സാഗരസംഗമം ഭാഗം- 26

അങ്ങിനെ അദ്ദേഹത്തിന്‍റെ ജോലി പോയി. കെമിസ്ട്രിയിൽ ഡോക്ടറേറ്റു നേടിയ പ്രഗത്ഭനായ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകൻ. അദ്ദേഹം തെരുവിൽ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുന്നതു കണ്ട് ഉറ്റ സുഹൃത്തുക്കൾ പോലും എന്നെ കുറ്റപ്പെടുത്തി. എന്‍റെ നിസ്സഹായത അവരാരും തിരിച്ചറിഞ്ഞില്ല. അദ്ദേഹം തെരുവിൽ അലയുമ്പോൾ ഞാൻ ജീവിതം ആഘോഷിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി അങ്ങനെയാണ് ഞാൻ അവരുടെ ശത്രുപക്ഷത്തായത്.

ഒരിക്കൽ ഡൽഹിയിലെ കോണാട്ട് പ്ലേസിൽ വച്ച് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹത്തെക്കണ്ട് എന്‍റെ സമനില തെറ്റിയിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ച് ഒരു ഫക്കീറിന്‍റെ വേഷത്തിൽ അവിടെ എത്തിയതാണ്. അതു മനസ്സിലായപ്പോൾ ഞാനും ചിത്തഭ്രമം ബാധിച്ചവളെ പോലെയായിത്തീർന്നു. നരേട്ടനേയും, മക്കളേയും ജോലിയിലും ശ്രദ്ധിക്കാതെ കുറ്റബോധത്താൽ ഞാൻ ഉഴറി നടന്നു. അതുകണ്ട് സഹിക്കവയ്യാതെ നരേട്ടനും ഒരു മദ്യപാനിയായിത്തീർന്നു.

നിത്യവുമുള്ള ഞങ്ങളുടെ ശണ്ഠ കൂടൽ കണ്ട് മക്കൾ വഴിതെറ്റി. ഒടുവിൽ അവരെ നേർവഴിയ്ക്ക് കൊണ്ടു വരാനായി ഞങ്ങൾ ഒന്നു ചേർന്നു. മക്കളോടുള്ള ഞങ്ങളുടെ കടമകൾ ഞങ്ങളെ ഒന്നാക്കിത്തീർത്തു എന്നുവേണം പറയുവാൻ. അങ്ങിനെ ഫഹദ്സാറിനെ മനസ്സിൽ നിന്നും നിർബന്ധപൂർവ്വം എനിക്ക് പടിയിറക്കിവിടേണ്ടി വന്നു. എന്‍റെ മനസ്സിൽ നരേട്ടനു മാത്രം സ്‌ഥാനം നൽകി. പിന്നീടുള്ള ഞങ്ങളുടെ ജീവിതം സ്വർഗ്ഗ തുല്യമായിരുന്നു. എന്നാൽ ഫഹദ്സാറിന്‍റെ ആത്മ – നൊമ്പരങ്ങൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അത് ഒന്നൊന്നായി ഞങ്ങളുടെ കുടുംബ – ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കി

ആദ്യം രാഹുലിനേയും പിന്നെ നരേട്ടനെയും എനിക്ക് നഷ്ടപ്പെട്ടു. ആർക്കു വേണ്ടിയാണോ ഞാൻ ഫഹദ്സാറിനെ മറന്നത് അവരെല്ലാം എന്നെ ഉപേക്ഷിച്ചു പോയി. ഭർത്താവ്… മക്കൾ ഇന്ന് ആരുമില്ലാതെ ഞാൻ ഏകയായിത്തീർന്നിരിക്കുന്നു. എല്ലാം ഫഹദ്സാറിനെ വേദനിപ്പിച്ചതിന്‍റെ പരിണതഫലമാകാം. എന്നെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നതിൽ തെറ്റില്ല അല്ലേ അരുൺ…

“ജീവിതം ഒരു വലിയ പാഠപുസ്തകമാണ് അല്ലേ മാഡം. ഗുണപാഠങ്ങൾ മാത്രം നിറഞ്ഞ ഒരു പുസ്തകം. തിക്തമായ ഓരോ അനുഭവവും ഓരോ ഗുണപാഠമാണ്. അത് കണ്ടറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നവനെ ജീവിതം പൂർണ്ണമാകുന്നുള്ളൂ…” ആ വാക്കുകൾ ഹൃദയത്തിൽ എവിടെയോ ചെന്ന് തറച്ചു.

അരുൺ പറഞ്ഞത് എത്ര ശരിയാണ്. പലപ്പോഴും നമ്മൾ ഇരുട്ടിൽ തപ്പുകയാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നറിയാതെ… തെറ്റിൽ നിന്നും ശരിയെ വേർതിരിച്ചെടുക്കുന്നവനു മാത്രമേ ജീവിതത്തെ ശരിയായ പാതയിലൂടെ നയിക്കാനാവുകയുള്ളൂ. ഇന്നിപ്പോൾ ആ ശരി കണ്ടുപിടിക്കേണ്ടത് എന്‍റെ കർത്തവ്യമായിത്തീർന്നിരിക്കുന്നു. അതോർത്തപ്പോൾ ജീവിതത്തിൽ ഒരു പുതിയ വെളിച്ചം മുമ്പിൽ തെളിഞ്ഞു വരുന്നതായി തോന്നി. ഒരു പുതിയ പാത മുന്നിൽ നീണ്ടു കിടക്കുന്നതായും…

പിറ്റേന്ന് പുലരുമ്പോൾ ഒരു പുനഃജനിയ്ക്കായുള്ള പ്രേരണ മനസ്സിലുണർന്നിരുന്നു. നിറമുള്ള സ്വപ്നങ്ങൾ മനസ്സിൽ കൂടുകൂട്ടിത്തുടങ്ങി. ആർക്കോവേണ്ടി കാത്തിരിക്കാൻ… എന്‍റെ മുഖത്തെ പ്രസന്നത കണ്ട് അരുൺ ചോദിച്ചു.

“എന്താ മാഡം?… ഇപ്പോൾ മാഡത്തിൽ ചില മാറ്റങ്ങൾ ഞാൻ കാണുന്നു…”

“അതെ അരുൺ… ഞാനിന്ന് സന്തോഷവതിയാണ്. ഒരു പുതിയ പ്രഭാതം ഞാൻ സ്വപ്നം കാണുന്നു. ചെയ്തുപോയ തെറ്റുകൾ തിരുത്തുവാൻ. കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാൻ എനിക്കാവുമെന്നു തോന്നുന്നു.” അൽപം നിർത്തി തുടർന്നു.

“ഈ ശ്രമത്തിൽ ഒരു മകനെപ്പോലെ അരുൺ എന്നെ പിന്തുണയ്ക്കുമെന്നു ഞാൻ വിശ്വസിയ്ക്കട്ടെ…”

അൽപം അവിശ്വസനീയതയോടെ അരുൺ ചോദിച്ചു. “എന്താ മാഡം? മാഡം എന്താണ് ഉദ്ദേശിക്കുന്നത്? മാഡം ശുഭസൂചകമായ എന്തോ ഒന്ന് പ്രതീക്ഷിക്കുന്നതു പോലെ…”

“ഞാൻ… ഞാൻ ഫഹദ്സാറിനെ തേടിപ്പിടിക്കുവാൻ പോകുന്നു അരുൺ, ആ കാലുകളിൽ വീണ് മാപ്പപേക്ഷിക്കുവാൻ… കഴിയുമെങ്കിൽ ഈ ജീവിതം ഒരുമിച്ച് പങ്കുവയ്ക്കുവാൻ… അങ്ങിനെ അദ്ദേഹത്തോടു ചെയ്‌തു പോയ കഠിനമായ അപരാധം തിരുത്തുവാൻ… എന്‍റെ മനസ്സു പറയുന്നു നമ്മൾ അദ്ദേഹത്തെ കണ്ടെത്തുമെന്ന്. എന്നാൽ അതിനു കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം എനിക്കു സ്വസ്ഥത ലഭിക്കുകയില്ല അരുൺ. ഒരവസരം എനിക്കു വേണം അരുൺ… “നീ എന്‍റെ കൂടെ നിൽക്കുകയില്ലെ?…” ഒടുവിലത്തെ വാക്കുകൾ പറയുമ്പോൾ ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞു പോയി.

“മാഡം… വിഷമിക്കരുത്… ഏതു വിഷമ സന്ധിയിലും ഞാൻ മാഡത്തിന്‍റെ കൂടെ ഉണ്ടാകും. നമുക്ക് അദ്ദേഹത്തെ തേടി കണ്ടുപിടിക്കാം. ഒരു പക്ഷെ അദ്ദേഹം വിവാഹിതനല്ലെങ്കിൽ മാഡത്തിനെ അദ്ദേഹം സ്വീകരിക്കുക തന്നെ ചെയ്യും…”

“തീർച്ചയായും എന്നെ അദ്ദേഹം സ്വീകരിക്കും അരുൺ. എനിക്കുറപ്പുണ്ട്… അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ അദ്ദേഹം ഉപേക്ഷിച്ചുവെന്നാണ് കേട്ടത്. ഇന്നും അദ്ദേഹം വിഭാര്യനായി കഴിയുന്നുവെങ്കിൽ അത് എന്നെ ഓർത്തു മാത്രമായിരിക്കും. ഞാനല്ലാതെ മറ്റൊരു ഭാര്യയെ അദ്ദേഹത്തിനു സങ്കൽപിക്കാൻ പോലുമാവുകയില്ല. അതദ്ദേഹം മുമ്പും പലപ്പോഴും പറഞ്ഞിട്ടുണ്ട്.” എന്‍റെ വാക്കുകൾ ഉറച്ചതായിരുന്നു അപ്പോൾ. പ്രതീക്ഷയുടെ നറും തിരിവെട്ടം എന്‍റെ മിഴികളിൽ തിളങ്ങി നിന്നു. ഒടുവിൽ എന്തോ ഓർത്ത് പറഞ്ഞു.

“ഒരു പക്ഷെ അദ്ദേഹം എന്നെ സ്വീകരിച്ചില്ലെങ്കിലും സാരമില്ല. ഒരുവട്ടം ആ കാലുകളിൽ വീണ് മാപ്പു ചോദിച്ചില്ലെങ്കിൽ പശ്ചാത്താപത്തിന്‍റെ കണ്ണുനീർ പുഷ്പങ്ങൾ കൊണ്ട് ആ കാലടികളെ അഭിഷേകം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയില്ല അരുൺ…”

“മാഡം… ഇങ്ങിനെയൊന്നും ചിന്തിയ്ക്കരുത്. നമുക്ക് ഇന്നു തന്നെ പോകാം. അദ്ദേഹത്തിന്‍റെ വീട് തെരഞ്ഞു കണ്ടുപിടിക്കാം. മാഡം തയ്യാറായിരുന്നോളൂ. ഞാൻ അങ്ങോട്ടു പോകുവാൻ ഒരു വണ്ടി കിട്ടുമോന്നു നോക്കട്ടെ…”

“ശരി അരുൺ… ഞാൻ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യട്ടെ. അതിനു മുമ്പ് മഞ്ജുവിനോടും മായയോടും എനിക്ക് യാത്ര പറയണം…”

ഞാൻ തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു. മുറിയിലെത്തി ഹ്രസ്വമായ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തു. അൽപം കഴിഞ്ഞ് തിരികെ ഡ്രോയിംഗ് റൂമിലെ ഹാളിലെത്തി. അവിടെ മായയും മഞ്ജുവും അവരുടെ മക്കളുമുണ്ടായിരുന്നു. എന്നെക്കണ്ടയുടനെ മായയുടെ മകൾ ആര്യ ഓടിയെത്തി എന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“വല്യമ്മ എങ്ങോട്ടോ യാത്ര പോവുകയാണെന്നു തോന്നുന്നു. ഈ വേഷത്തിൽ വല്യമ്മ ഏറെ സുന്ദരിയായിരിക്കുന്നു.” അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. വല്യമ്മ കോളേജിൽ വച്ച് പഠനമുൾപ്പെടെയുള്ള എല്ലാറ്റിനും മിടുക്കിയായിരുന്നുവെന്നും, ട്രോഫികൾ വാരിക്കൂട്ടിയിട്ടുണ്ടെന്നും അമ്മ പറഞ്ഞറിഞ്ഞിട്ടുണ്ട്. സുന്ദരിയായ ഈ വല്യമ്മയെ കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ? എന്നാൽ ഇപ്പോൾ മാത്രമാണ് അതിനുള്ള അവസരം കൈവന്നത്… ഇത്രനാളും വല്യമ്മ എവിടെയായിരുന്നു?”

ആര്യമോളുടെ നിഷ്ക്കളങ്കമായ ചോദ്യത്തിനുത്തരം നൽകുവാൻ എനിക്കാകുമായിരുന്നില്ല. ഇത്രനാളും വിധിയുടെ കൈയ്യിലെ കളിപ്പാവയായി. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു വല്യമ്മ, എന്നിക്കവളോടു പറഞ്ഞാലോ എന്നോർത്തു. എന്നാൽ അതിനു മുമ്പു തന്നെ മായ പറഞ്ഞു. “ശരിയാണ്… മീരചേച്ചി നമ്മൾ ഒരുമിച്ചുള്ള ഫോട്ടോകൾ എടുത്തു നോക്കി ഇവൾ പറയും മീര വല്യമ്മയെ കാണാൻ എത്ര സുന്ദരിയാണെന്ന്. മീര വല്യമ്മയുടെ ഛായ തനിക്കുമുണ്ടെന്ന് സ്വയം പുകഴ്ത്തുകയും ചെയ്യും…” ആര്യയുടെ നിഷ്ക്കളങ്കമായ പ്രകടനങ്ങളും മായയുടെ വാക്കുകളും എന്നെ ഒട്ടൊന്ന് ഉത്സാഹഭരിതയാക്കി.

പെട്ടെന്ന് ആര്യ ഉത്സാഹത്തോടെ ചോദിച്ചു “മീര വല്യമ്മയുടെ ഛായ എനിക്കുമില്ലേ? മീര വല്യമ്മ തന്നെ പറയൂ… മീര വല്യമ്മയെപ്പോലെ, പഠനമുൾപ്പെടെ എല്ലാ ആക്റ്റിവിറ്റീസിലും ഞാനും കഴിവു തെളിയിച്ചിട്ടുണ്ട്…” ആര്യ അഭിമാനത്തോടെ പറഞ്ഞു.

അവളുടെ താടിപിടിച്ചുയർത്തി ഞാൻ പറഞ്ഞു. “ആര്യമോൾ എന്നെക്കാളും സുന്ദരിയും മിടുക്കിയുമാണല്ലോ…”

എന്‍റെ വാക്കുകൾ അവളെ ആഹ്ലാദഭരിതയാക്കി. അതുകേട്ടപ്പോൾ മഞ്ജുവിന്‍റെ മക്കളായ നിമിഷയ്ക്കും ശ്വേതയ്ക്കും സഹിച്ചില്ല. ഡിഗ്രിക്കാരികളായ അവർ ഇരുവരും പ്ലസ്ടുക്കാരിയായ ആര്യയെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

“ഉം… ഉം… പിന്നെ ഒരു സുന്ദരിക്കോത….ഞങ്ങൾക്കും കിട്ടിയിട്ടുണ്ട് വല്യമ്മയുടെ സൗന്ദര്യവും മിടുക്കും നിനക്കുമാത്രമല്ല… ഇല്ലേ വല്യമ്മേ…” അസൂയാലുക്കളായ അവരും എന്‍റെ അടുത്തെത്തി. അവരെ ഇരുവശവും ചേർത്തു പിടിച്ചു കൊണ്ടു ഞാൻ പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും എന്‍റെ ഛായ കിട്ടിയിട്ടുണ്ട്. എന്‍റെ മാത്രമല്ല നിങ്ങളുടെ സുന്ദരികളായ അമ്മമാരുടേയും…”

“ഓ… വല്യമ്മയുടെ അത്ര സൗന്ദര്യം ഞങ്ങളുടെ അമ്മമാർക്കില്ല…” അവർ മൂവരും ചേർന്നു പറഞ്ഞു.

“എന്താ എല്ലാവരും ചേർന്ന് ഒരു വിവാദം. മീര വല്യമ്മയെ നിങ്ങളെന്താ തടഞ്ഞു നിർത്തിയിരിക്കുകയാണോ?” മായയുടെ ഭർത്താവ് ഡോ.മോഹനനായിരുന്നു അത്. അയാൾ ബാംഗ്ലൂരിൽ മായയോടൊപ്പം സ്വന്തം പ്രൈവറ്റ് ഹോസ്പിറ്റലിൽ വർക്കു ചെയ്യുന്നു.

“ഞങ്ങൾ മീര വല്യമ്മയുടെ സൗന്ദര്യത്തെപ്പറ്റിയും കഴിവുകളെപ്പറ്റിയും പറയുകയായിരുന്നു. ഞങ്ങൾ പറഞ്ഞതു ശരിയല്ലെ ഇളയച്ഛാ… മീര വല്യമ്മയുടെ അത്ര സൗന്ദര്യം ഞങ്ങളുടെ അമ്മമാർക്കില്ലല്ലോ?” നിമിഷയും ശ്വേതയും ചോദ്യഭാവത്തിൽ നോക്കി. “ഓ… ഇതാണോ വിഷയം… ഇത്തരമൊരു കാര്യത്തിൽ മറുപടി പറയാൻ ഞാനളല്ല… എന്തിനാ വീടിനു പുറത്താകുന്നത്?”

കുസൃതിച്ചിരിയോടെ മോഹൻ മായയെ നോക്കിപ്പറഞ്ഞു. മായ അൽപം പരിഭവത്തിൽ മുഖം വീർപ്പിച്ച് മോഹനനെ നോക്കി. പിന്നെ പറഞ്ഞു.

“അല്ലെങ്കിലും ഈ ആണുങ്ങൾക്ക് സ്വന്തം ഭാര്യയിൽ അത്ര സൗന്ദര്യവും കഴിവുമൊന്നും കാണാനാവുകയില്ല. മറ്റുള്ള പെണ്ണുങ്ങളെ തുറിച്ചു നോക്കി സൗന്ദര്യം ആസ്വദിക്കാനല്ലെ അവർക്കിഷ്ടം…”

“ഞാൻ പറഞ്ഞില്ലേ ചേച്ചീ… ഞാൻ അഭിപ്രായം പറഞ്ഞാൽ കുഴപ്പമാകുമെന്ന്. ഇപ്പോൾ നോക്കൂ ചേച്ചിയുടെ പ്രിയപ്പെട്ട അനുജത്തിയുടെ പരിഭവം പറച്ചിൽ…”

ആഹ്ലാദകരമായ ആ അന്തരീക്ഷം അൽപനേരത്തെയ്ക്കെങ്കിലും എന്‍റെ ദുഃഖങ്ങളെ അകറ്റി നിർത്തി. ഞാൻ പറയുവാൻ വന്ന കാര്യം തന്നെ മറന്നു പോയ മട്ടായി. ഇതിനിടയിൽ മായ എന്‍റെ അടുത്തെത്തി.

“സോറി ചേച്ചീ ഞാൻ മോഹനെ ഒന്ന് ഇരുത്തുവാൻ വേണ്ടി പറഞ്ഞതല്ലെ? അല്ലെങ്കിൽ നാളെ എന്‍റെ തലയിൽ കേറി ഭർത്താവു കളിക്കാൻ തുടങ്ങും. അതൊഴിവാക്കാൻ വേണ്ടി…”

അവിടെ കൂട്ടച്ചിരി മുഴങ്ങി. ഏതാനും ദിവസങ്ങൾ ദുഃഖം മാത്രം തളംകെട്ടി നിന്ന ഒരു ഗൃഹമായിരുന്നില്ല അപ്പോൾ അത്. ഒരു വീടിന്‍റെ നെടുംതൂണായ അമ്മ യാത്ര പറഞ്ഞു പോയ ഒരു മരണ വീടുമായിരുന്നില്ല. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചു ചേരുമ്പോൾ സ്വാഭാവികമായി ഉളവാകുന്ന ആഹ്ലാദാന്തരീക്ഷം ആ വീട്ടിലും നിറഞ്ഞു നിന്നു. അൽപ നേരത്തേയ്ക്ക് അവരോടൊത്ത് ഉല്ലസിക്കുമ്പോൾ മറ്റെല്ലാം മറന്നു, ഞാൻ പറയുവാൻ വന്ന കാര്യം പോലും. പെട്ടെന്ന് മഞ്ജു ഗൗരവപൂർവ്വം പറഞ്ഞു. “മീര ചേച്ചി ഇവിടെ ഇരിക്കൂ. ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

“എന്താ മഞ്ജു… എന്താണെങ്കിലും പറഞ്ഞോളൂ” ഒരു മുഖവുരയ്ക്കായി തപ്പുന്ന മഞ്ജുവിനോട് ഞാൻ പറഞ്ഞു. അടുത്ത നിമിഷം മായയും ഞങ്ങളുടെ സമീപമെത്തി.

“ചേച്ചിയ്ക്കറിയാമല്ലോ അമ്മ നമുക്കെല്ലാം പ്രിയപ്പെട്ടതായിരുന്നു. ഇന്നിപ്പോൾ അമ്മ കടന്നു പോയിട്ട് ഇരുപതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. അമ്മയുടെ ചിതാഭസ്മം കാശിയിൽ കൊണ്ടു പോയി ഗംഗയിലോ മറ്റോ ഒഴുക്കണം. അതിന് ആരാണ് പോകുന്നതെന്ന് തീർച്ചപ്പെടുത്തണം എനിക്കാണെങ്കിൽ തീരെ ലീവില്ല. ഞാൻ മറ്റന്നാൾ തിരിച്ചു പോവുകയാണ്. ഇപ്പോൾ തന്നെ ലീവ് വളരെയധികം എടുത്തിരിക്കുന്നു. ദിവാകരേട്ടന്‍റേയും ലീവ് തീർന്നിരിക്കുന്നു. പിന്നെ കുട്ടികൾ രണ്ടുപേരും എഞ്ചിനിയറിംഗിന് പഠിക്കുന്നതു കൊണ്ട് അവരുടേയും ക്ലാസ്സുകൾ നഷ്ടപ്പെടുത്താനാവില്ല. മഞ്‌ജു പറഞ്ഞു നിർത്തി. ഉദ്വേഗത്തോടെ എന്നെ നോക്കി. അപ്പോൾ ഞാൻ പറഞ്ഞു.

“ശരി മഞ്ജു… നീ മടങ്ങിപ്പോയ്ക്കോളൂ. എനിക്ക് കുറച്ചു ദിവസം കൂടി ലീവുണ്ട്. ഇതിനിടയിൽ ഞാൻ കാശിയിൽ പോയി വരാം. അമ്മയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കുകയും ചെയ്യാം. അല്ലെങ്കിലും നരേട്ടനും രാഹുലിനും വേണ്ടി ബലി കർമ്മങ്ങൾ നടത്താൻ അവിടം വരെ പോകുവാൻ ഞാൻ ആലോചിച്ചിരുന്നതാണ്. മായ മോളെന്തു പറയുന്നു?”

“ചേച്ചി ഇഷ്ടം പോലെ ചെയ്തോളൂ… എനിക്ക് പ്രത്യേകിച്ച് ധൃതിയൊന്നുമില്ല. ഹോസ്പിറ്റൽ ഞങ്ങളുടെ സ്വന്തമായതു കൊണ്ട് എപ്പോൾ പോയാലും മതി. എങ്കിലും ചേച്ചീ നമ്മുടെ അമ്മ പോയില്ലെ.”

അവൾ അൽപം നിർത്തി ഏതോ ഓർമ്മകളിൽ മുഴുകിയെന്നോണം പറഞ്ഞു. “വളരെക്കാലമായി അമ്മ എന്‍റെ കൂടെയുണ്ട്. വിപിനെയും ആര്യയെയും നോക്കി വളർത്തിയത് അമ്മയാണ്. അതുകൊണ്ടു തന്നെ അവർക്കിപ്പോഴും അമ്മയെന്നു വച്ചാൽ ജീവനാണ്.”

അമ്മ മരിച്ചപ്പോൾ ഏറ്റവും കൂടുതൽ ദുഃഖിച്ചതും അവരാണല്ലോ എന്ന് ഞാനോർത്തു. പെട്ടെന്ന് അടുത്തു നിന്ന ആര്യ പൊട്ടിക്കരയാൻ തുടങ്ങി.

“മുത്തശ്ശിയെ മറക്കാൻ എനിക്കാവില്ല വല്യമ്മെ… മുത്തശ്ശി എന്തെല്ലാം നല്ല കാര്യങ്ങൾ ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നെന്നോ? മുത്തശ്ശിയുടെ പഴയകാലമെല്ലാം ഞങ്ങളോടു പറയുമായിരുന്നു. കൂടാതെ കൊച്ചു കുട്ടിയായിരുന്നപ്പോൾ എത്ര പുരാണ കഥകളും പാട്ടുകളും പറഞ്ഞു തന്നിരിക്കുന്നു. പക്ഷെ ഇന്നിപ്പോൾ കഥ പറഞ്ഞു തരാൻ മുത്തശ്ശിയില്ലല്ലോ.” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അകത്തേയ്ക്കോടി.

അതുകണ്ടപ്പോൾ പുതുതലമുറയിലും ഇത്തരക്കാരുണ്ടല്ലോ എന്ന് ഞാനോർത്തു. പഴമയുടെ ഗന്ധവും, നന്മകളും നെഞ്ചോടു ചേർക്കുന്നവർ. ഒരു പക്ഷെ എന്‍റെ മകൾക്ക് അമ്മയുടെ സാമീപ്യവും, സ്നേഹവും നഷ്ടപ്പെട്ടതാകാം അവൾക്ക് അമ്മയോട് അടുപ്പമില്ലാതെയാകാൻ കാരണം. എങ്കിൽ അത് എന്‍റെ തെറ്റാണല്ലോ എന്നും ഓർത്തു. അപ്പോൾ മായ അടുത്തെത്തിപ്പറഞ്ഞു.

“ശരിയാണ് ചേച്ചീ… അമ്മയായിരുന്നു അവർക്കെല്ലാം. അതുകൊണ്ടു തന്നെ എന്നെക്കാൾ കൂടുതൽ അവർ അമ്മയെ സ്നേഹിച്ചു. ഇന്നിപ്പോൾ അമ്മയില്ലാതെ അനാഥമായി പോകുന്ന ഈ വീടിനെക്കുറിച്ചോർക്കുമ്പോഴും ദുഃഖം തോന്നുന്നു. അതുകൊണ്ട് കുറച്ചു ദിവസം കൂടി ഇവിടെ നിന്നിട്ട് ഞാനും മടങ്ങിപ്പോകും ചേച്ചീ…” മായ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ചിരുന്ന മഞ്ജു പറഞ്ഞു.

“ചേച്ചീ… ഇനി ഇതു പോലെയുള്ള നമ്മുടെ കൂടിക്കാഴ്ചകൾ കുറയും. ഈ വീടും അനാഥമായതു പോലെ പൂട്ടിക്കിടക്കും. എനിക്കൊരു ഐഡിയ തോന്നുന്നു. നമുക്ക് ഈ വീട് വിറ്റാലോ ചേച്ചീ… അല്ലെങ്കിൽ ആരെങ്കിലും ഒരാൾ, ഈ വീട് ഏറ്റെടുത്ത് മറ്റുള്ളവർക്ക് ഷെയർ കൊടുത്താലും മതി.” മഞ്ജു അതുപറഞ്ഞ് ഞങ്ങളിരുവരേയും നോക്കി എന്നിട്ട് തുടർന്നു പറഞ്ഞു.

“ഈയൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു കാര്യം സംസാരിക്കുന്നത് അനുചിതമാണെന്നറിയാം. എങ്കിലും ഞാൻ നേരത്തെ പറഞ്ഞതു പോലെ നമ്മൾ തമ്മിൽ ഇനിയും ഇതുപോലെ കണ്ടുമുട്ടിയില്ലെന്നു വരാം. എല്ലാവർക്കും തിരക്കാണല്ലോ. അതുകൊണ്ട് ഇപ്പോൾത്തന്നെ ഇത്തരം കാര്യങ്ങൾ ആലോചിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.”

എൻജിനീയറായ മഞ്ജു പണ്ടേ അൽപം പ്രാക്ടിക്കലാണ്. അതുകൊണ്ട് അവൾ ചിന്തിക്കുന്നതും അത്തരത്തിലാണ്. എങ്കിലും അമ്മ മരിച്ച് ഇത്രയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവൾ ഇതവതരിപ്പിച്ചതിൽ അൽപം ദേഷ്യം തോന്നാതിരുന്നില്ല. എങ്കിലും ഞാനും മായയും ഒന്നും പ്രകടിപ്പിച്ചില്ല. ഞങ്ങൾ വെറുതെ ഒന്നും മിണ്ടാതെ മുഖത്തോടു മുഖം നോക്കിയിരുന്നു. അപ്പോൾ മഞ്ജു പറഞ്ഞു. “നിങ്ങൾക്കു രണ്ടുപേർക്കും ഇക്കാര്യത്തിൽ താൽപര്യമില്ലെങ്കിൽ വേണ്ട. ഞാൻ ഒന്നും പറഞ്ഞില്ലെന്നു വിചാരിച്ചാൽ മതി.”

പെട്ടെന്ന് മായ പറഞ്ഞു.

“അതല്ല ചേച്ചീ… അമ്മ പോയിട്ട് ഇത്രയും കുറച്ചു ദിവസങ്ങളല്ലെ ആയുള്ളൂ. അതിനുള്ളിൽ നമ്മൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചെന്നറിഞ്ഞാൽ നാട്ടുകാരെന്തു പറയും? അല്ലെങ്കിൽ തന്നെ ഇക്കാര്യത്തിൽ അമ്മയുടെ ആത്മാവ് നമ്മളോടു ക്ഷമിക്കുമോ?”

“അമ്മയ്ക്ക് വിരോധമൊന്നുമുണ്ടാവുകയില്ല മായേ. അമ്മ മുമ്പൊരിയ്ക്കൽ പറഞ്ഞിട്ടുണ്ട് ഞാൻ മരിച്ചാലുടൻ നിങ്ങളീ വീടു വിറ്റോളൂ, എന്നിട്ട് തുല്യമായിട്ട് ഷെയർ ചെയ്യണം എന്ന്. എനിക്കായിട്ട് നിങ്ങൾക്കു തരാൻ ഇനി ഇതേ ഉള്ളൂവെന്ന്…” അതുപറയുമ്പോൾ മഞ്ജുവിന്‍റെ ശബ്ദം ഇടറിയിരുന്നു. ഇതിനിടയിൽ എല്ലാം കേട്ടുകൊണ്ടു നിന്ന ദിവാകരൻ ഇടപെട്ടു കൊണ്ടു പറഞ്ഞു.

ഇതിപ്പോൾ വിറ്റാൽ പത്തു പന്ത്രണ്ടു കോടിയെങ്കിലും കിട്ടും. പത്തു നാൽപതു സെന്‍റ് സ്ഥലമില്ലേ. സെന്‍റിന് പത്തു മുപ്പതു ലക്ഷം ഇവിടെ ഇപ്പോൾ വിലയുണ്ടാകും. ഓരോരുത്തർക്കും നാലു കോടി വീതം കിട്ടും…” ദിവാകരനും ഉത്സാഹത്തിലായിരുന്നു. അയാളാണ് മഞ്ജുവിനെ പറഞ്ഞ് പ്രേരിപ്പിക്കുന്നതെന്നു തോന്നി.

ഏതായാലും ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് മനസ്സു പറഞ്ഞു. എനിക്കും, മായയ്ക്കും ആ വീടിനോടുള്ള വൈകാരിക ബന്ധം ഏറെയായിരുന്നു. അച്ഛനമ്മമാരോടൊത്ത് സന്തോഷം മാത്രം പങ്കിട്ടു ജീവിച്ചിരുന്ന ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കുട്ടിക്കാലം. എന്നും വസന്തം വിരുന്നിനെത്തിയിരുന്ന ആ കാലഘട്ടം. ഓർമ്മയുടെ ചെപ്പിൽ ഒരു മധുര സ്മരണയായി ഇന്നും ഞാൻ സൂക്ഷിക്കുന്നു.

അടുത്തുള്ള ദേവീക്ഷേത്രത്തിലെ ഉത്സവകാലം, അച്‌ഛന്‍റെ നാട്ടിലേയ്ക്ക് ഇടയ്ക്കിടയ്ക്കുള്ള യാത്രകൾ… ഓണവും, വിഷുവും വിരുന്നിനെത്തിയിരുന്ന ദിനരാത്രങ്ങൾ, കാർത്തിക മാസത്തിലെ ഉത്സവാഘോഷങ്ങൾ… എല്ലാമെല്ലാം മനസ്സിനെ കുളിരണിയിക്കുന്ന ഓർമ്മകളാണ്.

പൂത്തുമ്പികളെപ്പോലെ പാറി നടന്ന മൂന്നു പെൺകിടാങ്ങൾ അപ്പോൾ മനസ്സിലോടിയെത്തി. അവരുടെ ജന്മദിനാഘോഷങ്ങൾ അച്‌ഛന്‍റേയും അമ്മയുടേയും മാര്യേജ് ആനിവേഴ്സറികൾ ഇവയെല്ലാം ഞങ്ങൾ അടിച്ചു പൊളിച്ചാഘോഷിച്ചിരുന്നു. പണത്തിന് ഒരു കുറവുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ വിചാരിക്കുന്നതെന്തും നേടിത്തരുന്ന മാതാപിതാക്കൾ…

അച്‌ഛനും അമ്മയും കാലം അവരുടെ മധുര പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചുവെങ്കിലും, ജരാനരകൾ നൽകി കറുത്ത തിരശ്ശീലയ്ക്കപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയിയെങ്കിലും, ഇന്നും അവരുടെ ഉച്ഛ്വാസ നിശ്വാസങ്ങൾ അവിടെ ഉറങ്ങിക്കിടപ്പുണ്ട്. അവർ അവസാനമായി പൊഴിച്ച ശ്വാസഛ്വാസം പോലും അവിടത്തെ അന്തരീക്ഷത്തിൽ തങ്ങി നില്പുണ്ട്.

ഞങ്ങൾക്ക് ഇന്നും ആ വീടിനോടുള്ള വൈകാരിക അടുപ്പത്തിന് കാരണങ്ങൾ ഇവയാകാം. എന്തായാലും ഇപ്പോൾ ഒന്നും പ്രതികരിക്കേണ്ടെന്നു മനസ്സു പറഞ്ഞു.

“നമുക്ക് അതിനെപ്പറ്റി ആലോചിയ്ക്കാം മഞ്ജു… ഇപ്പോഴല്ല… പിന്നീടെപ്പോഴെങ്കിലും…” ഞാൻ പറഞ്ഞൊഴിഞ്ഞു. പിന്നീട് മഞ്ജുവും അതിനെപ്പറ്റി കൂടുതലൊന്നും സംസാരിച്ചില്ല.

അൽപ സമയത്തിനുള്ളിൽ അരുൺ വന്നെത്തി. “മാഡം, ഞാൻ കാർ കൊണ്ടുവന്നിട്ടുണ്ട്. നമുക്കിറങ്ങാം…”

അപ്പോൾ മാത്രമാണ് ഞാനെങ്ങോട്ടാണ് യാത്ര പോകുന്നതെന്ന് മായ അന്വേഷിച്ചത്. ഒരു സുഹൃത്തിനെ കാണുവാനാണ് ഈ യാത്ര എന്നു മാത്രം പറഞ്ഞു. ഞാൻ കാറിൽ കയറി. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും അറിയിച്ചു.

കാർ ഞങ്ങളേയും കൊണ്ട് അതിവേഗത്തിൽ പാഞ്ഞു. ഒരിക്കൽ മണവാട്ടിയുടെ മധുര പ്രതീക്ഷകളോടെ ഞാൻ ചെന്നെത്തിയ ആ നാട്ടിലേയ്ക്ക്… ഒടുവിൽ കണ്ണീർപ്പൂക്കൾ മാത്രം സമ്മാനിച്ച് എന്നെ യാത്രയാക്കിയ ആ വിദൂര മണ്ണിലേയ്ക്ക്…

(തുടരും)

സാഗരസംഗമം ഭാഗം- 25

വളവുകൾ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാർ ഒടുവിൽ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആൾക്കൂട്ടം കണ്ടു. കുറെപ്പേർ അവിടവിടെയായി കൂടി നിൽക്കുന്നു. കുറെ കസേരകളും മുറ്റത്ത് ഇട്ടിട്ടുണ്ട്. മായയുടെയും മഞ്ജുവിന്‍റെയും ഭർത്താക്കന്മാർ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നു. വടക്കു വശത്ത് മാവുവെട്ടുന്ന ശബ്ദം കേൾക്കാം.

വിറയാർന്ന കാലടികളോടെ അകത്തേയ്ക്ക് നടക്കുമ്പോൾ കണ്ടു. പൂമുഖത്ത് നിറതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിൽ വാഴയിലയിൽ നീണ്ടു നിവർന്നു കിടക്കുന്നു അമ്മ. ആ നീണ്ട നിദ്രയിലും അമ്മ എത്ര സുന്ദരിയാണെന്നോർത്തു. പ്രൗഢയായ ഒരു തറവാട്ടമ്മ….

ഒരു വശത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മായയും മഞ്ജുവും അവരുടെ മക്കളും. എന്നെക്കണ്ട് അവർ എഴുന്നേറ്റോടി വന്നു.

“നമ്മുടെ അമ്മ പോയി ചേച്ചീ… ഇനി നമുക്ക് ആരുണ്ട്?” മായയും മഞ്ജുവും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോൾ വിഫലമായി സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഒരു ജന്മം മുഴുവൻ മക്കൾക്കായി ഹോമിച്ച അമ്മ. ആ അമ്മയുടെ ചലനരഹിതമായ ശരീരം കാണുമ്പോൾ ഞങ്ങൾ അനാഥരാക്കപ്പെട്ടതു പോലെ തോന്നി. മുലപ്പാൽ മണം മാറാത്ത കുഞ്ഞുങ്ങളെപ്പോലെ ആ മാറത്ത് തലചായ്ച്ച് പൊട്ടിക്കരയുമ്പോൾ അനാഥത്വം ഞങ്ങളെ വരിഞ്ഞു മുറുക്കി. ഈ ലോകത്ത് എന്തൊക്കെ ലഭിച്ചാലും മാതൃ-സ്നേഹത്തോളം അതിന് വിലയുണ്ടാവുകയില്ല. മുലപ്പാൽ മധുരം പോലെ ധന്യമായ മറ്റൊന്നും ഈ ലോകത്ത് ഈ ജന്മത്തിൽ രുചിക്കുകയുമില്ല.

മക്കളുടെ ഏതൊരു ദുഃഖവും സ്നേഹമാകുന്ന ആ പാൽക്കടലിൽ അലിയിച്ചൊഴുക്കാൻ അമ്മയ്ക്കല്ലാതെ മറ്റാർക്കാണു കഴിയുക?

ഇവിടെ അമ്മ പോയതോടെ അക്ഷരാർത്ഥത്തിൽ ഞാൻ അനാഥയാക്കപ്പെട്ടിരിക്കുന്നു. സമാശ്വസത്തിന്‍റെ ഒരിറ്റു മഞ്ഞുതുള്ളി, അതിനി എവിടെയാണ് ഞാൻ തേടി അലയേണ്ടത്? അമ്മേ… കണ്ണുനീർ പുഷ്പങ്ങൾ ഈ കാൽക്കൽ അർച്ചന ചെയ്‌ത് ഞാൻ എന്‍റെ ദുഃഖഭാരത്തെ ഇവിടെ അടിയറ വയ്ക്കട്ടെ… കൊടിയ ദുഃഖത്തിന്‍റെ അനാഥത്വത്തിന്‍റെ ചൂടേറ്റ് മരുഭൂമിയിലെന്ന പോലെ തപിക്കുന്ന ഈ മകൾക്ക് ആ ശുഷ്ക്കിച്ച കരങ്ങളുടെ ഒരു തലോടൽ… അതുമതിയായിരുന്നു. എല്ലാ ദുഃഖങ്ങളിൽ നിന്നും, കൊടിയ വേദനകളിൽ നിന്നും ഒരു വൈദ്യനെ എന്നപ്പോലെ ആശ്വാസം പകരാൻ…

എന്നാലിന്നിപ്പോൾ അകലങ്ങളിലിരുന്ന് അമ്മ കാണുന്നുണ്ടോ? സങ്കടക്കടലിലകപ്പെട്ട് നട്ടം തിരിയുന്ന ഈ പുത്രിയെ… മാതാപിതാക്കൾ കഴിഞ്ഞാൽ ഭർത്താവും, മകനുമാണ് ഒരു സ്ത്രീയ്ക്ക് ആശ്രയമായിത്തീരേണ്ടത്. എന്നാലാ ആശ്രയം എനിക്ക് നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. പിന്നെയുള്ളത് ഏതോ തെറ്റിദ്ധാരണയാൽ എന്നോട് കൊടിയ ശത്രുത്വം വച്ചു പുലർത്തുന്ന മകളാണ്. അവൾക്ക് വേണ്ടത് എന്‍റെ സമ്പത്തു മാത്രമാണ്. സ്നേഹത്തിന്‍റെ ഒരിറ്റു ദാഹജലം പോലും പകർന്നു നൽകാൻ കൂട്ടാക്കാത്ത അവളുടെ മുന്നിൽ അതിനു വേണ്ടി കൈനീട്ടിയിട്ടെന്തു കാര്യം? ഞാനിന്ന് അനാഥയാണ് അമ്മേ… എല്ലാ അർത്ഥത്തിലും അനാഥ…

ഹൃദയം തകർന്ന് പൊട്ടിക്കരയുമ്പോൾ മായയും മഞ്ജുവും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പ്രളയജലത്തിലെന്ന പോലെ ദുഃഖം കരകവിഞ്ഞൊഴുകി. തീരങ്ങളെ തല്ലിത്തകർത്ത് ആർത്തലച്ചൊഴുകിയ ആ പ്രളയ ജലം ഒടുവിൽ ഒരു മാസ്മരിക കരസ്പർശത്താൽ പൊടുന്നനെയൊടുങ്ങി ശാന്തമായി. അത് അരുണിന്‍റേതായിരുന്നു. ഒരു പുത്രനെന്നപോലെ അവൻ എന്‍റെ കരങ്ങൾ പിടിച്ചെഴുന്നേൽപ്പിച്ചു. എന്നെമെല്ലെ നടത്തി.

“വരൂ മാഡം… ഇനി കരയരുത്. മാഡത്തിന്‍റെ ഏതു ദുഃഖത്തിലും ഞാനുണ്ടാവും കൂടെ. എന്നെ മാഡത്തിന്‍റെ മകനായിത്തന്നെ കരുതിക്കോളൂ. അങ്ങനെ സാന്ത്വന വചസ്സുകൾ പറഞ്ഞ് അവൻ എന്‍റെ കൂടെ നിന്നു. ഏതോ മുജ്‌ജന്മ ബന്ധം പോലെ എനിക്കു വരദാനമായി ലഭിച്ച മകൻ. ഇവനുള്ളപ്പോൾ ഞാനെന്തിനാണ് ദുഃഖിക്കുന്നത്? മനസ്സ് തിരയടങ്ങിയ കടൽ പോലെ ശാന്തമായി. അവിടെ ചെറിയ ഓളങ്ങൾ മാത്രം ഇടയ്ക്കിടെ തീരത്തു വന്ന് തല്ലിയലച്ച് മടങ്ങി.

ഒടുവിൽ അമ്മയെ ദഹിപ്പിക്കാനായി പുറത്തേയ്ക്കെടുക്കുവാൻ തുടങ്ങി. ഞങ്ങൾ മക്കളും, കൊച്ചുമക്കളും വായ്ക്കരിയിട്ട ശേഷം ആ ശരീരം പുറത്തേയ്ക്കെടുക്കുമ്പോൾ മായ ബോധം കെട്ടു വീണു. അവളായിരുന്നല്ലോ അമ്മയ്ക്കെന്നും തുണയായി കൂടെ നിന്നത്. എന്നാൽ അമ്മയോടുള്ള കടമകൾ പൂർത്തീകരിക്കാൻ കഴിയാത്ത മകളെന്ന ദുഃഖം എന്നിൽ ബാക്കി നിൽക്കുന്നു.

വടക്കു വശത്തൊരുക്കിയ ചിതയിൽ എരിഞ്ഞടങ്ങുന്ന അമ്മയുടെ ചേതനയറ്റ ശരീരം ജനലിലൂടെ നോക്കി ഏറെനേരം നിശ്ചലയായി നിന്നു. ആളിക്കത്തുന്ന ആ ചിത എന്‍റെ മനസ്സിലും എരിഞ്ഞടങ്ങുന്നുണ്ടോ? വിട പറഞ്ഞു പോകുന്ന ആ ആത്മാവിനോടുള്ള കടപ്പാട് ഏതു ജന്മത്തിലാണ് എനിക്കു പൂർത്തീകരിക്കാൻ കഴിയുക? എത്ര ജന്മങ്ങൾ കഴിഞ്ഞാലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടല്ലെ മക്കൾക്ക് അമ്മയോടുണ്ടാവുക? അന്ത്യ കർമ്മങ്ങൾ ചെയ്‌തത് മായയുടെ ഇളയമകൻ വിപിനാണ്. മൂന്നു പെണ്മക്കൾ മാത്രമുള്ള അമ്മയ്ക്ക് കർമ്മം ചെയ്യുവാൻ ഭാഗ്യമുണ്ടായത് അവനാണ്. കുടുംബത്തിൽ ഇനി ആകെയുള്ള ആൺതരി.

ആരോ പറയുന്നതു കേട്ടു, “ പുത്രന്മാരുണ്ടായാൽ പോരാ… അനുഭവിക്കാൻ യോഗം വേണം…” നാട്ടുകാരിൽ ആരുടെയോ ഒളിയമ്പ് എന്‍റെ നേർക്കാണെന്നു തോന്നി. തുടർന്നാ ശബ്ദം വീണ്ടും കേട്ടു.

“അതെങ്ങനാ… സുകൃതക്ഷയം അല്ലാതെന്താ? ഈ ജന്മത്തിലും മുജ്ജന്മത്തിലും പാപം ചെയ്യാത്തവർക്കല്ലെ സദ്ഗതി വരൂ. മറ്റുള്ളവരെ മനഃപൂർവ്വം വേദനിപ്പിക്കുന്നത് പാപം തന്നാണെ…” ഹൃദയം കുത്തിക്കീറുന്ന വാക്കുകൾ, നെഞ്ചിനകത്തു കൂടി ശരം പോലെ പാഞ്ഞു പോയി.

ഈ നാട്ടുകാർക്കെല്ലാം ഫഹദ് സാറിനെ അറിയാം. ഞാൻ കാരണം അദ്ദേഹത്തിനുണ്ടായ അധഃപതനവും… എന്നാൽ ഒന്നും ഞാൻ മനഃപൂർവ്വം ചെയ്‌തതല്ലെന്ന് അവർക്കറിയില്ലല്ലോ… അവരുടെ കണ്ണിൽ ഞാൻ, താലികെട്ടിയ പുരുഷനെ മനഃപൂർവ്വം ഇട്ടെറിഞ്ഞു പോയ നിഷ്ഠൂരയായ സ്ത്രീയാണ്. അയാളുടെ ഹൃദയം കുത്തിക്കീറിയവളാണ്.

എല്ലാം കുറെയൊക്കെ കോളേജിലെ സഹപാഠികൾ പറഞ്ഞുണ്ടാക്കിയ കഥകളാവാം. ചുരുക്കം ചിലർക്കൊഴിക്കെ ബാക്കിയാർക്കും യഥാർത്ഥ കഥകൾ അറിയില്ലല്ലോ? അല്ലെങ്കിൽ നിസ്സഹായയായ ഒരു പെണ്ണിന്‍റെ രോദനം അവർ കെട്ടില്ലെന്നു വരുമോ? അവർക്കെല്ലാം ഞാൻ രണ്ടു പുരുഷന്മാരെ ചതിച്ചവളാണ്.

ജ്വലിയ്ക്കുന്ന സൗന്ദര്യവുമായി പുരുഷന്മാരെ വശീകരിക്കാൻ നടക്കുന്ന ഒരു വേശ്യയോടാവുമോ അവർ എന്നെ ഉപമിച്ചിട്ടുണ്ടാവുക? ഒടുവിൽ കോളേജിലെ സഹപാഠികളായ നിമിഷയെപ്പോലുള്ള ഉറ്റസുഹൃത്തുക്കൾ വരെ എന്നെ കുറ്റപ്പെടുത്തിയില്ലെ? അവർക്കെല്ലാം ഫഹദ് സാർ ജീവനായിരുന്നു.

ആൾക്കൂട്ടത്തിൽ തിരഞ്ഞ എന്‍റെ കണ്ണുകൾക്ക് സഹപാഠികളിലൊരാളെ കണ്ടെത്തുവാൻ കഴിഞ്ഞു. എന്‍റെ ശത്രുനിരയിൽപ്പെട്ട ഒരാൾ… ഞാൻ തിരിച്ചറിഞ്ഞു എന്നു തോന്നിയിട്ടോ എന്തോ അയാൾ ആൾക്കൂട്ടത്തിൽ മറഞ്ഞു കളഞ്ഞു. മുമ്പ് എന്‍റെ അയൽവാസിയായിരുന്ന. ചെറുപ്പത്തിൽ കോളേജിൽ വച്ച് എന്നെ പ്രണയിച്ചിരുന്ന നിരഞ്ജൻ ആയിരുന്നു അത്.

പലപ്പോഴും ഞാൻ തിരിഞ്ഞു നോക്കാതെ തഴഞ്ഞിരുന്ന ഒരാൾ… അയാളുടെ പ്രേമാഭ്യർത്ഥനയെ ഞാൻ പുറംകാലു കൊണ്ട് തട്ടിയെറിഞ്ഞിരുന്നു. ഞാൻ ഫഹദ് സാറിനെ പ്രണയിച്ചപ്പോൾ അവന്‍റെ കണ്ണിൽ പ്രണയ നൈരാശ്യമുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ അന്നത്തെ പ്രണയത്തിനുപകരം അയാളുടെ കണ്ണിൽ കത്തിജ്വലിക്കുന്നത് എന്നോടുള്ള വിദ്വേഷമല്ലേ?

ഇത്രകാലങ്ങൾക്കു ശേഷം, ജീവിതത്തിൽ നിലയില്ലാക്കയത്തിൽ വീണു പോയ എന്നെക്കാണുവാനെത്തിയതായിരിക്കുമോ അയാൾ? അഭയമായ്ത്തീർന്ന എല്ലാവരേയും വേർപിരിഞ്ഞ് ഒടുവിൽ ഒരു പിടിവള്ളിക്കായ് കേഴുന്ന എന്നെക്കാണുവാൻ… കണ്ടു സന്തോഷിക്കുവാൻ… പ്രതികാരാഗ്നിയിൽ പിടയുന്ന ആ കണ്ണുകളിലെ തീക്കനൽ തിളക്കം അതല്ലെ വിളിച്ചു പറയുന്നത്. അതെ… എന്‍റെ ശത്രു പക്ഷത്ത് നിൽക്കുന്നത് അയാൾ തന്നെയാണ്. അയൽക്കാർക്കിടയിൽ എന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി അയാൾ സംതൃപ്തി നേടുന്നു. ക്രൂരമായ സംതൃപ്തി.

ഒരിക്കൽ കൂടി പഴയ ഉറ്റ സുഹൃത്തുക്കളെക്കാണുവാൻ മോഹം തോന്നി. ആനന്ദും, അഭിലാഷും, നിമിഷയും… അവർ ഇന്നെവിടെയായിരിക്കും? നിമിഷയെയെങ്കിലും കണ്ടെത്തിയാൽ മതിയായിരുന്നു. ഒടുവിൽ എന്നെക്കുറ്റപ്പെടുത്തിയെഴുതിയ ഒരു കത്തിനു ശേഷം അവളെപ്പറ്റി ഒരു വിവരമുണ്ടായില്ല. അവളെക്കണ്ടെത്തിയാൽ ആ മാറിൽ തലചായ്ച്ച് ഒന്നു പൊട്ടിക്കരയാൻ, എന്‍റേതല്ലാത്ത തെറ്റുകൾക്കാണ് ഞാൻ ശിക്ഷിക്കപ്പെടുന്നതെന്നറിയ്ക്കാൻ, എനിക്കു കഴിഞ്ഞെങ്കിൽ…

പഞ്ചാഗ്നി മദ്ധ്യത്തിൽ എന്നെ എരിച്ചു കൊണ്ട് കടന്നു പോയ ഏതാനും ദിനരാത്രങ്ങൾക്കൊടുവിൽ അമ്മയുടെ മരണാനന്തര കർമ്മങ്ങളും കഴിഞ്ഞു.

ഈ ദിനങ്ങളിൽ ചില അയൽവാസികളിൽ നിന്നും ചില ഒളിയമ്പുകൾ എന്നെ ജീവനോട് ദഹിപ്പിക്കും വിധം പാഞ്ഞു വന്നു. എരിതീയിൽ എണ്ണയൊഴിക്കും പോലെയുള്ള അവരുടെ പ്രകടനങ്ങൾ അസഹ്യമായിരുന്നു. ഈ ദിനങ്ങളിൽ ആശ്വസിപ്പിക്കുവാൻ അരുൺ അടുത്തില്ലാതെ പോയി. ഏതാനും ദിനങ്ങൾ എങ്ങോ പോയി മടങ്ങിയെത്തിയ അവൻ തിരികെയെത്തിയപ്പോൾ എന്‍റെ കോലം കണ്ട് ഞെട്ടി.

കണ്ണുകൾക്കടിയിലെ കറുത്തപാടുകളും, കുഴിഞ്ഞ കണ്ണുകളും, മെലിഞ്ഞ ശരീരവും കണ്ട് അവൻ അദ്ഭുതപ്പെട്ടു. “എന്തുപറ്റി മാഡം? ഇത്ര ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത്രത്തോളം മാറിപ്പോകുവാൻ… ഞാൻ പോകുമ്പോഴുള്ള മാഡമല്ലല്ലോ ഇപ്പോൾ?” അവൻ ആരാഞ്ഞു.

എന്‍റെ മൗനം കണ്ട് അവൻ തുടർന്നു. “സോറി മാഡം… ഞാൻ എന്‍റെ അമ്മയുടെ നാട്ടിലൊന്നു പോയതാണ്… കോഴിക്കോട്… അവിടെ എന്‍റെ മുത്തശ്ശിയും മരിച്ചു പോയ വല്യമ്മയുടെ രണ്ടു മക്കളുമുണ്ട്. അവരെക്കണ്ടു മടങ്ങി. ഇവിടെ നിന്നു പോകുമ്പോൾ മാഡം ആകെ പരിക്ഷീണിതയായിരുന്നു. അതുകൊണ്ട് മാഡത്തിനെക്കണ്ട് പറയാൻ കഴിഞ്ഞില്ല.”

“അതുസാരമില്ല കുട്ടീ… അല്ലെങ്കിൽ തന്നെ നീയെനിക്ക് ആരുമല്ലാതിരുന്നിട്ടും ഇത്രയൊക്കെ എനിക്കു വേണ്ടി ചെയ്യുന്നില്ലെ. അതിന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇനി മരണം മാത്രമേ എനിക്കാശ്വാസമായുള്ളൂ…”

“അങ്ങിനെ പറയരുത് മാഡം…. ഞാൻ മാഡത്തിനൊരു സന്തോഷവാർത്തയുമായാണ് മടങ്ങിയെത്തിയിട്ടുള്ളത്…”

എന്താണ് അരുൺ? ഒട്ടൊരു ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

“ഞാൻ മുമ്പൊരിക്കൽ മാഡത്തിനോടു പറഞ്ഞിരുന്നില്ലെ മാഡത്തിന്‍റെ പഴയ രഹസ്യങ്ങൾ ഞാൻ കണ്ടെത്തുമെന്ന്. ഇന്നിപ്പോൾ ഞാനതിൽ വിജയിച്ചിരിക്കുന്നു…”

അരുൺ പറഞ്ഞു വരുന്നത് ഫഹദ്സാറിനെ അവൻ കണ്ടെത്തിയെന്നാണോ? മനസ്സ് ഏതോ അജ്ഞാതമായ ഉൽക്കണ്ഠയാൽ തുടികൊട്ടി. എങ്കിലും ഒന്നുമറിയാത്ത പോലെ ഞാനവനെ നോക്കി.

“എന്താണ് ഞാൻ കണ്ടെത്തിയ രഹസ്യമെന്ന് മാഡത്തിനറിയണ്ടെ? മാഡത്തിന്‍റെ പഴയകാലം… കാമുകൻ… എല്ലാ ഞാൻ കണ്ടെത്തിയിരിക്കുന്നു.”

അരുൺ വിജയശ്രീലാളിതനെപ്പോലെ പറഞ്ഞു. അവൻ തുടർന്നു.

“മാഡം പേരു പറയാതെ എന്നോടു പറഞ്ഞ ആ കഥയിലെ നായകനില്ലെ… മാഡത്തിന്‍റെ പഴയ അദ്ധ്യാപകൻ… അദ്ദേഹത്തിന്‍റെ പേരും, മേൽവിലാസവും എല്ലാം ഞാൻ കണ്ടെത്തി. മാഡം ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കങ്ങോട്ടു പോകാം…”

മനസ്സ് പിടിവിട്ട ചിത്രശലഭത്തെ പോലെ പാറിപ്പറന്നു പോയി. ഏതോ മരക്കൊമ്പിന്‍റെ ഉച്ചയിലിരുന്ന് അത് തന്‍റെ ചിറകു വിടർത്തി ആനന്ദ നൃത്തം ചെയ്‌തു കൊണ്ടിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ ചിത്രശലഭം താഴേയ്ക്ക് മടങ്ങി വന്നു. അരുത്… ഞാൻ സ്വയം മറക്കരുത്… മനസ്സു ശാസിച്ചു. ഭർത്താവു മരിച്ച് അധിക നാളുകളാകാത്ത ഞാൻ പഴയ കാമുകനെത്തോടിപ്പോയെന്ന അപവാദം കൂടി ഇനി കേൾക്കണോ?… മരക്കൊമ്പിലെ ചിത്രശലഭം ചിറകൊതുക്കി മനസ്സിന്‍റെ ഏതോ കോണിലൊളിച്ചു.

“എന്താ മാഡം ഒന്നും മിണ്ടാത്തത്… ഫഹദ് സാര്‍ എന്നല്ലെ അദ്ദേഹത്തിന്‍റെ പേര്… ഞാൻ കോളേജിൽ ചെന്ന് മാഡത്തിന്‍റെ പഴയ സുഹൃത്തുക്കളെക്കണ്ടപ്പോൾ അവർ പറഞ്ഞതാണ്. അവരിൽ ചിലർ അദ്ധ്യാപകരായി ഇപ്പോഴും ആ കോളേജിലുണ്ട്.”

“ആരൊക്കെയാണ് അരുൺ? അവരുടെ പേരു ചോദിച്ചോ?” ഞാൻ ജിജ്ഞാസയോടെ തിരക്കി.

“ഉവ്വ് മാഡം, ഒരു ആനന്ദ്, പിന്നെ നിമിഷ, ശ്രീജിത്ത് ഇതൊക്കെയാണ് മാഡത്തിന്‍റെ സഹപാഠികളെന്നു പറഞ്ഞവരുടെ പേരുകൾ…”

“അവരൊക്കെ എന്നെ അന്വേഷിച്ചോ? എന്നോടവർക്ക് വിരോധമൊന്നുമില്ലല്ലോ?” എന്‍റെ ഉൽകണ്ഠ അതിന്‍റെ പാരമ്യത്തിലെത്തിയിരുന്നു.

“അവർക്ക് മാഡത്തെപ്പറ്റി എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടെന്നു തോന്നി. അതുകൊണ്ടു തന്നെ മാഡം ഇവിടെയുണ്ടെന്നറിയിച്ചിട്ടും അവർ എന്‍റെ കൂടെ വരാൻ ഉത്സാഹം കാണിച്ചില്ല. അവർ മാഡത്തെ തെറ്റിദ്ധരിക്കാൻ കാരണം എന്താണ്?” അരുൺ ഉദ്വേഗത്തോടെ ചോദിച്ചു.

എല്ലാം എന്‍റെ തലേവിധിയാണ് അരുൺ. ഞാൻ കാരണം ഫഹദ് സാറിന് ജീവിതത്തിൽ സംഭവിച്ച അധഃപതനമാണ് അവർക്ക് എന്നോടുള്ള വിരോധത്തിനു കാരണം. എന്നെ വേർപിരിഞ്ഞ അദ്ദേഹം ഒരു മദ്യപാനിയായി. പിന്നെ ഭ്രാന്തനെപ്പോലെ കുറെനാൾ അലഞ്ഞു നടന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 24

എങ്കിലും ആശ്വാസ വചനങ്ങൾ ചെവിക്കൊള്ളാതെ ഞാൻ മുറിയിലേയ്ക്ക് ഓടിക്കയറി. കിടക്കയിൽ വീണ് പൊട്ടിക്കരയുമ്പോൾ എല്ലാ ആശ്രയവും കൈവിട്ട പ്രതീതിയായിരുന്നു. അവസാനത്തെ അത്താണിയായിരുന്നു അമ്മ… ഇന്നിപ്പോൾ നരേട്ടനില്ലാത്ത നേരത്ത് എനിക്ക് ഏറെ ആശ്വാസമാകുമായിരുന്നു അമ്മ. എന്നാൽ എന്നെ ഉപേക്ഷിച്ച് അമ്മയും കടന്നു പോകുമ്പോൾ, ഹൃദയം വല്ലാതെ പിടഞ്ഞു പോകുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അരുന്ധതി കുഴങ്ങി നിന്നു. പിന്നെ അവർ ഫോണെടുത്ത് അരുണിനെ വിളിച്ചു.

“എനിക്കിന്നു തന്നെ മടങ്ങിപ്പോകണം അരുന്ധതി. അവിടെച്ചെന്നാലുടനെ കേരളത്തിലേയ്ക്കു പുറപ്പെടണം. അരുണിനോടു പറയൂ എനിക്കു വേണ്ടി ഒരു ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യാൻ…” ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു. അരുന്ധതി അരുണിനോടു പറഞ്ഞു.

“നീ ഇപ്പോൾത്തന്നെ മടങ്ങിവരണം. നമ്മൾ മടങ്ങിപ്പോവുകയാണ്.“ മാഡത്തിന്‍റെ അമ്മ മരിച്ചു പോയി…” അപ്പോഴേയ്ക്കും സമയം ഉച്ചയോടടുത്തു. അൽപം കഴിഞ്ഞപ്പോൾ അരുണും കൂട്ടരും തിരിച്ചെത്തി. അവർ മല കയറാൻ തുടങ്ങിയതേ ഉള്ളൂ… അതുകൊണ്ടാണ് വേഗം തിരിച്ചെത്തിയത്. ഉച്ചയ്ക്ക് ഞാനൊഴിച്ച് മറ്റെല്ലാവരും ആഹാരം കഴിച്ചു. തിരിച്ചുള്ള യാത്ര അൽപം വേഗത്തിലായിരുന്നു. അരുൺ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു. അവനും മാനസികമായി ഏതോ അസ്വസ്ഥതയുടെ പിടിയിലാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കവന്‍റെ കണ്ണു നിറയുന്നുണ്ടോ എന്നും സംശയം തോന്നി. പക്ഷെ ഞാനോ അരുന്ധതിയോ അവനോട് എന്തെങ്കിലും ചോദിച്ചറിയാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല.

ഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. പക്ഷെ രാത്രിയിലെ ഫ്ളൈറ്റിൽത്തന്നെ കേരളത്തിലേയ്ക്ക് പോകാൻ ഞാനൊരുങ്ങി. അരുൺ പറഞ്ഞു.

“പുലർച്ചെ ഒരു ഫ്ളൈറ്റുണ്ട് മാഡം. അതിനു പോകാം. രാത്രിയിൽ മാഡം ഒറ്റയ്ക്ക് നെടുമ്പാശ്ശേരിയിലെത്തിയാൽ എറണാകുളത്തേയ്ക്കുള്ള യാത്ര വിഷമമാകും.”

അരുണിന്‍റെ നിർദ്ദേശമനുസരിച്ച് പുലർച്ചെയ്ക്കുള്ള ഫ്ളൈറ്റിനു ബുക്കു ചെയ്‌തു. അരുൺ കൂടെ വരാമെന്നു പറഞ്ഞു. ഒറ്റയ്ക്കു പോകേണ്ടെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ രണ്ട് ടിക്കറ്റിന് ബുക്കു ചെയ്‌തു.

യാത്ര പുറപ്പെടുമ്പോൾ അരുന്ധതി സമാശ്വസിപ്പിച്ചു. മാഡം കരയരുത്. എന്തിനേയും നേരിടാനുള്ള ധൈര്യം നമുക്കുണ്ടാവണം. വിധിയുടെ താഢനമേറ്റ് തളർന്നു വീഴുമ്പോഴും കരയാതെ പിടിച്ചു നിൽക്കാൻ നമുക്കു കഴിയണം. പലപ്പോഴും ജീവിതം ഇങ്ങിനെയൊക്കെയാണ്. മാഡത്തെപ്പറ്റി ഞാൻ കരുതിയത് നല്ല ഉൾക്കരുത്തുള്ള ഒരു സ്ത്രീ എന്നാണ്. എന്നാലിപ്പോൾ മാഡം എന്‍റെ ധാരണകൾ തിരുത്തിയിരിക്കുന്നു.

“ശരിയാണ് അരുന്ധതി, ഒരു കാലത്ത് എനിക്ക് നല്ല ഉൾക്കരുത്തുണ്ടായിരുന്നു…” അങ്ങിനെ പറയണമെന്നു തോന്നി. പക്ഷെ ഒന്നും പറയാതെ ആ കൈപിടിച്ചമർത്തി ഞാൻ യാത്ര ചോദിച്ചു. പുലരുമ്പോൾ അരുന്ധതി വീടു പൂട്ടി താക്കോലുമായി സ്വന്തം വീട്ടിലേയ്ക്കു പോകുമെന്നു പറഞ്ഞു.

“രാമേട്ടനെ വിശ്വസിക്കാം… താക്കോൽ രാമേട്ടന്‍റെ കൈയ്യിൽ കൊടുത്തോളൂ…” ഞാനറിയിച്ചു.

“എന്നാൽ ശരി രാമേട്ടന്‍റെ കൈയ്യിൽ കൊടുത്തേയ്ക്കാം. മാഡം തിരികെയെത്തുമ്പോൾ വാങ്ങിക്കോളൂ…” അരുന്ധതി പറഞ്ഞു.

അരുൺ കൂടെയുള്ളപ്പോൾ ഒന്നും പേടിയ്ക്കെണ്ടെന്നും സമാശ്വസിപ്പിച്ചു.

അരുൺ വിളിച്ചു വരുത്തിയ ടാക്സിയിൽ എയ്റോ ഡ്രോമിലേയ്ക്കു യാത്ര പുറപ്പെടുമ്പോൾ മനസ്സ് സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ഈശ്വരൻ തന്നെ തനിച്ചാക്കുന്നില്ലല്ലോ എന്നോർത്ത് സമാശ്വസിച്ചു.

കൈവിട്ടു പോകുന്ന മരച്ചില്ലകൾക്കു പകരം ഈശ്വരൻ കൈനീട്ടിത്തരുന്ന മറ്റു ചില പുൽനാമ്പുകൾ… അതിലൊന്നാണ് അരുണും, അരുന്ധതിയും… ആ പുൽനാമ്പുകളിൽ പിടിച്ച് എനിക്ക് അക്കരെയെത്താം സുരക്ഷിതമായി. പ്രളയ ജലത്തിൽ മുങ്ങിപ്പോകാതെ അവർ എന്നെ കാത്തു കൊള്ളും. മനസ്സു മന്ത്രിച്ചു.

ചെക്ക് ഇൻ ചെയ്‌തു കഴിഞ്ഞ് ഡിപ്പാർച്ചർ ലോഞ്ചിലിരിക്കുമ്പോൾ കൃഷ്ണമോളെ ഫോണിൽ വിളിച്ചു. ഏറെ നേരത്തിനു ശേഷം അവളെ ഫോണിൽ കിട്ടി.

“കൃഷ്ണമോളെ… മുത്തശ്ശി ഇന്നലെ മരിച്ചു പോയി. നാളെയാണ് ക്രിമേഷൻ. നീ എത്രയും വേഗം എറണാകുളത്ത് എത്തണം. ബാംഗ്ലൂരിൽ നിന്ന് ഇന്നു പുറപ്പെട്ടാൽ ക്രിമേഷൻ സമയത്തിനു മുമ്പ് എത്താം.”

തൊണ്ടയിടർച്ചയോടെ ഞാൻ പറഞ്ഞതു കേട്ട് കൃഷ്ണമോൾ ഉറക്കച്ചടവോടെ പറഞ്ഞു.

“എന്ത്… മുത്തശ്ശി മരിച്ചുവെന്നോ… മമ്മി ഈ നേരത്ത് എന്നെ വിളിച്ച് പറഞ്ഞാലെങ്ങനെയാ? നേരത്തെ ആയിരുന്നുവെങ്കിൽ ക്രിമേഷനു മുമ്പ് എറണാകുളത്ത് എത്താമായിരുന്നു. ഇനിയിപ്പോൾ ഫ്ളൈറ്റ് ബുക്ക് ചെയ്‌ത് എപ്പോൾ എത്താനാണ്. എനിക്കാണെങ്കിൽ ലീവ് കിട്ടുമോ എന്നും അറിയില്ല. ഇന്ന് ഓഫീസിൽ ചെന്നാൽ മാത്രമേ ലീവ് കിട്ടുമോന്നറിയുകയുള്ളൂ…“ അവൾ ഉറക്കച്ചടവിന്‍റെ വിമ്മിഷ്ടത്തോടെ പറഞ്ഞു. തുടർന്നവൾ ഒരു കോട്ടുവായിട്ട് അലസ്യത്തോടെ പറഞ്ഞു” അല്ലെങ്കിൽ ഒരു മാസം മുമ്പ് മുത്തശ്ശിയെ കണ്ടതല്ലെ… അതുമതി. ഇനിയിപ്പോൾ മരിച്ച ശേഷം കണ്ടിട്ടെന്തിനാ… ഞാൻ വരുന്നില്ല. അല്ലെങ്കിലും മുത്തശ്ശിയ്ക്ക് പത്തെൺപതു വയസ്സായില്ലെ? മരിക്കേണ്ട സമയത്തു തന്നെയാ മരിച്ചത്. അതിൽ ദുഃഖിച്ചിട്ടെന്തു കാര്യം… അവൾ ഫോൺ വച്ചു.

അൽപം മുമ്പ്, തെല്ലു കുറ്റബോധത്തോടെ ചിന്തിച്ചിരുന്നു. അവളോട് നേരത്തെ പറയാതിരുന്നത് തെറ്റായിപ്പോയിയെന്ന്. എന്നാലിപ്പോൾ ആ കുറ്റബോധം അകന്നു പോയിരിക്കുന്നു. നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അവൾ ഒരു പക്ഷെ ഇങ്ങനെ തന്നെ പറയുമായിരുന്നു. അമ്മയോട് അവൾക്കുള്ള അടുപ്പം അത്രയേ ഉണ്ടായിരുന്നുള്ളൂ. കീറച്ചാക്കു പോലെ പഴയ തലമുറയെ അവഗണിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയാണല്ലോ അവൾ എന്നും ചിന്തിക്കാതെയിരുന്നില്ല.

ഫ്ളൈറ്റ് അൽപം ലേറ്റായിട്ടാണ് എത്തിയത്. വേഗം ലോഞ്ചിൽ നിന്നും പുറത്ത് കടന്ന് ഫ്ളൈറ്റിൽ കയറാൻ ഭാവിക്കുമ്പോൾ അരുൺ അടുത്തെത്തി. കൈയ്യിലിരുന്ന ചെറിയ ബാഗ് വാങ്ങിക്കൊണ്ടു പറഞ്ഞു.

“മാഡം കയറിക്കോളൂ… ഞാൻ ബാഗ് പിടിച്ചോളാം…” അവന്‍റെ കണ്ണുകളിൽ തങ്ങി നിന്ന സഹതാപ അല ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. “വേണ്ടാ, അരുൺ… ഇത് എനിക്കു പിടിക്കാവുന്നതേ ഉള്ളൂ…” ബാഗ് തിരികെ വാങ്ങി. സത്യത്തിൽ മനസ്സും ശരീരവും ആകെ ക്ഷീണിച്ചിരുന്നു. യാത്രാക്ഷീണത്തിനു പുറമേ, അമ്മയുടെ വേർപാട് സൃഷ്ടിച്ച മനസ്സിന്‍റെ നൊമ്പരവും, ശരീരത്തെ അവശതയിലെത്തിച്ചിരുന്നു. ഇപ്പോൾ എന്നെക്കണ്ടാൽ ഉള്ളതിലേറെ പ്രായം തോന്നിക്കുമെന്നു തോന്നി. നേരത്തെ വാഷ്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം ദർശിച്ചിരുന്നു. വാർദ്ധക്യത്തിന്‍റെ ചുളിവുകൾ നേരിയ തോതിൽ മുഖത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അമ്പതു കടന്നിട്ടും വലിയ പോറലൊന്നു മേല്ക്കാതെ നിലനിന്ന സൗന്ദര്യത്തിന് മങ്ങലേറ്റിരിക്കുന്നു. ഒന്നിനു പുറകേ ഒന്നായി കാലം നൽകിയ ഹൃദയ ആഘാതങ്ങളായിരിക്കാം സ്വന്ദര്യത്തിന് മങ്ങലേല്പിച്ചത് എന്നും ഓർത്തു.

വിമാനത്തിലെ സീറ്റിലിരിക്കുമ്പോൾ ചിന്തകൾ കാടു കയറി. പല പ്രാവശ്യം നിർബന്ധപൂർവ്വം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഒരിക്കൽ കൂടി ഞാനാ വിലക്കപ്പെട്ട ഭൂമിയിലേയ്ക്ക് യാത്രയാകുന്നു. പക്ഷെ ഇന്നിപ്പോൾ എന്നെ അവിടെ വേരുറപ്പിച്ചു നിർത്തിയിരുന്ന തായ്‍വേര് എനിക്ക് നഷ്ടമായിക്കഴിഞ്ഞു. ഒരു സാന്ത്വനം പോലെ എന്നെ തൊട്ടു തലോടിയിരുന്ന ആ കൈകൾ… പ്രതിസന്ധിയിലും എന്നെ തുണച്ചിരുന്നു. ഇന്നിപ്പോൾ താങ്ങുകൾ നഷ്ടപ്പെട്ട്, ഒടിഞ്ഞു വീഴാറായ തൂണുപോലെ ഞാൻ അബലയായിത്തീർന്നിരിക്കുന്നു.

പൂതലിച്ച മരം പോലെ ഒരിക്കൽ ഞാനും തളർന്നു വീഴും. അതോടെ ഇഹലോകത്തിലെ എല്ലാ ദുഃഖങ്ങളും, യാതനകളും എന്നിൽ നിന്നും അകന്നു പോകും. പിന്നെ അന്ധകാരത്തിന്‍റെ വലയത്തിനുള്ളിൽ ഒരു ചെറു മിന്നാമിനുങ്ങായി വെളിച്ചത്തിന്‍റെ നുറുങ്ങു വെട്ടം അവശേഷിപ്പിച്ചു കൊണ്ട് ഞാനും ലയിച്ചു ചേരും, പ്രപഞ്ചമെന്ന മഹാ സത്യത്തിൽ ഒരു ബിന്ദുവായി കേവലം ഓർമ്മയായി…

ജീവിച്ചിരിക്കുമ്പോൾ പലതും നേടിയെന്ന് അഹങ്കരിക്കുകയും തനിക്കു ചുറ്റും സ്വയം ഒരു പ്രഭാവലയം തീർക്കുകയും ചെയ്യുന്ന മനുഷ്യജന്മം ഇത്രയല്ലെ ഉള്ളൂ എന്നും ഓർക്കാതെയിരുന്നില്ല.

സ്വർഗ്ഗത്തിൽ, ദൈവത്തിന്‍റെ കണക്കു പുസ്തകത്തിൽ ഏതാനും ദിവസങ്ങളായി മാത്രം കണക്കാക്കപ്പെടുന്ന നമ്മുടെ നീണ്ട വർഷങ്ങൾ… ഒരുറുമ്പിന്‍റേതു പോലെ എത്രയോ നിസ്സാരമായി എണ്ണപ്പെട്ട വർഷങ്ങൾ കൊണ്ട് ദൈവത്തിന്‍റെ കാൽക്കൽ അടിഞ്ഞു തീരുന്ന മനുഷ്യജന്മം…

പകലത്തെ യാത്രാക്ഷീണം കൺപോളകളെ തഴുകി മയക്കമായി രൂപം പ്രാപിച്ചത് ഞാനറിയാതെയാണ്. ഏസിയുടെ സുഖകരമായ തണുപ്പിൽ എല്ലാം മറന്ന് ഗാഢനിദ്രയിലാഴുമ്പോൾ അരുൺ ഒരു മകനെപ്പോലെ സംരക്ഷണ കവചം തീർത്ത് എന്‍റെ അരികിലിരുന്നു.

മാഡം ഇറങ്ങാറായി. അരുൺ തൊട്ടുണർത്തിയപ്പോൾ ഞെട്ടി ഉണർന്ന് ചുറ്റും നോക്കി. ഞങ്ങളുടെ ഫ്ളൈറ്റ് ഒരു കഴുകനെപ്പോലെ താഴോട്ട് നിപതിച്ചു കൊണ്ടിരുന്നു. മെല്ലെ മെല്ലെ അത് റൺവേയിൽ തൊട്ടപ്പോൾ അരുൺ എന്‍റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.

“മാഡം ഞാൻ കൈപിടിക്കാം. സൂക്ഷിച്ചു നടന്നോളൂ…”

മാസങ്ങളായി അവശതയിലാണ്ടു കിടന്ന ഒരു രോഗിയെപ്പോലെ ദയനീയമായിത്തീർന്നിരുന്നു എന്‍റെ സ്ഥിതിയിപ്പോൾ. അരുൺ എന്‍റെ ബാഗും മറ്റേ കൈയ്യിൽ ഒതുക്കിപ്പിടിച്ചിരുന്നു. വിമാനത്തിന്‍റെ പടികളിറങ്ങുമ്പോൾ താഴെ വീഴാതിരിക്കാൻ കൈവരികളിൽ മുറുകെപ്പിടിച്ചു. അരുൺ ഒപ്പമുണ്ടായിരുന്നത് അൽപം ആത്മവിശ്വാസം പകർന്നു.

എയ്റോ ഡ്രോമിൽ നിന്ന് ടാക്സി പിടിച്ച് വീട്ടിലേയ്ക്കു തിരിക്കുമ്പോൾ അരുൺ ഓർമ്മിപ്പിച്ചു.

“മാഡം… തറവാട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തോളൂ… ഒരു മണിക്കൂറിനുള്ളിൽ നമ്മൾ എറണാകുളത്തെത്തും.”

ടാക്സി ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുക്കുമ്പോൾ ശബ്ദം പതറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വണ്ടി എറണാകുളത്തെത്തുമ്പോൾ വെയിൽ പരന്നു തുടങ്ങിയിരുന്നു. വേനൽ ചൂട് ശരീരത്തിനെന്നപോലെ മനസ്സിനേയും ചൂടുപിടിപ്പിച്ചു.

എറണാകുളത്തെത്തിയപ്പോൾ അരുൺ ചോദിച്ചു.

“മാഡം കുടിക്കാൻ എന്തെങ്കിലും വാങ്ങിയ്ക്കട്ടെ. വേനൽക്കാലമല്ലെ. ദാഹിക്കുന്നുണ്ടാവും. വിശപ്പും ദാഹവുമെല്ലാം കെട്ടു പോയിരുന്നു. അതിനാൽ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട അരുൺ… വേണമെങ്കിൽ അരുൺ വാങ്ങി കുടിച്ചോളൂ…” അരുൺ കാറിൽ നിന്നുമിറങ്ങി അടുത്ത കടയിലേയ്ക്കു നടന്നു. വിമാനത്തിൽ ആഹാരമുണ്ടായിരുന്നുവെങ്കിലും കഴിച്ചിരുന്നില്ല. ഇന്നലെയും മിക്കവാറും പട്ടിണിയാണ്. പെറ്റമ്മ മരിച്ചു കിടക്കുമ്പോൾ മക്കൾക്ക് ആഹാരം ഇറങ്ങുന്നതെങ്ങിനെ? ഇനി ദഹനം കഴിഞ്ഞ ശേഷമേ എന്തെങ്കിലും കഴിക്കുകയുള്ളൂ. വേണ്ടപ്പെട്ടവർ ആഹാരം കഴിച്ചാൽ ആത്മാവിന് സ്വർഗ്ഗത്തിൽ പ്രവേശനം നിഷേധിക്കുമത്രെ. ആരോ പറഞ്ഞു കേട്ടതാണ്. വേണ്ട, അമ്മ സ്വർഗ്ഗത്തിൽ തന്നെ പോകണം. അതിനുള്ള അർഹത അമ്മയ്ക്കുണ്ട്. അരുൺ ജ്യൂസ് കുടിച്ച് മയങ്ങിയെത്തിയപ്പോൾ ഞാൻ കാർ ഡ്രൈവർക്ക് വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുക്കുകയായിരുന്നു. വീട്ടിലെത്താൻ പത്തു പതിനഞ്ചു മിനിട്ടു കൂടി മതി.

(തുടരും)

സാഗരസംഗമം ഭാഗം- 23

അവർ യുവത്വത്തിന്‍റെ ആഘോഷ ലഹരിയിൽ കൈയ്യിലെ മദ്യ ഗ്ലാസ്സുകൾ പരസ്പരം കൂട്ടിമുട്ടിച്ചു. അവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു. അവർ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും കണ്ടു. പുതുതലമുറയുടെ സ്വാതന്ത്യ്രബോധം അവരിൽ ഉണർന്നിരുന്നു. തന്നെപ്പോലുള്ള പഴയ തലമുറ മുറുകെപ്പിടിച്ചിരുന്ന പല മൂല്യങ്ങളും ഇന്നവർ കാറ്റിൽ പറത്തി തുടങ്ങിയിരിക്കുന്നു.

പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ കടന്നുകയറ്റം അവരുടെ പെരുമാറ്റ രീതികളിലും പ്രതിഫലിച്ചു തുടങ്ങുന്നത് പലതും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു. മറിച്ചായാൽ ഞങ്ങൾ പഴയ തലമുറയിൽപ്പെട്ടവരെല്ലാം അവരുടെ ശത്രുക്കളായി മാറും. മാത്രമല്ല കാലഹരണപ്പെട്ട വസ്തുക്കൾ പോലെ പുറന്തള്ളപ്പെടുകയും ചെയ്യുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ക്ലാസ്സെടുക്കുമ്പോൾ പലപ്പോഴും ചില മൂല്യങ്ങളെ മുറുകെപ്പിടിക്കുവാൻ ഞാനവരെ ഉപദേശിക്കുമായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളെ…

തെറ്റായ മൂല്യബോധത്തിന്‍റെ ഭവിഷ്യത്തുക്കളെക്കുറിച്ച് ബോധവതികളായ പലരും എന്നെ പിന്തുണച്ചു. എങ്കിലും കുറെപ്പേരെങ്കിലും വഴിവിട്ട ജീവിതം തെരഞ്ഞെടുക്കുന്നത് എനിക്ക് നിസ്സഹായയായി നോക്കി നിൽക്കേണ്ടി വന്നു. അപ്പോഴെല്ലാം മനസ്സിൽ ചോദ്യശരങ്ങളുയർന്നു വന്നു. മഹത്തായ ഒരു സംസ്ക്കാരത്തിന്‍റെ പാരമ്പര്യ വക്താക്കളെന്ന് അഭിമാനിച്ചിരുന്ന നമ്മൾ ഇന്നെങ്ങോട്ടാണ് നീങ്ങുന്നത്? കഞ്ചാവിനും, മദ്യലഹരിയ്ക്കും ലൈംഗിക വൈകൃതങ്ങൾക്കും അടിമകളായി വഴിതെറ്റിയ ഒരു തലമുറ സൃഷ്ടിക്കുന്ന നവഭാരതമാണോ നാം ഭാവിയിൽ കാണേണ്ടി വരിക…

എങ്കിൽ പാശ്ചാത്യരെപ്പോലെ മൂല്യങ്ങളും, വേരുകളും നഷ്ടപ്പെട്ട് ഗതികിട്ടാ പ്രേതങ്ങളെപ്പോലെ തലമുറകൾ അലയേണ്ടി വരികയില്ലെ? ഇനി സൃഷ്ടിക്കപ്പെടുന്ന തലമുറകൾ, അതിന്‍റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരികയില്ലെ?

ശരിയായ ഒരു കുടുംബ സംസ്ക്കാരം, കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങൾ എല്ലാം പാഴ്ക്കിനാവായി മാറുകയാണോ? ഒന്നിനോടും പ്രതിപത്തിയില്ലാത്ത സ്നേഹമെന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു തലമുറയാണോ ഇനി സൃഷ്ടിക്കപ്പെടാൻ പോകുന്നത്? വലിച്ചെറിയപ്പെടുന്ന മാതാപിതാക്കൾ, ദിനംതോറും പെരുകുന്ന വിവാഹമോചനങ്ങൾ അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങൾ… വാർത്തകളിൽ നിറയുന്ന പീഡന കഥകൾ… എല്ലാമെല്ലാം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്?

പുഴുക്കളെപ്പോലെ ചീഞ്ഞളിഞ്ഞു, നിരത്തിൽ അനാഥരെപ്പോലെ കിടന്ന് മരണമടയുന്ന ഒരു തലമുറയെയാണോ ഭാവിയിൽ നാം കാണേണ്ടി വരിക? ഭയാനകമായ ആ ഭാവിയെക്കുറിച്ചോർത്തപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ കണ്ണുതുറന്നേ തീരൂ… അതിനെന്താണ് എന്നെക്കൊണ്ടു ചെയ്യാൻ കഴിയുക? മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട ഈ വിദ്യാർത്ഥി സമൂഹത്തെ നിയന്ത്രിക്കാൻ എനിക്കാവുമോ? ഒരദ്ധ്യാപികയെന്ന നിലയിൽ എനിക്കെന്തു ചെയ്യാൻ കഴിയും? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി ഇരുട്ടിലേയ്ക്കുറ്റു നോക്കി ഞാനിരുന്നു.

അപ്പോഴാണ് അരുൺ അങ്ങോട്ട് കടന്നു വന്നത്. “എന്താ മാഡം തനിച്ചിരുന്ന് ആലോചിക്കുന്നത്? ഞാൻ ചോദിച്ചതിനുത്തരമാണെങ്കിൽ മാഡത്തിനിപ്പോൾ പറയാമല്ലൊ?”

“ഞാൻ ആലോചിച്ചത് എന്‍റെ വ്യക്‌തിപരമായ കാര്യങ്ങളല്ല അരുൺ… മറിച്ച് നമ്മുടെ വിദ്യാർത്ഥികൾക്കിടയിൽ മൂല്യബോധം സൃഷ്ടിക്കുന്ന എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിച്ചാലോ എന്നതിനെക്കുറിച്ചാണ്… അരുൺ കണ്ടില്ലെ ആ കുട്ടികൾ പലരും മദ്യത്തിനും കഞ്ചാവിനും അടിമകളാണ്. പെൺകുട്ടികളും അവരോടൊപ്പമുണ്ട്. സദാചാര ബോധമില്ലാത്ത അവരിൽ പലരും വഴിവിട്ട ഒരു ജീവിതമാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്നു കണ്ടാലറിയാം. പാശ്ചാത്യ സംസ്കാരത്തിനടിപ്പെട്ട അവരെ നേരിട്ടു പറഞ്ഞു മനസ്സിലാക്കാൻ വിഷമമാണ്. കോളേജിൽ ചെന്നിട്ട് നമുക്കവരിൽ ഒരു പരിവർത്തനം സൃഷ്ടിക്കാനുതകുന്ന എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. അരുൺ എന്തു പറയുന്നു?” പെട്ടെന്ന് അരുണിന്‍റെ കണ്ണുകളിൽ ഒരു പ്രകാശം മിന്നിത്തിളങ്ങി.

“മാഡം, പഴയ ഊർജ്ജസ്വലയായ അദ്ധ്യാപികയായി മടങ്ങി വരികയാണെന്നു തോന്നുന്നു. ഇത് നല്ലൊരു മാറ്റമാണ്. അല്പം സാമൂഹ്യപ്രവർത്തനം ഈ ഘട്ടത്തിൽ മാഡത്തിനു നല്ലതാണ്. ഏകാന്തതയിൽ നിന്നും, ദുഃഖ ചിന്തകളിൽ നിന്നും അതുവഴി മാഡത്തിന് മോചനം ലഭിക്കും. മാഡം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഗൗരവമായിട്ട് ആലോചിക്കാം. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് എനിക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും.

“മാഡം എന്‍റെ കൂടെ നിന്നാൽ മതി…” അരുണിന്‍റെ വാക്കുകളിൽ ആത്മവിശ്വാസം തുടിച്ചു നിന്നു. പെട്ടെന്ന് അരുൺ അപ്പുറത്തു തുടരുന്ന ബഹളങ്ങളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും നോക്കിപ്പറഞ്ഞു.

“എന്നേയും അവർ കൂടുവാൻ ക്ഷണിച്ചതാണ്… ഞാൻ പോയില്ല… ഇത്തരം ആഘോഷങ്ങളൊന്നും ഞാനിഷ്ടപ്പെടുന്നില്ല, മാഡം…”

അവന്‍റെ വാക്കുകൾക്ക് കരുത്തും, ആത്മവിശ്വാസവും ഉണ്ടായിരുന്നു. അതുൾക്കൊണ്ട ഞാൻ പറഞ്ഞു. “അരുൺ… നിന്നെപ്പോലെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. ഭാവിയിൽ ഒരു നല്ല ഭാരതം നിങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കും. അല്ലെങ്കിൽ തന്നെ അച്‌ഛനമ്മമാരാണല്ലോ മക്കൾക്ക് മാതൃകയാകേണ്ടത്. സ്നേഹവും നന്മയും ഊട്ടി വളർത്തി അവർ വളർത്തിക്കൊണ്ടു വരുന്ന മക്കൾ ഒരിക്കലും വഴി തെറ്റുകയില്ല. അരുണിന്‍റെ അച്‌ഛനമ്മമാരെപ്പോലെ…

അടിയുറച്ച കുടുംബ ബന്ധങ്ങൾ ഇല്ലാതെ പോകുമ്പോഴാണ് മക്കൾ വഴിതെറ്റുന്നത്. ഒരിക്കൽ എന്‍റെ കുടുംബത്തിലും അതു സംഭവിച്ചതാണല്ലോ. എന്നാൽ അതു ഞാനും, നരേട്ടനും തിരിച്ചറിഞ്ഞതോടെ മക്കളെ ഞങ്ങൾക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞു. ഇന്നിപ്പോൾ അത്തരമൊരു ഉയിർത്തെഴുന്നേൽപ്പ്, മക്കളെപ്പോലെയുള്ള എന്‍റെ വിദ്യാർത്ഥികൾക്കായി ഞാൻ നടത്തേണ്ടിയിരിക്കുന്നു. അവരുടെ കുടുംബ പശ്ചാത്തലങ്ങൾ മനസ്സിലാക്കി, അവരുടെ മാതാപിതാക്കളെ ശരിയായ കുടുംബ ജീവിതത്തിലേയ്ക്ക് കൊണ്ടു വരണം. മക്കളുടെ വഴിതെറ്റൽ അവരെ ബോധ്യപ്പെടുത്തണം. അതിനായി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്‌തേ തീരൂ…”

യുവത്വത്തിലെ പഴയ മീര എന്നിൽ വീണ്ടു ഉയിർത്തെഴുന്നേൽക്കുകയാണെന്നു തോന്നി. പുതിയ ചില കർമ്മ പദ്ധതികൾ എന്നെ ഒരു പുതിയ തലത്തിലെത്തിക്കുമെന്ന് മനസ്സു പറഞ്ഞു.

“കോളേജിലെത്തിയാലുടൻ, മദ്യത്തിനും മയക്കുമരുന്നിനുമെതിരായി നമുക്ക് ഒരു കാംപെയിൻ സംഘടിപ്പിക്കാം മാഡം. അരുൺ എന്തോ തീരുമാനിച്ചുറച്ചതു പോലെ പറഞ്ഞു.

“ശരിയാണ് അരുൺ… നമുക്ക് വിദ്യാർത്ഥികളോടൊപ്പം അവരുടെ മാതാപിതാക്കളെയും കോളേജിലേയ്ക്ക് ക്ഷണിച്ച്, ഇതിനെക്കുറിച്ചുള്ള പ്രസംഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കണം. വിദ്യാർത്ഥികളേയും അവരുടെ മാതാപിതാക്കളേയും നമുക്കിതിനെക്കുറിച്ച് ബോധവാന്മാരാക്കിയെ തീരൂ…” ഞാൻ ഊർജ്ജസ്വലതയോടെ പറഞ്ഞു. അപ്പോൾ അരുണിന്‍റെ അമ്മ അകത്തു നിന്നും ഇറങ്ങി വന്നു.

“എന്താണ് രണ്ടുപേരും കൂടി ഒരു ഗൂഢാലോചന. എനിക്കും കൂടി കേൾക്കാവുന്ന കാര്യമാണോ?”

അരുന്ധതിയുടെ അന്വേഷണത്തിന് ഞാൻ മറുപടി പറഞ്ഞു.“ തീർച്ചയായും. അരുന്ധതിയും ഞങ്ങളോടൊപ്പം ചേർന്നോളൂ…”

ഞങ്ങൾ ഇരുവരും കൂടി അരുന്ധതിയോട് ഞങ്ങളുടെ പദ്ധതികളെപ്പറ്റി പറഞ്ഞു.

അരുന്ധതി ഞങ്ങളെ അനുകൂലിച്ചു കൊണ്ട് പറഞ്ഞു.

“തീരീച്ചയായും ഇതൊരു നല്ല പദ്ധതിയാണ്. ഞാനും നിങ്ങളുടെ കൂടെ ഉണ്ട്. മാഡത്തിന്‍റെ ശ്രദ്ധ ഇത്തരം കാര്യങ്ങളിലേയ്ക്കു തിരിയുന്നത് എന്തുകൊണ്ടും ഇപ്പോൾ നല്ലതാണ്,” മാഡത്തിനെ അലട്ടുന്ന എല്ലാ ദുഃഖങ്ങളിൽ നിന്നും ഒരു മോചനം കൂടിയാകുമിത്. അരുന്ധതി എന്നെ അനുകൂലിച്ചു പറഞ്ഞു.

രാത്രി ഏറെ വൈകും വരെ ആ വിദ്യാർത്ഥികളുടെ ആഘോഷം നീണ്ടു നിന്നു. അവരിൽ പലരും മയക്കുമരുന്നിനടിമകളാണെന്ന് അവരുടെ പെരുമാറ്റങ്ങളിൽ നിന്നും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. താൻ കൂട്ടിക്കൊണ്ടു വന്ന തന്‍റെ സുഹൃത്തുക്കൾ ഇത്തരത്തിൽ പെരുമാറുമെന്ന് അരുൺ വിചാരിച്ചിരുന്നില്ല.

വല്ലപ്പോഴും കൂട്ടുചേർന്ന് മദ്യം ഉപയോഗിക്കുമെന്നല്ലാതെ മയക്കുമരുന്ന് അവന്‍റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നാലിന്നിപ്പോൾ നേരിട്ടു കണ്ട കാഴ്ചകൾ അവനെ വല്ലാതെ ദുഃഖിതനാക്കി. തന്‍റെ സുഹൃത്തുക്കൾ ഇങ്ങനെ അധഃപതിക്കുന്നത് കണ്ടു നില്ക്കാനാവാതെ അരുൺ അകത്തേയ്ക്കു നടന്നു. അപ്പോൾ അവൻ ദൃഢനിശ്ചയത്തോടെ എന്നെ നോക്കിപ്പറഞ്ഞു.

മാഡം തീർച്ചയായും നമുക്കിതിനെതിരായി പൊരുത്തണം. എന്‍റെ സുഹൃത്തുക്കൾ പലരും ഇത്തരക്കാരാണെന്ന് ഞാനറിഞ്ഞിരുന്നില്ല. അവരെ ഈ വിപത്തിൽ നിന്നും രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്. ഞാനിത് നേരത്തെ കണ്ടറിയേണ്ടതായിരുന്നു മാഡം. അവൻ ദുഃഖത്തോടെ പറഞ്ഞു നിർത്തി. പിന്നെ കുനിഞ്ഞ ശിരസ്സോടെ അവൻ തന്‍റെ റൂമിലേയ്ക്ക് നടന്നു.

രണ്ടു കിടക്ക മുറികളുള്ള ആ കോട്ടേജിൽ ഒരടുക്കളയും, രണ്ടു ബാത്ത്റൂമുകളുമുണ്ടായിരുന്നു. ഒരു ഫാമിലിയ്ക്ക് വേണമെങ്കിൽ ആഹാരം പാകം ചെയ്‌ത് കഴിക്കുന്നതിനുള്ള സൗകര്യവും അവിടെയുണ്ടായിരുന്നു.

അന്നു രാത്രിയിൽ ഞാനും, അരുന്ധതിയും ഒരു മുറിയിൽ അടുത്തടുത്ത കട്ടിലിൽ കിടന്നു. യാത്രാക്ഷീണം മൂലം അറിയാതെ ഗാഢനിദ്രയിൽ മുഴുകിപ്പോയ ഞാൻ ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. മേഘങ്ങൾക്കിടയിലൂടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന നരേട്ടൻ… പക്ഷെ അടുത്ത നിമിഷം നരേട്ടന്‍റെ ആ പുഞ്ചിരി മങ്ങുന്നതും കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ഞാൻ കണ്ടു. പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.

“എന്തിനാ നരേട്ടാ കരയുന്നത്? അങ്ങയ്ക്കവിടെ സുഖമല്ലേ?…”

“ഇല്ല മീരാ… ഞാൻ ഇപ്പോഴും ഗതികിട്ടാത്ത പ്രേതത്തെപ്പോലെ അലയുകയാണ്. എന്‍റെ ആത്മാവിന് ഇതുവരെ മോക്ഷം ലഭിച്ചിട്ടില്ല.”

അപ്പോഴാണ് ഓർത്തത് ഞാൻ ബോധമില്ലാതെ കിടന്നതു കാരണം മരണാന്തര കർമ്മങ്ങൾ വേണ്ട വിധത്തിൽ ചെയ്യാൻ പറ്റിയില്ല. കൃഷ്ണമോൾ എല്ലാം ചെയ്‌തു കാണുമെന്ന് വിചാരിച്ചു. മരണ ശേഷം എല്ലാത്തിനും നേതൃത്വം നൽകിയത് കോളേജിലെ മലയാളിയായ അദ്ദേഹത്തിന്‍റെ ഒരു സഹപ്രവർത്തകനാണെന്നും അറിഞ്ഞിരുന്നു. കൂടാതെ ഡൽഹിയിലെ മലയാളി അസോസിയേഷനും, കോളേജിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും ചടങ്ങുകളിൽ പങ്കെടുത്തു. എല്ലാം പിന്നീട് കൃഷ്ണമോളും, അരുണും പറഞ്ഞറിഞ്ഞതാണ്. പെട്ടെന്ന് അത്യന്തം വിഷമത്തോടെ ഞാൻ പറഞ്ഞു.

“സോറി നരേട്ടാ… അങ്ങ് മരണമടഞ്ഞതിനടുത്ത നാളുകളിൽ എനിക്കൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഞാൻ അബോധാവസ്ഥയിലായിരുന്നു. എന്‍റെ അനുജത്തിമാരേയും അമ്മയേയും അങ്ങയുടെ മറ്റു ബന്ധുമിത്രാദികളെയോ വിവരം അറിയിക്കാനും കഴിഞ്ഞില്ല. കൃഷ്ണമോൾ എല്ലാം ചെയ്‌തു കാണുമെന്ന് ഞാൻ വിചാരിച്ചു.” ഞാൻ കുറ്റബോധത്തോടെ പറഞ്ഞു. പെട്ടെന്ന് നരേട്ടൻ ഉറക്കെ പൊട്ടിക്കരഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു.

“എന്‍റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ കർമ്മങ്ങൾ മാത്രം ചെയ്താൽ പോരാ നീ ഫഹദ്സാറിനെ വിവാഹം കഴിക്കണം. എന്നാൽ മാത്രമേ ഞാൻ ചെയ്‌ത തെറ്റിന് പ്രായശ്ചിത്തമാവുകയുള്ളൂ. ഇന്നിപ്പോൾ ഞാൻ ചെയ്‌ത പാപകർമ്മം മൂലം ഇഹത്തിലും പരത്തിലും എനിക്ക് മോക്ഷമില്ലാത്ത അവസ്‌ഥയാണ്. തന്നെ ജീവനു തുല്യം സ്നേഹിച്ച ഫഹദ്സാറിനോടും തന്നോടും ഞാൻ കടുത്ത അപരാധമാണ് ചെയ്‌തത്. രാഹുൽമോനെ എനിക്ക് നഷ്ടപ്പെടുത്തിയതും ഭൂലോക ജീവിതത്തിൽ എനിക്ക് സുഖം ലഭിക്കാതെ പോയതും അതുകൊണ്ടാണ്…. മീരാ, എത്രയും വേഗം ഫഹദ്സാറിനെ കണ്ടെത്തി വിവാഹം ചെയ്‌ത് ഞാൻ ചെയ്ത തെറ്റിന് പരിഹാരം കണ്ടെത്തണം. എനിക്കറിയാം തന്‍റെ മനസ്സിൽ അദ്ദേഹമിപ്പോഴുമുണ്ടെന്ന്.”

അദ്ദേഹത്തിന്‍റെ വാക്കുകൾ കേട്ട് വിങ്ങലോടെ ഞാൻ പറഞ്ഞു.

“ഒരിക്കലുമില്ല നരേട്ടാ… ഫഹദ്സാർ ഇപ്പോൾ എന്നെ മറന്നു കാണും… ഞാനും അങ്ങയെ വിവാഹം കഴിച്ചതോടെ ഫഹദ്സാറിനെ മറന്നു തുടങ്ങിയിരുന്നു. ഞങ്ങൾക്കിനി ഒരുമിച്ച് ജീവിക്കാനാവില്ല…” അതുകേട്ട് നരേട്ടൻ ക്ഷുഭിതനായി.

“എന്തിനാ മീരാ എന്നോട് കള്ളം പറയുന്നത്? താൻ എന്നോടൊത്തു ജീവിക്കുമ്പോഴും ഫഹദ്സാറിനെയാണ് ആഗ്രഹിച്ചിരുന്നത്. എന്നോടു കള്ളം പറയണ്ട…” അദ്ദേഹം പതിവില്ലാത്ത വിധം ക്ഷുഭിതനാണെന്നു തോന്നി.

പരലോകത്തിരുന്ന് അദ്ദേഹം എന്‍റെ മനസ്സറിഞ്ഞിരിക്കുന്നു. ഇനിയും എനിക്ക് രക്ഷപ്പെടാൻ പഴുതെവിടെ? അപ്പോൾ അദ്ദേഹത്തിന്‍റെ ശബ്ദം വീണ്ടും മുഴങ്ങിക്കേട്ടു. “ഇനി നിങ്ങൾ വിവാഹിതരായ ശേഷം മാത്രം നമ്മൾ തമ്മിൽ കണ്ടാൽ മതി. അതുവരെ ഇനി ഞാൻ തന്‍റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയില്ല. ഓർത്തോളൂ… എന്‍റെ ആത്മാവ് ഗതികിട്ടാതെ അലയുകയാണ്. അതിനു പരിഹാരം കാണേണ്ടത്  താനാണ്…”

അത്രയുമായപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു കാണും. ജനലിലൂടെ നോക്കിയപ്പോൾ അങ്ങകലെ ചക്രവാളത്തിൽ ഒരു വെളുത്ത പുകപടലം നീങ്ങിപ്പോകുന്നതു കണ്ടു. അത് നരേട്ടനായിരിക്കുമോ? അദ്ദേഹം പറഞ്ഞതു പോലെ ഗതികിട്ടാതെ അലഞ്ഞു നടക്കുകയാണോ…. അദ്ദേഹത്തിന്‍റെ ആത്മാവ്…. അതോ എല്ലാം എന്‍റെ തോന്നലായിരിക്കുമോ? എന്‍റെ മനസാക്ഷിയുടെ മന്ത്രണമാണോ ഞാൻ കേട്ടത്. എങ്കിൽ… എങ്കിൽ… ഇപ്പോഴും ഫഹദ്സാറിനെ ആഗ്രഹിക്കുന്നുവോ? അദ്ദേഹമിപ്പോൾ എവിടെയാണ്?

ഒരിക്കൽ അരുൺ ചോദിച്ചതു പോലെ അദ്ദേഹത്തെ കണ്ടെത്തിയാൽ അദ്ദേഹമിപ്പോഴും ഏകനായി കഴിയുകയാണെങ്കിൽ ഫഹദ്സാറിനെ ഞാൻ വിവാഹം കഴിക്കുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിനെ അലട്ടിയപ്പോൾ ഉറക്കം നഷ്ടപ്പെട്ട് ഞാൻ എഴുന്നേറ്റിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പ് ഷാൾ പുതച്ചിട്ടും ശരീരത്തിനെ പൊതിഞ്ഞ് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ മനസ്സിനെ ഏതോ അഗ്നികുണ്ഠം വലയം ചെയ്‌തതു പോലെ… ഈ ചൂട് മെല്ലെയുയർന്ന് ശരീരത്തിനേയും വലയം ചെയ്‌തു തുടങ്ങി.

പുതപ്പു വലിച്ചു മാറ്റി മെല്ലെ വാതിൽ തുറന്ന് പുറത്തേയ്ക്കിറങ്ങി. സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞിൻ പാളികൾ കണ്ടു. സിരകളിൽ തണുപ്പ് ഒരു മരവിപ്പായി പടർന്നു കയറി. എന്നിട്ടും ഉള്ളിൽ ചിറകടിക്കുന്ന അസ്വസ്ഥതയുടെ പക്ഷി ഉള്ളിലെ അഗ്നിയെ ഊതി ഉണർത്തിയതെ ഉള്ളൂ. മാഡം, അവിടെ എന്താണു ചെയ്യുന്നത്? കിടക്കുന്നില്ലേ?

തിരിഞ്ഞു നോക്കുമ്പോൾ അരുന്ധതി എന്നെത്തന്നെ ഉറ്റുനോക്കി ആകാംക്ഷയോടെ നിൽക്കുന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അകത്തേയ്ക്കു നടക്കുമ്പോൾ പറഞ്ഞു. “ഓരോന്നോർത്തപ്പോൾ ഉറക്കം വന്നില്ല. അതുകൊണ്ടല്പനേരം പുറത്തു നിൽക്കാമെന്ന് കരുതി.”

“പുറത്തു നല്ല തണുപ്പുണ്ട് മാഡം. കൂടുതൽ തണുപ്പടിച്ചാൽ എന്തെങ്കിലും അസുഖം പിടിപെടും… അകത്തു വന്നു കിടന്നോളൂ…”

അരുന്ധതി അലിവോടെ പറഞ്ഞു. പിന്നെ പറഞ്ഞു മാഡം ഉറങ്ങിയെന്നു കരുതിയാണ് ഞാനും കിടന്നത്. ഉറക്കം വരുന്നില്ലെങ്കിൽ ഞാനും കൂട്ടിരിക്കാം.

“വേണ്ടാ അരുന്ധതി ഉറങ്ങിക്കോളൂ… നരേട്ടൻ പോയതിൽപ്പിന്നെ ഞാനിങ്ങനെയാണ്.പെട്ടെന്നൊന്നും ഉറക്കം വരികയില്ല. ഓരോന്നാലോചിച്ച് കിടക്കും. പക്ഷെ ഇപ്പോൾ ഞാൻ ഉണർന്നത് ഒരു ദുഃസ്വപ്നം കണ്ടിട്ടാണ്…”

“എന്തു സ്വപ്നം, ചീത്ത സ്വപ്നമാണെങ്കിൽ മറ്റുള്ളവരുമായി പങ്കുവച്ചു കഴിയുമ്പോൾ അതിന്‍റെ ദുഷ്ഫലം തനിയെ മാറും. മാത്രമല്ല മനസ്സിന് ശാന്തത കിട്ടുകയും ചെയ്യും. മാഡത്തിന് എന്നോടു പങ്കുവയ്ക്കാവുന്ന കാര്യമാണെങ്കിൽ പറഞ്ഞോളൂ… മനസ്സിന് സമാധാനം കിട്ടട്ടെ…”

അരുന്ധതിയുടെ അഭ്യർത്ഥന കേട്ടപ്പോൾ പറയാതിരിക്കാൻ കഴിഞ്ഞില്ല. സ്വപ്നത്തിൽ നരേട്ടനെ കണ്ടകാര്യം പറഞ്ഞപ്പോൾ അരുന്ധതി പറഞ്ഞു.

“മരിച്ചവർ സ്വപ്നത്തിൽ വന്ന് ഇത്തരം അപേക്ഷകൾ പറയുമ്പോൾ നാമത് നിറവേറ്റിക്കൊടുക്കണം. അതു മാഡത്തിന്‍റെ കടമയാണ്.”

അരുന്ധതിയോട് നരേട്ടന്‍റെ ആത്മാവ് ഗതികിട്ടാതെ അലയുന്നുണ്ടെന്ന് അദ്ദേഹം സ്വപ്നത്തിൽ വന്നു പറഞ്ഞുവെന്നു മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളൂ. ഫഹദ്സാറിന്‍റെ കാര്യവും, അദ്ദേഹത്തിനോട് നരേട്ടൻ ചെയ്ത അപരാധത്തിന്‍റെ കാര്യവും അപ്പോഴും ഞാൻ മറച്ചു വച്ചു. അരുന്ധതി തുടർന്നു പറഞ്ഞു കൊണ്ടിരുന്നു. മാഡത്തിന് കാശിയിൽ പോകണമെങ്കിൽ അരുണിനെ കൂട്ടിക്കോളൂ… വേണമെങ്കിൽ ഞാനും വരാം…

“കാശിയിൽ ഉടനെ പോയി കർമ്മങ്ങൾ ചെയ്യണമെന്നെനിക്കുണ്ട് അവിടേയ്ക്ക് ഞങ്ങൾ ഒരുമിച്ചു പോയി രാഹുൽമോന്‍റെ പേരിൽ ബലിയിടൽ കർമ്മങ്ങൾ ചെയ്യാനിരുന്നതാണ്. എന്നാൽ അതു നടക്കുന്നതിന് മുമ്പ് അദ്ദേഹം പോയി. ഇനി ഞാൻ തനിയെ പോയി അവർക്കു രണ്ടുപേർക്കുമുള്ള കർമ്മങ്ങൾ ചെയ്യുവാനാണ് വിധി…” നിറഞ്ഞൊഴുകുന്ന എന്‍റെ കണ്ണുകൾ കണ്ട് അരുന്ധതി പറഞ്ഞു.

“മാഡം… ഇനി കരയരുത്… കാശിയിൽ പോയി വേണ്ട കർമ്മങ്ങളെല്ലാം ചെയ്‌തു കഴിയുമ്പോൾ മാഡത്തിനു സമാധാനം കിട്ടും.”

അരുന്ധതി എന്‍റെ തോളിൽപ്പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. ഒരു സഹോദരിയുടെ സ്നേഹവായ്പ്പ നിറഞ്ഞു നിന്ന ആ കൈകളുടെ സ്പർശനമേറ്റപ്പോൾ മനസ്സിനുള്ളിൽ ഒരു കുളിരല വന്നു നിറഞ്ഞു. അതുവരെയുള്ള  അസ്വാസ്ഥ്യമെല്ലാം പുകമഞ്ഞുപോലെ അപ്രത്യക്ഷമായിത്തീർന്നു. അതുവരെയില്ലാത്ത ശാന്തതയോടെ കിടക്കയിലേയ്ക്കു ചായുമ്പോൾ അരുന്ധതി ഒരു കുഞ്ഞിനെയെന്ന പോലെ എന്നെ തലോടിക്കൊണ്ട് അടുത്തിരുന്നു. ആ കൈകളിൽ മുറുകെപ്പിടിച്ച് ശാന്തിതീരങ്ങളിലൂടെ യാത്ര തുടരുമ്പോൾ മിഴികളെ ഉമ്മ വച്ച് നിദ്രാ ദേവത ഒരിക്കൽ കൂടി കടന്നു വന്നു.

പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലും വിദ്യാർത്ഥികൾ ആഘോഷത്തിമിർപ്പിലായിരുന്നു. അതുപോലെ തലേന്നാളത്തെ ആഘോഷം പോലെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചിട്ടായിരുന്നില്ല. അവർ രാഹുലിനെ ഓർമ്മിച്ച് പ്രസംഗങ്ങൾ നടത്തി. പാട്ടുകൾ പാടി. അവരിൽ പലരും രാഹുലിന്‍റെ ഒപ്പം ചെറിയ ക്ലാസ്സുകളിൽ പഠിച്ചവരായിരുന്നു. ജീവിച്ചിരുന്നപ്പോൾ അവർക്കെല്ലാം രാഹുൽ പ്രിയപ്പെട്ടവനായിരുന്നു. മരണം അവനെ കൂടുതൽ പ്രിയപ്പെട്ടവനാക്കി. എന്നെ സന്തോഷിപ്പിക്കാൻ അവർ തമാശകൾ പറഞ്ഞു. അന്താക്ഷരികൾ അവതരിപ്പിച്ചു. റസ്റ്റോറൻറിൽ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു.

പിന്നെ പിറ്റേന്ന് മല മുകളിലേയ്ക്ക് ട്രക്കിംഗിനായി ക്ഷണിച്ചു. എന്നാൽ അവശത ശരീരത്തിനെന്നപോലെ മനസ്സിനെയും ബാധിച്ചിരുന്നതിനാൽ ഞാൻ അവർക്കൊപ്പം പോകാൻ മടിച്ചു. അരുൺ നിർബന്ധിച്ചിട്ടും ഞാൻ ഒഴിഞ്ഞു മാറി. ഒടുവിൽ അരുന്ധതിയും എനിക്കു വേണ്ടി ട്രക്കിംഗിനു പോകാതെ ഒഴിഞ്ഞു നിന്നു.

ഒടുവിൽ ഞങ്ങളിരുവരും കോട്ടേജിൽ തനിച്ചായി. കാപ്പി കുടി കഴിഞ്ഞ് കോട്ടേജിന്‍റെ മുറ്റത്ത് കസേരകളിട്ട് ഞങ്ങൾ അവിടെയിരുന്ന് പലതും സംസാരിച്ചു. പുലർ കാലത്തെ ചെറിയ തണുത്തകാറ്റ് വീശുന്നുണ്ടായിരുന്നു. സുഖകരമായ തണുപ്പ്. കൂട്ടത്തിൽ അരുന്ധതി തന്‍റെ പ്രണയ ദിനങ്ങളെക്കുറിച്ച് പറഞ്ഞു. ചരണിനോട് മണിക്കൂറോളം ഫോണിൽ സംസാരിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനിംഗിനിടയിൽ പരസ്പരം ഹെൽപ് ചെയ്‌തിരുന്നത്. ഒരിക്കൽ കുതിരപ്പുറത്തു നിന്നും താഴെ വീണ തന്നെ ചരൺ രക്ഷിച്ചത്. ഒടുവിൽ ട്രെയിനിംഗ് പൂർത്തിയാകുന്നതിനു മുമ്പ് ഞങ്ങളിരുവരും വിവാഹം കഴിക്കേണ്ടി വന്നത്. ചരണിനോടുള്ള ബന്ധം അതിരുവിട്ടപ്പോൾ ഒരു സുരക്ഷയ്ക്കു വേണ്ടിയാണത്രെ മലമുകളിലെ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായത്. എന്നാൽ വീട്ടിലെ എതിർപ്പു ഭയന്ന് അരുന്ധതി എല്ലാം മറച്ചു വച്ചു. ഒടുവിൽ ഗർഭിണിയായപ്പോൾ എല്ലാം തുറന്നു പറയേണ്ടി വന്നു. ആദ്യം വീട്ടിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവർ സമ്മതിച്ചു. ചരണിന്‍റെ വീട്ടുകാരും വലിയ എതിർപ്പൊന്നും കാണിച്ചില്ല. തങ്ങൾ പരിചയപ്പെടുന്നതിനു മുമ്പു തന്നെ ചരൺ വീട്ടിൽ പറയാറുണ്ടായിരുന്നുവത്രെ. താൻ ഒരന്യ നാട്ടുകാരിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന്. പറ്റുമെങ്കിൽ ഒരു കേരളീയ സ്ത്രീയെ… കേരളത്തിനോട് ചരണിന് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.

ഒടുവിൽ അരുന്ധതിയുടെ നാടായ കോഴിക്കോടു വച്ച് ആർഭാടമായി വിവാഹം നടന്നു. വിവാഹം കഴിഞ്ഞ എട്ടാം മാസത്തിൽ അരുൺ പിറന്നു. അപ്പോഴേയ്ക്കും യഥാർത്ഥത്തിൽ പത്തുമാസം തികഞ്ഞിരുന്നു. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെത്തന്നെ അരുന്ധതി പ്രസവിച്ചു.

“ഇന്നോർക്കുമ്പോൾ അൽപം തമാശയാണ് തോന്നുന്നത്. രണ്ടുമാസം ഗർഭിണിയായിരിക്കുമ്പോൾ വിവാഹം കഴിക്കുക, അതായത് ഒന്നെടുക്കുമ്പോൾ ഒന്ന് ഫ്രീ എന്നു പറഞ്ഞതു പോലെ ഞാനും, ചരണും അതു പറഞ്ഞ് പലപ്പോഴും ചിരിച്ചിട്ടുണ്ട്.”

അരുന്ധതി തന്‍റെ സംസാരത്തിൽ മനഃപൂർവ്വം തമാശ കലർത്തുകയാണെന്നു തോന്നി. എല്ലാം കേട്ടിരുന്നപ്പോഴും എന്‍റെ മനസ്സ് അശാന്തമായിരുന്നു. പതിവില്ലാത്ത വിധം മനസ്സ് പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു. ഏതോ ദുഃഖം മനസ്സിനെ പിടിച്ചുലയ്ക്കുന്നതു പോലെ, ഹൃദയം ശോകമൂകമായ ഭാഷയിൽ തേങ്ങിക്കൊണ്ടിരുന്നു. അറിയപ്പെടാത്ത ഏതോ അസ്വാസ്ഥ്യം മനസ്സിൽ പടരുന്നത് ഞാനറിഞ്ഞു.

“എന്താ മാഡം, ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലെന്നു തോന്നുന്നു. മറ്റെന്തോ ചിന്തകളിൽ മുഴുകുയിരിക്കുന്നതുപോലെ…”

അരുന്ധതി എന്നെ നോക്കി പറഞ്ഞു. ശരിയാണ് എന്‍റെ ദൃഷ്ടികൾ അപ്പോൾ മഞ്ഞണിഞ്ഞ മലനിരകളിലായിരുന്നു. ഘനീഭവിച്ച ദുഃഖം പോലെ മലനിരകൾ… അല്പം നിമിഷങ്ങൾക്കകം സൂര്യന്‍റെ തീക്ഷ്ണമായ ചൂടേറ്റ് ആ മഞ്ഞ് ഉരുകാൻ തുടങ്ങും. മലയുടെ മിഴികളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർത്തുള്ളി പോലെ. പ്രകൃതിയുടെ വേദന ഹൃദയം ഏറ്റെടുത്തതു പോലെ, മനസ്സിനുള്ളിലിരുന്ന് ആരോ ഏങ്ങലടിച്ചു.

ഒരു പക്ഷെ നരേട്ടനേയും രാഹുലിനേയും ഇന്നലെ സ്വപ്നത്തിൽ കണ്ടതാണോ ഈ ദുഃഖത്തിനു കാരണം. ഹൃദയം കാരണം ചികഞ്ഞു കൊണ്ടിരിക്കുമ്പോൾ ഫോൺ ബെല്ലടിച്ചു. കയ്യിലെപ്പൊഴും കരുതിയിരുന്ന ചെറിയ തുകൽ ബാഗിൽ നിന്നും ഫോൺ കൈയ്യിലെടുത്ത് ഓൺ ചെയ്യുമ്പോൾ കണ്ടു. മായയാണ് നാട്ടിൽ നിന്നും. അവളുടെ ശബ്ദം വല്ലാതെ വിറകൊണ്ടിരുന്നു.

“അമ്മ പോയി ചേച്ചി… കഴിയുന്നത്ര വേഗം പുറപ്പെട്ടോളൂ…”

അവളുടെ വാക്കുകൾ അവിശ്വസനീയമായി തോന്നി. അമ്മ മരിയ്ക്കുകയോ? ഇത്ര പെട്ടെന്ന്. ഞാൻ കണ്ടു പോന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അന്ന് നല്ല സുബോധത്തോടെ സംസാരിച്ച അമ്മ. ഇത്ര പെട്ടെന്ന് വിടപറഞ്ഞു പോയി എന്നോർക്കുമ്പോൾ… ഹൃദയം ഉറക്കെ കേണു. കൈകൾ തലയിൽ താങ്ങി കുനിഞ്ഞിരുന്ന് പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നപ്പോൾ അരുന്ധതി എഴുന്നേറ്റു വന്ന് ചോദിച്ചു.

“എന്താ മാഡം? എന്തുപറ്റി? ആരാണ് ഫോൺ ചെയ്‌തത്?”

“എന്‍റെ അമ്മ മരിച്ചു പോയി. നരേട്ടൻ പോയ പുറകെ അമ്മയും…”

മുഴുവൻ പറയാൻ കഴിയാതെ ഞാൻ വിങ്ങിപ്പൊട്ടി. അരുന്ധതി തലയിൽ തലോടി ആശ്വസിപ്പിച്ചു.

“സാരമില്ല മാഡം… അമ്മയ്ക്ക് പ്രായം ഒരുപാട് ആയി കാണുകയില്ലെ? മരിക്കേണ്ട പ്രായത്തിൽ തന്നെയാണ് അമ്മ മരിച്ചത്. അതുകൊണ്ട് ദുഃഖിക്കേണ്ട.”

(തുടരും)

സാഗരസംഗമം ഭാഗം- 22

ഞാൻ എന്‍റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അരുൺ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാൻ ഓരോന്നു പറയുമ്പോഴും അവന്‍റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടൻ എന്നെ വിവാഹം ചെയ്യാൻ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോൾ അരുൺ ചോദിച്ചു.

“മാഡത്തിനപ്പോൾ കഠിനമായി എതിർക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തിൽ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാൻ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”

എന്‍റെ അച്‌ഛൻ അപ്പോൾ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുൺ. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മർദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.

സഹതാപാർദ്രമായ മുഖത്തോടെ അരുൺ അത് കേട്ടിരുന്നു. ഒടുവിൽ ആദ്യ രാത്രിയിൽ ഉറക്കഗുളിക കഴിച്ച് മരിക്കാൻ തയ്യാറായതും നരേട്ടൻ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു. എല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.

പ്രേമം മൂലം മറ്റൊരാളിൽ നിന്ന് എന്നെ കവർന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാൽ എന്‍റെ നരേട്ടൻ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതിൽ വേദനിച്ച അദ്ദേഹം ഫഹദ്സാറിനെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.

എന്നോടുള്ള അഭിനിവേശത്താൽ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടൻ. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയർപ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോൾ തോന്നിപ്പോകുന്നു.

എന്‍റെ കഥ കേട്ട് അരുൺ നിശബ്ദനായിരുന്നു. ആ കണ്ണുകൾ എന്നോടുള്ള സഹതാപത്താൽ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാൽ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുൺ എന്നെ നോക്കി പറഞ്ഞു.

“എ വണ്ടർ ഫുൾ, എക്ട്രാ ഓർഡിനറി ലൗ സ്റ്റോറി. സിനിമകളിൽപ്പോലും ഇത്തരം കഥകൾ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്‍റെ കഥ. ആ പ്രേമം നുകരാൻ ഭാഗ്യമുണ്ടായവളാണ് മാഡം… ഞാനിനി ചോദിക്കട്ടെ… മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകൻ ഇനിയും മാഡത്തിന്‍റെ മുമ്പിൽ വന്നു നിന്നാൽ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്‍റെ മുമ്പിൽ എത്തിയ്ക്കാം…”

അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണിൽ നിന്നും വാർന്നു വീണത്. ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

മാഡം ആലോചിച്ചു പറഞ്ഞാൽ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. അൽപം നിർത്തി അരുൺ തുടർന്നു.

“മാഡം ഇതുവരെ ആ അദ്ധ്യാപകന്‍റെ പേരു പറഞ്ഞില്ല…” ഞാൻ നിശബ്ദയായിരുന്നപ്പോൾ ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.

സാരമില്ല… അതു ഞാൻ കണ്ടെത്തിക്കോളാം…”

അപ്പോൾ അസ്തമയ സൂര്യൻ അങ്ങകലെ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്ര അവസാനിപ്പിച്ച് കുന്നിറങ്ങി താഴേയ്ക്കു നടന്നു തുടങ്ങിയ ഞങ്ങൾക്കൊപ്പം സൂര്യദേവനും താഴേയ്ക്ക് മെല്ലെ മെല്ലെ നിപതിച്ചു കൊണ്ടിരുന്നു. ഇരുട്ട് മഞ്ഞിന്‍റെ മൂടുപടമണിഞ്ഞ് ലജ്ജാവതിയായ യുവതിയെപ്പോലെ ഞങ്ങൾക്കു മുന്നേ നടന്നു തുടങ്ങി.

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. കൂടുതൽ ചോദിച്ച് എന്നെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്ന് കരുതിയോ, അതോ അവന്‍റെ ചോദ്യങ്ങൾക്കുത്തരം അവൻ തന്നെ കണ്ടെത്തിക്കോളാം എന്നു കരുതിയിട്ടോ അവൻ പിന്നീട് നിശബ്ദനായിരുന്നു. എങ്കിലും ഏതോ സംശയം അവന്‍റെ ഹൃദയത്തിൽ തങ്ങി നിൽപുണ്ടെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു.

ആ സംശയം എന്താണെന്ന് എനിക്കൂഹിച്ചെടുക്കാൻ കഴിഞ്ഞു. ചോദ്യാരംഭത്തിൽ തന്നെ അവൻ ചോദിക്കാൻ തുനിഞ്ഞത് എന്താണെന്ന് ഞാൻ ഊഹിച്ചിരുന്നു. അതുകൊണ്ടാണ് അൽപം സാഹിത്യരൂപത്തിൽ ഞാനതിന് ഉത്തരം നൽകിയത്. ഇനിയും അവന്‍റെ മനസ്സിലെ ചോദ്യം എന്‍റെ യൗവ്വനത്തിൽ തേൻ നുകരാനെത്തിയ ആ വണ്ട് ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നായിരിക്കും. മറ്റൊന്ന് ഞാനദ്ദേഹത്തെ ഇപ്പോഴും പ്രേമിക്കുന്നുണ്ടോ എന്നും. അതിനു രണ്ടിനും മറ്റൊരവസരത്തിൽ ഉത്തരം നൽകാമെന്നുറച്ച് ഞാൻ അരുണിനൊടൊപ്പം നിശബ്ദയായി കുന്നിറങ്ങി.

ഒടുവിൽ സമതലം പോലെ തോന്നിച്ച ഒരിടത്തെത്തി ഞങ്ങളുടെ യാത്ര അവസാനിച്ചു. അപ്പോൾ അവിടെ നിരന്നിരുന്ന നിരവധി കോട്ടേജുകളിലൊന്നിന്‍റെ മുന്നിൽ അരുണിന്‍റെ അമ്മ നിന്നിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ട് എന്നാൽ അല്പം ജിജ്ഞാസയോടെ ചോദിച്ചു.

“ഗുരുവും ശിഷ്യനും കൂടു വന്നയുടനെ എങ്ങോട്ടാണ് യാത്ര പോയത്? ഞാനിവിടെ കാത്തിരുന്നു മുഷിഞ്ഞു…” അല്പം വിളറിയ മുഖത്തോടെ അതിനുത്തരം നൽകിയത് അരുണാണ്. “മമ്മീ, ഇവിടെ എത്തിയപ്പോൾ മാഡം വല്ലാതെ അപ്സെറ്റാകുന്നതു പോലെ തോന്നി. അതാണ് അല്പം നടക്കാമെന്ന് ഞാൻ പറഞ്ഞത്. മാഡത്തിന് ഒരു റിലീഫ് കിട്ടിക്കോട്ടെ എന്നു കരുതി.

“ശരിയാണ് അരുണിന്‍റമ്മേ… അരുൺ എന്നെ മറ്റു ചില ഓർമ്മകളിലേയ്ക്ക് നയിച്ചു. ഒരു ഡൈവേർഷൻ… ഇപ്പോൾ എന്‍റെ മനസ്സ് ശാന്തമാണ്. ഇതെല്ലാം രാഹുലിന്‍റെയും പ്രത്യേകതകളായിരുന്നു. ഞാൻ ദുഃഖിച്ചിരിക്കുന്നതു കാണുമ്പോൾ അവൻ എന്നെ കൈപിടിച്ചു നടത്തും. എന്‍റെ ചിന്തകളെ മറ്റൊരു തലത്തിലേയ്ക്ക് നയിക്കും. അതോടെ എന്‍റെ ദുഃഖങ്ങൾ പറന്നകലും. ഇന്നിപ്പോൾ അരുൺ എനിക്ക് രാഹുലിനെപ്പോലെ തന്നെയായിരിക്കുന്നു.” പെട്ടെന്ന് എന്തോ ഓർത്ത് അരുൺ ചോദിച്ചു.

“മമ്മീ… മാഡത്തിന്‍റെ ലഗ്ഗേജ് കാറിൽ നിന്നും എടുത്തു വച്ചോ? അതോ അത് കാറിൽ തന്നെയിരിക്കുകയാണോ?”

രണ്ടു ദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളടങ്ങിയ ചെറിയ ഒരു സൂട്ട്കേസ് ഞാനും കരുതിയിരുന്നു. അരുൺ അതിനെപ്പറ്റിയാണ് ചോദിച്ചത്.

“ഓ… അതെപ്പോഴെ ഞാനെടുത്തു വച്ചു. നമ്മുടെ കോട്ടേജിലിരുപ്പുണ്ട്. മാഡം നമ്മുടെ കൂടെയല്ലേ താമസിക്കുന്നത്?” എന്തോ ഓർത്ത് അരുണിന്‍റെ അമ്മ അല്പം ആശങ്കയോടെ ചോദിച്ചു.

അതെ… മമ്മീ… ഈ അവസ്‌ഥയിൽ മാഡത്തെ ഒറ്റയ്ക്ക് താമസിപ്പിക്കണ്ട. മമ്മി മാഡത്തെ കൂട്ടി കോട്ടേജിനകത്തേയ്ക്ക് പൊയ്ക്കോളൂ. പിന്നെ അവൻ മമ്മിയുടെ അടുത്തെത്തി എന്തോ രഹസ്യം പറയുന്ന മട്ടിൽ പറഞ്ഞു.

“മമ്മീ എപ്പോഴും മാഡത്തിന്‍റെ കൂടെ കാണണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് മാഡത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചോളൂ. ഈ യാത്ര കഴിയുമ്പോൾ മാഡത്തിന്‍റെ മൂഡ് നമുക്ക് മാറ്റിയെടുക്കണം…” അതുകേട്ട് സമ്മതിക്കുന്നമട്ടിൽ അരുണിന്‍റെ മമ്മി തലകുലുക്കി. അല്പം അകലെയാണ് നിന്നിരുന്നതെങ്കിലും അവർ പറഞ്ഞതെന്തെന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. അരുണിന് എന്‍റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധയാണെന്ന് കരുതുകയും ചെയ്‌തു.

ദൈവം ഒന്നു നിഷേധിക്കുമ്പോൾ മറ്റൊന്ന് നമ്മുടെ നേർക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഈ ലോകത്തിൽ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുടേയും ജീവിതത്തിലുടനീളം നിലനിൽക്കുന്നില്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു കൈ കൊണ്ടു തല്ലുമ്പോൾ മറ്റൊരു കൈ കൊണ്ട് ദൈവം നമ്മെ തലോടുകയും ചെയ്യുന്നുണ്ട്. സ്നേഹധനനായ അച്‌ഛനെപ്പോലെ…

“വരൂ മാഡം പുറത്തു നിന്ന് തണുപ്പു കൊള്ളണ്ടാ. നമുക്ക് അകത്തു പോയിരിക്കാം.” ഞാൻ ചിന്തിച്ചു നിൽക്കുന്നതു കണ്ട് അരുണിന്‍റെ അമ്മ വന്ന് കൈപിടിച്ചു. അവരോടൊപ്പം നടക്കുമ്പോൾ മായയെപ്പോലെയോ മഞ്ജുവിനെപ്പോലെയോ ആണ് അവരെന്നു തോന്നി. ചെറുപ്പത്തിൽ അവർ എനിക്കു നൽകിയ സ്നേഹം ഇപ്പോഴിതാ ഇവരിലൂടെ എനിക്കു ലഭിക്കുന്നു. ഒരനുജത്തിയെപ്പോലെ അവർ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു.

കൂടെ നടക്കുമ്പോൾ കുറ്റബോധത്തോടെ ഞാനോർത്തു ഇതുവരെ അരുണിന്‍റെ അമ്മ എന്ന സംബോധനയല്ലാതെ ഞാനവരോട് പേരു ചോദിച്ചില്ലല്ലോ എന്ന്. പെട്ടെന്ന് ഔപചാരികത കലർത്തി ഞാൻ ചോദിച്ചു.

“ എക്സ്ക്യൂസ് മീ, അരുണിന്‍റെ അമ്മയുടെ ശരിയായ പേര് എന്താണെന്ന് ഇതുവരെ എന്നോടു പറഞ്ഞില്ല. അതറിഞ്ഞാൽ പേരു വിളിക്കാമായിരുന്നു. മാത്രമല്ല, നിങ്ങൾ രണ്ടുപേരും കുടുബാംഗത്തെപ്പോലെയാണ് എനിക്കിപ്പോൾ. അങ്ങനെയുള്ളപ്പോൾ പേരു വിളിയ്ക്കാതിരിക്കുന്നത് ശരിയല്ലല്ലോ…”

എന്‍റെ സംസാരം കേട്ട് നേർത്ത പുഞ്ചിരിയോടെ അരുണിന്‍റെ അമ്മ പറഞ്ഞു. എന്‍റെ പേര് അരുന്ധതി എന്നാണ്. മാഡം എന്നെ അങ്ങിനെ വിളിച്ചോളൂ. പെട്ടെന്ന് അല്പം കുസൃതി കലർത്തി ഞാൻ ചോദിച്ചു. “അപ്പോൾ അരുണിന് അമ്മയിൽ നിന്നാണോ ആ പേര് ലഭിച്ചത്.” അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെ… എന്‍റെ പേരിലെ ആദ്യാക്ഷരങ്ങളും അദ്ദേഹത്തിന്‍റെ ഗുർചരൺ സിംഗ് എന്ന പേരിലെ അന്ത്യാക്ഷരവും ചേർത്താണ് അരുണിന് ആ പേരിട്ടത്.”

“അരുൺ നല്ല പേര് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തന്നെ ഒരു മകൻ. അവന് ആ പേര് എന്തുകൊണ്ടും യോജിക്കും. അവന് ജന്മം നൽകിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ്…”

ഞാൻ എന്തോ ഓർത്ത് വേദനയോടെ പറഞ്ഞു. രാഹുലിന്‍റെ ഓർമ്മകളിലേയ്ക്ക് ഞാൻ വീണ്ടും വഴുതി വീഴുമോ എന്നു പേടിച്ച് അരുന്ധതി പറഞ്ഞു.

“അവനിപ്പോൾ മാഡത്തിന്‍റെയും മകനാണല്ലോ.”

“അതെ എന്‍റെ സ്വന്തം മകൻ. രാഹുലിനെപ്പോലെ അവൻ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു. ഞാൻ പ്രസവിക്കാത്ത എന്‍റെ സ്വന്തം മകനെപ്പോലെ.” മന്ത്രോച്ചാരണം പോലുള്ള എന്‍റെ ആത്മഗതം കേട്ട് അരുന്ധതി മെല്ലെ ചിരിച്ചു. ആ ചിരിയിൽ ഒരനുജത്തിയുടെ എല്ലാ സ്നേഹവായ്പും നിറഞ്ഞിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു. വിഷാദഛായ പരന്ന ആ മുഖത്തേയ്ക്കു നോക്കി ഞാൻ ചോദിച്ചു.

“എന്താ അരുന്ധതി? എന്തിനാ കരയുന്നത്? ”

“എനിക്കിതു പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. എന്നെക്കാൾ നാലു വയസ്സു മൂപ്പുണ്ടായിരുന്നു അവൾക്ക്. എന്നാൽ പത്തുമുപ്പത്തഞ്ചു വയസ്സുള്ളപ്പോൾ ക്യാൻസർ വന്നവർ മരിച്ചു പോയി.”

“ഓഹോ… അരുന്ധതിയ്ക്ക് അങ്ങനെയൊരു ചേച്ചി ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു? അരുന്ധതിയ്ക്കിപ്പോൾ ആരൊക്കെയാണുള്ളത്? ശരിയ്ക്കുള്ള നാടെവിടെയാണ്?”

അരുന്ധതിയെപ്പറ്റി കൂടുതലറിയാൻ ആകാംക്ഷ തോന്നി.

“എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട്. ഇപ്പോൾ അമേരിക്കയിലാണ്. അമ്മയുമച്ഛനും വയസ്സായി നാട്ടിൽ തന്നെയുണ്ട്. കോഴിക്കോട്.”

“ഓഹോ… അരുന്ധതി കോഴിക്കോട്ടുകാരിയാണല്ലോ?” അപ്പോൾ പിന്നെ ചരണുമായിട്ടെങ്ങനെയാ പരിചയപ്പെട്ടത്?

“അദ്ദേഹവും ഞാനും ഐആർഎസ് എടുത്തവരാണെന്ന് മാഡത്തിനറിയാമല്ലോ? ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചുള്ള പരിചയമാണ്. പിന്നീട് ജോലിയായപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുൺ ഉണ്ടായി. കുറച്ചുനാൾ അമ്മയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ പിന്നെ അമ്മ നാട്ടിലേയ്ക്കു പോയപ്പോൾ എനിക്ക് നോക്കേണ്ടി വന്നു. ചേച്ചി മരിച്ചപ്പോൾ ചേച്ചിയുടെ കുഞ്ഞുങ്ങളെക്കൂടി അമ്മയ്ക്കു പരിപാലിക്കേണ്ടി വന്നു. അങ്ങിനെ അരുണിനെ നോക്കാൻ ആരുമില്ലാതായപ്പോൾ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു.

“എന്നാലും ഇത്രനല്ല ഒരു ക്വാളിഫിക്കേഷനും ജോലിയും കളഞ്ഞത് അരുണിനു വേണ്ടിയാണെന്നോർത്ത് അരുന്ധതിയ്ക്ക് സമാധാനിക്കാമല്ലോ. അരുൺ അതുപോലെ നല്ലവനായി വളരുകയും ചെയ്‌തു. ഇപ്പോൾ നിങ്ങൾക്കവനെയോർത്ത് അഭിമാനിക്കാമല്ലോ…”

അതെ മാഡം… മറ്റെന്തിനെക്കാളും ഞങ്ങൾക്ക് വലുത് അരുണായിരുന്നു. അവന്‍റെ വളർച്ചയ്ക്കിടയിൽ ഒരു ന്യൂനതയും ഉണ്ടാകരുതെന്ന് ഞങ്ങളുറപ്പിച്ചിരുന്നു.

അതെ… അരുന്ധതി ഒരു അമ്മയെന്ന നിലയിൽ വിജയിച്ചിരിക്കുന്നു. അമ്മമാർക്ക് ഒരു മഹനീയ മാതൃകയാണവർയ തന്‍റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് ആ മകനും തിരിച്ചറിവുണ്ട്. അതാണല്ലോ മറ്റെന്തിനെക്കാളും തനിക്ക് പ്രിയപ്പെട്ടത് അമ്മയാണെന്ന് അരുൺ പറയാറുള്ളത്. രാഹുലും അങ്ങിനെയായിരുന്നു. പ്രത്യേകിച്ച് ഞാൻ കിഡ്നി നൽകിയ ശേഷം എന്നാൽ ഞാനെന്ന അമ്മയുടെ ത്യാഗത്തെ തിരിച്ചറിയാൻ ഈശ്വരനായില്ലല്ലോ. അതാണല്ലോ രാഹുലിനെ എനിക്കു നഷ്ടപ്പെടുത്തിയത്.

ഊണുമുറിയിൽ അരുൺ രണ്ടുപേർക്കുള്ള ആഹാരം വാങ്ങി വച്ചിരുന്നു. എന്നിട്ടവൻ പുറത്തേയ്ക്കു പോയി. അവൻ തിരികെ വരുന്നതു വരെ ഞങ്ങൾ അവനെ നോക്കിയിരുന്നു. അവൻ വാങ്ങി വച്ച ആഹാരം കൈകൊണ്ടുതൊടാതെ. അവനിപ്പോൾ ഞങ്ങൾ രണ്ടുപേർക്കും മകനാണല്ലോ. അപ്പോൾ അവനെ ഊട്ടാതെ ഞങ്ങൾക്കുണ്ണാനാവുകയില്ല. ഞങ്ങൾ കാത്തിരുന്നു. കണ്ണനെ കാത്തിരിക്കുന്ന ദേവകിയേയും, യശോധരയേയും പോലെ….

അല്പം കഴിഞ്ഞയുടനെ അരുൺ തിരികെയെത്തി. അവനല്പം അസ്വസ്ഥനാണെന്നു തോന്നി. എന്തോ ചിന്ത അവനെ അലട്ടുന്നതു പോലെ… “അരുൺ, നിനക്കെന്തു പറ്റി?” അരുന്ധതി അവനോടു ചോദിച്ചെങ്കിലും ഒരു ചെറിയ തലവേദന എന്നു പറഞ്ഞവനൊഴിഞ്ഞു മാറി.

അന്നു രാത്രിയിൽ അരുൺ വാങ്ങിക്കൊണ്ടു വന്ന ആഹാരം ഞങ്ങളൊരുമിച്ച് പങ്കിട്ട് കഴിച്ചു. റിസോർട്ടിലെ തണുപ്പധികമായിരുന്നതിനാൽ ഞങ്ങളെല്ലാം ഷാൾ പുതച്ചിരുന്നു. രാത്രിയിൽ ഞാൻ മുകൾ നിലയിലെ സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ, അങ്ങു ദൂരെ, മലനിരകൾ കോടമഞ്ഞിന്‍റെ ആവരണത്താൽ കരിമ്പടം പുതച്ച് ഉറങ്ങിക്കിടന്നു. അടുത്തുള്ള കോട്ടേജിൽ വിദ്യാർത്ഥികൾ മുറ്റത്തു നിന്ന് ഉറക്കെ ഒച്ചവയ്ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ടു.

(തുടരും)

സാഗരസംഗമം ഭാഗം- 21

അരുണിന്‍റെ സന്ദർഭോചിതമായ ഇടപെടലുകൾ എന്‍റെ ഹൃദയാന്തർ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി.

അന്ന് അരുണിന്‍റെ നിർബന്ധം മൂലം ഞങ്ങൾ വൈകുന്നേരത്തോടെ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു. അരുണിന്‍റെ ഏതാനും സുഹൃത്തുക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. റിസോർട്ടിലേയ്ക്കുള്ള വഴിയിലുട നീളം ഇളംകാറ്റ് മെല്ലെ വീശി എന്നെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ കാറ്റ് ഇങ്ങനെ മന്ത്രിക്കുന്നതു പോലെ തോന്നി.

“കരയരുത്… ഏകാന്തമായ നിന്‍റെ യാത്രയിൽ നിന്നെ വിട്ടു പോയ ആത്മാക്കൾ എന്നും നിനക്ക് കൂട്ടുണ്ടാകും. നിനക്ക് ശക്തി പകർന്നു കൊണ്ട് നിന്‍റെ നിഴലായി നിന്നോടു സഹവർത്തിച്ചു കൊണ്ട് ആ ആത്മാക്കളുടെ പുണ്യം നിന്‍റെ ഇനിയുള്ള ജീവിതത്തെ സഫലമാക്കും… ജീവസ്സുറ്റതാക്കും…”

ആ മന്ത്രണം കാതിൽ അലയടിച്ചതോടെ എന്‍റെ ദുഃഖം പാതിയും കെട്ടടങ്ങി. ജീവിതത്തിന്‍റെ നീണ്ട വഴിത്താരയിൽ ഞാൻ ഒറ്റയ്ക്കാണെന്ന ബോധം ഇല്ലാതെയായി. പകരം താങ്ങായി അനേകം കൈകളുണ്ടെന്ന അവബോധം എനിക്കു ശക്തി പകർന്നു.

കാറിലും ബൈക്കിലുമായി അനേകം ചെറുപ്പക്കാർ എന്നെ അനുഗമിക്കുന്നുണ്ട്. എന്‍റെ തന്നെ വിദ്യാർത്ഥിനീ… വിദ്യാർത്ഥികളാണവർ… അവർ എനിക്കു പകർന്നു നൽകുന്ന ആത്മധൈര്യം ചെറുതല്ല. മുന്നിലെ ഇരുളടഞ്ഞ വഴിത്താരയിലുടനീളം ഒരു ചെറു കൈത്തിരി നാളമായി അവർ എനിക്കു ശക്തി പകരുന്നു.

ഇനിയുള്ള ജീവിതയാത്രയിൽ അവർ നൽകുന്ന ശക്തിയാണ് എന്‍റെ ഊർജ്ജം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു കുതിയ്ക്കുവാനുള്ള പ്രേരണ ഇനിയും ചില മഹത്തായ ലക്ഷ്യങ്ങൾ എനിക്കു പ്രാവർത്തികമാക്കാനുണ്ട്.

രാഹുൽമോന്‍റെയും നരേട്ടന്‍റെയും പേരിൽ അവരുടെ സ്മരണാർത്ഥം ഓരോ ചാരിറ്റബിൾ ട്രസ്റ്റ് എനിക്കു തുടങ്ങണം. ട്രസ്റ്റിൽ നിന്നും പലിശയായി ലഭിക്കുന്ന തുക ഉപയോഗിച്ച് നരേട്ടന്‍റെയും രാഹുൽ മോന്‍റെയും പേരിൽ പഠനത്തിൽ ഏറ്റവും സമർത്ഥരായ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ്, പിന്നെ അവാർഡുകൾ… അങ്ങനെ പല പദ്ധതികളും മനസ്സിൽ രൂപം കൊണ്ടു. അതിനു വേണ്ടിയായിരിക്കണം ഇനിയുള്ള എന്‍റെ ശബളത്തിൽ ഭൂരിഭാഗവും, പിന്നെ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന പണവും വിനിയോഗിക്കേണ്ടത്…

മനസ്സ് പദ്ധതികൾക്കു പുറകേ പായുമ്പോൾ ഞങ്ങളുടെ കാർ റിസോർട്ടിനോടടുത്തു കൊണ്ടിരുന്നു. ആഹ്ലാദഭരിതരായ ഒരു കൂട്ടം ചെറുപ്പക്കാർ സ്വയം മറന്ന് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്നു. അവർക്കു പിമ്പേ മനസ്സിനെ മേയാൻ വിടുമ്പോൾ മനഃപൂർവ്വം ദുഃഖങ്ങളെ മറക്കുവാനുള്ള ഉപാധിയായി ഞാനതിനെ കണ്ടു.

റിസോർട്ടിലേയ്ക്കു കടക്കുന്ന വഴിയിലുടനീളം കാറ്റാടി മരങ്ങൾ വച്ചു പിടിപ്പിച്ചിരുന്നു. ചൂളം കുത്തുന്ന കാറ്റിന്‍റെ ഗതിയ്ക്കനുസരിച്ചുള്ള അതിന്‍റെ തലയാട്ടവും ചൂളം വിളിയും ഏതോ പരേതാത്മാക്കളുടെ സ്വാഗതമായി എനിക്കു തോന്നി. അതൊരു പക്ഷെ നരേട്ടനും രാഹുലുമായിരിക്കുമോ? അവർ തങ്ങളുടെ ആത്മഹർഷങ്ങൾ കാറ്റിലൂടെ അറിയിക്കുന്നതായിരിക്കുമോ? ഒരു പക്ഷെ ജീവിച്ചിരുന്നെങ്കിൽ? ഈ യാത്രയിൽ അവരും പങ്കെടുക്കുമായിരുന്നു.

ഹർഷോന്മദത്തിന്‍റെ ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് അങ്ങിനെ എത്രയെത്ര യാത്രകൾ ഞങ്ങൾ നടത്തിയിരിക്കുന്നു. ഇന്നിപ്പോൾ ജീവിതത്തിന്‍റെ ഈ വഴിത്താരയിൽ എന്നെ ഒറ്റയ്ക്കായ്ക്കി നടന്നകലേണ്ടി വന്നപ്പോൾ തങ്ങൾക്കുളവായ ഹൃദയ വേദന കാറ്റിലൂടെ പങ്കിടാനെത്തിയതായിരിക്കുമോ അവർ? നരേട്ടനും രാഹുലും അവർക്കൊരിയ്ക്കലും എന്നെ വേർപിരിഞ്ഞിരിക്കാനാവുകയില്ലെന്നറിയാം. കാറ്റിന്‍റെ ആ ചൂളം വിളി നരേട്ടനെപ്പോലെ തന്നോടിങ്ങനെ മന്ത്രിക്കുന്നതായി തോന്നി.

“മീര… നീയൊട്ടും വിഷമിക്കേണ്ട ഈ യാത്രയിൽ ഞാനുണ്ട് നിന്‍റെ കൂടെ…” അതുപോലെ രാഹുലിന്‍റെ ശബ്ദവും എനിക്കു കേൾക്കുമാറായി.

മമ്മീ… മമ്മി ഒട്ടും വിഷമിക്കേണ്ട. എന്‍റെ പിറന്നാൾ ദിനത്തിലെ ഈ യാത്രയിൽ ഞാനും നിങ്ങളോടൊപ്പമുണ്ട്. ജീവിച്ചിരുന്നപ്പോൾ ഞാനേറ്റവുമധികം ആനന്ദിച്ചിരുന്നത് ഈ യാത്രകളിലാണ്. എന്‍റെ അരുണിനോടൊപ്പം എന്‍റെ ഉറ്റ സുഹൃത്തുക്കളോടൊപ്പം അടിച്ചു പൊളിച്ചുള്ള ആ യാത്രകള്‍ എനിക്കു മറക്കാനാവുകയില്ല. മമ്മീ… എനിക്കു വേണ്ടി ഈ യാത്രകൾ മമ്മി ആഘോഷമാക്കണം… എല്ലാം മറന്ന് ആനന്ദിക്കണം.

രാഹുലിന്‍റെ വാക്കുകൾ കാറ്റിലൂടെ ഒഴുകിയെത്തി എന്‍റെ കർണ്ണപുടങ്ങളിൽ അലയടിച്ചു.

“മാഡം… റിസോർട്ടെത്തി… ഇറങ്ങുന്നില്ലെ?” അരുണിന്‍റെ വാക്കുകൾ എന്നെ തൊട്ടുണർത്തി. വേപഥുവോടെ ചുറ്റും നോക്കിയപ്പോൾ കണ്ടത് നിരവധി കോട്ടേജുകളാണ്. ഇവിടെ, ചുറ്റുമുള്ള കാറ്റിന്‍റെ ഗന്ധം എനിക്കു പരിചിതമാണ്. എത്രയോ തവണ നരേട്ടനോടും മക്കളോടുമൊപ്പം ഞാനിവിടെ വന്നിരിക്കുന്നു. എല്ലാം മറന്ന് ഉല്ലസിച്ച ആ നാളുകളൊന്നിൽ നരേട്ടൻ പറഞ്ഞു.

“ഇവിടത്തെ ഈ കാറ്റിന്‍റേയും കുളിരിന്‍റേയും ഗന്ധം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇവിടുത്തെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന സുഗന്ധം അതേതോ അപൂർവ്വമായ പുഷ്പത്തിന്‍റേതാണ്. നിന്‍റെ ശരീരത്തിന്‍റെ കർപ്പൂര ഗന്ധം പോലെ… അതെന്നെ ഏറെ ആകർഷിക്കുന്നു. പിന്നെ ഈ മഞ്ഞു പുതച്ച മലനിരകളും, ഇവിടെ തങ്ങി നിൽക്കുന്ന കുളിർമ്മയും ഏതോ അഭൗമ ലോകത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. വരൂ മീരാ, നമുക്ക് അല്പം നടന്ന് ഇവിടുത്തെ കാഴ്ചകൾ കാണാം. അദ്ദേഹവുമൊത്തുള്ള ആ പ്രഭാത സവാരികൾ ഇന്നും ഓർമ്മയെ കുളിരണിയിക്കുന്നു.

എന്‍റെ കൈപിടിച്ചുള്ള ആ പ്രഭാത സവാരിക്കിടയിൽ അദ്ദേഹം കവിതകൾ മൂളും. പിന്നെ മലനിരകൾ ഓടിക്കയറും. പക്ഷെ അല്പം പ്രായമായപ്പോൾ മലനിരകൾ ഓടിക്കയറാൻ അദ്ദേഹത്തിനു വയ്യാതെയായി. പിന്നെ കോടമഞ്ഞു വീണു കിടക്കുന്ന ആ മലനിരകളുടെ ചിത്രങ്ങൾ പകർത്തി അദ്ദേഹം ആനന്ദിക്കും. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.

രാഹുൽമോനും കൃഷ്ണമോളും കുട്ടികളായിരുന്നപ്പോൾ അവർക്കൊപ്പം ഓടിക്കയറാൻ ഞങ്ങൾ മത്സരിക്കുമായിരുന്നു. എന്നാൽ മുന്നിലെ വഴിത്താരയിൽ വീണു കിടക്കുന്ന കോടമഞ്ഞു മൂലം പരസ്പരം കാണാനാകാതെ പലപ്പോഴും ഞങ്ങൾ വിഷമിച്ചു. അപ്പോൾ അവർ മുകളിലെത്തി ഞങ്ങളെ വിളിക്കുമായിരുന്നു. അവരുടെ കൊച്ചു ശബ്ദങ്ങളുടെ അലയൊലി താഴ്വരയിലെങ്ങും മുഴങ്ങിക്കേൾക്കുമായിരുന്നു.

ഒടുവിൽ ഞങ്ങൾ ബദ്ധപ്പെട്ട് മുകളിലെത്തി നോക്കുമ്പോൾ താഴ്വരയിലൂടെ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞുപടലങ്ങൾ കണ്ട് അവരിരുവരും കൈകൊട്ടിച്ചിരിക്കുമായിരുന്നു. അപ്പോൾ നരേട്ടൻ പറയും അതു ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേയ്ക്ക് ഒഴുകി നീങ്ങുന്ന മാലാഖമാരാണെന്ന്. അവർ ഭൂമിയിൽ വന്ന് മടങ്ങുന്നവരാണെന്ന്. അതുകേട്ട് കുട്ടികൾ ആർത്തു ചിരിക്കും.

മുതിർന്നപ്പോൾ മല കയറാൻ രാഹുലും, കൃഷ്ണയും മാത്രമായി. അവർ കൈകോർത്തു പിടിച്ച് മലകയറുന്നതു നോക്കി ഞങ്ങൾ ആനന്ദിക്കും. പിന്നെ വഴിയരികിലെങ്ങും കാണുന്ന വാനരന്മാരെ നോക്കി കോക്രി കാണിച്ചുള്ള യാത്രകൾ. അപ്പോൾ നരേട്ടൻ പറയും. മിണ്ടാപ്രാണികളെ പരിഹസിക്കരുതെന്ന്. അപ്പോൾ രാഹുലും, കൃഷ്ണയും അവയ്ക്ക് കൈയ്യിലിരിക്കുന്ന കപ്പലണ്ടിയും കടലയും വിതരണം ചെയ്യും.

ആഹ്ളാദ രമായി കടന്നു പോയ ആ ദിനരാത്രങ്ങളിലേയ്ക്ക് മനസ്സോടിച്ചെന്നപ്പോൾ വല്ലാത്ത നഷ്ടബോധം എന്നെ അലട്ടി. അറിയാതെ ഏങ്ങലടിച്ച എന്‍റെ അരികിലെത്തി അരുൺ പറഞ്ഞു.

“മാഡം… കരയരുത്… കരയാൻ വേണ്ടിയല്ല നമ്മളിവിടെ വന്നത്. രാഹുലിന്‍റെ ഓർമ്മകളിൽ ഒന്നു രണ്ടു ദിവസം ഇവിടെ ജീവിക്കാനാണ്. അവനേറ്റവും പ്രിയപ്പെട്ട ഈ സ്‌ഥലം തന്നെ അവന്‍റെ ജന്മദിനത്തിൽ ഞാൻ തെരഞ്ഞെടുത്തത് അതിനുവേണ്ടിയാണ്. പിന്നെ മാഡത്തിനെ അല്പമെങ്കിലും സന്തോഷിപ്പിക്കാനും…”

“ശരിയാണ് അരുൺ… എനിക്ക് നിങ്ങളോടൊത്ത് ആഹ്ലാദിക്കണമെന്നുണ്ട്. പക്ഷെ ഇവിടെയെത്തുമ്പോൾ പഴയ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടുന്നു. ഒരിക്കൽ കൂടി ആ നാളുകളിലേയ്ക്ക് എന്‍റെ മനസ്സ് മടങ്ങിപ്പോകുന്നു.”

പെട്ടെന്ന് അരുൺ എന്‍റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

“വരൂ… മാഡം… നമുക്കീ കോടമഞ്ഞു വീണു കിടക്കുന്ന വഴിത്താരയിലൂടെ അൽപം നടക്കാം. എന്നെ രാഹുലാണെന്ന് വിചാരിച്ച് എന്‍റെ കൈയ്യിൽ പിടിച്ച് നടന്നോളൂ…”

അരുണിന്‍റെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലേയ്ക്കു നോക്കിയപ്പോൾ ഞാനറിയാതെ ആ കരങ്ങളിൽ പിടിച്ചു നടന്നു തുടങ്ങി. അപ്പോൾ സൂര്യ കിരണങ്ങളേറ്റ് അകന്നു പോകുന്ന മഞ്ഞുതുള്ളി പോലെ എന്‍റെ ദുഃഖങ്ങളും മെല്ലെ മെല്ലെ അകലേയ്ക്ക് മാഞ്ഞു തുടങ്ങി.

ഹ്രസ്വമായ ആ വിനോദ യാത്രയ്ക്കിടയിൽ അരുൺ എന്‍റെ വ്യക്‌തിപരമായ പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഏറെ ജിജ്ഞാസയോടെയും എന്നാൽ അല്പം ചമ്മലോടെയുമാണ് അരുൺ എന്‍റെ നേർക്ക് ആ ചോദ്യങ്ങളുന്നയിച്ചത്. ഏറെനേരം നടന്നു തളർന്ന് കുന്നിൻ ചരിലിവിരിക്കുമ്പോഴായിരുന്നു അത്.

“മാഡം… ഞാൻ ചില വ്യക്‌തിപരമായ കാര്യങ്ങൾ മാഡത്തിനോട് ചോദിച്ചറിയാൻ ശ്രമിക്കുകയാണ് ഒന്നും തോന്നരുത്. ഇതെല്ലാം എന്നോടു പറഞ്ഞത് രാഹുലാണ്. ഒരു കാലത്ത് അവന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ പലതും അവൻ എന്നോടു പറയുമായിരുന്നു. അന്നവയെല്ലാം അവന്‍റെ മനസ്സിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. അങ്ങനെയാണ് അവൻ അന്ന് എല്ലാം എന്നോടു തുറന്നു പറയുന്നത്. മാഡത്തിന് പണ്ട് ഒരു ലൗ അഫയർ…” അല്പം നിർത്തി ചമ്മലോടെ അരുൺ എന്‍റെ നേരെ നോക്കി.

“എന്താണ് അരുൺ. അരുണിന് എന്തുവേണമെങ്കിലും എന്നോടു ചോദിക്കാമല്ലോ. നീയെനിക്ക് രാഹുലിനെപ്പോലെയാണെന്ന് ഞാൻ പലവട്ടം നിന്നോടു പറഞ്ഞിട്ടില്ലെ?…”

“സോറി മാഡം… എന്‍റെ ചോദ്യങ്ങൾ മാഡത്തിനെ കൂടുതൽ വിഷമിപ്പിക്കുമോ എന്നാണ് എന്‍റെ പേടി. എന്‍റെ ആത്മാർത്ഥതയെക്കുറിച്ച് പോലും മാഡത്തിനു സംശയം തോന്നാം എന്‍റെ ചോദ്യങ്ങൾ കേട്ടാൽ…”

“നോ അരുൺ… നീയെനിക്ക് പ്രിയപ്പെട്ട വിദ്യാർത്ഥി മാത്രമല്ല, എന്‍റെ മകനെപ്പോലെ തന്നെയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ… രാഹുലിന്‍റെ മിക്ക സ്വഭാവ സവിശേഷതകളും നിനക്കുമുണ്ട്. അതുകൊണ്ടു തന്നെ നിന്‍റെ ആത്മാർത്ഥയെക്കുറിച്ച് എനിക്ക് സംശയമൊന്നുമില്ല…”

അപ്പോൾ അകലെക്കാണുന്ന കുന്നിൻ ചരിവിലേയ്ക്ക് ഞങ്ങളിരുവരും മെല്ലെ നടക്കുകയായിരുന്നു. ഇരുവശവും പൂത്തു നിൽക്കുന്ന പല നിറത്തിലുള്ള പൂക്കളിലേയ്ക്കു നോക്കി ഞാൻ പറഞ്ഞു.

“യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ എനിക്കു കഴിയും അരുൺ… ഒരു കാലത്ത് ആത്മാർത്ഥ സ്നേഹവും, സ്നേഹ-ശൂന്യതയും ഒരുപോലെ അനുഭവിച്ചറിഞ്ഞവളാണ് ഈ മീരാ. അന്ന് ഈ പൂത്തു നിൽക്കുന്ന പുഷ്പങ്ങളെപ്പോലെ എന്നിലും വസന്തം വിരുന്നിനെത്തിയിരുന്നു. പൂവിലെ തേൻ നുകരാൻ ഒരു വണ്ടും പറന്നെത്തി. പക്ഷെ ആ വണ്ട് തേൻ മുഴുവൻ നുകരുന്നതിനു മുമ്പു തന്നെ കൊടുങ്കാറ്റടിച്ച് ആ പൂക്കളെല്ലാം കൊഴിഞ്ഞു പോയി. എന്നാൽ ആ കൊഴിഞ്ഞ പൂക്കളെ വാരിയെടുത്തു നുകരാൻ മറ്റൊരാളെത്തി.

എന്‍റെ നരേട്ടൻ… ആ കാൽക്കൽ ഒരു പൂജാപുഷ്പം പോലെ വീണടിഞ്ഞ എന്നെ അദ്ദേഹം മാറോടു ചേർത്തണച്ചു, പിന്നെ ശിരസ്സിലണിഞ്ഞു. എല്ലാമെല്ലാം എന്‍റെ ഭാഗ്യമായിരുന്നു. പക്ഷെ ഇന്നിപ്പോൾ ഞാൻ വീണ്ടും ഏകയായി, ഒഴിഞ്ഞ കിളിക്കൂടുപോലെയായിത്തീർന്ന എന്‍റെ വീട്ടിൽ നഷ്ട സ്വപ്നങ്ങളെണ്ണി ഞാൻ കഴിയുന്നു.

“എങ്കിലും മാഡത്തിന്‍റെ ഓർമ്മകളിൽ കോളേജിലെ ആ പഴയക്കാലം ഇപ്പോഴും തെളിഞ്ഞു നിൽപ്പുണ്ടാവുമല്ലോ. ഇന്നിപ്പോൾ ഇത്രയും സൗന്ദര്യമുള്ള മാഡത്തിന് അന്നെത്രമാത്രം സൗന്ദര്യമുണ്ടായിരുന്നുവെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. കത്തി ജ്വലിച്ചു നിന്ന ആ സൗന്ദര്യത്തിനു മുമ്പിൽ മുട്ടുമടക്കാത്തവർ അന്ന് ചുരുക്കമായിരിക്കും. ഒടുവിൽ ഏതു ഭാഗ്യവാനാണ് അന്ന് ആ ഭാഗ്യം കിട്ടിയത്? അല്പം കുസൃതിയും ജിജ്ഞാസയും കലർന്നിരുന്നു ആ ചോദ്യത്തിൽ. ഒരു കുസൃതിക്കുട്ടിയുടെ ജിജ്ഞാസയോടെ അരുൺ ചോദ്യശരങ്ങളറിഞ്ഞ് എന്നെ വീർപ്പുമുട്ടിയ്ക്കുകയായിരുന്നു.

ഒരമ്മയ്ക്ക് മകനോടു പറയാവുന്ന ഉത്തരങ്ങൾക്ക് പരിധിയില്ലേ… ഞാനാലോചിച്ചു നോക്കി.

“അരുൺ പറഞ്ഞതിലല്പം വ്യത്യാസമുണ്ട്. എന്‍റെ സൗന്ദര്യം അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്‍റെ സൗന്ദര്യം എന്നെ വീഴ്ത്തുകയായിരുന്നു. കോളേജിൽ പലരും പ്രേം നസീറും, ഷീലയുമെന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. അതെ കാഴ്ചയിൽ അവരോടും രണ്ടുപേരോടും ഏറെ സാമ്യമുണ്ടായിരുന്നു ഞങ്ങൾക്കു രണ്ടു പേർക്കും സ്വഭാവത്തിലുമുണ്ടായിരുന്നു സിനിമയിലെ അതേ സാമ്യം. അദ്ദേഹം ഇരുത്തം വന്ന കോളേജദ്ധ്യാപകനും ഞാൻ പൊട്ടിത്തെറിച്ചു നടക്കുന്ന ഒരു കോളേജ് കുമാരിയും. പക്ഷെ എന്‍റെ സ്മാർട്ട്നെസ്സും മറ്റു കഴിവുകളും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമായിരുന്നു. മറിച്ച് അദ്ദേഹത്തിന്‍റെ സൗന്ദര്യവും മറ്റ് സ്വഭാവ പ്രത്യേകതകളും എന്നെയും ആകർഷിച്ചു. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനിടയിക്ക് ഞങ്ങൾ വേർപിരിയാനാവാത്ത വിധം അടുത്തു…”

ഞാൻ എന്‍റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അരുൺ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാൻ ഓരോന്നു പറയുമ്പോഴും അവന്‍റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടൻ എന്നെ വിവാഹം ചെയ്യാൻ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോൾ അരുൺ ചോദിച്ചു.

“മാഡത്തിനപ്പോൾ കഠിനമായി എതിർക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തിൽ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാൻ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”

എന്‍റെ അച്‌ഛൻ അപ്പോൾ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുൺ. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മർദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.

സഹതാപാർദ്രമായ മുഖത്തോടെ അരുൺ അത് കേട്ടിരുന്നു. ഒടുവിൽ ആദ്യ രാത്രിയിൽ ഉറക്കഗുളിക കഴിച്ച് മരിക്കാൻ തയ്യാറായതും നരേട്ടൻ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു. എല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.

പ്രേമം മൂലം മറ്റൊരാളിൽ നിന്ന് എന്നെ കവർന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാൽ എന്‍റെ നരേട്ടൻ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതിൽ വേദനിച്ച അദ്ദേഹം ഫഹദ്സാറിനെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.

എന്നോടുള്ള അഭിനിവേശത്താൽ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടൻ. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയർപ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോൾ തോന്നിപ്പോകുന്നു.

എന്‍റെ കഥ കേട്ട് അരുൺ നിശബ്ദനായിരുന്നു. ആ കണ്ണുകൾ എന്നോടുള്ള സഹതാപത്താൽ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാൽ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുൺ എന്നെ നോക്കി പറഞ്ഞു.

“എ വണ്ടർ ഫുൾ, എക്ട്രാ ഓർഡിനറി ലൗ സ്റ്റോറി. സിനിമകളിൽപ്പോലും ഇത്തരം കഥകൾ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്‍റെ കഥ. ആ പ്രേമം നുകരാൻ ഭാഗ്യമുണ്ടായവളാണ് മാഡം… ഞാനിനി ചോദിക്കട്ടെ… മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകൻ ഇനിയും മാഡത്തിന്‍റെ മുമ്പിൽ വന്നു നിന്നാൽ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്‍റെ മുമ്പിൽ എത്തിയ്ക്കാം…”

അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണിൽ നിന്നും വാർന്നു വീണത്. ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

മാഡം ആലോചിച്ചു പറഞ്ഞാൽ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. അൽപം നിർത്തി അരുൺ തുടർന്നു.

“മാഡം ഇതുവരെ ആ അദ്ധ്യാപകന്‍റെ പേരു പറഞ്ഞില്ല…” ഞാൻ നിശബ്ദയായിരുന്നപ്പോൾ ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.

സാരമില്ല… അതു ഞാൻ കണ്ടെത്തിക്കോളാം…”

അപ്പോൾ അസ്തമയ സൂര്യൻ അങ്ങകലെ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്ര അവസാനിപ്പിച്ച് കുന്നിറങ്ങി താഴേയ്ക്കു നടന്നു തുടങ്ങിയ ഞങ്ങൾക്കൊപ്പം സൂര്യദേവനും താഴേയ്ക്ക് മെല്ലെ മെല്ലെ നിപതിച്ചു കൊണ്ടിരുന്നു. ഇരുട്ട് മഞ്ഞിന്‍റെ മൂടുപടമണിഞ്ഞ് ലജ്ജാവതിയായ യുവതിയെപ്പോലെ ഞങ്ങൾക്കു മുന്നേ നടന്നു തുടങ്ങി.

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. കൂടുതൽ ചോദിച്ച് എന്നെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്ന് കരുതിയോ, അതോ അവന്‍റെ ചോദ്യങ്ങൾക്കുത്തരം അവൻ തന്നെ കണ്ടെത്തിക്കോളാം എന്നു കരുതിയിട്ടോ അവൻ പിന്നീട് നിശബ്ദനായിരുന്നു. എങ്കിലും ഏതോ സംശയം അവന്‍റെ ഹൃദയത്തിൽ തങ്ങി നിൽപുണ്ടെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു.

ആ സംശയം എന്താണെന്ന് എനിക്കൂഹിച്ചെടുക്കാൻ കഴിഞ്ഞു. ചോദ്യാരംഭത്തിൽ തന്നെ അവൻ ചോദിക്കാൻ തുനിഞ്ഞത് എന്താണെന്ന് ഞാൻ ഊഹിച്ചിരുന്നു. അതുകൊണ്ടാണ് അൽപം സാഹിത്യരൂപത്തിൽ ഞാനതിന് ഉത്തരം നൽകിയത്. ഇനിയും അവന്‍റെ മനസ്സിലെ ചോദ്യം എന്‍റെ യൗവ്വനത്തിൽ തേൻ നുകരാനെത്തിയ ആ വണ്ട് ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നായിരിക്കും. മറ്റൊന്ന് ഞാനദ്ദേഹത്തെ ഇപ്പോഴും പ്രേമിക്കുന്നുണ്ടോ എന്നും. അതിനു രണ്ടിനും മറ്റൊരവസരത്തിൽ ഉത്തരം നൽകാമെന്നുറച്ച് ഞാൻ അരുണിനൊടൊപ്പം നിശബ്ദയായി കുന്നിറങ്ങി.

ഒടുവിൽ സമതലം പോലെ തോന്നിച്ച ഒരിടത്തെത്തി ഞങ്ങളുടെ യാത്ര അവസാനിച്ചു. അപ്പോൾ അവിടെ നിരന്നിരുന്ന നിരവധി കോട്ടേജുകളിലൊന്നിന്‍റെ മുന്നിൽ അരുണിന്‍റെ അമ്മ നിന്നിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ട് എന്നാൽ അല്പം ജിജ്ഞാസയോടെ ചോദിച്ചു.

“ഗുരുവും ശിഷ്യനും കൂടു വന്നയുടനെ എങ്ങോട്ടാണ് യാത്ര പോയത്? ഞാനിവിടെ കാത്തിരുന്നു മുഷിഞ്ഞു…” അല്പം വിളറിയ മുഖത്തോടെ അതിനുത്തരം നൽകിയത് അരുണാണ്. “മമ്മീ, ഇവിടെ എത്തിയപ്പോൾ മാഡം വല്ലാതെ അപ്സെറ്റാകുന്നതു പോലെ തോന്നി. അതാണ് അല്പം നടക്കാമെന്ന് ഞാൻ പറഞ്ഞത്. മാഡത്തിന് ഒരു റിലീഫ് കിട്ടിക്കോട്ടെ എന്നു കരുതി.

“ശരിയാണ് അരുണിന്‍റമ്മേ… അരുൺ എന്നെ മറ്റു ചില ഓർമ്മകളിലേയ്ക്ക് നയിച്ചു. ഒരു ഡൈവേർഷൻ… ഇപ്പോൾ എന്‍റെ മനസ്സ് ശാന്തമാണ്. ഇതെല്ലാം രാഹുലിന്‍റെയും പ്രത്യേകതകളായിരുന്നു. ഞാൻ ദുഃഖിച്ചിരിക്കുന്നതു കാണുമ്പോൾ അവൻ എന്നെ കൈപിടിച്ചു നടത്തും. എന്‍റെ ചിന്തകളെ മറ്റൊരു തലത്തിലേയ്ക്ക് നയിക്കും. അതോടെ എന്‍റെ ദുഃഖങ്ങൾ പറന്നകലും. ഇന്നിപ്പോൾ അരുൺ എനിക്ക് രാഹുലിനെപ്പോലെ തന്നെയായിരിക്കുന്നു.” പെട്ടെന്ന് എന്തോ ഓർത്ത് അരുൺ ചോദിച്ചു.

“മമ്മീ… മാഡത്തിന്‍റെ ലഗ്ഗേജ് കാറിൽ നിന്നും എടുത്തു വച്ചോ? അതോ അത് കാറിൽ തന്നെയിരിക്കുകയാണോ?”

രണ്ടു ദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളടങ്ങിയ ചെറിയ ഒരു സൂട്ട്കേസ് ഞാനും കരുതിയിരുന്നു. അരുൺ അതിനെപ്പറ്റിയാണ് ചോദിച്ചത്.

“ഓ… അതെപ്പോഴെ ഞാനെടുത്തു വച്ചു. നമ്മുടെ കോട്ടേജിലിരുപ്പുണ്ട്. മാഡം നമ്മുടെ കൂടെയല്ലേ താമസിക്കുന്നത്?” എന്തോ ഓർത്ത് അരുണിന്‍റെ അമ്മ അല്പം ആശങ്കയോടെ ചോദിച്ചു.

അതെ… മമ്മീ… ഈ അവസ്‌ഥയിൽ മാഡത്തെ ഒറ്റയ്ക്ക് താമസിപ്പിക്കണ്ട. മമ്മി മാഡത്തെ കൂട്ടി കോട്ടേജിനകത്തേയ്ക്ക് പൊയ്ക്കോളൂ. പിന്നെ അവൻ മമ്മിയുടെ അടുത്തെത്തി എന്തോ രഹസ്യം പറയുന്ന മട്ടിൽ പറഞ്ഞു.

“മമ്മീ എപ്പോഴും മാഡത്തിന്‍റെ കൂടെ കാണണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് മാഡത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചോളൂ. ഈ യാത്ര കഴിയുമ്പോൾ മാഡത്തിന്‍റെ മൂഡ് നമുക്ക് മാറ്റിയെടുക്കണം…” അതുകേട്ട് സമ്മതിക്കുന്നമട്ടിൽ അരുണിന്‍റെ മമ്മി തലകുലുക്കി. അല്പം അകലെയാണ് നിന്നിരുന്നതെങ്കിലും അവർ പറഞ്ഞതെന്തെന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. അരുണിന് എന്‍റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധയാണെന്ന് കരുതുകയും ചെയ്‌തു.

ദൈവം ഒന്നു നിഷേധിക്കുമ്പോൾ മറ്റൊന്ന് നമ്മുടെ നേർക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഈ ലോകത്തിൽ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുടേയും ജീവിതത്തിലുടനീളം നിലനിൽക്കുന്നില്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു കൈ കൊണ്ടു തല്ലുമ്പോൾ മറ്റൊരു കൈ കൊണ്ട് ദൈവം നമ്മെ തലോടുകയും ചെയ്യുന്നുണ്ട്. സ്നേഹധനനായ അച്‌ഛനെപ്പോലെ…

“വരൂ മാഡം പുറത്തു നിന്ന് തണുപ്പു കൊള്ളണ്ടാ. നമുക്ക് അകത്തു പോയിരിക്കാം.” ഞാൻ ചിന്തിച്ചു നിൽക്കുന്നതു കണ്ട് അരുണിന്‍റെ അമ്മ വന്ന് കൈപിടിച്ചു. അവരോടൊപ്പം നടക്കുമ്പോൾ മായയെപ്പോലെയോ മഞ്ജുവിനെപ്പോലെയോ ആണ് അവരെന്നു തോന്നി. ചെറുപ്പത്തിൽ അവർ എനിക്കു നൽകിയ സ്നേഹം ഇപ്പോഴിതാ ഇവരിലൂടെ എനിക്കു ലഭിക്കുന്നു. ഒരനുജത്തിയെപ്പോലെ അവർ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു.

കൂടെ നടക്കുമ്പോൾ കുറ്റബോധത്തോടെ ഞാനോർത്തു ഇതുവരെ അരുണിന്‍റെ അമ്മ എന്ന സംബോധനയല്ലാതെ ഞാനവരോട് പേരു ചോദിച്ചില്ലല്ലോ എന്ന്. പെട്ടെന്ന് ഔപചാരികത കലർത്തി ഞാൻ ചോദിച്ചു.

“ എക്സ്ക്യൂസ് മീ, അരുണിന്‍റെ അമ്മയുടെ ശരിയായ പേര് എന്താണെന്ന് ഇതുവരെ എന്നോടു പറഞ്ഞില്ല. അതറിഞ്ഞാൽ പേരു വിളിക്കാമായിരുന്നു. മാത്രമല്ല, നിങ്ങൾ രണ്ടുപേരും കുടുബാംഗത്തെപ്പോലെയാണ് എനിക്കിപ്പോൾ. അങ്ങനെയുള്ളപ്പോൾ പേരു വിളിയ്ക്കാതിരിക്കുന്നത് ശരിയല്ലല്ലോ…”

എന്‍റെ സംസാരം കേട്ട് നേർത്ത പുഞ്ചിരിയോടെ അരുണിന്‍റെ അമ്മ പറഞ്ഞു. എന്‍റെ പേര് അരുന്ധതി എന്നാണ്. മാഡം എന്നെ അങ്ങിനെ വിളിച്ചോളൂ. പെട്ടെന്ന് അല്പം കുസൃതി കലർത്തി ഞാൻ ചോദിച്ചു. “അപ്പോൾ അരുണിന് അമ്മയിൽ നിന്നാണോ ആ പേര് ലഭിച്ചത്.” അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെ… എന്‍റെ പേരിലെ ആദ്യാക്ഷരങ്ങളും അദ്ദേഹത്തിന്‍റെ ഗുർചരൺ സിംഗ് എന്ന പേരിലെ അന്ത്യാക്ഷരവും ചേർത്താണ് അരുണിന് ആ പേരിട്ടത്.”

“അരുൺ നല്ല പേര് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തന്നെ ഒരു മകൻ. അവന് ആ പേര് എന്തുകൊണ്ടും യോജിക്കും. അവന് ജന്മം നൽകിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ്…”

ഞാൻ എന്തോ ഓർത്ത് വേദനയോടെ പറഞ്ഞു. രാഹുലിന്‍റെ ഓർമ്മകളിലേയ്ക്ക് ഞാൻ വീണ്ടും വഴുതി വീഴുമോ എന്നു പേടിച്ച് അരുന്ധതി പറഞ്ഞു.

“അവനിപ്പോൾ മാഡത്തിന്‍റെയും മകനാണല്ലോ.”

“അതെ എന്‍റെ സ്വന്തം മകൻ. രാഹുലിനെപ്പോലെ അവൻ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു. ഞാൻ പ്രസവിക്കാത്ത എന്‍റെ സ്വന്തം മകനെപ്പോലെ.” മന്ത്രോച്ചാരണം പോലുള്ള എന്‍റെ ആത്മഗതം കേട്ട് അരുന്ധതി മെല്ലെ ചിരിച്ചു. ആ ചിരിയിൽ ഒരനുജത്തിയുടെ എല്ലാ സ്നേഹവായ്പും നിറഞ്ഞിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു. വിഷാദഛായ പരന്ന ആ മുഖത്തേയ്ക്കു നോക്കി ഞാൻ ചോദിച്ചു.

“എന്താ അരുന്ധതി? എന്തിനാ കരയുന്നത്?

“എനിക്കിതു പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. എന്നെക്കാൾ നാലു വയസ്സു മൂപ്പുണ്ടായിരുന്നു അവൾക്ക്. എന്നാൽ പത്തുമുപ്പത്തഞ്ചു വയസ്സുള്ളപ്പോൾ ക്യാൻസർ വന്നവർ മരിച്ചു പോയി.”

“ഓഹോ… അരുന്ധതിയ്ക്ക് അങ്ങനെയൊരു ചേച്ചി ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു? അരുന്ധതിയ്ക്കിപ്പോൾ ആരൊക്കെയാണുള്ളത്? ശരിയ്ക്കുള്ള നാടെവിടെയാണ്?”

അരുന്ധതിയെപ്പറ്റി കൂടുതലറിയാൻ ആകാംക്ഷ തോന്നി.

“എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട്. ഇപ്പോൾ അമേരിക്കയിലാണ്. അമ്മയുമച്ഛനും വയസ്സായി നാട്ടിൽ തന്നെയുണ്ട്. കോഴിക്കോട്.”

“ഓഹോ… അരുന്ധതി കോഴിക്കോട്ടുകാരിയാണല്ലോ?” അപ്പോൾ പിന്നെ ചരണുമായിട്ടെങ്ങനെയാ പരിചയപ്പെട്ടത്?

“അദ്ദേഹവും ഞാനും ഐആർഎസ് എടുത്തവരാണെന്ന് മാഡത്തിനറിയാമല്ലോ? ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചുള്ള പരിചയമാണ്. പിന്നീട് ജോലിയായപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുൺ ഉണ്ടായി. കുറച്ചുനാൾ അമ്മയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ പിന്നെ അമ്മ നാട്ടിലേയ്ക്കു പോയപ്പോൾ എനിക്ക് നോക്കേണ്ടി വന്നു. ചേച്ചി മരിച്ചപ്പോൾ ചേച്ചിയുടെ കുഞ്ഞുങ്ങളെക്കൂടി അമ്മയ്ക്കു പരിപാലിക്കേണ്ടി വന്നു. അങ്ങിനെ അരുണിനെ നോക്കാൻ ആരുമില്ലാതായപ്പോൾ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു.

“എന്നാലും ഇത്ര നല്ല ഒരു ക്വാളിഫിക്കേഷനും ജോലിയും കളഞ്ഞത് അരുണിനു വേണ്ടിയാണെന്നോർത്ത് അരുന്ധതിയ്ക്ക് സമാധാനിക്കാമല്ലോ. അരുൺ അതുപോലെ നല്ലവനായി വളരുകയും ചെയ്‌തു. ഇപ്പോൾ നിങ്ങൾക്കവനെയോർത്ത് അഭിമാനിക്കാമല്ലോ…”

അതെ മാഡം… മറ്റെന്തിനെക്കാളും ഞങ്ങൾക്ക് വലുത് അരുണായിരുന്നു. അവന്‍റെ വളർച്ചയ്ക്കിടയിൽ ഒരു ന്യൂനതയും ഉണ്ടാകരുതെന്ന് ഞങ്ങളുറപ്പിച്ചിരുന്നു.

അതെ… അരുന്ധതി ഒരു അമ്മയെന്ന നിലയിൽ വിജയിച്ചിരിക്കുന്നു. അമ്മമാർക്ക് ഒരു മഹനീയ മാതൃകയാണവർയ തന്‍റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് ആ മകനും തിരിച്ചറിവുണ്ട്. അതാണല്ലോ മറ്റെന്തിനെക്കാളും തനിക്ക് പ്രിയപ്പെട്ടത് അമ്മയാണെന്ന് അരുൺ പറയാറുള്ളത്. രാഹുലും അങ്ങിനെയായിരുന്നു. പ്രത്യേകിച്ച് ഞാൻ കിഡ്നി നൽകിയ ശേഷം എന്നാൽ ഞാനെന്ന അമ്മയുടെ ത്യാഗത്തെ തിരിച്ചറിയാൻ ഈശ്വരനായില്ലല്ലോ. അതാണല്ലോ രാഹുലിനെ എനിക്കു നഷ്ടപ്പെടുത്തിയത്.

ഊണുമുറിയിൽ അരുൺ രണ്ടുപേർക്കുള്ള ആഹാരം വാങ്ങി വച്ചിരുന്നു. എന്നിട്ടവൻ പുറത്തേയ്ക്കു പോയി. അവൻ തിരികെ വരുന്നതു വരെ ഞങ്ങൾ അവനെ നോക്കിയിരുന്നു. അവൻ വാങ്ങി വച്ച ആഹാരം കൈകൊണ്ടുതൊടാതെ. അവനിപ്പോൾ ഞങ്ങൾ രണ്ടുപേർക്കും മകനാണല്ലോ. അപ്പോൾ അവനെ ഊട്ടാതെ ഞങ്ങൾക്കുണ്ണാനാവുകയില്ല. ഞങ്ങൾ കാത്തിരുന്നു. കണ്ണനെ കാത്തിരിക്കുന്ന ദേവകിയേയും, യശോധരയേയും പോലെ…

അല്പം കഴിഞ്ഞയുടനെ അരുൺ തിരികെയെത്തി. അവനല്പം അസ്വസ്ഥനാണെന്നു തോന്നി. എന്തോ ചിന്ത അവനെ അലട്ടുന്നതു പോലെ… “അരുൺ, നിനക്കെന്തു പറ്റി?” അരുന്ധതി അവനോടു ചോദിച്ചെങ്കിലും ഒരു ചെറിയ തലവേദന എന്നു പറഞ്ഞവനൊഴിഞ്ഞു മാറി.

അന്നു രാത്രിയിൽ അരുൺ വാങ്ങിക്കൊണ്ടു വന്ന ആഹാരം ഞങ്ങളൊരുമിച്ച് പങ്കിട്ട് കഴിച്ചു. റിസോർട്ടിലെ തണുപ്പധികമായിരുന്നതിനാൽ ഞങ്ങളെല്ലാം ഷാൾ പുതച്ചിരുന്നു. രാത്രിയിൽ ഞാൻ മുകൾ നിലയിലെ സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ, അങ്ങു ദൂരെ, മലനിരകൾ കോടമഞ്ഞിന്‍റെ ആവരണത്താൽ കരിമ്പടം പുതച്ച് ഉറങ്ങിക്കിടന്നു. അടുത്തുള്ള കോട്ടേജിൽ വിദ്യാർത്ഥികൾ മുറ്റത്തു നിന്ന് ഉറക്കെ ഒച്ചവയ്ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ടു.

(തുടരും)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 4

“മിനിഞ്ഞാന്ന് മേഘന നാട്ടിൽ എത്താതിരുന്നത് എന്തുകൊണ്ടാണ്? ഞാൻ മേഘനയെ കാണുവാൻ വേണ്ടി മാത്രം യുകെയിൽ നിന്ന് എത്തിയതായിരുന്നു.”

“സോറി. ഞാറാഴ്ചയാണ് ഞാൻ പൂനയിൽനിന്ന് ബാംഗ്‍ളൂരിൽ എത്തിയത്. ആസ് ഐ വാസ് വെരി ബിസ്സി….”

“ബാംഗ്ളൂരിലെ ട്രാഫിക് ബ്ളോക്കുകൊണ്ട് ഫ്ളൈറ്റിന്‍റെ സമയത്തിന് എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയാഞ്ഞതുകൊണ്ട് മേഘനക്ക് പെണ്ണുകാണല്‍ ചടങ്ങിന് എത്താനായില്ല എന്നാണ് മിസ്റ്റര്‍ മാധവ് മനോഹര്‍ പറഞ്ഞത്…”

“യെസ്… യെസ് .കാരണം അതുതന്നെയാണ്.” ഒരു പിടിവള്ളി കിട്ടിയ ആശ്വാസമാണ് മേഘനയുടെ മുഖത്തിപ്പോള്‍.

“പക്ഷെ,ഞാന്‍ നിങ്ങളുടെ ബാംഗ്ളൂര്‍ ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് താനിന്നലെ ബോംബെയ്ക്ക് പോന്നുവെന്നാണല്ലോ.”

കള്ളം കണ്ടുപിടിക്കപ്പെട്ടതിന്‍റെ ജാള്യതയോടെ മേഘന അറിയിച്ചു. “ഞാന്‍ പൂനയിലെ ഓഫീസില്‍ ഒരു മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുമ്പോഴാണ്, മിസ്റ്റര്‍ മധു എന്‍റെ വീട്ടില്‍ വരുന്ന വിവരത്തിന്‌ ഡാഡിയുടെ കാള്‍ വന്നത്. ഐ ഹാഡ് ഏ വെരി ഹെക്ടിക് ടൈം ഇന്‍ പൂന. (പൂനയിലെനിക്ക് നല്ല തിരക്കായിരുന്നു) ബാംഗ്ലൂരില്‍ എത്തിയശേഷം എനിക്ക് കുറേ പെന്റിംഗ് വര്‍ക്ക് തീര്‍ക്കാനുണ്ടായിരുന്നു. പിന്നെ ഇങ്ങോട്ടുള്ള ടൂറും കൂടി ആയപ്പോള്‍ ഞാന്‍ ഡാഡിയുടെ ഫോണ്‍ കോളിന്‍റെ കാര്യം തന്നെ മറന്നുവെന്നതാണ് സത്യം. മൈ ജോബ്‌ ഈസ് ലൈക്ക് ദാറ്റ്‌. ഐ ഹാവ് ടു ട്രാവല്‍ എലോട്ട് ആന്‍ഡ്‌ ആള്‍വേയ്സ് വെരി വെരി ബിസി.” (എന്‍റെ ജോലി അങ്ങനെയാണ്. ധാരാളം യാത്ര ചെയ്യണം. എപ്പോഴും ജോലി തിരക്ക്.)

“എന്തിനാണ് മേഘന ഇങ്ങനെ തിരക്കുള്ള ഒരു ജോലിയില്‍ തുടരുന്നത്? മറ്റെവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചുകൂടേ?”

“വൈ ഷുഡ് ഐ? ഐ റിയലി എന്‍ജോയ് ദിസ്‌ ജോബ്‌. ടോപ്‌ പൊസിഷന്‍ ആന്‍ഡ്‌ വെരി റിവാര്‍ഡിംഗ് സാലറി. പിന്നെ ഐ ലൈക്ക്‌ ടു ട്രാവല്‍” (എന്തിന്?.ഈ ജോലി ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥാനവും നല്ല ശമ്പളവും. പിന്നെ എനിക്ക് യാത്ര ഇഷ്ടവുമാണ്)

അപ്പോഴേക്കും അല്പം മുന്‍പ് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട മനുഷ്യന്‍ അനുവാദം ചോദിക്കാതെതന്നെ ധൃതിയില്‍ അകത്തേക്ക് കടന്നുവന്നു. അയാളുടെ കയ്യില്‍ ഒന്നോ രണ്ടോ ഫയലുകളും ഉണ്ടായിരുന്നു.

“എക്സ്ക്യൂസ് മി മാഡം. ഇഫ്‌ യു ഡിലേ ഫര്‍തെര്‍ യു വില്‍ മിസ്‌ യുവര്‍ ഫ്ളൈറ്റ്.” (ക്ഷമിക്കണം മാഡം, ഇനിയും വൈകിയാല്‍ ഫ്ലൈറ്റ് കിട്ടാതിരുന്നേക്കാം.)

ഫയല്‍ അവളുടെ കയ്യില്‍ ഏല്പിച്ച ശേഷം ഭവ്യതയോടെ അയാള്‍ ക്യാബിന് പുറത്തേക്ക് നടന്നുമറയുകയും ചെയ്തു.

“എവിടെക്കാണ്‌ യാത്ര?” മധു ചോദിച്ചു.

“ഇത്തവണ വിദേശത്തേക്കാണ്.”

“എന്ന് മടങ്ങും?”

“തീര്‍ച്ചയില്ല. കമ്പനിയുടെ നാലഞ്ച് ബ്രാഞ്ചുകളില്‍ പോകാനുണ്ട്.” വാച്ചിലേക്ക് നോക്കിക്കൊണ്ടവള്‍ തുടര്‍ന്നു. “ഓ! ഐയാം ഗെറ്റിംഗ് ലേറ്റ്. സോറി, ഐ ഹാവ് ടു ലീവ് നൗ” (ഓ! സമയം വൈകുന്നു. സോറി. എനിക്കിപ്പോള്‍തന്നെ പുറപ്പടേ ണ്ടതായുണ്ട് )

ഫയലുകള്‍ ലാപ്ടോപ് ബാഗിന്‍റെ അകത്തേക്ക് വെച്ചശേഷം അവള്‍ കാബിന് പുറത്തേക്ക് നടക്കുവാന്‍ തുടങ്ങി. അടുത്തനിമിഷം തിരിഞ്ഞുനിന്നുകൊണ്ട് ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. ”വെരി സോറി ഫോര്‍ ഓള്‍ ദി ട്രബിള്‍ (ബുദ്ധിമുട്ടിച്ചതില്‍ ദുഖിക്കുന്നു) ടൂര്‍ കഴിഞ്ഞ് ഞാനെത്തിയാല്‍ നമുക്ക് വീണ്ടും മീറ്റ്‌ ചെയ്യാം.”

ക്ഷിപ്രവേഗത്തില്‍തന്നെ അവള്‍ കാഴ്ച്ചയില്‍ നിന്ന് മറയുകയും ചെയ്തു. ഏതോ സ്റ്റാഫ് ധൃതിയില്‍ കാബിന്‍റെ അകത്തേക്ക് വന്ന് ഒരരികില്‍ വെച്ചിരുന്ന സൂട്ട് കേസുമെടുത്ത് അവളുടെ പിറകെ പായുന്നതും ശ്രദ്ധിച്ചുകൊണ്ട് ഏതാനും നിമിഷത്തേക്ക് മധു ഒരു പ്രതിമയെപ്പോലെ ഇരുന്നുപോയി.

മേഘനയുടെ ഓഫീസില്‍ നിന്നും ബോംബെ എയര്‍ പോര്‍ട്ടിലേക്കുള്ള യാത്രയില്‍ മധുവിന്‍റെ മനസ്സ് ചിന്താകുഴപ്പത്താല്‍ അസ്വസ്ഥമായിരുന്നു.

വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം വീണ്ടും തമ്മില്‍ കാണാം എന്ന് പറഞ്ഞതില്‍ നിന്ന് താനുമായുള്ള വിവാഹബന്ധം അവള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്.

മേഘന കാഴ്ച്ചയില്‍ സുന്ദരിയാണ്‌. അവിവാഹിതനായ ഏതൊരു ചെറുപ്പക്കാരനും സ്വന്തമാക്കാനാഗ്രഹിച്ച് പോകുന്ന രൂപലാവണ്യം അവള്‍ക്കുണ്ടെന്നതില്‍ സംശയമില്ല. ഉന്നത ബിരുദങ്ങളും ഉയര്‍ന്ന ജോലിയും അവള്‍ നേടിയിട്ടുണ്ടെന്നതും ശരിതന്നെ. അവളുടെ മാതാപിതാക്കളും സംസ്ക്കാരസമ്പന്നരാണ്.

ഇങ്ങനെ പല മേന്മകളും മേഘനക്ക് സ്വന്തമാണെങ്കിലും തന്‍റെ ജീവിത പങ്കാളിയായി അവളെ മനസ്സില്‍ സങ്കല്പിക്കുമ്പോള്‍ പലപല പൊരുത്തക്കേടുകള്‍……

മേഘനയുടെയും, ഒരു നാട്ടുമ്പുറത്തുകാരന്‍റെ മനസ്സായതിനാലാകാം തന്‍റെയും ജീവിത സങ്കല്പങ്ങള്‍ തമ്മില്‍ വളരെയധികം അന്തരമുണ്ടെന്ന്‍ അല്പസമയത്തെ കൂടിക്കാഴ്ചകൊണ്ടുതന്നെ വ്യക്തമായി.

ഒരു പന്തയക്കുതിരയെപ്പോലെ ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതമെന്നാണ് തന്‍റെ ഉറച്ച വിശ്വാസം.

പരസ്പരസ്നേഹം, സഹകരണം, പങ്കാളിത്തം എന്നിവയാണ് വിവാഹജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്നും താന്‍ വിശ്വസിക്കുന്നു. മേഘനയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ അതെല്ലാം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകുമെന്ന് പറയാനാകില്ല. അവളെ അത്യധികം പ്രലോഭിപ്പിക്കുന്ന ജോലി ഉപേക്ഷിക്കാൻ അവൾ തയ്യാറല്ലെന്ന് അവളുടെ സംസാരത്തിൽനിന്ന് വ്യക്തവുമാണ്.

മേഘന ജീവിതസഖിയാ‍യി വന്നാൽ ഇരുവരുടെയും ഭാവിജീവിതത്തെ അതെങ്ങനെയെല്ലാം ബാധിക്കുമെന്ന് അയാൾ മടക്കയാത്രക്കിടയിൽ വിശദമായിത്തന്നെ ആലോചിച്ചു. ആ ബന്ധം രണ്ടുപേർക്കും ഒരുപൊലെ വിനാശകരമായിരിക്കുമെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു.

ചില ഉറച്ച തീരുമാനങ്ങളോടെയാണ് മധു സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.

നേരം സന്ധ്യയാകാറായിരുന്നു.

ടാക്സി വീടിന് മുന്നിൽ എത്തിയപ്പോഴേക്കും ശശിധരൻ നായരും ഭാഗീരഥിയും ഉമ്മറത്തേക്ക് ഓടിയെത്തി.

“ഹോ! നിന്നെയെന്താ കാണാത്തേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു…..”

ഭാഗീരഥിയുടെ വാക്കുകൾ മുഴുമിക്കും മുൻപ് ശശിധരൻ നായർ ഇടയ്ക്ക് കയറി ചോദിച്ചു “എന്തൊക്ക്യാണ്ടായത്? മേഘനയെ കണ്ടിട്ട് എന്താ അഭിപ്രായം? നിങ്ങൾക്ക് അന്യോന്യം ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല”

“എല്ലാം ഞാൻ വിശദമായി പറയാമച്ഛാ. അതിന് മുൻപ് എനിക്കൊരു സ്ഥലംവരെ പോകാനുണ്ട്.”

“എങ്ങോട്ട്?”

“സുധമ്മാമേം അമ്മായിയേം ഒന്നു കാണണം. പിന്നെ സുജാതേം. എനിക്കവളോട് മാപ്പുപറയണം”

ശശിധരൻ നായർ അത്ഭുതസ്തബ്ധനായി നിൽക്കുമ്പോൾ ഭാഗീരഥിയുടെ മുഖത്ത് അർത്ഥഗർഭമായ ഒരു പുഞ്ചിരി വിടർന്നു.

(അവസാനിച്ചു)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 3

ബോംബെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും മധുവിനെ തേടി ശശിധരന്‍ നായരുടെ ഫോണ്‍കോളുമെത്തി.

“എന്താ നീയിതുവരെ ഇങ്ങോട്ട് എത്താഞ്ഞത്? ഫ്ളൈറ്റ് ലേറ്റായോ? മേഘനയെ കണ്ടോ? എന്താ നിന്‍റെ അഭിപ്രായം?”

“എല്ലാം ഞാന്‍ അവിടെ എത്തിയിട്ട് പറയാമച്ഛാ.”

“യാത്ര നാളേക്ക് നീട്ടിയോ? നീയിന്നിവിടെ എത്താമെന്നല്ലേ പറഞ്ഞിരുന്നത്? നിനക്ക് നാളെ യു ക്കേലേക്ക് മടങ്ങാനുള്ളതല്ലേ?”

“നാളെ രാത്രി രണ്ട് മണിക്കല്ലേ ഫ്ളൈറ്റ്. ഞാന്‍ സമയത്തിന് എത്തിക്കോളാം.” മധു ഫോണ്‍ ബന്ധം ഉടനെ വേര്‍പെടുത്തുകയും ചെയ്തു.

ശശിധരന്‍ നായര്‍ ഫോണില്‍ ആരോടോ സംസാരിക്കുന്ന സ്വരം കേട്ട് ഭാഗീരഥി അകത്തെ മുറിയില്‍ നിന്നും ധൃതിയില്‍ അങ്ങോട്ട് വന്നു. ആകാംക്ഷയോടെ അവര്‍ ചോദിച്ചു

“ഫോണില്‍ മധു ആയിരുന്നോ?”

“അതെ. അവന്‍ നാളെയെ ഇങ്ങോട്ട് എത്തുകയുള്ളൂന്ന്.”

“അതെന്താ യാത്ര നീട്ടിവെച്ചത്?”

“കാരണം മറ്റൊന്നുമാവാന്‍ വഴിയില്ല. തമ്മില്‍ കണ്ടപ്പോള്‍ തന്നെ മേഘനക്കും മധുവിനും വിട്ടുപിരിയാന്‍ പ്രയാസം തോന്നിയിട്ടുണ്ടാകും. മേഘനയോടൊപ്പം കുറച്ചു സമയം ചിലവഴിക്കാമെന്ന് കരുതി യാത്ര നാളേക്ക് നീട്ടിയതാവാം. ആരംഭത്തില്‍ത്തന്നെ രണ്ടുപേര്‍ക്കും ഇത്രമാത്രം അടുപ്പം തോന്നിയല്ലോ. മേഡ് ഫോര്‍ ഈച്ച് അതര്‍ എന്ന്‍ പറയുന്നപോലെ.”

ഭര്‍ത്താവിന്‍റെ ആഹ്ലാദം തുളുമ്പുന്ന വിശദീകരണം കേട്ടയുടനെ മ്ലാനമായ മുഖത്തോടെ നടന്നകലുന്ന ഭാഗീരഥിയെ പരിഹാസത്തോടെ നോക്കിക്കൊണ്ട്‌ ശശിധരന്‍ നായര്‍ ആത്മഗതം ചെയ്തു. “ഇത്തരം പഴഞ്ചന്‍ മനസ്ഥിതിക്കാരെ ഇക്കാര്യങ്ങളെല്ലാം എങ്ങനെ ബോധ്യപ്പെടുത്താനാണ്? കഷ്ടംതന്നെ.”

പിറ്റേന്ന് മേഘനയുടെ ബോംബെയിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവും എത്താനുള്ള മാര്‍ഗ്ഗവും ഗൂഗിള്‍ മാപ്പില്‍നിന്ന്‍ മനസ്സിലാക്കിയ ശേഷമാണ് മധു അവളെ കാണാന്‍ പുറപ്പെട്ടത്.

റൂം ഒഴിഞ്ഞശേഷം ഹോട്ടലില്‍ നിന്നും സൂട്ട്കേസും എല്ലാമായി ഇറങ്ങി മേഘനയെ കണ്ടശേഷം നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനായിരുന്നു പ്ളാന്‍.

കൃത്യം പത്തുമണിക്ക് തന്നെ അയാള്‍ മേഘനയുടെ ഓഫീസിലെത്തി. അധികം വൈകാതെ അവളെ കാണാന്‍ സൗകര്യപ്പെടുകയും ചെയ്തു. മധു മേഘനയുടെ കാബിനകത്തേക്ക് ചെല്ലുമ്പോള്‍ അവള്‍ ലാപ്ടോപ്പില്‍ ശ്രദ്ധയോടെ എന്തോ ജോലിയിലാണ്. ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ സുന്ദരിയാണവള്‍ എന്നുതോന്നി മധുവിന്. ഈ ജ്വലിക്കുന്ന സൗന്ദര്യമാണല്ലോ തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് ആലോചിക്കുകയും ചെയ്തു.

ലാപ്ടോപ്പില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കാതെതന്നെ അവള്‍ നിര്‍ദ്ദേശം നല്‍കി. “പ്ളീസ് ടേക്ക് യുവര്‍ സീറ്റ്‌”(ദയവായി ഇരിക്കൂ).

അവള്‍ തന്‍റെ ജോലി തുടരുന്നത് കണ്ടപ്പോള്‍ അക്ഷമയോടെ മധു സംഭാഷണമാരംഭിക്കാന്‍ മുന്‍കൈയെടുത്തു “അയാം മധുമോഹന്‍.”

ലാപ്ടോപ്പില്‍ നിന്നും കണ്ണുകള്‍ ഉയര്‍ത്താതെ മേഘന ചോദിച്ചു “ഓ കേ, വാട്ട് ഹെല്പ് കാന്‍ ഐ ഡു ഫോര്‍ യു”

“ഞാന്‍ മേഘനയെ നേരിലൊന്ന് കാണാന്‍ വന്നതാണ്‌” പച്ചമലയാളത്തിലുള്ള സംസാരം ആശയക്കുഴപ്പം ഉണ്ടാക്കിയതിനാലാകാം അവള്‍ പെട്ടെന്ന് തല ഉയര്‍ത്തി

മധുവിന്‍റെ മുഖത്തേക്ക് നോക്കി.

“യുവര്‍ ഫേസ്… ഐ ഹാവ് സീന്‍ യൂ ബിഫോര്‍” (നിങ്ങളുടെ മുഖം… ഞാന്‍ നിങ്ങളെ ഇതിനുമുന്‍പ് കണ്ടിട്ടുണ്ട്.)

“പോസ്സിബിള്‍ “(ഉണ്ടാകാം) മധുവിന്‍റെ മുഖത്ത് അര്‍ത്ഥഗര്‍ഭമായൊരു പുഞ്ചിരി വിടര്‍ന്നു “എന്‍റെ ഫോട്ടോയും മറ്റ് വിവരങ്ങളും മിസ്റ്റര്‍ മാധവ് മനോഹര്‍ മേഘനക്ക് അയച്ചുതന്നിട്ടുണ്ടാവുമല്ലോ.”

മേഘനയുടെ മുഖത്ത് നനുത്ത കുങ്കുമരാശി പടര്‍ന്നുവോ?.നെറ്റിയിലും ചുമലിലും ഞാന്ന്‍ കിടക്കുന്ന മുടിയിഴകള്‍ വിരല്‍തുമ്പുകൊണ്ട് പിറകിലേക്ക് ഒതുക്കിക്കൊണ്ട്‌ അവള്‍ അല്പം ജാള്യതയോടെ പറഞ്ഞു. “യെസ്… യെസ്… മൈ ഡാഡി ഹാഡ് മെന്‍ഷന്‍റ് യുവര്‍ കേസ്. ആസ് ഐ വാസ് വെരി ബിസി ഐ കുഡ് ഓണ്‍ലി ഹാവ് എ ഹേസ്റ്റി ലുക്ക് അറ്റ്‌ ഹിസ്‌ മേയ്ല്‍” (അതെ… അതെ… നിങ്ങളുടെ കാര്യം ഡാഡി എന്നെ അറിയിച്ചിരുന്നു. ഞാന്‍ തിരക്കില്‍ ആയതുകൊണ്ട് ഡാഡിയുടെ സന്ദേശം ഒന്ന് ഓടിച്ചു നോക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.)

“ശരി, എങ്കില്‍ ഞാന്‍ എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം വിശദമായി പറയാം. എന്‍റെ വീട് ചേര്‍ത്തലയിലാണ്‌ .വീട്ടില്‍ അച്ഛനും അമ്മയും ഞാനും മാത്രം. ക്വാളിഫിക്കേഷന്‍ എം ടെക്കും…” അപ്പോഴേക്കും ഫോണിന്‍റെ മണിയടിസ്വരം….

“എക്സ്ക്യൂസ് മി” (എന്നോട് ക്ഷമിക്കുക.)

അടുത്ത നിമിഷം സ്പീക്കറിലൂടെയുള്ള സംഭാഷണം മധുവിനും കേള്‍ക്കാന്‍ കഴിഞ്ഞു. “മാഡം, കാന്‍ ഐ കം ഇന്‍, ഇറ്റ്‌ ഈസ് വെരി അര്‍ജെന്‍റ്” (മാഡം, എനിക്ക് അകത്തേക്ക് വരാമോ? വളരെ അത്യാവശ്യമാണ്.)

“പ്ളീസ് വേയ്റ്റ്. ഐ വില്‍ കോള്‍ യൂ” (വേയ്റ്റ് ചെയ്യൂ. ഞാന്‍ വിളിക്കാം.)

മധു തുടര്‍ന്നു. ”എം ടെക്കും എം ബി എയുമാണ്‌ ക്വാളിഫിക്കേഷന്‍. രണ്ടു വര്‍ഷമായി യൂ കേയിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഒരു മാട്രിമോണി ഏജന്‍സി വഴിയാണ് എന്‍റെ അച്ഛനും മേഘനയുടെ അച്ഛനും തമ്മില്‍ പരിചയപ്പെട്ടതും നമ്മള്‍ തമ്മിലുള്ള വിവാഹാലോചന നടത്തിയതും.”

“ഓ കെ.”

അവളെന്തോ മാനസികസമ്മര്‍ദ്ദത്തിന് നടുവിലാണെന്നും പാതിമനസ്സോടെ ആണ് തന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതെന്നും മധുവിന് തോന്നി.

“ഞാനും അച്ഛനും കൂടി മേഘനയെ കാണാന്‍ ഇന്നലെ നിങ്ങളുടെ വീട്ടില്‍ വന്നിരുന്നു. മേഘന എത്താഞ്ഞതുകൊണ്ട് …..”

അപ്പോഴേക്കും കാബിന്‍റെ വാതില്‍ തുറന്ന് ഒരു തല പ്രത്യക്ഷപ്പെട്ടു. “മാഡം…”

“പ്രതാപ്‌ മേത്താ, ഐ വില്‍ ടേക്ക് ഓണ്‍ലി ഫൈവ് മിനിറ്റ്സ്. പ്ളീസ് അറേഞ്ച് എ കാര്‍ ഫോര്‍ മി.”

(ഞാന്‍ അഞ്ചുമിനിറ്റ് കൂടി മാത്രമേ എടുക്കുകയുള്ളൂ. എനിക്ക് വേണ്ടി ഒരു കാര്‍ ഏര്‍പ്പാട് ചെയ്യുക.)

തല അപ്രത്യക്ഷമായി.

അവള്‍ എങ്ങോട്ടോ പോകാനുള്ള ധൃതിയിലാണെന്നും തനിക്കായി അവശേഷിച്ചിരിക്കുന്നത്‌ വെറും അഞ്ച് മിനിറ്റ് മാത്രമാണെന്നും മധുവിന് ബോദ്ധ്യമായി. പറയാന്‍ ബാക്കിയുള്ളത് കഴിയുന്നതും വേഗം പറയണം. തന്‍റെ സംശയങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം.

(തുടരും)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 2

പിറ്റേന്ന് രാവിലത്തെ തിരുവനന്തപുരം – ബാംഗ്ലൂര്‍ ഫ്ളൈറ്റിലും വൈകുന്നേരത്തെ ബാംഗ്ളൂര്‍ – കൊച്ചി ഫ്ളൈറ്റിലും സീറ്റുണ്ട്. മധു ഉടനെ അത് രണ്ടും ബുക്ക് ചെയ്തു.

പിന്നെ ശശിധരന്‍ നായരെ തന്‍റെ തീരുമാനം അറിയിച്ചു “അച്ഛാ, യൂ കേന്ന് വീണ്ടുമൊരു യാത്ര ഒഴിവാക്കാനുള്ള വഴി ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.”

“എങ്ങനെ?”

“ഞാന്‍ ബാംഗ്ളൂരിലുള്ള മേഘനയുടെ ഓഫീസില്‍ ചെന്ന് ആ കുട്ടിയെ കാണാം.”

“അതിനൊക്കെയിനി സമയമുണ്ടോ?”

“ധാരാളം. നാളെ ഇവിടെനിന്നുള്ള ബാംഗ്ളൂര്‍ ഫ്ളൈറ്റിലും നാളെ വൈകുന്നേരത്തെ ബാംഗ്ളൂര്‍- കൊച്ചി ഫ്ളൈറ്റിലും ഞാന്‍ ടിക്കറ്റും ബുക്ക് ചെയ്തു കഴിഞ്ഞു.”

“നന്നായി. മറ്റുകാര്യങ്ങളെല്ലാം തീരുമാനമായാല്‍ കല്യാണത്തിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് നീ ഇങ്ങോട്ട് എത്തിയാല്‍ മതിയല്ലോ.”

“അല്പം കഴിഞ്ഞ് ഞാന്‍ അച്ഛനെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാം. മടക്കത്തില്‍ എനിക്ക് രണ്ടു സെറ്റ് ഡ്രസ്സ്‌ കൂടി വാങ്ങണം. ഇങ്ങനെയൊരു യാത്ര വേണ്ടിവരുമെന്ന് കരുതിയിരുന്നില്ലല്ലോ. രാത്രി ഈ മുറിയില്‍ തന്നെ താമസിച്ച ശേഷം നാളെ രാവിലെ ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിക്കും.” മധു വിശദമാക്കി.

ശശിധരന്‍ നായര്‍ ചേര്‍ത്തലക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ബാംഗ്ളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ പതിനൊന്നുമണിയോടെ മധു മേഘനയുടെ ഓഫീസിലെത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളോട് കിടപിടിക്കാവുന്ന കൂറ്റന്‍ ബഹുനിലകെട്ടിടത്തിലെ റിസപ്ഷനിലേക്ക് ചെന്ന് മധു റിസപ്ഷനിസ്റ്റിനോട് മനസ്സില്‍ കരുതി വെച്ചിരുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു. “അയാം മേഘനാസ് കസിന്‍. ഐ ഹാവ് കം ടു സീ ഹേര്‍” (ഞാന്‍ മേഘനയുടെ കസിന്‍ ആണ്. ഞാനവളെ കാണാന്‍ വന്നതാണ്‌)

“മാഡം ഈസ് ഓണ്‍ ടൂര്‍, സര്‍. യെസ്റ്റെര്‍ഡേ ഷി വെന്‍റ് ടു ബോംബെ” (മാഡം ടൂറില്‍ ആണ്. ഇന്നലെ അവര്‍ ബോംബെയ്ക്ക് പോയി)

റിസപ്ഷനിസ്റ്റിന്‍റെ വാക്കുകള്‍ ഏതാനും നിമിഷത്തേക്ക് മധുവിനെ വിഭ്രമാവസ്ഥയിലാക്കി.

“ഡു യു വാണ്ട് എനി ഹെല്പ് ഫ്രം മീ സര്‍” (താങ്കള്‍ക്ക് എന്നില്‍നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ സര്‍) റിസപ്ഷനിസ്റ്റിന്‍റെ വിനയം തുളുമ്പുന്ന സ്വരം

“നോ താങ്ക്സ്” (ഇല്ല ,നന്ദി) എന്ന് പറഞ്ഞെങ്കിലും അടുത്ത നിമിഷം അയാള്‍ ആവശ്യപ്പെട്ടു “ഐ ഷാല്‍ സ്പീക്ക്‌ ടു വണ്‍ ഓഫ് ഹേര്‍ കൊളീഗ്സ്സ്” (ഞാന്‍ അവളുടെ ഏതെങ്കിലും സഹപ്രവര്‍ത്തകരോട് സംസാരിച്ചോട്ടെ)

“ഷുവര്‍ സര്‍” (തീര്‍ച്ചയായും സര്‍)

റിസപ്ഷനിസ്റ്റ് ഇന്‍റെര്‍കോമില്‍ മുകള്‍നിലയിലെ ഏതോ നമ്പരിലേക്ക് വിളിച്ചശേഷം ഫോണ്‍ മധുവിനെ ഏല്പിച്ചു. “ഹലോ അയാം മധു മോഹന്‍. മേഘനാസ് കസിന്‍. റിസപ്ഷനിസ്റ്റ് ടോള്‍ഡ്‌ മി ഷി ഈസ് ഇന്‍ ബോംബെ” (ഞാന്‍ മധു മോഹന്‍, മേഘനയുടെ കസിന്‍. അവള്‍ ബോംബെയിലാണെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു)

“യെസ്, യെസ്റ്റെര്‍ ഡേ ഷി ലെഫ്റ്റ് ഫോര്‍ ബോംബെ” (ശരിയാണ്. ഇന്നലെ അവര്‍ ബോംബെയ്ക്ക് പോയി)

“ഓ കേ.  താങ്ക് യു”

മധു ടാക്സിയിലേക്ക്‌ കയറിയിരുന്ന ശേഷം ഡ്രൈവറോട് എയര്‍ പോര്‍ട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

മേഘനയെ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വന്നതുകൊണ്ടുള്ള നിരാശയെക്കാള്‍ മധുവിന്‍റെ മനസ്സിനെ അലട്ടിയിരുന്നത് മറ്റുചില ആശങ്കകളായിരുന്നു.

മേഘന ഇന്നലെ തിരുവനന്തപുരത്തുള്ള അവളുടെ വീട്ടില്‍ എത്താഞ്ഞതിന് അവളുടെ മാതാപിതാക്കള്‍ നല്‍കിയ വിശദീകരണം ട്രാഫിക് ബ്ളോക്കില്‍ പെട്ടതുകൊണ്ട് അവള്‍ക്ക് സമയത്തിന് ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ എത്താനാകാത്തത് കൊണ്ടാണെന്നാണ്. എന്നാല്‍ അവളുടെ ബാംഗ്ളൂര്‍ ഓഫീസില്‍നിന്ന്‍ ലഭിച്ച വിവരം അവളിന്നലെ ബോംബേയ്ക്ക് പോയെന്നും. താനുമായുള്ള കൂടിക്കാഴ്ച അവള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണോ? എങ്കില്‍ അതിന്‍റെ കാരണം?

ഒരുപക്ഷെ അവള്‍ മറ്റാരെങ്കിലുമായി പ്രണയത്തിലായിരിക്കാം. ആരും ആരാധനയോടെ നോക്കിനിന്നു പോകുന്നത്ര ആകാരസൗഷ്ഠവം ഉള്ളവളാണവള്‍ എന്നതിനാല്‍ അതിനുള്ള സാധ്യതയും ഏറെയാണ്‌. മറ്റാരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളെ ധിക്കരിക്കനാകാതെ അവളീ വിവാഹത്തിന് സമ്മതം മൂളിയാല്‍ത്തന്നെ ഈ ബന്ധത്തിന് എന്ത് പൂര്‍ണ്ണതയാണുണ്ടാകുക?

പെണ്ണുകാണല്‍ ചടങ്ങിന് അവളെത്താതിരുന്നതിന്‍റെ യഥാര്‍ത്ഥകാരണമെന്തെന്ന് അന്വേഷിച്ചറിയണമെന്ന ഉറച്ച തീരുമാനവുമായാണ് മധു മോഹന്‍ ബാംഗ്ളൂര്‍ എയര്‍ പോര്‍ട്ടിന് മുന്നിലിറങ്ങിയത്. ഒട്ടും സമയം പാഴാക്കാതെ അയാള്‍ അന്ന് വൈകുന്നേരത്തെ ബാംഗ്ളൂര്‍ – ബോംബെ ഫ്ളൈറ്റിലും പിറ്റേന്ന് ഉച്ചക്കുള്ള ബോംബെ- കൊച്ചി ഫ്ളൈറ്റിലും ടിക്കറ്റ് ലഭ്യമാണോ എന്ന് തിരഞ്ഞു. ഭാഗ്യത്തിന് രണ്ടിലും സീറ്റൊഴിവുണ്ട്. ഉടനെ രണ്ടിലും ഓരോ ടിക്കെറ്റ് ഉറപ്പാക്കിയശേഷം ബോംബെക്കുള്ള ഫ്ളൈറ്റും കാത്തിരുന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 20

എന്നെങ്കിലുമൊരിക്കൽ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് ഈ മമ്മി ഈ ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോൺ കൈയ്യിലെടുത്തു. അപ്പുറത്ത് അരുണായിരുന്നു. എന്‍റെ പ്രിയപ്പെട്ട വിദ്യാർത്ഥി.

“ഹലോ മാഡം, ഇത് ഞാനാണ് അരുൺ…”

ഹിന്ദിച്ചുവയുള്ള മലയാളത്തിൽ അരുണിന്‍റെ വാക്കുകൾ ഒഴുകിയെത്തി.

“എന്താ അരുൺ?” ഇടറിയ സ്വരത്തിൽ ഞാൻ മറുചോദ്യം ഉന്നയിച്ചു.

“മാഡം, ഇന്ന് ഫ്രീയാണെങ്കിൽ ഞാൻ അങ്ങോട്ടു വന്നാലോ എന്നാലോചിക്കുകയായിരുന്നു. മാഡത്തോടൊപ്പം ഒരു ദിവസം ചെലവിടാൻ ഞാനാഗ്രഹിക്കുന്നു. നമുക്ക് പുറത്തൊക്കെ ചുറ്റിക്കറങ്ങി, ഹോട്ടലിൽ നിന്നും ആഹാരമൊക്കെ കഴിച്ച്, വേണമെങ്കിൽ ഒരു സിനിമയും കണ്ട്. അങ്ങിനെയൊക്കെ ഇന്നത്തെ ദിവസം ചെലവിട്ടാലോ എന്ന് ചിന്തിച്ചു. വേണമെങ്കിൽ എന്‍റെ അമ്മയെയും കൂട്ടാം…

“അതിനെന്താ അരുൺ വന്നോളൂ… ഇന്നത്തെ ദിവസം നമുക്കിവിടത്തന്നെ ചെലവിടാം. എന്‍റെ കൈ കൊണ്ട് ഞാൻ അരുണിനും അമ്മയ്ക്കും ആഹാരമുണ്ടാക്കിത്തരാം. ഒരമ്മയെ പോലെ അരുണിന് ആഹാരം വിളമ്പിത്തന്ന് എനിക്കിന്ന് സംതൃപ്തിയടയണം.”

“ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു മാഡം… ഒരു പതിനഞ്ചു മിനിട്ട്… ഞാനുമമ്മയും അവിടെ എത്തിയിരിക്കും.

അരുണിന്‍റെ വാക്കുകൾ അതുവരെ മനസ്സിനെ മൂടിയിരുന്ന കാർമേഘപടലത്തെ അകറ്റി നിർത്തി പകരം ഹൃദയത്തിൽ സന്തോഷം നിറച്ചു. അരുണിന്‍റെ അമ്മ മലയാളിയായതു കൊണ്ടു കൂടിയാണ് ഈ അടുപ്പം. അവർ കോഴിക്കോടുകാരാണത്രെ.

പത്തു പതിനഞ്ചു മിനിറ്റിനകം അവർ എത്തിച്ചേരും. അതിനു മുമ്പ് കുളിച്ചു ഡ്രസ്സുമാറി നില്ക്കാമെന്നു കരുതി. കുളിമുറിയിലേയ്ക്കു നടന്നു. രാവിലെ മുതൽ മൂഡു ശരിയല്ലാത്തതു കൊണ്ട് ഒന്നും ചെയ്യുവാൻ തോന്നിയില്ല. ആകെ ഒരു ഒറ്റപ്പെടൽ. ആ വേദന മനസ്സിനെ അലട്ടിയപ്പോഴാണ് കൃഷ്ണമോളെ വിളിക്കാമെന്ന് കരുതിയത്. മാത്രമല്ല ആഴ്ചയിൽ ആകെ കിട്ടുന്ന ഈ ഹോളിഡേയ്സിലാണ് കോളേജ് വിട്ട് മാറ്റാരോടെങ്കിലുമൊക്കെ സമ്പർക്കത്തിലേർപ്പെടാൻ കഴിയുന്നത്. അങ്ങനെയാണ് കൃഷ്ണമോളെ ഫോണിൽ വിളിച്ച് കാണണമെന്നു പറഞ്ഞത്.

പക്ഷെ അവളുടെ പെരുമാറ്റം ഉള്ള മൂഡും കൂടി തകർത്തു കളഞ്ഞു. എന്‍റെ മനോനില തന്നെ തകിടം മറിക്കുന്ന അവളുടെ പെരുമാറ്റം ഹൃദയത്തെ കുറച്ചൊന്നുമല്ല മുറിപ്പെടുത്തിയത്. ഹൃദയ ഭിത്തിയിൽ നിന്നും ഒലിച്ചിറങ്ങിയ ചോര കണ്ണുനീരായി വാർന്നൊഴുകി കിടക്കയെ കുതിർത്തപ്പോൾ ഒട്ടൊരു ആശ്വാസം കിട്ടി. അപ്പോഴാണ് അരുണിന്‍റെ ഫോൺ കോൾ വന്നത്.

എന്നെ സന്തോഷിപ്പിക്കാനായി മാത്രം ജനിച്ച ഒരേയൊരു മകനെപ്പോലെയാണവൻ. എന്‍റെ രാഹുൽ മോന്‍റെ പകരക്കാരൻ. അവന്‍റെ ഓരോ വരവും ഹൃദയത്തിൽ ആനന്ദത്തിന്‍റെ തേൻ തുള്ളികൾ മാത്രം നിറയ്ക്കുന്നു. രാഹുൽമോനെപ്പോലെ അവന്‍റെ ഓരോ വാക്കും നോക്കും എന്‍റെ മുഖത്തെ ഇപ്പോൾ ആവരണം ചെയ്‌തിരിക്കുന്ന ദുഃഖത്തിന്‍റെ മൂടുപടത്തെ എടുത്തു മാറ്റുന്നു. പകരം സന്തോഷത്തിന്‍റെ ഒരു നേർത്ത തിരശ്ശീല കൊണ്ട് അവൻ എന്‍റെ ജീവിതത്തെ ആവരണം ചെയ്യുന്നു.

കുളി കഴിഞ്ഞ് അവന്‍റെ ബൈക്കിന്‍റെ ശബ്ദത്തിനായി കാതോർത്തു കൊണ്ട് ഞാൻ സിറ്റൗട്ടിലിരുന്നു. അലക്ഷ്യമായ കൈ കൊണ്ട് കോതിയിട്ട മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. നരേട്ടനുള്ളപ്പോൾ അണിഞ്ഞൊരുങ്ങാൻ എനിക്കെന്തു താൽപര്യമായിരുന്നു. എന്നാലിന്നിപ്പോൾ മുടി ചീകാൻ പോലും മടി തോന്നുന്നു. കുളി കഴിഞ്ഞ് വലിയ സിന്ദൂരപ്പൊട്ട് നെറ്റിയിലണിഞ്ഞ് ഒരു നേരിയ പ്രസാദക്കുറിയുമണിഞ്ഞ് ഞാനെത്തുമ്പോൾ നരേട്ടൻ പറയുമായിരുന്നു.

“ഇപ്പോൾ സാക്ഷാൽ രവിവർമ്മ ചിത്രം പോലെ തന്നെക്കണ്ടാൽ തോന്നും. മാധവിക്കുട്ടിയും മറ്റും തന്നെപ്പോലെ വലിയ സിന്ദൂരപ്പൊട്ടണിയാറുണ്ട്. അപ്പോൾ ഞാൻ പറയാറുണ്ട്.” ഞാൻ മാധവിക്കുട്ടിയുടെ ഒരു വലിയ ഫാനാണെന്ന്, നരേട്ടനറിയില്ലേ…

സ്ത്രീ ഹൃദയ വൈവിദ്ധ്യങ്ങളെ പ്രേമത്തിന്‍റെ മനോഹരമായ ആവിഷ്കാരങ്ങളെ അവർ എത്ര ഭംഗിയായി തന്‍റെ കൃതികളിൽ വർണ്ണിച്ചിരിക്കുന്നു. കാലങ്ങളായി ആളുകൾ പറയുവാൻ മടിച്ചിരുന്ന പലതും. അവർ തന്‍റെ കൃതികളിലൂടെ തുറന്നടിച്ചു. പാരമ്പര്യങ്ങളെ പുഛിച്ചു തള്ളി…

“ഞാൻ മാധവിക്കുട്ടിയെക്കുറിച്ചു പറഞ്ഞ് ആവേശം കൊള്ളുമ്പോൾ നരേട്ടൻ ഉറക്കെ ചിരിക്കും…” തന്നിലും ഒരു പുരോഗമനവാദി ഒളിഞ്ഞു കിടപ്പുണ്ടല്ലോ? മാധവിക്കുട്ടിയെപ്പോലെ പാരമ്പര്യങ്ങളെ തൂത്തെറിയാനുള്ള വ്യഗ്രത തന്നിലുമുണ്ടല്ലേ?”

നരേട്ടൻ അതു പറയുമ്പോൾ അറിയാതെ ഒരു ചൂളൽ എന്നിൽപ്പടർന്നു കയറും. നരേട്ടൻ എന്നെക്കുറിച്ച് എത്ര ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ പഴഞ്ചൻ ചിന്താഗതികളെ പുഛിച്ചു തള്ളുവാൻ പറഞ്ഞ്, ആവേശത്തോടെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. പുത്തൻ പാരമ്പര്യത്തിന്‍റെ വക്താവായിട്ടുണ്ട്. അതെല്ലാം പലപ്പോഴായി നരേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പഠിപ്പിക്കുമ്പോഴും പലപ്പോഴും പുതിയ തലമുറയിൽ ഇത്തരത്തിലുള്ള പുത്തൻ ആവേശം ഉണർത്താൻ ശ്രമിക്കാറുണ്ട്. സ്വന്തം ജീവിതത്തിലും അത് കുറെയൊക്കെ പകർത്താൻ എനിക്കു കഴിഞ്ഞിട്ടുമുണ്ട്.

ജാതി-മതവ്യവസ്‌ഥിതികൾക്കെതിരായി ആവേശം കൊണ്ടിട്ടാണല്ലോ ഞാൻ ഫഹദ്സാറിനെ വിവാഹം  കഴിച്ചത്. മാധവിക്കുട്ടിയും ഒരു മുസ്ലീമായി മതം മാറി. എല്ലാം കൊണ്ടും എന്നോട് ഏറെ സാമ്യമുള്ള ആ കഥാകാരിയെ ഞാൻ ഏറെ ബഹുമാനിക്കുന്നു. നരേട്ടനതറിയാം. അതുകൊണ്ടാണ് പലപ്പോഴും മാധവിക്കുട്ടിയുമായി എന്നെ സാമ്യപ്പെടുത്തുന്നത്.

ഇന്നിപ്പോൾ നരേട്ടന്‍റെ ആ വാക്കുകൾ… പൊട്ടിച്ചിരി… എല്ലാം കേൾക്കുവാൻ കൊതി തോന്നുന്നു. പക്ഷെ…. അദ്ദേഹമിന്നെവിടെയാണ്. അനന്തവിഹായസ്സിൽ എവിടെയോ ഇരുന്ന് അദ്ദേഹം എന്നെ വീക്ഷിക്കുന്നുണ്ടാവുമോ? എന്‍റെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്നുണ്ടാവുമോ? വാക്കുകൾക്കതീതമായ ഏതോ ലോകത്തിരുന്ന് അദ്ദേഹം നിശബ്ദം എന്നെ സ്നേഹിക്കുന്നുണ്ടാവാം…

കണ്ണുകളിൽ ഊറിക്കൂടിയ മിഴിനീരിനിടയിൽ കൂടി ഞാൻ കണ്ടു ദൂരെ നിന്നും പാഞ്ഞെത്തുന്ന ആ മോട്ടോർ ബൈക്ക്… അതിൽ നിന്നും പ്രസന്നവദനനായി ചാടിയിറങ്ങുന്ന അരുൺ കൂടെ അയാളുടെ അമ്മ. മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരിയായ വീട്ടമ്മ. അമ്പതിനോടടുത്ത് പ്രായമുള്ള അവരുടെ കണ്ണുകളിൽ എന്നോടുള്ള സഹതാപവും സ്നേഹവും നിറഞ്ഞു നിന്നു. വിഷാദമഗ്നമായ ഒരു പുഞ്ചിരിയോടെ അവരെ എതിരേൽക്കുമ്പോൾ ഹൃദയം ഏതോ സമാശ്വാസ തീരങ്ങളിൽ അഭയം തേടുകയായിരുന്നുവോ? ആ സ്നേഹ സാമീപ്യങ്ങൾ ഒരു പൂന്തെന്നൽ പോലെ എന്നെ തഴുകി തലോടുന്നതു പോലെ.

എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളിൽ തങ്ങളുടെ സാമീപ്യ സ്പർശനത്താൻ ആ അമ്മയും മകനും തൈലം പുരട്ടുകയായിരുന്നില്ലെ. ഒരിക്കലും ഉണങ്ങാത്ത മുറിവുകളിൽ ഏതോ ദിവ്യ ഔഷധി എന്ന പോലെ ഇടയ്ക്കിടയ്ക്കുള്ള അവരുടെ സന്ദർശനങ്ങൾ മനഃപൂർവ്വമായി എന്നെ സന്തോഷിപ്പിക്കുവാനുള്ള അവരുടെ പരിശ്രമങ്ങൾ… എല്ലാമെല്ലാം ഏതോ സ്നേഹ സാന്ത്വനമായി എന്നിൽ പരിണമിക്കുകയായിരുന്നു. ഒരിക്കൽ കൂടി ഹൃദയത്തിന്‍റെ വാതായനങ്ങൾ തുറന്നിട്ട് ഞാൻ അവരെ സ്വീകരിച്ചു. അപ്പോൾ എന്‍റെ കണ്ണുകളിലെ വിഷാദഛായ  എങ്ങോ പോയി മറഞ്ഞിരുന്നു. പകരം ഹൃദ്യമായ ഒരു പുഞ്ചിരി ചുണ്ടുകളിൽ തങ്ങി നിന്നു.

ഡ്രോയിംഗ് റൂമിലേയ്ക്ക് നടന്നു കൊണ്ട് ഞാൻ അവരെ ക്ഷണിച്ചു. “വരൂ… നമുക്ക് അകത്തിരുന്ന് സംസാരിക്കാം…” അകത്ത് നിരത്തിയിട്ട സെറ്റികളിലൊന്നിൽ അവരെ ഇരിക്കാൻ ക്ഷണിച്ചു കൊണ്ട് ഞാനും അടുത്തിരുന്നു. അപ്പോൾ അരുൺ ചോദിച്ചു.

“മാഡം… ഒറ്റയ്ക്കിരുന്ന് വല്ലാതെ മുഷിയുന്നുണ്ടാവുമെന്നു തോന്നി. അതാണ് അമ്മയെ വിളിച്ചു കൊണ്ട് ഞാൻ വന്നത്.”

“അതു നന്നായി അരുൺ… അരുണിനെയും അമ്മയേയും കാണുന്നതാണ് എനിക്കിപ്പോൾ ഏറ്റവും സന്തോഷം. പഴയതെല്ലാം മറക്കാൻ നിങ്ങൾ എനിക്കു പ്രേരണ നൽകുന്നു.”

എന്‍റെ വാക്കുകൾ കേട്ട് അരുണിന്‍റെ അമ്മ പറഞ്ഞു.

“അരുണിനിപ്പോൾ മാഡത്തെപ്പറ്റി പറയാനെ നേരമുള്ളൂ… അവനിപ്പോൾ എന്നെക്കാളിഷ്ടം മാഡത്തിനോടാണ്.”

“അരുൺ എനിക്ക് രാഹുലിനെ പോലെയാണ്. രാഹുലിന്‍റെ പല സ്വഭാവ വിശേഷണങ്ങളും അരുണിനുമുണ്ട്…” അറിയാതെ നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. പെട്ടെന്ന് രാഹുൽ  മനസ്സിലേയ്ക്കോടിയെത്തിയതു കൊണ്ടാകാം അരുണിന്‍റേയും കണ്ണുകളിൽ വിഷാദഛായ പടർന്നു. അവൻ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“രാഹുൽ, മാഡത്തെപ്പറ്റി പറയാത്ത ദിവസങ്ങളില്ല. അവന്‍റെ ജീവിതത്തിൽ, അവനേറ്റവുമിഷ്ടം മാഡത്തിനോടായിരുന്നു. മമ്മി ഉണ്ടാക്കുന്നതു പോലെ ലോകത്തിലൊരു മമ്മിയ്ക്കും ഇത്ര സ്വാദുള്ള ആഹാരം ഉണ്ടാക്കാനാവുകയില്ലെന്ന് അവൻ പറയാറുണ്ടായിരുന്നു. മാഡം ഹോസ്റ്റലിലേയ്ക്ക് കൊടുത്തയയ്ക്കുന്ന ഉണ്ണിയപ്പവും, അച്ചപ്പവും, മുറുക്കും മറ്റും അവൻ എനിക്ക് കൊണ്ടു തരുമായിരുന്നു. അങ്ങനെ മാഡത്തിന്‍റെ കൈപ്പുണ്യം ഞാനും ഒരുപാടറിഞ്ഞിട്ടുണ്ട്.

“ശരിയാണ്, മീര മാഡം കൊടുത്തയയ്ക്കുന്ന ആഹാരം കഴിച്ചിട്ട് ഇവൻ എന്നോടു വന്നു വഴക്കുണ്ടാക്കും. ഞാനും അതുപോലെ കേരളീയ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ പറഞ്ഞ്. പക്ഷെ കേരളത്തിൽ നിന്ന് വിട്ടു പോന്നിട്ട് വർഷങ്ങൾ പലതായില്ലെ? എനിക്കിപ്പോൾ അത്തരം ഭക്ഷണമൊന്നും ഉണ്ടാക്കാനറിയില്ല. മാത്രമല്ല ഇവന്‍റെച്ഛൻ നോർത്തിന്ത്യൻ ആയതു കൊണ്ട് ആ രീതിയിലുള്ള ഭക്ഷണമേ ഞാനിപ്പോളുണ്ടാക്കാറുള്ളൂ…”

അരുണിന്‍റെ അമ്മ അൽപം വിളറിയ ചിരിയോടെ എന്നോടു പറഞ്ഞു. അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ചിരിച്ചു കൊണ്ട് തന്നെ അവർ തുടർന്നു. “ഇന്ന് മാഡത്തിന്‍റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാണ് അവൻ വന്നിരിക്കുന്നത്. ഞാൻ പറഞ്ഞു മാഡം മാനസികമായി വിഷമിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഉപദ്രവിക്കേണ്ടെന്ന്. പക്ഷെ ഇവൻ കേൾക്കണ്ടെ?

പെട്ടെന്ന് കണ്ണുകൾ തുടച്ച് ഉൻമേഷം വീണ്ടെടുത്ത് ഞാൻ പറഞ്ഞു.

“അരുണിന് എന്‍റെ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ഇന്ന് നമുക്ക് ചെറിയ രീതിയിൽ കേരളീയ ഭക്ഷണം ഉണ്ടാക്കി കഴിക്കാം. മാത്രമല്ല രാഹുലിന്‍റെ പിറന്നാൾ ദിനം കൂടിയാണിന്ന്. അവൻ മരിച്ചു പോയെങ്കിലും നരേട്ടനുള്ളപ്പോൾ ഞങ്ങളൊരുമിച്ച് അതാഘോഷിക്കാറുണ്ടായിരുന്നു. ഇന്ന് നമുക്കൊരുമിച്ച് അതാഘോഷിക്കണം. അകലങ്ങളിലിരുന്ന് രാഹുത്ത അതുകണ്ട് സന്തോഷിക്കട്ടെ… എന്തു പറയുന്നു അരുൺ?” അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ അരുണിനെ നോക്കി.

“ഓ… ഞാനറിഞ്ഞില്ല മാഡം ഇന്ന് രാഹുലിന്‍റെ പിറന്നാളാണെന്ന് ഞാനത് മറന്നു പോയി. അവനുള്ളപ്പോൾ എത്ര ബെർത്ത് ഡേകൾ ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ഞങ്ങൾ ഫ്രണ്ട്സെല്ലാം കൂടി അന്ന് ബൈക്കിൽ അൽപം ദൂരെ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകും. എന്നിട്ട് പാട്ടും ബഹളവുമായി എന്താഘോഷമായിരുന്നു അന്നെല്ലാം. അതെല്ലാം മരിയ്ക്കാത്ത ഓർമ്മകളായി ഇന്നും മനസ്സിൽ നിലനിൽക്കുന്നു. രാഹുലിനു വേണ്ടി നമുക്കൊരിയ്ക്കൽ കൂടി അങ്ങനെ ആഘോഷിക്കണം മാഡം. ഞാൻ എന്‍റെ കുറച്ചു ഫ്രണ്ട്സിനെക്കൂടി വിളിക്കട്ടെ. അവരോടൊത്ത് നമുക്ക് വൈകുന്നേരമാകുമ്പോൾ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകാം.”

അരുൺ അൽപം ആവേശപൂർവ്വം തന്‍റെ പ്ലാൻ അവതരിപ്പിച്ചു. ആഘോഷങ്ങൾക്കൊന്നും മനസ്സ് വഴങ്ങുകയില്ലെന്നറിഞ്ഞിട്ടും ഞാനപ്പോൾ അതിനു സമ്മതിച്ചു. അന്ന് ഉച്ചയ്ക്ക് ഒരു ചെറിയ സദ്യ ഉണ്ടാക്കി ഞാനവർക്കു നൽകി. ഒരു ചെറിയ ഇലക്കീറിൽ സദ്യ വിളമ്പി വച്ച് അതിനു മുന്നിൽ വിളക്കു കൊളുത്തി രാഹുലിനായി മാറ്റി വച്ചു. അവന്‍റെ ആത്മാവ് സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന് ആ സദ്യ ആസ്വദിച്ചു കാണുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നീട് കണ്ണീരോടെ അവനു വിളമ്പി വച്ച ആഹാരം കഴിക്കുമ്പോൾ ഒരമ്മ ഹൃദയത്തിന്‍റെ പിടച്ചിൽ ഞാനറിഞ്ഞു.

തൊണ്ട കഴച്ചു പൊട്ടുന്ന വേദനയിലും ഞാനവനു വേണ്ടി അതു മുഴുവൻ കഴിച്ചു തീർത്തു. അപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അരുൺ അടുത്തു നിന്നു. അടക്കാനാവാത്ത ഹൃദയ ഭാരത്താൽ ഹൃദയം പലപ്പോഴും പൊട്ടിപ്പോകുമെന്നു തോന്നി.

പക്ഷെ അരുണിന്‍റെ കൈകൾ താങ്ങി നിന്നതു കൊണ്ടാവാം ആ ദിനങ്ങളുടെ കാഠിന്യത്തെ അതിജീവിക്കാൻ എനിക്കു കഴിഞ്ഞത്. അല്ലെങ്കിൽ നരേട്ടന്‍റെയും രാഹുലിന്‍റെയും വേർപാട് തീർത്ത അസഹ്യമായ വേദനയിൽ പിടഞ്ഞ് ഇഞ്ചിഞ്ചായി ഞാനും മരിക്കുമായിരുന്നു.

അതെ! ആ വേദനയിൽ നിന്നും എന്നെ ഉയർത്തി കൊണ്ടു വന്നത് അരുണിന്‍റെ കൈകളാണ്.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें