തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരാളുടെ കൂടെ ജീവിതം പങ്കിടാൻ തീരുമാനിച്ചത് വലിയ ധീരതയായി ലതികയ്‌ക്ക് തോന്നിയിരുന്നില്ല. അയാൾ മരിക്കുന്നതു വരെ.

തന്‍റെ ആർത്തവദിനത്തിലാണ് അയാൾ ചോരവാർന്ന് റോഡിൽ കിടന്ന് മരിച്ചത്. ഒരു വാഹനാപകടം. ലതികയുടെ സ്വപ്‌നത്തെ കൊന്നു കളഞ്ഞു!

അതൊരു കൊലപാതകമായിരുന്നെന്ന് ലതികയ്‌ക്ക് മനസ്സിലായത് വളരെ കഴിഞ്ഞാണ്. ബോഡിയിൽ നിന്ന് കിട്ടിയ മൊബൈലും ക്രെഡിറ്റ് കാർഡും ചോര പടർന്ന പേഴ്‌സിലെ തന്‍റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും പോലീസുകാർ തിരിച്ചേൽപ്പിക്കുമ്പോൾ ഭൂമിയിൽ ഒറ്റയ്‌ക്കായിപ്പോയ നിസ്സഹായതയായിരുന്നു അവൾക്ക്.

ക്ലോക്ക് നിലച്ച അതേ രാത്രിയിലാണ് അയാളുടെ മൊബൈൽ കരഞ്ഞത്. ഒരു ശോകഗാനമായിരുന്നു കൊല്ലപ്പെട്ടവന്‍റെ റിംഗ്‌ടോൺ. മടിച്ചു മടിച്ചാണ് ലതിക ഫോണെടുത്തത്.

“ഹലോ... ദിനകരനില്ലേ...”

ഒരു പൊട്ടിക്കരച്ചിലോടെ ലതിക ഫോൺ കട്ട് ചെയ്‌തു. ദിവസങ്ങൾക്കു ശേഷം ആ നമ്പറിൽ നിന്നുള്ള കോളുകൾ രാത്രികാലങ്ങളിൽ പതിവായി ലതികയെ തേടിയെത്തി. വിളിക്കുന്ന ആളുടെ സൂക്കേട് മനസ്സിലായിട്ടോ മറ്റോ പിന്നെ ഒരിക്കലും ലതിക ആ കോൾ അറ്റന്‍റ് ചെയ്‌തിട്ടില്ല. ഒരു പകൽ ഒരാൾ അവളെ തിരഞ്ഞു വന്നു.

“ദിനകരന്‍റെ ഭാര്യയല്ലേ...”

“അതെ.”

“ഞാൻ ദിനകരന്‍റെ സുഹൃത്താണ്.”

“ഇരിക്കൂ...”

“ഇല്ല. എനിക്കൊരു കാര്യം പറയാനുണ്ട്. അതിനുവേണ്ടി മാത്രമാണ് ഞാൻ ഇത്രയും ദൂരം വന്നത്.” ലതിക അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“എന്‍റെ ജീവിതം തിരിച്ചു തന്നത് ദിനകരനാണ്. എന്നെ കൊല്ലാൻ വന്നവർ ആള് മാറിയാണ് ദിനകരനെ...”

ലതിക കരഞ്ഞില്ല. അയാൾ പറഞ്ഞത് ലതികയോട് ചെറുപ്പക്കാരനായ പോലീസുകാരനും സംശയം പറഞ്ഞിരുന്നു. അയാൾ പോകാൻ ഒരുങ്ങിയപ്പോൾ അവൾ ചോദിച്ചു.

“ആരാണ് അത് ചെയ്‌തത്...”

“അത്... നിങ്ങൾക്കറിഞ്ഞിട്ടെന്തിനാണ്. അവരെ ആർക്കും തൊടാനാവില്ല. ഞാൻ തന്നെ ഇപ്പോൾ വേഷം മാറി നടക്കുകയാണ്.” അയാൾ ശബ്‌ദമിടറിക്കൊണ്ടു പറഞ്ഞു.

“അല്ല, എനിക്കറിയണം” ലതിക ഉറച്ച ശബ്‌ദത്തിൽ പറഞ്ഞപ്പോൾ അയാൾ രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു “അവരോടൊന്നും നമുക്ക് ഏറ്റുമുട്ടാനാവില്ല.” അയാൾ ധൃതിയിൽ നടന്നുപോയി.

ലതിക അയാൾ പോകുന്നത് നോക്കി നിന്നു. ദിനകരന്‍റെ ആത്മാവ് പേറി നടക്കുന്നവൻ! അയാൾ വീട്ടിലേയ്‌ക്ക് കയറി വന്നപ്പോൾ മുതൽ അവിടൊക്കെ ദിനകരന്‍റെ വിയർപ്പിന്‍റെ മണം. നിലാവുദിച്ചിട്ടും അത് പോകുന്നില്ല.

അകാലത്തിൽ പൊലിഞ്ഞു പോകുന്നവർ ഗന്ധങ്ങളായി ഇഷ്‌ടപ്പെട്ടവരുടെ അടുക്കൽ വരുമെന്ന് മുത്തശ്ശി പണ്ട് പറഞ്ഞത് ലതിക ഓർത്തു.

ഇതുപോലെ നിലാവുള്ള രാത്രികളിൽ ദിനകരനോടൊപ്പം വരാന്തയിൽ ഇരുന്ന ഭാവി സ്വപ്‌നം കണ്ടിരുന്നുവല്ലോ. ഇതോർത്ത് കരയാൻ തുടങ്ങിയപ്പോഴാണ് വാതിൽ കുറ്റിയിട്ടിട്ടുണ്ടാവുമോ എന്ന് ലതികയ്‌ക്ക് സംശയം തോന്നിയത്. ഓടിച്ചെന്ന് അത് ഉറപ്പുവരുത്തി, കുറ്റിയിട്ടിട്ടുണ്ട്! തനിച്ചാകുമ്പോൾ മനുഷ്യനെ പേടി ഇങ്ങനെ പിടികൂടുമോ? അന്ന് ഉറങ്ങുന്നതിനു മുമ്പേ അവൾ ഒരു ധൈര്യത്തിന് ദിനകരന്‍റെ ഷർട്ട് അണിഞ്ഞു കിടന്നു.

പിന്നീട് ലതികയുടെ ഭയം ഒരുതരം മരവിപ്പായി. രാത്രി വാതിലിൽ ആരോ മുട്ടുന്നുണ്ടോ എന്ന ശങ്ക ഉറക്കത്തെ ഇടയ്‌ക്കിടയ്‌ക്ക് മുറിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഉറക്കം നഷ്‌ടപ്പെട്ടു തുടങ്ങിയതോടെ ലതിക താമസം മറ്റൊരു സ്‌ഥലത്തേയ്‌ക്ക് മാറ്റി. അതും വളരെ ദൂരെയൊ രിടത്തേയ്‌ക്ക്... ആ സ്‌ഥലത്തിനും പേര് കേരളമെന്നായിരുന്നു!

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...