Story: പ്രതീകം

ആകാശത്തിനും മേഘത്തിനും താഴെയായി പൂത്തുലഞ്ഞു നിൽക്കുന്ന വാകമരം. അതിനു താഴെ തണൽ പറ്റി ഞാനും ഒരുപറ്റം ആളുകളും. എല്ലാവരും പല സ്ഥലങ്ങളിലേയ്ക്ക് പുറപ്പെടുന്ന ബസ്സിനു വേണ്ടി കാത്തു നിൽക്കുന്നു. പരസ്പരം അറിയില്ലെങ്കിലും അനാവശ്യ ചർച്ചകൾ നടത്തുന്നു, ചിലർ കളിതമാശകൾ പറയുന്നു ചിലർ ചിന്താമഗ്നരായി നിൽക്കുന്നു.

സൂര്യൻ ആരോടൊക്കെയോ ഉള്ള പ്രതികാരം പോലെ കത്തിയമരുന്നു. അസഹ്യമായ ചൂട്… വെയ്റ്റിംഗ് ഷെഡിൽ കയറി ഇരിക്കാൻ പറ്റില്ല. പലതരം പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തിഹീനം ആക്കിയിരിക്കുന്നു. ഒന്ന് ഇരിക്കാൻ പോലും സ്ഥലമില്ല. ആകെ മുറുക്കി തുപ്പി ചുവപ്പിച്ച് വച്ചിരിക്കുന്നു.

വൃത്തി എന്നത് അവനവന്‍റെ വസ്ത്രത്തിലും സൗന്ദര്യത്തിലും മാത്രമായി ഒതുക്കിയിരിക്കുന്നു, ഞാനുൾപ്പടെയുള്ള സകല മലയാളികളും.

എനിക്ക് ലജ്ജ തോന്നി. എന്‍റെ മാത്രമല്ല, പലരുടെയും തലകൾ താഴ്ന്നു പോകുന്നു ലജ്ജ കൊണ്ട് പലപ്പോഴായി. ഒന്നിനോടും പ്രതികരിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി അതിനു മുകളിൽ വെളുത്ത ചിരി തേച്ച് നടക്കുന്നു നമ്മൾ.

“ശാർ…” ആ വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി.

“ശാപ്പിട്ടിട്ട് രണ്ട് നാളാച്ച് ശാർ, എന്തെങ്കിലും കൊടുങ്കയ്യാ…”

ഞാൻ അയാളെ ആകെ ഒന്നു നോക്കി. നല്ല കറുത്തു തടിച്ച ഒരു വയറൻ തവളയെപ്പോലെ തോന്നി. വെയിലത്തു നടന്നു വന്നത് ഒഴിച്ചാൽ അവശതകൾ തോന്നാത്ത ഒരു വയറൻ. എനിക്ക് അയാളോട് പുച്ഛവും ദേഷ്യവും തോന്നി.

“ദൂരെ പോ… എന്‍റെ കൈയിൽ ഒന്നുമില്ല.” അയാൾ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടുന്നത് ഞാൻ നോക്കി നിന്നു.

പാവം, ചിലപ്പോൾ വിശന്നിട്ട് ആയിരിക്കും. അയാൾക്ക് വയറുണ്ടെന്നു കരുതി വിശക്കാതിരിക്കില്ലല്ലോ.

കൊന്ത്രപ്പല്ലന്‍റെ മരണവും കുടവയറന്‍റ വിശപ്പും ആരും അറിയില്ല എന്ന് പറയുന്നതിലെ ശരിയെപ്പറ്റി ഞാൻ ഓർത്തു.

അയാൾ എത്ര ആരോഗ്യവാൻ ആയിരുന്നാലും അയാൾക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു. ഒന്നുമില്ലങ്കിലും എന്‍റെ മുമ്പിൽ കൈ നീട്ടിയതല്ലേ… എനിക്ക് വളരെ കുറ്റബോധം തോന്നി.

എന്‍റെ കണ്ണുകൾ അയാളെ തിരഞ്ഞു. അയാളെ അവിടെയെങ്ങും കാണുന്നില്ല. അയാൾ അടുത്ത ആൾക്കൂട്ടത്തെ തിരഞ്ഞ് പോയി കാണും എന്ന് ഞാൻ എന്നെ തന്നെ വിശ്വസപ്പിക്കാൻ ശ്രമിച്ചു.

എന്നിലെ നന്മകൾ എനിക്ക് കൈമോശം വന്ന് തുടങ്ങിയിരിക്കുന്നു. ഞാൻ വേറെ ഏതോ മനുഷ്യൻ ആയി മാറാൻ തുടങ്ങിയിരിക്കുന്നു.

പഠിക്കുന്ന കാലത്ത് അനീതികൾക്ക് എതിരെ ശബ്ദം ഉയർത്താൻ തോന്നിയിരുന്നു. പലപ്പോഴും പലതിനും ഇറങ്ങി തിരിച്ചിട്ടുമുണ്ട്…

പക്ഷേ, എല്ലായ്പ്പോഴും എന്നിലെ ഭീരു എന്നെ പുറകോട്ടു വലിച്ചു നിർത്തി. ഭാര്യ, മക്കൾ, കുടുംബം എന്നിവയിലേക്ക് ഇന്ന് ഞാൻ ലോപിച്ചിരിക്കുന്നു. എന്‍റെ വീടിന്‍റെ ജനലും വാതിലും ഞാൻ തന്നെ അടച്ചു.

കൂടെ എന്‍റെ മനസ്സും കണ്ണും കാതും. എല്ലാം സഹിച്ച് ഒന്നിനോടും പ്രതിബദ്ധത ഇല്ലാതെ പ്രതികരിക്കാതെ സെന്‍റിമെൻസില്ലാതെ ഞാൻ മാറിയിരിക്കുന്നു, ഈ കാലഘട്ടത്തിന്‍റെ പ്രതീകം…

എനിക്ക് പോകാനുള്ള ബസ്സ് വന്നു. ഞാൻ അതിൽ കയറി, ഇനി യാത്ര. ഇനിയും ദൂരം ഒരുപാട് താണ്ടാനുണ്ട്.

Story: പ്രായശ്ചിത്തം

തന്‍റെ ഭർത്താവിനെ ആദ്യമായി കണ്ട ദിവസത്തെപ്പറ്റി വീണ വെറുതെയോർത്തു. കരിക്കട്ട പോലുള്ള നിറവും മെലിഞ്ഞുണങ്ങിയ ദേഹവും ഒരു ഭംഗിയും അവകാശപ്പെടാനില്ലാത്ത മുഖവുമായിരുന്നു ബാലാജിക്ക്. അന്നുതന്നെ അവൾ ശക്തമായി എതിർത്തതാണ്. ബാങ്കുമാനേജരായിരുന്ന ബാലാജിയുടെ ആലോചന വേണ്ടെന്നു വയ്ക്കാൻ മാതാപിതാക്കൾക്ക് പക്ഷേ സമ്മതമായിരുന്നില്ല. അവസാനം അവൾ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു. അവൾക്കതൊരു ബലിയർപ്പണമായിത്തന്നെ തോന്നി.

വിവാഹനാളകൾ അടുക്കുന്തോറും സാധാരണം പെൺകുട്ടികൾ കാണുന്നതരം സ്വപ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. എങ്ങനെ കാണാനാണ്? ധനവും പ്രതാപവുമൊന്നുമല്ല അവൾ ആഗ്രഹിച്ചിരുന്നതും. വിവാഹശേഷം വീണയുടെ പിറന്നാളിന് ബാലാജി ഒരു നെക്ലേസ് വാങ്ങിക്കൊണ്ടുവന്നു.

“നോക്ക് വീണാ എങ്ങനെയുണ്ടെന്ന്? നിന്‍റെ കൂട്ടുകാരികൾ കണ്ടാൽ അസൂയപ്പെടും” അവൾ മാല വാങ്ങി ഒന്നു നോക്കുക പോലും ചെയ്യാതെ നീരസത്തോടെ മേശപ്പുറത്തേക്കിട്ടു.

“നിനക്കിഷ്ടായില്ലെങ്കിൽ വേറെ വാങ്ങാം.”

ബാലാജിക്ക് വിഷമമായി. പണവും സ്വർണവും മറ്റുള്ളവരെ അസൂയപ്പെടുത്താനുള്ളതാണോ? ഇയാൾ എന്തൊക്കെയാണ് ധരിച്ചു വച്ചിരിക്കുന്നത്? വീണ മനസ്സിലോർത്തു.

“എനിക്ക് നിങ്ങടെ ഒന്നും വേണ്ട” അവൾ ദേഷ്യത്തോടെ പറഞ്ഞു.

“നിനക്ക് എന്‍റെ താൽപര്യങ്ങളൊന്നുമിഷ്ടമല്ലാത്തതെന്താ?”

“നിങ്ങൾക്കത് മനസ്സിലാകില്ല. ഒരിക്കലും മനസ്സിലാകില്ല.” അവളുടെ ശബ്ദം നിറയെ അവജ്ഞയായിരുന്നു.

അനന്തുവിന് എന്തു പ്രത്യേകതയാണുള്ളത്? വീണ അയാളിലേക്ക് ഇത്രയധികം ആകർഷിക്കപ്പെടാൻ? സ്മാർട്ട്നെസ്സും വാചാലതയും ആകാരഭംഗിയും എന്നതിലുപരി കുസൃതി നിറയുന്ന ആ കണ്ണുകളാണോ? അറിയില്ല. അനന്തുവിന്‍റെ സംസാരവും ചിരിയുമൊക്കെ കാണുമ്പോൾ ഒരു നേർത്ത നൊമ്പരം അവളെ പൊതിയാറുണ്ട്. “അനന്തുവിനെ കല്യാണം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ” എന്നാൽ മനസ്സിലൊരിഷ്ടവും തോന്നാത്ത ബാലാജിയോടൊപ്പം അവൾ അഗ്നിക്ക് പ്രദക്ഷിണം വച്ചു പോയില്ലേ?

ചേർത്തലയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന അനന്തുവും ബാലാജിയും കുട്ടിക്കാലം മുതൽ ഒന്നിച്ചു പഠിച്ചതാണ്. ബാലാജിയെന്നു വച്ചാൽ അയാൾക്കു ജീവനാണ്. ബാലാജിയുടെ വിവാഹശേഷം ആദ്യ ഏതാനും മാസങ്ങളിൽ എത്തി അല്പനേരം കഴിഞ്ഞയുടൻ തന്നെ അനന്തു തിരികെ പോവുമായിരുന്നു. പിന്നെപ്പിന്നെ അയാൾ വീട്ടിൽ തങ്ങുന്ന നേരം വർദ്ധിച്ചു വന്നു. ബാലാജിയുമായി ദീർഘനേരം സൊറ പറഞ്ഞ്, അല്പസ്വല്പം സ്മാളുമൊക്കെ കഴിച്ച് അങ്ങനെയങ്ങനെ… വീണ ഒന്നിനും തടയിട്ടില്ല. അനന്തു വീണയോട് ആദ്യമൊക്കെ ലജ്ജാലുവായിട്ടാണ് പെരുമാറിയത്. പിന്നീട് വീണയുടെ പ്രത്യേക താല്പര്യം അയാൾ മനസ്സിലാക്കി. അയാളുടെ തൊട്ടടുത്തിരുന്ന് സംസാരിക്കുന്നതുപോലും അവൾ മോശമായി കരുതിയില്ല.

അനന്തു മുടങ്ങാതെ ആ വീട്ടിലെത്തുകയും അവൾ സ്നേഹത്തോടെ അവനെ സ്വീകരിച്ച് ഭക്ഷണം നൽകുകയും ചെയ്‌തു പോന്നു. ബാലാജിക്കും സന്തോഷം തോന്നി. ചിലപ്പോൾ ബാലാജിയെത്തുമ്പോൾ അനന്തു ഊണും കഴിഞ്ഞുറങ്ങുകയായിരിക്കും. ഇതു കാണുമ്പോൾ ബാലാജിയുടെ മനസ്സിൽ ആയിരം ചെന്താമര വിരിയും. അയാൾ പോയിക്കഴിയുമ്പോൾ ബാലാജിയുടെ ഉത്സാഹമെല്ലാം തീരുകയും ചെയ്യും.

വീണ ഇരട്ടക്കുട്ടികളുടെ അമ്മയായി തീർന്നത് അധികം താമസമില്ലാതെയാണ്. ഇത്രവേഗം കുട്ടികൾ വേണ്ടെന്നായിരുന്നു അവൾക്ക്. രണ്ടു കുഞ്ഞുങ്ങളുടെ കൂടി കാര്യം നോക്കേണ്ട അവസ്‌ഥ വന്നിട്ടും അനന്തുവിനെ കാണുമ്പോൾ അവൾ ഉല്ലാസഭരിതയാവും. അമ്മയായിക്കഴിഞ്ഞതോടെ അവളുടെ രൂപലാവണ്യം ഒന്നു കൂടി വർദ്ധിച്ചു. യൗവനത്തുടിപ്പാർന്ന അവളുടെ ശരീരത്തിൽ അനന്തുവിന്‍റെ കണ്ണു പതിയുമ്പോഴൊക്കെ ശരീരം ഇത്തിരി പ്രദർശിപ്പിക്കാൻ അവൾ മടിച്ചില്ല. സൗന്ദര്യം മൂടി വയ്ക്കാനുള്ളതല്ലല്ലോ, ആസ്വദിക്കാനുള്ളതല്ലേ? സൗഹൃദത്തിന്‍റെ പേരും പറഞ്ഞ് അനന്തുവും കൂടുതൽ അടുക്കുകയായിരുന്നു.

ഒരു ദിവസം ധാരാളം മദ്യപിച്ച് ബാലാജി സോഫയിൽ തന്നെ തളർന്നുറങ്ങി. അനന്തു വീണയുടെ അടുത്തു ചെന്ന് അവളുടെ കൈകളിൽ പിടിച്ചു. നാണം കൊണ്ട് അവളുടെ മുഖം ചുവന്നു.

“ഒരു പെഗ് കൂടി കഴിക്കൂന്നേ” വികാര വായ്പോടെ അവൾ പറഞ്ഞു. “വേണ്ട ചേച്ചി, ഇനി വേണ്ട. ചേച്ചിക്കറിയാമോ എന്നെ നിയന്ത്രിക്കാനാരുമില്ല. വെളിവില്ലാതെ ഞാൻ രാത്രിയിൽ പോകുമ്പോൾ വഴിതെറ്റിയാൽ തന്നെ ആർക്കെന്താ നഷ്ടം?”

“എന്നാൽ ഇന്നിവിടെ കിടക്കാം.” അവൾ ലജ്ജയോടെ മൊഴിഞ്ഞു.

“ആത്മാർത്ഥമായിട്ട് പറയുകയാണോ?”

വീണ കിലുക്കാംപെട്ടി പോലെ ചിരിച്ചു. അനന്തു അവളെ കരവലയത്തിലാക്കി. അവൾ അവനിലേക്ക് അലിഞ്ഞു. അവരുടെ നിശ്വാസങ്ങളൊന്നായി. മനസ്സിൽ വികാര തിരമാലകൾ തീരത്തെ കവർന്നു. ശരിയും തെറ്റും ചിന്തിക്കാൻ പ്രയാസമുള്ള സമയമായിരുന്നു.

“എ… എന്താ ഭ്രാന്തു പിടിച്ചോ?” വികാര വായ്പോടെ അവൾ ചോദിച്ചു.

“അതേ എനിക്കു വട്ടാണ്. നിന്നോടുള്ള ഇഷടം കൊണ്ടുണ്ടായ വട്ട്.”

“ഞാൻ വിവാഹിതയാണെന്നറിഞ്ഞിട്ടും.”

“അതൊന്നും എനിക്ക് പ്രശ്നമല്ല. സ്നേഹത്തിനു മുന്നിൽ ഇതൊന്നുമൊരു തടസമല്ല.”

വീണ പതുക്കെ അയാളുടെ ശരീരത്തിൽ നിന്നടർന്നു മാറി. പരപുരുഷന്‍റെ മാദക സ്പർശം അവളുടെ ആത്മാവിനെത്തന്നെ ഇളക്കി മറിച്ചു.

ബാലാജിക്ക് അവളെ ഇങ്ങനെ സ്നേഹിക്കാൻ പറ്റാത്തതെന്തുകൊണ്ടാണ്? പ്രേമത്തിന്‍റെ തുറന്ന പ്രകടനം ജീവിതത്തിന് അനിവാര്യമാണ്. അനന്തുവിനതുണ്ട്. ഇതാണ് രണ്ടുപേരും തമ്മിലുള്ള അന്തരം. ഒരാൾ ശവശരീരം പോലെ ഭാവഹീനൻ. ഒരാൾ മെഴുകുപോലെ ഭാവം ഉരുക്കുന്നു. തുലനം ചെയ്യുമ്പോൾ അനന്തുവിന്‍റെ തട്ടാണ് താഴ്ന്നിരിക്കുന്നത്.

അനന്തുവിന്‍റെ മാദകസ്പർശം ഓർത്തോർത്ത് വീണ കിടന്നു. ആ രാത്രി അവൾക്കുറങ്ങാൻ സാധിച്ചില്ല. അവന്‍റെ ചിരിയും സംസാരവും അവളുടെ ഹൃദയത്തിനു ചുറ്റും പ്രദക്ഷിണം വച്ചു. അവളുടെ സിരകളിലൂടെയൊഴുകുന്ന രക്തത്തിന് അപ്പോൾ പതിവിൽ കവിഞ്ഞ ചൂടുണ്ടായിരുന്നു. അനന്തുവിന്‍റെ അസാന്നിധ്യം അവൾക്ക് അസഹ്യമായി തോന്നി. അവൻ ഒരു ദിവസം വരാതിരുന്നാൽ വീണ ആ ദേഷ്യം ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളോടോ ബാലാജിയോടൊ തീർക്കും.

രണ്ടു വർഷങ്ങൾ കടന്നു പോയി. അവരുടെ സ്നേഹം അതിരില്ലാതെ വളർന്നു.

“അനന്തു, എത്ര നാളെന്നുവച്ചാ ഇങ്ങനെ കഴിയുക? ചിലപ്പോ എനിക്കു തോന്നും ബാലുവിന് എന്നെ സംശയമുണ്ടെന്ന്.”

“ഇതിൽ പേടിക്കാനെന്തിരിക്കുന്നു? ഞാൻ നിന്നെ അങ്ങ് കട്ടോണ്ടു പോകും.”

“അപ്പോൾ കുട്ടികളോ?”

“അവരെ നീ ഉപേക്ഷിക്കണം.”

“അതെങ്ങനെ?… പറ്റില്ലെനിക്ക്”

“നന്നായി ആലോചിക്ക്. ബാലു നോക്കിക്കോളും അവരെ. നീയെന്തിനാ വിഷമിക്കുന്നത്?”

“കുട്ടികളെ കാണാതെ എങ്ങനെ ജീവിക്കും ഞാൻ?”

“ഇടയ്ക്കിടെ പോയി കാണാല്ലോ? ഇതേ എനിക്ക് ചെയ്യാൻ പറ്റൂ.” അനന്തു അവളുടെ മുടിയിഴകളിൽ തലോടി.

കുട്ടികളെ കാണാതെ എങ്ങനെ ജീവിക്കും ഞാൻ? മോഹവലയങ്ങളിൽ നിന്ന് രക്ഷപ്പെടുകയും അത്ര എളുപ്പമല്ല. കുഞ്ഞുങ്ങളുടെ പൂപോലെയുള്ള മുഖം അവളിൽ കുറ്റബോധമുണർത്തി. അനന്തുവിനെ മോഹിച്ച അതേ വേഗതയിൽ അവൾ യാഥാർത്ഥ്യത്തിലേക്കിറങ്ങി വന്നു. കുട്ടികളുടെ നിഷ്കളങ്കമായ മന്ദഹാസം അവളുടെ മനസ്സിനെ ഇളക്കി മറിച്ചു.

മോഹം മനസിന്‍റെ മായാജാലമാണെന്നവൾക്ക് മനസ്സിലായി. മനുഷ്യൻ എന്തൊക്കെ വിചാരിച്ചു കൂട്ടുന്നു? പ്രേമത്തിന്‍റെ ആഴങ്ങളിൽ മുങ്ങാങ്കുഴിയിടുന്നു. ഒരു തരത്തിൽ അവളുടെ സ്വാർത്ഥതയും ആത്മാർത്ഥതയില്ലായ്മയുമല്ലേ. കുട്ടികളെ ഉപേക്ഷിച്ച് ജീവിതം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. പ്രണയത്തിന്‍റെ വഴിത്താരയിൽ ഏതാനും ദൂരം മാത്രം പ്രണയികൾ സ്വയം സമർപ്പിക്കും.

അങ്ങനെയിരിക്കെ ഒരു ദിവസം അനന്തു രഹസ്യമായി വീണയ്ക്ക് ഫോൺ ചെയ്‌തു. അവളുടെ മനസ്സ് വീണ്ടും ചാഞ്ഞിറങ്ങി. ബാലാജി ബാങ്കിലായിരുന്നു. അനന്തുവിനൊപ്പം ഇറങ്ങിച്ചെല്ലാൻ അനന്തു രണ്ടു മണിക്കൂർ സമയം വീണയ്ക്കു നൽകി. അവൾ വേഗം ഒരു സ്യൂട്ട്കെയ്സിൽ വസ്ത്രങ്ങളും കുറച്ചു പണവും എടുത്തു വച്ചു.

“മമ്മീ, നമ്മൾ അപ്പൂപ്പനെ കാണാൻ പോവാണോ?” കുട്ടികൾ സന്തോഷത്തോടെ ഓടി വന്നു.

അവരുടെ മുഖത്തു കണ്ട നിഷ്കളങ്കതയും സന്തോഷവും അവളുടെ മനസ്സു തളർത്തി. “ഞങ്ങടെ ഉടുപ്പു വയ്ക്കാത്തതെന്താ?” അവളുടെ മൗനം കണ്ട് അവർ വീണ്ടും ചോദിച്ചു. വീണയ്ക്ക് ഉത്തരമില്ലായിരുന്നു. എന്താണവൾ പറയേണ്ടത്? മക്കളെ ഉപേക്ഷിക്കുകയാണെന്നോ? അതും എന്നെന്നേയ്ക്കുമായി?

അവളിലെ അമ്മ ഉണർന്നു. “എന്തു ചെയ്യാനൊരുങ്ങുകയായിരുന്നു ഞാൻ?” ഒരു വശത്ത് പ്രണയവും മറുവശത്ത് വാത്സല്യവും അവളുടെ ആത്മാവിനെ പൊള്ളിച്ചു. അടുത്ത നിമിഷം അവൾ സ്വയം നിയന്ത്രിച്ചു. “എവിടെയും പോകുന്നില്ല ഞാൻ. ഒരിക്കലും.” അവൾ പുറത്തെ പുൽത്തകിടിയിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞ് ജനാലവഴി ഒളിഞ്ഞു നോക്കിയപ്പോൾ അനന്തു പുറത്തെ റോഡിൽ കാത്തുനിൽക്കുന്നത് കണ്ടു. അവൾ പതിയെ കുട്ടികളുടെ സമീപത്തേയ്ക്ക് പോന്നു.

എങ്കിലും അനന്തു വീട്ടിലേയ്ക്കുള്ള വരവ് നിർത്തിയില്ല. അയാൾക്കേ ഇതു പറ്റൂ. കുറച്ച് ദിവസങ്ങൾക്കു ശേഷം വീണയുടെ മാതാപിതാക്കൾ അവളെ കാണാനെത്തി. ഇരട്ടക്കുട്ടികളെ നോക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് അവൾ അറിയിച്ചു. ബാലാജിയുമായി യോജിച്ചു പോകാൻ ബുദ്ധിമുട്ടാണെന്നും വിവാഹമോചനം ആഗ്രഹിക്കുന്നുവെന്നും അവൾ രഹസ്യമായി അമ്മയോട് സൂചിപ്പിച്ചു. അമ്മയ്ക്ക് ഞെട്ടലാണുണ്ടായത്. അവളെ രഹസ്യമായിത്തന്നെ ഉപദേശിക്കുകയും ചെയ്‌തു.

അമ്മ അപ്പോൾ പറഞ്ഞു “പിള്ളേരെ കുറച്ചുനാൾ ഞങ്ങൾ നോക്കാം. അവർക്കും അത് സന്തോഷമാവും.”

ഈ സംസാരം ബാലാജിക്ക് തീരെ രസിച്ചില്ലെങ്കിലും അവരുടെ മുമ്പിൽ വച്ച് അയാളൊന്നും മിണ്ടിയില്ല. ദാമ്പത്യ ജീവിതത്തിലെ സഹനം അയാൾ പരിശീലിച്ചു കഴിഞ്ഞിരുന്നു. കുട്ടികളെ അയാൾ സ്വന്തം മാതാപിതാക്കളുടെ അടുത്താക്കി. രണ്ടാഴ്ചകൾ കഴിയുന്നു. അവരെ കാണാതിരിക്കാൻ പ്രയാസമായിട്ടും അയാൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചില്ല.

അതേസമയം അനന്തുവിന്‍റെ ആശകൾ നിറവേറുകയായിരുന്നു. ബാലാജി പോയിക്കഴിഞ്ഞാൽ മണിക്കൂറുകളോളം അയാളാ വീട്ടിൽ അവളോടൊപ്പമാണ്. ബാലാജിയുടെ അഭാവത്തിൽ അവിടെ വരരുതെന്നു അപവാദ പ്രചരണത്തിന് അതിടയാക്കുമെന്നും അവൾ പറഞ്ഞു മനസ്സിലാക്കി. അനന്തുവിനും കാര്യം മനസ്സിലായി.

അങ്ങനെ പതുക്കെപ്പതുക്കെ അനന്തുവിന്‍റെ വരവ് കുറഞ്ഞ് ബാലാജിയുണ്ടെങ്കിലേ വരൂ എന്ന അവസ്‌ഥയിലെത്തി. അതും അവളെ ദുഃഖിപ്പിച്ചു. ബാലാജി ഇതൊക്കെ അറിയുന്നുണ്ടോ എന്ന ഭയവും വീണയെ വേട്ടയാടി. അവർ കൂടിക്കാഴ്ച മുഴുവൻ വീടിനു വെളിയിലാക്കി.

ഒരു ദിവസം അവൾ ചോദിച്ചു. “നമ്മൾ എത്ര നാളാ ഇങ്ങനെ?”

“നീ ആഗ്രഹിക്കുന്നിടത്തോളം.”

“ഞാനാകെ ടെൻഷനിലാണ്.”

“ഇതൊരു ജീവിതമാണോ? ഇന്നിവിടെ നാളെ അവിടെ… ഒന്നിച്ചു ജീവിക്കുന്ന കാര്യം പറയുമ്പോ നിനക്ക്…” അനന്തുവിന് കുറേശേ ദേഷ്യം വരുന്നുണ്ടായിരുന്നു.

ദിവസങ്ങൾ പതിവുപോലെ കടന്നു പോയി. തീരുമാനങ്ങൾ എടുക്കുകയും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നത് അവർ തുടർന്നു. ഒരു ദിവസം അനന്തു ഫോൺ ചെയ്‌തു.

“എന്തു തീരുമാനിച്ചു നീ? എത്ര നാളീ കള്ളക്കളി തുടരാനാ ഭാവം?”

“അനന്തു, എനിക്കൊരു തീരുമാനമെടുക്കാൻ കഴിയുന്നില്ല. പിള്ളേരുടെ കാര്യമോർക്കുമ്പോൾ എന്‍റെ ധൈര്യമെല്ലാം ചോർന്നു പോണപോലെ.”

“അവര് അവന്‍റെ കൂടെയോ അപ്പൂപ്പന്‍റെ കൂടെയോ കഴിഞ്ഞോളും. നീയതോർത്ത് വിഷമിക്കേണ്ട.”

“പറയാനെന്തളുപ്പാ. സ്നേഹത്തെക്കുറിച്ച് അനന്തു എന്താ കരുതിയിരിക്കുന്നത്?”

“പിന്നെ ഞാനൊറ്റയ്ക്ക് എത്ര നാളെന്നു കരുതിയാ? എനിക്കുമുണ്ട് മോഹങ്ങള്. നിനക്കു താൽപര്യമില്ലെങ്കിൽ വേണ്ട, പോട്ടെ! എനിക്കും ഒന്നാലോചിക്കേണ്ടി വരും.”

“എനിക്കു കുറച്ചു കൂടി സമയം വേണം അനന്തു” വീണയുടെ കണ്ഠമിടറി.

“പ്ലീസ്, കരയല്ലേ. എനിക്ക് വിഷമമാകും. നീയില്ലാതെ ജീവിക്കാമെന്ന് ചിന്തിക്കാൻ കൂടി പറ്റില്ലെനിക്ക്” അനന്തു അവൾക്ക് ധൈര്യം നൽകി.

ഒന്നുരണ്ടാഴ്ച അവൾ ത്രിശങ്കുവിൽ തന്നെയായിരുന്നു. അനന്തുവിനെ നഷ്ടപ്പെടുന്ന കാര്യം അവൾക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല. നിറഞ്ഞ മനസ്സോടെയാണ് അവൾ സമ്മതം മൂളിയത്.

ബാലാജി ഇല്ലാതിരുന്ന ദിവസം നോക്കിയാണ് അനന്തു വന്നത്. അവൾ ഭയത്തോടെ ടാക്സിയിൽ കയറിയിരുന്നു. ആരെങ്കിലും കാണുന്നുണ്ടോ? അവൾ ചഞ്ചലയായി ഇടയ്ക്കിടെ പുറത്തേയ്ക്കു നോക്കി.

കാർ അവൾക്കറിയാത്ത ഒരു വീട്ടിലെത്തി നിന്നു. ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. ചെയ്തത് തെറ്റായിപ്പോയി എന്ന ബോധം അവളെ വേട്ടയാടി.

യാതൊരു കുറവുകളുമില്ലാത്ത ദാമ്പത്യം ഉപേക്ഷിച്ച് അന്യപുരുഷനോടൊപ്പം എവിടേയ്ക്കാണ് പോകുന്നത്? ലോകം എന്താണ് തന്നെപ്പറ്റി പറയുക? അച്‌ഛനമ്മമാർ എന്തു കരുതും? തന്‍റെ കുരുന്നുമക്കൾ അമ്മയില്ലാതെ എങ്ങനെ ജീവിക്കും? വീണയുടെ സമനില തെറ്റാൻ തുടങ്ങി.

“അനന്തു, എന്നെ തിരികെ കൊണ്ടാക്ക്.” അവൾ ഭയത്തോടെ പറഞ്ഞു.“നിനക്കെന്താ ഭ്രാന്തു പിടിച്ചോ? എല്ലാം ഒന്നു ശരിയായി വന്നപ്പോഴാ…”

“എനിക്ക് പേടിയാവുന്നു” അവൾ ആശങ്കയോടെ അനന്തുവിനെ നോക്കി.

“നീ കാര്യമില്ലാതെ ഭയക്കുകയാണ്. ഞാനെല്ലാം ശരിയാക്കിയിട്ടുണ്ട്. നീ അല്പം കൂടി ധൈര്യം കാണിക്ക്.” അനന്തു അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് പതിയെ പറഞ്ഞു.

പുതിയ നഗരം. പുതിയ സ്ഥലം എല്ലാം അപരിചിതമായി തോന്നി വീണയ്ക്ക്. അവിടേക്ക് ഏതാനും ദിവസത്തെ വിനോദയാത്രയ്ക്കു വന്നതാണെന്ന് വിശ്വസിക്കാനാണവൾക്കു തോന്നിയത്. കുറച്ചു ദിവസത്തെ അലച്ചിലിനു ശേഷം അനന്തുവിന് അവിടെ ജോലി ലഭിച്ചു. വീണ കുട്ടികളുടെ ചിന്തയുമായി, ആധിപൂണ്ടു കഴിഞ്ഞു. റെഡിമെയ്ഡ് ഷോപ്പിലെ സെയിൽസ്മാന്‍റെ ജോലിയായിരുന്നു അനന്തുവിന്. രാവിലെ 8 മണിക്ക് കടയിൽ പോകണം. പകൽ മുഴുവൻ അവളൊറ്റയ്ക്ക്. അവധി ദിവസങ്ങളിലും അനന്തു കറങ്ങാൻ പോയാൽ പാതിരാത്രിയ്ക്ക് തിരിച്ചെത്തു. കൂട്ടിലിട്ട കിളിയേപ്പോലെ അവളുടെ ജന്മം പാഴായിത്തുടങ്ങി.

ഇതിനിടെ അനന്തു മദ്യപാനം തുടങ്ങിയിരുന്നു. ദിവസവും മാറി വരുന്ന അയാളുടെ സ്വഭാവം കണ്ട് വീണയുടെ കണ്ണിൽ നിന്നും ഒഴുകിയത് കണ്ണീരായിരുന്നില്ല, മറിച്ച് ഹൃദയം മുറിഞ്ഞ രക്തമായിരുന്നു. പുതിയ പരിതഃസ്ഥിയിൽ അവൾക്കൊന്നും ചെയ്യാനില്ലായിരുന്നു. ആശകൾ എന്നേ മരിച്ചു കഴിഞ്ഞു. വേദനയും ആശങ്കയും ജീവിതത്തിന്‍റെ പര്യായങ്ങളായിത്തീർന്നു.

വർഷങ്ങൾ കടന്നു പോയി. അനന്തു മദ്യപിക്കാത്തതും വഴക്കു കൂടാത്തതുമായ ഒറ്റ ദിവസം പോലുമില്ല. പ്രതികരിക്കുന്നതിനു പകരം എല്ലാം മിണ്ടാതെ സഹിക്കാൻ അവൾ പഠിച്ചു കഴിഞ്ഞു. അനന്തു സന്തോഷവാനായിരിക്കുമ്പോൾ, താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന തോന്നലാണവൾക്കുണ്ടാകുന്നത്.

അനന്തുവിന്‍റെ സ്നേഹവും വിചിത്രമായ പെരുമാറ്റവും തമ്മിൽ താരതമ്യം ചെയ്യാൻ എന്നിട്ടും വീണയ്ക്ക് സാധിച്ചില്ല. ഇരുവരുടെയും ചിന്താധാരകൾക്ക് സമന്വയമില്ലാതെയായിത്തീർന്നു.

ഗൃഹാന്തരീക്ഷം പൊള്ളുന്നതായിരുന്നു. നെഞ്ചിൽ തീപ്പൊരിയുണ്ടെങ്കിലും അവൾ പ്രതിമയെപ്പോലെ കഴിഞ്ഞു. കണ്ണീരു പൊഴിക്കുന്ന പ്രതിമ.

ഇതിനിടയിൽ വീണയ്ക്കൊരു മോളുണ്ടായി. അവൾ ശ്രദ്ധ മുഴുവൻ കുഞ്ഞിനു നൽകി. കഷ്ടപ്പാടുകൾക്കിടയിൽ ഈ കുരുന്നിന്‍റെ ഗതിയും ഭാവിയുമോർത്ത് അവളുടെ വ്യാകുലത വർദ്ധിച്ചു. അനന്തുവിനോട് ഇക്കാര്യം സംസാരിച്ചാൽ അയാൾ ദേഷ്യപ്പെടും. അനന്തുവിന്‍റെ സാമ്പത്തിക സ്‌ഥിതി ദയനീയമായിവരികയായിരുന്നു. എന്നാലും ചെറിയ കാര്യങ്ങളിൽ പോലും അയാൾ കാണിക്കുന്ന ടെൻഷനും പിശുക്കും അവൾക്ക് അസഹ്യമായി തോന്നി.

ഒരു ദിവസം അനന്തു നല്ല മൂഡിലാണ് തിരിച്ചെത്തിയത്. അതിന്‍റെ പിന്നിലെ രഹസ്യം പിന്നീടാണവൾക്കു മനസ്സിലായത്. “വീണാ നിനക്കും ജോലിക്കു പോയ്ക്കൂടായോ? നിനക്ക് പഠിത്തവുമുണ്ടല്ലോ ഞാൻ മുതലാളിയോട് നിന്‍റെ കാര്യം പറഞ്ഞിട്ടുണ്ട്.”

“ഞാൻ ജോലിക്കു പോകാം. പക്ഷേ മോൾടെ കാര്യമോ?”

“വഴിയുണ്ട്. ഒരായയെ നിർത്താം.” അയാൾ പുഞ്ചിരിച്ചു.

“ഇല്ല, ഞാൻ നിങ്ങൾക്കു വേണ്ടി എന്‍റെ ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ചതാ. ഇനിയും ത്യാഗം സഹിക്കാൻ എനിക്കു പറ്റില്ല.”

“ഓഹോ! ഇപ്പോ കുറ്റം എന്‍റേതായോ? നീ ആത്മവഞ്ചകിയല്ലേടീ നാണം കെട്ടവളേ?”

മുറിവേറ്റ മനസ്സോടെ അവൾ പറഞ്ഞു “നിങ്ങളാണ് വഞ്ചകൻ. സ്വന്തം സുഹൃത്തിനെ വഞ്ചിച്ച നിങ്ങൾ എന്നോടും അതുതന്നെയാണ് ചെയ്യുന്നത്.”

“നീ സ്വയം ഇറങ്ങിപ്പോന്നതല്ലേടീ, ഞാൻ കെട്ടിവലിച്ചു കൊണ്ടു വന്നതല്ലല്ലോ നിന്നെ?”

“നിങ്ങളെന്‍റെ ജീവിതം തുലച്ചു… എന്‍റെ ജീവിതം തുലച്ചു.” അവൾ പൊട്ടിക്കരഞ്ഞു.

“നിനക്കൊരിക്കലും ഇവിടെ സന്തോഷം കിട്ടില്ല. കാരണം, നിന്‍റെ മനസ്സിൽ ഇപ്പോഴും ബാലുവാണ്. അതുകൊണ്ടാണ് എന്‍റെ കുറവുകളെ പരിഹസിക്കുന്നത്.”

“ങ്ഹാ, പരിഹസിക്കും. നിങ്ങൾ എനിക്കെന്താ തന്നിട്ടുള്ളത്? എന്‍റെ സങ്കല്പങ്ങളെ എന്നെങ്കിലും പരിഗണിച്ചിട്ടുണ്ടോ പറയ്! ഒരു കുഞ്ഞിനെ ജനിപ്പിച്ചതല്ലാതെ?”

“വേറെന്താ വേണ്ടത്? ഉണ്ണാനുമുറങ്ങാനുമല്ലാതെ എന്തറിയാം നിനക്ക്?”

നാലു വർഷങ്ങൾ കഴിഞ്ഞു. പൊഴിയുന്ന ഇലകളെപ്പോലെ അവളുടെ സ്വപ്നങ്ങളും അനന്തുവിന്‍റെയും അവളുടെയും ഇടയിലെ ദൂരം വർദ്ധിച്ചു വന്നു. നഷ്ടപ്പെട്ട ജീവിതം ഇനിയൊരിക്കലും കിട്ടില്ലെന്ന് അവൾ വേദനയോടെ തിരിച്ചറിഞ്ഞു. കാലത്തിനൊപ്പം അവളുടെ പ്രായവും സ്വന്ദര്യവും കടന്നു പോകുന്നു. അവൾ അത്തരം കാര്യങ്ങളൊന്നുമിപ്പോൾ ശ്രദ്ധിക്കാറേയില്ല.

ഒരു ദിവസം അനന്തു എത്തിയപ്പോൾ മുതലാളിയുടെ മകനും ഒപ്പമുണ്ടായിരുന്നു. അവനെ പരിചയപ്പെടുത്തിക്കൊണ്ട് അനന്തു ഒരു പാക്കറ്റ് നൽകി. “വീണാ, ഇത് ചിക്കനാണ്. വേഗം കറിവെയ്ക്ക്. പ്രവീൺ നമ്മുടെ വീട്ടീന്നാ ഇന്ന് ഭക്ഷണം കഴിക്കുന്നെ.”

അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.

“നന്നായി കുരുമുളക് ചേർക്കണം കേട്ടോ.” അയാൾ വിളിച്ചു പറഞ്ഞു. രണ്ടാളും മുറിക്കുള്ളിലിരുന്ന് മദ്യപാനം തുടങ്ങി. അവൾ അനന്തുവിന്‍റെയും ബാലാജിയുടെയും മദ്യപാനമോർത്തു.

അനന്തു എത്ര സ്നേഹപൂർണ്ണമായിട്ടാണ് സംസാരിച്ചിരുന്നത്. അയാളുടെ സ്പർശനങ്ങൾ എത്ര ഊഷ്മളമായിരുന്നു. ഇപ്പോൾ കാഞ്ഞിരത്തേക്കാൾ കയ്പാണയാളുടെ വാക്കുകൾക്ക്. ഉപദ്രവിക്കാനായി മാത്രമാണ് ഇപ്പോൾ സ്പർശിക്കുന്നത്. എന്നാൽ ബാലാജിയുടെ സ്നേഹം സത്യമുള്ളതായിരുന്നു. അവളുടെ ആവശ്യങ്ങൾ എന്തൊക്കെയെന്നയാൾ അറിഞ്ഞിരുന്നു. അവളെ നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു. അവൾക്ക് കാര്യമില്ലാതെ ദേഷ്യം വന്നാൽപ്പോലും ശാന്തയാക്കാനേ ശ്രമിച്ചിട്ടുള്ളൂ. രണ്ടാളും കുടിക്കുമെങ്കിലും ബാലാജിക്ക് ബാങ്ക് ബാൻലൻസുണ്ട്. സമൂഹത്തിൽ മാന്യതയുള്ള ജോലിയുണ്ട്. അനന്തുവിനെന്തുണ്ട്? കുറ്റബോധം കൊണ്ടവളുടെ കണ്ണുനിറഞ്ഞു.

ചിക്കൻ കറി നൽകാനായി മുറിയിലേക്ക് ചെന്നപ്പോൾ പ്രവീണിന്‍റെ നോട്ടം തുളച്ചുകയറുന്നതായിരുന്നു. അവളത് ശ്രദ്ധിക്കാനേ പോയില്ല.

“അനന്തു ചേട്ടന്‍റെ ഭാര്യ സുന്ദരിയാണല്ലോ? കണ്ടിട്ട് എനിക്ക് ചേട്ടനോട് അസൂയ തോന്നുന്നു.”

“നിങ്ങള് ഭക്ഷണം കഴിക്ക്. അത് തണുത്തു പോകും.” അവൾ വിളമ്പിക്കൊണ്ട് പറഞ്ഞു. അനന്തു കല്ലുപോലെ ഇരിക്കുകയാണ്.

“ചേട്ടത്തിയും ഇരിക്ക്. ഭക്ഷണത്തിന്‍റെ രസം ഒന്നു കൂടട്ടെ.” പ്രവീൺ അവളുടെ കൈയ്യിൽ കടന്നു പിടിച്ചു.

അവൾ ബലം പ്രയോഗിച്ച് കൈ വിടുവിച്ച ശേഷം ആക്രോശിച്ചു. “ഇറങ്ങെടാ ഇവിടുന്ന്. ഈ നിമിഷം ഇറങ്ങിയില്ലെങ്കിൽ ചൂലെടുക്കും ഞാൻ. അച്‌ഛൻ വല്യ പണക്കാരനാണെന്നു വച്ച് എന്തും ചെയ്യാമെന്നു കരുതരുത്.”

അവൾ അങ്ങനെ പ്രതികരിക്കുമെന്ന് അനന്തുവും കരുതിയില്ല. അയാൾ പകച്ചു നോക്കിയശേഷം പറഞ്ഞു. “എന്തായിത് വീണേ, വീട്ടിൽ വരുന്ന അതിഥികളോട് ഇങ്ങനെയാണോ പെരുമാറുന്നത്?”

“ഇവനാണോ അതിഥി? എന്നെ അപമാനിക്കാനാണോ ഇവനെ കൊണ്ടു വന്നത്? എന്‍റെ മാനത്തിനൊരു വിലയുമില്ലേ?”

“മാനം? ആരുടെ മാനത്തിന്‍റെ കാര്യമാടീ നീ പറയുന്നത്? അവള് സാവിത്രിയല്ലേ? എന്നെക്കൊണ്ടൊന്നും പറയിക്കരുത്…” അയാൾ ജ്വലിച്ചു.

“ഓ… നിങ്ങള് പാലിൽ കുളിക്കുന്നയാളല്ലേ? ആ കുഞ്ഞിന്‍റെ കാര്യമെങ്കിലുമോർക്ക്” അവളും ചീറി.

“നീയും കുഞ്ഞും പോയി തൊലയ്.”

“നിങ്ങള് പണ്ടേ എന്നെ തുലച്ചില്ലേ? നിങ്ങടെ തലേല് ഇടിത്തീ വീഴും” അവൾ ശപിച്ചു.

അനന്തു അവളുടെ മുടിക്കുത്തിൽ കടന്നു പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഉലച്ച് നിലത്തിട്ട് വലിച്ചു. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അയാൾ അടിക്കാനും തൊഴിക്കാനും തുടങ്ങി. അവളെ മർദ്ദിച്ചവശയാക്കിയശേഷം പ്രവീണുമൊത്ത് അയാൾ പുറത്തേക്ക് പോയി. അവൾ പൊട്ടിയ വളകളിലേക്കു നോക്കിയിരുന്നു.

എന്‍റെ ദുഃഖം ആരോടു പറയാനാണ്? അച്‌ഛനമ്മമാരും ബന്ധുക്കളും എത്രമാത്രം നാണംകെട്ടുകാണും? മാപ്പു പറയണം, എന്‍റെ ബാലുവിന്‍റെ കാലിൽ വീണ് മാപ്പു ചോദിക്കണം.” അവൾക്ക് മനസ്സാക്ഷിക്കുത്ത് തോന്നി. ആ സംഭവത്തിനുശേഷം കൂടുതൽ സമയവും അനന്തു വീടിനു വെളിയിൽ കഴിച്ചു കൂട്ടി.

രാവിലെ എട്ടുമണിയാകുന്നു. അനന്തു എവിടെപ്പോയതാണെന്നോ എപ്പോൾ തിരിച്ചെത്തുമെന്നോ അവൾക്കൊരു രൂപവുമില്ല. അവൾ കുഞ്ഞിനെ ഉറക്കിക്കിടത്തിയശേഷം സമീപത്തുള്ള ടെലിഫോൺ ബൂത്തിലേക്കു നടന്നു. വിറയാർന്ന കരങ്ങളോടെ ബാലാജിയുടെ നമ്പർ ഡയൽ ചെയ്തു. റിംഗ് ചെയ്യാൻ തുടങ്ങിയതും അവൾ ഭയത്തോടെ റിസീവർ വച്ചു. “എന്താ പറയേണ്ടത് ബാലുവിനോട്? അനന്തുവുമായുള്ള ജീവിതം മടുത്തെന്നോ? തിരിച്ചു വരാൻ ആഗ്രഹിക്കുന്നുവെന്നോ? നീ എവിടെയെങ്കിലും പോയി ചാവുകയോ ജീവിക്കുകയോ ചെയ്യാൻ പറഞ്ഞാൽ?” എന്നിട്ടും അവളുടെ മനസ്സ് പറഞ്ഞു, “വിണേ, നീ ഒന്നു വെറുതെ ശ്രമിച്ചു നോക്ക്.പോയാലൊരു വാക്ക്. കിട്ടിയാലോ?” അവൾ കുറച്ചുനേരം കൂടി ചിന്തിച്ചു. നിസ്സഹായയായ മകളുടെ കാര്യമോർത്തപ്പോൾ അവൾ രണ്ടും കൽപ്പിച്ച് ഫോൺ ചെയ്തു.

“നിനക്കു സുഖമാണോ വീണേ?” അവളുടെ ഹലോ കേട്ടതും ബാലാജി തിരക്കി.

“എന്തു സുഖം ബാലു?” നീണ്ട കാലത്തിനുശേഷം ബാലാജിയുടെ ശബ്ദം കേട്ട് അവളുടെ മനസും കണ്ണുകളും നിറഞ്ഞു തുളുമ്പി.” എന്‍റെ കണ്ണനും ഉണ്ണിയും എവിടെ ബാലു? ഞാനവരെ ഓർക്കാത്ത ഒരു നിമിഷം പോലുമില്ല.”

“അവരും നിന്നെ എപ്പോഴും തിരക്കാറുണ്ട്.”

“ശരിക്കും? അവരുടെ വിശേഷങ്ങള് പറയ് ബാലു.” അവൾ ആകാംക്ഷയോടെ പറഞ്ഞു.

“കുട്ടികൾ സ്കൂളിൽ പോയിരിക്കുകയാണ്. നിന്‍റെ സ്വരമെന്താ വല്ലാതിരിക്കുന്നെ? എന്താ കാര്യം?”

“ബാലു ഒരു തവണ, ഒരൊറ്റത്തവണ എന്നെ മക്കളെ കാണാൻ സമ്മതിക്കാമോ പ്ലീസ്!” വീണയുടെ കണ്ഠമിടറി.

“ഞാനെപ്പോഴെങ്കിലും നിന്നെ വിലക്കിയോ? എപ്പോ വേണമെങ്കിലും വന്നു കണ്ടോളൂ.” ബാലാജിയുടെ സ്വരവും ആർദ്രമായി.

“ബാലാജി ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട്. നഷ്ടപ്പെടുത്തിയപ്പോഴാണ് അതിന്‍റെ വില എനിക്കു മനസ്സിലാകുന്നത്.” അവളുടെ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകി.

“എന്‍റെ എല്ലാ വഴികളും അടഞ്ഞു ബാലു. ഞാൻ തിരിച്ചു വന്നോട്ടെ, ബാലുവിന്‍റെ അടുത്തേക്ക്? മക്കടെ അടുത്തേക്ക്?”

“നിന്‍റെ ആഗ്രഹം അതാണെങ്കിൽ നിനക്കു വരാം.”

വീട്ടിലെത്തിയ വീണ പൊട്ടിക്കരഞ്ഞു. രാത്രി മുഴുവൻ അവൾ ചിന്താമഗ്നയായിരുന്നു.

കുട്ടിയെയും മടിയിൽ വച്ച് അവൾ ബസ്സിന്‍റെ സൈഡ് സീറ്റിലാണിരുന്നത്. ജനലിലൂടെയെത്തുന്ന കുളിർ കാറ്റ് വീണയുടെ മനസ്സിന് അല്പം ആശ്വാസം നൽകി. ബാലാജിയുടെ അടുത്ത് ഉപേക്ഷിച്ച സ്വപ്ന മുത്തുകൾ പെറുക്കിയെടുക്കാൻ അവൾ തിരികെയെത്തുകയാണ്. വർഷങ്ങൾ നാലു കഴിഞ്ഞു. കണ്ണനും ഉണ്ണിക്കും ഇപ്പോൾ ഏഴ് വയസായിട്ടുണ്ടാവണം.

കുട്ടികളുടെ പൂപോലെയുള്ള കവിളുകളും അഴകാർന്ന മുഖവും കണ്ടാൽ അമ്മയേതാണെന്ന് ചോദിക്കേണ്ട കാര്യമില്ല. വേറൊരച്ഛനു ജനിച്ചതാണെങ്കിലും മോൾക്കും അവളുടെ നിറവും വലിയ കണ്ണുകളുമൊക്കെ കിട്ടിയിട്ടുണ്ട്.

കണ്ണനുമുണ്ണിയും അവരുടെ ഈ കുഞ്ഞുപെങ്ങളെ കാണുമ്പോൾ ചോദിക്കുമായിരിക്കും. “എന്താ മമ്മീ അനിയത്തി വാവയുടെ പേര്?” ചിലപ്പോൾ ഇങ്ങനെയാവും ചോദിക്കുക “ഏതാ മമ്മീ ഈ വാവ? എവിടുന്നു കിട്ടിയതാ?”

നിറഞ്ഞൊഴുകിയ കണ്ണുകൾ സാരിത്തലപ്പെടുത്ത് അവൾ തുടച്ചു. കുഞ്ഞിനെ മുറുകെ പുണർന്ന് കണ്ണുകളടച്ച് വീണയിരുന്നു.

“ഹരിപ്പാട് ഇറങ്ങേണ്ടവർ ഇറങ്ങിക്കോളൂ, സ്റ്റേഷനായി.” കണ്ടക്ടറുടെ സ്വരമാണ് അവളെ ഉണർത്തിയത്. ഒരു കൈയ്യിൽ സ്യൂട്ട്കേസും മറുകൈയ്യിൽ കുഞ്ഞുമായി വീണ എഴുന്നേറ്റു. ഇത് അപരിചിതമായ സ്‌ഥലമല്ല. ഭർത്താവിനോടൊപ്പം അവൾ ഈ വഴി ധാരാളം നടന്നിട്ടുണ്ട്. ഇന്ന് ഒരപരാധിയെപ്പോലെ വരേണ്ടി വന്നുവെന്നു മാത്രം. അവൾ സാരിത്തലപ്പുകൊണ്ട് തലമൂടി. പരിചയക്കാരെ അഭിമുഖീകരിക്കാൻ വയ്യ.

ഓട്ടോ സ്റ്റാൻറിൽ നിന്നും വീണ ഓട്ടോയിൽ കയറി.

“എങ്ങോട്ടാ?” ഓട്ടോക്കാരൻ ചോദിച്ചു.

“ചേപ്പാട്”

“20 രൂപയാകും കേട്ടോ”

“കുഴപ്പമില്ല, പോകാം” വേഗം പോയാൽ മതിയെന്നായിരുന്നു അവൾക്ക്. ഓട്ടോയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിലാണോ തന്‍റെ ഹൃദയമിടിക്കുന്നതെന്ന് വീണ സംശയിച്ചു. കുട്ടികളുടെ കാര്യമോർത്തപ്പോൾ അവളുടെ ടെൻഷൻ കൂടി. അവർക്ക് തിരിച്ചറിവായിട്ടുണ്ട്. നല്ലതും ചീത്തയും ഇപ്പോഴറിയാം. ഇത്തരക്കാരിയായ ഒരമ്മയെ ഞങ്ങൾക്ക് വേണ്ടെന്നു പറഞ്ഞാലോ? ഞങ്ങളുടെ പാവമച്ഛനെ ഉപേക്ഷിച്ചു പോയ ഈ സ്ത്രീയെ, ഞങ്ങൾക്കു വെറുപ്പാണെന്നു പറഞ്ഞാലോ?

“മാതൃത്വത്തിന്‍റെ ശരിയായ അർത്ഥം മനസ്സിലാക്കാത്തവളാണു ഞാൻ. കുരുന്നുമക്കളെ ഉപേക്ഷിച്ച് ഓടിപ്പോയവൾ. ഒരു ഭാര്യയുടെ കടമയും ചെയ്‌തില്ല. ബാലാജിയുടെ ബാഹ്യരൂപമല്ലാതെ ഉള്ളിന്‍റെയുള്ള് കാണാൻ ഞാൻ ശ്രമിച്ചില്ല. ആ ഹൃദയത്തിലെ സ്നേഹസാഗരം കാണാനോ ആഴമളക്കാനോ ഒരിക്കലും ശ്രമിച്ചില്ല. എല്ലാം ഇട്ടെറിഞ്ഞ് പോയിട്ട് ഗതികിട്ടാതെ വന്നപ്പോൾ തിരികെ പോന്നിരിക്കുന്നു. മഹാപാപിയാണു ഞാൻ… മഹാപാപി. തലതല്ലിക്കരഞ്ഞാലും എനിക്കു മാപ്പില്ല.”

“ചേപ്പാടായി ഇറങ്ങിക്കൊള്ളൂ.”

“കുറച്ചുകൂടെ പോണം. ആ കിഴക്കേ റോഡിലേയ്ക്ക് തിരിഞ്ഞ് രണ്ടാമത്തെ വീട്. അവൾ സാരിത്തലപ്പ് ഒന്നുകൂടി വലിച്ചിട്ടു. ഗേറ്റിനു മുന്നിൽ അവൾ ഏതാനും നിമിഷം നിന്നു.

“ബാലു ഞാനെത്തി, വാതിൽ തുറക്ക്” വീണ വാതിലിൽ മെല്ലെ മുട്ടി. യാതൊരനക്കവുമില്ല. അവൾ കുറച്ചു കൂടി ഉച്ചത്തിൽ വിളിച്ചു. അവൾക്കപരിചിതനായ ഒരു മധ്യവയ്ക്കൻ വാതിൽ തുറന്നു.

“ആരെ കാണാൻ വന്നതാ?”

“ബാലുവിനെ… ബാലാജി പണിക്കർ” അവൾ വിനയപൂർവ്വം പറഞ്ഞു.

“ഓ! ബാലാജിയോ? അയാൾ ഈ വീട് വിറ്റല്ലോ? ഇപ്പോ മാവേലിക്കരയിലാ താമസം. ഞാൻ അഡ്രസ് തരാം.” അയാൾ അകത്തേക്കു പോയി.

വീണയുടെ ശ്വാസം നേരെയായതിപ്പോഴാണ്. ബാലാജി വീടിനു വെളിയിൽ തന്നെയുണ്ടായിരുന്നു. കുട്ടികൾ രണ്ടും അദ്ദേഹത്തിന്‍റെ ഇരുവശങ്ങളിലും.

അവൾ സ്യൂട്ട്കെയ്സ് താഴെ വച്ച് മോളെ ബാലാജിയെ ഏൽപിച്ച് കുട്ടികളെ വാരിപ്പുണർന്നു. എന്നാൽ കുട്ടികൾ പകച്ച് പിന്നോക്കം മാറി.

“നിങ്ങടെ അമ്മയാണ് മക്കളേ, ഇനി നിങ്ങളെ വിട്ട് എവിടെയും പോവില്ല. ഒരിക്കലും…” അവൾ പൊട്ടിക്കരഞ്ഞു.

“കരയാതെ വീണേ, എല്ലാം കഴിഞ്ഞില്ലേ? ഞാൻ പഴയ വീട് വിറ്റതും നിനക്കു വേണ്ടിയാ. നമ്മൾ ഒരുമിച്ച് താമസിച്ചിട്ട് പിരിഞ്ഞ വീട്. ഈ പുതിയ വീട്ടിൽ നമുക്ക് പുതിയ ജീവിതം തുടങ്ങാം.”

“ഇനി ഞാൻ പരാതിക്കിടവരുത്തില്ല ബാലു.”

“എനിക്കു നിന്നെ വിശ്വാസമാണ്.”

“ഞാനൊരുതവണ വഞ്ചിച്ചിട്ടും?”

“യൗവ്വനത്തിളപ്പിൽ ചെയ്തു പോയതല്ലേ? നഷ്ടപ്പെട്ടവയിൽ ചിലത് തിരികെ കിട്ടും. ചിലത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും. ഞാനും എന്‍റെ തെറ്റുകളിൽ നിന്ന് ഒരുപാട് പഠിച്ചു. ഇത് പ്രായശ്ചിത്തത്തിനുള്ള അവസരമാണ്.”

ഒരിക്കലും വേർപിരിയാത്തവിധം ഒന്നായി അവർ അകത്തേക്കു പോയി.

Story: ആ നല്ല ദിവസം

“നോക്കൂ, നിങ്ങൾക്കെന്താണ് ഗിഫ്റ്റായിട്ടു വേണ്ടത്?” അടുക്കളയിൽ നിന്നും ശ്രീമതിയുടെ സ്നേഹമസൃണമായ ശബ്ദം കേട്ട് ഞാൻ ഞെട്ടി. ഇത്രയും സ്നേഹം പതിവില്ലാത്തതാണ്.

ടിവിയിൽ ബ്രേക്കിംഗ് ന്യൂസ് കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഉച്ചത്തിൽ സംസാരിക്കുകയും തീക്ഷ്ണ വിമർശനങ്ങൾ ചൊരിയുകയും ചെയ്യുന്ന ശ്രീമതിയാണോ ഇത്. ഞാൻ ടിവി ഓഫ് ചെയ്‌ത് അത്ഭുതത്തോടെ ശ്രീമതിയെത്തന്നെ നോക്കിയിരുന്നു.

“എന്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത്? നിങ്ങൾക്ക് എന്താണ് ഇഷ്ടമെന്ന് ചോദിച്ചതല്ലേയുള്ളൂ.” ശ്രീമതിയുടെ സ്നേഹം എന്നെ ശരിക്കും ചിന്താക്കുഴപ്പത്തിലാക്കി.

“ഇതെന്താ, ഇന്ന് സൂര്യൻ പടിഞ്ഞാറാണോ ഉദിച്ചത്?” ഗിഫ്റ്റ് വാങ്ങൽ തന്‍റെ ജന്മാവകാശമാണെന്ന മട്ടായിരുന്നു ശ്രീമതിക്ക്. എന്ത് ഉദ്ദേശ്യത്തോടെയാവും ഇവൾ സമ്മാനം നൽകാൻ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയോടെ ഞാൻ തിരക്കി.

“അല്ല… ഈ ഗിഫ്റ്റ് തരുന്നതിന് വല്ല പ്രത്യേക കാരണവും. എന്‍റെ ജന്മദിനം (അത് കൃത്യമായി എനിക്കു പോലും ഓർമ്മയില്ല) കഴിഞ്ഞ മാസമായിരുന്നുവല്ലോ? പിന്നെ ഇപ്പോ…”

“വീട്ടിൽ സുഖവും സമാധാനവും വേണം. അതെന്നും ഇതുപോലെ നിലനിൽക്കണം. അതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം.”

അവൾ ചോദ്യം ആവർത്തിച്ച് ശല്യം ചെയ്യാൻ തുടങ്ങിയതോടെ തടിതപ്പാനെന്നോണം ഞാൻ പറഞ്ഞു.

“പ്ലീസ്… ദയവായി പറയൂ.” ശ്രീമതിയുടെ ദീർഘിപ്പിച്ച അഭ്യർത്ഥന.

“ചൊവ്വാഗ്രഹത്തിൽ നിന്നും വന്ന വിചിത്ര ജീവിയെപ്പോലെയാണ് പലപ്പോഴും നിങ്ങളുടെ പെരുമാറ്റം. നിങ്ങൾ ഇരുപത്തിനാലു മണിക്കൂറും ടിവിയുടെ മുന്നിലാണല്ലോ? എന്നിട്ടും ഒന്നും മനസ്സിലായില്ലേ? അടുത്ത ആഴ്ച ഫാദേഴ്സ് ഡേയാണെന്ന് ടിവിയിൽ ഒരു നൂറുവട്ടമെങ്കിലും കാണിച്ചു കാണും. ഫാദേഴ്സ് ഡേയുടെ ഇംപോർട്ടൻസ് എന്താണെന്ന് കുട്ടികളും മനസ്സിലാക്കട്ടെ. ഇനി നിങ്ങൾ പറഞ്ഞ ശാന്തിയുടെയും സമാധാനത്തിന്‍റേയും കാര്യം തന്നെയെടുക്കാം. വീട്ടിലെ പ്രശ്നങ്ങൾക്ക് ആരാണ് കാരണക്കാരൻ, നിങ്ങളല്ലേ?”

ഇതൊക്കെ കേട്ട് എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. അശാന്തിയുടെ ദേവത എന്നെ കുറ്റപ്പെടുത്തുന്നു. എന്‍റെ ഇംപോർട്ടൻസ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. കുട്ടികളുണ്ടായ ശേഷം അവർ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ക്രെഡിറ്റൊക്കെ അവൾക്കും കുറ്റങ്ങൾ എന്നിലും ആരോപിക്കും. ഇന്നിപ്പോൾ ഇതിനു വിപരീതമായി ഫാദേഴ്സ് ഡേ എന്നൊക്കെ പറയാനും മാത്രം ഇവൾക്ക് എന്തു മാറ്റമാണോ ഉണ്ടായത്?

“പിന്നേ, ഗിഫ്റ്റൊക്കെ പിള്ളേരു വാങ്ങിച്ചോളും. ഞാനവരെ സഹായിക്കുന്നുവെന്നു മാത്രം. കുറച്ചു കാശ് വേണ്ടി വരും. അതുസാരമില്ല, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തന്നാൽ മതി.”

കോഴിയമ്മ അപ്പം ചുട്ട കഥ പോലെ എല്ലാം ചുറ്റിത്തിരിഞ്ഞ് എന്‍റെ തലയിലായി. കീശ കാലിയാകുമെന്നുറപ്പ്. കുടുംബത്തിൽ ശാന്തിയും സമാധാനവും വേണമെന്ന് ഗർവ്വോടെ ആവശ്യപ്പെട്ടും പോയി.

“മോനേ ബോണി, വേഗം തയ്യറാക്.” ബോൾ കണക്കെ തടിച്ച് ഉരുണ്ട മകനോടായി ശ്രീമതി പറഞ്ഞു.

“ദാ വരുന്നു മമ്മീ.” വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന ബോണിക്കുട്ടൻ മുകൾ നിലയിൽ നിന്ന് അലറി പറഞ്ഞു.

ഔട്ടിങ്ങിനു പോകുന്നുവെന്നറിഞ്ഞ് ഇളയ മകൾ ബിജിയും എളുപ്പം തയ്യാറായി വന്നു.

“നമ്മുടെ ആ നെയ്ബർ അഞ്ജുവില്ലേ… അവൾ പറയുകയാ, കഴിഞ്ഞ തവണ കുട്ടികൾ അവരുടെ ഡാഡിക്ക് ഇംപോർട്ടഡ് ഷേവിംഗ് കിറ്റാണ് ഗിഫ്റ്റായി കൊടുത്തതെന്ന്. പിന്നെ മിസിസ്സ് വർമ്മ ഇത്തവണ ഫാദേഴ്സ് ഡേയ്ക്ക് ഒരു അടിപൊളി പാർട്ടി തന്നെ സംഘടിപ്പിക്കുന്നുണ്ടെന്ന്.” ശ്രീമതിയുടെ ഫാദേഴ്സ് ഡേ ഭ്രമത്തിനു പിന്നിലുള്ള രഹസ്യം ചുരുളഴിഞ്ഞു വീണു.

ആഹാ… അപ്പോൾ അതാണ് സംഗതിയല്ലേ. ഇതുവരെ ഫാദേഴ്സ് ഡേയെന്ന പേരിൽ പണപ്പിരിവ് നടത്താത്ത ഇവൾ ഈ വർഷം മുതൽ ഫാദേഴ്സ് ഡേയെന്ന് മുറവിളി കൂട്ടുന്നത് ഇതിനായിരുന്നല്ലേ? അല്ലെങ്കിൽ തന്നെ പണ്ടേ ആടിനെ പട്ടിയാക്കാനും പട്ടിയെ ആനയാക്കാനും സമർത്ഥരാണ് കോളനി നിവാസികൾ.

നാളിതുവരെ ഫാദേഴ്സ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്ഷിപ്പ് ഡേ ഒന്നും എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മുത്തശ്ശിക്ക് അവരുടെ ജന്മദിനം പോലും ഓർമ്മയില്ല. വൃശ്ചികമാസത്തിലെ പൗർണ്ണമി കഴിഞ്ഞ് 4 ദിവസത്തിനു ശേഷമായിരുന്നു നിന്‍റെ ജനനമെന്ന് അമ്മ പറഞ്ഞ കാര്യം മുത്തശ്ശി എപ്പോഴും പറയാറുണ്ടായിരുന്നു. ഗ്ലോബലൈസേഷന്‍റെ ഈ യുഗത്തിൽ പടിഞ്ഞാറൻ കാറ്റിനൊപ്പം പറന്നെത്തിയതാവും ഈ ഡേയ്സ്.

വർഷത്തിൽ കുറഞ്ഞത് ഒരു ദിനമെങ്കിലും അച്‌ഛന്മാർക്കായി മാറ്റി വച്ചിട്ടുണ്ടല്ലോ? ഭാഗ്യം, എനിക്ക് തെല്ലൊരു ആശ്വാസം തോന്നി. നല്ല ബ്രാന്‍റഡ് ഷർട്ട് അണിഞ്ഞ അച്‌ഛനാണെന്ന അഭിമാനത്തോടെ ഞെളിഞ്ഞു നിൽക്കുമ്പോൾ മകന്‍റെയൊരു ചോദ്യം “പപ്പാ, ഫാദേഴ്സ് ഡേയ്ക്ക് പപ്പ, വല്യ പപ്പയ്ക്ക് എന്താ ഗിഫ്റ്റായി കൊടുത്തത്?”

ബലൂണിലെ കാറ്റു പോയപോലെ എന്‍റെ മുഖം വാടിത്തളർന്നു. മനസ്സ് വല്ലാതെ വേദനിച്ചു. 12 വയസ്സുകാരന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനുള്ള മറുപടി എന്‍റെ പക്കലില്ലായിരുന്നു. മൗനജാഥയിലെ അണികളെ പോലെയാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.

അപ്പോഴാണ് നാട്ടിൻപുറത്തു താമസിക്കുന്ന അച്ഛനെക്കുറിച്ച് എനിക്ക് ഓർമ്മ വന്നത്. ഞാനും ഒരു മകനാണല്ലോ. ഒന്നോ രണ്ടോ മാസത്തിനിടയിൽ വീട്ടിലൊന്നു വിളിച്ചാലായി. മക്കൾക്ക് നൽകുന്ന ഉപദേശങ്ങൾ മുതിർന്നവർ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാറുണ്ടോ?

അങ്ങനെയെങ്കിൽ നാട്ടിൻ പുറത്തുള്ള എന്‍റെ അച്‌ഛനു വേണ്ടിയും ഫാദേഴ്സ് ഡേ ആഘോഷിക്കേണ്ടേ? അയൽക്കാരി അഞ്ജു അവരുടെ ഇൻലോസുമായി അത്ര രസത്തിലല്ല. വേറൊരുത്തിയുണ്ട്, അമ്മായിയമ്മ വരുന്നുവെന്നു കേൾക്കേണ്ട താമസം, ബാഗുമെടുത്ത് സ്‌ഥലം കാലിയാക്കും. സ്വന്തം അച്‌ഛനമ്മമാരെ തിരിഞ്ഞു നോക്കാത്തവർ തങ്ങളെ മക്കൾ നോക്കണമെന്ന് പ്രതീക്ഷ പുലർത്തുന്നതു ശരിയാണോ?

തദവസരത്തിൽ വല്യമ്മ പറഞ്ഞ ഒരു കഥ ഞാനോർത്തു പോയി. ഒരാൾ തന്‍റെ വൃദ്ധനായ അച്‌ഛന് പഴകിച്ചളുങ്ങിയ ഒരു പാത്രത്തിൽ കഞ്ഞിയൊഴിച്ചു കൊടുത്ത ശേഷം തിരിച്ചു പോരുകയായിരുന്നു. അപ്പോൾ കൂടെയുണ്ടായിരുന്ന അയാളുടെ മകൻ ചോദിച്ചു “അച്ഛാ, ഈ പാത്രം സൂക്ഷിച്ചു വയ്ക്കണം അല്ലേ?”

അച്‌ഛൻ: “ഏ… അതെന്തിനാ?”

മകൻ: “അച്‌ഛൻ വയസ്സാവുമ്പോഴും ഈ പാത്രം തന്നെ മതിയല്ലോ.”

അയാൾക്ക് തന്‍റെ തെറ്റു ബോധ്യമായി. അയാൾ അന്നു മുതൽ അച്‌ഛനെ നന്നായി പരിചരിച്ചു.

സംസ്കാരത്തിനും പാരമ്പര്യങ്ങൾക്കും പ്രാമുഖ്യം നൽകുന്ന നാടാണിത്. പാശ്ചാത്യനാടുകളിൽ കുടുംബമെന്നാൽ ഭാര്യയും മക്കളും മാത്രമായിരിക്കും. എന്നാൽ അച്ഛനെയും അമ്മയെയും കൂടി ഉൾക്കൊള്ളിക്കുന്ന സംസ്കാരമാണ് നമ്മുടേത്. ആഴ്ചയിലൊരിക്കലെങ്കിലും നാട്ടിൽ പോകാൻ സാധിച്ചെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്.

ശൂന്യമായ മനസ്സോടെ ഞാൻ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ മുമ്പെങ്ങുമില്ലാത്ത ഒച്ചപ്പാട്. കുട്ടികൾ ഓടി നടന്ന് ബഹളം വയ്ക്കുന്നു. നാട്ടിൽ നിന്നും അച്ഛൻ വന്നതു കണ്ട് എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അച്‌ഛൻ മുമ്പത്തേക്കാൾ ക്ഷീണിതനായിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് അച്‌ഛന്‍റെ കാൽ തൊട്ട് വന്ദിച്ചു. അപ്രതീക്ഷിതമായുള്ള ഈ കൂടിക്കാഴ്ചയാണ് ശരിക്കുമുള്ള ഫാദേഴ്സ് ഡേ സമ്മാനം.

ശ്രീമതിയുടെ ഒളികണ്ണ് നോട്ടവും മൃദുമന്ദഹാസവും കണ്ടപ്പോൾ ഇതൊക്കെ പുള്ളിക്കാരി ഒപ്പിച്ചതാണെന്ന് എനിക്കു മനസ്സിലായി.

“നിങ്ങളുടെ മനസ്സ്, അതെനിക്ക് നന്നായറിയാം.” ശ്രീമതി ചിരിച്ചു. കുട്ടികൾ മുത്തച്ഛനരികിലിരുന്നു കളിക്കുവാൻ തുടങ്ങി.

Story: മറ്റൊരു വഴി

മകളെ സ്കൂളിലേക്ക് ഒരുക്കി വിട്ടശേഷം നളിനി വേഗം തയ്യാറാവാൻ തുടങ്ങി. സാരി നല്ലവണ്ണം ഉടുത്ത ശേഷം അവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് ലിപ്സ്റ്റിക്ക് അണിഞ്ഞു. കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ നളിനി അങ്ങനെയാണ്. ധൃതി പിടിച്ച് ഒരുങ്ങിയാലും നല്ല ചേലാണ് കാണാൻ.

ഒരുങ്ങുന്നതിനിടയിൽ അമ്മ പിന്നിൽ വന്ന് നിന്നത് നളിനി ശ്രദ്ധിച്ചിരുന്നില്ല. അവൾ മുഖത്ത് ചായം തേക്കുന്നത് അമ്മ നിസ്സംഗതയോടെ നോക്കി നിന്നു. അമ്മയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ നളിനി തിരിഞ്ഞു നോക്കി ചിരിച്ചു. അവളുടെ ആത്മവിശ്വാസവും മനസ്സിന്‍റെ ശാന്തതയും കണ്ട് അമ്മയ്ക്ക് വല്ലാതായി.

മോളിന് വിവാഹമോചനം നേടാൻ കോടതിയിലേക്ക് പോവുകയാണ്. അമ്മയുടെ മനസ്സ് നളിനിയുടെ ഭാവിയോർത്തു പിടഞ്ഞു. കുറച്ച് വർഷങ്ങളായി കോടതിയിൽ കേസ് നടക്കുകയായിരുന്നു. ഇന്നാണ് വിധി. ഒമ്പതു വർഷങ്ങൾക്കു മുമ്പ് നളിനി സ്വന്തമിഷ്ടപ്രകാരം കൂട്ടിയിണക്കിയ ബന്ധമാണ്. ഇന്ന് സ്വന്തമിഷ്ടപ്രകാരം അവൾ തന്നെ അത് പൊട്ടിക്കുന്നു. അവൾ എന്നേക്കുമായി സ്വതന്ത്രയാവുകയാണ്.

ദുഃഖകരമായ കാര്യം ഭർത്താവിനെ വിട്ടു പിരിയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് പീഡനമാണ്. നളിനിയുടെ അമ്മ സാവിത്രി രാത്രി തീരെ ഉറങ്ങിയിരുന്നില്ല. മകളുടെ ഭാവി എന്താകും എന്ന ആശങ്കയിലായിരുന്നു അവർ. ഇപ്പോൾ നളിനിയുടെ ഭാവം കണ്ടപ്പോഴും അമ്മയുടെ ഞെട്ടൽ മാറുന്നില്ല. എത്ര ശാന്തയാണവൾ! കല്യാണനാളിൽ പോലും അവളെയിത്ര സന്തോഷവതിയായി അമ്മ കണ്ടിട്ടില്ല. ഒന്നര വർഷം മുമ്പ് കുഞ്ഞുമോളുടെ കൈയും പിടിച്ച് നളിനി പടി കടന്ന് വന്നതും വളരെ സന്തോഷത്തോടെ ആയിരുന്നു. വരുന്നതിന്‍റെ രണ്ട് ദിവസം മുമ്പാണ് നളിനി അമ്മയെ വിളിച്ചു പറഞ്ഞത് “അമ്മേ ഞാൻ അവിടേക്ക് വരുന്നു.”

അന്ന് സാവിത്രിക്ക് നല്ല സന്തോഷമായി. എത്ര കാലമായി മകളെ കണ്ടിട്ട്. അവളിവിടെ വന്നാൽ കുറച്ചു ദിവസം പിടിച്ചു നിർത്തിയിട്ടേ പോകാൻ സമ്മതിക്കുകയുള്ളൂ. ആ അമ്മ ആഗ്രഹിച്ചിരുന്നു.

പക്ഷേ മരുകമൻ വസന്തിനെ കൂടാതെ നളിനി കയറി വന്നപ്പോൾ അമ്മ ആകെ ഞെട്ടിപ്പോയി.

അന്ന് ഉണ്ടാക്കിവച്ച പലഹാരങ്ങൾ… എല്ലാ ഒരുക്കങ്ങളുടെയും സന്തോഷം ഒറ്റ രാത്രികൊണ്ട് തന്നെ ഇല്ലാതായി. മകൾക്ക് ഭർത്താവില്ലാതാവുന്നത് ഏത് അമ്മയ്ക്കാണ് സഹിക്കാനാവുക? ഭർത്താവിനെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് വന്നതാണെന്ന് യാതൊരു കൂസലുമില്ലാതെ നളിനി പറഞ്ഞപ്പോൾ ആ അമ്മ തളർന്നു പോയി.

“മോളേ നീ ചെയ്തത് ഒട്ടും ശരിയായില്ല. ഒന്നുകൂടി ആലോചിച്ച് തീരുമാനമെടുത്താൽ മതി.” സാവിത്രി വളരെ സങ്കടത്തോടെയാണ് മകളെ ഉപദേശിച്ചത്.

“ഇല്ല അമ്മേ, എനിക്കിനി അയാളുമായി ഒരുതരത്തിലും പൊരുത്തപ്പെടാനാവില്ല. ഇത് അത്ര പെട്ടെന്നൊന്നും ശരിയാവില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ സഹിക്കുന്നത് ലോകത്ത് ഒരു സ്ത്രീയും അനുഭവിക്കാത്ത കാര്യങ്ങളാണ്. എനിക്കിനി അയാളുടെ കൂടെ കഴിയാനാവില്ല. മറ്റൊരു സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ട്. എനിക്കത് സഹിക്കാനാവില്ല അമ്മേ.”

നളിനിയുടെ തൊണ്ട ഇടറിയോ… അമ്മ തകർന്നു പോയിരുന്നു.

“ഞാൻ മോളെ ഓർത്താണ് ഇത്രയും കാലം സഹിച്ചത്. ഇനി എനിക്ക് വയ്യ.”

“അയാൾ അവളെയും കൊണ്ട് വീട്ടിൽ വരാൻ തുടങ്ങിയപ്പോഴാണ് അമ്മേ എന്‍റെ എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയത്. ഞാനുമൊരു സ്ത്രീയല്ലേ… ഈ ചതി എനിക്ക് പൊറുക്കാനാവില്ല. എന്‍റെ മകൾ ഒരിക്കലും അയാളെ കണ്ട് പഠിക്കരുത്. അവളുടെ ഭാവി ഓർത്ത് മാത്രമാണ് ഞാനിന്ന് ജീവിക്കുന്നത്. അല്ലെങ്കിൽ… ഞാനെന്നേ അവസാനിപ്പിക്കുമായിരുന്നു.”

ജീവിക്കാനുള്ള വാശി ഉള്ളിലുള്ളതു കൊണ്ടാവണം അധികം കണ്ണുനീർ അവളിൽ നിന്നുണ്ടായില്ല. സാവിത്രി പക്ഷേ എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിക്കരയുകയായിരുന്നു. മകളെ ആശ്വസിപ്പിക്കുമ്പോൾ… തളർന്നു പോയിരുന്നു.

“ഏഴു വയസ്സുള്ള മോളെക്കുറിച്ച് അവൻ ഓർത്തില്ലല്ലോ മോളേ” സാവിത്രി അടുത്തുള്ള തൂണിൽ ബലം കൊടുത്തു നിന്നു.

“അങ്ങനെയുള്ള ഒരു വീട്ടിൽ ഞാനെങ്ങനെയാണ് എന്‍റെ മോളെ നല്ല രീതിയിൽ വളർത്തുക” നളിനിയുടെ ചോദ്യം ന്യായമായിരുന്നു.

“പക്ഷേ മോളെ… ഭർത്താവില്ലാതെ മകളെ വളർത്തിക്കൊണ്ട് വരികയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തിന്‍റെ ആയിരം ചോദ്യങ്ങൾക്ക് നാം ഉത്തരം പറയേണ്ടി വരും. പാവം കുട്ടികളാണ് എല്ലാം സഹിക്കേണ്ടി വരുന്നത്.” അമ്മ നളിനിയോട് ചേർന്നിരുന്നു.

വല്ലാത്ത ആത്മവിശ്വാസത്തോടെയാണ് നളിനി അമ്മയോട് സംസാരിച്ചത്. “എല്ലാ ഞാൻ നോക്കിക്കോളാം അമ്മേ. തലതെറിച്ച തന്ത ഉള്ളതിനേക്കാൾ ഭേദം തന്തയില്ലാതിരിക്കുന്നതാണ് എന്‍റെ കുട്ടിക്ക്. ഞാനവളെ നല്ല കുട്ടിയായി വളർത്തും. ഇനി ഞാനിവിടെ കഴിയുന്നതിൽ അമ്മയ്ക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ പറയണം. ഞാൻ ട്രാൻസ്ഫറിനായി അപേക്ഷിച്ചിട്ടുണ്ട്. അതിനാൽ കമ്പനി വക കോർട്ടേഴ്സ് ലഭിക്കും. ഞാൻ അധികം വൈകാതെ അങ്ങോട്ട് മാറിക്കോളാം.”

“നീയിത് എന്തെല്ലാമാണ് പറയുന്നത് മോളേ. ഞാനിവിടെ ഒറ്റക്കല്ലേ. നീ വന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. നിന്‍റെ ആങ്ങളയും ഭാര്യയും വിദേശത്തെ ജോലി ഉപേക്ഷിച്ച് അടുത്ത കാലത്തൊന്നും വരുന്ന കാര്യം?അവർക്ക് തന്നെ ഉറപ്പില്ല. നീ വന്നതിൽ പിന്നെ എന്‍റെ ഒറ്റപ്പെടൽ മാറിയില്ലേ. നിന്‍റെ അച്‌ഛൻ പോയതിൽ പിന്നെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു.”

“അമ്മേ, നമ്മൾ എല്ലാവരും ഒറ്റയ്ക്കാണ്. ചിലർ കുറച്ചധികം ഒറ്റയ്ക്കാണെന്നു മാത്രം.”

നിയമപരമായി വേർപിരിയുന്ന ദിവസം ചമഞ്ഞൊരുങ്ങിയിറങ്ങിയ നളിനിയുടെ മനസ്സ് സാവിത്രിക്ക് ഒട്ടും പിടികിട്ടിയില്ല. സാമ്പത്തിക സുരക്ഷിതത്വം ഇക്കാലത്തെ പെൺകുട്ടികളെ സ്വയം തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നു. മുമ്പ് അങ്ങനെ ആയിരുന്നില്ല. തന്‍റെ എല്ലാ ആവശ്യങ്ങൾക്കും ആണിനെ ആശ്രയിക്കണം. ഒരു ചാന്ത്പൊട്ട് വാങ്ങാൻ പോലും… അമ്മ പഴയ കാലം ഓർത്തു. കാലം മാറിപ്പോയിരിക്കുന്നു. ക്ഷമിക്കാനും കാത്തിരുന്ന് നേരെയാക്കാനും ആർക്കും നേരമില്ലാതായിരിക്കുന്നു. അമ്മ നെടുവീർപ്പിട്ടു.

ധൃതിയിൽ വീട്ടിൽ നിന്നിറങ്ങി പോകാനൊരുങ്ങിയ നളിനിയോട് അമ്മ രണ്ടും കല്പിച്ച് ചോദിച്ചു, “മോളേ… എല്ലാം അവസാനിപ്പിക്കാൻ മാത്രം നീ വെറുത്തു തുടങ്ങിയോ എല്ലാം. ഒന്നുകൂടി ആലോചിച്ചിട്ടു പോരേ… മോൾക്ക് അച്‌ഛനില്ലാതാവില്ലേ…”

“ഒരവസരം കൂടി നൽകി എന്‍റെ ജീവിതം ബലി കൊടുക്കാൻ ഞാനാഗ്രഹിക്കുന്നില്ല അമ്മേ” യാതൊരു ഭാവമാറ്റവും കൂടാതെയാണ് നളിനി ഇത് പറഞ്ഞത്.

“കാലം ഉണക്കാത്ത മുറിവുകളുണ്ടോ നളിനീ…” അമ്മ ഇടറിക്കൊണ്ട് പറഞ്ഞു.

“മൂന്ന് വർഷം ഞാൻ എല്ലാം സഹിച്ചിരുന്നില്ലേ? നിങ്ങളോട് ഞാൻ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. എല്ലാം എന്നെ ബാധിക്കുന്ന പ്രശ്നങ്ങളായിരുന്നു. അതുകൊണ്ട് ഞാൻ അത് ചേട്ടനോടു പോലും പങ്കുവച്ചില്ല. ഇപ്പോൾ ഞാൻ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് എന്‍റെ കുഞ്ഞിനെയെങ്കിലും എനിക്ക് രക്ഷിക്കണം. ചെറിയ ജീവിതമേ ഉള്ളൂ. അത് ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം എനിക്ക്. ഏതെങ്കിലും പുരുഷന് എറിഞ്ഞ് ഉടച്ച് കളയാനുള്ളതല്ല എന്‍റെ ലൈഫ്.”

മകൾ എത്രമാത്രമാണ് വളർന്നു പോയത്. വലിയ വലിയ കാര്യങ്ങളാണ് വായയിൽ വരുന്നത്. ഇനിയും മകളെ ഉപദേശിക്കുന്നതിൽ കാര്യമില്ലെന്ന് സാവിത്രിക്ക് തോന്നി.

സാവിത്രി ഓർത്തു.

നളിനിയുടെ അച്‌ഛനും ഇങ്ങനെയായിരുന്നു. പക്ഷേ സമനില കൈവിടാതെ താൻ അതെല്ലാം നേരെയാക്കിയത് മുത്തശ്ശിയുടെ ഉപദേശം സ്വീകരിച്ചതിനാലാണ്. നളിനിയുടെ അച്‌ഛന് ഒരു സഹപ്രവർത്തകയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. അന്ന് താൻ ഇതുപോലെ എല്ലാം ഇട്ടെറിഞ്ഞ് പോന്നിരുന്നെങ്കിൽ… ഇല്ല, താൻ അന്നതു ചെയ്‌തില്ല. പകയോടെയല്ലാതെ വളരെ സ്നേഹമായാണ് ഭർത്താവുമായി സംസാരിച്ചത്. സ്നേഹം കൊടുത്ത് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മുത്തശ്ശി പറഞ്ഞതു പോലെ. കാരണം തനിക്ക് അദ്ദേഹത്തെ വേണമായിരുന്നു. തന്‍റെ രണ്ട് കുട്ടികൾക്ക് വേണമായിരുന്നു. സമൂഹത്തിന് യാതൊരു സംശയവും നൽകാതെയാണ് എല്ലാം താനന്ന് കൈകാര്യം ചെയ്തത്. പക്ഷേ പുതിയ തലമുറ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവക്കാരാണ്. നശിക്കാനും നശിപ്പിക്കാനും മാത്രമേ അവർക്കറിയൂ… സഹിക്കാൻ അവർക്കറിയില്ല. ക്ഷമിക്കാനും…

പഴയ കാര്യങ്ങൾ ഓർത്ത് സാവിത്രി വാതിലടച്ചു കരഞ്ഞു.

“എനിക്ക് കേൾക്കണ്ട അമ്മയുടെ സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകൾ…” ഒരിക്കൽ സങ്കടം പറഞ്ഞപ്പോൾ ഉപദേശിക്കുകയാണെന്നു കരുതി നളിനി ഒച്ച വച്ചത് സാവിത്രിയോർത്തു.

“ഇല്ല, അവളുടെ തീരുമാനം ഉറച്ചതാണ്. മാനസികമായി വേർപെട്ടത്?ഇനി തുന്നിച്ചേർക്കാനാവില്ല. അങ്ങനെ വിളക്കിച്ചേർക്കപ്പെടണമെങ്കിൽ ഇരുവർക്കും വലിയ ഹൃദയമുണ്ടായിരിക്കണം. നളിനിമോൾക്കതിനാവില്ല.” സാവിത്രി കണ്ണ് തുടച്ച് വാതിൽ തുറന്നു. നമ്മുടെ സ്വഭാവമാണ് നമ്മുടെ വിധി. സാവിത്രി പുറത്തെ വെയിലിലേക്ക് നോക്കി ആരേയോ കാത്തിരിക്കുന്നതു പോലെ ഇരുന്ന് മയങ്ങിപ്പോയി. വൈകുന്നേരം മകൾ വന്ന് കാൽതൊട്ടപ്പോഴാണ് സാവിത്രി ഉണർന്നത്.

“അമ്മേ അനുഗ്രഹിക്കണം.”

ഈ ഭൂമിയിലെ നിസ്സഹായരായ പെണ്ണുങ്ങളുടെ കരച്ചിൽ സാവിത്രിയിലൂടെ പുറത്തു വന്നു.

നളിനി അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തു. പുതിയ കാലത്തെ കരുത്തുള്ള സ്ത്രീയുടെ മുത്തം.

Story: വേരുകൾ

കാവേരി വളരെ സന്തോഷവതിയായി മടങ്ങി വന്നു. പക്ഷെ അവൾ എന്നെന്നേക്കുമായി വന്നതല്ല. അവൾക്കു മടങ്ങണമായിരുന്നു. വിശ്വാസത്തിന്‍റെ ഉമ്മറപ്പടിവാതിക്കലേക്ക്. ഇതിനെ അല്പനേരത്തേക്കുള്ള മടക്കയാത്രയെന്നു വിശേഷിപ്പിക്കാം. അതും കുട്ടിക്കാലത്തിലേയും യൗവനത്തിലേയും തന്‍റെ എല്ലാ സ്വപ്നങ്ങളും സന്തോഷങ്ങളും സ്വായത്തമാക്കുന്നതിനായി. ജീവിതത്തിലെ കഴിഞ്ഞു പോയ സുവർണ്ണനാളുകൾ ഓർക്കുവാൻ വേണ്ടിയാണ് അവൾ വന്നത്, ആ സുപ്രധാന ദിനങ്ങൾ പ്രാപ്തമാക്കുവാനാണ് ഈ മുറ്റത്ത് അവൾ വന്നിരിക്കുന്നത്.

കാവേരി ഭർതൃഗൃഹത്തിൽ അല്പനാൾ ചെലവഴിച്ചശേഷം മാതൃഗൃഹത്തിലേക്ക് വന്നതായിരുന്നു. ഭർതൃവീട്ടുകാർ അവളെ അയയ്ക്കുവാൻ തയ്യാറായിരുന്നില്ല. നവവധുവിനെ ഒരു ക്ഷണനേരത്തേക്ക് പോലും പിരിഞ്ഞിരിക്കുവാൻ ഭർത്താവിനും അമ്മായിയമ്മയ്ക്കും നാത്തൂനും വിഷമമായിരുന്നു. കാവേരി ആ സ്നേഹവും ലാളനയും കൊണ്ട് തൃപ്തയായിരുന്നു. പക്ഷെ ഒരു കാരണവും കൂടാതെ പൊട്ടിച്ചിരിക്കുവാനും, വേഗത്തിലോടുവാനും, ഇഷ്ടമുള്ളപ്പോഴെല്ലാം കിടക്കയിൽ ഓടിവന്ന് കിടക്കുവാനുമെല്ലാം അവൾ കൊതിച്ചിരുന്നു.

ഭർതൃഗൃഹത്തിൽ യാതൊരു പരിമിതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും തനിക്കു ചുറ്റും സങ്കോചത്തിന്‍റെയും മര്യാദയുടെയും അതിർവരമ്പ് അവൾക്ക് ഒരു നവവധുവിനേപ്പോലെ നിശ്ചയിക്കേണ്ടി വന്നു.

“വേഗം മടങ്ങി വരാം. വീട്ടിലെല്ലാവരെയും കാണാനായി മനസ്സു തുടിക്കുകയാണ്.” ഭർത്താവിനെ ചുംബിച്ചു കൊണ്ട് കാവേരി സമാധാനിപ്പിച്ചു. സ്നേഹ സമ്പന്നയായ അമ്മായിയമ്മ സ്നേഹാശിർവാദങ്ങളോടെ അവളെ യാത്രയാക്കി.

പെൺകുട്ടികൾ വിവാഹശേഷം എത്ര പെട്ടെന്നാണ് മാറിപ്പോകുന്നത്. ആദ്യമാദ്യം വസ്ത്രധാരണത്തിൽ. പിന്നീട് ശാരീരികമായും മാനസ്സികമായും ചിന്തകളിലും ജീവിതശൈലിയിലും ഒക്കെ എത്ര പെട്ടെന്നാണ് മാറ്റം സംഭവിക്കുന്നത്. മാതൃഗൃഹത്തോടുള്ള ഔത്സുക്യവും അവിടെയുള്ളവരെ കാണുവാനുള്ള അതിയായ ആഗ്രഹവും മാത്രം മാറ്റമില്ലാത്തതായി നിലനില്ക്കും. കാവേരിയുടെ വരവ് എല്ലാവരേയും വളരെ സന്തോഷിപ്പിച്ചു. മകളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന സന്തോഷവും തിളക്കവും കണ്ട് അമ്മ സന്തോഷം കൊണ്ട് ദീർഘനിശ്വാസമിട്ടു.

കാവേരിയുടെ ഇളയ സഹോദരി അജിത അവളെ വീണ്ടും വീണ്ടും പുണർന്നു കൊണ്ട് പറഞ്ഞു “ചേച്ചി, ചേച്ചി ഇല്ലാത്തതുകൊണ്ട് ഇവിടെ എല്ലാം ശൂന്യമായ പോലെ തോന്നുന്നു. ഇനിയിപ്പോൾ ഞാനാരോട് വഴക്കിടും.” ഏട്ടത്തിയമ്മ ചെവിയിൽ മന്ത്രിച്ചു. “എന്‍റെ പൊന്നു നാത്തൂനേ, രാത്രിയെല്ലാം എങ്ങനെ കടന്നു പോകുന്നു? ഇപ്പോഴും നിന്‍റെ കണ്ണുകളിൽ മയക്കം നിഴലിച്ചിരിക്കുന്നല്ലോ.” എല്ലാവർക്കും സമ്മാനങ്ങൾ നല്കുമ്പോൾ കാവേരി വളരെയേറെ അഭിമാനിച്ചു.

കാവേരിയുടെ സംസാരം തീരുന്ന ലക്ഷണമേ ഉണ്ടായിരുന്നില്ല. ഭർതൃഗൃഹത്തേക്കുറിച്ച് പറഞ്ഞാൽ ഒടുങ്ങാത്തത്ര കാര്യങ്ങൾ, അവിടത്തെ കീഴ്വഴക്കങ്ങൾ… ഇതെല്ലാം അവരുമായി പങ്കുവയ്ക്കുവാൻ കാവേരി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും അവളുടെ ചുറ്റുവട്ടം കൂടിയിരിക്കണമെന്ന് അവൾ മോഹിച്ചു.

ഏട്ടത്തിയമ്മയ്ക്ക് ഇടയ്ക്കിടയ്ക്ക് അടുക്കളയിലേക്ക് ഓടേണ്ടി വന്നു. മരുമകൾ എല്ലാം എങ്ങനെ നോക്കി ചെയ്യും എന്നു കരുതി അമ്മ?  സഹായിക്കുവാൻ കൂടും. അജിത പഠിക്കുവാനിരുന്നു. അവളുടെ പരീക്ഷ അടുത്തിരുന്നു. സഹോദരനും അച്‌ഛനും ജോലിക്കു പോയി. അപ്പോൾ കാവേരിക്ക് പെട്ടെന്ന് താനൊറ്റപ്പെട്ടു പോയോ എന്ന് തോന്നിപ്പോയി. അവൾക്കെല്ലാം വിചിത്രമായി തോന്നി.

അമ്മയെയും ഏടത്തിയെയും സഹായിക്കാൻ അടുക്കളയിലെത്തിയപ്പോഴേക്കും അവർ സ്നേഹത്തോടെ പറഞ്ഞു “രണ്ടുമൂന്നു ദിവസത്തേക്കായി വന്നതല്ലേ. വിശ്രമിക്ക്, ഭർതൃഗൃഹത്തിൽ വിശ്രമമെല്ലാം കിട്ടാറുണ്ടോ. പിന്നെ പോരാത്തതിന് പുതുമണവാട്ടിയും.”

കാവേരിയ്ക്കെന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, എന്തോ ഒരദൃശ്യശക്തി അവളെ പിടിച്ചു വലിക്കുന്നതുപോലെ അവൾക്കു തോന്നി. ഇത് എന്‍റെ വീട്ടുമുറ്റമാണ്. അതേ അമ്മ, ഏടത്തി, കുടുംബാംഗങ്ങൾ. പിന്നെ മാറ്റം എവിടെയാണ് സംഭവിച്ചത്? എന്താ താൻ മാറിയോ? ഇതെല്ലാം തന്‍റെ തെറ്റിദ്ധാരണയാണോ? ആരും തന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാത്തതു കൊണ്ടാണോ ഇങ്ങനെ തോന്നുന്നത്?

വിവാഹത്തിനു മുമ്പ് കാവേരിയുടെ ഇഷ്ടപ്രകാരമാണ് മുറി അലങ്കരിച്ചിരുന്നത്. എന്നാലിന്ന് കാവേരി ആ മുറിയിൽ പ്രവേശിച്ചപ്പോൾ ഒരപരിചിത മുറിയിൽ പ്രവേശിക്കുന്നതായാണ് അവൾക്ക് തോന്നിയത്. അവളുടെ ഗന്ധം അവിടില്ലായിരുന്നു. മുറിയുടെ അലങ്കാരത്തിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ആ മുറിയുടെ ഉടമ അജിതയാണ് എന്നു മനസ്സിലാക്കാൻ അല്പം സമയമെടുത്തു. കുറച്ചു ദിവസങ്ങൾക്കു മുൻപല്ലേ താനീ വീട്ടിൽ നിന്നും യാത്ര പറഞ്ഞത്, ഇത്ര പെട്ടെന്ന് ഇതെല്ലാം എങ്ങനെ മാറി? കാവേരിയുടെ എല്ലാ സാധനങ്ങളും അജിത സ്റ്റോറിലേക്കു മാറ്റിയിരുന്നു.

തന്‍റെ സാധനങ്ങളല്ല, തന്നെത്തന്നെയാണ് ആ മുറിയിൽ നിന്നും എടുത്തു മാറ്റിയതെന്ന് എന്തുകൊണ്ടോ അവൾക്ക് തോന്നിപ്പോയി. പെൺകുട്ടി എത്ര പെട്ടെന്നാണ് അന്യയായിത്തീരുന്നത്. അവളുടെ ഗൃഹത്തോടു ചേർന്നു നിൽക്കുന്ന ഓർമ്മകളുടെ അസംഖ്യം നിമിഷങ്ങൾ എല്ലാം എത്രപെട്ടെന്നാണ് അന്യമാവുന്നത്.

“ചേച്ചി, ഇപ്രാവശ്യം ഞാൻ ചേച്ചിയെ വേഗം മടങ്ങിപ്പോകാനനുവദിക്കില്ല.” അജിത ശാഠ്യം പിടിച്ചു പറഞ്ഞു.

“മഠയത്തി അവളെങ്ങനെ അവിടെ അധികം ദിവസം തങ്ങും? ഇനി മുതൽ ഇവൾ ഇവിടെ ഒരതിഥിയെപ്പോലെയാണ് വരുന്നത്. ഇവൾ വന്നതുമുതൽ മരുമകന്‍റെ ഫോണെത്ര പ്രാവശ്യമാ വന്നത്.” അമ്മ അജിതയെ പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് സ്നേഹത്തോടെ കാവേരിയുടെ തലയിൽ കൈവച്ചു. അതിഥി എന്ന വാക്കുകേട്ട് കാവേരി സ്തബ്ധയായി നിന്നു. ഏതമ്മയാണോ തനിക്ക് ജന്മം നൽകിയത്, സ്നേഹം നൽകിയത് അവർ തന്നെ അതിഥി എന്നു വിളിക്കുകയോ?

രാവിലെ ഭർത്താവിന്‍റെ ഫോൺ വന്നപ്പോൾ കാവേരി അറിയാതെ പറഞ്ഞു, എനിക്കിപ്പോൾ മനസ്സില്ല. ഇതുകേട്ട് വീട്ടിലുള്ളവരെല്ലാം പൊട്ടിച്ചിരിച്ചു. “എന്താ പൊന്നു നാത്തൂനേ, എനിക്കിപ്പോൾ മനസ്സില്ല എന്നു പറയുംവിധം ഇത്ര പെട്ടെന്ന് പ്രിയതമന്‍റെ കൊട്ടാരം ഇഷ്ടമായോ? ഏടത്തിയമ്മ അവളെ കളിയാക്കിക്കൊണ്ട് സംസാരിച്ചു.

ഏടത്തിയുടെ കണ്ണുകളിൽ നിന്നു മിറ്റു വീഴുന്ന കുസൃതിത്തരം കണ്ട് അവളൊരു നിമിഷം ലജ്ജിച്ചു.

പിന്നെയോർത്തു. അതിനിത് എന്‍റെ വീടാണെന്ന് തോന്നിയിട്ടു വേണ്ടേ? തന്‍റെ സ്പർശവും ഗന്ധവും അസ്തിത്വവും തിങ്ങി നിന്നിരുന്ന ഈ അന്തരീക്ഷം മുഴുവനും അപരിചിതത്വം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്‍റെ അധികാരങ്ങൾ ഇത്ര പെട്ടെന്ന് നഷ്ടമായോ? മാതാപിതാക്കൾ, ഏട്ടനും ഏട്ടത്തിയും അജിതയുമെല്ലാം പഴയതു പോലെ ഇവിടെയുണ്ട്. താൻ മാത്രമില്ല.

തന്നെ വേരോടെ പിഴുത് മറ്റൊരു സ്ഥലത്തു കൊണ്ട് നട്ടിരിക്കുകയാണ്. തന്‍റെ അടയാളം പതിപ്പിച്ച് ഭർതൃഗൃഹത്തിൽ തന്‍റെ അസ്തിത്വം നിലനിർത്തുവാനായി അവൾക്കെല്ലാം പുതിയതായി തുടങ്ങണമായിരുന്നു. ഒടുവിൽ എന്തുകൊണ്ടാണ് പെൺകുട്ടിയുടെ സത്വം പിഴുതെടുത്ത് പുതിയ വസ്ത്രം അണിയുന്നതിനായി നിർബന്ധിതയാക്കുന്നത്? ഒരുപക്ഷേ ഇതുതന്നെയായിരിക്കും പാരമ്പര്യം.

എല്ലാവരും ഈ ഭ്രമണപഥത്തിലൂടെ കടന്നു പോകുന്നുണ്ടാകും. പിന്നെ കാവേരിയ്ക്ക് മാത്രം എന്തുകൊണ്ടാണീ മാറ്റം സ്വീകാര്യമല്ലാതാവുന്നത്? കാലുകൾ നീട്ടിവെച്ച് ഇഷ്ടാനുസരണം ഇരിക്കുന്നതും, സാധനങ്ങൾ അവിടവിടെ തോന്നിയതു പോലെ വയ്ക്കുന്നതും, എന്തെങ്കിലുമെല്ലാം കൊറിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം വിചിത്രമായി തോന്നും. അവൾക്ക് പഴയതുപോലെയാകാനായിരുന്നു ഇഷ്ടം.

പണ്ടത്തേതു പോലെ അവൾ തെറ്റുകൾ ചെയ്യുമ്പോൾ അമ്മയും അച്‌ഛനും ശകാരിക്കുവാനും വെറുതെയിരിക്കുമ്പോൾ വഴക്കു പറഞ്ഞു കാണാനുമെല്ലാമാണ് അവൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇതിനെല്ലാം വിപരീതമാണ് നടന്നുകൊണ്ടിരുന്നത്. ഭർത്താവിന്‍റെ ഓർമ്മകൾ കൊണ്ടായിരിക്കാം അവൾ ഉദാസീനയായി ഇരിക്കുന്നതെന്ന് എല്ലാവരും വിചാരിച്ചു.

“ചേച്ചി, കല്യാണത്തിനുശേഷം എത്ര മാറിപ്പോയി, ഉറക്കെ ചിരിക്കുന്നില്ല, ഒരു കാരണം കൂടാതെ ബഹളം വയ്ക്കുന്നില്ല.” അജിത ഇത്രയും പറഞ്ഞപ്പോഴേക്കും കാവേരിയ്ക്കതിശയമായി. താനെങ്ങനെ മാറിയെന്നാണ്? ഉദാസീനയായിരിക്കുന്ന കാവേരിയുടെ കൈകൾ തന്‍റെ കൈകൾക്കുള്ളിലൊതുക്കി പ്രശ്നഭരിതമായ നോട്ടത്തോടു കൂടി അമ്മ നിന്നപ്പോൾ ആ കണ്ണുകളിൽ മമതയും സ്നേഹവുമല്ലാതെ മറ്റൊന്നും കണ്ടില്ല.

“എന്താ കാര്യം മോളേ? നീ സന്തുഷ്ടയല്ലേ? ഈ ഉദാസീനത ഭർതൃവിയോഗത്തിന്‍റെയല്ല. എങ്ങാനും ഭർതൃവീട്ടുകാർ…”

“ഇല്ല, അമ്മേ അങ്ങനെയൊന്നുമല്ല. അവിടെയെല്ലാവരും എന്നെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്. ഇതു വെറുതേ…”

“ഇവിടെയാരെങ്കിലും എന്തെങ്കിലും പറഞ്ഞോ?” സാരിത്തുമ്പുകൊണ്ട് കണ്ണുനീർ തുടച്ച് അസ്വസ്ഥയായി അമ്മ ചോദിച്ചു.

“അമ്മേ എന്നെ ആരും ഒന്നും പറഞ്ഞില്ല. ഇവിടെ എന്നോട് എല്ലാവരും അന്യയെപ്പോലെയാണ് പെരുമാറുന്നത്. അമ്മയും ഏടത്തിയും എന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കുന്നില്ലല്ലോ? ഭർതൃഗൃഹത്തിൽ കുറച്ചുനാളുകളല്ലേ താമസിച്ചുള്ളൂ. പിന്നെ അവിടെയൊരടുപ്പവും ഇത്രനാൾ ചെലവഴിച്ച ഇവിടെ ഒരകൽച്ചയും…” അവൾ ഇത്രയും പറഞ്ഞു നിറുത്തി.

ഇതെന്താ കാവേരി? അവൾ സ്വയം തന്‍റെ ചോദ്യത്തിനുത്തരം കണ്ടുപിടിക്കുവാൻ തുടങ്ങി.

“ആരും നിന്നോട് അന്യയെപ്പോലെ പെരുമാറുകയല്ല. വ്യത്യാസം ഇത്രമാത്രമേയുള്ളൂ. നിന്‍റെ സാമ്രാജ്യം ഇനി അതാണ്. അതുകൊണ്ടാണ് നിനക്ക് സ്വയം ഇവിടെ നിന്നും പിഴുതെടുത്തതായി തോന്നുന്നത്. നീ പോയിടത്ത് ഒരു മാറ്റവുമുണ്ടായില്ലേ? സ്ത്രീകൾ മാറ്റത്തിനനുസരിച്ച് ജീവിക്കണം. എന്തുകൊണ്ടെന്നാൽ വേരുകളുള്ളിടത്ത് സദാ ജീവിതകാലം മുഴുവനും പുഷ്പിതയായിരിക്കാൻ അവർക്കാവില്ല. “നിന്‍റെ ഏടത്തി അവരുടെ മാതൃഗൃഹം ഓർമ്മിക്കുന്നില്ലെന്നുവച്ച് അവർ മാറിപ്പോയോ? ഇല്ല, അവൾ അവളുടെ വീട്, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവയിൽ മുഴുകിയിരിക്കുകയാണ്. ഇപ്പോൾ അവളുടെ പക്കലെവിടെയാ സമയം.”

“അമ്മ പറയുന്നതു ശരിയാ, ഒരുപക്ഷേ ഞാനും അവിടായിപ്പോയി. അതുകൊണ്ടാ ഇവിടെ എനിക്കസാധാരണത്വം തോന്നുന്നത്. അമ്മയെന്‍റെ പഴയ സ്നേഹമുള്ള അമ്മ തന്നെയല്ലേ.” എന്നു പറഞ്ഞ് കാവേരി അമ്മയെ കെട്ടിപ്പിടിച്ചു.

“ചേച്ചീ വരൂ, ബാറ്റ്മിൻഡൻ കളിക്കാം.” അജിത ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

“ഇപ്പോ വരാം,” എന്നു പറഞ്ഞ് കാവേരി തന്‍റെ സാരി വലിച്ച് അരയിൽ കുത്തിക്കൊണ്ട് പുറത്തേക്കിറങ്ങി.

Story: സ്നേഹസംഗമം

രാധിക മനസ്സില്ലാമനസ്സോടെയാണ് വിവേകിനെ തനിച്ചാക്കി കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. വീണ്ടും അതേ തിരക്ക്, ക്യാമറ, ലൈറ്റ്സ്, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രകൾ, ആട്ടോഗ്രാഫ്… ഇംഗ്ലണ്ടിലെ എയർപോർട്ടിലിരുന്ന് അവളോരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

വിവേകിനെ തനിച്ചാക്കി പോവാൻ അവൾക്കൊട്ടും മനസ്സില്ലായിരുന്നു. എങ്കിലും ചേച്ചിയുടെ അടുത്താക്കിയാണല്ലോ പോകുന്നതെന്നാശ്വാസമുണ്ടായിരുന്നു.

എയർപോർട്ടിൽ ചുറ്റും യാത്രക്കാരുടെ തിരക്ക്. അൽപം കഴിഞ്ഞ് മുംബൈയിലേക്കുള്ള ബോയിംഗ് വിമാനം യാത്രക്കാരെ പ്രതീക്ഷിച്ച് നില്ക്കുന്നുവെന്ന് അനൗൺസ്മെന്‍റ് വന്നു.

രാധികയെ യാത്രയാക്കാനെത്തിയ രാജി ചേച്ചിയും ഭർത്താവ് രമേഷും അനൗൺസ്മെന്‍റ് കേട്ട് എഴുന്നേറ്റു.

“രാധീ, നീ സമാധാനമായിരിക്കണം. ഒന്നും ഓർത്ത് വിഷമിക്കരുത്.” രമേശേട്ടൻ രാധികയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

“രാധീ, നീയിടയ്ക്ക് വിളിക്കണം. സന്തോഷമായിട്ടിരിക്കണം. മോനെയോർത്ത് വിഷമിക്കരുത്. അവനെ ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം.” ചേച്ചി രാധികയെ ആശ്ലേഷിച്ചു. രാധികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ തന്‍റെ ഹാൻഡ്ബാഗ് തൂക്കി ഡിപാർച്ചർ ലോഞ്ചിലേക്ക് നടന്നു മറയുന്നതുവരെ അവരിരുവരും കൈവീശിക്കൊണ്ടിരുന്നു.

രാധിക സ്വന്തം സീറ്റിലിരുന്നു. അടുത്തുള്ള സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. അപ്പോഴാണ് ഒരു പെൺകുട്ടി ആ സീറ്റിനടുത്തായി നിലയുറപ്പിച്ചത്. ഒരുപക്ഷേ ഈ ഒഴിഞ്ഞ സീറ്റ് അവളുടേതായിരിക്കുമോ?

“രാധിക… ചേച്ചി… സിനിമയില്” പെൺകുട്ടി വിശ്വസിക്കാനാവാതെ അദ്ഭുതം കൂറിനിന്നു. രാധിക പുഞ്ചിരിച്ചു.

“ഈ സീറ്റിലാരുമില്ലെങ്കിൽ ഞാനിവിടെ ഇരുന്നോട്ടെ?” ഉത്തരം കിട്ടുന്നതിനുമുമ്പായി തന്നെ പെൺകുട്ടി ആ സീറ്റിൽ സ്‌ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.

“ഞാൻ ചേച്ചിയുടെ ഒത്തിരി സിനിമകൾ കണ്ടിട്ടുണ്ട്. ചേച്ചീടെ സിനിമ എനിക്ക് വളരെ ഇഷ്ടമാണ്. ചേച്ചി നന്നായി ഡാൻസും ചെയ്യാറുണ്ടല്ലോ. എനിക്കൊരു ഓട്ടോഗ്രാഫ് തരാമോ?” അവൾ ബാഗ് തുറന്ന് ഡയറിയെടുത്ത് രാധികയ്ക്കു നേരെ നീട്ടി.

“കുട്ടിയുടെ പേരെന്താണ്?”

“ശാലിനി. എന്‍റെ പപ്പായും മമ്മിയും ഒപ്പമുണ്ട്. എയർപോർട്ടിലെത്തുമ്പോൾ ഞങ്ങളോടൊപ്പം നിന്ന് ഒരു ഫോട്ടോയുമെടുക്കണം. എനിക്ക് എന്‍റെ ഫ്രണ്ട്സിനെ കാണിക്കാനാണ്.”

“തീർച്ചയായും.” രാധികയുടെ മറുപടി കേട്ടതോടെ ശാലിനിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.

രാധിക ആട്ടോഗ്രാഫ് കുറിച്ച് ഡയറി ശാലിനിയെ ഏല്പിച്ചു.

“താങ്ക്യൂ ചേച്ചി” അവൾ സ്വന്തം സീറ്റിലേക്ക് മടങ്ങി.

യാത്രയ്ക്കിടയിൽ ഇങ്ങനെ ചിലരോടൊക്കെ സംസാരിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. രാജീവും അത്തരത്തിലൊരാളായിരുന്നു. ഒരു നിമിഷം ഓർമ്മകൾ ഓടിയെത്തി. അവൾ കണ്ണടച്ചു സീറ്റിൽ ചാരിക്കിടന്നു. ഇങ്ങനെയൊരു യാത്രയ്ക്കിടയിലാണ് രാജീവിനെ ആദ്യമായ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. തൊട്ടടുത്ത സീറ്റിലായിരുന്നു രാജീവ് ഇരുന്നത്. ആരെയും കൂസാത്ത പ്രകൃതം. ഇത്രയും സുന്ദരിയും മലയാളത്തിലെ സൂപ്പർ നായികയുമായിരുന്നിട്ടും അയാൾ അവളെ ശ്രദ്ധിക്കുക കൂടി ചെയ്തില്ല. അയാൾ തന്നെ സംസാരത്തിന് തുടക്കമിടട്ടെയെന്ന് അവളും തീരുമാനിച്ചു. എന്നാലങ്ങനെയൊരു നീക്കവും അയാളിൽ നിന്നുണ്ടായില്ല. രാധിക പുറത്തേക്ക് തന്നെ നോക്കിയിരുന്നു. അയാളുടെ ശ്രദ്ധ മുഴുവനും പുസ്തകത്തിലായിരുന്നു.

“ആളുകൾ എന്നോട് എന്തെങ്കിലുമൊക്കെ സംസാരിക്കാൻ കൊതിക്കാറുണ്ട്. പക്ഷേ ഇയാളെന്താ ഇങ്ങനെ? ഇയാളാണെങ്കിൽ കണ്ടഭാവം പോലും നടിക്കുന്നുമില്ല.” രാധിക ചിന്തിച്ചു കൊണ്ടിരുന്നു.

“ടീ ഓർ കോഫി?” അടുത്തു വന്ന എയർഹോസ്റ്റസിന്‍റെ ശബ്ദം.

“കോഫി”

അയാളും അതുതന്നെ ആവശ്യപ്പെട്ടു.

“കോഫിയാണോ ഇഷ്ടം?” രാജീവിന്‍റെ ചോദ്യം കേട്ടതോടെ രാധികയ്ക്ക് ആശ്വാസമായി.

“അതെ” എന്നു മറുപടി പറഞ്ഞ് രാധിക മനോഹരമായി പുഞ്ചിരിച്ചു.

“എന്താ പേര്?” രാജീവിന്‍റെ അടുത്ത ചോദ്യം.

ഇയാൾക്കെന്നെ അറിയില്ലായെന്നുണ്ടോ? സിനിമ കാണാത്ത കൂട്ടത്തിലാണെന്നു തോന്നുന്നു. ഒരു നിമിഷം ആലോചിച്ച ശേഷം അവൾ മറുപടി പറഞ്ഞു “രാധിക”

“നിങ്ങൾ?” അവൾ തിരിച്ചു ചോദിച്ചു.

കോഫി ഒരു കവിൾ ഇറക്കിയ ശേഷം അയാൾ തുടർന്നു. “പേര് രാജീവ്, ഞാനൊരു സയന്‍റിസ്റ്റാണ്. ഒരു സെമിനാറിൽ പങ്കെടുക്കാനാണ് ഇന്ത്യയിലേക്കു പോയത്.” രാജീവ് ഒരിക്കൽ മാത്രമേ അയാളെക്കുറിച്ച് പറഞ്ഞിരുന്നുള്ളൂ.

“ഞാനൊരു ആർട്ടിസ്റ്റാണ്.”

സിനിമയിൽ അഭിനയിക്കുമെന്ന കാര്യം ഇയാളോടെന്തിനു പറയണം? അടുത്ത നിമിഷം രാധിക ആലോചിച്ചു.

“സെമിനാർ എങ്ങനെയുണ്ടായിരുന്നു?”

“വളരെ നല്ലതായിരുന്നു.

“ഇംഗ്ലണ്ടിലാണോ താമസം, മമ്മിയും പപ്പായും?”

“അതെ, എന്‍റെ പപ്പ ഡോക്ടറാണ്. പപ്പയും മമ്മിയും പ്രേമിച്ചാണ് കല്യാണം കഴിച്ചത്. അങ്ങനെ കേരളത്തിൽ നിന്ന് ഇവിടെയെത്തി. ഇവിടെ തന്നെ സെറ്റിൽ ചെയ്‌തു. കോട്ടയത്താണ് ഞങ്ങളുടെ സ്വന്തം വീട്.” രാജീവ് അവളെ നോക്കി ചിരിച്ചു.

“ഇപ്പോൾ ഇവിടെയും എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഇനി ലവ് മാര്യേജ് ചെയ്ത് ഒളിച്ചോടേണ്ട യാതൊരു കാര്യവുമില്ല” രാധിക തുടർന്നു.

രാജീവ് ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നില്ല. അവളുടെ തിളങ്ങുന്ന സൗന്ദര്യത്തിലൊന്നും മയങ്ങുന്നവനല്ല അവനെന്ന് അവൾക്ക് തോന്നി. വലിയ കണ്ണുകളുള്ള അവൾ ആരെ നോക്കിയാലും അവരൊക്കെ അവളിൽ ആകൃഷ്ടരാവുമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ ഇന്ന്, അതൊക്കെ വെറും കളവാണെന്ന് അവൾക്ക് തോന്നി.

ങാ, പരസ്പരം അഭിമുഖമായിരുന്നല്ലല്ലോ വർത്തമാനം പറയുന്നത്. പിന്നെങ്ങനെ അയാളെന്‍റെ സൗന്ദര്യം അളക്കും. എങ്കിലും അയാളുടെ കവിളുകളിൽ വിരിയുന്ന ആ നുണക്കുഴികൾ അവളെ വല്ലാതെ ആകർഷിച്ചു. അയാളറിയാതെ അവൾ അയാളെ വീക്ഷിച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് പ്ലെയിനിൽ എന്തോ അപകടം പിണഞ്ഞിട്ടുണ്ടെന്നും, എമർജൻസി ലാൻഡിംഗിന്‍റെ ആവശ്യമുണ്ടെന്നും യാത്രക്കാർ പരിഭ്രമിക്കരുതെന്നും, സ്വന്തം സീറ്റുകളിൽ ബെൽറ്റ് മുറുക്കിയിരിക്കണമെന്നുള്ള അനൗൺസ്മെന്‍റ് കേട്ടത്.

രാധികയുടെ മുഖത്ത് ഭയാശങ്കകൾ നിറഞ്ഞു. അവൾ കരഞ്ഞുപോയി.

“പേടിക്കേണ്ട, ഞാനില്ലേ കൂടെ, രാജീവ് രാധികയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഫ്രാൻസിനു മുമ്പായുള്ള ഏതോ ഒരു വിമാനത്താവളത്തിലാണ് പ്ലെയിൻ ലാൻഡ് ചെയ്തത്. വിമാനത്തിന്‍റെ ഒരു എഞ്ചിൻ തീപിടിച്ചതായിരുന്നു അപകട കാരണം. എല്ലാ യാത്രക്കാരും കയ്യിൽ കിട്ടിയ സ്വന്തം സാധനങ്ങളെടുത്തു പുറത്തേക്ക് ഓടി.

എല്ലാവരും സുരക്ഷിതരായി പുറത്തെത്തി അല്പസമയത്തിനുള്ളിൽ തന്നെ വിമാനം ഒരു തീഗോളമായി.

യാത്രക്കാർക്ക് താമസിക്കാനായി ഹോട്ടലുകൾ വിമാനാധികൃതർ ഏർപ്പെടുത്തിയിരുന്നു. ഓരോ മുറികളിലായി ഒന്നിലധികം പേരാണ് താമസിച്ചിരുന്നത്. രാധികയും രാജീവും ഒരു മുറിയിലാണ് താമസിച്ചത്.

രാത്രിയായതോടെ ക്ഷീണിച്ച് തളർന്ന രാജീവ് സോഫയിൽ കിടന്നുറങ്ങി. രാധിക ബെഡ്ഡിലും. പലവിധ ചിന്തകളും ആധികളും മൂലം അവൾക്കുറങ്ങാനേ കഴിഞ്ഞില്ല. മനസ്സ് ഒരു പമ്പരം കണക്കെ കറങ്ങിക്കൊണ്ടിരുന്നു. ക്രമേണ അവളുടെ ശ്രദ്ധ രാജീവിലായി.

അയാളുടെ കാലുകൾ സോഫയും കവിഞ്ഞ് തൂങ്ങിക്കിടന്നു. സോഫയിൽ അയാൾക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു. അയാൾ പുതച്ചിരുന്ന കമ്പിളി ശരീരത്തിൽ നിന്ന് തെന്നിമാറി കിടന്നിരുന്നു. ശ്വാസഗതിക്കനുസരിച്ച് ഉയർന്നു താഴുന്ന അയാളുടെ വിരിഞ്ഞ മാറിടം കാണാനെന്തു ഭംഗിയാണ്. കറുത്തിരുണ്ട രോമങ്ങളുള്ള അയാളുടെ വക്ഷസ്സ് അവളെ തെല്ല് അസ്വസ്ഥയാക്കി. ഒരു കൊച്ചുകുഞ്ഞിന്‍റെ നിഷ്കളങ്കതയാണ് ആ മുഖത്ത്. സ്ത്രീകളിൽ മാത്രമല്ല സെക്സ് അപ്പീലുള്ളതെന്ന വസ്തുത അന്നവൾ ആദ്യമായി മനസ്സിലാക്കി. രാജീവിനെ നോക്കി നില്ക്കെ അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു. അവൾ സ്വയം നിയന്ത്രിക്കാനായി കഠിനമായി ശ്രമിച്ചു. അവൾ മെല്ലെ എഴുന്നേറ്റ് അയാളുടെ നെഞ്ചിലേക്ക് തല ചായ്ച്ചു. അന്നവർ ഒരേ കമ്പിളിക്കീഴിൽ പുതച്ചു കിടന്നു.

അവരുടെ ലഗേജുകൾ വിമാനത്തിന് തീപിടിച്ചതിനൊപ്പം നഷ്ടപ്പെട്ടിരുന്നു. ഇരുവരുടെയും കൈവശം പേഴ്സ് മാത്രമാണുണ്ടായിരുന്നത്. ഇതിൽ അത്യാവശ്യം പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വിമാന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അവർ ഒരു ടാക്സി പിടിച്ച് ഫ്രാൻസിലേക്ക് തിരിച്ചു. സുഖമായിരിക്കുന്ന വിവരം വീട്ടിലേക്ക് ഫോൺ ചെയ്‌തറിയിച്ചു.

“രാജീവ്, സമയമുണ്ടെങ്കിൽ നമുക്കിവിടെയൊന്ന് ചുറ്റിക്കറങ്ങിയാലോ? നമ്മളിനിയെന്നു കണ്ടുമുട്ടുമെന്നു പോലുമറിയില്ല.” രാധിക പ്രതീക്ഷയോടെ രാജീവിനെ നോക്കി.

ഒരാഴ്ച കൊണ്ടു ഫ്രാൻസിലെ ഒട്ടുമിക്ക കാഴ്ചകളും അവർ ചുറ്റിക്കറങ്ങി കണ്ടു. പരസ്പരം പിരിയാനാവാത്ത വിധം അവർ അടുത്തു.

അവർ വീണ്ടു കണ്ടുമുട്ടാമെന്ന പ്രതീക്ഷയിലായിരുന്നു. വീട്ടിലാരോടും അവൾ രാജീവിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. വീണ്ടും സിനിമയുടെ നിറമുള്ള ലോകത്ത്. പുതിയ പുതിയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിക്കൊണ്ട് അവൾ തിരക്കുകളിൽ മുഴുകി.

ഇടയ്ക്കിടെ വല്ലാത്ത ക്ഷീണം തോന്നിത്തുടങ്ങിയപ്പോൾ അവൾ ഒരു ഡോക്ടറെ സമീപിച്ചു. അപ്പോഴാണ് 17 ആഴ്ച വളർച്ചയുള്ള ഒരു ഭ്രൂണം തന്‍റെ ഉദരത്തിൽ പിറവിയെടുത്ത കാര്യം അവളറിയുന്നത്. അബോർഷനുള്ള സാധ്യത കടന്നു പോയി. ഇനിയെന്തു ചെയ്യും?

കാറിലിരിക്കുമ്പോൾ അവൾ രാജീവിനെക്കുറിച്ചോർത്തു. ജന്മദിന ആശംസകൾ നേരാനാണ് അയാൾ അവസാനമായി ഫോൺ ചെയ്‌തത്.

“ഞാൻ നിനക്കെപ്പോഴും ഫോൺ ചെയ്യുമായിരുന്നു. പക്ഷേ നീയെപ്പോഴും ഷൂട്ടിംഗ് സെറ്റിലാണെന്നുള്ള വിവരമാണ് ലഭിച്ചത്. ഇന്ന് ഒടുവിൽ കിട്ടി… ഹാപ്പി ബർത്ത്ഡേ,” രാജീവിന്‍റെ ശബ്ദത്തിലാകെ സന്തോഷത്തിന്‍റെ അലകൾ.

“താങ്ക്യൂ”

“എന്നെ കല്യാണം കഴിക്കാമോ?” അടുത്ത നിമിഷം ഒരു സങ്കോചവും കൂടാതെയാണ് അയാൾ ആവശ്യമുന്നയിച്ചത്.

മറുപടിയായി രാധിക പൊട്ടിച്ചിരിച്ചു. “കല്യാണത്തിന് അടുത്ത മൂന്നു വർഷത്തേക്ക് എനിക്കൊട്ടും സമയമില്ല… ഒത്തിരി സിനിമകൾ ഇപ്പോൾ കമ്മിറ്റ് ചെയ്‌തിട്ടുണ്ട്.”

നിരാശയോടെ രാജീവ് ഫോൺ കട്ട് ചെയ്‌തു.

“ആരോടാ നീ സംസാരിച്ചത്.” രാജീവിന്‍റെ മുഖഭാവം ശ്രദ്ധിച്ച അമ്മ ചോദിച്ചു.

“മമ്മീ, ഞാനെന്‍റെ ഒരു ഫ്രണ്ടിനെയാണ് വിളിച്ചത്. അവൾ സിനിമാനടിയാണ്.”

“അതവളല്ലേ, മലയാളത്തിലെ സൂപ്പർ നായിക” അമ്മ ധൃതിയിൽ ടിവി സ്വിച്ച് ഓൺ ചെയ്‌തു.

“മോനേ, ഇത്ര സുന്ദരിയും, സിനിമാ നടിയുമായ പെണ്ണ് നിന്നെ കല്യാണം കഴിക്കുമോ? വീടും കുടുംബവും നോക്കി നടത്താൻ ഇവളെക്കൊണ്ടാകുമോ?” “നീയിനി റിസർച്ചിൽ മാത്രം ശ്രദ്ധിച്ചാൽ മതി, അവളെയങ്ങ് മറക്ക്.”

രാധിക നടന്ന കാര്യങ്ങൾ മുഴുവനും അമ്മയെ അറിയിച്ചു. സങ്കടം സഹിക്കാനാവാതെ അവൾ വിങ്ങിപ്പൊട്ടി. 2 മാസം കൂടി കോൾഷീറ്റ് പ്രകാരമുള്ള സിനിമകൾ പൂർത്തിയാക്കണം. അതിനുശേഷം ഒരഞ്ചാറ് മാസത്തേക്ക് അവധിയെടുക്കണം. എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടെത്തണം. കുഞ്ഞിനെ ചേച്ചി നോക്കിക്കോളും.

“ചേട്ടൻ രാജീവിനെ കാണുന്നുണ്ട്. അയാളുടെ അഭിപ്രായം എന്താണെന്നു കൂടി അറിയണമല്ലോ?” ചേച്ചി അവളെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

“വേണ്ട ചേച്ചി, ഞാൻ ഗർഭിണിയാണെന്ന കാര്യം രാജീവ് അറിയരുത്. കല്യാണത്തിന് തയ്യാറാണെങ്കിൽ മാത്രം അറിയിച്ചാൽ മതി. ഇല്ലെങ്കിൽ വേണ്ട…” രാധിക ഫോണിലൂടെ ചേച്ചിയോട് സംസാരിച്ചു. അവളുടെ മുഖത്ത് നിരാശ പടർന്നിരുന്നു.

രമേഷ് ചേട്ടൻ രാജീവിനെ കാണാനായി അയാളുടെ വീട്ടിലേക്ക് ചെന്നു. വിമാനത്തിന്‍റെ സ്പെയർ പാർട്സ് ബിസിനസ്സ് നടത്തുന്ന ആളായിരുന്നു രമേഷ്. രാജീവാണെങ്കിൽ എയറോനോട്ടിക്കൽ എൻജിനീയറിംഗിൽ റിസർച്ച് ചെയ്യുകയാണ്. ഒരേ ഫീൽഡിലായതുകൊണ്ട് ഇരുവരും മുൻ പരിചയക്കാരുമായിരുന്നു.

“രാജീവ്, കല്യാണക്കാര്യം സംസാരിക്കാനാണ് ഞാൻ വന്നത്. രാധിക ഇപ്പോൾ ഞങ്ങൾക്കൊപ്പമാണ് താമസിക്കുന്നത്.”

അല്പനേരത്തെ മൗനത്തിനുശേഷം രാജീവ് അലക്ഷ്യമായി വിദൂരതയിലേക്കു നോക്കി പറഞ്ഞു. “ഒരിക്കൽ താല്പര്യമുണ്ടായിരുന്നു. അന്ന് അവൾക്ക് അതിന് സമയമില്ലായിരുന്നു. ഇന്നെനിക്കും. ഇപ്പോൾ എനിക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, പണവും പ്രശസ്തിയുമുണ്ടാക്കണം.”

അത്യാവശ്യം ഷൂട്ടിംഗ് തിരക്കുകൾ മുഴുമിച്ച് സുഖമില്ലെന്ന് നുണ പറഞ്ഞ് അവൾ ലണ്ടനിലേക്ക് തിരിച്ചു. പറഞ്ഞിരുന്ന ഡേറ്റിനു മുമ്പായി കുഞ്ഞു പിറന്നു. പേര് വിവേക്. വിവേക് ശരിക്കും അവന്‍റെ പപ്പായെപ്പോലെ തന്നെയാണ്. അതേ നീല കണ്ണുകൾ. നുണക്കുഴികൾ.

കേരളത്തിൽ മടങ്ങിയെത്തിയ അവൾ വീണ്ടും ഷൂട്ടിംഗിന്‍റെ തിരക്കുകളിൽ ഒഴുകി നടന്നു. അല്പ നാളിനുശേഷം രാധിക ലണ്ടനിൽ നിന്നും അമേരിക്കയിലേക്ക് താമസം മാറ്റി. ഇതിനിടയിലാണ് ഒരിക്കൽ രാജീവ് റിസർച്ച് പൂർത്തിയാക്കിയ വിവരം ലഭിച്ചത്. വിമാനത്തിൽ പരമാവധി ഇന്ധനം കുറയ്ക്കുന്നതിന് ഒരു നൂതനമായ സാങ്കേതിക വിദ്യയാണ് രാജീവ് വികസിപ്പിച്ചത്. രാജീവിന്‍റെ പേരും ഫോട്ടോയും പത്രത്താളുകളിൽ നിരന്നു. പിന്നാലെ പുരസ്കാരങ്ങളുടെ ഘോഷയാത്രയായിരുന്നു. കഠിനമായ ശ്രമത്തിലൂടെയാണ് അയാൾ പണവും പ്രശസ്തിയും നേടിയത്.

ഇപ്പോൾ വിവേകിന് 2 വയസ്സായി. രാധിക പുതിയ ഫിലിം പ്രൊജക്ടുകളിൽ നിന്നും വിട്ടുനിന്നു. ഇന്നൊന്നിനും മനസ്സില്ല. താൻ ഇത്രയും കാലം ജീവിച്ചതെന്തിനു വേണ്ടിയായിരുന്നുവെന്ന ചിന്ത അവളെ വല്ലാതെ വേട്ടയാടി. ജീവിതത്തിന്‍റെ നിരർത്ഥകതയെപ്പറ്റി അവൾ ചിന്തിച്ചു തുടങ്ങിയിരുന്നു.

“രാധിക, നിന്‍റെ വിശേഷങ്ങൾ എന്തൊക്കെയാണ്? ഒന്ന് ഇവിടംവരെ വരണം. രാജീവ് ഇവിടെയുണ്ട്. ഒരിക്കൽ ഞാനയാളെ കണ്ടിരുന്നു. നിങ്ങൾക്ക് പര്പരമൊന്ന് സംസാരിച്ചു കൂടെ?” രമേഷ് ചേട്ടനാണ് ഫോണിന്‍റെ മറുതലയ്ക്കൽ.

ഇപ്പോൾ തന്നെ പോയാലോ എന്നവളുടെ മനസ്സു കൊതിച്ചു. അന്നുരാത്രി അവൾക്ക് ഉറങ്ങാനെ കഴിഞ്ഞില്ല.

ഒരാഴ്ചയ്ക്കുശേഷം അവൾ ചേച്ചിയുടെ അപ്പാർട്ട്മെന്‍റിലെത്തി. രാധിക എത്തിയതറിഞ്ഞ് അയാൾ അവൾക്കു ഫോൺ ചെയ്തു.

“ഹലോ രാധീ, നിനക്ക് സുഖം തന്നെയല്ലേ? ഇന്നും നീ ബിസിയാണോ അതോ…?” രാജീവിന്‍റെ ശബ്ദം അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതേ ശബ്ദം. സംസാരരീതിയ്ക്ക് യാതൊരു മാറ്റവുമില്ല.

“ഒട്ടും ബിസിയല്ല.” അവൾ ഗദ്ഗദത്തോടെ എങ്ങനെയോ പറഞ്ഞു.

“നാളെ ഒരു ഔട്ടിംഗിന് വരാമോ? ഞാൻ കാത്തിരിക്കും.”

“ശരി” സങ്കടമടക്കാനാവാതെ അവൾ റിസീവർ താഴെ വച്ചു. വിവേകിനെപ്പറ്റി രാജീവിനൊന്നും തന്നെയറിയില്ല. അവനെക്കുറിച്ചെന്തെങ്കിലും പറയാൻ രാധിക ഒട്ടുംതന്നെ ആഗ്രഹിച്ചില്ല.

വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച. രാജീവിനല്പം തടി കൂടിയിട്ടുണ്ട്. അവർ പരസ്പരം കണ്ണിമയ്ക്കാതെ അല്പനേരം നോക്കി നിന്നു.

“ഹായ്, വളരെ ബ്യൂട്ടിഫൂളായിട്ടുണ്ടല്ലോ,” ഡോർ തുറന്നു കൊണ്ട് രാജീവ് അവളെ ക്ഷണിച്ചു.

“താങ്ക്യൂ” രാധിക തെല്ല് നാണത്തോടെ മൊഴിഞ്ഞു.

“എന്നെ എപ്പോഴെങ്കിലും ഓർത്തിരുന്നോ?”

“ചിലപ്പോൾ, വിമാനാപകട വാർത്തകൾ കേൾക്കുമ്പോഴൊക്കെ” മറുപടി നൽകിക്കൊണ്ടവൾ പൊട്ടിച്ചിരിച്ചു. ഒപ്പം രാജീവും.

“ഇപ്പോഴെങ്ങനെ, ജീവിതം…”

“ഇന്ന് പണവും പ്രശസ്തിയും ഒക്കെയുണ്ട്. പക്ഷേ എന്തോ ഒരു ഏകാന്തത എനിക്കു ചുറ്റും വലയം ചെയ്യുന്നതുപോലെ തോന്നുന്നു. ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് ഒരാഗ്രഹം… നിനക്ക് എന്‍റെ ജീവിതത്തിലേക്കു വന്നുകൂടെ?”

ഇനി വിവേകിനെപ്പറ്റി രാജീവിനോട് പറയുന്നത് ഉചിതമായിരിക്കും. വിവേകിന് അവന്‍റെ പപ്പായെ കിട്ടുമല്ലോ.

അല്പനേരത്തെ ആലോചനയ്ക്കു ശേഷം രാധിക പറഞ്ഞു “എന്‍റെയൊപ്പം വീട്ടിൽ വരെയൊന്ന് വരണം.”

“ശരി” അയാൾ കാർ തിരിച്ചു.

വീട്ടിലെത്തിയയുടനെ രാജീവിനെ അവൾ സ്വീകരണമുറിയിലേക്ക് ആനയിച്ചു. അവൾ അകത്തെ മുറിയിലേക്കു പോയി മകന്‍റെ കയ്യും പിടിച്ച് സ്വീകരണ മുറിയിലേക്ക് വന്നു.

“ആരായിത്” രാജീവ് നിഷ്കളങ്കമായ കുഞ്ഞുമുഖം ശ്രദ്ധിച്ചു നോക്കി.

“ഒന്ന് ഗസ്സ് ചെയ്തു നോക്കൂ.” രാധിക വിവേകിന്‍റെ കൈ വിടുവിച്ച് ആകാംക്ഷയോടെ രാജീവിന്‍റെ മുഖം നോക്കി.

വിവേക് ചിരിച്ചുകൊണ്ട് രാജീവിന്‍റെ മടിയിൽ കയറിയിരുന്നു. അവന്‍റെ നീലക്കണ്ണുകളും നുണക്കുഴികളും സസൂക്ഷ്മം ശ്രദ്ധിച്ച രാജീവ് അതിശയപ്പെട്ടു. ഒന്നും പറയാതെ തന്നെ രാജീവ് എല്ലാം മനസ്സിലാക്കി.

രാജീവിന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അയാൾ മകനെ വാരിയെടുത്ത് അവന്‍റെ തുടുത്ത കവിളുകൾ മാറി മാറി ചുംബിച്ചു. കാര്യമറിയാതെ വിവേക് പുഞ്ചിരി പൊഴിച്ചു. രാജീവിന് അടക്കാനാവാത്ത സന്തോഷം തോന്നി.

സ്നേഹസംഗമത്തിന്‍റെ നിർവൃതിയിൽ അയാൾ സ്വയം മറന്നു.

ങ്ഹും, എന്തൊരു മനുഷ്യനാ നിങ്ങള്

സമയത്ത് കല്യാണം നടക്കണം, അല്ലെങ്കിൽ നല്ല ചെറുക്കനെ കിട്ടില്ല എന്നൊക്കെ പറഞ്ഞ് എല്ലാവരും സലോണിയെ നിർബന്ധിച്ചു കൊണ്ടിരുന്നു. അതിനുവേണ്ടി നാളുകളായി സലോണി കടുത്ത ഉപവാസവും വ്രതങ്ങളും എടുത്തു. കഠിന വ്രതങ്ങളൊക്കെ നോക്കിയതിനാൽ തനിക്കൊരു രാജകുമാരൻ തന്നെ വന്നുചേരും, തന്നെ കുതിരപുറത്തേറ്റി കൊണ്ടുപോകും എന്നവൾ സ്വപ്നം കണ്ടു. കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഒരു രാജകുമാരൻ തന്നെയെത്തി. പക്ഷെ കുതിരപ്പുറത്തായിരുന്നില്ല കാറിലാണെന്ന വ്യത്യാസം മാത്രം.

വിവാഹത്തിന് മുമ്പ് നടന്ന സംഭവങ്ങളെപ്പറ്റി പറയാതെ പോകാനാവില്ലല്ലോ. വിവാഹ നിശ്ചയം കഴിഞ്ഞനാൾ തുടങ്ങി പ്രസ്തുത രാജകുമാരൻ സലോണിയെ ഫോണിൽ വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചു. വാട്സാപ്പിലും പരസ്പരം ഹൃദയം കൈമാറികൊണ്ട് സന്ദേശങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. സലോണിയെ സംബന്ധിച്ച് നവവരൻ ഒരു ലോട്ടറി തന്നെയായിരുന്നു. വിദ്യാസമ്പന്നൻ കാണാൻ തെറ്റില്ലാത്ത സുന്ദരൻ… വിവാഹം കെങ്കേമമായി തന്നെ നടന്നു. സലോണിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

രാജകുമാരനാകട്ടെ വിവാഹത്തിന്‍റെ  ആദ്യനാളുകളിൽ സിനിമയിലെ ചോക്ക്ളേറ്റ് ഹീറോയെപ്പോലെ റൊമാന്‍റിക്കായി അവൾക്ക് ചുറ്റും പാറിപറന്ന് നടന്നു. എന്നാൽ കുറച്ച് കഴിഞ്ഞതോടെ രാജകുമാരൻ നെറ്റി ചുളിക്കാൻ തുടങ്ങി. ഇതുവരെ മുഖം നിറയെ പുഞ്ചിരിയോടെ വന്നിരുന്ന കുമാരൻ ഭർത്താവിന്‍റെ പോസ്റ്റിൽ അവരോധിതനായതോടെ നെറ്റിചുളിച്ച് ക്രോധിതനായതെന്തെന്ന് ഓർത്ത് സലോണി കൺഫ്യൂഷനിലായി.

പ്രണയ കൊട്ടാരത്തിൽ ആക്രോശങ്ങളും ആജ്ഞകളും മുഴങ്ങി. സലോണിയ്ക്ക് ഇക്കാര്യം അത്ര ദഹിക്കുന്നതായിരുന്നില്ല. പക്ഷെ വിവാഹം കഴിച്ച സ്ഥിതിയ്ക്ക് ഇതൊക്കെ സഹിച്ചല്ലെ പറ്റൂ.

പക്ഷെ അപ്പോഴും പ്രേബ്ളം. ഭാര്യ കാര്യങ്ങളെ ഇത്രയും കൂളായി എടുക്കുന്നത് ഭർത്താവിനെ അസ്വസ്ഥനാക്കി. ഇത്രയും കൂൾ പാടില്ല. എന്തെങ്കിലും ചെയ്തെ പറ്റൂ.

“തുണിയെന്താ വിരിച്ചിടാത്തത്. വാഷിംഗ് മെഷിനിൽ തന്നെ ഇട്ടേക്കുവാണോ?” മിസ്റ്റർ ഭർത്താവ് നെറ്റിചുളിച്ചു കൊണ്ട് ആക്രോശിച്ചു.

“മറന്നു പോയി” സലോണി ഉള്ളിൽ നുരഞ്ഞു വന്ന ദേഷ്യത്തെ കടിച്ചിറക്കിക്കൊണ്ട് ശാന്തസ്വരൂപിണിയായി പറഞ്ഞു.

“എങ്ങനെ മറക്കാതിരിക്കും, ഫേസ്ബുക്ക്, വാട്സാപ്പ്, പിന്നെ കുറെ പുസ്തകങ്ങൾ. ഇതെക്കെയല്ലേ നിന്‍റെ ലോകം… പിന്നെങ്ങനെ മറക്കാതിരിക്കും.

“മറന്നു പോയി. ഇനി മറവിയുണ്ടാകാതെ നോക്കികൊള്ളാം.” സലോണി മനസിൽ പറഞ്ഞു.

“മറക്കുകയെന്നത് വലിയൊരു തെറ്റാണ് പൊയ്ക്കോ, ഇനിയെന്‍റെയൊരു ജോലിയും ചെയ്യണ്ട ഞാൻ തന്നെ ചെയ്തു കൊള്ളാം.” ഭർത്താവ് ആജ്ഞ പുറപ്പെടുവിച്ചു.

“എങ്കിൽ ചെയ്‌തുകൊള്ളൂ. മാത്രവുമല്ല എനിക്ക് തുണി വിരിക്കുകയെന്നത് അത്രയിഷ്ടമുള്ള കാര്യമല്ല.” സലോണി മനസിൽ പറഞ്ഞു.

പ്രിയപ്പെട്ട ഭർത്താവ് മുഖം വീർപ്പിച്ചു. ഇനി നോ സംസാരം. ഏതാനും മണിക്കൂർ നേരത്തേക്കല്ല സംസാരം നിരോധിച്ചിരിക്കുന്നത് അത് ചിലപ്പോൾ 3-4 ദിവസം തന്നെ തുടർന്നെന്ന് വരും. കാരണം അത്രയും വലിയ തെറ്റാണല്ലോ സലോണി വരുത്തിയിരിക്കുന്നത്. ഇനി മറവിയെങ്ങനെ മാറാനാണ്.

ഒരിക്കൽ സലോണി ഭർത്താവ് കുമാരനൊപ്പം ഔദ്യോഗിക ടൂറിന് പോയിരുന്നു. രാത്രി ഗസ്റ്റ് ഹൗസിൽ വച്ച് ഓർഡർ ചെയ്യാൻ ആവശ്യപ്പെട്ട ഭക്ഷണം മാറ്റി പറഞ്ഞതിനെ ചൊല്ലിയായിരുന്നു അന്നത്തെ തർക്കം. ആവശ്യപ്പെടാത്ത ഭക്ഷണം തീൻമേശയിലെത്തിയതുകൊണ്ട് അന്ന് രാജകുമാരൻ ഉറഞ്ഞു തുള്ളുകയായിരുന്നു. അതിനു ശേഷം സലോണി ജാഗ്രത പാലിക്കാൻ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.

സലോണിയുടെ ജാഗ്രതപാലിക്കൽ കണ്ട് ഭർത്താവ് അഭിമാനം കൊണ്ടു. ഭാര്യ ഇത്രയും വലിയ തെറ്റ് തിരുത്തിയല്ലോ. എന്നാലും അദ്ദേഹത്തിന്‍റെ മുഖം ബലൂൺ പോലെ വീർത്ത് തന്നെയിരുന്നു. ഭർത്താവായി പോയല്ലോ. ചെറിയ കാര്യങ്ങൾക്കു പോലും തിളച്ചു മറിയുന്ന ഭർത്താവിനെ കാണുമ്പോൾ സലോണി അസ്വസ്ഥയാകും. എത്ര സോറി പറഞ്ഞാലും സലോണി വരുത്തുന്ന അപരാധങ്ങൾ വലിയ തെറ്റുകളായി മാറി.

ഒരിക്കൽ സലോണിയുടെ ജന്മദിനത്തിന് വൈകുന്നേരം ഔട്ടിംഗിന് പോകാമെന്ന വാഗ്ദാനം നൽകി ഭർത്താവദ്ദേഹം ഓഫീസിലേക്ക് പുറപ്പെട്ടു. വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഭർത്താവ് സലോണി ഒരുങ്ങി വരാൻ 5 മിനിറ്റ് വൈകിയെന്ന കാരണത്താൽ കോപാക്രാന്തനായി. ദേഷ്യം വലിച്ചു കയറ്റിയ മുഖവുമായി സലോണിയേയും കൂട്ടി അയാൾ മാളിൽ ജന്മദിനം ആഘോഷിക്കാൻ പോയി. പക്ഷെ വായിൽ നിന്നും ഒരക്ഷരം പുറത്തു വന്നില്ല. സലോണി തന്‍റെ തലവിധിയെ പഴിച്ചു കൊണ്ടിരുന്നു. ഇതുപോലെയൊരു മോഡൽ ഭർത്താവിനെയല്ലേ സലോണിയ്ക്ക് ലഭിച്ചത്. അങ്ങനെ അന്ന് ആ ജന്മദിനം അത്തരത്തിൽ മഹത്തരമായി ആഘോഷിച്ചു.

ചിലപ്പോൾ അയാളുടെ ഹൃദ്യമായ പെരുമാറ്റം കാണുമ്പോൾ ഭർത്താവദ്ദേഹത്തിൽ വലിയൊരു മാറ്റം സംഭവിച്ചതിന്‍റെ കാഹളമായി കണ്ടിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം അയാളിലുണ്ടാവുന്ന ഭാവമാറ്റം സലോണിയെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. സലോണി അതിനാൽ ബുദ്ധിപൂർവ്വം സിംഹത്തിന്‍റെ മടയിൽ അകപ്പെടാതെ ശ്രദ്ധയോടെ ചുവടുകൾ വച്ചു. അതിലും ഭർത്താവദ്ദേഹത്തിന് കടുത്ത പ്രതിഷേധമായിരുന്നു. “ഈയിടെയായി എപ്പോഴും എഴുത്തും വായനയുമാണല്ലോ, മനസുകൊണ്ടെങ്കിലും വീട്ടുജോലി ചെയ്തുകൂടെ. ഇല്ലെങ്കിൽ വേണ്ട” അയാളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഇത്രയും കേട്ട മാത്രയിൽ സലോണിയുടെ ദേഷ്യം അണപ്പൊട്ടിയൊഴുകി. ഉച്ചസ്‌ഥായിലായുള്ള ശബ്ദത്തിൽ സലോണി തന്‍റെ നേരെ വന്ന പന്തിനെ തട്ടിത്തെറിപ്പിച്ചു.

“ഞാനെത്ര ജോലി ചെയ്യുന്നുണ്ടെന്ന് നിങ്ങൾ കാണുന്നില്ലേ.”

അപ്രതീക്ഷിതമായ ബോൾ പാസിംഗ് കണ്ട് ഭർത്താവദ്ദേഹം മുഖം വീർപ്പിച്ചു. പഠിച്ച് പഠിച്ച് അവളുടെ സ്വഭാവം മോശമായിയെന്ന് അയാൾ പിറുപിറുത്തു.

ഇത്തവണ താനൊരു സന്ധിസംഭാഷണത്തിനും മുതിരില്ലെന്ന് സലോണി മനസിലുറപ്പിച്ചു. പക്ഷെ എപ്പോഴത്തേയും പോലെ അവളുടെ മനസലിഞ്ഞു.

“നിങ്ങൾ പിണങ്ങിയാലും ഞാൻ സ്നേഹം വാരി വിതറുമെന്ന അവളുടെ കവിത അവളുടെ വീട്ടിൽ മുഴങ്ങികൊണ്ടിരുന്നു. അതവൾ ഓരോ പിണക്കത്തിനും അന്ത്യം കുറിക്കാനുള്ള ദേശീയ ഗാനമാക്കിയിരുന്നു.

ഒരിക്കൽ സലോണി തന്‍റെ ഈ കദനകഥ സ്വന്തം മാതാശ്രീയെ കേൾപ്പിച്ചു “അമ്മേ, പപ്പ ഇങ്ങനെയായിരുന്നില്ലല്ലോ” എന്നതും അവൾ കൂട്ടിച്ചേർത്തു.

മാതാശ്രീ ദീർഘനിശ്വാസമുതിർത്തു, “മോളെ, നിന്‍റെ പപ്പ നല്ലയാളാണ്. പക്ഷെ ഭർത്താവ് എങ്ങനെയാണെന്ന് കാര്യം നിന്നോടെങ്ങനെയാ പറയുക. ഭർത്താവ് എന്ന് പറയുന്ന ജനുസ് അങ്ങനെയാണ്. ഈ ജനുസിന് ജൈവിക ലോകവുമായി ഒരു ബന്ധവുമുണ്ടാകണമെന്നില്ല. അതെങ്ങനെയാണോ ഉള്ളത് അങ്ങനെ തന്നെ കൊണ്ടു നടക്കുക വേണം. ഇവർക്ക് പരിണാമം എന്നത് പറഞ്ഞിട്ടുള്ളതല്ല. ആൺകുട്ടിയെന്നത് കാമുകൻ, സഹോദരൻ, സുഹൃത്ത്, പിതാവ് എന്നീ രൂപങ്ങളിലെല്ലാം നല്ലത് തന്നെയാണ്. പക്ഷെ ഭർത്താവായി കഴിഞ്ഞാലോ പിന്നെ ഉഗ്രരൂപിയാകും.”

“പക്ഷെ അമ്മേ, സ്ത്രീയ്ക്കും ചില അധികാരങ്ങളും അവകാശങ്ങളുമില്ലേ.” സലോണിയാകെ കൺഫ്യൂഷനിലായി.

“സലോണി, നിന്‍റെ ഭർത്താവ് ഇങ്ങനെയാണ്. അതങ്ങ് സ്വീകരിക്ക്.”

അതിനൊരു വിദ്യയുണ്ട് അവൻ പറയുന്ന കാര്യങ്ങൾ ഒരു ചെവി കൊണ്ട് കേട്ട് മറുചെവികൂടി കളയുകയാണ് വേണ്ടത്. നമ്മളും ഹാപ്പി അവരും ഹാപ്പി. “അമ്മയുടെ പരിഹാര മാർഗ്ഗം കേട്ട് സലോണിയ്ക്ക് ഉള്ളിൽ ചിരിയടക്കാനായില്ല. ഇതൊക്കെ താനും പലപ്പോഴും ചെയ്യുന്ന കാര്യമല്ലേ. ങ്ഹാ അമ്മ പറഞ്ഞതിലും കാര്യമുണ്ട്. ഈ നാടകം തുടരുന്നത് തന്നെയാണ് വീട്ടിൽ സമാധാനാന്തരീക്ഷമുണ്ടാകാൻ നല്ലത്.” സലോണി ദീർഘനിശ്വാസമുതിർത്തു.

Story: ചെറുക്കന്‍ കാണല്‍

ഒരു ഡസനിലേറെ സന്ദര്‍ഭങ്ങളുടെ അസ്വാരസ്യം ജോണിച്ചനെ തെല്ലും ബാധിച്ചു കണ്ടില്ല. ഇപ്പോള്‍ അതും കടന്നു പതിനാലിലെത്തി നില്‍ക്കുന്നു!

കെങ്കേമമായിരുന്നു പതിമ്മൂന്നിടങ്ങളിലും. കുണുങ്ങി മുന്നില്‍ വന്നുനിന്നവരുടെ മോഹഭംഗങ്ങള്‍ അയാളുടെ മനസ്സിനെ തപിപ്പിക്കാന്‍ പോന്നവയായിരുന്നില്ല.

‘കച്ചകെട്ടി’യിറങ്ങിയ ‘സുദിനം’ സെന്നിച്ചന്‍റെ ഓര്‍മയിലേക്ക് കടന്നുവന്നു. അന്ന് ജോണിച്ചന്‍ ഇട്ട ഷര്‍ട്ടിന്‍റെയും പാന്‍റ്സിന്‍റെയും നിറം വരെ ഓര്‍മയില്‍നിന്നു മങ്ങിയിട്ടില്ല. ഫുള്‍ക്കൈയില്‍ തീര്‍ത്ത ഇളംനീല ഷര്‍ട്ടു. അതിനു ചേരുന്ന പാന്‍റ്സും. സഹോദരീഭര്‍ത്താവ് എന്ന നിലയ്ക്ക് മേല്‍നോട്ട ചുമതലയോടെ അതേ ഒരുക്കത്തോടെയും ഉല്‍സാഹത്തോടെയും എല്ലാറ്റിനും മുന്‍പിലായി താന്‍.. പിന്നീടു ഒന്നുരണ്ട് സന്ദര്‍ഭങ്ങളില്‍ കൂടിയേ അതേ ഒരുക്കത്തില്‍ പോകാന്‍ മനസ്സ് സന്നദ്ധമായുള്ളു. മൂന്നു മാസം തികച്ചും ആയിട്ടില്ല! അതിനിടയ്ക്ക് പതിമ്മൂന്നിടത്ത്… എന്തെങ്കിലുമാവട്ടെ…

മുല്ലപ്പൂവിന്‍റെ നിറം വേണം. ബിരുദം വേണം. ജോലി വേണം. സമ്പന്ന കുടുംബത്തില്‍ നിന്നാവണം… നിഷ്ക്കര്‍ഷകളുടെ എണ്ണം ഏറുകയാണ്… ബന്ധുമിത്രാധികള്‍ക്ക് അംഗീകരിക്കാനാവാത്ത ജാതിമത ചിന്തകള്‍ക്കതീതമായിരുന്നു ജോണിച്ചന്‍റെ കാഴ്ചപ്പാട് എന്നതു മാത്രമായിരുന്നു ആകെയുള്ള വ്യതിയാനം.

‘എനിക്കു നിര്‍ബന്ധമുള്ള കാര്യത്തിലാണ് നിങ്ങളുടെ പിടിവാശി…’ മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറി തണുത്ത മനസ്സുമായി ജോണിച്ചന്‍ നിന്നു. ഇപ്പോഴത്തെ ആലോചനയില്‍ നിന്നും വഴുതിമാറാനുള്ള ജോണിച്ചന്‍റെ ശ്രമം കാണ്‍കെ സെന്നിച്ചന്‍ പറഞ്ഞു:

‘ഒരു തീരുമാനം പറ ജോണിച്ചാ… ഒന്നുകില്‍ വേണം; അല്ലെങ്കില്‍ വേണ്ട…’

‘നിറത്തിന്‍റെ കാര്യത്തില്‍ നിര്‍ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞു…. വിചാരിച്ചാല്‍ കൂട്ടാന്‍ പറ്റുന്ന ഒന്നല്ലല്ലോ….’ ആ അഭിപ്രായത്തോടു ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല. എങ്കിലും……

‘മുല്ലപ്പൂവിന്‍റെ നിറം ഇല്ല… പക്ഷെ അതിനോടടുത്തുണ്ടല്ലൊ… ഒരു ചെറിയ വിട്ടുവീഴ്ചയൊക്കെ നമ്മുടെ പക്ഷത്തുനിന്നും വേണ്ടിവരും… ജോലിക്കു ജോലി. ബിരുദത്തിനു ബിരുദം. സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ബന്ധം. പോരാത്തതിന് ഉയരത്തിനൊത്ത, ചേലൊത്ത വണ്ണം. അവകാശിയല്ലാത്തതുകൊണ്ടു ആ പ്രശ്നവുമില്ല. ആകെക്കൂടി നോക്കുമ്പോള്‍ ജോണിച്ചന്‍ ഇച്ഛിച്ചതുപോലൊരു ബന്ധമാണ്. അന്യമതസ്ഥയല്ലാത്തതുകൊണ്ടു ആരുടെയും എതിര്‍പ്പും ഉണ്ടാവുകയില്ല… പിന്നെ ഇത്തിരി നിറം കുറവാണെന്നുള്ളത്… അത് നേരാ… ഇത്തിരി കുറവുതന്നെയാ.’ ജോണിച്ചനെ വഴിക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, സെന്നിച്ചന്‍.

‘തപസ്സിരുന്നാല്‍ കിട്ടുമോ ഇതുപോലൊരൊത്ത പെണ്ണിനെ… തൊലിപ്പുറത്തെന്നാടാ കാര്യം?’ സംഘത്തിലെ മുതിര്‍ന്ന അംഗം അങ്ങനെ ഒരഭിപ്രായം രേഖപ്പെടുത്തിയതോടെ ജോണിച്ചന്‍ ഒറ്റതിരിഞ്ഞു.

അനുനയത്തിന് വഴങ്ങാതെനിന്ന ജോണിച്ചനോടു ഒടുവില്‍ സെന്നിച്ചന്‍ വായ് തുറന്നു:

‘മുല്ലപ്പൂ പോലത്തെ നിറം വേണമെന്ന് പറഞ്ഞിരുന്നാല്‍ പൂവു തന്നെ പറിച്ചു വയ്ക്കേണ്ടി വരും…’

‘പൂവൊന്നും പറിച്ചുവയ്ക്കാനാരും പറഞ്ഞില്ല.. അങ്ങനെയുള്ളവരങ്ങു കെട്ടിക്കൊ…’

അതിരുവിട്ട പ്രയോഗമായിപ്പോയി എന്നു ജോണിച്ചനു തോന്നിയ നിമിഷം തന്നെ, വാവിട്ടുപോയ വാക്ക് തിരിച്ചെടുക്കാനാവാതെ കുഴങ്ങിയ സെന്നിച്ചന്‍ കസേരയില്‍നിന്ന് എഴുന്നേറ്റു.

‘അവന്‍റെയൊരു നെഗളിപ്പേ… ഇവനിതെന്തുകണ്ടിട്ടാണോ ആവോ?’

ബന്ധുക്കള്‍ തടസ്സത്തിനെത്തുന്നതിനു മുന്‍പു വീണ്ടുവിചാരത്താല്‍ സെന്നിച്ചന്‍ മയപ്പെട്ടു കഴിഞ്ഞിരുന്നു. ഒന്നാമതായി, ജോണിച്ചനേക്കാള്‍ പ്രായത്തില്‍ മുതിര്‍ന്നത് എന്ന പരിഗണന. അപ്പോള്‍ പെരുമാറ്റ മാന്യത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത. രണ്ടാമതായി, സഹോദരിയുടെ വീര്‍ത്തുകെട്ടിയ മുഖം കാണാന്‍ അവസരം ഉണ്ടാക്കാതിരിക്കുക. ഉപരി, ആലോചനയ്ക്ക് മുടക്കം വന്നെന്ന പേരുദോഷത്തില്‍നിന്ന് മുക്തി നേടുക.

അന്നത്തെ മഞ്ഞില്‍ കിനിഞ്ഞ പ്രഭാതത്തില്‍ നനുനനുത്ത തണുപ്പു മേലാകെ പടര്‍ന്ന് കയറവെ, ഒഴുകിയെത്തുന്ന ഇളംകാറ്റിന്‍റെ തഴുകലും പേറി ആന്‍സി പള്ളിയിലേക്ക് നടന്നു.

എത്ര വലിഞ്ഞു നടന്നാലും ഇനി പള്ളിയിലെത്താന്‍ വൈകും. ഒന്നും മനപ്പൂര്‍വമല്ലെന്ന് ഈശ്വരന് അറിയാമല്ലോ. ആന്‍സിക്കുണ്ടായിരുന്ന സമാധാനവും അതായിരുന്നു. മുട്ടിപ്പായി പ്രാര്‍ഥിക്കണം. ചെയ്യാന്‍ കഴിയുന്ന ഒരേയൊരുകാര്യം അതേയുള്ളു.

ഇടവഴിയില്‍നിന്ന് പൊടുന്നനെ കയറിവന്ന സോജ ചോദിച്ചു:

‘ആന്‍സിയെന്നാ പതിവില്ലാതെ…?’

‘ഈശ്വരനെ കാണുന്നതിന് സമയോം കാലോം വല്ലതുമുണ്ടോ, ആന്‍റി? കുഞ്ഞാടുകള്‍ക്കുവേണ്ടി സദാസമയവും കൈനീട്ടി നില്‍ക്കുവല്ലേ, അവിടൊരാള്…’

കടന്നുവരാന്‍ ഇഷ്ടപ്പെടാത്ത ചിന്തകള്‍ മനസ്സിലേക്ക് ചേക്കേറുമ്പോള്‍ ആന്‍സിയുടെ നടപ്പിന്‍റെ വേഗത കുറയും. ആ വക ചിന്തയില്‍നിന്ന് മോചനം നേടുമ്പോള്‍ ആന്‍സി നടപ്പിന്‍റെ വേഗത കൂട്ടി സോജയ്ക്കൊപ്പമെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ഇന്നാണ് പെണ്ണുകാണല്‍. ഏത് തരക്കാരനായാലും വേണ്ടില്ല, ഇഷ്ടപ്പെട്ടു എന്ന വാക്ക് കേള്‍ക്കണം; അത്രയേ വേണ്ടൂ. ആഗ്രഹിച്ച രണ്ടു തവണയും കേള്‍ക്കാന്‍ കഴിയാതെ പോയ വാക്ക്.

അതിനാണ് പള്ളിയിലേക്കുള്ള ഈ യാത്ര. രണ്ടു തവണ ഉടുത്തൊരുങ്ങിയതും ആര്‍ക്കുവേണ്ടിയായിരുന്നു എന്ന ചോദ്യം ആന്‍സി ഇടയ്ക്കിടെ തന്നോടുതന്നെ ചോദിക്കും. ആദ്യ തവണ ഈശ്വരനെ കൂട്ടുപിടിച്ചില്ലെന്നത് സത്യമാണ്. പക്ഷേ രണ്ടാമതു അവസരത്തില്‍? വേണമെങ്കില്‍ ഈശ്വരന് കടാക്ഷിക്കാമായിരുന്നു. തീക്ഷ്ണതയുടെ പാരമ്യം ഉള്‍ക്കൊണ്ട് പ്രാര്‍ഥിച്ചതാണ്…

പള്ളിമുറ്റത്തേയ്ക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ സോജ പറഞ്ഞു:

‘ഹൃദയം നുറുങ്ങി പ്രാര്‍ഥിച്ചോണേ… ഇത്തവണയെങ്കിലും കടന്നു കൂടണം.’

‘കടന്നു കൂടാനെന്നാ മല്‍സരപ്പരീക്ഷയാണോ, ആന്‍റീ.’

സോജയുടെ ആന്‍റിനയുടെ ശക്തിയും വ്യാപ്തിയും ആന്‍സിയ്ക്കറിയാം. ഏത് രഹസ്യവും ‘വലി’ച്ചെടുക്കും. തന്‍റെ വീട്ടുകാര്യങ്ങള്‍ കൂടുതല്‍ അറിയാവുന്നത് സോജയ്ക്കാണ്.

ഈശ്വരനെ കൂട്ടുപിടിച്ചിട്ടും നടക്കാതെപോയപ്പോള്‍ ആന്‍സി ഓര്‍ത്തു: ഈ ആണുങ്ങള്‍ എന്നു പറയുന്ന വര്‍ഗ്ഗമേ ചതിയന്‍മാരാണ്. പെണ്ണുകാണല്‍ സമയത്തെ രഹസ്യസംഭാഷണ സമയം അയാള്‍ ചോദിക്കുകയാണ്:

‘ആന്‍സിക്ക് ആരുമായെങ്കിലും അടുപ്പം….?’

ഉത്തരം നല്‍കുമ്പോള്‍ കണ്ണുകള്‍ കൂമ്പിയിരുന്നു..  ‘ഉണ്ടായിരുന്നെങ്കില്‍തന്നെ അതിന്നപ്പുറമൊരു?’

ഒരുവക അളിഞ്ഞ ചോദ്യം! എന്നിട്ട് പറയുകയാണ്: ‘വിവാഹം ഉറപ്പിക്കലിന്‍റെ നേര്‍സാക്ഷ്യമായി ഒരു സ്നേഹചുംബനം തന്നൂടെ’ എന്നു. രണ്ടു തവണ പരാജയം രുചിച്ചറിഞ്ഞതിന്‍റെ തിക്ത്താനുഭവം…….വശംവദയായിപ്പോയി. പിന്നീട് കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത് ‘അയാള്‍ക്ക് പെണ്ണ് കണ്ടു നടക്കുകയാണ് പണി’ യെന്ന്. ആസ്വദിക്കാവല്ലോ ആവോളം… നിറം ഉണ്ട്. സമ്പത്തു ഉണ്ട്. എല്ലാം ഉണ്ട്…. പക്ഷെ…

ജോണിച്ചന്‍റെ അഞ്ചാമത്തെ പെണ്ണുകാണലും കഴിഞ്ഞിരിക്കുന്നു.

തടസ്സവാദങ്ങളില്‍ മുങ്ങി പിന്നേയും ആലോചനകള്‍ ഒഴിവായപ്പോള്‍ മാറിമാറിവന്ന സംഘാംഗങ്ങള്‍ രഹസ്യമായും പിന്നെ പരസ്യമായും പറഞ്ഞുതുടങ്ങി:

‘ഇവനെന്തോ കാര്യമായ കൊഴപ്പമുണ്ട്. ചെറിയ തോതിലെങ്കിലും ഒരന്വേഷണം നടത്തിയിട്ടു വേണ്ടായിരുന്നോ ഇറങ്ങിപുറപ്പെടാന്‍? എന്നിട്ടിപ്പഴാണ് അതേക്കുറിച്ചാലോചിക്കുന്നത്!’ മുതിര്‍ന്ന അംഗത്തിന്‍റെ വാക്കുകള്‍ക്കും ജോണിച്ചന്‍റെ നിസ്സംഗതയെ മാറ്റിമറിക്കാനായില്ല.

അപ്പന്‍ ഉണ്ടായിരുന്നെങ്കില്‍… ആദ്യം നോക്കുക കുടുംബപാരമ്പര്യമാവും. തൊലിവെളുപ്പൊക്കെ അതുകഴിഞ്ഞേ ഉള്ളു. ഉണ്ടെങ്കില്‍ ഉണ്ട്… ഇല്ലെങ്കില്‍ ഇല്ല… അത്രതന്നെ. എങ്കില്‍ ഈ പിടിവാശിയൊന്നും നടക്കുകയേയില്ലായിരുന്നു.

‘അറിയാത്ത പിള്ളയും ചൊറിയുമ്പോള്‍ അറിയും.’ സംഘാംഗത്തിലൊരാളുടെ വായിന്‍ തുമ്പത്തുവരെ എത്തിയ വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്നു.

ബന്ധുക്കള്‍ പ്രകടമായി മടുപ്പ് പ്രകടിപ്പിച്ചെങ്കിലും ജോണിച്ചനു കൂസലേതുമുണ്ടായില്ല. എത്രയിടത്ത് പോയി ‘വിഴുങ്ങി’ പോന്നു! എന്നിട്ട് തിരിച്ചു വന്നു ഒരു ചളിപ്പുമില്ലാതെ വേണ്ടെന്ന് വിളിച്ചറിയിക്കുക! കാണാന്‍ കൊള്ളാവുന്ന പെണ്ണാണെങ്കില്‍ വേറെ എന്തെങ്കിലും കാരണമാണെന്നെങ്കിലും വിചാരിച്ചുകൊള്ളും. തൊലിവെളുപ്പ് കുറഞ്ഞവരാണെങ്കിലോ? അവരുടെ ഒരു മാനസികാവസ്ഥ… കാണിക്കുന്നതിലെ ഔചിത്യമില്ലായ്മ എല്ലാവര്‍ക്കും ഒരേസമയം അനുഭവപ്പെട്ടു.

പെണ്ണുകാണല്‍ സംഘത്തിലേയ്ക്ക് അംഗങ്ങള്‍ മാറിമാറി വന്നുകൊണ്ടിരുന്നു.

തുടര്‍ന്നുള്ള ഒരു പെണ്ണുകാണല്‍ ചടങ്ങിനിടയിലാണ് ജോണിച്ചന് ആദ്യമായി തിരിച്ചടി നേരിടുന്നത്. തുല്യതയുടെ നാളുകളാണെന്നും ആണ്‍-പെണ്‍ വിവേചനമില്ലെന്നുമുള്ള പെണ്‍കുട്ടിയുടെ വാക്കുകള്‍ ജോണിച്ചനെ ചൊടിപ്പിച്ചു.

ചോദ്യങ്ങളുടെ ഒരു പെരുമഴയായിരുന്നു, പിന്നീട്. ‘എക്സ്പീരിയന്‍സ്?’

വിയര്‍ത്തുപോയി. എക്സ്പീരിയന്‍സ്…. സമനിലവീണ്ടെടുക്കാന്‍ ശ്രമിക്കവെ ജോണിച്ചന്‍ പറഞ്ഞു:

‘അഞ്ചു വര്‍ഷം’

‘വയസ്സ്….?’

ജോണിച്ചന്‍ കൂടുതല്‍ വിയര്‍ത്തു. അടച്ചിട്ട മുറിയിലാണ് സംസാരം എന്നതിനാല്‍ സ്വന്തക്കാരുടെ മുന്‍പില്‍ ആക്ഷേപിക്കപ്പെട്ടില്ലെന്നത് ആശ്വാസമായി.

‘ആകെ ഒരു പരുങ്ങലാണല്ലൊ… വയസ്സെത്രയാണെന്നല്ലേ ചോദിച്ചുള്ളു… അവനവന്‍റെ വയസ്സറിയില്ലേ?’

‘ഉവ്വ്… ഇല്ല.’

ഉവ്വ് ഇല്ലന്നോ. അതെന്തുത്തരമാ?

‘ …………. ‘

‘എന്നാല്‍ പോട്ടെ, ശമ്പളം? കഞ്ഞി കുടിച്ചു കഴിയണല്ലോന്നു കരുതി ചോദിച്ചതാ?’

ജോണിച്ചന്‍റെ അടിവസ്ത്രത്തില്‍ മൂത്രത്തുള്ളികള്‍ നനവ് പടര്‍ത്തി.

ശമ്പളം എത്രയെന്ന്… ആരും ചോദിക്കാത്ത ചോദ്യത്തിന് ഒരു പെണ്ണിന്‍റെ മുന്പില്‍ അടിയറവ് പറയേണ്ടി വരികയെന്ന് വന്നാല്‍… അതും പെണ്ണുകാണലിന് ചെന്ന പെണ്ണിന്‍റെ മുന്പില്‍!

‘ഈ ബന്ധം ഏതായാലും നമ്മുക്ക് വേണ്ട… എന്തോ ഒരു പന്തികേട് മണക്കുന്നു.’ പടിയിറങ്ങുമ്പോള്‍ മുതിര്‍ന്നവരില്‍ ഒരാള്‍ പറഞ്ഞു. എന്നിട്ട് തുടരുന്നുണ്ടായിരുന്നു: ‘ചെന്ന് കയറിയപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു: ഒരടുക്കും ചിട്ടയുമില്ലാത്ത കൂട്ടര്‍…’

ഹൊ… ആശ്വാസമായി. ദൈവമുണ്ടെന്നതിന് ഇതില്‍പരം തെളിവില്ല. അല്ലെങ്കില്‍ രഹസ്യ സംഭാഷണങ്ങള്‍ വരുത്തിവച്ച കുടുക്കുകളില്‍നിന്ന് വിടുതല്‍ നേടാന്‍ അമ്പേ പണിപ്പെടേണ്ടി വരുമായിരുന്നു! ദീര്‍ഘശ്വാസം വിടുമ്പോള്‍ ജോണിച്ചന്‍ ഓര്‍ത്തു: ഒന്നൊക്കുമ്പോള്‍ ഒന്നൊക്കില്ല… നിബന്ധനകളുടെ എണ്ണത്തിനും ഒട്ടും കുറവില്ലല്ലൊ!

പതിനാലാം സ്ഥലം. ഇനിയൊരു മുഖത്തടി ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. തിരിച്ചടി കിട്ടിത്തുടങ്ങിയിരിക്കുന്നു. ഈശോമിശിഹാ ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ് ജോണിച്ചനുള്ള ധൈര്യം. മൂന്നു പ്രാവശ്യം വീണിടത്തുനിന്നു എഴുന്നേല്‍ക്കുകയും ചെയ്തു… അപ്പോള്‍ ഒരു പ്രാവശ്യം ഒന്നുമല്ല…

കാല്‍വരിയിലേക്കുള്ള യാത്രാവഴിയിലാണ് ഇപ്പോള്‍! കരുക്കള്‍ ശ്രദ്ധാപൂര്‍വം നീക്കണം.

‘നീ ഇന്നെങ്കിലും ഒന്നു പള്ളീ പോയിട്ടു പോയെന്‍റെ ജോണിച്ചാ…’ അമ്മയുടെ ശബ്ദം ചെവികളിലേയ്ക്ക് അരിച്ചെത്തി.

‘അമ്മ പറഞ്ഞാല്‍ അച്ചട്ടമാ… പള്ളീ പോയിട്ടു തന്നെ കാര്യം. ഇനി അതിന്‍റെ കുറവാണെന്ന് പറയില്ലല്ലോ’

‘ഇതുവരെ പറയാത്തതുകൊണ്ടാ!’

‘എന്‍റെ ഗീവര്‍ഗീസ് പുണ്യാളാ, ഇത്തവണയെങ്കിലും…’

പോര്‍ട്ടിക്കോവില്‍ സമ്പന്നതയുടെ നേര്‍സാക്ഷ്യം വിളിച്ചോതി പുതുപുത്തന്‍ ‘ബെന്‍സ്’. സീലിംഗ് ഫാനിന്‍റെ ആവാഹിച്ചെടുക്കലില്‍ വിതറിവീശുന്ന എയര്‍ കണ്ടീഷന്‍ണ്ട് മുറിയിലെ സുഖശീതളിമയില്‍ ലയിച്ചിരുന്നു പോകവെ….

‘ഇനിയുള്ള കാര്യങ്ങള്‍ കാപ്പി കുടിച്ചിട്ടായാലോ…’ ഭവ്യതയുടെ ചെപ്പ് തുറന്നുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

‘ആവാം… ഇയാളെന്തു ചെയ്യുന്നു?’ സംഘത്തിലൊരാള്‍ മുറിയാകെ പരന്ന നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് ആരാഞ്ഞു.

‘ഡിഗ്രി കഴിഞ്ഞു. എംബിഎ യ്ക്കു ചേരണമെന്ന് കരുതിയിരിക്കുന്നു…’ പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ പറഞ്ഞു.

നിരത്തിവച്ചിരിക്കുന്ന പലഹാര ഇനങ്ങളില്‍ കണ്ണുകള്‍ പതിയവെ ജോണിച്ചന്‍ കശുവണ്ടി ഒരെണ്ണം എടുത്തു. ഒരെണ്ണം കൂടി… പിന്നെ ഒരെണ്ണം കൂടി… അത് തുടരുന്നതിലെ അഭംഗി ജോണിച്ചനെ ഒരു കേക്കു കഷണമെടുക്കാന്‍ നിര്‍ബന്ധിതനാക്കി.

‘ഇതെടുത്തില്ലല്ലോ… ഹോം മേഡാ. മോളുണ്ടാക്കിയതാ…’

സ്നേഹവായ്പ്പ് അതിര് കടന്നപ്പോള്‍ അരിയുണ്ട ഒരെണ്ണമെടുത്തു. വായിലും കൊള്ളില്ല കയ്യിലും കൊള്ളില്ല എന്ന അവസ്ഥ. അത് തിരികെ വയ്ക്കാന്‍ ശ്രമിക്കുമ്പോഴുണ്ടായ ജാള്യത അളക്കാവുന്നതിലേറെയായിരുന്നു. മറ്റുള്ളവരിലെ ഭാവപ്രകടനങ്ങള്‍ ജോണിച്ചന്‍റെ മുഖത്ത് ചമ്മലിന്‍റെ ചായം പടര്‍ത്തി.

‘ഹൊ… എന്തൊരാശ്വാസം!’ ജോണിച്ചന്‍ അറിയാതെ ഉള്ളില്‍ പറഞ്ഞുപോയി.

‘കുറച്ചൊരു കടുപ്പം കൂടിപ്പോയെന്ന് മോള് പറയുന്നുണ്ടായിരുന്നു… കഴിക്കാന്‍ ബുദ്ധിമുട്ടായി അല്ലേ? വയ്ക്കേണ്ടെന്ന് മോളോട് പറഞ്ഞതാ… അപ്പോ അവള്‍ക്കൊരേയൊരു നിര്‍ബന്ധം… പണിപ്പെട്ടൊണ്ടാക്കിയിട്ട് വച്ചില്ലെങ്കില്‍ വിഷമമാകുമെന്ന്!’ അത് പറയുമ്പോള്‍ ഒളിച്ചുവച്ച എന്തോ ഒന്നു പുറത്തുപറയാന്‍ വൈമനസ്യപ്പെടുന്നതുപോലെ.

‘ഞങ്ങള്‍ക്കു സംസാരിക്കാന്‍ ഇനിയും അവസരം തന്നില്ലല്ലോ. ഇനിയങ്ങോട്ട് ഒരുമിച്ച് ജീവിക്കേണ്ടവരല്ലേ ഞങ്ങള്‍…’

പെണ്‍കുട്ടിയുടെ വാക്കുകള്‍ ജോണിച്ചനെ ആശ്ചര്യപ്പെടുത്തി. എങ്കിലും ഓര്‍ത്തു… കാലത്തിനു ചേര്‍ന്ന, തന്‍റേടിത്തം കൈമുതലായുള്ള പെണ്ണ്. ഇമ്മാതിരി ചുറുചുറുക്കൊക്കെ വേണം പെണ്ണുങ്ങളായാല്‍ ഇക്കാലത്ത്… അല്ലാതെ പമ്മിക്കൂടിയിരിക്കുകയല്ല വേണ്ടത്.

‘അങ്ങനെ വേണമല്ലോ. അതാണതിന്‍റെ നടപടിക്രമം.’ സംഘത്തിലെ മുതിര്‍ന്ന അംഗം പിന്താങ്ങി.

തമ്മില്‍തമ്മില്‍ സംസാരിച്ചിരിക്കവേ പെണ്‍കുട്ടി ആരാഞ്ഞു:

‘ഏത് കോളേജീന്നായിരുന്നു ബി ടെക്?’

ജോണിച്ചന്‍ കോളേജിന്‍റെ പേര് പറഞ്ഞു.

‘അങ്ങനൊരു കോളേജോ? അതെവിടെയാ?’

സ്ഥലപ്പേര് പറയുമ്പോള്‍ ജോണിച്ചനു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു.

‘അപ്പോള്‍ എന്‍ട്രന്‍സില്‍ നല്ല റാങ്കൊന്നും കിട്ടിയില്ല?’

കിട്ടിയെന്നോ ഇല്ലെന്നോ പറയാതെ ജോണിച്ചന്‍ ചോദ്യാവലിയിലേക്ക് കടന്നപ്പോള്‍ അവള്‍ പറഞ്ഞു:

‘ഹയര്‍ സ്റ്റുഡീസിന് പോകണം… ബാംഗ്ലൂരില്‍. അവിടെ പി ഏച്ച് ഡിയ്ക്കു അഡ്മിഷന്‍ കിട്ടി.’

‘അപ്പോള്‍…!’

‘അപ്പോളെന്നാ, ഒന്നുമില്ല… ഇവിടടുത്തൊരു കുട്ടിയെ പെണ്ണുകാണാന്‍ വന്നിരുന്നു, അല്ലേ… ആന്‍സി? അവളെന്‍റെ ഒന്നാം ക്ലാസ്സ് തൊട്ടുള്ള കൂട്ടുകാരിയാ.’

‘ഉവ്വ് വന്നിരുന്നു.’

‘എന്താ പിന്നെ വേണ്ടെന്ന് വച്ചത്? നല്ല നിറമൊക്കെ ഉണ്ടായിരുന്നല്ലോ… മയങ്ങിവീഴാന്‍ പോന്നത്ര! ഞങ്ങളൊക്കെ വിളിച്ചിരുന്നത് സുന്ദരിക്കോതേന്നാ’

അവളുടെ ഇടത്കണ്ണില്‍ തിരയിളകിയ കണ്ണടയല്‍ സ്നേഹത്തിന്‍റെ പ്രതീകമായി ജോണിച്ചനു തോന്നി. അങ്ങനെയൊന്ന് തിരിച്ചു നല്കാന്‍ കാലം തെറ്റി വരുന്ന തന്‍റെ കണ്ണടയലിന് കഴിയാതെ പോയതിന്‍റെ വ്യസനത്തില്‍ ജോണിച്ചന്‍ കിടന്നുലഞ്ഞു.

‘കഴിഞ്ഞില്ലേ സംസാരം? കൊറച്ചെങ്കിലും ബാക്കിവെച്ചേക്കണം. മുന്നോട്ടും സംസാരിക്കേണ്ടവരാ!’ പാതി ചാരിയ വാതില്‍പ്പാളികള്‍ക്കിടയിലൂടെ കടന്നെത്തിയ പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ വീര്‍പ്പുമുട്ടലില്‍നിന്ന് അവര്‍ക്ക് വിടുതല്‍ നല്കി.

‘ഇനിയുള്ള കാര്യങ്ങള്‍?’ ജോണിച്ചന്‍റെ അമ്മയുടെ ചോദ്യം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകുന്നത് ആരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.

ഒരു നിഗൂഢത അവിടമാകെ വ്യാപരിക്കുന്നതായി ജോണിച്ചനു തോന്നി. ആ വിചാരത്തോടെ നോക്കിക്കണ്ടതുകൊണ്ടുമാവാം എന്നു അടുത്ത നിമിഷത്തില്‍ തോന്നുകയും ചെയ്തു.

‘വിവരത്തിന് ഫോണ്‍ ചെയ്യാം.’ പെണ്ണിന്‍റെ അമ്മ പറഞ്ഞു.

‘കുറച്ചുകൂടി ഒരു സൂചന കിട്ടിയിരുന്നെങ്കില്‍.’ ജോണിച്ചന്‍ ആശിച്ചു.

പെണ്‍കരുത്തില്‍ വിളറിപ്പോയതോര്‍ക്കവെ, വിവാഹാലോചന അലസിപ്പോയാലും തരക്കേടില്ലെന്നുവരെ ഒരു നിമിഷം ജോണിച്ചനു വെറുതെ തോന്നി.

‘ഈ നാറ്റക്കേസു കൊണ്ടുവന്നതാരാണോ എന്‍റെ പൊന്നുംകുരിശ് മുത്തപ്പാ… കണ്ടല്ലൊ ജോണിമോനെ, എല്ലാം തെകഞ്ഞതിന്‍റെ കേമം! ചേരുന്നതേ ചേര്‍ക്കാവൂ.  എന്നു പറയുന്നതിതുകൊണ്ടാ… പെണ്ണിന്‍റെ പെടപെടപ്പ് കണ്ടില്ലേ..പഠിപ്പിന്‍റെ കൂടുതല്. അല്ലാണ്ടെന്നാ… അവന്‍റെ ഒരു പൂവും പൂ പോലത്തെ നിറവും!’ സംഘത്തിലെ മുതിര്‍ന്ന അംഗം പറഞ്ഞ വാക്കുകളുടെ മാറ്റൊലി അന്തരീക്ഷത്തില്‍ മുഴങ്ങിനിന്നു.

‘ഇതെങ്കിലും നടന്നാല്‍ മതിയായിരുന്നെന്‍റെ വേളാങ്കണ്ണി മാതാവേ… പ്രതീക്ഷ കൈവെടിയാതെയുള്ള വിലാപം ജോണിച്ചന്‍റെ ഉള്ളില്‍ അലയടിച്ചുകൊണ്ടിരുന്നു.

ബന്ധുമിത്രാധികള്‍ ആശ്ചര്യപൂര്‍വം ചോദിക്കുന്നതു ജോണിച്ചന്‍ ഭാവനയില്‍ കാണുകയായിരുന്നു, അപ്പോള്‍:

‘എല്ലാം പ്ലാന്‍ഡു ആയിരുന്നു. ഞങ്ങളെയൊക്കെ നോക്കുകുത്തികളാക്കിക്കൊണ്ടു അല്ലേ?’

‘ഇതുപോലുള്ള നിബന്ധനകള്‍ പെണ്‍വീട്ടുകാര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഇവന്‍ ഈ നില്‍പ്പിവിടെ നിന്നുപോകുവല്ലേയുള്ളായിരുന്നു’ എന്നു ഇതിനിടയ്ക്ക് സെന്നിച്ചന് തോന്നുകയും ചെയ്തു.

ബെംഗ്ലൂരുവിലേക്ക് കുടിയേറണം. അവളുടെ പഠനത്തിന്‍റെ ആദ്യനാളുകളില്‍ത്തന്നെ ഒരു ജോലി കണ്ടെത്തണം. ബെംഗ്ലൂരുവിലാകുമ്പോള്‍ അതൊന്നും ഒരു പ്രശ്നമേയല്ല. ബി ടെക് അത്ര കുറഞ്ഞ യോഗ്യതയുമല്ല. ഓഫ് കാമ്പസ് ആയി എംബിഎയ്ക്കു ചേരണം… പിന്നെ കേമിയാകാന്‍ ഒരു ശ്രമം നടത്തിയത്… അത് കാലത്തിന്‍റെ ഒഴുക്കില്‍ തേഞ്ഞ്മാഞ്ഞില്ലാതായിക്കൊള്ളും.

സെന്നിച്ചന്‍റെ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടു ജോണിച്ചനില്‍ ആവേശത്തിരയിളകി.

‘സെന്നിച്ചനല്ലെ… പെണ്ണ് കാണാന്‍ വന്ന?’

‘അതെ…’

‘ആ ആലോചന ഞങ്ങള്‍ വേണ്ടെന്ന് വെക്കുവാ… പെണ്ണിന്‍റത്ര പഠിത്തം പോലുമില്ലാത്ത ഒരാളുമായി…പിന്നെ ആറടി പൊക്കമുണ്ടെന്നല്ലാതെ എന്തു മേന്മയാ, ചെറുക്കനു?’

മോഹിച്ച വാക്കുകള്‍ കേള്‍ക്കാന്‍ കഴിയാത്തതിന്‍റെ വ്യസനത്തില്‍ തൊട്ടടുത്തായി നിന്നിരുന്ന ജോണിച്ചന്‍ തുടര്‍ സംസാരത്തിന് ചെവികൊടുക്കാതെ അകലങ്ങളിലേയ്ക്ക് നടന്നു. വ്യക്തതയോടെയല്ലെങ്കിലും മുറിഞ്ഞുമുറിഞ്ഞെത്തുന്ന വാക്കുകള്‍ക്ക് സ്വരച്ചേര്‍ച്ചയില്ലായ്മയുടെ സ്വരമായിരുന്നു.

‘കൊറേ പെണ്ണുങ്ങളെ കണ്ടു നടന്ന സുന്ദരനല്ലെ…! ആ സുന്ദരനെ ഒന്നു കാണണമെന്നേ ഞങ്ങള്‍ക്കുമുണ്ടായിരുന്നുള്ളു.’

Story: പട്ടുനൂലിന്‍റെ കെണി

കുളി കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പോകുവാൻ തയ്യാറാവുകയായിരുന്നു സുമിത്ര.

അദ്ധ്യയന ദിവസങ്ങളിൽ പുറത്തേക്കിറങ്ങാനൊന്നും സമയം കിട്ടാറില്ല. പി ജി ഫൈനലിയറായതുകൊണ്ട് വായനയും നോട്ട്സ് എഴുതലും ഒക്കെയായി ആകെ തിരക്കായിരിക്കും.

അന്ന് അവധിയായതുകൊണ്ട് ക്ഷേത്രത്തിൽ പോകാമെന്ന് കരുതി. മറ്റുചില സ്നേഹിതകളും കൂട്ടിനുണ്ട്.

അടഞ്ഞുകിടക്കുന്ന വാതിലിൽ ആരോ മുട്ടുന്നു. വെള്ളം ഇറ്റുവീണുകൊണ്ടിരുന്ന മുടിയിൽ ചീപ്പ് തിരുകിവെച്ചുകൊണ്ട് സുമിത്ര വാതിൽ തുറന്നു.

ഹോസ്റ്റലിലെ തൊട്ടടുത്തമുറിയിലെ സ്നേഹിത ധന്യ

“അനുശ്രീ എവിടെ സുമീ “നനുത്ത പുഞ്ചിരിയോടെ അവളന്വേഷിച്ചു.

“അനു അവളുടെ വീട്ടിൽ പോയിരക്കയാണല്ലോ”

“ആണോ, അവളുടെ ചേട്ടൻ കാണാൻ വന്നിട്ടുണ്ട്. പുള്ളി റിസപ്ഷനിൽ ഇരിക്കുകയാ. എന്നെ കണ്ടപ്പോൾ അനുവിനെ വിവരമറിയിക്കാൻ പറഞ്ഞു”

“അവളിന്ന് കാലത്തേ വീട്ടിപ്പോയി. ഇനിയിപ്പോള്‍ എന്തുചെയ്യും?”

“എങ്കിൽ നീ ഒരു കാര്യം ചെയ്യ്, ഒന്നുചെന്ന് അയാളെ വിവരമറിയിച്ചേക്ക്. എനിക്ക് തിങ്കളാഴ്ച ഒരു ടെസ്റ്റുള്ളതാ”

അത്രയും പറഞ്ഞ് ധന്യ തിരിഞ്ഞു നടന്നുകളഞ്ഞു.

സുമിത്ര ഒരു നിമിഷം വിഷണ്ണയായിനിന്നു. ആ ചുമതല തന്നെ ഏല്പിച്ചിട്ട് ധന്യ കടന്നുകളഞ്ഞിരിക്കുന്നു.

ഇനിയിപ്പോൾ…. അനുവിന്‍റെ ഏട്ടനെ അഭിമുഖീകരിക്കുന്ന കാര്യമോർത്തപ്പോൾ ആകെ ഒരു വല്ലായ്മ.

അനുവിന്‍റെ സംഭാഷണങ്ങളിൽ പലപ്പോഴും അവളുടെ ഏട്ടൻ പ്രധാന കഥാപാത്രമായി കടന്നുവരാറുണ്ട്. എന്തിലും സ്വന്തമായി ചില പ്രത്യേക അഭിപ്രായങ്ങൾ ഉള്ളവനാണ് അയാളെന്ന് അനു പറയുന്നത് കേൾക്കാം. മോഡേൺ ഗേൾസ് എന്ന വിഭാഗത്തോട് ഒരു തരം കലിപ്പാണത്രെ അയാൾക്ക്.

അനുവിന്‍റെ അച്ഛനുമമ്മയും അയാളെ വിവാഹത്തിന് നിർബ്ബന്ധിക്കുന്നുണ്ടത്രെ. എന്നാൽ അയാൾ വഴങ്ങുന്ന മട്ടില്ലെന്നാണ് അനുവിന്‍റെ പരാതി.

തനിക്ക് എന്തുകൊണ്ടും ഇണങ്ങുന്ന ജീവിതപങ്കാ‍ളിയെ (അത് വല്ല മലമൂട്ടുകാരിയും ആയേക്കുമോ എന്നാണ് അനുവിന്‍റെ ആശങ്ക) കണ്ടെത്തിയാൽ മാത്രമേ അയാൾ വിവാഹിതനാകുകയുള്ളുപോലും.

അനു അങ്ങനെ വാതോരാതെ സംസാരിക്കും. അധികവും അവളുടെ ഏട്ടനെപറ്റി തന്നെ.

മോഡേൺ ഗേൾസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവരെ കുറിച്ച് അയാളുടെ പരിഹാസം കലർന്ന പരാമർശങ്ങൾ അനു വിസ്തരിക്കുന്നത് കേൾക്കുമ്പോൾ സുമിത്ര ക്ഷമയുടെ നെല്ലിപ്പടിവരെ കണ്ടുപോകും. ഇടക്കവൾ കലിമൂത്ത് അനുവിനോട് കയർക്കാറുമുണ്ട്.

“എന്‍റെ സുമീ, നീയെന്തിനാ എന്നോട് ചൂടാകുന്നേ. ഈ പറഞ്ഞതൊക്കെ എന്‍റെ അഭിപ്രായമാണോ? അല്ലല്ലോ. എല്ലാം എന്‍റെ ഏട്ടനവർഹളുടേതല്ലേ? നിന്നെപ്പോലെ ഒരു പാവം പെണ്ണല്ലേ ഈയുള്ളവളും?” അനു ചിരിക്കും കവിളിൽ നുണക്കുഴികൾ വിരിയിച്ചുകൊണ്ട്.

സൗമ്യശീലയായ അനുവിനെങ്ങനെ ഇത്രക്ക് കർക്കശക്കാരനായ ഒരു സഹോദരനെന്ന് അപ്പോഴെല്ലാം ഓർക്കാറുണ്ട്. പക്ഷെ ഇങ്ങനെ ഒരു മുഖാമുഖത്തെകുറിച്ച് അപ്പോഴൊന്നും വിചാരിച്ചിരുന്നതേയില്ല.

അനു തന്നെക്കുറിച്ച് എന്തെങ്കിലും അയാളോടും പറഞ്ഞുകാണുമോ? അയാളുടെ ചില വേറിട്ട സ്വഭാവങ്ങളെക്കുറിച്ച് പരിഹസിക്കാറുള്ളതും മറ്റും…

എങ്കിൽ… ഈശ്വരാ.

വല്ലാത്തൊരു ഊരാക്കുടുക്കിലാണല്ലോ ചെന്നുപെട്ടിരിക്കുന്നത്. ഇനി… എന്തായാലും ആ മനുഷ്യന്‍റെ മുന്നിൽ ചെന്ന് നിന്നല്ലേപറ്റൂ. അനുവിന്‍റെ ഉറ്റസ്നേഹിത എന്ന നിലക്ക് അനു വീട്ടിൽ പോയിരിക്കുന്ന വിവരം അയാളെ അറിയിക്കേണ്ട ചുമതല ഒഴിവാക്കാനും ആവില്ലല്ലല്ലോ.

സുമിത്ര മടുപ്പോടെ കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്നു. മുടിചീകി മെടഞ്ഞിട്ടു. നെറ്റിയിലൊരു പൊട്ടും തൊട്ടു. കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം വേഷം അപ്പാടെ ഒന്ന് ശ്രദ്ധിച്ചു. ഉടുത്തിരിക്കുന്നത് ഓറഞ്ച് നിറത്തിലുള്ള സാരിയാണ്.

അനുവിന്‍റെ വാക്കുകൾ ഓർമ്മ വന്നു അപ്പോൾ. ടെക്സ്റ്റൈൽ ഷോപ്പിൽനിന്ന് കടുംനിറത്തിലുള്ള ചുരിദാറും മറ്റും വാങ്ങുമ്പോൾ അനു പറയുന്നത് കേൾക്കാം. “ഷോപ്പിംഗിന് ഏട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ ചെവിപിടിച്ച് പൊന്നാക്കിയേനെ” എന്ന്.

അനുവിന്‍റെ ഏട്ടനു ഇളം നിറങ്ങളാണ് ഇഷ്ടമത്രെ. സുമിത്ര വീണ്ടും കണ്ണാടിയിലേക്ക് നോക്കി. ഓറഞ്ച് നിറത്തെപറ്റി അനുവിന്‍റെ ഏട്ടന്‍റെ അഭിപ്രായം എന്തായിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചു.

അടുത്തനിമിഷം അവൾ ചുണ്ടുകോട്ടി, മുഖം കൂർപ്പിച്ചു കൊണ്ടോർത്തു. അയാളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് വെറുതെ എന്തിന് വേവലാതിപ്പെടണം. ക്ഷേത്രത്തിൽ പോകാനുള്ള സമയമാ‍ണ് വെറുതെ പാഴാകുന്നത്. മഴ പൊടിയാനും തുടങ്ങിയിരിക്കുന്നു. സുമിത്ര മുറി വാതിൽ ചാരിയടച്ച ശേഷം റിസപഷനിലേക്ക് നടന്നു.

വാതിൽക്കലെത്തിയപ്പോൾ ശ്രദ്ധിച്ചു, നിമിഷങ്ങളെണ്ണുമ്പോലെ വാച്ചിലേക്ക് നോക്കിയിരിക്കുന്ന അനുവിന്‍റെ ഏട്ടന്‍റെ മുഖത്തെ അക്ഷമ. അനുവിന്‍റെ അതേ മുഖച്ഛായ. ഒരു വ്യത്യാസം മാത്രം അനുവിന്‍റെ മുഖത്തെപ്പോഴും ചിരിയാണെങ്കിൽ ഈ മുഖത്തൊരു ഗൗരവഭാവം.

അയാളിരിക്കുന്നതിന്‍റെ എതിർവശത്തുള്ള സോഫയുടെ പിറകിൽ നിന്നുകൊണ്ട് അവൾ മന്ത്രിച്ചു. “ഗുഡ് ഇവ്നിംഗ്.”

അയാൾ പെട്ടെന്ന് ശിരസ്സുയർത്തി “ഗുഡ് ഇവ്നിംഗ്” അപരിചിതത്വത്തിന്‍റെ അകൽച്ച വ്യക്തമാക്കുന്ന മുഖഭാവം.

“ഞാൻ അനുവിന്‍റെ റൂമേറ്റാണ്. സുമിത്ര”

“ഓ, അപ്പോൾ ആ ഫോട്ടോയിൽ… അനുവിന്‍റെ കൂടെ…”

അയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകാതെ സുമിത്ര ചോദിച്ചു. “എന്താ?”

“ഒന്നുമില്ല… അനു എവിടെ…”

“അനു ഇന്ന് രാവിലെ വീട്ടിലേക്ക് പോയല്ലോ”

“ഞാനിന്ന് അവളെ കാണാൻ വരുമെന്ന് ഞാൻ വിളിച്ച് പറഞ്ഞതാണല്ലോ. അപ്പോൾ അവളിവിടെ ഉണ്ടാകുമെന്നും പറഞ്ഞു. എന്നിട്ടുമിങ്ങനെ പെട്ടെന്ന് വീട്ടിൽ പോകാൻ…. അവൾക്ക് അസുഖമെന്തെങ്കിലും…..?” അയാളുടെ മുഖം ആശങ്കാകുലമായി

“ഹേയ്, അസുഖമൊന്നുമില്ല.”

“പിന്നെയിങ്ങനെ…”

അതാണല്ലൊ തനിക്കും അറിയാത്തത് എന്ന് ചിന്തിച്ചുകൊണ്ട് സുമിത്ര മൗനം പാലിച്ചു.

“വൺ സെക്കെന്‍റ്” മൊബൈലിൽ വിരൽ ചലിപ്പിച്ചു കൊണ്ടയാൾ പറഞ്ഞു.

പിന്നെ നിരാശയോടെ ഇങ്ങനെയും “അനുവിന്‍റെ ഫോൺ സ്വിച്ച്ഡോഫ്”

മൂകമായ നിമിഷങ്ങൾ കടന്നുപോയി. പുറത്ത് ചാറിനിന്ന മഴ കൂടുതൽ ശക്തമായി.

കാറ്റിൽ മഴയുടെ ചെറുകണങ്ങൾ അകത്തേക്ക് പാറിവീണു. ഈ മഴയത്തെങ്ങനെ പുറത്തിറങ്ങും. ക്ഷേത്രത്തിലേക്കിന്ന് പോകാൻ കഴിയുമെന്ന് തോന്നുന്നില്ല. സുമിത്ര നിരാശയോടെ പുറത്തേക്ക് നോക്കിനിന്നു.

“അവളെന്ന് തിരിച്ചെത്തുമെന്നാണ് പറഞ്ഞത്?”

“നാളെ രാവിലെ”

“ശരി, അവളോട് ഞാൻ വന്നിരുന്നെന്ന് പറഞ്ഞേക്കൂ‍. ഞാനും വിളിക്കുന്നുണ്ടാകും” അയാൾ പോകാനായി എഴുന്നേറ്റു.

പുറത്ത് മഴയുടെ താളം കൂടുതൽ മുറുകിയിരിക്കുന്നു. സുമിത്ര ശ്രദ്ധിച്ചു. കാർ പാർക്കു ചെയ്തിരിക്കുന്നത് ഹോസ്റ്റലിന്‍റെ ഗേറ്റിന് പുറത്താണ്.

അനുവിന്‍റെ ഏട്ടൻ പുറത്തേക്കുള്ള വാതിലിന് അടുത്തെത്തി കഴിഞ്ഞിരിക്കുന്നു. കയ്യിൽ കുടയില്ല

“ഈ മഴയത്തെങ്ങനെ പോകും? നിൽക്കൂ, ഞാനിപ്പോൾ കുട കൊണ്ടുവരാം.” സുമിത്ര അറിയാതെ അവളുടെ ചുണ്ടുകളിൽ നിന്നും വാക്കുകൾ അടർന്നുവീണു.

“എന്താ പറഞ്ഞത്”

“ഈ മഴയത്ത് നിങ്ങൾ… ഞാനിപ്പോൾ കുട കൊണ്ടു വന്നുതരാം.”

മറുപടിക്ക് കാത്തുനിൽക്കാതെ സുമിത്ര മുറിയിലേക്ക് നടന്നു. കഴിയുന്നതും വേഗത്തിൽ കുടയുമായെത്തി.

“ഞാനിത് വാച്ചുമാനെ ഏല്പിച്ചേക്കാം… പോരെ.” അയാളുടെ മുഖത്തപ്പോൾ വിടർന്ന പുഞ്ചിരി സുമിത്രയെ അത്ഭുതപ്പെടുത്തി. കവിളിലെ നുണക്കുഴിയുടെ തിരനോട്ടം അനുവിനെ ഓർമ്മിപ്പിക്കുകയും ചെയ്തു.

മഴതോരാതെ നിന്നതുകൊണ്ട് സുമിത്രയുടേയും സ്നേഹിതകളുടേയും ക്ഷേത്രത്തിൽ പോക്കും മുടങ്ങി.

പിറ്റേന്ന് ഞാറാഴ്ച വൈകുന്നേരമായപ്പോഴാണ് അനു തിരിച്ചെത്തിയത്.

അനുവിനെ കണ്ടയുടനെ സുമിത്ര അറിയിച്ചു. “ഇന്നലെ നിന്‍റെ ചേട്ടൻ നിന്നെക്കണാൻ വന്നിരുന്നു. വരുന്ന വിവരം നിന്നെ അറിയിച്ചിരുന്നു എന്നാണല്ലോ പറഞ്ഞത്. എന്നിട്ട് നീയെന്താ മുങ്ങിക്കളഞ്ഞത്?”

അനുവപ്പോൾ മറുപടി നൽകാതെ കുടുകുടെ ചിരിച്ചു.

“നീയക്കാര്യം മറന്നുപോയോ”

“ഇല്ലല്ലോ” അനു അപ്പോഴും നിർത്താതെ ചിരിച്ചു. കുറുമ്പ് നുരകുത്തുന്ന കള്ളച്ചിരി

സുമിത്രയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു “പിന്നെ… നിന്‍റെ ഏട്ടൻ നിന്നെ വിളിക്കാൻ നോക്കിയപ്പോൾ നിന്‍റെ ഫോൺ സ്വിച്ഡോഫിലും…”

ഷോൾഡർ ബാഗിൽ നിന്ന് സുമിത്രയുടെ കുടയെടുത്ത് അവൾക്ക് നീട്ടി അനു “ഇതാ നിന്‍റെ കുട”

“ഇത്…..ഇതെങ്ങനെ….” സുമിത്രക്ക് അത്ഭുതമായി.

“അതൊരു നീണ്ട കഥയാ മോളേ” അനുവിനപ്പോഴും ചിരി.

“ചോദിച്ചതിന് മറുപടി പറയെന്‍റെ അനൂ. വെറുതെ കിടന്ന് ചിരിക്കാതെ…”

“ശരി, ഞാനിവിടെ നിന്ന് കടന്നുകളഞ്ഞതേയ് ഏട്ടൻ നിന്നെ ശരിക്കൊന്ന് കണ്ടോട്ടെ എന്ന് കരുതിയാ”

“എന്നെയോ. എന്തിനാ എന്നെ കാണുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല. ഒന്ന് തെളിച്ചു പറയെന്‍റെ അനൂ”

“എന്നാൽ ശ്രദ്ധിച്ച് കേട്ടോ.” അനു അല്പം ഗൗരവം അഭിനയിച്ചുകൊണ്ട് തുടർന്നു.” ഞാൻ നിന്‍റെ കാര്യം കുറച്ചു തവണയായി ഏട്ടനോട് റെക്കമെന്‍റ് ചെയ്യുന്നു. ഏട്ടന് മാത്രം എന്തോ ഒരു മടി. കഴിഞ്ഞ വർഷം എസ്കേർഷന് പോയപ്പോൾ നമ്മളൊരുമിച്ചെടുത്ത ഒരു ഫോട്ടോ കണ്ടതിന്‍റെ റിയാക്ഷൻ. നീ ഫാഷനബിൾ ആണെന്ന് മൂപ്പരങ്ങ് ധരിച്ചുവശായി.”

“എന്തിനുള്ള റെക്കമെന്‍റേഷൻ? എനിക്കൊന്നും മനസ്സിലാകുന്നില്ല” സുമിത്ര പരിഭവിച്ചു.

“ഞാനൊന്ന് പറഞ്ഞ് തീർക്കട്ടെ എന്‍റെ സുമീ. എന്തെല്ലാം പറഞ്ഞിട്ടും ഏട്ടന്‍റെ അഭിപ്രായം മാറുന്നില്ല. അങ്ങനെയങ്ങ് തോറ്റു കൊടുക്കില്ലെന്ന് ഈ ഞാനും. നിന്‍റെ മനസ്സൊരു കൊച്ചുമാലാഖയുടേതാണെന്ന് തെളിയിപ്പിച്ചേ അടങ്ങൂ എന്ന് എനിക്കും വാശി.”

“എന്തിനാ അനൂ… വെറുതെ…”

“വെറുതെയല്ല മോളേ, നിന്നെ എനിക്ക് അത്രക്കിഷ്ടമാ, എന്‍റെ അച്ഛനമ്മമാരുടെ ആഗ്രഹോം നീ അവരുടെ മരുമകളായി വരണമെന്നാ. നിന്‍റെ വീട്ടിലും എല്ലാവർക്കും ഈ ബന്ധം സമ്മതമാണ്.”

“ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ”

ഏട്ടന്‍റെ സമ്മതോം കൂടി കിട്ടിയിട്ട് നിന്നോട് ചോദിക്കാമെന്നും കരുതി ഇരിക്കുകയായിരുന്നു ഞങ്ങൾ. ഇന്നലെ ഏട്ടൻ ഇവിടെ വന്ന് നിന്നെ കണ്ടില്ലേ? നേരെ വീട്ടിലേക്കും വന്നു. എന്നോട് സമസ്താപരാധവും പറഞ്ഞ് നിരുപാധികം കീഴടങ്ങുകയും ചെയ്തു. ഏട്ടന് നിന്നെ കെട്ടാൻ നൂറുവട്ടം സമ്മതമാണത്രെ.”

സുമിത്രയുടെ മുഖം പെട്ടെന്ന് അരുണാഭമായി.

“സുമീ, പറയ്, നിനക്കെന്‍റെ ഏട്ടത്തിയമ്മയാകാൻ സമ്മതമല്ലേ.” അനു സുമിത്രയുടെ കുനിഞ്ഞുപോയ മുഖം പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു.

അവളുടെ ചുണ്ടുകളിൽ മെല്ലെ ഇതൾവിരിയാൻ തുടങ്ങിയ തൂമന്ദഹാസം അനുവിന്‍റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു.

ഒരു എൻ.ആർ.ഐയുടെ പെൺകാഴ്ചകൾ

അമേരിക്കയിൽ നിന്നും വന്ന സുഹാസിന്‍റെ കത്ത് രവിമോഹൻ ഒന്നുകൂടി വായിച്ചു. 15 ദിവസത്തെ അവധിക്കായി അവൻ നാട്ടിൽ വരുന്നുണ്ടെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. 3 മാസം മുൻപേ ഞാൻ തന്നെയാണ് പത്രത്തിൽ അവനു വേണ്ടി വിവാഹപ്പരസ്യം നൽകിയിരുന്നത്. പെൺകുട്ടി വിദ്യാസമ്പന്നയായിരിക്കണം, ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കണം, ജീവിത രീതിയിലും ചിന്തയിലും 100 ശതമാനം ഇന്ത്യനായിരിക്കണം എന്നൊക്കെയാണ് അവൻ പറഞ്ഞതനുസരിച്ച് പത്രത്തിൽ പരസ്യം ചെയ്തിരുന്നത്.

“എത്ര പ്രാവശ്യമിപ്പോൾ വായിച്ചു കഴിഞ്ഞു? അത്രക്കങ്ങു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമെന്താണതിലുള്ളത്?” ശാരദ ചോദിച്ചു.

“അതല്ല, പത്തു കൊല്ലം അമേരിക്കയിൽ താമസിച്ച അവൻ എന്തിനാണ് ഇന്ത്യൻ സംസ്കാരം ഇന്ത്യൻ രീതി എന്നൊക്കെപ്പറഞ്ഞു മുറവിളി കൂട്ടുന്നത് എന്നൽപ്പം ഉറക്കെ ചോദിച്ചു കൊണ്ടു രവി ഫയലെടുത്ത് അതിലുണ്ടായിരുന്ന എഴുത്തുകൾ ഓരോന്നായി എടുത്തു നോക്കാൻ തുടങ്ങി.

“കത്തുകളുടെ ഒരു കൂമ്പാരം തന്നെയുണ്ടല്ലോ” ഭാര്യ പറഞ്ഞു.

ശാരദയെന്തിനാണ് എന്നെ പരിഹസിക്കുന്നതെന്ന് എനിക്കു മനസ്സിലായിരുന്നു. അവളുടെ സഹോദരീ പുത്രിയായ ദീപ ബുദ്ധിമതിയാണെന്നെനിക്കറിയാം. പക്ഷേ സുഹാസിനു ചേരില്ല. മാത്രമല്ല അവൾ എഞ്ചിനീയറോ ഡോക്ടറോ അല്ല. സുഹാസിനെയും കൂട്ടി ദീപയുടെ ഗ്രാമത്തിൽപ്പോയി രണ്ടുപേരുടേയും ഒരു കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കണമെന്നതാണ് ശാരദയുടെ മനസ്സിലിരുപ്പ്. പക്ഷേ ഞാനതറിഞ്ഞതായി ഭാവിച്ചതേയില്ല. അതിനാലാണ് അവൾക്കീ മുറുമുറുപ്പ്.

എന്‍റെ മനസ്സിലിരുപ്പ് ഊഹിച്ചെടുത്തതുപോലെ അവൾ പറഞ്ഞു “ഞാനെത്രയോ പ്രാവശ്യം പറഞ്ഞു സുഹാസ് വരുമ്പോൾ ആ ദീപയെ കൊണ്ടുപോയൊന്നു കാണിക്കാൻ. പക്ഷേ നിങ്ങൾക്കതിഷ്ടമല്ല.”

“പിള്ളേരെ പഠിപ്പിക്കുന്ന ദീപയെ സുഹാസിനു വേണ്ടി ആലോചിക്കാനോ? നീ ചുമ്മാതെ തലയ്ക്കു സുഖമില്ലാത്തവരെപ്പോലെ സംസാരിക്കാതെ. അമേരിക്കയിൽ കൂലിപ്പണി ചെയ്യുന്നവർക്കു പോലും എഞ്ചിനീയറേം ഡോക്ടറേമാ വേണ്ടത്. അറിയാമോ?” ഞാൻ ശബ്ദമുയർത്തി.

“ങാ, അതുപോട്ടെ ഞാനൊരു കാര്യം പറയാൻ വിട്ടുപോയി. നാളെ എന്‍റെയമ്മയും സുഹാസിനെ സ്വീകരിക്കാൻ എയർപോർട്ടിൽ വരുന്നെന്ന്.”

“എന്തിന്?”

“ഞാൻ പറയുന്നതാദ്യമൊന്നു കേൾക്ക്. അമ്മയൊരിക്കലും വിമാനത്തിൽ കയറിയിട്ടില്ല. കുറഞ്ഞപക്ഷം അടുത്തു നിന്നെങ്കിലുമൊന്നു കാണാമല്ലോ.”

ഗ്രീൻ ചാനലിൽ കൂടിയാണ് സുഹാസ് പുറത്തേക്കു വന്നത്. അവനെ സ്വീകരിക്കാൻ ഞങ്ങൾ പോയിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ രണ്ടുപേരും തുറന്ന ഫയലിനു മുമ്പിൽ സ്‌ഥാനം പിടിച്ചു. ഏതാണ്ട് 200 ഓളം കത്തുകളുണ്ടായിരുന്നു. എന്നിട്ടും അവൻ ചോദിച്ചു. “ഇത്രയേ ഉള്ളോ?” എന്ന്.

എനിക്കു നല്ല ദേഷ്യം വന്നു. ഈ കത്തുകൾ തെരഞ്ഞെടുത്തു ഫയൽ ചെയ്യാനും എസ്ടിഡി കോളഉകൾ വിളിക്കാനും ഞങ്ങളനുഭവിച്ച ബുദ്ധിമുട്ടുകൾ ഞാനവനെ പറഞ്ഞു കേൾപ്പിച്ചു.

വൈകിട്ട് ഓഫീസിൽ നിന്നും വീട്ടിൽ വന്ന ഞാൻ അവനോടൊപ്പമിരുന്ന് ചായ കുടിക്കുമ്പോൾ ചോദിച്ചു. “ആട്ടെ സുഹാസ്, നിനക്ക് സ്ത്രീധനം വാങ്ങാൻ വല്ല പ്ലാനുമുണ്ടോയെന്നു പറയ്”

“അറിയാമോ ഞാനെത്രയാ ഒരു മാസം സമ്പാദിക്കുന്നതെന്ന്? 10,000 ഡോളർ. അതായത് 5 ലക്ഷം രൂപ. ഇവിടെയുള്ള ആളുകൾ പിന്നെയെന്താണ് എനിക്കു സ്ത്രീധനമായി തരാൻ പോകുന്നത്?” അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിച്ചു.

വെറുതെ ഈ പൊട്ടനോട് ചോദിച്ചു പോയല്ലോയെന്നായിപ്പോയി ഞാൻ.

സിഎ പാസായ ഒരു പെണ്ണിനെ കാണാനാണ് ഞങ്ങളാദ്യം പോയത്. അവിടെച്ചെന്നപ്പോൾ നിരാശയായിരുന്നു ഫലം. പെണ്ണ് ബികോം ആയിരുന്നു. സിഎയുടെ ആദ്യ പാർട്ടു മാത്രമേ അവൾ പാസ്സായിരുന്നുള്ളൂ.

അടുത്ത ദിവസം ഞങ്ങൾ എഞ്ചിനീയറിങ്ങ് ഡിഗ്രിയുള്ള പെണ്ണിനെ കാണാൻ പോയി. പക്ഷേ അവൾ പോളിടെക്നിക്കിനു ചേർന്നതേ ഉണ്ടായിരുന്നുള്ളൂ.

“ഇത്രയും സമയമുണ്ടായിട്ട് ഒരു നല്ല പെണ്ണിനേപ്പോലും ചേട്ടനും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ?” അവൻ ശബ്ദമുയർത്തി.

എനിക്കു കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ പറഞ്ഞു, സാരമില്ല സുഹാസ്, ഇനിയും രണ്ടുപേർ കൂടിയുണ്ട്. രണ്ടും ഡോക്ടർമാരാണ്. നാളെത്തന്നെ പോയേക്കാം.

അടുത്ത ദിവസം തന്നെ ഞങ്ങൾ ഡോക്ടർ പെണ്ണിന്‍റെ വീട്ടിലെത്തി. പക്ഷേ അവിടെയെത്തിയപ്പോഴാണ് അവളൊരു മൃഗഡോക്ടറാണെന്നു മനസ്സിലായത്.

“എനിക്കു മൃഗങ്ങളെ വലിയ ഇഷ്ടമാ. എനിക്ക് അമേരിക്കയിൽ പെട്ടെന്നൊരു ജോലി കിട്ടുമോ?” അവൾ സുഹാസിനോടു ചോദിച്ചു. അവനെന്തു പറയാനാണ്?

രണ്ടാമത്തെ പെൺകുട്ടിയും മെഡിക്കൽ ഡോക്ടറായിരുന്നില്ല. അവൾക്ക് സംസ്കൃതഭാഷയിലായിരുന്നു ഡോക്ടറേറ്റ്. കാളിദാസന്‍റെ കാവ്യങ്ങളലെ ഭാര്യാ സങ്കൽപം എന്നതായിരുന്നു അവളുടെ ഗവേഷണ വിഷയം.

“താങ്കളുടെ ദൃഷ്ടിയിൽ ഒരു ഭാര്യയ്ക്കുവേണ്ട ഗുണങ്ങളെന്തൊക്കെയാണ്?” അവൾ സുഹാസിനോടു ചോദിച്ചു.

ഒരു ഭ്രാന്തിയെ കണ്ടപോലെ സുഹാസ് അവളെ നോക്കാൻ തുടങ്ങിയപ്പോൾ അവൾ തന്നെ അതിന്‍റെ ഉത്തരം പറഞ്ഞു.

“കാര്യേഷു ദാസി, കരണേഷു മന്ത്രി, ഭോജ്യേഷു മാതാ, ശയനേഷു രംഭ. അങ്ങനെയായിരിക്കണം ഒരു ഭാര്യ” അവൾ പറഞ്ഞു നിർത്തി.

സുഹാസിന് ഹിന്ദി പോലും ശരിയ്ക്കറിയില്ലായിരുന്നു. അങ്ങനെയിരിക്കെ ഈ സംസ്കൃതം കൂടി കേട്ടപ്പോൾ അവൻ ആകെ പരിഭ്രാന്തനായി ചാടിയെഴുന്നേറ്റു.

വീട്ടിലെത്തിയപാടെ അവനെന്നെ പരിഹസിച്ചു. “ചേട്ടനെ വിശ്വസിച്ചാണു ഞാൻ ഇത്രയും ദൂരം വന്നത്. വെറുതെ സമയം കളഞ്ഞു. ഇനി 11 ദിവസമേ ഉള്ളൂ. പിന്നെ വിവാഹത്തിനെവിടെ സമയം?”

“ഡിഗ്രി വേണമെന്നെന്തിനാണു നീ നിർബന്ധം പിടിക്കുന്നത്. പെൺകുട്ടിക്ക് വിവേകവും ബുദ്ധിയും വേണമെന്നല്ലേയുള്ളൂ?” ശാരദ ഇടയ്ക്കു കയറിപ്പറഞ്ഞു.

“അതല്ല ചേട്ടത്തി, പെൺകുട്ടി എഞ്ചിനീയറും ഡോക്ടറുമാണെങ്കിൽ അവിടെ ജോലിക്കു പ്രയാസമില്ല. മാത്രമല്ല, ജോലിയില്ലാതെ ഇവിടെയിരിക്കുന്നതുപോലെ അമേരിക്കയിലിരിക്കാൻ ബുദ്ധിമുട്ടാണ്. ഇവിടെയുള്ള സാഹചര്യമല്ല അവിടെ.”

എനിക്ക് ശാരദയുടെ മനസ്സിലിരുപ്പ് മനസ്സിലായെങ്കിലും സുഹാസിനത് വ്യക്തമായില്ല.

“പെൺകുട്ടികളെല്ലാം കഴിഞ്ഞോ?” സുഹാസ് നിരാശനായി ചോദിച്ചു.

“ഇല്ല, ബാംഗ്ലൂരിൽ നിന്നുമുള്ള ഒരു പ്രൊപ്പോസൽ കൂടിയുണ്ട്.” ഞാൻ അവനെ സമാധാനിപ്പിച്ചു.

അടുത്ത ദിവസത്തെ ഫ്ളൈറ്റിൽ ഞങ്ങൾ ബാംഗ്ലൂരിലെത്തി.

പെൺകുട്ടിയുടെ വീടെന്നു പറയുന്നത് ഒരു വലിയ ബംഗ്ലാവായിരുന്നു. കോളിങ് ബെൽ അമർത്തിയപ്പോൾ പത്തുവയസ്സുള്ള ഒരു പെൺകുട്ടി ഹെയർ ഡ്രൈയർ കൊണ്ട് മുടിയുണക്കിക്കൊണ്ട് വന്ന് കതകു തുറന്നു. പിന്നെ ഞങ്ങളെ വിശാലമായ ഒരു സോഫയിലിരുത്തി. മുറി മുഴുവൻ വില കൂടിയ ഏതോ വിദേശ പെർഫ്യൂമിന്‍റെ ഗന്ധം നിറഞ്ഞിരുന്നു. 20 വയസ്സുള്ള ഒരു പയ്യൻ ഒരു മൊബൈൽ ഫോണും പിടിച്ചു കൊണ്ട് “ഹായ് ഡേറ്റിങ്, ഹൗ വണ്ടർ ഫുൾ! ഓകെ” എന്നൊക്കെ പറഞ്ഞു കൊണ്ട് അവിടെയൊക്കെ ഓടി നടന്നു.

പെൺകുട്ടിയുടെ പിതാവ് കൈകൂപ്പിക്കൊണ്ട് ഡ്രോയിങ്റൂമിൽ പ്രവേശിച്ചു. “ഹായ് എവരിബഡി” എന്നു പറഞ്ഞുകൊണ്ട് ഒരു മുതിർന്ന പെൺകുട്ടിയും കടന്നുവന്നു. പിന്നെയവൾ ഒരു കാലെടുത്ത് മറ്റേക്കാലിന്‍റെ മുകളിൽ വച്ച് സുഹാസിനെ സൂക്ഷിച്ചു നോക്കി.

അകത്തെവിടെയോ മഡോണയുടെ “ഫിസിക്കൽ അട്രാക്ഷൻ ഇറ്റ്സ് എ കെമിക്കൽ റിയാക്ഷൻ…” എന്ന ഗാനം മുഴങ്ങി. സുഹാസാകട്ടെ വായും പൊളിച്ചിരിക്കുകയാണ്.

സുഹാസ് അമേരിക്കയിൽ നിന്നും വന്നതായതുകൊണ്ട് ഞാനുമൊട്ടും കുറയ്ക്കണ്ട എന്നു കരുതി പെൺകുട്ടിയെ നോക്കി “ഹായ്” എന്നു പറഞ്ഞു. ഇതൊക്കെക്കണ്ട് ശാരദ കർച്ചീഫ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു. അവൾ ചിരിക്കുകയാണെന്ന് എനിക്ക് നന്നായി അറിയാം.

പെൺകുട്ടി തന്നെപ്പറ്റി സ്വയം വർണിക്കാൻ തുടങ്ങി.

“ഞാൻ ബിഎ ഹിന്ദിയാണു ചെയ്തത്. സ്റ്റാർ മൂവീസേ ഞാൻ കാണൂ. സാന്താ ബാർബറ ഞാനൊരിക്കലും മിസ്സ് ചെയ്യാറില്ല.”

അപ്പോൾ അവളുടെ പിതാവും പറഞ്ഞു തുടങ്ങി. “മൈ ഡോട്ടർ ഈസ് വെരി വെരി ഇന്‍റലിജന്‍റ്. അവൾക്ക് ഓംലറ്റ് ഉണ്ടാക്കാനറിയാം. മറ്റൊന്നുമറിയില്ല. ഹൗ വണ്ടർഫുൾ! കുതിരസവാരിയറിയാം എന്‍റെ ഡാർലിങ്ങിന്. പിന്നെ ജൂഡോ കരാട്ടെയും.”

അപ്പോഴേക്കും അവളുടെ അമ്മയുടെ ഊഴമായി. “എന്‍റെ മകൾക്ക് എല്ലാം അറിയാം. പക്ഷേ സാരി ഉടുക്കാനും ഭക്ഷണം പാകം ചെയ്യാനുമറിയില്ല. ഒഫ്കോഴ്സ് ഷി കാൻ മേക്ക് ഓംലറ്റ് വിതിൻ ടു ഔവേഴ്സ്. സത്യം പറഞ്ഞാൽ എനിക്കും ഭക്ഷണമുണ്ടാക്കാനറിയില്ല.” ഇത്രയും പറഞ്ഞിട്ട് അവർ ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.

സുഹാസ് ഭയന്ന് എന്‍റെ അരികിലേക്ക് നീങ്ങിയിരുന്നു.

പെട്ടെന്ന് പെൺകുട്ടി സുഹാസിനോടു ചോദിച്ചു. “സുഹാസ്, നിങ്ങളുടെ സിറ്റി ഹോളിവുഡ്ഡിനടുത്താണോ? ഷൂട്ടിങ് കാണാൻ പറ്റുമായിരിക്കുമല്ലോ, അല്ലേ?”

സുഹാസ് വെറുതെ തലകുലുക്കി.

“ബൈ ദ ബൈ… അവളുടെ പിതാവ് വീണ്ടും വായ തുറന്നു. “ഇവൾ ഒരു കരാട്ടെ ഡെമോൺസ്ട്രേഷൻ എല്ലാവരുടേയും മുന്നിൽ കാണിക്കാറുണ്ട്. ഐസി യൂണിറ്റുള്ള ഹോസ്പിറ്റലടുത്തുള്ളതു കൊണ്ട് ആരും എതിരു പറയാറില്ല.” എന്നിട്ടദ്ദേഹം മകളെ വിളിച്ചു. “മോളേ, മൈ ഡാർലിങ്, നീ ആ കരാട്ടെ സുഹാസിനെയൊന്നു കാട്ടിക്കൊടുക്കൂ.”

ഇതുകൂടി കേട്ടപ്പോൾ എന്‍റെ സപ്തനാഡികളും തളർന്നു പോയി. ഒരു കൊലപാതകത്തിനു കൂടി സാക്ഷിയാകേണ്ടി വരുമോ ഞാൻ? ഒടുവിൽ ഞാൻ പറഞ്ഞു. “വെരി സോറി. ഞങ്ങളുടെ ഫ്ളൈറ്റിന് ഇനി അധികസമയമില്ല. ചെന്നിട്ടു വിവരമറിയിക്കാം.”

ഒരു മറുപടിക്കു കാത്തുനിൽക്കാതെ ശാരദയെയും പിടിച്ചുവലിച്ചു കൊണ്ടു ഞാൻ പുറത്തിറങ്ങി. അപ്പോൾ ഏകദേശം ഒരു ഫർലോങ് മുന്നിൽ അതിവേഗം നടന്നു പോകുന്ന സുഹാസിന്‍റെ രൂപം എന്‍റെ ദൃഷ്ടിയിൽ പെട്ടു.

സുഹാസിനു തിരിച്ചു പോകാൻ ഇനി ഒരാഴ്ച കൂടിയേ ഉണ്ടായിരുന്നുള്ളൂ.

വൈകുന്നേരം എല്ലാവരും കൂടി ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ശാരദ പറഞ്ഞു തുടങ്ങി.

“നമുക്ക് ദീപയുടെ ഗ്രാമത്തിൽ ഒന്നു പോയാലോ. ഇംഗ്ലീഷ് അറിയില്ലെങ്കിലും അവൾ ബുദ്ധിയുള്ള കുട്ടിയാണ്. മാത്രമല്ല 100 ശതമാനം ഇന്ത്യക്കാരിയുമാണ്. ആൾക്കാരെയും നമുക്കറിയാം. കല്യാണം നടന്നാലും ഇല്ലെങ്കിലും അവിടം വരെയൊന്നു പോകുന്നതു കൊണ്ടെന്താണു കുഴപ്പം?”

എങ്ങനെയാണ് സുഹാസ് ഈ നിർദ്ദേശത്തോടു യോജിച്ചതെന്നറിയില്ല. അടുത്ത ദിവസം തന്നെ ഞങ്ങൾ ഗ്രാമത്തിലെത്തിച്ചേർന്നു.

ഗ്രാമത്തിലാകെയുണ്ടായിരുന്ന നല്ല 4 വീടുകളിലൊന്നായിരുന്നു ദീപയുടേത്. അവളുടെ അച്‌ഛൻ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു. കുറെ നാൾ മുമ്പ് റിട്ടയർ ചെയ്തു. ആ ഒഴിവിൽ ദീപയാണിപ്പോൾ ടീച്ചറായി ജോലി ചെയ്യുന്നത്.

അധികം ഫർണിച്ചറൊന്നുമില്ലാത്ത വൃത്തിയുള്ള ഒരു കൊച്ചു വീടായിരുന്നത്.

കൈകൂപ്പിക്കൊണ്ട് ദീപ ഞങ്ങളെ സ്വാഗതം ചെയ്‌തു. സുഹാസ് അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. നീണ്ട മുടിയും, വിടർന്ന കണ്ണുകളും, ആകർഷകമായ അധരങ്ങളും അവനെ വളരെ ആകർഷിച്ചു. വിളമ്പിയ ഭക്ഷണവും അതീവ സ്വാദിഷ്ഠമായിരുന്നു. വളരെ നാളുകൾക്കു ശേഷമാണ് അവർ ഇത്രയും രുചികരമായ ഭക്ഷണം കഴിക്കുന്നത്. അവളുടെ പിതാവിന്‍റെ അന്തസ്സുറ്റ പെരുമാറ്റവും ലാളിത്യവും അവന്‍റെ മനസ്സിൽ ഒരു കുളിർ മഴയായി പെയ്തിറങ്ങി. ഒരു ദിവസം അവിടെ തങ്ങാമെന്ന അവന്‍റെ നിർദ്ദേശത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ശാരദച്ചേട്ടത്തിയാണ്.

വൈകുന്നേരമായപ്പോൾ സുഹാസ് ദീപയോടു ചോദിച്ചു. “ഗ്രാമത്തിലൊക്കെയൊന്നു കറങ്ങാൻ എന്നെയും കൊണ്ടുപോകുമോ?”

“വരൂ, ഇപ്പോൾത്തന്നെ പോകാം.” അവൾ പറഞ്ഞു.

പോകുന്ന വഴി അവൻ ദീപയോടു പറഞ്ഞു.

“ഇതുവരെ ഞാനൊരുപാട് പെൺകുട്ടികളെ കണ്ടു. പക്ഷേ ഒന്നിനേം ഇഷ്ടമായില്ല. ദീപയെ കണ്ടപ്പോൾ എന്‍റെ ഭാര്യയാകാനുള്ള എല്ലാ ഗുണങ്ങളുമുണ്ടെന്നു തോന്നി. എനിക്കിനി അഞ്ചു ദിലസത്തെ അവധി കൂടിയേ ബാക്കിയുള്ളൂ. ഞാൻ ദീപയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. നാളെത്താനെ സാറുമായി സംസാരിക്കാം.”

ദീപ കുറച്ചുനേരം നിശബ്ദയായി നിന്നു. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി, “താങ്കൾക്കെന്നെ ഇഷ്ടമായി. പക്ഷേ എനിക്ക് താങ്കളെ ഇഷ്ടമായോ എന്ന് താങ്കൾ ചോദിച്ചില്ല.”

ശരീരത്തിൽ കൂടി ഒരു കറന്‍റ് പാസുചെയ്യുന്നതുപോലെ അവനു തോന്നി. ദീപയുടെ ലാളിത്യം കണ്ട് അമേരിക്കയെന്നു കേൾക്കുമ്പോൾ അവൾ ചാടിപ്പുറപ്പെടുമെന്നാണവൻ കരുതിയത്. പക്ഷേ ഇതാ കണക്കുകൂട്ടലുകളെല്ലാം തെറ്റിയിരിക്കുന്നു. അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

ദീപ വീണ്ടും തുടർന്നു “എന്‍റെ വലിയമ്മയുടെ നിർബ്ബന്ധം സഹിക്ക വയ്യാതെയാണ് താങ്കളെ കാണാമെന്ന് തന്നെ ഞാൻ സമ്മതിച്ചത്. ഒരു കാരണവശാലും ഇന്ത്യ വിട്ടു പോകാൻ ഞാനിഷ്ടപ്പെടുന്നില്ല. എനിക്ക് താങ്കളെ ഇഷ്ടമാണെന്നു പറഞ്ഞാൽ താങ്കൾ അമേരിക്കയുപേക്ഷിച്ച് ഇവിടെ വന്നു താമസിക്കുമോ?”

“ഇന്ത്യൻ സംസ്കാരം എന്നൊക്കെ പറയുന്നത് താങ്കളുടെ വെറും മുഖംമൂടി മാത്രമാണ്. ന്യൂയോർക്കിൽ താമസിച്ചുകൊണ്ട് ഇന്ത്യൻ സംസ്കാരത്തെയും ഇന്ത്യൻ രീതികളേയും കുറിച്ച് പ്രസംഗിക്കുന്നത് എത്ര അപഹാസ്യമാണ്? താങ്കൾ ത്രിശങ്കു സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. മാത്രമല്ല ഇന്ത്യയിൽ തന്നെയാണ് താമസിക്കാനാഗ്രഹിക്കുന്നതും. എനിയ്ക്കതേ പറ്റൂ.”

തികച്ചും ഗ്രാമീണവനിതയായി കരുതിയ ദീപയുടെ വ്യക്‌തിത്വം കണ്ട് അവൻ സ്തബ്ധനായി നിന്നു പോയി. വന്ധ്യമായ വിവാഹ സ്വപ്നങ്ങളുമായി പാവത്തിന് അമേരിക്കയിലേക്കു മടങ്ങേണ്ടി വന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें