ഉമ എഞ്ചിനീയർ ആണ്. രാവിലെ പേപ്പർ വായിക്കുന്ന ശീലമുണ്ട്. തലക്കെട്ട് വാർത്തകൾ വായിച്ചു കഴിഞ്ഞാൽ പിന്നെ ഉമ നോക്കുന്നത് രാശിഫലം ആണ്. ഇന്നത്തെ ദിവസം എങ്ങനെയുണ്ട് എന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ മൂഡോഫാകും. ബന്ധുജനങ്ങൾക്ക് നല്ല തല്ല എന്നോ മറ്റോ വായിച്ചാൽ പിന്നെ ഭർത്താവിനെയും മക്കളെയും പറ്റി ആധികേറും ഉമയ്ക്ക്. രാശിഫലത്തിൽ നല്ലതാണ് എഴുതിയിരിക്കുന്നതെങ്കിൽ ആ ദിവസം മുഴുവനും ആഹ്ലാദത്തിലായിരിക്കും ഉമ. പത്രത്തിലെ രാശിഫലക്കോളം ആശ്രയിച്ചിരിക്കും ഉമയുടെ ഒരു ദിവസം. ഇങ്ങനെ ഉമയെ പോലെ വിദ്യാസമ്പന്നരായ ആളുകൾ അന്ധവിശ്വാസത്തിൽ കഴിയുന്നത് എത്ര സങ്കടകരമാണ്. ഉമയെ പോലെ അനവധിപ്പേരുണ്ട്. ജാതിയും മതവും വിശ്വാസങ്ങളും എത്ര ഉന്നതമായ വിദ്യാഭ്യാസം നേടിയിട്ടും മനസിൽ നിന്ന് വിട്ടുമാറാത്തവർ.
ഇനി വേറൊരു സംഭവം പറയാം. വിനീത കറുത്ത നിറത്തിലുള്ള ഡിസൈൻ ചുരിദാർ ധരിച്ചു കൊണ്ടാണ് അടുത്ത സുഹൃത്തിന്‍റെ കല്യാണത്തിനു പോയത്. കൂട്ടുകാരികളെല്ലാം അവളുടെ ഡ്രസ്സിനെ പറ്റി നല്ലതു പറഞ്ഞു. എല്ലാവരും പുകഴ്ത്തുന്നത് കേട്ടപ്പോൾ തന്‍റെ സെലക്ഷൻ തെറ്റിയില്ലെന്ന് വീനിത യ്ക്കു തോന്നി. പക്ഷേ അവളുടെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കല്യാണപ്പെണ്ണിന്‍റെ ആന്‍റി അടുത്തേയ്ക്ക് വന്ന് ചോദിച്ചു “വിനീത എന്തു പണിയാണ് കാണിച്ചത്. കറുത്ത വസ്ത്രം ധരിച്ച് ആരെങ്കിലും ശുഭ കാര്യങ്ങൾക്ക് പങ്കെടുക്കുമോ? ഇതൊരു കല്യാണ ചടങ്ങല്ലേ. മരണ വീടൊന്നും അല്ലല്ലോ?”
ഇതു കേട്ടതും വിനീത വല്ലാതായി. അവളുടെ കണ്ണ് നിറഞ്ഞു. കൂട്ടുകാരികൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ സദ്യ പോലും കഴിക്കാതെ ഇറങ്ങിപ്പോയി. ഇത്തരം അന്ധവിശ്വാസങ്ങൾ പരിഷ്ക്കാരികളെന്ന് നടിക്കുന്നവർക്കിടയിൽ പോലും വ്യാപകമാണ്.
ജീവാപായം
ഈ ആധുനിക നൂറ്റാണ്ടിലും അന്ധവിശ്വാസത്തിന്‍റെ പേരിൽ അനേകം ആളുകളാണ് കൊല്ലപ്പെടുന്നത്. സ്വയവും മറ്റുള്ളവരുടെ പ്രേരണ കൊണ്ടും അന്ധവിശ്വാസത്തിന്‍റെ ഭാഗമായി മരണം വരിക്കുന്നവർ അനവധിയാണ്. ഒരു കുടുംബത്തിലെ 14 പേർ ജീവനൊടുക്കിയത് യുപിയിൽ ആയിരുന്നു. വീടിന്‍റെ ചുമരുകളിൽ 14 ദ്വാരങ്ങൾ നിർമ്മിച്ച ശേഷം പ്രാണൻ ദ്വാരത്തിലൂടെ തിരിച്ചെത്തി ശരീരത്തിൽ കയറിയാൽ അമാനുഷിക ശക്തി ലഭിക്കും എന്ന ചിന്തയാണിവരെ തൂങ്ങി മരിക്കാൻ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയിലും സമാന സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. അജയ്.പി മങ്ങാടിന്‍റെ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിലും സമാനമായ ഒരു അന്ധവിശ്വാസത്തെപ്പറ്റി വിവരണമുണ്ട്.
അന്ധവിശ്വാസം പ്രചരിക്കാനും അത് ആളുകൾക്കിടയിൽ വേരുറയ്ക്കാനും പ്രധാന കാരണം പൂജാരികളും മുല്ലാക്കമാരും പാതിരികളുമാണ്. മതം വിറ്റു കാശാക്കുന്നവർ ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്നു. ഭാവിയെപ്പറ്റി പറഞ്ഞ് പേടിപ്പിക്കുക, ആശങ്കയുണ്ടാക്കി പൂജാദി കർമ്മങ്ങൾ ചെയ്യിപ്പിക്കുക എന്നിവയൊക്കെയാണ് മതമേലാളന്മാരുടെ ധനാഗമന മാർഗ്ഗങ്ങൾ. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തൽ, പുസ്തകം, ലഘുലേഖകൾ എന്നിവ അച്ചടിച്ചു വിതരണം ചെയ്യുന്നതും ഇത്തരക്കാരുടെ സ്‌ഥിരം പരിപാടിയാണ്.
അജ്ഞതയിൽ നിന്നാണ് അന്ധവിശ്വാസം ഉടലെടുക്കുന്നത്. ഭയം, നിരാശ, മോഹഭംഗം, ആർത്തി, ആശങ്ക എന്നീ മനോനിലകൾ ചൂഷണം ചെയ്യാൻ ചുറ്റിലും ആളുകൾ കൂടി വരുന്നതോടെ ഒരു മനുഷ്യൻ അന്ധവിശ്വാസത്തിലേയ്ക്ക് കൂപ്പ് കുത്തുന്നു. യുക്തിയുള്ളവർ ഈ വിചാരങ്ങളെ അതിജീവിക്കുകയും അന്ധവിശ്വാസത്തെ പൊളിച്ചെഴുതുകയും ചെയ്യും. മനോബലം ഇല്ലാത്തവരിൽ ഇത് ജയിലിൽ കുടുങ്ങിയ പോലെ കുടുങ്ങി കിടക്കും.