നടന് മുന്നിൽ കഥ പറയാൻ വന്ന തിരക്കഥാകാരന്‍റെ ശരീരഭാഷയോടെ ജോണി പറഞ്ഞു, “ഞാൻ കഴിഞ്ഞാഴ്ച കൃത്യമായി പറഞ്ഞാൽ ഒൻപതാം തീയതി ഉച്ചക്ക് ഓർഫനേജിൽ എത്തിച്ചേർന്നു. ടൗണിൽ നിന്നും നാലഞ്ചു കിലോമീറ്റർ ഉള്ളിലായി ഏറെയൊന്നും ആൾപ്പാർപ്പില്ലാത്ത ഒരിടത്താണ് ഓർഫനേജ്. പോകുന്ന വഴിയിൽ പഴയ മട്ടിലുള്ള പലചരക്കുകടയും ഒരു സോഡ, സർബത്ത് കടയും മാത്രമേ എന്‍റെ കണ്ണിൽ പെട്ടുള്ളൂ. റോഡിന്‍റെ ഇരുവശവും റബർ കൃഷിയാണ്. വഴിക്കിരുവശത്തും ഒറ്റപ്പെട്ട ഓടു വീടുകൾ കണ്ടതല്ലാതെ വലിയ പുരോഗതിയൊന്നും കാണാനാകാത്ത ഒരു പ്രദേശം. ബസ്സിറങ്ങി അല്പം പണിപ്പെടേണ്ടി വന്നു ലൊക്കേഷനിലെത്താൻ.
മുമ്പും സിനിമാ ലൊക്കേഷനുകളിലെത്തിച്ചേരാൻ ജോണി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നി. ഞാൻ പ്രോത്സാഹന സൂചകമായി തല കുലുക്കി ജോണി തുടർന്നു.
“അല്പം ഉള്ളിലേക്കു ചെന്ന് ഒരിടവഴിയിലൂടെ മുമ്പോട്ട് ചെന്നാൽ അനാഥമന്ദിരമായി. കട്ടിയിരുമ്പു കൊണ്ട് താഴിട്ടുപൂട്ടിയ കനത്ത ഗേറ്റ് മുൻവശമായുള്ള ഒരു ഇരുനില കെട്ടിടം. അവിടുത്തെ സെക്യൂരിറ്റി സംവിധാനം മികച്ചതാണെന്ന് ഞാൻ ഉറപ്പിച്ചുപറയും. സന്ദർശകരുടെ വ്യക്തമായ വിവരങ്ങളും തിരിച്ചറിയൽ രേഖകളും നൽകിയാലേ പ്രവേശനമുള്ളു. നമ്മൾ കൊടുക്കുന്ന ഫോൺ നമ്പറിൽ അപ്പോൾ തന്നെ വിളിച്ച് ഉറപ്പു വരുത്തുന്ന രീതിയുമുണ്ട്.”
"ഏകദേശം എത്ര വിസിറ്റേഴ്സ് സന്ദർശിക്കുന്നുണ്ട്?” ഞാൻ ആരാഞ്ഞു.
“ഞാൻ പോയ ദിവസം ആകെ രണ്ടു പേർ മാത്രം.”
“അയാളിലെന്തെങ്കിലും പ്രത്യേകത?”
“കർക്കശക്കാരനായ ഒരാൾ. തെല്ലു പോലും വിട്ടുവീഴ്ച മനോഭാവമില്ല.” ജോണി പറഞ്ഞുതുടങ്ങി.
ഞാൻ മേശവലിപ്പു തുറന്ന് തുകൽ ബയന്‍റിട്ട ഡയറി എടുത്തു. ആദ്യത്തെ പേജിൽ സെക്യൂരിറ്റിക്കാരന്‍റെ പേരെഴുതി. തുടർന്ന് ജോണി പറഞ്ഞ ചില വിവരങ്ങളും കൂട്ടിച്ചേർത്തു. അക്ഷരങ്ങൾ നിറഞ്ഞ പേജുകൾ മറിഞ്ഞു, പേജുകളിൽ കഥാപാത്രങ്ങൾ നിറഞ്ഞു. അവരുടെ വ്യക്തിഗത വിവരങ്ങൾ നിറഞ്ഞു. ആ സ്ഥാപന നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും ഞാൻ ആഗ്രഹിച്ച വിവരങ്ങൾ ജോണി കൈമാറി.
പേനയിലെ ക്യാമറക്കണ്ണുകൾ തെളിവുകളായി. ഞാനവ ലാപ് ടോപ്പിലേക്ക് മാറ്റി വിശദമായി പരിശോധിച്ചു. വിവരങ്ങൾ മിഴിവാർന്ന കാഴ്ചകളായി പരിണമിച്ചു. ജോണിയുടെ കാര്യഗ്രഹണ ശേഷിയിൽ എനിക്ക് മതിപ്പു തോന്നി. എങ്കിലും ചില കണ്ണികൾ യോജിക്കുന്നില്ല. വിട്ടുപോയവ വിളക്കിച്ചേർത്താൽ മാത്രമേ സംഭവങ്ങളുടെ യഥാർത്ഥ ചിത്രം ലഭിക്കു. അതിനായി വീണ്ടും ഒരു യാത്രക്ക് തയ്യാറാകേണ്ടിയിരിക്കുന്നു. ഡയറിത്താളിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള യാത്ര.
ക്യാമറക്കാഴ്ചയിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള യാത്ര. വികാരങ്ങൾ മുഖത്ത് പ്രകടമാകാത്ത ഒരാളെ തേടിയുള്ള യാത്ര. അവന്‍റെ ജീവിത സാഹചര്യങ്ങൾ കണ്ടെത്താനുള്ള യാത്ര. ഒരു പക്ഷേ ഒരനാഥ ബാലന്‍റെ കൊലപാതകത്തിലേക്ക് വെളിച്ചം വീശിയേക്കാവുന്ന യാത്ര! റബ്ബർ മരങ്ങൾക്കു നടുവിൽ കാറ്റു പറ്റികിടക്കുന്ന വീട്ടിലേക്കുള്ള യാത്ര.
മുനിഞ്ഞ് മഞ്ഞച്ചു കത്തുന്ന വഴിവിളക്കുകൾ കണ്ട് ഫൂട്ട്പാത്തിലൂടെ മെല്ലെ നടക്കുമ്പോൾ മനസ്സു മുഴുവൻ അനാഥാലയത്തിലെ കഥാപാത്രങ്ങളായിരുന്നു. ഡയറിത്താളിലെ കുറിപ്പുകളിലെ പ്രത്യേകതകൾ തേടലായിരുന്നു. സാഹചര്യങ്ങൾ ഒരാളുടെ ഉപബോധമനസ്സിനെ സ്വാധീനിച്ച് തെറ്റുകളിലേക്ക് വലിച്ചടുപ്പിക്കുന്നു. ആ തെറ്റിന്‍റെ ഫലം ഉൾക്കൊള്ളാനും പ്രാപ്തമായ വിവേകം നഷ്ടപ്പെടുന്നതോടെ തെറ്റിലേക്ക് മുങ്ങിത്താഴുന്ന വ്യക്തികൾ. തെറ്റു മറക്കാൻ തെറ്റിന്‍റെ ശൃംഖലകൾ തീർക്കപ്പെടുന്നു. ഒടുവിൽ ആ ശൃംഖലകളുടെ പരിണാമത്തെക്കുറിച്ചുള്ള അല്ലെങ്കിൽ അനന്തരഫലത്തെക്കുറിച്ചുള്ള ചിന്തകൾ. അവനവന്‍റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്തേക്കാവുന്ന അനന്തര ഫലങ്ങളെ പ്രതിരോധിക്കാൻ തെറ്റിൽ നിന്നും തെറ്റിലേക്കുള്ള മനുഷ്യന്‍റെ പടു യാത്രകൾ. അറിയപ്പെടാത്ത ദ്വീപു തേടിയുള്ള മനുഷ്യ മനസ്സിന്‍റെ സഞ്ചാരം ചിലയവസരങ്ങളിൽ ഭീതിദമാണ്... വരുംവരായ്കകളെ തെല്ലു പോലും ഗൗനിക്കാതെയുള്ള മനസ്സിന്‍റെ അപഥ സഞ്ചാരങ്ങൾ.