എവിടെ നിന്നോ വന്നേക്കാവുന്ന ഇ-മെയിലുകൾ പരതി അയാൾ ഡെസ്ക്ടോപ്പിൽ വെറുതെ നോക്കിയിരുന്നു. തെരുതെരെ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ചില ചിഹ്നങ്ങൾ മാത്രമായി സ്വന്തം ജീവിതം മാറി മറയുമ്പോഴും, അയാൾ ഇടയ്ക്കിടെ ദൂരെക്കാണുന്ന മലനിരകളിലേക്ക് അലക്ഷ്യമായി കണ്ണുകൾ പായിച്ച് റിവോൾവിങ്ങ് ചെയറിൽ ചാരിക്കിടന്നു. അത്യാധുനിക സജ്ജീകരണങ്ങളും, ഒരു മിനി ജിമ്മും ഉള്ള മുറിയായിരുന്നു അത്. ഫ്രിഡ്ജിൽ ലോകോത്തര ശ്രേണിയിലുള്ള വിദേശമദ്യ ശേഖരം. ഇവിടുത്തെ തണുപ്പിനെ അതിജീവിക്കാൻ അത്യാവശ്യം അവ കുറച്ച് കരുതിയേ പറ്റൂ.
പുറത്ത് ബാൽക്കണിയിൽ രണ്ട് ബുൾബുൾ പക്ഷികൾ കൂടൊരുക്കാനുള്ള ശ്രമത്തിലാണ്. കരിമ്പനയിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന പൂങ്കുലകൾ കുട്ടിക്കാലത്ത് എവിടെയോ കേട്ടു മറന്ന കഥയിലെ സുന്ദരിയായ യക്ഷിയുടെ കേശഭാരത്തെ ഓർമ്മിപ്പിച്ചു. അയാൾ മെല്ലെ പുറത്തു കിടന്ന ഈസി ചെയർ വരാന്തയുടെ ഒരരികിലേക്ക് വലിച്ചിട്ട് ശ്രദ്ധാപൂർവം ഒതുങ്ങിയിരുന്നു. ആ ഇണപക്ഷികളുടെ ചെയ്തികൾക്ക് ഒരു മുടക്കം ഉണ്ടാവാതിരിക്കട്ടെ.
സിഗരറ്റ് തൊടരുത് എന്നാണ് ഡോ.മഹേഷ് അയാളെ ഉപദേശിച്ചയച്ചതാണ്. പക്ഷെ അയാൾ പുകവലിക്കുന്നുണ്ടോ? ഭക്ഷണം കഴിച്ചോ? തലവേദനയുണ്ടോ? ക്ഷീണം തോന്നുന്നുണ്ടോ? എന്നൊക്കെ അന്വേഷിച്ച് വരാനിവിടെ ആരുമില്ല. ഉത്തരേന്ത്യക്കാരനായ കെയർ ടേക്കറും ഭാര്യയും, വച്ചുവിളമ്പുന്നത് കൊണ്ട് അതിഥികളും അയാളും സന്തുഷ്ടൻ. ആ സൗധത്തിൽ വന്നു പോകുന്നവർക്കൊന്നും അയാളെ കാണാൻ പറ്റില്ല. പക്ഷെ CCTV സൗകര്യത്തിലൂടെ ഒരില വീഴുന്നതു പോലും അയാൾക്കറിയാനാവും. എല്ലാ പ്രദേശവാസികളും സന്ദർശകരും വിജനമായ മലയിടുക്കുകളുടെ ഭംഗി കണ്ണിന് അപ്രാപ്യമാവുമ്പോൾത്തന്നെ തങ്ങളുടെ അഭയസ്ഥാനങ്ങളിലെത്തിച്ചേരും.
ഊട്ടിയിലെ ബോർഡിംഗിൽ പഠിക്കുന്ന കേശവ് വിളിക്കുന്ന സമയം ആയിട്ടില്ല. എവിടെയും കോടമഞ്ഞ് വാരിപ്പുകച്ചിരിക്കുകയാണ് പ്രകൃതി. കുറച്ചു മുൻപ് വരെ ആകാശത്ത് ഒരു രക്തച്ഛവി കാണാമായിരുന്നു. കഴുത്തും, നെഞ്ചും മറച്ചിരുന്ന വൂളൻ ഷാൾ അയാൾ ഒന്നുകൂടി ശരീരത്തിലേക്ക് മുറുക്കിപ്പിടിച്ചു; അയാൾ മെല്ലെ ബാൽക്കണിയിൽ ഉലാത്താൻ തുടങ്ങി. താഴെ പോർട്ടിക്കോയിലുള്ള വോൾവോ കാർ ഉടമസ്ഥന്‍റെ കരസ്പർശം ഏൽക്കാതെ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞു.
അയാൾ ഗൗരിയെ ഓർക്കുകയായിരുന്നു. പഴയ കോളേജ് കാലവും. വെറുതെ ദൂരെ നിന്ന് ഗൗരിയെ നോക്കുക മാത്രമേ അയാൾ ചെയ്തിട്ടുള്ളൂ. അവൾ അയാളെ കണ്ടിട്ടുണ്ടോ എന്നതു തന്നെ സംശയം. എല്ലാം മാറ്റിമറിച്ചത് ഒരു IT expo ആയിരുന്നു. ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ batch ൽ നിന്നും ഒരാൾക്ക് പങ്കെടുക്കാമായിരുന്നു ഇന്നവേറ്റീവ് ആശയങ്ങളുമായി. ആ റൗണ്ട് അയാൾ അനായാസം കടന്നു. പക്ഷെ സെലക്ഷൻ റൗണ്ട് കഴിഞ്ഞപ്പോഴാണ് ലക്ഷ്മീകാന്ത് സർ അയാളുടെ ഉത്തരവാദിത്തം എത്ര വലുതാണെന്ന് മനസിലാക്കി കൊടുത്തത്. "See Pramod Inter zone thesis competition comes within two months. This is a prestigious one. You can do this. I have no doubt about it." ഇന്‍റർസോൺ മത്സരത്തിലെ പ്രബന്ധത്തിന്‍റെ വിഷയം സംബന്ധിച്ച write-up സർ അപ്പോഴേക്കും അയാൾക്ക് കൈമാറിക്കഴിഞ്ഞിരുന്നു.