കാലുകളിൽ വിങ്ങൽ, വേദന, നീര്, നീല നിറത്തിലുള്ള ഞരമ്പുകൾ തടിച്ചു പൊന്തുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്നു. കാലിലെ രക്തവാഹിനിക്കുഴലുകൾക്കുണ്ടാകുന്ന ക്ഷതം മൂലമോ കാലിലെ സിരകളുടെ വാൽവ് ദുർബ്ബലമാവുന്നതു കൊണ്ടോ ഇങ്ങനെ സംഭവിക്കാം. ക്രോണിക്ക് വെരിക്കോസ് വെയിൻ എന്ന അവസ്‌ഥയിലേക്ക് നയിക്കുന്നത് ഇതാണ്.
ധമനികളെ അപേക്ഷിച്ച് സിരകളുടെ ആവരണം നേർത്തതും അയഞ്ഞതുമാണ്. കാലിലെ സിരകളുടെ വാൽവിലൂടെ രക്തം ഒരു ദിശയിലേയ്ക്ക് മാത്രം പ്രവഹി ക്കുന്നു. കിടക്കുന്ന അവസരത്തിൽ എല്ലാ രക്തവാഹിനികളിലും സമ്മർദ്ദം ഏകദേശം ഒരേ നിലയിലായിരിക്കും.
ഇരിക്കുകയോ, നിൽക്കുകയോ ചെയ്യുമ്പോൾ ഗുരുത്വാകർഷണം കാരണം ഹൃദയത്തിന്‍റെ ചുവടു ഭാഗത്തുള്ള രക്തവാഹിനികളിലും ധമനികളിലും സിരകളിലും രക്‌തത്തിന്‍റെ സമ്മർദ്ദം ഏറുന്നു. അതു കൊണ്ടാണ് ദീർഘനേരം ഒരേ അവസ്‌ഥയിൽ നിൽക്കുന്നവരിൽ രക്തയോട്ടം സുഗമമാവാത്തത്. കാൽ നിലം തൊടാതെ കുറേ സമയം ഇരിക്കുന്നതും രക്ത സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ അവസ്‌ഥയിൽ രക്‌തവാഹിനികളിൽ നിന്നും ദ്രവം സ്രവിച്ച് തന്തുക്കളിൽ അടിഞ്ഞു കൂടാനും ഇടയാക്കുന്നു. തന്മൂലം കാലിൽ നീരുവീക്കമുണ്ടാവും.
മറ്റു കാരണങ്ങൾ കൊണ്ട് രക്‌തവാഹിനികൾ നേരത്തെ തന്നെ ദുർബ്ബലമാണെങ്കിൽ നീരുണ്ടാവാനുള്ള സാധ്യത കൂടുതലുമാണ്. രക്തത്തിന്‍റെ സമ്മർദ്ദം ഏറിവരുന്നതനുസരിച്ച് സിരകളുടെ വാൽവ് ദുർബ്ബലമാകും. അതോടെ രക്‌തയോട്ടം തടസ്സപ്പെടുന്നു. ഈ സ്‌ഥിതി വിശേഷമാണ് 'വെരിക്കോസ് വെയിൻ.' കാലിന്‍റെ ഉപ്പൂറ്റി ഭാഗത്തും കാൽവണ്ണയുടെ സിരകളിലുമാണ് സാധാരണ വെരിക്കോസ് കാണുന്നത്. ഇത് രണ്ടു തരത്തിലുണ്ട്.
പ്രൈമറി വെരിക്കോസ് വെയിൻ
ഉപ്പൂറ്റിയിലും കാൽവണ്ണയിലും നീല നിറത്തിൽ ഞരമ്പുകൾ ചുറ്റിപ്പിണഞ്ഞ രീതിയിൽ തടിച്ച് വിങ്ങി പുറമേ നിന്നു നോക്കിയാൽ കാണപ്പെടുന്ന വ്യക്‌തമായ അവസ്‌ഥയാണ് പ്രൈമറി വെരിക്കോസ് വെയിൻ. സാധാരണയായി കണ്ടുവരുന്ന ഒരവസ്‌ഥയാണിത്. ദീർഘ നേരം കാലിന്‍റെ സിരകളിൽ രക്തം കെട്ടിക്കിടക്കുന്നതും ഗുരുത്വാകർഷണം കാരണം വാൽവുകൾ ദുർബലമാവുന്നതും ഇതിനു വഴിതെളിക്കുന്നു.
ദീർഘനേരം നിൽക്കേണ്ടി വരുമ്പോഴോ കുറേസമയം കാൽ തൂക്കിയിട്ട് ഇരിക്കേണ്ടി വരുമ്പോഴോ (ഉദാ: ട്രാഫിക്ക് പോലീസ്, അടുക്കളയിൽ കുറേ നേരം നിന്നു ജോലി ചെയ്യേണ്ടി വരുന്ന വീട്ടമ്മമാർ, ഡ്രൈവർമാർ, ഓഫീസ് ജോലിക്കാർ എന്നിവർക്ക് ) വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ശരീരഭാരം വർദ്ധിക്കുക, ദഹനക്കേട്, അധികം ഇറുകിയ വസ്ത്രം ധരിക്കുക, ടൈറ്റ് ബെൽറ്റ് ധരിക്കുക, ഉദര ഭാഗത്ത് മുഴകളുണ്ടാകുക എന്നീ കാരണങ്ങൾ മൂലം സിരകളിൽ സമ്മർദ്ദമുണ്ടായും വെരിക്കോസ് വെയിനുണ്ടാവാം. ഗർഭകാലത്ത് ഗർഭാശയം വലുതാവുന്നതു മൂലമോ ഗർഭസ്‌ഥ ശിശുവിന്‍റെ ഭാരം മൂലമോ രക്തയോട്ടം തടസ്സപ്പെടുന്നതും മറ്റൊരു കാരണമാണ്. വലിയൊരു പരിധി വരെ പാരമ്പര്യവും കാരണമാകുന്നു.
സെക്കന്‍ററി വെരിക്കോസ് വെയിൻ
കാലിന്‍റെ ആന്തരിക ഭാഗത്തുള്ള സിരകൾ പടർന്നു ചുറ്റിപ്പിണയുന്നതാണ്. 'സെക്കന്‍ററി വെരിക്കോസ് വെയിൻ.' മുകൾ ഭാഗത്തെ സിരകളിൽ പ്രകടമായ മാറ്റം കാണുന്നില്ല എന്നതുകൊണ്ട് രോഗം എളുപ്പം നിർണ്ണയിക്കാനാവില്ല. എന്നാൽ ഇത് ഏറെ ഗുരുതരമായ അവസ്‌ഥയ്ക്ക് കാരണമാവാം.