അമ്മയുടെ താരാട്ടുപാട്ട് കേൾക്കുമ്പോൾ കുഞ്ഞിന്‍റെ മുഖത്ത് വിടരുന്ന പുഞ്ചിരിയുടെ രഹസ്യമറിയാമോ? സംഗീതത്തിന്‍റെ മാജിക് തന്നെ. സംഗീതം കേൾക്കുമ്പോൾ ലോകം തന്നെ മാറുന്നു. സംഗീതം മരുന്നാണ്. മനുഷ്യന്‍റെ വൈകാരിക ഭാവവുമായി അത് ഇഴുകിച്ചേർന്നിരിക്കുന്നു. അതുകൊണ്ടാണ് സംഗീതം കേൾക്കുമ്പോൾ പോസിറ്റീവായ മാറ്റം ഒരാളിൽ ഉണ്ടാവുന്നത്.
സംഗീതത്തിന്‍റെ ഈ മാന്ത്രിക ശക്തി രോഗശാന്തിക്കായി പ്രയോജനപ്പെടുത്താൻ ആധുനിക വൈദ്യശാസ്ത്രം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളിൽ ഇത്തരം ചില പരീക്ഷണങ്ങൾ (മ്യൂസിക് തെറാപ്പി) നടന്നുവരുന്നുണ്ട്. ശ്രുതിശുദ്ധിയോടെയുള്ള സംഗീതം കേൾക്കുന്നയാളുടെ രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കും. രോഗിയുടെ ചിന്തകൾ പോസിറ്റീവായിത്തീരാൻ ശുദ്ധ സംഗീതം വഴിയൊരുക്കുന്നു.
ഹാർട്ട് ആന്‍റ് ബ്രെയിൻ അറ്റാക്ക്
ഇഷ്ടമുള്ള സംഗീതം ശ്രവിക്കുകയാണെങ്കിൽ ഹൃദ്‌രോഗികൾക്കുപോലും ഹൃദയാരോഗ്യം വീണ്ടുക്കാനാവുമെന്ന് ബ്രിട്ടനിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹൃദ്‌രോഗികളും മാനസികരോഗികളും ദിവസവും ഏതാനും മണിക്കൂർ ശുദ്ധസംഗീതം കേൾക്കുകയാണെങ്കിൽ ഓർമ്മശക്തി വീണ്ടെടുക്കാനും സംസാരവൈകല്യങ്ങൾ മറികടക്കാനും കഴിയുമെന്നും പഠനങ്ങൾ പറയുന്നു. ഡിപ്രഷൻ, കൺഫ്യൂഷൻ പോലെയുള്ള അസ്വസ്‌ഥതകൾക്ക് ഇത് ഫലപ്രദമാണ്. സംഗീതം ശ്രവിക്കുമ്പോഴോ സംഗീതമാസ്വദിച്ചുകൊണ്ട് നൃത്തച്ചുവടുകൾ വെയ്ക്കുമ്പോഴോ ശരീരത്തിന്‍റെ എല്ലാ അവയവങ്ങളേയും അത് ഒരുമിച്ച് സ്വാധീനിക്കുമത്രേ.
ഉറക്കം
രാത്രിയിൽ ഇഷ്ടമുള്ള പാട്ടുംകേട്ട് ഉറക്കത്തിലേക്ക് വഴുതി വീഴുക... ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞ് അമ്മയുടെ താരാട്ടിന്‍റെ ഈണത്തിലലിഞ്ഞ് ഉറക്കത്തിലേയ്ക്ക് പതിയെ ചായുക... ശുദ്ധ സംഗീതത്തിനു മാത്രം കഴിയുന്ന മാസ്‌മരിക ശക്‌തിയാണത്. ഉറങ്ങാൻ കിടക്കുന്നതിന് 45 മിനിറ്റുമുമ്പ് റിലാക്സേഷൻ പകരുന്ന പാട്ട് കേട്ടാൽ സുഖനിദ്ര ലഭിക്കുമെന്ന് തായ്‌വാനിലെ ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ശാരീരിക മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കു വനുള്ള സിദ്ധിയും സംഗീതത്തിനുണ്ട്. ലെസ്സ്ബാക്ക് ബീറ്റ്സ് കേട്ടാൽ ഹൃദയമിടിപ്പിന്‍റെ വേഗത കുറയുകയും അതോടെ കണ്ണുകൾ താനേ അടഞ്ഞ് ഗാഢമായ നിദ്രയിലേക്ക് നാം പ്രവേശിക്കുകയും ചെയ്യുന്നു.
വേദന സംഹാരി
അരക്കെട്ടിനും സന്ധികൾക്കുമുണ്ടാകുന്ന ഏതുതരത്തിലുള്ള വേദനയ്ക്കും ഉത്തമ പ്രതിവിധിയാണ് സംഗീതം കൈകാലുകൾ ഒടിഞ്ഞാലുണ്ടാകുന്ന വേദന സഹിക്കാനുള്ള ക്ഷമത സംഗീത ചികിത്സയിലൂടെ നേടിയെടുക്കാമെന്ന് കൊറിയൻ ഗവേഷകർ. ദിവസവും ഒരു മണിക്കുർ സംഗീതം കേൾക്കുകയാണെങ്കിൽ നടുവേദന അനുഭവിക്കുന്ന രോഗികൾക്ക് 20% ആശ്വാസം ലഭിക്കുമത്രേ.
യു.എസ്സിലെ ക്ലീവ്ലാൻഡ് ക്ലിനിക്ക് ഫൗണ്ടേഷൻ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു: “സംഗീതത്തിൽ മുഴുകിയിരിക്കുന്ന വ്യക്തിയുടെ തലച്ചോറിൽ നിന്ന് “എൻഡോർഫിൻ' എന്ന രാസഘടകങ്ങൾ അമിതമായി ഉൽപാദിപ്പിക്കപ്പെടും." വേദന സംഹാരികളായ ഔഷധങ്ങളേക്കാൾ 18-20 മടങ്ങ് വേദന സംഹാരശേഷിയുള്ളവയാണ് എൻഡോർഫിനുകൾ. എൻഡോർഫിനുകളുടെ പ്രവർത്തനഫലമായി വ്യക്തിക്ക് തീരാവേദനകളിൽ നിന്നും ആശ്വാസവും ആനന്ദവും ലഭിക്കുന്നു. സംഗീതാസ്വാദന വേളയിൽ വ്യക്‌തിയിലുണ്ടാവുന്ന ആഹ്ളാദത്തിനും നവോന്മേഷത്തിനും എൻഡോർഫിനുകൾ ഒരുപരിധിവരെ കാരണമാകുന്നു.
ലൈംഗിക ജീവിതം
സെക്സിലേർപ്പെടുന്ന വേളയിൽ മൃദുസംഗീതം ശ്രവിക്കുന്നത് ഓക്‌സിടോസിൻ എന്ന ലവ് ഹോർമോൺ നില വർദ്ധിപ്പിച്ച് കാമോത്തേജനം കുട്ടുമത്രേ. ലൈംഗികാകർഷണമുണ്ടാക്കുന്നതിലും ഈ ഹോർമോണുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശ്രുതിമധുരമായ സംഗീതം കമിതാക്കളെ പരസ്‌പരം അടുപ്പിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുമെന്നതിൽ സംശയമില്ലല്ലോ...