കാറ്റു വീശി പോകും പോലെ പൊയ്‌പോയ ഒരാഴ്ച. ഇടക്ക് ജോണിയെ വിളിച്ചു. വിവരശേഖരണം തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു മറുപടി. തോമാച്ചന്‍റെ അന്വേഷണങ്ങൾക്ക് 'പുരോഗതിയുണ്ട്' എന്ന ഒറ്റവാക്കിൽ മറുപടിയൊതുക്കി. നേരിയ പുരോഗതി ദൃശ്യമാകാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും എന്നതാണ് സത്യം.
തോമാച്ചനോട് അങ്ങനെയൊരു മറുപടി പറയാൻ എന്നെ പ്രേരിപ്പിച്ചതിനു പിന്നിൽ ക്ലാരയാന്‍റിയുടെ വീട്ടിലെ ചുവന്ന കണ്ണുകാരന്‍റെ ഫോൺ വിളിയായിരുന്നു. ആന്‍റപ്പൻ എന്ന ആ ചുവന്ന കണ്ണുകാരൻ ഫോൺ വിളിച്ചപ്പോൾ നേരിൽ കണ്ട് സംസാരിക്കാനുള്ള ആഗ്രഹമാണ് ഞാൻ പ്രകടിപ്പിച്ചത്. അയാൾക്ക് എന്നിൽ നിന്നും എനിക്ക് അയാളിൽ നിന്നും വിവരങ്ങൾ വേണം. അതുകൊണ്ട് നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം.
ആന്‍റപ്പന്‍റെ ചുവന്ന കണ്ണുകളും വിളർത്തു തൂങ്ങിയ മുഖവും കണ്ടപ്പോൾ ഒരു തികഞ്ഞ മദ്യപാനിയെന്ന് തോന്നിയെങ്കിലും ആ ധാരണ തികഞ്ഞ അബദ്ധമെന്ന് എനിക്ക് ബോധ്യമായി. മുഖാമുഖം ഒരു ബാറിൽ വച്ചായാലോ എന്ന എന്‍റെ നിർദേശം അയാൾ സൗഹാർദ്ദപൂർവ്വം നിരസിച്ചു. എങ്കിലും ഒരു ചായ കുടിക്കാമെന്നുള്ള എന്‍റെ അഭിപ്രായം അയാൾ മാനിച്ചു.
ഞായറാഴ്ച ദിവസം ഉച്ചതിരിഞ്ഞ് പോർച്ചുഗീസ് കഫേയിൽ ആന്‍റപ്പനെ കാത്തിരിക്കുകയായിരുന്നു. ഞാൻ മുഖം മനസ്സിന്‍റെ കണ്ണാടിയെന്ന് ഞാൻ ധരിച്ചിരുന്നു. എന്നാൽ ആന്‍റപ്പൻ ആ ധാരണ തിരുത്തി. മുഖം നോക്കി ആരേയും വിലയിരുത്താൻ പാടില്ല. എങ്കിലും ആശയ വിനിമയത്തിനിടയിൽ പറയുന്ന കാര്യങ്ങൾ കേൾക്കുന്നവന് സ്വീകാര്യമാണോ അല്ലയോ എന്ന് മുഖത്ത് ദൃശ്യമാകുന്ന ഭാവവ്യത്യാസങ്ങൾ നിരീക്ഷിച്ച് ഏറെക്കൂറെ മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാൽ എത്ര തന്നെ പ്രതാപനപരമായ വാക്കുകൾ പ്രയോഗിച്ചാലും യാതൊരു ഭാവവ്യത്യാസവും മുഖത്ത് പ്രകടമാകാത്ത ആളുകളെയും കണ്ടിട്ടുണ്ട്. അതവരിൽ അന്തർലീനമായ നിഗൂഢമായ കഴിവെന്നെ വിശേഷിപ്പിക്കാനാവൂ.
ഏതായാലും ആന്‍റപ്പൻ വരട്ടെ. ചുവന്ന കണ്ണുകളുടെ ആന്‍റപ്പന് സ്വാഗതം. ക്ലാരയാന്‍റിയുടെ വീട്ടിലേക്കുള്ള യാത്ര ഒരു അന്വേഷണ പുരോഗതിയും നേടിത്തരാത്ത ഒരടഞ്ഞ അദ്ധ്യായമായി മാറി എന്ന് തീരുമാനിച്ചിടത്താണ് ആന്‍റപ്പന്‍റെ ഫോൺ കോൾ വന്നത്. അതൊരു ശുഭസൂചകമായി എനിക്കു തോന്നി. ഫോൺ നമ്പർ കൈമാറിയെങ്കിലും അയാൾ വിളിക്കില്ല എന്നായിരുന്നു എനിക്ക് തോന്നിയത്.
ആന്‍റപ്പൻ വന്നു. വീട്ടിൽ വച്ച് കണ്ട ഗൗരവഭാവമില്ല. പരിക്ഷീണഭാവം. പക്ഷേ ചുവന്ന കണ്ണിന് മാറ്റമൊന്നുമില്ല. മുഖത്താകെ പരവേശം അയാൾ ഇരുന്നതും ഞാൻ തണുപ്പിച്ച ഇളനീർ ലസ്സി ഓർഡർ ചെയ്തു. ലസ്സി അൽപ്പാൽപമായി മൊത്തിക്കുടിച്ചുകൊണ്ടിരിക്കെ അയാൾ എന്നോട് പറയാനുള്ളതെന്തെന്ന് ഞാൻ തിരക്കി. ലസ്സി താഴെ വച്ച് അയാൾ ഭവ്യതയോടെ പറഞ്ഞു തുടങ്ങി.
“സാർ ഞാൻ കൊറെക്കാലായി റോസ് ഗാർഡനിലെ ജോലിക്കാരനാണ്. റോസ്മാർഡനെന്നു പറഞ്ഞാൽ ക്ലാരമ്മേടെ വീട്. അത് നിങ്ങൾ വാങ്ങാൻ പോവുന്നറിഞ്ഞു. എന്‍റെ മനസ്സു പറയുന്നു. ആ വീട് നിങ്ങൾക്കുള്ളതാണെന്ന്. പലരും ആ സ്ഥലവും വീടും കാണാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു തോന്നൽ എനിക്കാദ്യമായാ. എനിക്ക് ഉറപ്പാണ് ഈ കച്ചോടം നടക്കും.”