അമേരിക്കയിൽ നിന്നും വന്ന സുഹാസിന്‍റെ കത്ത് രവിമോഹൻ ഒന്നുകൂടി വായിച്ചു. 15 ദിവസത്തെ അവധിക്കായി അവൻ നാട്ടിൽ വരുന്നുണ്ടെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. 3 മാസം മുൻപേ ഞാൻ തന്നെയാണ് പത്രത്തിൽ അവനു വേണ്ടി വിവാഹപ്പരസ്യം നൽകിയിരുന്നത്. പെൺകുട്ടി വിദ്യാസമ്പന്നയായിരിക്കണം, ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കണം, ജീവിത രീതിയിലും ചിന്തയിലും 100 ശതമാനം ഇന്ത്യനായിരിക്കണം എന്നൊക്കെയാണ് അവൻ പറഞ്ഞതനുസരിച്ച് പത്രത്തിൽ പരസ്യം ചെയ്തിരുന്നത്.
“എത്ര പ്രാവശ്യമിപ്പോൾ വായിച്ചു കഴിഞ്ഞു? അത്രക്കങ്ങു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമെന്താണതിലുള്ളത്?” ശാരദ ചോദിച്ചു.
“അതല്ല, പത്തു കൊല്ലം അമേരിക്കയിൽ താമസിച്ച അവൻ എന്തിനാണ് ഇന്ത്യൻ സംസ്കാരം ഇന്ത്യൻ രീതി എന്നൊക്കെപ്പറഞ്ഞു മുറവിളി കൂട്ടുന്നത് എന്നൽപ്പം ഉറക്കെ ചോദിച്ചു കൊണ്ടു രവി ഫയലെടുത്ത് അതിലുണ്ടായിരുന്ന എഴുത്തുകൾ ഓരോന്നായി എടുത്തു നോക്കാൻ തുടങ്ങി.
“കത്തുകളുടെ ഒരു കൂമ്പാരം തന്നെയുണ്ടല്ലോ” ഭാര്യ പറഞ്ഞു.
ശാരദയെന്തിനാണ് എന്നെ പരിഹസിക്കുന്നതെന്ന് എനിക്കു മനസ്സിലായിരുന്നു. അവളുടെ സഹോദരീ പുത്രിയായ ദീപ ബുദ്ധിമതിയാണെന്നെനിക്കറിയാം. പക്ഷേ സുഹാസിനു ചേരില്ല. മാത്രമല്ല അവൾ എഞ്ചിനീയറോ ഡോക്ടറോ അല്ല. സുഹാസിനെയും കൂട്ടി ദീപയുടെ ഗ്രാമത്തിൽപ്പോയി രണ്ടുപേരുടേയും ഒരു കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കണമെന്നതാണ് ശാരദയുടെ മനസ്സിലിരുപ്പ്. പക്ഷേ ഞാനതറിഞ്ഞതായി ഭാവിച്ചതേയില്ല. അതിനാലാണ് അവൾക്കീ മുറുമുറുപ്പ്.
എന്‍റെ മനസ്സിലിരുപ്പ് ഊഹിച്ചെടുത്തതുപോലെ അവൾ പറഞ്ഞു “ഞാനെത്രയോ പ്രാവശ്യം പറഞ്ഞു സുഹാസ് വരുമ്പോൾ ആ ദീപയെ കൊണ്ടുപോയൊന്നു കാണിക്കാൻ. പക്ഷേ നിങ്ങൾക്കതിഷ്ടമല്ല.”
“പിള്ളേരെ പഠിപ്പിക്കുന്ന ദീപയെ സുഹാസിനു വേണ്ടി ആലോചിക്കാനോ? നീ ചുമ്മാതെ തലയ്ക്കു സുഖമില്ലാത്തവരെപ്പോലെ സംസാരിക്കാതെ. അമേരിക്കയിൽ കൂലിപ്പണി ചെയ്യുന്നവർക്കു പോലും എഞ്ചിനീയറേം ഡോക്ടറേമാ വേണ്ടത്. അറിയാമോ?” ഞാൻ ശബ്ദമുയർത്തി.
“ങാ, അതുപോട്ടെ ഞാനൊരു കാര്യം പറയാൻ വിട്ടുപോയി. നാളെ എന്‍റെയമ്മയും സുഹാസിനെ സ്വീകരിക്കാൻ എയർപോർട്ടിൽ വരുന്നെന്ന്.”
“എന്തിന്?”
“ഞാൻ പറയുന്നതാദ്യമൊന്നു കേൾക്ക്. അമ്മയൊരിക്കലും വിമാനത്തിൽ കയറിയിട്ടില്ല. കുറഞ്ഞപക്ഷം അടുത്തു നിന്നെങ്കിലുമൊന്നു കാണാമല്ലോ.”
ഗ്രീൻ ചാനലിൽ കൂടിയാണ് സുഹാസ് പുറത്തേക്കു വന്നത്. അവനെ സ്വീകരിക്കാൻ ഞങ്ങൾ പോയിരുന്നു.
അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ രണ്ടുപേരും തുറന്ന ഫയലിനു മുമ്പിൽ സ്‌ഥാനം പിടിച്ചു. ഏതാണ്ട് 200 ഓളം കത്തുകളുണ്ടായിരുന്നു. എന്നിട്ടും അവൻ ചോദിച്ചു. “ഇത്രയേ ഉള്ളോ?” എന്ന്.
എനിക്കു നല്ല ദേഷ്യം വന്നു. ഈ കത്തുകൾ തെരഞ്ഞെടുത്തു ഫയൽ ചെയ്യാനും എസ്ടിഡി കോളഉകൾ വിളിക്കാനും ഞങ്ങളനുഭവിച്ച ബുദ്ധിമുട്ടുകൾ ഞാനവനെ പറഞ്ഞു കേൾപ്പിച്ചു.
വൈകിട്ട് ഓഫീസിൽ നിന്നും വീട്ടിൽ വന്ന ഞാൻ അവനോടൊപ്പമിരുന്ന് ചായ കുടിക്കുമ്പോൾ ചോദിച്ചു. “ആട്ടെ സുഹാസ്, നിനക്ക് സ്ത്രീധനം വാങ്ങാൻ വല്ല പ്ലാനുമുണ്ടോയെന്നു പറയ്”
“അറിയാമോ ഞാനെത്രയാ ഒരു മാസം സമ്പാദിക്കുന്നതെന്ന്? 10,000 ഡോളർ. അതായത് 5 ലക്ഷം രൂപ. ഇവിടെയുള്ള ആളുകൾ പിന്നെയെന്താണ് എനിക്കു സ്ത്രീധനമായി തരാൻ പോകുന്നത്?” അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിച്ചു.