അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കിൽ... ഇടനാഴിയിൽ ഒരു കാലൊച്ച... കല തിരിച്ചു നോക്കുമ്പോൾ ഒരിക്കൽ... ഒരിക്കൽ മാത്രം വാതിൽക്കൽ മിന്നൽ പോലെ കണ്ട ആ മുഖം.
എവിടെയോ കണ്ടു മറന്നതു പോലെ... മനസ്സിന്‍റെ കോണിലെവിടെയോ ഒളിമങ്ങാതെ തെളിഞ്ഞു നിന്ന ആ മുഖം മറനീക്കി പുറത്തു വരുന്നതു പോലെ.
ആ നീണ്ടു വളർന്ന താടിയും കണ്ണുകളിലെ നോട്ടത്തിന്‍റെ തീവ്രതയും ഏതോ ഭൂതകാലത്തിലേയ്ക്ക് മനസ്സിനെ വീണ്ടും നയിക്കുന്നു. ഇരുളും, വെളിച്ചവും മാറി മാറിത്തെളിയുന്ന വെള്ളിത്തിരയിലെന്ന പോലെ മനസ്സിൽ തെളിഞ്ഞ കഴിഞ്ഞ കാല ചിത്രങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തി.
ഒടുവിൽ അബോധത്തിന്‍റെ മഞ്ഞുമലകൾക്കപ്പുറത്തു നിന്ന് ബോധത്തിന്‍റെ നനുത്ത സൂര്യവെളിച്ചം മനസ്സിനെ തഴുകിയെത്തി.
നീണ്ട നിദ്ര വിട്ടുണരുമ്പോൾ കണ്മുന്നിൽ ആ മുഖമെത്തിച്ച് ഡോക്ടറുടെ വാക്കുകൾ... “നിങ്ങൾക്ക് കിഡ്നി ദാനം ചെയ്തത് ഇദ്ദേഹമാണ്...” അവിശ്വസനീയതയോടെ ആ രൂപത്തെ ഉറ്റുനോക്കുമ്പോൾ, പ്രാകൃത രൂപിയെങ്കിലും, തിരിച്ചറിവിന്‍റെ ആനന്ദ ലബ്ധിയിൽ മതിമറന്ന എന്‍റെ അരികിൽ ഫഹദ് സാറിരുന്നു. മനസ്സിലെ കിളിക്കൂട്ടിൽ കലപില കൂട്ടിയ പക്ഷിക്കുഞ്ഞുങ്ങൾ ഹർഷാരവത്തോടെ പറന്നുയർന്നു.
ജീവിതം വഴിമുട്ടിയെന്നു തോന്നിയ സന്ദർഭങ്ങളിലെല്ലാം ഒരിയ്ക്കൽ കൂടി കാണാനാഗ്രഹിച്ച ആ മുഖം..ഒരു ത്യാഗിവര്യന്‍റേതു പോലെ അനുഭവ തീവ്രതയാർന്ന ആ മുഖം, എന്‍റെ നേരെ നീണ്ടു വന്നു.
എന്‍റെ മുഖം ആ കൈക്കുമ്പിളിലെടുത്ത് വശ്യമനോഹരമായ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
“ഞാനാണാ ഡോണർ... നിനക്ക് കിഡ്നി ദാനം നൽകിയത് ഞാനാണ്. ഞാൻ ഭാഗ്യവാനാണ് മീരാ... ഈ മുഖം ഒരിക്കൽ കൂടി എനിക്ക് കൈകളിലൊതുക്കുവാനായല്ലോ...”
ഫഹദ് സാറിന്‍റെ കൈകളിൽ മുറുകെപ്പിടിച്ച് ഞാൻ പറഞ്ഞു.
“ഈ കൈകളെനിക്ക് എന്നും അഭയവും ആനന്ദവുമാണ്. ഇനി മുന്നോട്ടുള്ള പാതയിൽ ഈ കൈകളെനിയ്ക്ക് താങ്ങായി ഉണ്ടാകണം.”
“പക്ഷെ മീരാ... നീയിന്ന് മറ്റൊരാളുടെ ഭാര്യയാണ്. എനിയ്ക്കെങ്ങനെ നിന്നെ സ്വന്തമാക്കാനാവും? എല്ലായ്പ്പോഴും നിഴൽ പോലെ നിന്നോടൊപ്പം സഞ്ചരിയ്ക്കുമ്പോഴും നിന്നിൽ നിന്നും ഞാനകന്നു നിന്നത് നീ മറ്റൊരാളുടെ ഭാര്യയാണെന്നുള്ള തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്. ആ നീയിന്ന് നിന്‍റെ ജീവിതത്തിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്?”
ഒരു ജന്മം മുഴുവൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ കേൾക്കുമ്പോഴും, അത് കേൾക്കുവാൻ ഞാനർഹനാണോ എന്നു സംശയിക്കുന്നതു പോലെ ഫഹദ് സാർ എന്നെ നോക്കി. ആ നോട്ടത്തിന്‍റെ അർത്ഥം ഉൾക്കൊണ്ടിട്ടെന്ന പോലെ ഞാൻ പറഞ്ഞു.
“ജീവിതത്തിലുടനീളം എനിക്ക് തിരിച്ചു നൽകാനാകാത്തത്ര സ്നേഹം നൽകിയ നരേട്ടൻ ഇന്ന് വളരെ അകലെയാണ് സാർ... എന്നെ ഒറ്റപ്പെടുത്തി അദ്ദേഹം അകലേയ്ക്കു മാഞ്ഞു പോയി. ഇന്ന് ഒരു തുണയില്ലാതെ ഞാൻ അലയുകയാണ്. പക്ഷെ ഫഹദ് സാർ...”
ഞാൻ പാതിയിൽ നിർത്തി ഒരു കൗമാരക്കാരിയുടെ വിഹ്വലതയോടെ ഫഹദ് സാറിനെ ഉറ്റുനോക്കി.
“എന്താ താൻ നിർത്തിക്കളഞ്ഞത്?” ഫഹദ് സാറിന്‍റെ ചോദ്യം കേട്ട് അൽപം സങ്കോചത്തോടെ ഞാനന്വേഷിച്ചു.