പിറ്റേന്ന് പുലർകാലേ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും യാത്ര പുറപ്പെട്ട് വീടെത്തുമ്പോഴേക്കും സന്ധ്യ നിറം പോയി ചാഞ്ഞു തുടങ്ങിയിരുന്നു. വീടെത്തിയതും കടുത്ത ക്ഷീണം എന്നെ കെട്ടി വരിഞ്ഞു. ഒപ്പം തീർത്തും അസുഖകരമായ തലപ്പെരുക്കവും എന്നെ വന്നു പുണർന്നു. ഇഞ്ചി ചതച്ചിട്ട ചായ കുടിച്ച് കിടന്നെങ്കിലും കാടിന്‍റെയും പച്ച തഴച്ച വലിയ മരങ്ങളുടേയും ചളി കട്ടപിടിച്ച ചതുപ്പുനിലത്തിന്‍റെയും ചാരനിറം പൂണ്ട ആകാശത്തിന്‍റെയും ശ്ലഥചിത്രങ്ങൾ മനസ്സിൽ നിറംകെട്ട രൂപത്തിൽ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ട് നിറഞ്ഞു വന്നു കൊണ്ടിരുന്നു. ചിലയവസരങ്ങളിൽ അങ്ങനെയാണ് ക്ഷീണം ഒരുപാടു തോന്നിയാലും ഉറക്കം അനുഗ്രഹിക്കാറില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം പുലരാറായപ്പോൾ കണ്ണടഞ്ഞു.
ഇരുണ്ടു കറുത്തു കുഴഞ്ഞ ചളി നിറഞ്ഞ നടപ്പാതയിലൂടെ നടക്കുകയാണ് ഞാൻ. ആ അറ്റമില്ലാത്ത യാത്ര ഒരിക്കലും അവസാനിക്കാത്തതാണെന്ന് എനിക്കു തോന്നി. നടപ്പാതക്കിരുവശവും കൂർത്ത അഗ്രങ്ങളുള്ള നരച്ച ചെടിപ്പടർപ്പുകളാണ്. അവയുടെ നേർത്തു കൂർത്ത അഗ്രങ്ങൾ ചാന്ദ്രശകലങ്ങളാൽ തിളങ്ങി നിന്നു. തീർത്തും അപരിചിതമായ ഒരിടത്താണ് ചെന്നുപെട്ടിരിക്കുന്നതെന്ന് ഞാൻ വേപഥുവോടെ മനസ്സിലാക്കി. തീർത്തും അസ്വസ്ഥാജനകമായ ആ പരിസരത്തു നിന്നും മാറിപ്പോകാൻ ഞാൻ അദമ്യമായി ആഗ്രഹിച്ചെങ്കിലും ഒരു മാർഗ്ഗം കാണാതെ ഞാൻ ഉഴറി.
വല്ലവിധവും വീടു പറ്റണമെന്ന് ആഗ്രഹിച്ച് കുഴഞ്ഞുമറിഞ്ഞ ചളിയിൽ ആണ്ടു പോയ കാലുകൾ വലിച്ചെടുത്ത് ഞാൻ മുന്നോട്ട് ആഞ്ഞു നടന്നു. പൊടുന്നനെയാണ് എന്തിലോ എരടി ഞാൻ വീഴാനാഞ്ഞത്. ഏറെ പണിപ്പെട്ടു തിരിഞ്ഞു നോക്കിയപ്പോൾ അതെന്താണെന്ന് നേരിയ നിലാവെളിച്ചത്തിൽ ഞാൻ വ്യക്തമായി കണ്ടു. അർദ്ധനഗ്നനായി ചതുപ്പിൽ പാതി ആഴ്ന്നു കിടക്കുന്ന ശരീരം. ആ ശരീരത്തിൽ നിന്നും ഒഴുകി പടർന്ന കറുത്ത ചോര ചെളിയിൽ കളങ്ങൾ തീർക്കുന്നു. അതിൽ വട്ടം ചുറ്റുന്ന വലിയ ഈച്ചകൾ അത്ര വലിപ്പമുള്ള ഈച്ചകളെ ഞാൻ മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. ആ ഈച്ചകളുടെ ഇരമ്പം കാതുകളിലേക്കിറങ്ങി കർണ്ണപുടങ്ങളിൽ പ്രകമ്പനം തീർക്കുന്നു. ശരീരമാസകലം ഉറഞ്ഞു പോയ പോലെ എനിക്ക് തോന്നി.
ഞാൻ അമലിനെ ഇതുവരെ കണ്ടിട്ടില്ല. പുറം കമിഴ്ന്നാണ് ശരീരത്തിന്‍റെ കിടപ്പ്. എന്നിട്ടും എന്‍റെ ഉൾബോധം എന്നോടു മന്ത്രിച്ചു അമലാണത്… ആ കിടക്കുന്നത് അമലാണ്… അനാഥാലയത്തിലെ ഭാഗ്യഹീനനായ അമൽ… പറഞ്ഞറിയിക്കാനാവാത്ത ഭയാശങ്കകൾ എന്നെ കെട്ടി വരിഞ്ഞു. കുഴഞ്ഞ മണ്ണിൽ ആണ്ടു പോയ കാലുകൾ പുറത്തെടുക്കാൻ ഞാൻ ആവതു ശ്രമിച്ചു. എന്നാൽ എന്‍റെ ശ്രമം ഫലവത്തായില്ല. ശ്രമിക്കുന്തോറും ചതുപ്പിന്‍റെ കുഴഞ്ഞ ആഴങ്ങളിലേക്ക് കാലുകൾ ആഴ്ന്നിറങ്ങുകയാണ്. സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള നിലവിളി തൊണ്ടയിൽ ഇടർച്ചയോടെ കുടുങ്ങികിടന്നു. ഇമ തല്ലി മിഴിച്ചപ്പോൾ നേരിയ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ മാത്രമുണ്ട് മൂന്നിൽ. നേരിയ കാറ്റിലും ശരീരത്തിൽ നിന്നും വിയർപ്പു കണികകൾ ചാലുകൾ ആയി രൂപാന്തരപ്പെട്ട് കിടക്കപ്പായയിലേക്ക് ഒലിച്ചിറങ്ങുന്നു.
നീലഛവി പടർന്ന ആകാശം പഞ്ചസാര മണലിൽ കിടന്ന് അലക്ഷ്യമായി നീലാകാശത്തേക്ക് മിഴി പായ്ച്ചു കൊണ്ടിരിക്കെ എന്നെ അലട്ടുന്ന പ്രശ്നത്തിന് ഒരു സമീകരണം തേടാനുള്ള തുടക്കം കണ്ടെത്താൻ എന്‍റെ മനസ്സ് അനവരതം ശ്രമിക്കുകയായിരുന്നു. സംഭവ പരമ്പരയെക്കുറിച്ചുള്ള തോമാച്ചന്‍റെ വിവരണങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. തോമാച്ചൻ തന്ന വിവരങ്ങളിൽ ഒട്ടും തന്നെ തൃപ്തി എനിക്ക് തോന്നിയില്ല. അതുകൊണ്ടു തന്നെ താത്പര്യക്കുറവ് പറഞ്ഞ് അന്വോഷണം ഒഴിവാക്കാൻ ഞാൻ ആഗ്രഹിച്ചു.
വിവരം വിളിച്ചു പറയാൻ വേണ്ടി ഫോൺ എടുക്കാൻ തുടങ്ങുമ്പോഴാണ് മനസ്സിൽ ഒരു രൂപം തെളിഞ്ഞു വന്നത്. അർദ്ധനഗ്നനായി തല തകർന്ന് ചതുപ്പിൽ ആണ്ട് കിടക്കുന്ന അമലിന്‍റെ ദേഹം. ഞാൻ പൊടുന്നനെ ഫോണിൽ നിന്നും കൈ പിൻവലിച്ചു. അവിടവിടെ ചിതറിക്കിടക്കുന്ന അക്ഷരക്കൂട്ടത്തെപ്പോലെ ചില സംഭവങ്ങൾ അക്ഷരങ്ങൾ ഔചിത്യപൂർവ്വം ഒന്നിച്ചു ചേർന്നാലെ ആ കുട്ടങ്ങൾക്ക് ആശയം കൈവരൂ. അതുപോലെ ചിതറിക്കിടക്കുന്ന സംഭവങ്ങൾ ഔചിത്യപൂർവ്വം അടുക്കി വച്ചാലേ വ്യക്തമായ ഒരു ചിത്രം ലഭിക്കൂ. നിലവിൽ കൈയ്യിലുള്ളത് ശ്ലഥചിത്രങ്ങൾ മാത്രം! ഞാൻ ആ ശ്ലഥചിത്രങ്ങളെ മനസ്സിൽ ഒന്നടുക്കി വക്കാൻ ശ്രമിച്ചു. ജൻമദിനത്തിന്‍റെതായ ദിവസം ഒരനാഥ ബാലന്‍റെ മരണം…
തോമാച്ചനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിക്കില്ലെന്ന് മനസ്സു പറഞ്ഞു. എന്‍റെതായ രീതിയിൽ അന്വോഷിക്കുകയേ നിർവ്വാഹമുള്ളൂ.
അന്തരീക്ഷം ഇരുളാൻ തുടങ്ങിയിരുന്നു. ഒരു പാടാളുകൾ തിരക്കുകുട്ടിയിരുന്ന ബീച്ച് വിജനമാകാൻ തുടങ്ങിയിയതായി പഞ്ചാര മണലിൽ കൈ കുത്തി എഴുന്നേറ്റപ്പോൾ ഞാൻ കണ്ടു. ബീച്ച് വിട്ട് വീട്ടിലേക്ക് പോകാൻ കൂട്ടാക്കാത്ത കുട്ടികളെ ബലമായി കൊണ്ടു പോകാൻ ധൃതി കാണിക്കുന്ന രക്ഷകർത്താക്കൾ. ശാഠ്യം പിടിച്ച് കരയുന്ന കുട്ടികൾ. അവരെ കുറ്റം പറഞ്ഞു കൂടാ. ആർക്കും എത്ര കണ്ടാലും മതിയാകാത്ത ഒന്നാണല്ലോ വെൺനുര ചിതറുന്ന കടൽ.
വസ്ത്രത്തിൽ പറ്റിപ്പിടിച്ച മണൽത്തരികൾ തട്ടിക്കളഞ്ഞ് ഞാൻ പോകാനൊരുങ്ങി. ഇന്നു മുതൽ അന്വേഷണം ആരംഭിക്കുന്നതായി തോമാച്ചന് സന്ദേശമയച്ച് വഴിത്താരയിലേക്കിറങ്ങി. ചൂടു ശമിക്കാത്ത വഴിത്താര. മനസ്സിൽ അഭിശപ്ത ചിന്തകളുടെ നെരിപ്പോട് പുകയുന്നു. ആ അനാഥ ബാലനെ കൊന്നിട്ട് ആർക്ക് എന്ത് നേടാനാണ്. അവൻ ആ അനാഥാലയത്തിൽ വന്നു പെട്ടതിനെക്കുറിച്ചും അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
തീർച്ചയായും അസ്വസ്ഥജനകമായ സംഭവങ്ങൾ ഇക്കാര്യത്തിനു പുറകിൽ ഉണ്ടെന്നുള്ളത് തർക്കമറ്റ വസ്തുതയാണ്. അമലിനെ അനാഥാലയത്തിൽ എത്തിച്ചത് ആരാണ്? ആ വസ്തുത വെളിവാകുമെങ്കിലേ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം സാധ്യമാകു. അനാഥാലയത്തിൽ പോയാൽ പുറമെ നിന്ന് പരിസരം വീക്ഷിക്കാമെന്നല്ലാതെ ഉള്ളിൽ കയറി പരിശോധന നടത്താൻ അനുവാദം ലഭിക്കില്ലെന്നത് വ്യക്തമാണ്. ഏതായാലും പ്രതീക്ഷ കൈവിടണ്ട തോമാച്ചനോട് ഒന്നാരാഞ്ഞു നോക്കാം.
പ്രതീക്ഷിച്ച പോലെത്തന്നെ സംഭവിച്ചു. ഞാൻ ആഗ്രഹിച്ച വിവരങ്ങൾ ഒന്നും തന്നെ തോമാച്ചനിൽ നിന്നും ലഭിച്ചില്ല. ഓർഫനേജിൽ പുറമെ നിന്നൊരാൾക്ക് പ്രവേശനം അനുവദനീയമല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ നടപ്പു സാഹചര്യത്തിൽ. അമലിനെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നുമില്ല. നാലോ അഞ്ചോ വയസ്സിൽ ഒരു സ്ത്രീ ഏൽപ്പിച്ചതാണവനെ എന്ന ഒരു വിവരം നല്കിയതൊഴിച്ചാൽ. പിന്നീടിന്നു വരെ ആ സ്ത്രീ തിരിഞ്ഞു നോക്കിയിട്ടുമില്ല. ആ സ്ത്രീയുടെ യാതൊരു വിവരവും തോമാച്ചന്‍റെ പക്കലില്ല.
ഞാൻ തീർത്തും ഹതാശനായി. മുഖം വല്ലാതിരിക്കുന്നതു കണ്ട് ട്രീസയും അമ്മയും കാര്യമന്വേഷിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. അസ്വസ്ഥതാജനകമായ ചിന്തകളുടെ ആധിക്യത്തിൽ നിന്നും ഒരാശ്വാസം തേടി വീട്ടിൽ നിന്നിറങ്ങി. ഉച്ചയാകാറായിരിക്കുന്നു. എങ്കിലും മൂടിക്കെട്ടി കനം തൂങ്ങിയ അന്തരീക്ഷം നനവ് മാറാത്ത ഇലച്ചാർത്തുകൾ ഉൾക്കൊണ്ട് തണൽമരങ്ങൾ കടലിന്‍റെ ഒരു വശത്തെ ചുറ്റിയുള്ള നടപ്പാതയുടെ അരികിൽ പലതരം കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും വില്പനക്ക് വച്ചിട്ടുണ്ട്. തിരി തെളിയിക്കുമ്പോൾ മുന്നോട്ടു നീങ്ങുന്ന തകര ബോട്ടുകൾ ഒരാൾ വില്ലനക്ക് വച്ചിരിക്കുന്നതു കണ്ടു. വെള്ളം നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ സവാരി നടത്തുന്ന ആ തിരി ബോട്ടിനെ ഞാൻ അൽപ്പനേരം നോക്കി നിന്നു. സ്കൂൾ പഠനകാലത്ത് ഇത്തരം ഒരു ബോട്ടിനായി ഏറെ കൊതിച്ചിരുന്നതായി ഓർത്തു.
ചിപ്പിയും കക്കയും ശംഖും കൊണ്ടുണ്ടാക്കിയ പലതരം കൗതുക വസ്തുക്കളുടെ നീണ്ട നിരക്കു ശേഷം മത്സ്യവും മറ്റു കടൽവിഭവങ്ങളും വിൽക്കുന്ന സ്റ്റാളുകൾ കണ്ടു. ആ സ്റ്റാളുകൾക്ക് പിറകെ ചീനവല ഉപയോഗിച്ച് ഏതാനും പേർ മത്സ്യം പിടിക്കുന്നതു കണ്ടു. ഇവിടെ നിന്നും പുതിയ മത്സ്യം വീട്ടിലേക്കു വാങ്ങാം. അതല്ല എങ്കിൽ ഇവിടെ നിന്നും മത്സ്യം വാങ്ങി സമീപത്തുള്ള ഒരിടത്ത് നല്കിയാൽ ആവശ്യാനുസരണം ഗ്രിൽ ചെയ്തോ പൊരിച്ചോ നൽകും. മുമ്പ് ട്രീസയൊടൊപ്പം ഈയൊരു സൗകര്യം ഞാൻ ആസ്വദിച്ചിട്ടുണ്ട്. ആ മയക്കുന്ന രുചി ഇന്നും നാവിലുണ്ട്. ആ രുചി ഒന്നു കൂടെ ആസ്വദിക്കണമെന്നു കരുതി മീൻ വിൽപ്പനക്കാരനിൽ നിന്നും ഒരിടത്തരം മത്സ്യം വൃത്തിയാക്കി പാക്കു ചെയ്ത് വാങ്ങി.
വഴിത്താരയോടു ചേർന്ന് ചുവരില്ലാത്ത നീളമുള്ള ഒരിടം. അതിനകത്ത് അത്യാവശ്യം തിരക്കുണ്ട്. ചെറിയ ചതുരാകൃതിയിട്ടുള്ള ടേബിളും അതിനു മുഖാമുഖമായി കസേരയും വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു. അവിടുത്തെ ഇളം മഞ്ഞ പ്രകാശം പ്രസരിക്കുന്ന ദീപവിതാനം ആകർഷകമായി തോന്നി. നാട്ടുകാരോടൊപ്പം വിദേശീയരായ ആളുകളും അവിടെയിരുന്ന് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു കണ്ടു. ഇടതു വശത്തുള്ള കൗണ്ടറിൽ നിൽക്കുന്ന ബംഗാളിപ്പയ്യൻ ചിരിച്ചു കൊണ്ട് എന്നെ സ്വാഗതം ചെയ്തു. അവന്‍റെ കൈയ്യിൽ മത്സ്യപ്പാക്കറ്റ് ഏൽപ്പിച്ചു. മസാല കുറച്ച് ഗ്രിൽ ചെയ്തു തന്നാൽ മതിയെന്നു പറഞ്ഞ് ഞാൻ കസേരയിൽ പോയിരുന്നു. വഴിത്താരക്കു എതിരെ നിൽക്കുന്ന തണൽമരങ്ങളിൽ കാറ്റു പിടിച്ച് ഇലകൾ ഉലയുന്നത് ഞാൻ നോക്കി.
കൊളോണിയൽ സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ പേറുന്ന ചെറുപട്ടണം. അവശിഷ്ടങ്ങൾ കാലത്തെ അതിജീവിച്ച് ഗതകാല പ്രൗഢിയുടെ സ്മാരകങ്ങളായി നിലകൊള്ളുന്നു. ആ കാഴ്ചകളിലേക്ക് ശ്രദ്ധ ചെലുത്തുമ്പോഴേക്കും മനസ്സ് ആ കാഴ്ചവട്ടങ്ങളിൽ നിന്നും വഴുതിമാറി അമല്ലെന്ന ദുരൂഹതയിലേക്ക് എത്തിച്ചേരുന്നു.