നടക്കുകയാണ്. സുപ്രിയയും ഞാനും തമ്മിലുള്ള പരിചയം മെട്രോ റെയിൽ യാത്രയിൽ തുടങ്ങിയതാണ്. മിക്ക ദിവസങ്ങളിലും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ആ പരിചയം ഞങ്ങൾക്കിടയിൽ ആത്മബന്ധം സൃഷ്ടിച്ചിരുന്നു. എനിക്ക് പിന്നാലെ ധൃതി പിടിച്ച് നടന്നു വരുന്ന അവളെ കണ്ട് ഞാൻ വേഗം കുറച്ചു. സംസാരപ്രിയയായിരുന്നു സുപ്രിയ.

വീട്ടിലേയും നാട്ടിലേയും വിശേഷങ്ങൾ അവൾ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. ചെറുപ്പത്തിൽ ഒരു കാർ ആക്സിഡന്‍റിൽപ്പെട്ടാണ് അവൾക്ക് ഒരു കാല് നഷ്ടമായത്. ഒരു കാലില്ലെങ്കിലും അതൊരു കുറവായി അവൾക്കൊരിക്കലും തോന്നിയിരുന്നില്ല. അചഞ്ചലമായ ആത്മവിശ്വാസത്തിന് ഉടമയായിരുന്നു അവൾ. അവളെ പരിചയപ്പെട്ട നാളുമുതൽ ഞാൻ അത് തിരിച്ചറിഞ്ഞിരുന്നു. ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിലാണ് അവൾ ജോലി ചെയ്തിരുന്നത്. സ്വന്തം വീട് ലക്നൗവിലാണ്. ജോലിയുടെ ആവശ്യാർത്ഥം കരോൾ ബാഗിൽ ചിറ്റമ്മയ്ക്കൊപ്പമായിരുന്നു അവളുടെ താമസം. അതിനാൽ മിക്കപ്പോഴും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്ര ഞങ്ങൾ ഒരുമിച്ചായിരുന്നു. പിറ്റേദിവസം ഞങ്ങൾ ഒരേ സമയത്താണ് ഓഫീസിൽ നിന്നുമിറങ്ങിയത്, ഇന്നലെ കണ്ട അതേ ഓട്ടോക്കാരൻ ഞങ്ങൾക്കരികിൽ ഓട്ടോ കൊണ്ടുവന്നു നിർത്തി.

“സുപ്രിയാജി വരൂ…”

സുപ്രിയ വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. ”വേണ്ട നിങ്ങൾ പോയ്ക്കോളൂ, ഞങ്ങൾ നടന്നു പോയ്ക്കോളാം.”

പക്ഷേ ഓട്ടോക്കാരൻ വിടുന്ന മട്ടില്ല. “നിങ്ങൾ എന്താ ഇങ്ങനെ സംസാരിക്കുന്നത്? ഞാൻ അത്ര മോശപ്പെട്ട ആളൊന്നുമല്ല.”

സുപ്രിയ എന്നെ ചോദ്യഭാവത്തിൽ നോക്കി. ഓട്ടോക്കാരൻ അവളുടെ പേരുവരെ മനസ്സിലാക്കിയിരുന്നുവല്ലോയെന്ന ചിന്തയിലായിരുന്നു ഞാനപ്പോൾ.

“നമുക്ക് ഈ ഓട്ടോയിൽ കയറാം സംഗീത. നേരവും വൈകിയല്ലോ.” സുപ്രിയ ദയനീയഭാവത്തിൽ എന്നെ നോക്കി. പക്ഷേ അയാളുടെ ഓട്ടോയിൽ കയറാൻ എനിക്കൊട്ടും മനസ്സുവന്നില്ല. “നീ പോയ്ക്കോ, ഞാൻ എങ്ങനെയെങ്കിലും വന്നോളാം.”

“എങ്കിൽ ഞാനും നിന്‍റെ കൂടെ വന്നുകൊള്ളാം.” അവൾ എനിക്കൊപ്പം പതിയേ നടന്നു.

ഇതെല്ലാം കണ്ട് ഓട്ടോക്കാരന്‍റെ മുഖത്ത് ദയനീയത നിറഞ്ഞു. “ബഹൻജീ പ്ലീസ്, നിങ്ങൾ ഈ ഓട്ടോയിൽ കയറണം. എന്നാലേ സുപ്രിയാജി ഇതിൽ കയറുകയുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള ചാർജ് തന്നാൽ മതി. തന്നില്ലെങ്കിലും കുഴപ്പമില്ല.” അയാൾ പുഞ്ചിരിച്ചു.

അയാളുടെ പുഞ്ചിരിയിൽ പരിഹാസമല്ല നിഷ്കളങ്കമായ മറ്റെന്തോ ഉണ്ടെന്ന് എനിക്ക് തോന്നി. ഒടുവിൽ ഞങ്ങൾ ഇരുവരും ഓട്ടോയിൽ കയറിയിരുന്നു. ഓട്ടോയ്ക്കുള്ളിൽ കനത്ത നിശബ്ദത. ഒരു നിമിഷം പോലും നാവിന് വിശ്രമം കൊടുക്കാത്ത ഇയാൾക്ക് ഇന്നെന്തു പറ്റിയെന്ന ചിന്തയായിരുന്നു എനിക്ക്.

അയാൾ നേരെ സുപ്രിയയുടെ വീടിനു മുന്നിൽ ഓട്ടോ നിർത്തി.

സുപ്രിയ ഓട്ടോയിൽ നിന്നിറങ്ങവേ അയാൾ പിൻതിരിഞ്ഞ് എന്നെ നോക്കി.

“മാഡത്തിന് എവിടെയാ ഇറങ്ങേണ്ടത്?”

“ഞാനിവിടെ ഇറങ്ങിക്കോളാം. എനിക്ക് ഇവിടെ നിന്ന് നടക്കാനുള്ള ദൂരമേയുള്ളു.” എന്ന് പറഞ്ഞശേഷം ഞാനയാൾക്ക് പണം കൊടുക്കാനായി പേഴ്സ് തുറന്നു.

“വേണ്ട, നിങ്ങൾ രണ്ടുപേരും എനിക്ക് സ്വന്തം പോലെയാണ്. ചാർജ് വേണ്ട.” അയാൾ തിടുക്കത്തിൽ ഓട്ടോ സ്റ്റാർട്ടാക്കി.

“നിങ്ങളുടെ ഈ മഹാമനസ്കതയുടെ കാരണമെന്താണെന്ന് അറിഞ്ഞാൽ കൊള്ളാം.” എന്‍റെ ചോദ്യത്തിലെ ഗൗരവം തിരിച്ചറിഞ്ഞിട്ടാവണം അയാൾ ആദ്യമൊന്ന് പതറി.

“നിങ്ങൾ സുപ്രിയാജിയുടെ കൂട്ടുകാരിയല്ലേ, അപ്പോൾ നിങ്ങൾ എനിക്കും വേണ്ടപ്പെട്ടവർ തന്നെ… ഞാൻ പോകട്ടേ.” അയാൾ തിടുക്കപ്പെട്ട് ഓട്ടോ ഓടിച്ചുപോയി.

ഈ ഓട്ടോക്കാരൻ സുപ്രിയയോട് എന്താണിത്ര താൽപര്യം കാട്ടുന്നത്. ഇനി രണ്ടുപേരും വല്ല പ്രണയത്തിലും. ഞാൻ ഓരോന്നു ആലോചിച്ചുകൊണ്ട് വീട്ടിലേയ്ക്കു നടന്നു.

പിറ്റേന്ന് ഞാൻ ഇതേപ്പറ്റി സുപ്രിയയോട് സൂചിപ്പിച്ചപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.

“ഏയ് അങ്ങനെയൊന്നുമില്ല. ങ്ഹേ, ഒരിടയ്ക്ക് അവനെന്‍റെ പിന്നാലെ നടന്നിട്ടുണ്ട്. പക്ഷേ മോശമായി ഒരിക്കലും പെരുമാറിയിട്ടില്ല.”

“നിനക്ക് അവനോടെന്തെങ്കിലും ഇഷ്ടം?” ഞാനവളെ ഒളികണ്ണിട്ടു നോക്കി.

“അയ്യോ അവനെനിക്ക് മാച്ചല്ല. എനിക്ക് ആ രീതിയിൽ അവനെ സങ്കൽപ്പിക്കാൻ കൂടിയാവില്ല. ഒരു കാലില്ലെന്ന് കരുതി വഴിയിൽ കണ്ടയൊരാളെ ചാടിക്കയറി പ്രേമിക്കാനാവുമോ?

അതിന്‍റെ പിറ്റേന്ന് റിക്ഷാക്കാരനെ ഒഴിവാക്കാനായി ഞങ്ങൾ മനപ്പൂർവ്വം മറ്റൊരു വഴിയിലൂടെ മെട്രോസ്റ്റേഷനിലേക്ക് നടന്നു. പക്ഷേ അവിടേയും ഞങ്ങൾക്ക് പരാജയമായിരുന്നു ഫലം. അവൻ ഓട്ടോ ഞങ്ങൾക്കരികിൽ കൊണ്ടു നിർത്തി.

“വരൂ.”

“നിങ്ങളുടെ ഔദാര്യമൊന്നും വേണ്ട.” ഞങ്ങൾ അൽപം പരുഷമായി പറഞ്ഞു.

“പാവപ്പെട്ടവനാണെങ്കിലും ഞാനൊരു ചതിയനോ നീചനോ അല്ല. സുപ്രിയാജിയ്ക്ക് കൂടുതൽ ദൂരം നടക്കാനാവില്ല. അതുകൊണ്ടാ ഞാൻ…” അയാളുടെ മുഖത്ത് ദൈന്യഭാവം നിഴലിച്ചു. എന്തുവേണമെന്നർത്ഥത്തിൽ ഞാനൊരു നിമിഷം സുപ്രിയയെ ഒളികണ്ണിട്ടു നോക്കി. അയാളുടെ മറുപടി കേട്ട് സുപ്രിയ പകച്ചു നിന്നു. ഒടുവിൽ അയാളുടെ നിർബന്ധത്തിന് വഴങ്ങി ഓട്ടോയിൽ കയറിയിരുന്നു. രക്‌തബന്ധമോ സൗഹൃദഭാവമോ ഇല്ലാതെ ചിലർ എത്രവേഗമാണ് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറുന്നത്.

രാജുവിന്‍റെ ഓട്ടോയിൽ കയറിയുള്ള സവാരി. ഇപ്പോൾ ഞങ്ങളെ രണ്ടുപേരെയും വീട്ടിലിറക്കി മടങ്ങുന്ന അയാൾ ഒരു രൂപ പോലും ആവശ്യപ്പെട്ടിരുന്നില്ല.

“തിങ്കളാഴ്ച്ച അവധിയാണ്. ഹാവൂ രണ്ടു ദിവസം വീട്ടിൽ സ്വസ്‌ഥമായി

ഇരിക്കാമല്ലോ.” ശനിയാഴ്ച്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഞാൻ സുപ്രിയയോട് പറഞ്ഞു. പക്ഷേ സുപ്രിയയുടെ മുഖം കാർമേഘം ഇരുണ്ടു കൂടിയ മാനം കണക്കെ മ്ലാനമായിരുന്നു. ആ വിഷാദം അവളുടെ വാക്കുകളിലും പുരണ്ടിരുന്നു.

“ഈ രണ്ടു ദിവസം കിട്ടിയിട്ട് എന്ത് ചെയ്യാനാ, സമയം പോയിക്കിട്ടണ്ടേ.”

“നമുക്ക് കറങ്ങാൻ പോയാലോ?” ഞാൻ സംശയം മുന്നോട്ടു വച്ചു.

“സത്യമാണോ?” അവളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു. തിങ്കളാഴ്ച രാവിലെ തന്നെ ലോട്ടസ് ടെമ്പിൾ കാണാൻ ഞങ്ങൾ പുറപ്പെട്ടു. അതിനുശേഷം കുത്തുബ്മീനാറും സന്ദർശിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ നിനച്ചിരിക്കാതെ രാജു ഞങ്ങൾക്ക് മുന്നിൽ ഓട്ടോയുമായി വന്നു നിന്നു.

“വരൂ, ഇന്ന് അവധിയല്ലേ, എവിടെയാ പോകേണ്ടത്? ഞാൻ കൊണ്ടു പോകാം.”

അയാളുടെ അപ്പോഴത്തെ മട്ടും ഭാവവും കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു. “ഞങ്ങളെ സഹായിക്കാൻ നിങ്ങൾ രാവിലെ എത്തിയോ?” എന്താ ഇതിന്‍റെയൊക്കെ അർത്ഥം?”

“എന്ത് ചെയ്യാനാ മാഡം, ഞാൻ എങ്ങനെയോ എത്തുന്നു.” അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി.

“ഞങ്ങൾക്കിന്ന് ലോട്ടസ് ടെമ്പിളും കുത്തുബ്മീനാറും കാണണം.”

“അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് എന്നേക്കാൾ മികച്ചൊരു ഗൈഡിനെ കിട്ടില്ല. കുത്തുബ്‌മീനാർ മാത്രമല്ല മുഴുവൻ ഡൽഹി തന്നെ കാണിക്കാം. പോരേ,” അയാളുടെ ആവേശത്തോടെയുള്ള മറുപടി കേട്ട് ഞങ്ങൾ ചിരിച്ചു.

വഴിനീളെ രാജു കുത്തുബ്‌മീനാറിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

“നിങ്ങൾക്കറിയാമോ കുത്തുബ്‌മീനാർ എന്നാണ് പണികഴിപ്പിച്ചതെന്ന്?”

“ഇല്ലല്ലോ” അതുവരെ പുറത്തെ കാന്ഥഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്ന സുപ്രിയ മറുപടി പറഞ്ഞു.

“ഡൽഹിയിലെ മുസ്ലിം ഭരണാധികാരിയായിരുന്ന കുത്തുബ്‌ദീൻ ഐബക് 1193ൽ പണിത് തുടങ്ങിയതാണിത്. പക്ഷേ, അത് പൂർത്തിയാക്കിയതോ അദ്ദേഹത്തിന്‍റെ അനന്തരാവകാശി ഇൽത്തുമിഷും.” രാജുവിന് ഓട്ടോയോടിക്കാൻ മാത്രമല്ല, ചരിത്രത്തിലും നല്ല അറിവുണ്ടെന്ന വസ്‌തുത ഞങ്ങളെ അദ്‌ഭുതപ്പെടുത്തി. ഞാനും സുപ്രിയയും പരസ്‌പരം നോക്കി പുഞ്ചിരിച്ചു.

“ങ്‌ഹേ, ഒരു മിനിറ്റ്, കുത്തുബ്‌മീനാറിന്‍റെ ഉയരമെത്രയാണെന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ? എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് സുപ്രിയ രാജുവിനോട് ചോദിച്ചു.

“234 അടി ഉയരവും 14.3 മീറ്റർ വ്യാസവുമുണ്ടിതിന്. മുകളിലേക്ക് ചെല്ലുമ്പോൾ 2.75 മീറ്ററാകും. ഇതിൽ മൊത്തം 378 കോണിപ്പടികളുണ്ട്.” ഞങ്ങളെ നോക്കി രാജു ഗമയോടെ ചിരിച്ചു.

അപ്പോഴേക്കും ഞങ്ങൾ കുത്തുബ്‌മീനാറിലെത്തി കഴിഞ്ഞിരുന്നു. രാജുവും ഞങ്ങൾക്കൊപ്പം നടന്ന് സ്‌മാരകത്തെക്കുറിച്ച് ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ചരിത്രത്തിലുള്ള അയാളുടെ അറിവിൽ ഞങ്ങൾ അദ്‌ഭുതപ്പെട്ടുപോയി. ഒരു ഗൈഡിനു പോലും ഇത്രയും വിശദീകരണങ്ങൾ നൽകാനാവില്ല.

“മാഡം ശ്രദ്ധിച്ച് നടക്കൂ… വീഴും.” നിലത്തു പാകിയ ഇഷ്‌ടികക്കല്ലുകളിൽ കൂടി നടന്നുപോയ സുപ്രിയയ്‌ക്ക് അയാൾ നിർദേശം കൊടുത്തു.

“നിങ്ങൾ അവളുടെ കാര്യത്തിൽ ഭയങ്കര കെയറിങ്ങാണല്ലോ. എന്താകാര്യം?” ഞാൻ അവളെ നോക്കി ഗൂഢമായി ചിരിച്ചു.

“അതോ… അത്.. പാവം ശ്രദ്ധിക്കില്ല.” രാജു വിക്കി വിക്കി പറഞ്ഞു.

“പക്ഷേ, എന്തിന്?”?”

“അത്… എനിക്ക് സുപ്രിയാജിയെ ഇഷ്‌ടമാണ്. അവരുടെ ലാളിത്യം.. ധൈര്യം” അയാൾ തുടർന്ന് എന്തെങ്കിലും പറയും മുമ്പേ ഞാൻ ഇടയ്‌ക്കു കയറി പറഞ്ഞു.

“നിങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ഒരു ഓട്ടോക്കാരൻ… അവളോ… ഒരു സമ്പന്നകുടുംബാംഗം… ഉദ്യോഗസ്‌ഥ.”

“മാഡംജി പറഞ്ഞത് ശരിയാണ്. ഞങ്ങൾക്കിടയിൽ വലിയ അന്തരമുണ്ട്. പക്ഷേ, ഞാനൊരു മനുഷ്യനല്ലേ. ഞാനൊരു ഓട്ടോക്കാരനാണെന്നു വച്ച് അത്ര കുറഞ്ഞവനൊന്നുമല്ല. ഞാനും നല്ല കുടുംബത്തിൽ പിറന്നവനാ. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാ. സാഹചര്യവശാൽ ഞാനൊരു ഓട്ടോക്കാരനായി. അത് തെറ്റാണോ മാഡം. മറ്റൊരു ജോലിക്കുള്ള ശ്രമത്തിലാണിപ്പോൾ. ഈ ജോലി മോശമായതുകൊണ്ടല്ല.

കൂടുതൽ മെച്ചപ്പെട്ട വരുമാനത്തിനു വേണ്ടിയാ അത്.” അയാളുടെ മറുപടിയിൽ നിന്നും അയാളിലെ നന്മയെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.

പിറ്റേ ദിവസം രാജു പറഞ്ഞ കാര്യം ഞാൻ സുപ്രിയയെ ധരിപ്പിച്ചു. “അവനത്ര മോശക്കാരനൊന്നുമല്ല. നീയവനെപ്പറ്റിയൊന്നു ചിന്തിച്ചു നോക്ക്. അവൻ നിന്‍റെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ കാണുമ്പോൾ നിന്നോടെനിക്ക് അസൂയ തോന്നിപ്പോകുന്നു.”

“അതെനിക്ക് സങ്കൽപിക്കാൻ കൂടിയാവില്ല. എന്‍റെ വീട്ടുകാർ ഇങ്ങനെയൊരു ബന്ധം ഒരിക്കലും അംഗീകരിക്കില്ല. എന്തിന് ഈ ഞാൻ പോലും തയ്യാറല്ല.”

സുപ്രിയയുടെ മറുപടി എന്തായിരിക്കുമെന്ന് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അവളുടെ നിലപാടിനോട് എനിക്ക് യോജിക്കാനാവുമായിരുന്നില്ല. അതെന്‍റെയുള്ളിൽ വല്ലാത്ത വേദന സൃഷ്‌ടിച്ചിരുന്നു.

എങ്കിലും സുപ്രിയ പറഞ്ഞതാണ് ശരിയെന്ന് കുറച്ച് കഴിഞ്ഞപ്പോൾ എനിക്കും തോന്നി. ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായി സുപ്രിയ എന്നെ ഫോണിൽ വിളിച്ചു. “സംഗീത പ്ലീസ്, ഒന്ന് വീട്ടിൽ വരെ വരണം. പറ്റുമെങ്കിൽ ഇപ്പോൾ തന്നെ.”

തുടർന്ന് എന്തെങ്കിലും ചോദിക്കും മുമ്പ് അവൾ ഫോൺ കട്ടു ചെയ്തു.

അവളുടെ പരിഭ്രമം കലർന്ന ശബ്‌ദം എന്നെ അസ്വസ്‌ഥതപ്പെടുത്തി. കാര്യമെന്തെന്നറിയാനുള്ള തിടുക്കത്തിൽ ഞാൻ അവളുടെ വീട്ടിൽ ചെന്നു. “എന്താ കാര്യം? നിനക്കെന്തു പറ്റി? ചിറ്റമ്മയെവിടെ?” ഞാനവളെ കണ്ടമാത്രയിൽ ചോദിച്ചു.

അവൾ ഒരു ഗദ്‌ഗദത്തോടെ എന്‍റെ തോളിൽ തലചായ്‌ച്ചു. “ചിറ്റമ്മ മാമന്‍റെ വീട്ടിൽ പോയിരിക്കുകയാ, പോയിട്ട് രണ്ടു ദിവസമായി. ഞാനവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. “സുപ്രിയ എന്താണെന്നു പറയൂ, നീയെന്താ കരയുന്നത്?”

“ഇത് സന്തോഷാശ്രുക്കളാ. എനിക്കെന്‍റെ സഹയാത്രികനെ കിട്ടി സംഗീതേ,” അവൾ കണ്ണുനീർ തുടച്ച് ചിരിച്ചു. ആ ചിരിക്ക് കൂടുതൽ ഭംഗിയേറിയതു പോലെ.

“ആരാണ് അയാൾ? ഞാനവളുടെ മുഖം ഉയർത്തി. അവൾ ലജ്‌ജയോടെ മുഖം താഴ്‌ത്തി.

“മറ്റാരുമല്ല… രാജു… രാജേഷ് വ്യാസ്.” അവളുടെ ഉത്തരം കേട്ട് ഞാനൊരു നിമിഷം സ്‌തംഭിച്ചു പോയി. ഇത് സത്യമാണോ!

“പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നത് എത്ര ശരിയാണ്. ഇന്നലെ വരെ ഞാൻ മറ്റൊരാളായിരുന്നു. പക്ഷേ, ഇന്നോ… ഇന്നലെ വൈകുന്നേരം നീ ഇല്ലായിരുന്നല്ലോ. ഞാൻ പതിവുപോലെ അവന്‍റെ ഓട്ടോയിൽ കയറി.

എനിക്ക് ഒരു ബാഗ് വാങ്ങേണ്ടതുണ്ടായിരുന്നു. അവൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ ജൻപഥിൽ പോയി ബാഗ് വാങ്ങി. അല്ലറ ചില്ലറ ഷോപ്പിംഗും നടത്തിക്കഴിഞ്ഞപ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു. അപ്പോഴാണ് ചിറ്റമ്മയ്‌ക്ക് മരുന്ന് വാങ്ങേണ്ട കാര്യമോർമ്മ വന്നത്. ഓട്ടോ നിർത്തി ഒരു മെഡിക്കൽ ഷോപ്പിലേക്ക് തിരക്കിട്ട് നടക്കുന്നതിനിടെ വഴിയിലുണ്ടായിരുന്ന ഒരു കല്ലിൽ തട്ടി ഞാൻ നിലത്തു വീണു. നെറ്റിയിലെ ഈ മുഴ കണ്ടില്ലേ? കയ്യും പൊട്ടി. അതോടെ എന്‍റെ ബോധവും മറഞ്ഞു. പിന്നെയെനിക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല.

ബോധം തിരിച്ചുകിട്ടിയപ്പോഴാണ് ഞാനൊരു ക്ലിനിക്കിലാണെന്ന വിവരമറിയുന്നത്. രാജു എന്നെ ക്ലിനിക്കിലെത്തിക്കുകയായിരുന്നു. ക്ലിനിക്കിൽ അവനെനിക്ക് കൂട്ടിരുന്നു.

ഇന്നലെ രാത്രി എന്നെ വീട്ടിലാക്കിയ ശേഷമാണ് അവൻ മടങ്ങിയത്. രാജുവിന് എന്നോടുള്ള സ്‌നേഹത്തിന്‍റെ ആഴം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. എന്നോടുള്ള അനുകമ്പയിൽ നിന്നുടലെടുത്തതല്ല ആ സ്‌നേഹമെന്ന് എനിക്ക് മനസ്സിലായി. രാജുവിനല്ലാതെ മറ്റാർക്കും എന്നെ ഇത്രയധികം സ്‌നേഹിക്കാനാവില്ല. ആ സ്‌നേഹം ഞാൻ തിരിച്ചറിഞ്ഞേ പറ്റൂ.

അവളുടെ കണ്ണുകളിലെ പ്രത്യേക തിളക്കം ഞാൻ ശ്രദ്ധിച്ചു. അൽപസമയം ഞാൻ നിശബ്‌ദയായിരുന്നു. അവളുടെ സന്തോഷവും ആവേശവും കണ്ട് എന്‍റെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പുമുട്ടി. ഇതാണ് ശരി. ഏറ്റവും വലിയ ശരി. ഞാനവളുടെ ചുമലിൽ തലോടി.

“നിങ്ങൾ രണ്ടുപേരും എത്രയും പെട്ടെന്ന് ഈ വിവരം വീട്ടിൽ ധരിപ്പിക്കണം. ഞാനും ഇക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കാം. എതിർപ്പുകൾ സ്വാഭാവികമായും ഉണ്ടാവാം.”

കുറച്ച് ദിവസത്തിനു ശേഷം ഞാനും സുപ്രിയക്കൊപ്പം അവളുടെ വീട്ടിൽ പോയി. വീട്ടുകാരെ കാര്യങ്ങൾ ധരിപ്പിച്ചു. ചില്ലറ എതിർപ്പുകളുണ്ടായി. സുപ്രിയയുടെ വീട്ടുകാർ ഒടുവിൽ വിവാഹത്തിന് സമ്മതം മൂളി. രാജു വിദ്യാസമ്പന്നനായതുകൊണ്ടു മാത്രമാണ് അവർ വിവാഹത്തിനു സമ്മതിച്ചത്.

അധികം താമസിയാതെ സുപ്രിയയുടേയും രാജുവിന്‍റേയും വിവാഹം സമംഗളം നടന്നു. നിറഞ്ഞ സന്തോഷത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി.

പുതിയൊരു ജീവിതത്തിലേക്കുള്ള രാജുവിന്‍റേയും സുപ്രിയയുടേയും യാത്ര ഇനി ഇവിടെ ആരംഭിക്കുകയാണ്.

സാഗരസംഗമം ഭാഗം- 28

“എക്സ്ക്യൂസ്മീ… നിങ്ങൾ കുറച്ചു ദിവസം അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്‌തിയാണോ? ഞാൻ കേട്ടിട്ടുണ്ട്, നിങ്ങൾ വളരെ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന്. നിങ്ങൾക്ക് പണത്തിന്‍റെ അഹങ്കാരമായിരുന്നെന്ന്…” ആ ചോദ്യം കേട്ടില്ലെന്നു നടിച്ച് അരുണിനൊപ്പം പടി കടക്കുമ്പോൾ കേട്ടു.

“ഒരു പാവം മനുഷ്യനെ പ്രേമം നടിച്ച് നശിപ്പിച്ച ശേഷം വർഷങ്ങൾക്കു ശേഷം അന്വേഷിച്ച് വന്നിരിക്കുന്നു.” വളരെ പതുക്കെയാണ് അയാളതു പറഞ്ഞതെങ്കിലും ഞങ്ങളതു കേട്ടു. ഇടറിയ കാൽവെയ്പുകളോടെ മുന്നോട്ടു നടക്കുമ്പോൾ അരുൺ അരികിലെത്തി പറഞ്ഞു.

“സാരമില്ല മാഡം… ഒന്നും കേട്ടില്ലെന്ന് നടിച്ചാൽ മതി. ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. മാഡത്തിന് സ്വയമറിയാമല്ലോ മനഃസാക്ഷിക്കു നിരക്കാത്തതായി ഒന്നും ചെയ്‌തിട്ടില്ലെന്ന്.

ഹൃദയത്തെ സ്പർശിച്ച അരുണിന്‍റെ വാക്കുകൾ ചുട്ടുപൊള്ളുന്ന അകത്തളങ്ങളിൽ നീരൊഴുക്കായി. ഒരു കുളിർനീരലയായി അതു മനസ്സിനെ തഴുകിയപ്പോൾ ഏതോ പ്രശാന്തിയുടെ തീരങ്ങളിൽ എത്തിച്ചേർന്ന പ്രതീതി. ശാന്തമായ മനസ്സോടെ കാറിലേയ്ക്കു കയറുമ്പോൾ ഒരു മുനിയുടെ നിസംഗത എന്നെ പൊതിയുന്നതായി തോന്നി.

അതെ! മനസ്സാക്ഷിക്കു നിരക്കാത്തതായി ഞാൻ മനഃപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല. കാലം അതു തെളിയിക്കും. ഫഹദ് സാര്‍ അതു കണ്ടറിയും. എല്ലാം മനസ്സിലാക്കി ഒരിക്കൽ അദ്ദേഹം എന്‍റെ മുന്നിലണയും. ആ കൈകളിലണച്ച് എന്നെ തലോടുവാൻ. ഹൃദയത്തിൽ അനവരതം തുടിയ്ക്കുന്ന പ്രേമമാകുന്ന മൃതസഞ്ജീവനി പകർന്നു നൽകാൻ. അദ്ദേഹം എന്‍റെ അരികിലെത്തും. മനസ്സിനുള്ളിലിരുന്ന് ആരോ ദൃഢമായി മന്ത്രിച്ചു.

കാറിൽ കയറുന്നതിനു മുമ്പ് അരുൺ ഒരിക്കൽ കൂടി ചോദിച്ചു. “നമുക്ക് കണ്ണൂർക്ക് പോയാലോ മാഡം? അവിടെ അന്വേഷിച്ചാൽ അദ്ദേഹത്തിനെക്കുറിച്ച് എന്തെങ്കിലുമറിയാൻ കഴിയുമെന്ന് എന്‍റെ മനസ്സു പറയുന്നു. നമുക്കങ്ങോട്ടു പോയാലോ മാഡം?”

“വേണ്ട അരുൺ… അദ്ദേഹം എന്നെങ്കിലും എന്നെത്തേടിവരും. എന്‍റെ മനസ്സങ്ങനെ പറയുന്നു. ഇനി അന്നു ഞങ്ങൾ തമ്മിൽ കണ്ടാൽ മതി. അതു ദൈവ നിശ്ചയമാണ്.”

അരുണിനെ വിലക്കിക്കൊണ്ട് അതു പറയുമ്പോൾ ഹൃദയം കൊടുങ്കാറ്റടങ്ങി ശാന്തമായ തീരം പോലെ സൗമ്യവും, നിശബ്ദവുമായിരുന്നു.

പിന്നീട് കാർ എറണാകുളത്തെത്തുന്നതുവരെ ഞാൻ കാറിനുള്ളിൽ ഉറങ്ങിക്കിടന്നു. ഒന്നുമറിയാതെ സുഖസുഷ്പ്തിയിലാണ്ട് കിടക്കുമ്പോൾ ഞാനാ സ്വപ്നം കണ്ടു. വെള്ളിമേഘങ്ങൾക്കിടയിൽ നിന്ന് ഇറങ്ങി വന്ന് ഫഹദ് സാർ എന്‍റെ കൈ പിടിക്കുന്നു.

പിന്നെ മേഘങ്ങൾക്കിടയിലൂടെ രണ്ട് മാലാഖമാരെപ്പോലെ ഒഴുകി നീങ്ങുന്ന ഞങ്ങൾ… അപ്പുറവുമിപ്പുറവുമായി ഞങ്ങൾക്ക് അകമ്പടി സേവിക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ. അവരുടെ കൈകളിൽ സ്നേഹത്തിന്‍റെ, പ്രേമത്തിന്‍റെ സന്ദേശം വഹിക്കുന്ന മെഴുകുതിരി നാളങ്ങൾ. ചുറ്റിലും ആരോ വാരി വിതറിയ പോലെ നറുമലരുകളും സുഗന്ധ ധൂപങ്ങളും.

“മാഡം ഉറങ്ങുകയാണോ?” നമുക്കിറങ്ങേണ്ട സ്ഥലമായി.

അരുണിന്‍റെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ചുറ്റും നോക്കി. തറവാടെത്തിയിരിക്കുന്നു. സ്വർഗ്ഗം പോലെ മറ്റേതോ ലോകത്തിൽ എന്നപോലെ കണ്ട സ്വപ്നം നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനായില്ല.

വേഗം ചെറിയ ബാഗുമെടുത്ത് വെളിയിലിറങ്ങുമ്പോൾ അരുണിനോട് പറഞ്ഞു. “അരുൺ നമ്മൾ ഇപ്പോൾത്തന്നെ ഡൽഹിയ്ക്കു മടങ്ങുകയാണ്. കഴിയുമെങ്കിൽ ഈ കാർ മടക്കി അയയ്ക്കേണ്ട…”

അരുൺ ഒട്ടൊരു അദ്ഭുതത്തോടെ എന്നെ നോക്കി. പിന്നെ തിരിഞ്ഞ് കാർ ഡ്രൈവറോടായി പറഞ്ഞു. “ഒരു പത്തു പതിനഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ? ഞങ്ങൾക്ക് ഈ കാറിൽ തന്നെ എയ്റോഡ്രോമിലേയ്ക്ക് പോകാനാണ്…”

“അതിനെന്താ സാർ… ഞാനിവിടെ വെയ്റ്റ് ചെയ്യാം. നിങ്ങൾ പോയി വന്നോളൂ…”

മര്യാദക്കാരനായ ഡ്രൈവർ പറഞ്ഞു നിർത്തി. പടിപ്പുര കടന്ന് തറവാട്ടിലെ പൂമുഖത്തേയ്ക്ക് നടക്കുമ്പോൾ അരുൺ ചോദിച്ചു.

“എന്താ മാഡം… പതിവില്ലാത്തൊരു തിടുക്കം. നമ്മൾ കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കണമെന്നല്ലെ കരുതിയത്…”

“വേണ്ട അരുൺ… എനിക്ക് വാരണാസി വരെ പോകണം. നരേട്ടന്‍റെയും രാഹുലിന്‍റെയും അമ്മയുടെയും പേരിൽ ബലി ഇടണം. അവരുടെ ആത്മാവിന്‍റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കണം. അരുണുനറിയാമല്ലോ എനിക്കല്പ ദിനം കൂടിയേ ലീവ് ബാക്കിയുള്ളൂ എന്ന്.”

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. സത്യത്തിൽ ഫഹദ് സാറിനെ കണ്ടെത്താനാകാത്ത നിരാശ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം അഭിശപ്തമായ ഈ മണ്ണിൽ നിന്നും എത്രയും വേഗം പാലായനം ചെയ്യുവാൻ മനസ്സു കൊതിച്ചു.

മാത്രമല്ല ഫഹദ് സാറിനെ കണ്ടെത്തിയിരുന്നുവെങ്കിൽ ആ കാലടികളിൽ വീണ് മാപ്പപേക്ഷിച്ച്. എന്‍റെ ജീവിതത്തിലെ പാപക്കറ എന്നേയ്ക്കുമായി മായിച്ചു കളയാമെന്ന് ഞാൻ വ്യാമോഹിച്ചു. എന്നാൽ ആ മോഹം സഫലമാകാതെ വന്നപ്പോൾ ഇനിയിപ്പോൾ അവസാനത്തെ അഭയം ഗംഗയാണ്.

ഒരു മാതാവിനെപ്പോലെ ഗംഗ എന്നെ മാറോടണച്ച് ഹൃദയത്തിലെ പാപക്കറ മുഴുവൻ കഴുകിക്കളയും. ആ മടിയിലണച്ച് ആശ്വസിപ്പിക്കും. ഒരമ്മയെ പോലെ എന്നെ തഴുകിത്തലോടുന്ന ആ കരങ്ങളിലണയാൻ ഹൃദയം വെമ്പൽ പൂണ്ടു. പിടയ്ക്കുന്ന ഹൃദയവുമായി അകത്തേയ്ക്കു നടന്നു, എത്രയും വേഗം ഒരു നീണ്ട യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ.

അപ്പോൾ അരുൺ ഫോണിലൂടെ, ട്രാവൽ ഏജൻസിയിൽ വിളിച്ച് രണ്ട് ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുകയായിരുന്നു. പൊതുവെ തിരക്കു കുറഞ്ഞ സമയമായതിനാൽ ടിക്കറ്റു കിട്ടാൻ വിഷമമുണ്ടായില്ല. അതിനു ശേഷം ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ അവൻ തന്‍റെ മുറിയിലേയ്ക്കു നടന്നു.

“മാഡം വേഗമാകട്ടെ, ഫ്ളൈറ്റ് രാത്രി എട്ടുമണിയ്ക്കാണ്…”

അരുൺ ധൃതി കൂട്ടുന്നത് എനിക്ക് അകത്തു നിന്നും കേൾക്കാമായിരുന്നു. അപ്പോൾ മായ എന്‍റെ കരവലയത്തിലമർന്ന് തേങ്ങിക്കരയുകയായിരുന്നു.

“ഇനി എന്നാണ് ചേച്ചി നമ്മൾ കാണുക? അമ്മ പോയതോടെ നമ്മൾക്കിടയിലെ അകൽച്ച വർദ്ധിക്കുമെന്നു തോന്നുന്നു. ഇനി വല്ലപ്പോഴും കണ്ടാലായി. അല്ലേ ചേച്ചി?”

മായ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരയുന്നതു കണ്ടപ്പോൾ വിഷമം തോന്നി. വീട്ടിലെ ഇളയ കുട്ടിയായ അവൾ എല്ലാവരിൽ നിന്നും ഏറെ ലാളന അനുഭവിച്ചാണ് വളർന്നത്. അതുകൊണ്ടു തന്നെ ഏറെ ലോലമനസ്കയും അവളായിരുന്നു. ഏറെ ലാളിച്ച അമ്മയുടെ വേർപാട് അവളെ തളർത്തിയിരിക്കുന്നു. ഒരുപക്ഷെ അമ്മയുടെ സ്‌ഥാനത്ത് അവള് എന്നെ കാണുകയും ചെയ്തേയ്ക്കാം. അതു കൊണ്ടു തന്നെ അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ട് ആ പുറം തലോടുമ്പോൾ പറഞ്ഞു.

“നീയും, മഞ്ജുവും എനിക്കിപ്പോഴും കുട്ടികൾ തന്നെയാണ്. നിങ്ങളടെ ഏതു വിഷമവും അമ്മയുടെ അഭാവത്തിൽ നിങ്ങൾക്ക് എന്നോട് പറയാം…” മുളചീന്തും പോലെ പൊട്ടിക്കരയുന്ന അവളെ കരവലയത്തിൽ നിന്ന് വേർപെടുത്തിക്കൊണ്ടു പറഞ്ഞു.

“ചേച്ചിയുടെ മനസ്സിലിപ്പോൾ കളിചിരികൾ നിറഞ്ഞ നമ്മുടെ ആ പഴയകാലം മങ്ങാതെ, മായാതെ കിടപ്പുണ്ട്. പഴയതൊന്നും മറക്കുവാൻ ചേച്ചിയ്ക്കു കഴിയില്ലല്ലോ കുട്ടീ… അതാണല്ലോ ചേച്ചിയുടെ ജീവിതത്തിലെ പരാജയവും” എന്‍റെ വാക്കുകൾ കേട്ട് പെട്ടെന്നവൾ കണ്ണുനീർ തുടച്ച് പുഞ്ചിരി വരുത്തിപ്പറഞ്ഞു.

സോറി ചേച്ചീ… ഞാൻ ചേച്ചിയെ വല്ലാതെ വിഷമിപ്പിച്ചുവെന്നു തോന്നുന്നു. ഇന്ന് ഞങ്ങളെക്കാളേറെ ദുഃഖങ്ങൾ വഹിക്കുന്നത് ചേച്ചിയാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളാണിന്ന് ചേച്ചിയ്ക്ക് ആശ്രയമായിത്തീരേണ്ടത്… ഈ ഞങ്ങൾ തന്നെ…

അർദ്ധോക്തിയിൽ അവളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. “ഇല്ല മോളെ… ഏതു ദുഃഖവും എന്നിലേയ്ക്ക് ആവാഹിക്കുവാൻ ചേച്ചിയ്ക്കിന്ന് കരുത്തുണ്ട്. അനുഭവങ്ങൾ ദുഃഖങ്ങളെ സ്വാംശീകരിക്കുവാൻ ചേച്ചിയെ പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ദുഃഖങ്ങൾ ഏറ്റെടുക്കുവാനും ചേച്ചിയ്ക്കിന്നു കഴിയും. അതുപോലെ മഞ്ജു എവിടെ… അവളെ കണ്ടില്ലല്ലോ…” എന്‍റെ ചോദ്യം കേട്ട് മായ തെല്ലു ഗൗരവത്തിൽ പറഞ്ഞു.

“മഞ്ജു ചേച്ചി നേരത്തെ പോയി ചേച്ചി… ചേച്ചിയ്ക്കും, ചേട്ടനും ലിവില്ലത്രെ…” പിന്നെ അൽപം മടിച്ച് അവൾ തുടർന്നു.

“പോകുന്നതിനു മുമ്പ് ഈ വീടു വിൽക്കുന്ന കാര്യത്തെക്കുറിച്ച് ദിവാകരേട്ടൻ ഒരിക്കൽ കൂടി പറഞ്ഞു. ചേച്ചി വരുമ്പോൾ അതേപ്പറ്റി ആലോചിച്ച് അറിയ്ക്കണമെന്നും പറഞ്ഞു.”

അൽപ നേരത്തേയ്ക്ക് എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ വിഷമിച്ചു നിന്നു. അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ വീട്…

ഇതു വിൽക്കുകയെന്നാൽ പൊക്കിൾക്കൊടി ബന്ധം വിഛേദിക്കുന്നതു പോലെയാണ്. മാത്രമല്ല അമ്മ മരിച്ചയുടനെ വീടു വിൽക്കാനായിരുന്നു മക്കൾക്കു താൽപര്യമെന്ന് നാളെ നാട്ടുകാർ പറഞ്ഞെന്നിരിയ്ക്കും.

“എന്തായാലും എനിക്കല്പം ആലോചിക്കണം. ഞാൻ ഡൽഹിയിൽ ചെന്നിട്ട് അറിയിക്കാം.” ഞാൻ മറുപടി പറഞ്ഞു.

മാഡം, ഫ്ളൈറ്റിന് സമയമായി. പുറത്തു നിന്നും അപ്പോൾ അരുണിന്‍റെ അക്ഷമയോടെയുള്ള വിളി വീണ്ടും ഉയർന്നു കേട്ടു. മായയുടെ മക്കളായ ആര്യമോളും, വിപിനും അപ്പോഴേയ്ക്കും ഓടി അടുത്തെത്തി ഇനി എന്നാണ് വല്യമ്മേ കാണാനാവുക… തേങ്ങിക്കരഞ്ഞ അവരെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ ഒരിയ്ക്കൽ കൂടി ബന്ധങ്ങളുടെ ബന്ധനം എന്നെ ആ മണ്ണിൽ തളച്ചിടുന്നതായി തോന്നി. നിർബന്ധപൂർവ്വം അവരെ വേർപെടുത്തി, നനഞ്ഞ കണ്ണുകൾ സാരിത്തലപ്പാൽ തുടച്ചു നീക്കുമ്പോൾ സ്വയം പറഞ്ഞു.

ഇല്ല… ഇവിടെ ഞാൻ പതറരുത്… എന്‍റെ ലക്ഷ്യം മറ്റൊന്നാണ്. ഇവിടം എനിക്കൊരു ഇടത്താവളം മാത്രം… നീണ്ട യാത്രയ്ക്കിടയിൽ എപ്പോഴോ കണ്ടുമുട്ടിയവർ… ഇനിയും കണ്ടുമുട്ടേണ്ടവർ എനിക്കു മുന്നിലുണ്ട്. പൂർത്തികരിയ്ക്കേണ്ട കടമകൾ… ചെയ്തു തീർക്കേണ്ട പാപപരിഹാരങ്ങൾ എല്ലാം… എല്ലാം മുന്നിലെ നീണ്ടി വീഥിയിൽ എനിക്കു കാണാൻ കഴിയുന്നു.

ഒരിക്കൽ കൂടി മായയോടും, ഭർത്താവിനോടും കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ് ബലപ്പെട്ടു കഴിഞ്ഞിരുന്നു.

“വരൂ… അരുൺ നമുക്കു പോകാം. കഴിയുമെങ്കിൽ ഇന്നു തന്നെ നമുക്ക് കാശിയിലെത്തണം…” ഞാൻ തിരക്കു കൂട്ടി.

“അതു നടക്കുമോന്നറിയില്ല മാഡം…” കാരണം നമ്മൾ ഇപ്പോൾത്തന്നെ വളരെയേറെ വൈകിക്കഴിഞ്ഞു. ഇനി ഡൽഹിയിലെത്തിയ ശേഷം മാത്രമേ വാരണാസിയ്ക്കുള്ള അടുത്ത ട്രെയിൻ ബുക്കു ചെയ്യാൻ കഴിയുകയുള്ളൂ. അരുൺ തന്‍റെ നിസ്സഹായത വെളിപ്പെടുത്തി. എന്നിട്ട് ടാക്സിക്കാരനോടു ധൃതിയിൽ പറഞ്ഞു. “വേഗം വിട്ടോളൂ… ഇല്ലെങ്കിൽ ഫ്ളൈറ്റ് ലേറ്റാകും…”

കുതിച്ചു പായുന്ന ടാക്സിയിലിരിക്കുമ്പോൾ ഒരിക്കൽ കൂടി ജനിച്ച വളർന്ന വീടിനേയും നാടിനേയും ഉപേക്ഷിച്ചു പോകുന്ന ഒരു പ്രവാസിയുടെ ദുഃഖം ഉള്ളിലുണർന്നു. ഒപ്പം വിലപ്പെട്ട മറ്റെന്തോ ആ മണ്ണിൽ ഉപേക്ഷിച്ചു പോരുന്നതിലുള്ള തീവ്രവേദനയും മനസ്സിൽ തങ്ങി നിന്നു. മൂല്യമളക്കാവാനാത്ത ആ വസ്തുവിനെത്തേടി എനിക്കിനിയും ഈ നാട്ടിലേയ്ക്കു മടങ്ങി വരേണ്ടി വരും. മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

എയ്റോഡ്രോമിലെത്തി ടാസ്കിക്കാരനെ പറഞ്ഞു വിടുമ്പോൾ അരുൺ ചോദിച്ചു.

“മാഡം ആകെ ടയേർഡ് ആണെന്നു തോന്നുന്നു. ഇപ്പോൾത്തന്നെ നടക്കാവാനാതെ ആകെ അവശയായതു പോലെ ഇനിയും ഇന്നു തന്നെ മറ്റൊരു യാത്ര ഡൽഹിയിൽ ചെന്നാലുടനെ തുടരുന്നത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല…” ഒരു അമ്മയോട് മകന്‍റെ ദുഃസ്വാതന്ത്യ്രം ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

അരുണുന്‍റെ ഉൽകണ്ഠ ശരിയായിരുന്നു. ഞാനിപ്പോൾത്തന്നെ അവശയാണ്. ശാരീരികമായും, മാനസികമായും എന്നാൽ ആ അവശത തൽക്കാലത്തേയ്ക്കു മാത്രമുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു പ്രത്യേക ലക്ഷ്യം ഇന്നു എന്‍റെ കണ്മുന്നിലുണ്ട്. ആ ലക്ഷ്യത്തിലെത്തുവാൻ കഴിഞ്ഞാൽ എന്‍റെ എല്ലാ അവശതകളും അകന്നു മാറും. എന്‍റെ മനസ്സിലെന്തെന്ന് മുഖത്തു നിന്ന് വായിച്ചെടുത്തതു പോലെ അരുൺ പെട്ടെന്ന് നിശബ്ദനായി.

ഞങ്ങളുടെ ഫ്ളൈറ്റ് അർദ്ധരാത്രിയോടെ ഡൽഹിയിലെത്തി.

“ഇനി ഇന്ന് വീട്ടിൽ പോയി കിടന്നുറങ്ങാം… നാളെ രാവിലത്തെ ഫ്ളൈറ്റിലോ, ട്രെയിനിലോ വാരാണാസിയ്ക്കു പോകാം…”

ഒരു മകന്‍റെ കരുതൽ നിറഞ്ഞ അരുണിന്‍റെ വാക്കുകളെ തട്ടിത്തെറിപ്പിക്കാനാവാതെ ഞാൻ നിന്നു. എനിക്കാണെങ്കിൽ അപ്പോൾത്തന്നെ വാരാണാസിയിലേയ്ക്കു പോകാനുള്ള മനസ്സുണ്ടായിരുന്നു.

എരിഞ്ഞു കൊണ്ടിരിക്കുന്ന മനസ്സിലെ അഗ്നിയെ എത്രയും വേഗം ഗംഗയുടെ കുളിർമ്മയിൽ മുക്കിത്താഴ്ത്തുവാനുള്ള മോഹം. ശരീരത്തിന്‍റെ വിവശതകളെ അതിജീവിക്കുവാൻ ആ മോഹത്തിന് കരുത്തുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

വീട്ടിലെത്തി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അന്ന് ഉറക്കം വന്നില്ല. അരുൺ അപ്പുറത്തെ മുറിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം അവനെ വല്ലാതെ തളർത്തിയിരുന്നു. പാവം കുട്ടി.

എനിക്കു വേണ്ടിയാണ് എല്ലാ യാതനകളും അവൻ സഹിക്കുന്നത്. യഥാർത്ഥത്തിൽ ഞാൻ അവന് ആരാണ്? ആത്മാർത്ഥ സുഹൃത്തിന്‍റെ അമ്മ എന്നതിൽക്കവിഞ്ഞ് പ്രത്യക്ഷത്തിൽ ബന്ധങ്ങളൊന്നുമില്ല. പക്ഷെ നരേട്ടന്‍റെ മരണശേഷമുള്ള ഏതാനും ദിനങ്ങൾക്കുള്ളിൽ ഞങ്ങൾക്കിടയിൽ പൊക്കിൾക്കൊടി ബന്ധത്തെപ്പോലും അതിശയിപ്പിക്കുന്ന ഒരു ആത്മബന്ധം വളർന്നു കഴിഞ്ഞിരിക്കുന്നു.

ഒരു പക്ഷെ മുജ്ജന്മങ്ങളിലെപ്പോഴൊ അവൻ എന്‍റെ മകനായിരുന്നിരിക്കണം. അതായിരിക്കാം ഇത്തരത്തിലുള്ള ഒരാത്മബന്ധത്തിന് അടിസ്‌ഥാനം. മുജ്ജന്മങ്ങളിൽ നമുക്കു പ്രിയപ്പെട്ടവരായിരുന്നവർ പിന്നീടുള്ള ജന്മങ്ങളിൽ ഒരു പക്ഷെ നമ്മെ തിരിച്ചറിഞ്ഞുവെന്നു വരാം. ഒരുതരം വാസനാബന്ധം എന്തോ ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലായിരിക്കാം.

ഈയിടെയായി മനസ്സ് മുജ്ജന്മ ബന്ധങ്ങളെക്കുറിച്ചും, പുനർജജന്മത്തെക്കുറിച്ചുമൊക്കെ അന്വേഷണാത്മകമായ വിവാദങ്ങളിലേർപ്പെടുന്നു. എന്തോ ചിലതു കണ്ടെത്തുവാനുള്ള വെമ്പൽ…

ജനനത്തിനു മുമ്പും, മരണത്തിനു ശേഷവും എന്ത് എന്നറിയാനുള്ള ആകാംക്ഷ… ഒരുപക്ഷെ കൈവിട്ടു പോയ പ്രിയപ്പെട്ടവരെ അങ്ങേ ലോകത്തു വച്ച് വീണ്ടും കണ്ടു മുട്ടുവാനുള്ള ത്വരകൊണ്ടുമാകാം മനസ്സ് വിഭ്രാത്മക ചിന്തകൾക്ക് അടിപ്പെടുന്നത്. പലതും ആലോചിച്ചു കിടന്ന് സമയം കടന്നു പോകുന്നത് അറിഞ്ഞില്ല.

ചുവരിലെ ക്ലോക്ക് നാലു പ്രാവശ്യം അടിക്കുന്നതു കേട്ടപ്പോഴാണ് ഞാനിതു വരെ ഉറങ്ങിയിട്ടില്ലെന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. അൽപമെങ്കിലും കണ്ണടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ തലപൊക്കാൻ പറ്റാത്തത്ര ക്ഷീണമായിരിക്കും. എങ്ങിനെയും അൽപം ഉറങ്ങുക തന്നെ.

ഒരുപക്ഷെ വാരാണാസിയിലേയ്ക്ക് നേരത്തെ ടിക്കറ്റു ബുക്കു ചെയ്യാതിരുന്നത് എത്ര നന്നായി. അല്ലെങ്കിലിപ്പോൾ ക്ഷീണം കൊണ്ട് തലപൊക്കാൻ പറ്റാത്ത അവസ്‌ഥയിൽ അരുൺ എന്നെ താങ്ങിയെടുക്കേണ്ടി വന്നേനെ.

ഇനിയും ഒന്നുമാലോചിക്കരുതെന്ന് വിചാരിച്ച് മനസ്സ് ഈശ്വരനിൽ കേന്ദ്രീകരിച്ച് ഉറങ്ങുവാൻ ശ്രമിച്ചു. പക്ഷെ മനസ്സ് എന്തുകൊണ്ടോ കൂടുതൽ കൂടുതൽ പിരിമുറുകി കൊണ്ടിരുന്നതല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല.

ലോകത്തിൽ വിധവകൾക്കാണോ ഇത്തരം അവസ്‌ഥ കൂടുതലായി കാണുവാനാവുക എന്നോർത്തു പോയി. എന്നാൽ അടുത്ത നിമിഷം ഞാനെന്തു വിഡ്ഢിത്തമാണ് ഓർക്കുന്നതെന്നും ആലോചിച്ചു.

പല കാരണങ്ങൾ കൊണ്ട് മനഃസമാധാനം നഷ്ടപ്പെട്ട പലരും നേരിടുന്ന പ്രശ്നമാണിത്. പിന്നെ രോഗങ്ങളുടെ പിടിയിലമർന്നവരും. എന്നാൽ അരുണിനെപ്പോലെ ശുദ്ധ ഹൃദയരായവർക്ക് ഇതൊന്നും പ്രശ്നമല്ല. ഒരു കുഞ്ഞിനെപ്പോലെ, കിടക്ക കാണേണ്ട താമസം, അവർക്ക് സുഖസുഷുപ്തിയിലാഴുവാൻ കഴിയുന്നു. അങ്ങിനെയുള്ളവരാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവാന്മാരെന്ന് ഒരു നിമിഷം തോന്നിപ്പോയി. ലോകത്തിൽ വിലപിടിപ്പുള്ള മറ്റെന്തിനെക്കാളും വലുത് മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുക എന്നതാണ്.

ഒരു രാജാവിന് സ്വന്തം പട്ടുമെത്തയിലെന്നതിനേക്കാൾ, അദ്ധ്വാനിക്കുന്നവന് വെറും നിലമായിരിക്കും സ്വർഗ്ഗമായിത്തീരുക. നിറയെ ധനമുള്ള മനുഷ്യനേക്കാൾ അന്നന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവനാണ് മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുക എന്നർത്ഥം.

മനസ്സ് വേദാന്ത ചിന്തകൾക്ക് അടിപ്പെടുന്നതോർത്ത് ചിരി വന്നു. ഒടുവിൽ പുലരാറായ നേരത്തെപ്പോഴൊ അറിയാതെ കണ്ണുകൾ ചിമ്മിപ്പോയി. ദീർഘമായ ഒരുറക്കത്തിനൊടുവിൽ കണ്ണുതുറക്കുമ്പോൾ അരുൺ പുഞ്ചിരിയോടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു.

“മാഡം, നല്ലതു പോലെ ഉറങ്ങി എന്നു തോന്നുന്നുവല്ലോ… അവൻ കൈയ്യിലെ ചായക്കപ്പ് എന്‍റെ നേരെ നീട്ടി.

അപ്പോൾ ജനാലയ്ക്കപ്പുറത്ത് നിന്നും വെയിൽ നാളങ്ങൾ മുറിയ്ക്കകത്തേയ്ക്ക് കൈനീട്ടിത്തുടങ്ങിയിരുന്നു. അസഹ്യമായ ചൂടിൽ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോൾ ചോദിച്ചു പോയി.

“അയ്യോ അരുൺ… നേരം വല്ലാതെ പുലർന്നുവെന്നു തോന്നുന്നു. ഇനിയെപ്പോഴാണ് വാരാണാസിയിലേയ്ക്കു പുറപ്പെടുക?”

“മാഡം പേടിയ്ക്കേണ്ട… ഞാൻ വൈകുന്നേരം ആറുമണിയ്ക്കുള്ള ട്രെയിനിന് ബുക്ക് ചെയ്‌തിട്ടുണ്ട്. മാഡം വൈകുന്നേരമാകുമ്പോഴേയ്ക്കും കുളിച്ചൊരുങ്ങിക്കോളൂ… ഞാൻ അപ്പോഴേയ്ക്കും മമ്മിയുടെ അടുത്ത് പോയിട്ട് വരാം. കുറെ ദിവസമായി മമ്മിയെക്കണ്ടിട്ട്….”

അപ്പോഴാണ് ഞാൻ അരുന്ധതിയുടെ കൈയ്യിൽ വീടിന്‍റെ താക്കോൽ ഉള്ള കാര്യം ഓർത്തത്. അന്ന് നാട്ടിലേയ്ക്കു പോകുമ്പോൾ അരുന്ധതിയോട് രാമേട്ടന്‍റെ കൈയ്യിൽ താക്കോൽ ഏൽപ്പിക്കുവാൻ പറഞ്ഞിരുന്നുവെങ്കിലും, രാമേട്ടന് എന്തോ അസുഖമായിരുന്നതിനാൽ അന്നും, അതിനടുത്ത ദിവസങ്ങളിലും സെക്യൂരിറ്റി ജോലിയ്ക്ക് എത്തുവാൻ കഴിഞ്ഞിരുന്നില്ല.

ഇവിടെ വന്നു കയറിയത് എന്‍റെ കൈയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചാണ്. “അരുൺ മമ്മിയുടെ കൈയ്യിൽ നിന്നും ഈ വീടിന്‍റെ താക്കോൽ കൂടി വാങ്ങിച്ചോളൂ… ഞാൻ ഓർമ്മിപ്പിച്ചു.”

“ശരി മാഡം… ഞാൻ പോയിട്ടു വരാം…” അരുൺ നടന്നകലുന്നതു നോക്കി വാതിൽക്കൽ തന്നെ നിന്നു അപ്പോഴാണ് രാമേട്ടൻ എന്‍റെ നേരെ നടന്നു വരുന്നത് കണ്ടത്.

“മാഡം… നാട്ടിൽ പോയി വന്നപ്പോൾ ആകെ ക്ഷീണിച്ചു പോയല്ലോ? എന്തുപറ്റി മാഡം? സുഖമില്ലായിരുന്നോ?”

രാമേട്ടൻ ജിജ്ഞാസയോടെ തിരക്കി.

(തുടരും)

കോട്ടേജ് നമ്പർ 10 കൂർഗ്

എവിടെ നിന്നോ വന്നേക്കാവുന്ന ഇ-മെയിലുകൾ പരതി അയാൾ ഡെസ്ക്ടോപ്പിൽ വെറുതെ നോക്കിയിരുന്നു. തെരുതെരെ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ചില ചിഹ്നങ്ങൾ മാത്രമായി സ്വന്തം ജീവിതം മാറി മറയുമ്പോഴും, അയാൾ ഇടയ്ക്കിടെ ദൂരെക്കാണുന്ന മലനിരകളിലേക്ക് അലക്ഷ്യമായി കണ്ണുകൾ പായിച്ച് റിവോൾവിങ്ങ് ചെയറിൽ ചാരിക്കിടന്നു. അത്യാധുനിക സജ്ജീകരണങ്ങളും, ഒരു മിനി ജിമ്മും ഉള്ള മുറിയായിരുന്നു അത്. ഫ്രിഡ്ജിൽ ലോകോത്തര ശ്രേണിയിലുള്ള വിദേശമദ്യ ശേഖരം. ഇവിടുത്തെ തണുപ്പിനെ അതിജീവിക്കാൻ അത്യാവശ്യം അവ കുറച്ച് കരുതിയേ പറ്റൂ.

പുറത്ത് ബാൽക്കണിയിൽ രണ്ട് ബുൾബുൾ പക്ഷികൾ കൂടൊരുക്കാനുള്ള ശ്രമത്തിലാണ്. കരിമ്പനയിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന പൂങ്കുലകൾ കുട്ടിക്കാലത്ത് എവിടെയോ കേട്ടു മറന്ന കഥയിലെ സുന്ദരിയായ യക്ഷിയുടെ കേശഭാരത്തെ ഓർമ്മിപ്പിച്ചു. അയാൾ മെല്ലെ പുറത്തു കിടന്ന ഈസി ചെയർ വരാന്തയുടെ ഒരരികിലേക്ക് വലിച്ചിട്ട് ശ്രദ്ധാപൂർവം ഒതുങ്ങിയിരുന്നു. ആ ഇണപക്ഷികളുടെ ചെയ്തികൾക്ക് ഒരു മുടക്കം ഉണ്ടാവാതിരിക്കട്ടെ.

സിഗരറ്റ് തൊടരുത് എന്നാണ് ഡോ.മഹേഷ് അയാളെ ഉപദേശിച്ചയച്ചതാണ്. പക്ഷെ അയാൾ പുകവലിക്കുന്നുണ്ടോ? ഭക്ഷണം കഴിച്ചോ? തലവേദനയുണ്ടോ? ക്ഷീണം തോന്നുന്നുണ്ടോ? എന്നൊക്കെ അന്വേഷിച്ച് വരാനിവിടെ ആരുമില്ല. ഉത്തരേന്ത്യക്കാരനായ കെയർ ടേക്കറും ഭാര്യയും, വച്ചുവിളമ്പുന്നത് കൊണ്ട് അതിഥികളും അയാളും സന്തുഷ്ടൻ. ആ സൗധത്തിൽ വന്നു പോകുന്നവർക്കൊന്നും അയാളെ കാണാൻ പറ്റില്ല. പക്ഷെ CCTV സൗകര്യത്തിലൂടെ ഒരില വീഴുന്നതു പോലും അയാൾക്കറിയാനാവും. എല്ലാ പ്രദേശവാസികളും സന്ദർശകരും വിജനമായ മലയിടുക്കുകളുടെ ഭംഗി കണ്ണിന് അപ്രാപ്യമാവുമ്പോൾത്തന്നെ തങ്ങളുടെ അഭയസ്ഥാനങ്ങളിലെത്തിച്ചേരും.

ഊട്ടിയിലെ ബോർഡിംഗിൽ പഠിക്കുന്ന കേശവ് വിളിക്കുന്ന സമയം ആയിട്ടില്ല. എവിടെയും കോടമഞ്ഞ് വാരിപ്പുകച്ചിരിക്കുകയാണ് പ്രകൃതി. കുറച്ചു മുൻപ് വരെ ആകാശത്ത് ഒരു രക്തച്ഛവി കാണാമായിരുന്നു. കഴുത്തും, നെഞ്ചും മറച്ചിരുന്ന വൂളൻ ഷാൾ അയാൾ ഒന്നുകൂടി ശരീരത്തിലേക്ക് മുറുക്കിപ്പിടിച്ചു; അയാൾ മെല്ലെ ബാൽക്കണിയിൽ ഉലാത്താൻ തുടങ്ങി. താഴെ പോർട്ടിക്കോയിലുള്ള വോൾവോ കാർ ഉടമസ്ഥന്‍റെ കരസ്പർശം ഏൽക്കാതെ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞു.

അയാൾ ഗൗരിയെ ഓർക്കുകയായിരുന്നു. പഴയ കോളേജ് കാലവും. വെറുതെ ദൂരെ നിന്ന് ഗൗരിയെ നോക്കുക മാത്രമേ അയാൾ ചെയ്തിട്ടുള്ളൂ. അവൾ അയാളെ കണ്ടിട്ടുണ്ടോ എന്നതു തന്നെ സംശയം. എല്ലാം മാറ്റിമറിച്ചത് ഒരു IT expo ആയിരുന്നു. ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ batch ൽ നിന്നും ഒരാൾക്ക് പങ്കെടുക്കാമായിരുന്നു ഇന്നവേറ്റീവ് ആശയങ്ങളുമായി. ആ റൗണ്ട് അയാൾ അനായാസം കടന്നു. പക്ഷെ സെലക്ഷൻ റൗണ്ട് കഴിഞ്ഞപ്പോഴാണ് ലക്ഷ്മീകാന്ത് സർ അയാളുടെ ഉത്തരവാദിത്തം എത്ര വലുതാണെന്ന് മനസിലാക്കി കൊടുത്തത്. “See Pramod Inter zone thesis competition comes within two months. This is a prestigious one. You can do this. I have no doubt about it.” ഇന്‍റർസോൺ മത്സരത്തിലെ പ്രബന്ധത്തിന്‍റെ വിഷയം സംബന്ധിച്ച write-up സർ അപ്പോഴേക്കും അയാൾക്ക് കൈമാറിക്കഴിഞ്ഞിരുന്നു.

പണ്ടേ തിരിച്ച് എന്തെങ്കിലും പറയണമെന്ന് ഉള്ളിൽ തോന്നിയാലും മിണ്ടാതിരിക്കലാണ് ശീലം. കേട്ടതും തലയിലേറ്റു പോന്നു. ആദ്യ ആഴ്ചയിൽ എവിടെത്തുടങ്ങണം എന്ന് മനസിലാക്കാനാവാതെ മനസ് അലഞ്ഞു നടന്നു. പക്ഷെ, തടസങ്ങൾ അതിജീവിക്കുക എന്നതായിരുന്നു ഒരു വാശി. കുറെയേറെ റഫറൻസിന് ശേഷം തയ്യാറാക്കിയ പ്രബന്ധവുമായി അയാൾ സാറിന്‍റെയടുത്തേക്ക് നടന്നു.

ചാർട്ടുകൾ, ഡയഗ്രങ്ങൾ, ഉപോൽബലകമായ സ്റ്റേറ്റ്മെന്‍റ്സ് കൂടാതെ, ലോകത്തെ പുതിയ പുതിയ ട്രെൻഡുകൾ, അതോടൊപ്പം വരും രണ്ടു വർഷങ്ങൾക്കുള്ളിൽ കമ്പ്യൂട്ടർ സേവനങ്ങളിൽ പ്രതീക്ഷിക്കുന്ന പൊതുവേ സാധാരണക്കാർക്ക് ഉൾക്കൊള്ളാനാവാത്ത മാറ്റങ്ങൾ എല്ലാം പരാമർശിച്ചിരുന്നു. അത് ഒരു കൊച്ചു കുട്ടിയുടെ ആകാംക്ഷയോടെ വായിച്ചു പോയ ശേഷം ആ അദ്ധ്യാപകന്‍റെ മുഖത്ത് തെളിഞ്ഞ സന്തോഷം ഇന്നലത്തെപോലെ മുന്നിൽ കാണാം.

അവസാനം ആ ദിവസം വന്നെത്തി. മൽസരത്തിൽ പങ്കെടുക്കാൻ ചെന്നൈയിലേക്കാണ് പോയത്. 3 ദിവസത്തിനകം റിസൾട്ട് കോളജിൽ ഈ മെയിലായി എത്തി. കോളേജിലെ ഉച്ചഭാഷിണിയിലൂടെ പ്രിൻസിപ്പലിന്‍റെ അനൗൺസ്മെന്‍റ് കോളേജ് കാമ്പസിൽ മുഴങ്ങി, ” Pramod B.Tech computer science 4th semester bags the title of South zone IT Expo Innovative Thesis competition.” അടുത്തിരുന്ന മദൻ കൈ പിടിച്ച് അഭിനന്ദിച്ചപ്പോഴാണ് താനാണല്ലോ എന്ന തിരിച്ചറിവെത്തിയത്. അന്നാദ്യമായാണ് ഗൗരി അയാളെ നോക്കിയതെന്ന് അയാൾ തിരിച്ചറിഞ്ഞു. അവൾ രണ്ടു മൂന്നു കൂട്ടുകാരികളോടൊപ്പം അടുത്തേക്ക് വന്ന് കൈപിടിച്ച് “കൺഗ്രാചുലേഷൻസ് ” എന്നു പറയുമ്പോഴും അയാൾ എന്നത്തേയും പോലെ നിസംഗനായിരുന്നു. “Thanks” തീർന്നു മറുപടി.

ഇറ്റുവീഴുന്ന മഞ്ഞുതുള്ളികളുടെ ശബ്ദം കേട്ടുകൊണ്ടു നിൽക്കുമ്പോൾ ആ നിസംഗത തന്നെ ഇപ്പോഴും പിന്തുടരുന്നുവെന്ന് അയാൾ മനസിലാക്കി. ഗൗരിക്ക് തന്നോട് തോന്നിയ മമത ഊതിപ്പെരുപ്പിച്ച്, പ്രണയത്തിന്‍റെ മാനത്തിലേക്കെത്തിക്കുവാൻ അധികം വൈകിയില്ല. പലരും പറയുന്നുണ്ടായിരുന്നു “ഭാഗ്യവാൻ, നമ്മളൊക്കെ എത്ര പുറകെ നടന്നിട്ടും കാര്യമുണ്ടായില്ല” എന്നൊക്കെ. എന്നാൽ ഇതറിഞ്ഞിട്ടും അയാൾക്ക് വലിയ ഉൾപ്പുളകമൊന്നും തോന്നിയില്ല.

ക്ലാസ് തീർന്നു. സ്വപ്ന സമാനമായ ജോബ് ഓഫർ ലഭിച്ച് അയാൾ വിദേശത്തേക്ക് പറക്കാനൊരുങ്ങി. ജോലി കിട്ടി ദൂരേക്ക് പോയാലെങ്കിലും അവൾ തന്നെ മറക്കുമെന്ന് അയാൾ ആശിച്ചു. ഗൗരിയെപ്പോലെ നൃത്തത്തിലും, സംഗീതത്തിലും, സ്വതസിദ്ധമായ കഴിവുകളുള്ള കുട്ടി അയാളെപ്പോലെ അന്തർമുഖനായ ഒരാളോടൊപ്പം എരിഞ്ഞു തീരാനുള്ളതല്ല എന്ന് നേരിട്ട് പറയുക തന്നെ ചെയ്തു. കാരണം അയാളുടെ ജീവിത സാഹചര്യങ്ങൾ അയാളെ അങ്ങനെ രൂപാന്തരപ്പെടുത്തുകയായിരുന്നു. പക്ഷെ, അയാൾ അമേരിക്കയിലെത്തി 3 മാസം തികയും മുൻപ് തന്നെ അവളും ഒരു ജോബ് ഓഫറിൽ അയാളോടൊപ്പം ചേർന്നു.

അയാൾ ഇന്നും ഞെട്ടലോടെ ഓർക്കുന്നു, അവളുടെ മാതാപിതാക്കൾ നാട്ടിൽ നിന്നും വിളിച്ച ദിവസം “പ്രമോദ്, അവൾ ഞങ്ങളുടെ ഒരേയൊരു മകളാണ്. അവൾക്ക് നിന്നെ വളരെയധികം ഇഷ്ടമാണ് എന്ന് പറഞ്ഞാൽ പിന്നെ, അവളുടെ ഇഷ്ടങ്ങളാണ് ഞങ്ങളുടെ സന്തോഷം”. അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു… “ലിവിംഗ് ടുഗെതർ” ആണെന്നാണ് ഗൗരി വീട്ടുകാരെ ധരിപ്പിച്ചിരിക്കുന്നത്. അന്നും ഈ പറഞ്ഞത് ശരിയല്ല, ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടില്ല എന്നു പറയാനുള്ള ശക്തി അയാൾക്കില്ലായിരുന്നു.

ഗൗരിക്ക് അയാളോടുള്ള സ്നേഹം, ദൂരെയുള്ള അവളുടെ മാതാപിതാക്കൾ ഇതൊക്കെ എതിരഭിപ്രായം ബോധിപ്പിക്കുന്നതിൽ നിന്നും അയാളെ പിൻതിരിപ്പിച്ചു. എന്തൊക്കെയോ പറയാനുണ്ടെങ്കിലും തൊണ്ടയിൽ തടയുന്നത് പോലെ. അയാൾ ഞെട്ടിപ്പോയി, നാലോ അഞ്ചോ കിലോമീറ്ററുകൾക്കപ്പുറത്ത് അവൾ കൂട്ടുകാരികളോടൊപ്പമായിരുന്നു. പക്ഷെ, അയാൾ നോക്കി നിൽക്കെ അവളുടെ ജീവിതം വഴിമാറി ഒഴുകുകയായിരുന്നു.

ശുദ്ധമായ ഒരു നദിയിൽ മലിന ജനം കലർന്നു തുടങ്ങിയിരുന്നു. പബ്കളിലും, നൈറ്റ്ക്ലബുകളിലും, അവൾ കിട്ടുന്ന പണമെല്ലാം ധൂർത്തടിച്ചു. ഇടയ്ക്കിടെ അവൾ അയാളെ കാണാൻ വരികയും, അവളുടെ സ്നേഹം വെളിവാക്കാൻ തക്കവണ്ണം പ്രകടനങ്ങൾ നടത്തുകയും ചെയ്തു. അയാൾ എപ്പോഴും ഒരു പുഞ്ചിരിയോടെ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. ഒരിക്കൽ കുടിച്ച്ബോധം നശിച്ച അവളെ പൊലീസ് കൊണ്ടുവന്നത് അയാളുടെ താമസ സ്ഥലത്തേക്കായിരുന്നു. അർദ്ധബോധാവസ്ഥയിൽ അവൾ പറഞ്ഞു കൊടുത്തത് അയാളുടെ താമസസ്ഥലം!

അവൾ തകർന്നു പോയത് നിശാ സഞ്ചാരത്തിനിടയിൽ അവളെ ആരോ ദുരുപയോഗം ചെയ്തപ്പോഴാണ്. അതിന്‍റെ ഫലമായിരുന്നു കേശവ്. താൻ ഗർഭിണിയാണെന്നറിഞ്ഞ ദിവസം അവൾ ഒരു പാട് കരഞ്ഞു. അയാൾ ആളെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അവൾക്കൊന്നും ഓർമ്മയില്ലായിരുന്നു. പിന്നീടവൾ വേറെ ഒരിടത്തും പോയില്ല. അവൾ ഊർജ്ജസ്വലതയെല്ലാം നഷ്ടപ്പെട്ട് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നത് അയാളെ വല്ലാതെ വേദനിപ്പിച്ചു. ഭാര്യ ഭർത്തൃബന്ധം ഒരിക്കൽപ്പോലും ഉണ്ടാകാതെ ഒരു പിതാവെന്ന മേൽവിലാസം ലഭിക്കുക. അന്നയാൾ കുറെ കരഞ്ഞു; ഒരു കൊച്ചു കുട്ടിയെപ്പോലെ… പക്ഷെ അയാളെ സ്നേഹിച്ച് ഇറങ്ങിത്തിരിച്ച ഗൗരിയുടെ നിസ്സഹായത നിറഞ്ഞ മുഖം കാണുമ്പോൾ… അയാൾ മെല്ലെ കേശവിനെ സ്നേഹിച്ചു തുടങ്ങി. അവൾ സന്തോഷം തേടി മറ്റു സ്ഥലങ്ങളിൽ അലയേണ്ടി വന്നത് താൻ മൂലമല്ലേ എന്ന ചിന്തയും അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

അയാൾക്ക് എല്ലാം വളരെ വേഗം മടുപ്പുളവാക്കി. യാന്ത്രിക ജീവിതം… ഏതായാലും വീട്ടിലെ കടങ്ങൾ, സഹോദരിയുടെ വിവാഹം ഇതിനെല്ലാമുള്ള പണം അയാൾ ഇതിനോടകം വീട്ടിലേക്കയച്ചു കഴിഞ്ഞിരുന്നു. നാട്ടിൽ പോയാൽത്തന്നെ സുഖമായി കഴിയാനുളള ഒരു ബാങ്ക് ബാലൻസും അയാൾ ഇതിനോടകം കരുതിയിരുന്നു. ഒരു ദിവസം അയാൾ അവളോട് പറയുക തന്നെ ചെയ്തു: “ഗൗരി, let’s go back to India. I prefer any hill station.” അവൾ വല്ലാത്ത പ്രതിസന്ധിയിലായി… താൻ അവളെ വിട്ടു പോകുമോ എന്ന ആധിയായിരുന്നു മുന്നിൽ. തന്‍റെ നഗരജീവിതത്തിന്‍റെ അവസാന ആണിയാണ് അടിക്കപ്പെടുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞു. അയാളെപ്പോഴും, പ്രകൃതിയെ, അതിന്‍റെ നിശ്ശബ്ദ സൗന്ദര്യത്തെ വല്ലാതെ മോഹിച്ചിരുന്നു. മാസം തോറും ആറക്ക ശമ്പളം കൈപ്പറ്റുമ്പോഴും, കുറച്ചു സ്വസ്ഥത മാത്രമായിരുന്നു, ഏറ്റവുമധികം ആഗ്രഹിച്ചത്. “Pramod, I don’t know whether I may be able to adjust with such a lonely atmosphere”. അവൾ സന്ദേഹപ്പെട്ടു. എതിർ ധ്രുവങ്ങളായിരുന്നല്ലോ എല്ലായ്പ്പോഴും. ചേരാൻ, ചേർക്കാൻ അയാൾ ശ്രമിച്ചുമില്ല.

Global consultants എന്ന ലോകോത്തര IT company യിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചപ്പോൾ അതിന്‍റെ CEO യുടെ മുഖത്തെ ഞെട്ടൽ അയാൾക്ക് മറക്കാനാവാത്തതായി. രണ്ടോ, മൂന്നോ വർഷങ്ങൾക്കകം MDമാരിൽ ഒരാളായി പ്രമോദിനെ അയാൾ കണ്ടിരുന്നു. വിട്ടു പോകാൻ അവർ അയാളെ അനുവദിച്ചില്ല. work at home എന്ന സംവിധാനത്തിലൂടെയെങ്കിലും അയാളുടെ സേവനം ലഭ്യമാക്കണമെന്ന് ഡയറക്ടർ ബോർഡ് നിർബന്ധം പിടിച്ചു. അവിടെയും അയാൾ എതിർപ്പുപറയാനാകാതെ നിന്നു. എന്നും അയാൾ മറ്റുള്ളവരെപ്പറ്റി അവരുടെ വേദനകളെപ്പറ്റിയായിരുന്നല്ലോ വേവലാതിപ്പെട്ടിരുന്നത്.

“സാബ്, കൈസാ ഹേ ആപ്?” മുഖത്തേക്ക് നോക്കി നിൽക്കുന്ന കിശോർ റാമിന്‍റെ ചോദ്യത്തിലെ അമ്പരപ്പു കണ്ടപ്പോഴാണ് അയാൾ തനിക്കെന്തോ സംഭവിച്ചുവെന്ന് മനസിലാക്കിയത്. ബാൽക്കണിയിൽ കസേരയിലിരിക്കെ, തല ഒരു വശത്തേക്ക് ചരിഞ്ഞു പോവുകയും കസേരയിൽ നിന്നും വീഴാൻ പോകും വിധം കിടക്കുകയായിരുന്നുവെന്നും കിശോർ റാമിന്‍റെ സംഭാഷണത്തിൽ നിന്നും അയാൾക്ക് മനസിലായി. ഭക്ഷണം തയ്യാറായിരിക്കുന്നു എന്ന് അറിയിക്കാൻ കിശോർ മുകളിലേക്ക് വന്നതെത്ര നന്നായി!

കാര്യപ്രാപ്തിയുള്ള ആ ജോലിക്കാരൻ ഉടനെ തന്നെ ഹോം സ്റ്റേ കാര്യങ്ങൾ സുഗമമായി നടത്താൻ തന്‍റെ യജമാനൻ വാങ്ങി നൽകിയിരിക്കുന്ന മാരുതി ഓമ്നിയിൽ സുഹൃത്തായ ഡോ.മോഹന്‍റെ ക്ലിനിക്കിലേക്ക് അയാളെ ‘എത്തിച്ചു. “കാലതാമസം ഉണ്ടാകാതെ ഇവിടെ എത്തിച്ചത് നന്നായി” എന്നയാൾ പ്രമോദിനോട് പ്രത്യേകം പറയുകയും ചെയ്തു. ഹോം സ്റ്റേയിലെത്തുന്ന അതിഥികൾക്കും ചിലപ്പോൾ എന്തെങ്കിലും ആവശ്യം വന്നാൽ സമയം ഒട്ടും പാഴാക്കാതെ അവരെ ഹോസ്പിറ്റലിൽ എത്തിക്കണം എന്ന് അയാൾ കിശോർ റാമിന് പ്രത്യേക നിർദേശം നൽകിയിരുന്നു. അതേതായാലും നന്നായി. കാരണം താഴ്‌വാരത്തിൽ നിന്നും ഒരു വാഹനം ഇവിടെ വന്നെത്തണമെങ്കിൽ ഏതാണ്ട് അര മണിക്കൂർ എങ്കിലും കാലതാമസം ഉണ്ടാവും. പ്രകൃതി രമണീയത നിറഞ്ഞ സ്ഥലങ്ങൾക്ക് ഇങ്ങനെ ചില പ്രശ്നങ്ങളുമുണ്ട്.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് തുടങ്ങി സമയം നഷ്ടപ്പെടാതെ നോക്കേണ്ട അടിയന്തിര ഘട്ടങ്ങളിൽ മലമുകളിലെ താമസം ചിലപ്പോൾ ജീവനു തന്നെ ഭീഷണിയായി മാറിയേക്കാം. ഭാഗ്യത്തിന് ഡോ. മോഹൻ ഒരു മാസത്തെ വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയിരുന്നു. ബ്ലഡ് പ്രഷർ ക്രമാതീതമായി താഴേക്ക് പോയതായിരുന്നു അയാളുടെ പ്രശ്നം. ഇനിയും അതും പോലെ ഒരു സ്ഥിതിവിശേഷം വന്നാൽ വളരെ സങ്കീർണ്ണമാവും കാര്യങ്ങൾ. അയാൾക്ക് തന്‍റെ സ്ഥിതി ഓർത്ത് പതിവുപോലെ ഒരു നിർവികാരതയാണ് ഉടലെടുത്തത്.

പക്ഷെ, പിറ്റേന്ന് ശനിയാഴ്ചയായതിനാൽ വൈകിട്ട് തന്നെ കേശവ് ബോർഡിംഗിൽ നിന്നും പുറപ്പെട്ടുവെന്ന് കേട്ടപ്പോൾ അയാളുടെ ഹൃദയം മിടിച്ചു. സ്വന്തമല്ലെങ്കിൽ പോലും അവൻ അയാളുടെ അസ്തിത്വത്തിന്‍റെ രഹസ്യമായിരുന്നു. അവനാകട്ടെ പപ്പയെന്നാൽ, ജീവനും. സ്കൂളിലെ ടീച്ചേഴ്‌സ് അയാളോട് പറയാറുണ്ടായിരുന്നു: “പ്രമോദ് യു ആർ ലക്കി. യുവർ സൺ ലവ്സ് യൂ സോ മച്ച്”. അതു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ കൊളുത്തി വലിക്കുമെങ്കിലും അയാൾ ഒരു പ്രത്യേക സന്തോഷവും, അഭിമാനവും, അനുഭവിച്ചിരുന്നു.

മാതാപിതാക്കളോടുളള സ്നേഹം പോലും കടപ്പാടുകളാകുന്ന ഈ ലോകത്ത്, ഈ അച്ഛനും, മകനും തമ്മിലുള്ള സ്നേഹം അവരിൽ അതിശയം ജനിപ്പിച്ചിരുന്നു. പപ്പാ മയക്കത്തിലാണ്ട് കിടക്കുന്നത് അവന് ഉൾക്കൊള്ളാനായില്ല. അവൻ അമ്മയെ വിളിച്ചു.. “ഗൗരിമാ, where are you? Please come fast.  Pappa is not well.” മഞ്ഞുപെയ്യുന്ന മലഞ്ചെരിവുകളുടെ ഏകാന്തതയിൽ ശ്വാസംമുട്ട് അനുഭവിച്ചിരുന്നുവെങ്കിലും ഗൗരി കേശവെത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ അവളുടെ വൃദ്ധ മാതാപിതാക്കളുടെയടുത്തു നിന്നും അവൾ ഓടിയെത്തും, പ്രമോദിന്‍റെ ഹോം സ്റ്റേയിലേക്ക്. അവളുടെ പഴയ കുത്തഴിഞ്ഞ ജീവിതം ഒരിക്കലും ചോദ്യം ചെയ്യാത്ത പ്രമോദ് അവളിൽ ആദരം കൂട്ടിയതേയുള്ളൂ. അയാൾ വാങ്ങിക്കൊടുത്തിരുന്ന ‘ഫോർച്യൂണറി’ൽ അവളും പാഞ്ഞെത്തി.

നഗരജീവിതം ഇപ്പോൾ അവൾക്കും മടുത്തു തുടങ്ങിയിട്ടുണ്ട്. പക്ഷെ മാതാപിതാക്കൾക്ക് തണുപ്പ് അസഹനീയമായതുകൊണ്ട് മാത്രം അവരോടൊപ്പം നഗരത്തിൽ അവൾ കുറച്ചു ദിവസം ചിലവിടുന്നുവെന്നേയുള്ളൂ.

എല്ലാ സുഖസൗകര്യങ്ങളുമുള്ള ഈ ഹോം സ്റ്റേ സമുച്ചയം, അയാളുടെ സന്തത സഹചാരികളായ ബെറ്റ്സി, ബ്രൂണോ എന്നീ രണ്ടു ഡാഷ്ഹണ്ടു വിഭാഗത്തിലെ നായകൾ ഒക്കെ ആർക്കും വേണ്ടാതെയാവുമോ എന്നു വരെ അയാൾ മനസിൽ വ്യഥയോടെ ഓർത്തിരുന്നു. പക്ഷെ കണ്ണുതുറക്കുമ്പോൾ അയാളുടെ കൈ പിടിച്ച് മൃദുവായി തടവിക്കൊണ്ട് അടുത്തിരുന്ന ഗൗരിയും, കണ്ണിമ ചിമ്മാതെ അയാളെ നോക്കി നിൽക്കുന്ന കേശവും, അയാളിൽ സന്തോഷത്തിന്‍റെ തിരതള്ളലുളവാക്കി. ചുറ്റുപാടുമുള്ള പ്രകൃതി പോലും മഞ്ഞുകണങ്ങൾ ജനൽ പാളികളിലേക്കിറ്റിച്ചു കൊണ്ട് തുളുമ്പി നിന്നു.

ആ ചുവന്നസാരിക്കാരി

ഇന്ന് ശനിയാഴ്ച്ചയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയും അതിനു മുൻപത്തെ ശനിയാഴ്ച്ചയും അവൾ വന്നിരുന്നു.

ഇന്നുമവൾ വരുമോ? വന്നാൽ….?

റെയിൽവേ പോലീസിന്‍റെ ശ്രദ്ധയിൽ പെടുത്തിയാലോ? വേണ്ട… അതുവേണ്ട… പിന്നെ?

അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ചിന്താമൂകനായി നിന്നു. മനസ്സിനാകെ ഒരസ്വസ്ഥത.

ഓർമ്മയിലപ്പോൾ അവളുടെ മുഖശ്രീ തെളിഞ്ഞു. ക്ഷോഭിക്കുമ്പോൾ ആ കവിൾത്തടങ്ങൾ വല്ലാതെ ചുവന്നു തുടുക്കും. വിടർന്ന കണ്ണുകൾ ഈറനാകും.

കഴിഞ്ഞ രണ്ടുവരവിലും ഒരേ വേഷമാണവൾ ധരിച്ചിരുന്നത്. ചുവന്നസാരിയും ബ്ലൗസും. അതേനിറത്തിലുള്ള കുങ്കുമപ്പൊട്ട്. ചുവന്ന കല്ലുവെച്ച മൂക്കുത്തി. അവൾ മുന്നിൽ നിന്ന് മറഞ്ഞിട്ടും നിമിഷങ്ങളോളം ആ രക്തവർണ്ണം കണ്ണിൽനിന്നും മായാതെ നിന്നു,

ഓർക്കുംതോറും ദുരൂഹതയേറുകയാണ്. ആരാണവൾ? എന്താണവളുടെ ഉദ്ദേശം?

സ്റ്റേഷൻ മാസ്റ്ററായി ചാർജ്ജെടുത്തിട്ട് ഒന്നരമാസമാകുന്നതേയുള്ളു. ഒരുപക്ഷെ ഇവിടെയുള്ള മറ്റു ജീവനക്കാർക്ക് അവളെക്കുറിച്ച് അറിയുമായിരിക്കാം. ആരോടെങ്കിലും ചോദിച്ചു നോക്കാം.

ജനാലയുടെ ചതുരത്തിലൂടെ, ഇടക്കിടെ ഒന്നോ രണ്ടോ പേർ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നത് കണ്ടു. മഴ ചാറുന്നുണ്ട്. ആകാശത്ത് മഴമേഘങ്ങൾ ശണ്ഠകൂടാൻ തുടങ്ങിയിരിക്കുന്നു. സന്ധ്യയാകാറായില്ലെങ്കിലും മുറിക്കകത്ത് ഇരുട്ട് കടന്നുവന്നു കഴിഞ്ഞു.

അയാൾ ചുവരിലെ സ്വിച്ചിൽ വിരലമർത്തി. മൂന്നാഴ്ച്ചകൾക്ക് മുൻപുവരെ ഈ സമയത്ത് പ്ലാറ്റ്ഫോമിൽ നല്ലതിരക്കായിരിക്കും. ഏഴുമണിയുടെ മദ്രാസ് മെയിൽ കാത്തുനിൽകുന്ന യാത്രക്കാർ, അവരെ യാത്രയയക്കാൻ വരുന്ന ബന്ധുക്കൾ, പിന്നെ ഭക്ഷണസാധനങ്ങളും സ്റ്റേഷനറി സാധനങ്ങളും മറ്റും വിൽക്കുന്ന കച്ചവടക്കാർ, പോർട്ടർമാർ, ഭിക്ഷക്കാർ; അങ്ങനെ ആകെ ബഹളം.

യാത്രക്കാരുടെ ദൃഷ്ടികൾ നീണ്ടുകിടക്കുന്ന പാളത്തിലായിരിക്കും. പക്ഷെ അതെല്ലാം പഴയകഥ.

ഏഴുമണിക്കെത്തുന്ന മദ്രാസ് മെയിൽ ഈ സ്റ്റേഷനിൽ നിർത്തേണ്ടതില്ലെന്ന് ഹെഡ് ഓഫീസിൽനിന്നുള്ള ഓർഡർ വരുന്നതിനു മുൻപ്; ഇപ്പോൾ ആ വണ്ടിക്കിവിടെ സ്റ്റോപ്പില്ല. പ്ലാറ്റ്ഫോമിൽ തിരക്കുമില്ല.

അയാൾ വാച്ചിൽ നോക്കി. സമയം ആറരയാകാൻ പോകുന്നു.

ഇന്ന് ശനിയാഴ്ചയാണ്. ഇന്നും അവൾ വരുമോ?

രണ്ടാഴ്ചകൾക്ക് മുൻപാണവൾ ആദ്യമായി അയാളെ കാണാൻ വന്നത്. ഒരു ശനിയാഴ്ച. ഏഴുമണി എക്സ്പ്രസ്സ് കടന്നുപോയിട്ട് നിമിഷങ്ങൾക്കു ശേഷം.

അകന്നുപോകുന്ന വണ്ടിചക്രങ്ങളുടെ താളക്രമത്തിലുള്ള സ്വരം ചെവിയോർത്തു കൊണ്ട് ഹെഡ്ഓഫീസിൽ നിന്നെത്തിയ മെയിൽ ശ്രദ്ധയോടെ വായിക്കുകയായിരുന്നു അയാൾ.

വാതിൽക്കലപ്പോൾ ഒരു കാലനക്കം. തലയുയർത്തിയപ്പോൾ മുറിക്കകത്തേക്ക് കടന്നു വരുന്ന മുപ്പതിൽ താഴെ പ്രായമുള്ള ഒരു യുവതി.

ധൃതിയിൽ അയാളുടെ മുന്നിൽ വന്ന് നില്പായി അവൾ. മുഖത്തെ ഗൗരവഭാവം ശ്രദ്ധിച്ചുകൊണ്ട് അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി.

“എന്താ?”

അവൾ മറൂപടി നൽകിയില്ല. അതിനൊന്നും ബാദ്ധ്യസ്ഥയല്ല എന്ന ഭാവമായിരുന്നു അവൾക്ക്.

“നിങ്ങളാണോ ഇവിടത്തെ സ്റ്റേഷൻമാസ്റ്റർ?” ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നികൃഷ്ടനായ ജന്തു നിങ്ങളാണ് എന്ന ധ്വനിയുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“അതെ.എന്തെങ്കിലും പ്രശ്നം”

“എന്നിട്ടാണോ ഒന്നും അറിയാത്ത ഭാവത്തിൽ ഇവിടെയിങ്ങനെ മുനിയേപ്പോലെ ഇരിക്കുന്നത്?”

ചോദ്യം വ്യക്തമായില്ലെങ്കിലും അവളുടെ ശാസനാസ്വരം അയാളെ തെല്ലൊന്ന് ചൊടിപ്പിച്ചു. മനസംയമനം പാലിച്ചുകൊണ്ട് അയാൾ ചോദിച്ചു “നിങ്ങൾ… നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്?”

“ഏഴുമണിയുടെ മദ്രാസ് മേയിൽ ഈ സ്റ്റേഷനിൽ നിർത്താതെ കടന്നുപോകാൻ തുടങ്ങിയിട്ട് എത്രയാഴ്ചയായി?”

“രണ്ടുമൂന്നാഴ്ചയായി കാണും.”

“എന്നിട്ട് നിങ്ങളെന്താ ഒരു നടപടിയും എടുക്കാത്തത്?”

“എന്തിന്?” അയാൾ അത്ഭുതാധീനനായി

“മൂന്നാഴ്ചകൾക്കു മുൻപ് ഈ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടായിരുന്നതു പോലെ തുടരാൻ…”

“നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണിത്ര താല്പര്യം?”

“പതിവായി ഈ സ്റ്റേഷനിലിറങ്ങാറുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകും. അതുതന്നെ” ന്യായം തന്‍റെ ഭാഗത്താണെന്ന ഊറ്റമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“പക്ഷെ എനിക്ക് ഹെഡോഫീസിൽ നിന്നുള്ള ഓർഡർ അനുസരിക്കണമല്ലോ”

“യാത്രക്കാരുടെ അസൗകര്യങ്ങളോ? എന്താണ് ആരും അതൊന്നും ആലോചിക്കാത്തത്”

“നിങ്ങൾ അത്തരത്തിലൊരു യാത്രക്കാരിയാണോ?”

“ഞാൻ… ഞാൻ… എന്‍റെ പ്രശ്നമല്ല ഞാൻ പറഞ്ഞത്. യാത്രക്കാരുടെ… വണ്ടിയിൽ ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരുടെ…” ക്ഷോഭം കൊണ്ട് അവളുടെ സ്വരമുയർന്നു. മേശയുടെ അരികിൽ വിശ്രമിച്ചിരുന്ന അവളുടെ കൈവിരലുകളപ്പോൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ചുണ്ടിനു മുകളിൽ വിയർപ്പിന്‍റെ ചെറുകണങ്ങൾ.

റെയിൽവെയുടെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ അവളിങ്ങനെ ക്ഷുഭിതയാകുന്നത്? തൽക്കാലത്തേക്ക് അവളെ സമാധാനിപ്പിക്കാൻ വേണ്ടി അയാൾ പറഞ്ഞു.

“നിങ്ങളൊരു പരാതിയെഴുതിത്തരൂ”

അടുത്ത നിമിഷം പെട്ടെന്ന് അവസാനിച്ച ഒരു സ്വപ്നം പോലെ അവൾ മുന്നിൽ നിന്നും അപ്രത്യക്ഷയാകുകയും ചെയ്തു.

കൃത്യം പിന്നത്തെ ശനിയാഴ്‌ച്ചയും അവളെത്തി. ഏഴുമണി എക്സ്പ്രസ്സ് കടന്നുപോയി നിമിഷങ്ങൾക്കകം ഒരു തീജ്വാല പോലെ അവൾ! അതേ ചുവന്ന സാരിയും ബ്ലൗസും. നെറ്റിയിൽ വിയർപ്പിൽ കുതിർന്ന സിന്ദൂരപ്പൊട്ട്.

“പരാതി കൊണ്ടുവന്നിട്ടുണ്ടോ” അയാൾ തിരക്കി.

“എന്തിന്? ഇവിടെ ഇറങ്ങേണ്ട യാത്രക്കാരെ സഹായിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടോ ഇല്ലയോ?” അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു. ചുവപ്പുകല്ലിന്‍റെ മൂക്കുത്തിയപ്പോൾ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.

എതിരാളിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതു പോലെയുള്ള അവളുടെ ശാസന അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കയ്യെത്തുന്ന ദൂരത്തിലിരിക്കുന്ന ഫോൺ ഒന്ന് കറക്കിയാൽ മതി. റെയിൽവേ പോലീസവളെ ഒരു താക്കീതും കൊടുത്ത് പറഞ്ഞയച്ചോളും. അയാൾ ഫോണിന്‍റെ റിസീവറെടുക്കാൻ കൈ നീട്ടിയതായിരുന്നു. അപ്പോഴാണയാൾ അവളുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണൂകൾ ശ്രദ്ധിക്കുന്നത്. പെട്ടെന്നയാൾ കൈ പിൻവലിച്ചു.

“നിങ്ങളുടെ ആരാണ് ഈ വണ്ടിയിൽ വരാറുള്ളത്?” സൗമ്യസ്വരത്തിലയാൾ ചോദിച്ചു

സാരിത്തുമ്പിനാൽ കണ്ണീരൊപ്പിക്കൊണ്ട് അവൾ വിതുമ്പി. “എന്‍റെ ഭർത്താവ്. അദ്ദേഹം എന്നെക്കാണാൻ വന്നിട്ട് എത്രനാളായെന്നറിയാമോ?” അടുത്ത നിമിഷം വീണ്ടും അവളുടെ സ്വരം പരുഷമായി “എല്ലാത്തിനും കാരണം നിങ്ങളാണ്.”

ഇതെവിടത്തെ ന്യായം. അതിന് മറ്റുള്ളവർക്ക് എന്തുചെയ്യാനാകും? അവളുടെ ഭർത്താവിന് ബസ്സിലൊ മറ്റോ വരാമല്ലോ. മറ്റു വാഹനങ്ങളൊന്നും ഇല്ലാത്തതുപോലെ

“നിങ്ങളുടെ ഭർത്താവിന് ബസ്സിൽ വരാമല്ലോ?’“

“അത്…” ജാള്യതകൊണ്ടാകാം അവളുടെ മുഖം വിളറിപ്പോയി.

“നിങ്ങളുടെ ഭർത്താവ് വരാതായിട്ട് എത്ര നാളായി?”

അവളൊരു നിമിഷത്തേക്ക് ചിന്താമൂകയായി. പിന്നെ നിസ്സഹായത നിഴലിക്കുന്ന സ്വരത്തിൽ ഉഴറി “എനിക്ക്.. എനിക്കൊന്നും ഓർമ്മിക്കാൻ കഴിയുന്നില്ല…”

അടുത്ത നിമിഷം കവിളിലെ കണ്ണീർ നനവ് അമർത്തി തുടച്ചകൊണ്ട് അവൾ വീണ്ടും കയർത്തു.

“നിങ്ങളെന്തിനാ അതൊക്കെയന്വേഷിക്കുന്നത്. ആദ്യം എന്‍റെ ചോദ്യത്തിനുത്തരം പറയൂ. ഏഴുമണിയുടെ എക്സ്പ്രസ്സ് ഇവിടെ നിർത്തുമോ ഇല്ലയോ?”

അവർക്കിടയിൽ നിശ്ശബ്ദത പരന്നു. അയാളുടെ മൗനം അവളെ കൂടുതൽ രോഷാകുലയാക്കി.

“എങ്കിൽ… എങ്കിൽ… ഞാനാവണ്ടി പിടിച്ചു നിർത്തും. ഈ കൈകൊണ്ട്… ഇങ്ങനെ…” മേശയുടെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന വിരലുകളിലെ നെയിൽ പോളിഷിട്ട നഖങ്ങളപ്പോൾ രക്തത്തുള്ളികളെപ്പോലെ തിളങ്ങി.

അടുത്തനിമിഷം അയാളെ ഒരിക്കൽക്കൂടി അമ്പരപ്പിച്ചുകൊണ്ട് ഗതിമാറിയ ഒരു കൊടുങ്കാറ്റു പോലെ അവളയാളുടെ മുന്നിൽ നിന്ന് നടന്നകലുകയും ചെയ്തു.

ഇന്ന് ശനിയാഴ്ചയാണ്.സമയം ഏഴുമണി. ഇന്നുമവൾ…? ടക്… ടക്… ടക്… കാതടപ്പിക്കുന്ന ശബ്ദാരവങ്ങളോടെ മദ്രാസ് മെയിൽ കടന്നു പോകുകയാണ് സ്റ്റേഷൻമാസ്റ്ററുടെ റൂമിലെ ചുവരുകളിൽ ട്രേയിനിന്‍റെ വെളിച്ചം സമ്മാനിച്ച പ്രകാശപാളികൾ ഓടിമറഞ്ഞു.

ആരെല്ലാമോ ഓടിയടുക്കുന്ന കാലൊച്ചകൾ; റെയിൽവെ ഗാർഡിന്‍റെ പരിഭ്രാന്തമായ സ്വരം…

“ആ പെണ്ണ് ആ ചുവന്ന സാരിക്കാരി… പാളത്തിൽ… വണ്ടി കയറി…”

ശരീരമാകെ പടർന്ന ഒരു വിറയലോടെ സ്റ്റേഷൻ മാസ്റ്റർ പുറത്തേക്കോടിച്ചെന്നു.

അയാൾ പതറുന്ന സ്വരത്തിൽ ചോദിച്ചു “ആര്… ആരാണ്”

“എല്ലാ ശനിയാഴ്ച്ചയും പ്ലാറ്റ്ഫോമിൽ വന്ന് കാത്തിരിക്കാറില്ലേ,സർ. അവൾ…ആ ചുവന്ന സാരിക്കാരി..”

“നിങ്ങൾക്കവളെ പരിചയമുണ്ടോ?” സ്റ്റേഷൻ മാസ്റ്ററുടെ സ്വരമപ്പോൾ വല്ലാതെ വിറകൊണ്ടു

“ആ പെണ്ണിവിടെ അടുത്തുതന്നെയുള്ളവളാണ് സാർ. അതിന്‍റെ ഭർത്താവവളെ ഉപേക്ഷിച്ചതാ. അതോടെ തലക്ക് സുഖമില്ലാതായി. എല്ലാ ശനിയാഴ്ചയും ഈ നേരത്ത് പ്ലാറ്റ്ഫോമിൽ വന്ന് അയാളേയും കാത്തിരിക്കും. പാവം”

പുറത്ത് അപകടം കേട്ടറിഞ്ഞ് ഓടിക്കൂടുന്നവരുടെ കലപില ശബ്ദങ്ങൾക്കപ്പോൾ സാന്ദ്രതയേറുകയായിരുന്നു.

പല്ല് പോയ വല്ലഭൻ

വിശ്വസിച്ചാലും… ഇതു വെറും കെട്ടുകഥയല്ല. എന്‍റെ സ്വന്തം അനുഭവമാണ്. ദന്താശുപത്രി ഇന്നും എനിക്കൊരു പേടിസ്വപ്നമാണ്. ദന്തഡോക്ടറെന്നു കേട്ടാൽ ഇന്നും എന്‍റെ പല്ലുകൾ കൂട്ടിയിടിക്കും. നടന്നതൊക്കെ ഞാൻ തന്നെ വിശദീകരിക്കാം.

ഒരു വേനൽക്കാലത്ത് ചൂട് സഹിക്കാനാവാതെ ഞാൻ ഫ്രിഡ്ജിൽ നിന്നും തണു ത്തവെള്ളമെടുത്തു കുടിച്ചു. “ഹാവൂ.. ആശ്വാസമായി” പറഞ്ഞു തീരും മുമ്പ് വലതുഭാഗത്തെ അണപ്പല്ലിൽ വല്ലാത്ത പുളിപ്പ് പോലെ. അതാണ് തുടക്കം. പിന്നങ്ങോട്ട് എന്തു കഴിച്ചാലും പല്ല് പുളിക്കുന്നു.

അണപ്പല്ലാണ്. ഇനിയിപ്പോ താമസിപ്പിക്കണ്ട. ഡോക്ടറെ കണ്ടു കളയാം. ഞാൻ തീർച്ചയാക്കി.

ദന്താശുപത്രിയിലെ തിരക്ക് കണ്ട് കണ്ണ് തള്ളി.

“സാർ, ബുക്കിംഗ് കഴിഞ്ഞതാണോ? ടോക്കണെടുക്കണം.” റിസപ്ഷനിൽ നിന്ന പെൺകുട്ടി ജോലിത്തിരക്കിനിടയിൽ പിറുപിറുത്തു.

എന്നെ തള്ളിമാറ്റി ആരൊക്കെയോ റിസപ്ഷൻ കിളിവാതിലൂടെ ചാഞ്ഞും ചരിഞ്ഞും എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.

“ആദ്യമായതുകൊണ്ട് ബുക്കിംഗ് വേണ്ട. ടോക്കൺ മതി.” പെൺകുട്ടി പറഞ്ഞു.

ടോക്കണെടുത്ത് താടിയിലും കവിളിലും കൈതാങ്ങി വേദന കടിച്ചു തിന്നുന്ന രോഗികൾക്കിടയിൽ ഒരു കസേരയിൽ ഞാൻ ഇടം പിടിച്ചു. കൊതുകുകളുടെ മൂളിപ്പാട്ടും കുത്തുമേറ്റ് മണിക്കൂറുകളോളം ഊഴവും കാത്തു ഞാനിരുന്നു. പല്ല് ചികിത്സ കഴിഞ്ഞ ഉടനെ പനി ചികിത്സ നടത്തേണ്ടി വരുമോ? എന്‍റെ മുഖത്ത് ആശങ്ക പടർന്നു.

അറ്റന്‍റർ എന്‍റെ പേര് ഉറക്കെ വിളിച്ചു. ദന്തപ്രശ്നത്തിനു ഒരറുതി കാണാൻ പോകുന്നു. ഞാൻ സന്തോഷത്തോടെ അകത്തു കടന്നു.

ചൂടും തണുപ്പുമൊക്കെ കഴിക്കുമ്പോൾ അണപ്പല്ല് പുളിക്കുന്നുണ്ടെന്നു സൂചിപ്പിച്ചു. ഓഫീസ് കസേരയേക്കാൾ ഇരട്ടി വലുപ്പമുള്ളതും യന്ത്രങ്ങളും ലൈറ്റ്‌സും ചെറിയ വാഷ് ബേസിനുമൊക്കെ ചേർന്ന ഒരു ചെയർ. ഡോക്ടർ ആംഗ്യ ഭാഷയിൽ കസേരയിൽ കയറിയിരിക്കാൻ പറഞ്ഞു. എന്‍റെ കഷ്ടകാലത്തിന്‍റെ തുടക്കം അതായിരുന്നു. ബലിക്കോഴിയെ കണ്ട സന്തോഷമായിരുന്നു ഡോക്ടറുടെ മുഖത്ത്. മേശപ്പുറത്തുള്ള വിവിധ ആകൃതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഡോക്ടർ എന്‍റെ പല്ലുകൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. പരിശോധന നിർത്തി ഡോക്ടർ എന്നെ തന്നെ നോക്കി.

“അപ്പോ അണപ്പല്ലിനാണ് പ്രശ്നം അല്ലേ?” ഒരക്ഷരം പോലും പറയാതെ ഡോക്ടർ എന്നെ തന്നെ നോക്കി നിന്നു. ഞാനൊന്നു ഭയന്നു.

“ഡോക്ടർ, പേടിക്കാനൊന്നുമില്ലല്ലോ?” ഞാൻ പകച്ചു.

“നോക്കട്ടെ, പഴുപ്പ് മോണയിലേക്ക് പടർന്നിട്ടുണ്ടോയെന്ന്” എന്‍റെ മുഖഭാവം കണ്ട് ഡോക്ടർ പറഞ്ഞു.

“പഴുപ്പൊന്നുമുണ്ടാവാൻ വഴിയില്ല.” പേടി പുറത്തു കാട്ടാതെ ഞാൻ പറഞ്ഞു.

“അതൊക്കെ നോക്കേണ്ടത് എന്‍റെ ജോലിയാണ്.” ഡോക്ടർ ഒഴുക്കൻ മട്ടിൽ പറഞ്ഞ് കസേരയോടു ചേർത്ത് ഘടിപ്പിച്ച യന്ത്രം ഉപയോഗിച്ച് പല്ല് പരിശോധന തുടങ്ങി.

“ഇനി തുപ്പിക്കോളൂ…” ഞാൻ ഉടനെ തുപ്പി. ചോര… ഇത്രയ്ക്ക് ക്രൂരത വേണ്ടിയിരുന്നില്ല. ഞാൻ നിസ്സഹായതയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

“നിങ്ങളുടെ പല്ലിന്‍റെ രണ്ട് എക്സറേ വേണ്ടി വരും.” ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്സറേയെടുത്തു.

“പഴുപ്പുണ്ട്, ഞാൻ മരുന്ന് എഴുതിത്തരാം. വേദനയ്ക്ക് കുറവില്ലെങ്കിൽ നാളെ വരണം. ഇല്ലെങ്കിൽ 3 ദിവസം കഴിഞ്ഞ് വന്നാൽ മതി.”

നേരത്തെ തണുപ്പും ചൂടും തട്ടിയാൽ പല്ലൊന്നു പുളിക്കുമായിരുന്നു അത്രമാത്രം. ഇപ്പോൾ കടുത്ത വേദനയുണ്ടല്ലോ.

“മരുന്ന് കഴിച്ചോളൂ, ഒക്കെ ശരിയാവും. താങ്കളുടെ പല്ല് ചികിത്സിച്ച് ശരിയാക്കാം. 2500 രൂപയുടെ ഒരു പാക്കേജുണ്ട്. പഴുപ്പ് മോണയിലേക്ക് പടർന്നിട്ടുണ്ടെങ്കിൽ റൂട്ട് കനാൽ ചെയ്യേണ്ടി വരും.

ഞാൻ ശരിക്കും ഭയന്നു. “സാർ, പണം എത്ര വേണമെങ്കിലുമായിക്കോട്ടെ. ഈ പല്ലൊന്നു ശരിയാക്കി തന്നാൽ മതി.”

ഡോക്ടർ ഉറക്കെ ചിരിച്ചു.

“അങ്ങനെ പേടിക്കാനും മാത്രം ഒന്നുമില്ല കേട്ടോ. നിങ്ങൾ മുറുക്കാറുണ്ടല്ലേ?. പല്ലിൽ കറയും പോടുകളുമുണ്ട്. ശരിക്കും പറഞ്ഞാൽ എല്ലാ പല്ലുകളിലും.. പക്ഷേ ആദ്യം ഈ പല്ലിന്‍റെ കാര്യം ശരിയാക്കാം. എന്നിട്ട്…” ഡോക്ടർ പറഞ്ഞു.

“1,500 രൂപ റിസപ്ഷനിൽ അടച്ചാൽ മതി.” ഡോക്ടർ അടുത്ത രോഗിയെ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

“ങാ, ടെംപററി ഫില്ലിംഗാണ്. ഈ ഭാഗത്ത് വെള്ളം തൊടണ്ട. വേദനയുണ്ടെങ്കിൽ നാളെ വന്നാൽ മതി.” മുറി വിടുന്നതിനു മുമ്പ് ഡോക്ടർ നിർദ്ദേശം നൽകി. വൈകുന്നേരമായപ്പോഴേക്കും വേദന രൂക്ഷമായി. ഡോക്ടർ കുറിച്ചു തന്ന പെയിൻ കില്ലർ കുട്ടികളെ കൊണ്ട് വാങ്ങിപ്പിച്ചു. ഗുളിക കഴിച്ച് രാത്രി ഒരു കണക്കിനു തള്ളി നീക്കി. രാവിലെ കവിൾ നീര് വന്ന് വീർത്തിരുന്നു.

“ഇതിന്‍റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?” ഞാൻ സ്വയം ചോദിച്ചു.

അടുത്ത ദിവസം ഓഫീസിൽ ലീവ് വിളിച്ചു പറഞ്ഞ് ദന്താശുപത്രിയിലെത്തി. എന്നെ കണ്ട് ഡോക്ടർ വെളുക്കെ പല്ല് കാട്ടി ചിരിച്ചു.

“വരൂ… വരൂ… വേദന കാണുമായിരിക്കും. ഇല്ലേ.”

ടെംപററി ഫില്ലിംഗ് എടുത്ത് കളഞ്ഞ് പുതിയ ഫില്ലിംഗ് വച്ചു.

“ഇനി 3 ദിവസം കഴിഞ്ഞു വന്നാൽ മതി.” ഈ 3 ദിവസത്തിനു ശേഷം പല്ലവി 4 തവണ തുടർന്നു. പക്ഷേ വേദനക്ക് യാതൊരു ആശ്വാസമില്ലായിരുന്നു. പണമൊഴുകുന്ന വഴി ഞാനറിഞ്ഞതുമില്ല.

5-ാമത്തെ കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ ഡോക്ടർ തുറന്നുപറഞ്ഞു. മറ്റു പല്ലുകൾക്ക് കുഴപ്പം പറ്റാതിരിക്കണമെങ്കിൽ താങ്കളുടെ കേടായ പല്ല് പറിച്ചു കളയുന്നതാ നല്ലത്. ഇൻഫെക്ഷൻ മറ്റു പല്ലുകളിലേക്ക് പടരുതല്ലോ.”

ശരി പറിച്ചോളൂ, എന്‍റെ മുഖത്തെ സമ്മതഭാവം വായിച്ച ഉടനെ മരം പോലെ ഉറച്ചു നിന്ന അണപ്പല്ല് പറിച്ചെടുക്കാൻ ശ്രമം തുടങ്ങി. ഒരു കഷണം പല്ല് പറിഞ്ഞു വന്നു. ബാക്കി മോണയിൽ തന്നെ കുരുങ്ങി നിന്നു.

“ശോ.. കഷ്ടമായിപ്പോയി, ഇനിയിപ്പോൾ റൂട്ട് എടുക്കണമെങ്കിൽ ഓപ്പറേഷൻ വേണ്ടിവരും.” ഓപ്പറേഷൻ എന്നു കേട്ട് ഞാൻ ശരിക്കും ഞെട്ടി.

“ഭയപ്പെടാനൊന്നുമില്ല. പക്ഷേ ബ്ലഡ് നിൽക്കുന്നില്ലല്ലോ.. ഓപ്പറേഷൻ ഫീ 1,500 രൂപ റിസപ്ഷനിൽ അടച്ചോളൂ…”

കൂടുതൽ ചോദ്യങ്ങളിലേക്ക് കടക്കാതെ ഞാൻ രൂപ അടച്ചു. ഞാൻ ഭയന്നു കണ്ണുകൾ ഇറുകെയടച്ചിരുന്നു. പല്ല് പറിച്ചയുടനെ മോണയിൽ 2 സ്റ്റിച്ചുമിട്ടു.

കയ്യിൽ നിന്നും ആയിരങ്ങളാണ് നഷ്ടമായത്. പല്ലും പോയി. വേദനയും തിന്നേണ്ടി വന്നു. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാഴ്ച വേണ്ടി വന്നു ശരിക്കുമൊന്ന് ഭേദമാവാൻ. ഇനിയെങ്കിലും ഉള്ള പല്ലുകൾ കേടുവരാതെ സൂക്ഷിക്കണം. ദന്താശുപത്രിയുടെ പടി കാണാൻ ഇടവരരുത്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें