സമയത്ത് കല്യാണം നടക്കണം, അല്ലെങ്കിൽ നല്ല ചെറുക്കനെ കിട്ടില്ല എന്നൊക്കെ പറഞ്ഞ് എല്ലാവരും സലോണിയെ നിർബന്ധിച്ചു കൊണ്ടിരുന്നു. അതിനുവേണ്ടി നാളുകളായി സലോണി കടുത്ത ഉപവാസവും വ്രതങ്ങളും എടുത്തു. കഠിന വ്രതങ്ങളൊക്കെ നോക്കിയതിനാൽ തനിക്കൊരു രാജകുമാരൻ തന്നെ വന്നുചേരും, തന്നെ കുതിരപുറത്തേറ്റി കൊണ്ടുപോകും എന്നവൾ സ്വപ്നം കണ്ടു. കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഒരു രാജകുമാരൻ തന്നെയെത്തി. പക്ഷെ കുതിരപ്പുറത്തായിരുന്നില്ല കാറിലാണെന്ന വ്യത്യാസം മാത്രം.
വിവാഹത്തിന് മുമ്പ് നടന്ന സംഭവങ്ങളെപ്പറ്റി പറയാതെ പോകാനാവില്ലല്ലോ. വിവാഹ നിശ്ചയം കഴിഞ്ഞനാൾ തുടങ്ങി പ്രസ്തുത രാജകുമാരൻ സലോണിയെ ഫോണിൽ വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചു. വാട്സാപ്പിലും പരസ്പരം ഹൃദയം കൈമാറികൊണ്ട് സന്ദേശങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. സലോണിയെ സംബന്ധിച്ച് നവവരൻ ഒരു ലോട്ടറി തന്നെയായിരുന്നു. വിദ്യാസമ്പന്നൻ കാണാൻ തെറ്റില്ലാത്ത സുന്ദരൻ... വിവാഹം കെങ്കേമമായി തന്നെ നടന്നു. സലോണിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
രാജകുമാരനാകട്ടെ വിവാഹത്തിന്‍റെ ആദ്യനാളുകളിൽ സിനിമയിലെ ചോക്ക്ളേറ്റ് ഹീറോയെപ്പോലെ റൊമാന്‍റിക്കായി അവൾക്ക് ചുറ്റും പാറിപറന്ന് നടന്നു. എന്നാൽ കുറച്ച് കഴിഞ്ഞതോടെ രാജകുമാരൻ നെറ്റി ചുളിക്കാൻ തുടങ്ങി. ഇതുവരെ മുഖം നിറയെ പുഞ്ചിരിയോടെ വന്നിരുന്ന കുമാരൻ ഭർത്താവിന്‍റെ പോസ്റ്റിൽ അവരോധിതനായതോടെ നെറ്റിചുളിച്ച് ക്രോധിതനായതെന്തെന്ന് ഓർത്ത് സലോണി കൺഫ്യൂഷനിലായി.
പ്രണയ കൊട്ടാരത്തിൽ ആക്രോശങ്ങളും ആജ്ഞകളും മുഴങ്ങി. സലോണിയ്ക്ക് ഇക്കാര്യം അത്ര ദഹിക്കുന്നതായിരുന്നില്ല. പക്ഷെ വിവാഹം കഴിച്ച സ്ഥിതിയ്ക്ക് ഇതൊക്കെ സഹിച്ചല്ലെ പറ്റൂ.
പക്ഷെ അപ്പോഴും പ്രേബ്ളം. ഭാര്യ കാര്യങ്ങളെ ഇത്രയും കൂളായി എടുക്കുന്നത് ഭർത്താവിനെ അസ്വസ്ഥനാക്കി. ഇത്രയും കൂൾ പാടില്ല. എന്തെങ്കിലും ചെയ്തെ പറ്റൂ.
“തുണിയെന്താ വിരിച്ചിടാത്തത്. വാഷിംഗ് മെഷിനിൽ തന്നെ ഇട്ടേക്കുവാണോ?” മിസ്റ്റർ ഭർത്താവ് നെറ്റിചുളിച്ചു കൊണ്ട് ആക്രോശിച്ചു.
“മറന്നു പോയി” സലോണി ഉള്ളിൽ നുരഞ്ഞു വന്ന ദേഷ്യത്തെ കടിച്ചിറക്കിക്കൊണ്ട് ശാന്തസ്വരൂപിണിയായി പറഞ്ഞു.
“എങ്ങനെ മറക്കാതിരിക്കും, ഫേസ്ബുക്ക്, വാട്സാപ്പ്, പിന്നെ കുറെ പുസ്തകങ്ങൾ. ഇതെക്കെയല്ലേ നിന്‍റെ ലോകം... പിന്നെങ്ങനെ മറക്കാതിരിക്കും.
“മറന്നു പോയി. ഇനി മറവിയുണ്ടാകാതെ നോക്കികൊള്ളാം.” സലോണി മനസിൽ പറഞ്ഞു.
“മറക്കുകയെന്നത് വലിയൊരു തെറ്റാണ് പൊയ്ക്കോ, ഇനിയെന്‍റെയൊരു ജോലിയും ചെയ്യണ്ട ഞാൻ തന്നെ ചെയ്തു കൊള്ളാം.” ഭർത്താവ് ആജ്ഞ പുറപ്പെടുവിച്ചു.
“എങ്കിൽ ചെയ്‌തുകൊള്ളൂ. മാത്രവുമല്ല എനിക്ക് തുണി വിരിക്കുകയെന്നത് അത്രയിഷ്ടമുള്ള കാര്യമല്ല.” സലോണി മനസിൽ പറഞ്ഞു.
പ്രിയപ്പെട്ട ഭർത്താവ് മുഖം വീർപ്പിച്ചു. ഇനി നോ സംസാരം. ഏതാനും മണിക്കൂർ നേരത്തേക്കല്ല സംസാരം നിരോധിച്ചിരിക്കുന്നത് അത് ചിലപ്പോൾ 3-4 ദിവസം തന്നെ തുടർന്നെന്ന് വരും. കാരണം അത്രയും വലിയ തെറ്റാണല്ലോ സലോണി വരുത്തിയിരിക്കുന്നത്. ഇനി മറവിയെങ്ങനെ മാറാനാണ്.
ഒരിക്കൽ സലോണി ഭർത്താവ് കുമാരനൊപ്പം ഔദ്യോഗിക ടൂറിന് പോയിരുന്നു. രാത്രി ഗസ്റ്റ് ഹൗസിൽ വച്ച് ഓർഡർ ചെയ്യാൻ ആവശ്യപ്പെട്ട ഭക്ഷണം മാറ്റി പറഞ്ഞതിനെ ചൊല്ലിയായിരുന്നു അന്നത്തെ തർക്കം. ആവശ്യപ്പെടാത്ത ഭക്ഷണം തീൻമേശയിലെത്തിയതുകൊണ്ട് അന്ന് രാജകുമാരൻ ഉറഞ്ഞു തുള്ളുകയായിരുന്നു. അതിനു ശേഷം സലോണി ജാഗ്രത പാലിക്കാൻ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.