കുളി കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പോകുവാൻ തയ്യാറാവുകയായിരുന്നു സുമിത്ര.

അദ്ധ്യയന ദിവസങ്ങളിൽ പുറത്തേക്കിറങ്ങാനൊന്നും സമയം കിട്ടാറില്ല. പി ജി ഫൈനലിയറായതുകൊണ്ട് വായനയും നോട്ട്സ് എഴുതലും ഒക്കെയായി ആകെ തിരക്കായിരിക്കും.

അന്ന് അവധിയായതുകൊണ്ട് ക്ഷേത്രത്തിൽ പോകാമെന്ന് കരുതി. മറ്റുചില സ്നേഹിതകളും കൂട്ടിനുണ്ട്.

അടഞ്ഞുകിടക്കുന്ന വാതിലിൽ ആരോ മുട്ടുന്നു. വെള്ളം ഇറ്റുവീണുകൊണ്ടിരുന്ന മുടിയിൽ ചീപ്പ് തിരുകിവെച്ചുകൊണ്ട് സുമിത്ര വാതിൽ തുറന്നു.

ഹോസ്റ്റലിലെ തൊട്ടടുത്തമുറിയിലെ സ്നേഹിത ധന്യ

“അനുശ്രീ എവിടെ സുമീ “നനുത്ത പുഞ്ചിരിയോടെ അവളന്വേഷിച്ചു.

“അനു അവളുടെ വീട്ടിൽ പോയിരക്കയാണല്ലോ”

“ആണോ, അവളുടെ ചേട്ടൻ കാണാൻ വന്നിട്ടുണ്ട്. പുള്ളി റിസപ്ഷനിൽ ഇരിക്കുകയാ. എന്നെ കണ്ടപ്പോൾ അനുവിനെ വിവരമറിയിക്കാൻ പറഞ്ഞു”

“അവളിന്ന് കാലത്തേ വീട്ടിപ്പോയി. ഇനിയിപ്പോള്‍ എന്തുചെയ്യും?”

“എങ്കിൽ നീ ഒരു കാര്യം ചെയ്യ്, ഒന്നുചെന്ന് അയാളെ വിവരമറിയിച്ചേക്ക്. എനിക്ക് തിങ്കളാഴ്ച ഒരു ടെസ്റ്റുള്ളതാ”

അത്രയും പറഞ്ഞ് ധന്യ തിരിഞ്ഞു നടന്നുകളഞ്ഞു.

സുമിത്ര ഒരു നിമിഷം വിഷണ്ണയായിനിന്നു. ആ ചുമതല തന്നെ ഏല്പിച്ചിട്ട് ധന്യ കടന്നുകളഞ്ഞിരിക്കുന്നു.

ഇനിയിപ്പോൾ.... അനുവിന്‍റെ ഏട്ടനെ അഭിമുഖീകരിക്കുന്ന കാര്യമോർത്തപ്പോൾ ആകെ ഒരു വല്ലായ്മ.

അനുവിന്‍റെ സംഭാഷണങ്ങളിൽ പലപ്പോഴും അവളുടെ ഏട്ടൻ പ്രധാന കഥാപാത്രമായി കടന്നുവരാറുണ്ട്. എന്തിലും സ്വന്തമായി ചില പ്രത്യേക അഭിപ്രായങ്ങൾ ഉള്ളവനാണ് അയാളെന്ന് അനു പറയുന്നത് കേൾക്കാം. മോഡേൺ ഗേൾസ് എന്ന വിഭാഗത്തോട് ഒരു തരം കലിപ്പാണത്രെ അയാൾക്ക്.

അനുവിന്‍റെ അച്ഛനുമമ്മയും അയാളെ വിവാഹത്തിന് നിർബ്ബന്ധിക്കുന്നുണ്ടത്രെ. എന്നാൽ അയാൾ വഴങ്ങുന്ന മട്ടില്ലെന്നാണ് അനുവിന്‍റെ പരാതി.

തനിക്ക് എന്തുകൊണ്ടും ഇണങ്ങുന്ന ജീവിതപങ്കാ‍ളിയെ (അത് വല്ല മലമൂട്ടുകാരിയും ആയേക്കുമോ എന്നാണ് അനുവിന്‍റെ ആശങ്ക) കണ്ടെത്തിയാൽ മാത്രമേ അയാൾ വിവാഹിതനാകുകയുള്ളുപോലും.

അനു അങ്ങനെ വാതോരാതെ സംസാരിക്കും. അധികവും അവളുടെ ഏട്ടനെപറ്റി തന്നെ.

മോഡേൺ ഗേൾസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവരെ കുറിച്ച് അയാളുടെ പരിഹാസം കലർന്ന പരാമർശങ്ങൾ അനു വിസ്തരിക്കുന്നത് കേൾക്കുമ്പോൾ സുമിത്ര ക്ഷമയുടെ നെല്ലിപ്പടിവരെ കണ്ടുപോകും. ഇടക്കവൾ കലിമൂത്ത് അനുവിനോട് കയർക്കാറുമുണ്ട്.

“എന്‍റെ സുമീ, നീയെന്തിനാ എന്നോട് ചൂടാകുന്നേ. ഈ പറഞ്ഞതൊക്കെ എന്‍റെ അഭിപ്രായമാണോ? അല്ലല്ലോ. എല്ലാം എന്‍റെ ഏട്ടനവർഹളുടേതല്ലേ? നിന്നെപ്പോലെ ഒരു പാവം പെണ്ണല്ലേ ഈയുള്ളവളും?” അനു ചിരിക്കും കവിളിൽ നുണക്കുഴികൾ വിരിയിച്ചുകൊണ്ട്.

സൗമ്യശീലയായ അനുവിനെങ്ങനെ ഇത്രക്ക് കർക്കശക്കാരനായ ഒരു സഹോദരനെന്ന് അപ്പോഴെല്ലാം ഓർക്കാറുണ്ട്. പക്ഷെ ഇങ്ങനെ ഒരു മുഖാമുഖത്തെകുറിച്ച് അപ്പോഴൊന്നും വിചാരിച്ചിരുന്നതേയില്ല.

അനു തന്നെക്കുറിച്ച് എന്തെങ്കിലും അയാളോടും പറഞ്ഞുകാണുമോ? അയാളുടെ ചില വേറിട്ട സ്വഭാവങ്ങളെക്കുറിച്ച് പരിഹസിക്കാറുള്ളതും മറ്റും...

എങ്കിൽ... ഈശ്വരാ.

വല്ലാത്തൊരു ഊരാക്കുടുക്കിലാണല്ലോ ചെന്നുപെട്ടിരിക്കുന്നത്. ഇനി... എന്തായാലും ആ മനുഷ്യന്‍റെ മുന്നിൽ ചെന്ന് നിന്നല്ലേപറ്റൂ. അനുവിന്‍റെ ഉറ്റസ്നേഹിത എന്ന നിലക്ക് അനു വീട്ടിൽ പോയിരിക്കുന്ന വിവരം അയാളെ അറിയിക്കേണ്ട ചുമതല ഒഴിവാക്കാനും ആവില്ലല്ലല്ലോ.

സുമിത്ര മടുപ്പോടെ കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്നു. മുടിചീകി മെടഞ്ഞിട്ടു. നെറ്റിയിലൊരു പൊട്ടും തൊട്ടു. കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം വേഷം അപ്പാടെ ഒന്ന് ശ്രദ്ധിച്ചു. ഉടുത്തിരിക്കുന്നത് ഓറഞ്ച് നിറത്തിലുള്ള സാരിയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...