ഒച്ച്- അവസാന ഭാഗം

ചിന്തകളിൽ മുഴുകി ഫ്ലാറ്റെത്തിയത് അറിഞ്ഞില്ല. തണുത്ത വെള്ളത്തിലെ കുളി കഴിഞ്ഞ് നേർത്തു മൃദുലമായ നാരുകളുള്ള നൂലപ്പത്തിൻമേൽ വെജിറ്റബിൾ കറിയൊഴിച്ച് കഴിച്ചപ്പോൾ മനസ്സും വയറും നിറഞ്ഞു. നാരങ്ങാ ചേർത്ത ഒരു കടും കാപ്പിയെടുത്ത് ബാൽക്കണിയിൽ വന്നു നിന്നു. സന്ധ്യ ഇരുണ്ടു തുടങ്ങിയിരുന്നു. മുനിഞ്ഞു കത്തുന്ന വഴിവിളക്കുകളെ നൊടിയിടയിൽ പ്രകാശാനമാക്കിക്കൊണ്ട് വഴിയിലൂടെ ഇടക്കിടക്ക് വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഇടക്ക് കാൽനടയാത്രക്കാരും യാത്ര തുടരുന്നതു കണ്ടു.

ഞാൻ നിരത്തിൽ നിന്നും കണ്ണു പിൻവലിച്ച് കൈയ്യിലിരുന്ന ഡയറിയിലെ പേജുകൾ മറിച്ചു. ഏതാനും പേജുകൾ മറിച്ച ശേഷം എന്‍റെ ശ്രദ്ധ ഒരു പേജിൽ എഴുതിയിരുന്ന പേരിലേക്കും ആ പേരുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്കും ഏറെ നേരം ഉടക്കി നിന്നു. വീണ്ടും യാത്ര.

ചെങ്കുത്തായ മലയടിവാരത്തിലൂടെ വഴിത്താരക്കു വലതുവശം റബർ മരങ്ങൾ നിരന്നു നിൽക്കുന്നതു കൺ പായ്ച്ചുള്ള യാത്ര. അപരിചിതമായ വഴിത്താരയും മനുഷ്യരും. സാധാരണ യാത്രക്കൊടുവിൽ അപരിചിതരായ എങ്കിലും എനിക്ക് ചില പ്രത്യേകതകൾ തോന്നുന്ന മനുഷ്യർ പരിചിതരായി എനിക്കു മുന്നിൽ വല്ലപ്പോഴും മിഴിവാർന്ന് തെളിഞ്ഞു നിൽക്കാറാണ് പതിവ്. എനിക്ക് ബാക്കി ചില്ലറ തരാനുള്ള കട്ടി ക്കണ്ണടക്കാരൻ അത്തരത്തിലുള്ള ഒരാളാണ്.

മൂക്കിലേക്കിറങ്ങിയ കട്ടി ഗ്ലാസ്സിനു മുകളിലൂടെയുള്ള അയാളുടെ നോട്ടം ഓർമ്മ വരുന്നു. അയാളുടെ പേരു പോലും ചോദിച്ചു മനസ്സിലാക്കിയില്ലെന്ന ഖേദമുണ്ട്. ജീവിതയാത്രയിൽ ഏതെങ്കിലും വഴിത്താരയിൽ വച്ച് ചിലപ്പോൾ അയാളെ കണ്ടുമുട്ടാം അല്ലെങ്കിൽ ജീവിതാന്ത്യം വരെ കണ്ടുമുട്ടാത്തെയുമിരിക്കാം.

തുടർച്ചയായ യാത്രകൾക്കു ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി. എന്നിരുന്നാലും ഒന്നു രണ്ടു ദിവസത്തിനു ശേഷമേ ഓഫീസിൽ പോകു എന്നു തീരുമാനിച്ചു. രണ്ടു ദിവസത്തെ യാത്രയുടെ ക്ഷീണം മനസ്സിനെയും ശരീരത്തെയും ബാധിച്ചു. റബർ മരങ്ങൾക്കിടയിൽ വട്ടം ചുറ്റുന്ന കാറ്റ് ഇപ്പോഴും ചെവിക്കുള്ളിൽ ചൂളമടിക്കുന്ന പോലെ തോന്നി. ആ മരങ്ങൾക്കിടയിലെ തണുത്ത വിജനത നേരിയ ഭയപ്പാടായി ഭ്രൂണത്തെ പോലെ മനസ്സിൽ പറ്റി നിന്നു. ഇനി ഇതു വച്ചു താമസിപ്പിക്കരുത് തോമാച്ചനെ വിളിച്ച് ഈ അദ്ധ്യായം അവസാനിപ്പിക്കണം!

സംശയത്തിന്‍റെ നിഴലുകൾ സംഗമിക്കുന്നത് ഒരാളിലേക്കാണ്. മറ്റാരിലേക്കും ആ ഇരുണ്ട നിഴലുകൾ വന്നു പതിക്കുന്നില്ല. എന്‍റെ നിഗമനങ്ങൾ തോമാച്ചനെ അറിയിക്കണം. ഈ കദന കഥയിൽ നിന്നും എനിക്ക് ഉടനെ വിടുതൽ വേണം.

തോമാച്ചൻ പതിവുപോലെ തിരക്കിലാണ് ഇക്കൂറി കാട്ടിൽ നിന്നും സിനിമാ ലൊക്കേഷൻ മാറിയിരിക്കുന്നു. അല്പം അകലെയുള്ള ഒരു ഗ്രാമപ്രദേശത്താണ്! സിനിമാ ഷൂട്ടിംഗ്, അവിടെ ഏകദേശം പത്തിരുപതു ദിവസത്തോളം ഷൂട്ടിംഗ് കാണുമെന്ന് പറഞ്ഞ് തോമാച്ചൻ എന്നെ അവിടേക്ക് ക്ഷണിച്ചു. ഷൂട്ടിംഗ് തീരും വരെ കൂടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടു.

ഏൽപ്പിച്ച ജോലി കൃതാർത്ഥതയോടെ നിർവഹിച്ച് എന്നോട് യാത്ര പറഞ്ഞു പോയ ജോണി അവിടെ ഷൂട്ടിംഗുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും തോമാച്ചൻ പറഞ്ഞു. വാഹനം ഏർപ്പാടാക്കി തരാമെന്നു പറഞ്ഞതോടെ ഞാൻ പോകാൻ തീരുമാനിച്ചു.

പുലർകാലത്തെ നേരിയ തണുപ്പു ശമിക്കാത്ത ഒരുച്ചക്കു മുമ്പ് കാറു വന്നു. തലേന്ന് ഒരുക്കി വച്ചതെല്ലാം തുണി സഞ്ചിയിലാക്കി ഞാൻ. ട്രീസയോടും അമ്മയോടും യാത്ര പറഞ്ഞ് ഞാൻ വീടുവിട്ട് പുറത്തിറങ്ങി.

സൂര്യശകലങ്ങൾ ഏറ്റിട്ടും തണുപ്പു വിട്ടു പോകാത്ത പ്രകൃതിയും പരിസരങ്ങളും. രസികനായ ഡ്രൈവർ സാനു തുടക്കത്തിലെ പരിചയക്കുറവ് മാറിയപ്പോൾ മനസ്സു തുറന്ന് സംസാരിക്കാൻ തുടങ്ങി. പാഥേർ പാഞ്ചാലിയും ഗോഡ‌്ഫാദറും കണ്ട് ഹരം കയറിയ സാനു സംവിധായകനാകാൻ മോഹിച്ച് വീടുവിട്ടതാണ്. തുടക്കത്തിൽ വീട്ടുകാരിൽ നിന്നും ലഭിച്ച പിന്തുന്ന പിന്നീട് ലഭിക്കാതെയായി. എന്നാൽ സംവിധാനം പോയിട്ട് സഹസംവിധാനം പോലും എളുപ്പമല്ലെന്ന തിരിച്ചറിവിൽ ഏറെ വൈകാതെ സാനു എത്തിച്ചേർന്നു.

അങ്ങനെ ഏറെ പണിപ്പെട്ട് ഒരു ഷൂട്ടിംഗ് സൈറ്റിൽ സംവിധായകനെ കാണാൻ അനുവാദം ലഭിച്ച് ചെന്നപ്പോൾ ദേഷ്യം വന്ന് വിറച്ച് നിൽക്കുന്ന സംവിധായകനെയാണ് കണ്ടത്. എങ്ങോ തിടുക്കപ്പെട്ട് പോകാന റെഡിയായി നിന്ന അദ്ദേഹത്തിന്‍റെ ഡ്രൈവർ സമയത്തിന് എത്തിച്ചേർന്നിരുന്നില്ല. അങ്ങനെ പ്രൊഡക്ഷൻ കൺട്രോളർ ഇടപെട്ടു. അങ്ങനെ ഒടുവിൽ സാനു ആ യൂണിറ്റിലെ ഡ്രൈവർ ആയി നിയമിക്കപ്പെട്ടു.

സെറ്റിൽ എതെങ്കിലും പോസ്റ്റിൽ കയറിപ്പറ്റുക പിന്നീട് ഒരവസരം വന്നാൽ സഹസംവിധായകനാകാം എന്ന ഉദാഹരണങ്ങൾ നിരത്തിയുള്ള സുഹൃത്തിന്‍റെ ഉപദേശം നടപ്പിൽ വരുത്തുക മാത്രമായിരുന്നു സാനു ചെയ്തത്. എന്നാൽ സാനു പിന്നീടേറെ പരിശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും ഫലവത്തായില്ല. സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ ഇപ്പോഴും അവശേഷിക്കുന്നു.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ ഡ്രൈവറായി പോകുന്നത് മനസ്സു തകർക്കുന്ന കാര്യമെങ്കിലും പിന്നെ പിന്നെ യാഥാർത്ഥ്യങ്ങളോട് മനസ്സ് പൊരുത്തപ്പെട്ടു. കുണ്ടിലും കുഴിയിലും ചാടിക്കാതെ മികച്ച രീതിയിൽ കാറോടിക്കുന്ന സാനുവിനെ സവാരിക്കാർ പൊതുവെ ഇഷ്ടപ്പെട്ടു തുടങ്ങി. പൊതുവെ സെറ്റിൽ പ്രിയങ്കരനായി സാനു മാറി. സംവിധായകനാകാനുള്ള സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുന്നെങ്കിലും ജീവിതം മുന്നോട്ടു പോകുന്നു. എങ്കിലും ഒരു നാൾ സംവിധായകനാകുമെന്ന പ്രതീക്ഷ സാനു പങ്കുവച്ചു.

എന്തുകൊണ്ടോ ആ പ്രതീക്ഷ സഫലമാകില്ലെന്ന് എനിക്കു തോന്നി. കാരണം സാനു ഡ്രൈവർ എന്ന തസ്തികയിൽ അവരോധിക്കപ്പെട്ടിരിക്കുന്നു. സിനിമാവൃത്തങ്ങളിൽ സാനു ഡ്രൈവർ സാനുവാണ്. ഇനിയവന് സ്വപ്നം സഫലീകരിക്കാനുള്ള കടമ്പകൾ ഏറെയാണ്. ഒരാൾ ഏതെങ്കിലും ഒരു കാറ്റഗറിയിൽ സ്റ്റാമ്പു ചെയ്യപ്പെട്ടു കഴിഞ്ഞാൽ അവന് അതിൽ നിന്നൊരു മോചനം എളുപ്പമല്ല. ഇപ്പറഞ്ഞതിന് അപവാദം ഇല്ലെന്നല്ല. എങ്കിലും അത് തീർത്തും അപൂർവ്വതയായിട്ടാണ് അനുഭവപ്പെടുന്നത്. ഓരോരുത്തരും ചെയ്യുന്ന തൊഴിലിനെ ആസ്പദമായി പേരിനോടൊപ്പം തൊഴിൽ പേരു ചേർത്തു വിളിക്കുന്ന പ്രവണത സമൂഹത്തിൽ ഉണ്ട്.

എളുപ്പത്തിൽ തിരിച്ചറിയുക മാത്രമല്ല അതിനു പിന്നിലെ ലക്ഷ്യം എന്നു കരുതുന്നതിൽ തെറ്റുണ്ടെന്നു പറയാനാകില്ല. അങ്ങാടിയിൽ മുട്ടക്കച്ചവടം നടത്തി സമ്പന്നനായ ജോയി, സ്വർണ്ണപ്പീടിക തുടങ്ങി ജോയി മുതലാളിയായപ്പോഴും പഴയ മുട്ട ജോയി എന്ന വിളിപ്പേര് ജോയിക്ക് കൈമോശം വന്നില്ല. ഏതായാലും സാനുവിന്‍റെ ജീവിതം മുന്നോട്ടു പോകുന്നു.

ഈയിടെ വിവാഹവും കഴിച്ചു. വിവാഹത്തിന് ആശംസകൾ നേരാനെത്തിയ പ്രശസ്തനായ കോമഡി താരത്തെക്കുറിച്ചും അയാളുമായുള്ള ആത്മബന്ധത്തെക്കുറിച്ചും സാനു വാചാലനായി.

അപ്പോഴേക്കും നഗരപ്രദേശം കടന്ന് നാട്ടിൻ പുറത്തേക്ക് കടന്നിരുന്നു. ഇരുവശത്തും പച്ചപ്പ് പടർന്ന പാടം. അവയെ കീറി മുറിച്ചെന്ന പോലെ അകലങ്ങളിലേക്കു നീളുന്ന കറുത്ത പാത. വിൻഡോ തുറന്നപ്പോൾ ടാറിന്‍റെ മുഷിപ്പൻ ഗന്ധം മൂക്കിലേക്കു തിരതള്ളി

വലിയൊരു അരയാൽ മരത്തിന്‍റെ തണലിൽ കണ്ട തട്ടുകടക്കു മുന്നിൽ കാറു നിന്നു. സാനുവും ഞാനും പുറത്തിറങ്ങി. ടാറിന്‍റെ ഗന്ധം രൂക്ഷമായി മുഖത്തേക്കടിച്ചു. ഞാൻ തൂവാല കൊണ്ടു മൂക്കുപൊത്തിയ ശേഷം തട്ടുകടക്കു മുന്നിൽ കണ്ട മര ബഞ്ചിൽ പോയിരുന്നു.

കടക്കു പുറകെ പച്ച തഴച്ച പാടം. ചേറിനെ തഴുകിയ ഇളങ്കാറ്റ് പുതുതായി പണിത റോഡിലെ ടാറിന്‍റെ ഗന്ധത്തെ തെല്ല ശമിപ്പിച്ചെന്നു തോന്നി. തട്ടുകടക്ക് മുന്നിൽ ഞാത്തിയിട്ടിരിക്കുന്ന കാർഡ് ബോഡ് വില വിവരപ്പട്ടിക പരിശോധിക്കുകയായിരുന്നു സാനു. എന്താണ് ആവശ്യമുള്ളത് അത് വാങ്ങിക്കാൻ മൗനാനുവാദം നല്ലി ഞാൻ ഭീമാകാരനായ ആൽമരത്തേക്ക് കൺ പായിച്ചു. ആൽമരത്തിലെ പരശ്ശതം ഇലയടരുകളിൽ കാറ്റു നിരന്തരം പിടിച്ചു.

കാറിനകത്തിരുന്നപ്പോൾ എന്നെ ബാധിച്ച മുഷിവും മടുപ്പും ആലിലപ്പടർപ്പിൽ താളം തല്ലിയ കാറ്റ് കുടഞ്ഞു കളഞ്ഞു. തെല്ലിട കഴിഞ്ഞ് മര്യാദക്കാരനായ സാനു പരന്ന പാത്രത്തിൽ വെന്ത കൊള്ളി കൊണ്ടു വച്ചു വാഴയിലയുടെ ജൈവ സാന്ദ്രതയിൽ തിടം കൊണ്ട നേർത്ത ജീവസൂലിഴകൾ വിലയിച്ച പാഥേയം. അതിൻമേൽ വിരലൊന്നമർത്തിയപ്പോഴേക്കും പാഥേയമുടഞ്ഞു. പാഥേയത്തിനു കൂട്ടെന്തെന്ന എന്‍റെ മുഖമുയർത്തലിന് മറുപടിയായി തിള വന്നതിനു ശേഷം അടച്ചു വച്ച ചരുവത്തിൽ നിന്നും ചിരട്ടകയിലിൽ തെള്ളിയെടുത്ത മീൻ കറിയുമായി സാനു വന്നു. പരന്ന പിഞ്ഞാണത്തിനു നടുക്ക് അലങ്കാരമായി മീൻ നട്ടു. കൊള്ളി കുഴച്ച് ചാറിൽ മുക്കി ഒന്നു കുഴച്ച് ആദ്യത്തെ കൊള്ളിയുരുള ഞാൻ അൽപ്പാൽപ്പമായി കഴിച്ചു. നാവിലെ രസമുകുളങ്ങൾ ഉണർന്നു. ആ രുചിക്കൂട്ടിനെ സഹർഷം വരവേറ്റു. പിഞ്ഞാണങ്ങൾ നിറഞ്ഞു ഒഴിഞ്ഞു.

വയറും മനസ്സും നിറച്ച ആ പരിസ‌രത്ത് അല്പനേരം കൂടെ ഇരിക്കാൻ മനസ്സു ആഗ്രഹിച്ചെങ്കിലും വേഗം സങ്കേതമണയണമെന്നുള്ള ബോധം എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. വീണ്ടും സാനുവിന്‍റെ വിദഗ്ദ കരങ്ങളെ ആശ്രയിച്ചുള്ള യാത്ര തുറന്നിട്ട ഗ്ലാസ്സുകളുടെ പരിസരവും പ്രകൃതിയും മാറി. പ്രധാന പാത വിട്ട് നാട്ടുവഴിയിലേക്ക് വാഹനം കടന്നു. ഇടക്ക് വാഹനം ഒന്നു നിറുത്തി പുതുമഴച്ചുവയോടെ ഒരു ചായ കഴിച്ചതൊഴിച്ചാൽ വാഹനം അനസുതപ്രവാഹത്തിലലിഞ്ഞു. ഒറ്റപ്പെട്ട കരിമ്പനകളും പാടങ്ങളും വാഴത്തോപ്പുകളും താണ്ടി വാഹനം ഒരിടത്തരം രണ്ടുനില കെട്ടിടത്തിനു മുൻപിൽ കിതപ്പോടെ വന്നു നിന്നു.

പുറത്ത് സന്ധ്യ ഇരുണ്ടു തുടങ്ങിയിരുന്നു. സാമാന്യം ഭേദപ്പെട്ട ഒരു വഴിയമ്പലം ആയിരുന്നു അത്. സാനു എന്നെ അതിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി റിസപ്ഷനിലിരിക്കുന്ന മധ്യവയസ്കന് എന്നെ പരിചയപ്പെടുത്തി പരിചയപ്പെടുത്തലിനു ശേഷം ചിരപരിചിതനായ സതീർത്ഥ്യനെ പോലെ അയാൾ റൂമിന്‍റെ ചാവി എടുത്തു തന്നു. പിറ്റേന്ന് പുലർകാലേ വരാമെന്ന് യാത്ര പറഞ്ഞ് സാനു പോയി.

ചെറിയ മുറി. നല്ല വൃത്തിയും വെടിപ്പുമുള്ള മുറി. ഇളം നിറത്തിനുള്ള കിടക്ക വിരിയും കർട്ടനുകളും മുറിയിൽ കയറിയ പാടേ കണ്ണിലുടക്കി. കിടക്ക കണ്ടതും അതുവരെ പുറം കാണാതിരുന്ന ക്ഷീണം സർവ്വപ്രതാപത്തോടെ എന്നെ ചുറ്റി വരിഞ്ഞു. ഒപ്പം വിശപ്പും റിസപ്ഷനിൽ വിളിച്ചു വിവരം പറഞ്ഞ് അഞ്ചു മിനിറ്റിനുള്ളിൽ പരിചാരകനെത്തി. അയാൾ പറഞ്ഞ അത്താഴ വിഭവങ്ങളിൽ മനസ്സിലുടക്കിയത് റൊട്ടിയും സബ്ജിയുമാണ്. മറ്റെന്തോ ചിന്തയിലാണ്ട ഞാൻ റൊട്ടിക്കും സബ്ജിക്കുമായി സമ്മതം നല്കി. റൊട്ടിയും സബ്ജിയും വന്നു.

തട്ടുകടയിലെ രൂചിയോർമ്മയിൽ റൊട്ടി സബ്ജിയിൽ മുക്കിക്കഴിച്ച ഞാൻ നിരാശനായി. യാതൊരു രുചിയുമില്ലാത്ത പദാർത്ഥം. ഉണങ്ങിയ റൊട്ടിക്കു മുകളിൽ പൊള്ളത്തിനു മേൽ കരിഞ്ഞ് അടർന്ന മേലാപ്പ്. ഉരുളക്കിഴങ്ങും വഴുതനങ്ങയും കുഴഞ്ഞ കുണ്ടു പിഞ്ഞാണത്തിലെ സബ്ജി. അരുചികരമായ ഒരു ചിന്ത് റൊട്ടിയുടേയും കറിയുടേയും മിശ്രിതം. ഏറെ പണിപ്പെട്ട് ഞാൻ ചവച്ചിറക്കി നീരാസത്തോടെ രണ്ടു പ്ലേറ്റുകളും മുറിയുടെ മൂലയിലേക്ക് നീക്കി വച്ചു. വേണമെങ്കിൽ റിസപ്ഷനിലെ ചിരപരിചിതനായ സതീർത്ഥ്യനോട് വിവരം പറഞ്ഞ് മറ്റെന്തിലും ആഹാരം ആവശ്യപ്പെടാം. വേണ്ട. ശരീരവും മനസ്സും ഉടനെ വിശ്രമം ആഗ്രഹിക്കുന്നു. പിന്നെ അത്താഴം അത്തിപ്പഴത്തോളം എന്നല്ലേ ചൊല്ല്. അത്തിപ്പഴത്തോളം അത്താഴം ഭുജിച്ചു കഴിഞ്ഞു. നേരിയ ചൂടുള്ള ജീരകവെള്ളം രണ്ടു ഗ്ലാസ്സ് നിറയെ മൊത്തികുടിച്ചു വന്നു കിടന്നു.

നിരത്തിലെ ഏതൊ വഴിവിളക്കിൽ നിന്നും ശക്തിയേറിയ പ്രകാശം ജനലഴിയിലൂടെ പ്രസരിച്ചു കൊണ്ടിരുന്നു. ടാറിന്‍റെ ഗന്ധം മൂക്കിനെന്ന പോലെ കണ്ണിമക്ക് ആ പ്രകാശം അലോസരമായിത്തോന്നി കണ്ണിമ ചിമ്മിയാലും കൺപോളകളെ തുരന്ന് പ്രകാശം വമിച്ചു കൊണ്ടിരുന്നു എഴുന്നേറ്റ് ജനലിലെ കർട്ടൻ ശരിയായി വലിച്ചിട്ടപ്പോൾ പ്രകാശത്തിന്‍റെ സാന്ദ്രതക്ക് അല്പം കുറവു വന്നു. പെട്ടെന്ന് ഉറങ്ങുമെന്ന് നിനച്ചെങ്കിലും ആ നിനവ് തെറ്റെന്ന് ബോധ്യമായി. ശബ്ദമുയർത്തിക്കൊണ്ടിരുന്ന ഫാനിന്‍റെ വേഗത കുറച്ചു. ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.

നാളെ സാനു വരും സാനുവിന്‍റെ കൂടെ തോമാച്ചന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകണം. തോമാച്ചനെ കാണണം. കഥയുടെ ചുരുളഴിക്കണം. സാധ്യമെങ്കിൽ ഇന്നു തന്നെ മടങ്ങി പോകണം. ഇനിയിവിടെ ഇതു മാത്രമേ ബാക്കിയുള്ളൂ. അപരിചിതത്വത്തിന്‍റെ മേലാപ്പ് അണിഞ്ഞതിനാലാകാം ഈ വാസസ്ഥലത്തോടും പരിസരത്തോടും അകൽച്ച തോന്നുന്നത്. ഉറക്കം വന്നനുഗ്രഹിക്കാത്തതിന്‍റെ കാരണം തേടി മറ്റൊന്നിലേക്കും പോകേണ്ടതില്ല.

നിരത്തിലെ വാഹനങ്ങളുടെ മുരൾച്ച നേർത്തു. പിന്നെ വല്ലപ്പോഴുമായി ശമിച്ചു. മുനിഞ്ഞു പ്രസരിച്ചു കൊണ്ടിരുന്ന പ്രകാശ ധാരയും തെല്ലു ശമനം പൂണ്ടു. ജീവബിന്ദുക്കളിൽ മിക്കവരും സങ്കേതമണഞ്ഞു കഴിഞ്ഞിരുന്നു. നാളെ ഞാനും എന്‍റെ സങ്കേതമണയും. അതിനു മുൻപ് കഥയുടെ കെട്ടഴിക്കണം. അതെവിടെ നിന്നു തുടങ്ങണം?

കഥ തുടങ്ങുന്നത് ആൻറണി പൈലോക്കാരനിൽ നിന്നാണ്. നാട്ടിലെ സാമാന്യം ഭേദപ്പെട്ട സമ്പന്നനും പൊതുകാര്യ പ്രസക്തനുമായിരുന്ന ആന്‍റണി പൈലോക്കാരൻ. അല്പസ്വല്പം സാമൂഹിക സേവനത്തിലും താത്പര്യം കാണിച്ചിരുന്ന പൈലോക്കാരന്‍റെ തൊഴിൽ പരമ്പരാഗതമാറിക്കിട്ടിയ മില്ലു നടത്തിപ്പായിരുന്നു. കുലീന കുടുംബത്തിലെ അംഗമായിരുന്ന ക്ലാരയെ വിവാഹം ചെയ്ത പൈലോക്കാരന്‍റെ ആഗ്രഹം കടപ്പുറത്തെ മണൽത്തരികളുടെ അത്രയും എണ്ണം സന്താനങ്ങളുണ്ടാകുക എന്നതായിരുന്നു. മൂന്ന് സന്താനങ്ങളെ നല്കി ക്ലാര പൈലോക്കാരന്‍റെ ആഗ്രഹത്തെ തന്നാലാവും വിധം സഫലീകരിച്ചു.

സന്തോഷഭരിതമായ കുടുംബത്തിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടത് പെട്ടന്നായിരുന്നു. ആ അസ്വാരസ്യങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു അമൽ എന്ന പാവം പയ്യൻ. അരി മില്ലിൽ ജോലിക്കു വന്നിരുന്ന സ്ത്രീയിൽ പൈലോക്കാരന് ജനിച്ച അമൽ. ഈ വിവരം പലരും പറഞ്ഞ് ക്ലാര അറിഞ്ഞെങ്കിലും തന്നെയും കുടുംബത്തെയും ഒരു തരത്തിലും ബാധിക്കാത്ത ഒരു വിഷയമായിക്കണ്ട് അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ സാധുവായ അമലിന്‍റെ അമ്മ അസുഖബാധിതയായി മരിച്ചതിനു ശേഷം ഉണ്ടായ സംഭവങ്ങൾ ക്ലാരുടെ മനസ്സിൽ അസ്വസ്ഥത പടർത്തി. പൈലോക്കാരൻ രണ്ടും കല്പിച്ച് അനാഥനായ അമലിനെ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു. ക്ലാരക്ക് ഒരിക്കലും ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല ഈയൊരു തീരുമാനം. പൈലോക്കാരനും വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല.

അമലിനെ അനാഥാലയത്തിൽ ചേർക്കണമെന്നായിരുന്നു ക്ലാരയുടെ ആവശ്യം. അമലിനെ കുടുബാംഗമായി കാണാനോ ആ നിലക്കുള്ള അവകാശങ്ങളോ ആനുകൂല്യങ്ങളോ അമലിന് ലഭിക്കുവാനോ ഉള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ക്ലാരയുടെ ലക്ഷ്യം. ഈയൊരു നിർബന്ധബുദ്ധി അംഗീകരിക്കാൻ പൈലോക്കാരൻ ദരിക്കലും തയ്യാറായിരുന്നില്ല. അങ്ങനെ ആ കുടുംബത്തിൽ നടന്ന നിരന്തരമായ സംഘർഷങ്ങൾക്കൊടുവിൽ പൈലോക്കാരൻ ഹൃദയാഘാതം മൂലം അന്തരിച്ചു. ഇതിനെല്ലാം ദ്യക്സാക്ഷിയായി വ്രണിത ഹൃദയനായി ആന്‍റപ്പൻ ഉണ്ടായിരുന്നു. പൈലോക്കാരൻ അന്തരിച്ച് ഏറെ താമസിയാതെ ക്ലാര തന്‍റെ പദ്ധതി നടപ്പിലാക്കി.

ബാലനായ അമലിനെ ഇരുചെവിയറിയാതെ അനാഥമന്ദിരത്തിൽ പ്രവേശിപ്പിച്ചു. അങ്ങനെ അവർ എന്നന്നേക്കുമായി അമലിനെ ഉപേക്ഷിച്ചു. പിന്നീടവർ ഒരിക്കൽ പോലും അമലിനെ കാണുകയുണ്ടായില്ല. അരക്ഷിതമായ അനുഭവം കൊണ്ട് അമലിനും കാര്യമായ ഒരടുപ്പം ക്ലാരയോടോ അവരുടെ കുടുംബാംഗങ്ങളോടോ ഉണ്ടായിരുന്നില്ല അതോടെ ആ അദ്ധ്യായം അവസാനിച്ചു.

അനാഥാലയത്തിലെ ജീവിതം പൊതുവെ സമാധാനപരമായിരുന്നെങ്കിലും ദുര്യോഗം അമലിനെ പിൻതുടർന്നുകൊണ്ടിരുന്നു. അതിനു കാരണമായിത്തീർന്നത് പുതുതായി ചാർജെടുത്ത അനാഥാലയത്തിലെ മേട്രനായിരുന്നു. അങ്ങനെ കഥയുടെ മറ്റൊരദ്ധ്യായം ചുരുളഴിഞ്ഞു വരുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെ മേട്രന്‍റെ ശ്രദ്ധയിൽ അമൽ അകപ്പെട്ടതോടെ  ആ പയ്യന്‍റെ ദുര്യോഗം ആരംഭിക്കുകയായിരുന്നു.

ശരി! ഇതുവരെ പറഞ്ഞ അധ്യായത്തിൽ നിന്നും എന്ത് ചോദ്യമായിരിക്കും തോമാച്ചന് ചോദിക്കാനുണ്ടാവുക? തീർത്തും വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണിവ. ഒന്നിലേറെ ആളുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്ത് വസ്തുതകളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച വിവരങ്ങളാണിവ. തെളിവു ചോദിച്ചാൽ ഷർട്ടിലെ പോക്കറ്റിൽ എപ്പോഴും കൊണ്ടു നടക്കുന്ന പേനയുടെ ഓർമ്മയറയിൽ ഒളിപ്പിച്ച സംഭാഷണശകലങ്ങളുണ്ട്.

മേട്രൻ! പുതുതായി അനാഥാലയത്തിൽ ജോയിൻ ചെയ്ത സ്റ്റാഫുകളെക്കുറിച്ചുള്ള അന്വേഷണമാണ് മേട്രനിലേക്ക് എന്‍റെ ശ്രദ്ധ കൊണ്ടെത്തിച്ചത്. അവിടുത്തെ സ്റ്റാഫുകളെക്കുറിച്ചുള്ള വിവരങ്ങളും അവിടുത്തെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും ഭൂമിശാസ്ത്രപരമായ കിടപ്പിനെക്കുറിച്ചുള്ള വിവരങ്ങളും പിന്നെ അവിടെയുള്ള ജീവനക്കാരുടെ പശ്ചാത്തലവും എന്നെ അറിയിച്ചത് ജോണിയാണ്. തുടക്കത്തിൽ പുറമെ നിന്നുള്ള ഒരു ഗൂഢാലോചന ഞാൻ സംശയിച്ചിരുന്നു. ക്ലാരയുടെ ഇടപെടലുകൾ തന്നെയായിരുന്നു സംശയാസ്പദമായി തോന്നിയിരുന്നത്. എന്നാൽ അമലിനെ അനാഥാലയത്തിൽ എത്തിച്ചതോടെ പ്രശ്നങ്ങളെല്ലാം തീർന്നെന്ന ധാരണയിൽ അവർ അവരുടേതായ ജീവിതവുമായി മുമ്പോട്ട് പോകുകയാണ് ഉണ്ടായത്.

അതോടെ അമലിന്‍റെ ദൗർഭാഗ്യകരമായ മരണത്തിനു പിന്നിൽ അനാഥാലയത്തിനുള്ളിൽ തന്നെയുള്ളവരുടെ പങ്ക് ഞാൻ സംശയിച്ചു. അവിടുത്തെ എല്ലാ ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അമലിന്‍റെ കൂടെ താമസിക്കുന്നവരുടെ കൂട്ടുകാരുടെ. ആർക്കും അമലിലോട് വിരോധമില്ല. വാത്സല്യം മാത്രം. എന്നാൽ ആ ആശ്രയ കേന്ദ്രത്തിലെ ഒരാൾക്ക് അമലിനോട് അതിരു കടന്ന വാത്സല്യമായിരുന്നു.

ആ അതിരു കടന്ന വാത്സല്യം തന്നെയായിരുന്നു അമലിന്‍റെ ജീവനെടുത്തതെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയാൻ കഴിയും. വാത്സല്യം എന്നൊന്നും ആ വികാരത്തെ പറയാൻ കഴിയുകയില്ല. പല തരം വ്യഖ്യാനങ്ങളും നാനാർത്ഥങ്ങളും ആ ജൈവവികാരത്തിന് പറയേണ്ടി വരും. ടൂർ യാത്രയിലും മറ്റു പല സന്ദർഭങ്ങളിലും അമലിന് ആ ഒരു അതിരു കടക്കൽ അനുഭവിക്കേണ്ടി വന്നു. പിന്നെ പിന്നെ ആ അനുഭവങ്ങൾക്ക് തീവ്രത ഏറി വന്നു. എന്തെങ്കിലും ഒക്കെ കുറ്റങ്ങൾ ആരോപിച്ച് മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്ന മേട്രന്‍റെ സ്നേഹപ്രകടനങ്ങൾ. കർശനമായ അച്ചടക്ക സംവിധാനങ്ങൾ പിൻതുടരുന്ന ആ ആശ്രയ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ അമൽ ആവതു ശ്രമിച്ചെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല.

ഒടുവിൽ എങ്ങനെയോ പൈലോക്കാരന്‍റെ വീട്ടുവിലാസം കണ്ടുപിടിച്ച് താൻ നേരിടുന്ന വിഷമതകൾ വിവരിച്ച് കത്തു തയ്യാറാക്കി ടൂറിനു പോയ വേളയിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ അയക്കുകയും ചെയ്തു. കർശനമായ പരിശോധനയില്ലാതെ കത്തുകളൊന്നും ആശ്രയ കേന്ദ്രത്തിന്‍റെ പുറത്ത് പോകുമായിരുന്നില്ല.

ആ കത്ത് കൃത്യമായിത്തന്നെ പൈലോക്കാരന്‍റെ മേൽവിലാസത്തിൽ ലഭിക്കുകയും ചെയ്തു. എന്നാൽ ആന്‍റപ്പനാണ് ആ കത്തുലഭിച്ചത്. ആ കുടുംബത്തിൽ നിന്നും ഉപേക്ഷിതനായ ഒരാൾക്കു വേണ്ടി എന്തിന് ‘ഇടപെടണം എന്ന തോന്നലിൽ ആ കത്ത് നശിപ്പിച്ചു കളഞ്ഞു. കത്ത് ആ വീട്ടില ആരുടെ കൈയ്യിൽ എത്തിച്ചേരുമായിരുന്നെങ്കിലും ആരും വേണ്ട നടപടിയൊന്നും എടുക്കാൻ പോകുമായിരുന്നില്ലെന്നത് തർക്കമറ്റ വസ്തുതയാണ്.

പല വഴിക്ക് ചിതറിയ അന്വേഷണത്തിന് ഒരു ലക്ഷ്യം കൈവന്നത് ആ കത്തിലെ ഉള്ളടക്കമാണ്. ഏറെ പണിപ്പെടേണ്ടി വന്നു കത്തിലെ വിവരങ്ങൾ ആന്‍റപ്പനിൽ നിന്നും ലഭിക്കുവാൻ. ആ കത്തു ലഭിച്ച തീയതി ആന്‍റപ്പൻ കൃത്യമായി ഓർക്കുന്നുണ്ട്. ആ കത്തു ലഭിച്ച് മൂന്നാഴ്ചക്കു ശേഷം അമൽ കൊല്ലപ്പെട്ടു. ആ മൂന്നാഴ്ചക്കുള്ളിൽ കാര്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്‍റെ സംശയം അമലിന്‍റെ കത്ത് ആന്‍റപ്പൻ നശിപ്പിച്ചിട്ടില്ല. എത്തിക്കേണ്ടിടത്ത് എത്തിയിരിക്കാൻ സാധ്യതയുണ്ട്എന്നാണ് എന്‍റെ നിഗമനം.

ഒറ്റപ്പെട്ട ഒരിരയോട് പരിഷ്കൃത സമൂഹത്തിന്‍റെ പ്രതിബദ്ധത. നീതി തേടി താൻ നേരിടുന്ന പീഢനങ്ങൾ പോലീസിൽ അറിയിക്കാൻ അമൽ ഒരു ശ്രമം നടത്തി. അതും വിഫലമായി അമൽ പോലീസിന് എഴുതിയ പരാതിക്കത്ത് കൃത്യമായിത്തന്നെ സെക്യൂരിറ്റിക്കാരൻ എത്തേണ്ടിടത്ത് എത്തിച്ചു. സ്വന്തം നിലനിൽപ്പുതന്നെ അപകടത്തിലാക്കാവുന്ന പ്രവർത്തിയിലാണ് അമൽ എന്ന് മേട്രൻ തിരിച്ചറിഞ്ഞു. അവരുടെ അനുനയനശ്രമങ്ങളൊന്നും ഫലവത്തായില്ല. താൻ നേരിട്ട പീഢനങ്ങൾ പുറം ലോകത്തെ അറിയിക്കുമെന്ന നിലപാടിൽ അമൽ ഉറച്ചു നിന്നു. വലിയൊരു വിപത്താണ് ആശ്രയ കേന്ദ്രത്തേയും തന്നെയും കാത്തിരിക്കുന്നതെന്ന് മേട്രൻ ഭീതിയോടെ മനസ്സിലാക്കി. ആ വിപത്തിന്‍റെ കേന്ദ്ര ബിന്ദുവായ അമലിനെ വല്ലവിധവും ഇല്ലായ്മ ചെയ്യണമെന്ന ദുഷ്ടബുദ്ധി അവരുടെ ചിന്തയിൽ വേരുന്നി. അതിനായുള്ള കരുക്കൾ തന്‍റെ ആജ്ഞാനുവർത്തിയായ സെക്യൂരിറ്റിക്കാരനുമായി ചേർന്ന് അവർ തന്ത്രപൂർവ്വം നീക്കി. അവരുടെ നിർദേശപ്രകാരം സെക്യൂരിറ്റിക്കാരൻ അമലിനെ അയാൾ താമസിക്കുന്ന അനാഥമന്ദിരത്തിന്‍റെ കിഴക്കുവശത്തുള്ള ക്വാർടേഴ്സിൽ വിളിച്ചു വരുത്തി.

പ്രശ്നപരിഹാരത്തിനെന്ന മട്ടിലായിരുന്നു അമലിനെ വിളിച്ചു വരുത്തിയത്. പലവിധ പ്രലോഭനങ്ങൾ അമലിനോടയാൾ വാഗ്ദാനം ചെയ്തെങ്കിലും യാതൊരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന ശക്തമായ നിലപാടായിരുന്നു അമലിന്‍റേത്. ഒടുവിൽ വാക്കുതർക്കങ്ങൾക്കൊടുവിൽ ക്വാർട്ടേഴ്സിൽ നിന്നും പുറത്തിറങ്ങിയ അമലിനെ പുറകിൽ നിന്നും ഇരുമ്പുവടി കൊണ്ട് അയാൾ അടിച്ചുവീഴ്ത്തി.ആ കോംപൗണ്ടിനകത്ത് എന്ത് വിഷയമുണ്ടായാലും പുറംലോകം അറിയില്ലെന്ന ഉറപ്പും ശമ്പള വർദ്ധനയും കാര്യമായ ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന മകന് മാനേജർ ജോലിയും ആ പരിസരത്ത് പറമ്പ് വളച്ചുകെട്ടിയെടുക്കാനുള്ള സമ്മതവുമായിരുന്നു അയാളുടെ പാടത്തെ പണിക്കുള്ള മേട്രൺ വാഗ്ദാനം ചെയ്ത വരമ്പത്തെ കൂലി.

അടി കൊണ്ട് അമൽ അർദ്ധബോധാവസ്ഥയിൽ അല്പദൂരം മുന്നോട്ടാഞ്ഞ ശേഷം ചതുപ്പിൽ മുഖമടച്ച് വീണു. താമസിയാതെ മരിച്ചു. അമലിനെ വധിച്ചതിനു ശേഷം സെക്യൂരിറ്റിക്കാരനു കൈവന്ന നേട്ടങ്ങൾ ഞാൻ കൃത്യമായി അറിഞ്ഞിട്ടുണ്ട്. അതിന്‍റെ തെളിവുകൾ ഞാൻ ശേഖരിച്ചിട്ടുണ്ട്. സെക്യുരിറ്റിക്കാരന്‍റെ ഒന്നിനും കൊള്ളാത്ത മകൻ ആശ്രയ കേന്ദ്രത്തിലെ മാനേജരായ വിവരം ജോണി എന്നെ അറിയിച്ചിട്ടുണ്ട്. അമലിന്‍റെ കൊലപാതകി സെക്യൂരിറ്റിക്കാരനാണ്. എന്നാൽ അയാൾ ചട്ടുകം മാത്രമാണ്. മകനാകാൻ മാത്രം പ്രായമുള്ള ഒരുവനോട് ക്രൂരമായി ഇടപ്പെട്ട് ഒടുവിൽ അവനെ കൊല്ലാൻ വേണ്ട പദ്ധതി തയ്യാറാക്കിയ സ്ത്രീ.

തോമാച്ചാ ആ സ്ത്രീ തന്നെയാണ് നിങ്ങളെ അമലിന്‍റെ ദുരൂഹ മരണത്തിന്‍റെ ദുരൂഹത നീക്കാൻ നിങ്ങളെ ചട്ടം കെട്ടിയത്! അവരും നിങ്ങളും തമ്മിലുള്ള ബന്ധമെന്തെന്ന് എനിക്കറിയില്ല. ഈയൊരു വിഷയം നിങ്ങളെ ഏൽപ്പിച്ചതിന്‍റെ ചേതോവികാരം എന്തെന്ന് എനിക്ക് വ്യക്തമല്ല. ഒരു പക്ഷേ തന്നെ സംശയിക്കാനുള്ള കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കലാവാം.

വിചിത്ര ചിന്തകളുടെ സങ്കലനമായ ആ സ്ത്രീയാണ് ഞാൻ തേടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം. ഇനി വിചിത്രമായ കോഡുകളടങ്ങിയ കടലാസു ചുരുൾ അമലിന്‍റെ മൃതശരീരത്തിനരികെ നിന്ന് കണ്ടെടുത്തതിനെപ്പറ്റി, താൻ നേരിടുന്ന പീഢനങ്ങളും അതിന്‍റെ ഉത്തരവാദികളെയും കുറിച്ച് പ്രത്യേകതരം ഭാഷയിൽ അമൽ രേഖപ്പെടുത്തിപ്പോന്നു. താൻ അനുഭവിച്ച വിഷമതകൾ ഒരുനാൾ ഉത്തരവാദിത്വപ്പെട്ട അധികാരികൾ അറിയുമെന്നും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ച് തനിക്ക് നീതി ലഭിക്കുമെന്നും അവൻ ആഗ്രഹിച്ചു.

സ്വന്തം ഭാഷയിൽ വിവരങ്ങൾ രേഖപ്പെടുത്തി അധികാരികളിലേക്കെത്തിക്കാൻ അവന് പരിമിതികൾ ഉണ്ടായിരുന്നു.

കണ്ണുനീറുന്നു. എരിയുന്നു. ക്ഷീണം അതിന്‍റെ സുരതാ വേഗം പൂണ്ടു. വല്ല വിധവും ഒന്നു കണ്ണടച്ചാൽ മതി. ചെറിയ മയക്കം പോലും ശരീരത്തിനും മനസ്സിനും നല്കുന്ന ആശ്വാസം ചെറുതല്ല. എഴുന്നേറ്റു. വാഷ്‌ബേസിനിൽ മുഖമമർത്തി കഴുകി. കണ്ണുകടച്ചിലിന് തെല്ലു ശമനം കിട്ടിയ പോലെ തോന്നി. ഫാനിന് വേഗത പോര. റെഗുലേറ്റർ കറക്കി അല്പം വേഗത കൂട്ടി വന്നു കിടന്നു. മഴ പെയ്തൊഴിഞ്ഞ ആകാശം പോലെ മനസ്സ്. നേർത്ത വെളിച്ചം ജനലഴിയുടെ അരിച്ചിറങ്ങുന്നു. വെളിച്ചത്തൊടൊപ്പം നേർത്ത തണുപ്പ് എന്നെ വന്നു പൊതിയുന്നു.

ജനലഴിക്കപ്പുറം ചെറുപട്ടണം പകലിന്‍റെ ക്ഷീണം തീർത്തു മയങ്ങുന്നു. വഴിത്താര നേരിയ വെളിച്ചത്തിൽ ദൃശ്യമാണ്. വഴിത്താരക്കിടതുവശത്തെ സിമന്‍റ് ബഞ്ചിൽ ചടഞ്ഞിരിക്കുന്ന രൂപത്തെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ സമയം നോക്കി. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കർട്ടൻ വലിച്ചിടാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ പാഞ്ഞു വന്ന വാഹനത്തിൽ നിന്നും പ്രസരിച്ച തീഷ്ണപ്രകാശം ആ ചടഞ്ഞിരിക്കുന്നവന്‍റെ മുഖത്ത് പതിച്ചത്. ആ വിദൂരതയിലും ബൈനാക്കുലർ കാഴ്ച പോലെ ആ കവിളൊട്ടിയ മുഖം ഒരു മിന്നായം പോലെ ഞാൻ കണ്ടു. പൊടുന്നനെ ഒരു തണുപ്പ് എന്‍റെ പെരുവിരലിൽ നിന്നും മുകളിലേക്ക് അരിച്ചരിച്ചു കയറി. അതേ… ആ മുഖം… ക്ലാരയുടെ വീടിനകത്ത് അകത്തളത്തിൽ മുനിഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ദീപ വിതാനത്തിനു പുറകിൽ കണ്ട മുഖം. ആന്‍റണി പൈലോക്കാരൻ!

ഉൾഭയത്തോടെ ഞാൻ കർട്ടൻ താഴ്ത്തി. കട്ടിലിൽ വന്നു കിടന്നു. നേരിയ വിയർപ്പ് ശരീരത്തിൽ പൊടിയുന്നത് ഞാനറിഞ്ഞു. പിന്നീടവ തിടം വച്ച് പെരുകി വിയർപ്പു ചാലുകളായി താഴേക്കിറങ്ങി. പൊടുന്നനെയാണ് മുറിക്കകത്തെ ലൈറ്റുകൾ ഒരേ സമയം കെട്ടത്. പിന്നീടവ കത്തലും കെടലുമായി അല്പനേരം നീണ്ടു. പിന്നെ പൂർണ്ണമായും കെട്ടു. കനത്ത അന്ധകാരം മുറിയിൽ വന്നു നിറഞ്ഞു. വഴിത്താരയിലെ നേർത്ത പ്രകാശം പോലും തമോഗർത്തത്തിലേക്കെന്ന പോലെ ഉൾവലിഞ്ഞെന്നു തോന്നി.

തെല്ലിട കഴിഞ്ഞ് മുറിക്കകത്തെ ലൈറ്റുകൾ ആകമാനം മുനിഞ്ഞു കത്തി മുറിക്കകം പ്രകാശ സാന്ദ്രമായി. തെല്ലാശ്വാസത്തോടെ ഞാൻ എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോഴാണ് ഞെട്ടിത്തരിക്കുന്ന ആ കാഴ്ച കണ്ടത്. മുറിയുടെ കോണിൽ എന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കവിളൊട്ടിയ രൂപം ആന്‍റണി പൈലോക്കാരൻ! എന്‍റെ സപ്തനാഡികളും തകർന്നു. നിലവിളിക്കാനാഞ്ഞ എന്‍റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. കൈയ്യും കാലും ബന്ധിക്കപ്പെട്ട പോലെ ഞാൻ നിസ്സഹായനായി നിന്നു. പെട്ടെന്ന് കിണറിന്‍റെ അഗാധതയിലെന്ന പോലെ മുഴക്കമുള്ള ശബ്ദവീചികൾ പൈലോക്കാരനിൽ നിന്ന് പുറപ്പെട്ടു.

“എന്നെ അറിയില്ലേ?”

“ഞാൻ ആന്‍റണി പൈലോക്കാരൻ.”

ഞാൻ ബദ്ധപ്പെട്ട് തല കുലുക്കി. പഴമയുടെ ഉൾക്കിണറിൽ നിന്നും ചോദ്യമുയർന്നു. “ഹ്യദയാഘാതം മൂലമാണ് ഞാൻ മരിച്ചത് അല്ലേ? അതാണ് നിന്‍റെ കണ്ടെത്തൽ?”

എനിക്ക് ശബ്ദം പുറത്തു വന്നില്ല. നിസ്സഹായനായി ഞാൻ തല കുലുക്കി. ഇരമ്പം പോലെ ശബ്ദം മുഴങ്ങി.

“അല്ല. എന്നെ കൊന്നതാണ്. കൊല്ലിച്ചതാണ്. എനിക്ക് നീതി വേണം എനിക്ക് നീതി വേണം…”

ശബ്ദം ചിലമ്പിച്ച് ചിതറി ഒപ്പം അകലെയെവിടെ നിന്നോ ഒരു മുഴക്കം കേട്ടു പൊടുന്നനെ ലൈറ്റുകൾ കെട്ടു. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്. ആ ഇരുട്ടിൽ ഞാൻ തപ്പിത്തടഞ്ഞു. കൈത്തട്ടി ചില്ലു ഗ്ലാസ്സ് സ്കൂളിൽ നിന്നും വീണ് ഉടഞ്ഞു ചിതറി. വല്ല വിധവും കിടക്ക തപ്പിക്കണ്ടുപിടിച്ച് അതിൻമേൽ കയറിക്കിടന്നു.

പഴമയുടെ ഗന്ധം അകന്ന് ശമിക്കുന്നത് ഞാനറിഞ്ഞു. കണ്ണു തുറന്നതും ഞാൻ ചാടിയെഴുന്നേറ്റു. സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാനാകാത്ത തലേന്നത്തെ ഭീതിജനമായ സംഭവം എന്നെ വല്ലാതുലച്ചിരുന്നു. എത്രയും വേഗം ഇവിടം വിട്ടു പോകണമെന്ന ആഗ്രഹത്താൽ ഞാൻ വേഗം കുളിച്ചൊരുങ്ങി തയ്യാറായി. എന്‍റെ ബാഗ് എടുത്ത് വാതിലു പൂട്ടി പുറത്തിറങ്ങാനൊരുങ്ങുമ്പോൾ സ്കൂളിനു താഴെ ചില്ലു ഗ്ലാസ്സ് ചിതറിക്കിടക്കുന്നതു കണ്ടു. ഗ്ലാസ്സ് ഉടഞ്ഞ വിവരം റിസപ്ഷനിൽ പറയാമെന്ന് നിശ്ചയിച്ച് ഞാൻ വാതിലടച്ചു താഴിട്ടു. ബ്രേക്ക്ഫാസ്റ്റ് മെനുവുമായി നിന്നിരുന്ന റൂം ബോയിയെ അവഗണിച്ച് റിസപ്ഷനിൽ വിവരം പറഞ്ഞ് ചാവി കൈമാറി ഞാൻ പുറത്തിറങ്ങി.

ഇവിടുത്തെ ഭക്ഷണം വേണ്ട. വഴിയരികിൽ നല്ല നാടൻ തട്ടുകടകൾ കാണും. ചുമന്ന ചട്ടിയിൽ മുങ്ങി അരികത്ത് ഉള്ളിച്ചമ്മന്തി പടർന്ന പതുപതുത്ത ഇഢലിയും വലിച്ചാറ്റിയ ചായയുമാണ് ലക്ഷ്യം. അല്ല പ്രതീക്ഷ. വഴിത്താരയിൽ പ്രഭാതനടത്തക്കാരേ ഉള്ളൂ. വല്ലപ്പോഴുമേ വാഹനം കടന്നു പോകുന്നുള്ളു സാനുവുമൊന്നിച്ച് യാത്ര ചെയ്യണം. തോമാച്ചനെ കാണണം. അല്പകാലമായി തലയിൽ കൊണ്ടു നടക്കുന്ന ഭാരം തോമാച്ചന്‍റെ തലയിലേക്ക് കൈമാറണം. ഒന്നു രണ്ടു ദിവസം ഷൂട്ടിംഗ് കണ്ട് ചുറ്റിത്തിരിയണം. പിന്നെ മടക്കം.

വഴിത്താരക്കപ്പുറമുള്ള മരങ്ങളിൽ ഇളങ്കാറ്റ് പതിഞ്ഞു. വഴിത്താരക്കപ്പുറം ഒറ്റപ്പെട്ട് പടർന്നു പന്തലിച്ച വലിയ ഒരു ഞാവൽ മരം ഞാൻ കണ്ടു. അതിനു താഴെ പ്രഭാതനടത്തക്കാരുടെ വിശ്രമകേന്ദ്രമായ സിമന്‍റ് ബഞ്ച്. ആ ബഞ്ചിൽ ഞാവൽ പഴം വീണ് ചിതറി നിറം മാറിയതായി ഞാൻ കണ്ടു. അവിടെയാണല്ലോ ഇന്നലെ രാത്രി പൈലോക്കാരൻ ഇരുന്നത്.

സാനു വിളിക്കുന്നു. അഞ്ചു മിനിറ്റിനകം എത്തിച്ചേരുമെന്ന് അറിയിച്ചു. ഞാനാ സിമന്‍റുബഞ്ചിൽ ദൃഷ്ടിയൂന്നി സാനുവിനെ കാത്തു നിന്നു. അതെ! പൈലോക്കാരന് നീതി ലഭിക്കണം…

ഒച്ച്- 9

നടന് മുന്നിൽ കഥ പറയാൻ വന്ന തിരക്കഥാകാരന്‍റെ ശരീരഭാഷയോടെ ജോണി പറഞ്ഞു, “ഞാൻ കഴിഞ്ഞാഴ്ച കൃത്യമായി പറഞ്ഞാൽ ഒൻപതാം തീയതി ഉച്ചക്ക് ഓർഫനേജിൽ എത്തിച്ചേർന്നു. ടൗണിൽ നിന്നും നാലഞ്ചു കിലോമീറ്റർ ഉള്ളിലായി ഏറെയൊന്നും ആൾപ്പാർപ്പില്ലാത്ത ഒരിടത്താണ് ഓർഫനേജ്. പോകുന്ന വഴിയിൽ പഴയ മട്ടിലുള്ള പലചരക്കുകടയും ഒരു സോഡ, സർബത്ത് കടയും മാത്രമേ എന്‍റെ കണ്ണിൽ പെട്ടുള്ളൂ. റോഡിന്‍റെ ഇരുവശവും റബർ കൃഷിയാണ്. വഴിക്കിരുവശത്തും ഒറ്റപ്പെട്ട ഓടു വീടുകൾ കണ്ടതല്ലാതെ വലിയ പുരോഗതിയൊന്നും കാണാനാകാത്ത ഒരു പ്രദേശം. ബസ്സിറങ്ങി അല്പം പണിപ്പെടേണ്ടി വന്നു ലൊക്കേഷനിലെത്താൻ.

മുമ്പും സിനിമാ ലൊക്കേഷനുകളിലെത്തിച്ചേരാൻ ജോണി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നി. ഞാൻ പ്രോത്സാഹന സൂചകമായി തല കുലുക്കി ജോണി തുടർന്നു.

“അല്പം ഉള്ളിലേക്കു ചെന്ന് ഒരിടവഴിയിലൂടെ മുമ്പോട്ട് ചെന്നാൽ അനാഥമന്ദിരമായി. കട്ടിയിരുമ്പു കൊണ്ട് താഴിട്ടുപൂട്ടിയ കനത്ത ഗേറ്റ് മുൻവശമായുള്ള ഒരു ഇരുനില കെട്ടിടം. അവിടുത്തെ സെക്യൂരിറ്റി സംവിധാനം മികച്ചതാണെന്ന് ഞാൻ ഉറപ്പിച്ചുപറയും. സന്ദർശകരുടെ വ്യക്തമായ വിവരങ്ങളും തിരിച്ചറിയൽ രേഖകളും നൽകിയാലേ പ്രവേശനമുള്ളു. നമ്മൾ കൊടുക്കുന്ന ഫോൺ നമ്പറിൽ അപ്പോൾ തന്നെ വിളിച്ച് ഉറപ്പു വരുത്തുന്ന രീതിയുമുണ്ട്.”

“ഏകദേശം എത്ര വിസിറ്റേഴ്സ് സന്ദർശിക്കുന്നുണ്ട്?” ഞാൻ ആരാഞ്ഞു.

“ഞാൻ പോയ ദിവസം ആകെ രണ്ടു പേർ മാത്രം.”

“അയാളിലെന്തെങ്കിലും പ്രത്യേകത?”

“കർക്കശക്കാരനായ ഒരാൾ. തെല്ലു പോലും വിട്ടുവീഴ്ച മനോഭാവമില്ല.” ജോണി പറഞ്ഞുതുടങ്ങി.

ഞാൻ മേശവലിപ്പു തുറന്ന് തുകൽ ബയന്‍റിട്ട ഡയറി എടുത്തു. ആദ്യത്തെ പേജിൽ സെക്യൂരിറ്റിക്കാരന്‍റെ പേരെഴുതി. തുടർന്ന് ജോണി പറഞ്ഞ ചില വിവരങ്ങളും കൂട്ടിച്ചേർത്തു. അക്ഷരങ്ങൾ നിറഞ്ഞ പേജുകൾ മറിഞ്ഞു,  പേജുകളിൽ കഥാപാത്രങ്ങൾ നിറഞ്ഞു. അവരുടെ വ്യക്തിഗത വിവരങ്ങൾ നിറഞ്ഞു. ആ സ്ഥാപന നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും ഞാൻ ആഗ്രഹിച്ച വിവരങ്ങൾ ജോണി കൈമാറി.

പേനയിലെ ക്യാമറക്കണ്ണുകൾ തെളിവുകളായി. ഞാനവ ലാപ് ടോപ്പിലേക്ക് മാറ്റി വിശദമായി പരിശോധിച്ചു. വിവരങ്ങൾ മിഴിവാർന്ന കാഴ്ചകളായി പരിണമിച്ചു. ജോണിയുടെ കാര്യഗ്രഹണ ശേഷിയിൽ എനിക്ക് മതിപ്പു തോന്നി. എങ്കിലും ചില കണ്ണികൾ യോജിക്കുന്നില്ല. വിട്ടുപോയവ വിളക്കിച്ചേർത്താൽ മാത്രമേ സംഭവങ്ങളുടെ യഥാർത്ഥ ചിത്രം ലഭിക്കു. അതിനായി വീണ്ടും ഒരു യാത്രക്ക് തയ്യാറാകേണ്ടിയിരിക്കുന്നു. ഡയറിത്താളിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള യാത്ര.

ക്യാമറക്കാഴ്ചയിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള യാത്ര. വികാരങ്ങൾ മുഖത്ത് പ്രകടമാകാത്ത ഒരാളെ തേടിയുള്ള യാത്ര. അവന്‍റെ ജീവിത സാഹചര്യങ്ങൾ കണ്ടെത്താനുള്ള യാത്ര. ഒരു പക്ഷേ ഒരനാഥ ബാലന്‍റെ കൊലപാതകത്തിലേക്ക് വെളിച്ചം വീശിയേക്കാവുന്ന യാത്ര! റബ്ബർ മരങ്ങൾക്കു നടുവിൽ കാറ്റു പറ്റികിടക്കുന്ന വീട്ടിലേക്കുള്ള യാത്ര.

മുനിഞ്ഞ് മഞ്ഞച്ചു കത്തുന്ന വഴിവിളക്കുകൾ കണ്ട് ഫൂട്ട്പാത്തിലൂടെ മെല്ലെ നടക്കുമ്പോൾ മനസ്സു മുഴുവൻ അനാഥാലയത്തിലെ കഥാപാത്രങ്ങളായിരുന്നു. ഡയറിത്താളിലെ കുറിപ്പുകളിലെ പ്രത്യേകതകൾ തേടലായിരുന്നു. സാഹചര്യങ്ങൾ ഒരാളുടെ ഉപബോധമനസ്സിനെ സ്വാധീനിച്ച് തെറ്റുകളിലേക്ക് വലിച്ചടുപ്പിക്കുന്നു. ആ തെറ്റിന്‍റെ ഫലം ഉൾക്കൊള്ളാനും പ്രാപ്തമായ വിവേകം നഷ്ടപ്പെടുന്നതോടെ തെറ്റിലേക്ക് മുങ്ങിത്താഴുന്ന വ്യക്തികൾ. തെറ്റു മറക്കാൻ തെറ്റിന്‍റെ ശൃംഖലകൾ തീർക്കപ്പെടുന്നു. ഒടുവിൽ ആ ശൃംഖലകളുടെ പരിണാമത്തെക്കുറിച്ചുള്ള അല്ലെങ്കിൽ അനന്തരഫലത്തെക്കുറിച്ചുള്ള ചിന്തകൾ. അവനവന്‍റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്തേക്കാവുന്ന അനന്തര ഫലങ്ങളെ പ്രതിരോധിക്കാൻ തെറ്റിൽ നിന്നും തെറ്റിലേക്കുള്ള മനുഷ്യന്‍റെ പടു യാത്രകൾ. അറിയപ്പെടാത്ത ദ്വീപു തേടിയുള്ള  മനുഷ്യ മനസ്സിന്‍റെ സഞ്ചാരം ചിലയവസരങ്ങളിൽ ഭീതിദമാണ്… വരുംവരായ്കകളെ തെല്ലു പോലും ഗൗനിക്കാതെയുള്ള മനസ്സിന്‍റെ അപഥ സഞ്ചാരങ്ങൾ.

ഒച്ച്- 8

ഉണർന്നപ്പോൾ ഞാൻ ഓഫീസിലെ സോഫമേൽ കിടക്കുകയായിരുന്നു. ജനലഴികളിലൂടെ നേർത്ത സൂര്യപ്രകാശം അകത്തളത്തേക്ക് പ്രസരിച്ചു കൊണ്ടിരുന്നു. തലേന്ന് എന്താണ് സംഭവിച്ചതെന്ന് ഞാൻ ഓർക്കാൻ ശ്രമിച്ചു. മദ്യഷാപ്പിൽ നിന്ന് ഇറങ്ങി ചാരനിറം പൂണ്ട ആകാശം നോക്കി നിന്നത് ഓർക്കുന്നു. മുനിഞ്ഞു കത്തുന്ന വഴിവിളക്കുകൾ.ഓഫീസിന്‍റെ ചുറ്റു ഗോവണിയിൽ കണ്ട ജോണിയുടെ നിഴലനക്കം. കടുത്ത പ്രകാശം മുഖത്തടിച്ചപ്പോൾ പെട്ടെന്ന് അർദ്ധ ബോധം നഷ്ടപ്പെട്ടു. ജോണിയെക്കൂട്ടി ചുറ്റു ഗോവണി ബദ്ധപ്പെട്ട് കയറി സോഫയിൽ ഇരുന്നത് ഓർമ്മയുണ്ട്.

പരിക്ഷീണനായി തോന്നിച്ച ജോണി എന്തോ പറയാനാഞ്ഞപ്പോൾ ഞാൻ വിലക്കി. ഒന്നും തന്നെ കേൾക്കാനോ ശ്രദ്ധിക്കാനോ ഉള്ള മനോനിലയിലായിരുന്നില്ല ഞാൻ. നാളെ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞ് അവനോട് ശുഭരാത്രി പറഞ്ഞ് സോഫയിലേക്ക് ചാഞ്ഞത് ഓർക്കുന്നു. പിന്നെ സ്വപ്നമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാകാത്ത മനസ്സിൽ വന്നലച്ച ദൃശ്യങ്ങൾ. ഇടുങ്ങിയ ഏതോ വഴിയിലൂടെ ആഹാരം കഴിക്കണമെന്ന ഉദ്ദേശത്തോടെ നടക്കുന്നു. ഇരുണ്ട വഴിത്താരക്കരുകിൽ കണ്ട ടീ ഷോപ്പിൽ കയറിയിരുന്നപ്പോൾ മെല്ലിച്ച ഒരാൾ എനിക്കു മുന്നിൽ ഒരു ചെറിയ ഇല കൊണ്ടു വച്ചു. തുടർന്ന് വലിയ ഒരു പാത്രത്തിൽ നിന്നും ബിരിയാണി ഇലയിലേക്ക് വിളമ്പാൻ തുടങ്ങി. ഇലയുടെ അരികുകളെ ഭേദിച്ച് ബിരിയാണി ഇല വച്ചിരുന്ന മേശയിലേക്ക് പടരാൻ തുടങ്ങി. കോപത്തോടെ വിളമ്പുന്നത് നിറുത്താൻ ഞാൻ പറഞ്ഞെങ്കിലും മെല്ലിച്ച് കവിളൊട്ടിയ വിളമ്പുകാരൻ കേൾക്കുന്ന മട്ടില്ല.

ദേഷ്യവും സങ്കടവും നിയന്ത്രിക്കാനാവാതെ ഞാൻ ചാടിയെഴുന്നേറ്റ് വിളമ്പുകാരനെ തടയാൻ ശ്രമിക്കുമ്പോഴാണ് അയാളുടെ ഇരുളിച്ച എങ്കോണിച്ച മുഖം വ്യക്തമായിക്കണ്ടത്. ക്ലാരയാന്‍റിയുടെ സ്വീകരണമുറിയിൽ തൂക്കിയിട്ടിരുന്ന ചിത്രത്തിലെ ആൾ ശവക്കല്ലറയിലെ പേരുകാരൻ ആന്‍റണി പുല്ലോക്കാരൻ അയാളെ തള്ളിമാറ്റി ടീ ഷോപ്പിൽ നിന്നും ഇറങ്ങിയോടിയത് ഓർമ്മയുണ്ട്. പിന്നെയാ സ്വപ്നത്തിന് തുടർച്ചയില്ല. പിന്നെ നിറമടിക്കാത്ത ജീർണിച്ച വലിയൊരു കെട്ടിടത്തിനു മുകളിൽ നിന്നും താഴെക്ക് എത്തിച്ചേരാനുള്ള ഓട്ടം വലിയ ഉയരത്തിൽ നിന്നും നൂലറ്റ പട്ടം പോലെ എങ്ങോട്ടോ പതിക്കുന്ന ഞാൻ… പണിതീരാത്ത കെട്ടിടത്തിലെ നിയന്ത്രണം ഇല്ലാത്ത ലിഫ്റ്റിൽ കയറി താഴോട്ട് പതിക്കുന്ന രംഗം… ഇങ്ങനെ പല പല വഴികളിലൂടെയുള്ള ആ ഓട്ടത്തിനൊടുവിലാണ് കണ്ണു തുറന്നത്, ആന്‍റണി പുല്ലാക്കാരനും ബിരിയാണിയും ഞാനും… വല്ലാത്തൊരു ബന്ധം തന്നെ!

സ്വപ്നങ്ങളുടെ വ്യാഖ്യാനമെഴുതിയ സിഗ്മണ്ട് ഫ്രോയിനു പോലും എന്‍റെ സ്വപ്നദർശനത്തിന് വ്യാഖ്യാനമെഴുതാൻ ഏറെ പണിപ്പെടേണ്ടി വരും. വല്ലാത്തൊരു ഉൻമേഷക്കുറവും മൗഢ്യവും എന്നെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒരു ബാധിച്ചു. സ്വപ്നത്തിന്‍റെ വിടുതൽ എനിക്കപ്പോഴും ലഭിച്ചിരുന്നില്ല. ജോണിയെ അവിടെയെങ്ങും കണ്ടില്ല. ഞാൻ എഴുന്നേറ്റ് കുളിമുറിയിൽ കയറി. തലേ ദിവസത്തെ മഞ്ഞ് തണുപ്പിച്ച പൈപ്പിൻ കുഴലിലൂടെ ഊർന്നിറങ്ങിയ വെള്ളം ശരീരത്തെ ആറ്റിത്തണുപ്പിച്ചു. ശരീരത്തെയും മനസ്സിനും ബാധിച്ച മൗഢ്യവും ആലസ്യവും എങ്ങോ പോയൊഴിഞ്ഞതായി എനിക്കനുഭവപ്പെട്ടു. വസത്രം മാറി വന്നപ്പോഴേക്കും വാതിൽ തുറന്ന് വരുന്ന ജോണി. കൈയ്യിൽ ഫ്ലാസ്ക്കും വൃത്തിയായി പൊതിഞ്ഞെടുത്ത പൊതിക്കെട്ടും. കസേരയിൽ ഇരുന്ന എന്‍റെ മുന്നിലുള്ള മേശയിൽ പൊതി വച്ച് ഫ്ലാസ്കിൽ നിന്നും ചായ ഓട്ടു ഗ്ലാസിലേക്ക് പകർന്ന് ജോണി സോഫമേൽ പോയിരുന്നു.വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ഇഡലി, ചുവന്ന ചൂട്ടി തേങ്ങാ ചടണി. ആവിയപ്പോഴും ശമിച്ചിട്ടില്ലാത്ത ആ മൃദുലമായ ഇഡലി ചൂട്ടി ചേർത്ത് കുഴച്ച് ഞാൻ അല്ലാൽപ്പം കഴിക്കാനാരംഭിച്ചു. ഇലയുടെ ഹരിതകത്തിന്‍റെ ജൈവരാശി പടർന്ന ആ കൂട്ട് വളരെ രുചികരമായിത്തോന്നി ഇവിടെ അടുത്ത് പോർത്തുഗീസ് കഫേയല്ലാതെ മറ്റൊരു ടീ ഷോപ്പ് ഇല്ല. ഇവിടെ സമീപ പ്രദേശങ്ങളിൽ എനിക്കറിയാത്ത ടീ ഷോപ്പുമില്ല. ഇപ്രദേശത്ത് അപരിചിതനായ ഇയാൾ എവിടെ നിന്ന് ഇത് കൊണ്ടുവന്നതെന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. ഏതായാലും ജോണിയുടെ ഈ നടപടി എനിക്ക് ഇഷ്ടപ്പെട്ടു. ഇഡലി കഴിച്ചു തീർന്ന് അതിനു മുകളിൽ ചായ കൂടി കുടിച്ചതോടെ നിരുന്മേഷം വിട്ടകന്നു വകതിരിവും വിവേകവുമുള്ള ജോണി തികച്ചും പോസിറ്റീവായ വിവരങ്ങൾ തന്ന് എന്നെ സഹായിക്കുമെന്ന് എനിക്കു തോന്നി.

എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ജോണിയെ ഞാൻ അരികിൽ വിളിച്ച് ഇരിക്കാൻ ആവശ്യപ്പെട്ടു ഒരു ഗ്ലാസ്സെടുത്ത് ഫ്ലാസ്ക്കിൽ നിന്നും ചായ പകർന്ന് ജോണിയെ ഏൽപ്പിച്ചു തോമാച്ചൻ സിനിമാഭിനയ മോഹിയായ ഇയാൾക്ക് എന്തെങ്കിലും അവസരം വാഗ്ദാനം ചെയ്തിട്ടുണ്ടാകാം. ചിലപ്പോൾ ആ അവസരം എന്‍റെ ഫീഡ്‌ബാക്കിനെ ആശ്രയിക്കുന്നതാവാം. അല്ലെങ്കിൽ ഇയാൾക്ക് ഈ ചുമതല ഏറ്റെടുക്കുവാൻ തക്ക കാരണമൊന്നും കാണുന്നില്ല ശരി ഇനി ഇയാൾക്ക് പറയാനുള്ളതു കേൾക്കാം ചായ കുടിച്ചു തീർത്ത് ചിറി തുടച്ച് അയാൾ പോക്കറ്റിൽ നിന്ന് ഒരു കൈപ്പുസ്തകം എടുത്തു….

ഒച്ച്- 7

കാറ്റു വീശി പോകും പോലെ പൊയ്‌പോയ ഒരാഴ്ച. ഇടക്ക് ജോണിയെ വിളിച്ചു. വിവരശേഖരണം തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു മറുപടി. തോമാച്ചന്‍റെ അന്വേഷണങ്ങൾക്ക് ‘പുരോഗതിയുണ്ട്’ എന്ന ഒറ്റവാക്കിൽ മറുപടിയൊതുക്കി. നേരിയ പുരോഗതി ദൃശ്യമാകാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും എന്നതാണ് സത്യം.

തോമാച്ചനോട് അങ്ങനെയൊരു മറുപടി പറയാൻ എന്നെ പ്രേരിപ്പിച്ചതിനു പിന്നിൽ ക്ലാരയാന്‍റിയുടെ വീട്ടിലെ ചുവന്ന കണ്ണുകാരന്‍റെ ഫോൺ വിളിയായിരുന്നു. ആന്‍റപ്പൻ എന്ന ആ ചുവന്ന കണ്ണുകാരൻ ഫോൺ വിളിച്ചപ്പോൾ നേരിൽ കണ്ട് സംസാരിക്കാനുള്ള ആഗ്രഹമാണ് ഞാൻ പ്രകടിപ്പിച്ചത്. അയാൾക്ക് എന്നിൽ നിന്നും എനിക്ക് അയാളിൽ നിന്നും വിവരങ്ങൾ വേണം. അതുകൊണ്ട് നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം.

ആന്‍റപ്പന്‍റെ ചുവന്ന കണ്ണുകളും വിളർത്തു തൂങ്ങിയ മുഖവും കണ്ടപ്പോൾ ഒരു തികഞ്ഞ മദ്യപാനിയെന്ന് തോന്നിയെങ്കിലും ആ ധാരണ തികഞ്ഞ അബദ്ധമെന്ന് എനിക്ക് ബോധ്യമായി. മുഖാമുഖം ഒരു ബാറിൽ വച്ചായാലോ എന്ന എന്‍റെ നിർദേശം അയാൾ സൗഹാർദ്ദപൂർവ്വം നിരസിച്ചു. എങ്കിലും ഒരു ചായ കുടിക്കാമെന്നുള്ള എന്‍റെ അഭിപ്രായം അയാൾ മാനിച്ചു.

ഞായറാഴ്ച ദിവസം ഉച്ചതിരിഞ്ഞ് പോർച്ചുഗീസ് കഫേയിൽ ആന്‍റപ്പനെ കാത്തിരിക്കുകയായിരുന്നു. ഞാൻ മുഖം മനസ്സിന്‍റെ കണ്ണാടിയെന്ന് ഞാൻ ധരിച്ചിരുന്നു. എന്നാൽ ആന്‍റപ്പൻ ആ ധാരണ തിരുത്തി. മുഖം നോക്കി ആരേയും വിലയിരുത്താൻ പാടില്ല. എങ്കിലും ആശയ വിനിമയത്തിനിടയിൽ പറയുന്ന കാര്യങ്ങൾ കേൾക്കുന്നവന് സ്വീകാര്യമാണോ അല്ലയോ എന്ന് മുഖത്ത് ദൃശ്യമാകുന്ന ഭാവവ്യത്യാസങ്ങൾ നിരീക്ഷിച്ച് ഏറെക്കൂറെ മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാൽ എത്ര തന്നെ പ്രതാപനപരമായ വാക്കുകൾ പ്രയോഗിച്ചാലും യാതൊരു ഭാവവ്യത്യാസവും മുഖത്ത് പ്രകടമാകാത്ത ആളുകളെയും കണ്ടിട്ടുണ്ട്. അതവരിൽ അന്തർലീനമായ നിഗൂഢമായ കഴിവെന്നെ വിശേഷിപ്പിക്കാനാവൂ.

ഏതായാലും ആന്‍റപ്പൻ വരട്ടെ. ചുവന്ന കണ്ണുകളുടെ ആന്‍റപ്പന് സ്വാഗതം. ക്ലാരയാന്‍റിയുടെ വീട്ടിലേക്കുള്ള യാത്ര ഒരു അന്വേഷണ പുരോഗതിയും നേടിത്തരാത്ത ഒരടഞ്ഞ അദ്ധ്യായമായി മാറി എന്ന് തീരുമാനിച്ചിടത്താണ് ആന്‍റപ്പന്‍റെ ഫോൺ കോൾ വന്നത്. അതൊരു ശുഭസൂചകമായി എനിക്കു തോന്നി. ഫോൺ നമ്പർ കൈമാറിയെങ്കിലും അയാൾ വിളിക്കില്ല എന്നായിരുന്നു എനിക്ക് തോന്നിയത്.

ആന്‍റപ്പൻ വന്നു. വീട്ടിൽ വച്ച് കണ്ട ഗൗരവഭാവമില്ല. പരിക്ഷീണഭാവം. പക്ഷേ ചുവന്ന കണ്ണിന് മാറ്റമൊന്നുമില്ല. മുഖത്താകെ പരവേശം അയാൾ ഇരുന്നതും ഞാൻ തണുപ്പിച്ച ഇളനീർ ലസ്സി ഓർഡർ ചെയ്തു. ലസ്സി അൽപ്പാൽപമായി മൊത്തിക്കുടിച്ചുകൊണ്ടിരിക്കെ അയാൾ എന്നോട് പറയാനുള്ളതെന്തെന്ന് ഞാൻ തിരക്കി. ലസ്സി താഴെ വച്ച് അയാൾ ഭവ്യതയോടെ പറഞ്ഞു തുടങ്ങി.

“സാർ ഞാൻ കൊറെക്കാലായി റോസ് ഗാർഡനിലെ ജോലിക്കാരനാണ്. റോസ്മാർഡനെന്നു പറഞ്ഞാൽ ക്ലാരമ്മേടെ വീട്. അത് നിങ്ങൾ വാങ്ങാൻ പോവുന്നറിഞ്ഞു. എന്‍റെ മനസ്സു പറയുന്നു. ആ വീട് നിങ്ങൾക്കുള്ളതാണെന്ന്. പലരും ആ സ്ഥലവും വീടും കാണാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു തോന്നൽ എനിക്കാദ്യമായാ. എനിക്ക് ഉറപ്പാണ് ഈ കച്ചോടം നടക്കും.”

“ആ… വാങ്ങാൻ ആഗ്രഹമുണ്ട്. നല്ല ഒന്നാന്തരം പ്രോപ്പർട്ടി എനിക്കങ്ങു വല്ലാതെ പിടിച്ചു.” ഞാൻ തെല്ലിട മൗനം പൂണ്ടു.

“വിലയൊക്കെ ഒത്തുവന്നാൽ നിങ്ങൾ പറഞ്ഞപോലെ കച്ചോടം അങ്ങ് നടക്കും.” ഞാൻ ഗൗരവം നടിച്ചു കൊണ്ടു ഉറപ്പിച്ചു പറഞ്ഞു.

“വാങ്ങുന്നെങ്കി എന്നെ ജോലിന്ന് ഒഴിവാക്കരുതുന്ന് പറയാൻ നേരിട്ട് വന്നതാ.”

“ശരി”

“ആന്‍റപ്പന്‍റെ വീടെവിടാ?”

“വീട്ടിലാരൊക്കെയുണ്ട്?”

ഞാൻ പതുക്കെ വിവര സമാഹരണത്തിന് തുടക്കമിട്ടു. ആദ്യം കണ്ടപ്പോളുള്ള ഗൗരവഭാവം അഴിഞ്ഞ് ആന്‍റപ്പൻ പറഞ്ഞു തുടങ്ങി. കഷ്ടതയിലാണ് അയാളുടെ ജീവിതം. ക്ലാരമ്മയുടെ വീട്ടിലെ ജോലിയല്ലാതെ മറ്റൊരു വരുമാനമാർഗ്ഗമില്ല. ഭാര്യ ഹൃദയ സംബന്ധമായ അസുഖക്കാരിയാണ്, പെൺമക്കളാകട്ടെ അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു കരക്കെത്തിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അയാൾ പരിവേദനങ്ങളുടെ കെട്ടഴിച്ചു. സ്ഥലം നോക്കാൻ വരുകയും വാങ്ങുമെന്ന് തോന്നുന്നവരുടെ നമ്പർ കരസ്ഥമാക്കി ഇയാൾ തന്‍റെ ആവശ്യം പറയാറുണ്ട്. എന്നാൽ സ്ഥലക്കച്ചവടം നടക്കുന്നുമില്ല.

ആ അവസരം ലാക്കാക്കി സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശത്തിൽ എന്തെങ്കിലും തർക്കങ്ങളുണ്ടോ എന്ന് ഞാൻ അയാളോട് ചോദിച്ചു. അത്തരത്തിൽ യാതൊരു പ്രശ്നങ്ങളില്ലെന്നും വീടിന്‍റെയും പറമ്പിനേയും ഉടമസ്ഥത ക്ലാരയാന്‍റിയിൽ മാത്രമാണെന്നും അയാൾ അറിയിച്ചു. ഇടക്ക് ആന്‍റണി പൈലോക്കാരൻ എന്ന നല്ല മനുഷ്യനെപ്പറ്റിയും പരാമർശിച്ചു. ഒരു പാട് സഹായങ്ങൾ ചെയ്യു തന്നിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം വല്ലാതെ തളർത്തുന്നതായിരുന്നെന്ന് അയാൾ ഇടർച്ചയോടെ പറഞ്ഞു. ഇതിനിടയിൽ ചായ വന്നു മൊരിഞ്ഞ കട്ലറ്റും ചുകന്ന സോസും വന്നു. അയാൾ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ക്ലാരയാന്‍റിയെക്കുറിച്ചും ആന്‍റണി പുല്ലോക്കാരനെക്കുറിച്ചും. എന്‍റെ മനസ്സിൽ വേരൂന്നിയ ഒരു പാട് ധാരണകൾ തിരുത്തിയ ചുവന്ന കണ്ണുകളുള്ള ആന്‍റപ്പനെ ഞാൻ ആശ്വസിപ്പിച്ചു.

ബസ്സുകൂലിയും വീട്ടിലേക്ക് പോർച്ചൂഗീസ് കഫെയിൽ നിന്നും വാങ്ങിയ പലഹാരങ്ങളും നല്കി യാത്രയാക്കി. എന്‍റെ ലക്ഷ്യമെന്തെന്ന് അയാൾക്ക് അറിയില്ല. എന്നിട്ടും എന്നെ വിശ്വസിച്ച് ഒട്ടേറെ വിവരങ്ങൾ എനിക്കയാൾ നല്കി. അതിലയാൾ എനിക്കു മുന്നിൽ അനാവരണം ചെയ്ത ഒരു സംഭവം! അതു മതി കുറ്റവാളിയിലെക്കെത്തിച്ചേരാൻ. ഒപ്പം ആ സംഭവത്തിലേക്കെത്തിച്ചേരാൻ വേണ്ട മറ്റു സാഹചര്യങ്ങളുടെ വിവരങ്ങൾ കൂടി ലഭ്യമാകേണ്ടതുണ്ട്.

എങ്കിലും എനിക്കൽപ്പം സങ്കോചം തോന്നി. ഞാൻ ആ സ്ഥലവും വീടും വാങ്ങുവാൻ പോകുന്ന ആളല്ല. ആ വിവരം ആന്‍റപ്പൻ അറിയുമ്പോൾ താൻ കബളിപ്പിക്കപ്പെട്ടതായി അയാൾക്കു തോന്നും. ഒരു സാമൂഹിക സേവനത്തിനാണിതെല്ലാം എന്ന ചിന്തയിൽ ആശ്വാസം തേടാമെങ്കിലും ആന്‍റപ്പന്‍റെ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യുന്നതിലൂടെ മാത്രമേ എന്‍റെ കടം വീടുകയുള്ളൂ. സിനിമാ മുതലാളിയായ തോമാച്ചനോട് ഒന്നു സംസാരിച്ചു നോക്കാം. സാമൂഹികപ്രതിബദ്ധത ഒരു വിഷയമാണെങ്കിലും ആത്യന്തികമായി അയാൾക്കു വേണ്ടിയാണല്ലോ എന്‍റെ പ്രവർത്തനങ്ങൾ.

ചാരനിറം പൂണ്ട ആകാശത്തിനു താഴെ വഴിവിളക്കുകൾ അപ്പോഴും മുനിഞ്ഞു കത്തിക്കൊണ്ടിരുന്നു.

ആന്‍റപ്പൻ പോയതിനു ശേഷം സന്ധ്യാനേരത്ത് ഞാൻ മദ്യഷാപ്പിലായിരുന്നു. എന്നെ ആ ഇടത്തേക്ക് എത്തിച്ചതിനു പിന്നിലെ ചേതോവികാരം അറിയില്ല. വീട്ടിലേക്കു പോകുന്ന വഴിയിൽ ചുവന്ന ബോർഡ് കണ്ടു. അങ്ങോട്ടു കയറി തണുത്ത ബിയർ അല്ലാൽപ്പമായി കഴിച്ചു കൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോഴും വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നതു കണ്ടു. തല കനം തൂങ്ങുന്നു. കാൽവയ്പുകൾ ഇടറുന്നു.

ബിയർ ഇത്രയേറെ ബാധിക്കുമെന്ന് കരുതിയില്ല. ഈയവസ്ഥയിൽ വീട്ടിൽ പോകുന്നത് ശരിയല്ല. അതു കൊണ്ട് ഇന്ന് രാത്രി ഓഫീസിൽ തന്നെ കൂടി പുലർച്ചെ വീടു പറ്റാം എന്ന് നിശ്ചയിച്ചു. അപ്പോൾ തന്നെ ട്രീസക്ക് വിവരം അറിയിച്ചുള്ള സന്ദേശമയച്ചു. കൈ കാണിച്ച ഓട്ടോക്കാരൊന്നും തന്നെ ശ്രദ്ധിക്കാതെ കടന്നു പോയി. ഒടുവിൽ ആപ്പിനെത്തന്നെ ശരണം പ്രാപിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ ആപ്പുകാരും എന്‍റെ യാത്രയെ റദ്ദാക്കിക്കൊണ്ടിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വന്ന ആപ്പിനാൽ നിയന്ത്രിക്കപ്പെടുന്ന ഓട്ടോയിൽ കയറിപ്പറ്റി. നാലും കൂടിയ വഴിത്താരയിൽ ഇറങ്ങി ഓഫീസിലേക്ക് ഇടറിയ കാൽവയ്പോടെ നടക്കുമ്പോൾ ഓഫീസിലേക്ക് കയറുന്ന ചുറ്റു ഗോവണിക്കരികിൽ ഒരു നിഴലനങ്ങുന്നതു പോലെ തോന്നി. ആ ഭാഗത്തേക്ക് പ്രകാശം പകരുന്ന വഴി വിളക്കുകൾ കത്താതെയായിട്ട് കാലമേറെയായെന്ന് ഞാനോർത്തു. അക്കാര്യം പരാമർശിച്ച് നഗരസഭക്ക് ഒരു കത്തയച്ചതായും ഞാനോർത്തു. പൊടുന്നനെ വഴിയിലൂടെ കടന്നു പോയ വാഹനത്തിന്‍റെ പ്രകാശം നിഴലനങ്ങിയ ഭാഗത്തേക്ക് പ്രസരിച്ചു. ആ വെട്ടത്തിൽ അവിടെ ഇരുന്നിരുന്ന ആളുടെ മുഖം ഞാൻ കണ്ടു. ജോണി…

ഒച്ച്- 6

ബസ് റ്റോപ്പിൽ എത്തിയതോടെ തിരക്കും ചൂടുമേറി അവിടെ കണ്ട ഒരു കടയിൽ കയറി നീട്ടിയടിച്ച ചായ കുടിച്ചു. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നാണല്ലോ ആപ്തവാക്യം. ചായ കുടിച്ചപ്പോൾ ദേഹം വിയർത്തു, ഒരിളം കാറ്റ് തഴുകിക്കടന്നപ്പോൾ ഉഷ്ണത്തിനൽപ്പം ശമനം കിട്ടി. ആ കടയിലെ കണ്ണാടിക്കൂട്ടിൽ ചെറു ഉഴുന്നുവടയും മറ്റു ലഘുഭക്ഷണ പദാർത്ഥങ്ങളും നിരത്തി വച്ചിരിക്കുന്നതു കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നിയെങ്കിലും അവിടെ മൂലയിൽ വച്ചിരിക്കുന്ന തിള ശമിക്കാത്ത എണ്ണ കണ്ടപ്പോൾ മനസ്സിൽ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു.

ബസ്സിൽ ഏറെ തിരക്കില്ല. ദൂരയാത്ര പോകുന്ന ബസ്റ്റാണ് വിരലിലെണ്ണാവുന്നവരെ ബസ്സിലുള്ളൂ. ബസ്സിന്‍റെ കുലുക്കം ദേഹത്തെ ബാധിക്കാതിരിക്കാനായി മുൻവശത്തെ ഇരിപ്പിടത്തിൽ പോയിരുന്നു. ഏറെ താമസിയാതെ വിയർത്തു കുളിച്ച് കണ്ടക്ടറും വന്നു ചേർന്നു. ബസ്സ് സ്റ്റാന്‍റു വിട്ട് യാത്രയാരംഭിച്ചു. നഗരപ്രാന്തത്തിലൂടെ തിരക്കിലൂടെ ബസ്സ് ഇര വിഴുങ്ങിയ പാമ്പായി ഇഴഞ്ഞു നീങ്ങി.

എന്‍റെ മനസ്സ് അമലിനെക്കുറിച്ചുള്ള ചിന്തകളിൽ ചുറ്റിപ്പിണഞ്ഞു കഴുത്തിനു പിറകിൽ ശക്തമായ അടിയേറ്റ് കഴുത്തൊടിത്താണ് ഹതഭാഗ്യനായ ആ കുട്ടി മരണപ്പെട്ടത്. അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അനാഥാലയത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്ത് ആൾ സഞ്ചാരം അത്രയില്ലാത്ത ഒരിടത്താണ് മൃതദേഹം കണ്ടത്.

ആ കുട്ടി അവിടെയെത്താനുള്ള സാഹചര്യം എന്താണ്? മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയതിനു ശേഷം അവിടെ ഉപേക്ഷിച്ചതാവാം. ഏതായാലും ക്രൂരനായ ഒരാൾക്കേ ഇത്രക്കു നീചമായ ഒരു കൊലപാതകം ചെയ്യാനാകു. കൊലപാതകം നടത്താനുപയോഗിച്ച ആയുധം? പോസ്റ്റുമോർട്ടം റിപ്പോർട്ട്…? അന്വേഷണം നടക്കുന്നുണ്ടാകും. നടക്കട്ടെ എതായാലും മാധ്യമങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ല. അതിനു പിന്നിൽ കാരണങ്ങൾ പലതുണ്ടാകാം. ഏതായാലും അതൊന്നും എനിക്കറിയേണ്ടതല്ല. എനിക്ക് തോമാച്ചനോടു മാത്രമേ ഉത്തരവാദിത്വമുള്ളൂ.

ഇത്ര സങ്കുചിതമായി ചിന്തിച്ചതിൽ എനിക്ക് എന്നോടു നീരസം തോന്നി. എനിക്കു തോമാച്ചനോടു മാത്രമല്ല ഉത്തരവാദിത്വം! എനിക്ക് ഈ സമൂഹത്തോടും ഉത്തരവാദിത്വമുണ്ട്. ഒരു ബാലനെ മൃഗീയമായി കൊലപ്പെടുത്താൻ തക്ക മാനസികനിലയുള്ള ഒരുവൻ നമുക്കിടയിലുണ്ട്. ഒരു അനാഥ ബാലനോട് പക വച്ചു പുലർത്തേണ്ട ആവശ്യം ആർക്കുമില്ല. അപ്പോൾ പണത്തിനു വേണ്ടി കുടില കൃത്യം ചെയ്യാൻ തയ്യാറുള്ള ഒരുവനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു കൊണ്ടുവരുന്നതിന്‍റെ വലിയൊരു സാമൂഹിക ഉത്തരവാദിത്വം എനിക്കു നിർവഹിക്കാനുണ്ട്. ഇനിയും പണം നല്കാൻ ആളുണ്ടെങ്കിൽ ഇനിയും ഇത്തരം പ്രവൃത്തികൾ ആ സാമൂഹികദ്രോഹി ആവർത്തിക്കും. ഇനിയും ആളുകൾ കൊല്ലപ്പെടാം. അതു തടയണം!

മരണപ്പെട്ടു കിടന്ന അമലിന്‍റെ വസ്ത്രത്തിൽ നിന്നും ഒരു കടലാസു ചുരുൾ ലഭിച്ചെന്നറിഞ്ഞു. വിചിത്രങ്ങളായ കോഡുകൾ നിറഞ്ഞ കടലാസുചുരുൾ. എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആ വിചിത്രമായ ഭാഷയിലൂടെ അമൽ എന്തോ രഹസ്യം പറയാൻ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ കൊലപാതകി ആരെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കും അത്. അങ്ങനെയെങ്കിൽ പരിചിതനായ ഒരാളായിരിക്കില്ലേ ഇതിനു പിന്നിൽ. അതല്ല എങ്കിൽ പല തവണ മർഡർ അറ്റംപ് അമലിന് നേരിടേണ്ടി വന്നിരിക്കാം. ആ വിവരങ്ങൾ പുറംലോകം അറിയണമെന്ന് അവൻ ആഗ്രഹിച്ചിരുന്നിരിക്കാം. നേരായ വഴിയിൽ അവനത് സാധ്യമല്ലാതിരിക്കാം. അതിനു കാരണം ആ പരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യമാകണം.

എല്ലാം ഊഹാപോഹം മാത്രം ഒന്നും തന്നെ ഉറപ്പിച്ചു പറയാൻ കഴിയാത്ത അവസ്ഥയാണ്.

വിചിത്രമായ കോഡുകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ലോകത്തിലെ ഏറ്റവും ദുരൂഹമായ ഒരു പുസ്തകത്തെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു. വിചിത്രങ്ങളായ ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങിയ വോയ്നിച്ച് മാനു സ്ക്രിപ്റ്റ്. പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതിയത് എന്നു കാർബൺ ഡേറ്റിംഗ് പരിശോധനയിൽ തെളിയിക്കപ്പെട്ട വോയ്നിച്ച് മാനു സ്ക്രിപ്റ്റിൽ എഴുതപ്പെട്ടിരിക്കുന്ന വിചിത്രഭാഷ ഇന്നുവരെ ലോകത്തിന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

എന്തിനേറെ ആധുനിക സാങ്കേതിക വിദ്യയായ എ.ഐ ഉപയോഗിച്ചു പോലും ഡീകോഡ് ചെയ്യാനാകാതെ ക്രിപ്റ്റോഗ്രാഫർമാർക്ക് വെല്ലുവിളിയായി വോയ്നിച്ച് നില നിൽക്കുന്നു. ഇടത്തു നിന്നും വലത്തോട്ട് എഴുതിയ ഒരു ചെറിയ അക്ഷരത്തെറ്റു പോലും കാണാൻ കഴിയാത്ത ഇരുനൂറ്റി നാൽപ്പതോളം പേജുകളുള്ള അതിമനോഹര ചിത്രങ്ങളുള്ള വോയ്നിച്ച് കയ്യെഴുത്തുപ്രതി നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച് പലരുടെയും കൈകളിലൂടെ കൈമാറി ഭാഷാപണ്ഡിതൻമാർക്കു മുന്നിൽ ഒരു പ്രഹേളികയായി തുടരുന്നു.

ഇരുപതാം നൂറ്റാണ്ടു കണ്ട എക്കാലത്തെയും മികച്ച ഗണിത ശാസ്ത്രജ്ഞനും നിർമ്മിത ബുദ്ധിയുടെ ഉപജ്ഞാതാവെന്ന ബഹുമതി നേടിയിട്ടുള്ള അലൻ ടൂറിംഗ് ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ ശത്രുക്കളുടെ സന്ദേശങ്ങൾ ഡീകോഡ് ചെയ്തെടുക്കുന്നതിൽ അസാമാന്യ കഴിവ് തെളിയിച്ചയാളായിരുന്നു ടൂറിംഗ്. നിർമ്മിത ബുദ്ധിയുടെ പിതാവായ ടൂറിംഗ് പോലും ആ വിചിത്രഭാഷക്കു മുന്നിൽ തോൽവി സമ്മതിച്ചു. അജ്ഞാതനായ ഒരാളെഴുതിയ നിഗൂഢമായ വോയ്നിച്ച് കൈയെഴുത്തുപ്രതിയിലെ ദുർഗ്രഹമായ ഭാഷ ഇന്നും അഭേദ്യമായിത്തന്നെ തുടരുന്നു.

ഒരു വലിയ വളവ് ചുറ്റി ബസ്സ് നിരങ്ങി നിന്നു. ഇറങ്ങേണ്ട ഇടം ഞാൻ ധ്യതിയിൽ ബസ്സിൽ നിന്നും എഴുന്നേറ്റു പുറത്തിറങ്ങി. നേരിയ മഴ പൊടിയുന്നുണ്ട്. അതെന്നെ തെല്ല് വിസ്മയിപ്പിച്ചു. ഏതാനും കിലോമീറ്റർക്കപ്പുറം പൊള്ളുന്ന വെയിൽ ഇവിടെ മഴയുടെ പെരുക്കം. ചില്ലു പൊടിഞ്ഞു ചിതറുന്നതു പോലെ തോന്നിച്ച പൊടിമഴയിൽ സൂര്യൻ പലതായി പ്രതിഫലിച്ചു. ആ മഴയുടെ കുളിർ പുരണ്ട ഇളങ്കാറ്റ് വഴിത്ത‌ാരയിലെ മരങ്ങളിൽ പതിഞ്ഞു. ഇലകൾ അതുൾക്കൊണ്ടു. പരിസരം നല്കിയ ഉന്മേഷത്തോടെ ഞാൻ വാഴിത്താരയിലൂടെ നടന്നു. ചെറിയ ടൗൺപ്രദേശം പിന്നിട്ട് നടപ്പാത വിദൂരതയിലേക്ക് നീണ്ടു. സ്ഥലം എത്താറായിരിക്കുന്നു.

വഴിയോരത്തു കണ്ട ഏറെ തിരക്കില്ലാത്ത ഒരു ടീ ഷോപ്പിലേക്ക് കയറി. പഴമയിൽ നിന്നും വിട്ടുപോരാൻ മടിക്കുന്ന ടീ ഷോപ്പ്. പുറമെ നിന്ന് ജനലിലൂടെ നോക്കിയാൽ ഒരാൾ സമോവർ തിളപ്പിക്കുന്നതു കാണാമായിരുന്നു. ആദ്യം ചായ കുടിക്കാം. ചായക്ക് ഓർഡർ ചെയ്ത് ഞാൻ അവിടെക്കണ്ട കസേരയിൽ ഇരുന്നു കൊണ്ട് ചുറ്റുപാടുകൾ ഉൾക്കൊള്ളുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കട്ടിക്കണ്ണട വച്ച് മൊബൈൽ ഫോണിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന കാഷ്യർ. മൂന്നു നാലു പേരിരുന്ന് ചായ കുടിക്കുന്നു. നാടൻ പലഹാരം കഴിക്കുന്നു. ചൂടാറ്റിയ ചായ അൽപ്പാൽപ്പം കുടിച്ചു കൊണ്ട് ഞാൻ മെനു ബോഡിൽ കണ്ട ഇടിയപ്പവും മുട്ടക്കറിയും ഓർഡർ ചെയ്തു. മിനിറ്റുകൾക്കും എത്തിയ ആവി പറക്കുന്ന മൃദുലമായ ഇടിയപ്പത്തിനു മുകളിൽ മുട്ടക്കറിയൊഴിച്ച് ഞാൻ കഴിക്കാനാരംഭിച്ചു. നല്ലവണ്ണം വെന്ത ഇടിയപ്പത്തിൽ കുറുകിയ ചാറ് കുഴച്ചത് നാവിൽ രുചിയുടെ മേളം തീർക്കുമ്പോൾ എന്‍റെ മനസ്സ് ആശങ്കയിലായിരുന്നു.

വീട് എങ്ങനെയെങ്കിലും കണ്ടുപിടിക്കാം. എന്നാൽ എന്ത് മുഖം മൂടിയണിഞ്ഞാണ് അവിടെ കയറിച്ചെല്ലുക? അന്വേഷണത്തിന്‍റെ കാര്യം പറയുന്നത് ഒരിക്കലും സത്യമായ വിവരം പുറത്തു കൊണ്ടുവരാൻ സഹായിക്കില്ല. പിന്നെ അന്വേഷണത്തിന്‍റെ പേരും പറഞ്ഞ് ഭയപ്പെടുത്തിയാൽ തന്നെ വഴങ്ങിക്കൊള്ളുമെന്ന് ഒരു നിബന്ധനയുമില്ല. ഇവിടെ ആവശ്യം എന്‍റേതാണ് അവരുടേതല്ല. ഭയപ്പെടുത്തി കാര്യം സാധിക്കുന്നത് ഇത്തരം ആളുകളിൽ എത്ര കണ്ട് പ്രവർത്തികമാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഒരു ബാലനെ അനാഥാലയത്തിൽ കൊണ്ടാക്കാനും പിന്നെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താനും ആലോചിച്ച ക്രിമിനൽ മനസ്സ് എനിക്കു തന്നെ അപകടകരമായേക്കാവുന്ന തീരുമാനങ്ങൾ കൈകൊള്ളില്ലെന്ന് എന്താണുറപ്പ്?

പെരുവിരലിൽ നിന്നാരംഭിച്ച വിറയൽ ശരീരമാസകലം പടരുന്ന പോലെ എനിക്കു തോന്നി. വ്യക്തമായ പദ്ധതിയോ ധാരണയോ ഇല്ലാതെ ഇങ്ങിനെയൊരു യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ടതിൽ എനിക്ക് ഖേദം തോന്നി. ഒരു വേള തിരിച്ചു പോയിമാ എന്നാലോചിച്ചു. ഒടുവിൽ ഏതായാലും വന്ന സ്ഥിതിക്ക് വീടും പരിസരവും കണ്ട് തിരിച്ചു പോകാമെന്ന് നിശ്ചയിച്ച ശേഷം ക്ലാസ്സിൽ അവശേഷിച്ചിരുന്ന ചായ കാലിയാക്കിയ ശേഷം ഞാൻ എഴുന്നേറ്റു കൈ കഴുകി.

പണം നല്കാനായി ചെന്നപ്പോൾ കട്ടിക്കണ്ണടക്കാരൻ മൊബൈൽ ഫോണിൽ നിന്ന് മുഖം ഉയർത്തി എന്നെ ഒന്നുഴിഞ്ഞു നോക്കി. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു. പണം വാങ്ങി ബാക്കി ചില്ലറ തരാനായി പരതുന്നതിനിടയിൽ ഞാൻ സൗഹാർദ്ദപൂർവ്വം ചോദിച്ചു.

“ഒരു ആന്‍റണി പൈലോക്കാരനെ അറിയാമോ? അദ്ദേഹത്തിന്‍റെ വീട്ടിലൊന്നു പോകണമായിരുന്നു.”

കട്ടിക്കണ്ണടക്കാരൻ ചോദ്യം കേട്ടതും ചില്ലറ പരതുന്നതു നിർത്തി.

“ആ.. സ്ഥലക്കച്ചവടം അല്ലേ.”

അയാളുടെ ആ എതിർ ചോദ്യത്തിൽ ഞാനൊരു സാധ്യത കണ്ടു. പൊടുന്നനെ ഞാൻ പറഞ്ഞു.

“അതെ സ്ഥലത്തിന്‍റെ ആവശ്യം തന്നെ. സ്ഥലമൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.”

“ആ കുറെ പാർട്ടികളായി വന്നു നോക്കിപ്പോകുന്നു. ഒന്നും നടക്കുന്നില്ല വായിൽ തോന്നിയ വിലയൊക്കെ പറഞ്ഞാൽ ആർക്കാണ് കൊടുക്കാൻ കഴിയുക. എല്ലാത്തിനും ഒരു സാമാന്യ മര്യാദയൊക്കെയില്ലേ? ആ അമ്മച്ചിക്കാകട്ടെ വിട്ടുവീഴ്ച എന്നൊന്നില്ല. ഇങ്ങയെങ്കിൽ സ്ഥലവും വീടും ഈ ജന്മത്ത് വിറ്റുപോകില്ല.”

മൊബെലിൽ മുഖം പുഴ്‌ത്തിയുള്ള ഇരിപ്പും കട്ടിക്കണ്ണടയും കണ്ടപ്പോൾ ഈ ലോകത്തൊന്നുമല്ല ആളെന്ന് തോന്നിച്ചെങ്കിലും കാഷ്യർ അന്തർമുഖനല്ല സംസാരപ്രിയനാണെന്ന് എനിക്ക് മനസ്സിലായി. അതെനിക്ക് ഉത്സാഹം നല്കി.

“ചില്ലറ ഇല്ലെങ്കിൽ വേണ്ട. ഞാൻ തിരിച്ചു വരുമ്പോൾ ഇവിടെ കയറാം.” അപ്പറഞ്ഞത് അയാൾക്ക് സ്വീകാര്യമായി തോന്നി.

“സ്ഥലത്തിനെന്തെങ്കിലും അവകാശത്തർക്കമോ? പ്രശ്നമുണ്ടോ? വല്ല കേസോ കൂട്ടമോ അവകാശത്തർക്കമോ?”

കട്ടിക്കണ്ണടക്കാരൻ മുഖമുയർത്തി നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഇല്ല അങ്ങനെയൊന്നുമില്ല. നല്ല പറമ്പാണ്. ഇരുപത് ഇരുപത്തഞ്ച് സെന്‍റ് കാണും. നല്ല ഒത്ത സ്ക്വയർ പ്ലോട്ട്. പക്ഷേ വീട് പഴയതാ.”

“അതെന്താ ഇപ്പോൾ പെട്ടെന്ന് വിൽക്കാൻ കാരണം?”

“ആ അമ്മച്ചീടെ മകൻ വിദേശത്താ മകന്‍റെ കൂടെ സെറ്റിൽ ചെയ്യാനാണെന്ന് തോന്നുന്നു… ശരിക്കറിയില്ല…”

തൊട്ടടുത്ത് ബില്ലടക്കാനായി ഒരാൾ തിടുക്കം കൂട്ടുന്നതു കണ്ട് അയാൾ എന്നോട് പെട്ടന്ന് പറഞ്ഞു.

“ഇവിടെ നിന്ന് നേരെ പോകുക. ഇടതും വലതും ഒന്നും തിരിയണ്ട റൈറ്റ് സൈഡിൽ ഒരു പള്ളി കാണാം. അവിടെ നിന്നും ഫസ്റ്റ് റൈറ്റ് മൂന്നാമത്തെ വീട്.”

“ശരി.” ഞാൻ അയാളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ഇനി ഒരമ്പത് വർഷം കഴിഞ്ഞു തിരിച്ചു പോന്നാലും ആ കട്ടികണ്ണടക്കാരൻ അതേ ഇടത്തു അതേകസേരയിൽ പണമെണ്ണിത്തിട്ടപ്പെടുത്തികൊണ്ടു ഇരുപ്പുണ്ടാവുമെന്നു എനിക്ക് തോന്നി.

പൊടിമഴ അപ്പോഴേക്കും ശമിച്ചിരുന്നു. ടാറിട്ട റോഡായിരുന്നിട്ടു കൂടി മണ്ണിൽ മഴ വീണതിന്‍റെ ഗന്ധം. വഴിത്താരക്കിരുവശവും വലിയ മരങ്ങൾ ഒറ്റപ്പെട്ടു നിന്നു. വഴിത്താരക്കു വലതുവശത്തെ പള്ളി ലക്ഷ്യം വച്ച് ഞാൻ നടന്നു. വഴിക്കിരുവശവും ഒറ്റപ്പെട്ട കടകളുണ്ട്. മല്ലി, മുളക് പൊടിക്കുന്ന ഒന്ന്, ഒരു ബാർബർ ഷോപ്പ്, പഴയ രീതിയിലുള്ള ഒരു പലചരക്കുകട അങ്ങനെ. ആ പ്രദേശത്ത് ഞാൻ അപരിചിതനായതിലാവണം എന്നെ ആളുകൾ തുറിച്ചു നോക്കുന്നതായി ഞാൻ കണ്ടു. എനിക്ക് വല്ലായ്മ തോന്നി.

കട്ടിക്കണ്ണടക്കാരൻ വഴി പറഞ്ഞു തന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ ദൂരം നടക്കേണ്ടി വന്നു. ഇതറിഞ്ഞിരുന്നെങ്കിൽ ഒരോട്ടോ പിടിക്കാമായിരുന്നു എന്നു തോന്നി. അങ്ങനെ പള്ളിക്കടുത്തെത്തി. പള്ളിക്കു മുന്നിൽ വഴിത്താരക്കപ്പുറം വിശാലമായ സെമിത്തേരിയാണ്. കറുത്തതും നിറം മങ്ങിയതുമായ ഫലകങ്ങൾ സെമിത്തേരിയിൽ എഴുന്നു നിന്നു. അതിനു പിന്നിൽ ഒറ്റപ്പെട്ട് ഉണങ്ങി ഇല പോയ മരങ്ങളും. എല്ലാത്തിനും പുറകെ നിറം പോയി ചാരച്ച ആകാശവും. ആകാശം അനന്തതയിലേക്ക് വളഞ്ഞു നിന്നു.

വേർതിരിച്ചറിയാനാകാത്ത കാരണത്താൽ ഒരു ഉൾഭയം എന്നെ പിടികൂടി. സഹായി ജോണിയെ കൂടെ കൂട്ടാമായിരുന്നെന്ന് എനിക്ക് തോന്നി. ഒറ്റക്കു യാത്ര തിരിച്ചത് അബദ്ധമായി. അതല്ലെങ്കിലും അപരിചിതമായ യാത്രാപഥങ്ങൾ ഭയാശങ്കകൾ തീർക്കുന്നതാണ്. പള്ളിക്കു വലതു വശത്തെ വഴി തിരിഞ്ഞ് ഞാൻ പ്രയാസപ്പെട്ടു നടന്നു. പിന്നീട് ഏറെ പണിപ്പെടേണ്ടി വന്നില്ല ആന്‍റണി പുല്ലോക്കാരന്‍റെ വീടെത്താൻ.

കട്ടിക്കണ്ണടക്കാരൻ പറഞ്ഞതുപോലെ മതിലു കെട്ടിത്തിരിച്ച സ്ക്വയർ പ്ലോട്ട്. അതിനു നടുക്കായി പഴയ വീട്. കട്ടിയിരുമ്പു കൊണ്ടു നിർമിച്ച ഇരുമ്പു ഗേറ്റു തുറക്കാനാഞ്ഞതും ചാരനിറമുള്ള പരുക്കൻ ഷർട്ടിട്ട ഒരു സെക്യൂരിറ്റിക്കാരൻ എവിടെ നിന്നോ ഓടി വന്നു. കപ്പടാ മീശയും ചുവന്ന ഉണ്ടക്കണ്ണുകളുള്ള അയാളോട് മാഡത്തെ കാണണം എന്നു മാത്രം പറഞ്ഞു. യാതൊരു സഹകരണവുമില്ലാത്തയാൾ എന്നു തോന്നിപ്പിച്ച അയാളുടെ ചോദ്യാവലിക്കെല്ലാം യുക്തിസഹജമായ ഉത്തരം നല്കിയ ശേഷം ഞാൻ ഗേറ്റു തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

വെളുത്ത പൂക്കള്ള ബോഗൻ വില്ല പടർത്തിയ കമാനം പിന്നിട്ട് വെട്ടുകല്ല് പാകിയ നടപ്പാത കടന്ന് ഞാൻ സിറ്റൗട്ടിൽ പ്രവേശിച്ചു. വീടിനിടതുവശത്തെ പുൽത്തകിടിയിൽ ഒരു വെളുത്ത പെയിന്‍റടിച്ച അഴികളുള്ള മരയൂഞ്ഞാൽ ആടുന്നത് ഞാൻ കണ്ടു.

പൊടുന്നനെ മുൻവാതിൽ തുറന്ന് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. തടിച്ചു വെളുത്ത് ഉയരം കുറഞ്ഞ ഒരു സ്ത്രീ. കറുത്ത മിഡിയും ടോപ്പും ധരിച്ചിരിക്കുന്നു. കഴുത്തറ്റം താഴ്ത്തി ആണുങ്ങളെപ്പോലെ മുടി മുറിച്ചിരിക്കുന്നു. നിശ്ചയദാർഢ്യത്തിന്‍റെയും താൻപോരിമയുടേയും ആൾരൂപമെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താം. സംശയാസ്പദമായി എന്നെ ആകെയൊന്നുഴിഞ്ഞു നോക്കിയ ശേഷം അവർ സിറ്റൗട്ടിൽ ഇട്ടിരുന്ന മരക്കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ഒരു വീടും പറമ്പും അടിയന്തിരമായി വാങ്ങാൻ ഉദ്ദേശിക്കുന്നതിനു പിന്നിലെ ആവശ്യകത വിശ്വസനീയമായ രീതിയിൽ ഞാൻ അവതരിപ്പിച്ചു. ഈ സ്ഥലം ഇഷ്ടമാകാൻ ഉള്ള കാരണങ്ങളും അവരെ ധരിപ്പിച്ചു. ഞാൻ പറഞ്ഞത് അവർ പൂർണ്ണമായും വിശ്വസിച്ചതായി ആ മുഖഭാവത്തിൽ നിന്നും വ്യക്തമായി. അവരുടനെ അകത്തേക്ക് പോയി ആരോടോ ചായ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫാമിലിയെക്കൂട്ടി ഒന്നു കൂടെ വരാനും പദ്ധതിയുണ്ടെന്ന് ഞാൻ അവരെ അറിയിച്ചു. വീടും പറമ്പും ചുറ്റിക്കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അവർ എന്‍റെ ആവശ്യം ഉത്സാഹപൂർവ്വം സമ്മതിച്ചു. മനോഹരവും വൃത്തിയുമായി പരിപാലിച്ചിട്ടുള്ള വീടും പരിസരവും. വെളുപ്പും റോസും നിറുള്ള നേർത്ത ബോഗൻ വില്ല ചെടികൾ പടർത്തിയ കമാനാകൃതിയായ ഗേറ്റ്. ഗേറ്റിനിരുവശത്തും വെട്ടിയൊതുക്കിയ ബുഷ് ചെടികൾ അതിരു തീർത്ത പൂന്തോട്ടം. പല ജാതി പൂക്കൾ അവിടെ പൂത്തു നിന്നു. വീടിനു തൊട്ടു മുമ്പിൽ വലിയൊരു നാട്ടുമാവ് മുറ്റമെമ്പാടും ശിഖരങ്ങൾ പടർത്തി ദീർഘകായനായി എഴുന്നു നിന്നു. അതിനെതിർവശത്ത് കനത്തു വീർത്ത തായ്തടിയുള്ള പന പോലുള്ള വൃക്ഷങ്ങൾ തുഞ്ചത്ത് ഇല പടർത്തി തണലുവിരിച്ചു നിന്നു. ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്ന വീടും പരിസരവും. എന്നോട് വിശ്വാസം വന്ന പോലെ ആ സ്ത്രീ ഇടതടവില്ലാതെ സംസാരിക്കാൻ തുടങ്ങി. അവരുടെ പേര് ക്ലാര എന്നായിരുന്നു. കാര്യങ്ങളെല്ലാം സവിസ്തരം എന്നെ അറിയിച്ചു കൊണ്ടിരുന്നു. വീടിനു പിറകിൽ പല നിറത്തിലുള്ള പഴവർഗ്ഗങ്ങളും പച്ചക്കറിയും നട്ടുവളർത്തിയിരുന്നു. അതെല്ലാം കണ്ടു കൊണ്ടു നടക്കുമ്പോൾ രണ്ടു ചുവന്ന കണ്ണുകൾ എന്നെ പിന്തുടരുന്നതായി എനിക്കു തോന്നി.

അടുത്ത പത്തു മിനിറ്റിനുള്ളിൽ വീടിനകം കണ്ട് ചായ കുടിച്ച് ക്ലാരയാന്‍റിയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ആ പത്തു മിനിറ്റിനുള്ളിൽ വീടിനകം സശ്രദ്ധം നിരീക്ഷിച്ചെങ്കിലും എനിക്കറിയേണ്ടുന്ന വിവരങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ക്ലാരയാന്‍റിയാകട്ടെ സ്ഥലക്കച്ചവടത്തിനപ്പുറം ഒന്നും തന്നെ വിട്ടു പറയാൻ തയ്യാറായുമില്ല. അതിനപ്പുറം കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നത് എന്നെ സംശയത്തിന്‍റെ നിഴലിൽ നിർത്തുമെന്ന് തോന്നിയതിനാൽ ഞാൻ നിരാശനായി. വീട്ടിൽ നിന്നും പുറത്തിറങ്ങിയ എന്നെ വീണ്ടും ചുവന്ന കണ്ണുകൾ പിൻതുടരുന്നതായി എനിക്കു തോന്നി. അത് സെകൂരിറ്റിക്കാരൻ തന്നെ. അയാൾക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ തിരിച്ച് അയാൾക്കടുത്തേക്ക് നടന്നു. പരിചയപ്പെട്ടു. ഫോൺ നമ്പർ വാങ്ങി.

നേരം വൈകിയതിനാൽ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞത് ഞാൻ വെട്ടുവഴിയിലേക്കിറങ്ങി. വെട്ടുവഴി കടന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഒരു ശവഘോഷയാത്ര പോകുന്നതു കണ്ടു. പണ്ടുമുതലേ ഇത്തരം കാഴ്ച കാണുമ്പോൾ മനസ്സിലൊരു ആന്തലാണ്. എത്രയോ തവണ ഇത്തരം കാഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും പ്രായം ഇത്രയായിട്ടും ഇക്കാഴ്ചകൾ നല്കുന്ന ഭയാശങ്കകൾ എന്നെ വിട്ടു പോയിട്ടില്ലെന്നത് ദുഃഖകരമാണ്.

ഇല്ല എനിക്ക് യാതൊരു ഭയവുമില്ല. ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതിനായി ഞാനും മെല്ലെ ആ ശവമടക്ക് ആൾക്കൂട്ടത്തിൽ ചേർന്നു നടന്നു തുടങ്ങി. യാതൊരു പരിചയവും ഇല്ലാത്ത ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏതോ സ്ഥലത്തെ ഒരാൾ. അയാളുടെ ശവമടക്കിന് കൗതുകത്തോടെ ഞാൻ തെല്ലിട കഴിഞ്ഞ് സെമിത്തേരിപ്പറമ്പിലേക്ക് നടന്നു കയറി. ചെന്നു കയറിയതും വരണ്ട കാറ്റ് വീശിയടിച്ചു. ദൂരെ നിൽക്കുന്ന ഉണങ്ങി ശോഷിച്ച മരത്തിന്‍റെ ചില്ലകൾ പൊട്ടിവീഴുന്നതു കണ്ടു. ശുശ്രൂഷകൾ ആരംഭിക്കുമ്പോൾ ഞാൻ നിസ്സംഗനായി ചുറ്റുപാടും പരിസരവും വീക്ഷിച്ച് നിന്നു. അപ്പോഴാണ് സമീപത്തുള്ള ഒരു ശവക്കല്ലറ ശ്രദ്ധിച്ചത്. ഉണങ്ങിയ പൂക്കൾ മേലാപ്പ് തീർത്ത ശവക്കല്ലറ. അൻപത് വർഷം ഈ ഭൂമിയിൽ ജീവിച്ച് വേർപെട്ടു പോയ അയാളുടെ പേര് ഞാൻ ശ്രമപ്പെട്ട് വായിച്ചു. അതിപ്രകാരമായിരുന്നു. “ആന്‍റണി പുല്ലോക്കാരൻ.”

ഒച്ച്- 5

ഒരു സ്ത്രീ നാലഞ്ചു വയസ്സു പ്രായത്തിൽ അനാഥാലയത്തിൽ കൊണ്ടാക്കിയതാണ് അമലിനെ. അത്തരമൊരു പ്രവൃത്തിക്ക് ആ സ്ത്രീയെ പ്രേരിപ്പിച്ചതെന്താണ്? വിശദമായ ഒരന്വേഷണം ആവശ്യപ്പെടുന്ന ഒന്നാണിത്. ഒരു പക്ഷേ അമലിന്‍റെ ദാരുണമായ മരണത്തിന്‍റെ ഉത്തരവും ആ അന്വേഷണത്തിൽ നിന്നും ലഭ്യമായേക്കാം.

ആരാണവർ? തീർച്ചയായും അനാഥാലയത്തിലെ രേഖകളിൽ അവരുടെ പേരും വിലാസവും ഉണ്ടാകും. അതു ലഭിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. ഒരു തുമ്പ് എന്നു പറയാൻ ഇതു മാത്രമേ എന്‍റെ മനസ്സിൽ തോന്നുന്നുള്ളൂ. തോമാച്ചന് ഇക്കാര്യത്തിൽ എന്നെ സഹായിക്കാൻ കഴിയില്ലെന്നത് തീർച്ചയാണ്. കാരണം അത്തരമൊരു പ്രശ്നങ്ങൾക്കു നടുവിലാണ് അയാളുള്ളത്. ഒന്നും തന്നെ വിട്ടു പറയാൻ അയാൾക്ക് പരിമിതികളുണ്ട്. ആദ്യമേ തന്നെ അയാളത് വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ കാരണം തേടി പോകുന്നത് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

അയാളുടെ സംസാരരീതി ഈയൊരു വസ്തുത അടിവരയിടുന്നതാണ് ഓർഫനേജ് അധിക്യതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന സാഹചര്യമല്ല തോമാച്ചനുള്ളത്. മാത്രമല്ല പോലീസ് അന്വേഷണം തുടങ്ങിയിരിക്കാൻ സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ ഒരുറപ്പ് പറയാൻ എനിക്ക് കഴിയില്ല എങ്കിലും. ആർക്കും പരാതികൾ ഒന്നുമില്ല എങ്കിൽ തന്നെയും ഒരു അനാഥാലയവുമായി ബന്ധപ്പെട്ട ഗൗരവതരമായ സംഭവം ഉത്തരവാദിത്വപ്പെട്ടവരുടെ അന്വേഷണ പരിധിയിൽ വരാതിരിക്കാൻ മതിയായ കാരണമൊന്നുമില്ല.

ചിലപ്പോൾ അമൽ ആ സ്ത്രീയുടെ മകനല്ലായിരിക്കാം. വലിയൊരു സമ്പത്തിന്‍റെ അനന്തരാവകാശി ഒരു പക്ഷേ അമലായിരുന്നിരിക്കണം. ആ സ്ത്രീയുടെ ഭർത്താവിന്‍റെ അവിഹിത ബന്ധത്തിലെ മകനായിരിക്കാം അമൽ. ഒരു കുട്ടിയെ അനാഥാലയത്തിൽ എൽപ്പിക്കാൻ മാത്രം കഠിനഹൃദയയായ ആ സ്ത്രീ  പിന്നീട് എന്തു ദുഷ്കർമ്മം ചെയ്യാനാണ് സാധ്യത ഇല്ലാത്തത്? തന്‍റെ മക്കൾക്ക് ലഭിക്കേണ്ടുന്ന വമ്പിച്ച സമ്പത്ത് മറ്റൊരു സ്ത്രീയുടെ മകന് ഭാവിയിൽ വന്നു ഭവിക്കാനുള്ള സാഹചര്യം ആ സ്ത്രീ മുളയിലേ നുള്ളിക്കളഞ്ഞു എന്ന പ്രഥമദൃഷ്ടിയാൽ മനസ്സിലാകുന്ന സാധ്യത തള്ളിക്കളയാൻ സാധ്യമല്ല.

നിർഭാഗ്യവശാൽ ആ കുട്ടിയുടെ അപ്പൻ നിലവിൽ ജീവിച്ചിരിക്കാനുള്ള സാധ്യത ഇല്ല എന്നു തന്നെ അനുമാനിക്കാം. ജീവിച്ചിരിപ്പുണ്ടെങ്കിൽ മകനെ അനാഥാലയത്തിൽ വളർത്തേണ്ടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ആ സ്ത്രീ തന്നെയാണ് സംശയമുനയിൽ നിൽക്കുന്നത്. അച്ചടക്കത്തോടെ നടത്തപ്പെടുന്ന ഒരു സ്ഥാപനത്തിൽ ആ സ്ഥാപനത്തിൽ ഉള്ളവരിൽ നിന്നും ഇത്തരമൊരു നിഷ്ഠൂര കൃത്യത്തിന് സാധ്യത കുറവാണ്.

എന്തിനു വേണ്ടി എന്ന ചോദ്യം ആ ഒരു സാധ്യതക്കുറവിനെ സാധുകരിക്കുന്നു. അപ്പോൾ ആ സ്ത്രീ! അമലിനെ അനാഥാലയത്തിൽ ഏൽപ്പിച്ചു പോയ സ്ത്രീ. ആ  സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ തേടണം. അതെങ്ങനെ എന്ന ചോദ്യം വലിയൊരു ചോദ്യചിഹ്നമായി മനസ്സിൽ ഉയർന്നു വരുന്നു. സമയമുണ്ട്.

മനോഹരമായ വെളുത്ത തളികയിൽ ഗ്രിൽ ചെയ്തെടുത്ത മീൻ വിഭവം ബംഗാളിപ്പയ്യൻ കൊണ്ടുവന്നു. അലങ്കാരത്തിന് നേർമ്മയായി അരിഞ്ഞ സവാളയും ചെറുനാരങ്ങാ മുറിച്ചതും പിന്നെ വട്ടത്തിൽ കുക്കുംബർ അരിഞ്ഞതും ഏറെ മസാല ചേർക്കാതെ ഗ്രിൽ ചെയ്തെടുത്ത മീൻ വിഭവം ഏറെ രുചികരമായി തോന്നി. നേർത്ത എരിവുള്ള സോസിൽ മുക്കിക്കഴിച്ചത് നാവിലെ രസമുകുളങ്ങളെ ഉണർത്തുന്നതായി. ഒരു ക്ലിയർ മഷ്റും സൂപ്പുകൂടി കഴിച്ച് കൈ കഴുകി പുറത്തിറങ്ങാനൊരുമ്പെടുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.

എന്‍റെ അന്വേഷണങ്ങൾക്ക് കൂട്ടായി ഒരു സഹായിയെ എന്‍റെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട് എന്നറിയിക്കാനായിരുന്നു തോമാച്ചൻ വിളിച്ചത്. തോമാച്ചനാകട്ടെ തിരക്കിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നു തിരിയാൻ സമയമില്ല.

ശരി. ഞാനതു കണ്ടതാണ്. അന്തരീക്ഷം ചൂടുപിടിച്ചു വരുന്നതേ ഉള്ളൂ. ഞാൻ ഒരു ഓട്ടോ പിടിച്ച് ഓഫീസിലേക്ക് പോകാൻ തീരുമാനിച്ചു. വഴിത്താരയെ പിന്നോട്ടാക്കി മുന്നോട്ടു പോകുമ്പോൾ തൊട്ടു മുമ്പേ തോമാച്ചൻ പറഞ്ഞ ഒരു പേര് എന്‍റെ മനസ്സിലുടക്കി. അമലിന്‍റെ പേര്. അമലിന്‍റെ പൂർണ്ണമായ പേര്. മുൻപ് അയാൾ ഒരു തവണ അമലിന്‍റെ പൂർണ്ണമായ പേര് പറഞ്ഞിട്ടുണ്ടെങ്കിലും ഞാനതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടായിരുന്നില്ല. ഇത്രമാത്രം അശ്രദ്ധയും ഉദാസീനതയും പുലർത്തിയതിൽ എനിക്ക് ഖേദം തോന്നി. ഒരു ചെറിയ പിടിവള്ളി അത്രമാത്രം. ആ പിടിവള്ളി ദുർബലമായ ചിതലുകയറിയ ഒന്നു തന്നെയാണ്. എങ്കിലും ചിലപ്പോൾ ആ പിടിവള്ളിയിൽ കയറി കരപറ്റിക്കൂടെന്നില്ല. ഏതായാലും ഏതു ദിശയിലേക്കാണ് പോകേണ്ടതെന്നറിയാതെ ഉഴറി നടന്ന എനിക്കു മുന്നിൽ യാദൃശ്ചികമായി വന്നു പെട്ട ദിശാ സൂചകമായി അമലിന്‍റെ പൂർണമായ നാമം.

പോർച്ചുഗീസ് കഫേക്കു മുന്നിലാണ് ഓട്ടോ ഇറങ്ങിയത്. നേരിയ ചൂടുണ്ട്. ശരീരത്ത് വിയർപ്പു പൊടിയുന്നു. പോർച്ചുഗീസ് കഫേയിൽ നിന്നും ഉള്ളു തണുപ്പിക്കാൻ എന്തെങ്കിലും കഴിക്കാമെന്നു കരുതി ഞാൻ കഫേയിലേക്കു കടന്നു. പലതരം പഴങ്ങൾ സമചതുരാകൃതിയിൽ മുറിച്ച് അടരുകൾ തീർത്ത കപ്പിൽ മേലാപ്പായി ഐസ്ക്രീമും അതിനു മുകളിൽ ചെറിപ്പഴം തൊങ്ങൽ ചാർത്തിയ ഷേക്ക് ഉള്ളം തണുപ്പിച്ചു കൊണ്ടിരിക്കെ സേവ് ചെയ്യാത്ത ഒരു നമ്പർ ഫോണിൽ തെളിഞ്ഞു. അതെ ഇതു തോമാച്ചൻ പറഞ്ഞ സഹായി തന്നെ. ഹോണെടുത്തു.

മറുതലക്കൽ ഒരു പരുക്കൻ ശബ്ദം ഇവിടെ നിന്നും ഏറെ ദൂരെയല്ലാത്ത ഒരിടത്തു നിന്നും വിളിക്കുകയാണ്. അയാൾക്ക് ഈ സ്ഥലം അത്ര പരിചിതമല്ല. തോമാച്ചന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് വരുന്നത്. ഞാനുടനെ എന്‍റെ ഓഫീസ് ഇരിക്കുന്നിടത്തെ ലൊക്കേഷൻ അയാൾക്ക് അയച്ചുകൊടുത്ത് കഫേയിൽ പണം നല്കി പുറത്തിറങ്ങി.

ഉച്ചനേരം വഴിത്താരയിൽ ഏറെ ആളുകളില്ല, ചൂടിൽ മയങ്ങിക്കിടക്കുന്ന പ്രദേശം റോഡ് മുറിച്ചുകടന്ന് ചുറ്റു ഗോവണി കയറി ഓഫീസു തുറന്നു ഫ്രിഡ്ജ് തുറന്ന് അല്പം തണുത്ത വെള്ളം കുടിച്ചു. ഓഫീസിനു താഴെ തട്ടുകട നടത്തുന്ന ബംഗാളിപ്പയ്യനെ വിളിച്ച് മസാലച്ചായയും കോക്കനട്ട് ബിസ്ക്കറ്റും ഏർപ്പാടാക്കി. തെല്ലിട കഴിഞ്ഞപ്പോൾ ചുറ്റു ഗോവണി മുരളുന്ന ശബ്ദം കേട്ടു. സഹായി വരുന്നുണ്ടെന്നു തോന്നുന്നു. ഞാൻ വാതിൽക്കലേക്കു നോക്കി. തടിച്ചു കുറുകിയ ഒരാൾ വെളുത്ത ഷർട്ടും വെളുത്ത പാന്‍റും ധരിച്ചിട്ടുണ്ട്. തോളിൽ ഒരു ബുദ്ധിജീവി സഞ്ചി തൂക്കിയിട്ടുണ്ട്. നാല്ലതിലേറെ പ്രായം തോന്നിക്കില്ല. എങ്കിലും ജീവിത അനുഭവങ്ങളുടെ ഒരു സാഗരം ആ മുഖത്തു പ്രകടമായിരുന്നു.

വാതിൽക്കൽ അപരിചിതത്വം കൊണ്ട് പരുങ്ങി നിന്ന അയാളെ ഞാൻ അകത്തേക്കു വിളിച്ചു. ഇരിക്കാനാവശ്യപ്പെട്ടു. മുഖം വീർത്തു നിൽക്കുന്ന ഫാനിനു കീഴെ അയാൾ ആശ്വാസത്തോടെ ഇരിപ്പുറപ്പിച്ചു. അയാളുടെ വെളുത്ത വസ്ത്രം വിയർപ്പിൽ കുളിച്ചിരുന്നു. അപ്പോഴേക്കും ബംഗാളിപ്പയ്യൻ മസാല ചായയും ബിസ്ക്കറ്റും കൊണ്ടുവന്നു. ഒപ്പും ചെറിയ രണ്ടു പ്ലേറ്റുകളിൽ കേക്ക് കഷണങ്ങളും. അയാളെ അല്പനേരം വിശ്രമിക്കാനനുവദിച്ച് ഞാൻ പരിചയപ്പെടാൻ വേണ്ടി സംസാരിക്കാൻ തീരുമാനിച്ചു.

തോമാച്ചന്‍റെ ജൂനിയർ ആർട്ടിസ്റ്റ് ബാച്ചിലെ ഒരംഗമാണ് . പേര് ജോണി. സിനിമാ മോഹം തലക്കുപിടിച്ച് പഠനമുപേക്ഷിച്ച് അഭിനയിക്കാൻ അവസരം തേടിയിറങ്ങിയതാണ്. പല പ്രമുഖ നടന്മാരുടേയും കൂടെ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ ഞാൻ ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്. ഡയലോഗുള്ള ഒരു സിനിമാ അവസരം ലഭിക്കുന്നതു വരെ മാത്രമേ ഇദ്ദേഹത്തിന്‍റെ സേവനം എനിക്ക് ലഭിക്കൂ. ഞാൻ തലകുലുക്കി സമ്മതിച്ചെങ്കിലും എനിക്കതു പെട്ടന്നു മനസ്സിലായില്ല.

പിന്നീടയാൾ വിവരിച്ചപ്പോൾ കാര്യം മനസ്സിലായി. സംഭാഷണമുള്ള ഒരു കഥാപാത്രത്തെ ലഭിച്ചാൽ ഉടൻ ജോണി സ്ഥലം വിടും. സിനിമാ ഷൂട്ടിംഗിൽ ആൾക്കൂട്ടത്തിൽ നിൽക്കാൻ ജോണിയെക്കിട്ടില്ല. അത്യാവശ്യം സംസാരമൊക്കെയുള്ള വേഷം ചെയ്യാൻ മാത്രമേ ജോണിയുള്ളൂ. ജോണിയുടെ ആ ഒരു ആവശ്യം പ്രശ്നമുള്ളതായി എനിക്കു തോന്നിയില്ല. കാരണം ഡയലോഗുള്ള വേഷം ജോണിയെ ഏൽപ്പിക്കുന്നത് തോമാച്ചനാണല്ലേ? ഇനി എന്‍റെ അന്വേഷണ കാലയളവിൽ ഡയലോഗുള്ള വേഷം ലഭ്യമായാൽ തന്നെ ജോണിയെ ഏൽപ്പിക്കണോ എന്നത് തീരുമാനിക്കുന്നത് തോമാച്ചനും പിന്നെ ഞാനും ആയിരിക്കും. ഏതായാലും എന്‍റെ അന്വേഷണം തീരും വരെ ജോണി ഇവിടെത്തന്നെ കാണും

സത്യത്തിൽ ഇത്തരത്തിലുള്ള ആളുകളെ കാണുന്നത് സങ്കടകരമാണ്. ഇത്തരം ആളുകളെ ഒരു പാട് കണ്ടിട്ടുമുണ്ട്. സിനിമയിലേക്കും ക്രിക്കറ്റിലേയും അതിപ്രശസ്തരും അതിസമ്പന്നരുമായ സെലിബ്രിറ്റികളെ കണ്ട് അതു പോലെയാകാൻ കൊതിച്ച് തുനിഞ്ഞിറങ്ങുന്നവർ. അവർ മനസ്സിലാക്കുന്നില്ല കോടിക്കണക്കിന് ആളുകളിൽ നിന്ന് എത്ര പേർ അതിപ്രശസ്തരും സമ്പന്നതയും കൈവരിക്കുന്നുണ്ടെന്ന്. ഒടുവിൽ ഒരു നാൾ തിരിഞ്ഞു നോക്കുമ്പോൾ നഷ്ടപ്പെട്ട ജീവിതം മാത്രമാകും അവശേഷിക്കുന്നത്. അന്ന് ചിന്തിക്കും സാമാന്യരീതിയിൽ ജീവിച്ചുപോകുവാൻ എന്തെങ്കിലും ജീവിതമാർഗത്തിനുവേണ്ടി ശ്രമിക്കാമായിരുന്നു എന്ന്. യാതൊരു കഴിവുമില്ലെന്ന് സമൂഹം വിധിച്ചവർ ജീവിതവിജയം നേടുന്നത് കണ്മുൻപിൽ കാണേണ്ടിവരും. സുഹ്യത്തുകൾക്ക് ഉറ്റ ബന്ധുക്കൾക്ക് എന്തിനേറെ മാതാപിതാക്കൾക്ക് വരെ നമ്മൾ ഒരു പുകഞ്ഞ കൊള്ളിയായിരിക്കും

ബംഗാളിപ്പയ്യൻ കൊണ്ടുവന്ന മസാല ചായയും ബിസ്കറ്റും കൊണ്ട് ജോണിയെ സൽക്കരിച്ച ശേഷം ഓഫീസിനോടു ചേർന്നുള്ള മുറി ജോണിയെ ഏൽപ്പിച്ചു. ഞാൻ എന്‍റെ ഡയറി തുറന്ന് അവശ്യം അറിയേണ്ട വിവരങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചു. ജോണിയെക്കൊണ്ട് ആദ്യമായി ചെയ്യിക്കേണ്ട ജോലി ഞാൻ മുന്നേ നിശ്ചയിച്ചിരുന്നു.

അറിയേണ്ട വിവരങ്ങൾ

അനാഥാലയത്തിൽ എത്ര ജോലിക്കാർ ഉണ്ട്?

അവരുടെ വിശദാംശങ്ങൾ?

പുതുതായി വന്ന സ്റ്റാഫുകൾ?

ആ സ്ഥാപനത്തിലെ ദൈനം ദിന പ്രവർത്തനങ്ങളുടെ ലഘു വിവരണം?

അവിടെ പഠിപ്പിക്കുന്നതെന്താണ്?

പഠനശേഷമുള്ള കുട്ടികൾക്കായി ഉള്ള തുടർ പദ്ധതികൾ?

അങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കി വിവരങ്ങൾ ലഭിക്കാൻ എന്തു ചെയ്യേണ്ടു എന്ന് ആലോചിച്ചപ്പോഴാണ് സഹായിയെത്തന്നെ ഇക്കാര്യത്തിലേക്ക് നിയോഗിച്ചു കൂടെന്ന് ചിന്തിച്ചത്.

വീട്ടുകാരെ ധിക്കരിച്ച് പ്രണയ വിവാഹം ചെയ്ത ജോണിക്ക് ദൗർഭാഗ്യവശാൽ ഭാര്യ മരണപ്പെട്ടതിനാൽ മകനെ ഒരനാഥ മന്ദിരത്തിൽ ചേർക്കേണ്ടതായ ആവശ്യം വന്നു ചേരുന്നു. ദൂരസ്ഥലത്ത് ജോലി നോക്കുന്ന ജോണിക്ക് മകനെ കൂടെക്കൂട്ടാൻ പറ്റാത്ത അവസ്ഥയാണ്. ഒരു മികച്ച നടൻ കൂടിയായ ജോണി ഈയൊരു കഥാപാത്രത്തെയും നിസ്സഹായാവസ്ഥയേയും ഒന്നാന്തരമായി അഭിനയിച്ചു ഫലിപ്പിക്കുമെന്നുറപ്പ്.

രണ്ടു മൂന്നു ദിവസത്തിനകം ജോണിയെ അനാഥാലയത്തിലേക്ക് അയക്കണം. പിന്നീടുള്ളത് അവിചാരിതമായി കിട്ടിയ പിടിവള്ളിയിൽ തൂങ്ങലാണ് അമലിന്‍റെ പൂർണ്ണമായ പേര്. അതിലൊളിഞ്ഞിരിക്കുന്ന ചെറിയ സാധ്യതകൾ ആ സാധ്യതകൾ കണ്ടെത്താനായി ഞാൻ തന്നെ പുറപ്പെടുന്നതാണ് നല്ലത്. അതിനായി സമയം ഏറെ വൈകിക്കണ്ട. ഏതായാലും സഹായി ജോണി ഇന്ന് വിശ്രമിക്കട്ടെ ചെയ്യേണ്ട കാര്യങ്ങൾ നാളെ വിശദമായി അയാളെ ഏൽപ്പിക്കാം.

കുളിച്ച് പ്രസന്നനായി വന്ന ജോണിയെക്കൂട്ടി ഞാൻ ചുറ്റു ഗോവണിയിറങ്ങി റോഡിലേക്കിറങ്ങി. ഓഫീസിലൊരാളായല്ലോ എന്നു വിചാരിച്ച് ഓഫീസിലെ ചാവി ഞാൻ ജോണിക്ക് കൈമാറി. വൃത്തിക്ക് ആഹാരം തയ്യാറാക്കുന്ന ബംഗാളിപ്പയ്യൻന്‍റെ ചെറു റസ്റ്ററന്‍റ് ജോണിക്ക് പരിചയപ്പെടുത്തിയതിനു ശേഷം ഞാൻ വീട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി. ഓട്ടോയിൽ കയറുമ്പോൾ വീട്ടിലെവിടെയോ സൂക്ഷിച്ചു വച്ചിട്ടുള്ള തടിച്ച ടെലഫോൺ ഡയറക്ടറിയായിരുന്നു എന്‍റെ മനസ്സിൽ. അതു കണ്ടെത്താനായാൽ എനിക്ക് ഒരു ചെറു പ്രതീക്ഷയുണ്ട്.

വിരസമായ ദിവസം വാരിവലിച്ചിട്ട പുസ്തകക്കുമ്പാരത്തിനരികിൽ ഞാൻ ആകാംക്ഷയോടെ ഡയറക്ടറി തേടിക്കൊണ്ടിരുന്നു. അത്യാവശ്യം പഴക്കമുള്ളതാണ്. പണ്ടെങ്ങോ തൂക്കി വിറ്റിരിക്കാമെന്ന നിർഭാഗ്യകരമായ ചിന്ത എന്നെ വന്നു കൂടി. അങ്ങനെ ഒരു ദിവസം മുഴുവൻ വീടരിച്ചു പെറുക്കി അരികുകൾ ചിതലരിച്ച ഡയറക്ടറി കണ്ടെത്തി. ഭാഗ്യത്തിന് അരികേ ചിതലുകൾ കരണ്ടിട്ടുള്ളു. തെല്ലാശ്വാസത്തോടെ ആ തടിയൻ പുസ്തകം വൃത്തിയാക്കി ഞാൻ സൂക്ഷ്മതയോടെ പരതാനാരംഭിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആ പേരു ഞാൻ കണ്ടെത്തി…

തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞതിനാൽ പിറ്റേന്ന് ഏറെ വൈകിയാണ് ഉണർന്നത്. ജനലഴിയിലൂടെ പ്രസരിക്കുന്ന സൂര്യകിരണങ്ങൾ ഇളം തണുപ്പിൽ സുഖകരവും ഉന്മേഷദായകവുമായി തോന്നി. ഉണർന്നെങ്കിലും അല്പനേരം കൂടി കിടക്കാൻ തോന്നി എങ്കിലും എന്‍റെ അന്വേഷണത്തിന് നേരിയ വെളിച്ചം വീശുന്ന തലേന്നത്തെ കണ്ടുപിടുത്തം സുഖാലസ്യത്തിനായി കൊതിച്ച എന്‍റെ പ്രജ്ഞയേയും ശരീരത്തേയും ഉണർത്തി ഞാൻ ധൃതിയിൽ എഴുന്നേറ്റു. ഏറെ വൈകാതെ വീട്ടിൽ വിവരം പറഞ്ഞ് ഞാൻ യാത്ര തിരിച്ചു. ഓഫീസാണ് പ്രഥമ ലക്ഷ്യം ആദ്യം സഹായി ജോണിനെ ഞാൻ എഴുതിത്തയ്യാറാക്കിയ ചോദ്യാവലി എൽപ്പിക്കണം. അനാഥാലയത്തിലേക്ക് അയക്കണം. അതിനുശേഷം എന്‍റെ യാത്ര.

വഴിയരികിൽ നിന്നും നാരായണേട്ടന്‍റെ കടയിൽ നിന്നും സമോവറിൽ തിളച്ചു കിടന്ന ചായ കുടിച്ചു. ഓഫീസിലെത്തുമ്പോൾ ജോണി പ്രസന്നവദനനായി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറക്കം ആഹാരം തുടങ്ങി പതിവു കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ കാര്യത്തിലേക്കു കടന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ഉത്സാഹത്തോടെയും അതിലുപരി ഉദ്യോഗത്തോടെയും കേട്ടിരിക്കുന്ന ജോണിയെ ഞാൻ സാകൂതം ഉറ്റുനോക്കി. ദൃഷ്ടി പതറാതെ കണ്ണിമയനക്കാതെ ഞാൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന ജോണിയിൽ എനിക്ക് വിശ്വാസം തോന്നി. ഒരു സംവിധായകൻ കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊടുക്കുമ്പോൾ അത് അഭിനയിച്ചു ഫലിപ്പിക്കാൻ തയ്യാറെടുക്കുന്ന അഭിനേതാവിന്‍റെ ഉത്സാഹത്തിളക്കം ഞാൻ ജോണിയുടെ കണ്ണുകളിൽ കണ്ടു.

ഞാൻ അറിയാനാഗ്രഹിച്ച വിവരങ്ങൾ ഇയാൾ ഒന്നും തന്നെ വിട്ടു പോകാതെ, അതല്ല എങ്കിൽ ഞാൻ അറിയാൻ ആഗ്രഹിച്ചതിലേറെ വിവരങ്ങൾ ഇയാൾ എനിക്കായി എത്തിച്ചു തരുമെന്ന് എന്‍റെ മനസ്സു പറഞ്ഞു. ഒരു നല്ല കഥാപാത്രത്തെ ജീവിതത്തിൽ അഭിനയിക്കാനായി ലഭിച്ച സന്തോഷത്താൽ ഉത്സാഹഭരിതനായ ജോണിയെ യാത്രയാക്കിയതിനു ശേഷം ഞാൻ എന്‍റെ യാത്രക്കായി പുറപ്പെടാനൊരുങ്ങി.

കൃത്യമായ സ്ഥലം എന്‍റെ ഓഫീസിലിരിക്കുന ലാൻഡ് ലൈൻ നമ്പറിൽ നിന്നും വിളിച്ച് ഉറപ്പു വരുത്തി. ഓഫീസ് താഴിട്ട് പൂട്ടി ഗോവണിയിറങ്ങി ഞാൻ വഴിത്താരയിലേക്കിറങ്ങി. പെട്ടന്നാണ് ജോണിക്ക് നല്കാനായി കൊണ്ടുവന്ന പേന അയാൾക്ക് നല്കിയില്ല എന്ന കാര്യം ഓർമ്മ വന്നത്. ഉടനെത്തന്നെ ഞാൻ ജോണിയെ വിളിച്ചു ഭാഗ്യവശാൽ അയാൾ സമീപത്തുള്ള ഒരു ഷേക്ക് ഷോപ്പിൽ ഉണ്ടായിരുന്നു. ഓടിക്കിതച്ച് എന്‍റെ അടുത്തെത്തിയ ജോണിക്ക് ഞാൻ പേന നല്കി അതിന്‍റെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു. വിദേശത്തുള്ള എന്‍റെ പഴയ സുഹൃത്ത് ഗബ്രി എനിക്കു സമ്മാനിച്ചതായിരുന്നു ആ പേന. അത്തരം രണ്ടു പേനകൾ എന്‍റെ കൈവശം ഉണ്ടായിരുന്നു. അതു രണ്ടും ഗബ്രി സമ്മാനിച്ചതായിരുന്നു. അതു കൂടാതെ ക്യാമറാക്കണ്ണു പിടിപ്പിച്ച ഷർട്ടിലെ ബട്ടൻ സൂക്ഷ്മമായ ദൃശ്യങ്ങൾ ഒപ്പിയെടുക്കാനുതകുന്ന മോതിരം എന്നിവ കുടി എനിക്കായി അയച്ച വിവരത്തിന് ഗബ്രിയുടെ കത്ത് എനിക്കു ലഭിച്ചിരുന്നു.

വെയിലിന് ചൂടു പിടിക്കുന്നു. ആ തീഷ്ണത ഒഴിവാക്കാനായി. ഞാനുടനെ ഓട്ടോയിൽ കയറി. ബസ് സ്റ്റോപ്പാണ് എന്‍റെ ലക്ഷ്യം അവിടുന് ബസ്സു പിടിക്കണം. ഏകദേശം പത്തിരുപത് കിലോമീറ്റർ ദൂരമുണ്ട് പ്രധാന ലക്ഷ്യസ്ഥാനത്തിന്…

ഒച്ച്- 4

പിറ്റേന്ന് പുലർകാലേ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും യാത്ര പുറപ്പെട്ട് വീടെത്തുമ്പോഴേക്കും സന്ധ്യ നിറം പോയി ചാഞ്ഞു തുടങ്ങിയിരുന്നു. വീടെത്തിയതും കടുത്ത ക്ഷീണം എന്നെ കെട്ടി വരിഞ്ഞു. ഒപ്പം തീർത്തും അസുഖകരമായ തലപ്പെരുക്കവും എന്നെ വന്നു പുണർന്നു. ഇഞ്ചി ചതച്ചിട്ട ചായ കുടിച്ച് കിടന്നെങ്കിലും കാടിന്‍റെയും പച്ച തഴച്ച വലിയ മരങ്ങളുടേയും ചളി കട്ടപിടിച്ച ചതുപ്പുനിലത്തിന്‍റെയും ചാരനിറം പൂണ്ട ആകാശത്തിന്‍റെയും ശ്ലഥചിത്രങ്ങൾ മനസ്സിൽ നിറംകെട്ട രൂപത്തിൽ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ട് നിറഞ്ഞു വന്നു കൊണ്ടിരുന്നു. ചിലയവസരങ്ങളിൽ അങ്ങനെയാണ് ക്ഷീണം ഒരുപാടു തോന്നിയാലും ഉറക്കം അനുഗ്രഹിക്കാറില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം പുലരാറായപ്പോൾ കണ്ണടഞ്ഞു.

ഇരുണ്ടു കറുത്തു കുഴഞ്ഞ ചളി നിറഞ്ഞ നടപ്പാതയിലൂടെ നടക്കുകയാണ് ഞാൻ. ആ അറ്റമില്ലാത്ത യാത്ര ഒരിക്കലും അവസാനിക്കാത്തതാണെന്ന് എനിക്കു തോന്നി. നടപ്പാതക്കിരുവശവും കൂർത്ത അഗ്രങ്ങളുള്ള നരച്ച ചെടിപ്പടർപ്പുകളാണ്. അവയുടെ നേർത്തു കൂർത്ത അഗ്രങ്ങൾ ചാന്ദ്രശകലങ്ങളാൽ തിളങ്ങി നിന്നു. തീർത്തും അപരിചിതമായ ഒരിടത്താണ് ചെന്നുപെട്ടിരിക്കുന്നതെന്ന് ഞാൻ വേപഥുവോടെ മനസ്സിലാക്കി. തീർത്തും അസ്വസ്ഥാജനകമായ ആ പരിസരത്തു നിന്നും മാറിപ്പോകാൻ ഞാൻ അദമ്യമായി ആഗ്രഹിച്ചെങ്കിലും ഒരു മാർഗ്ഗം കാണാതെ ഞാൻ ഉഴറി.

വല്ലവിധവും വീടു പറ്റണമെന്ന് ആഗ്രഹിച്ച് കുഴഞ്ഞുമറിഞ്ഞ ചളിയിൽ ആണ്ടു പോയ കാലുകൾ വലിച്ചെടുത്ത് ഞാൻ മുന്നോട്ട് ആഞ്ഞു നടന്നു. പൊടുന്നനെയാണ് എന്തിലോ എരടി ഞാൻ വീഴാനാഞ്ഞത്. ഏറെ പണിപ്പെട്ടു തിരിഞ്ഞു നോക്കിയപ്പോൾ അതെന്താണെന്ന് നേരിയ നിലാവെളിച്ചത്തിൽ ഞാൻ വ്യക്തമായി കണ്ടു. അർദ്ധനഗ്നനായി ചതുപ്പിൽ പാതി ആഴ്ന്നു കിടക്കുന്ന ശരീരം. ആ ശരീരത്തിൽ നിന്നും ഒഴുകി പടർന്ന കറുത്ത ചോര ചെളിയിൽ കളങ്ങൾ തീർക്കുന്നു. അതിൽ വട്ടം ചുറ്റുന്ന വലിയ ഈച്ചകൾ അത്ര വലിപ്പമുള്ള ഈച്ചകളെ ഞാൻ മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. ആ ഈച്ചകളുടെ ഇരമ്പം കാതുകളിലേക്കിറങ്ങി കർണ്ണപുടങ്ങളിൽ പ്രകമ്പനം തീർക്കുന്നു. ശരീരമാസകലം ഉറഞ്ഞു പോയ പോലെ എനിക്ക് തോന്നി.

ഞാൻ അമലിനെ ഇതുവരെ കണ്ടിട്ടില്ല. പുറം കമിഴ്ന്നാണ് ശരീരത്തിന്‍റെ കിടപ്പ്. എന്നിട്ടും എന്‍റെ ഉൾബോധം എന്നോടു മന്ത്രിച്ചു അമലാണത്… ആ കിടക്കുന്നത് അമലാണ്… അനാഥാലയത്തിലെ ഭാഗ്യഹീനനായ അമൽ… പറഞ്ഞറിയിക്കാനാവാത്ത ഭയാശങ്കകൾ എന്നെ കെട്ടി വരിഞ്ഞു. കുഴഞ്ഞ മണ്ണിൽ ആണ്ടു പോയ കാലുകൾ പുറത്തെടുക്കാൻ ഞാൻ ആവതു ശ്രമിച്ചു. എന്നാൽ എന്‍റെ ശ്രമം ഫലവത്തായില്ല. ശ്രമിക്കുന്തോറും ചതുപ്പിന്‍റെ കുഴഞ്ഞ ആഴങ്ങളിലേക്ക് കാലുകൾ ആഴ്ന്നിറങ്ങുകയാണ്. സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള നിലവിളി തൊണ്ടയിൽ ഇടർച്ചയോടെ കുടുങ്ങികിടന്നു. ഇമ തല്ലി മിഴിച്ചപ്പോൾ നേരിയ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ മാത്രമുണ്ട് മൂന്നിൽ. നേരിയ കാറ്റിലും ശരീരത്തിൽ നിന്നും വിയർപ്പു കണികകൾ ചാലുകൾ ആയി രൂപാന്തരപ്പെട്ട് കിടക്കപ്പായയിലേക്ക് ഒലിച്ചിറങ്ങുന്നു.

നീലഛവി പടർന്ന ആകാശം പഞ്ചസാര മണലിൽ കിടന്ന് അലക്ഷ്യമായി നീലാകാശത്തേക്ക് മിഴി പായ്ച്ചു കൊണ്ടിരിക്കെ എന്നെ അലട്ടുന്ന പ്രശ്നത്തിന് ഒരു സമീകരണം തേടാനുള്ള തുടക്കം കണ്ടെത്താൻ എന്‍റെ മനസ്സ് അനവരതം ശ്രമിക്കുകയായിരുന്നു. സംഭവ പരമ്പരയെക്കുറിച്ചുള്ള തോമാച്ചന്‍റെ വിവരണങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. തോമാച്ചൻ തന്ന വിവരങ്ങളിൽ ഒട്ടും തന്നെ തൃപ്തി എനിക്ക് തോന്നിയില്ല. അതുകൊണ്ടു തന്നെ താത്പര്യക്കുറവ് പറഞ്ഞ് അന്വോഷണം ഒഴിവാക്കാൻ ഞാൻ ആഗ്രഹിച്ചു.

വിവരം വിളിച്ചു പറയാൻ വേണ്ടി ഫോൺ എടുക്കാൻ തുടങ്ങുമ്പോഴാണ് മനസ്സിൽ ഒരു രൂപം തെളിഞ്ഞു വന്നത്. അർദ്ധനഗ്നനായി തല തകർന്ന് ചതുപ്പിൽ ആണ്ട് കിടക്കുന്ന അമലിന്‍റെ ദേഹം. ഞാൻ പൊടുന്നനെ ഫോണിൽ നിന്നും കൈ പിൻവലിച്ചു. അവിടവിടെ ചിതറിക്കിടക്കുന്ന അക്ഷരക്കൂട്ടത്തെപ്പോലെ ചില സംഭവങ്ങൾ അക്ഷരങ്ങൾ ഔചിത്യപൂർവ്വം ഒന്നിച്ചു ചേർന്നാലെ ആ കുട്ടങ്ങൾക്ക് ആശയം കൈവരൂ. അതുപോലെ ചിതറിക്കിടക്കുന്ന സംഭവങ്ങൾ ഔചിത്യപൂർവ്വം അടുക്കി വച്ചാലേ വ്യക്തമായ ഒരു ചിത്രം ലഭിക്കൂ. നിലവിൽ കൈയ്യിലുള്ളത് ശ്ലഥചിത്രങ്ങൾ മാത്രം! ഞാൻ ആ ശ്ലഥചിത്രങ്ങളെ മനസ്സിൽ ഒന്നടുക്കി വക്കാൻ ശ്രമിച്ചു. ജൻമദിനത്തിന്‍റെതായ ദിവസം ഒരനാഥ ബാലന്‍റെ മരണം…

തോമാച്ചനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിക്കില്ലെന്ന് മനസ്സു പറഞ്ഞു. എന്‍റെതായ രീതിയിൽ അന്വോഷിക്കുകയേ നിർവ്വാഹമുള്ളൂ.

അന്തരീക്ഷം ഇരുളാൻ തുടങ്ങിയിരുന്നു. ഒരു പാടാളുകൾ തിരക്കുകുട്ടിയിരുന്ന ബീച്ച് വിജനമാകാൻ തുടങ്ങിയിയതായി പഞ്ചാര മണലിൽ കൈ കുത്തി എഴുന്നേറ്റപ്പോൾ ഞാൻ കണ്ടു. ബീച്ച് വിട്ട് വീട്ടിലേക്ക് പോകാൻ കൂട്ടാക്കാത്ത കുട്ടികളെ ബലമായി കൊണ്ടു പോകാൻ ധൃതി കാണിക്കുന്ന രക്ഷകർത്താക്കൾ. ശാഠ്യം പിടിച്ച് കരയുന്ന കുട്ടികൾ. അവരെ കുറ്റം പറഞ്ഞു കൂടാ. ആർക്കും എത്ര കണ്ടാലും മതിയാകാത്ത ഒന്നാണല്ലോ വെൺനുര ചിതറുന്ന കടൽ.

വസ്ത്രത്തിൽ പറ്റിപ്പിടിച്ച മണൽത്തരികൾ തട്ടിക്കളഞ്ഞ് ഞാൻ പോകാനൊരുങ്ങി. ഇന്നു മുതൽ അന്വേഷണം ആരംഭിക്കുന്നതായി തോമാച്ചന് സന്ദേശമയച്ച് വഴിത്താരയിലേക്കിറങ്ങി. ചൂടു ശമിക്കാത്ത വഴിത്താര. മനസ്സിൽ അഭിശപ്ത ചിന്തകളുടെ നെരിപ്പോട് പുകയുന്നു. ആ അനാഥ ബാലനെ കൊന്നിട്ട് ആർക്ക് എന്ത് നേടാനാണ്. അവൻ ആ അനാഥാലയത്തിൽ വന്നു പെട്ടതിനെക്കുറിച്ചും അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

തീർച്ചയായും അസ്വസ്ഥജനകമായ സംഭവങ്ങൾ ഇക്കാര്യത്തിനു പുറകിൽ ഉണ്ടെന്നുള്ളത് തർക്കമറ്റ വസ്തുതയാണ്. അമലിനെ അനാഥാലയത്തിൽ എത്തിച്ചത് ആരാണ്? ആ വസ്തുത വെളിവാകുമെങ്കിലേ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം സാധ്യമാകു. അനാഥാലയത്തിൽ പോയാൽ പുറമെ നിന്ന് പരിസരം വീക്ഷിക്കാമെന്നല്ലാതെ ഉള്ളിൽ കയറി പരിശോധന നടത്താൻ അനുവാദം ലഭിക്കില്ലെന്നത് വ്യക്തമാണ്. ഏതായാലും പ്രതീക്ഷ കൈവിടണ്ട തോമാച്ചനോട് ഒന്നാരാഞ്ഞു നോക്കാം.

പ്രതീക്ഷിച്ച പോലെത്തന്നെ സംഭവിച്ചു. ഞാൻ ആഗ്രഹിച്ച വിവരങ്ങൾ ഒന്നും തന്നെ തോമാച്ചനിൽ നിന്നും ലഭിച്ചില്ല. ഓർഫനേജിൽ പുറമെ നിന്നൊരാൾക്ക് പ്രവേശനം അനുവദനീയമല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ നടപ്പു സാഹചര്യത്തിൽ. അമലിനെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നുമില്ല. നാലോ അഞ്ചോ വയസ്സിൽ ഒരു സ്ത്രീ ഏൽപ്പിച്ചതാണവനെ എന്ന ഒരു വിവരം നല്കിയതൊഴിച്ചാൽ. പിന്നീടിന്നു വരെ ആ സ്ത്രീ തിരിഞ്ഞു നോക്കിയിട്ടുമില്ല. ആ സ്ത്രീയുടെ യാതൊരു വിവരവും തോമാച്ചന്‍റെ പക്കലില്ല.

ഞാൻ തീർത്തും ഹതാശനായി. മുഖം വല്ലാതിരിക്കുന്നതു കണ്ട് ട്രീസയും അമ്മയും കാര്യമന്വേഷിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. അസ്വസ്ഥതാജനകമായ ചിന്തകളുടെ ആധിക്യത്തിൽ നിന്നും ഒരാശ്വാസം തേടി വീട്ടിൽ നിന്നിറങ്ങി. ഉച്ചയാകാറായിരിക്കുന്നു. എങ്കിലും മൂടിക്കെട്ടി കനം തൂങ്ങിയ അന്തരീക്ഷം നനവ് മാറാത്ത ഇലച്ചാർത്തുകൾ ഉൾക്കൊണ്ട് തണൽമരങ്ങൾ കടലിന്‍റെ ഒരു വശത്തെ ചുറ്റിയുള്ള നടപ്പാതയുടെ അരികിൽ പലതരം കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും വില്പനക്ക് വച്ചിട്ടുണ്ട്. തിരി തെളിയിക്കുമ്പോൾ മുന്നോട്ടു നീങ്ങുന്ന തകര ബോട്ടുകൾ ഒരാൾ വില്ലനക്ക് വച്ചിരിക്കുന്നതു കണ്ടു. വെള്ളം നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ സവാരി നടത്തുന്ന ആ തിരി ബോട്ടിനെ ഞാൻ അൽപ്പനേരം നോക്കി നിന്നു. സ്കൂൾ പഠനകാലത്ത് ഇത്തരം ഒരു ബോട്ടിനായി ഏറെ കൊതിച്ചിരുന്നതായി ഓർത്തു.

ചിപ്പിയും കക്കയും ശംഖും കൊണ്ടുണ്ടാക്കിയ പലതരം കൗതുക വസ്തുക്കളുടെ നീണ്ട നിരക്കു ശേഷം മത്സ്യവും മറ്റു കടൽവിഭവങ്ങളും വിൽക്കുന്ന സ്റ്റാളുകൾ കണ്ടു. ആ സ്റ്റാളുകൾക്ക് പിറകെ ചീനവല ഉപയോഗിച്ച് ഏതാനും പേർ മത്സ്യം പിടിക്കുന്നതു കണ്ടു. ഇവിടെ നിന്നും പുതിയ മത്സ്യം വീട്ടിലേക്കു വാങ്ങാം. അതല്ല എങ്കിൽ ഇവിടെ നിന്നും മത്സ്യം വാങ്ങി സമീപത്തുള്ള ഒരിടത്ത് നല്കിയാൽ ആവശ്യാനുസരണം ഗ്രിൽ ചെയ്തോ പൊരിച്ചോ നൽകും. മുമ്പ് ട്രീസയൊടൊപ്പം ഈയൊരു സൗകര്യം ഞാൻ ആസ്വദിച്ചിട്ടുണ്ട്. ആ മയക്കുന്ന രുചി ഇന്നും നാവിലുണ്ട്. ആ രുചി ഒന്നു കൂടെ ആസ്വദിക്കണമെന്നു കരുതി മീൻ വിൽപ്പനക്കാരനിൽ നിന്നും ഒരിടത്തരം മത്സ്യം വൃത്തിയാക്കി പാക്കു ചെയ്ത് വാങ്ങി.

വഴിത്താരയോടു ചേർന്ന് ചുവരില്ലാത്ത നീളമുള്ള ഒരിടം. അതിനകത്ത് അത്യാവശ്യം തിരക്കുണ്ട്. ചെറിയ ചതുരാകൃതിയിട്ടുള്ള ടേബിളും അതിനു മുഖാമുഖമായി കസേരയും വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു. അവിടുത്തെ ഇളം മഞ്ഞ പ്രകാശം പ്രസരിക്കുന്ന ദീപവിതാനം ആകർഷകമായി തോന്നി. നാട്ടുകാരോടൊപ്പം വിദേശീയരായ ആളുകളും അവിടെയിരുന്ന് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു കണ്ടു. ഇടതു വശത്തുള്ള കൗണ്ടറിൽ നിൽക്കുന്ന ബംഗാളിപ്പയ്യൻ ചിരിച്ചു കൊണ്ട് എന്നെ സ്വാഗതം ചെയ്തു. അവന്‍റെ കൈയ്യിൽ മത്സ്യപ്പാക്കറ്റ് ഏൽപ്പിച്ചു. മസാല കുറച്ച് ഗ്രിൽ ചെയ്തു തന്നാൽ മതിയെന്നു പറഞ്ഞ് ഞാൻ കസേരയിൽ പോയിരുന്നു. വഴിത്താരക്കു എതിരെ നിൽക്കുന്ന തണൽമരങ്ങളിൽ കാറ്റു പിടിച്ച് ഇലകൾ ഉലയുന്നത് ഞാൻ നോക്കി.

കൊളോണിയൽ സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ പേറുന്ന ചെറുപട്ടണം. അവശിഷ്ടങ്ങൾ കാലത്തെ അതിജീവിച്ച് ഗതകാല പ്രൗഢിയുടെ സ്മാരകങ്ങളായി നിലകൊള്ളുന്നു. ആ കാഴ്ചകളിലേക്ക് ശ്രദ്ധ ചെലുത്തുമ്പോഴേക്കും മനസ്സ് ആ കാഴ്ചവട്ടങ്ങളിൽ നിന്നും വഴുതിമാറി അമല്ലെന്ന ദുരൂഹതയിലേക്ക് എത്തിച്ചേരുന്നു.

ഒച്ച്- 3

പച്ച തഴച്ച വനപ്രദേശത്തെ ഉൾക്കൊണ്ട ഇരുട്ട് ആ കനത്ത ഇരുട്ടിന് ഇരുളിമയും തണവും ഏറെയുണ്ടെന്ന് തോന്നി. ശരീരത്തിൽ കുളിരു കോരിക്കൊണ്ട് മഞ്ഞു പുരണ്ട കാറ്റ് തലോടിക്കൊണ്ടിരുന്നു കമ്പിളി കൊണ്ടുള്ള ഒരു ടവ്വൽ എടുത്ത് ഞാൻ തലയിൽ ചുറ്റിക്കെട്ടി കഴുത്തിൽ ചാർത്തി. നേരിയ ജലദോഷത്തിന്‍റെ ലാഞ്ജന എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. എങ്ങാനും നീർദോഷം പിടിപെട്ടാൽ ദിവസം നശിപ്പിക്കാൻ അതു മതി. സിനിമാ സെറ്റിൽ അന്നു വൈകീട്ട് കഞ്ഞിയും പയറും ചെറുമീൻ വറുത്തതുമായിരുന്നു. നോൺ വെജ് ഭക്ഷണം മോരു കൂട്ടിക്കഴിക്കാൻ പണ്ടുമുതലേ എനിക്കിഷ്ടമല്ല. വല്ല നിവൃത്തിയുമുണ്ടെങ്കിൽ മോരിനും തൈരിനുമൊപ്പം നോൺ വെജ് ആഹാരങ്ങൾ എത്ര രുചികരമെങ്കിലും ഒഴിവാക്കാറാണ് പതിവ്. ഒരു പാട് മോരു ചേർത്ത കഞ്ഞിയും പയറും കഴിച്ചതിന്‍റെ സുഖാലസ്യം നുകർന്ന് വാതിലടച്ച് ഉറക്കത്തിനു വട്ടം കൂട്ടുമ്പോൾ തോമാച്ചനും മുറിയിൽ വന്നു കഴിഞ്ഞിരുന്നു. തോമാച്ചനെ കണ്ടതും എന്‍റെ മനസ്സിൽ കൊലപാതകക്കഥയുടെ വിശദാംശങ്ങളറിയാനുള്ള ജിജ്ഞാസയുണർന്നു. ആലസ്യം വിട്ടകന്നു. തോമാച്ചൻ ഒന്നും മിണ്ടാതെ ലൈറ്റണച്ചു വന്നു കിടന്നു. നെല്ലുനേരം നിശ്ശബ്ദത പടർന്നു പിടിച്ചു ഒടുവിൽ ഞാൻ നിശ്ശബ്ദത ഭജിച്ചു.

“തോമാച്ചാ… അന്ന് ആ കൊലപാതകം നടന്ന ദിവസം എന്താണ് സംഭവിച്ചത്?”

ചാന്ദ്രശലകങ്ങൾ ജനാലയിലെ നേരിയ വിടവിലൂടെ പാളി അകത്തെ ഇരുളിമയിലേക്ക് പ്രസരിച്ചു കൊണ്ടിരുന്നു. കനത്ത ഇരുളിമയിലേക്ക് പടർന്നു കയറിയ ചാന്ദ്രകിരണങ്ങൾ സാന്ദ്രമായ തണവുൾക്കൊണ്ടു…

“ഇതേ ചോദ്യം ഞാൻ അവരോടും ചോദിച്ചിരുന്നു. അവർ തന്ന വിവരങ്ങൾ ഞാൻ കൈമാറാം.”

“അന്ന് ഒരു ഞായറാഴ്ചയായിരുന്നു കൃത്യമായി പറഞ്ഞാൽ ജൂൺ മാസം പതിമൂന്നാം തീയതി. അന്നും പതിവുപോലെ ഓർഫനേജ് അതിന്‍റെ ചിട്ടയായ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഞായറാഴ്ചകളിലെ പതിവു പ്രാർത്ഥന, ശാരീരികമായ ഊർജസ്വലതക്കു വേണ്ടിയുള്ള വ്യായാമങ്ങൾ, യോഗ അങ്ങനെ. മറ്റൊരു പതിവും അവിടുണ്ടായിരുന്നു. അവിടുത്തെ ഏതെങ്കിലും കുട്ടിയുടെ ജന്മദിനത്തിന്‍റെതായ ആഘോഷങ്ങൾ നടന്നിരുന്നത് ഞായറാഴ്ചകളിലായിരുന്നു. ജന്മദിനം എന്നു പറഞ്ഞാൽ കുട്ടി ഓർഫനേജിൽ ജോയിൻ ചെയ്ത ദിവസം. ആഘോഷങ്ങൾ എന്നു പറഞ്ഞാൽ ഒരു ഔട്ടിംഗ്, കുട്ടികളുടെ കലാപരിപാടികൾ, കേക്കുമുറിക്കൽ പ്രോഗ്രാം അങ്ങനെ നീളുന്നതായിരുന്നു ആഘോഷങ്ങൾ.

ആ ഞായറാഴ്ചയിലെ ജന്മദിനാഘോഷങ്ങൾ അമലിന്‍റേതായിരുന്നു. പതിവിൽ നിന്നും വിഭിന്നമായി അന്നേ ദിവസം അമലിന്‍റെ മുഖം മ്ലാനമായിരുന്നെന്ന് അവർ ഓർമ്മിക്കുന്നു.”

ആരാണ് ഈ അവർ എന്ന് ഞാൻ ചോദിക്കാൻ വെമ്പിയെങ്കിലും ആ ചോദ്യം ലക്ഷ്യം കാണില്ലെന്ന് തോന്നിയതിനാൽ ഞാനാ ചോദ്യം ഉപേക്ഷിച്ചു.

“എന്നാൽ ഔട്ടിംഗിലും മറ്റു കലാപരിപാടികൾക്കിടയിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടതായി അവർ ഓർക്കുന്നില്ല. അന്ന് സന്ധ്യക്ക് പ്രാർത്ഥനക്ക് ശേഷം കുട്ടികൾ ആഹാരം കഴിച്ച ശേഷം അടുത്ത ദിവസങ്ങളിലെ പ്രധാനപ്പെട്ട പരിപാടികൾ വിവരിക്കുന്നതിനായി ഒരു ഒത്തുകൂടൽ നടന്നു. ആ ദിവസത്തെ ശ്രദ്ധാകേന്ദ്രമായ അമലിനെ ക്ഷണിച്ച് നന്ദിസൂചകമായി ഒരു പാട്ടു പാടിച്ചതായും തുടർന്ന് എല്ലാവരും ഉറങ്ങാനായി പോയതായും ‘അവർ ‘ പറയുന്നു. ജീവനോടെ അമലുമൊത്തുള്ള അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു എന്ന് വേദനയോടെ പറഞ്ഞു…”

ഇക്കാര്യം വിവരിക്കുമ്പോൾ അവരുടെ സ്നേഹാർദ്രമായ കണ്ണുകൾ നനഞ്ഞൊഴുകിയിരുന്നെന്ന് തോമാച്ചൻ എടുത്തു പറഞ്ഞു.

പിറ്റേന്ന് സെക്യൂരിറ്റിയായി ജോലി നോക്കുന്നയാൾ വന്ന് പറയുമ്പോഴാണ്  അമലിനെ കാണാതായ വാർത്ത അവർ അറിയുന്നത്. അമലിനൊപ്പം താമസിക്കുന്ന കുട്ടികൾ വന്ന് പറഞ്ഞതായാണ് സെക്യൂരിറ്റിക്കാരൻ പറയുന്നത്. അയാളുടേതായ രീതിയിൽ അയാളും അന്വോഷിച്ചത്രേ. തുടർന്ന് വിശദമായ അന്വേഷണം തുടങ്ങി ഒടുവിൽ അവനെ കണ്ടെത്തി. ഓർഫനേജിനു പുറത്ത് മണ്ണു കുഴഞ്ഞു കിടക്കുന്ന ഒരു ചതുപ്പു പ്രദേശമുണ്ട്. അവിടവിടെ കറുത്ത വെള്ളം കെട്ടിക്കിടക്കുന്ന ഉയർന്ന പുല്ലുകളെ വിഭജിച്ചു പോകുന്ന മൺ വഴിത്താരയിൽ അവനെ കണ്ടെത്തി. കമിഴ്ന്ന്‌ മുഖം ചതുപ്പിൽ ആഴ്ന്ന് കിടക്കുകയായിരുന്നു അമൽ. തലക്കു പിറകിൽ മൂർച്ചയും ഭാരവും ഉള്ള എന്തോ ഉപയോഗിച്ചുള്ള ആക്രമണമാണ് മരണകാരണം. തലക്കു പിറകുവശം തകർന്നു പോയിരുന്നു. കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുക്കാനായില്ല. മാത്രമല്ല ആ രാത്രിയിൽ പെയ്ത ശക്തമായ മഴ അവശേഷിച്ച തെളിവുകളെക്കൂടി കഴുകിക്കളഞ്ഞു. തല തകർന്ന് ചെളിയും മണ്ണും വെള്ളവും കുഴഞ്ഞു കിടക്കുന്ന ആ ദേഹം രണ്ടാമതൊന്നു കാണാൻ കഠിനഹൃദയർക്കു പോലും കഴിയില്ലെന്നാണ് അറിഞ്ഞത്.

“അമൽ മരിച്ചു അല്ല അമൽ കൊല്ലപ്പെട്ടു. അവന്‍റെ പോക്കറ്റിൽ വിചിത്രങ്ങളായ ചിഹ്നങ്ങൾ അടങ്ങിയ ഒരു കടലാസുകഷണം അന്വേഷകർക്ക് ലഭിച്ചിരുന്നു. ആ കടലാസുകഷണത്തിലെ വിചിത്രങ്ങളായ ചിഹ്നങ്ങളിലൂടെ അമൽ എന്തോ പറയാനാഗ്രഹിച്ചിരുന്നതായി തോന്നുന്നില്ലേ?” തോമാച്ചൻ ആരാഞ്ഞു

“തീർച്ചയായും.”

തലതാഴ്ത്തി ചിന്തയിലാണ്ടുനിന്ന ഞാൻ ആ ചോദ്യത്തോട് പൊടുന്നനെ പ്രതിവചിച്ചു.

ഒച്ച്- 2

“ഓർഫനേജിലെ ഒരു ബാലൻ മരിച്ചു. അത് കൊലപാതകമെന്നാണ് സംശയം. കൊലപാതകമെങ്കിൽ ആര് ചെയ്തു എന്നറിയണം.” തോമാച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

ഞാനതു കേട്ട് അപ്പോൾ തന്നെ എഴുന്നേറ്റ് സ്ഥലം വിട്ടാലോ എന്ന് ചിന്തിച്ചു പോയി. സംയമനം പാലിച്ച് ഞാൻ തോമാച്ചന്‍റെ മുഖത്തേക്ക് സാകൂതം സൂക്ഷിച്ചു നോക്കി. ഇനിയൊന്നും പറയാനില്ലെന്ന മട്ടിൽ ഗൗരവത്തോടെ ഇരിക്കുന്ന അയാളുടെ മുഖം കണ്ട് എനിക്ക് ചിരി വന്നു.

“ശരി തോമാച്ചൻ വിഷമിക്കണ്ട. കൊലപാതകിയെ നമുക്ക് കണ്ടു പിടിക്കാം. സമാധാനപ്പെടു.”

തോമാച്ചന്‍റെ മുഖത്തെ ഗൗരവം അയഞ്ഞു.

“ശരി പറയു. എന്താണ് സംഭവം.”

തോമാച്ചൻ ഒന്നിളകിയിരുന്നു.

“സാം എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തി ഓർഫനേജിലുണ്ട്. അതാരാണെന്ന് വെളിപ്പെടുത്താൻ എനിക്ക് തത്കാലം നിർവാഹമില്ല.അവർക്കു വേണ്ടിയാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്. അവരാണ് എന്നെ ഈയൊരു വിഷയം ഏൽപ്പിച്ചത്.”

“ശരി എവിടെയാണ് ഓർഫനേജുള്ളത്?”

തോമാച്ചൻ സ്ഥലം പറഞ്ഞു. ഏകദേശം കേരളത്തിലെ പാലക്കാട് തമിഴ്നാട് അതിർത്തി പ്രദേശത്തുള്ള ഒരു ഗ്രാമം. ആ ഗ്രാമത്തിന്‍റെ പേര് ഞാൻ എവിടെ നിന്നോ കേട്ടിട്ടുണ്ടായിരുന്നു: അത് ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന്. എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

“ശരി സംഭവങ്ങൾ വ്യക്തമാക്കാമോ? ആ സ്ഥാപനത്തിന്‍റെ പ്രവർത്തനരീതി എങ്ങിനെയാണ്?”

തോമാച്ചൻ എഴുന്നേറ്റു. അരുവിക്കരികിലേക്ക് നടന്നു. കാടിന്‍റെ വിദൂരതയിലേക്ക് കണ്ണു പായിച്ചു.

അമൽ… അമൽ എന്നാണവന്‍റെ പേര്. മിടുക്കനായ ഒരു പയ്യൻ. ഏകദേശം അറുപതിലേറെ കുട്ടികൾ അവിടെ അന്തേവാസികളായുണ്ടായിരുന്നു. വിവിധ പ്രായത്തിൽപെട്ടവർ. വയസ്സിന്‍റെ അടിസ്ഥാനത്തിൻ കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചായിരുന്നു ഓർഫനേജിന്‍റെ പ്രവർത്തനം. സാമാന്യ വിദ്യഭ്യാസത്തിനൊടൊപ്പം ഒരു ജീവിത മാർഗ്ഗം കണ്ടെത്തുന്നതിനായി കുട്ടികളുടെ അഭിരുചി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു കൈത്തൊഴിലും അവിടെ പഠിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യഭ്യാസം നേടി പ്രായപൂർത്തിയായ ശേഷം ഒരു ജോലി കരസ്ഥമാക്കും വരെ കുട്ടികൾക്ക് അവിടെ തുടരാമായിരുന്നു. നല്ല ജോലി ലഭിക്കുവാനുള്ള സപ്പോർട്ടും സ്ഥാപനം നല്കിപ്പോന്നിരുന്നു. അറിഞ്ഞിടത്തോളം വളരെ മികച്ച രീതിയിട്ടുള്ള പ്രവർത്തന രീതിയായിരുന്നു ഓർഫനേജ് അധികൃതരുടേത്. പരാതികളൊന്നും പറഞ്ഞു കേട്ടിട്ടില്ലായിരുന്നു. അപ്പോഴാണ് ദാരുണമായ അമലിന്‍റെ സംഭവം ഉണ്ടായത്. അനാഥരായ കുട്ടികൾ, പിന്നെ പ്രത്യേക സാഹചര്യങ്ങളിൽ വീട്ടിൽ നിൽക്കാൻ പറ്റാത്ത കുട്ടികൾ അങ്ങനെ… പൊതുവെ അച്ഛനമ്മമാർക്ക് വേണ്ടാത്ത മക്കളുടെ അഭയകേന്ദ്രവും സർവ്വോപരി പ്രതീക്ഷാ കേന്ദ്രവുമായിരുന്നു ആ ഓർഫനേജ്.

“ശരി അമൽ ആരായിരുന്നു ? അവനു സംഭവിച്ചതെന്തായിരുന്നു?” ഞാൻ ജിജ്ഞാസയോടെ ആരാഞ്ഞു.

“വെറും പതിനാലു വയസ്സുള്ള അമൽ ആ ഓർഫനേജിലെ ഒരു അന്തേവാസിയായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും ബുദ്ധി വളർച്ചയും ഉള്ള മിടുക്കനായ ഒരു പയ്യൻ എന്നാണ് അവനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം. അനുസരണ ശീലവും അച്ചടക്കവും അവന്‍റെ മുഖമുദ്രയായിരുന്നു. ആർക്കും മോശമായ ഒരഭിപ്രായവും അവനെക്കുറിച്ചില്ലായിരുന്നു. മറിച്ച് എല്ലാവരുടേയും പ്രീതി പിടിച്ചുപറ്റിയിരുന്ന ഒരു കുട്ടിയായിരുന്നു അമൽ.”

“ഓർഫനേജിലേക്കുള്ള അമലിന്‍റെ പ്രവേശനം എങ്ങിനെയെന്നറിയുമോ?”

“അതൊന്നും എനിക്കറിയില്ല. അവനെ ആര് ഏൽപ്പിച്ചു എന്നോ എപ്പോൾ അവിടുത്തെ അന്തേവാസിയായതെന്നോ അറിയില്ല. ആ പാവം കുട്ടി കൊല്ലപ്പെട്ടു. ആരെയും ശല്യപ്പെടുത്താതെ വിദൂരമായ ഒരു ഓർഫനേജിൽ ബന്ധുക്കളുടേയും മറ്റും ഇടപെടലുകളില്ലാതെ ജീവിച്ച ആ പയ്യനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ട് ആർക്ക് എന്ത് നേടാനാണ്?”

“ഇതിൽ പോലീസ്?”

“അതൊന്നും എനിക്ക് വെളിപ്പെടുത്താനാവില്ല. നീയറിയുകയും വേണ്ട. നിനക്ക് കഴിയുന്ന പോലെ അന്വേഷിക്കുക. അന്വോഷണ വിവരം എന്നെ അറിയിക്കുക. ബോധ്യപ്പെടുത്തുക. പ്രതിഫലം വാങ്ങുക. എന്നാൽ കഴിയുന്ന വിവരങ്ങൾ ഞാൻ തരും. സഹായിയെ ആവശ്യമുണ്ടെങ്കിൽ ഏർപ്പെടുത്തിത്തരും. യാത്രാവശ്യങ്ങൾക്കായി ഡ്രൈവറേയും വാഹനത്തെയും വിട്ടു നല്കാം. ഇപ്പോൾ ഇതേ പറയാനാകു. എന്തു പറയുന്നു?”

“ഞാൻ ശ്രമിക്കാം.”

വാക്കുകൾ കൊണ്ട് പുകമറ തീർത്ത തോമാച്ചന്‍റെ ചോദ്യത്തിന് ഞാൻ ഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.

തോമാച്ചന്‍റെ മുഖത്ത് നേരിയ പുഞ്ചിരി വിടർന്നു. തെല്ലു ജാള്യതയോടെ അയാൾ പറഞ്ഞു…

“ശരി നമുക്കു പോകാം. കൂടുതൽ വിവരങ്ങൾ റൂമിലെത്തിയിട്ട്…” ഞങ്ങൾ തിരിഞ്ഞു നടന്നു.

മിനുത്ത വെള്ളാരങ്കല്ലുകൾ കാൽപ്പാദങ്ങൾക്കിടയിൽ പെട്ട് ഞെരിഞ്ഞു. പിന്നെ അവ പിടി തരാതെ വഴുതി മാറി. ഞാൻ തോമാച്ചനെ അനുഗമിച്ചു. തെല്ലു നടന്ന ശേഷം പൊടുന്നനെ തിരിഞ്ഞ് എന്നെ നോക്കി തോമാച്ചൻ പറഞ്ഞു.

“ഇതിലൊരു കൗതുകമുണ്ട്. ഈ പയ്യൻ ഒരു പ്രത്യേകതയുള്ളവനായിരുന്നു. മാത്തമാറ്റിക്സിൽ വലിയ താത്പര്യം കാണിച്ചിരുന്നു. ഒരു പ്രത്യേകതരം കോഡുകൾ അവൻ നിർമ്മിച്ചിരുന്നു. ആ കോഡുകൾ വിവിധങ്ങളായ ആശയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ആർക്കും എളുപ്പം പിടികിട്ടാത്ത ദുർഗ്രാഹ്യമായ ഒരു തരം ഭാഷയായിരുന്നു അത്. ചിത്രങ്ങളും ചിഹ്നങ്ങളും കുത്തുകളും നിറഞ്ഞ ദുരൂഹമായ ഒരു ആശയ വിനിമയശൈലി. അവൻ അതു നിർമ്മിച്ച് കുട്ടുകാർക്ക് നല്കും. അവരതു നോക്കി കണ്ണു മിഴിച്ചിരിക്കും. അവർക്കതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആർക്കും തന്നെ വിചിത്രമായ ആ കോഡുകളിൽ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ കുരുക്കഴിച്ചു കൊടുക്കാൻ അവൻ തയ്യാറായതുമില്ല. ഇക്കാര്യം പറയാൻ കാര്യമുണ്ട്.”

ഞാൻ ആകാംക്ഷയോടെ തോമാച്ചന്‍റെ മുഖത്തു നോക്കി…

“എല്ലാം ഞാൻ പറയാം.” തോമാച്ചൻ അപ്പോഴേക്കും നടന്നു തുടങ്ങിയിരുന്നു.

നീണ്ടകഥ- ഒച്ച്

ഈറൻ പടർന്ന ഉച്ചനേരം. പുലർകാലത്തെ കുളിര് സൂര്യശകലങ്ങൾ ഏറ്റിട്ടും കുറഞ്ഞിരുന്നില്ല. അന്തരീക്ഷത്തിൽ മങ്ങിയ പുക പോലെ മഞ്ഞ് തളം കെട്ടി നിൽക്കുന്നു. മേലോട്ട് ഉയർന്നു നിൽക്കുന വൻമരങ്ങൾ സൂര്യനെ ഏറെക്കുറെ തടുത്തു നിർത്തുന്നതായി തോന്നിച്ചു.

പച്ച തഴച്ച് നിബിഡമായ കാടിന്‍റെ പരിസരത്ത് ഷൂട്ടിംഗ് സംഘം തമ്പടിച്ചിരിക്കുന്നു. കാടിന്‍റെ പരിസരമായിട്ടാണോ എന്തോ ഷൂട്ടിംഗ് സംഘത്തിൽ ഏറെ ആളുകളില്ല. ഞാൻ അവിടെ എത്തിയപ്പോൾ കാണുന്നത് ഒരു ട്രോളി ഷോട്ട് വിവിധ ആംഗിളുകളിൽ ചിത്രീകരിച്ച കൊണ്ടിരിക്കുകയാണ് ക്യാമറമാനും കൂടെയുള്ളവരും. അത്ര പ്രശസ്തരായ നടീനടന്മാരല്ല ചിത്രവുമായി സഹകരിക്കുന്നത്. പ്രധാന നടനെ ഒന്നോ രണ്ടോ ചിത്രത്തിൽ കണ്ടതായി ഓർക്കുന്നു.

ഈ സിനിമയുടെ പ്രൊഡക്ഷനിൽ പ്രവർത്തിക്കുന്ന സുഹൃത്ത് തോമാച്ചന്‍റെ അതിഥിയായി ഞാൻ രണ്ടു ദിവസമായി സെറ്റിലുണ്ട്. ഒരു പ്രധാന കാര്യം സംസാരിക്കുവാനുണ്ടെന്നു തോമാച്ചൻ പറഞ്ഞിരുന്നു. അതിനാൽ ദൈനംദിന നിത്യജീവിതത്തിൽ നിന്നും ഒരു മാറ്റം കാംക്ഷിച്ച് വന്നതായിരുന്നു ഞാൻ. കുറച്ചു ദിവസമായി വിരസമായ ദിനരാത്രങ്ങൾ ആണ് എനിക്ക് മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ തോമാച്ചൻ ഇങ്ങനെ ഒരാവശ്യം എനിക്കു മുന്നിൽ വക്കുകയും കാറയക്കുമെന്നു കൂടി പറഞ്ഞപ്പോൾ ഞാൻ ഏറെ ചിന്തിക്കാതെ പുറപ്പെടുകയായിരുന്നു. ഇവിടെ ഉന്മേഷകരമായ പരിസരം. പുതുമയേറിയ കാഴ്ചകൾ. എണ്ണയിട്ട യന്ത്രം കണക്ക് പ്രവർത്തിക്കുന്ന ഷൂട്ടിംഗ് ക്രൂ പിന്നെ ഒന്നാന്തരം ഭക്ഷണം.

ഇപ്പോൾ തന്നെ നോക്കൂ. രാവിലെ അഞ്ചിലേറെ പ്രാതൽ വിഭവങ്ങൾ. ഇടക്കിടെ ചായയും സ്നാക്സും. പൊതുവെ ഷൂട്ടിംഗ് പരിസരം തീർത്തും രസകരമായി തോന്നി. എന്നാൽ തോമാച്ചൻ എന്നെക്കൊണ്ടുള്ള ആവശ്യം എന്താണെന്ന് ഇതുവരെ പറഞ്ഞില്ല. അതിൽ എനിക്കയാളെ കുറ്റപ്പെടുത്താൻ കഴിയില്ല. രാവേറെ ചെല്ലുവോളം തിരക്കിലാണ് അയാൾ. അയാളുടെ പോസ്റ്റ് എന്താണെന്ന് എനിക്കറിയില്ല. എന്നാൽ സെറ്റിലെമ്പാടും അയാൾ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ഏത് വിഷയത്തിനും സെറ്റിലുള്ളവരുടെ നാവിൽ വരുന്നത് തോമാച്ചന്‍റെ പേരാണ്. ഏതായാലും രണ്ടു ദിവസം കഴിഞ്ഞുള്ള ഞായറാഴ്ച വിവരം പറയാമെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. അന്ന് ഷൂട്ടിംഗ് സംഘാംഗങ്ങൾക്ക് അവധിയാണ്. ആ ഞായറാഴ്ചക്കു ശേഷം ലൊക്കേഷനും മറ്റും മാറുന്നുണ്ടെന്നാണ് അറിഞ്ഞത്. അതുവരെ തോമാച്ചൻ എനിക്കായി കല്ലിച്ചു നല്കിയ സ്ക്രിപ്റ്റ് അസിസ്റ്റന്‍റ് സ്ഥാനവും വഹിച്ച് കാഴ്ചകൾ കണ്ട് ഞാൻ അവിടെ ചുറ്റിത്തിരിഞ്ഞു. ഭക്ഷണ സമയത്ത് അടുക്കു തട്ടുകളിൽ കൊണ്ടുവരുന്ന വിവിധങ്ങളായ ആഹാരപദാർത്ഥങ്ങൾ ആസ്വദിച്ച്, ഷൂട്ടിംഗിന്‍റെ രസച്ചേരുവ കണ്ടു മനസ്സിലാക്കി വല്ലപ്പോഴും ക്യാമറാമാന്‍റെ പുറകിൽ നിന്ന് ക്യാമറാക്കണ്ണുകളിലൂടെയുള്ള ദൃശ്യങ്ങൾ നിരീക്ഷിച്ച് സമയം അങ്ങനെ കടന്നു പോയി.

തോമാച്ചന്‍റെ ആളെന്ന പരിഗണന എനിക്കവിടെ ലഭിച്ചു. എന്‍റെ ചെയ്ത്‌തുകൾക്ക് ആരും തടസ്സമൊന്നും പറഞ്ഞില്ല. ഷൂട്ടിംഗ് വേളയിൽ നടീനടന്മാർ വരുത്തുന്ന അബദ്ധങ്ങളും തമാശകളും ക്യാമറയിൽ നോക്കരുതെന്ന നിരന്തരമായ താക്കീതുകളും എല്ലാവരിലും ചിരി പടർത്തി. മികച്ച ഒരു കാഴ്ചാനുഭവം പ്രേക്ഷകന് നല്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ടീമിനെയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. ആ ഒത്തൊരുമ എന്നെ ആഹ്ളാദഭരിതനാക്കി.

അങ്ങനെ ഒടുവിൽ ഞായറാഴ്ച വന്നെത്തി. കടുത്ത ഷൂട്ടിംഗ് നടപടിക്രമങ്ങളിൽ പരിക്ഷീണരായ സംഘം താത്കാലികമായി പണിത വാസസ്ഥലത്ത് വിശ്രമത്തിലാണ്. വിശദമായി സംസാരിക്കാനായി ഒരിടത്ത് പോകാനുണ്ടെന്ന തോമാച്ചന്‍റെ നിർദേശപ്രകാരം നേരത്തെ തന്നെ ഞാൻ തയ്യാറായിരുന്നു. പ്രാതൽ കഴിക്കാനായി പുറപ്പെട്ടു. പ്രാതൽ സപ്ലെ ചെയ്യുന്നിടത്ത് ഏറെ തിരക്കില്ല. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് തിരക്കുണ്ടാകുക എന്ന് പുട്ടും കടലയും എന്‍റെ പ്ലേറ്റിലേക്ക് എടുത്തു തരുന്നതിനിടെ പ്രാതൽ കൗണ്ടറിൽ നിൽക്കുന്ന പയ്യൻ പറഞ്ഞു. ഒരു പുഴുങ്ങിയ മുട്ട പിളർന്ന് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് സ്നേഹപൂർവ്വം ആ പയ്യൻ എന്‍റെ പിഞ്ഞാണത്തിൽ വച്ചു.

നല്ല പോലെ വെന്ത് മയമുള്ള പുട്ടിൻമേൽ നല്ല മസാല ചേർത്ത ചൂടുകടലക്കറി ഒഴിച്ച് കുഴച്ച് ഒപ്പം പപ്പടം പൊട്ടിച്ചു ചേർത്ത് കഴിക്കുന്നതിനിടെ എന്നെ സാകൂതം ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ പയ്യനെ ഞാൻ പരിചയപ്പെട്ടു. ഒരു ഹിന്ദി സൂപ്പർ താരത്തെ അനുസ്മരിക്കുന്ന മുഖം ഭാവി സൂപ്പർ താരത്തിന്‍റെ പേര് അച്ചു. അടങ്ങാത്ത സിനിമാ അഭിനയമോഹവുമായി നാടുവിട്ടു വന്നവനാണ് അവൻ. അവന്‍റെ സുഹൃത്തുക്കളും ഇക്കാര്യത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നാലാകട്ടെ സിനിമയൊന്നും തരപ്പെട്ടില്ല. സൗന്ദര്യവും അധ്വാനശേഷിയും മുതൽക്കൂട്ടായി ഉണ്ടെങ്കിലും ഗോഡാദർമാർ ഭരിക്കുന്ന സിനിമാലോകത്ത് പാവം അച്ചു എന്ത് ചെയ്യാൻ?

സംവിധായകരുടെ വീടുകളിലും ഷൂട്ടിംഗ് സ്ഥലത്തും കുറെ അലഞ്ഞു എന്തെങ്കിലും പണിയെടുത്ത് ഷൂട്ടിംഗ് സംഘത്തോടൊപ്പം കൂടുന്നത് നടനാകുകയെന്ന തന്‍റെ മോഹം പൂവണിയാൻ ഗുണം ചെയ്യുമെന്ന് അച്ചു ഇപ്പോൾ വിശ്വസിക്കുന്നു. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സിനിമയിൽ ഒരു വേഷം ലഭിച്ചതായി അവൻ സസന്തോഷം അറിയിച്ചു. അവന്‍റെ ആ സന്തോഷമാകാം കുരുമുളകുപൊടി തൂവിയ പുഴുങ്ങിയ മുട്ടയുടെ രൂപത്തിൽ എന്‍റെ പ്ലേറ്റിലെത്തിയത്. തെല്ലിട കഴിഞ്ഞ് തോമാച്ചനും ആഹാരം കഴിഞ്ഞെത്തി. കഴിച്ചയുടൻ സമയം കളയാതെ അല്പദൂരം നടക്കാമെന്ന് നിശ്ചയിച്ചു.

വന്യമായ തണവാഴ്ന്ന‌ിറങ്ങിയ കാനനഭംഗി. ശബ്ദാരവത്തോടെ സഹർഷം പുതുദിവസത്തെ വരവേൽക്കാനൊരുങ്ങി സഹസ്രങ്ങളായ ജീവബിന്ദുക്കൾ. വേരുകൾ കൈത്താങ്ങു തീർത്ത പച്ചതഴച്ച ചെടിപ്പടർപ്പ്. തെല്ലു നടന്നപ്പോൾ ഒരരുവിയുടെ കളകളാരവം കേട്ടു. ആ നയനാനന്ദകരവും മനം കുളിർപ്പിക്കുന്നതുമായ കാഴ്ച കാണാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. തെല്ലു ഉയിർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളെ പകുത്ത് തിരതല്ലുന്ന തെളിനീരുറവ. വെള്ളത്തിന്‍റെ തലോടലിൽ സാന്ദ്രമായ സുതാര്യമായ വെള്ളാരങ്കല്ലുകൾ. തീരങ്ങളിലെ വെള്ളാരങ്കല്ലുകൾ സൂര്യ സ്പർശമേറ്റ് മുഖം മിനുക്കുന്നു.

തെളിനീരിലിറങ്ങി മുഖവും കാലും കഴുകി. ചെറുമീനുകളുടെ പറ്റങ്ങൾ പാദത്തെ ഇക്കിളി കൂട്ടി. ഹരിതകത്തിന്‍റെ ജൈവ സാന്ദ്രതയെ തഴുകി വരുന്ന നീരിന്‍റെ കുളിർമ്മ. പുഴങ്കരയിലെ നിരപ്പായ പാറപ്പുറത്ത് ഞങ്ങളിരുന്നു. അരുവിയിലെ അലകൾ നോക്കിയിരിക്കുന്ന തോമാച്ചൻ. എനിക്കു ആകാംക്ഷ അടക്കാനായില്ല. ക്ഷമകെട്ട് ഞാൻ ആരാഞ്ഞു.

“തോമാച്ചാ വന്ന കാര്യം പറയൂ. കുറച്ചു ദിവസമായി ഞാൻ നിങ്ങളുടെ ഷൂട്ടിംഗ് സംഘത്തൊപ്പം ഉണ്ട്. അതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. സന്തോഷമേ ഉള്ളൂ. എന്നിരുന്നാലും എന്നെ ഇവിടെ വരുത്തിച്ചതെന്തെനെന്നറിയാൻ ആകാംക്ഷയുണ്ട്. ”

തോമാച്ചൻ കൈയ്യിൽ കരുതിയിരുന്ന ഫ്ലാസ്കിൽ നിന്ന് ചായയെടുത്ത് ഒരു ചായ ഫ്ലാസ്ക്കിന്‍റെ മൂടിയിലും മറ്റൊരു ഗ്ലാസ്സിലുമായി ഒഴിച്ചു. ഗ്ലാസ്സിലൊഴിച്ച ചായ എനിക്കു നല്കിയ ശേഷം ഫ്ലാസ്കിന്‍റെ മുടിയിലൊഴിച്ച ചായ അല്ലാൽപ്പം മൊത്തിക്കുടിച്ചു തുടങ്ങി. എന്നിട്ടു ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് കവർ പൊളിച്ച് എനിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“ഇതു കഴിക്കു എല്ലാം ഞാൻ പറയാം.”

ഞാൻ ഒന്നെടുത്ത് ചായയിൽ മുക്കി കഴിച്ചു. തുടർന്ന് തോമാച്ചന്‍റെ മുഖത്ത് ഉറ്റുനോക്കി. ഒരു മുഖവുരയെന്നോണം അയാൾ പറഞ്ഞു തുടങ്ങി.

‘എന്നെ ഈ വിവരങ്ങൾ ഏൽപ്പിച്ചതാരാണെന്നോ അതുപോലെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ എന്നോട് ചോദിക്കരുത്. എങ്കിലും എനിക്ക് പരിമിതമായ അറിവേ ഇക്കാര്യത്തിലുള്ളൂ. തീർത്തും ഒഴിവാക്കാനാവാത്തതായി സാമിന് തോന്നുന്ന വിവരങ്ങൾ പറ്റാവുന്ന തരത്തിൽ ഞാൻ കണ്ടെത്തിത്തരാം. അതേ ഇപ്പോൾ മുൻകൂറായി പറയാനാകൂ. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് ഈയൊരു വിഷയം എന്നെ ഏൽപ്പിച്ചത്.

തോമാച്ചന്‍റെ മുഖഭാവം കണ്ടപ്പോൾ എന്തോ കുഴഞ്ഞ പ്രശ്നത്തിനുള്ള ഉത്തരമാണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

“എന്താണെങ്കിലും തോമാച്ചൻ പറയു. കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം.” ഞാൻ പറഞ്ഞു.

തോമാച്ചൻ ചായ കുടിച്ചു തീർത്ത് പതുക്കെ പറഞ്ഞു തുടങ്ങി…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें