short story – ഘനശ്യാമൻ, കുടിയിറക്കം

 

മാറാലകൾ മുകളിൽ നിന്ന് തുടച്ചു നീക്കുന്ന ശ്യാമയുടെ കണ്ണുകൾ എന്തെന്നില്ലാത്ത ആവേശത്തോടെ വീടിനകം മുഴുവൻ കറങ്ങുന്നുണ്ടായിരുന്നു.

കുഞ്ഞു… നീ വീഴാതെ കളിക്കണ്ടോ…

അമ്മയുടെ ആവലാതിയെല്ലാം നിറച്ച സ്വരം നിശബ്ദമായ ആ വീട്ടിൽ മൊത്തം നിറഞ്ഞു.

ഷെൽഫിൽ നിന്ന് പഴയ പുസ്തകങ്ങൾ പൊടിതട്ടി വെക്കുമ്പോളാണ് അപ്രതീക്ഷിതമായി ഓ.വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം കണ്ണിൽപ്പെട്ടത്.

കയ്യിലിരുന്ന പുസ്തകം റാക്കിലേക്ക് തള്ളിക്കയറ്റി ആ പുസ്തകം കൈയ്യിൽ എടുത്തു. രവി മാഷ്… മറക്കാൻ പറ്റാത്ത കഥാപാത്രം. പുസ്തകത്തിന്‍റെ പടർപ്പിലൂടെ കൈയോടിച്ച് ആദ്യ താള് മറിച്ചു.

ഘനശ്യാമൻ…

കൈ വിരലിന്‍റെ അറ്റത്തൂടെ മഞ്ഞുതുള്ളികൾ പോലെ എന്തോ ഒന്ന് ഒലിച്ചിറങ്ങി. ഹൃദയത്തിന്‍റെ കനം കൂടിയും കുറഞ്ഞും ഇടിക്കുന്ന ശബ്ദം എന്‍റെ അസ്വസ്ഥതകളെ കെട്ടി മുറുക്കി. തലമുടിയിലൂടെ അരിച്ചിറങ്ങിയ വിയർപ്പ് ഒച്ചിനെ പോലെ ഇഴഞ്ഞ് നീങ്ങി. മൈതാനത്തിൽ ധൂളിയിട്ട കലാലയത്തിലേക്ക് ഞാൻ അറിയാതെ എന്‍റെ മനസ്സ് അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു. വേണ്ടെന്നു തോന്നിയിട്ടും നിരുത്സാഹം ഏറ്റുവാങ്ങി ഞാനും!

ഘനശ്യാമൻ… ഘനശ്യാമൻ…

ആവർത്തിച്ച് ആവർത്തിച്ച് എന്നിലേക്ക് ആ പേര് ഞാൻ ചേർത്തു നിർത്തി. ഭൂതകാലത്തിന്‍റെ ഓർമയിലേക്ക് ഊളിയിട്ട് ഒരു കൗമാരക്കാരിയുടെ അപക്വമായ ചെരുവിന്‍റെ ഓരത്തൂടെ ഞാൻ ചലിച്ചു.

മറന്നുവോ… കൃഷ്ണ…

അതിവേഗം പായുന്ന ഫുട്ബോളിനൊപ്പം കാരിരുക്കിന്‍റെ ശക്തിയോടെ ഊക്കോടെ പായുന്ന കാർവർണ്ണൻ. മഴ പെയ്തിറങ്ങിയ സായാഹ്നത്തിൽ ബെഞ്ചുകളും ഡെസ്കുകളും ഒക്കെ കൂട്ടിയിട്ട പഴയ മുറിയുടെ നിശ്ശബ്ദമായ സാന്നിദ്ധ്യം. ഇളവെയിലിന്‍റെ ചെറിയ വെളിച്ചം ഞങ്ങളുടെ കൈകളിൽ മാറി മാറി അടിച്ചു കൊണ്ടേയിരുന്നു.

ആദ്യ ചുംബനം ആദ്യ സ്പർശനം അതൊക്കെ മറക്കാൻ കഴിയുമോ? ആത്മാവിൽ പ്രാണനുള്ളിടത്തോളം.

സ്വന്തം ഓർമ്മകളുടെ വേരുകൾ അറുത്തു കൊണ്ട് ആ താള് കീറി മാറാലയോടൊപ്പം ഇട്ട് കൊണ്ട് ഞാൻ നെടുവീർപ്പെട്ടു. അനശ്വര പ്രണയം… കവിതകൾ പാടിയുറക്കിയ കവീശ്വരൻമാർക്ക് പ്രണാമം.

ഗ്യാസ് അടുപ്പിൽ നിന്ന് തിളച്ച് പൊങ്ങിയ പാൽ തുടച്ച് കുപ്പി ഗ്ലാസ്സിലേക്ക് പകർന്ന് ചൂടോടെ ഞാൻ ഊതി കുടിച്ചു. പ്രണയത്തെ എപ്പോഴും പൂർണമാക്കുന്നത് ഇങ്ങനെയുള്ള ചില പ്രതീകങ്ങളാണ്. കരയുന്ന കുഞ്ഞിനെ മടിയിലേക്ക് എടുത്തു വച്ച് അവന്‍റെ വായിലേക്ക് മുല അമർത്തി കൊടുത്തു. വിശപ്പ് മാറുവോളം പാൽ ചുരത്തി കൊടുത്ത് അവന്‍റെ നെറ്റിയിൽ ഉമ്മ വെച്ചു ഞാൻ പറഞ്ഞു…

ഘനശ്യാമൻ…

– അശ്വതി എൻ.വി

കുടിയിറക്കം

malayalam 2 stories 660*430

വേദന കൊണ്ടയാൾ പുളയുകയായിരുന്നു. ഇടതു ചെവിയിൽ അമർത്തി തിരുമ്മിക്കൊണ്ട്‌ ഒരപസ്മാരരോഗിയെപ്പോലെ അയാൾ ഉറഞ്ഞു തുള്ളി. ചെവിക്കകത്ത്‌ കൊടുങ്കാറ്റടിക്കുന്നതു പോലെയും പടക്കുതിരകൾ കുതിക്കുന്നതായും അയാൾക്കു തോന്നി.

”ചെവിക്കായം പറക്കുന്നതാ, നിങ്ങളൊന്നടങ്ങിയിരിക്ക് ഞാനൊന്നു നോക്കട്ടെ.” ഭാര്യയുടെ നിസ്സാരവൽക്കരിക്കൽ കേട്ട് അയാൾക്ക് അരിശവും വരുന്നുണ്ടായിരുന്നു. വേദന അമർത്താനുള്ള ശ്രമം പരാജയപ്പെട്ട് അയാൾ സോഫയിലേക്കിരുന്നു.

”നീയാ വെളിച്ചെണ്ണയെടുത്ത്‌ ചെവിയിലൊട്ടൊന്നിറ്റിച്ചുതാ വേദന സഹിക്കാമ്മേല” അയാൾ ഭാര്യയോടു പറഞ്ഞു. അത് കേട്ടുകൊണ്ടാണ് മകൾ അവിടേക്കു വന്നത്.

”അച്ഛാ ചെവിക്കകത്ത് ഓയിലൊന്നും ഒഴിച്ചു കൂടെന്നാ ഡോക്‌ടർമാര് പറേണത്” അവളുടെ വൈദ്യവിജ്ഞാനം ശ്രദ്ധിക്കാതെ അയാൾ തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് കണ്ണുകൾ പൂട്ടി അമർന്നിരുന്നു. ഭാര്യ അടുത്തു വന്ന് അയാളെ കുറേ നേരം നോക്കിയിരുന്നതൊന്നും അയാളറിയുന്നുണ്ടായിരുന്നില്ല.

“ങാ…… ഇതുറുമ്പു കയറീതു തന്ന്യാ……” അയാളുടെ കഴുത്തിനു പിൻവശത്തു നിന്നും ഒരുറുമ്പിനെ നുള്ളിയെടുത്തുകൊണ്ട് ഭാര്യ പറഞ്ഞതു കേട്ട് അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു.

”ഉറുമ്പാണെങ്കി ഇപ്പോ ഞാനെടുത്തു തരാം” മൊബൈൽ എടുത്ത് ടോർച്ചു മിന്നിച്ചു കൊണ്ട് മകൾ അരികിലേക്ക് ചേർന്നിരുന്നു.

”ചെവിയിലേക്ക് ടോർച്ചടിച്ചു കൊടുത്താൽ ഏതുറുമ്പും ക്ഷണത്തിൽ വെളിയിലേക്കു വരും” മകൾ പറഞ്ഞു.

എങ്ങനെയെങ്കിലും ഈ പരവേശത്തിൽ നിന്നു മുക്തി കിട്ടിയാൽ മതി എന്നു ചിന്തിച്ച് അയാൾ സോഫയിലേക്കു ചരിഞ്ഞു കിടന്നു. മകൾ മൊബൈലിന്‍റെ ടോർച്ച് അയാളുടെ ചെവിക്കകത്തേക്കു തെളിയിച്ചു.

ഒരു മിനിട്ട് കഴിഞ്ഞപ്പോഴേക്കും തെല്ലൊരാശ്വാസം ഉണ്ടായി. ചെവിക്കകത്തെ കൊളുത്തിപ്പിടിത്തത്തിന് അയവു വന്നപോലെയും, പുറത്തേക്ക് എന്തോ ഇഴഞ്ഞിറങ്ങുന്നതായും തോന്നി. ശ്വാസം പിടിച്ച് അയാൾ അനങ്ങാതെ കിടന്നു. ”ദാ ദാ വരണുണ്ട് അവൻ ….കടിയനുറുമ്പാ”. മകൾ ഉത്സാഹത്തോടെ പറഞ്ഞു.

ഉറുമ്പ് പൂർണ്ണമായും വെളിയിലേക്കു വന്നയുടൻ വിരലുകൾ അകത്തേക്കിട്ട് അവൾ അതിനെ കൈപ്പിടിയിലൊതുക്കി പുറത്തേക്കെറിഞ്ഞു.

ചെവിക്കകത്തെ കടലിരമ്പം ഇപ്പോൾ പൂർണ്ണമായും അവസാനിച്ചിരിക്കുന്നു. അവാച്യമായൊരു ശാന്തത അയാളെ പുല്‌കി. പതിയെ സുഖകരമായ ഒരാലസ്യത്തിലേക്ക് അയാൾ ഊർന്നിറങ്ങി. ബോധം അബോധത്തിന്‍റെ തുരുത്തിലേക്കു തുഴഞ്ഞു കൊണ്ടിരിക്കെ  ഒരശരീരി കേട്ടു ”സഹോദരാ ഉണരൂ, എന്തൊരുറക്കമാ ഇത്?”

”ആരാ?” പകുതി ബോധത്തിൽ അയാൾ പ്രതിവചിച്ചു.

”ഞാൻ ഉറുമ്പാ… നേരത്തേ നിങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്ന….” ”ഹോ… വീണ്ടും വന്നോ ശല്ല്യപ്പെടുത്താൻ എന്തു വേണം നിനക്ക്?” അയാൾ അലോസരത്തോടെ ചോദിച്ചു.

”ഞാനെങ്ങനെ പോകാനാണ് സഹോദരാ, ഞങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നൊരു ദേശത്തേയ്ക്ക്?

അസ്‌തിത്വം ചോദ്യം ചെയ്യപ്പെടുന്നൊരിടത്തേക്കു വീണ്ടും തിരിച്ചു ചെല്ലാൻ ആരാണ് താത്പര്യപ്പെടുക?” ഉറച്ച ശബ്ദത്തിലുള്ള ഉറുമ്പിന്‍റെ ചോദ്യം അയാളെ തെല്ലുനേരത്തേക്ക് സന്നിഗ്ധതയിലാക്കി.

”ആരാ ആരാ നിങ്ങളുടെ നിലനില്പ്പ് അപകടത്തിലാക്കുന്നത്? ആരാണ് നിങ്ങളെ അവിടെ നിന്ന് ആട്ടിയോടിച്ചത്?” അയാൾ ആകാംക്ഷയോടെ തിരക്കി.

“അതൊക്കെ ഒരു കഥയാണ് സഹോദരാ, വലിയൊരു കുടിയൊഴിപ്പിക്കലിന്‍റെ കഥ. ജനിച്ചതിനും ജീവിക്കുന്നതിനും ഇനി വരാൻ പോകുന്ന മരണത്തിനു ഒക്കെയുള്ള തെളിവുകൾ ഞങ്ങൾ ഉറുമ്പുകൾ എവിടെപ്പോയുണ്ടാക്കാനാ. നാണം കെട്ടും ഭയന്നും അവിടെ കഴിയുന്നതിലും ഭേദം ഇങ്ങോട്ടു വരുന്നതാണ് നല്ലതെന്നു തോന്നി. ആദ്യമൊന്നും ഒട്ടുമേ ഇഷ്‌ടമായിരുന്നില്ല ഇവിടം. എപ്പോഴും അന്ധകാരത്തിലമർന്നു കിടന്നിരുന്ന ഈ സ്‌ഥലം പിന്നെയെപ്പൊഴോ ഇഷ്‌ടപ്പെടേണ്ടി വന്നു. ആഹാരത്തിനുള്ള ബുദ്ധിമുട്ടും അലട്ടിയില്ല. വല്ലപ്പോഴും താങ്കളുടെ കർണ്ണപുടങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന ആ മധുരിക്കുന്ന സ്രവം… അത് ധാരാളമായിരുന്നു അഷ്‌ടിക്ക്. എന്നാൽ നശിച്ച ആ ടോർച്ചു വെളിച്ചം എല്ലാം നശിപ്പിച്ചു. ഒരു ക്ഷണത്തേക്ക് മനോനിലയാകെ മാറ്റി മറിച്ചു. വീണ്ടും വെളിച്ചത്തിന്‍റെ ലോകത്തെത്താനുള്ള ദുഷ്ചിന്ത മാരീചനെപ്പോലെ വഴിതെറ്റിച്ചു കളഞ്ഞു. എന്തായാലും സംഭവിച്ചതു സംഭവിച്ചു. വെളിച്ചം കണ്ടപ്പോൾ അപ്പോഴത്തെ ഒരാഹ്ളാദത്തിന് താങ്കളെ ചെറുതായി വേദനിപ്പിച്ചതിൽ ഇപ്പോൾ ദുഖവുമുണ്ട്. ഇനിയതുണ്ടാവില്ല. സ്വസ്ഥതയാർന്ന ഈ സുരക്ഷിത ഗുഹയിൽ കഴിയാൻ ദയവായി അനുവദിക്കണം…” ഉറുമ്പിന്‍റെ സ്വരം ഒരു തേങ്ങലായി നേർത്തുനേർത്തു വന്നു. ക്രമേണ അത് ഒരു മുഴക്കമായി ചെവിക്കകത്തേക്ക് ഉൾവലിയുന്നതായി അയാൾക്കു തോന്നി.

പുതിയൊരു ബോധത്തിലേക്ക് കാൽകുത്തിയിറങ്ങിയപോൽ അയാൾ കണ്ണുകൾ തുറന്നുപിടിച്ചു. അപ്പോൾ കണ്ടത് കരിമ്പടം പുതച്ചു കൊണ്ട് ഒരു കൂട്ടം ഉറുമ്പുകൾ വരിവരിയായി അയാളുടെ കർണ്ണകവാടത്തിനരികിലേക്ക് അരിച്ചരിച്ചു വരുന്നതാണ്. തെല്ലും ഭയമില്ലാതെ നിസ്സംഗതയിൽ പൊതിഞ്ഞൊരു പുഞ്ചിരിയോടെ അയാളാ കാഴ്ച നോക്കി കിടന്നു.

– സന്തോഷ് ആറ്റിങ്ങൽ

സാഗരസംഗമം ഭാഗം- 37

“മീരയ്ക്കിപ്പോളാവശ്യം പൂർണ്ണ വിശ്രമമാണ്. എപ്പോൾ മുതലാണോ മീര പൂർണ്ണ ആരോഗ്യവതിയാകുന്നത് അപ്പോൾ മുതൽ ഞാൻ ഒഴിഞ്ഞു തന്നോളാം. പിന്നെ മീരയെന്ന അന്നപൂർണ്ണേശ്വരിയുടെ ദാസനായി അടിയനിവിടെ കഴിഞ്ഞോളാം.”

അങ്ങനെ ആഹ്ലാദം മാത്രം അലയടിച്ച ആ നാളുകളിലൂടെ മീരയുടെ അവധി ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ കോളേജിലേയ്ക്ക് യാത്ര പുറപ്പെടേണ്ട ദിനവും വന്നെത്തി. അൽപനേരത്തേയ്ക്കെങ്കിലും ഫഹദ് സാറിനെ പിരിയുന്ന കാര്യമോർത്തപ്പോൾ എന്‍റെ കണ്ണുകൾ ബാഷ്പ പൂരിതമായി. എന്‍റെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കിക്കൊണ്ട് ഫഹദ് സാർ സ്നേഹം തുടിക്കുന്ന വാക്കുകൾ ഉരുവിട്ടു.

“വർഷങ്ങൾക്കു മുമ്പ് ലാവണ്യം തുടിയ്ക്കുന്ന ഈ കണ്ണുകളിലെ സ്നേഹമായിരുന്നു എന്നെ ആകർഷിച്ചത്. പിന്നീട് പത്തുമുപ്പതു വർഷക്കാലം ഈ കണ്ണുകൾ ഓരോർമ്മയായി എന്നിൽ നിലനിന്നു. എന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നപ്പോൾ ഈ കണ്ണുകളിലെ നിസ്സഹായതും, വേദനയും എന്‍റേതും കൂടിയായിത്തീർന്നു. ഒടുവിൽ ഇന്നിപ്പോൾ ഈ കണ്ണുകളുടെ ഉടമ പൂർണ്ണമായും എന്‍റെ സ്വന്തമായപ്പോൾ അൽപനേരമെങ്കിലും പിരിഞ്ഞിരിക്കുക, എനിക്കും അസാദ്ധ്യം. എങ്കിലും ഈ ഏകാന്തതയും ഒറ്റപ്പെടലും, വേർപിരിയലിന്‍റെ ശൂന്യതയും എല്ലാം പരിചിതമാണല്ലോ… മീര വിഷമിയ്ക്കാതെ പോയ് വരൂ…”

അദ്ദേഹത്തോട് യാത്രാനുമതി വാങ്ങി കോളേജിലേയ്ക്ക് യാത്ര തിരിയ്ക്കുമ്പോൾ പൂർണ്ണ ജാഗ്രതയോടെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ തിനിക്കിനി കഴിയുമോ എന്നു ഞാൻ ചിന്തിച്ചു. ഒരു പക്ഷെ എന്‍റെ ശരീരം അവിടെയും മനസ്സിവിടെയുമായിരിക്കും. ഓരോ നിമിഷവും ഫഹദ്സാറിനു വേണ്ടി തുടിയ്ക്കുന്ന ഒരു ഹൃദയവുമായി വിദ്യാർത്ഥികൾക്കു മുന്നിൽ… ഓർത്തപ്പോൾ അൽപം ജാള്യത തോന്നി.

കോളേജിൽ വിദ്യാർത്ഥികൾ എന്നെ കണ്ടയുടനെ ഓടി വന്നു. “മാഡം വന്നുവല്ലോ… ഞങ്ങൾക്ക് സന്തോഷമായി ഞങ്ങൾ ഒരുപാട് വേദനിച്ചു. ഞങ്ങൾക്ക് മാഡത്തിന്‍റെ ക്ലാസ്സുകൾ ഒരുപാട് മിസ്സായി.” ആ സ്നേഹ പ്രകടനങ്ങൾക്കു മുമ്പിൽ സ്വയം അലിഞ്ഞില്ലാതെയാവുകയായിരുന്നു. അന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ വിദ്യാർത്ഥികൾ പലരും എന്നെ വാഴ്ത്തിപ്പറഞ്ഞു.

പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കുവാനായി ഞാൻ നടത്തിയ പരിശ്രമങ്ങൾ… അതിനുവേണ്ടി ജീവത്യാഗം പോലും ചെയ്യാൻ തയ്യാറായവൾ…

അവർ പൂമാലകൾ കൊണ്ട് എന്നെ മൂടി. പിന്നെ പുഷ്പാലംകൃതമായ ഒരു ചെറിയ ബോക്സ് തന്നു കൊണ്ടു പറഞ്ഞു.

“ഇതു മാഡത്തിനുള്ളതാണ് ഞങ്ങളുടെ വിവാഹസമ്മാനം…” ഒരു നിമിഷം ഞാൻ അദ്ഭുതം കൂറി നിന്നു. ഈ വിദ്യാർത്ഥികൾ… ഇവരിതെങ്ങനെയറിഞ്ഞു. എന്‍റെ വിവാഹമായിരുന്നുവെന്ന്… ഒരു പക്ഷെ അരുൺ… അതെ… അരുണിന്‍റെ സുഹൃത്തുക്കളായിരുന്നു ആ വിദ്യാർത്ഥികളിൽ പലരും. അരുൺ തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളെ അവരുമായി പങ്കുവച്ചു കാണും എന്ന് എനിക്കുറപ്പായി.

അന്ന് വൈകുന്നേരത്തോടെ കോളേജിൽ നിന്ന് ആർത്തിയോടെ ഞാൻ ഓടിയണയുമ്പോൾ… ഫഹദ് സാർ എന്നെക്കാത്ത് പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു. എന്നെക്കണ്ടയുടനെ ഓടിവന്ന് ഇറുകെപ്പുണർന്നു കൊണ്ടു പറഞ്ഞു.

“മീരാ… ഇന്ന് നീയെന്നെ തോൽപ്പിച്ചു കളഞ്ഞു. പ്രേമവും വിരഹവും അതിനെത്തുടർന്നുള്ള ഏകാന്തതയും ഒറ്റപ്പെടലും അതിന്‍റെ വേദനയുമെല്ലാം എനിക്ക് പരിചിതമായിക്കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇന്ന് അവയെല്ലാം അസഹനീയമായ വിധത്തിൽ ഞാനനുഭവിച്ചു തീർത്തു. ഓരോ നിമിഷവും എന്നിലെ ഓരോ അണുവും നിനക്കു വേണ്ടി തുടിക്കുകയായിരുന്നു. ഒരു സമയം കോളേജിലേയ്ക്ക് നിന്നെത്തേടി വന്നാലോ എന്ന് ഞാനാലോചിച്ചു. എന്നാൽ സ്വയം നിയന്ത്രിച്ച് ആ ആഗ്രഹത്തെ പിടിച്ചു നിർത്തി. ഇനി വയ്യാ മീരാ… നിന്നെക്കാണാതെ ഒരു നിമിഷം പോലും എനിക്ക് ജീവിയ്ക്കാൻ ആവുകയില്ല…” ഫഹദ് സാർ പ്രേമത്താൽ വിവശനായി മന്ത്രിച്ചു.

“ശരിയാണ് ഫഹദ്സാർ… ഞാനുമിന്ന് അതുതന്നെ അനുഭവിച്ചു. ഇതോടെ എനിക്ക് ഒന്നുറപ്പായി ഇനിയും ഒരു നിമിഷം പോലും തമ്മിൽ കാണാതിരിയ്ക്കാൻ നമുക്കാവില്ല. ഞാൻ ഒരു കാര്യം ചെയ്യാം. റിട്ടയർ ചെയ്യാൻ എനിക്കിനിയും ഏതാനും കൊല്ലം കൂടി ഉണ്ട്. ഞാൻ വോളന്‍ററി റിട്ടയർമെന്‍റ് എടുക്കാം. അതായിരിക്കും നല്ലത്…”

പെട്ടെന്ന് ഫഹദ് സാർ എന്നെ തടഞ്ഞു കൊണ്ടു പറഞ്ഞു. “അതു വേണ്ട മീരാ… ഞാനും നിങ്ങളുടെ കോളേജിൽ ഒരു ജോലിയ്ക്ക് ശ്രമിക്കാം. റിട്ടയർ ചെയ്‌തിട്ടിപ്പോൾ നാലഞ്ചു വർഷമായെങ്കിലും ഒരു ഗസ്റ്റ് ലക്ചറർ തസ്തികയെങ്കിലും എനിക്ക് കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ…”

അന്നുതന്നെ അദ്ദേഹം അതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി. രാത്രിയിൽ ഞങ്ങൾ അരുണും സുഹൃത്തുക്കളും നൽകിയ വിവാഹ സമ്മാനം തുറന്നു നോക്കി… മനോഹരമായ ഒരാൽബമായിരുന്നു അത്. ഹോസ്പിറ്റലിൽ വച്ച് വിവാഹ ദിനത്തിൽ അരുൺ എടുത്ത ഞങ്ങളുടെ വിവിധ പോസിലുള്ള ഫോട്ടോകൾ… ഡോ. ഹേമാംബികയും അരുണും സുഹൃത്തുക്കളുമായും എടുത്ത നിരവധി ഫോട്ടോകൾ അടങ്ങിയ ആ ആൽബത്തിൽ ഇങ്ങനെ കുറിച്ചിരുന്നു.

“വിവാഹ മംഗളാശംസകളോടെ ആ വയറ്റിൽ പിറക്കാതെ പോയ മകൻ അരുൺ.”

ഒടുവിൽ ഒരു കൊല്ലത്തേയ്ക്ക് ആ കോളേജിൽ അദ്ദേഹത്തിന് ഗസ്റ്റ് ലക്ചററായി നിയമനം ലഭിച്ചു. നാലഞ്ചു വർഷമായി റിട്ടയർ ചെയ്തിട്ടെങ്കിലും പ്രഗത്ഭനായ അദ്ധ്യാപകനെന്ന കഴിഞ്ഞകാല റെക്കോഡുകളാണ് അതിന് അദ്ദേഹത്തെ സഹായിച്ചത്. മാത്രമല്ല പല വിദേശ യൂണിവേഴ്സിറ്റികളിലും റിട്ടയർമെന്‍റിനു ശേഷം അദ്ദേഹം ഗസ്റ്റ് ലക്ചററായി വർക്കു ചെയ്‌തിട്ടുണ്ട്. ആ എക്സ്പീരിയൻസും പിന്നെ മാനേജ്മെൻറിലുള്ള എന്‍റെ സ്വാധീനവും അതിനു സഹായകരമായി. അതോടെ കോളേജിൽ വച്ച് പലപ്പോഴും തമ്മിൽ കാണാമെന്നായി. അങ്ങിനെ ഒരു ദിനാന്ത്യത്തോളമുള്ള കാത്തിരിപ്പിന്‍റെ വീർപ്പുമുട്ടലിനു പരിഹാരമായി.

ദിനങ്ങൾ ചിറകുവച്ച് പറന്നകന്നു. ഒരു ദിനം അരുന്ധതിയും ചരണും ഞങ്ങളെ കാണാനെത്തി. വെറുമൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നില്ല അത്. അരുണിന് ഡോക്ടറേറ്റ് ലഭിക്കുകയും അതിനുശേഷം ആ കോളേജിൽ തന്നെ നല്ല ഒരു ജോലി ലഭിക്കുകയും ചെയ്തതിലുള്ള?ആഹ്ലാദം പങ്കിടുക കൂടിയായിരുന്നു അവരുടെ ലക്ഷ്യം.

ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ നാലുപേരും ഫ്ളാറ്റിനു മുന്നിലെ ലോണിൽ വട്ടമിരുന്നു.

“അരുണിനെ ഇത്രയും നല്ല നിലയിൽ എത്തിച്ചത് മാഡത്തിന്‍റേയും കൂടി പരിശ്രമവും പിന്തുണയുമാണ്. അതിനുള്ള നന്ദി അറിയിക്കാൻ കൂടിയാണ് ഞങ്ങൾ വന്നത്.”

“നിങ്ങളെപ്പോലെ അരുൺ എനിക്കും ഒരു മകൻ തന്നെയാണ്. ഒരമ്മ മകനു വേണ്ടി ചെയ്യുന്നതൊക്കെയെ ഞാനും അരുണിനു വേണ്ടി ചെയ്തിട്ടുള്ളൂ… പിന്നെ ഒരദ്ധ്യാപികയെന്ന നിലയിലും ഞാൻ ചില പിന്തുണകൾ നല്കിയിട്ടുണ്ട്. അതിലപ്പുറം ഒന്നുമില്ല…” തനിക്കു നല്കിയ അഭിനന്ദനത്തെ നിസ്സാരവല്ക്കരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“അതല്ല മാഡം… ഒരിയ്ക്കൽ അരുൺ ആ പെൺകുട്ടിയുടെ പുറകേ നടന്ന് ജീവിതം തുലയ്ക്കുമെന്ന് ഞങ്ങൾ ഭയന്നിരുന്നു. അവൻ അത്രത്തോളം നിരാശനും ദുഃഖിതനുമായിരുന്നു എന്നാൽ മാഡമാണ് അവനെ ആ വേദനയിൽ നിന്നും കരകയറ്റിയത്. ഇന്നവൻ സന്തോഷവാനാണ് മാഡം…”

അപ്പോഴാണ് അരുണിനെ സംബന്ധിച്ച് ചില നല്ല തീരുമാനങ്ങളെടുക്കാൻ ഇതുതന്നെയാണ് പറ്റിയ സമയം എന്ന് എനിക്കു തോന്നിയത്. അരുന്ധതിയെയും ചരണിനേയും നോക്കി പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“അരുണിന് ആവശ്യം ഒരു നല്ല ജോലിയായിരുന്നു. അതു ലഭിച്ചു കഴിഞ്ഞു. ഇനി അവൻ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിലുടനീളമുള്ള സാന്നിദ്ധ്യം അതുറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ പ്രിയ പുത്രനു വേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കടമ അതായിരിക്കും.

മീരയുടെ വാക്കുകൾ ഉൾക്കൊണ്ടു കൊണ്ട് അരുന്ധതിയും ചരണും പരസ്പരം പറഞ്ഞു. “ശരിയാണ്… ഇനിയും നമ്മുടെ ഏറ്റവും വലിയ കടമ അതാണ്… സാരംഗിയെ അരുണിനു നൽകുക. അതിനുവേണ്ടി സാരംഗിയുടെ വീട്ടിലേയ്ക്ക് ഇന്നു തന്നെ നമുക്ക് പോകണം. മാഡവും ഫഹദ് സാറും ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ വളരെ സന്തോഷം…”

അങ്ങിനെ അടുത്തു തന്നെ ആ ഒഴിവു ദിനവും വന്നെത്തി. ഞങ്ങളെല്ലാവരും സാരംഗിയുടെ വീട്ടിലേയ്ക്ക് യാത്രയായി… ഒരു മഹദ്കർമ്മത്തിനു സാക്ഷിയാവാൻ…

സാരംഗിയുടെ വീട്ടുകാർ അത്യാഹ്ലാദത്തോടെ ഞങ്ങളെ വരവേറ്റു. മധുര പലഹാരങ്ങളും പൂക്കളും പഴങ്ങളും താലങ്ങളിൽ നിറച്ചും വിളക്കുകൾ കൊളുത്തി വച്ചും അവർ ചടങ്ങിനു മോടിക്കൂട്ടി. അരുണിനെ തിലകക്കുറി അണിയിച്ച് അവർ സ്വീകരിച്ചു. പിന്നീട് നോർത്തിന്ത്യൻ രീതിയിലുള്ള ചടങ്ങുകളോടെ വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് സാരംഗിയുടെ പിതാവ് ഞങ്ങളുടെ സമീപമെത്തി പറഞ്ഞു.

“സാരംഗിയെ ഈ നിലയിൽ ഞങ്ങൾക്ക് തിരികെ ലഭിച്ചത് നിങ്ങളുടെ പരിശ്രമം മൂലമാണ്. ചീത്ത കൂട്ടുകെട്ടുകളിൽ പെട്ട് നശിച്ചു പോകുമായിരുന്ന അവളെ രക്ഷിച്ചത് മാഡവും അരുണുമാണ്. അതിന് നിങ്ങളോട് രണ്ടുപേരോടും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല…” ആ പിതാവിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതുകണ്ട് അരുൺ അദ്ദേഹത്തിന്‍റെ സമീപമെത്തി പറഞ്ഞു.

“അങ്കിൾ… അങ്കിൾ വിഷമിക്കരുത്… സാരംഗിയെ രക്ഷിക്കേണ്ടത് എന്‍റെ കടമയായിരുന്നു. അവളെ ഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നു. മാഡത്തിനും അതറിയാമായിരുന്നു. അതുകൊണ്ടാണ് സാരംഗിയെ രക്ഷിക്കാൻ മാഡം എന്നോടൊപ്പം നിന്നത്…”

ആ വാക്കുകൾക്കു മുന്നിൽ ആ പിതാവ് വീണ്ടും കൃതജ്ഞതയോടെ കൈകൾ കൂപ്പി. പിന്നീട് വിവാഹത്തിനുള്ള തീയതി നിശ്ചയിക്കപ്പെട്ടു. ഒടുവിൽ ഏറ്റവുമടുത്ത ശുഭമുഹൂർത്തത്തിൽ ആ വിവാഹം അത്യാഢംബരപൂർവ്വം നടന്നു. കുതിരപ്പുറത്തേറി വന്ന വരനെ പൂക്കൾ വർഷിച്ചും, പടക്കങ്ങൾ പൊട്ടിച്ചുമാണ് അവർ വരവേറ്റത്.

മൂടുപടമിട്ട് അണിഞ്ഞൊരുങ്ങി വന്ന സാരംഗിയാകട്ടെ ഏറെ സുന്ദരിയായ വധുവായി കാണപ്പെട്ടു. അരുണിനെ ആശീർവദിച്ചു കൊണ്ട് അവന്‍റെ മാതാപിതാക്കളോടൊപ്പം ഞങ്ങളും നിന്നു.

“എനിക്കെന്‍റെ മാതാപിതാക്കളെപ്പോലെയോ, ഒരുപക്ഷെ അതിൽ കൂടുതലോ ആണ് ഇവർ രണ്ടുപേരും…” അരുൺ എല്ലാവരോടും പറഞ്ഞു. അരുണിന്‍റെ സ്‌ഥാനത്ത് ഞാനപ്പോൾ കണ്ടത് എന്‍റെ രാഹുലിനെത്തന്നെയായിരുന്നു. അവന്‍റെ വിവാഹം കഴിഞ്ഞതു പോലെയുള്ള ആഹ്ലാദമാണ് മനസ്സിൽ അപ്പോൾ നാമ്പെടുത്തത്. വധൂവരന്മാരെ യാത്രയയച്ച ശേഷം എല്ലാവരും മടങ്ങിയപ്പോൾ പന്തലിൽ ഞങ്ങൾ മാത്രമായി. അപ്പോൾ ഫഹദ് സാർ എന്‍റെ കൈപിടിച്ചു കൊണ്ട് ഫലിതരൂപേണ പറഞ്ഞു. “നമുക്കും വേണ്ടെ ഒരു ഹണിമൂൺ ട്രിപ്പ് എവിടേയ്ക്കെങ്കിലും. നമ്മുടെ വിവാഹവും ഇപ്പോൾ കഴിഞ്ഞതല്ലെ ഉള്ളൂ.”

അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ കളിയായി പറഞ്ഞു. “ഹണിമൂൺ ട്രിപ്പോ… അതിന് അവരെപ്പോലെ ചെറുപ്പമാണോ നമ്മൾ… തലനരച്ച ഒരു കിഴവനും കിഴവിയുമല്ലേ നമ്മൾ…”

“അങ്ങിനെയൊന്നുമില്ല മീരാ… ഭാര്യാഭർത്താക്കന്മാർക്ക് ഏതു പ്രായത്തിലും ഹണിമൂൺ ട്രിപ്പു പോകാം. ഇക്കാലത്തെ ആവർത്തന വിരസമായ ജീവിതത്തിൽ നിന്നുള്ള ഒരു മോചനം കൂടിയാകുമത്…”

“സാർ സീരിയസായിട്ടാണോ ഇത് പറയുന്നത്….”

“അതെ മീരാ… നമുക്ക് പഴയ കാലങ്ങളുടെ സ്മരണ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകാം. അതിന് ഏറ്റവും ഉചിതമായ സ്‌ഥലം കേരളം തന്നെയാണെന്ന് എനിക്കു തോന്നുന്നു. നമുക്ക് നമ്മുടെ പഴയ കോളേജും പരിസരവും, പിന്നെ സ്വപ്നങ്ങൾ പങ്കുവച്ച് നടന്ന സുഭാഷ്പാർക്ക്, അങ്ങിനെ ചില സ്‌ഥലങ്ങളിലേയ്ക്ക് ഒരു യാത്ര പോകാം…. മീര എന്തു പറയുന്നു?

“പഴയ സ്മരണകൾ അയവിറക്കിക്കൊണ്ട് ഒരു യാത്ര. അല്ലെ സാർ… ഞാനതിന് ഒരുക്കമാണ്.” ഞാൻ സമ്മതമറിയിച്ച ഉടനെ ഫഹദ് സാർ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അങ്ങിനെ കേരളത്തിലേയ്ക്കുള്ള ആ ട്രിപ്പ് തീരുമാനിക്കപ്പെട്ടു. കോളേജിൽ നിന്ന് അല്പ ദിവസങ്ങൾ നീണ്ട അവധി ലഭിക്കുവാൻ ഞങ്ങൾക്കു രണ്ടുപേർക്കും പ്രയാസമുണ്ടായില്ല. കേരളത്തിലേയ്ക്ക് യാത്ര പുറപ്പെടുന്നതിന്‍റെ തലേദിവസം നരേട്ടന്‍റെ ഓർമ്മ ദിവസം കൂടിയായിരുന്നു. അദ്ദേഹം മരണമടഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ആ ഓർമ്മകൾക്കു മുന്നിൽ. അദ്ദേഹത്തിന്‍റെ ഛായാ ചിത്രത്തിനു മുന്നിൽ വിളക്കു കൊളുത്തി വച്ച് ഞാൻ നിശബ്ദയായി നിന്നു. കണ്ണുകളിൽ നിന്നും അറിയാതെ ബാഷ്പധാരയൊഴുകി. അല്പനേരം കഴിഞ്ഞ് ഫോട്ടേയിലേയ്ക്കു നോക്കി മന്ത്രോച്ചാരണം പോലെ ഉരുവിട്ടു.

നരേട്ടാ… ജീവിച്ചിരുന്നപ്പോൾ അങ്ങയെപ്പോലെ നല്ലവൻ ഈ ലോകത്തിൽ മറ്റാരുമില്ലെന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ അങ്ങ് എന്നെ വിശ്വസിപ്പിച്ചു. എന്തിനായിരുന്നു നരേട്ടാ ഈ ഒളിച്ചു കളി. അങ്ങേയ്ക്കെന്നോട് എല്ലാം തുറന്നു പറഞ്ഞ് മാപ്പപേക്ഷിയ്ക്കാമായിരുന്നു. എങ്കിൽ ജീവിതകാലം മുഴുവൻ അങ്ങ് മനസ്സിൽ കൊണ്ടു നടന്ന കുറ്റബോധവും അതു മൂലമുണ്ടായ മാനസിക പീഡയും ഒഴിവാക്കാമായിരുന്നു. മരണ സമയത്തെങ്കിലും തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഇന്നിപ്പോൾ അങ്ങയോട് എന്‍റെ മനസ്സിന്‍റെ കോണിൽ ഉടലെടുത്തിരിക്കുന്ന വിദ്വേഷം ഉണ്ടാകുമായിരുന്നില്ല.

ഇന്നിപ്പോൾ ഫഹദ് സാർ എന്നോടു പറഞ്ഞ കാര്യങ്ങളോർക്കുമ്പോൾ, അങ്ങയോടുള്ള വെറുപ്പ് എനിക്ക് കൂടിയിട്ടേ ഉള്ളൂ. എങ്കിലും ഒരർത്ഥത്തിൽ ഞാനും അങ്ങയോട് തെറ്റു ചെയ്‌തിട്ടുള്ളവളാണ്. കാരണം ജീവിച്ചിരുന്നപ്പോൾ പൂർണ്ണമനസ്സോടെ അങ്ങയെ സ്നേഹിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. അതങ്ങയ്ക്കും അറിയാമായിരുന്നു. എന്നാൽ ജീവിതകാലം മുഴുവൻ എന്നോടുള്ള അങ്ങയുടെ സ്നേഹം ആത്മാർത്ഥമായിരുന്നു. ആ ഒറ്റ കാരണം കൊണ്ടു തന്നെ അങ്ങയെ സ്നേഹിക്കാൻ ഞാൻ കടപ്പെട്ടവളാണ്.

അങ്ങ് സ്വപ്നത്തിൽ എന്നോടു വന്ന് പറഞ്ഞതു പോലെ ഞാനെല്ലാം പ്രവർത്തിച്ചു. കാശിയിൽ പോയി ബലിതർപ്പം ചെയ്ത് ഗംഗയിൽ മുങ്ങിക്കുളിച്ചു. അങ്ങയുടേയും രാഹുൽമോന്‍റേയും അമ്മയുടേയും ആത്മശാന്തിയ്ക്കായി പ്രാർത്ഥിച്ചു. ഇന്നിപ്പോൾ അങ്ങയുടെ ആത്മാവിനു മുക്‌തി ലഭിച്ചു കാണും. അല്ലേ നരേട്ടാ… അങ്ങയുടെ ആഗ്രഹം പോലെ ഫഹദ്സാറിനെത്തന്നെ ഞാൻ വിവാഹം കഴിച്ചു. ഇന്നിപ്പോൾ അങ്ങയെപ്പോലെ തന്നെ പാപമുക്തി എനിക്കും ലഭിച്ചിരിക്കുന്നു. ഫഹദ് സാറിനെ മാനസികമായി പീഡിപ്പിച്ചു, എന്നുള്ള പാപബോധം മൂലമുള്ള ആത്മപീഡയിൽ നിന്ന് മോചനവും…”

“മീരാ…” ഫഹദ് സാർ പുറകിൽ നിന്നു വിളിച്ചപ്പോൾ നിറമിഴികളോടെ തിരിഞ്ഞു നോക്കി.

“പ്രൊഫ. വിഷ്ണു നാരായണൻ നല്ലവനായിരുന്നു അല്ലേ മീരാ… അദ്ദേഹം നിന്നെ ഒരുപാടു സ്നേഹിച്ചിരുന്നു അല്ലേ?” ഫഹദ് സാർ എന്നെ ഉറ്റുനോക്കി ചോദിച്ചു. ചുണ്ടുകളിൽ വിരിഞ്ഞ വിളറിയ ഒരു മന്ദഹാസത്തോടെ ഞാൻ പ്രതിവചിച്ചു.

“ഇന്നിപ്പോൾ പൂർണ്ണ മനസ്സോടെ അദ്ദേഹത്തെപ്പറ്റി എനിക്കങ്ങനെ പറയുവാൻ കഴിയുകയില്ല ഫഹദ് സാർ. പക്ഷെ എല്ലാ മനുഷ്യരിലും നന്മയും തിന്മയും കുടികൊള്ളുന്നുണ്ട്. ചിലരിൽ നന്മ ഏറിയിരിക്കും. മറ്റു ചിലരിൽ തിന്മയും. ആ ഒരു വ്യത്യാസം മാത്രമാണുണ്ടാവുക. ഇക്കൂട്ടത്തിൽ നരേട്ടനെ ഏതു ഗണത്തിൽപ്പെടുത്തണമെന്ന് എനിക്കറിയില്ല. കാരണം നരേട്ടൻ ചെറുപ്പത്തിൽ അങ്ങയോടു ചെയ്തത് ഒരു മഹാപാതകമാണ്. എന്നാൽ അത് എന്നോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ടായിരുന്നു. അദ്ദേഹം ജീവിതത്തിലുടനീളം എന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും ഒരു ഘട്ടത്തിൽ അദ്ദേഹത്തോടുള്ള എന്‍റെ മാനസികമായ അകൽച്ചയിൽ എന്നോടു ക്ഷമിക്കുകയും ചെയ്തിട്ടുണ്ട്.

“പിന്നെ എന്തുകൊണ്ടാണ് മീര അദ്ദേഹത്തെ ഇപ്പോൾ ഇഷ്ടപ്പെടാതിരിക്കുന്നത്?”

“അതിനു കാരണം അങ്ങാണ് ഫഹദ് സാർ. സാറിനറിയില്ല അദ്ദേഹം അങ്ങയോടു ചെയ്‌ത തെറ്റിന്‍റെ കാഠിന്യം. കാരണം നരേട്ടന്‍റെ രഹസ്യ പ്രേരണമൂലമാണ് എന്‍റെ അച്ഛൻ എന്നെ അങ്ങയിൽ നിന്നും ബലമായി വേർപെടുത്തിയതും, അങ്ങയെ ജയിലിലടച്ച് മരണതുല്യനാക്കി പീഡിപ്പിച്ചതും. അങ്ങ് മരിയ്ക്കണമെന്ന ആഗ്രഹമായിരുന്നു നരേട്ടനും എന്‍റെ അച്ഛനുമുണ്ടായിരുന്നത്. എന്നാൽ പിന്നീട് ജീവിതത്തിൽ അവരിരുവരും അതോർത്ത് പശ്ചാത്തപിച്ചിരുന്നു. മാത്രമല്ല കുറ്റബോധം നരേട്ടനെ മാനസികമായി തകർക്കുകയും ചെയ്‌തു. ആ കാലങ്ങളിൽ അദ്ദേഹത്തിന്‍റെ മനഃസാക്ഷിയുടെ കോടിതിയിൽ അദ്ദേഹം വിചാരണ ചെയ്യപ്പെട്ടു കൊണ്ടിരുന്നു.”

ഫഹദ് സാർ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഒന്നു ഞെട്ടി എന്നു തോന്നി. അദ്ദേഹം ചോദിച്ചു. “നരനാണ് ഇതൊക്കെ ചെയ്തതെന്ന് മീരയ്ക്കെങ്ങിനെ അറിയാം?”

“അദ്ദേഹത്തിന്‍റെ മരണശേഷം അദ്ദേഹം ഞങ്ങളുടെ വിവാഹ ആൽബത്തിൽ സൂക്ഷിച്ചിരുന്ന ഒരു കത്തിൽ നിന്നുമാണ് ഞാനിതെല്ലാം അറിഞ്ഞത്. അദ്ദേഹം ജീവിതകാലം മുഴുവൻ എന്നോടിതെല്ലാം ഒളിച്ചു വച്ചു. എല്ലാം അറിഞ്ഞാൽ ഞാൻ അദ്ദേഹത്തെ വെറുക്കുമോ എന്നായിരുന്നു പേടി. എന്നാൽ കുറ്റബോധം മരണം വരെ അദ്ദേഹത്തിൽ നീറി നിന്നു. മരിയ്ക്കുന്നതിനു മുമ്പ് എന്നോടും അങ്ങയോടും അദ്ദേഹം മാപ്പു ചോദിച്ചു. അങ്ങയെ വിവാഹം ചെയ്‌ത് ആ പാപബോധത്തിൽ നിന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് മുക്തി നൽകണമെന്നഭ്യർത്ഥിച്ചു. എങ്കിൽ മാത്രമേ അദ്ദേഹത്തിന്‍റെ ആത്മാവിന് മോക്ഷം ലഭിക്കുകയുള്ളൂ എന്നും പറഞ്ഞു. ഇതുതന്നെ മരണശേഷം ഒരു സ്വപ്ന ദർശനത്തിലൂടെ അദ്ദേഹം എന്നോടു വന്നു പറഞ്ഞു.”

എല്ലാം കേട്ടു കഴിഞ്ഞ ഫഹദ് സാർ എന്നോടു ചോദിച്ചു “അദ്ദേഹം ചെയ്‌ത തെറ്റിന്‍റെ ആഴമറിയാതെ മീര ജീവിതത്തിലുടനീളം അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവോ…?” ആ ചോദ്യം ഒരു ഞെട്ടലോടെയാണ് ഞാൻ ശ്രവിച്ചത്.

“ഫഹദ് സാർ… അങ്ങയെ ഞാൻ മറന്നിരുന്നുവോ എന്നാണോ ഈ ചോദ്യത്തിനർത്ഥം? ഇതിനെന്താണ് ഞാൻ മറുപടി പറയേണ്ടത്? ഞാനും ഒരു പെണ്ണല്ലേ ഫഹദ് സാർ… അങ്ങ് മുമ്പ് പറഞ്ഞതു പോലെ സാഹചര്യങ്ങൾക്കടിമയായ പെണ്ണ്. എന്‍റെ ഭർത്താവെന്ന നിലയ്ക്കും എന്‍റെ മക്കളുടെ അച്‌ഛനെന്ന നിലയ്ക്കും ഞാൻ അദ്ദേഹത്തെ കഴിയുന്നത്ര സ്നേഹിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അതിൽ എത്രത്തോളം പൂർണ്ണത ഉണ്ടായിരുന്നുവെന്ന് എനിക്കു പറയാനാവുകയില്ല. കാരണം എന്‍റെ മനസ്സിന്‍റെ കോണിൽ എന്നും അങ്ങുണ്ടായിരുന്നു.”

ആ വാക്കുകൾ കേട്ട് ഫഹദ് സാർ നിശബ്ദനായിരുന്നു. ഒരു യോഗിയുടെ പ്രശാന്തത ആമുഖത്തു നിറയുന്നതും ഒരു പുഞ്ചിരി വിരിയുന്നതും ഞാൻ കണ്ടു. അൽപം കഴിഞ്ഞ് എല്ലാറ്റിനും സാക്ഷിയായ ഈശ്വരനെ നന്ദിപൂർവ്വം വണങ്ങുന്നതു പോലെ ആ കൈകൾ മുകളിലേയ്ക്കുയർന്നു.

“ദൈവമേ അങ്ങ് എല്ലാം അറിയുന്നവൻ” എന്ന് അദ്ദേഹം മെല്ലെ പറയുന്നതു പോലെ തോന്നി. അതുകണ്ട്  ആ മാറിലേയ്ക്കു വീണ് ഒന്നു പൊട്ടിക്കരയണമെന്നെനിക്കു തോന്നി. ഏങ്ങലടികളോടെ ആ മാറിലേയ്ക്കു വീണ എന്നെ അദ്ദേഹം തഴുകി ആശ്വസിപ്പിച്ചു. ഉള്ളിൽ ഉറഞ്ഞു നിന്ന എല്ലാ ദുഃഖങ്ങളും ആ തലോടലിൽ അലിഞ്ഞു ചേർന്നു.

പിറ്റേന്നു തന്നെ ഞങ്ങൾ കേരളത്തിലേയ്ക്കു യാത്ര പുറപ്പെട്ടു. ജീവിതത്തിന്‍റെ നഷ്ടമായ ആ ദിനങ്ങളിലേയ്ക്കുള്ള ഒരു മടക്കയാത്ര… പഴയ ആവേശവും, ആനന്ദവും ഞങ്ങൾക്കപ്പോൾ തിരികെ ലഭിച്ചിരുന്നു. ചെറുപ്പത്തിലേതു പോലെ ഹൃദയത്തിൽ നിറഞ്ഞു നിന്ന പ്രേമവായ്പ് ഞങ്ങളെ ആനന്ദതുന്ദിലരാക്കി. എയ്റോഡ്രോമിൽ ഞങ്ങളെ യാത്രയയ്ക്കാൻ അരുണും, സാരംഗിയും എത്തിയിരുന്നു. അവർ രണ്ടാഴ്ച കഴിഞ്ഞ് യൂറോപ്പിലേയ്ക്ക് ഹണിമൂണിന് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്വന്തം മക്കൾ അച്‌ഛനമ്മമാരെയെന്ന പോലെ അവർ ഞങ്ങളെ ഇറുകെപ്പുണർന്ന് യാത്രായയപ്പു നൽകി.

“ഈ യാത്രയിൽ നിങ്ങളുടെ യൗവ്വനകാലം സ്മരണകളിലൂടെ പുനർജ്ജനിയ്ക്കട്ടെ…” അരുൺ യാത്രാമംഗളമോതി.

വിമാനത്തിനോടൊപ്പം ഞങ്ങളുടെ സ്വപ്നങ്ങളും വായു വേഗത്തിൽ പറന്നു പൊങ്ങി. ഒടുവിൽ ഒരിക്കൽ ശാപഭൂമിയായി മാറിയ ആ നാട്ടിലേയ്ക്ക് ശാപമുക്തി നേടിയ ഗന്ധർവ്വരെപ്പോലെ ഞങ്ങളും ചെന്നിറങ്ങി.

കണ്ണുനീരിന്‍റെ കയ്പുനീർ മാത്രം നൽകി ഞങ്ങളെ വീർപ്പുമുട്ടിച്ചിരുന്ന ആ മണ്ണിന്ന് അലൗകികമായ ആനന്ദത്തിന്‍റെ പരിവേഷത്താൽ ഞങ്ങൾക്ക് സ്വാഗതമോതി… ആ മണ്ണിലേയ്ക്കുള്ള ഓരോ കാൽവയ്പിലും ഞങ്ങൾ ഹർഷപുളകിതരായി… അവിടുത്തെ ഓരോ മൺതരിയിലും പണ്ട് ഞങ്ങൾ പങ്കുവച്ചിരുന്ന സ്വപ്നങ്ങൾ ഉറങ്ങിക്കിടന്നിരുന്നു.

കലാലയത്തിലേയ്ക്ക് നയിക്കുന്ന പാതയോരത്തും, ഇടവഴിയിലും കാറ്റ് പതുങ്ങിയിരുന്ന് ഞങ്ങളുടെ പഴയകാലം അയവിറക്കി. ഒടുവിൽ ഞങ്ങളുടെ സ്വപ്നങ്ങളുറങ്ങിയിരുന്ന ആ പഴയ കലാലയ മുറ്റത്തേയ്ക്ക് ഞങ്ങളുടെ കാർ ചെന്നു നിന്നു.

അനിയന്ത്രിതമായ വികാരത്തള്ളിച്ചയാൽ ഞങ്ങൾ പരസ്പരം നോക്കി. വാക്കുകൾക്കതീതമായ വികാല വിക്ഷോഭത്തോടെ ഞങ്ങൾ കാറിൽ നിന്നുമിറങ്ങി. ഒരുമിച്ച് കൈകോർത്ത് ആ കലാലയാങ്കണത്തിൽ കാൽ ചവിട്ടുമ്പോൾ, ഒരു സ്വപ്നം വീണ്ടെടുത്തതിലുള്ള ഹർഷോന്മാദം മനസ്സുകളിൽ അലയടിച്ചിരുന്നു.

ആ കലാലയമുറ്റത്തു കൂടി ഇടനാഴികളിൽ കൂടി ഞങ്ങൾ കൈക്കോർത്തു നടന്നു. ക്ലാസ്സുകളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും ഞങ്ങളെ എത്തിനോക്കി. അതൊന്നുമറിയാതെ ഏതോ സ്വപ്നനാടകരെപ്പോലെ ഞങ്ങൾ നടന്നു. ഒടുവിൽ ഞങ്ങൾ അഞ്ചു വർഷക്കാലം പരസ്പരം കണ്ണുകളിൽ കൂടി ചലനങ്ങളിൽക്കൂടി ഹൃദയം പങ്കുവച്ച ആ ക്ലാസ്സുമുറികളിലൊന്നിന്‍റെ വാതിൽക്കലോളം ചെന്ന് ഞങ്ങളുടെ യാത്ര അവസാനിച്ചു…

പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ തലനരച്ച രണ്ടുപേർ ഞങ്ങളുടെ സമീപമെത്തി നിന്നു. അവരെ തിരിച്ചറിഞ്ഞ നിമിഷത്തിൽ ഞങ്ങളും ഞങ്ങളെ തിരിച്ചറിഞ്ഞ അവരും പരസ്പരം അദ്ഭുത പരതതന്ത്രരായി നോക്കി നിന്നു. ആനന്ദും, നിമിഷയുമായിരുന്നു അവർ.

“നിങ്ങൾ… നിങ്ങൾ രണ്ടുപേരേയും ഈ നിലയിൽ കാണുവാനാണ് കാലങ്ങളായി ഞങ്ങൾ ആഗ്രഹിച്ചു കൊണ്ടിരുന്നത്. ഇന്നിപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ല… ഇത്രകാലവും നിങ്ങൾ രണ്ടുപേരും എവിടെയായിരുന്നു? നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി?

ചോദ്യശരങ്ങളാൽ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്ന അവരെ നേരിടുന്നതെങ്ങിനെയെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു. ഒടുവിൽ ഫഹദ്സാർ തന്നെ ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ വിവാഹിതരായത് അടുത്ത കാലത്താണ്… ഏതാണ്ട് മൂന്നുമാസമേ ആയിട്ടുള്ളു ഞങ്ങളുടെ വിവാഹം നടന്നിട്ട്. വിവാഹം എന്നതിനെ പറയാമോ എന്നറിയില്ല. ഒരു ചെറിയ ചടങ്ങ് അത്രയേയുണ്ടായിരുന്നുള്ളൂ… അല്ലെങ്കിൽ തന്നെ ഒരിക്കൽ ഞങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞതാണല്ലോ. നിങ്ങളായിരുന്നല്ലോ അതിന് ദൃക്സാക്ഷികൾ…”

“അതെ സാർ… അതിനുശേഷം പലതിനും ഞങ്ങൾക്ക് ദൃക്സാക്ഷികളാവേണ്ടി വന്നു. ഞങ്ങളെ ഏറ്റവുമധികം വിഷമിപ്പിച്ചതും ആ കാഴ്ചകളായിരുന്നു…” ആനന്ദ് പറഞ്ഞു.

ഞാൻ കുറ്റബോധത്തോടെ തലകുനിച്ചപ്പോൾ ഫഹദ് സാർ എന്നെ ചേർത്തു പിടിച്ച് പറഞ്ഞു.

“മീര അക്കാര്യത്തിൽ കുറ്റക്കാരിയല്ലെന്ന് എന്നെപ്പോലെ നിങ്ങൾക്കും അറിവുള്ളതല്ലേ… പിന്നെ നിങ്ങളെന്തിനാണ് വെറുതെ മീരയെ കുറ്റം പറയുന്നത്?”

“ഞങ്ങൾ മീരയെ കുറ്റപ്പെടുത്തിയത് മനഃപൂർവ്വമാണ് സാർ. കാരണം അന്ന് നല്ല ചങ്കൂറ്റമുള്ള ഒരു പെൺകുട്ടിയായിരുന്നു മീര. ഇവൾക്ക് വേണമെങ്കിൽ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാമായിരുന്നു. സാറിനെ മാത്രമേ ഭർത്താവായി കാണുകയുള്ളൂ എന്നു പറയാമായിരുന്നു. അതിനുപകരം മറ്റൊരാളുടെ മുന്നിൽ താലികെട്ടാൻ നിന്നു കൊടുത്തു.

പെട്ടെന്ന് നിയന്ത്രണം വിട്ടതു പോലെ എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു…

കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. “അന്നത്തെ കാര്യത്തിൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തരുത്. കാരണം എന്‍റെ അച്‌ഛൻ എന്നെ ഭീഷണിപ്പെടുത്തിയത് ഫഹദ്സാറിന്‍റെ പേരു പറഞ്ഞാണ്. ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ സാറിനെ ലോക്കപ്പിലിട്ടു പോലീസിനെക്കൊണ്ടു മർദ്ദിച്ചു കൊല്ലും എന്നു പറഞ്ഞു…. സാറിന്‍റെ ജീവൻ രക്ഷിയ്ക്കുവാൻ വേണ്ടിയാണ് ഞാൻ… മുഴുവൻ പറയാതെ വികാര വിക്ഷോഭത്താൽ വിങ്ങിപ്പൊട്ടിയ ഞാൻ സാരിത്തലപ്പു കൊണ്ടു മുഖം മറച്ചു. അപ്പോൾ ക്ലാസ്സുമുറികളിൽ നിന്നും ചില കുട്ടികൾ എത്തിനോക്കുന്നതു കണ്ടു. അതു കണ്ട് ആനന്ദ് പറഞ്ഞു.

“വരൂ… നമുക്കിവിടെ നിന്നു പോകാം. കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്…. നിങ്ങൾ രണ്ടുപേരും ഒരു കാലത്ത് ഈ കോളേജിന്‍റെ ഭാഗമായിരുന്നു എന്ന് അവർക്കറിയില്ലല്ലോ…”

അങ്ങനെ പറഞ്ഞ് ആനന്ദ് മുന്നേ നടന്നു. ആനന്ദിന്‍റെ പുറകേ നടന്നു നീങ്ങുമ്പോൾ നിമിഷ അടുത്തെത്തി എന്‍റെ കൈപിടിച്ചു. “മീര… നീ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾ ഒന്നുമറിയാതെയാണ് നിന്നെ കുറ്റപ്പെടുത്തിയത്. നിന്‍റെ അന്നത്തെ അവസ്‌ഥ ഞങ്ങൾക്കറിയില്ലായിരുന്നു….”

“സാരമില്ല നിമിഷ… എല്ലാം എന്‍റെ തലേവിധിയായിരുന്നു. ഞാനതു മുഴുവനും അനുഭവിച്ചു തീർക്കണമായിരുന്നു…”

“ഞങ്ങളിനി നിന്നെ അതുമിതും പറഞ്ഞ് വേദനിപ്പിക്കുന്നില്ല. ഒടുവിൽ നിങ്ങളിരുവരും ഒരുമിച്ചല്ലോ… ഞങ്ങൾ കാണാൻ കാത്തിരുന്നത് ഈ കാഴ്ചയായിരുന്നു.”

ഞങ്ങൾ നടന്നു ചെന്നത് അവിടെ ഞങ്ങൾ പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്ന ആ ആൽമരത്തണലിലേയ്ക്കാണ്. ആ വയസ്സൻ മരം അപ്പോൾ തന്‍റെ ചില്ലകളാൽ ഞങ്ങൾക്ക് സ്വാഗതമോതിക്കൊണ്ട് നേരിയ മർമ്മരമുതിർത്തു.

പഴയ കാല കഥകൾ അയവിറക്കിക്കൊണ്ട് ഞങ്ങൾ നാലുപേരും ആ മരത്തണലിൽ ഏറെ നേരമിരുന്നു. ഞങ്ങളുടെ കഥകൾ കേട്ട് നിമിഷയുടേയും ആനന്ദിന്‍റെയും കണ്ണു നിറഞ്ഞു.

“നിങ്ങൾ രണ്ടുപേരും സഹനത്തിന്‍റെ ആത്മ സമർപ്പണത്തിന്‍റെ പര്യായമായിത്തീർന്നിരിക്കുന്നു. വെറുതെയല്ല ദൈവം നിങ്ങൾക്കു മുന്നിൽ കണ്ണു തുറന്നത്… ആത്മസംയമനം കൊണ്ട് നിങ്ങൾ ആ ദൈവത്തെപ്പോലും തോൽപ്പിച്ചിരിയ്ക്കുന്നു.”

ആനന്ദ് ഞങ്ങൾക്കിരുവർക്കും കൈതന്നു കൊണ്ടു പറഞ്ഞു. പിന്നീട് കാലം ഞങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചായി സംസാരം. ആനന്ദിന്‍റേയും നിമിഷയുടേയും തലമുടിയിലെ നര കണ്ട് ഞാൻ വയസ്സനും വയസ്സിയുമായെന്നു പറഞ്ഞ് കളിയാക്കിയപ്പോൾ നിമിഷ എന്നെ നോക്കി പറഞ്ഞു.

“നീയിപ്പോൾ പണ്ടത്തെപ്പോലെത്തന്നെയിരിക്കുന്നു മീരാ… ഇപ്പോൾ പണ്ടത്തെക്കാളും ചെറുപ്പമായതു പോലെ… ഫഹദ് സാറിനെ കിട്ടിയതു കൊണ്ടാകും അല്ലേ…”

(തുടരും)

വില്പനയ്ക്കിടയിലെ വില്പന

ഈയിടെയായി എന്‍റെ ഭാര്യ വിജയയ്ക്ക് സെയിൽസ് മേളകളിൽ പോകുവാനുള്ള ഹരം കൂടിയിരിക്കുന്നു. രാവിലെ ചായയെടുക്കുന്നതിനും പകരം പത്രമെടുക്കുവാനായി ഓടും അവൾ. രാഷ്ട്രീയ വാർത്തകൾ അവൾക്ക് അലർജിയാണ്. ആദ്യമേ പത്രത്തിലെ അറാമത്തെ പേജ് മറിക്കുന്നു. ഇതിൽ നഗരത്തിലെ സെയിൽസിനെക്കുറിച്ചുള്ള പരസ്യം നൽകിയത് ഇപ്രകാരമായിരുന്നു. 100 രൂപയ്ക്കുള്ളത് വെറും 40 രൂപയ്ക്ക് മാത്രം. കുട്ടികളുടെ വസ്ത്രങ്ങളിൽ 60 ശതമാനം ഇളവ്, പുതപ്പ് വളരെ വിലക്കുറവിന്.

ഒരു ദിവസം രാവിലെ പരസ്യം കണ്ട് അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ചായക്കോപ്പയുമായി എന്‍റെ അടുക്കലെത്തി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. “നോക്കൂ ഈ മാസം നിങ്ങളുടെ പിറന്നാളല്ലേ. ഹോട്ടൽ അവന്യൂ റീജന്‍റിൽ സെയിൽസ് മേള നടക്കുന്നു. അവിടെ ഷർട്ട് പകുതി വിലയ്ക്ക് ലഭിക്കും. ചേട്ടനൊരു പുതിയ ഷർട്ട് വാങ്ങാം. വൈകുന്നേരം ചേട്ടനിത്തിരി നേരത്തെ ഓഫീസിൽ നിന്നു വരണം. ഇന്ന് ലാസ്റ്റ് ഡേറ്റാണ്.”

“ഇല്ല വിജു, റിഡക്ഷൻ സെയിലിൽ മോശം സാധനമാണ് ലഭിക്കുന്നത്. അധികവും റിജക്ടു ചെയ്ത സാധാനങ്ങളായിരിക്കും. അതിൽ എന്തെങ്കിലുമൊക്കെ ഡിഫക്ട്സ് ഉണ്ടായിരിക്കും. വലിയ കമ്പനികളുടെ ഡ്യൂപ്ളിക്കേറ്റ് സാധനങ്ങളാണ് വിൽക്കുന്നത്. സാധനങ്ങൾക്ക് ഒരു ഗ്യാരണ്ടിയും കാണുകയില്ല. നമ്മളവിടെപ്പോയാൽ അവർ നമ്മളെ കൊള്ളയടിക്കും. പറയാറില്ലേ പണക്കാരൻ ഒരിക്കൽ കരയുമെങ്കിൽ, പാവപ്പെട്ടവൻ വീണ്ടും വീണ്ടും കരയുമെന്ന്. മാർക്കറ്റ് രീതികൾ കുറച്ചെങ്കിലും മനസ്സിലാക്കൂ ഭാര്യേ…” ഞാൻ പറഞ്ഞു.

“സെയിൽ എന്നു പറയുന്നത് ഒരു പ്രത്യേകതരം സൂത്രമാണ്. വില കുറഞ്ഞ വല വിരിച്ച് ഉപഭോക്താവ് എന്നു പറയുന്ന മീനുകളെ കുടുക്കാൻ എളുപ്പം കഴിയും. പ്രത്യേകിച്ച് സ്ത്രീകൾക്ക് മാർക്കറ്റിലെ തന്ത്രത്തെക്കുറിച്ച് അറിവില്ലായിരിക്കും. ഇവർ സെയിൽ എന്ന ബോർഡ് കാണുമ്പോഴേക്കും സെയിൽ മാർക്കറ്റിലേക്ക് ഒറ്റ ഓട്ടമാണ്.”

ഇതു പറഞ്ഞപ്പോഴേക്കും അവൾക്ക് ദേഷ്യമായി. ഞാനവളെ കുറേ തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ അവൾ വഴുക്കലുള്ള ഒരു കുടം പോലായിരുന്നു. ഭാര്യ വാശി പിടിക്കുകയാണെങ്കിൽ ഭർത്താവിനെ സംബന്ധിച്ച് ഒറ്റ കണക്കുകൂട്ടലേ ഉണ്ടാകൂ. ഒന്നല്ലെങ്കിൽ ഭാര്യയുടെ ദേഷ്യം സഹിച്ച് ദിവസം മുഴുവനും ഉപവസിക്കണം. അല്ലെങ്കിൽ സെയിൽ നടക്കുന്ന മാർക്കറ്റിൽ പോയി കീശ കാലിയാക്കണം.

ഉപവസിക്കുന്ന രോഗം എനിക്കില്ലായിരുന്നു. പിണങ്ങിയിരിക്കുന്ന ഭാര്യക്കു മുന്നിൽ കീഴടങ്ങുന്നതാണ് ഉചിതമെന്നു തോന്നി. ഞാൻ പറഞ്ഞു, “ശരി ഞാൻ നിന്‍റെ മുന്നിൽ തോറ്റു. വിജയേ, നിന്‍റെ പേരു പോലെ തന്നെ നീ എപ്പോഴും ജയിക്കാനായി ജനിച്ചവളാണ്. ഞാൻ വൈകുന്നേരം വേഗം വരാം.”

ഓഫീസിലേക്കു പോകുമ്പോൾ ഞാൻ ആദ്യമേ തന്നെ ബാങ്കിൽ നിന്നും 2000 രൂപയെടുത്തു. വൈമനസ്യത്തോടു കൂടി സർക്കാർ ജോലി ചെയ്‌തിട്ട് തന്‍റെ കുടുംബ ജീവിതം നശിച്ചു പോകുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനായി സെയിൽ സെയിൽ എന്നു പറഞ്ഞ് വീട്ടിലെത്തിച്ചേർന്നു. എന്‍റെ വിജയ എന്നേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവൾ പുഞ്ചിരിച്ച മുഖവുമായി ചൂടുള്ള ഭക്ഷണമെനിക്ക് വിളമ്പി. ഞാനവളുടെ കുശലതന്ത്രം മണത്തറിഞ്ഞിരുന്നു, ആ സ്വാദിഷ്ഠമായ ഭക്ഷണം അഥവാ തന്നെ കൊലപാതകം ചെയ്യാനുള്ള ബ്ലേഡ് മൂർച്ച കൂട്ടി സെയിൽ മേളയിൽ വച്ച് എന്‍റെ കീശ കീറാമല്ലോ.

ജീവൻ പോയാലും വാക്ക് പാലിക്കണം. ഭാര്യയ്ക്ക് കൊടുത്തിരിക്കുന്ന വാക്ക് പാലിക്കേണ്ടതായി വരും. എന്നു മുറുമുറുത്ത് ഞാൻ എന്‍റെ ഗൃഹലക്ഷ്മിയോടു പറഞ്ഞു. “പോകാം ബലിവേദിയുടെ അടുക്കലേക്ക്.”

അവൾ തുറിച്ച നോട്ടത്തോടെ ചോദിച്ചു, “നിങ്ങളെന്താ പറഞ്ഞത്?”

“അല്ല, ഞാൻ പറയുകയായിരുന്നു. സെയിൽ മാർക്കറ്റിലേക്കു പോകാമെന്ന്.” എന്നിട്ട് 2,000 രൂപയെടുത്തു കൊടുത്തു.

ഹോട്ടൽ അവന്യൂ റീജന്‍റിൽ നല്ല തിരക്കായിരുന്നു. അവിടെയെത്തിയപ്പോൾ എനിക്ക് സന്തോഷമായി. ഞാൻ മാത്രമല്ല ശാന്തനായി ആ സെയിൽ മാർക്കറ്റിൽ എത്തിയിരുന്നത്. എന്നെപ്പോലെ പല ഭർത്താക്കന്മാരും ഉണ്ടായിരുന്നു. സെയിൽ മാർക്കറ്റിന്‍റെ മുഴുവൻ ഹാളും പ്രകാശം കൊണ്ട് വെട്ടിത്തിളങ്ങി. ഓരോ ചുവടു വയ്പിലും കാണുന്ന സ്റ്റോളുകളിൽ ജീൻസ്, ടൗവ്വൽ, സോക്സ്, ചുരീദാർ എല്ലാം അലങ്കോലമായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഓരോ ഐറ്റത്തിലും വിലയുടെ സ്ലിപ്പും ഉണ്ടായിരുന്നു.

എന്‍റെ ഭാര്യ സാരി കൗണ്ടറിലേക്ക് കണ്ണോടിച്ചു. സാരിയുടെ കൂമ്പാരത്തിൽ നിന്നും തിരിച്ചും മറിച്ചും ഒടുവിൽ ഒരു സാരിയെടുത്തു. അപ്പോൾ എനിക്കു മനസ്സിലായി സാരി സെലക്ട് ചെയ്യുകയെന്നത് ഒരു കലയാണെന്ന്. ഈ മാർക്കറ്റിൽ വച്ചാണ് സ്ത്രീകളുടെ മനഃശാസ്ത്രം ഞാൻ പഠിച്ചത്. കിട്ടാത്തവയെക്കുറിച്ച് അവർ എപ്പോഴും ആവലാതിപ്പെട്ടു കൊണ്ടിരിക്കും.

മുന്നിൽ നിരന്നു കിടന്ന സാരികളൊന്നും വിജയയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവൾ ആ കൂമ്പാരത്തിന്‍റെ ഏറ്റവും അടിയിൽ നിന്നും പവിഴമുത്തന്വേഷിച്ചു കണ്ടെത്തുന്നതു പോലെ ഏറ്റവും അടിയിൽ നിന്നും ഒരു സാരി വലിച്ചെടുത്തു.

“എങ്ങനെയുണ്ട് സാരി?”

കൊളംബസ്സിന്‍റെ അന്വേഷണം പോലെ ഭാര്യ സാരി അന്വേഷിക്കുമ്പോഴേക്കും ഞാൻ തിരക്കിൽ നോക്കു കുത്തിപോലെ നിന്നു മടുത്ത് അവനവന്‍റെ ഭാര്യമാരുടെ അംഗരക്ഷകരായി നിൽക്കുന്ന ഭർത്താക്കന്മാരെ വീക്ഷിക്കുകയായിരുന്നു.

വിജയ പിന്നേയും ചോദിച്ചു, “ഏയ് കേട്ടോ നിങ്ങൾ സാരി എങ്ങനെയുണ്ടെന്നു പറഞ്ഞില്ലല്ലോ?”

ഞാൻ ഉപചാരപൂർവ്വം പറഞ്ഞു “എത്രയാ വില?”

“ശരിയ്ക്കുള്ള വിലയേക്കാൾ വളരെ കുറഞ്ഞ വിലയാണ്. ഈ സാരി ഏതെങ്കിലും എ.സി. ഷോറൂമുകളിൽ നിന്നും വാങ്ങുകയാണെങ്കിൽ 1,800 രൂപയാകും. ഇവിടെ വെറും 585 രൂപയേ ഉള്ളൂ.

ഞാൻ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു “എടുത്തോളൂ, ഞാൻ പറഞ്ഞില്ലേ നിനക്കിഷ്ടമായെങ്കിൽ എനിക്കും ഇഷ്ടമായി.”

“അതെല്ലാം ശരിയാണ്. എന്നാൽ എന്‍റെ അഭിപ്രായത്തിൽ ഭക്ഷണം തന്‍റെ ഇഷ്ടപ്രകാരവും വസ്ത്രധാരണം ഭർത്താവിന്‍റെ ഇഷ്ടപ്രകാരവുമാവുകയെന്നത് സ്ത്രീകൾക്കൊരലങ്കാരമാണെന്നാണ്.” അവൾ പറഞ്ഞു.

പറഞ്ഞു വരുമ്പോൾ ഞാൻ എനിക്കൊരു ഷർട്ട് എടുക്കാൻ വന്നതാണ്. എന്നാൽ സെയിൽ ആകുന്ന ചക്രവ്യൂഹത്തിൽപ്പെട്ട് സ്ത്രീ പ്രാധാന്യമുള്ള സാധനങ്ങളുടെ ഇടയിലായി. അപ്പോൾ അടുത്ത കൗണ്ടറിൽ നിൽക്കുന്ന സ്ത്രീയുടെ സ്വരം കേട്ടു “ഈ സാരി എങ്ങനെയുണ്ട്. ചേട്ടാ?”

ഇതുകേട്ട് എന്‍റെ വിജയ ഞെട്ടിപ്പോയി. താൻ സെലക്ടു ചെയ്തു വച്ചിരിക്കുന്ന സാരി ഉപേക്ഷിച്ച് അടുത്ത കൗണ്ടറിൽ വച്ചിരിക്കുന്ന സാരികൾ തിരിച്ചും മറിച്ചും നോക്കുവാൻ തുടങ്ങി. അപ്പോൾ എനിക്ക് പരമമായ ജ്ഞാനമുണ്ടായി. അതായത് അസൂയ എന്ന ഭാവന സ്ത്രീകളുടെ പ്രത്യേക ഗുണമാണ്. തന്നേക്കാൾ മെച്ചപ്പെട്ട വസ്തു മറ്റേതെങ്കിലും സ്ത്രീ വാങ്ങുന്നത് അവർക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഫലമോ രണ്ടുപേരും സാരി വാങ്ങിയില്ല എന്നു മാത്രമല്ല തിരക്കുള്ള മറ്റൊരു കൗണ്ടറിന്‍റെ അടുക്കലേക്കു പോയി.

ഞാൻ ഒടുവിൽ എന്‍റെ ഭാര്യയോടു ചോദിച്ചു “നീ എന്താണു വാങ്ങാൻ ആഗ്രഹിക്കുന്നത്?”

“സെയിലിൽ ആരെങ്കിലും മുൻധാരണയോടെയാണോ വരണത്? സാധനമിഷ്ടപ്പെട്ടാൽ വാങ്ങും.”

എനിക്ക് മനസ്സിലായി, വീട്ടിലിരുന്ന് ടി.വി സീരിയൽ കണ്ട് മടുക്കുമ്പോഴും മൂഡ് ശരിയല്ലാതെയിരിക്കുമ്പോഴുമാണ് സ്ത്രീകൾ സെയിൽ സന്ദർശനത്തിന് പുറപ്പെടുന്നത്. സെയിൽ എന്നത് സ്ത്രീകളെ സംബന്ധിച്ച് ഫ്രീയായിട്ടുള്ള എന്‍റർടെയിൻമെന്‍റ് കേന്ദ്രമാണ്. അവർ അവിടെ തങ്ങളുടെ രൂപലാവണ്യവും പണക്കൊഴുപ്പും തുറന്നു പ്രദർശിപ്പിക്കുന്നു.

“ദേ അങ്ങോട്ടു നോക്കൂ, കമ്പിളിയുടേയും ബഡ്ഷീറ്റിന്‍റേയും സ്റ്റാൾ, അവിടെ കാശ്മീരി പുതപ്പുകളും പഞ്ചാബിലെ കമ്പിളികളും കുറഞ്ഞ വിലയ്ക്ക്  ലഭിക്കും.” എന്നു പറഞ്ഞ് അവൾ മുന്നോട്ടു നടന്നു.

നടന്നു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു “ഈ ചുട്ടുപൊള്ളുന്ന ചൂടിൽ നീ കമ്പിളി വാങ്ങി എന്തുചെയ്യുവാൻ പോകുവാ?”

അവൾ എന്‍റെ വാക്കുകൾ കേൾക്കാത്തതു പോലെ പുതപ്പും കമ്പിളിയും നിർദ്ദയം തിരിച്ചും മറിച്ചും അതൃപ്തിയുള്ള മുഖത്തോടു കൂടി സെയിൽസ്മാനോട് ചോദിച്ചു. “സഹോദരാ, പുതിയ ഡിസൈനൊന്നുമില്ലേ?”

അയാൾ ആവേശത്തോടെ പരുഷമാർന്ന സ്വരത്തിൽ പറഞ്ഞു “മാഡം ദിവസവും പുതിയ ഡിസൈൻ അന്വേഷിക്കുന്ന കംപ്യൂട്ടർ ഞങ്ങളുടെ പക്കലില്ല.”

വിജയയ്ക്ക് ഈ അപമാനം സഹിക്കാനായില്ല. അവൾ ഒരു കൗണ്ടറിൽ നിന്നും അടുത്ത കൗണ്ടറിലേക്ക് നീങ്ങി. ഞാൻ പിറകേയും. ഭാര്യയുടെ കൂടെ സെയിൽ മാർക്കറ്റിൽ പോകുകയെന്നത് ഭർത്താവിന്‍റെ ക്ഷമ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു. എന്‍റെ മാനസിക സമനില നിലനിർത്താനായി ഞാൻ വീണ്ടും വീണ്ടും വാച്ചിലേക്കു നോക്കി.

വിജയ എന്‍റെ കൈ പതുക്കെ അമർത്തി. എനിക്ക് മനസ്സിലായി എന്‍റെ പ്രിയയ്ക്ക് സെയിൽ മാർക്കറ്റ് വലിയ തൃപ്തികരമായിട്ടില്ലെന്ന്. അവൾ പതുക്കെ പറഞ്ഞു, “നിങ്ങളുടെ ബനിയനും അണ്ടർവെയറും പഴയതായില്ലേ, വരൂ അതു തന്നെ മേടിക്കാം.”

എന്‍റെ ജീവിത പങ്കാളി എത്ര മിതവ്യയയാണെന്നോർത്ത് ഞാൻ കൃതാർത്ഥനായിപ്പോയി. നമ്മുടെ സർക്കാരിനെപ്പോലെ എവിടെ പീരങ്കി വാങ്ങണോ അവിടെ തോക്കു വാങ്ങാനുള്ള പദ്ധതി കൊണ്ടു വരും. ആവശ്യം ഷർട്ടായിരുന്നു. ലഭിച്ചതോ അണ്ടർ വെയറും ബനിയനും. അവൾ വിജയസ്വരത്തിൽ പറഞ്ഞു, നോക്കൂ പായ്ക്കറ്റിൽ 80 രൂപയെന്നാണ് പ്രിന്‍റ് ചെയ്‌തിരിക്കുന്നത്. എന്നാൽ ഇവർ ഇത് 25 രൂപയ്ക്കാ വിൽക്കുന്നത്. അവൾ 2 ബനിയനും 2 അണ്ടർവെയറും വാങ്ങി.

അപ്പോൾ പിറകിൽ നിന്നും അവളുടെ കൂട്ടുകാരി വനജ വിളിച്ചു. അവൾ തന്‍റെ കൂട്ടുകാരിയോട് വാതോരാത്ത സംസാരം തുടങ്ങി. ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു “വനജേ, ഇടയ്ക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വരണേ.”

“ശരി, പോകട്ടെ” എന്നു പറഞ്ഞ് വിജയ പാക്കറ്റെടുത്തു കൊണ്ടിറങ്ങി.

രാത്രി 10 മണിയായപ്പോഴേക്കും ഞങ്ങൾ സന്തോഷത്തോടെ വീട്ടിലെത്തിച്ചേർന്നു. അണ്ടർവെയറും ബനിയനും നൽകികൊണ്ട് വിജയ പറഞ്ഞു “ഒന്നു ട്രയൽ ചെയ്‌തു നോക്കൂ.”

പക്ഷേ, പെട്ടെന്ന് അവൾ അലറി വിളിച്ചു. “എന്താ? എന്തുപറ്റി” ഞാൻ പരിഭ്രാന്തനായി ചോദിച്ചു.

“എന്‍റെ പേഴ്സ് തിരക്കിനിടയിൽ ക്യാഷ് കൗണ്ടറിൽ വച്ച മറന്നെന്നു തോന്നുന്നു. അതിപ്പോൾ കാണാനില്ല.” അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.

എന്‍റെ പകുതി ബോധം നഷ്ടപ്പെട്ടു. ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല. ഞങ്ങളുടെ കൈവശം ഫോൺ നമ്പരോ സമയമോ ഇല്ലായിരുന്നു. സെയിൽ നടത്തുന്നവർ രാത്രി തന്നെ നഗരം വിട്ടു പോയിട്ടുണ്ടാകും.

ആ സെയിൽ ദിനം ഞാൻ ആജീവനാന്തം മറക്കില്ല. എന്തുകൊണ്ടെന്നാൽ സ്വന്തം സന്തോഷം വില കുറച്ച് വിറ്റു തുലച്ച ദിനമായിരുന്നു അന്ന്.

ഭാര്യയുടെ സാരോപദേശം

പതിവിലും നേരത്തെയാണ് വാസന്തി ഉറങ്ങാൻ വന്നു കിടന്നത്. സാധാരണ ആദ്യത്തെ മയക്കത്തിന്‍റെ നിർവൃതിയിൽ നിന്ന് ഞാൻ എത്തി നോക്കുമ്പോഴായിരിക്കും ഭാര്യ എന്‍റെയടുത്ത് വന്നു കിടക്കുക. അന്ന് ഞാൻ മയക്കത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ അവൾ എന്‍റെ അടുത്തെത്തി.

പതിവിലും നേരത്തെ എന്നു പറഞ്ഞാൽ ടിവി സീരിയലുകളും കുടുംബം കലക്കി പ്രോഗ്രാമുകളും കണ്ടു കഴിഞ്ഞേ വാസന്തി ഉറങ്ങാൻ വന്ന് കിടക്കാറുള്ളൂ. പലപ്പോഴും നേരത്തെ കിടക്ക പങ്കിടാൻ ഞാൻ ഭാര്യയെ ക്ഷണിക്കാറുണ്ടെങ്കിലും എനിക്ക് ഉറക്കം വരേണ്ടേ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്.

അവൾക്കു വേണ്ടി മാത്രമാണ് കേബിൾ ടിവി കണക്ഷൻ എടുത്തിരിക്കുന്നത്. ഇന്ന് അത് എനിക്കു തന്നെ കെണിയായി മാറിയിരിക്കുകയാണ്. കുറച്ചുനേരത്തേക്ക് ഓഫ് ചെയ്ത് ആ പെട്ടിക്ക് റസ്റ്റ് കൊടുക്കാൻ പറഞ്ഞാൽ നമ്മൾ കേബിളിന് പൈസ കൊടുക്കുന്നത് കാണാൻ വേണ്ടിയല്ലേ? അത് കാണാതെ വാടക കൊടുക്കുന്നത് നമുക്ക് നഷ്ടമല്ലേ ഇതാണ് അവളുടെ ഭാഷ്യം.

ടിവി ഓഫ് ചെയ്‌ത് ഭാര്യ അടുത്ത് വന്ന് കിടന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അവളുടെ കൈത്തലം എന്‍റെ ശരീരത്തിലൂടെ ഒഴുകിയപ്പോൾ എന്നിലെ ധമനികൾ അവളുടെ ഗന്ധവും സാന്നിദ്ധ്യവും മനസ്സിലാക്കി. കണ്ണുകൾ ഉറക്കത്തിനു വിട്ടു കൊടുക്കാതെ മിഴികൾ തുറന്ന് ഇരുട്ടിലൂടെ ഭാര്യയെ ശ്രദ്ധിച്ചു.

“എന്തുപറ്റി… കേബിൾ കട്ടായോ?” ഞാൻ അലസമായി ചോദിച്ചു.

“ഇല്ല, ഞാൻ ഓഫാക്കിയതാ… തണുപ്പല്ലേ. നേരത്തെ കിടക്കാമെന്നു കരുതി.” മനസ്സിൽ ഒരുക്കി വച്ചതു പോലെയായിരുന്നു മറുപടി.

മഴക്കാലമാണ് തണുപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ? കുറെനാളുകളായില്ലേ ഈ തണുപ്പ് തുടങ്ങിയിട്ട്…

എന്‍റെ മറുപടി പ്രതീക്ഷിക്കപ്പുറമായതിനാൽ ഉത്തരമൊന്നും പറയാതെ അവൾ മൗനം പാലിച്ചു കിടന്നു.

ഏതാനും നിമിഷം ഇരുട്ടിൽ ഞങ്ങളുടെ രൂപവും ശബ്ദവും നിശബ്ദമായി. പിന്നീടവൾ എന്നോട് ചേർന്നു കിടന്നു. ഭാര്യയുടെ അസമയത്തുള്ള വരവിൽ എന്തോ നീഗൂഡതയുണ്ടെന്ന് എനിക്ക് മണക്കുന്നുണ്ടായിരുന്നു. തലയിണ മന്ത്രത്തിലൂടെ സ്ത്രീകൾ എല്ലാം നേടിയെടുക്കുമെന്നും, പഠിച്ച കള്ളികളാണെന്നും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.

ഞങ്ങൾക്കിടയിൽ കിടന്നിരുന്ന പുതപ്പ് എടുത്ത് ഇരുവരേയും പുതപ്പിക്കുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു. നല്ല തണുപ്പ്…

പുറത്ത് മഴയുടെ അടക്കി പിടിച്ചുള്ള ആഹ്ലാദപ്രകടനം എയർ ഹോളിലൂടെ ഞങ്ങളുടെ കാതുകളിൽ എത്തി കൊണ്ടിരുന്നു. രാത്രി മഴ ആർക്കും ഉപദ്രവകാരിയാകാറില്ല. യുവമിഥുനങ്ങൾക്ക് ഉന്മാദവുമാണ്.

എന്നിലെ മൗനം ഭാര്യക്ക് അസഹ്യമായി തുടങ്ങിയപ്പോൾ അവൾ എന്നിലേക്ക് ചെരിഞ്ഞു. എന്‍റെ നെറ്റിത്തടങ്ങളിൽ തലോടി കൊണ്ട് ചോദിച്ചു. “ഉറങ്ങിയോ….?”

“ഇല്ല… ഉറക്കത്തെ കാത്തു കിടക്കുകയാണ്. ഈ തണുപ്പത്ത് ഉറങ്ങാൻ നല്ല സുഖമല്ലേ…” ഞാനും തണുപ്പിനെ കൂട്ടുപിടിച്ചു.

എന്‍റെ വാക്കുകൾ ഭാര്യക്ക് അരോചകമായോ എന്തോ. മുഖഭാവം വ്യക്‌തമായിരുന്നില്ല.

ഞാൻ ഒരു കാര്യം പറയട്ടെ! അവളുടെ വാക്കുകൾക്കു വളരെ മാർദ്ദവമായിരുന്നു.

“നീയെന്‍റെ ഭാര്യയല്ലേ, ഇവിടെ നമ്മൾ രണ്ടുപേരും മാത്രം, നിനക്ക് എന്തും എപ്പോഴും ചോദിക്കാനും പറയാനും അവകാശം ഉണ്ടല്ലോ. അതിന് ഒരു മുഖവുര വേണോ.

എനിക്കൊരു നെക്ലെയ്സ് വാങ്ങിതരോ… അവളെന്നെ മാറോട് ചേർത്ത് പിടിച്ചു കൊണ്ടാ പറഞ്ഞത്.

ഭാര്യയുടെ ആലിംഗനം ശ്വാസം മുട്ടലായാണ് എനിക്കനുഭവപ്പെട്ടത്. ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. എന്തെങ്കിലും കാര്യപ്രാപ്തിക്കു വേണ്ടിയാണ് ഈ സ്നേഹപ്രകടനമെന്ന്.

ആ പ്രായത്തിൽ നീ നെക്ലെയസ് കെട്ടി ചെത്തി നടക്കാൻ പോവുകയാണോ? എന്‍റെ വാക്കുകളിൽ അതൃപ്തി പ്രകടനമായിരുന്നു. നമുക്ക് വേറെ എന്തെങ്കിലും സംസാരിച്ചു കിടക്കാം. ഞാൻ പറഞ്ഞു.

എന്‍റെ മറുപടി ഭാര്യയിൽ അസഹിഷ്ണുത ഉളവാക്കി. അവൾ എന്നിൽ നിന്നും കൈകൾ വിടർത്തി അകന്ന് തിരിഞ്ഞു കിടന്നു.

ആ രാത്രി ഞങ്ങൾക്ക് വിരോധാഭാസമായതിനാൽ കിടക്ക വിരിയിൽ അധികം ചുളിവുകൾ കാണപ്പെട്ടു. അടുത്ത ഒന്നു രണ്ടു ദിവസം അവൾ എന്നിൽ നിന്നും അകലം പാലിച്ചു നിന്നു. മഖത്ത് ഗൗരവപ്രഭയും ചുവപ്പ് രാശിയും കലർന്നിരുന്നു. ആർട്ട് സിനിമയിലെ നായികയെ പോലെ സംഭാഷണം കുറച്ച് മൂളലുകളിലൂടെ എന്‍റെ വാക്കുകൾക്ക് അതൃപ്തിയോടെ ഉത്തരം തന്നു കൊണ്ടിരുന്നു.

മുമ്പ് പലപ്പോഴും ഞങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ വൈകാതെ തന്നെ കൂടുതൽ സ്നേഹ പ്രകടനവുമായി എന്നിൽ വന്നണയാറുണ്ട്. ഇത്രയും കനം വെക്കാറില്ല ഞങ്ങളുടെ ഭിന്നതക്ക്. ഭാര്യയെ അനുനയിപ്പിക്കേണ്ട കടമ ഭർത്താവിന്‍റെ കൂടി ചുമതലയാണെന്ന് എനിക്കറിയാം. കുടുംബ ഭദ്രതയ്ക്ക് ഭാര്യയും ഭർത്താവും ഒരു പോലെ ഉത്തരവാദിത്വമുള്ളവരാണ്. അവൾ എനിക്ക് താഴെയല്ല. എനിക്കൊപ്പമാണ് എന്ന കണക്കുകൂട്ടലിൽ ഞാൻ അവളിലേക്ക് അണയാൻ തീരുമാനിച്ചു.

പ്രിയതമയുടെ മൗനസമരം അനുരജ്ഞനത്തിലെത്തിയില്ലെങ്കിൽ രാപ്പകലിലുള്ള അന്നം നിലച്ചു പോകുമോ എന്ന ശങ്ക എന്നെ അസ്വസ്ഥനാക്കി.

അടുത്ത ദിവസം ഉച്ചയുറക്കത്തിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലെത്തിയപ്പോൾ ഈവനിംഗ് കോഫിയുടെ പ്രിപ്പറേഷനിലായിരുന്നു ഭാര്യ. പ്രിയതമ… പ്രണയ ലേഖനം എങ്ങിനെ എഴുതണം… എന്ന ഗാനത്തിന്‍റെ ഈരട്ടികൾ മൂളികൊണ്ടാണ് ഞാൻ അടുക്കളയിൽ പ്രവേശിച്ചത്. മൂടൽ മഞ്ഞിൽ പ്രകാശ കിരണങ്ങൾ വീഴ്ത്താൻ എന്‍റെ ഗാനത്തിന് കഴിയുമെന്ന് ഞാനാശിച്ചു. അതുണ്ടായില്ല. ഗാനത്തിലെ താളവും ശ്രുതിയും ജീവിതത്തിലെ താളപിഴ പോലെ അപശബ്ദമായി. ഭാര്യയുടെ ഭംഗിയുള്ള മുഖം കൂടുതൽ ചുവന്ന് വികസിച്ചു നിന്നു.

എനിക്കുള്ള കോഫി ടേബിളിൽ വച്ച് ഈർഷ്യയോടെ തിരിഞ്ഞ് നടക്കുന്നതിനിടെ ഭാര്യയുടെ കൈപിടിച്ച് അടുത്ത് കിടന്നിരുന്ന കസേരയിൽ ഇരുത്തി. ആ കൈകളിൽ തലോടി കൊണ്ട് ഏപ്രിൽ 18 സിനിമയിലെ ബാലചന്ദ്രമേനൊന്‍റെ വാക്കുകൾ കടമെടുത്തു കൊണ്ട് ഞാൻ ചോദിച്ചു.

എന്തിനാ എന്‍റെ കുട്ടൻ ഈ ഭംഗിയുള്ള മുഖം ഊതി വീർപ്പിച്ച് നടക്കുന്നത്. കുട്ടന്‍റെ പ്രശ്നം എന്താ?

എനിക്ക് ഒരു നെക്ലെയ്സ് വേണം… ഞാൻ നിങ്ങളോട് ഒരിക്കൽ പറഞ്ഞതല്ലേ.

ആവി പൊന്തുന്ന കാപ്പിയിലേക്ക് നോക്കി കൊണ്ട് ഒറ്റശ്വാസത്തിലാണ് പറഞ്ഞു തീർത്തത്. ആ ശബ്ദം ചെറുതായി വിറച്ചിരുന്നു.

എന്‍റെ കുട്ടാ, നമുക്ക് പ്രായമായില്ലേ? അണിഞ്ഞൊരുങ്ങി നടക്കണ്ട പ്രായമാണോ ഇത്?

കഴിഞ്ഞ ആഴ്ചയിൽ നടന്ന മിഥുവിന്‍റെ കല്യാണത്തിന് നിങ്ങളുടെ പെങ്ങമാർ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടോ? അവരും പ്രായമായവരല്ലേ?

കളിക്കളത്തിൽ ഉത്തേജകമരുന്ന് കഴിച്ച കളിക്കാരന്‍റെ ആവേശമായിരുന്നു ഭാര്യയിൽ കണ്ടത്. മിഥുൻ അവരുടെ മകനാണ്. മകന്‍റെ കല്യാണത്തിന് അമ്മമാർ അണിഞ്ഞൊരുങ്ങാറില്ലേ? നമ്മുടെ മക്കൾക്ക് മക്കളായി. അത് നീ മറന്നു പോയോ. സൗമ്യമായാണ് ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത്.

ഞാൻ നേരത്തെ പ്രസവിച്ചത് എന്‍റെ മാത്രം കുറ്റമാണോ, നിങ്ങൾക്കതിൽ പങ്കില്ലേ?

ഭാര്യയുടെ വാക്കുകൾ ഒരു ഫെമിനിസ്റ്റിന്‍റെ ശബ്ദമായാണ് ഞാൻ കേട്ടത്. എന്നെ നിശബ്ദനാക്കാനുള്ള എല്ലാ തന്ത്രങ്ങളും സീരിയലുകളിൽ നിന്ന് അവൾ സ്വായത്തമാക്കിയിരുന്നു. ഒരു തർക്കത്തിന് മുതിരുന്നത് നല്ലതല്ലെന്ന് ഞാൻ അനുമാനിച്ചു.

അനുനയത്തിന്‍റെ പാതയിലൂടെ ഞാൻ വീണ്ടും സഞ്ചരിച്ചു. നീ ആവശ്യപ്പെടാതെ തന്നെ കരിമണിമാലയും വളകളും സ്റ്റഡുകളും ഞാൻ എന്‍റെ കുട്ടന് വാങ്ങി തന്നിട്ടില്ലേ. അതൊന്നും ഇപ്പോൾ ഓർമ്മയില്ലേ?

പഴങ്കഥകൾ കേൾക്കുന്ന ലാഘവത്തോടെയാണ് അവൾ എന്നെ ശ്രവിച്ചത്. ഭർത്താവ് ഭാര്യയ്ക്ക് ചെലവാക്കിയതിന്‍റെ ഒക്കെ കണക്ക് പുസ്തകത്തിൽ എഴുതി വച്ചിരിക്കുകയാണോ. ഓരോ ഭർത്താക്കന്മാരും ഭാര്യമാർക്കും ചെയ്‌തു കൊടുക്കുന്നത് എന്തൊക്കെയാണെന്ന് അറിയാമോ? അങ്ങിനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ.

പ്രിയതമയിൽ ഫെമിനിസം ഇത്രമാത്രം വളർച്ച പ്രാപിച്ചുവെന്ന് ഞാൻ അറിയാതെ പോയി. ദൃശ്യ മാധ്യമങ്ങളാണ് വികാസത്തിന്‍റെ ഈ പ്രാപ്തിയിലെത്തിച്ചത്.

നിങ്ങൾ വാങ്ങി തന്നില്ലെങ്കിൽ ഞാൻ അനുവിനോട് പറഞ്ഞു വാങ്ങിപ്പിക്കും. അവൾ എന്നെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു.

അനു നിന്‍റെ മാത്രം മകനല്ലല്ലോ, എന്‍റെയും മകനല്ലേ. എനിക്കും പറയാനുള്ളതല്ലേ അവൻ.

ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണ് പറഞ്ഞതെങ്കിലും മേശപ്പുറത്തിരുന്ന കാപ്പിയുടെ ചൂട് മുഴുവൻ ആവാഹിച്ചെടുത്ത് അവൾ കൂടുതൽ പ്രകോപിതയാകുകയാണുണ്ടായത്.

എന്‍റെ ശരീരത്തിന്‍റെ ചൂടും തണുപ്പും കൊടുത്താണ് അവനെ വളർത്തിയത്. നിങ്ങൾ ഊരുചുറ്റി നടക്കുമ്പോൾ അയച്ചു തന്നിരുന്ന പണം കൊണ്ടു മാത്രമല്ല അവനീ നിലയില്ലെത്തിയത്. അവനിലെ ഓരോ നിശ്വാസങ്ങളും എന്‍റെ ജീവന്‍റെ തുടിപ്പുകളാണ്. ഓരോ അച്ഛന്മാരും ഇതറിഞ്ഞിരിക്കുന്നത് നന്ന്.

ഒരു ഉന്മാദിനിയെ പോലെയായിരുന്നു അവളിലെ വാക്കുകൾ. സ്ത്രീ സ്വാംശീകരണത്തെക്കുറിച്ച് ക്ലാസ് എടുക്കാൻ തയ്യാറായി നിൽക്കുന്നതു പോലെയായിരുന്നു ഭാര്യ.

സന്ധിയില്ല, സമരത്തിന് ഒരുങ്ങാതെ ഭാര്യയിലേക്ക് ഒതുങ്ങുവാൻ ഞാൻ മനസ്സിനെ മയപ്പെടുത്തി. അനുവിനെ വിളിച്ച് പറയുകയൊന്നും വേണ്ട, ഞാൻ വാങ്ങിതരാം. നിനക്കിഷ്ടപ്പെട്ട മാല ഭാര്യയുടെ ഇഷ്‌ടാനിഷ്ടങ്ങൾ സാധിപ്പിച്ച് കൊടുക്കേണ്ടത് ഭർത്താവിന്‍റെ കടമ കൂടിയാണെന്ന് വേദങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.

ആമുഖത്ത് ഒരു പുഞ്ചിരി സൃഷ്ടിക്കാൻ ഞാൻ ശ്രമിച്ചു. ഗ്ലാസിൽ പകർന്നു വച്ച ഷാംപെയിൻ പോലെ നുരയും പതയും വറ്റി, പ്രിയതമയും ശാന്തീ തീരത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു. ഒരുങ്ങിക്കോ നമുക്ക് ജ്വല്ലറിയിൽ പോകാം.

എന്‍റെ വാക്കുകളിൽ ഭാര്യയുടെ മനസ്സിലെ വിഷാദത്തിന്‍റെ കിളി പുറത്തേക്ക് പറന്നു പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

ജ്വല്ലറിയിൽ തിരക്ക് നന്നേ കുറവായിരുന്നു. വിവാഹ സീസൺ അല്ലാത്തതിനാലും, ആൾകൂട്ടത്തിന് നിയന്ത്രണം ഉള്ളതിനാലും നാട്ടിൽ അരക്ഷീതാവസ്‌ഥ പടർന്നു കയറിയതിനാലും ഇരിപ്പടങ്ങൾ അതിഥികളെ കാത്ത് ഒഴിഞ്ഞു കിടന്നു.

ഞങ്ങളുടെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ സെയിൽസ്മാൻ വിവിധ വർണ്ണങ്ങളിലും, തൂക്കത്തിലുമുള്ള ആഭരണങ്ങളുടെ ട്രേകൾ നിരത്തി വച്ചു. എൽഇഡി പ്രകാശത്തിൽ ഭാര്യ കൂടുതൽ സുന്ദരിയാക്കുന്നത് ഞാൻ കണ്ടു.

വിവിധതരം കല്ലുകൾ പതിച്ച പുതിയ പുതിയ മോഡലുകൾ എടുത്ത് കൗണ്ടർ ബോയ് ഭാര്യയുടെ നെഞ്ചിൽ ചേർത്ത് വച്ച് കണ്ണാടിയിൽ പ്രതിബിംബത്തെ സൃഷ്ടിക്കുന്നത് കാഴ്ചക്കാരനായി ഞാൻ നോക്കിയിരുന്നു.

അന്തിമ വിധിക്കായി എന്‍റെ ഇംഗിതമാരാഞ്ഞപ്പോൾ മനപ്പൊരുത്തം ഒന്നാകാനായി ഞാനും സമ്മതം മൂളി. കടയിൽ നിന്നിറങ്ങുമ്പോൾ എന്‍റെ മടി ശീലയിലെ കനം ഭാര്യയുടെ വാനിറ്റി ബാഗിലായി.

വീട്ടിലെത്തുന്നതു വരെ അവൾ എന്നോടു ചേർന്നു തന്നെ നടന്നു. ഭാര്യമാർ അണിഞ്ഞൊരുങ്ങി നടക്കുന്നത് ഭർത്താവിന് അഭിമാനമാണെന്ന് അവൾ എന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

വീട്ടിൽ തിരിച്ചെത്തിയതും ബാഗിൽ നിന്നും നെക്ലെയ്സ് എടുത്ത് കണ്ണാടിക്കു മുന്നിൽ നിന്നണിഞ്ഞു. വീഡിയോ കോളിലൂടെ മകനെയും മകളെയും വിളിച്ച് മാല പ്രദർശിപ്പിച്ചു കൊണ്ട് അഭിമാനത്തോടെ തുടങ്ങി മാലയുടെ പ്രത്യേകതകളെക്കുറിച്ച് വാതോരാതെ പറയുമ്പോൾ മുഖത്തെ സന്തോഷം നിർവചനീയമായിരുന്നു. മക്കൾക്ക് എന്തെങ്കിലും അഭിപ്രായം പറയാൻ സമയം കിട്ടാതെ അമ്മയുടെ സന്തോഷത്തിൽ അവരും ചേർന്നു നിന്നു.

ഞങ്ങളുടെ വിവാഹവാർഷികത്തിന് സമ്മാനമായി അച്‌ഛൻ വാങ്ങി തന്നതാണ് ഈ മാല. വാർഷിക ദിനം ഈ മാല അണിഞ്ഞു നിൽക്കണമെന്ന് അച്‌ഛന് നിർബന്ധം. എന്നെക്കുറിച്ചുള്ള അഭിമാനത്തിന്‍റെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ടാണ് ഞാൻ ഭാര്യയുടെ അടുത്തേയ്ക്ക് ചെന്നത്.

എന്തിനാണ് എന്നെക്കുറിച്ച് ഇങ്ങിനെ ഇല്ലാ വാചകം പ്രചരിപ്പിക്കുന്നത്.

ഭാര്യയുടെ മറുപടി എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. നമ്മൾ തമ്മിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ നമ്മളിൽ തന്നെ ഒതുങ്ങണം. അത് മക്കളിലേക്ക് ഒഴുക്കരുത്. അച്‌ഛന്‍റെ മേലിലുള്ള അവരുടെ അഭിമാനത്തിന് ഒരു വിധത്തിലും ക്ഷതമേൽക്കാൻ പാടില്ല. അതാണ് ഓരോ ഭാര്യയുടെയും അമ്മയുടെയും കർത്തവ്യം.

ആരവങ്ങളില്ലാതെ ദിനങ്ങൾ കൊഴിഞ്ഞു പോകവേ ഒരു ദിവസം ഞാൻ പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ ഭാര്യ അടുത്ത് വന്ന് ഒരു പൊതി എന്നെ ഏല്പിച്ചു. അവളിലെ വിഷാദ ഭാവം കണ്ട് ഞാൻ തിരക്കിയപ്പോൾ അനു വിളിച്ചിരുന്നു… അവൻ പറയുകയാണ് സ്വർണ്ണാഭരണങ്ങൾ വീട്ടിൽ വെക്കണ്ട. പത്രങ്ങളിലെയും ചാനലുകളിലെയും വാർത്തകൾ അമ്മ ശ്രദ്ധിക്കുന്നില്ലേ… എനിക്കു പേടിയാകുന്നു. യാത്രക്കിടയിലും ഭവനഭേദം ചെയ്‌തും, മുഖം മൂടിധരിച്ചും കൊള്ളയടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്. ആഭരണങ്ങളെല്ലാം അമ്മ അച്‌ഛനോട് പറഞ്ഞു ലോക്കറിൽ വെപ്പിക്കുക.

മകന്‍റെ വാക്കുകൾ എന്നിലേക്കു പകർന്നു തന്നത് ഇടറുന്ന കണ്ഠത്തോടെയാണ്. രണ്ടുപേരുടെയും കണ്ണുകൾ ഒരേ സമയം ഈറനണിയുന്നുണ്ടായിരുന്നു.

സാഗരസംഗമം ഭാഗം- 36

അന്ന് നേരം പുലരുമ്പോൾ അരുന്ധതി എന്‍റെ അടുത്തു വന്നു. ഉണർന്നു കിടന്ന എന്നെ സൂക്ഷിച്ചു നോക്കി അരുന്ധതി അൽപനേരം നിന്നു. പിന്നെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു കൊണ്ട് ചോദിച്ചു. “ഫഹദ് സാറിനെ ഓർത്ത് മാഡം ഇന്നലെ രാത്രിയിൽ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഇനിയും ഈ അകൽച്ച വേണോ മാഡം. നിങ്ങൾക്ക് പുനർ വിവാഹിതരായി ഒരുമിച്ചു കഴിഞ്ഞു കൂടെ?”

ആ ചോദ്യം നേരിയ ഒരു ഞെട്ടൽ എന്നിലുളവാക്കി. അരുന്ധതിയിൽ നിന്ന് അത്തരമൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലുമിപ്പോൾ ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾ മനസ്സു കൊണ്ട് എന്നും ഒരുമിച്ചായിരുന്നല്ലോ അരുന്ധതി എന്നു പറയുവാൻ തോന്നി. ശാരീരികമായ ഒത്തുചേരൽ ഞങ്ങളുടെ ജീവിതത്തിൽ അപ്രസ്കതമാണ് എന്നും. എന്‍റെ മനസ്സു വായിച്ചെന്ന പോലെ അരുന്ധതി പറഞ്ഞു.

“ഒരു പുനർവിവാഹം നിങ്ങൾക്കു രണ്ടുപേർക്കും ആവശ്യമില്ലായിരിക്കും. എങ്കിലും നാം ജീവിക്കുന്ന സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ അത് വേണമെന്നെനിക്കു തോന്നുന്നു. ഇല്ലെങ്കിൽ നാളെ ആളുകൾ പലതും പറഞ്ഞെന്നിരിക്കും.”

അരുന്ധതിയുടെ വാക്കുകൾക്ക് മറുപടി പറയും മുമ്പ് ഫഹദ്സാർ അങ്ങോട്ടേയ്ക്കു കടന്നു വന്നു. അദ്ദേഹം ചിരിച്ചു കൊണ്ടന്വേഷിച്ചു.

എന്താ സുഹൃത്തുക്കൾ തമ്മിലൊരു ഗൂഢാലോചന…എന്നെ ഇവിടെ നിന്ന് നാടു കടത്താനാണോ? അല്ല… അങ്ങിനെവല്ല ഉദ്ദേശവുമുണ്ടെങ്കിൽ നേരത്തെ പറഞ്ഞോളു കേട്ടോ…”

അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പറഞ്ഞാലും സാർ മടങ്ങിപ്പോവുകയില്ലെന്നറിയാം. എങ്കിലും ഭാര്യാഭർത്താക്കന്മാരായിത്തന്നെ നിങ്ങൾക്കൊരുമിച്ച് ഇവിടെ കഴിഞ്ഞു കൂടെ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. എങ്കിൽ ഈ രാത്രിയിലെ കൂട്ടു കിടപ്പ് ഞങ്ങൾക്ക് അവസാനിപ്പിക്കാമായിരുന്നു.”

അതിനുത്തരം നൽകാതെ ഫഹദ്സാർ ചിരിച്ചു കൊണ്ടിരുന്നു. അൽപം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. “അല്ല… ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്നറിയുന്നവർ ഇവിടെ ചുരുക്കമാണല്ലോ. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടെന്നു കരുതിയാണ് ഞാൻ ഹോട്ടലിൽ മുറിയെടുത്തത്. അതുപക്ഷെ നിങ്ങൾക്കു ബുദ്ധിമുട്ടായെങ്കിൽ ഇന്നു രാത്രിയിൽ ഞാനിവിടെത്തന്നെ പുറത്ത് വരാന്തയിൽ കഴിഞ്ഞോളാം. മീരയ്ക്ക് കൂട്ടായി.”

“അല്ല… ഞാനുദ്ദേശിച്ചത് ഞങ്ങൾക്ക് കൂട്ടുകിടക്കാൻ വിഷമമുണ്ടെന്നല്ല…” പരുങ്ങലോടെ അരുന്ധതി വാക്കുകൾ ഉരുവിട്ടു. അതുകേട്ടു കൊണ്ട് അരുൺ കടന്നു വന്നു. “അല്ല… മമ്മി എന്താണു പറയുന്നതെന്നറിയില്ല. മാഡത്തെ ഒറ്റയ്ക്കാക്കുവാൻ ഞാൻ സമ്മതിയ്ക്കുമെന്ന് സാർ കരുതുന്നുണ്ടോ? എനിക്ക് മമ്മിയെപ്പോലെ തന്നെയാണ് മാഡവും.”

ആ വാക്കുകൾ ഒരിയ്ക്കൽ കൂടി എന്‍റെ മാതൃ ഹൃദയത്തെ കുളിരണിയിച്ചു. അരുൺ ഈ ലോകത്തിൽ ഞാനൊറ്റയ്ക്കല്ലെന്ന് നീ പണ്ടേ തെളിയിച്ചു തന്നു കഴിഞ്ഞുവല്ലോ മകനെ… അങ്ങനെ വികാരാധീനയായി ഞാൻ അരുണിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്‍റെ മനോഗതം മനസിലാക്കിയിട്ടെന്ന പോലെ അരുൺ പെട്ടെന്നു പറഞ്ഞു.

“ഞാൻ മാഡത്തെ ഒറ്റയ്ക്കാക്കുകയില്ലെന്നു പറഞ്ഞത് ഇപ്പോൾ മറ്റൊരു അർത്ഥത്തിലാണ്. ഏതായാലും ഞാൻ നിങ്ങൾക്കു രണ്ടുപേർക്കുമിപ്പോൾ പുത്രതുല്യനാണ്. ഇനിയും ഒരു മകന്‍റെ സ്വാതന്ത്യ്രത്തോടെ ഞാൻ പറയട്ടെ നിങ്ങളുടെ ഈ പുനഃസമാഗമം ഒരു ചെറിയ ചടങ്ങിലൂടെ ആഘോഷമാക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. നിങ്ങൾ രണ്ടുപേരും എന്തുപറയുന്നു?” ഒന്നു നിർത്തി അരുൺ തുടർന്നു. “ഞാനും മമ്മിയും ഇതേക്കുറിച്ച് ഇന്നലെ ആലോചിച്ചിരുന്നു.” ഞാൻ പെട്ടെന്ന് ഞെട്ടലോടെ ചോദിച്ചു.

“ചടങ്ങോ… അരുൺ എന്താണ് പറഞ്ഞു വരുന്നത്?” എന്‍റെ ഞെട്ടൽ കണ്ട് ചിരിച്ചു കൊണ്ട് അരുൺ തുടർന്നു.

“ചടങ്ങെന്നു വച്ചാൽ വിവാഹം പോലെ ചെറിയൊരു ആഘോഷം. ഈ ഹോസ്പിറ്റലിൽ വച്ചു തന്നെ. അതിൽ പങ്കെടുക്കാൻ നമ്മൾ കുറച്ചുപേർ മാത്രം. മാഡത്തിന്‍റെ ഈ പുനർജന്മം എല്ലാ അർത്ഥത്തിലും പുൻരജന്മമായിക്കൊള്ളട്ടെ. അല്ലേ സർ?”

അരുൺ ഫഹദ്സാറിനെ നോക്കി ചോദിച്ചു. അദ്ദേഹവും അൽപം അമ്പരപ്പിലായിരുന്നു. വാർദ്ധക്യത്തിലെത്തി നിൽക്കുന്ന രണ്ടുപേർ തമ്മിലുള്ള വിവാഹമോ? അതുൾക്കൊള്ളാൻ അദ്ദേഹത്തിനുമായില്ല.

“സാറും മാഡവുമെന്താണൊന്നും മിണ്ടാത്തത്? നിങ്ങൾ രണ്ടുപേരും ഒരിക്കൽ ഭാര്യാഭർത്താക്കന്മാരായി കുറച്ചു നാളെങ്കിലും ജീവിച്ചവരാണ്. അന്ന് വിധി വൈപര്യത്താൽ നിങ്ങൾക്ക് അകന്നു നില്‌ക്കേണ്ടി വന്നു. കാലങ്ങൾക്കു ശേഷമുള്ള ഈ കൂടിച്ചേരൽ ഒരു ചെറിയ ആഘോഷമാക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. നിങ്ങൾക്കു രണ്ടുപേർക്കും അതിന് മൗനസമ്മതമെന്ന് ഞാൻ കരുതുന്നു.”

അങ്ങിനെ പറഞ്ഞു കൊണ്ട് അരുൺ അവിടെ നിന്നും എഴുന്നേറ്റു നടന്നു. അരുന്ധതിയും പുറകേ പോയി. ഞങ്ങൾ ഇരുവരും അൽപനേരം മുഖത്തോടു മുഖം നോക്കിയിരുന്നു. അൽപനിമിഷങ്ങൾ കഴിഞ്ഞ് എന്‍റെ കൈത്തലം കവർന്നു കൊണ്ട് അദ്ദേഹം ചോദിച്ചു.

“അരുൺ പറഞ്ഞതിൽ തെറ്റൊന്നുമില്ല അല്ലേ മീര… നമ്മൾ വളരെ പണ്ടുതന്നെ ഭാര്യാഭർത്താക്കന്മാരായിത്തീർന്നവരാണ്. പിന്നെ അൽപകാലം അകന്നു നിൽക്കേണ്ടി വന്നു എന്നു മാത്രം. ഇന്നിപ്പോൾ കാലങ്ങൾക്കു ശേഷമുള്ള ഈ കൂടിച്ചേരലിൽ, നിനക്കൊരു പുതുജീവൻ നൽകാൻ എനിക്കു കഴിഞ്ഞെങ്കിൽ ഒരു പുതു ജീവിതം നൽകാനും എനിക്കു കഴിയും. ഇന്നിപ്പോൾ നമ്മുടെ മുന്നിൽ മറ്റു തടസ്സങ്ങളൊന്നുമില്ല. ചിരകാലമായി ഞാൻ അഭിലഷിച്ചിരുന്നതു പോലെ നീ എന്‍റേതു മാത്രമായിത്തീരുന്ന ഈ നിമിഷങ്ങൾ ആഘോഷമാക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല.”

പെട്ടെന്ന് അൽപം വൈക്ലബ്യത്തോടെ ഞാൻ ചോദിച്ചു.

“അതല്ല ഫഹദ്സാർ… ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന രണ്ടു പേരാണ് നമ്മളിപ്പോൾ… ഈ വൈകിയ വേളയിൽ ഒരു പുനർവിവാഹത്തിനു തുനിയുക എന്നു വച്ചാൽ ആളുകൾ എന്തു പറയും?”

“ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. ഇനിയെങ്കിലും നമുക്കെല്ലാം മറന്ന് ജീവിയ്ക്കണം. നമ്മുടേതു മാത്രമായ ഒരു കൊച്ചു ലോകത്തിൽ. അതിന് ചെറിയ ഒരു സമൂഹത്തിന്‍റെ അംഗീകാരം കൂടി കിട്ടുന്നത് നല്ലതല്ലെ?”

“അങ്ങയ്ക്കങ്ങിനെ തോന്നുന്നുവെങ്കിൽ എനിക്കൊന്നും പറയാനില്ല. അങ്ങയോടൊത്തുള്ള ഒരു പുതു ജീവിതം അതും ഞാനും ആഗ്രഹിക്കുന്നുണ്ട്.”

വൈകാതെ അരുൺ വിവാഹമെന്ന ഒരു ചെറിയ ചടങ്ങു നടത്തുന്നതിലേയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. ഹോസ്പിറ്റലിലെ ചെറിയ ഹാളിൽ വച്ചു നടത്തിയ ആ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടവരായി കുറച്ചുപേർ മാത്രം… ഡോക്ടർ ഹേമാംബികയും ഭർത്താവും, പിന്നെ ഏതാനും നഴ്സുമാരടങ്ങിയ സംഘം.

ഹോസ്പിറ്റൽ സ്റ്റാഫ്, അരുണിന്‍റെ ഏതാനും സുഹൃത്തുക്കൾ, അരുന്ധതിയും അരണും അങ്ങിനെ ക്ഷണിക്കപ്പെട്ടവരായി ഏതാനും ചില അതിഥികൾ മാത്രം. ചടങ്ങുകളെല്ലാം കോഓർഡിനേറ്റ് ചെയ്തു കൊണ്ട് ഹേമാംബിക ഒരു ചെറുപ്രസംഗം നടത്തി. ഇത്തരത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളടക്കം മറ്റു പലർക്കും ഈ വിവാഹം ഒരു മാതൃകയാവട്ടെ എന്നവർ ആശീർവദിച്ചു. പിന്നീട് വധൂവരന്മാർ പരസ്പരം മാലയിടുകയും മോതിരം കൈമാറുകയും ചെയ്‌തു.

പണ്ട് എന്‍റെ പിതാവിനാൽ പൊട്ടിച്ചെറിയപ്പെട്ട, താലിയ്ക്കുപകരം, മറ്റൊരു താലി അണിയിച്ചു കൊണ്ട് ഫഹദ്സാർ തന്‍റെ കടമ നിർവ്വഹിച്ചു. അപ്പോൾ എന്‍റെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്ന് നിലംപതിച്ചു. അത് പണ്ടെങ്ങോ കൈവിട്ടു പോയ നിധിയെ വീണ്ടെടുക്കാനായതിലുള്ള ഹർഷോന്മാദമോ, അതോ ഞാൻ മനസ്സറിയാതെ ചെയ്‌തു പോയ പാപകർമ്മങ്ങൾക്കുള്ള പ്രായശ്ചിത്തമോ, ഏതെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. എന്നാൽ നാളെ മുതൽ ഞാൻ മീരാനാരായണനല്ല പകരം മീരാ ഫഹദ് ആണെന്ന തിരിച്ചറിവ് മനസ്സിനെ കൂടുതൽ തരളിതമാക്കി. പാറക്കെട്ടുകളെ തല്ലിത്തകർത്ത് കുതിച്ചൊഴുകുന്ന നീരുറവ പോലെ ഉള്ളിൽ കാലങ്ങളായി അണകെട്ടി നിർത്തിയ ആഹ്ലാദം അണപൊട്ടിയൊഴുകുന്നത് ഞാനറിഞ്ഞു.

അപരിഹാര്യമായ വിധിയുടെ കൈകളാൽ ഒരിക്കൽ പറിച്ചെറിയപ്പെട്ട ഞങ്ങളിരുവരും ഇതാവീണ്ടും അതേ വിധിയുടെ കരങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച സൃഷ്ടാവായ ഈശ്വരന്‍റെ അനേകം ലീലകളിൽ ഒന്നു മാത്രമേ ഇത്? പലപ്പോഴും വിധിയുടെ കൈകളിലെ ഒരു കളിപ്പാട്ടമായി മനുഷ്യനെ മാറ്റുന്നതിൽ ആ സൃഷ്ടാവു വിജയിക്കാറുണ്ട്.

ഏതോ നിഴൽ മറയ്ക്കപ്പുറത്ത്, അജ്ഞാതമായ ഏതോ കരങ്ങളിൽ വെറും തോൽപാവകളായി രൂപം മാറുന്ന മനുഷ്യർ. മറഞ്ഞിരിക്കുന്ന ആ കരങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് ചലിക്കുവാൻ വിധിക്കപ്പെട്ടവർ… എന്നിട്ടും ചിലരെങ്കിലും സ്വന്തം ഇച്ഛാശക്തിയാൽ ആ പ്രപഞ്ച ശക്തിയെ അതിജീവിക്കുന്നതായി നാം കാണുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നിലെ ഞാനും ഫഹദ് സാറും തമ്മിലുള്ള ആത്മബന്ധവും.

ജന്മങ്ങളുടെ ഇഴയടുപ്പം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഡതരമാക്കി മറ്റെന്തിനെക്കാളും മഹത്തരമായത് അടിയുറച്ച സ്നേഹബന്ധമെന്ന് ഞങ്ങൾ ഊട്ടിയുറപ്പിച്ചിരിക്കുന്നു. അത്തരത്തിലുള്ള സ്നേഹബന്ധത്തെ പറിച്ചെറിയാൻ ഒരു ശക്തിക്കുമാവില്ലെന്നു. വിവാഹശേഷം ആദ്യം അരികിലെത്തി ആശംസിക്കുകയും അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു കൊണ്ട് അരുൺ പറഞ്ഞു.

“എന്‍റെ ജീവിതത്തിലെ അനർഘ നിമിഷങ്ങളിലൊന്നാണിത്. എന്‍റെ ചിരകാല അഭിലാഷം ഇന്ന് പൂർത്തിയായിരിക്കുന്നു. മാഡം എനിക്ക് മാതൃതുല്യയാണ് നിങ്ങൾ. മാഡത്തെ ഈ രീതിയിൽ കാണുവാൻ ഞാനെത്ര നാളുകളായി ആഗ്രഹിക്കുന്നു. നെറ്റിയിൽ ഈ മംഗല്യക്കുറി അണിഞ്ഞു നിൽക്കുന്ന മാഡത്തെ കാണുമ്പോൾ ഞാനെത്ര മാത്രം സന്തോഷിക്കുന്നുവെന്നോ? ഒരിക്കൽ മാഞ്ഞു പോയ മാഡത്തിന്‍റെ ആ സിന്ദൂരക്കുറിയും കഴുത്തിലെ താലിമാലയും വീണ്ടെടുത്തു നൽകാൻ കഴിഞ്ഞതിൽ ഞാനിന്നു കൃതാർത്ഥനാണ്. ഒരു മകനെന്ന നിലയിൽ എത്രമാത്രമാണ് എന്‍റെ മനസ്സിലെ ആനന്ദമെന്ന് എനിക്കു പറഞ്ഞറിയിക്കാൻ വയ്യ.

ആവേശം മൂത്ത് ഹിന്ദിയിലാണ് അരുൺ ആ വാക്കുകൾ പറഞ്ഞതെങ്കിലും, അവന്‍റെ കണ്ണുകളിലെ ആനന്ദകണ്ണീർ, ആ വാക്കുകളിലെ സത്യസന്ധത ഉറപ്പിയ്ക്കുന്നതായിരുന്നു. അവനെ അടുത്തു ചേർത്തു നിർത്തി ആലിംഗനം ചെയ്‌തു കൊണ്ടു ഞാൻ പറഞ്ഞു.

“നിന്നെപ്പോലൊരു മകനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ് അരുൺ. ഇന്നിപ്പോൾ ലോകത്തിലേറ്റവും സൗഭാഗ്യയായ സ്ത്രീയായി ഞാൻ മാറിയിരിക്കുന്നു. ഏറ്റവും നല്ല ഭർത്താവിനേയും, ഏറ്റവും നല്ല മകനേയും ലഭിച്ച സൗഭാഗ്യവതി. കണ്ണീരിലൂടെ പുഞ്ചിരി തൂകി നിന്ന എന്‍റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ ഫഹദ്സാർ ഞങ്ങൾക്കരികിൽ ചേർന്നു നിന്നു. എന്‍റെ വാക്കുകൾക്ക് പൂർണ്ണത നൽകുമാറ് ക്യാമറക്കണ്ണുകൾ ആരംഗം ഒപ്പിയെടുത്തു. ഫ്ളാഷുകൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു.

പിന്നീടുള്ള ദിനങ്ങൾ കുതിച്ചൊഴുകുന്ന കാട്ടരുവിയുടേതു പോലെയായിരുന്നു. പ്രതിബന്ധങ്ങളെ തല്ലിത്തകർത്ത് പാറയിടുക്കുകളിലൂടെ കുതിച്ചൊഴുകിയ ആ കാട്ടരുവി രണ്ടാത്മാക്കളുടെ അപൂർവ്വ സംഗമത്തിലൂടെ ആനന്ദിക്കുകയായിരുന്നു.

ഏതാനും ദിനങ്ങൾക്കുള്ളിൽ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്‌ജു ചെയ്യപ്പെട്ട് ഞങ്ങൾ ഫ്ളാറ്റിലെത്തി. ഇതിനിടയിൽ എറണാകുളത്തെ വീടിന്‍റെ വിൽപന നടക്കുകയും ഒരു നല്ല തുക എന്‍റെ അക്കൗണ്ടിൽ വന്നു ചേരുകയും ചെയ്‌തു. പന്ത്രണ്ടു കോടിയുടെ വിൽപ്പന നടക്കുന്ന വിവരം മായ അറിയിച്ചതനുസരിച്ച്, ഹോസ്പിറ്റലിൽ വച്ച് സ്വന്തം പൗവ്വർ ഓഫ് അറ്റോർണി ഞാൻ മായയ്ക്ക് കൈമാറുകയായിരുന്നു. ആ പണത്തിൽ നിന്നും ഒരു ഭാഗമുപയോഗിച്ചാണ് ഞാൻ ഫ്ളാറ്റ് വാങ്ങിയത്. നരേട്ടന്‍റെ ഓർമ്മകളുറങ്ങുന്ന പഴയ വീട് വാടകയ്ക്ക് നൽകുകയും ചെയ്‌തു.

ഒരു നല്ല തുക കൃഷ്ണയുടെ പേരിൽ ബാങ്കിലിടുമ്പോൾ അതവളെ വിളിച്ചറിയിച്ചു. അതറിഞ്ഞ കൃഷ്ണയുടെ പരിഭവം ഒട്ടൊക്കെ മാറി.

പിന്നീട് ഹോസ്പിറ്റൽ വിട്ട് ഫ്ളാറ്റിലേയ്ക്കു ചേക്കേറുമ്പോൾ ഫഹദ്സാറ് ഫ്ളാറ്റിനു മുന്നിലെ നെയിം ബോർഡ് വായിച്ചു കൊണ്ട് ഫലിത രൂപേണ പറഞ്ഞു.

“നെസ്റ്റ് എന്ന പേര് ഈ ഫ്ളാറ്റിനു കൊള്ളാം. നമുക്കു ചേർന്നതു തന്നെ ഇനി ഈ കൂട്ടിൽ മുട്ടയിട്ട് ഇണക്കുരുവികളെപ്പോലെ നമുക്കിവിടെ കഴിയാം.”

“മുട്ടയിടാനോ… അതിനുള്ള പ്രായം കഴിഞ്ഞു പോയില്ലെ?”

ഫഹദ്സാറും ഞാനും ഉറക്കെച്ചിരിച്ചു. പിന്നീട് അനുരാഗവായ്പോടെ എന്‍റെ കൈത്തലമെടുത്ത് അദ്ദേഹം പറഞ്ഞു.

“ഇന്നിപ്പോൾ നിന്നെ തിരിച്ചു കിട്ടിയല്ലോ. അതുമതി എനിക്ക്. ഈ വാർദ്ധക്യത്തിൽ ഞാൻ സൗഭാഗ്യവാനാണ്.” ജന്മാന്തരങ്ങൾക്കപ്പുറത്ത് തപസ്സിരുന്ന വേഴാമ്പലിന്‍റെ ശബ്ദം.

“നിന്നെത്തേടിയലഞ്ഞ നാളുകളിൽ നീ എന്‍റെ കരങ്ങളിൽ നിന്നും ഏറെ അകലെയായിരുന്നു. അല്ലെങ്കിൽ മറ്റാരൊക്കെയോ നമ്മെ അകറ്റി നിർത്തി. ഇന്നിപ്പോൾ കാലം നമ്മെ വീണ്ടും കൂട്ടിയിണക്കിയിരിക്കുന്നു. നമ്മുടെ ഒത്തുചേരൽ ദൈവവും ആഗ്രഹിച്ചിരുന്നുവെന്നല്ലെ അതിനർത്ഥം…. മീരാ….”

“അതെ സാർ… ആത്മാർത്ഥ സ്നേഹം എപ്പോഴാണെങ്കിലും വിജയിക്കും. ദൈവത്തിനു അതംഗീകരിക്കാതിരിക്കാനാവില്ല…” ഞാൻ പ്രതിവചിച്ചു.

കാലം ഒരു പ്രവാഹമായി മുന്നോട്ടൊഴുകിയപ്പോൾ പൊട്ടിച്ചിരികൾ മാത്രം ബാക്കിയാക്കി ജീവിതം തളിരണിഞ്ഞു.

ഓപ്പറേഷനു ശേഷമുള്ള വിശ്രമ ദിവസങ്ങളിൽ ഫഹദ്സാർ എല്ലാ അർത്ഥത്തിലും എനിക്കു തുണയായി നിന്നു. വീട്ടിലെ പാചകം സ്വയം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

“പത്തിരുപത്തിനാലു വർഷം വിഭാര്യനായിക്കഴിഞ്ഞ ഒരാൾക്ക് പാചകമറിയില്ലെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? പാചകകലയിൽ എന്‍റെ മിടുക്ക് എത്രത്തോളമുണ്ടെന്ന് മീര കണ്ടോളൂ.”

അസാമാന്യ പാടവത്തോടെ അദ്ദേഹം ഭക്ഷണം പാകം ചെയ്യുന്നത് ഞാൻ നോക്കിയിരുന്നു.

(തുടരും)

പരീക്ഷ

ടെറസ്സിൽ തുണി ഉണക്കുവാനിട്ടു കൊണ്ടു നിന്നിരുന്ന അഞ്ജലി സഞ്ജീവിനെ തന്‍റെ വീടിന്‍റെ ഉമ്മറത്തു കണ്ട് ഞെട്ടിത്തരിച്ചു പോയി.

ഏകദേശം രണ്ടു വർഷം മുമ്പായിരുന്നു അഞ്ജലിയും അജയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു മുമ്പ് അഞ്ജലിക്ക് സഞ്ജീവ് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കളുടെ നിർബ്ബന്ധം കാരണം ഈ വിജാതീയ യുവാവുമായുള്ള അവളുടെ വിവാഹം നടന്നില്ല.

അഞ്ജലി നിന്നു വിറയ്ക്കുകയായിരുന്നു. ഇയാളെന്തിനാണ് ഇപ്പോൾ ഇങ്ങോട്ടു വന്നിരിക്കുന്നത്? ഇതെങ്ങാനും അജയ് അറിഞ്ഞാലോ? അവൾക്കാകെ പേടിയായി. ശരീരം തളർന്ന്, തൊണ്ട വരണ്ട് അവളങ്ങനെ നിന്നു. അപ്പോഴാണ് അഞ്ജലിയുടെ നാത്തൂൻ ശില്പ ആഹ്ലാദപൂർവ്വം അയാളെ അകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നത് അവൾ കണ്ടത്.

“ഞാൻ ശില്പയുടെ ഏടത്തിയാണെന്ന കാര്യം സഞ്ജീവിന് അറിയാമോ? അറിയുമെങ്കിൽ തന്നെ ശില്പയോടു ഞങ്ങളുടെ പ്രേമബന്ധത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടാകുമോ? അഞ്ജലിയുടെ മനസ്സ് പിന്നെയും സംഘർഷഭരിതമായി. അഞ്ജലി ടെറസ്സിൽ നിന്നും നേരെ അടുക്കളയിലേക്കു പോയി.

“ഏടത്തീ, ചേട്ടനെന്തു ചെയ്യുകയാ?” കുറച്ചു നേരത്തിനു ശേഷം ശില്പ വന്നു ചോദിച്ചു. അവൾ വളരെ സന്തോഷവതിയായി കാണപ്പെട്ടു.

“മുറിയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്.” അഞ്ജലി മനസ്സിനെ ശാന്തമാക്കുവാൻ ബദ്ധപ്പെട്ട് മറുപടി നൽകി.

“ചേട്ടനെയൊന്നു സ്വീകരണ മുറിയിലയയ്ക്കൂ ഏടത്തീ. സഞ്ജീവ് ചേട്ടനെ കാണാൻ വന്നതാണ്.”

“ഏട്ടനെ കാണാൻ വന്നതിലെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?”

“ഉവ്വ്, ഏടത്തീ, ഞങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു. വിവാഹത്തിന് നിങ്ങൾ രണ്ടുപേരുടെയും ആശീർവാദം വാങ്ങാൻ വന്നതാണ്.” ശില്പ അല്പം ലജ്ജയോടെ മറുപടി നൽകി.

“നീ സഞ്ജീവിനെ എന്നുമുതലറിയും? ഇത്രയും ചോദിച്ച് തന്‍റെ വിവശത മറച്ചുകൊണ്ട് അഞ്ജലി പുഞ്ചിരിച്ചു.

“ഏകദേശം 6 മാസമായി. ചേച്ചി എന്‍റെ സ്നേഹിത നിഷയുടെ വിവാഹമോർക്കുന്നില്ലേ?”

“ആ ചടങ്ങിൽ ഞാനും ഏട്ടനും നീയും പങ്കെടുത്തതല്ലേ?”

“അതെ, സഞ്ജീവ് ആദ്യമായി അവിടെ വച്ചാണ് എന്നെ കണ്ടതും ഇഷ്ടപ്പെട്ടതും.” ശില്പ മന്ദസ്മിതം തൂകി.

“അവിടെ വച്ച് അയാൾ ഞങ്ങളെയും പരിചയപ്പെട്ടിരുന്നുവോ?”

“ഇല്ല, പക്ഷെ നിങ്ങളെ രണ്ടുപേരെയും അന്നുമുതലറിയും. ഇപ്പോൾ ചേട്ടനെ ഇങ്ങോട്ടയക്കൂ ഏടത്തി. അതിനു ശേഷം ഞാൻ ഭക്ഷണമുണ്ടാക്കാൻ ഏടത്തിയെ സഹായിക്കാനായി വരാം.” ശില്പ സന്തോഷത്തോടെ സ്വീകരണ മുറിയിലേക്ക് മടങ്ങിപ്പോയി.

താൻ ശില്പയുടെ ഏടത്തിയാണെന്ന കാര്യം സഞ്ജീവിന് നന്നായറിയാമെന്ന കാര്യം അഞ്ജലിക്ക് പെട്ടെന്ന് മനസ്സിലായി. തങ്ങളുടെ പ്രേമബന്ധത്തെക്കുറിച്ച് സഞ്ജീവ് ശില്പയോടു യാതൊന്നും പറഞ്ഞിട്ടില്ലെന്ന കാര്യവും അവൾക്ക് സ്പഷടമായി. എന്നാൽ ശില്പയുടെ ജീവിത പങ്കാളിയായി സഞ്ജീവ് അവളുടെ ജീവിതത്തിലേക്ക് വരുന്നത് അഞ്ജലിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു.

സഞ്ജീവിനുള്ള ഭക്ഷണം തയ്യാറാക്കുവാനായി ശില്പ ഏടത്തിയമ്മയെ സഹായിച്ചു. ഈയവസരത്തിൽ താനും സഞ്ജീവുമായുള്ള പ്രേമബന്ധത്തെക്കുറിച്ചവൾ പറഞ്ഞുകൊണ്ടേയിരുന്നു.

അഞ്ജലി ഭക്ഷണവുമായി സ്വീകരണ മുറിയിലേക്കു പോയി. വിവാഹശേഷം സഞ്ജീവുമായുള്ള ആദ്യ കൂടിക്കാഴ്ചയായതിനാൽ അവൾക്ക് തന്‍റെ ഹൃദയമിടിപ്പ് നിയന്ത്രിക്കാനായില്ല.

അഞ്ജലിയും സഞ്ജീവും രണ്ടപരിചിതരെപ്പോലെ പരിചയപ്പെട്ടു. പ്രസന്നവദനനായ ഒരതിഥിയെപ്പോലെയായിരുന്നു സഞ്ജീവിന്‍റെ പെരുമാറ്റം.

സഞ്ജീവിനെ യാത്രയാക്കിയശേഷം അജയ് അദ്ദേഹത്തെക്കുറിച്ച് തന്‍റെ അഭിപ്രായം വ്യക്‌തമാക്കി, “പയ്യൻ പ്രസന്നവദനനും ചേർച്ചയുള്ളവനുമാണ്. നമ്മുടെ ജാതിയിലും സമുദായത്തിലും പെട്ടവനല്ലെങ്കിലും പ്രശ്നമില്ല. എന്നെ സംബന്ധിച്ച് ശില്പ അയാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുമല്ലോ എന്നതുതന്നെയാണ് പ്രധാനം. ശില്പേ, നിന്‍റെ ഇഷ്ടം എനിക്ക് സ്വീകാര്യമാണ്.”

സന്തോഷത്താൽ ഭാവാതുരയായി ശില്പ തന്‍റെ സഹോദരനെ കെട്ടിപ്പിടിച്ചു. അതിനുശേഷം ഏടത്തി അഞ്ജലിയോടു ചോദിച്ചു, “ഏടത്തി, ഏടത്തിയെന്താ ഇത്ര ഗൗരവത്തിലിരിക്കുന്നത്. എന്താ സഞ്ജീവിനെ ഇഷ്ടമായില്ലേ?”

അഞ്ജലി തിടുക്കത്തിലുത്തരം നൽകി. “ഇല്ല, അങ്ങനെയൊന്നുമില്ല ശില്പേ. നിന്‍റെ ഏട്ടന്‍റെ ഇഷ്ടമാണ് എന്‍റേതും.”

അഞ്ജലി അന്നേ ദിവസം അസ്വസ്ഥയും ഭയചകിതയുമായി കാണപ്പെട്ടു. രണ്ടുവർഷം മുമ്പ് സഞ്ജീവുമായുള്ള തന്‍റെ അവസാനത്തെ കൂടിക്കാഴ്ച അവളുടെ ഓർമ്മയിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. അന്യജാതിയിൽ പെട്ട സഞ്ജീവുമായി കൂടിക്കാഴ്ച നടത്തുന്നതിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തി എന്നു മാത്രമല്ല ദൂരെയുള്ള അമ്മാവന്‍റെ വീട്ടിലേക്കവളെ പറഞ്ഞയയ്ക്കുകയും ചെയ്‌തു.

അമ്മാവന്‍റെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് അഞ്ജലി അവസാനമായി സഞ്ജീവിനെ കണ്ടിരുന്നു. പരിതസ്‌ഥിതികളെല്ലാം മനസ്സിലാക്കിയ ശേഷം ഇടറുന്ന സ്വരത്തിൽ സഞ്ജീവ് അഞ്ജലിയോട് പറഞ്ഞു. “അഞ്ജലി, എനിക്ക് നിന്നെ ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. എന്‍റെ മനസ്സിൽ മറ്റൊരു പെൺകുട്ടിയ്ക്കും നിന്‍റെ ഇടം ലഭിക്കുകയില്ല. നിന്‍റെ മാത്രം ഓർമ്മയിൽ ഞാനെന്‍റെ ബാക്കി ജീവിതം തള്ളിനീക്കും.”

ഇപ്പോൾ അതേ സഞ്ജീവ് തന്നെയാണ് ശില്പയെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നത്, സഞ്ജീവ് എന്‍റെ അടുത്തെത്തുന്നതിനുവേണ്ടി ശില്പയുമായി പ്രേമബന്ധം നടിക്കുന്നതാണോ അതോ എന്‍റെ അവിശ്വസ്ഥതയ്ക്കുള്ള ശിക്ഷയായി ശില്പയെ ബുദ്ധിമുട്ടിക്കുകയാണോ? ഇത്തരത്തിലുള്ള അനേക ചോദ്യങ്ങൾ അഞ്ജലിയുടെ മാനസിക സംഘർഷം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.

ശില്പയുടെയും സഞ്ജീവിന്‍റെയും വിവാഹശേഷം താനും സഞ്ജീവുമായുള്ള പൂർവ്വബന്ധത്തെക്കുറിച്ച് ആരെങ്കിലും മുഖാന്തിരം ഭർത്താവറിയുമോ എന്ന ഭയവും അവൾക്കുണ്ടായിരുന്നു.

അജയിന്‍റെ ദേഷ്യത്തെക്കുറിച്ച് അഞ്ജലിക്ക് നല്ലതുപോലെ അറിയാമായിരുന്നു. ഒരു കാരണവും കൂടാതെ തന്‍റെ ഭർത്താവിന്‍റെ ദൃഷ്ടിയിൽ അപരാധിനിയാകുവാൻ അവളാഗ്രഹിച്ചില്ല.

വളരെനേരം ആലോചിച്ച ശേഷം അഞ്ജലി താനും സഞ്ജീവുമായുള്ള പൂർവ്വബന്ധത്തെക്കുറിച്ച് അജയിനോടു പറയണമെന്ന തീരുമാനത്തിലെത്തി. അന്നു രാത്രി അത്താഴത്തിനുശേഷം അവളെല്ലാം അജയിനോട് തുറന്നു പറഞ്ഞു.

അജയ് നെറ്റി ചുളിച്ചുകൊണ്ട് എല്ലാം ഗൗരവത്തോടെ കേട്ടു. ഈയവസരത്തിൽ അഞ്ജലിക്കാകട്ടെ ഭർത്താവിന്‍റെ ഭാവി പ്രതികരണത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്താൻ സാധിച്ചില്ല.

“നമ്മുടെ വിവാഹശേഷം സത്യത്തിൽ നീ ഇപ്പോൾ ആദ്യമായാണോ സഞ്ജീവിനെ കാണുന്നത്?” അജയ് ഒളികണ്ണോടെ അവളെ നോക്കി.

“എന്താ താങ്കൾക്കെന്‍റെ വാക്കിൽ വിശ്വാസമില്ലേ?” അഞ്ജലി ദൈന്യതയാർന്ന സ്വരത്തിൽ ചോദിച്ചു.

“അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ നേരായ മറുപടി നൽകൂ. നിന്‍റെ പഴയ വിഡ്ഢിത്തം കാരണം എത്ര ഗുരുതരമായ പ്രശ്നങ്ങളാണ് നമ്മുടെ ജീവിതത്തിലുണ്ടാകാൻ പോകുന്നത്… ഇതിനെക്കുറിച്ച് വല്ല വിചാരവുമുണ്ടോ നിനക്ക്?”

“അതുകൊണ്ടല്ലേ ഞാനെല്ലാം താങ്കളോടു തുറന്നു പറഞ്ഞത്.”

“വിവശത കൊണ്ടു പറഞ്ഞു പോയതല്ലേ,” അജയ് പരിഹസിച്ചു.

തന്‍റെ നിരപരാധിത്തം തെളിയിക്കുന്നതിനായി എന്തെങ്കിലും പറയുന്നതിനു പകരം നിശബ്ദയായിരിക്കുന്നതാണുത്തമം എന്ന് അഞ്ജലിക്കു തോന്നി. അജയുടെ രോഷം ജ്വലിപ്പിക്കുവാൻ അവൾക്കൊട്ടും ആഗ്രഹമില്ലായിരുന്നു.

“നീ രാവിലെ സഞ്ജീവിനോടു പൂർവ്വ പരിചയമുള്ളവളെപ്പോലെയല്ലല്ലോ പെരുമാറിയത്?” അജയ് അപ്രസന്നനായി ചോദിച്ചു.

“അയാളെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ ഞാൻ പരിഭ്രമിച്ചു പോയി. മാത്രമല്ല അയാളും എന്നോട് അപരിചിതനെപ്പോലെയാണ് പെരുമാറിയത്.” അഞ്ജലി തന്‍റെ നിരപരാധിത്വം വെളിപ്പെടുത്തി.

“നിന്‍റെ പരിഭ്രമം നിറഞ്ഞ പെരുമാറ്റം മനസ്സിലാക്കാം. എന്നാൽ സഞ്ജീവെന്തുകൊണ്ടാണ് അപരിചിതനെപ്പോലെ നിന്നോടു പെരുമാറിയത്? എന്തായിരിക്കും ഇതിനു കാരണം?”

“ഞാനെന്തു പറയാനാ?”

“അയാളുടെ നോട്ടത്തിൽ പ്രേമഭാവമുണ്ടായിരുന്നതായി നിനക്കു തോന്നിയോ?”

“ഇല്ല, അങ്ങനെയൊന്നും തോന്നിയില്ല.”

“സത്യമല്ലെ പറയുന്നത്? എന്നിൽ നിന്ന് നീയൊന്നും ഒളിപ്പിക്കുകയല്ലല്ലോ?”

ഇതു കേട്ടപ്പോൾ അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അജയിന്‍റെ ആ വാക്കുകൾ അവളുടെ മനസ്സിനെ വ്രണപ്പെടുത്തി.

“അനാവശ്യമായി കരഞ്ഞ് എന്‍റെ ടെൻഷൻ വർദ്ധിപ്പിക്കാതിരിക്കൂ,” അജയ് അവളെ ശകാരിച്ചു. “സഞ്ജീവിന്‍റെ ഉള്ളിലിരിപ്പ് എന്താണെന്ന് എനിക്ക് തീർച്ചയായും അറിയണം. അയാൾ നിന്നെ മറന്നിട്ടുണ്ടാകില്ലേ… നിന്‍റെ അടുക്കൽ വരുന്നതിനായാണ് ശില്പയെ വിവാഹം കഴിക്കാൻ പോകുന്നതെങ്കിൽ ഞാനിതൊരിക്കലും അനുവദിക്കില്ല.”

“വാസ്തവത്തിൽ ശില്പയോടു സ്നേഹമുണ്ടെങ്കിലോ. നമ്മൾ രണ്ടുപേരും മനസ്സിലോരോ തെറ്റിദ്ധാരണകൾ വച്ചു പുലർത്തി വിഷമിക്കുകയാണ്.” അഞ്ജലി അജയിനെ സമാധാനിപ്പിക്കുവാനായി ശ്രമിച്ചു.

“ശില്പയുമായി അയാളുടെ വിവാഹം ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല.” അജയ് പെട്ടെന്ന് രോഷാകുലനായി.

“എന്നാൽ… ശില്പയോടു താങ്കളെന്തു പറയും? എന്തുകാരണം പറഞ്ഞ് ഈ ബന്ധം സ്വീകാര്യമല്ലെന്നു പറയും?”

കുറച്ചുനേരം നിശബ്ദനായി നിന്നതിനു ശേഷം അജയ് തീക്ഷ്ണമായ നോട്ടത്തോടെ മറുപടി നൽകി. “അവളെ പ്രേമിച്ചവൻ ആദ്യം അവളുടെ ഏടത്തിയെ പ്രേമിച്ചിരുന്നു എന്നതാണ് പ്രശ്നം.”

“ശില്പയുടെ മുന്നിൽ നീ തരംതാണു കാണാൻ ഞാനാഗ്രഹിക്കുന്നില്ല. പ്രേമക്കുരുക്കിൽ പെട്ടു പോകുന്ന അവിവാഹിതരായ പെൺകുട്ടികൾ എങ്ങനെയാണാവോ മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നത്?”

അഞ്ജലി മുഖം കുനിച്ചിരുന്ന് ഏങ്ങിക്കരയുവാൻ തുടങ്ങി. അജയിന്‍റെ കൊള്ളിച്ചുകൊണ്ടുള്ള സംസാരം അവളെയേറെ ദുഃഖിതയാക്കി. അഞ്ജലിയെ അജയ് സമാധാനിപ്പിക്കുവാൻ ശ്രമിച്ചില്ല.

കുറച്ചു നേരത്തിനുശേഷം അജയ് തലയിണ കൈയിലെടുത്തു നിന്നു പറഞ്ഞു, “ഇനി കരച്ചിലും ബഹളവും നിറുത്തി ഉറങ്ങാൻ നോക്കൂ. ഞാനീ പ്രശ്നത്തിനെന്തെങ്കിലും പരിഹാരം കണ്ടെത്താം.” എന്നിട്ട് വിളക്കണച്ച് ജാലകത്തോട് ചേർത്തിട്ടിരിക്കുന്ന കസേരയിൽ ചിന്താമഗ്നനായിരുന്നു.

അജയ് അഞ്ജലിയെ അതിരാവിലെ വിളിച്ചുണർത്തി. എന്നിട്ടവളോടു പറഞ്ഞു, “ഈ സഞ്ജീവ് ഇപ്പോൾ നിന്നെ ഏതു രീതിയിലാണ് കാണുന്നത്? ശില്പയെ എത്രത്തോളം സ്നേഹിക്കുന്നുണ്ട്? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുവാനുള്ള ഒരു മാർഗ്ഗം ഇപ്പോളെന്‍റെ പക്കലുണ്ട്.”

“എന്താ?” അഞ്ജലി ടെൻഷൻ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നമുക്ക് സഞ്ജീവിനെ പരീക്ഷിക്കേണ്ടതായി വരും.”

“എന്തു പരീക്ഷ?”

“നീ ഇന്ന് സഞ്ജീവിനെ ഫോൺ ചെയ്ത് വീട്ടിലേക്ക് വിളിക്കണം.”

“എന്തുകാരണം പറഞ്ഞാണ് ഞാനയാളെ വിളിക്കുക?”

“നിനക്ക് ഒറ്റയ്ക്കയാളോട് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയണം. ഞാനപ്പുറത്തെ മുറിയിലൊളിച്ചിരുന്ന് നിങ്ങളുടെ രണ്ടുപേരുടെയും സംസാരം ശ്രദ്ധിക്കാം. നീ വീട്ടിലൊറ്റയ്ക്കാണെന്നു വിചാരിച്ച് അയാൾ തന്‍റെ മനസ്സിലുള്ള കാര്യങ്ങൾ തീർച്ചയായും നിന്നോടു തുറന്നു പറയും. ഞാൻ പറയുന്നതു പോലെ നീ പെരുമാറേണ്ടി വരും. നീ എന്തെങ്കിലും ഗുലുമാലൊപ്പിച്ചാൽ എന്‍റെ ദേഷ്യം നിനക്കറിയാമല്ലോ” അജയ് പറഞ്ഞു.

“ഞാനയാളുടെ മുന്നിലെന്താണ് ചെയ്യേണ്ടത്? എന്താണ് പറയേണ്ടത്?” അഞ്ജലി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

അജയ് കുറെനേരം അഞ്ജലിയെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടിരുന്നു. അജയ് പറഞ്ഞ ഓരോ വാക്കും അഞ്ജലി സസൂക്ഷ്മം ശ്രദ്ധിച്ചു. അജയ് സൂത്രത്തിൽ ശില്പയോടു സഞ്ജീവിനെ ഓഫീസിലേക്കു ഫോൺ ചെയ്‌തു. അഞ്ജലിക്ക് തനിച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞതിനാൽ സഞ്ജീവ് ഒരു മണിയ്ക്കു വരാൻ തയ്യാറായി.

സഞ്ജീവ് കൃത്യം ഒരു മണിയ്ക്ക് അഞ്ജലിയെ കാണാൻ വന്നു. അജയ് സ്വീകരണമുറിയോടു ചേർന്നുള്ള മുറിയിലിരുന്ന് അവരുടെ സംഭാഷണം ശ്രദ്ധിക്കുവാൻ തുടങ്ങി.

“എന്തൊക്കെയുണ്ട് അഞ്ജലി?” സഞ്ജീവ് പുഞ്ചിരിച്ചു കൊണ്ട് സംഭാഷണത്തിനു തുടക്കം കുറിച്ചു.

“ഞാനീ ജീവിതത്തിൽ സന്തുഷ്ടയല്ല. സഞ്ജീവ്” അഞ്ജലി ഉദാസീനയായി പറഞ്ഞു.

“പക്ഷേ ശില്പ പറഞ്ഞത് നിങ്ങളും അവളുടെ സഹോദരനും സന്തോഷത്തോടെയിരിക്കുന്നു എന്നാണല്ലോ,” സഞ്ജീവ് അസ്വസ്ഥനായി മറുപടി നൽകി.

“പക്ഷേ അത് സത്യമല്ല സഞ്ജീവ്.”

“അപ്പോൾ സത്യമെന്താണ്?”

“ഞാൻ നിങ്ങളെ ഇന്നുവരെ മറന്നിട്ടില്ല. എന്താ എന്നെ മറന്നോ?” അഞ്ജലി ഭാവാതുരയായി ചോദിച്ചു.

“ഇല്ല എന്നാൽ…”

“എനിക്ക് വിശ്വാസമുണ്ട് നിങ്ങളെന്നെ മറന്നിട്ടുണ്ടാകില്ല. ഇതും പറഞ്ഞ് അഞ്ജലി എഴുന്നേറ്റ് സഞ്ജീവിന്‍റെ അരികിൽ പോയിരുന്നു. ശില്പയെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് വീണ്ടും എന്‍റെയടുത്തു വരാമല്ലോ. ഇതോർത്ത് ഞാനതീവ സന്തുഷ്ടയാണ്. പക്ഷെ എനിക്ക് നിങ്ങളെ അളിയനെന്നു വിളിക്കുകയെന്തോ വിചിത്രമായി തോന്നുന്നു.” ഇതു പറഞ്ഞ് അഞ്ജലി വളരെ പതുക്കെ സഞ്ജീവിന്‍റെ കൈ തന്‍റെ കൈയിൽ എടുത്ത് തടവുവാൻ തുടങ്ങി.

സഞ്ജീവ് അൽപം അസ്വസ്ഥനായി കാണപ്പെട്ടു. എന്നിട്ട് പറഞ്ഞു “അപ്പോൾ നിങ്ങളെന്നെ അളിയനെന്നു വിളിക്കുന്നതിനു പകരം പേരു വിളിച്ചാൽ മതി. ഞാനും ശില്പയുമായുള്ള വിവാഹശേഷം നിങ്ങൾ പ്രായംകൊണ്ടല്ലെങ്കിലും ബന്ധം കൊണ്ട് എന്നെക്കാൾ ഉയർന്ന സഥാനത്തിലാവും.” സഞ്ജീവ് പതുക്കെ തന്‍റെ കൈകളിൽ വച്ചിരിക്കുന്ന അഞ്ജലിയുടെ കൈകളെടുത്തു മാറ്റി.

“ശില്പയുടെ മുന്നിൽ നമ്മൾ വളരെ കരുതലോടെ പെരുമാറണം സഞ്ജീവ്.”

“അതെന്തിനാ?”

“മണ്ടൻ, അവളുടെ മുന്നിൽ പ്രേമപൂർണ്ണമായ കാര്യങ്ങൾ എങ്ങനെ പറയും,” ഇതും പറഞ്ഞ് അഞ്ജലി ഈപ്രാവശ്യം വളരെ സ്നേഹത്തോടെ സഞ്ജീവിന്‍റെ കവിൾ മെല്ലെ തലോടി.

“ഇതെന്തു വിവരക്കേടാണ് നീ പറയുന്നത് അഞ്ജലി? ഞാൻ ശില്പയെ മനസ്സറിഞ്ഞ് പ്രേമിക്കുന്നു. അവളെ ചതിക്കുകയെന്നത് സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല.” സഞ്ജീവിന്‍റെ അസ്വസ്ഥത വർദ്ധിച്ചു.

“അഭിനയം മതിയാക്കൂ സഞ്ജീവ്” അഞ്ജലി ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു, “ഞാൻ ശില്പയോടു ചോദിച്ചു മനസ്സിലാക്കി. ഞാനവളുടെ ഏടത്തിയമ്മയാണെന്നറിഞ്ഞ ശേഷമല്ലെ നിങ്ങളവളെ പ്രേമിക്കാൻ തുടങ്ങിയത്. എന്താ ഞാൻ പറഞ്ഞത് തെറ്റാണോ?”

“അല്ല.”

“മാത്രമല്ല അവളെ നിങ്ങളാദ്യം കാണുന്നതിനു മുമ്പു വരെ നിങ്ങളെന്നെ മറന്നിട്ടുണ്ടായിരുന്നില്ലല്ലോ?”

“നിങ്ങളുടെ ഈ വീക്ഷണം ശരിയാണ് എന്നാൽ…”

കുറച്ചു നിമിഷങ്ങൾ നിശശബ്ദനായി നിന്നതിനുശേഷം സഞ്ജീവ് തന്‍റെ സ്വരത്തിൽ ഗാംഭീര്യം വരുത്തിക്കൊണ്ട് പറഞ്ഞു, “അഞ്ജലി എന്‍റെ വാക്കുകൾ അതീവ ശ്രദ്ധയോടെ കേൾക്കൂ, നിനക്കെന്തോ വലിയ തെറ്റിദ്ധാരണയുണ്ടായിരിക്കുകയാണ്.”

“നിങ്ങളുടെ മനോവികാരങ്ങൾ മനസ്സിലാക്കുന്നതിൽ എനിക്കൊരു തെറ്റും പറ്റിയിട്ടില്ല. നിങ്ങളെ ഞാനെന്‍റെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു എന്ന കാര്യം നിങ്ങൾ മറന്നുവോ,” അഞ്ജലി അല്പം ശാഠ്യത്തോടെ പറഞ്ഞു.

“നോക്കൂ, അന്ന് ആ വിവാഹ ചടങ്ങിൽ ഞാൻ ശില്പയെ ശ്രദ്ധിക്കാൻ കാരണം അവൾ നിങ്ങളുടെ നാത്തൂനാണെന്നതിനാലാണ്. ഞാനവളുമായി പരിചയം വച്ചു പുലർത്തിയത് നിന്നെക്കുറിച്ചറിയാൻ വേണ്ടിയായിരുന്നു എന്ന കാര്യവും ഞാൻ സമ്മതിക്കുന്നു. ആ നാളുകളിൽ ഞാൻ നിന്നെ വേർപിരിഞ്ഞ വിഷമത്തിലായിരുന്നു.”

“എനിക്കും നിങ്ങളെ പിരിഞ്ഞ് സന്തോഷത്തോടെ ജീവിക്കാനാവില്ല സഞ്ജീവ്.”

“അവളുടെ പെരുമാറ്റം എന്‍റെ മനസ്സിലെ മുറിവുകൾ ഉണക്കി. അവളുടെ പ്രേമം എന്‍റെയുള്ളിൽ ജീവിക്കുന്നതിനുള്ള ഉണർവ്വും ഉത്സാഹവും നിറച്ചു.” സഞ്ജീവ് മൃദുസ്വരത്തിൽ പറഞ്ഞു.

“നിങ്ങളുടെ മനസ്സിൽ എന്‍റെ സ്‌ഥാനത്ത് ഒരിക്കലും ശില്പയ്ക്ക് വരുവാൻ സാധിക്കുകയില്ല.” അഞ്ജലി കോപത്തോടെ പറഞ്ഞു.

“അവൾ നിന്‍റെ ഇടം നേടുന്നതിനു പകരം എന്‍റെ മനസ്സിൽ ഒരു പ്രത്യേക സ്‌ഥാനം നേടിയെടുത്തിരിക്കുകയാണ് അഞ്ജലി.”

“ഇതിനർത്ഥം നിങ്ങൾ ഇപ്പോൾ ഞങ്ങൾ രണ്ടുപേരെയും പ്രേമിക്കുന്നു എന്നല്ലേ” അഞ്ജലി പെട്ടെന്ന് ചിരിക്കുവാൻ തുടങ്ങി. “ശരി, എനിക്കിതും സ്വീകാര്യമാണ്. അവളിൽ നിന്നും നിങ്ങളെ തട്ടിയെടുക്കുവാൻ ഞാൻ ശ്രമിക്കില്ല. അവളും ഞാനും ഒരുമിച്ച് നിങ്ങളുടെ മനസ്സിൽ…”

“ഇത്തരം തരംതാണ കാര്യങ്ങൾ പറയാതിരിക്കൂ അഞ്ജലി” സഞ്ജീവ് തന്‍റെ സ്വരത്തിൽ ദൃഢത വരുത്തി പറഞ്ഞു. “നീ എന്നെ പ്രേമിയായി കാണുവാനാഗ്രഹിക്കുന്നതെങ്കിൽ എന്‍റെ ദൃഷ്ടിയിൽ നിന്‍റെ മാന്യതയും സ്‌ഥാനമാനവും കളഞ്ഞു കുളിക്കും. എന്‍റെ ഈ മുന്നറിയിപ്പ് എന്നെന്നും നീ ഓർക്കണം.” ഇത്രയും പറഞ്ഞ് സഞ്ജീവ് സോഫയിൽ നിന്നുമെഴുന്നേറ്റു.

അഞ്ജലി ശാന്തസ്വരത്തിൽ പറഞ്ഞു, “നിങ്ങളെന്താ പറയാനുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാനിനി ഒരിക്കലും നിങ്ങളോട് ഇക്കാര്യം സംസാരിക്കുകയില്ല. ശില്പയും നിങ്ങളും സുഖമായി ജീവിക്കൂ. ഇതുതന്നെയാണെന്‍റെ ആഗ്രഹം.”

“നന്ദി അഞ്ജലി, ഞാൻ പോവുകയാണ്.”

“ചായ കുടിച്ചു പോകാം.”

“അത് ഇനി എല്ലാവരുമുള്ളപ്പോഴാകട്ടെ. നീ സ്വയം വിശ്വസിക്കൂ. നിന്‍റെ ജീവിതവും സന്തോഷം കൊണ്ട് നിറയും.”

സഞ്ജീവിനെ യാത്രയാക്കിയ ശേഷം അഞ്ജലി സ്വീകരണമുറിയിൽ വന്നപ്പോൾ സഞ്ജീവിരുന്ന അതേ സ്‌ഥലത്ത് അജയിരിക്കുന്നതു കണ്ടു.

“സഞ്ജീവിന്‍റെ മനസ്സിലെന്താണെന്ന് മനസ്സിലായോ നിനക്ക്?” അഞ്ജലി തന്‍റെ അടുത്തിരിക്കാനുള്ള സൂചന നൽകിക്കൊണ്ട് അജയ് ചോദിച്ചു.

“എനിക്കു തോന്നുന്നത് അയാൾ ശില്പയെ ശരിക്കും സ്നേഹിക്കുന്നു എന്നാണ്. എന്നോട് പ്രേമബന്ധം നിലനിർത്തുന്നതിനോ പകരം ചോദിക്കുന്നതിനോ അയാൾക്ക് താൽപര്യമില്ല. താങ്കളുടെ അഭിപ്രായമെന്താണ്?”

“നീ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു… എന്നാലും സഞ്ജീവ് വളരെ സൂത്രശാലിയായ മനുഷ്യനാണ്.”

“താങ്കളെന്താണ് ഇങ്ങനെയൊക്കെ പറയുന്നത്?”

“ചിലപ്പോൾ അയാൾക്ക് നീ വീട്ടിൽ ഒറ്റയ്ക്കല്ലെന്ന് തോന്നിയിട്ടുണ്ടാകും. അല്ലെങ്കിൽ നിന്നെപ്പോലെ ഗംഭീര അഭിനയമായിരിക്കും.

“ഞാനിന്നു വൈകുന്നേരം ഒരു കാര്യം ചെയ്യും.” അജയുടെ സ്വരം ദൃഢമായി.

“അഞ്ജലി ആകാംക്ഷാഭരിതമായ ദൃഷ്ടിയോടെ അജയിനെ നോക്കി.

“വൈകുന്നേരം ഞാൻ ശില്പയോടും നീയും സഞ്ജീവുമായുള്ള പഴയ പ്രേമബന്ധത്തെക്കുറിച്ച് പറയും.”

“ഇപ്പോൾ ഇങ്ങനെ ചെയ്യേണ്ട കാര്യമെന്താണ്?” അഞ്ജലി അസ്വസ്ഥയായി ചോദിച്ചു.

“സഞ്ജീവ് നമ്മുടെ കുടുംബത്തിലെ അംഗമാകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അജയ് അൽപം അപ്രിയമായി പറഞ്ഞു, “ഒരുപക്ഷേ ശില്പ നിന്‍റെ ഭൂതകാല കമിതാവിനെ വിവാഹം കഴിക്കാനാഗ്രഹിക്കില്ല. ചിലപ്പോൾ അവൾക്കും എന്നെപ്പോലെ തന്നെ അവൻ നിന്‍റെ അടുക്കലേക്ക് വരുന്നത് ഇഷ്ടമില്ലെങ്കിലോ.”

രാത്രി ഭക്ഷണത്തിനു ശേഷം അജയ് ശില്പയെ തന്‍റെ അടുക്കലേക്കു വിളിച്ചു.

“ശില്പേ, ഞാൻ നിന്നോടു ഒരു പ്രധാന കാര്യം പറയുവാൻ പോവുകയാണ്.”

“ഏട്ടനെന്താണ് പറയാൻ പോകുന്നത്? അജയുടെ ഗൗരവം കണ്ട് അസ്വസ്ഥയിയി ശില്പ ചോദിച്ചു.

“ഇനിയെന്തെങ്കിലും പറയുന്നതിനു മുമ്പായി ഞാൻ നിന്നോട് ശപഥം ചെയ്യാനാവശ്യപ്പെടുന്നു.”

“എന്തു ശപഥം, ഏട്ടാ?”

“നോക്കൂ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടതിനു ശേഷം നീയെന്തെങ്കിലും പ്രധാന തീരുമാനമെടുക്കുകയാണെങ്കിൽ ഏറ്റവുമാദ്യം എന്നെ അറിയിക്കണം.”

“ഏട്ടാ, ഇത്രയും സസ്പെൻസ് കൂട്ടാതിരിക്കൂ. വേഗം ആ പ്രധാന കാര്യം പറയൂ.” ശില്പ വളരെ ഉത്സാഹത്തിലായിരുന്നു.

“നിന്‍റെ ഏടത്തി വിവാഹത്തിനു മുമ്പ് സഞ്ജീവിനെ പ്രേമിച്ചിരുന്നു.”

“അയ്യോ, ഇക്കാര്യം ഏട്ടനെങ്ങനെ മനസ്സിലായി?” ശില്പ അഞ്ജലിയെ ഒന്ന് നോക്കി അൽപമിടറിയ സ്വരത്തിൽ ചോദിച്ചു.

“എന്താ നിനക്കിത് നേരത്തെ അറിയാമായിരുന്നോ?” നെറ്റി ചുളിച്ചുകൊണ്ട് അജയ് ചോദിച്ചു.

“അതെ ഏട്ടാ.”

“സഞ്ജീവ് പറഞ്ഞതാണോ?”

“അതെ.”

“എപ്പോൾ?”

“വളരെ മുമ്പ്… മിത്രങ്ങളായിരുന്ന ഞങ്ങൾ പ്രേമിക്കാൻ തുടങ്ങിയപ്പോൾ.”

“നീയിന്നലെയെന്തുകൊണ്ടിത് എന്നോട് സൂചിപ്പിച്ചില്ല?”

ശില്പ അഞ്ജലിയുടെ അടുക്കൽ പോയിരുന്നു. അതിനുശേഷം ഏടത്തിയുടെ കൈകൾ തന്‍റെ കൈകൾക്കുള്ളിൽ വച്ച് ധൈര്യം പകരുന്ന രീതിയിൽ തട്ടി ആത്മീയമായി പുഞ്ചിരിച്ചു. അതിനുശേഷം അവളുടെ സഹോദരനെ നോക്കി പറഞ്ഞു. “തീർച്ചയായും ഏടത്തിയായിരിക്കും താനും സഞ്ജീവുമായുള്ള പ്രേമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവുക. എന്തുകൊണ്ടെന്നാൽ ഞാനും സഞ്ജീവും നിങ്ങളോടു രണ്ടുപേരോടും ഇതേക്കുറിച്ചൊരിക്കലും സൂചിപ്പിക്കരുതെന്നു വിചാരിച്ചതാണ്.”

“എന്തുകൊണ്ടാണ് നിങ്ങളിങ്ങനെയൊരു തീരുമാനത്തിലെത്തിയത്?”

“ഏട്ടാ വെറുതെ നിങ്ങൾ രണ്ടുപേർക്കുമിടയിൽ കശപിശയുണ്ടാക്കിയതു കൊണ്ടെന്തു കാര്യം? താങ്കളുടെ ദേഷ്യം ഞങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുമാണ്.” ശില്പ തന്‍റെ ഭാഗം ന്യായീകരിച്ചു.

“സഞ്ജീവിന്‍റെ ഉദ്ദേശ്യമെന്താണെന്ന് നിനക്ക് നല്ല വിശ്വാസമുണ്ടോ?” അജയ് കുത്തിനോവിക്കുന്ന തരത്തിൽ ചോദിച്ചു.

“ഏട്ടാ, എന്നെ സ്നേഹിക്കുന്ന കാര്യത്തിൽ സഞ്ജീവെന്തെങ്കിലും കുറവു വരുത്തിയാലല്ലേ ഞാൻ വിഷമിക്കേണ്ടത്. ഞാൻ സ്നേഹം പങ്കുവയ്ക്കുന്നതിൽ കുറവുവരുത്തുകയില്ലെങ്കിൽ പിന്നെ സഞ്ജീവിന്‍റെ ഉദ്ദേശ്യത്തിൽ മാറ്റം വരേണ്ട കാര്യമില്ലല്ലോ?”

അജയിന് പെട്ടെന്നൊനും പറയുവാൻ സാധിച്ചില്ല. ശില്പ പതുക്കെ പറഞ്ഞു, “ഏട്ടാ എനിക്കൊരു അഭ്യർത്ഥനയുണ്ട്.”

“എന്താ പറയൂ.”

“സഞ്ജീവിന്‍റെയും ഏടത്തിയുടെയും പൂർവ പ്രേമബന്ധത്തിന് ഇപ്പോളൊരസ്തിത്വവുമില്ല. ഈ വിഷയത്തെക്കുറിച്ചിനി സംസാരിക്കുകയാണെങ്കിൽ അത് സഞ്ജീവിനും ഏടത്തിയ്ക്കും ഇഷ്ടമാവുകയില്ല. ഇനിയീ വിഷയത്തെക്കുറിച്ചാരും ഒരക്ഷരം പോലും പറയാനിടവരരുത്.”

“ഞാനിനി ഇത് ചർച്ച ചെയ്യാനാഗ്രഹിക്കുന്നില്ല… ഒറ്റയ്ക്കുള്ളപ്പോൾ അഞ്ജലിയോടു പോലും” അജയ് ഓരോ വാക്കിനും ഊന്നൽ നൽകി കൊണ്ട് പറഞ്ഞു.

ശില്പ അവിടെ നിന്നും പോയതിനു ശേഷം അജയ് എഴുന്നേറ്റ് അഞ്ജലിയുടെ അടുക്കൽ വന്നിരുന്നു പറഞ്ഞു, “അഞ്ജലി എന്നോടു ക്ഷമിക്കൂ.”

മറുപടി ഒന്നും നൽകാതെ അഞ്ജലി തലകുനിച്ച് നിശബ്ദയായിരുന്നു.

“സഞ്ജീവിനെ പരീക്ഷിക്കാതെ നിന്‍റെ പ്രേമത്തിൽ വിശ്വസിക്കണമായിരുന്നു. നമ്മുടെ എല്ലാവരുടെയും പരീക്ഷയാണ് നടന്നത്. ദുഃഖകരമായ വസ്തുത ഞാനിതിൽ തോറ്റുപോയി എന്നതാണ്. നിങ്ങൾ മൂന്നുപേരും പാസ്സായി.” അജയ്യുടെ സ്വരം ഇടറി നിന്നു.

“ഇങ്ങനെ പറയാതിരിക്കൂ പ്ലീസ്, താങ്കളാണെന്‍റെ ജീവിതത്തിൽ അളവറ്റ സുഖം നിറച്ചത്.” അജയിന്‍റെ കരവലയത്തിലൊതുങ്ങിയ അഞ്ജലിക്ക് ജീവിതത്തിലൊരു പുതിയ വഴി തുറന്നതായി അനുഭവപ്പെട്ടു.

കണ്ണീർ കടലിലെ കടലാസു കപ്പൽ

നീണ്ട വർഷങ്ങളായുള്ള അമേരിക്കൻ വാസം കൊണ്ട് ഞങ്ങൾ ഏറെക്കുറെ അമേരിക്കൻ വാസികളായി മാറിയിരുന്നു. മൂന്ന് വർഷത്തിലൊരിക്കൽ അമ്മയെ കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ നാട്ടിൽ പോയിരുന്നത്. കുട്ടികൾക്ക് മാതൃഭാഷ ഏറെക്കുറെ അന്യമായിരുന്നു. അവർ സംസാരിച്ചിരുന്നതും അമേരിക്കൻ ആക്‌സന്‍റിൽ തന്നെയായിരുന്നു. വേഷഭൂഷാദികളിലും പൂർണ്ണമായും അവർ അമേരിക്കക്കാരായി മാറിയിരുന്നു.

ചിലപ്പോൾ നാടിനെപ്പറ്റിയുള്ള ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ ഓടിയെത്തുമ്പോൾ, ഇവിടെ സ്‌ഥിര താമസമാക്കാനാണോ പ്ലാനെന്ന്‌ ഭർത്താവിനോട് ആധിയോടെ ചോദിക്കുമ്പോൾ അതല്ലാതെ മറ്റ് വിഴയൊന്നുമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ ജോലിയും അങ്ങനെയുള്ളതായിരുന്നു.

പണ്ടത്തെ കാലം പോലെയായിരുന്നില്ല. നാട്ടിലെ പോലെ രാവിലെ 10 മണിക്ക് ജോലി തുടങ്ങി 5.30 ന് അവസാനിച്ച് വീട്ടിൽ സുഖമായി വിശ്രമിച്ച് ജീവിക്കാനാവില്ലല്ലോ. മാത്രവുമല്ല ഭർത്താവിന്‍റെ ഉദ്യോഗം കൊണ്ട് കുടുംബം പുലർത്താനും പണം സമ്പാദിക്കുവാനും കഴിയില്ല. എനിക്കും ഒരു ജോലി ആവശ്യമായിരുന്നു.

എന്‍റെ ഭർത്താവ് അരവിന്ദന്‍റെ അച്‌ഛനേയും അമ്മയേയും പപ്പ, മമ്മി എന്നാണ് ഞാനും വിളിച്ചിരുന്നത്. അവർ നാട്ടിലായിരുന്നു. അരവിന്ദന്‍റെ പെങ്ങൾ ആശ മുംബൈയിലായിരുന്നു താമസം. ആശയുടെ ഭർത്താവ് അവിടെ മർച്ചന്‍റ് നേവിയിലാണ്. അവർക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്.

അരവിന്ദന്‍റെ മമ്മിയും പപ്പയും നാട്ടിൽ തീർത്തും തനിച്ചായിരുന്നു താമസം. അവരുടെ പരിചരണവും സംരക്ഷണവുമൊക്കെ ആശചേച്ചിയാണ് നടത്തിയിരുന്നത്. പക്ഷേ അതൊക്കെ മമ്മിക്കും പപ്പക്കും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. മുംബൈയിൽ നിന്നും ഇടയ്‌ക്ക് മകൾ നാട്ടിലെത്തി അവർക്കൊപ്പം ഏതാനും ദിവസം ചെലവഴിച്ചും അവരെ ആശുപത്രിയിൽ കൂട്ടി കൊണ്ടു പോയി വൈദ്യപരിശോധന നടത്തിക്കുകയുമൊക്കെ ചെയ്യുന്നത് മകൾക്കും കുടുംബത്തിനും ബുദ്ധിമുട്ട് ആകുമെന്നോർത്തായിരുന്നു അവരുടെ വിഷമം.

പക്ഷേ അവരെ ഇനി തനിച്ചാക്കുകയെന്നത് പ്രയാസകരമായിരുന്നു. പ്രായവും ഏറെയായി. അതുകൊണ്ട് ഞങ്ങൾ എപ്പോഴും പപ്പയോടും മമ്മിയോടും അമേരിക്കയിൽ ഞങ്ങൾക്കൊപ്പം വന്ന് താമസിക്കാൻ ആവശ്യപ്പെടുമായിരുന്നുവെങ്കിലും അവർക്കത് ഉൾക്കൊള്ളാനാവുമായിരുന്നില്ല.

സ്വന്തം നാടും വീടും വിട്ട് അന്യരാജ്യത്ത് കഴിയുകയെന്നത് അവർക്ക് ആലോചിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. ഞങ്ങൾ പറയുമ്പോഴൊക്കെ മമ്മിയും പപ്പയും ആ ആവശ്യം ശക്‌തിയുക്തം എതിർക്കുമായിരുന്നു.

നിങ്ങൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഞങ്ങൾ പിന്നെ ആരോട് സംസാരിക്കാനാ എന്നായിരുന്നു അവരുടെ ആധി. പക്ഷേ ആശചേച്ചി ഇടപെട്ട് പപ്പയേയും മമ്മിയേയും പറഞ്ഞ് മനസ്സിലാക്കിയതോടെ അവർ അമേരിക്കയിൽ വരാൻ തയ്യാറായി.

പപ്പയും മമ്മിയും വരാൻ തയ്യാറാണെന്ന് അറിഞ്ഞ അരവിന്ദൻ നാട്ടിലേക്ക് മടങ്ങി പപ്പയും മമ്മിയും താമസിച്ചിരുന്ന ഫ്ളാറ്റ് വിൽക്കാനുള്ള ഏർപ്പാടുകൾ നടത്തി. മമ്മിയുടേയും പപ്പയുടേയും ജീവനായിരുന്നു ആ ഫ്ളാറ്റ്. അവർ ആത്മാവിനോട് ചേർത്തു നിർത്തിയ ഒന്ന്. ആ ഫ്ളാറ്റിലെ ഓരോ വസ്‌തുവും മമ്മി സ്വന്തം കുഞ്ഞുങ്ങളെയെന്ന പോലെയാണ് പരിപാലിച്ചിരുന്നത്. പപ്പ സർവീസിൽ ഇരിക്കെ സമ്പാദിച്ച തുക കൊണ്ടും പിഎഫും ചേർത്ത് വാങ്ങിയ ഫ്ളാറ്റായിരുന്നുവത്.

എന്നാലും ഫ്ളാറ്റ് വിൽക്കുന്ന കാര്യത്തിൽ മമ്മിയ്ക്ക് ഇത്തിരി സങ്കടമായിരുന്നു. ഇത്രയും നാളും ഹൃദയത്തോട് ചേർത്തു വച്ച വീടാണ് വിൽക്കാൻ പോകുന്നത്. എങ്കിലും മമ്മി മറ്റൊരു തരത്തിൽ സന്തോഷവതിയായിരുന്നു. മകനും കൊച്ചുമക്കൾക്കുമൊപ്പം ഇനിയുള്ള കാലം ഒരുമിച്ച് കഴിയാമല്ലോ. വയസ്സു കാലത്ത് അതിലും വലുതായി മറ്റെന്താണ് വേണ്ടത്.

മമ്മിയും പപ്പയും ആശചേച്ചിയോട് യാത്ര പറഞ്ഞ് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ആശചേച്ചിക്കും ആ വേർപാട് സഹിക്കാൻ ആവുമായിരുന്നില്ല. ഇനി പപ്പയേയും മമ്മിയേയും കാണണമെങ്കിൽ അമേരിക്കയിൽ പോകേണ്ടി വരുമല്ലോ. മാത്രവുമല്ല മമ്മിയും പപ്പയും അമേരിക്കയിലേക്ക് പോകുന്നതോടെ നാടുമായി ഉള്ള സകലബന്ധങ്ങളും അവസാനിക്കുകയും ചെയ്യും. ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ സങ്കടങ്ങളൊക്കെ മമ്മിയുമായാണ് പങ്കുവച്ചിരുന്നത് ഇനിയത്….

അമേരിക്കയിലെത്തിയ മമ്മിയും പപ്പയും കൊച്ചുമക്കളായ അക്ഷയേയും ആഷികയേയും കണ്ടതോടെ സകല സങ്കടവും മറന്നു. പപ്പ അവരോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ മമ്മിക്ക് അക്കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.

അമേരിക്കൻ ആക്സന്‍റിലുള്ള പല വാക്കുകളും മമ്മിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലും കുട്ടികൾക്ക് അച്ചമ്മയെ വലിയ ഇഷ്‌ടമായിരുന്നു. ഇവിടുത്തെ ജീവിത രീതിയുമായി പൊരുത്തപ്പെടാൻ മമ്മിയ്ക്ക് തുടക്കത്തിൽ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ മമ്മിക്കുവേണ്ടി ഓൺലൈനിൽ മലയാളം പ്രസിദ്ധീകരണങ്ങൾ ഓർഡർ കൊടുത്തു.

പിന്നീട് ഒരു ദിവസം ഞാൻ മമ്മിയോട് പറഞ്ഞു, “മമ്മി ഇവിടെയുള്ള ചില ഇന്ത്യൻ സ്ത്രീകൾ എല്ലാ ദിവസവും ഒത്തു ചേരാറുണ്ട്. മമ്മിയുടെ പ്രായത്തിലുള്ളവരാണ് ഏറെപ്പേരും. മമ്മി എല്ലാ ദിവസവും വൈകുന്നേരവും അവരുടെ അടുത്ത് പോകണം. അവരെ പരിചയപ്പെടുകയും ചെയ്യാം. ബോറടി മാറി കിട്ടുകയും ചെയ്യും.”

ഒരു ദിവസം ഞാൻ മമ്മിയെ കൂട്ടിക്കൊണ്ടു പോയി അവരെ ഓരോരുത്തരെ പരിചയപ്പെടുത്തി. “മമ്മി ഇത് വിനീത ആന്‍റി, ഇത് കമല, രൂപാ….” മമ്മിയെ കണ്ട് അവർ എല്ലാവരും സന്തോഷിച്ചു.

രൂപ ആന്‍റി എഴുന്നേറ്റ് വന്ന് മമ്മിയെ ചേർത്ത് പിടിച്ചു. “വെൽക്കം സിസ്‌റ്റർ. പരിചയപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. നമ്മുടെ കുടുംബത്തിലേക്ക് ഒരംഗവും കൂടിയായി. ഇനി നമ്മൾ ഈ സിസ്റ്ററെയും കൂടി വിളിക്കണം.”

അതോടെ എന്നും വൈകുന്നേരം 5 മണിയാകുമ്പോൾ മമ്മി കൂട്ടുകാരെ കാണാനായി പാർക്കിൽ പോകുന്നതു പതിവായി. അവിടെയിരുന്ന് അവർ പരസ്പരം തമാശ പറഞ്ഞും പൊട്ടിചിരിച്ചും സന്തോഷപൂർവ്വം സമയം ചെലവഴിക്കും. പതിയെ പതിയെ ഒരു മാസം കൊണ്ട് മമ്മിയുടെ മനസ്സ് അമേരിക്കൻ ജീവിതരീതികളുമായി പൊരുത്തപ്പെട്ടു.

പപ്പ എന്നും അതിരാവിലെ ഉണർന്ന് കൂട്ടുകാർക്കൊപ്പം പ്രഭാതസവാരി നടത്തും. ചില ദിവസങ്ങളിൽ വൈകുന്നേരവും നടക്കാൻ പോകും. ചിലപ്പോൾ ഒഴിവ് വേളകളിൽ രണ്ടുപേരും എന്തെങ്കിലും പുസ്തകങ്ങൾ വായിച്ചിരിക്കും. മമ്മി രാവിലേയും വൈകുന്നേരവും എനിക്കൊപ്പം അടുക്കള ജോലികളിൽ പങ്കുചേരും. ആ സമയത്തൊക്കെ മമ്മിയ്ക്ക് കൂട്ടുകാർ പങ്കുവച്ച എന്തെങ്കിലും കഥകളൊക്കെ ഉണ്ടാകും പറയാൻ. ചിലപ്പോൾ വലിയ തമാശകളാവും. അത്തരം തമാശകൾ പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഉച്ചത്തിൽ ചിരിക്കും.

ഒരിക്കൽ പാർക്കിൽ പോയി വന്ന മമ്മി പച്ചക്കറികൾ നുറുക്കവെ രൂപാന്‍റി പറഞ്ഞ കാര്യം അദ്ഭുതത്തോടെ എന്നോട് പറഞ്ഞു.

“മോളെ ഇന്ന് രൂപ ഒരു കാര്യം പറഞ്ഞു. ഇവിടെ എവിടെയോ ഇന്ത്യക്കാരായ ഒരു ഭാര്യയും ഭർത്താവും ഉണ്ടത്രേ. രണ്ടുപേരും ഉദ്യോഗസ്‌ഥർ. അവർക്ക് കുട്ടികളില്ല. ഭർത്താവിനാണ് പ്രോബ്ലം. അയാളുടെ ഭാര്യ ഓഫീസിലെ മറ്റൊരാളുമായി അടുപ്പത്തിലാണെന്ന്. ”

“മമ്മി ഇവിടെ ഇതെല്ലാം പതിവാ. എനിക്ക് അവരെ അറിയാം. അവർ രണ്ടുപേരും നല്ലവരാ.”

“അയ്യേ, അവർ നല്ലവരാണെന്നോ… ഭർത്താവിരിക്കെ ഭാര്യ പരപുരുഷനെ തേടി പോകുന്നത് നല്ല കാര്യമാണോ?” മമ്മി നീരസത്തോടെ പറഞ്ഞു.

ഞാനപ്പോൾ മമ്മിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. മമ്മിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. മമ്മിയുടെ ദേഷ്യം ന്യായമായിരുന്നു. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള ബന്ധങ്ങളെ അംഗീകരിച്ചു കാണാറില്ലല്ലോ? ങ്ഹാ നടന്നാൽ തന്നെ അത് വളരെ രഹസ്യമായിട്ടാവും. അഥവാ അത്തരം കേസുകൾ നാലുപേർ അറിഞ്ഞാൽ പിന്നെ പെണ്ണിനും ആണിനും മാനക്കേട് ആയിരിക്കും.

ഇന്ത്യയിൽ പണ്ടുകാലങ്ങളിൽ ദേവദാസി സമ്പദ്രായങ്ങളുണ്ടായിരുന്നു. ഉന്നത ജാതിയിൽപ്പെട്ട പുരുഷന്മാരാണ് ഇത്തരം സ്ത്രീകൾക്ക് പിന്നാലെ അക്കാലത്ത് പോയിരുന്നത്. പക്ഷേ അന്ന് അതൊക്കെ അവർക്ക് അനുവദനീയമായിരുന്നു. അവകാശമായിരുന്നു. പക്ഷേ എപ്പോഴും ഇരയാക്കപ്പെട്ടവർ താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകളായിരുന്നു.

ഇവിടെയാണെങ്കിൽ സമൂഹം ഇത്തരം ബന്ധങ്ങളെ തുറന്ന മാനസികാവസ്‌ഥയോടെയാണ് അംഗീകരിക്കുന്നത്. പക്ഷേ അക്കാര്യം മമ്മിയെ എങ്ങനെയാണ് ധരിപ്പിക്കുക. ഇക്കാര്യത്തെ ചൊല്ലി മമ്മിയുമായി തർക്കിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ മമ്മിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതു കൊണ്ട് മമ്മി അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറി എടുത്തു കൊണ്ട് ഞാൻ വിഷയം മാറ്റി.

“ഇങ്ങ് താ മമ്മി, ഞാൻ ചെയ്യാം. മമ്മി റെസ്റ്റ് എടുക്ക്.”

മമ്മി പുഞ്ചിരിയോടെ എഴുന്നേറ്റ് കുട്ടികളുടെ അടുത്തു പോയി. എന്‍റെ മകൾ ആഷികയ്ക്ക് അച്ചമ്മയെ ജീവനായിരുന്നു. ഇപ്പോൾ അവരുമായി ഏറെക്കുറെ നന്നായി ആശയവിനിമയം നടത്താൻ മമ്മിക്ക് കഴിയുന്നുണ്ട്.

കുട്ടികളും മമ്മിയുമായി സംസാരിച്ച് ചില മലയാളപദങ്ങളൊക്കെ പഠിച്ചെടുത്തിരിക്കുന്നു. അവർ വന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ അനുഗ്രഹമായി. വീട്ടുകാര്യങ്ങൾ മമ്മി നോക്കി നടത്തുന്നതിനാൽ എന്‍റെ പാതി ടെൻഷൻ ഒഴിഞ്ഞ് കിട്ടി.

കുറഞ്ഞ പക്ഷം കുട്ടികൾ വീട്ടിൽ സുരക്ഷിതരാണ്. അവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവരായി വീട്ടിൽ ആളുണ്ടല്ലോയെന്ന ചിന്ത എന്‍റെ മനസ്സിന് വല്ലാത്ത ആശ്വാസം പകർന്നു.

ജോലിക്കഴിഞ്ഞ് തളർന്ന് ഞങ്ങൾ വീട്ടിലെത്തുന്നതും കാത്ത് മമ്മി ചൂട് ചായയും പലഹാരവും തയ്യാറാക്കി നോക്കിയിരിക്കും. ആ കാഴ്ച കാണുമ്പോൾ തന്നെ ക്ഷീണമൊക്കെ മറന്ന് മനസ്സ് സന്തോഷവും സംതൃപ്തിയും കൊണ്ട് നിറയും.

മമ്മി ഇപ്പോൾ ഇവിടവുമായി പൂർണ്ണമായും ഇഴുകിചേർന്നു കഴിഞ്ഞിരുന്നു. മാസത്തിലൊരു തവണ കൂട്ടുകാരികൾക്കൊപ്പം റെസ്റ്റോറന്‍റിൽ പോയി ഭക്ഷണം കഴിക്കും. ചില ദിവസങ്ങളിൽ അവർ ഏതെങ്കിലും കൂട്ടുകാരികളുടെ വീട്ടിൽ ഒത്തു കൂടും. എല്ലാവരും വീട്ടിൽ നിന്നും സ്വയം എന്തെങ്കിലും പാകം ചെയ്ത് കൊണ്ടു വന്ന് പങ്കുവച്ച് കഴിക്കും. അതുകൊണ്ട് ഏറ്റവും നന്നായി ഭക്ഷണം പാകം ചെയ്യുകയെന്ന മത്സരബുദ്ധിയും അവർക്കിടയിൽ ഉണ്ടായിരുന്നു.

മമ്മിയുടെ വേഷത്തിൽ വരെ ഉണ്ടായി മാറ്റം. സാരി മാത്രം അണിഞ്ഞിരുന്ന കക്ഷി എന്‍റെ നിർബന്ധത്തിന് വഴങ്ങി സൽവാറും കമ്മീസും അണിയാൻ തുടങ്ങി. അതിനിണങ്ങുന്ന ചെരുപ്പും പഴ്സും കൂടിയണിയുമ്പോൾ മമ്മിയുടെ സന്തോഷം കാണേണ്ടത് തന്നെയാണ്. ആ സന്തോഷത്തിലൂടെ ഞാനൊരു കാര്യം തിരിച്ചറിഞ്ഞിരുന്നു. മമ്മിയ്ക്ക് ഇപ്പോൾ അമേരിക്ക ഒരു അന്യരാജ്യമല്ല. സ്വന്തം നാടുപോലെയാണ്.

അങ്ങനെ മമ്മിയും പപ്പയും വന്നിട്ട് 3 വർഷം കഴിഞ്ഞതുപോലും അറിഞ്ഞില്ല. മമ്മി ആശചേച്ചിയെ കാണാനായി മുംബൈയിൽ പോകാൻ ആഗ്രഹിച്ചിരുന്നു. കുട്ടികൾക്ക് വെക്കേഷൻ കാലമായതു കൊണ്ട് ഞാൻ മമ്മിക്കും കുട്ടികൾക്കുമായും മുംബൈയിലേക്ക് എയർ ടിക്കറ്റ് എടുത്തു. പപ്പയ്ക്ക് ഇവിടെ എന്തോ കൂട്ടുകാരുടെ പരിപാടിയുള്ളതിനാൽ പപ്പ പോയില്ല.

മമ്മി വരുന്നതറിഞ്ഞ് ആശചേച്ചി വളരെ സന്തോഷത്തിലായി. മമ്മിയെ കണ്ടിട്ട് 3 വർഷമായില്ലേ. മമ്മിയും കുട്ടികളും അവിടെ എത്തിയതോടെ ആശചേച്ചി അവരെ കൂട്ടി ദിവസവും എവിടെയെങ്കിലും കറങ്ങാൻ പോകും. പലതരം പലഹാരങ്ങൾ ഉണ്ടാക്കി അവരെ തീറ്റിക്കുന്നതായിരുന്നു ആശചേച്ചിയുടെ ഏറ്റവും വലിയ സന്തോഷം.

ചേച്ചിയുടേയും എന്‍റെയും മക്കൾ ഒരേ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. ആശചേച്ചിയുടെ ഭർത്താവ് നിശാന്ത് മർച്ചന്‍റ് നേവിയിലായതു കൊണ്ട് 6 മാസം കൂടുമ്പോഴെ വീട്ടിലെത്തിയിരുന്നുള്ളൂ. അതുകൊണ്ട് വീട്ടിലെ കാര്യവും കുട്ടികളെ വളർത്തലും അവരുടെ പഠനകാര്യങ്ങളുമൊക്കെ ആശചേച്ചി തനിച്ചാണ് നോക്കി നടത്തിയിരുന്നത്. ഇക്കാര്യത്തിൽ ആശചേച്ചിയെപ്പറ്റി നിശാന്തിന് വലിയ മതിപ്പായിരുന്നു താനും.

ഒരു ദിവസം എന്തോ ഉറക്കം വരാത്തതുകൊണ്ട് മമ്മി ലിവിംഗ് റൂമിൽ സോഫയിൽ വന്നിരുന്നു. ആ സമയം ഏതോ ഒരു ചെറുപ്പക്കാരൻ ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി പോകുന്നത് മമ്മി കണ്ടു. നൈറ്റ് ഗൗണിലായിരുന്ന ചേച്ചി അയാളെ യാത്രയാക്കാൻ വാതിൽക്കൽ വരെ വന്നു. അയാൾ കൈവീശി യാത്ര പറഞ്ഞിറങ്ങി. “ഞാൻ നാളെ വരാം.” അയാൾ തിരിഞ്ഞ് നിന്ന് ഓർമ്മിപ്പിച്ചു. ചേച്ചി സന്തോഷത്തോടെ തലയാട്ടി.

“ഓകെ, ബൈ” സോഫയിൽ കിടന്നു കൊണ്ട് മമ്മി ഇതെല്ലാം കാണുകയായിരുന്ന കാര്യം ചേച്ചി അറിഞ്ഞതുമില്ല. അയാൾ പോയശേഷം ചേച്ചി ലിവിംഗ് റൂമിലെ ലൈറ്റ് ഓൺ ചെയ്‌തു. മമ്മി എഴുന്നേറ്റിരുന്നു.

“ആരാണത്? നിശാന്ത് ഇവിടെയില്ലാത്തപ്പോൾ അയാൾ വന്നത് ശരിയല്ലല്ലോ? മാത്രവുമല്ല നിനക്ക് പ്രായമായ രണ്ട് പെൺമക്കളുമില്ലേ?” “മമ്മി അത് സാരമില്ലാ, മമ്മീക്കൊന്നും മനസ്സിലാവില്ല.” ചേച്ചി പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.

ചേച്ചിയുടെ നിസാരഭാവം മമ്മിയെ വല്ലാതെ ചൊടിപ്പിച്ചു. “ഇല്ല എനിക്ക് മനസ്സിലാവില്ല? ബുദ്ധിയില്ലാത്തവളല്ലേ ഞാൻ. നീയെന്താ ഇങ്ങനെ.” ഇത്രയും പറഞ്ഞശേഷം മുറിയിലെത്തിയ മമ്മി അരവിന്ദനെ വിളിച്ച് സകല കാര്യവും പറഞ്ഞു.

മമ്മി പറയുന്നതു കേട്ട് ഒരു നിമിഷം അരവിന്ദൻ പകച്ചു പോയി. കുറച്ച് കഴിഞ്ഞ് അരവിന്ദൻ മമ്മിയെ ആശ്വസിപ്പിച്ചു. “മമ്മി, മമ്മി ആശയോട് ഒന്നും പറയണ്ടാ. ഞാൻ അവളോട് സാവകാശം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം.”

പിറ്റേന്ന് രാവിലത്തെ ഫ്ളൈറ്റിൽ തന്നെ ഞാനും അരവിന്ദനും മുംബൈയിലെത്തി. ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ ആശചേച്ചിയാകെ ഭയന്നു പോയി. പിറ്റേ ദിവസം വീട്ടിൽ കുട്ടികളും മമ്മിയും ഇല്ലാത്ത സമയം നോക്കി അരവിന്ദൻ ആശചേച്ചിയോടായി ഇതേപ്പറ്റി സംസാരിച്ചു. ഇനി ഒന്നും മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ആശചേച്ചി ഞെട്ടിപ്പിക്കുന്ന ആ സത്യം തുറന്നു പറഞ്ഞു. ഞാനും അരവിന്ദനും നിശ്ശബ്ദം അത് കേട്ടുകൊണ്ടിരുന്നു.

“ചേട്ടാ, ചേട്ടനറിയാമല്ലോ ഞാനും നിശാന്തും പരസ്‌പരം സമ്മതത്തോടെയാണ് വിവാഹിതരായത്. നിശാന്ത് മർച്ചന്‍റ് നേവിയിലായതു കൊണ്ട് 6 മാസം കൂടുമ്പോഴല്ലേ വീട്ടിൽ വരിക. പക്ഷേ ഈ 6 മാസക്കാലം നിശാന്തിന് മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ട്.

വീട്ടിൽ വന്നാൽ എന്നെ വെറുപ്പോടെയാ കാണുന്നത്. ബെഡ്റൂമിൽ പോലും ഞങ്ങൾ അപരിചിതരാണ്. വീട്ടിലെ കാര്യങ്ങൾക്ക് പണം തരുന്നുണ്ട്. ശരിയാണ്. അതൊക്കെ മക്കളെ ഓർത്തിട്ട് മാത്രമാണ്. ഞാൻ നിശാന്തിനോട് എന്തെങ്കിലും പറഞ്ഞാൽ തന്നെ നിശാന്ത് ഉടനടി പറയും നീ തീർത്തും ഫ്രീയാണ്. വേണമെങ്കിൽ ഡിവോഴ്സ് ചെയ്യാം. നീയും ആരെയെങ്കിലും പ്രേമിച്ചോ. പക്ഷേ ഇക്കാര്യമൊന്നും പുറത്തറിയരുത് എന്ന്. കാരണം സമൂഹത്തിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരാണല്ലോ.

ഇനി ചേട്ടൻ പറ ഞാൻ പ്രായ പൂർത്തിയായ ഈ പിള്ളേരേയും കൊണ്ട് എവിടെ പോകാനാ. ഡിവോഴ്സ് ചെയ്യാനും പറ്റില്ലല്ലോ. എനിക്ക് സ്നേഹം വേണം എന്താ പുരുഷൻ മാത്രം ശരീരത്തിന്‍റെ ദാഹം അറിഞ്ഞാൽ മതിയോ, സ്ത്രീകൾക്കെന്താ അതറിയാൻ പാടില്ലേ?” ആശചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആശചേച്ചി വീണ്ടും സംസാരിച്ചു തുടങ്ങി.

“ഇവിടെ അടുത്ത് ഒരു സ്ത്രീയുമായി നിശാന്തിന് ബന്ധമുണ്ട്. ഇക്കാര്യം ആ സ്ത്രീയുടെ ഭർത്താവിനും അറിയാം. ആ സ്ത്രീയുടെ ഭർത്താവാണ് കഴിഞ്ഞ രാത്രി ഇവിടെ വന്നത്. അയാളും ഞാനും തമ്മിലുള്ള അടുപ്പം നിശാന്തിനും അറിയാം. നിശാന്തിനും അയാളുടെ ഭാര്യക്കും ഇക്കാര്യത്തിൽ ഒരു എതിർപ്പുമില്ല. ഇക്കാര്യം വീടിന് പുറത്തറിയരുതെന്ന് മാത്രമേ നിശാന്ത് എന്നോട് പറഞ്ഞിട്ടുള്ളൂ.” ആശചേച്ചി പറഞ്ഞത് കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടിത്തരിച്ചിരുന്നു പോയി. ചേച്ചിയോട് എന്ത് പറയണമെന്നറിയാത്ത അവസ്‌ഥയിലായിരുന്നു ഞങ്ങൾ. ഒടുവിൽ സമചിത്തത വീണ്ടെടുത്ത് ഞാൻ ചേച്ചിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ചേച്ചി, വിഷമിക്കാതെ ഞങ്ങൾക്ക് ആലോചിക്കാൻ കുറച്ച് സമയം തരണം.”

അതിനു ശേഷം ഞങ്ങൾ രണ്ടുപേരും ആശചേച്ചിയുടെ മുറിയിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഞങ്ങൾ തനിച്ചായ നേരത്ത് അരവിന്ദൻ എന്നോടായി പറഞ്ഞു. “നീ പറഞ്ഞത് ശരിയാ. പക്ഷേ മമ്മിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കും? മമ്മി ഒരിക്കലും ആശയോട് ക്ഷമിക്കില്ല.”

ഞാൻ മനസ്സിൽ ചേച്ചി പറഞ്ഞതോർത്തു. സത്യത്തിൽ ഇക്കാര്യത്തിൽ ചേച്ചി തെറ്റുകാരിയേ അല്ല. പക്ഷേ നമ്മുടെ സമൂഹം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കില്ലല്ലോ. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ രഹസ്യമായി നടക്കുകയും ചെയ്യും.

ചേച്ചിക്കും നിശാന്തിനും മാത്രമല്ല അവരുടെ അയൽക്കാരായ ദമ്പതികൾക്കും ഇതേ പ്രശ്നമാണ്. അതു കൊണ്ടാണല്ലോ അവരുടെ ഭർത്താവ് ചേച്ചിയുടെ അടുത്ത് വരുന്നത്. ഭാര്യയ്ക്ക് അതിൽ യാതൊരു എതിർപ്പുമില്ല. ഇതുപോലെ എത്രയെത്ര ബന്ധങ്ങൾ ഈ സമൂഹത്തിലുണ്ടാകും.”

ചേച്ചിയുടെ മാനസികാവസ്‌ഥ ഉൾക്കൊള്ളാനും മനസ്സിലാക്കാനും അരവിന്ദന് കഴിഞ്ഞെങ്കിലും അമ്മയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് ഓർത്തായിരുന്നു അരവിന്ദന്‍റെ ആധി അത്രയും.

എങ്ങനെയൊക്കെയോ അമ്മയെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷം ഞങ്ങൾ അമ്മയേയും കുട്ടികളേയും കൂട്ടി അമേരിക്കയിലേക്ക് മടങ്ങി. പിന്നീട് നിശാന്ത് ഷിപ്പിൽ നിന്നും അവധിയ്ക്ക് വരുന്നതനുസരിച്ച് മമ്മിയേയും കൂട്ടി ഞങ്ങൾ വീണ്ടും മുംബൈയിൽ എത്തി.

നിശാന്തുമായി ഇതേപ്പറ്റി അരവിന്ദൻ സംസാരിച്ചപ്പോൾ നിശാന്ത് തെല്ലും കൂസലില്ലാതെ  ആ ബന്ധത്തെ അനുകൂലിച്ച് സംസാരിച്ചു. “അരവിന്ദാ, നിങ്ങൾ ഇത്രയും നാളും അമേരിക്കയിലായിരുന്നില്ലേ? എന്നിട്ടും നിങ്ങൾ ഇത്തരം കാര്യങ്ങളെ തെറ്റായാണോ കാണുന്നത്? എന്‍റെ ബന്ധങ്ങളെക്കുറിച്ച് ആശയ്ക്ക് അറിയാം. മാത്രവുമല്ല ആശയ്ക്കും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ ഞാൻ പൂർണ്ണമായ സ്വാതന്ത്യ്രം കൊടുത്തിട്ടുണ്ട്. അവൾക്കും ആരുമായിട്ടും ബന്ധമുണ്ടാക്കാം. അതുകൊണ്ട് നമ്മുടെ കുടുംബത്തിന് യാതൊരു ദോഷമുണ്ടാകാൻ പാടില്ല. അത്രയേയുളളൂ. അരവിന്ദൻ എഡ്യുക്കേറ്റഡ് അല്ലേ. നിങ്ങൾ ഇതൊന്നും അത്ര കാര്യമായി എടുക്കാൻ പാടില്ല.”

നിശ്ശബ്ദനായി എല്ലാം കേട്ടു കൊണ്ടിരുന്ന അരവിന്ദൻ ഒടുവിൽ പറഞ്ഞു. “നിശാന്ത് നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷേ മമ്മിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും?” ഞാൻ മമ്മിയോട് പറയാം. പക്ഷേ ഇപ്പോൾ രാത്രി ഏറെ വൈകിയിരിക്കുന്നു.

പിറ്റേന്ന് പ്രാതൽ കഴിച്ച ശേഷം നിശാന്ത് മമ്മിയുടെ മുറിയിൽ ചെന്ന് അടുത്തിരുന്നു. “മമ്മി എനിക്കറിയാം മമ്മിക്ക് എന്നോടും ആശയോടും കടുത്ത ദേഷ്യമുണ്ടെന്ന്. അത് ന്യായവുമാണ്. മമ്മിക്ക് അറിയാമല്ലോ വീട്ടുകാർ പരസ്‌പരം തീരുമാനിച്ചുറപ്പിച്ചതനുസരിച്ചാണ് ഞങ്ങൾ വിവാഹിതരായത്. പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ചേർച്ചയുമുണ്ടായിരുന്നില്ല. ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ ഞങ്ങൾ ആവുന്നതും ശ്രമിച്ചെങ്കിലും എന്തോ ഒരു കുറവുണ്ടായിരുന്നു. ആ കുറവ് നികത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞാൻ ജോലി സംബന്ധമായി 6 മാസം കപ്പലിലായിരിക്കുമല്ലോ. ആശ അടുത്തില്ലാത്ത ആ സമയത്ത് ഞാനെന്ത് ചെയ്യാനാ? ഞാൻ ആശയ്ക്ക് പൂർണ്ണമായ സ്വാതന്ത്യ്രം കൊടുത്തിട്ടുണ്ട്. ആശയുടെ അടുത്ത് അയാൾ വരുന്നുണ്ടെങ്കിൽ അതിലെന്ത് തെറ്റാണുളളത്?”

പക്ഷേ അതൊന്നും അംഗീകരിക്കാനാവാതെ മമ്മി ജനാലയിലൂടെ നിർവികാരയായി പുറത്തേക്ക് നോക്കിയിരുന്നു. മമ്മിയുടെ ഇരിപ്പു കണ്ടതോടെ താൻ പറഞ്ഞ കാര്യങ്ങളൊന്നും മമ്മിയ്ക്ക് ഇഷ്‌ടമായില്ലെന്ന് നിശാന്തിനും മനസ്സിലായി.

ഒടുവിൽ അയാൾ മമ്മിയുടെ കൈ തന്‍റെ കൈകളിലെടുത്തു, “മമ്മി, മമ്മിയ്ക്ക് ഇതൊന്നും ഇഷ്‌ടമായില്ലെന്ന് എനിക്ക് മനസ്സിലായി. മമ്മിയുടെ വിഷമവും എനിക്ക് മനസ്സിലായി. ഇങ്ങനെയുള്ള കാര്യങ്ങൾ ഇപ്പോൾ മാത്രമല്ലല്ലോ പണ്ടും നടന്നിട്ടില്ലേ. ഞാനും ആശയും ഇക്കാര്യത്തിൽ സന്തുഷ്ടരാണെങ്കിൽ പിന്നെ മറ്റുള്ളവർക്കെന്താ പ്രോബ്ലം?”

നിശാന്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും മമ്മി ഒരക്ഷരം മിണ്ടാതെ ഒരെയിരുപ്പ് ഇരുന്നു. കിടക്കയ്ക്ക് ഒരു കോണിലായി തല കുനിച്ച് ആശചേച്ചി ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. നിശാന്ത് അടുത്തു ചെന്ന് ആശയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. “ആശേ നീ കരയാതെ, പ്ലീസ്. ഇക്കാര്യത്തിൽ നീ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇനിയുള്ള കാലവും നിനക്ക് സ്വന്തമിഷ്‌ടമനുസരിച്ച് ജീവിക്കാം.”

എന്നാൽ മമ്മി അപ്പോഴും നിശ്ശബ്ദത തുടർന്നു. മമ്മിക്ക് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് ആ മുഖ ഭാവത്തിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു.

എന്നാൽ നിശാന്തും ആശയും പരസ്‌പരം നോക്കി പുഞ്ചിരിക്കുന്നത് കണ്ടതോടെ ഞങ്ങളുടെ മനസ്സും കുളിരണിഞ്ഞു. ആ സമയം മമ്മി പതിയെ ആശയുടെ നേർക്ക് തിരിഞ്ഞു. “മോളെ ഞാൻ നിന്നെ കുറെ കുറ്റപ്പെടുത്തി. എന്നോട് ക്ഷമിക്കുക.”

നിശാന്ത് പറഞ്ഞത് മമ്മിയ്ക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിലും നിസ്സഹായയായ ആ അമ്മയ്ക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടേണ്ടി വന്നു എന്ന് ആ വാക്കുകളിൽ നിന്നും വ്യക്‌തമായിരുന്നു.

രംഗം തണുപ്പിക്കാനായി അരവിന്ദൻ ഉത്സാഹത്തോടെ ചാടിയെണീറ്റ് പറഞ്ഞു. “ആശേ എനിക്ക് നല്ല വിശപ്പുണ്ട്, ഇന്ന് നമുക്ക് പുറത്തു നിന്ന് ഫുഡ് ഓർഡർ ചെയ്യാം? എന്താ?” എന്താണ് ഓർഡർ ചെയ്യേണ്ടതെന്ന് ചോദിച്ചു കൊണ്ട് എല്ലാവരും മമ്മിയ്ക്ക് ചുറ്റും കൂടി.

അന്തരീക്ഷമൊന്ന് ആറി തണുത്തു. ആശചേച്ചിയും നിശാന്തും സ്വന്തം മുറിയിലേക്ക് പോയി. ഞങ്ങൾ തിരികെ അമേരിക്കയ്‌ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി. തിരികെ അമേരിക്കയിലെത്തിയ മമ്മിക്കിപ്പോൾ കൂട്ടുകാർ പറയുന്ന കാര്യങ്ങളൊന്നും തന്നെ വിചിത്രമായി തോന്നാതെയായി. മാത്രവുമല്ല അമേരിക്കയെ കുറ്റപ്പെടുത്തുന്നത് തന്നെ മമ്മി നിർത്തി കളഞ്ഞു. മമ്മിയിലുണ്ടായ മാറ്റം ശ്രദ്ധിച്ചാവണം ഒരിക്കൽ മക്കൾ പറയുകയുണ്ടായി, “മോം, ഗ്രാന്മാ ഇപ്പോൾ കുറേ ചേഞ്ചായല്ലോ.”

പകൽ കിനാവുകൾ

മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ് യെല്ലോ ഫെതർ ഹോട്ടൽ. മൈസൂർ പാലസിന്‍റെ രാത്രി ദൃശ്യം പോലെ സുന്ദരമായിരിക്കുന്നു. രാത്രിയും പകലും വേർതിരിച്ചറിയാനാവാത്തത്ര പുതുവർഷ പരിപാടികളാണ് ഹോട്ടലിനകത്ത് നടക്കുന്നത്. പുറത്തിറങ്ങിയാൽ മാത്രം രാത്രിയാണെന്ന് മനസ്സിലാക്കാം.

മദ്യം മണക്കുന്ന ഡാൻസ് ഫ്‌ളോറിൽ ബെല്ലി ഡാൻസറുടെ അരക്കെട്ട് താളാത്മകമായി ചലിക്കുന്നു. ഹൃദയത്തിന്‍റെ അടയാളം രേഖപ്പെടുത്തിയ ആഭരണം അരക്കെട്ടിനോടു ചേർന്ന് വെട്ടിത്തിളങ്ങുന്നുണ്ട്. ആ കാഴ്‌ചയിൽ നിന്ന് കണ്ണെടുക്കാൻ ഗൗതമിനു തോന്നിയില്ല. അവളുടെ ഏതു ശരീരഭാഗത്തേക്കാളും സുന്ദരമാണ് അരക്കെട്ട്.

കയ്യിലെ ഗ്ലാസിൽ നിന്ന് വിസ്‌കി അൽപാൽപമായി നുകർന്നുകൊണ്ട് ആളുകൾ ഈ മാദകനൃത്തം ആസ്വദിക്കുകയാണ്. താനും മെല്ലെ ഉന്മാദാവസ്‌ഥയിലേക്കു വരുന്നുണ്ടെന്ന് ഗൗതമിനു തോന്നി. പക്ഷേ കാൽച്ചുവടുകൾ ഇടറില്ല. എത്ര കഴിച്ചാലും ആ ഒരു കഴിവ് തനിക്കുണ്ടല്ലോ എന്നയാൾ അഭിമാനം കൊണ്ടു. അയാളുടെ ശ്രദ്ധ വീണ്ടും മാദകനർത്തകിയിലേക്കായി. തിളങ്ങുന്ന മഞ്ഞ ബോട്ടത്തിന്‍റെ സ്‌ളീറ്റ്, ചലനങ്ങൾക്കനുസരിച്ച് ഒഴുകി മാറുമ്പോൾ വെളിപ്പെട്ട വെളുത്തു തുടുത്ത കാലുകൾ.

മീരയും മക്കളും ബാംഗ്ലൂരിലേക്കു പോയിരിക്കുന്നു. പുതുവത്സരത്തിന് അച്‌ഛനമ്മമാരോടൊപ്പം ഒരാഴ്‌ച ചെലവിട്ടു വരാമെന്ന് അവൾ പറഞ്ഞപ്പോൾ എതിർത്തില്ല. അയാൾക്ക് ശരിക്കും സന്തോഷമാണ് തോന്നിയത്. അവർക്കൊപ്പം ചെല്ലാൻ ഭാര്യ വളരെ നിർബന്ധിച്ചതാണ്. പക്ഷേ ഓഫീസിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി അയാൾ ഒഴിഞ്ഞു. ചെന്നൈയിൽ മീറ്റിംഗുണ്ട് എന്നാണ് ഗൗതം പറഞ്ഞിരിക്കുന്നത്. പക്ഷേ യഥാർത്ഥത്തിൽ കുറച്ചു ദിവസം അയാൾക്ക് സ്വതന്ത്രമായി ആഘോഷിക്കണം.

നഗരത്തിലെ പ്രധാന സ്റ്റാർ ഹോട്ടലാണ് യെല്ലോ ഫെതർ. ആട്ടവും പാട്ടും രാവ് വെളുക്കുന്നതു വരെ ഉണ്ടാകും. അർദ്ധരാത്രി ആയപ്പോഴേക്കും ന്യൂ ഇയർ ആശംസകളുടെ പ്രവാഹമായി. ഫോണിലും നേരിട്ടും. മദ്യലഹരിയിൽ കെട്ടിപ്പിടിച്ചും ഉമ്മവച്ചും പുതുവർഷം ആഘോഷിക്കുന്നവർ. രാത്രി ഒരു മണിയോടടുത്തപ്പോൾ അയാൾ പുറത്തേക്കു നടന്നു. കാർ പാർക്കിംഗ് ഏരിയയിലുണ്ട്. പക്ഷേ അയാൾ അതെടുത്തില്ല. പകരം ടാക്‌സി വിളിച്ചു. മദ്യപിച്ച് വണ്ടി ഓടിക്കാൻ ഇഷ്‌ടമില്ലാത്തതുകൊണ്ടാണ്.

അയാളുടെ ചിന്തകളിൽ അപ്പോഴും ആ മനോഹരിയായ ബെല്ലി ഡാൻസറുടെ ചലനങ്ങൾ ഓളം തുളുമ്പിയപ്പോൾ പഴയ ഒരു ഹിന്ദി ഗാനത്തിന്‍റെ ട്യൂൺ അയാൾ മെല്ലെ മൂളി. തെരുവുകളിൽ നല്ല തിരക്കുണ്ട് അപ്പോഴും. ആഘോഷത്തിമർപ്പിൽ ചെറുപ്പക്കാരുടെ സംഘങ്ങൾ ബൈക്കുമായി ചുറ്റിത്തിരിയുന്നു.

ടാക്‌സി വളരെ സാവധാനമാണ് നീങ്ങുന്നത്. നഗരത്തിരക്ക് പിന്നിട്ട് വണ്ടി ദേശീയ പാതയിലേക്ക് കടന്നു. റോഡരികിൽ വെള്ളയും നീലയും ചായമടിച്ച ഗേറ്റിനു മുന്നിൽ അയാൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങി സൂക്ഷിച്ചു നോക്കിയപ്പോൾ അകത്തു വെളിച്ചമുണ്ട് എന്നു മനസ്സിലായി. നീതു ഉറങ്ങിയിട്ടുണ്ടാവില്ല. കോളിംഗ് ബെല്ലടിക്കാതെ അയാൾ വാതിലിൽ മുട്ടി. പിന്നെ മൊബൈലിൽ നിന്ന് ഒരു മിസ്‌ഡ് കോൾ കൂടി ചെയ്‌തു. പുറത്ത് താൻ തന്നെയാണെന്ന് അവൾക്ക് സിഗ്നൽ നൽകാനായിരുന്നു അത്.

വാതിൽ തുറന്നത് നീതു തന്നെയാണ്. അല്ലെങ്കിലും ആ വീട്ടിൽ അവൾ തനിച്ചായിരുന്നു. ലാവണ്ടർ നിറത്തിലുള്ള സാരിയുടുത്തപ്പോൾ നീതുവിന്‍റെ സൗന്ദര്യം പതിന്മടങ്ങായതു പോലെ. തീ പിടിച്ചൊരു ചുംബനം ചുണ്ടത്ത് നൽകിക്കൊണ്ട് അയാൾ അവളെ ഗാഢമായി ചേർത്തു പിടിച്ചു.

നീതുവിന് അൽപം ബലം പ്രയോഗിക്കേണ്ടി വന്നു അയാളിൽ നിന്ന് അകന്നു നിൽക്കാൻ. അവൾക്ക് ചിരി വന്നു. കക്ഷി നല്ല മൂഡിലാണ്.

“നിങ്ങൾക്കെന്തൊരു തിരക്കാണ് ഗൗതം. അൽപസമയം കൂടി കാത്തിരിക്കൂ. നമുക്ക് ആദ്യം എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം, എന്നിട്ടു പോരെ?”

അവൾ ചിരിച്ചുകൊണ്ട് അയാളുടെ നെഞ്ചിൽ ചെറുതായി തട്ടിയ ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. പുതുവത്സരാഘോഷത്തിനായി അകത്ത് ബെഡ്‌റൂമിൽ അവൾ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ജനലിനോട് ചേർന്നാണ് മേശ. അതിൽ വിസ്‌കിയും ഗ്ലാസ്സുകളും സിഗരറ്റു പാക്കറ്റുകളും ഉണ്ടായിരുന്നു.

നീതു സിഗരറ്റ് എടുത്ത് കത്തിച്ച് ഗൗതമിന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു. എന്നിട്ട് അവളും ഒന്നെടുത്ത് ചുണ്ടത്തു വച്ചു. എരിയുന്ന സിഗരറ്റ് ചുണ്ടിൽ നിന്നെടുക്കാതെ തന്നെ അവൾ ഗ്ലാസ്സുകളിൽ മദ്യം നിറച്ചു.

തുറന്നിട്ട ജനാലയ്‌ക്കപ്പുറം തെളിഞ്ഞുകണ്ട ചന്ദ്രബിംബവും നക്ഷത്രങ്ങളും നോക്കി അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ ജീവിതത്തിൽ ഇത്രയും റൊമാന്‍റിക്കായ ഒരു രാത്രി ഉണ്ടായിട്ടില്ല. ഹൃദയത്തിലെ പ്രണയം ശരീരത്തിലേക്ക് പൂത്തിരിയായി കത്തിക്കയറുന്നത് അറിഞ്ഞപ്പോൾ നീതു അയാളെ ആവേശപൂർവ്വം ചുറ്റിപ്പിടിച്ചു.

സുന്ദർദാസ് ഇന്ന് വൈകിട്ടാണ് മുംബൈയ്ക്ക് പോയത്. മൂന്നു ദിവസത്തെ കോൺഫറൻസ് എന്നാണ് അയാൾ നീതുവിനോട് പറഞ്ഞത്. ഡോക്‌ടറാണ് സുന്ദർദാസ്. രാത്രി ഏറെ വൈകി മാത്രം വീട്ടിലെത്തുന്ന പതിവുള്ളയാൾ. അവധിദിനമായ ഞായറാഴ്‌ചയും അയാൾക്ക് പ്രാക്‌ടീസുണ്ട്. ഭർത്താവുമൊത്ത് കുറച്ചു സമയമെങ്കിലും ചെലവഴിക്കണമെന്നുള്ള അവളുടെ മോഹങ്ങൾക്ക് അയാളുടെ പ്രൊഫഷന്‍റെ അത്ര വിലയില്ലായിരുന്നു.

കോളേജിൽ പഠിക്കുന്ന വേളയിൽ വിവാഹത്തെക്കുറിച്ച് ആരു ചോദിച്ചാലും അവൾ പറയാറുള്ള ഏക കാര്യം ഭർത്താവ് റൊമാന്‍റിക്കായിരിക്കണം. അന്ന് പ്രണയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ആരും അങ്ങനെയൊരു ഓഫറുമായി വന്നു മുട്ടിയതുമില്ല.

എന്തായാലും വിവാഹം നടന്നതു 30-ാം വയസ്സിലാണ്. വീട്ടുകാരുടേയും ബന്ധുക്കളുടേയും അഭിപ്രായത്തിൽ അത് അൽപം വൈകിയ കല്ല്യാണമായിരുന്നു. എന്തായാലും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടാൻ വൈകിയ വിവാഹം അവളെ സഹായിച്ചു എന്നതു നേര്. നഗരത്തിലെ പ്രശസ്‌തമായ കോളേജിൽ അദ്ധ്യാപികയാവാനും കഴിഞ്ഞു.

ഡോക്‌ടർ ആണെന്ന ഒരൊറ്റ കാര്യത്തിലാണ് വീട്ടുകാർ വളരെ താൽപര്യത്തോടെ സുന്ദർദാസുമായുള്ള വിവാഹം നടത്തിയത്. ചെന്നൈ നഗരത്തിലെ പ്രമുഖ ഡോക്‌ടർമാരുടെ നിരയിൽ സുന്ദറുമുണ്ട്. പക്ഷേ ഏതു ദമ്പതികളെയും പോലെ കിടപ്പറയിൽ നിന്നു തന്നെ അവരുടെ പൊരുത്തക്കേട് ആരംഭിച്ചു.

ഡോക്‌ടറാണെങ്കിലും ശരീരത്തിന്‍റെ ശുചിത്വത്തിന്‍റെ കാര്യത്തിൽ സുന്ദറിന് കാര്യമായ ശ്രദ്ധയില്ലാതിരുന്നത് നീതുവിനെ അയാളിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഒട്ടും റൊമാന്‍റിക്കുമല്ല സുന്ദർ. തമാശകൾ പറയുന്നതോ കേൾക്കുന്നതോ പിടിക്കാത്ത പ്രകൃതം.

പെണ്ണിന്‍റെ വികാരങ്ങൾക്ക് യാതൊരു പ്രധാന്യവും കൊടുക്കാതെ കേവലം ഒരു യന്ത്രത്തെപ്പോലെ കിടപ്പറയിൽ പോലും പെരുമാറുന്ന ഭർത്താവിനെ എങ്ങനെ സ്‌നേഹിക്കും. പ്രത്യേകിച്ചും നീതുവിനെപ്പോലെ വളരെ സെൻസിറ്റീവായ, സഹൃദയായ സ്‌ത്രീയ്‌ക്ക്! എന്നിട്ടും അവൾ ഇക്കാലമത്രയും പൊരുത്തപ്പെട്ടു ജീവിച്ചു, സ്വന്തം മകളെയോർത്ത്.

വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള റസിഡൻഷ്യൽ സ്‌കൂളിലാണ് മകൾ പഠിക്കുന്നത്. അവൾ മാസത്തിലൊരിക്കൽ വീട്ടിൽ വരും. എല്ലാ ആഴ്‌ചയിലും നീതു അവിടെ ചെന്ന് അവളെ കാണും.

ജീവിതത്തിൽ വർണാഭമായ നിമിഷങ്ങൾ കൈവിട്ടുപോയെന്നറിയുമ്പോൾ നിശബ്‌ദമായി അതംഗീകരിക്കുകയല്ലാതെ മറ്റെന്തു പോംവഴി? ചിലപ്പോഴാകട്ടെ കിട്ടാത്തതിനു വേണ്ടി കുറുക്കുവഴികൾ തേടുകയും ചെയ്യും. താൻ ജീവിതത്തിൽ ആഗ്രഹിക്കുന്നതൊന്നും സുന്ദറിൽ നിന്ന് കിട്ടില്ലെന്ന് നീതുവിനറിയാം. നിസ്സാരമെന്നു തോന്നാം, തമാശയോടെയുള്ള ഒരു കെട്ടിപ്പിടിത്തം പോലും. അയാൾക്കത്തരം സ്‌നേഹപ്രകടനങ്ങളൊന്നും മനസ്സിൽ അൽപം പോലും ഇല്ല. കാമപൂർത്തീകരണത്തിനല്ല, സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലിനു വേണ്ടിയാണ് നീതു മറ്റു പുരുഷന്മാരെ തേടാൻ തുടങ്ങിയത്.

യഥാർഥത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ നൽകുന്ന, ജീവിതത്തിൽ തനിക്ക് പ്രാധാന്യമുണ്ടെന്ന തോന്നൽ ഉണ്ടാക്കാൻ കഴിയുന്ന, തനിക്കു വേണ്ടി സമയം കണ്ടെത്താൻ ശ്രമിക്കുന്ന പുരുഷനെ തേടുകയായിരുന്നു അവൾ. അത്തരമൊരു തേടലിനിടയിലാണ് ഗൗതമിനെ കണ്ടുമുട്ടുന്നത്.

ഗൗതം അവളുടെ സ്‌കൂൾ മേറ്റാണ്. സ്‌കൂൾ ദിനങ്ങളിൽ അവർ തമ്മിൽ അത്രയ്‌ക്കൊന്നും സൗഹൃദമുണ്ടായിരുന്നില്ല. ഉയരം കൂടിയ വെളുത്തു സുന്ദരനായിരുന്നു അന്നും ഗൗതം. കാലങ്ങൾക്കു ശേഷം ഒരു ആലുമ്‌നി മീറ്റിലാണ് ഗൗതമിനെ കണ്ടു മുട്ടിയത്. പിന്നീട് മെസേജുകളായും ഫോൺകോളുകളായും ബന്ധം ചൂടുപിടിച്ചു. അവന്‍റെ സൗന്ദര്യവും തമാശയും തന്നോടുള്ള താൽപര്യവും അവൾക്ക് വളരെ ആകർഷകമായി തോന്നി.

ഭാര്യയുമായി പൊരുത്തമില്ലാത്തതിനാൽ ഗൗതമിന്‍റെയും ലൈംഗിക ജീവിതം തൃപ്‌തികരമല്ലായിരുന്നു. ഗൗതം തിരക്കുള്ള അഭിഭാഷകനാണ്. അയാളുടെ ഭാര്യ എഞ്ചിനീയറുമാണ്. ജോലിയും കുടുംബകാര്യങ്ങളുമായി തിരക്കോടു തിരക്കു തന്നെയാണ് ഭാര്യയ്‌ക്ക്. തന്‍റെ ശാരീരികാവശ്യങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത പോലെയാണ് മീര പെരുമാറുന്നതെന്ന് തുടക്കം മുതലേ ഗൗതം പറയുമായിരുന്നു. അതൊക്കെ കണ്ടറിഞ്ഞതോടെ തനിക്ക് രഹസ്യബന്ധം സ്‌ഥാപിക്കാൻ പറ്റിയ വ്യക്‌തി ഗൗതം തന്നെയാണെന്ന് നീതു തീരുമാനിച്ചു.

മാസങ്ങൾ കഴിയുന്തോറും അവർക്കിടയിലെ പ്രണയത്തിന്‍റെ ശക്‌തി കൂടിക്കൂടി വന്നു. ശാരീരികമായ ബന്ധത്തിനു വേണ്ടി അവർ ശക്‌തമായി ആഗ്രഹിക്കുകയും ചെയ്‌തു. പക്ഷേ കുടുംബങ്ങളെ ഒഴിവാക്കി അനുകൂല സമയം രണ്ടുപേർക്കും ഒത്തു വന്നത് ഈ പുതുവർഷ തലേന്നാണ്. നഗരത്തിലെ പ്രശസ്തനായ അഭിഭാഷകനാണ് ഗൗതം. കുട്ടികൾ ഏറെ ബഹുമാനിക്കുന്ന അദ്ധ്യാപിക എന്ന ക്രെഡിറ്റ് നീതുവിനും സ്വന്തം. പൊതു സ്ഥലത്ത് കണ്ടുമുട്ടുക എന്നത് വളരെ പരിമിതികളുള്ള കാര്യമായിരുന്നു ഇരുവർക്കും. അതുകൊണ്ടാണ് ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് മാസങ്ങളോളം കാത്തത്.

ആകാശത്ത് കാർമേഘങ്ങളൊന്നുമില്ലാതെ ചന്ദ്രൻ പൂർണ്ണമായി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. ഗൗതമിന്‍റെ വിരലുകൾ മെല്ലെ നീതുവിന്‍റെ വിരൽ തുമ്പുകളിലേക്ക് അരിച്ചു ചെന്നു. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന മട്ടിൽ ഇരുവരും ആവേശത്തോടെ കെട്ടിപ്പുണർന്നു. മദ്യലഹരിയിൽ  നീതുവിന് സന്തോഷവും വേദനയും തിരിച്ചറിയാനാകാത്ത അവസ്‌ഥയിലായിരുന്നു.

കിളികളുടെ മധുരസ്വരമല്ല പുലരിയിൽ നീതുവിനെ വിളിച്ചുണർത്തിയത്. ശരീരം നുറുങ്ങുന്ന വേദന! ശരീരത്തിലാകെ മുറിപ്പാടുകൾ ഉള്ളതു പോലെ അവൾക്കു തോന്നി. പുറത്ത് അപ്പോഴും ഇരുട്ടുണ്ട്. അവൾ എഴുന്നേറ്റ് ലൈറ്റിടാൻ ആഗ്രഹിച്ചു. എന്നാൽ അതിനുപോലും കഴിയുന്നില്ല. കൈ എത്തിച്ച് ടേബിൾ ലാമ്പ് കത്തിച്ചപ്പോഴാണ് അവളത് കണ്ടത്. ശരീരത്തിലാകെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ! ചോരയിറ്റി നിൽക്കുന്ന മുറിവുകൾ! ഇതെല്ലാം കഴിഞ്ഞ രാത്രിയിൽ സംഭവിച്ചതാണ് എന്നത് അവൾക്ക് അവിശ്വസനീയമായിരുന്നു. മദ്യലഹരിയിൽ ഗൗതമിന്‍റെ മൃഗീയത താൻ അറിയാതെ പോയി.

നീതുവിന് കലശലായ ദേഷ്യവും സങ്കടവും തോന്നി. ഗൗതമിനെ ഇപ്പോൾ തന്നെ വിളിച്ച് തന്‍റെ ദേഷ്യം അറിയിക്കണം. മേശപ്പുറത്ത് മൊബൈൽ നോക്കിയപ്പോൾ കണ്ടില്ല. കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് അവൾ ഞെട്ടിത്തരിച്ചു. അരിശത്തോടെ ബെഡ്‌ഷീറ്റ് വലിച്ചെടുത്ത് പുതച്ച് അവൾ മൊബൈൽ അന്വേഷിക്കാൻ തുടങ്ങി. ഫോൺ പുറത്തേക്കുള്ള വാതിലിനു സമീപം നിലത്തു വീണു കിടക്കുന്നു. പക്ഷേ അത് ഗൗതമിന്‍റേതായിരുന്നു. അപ്പോൾ തന്‍റെ മൊബൈൽ അയാൾ കൊണ്ടുപോയിട്ടുണ്ടാകണം.

വീട്ടിലാകട്ടെ ലാന്‍റ് ലൈൻ കണക്ഷനുമില്ല. അവൾക്ക് അതിശക്‌തമായ ദേഷ്യവും ആത്മനിന്ദയും തോന്നിയ നിമിഷങ്ങൾ. എന്തായാലും ഗൗതമിന്‍റെ ഫോണിൽ നിന്നു തന്നെ വിളിച്ചു നോക്കാമെന്നു കരുതി നീതു ഫോൺ ലോക്ക് തുറന്നു. അതിൽ വന്നു കിടന്ന കോൾ ലിസ്‌റ്റും മെസേജുകളുമൊക്കെ വായിച്ചപ്പോൾ നീതുവിന് തലകറങ്ങുന്നതുപോലെ തോന്നി. അയാളുടെ എത്രയോ പെൺ സൗഹൃദങ്ങളിൽ ഒരാൾ മാത്രമാണ് താൻ!

ഇനി ഗൗതമിനെ വിളിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ആട്ടിൻ തോലിട്ട ചെന്നായ ആണയാൾ. ഇത്രയും വലിയ ചതിയനാണ് ഗൗതം എന്ന് എങ്ങനെ അറിയാൻ. മനോഹരമായ ആ രൂപത്തിനുള്ളിലെ ഹൃദയം ഇത്രയും കഠോരവും വികൃതവുമായിരുന്നോ? സ്‌നേഹിക്കുന്ന പെണ്ണിനെ ഇത്രയേറെ വേദനിപ്പിക്കുമ്പോഴാണോ അയാൾക്ക് സുഖം തോന്നുക! എത്ര വിചിത്രമാണ് മനോവ്യാപാരങ്ങൾ.

സ്‌നേഹം കൊതിച്ച് പര പുരുഷന്മാർക്കു പിന്നാലെ പോയ താൻ എത്ര മണ്ടിയാണ്? നീതു കരഞ്ഞ് തളർന്നു കിടക്കയിൽ തന്നെ കിടന്നു. ഒരു മണിക്കൂറെങ്കിലും കരഞ്ഞു കാണും. പുറത്ത് ഗേറ്റിൽ ആരോ തട്ടുന്ന ശബ്‌ദം. അവൾ ഞെട്ടി എഴുന്നേറ്റു. ഇനി സുന്ദർ എങ്ങാനും?

അവൾ വസ്‌ത്രം ധരിക്കാതെ തന്നെ ജനാല തുറന്ന് പുറത്തേക്കു നോക്കി. ഗേറ്റിനരികിൽ ഒരു നാടോടി യുവതി കൈ കുഞ്ഞുമായി വന്നു നിൽക്കുന്നു. കീറിപ്പറിഞ്ഞ വസ്‌ത്രങ്ങൾക്കിടയിലൂടെ ആ യുവതിയുടെ നഗ്നത വെളിപ്പെടുത്തുന്നുണ്ട്. മാറത്തെ മാറാപ്പോടു ചേർന്ന് കിടക്കുന്ന കുഞ്ഞിന്‍റെ ശരീരവും നഗ്നമാണ്. തന്‍റെ ശരീരവും നഗ്നമാണല്ലോ എന്ന് അപ്പോഴവൾ ഓർത്തു.

ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ നേർക്കാഴ്‌ചകൾ മുന്നിൽ വന്നു പെട്ടപ്പോൾ അവൾക്ക് സ്വന്തം നഗ്നതയിൽ വെറുപ്പു തോന്നി. സ്‌നേഹത്തിനു വേണ്ടിയാണ് താൻ ശ്രമിച്ചത്. പക്ഷേ കിട്ടിയതോ? യഥാർത്ഥത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടുന്ന ഇവർക്കാണ് തന്‍റെ സ്‌നേഹം ആവശ്യം. അതിന് താൻ നഗ്നയാകേണ്ട കാര്യമില്ല. അൽപം ഭക്ഷണവും വസ്‌ത്രവും കൊടുത്താൽ മതി. അവളുടെ സിരകളിൽ നവ്യമായ ഒരു അനുഭൂതി ഉണർന്നു. അവൾ ജനാലയിലൂടെ കൈ നീട്ടി ആ നാടോടി യുവതിയെ അകത്തേക്കു ക്ഷണിച്ചു. അവൾ വേഗം നൈറ്റി എടുത്ത് ധരിച്ച് പുറത്തേക്കു ചെന്നു. കുഞ്ഞിനെയും കൂട്ടി സിറ്റൗട്ടിൽ ഇരിക്കാൻ പറഞ്ഞ ശേഷം നീതു അടുക്കളയിൽ പോയി ഭക്ഷണം എടുത്തുകൊണ്ടു വന്നു. അവർ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നതു നോക്കി അവളും വെറും നിലത്ത് കുത്തിയിരുന്നു.

ഒരു ദിവസം മുമ്പാണെങ്കിൽ താൻ ഈ പാവങ്ങളെ ശ്രദ്ധിക്കുമായിരുന്നോ? അവൾ ചിന്തിച്ചു.

അകത്ത് അലമാരയിൽ നിന്ന് കുറെ വസ്‌ത്രങ്ങൾ എടുത്തുകൊണ്ട് വന്ന് ആ സ്‌ത്രീക്കു നൽകുമ്പോൾ, അവരുടെ കണ്ണുകൾ ഈറനണിയുന്നത് നീതു കണ്ടു. ഒരു പക്ഷേ അവർ ആകെ കൊതിക്കുന്ന സ്‌നേഹം ഈ പരിഗണനയാവാം.

ഒരൽപം ഭക്ഷണം, ചീത്തയൊന്നും കേൾക്കാതെ കിട്ടുക എന്നതു തന്നെ വലിയൊരു കാര്യമായിരിക്കും. ആ നാലു കണ്ണുകളിലെ നനവ് നീതുവിലേക്കും പടർന്നു. അവൾക്കും കരച്ചിൽ വന്നു. അതു പക്ഷേ സങ്കടം കൊണ്ടായിരുന്നില്ല. മനസ്സിൽ നിറഞ്ഞ കരുണയുടെ കണ്ണീർ ആയിരുന്നുവത്.

ഒരു മണിക്കൂർ മുമ്പ് ഒരു പ്രേമനാടകത്തിന്‍റെ ഇരയായി സ്വയം സങ്കൽപിച്ച് കരഞ്ഞ നീതുവല്ല ഇപ്പോൾ. ഈ കണ്ണീർ മറ്റൊരാൾക്കു വേണ്ടി പൊഴിക്കുന്നതാണ്.

ആ കൊച്ചുകുഞ്ഞ് വയറു നിറഞ്ഞ് സുഖമായി അമ്മയുടെ നെഞ്ചത്ത് ചൂടേറ്റു തൃപ്‌തിയോടെ മയങ്ങാൻ തുടങ്ങുന്നത് ആത്മനിർവൃതിയോടെ അവൾ നോക്കി നിന്നു. ജീവിക്കാൻ വേണ്ടി മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടുന്ന ആ ഭിക്ഷക്കാരിയേക്കാളും താഴെയാണ് താനെന്ന് നീതുവിന് തോന്നി. സ്‌നേഹത്തിനു വേണ്ടി എന്തൊക്കെയാണ് താൻ കാണിച്ചു കൂട്ടിയത്. അബദ്ധങ്ങളുടെ കണക്കെടുക്കുമ്പോൾ പുതിയതൊന്ന് ഇനി ഉണ്ടാവില്ല. ഇനി തന്‍റെ ജീവിതം പാവപ്പെട്ടവർക്കു മാത്രം.

നീതു കിഴക്കുദിച്ചു വരുന്ന സൂര്യനെ നോക്കി. സ്വർണ്ണ നിറം കലർന്ന ആകാശത്തേക്ക് ഒരു കൂട്ടം പക്ഷികൾ ഉത്സാഹത്തോടെ പറന്നുയരുന്നു. പ്രതീക്ഷയുടെ ചിറകടികൾ അവിടെ നിറയുന്നുണ്ടായിരുന്നു.

സാഗരസംഗമം ഭാഗം- 35

എന്‍റെ കാര്യത്തിൽ അവൻ പുലർത്തുന്ന നിഷ്ക്കർഷത ഇപ്പോൾ ഈ ടാബ്ലെറ്റിൽ നിന്നാണല്ലോ തുടങ്ങുന്നത് എന്നോർത്തു. അവനെക്കുറിച്ചാണ് ഞാനിപ്പോൾ ഓർത്തു കൊണ്ടു കിടന്നതെന്ന് അവനറിഞ്ഞുവോ? ആദ്യം ടാബ്ലെറ്റ് വിഴുങ്ങി വെള്ളവും കുടിച്ച ശേഷം അരുൺ നീട്ടിയ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹവും, സഹതാപവും സ്ഫുരിക്കുന്ന ആ കണ്ണുകൾ എന്നെ തൊട്ടുഴിയുന്നതറിഞ്ഞു. ഇന്നിപ്പോൾ എന്നിൽ നിലനിൽക്കുന്ന ജീവ ചൈതന്യം അതിനുത്തരവാദി നീ മാത്രമാണ് അരുൺ എന്നു പറയണമെന്നു തോന്നി.

“മാഡം…. എന്താണിങ്ങനെ ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിക്കിടക്കുന്നത്? മാഡത്തിനിപ്പോൾ എങ്ങിനെയുണ്ട്? വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? വേദനയോ മറ്റോ തോന്നിയ്ക്കുന്നുണ്ടോ?”

“ഓ… ഒന്നുമില്ല അരുൺ… ഐ ആം പെർഫെക്റ്റിലി ഓകെ. പക്ഷെ കുറച്ചു ദിവസമായി നീ അടുത്തില്ലാതിരുന്നതു കൊണ്ടുള്ള ഏകാന്തത മാത്രമാണ് എന്നെ അലട്ടിക്കൊണ്ടിരുന്നത്.”

“ഓ… സോറി മാഡം. മാഡത്തിന് ഓർമ്മയില്ലാതെ മയങ്ങിക്കിടന്ന നാളുകളൊന്നിൽ എനിക്ക് പെട്ടെന്ന് കോഴിക്കോട് പോകേണ്ടി വന്നു. എന്‍റെ മുത്തശ്ശിയ്ക്ക് സുഖമില്ല എന്നറിയിച്ചിട്ട്, അമ്മയുമൊത്ത് അവിടം വരെ പോയി.”

“മുത്തശ്ശിയ്ക്കിപ്പോൾ എങ്ങിനെയുണ്ട്?”

“മുത്തശ്ശിയ്ക്കിപ്പോൾ കുഴപ്പമൊന്നുമില്ല. പ്രായാധിക്യം കൊണ്ടുള്ള ചില പ്രോബ്ലങ്ങൾ. അതെല്ലാം മാറി ഇപ്പോൾ സുഖമായിട്ടിരിക്കുന്നു.”

“മുത്തശ്ശി വളർത്തിയിരുന്ന വല്യമ്മയുടെ മക്കൾ ഇപ്പോൾ എവിടെയാണ്?”

“അവർ രണ്ടുപേരും അമേരിയ്ക്കയിലാണ്. കല്യാണം കഴിഞ്ഞ് അവിടെത്തന്നെ സ്‌ഥിര താമസമാക്കി.”

“അപ്പോൾ മുത്തശ്ശി ഒറ്റയ്ക്കാണോ താമസം?”

“അല്ല, അമ്മയുടെ ബ്രദറിന്‍റെ കൂടെയാണ്. അമ്മാവൻ കുടുംബവുമൊത്ത് തറവാട്ടിൽത്തന്നെയാണ് താമസം…”

എല്ലാം അരുന്ധതി പറഞ്ഞിട്ടുള്ളതാണല്ലോ എന്ന് അപ്പോളോർത്തു. അജ്ഞാതമായ ഏതോ പ്രേരണയാൽ ഭൂതകാലത്തിലേയ്ക്ക് ഒരു പ്രവാഹത്തിലെന്നപ്പോലെ ഊളിയിട്ടിറങ്ങുമ്പോൾ മറവിയുടെ ഒരു മാറാല വന്ന് പലപ്പോഴും വർത്തമാന കാലത്തെ എന്നിൽ നിന്നും മറയ്ക്കുകയാണല്ലോ എന്ന് ഓർത്തു പോയി. എന്‍റെ മുന്നിൽ ഇപ്പോൾ പീലിവിടർത്തിയാടുന്നത് ഭൂതകാല സ്മരണകളാണ്. വർത്തമാനകാലം ഒരു നിഴൽക്കൂത്തിലെന്നപോലെ മങ്ങിയ ചില ചിത്രങ്ങൾ മാത്രം.

ഒരുപക്ഷെ ഒരു മേജർ ഓപ്പറേഷനു ശേഷമുള്ള ശരീരത്തിന്‍റെ അസ്വാഭാവിക പ്രതികരണങ്ങളാണിവ എന്നും ഓർക്കാതിരുന്നില്ല. എന്നാൽ ചില സമയങ്ങളിൽ വർത്തമാനകാലം എന്‍റെ മുന്നിൽ പ്രകാശമാനമാകുന്നുണ്ട്. അപ്പോൾ ബോധതലങ്ങൾ എല്ലാറ്റിനോടും ശരിയായി പ്രതികരിക്കുകയും ചെയ്യുന്നു.

അത്തരമൊരു ഘട്ടത്തിലാണ് അരുൺ എന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, അപ്പോഴുള്ള എന്‍റെ പ്രതികരണങ്ങളിൽ ഭൂതകാലം വിസ്മൃതിയിലമരുകയും വർത്തമാനകാലം കൂടുതൽ ഊർജ്ജസ്വലതയോടെ പ്രകാശിക്കുകയും ചെയ്യുകയാണുണ്ടായത്. ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അരുൺ വാതിലിനടുത്തേയ്ക്ക് നടന്നു ചെന്നു.

അരുൺ ചെന്ന് വാതിൽ തുറന്നു. അൽപം കഴിഞ്ഞപ്പോൾ ഡോക്ടർ ഹേമാംബിക അങ്ങോട്ടേയ്ക്കു കടന്നു വന്നു.

ഹലോ? പ്രൊഫസർ, ഹൗ ആർ യൂ?…

ഡോക്ടർ പരിശോധിച്ച് പുഞ്ചിരിയോടെ പറഞ്ഞു. “മിസ്സിസ് മീരാ നാരായണൻ, നിങ്ങളിപ്പോൾ കുറെയൊക്കെ ബെറ്റർ ആയിട്ടുണ്ട്. അടുത്തു തന്നെ ഹോസ്പിറ്റൽ വിടാനാകുമെന്നു തോന്നുന്നു.”

“താങ്ക് യൂ… ഡോക്ടർ…” ഞാൻ പ്രതിവചിച്ചു.

“മാഡം… പക്ഷെ നിങ്ങളുടെ ബോഡി വളരെ വീക്കാണ്…” അത് ഒരു മേജർ ഓപ്പറേഷനു ശേഷമുള്ള അവസ്‌ഥയാണ്. ഇപ്പോൾ തലച്ചോറുൾപ്പെടെ എല്ലാം സാധാരണ ഗതിയിലേയ്ക്ക് മടങ്ങി വരുന്നതേയുള്ളൂ. അതിന്‍റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അൽപം ചില ഓർമ്മക്കുറവുകളും മറ്റും. ചില ഹാലൂസിനേഷൻസ് താൽക്കാലിക അൽഷിമേഴ്സ് പോലുള്ള ചില അവസ്‌ഥകൾ. പ്രെസൻസിനേക്കാൾ പാസ്റ്റ് ആയിരിക്കും ഇപ്പോൾ കൂടുതൽ ഓർമ്മയിൽ തങ്ങി നിൽക്കുക. ഈ അവസ്‌ഥയൊക്കെ ഇപ്പോൾ താത്കാലികമാണ്. എല്ലാം ശരിയാകും. ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ മാഡത്തിന് ഹോസ്പിറ്റൽ വിടാൻ പറ്റും.”

ഞാൻ വീണ്ടു നന്ദി വാക്കുകൾ ഉരുവിട്ടു. ഡോക്ടറുടെ പാദപതനം അകന്നു പോയപ്പോൾ അരുൺ പറഞ്ഞു.

“ഞാൻ പോയി മാഡത്തിന് കഴിയ്ക്കാനെന്തെങ്കിലും വാങ്ങിയിട്ടു വരാം… ഇന്ന് മമ്മിയ്ക്കും നല്ല സുഖമില്ലായിരുന്നു. അതാണ് ആഹാരവുമായി എത്താതിരുന്നത്.”

“ഓ… അതു സാരമില്ല അരുൺ.?എനിക്കിനിയിപ്പോൾ ഒന്നും വേണമെന്നില്ല. അരുൺ കഴിച്ചിട്ടു വന്നോളൂ…”

ഞാൻ അരുണിനെ നിർബന്ധിച്ച് പറഞ്ഞയച്ചു. രണ്ടാഴ്ചയോളമായി ഞാനീ ഹോസ്പിറ്റലിൽ വന്നിട്ട്. ഓപ്പറേഷനു ശേഷമുള്ള ദിനങ്ങളിൽ അരുണും, അരുന്ധതിയും എല്ലായ്പ്പോഴും ഒപ്പമുണ്ടായിരുന്നു. ദേവദൂതരെപ്പോലെ അവർ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എല്ലായ്പ്പോഴും അടുത്തു നിന്നു. ഇല്ലെങ്കിൽ ആരും തുണയില്ലാതെ ഞാനീ ഹോസ്പിറ്റൽ ബെഡിൽ ഒറ്റപ്പെട്ടു പോകുമായിരുന്നു. എല്ലായ്പ്പോഴും ദൈവകരങ്ങൾ എന്നിലേയ്ക്കു നീണ്ടുവരാറുള്ളത് ഈ രൂപത്തിലാണല്ലോ എന്നും ഓർത്തു.

“മാഡം, ഡോക്ടർ പറഞ്ഞു പതുക്കെ എഴുന്നേറ്റു നടക്കാൻ. ഞാൻ മാഡത്തെ പതുക്കെ കൈപിടിച്ച് ഈ വരാന്തയിലൂടെ നടത്താം.”

ഇഞ്ചക്ഷനെടുക്കാൻ വന്ന മലയാളി സിസ്റ്ററുടെ വാക്കുകൾ ചിന്തയിൽ നിന്നുമുണർത്തി. അല്ലെങ്കിൽ തന്നെ ഈ കിടപ്പ് എനിക്ക് മതിയായിത്തുടങ്ങിയിരിക്കുന്നു. അൽപം എഴുന്നേറ്റു നടക്കാനായെങ്കിൽ എന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട് എത്ര ദിവസമായി. ഓപ്പറേഷനു ശേഷമുള്ള അടിവയറ്റിലെ മുറിവുകൾ കരിഞ്ഞു തുടങ്ങിയിരിക്കുന്നു. വേദനയ്ക്കും നല്ല ശമനമുണ്ട്. ഇനിയും ഈ കിടപ്പിൽ നിന്നുമൊരു മോചനം ഞാനും ആഗ്രഹിച്ചതാണ്.

“മാഡം വരൂ… ഞാൻ പതുക്കെ എഴുന്നേൽപ്പിക്കാം…” സിസ്റ്ററുടെ കരങ്ങളുടെ താങ്ങിൽ പതുക്കെ എഴുന്നേറ്റിരിയ്ക്കുമ്പോൾ സന്തോഷം തോന്നി. എങ്കിലും ക്ഷീണം വിട്ടകലാതിരുന്നതിനാൽ തലയ്ക്ക് നല്ല ഭാരം തോന്നി. എഴുന്നേറ്റു നടക്കുവാൻ തീരെ ആവുകയില്ലെന്നു തോന്നിയപ്പോൾ സിസ്റ്ററിനോടു പറഞ്ഞു.

“സിസ്റ്റർ, ഇന്നിപ്പോൾ നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നല്ല ക്ഷീണം തോന്നുന്നുണ്ട്. നടന്നാൽ ചിലപ്പോൾ ഞാൻ തലകറങ്ങി വീഴും. അടുത്ത ദിവസം മുതൽ ഞാൻ നടന്നു തുടങ്ങാം.”

സിസ്റ്റർ പിന്നെ കൂടുതൽ നിർബന്ധിക്കാതെ തലയിണ ചാരി വച്ച് എന്നെ അതിൽ ഇരുത്തി.

“ശരി മാഡം… ഇന്നിപ്പോൾ ഇങ്ങനെ ഇരുന്നോളൂ. ഞാൻ ഡോക്ടറോടും പറഞ്ഞോളാം. അടുത്ത ദിവസം മുതൽ മാഡം നടന്നു തുടങ്ങുമെന്ന്. അങ്ങനെ പറഞ്ഞു സിസ്റ്റർ എന്നെ നോക്കി പുഞ്ചിരിച്ചു.

സത്യത്തിൽ ഏറെ ദിനങ്ങൾക്കു ശേഷം അങ്ങിനെ എഴുന്നേറ്റിരിയ്ക്കാൻ കഴിഞ്ഞപ്പോൾ തന്നെ വലിയ ആശ്വാസം തോന്നി. സിസ്റ്റർ കൈകളിൽ എടുത്തു തന്ന മെഡിസിൻ വായിലേയ്ക്കിട്ട് ഗ്ലാസ്സിൽ നീട്ടിയ വെള്ളവും കുടിച്ചു കഴിഞ്ഞപ്പോഴാണ് ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടത്. സിസ്റ്റർ ചെന്ന് വാതിൽ തുറന്നപ്പോൾ അത് അരുന്ധതിയായിരുന്നു. “കൺഗ്രാചുലേഷൻസ് മാഡം. ഫഹദ് സാർ എത്തിയതായറിഞ്ഞു. അരുൺ എല്ലാം ഞങ്ങളോടു പറഞ്ഞു.” അരുന്ധതി ആഹ്ലാദത്തോടെ അടുത്തെത്തിപ്പറഞ്ഞു.

“മാഡം മിടുക്കിയായിപ്പോയല്ലോ. എഴുന്നേറ്റിരിയ്ക്കാനും മറ്റും തുടങ്ങിയോ? ഫഹദ്സാർ വന്നതിന്‍റെ ചെയ്ഞ്ച് ആണോ ഇത്?” അത്യധികം ഉത്സാഹത്തോടെ അരുന്ധതി ചോദിച്ചു.

“അതെ അരുന്ധതി. എത്ര ദിവസമായി ഈ കിടപ്പു തുടങ്ങിയിട്ട്. ഇനിയും ഒന്ന് നേരെ എഴുന്നേറ്റു നടന്നാൽ മതിയായിരുന്നു.”

“മാഡം… എത്രയും പെട്ടെന്നു തന്നെ പഴയ പോലെയാകും. അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. കാരണം മാഡം ആഗ്രഹിച്ചതു പോലെ ഫഹദ്സാർ അടുത്തെത്തിയതിന്‍റെ സന്തോഷമുണ്ടല്ലോ…” അരുണിന്‍റെ ആ അമ്മയ്ക്ക് അങ്ങനെയല്ലാതെ ചിന്തിക്കാനാവുകയില്ലല്ലോ എന്നോർത്തു. ആ അമ്മയിൽ നിന്നാകാം മകനും ഇത്ര നല്ല മനസ്സ് പകർന്നു കിട്ടിയത്. അൽപ സമയത്തിനുള്ളിൽ സിസ്റ്റർ മടങ്ങിപ്പോയി. പുറത്ത് ആഹാരം കഴിയ്ക്കുവാനായി പോയിരുന്ന അരുൺ ഉച്ചയ്ക്ക് പാഴ്സലുമായി മടങ്ങി എത്തി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അരുന്ധതിയും ആഹാരവുമായാണ് എത്തിയിരിക്കുന്നത്. അരുണിന്‍റെ കൈയ്യിലെ പാഴ്സൽ കണ്ട് അരുന്ധതി പറഞ്ഞു. “ഓ… സോറി മാഡം… രാവിലെ എനിക്ക് ആഹാരവുമായി വരാൻ കഴിഞ്ഞില്ല. നല്ല തലവേദന തോന്നി. എന്നാൽ അൽപം വിശ്രമിച്ചപ്പോൾ അത് മാറി. അപ്പോൾ മാഡത്തിന് ഉച്ചയ്ക്കുള്ള ആഹാരം പാകം ചെയ്ത് ഞാനിങ്ങോട്ട് പോന്നു. അരുണിനെ അപ്പോൾ വിളിച്ചറിയിക്കാൻ കഴിഞ്ഞില്ല. അതാണിപ്പോള്‍ അബദ്ധമായത്.”

“മമ്മി… നല്ല ആളാണ്. എന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ ഈ ആഹാരം വാങ്ങുമായിരുന്നോ?” അരുൺ അമ്മയോട് പരിഭവിച്ചു.

സോറി അരുൺ… എന്‍റെ ഫോണിന് ചാർജ് ഉണ്ടായിരുന്നില്ല. അതാണ് നിന്നെ വിളിയ്ക്കാൻ പറ്റാതിരുന്നത്. ഏതായാലും സാരമില്ല. ആ ആഹാരം ഞാൻ കഴിയ്ക്കാം. തലവേദന കാരണം രാവിലെ ഞാൻ ഒന്നും കഴിച്ചിരുന്നില്ല. ഇപ്പോൾ നല്ല വിശപ്പുണ്ട്. അൽപം കഴിഞ്ഞപ്പോൾ ഫഹദ്സാറും വന്നെത്തി. പരസ്പരമുള്ള പരിചയപ്പെടുത്തൽ കഴിഞ്ഞ് അന്ന് ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അരുന്ധതി എനിയ്ക്കുള്ള ആഹാരം വിളമ്പി കൈയ്യിൽ ത്തരുകയായിരുന്നു. വളരെ ദിവസങ്ങൾക്കു ശേഷം എനിക്കെഴുന്നേറ്റിരുന്ന് സ്വയം ആഹാരം കഴിയ്ക്കാൻ കഴിഞ്ഞു. അതോടെ മനസ്സിൽ ആത്മവിശ്വാസം വിരുന്നു വന്നു. ഇനി എനിയ്ക്ക് ഉടൻ തന്നെ എഴുന്നേറ്റു നടക്കാറാകും. അതോടെ വളരെ വേഗം ഹോസ്പിറ്റൽ വിടാനും കഴിയും.

മരുന്നുകളുടേയും കുത്തിവയ്പുകളുടേയും ഈ ലോകത്തു നിന്ന് എത്രയും പെട്ടെന്ന് ഒരു മോചനം. അതുമാത്രമേ അപ്പോൾ മനസ്സിലുണ്ടായിരുന്നുള്ളൂ. പതിവുപോലെ ഫഹദ്സാർ അന്നും അരുൺ ഏർപ്പെടുത്തിയ താമസസ്ഥലത്തേയ്ക്ക് വൈകുന്നേരം മടങ്ങിപ്പോയി. അന്ന് രാത്രിയിൽ അരുന്ധതിയും അരുണും ആ മുറിയിൽ എനിക്ക് കൂട്ടു കിടന്നു.

കഴിഞ്ഞു പോയ ദിനങ്ങളിൽ മിക്കവാറും രാത്രികളിൽ അരുണോ അരുന്ധതിയോ എനിക്കൊപ്പമുണ്ടാകുമായിരുന്നു. ഏതോ അടുത്ത ബന്ധുവിനെയെന്ന പോലെ എന്നെ സംരക്ഷിച്ചു കൊണ്ട്. നന്മയുടെ മൂർത്തിമദ്ഭാവമായ ആ അമ്മയും മകനും എന്നെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തുകയായിരുന്നു.

ജീവിതത്തിന്‍റെ നടുക്കടലിൽ മുങ്ങിത്താണു തുടങ്ങിയ ഒരു ചെറു തോണിയിലെ ഏകയായ യാത്രക്കാരിയായിരുന്നു ഞാൻ. എന്നാൽ മുങ്ങിത്താഴും മുമ്പേ എന്നെ കൈപിടിച്ചു കയറ്റാൻ എന്‍റെ രക്ഷകരായെത്തുകയായിരുന്നു ആ അമ്മയും മകനും. പിന്നെ ഇപ്പോൾ ഫഹദ്സാറും. അവരോടുള്ള നന്ദി വാക്കുകൾക്കതീതമാണ്.

ഞാൻ പെറ്റു വളർത്തിയ പൊന്നുമകൾ എന്നെ ഒറ്റപ്പെടുത്തിയപ്പോൾ, ജീവിതത്തിന്‍റെ ഇരുൾ നിറഞ്ഞ വഴിത്താരയിൽ പ്രകാശത്തിന്‍റെ കൈത്തിരിനാളവുമായി അവർ മൂവരും നടന്നെത്തി. ഇന്നവർ എനിക്ക് താങ്ങും തണലുമാണ്. മുന്നോട്ടുള്ള ഓരോ അടിവയ്പിലും വഴികാട്ടികളാണ്… സഹായസന്നദ്ധരാണ്.

ഇന്നിപ്പോൾ കുരുടനു കാഴ്ച പോലെ ഞാനാ കൈകളിൽ പിടിച്ച് മുന്നോട്ടു നടന്നു തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കരങ്ങളിലെ അഭിയം അതും ഈശ്വരൻ തട്ടിത്തെറിപ്പിയ്ക്കാതിരുന്നാൽ മതിയായിരുന്നു. എന്നെ ഒറ്റയ്ക്കാക്കി പീഡിപ്പിക്കാതിരുന്നാൽ മതിയായിരുന്നു. എന്നാൽ അപ്പോൾത്തന്നെ ഈശ്വരൻ കരുണാമയനാണല്ലോ എന്നോർത്തു.

ഫഹദ്സാറുമൊത്തുള്ള ഒരു ജീവിതം വീണ്ടുമൊരിയ്ക്കൽ കൂടി സാധ്യമാകുമെന്ന് ഞാൻ വിചാരിച്ചിരുന്നതല്ല. എന്നിട്ടും ഈശ്വരൻ അദ്ദേഹത്തെ എന്‍റെ കണ്മുന്നിൽ ക്കൊണ്ടെത്തിച്ചു തന്നു.

ഫഹദ്സാറിന്‍റെ സ്നേഹം വറ്റാത്ത പാൽക്കടലാണ്. ഇത്രകാലങ്ങൾക്കു ശേഷവും അതിലെ ഉറവറ്റിയിട്ടില്ലെന്നറിയുമ്പോൾ അദ്ഭുതം തോന്നുന്നു.

ഈശ്വര സൃഷ്ടികളിൽ അപൂർവ്വമായി മാത്രം കാണുന്ന ആത്മാർത്ഥതയുടെ പ്രതിരൂപമാണദ്ദേഹം. ഒരു യഥാർതത്ഥ മനുഷ്യൻ… മനസ്സ് ചിന്തകളുടെ ലോകത്ത് വിഹരിക്കുമ്പോൾ അടുത്തെവിടെയോ ക്ലോക്കിൽ അലാറം അടിക്കുന്നതു കേട്ടു. ജനലിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ പുലരിയുടെ ആദ്യതുടിപ്പുകൾ കിഴക്കു ദിക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കണ്ടു.

(തുടരും)

ചില ബാല്യ കൗമാര വ്യഥകൾ

നേർത്ത മഞ്ഞുപാളി കണക്കെയുള്ള ജനൽക്കർട്ടൻ നീക്കി പത്താമത്തെ നിലയിൽ നിന്ന് ഗൗരിയുടെ ഗ്രാൻമാ പുറത്തേക്കു നോക്കി. താഴെ വെയിലിൽ തിളങ്ങിക്കിടക്കുന്ന റോഡിലൂടെ റിമോട്ട് കൺട്രോളിലെന്ന പോലെ അതീവ സ്പീഡിൽ നിശബ്ദമായി ഒഴുകിപ്പോകുന്ന വാഹനങ്ങൾ. അടുത്തു ചെന്നാലറിയാം ചീറിപ്പായുന്ന വാഹനങ്ങളുടെ വേഗത!

നിര തെറ്റാതെ ഓടുന്ന വാഹനങ്ങളിൽ ഗൗരിയുടെ സ്ക്കൂൾ ബസ്സ് ദൂരെ നിന്നു തന്നെ അവരുടെ കണ്ണിൽപെട്ടു. അൽപ്പ സമയത്തിനുള്ളിൽ ലിഫ്ട് തള്ളിത്തുറക്കുന്നതിന്‍റേയും കൊറിഡോർ ഒരു കൂട്ടയോട്ടത്തിന് വേദിയാക്കുന്നതിന്‍റേയും ബഹളം കേട്ടു തുടങ്ങി. വിവിധ ക്ലാസുകളിൽ പഠിക്കുന്ന പല രാജ്യക്കാരായ ഈ സംഘത്തിലെ എല്ലാവരും ആത്മ സുഹൃത്തുക്കളും ടീനേജിന്‍റെ പടിവാതിക്കൽ നിൽക്കുന്നവരുമാണ്.

അമ്മ കൈക്കുഞ്ഞിനെ എന്ന പോലെ മാറോടു ചേർത്തു പിടിച്ചിരിക്കുന്ന ഐ പാഡുമായി മാത്രമേ ഇവരെ കാണാറുള്ളൂ. വലിയ ഒരു മ്യൂസിക്ക് ഗ്രൂപ്പിന്‍റെ കണ്ണികളാണെന്ന് സ്വയം അഭിമാനിക്കുകയും യുട്യൂബിൽ സ്വന്തമായി ഒരു എംജി – മ്യൂസിക്ക് ഗ്രൂപ്പ് ഉണ്ടെന്നുമാണ് ബിഎഫ്എഫ് എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ ഗ്രൂപ്പ് പറയുന്നത്. എംജിയും ബിഎഫ്എഫുമെല്ലാം എന്താണെന്ന് ഒരു സ്റ്റഡി ക്ലാസ് വഴി ഗ്രാൻമായെ ഗൗരി ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്.

ടെക്ക്നോളജിയിൽ ഗ്രാൻമായെ ഒന്ന് അപ്ഡേറ്റ് ചെയ്യാൻ കുട്ടി ഏറെ ശ്രമിച്ചിരിക്കുന്നു. സന്ദർശന വിസയിൽ ദുബായിൽ എത്തിയ ഗ്രാൻമ പലപ്പോഴും ഇവരുടെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും അതേത്തുടർന്നുള്ള വിങ്ങിക്കരച്ചിലിനുമൊക്കെ അനേക തവണ നിശബ്ദ സാക്ഷിത്വം വഹിക്കേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിഎഫ്എഫ് ചിലപ്പോഴൊക്കെ അവരിൽ ചോദ്യ ചിഹ്നമായും അവശേഷിച്ചു.

ഓരോ പിണക്കങ്ങൾക്കുമൊടുവിൽ വിങ്ങിപ്പൊട്ടിയും ഏങ്ങലടിച്ചും തന്‍റെ വലിയ നൊമ്പരങ്ങൾ ഗ്രാൻമായുമായി ഗൗരി പങ്കുവച്ചിട്ടുമുണ്ട്. ആശ്വസിപ്പിക്കലിന് തീരെ സാധ്യതയില്ലാത്ത വിധം പരാതിക്കെട്ടുകൾ അഴിച്ചിടും. ചാക്കിൽ നിന്നൂർന്നു വീണ് തറയിലെമ്പാടും ചിതറിക്കിടക്കുന്ന നെല്ലിക്ക കണക്കെ അവയിൽ ചവിട്ടി നിന്ന് ബാലൻസ് വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടാറാണ് പതിവ്.

ഉള്ളു തുറക്കലിനും ആശ്വസിപ്പിക്കലിനുമിടയിൽ കതകിൽ മൃദുവായി തട്ടുന്ന ശബ്ദം കേൾക്കാം. ഉടൻ തന്നെ വിടർന്ന കണ്ണുകൾ കൈത്തലം കൊണ്ടു തുടച്ച് അമ്മയുടെ കണ്ണുവെട്ടിച്ച് ഗ്രാൻമായെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗൗരി പുറത്തേക്കോടും. ഇടക്കിടെ അഴിഞ്ഞു വീഴുന്ന ഓരോ കണ്ണികളും കൂട്ടിയോജിപ്പിച്ച് വീണ്ടും സുശക്‌തമായ സൗഹൃദച്ചങ്ങലയായി അവർ വീടിനു പുറത്ത് വിരാജിക്കവെയാണ് ഒരു ദിവസം അത് ഉണ്ടായത്.

ആലംബം നഷ്ടപ്പെട്ട ഒരന്യഗ്രഹ ജീവിയെ എന്നോണം മിയ എന്ന ഈജിപ്ഷ്യൻ സുന്ദരിയുടെ കൈപിടിച്ച് ഗൗരി അടുക്കളിയിലേക്ക് ഓടി… അന്നാദ്യമായി അവരുടെ പക്കൽ എപ്പോഴും നെഞ്ചോടു ചേർത്തു പിടിക്കാറുള്ള ഐപാഡ് ഉണ്ടായിരുന്നില്ല. മിയയുടെ മാതാപിതാക്കൾ അമേരിക്കൻ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്‌ഥരാണ്. കുട്ടിയോടൊപ്പം വീട്ടിൽ ബംഗ്ലാദേശ്കാരിയായ മെയ്ഡാണുള്ളത്.

അമ്മയുമായി ഏറെ നേരത്തെ വാക്ക്ത്തർക്കങ്ങൾക്കു ശേഷം മിയയുടെ കൈപിടിച്ചു കൊണ്ടു തന്നെ ഗൗരി പുറത്തേക്കു പോകുന്നതും കണ്ടു… വലിയ ഉത്തരവാദിത്വത്തിലകപ്പെട്ട പോലെ അൽപം തിരക്കിലാണെന്ന ഭാവത്തിൽ ഗ്രാൻമയെ ഒന്നു നോക്കി. എന്താണ് കാര്യമെന്ന മൗനമായ അന്വേഷണത്തിന് ചെറുവിരൽ ഉയർത്തിക്കാട്ടി “ പറയാം അച്ചൂ” എന്നു പറഞ്ഞ് വന്ന പോലെത്തന്നെ മിയയുടെ കൈപിടിച്ച് പുറത്തേക്കു പോയി. അമിതമായ സന്തോഷമോ കടുത്ത ആകാംക്ഷയോ ഒക്കെ ഗൗരിയെ പൊതിയുമ്പോഴാണ് സ്നേഹത്തോടെ അവൾ വിളിക്കാറുള്ള അച്ഛമ്മ അച്ചുവായി ലോപിക്കുക.

എന്തായാലും ഏതൊരു രഹസ്യവും അധിക സമയം മൂടിവയ്‌ക്കാൻ ഗൗരിക്കാവില്ല എന്ന് ഗ്രാൻമായ്ക്കറിയാം. വൈകുന്നേരം മറ്റു ഫ്ളാറ്റുകളിലെ കുട്ടികൾ കളിക്കാനെത്തിയപ്പോഴും ഗൗരിയും റെയ്ച്ചലും നൂറാനും ഫാത്തിമയുമൊക്കെ മിയക്ക് അകമ്പടിയായുണ്ടായിരുന്നു. കൂടെ ഏതാനും പുരുഷപ്രജകളും അവരെ പിന്തുടർന്നു.

നഴ്സറി ക്ലാസ്സുകാരായ നൗഫലും ആരിഫും ജോർജ്‌ജും മറ്റും. എന്താണ് സംഭവമെന്ന് മനസ്സിലായില്ലെങ്കിലും മറ്റുള്ള കുട്ടികൾ പറയുന്നതു കേട്ട് അവരും പുറകെ നടന്നു പറയുന്നുണ്ടായിരുന്നു.

“ഡോണ്ട് റൺ മിയ… ടേക്ക് റെസ്‌റ്റ്…” മിയ തിരിഞ്ഞു നിന്ന് അവരെ രൂക്ഷമായൊന്നു നോക്കി. കുട്ടി സംഘം ഉച്ചത്തിൽ കൂവി വിളിച്ചു കൊണ്ട് തിരിഞ്ഞോടി.

ഓരോ ദിവസവും പുതിയ പുതിയ വാർത്തകളും സംഭവവികാസങ്ങളുമായാണ് ഗൗരി സ്കൂളിൽ നിന്നെത്തുക. ക്രമേണ കഴിച്ചു മടുത്ത സ്നാക്ക്സ് പോലെ കേട്ടു പഴകിയ കഥ പോലെ ഇത്തരം സംഭവങ്ങളിൽ അവൾക്കു താൽപര്യമില്ലാതായിത്തുടങ്ങി. സ്ക്കൂൾ വിശേഷങ്ങളറിയാൻ ആകാംക്ഷ പൂണ്ട് ഒരിക്കൽ ഗ്രാൻമ ചോദിച്ചു.

“ഗൗരിയുടെ അടുത്തിരിക്കുന്ന കുട്ടിയുടെ പേരെന്താ?”

“ജോൺ സ്റ്റീവ്”

“ബോയ് ആണ് അല്ലേ?” അവരുടെ ചോദ്യത്തിന് വളരെ സത്യസന്ധമായിത്തന്നെ അവൾ മറുപടിയും നൽകി, അൽപം വിശദമായിത്തന്നെ.

“മൂന്നു ബോയ്സും ഞാനും ഒരു ഗ്രൂപ്പായാണ് ഞങ്ങളുടെ ടേബിളിനു ചുറ്റും ഇരിക്കുക…” ഒന്നുകൂടി വ്യക്‌തമാക്കാനെന്നോണം അവൾ തുടർന്നു.

“എനിക്കതാണ് കംഫർട്ടബിൾ ആയി തോന്നുന്നത്. ഗേൾസ് വളരെ മീൻ ആണ് അച്ചൂ…” സത്യം പറയുന്നതിലെ ശുദ്ധതയും നൈർമല്യവും അവളുടെ സ്വരത്തിലും കണ്ണുകളിലുമുണ്ടായിരുന്നു.

എത്ര നിഷ്ക്കളങ്കമാണ് ബാല്യം… വളർച്ചയും അറിവും നേടുന്തോറും തെളിവെള്ളത്തിൽ കലരുന്ന മാലിന്യം പോലെ… ഗ്രാൻമായ്ക്ക് എന്തിനെന്നറിയാതെ വല്ലാത്ത നൊമ്പരമനുഭവപ്പെട്ടു.

പ്രത്യേകിച്ച് സംഭവവികാസങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ കടന്നു പോകവെയാണ് അതുണ്ടായത്. അന്നും പതിവുപോലെ ഒച്ചയും ബഹളവുമായാണ് ആ ഫ്ളോറിലെ കൊച്ചു മതേതര രാഷ്ട്രം ലിഫ്റ്റിൽ നിന്നു പുറത്തേക്കു ചാടിയത്. ഒരാരവത്തോടെ അവർ കോറിഡോർ ഒന്നാകെ കുലുക്കി മറിച്ചു. ബഹളം കേട്ട് ഗൗരിയുടെ അമ്മ വാതിൽ തുറന്ന് പുറത്തേക്കു വന്നു.

“ഇന്നലെ ഹൂദ ഇബ്രാഹിമിനു കിട്ടി, ഇന്ന് നൂറാനും കിട്ടീത്രെ… അമ്മേ” ഗൗരിയ്ക്ക് ആവേശത്താൽ ശ്വാസം മുട്ടി.

“എന്തുകിട്ടീ എന്നാ ഈ കുട്ടി പറയണത്?” ഗ്രാൻമാ ആകാംക്ഷയോടെ ചോദിച്ചു. ഗൗരിയുടെ അമ്മയും കൈമലർത്തി.

“എന്തെങ്കിലും ഗ്രെയ്സ് കാർഡാവും… അല്ലേ? ” ഇന്നലെ സ്കൂളിൽ നിന്നു വന്ന ഉടനെ ഗൗരി ബാഗിൽ നിന്ന് എന്തെല്ലാമോ കാർഡുകൾ പുറത്തെടുത്തു. അവ ഗ്രാൻമായെ ഏൽപ്പിച്ച് വിടർന്ന മുഖത്തോടെ അവൾ പറഞ്ഞു.

“ക്ലാസിൽ ബിഹേവിയറിനും നല്ല പാർട്ടിസിപ്പേഷനും എനിക്കു കിട്ടിയ ഗ്രെയ്സ് കാർഡുകളാണ്. അച്ചൂന് സന്തോഷായോ?” അവൾ നല്ലൊരു പ്രതികരണം പ്രതീക്ഷിച്ച് അവരുടെ മുഖത്തേക്കു നോക്കി.

“പിന്ന്യേ… ഗ്രാൻമായുടെ കുട്ടി മിടുക്കിയല്ലേ…” ചേർത്തു നിർത്തി നെറുകയിൽ ഉമ്മ വച്ചപ്പോൾ അവളുടെ മുഖം കാണേണ്ടതായിരുന്നു. സന്തോഷമോ അഭിമാനമോ എന്തെല്ലാമോ അവിടെ തിരതല്ലി.

“ഇന്നെന്താണാവോ കിട്ടിയിരിക്കണത്, അല്ലേ?” ഗ്രാൻമായുടെ സ്വരത്തിൽ ആകാംക്ഷ.

“ഒന്നും കിട്ടിതല്ല, അമ്മേ… പ്രായം തികഞ്ഞു എന്നതിനു പറയുന്നതാണ്… കുട്ടികളുടെ ഒരു കാര്യം…” ഗൗരിയുടെ അമ്മ പറഞ്ഞു തീരുന്നതിനു മുമ്പ് കിട്ടിയ രണ്ടു ഭാഗ്യവതികളും ഫ്ളാറ്റിനുള്ളിലേക്ക് ഇടിച്ചു കയറി വന്നു. വല്ലാത്ത ഉത്സവത്തിമിർപ്പോടെ പൊട്ടിച്ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവർ.

നൂറാൻ ഈജിപ്ഷ്യനും ഹൂദാ മുഹമ്മദ് അറബിയുമാണ്. ഇവരെ എതിരേറ്റും പിന്തുണച്ചും കൊണ്ട് പല രാജ്യക്കാരായ വേറെയും പെൺകുട്ടികൾ കൂട്ടത്തിലുണ്ട്. മഞ്ഞിൻ കണങ്ങളേറ്റ് തിളങ്ങി നിൽക്കുന്ന പൂമൊട്ടുകൾ പോലെയുള്ള നൂറാനേയും ഹൂദയേയും ആരാധനയോടെയാണ് മറ്റുള്ള കുട്ടികൾ നോക്കുന്നത്.

പെട്ടെന്ന് ഗൗരിയുടെ അമ്മക്കൊരു സംശയം… ബയോളജിക്കലായുള്ള ഒരു സംഭവം… ഇന്നലെ നൂറാനു സംഭവിച്ചു എന്നു പറയുന്നത് ഇന്നു തന്നെ ഹൂദയ്ക്ക് സംഭവിച്ചു കൂടായ്കയില്ല. എങ്കിലും എവിടെയോ ഒരു പൊരുത്തക്കേട്… എല്ലാവരും പത്തും പതിനൊന്നും വയസ്സുള്ളവർ… പകർച്ച വ്യാധിയൊന്നുമല്ലല്ലോ, ഇത്… അമ്മ സന്തോഷം പ്രകടിപ്പിക്കാത്തതിൽ ഗൗരിക്കു നിരാശയുണ്ടെന്നു തോന്നുന്നു. അവളുടെ മുഖം ഇരുണ്ടു.

“അമ്മ എന്താ ഹാപ്പി ആവാത്തത്?” അവൾ ചിണുങ്ങലോടെ ചോദിച്ചു.

“നിനക്ക് ഇതിനെപ്പറ്റിയൊക്കെ അറിയാമോ” അവൾ ഉത്തരമൊന്നും പറഞ്ഞില്ല, എന്തു മണ്ടൻ ചോദ്യം എന്ന മട്ടിൽ അമ്മയെ ഒന്നു നോക്കിയതല്ലാതെ പെട്ടെന്നു തന്നെ അവൾ വാചാലയായി.

“എന്തു മണ്ടത്തരാ അമ്മ പറയണത്? യൂ ട്യൂബിൽ നോക്കിയാൽ എല്ലാം അറിയാലോ…” കൂടുതൽ അറിവുകൾ നേരിടാതിരിക്കാനെന്നോണം അമ്മ അടുക്കളയിലേക്കു പിൻവാങ്ങി.

ഇടക്കു വച്ച് എന്തോ ഓർത്തിട്ടെന്ന വണ്ണം വീണ്ടും ഗൗരി ഗ്രാൻമായുടെ അടുത്തേക്ക് ഓടി വന്നു. അമ്മ കേൾക്കുന്നില്ല എന്നുറപ്പുവരുത്തിയശേഷം അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“അതേ… എനിക്ക് പേട്യാവ്ണ്ണ്ട്, അച്ചൂ…”

“എന്തിനാ പേടിക്കണത്? പെൺ കുട്ട്യോളായാ ഇങ്ങനൊക്കെ ഉണ്ടാവും…” അവർ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.

“അതല്ല… നൂറാനും ഹൂദയും എല്ലാവരും പറയ്വാ… ഇങ്ങനെ ഉണ്ടായാൽ മാത്രേ വുമൺ ആവുകയുള്ളൂത്രേ… ഞാൻ ഇപ്പോ ഗേളല്ലേ?”

കൂട്ടുകാർക്കു കിട്ടിയത് തനിക്ക് കിട്ടാത്തതിന്‍റെ നേരിയ മ്ലാനത അവളുടെ മുഖത്ത് പടർന്നു കിടപ്പുണ്ടായിരുന്നു. എന്താണ് ഗൗരിയോട് പറയേണ്ടതെന്നറിയാതെ മൗനം പാലിക്കുകയാണ് ഉണ്ടായത്. തന്‍റെ ഈ പ്രായത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുവാൻ തന്നെ മടിയായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ…! അവർക്ക് എല്ലാം അറിയാം.

നീണ്ട കാലത്തേക്കുള്ള വസന്തമാണ് അവർ കാത്തിരിക്കുന്നത്. ജൈവ ശാസ്ത്രപരമായ മാറ്റങ്ങൾ എത്ര നേരത്തെയാണ് പ്രകൃതി ഒരുക്കുന്നത്… സമൂഹത്തിലെ വെല്ലുവിളികളും ചൂഷണങ്ങളും കഴുകൻ കണ്ണുകളും ഇത്തിരിപ്പോന്ന ഈ കുഞ്ഞുങ്ങൾ എങ്ങനെ തിരിച്ചറിയും…

വീണ്ടും വരാന്തയിൽ ഒരു പറ്റം കൂട്ടികളുടെ ആർപ്പുവിളിയും ബഹളവും കേട്ടുതുടങ്ങി. അതിനിടയിൽ നിന്നും ഗൗരിയും റെയ്ച്ചലുമൊക്കെ ഉച്ചത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു.

“ഇറ്റ് വാസ് എ ഫെയ്ക്ക് ന്യൂസ്…” ആവേശത്തള്ളിച്ചയാൽ അടഞ്ഞു പോയ സ്വരത്തോടെ ഗൗരി വീടിനുള്ളിലേക്കു നോക്കി കൂവിയാർത്തു.

“അമ്മേ, അച്ചൂ… നൂറാൻ പറഞ്ഞത് ഫെയ്‌ക്കാണ്… പറ്റിച്ചതാണ്…” ഗൗരി ആശ്വാസത്തോടെ പുറത്തേക്കോടി.

ഗൗരിയുടെ അമ്മയും ഗ്രാൻമായും പരസ്പരം നോക്കി, എന്തു പറയണമെന്നറിയാതെ. തന്‍റെ തലമുറയിൽപ്പെട്ടവർ സ്വന്തം അമ്മയോടു പോലും പറയാൻ മടിച്ചിരുന്ന കാര്യം എത്ര വ്യക്‌തതയോടെയാണ് ഇന്നത്തെ കുട്ടികൾ പറയുന്നത്! ലജ്‌ജയോ അറപ്പോ അവരെ തൊട്ടുതീണ്ടിയിട്ടില്ല.

പുതിയ വേവലാതികളും വിഹ്വലതകളുമായി ഗൗരിയും സംഘവും വരാന്തയിൽ കൂടെ തിരക്കിട്ടു നടന്നുപോയി. രണ്ടു ദിവസം മുമ്പ് വുമൺ ആയ പെൺകുട്ടി അവളുടെ പാവയേയും കൈയിലെടുത്ത് അവരോടൊപ്പം എത്താനായി ഓടുന്നുണ്ടായിരുന്നു.

മനോഹരമായ ലോകവും അതിനുള്ളിലെ സന്തോഷവും മാത്രം കാണുന്ന ഈ കുഞ്ഞുങ്ങൾ…  അവരെ എതിർപ്പാർത്തിരിക്കുന്ന ലോകത്തിന്‍റെ വികൃതമായ മുഖവും പരുക്കൻ യാഥാർത്ഥ്യങ്ങളും തിരിച്ചറിയുമ്പോൾ പതറിപ്പോകുമല്ലോ എന്നോർത്ത് ഗ്രാൻമായുടെ നെഞ്ചു പിടഞ്ഞു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें