ഉത്തര കരയാറില്ല ഭാഗം- 3

ഡോക്‌ടറുടെ കാബിനു മുന്നിൽ കാത്തിരിക്കുമ്പോൾ ഉത്തരയുടെ മനസ്സ് അവ്യക്‌തമായ ഏതൊക്കെയോ പാതകളിലൂടെ സ്വയം സഞ്ചരിച്ചുകൊണ്ടിരുന്നു. ഡോക്‌ടർ ഓപ്പറേഷൻ മുറിയിലേക്ക് എന്തോ അത്യാവശ്യത്തിന് പോയിട്ട് വന്നിട്ടില്ല. ഇന്ത്യാക്കാരനാണ് ഈ ഡോക്‌ടർ എന്ന് ഉറപ്പായി.

“പേരു കേട്ടിട്ട് മലയാളിയാണെന്ന് തന്നെ തോന്നുന്നു.” ഉഷ പറഞ്ഞു.

ഉത്തര അൽപം സംശയിച്ചു. അത് അദ്ദേഹമാണോ? ഏയ് ആ പേര് ഉള്ള വേറെയും ഡോക്‌ടർമാർ ഉണ്ടാകാം. ഒ.പിയിൽ ഡോക്‌ടറെ കാണവേ, ഉത്തരയുടെ ആശങ്ക അടിസ്‌ഥാനരഹിതമല്ലെന്ന് വ്യക്‌തമായി. 20 വർഷങ്ങൾക്കു ശേഷം കാണുമ്പോഴും തിരിച്ചറിയാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. തടി ഇരട്ടിയായി. തലയിൽ കഷണ്ടി കയറി.

ശേഖർ ദാസിന്‍റെ ചിത്രം ഇപ്പോഴും തന്‍റെ ബാഗിലുണ്ട്. ഏകാന്തത കൂർത്ത മുള്ളായി ഹൃദയത്തെ മുറിക്കുമ്പോൾ ഉത്തര ആ ചിത്രമെടുത്തു നോക്കും. അടരാൻ വെമ്പുന്ന ഒരു തുള്ളി കണ്ണീർ കൺകോണിൽ വന്നു മടങ്ങും. വിവാഹ നിശ്ചയ ദിവസത്തിൽ ഇരുവരും ഒന്നിച്ചെടുത്ത ചിത്രം. അത് ആരും കാണാതെ ഉത്തര തന്‍റെ കൈവശം സൂക്ഷിച്ചു ഇക്കാലമത്രയും.

ശേഖർ അമേരിക്കയിലെവിടെയോ ആണെന്ന് അന്ന് അച്‌ഛൻ പറഞ്ഞ അറിവു മാത്രമേയുള്ളൂ. അദ്ദേഹം ഒരു വിദേശ വനിതയെ വിവാഹം ചെയ്‌തെന്ന വാർത്തയും അന്ന് കേട്ടിരുന്നു.

ഡോക്‌ടർ ശേഖർ ദാസ് ഉത്തരയുടെ കാലു പരിശോധിച്ചു. “ഓപ്പറേഷൻ ചെയ്‌ത രീതി ശരിയല്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വീണ്ടും അസ്‌ഥി വേർപെടുത്തിയ ശേഷം കൂട്ടിച്ചേർത്താലേ ഇനി ശരിക്കും നടക്കാനാവൂ.”

“അതിനു ഭാരിച്ച ചെലവ് വരില്ലേ ഡോക്‌ടർ?” ഉത്തരയുടെ ആദ്യപ്രതികരണം അവളറിയാതെ പുറത്തു ചാടി.

“ഡോക്‌ടർ, വീണ്ടും ഓപ്പറേഷൻ നടത്താൻ പണമില്ല. അതുകൊണ്ട് ഇന്ത്യയിൽ പോയ ശേഷം ചികിത്സിക്കാമെന്ന് കരുതുന്നു.” ഉഷ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“പണച്ചെലവിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. ചികിത്സ എന്‍റെ ക്ലിനിക്കിൽ ചെയ്യാം. നമ്മൾ ഒരു നാട്ടുകാരല്ലേ. ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിന് എന്ത് വിലയാണ് ഉള്ളത്?”

ഡോക്‌ടർ ശേഖർ ദാസിന്‍റെ മറുപടി കേട്ടപ്പോൾ ഉഷയ്‌ക്കും ദിലീപിനും വലിയ ആശ്വാസമായി.

“ഡോക്‌ടർ, എങ്ങനെ നന്ദി പറയണമെന്നറിയില്ല.”

“നാളെ ഞാൻ ന്യൂയോർക്കിലേക്ക് പോകും. ഇവരെയും കൂടെ കൊണ്ടുപോകാം. ഓപ്പറേഷൻ കഴിഞ്ഞാൽ അൽപം വിശ്രമം ആവശ്യമാണ്. അതിനു ശേഷം ഇന്ത്യയിലേക്ക് പോകാം. എന്തു പറയുന്നു?”

ന്യൂയോർക്കിലെ ക്ലിനിക്കിൽ ഓപ്പറേഷനു ശേഷം ഉത്തരയ്‌ക്ക് ആശുപത്രി വിടേണ്ട സമയമായി. “ഇനി എന്താണു പരിപാടി? ന്യൂജേഴ്‌സിയിലെ ബന്ധുവിന്‍റെ അടുത്തേക്കു മടങ്ങുകയാണോ?” ഒരു നിമിഷം നിശബ്‌ദയായി നിന്ന ശേഷമാണ് ഉത്തര മറുപടി പറഞ്ഞത്.

“വേറെന്തു ചെയ്യാനാണ്? ഇവിടെ മറ്റാരേയും എനിക്കറിയില്ലല്ലോ…?”

“എന്നെ അന്യനായി കാണുന്നില്ലെങ്കിൽ അൽപ ദിവസം എന്‍റെ വീട്ടിൽ നിൽക്കൂ.”

“ങ്ങേ, താങ്കളുടെ വീട്ടിലോ? അവിടെ ഭാര്യയും കുടുംബവുമുണ്ടാകില്ലേ?” ഉത്തര അവിശ്വസനീയതയോടെ ചോദിച്ചു.

“ഹാ… ഞാൻ അവിടെ ഒറ്റയ്‌ക്കല്ലേ.. യഥാർത്ഥത്തിൽ ഉത്തരയെ അങ്ങോട്ട് വിളിച്ചതിനു പിന്നിൽ ഒരു സ്വാർത്ഥ ലക്ഷ്യം കൂടി ഉണ്ട്. എനിക്ക് നല്ല സൗത്ത് ഇന്ത്യൻ ഡിഷുകൾ കഴിക്കാൻ കൊതിയുണ്ട്. ഉത്തരയ്‌ക്കത് അറിയാമല്ലോ?”

എന്തുകൊണ്ടാണ് അദ്ദേഹം ഒറ്റയ്ക്കാണെന്ന് പറഞ്ഞത്? ഭാര്യ എങ്ങോട്ടു പോയി? തന്നെ ഇനിയും മനസ്സിലായിട്ടില്ലെന്നോ? പക്ഷേ സംശയങ്ങൾ ദുരീകരിക്കാൻ നിവൃത്തിയില്ല. ഇതുവരെ തന്നെ തിരിച്ചറിഞ്ഞതായി തോന്നുന്നില്ല.

ഡോ. ശേഖർ ദാസിന്‍റെ വീട്. അവിടെ ചെന്നപ്പോൾ സ്വന്തം താവളത്തിലെത്തിയപോലെ തോന്നി ഉത്തരയ്‌ക്ക്. പെട്ടെന്ന് അവൾക്ക് ഒരു സിനിമാഗാനം ഓർമ്മ വന്നു.

സുഖമൊരു ബിന്ദു, ദു:ഖമൊരു ബിന്ദു, ബിന്ദുവിൽ നിന്ന് ബിന്ദുവിലേക്കൊരു പെൻഡുലമാടുന്നു… ഇത് ജീവിതം…

ശേഖർ ദാസിനൊപ്പം ജീവിക്കേണ്ടവളായിരുന്നു താൻ. എന്നിട്ടോ? രണ്ടു മാസം എത്രവേഗം കടന്നുപോയി. ഈ ദിനങ്ങളത്രയും ശേഖറിന്‍റെ വീട് ഉത്തരയുടെ വീട് തന്നെയായി. അദ്ദേഹം വളരെ ശ്രദ്ധയോടെ ചികിത്സ നടത്തിയതിനാൽ ഉത്തരയുടെ കാലിന്‍റെ പരിക്ക് മാറി, നടക്കാമെന്നായി. ഇതിനിടയിലാണ് അതു സംഭവിച്ചത്. ശേഖറിന്‍റെ പ്രൊപ്പോസൽ!

ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ നിമിങ്ങളിലൂടെയാണ് താനിപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടുമാസത്തെ ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ ശേഖർ ദാസിന് തന്നോട് പ്രണയം തോന്നിയതും അവൾക്കദ്‌ഭുതമായി. ഏതൊരാളുടെ ചിത്രം നോക്കി താൻ 20 വർഷം ജീവിച്ചുവോ, അതേ വ്യക്‌തി ഇപ്പോൾ തനിക്കരികിൽ, കയ്യെത്തും ദൂരത്തുണ്ട്. ഇത്രയും വലിയ ലോകത്ത് കേവലം ഒരു വ്യക്‌തിയെയാണ് സ്വന്തം എന്ന പേരിൽ കണക്കാക്കുന്നത്. ഇത് ജന്മാന്തരമായി നിശ്ചയിക്കപ്പെട്ട ഒരു ബന്ധമാകുമോ? അല്ലെങ്കിൽ നീണ്ട കാലയളവിനു ശേഷം ഇങ്ങനെ കണ്ടുമുട്ടുമോ? വീണ്ടും ആളറിയാതെ അദ്ദേഹം പ്രൊപ്പോസ് ചെയ്യുമോ?

തനിക്കതിന് നൂറുവട്ടം സമ്മതമാണല്ലോ എന്ന് ഉത്തരയുടെ മനസ്സ് പറഞ്ഞു. ഈ അവസരവും താൻ നിഷേധിച്ചിട്ട് ഇനി ജീവിതത്തിൽ എന്തു ചെയ്യാനാണ്?

സമയം രാത്രി 8 മണിയായിരിക്കുന്നു. ഘടികാരസൂചിയുടെ താളം പോലും ശ്രദ്ധിക്കാതെ ദ്രുതവേഗം കടന്നുപോയ ദിനങ്ങൾ.

ആശുപത്രിയിലെ തിരക്കൊഴിയുമ്പോൾ രാത്രി 10 മണിയാകും. മുറിയിലെ കിടക്കവിരികൾ മാറ്റി ഭംഗിയുള്ളവ വിരിച്ചിട്ടു. ഭക്ഷണം പാചകം ചെയ്‌ത ശേഷം എല്ലാം ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചു.

ഉത്തര ക്ലോക്കിലേക്ക് വീണ്ടും കണ്ണോടിച്ചു. 10 മണിയാകാറായി. ഡോക്‌ടറുടെ കാർ ഗേറ്റ് കടന്നു വരുന്ന ശബ്‌ദം. വാതിൽ തുറന്ന ഉടനേ ശേഖർ ദാസ് കസേരയിൽ ഇരുന്നു.

വസ്‌ത്രം മാറാൻ പോലും ശ്രമിക്കാതെ അദ്ദേഹം പറഞ്ഞു. “ഇന്ന് വലിയ തിരക്കായിരുന്നു. 3 ഓപ്പറേഷനുണ്ടായിരുന്നു.”

എത്ര കർമ്മനിരതനാണ്. അവൾ അടുക്കളയിലേക്ക് പോയി ഒരു കപ്പ് കാപ്പിയുമായി മടങ്ങി വന്നു.

“ഓ… താങ്ക് യൂ..”

കാപ്പി കുടിക്കുന്നതിനിടെ ഡോക്‌ടർ അവളെ സൂക്ഷ്‌മമായി നോക്കി. ഉത്തര ലേശം പരിഭ്രമത്തോടെ ചോദിച്ചു.

“എന്താ ഇങ്ങനെ നോക്കുന്നത്?”

“ഇന്ന് നിനക്കെന്തോ ഒരു പ്രത്യേകത തോന്നുന്നു… ഭംഗി അൽപം കൂടിയിട്ടുണ്ട്. എന്താ രഹസ്യം?”

ഉത്തര ജാള്യതയോടെ അയാളെ നോക്കി. അവളുടെ മനസ്സ് പെരുമ്പറ കൊട്ടുകയാണ്. എങ്കിലും അവൾ സഹജമായ പുഞ്ചിരിയോടെ ഇത്രയും പറഞ്ഞൊപ്പിച്ചു.

“ആ രഹസ്യം അങ്ങേയ്‌ക്കറിയാമല്ലോ?”

ഞാൻ നിന്നോട് ഇന്നലെ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. യെസ് ഓർ നോ?”

“യെസ്…” ഉത്തര മന്ത്രിക്കും പോലെ ഉരുവിട്ടു.

“ഉത്തര, ഞാനിന്ന് വളരെ സന്തോഷവാനാണ്. നീ നിരാകരിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതല്ലേ ഞാൻ ഈ മോതിരം വാങ്ങിയത്…”

ശേഖർ ദാസ് പോക്കറ്റിൽ സൂക്ഷിച്ച ചെറിയ ഡബ്ബ തുറന്ന് ഒരു വജ്രമോതിരം അവളുടെ വിരലിൽ അണിയിച്ചു.

“ഇനി നിനക്ക് ഒരു സർപ്രൈസ് കൂടി കാണിച്ചു തരാം” ശേഖർദാസ് അവൾക്കു നേരെ ഒരു കവർ നീട്ടി. അവൾ സ്‌തംഭിച്ചുപോയി. താൻ ബാഗിൽ സൂക്ഷിച്ച വിവാഹ ഫോട്ടോ…!

“ങ്ങേ… ഈ ചിത്രം ഡോക്‌ടർക്കെങ്ങനെ കിട്ടി?”

“നീ സൂക്ഷിച്ചതു പോലെ ഞാനും ഫോട്ടോ സൂക്ഷിച്ചിരുന്നെടോ. ഓർമ്മകളിൽ താൻ എന്നും ഉണ്ടാവണമെന്ന് കരുതി.”

ഉത്തര അമ്പരന്നു. അപ്പോൾ ഡോക്‌ടർക്ക് തന്നെ മനസ്സിലായിരിക്കുന്നു!

“പിന്നല്ലാതെ, അപരിചിതർക്ക് സൗജന്യ ചികിത്സ കൊടുക്കുന്ന സ്വഭാവം എനിക്കില്ല കേട്ടോ. ആശുപത്രിയിൽ നിന്നെ ആദ്യം കണ്ട നിമിഷം തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.”

“എന്നിട്ട് ഇത്രയും ദിവസം ഇതെല്ലാം കൗശലത്തോടെ മറച്ചുവച്ചു.”

“നിന്‍റെ സ്‌ഥിതി എന്താണെന്ന് എനിക്കറിയില്ലല്ലോ? വിവാഹിതയായോ, സുഖമായി ജീവിക്കുന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ കാബിനിലേക്ക് നീ കയറി വന്ന നിമിഷം… ഇപ്പോഴും എന്‍റെ കൺമുന്നിലുണ്ട്. സംസാരത്തിനിടയിൽ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് വ്യക്‌തമായി, അപ്പോൾ തന്നെ തീരുമാനിച്ചതാണ് ഇനി നിന്നെ കൈവിടില്ലെന്ന്. അതുകൊണ്ടാണ് ന്യൂയോർക്കിലേക്കും, തുടർന്ന് എന്‍റെ വീട്ടിലേക്കും ഞാൻ ക്ഷണിച്ചത്. നിനക്കെന്നോട് പിണക്കമോ, വെറുപ്പോ ഇല്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു.”

ഉത്തരയുടെ കണ്ണുകൾ നിറഞ്ഞു.

ഇത്ര വലിയൊരു ഭാഗ്യം തന്നെ കാത്തിരിക്കുമെന്ന് അവൾ ഒരിക്കലും കരുതിയില്ലല്ലോ. ശേഖർ ദാസ് അവളെ അരികിൽ പിടിച്ചിരുത്തി. വിറയ്‌ക്കുന്ന കൈത്തലങ്ങൾ സ്വന്തം കൈകൾക്കുള്ളിലാക്കി.

“അച്ഛനെ അനുസരിച്ചപ്പോൾ, എന്തു വലിയ തെറ്റാണ് നിന്നോട് ചെയ്‌തത്. പഠിപ്പിച്ചതിനു ചെലവായ പണത്തിന്‍റെ കണക്കു പറഞ്ഞ് അച്‌ഛനെന്നെ വിഷമിപ്പിക്കുകയായിരുന്നു. അച്‌ഛന്‍റെ പണക്കൊതി തീർക്കാനും നിന്നെ മറക്കാനും ആണ് ഇവിടെ വന്നത്. നാൻസിയെ വിവാഹം ചെയ്‌തതും അച്‌ഛനോടുള്ള പക പോക്കലായിരുന്നു.”

“നമ്മൾ ഒരുമിച്ചു ചേരാനുള്ളവരാണ്. അതുകൊണ്ടാണ് അന്യനാട്ടിൽ വച്ച് പിന്നെയും നിന്നെ കണ്ടുമുട്ടിയത്. ”

“ഉത്തര, നമ്മൾ ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞതൊക്കെ മറന്നും പൊറുത്തും നമുക്ക് ശിഷ്‌ട ജീവിതം കഴിഞ്ഞു കൂടാം. നാളെ നമുക്ക് രജിസ്‌റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്‌റ്റർ ചെയ്യാം. വിവാഹത്തിനായി ചിലതു വാങ്ങാനുണ്ട്. സാരിയും താലിയുമൊക്കെ.”

“താലി എന്‍റെ കൈവശമുണ്ട്.”

“അതെങ്ങനെ?”

“അന്ന് അങ്ങ് അണിയിച്ച താലി ഇപ്പോഴും എന്‍റെ കൈവശമുണ്ട്.”

“സത്യം…? അപ്പോൾ വിവാഹച്ചടങ്ങിന്‍റെ ആവശ്യം പോലുമില്ലല്ലോ…” ശേഖർ ദാസ് പൊട്ടിച്ചിരിച്ചു. അതുകേട്ട് ഉത്തര മന്ദഹസിച്ചു. അവളുടെ മനസ്സും ശരീരവും ആനന്ദാതിരേകത്താൽ വിറകൊണ്ടു. അവളുടെ കൺകോണിൽ നിറഞ്ഞു വന്ന ആനന്ദ ബാഷ്‌പം ശേഖർദാസ് ഒരു ചുംബനത്താൽ ഹൃദയത്തിലേറ്റി. ഇല്ല, ഉത്തര കരയാറില്ല…

(അവസാനിച്ചു)

ഉത്തര കരയാറില്ല ഭാഗം- 2

അമേരിക്കയിലെ ന്യൂജേഴ്‌സിയിലേക്ക് ഒരു വർഷത്തേക്ക് പോകാൻ അവസരം. നാട്ടിലെ ബോറടി അസഹനീയമായതിനാൽ ഉത്തര രണ്ടാമതൊന്ന് ആലോചിച്ചില്ല. പോകുന്നത് മൂത്തചേട്ടൻ സുധീറിന്‍റെ മകൾ ഉഷയുടെ അടുത്തേക്കാണ്. അവൾ ഗർഭണിയായതിനാൽ ഒരു സഹായം എന്ന നിലയിലാണ് ഉത്തരയെ അങ്ങോട്ട് വിളിപ്പിച്ചത്. ഗർഭം സ്‌ഥിരീകരിച്ചതോടെ തന്നെ ഉഷ സുധീറിനെ വിളിച്ച് ശുപാർശ ചെയ്‌തിരുന്നു.

“പപ്പാ, ചിറ്റയെ ഇങ്ങോട്ട് അയക്കണം. വീട്ടിലെ കാര്യങ്ങൾ അല്ലെങ്കിൽ അവതാളത്തിലാകും. ചിറ്റയുണ്ടെങ്കിൽ പിന്നെ എനിക്കൊരു കാര്യത്തിലും പേടി വേണ്ടല്ലോ.”

പറയുന്നത് അങ്ങനെയൊക്കെയാണെങ്കിലും യഥാർത്ഥ കാരണം മറ്റൊന്നാണ്. അമേരിക്കയിൽ ഒരു ബേബി സിറ്ററെയോ, വേലക്കാരിയേയോ കിട്ടണമെങ്കിൽ കിട്ടുന്ന ശമ്പളത്തിന്‍റെ മുക്കാലും ചെലവഴിക്കേണ്ടി വരും. അതും മണിക്കൂറുകളുടെ സേവനം മാത്രം. അതു വച്ചു നോക്കുമ്പോൾ ഉത്തരയുടെ യാത്രാച്ചെലവ് എത്രയോ തുച്‌ഛം!

ഉത്തരയെ നാട്ടിൽ നിന്ന് ന്യൂജേഴ്‌സിയിലെത്തിക്കണം. അത്രയേ വേണ്ടൂ. അവർ അവിടെയെത്തിയാൽ മുഴുവൻ സമയവും വീട്ടിലുണ്ടാകും. വീട്ടിലെ കാര്യങ്ങൾ സുഖമായി നടത്താം. കുഞ്ഞിനെ നോക്കാനും പ്രയാസമില്ല.

പ്രസവിച്ചിട്ടില്ലെങ്കിലും ഉത്തരയ്‌ക്ക് കുഞ്ഞുങ്ങളെ പരിചരിക്കാൻ അറിയാം. അത്യാവശ്യം പ്രസവശുശ്രൂഷകളും മനസ്സിലാക്കി വച്ചിട്ടുണ്ട്. അമ്മയുണ്ടായിരുന്ന സമയത്ത് സഹോദരന്മാരുടെ ഭാര്യമാരുടെ പ്രസവശുശ്രൂഷയ്‌ക്ക് അമ്മ പോകുമ്പോൾ ഉത്തരയേയും കൂട്ടുമായിരുന്നു. കുഞ്ഞിനെ എടുക്കാനും ഭക്ഷണം കൊടുക്കാനുമൊക്കെ അപ്പോഴേ അവൾ മനസ്സിലാക്കി. കുറച്ചുമാസം മുമ്പ് ഇളയ ചേട്ടന്‍റെ മകൾക്കു കുഞ്ഞുണ്ടായപ്പോൾ ആശുപത്രിയിൽ നിന്നത് ഉത്തരയാണ്. ഇത്തവണ മൂത്ത ആങ്ങളയുടെ മകളുടെ ഊഴം.

അമേരിക്കയിലേക്ക് പോകാൻ പറഞ്ഞാൽ ഉത്തര അക്കാര്യത്തിൽ എതിരൊന്നും പറയില്ലെന്ന് സുധീറിന് അറിയാം. എങ്കിലും പെങ്ങൾ അവിടെ ചെന്ന് എന്തെങ്കിലും അസുഖം ഉണ്ടായാൽ മക്കൾ കഷ്‌ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ സുധീർ ഉഷയ്‌ക്ക് ഒരു മുന്നറിയിപ്പ് നൽകാതിരുന്നില്ല.

“അവൾ വരും, പക്ഷേ കുറച്ചു ദിവസമായി അവൾക്ക് കഴുത്തുവേദന ഉണ്ട്. കഴിയുമെങ്കിൽ ഒരു മെഡിക്കൽ ഇൻഷുറൻസ് ചിറ്റയുടെ പേരിൽ എടുത്തു വച്ചോ. അവിടെ ചികിത്സയ്‌ക്ക് വലിയ ചെലവല്ലേ.”

“അതൊക്കെ ചെയ്‌തോളാം പപ്പാ, ഉടനെ ചിറ്റയെ ഇങ്ങോട്ടയച്ചാൽ മതി.” പാസ്പോർട്ട് എടുക്കാനുള്ള താമസമേ ഉണ്ടായിരുന്നുള്ളൂ. അതും 15 ദിവസം. എത്രയും വേഗം സുധീർ എല്ലാം ശരിയാക്കി.

ഉത്തരയ്ക്ക് ഈ യാത്ര സന്തോഷമായിരുന്നു. അച്ചിലിട്ട കാളയെപ്പോലെ ഒരേ ദിശയിൽ ചുറ്റാൻ തുടങ്ങിയത് ഒന്നും രണ്ടും നാളല്ല, 20 വർഷം. ചിരപരിചിതമായ, വിരസമായ ചുറ്റുപാടുകളിൽ നിന്നും ഒരു മോചനം ഇടയ്ക്കൊക്കെ ഉത്തര ആഗ്രഹിച്ചിരുന്നു.

അമേരിക്കയിൽ ചെല്ലാൻ ഉഷ വിളിച്ചപ്പോൾ രണ്ടാമതൊന്നും ആലോചിക്കാത്തത് അതു കൊണ്ടാണ്. വിമാനയാത്ര പോലും ചെയ്യുന്നത് ഇതാദ്യം. ഉത്തരയുടേതെന്നു പറയാൻ ഒരു പെട്ടി മാത്രം. എന്നാൽ ചേട്ടൻ മകൾക്ക് കൊടുത്തുവിടുന്ന സാധനങ്ങളും ഭക്ഷണസാമഗ്രികളുമൊക്കെയായി വലിയ ലഗേജ് വേറെ.

ഉത്തരയെ കൂട്ടിക്കൊണ്ടുപോകാൻ ഉഷയും ഭർത്താവ് ദിലീപും എയർപോർട്ടിലെത്തിയിരുന്നു. ഈ സമയം കൊടുംശൈത്യമാണ് അമേരിക്കയിൽ. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് അതിശൈത്യത്തിന്‍റെ കാഠിന്യം ശരിക്കുമറിഞ്ഞത്. ഉത്തരയുടെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടെന്നോണം ഉഷ ചിരിച്ചു.

“ചിറ്റേ, ഈ തണുപ്പ് കണ്ട് പേടിക്കേണ്ട. വീട് എയർകണ്ടീഷൻഡ് ആണ്. പുറത്തിറങ്ങുമ്പോൾ കാറിൽ ഹീറ്ററുണ്ട്. ഷോപ്പിംഗ് മാളുകളിലെ തണുപ്പ് കുറയ്‌ക്കാൻ ഉള്ള സംവിധാനങ്ങളുണ്ട്. ആകെ ശ്രദ്ധിക്കേണ്ടത് വീട്ടിൽ നിന്ന് പുറത്ത് നടക്കുമ്പോൾ മാത്രം. വീണുകിടക്കുന്ന മഞ്ഞുകട്ടകളിൽ തട്ടി വീഴാതെ നോക്കണം. അത്രയേയുള്ളൂ.”

അമേരിക്കയിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ഇവിടം. 9 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴും. മഞ്ഞുവീഴ്‌ച പതിവുകാര്യമാണ്. ഈ സമയത്ത് മുൻകരുതൽ ആവശ്യമാണെന്നുമാത്രം. പുറത്തെ തണുപ്പിൽ നിന്ന് കാറിലേക്കു കയറുമ്പോൾ ഉത്തരയ്‌ക്ക് വളരെ ആശ്വാസം തോന്നി. കാറിൽ ഇളംചൂടുണ്ടായിരുന്നു. പുറത്തെ കാഴ്‌ചകൾ അതിമനോഹരമായിരുന്നു. വീതിയുള്ള പാതയ്ക്കിരുപുറവും ഉള്ള മരങ്ങളിൽ നീലനിറത്തിലുള്ള പഴങ്ങൾ.

സ്‌ട്രോബറിയും ആപ്പിളും ബ്ലൂബെറിയുമെല്ലാമാണ് ഇവിടത്തെ പ്രധാന

കൃഷിയെന്ന് ഉഷ മുമ്പ് പറഞ്ഞത് അവളോർത്തു. സമ്മർ സീസണിലാണത്രേ ന്യൂജേഴ്‌സി അതിസുന്ദരമാകുക. പച്ചയും ഓറഞ്ചും നീലയും സ്വർണ്ണനിറവും എല്ലാം ചേർത്ത് പ്രകൃതി ഒരുക്കുന്ന വർണ്ണക്കാഴ്‌ചകളുടെ കാലം. അതൊക്കെ കാണാൻ പറ്റുമോ? വീട്ടിൽ നിന്ന് ഉത്തരയെ ഇടയ്‌ക്കൊക്കെ പുറത്തുകൊണ്ടുപോകണമെന്ന് ചേട്ടൻ ഉഷയോട് ഫോണിൽ പറയുന്നത് താൻ കേട്ടതാണല്ലോ… ഉത്തര ഇങ്ങനെ പലതും ആലോചിച്ചിരിക്കേ ഉഷ, ഉത്തരയുടെ കഴുത്തിൽ കൈ ചുറ്റി സ്‌നേഹത്തോടെ കവിളിൽ മുത്തമിട്ടു. “ചിറ്റ വന്നതോടെ എന്‍റെ ടെൻഷനെല്ലാം പോയി… സമാധാനത്തോടെ ജോലിക്കു പോകാം… എന്‍റെ കുഞ്ഞും സുരക്ഷിതനായിരിക്കും…”

“സുരക്ഷിതനോ? നീയിപ്പോഴെ തീരുമാനിച്ചോ ആൺകുട്ടിയാണെന്ന്.” ഉത്തര അവളെ കളിയാക്കി.

“അതൊക്കെ എനിക്കറിയാം ചിറ്റേ. അല്ലെങ്കിൽ ചിറ്റ നോക്കിക്കോ…”

വീട്ടിലെത്തിയപ്പോൾ ഉഷ അവളെ കിടപ്പുമുറിയിലേക്കാണ് ആദ്യം കൂട്ടിക്കൊണ്ടുപോയത്. ഉഷ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്‌തിട്ടുണ്ട്. ഉത്തരയ്‌ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും വേണ്ടി ഒരു മുറി തന്നെ മാറ്റി വച്ചിരിക്കുന്നു. രാത്രി കുഞ്ഞുണർന്നാൽ കുപ്പിപ്പാൽ നൽകേണ്ട ഡ്യൂട്ടി ഉത്തരയ്‌ക്കായിരിക്കും.

“ഇനി ഒരു കാര്യം കൂടിയുണ്ട് ചിറ്റേ, രാവിലെ റോക്കിയെ പുറത്തു കൊണ്ടുപോകണം. എനിക്ക് രാവിലെ എഴുന്നേൽക്കാൻ മടിയാണെന്ന് ചിറ്റയ്‌ക്കറിയാല്ലോ.”

“റോക്കി! അതാരാ?”

“ഉം… റോക്കി നമ്മുടെ പുതിയ അതിഥി. ഒരു പട്ടിക്കുട്ടി. ഇന്നലെ ദിലീപ് വാങ്ങിക്കൊണ്ടു വന്നതാ.”

“കുഞ്ഞുപിറക്കാനിരിക്കുന്ന വീട്ടിൽ പട്ടിയെ വളർത്തുന്നത് ബുദ്ധിമുട്ടാവില്ലേ,” ഉത്തര സംശയം മറച്ചുവച്ചില്ല.

“ഏയ്, അതൊന്നും കുഴപ്പമില്ല. വീട്ടിൽ എപ്പോഴും ആളുണ്ടാവുമല്ലോ.”

ഉഷയ്‌ക്ക് അതിലൊന്നും വലിയ വിശ്വാസമില്ല. അമേരിക്കയിലെ ജീവിതവുമായി ഉത്തര പൊരുത്തപ്പെട്ടു. മാസങ്ങൾക്കകം ഉഷ ഒരു ആൺകുട്ടിക്ക് ജന്മം നൽകി.

പ്രസവത്തിന് രണ്ടുദിവസം മുമ്പ് ഉഷയുടെ അച്ഛനും അമ്മയും ന്യൂജേഴ്സിയിൽ എത്തിയിരുന്നു. പ്രസവം കഴിഞ്ഞ് രണ്ടു ദിവസത്തിനകം അവർ മടങ്ങുകയും ചെയ്തു. ഉത്തരയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവർക്കും. വീട്ടുകാര്യങ്ങൾ നോക്കിയും കുഞ്ഞിനെ പരിചരിച്ചും ഉത്തരയുടെ ദിനരാത്രങ്ങൾ കടന്നുപോയി.

നാട്ടിലാണെങ്കിൽ ഒരു കൈ സഹായിക്കാൻ ആരെങ്കിലുമുണ്ടാകും. ഇങ്ങ് ദൂരെ ഭാഷ പോലും മനസ്സിലാകാത്ത ഒരു നാട്ടിൽ ആര് സഹായിക്കാനാണ്. പകലു മുഴുവൻ വിശ്രമമില്ലാത്ത ജോലി കഴിഞ്ഞാൽ രാത്രിയിൽ ഒന്നു കിടന്നാൽ മതിയെന്നാകും. ഇടയ്‌ക്ക് കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കാൻ എഴുന്നേൽക്കുകയും വേണം.

രാവിലെ കുഞ്ഞിന് പാൽ തയ്യാറാക്കുമ്പോഴേക്കും റോക്കി കൂ കൂ… എന്ന് സിഗ്നൽ തരും. അവന് പുറത്തു പോകാൻ സമയമായി എന്നാണ്.  “ങ്ങും… നിനക്കു പോവണം അല്ലേ, ദാ വരുന്നു…”

ഉത്തര, പട്ടിക്കുട്ടിയോട് തമാശയായി പറഞ്ഞു. അവൻ അതുമനസ്സിലാക്കിയിട്ടെന്നോണം മിണ്ടാതെ കാത്തിരുന്നു. അടുക്കള ജോലി ഒതുക്കി ഉത്തര ഒരു ഷാൾ എടുത്ത് പുതച്ചിട്ട് റോക്കിയെ ചങ്ങലയിലാക്കി പുറത്തേക്കിറങ്ങി.

ഉഷ ഇതുവരെ എഴുന്നേറ്റിട്ടില്ല. അവൾ എഴുന്നേൽക്കുമ്പോഴേക്കും തിരിച്ചെത്തണം. തലേന്ന് രാത്രി കനത്ത ഹിമവാതം ഉണ്ടായിട്ടുണ്ട്. വീടിന്‍റെ പടികളിൽ നിറയെ മഞ്ഞ്. അത് ഉറച്ച് കിടക്കുകയാണ്. ധൃതിയിൽ പടിയിൽ കാലെടുത്തു വച്ചപ്പോൾ ഉത്തര തെന്നി വീണു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാലിന് ഭയങ്കര വേദന. മഞ്ഞിൽ വീണു കിടക്കുന്നതിനാൽ ശരീരമാകെ മരവിച്ചുതുടങ്ങി. ഉത്തര ഉറക്കെ നിലവിളിച്ചു. കടുത്ത തണുപ്പ് ശരീരത്തിൽ ഭീതിദമായ വേദനയായി അരിച്ചു കയറി.

കരച്ചിൽ കേട്ട് ഉഷ വാതിൽ തുറന്നു.

“അല്ലാ ഇതെന്തുപറ്റി ചിറ്റേ, എങ്ങനെ വീണു, മഞ്ഞിനു പുറത്തു ചവിട്ടുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ.”

ഉഷയും ദിലീപും കൂടി ഉത്തരയെ പിടിച്ചെഴുന്നേൽപ്പിച്ചു. കാൽ അനക്കാൻ വയ്യെന്ന് കണ്ടപ്പോൾ അവർ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാലിലെ അസ്‌ഥി പൊട്ടിയിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. ചികിത്സയ്ക്കും ഓപ്പറേഷനും കൂടി പതിനായിരം ഡോളർ ചെലവാകും. ഇക്കാര്യമറിഞ്ഞപ്പോൾ ഉത്തര ആകെ വിരണ്ടു പോയി. ചേട്ടൻ പോരുമ്പോൾ തന്നെ മുന്നറിയിപ്പ് തന്നിരുന്നതാണ്, ഇവിടെ കനത്ത ചെലവ് ആണ് ചികിത്സയ്‌ക്ക് എന്ന്.

“ഉഷാ, നീ എനിക്ക് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരുന്നോ?” പക്ഷേ ദിലീപ് അക്കാര്യം മറന്നുപോയിരുന്നു.

“ശ്ശൊ, ഇനി എന്തു ചെയ്യും. ആശുപത്രി ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തും.” ദിലീപ് പല ആശുപത്രികളിലും വിളിച്ചു ചോദിച്ചു. ഒരു ആശുപത്രിയിൽ 3000 ഡോളറിന് ചികിത്സ ചെയ്യുമെന്നറിഞ്ഞപ്പോൾ ഉത്തരയെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ ഓപ്പറേഷൻ നടത്തി. കാൽ പ്ലാസ്‌റ്ററിട്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

ഒരു മാസത്തിനുശേഷം പ്ലാസ്‌റ്റർ ഊരാൻ ഉഷയാണ് ഉത്തരയെ ആശുപത്രിയിൽ കൊണ്ടുപോയത്. പ്ലാസ്‌റ്റർ വെട്ടി, നടക്കാൻ ശ്രമിച്ചപ്പോൾ ഉത്തരയ്‌ക്ക് കഴിയുന്നില്ലായിരുന്നു. കാൽ അനങ്ങുന്നില്ല. അവൾ പെട്ടെന്ന് കസേരയിൽ പിടിച്ചതു കൊണ്ട് വീണില്ല. ഡോക്‌ടർ കാൽ വിശദമായി പരിശോധിച്ചു.

“കാലിന്‍റെ അസ്‌ഥി ശരിയായ രീതിയിലല്ല യോജിച്ചതെന്നു തോന്നുന്നു. നടക്കാൻ കഴിയുന്നില്ലെങ്കിൽ ഊന്നുവടി ഉപയോഗിച്ച് ശ്രമിച്ചു നോക്കൂ.”

അതുകേട്ടപ്പോൾ ഉത്തരയ്‌ക്ക് അതിയായ സങ്കടം തോന്നി. ഓടിച്ചാടി നടന്നു ജോലി ചെയ്‌തിരുന്ന തനിക്കിനി ഊന്നു വടി ഇല്ലാതെ നടക്കാനാവില്ലെന്നോ? ശിഷ്‌ടകാലം എങ്ങനെ ജീവിക്കും? ഉത്തരയുടെ കണ്ണുനിറഞ്ഞു. അല്‌പം കഴിഞ്ഞപ്പോൾ ഒരു നഴ്‌സ് വന്നു വിളിച്ചു.

“മാഡം, ഒ.പിയിലേക്ക് വരൂ. ന്യൂയോർക്കിലെ ഒരു വിസിറ്റിംഗ് ഡോക്‌ടർ ഇന്ന് ഒ.പിയിലുണ്ട്. അദ്ദേഹത്തെ കണ്ടാൽ ഇനി എന്തു ചികിത്സ ചെയ്യണമെന്നറിയാൻ കഴിഞ്ഞേക്കും.”

“ഏതു ഡോക്‌ടർ?”

“ഡോ. ശേഖർ ദാസ്. വരൂ, വീൽചെയറിൽ അവിടെയെത്തിക്കാം.” നഴ്‌സ് ഉത്തരയെ വീൽചെയറിലിരുത്തി.

ഡോ. ശേഖർ ദാസ്. ആ പേര് കേട്ടപ്പോൾ ഉത്തരയുടെ ഹൃദയം വല്ലാതെ മിടിച്ചു.

(തുടരും)

സാഗരസംഗമം ഭാഗം- 33

അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കിൽ… ഇടനാഴിയിൽ ഒരു കാലൊച്ച… കല തിരിച്ചു നോക്കുമ്പോൾ ഒരിക്കൽ… ഒരിക്കൽ മാത്രം വാതിൽക്കൽ മിന്നൽ പോലെ കണ്ട ആ മുഖം.

എവിടെയോ കണ്ടു മറന്നതു പോലെ… മനസ്സിന്‍റെ കോണിലെവിടെയോ ഒളിമങ്ങാതെ തെളിഞ്ഞു നിന്ന ആ മുഖം മറനീക്കി പുറത്തു വരുന്നതു പോലെ.

ആ നീണ്ടു വളർന്ന താടിയും കണ്ണുകളിലെ നോട്ടത്തിന്‍റെ തീവ്രതയും ഏതോ ഭൂതകാലത്തിലേയ്ക്ക് മനസ്സിനെ വീണ്ടും നയിക്കുന്നു. ഇരുളും, വെളിച്ചവും മാറി മാറിത്തെളിയുന്ന വെള്ളിത്തിരയിലെന്ന പോലെ മനസ്സിൽ തെളിഞ്ഞ കഴിഞ്ഞ കാല ചിത്രങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തി.

ഒടുവിൽ അബോധത്തിന്‍റെ മഞ്ഞുമലകൾക്കപ്പുറത്തു നിന്ന് ബോധത്തിന്‍റെ നനുത്ത സൂര്യവെളിച്ചം മനസ്സിനെ തഴുകിയെത്തി.

നീണ്ട നിദ്ര വിട്ടുണരുമ്പോൾ കണ്മുന്നിൽ ആ മുഖമെത്തിച്ച് ഡോക്ടറുടെ വാക്കുകൾ… “നിങ്ങൾക്ക് കിഡ്നി ദാനം ചെയ്തത് ഇദ്ദേഹമാണ്…” അവിശ്വസനീയതയോടെ ആ രൂപത്തെ ഉറ്റുനോക്കുമ്പോൾ, പ്രാകൃത രൂപിയെങ്കിലും, തിരിച്ചറിവിന്‍റെ ആനന്ദ ലബ്ധിയിൽ മതിമറന്ന എന്‍റെ അരികിൽ ഫഹദ് സാറിരുന്നു. മനസ്സിലെ കിളിക്കൂട്ടിൽ കലപില കൂട്ടിയ പക്ഷിക്കുഞ്ഞുങ്ങൾ ഹർഷാരവത്തോടെ പറന്നുയർന്നു.

ജീവിതം വഴിമുട്ടിയെന്നു തോന്നിയ സന്ദർഭങ്ങളിലെല്ലാം ഒരിയ്ക്കൽ കൂടി കാണാനാഗ്രഹിച്ച ആ മുഖം..ഒരു ത്യാഗിവര്യന്‍റേതു പോലെ അനുഭവ തീവ്രതയാർന്ന ആ മുഖം, എന്‍റെ നേരെ നീണ്ടു വന്നു.

എന്‍റെ മുഖം ആ കൈക്കുമ്പിളിലെടുത്ത് വശ്യമനോഹരമായ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.

“ഞാനാണാ ഡോണർ… നിനക്ക് കിഡ്നി ദാനം നൽകിയത് ഞാനാണ്. ഞാൻ ഭാഗ്യവാനാണ് മീരാ… ഈ മുഖം ഒരിക്കൽ കൂടി എനിക്ക് കൈകളിലൊതുക്കുവാനായല്ലോ…”

ഫഹദ് സാറിന്‍റെ കൈകളിൽ മുറുകെപ്പിടിച്ച് ഞാൻ പറഞ്ഞു.

“ഈ കൈകളെനിക്ക് എന്നും അഭയവും ആനന്ദവുമാണ്. ഇനി മുന്നോട്ടുള്ള പാതയിൽ ഈ കൈകളെനിയ്ക്ക് താങ്ങായി ഉണ്ടാകണം.”

“പക്ഷെ മീരാ… നീയിന്ന് മറ്റൊരാളുടെ ഭാര്യയാണ്. എനിയ്ക്കെങ്ങനെ നിന്നെ സ്വന്തമാക്കാനാവും? എല്ലായ്പ്പോഴും നിഴൽ പോലെ നിന്നോടൊപ്പം സഞ്ചരിയ്ക്കുമ്പോഴും നിന്നിൽ നിന്നും ഞാനകന്നു നിന്നത് നീ മറ്റൊരാളുടെ ഭാര്യയാണെന്നുള്ള തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്. ആ നീയിന്ന് നിന്‍റെ ജീവിതത്തിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്?”

ഒരു ജന്മം മുഴുവൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ കേൾക്കുമ്പോഴും, അത് കേൾക്കുവാൻ ഞാനർഹനാണോ എന്നു സംശയിക്കുന്നതു പോലെ ഫഹദ് സാർ എന്നെ നോക്കി. ആ നോട്ടത്തിന്‍റെ അർത്ഥം ഉൾക്കൊണ്ടിട്ടെന്ന പോലെ ഞാൻ പറഞ്ഞു.

“ജീവിതത്തിലുടനീളം എനിക്ക് തിരിച്ചു നൽകാനാകാത്തത്ര സ്നേഹം നൽകിയ നരേട്ടൻ ഇന്ന് വളരെ അകലെയാണ് സാർ… എന്നെ ഒറ്റപ്പെടുത്തി അദ്ദേഹം അകലേയ്ക്കു മാഞ്ഞു പോയി. ഇന്ന് ഒരു തുണയില്ലാതെ ഞാൻ അലയുകയാണ്. പക്ഷെ ഫഹദ് സാർ…”

ഞാൻ പാതിയിൽ നിർത്തി ഒരു കൗമാരക്കാരിയുടെ വിഹ്വലതയോടെ ഫഹദ് സാറിനെ ഉറ്റുനോക്കി.

“എന്താ താൻ നിർത്തിക്കളഞ്ഞത്?” ഫഹദ് സാറിന്‍റെ ചോദ്യം കേട്ട് അൽപം സങ്കോചത്തോടെ ഞാനന്വേഷിച്ചു.

“എനിക്കറിയാം അങ്ങ് വിവാഹിതനാണെന്ന്… പക്ഷെ അങ്ങയുടെ ഭാര്യ?… അവരിന്നെവിടെയാണ്?….”

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു. എന്‍റെ ചോദ്യം കേട്ട് ഫഹദ് സാർ ഉറക്കെ പൊട്ടിച്ചിരിച്ചു എന്നിട്ടു പറഞ്ഞു.

“എന്‍റെ വിവാഹം അതൊരു പ്രഹസനമായിരുന്നു മീരാ… ഉമ്മയ്ക്കു വേണ്ടി അന്ന് ഞാൻ വിവാഹം കഴിച്ചുവെങ്കിലും തന്നെ മറക്കാനെനിക്ക് കഴിഞ്ഞില്ല. അതു മനസ്സിലാക്കിയപ്പോൾ അവൾ എന്നെ വിട്ടു പോയി. കേവലം ഒരു വർഷം മാത്രം നീണ്ട ദാമ്പത്യബന്ധം. ഞങ്ങളുടെ ഡൈവോഴ്സ് കഴിഞ്ഞിട്ടിപ്പോൾ ഇരുപത്തിനാല് വർഷമാകുന്നു. അവളിപ്പോൾ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.

“അങ്ങയ്ക്ക് മക്കൾ…” അർദ്ധോക്തിയിൽ നിർത്തിയ എന്‍റെ ചോദ്യം കേട്ട് അദ്ദേഹം വീണ്ടും ചിരിച്ചു.

“അങ്ങനെ മക്കളുണ്ടായിരുന്നുവെങ്കിൽ അവൾ എന്നെ വിട്ട് പോകുമായിരുന്നില്ലല്ലോ… അതെ മീരാ… നിന്നെയല്ലാതെ മറ്റൊരാളെ എനിക്ക് ഭാര്യയായി കാണാൻ കഴിയുകയില്ലായിരുന്നു. വിവാഹശേഷം ഒരു വർഷത്തെ ദാമ്പത്യം അവളെ ശ്വാസം മുട്ടിച്ചപ്പോൾ അവൾ എന്നെ വിട്ടു പോയി….”

അദ്ദേഹം നീണ്ടു വളർന്ന താടിയുഴിഞ്ഞ് എന്നെ നോക്കി. ഒരു യോഗിയെപ്പോലെ അനുഭവ പക്വതയാർന്ന ആ മുഖം തേജസ്സോടെ കത്തിജ്വലിക്കുന്നത് ഞാൻ കണ്ടു. പ്രേമത്തിനു വേണ്ടി സ്വയം ഉരുകിത്തീർന്ന ഒരു ത്യാഗിവര്യൻ… നീണ്ട തപസ്യയിലൂടെ ലൗകികതയിൽ നിന്നും ആലൗകികതയുടെ തലങ്ങളിലേയ്ക്കുയർന്ന ഒരാത്മത്യാഗി…

അങ്ങനെയാണ് ഫഹദ് സാറിനെ എനിയ്ക്കപ്പോൾ തോന്നിയത്.

അറിയാതെ ഒരു കുറ്റബോധം എന്നിൽ നിറഞ്ഞു. “അല്പകാലത്തേയ്ക്ക് അങ്ങയെ മറന്ന് ഞാൻ ജീവിച്ചുവല്ലോ… കുടുംബ ജീവിതത്തിലെ ആഹ്ലാദാരവങ്ങളിൽ സ്വയം മറന്ന്… അല്പദിവസത്തേയ്ക്കെങ്കിലും അങ്ങെന്‍റെ ഭർത്താവായിരുന്നതു പോലും ഞാൻ വിസ്മരിച്ചു ജീവിക്കേണ്ടി വന്നു. അതിനുള്ള ശിക്ഷയും എനിക്കു കിട്ടിക്കഴിഞ്ഞു. കുടുംബ ജീവിതത്തിൽ ഒരിക്കൽ പ്രിയപ്പെട്ടതായി കരുതിയിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഫഹദ് സാർ, അങ്ങും നരേട്ടനും തമ്മിലുള്ള അന്തരം ഞാനിന്നു മനസ്സിലാക്കുന്നു. നരേട്ടൻ സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി അങ്ങയെ ദ്രോഹിച്ചിട്ടാണെങ്കിലും എന്നെ നേടുകയായിരുന്നു. എന്നാൽ അങ്ങാകട്ടെ അർഹതയുണ്ടായിട്ടും നരേട്ടനെ ദ്രോഹിക്കാതെ ഞങ്ങളിൽ നിന്നും അകന്നു നിന്നു. എനിക്കുവേണ്ടി മനസ്സിൽ ഒരു പ്രേമകുടീരം തീർത്ത്, ആത്മത്യാഗിയുടെ ജീവിതം നയിച്ചു. നിസ്വാർത്ഥ പ്രേമം യഥാർത്ഥത്തിൽ ഏതെന്ന് ഞാനിന്നു മനസ്സിലാക്കുന്നു ഫഹദ് സാർ….”

കണ്ണീർക്കടലിലൂടെ ഞാനാകണ്ണുകളിലേയ്ക്കു നോക്കി മാപ്പിരന്നു.

“അരുത് മീരാ… താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല. പലപ്പോഴും മനുഷ്യ ജീവിതം ഇങ്ങനെയൊക്കെയാണ്. ഒഴുക്കുള്ള പുഴയിൽ പൊങ്ങിക്കിടക്കുന്ന പൊങ്ങു തടി പോലെ അത് ഓളങ്ങളിൽ തട്ടി ഒഴുകിപ്പോകും അല്ലെങ്കിൽ ആ പൊങ്ങുതടിയ്ക്ക് അങ്ങിനെ നീന്തിയെ തീരൂ… ഒഴുക്കിനെ പ്രതിരോധിക്കാൻ അതിനാലാവുകയില്ല. താൻ കേവലം ഒരു സ്ത്രീ മാത്രമാണ്.

ഒഴുക്കിനൊത്ത് നീന്താൻ മാത്രം വിധിയ്ക്കപ്പെട്ടവൾ. പുരുഷനെപ്പോലെ പ്രതിബന്ധങ്ങളെ ചെറുത്തു നിൽക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞെന്നു വരികയില്ല. തന്‍റെ ജീവിതത്തിൽ സംഭവിച്ചതൊന്നും തന്‍റെ തെറ്റു കൊണ്ടല്ല. എല്ലാം വിധിയുടെ വിളയാട്ടമായിരുന്നു. അതെനിക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു തന്നെ തന്നോടൊ നരനോടൊ എനിക്ക് വെറുപ്പുമില്ല. മാത്രമല്ല നരൻ തന്നെ അത്രയേറെ സ്നേഹിച്ചതു കൊണ്ടാണ് തന്നെ നേടുവാൻ അത്രയേറെ വ്യാമോഹിച്ചതും, അതിനുവേണ്ടി പ്രവർത്തിച്ചതും. സ്വാർത്ഥപൂർണ്ണമായ ആ പ്രേമത്തിനു വേണ്ടി അദ്ദേഹം ചെയ്‌ത തെറ്റുകളോർത്ത് ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കുകയും ചെയ്‌തു. അതുതന്നെയാണ് അദ്ദേഹം നേടിയ ശിക്ഷ. ഇനിയും നമ്മൾ അദ്ദേഹത്തെ ശിക്ഷിക്കുകയോ വെറുക്കുകയോ ചെയ്യരുത്. മാത്രമല്ല ജീവിതാന്ത്യം വരെ അദ്ദേഹം തന്നെ ജീവനുതുല്യം സ്നേഹിച്ചു സംരക്ഷിക്കുകയും ചെയ്‌തു. ഒരു സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീര… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീരാ… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യരാണ്. അതുകൊണ്ടു തന്നെ ആരും ആരേയും വെറുക്കേണ്ട ആവശ്യമില്ല…” ഫഹദ് സാർ പറഞ്ഞു നിർത്തി.

“അല്ല… ഫഹദ് സാർ… അങ്ങ് സാധാരണ മനുഷ്യനല്ല. അങ്ങ് ദൈവതുല്യനാണ്.” എന്ന് പറയണമെന്നു തോന്നി. അദ്ദേഹത്തിന്‍റെ വാക്കുകൾ മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്ന അഗ്നിയിൽ കുളിർമഴയായി പെയ്തിറങ്ങി. അല്പനേരത്തേയ്ക്ക് നരേട്ടനോടു തോന്നിയ വെറുപ്പും അതോടെ അലിഞ്ഞില്ലാതെയായി.

ഞങ്ങളുടെ കൂടിച്ചേരൽ മറ്റു ചിലരിലും ആഹ്ലാദത്തിന്‍റെ അനുരണനങ്ങളുളവാക്കി. കോളേജിലെ സഹപ്രവർത്തകർ, വിദ്യാർത്ഥികൾ അവർ വാർത്തയറിഞ്ഞ് ഹോസ്പിറ്റലിലെത്തി അഭിനന്ദനമറിയിച്ചു. ഫഹദ് സാർ എന്‍റെ ആദ്യ കാമുകനും, ഭർത്താവുമാണെന്ന് അരുൺ അവരോടെല്ലാം പറഞ്ഞിരുന്നു. മറ്റൊരാൾ അരുണായിരുന്നു. ഞങ്ങളെ അലോസരപ്പെടുത്താതെ അകലെ മാറിനിന്ന് അവൻ ആനന്ദക്കണ്ണീരൊഴുക്കി.

ദീർഘനാളായി അകന്നു നിന്ന മാതാപിതാക്കളുടെ കൂടിച്ചേരൽ പോലെ, ഒരു പുത്രന്‍റെ വേപഥുവോടെ അവൻ ഞങ്ങളുടെ സമാഗമത്തെ ആനന്ദഭരിതമായിക്കണ്ടു. അപ്പോൾ ഞാൻ അവനെ അടുത്തു വിളിച്ച് ഫഹദ് സാറിനോട് പറഞ്ഞു.

“ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം നഷ്ടമായ എനിക്കിന് ആശയും, ആശ്വാസവും അരുണാണ്. രാഹുൽ മോന്‍റെ സ്‌ഥാനം അവൻ സ്വയം കൈയ്യടക്കുകയായിരുന്നു.”

“എനിക്കറിയാം മീര… ഞാനിപ്പോൾ നിന്‍റെ സമീപം എത്തി നിൽക്കുന്നതിനു കാരണം അരുണാണ്… അത് നീയറിയാൻ അല്പം വൈകിപ്പോയെന്നു മാത്രം.”

ആ സത്യത്തെ ഉൾക്കൊള്ളാനാരാതെ ഞാൻ പകച്ചു നിന്നു. അപ്പോൾ ഫഹദ് സാർ എല്ലാം വിവരിച്ചു. അരുൺ പത്രത്തിൽ നല്കിയ കിഡ്നി ഡോണറെത്തേടിയുള്ള പരസ്യത്തിൽ എന്‍റെ മേൽവിലാസം കണ്ട് അദ്ദേഹം അപേക്ഷിച്ചതും, അരുൺ അതിനു മറുപടിയായി അദ്ദേഹത്തെ അന്വേഷിച്ച് കണ്ണൂരിലെത്തിയതുമായ കഥ…

അരുണിൽ നിന്നും നിന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കി ഞാനിങ്ങോട്ടു പുറപ്പെടുകയായിരുന്നു. സത്യത്തിൽ നമ്മുടെ ഈ പുനഃസമാഗമത്തിനു കാരണക്കാരൻ അരുണാണ്. മീരാ… അവന്‍റെ മുൻക്കൂട്ടിയുള്ള പ്ലാനും, പദ്ധതിയുമാണ് എന്നെ നിന്‍റെ അടുത്ത് എത്തിച്ചത്.

ആ വാക്കുകളെ അവിശ്വസനീയതയോടെ ഉൾക്കൊള്ളുമ്പോൾ മനസ്സു മന്ത്രിച്ചു. യഥാർത്ഥ പുത്ര സ്നേഹം എന്തെന്ന് ഞാനിന്നറിയുന്നു മകനെ… എന്‍റെ വയറ്റിൽ പിറക്കാതെ പോയ നിന്നോടുള്ള  കടപ്പാടുകൾ പൂർത്തീകരിയ്ക്കുവാൻ ഇനിയുമെത്ര ജന്മം ഞാൻ നിന്‍റെ മാതാവായി പിറവിയെടുക്കണം?

(തുടരും)

ഉത്തര കരയാറില്ല ഭാഗം- 1

സിൽവർ നിറത്തിലുള്ള ആ ചെറിയ കാർ ഗേറ്റു കടന്ന് റോഡിലെ തിരക്കിൽ മറയും വരെ ഉത്തര കണ്ണെടുത്തില്ല. അവളുടെ കാതിൽ ശേഖർ ദാസ് പറഞ്ഞ വാക്കുകൾ അപ്പോഴും നിറഞ്ഞുനിന്നു.

“എനിയ്‌ക്ക് നാളേയ്‌ക്കകം മറുപടി ലഭിക്കണം.”

അങ്ങനെ പെട്ടെന്ന് മറുപടി പറയാവുന്ന ഒരു ചോദ്യമല്ലല്ലോ ശേഖർ ചോദിച്ചത്. ജീവിതത്തിൽ ഇനി ഇങ്ങനെ ഒരു ചോദ്യത്തെ നേരിടേണ്ടി വരുമെന്ന് താൻ കരുതിയിരുന്നേയില്ലല്ലോ. എന്നിട്ടും അതു സംഭവിച്ചു.

വിവാഹത്തിന് സമ്മതമാണോ? ഇതാണ് ശേഖറിന്‍റെ ചോദ്യം.

ഇതിന് അതെയെന്നോ അല്ലെന്നോ മറുപടി നൽകാം. അതിലേതുവേണം എന്ന സന്ദേഹത്തിൽ കഴമ്പില്ല. തന്‍റെ മനം ആഗ്രഹിച്ച ഒരു ചോദ്യവും അതിന്‍റെ ഉത്തരവും. പക്ഷേ, മറ്റുള്ളവരുടെ പ്രതികരണം, പ്രത്യേകിച്ച് വീട്ടുകാരുടെ… അതാണ് ഉത്തരയെ ആശങ്കപ്പെടുത്തുന്നത്. ഉത്തര വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത കേട്ടാൽ ആരാണ് അന്തം വിടാത്തത്.

ഈ പ്രായത്തിൽ ഉത്തരയ്‌ക്ക് എന്തിന്‍റെ കേടാണ് എന്നു ചോദിക്കാത്തവർ വിരളമായിരിക്കും. വയസ് 40 കഴിഞ്ഞു. ഇനി ആണോ കെട്ടി, കുഞ്ഞുകുട്ടിപരാധീനക്കാരിയാകാൻ പോകുന്നത്? ആരാണാവോ ആ നിർഭാഗ്യവാൻ… അയാൾ ശരിക്കും കല്ല്യാണം കഴിക്കാനാണോ വിളിക്കുന്നത്? അല്ലേ, വീട്ടുവേലക്കാരികൾക്കൊക്കെ എന്താ ഒരു ഡിമാന്‍റ്? അപ്പോ പിന്നെ ഇതു സൂത്രമല്ലേ… ഉണ്ണുണ്ണിയമ്മാവൻ നെഞ്ചു തടവി പറയുന്നത് ഉത്തരയ്‌ക്ക് കൺമുന്നിൽ തെളിഞ്ഞുവന്നു.

യഥാർത്ഥത്തിൽ ശേഖർ തന്നെ സ്‌നേഹിക്കുന്നുണ്ടോ? സൗന്ദര്യത്തിൽ ആകൃഷ്‌ടനായി വന്നുവെന്നു കരുതാൻ താൻ അത്ര വലിയ സുന്ദരിയൊന്നുമല്ല. എങ്കിലും ആകർഷകത്വം ഉള്ള മുഖമാണ് തന്‍റേതെന്ന് പണ്ട് കൂട്ടുകാർ പറയാറുണ്ട്. യൗവ്വനം നശിക്കാത്ത ശരീരവുമായി ഒറ്റയ്‌ക്കുള്ള ജീവിതം പലവിധ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയി. ആരുടേയും കണ്ണുകൾ തന്നിൽ പതിയരുത് എന്ന് ഉത്തര ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.

നിറപ്പകിട്ടുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഭംഗിയായ വസ്‌ത്രധാരണം വരെ വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നിട്ടും ശേഖർ തന്നെ എങ്ങനെ ശ്രദ്ധിച്ചു…? തന്നേക്കാൾ പ്രായം കുറഞ്ഞ സുന്ദരികളെ അയാൾക്ക് ഒരു പ്രയാസവുമില്ലാതെ കിട്ടുമെന്നിരിക്കേ, എന്താണ് ശേഖർ തന്നിൽ കണ്ടത്?

“എനിക്ക് ഉത്തരയെ വിവാഹം ചെയ്‌താൽ കൊള്ളാമെന്നുണ്ട്, താൻ എന്തു പറയുന്നു?” ഒരു മുഖവുരയും?ഇ ല്ലാതെയുള്ള ആ ചോദ്യം. സത്യം പറഞ്ഞാൽ മതിമറന്നു സന്തോഷിച്ച നിമിഷങ്ങളായിരുന്നില്ലേ അത്.

“കൊള്ളാം, താങ്കൾ ചുമ്മാ കളിയാക്കുകയാണല്ലേ, എത്രയോ പെൺകുട്ടികൾ നിങ്ങൾക്കു മുന്നിൽ ക്യൂ നിൽക്കുന്നു. അപ്പോഴാണോ… ഈ ഞാൻ?”

“ഉത്തര പറഞ്ഞതു ശരിയാ, ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്‌ക്കും എന്ന പോലെയാണ് എന്‍റെ അവസ്‌ഥ. എന്‍റേത് ആദ്യവിവാഹമല്ല. ആദ്യമായി ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയെക്കുറിച്ചോർക്കുമ്പോൾ അതുപോലൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ പറ്റുന്നില്ല.”

ശേഖർ പറഞ്ഞുതുടങ്ങി, തന്‍റെ പൂർവ്വ വിവാഹത്തിന്‍റെ കഥ.

ശേഖർ ആദ്യം ജോലി ചെയ്‌ത ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു നാൻസി. പരിചയമില്ലാത്ത നഗരവും ജനങ്ങളും. ഇതിനിടയിൽ നാൻസി നീട്ടിയ സൗഹൃദ ഹസ്‌തം വലിയ ആശ്വാസമായിരുന്നു. പിന്നീടെപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി. അങ്ങനെ ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു.

വിവാഹശേഷം ആദ്യത്തെ മൂന്നാലു വർഷം ഒരു പ്രശ്നവുമില്ലായിരുന്നു. പിന്നെപ്പിന്നെ അവളാകെ ചെയ്‌ഞ്ച് ആയി. സദാസമയം ടിവി കാണും അല്ലെങ്കിൽ പുറത്തു കറങ്ങും, എന്നെയോ മകളെയോ ശ്രദ്ധിക്കാറില്ല. അതു ചോദ്യം ചെയ്‌തപ്പോൾ അവൾ വിവാഹമോചനത്തിനു തയ്യാറായി. ഒപ്പം മകളേയും കൂട്ടി. പിന്നീട് അവൾ മറ്റൊരു വിവാഹവും ചെയ്‌തു. ഇത്രയും കാലം വിവാഹം വേണ്ടെന്ന് കരുതി. പക്ഷേ ജീവിതത്തിന്‍റെ സായന്തനത്തിലെത്തുമ്പോൾ തീർച്ചയായും ഒരു കൂട്ടുവേണമെന്ന ചിന്ത ഇപ്പോൾ ശക്‌തമായിരിക്കുന്നു.” ശേഖറിങ്ങനെ പലതും പറഞ്ഞു.

“പക്ഷേ ശേഖറിനറിയാമോ എനിക്കെത്ര വയസായി എന്ന്?”

“42. ശരിയല്ലേ, അതിനെന്താണ് കുഴപ്പം. പ്രണയം തോന്നിയാൽ പ്രായം ഒരു ഘടകമാണോ? ഈ പ്രായത്തിലുള്ള എത്രയോ സ്‌ത്രീകൾ ഉത്സാഹവതികളായി കുടുംബജീവിതം നയിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം സമയമുണ്ട്, ആലോചിക്കൂ…” ആ ചോദ്യമാണ് ഉത്തരയെ കുഴക്കുന്നത്.

ഉത്തര ജനാലയിലൂടെ പുറത്തേക്ക് മിഴി നീട്ടി. അവൾക്കപ്പോൾ തന്‍റെ കുട്ടിക്കാലം ഓർമ്മ വന്നു. കൂട്ടുകുടുംബത്തിന്‍റെ തിരക്കുകളിലും രസങ്ങളിലും അസ്വാരസ്യങ്ങളിലും കുടുങ്ങിയ ബാല്യം. സത്യം പറഞ്ഞാൽ മറ്റൊരു ജന്മമാണ് ആ കാലം എന്നുതോന്നും. ബാല്യം കൗമാരം കടന്ന് യൗവ്വനത്തിലേക്ക് കാലൂന്നിയതുപോലും അറിഞ്ഞില്ല താൻ.

അവിചാരിതമായി ഒരു ദിനം വീട്ടിൽ വന്ന അതിഥികളാണ് തനിക്കു വിവാഹപ്രായമായിരിക്കുന്നു എന്ന തോന്നൽ പോലും അന്ന് ഉണ്ടാക്കിയത്. ചെക്കനെക്കുറിച്ച് യാതൊരു സ്വപ്‌നവുമില്ലായിരുന്നു. എല്ലാം വളരെ പെട്ടെന്ന് തീരുമാനിച്ചുറപ്പിച്ചു. വീട്ടിൽ എപ്പോഴും അതിഥികൾ, പലഹാരങ്ങളുടേയും പൂക്കളുടേയും കൊതിപ്പിക്കുന്ന ഗന്ധം. വിവാഹച്ചടങ്ങുകൾക്ക് മുന്നോടിയായി വീടൊരുങ്ങുമ്പോൾ അതെല്ലാം ഒരു സ്വപ്‌നം എന്നപോലെ കണ്ടാസ്വദിച്ചു നിന്നതല്ലേ താൻ. വാദ്യ ഘോഷങ്ങളിൽ മുങ്ങിയ കല്ല്യാണച്ചടങ്ങുകൾക്കൊടുവിൽ വരന്‍റെ ഗൃഹത്തിലേക്കുള്ള യാത്രയ്‌ക്കുള്ള മുഹൂർത്തമായി. അപ്പോഴാണ് ഭർതൃപിതാവ് തന്‍റെ അച്‌ഛനോടക്കാര്യം ചോദിച്ചത്.

“നിങ്ങൾ തരാമെന്നു പറഞ്ഞ തുക തന്നില്ലല്ലോ! അതങ്ങു കിട്ടിയാൽ ഞങ്ങൾക്കു പോകാമായിരുന്നു. സമയത്തിനു വീട്ടിൽ കയറാനുള്ളതാണേ…”

“തരാമെന്നു പറഞ്ഞ പണം? ആര് പറഞ്ഞു? എനിക്കൊന്നും മനസ്സിലായില്ല.” അച്‌ഛൻ ആശങ്കയോടെ ചോദിക്കുന്നത് ഇന്നലെയെന്നപോലെ കാതിലലയ്‌ക്കുന്നു!

“ഓഹോ, അപ്പോൾ നിങ്ങൾ നാടകം കളിക്കുകയാണല്ലേ? നിശ്ചയത്തിന്‍റെയന്ന് എന്താ പറഞ്ഞേ, 10 ലക്ഷം വരെ ചെലവാക്കാമെന്നല്ലേ?” ചെറുക്കൻ വീട്ടുകാരുടെ മട്ടും മാതിരിയും മാറുന്നത് ഉൾക്കിടിലത്തോടെ കണ്ടുനിന്നു.

“ചെലവാക്കാമെന്നു പറഞ്ഞാൽ അത് നിങ്ങൾക്ക് തരാമെന്ന വാക്കാണോ? ഞാൻ സ്‌ത്രീധനം നൽകുന്നതിനെക്കുറിച്ചല്ല പറഞ്ഞത്.” അച്‌ഛന്‍റെ മറുപടി അവർക്ക് ഒട്ടും ദഹിച്ചില്ലെന്ന് വ്യക്‌തമായി.

“നിങ്ങൾ തന്ന വാക്കുപാലിക്കണം. 10 ലക്ഷം കിട്ടാതെ പറ്റില്ല. അങ്ങനെ സമ്മതിച്ചതുകൊണ്ടാണല്ലോ ഈ കല്ല്യാണം നടത്താൻ തീരുമാനിച്ചത് തന്നെ.”

“ചേട്ടാ, നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചു എന്നതിൽ സങ്കടമുണ്ട്. ക്ഷമിക്കൂ.” കാര്യങ്ങൾ ശരിയായ വഴിക്കല്ല നീങ്ങുന്നതെന്ന് ബോധ്യമായപ്പോൾ അച്‌ഛൻ ക്ഷമയാചിച്ച് പ്രശ്നം ഒതുക്കാൻ ശ്രമിച്ചു. പക്ഷേ ഭർതൃപിതാവും അമ്മാവനും കാർക്കശ്യം വിടാൻ ഒരുക്കമല്ലായിരുന്നു. ഇതൊന്നും എന്‍റെ റോളല്ല എന്ന മട്ടിൽ കല്ല്യാണച്ചെറുക്കൻ ദൂരെമാറി നിന്ന് കൂട്ടുകാരോട് സംസാരിക്കുന്നു.

“ഞങ്ങടെ പയ്യൻ ഡോക്‌ടറാണെന്ന ഓർമ്മ വേണം. 50 ലക്ഷം വരെ തരാൻ തയ്യാറുള്ളവർ ക്യൂ നിൽക്കുമ്പോഴാ, നിങ്ങളുടെ മോളെ ഇഷ്‌ടപ്പെട്ടെന്ന് അവൻ പറഞ്ഞത്. ങാ.. അവന്‍റെ ഇഷ്‌ടമല്ലേ എതിരു നിൽക്കണ്ട എന്നു കരുതി. അതിപ്പോ ഇത്ര വലിയ ചതി ആവുമെന്ന് നിനച്ചില്ല.”

“എന്തായാലും ശരി… ഇത്രയും വലിയ തുക നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല, പെട്ടെന്ന് സംഘടിപ്പിക്കാവുന്ന തുകയല്ലല്ലോ നിങ്ങൾ ചോദിക്കുന്നത്. ഈ കല്ല്യാണച്ചെലവ് തന്നെ വളരെ കഷ്‌ടപ്പെട്ടാ കണ്ടെത്തിയത്. ഇനിയും താങ്ങാനുള്ള ശേഷി ഇപ്പോഴില്ല.”

അച്‌ഛൻ താഴ്‌ന്ന സ്വരത്തിൽ പറയുന്നത് ഞാൻ തല കുനിച്ചുനിന്ന് കേൾക്കുന്നുണ്ടായിരുന്നു.

“കൊള്ളാം! കാശിനു പാങ്ങില്ലായിരുന്നേൽ കൊക്കിലൊതുങ്ങിയത് കൊത്തിയാ പോരായിരുന്നോ?” അയാൾ പുച്‌ഛത്തോടെ അച്‌ഛനെ നോക്കുന്നു.

“അനർത്ഥം പറയാതെ ചേട്ടാ, എത്രയും വേഗം ഞാൻ പണം എത്തിച്ചു തരാം. പക്ഷേ ഇപ്പോൾ ഈ പ്രശ്നം വിട്.”

“ഓ… എന്നാൽ തന്‍റെ മോളെ അപ്പോൾ ഞങ്ങൾ കൊണ്ടുപൊയ്‌ക്കോളാം, എന്താ?”

ഇത്രയുമായപ്പോൾ തന്‍റെ മൂന്നു സഹോദരന്മാർക്ക് ഇടപെടേണ്ടി വന്നു.

“നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല…”

“എന്തുകൊണ്ട് പറ്റില്ലാന്നാ…? വാടാ നമുക്ക് പോകാം…” അയാൾ മുരണ്ടുകൊണ്ട് തന്‍റെ കൂട്ടരെ ക്ഷണിച്ചു.

“നിങ്ങളുടെ മകൻ ഞങ്ങളുടെ സഹോദരിയെ വിവാഹം ചെയ്‌തു കഴിഞ്ഞിരിക്കുന്നു. അപ്പോൾ അവൾ നിയമപ്രകാരം അവന്‍റെ ഭാര്യയാണ്.”

“അക്കാര്യത്തിൽ ഞങ്ങളും എതിർപ്പ് പറഞ്ഞില്ലല്ലോ, പക്ഷേ കിട്ടാനുള്ളത് കിട്ടിയേ പറ്റൂ” ചെറുക്കന്‍റെ അച്‌ഛൻ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായിരുന്നില്ല.

“ഹേ മിസ്‌റ്റർ, സ്‌ത്രീധനം വാങ്ങുന്നത് കുറ്റകരമാണെന്ന് നിങ്ങൾക്ക് അറിയില്ലേ. കൂടുതൽ കലഹിച്ചാൽ ഞങ്ങൾ പോലീസിനെ വിളിക്കും.”

“എടാ, പോലീസ് എന്നുപറഞ്ഞു വിരട്ടാതെ… ഞങ്ങൾക്ക് നിങ്ങടെ പൈസയും വേണ്ട, നിങ്ങടെ പെണ്ണിനേം വേണ്ട… അത്ര തന്നെ. ഇവന് ഒരു പെണ്ണിനെ കിട്ടാനാണോ വിഷമം., നല്ല കാര്യമായി…!”

“ശരി നിങ്ങൾക്കിഷ്‌ടമുള്ളത് ചെയ്‌തോളൂ, ഇവൾ ഞങ്ങളുടെ കൂടപ്പിറപ്പാണ്. ഇവളെ പോറ്റാനുള്ള വക ഞങ്ങൾക്കിപ്പോഴുമുണ്ട്.”

“ആയിക്കോട്ടെ… നിങ്ങടെ പെങ്ങളെ നിങ്ങളു തന്നെയങ്ങ് സംരക്ഷിച്ചാട്ടേ…”

ഭർതൃവീട്ടുകാരുടേയും ആങ്ങളമാരുടേയും വാഗ്വാദത്തിനിടയിൽ അച്‌ഛനും അമ്മയും നിസ്സഹായരായി. ചെറുക്കൻ വീട്ടുകാർ തിരക്കിട്ട് ഇറങ്ങിപ്പോകുന്നതു കണ്ടപ്പോൾ അമ്മ വിലപിച്ചു.

“മക്കളേ, എന്താണിതൊക്കെ, പെൺകുട്ടിയുടെ കല്ല്യാണം കഴിഞ്ഞില്ലേ, ഇനി അവളെ ചെറുക്കന്‍റെ കൂടെ എങ്ങനെയെങ്കിലും വിടണം.”

“അമ്മ വിഷമിക്കാതെ, ഈ പണക്കൊതിയന്മാരുടെ വീട്ടിലേക്ക് നമ്മുടെ കുട്ടിയെ വിടാതിരിക്കുകയാണ് ഭേദം. ഇപ്പോഴെങ്കിലും ഇവരുടെ തനിസ്വരൂപം മനസിലായത് നന്നായി.”

“പക്ഷേ പെണ്ണിന്‍റെ ഭാവിയെക്കുറിച്ച് നിങ്ങൾ ആലോചിച്ചോ? വിവാഹിത എന്ന പേരുവീണില്ലേ. ഇനി നല്ലൊരു ബന്ധം കിട്ട്വോ. അവളെ എങ്ങനെയെങ്കിലും ചെറുക്കന്‍റെ കൂടെ വിടണം” അമ്മ കരഞ്ഞു.

“ഇത്തരം ഭീഷണിയിൽ ഭയന്ന് പണം കൊടുത്ത് നമ്മളവളെ അയച്ചാലും ജീവിതം സുഖകരമാവുമെന്ന് ഒരു ഉറപ്പുമില്ല അമ്മേ, ഇപ്പോൾ അവൾ നമ്മോടൊപ്പം ജീവനോടെ ഉണ്ടെന്ന് ആശ്വസിക്കാം. അല്ലെങ്കിൽ ചിലപ്പോൾ…”

“പക്ഷേ ചെറുക്കൻ വീട്ടുകാര് പറഞ്ഞത് കേട്ടില്ലേ, അവരു വേറെ കെട്ടും എന്ന്..”

“ആവട്ടെ നമുക്കും ആ വഴി നോക്കാം.”

പക്ഷേ അങ്ങനെയൊക്കെ പറയുന്നത് പോലെ കാര്യങ്ങൾ നടത്തുക അത്ര എളുപ്പമല്ലെന്ന് അനുഭവങ്ങൾ തെളിയിച്ചു. കാര്യത്തോടടുത്തപ്പോൾ എല്ലാം കീഴ്‌മേൽ മറിഞ്ഞു. കല്ല്യാണാലോചനയുമായി വന്നവരൊക്കെ ധനമോഹികളോ രണ്ടാംകെട്ടുകാരോ ആയിരുന്നു. ഒരൊറ്റ ചെക്കനേയും ഉത്തരയ്‌ക്കും ഇഷ്‌ടമായില്ല. 30 വയസ്സു കഴിഞ്ഞതോടെ കല്ല്യാണാലോചനകളുടെ ഒഴുക്കും നിലച്ച മട്ടായി.

“നിങ്ങൾ ഈ വീട് വിറ്റിട്ടായാലും പെണ്ണിനെ ഇറക്കി വിട്…” അമ്മയ്‌ക്ക് എപ്പോഴും ഈ പല്ലവി മാത്രം. യൗവനം പിന്നിട്ട മകൾ വീട്ടിൽ അവിവാഹിതയായി കഴിയുന്നത് ഓർത്താൽ ഏത് അമ്മയാണ് വിഷമിക്കാതിരിക്കുക?

ഭാര്യയുടെ സങ്കടവും നിർബന്ധവും സഹിക്കാനാവാതെ ഉത്തരയുടെ അച്‌ഛൻ ചെറുക്കൻ വീട്ടുകാരെ വീണ്ടും പോയി കണ്ടുനോക്കി. ചെറുക്കൻ വിവാഹിതനായിട്ടില്ല. പക്ഷേ അവൻ വിദേശത്താണത്രേ. നാട്ടിലേക്ക് മടങ്ങാൻ താല്‌പര്യമില്ല. അതുകൊണ്ട് പെൺകൊച്ചിന്‍റെ ഭാവിയെ കരുതി അവളെ വേറെ കെട്ടിക്കുകയാണ് ഉത്തമം. ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല. അവരുടെ സംഭാഷണത്തിന്‍റെ ചുരുക്കം അതായിരുന്നു. അതോടെ അവശേഷിച്ച ആശയും അസ്‌തമിച്ചു. ആ നിരാശയിൽ അച്‌ഛൻ രോഗബാധിതനായി. താമസിയാതെ അദ്ദേഹത്തിന്‍റെ വേർപാടും സംഭവിച്ചു.

അമ്മയും താനും വീട്ടിൽ ഒറ്റപ്പെട്ടപ്പോൾ മൂത്ത ചേട്ടനാണ് അവർക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റാൻ ആവശ്യപ്പെട്ടത്. സുധീറേട്ടന് റെയിൽവേയിലാണ് ജോലി. അവിടെ സ്വന്തമായ വീടുണ്ട്. നല്ല നിലയിലാണ് സുധീറിന്‍റെ ജീവിതം. മുംബൈയിൽ വീട്ടിലെ ജോലികൾ അമ്മ ഏറ്റെടുത്തു. രണ്ടുപേരും ജോലിക്കു പോയാൽ പിന്നെ കുട്ടികളെ നോക്കുന്ന ജോലി ഉത്തരയ്‌ക്കുമായി.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഇളയ സഹോദരന്‍റെ വിളി വന്നു. അമ്മ കൂടെ ചെല്ലണം. ഭാര്യയുടെ പ്രസവമടുത്തു. അവളുടെ അമ്മ നേരത്തേ മരിച്ചു. അപ്പോൾ പിന്നെ അമ്മയുടെ സ്‌ഥാനത്തു നിന്ന് കാര്യങ്ങൾചെയ്യേണ്ടത് വേറെ ആരാണ്? അമ്മയ്‌ക്കും സന്തോഷമായിരുന്നു. അങ്ങനെ ഉത്തരയും അമ്മയോടൊപ്പം പോയി.

ഇപ്പോൾ അവളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്. മാറി മാറി മൂന്നു സഹോദരങ്ങൾക്കു വേണ്ടി പാദസേവ ചെയ്യുക. രണ്ടു വർഷം കൂടി കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ ഉത്തര ജീവിക്കുകയാണ്. ആഗ്രഹങ്ങളും ആവശ്യങ്ങളും പരിമിതമായ ജീവിതം. മറ്റുള്ളവർക്കു വേണ്ടി ഉരുകി വെളിച്ചം പരത്തുന്ന മെഴുകുതിരി പോലെ. ആൾക്കൂട്ടത്തിലെ ഏകാകിയെപ്പോലെ അവൾ മൂകമായി, ചുറ്റുമുള്ള നിറക്കാഴ്‌ച്ചകൾ അവളെ ആകർഷിച്ചതുമില്ല. വല്ലപ്പോഴും നിറയുന്ന മിഴികൾ തനിക്കും മനസ്സുണ്ടെന്ന തോന്നൽ അവളിലുണ്ടാക്കി.

(തുടരും)

അകലേയ്ക്ക് ഒഴുകുന്ന പുഴ

ഷോപ്പിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് സുമിതയ്ക്ക് ദാഹം തോന്നിയത്. ഷോപ്പിംഗ് മാളിനു പുറത്തുള്ള കോഫി ഷോപ്പിലേക്ക് അവൾ നടന്നു. വലിയ തിരക്കില്ലാത്ത ഷോപ്പ്. അവിടെ ഇരുന്ന് സ്വസ്ഥമായി ഒരു കോഫിയും സാൻവിച്ചും കഴിക്കാം. കുട്ടികൾ രാത്രിയേ വീട്ടിലെത്തൂ. അവർ പിക്നിക്കിന് പോയിരിക്കുകയാണല്ലോ. വീട്ടിൽ ഓടിയെത്തിയിട്ട് കാര്യമില്ല. സുമിത കോഫി ഷോപ്പിലെ രണ്ട് സീറ്റുള്ള ടേബിളിനരികിൽ ഇരുന്നു.

ശശാങ്ക് എപ്പോഴാണോ ഇന്നും വീട്ടിലെത്തുക. അവൾ ആലോചനയോടെ വാച്ചിലേക്ക് നോക്കി. സമയം 3 മണി ആയതേ ഉള്ളൂ.

വീട്ടിൽ തന്നെയാണ് സുമിതയുടെ ലോകം. ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അവളുടെ ദിവസങ്ങളെല്ലാം. ദിനചര്യകൾ പോലും അങ്ങനെയാണ്. ഇതിനിടയിൽ അപൂർവ്വമായി വീണുകിട്ടുന്ന ഇതു പോലുള്ള ദിനങ്ങൾ.

അവൾ ഷോപ്പിൽ കോഫി ഓർഡർ ചെയ്തതേയുള്ളൂ. ഫോൺ റിംഗ് ചെയ്യുന്നു. ശശാങ്കാണ്.

“നീ എവിടെയാ?” കക്ഷി തിരക്കിലാണെന്ന് ശബ്ദം കേട്ടാൽ അറിയാം.

“ഞാൻ പുറത്തു തന്നെ. ഇപ്പോൾ വീട്ടിൽ എത്തും.”

“ശരി, നീ നാലു മണിക്ക് വീട്ടിൽ എത്തണം. രാമദാസ് വരും. ഒരു ഫയൽ അവിടെ മേശപ്പുറത്തിരുപ്പുണ്ട്. അത് എടുത്ത് കൊടുത്തുവിടണം.” ഇത്രയും പറഞ്ഞിട്ട് അയാൾ ഫോൺ കട്ട് ചെയ്‌തു.

എന്തെങ്കിലും ഒരു സ്നേഹവാക്ക് പറഞ്ഞിട്ട് വയ്‌ക്കാമല്ലോ ശശാങ്കിന്? ഇതെന്തു സ്വഭാവമാണിത്? സുമിത അൽപം ഈർഷ്യയോടെ മനസ്സിലോർത്തു. ജോലിത്തിരക്കു കൂടിയാൽ പിന്നെ ഭാര്യയോട് സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാൻ പറ്റില്ലെന്നാണോ?

വിവാഹത്തിന്‍റെ ആദ്യനാളുകളിൽ കാമുകനെപ്പോലെ തന്നെ ചുറ്റിപ്പറ്റി സദാ നടക്കാൻ കൊതിച്ചിരുന്ന ശശാങ്കിനെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്. കാലം മുന്നേറുമ്പോൾ, ജീവിത പ്രാരബ്ധദമേറുമ്പോൾ മനസ്സിലെ പ്രണയഭാവങ്ങളും അസ്തമിക്കുമെന്നാണോ? ആവി പറക്കുന്ന കോഫിയും വെജ് സാൻവിച്ചും മുന്നിൽ വന്നു. അതു കണ്ടപ്പോൾ ശശാങ്കിനോടുള്ള നീരസം വഴിമാറി. നല്ല വിശപ്പും ദാഹവും തോന്നിയതിനാൽ ഭക്ഷണം കണ്ടപ്പോൾ മനസ്സിലെ മൂഡ് ഓഫ് പെട്ടെന്ന് പോയ് മറഞ്ഞു.

കോഫി ഒന്നു സിപ്പ് ചെയ്‌തതേയുള്ളൂ. അപ്പോഴാണ് പരിചിതമായ ഒരു സ്വരം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ അദ്ഭുതപ്പെട്ടുപോയി.

മധ്യവയസ്സ്കനായ ഒരു പുരുഷനൊപ്പം ഇരിക്കുന്ന ആ സ്ത്രീ…? അത് മാൻവി ആണല്ലോ.

അവളെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മനസ്സിൽ നിറഞ്ഞു. കോളേജിലെ കൂട്ടുകാരിയെന്നു പറയാൻ പറ്റില്ല. എങ്കിലും ക്ലാസ് മേറ്റ് ആയിരുന്നല്ലോ. മാത്രമല്ല കോളേജിൽ ഫേയ്മസ് ആയിരുന്നു മാൻവി. അവളെ കണ്ടപ്പോൾ ഓർമ്മകൾ ഒരു നിമിഷം പിന്നാക്കമോടി. ഞാൻ അന്നറിയുന്ന മാൻവി സ്വാതന്ത്യ്ര പ്രേമിയായിരുന്നു. സ്വാതന്ത്യ്രം എന്നാൽ തനിക്കിഷ്ടമുള്ള പോലെ ജീവിക്കാനുള്ള താൽപര്യമാണ് മുന്നിൽ നിന്നത്. കൂട്ടുകൂടിയും തിന്നും മദിച്ചും പ്രേമിച്ചും അവൾ ജീവിതം ആസ്വദിക്കാൻ തുടങ്ങിയതാണ്. ഒരു ടെൻഷനുമില്ലാതെ പഠനം മാത്രമായി നടന്ന ആ കാലം എന്തു രസമായിരുന്നു.

പഠിക്കാനും കൂട്ടുകൂടി നടക്കാനുമുള്ള അവസരങ്ങൾ ധാരാളം. രണ്ടും താൻ പ്രയോജനപ്പെടുത്തിയിരുന്നു. മാൻവിയാകട്ടെ ജീവിതം ആഘോഷിക്കാൻ ഉള്ളത് മാത്രം എന്ന ചിന്തയിലായിരുന്നു. പഠനത്തിന് അവൾ ഒരു പ്രാധാന്യവും കൊടുത്തില്ല.

ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോകുന്നതും ആൺകുട്ടികൾക്കൊപ്പം ചെറിയ ട്രിപ്പുകൾ പോകുന്നതും ഒക്കെ അവളുടെ ഇഷ്‌ട വിനോദമായിരുന്നു. അതിനോട് പക്ഷേ തനിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു.

തന്‍റെ അയൽവക്കത്തെ വില്ലയിൽ തന്നെയായിരുന്നു മാൻവിയുടെ താമസം. ഇടയ്ക്കൊക്കെ അവിടെ ചെല്ലാറുണ്ട്. അവൾ ഒരിക്കലും പഠിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ചെല്ലുമ്പോഴൊക്കെ അവൾ ഫേസ്പാക്ക് ഇട്ട് പാട്ട് കേട്ട് ഇരിക്കുകയാവും.

“പരീക്ഷ അടുത്തു. നീ ഫേസ്പാക്കും ഇട്ട്, പാട്ടും കേട്ട് ഇരുന്നോ?”അവളെ ചൊടിപ്പിക്കാനായി ഇങ്ങനെ താൻ പറയാറുണ്ട്. പക്ഷേ അവൾക്കുണ്ടോ മാറ്റം.

“എന്‍റെ പെണ്ണേ, ഇതാണ് നീയും ഞാനും തമ്മിലുള്ള വ്യത്യാസം.” അവൾ ഉറക്കെ ചിരിച്ച് എന്‍റെ താടിയിൽ നുള്ളി കൊണ്ട് ഫേസ്പാക്ക് ഇടുന്ന പ്രവൃത്തിയിൽ വ്യാപൃതയാവും.

“നീ കോളേജിൽ പോകുന്നത് പഠിക്കാനായിരിക്കും. എന്നാൽ ഞാൻ പോകുന്നത് ആൺപിള്ളേരെ വളയ്ക്കാനാ. അപ്പോ പിന്നെ സൗന്ദര്യത്തിൽ ശ്രദ്ധിക്കാതിരിക്കാൻ പറ്റ്വോ?”

അവളുടെ ഈ വക സംഭാഷണം കേൾക്കുമ്പോൾ അന്ന് അതിശയവും വെറുപ്പും തോന്നിയിട്ടുണ്ട്. താൻ ലൈബ്രറിയിൽ വായിക്കാനോ നോട്ട് എഴുതാനോ പോകുമ്പോൾ അവൾ കാന്‍റീനിൽ പോകും.

കാലം അതിവേഗം മുന്നോട്ട് കടന്നുപോയിക്കൊണ്ടിരുന്നു. ഇതിനിടയിൽ മാൻവി നിരവധി പ്രണയങ്ങളിൽ കയറുകയും ഇറങ്ങുകയും ചെയ്‌തു കൊണ്ടിരുന്നു. ഒരു നദി പോലെ ഒഴുകിയ അവളെ ആർക്കും തടഞ്ഞു നിർത്താനായില്ല എന്നു പറയുകയാവും ശരി. തന്‍റെ ഓർമ്മയിൽ മാൻവിയുടെ ലാസ്റ്റ് ബോയ്ഫ്രണ്ട് ഒരു വൻ പണച്ചാക്ക് ആയിരുന്നു.

അയാളെ ശരിക്കും ചുറ്റിവരിഞ്ഞ് അവൾ പണമൂറ്റി. കൂട്ടുകാർക്കും കിട്ടി അതിന്‍റെ വിഹിതം. സിനിമ കാണാൻ പോകുമ്പോൾ പോലും അവൾ കൂട്ടുകാർക്കു വേണ്ടിയും ടിക്കറ്റ് എടുപ്പിക്കും. അയാളുടെ കാർ തന്‍റെയും കൂട്ടുകാരുടെയും യാത്രാവശ്യങ്ങൾക്കായി യഥേഷ്ടം ഉപയോഗിക്കാനും മടിയില്ലായിരുന്നു. അങ്ങനെ അവർ കൂട്ടുകാർക്കും പ്രിയങ്കരിയായി. അങ്ങനെയങ്ങനെ കോളേജുകാലം പൂർത്തിയായി. അവരവർ അവരവരുടെ വഴികളിലേക്ക് തിരിച്ചു പോയി. എങ്കിലും മാൻവിയുടെ പ്രണയകഥകൾ പിന്നെയും കുറെക്കാലം കേട്ടു കൊണ്ടിരുന്നു.

പിന്നെ ഇക്കഴിഞ്ഞ വർഷങ്ങളത്രയും കടന്നു പോയപ്പോൾ മാൻവിയെ കുറിച്ച് താൻ ഓർമ്മിച്ചതേയില്ല. ഇപ്പോൾ അപ്രതീക്ഷിതമായി മാൻവിയെ കണ്ടപ്പോൾ പഴയ കൂട്ടുകാരെയൊക്കെ കണ്ടുമുട്ടാൻ കഴിഞ്ഞേക്കുമെന്ന ആഗ്രഹം ഉടലെടുത്തിരിക്കുന്നു. കുറച്ചു നാളായി അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. ഈ നഗരത്തിലും പരിസരപ്രദേശത്തുമൊക്കെ ഏതെങ്കിലും കൂട്ടുകാരികൾ ഒക്കെ ഉണ്ടാകുമെന്ന തോന്നൽ ഇടയ്ക്കു വന്നിരുന്നു.

സുമിത ചിന്തയിൽ നിന്ന് ഉണർന്നു. അവൾ അദ്ഭുതത്തോടെ മാൻവിയെ നോക്കി ചിരിച്ചു. അറിയാതെ തന്നെ അവളുടെ കണ്ണുകൾ മാൻവിക്കൊപ്പമുണ്ടായിരുന്ന പുരുഷനിലേക്കും നീണ്ടു. അപ്പോൾ അയാൾ പുറത്തേക്കു പോകാൻ ഒരുങ്ങുകയാണെന്നു തോന്നി. മാൻവി സുമിതയുടെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു.

“ഹലോ സുമി, നീ എന്താ ഇവിടെ?

“ഞാൻ ഷോപ്പിംഗിന് വന്നതാണ്.”

“കൊള്ളാം… ഈർക്കിലി പോലിരുന്ന നീ ഇത്രയും വണ്ണം വച്ചതെങ്ങനെ?

സുമിത ചിരിച്ചു കൊണ്ട് ചോദിച്ചു.

“രണ്ടു പിള്ളേരായില്ലേ. അപ്പോ ഇങ്ങനെ ആയി.

“എന്താ നിന്‍റെ വിശേഷങ്ങൾ?”

“ഞാനോ ഞാൻ ഇപ്പോഴും പറന്നു നടക്കുവല്ലേ. സെറ്റിൽ ആയിട്ടില്ല.”

സുമിതയ്ക്ക് അതു വിശ്വസിക്കാനായില്ല. “നീ ഇതുവരെ വിവാഹം കഴിച്ചില്ലേ?”

“ഓഹ്… നീ ആ വാക്ക് പറയല്ലേ. അതൊരു വിവാഹം ആയിരുന്നില്ല, ഒരു ഊരാക്കുടുക്ക് ആയിരുന്നു.” മാൻവിയുടെ മുഖത്ത് കാർമേഘം ഉരുണ്ടുകൂടി.

“അതെന്തുപറ്റി?” മാൻവിയുടെ മുഖത്തെ പരവശത കണ്ടപ്പോൾ സുമിത അമ്പരന്നു.

“വിവാഹത്തിനു മുമ്പ് വിവേക് വലിയ വലിയ വാചകങ്ങൾ പറയുമായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അതൊക്കെ വിഴുങ്ങി. നിനക്കറിയാലോ എനിക്ക് സ്വതന്ത്ര ജീവിതമാണ് കൂടുതൽ ഇഷ്‌ടമെന്ന്! ക്ലബിൽ പോയി ചീട്ടുകളിക്കും, ജയിക്കും, തോൽക്കും. ഇതെനിക്ക് ഒഴിവാക്കാൻ പറ്റുന്ന ശീലമല്ല. പക്ഷേ വിവേക് അതിനെ എതിർത്തു. അവരുടെ ബിസിനസ് മോശമാണെന്നും ഇപ്പോൾ തോന്ന്യാസച്ചെലവ് പാടില്ലെന്നും പറഞ്ഞ് എന്നെ നിയന്ത്രിക്കാൻ തുടങ്ങി. എനിക്ക് ക്ലബ്ബിൽ പോകാനും ബ്യൂട്ടിപാർലറിൽ പോകാനും പറ്റാതെ വന്നാൽ പിന്നെ എനിക്ക് സഹിക്കുമോ?”

മാൻവി മേശപ്പുറത്തിരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു. അത് കുടിച്ചപ്പോൾ മാൻവി അൽപം നോർമൽ ആയതുപോലെ തോന്നി.

“ഇത്തരം നിയന്ത്രണം ദിനംപ്രതി കൂടി വന്നു. സഹിക്കാൻ വയ്യാണ്ടായപ്പോൾ ഞാൻ എന്‍റെ വക്കീൽ ഫ്രണ്ടിനെ കൊണ്ട് കേസ് കൊടുത്തു. 50 ലക്ഷം രൂപ നഷ്ടപരിഹാരത്തോടെ വിവാഹമോചനം വേണം.”

എനിക്ക് വല്ലപ്പോഴും ചീട്ട് കളിക്കാനും പാർലറിൽ പോകാനും പണം തന്നാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇനി അയാൾ അനുഭവിക്കട്ടെ. പിശുക്കല്ലേ, കോടതി കയറി ഇറങ്ങുമ്പോൾ എല്ലാം പഠിച്ചോളും… ഏതായിരുന്നു ഭേദം? നീ പറ…” കുടിലമായ ചിരിയോടെ മാൻവി അതു ചോദിച്ചപ്പോൾ സുമിത വല്ലാതായിപ്പോയി. അവൾക്ക് ഇതൊക്കെ കേട്ടപ്പോൾ ഞെട്ടലാണ് തോന്നിയത്. മാൻവിക്ക് ഒരു കൂസലും ഇല്ലല്ലോ… ഇതൊക്കെ പറയുന്നത് വിജയഗാഥ പറയുന്നതു പോലെയല്ലേ.

“മാൻവി ക്ലബ്ബിൽ പോകുന്നത് തെറ്റായ കാര്യമൊന്നുമല്ല, പക്ഷേ വീട്ടിലെ സാമ്പത്തികം താറുമാറാകുമെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടതല്ലേ. ഭാര്യ അനാവശ്യമായി ചെലവഴിച്ചാൽ ഭർത്താവ് ഇടപെടുന്നത് തെറ്റാണോ?” സുമിത അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

“വേണ്ട!” മാൻവി കൈ ഉയർത്തി. “എന്നോട് സംസാരിക്കുന്നവരെല്ലാം നിന്നെപ്പോലെ ഉപദേശം തരാറുണ്ട്. പക്ഷേ എന്‍റെ ജീവിതത്തിലെ നല്ലതും ചീത്തയും എന്‍റെ മാത്രം നിയമമാണ്. എന്‍റെ അമ്മയ്ക്കു പോലും എന്‍റെ മനസ്സ് മനസ്സിലാവുന്നില്ല. പിന്നെ ആർക്കാണ് അതു പിടികിട്ടുക? സ്ത്രീ സമത്വവും ശാക്‌തീകരണവും ഒക്കെ പ്രസംഗിക്കും. പക്ഷേ അത് നടപ്പാക്കാൻ ആർക്കും താൽപര്യമില്ല. ഇനി അങ്ങനെ ഏതെങ്കിലും സ്ത്രീ ശ്രമിച്ചാലോ, അവളെ കുടുംബത്തിന്‍റെ പേര് പറഞ്ഞ് വെട്ടിലാക്കും.”

മാൻവിയുടെ രോഷം സങ്കടത്തിലേക്ക് വഴിമാറി. സുമിത അതെല്ലാം നിശ്ശബ്ദമായി നോക്കിയിരുന്നു.

അമ്മ പറഞ്ഞത് മനസ്സിലാവാത്ത പെണ്ണിന്, തന്‍റെ വാക്കുകൾ എങ്ങനെ മനസ്സിലാവാനാണ്? ഈ സംഭാഷണം എങ്ങനെയും ഒഴിവാക്കണം. സുമിത ഒരു കാപ്പി കൂടി ഓർഡർ ചെയ്തു. അതു കുടിച്ചപ്പോൾ സുമിത മറ്റൊരു കാര്യത്തിലേക്ക് കടന്നു.

“എന്‍റെ കൂടെ വന്ന ആളെ കണ്ടില്ലേ? അതാണ് അഡ്വ. നകുൽ. അറിയപ്പെടുന്ന വക്കീലാ…” എന്‍റെ പ്രയാസം ഞാൻ നകുലിനോട് പറഞ്ഞപ്പോൾ അവൻ എന്നെ സഹായിക്കാമെന്നേറ്റു.

“ഭർത്താവിന്‍റെ മേൽക്കോയ്മ അംഗീകരിക്കേണ്ട കാര്യമില്ല, നീ ധൈര്യമായിരിക്കൂ, കുത്തിയൊലിച്ചൊഴുകാൻ ആഗ്രഹിക്കുന്ന നിന്നെ ഒന്നും തടസ്സപ്പെടുത്തില്ല എന്നാണ് നകുൽ എന്നോട് പറഞ്ഞത്.”

വിവാഹമോചനക്കേസിൽ വിവേകിനെ കുടുക്കാൻ പല തന്ത്രങ്ങളും നകുൽ പ്ലാൻ ചെയ്‌തിട്ടുണ്ട്. പരമാവധി തുക ഒപ്പിക്കണം. അതിനു പുറമെ സ്ത്രീധനത്തിന്‍റെ പേരിലുള്ള കേസും ഫയൽ ചെയ്‌തിട്ടുണ്ട്.

ക്ലബിൽ പോകുന്നതിന് ഏറ്റവും എതിർപ്പ് കാണിച്ചത് അമ്മായിയമ്മയാണ്. അവരെയും പ്രതി ചേർത്താണ് കേസ്. ഇതോടെ അവർ എന്‍റെ കാൽക്കൽ വീഴും മാൻവിയുടെ സംസാരും കേട്ടപ്പോൾ  സുമിതയ്ക്ക് പ്രയാസമാണ് തോന്നിയത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ കേസും നൂലാമാലയുമായി നടക്കാനുള്ള ഈ മാനസികാവസ്‌ഥ ഭയങ്കരം തന്നെ. ഇതേക്കുറിച്ച് ഒന്നും തിരിച്ചു പറയാൻ സുമിതയ്ക്ക് തോന്നിയില്ല.

“ശരി, മാൻവി, ഞാൻ പോകട്ടെ, കുട്ടികൾ മടങ്ങിയെത്താറായിരിക്കുന്നു.” സത്യം അതല്ലെങ്കിലും അങ്ങനെ പറയാനാണ് സുമിതയ്ക്ക് തോന്നിയത്.

“ഓകെ… ഞാൻ ബ്യൂട്ടിപാർറിൽ പോകുന്നു. രാത്രി ഡിന്നറിനു പോകണം. നകുലിനൊപ്പം നഗരത്തിലെ ഫൈവ് സ്‌റ്റാർ ഹോട്ടലിലാണ് പാർട്ടി. റൂമും ബുക്ക് ചെയ്‌തു. എന്തെങ്കിലുമൊക്കെ നേടാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടി വരുമല്ലോ… നിനക്ക് മനസ്സിലായി കാണുമല്ലോ…” ഇതു കൂടി കേട്ടതോടെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയായി സുമിതയ്ക്ക്.

“നാളെ കഴിഞ്ഞ് ഞാൻ ഫ്രീയാണ്. നിന്‍റെ നമ്പർ താ… വീട്ടിൽ വരാം.” മാൻവിയുടെ വാക്കുകൾ വെള്ളിടി പോലെയാണ് സുമിതയ്ക്ക് തോന്നിയത്.

“ഓഹ്… എന്‍റെ ഫോൺ നഷ്ടപ്പെട്ടു പോയി. അത് ഇപ്പോൾ ബ്ലോക്ക് ചെയ്തേക്കുവാ. പുതിയ നമ്പർ എടുത്തിട്ട് ഞാൻ അറിയിക്കാം.”

സുമിത അവളോട് ബൈ പറയാൻ പോലും നിൽക്കാതെ പുറത്തേക്കു നടന്നു. ഇങ്ങനെയൊരു സുഹൃത്തിനെ തനിക്ക് വേണ്ട. ഇവരെപ്പോലുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയാണ് ഉചിതം. സ്വന്തം കാര്യം നടത്താൻ വേണ്ടി ഉറ്റവരെപ്പോലും കെണിയിലാക്കുന്നവരെ എങ്ങനെ വിശ്വസിക്കും.

വഴിയിൽ കാത്തു കിടക്കുന്ന ഓട്ടോയിൽ കയറിയപ്പോഴാണ് സുമിതയ്ക്ക് ആശ്വാസമായത്. അവൾ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ട് ആശ്വാസത്തോടെ ചാരിയിരുന്നു. അപ്പോൾ എത്രയും വേഗം വീട്ടിലെത്താൻ അവളുടെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു.

എഴുതാൻ മറന്നത്…

സമയചക്രം പലവട്ടം കറങ്ങിക്കഴിഞ്ഞു. എനിക്കൊരു കുടുംബമായി, നിനക്കും. മനസിൽ പ്രേമമുണ്ടായിരുന്നത് ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ ഇതിനർത്ഥം ഞാനെന്‍റെ കുടുംബത്തോട് വഞ്ചന ചെയ്യുമെന്നോ, നിന്നെ കാണുന്നതിനോ നിന്നെ ലഭിക്കുന്നതിനോ വേണ്ടി അസ്വസ്ഥനാവുന്നു എന്നോ അല്ല. എന്‍റെ പരിമിതികളെ അവഗണിക്കാൻ സാധിക്കുമോ? ഇതു ശരിയാണോ? എനിക്കെന്തെങ്കിലും പിഴവു സംഭവിക്കുമോ?

പ്രണയിക്കുക എന്നതു കൊണ്ടുദ്ദേശിക്കുന്നത് ആരുടെയെങ്കിലും വിശ്വാസം തകർത്ത് സ്വയം സുഖിക്കുകയെന്നല്ലല്ലോ? ഞാൻ സന്തുഷ്ടനാണ്. വളരെയേറെ. നിന്‍റെ കൂടെ ജീവിക്കുമായിരുന്നെങ്കിൽ ഞാൻ എത്ര സന്തുഷ്ടനാകുമായിരുന്നോ അതിലേറെ സംതൃപ്തമാണ് ഇപ്പോൾ അവളോടൊത്തുള്ള ജീവിതം.

പിന്നെയെന്താണെന്നറിയില്ല ഇന്ദ്രിയങ്ങൾ വഴി തെറ്റിപ്പോകുന്നത്. നീ എന്നെ കാണാതെ അസ്വസ്ഥനാണെന്നതാണ് ഈ വഴി തെറ്റലിനു കാരണം. രാപകൽ നീയെന്നെക്കുറിച്ച് ആലോചിക്കുന്നില്ലേ. ഞാനുമായി കൂടിക്കാഴ്ച നടത്തുവാനാഗ്രഹിക്കുന്നില്ലേ? നീയെന്‍റെ കർത്തവ്യ നിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കുന്നു. ഞാനിന്ന് ഉത്തരവാദിത്തങ്ങളിൽ നിന്നും പുറം തിരിയുവാൻ തുടങ്ങിയിരിക്കുന്നു. ഞാൻ നീയുമായി മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്നു. എന്നാലവസാനം ഈ ചെയ്തികളെക്കുറിച്ചോർത്ത് കോപാകുലനുമാകുന്നു. എന്താണെനിക്കിങ്ങനെ സംഭവിക്കുന്നത്?

ഞാനെന്‍റെ കുടുംബത്തെ ഉപേക്ഷിക്കുവാനാഗ്രഹിക്കുന്നില്ല. അവർ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. നീയും ഈ വിഷമസ്ഥിതിയിൽ കുടുങ്ങിയിരിക്കുകയാണോ, നിനക്കു മുന്നിലും യാതൊരു മാർഗ്ഗവുമില്ലെ, എന്നെ അസ്വസ്ഥനാക്കുന്നതെന്തിനാണ്?

അവനവനു വേണ്ടിയാണ് എല്ലാവരും ജീവിക്കുന്നത്. അവനവന്‍റെ സുഖത്തിനു വേണ്ടിയാണ് പ്രയത്നിക്കുന്നത്. എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയെന്നതാണ് യഥാർത്ഥ ജീവിതം. പലപ്പോഴും സ്വയം നഷ്ടപ്പെട്ടു പോകുന്നു. വിചിത്രമാണ് മനസ്സിന്‍റെ ഈ അവസ്‌ഥ. ജീവിത യാഥാർത്ഥ്യവുമായി ഒരു കളിതമാശ അപരാധമാണെന്നറിയാം. അതാണിപ്പോൾ ഞാൻ ചെയ്യുന്നത്.

“മതി, ഇനിയെഴുതുന്നതു നിർത്തൂ.” അടുക്കള ഭാഗത്തു നിന്നുയർന്നു വന്ന നമ്രതയുടെ തീക്ഷ്ണസ്വരം കേട്ട് പെട്ടെന്ന് വികാസിന്‍റെ പേനയൊന്നിളകി. അയാളപ്പോൾ ഏകാഗ്ര ചിത്തനായിരുന്നു.

“ഭക്ഷണം കഴിക്കാൻ വരുന്നുണ്ടോ? എനിക്ക് വിശന്നിട്ടു വയ്യ. നിങ്ങളുടെ ഈ എഴുത്തുകുത്ത് കഴിഞ്ഞു വേണം എനിക്കിത്തിരി ഭക്ഷണം കഴിക്കാൻ.” നമ്രത ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തി വയ്ക്കുന്നതിനിടയിൽ പറഞ്ഞു.

എഴുത്തവസാനിച്ചു. പക്ഷേ മനസ്സിൽ കഴിഞ്ഞു പോയ ചിത്രങ്ങൾ പൊങ്ങി വന്നിരുന്നു. ഇവയെ ആധാരമാക്കിയാണ് വികാസ് പുതിയ നോവലെഴുതിക്കൊണ്ടിരുന്നത്. അയാൾ മനസ്സില്ലാമനസ്സോടെ ഡൈനിംഗ് ടേബിളിനടുത്തിട്ടിരിക്കുന്ന കസേരയിൽ പോയിരുന്നു.

“പ്രസിദ്ധീകരണക്കാർക്ക് മറ്റന്നാൾ കൊടുക്കേണ്ടതാ. അൽപം താമസിച്ചാൽ വെള്ളത്തിൽ വരച്ച വര പോലെയാകും.” വികാസ് തന്‍റെ പ്ലേറ്റ് അടുത്തേക്ക് നീക്കിക്കൊണ്ട് പറഞ്ഞു.

“ശരിയാണ്. എന്നാൽ ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമല്ലേ. അപ്പോഴല്ലേ ബുദ്ധി പ്രവർത്തിക്കൂ” നമ്രത വളരെ സ്നേഹത്തോടെ വികാസിന്‍റെ മുടി തലോടിക്കൊണ്ട് പറഞ്ഞു.

“ശരി, ഇപ്പോഴെന്താണെഴുതിക്കൊണ്ടിരിക്കുന്നതെന്നു പറയൂ. അതെക്കുറിച്ചൊന്നും പറയാറില്ലല്ലോ?” വികാസ് ഒന്ന് പരിഭ്രമിച്ചു. നമ്രത തന്‍റെ ജീവിതത്തെ ചികയുകയാണോ എന്ന് അയാൾക്കു തോന്നി. അവളോട് എന്താ പറയുക.

“പുതുമയുള്ളതൊന്നുമില്ല. ചിക്കിച്ചികഞ്ഞ ഭാഗങ്ങൾ പുതിയ രീതിയിൽ, പുതിയ ശബ്ദങ്ങൾ ചേർത്ത് വിളമ്പുന്നു എന്നു മാത്രം.”

“കഥാംശങ്ങൾ യാഥാർത്ഥ്യം തന്നെയായിരിക്കും. ഈ ശബ്ദങ്ങൾ തന്നെയായിരിക്കും. കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. അങ്ങനെയെങ്കിൽ എന്തു നല്ല കഥയാണെഴുതിയിരിക്കുന്നത് എന്നാളുകൾക്ക് തോന്നും.” നമ്രതയുടെ വാക്കുകൾ വികാസിന്‍റെ മനസ്സിന്‍റെ ഭാരം വർദ്ധിപ്പിച്ചു.

“നീയെന്താണ് വിചാരിക്കുന്നത്. ഈ എഴുത്തുകാരന് പുതിയതായി ഒന്നും നൽകാൻ സാധിക്കില്ലെന്നോ?”

“ഉവ്വ്, നൽകാനാകും. ഒരു പുതിയ നോവൽ” നമ്രത പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.

വികാസ് നിശബ്ദനായിരുന്നു. ഭക്ഷണം കഴിച്ചു തുടങ്ങി. നമ്രതയ്ക്ക് എഴുത്തുകാരന്‍റെ മനസ്സോ ഭാവനയോ ഒന്നുമറിയില്ലെന്നയാൾക്കു തോന്നി. എങ്ങനെയറിയാനാണ്. ശാസ്ത്രം പഠിച്ചവർക്ക് സാഹിത്യത്തെക്കുറിച്ച് ഒരറിവുമുണ്ടാകില്ല. എഴുത്തിന്‍റെ വ്യഥ അറിയുമായിരുന്നെങ്കിൽ അവൾക്കെന്നെ മനസ്സിലാകുമായിരുന്നു.

“നോക്കൂ, ഞാൻ പ്രിയയെ സ്കൂളിൽ കൊണ്ടു വിടാൻ പോകുവാ. അതുകൊണ്ട് താക്കോൽ അടുത്ത വീട്ടിലേൽപ്പിച്ച് പോയാൽ മതി.”

നമ്രതയും ജ്യോതിയും തമ്മിൽ വലിയ അന്തരമുണ്ടെന്നയാൾക്കു തോന്നി. ഒരാൾ ആകാശമെങ്കിൽ മറ്റൊരാൾ ഭൂമി. ഞാനോ… സാഹിത്യകാരൻ.

എഴുത്തുകാരൻ ഉപയോഗമില്ലാത്തവനൊന്നുമല്ല. മൂന്നുനേരത്തെ ഭക്ഷണത്തിനുള്ള വകയുണ്ടാക്കുന്നുണ്ട്. പ്രിയയെ നല്ലൊരു സ്കൂളിലാണ് പഠിപ്പിക്കുന്നത്. വീട്ടുചെലവും നടന്നു പോവുന്നുണ്ട്. നമ്രതയും സന്തുഷ്ടയാണ്. ഇതിനപ്പുറമെനിക്കെന്താണ് വേണ്ടത്? പക്ഷേ… നമ്രത ശരിക്കും നമ്രയാണ്. ജ്യോതി എന്‍റെ ജീവിതത്തിലെ വിളക്കും. ഞങ്ങളൊന്നിച്ചായിരുന്നെങ്കിൽ സുഖമായി ജീവിക്കുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.

ഞാൻ ഒരു സാധാരണ മനുഷ്യനും ജ്യോതി ചപല സ്വഭാവമുള്ള, ആധുനികതയുടെ കൊടുങ്കാറ്റിൽ പെട്ടുലയുന്ന ഒരു ചഞ്ചലചിത്തയായ പെൺകുട്ടിയും. ഞാനവളെ ആഗ്രഹിച്ചിരുന്നു… അവളെക്കാണുമ്പോഴെല്ലാം ഇവളാണെന്‍റെ ജീവിതത്തിന്‍റെ ഏകാശ്രയമെന്ന് തോന്നിയിരുന്നു.

എനിക്കറിയാം, അവളുടെ വീട്ടുകാരെന്നെ തൊഴിൽരഹിതൻ, കൊള്ളരുതാത്തവൻ, ഉപയോഗശൂന്യൻ എന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാൽ വാസ്തവത്തിൽ ഞാനങ്ങനെയൊന്നുമായിരുന്നില്ല. അപ്പോഴും പഠിക്കുവാനുള്ള താൽപര്യവും എന്തെങ്കിലുമൊക്കെ ആയി തീരുവാനുള്ള ആഗ്രഹവും മനസ്സിലുണ്ടായിരുന്നു. ജ്യോതിക്കത് അറിയാമായിരുന്നതു കൊണ്ടായിരിക്കും അവളെന്നെ സ്നേഹിച്ചത്.

ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ നടന്നില്ല. അവൾ തന്‍റെ കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി അകന്നു പോയി. അവസാനം ഞാനും ഗത്യന്തരമില്ലാതെ മറ്റൊരു വിവാഹം കഴിച്ചു.

ഒരു സാധാരണ കുടുംബാംഗമായ നമ്രത അങ്ങനെയാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അവളിലെ സംസ്കാര സമ്പന്നത ഇരു കുടുംബങ്ങളെയും പരസ്പരം അടുപ്പിച്ചു. ശരിയാണ്, മനസ്സിൽ ജ്യോതിയുടെ ഓർമ്മ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. എന്നാൽ നമ്രതയുടെ പെരുമാറ്റം എന്നെ തീർത്തും അവളുടേതു മാത്രമാക്കി.

കാലാന്തരത്തിൽ നമ്രത പ്രിയയ്ക്ക് ജന്മം നൽകി. ജ്യോതിയ്ക്കും ഇതേ സമയമൊരാൺകുട്ടി പിറന്നതായി അറിഞ്ഞിരുന്നു. ജ്യോതി സ്വപ്നം കണ്ടതു പോലുള്ള ജീവിതമല്ല അവൾക്കു ലഭിച്ചിരുന്നത്. അവൾക്ക് തന്‍റെ കുടുംബവുമായുള്ള ബന്ധം മടുത്തിരുന്നു.

എന്നെക്കുറിച്ചുള്ള ഓർമ്മകൾ അലട്ടിയപ്പോൾ ഫോൺ മണികൾ മുഴങ്ങുവാൻ തുടങ്ങി. സംസാരം തഴയ്ക്കുവാൻ തുടങ്ങി. വീണ്ടും പുതിയ രീതിയിൽ സ്നേഹബന്ധം തളിരിട്ടു. പലപ്പോഴും ഞാൻ സ്വയം കുറ്റപ്പെടുത്തി. നമത്രയെ വഞ്ചിക്കുന്നത് തെറ്റാണെന്ന് എിക്ക് തോന്നിയിരുന്നു. അവൾക്കെതിരെ ചിന്തിക്കും വിധം അവളിൽ യാതൊരു കുറ്റവും കണ്ടുപിടിക്കുവാൻ എനിക്ക് സാധിച്ചില്ല. ഇല്ല, ഞാനങ്ങനെ ചെയ്യുകയില്ല. നമ്രതയെ ഉപേക്ഷിക്കുവാൻ സാധിക്കില്ലെന്നു മാത്രമല്ല നമ്രതയെ വിട്ടു നിൽക്കുന്നതിനെ കുറിച്ചാലോചിക്കാൻ പോലും വയ്യ. അവൾക്കെന്നെ കൂടാതെ ജീവിക്കാൻ സാധിക്കില്ല. അവളെന്നെ വളരെയേറെ സ്നേഹിക്കുന്നു. ഞാനവളെയും.

എനിക്ക് വഴിതെറ്റിപ്പോയി, ഇതെനിക്കറിയാം. ജ്യോതിയും സ്നേഹമാഗ്രഹിക്കുന്നുണ്ട്. ഇതിലവളെ കുറ്റപ്പെടുത്താൻ സാധിക്കില്ല. ആരുടെയെങ്കിലും മനസ്സിനെ നോവിച്ച് എന്‍റെ സ്നേഹം നേടിയെടുക്കാനവളാഗ്രഹിക്കുന്നുമില്ല.

എന്താണ് ശരി എന്താണ് തെറ്റ്, ഒന്നും മനസ്സിലാവുന്നില്ല. നമ്രതയോടെല്ലാം പറഞ്ഞാലോ? നമ്രതയുടെ മനസ്സിൽ ജ്യോതിയുമായുള്ള ബന്ധത്തെ പറ്റി സംശയം തോന്നിയാലോ… എന്‍റെ ജീവിതത്തിലെ അഗ്നിപർവ്വതം എന്നാണാവോ പൊട്ടിത്തെറിക്കുക. തന്‍റെ ഭർത്താവ് പരസ്ത്രീയുമായി ബന്ധമുള്ളവനാണെന്നറിയുവാൻ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല.

ഞാൻ നമ്രതയുടെ സ്വന്തമാണ്. എന്‍റെ മനോവിഷമം അവൾ മനസ്സിലാക്കുമോ?

കോളിംഗ് ബെൽ അടിച്ചപ്പോൾ വികാസ് സ്വപ്ന ലോകത്തിൽ നിന്നും ഞെട്ടിയുണർന്നു. കഥയിൽ നമ്രതയെയും ജ്യോതിയേയും കുറിച്ച് പരാമർശിക്കുന്നത് തെറ്റാണെന്ന് അയാൾക്ക് തോന്നി. നമ്രതയിത് വായിക്കുകയാണെങ്കിൽ തീർച്ചയായും അവൾക്ക് സംശയം തോന്നും. എഴുത്തുകാരൻ തന്‍റെ ജീവിതത്തിലെ സംഭവങ്ങൾ എഴുതി തന്‍റെ ദുഃഖമകറ്റുന്നു എന്ന കാര്യം അവൾക്കറിയാവുന്നതാണ്. ഞാനെന്‍റെ ജീവിതം പകർത്തിയിരിക്കുന്നതായി അവൾക്കു തോന്നിയാലോ?

വീണ്ടും കോളിംഗ് ബെൽ അടിച്ചപ്പോൾ വികാസ് വേഗമെഴുന്നേറ്റ് വാതിൽ തുറന്നു. നമ്രത സ്കൂളിൽ നിന്നും പ്രിയയെ വിളിച്ചു കൊണ്ടു വന്നതായിരുന്നു.

“വാതിൽ തുറക്കുവാനിത്രയും നേരമോ… എഴുതുവാനായി ഇരിക്കുകയായിരുന്നോ?” നമ്രത ചോദിച്ചു.

“ഉവ്വ്, മുഴുവൻ പാരഗ്രാഫും തീർത്തിട്ട് എഴുന്നേൽക്കാമെന്ന് വിചാരിച്ചു.” ഇത്രയും പറഞ്ഞ് വികാസ് തന്‍റെ മുറിയിലേക്കു പോയി. അയാൾ തന്‍റെ നോവലിൽ പരാമർശിച്ചിരിക്കുന്ന നമ്രതയുടെയും ജ്യോതിയുടേയും പേരുകൾ വെട്ടുവാൻ തുടങ്ങി. തന്‍റെ ജീവിതത്തിലെ യാഥാർത്ഥ്യം നമ്രത അറിയരുതെന്നയാൾ ആഗ്രഹിച്ചു.

വികാസ് തന്‍റെ കഥ ശരിയാക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ സ്ഥിതിയിൽ അയാൾ അസ്വസ്ഥനായിരുന്നു. തന്‍റെ വിഷമതകൾ മനസ്സിലാക്കാനാരുമില്ലെന്നതിനാലാണ് നോവലെഴുതാൻ തുടങ്ങിയത്. തന്‍റെ ദുഃഖവും വിഷമവുമെല്ലാം ആരുമായി പങ്കുവയ്ക്കും?

മറ്റെന്തെങ്കിലും വിഷമതകളായിരുന്നെങ്കിൽ നമ്രതയുമായി പങ്കു വയ്ക്കാമായിരുന്നു. എന്നാലിത് ജ്യോതിയെക്കുറിച്ചായതിനാൽ സമൂഹമിതിനെ തെറ്റായി മാത്രമേ കരുതുകയുള്ളൂ. വികാസിന്‍റെയും ജ്യോതിയുടെയും ബന്ധത്തിന് സെക്സിന് സ്‌ഥാനമില്ലായിരുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. അവർ അത്തരത്തിൽ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.

എന്നാൽ സമൂഹത്തിന് ഈ പവിത്രതയെച്ചൊല്ലി എന്താവലാതിയാണുള്ളത്. ഒരാൺകുട്ടിയും പെൺകുട്ടിയും കൂടി ഒരുമിച്ചു പോകുന്നതു കണ്ടാൽ മതി കടുകോളം ചെറിയ കാര്യം പർവ്വതത്തോളം പെരുപ്പിച്ചു കാണിക്കും. എനിക്ക് സമൂഹത്തെ ഭയമില്ല. ഭയമുണ്ടെങ്കിൽ നമ്രതയെ കുറിച്ചോർക്കുമ്പോൾ മാത്രം. അവൾക്കെന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമോ എന്ന ഭയം ഇല്ല. ഞാനൊരിക്കലും പറയില്ല. ഞാൻ സ്ഥിതിഗതികൾ മോശമാക്കാനാഗ്രഹിക്കുന്നില്ല.

ഒരുപക്ഷേ നമ്രത എന്നെ മനസിലാക്കി വിശ്വാസപൂർവ്വം ജ്യോതിയെ സ്വീകരിക്കുമെങ്കിൽ പ്രശ്നമെത്ര ലളിതമായിത്തീർന്നേനേ… ഞാൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നെനിക്കറിയാം. എന്‍റെ ചിന്തകളും പ്രവൃത്തികളും ഒരിക്കലും വിശ്വാസവഞ്ചന ചെയ്‌തിട്ടില്ല.

എല്ലാം അവസാനിപ്പിക്കാൻ ജ്യോതിയോട് തുറന്നു പറഞ്ഞാലോ. നിനക്ക് ഭർത്താവുണ്ട്, കുട്ടിയുണ്ട്. നിന്‍റേതായ ജീവിതമുണ്ട്. അത് ജീവിക്കൂ… എന്നിലെന്താണുള്ളത്, ഞാൻ നിസ്സഹായൻ. കുടുംബസമ്മർദ്ദങ്ങൾ സഹിച്ച് ജീവിക്കുന്ന ഒരാൾ.

ഞാൻ ജ്യോതിയോട് അന്യായം ചെയ്യില്ല. ദുഃഖങ്ങൾക്കിടയിൽ നിന്ന് ചില നിമിഷങ്ങളെങ്കിലും സന്തോഷത്തോടെ ചെലവഴിക്കാനാണ് എന്നെ അവൾ ഫോൺ ചെയ്യുന്നതും കാണാൻ ശ്രമിക്കുന്നതും.

“വിഷമിച്ചിരിക്കുന്നതെന്താണ്?” നമ്രത മുറിയിലേക്ക് പ്രവേശിച്ചു കൊണ്ട് ചോദിച്ചു.

വികാസ് ഞെട്ടിപ്പോയി. തന്‍റെ മുഖത്തെ വിഷാദഭാവം മറച്ചു വച്ച് അയാൾ ചിരിക്കുവാൻ ശ്രമിച്ചു.

“എവിടെയെങ്കിലും ഉടക്കിയോ? എന്താ കഥ മുന്നോട്ടു പോകുന്നില്ലേ?” നമ്രത ചോദിച്ചു.

“ഇല്ല… അങ്ങനെയൊന്നുമില്ല നമ്രതേ, ഇടയ്ക്കിടയ്ക്ക് ജീവിതത്തിൽ പ്രതിസന്ധികൾ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കും.”

“ഇത് കഥയിലാണോ അതോ താങ്കൾക്കാണോ?”

അയാൾ വല്ലാതെയായി. മനസ്സിലുള്ളത് പുറത്ത് വന്ന് സംഗതിയാകെ വഷളാകുമോ എന്നുപോലുമയാൾ ഭയന്നു. അതിനാൽ തന്‍റെ ഭാഗം ന്യായീകരിക്കും വിധം പറഞ്ഞു.

“ഇല്ല കഥയിലിതുപോലൊരു ഡൈവേർഷനുണ്ട്.”

“എഴുത്തുകാരന് തന്‍റെ എല്ലാ പ്രശ്നങ്ങളും എഴുത്തിലൂടെ ദൂരീകരിക്കാവുന്നതല്ലേയുള്ളൂ, ഇനി പറ്റില്ല എന്നുണ്ടെങ്കിൽ ആ പേനയിങ്ങു തരൂ ഞാൻ ശരിയാക്കിത്തരാം.” നമ്രത പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

നമ്രതയുടെ ചിന്താശക്തി അപാരമായിരുന്നു. നമ്രതയോടെല്ലാം തുറന്നു പറഞ്ഞ് ഈ ആന്തരിക സംഘർഷത്തിൽ നിന്നും മോചനം നേടണമെന്ന് വികാസ് ആഗ്രഹിച്ചു. അയാൾ ചോദിച്ചു. “നമ്രതേ, ഭാര്യാഭർതൃ ബന്ധത്തിനിടയ്ക്ക് മറ്റൊരു പെൺകുട്ടി വരുകയാണ്. ആ പെൺകുട്ടി ഭർത്താവിന്‍റെ പൂർവ്വകാമുകിയുമാണ്. വർഷങ്ങൾക്കുശേഷം തന്‍റെ പൂർവ്വ കാമുകനിൽ നിന്നും അതേ സ്നേഹം അവൾ ആഗ്രഹിക്കുന്നു. ഈയവസ്ഥയിൽ ആ ഭാര്യാഭർത്താക്കന്മാർ എന്തു ചെയ്യും?”

“ഇതു ചോദ്യമാണോ അതോ കഥയുടെ ഭാഗമാണോ?”

“കഥയുടെ ഈ ഭാഗത്താണ് ഞാനുടക്കിയിരിക്കുന്നത്.”

“ഇതിനായി എനിക്ക് നിങ്ങളുടെ കഥ മുഴുവനും വായിക്കേണ്ടി വരും. ഇങ്ങു തരൂ… ഇത്രയും പറഞ്ഞ് നമ്രത ഫയലെടുത്ത് മറിച്ചു നോക്കി.

ആദ്യം വികാസ് നമ്രതയെ തടയുവാനാഗ്രഹിച്ചു. പക്ഷേ പെട്ടെന്ന് നിന്നു പോയി. വരാനുള്ളതു വഴിയിൽ തങ്ങില്ല. അറിയട്ടെ എല്ലാം. കഥയിൽ ഇടയ്ക്കിടെ ജ്യോതിയുടെയും നമ്രതയുടെയും പേരുകൾ വെട്ടിയിട്ടുണ്ടായിരുന്നില്ല. എന്‍റെ വിഷമത്തിന്‍റെ കാരണമെന്താണെന്നവളറിയും. എന്നായാലും സത്യാവസ്‌ഥ പുറത്തു വരാനുള്ളതല്ലേ. അയാൾ ആശ്വസിച്ചു.

നമ്രതയാഗ്രഹിക്കുകയാണെങ്കിൽ ഞാനെല്ലാം ഉപേക്ഷിക്കാൻ തയ്യാറാണ്. ജീവിതത്തിലെല്ലാ മനുഷ്യർക്കും ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു പറഞ്ഞ് ഞാനവളോടു മാപ്പു ചോദിക്കും. അതിനു ശേഷം ഞാൻ ജ്യോതിയോട് എന്‍റെ ജീവിതത്തിൽ നിന്ന് അകലാൻ അപേക്ഷിക്കും. എനിക്കെന്‍റെ കുടുംബമാണ് വലുത്.

വിവാഹത്തിനു മുമ്പ് ഞാൻ ജ്യോതിയെ സ്നേഹിച്ചിരുന്നു. വിവാഹശേഷം അവളെന്‍റെ ജീവിതത്തിലേക്ക് വരുന്നത് തെറ്റാണ്. അവൾ എങ്ങനെ ജീവിച്ചാലും വിരോധമില്ല. അവൾക്ക് അവളുടേതായ ജീവിതമുണ്ട്.

ഒരു ദീർഘനിശ്വാസമിട്ടു കൊണ്ട് നമ്രത വികാസിനെ നോക്കി. ഇനിയെന്താകും എന്നോർത്ത് വികാസ് അസ്വസ്ഥനായി. ഇമവെട്ടാതെ അയാൾ ഭാര്യയെ നോക്കി ക്കൊണ്ടിരുന്നു.

നമ്രത ഫയൽ ഒരു വശത്തേക്കു വച്ച് എഴുന്നേറ്റു നിന്നു. ഒരു ദീർഘനിശ്വാസമിട്ടു കൊണ്ട് പറഞ്ഞു. “വികാസ്, ജീവിതമെന്നത് കഥകൾ കൂടിച്ചേർന്നുണ്ടായ ലോകമാണ്. ഈ കഥകളും കഥാഭാഗങ്ങളും യാഥാർത്ഥ്യമായില്ലെങ്കിൽ പിന്നെ ജീവിതമേ ഉണ്ടാകില്ലായിരുന്നു. ഏതെങ്കിലുമൊരു ഭാഗം അപൂർണ്ണമായി നിന്നു പോയാൽ ജീവിതം തന്നെ നിന്നു പോകും. ഇത് മുന്നോട്ടു പോയിക്കൊണ്ടിരിക്കണം. ജീവിതം ഒരു നദിയാണ്. നദിയുടെ പ്രവാഹം നിലച്ചു പോയാൽ അതിലെ വെള്ളം ദുർഗന്ധമുള്ളതും ഉപയോഗശൂന്യവുമാവും.” ചെറിയ മൗനത്തിനു ശേഷം നമ്രത പറഞ്ഞു.

“ജീവിതം അഥവാ ജീവിതവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇടയ്ക്കുവെച്ച് നിന്നു പോകുമ്പോൾ ജീവിതത്തിന്‍റെ രസം തന്നെയില്ലാതായിത്തീരും. ജീവിതത്തിലൊരു ഭാഗവും അപൂർണ്ണമാവരുത്. പൂർണ്ണമായാൽ മാത്രമേ ഒരു നോവൽ തയ്യാറാവുകയുള്ളൂ. ജീവിതത്തിന്‍റെ ബാക്കി ഭാഗവും പൂർണ്ണമാകാനനുവദിക്കൂ… നോവൽ ശ്രേഷ്ഠമാകുമോ എന്നു നോക്കാം.” ഇത്രയും പറഞ്ഞ് നമ്രത മുറിയിൽ നിന്നിറങ്ങിപ്പോയി. വികാസ് ഒന്നും മിണ്ടാതെ അവൾ പോവുന്നതു നോക്കിയിരുന്നു.

സാഗരസംഗമം ഭാഗം- 32

വാരാണസിയിൽ നിന്നും തിരിച്ചെത്തിയ ശേഷം പിറ്റേന്ന് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ അരുൺ എങ്ങോട്ടോ യാത്ര തിരിക്കാനുള്ള പുറപ്പാടിലായിരുന്നു. എന്‍റെ മുഖത്തു വിരിഞ്ഞ ചോദ്യ ചിഹ്നത്തിനു മറുപടിയായി അരുൺ പറഞ്ഞു.

“മാഡം ഉറങ്ങിക്കോളൂ… നല്ല യാത്രാക്ഷീണം ഉണ്ടാകും. ഞാൻ രാവിലെ കോളേജിലേയ്ക്കു പുറപ്പെടുകയാണ്. നമ്മുടെ കാംപെയിനിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങണം. അതിനു വേണ്ടി എന്തൊക്കെ വേണമെന്ന് എന്‍റെ സുഹൃത്തുക്കളുമായി കൂടിയാലോചിയ്ക്കണം… പിന്നെ…” അർദ്ധോക്തിയിൽ നിർത്തി അരുൺ അൽപനേരം എന്തോ ആലോചിച്ച് നിന്നു.

“എന്താ അരുൺ… എന്താ നിർത്തിക്കളഞ്ഞത്?” ഞാൻ ഉദ്വോഗപൂർവ്വം അരുണിനോട് ആരാഞ്ഞു.

ഒന്നുമടിച്ച് അരുൺ തുടർന്നു.

“സാരംഗിയെ ഒന്നു കൂടി കാണണം. കഴിയുമെങ്കിൽ വീട്ടുകാർ തീരുമാനിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ അവളോട് അഭ്യർത്ഥിക്കണം. ഇപ്പോഴത്തെ അവളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് വീട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം.”

“അരുൺ വിചാരിക്കുന്നതു പോലെ അതത്ര എളുപ്പമാണെന്നു തോന്നുന്നുണ്ടോ? സാരംഗിയുടെ വീട്ടുകാർ അരുണിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍?”

“അറിയില്ല മാഡം… എങ്കിലും ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. ഞാൻ വിജയിക്കുകയാണെങ്കിൽ എനിക്കെന്‍റെ പഴയ സാരംഗിയെ തിരിച്ചു കിട്ടുമല്ലോ…

“അതുശരിയാണ് അരുൺ. പക്ഷെ അരുണിന്‍റെ പരിശ്രമങ്ങൾ വിഫലമാവുകയെ ഉള്ളൂ എന്ന് എന്‍റെ മനസ്സു പറയുന്നു. ഞാൻ കോളേജിലേയ്ക്കു വരട്ടെ. എല്ലാറ്റിനും പരിഹാരമുണ്ടാക്കാം…”

എന്‍റെ വാക്കുകൾക്കു മുന്നിൽ അരുൺ ഒന്നും മിണ്ടാതെ തലകുനിച്ചു. പിന്നെ പറഞ്ഞു.

“എങ്കിൽ ശരി, സാരംഗിയുടെ കാര്യങ്ങൾ ഞാൻ മാഡത്തിനു വിട്ടു തന്നിരിക്കുന്നു. പക്ഷെ മാഡം കോളേജിൽ വരാൻ ഇനിയും രണ്ടു മൂന്നു ദിനങ്ങൾ കൂടി എടുക്കുകയില്ലെ?”

“ഞാൻ മിക്കവാറും നാളെത്തന്നെ ജോയിൻ ചെയ്യുകയാണ്. വീട്ടിലിരുന്നാൽ ആകെ ബോറടിയ്ക്കും. പഴയ കാര്യങ്ങൾ വീണ്ടുമെന്നെ തളർത്തും.”

“അങ്ങിനെയെങ്കിൽ നാളെത്തന്നെ മാഡം ജോയിൻ ചെയ്തോളൂ… നമുക്ക് കാംപെയിനിന്‍റെ പ്രവർത്തനങ്ങളും തുടങ്ങാം…”

അങ്ങിനെ പറഞ്ഞ് അരുൺ തന്‍റെ ബൈക്കെടുത്ത് കോളേജിലേയ്ക്ക് യാത്രയായി.

പിറ്റേന്നു തന്നെ ഞാൻ കോളേജിൽ ജോയിൻ ചെയ്‌തു. എന്‍റെ ആദ്യത്തെ കർത്തവ്യം കാംപെയിൻ സംഘടിപ്പിക്കുന്നതിലേയ്ക്കുള്ള അരുണിന്‍റെയും സുഹൃത്തുക്കളുടേയും പരിശ്രമങ്ങൾക്കു പിന്തുണ നൽകുക എന്നതായിരുന്നു.

പോസ്റ്ററുകളും, ലഘുലേഖനങ്ങളും വിതരണം ചെയ്‌തു. വൈകുന്നേരങ്ങളിൽ സെമിനാറുകളും, പ്രസംഗങ്ങളും തെരുവു നാടകങ്ങളും ഡോക്യുമെന്‍ററികളും സംഘടിപ്പിച്ചും ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു. ഒപ്പം മീറ്റിങ്ങുകൾ സംഘടിപ്പിച്ച് മാതാപിതാക്കളേയും ജനങ്ങളേയും മയക്കുമരുന്നിന്‍റെ ദോഷവശങ്ങൾ മനസ്സിലാക്കിച്ച് അതിനെതിരായി തിരിക്കുവാനും ഞങ്ങൾക്കു കഴിഞ്ഞു.

മയക്കുമരുന്നു പോലെ തന്നെ എല്ലാ ലഹരി പദാർത്ഥങ്ങളിലും അപകടങ്ങൾ പതിയിരിക്കുന്നതായി ജനങ്ങൾ ബോധവാന്മാരായി. പലരും അതുപേക്ഷിച്ചു ഞങ്ങൾക്കു പൂർണ്ണ പിന്തുണയേകി.

ഒരു ഇലക്ഷൻ ഘട്ടത്തിലെന്നതു പോലെ കാര്യങ്ങൾ ചൂടുപിടിച്ചപ്പോൾ അതിനെതിരായി തിരിയാനും ചിലരുണ്ടായി. അവർ കൂടുതലും മയക്കുമരുന്നും, മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ വ്യാപൃതരായ വിദ്യാർത്ഥികളായിരുന്നു.

കാംപെയിനു പുറമെ നിന്ന് ഞങ്ങൾക്ക് പിന്തുണയേകാൻ ആൾക്കാരുണ്ടായി. ഒടുവിൽ സംഘർഷം മൂത്ത് അടിപിടിയായി. അരുണും കൂട്ടരും പുറമെ നിന്നുള്ള ലഹരി മരുന്നു വിൽപനയെ തടയുകയും കൂടി ചെയ്‌തതോടെ, ചില മാഫിയകളും രംഗപ്രവേശനം ചെയ്‌തു. അതുവരെ ഞങ്ങൾക്കു പിന്തുണയേകിയിരുന്ന മാനേജ്മെന്‍റും ഞങ്ങൾക്കെതിരായി.

കാര്യങ്ങൾ ഗൗരവപൂർണ്ണമാവുകയായിരുന്നു. ക്യാമ്പസിനകത്തുള്ള പ്രവർത്തനങ്ങൾ ഞങ്ങൾക്കവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങൾ ക്യാമ്പസിനു പുറത്തും പതിവായി.

ക്യാമ്പസിനു പുറത്ത് അരുണും, സുഹൃത്തുക്കളും ഒരു ചേരിയിലും മയക്കുമരുന്നു വിൽപനക്കാരും, മയക്കുമരുന്ന് ഉപഭോക്താക്കളായ വിദ്യാർത്ഥികളും എതിർചേരിയിലുമായി നിന്ന് പോരടിച്ചു തുടങ്ങി. കയ്യാങ്കളി മൂത്ത് ചിലർ ആശുപത്രിയിലായി. അരുണിനും ചെറിയ പരിക്കേറ്റു. അതുകൊണ്ട് ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് അരുണിനോട് ഞാൻ ആവശ്യപ്പെട്ടു.

എന്‍റെ അഭ്യർത്ഥന മാനിച്ച് അരുണും ഏറ്റുമുട്ടലുകൾ ഒഴിവാക്കിത്തുടങ്ങി. ഇതിനിടയിൽ സാരംഗിയെക്കാണുവാൻ ഞാൻ ചില ശ്രമങ്ങൾ നടത്തി.

ഒരിക്കൽ ക്ലാസ്സിൽ നിന്നും സ്റ്റാഫ് റൂമിലേയ്ക്ക് അവളെ വിളിപ്പിച്ചുവെങ്കിലും അവൾ വന്നില്ല. പിന്നീട് സാരംഗിയുടെ പാരന്‍റ്സിനെ ഫോണിൽ വിളിച്ച് നേരിട്ട് കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഒരു വൈകുന്നേരം ഡിപ്പാർട്ട്മെന്‍റിൽ വച്ച് അവരുമായുള്ള കൂടിക്കാഴ്ച ഞാൻ തരപ്പെടുത്തി.

“സാരംഗിയുടെ പോക്കു ശരിയല്ല. അവൾ മയക്കുമരുന്നിനടിമയാണ്.” തെളിവു സഹിതം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. സുഹൃത്തുക്കളുമായി മയക്കുമരുന്നുപയോഗിച്ച് കൊണ്ടിരുന്ന സാരംഗിയെ അരുണും കൂട്ടരും കാമ്പസിനകത്തു നിന്ന് പിടിച്ചു കൊണ്ടു വരികയായിരുന്നു. ഒടുവിൽ എന്‍റെ വാക്കുകൾ ശരിയാണെന്നു ബോദ്ധ്യപ്പെട്ട അവർ സാരംഗിയെ അവളുടെ കൂട്ടുകെട്ടിൽ നിന്നും അകറ്റാൻ ശ്രമിച്ചു.

മയക്കുമരുന്നിനടിമയായ അവളുടെ സുഹൃത്തുമായുള്ള വിവാഹബന്ധവും അവർ വേണ്ടെന്നു വച്ചു. അതോടെ സാരംഗിയ്ക്കും സുഹൃത്തുക്കൾക്കും എന്നോടുള്ള ശത്രുത കൂടി. അവർ എന്നെപ്പറ്റി കോളേജിൽ അപവാദ പ്രചാരണം തുടങ്ങി.

ഞാനും അരുണുമായി അസന്മാർഗ്ഗിക ബന്ധമാണുള്ളതെന്നു വരെ അവർ പറഞ്ഞു പരത്തി. എന്നാൽ അതിലൊന്നും കുലുങ്ങാതിരിയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു. ഒടുവിൽ ഒരു ദിവസം കോളേജിൽ വച്ച് മയക്കുമരുന്നുപയോഗിച്ചതിന് സാരംഗിയേയും കൂട്ടരേയും എന്‍റെ ചില വിദ്യാർത്ഥികൾ പിടികൂടി. അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. കോളേജിൽ നിന്നും അവർ സസ്പെൻഡ് ചെയ്യപ്പെട്ടു.

സാരംഗിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയും അവരുടെ സഹായ സഹകരണത്തോടെ ഡിഅഡിക്ഷൻ സെന്‍ററിലാക്കുകയും ചെയ്‌തു. അവിടെ വച്ച് മാനസാന്തരം വന്ന അവൾ അരുണിന്‍റെ നിരപരാധിത്വവും സ്നേഹവും മനസ്സിലാക്കി അവനോടൊപ്പം ചേർന്നു.

ക്യാംപെയിൻ അവസാനിപ്പിച്ചുവെങ്കിലും അതിന്‍റെ അലകൾ പലവിധത്തിൽ കോളേജിനെ ബാധിച്ചു. കുറെപ്പേർ ലഹരി പദാർത്ഥങ്ങൾ എന്നേയ്ക്കുമായി ഉപേക്ഷിച്ചപ്പോൾ, മറ്റു ചിലർ അതിനെ ഉപേക്ഷിക്കുവാനാകാതെ അതിൽ മുറുകെപ്പിടിച്ചു നിന്നു. അത്തരം വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് ഡിഅഡിക്ഷൻ സെന്‍ററിലാക്കേണ്ടി വന്നു.

അവർ പിന്നീട് മാനസാന്തരം വന്ന്, വീട്ടുകാരുടേയും കൂടി സഹായത്തോടെ അതുപേക്ഷിച്ചു. അങ്ങിനെ കാമ്പസ് മിക്കവാറും ലഹരിമുക്തമായിത്തീർന്നു. അതിന്‍റെ ക്രെഡിറ്റ് ഡിപ്പാർട്ട്മെന്‍റ് ഹെഡായ എനിക്കാണെന്നു പറഞ്ഞ് മാനേജ്മെന്‍റ് പിന്നീട് അഭിനന്ദിച്ചു.

സാമൂഹിക സംഘടനകൾ അവാർഡുകൾ നൽകുവാൻ ക്ഷണിക്കുകയും ചെയ്‌തു. എന്നാൽ ഞാനാകട്ടെ അതിന്‍റെ മുഴുവൻ ക്രെഡിറ്റും അരുണിനു നൽകി. കോളേജിൽ നടന്ന പ്രത്യേക ചടങ്ങിൽ അരുണും ഞാനും ആദരിക്കപ്പെട്ടു.

ഏതാനും മാസങ്ങൾ കൂടി കടന്നു പോയി. പരീക്ഷാച്ചൂടിലായ ഏതാനും വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ്സ് എടുത്ത ശേഷം സന്ധ്യയോടെ ഞാൻ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സ്വയം കാറോടിച്ച് വീട്ടിലേയ്ക്കു പൊയ്ക്കൊണ്ടിരുന്ന എന്നെ വഴിയിൽ തടഞ്ഞ് മറ്റൊരു വാൻ വന്നു നിന്നു. അതിൽ നിന്നു ചാടിയിറങ്ങിയ ഏതാനും പേർ കാറിന്‍റെ ഡോർ തുറന്ന് എന്നെ വലിച്ചു താഴെയിറക്കി. പിന്നീട് വയറ്റിൽ കത്തി കൊണ്ട് ആഞ്ഞു കുത്തി. എല്ലാം ഏതാനും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കുത്തുന്നതിനിടയ്ക്ക് ആരോ ഹിന്ദിയിൽ ആക്രോശിക്കുന്നതു കേട്ടു.

“മയക്കുമരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിയ്ക്കുന്നവർക്ക് ഇതാണ് ശിക്ഷ, ഓർത്തോളൂ…”

ഡൽഹിയിലെ തിരക്കുള്ള റോഡിൽ വച്ച് എന്നെ കുത്തി അതിവേഗം ആ വാൻ പാഞ്ഞു പോയി. ആളുകൾ ഓടിക്കൂടുമ്പോഴേയ്ക്കും ഞാൻ ബോധശൂന്യയായി കഴിഞ്ഞിരുന്നു.

പിന്നീട് ഹോസ്പിറ്റലിൽ ഐസിയുവിൽ വച്ച് കണ്ണു തുറക്കുമ്പോൾ അരുൺ അടുത്തുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി നിന്ന അരുണിനെ നോക്കി ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ച് ഞാൻ മെല്ലെ പറഞ്ഞു.

“അരുൺ പേടിയ്ക്കേണ്ട, എനിക്കൊന്നും സംഭവിയ്ക്കുകയില്ല…”

“ഒന്നും വേണ്ടായിരുന്നു മാഡം… ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാനിതിന് കൂട്ടുനിൽക്കുകയില്ലായിരുന്നു…” ഏങ്ങലടിച്ച് കരയുന്ന അവനെ വാക്കുകളാൽ സമാധാനിപ്പിക്കുവാൻ തുനിഞ്ഞ എന്നെ വിലക്കിക്കൊണ്ട് ഡോക്ടർ പറഞ്ഞു.

“നോ… മാഡം… യു ആർ ഇൻ എ ക്രിട്ടിക്കൽ കണ്ടീഷൻ…”

വീണ്ടും ഇൻജക്ഷൻ നൽകി മയക്കുമ്പോൾ ഞാനറിഞ്ഞിരുന്നില്ല. എന്‍റെ രണ്ടാമത്തെ കിഡ്നിയും തകരാറിലാണെന്നും, ഉടൻ തന്നെ ഒരു കിഡ്നി ഡോണറെ ആവശ്യമുണ്ടെന്നും. പിന്നീട് അരുൺ ഒരു ഡോണറെത്തേടി പരക്കം പായുമ്പോൾ യാദൃശ്ചികമായി ആ ഡോണർ സ്വയം അരുണിന്‍റെ മുമ്പിലെത്തുകയായിരുന്നുവെന്നും ദിനങ്ങൾ കഴിഞ്ഞാണ് ഞാനറിഞ്ഞത്.

ഇന്നിപ്പോൾ ഈ ഹോസ്പിറ്റൽ ബെഡ്‌ഡിൽ മിഴിപൂട്ടിക്കിടന്ന് കഴിഞ്ഞു പോയ ആ പഴയ കാലത്തിലൂടെ മനസ്സു കൊണ്ട് പദയാത്ര നടത്തുമ്പോൾ ഒരിക്കൽ മാത്രം…. എനിക്ക് ആ മനുഷ്യനെ കണ്മുന്നിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ. സ്വന്തം അവയവം നൽകി നിന്നെ പുനഃരുജ്ജീവിപ്പിച്ച ആ വ്യക്‌തി നിന്‍റെ ആത്മാവിന്‍റെ ഭാഗമാണ്. നിന്‍റെ ജീവന്‍റെ അവകാശിയാണ്. ജീവിതത്തിന്‍റെ പങ്കാളിയാണ്. എങ്കിൽ ആരായിരിക്കാം ആ വ്യക്‌തി.

ഐസിയുവിൽ വച്ച് വർത്തമാന കാലബോധം നഷ്ടമായ ദിനങ്ങളിൽ ഹൃദയം പരിചിതമായ ഏതോ മുഖം തേടി അലഞ്ഞു. ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്നും ആ സ്വരം കേൾക്കുന്നതു പോലെ… അതു ഞാനായിരുന്നു. ജന്മങ്ങൾ തോറും നിന്നെ പിന്തുടർന്നെത്തിയ ഞാൻ… അവ്യക്തമെങ്കിലും ആ രൂപം ആത്മാവിലിരുന്നു മൊഴിഞ്ഞു. നിങ്ങളെ എനിക്കു തിരിച്ചറിയാനാവുന്നില്ലല്ലോ? ആരാണു നിങ്ങൾ?

നിഴലുകൾ ഒളിച്ചു കളി നടത്തുന്ന സ്മൃതി മണ്ഡലത്തിൽ ആ മുഖം തിരിച്ചറിയാനാവാതെ ഞാൻ നിന്നു. ഒടുവിൽ ഓർമ്മയുടെ നേരിയ വെള്ളി വെളിച്ചം ഹൃദയത്തെ പുണരുമ്പോൾ ഒരിക്കൽ കൂടി പ്രിയപ്പെട്ടവരെ അടുത്തു കാണുവാനുള്ള മോഹം… കൂട്ടത്തിൽ അജ്ഞാതമായ ആ മുഖവും പ്രിയപ്പെട്ട ആരുടെയോ സാന്നിദ്ധ്യമായി മനസ്സിൽ നിറഞ്ഞു നിന്നു.

ഞാൻ കുത്തേറ്റ് ആശുപത്രിയിലായപ്പോൾ അരുൺ കൃഷ്ണമോളെ വിവരമറിയിച്ചു. അതറിഞ്ഞപ്പോൾ കൃഷ്ണമോൾ പറഞ്ഞുവത്രെ…

“ഞാൻ അങ്ങോട്ടു വരാനാണെങ്കിൽ ദേവേട്ടൻ എന്നെ പറഞ്ഞു വിടുകയില്ല. ടുട്ടുമോനെയും കിങ്ങിണി മോളെയും നോക്കാൻ വേറെ ആരുമില്ല.” അവൾ ഫോണിലൂടെ അരുണിനോടു പറഞ്ഞുവത്രെ.

ആ കണ്ണുകളിൽ എന്നോടുള്ള രോഷം കത്തിനിൽക്കുന്നത് ഞാൻ മനസ്സിൽ കണ്ടു. സ്ത്രീധനത്തുക മുഴുവൻ നൽകാതിരുന്നതിന്‍റെ ദേഷ്യം ഒരു വശത്തുള്ളപ്പോൾ, മറുവശത്ത് ചെറുപ്പം മുതൽ എന്നോടുണ്ടായിരുന്ന വിദ്വേഷമായിരുന്നു ആ കത്തി ജ്വലിയ്ക്കലിനു പിന്നിലെന്ന്, മനസ്സിലാക്കാൻ വിഷമമുണ്ടായിരുന്നില്ല. എങ്കിലും അവളുടെ ഓമനത്തമുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമോർമ്മിച്ച് ഞാൻ ഫോണിലൂടെ പറഞ്ഞു.

“വേണ്ടാ… നീ വരണ്ടാ… അവിടെ കുഞ്ഞുങ്ങളെ നോക്കാൻ ആളില്ലാതെയാവുമല്ലോ. അവരെ ഉപേക്ഷിച്ച് നീ വരണ്ട…”

മരണം ഒരു കോമാളിയെപ്പോലെ മുന്നിലെത്തി ചിരിച്ചു നിന്ന നാളുകളിലൊന്നിൽ ഞാൻ സന്തോഷിച്ചു. ഇതാ എന്‍റെ ജീവിത പുസ്തകത്തിന് പൂർണ്ണവിരാമമാകുന്നു.

എന്നാൽ ആ കോമാളി വീണ്ടും നിഴലുകൾക്കപ്പുറത്ത് മറഞ്ഞപ്പോൾ ഒരിക്കൽ കൂടി നഷ്ടബോധം എന്നെ അലട്ടി. അപ്പോൾ ഇരുൾമറയ്ക്കപ്പുറത്തു നിന്ന് ഹൃദയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കൊണ്ട് ആ ശബ്ദം ഒഴുകി വന്നു.

“പ്രൊഫ. മീരാ നാരായണൻ… യൂ ഹാവ് എ ഡോണർ… പക്ഷെ ആ വ്യക്‌തി ആരെന്ന് എനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ നിർവാഹമില്ല. കാരണം ആ വ്യക്‌തി സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നില്ല…” ഓപ്പറേഷൻ തീയേറ്ററിന്‍റെ ജാലക മറയ്ക്കപ്പുറത്തു നിന്ന് കുതിച്ചെത്തിയ വെളിച്ചം തലച്ചോറിനെ ഉദ്ദീപിപ്പിച്ചപ്പോൾ ഞാൻ കണ്ടു. കൈയ്യിൽ സ്റ്റെതസ്ക്കോപ്പുമായി പുഞ്ചിരി തൂകി നിൽക്കുന്ന ഡോക്ടർ.

ഡോക്ടറുടെ വാക്കുകൾ കേട്ട ഞാൻ അസ്തപ്രജ്ഞയായ് കിടന്നു. പിന്നെ ഓപ്പറേഷൻ തീയറ്ററിന്‍റെ വാതിലുകൾക്കപ്പുറത്ത് ആ മുഖം തേടിയലയുമ്പോൾ മനസ്സ് നൊമ്പരം കൊണ്ടു.

(തുടരും)

ആൾമാറാട്ടം

തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരാളുടെ കൂടെ ജീവിതം പങ്കിടാൻ തീരുമാനിച്ചത് വലിയ ധീരതയായി ലതികയ്‌ക്ക് തോന്നിയിരുന്നില്ല. അയാൾ മരിക്കുന്നതു വരെ.

തന്‍റെ ആർത്തവദിനത്തിലാണ് അയാൾ ചോരവാർന്ന് റോഡിൽ കിടന്ന് മരിച്ചത്. ഒരു വാഹനാപകടം. ലതികയുടെ സ്വപ്‌നത്തെ കൊന്നു കളഞ്ഞു!

അതൊരു കൊലപാതകമായിരുന്നെന്ന് ലതികയ്‌ക്ക് മനസ്സിലായത് വളരെ കഴിഞ്ഞാണ്. ബോഡിയിൽ നിന്ന് കിട്ടിയ മൊബൈലും ക്രെഡിറ്റ് കാർഡും ചോര പടർന്ന പേഴ്‌സിലെ തന്‍റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും പോലീസുകാർ തിരിച്ചേൽപ്പിക്കുമ്പോൾ ഭൂമിയിൽ ഒറ്റയ്‌ക്കായിപ്പോയ നിസ്സഹായതയായിരുന്നു അവൾക്ക്.

ക്ലോക്ക് നിലച്ച അതേ രാത്രിയിലാണ് അയാളുടെ മൊബൈൽ കരഞ്ഞത്. ഒരു ശോകഗാനമായിരുന്നു കൊല്ലപ്പെട്ടവന്‍റെ റിംഗ്‌ടോൺ. മടിച്ചു മടിച്ചാണ് ലതിക ഫോണെടുത്തത്.

“ഹലോ… ദിനകരനില്ലേ…”

ഒരു പൊട്ടിക്കരച്ചിലോടെ ലതിക ഫോൺ കട്ട് ചെയ്‌തു. ദിവസങ്ങൾക്കു ശേഷം ആ നമ്പറിൽ നിന്നുള്ള കോളുകൾ രാത്രികാലങ്ങളിൽ പതിവായി ലതികയെ തേടിയെത്തി. വിളിക്കുന്ന ആളുടെ സൂക്കേട് മനസ്സിലായിട്ടോ മറ്റോ പിന്നെ ഒരിക്കലും ലതിക ആ കോൾ അറ്റന്‍റ് ചെയ്‌തിട്ടില്ല. ഒരു പകൽ ഒരാൾ അവളെ തിരഞ്ഞു വന്നു.

“ദിനകരന്‍റെ ഭാര്യയല്ലേ…”

“അതെ.”

“ഞാൻ ദിനകരന്‍റെ സുഹൃത്താണ്.”

“ഇരിക്കൂ…”

“ഇല്ല. എനിക്കൊരു കാര്യം പറയാനുണ്ട്. അതിനുവേണ്ടി മാത്രമാണ് ഞാൻ ഇത്രയും ദൂരം വന്നത്.” ലതിക അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“എന്‍റെ ജീവിതം തിരിച്ചു തന്നത് ദിനകരനാണ്. എന്നെ കൊല്ലാൻ വന്നവർ ആള് മാറിയാണ് ദിനകരനെ…”

ലതിക കരഞ്ഞില്ല. അയാൾ പറഞ്ഞത് ലതികയോട് ചെറുപ്പക്കാരനായ പോലീസുകാരനും സംശയം പറഞ്ഞിരുന്നു. അയാൾ പോകാൻ ഒരുങ്ങിയപ്പോൾ അവൾ ചോദിച്ചു.

“ആരാണ് അത് ചെയ്‌തത്…”

“അത്… നിങ്ങൾക്കറിഞ്ഞിട്ടെന്തിനാണ്. അവരെ ആർക്കും തൊടാനാവില്ല. ഞാൻ തന്നെ ഇപ്പോൾ വേഷം മാറി നടക്കുകയാണ്.” അയാൾ ശബ്‌ദമിടറിക്കൊണ്ടു പറഞ്ഞു.

“അല്ല, എനിക്കറിയണം” ലതിക ഉറച്ച ശബ്‌ദത്തിൽ പറഞ്ഞപ്പോൾ അയാൾ രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു “അവരോടൊന്നും നമുക്ക് ഏറ്റുമുട്ടാനാവില്ല.” അയാൾ ധൃതിയിൽ നടന്നുപോയി.

ലതിക അയാൾ പോകുന്നത് നോക്കി നിന്നു. ദിനകരന്‍റെ ആത്മാവ് പേറി നടക്കുന്നവൻ! അയാൾ വീട്ടിലേയ്‌ക്ക് കയറി വന്നപ്പോൾ മുതൽ അവിടൊക്കെ ദിനകരന്‍റെ വിയർപ്പിന്‍റെ മണം. നിലാവുദിച്ചിട്ടും അത് പോകുന്നില്ല.

അകാലത്തിൽ പൊലിഞ്ഞു പോകുന്നവർ ഗന്ധങ്ങളായി ഇഷ്‌ടപ്പെട്ടവരുടെ അടുക്കൽ വരുമെന്ന് മുത്തശ്ശി പണ്ട് പറഞ്ഞത് ലതിക ഓർത്തു.

ഇതുപോലെ നിലാവുള്ള രാത്രികളിൽ ദിനകരനോടൊപ്പം വരാന്തയിൽ ഇരുന്ന ഭാവി സ്വപ്‌നം കണ്ടിരുന്നുവല്ലോ. ഇതോർത്ത് കരയാൻ തുടങ്ങിയപ്പോഴാണ് വാതിൽ കുറ്റിയിട്ടിട്ടുണ്ടാവുമോ എന്ന് ലതികയ്‌ക്ക് സംശയം തോന്നിയത്. ഓടിച്ചെന്ന് അത് ഉറപ്പുവരുത്തി, കുറ്റിയിട്ടിട്ടുണ്ട്! തനിച്ചാകുമ്പോൾ മനുഷ്യനെ പേടി ഇങ്ങനെ പിടികൂടുമോ? അന്ന് ഉറങ്ങുന്നതിനു മുമ്പേ അവൾ ഒരു ധൈര്യത്തിന് ദിനകരന്‍റെ ഷർട്ട് അണിഞ്ഞു കിടന്നു.

പിന്നീട് ലതികയുടെ ഭയം ഒരുതരം മരവിപ്പായി. രാത്രി വാതിലിൽ ആരോ മുട്ടുന്നുണ്ടോ എന്ന ശങ്ക ഉറക്കത്തെ ഇടയ്‌ക്കിടയ്‌ക്ക് മുറിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഉറക്കം നഷ്‌ടപ്പെട്ടു തുടങ്ങിയതോടെ ലതിക താമസം മറ്റൊരു സ്‌ഥലത്തേയ്‌ക്ക് മാറ്റി. അതും വളരെ ദൂരെയൊ രിടത്തേയ്‌ക്ക്… ആ സ്‌ഥലത്തിനും പേര് കേരളമെന്നായിരുന്നു!

അവിടെയും തട്ടലും മുട്ടലും ഇല്ലാതിരിക്കാൻ ലതിക ശ്രദ്ധിച്ചു. അവൾ അത്യാവശ്യത്തിനല്ലാതെ പുറത്തു പോകാതെയായി. വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്‌തു. പിന്നെ മനസ്സിനെ സ്വയം ധൈര്യപ്പെടുത്താനായി താൻ സംഘടിപ്പിച്ച ഒരു പോലീസുകാരന്‍റെ യൂണിഫോം നിത്യവും മുറ്റത്തെ അയയിൽ അലക്കി ഉണക്കാനിട്ടു. ഈ ഭൂമിയിൽ ആൺതുണയില്ലാതെ അവൾക്കും ജീവിക്കണ്ടേ.

മാസങ്ങൾക്കു ശേഷം സൂപ്പർ മാർക്കറ്റിലെ പയ്യനാണ് ലതികയുടെ ഒറ്റയ്‌ക്കുള്ള വാസം മണത്തറിഞ്ഞത്. അവനത് പലരോടും അശ്ലീലം കലർന്ന എസ്‌എംഎസ് ആയി പങ്കു വയ്‌ക്കുകയും ചെയ്‌തിരുന്നു.

പിന്നെ പൗരപ്രമാണിമാർ അത് ചർച്ചയാക്കി. ലതിക അപ്പോഴും തന്‍റെ പ്രിയതമനെ വക വരുത്തിയവനെക്കുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്. ഒരു പച്ച ജീവനെ ഒരാൾക്ക് എങ്ങനെയാണ് കൈയറപ്പില്ലാതെ അവസാനിപ്പിക്കാൻ കഴിയുന്നത്. മനുഷ്യരെ മജ്‌ജയും മാംസവും സ്‌നേഹവും കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. പൊള്ളത്തരങ്ങൾ കൊണ്ടാണെന്ന്… ലതിക ഫിലോസഫിക്കലായി. അന്ന് രാത്രിയും ആരോ വാതിലിൽ മുട്ടുന്നുണ്ടെന്നും പുരുഷമോഹം ചൂളമടിയായി ജനാലയിലൂടെ അകത്തു വരുന്നുണ്ടെന്നും ലതിക ഭയപ്പെട്ടു.

തന്‍റെ ഭയം അസ്‌ഥാനത്തല്ലെന്ന് രാവിലെ വീടിന്‍റെ പിറകിൽ കണ്ട വലിയ പാദത്തിന്‍റെ അടയാളങ്ങൾ ലതികയെ താക്കീത് ചെയ്‌തു. വെയിലിന് ചൂടുപിടിച്ച് തുടങ്ങും മുമ്പേ ലതിക പോലീസ് കുപ്പായം ഉണക്കാനിട്ടിട്ട് വാതിലടച്ച് അടുക്കളയിൽ കയറി.

ഏറെക്കാലത്തിനു ശേഷം, അന്ന് ആ പഴയ കോൾ വീണ്ടും ലതികയെ അലോസരപ്പെടുത്തി. മുറ്റത്തെ പുരുഷഗന്ധം മണത്തറിഞ്ഞിട്ടെന്നോണം ലതിക ജനലിലൂടെ പുറത്തേക്ക് ഒളിച്ചു നോക്കി.

ചെറുപ്പക്കാരനായ പോലീസുകാരൻ മുറ്റത്ത് ഫോൺ ചെയ്‌തുകൊണ്ട് നിൽക്കുന്നു. അയാൾ കോളിംഗ് ബെല്ലിൽ വിരലമർത്തും മുമ്പേ അവൾ

വാതിൽ തുറന്നു.

ഒരു വഷളൻ ചിരിയുമായാണ് സുമുഖനായ ആ പോലീസുകാരൻ ലതികയെ നേരിട്ടത്.

“ഞാൻ പഴയ വീട്ടിൽ പോയിരുന്നു. പക്ഷേ എവിടേയ്‌ക്കാണ് താമസം മാറിയതെന്ന് ആർക്കും അറിയില്ലായിരുന്നു. നാട്ടുകാരുടെ ശല്യം സഹിക്കാനാവാതെ വീട് മാറിയതാണല്ലേ… ഒരു വലിയ കാര്യം അറിയിക്കാനുണ്ടായിരുന്നു. അതാ ഞാൻ…” ലതിക എന്തെങ്കിലും പറയുന്നതിനു മുമ്പേ അയാൾ കോലായിയിൽ കയറി ഇരുന്നു.

ഈ സമയത്തു തന്നെയാണ് സദാചാര കമ്മറ്റിക്കാരായ പൗരപ്രമുഖർ അവിടേയ്‌ക്ക്  തെളിവെടുപ്പിനായി എത്തിയത്. കോലായിയിൽ ഇരിക്കുന്ന പോലീസുകാരൻ ലതികയുടെ ഭർത്താവായിരിക്കുമെന്ന നിഗമനത്തിൽ കൂടുതൽ നാറേണ്ട എന്ന ഉദ്ദേശത്തോടെ അവർ വന്ന വഴിക്കു തന്നെ മടങ്ങി.

“ഭർത്താവിനെ കൊന്നവനെ എനിക്കറിയാം…” പോലീസുകാരൻ യാതൊരു അറപ്പുമില്ലാതെ ലതികയോട് പറഞ്ഞു.

ചങ്കു പറിയുന്ന വേദനയുണ്ടായെങ്കിലും അതാരാണെന്ന് അറിയാനുള്ള ആഗ്രഹം ഉള്ളിൽ ഉള്ളതുകൊണ്ട് ലതിക പോലീസുകാരന് ചെവി കൊടുത്തു.

“ബിൽഡർക്കു വേണ്ടിയാണ് ചെയ്‌തത്. കുടി ഒഴിഞ്ഞു പോകാത്തവനെ പിന്നെ വച്ചേക്കുമോ അവർ…” പോലീസുകാരന്‍റെ നോട്ടം ലതികയുടെ മാറിടത്തിൽ തന്നെ കൊണ്ടു.

“കൃത്യം ചെയ്‌തവനെയാണ് എനിക്കറിയേണ്ടത്” ലതിക പറഞ്ഞു.

“അത് ഉടുമ്പൻ എന്ന് പറയും. അവന് ജാതിയും മതവും ഒന്നുമില്ല. സിനിമയിലെ വില്ലന്മാരെപ്പോലെ കള്ളുകുടിയും പെണ്ണുപിടിയും ഇല്ല. അതുകൊണ്ട് ലക്ഷ്യവും പിഴയ്‌ക്കാറില്ല. ആള് മാറിയാലും ആള് കാലിയാവും.”

പോലീസുകാരന്‍റെ കണ്ണുകൾ ലതികയെ അളന്നു കൊണ്ടിരുന്നു.  പിന്നെ വരുന്നവരും പോകുന്നവരും ശ്രദ്ധിച്ചതു കൊണ്ടാവണം അയാൾ പോകാനൊരുങ്ങി. വീട് കണ്ടുപിടിച്ചതിനാൽ ഇനി ഇടയ്‌ക്കിടയ്‌ക്ക് വരാമല്ലോ എന്ന സന്തോഷവും അയാളെ അതിന് പ്രേരിപ്പിച്ചിരിക്കണം.

“ഞാൻ രാത്രിയിൽ വിളിക്കുമ്പോൾ ഫോണെടുക്കാതിരിക്കരുത്.” കാമം കലർന്ന മുഖഭാവത്തോടെ അയാൾ മുറ്റത്തേക്കിറങ്ങി. അയാൾ പോയപ്പോൾ മുട്ടനാടിന്‍റെ ചൂര് ഒഴിഞ്ഞു പോയതു പോലെ ലതികയ്‌ക്ക് തോന്നി.

വൈകുന്നേരം വീട്ടുടമസ്‌ഥ വന്ന് ഇനി എന്‍റെ വീട്ടിൽ താമസിക്കാൻ പറ്റില്ലെന്ന് കയർക്കുന്നതിനു മുമ്പ് തന്നെ ഇവിടം വിടണമെന്ന് ലതിക തീരുമാനിച്ചിരുന്നു. അതുകൊണ്ട് അവരോട് ലതികയ്‌ക്കും തർക്കിക്കേണ്ടി വന്നില്ല.

അടുത്ത ദിവസം തന്നെ അവൾ ലാപ്‌ടോപ്പും കൈയിലൊതുങ്ങുന്ന ലഗേജുമായി ഒരു അപരിചിത നഗരത്തിലേക്ക് ചേക്കേറി. അവിടെ വർക്കിംഗ് വിമൻസ് ഹോസ്‌റ്റലിൽ താമസമാക്കി. എന്നും രാവിലെ ലതിക ലാപ്‌ടോപ്പുമായി ഹോസ്‌റ്റലിൽ നിന്നും ഇറങ്ങും. എന്നിട്ട് പാർക്കിന്‍റെ മരത്തണലിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്‌തു. ഒരു ലാപ്‌ടോപ്പും നെറ്റ് കണക്ഷനുമുണ്ടെങ്കിൽ അധ്വാനിച്ചു ജീവിക്കാൻ പെണ്ണിന് ആരുടേയും ഔദാര്യം വേണ്ടല്ലോ. അതിൽ ലതിക അഭിമാനിച്ചിരുന്നു.

അന്നത്തിനു ജോലിയെടുക്കുമ്പോഴും കൊലപാതകിയെ കണ്ടു പരിചയപ്പെടണം എന്ന വന്യമായ ഒരാഗ്രഹം ലതിക കൂടെ കൊണ്ടു നടന്നിരുന്നു. ഒരു രാത്രി പോലീസുകാരന്‍റെ ഫോൺ ലതിക എടുക്കുക തന്നെ ചെയ്‌തു.

“ഹലോ ഞാൻ അയച്ച എസ്എംഎസ് കിട്ടിയിരുന്നില്ലേ?” അയാൾ ലോല ഹൃദയനായി.

“കിട്ടിയിരുന്നു സർ, ആയിരം ചുംബനങ്ങൾ എന്ന് തിരിച്ചയയ്‌ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.” ലതിക ഒച്ചവെച്ചു കൊണ്ടാണ് അയാളോട് സംസാരിച്ചത്.

“ഇങ്ങനെ വാ മോളേ… ഇങ്ങനെ ഒറ്റയടിക്കു മെരുങ്ങാത്ത പെണ്ണിനെയാണ് എനിക്കിഷ്‌ടം.” അയാളുടെ നിർത്താതെയുള്ള ചിരി മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തു കൊണ്ടാണ് ലതിക അവസാനിപ്പിച്ചത്.

ആണുങ്ങൾ ഇല്ലാത്ത വിചിത്രമായൊരു ലോകം സ്വപ്‌നം കണ്ടാണ് ലതിക അന്ന് ഉറങ്ങിയത്. ദിനകരൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും താൻ ആർക്കും കീഴടങ്ങാതെ ജീവിക്കുന്നതിന്‍റെ അഭിമാനം അവളുടെ രാത്രി നിദ്രകളെ സുഖമുള്ളതും സമാധാന പൂർണ്ണവും ആക്കിയിരുന്നു.

രാജ്യത്തിന്‍റെ സ്വാതന്ത്യ്രദിനാഘോഷത്തിന്‍റെ അന്ന് പാർക്കിലിരുന്ന് ജോലി ചെയ്യുമ്പോഴാണ് അടുത്ത ബഞ്ചിൽ ഇരിക്കുന്ന രണ്ട് യുവാക്കളുടെ സംസാരം ലതികയുടെ ശ്രദ്ധയിൽപ്പെട്ടത്.

“എടാ അവിടെ ഇരിക്കുന്ന ആളെ നീയറിയുമോ?”

“ഇല്ല, അതാരാ…”

“അയാളാണെടാ ഉടുമ്പൻ.”

ലതിക കടല കൊറിച്ചു കൊണ്ടിരുന്ന യുവാക്കളുടെ അടുത്തെത്തി ചോദിച്ചു. “ഉടുമ്പനെ നിങ്ങൾ അറിയുമോ?”

ഒരു പെണ്ണ് വന്ന് ഇങ്ങനെ ബോൾഡായി ചോദിക്കുമെന്ന് യുവാവ് നിനച്ചിരുന്നില്ല. എങ്കിലും പെങ്ങളേ എന്ന് വിളിച്ചു കൊണ്ടവൻ പറഞ്ഞു. “നേരിട്ടറിയില്ല. വലിയ ക്വട്ടേഷൻ പാർട്ടിയാണെന്നറിയാം.”

“പൂന്തോട്ടത്തിലിരുന്ന് ആരുടേയോ തലയെടുക്കുന്ന കാര്യമാവും ചിന്തിക്കുന്നുണ്ടാവുക.”

യുവാവ് ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് ലതിക നടന്നു. അടുത്തെത്തിയപ്പോഴാണ് ലതിക അയാളുടെ മുഖം ശരിക്കും കണ്ടത്.

“ഒരു പാവം മനുഷ്യൻ!” ഉടുമ്പൻ കണ്ണടച്ച് ഇരിക്കുകയായിരുന്നു. അയാളുടെ ബഞ്ചിൽ തൊട്ടടുത്തായി ഇരുന്ന് ലതിക ചോദിച്ചു.“നിങ്ങൾക്ക് ഒരാളെ കൊല്ലാൻ എത്ര രൂപ വേണം.”

ഉടുമ്പൻ യാതൊരു ഞെട്ടലും കൂടാതെ കണ്ണ് തുറന്ന് ലതികയോട് ചിരിച്ചു.

“ആരെയാണ് കൊല്ലേണ്ടത്… ബലാത്സംഗം ചെയ്‌തവനേയോ, രാഷ്‌ട്രീയക്കാരനേയോ, മുൻ കാമുകനേയോ അതോ ഭർത്താവിനേയോ?”

അവസാനത്തെ വാക്ക് ലതികയെ ഒന്നു പൊള്ളിച്ചെങ്കിലും അവൾ പതറാതെ പറഞ്ഞു.

“ഇവരെയൊന്നുമല്ല ഒരു സ്‌ത്രീയെയാണ്.”

“ഭർത്താവിന്‍റെ കാമുകിയാണോ?” ഉടുമ്പൻ താല്‌പര്യപൂർവ്വം ലതികയുടെ കണ്ണുകളിലേക്ക് നോക്കി.

“അല്ല, ആളെ ഞാൻ കാണിച്ചു തരാം. പക്ഷേ എത്ര രൂപയാവും. ഞാനൊരു സമ്പന്നയല്ല.”

അപരിചിതയായ സ്‌ത്രീ ഇത്രയും കരുത്തോടെ തന്നോട് സംസാരിക്കുന്നു. ഉടുമ്പൻ താല്‌പര്യപൂർവ്വം ലതികയെ കേട്ടിരുന്നു.

ലതിക ലാപ്‌ടോപ് തുറന്ന് ഒരു കന്യാസ്‌ത്രീയുടെ പടം കാണിച്ചു കൊടുത്തു.

“നിങ്ങളുടെ അതേ കണ്ണുകളാണല്ലോ ഇവർക്ക്.”

ലതിക അതിനൊന്നും മറുപടി പറയാതെ ചോദിച്ചു, “എത്ര കാശ് തരണം?”

“നിങ്ങൾ തമാശ പറയുകയാണോ?” ഉടുമ്പൻ ആദ്യമായി ലതികയെ അവിശ്വാസത്തോടെ നോക്കി.

“അല്ല, എന്നെ വിശ്വസിക്കണം.”

അവരുടെ ഇടയിലേയ്‌ക്ക് കപ്പലണ്ടി വിൽക്കാൻ വന്ന പയ്യനെ സ്‌നേഹത്തോടെ ഒഴിവാക്കിയ ശേഷം ഉടുമ്പൻ പറഞ്ഞു. “കന്യാസ്‌ത്രീയായതുകൊണ്ട് കാശ് കുറച്ചു മതി.”

“എങ്കിൽ നമുക്ക് ഡീൽ ഉറപ്പിക്കാം.”

“അഡ്വാൻസ് മതി. ബാക്കി കൃത്യം കഴിഞ്ഞിട്ട്. അതാണ് പതിവ്.” ഉടുമ്പൻ ഒരു കാഡ്‌ബറീസ് മിഠായി എടുത്ത് വായിലിട്ടു.

ലതിക അയാൾ പറഞ്ഞ തുക എറ്റിഎം ൽ നിന്ന് എടുത്ത് കൊടുത്തു. ഒരു ദിവസം വിഡ്രോ ചെയ്യാവുന്നതിന്‍റെ മാക്‌സിമം തുക.

“ഇത് മുഴുവൻ തുകയും ഉണ്ടല്ലോ.”

“ഡീൽ കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ കാണില്ല.” നിഗൂഢമായൊരു ആഹ്ലാദം ലതികയുടെ ശരീരത്തിനു മൊത്തം അനുഭവപ്പെട്ടു.

“ആൾ എവിടെ ഉണ്ടാവും?” ഉടുമ്പന് കാശ് കിട്ടുന്നതിനേക്കാൾ ആഹ്ലാദം ആളെ വക വരുത്തുമ്പോഴാണെന്നു ലതികയ്‌ക്കു തോന്നി.

“അവർ രാവിലെ രാജേന്ദ്ര മൈതാനത്ത് നടക്കാനിറങ്ങും. നാളെ കഴിഞ്ഞ് മതി.”

ലതിക കന്യാസ്‌ത്രീയുടെ പടം ഉടുമ്പന് അവിടെ വച്ച് തന്നെ ഉണ്ടാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിലേക്കിട്ടു കൊടുത്തു. കൂടെ പാസ്‌വേഡും നല്‌കി.

“ആളെ ഒരിക്കൽ കണ്ടാൽ മതി. പിന്നെ ഞാൻ മറക്കില്ല. ചെറുപ്പം മുതലുള്ള ശീലമാണ്.” ഉടുമ്പൻ ഐഡിയും പാസ്‌വേഡും മൊബൈലിൽ ഫീഡ് ചെയ്‌തു.

ഇരുട്ടുന്നതിനു മുമ്പേ ലതിക ഹോസ്‌റ്റലിലേയ്‌ക്ക് പോകാൻ ധൃതി വച്ചു. യാത്രയ്‌ക്കിടയിൽ അവളോർത്തു. മെട്രോ നഗരങ്ങളിലെ പാർക്കുകളിലാണ് അനാശാസ്യ പ്രവർത്തനങ്ങളും ഗൂഢാലോചനകളും അധികവും നടക്കുന്നത്. എന്നിട്ടും നാം അതിനെ ഗാന്ധി പാർക്കെന്ന് വിളിക്കുന്നു!

പിറ്റേന്ന് അവൾ ജോലിക്ക് പോയില്ല. കാരണം അവൾക്കന്ന് കുറേ കാര്യങ്ങൾ ചെയ്‌ത് തീർക്കാനുണ്ടായിരുന്നു.

അവളന്ന് തന്‍റെ നല്ല വസ്‌ത്രങ്ങളെല്ലാം ഒരു സന്നദ്ധ സംഘടനയ്‌ക്ക് ദാനം ചെയ്‌തു. അനാഥമന്ദിരത്തിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം സ്‌പോൺസർ ചെയ്‌തു. അവരോടൊപ്പം ഇരുന്ന് വയറുനിറയെ ഊണ് കഴിച്ചു. ഹോസ്‌റ്റലിൽ തിരിച്ചെത്തി. അന്നേ ദിവസം ആണുങ്ങൾ തനിക്കയച്ച ഫേസ്‌ബുക്ക് റിക്വസ്‌റ്റിന്‍റെ കണക്കെടുത്ത ശേഷം സോഷ്യൽ നെറ്റ് വർക്കിന്‍റെ വാതിലടച്ചു.

ദിനകരന്‍റെ ഇഷ്‌ടദൈവത്തിന്‍റെ അരികിൽ പോയി പ്രാർത്ഥിച്ചു. ഇഷ്‌ട ഭക്ഷണമായ മസാലദോശ കഴിച്ചു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തിട്ട് രാത്രി സുഖമായി കിടന്നുറങ്ങി. ഭൂമിയിൽ പെണ്ണുങ്ങൾ മാത്രമുള്ള ഒരു ഭൂഖണ്ഡം സ്വപ്‌നം കാണുകയും ചെയ്‌തു.

പിറ്റേന്ന് എന്നത്തേക്കാളും നേരത്തേ, പുലർച്ചയ്‌ക്ക് എഴുന്നേറ്റ് കുളിച്ചു വൃത്തിയായി. മുൻകൂട്ടി തയ്‌പ്പിച്ചു വച്ച പുതുവസ്‌ത്രമണിഞ്ഞു. കണ്ണാടി നോക്കി. കന്യാസ്‌ത്രീ വേഷത്തിലും താൻ സുന്ദരി തന്നെ. ദിനകരനെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെ ആഹ്ലാദം അയവിറക്കിക്കൊണ്ട് കുരിശുമാലയണിഞ്ഞ് മുറിക്കു പുറത്തു കടന്നു. അപ്പോൾ മരങ്ങൾ മഞ്ഞിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.

വാർഡൻ ഉണരുന്നതിനു മുമ്പേ അവൾ ഗേറ്റ് കീപ്പറുടെ കണ്ണുവെട്ടിച്ച് രാജേന്ദ്ര മൈതാനിയിലേക്ക് പ്രഭാത സവാരിക്കിറങ്ങിപ്പുറപ്പെട്ടു.

അപൂർവ്വ സമ്മാനം

സുനയനയ്ക്ക് 5 വയസ്സുള്ളപ്പോൾ തുടങ്ങി താനൊരു സുന്ദരിക്കുട്ടിയാണെന്ന ബോധം ഉള്ളിൽ ഉറച്ചിരുന്നു. അച്‌ഛനും അമ്മയ്ക്കുമൊപ്പം എവിടെ പോയാലും പരിചയക്കാർ അവളെ കോരിയെടുത്ത് കൊഞ്ചിക്കുമായിരുന്നു.

“മോഹൻ, ഇവളൊരു സുന്ദരിക്കുട്ടിയാണല്ലോ,” ആളുകൾ അവളെ പ്രശംസകൾ കൊണ്ട് മൂടും.

സുനയനയെക്കുറിച്ചുള്ള പ്രശംസ കേട്ട് മാതാപിതാക്കൾ ഉള്ളാലെ സന്തോഷിച്ചിരുന്നു. മകളെ അണിയിച്ചൊരുക്കി കൊണ്ടു പോകാൻ അവർക്ക് ഉത്സാഹമായിരുന്നു. ഒറ്റമകളായതു കൊണ്ട് അവർ മകളെ വാത്സല്യം കൊണ്ട് മൂടി. സുനയനയും ഇതെല്ലാം ആസ്വദിച്ചു. അവളെന്ത് ചോദിച്ചാലും അച്‌ഛനുമ്മമയും ഉടൻ തന്നെയത് സാധിച്ചു കൊടുതിരുന്നു. മറ്റുള്ളവരെ ആകർഷിച്ച് തന്‍റെ ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള നല്ലൊരു ഉപകരണമാണ് തന്‍റെ സൗന്ദര്യമെന്ന ബോധം അവളുടെ മനസിൽ ചെറുപ്പം തൊട്ടെ രൂപപ്പെട്ടു. ഒരു പുഞ്ചിരി മാത്രം മതി ആളുകളുടെ മനം മയക്കാൻ. അവരുടെ മുഖത്തുണ്ടാകുന്ന കൗതുകം കണ്ട് സുനയന ഉള്ളിൽ കൗശല ബുദ്ധിയോടെ ചിരിക്കും.

സ്ക്കൂളിൽ പഠിക്കുമ്പോഴും സുനയനയ്‌ക്ക് ചുറ്റിലുമായി ആൺപിള്ളേരുടെ ഒരു വലിയ പട തന്നെയുണ്ടായിരുന്നു. അവളുടെ സ്ക്കൂൾ ബാഗ് ചുമക്കാൻ ധാരാളം പേർ മുന്നോട്ടു വന്നു. ചിലർ അവൾക്ക് വീട്ടിൽ നിന്നും കൊണ്ടു വരുന്ന സ്പെഷ്യൽ വിഭവങ്ങൾ നൽകി അവളുടെ ഇഷ്‌ടം പിടിച്ചു പറ്റാൻ അവർ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. ഇതുപോലെ അവളുടെ ഒരു കടാക്ഷത്തിനായി ഒരു പുഞ്ചിരിക്കായി അക്ഷമയോടെ അവൾക്ക് പിന്നാലെ നടക്കുന്ന ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. ഇതെല്ലാമറിഞ്ഞ് പുറമെ ഒന്നും അറിയാത്തമട്ടിൽ സുനയന ഉള്ളിൽ ആഹ്ലാദിച്ചിരുന്നു.

കോളേജിൽ എത്തിയതോടെ അവൾക്ക് ധാരാളം കൂട്ടുകാരികളെ കിട്ടി. ചിലർ അവൾക്ക് ഏററവും അടുപ്പമുള്ളവരായി. എല്ലാവരും തന്നെ എന്തെങ്കിലും കുസൃതികൾ ഒപ്പിക്കാൻ മിടുക്കികളായിരുന്നു. അവളുടെ ആ ഗാംഗിനെ നോട്ടി ഗേൾസ് എന്നാണ് മറ്റ് കുട്ടികൾ വിശേഷിപ്പിച്ചിരുന്നത്. പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ഇന്ന് ആരെ പറ്റിക്കണമെന്ന ആലോചനയിൽ അവൾ മുഴുകി. ഈ കളിയിൽ അവർ എല്ലാവരും സന്തോഷിച്ചു. ചിലപ്പോൾ ശബ്‌ദം മാറ്റി ഏതെങ്കിലും ആൺകുട്ടികളെ ഫോൺ ചെയ്‌തു. അവരെ ഏതെങ്കിലും ഹോട്ടലിലോ പാർക്കിലോ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വിഡ്‌ഢികളാക്കി. ഇതെല്ലാം മറഞ്ഞിരുന്ന് കണ്ട് സുനയനയും കൂട്ടരും പൊട്ടിച്ചിരിച്ചു.

ഒരു ദിവസം കോളേജിൽ സുന്ദരനായ ഒരു യുവാവെത്തി. മറ്റേതോ കോളേജിൽ നിന്നും ടിസി വാങ്ങി എത്തിയതായിരുന്നു. അവൻ കോളേജ് കാമ്പസിൽ കാലുകുത്തിയതോടെ കോളേജിലാകെ ബഹളമായി. പെൺകുട്ടികൾക്കിടയിൽ മൊത്തത്തിൽ ഒരു ഉത്സാഹം നിറഞ്ഞു. അവൻ ഇടനാഴയിലൂടെ കടന്നു പോകുമ്പോഴൊക്കെ അവർ അവനെ ഒളികണ്ണിട്ടു നോക്കി. ചിലർ അവന്‍റെ സൗന്ദര്യത്തെപ്പറ്റി അടക്കം പറഞ്ഞു. അവന്‍റെ ഒരു കടാക്ഷത്തിനു വേണ്ടി സുന്ദരികളായ പെൺകുട്ടികൾ ആകാംക്ഷയോടെ കാത്തു നിന്നു. അവൻ പോകുന്ന വഴികളിൽ അവർ പ്രതീക്ഷയോടെ നിന്നു. എല്ലാവരും അവനെ പരിചയപ്പെടാൻ കൊതിച്ചു. സുനയനയ്‌ക്കും അവനെ ഇഷ്ടമായി. കോളേജ് ബ്യൂട്ടിയായ അവൾ അവനെ രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു.

അവന്‍റെ പേര് രോഹൻ ദിവാകർ എന്നായിരുന്നു. നഗരത്തിലെ ടെക്സ്റ്റൈൽ വ്യവസായിയായ ദിവാകരന്‍റെ മകനായിരുന്നു രോഹൻ. സ്വന്തം പജേറോ കാറിലായിരുന്നു അവൻ കോളേജിൽ എത്തിയിരുന്നത്. ബ്രാൻഡഡ് ഷർട്ടും പാന്‍റുമണിഞ്ഞ് കോളേജിൽ വിലസി നടന്നിരുന്ന അവനെ ആൺകുട്ടികൾ തെല്ലൊരു അസ്വസ്ഥതയോടെയാണ് നോക്കിയിരുന്നത്.

പഠിത്ത കാര്യത്തിൽ അവൻ ശരാശരിക്കുമേലായിരുന്നു. ക്ലാസ് കട്ട് ചെയ്‌ത് കാൻറീനിലോ കാമ്പസ് മരച്ചുവട്ടിലോ പോയിരുന്ന് കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കലായിരുന്നു അവന്‍റെ പ്രധാന വിനോദം. സുനയന അവനെ ഗൂഢമായി പ്രണയിച്ചു. എന്നാൽ കൂട്ടുകാർക്ക് മുന്നിൽ അതൊന്നും പുറത്തു കാട്ടാതെ അവനോട് താൽപര്യമില്ലാത്ത മട്ടിൽ അവൾ പെരുമാറി കൊണ്ടിരുന്നു.

കോളേജ് ബ്യൂട്ടിയായ തന്‍റെ സൗന്ദര്യത്തെപ്പോലും അവൻ ശ്രദ്ധിക്കുന്നില്ലല്ലോ എന്നോർത്തവൾ നിരാശ പൂണ്ടു. പക്ഷേ എന്തൊക്കെ വന്നാലും താൻ ഒരിക്കലും തുടക്കമിടില്ലെന്ന് അവൾ മനസിലുറപ്പിച്ചു. രോഹൻ പണത്തിന്‍റെ ഹുങ്കാണ് കാട്ടിയിരുന്നതെങ്കിൽ സുനയന സ്വന്തം സൗന്ദര്യത്തിന്‍റെ പേരിലാണ് ആഹ്ലാദിച്ചിരുന്നത്.

ഒരിക്കൽ കോളേജിൽ ഒരു ഫാഷൻ ഷോ സംഘടിപ്പിക്കുകയുണ്ടായി. ഫാഷൻ ഷോയിൽ സുനയനയും അവളുടെ കൂട്ടുകാരികളും പങ്കെടുത്തു. സുനയന ഏറ്റവും അവസാനമാണ് സ്റ്റേജിൽ കയറിയത്. തിളക്കമാർന്ന സർദോസി ഗാഗ്ര ചോളിയായിരുന്നു അവളുടെ വേഷം. നെറ്റിയിൽ അണിഞ്ഞ വലിയ നെറ്റിച്ചുട്ടി അവളെ കൂടുതൽ സുന്ദരിയാക്കി.

സ്റ്റേജിൽ മന്ദംമന്ദം നടന്നു വരുന്ന സുനയനയെ നോക്കി ആൺകുട്ടികൾ വിസിലടിച്ചു. ഹാളിൽ കരഘോഷം മുഴങ്ങി. സ്റ്റേജിൽ അരക്കെട്ട് ഇളക്കി കൊണ്ട് മന്ദം മന്ദമായുള്ള നടപ്പിനിടെ കൂട്ടുകാർക്കിടയിൽ ഇരിക്കുന്ന രോഹനെ അവൾ ഒളികണ്ണിട്ടു നോക്കി. രോഹനും ഈ സമയം അവളെ സൂക്ഷിച്ചു നോക്കുകയായിരുന്നു. സുനയനയുടെ നെഞ്ച് സന്തോഷം കൊണ്ട് മിടിച്ചു. അവസാനം ഒട്ടകം പർവ്വതത്തിന് താഴെ വന്നു എന്നോർത്തവൾ മനസിൽ പുഞ്ചിരിച്ചു.

പരിപാടി അവസാനിച്ചു. വസ്ത്രമെല്ലാം മാറ്റി ഗ്രീൻ റൂമിൽ നിന്നും പുറത്ത് വന്ന സുനയനെ നോക്കി രോഹൻ ആദ്യമായി പുഞ്ചിരിച്ചു.

“കൺഗ്രാറ്റ്സ്” രോഹൻ വളരെ സൗമ്യതയോടെ പറഞ്ഞു.

“നീ നന്നായി മോഡൽ ചെയ്‌തു. എന്‍റെ അച്‌ഛന് ടെക്സ്സ്റ്റൈൽ ബിസിനസാണ് ഞങ്ങളുടെ മില്ലിൽ തയ്യാറാക്കുന്ന സാരിക്കുവേണ്ടി മോഡൽ ചെയ്യാൻ നീ തയ്യാറാണോ? ഞാൻ അച്‌ഛനുമായി സംസാരിക്കാം. നീ ചോദിക്കുന്ന പ്രതിഫലം തരാം.”

രോഹന്‍റെ അഹങ്കാരം നിറഞ്ഞ ചോദ്യത്തെ അവൾ മന്ദഹാസത്തോടെ എതിരിട്ടു. അഹങ്കാരത്തിന്‍റെ കൊമ്പൊടിച്ച് അവൻ ഇനിയും താഴെ വരട്ടെയെന്ന് അവൾ ഉള്ളാലെ പ്രതീക്ഷിച്ചു.

അങ്ങനെ പതിയെ അവർക്കിടയിൽ സൗഹൃദം തളിർക്കാൻ തുടങ്ങി. രോഹന്‍റെ ഉയർന്ന ജീവിത സാഹചര്യം അവളെ വല്ലാതെ ആകർഷിച്ചു. അവൾ അവനൊപ്പം വിലയേറിയ ആഡംബര കാറുകളിൽ സഞ്ചരിച്ചു. ഫൈവ് സ്‌റ്റാർ ഹോട്ടലുകളിൽ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഓരോ ദിവസവും ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടി അവർ ഓരോരോ പരിപാടികൾ തയ്യാറാക്കി. ചിലപ്പോൾ അവർ തീയറ്ററിൽ പോയി പുതിയ പടങ്ങൾ കണ്ടു. എല്ലാ ശനിയാഴ്ചയും അവർ പാർക്കിൽ പോയി മണിക്കൂറുകളോളം സംസാരിച്ചു.

ദിവസങ്ങൾ കടന്നുപോയി. പരീക്ഷ കഴിഞ്ഞ് കോളേജ് അടച്ചു. സുനയനയുടെ പല കൂട്ടുകാരികളുടെയും കല്യാണം കഴിഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ആ ഗാങിൽ സുനയന മാത്രം അവശേഷിച്ചു. കല്യാണം നടക്കും വരെയുള്ള സമയം ചെലവഴിക്കാനായി അവൾ ജോലി ചെയ്യാൻ നിർബന്ധിതയായി. മറൈൻഡ്രൈവിലുള്ള ഒരു ഹോട്ടലിൽ റിസപ്ഷനിസ്‌റ്റായി ജോലിയിൽ പ്രവേശിച്ചു.

“മോളെ ഇനി വൈകിക്കൂടാ” അമ്മ എപ്പോഴും സങ്കടപ്പെട്ടു കൊണ്ടിരുന്നു. നിനക്ക് 23 വയസാകാറായി. രോഹനെ വിശ്വസിച്ച് ഇരിക്കാനാണോ നിന്‍റെ പ്ലാൻ? അവൻ നല്ല പയ്യൻ തന്നെയാ. അവനെക്കാളിലും മികച്ച ഒരു പയ്യനെ കണ്ടെത്തുക പ്രയാസം തന്നെയാ. പക്ഷേ നീ എപ്പോഴെങ്കിലും അവനെ ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടോ? അവന്‍റെ മനസിലെന്താണെന്ന് ആർക്കറിയാം? നിന്‍റെ പ്രായം കൂടിവരികയാണ്. വൈകുതോറുംനല്ല ആലോചനകൾ കിട്ടാൻ ബുദ്ധിമുട്ടാകും.”

“ഞങ്ങൾ നിന്‍റെ നല്ലതിനുവേണ്ടിയാ പറയുന്നത്” സുനയനയുടെ അച്‌ഛനും പറഞ്ഞു.

സുനയനയുടെ ജന്മദിനമായിരുന്നു. ആഘോഷിക്കാനായി രോഹൻ ആവളേയും കൂട്ടി ഫൈവ്സ്റ്റാർ റസ്റ്റോറന്‍റിൽ പോയി. ഭക്ഷണം കഴിച്ചു. ഒപ്പം നല്ലൊരു ഡിസൈനർ സാരിയും സമ്മാനിച്ചു. പിരിയാൻ നേരം സുനയന പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

“ഈ ട്രീറ്റിന് ഒരുപാട് നന്ദി. ഞാൻ ഇത് എന്നും ഓർമ്മിക്കും.”

“നിന്‍റെ അടുത്ത ജന്മദിനം ഇതിലും ഗംഭീരമായിട്ട് നമുക്ക് ആഘോഷിക്കണം.”

“അടുത്ത വർഷം നമ്മൾ എവിടെയായിരിക്കുമെന്ന് ആർക്കറിയാം” അവൾ നിരാശ മട്ടിൽ പറഞ്ഞു.

“എന്താ” രോഹൻ അതിശയഭാവത്തിൽ സുനയനയെ നോക്കി“ നീ എവിടെയെങ്കിലും പോകുന്നുണ്ടോ?”

“ഉടൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അച്‌ഛനും അമ്മയും എന്നെ നിർബന്ധിക്കുകയാണ്.”

“നിന്‍റെ ആഗ്രഹം എന്താണ്?”

“രോഹൻ നിനക്കെന്‍റെ മനസ് അറിയാമല്ലോ. പിന്നെ എന്തിനാ ഈ ചോദ്യം കഴിഞ്ഞ 4 വർഷമായി നമ്മൾ നല്ല അടുപ്പത്തിലാണ്. ഇക്കാര്യം നമ്മുടെ എല്ലാ കൂട്ടുകാർക്കും അറിയാം. നീ ഇല്ലാതെ എനിക്ക് പറ്റില്ല രോഹൻ.” സുനയന നിസഹായതയോടെ പറഞ്ഞു.

“എനിക്കറിയാം.” രോഹൻ അവളുടെ കൈ മൃദുവായി തടവി കൊണ്ട് ചുംബിച്ചു. “ഞാനും നിന്‍റെ വലിയ ഫാനാ. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും.”

“പക്ഷേ ഈ പ്രണയത്തിന് ഒരുഫലം വേണ്ടേ?”

“എന്നുവച്ചാൽ”

“നമുക്ക് എന്നും ഇങ്ങനെ പ്രണയിച്ചു കൊണ്ടിരുന്നാൽ മതിയോ? വിവാഹം കഴിക്കേണ്ടേ?”

“ഛെ, വിവാഹമെന്നത് ആനക്കാര്യമാണോ. എന്‍റെ അഭിപ്രായമനുസരിച്ച് പ്രണയിക്കുന്നവർക്ക് ഒരിക്കലും വിവാഹം കഴിക്കാനാവില്ലായെന്നാണ്. എന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും കാര്യമെടുക്കാം. അവർ പ്രണയവിവാഹിതരായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ… ഒരു വീട്ടിൽ രണ്ട് അപരിചിതരെപ്പോലെ കഴിയുന്നു. അവർ തമ്മിൽ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. രണ്ട് പേർക്കും രണ്ട് വഴി. എനിക്ക് അതു കൊണ്ട് വിവാഹമെന്ന പ്രസ്‌ഥാനത്തോട് ഒട്ടും വിശ്വാസമില്ല. ഓൾഡ് ഫാഷനാണത്.”

“ഇഷ്‌ടപ്പെട്ടവർ ഒന്നിച്ച് താമസിക്കുന്നതിൽ തെറ്റില്ല. അതിനെ വിവാഹത്തിൽ തളച്ചിടാൻ താൽപര്യമില്ല. പരസപരം മടുക്കുമ്പോൾ വേർപിരിയുക… സിംപിൾ” രോഹൻ പറഞ്ഞു.

“കുട്ടികൾ ഉണ്ടായാലോ?”

“അത് വേറെകാര്യം. കുട്ടികൾക്കു വേണ്ടി വിവാഹം ചെയ്യേണ്ടി വരും.”

സുനയന ആകെ ആശയക്കുഴപ്പത്തിലായി. തലയിൽ ഭാരമേറുന്നതുപോലെ.

“നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് രണ്ടുപേർക്കും നാളെ തന്നെ ഒരുമിച്ച് താമസിക്കാം. എനിക്ക് സ്വന്തമായി ഒരു ഫളാറ്റുണ്ട്. നമുക്കവിടെ താമസിക്കാം.”

“വേണ്ട” സുനയന പെട്ടെന്ന് മറുപടി പറഞ്ഞു.

“എന്‍റെ അച്‌ഛനും അമ്മയും പഴയ ആൾക്കാരാ, അവർ ഒരിക്കലും സമ്മതിക്കില്ല.”

“എങ്കിൽ ഒരു ചോയിസേ ഉള്ളൂ.”

“എന്താ അത്?”

നമുക്ക് ഒന്ന് രണ്ട് വർഷത്തേക്ക് കോൺട്രാക്‌റ്റ് മാരേജ് ചെയ്‌താലോ. അതിനു ശേഷം നമ്മുടെ ബന്ധം നല്ല രീതിയിലാണെങ്കിൽ കോൺട്രാക്റ്റ് നീട്ടാം ഇല്ലെങ്കിൽ വേർപിരിയാം.”

“വേണ്ട സുനയനയുടെ കണ്ണുകൾ നിറഞ്ഞു.

“എനിക്കത് ഇഷ്‌ടമല്ല. അങ്ങനെയായാൽ ഒരു കാൾഗേളും ഞാനും തമ്മിൽ എന്ത് വ്യത്യാസമാ. ഇന്ന് ഒരാൾക്കൊപ്പം നാളെ മറ്റൊരാൾക്കൊപ്പം.”

സുനയനയുടെ ഹൃദയം പിടഞ്ഞു നുറുങ്ങി. അവൾ ഏറെ പ്രതീക്ഷയോടെയാണ് രോഹനെ കാണാൻ വന്നത്. പക്ഷേ അത് വലിയൊരു വേദനയായി അവളുടെ മനസിനെ കാർന്നു തിന്നു.

കാറിൽ മടങ്ങുമ്പോൾ ഏറെ നേരം നിശ്ശബ്ദയായിരുന്ന സുനയന പറഞ്ഞു “രോഹൻ നിന്‍റെ കാഴ്ചപ്പാടിനോട് യോജിക്കാൻ എനിക്കാവില്ല. നിനക്കെന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ല. നിന്‍റെ തീരുമാനത്തിനോട് യോജിക്കാൻ എനിക്കാവില്ല . ഇനി നമ്മൾ എന്ത് ചെയ്യും?

രോഹൻ അവളെ ചേർത്തു പിടിച്ചു“ നീ വിഷമിക്കണ്ട. നിനക്കെന്നെ വിശ്വാസമില്ലേ? നമ്മൾ എത്രമാത്രം അടുത്തു. നമ്മൾ ഇങ്ങനെയങ്ങ് പോകുന്നതാ നല്ലത്.”

“രോഹൻ, നിനക്കത് ഈസിയായി പറയാം. പക്ഷേ എനിക്ക് വിവാഹപ്രായമെത്തിയെന്ന കാര്യം മറക്കരുത്. നിനക്ക് നഷ്‌ടപ്പെടാൻ എന്താണ് ഉള്ളത്. ഇതൊക്കെ നിനക്ക് നിസാരമല്ലേ. പക്ഷേ ഞങ്ങൾ സ്ത്രീകൾക്ക് അതത്ര ഈസിയല്ല. പേരുദോഷം കിട്ടാൻ അധിക സമയം വേണ്ടി വരില്ല.”

അന്ന് രാത്രി മുഴുവനും സുനയന കരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് സ്വന്തം ഭാവി ഇരുട്ടിലായതു പോലെ തോന്നി. താൻ ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു പോയതു പോലെ ……. അയാൾക്കൊപ്പമുള്ള ഒരു കുടുംബജീവിതമായിരുന്നു അവളുടെ മനസിൽ മുഴുവനും. പക്ഷേ ഒരൊറ്റവെട്ടിൽ അയാൾ ആ സ്വപ്നം തകർത്ത് ഛിന്നഭിന്നമാക്കി. ഇനിയെന്ത് ചെയ്യും?

രാവിലെ അമ്മ പതിവുപോലെ വിവാഹകാര്യം എടുത്തിട്ടു. സുനയനയുടെ കരഞ്ഞുവീർത്ത മുഖം കണ്ട് അമ്മ കാര്യം ഊഹിച്ചെടുത്തു, മൗനം പാലിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് രോഹന്‍റെ ഫോൺ വന്നു, “നാളെ എന്തെങ്കിലും പരിപാടിയുണ്ടോ? ഞാൻ ബിസിനസ് സംബന്ധിച്ച് ദുബായിൽ പോവുകയാണ്. അതിനു മുമ്പ് നിന്നെ കാണനൊരു ആഗ്രഹം.”

“നാളെ ഞാൻ ഫ്രീയല്ല. എനിക്ക് ഡ്യൂട്ടിക്ക് പോകണം.”

“മൂന്നാഴ്ചത്തേക്ക് പോവുകയാ. ഇത്രയും ദിവസം നിന്നെ കാണാതെ ഞാനെങ്ങനെ ഇരിക്കും?”

സുനയനയുടെ മനസ്സലിഞ്ഞുവെങ്കിലും പെട്ടെന്നവൾ സ്വയം നിയന്ത്രിച്ചു.

“നിന്‍റെ ഡ്യൂട്ടി എപ്പോഴാ അവസാനിക്കുക?”

“രാത്രി 2 മണിക്ക്”

സുനയന നോ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ രോഹൻ പറഞ്ഞു.

“ശരിയാണ് ഞാൻ നിന്നെ വിളിക്കാൻ വരാം. പുറത്ത് ഞാൻ കാത്തു നിൽപ്പുണ്ടാകും.” സുനയന ഒന്നും പറയാതെ ഒരു നിമിഷം പകച്ചു നിന്നു.

“അങ്ങനെയൊന്നുമില്ല” സുനയന വ്യക്‌തിമാക്കി. “ഇന്ന് വല്ലാത്ത ക്ഷീണം. എനിക്ക് വീട്ടിലെത്തണം. ”

“നമുക്കിന്ന് കുറച്ച് നേരം എന്‍റെ ഫളാറ്റിൽ സ്പെൻഡ് ചെയ്യാം.”

ഫളാറ്റിലെത്തിയ രോഹൻ സോഫയിലേക്ക് വീണു, എന്നിട്ട് സുനയനയെ പിടിച്ച് വലിച്ച് മടിയിൽ ഇരുത്തി. അയാൾ അവളെ ഇറുകെ പുണർന്നു.

“നിനക്ക് സമ്മതമാണെങ്കിൽ ഇത് നമ്മുടെ വീടാക്കാം. ലവ് നെസ്റ്റ്, നമുക്കിവിടെ ഒരു ആൺപ്രാവായും പെൺപ്രാവായും ജീവിക്കാം.”

സുനയന അയാളുടെ കയ്യിൽ നിന്നും സ്വയം മോചിതയാകാൻ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും രോഹൻ അവളെ ഇറുകെ പുണരാൻ തുടങ്ങി.

“നിനക്ക് എന്‍റെയൊപ്പം ദുബായിൽ വന്നുകൂടെ…. അവിടെ നമുക്ക് ഹണിമൂൺ ആഘോഷിക്കാം.”

“വിവാഹം കഴിക്കാതെ ഹണിമൂണോ?”

“വീണ്ടും… വിവാഹം… നിനക്ക് ആ വിചാരമേയുള്ളോ? ഞാനത് കേട്ട് മടുത്തു.”

“രോഹൻ നിന്നോട് ഞാൻ കാര്യങ്ങൾ പറഞ്ഞതാണല്ലോ. ഞാനൊരു മിഡിൽ ക്ലാസ് കുടുംബത്തിലെ പെൺകുട്ടിയാണ്. എനിക്ക് എന്‍റേതായ ചില കാഴ്ചപ്പാടുകളുണ്ട്. ആ കാഴ്ചപ്പാടിൽ നിന്നും വിട്ട് ഞാനൊന്നും ചെയ്യില്ല.”

“ഓഹോ… അപ്പോൾ നിനക്ക് എന്നേക്കാൾ മറ്റുള്ളവരെയാ ഇഷ്‌ടം അല്ലേ.”

“അത് നിന്‍റെ തെറ്റിദ്ധാരണയാണ്. നിനക്കറിയാം…. ഞാൻ നിന്നെ എന്‍റെ ജീവനായി കണ്ടാണ് സ്നേഹിച്ചത്.”

“സത്യമാണോ?”

“പറഞ്ഞല്ലോ. ഞാനെങ്ങനെ നിന്നെ വിശ്വസിപ്പിക്കും. വേണമെങ്കിൽ ഞാൻ എന്‍റെ ഹൃദയം തുറന്ന് കാണിക്കാം. അതുമല്ലെങ്കിൽ ഇത്രയും ഉയരത്തിലുള്ള നിന്‍റെ ഫളാറ്റിൽ നിന്ന് താഴേക്ക് ചാടാം.”

“നോ… നീ ജീവൻ വെടിഞ്ഞാൽ പിന്നെ ഞാനെന്ത് ചെയ്യും?”

“നീ എന്‍റെ ശരീരത്തെയല്ലേ ആഗ്രഹിക്കുന്നത്? ഇന്ന് നിന്‍റെ ആഗ്രഹം സാധിച്ചു തരാം.”

“അയ്യോ…” രോഹൻ കുടിലമായ ചിരിചിരിച്ചു.

“ഒരു സ്ത്രീയുടെ ത്യാഗമാണത്. അവളുടെ വിശുദ്ധിയാണ് അവളുടെ ഏറ്റവും വലിയ സ്വത്ത്. വിവാഹശേഷം അവളത് സ്വന്തം ഭർത്താവിന് സമർപ്പിക്കുകയാണ് ചെയ്യുന്നത്. അത് വിവാഹിതരായ രണ്ട് പേർക്കിടയിലെ പ്രണയമാണ്. പക്ഷേ ഇന്ന് ഞാൻ എന്‍റെ ആദർശങ്ങളെ മറക്കുകയാണ് ഒരു താലിപോലുമില്ലാതെ ഞാൻ നിനക്ക് കീഴടങ്ങാം.”

സുനയനയുടെ ഭാവമാറ്റം കണ്ട് രോഹൻ ഒരു നിമിഷം പകച്ചു നിന്നു.

“സുനയന നീ എന്താണ് പറയുന്നത്?”

“എന്‍റെ തീരുമാനമാണിത്. വാ, ബെഡ്റൂം എവിടെയാണ്?” എന്നു പറഞ്ഞു കൊണ്ട് സുനയന എഴുന്നേറ്റു നിന്നു അയാളുടെ കൈപിടിച്ചു.

“സുനയന ഞാൻ പറയുന്നത് കേൾക്കൂ. ഞാൻ സെക്‌സിനു വേണ്ടി കൊതിച്ച നടക്കുന്ന ആളല്ല. അക്കാര്യത്തിന് ഞാനൊന്ന് വിരൽ ഞൊടിച്ചാൽ മതി ധാരാളം പേരെ കിട്ടും. പക്ഷേ നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യണം.”

“എന്താണ് ചെയ്യേണ്ടത്?” സുനയന നിസ്സംഗതയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“പറയുന്നത് ചെയ്യാമോ?”

“പറഞ്ഞ് നോക്കൂ.”

“ങ്ഹും ഞാൻ ഒന്ന് ആലോചിക്കട്ടെ. നീ എന്‍റെ കൂട്ടുകാരനൊപ്പം ഒരു രാത്രി ചെലവഴിക്കാമോ?”

അയാളുടെ ആവശ്യമറിഞ്ഞ് സുനയന ഒരു നിമിഷം സ്തംഭിച്ചു നിന്നു. അവൾക്ക് അന്ന് ആദ്യമായി അയാളോട് വെറുപ്പു തോന്നി.

“രോഹൻ ഇതെന്ത് തമാശയാ?” അവൾ നിസ്സഹായതയോടെ ചോദിച്ചു.

“തമാശയല്ല കുട്ടി സീരിയസാണ്.”

“പക്ഷേ ഈ ഡിമാന്‍റ് വിചിത്രമാണല്ലോ. ഞാൻ നിന്‍റെ ഗേൾഫ്രണ്ടല്ലേ. ആ നീ തന്നെ എന്നെ… നിനക്കതിൽ ഒരു കുറ്റബോധവും തോന്നുന്നില്ലേ?”

“ഇല്ല, കാരണം എന്‍റെ സമ്മതത്തോടെയാണ് ഇത്.”

“അതിനുശേഷം നീയെന്നെ സ്വീകരിക്കുമോ?”

“തീർച്ചയായും.”

സുനയനയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. താൻ ഇത്രയും നാൾ ഒഴുക്കിയ സ്നേഹത്തിന് പകരം കിട്ടിയ പ്രതിഫലമോർത്ത് അവൾക്ക് അപ്പോൾ ഭ്രാന്തിയെപ്പോലെ ചിരിക്കാനാണ് തോന്നിയത്.

“ഏയ് കമോൺ സുനയന. ഈ കാലത്തല്ലേ ജീവിക്കുന്നത്. ഇക്കാലത്ത് ചാരിത്യ്രം, പവിത്രത എന്നൊക്കെ ചിന്തിക്കുന്നത് ചീപ്പ് കാര്യങ്ങളാ… നമ്മൾ കാലത്തിനൊത്ത് സഞ്ചരിക്കണം.” രോഹൻ പൊട്ടിച്ചിരിച്ചു. ആ ചിരിയിലെ അർത്ഥശൂന്യതയിൽ അവൾ സ്വയം ഇല്ലാതാകാൻ മോഹിച്ചു. എങ്കിലും അവൾ രണ്ടും കൽപിച്ചു ചോദിച്ചു.

“ഓകെ… നീ കൂട്ടുകാരന്‍റെ പേര് പറയൂ.”

“ഓഹോ…” അയാൾ അതിശയഭാവം നടിച്ചു കൊണ്ട് അവളെ നോക്കി.

“അവന്‍റെ പേര് മോഹിത്. നിനക്കവനെ അറിയാം. നമ്മുടെ കോളേജിലാ അവൻ പഠിച്ചത്. മറൈൻഡ്രൈവിലാ അവൻ താമസിക്കുന്നത്. ഇൻകംടാക്സ് ഡിപ്പാർട്ടുമെന്‍റിലാ ജോലി. അടുത്തയാഴ്ച അവന്‍റെ ബർത്ത്ഡേയാണ്. അവനുള്ള എന്‍റെ ബർത്ത്ഡേ ഗിഫ്റ്റായി നിനക്ക് പോകാൻ പറ്റുമോ.”

“ഗിഫ്‌റ്റ്?” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാനും ജീവനില്ലാത്ത ഒരു വസ്‌തുവും തമ്മിൽ നിനക്കൊരു വ്യത്യാസവും തോന്നുന്നില്ലേ. എന്‍റെ മുന്നിൽ നീയെത്ര ചെറുതായി… ഐ പിറ്റി യൂ… എന്നെ ഇങ്ങനെ പരീക്ഷിക്കരുത്.” എന്നു പറഞ്ഞു കൊണ്ട് സുനയന പൊട്ടിക്കരഞ്ഞുവെങ്കിലും അയാളുടെ മനസ്സിനെയത് ഒട്ടും സ്പർശിച്ചതേയില്ല.

തകർന്ന മനസ്സോടെ വീട്ടിലെത്തിയ സുനയന മുറിയിൽ വാതിലടച്ചിരുന്ന് ഏറെ നേരം കരഞ്ഞു. അയാൾ തന്നെ ധർമ്മസങ്കടത്തില്‍ അകപ്പെടുത്തിയതോർത്ത് അവൾക്ക് ശ്വാസം മുട്ടി. രോഹൻ പറയുന്നത് അനുസരിക്കണോ? അവൾക്ക് രോഹനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വിവാഹമെന്നത് രണ്ട്പേർ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ്. ഇപ്പോൾ രോഹൻ ഒരു സൗഹൃദത്തിന്‍റെ പേരിലാണ് തന്നെ കൈകളിൽ ചേർത്തു നിർത്തുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്‌ത ശേഷം കൂട്ടുകാരനൊപ്പം സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടാലോ? അപ്പോൾ എന്ത് ചെയ്യും?

അവൾ ഓരോന്ന് ആലോചിച്ച് മറൈൻഡ്രൈവിൽ നിൽക്കവെ ഒരു കാർ അവൾക്കരികിൽ വന്ന് നിന്നു.

“ഹായ് സുനയന? നീ ഇവിടെ?” മോഹിത് കാറിൽ നിന്നും പുറത്തേക്ക് തല നീട്ടിക്കൊണ്ട് അദ്ഭുതത്തോടെ ചോദിച്ചു.

“ഇവിടെ ഒരാവശ്യത്തിന് വന്നതാ. പെട്ടെന്ന് മഴ തുടങ്ങി. ഒറ്റ ഓട്ടോപോലും കാണുന്നില്ല.”

“എങ്കിൽ പിന്നെന്തിനാ നനയുന്നത്? എന്‍റെ വീട് ഇവിടെ അടുത്താണ്. വീട്ടിൽ കുറച്ചുനേരം ഇരിക്കാം. മഴ മാറിയിട്ട് പോയാൽ മതി.” മോഹിത് വിടർന്ന ചിരിയോടെ അവളെ സ്വാഗതം ചെയ്‌തു.

മോഹിതിനൊപ്പം വീട്ടിൽ ചെന്ന സുനയനയെ അയാളുടെ അമ്മ സ്വാഗതം ചെയ്‌തു. സ്വീകരണമുറിയിൽ അടുത്തിരുത്തി മോഹിതിന്‍റെ അമ്മ അവളോട് കുശലാന്വേഷണം നടത്തി. അതിനു ശേഷം അവൾ അടുക്കളയിൽ പോയി അവർക്ക് രണ്ടുപേർക്കുമായി ചായയും പലഹാരവുമായെത്തി.

“ആന്‍റി, ഒന്നും വേണ്ടായിരുന്നു?” സുനയന തെല്ലൊരു ജാള്യതയോടെ പറഞ്ഞു.

“മോള് ആദ്യമായി വരികയല്ലേ… എന്തെങ്കിലും കഴിക്കണം.” മോഹിതിന്‍റെ അമ്മയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് അവർ തന്‍റെ ആരെല്ലാമോ ആയപോലെ അവൾക്ക് തോന്നി.

“എന്‍റെ അമ്മ ഉഗ്രൻ പാചകക്കാരിയാ.” മോഹിത് അമ്മയെ ചേർത്തുപിടിച്ചു കൊണ്ട് കൊഞ്ചി.

“ങ്ഹാ, ഈ സാറ്റർഡേ എന്‍റെ ബർത്ത്ഡേയാ, സുനയന നീ തീർച്ചയായും വരണം.” മോഹിത് അവളെ മുൻകൂട്ടി ക്ഷണിച്ചു.

“വരാമല്ലോ,” സുനയന പാതി മനസ്സോടെ പറഞ്ഞു.

“മോഹിത് ഇനി ഞാൻ പോകട്ടെ,” സുനയന മോഹിതിനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും മഴ തോർന്ന് അന്തരീക്ഷം തെളിഞ്ഞിരുന്നു.

ബർത്ത്ഡേ ദിവസം മോഹിതിന്‍റെ അമ്മ വിഭവസമൃദ്ധമായ സദ്യ തന്നെയൊരുക്കി. അവർ പലഹാരങ്ങളും ഭക്ഷണവുമെല്ലാം തീൻമേശയിൽ സജ്‌ജീകരിച്ച് വച്ചശേഷം മോഹിതിനോടും കൂട്ടുകാരോടുമായി പറഞ്ഞു.

“ഇനി നിങ്ങൾ കുട്ടികൾ എൻജോയ് ചെയ്യുക.”

മോഹിതിന്‍റെ കൂട്ടുകാരെല്ലാവരും ചേർന്ന് പാട്ടുപാടിയും ഡാൻസ് ചെയ്‌തും മോഹിതിന്‍റെ ബർത്ത്ഡേ ആഘോഷത്തിന് തുടക്കമിട്ടു.

“ഇന്ന് ഞാനെന്‍റെ ഫേവറൈറ്റ് ഫ്രണ്ടിനെ മിസ് ചെയ്യുന്നു. ങ്ഹാ, അവനെനിക്ക് ഒരു ഗിഫ്റ്റ് അയക്കുമെന്ന് പറഞ്ഞിരുന്നു. ഒരു സർപ്രൈസ് ഗിഫ്‌റ്റ്.”

മോഹിത് പറയുന്നത് കേട്ട് സുനയനയുടെ മുഖം വിളറിവെളുത്തു.

“അവൻ മറന്നുപോയെന്നാ തോന്നുന്നത്. ആ കള്ളൻ വരട്ടെ. അവന്‍റെ കയ്യിൽ നിന്നും ഗിഫ്റ്റ് മേടിച്ചിട്ടേയുള്ളൂ ബാക്കി കാര്യം.” മോഹിത് ആവേശത്തോടെ പറഞ്ഞു.

ഒരു ദിവസം മോഹിത് സുനയനയെ കാണാൻ ഹോട്ടലിലെത്തി. അവർ ഒരുമിച്ചിരുന്ന് ചായ കുടിച്ചു. സുനയനയുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ അവർ രണ്ടുപേരും കൂടി മറൈൻ ഡ്രൈവിലൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് നടന്നു. ഒരു മരത്തണലിലിരുന്ന് അവർ കുറേ സംസാരിച്ചു. സംസാരത്തിനിടെ മോഹിത് അവളെ കോളേജ് കാലം തുടങ്ങി സ്നേഹിച്ചിരുന്ന കാര്യമറിയിച്ചു.

“ഇന്നും എനിക്ക് ആ ദിവസം ഓർമ്മയുണ്ട്. നീ റാമ്പ് ഷോ ചെയ്‌ത ദിവസം. ഞങ്ങൾ 4 കൂട്ടുകാരാണ് നിന്നെ മോഹിച്ചിരുന്നത്. പക്ഷേ രോഹൻ പറഞ്ഞു, “ഇവൾ എനിക്കുള്ളതാണ്.” അതോടെ ഞങ്ങൾ പിന്മാറി. കാരണം അവനെ എതിരിടുകയെന്നത് അത്രയെളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”

സുനയന മൃദുവായി പുഞ്ചിരിച്ചു.

രോഹന്‍റെ പ്രണയ കുരുക്കിൽപ്പെട്ട് താൻ ഇരുട്ടിൽ തപ്പുകയാണെന്ന കാര്യം മോഹിതിനോട് തുറന്നു പറയാൻ അവളാഗ്രഹിച്ചുവെങ്കിലും ഒന്നും പറയാതെ നിശബ്ദയായിരുന്നു.

ദുബായിൽ നിന്നും 3-4 തവണ രോഹന്‍റെ ഇ-മെയിൽ വന്നു.

തനിക്കിവടെ 3 മാസം കൂടി തങ്ങേണ്ടി വരുമെന്നായിരുന്നു രോഹന്‍റെ ഒരു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

അയാൾ ദുബായിൽ നിന്നും മടങ്ങിയെത്തിയശേഷം സുനയനയ്‌ക്ക് ഫോൺ ചെയ്‌തു.

“നമ്മൾ എന്നാ കാണുക? എനിക്ക് നിന്നെ കാണാഞ്ഞിട്ട് വയ്യാ? ഈ സൺഡേ ഫ്രീയല്ലേ?”

“അല്ല സൺഡേ ഫ്രീയല്ല.”

“എന്താ കാര്യം?”

“അന്നെന്‍റെ വിവാഹ നിശ്ചയമാണ്.”

“എന്ത്?” രോഹൻ ഒരു നിമിഷം സ്തബ്ധനായി നിന്നു” നീയെന്താ പറയുന്നത്. നീ എന്‍റേതാണ്. നീ മറ്റൊരാളുടേത് ആകാൻ ഞാൻ സമ്മതിക്കില്ല,” അയാൾ ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു.

“പക്ഷേ, രോഹൻ നിനക്ക് എന്നെ സ്വന്തമാക്കാൻ ആഗ്രഹമില്ലല്ലോ.” നീയുമായി എന്‍റെ വിവാഹം നടക്കുകയില്ലെന്ന് മനസ്സിലായതോടെ അച്‌ഛനും അമ്മയും എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു, ഞാനും സമ്മതിച്ചു.”

“ആരാണ് അയാൾ?”

“ഒരു പുരുഷൻ. അതൊക്കെ അറിഞ്ഞിട്ട് എന്ത് വേണം?” അവൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു.

“അങ്ങനെയൊരിക്കലും സംഭവിക്കരുത്. ഞാൻ ഇപ്പോൾ തന്നെ നിന്നെ കാണാൻ ഓഫീസിലെത്താം. പക്ഷേ രോഹൻ, ഹോട്ടലിലെ ജോലി ഞാൻ ഉക്ഷേിച്ചു.”

“പിന്നെ വീട്ടിലോ?”

“ഇല്ല ഞാനെവിടെയാണെന്ന് നിന്നോട് പറയില്ല. നീ അവിടെ വന്ന് പ്രശ്നമുണ്ടാക്കുമെന്ന് എനിക്കറിയാം. ഇനി ഒരിക്കലും എന്നെ വിളിക്കുകയോ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല.”  അവൾ ഫോൺ കട്ട് ചെയ്‌തു.

അൽപസമയം കഴിഞ്ഞ് മോഹിതിന്‍റെ ഫോൺ മുഴങ്ങി.

“എടാ ഞാനാ രോഹൻ.”

“പറയടാ എന്താവിശേഷം? നീ എന്നാ ദുബായിൽ നിന്നും വന്നത്?”

“ഇന്നലെയെത്തി, ങ്ഹാ, നിന്‍റെ ബർത്ത്ഡേയ്ക്ക് വരാൻ പറ്റിയില്ല.”

“ബർത്ത്ഡേ ഗ്രാൻറ് ആയിരുന്നു. പക്ഷ നീ കൂടി വേണമായിരുന്നു.” മോഹിത് ആവേശത്തോടെ പറഞ്ഞു.

“ഞാൻ അയച്ച ഗിഫ്റ്റ് എങ്ങനെയുണ്ടായിരുന്നു?”

“ഗിഫ്റ്റോ? ഉഗ്രൻ ഗിഫ്റ്റായിരുന്നുവത്. എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു.”

“സത്യമാണോ? അതുല്യമായ സമ്മാനമാണത്?”

“അതെ, എനിക്ക് ഒരു മിനിറ്റ് പോലും അതിനെ മാറ്റിവയ്‌ക്കാൻ തോന്നില്ല.”

“നീ എന്താ പറയുന്നത്?”

“സത്യമാണ് പറയുന്നത്. ഇത്രയും മനോഹരമായ റിസ്‌റ്റ് വാച്ച് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.”

“ഓ…” രോഹൻ പൊട്ടിചിരിച്ചു.

“ഞാൻ മറ്റെന്തോ വിചാരിച്ചു.

“നീയെന്താ വിചാരിച്ചത്?”

“അത് കള”

“എങ്ങനെയുണ്ട് ദുബായ്?”

“ഓ… ദുബായ് ബോറിങാ എന്നാൽ അവിടുത്തെ പെണ്ണുങ്ങൾ… ഒന്നിനൊന്ന് മെച്ചം. ഇവിടുത്തെ പെമ്പിള്ളേർ അതിന്‍റെ ഏഴയലത്ത് വരില്ല.”

“ആണോ…”

“ങ്ഹാ… ഞാനൊരെണ്ണത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവൾ ഇവിടെ വരും. നീ അറിഞ്ഞോ, സുനയന കല്യാണം കഴിക്കാൻ പോകുവാണ്?”

“ആണോ, നീ അവളുമായി നല്ല അടുപ്പത്തിലായിരുന്നില്ലേ?”

“അതൊക്കെ അവസാനിച്ചു. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അവളെന്‍റെ പിറകെ നടക്കുകയായിരുന്നു. അപ്പോഴെ അവളെ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. നിനക്കറിയാമല്ലോ ഐ ജസ്‌റ്റ് ലവ് ഫൺ. അല്ലാതെ കല്യാണം കഴിച്ച് കെട്ടിയിട്ട് ജീവിക്കാൻ എനിക്കിഷ്ടമല്ല. ഒരു സുനയന പോയാലെന്ത്?

ഈ കുളത്തിൽ ഇനിയും മത്സ്യങ്ങളുണ്ടല്ലോ. അവൾ പോകട്ടെ…ങ്ഹാ…. ഈ സൺഡേ നിന്‍റെ പ്ലാനെന്താ, നമുക്കൊന്ന് കൂടിയാല്ലോ?”

“ഈ സൺഡേ ഞാൻ ഫ്രിയല്ലല്ലോ.”

“എന്താ കാര്യം?”

“അന്ന് എന്‍റെ എൻഗേജ്മെന്‍റാണ്”

“എൻഗേജ്മെന്‍റോ? ഇതെന്താ ആരെ വിളിച്ചാലും ഈയൊരു കാര്യം കേൾക്കാനേയുള്ളൂ. ഇതെന്താ ഇങ്ങനെ? ഏതാ പെണ്ണ്?”

“ഉണ്ട്… ഒരു സുന്ദരി.”

“ഇനി… സുനയന മറ്റോ ആണോ?” രോഹൻ സംശയത്തോടെ ചോദിച്ചു.

“അതെ അവൾ തന്നെ”

ഫോണിന്‍റെ മറുതലയ്‌ക്കൽ കനത്ത നിശ്ശബ്‌ദത… മോഹിത് പുഞ്ചിരിച്ചു.

നല്ല സമയം

ദേവകിയമ്മയുടെ വീട്ടുമുറ്റത്ത് ഒരിക്കൽ കൂടി വലിയൊരു വിവാഹപ്പന്തൽ ഉയർന്നു. ദേവകിയമ്മയ്‌ക്ക് രണ്ട് ആൺ മക്കളാണ്. വരുണും സൂരജും. ആറുവർഷങ്ങൾക്കു മുമ്പായിരുന്നു വരുണിന്‍റെ വിവാഹം. പഴയ ചിട്ടവട്ടങ്ങളിലും ആചാരങ്ങളിലും അതിയായി വിശ്വസിച്ചിരുന്ന ദേവകിയമ്മ ഇളയമകന്‍റെ വിവാഹത്തിന്‍റെ ചടങ്ങുകളിലും യാതൊരു കുറവും വരുത്തിയില്ല. “വരനും വധുവും തമ്മിൽ നല്ല ചേർച്ച” വിവാഹത്തിനെത്തിയവർ പറഞ്ഞു.

ശരിയാണ്, വിദ്യാഭ്യാസം കൊണ്ടും കുടുംബമഹിമ കൊണ്ടും കീർത്തന സൂരജിനു നന്നായിണങ്ങും. സൂരജിനെ ഭർത്താവായി കിട്ടിയതിൽ കീർത്തനയ്‌ക്കും അതിയായ സന്തോഷം തോന്നി. എന്നാൽ ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരമായ റെയിൽപാളങ്ങൾ പോലെ വേറിട്ട ചിന്താഗതിയാണ് തങ്ങളുടേതെന്ന് അധികം വൈകാതെ കീർത്തന മനസ്സിലാക്കുകയായിരുന്നു.

തീർത്തും മോഡേൺ കുടുംബ പശ്ചാത്തലമായിരുന്നു കീർത്തനയുടേത്. എൻജിനീയർ ആയിരുന്നിട്ടു കൂടി അന്ധവിശ്വാസങ്ങളുടെ നിഴൽ പറ്റുന്ന പ്രകൃതമായിരുന്നു സൂരജിന്‍റേത്.

വിവാഹ ശേഷം സൂരജിനൊപ്പം ആദ്യമായി പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുകയായിരുന്നു കീർത്തന. ഇതുകണ്ട് ഏടത്തി തിടുക്കത്തിൽ അവർക്കരികിലെത്തി.

“കീർത്തനേ, ഇതെങ്ങോട്ടാ… ആദ്യം പൂജാരി വന്നു സമയം ഗണിച്ചു പറയട്ടെ, എന്നിട്ട് കുറച്ചു ചടങ്ങുകളൊക്കെയുണ്ട്… അതൊക്കെ കഴിഞ്ഞാലേ നവവധുവിനു വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റൂ.”

പൂജ… പൂജാരി എന്നു കേൾക്കേണ്ട താമസം സൂരജ് ഔട്ടിംഗ് പ്രോഗ്രാം ക്യാൻസൽ ചെയ്തു. ഇതാണ് കീർത്തനയെ ഏറെ വിഷമിപ്പിച്ചത്.

എന്നും ഇതുപോലെ എന്തെങ്കിലുമൊക്കെ സംഭവങ്ങൾ അരങ്ങേറും. പലതും എതിർക്കണമെന്ന് കീർത്തനയ്‌ക്ക് തോന്നാറുണ്ടെങ്കിലും നവവധുവെന്ന ചിന്ത അവളെ പിന്തിരിപ്പിച്ചു. ഒന്നു തുമ്മിയാൽ പോലും പൂജാരിയെ വിളിച്ചുവരുത്തുന്ന പ്രകൃതമായിരുന്നു ദേവകിയമ്മയുടേത്. മറ്റു കുടുംബാംഗങ്ങളും പൂജാരിയുടെ വാക്കിനു വലിയ വില കൽപ്പിച്ചിരുന്നു. ഇവരൊക്കെ ഭക്‌തരിൽ നിന്നും എത്രമാത്രം പണം പിടുങ്ങുന്നുണ്ടാവും…! കീർത്തനയുടെ മനസ്സൊന്നു പിടഞ്ഞു.

ദിവസങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ബാല്യം മുതൽക്കു തന്നെ അന്ധവിശ്വാസം സൂരജിന്‍റെ മനസ്സിനെ കീഴ്‌പ്പെടുത്തിയിരുന്നു. കീർത്തനയുടെ ഉപദേശങ്ങൾ വെറും പാഴ്‌വാക്കുകളായി.

അതിനിടയ്‌ക്ക് കീർത്തന അമ്മയാകാൻ പോവുന്നുവെന്ന വാർത്ത വീട്ടിൽ സന്തോഷം നിറച്ചു. ദേവകിയമ്മയാകട്ടെ ക്ഷേത്രങ്ങൾ കയറിയിറങ്ങി വഴിപാടുകൾ നടത്തി. കുടുംബ ജ്യോത്സ്യനും പൂജാരിയുമായ നാരായണസ്വാമി ഇതു കേൾക്കേണ്ട താമസം ഗ്രന്ഥങ്ങളും പുസ്‌തകക്കെട്ടുകളുമായി അവിടേയ്‌ക്കു പാഞ്ഞെത്തി.

സുഭിക്ഷമായി ഭക്ഷണം കഴിച്ച് കുമ്പയും തടവി നാരായണസ്വാമി ദേവകിയമ്മയോടായി പറഞ്ഞു. “മരുമകളുടെ കാര്യത്തിൽ ഇനി പ്രത്യേകം ശ്രദ്ധ വേണ്ടിവരും. അടുത്ത ഒൻപതു മാസം മുഹൂർത്തം നോക്കിയ ശേഷം പുറത്തിറങ്ങിയാൽ മതിയെന്നു പറയണം. പിന്നെ ദോഷമുണ്ടാവാതിരിക്കാൻ പരിഹാരക്രിയകൾ ചെയ്യേണ്ടി വരും.”

എന്തായാലും ഇനിയുള്ള ഒരു വർഷം ധനദ്രവ്യത്തിന് ഒരു പഞ്ഞവുമുണ്ടാവില്ല. പൂജാരി ഉള്ളിന്‍റെയുള്ളിൽ സന്തോഷിക്കുകയായിരുന്നു.

“വീട്ടിൽ ഒരു കുഞ്ഞുണ്ടാവാൻ പോകുന്നു. ഈ സന്തോഷം എന്നുമിങ്ങനെ നിൽക്കണം. അതിന് ഒരു ഹോമം നടത്തണം.”

“ഹോമവും കാര്യങ്ങളും എങ്ങനെയാവണമെന്നു പറഞ്ഞാൽ മതി.” ദേവകിയമ്മ ഭവ്യതയോടെ കൈ കൂപ്പി നിന്നു.

“ഏതാണ്ട് അയ്യായിരം രൂപയെങ്കിലും ചെലവു വരും. ഹോമത്തിനു ആവശ്യമായ പൂജാ സാമഗ്രികൾ വാങ്ങേണ്ടി വരും. സഹായത്തിനു 4 ബ്രാഹ്‌മണരെങ്കിലും കാണും.” പൂജാരി പറഞ്ഞു.

ദേവകിയമ്മ പണമെടുത്തു കൊടുത്തു. “എല്ലാം അങ്ങു തന്നെ ഭംഗിയായി നടത്തിത്തരണം.”

“വിഷമിക്കേണ്ട, എല്ലാം നന്നായി വരും” ദക്ഷിണ എണ്ണി തിട്ടപ്പെടുത്തി പൂജാരി അവിടെ നിന്നും മടങ്ങി.

ഇതൊക്കെ കണ്ട് കീർത്തനയ്‌ക്ക് വല്ലാത്ത വിഷമം തോന്നി. വരുംവരായ്‌കകളെക്കുറിച്ച് ചിന്തിച്ചു നിൽക്കാതെ ധൈര്യം സംഭരിച്ച് കീർത്തന ദേവകിയുടെ അരികിലെത്തി.

“അമ്മേ, അമ്മയിപ്പോഴും ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ. പൂജയും ഹോമവുമൊക്കെ വെറും അന്ധവിശ്വാസമാണ്. പണം പിടുങ്ങാനുള്ള പൂജാരിയുടെ ഓരോരാ സൂത്രങ്ങളാണിത്.”

“ഗുരു നിന്ദ” ദേവകിയുടെ മുഖം ചുവന്നു.

“മോളേ, നീ പരിഷ്‌കാരിയും പുതുതലമുറക്കാരിയുമൊക്കെയാണ്. സമ്മതിച്ചു. ഞാനും ഒരുപാട് ലോകം കണ്ടതാണ്. ഇനി മേലാൽ ഈ വക കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരണ്ട.” ദേവകിയമ്മ കണിശമായി പറഞ്ഞു.

കീർത്തന തൽക്കാലം മൗനമവലംബിച്ചു. അമ്മായിയമ്മയെന്നല്ല ആ വീട്ടിലെ ഒരംഗവും തന്‍റെ ഉപദേശം കേൾക്കാൻ കൂട്ടാക്കില്ലെന്ന് അവൾക്ക് ഉറപ്പായി.

അടുത്ത ആഴ്‌ച 4 ബ്രാഹ്‌മണരേയും കൂട്ടി വീട്ടിലെത്തി. ദേവകിയമ്മ ആദരപൂർവ്വം അവരുടെ കാൽതൊട്ടു വന്ദിച്ചു. അകത്തേക്ക് ആനയിച്ചു. പിന്നീട് കുടുംബാംഗങ്ങൾ ഓരോരുത്തരായി മുന്നോട്ടു വന്നു.

“സ്വാമി, ഹോമം നടത്തിയാൽ ദോഷങ്ങളൊക്കെ മാറുമല്ലോ ഇല്ലേ?” ദേവകിയമ്മ ഇടറിയ സ്വരത്തിൽ ചോദിച്ചു.

“എല്ലാം മംഗളമായി ഭവിക്കും” നാരായണസ്വാമി ധ്യാനനിമഗ്നനായിരുന്നു. സൂരജിനൊപ്പം കീർത്തനയ്‌ക്കും പൂജാകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വന്നു. ഒക്കെ വെറും തട്ടിപ്പാണെന്നറിഞ്ഞു കൊണ്ടും കീർത്തനയ്‌ക്ക് നിസ്സഹായയായി ഹോമക്കളത്തിലിരിക്കേണ്ടി വന്നു. കുടുംബാംഗങ്ങളുടെ മനസ്സിൽ നിഴൽ വീഴ്‌ത്തിയ അന്ധവിശ്വാസം തന്നെയും ചുറ്റിവരിയുന്നതായി കീർത്തനയ്‌ക്ക് തോന്നി.

ഹോമം സമംഗളമായി പര്യവസാനിച്ചു. പൂജാരിയും കൂട്ടരും മൃഷ്‌ടാന്ന ഭോജനം കഴിച്ച് ദാനദക്ഷിണയും വാങ്ങി മടങ്ങി. അന്നുരാത്രി കീർത്തന സൂരജിനോട് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞു.

“എനിക്ക് അദ്ഭുതം തോന്നുന്നു, സൂരജ് ഇപ്പോഴും ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ. ഹോമം, പൂജയെന്നൊക്കെ പറഞ്ഞ് പണവും സമയവും പാഴാക്കുന്നതു മണ്ടത്തരമാണ്. കുഞ്ഞിന്‍റെ ആരോഗ്യ സ്‌ഥിതിയെക്കുറിച്ച് മന്ത്രവും തന്ത്രവുമായി നടക്കുന്ന പൂജാരിക്കല്ല ഡോക്‌ടർമാർക്കല്ലേ കൃത്യമായി പറയാൻ സാധിക്കൂ. ഗ്രഹനില തെറ്റിച്ചു പറഞ്ഞ് ഉപജീവനം കഴിക്കലാണ് ഇവരുടെ പ്രധാന തൊഴിൽ.”

“കീർത്തന, നീ എല്ലാവരേയും വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അമ്മയും വീട്ടുകാരും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അത് നിന്‍റെ നന്മയെ കരുതി മാത്രമാണെന്നോർക്കണം. ഏതു കാര്യവും പൂജാരിയോടു ചോദിച്ചിട്ടു മാത്രമാണ് ഇവിടെ ചെയ്യാറുള്ളത്. നീ ഒന്നിലും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്.” സൂരജിനു ദേഷ്യം വന്നു.

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. ഒക്കെ നിസ്സഹായതയോടെ നോക്കിക്കാണാൻ മാത്രമേ കീർത്തനയ്‌ക്ക് സാധിച്ചുള്ളൂ. ഓകെ, കുഴപ്പമൊന്നുമില്ല. ചെക്കപ്പിനു ശേഷം ഡോ.സരിതയുടെ വാക്കുകൾ മാത്രമാണ് അവൾക്ക് ആശ്വാസം പകർന്നു നൽകിയത്.

രണ്ടു മാസങ്ങൾക്കു ശേഷം ഒരു ഉച്ച സമയത്ത് ഡോർബെൽ മുഴങ്ങി. ദേവകിയമ്മ വാതിൽ തുറന്നു. രാമനാമം എഴുതിയ വസ്‌ത്രം ധരിച്ച് നെറ്റിയിൽ വലിയ ചന്ദനക്കുറിയും അണിഞ്ഞ് വലിയൊരു ഗ്രന്ഥവുമായി ഒരു പൂജാരി മുന്നിൽ. അകത്തേയ്‌ക്കു കടക്കാൻ ആകാംക്ഷയോടെ നിൽക്കുന്ന പൂജാരിയെ കണ്ട് ദേവകിയമ്മ കൈ കൂപ്പി.

“സ്വാമി, അങ്ങാരാണ്? എനിക്ക് അങ്ങയെ മുമ്പു കണ്ട പരിചയമില്ലല്ലോ?” ദേവകിയമ്മ ഭവ്യതയോടെ ചോദിച്ചു.

“ആപത്ത്, മഹാ ആപത്ത്, ഞാൻ ഈ ഭവനത്തിനു മുന്നിലൂടെ കടന്നു പോവുകയായിരുന്നു. ഈ വീട്ടിൽ ഒരു പുതിയ അതിഥി വരാൻ പോകുന്നു. ശരിയല്ലേ? ഗ്രഹങ്ങളൊക്കെ സ്‌ഥാനം തെറ്റി നിൽക്കുകയാണല്ലോ?” പൂജാരി ഒരു നിമിഷം മൗനമവലംബിച്ചു.

“പക്ഷേ, സ്വാമി…”

ദേവകിയമ്മയുടെ സംസാരം വകവയ്‌ക്കാതെ പൂജാരി തുടർന്നു. “മകളേ, കൂടുതലായൊന്നും പറയണ്ട. വിശ്വനാഥ ശാസ്‌ത്രികൾ എന്നു കേട്ടിട്ടുണ്ടോ?” പൂജാരി സ്വയം പരിചയപ്പെടുത്തി.

“എന്‍റെ പ്രവചനം വ്യർത്ഥമാവാറില്ല. നിങ്ങളുടെയൊക്കെ നന്മയെ കരുതി മാത്രമാണ് ഞാനിതൊക്കെ പറയുന്നത്.”

“അങ്ങു പറയുമ്പോലെ…” ദേവകിയമ്മയ്‌ക്ക് കൂടുതലൊന്നും പറയാൻ ധൈര്യം തോന്നിയില്ല.

ഇനിയിപ്പോ മുമ്പ് നടന്ന ചടങ്ങുകളൊക്കെ ആവർത്തിക്കും. കീർത്തന അസ്വസ്‌ഥയായി. ഇങ്ങനെയൊക്കെയാണെങ്കിൽ പൂജ, വഴിപാടെന്നൊക്കെ പറഞ്ഞ് ഏതൊരു വഴിപോക്കർക്കും ഇവിടെ വന്ന് പണം വസൂലാക്കാമല്ലോ? കീർത്തനയെന്തോ അഭിപ്രായം പറയാനൊരുങ്ങുന്നതു കണ്ട് ദേവകിയമ്മ അവളെ രൂക്ഷമായൊന്നു നോക്കി.

“കീർത്തനേ… പൂജാരിക്ക് കഴിക്കാനെന്തെങ്കിലും എടുത്തോളൂ.”

കീർത്തന അകത്തേക്കു നടന്നു. പൂജാരി പഞ്ചാംഗം തുറന്ന് ഗ്രഹനില ഗണിക്കുവാൻ തുടങ്ങി.

“മരുമകൾക്കിതു നാലാം മാസമാണ് ശരിയല്ലേ? ഏതാണ് രാശി?” അയാൾ ദേവകിയമ്മയുടെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കി.

“തുലാം രാശി…” ദേവകിയമ്മ മറുപടി നൽകി.

“ദോഷമുള്ള രാശിയാണ്. അമ്മയ്‌ക്കും കുഞ്ഞിനും കുഴപ്പമൊന്നുമുണ്ടാവാതിരിക്കണമെങ്കിൽ പരിഹാരക്രിയ ചെയ്‌തേ തീരൂ.”

“ദക്ഷിണ വച്ചോളൂ, നാം തന്നെ ഉപായം പറഞ്ഞുതരാം.” പൂജാരി ധ്യാനമഗ്നനായി. ഭക്ഷണം കഴിച്ച ശേഷം 1,100 രൂപ ദക്ഷിണയും വാങ്ങിയാണ് പൂജാരി മടങ്ങിയത്.

വൈകിട്ട് സൂരജ് വീട്ടിലെത്തിയപ്പോൾ നടന്നതൊക്കെ അറിഞ്ഞ് സന്തോഷിക്കുകയായിരുന്നു. “വന്നതാരുമാവട്ടെ നമ്മുടെ വീടിന്‍റെ നന്മയെക്കരുതിയാണല്ലോ…” അന്ധവിശ്വാസങ്ങളിൽ കുരുങ്ങിയ സൂരജിനെ ഇനിയും പറഞ്ഞു മനസ്സിലാക്കുക വ്യർത്ഥമാണെന്ന് കീർത്തനയ്‌ക്ക് മനസ്സിലായി.

ദിവസങ്ങൾ പിന്നിട്ടു. മുമ്പൊരിക്കൽ യാദൃച്‌ഛികമായി വീട്ടിലേക്കു കയറി വന്ന പൂജാരി മറ്റാരുമായിരുന്നില്ല. നാരായണസ്വാമിയുടെ ശിഷ്യനായ വിശ്വനാഥ ശാസ്‌ത്രികളായിരുന്നു. ദേവകിയമ്മയേയും കുടുംബാംഗങ്ങളേയും കുറിച്ച് നേരത്തേ തന്നെ എല്ലാം മനസ്സിലാക്കി വച്ചിരുന്നു.

പൂജയൊക്കെ ഭംഗിയായി നടന്നല്ലോ. ഇനിയൊന്നും പേടിക്കാനില്ല… ദേവകിയമ്മ ആശ്വാസം കൊണ്ടു.

ഒരു ദിവസം പ്രഭാത ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിക്കുകയായിരുന്നു കീർത്തന. ഡ്രോയിംഗ് റൂമിൽ നാരായണസ്വാമിയുടെ ഉറക്കെയുള്ള സംസാരം കേൾക്കാമായിരുന്നു. പൂജകൾ ഇനിയും ആവർത്തിക്കുമോ? കീർത്തനയ്‌ക്ക് ആശങ്ക തോന്നി.

കീർത്തനയ്‌ക്കിത് 9-ാം മാസമായിരുന്നു. ദേവകിയമ്മ ആളെ അയച്ച് നാരായണസ്വാമിയെ വിളിപ്പിക്കുകയായിരുന്നു. അവരുടെ സംസാരം കേട്ട് കീർത്തന ഒരു നിമിഷം പകച്ചിരുന്നു. ഇങ്ങനെയുണ്ടോ അന്ധവിശ്വാസം? ദേവകിയമ്മ കീർത്തനയുടെ ജാതകം പൂജാരിക്കു നൽകി.

“സ്വാമി, ദീർഘായുസോടു കൂടിയ തേജസ്വിയായ കുഞ്ഞ് ഏതു ശുഭമുഹൂർത്തത്തിലാണ് ജനിക്കുക?”

പൂജാരി ജാതകം നോക്കി ഗണിക്കുവാൻ തുടങ്ങി. കീർത്തനയുടെ അന്ധാളിപ്പ് അപ്പോഴും വിട്ടുമാറിയിരുന്നില്ല.

“ഹൊ! ഇതെന്ത് അന്യായമാണ്…”

ഒരു കുഞ്ഞിന്‍റെ ജനനം സ്വാഭാവികമായി നടക്കേണ്ട കാര്യമാണ്. എന്നാൽ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നിഴൽ വീഴ്‌ത്തി വിദ്യാസമ്പന്നരെ പോലും പറ്റിക്കുന്ന പൂജാരികളുടെ തന്ത്രം അപാരം തന്നെ.

ഇനിയെങ്കിലും ഈ അന്ധവിശ്വാസങ്ങൾക്ക് ഒരറുതി വരുത്തണം. അവൾ ഉറപ്പിച്ചു. കീർത്തനയ്‌ക്കൊരു ഉപായം തോന്നി. ഉദ്യമത്തിൽ താൻ വിജയിക്കണമെങ്കിൽ ഡോ. സരിതയുടെ സഹായ സഹകരണം കൂടിയേ തീരൂ…

രണ്ടു ദിവസത്തിനു ശേഷം കീർത്തന ഡോ. സരിതയുടെ അരികിൽ ചെക്കപ്പിനു ചെന്നു. ശുഭസമയം നോക്കി കുഞ്ഞ് ജനിച്ചാൽ മതിയെന്ന അമ്മായിയമ്മയുടേയും പൂജാരിയുടേയും പ്ലാനിംഗിനെക്കുറിച്ച് ഡോക്‌ടറെ ധരിപ്പിച്ചു.

കീർത്തന പറഞ്ഞതത്രയും ഡോ.സരിത സശ്രദ്ധം കേട്ടു. “കീർത്തന ഒന്നു കൊണ്ടും വിഷമിക്കേണ്ട, ഞാൻ കീർത്തനയ്‌ക്കൊപ്പമുണ്ട്.” ഡോക്‌ടർ പറഞ്ഞു.

തന്‍റെ കുഞ്ഞ് അന്ധവിശ്വാസങ്ങൾക്ക് ബലിയാടാവില്ലല്ലോ. ഒരു നെടുവീർപ്പോടെ കീർത്തന കാബിനിൽ നിന്നു പുറത്തേക്കിറങ്ങി.

9-ാം മാസത്തിനു ശേഷം പൂജാരി പറഞ്ഞ ശുഭമുഹൂർത്തത്തിനു മുമ്പ് ദേവകിയമ്മ കീർത്തനയേയും കൂട്ടി നേഴ്‌സിംഗ് ഹോമിലെത്തി. ഡോ.സരിത കീർത്തനയെ പരിശോധിച്ചു. “രക്‌തസമ്മർദ്ദം കൂടുതലാണല്ലോ. ഇവരെ ഉടനെ അഡ്‌മിറ്റ് ചെയ്യേണ്ടി വരും…”

“പക്ഷേ, ഡോക്‌ടർ… നാളെ ഒരു ശുഭമുഹൂർത്തമുണ്ട്.

കുഞ്ഞ് നാളെ തന്നെ ജനിച്ചിരുന്നുവെങ്കിൽ ഡോക്‌ടർ ചോദിക്കുന്ന പണം തരാം.” ഡോക്‌ടർ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ദേവകിയമ്മ ഇടയ്‌ക്കു കയറി പറഞ്ഞു.

“നിങ്ങൾ അനാവശ്യമായി വാശി പിടിക്കരുത്. രക്‌തസമ്മർദ്ദം കൂടുതലുള്ളപ്പോൾ ഓപ്പറേഷൻ ശരിയാവില്ല. ആദ്യം പേഷ്യന്‍റിന്‍റെ ആരോഗ്യനില ശരിയാവട്ടെ. എനിക്ക് പണമൊന്നും വേണ്ട. കീർത്തനയുടേയും കുഞ്ഞിന്‍റേയും ജീവന് ആപത്തൊന്നും വരരുതേ എന്നു മാത്രം നിങ്ങളിപ്പോൾ ചിന്തിച്ചാൽ മതി.” ഡോ. സരിത കടുപ്പിച്ചു പറഞ്ഞു.

ദേവകിയമ്മ ഉദാസീനയായി. കുടുംബാംഗങ്ങൾ ഓരോരുത്തരായി നേഴ്‌സിംഗ് ഹോമിൽ എത്തിത്തുടങ്ങിയിരുന്നു. ശുഭ മുഹൂർത്തത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലായിരുന്നു ഓരോരുത്തരും. കീർത്തനയുടെ ആരോഗ്യനില മോശമാണെന്നറിഞ്ഞ് അവർ നിശബ്‌ദരായി.

ഡോ. സരിതയുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണ് അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ താൻ വിജയിക്കുന്നത്. കീർത്തന ഉള്ളിന്‍റെയുള്ളിൽ സന്തോഷിക്കുകയായിരുന്നു.

ദേവകിയമ്മ തിടുക്കപ്പെട്ട് നാരായണസ്വാമിയുടെ അരികിലെത്തി. മരുമകളുടെ ആരോഗ്യ വിവരം ധരിപ്പിച്ചു. നാരായണ സ്വാമി കവടി നിരത്തി ഒരാഴ്‌ചയ്‌ക്കു ശേഷം നല്ലൊരു മുഹൂർത്തമുണ്ടെന്നു പറഞ്ഞ് 501 രൂപ ദക്ഷിണയായി വാങ്ങി. ദേവകിയമ്മയ്‌ക്കപ്പോഴാണ് ജീവൻ നേരെ വീണത്. ഇനി ഒരാഴ്ചയ്‌ക്കു ശേഷമാണല്ലെ?

രണ്ടു ദിവസത്തിനു ശേഷം കീർത്തന ആരോഗ്യമുള്ള നല്ലൊരു ആൺകുഞ്ഞിനു ജന്മം നൽകി. പേരക്കുട്ടിയെ കണ്ട് ദേവകിയമ്മയും ബന്ധുക്കളും സന്തോഷിച്ചു. എന്നാൽ ശുഭമുഹൂർത്തത്തിലല്ലല്ലോ ജനിച്ചതെന്നോർത്തപ്പോൾ അവർക്ക് ആശങ്ക തോന്നാതിരുന്നില്ല. അതിനിടയ്‌ക്ക് ഡോ. സരിത അവിടെയെത്തി.

“ഡോക്‌ടർ… പൂജാരി ഒരാഴ്ചയ്‌ക്കു ശേഷമാണ് ശുഭമുഹൂർത്തം പറഞ്ഞിരുന്നത്. പക്ഷേ, കുഞ്ഞ് ഇന്നു തന്നെ ജനിച്ചല്ലോ. കുഞ്ഞ് ആരോഗ്യവാനാണോ, ഡോക്‌ടർ ഒന്നു ശരിക്കു പരിശോധിക്കൂ… ഞാൻ പൂജാരിയെ വിളിപ്പിക്കാം.” ദേവകിയമ്മയുടെ മുഖത്ത് ആശങ്ക നിഴലിച്ചു.

“അമ്മ വെറുതേ ടെൻഷനടിക്കണ്ട. സ്വാഭാവിക ജനനമാണ് കുഞ്ഞിന്‍റേയും അമ്മയുടേയും ആരോഗ്യത്തിനു നല്ലത്. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. ഇനിയൊരു സത്യം കൂടി വെളിപ്പെടുത്തട്ടെ. ഞാനും കീർത്തനയും ചേർന്നു തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് കാര്യങ്ങൾ നടന്നത്. കീർത്തനയ്‌ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ലായിരുന്നു. പൂജാരി പറഞ്ഞ മുഹൂർത്തത്തിൽ ഓപ്പറേഷൻ വഴി കുഞ്ഞു ജനിക്കുന്നത് കീർത്തനയ്‌ക്ക് ഒട്ടും താല്‌പര്യമില്ലായിരുന്നു. നിങ്ങളുടെയെല്ലാം മനസ്സിൽ കരിനിഴൽ വീഴ്ത്തിയ അന്ധവിശ്വാസം തുടച്ചു കളയാൻ ഇതല്ലാതെ വേറൊരു മാർഗ്ഗവുമില്ലായിരുന്നു.

ഒരു ഓപ്പറേഷനും പൂജാവിധിയും കൂടാതെ ആരോഗ്യമുള്ള നല്ല കുഞ്ഞിനു കീർത്തന ജന്മം നൽകിയില്ലേ? ശുഭം അശുഭം എന്നൊന്നില്ല. ഇതൊക്കെ പൂജാരികൾ വളർത്തുന്ന അന്ധവിശ്വാസങ്ങളാണ്.” ഡോക്‌ടർ പറഞ്ഞതു കേട്ട് സകലരും ഒരു നിമിഷം തരിച്ചു നിന്നു. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കാൻ ഇതോടെ അവർ എല്ലാവരും ശീലിച്ചു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें