ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 3

സിറ്റൗട്ടിലിരുന്ന് പത്രം വായിക്കയാണ് ഉണ്ണിത്താൻ. ഇളംവെയിൽ ഉമ്മറത്തെ ചവിട്ടുപടിവരെ എത്തിക്കഴിഞ്ഞിരുന്നു. അകത്ത് ചെക്കൻവീട്ടുകാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നെങ്കിലും ഉണ്ണിത്താനതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. മകളെ പെണ്ണുകാണാൻ ഐഎഎസുകാരന്‍ വരുന്നു എന്ന വാർത്ത സേതുലക്ഷ്മി വിമൻസ് ക്ലബ്ബിലെ സ്നേഹിതകളെയെല്ലാം ഫോണിൽ വിളിച്ച് അറിയിക്കുന്നുണ്ടായിരുന്നു. സേതുലക്ഷ്മിയുടെ വാചകകസർത്ത് സിറ്റൗട്ടിലിരിക്കുന്ന ഉണ്ണിത്താന്‍റെ ചെവിയിലുമെത്തുന്നുണ്ട്.

പെണ്ണും ചെക്കനും തമ്മിൽ കാണാൻ പോകുന്നതേയുള്ളു. അപ്പോഴേക്കും വാർത്ത നാടുമുഴുവൻ കൊട്ടിപ്പാടി അറിയിക്കയാണ് തന്‍റെ സഹധർമ്മിണി.

ഒരു പരിഹാസചിരിയോടെ ഉണ്ണിത്താൻ വീണ്ടും പത്രവായന തുടർന്നു.

ഗേറ്റ് കടന്ന് ഒരു യുവതി അകത്തേക്ക് വന്നു. സേതുലക്ഷ്മി സിറ്റൗട്ടിലേക്ക് വന്ന് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അതിനിടയിൽ ഉണ്ണിത്താനോട് എന്തോ പറയാൻ ഭാവിച്ചെങ്കിലും ആ യുവതി കൂടെയുള്ളതുകൊണ്ടാകാം നീരസം കലർന്നൊരു നോട്ടമയച്ചു കൊണ്ട് പിൻവാങ്ങി. പക്ഷെ അല്പം കഴിഞ്ഞപ്പോൾ സേതുലക്ഷ്മി വീണ്ടുമെത്തി.

“മണി ഒമ്പതാകാറാകുന്നു. കുളികഴിച്ച് അലക്കിത്തേച്ച ഒരു മുണ്ടും ഷർട്ടും ധരിച്ചോളണം.”

“ഓ! എനിക്കിതൊക്കെ മതി. കാട്ടുകോഴിക്കെന്ത് സംക്രാന്തി.”

“അത് പറ്റില്ല. പതിനൊന്ന് മണിക്ക് അവരിങ്ങെത്തും.”

“ഏതാ ഈ അവര്. താനിന്നലെ പറഞ്ഞ മാന്യന്മാരാണോ?”

“അതെ”

“അവരെന്തിനാ വരുന്നത്?”

“അവര് വരുന്നതെന്തിനാണെന്നറിയില്ലല്ലേ?”

“ഇല്ല, താനെന്നോടൊന്നും പറഞ്ഞേയില്ലല്ലോ.”

“ഓ! ഇനി ഞാൻ പറഞ്ഞില്ലെന്ന പരാതി വേണ്ട. നമ്മുടെ മോളെ പെണ്ണുകാണാനാണവർ വരുന്നത്. പയ്യനേ നിങ്ങളുടെ മരുമകനേപ്പോലെ മണ്ണും മാന്തി നടക്കണവനൊന്നുമല്ല. ഐഎഎസ്സാ, ഐഎഎസ്”

“ഓ! അപ്പോഴതാണ് സംഭവം. അവര് മഞ്ചാടി മോളേ കണ്ടിട്ട് പൊയ്ക്കോട്ടെ അതിന് ഞാനെന്തിനാ മേക്കപ്പിടുന്നേ?”

“മഞ്ചാടീ മരഞ്ചാടീന്നൊക്കെ മോളെ ചെക്കൻവീട്ടുകാരുടെ മുൻപിൽവെച്ച് വിളിച്ചേക്കരുത്.”

“ആ പേര് തനിക്കല്ലേ കൂടുതൽ യോജിക്കുന്നേ?”

“എന്താ… എന്താ പറഞ്ഞത്?” മുന്നോട്ട് നടക്കുന്നതിനിടയിൽ സേതുലക്ഷ്മി പിന്തിരിഞ്ഞ് നിന്നു

“അല്ലാ, മഞ്ചാടിക്കുരു കാണാൻ എന്ത് ചന്തമാണെന്ന് പറയുകയായിരുന്നു. ഇപ്പോളാ വൃക്ഷം എത്ര അപൂർവ്വായീന്ന് ആലോചിക്കുമ്പോ വല്ലാത്ത ദുഃഖം തോന്നണ്ണ്ട്.”

ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി എന്തോ പിറുപിറുത്തുകൊണ്ട് സേതുലക്ഷ്മി നടന്നകന്നു.

ധർമ്മേന്ദ്രൻ കിച്ചണിലെത്തുമ്പോൾ മണ്ഡോദരി പാചകത്തിന്‍റെ തിരക്കിലാണ്. ….

“ഇന്ന് ധർമ്മൻചേട്ടൻ നായാട്ടിനൊന്നും ഇറങ്ങീല്ലേ?”

“ഇല്ല. ഇന്ന് തോട്ടോം തൊടീമൊക്കെ ഓടിച്ചൊന്നു നനച്ചാൽ മതീന്നാണ് കൊച്ചമ്മേടെ ഓർഡർ. ഇനി ഡ്രോയിംഗ് റൂമിലെ ഫർണിച്ചറിന്‍റെ പൊടി തട്ടണം ആ ജോലീംകൂടി കഴിഞ്ഞാൽ ഞാനും വന്ന് സഹായിക്കാം കേട്ടോ!”

“വല്യ ഉപകാരം” അയാളെ കടക്കണ്ണാൽ ഉഴിഞ്ഞുകൊണ്ട് മണ്ഡോദരി മധുരമായൊരു പുഞ്ചിരിയും സമ്മാനിച്ചു.

“മുകളിലേക്ക് ഒരു ചായയെത്തിക്കാൻ പറഞ്ഞിട്ടുണ്ട്. അവിടെ ഏതോ ഒരു പെണ്ണ് വന്നിട്ടുണ്ട്. അവൾക്കാ ചായ”

“ങ്ഹാ! ബ്യൂട്ടീ പാർലറീന്നായിരിക്കും. കുഞ്ഞിനെ ഒരുക്കാൻ വന്നതാ.”

“മഞ്ജുക്കുഞ്ഞിന് നല്ല ചന്തമുണ്ടല്ലോ. പിന്നെന്തിനാ ഒരുക്കാൻ വേറൊരാള്?”

“ഈ ധർമ്മൻചേട്ടനൊന്നുമറിയില്ല. അവരൊരുക്കിയാൽ ഒരു പ്രത്യേക ക്ളാമറാണെന്നാ മാഡം പറയുന്നേ.”

“എന്തോ, എനിക്കൊന്നും അറിയാൻ മേലായേ”

“ദേ ചായ. ഇത് കൊണ്ടുപോയി കൊടുത്തിട്ട് ഒടനേയിങ്ങോട്ട് വന്നേക്കണം കേട്ടോ. കയ്യിനും കാലിനും വല്ലാത്തൊരു വിറവല്. വിഐപികളല്ലേ വരുന്നേ. കുക്കിംഗ് വേണ്ടപോലായില്ലെങ്കിൽ മാഡം എന്നേയിന്ന് നിർത്തിപൊരിക്കും. ഇന്നെല്ലാം ചൈനീസ് മതിയെന്നാ പറഞ്ഞിരിക്കുന്നേ.”

“അതൊക്കെ കൊള്ളാം. പക്ഷെ സാറിന് അല്പം ചോറും കറീം കരുതിയേക്കണം.”

“അയ്യോ! ഞാനതങ്ങ് മറന്നിരിക്കുവാരുന്നു. ചേട്ടൻ ഓർമ്മിപ്പിച്ചതിന് ടാങ്ക്സ്”

ചായയുമായി ധർമ്മേന്ദ്രൻ ഒന്നാംനിലയിലുള്ള മഞ്ജുവിന്‍റെ മുറിയിലേക്ക് ചെല്ലുമ്പോൾ മഞ്ജുവിന്‍റെ മുഖത്ത് പാര്‍ലറില്‍നിന്നെത്തിയ യുവതി ഫേസ്­പാക്കിടുന്നു. അവളുടെ കണ്ണുകൾ രണ്ടും പഞ്ഞിത്തുണ്ടുകൾക്കൊണ്ട് മൂടിയിരിക്കുന്നു.

“ആരാ” കാലനക്കം കേട്ട് മഞ്ജു ചോദിച്ചു

“ധർമ്മൻചേട്ടനാ കുഞ്ഞേ. ചായ കൊണ്ടുവന്നിട്ടുണ്ട്.”

“മേശപ്പുറത്ത് വെച്ചേക്കൂ” മഞ്ജു നിർദ്ദേശിച്ചു. ധർമ്മേന്ദ്രൻ ചായക്കപ്പ് മേശപ്പുറത്ത് വെച്ചശേഷം നേരെ അടുക്കളയിലേക്ക് നടന്നു.

കുറച്ച്കഴിഞ്ഞപ്പോൾ അണിഞ്ഞൊരുങ്ങി സേതുലക്ഷ്മി വിരുന്നുമുറിയിലെത്തി. അല്പം കഴിഞ്ഞപ്പോൾ മാർത്താണ്ഡക്കുറുപ്പുമെത്തി.

“അവരൊക്കെയെവിടെ? അക്ഷമയോടെ സേതുലക്ഷ്മി തിരക്കി.

“ഇപ്പഴിങ്ങെത്തും അല്ലാതെ ഈ മാർത്താണ്ഡക്കുറുപ്പ് വിടുമോ? മഞ്ജുക്കുഞ്ഞെവിടെ?”

“അവൾ ഡ്രസ്സ് മാറുന്നു.”

സേതുലക്ഷ്മിയെ മുറിയുടെ ഒരു മൂലയിലേക്ക് വിളിച്ച് നിർത്തി പതിഞ്ഞ സ്വരത്തിൽ കുറുപ്പ് പറഞ്ഞു” മഞ്ജുക്കുഞ്ഞിന് നമ്മുടെ ഭാഗത്തുനിന്ന് കൊടുക്കാൻ പോകുന്നതെന്തൊക്കെയാണെന്ന് അവര് ചോദിക്കാതെതന്നെ അങ്ങോട്ട് പറഞ്ഞേക്കണം കേട്ടോ. മാന്യന്മാരാകുമ്പോൾ ആ വകയൊക്കെ ഇങ്ങോട്ട് ചോദിക്കാൻ സങ്കോചം കാണും. നമ്മള് അങ്ങോട്ടറിയിച്ചാൽ പ്രശ്നം തീർന്നല്ലോ. പിന്നെ വല്യവല്യയിടങ്ങളീന്നൊക്കെ പയ്യന് ആലോചനകൾ നിലവിലുള്ള സ്ഥിതിക്ക് നമ്മുടെ ഓഫറ് മോശമാകാതെ അല്പം കൂട്ടിയങ്ങിട്ടേക്കണം. അവിടെയാ നമ്മുടെ മിടുക്ക്.”

“എന്തൊക്കെയാ അവര് പ്രതീക്ഷിക്കുന്നതെന്ന് ഒരേകദേശരൂപം കിട്ടിയാൽ…..”

“ഇതിന് മുൻപൊരു കല്യാണക്കാര്യം ഒത്ത് ­വന്നതായിരുന്നു. നൂറ്റിയൻപതുപവനും പത്ത്­ ലക്ഷം രൂപേം ഒരു എസികാറും തറവാടിനടുത്ത് ഒരു ബംഗ്ളാവും ഓഫറുണ്ടായിരുന്നെന്നാ പറേന്നത്. പക്ഷെ പെൺകുട്ടിയേ പയ്യനിഷ്ടപ്പെട്ടില്ല. അതാ ആ കാര്യം നടക്കാഞ്ഞത്.”

സേതുലക്ഷ്മിയുടെ മുഖം ആശങ്കാകുലമാകുന്നത് കണ്ടപ്പോൾ കുറുപ്പ് പറഞ്ഞു “ഇവിടത്തെ കുഞ്ഞിനെ പയ്യന് ഇഷ്ടപ്പെടാതെ വരില്ല. ഫോട്ടോ കണ്ടയുടനെ പറഞ്ഞതല്ലേ ഈ ആലോചന പ്രൊസീഡ് ചെയ്യാമെന്ന്.”

“പ്രശ്നമതല്ല. സ്വർണ്ണോം പൈസേം കാറുമൊക്കെ റെഡിയാ. പക്ഷെ റിയലെസ്റ്റേറ്റിന്‍റെ കാര്യത്തിൽ അല്പം സാവകാശം വേണ്ടിവരും.”

“ആയിക്കോട്ടേ. എങ്കിലും വാക്കുറപ്പിക്കാമല്ലോ. കൊച്ചമ്മ ഒരു വാക്കുപറഞ്ഞാൽ അത് വെറും വാക്കാവില്ലെന്ന് കുറുപ്പിനുറപ്പാ”

ഉണ്ണിത്താനടുത്തേക്ക് വരുന്നത് കണ്ടപ്പോൾ കണ്ണ് ചിമ്മിയടച്ച് കുറുപ്പിന് താക്കീത് നല്കിക്കൊണ്ട് സേതുലക്ഷ്മി സംഭാഷണം അവസാനിപ്പിച്ചു.

“ആരാ? മനസ്സിലായില്ല” കുറുപ്പിന്‍റെ നേരെ നോക്കിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു.

“ജുജൂന് ഈ വിവാഹാലോചന കൊണ്ടുവന്നതീ മാർത്താണ്ഡക്കുറുപ്പാ”

“ഓ! വിവാഹ ബ്രോക്കറാണല്ലേ?”

“അയ്യോ! ഞാനങ്ങനത്തെ ചീപ്പുപണിക്കൊന്നും പോണ ആളല്ല സാറേ. നല്ല കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് നല്ല ബന്ധങ്ങളുണ്ടായിക്കാണാനുള്ള ആഗ്രഹംകൊണ്ടിങ്ങനെ……”

“എടോ, ബ്രോക്കറ് പണി തരംതാണ തൊഴിലാണെന്നൊന്നും എനിക്കഭിപ്രായമില്ല. പിന്നെ പൈസയുടെ പുറത്ത് ഉറപ്പിക്കുന്ന വിവാഹം ശരിക്കും ചീപ്പാണ്. അതിന് കൂട്ടുനില്ക്കുന്ന ബ്രോക്കറുമതേ.”

സേതുലക്ഷ്മിയുടെ മുഖം വിളറിവെളുത്തുപോയി. കുറുപ്പും വല്ലാതെ വിരണ്ടുപോയി.

“ഞാൻ ഗേറ്റിന് മുൻപിൽ ചെന്ന് നില്ക്കട്ടെ. അവരിപ്പഴിങ്ങെത്തും.” കുറുപ്പ് ശരവേഗത്തിൽ സ്ഥലംവിട്ടു. സേതുലക്ഷ്മിയും പെട്ടെന്നെഴുന്നേറ്റ് മഞജുവിന്‍റെ മുറിയിലേക്ക് പോയി. മഞ്ജു ഒരുങ്ങിക്കഴിഞ്ഞിരുന്നു. കസവുനൂലു­കൊണ്ട് മനോഹരമായി ചിത്രവേലകൾചെയ്ത റ്റൊമാറ്റോകളറിലുള്ള ഒരു ചുരിദാറാണവൾ ധരിച്ചിരുന്നത്. അതവൾക്ക് നന്നായി ഇണങ്ങുന്നുമുണ്ടായിരുന്നു.

“മുരളീമനോഹറിനിവളെ ഇഷ്ടപ്പെടാതിരിക്കില്ല.” സേതുലക്ഷ്മിയുടെ മനസ്സു മന്ത്രിച്ചു.

“ഞാനിനി പൊക്കോട്ടെ മാഡം, ഒരു മണവാട്ടിപ്പെണ്ണിനെ മേക്കപ്പ് ചെയ്യിക്കാനുണ്ട്.” ബ്യൂട്ടീഷൻ പോകാനനുവാദം ചോദിച്ചു.

അവൾക്ക് ഫീസിനോടൊപ്പം ഒരു നൂറുരൂപകൂടി നല്കിക്കൊണ്ട് സേതുലക്ഷ്മി ഓർമ്മിപ്പിച്ചു. “നിശ്ചയത്തിന്‍റെയന്നും നീ തന്നെ വന്നേക്കണം കേട്ടോ. അതും രണ്ടാഴ്ചക്കുള്ളിലുണ്ടാകും”

കണ്ണാടിക്കുമുന്നിൽ നിന്ന് തന്‍റെ പ്രതിച്ഛായ തെല്ലൊരു അഭിമാനത്തോടെ ശ്രദ്ധിക്കുന്ന മഞ്ജുവിനോട് സേതുലക്ഷ്മി പറഞ്ഞു. “അവരിപ്പോഴെത്തുമെന്നാ കുറുപ്പ് പറഞ്ഞത്. അവരെത്തിക്കഴിഞ്ഞ് ഞാൻ നിന്നെ വന്ന് വിളിക്കാം.”

“ഞാനെന്തൊക്കെയാ വേണ്ടേന്ന് ഒന്ന് പറയണേ മമ്മീ”

“ഇനിയതും ഞാൻ പറഞ്ഞ് തരണോ? പരീക്ഷക്കാര്യമാലോചിച്ച് മുഖോം കനപ്പിച്ച് നിന്നേക്കരുത്. പിന്നെ മുരളിക്കും കൂടെയുള്ളവർക്കും നീ വേണം ചായ കൊടുക്കാൻ തട്ടിമറിയാതെ തുളുമ്പാതെ കൊടുത്തേക്കണം.”

“അത് ഞാനേറ്റു മമ്മി” മഞ്ജുവിന്‍റെ തുടുത്തമുഖം അപ്പോൾ കൂടുതൽ ചുവന്നു.

സേതുലക്ഷ്മി നേരെ കിച്ചണിലേക്ക് നടന്നു. മണ്ഡോദരിയെ സഹായിച്ചുകൊണ്ട് ധർമ്മേന്ദ്രനുമുണ്ടായിരുന്നു അവിടെ.

രണ്ടുപേരോടുമായി അവർ പറഞ്ഞു. “രണ്ടുംകൂടി കിന്നാരോം പറഞ്ഞോണ്ട് നിന്ന് എല്ലാം കരിച്ച് പൊകച്ച് കളഞ്ഞേക്കരുത്.”

കസവുകരയുള്ള ഡബിളും സിൽക്ക് ജുബ്ബയും ധരിച്ച് ഉണ്ണിത്താൻ അതിഥികളെ സ്വീകരിക്കാൻ തയ്യാറായി ഡ്രോയിംഗ് റൂമിലേക്ക് വന്നു. സേതുലക്ഷ്മിയെ കണ്ടപ്പോൾ തമാശ സ്വയം ആസ്വദിച്ചിട്ടെന്നപോലെ നിറചിരിയോടെ ഉണ്ണിത്താൻ ചോദിച്ചു “ചെക്കന് പെണ്ണിന്‍റെയച്ഛനെ ബോധിക്കാണ്ട് വരണ്ട അല്ലേ. എങ്ങനെയുണ്ട് കൊള്ളാമോ?”

ഉണ്ണിത്താന്‍റെ പ്രതിഷേധം ആറിതണുത്തുതുടങ്ങിയെന്ന അറിവ് ആശ്വാസമുളവാക്കിയെങ്കിലും അത് പുറമേ ഭാവിക്കാതെ അവർ വെറുതേയൊന്ന് മൂളുകമാത്രം ചെയ്തു.

ഒരു കാർ ഗേറ്റ്കടന്ന് അകത്തേക്ക് വരുന്ന സ്വരം കേട്ടപ്പോൾ സേതുലക്ഷ്മി സിറ്റൗട്ടിലേക്ക് ചെന്നു. കുറുപ്പ് കാറിന് പിറകെ ധൃതിയിൽ നടന്ന് വരുന്നത് കണ്ടു. മുരളീമനോഹറിന്‍റെ കൂടെ അയാളുടെ അച്ഛൻ സോമനാഥപണിക്കർ മാത്രമേയുണ്ടായിരുന്നുള്ളു. കുറുപ്പ് രണ്ടുപേരേയും സേതുലക്ഷ്മിക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോഴേക്കും ഉണ്ണിത്താനും അങ്ങോട്ട് വന്നു.

മുരളിയെ ഒരു നോക്ക് കണ്ടപ്പോൾതന്നെ ഉണ്ണിത്താന്‍റെ മനസ്സ് നിറഞ്ഞു. നല്ല ഉയരവും ഒത്തശരീരവുള്ള സുമുഖനായൊരു ചെറുപ്പക്കാരൻ. അന്തസ്സുള്ള വേഷം മരുമകൻ ശിവരാമകൃഷ്ണനെക്കുറിച്ച് ഉണ്ണിത്താൻ അല്പസമയത്തേക്ക് തീർത്തും മറന്നുവെന്നതാണ് സത്യം. അതിഥികൾ ആതിഥേയരോടൊപ്പം അകത്തേക്ക് പോയപ്പോൾ കുറുപ്പ് ചാരിതാർത്ഥ്യത്തോടെ സിറ്റൗട്ടിലെ കസേരകളിലൊന്നിലിരുന്നു

ഉണ്ണിത്താനവരെ ഹാർദ്ദമായി സ്വാഗതംചെയ്ത് ഡ്രോയിംഗ് റൂമിലേക്കിരുത്തിയശേഷം കുശലമാരംഭിച്ചു. “യാത്രയൊക്കെ സുഖമായിരുന്നോ? ഇന്ന് ഞാറാഴ്ചയായത്കൊണ്ട് വഴിയിൽ തിരക്ക് കുറവായിരിക്കും അല്ലേ?”

“യെസ്. പക്ഷെ വഴി മോശമായിരുന്നത്കൊണ്ട് സ്പീഡ് കുറക്കേണ്ടിവന്നു. “മുരളിയാണ് മറുപടി പറഞ്ഞത്. “മെയ്ന്‍റനൻസ് നടത്തുന്നവെന്ന് പേരു മാത്രം. ഒരു മഴക്കാലം കഴിയുമ്പോഴേക്കും റോഡ് കുണ്ടും കുഴിയുമാകും. അതൊക്കെ യുഎസ്സിലെ റോഡ്­സ്. വെരി വെൽ മെയ്ന്‍റേഡ്”

“മിസ്റ്റർ മുരളി പഠിച്ചതൊക്കെ…”

“ബിടെക്ക് എടുത്തത് ബോംബെയിലെ ഐഐടിയിൽ നിന്നാണ്. എംബിഎ യുഎസ്സീന്ന്. അത് കഴിഞ്ഞാണ് ഐഎഎസിന് എഴുതിയത്”

“ഫസ്റ്റ് അറ്റെംറ്റിൽ തന്നെ സെലക്ഷൻ കിട്ടി. പഠിക്കാൻ മിടുമിടുക്കനായിരുന്നു കേട്ടോ.” സോമനാഥപണിക്കർ അഭിമാനപൂർവ്വം അറിയിച്ചു. തുടർന്ന് തന്‍റെ മകൻ കലാലയ ജീവിതത്തിൽ സ്വന്തമാക്കിയ റാങ്കുകളേയും സർട്ടിഫിക്കറ്റുകളേയും കുറിച്ച് വിശദമായൊരു റിപ്പോർട്ടും നല്കി.

“ആറ് മാസത്തിനുള്ളിൽ ആലപ്പുഴ കളക്ടറായി ചാർജ്ജ് എടുക്കാൻ പോകുകയാണല്ലോ. പിന്നെയെന്നും ഉൽഘാടനവും സെമിനാറുമൊക്കെയായി തിരക്കായിരിക്കും. അതിനു മുൻപ് കല്യാണം കഴിപ്പിച്ചേക്കാമെന്നോർത്തു.” പണിക്കർ വിശദീകരിച്ചു.

സേതുലക്ഷ്മിയോടായി ഉണ്ണിത്താൻ ചോദിച്ചു. “മോളെവിടെ ഇങ്ങോട്ട് കണ്ടില്ലല്ലോ.”

“ഇപ്പോ വിളിക്കാം.” സേതുലക്ഷ്മി എഴുന്നേറ്റ് മഞ്ജുവിന്‍റെ മുറിയിലേക്ക് പോയി. അവളപ്പോഴും പഠനത്തിൽ മുഴുകിയിരിക്കയായിരുന്നു.

“നീയിപ്പോഴും വായനയാണോ? കൊള്ളാം”

“നാളെ എക്സാം തുടങ്ങുകയല്ലേ മമ്മീ”

“ഓ! പരീക്ഷക്കല്പം മാർക്ക് കുറഞ്ഞെന്നുവെച്ച് ഒരു കുഴപ്പോം വരാനില്ല, മോളൂ.”

“ആ പൂർണ്ണിമേടെ മുന്നിലെനിക്ക് നാണംകെടാൻ വയ്യെന്‍റെ മമ്മീ. കഴിഞ്ഞ എക്സാമിന് രണ്ടുമൂന്ന് പേപ്പറുകൾക്ക് എന്നേക്കാൾ അല്പം മാർക്ക് കൂടുതല്‍ കിട്ടിയപ്പോള്‍ അവള്‍ക്ക് എന്ത് തലക്കനമായിരുന്നെന്നോ.”

“നീയിപ്പോൾ അതൊന്നുമോർത്ത് വേവലാതിപ്പെടേണ്ട. താഴേ മുരളീം അച്ഛനുമൊക്കെ എത്തിക്കഴിഞ്ഞു.” പറന്ന് കിടക്കുന്ന മുടിയിഴകൾ ഒന്ന് മാടിയൊതുക്കിക്കൊടുത്തിട്ട് സേതുലക്ഷ്മി മഞ്ജുവിനെ വിരുന്നു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.

മുരളിയുടെ കണ്ണുകളുമായി നോട്ടമിടഞ്ഞപ്പോൾ മഞ്ജുവിന്‍റെ കവിളിണകൾ അരുണാഭമായി. ചുണ്ടിണയിൽ ഒരു തൂമന്ദഹാസം വിരിഞ്ഞു. മഞ്ജു അതിഥികളുടെ നേരെ കൈകൂപ്പി.

അല്പംകഴിഞ്ഞപ്പോൾ സേതുലക്ഷ്മി മഞ്ജുവിനേയുംകൊണ്ട് കിച്ചണിലേക്ക് ചെന്നു. മണ്ഡോദരി അടുക്കള സ്ളാബിൻമേൽ ചായയും പലഹാരങ്ങളും തയ്യാറാക്കി വെച്ചിരുന്നു. ധാരാളം വിഭവങ്ങളുണ്ടായിരുന്നതുകൊണ്ട് മണ്ഡോദരിയും അവരെ അനുഗമിച്ചു.

അടുക്കളയിൽ തിരിച്ചെത്തിയ മണ്ഡോദരി ആഹ്ളാദാതിരേകത്തോടെ പറഞ്ഞു. “ധർമ്മൻചേട്ടാ, ശരിക്കും കാമദേവനെപ്പോലാ പയ്യൻ. മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മുരളി ചോദിച്ചു “ആന്‍റി ബാങ്ക് മാനേജരാണെന്നറിയാം. അങ്കിളിന്‍റെ ആക്ടിവിറ്റീസെന്തൊക്കെയാ?”

“എനിക്കല്പം കൃഷിപ്പണിയൊക്കെയുണ്ട്” ഉണ്ണിത്താൻ അറിയിച്ചു.

പണിക്കർ ശരീരമാകെ ഒന്നിളകുമാറ് കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു “അല്പം കൃഷിപ്പണിയൊന്നുമല്ല, മാർത്താണ്ഡക്കുറുപ്പ് പറഞ്ഞല്ലോ മൂന്ന് എസ്റ്റേറ്റുകളുണ്ട് മൂന്നിന്‍റേം മേൽനോട്ടം ഉണ്ണിത്താനാണെന്നൊക്കെ. ബൈദബൈ, എല്ലാംകൂടി മൊത്തം എത്ര ഏക്കർ കാണും?”

“കൃത്യമായി ഓർമ്മയില്ല” മറുപടി നല്കുമ്പോൾ ഉണ്ണിത്താന്‍റെ മുഖത്ത് ഗൗരവം പരക്കുന്നതുകണ്ട് സേതുലക്ഷ്മി അസ്വസ്ഥയായി.

“ഈ വീടും തൊടിയും ചുറ്റിനടന്ന് കാണാൻതന്നെ ചുരുങ്ങീത് ഒരു മണിക്കൂറെങ്കിലും വേണ്ടി വരുമെന്നും കുറുപ്പ് പറഞ്ഞു. ഈ വീടും തൊടിയുംകൂടി എത്ര ഏരിയ കാണും?”

പണിക്കരുടെ ക്രോസ്­വിസ്താരം ഉണ്ണിത്താനിൽ അസഹ്യതയോടൊപ്പം വിസ്മയവുമുളവാക്കി. പായസത്തിൽ കല്ലുകടിച്ചതുപോലുള്ള അതൃപ്തി ആ മുഖത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ സംഭാഷണം തുടരുന്നത് അഭിലഷണീയമല്ലെന്ന് സേതുലക്ഷ്മിക്ക് ഉറപ്പായി.

“നമുക്ക് ഡൈനിംഗിന്‍റെ ഭാഗത്തേക്കിരിക്കാം. മുരളിക്ക് മഞ്ജുവിനോടെന്തെങ്കിലും സംസാരിക്കാൻ കാണുമല്ലോ.” അവർ പറഞ്ഞു.

രണ്ടുപേരും മാത്രമായപ്പോൾ മുരളി തൊട്ടടുത്തുള്ള ഇരിപ്പിടത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു “മഞ്ജൂന് ഇങ്ങോട്ടിരിക്കാം”

മഞ്ജു സന്തോഷപൂർവ്വം ആ ക്ഷണം സ്വീകരിച്ചു.

കുസൃതി കലർന്നൊരു മന്ദഹാസത്തോടെ മുരളി പറഞ്ഞു. “ആ കുറുപ്പെന്നെ ശരിക്കും ധർമ്മസങ്കടത്തിലാക്കി. മഞ്ജു ഏത് കോളേജിലാണ് പഠിക്കുന്നത്, ഏത് കോഴ്സിന് എന്നെല്ലാമുള്ള സർവ്വഡീറ്റേയ്ൽസും കുറുപ്പ് വിശദമായി അറിയിച്ചുകഴിഞ്ഞല്ലോ. അതുകൊണ്ട് അത്തരം ചോദ്യങ്ങളൊന്നും സ്റ്റോക്കില്ല.”

അതുകേട്ട് മഞ്ജു കിലുകിലെ ചിരിച്ചുപോയി. വളരെനാളായി പരിചയമുള്ള ഒരാളോടെന്നതു പോലെയായിരുന്നു മുരളിയുടെ തുടർന്നുള്ള സംസാരരീതി. നിമിഷങ്ങൾക്കകം മഞ്ജുവിന്‍റെ അപരിചിതത്വവും നീങ്ങി. അയാളുടെ സരസമായ സംഭാഷണശൈലി അവളെ വളരെയേറെ ആകർഷിച്ചു. നിമിഷങ്ങൾ കടന്നുപോയത് അവളറിഞ്ഞതേയില്ല.

കുറച്ചുകഴിഞ്ഞപ്പോൾ പണിക്കർ പോകാനായി എഴുന്നേറ്റു. ഊണുകഴിഞ്ഞിട്ടിറങ്ങാമെന്ന് സേതുലക്ഷ്മി നിര്‍ബന്ധിച്ചെങ്കിലും മുരളീമനോഹറിന് അന്ന് ഉദ്ദ്യോഗസംബന്ധമായി തിരുവനന്തപുരത്ത് എത്തേണ്ടതിനാല്‍ ക്ഷണം വിനയപൂർവ്വം നിരസിക്കപ്പെട്ടു.

യാത്ര പറയാൻനേരം മുരളി മഞ്ജുവിന്‍റെ അരികിൽവന്ന് പതിഞ്ഞസ്വരത്തിൽ ചോദിച്ചു “ഞാനിടക്ക് തന്‍റെ ഹോസ്റ്റലിലേക്ക് വിളിക്കുന്നതിൽ വിരോധമില്ലല്ലോ”

ഒരു നനുത്ത പുഞ്ചിരിയോടെ അവളതിന് മൗനാനുവാദം നല്കി.

മുരളിയുടെ കാർ അകന്നുപോയപ്പോൾ അവൾക്ക് വല്ലാത്തൊരേകാന്തത അനുഭവപ്പെട്ടു. പുഞ്ചിരി തൂകുന്ന മുരളിയുടെ മുഖം കണ്ണിൽനിന്നും മായാത്തതുപോലെ, സരസമായ സംഭാഷണശകലങ്ങൾ കാതുകളിൽ മറ്റൊലിക്കൊള്ളുന്നതുപോലെ.

ഒരു മാസ്മരവലയത്തിലകപ്പെട്ടവളെപ്പോലെയാണ് മഞ്ജു സ്വന്തം റൂമിലെത്തിയത്. ടെക്സ്റ്റ് ബുക്ക് മുന്നിൽ തുറന്ന് വെച്ചെങ്കിലും അവൾക്കതിൽ ശ്രദ്ധപതിപ്പിക്കാനായില്ല.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 2

ശനിയാഴ്ച ഉച്ചയായപ്പോള്‍ മഞ്ജു വീട്ടിലെത്തി.

ഓട്ടോക്കാരന് പൈസ കൊടുത്തശേഷം അവൾ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് എന്തോ വായിച്ചുകൊണ്ടിരുന്ന ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.

സുന്ദരിയാണ് മഞ്ജു. ചുറുചുറുക്കും അല്പം കുസൃതിയും തുളുമ്പുന്ന വിടർന്നകണ്ണുകൾ. ശരീരത്തോടൊട്ടിക്കിടക്കുന്ന ഇളംനീല ചുരിദാർ, അവളുടെ ഒതുക്കമുള്ള ശരീരപ്രകൃതിക്ക് നല്ലപോലിണങ്ങുന്നുണ്ട്.

“ഹലോ, ഡാഡീ, ഹൗ ആർ യൂ” മഞ്ജു കുശലം ചോദിച്ചു. അവളുടെ തോളറ്റംവരെ ഞാന്നു കിടക്കുന്ന നീലക്കല്ലുകൾ പതിച്ച ലോലാക്കുകളിലപ്പോൾ വർണ്ണശലഭങ്ങൾ ചിറകനക്കി.

“ങ്ഹാ! അങ്ങനെയൊക്കെയങ്ങ് കഴിഞ്ഞ് പോകുന്നു, എന്‍റെ മഞ്ചാടി മോളേ” വിഷാദം വഴിയുന്ന സ്വരത്തിലായിരുന്നു ഉണ്ണിത്താന്‍റെ മറുപടി…

“എന്താ ഡാഡീ ഒരു മൂഡൗട്ട്?” ഉണ്ണിത്താന്‍റെ ചുമലിൽ തഴുകിക്കൊണ്ടവൾ ചോദിച്ചു.

“എന്‍റെ മോളുപോലും എന്‍റെ മനസ്സറിയുന്നില്ലെങ്കിൽ പിന്നെ….”

മഞ്ജു ആശയക്കുഴപ്പത്തിലായി. അവളുടെ ഡാഡിയെന്ന വിളി ഉണ്ണിത്താന് അലർജിയാണെന്നറിയാം.

“ഡാഡിയെന്ന് വിളിച്ചതിന്‍റെ പിണക്കമാണോ? സോറീ എന്‍റെ പൊന്നച്ഛാ.”

“അതല്ല മോളേ. ഇതിനേക്കാളൊക്കെ ഗൗരവമുള്ള പ്രശ്നമാ…”

“അതെന്താ?”

“നീ അകത്തേക്ക് വാ. ഞാനെല്ലാം പറയാം”

ഉണ്ണിത്താൻ മകളോടൊപ്പം ഡ്രോയിംഗ് റൂമിലേക്ക് നടന്നു. വാച്ചിൽ സമയം നോക്കിക്കൊണ്ടവൾ ചോദിച്ചു.” ഇന്ന് ഫസ്റ്റ് സാറ്റര്‍ഡേ ആയതുകൊണ്ട് മമ്മി ബാങ്കിലായിരിക്കും അല്ലേ?”

“അതെ. സേതു എത്താൻ ചിലപ്പോള്‍ സന്ധ്യയാകും. ഇപ്പോ നിന്‍റെ മമ്മിക്ക് ആ ബ്രാഞ്ചിന്‍റെ മൊത്തം ചുമതലയാണല്ലോ?”

ധർമ്മേന്ദ്രനപ്പോൾ അങ്ങോട്ട് വന്നു. ഷോൾഡർ ബാഗ് നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു “ധർമ്മൻചേട്ടൻ ഈ ബാഗ് എന്‍റെ മുറിയിലേക്ക് വെച്ചേക്ക്.”

ബാഗ് കയ്യിൽ വാങ്ങി അയാളവിടെത്തന്നെ ചുറ്റിപറ്റി നിന്നതേയുള്ളു.

“എന്താ ഡാഡിക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞത്?”

“നിന്‍റെ വിവാഹക്കാര്യം തന്നെ. എന്നോട് കമാന്നൊരക്ഷരം പറയാതെയാ നിന്‍റെ മമ്മി നിനക്ക് കല്യാണാലോചന നടത്തുന്നത്.”

“ഡാഡിക്ക് ഈ പ്രപ്പോസൽ ഇഷ്ടമായില്ലേ?

“എന്‍റെ ഇഷ്ടമെന്താണെന്ന് നിനക്കറിയില്ലേ മോളേ?”

“ഇല്ലല്ലോ… എന്താണത്?”

“ശിവരാമകൃഷ്ണൻ നിന്‍റെ മുറച്ചെറുക്കനാണ്. അവനെക്കൊണ്ട്….”

ഇരുചെവികളും പൊത്തിക്കൊണ്ട് മഞ്ജു പറഞ്ഞു. “ആ അരപിരിയെ കെട്ടാനോ? ഡോണ്ട് ബി സില്ലി ഡാഡി”

“നീയെന്താ അവനെക്കുറിച്ചിങ്ങനെയൊക്കെ സംസാരിക്കുന്നത്?”

“തേങ്ങക്ക് വിലകുറഞ്ഞപ്പോ ഫാമിലെ തെങ്ങിൻ തൈക്കളൊക്കെ പിഴുത് മാറ്റി റബ്ബറ് നട്ടത് പിരിവട്ടല്ലാതെ പിന്നെയെന്താ?”

“അത്… അത് കുറേ നാള് മുൻപുണ്ടായ സംഭവമല്ലേ മോളേ?” ഉണ്ണിത്താന്‍റെ സ്വരം തെല്ലൊന്ന് ദുർബ്ബലമായി.

ധർമ്മേന്ദ്രനപ്പോൾ ഇടയിൽ കയറി സ്വന്തം അഭിപ്രായം തുറന്നടിച്ചു. “ഇപ്പോഴും ആ രോഗം തീർത്തും മാറിയെന്ന് പറയാനാവില്ല. റബ്ബറ് കൃഷി നിർത്തിവെച്ച് ആ സ്ഥലത്ത് പച്ചക്കറി ഫാം തുടങ്ങിയാലോ എന്നൊരാലോചനയുണ്ടെന്ന് കഴിഞ്ഞ തവണ വന്നപ്പോ പറേണത് കേട്ടു. കായ്കറിക്കിപ്പോ തീവിലയല്ലേ.”

ഉണ്ണിത്താനപ്പോൾ ധർമ്മേന്ദ്രന്‍റെ നേരെ രൂക്ഷമായൊന്ന് നോക്കിക്കൊണ്ടവനെ ശകാരിച്ചു. “ആ ബാഗ് മോളുടെ മുറിയിൽ കൊണ്ട് വെക്കാൻ പറഞ്ഞിട്ട് നീയിവിടെത്തന്നെ നില്ക്കാണോ? പോ, ആദ്യം പറഞ്ഞതനുസരിക്ക്.”

ധർമ്മേന്ദ്രനുടനെ സ്ഥലം വിട്ടു. ഉണ്ണിത്താൻ ശിവരാമകൃഷ്ണനെ ന്യായീകരിക്കാൻ ഒരു ശ്രമം കൂടി നടത്തി. “കൃഷിയിൽ കൂടുതൽ ലാഭം നേടാനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതു കൊണ്ടെന്താ കുഴപ്പം? എന്തിലും അല്പം പ്രായോഗികബുദ്ധി നല്ലതല്ലേ മോളേ?”

“എന്തായാലും ശിവരാമേട്ടനെ കെട്ടാൻ മാത്രം ഡാഡി എന്നോട് പറയരുത്… ഞാൻ ഈ പ്രപ്പോസലും കണ്ണടച്ച് സ്വീകരിക്കാനൊന്നും പോണില്ല. പോസ്റ്റ്ഗ്രാജ്വേഷൻ കഴിഞ്ഞ് മതി കല്യാണം എന്നാണെന്‍റെ തീരുമാനം.”

മുങ്ങിതാഴുന്നവന് പിടിവള്ളി കിട്ടിയപോലുള്ള ആശ്വാസത്തോടെ ഉണ്ണിത്താൻ പറഞ്ഞു “അതാ അതിന്‍റെ ശരി. നിന്‍റെ മമ്മി പലതും പറഞ്ഞ് നിന്‍റെ കണ്ണിൽ പൊടിയിടാൻ നോക്കും. കരുതിയിരുന്നില്ലെങ്കിൽ നിന്നെയവൾ വല്ല ഗുലുമാലിലും കൊണ്ടുപോയി ചാടിച്ചെന്നും വരും.”

“ഞാന്‍ വന്നില്ലെങ്കിൽ മമ്മിയെന്നോട് മിണ്ടില്ലെന്നെല്ലാം പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ വന്നത്. എന്തെങ്കിലും തട്ടുമുട്ട് പറഞ്ഞ് ഈ ആലോചനയിൽനിന്ന് ഒഴിഞ്ഞു മാറാൻ തന്നെയാ എന്‍റെ തീരുമാനം. അതൊക്കെ പോട്ടെ, ആരാ ഡാഡി നാളെ എന്നെ കാണാൻ വരുന്നത്?”

“മുരളീമനോഹർ ഐ.എ.എസ്സ്. അതിൽ കൂടുതലൊന്നും എനിക്കറിയില്ല.”

തന്‍റെ വിവാഹക്കാര്യത്തിലും അച്ഛനമ്മമാരുടെ നിലപാടെന്താണെന്ന് മഞ്ജുവിന് ഊഹിക്കാൻ കഴിഞ്ഞു. രണ്ടുപേരും തമ്മിൽ ഒരു ദ്വന്ദയുദ്ധത്തിന് വകുപ്പുണ്ട്.

നൈരാശ്യം തുളുമ്പുന്ന സ്വരത്തിൽ മഞ്ജു പറഞ്ഞു. “ഞാൻ റൂമിൽ പോയി ഒന്ന് ഫ്രഷാവട്ടെ ഡാഡി. എന്നിട്ട് വേണം വായന തുടങ്ങാൻ. തിങ്കളാഴ്ച മോഡലെക്സാം തുടങ്ങും”

സന്ധ്യക്ക് വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മണ്ഡോദരിയോട് ചോദിച്ചത് മഞ്ജു എത്തിയോ എന്നാണ്

മണ്ഡോദരി അറിയിച്ചു “മഞ്ജുക്കുഞ്ഞ് ഉച്ചക്കുതന്നെ എത്തി മാഡം, ഞാൻ ചായേംകൊണ്ട് ചെന്നപ്പോൾ കുഞ്ഞ് കൊണ്ടുപിടിച്ച വായനയാ. തിങ്കളാഴ്ച പരൂക്ഷ തൊടങ്ങാണെന്ന്.”

പതിഞ്ഞസ്വരത്തിൽ സേതുലക്ഷ്മി ചോദിച്ചു “അവളുടെ ഡാഡി ഏഷണിയെന്തെങ്കിലും പറഞ്ഞ് കൊടുത്തോടീ? ”

“ഇല്ല മാഡം കുഞ്ഞ് മുകളീന്നിറങ്ങി വന്നിട്ടേയില്ല”

സേതുലക്ഷ്മിയുടെ മുഖത്ത് ആശ്വാസം പരന്നു. അവരുടനെ വിവാഹബ്രോക്കർ മാർത്താണ്ഡക്കുറുപ്പിനെ വിളിച്ച് മഞ്ജു എത്തിയിട്ടുണ്ടെന്നറിയിച്ചു. പിറ്റേന്ന് രാവിലെ പതിനൊന്ന് മണിക്ക് മുരളീ മനോഹറിനേയും ബന്ധുക്കളേയുംകൊണ്ട് ഉണ്ണിത്താന്‍റെ വീട്ടിലെത്തിക്കോളാമെന്ന് കുറുപ്പ് ഉറപ്പു നല്കുകയും ചെയ്തു.

സേതുലക്ഷ്മി ഒന്നാംനിലയിലുള്ള മഞ്ജുവിന്‍റെ മുറിയിലേക്ക് ചെന്നു. അവരെ കണ്ടയുടെ ആകാംക്ഷയോടെ അവൾ ചോദിച്ചു. “എനിക്ക് നാളെത്തന്നെ മടങ്ങാനൊക്കുമോ മമ്മീ. മറ്റന്നാൾ മോഡലെക്സാം തുടങ്ങുകയാണ്.”

“നാളെ കൃത്യം പതിനൊന്നുമണിക്കവരെത്തുമെന്നാ ബ്രോക്കർ കുറുപ്പ് പറഞ്ഞത്. ചടങ്ങ് കഴിഞ്ഞാലുടനെ നമ്മുടെ വണ്ടീൽതന്നെ നീ മടങ്ങിക്കോ.”

“ശരി മമ്മി, ഏത് വിഐപിയാ എന്നെ കാണാൻ വരുന്നത്?”

“ആള് വിഐപിയാണെന്ന് നിനക്കെങ്ങെനെ മനസ്സിലായി?”

“അത്രക്ക് നല്ല കേസാണെന്നൊക്കെ മമ്മിയല്ലേ പറഞ്ഞത്.”

വെളുക്കെ ചിരിച്ചുകൊണ്ട് സേതുലക്ഷ്മി അറിയിച്ചു. “ആളൊരു വിഐപി തന്നെയാ. മുരളീമനോഹര്‍ ഐ.എ.എസ്സ്. ഡെപ്യൂട്ടി കളക്ടറാ. ആറുമാസത്തിനുള്ളിൽ ആലപ്പുഴേലെ കലക്ടറായി ചാർജ്ജെടുക്കും. നമ്മുടെ ആ ബ്രോക്കർ മാർത്താണ്ഡക്കുറുപ്പില്ലേ? അയാള്‍ കൊണ്ടുവന്ന കേസാ. വളരെ കഷ്ടപ്പെട്ടാ ഈ കേസയാള്‍ ഇവിടംവരെ എത്തിച്ചത്. മന്ത്രിമാരുവരെ മുരളിമനോഹറിനെ മരുമകനായി കിട്ടാൻ നോട്ടമിട്ടിരിക്കുകയാണത്രേ. പയ്യന് നിന്‍റെ ഫോട്ടോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടത് നമ്മുടെ ഭാഗ്യം. അതുകൊണ്ടാ ആദ്യം പെണ്ണുകാണാന്‍ ഇങ്ങോട്ട് വരാമെന്ന് സമ്മതിച്ചത്.”

ഹാന്‍റ് ബാഗിൽനിന്നും ഒരു ഫോട്ടോയെടുത്ത് മകൾക്ക് കൊടുത്തുകൊണ്ട് സേതുലക്ഷ്മി തുടർന്നു “ഇതാണാള്. കുറുപ്പ് പറഞ്ഞത് നേരിൽകാണാൻ ഇതിലും യോഗ്യനാണെന്നാ.“എന്താ നിന്‍റെ അഭിപ്രായം? നിനക്കിഷ്ടായോ?”

അവളുടെ ചുണ്ടിലപ്പോൾ നാണം കലർന്നൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. സേതുലക്ഷ്മി ആ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മറുപടിയിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് മഞ്ജു ചോദിച്ചു. “ഈ അലയൻസിന്‍റെ കാര്യം മമ്മി ഡാഡിയോട് പറഞ്ഞില്ലേ?”

“എങ്ങനെ പറയും? നിന്‍റെ ഡാഡിയുടെ മനസ്സിലിരിപ്പ് വേറെയല്ലേ?”

“ശരിയാണ്. ഡാഡി എന്നോട് അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.”

“ഡാഡി നിന്നോടെന്തൊക്കെയാ പറഞ്ഞത്?” സേതുലക്ഷ്മിയുടെ സ്വരത്തിൽ ഉൽക്കണ്ഠ കലർന്നിരുന്നു.

“ഡാഡിക്ക് ശിവരാമേട്ടനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനാണിഷ്ടമെന്ന് .എന്നോടതുമാത്രം പറയരുതെന്ന് ഡാഡിയോട് ഞാനപ്പോൾ തുറന്ന് പറയൂം ചെയ്തു.”

“അതേതായാലും നന്നായി. നിനക്കുവേണ്ടി ഡാഡി തിരഞ്ഞെടുത്ത ആള് കൊള്ളാം .മനുഷ്യരായാൽ അല്പമെങ്കിലും വിവേകം വേണം. അതെങ്ങനെയാ. ഇരുപത്തിനാല് മണിക്കൂറും കൃഷിയെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും ചിന്തയുണ്ടോ നിന്‍റെ ഡാഡിക്ക്?

“മമ്മിയെന്തിനാ ഡാഡിയെ വെറുതേ കുറ്റപ്പെടുത്തുന്നേ? എസ്റ്റേറ്റുകളിൽ നിന്നുള്ള വരുമാനം കൊണ്ടല്ലേ നമുക്കിങ്ങനെ ആർഭാടമായി ജീവിക്കാൻ സാധിക്കുന്നത്? മമ്മിക്ക് കിട്ടുന്ന ശമ്പളം സാരി വാങ്ങാൻപോലും തികയുന്നില്ലെന്ന് മമ്മിതന്നെ പറയാറുള്ളതല്ലേ”

സേതുലക്ഷ്മിക്കപ്പോൾ ശരിക്കും ഉത്തരംമുട്ടി. “ങ്ഹാ! അതൊക്കെപോട്ടെ. നിനക്കത്താഴത്തിനെന്താ വേണ്ടേന്ന് ആ പെണ്ണ് ചോദിക്കുന്നത് കേട്ടു.”

“പതിവുപോലെത്തന്നെ.” ഒരു കുസൃതിച്ചിരിയോടെ മഞ്ജു പറഞ്ഞു “പാതി മമ്മീടെ മെനു പാതി ഡാഡീടെ മെനു. അല്ലെങ്കിൽ ഈ വീട്ടിൽ മനസ്സമാധാനത്തോടടെ എനിക്കെന്തെങ്കിലും കഴിക്കാൻ പറ്റ്വോ ”

“ശരി, ശരി നാളെ രാവിലെ കൃത്യം പതിനൊന്നിന് മുരളീമനോഹറും ബന്ധുക്കളുമെത്തും. അപ്പോഴേക്കും നീ ഒരുങ്ങി നിന്നേക്കണം. ഓ! അത് പറഞ്ഞപ്പോഴാ. ഞാനാ ഊർവ്വശി ബ്യൂട്ടിപാർലറിലേക്കൊന്ന് വിളിക്കട്ടെ. നിന്നെ ഒരുക്കാൻ നാളെ രാവിലെ ഒരു സീനിയർ ബ്യൂട്ടീഷനെതന്നെ ഇങ്ങോട്ടയക്കാൻ പറയാം.”

സേതുലക്ഷ്മി ധൃതിയിൽ കോണിപ്പടികളിറങ്ങിപ്പോയി അതേ വേഗത്തിൽ മറ്റൊരു സംശയവുമായി മടങ്ങിയെത്തുകയും ചെയ്തു. “ജുജൂ, നീ നാളെ സാരിയാണോ ചുരിദാറോ?”

“സാരിയൊന്നും വേണ്ട മമ്മി. ചുരിദാറ് മതി. മമ്മിയെനിക്ക് കഴിഞ്ഞ ബർത്ത്ഡേക്ക് വാങ്ങിത്തന്ന ചുരിദാറിടാം.”

“അതീ ഒക്കേഷന് പറ്റില്ല മോളൂ, നമുക്ക് പോയി അതിലും നല്ലതൊന്ന് വാങ്ങാം.”

“എനിക്ക് എക്സാമിന് പ്രിപ്പയർ ചെയ്യണ്ടേ മമ്മി, മമ്മി തന്നെ പോയി വാങ്ങിയാൽ മതി.”

“ശരി” സേതുലക്ഷ്മി ശരവേഗത്തിൽ വീണ്ടും മുറിയിൽ നിന്നിറങ്ങിപ്പോയി.

അവർ നേരേ അടുക്കളയിലേക്ക് ചെന്നു “മണ്ഢൂ, നാളത്തെ വിരുന്നിന് പലചരക്കോ കായ്കറിയോ എന്തെങ്കിലും വേണോങ്കിൽ നീ ഒരു ലിസ്റ്റെഴുതി ധർമ്മനെ ഏല്പിച്ചേക്ക്. നാളെ വിഭവങ്ങളെല്ലാം ചൈനീസ് മതി. പിന്നെ ചായയോടൊപ്പം വിളമ്പാന്‍ കുറച്ച് സ്നാക്സും കേക്കുമൊക്കെ വാങ്ങാനും പറഞ്ഞേക്ക്.”

“ഊണിനെത്രപേര് കാണും കൊച്ചമ്മ?”

“ഞാനത് കുറുപ്പിനോട് ചോദിക്കാനും മറന്നു അഞ്ചാറ്പേരെങ്കിലും കാണുമായിരിക്കും.”

ഷോപ്പിംഗിന് സേതുലക്ഷ്മിയിറങ്ങിയപ്പോൾ പലചരക്കുകടയിലേക്കുള്ള ലിസ്റ്റുമായി ധർമ്മേന്ദ്രനും ഇറങ്ങി. അവരേയുംകൊണ്ട് കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയതും ഉണ്ണിത്താൻ മഞ്ജുവിന്‍റെ അടുത്തെത്തി. “മോളേ, നിന്‍റെ മമ്മി പയ്യന്‍റെ ഡീറ്റേയ്ൽസെന്തെങ്കിലും പറഞ്ഞോ?”

“അതൊന്നും പറഞ്ഞില്ല ഡാഡീ. ഐഎഎസ്സ്കാരനാണ് മുരളീമനോഹറെന്നാണ് പേര്. അടുത്തുതന്നെ ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കമെന്നും പറഞ്ഞു. ഫോട്ടോയും കാണിച്ച് തന്നു.”

“ഫോട്ടോ നിന്‍റെ കയ്യിലുണ്ടോ? എങ്കിൽ അച്ഛനൊന്ന് കാണട്ടെ” സ്റ്റഡി ടേബിളിന്‍റെ വലിപ്പിൽ നിന്നും ഒരു കവറെടുത്ത് ഉണ്ണിത്താനെ ഏല്പിക്കുമ്പോൾ മഞ്ജുവിന്‍റെ കണ്ണുകൾ നാണത്താൽ കൂമ്പിയിരുന്നു. ഫോട്ടോയിൽ ദൃഷ്ടി പതിഞ്ഞതോടെ ഉണ്ണിത്താന്‍റെ മുഖം പെട്ടെന്നയഞ്ഞു. സുമുഖനായൊരു ചെറുപ്പക്കാരൻ. കറുകറുത്ത മീശക്ക് താഴെ ഇളം ചുവപ്പാർന്ന ചുണ്ടിണയിലെ മന്ദഹാസവും കൊള്ളാം. ആകാരത്തിൽ ശിവരാമകൃഷ്ണനേക്കാൾ പതിന്മടങ്ങ്‌ യോഗ്യനാണിയാളെന്ന് സമ്മതിക്കാതെ വയ്യ.

ഫോട്ടോയിൽനിന്ന് കണ്ണെടുക്കാതെ ഉണ്ണിത്താൻ ചോദിച്ചു “ഇയാളെ നിനക്കിഷ്ടപ്പെട്ടോ മോളേ”

“നേരിൽ കണ്ടിട്ട് അഭിപ്രായം പറയാം ഡാഡീ”

“നേരിൽ കണ്ടിഷ്ടപ്പെട്ടാൽ നീ ഈ വിവാഹത്തിന് സമ്മതിക്കുമോ”

ഉണ്ണിത്താന്‍റെ മുഖത്തെ വികാരമെന്തെന്ന് ചുഴിഞ്ഞ് നോക്കിക്കൊണ്ട് മഞ്ജു ചോദിച്ചു “ഡാഡീടെ അഭിപ്രായമെന്താ”

“ഇത് നിന്‍റെ ഭാവിയെ സംബന്ധിക്കുന്ന കാര്യമല്ലേ. അയാളുടെ വിശദവിവരങ്ങളെല്ലാം അറിഞ്ഞശേഷമേ വ്യക്തമായൊരു അഭിപ്രായം പറയാൻ പറ്റൂ. ഏതായാലും നാളെ ആളിങ്ങെത്തുമല്ലോ”

“ഡാഡി അയാളെ ശരിക്കുമൊന്ന് ഇന്‍റർവ്യൂ ചെയ്തേക്കണം. ഡാഡിക്കിഷ്ടമല്ലാത്ത യാതൊന്നിനും ഈ മഞ്ചാടിമോളെ കിട്ടില്ല” ഉണ്ണിത്താന്‍റെ ചുമലിൽ ശിരസ്സ് ചേർത്തുകൊണ്ട് മഞ്ജു പറഞ്ഞു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 1

ഒരു തെളിഞ്ഞ പ്രഭാതം. സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുകയാണ് ഉണ്ണിത്താൻ. അല്‍പസമയം കഴിഞ്ഞപ്പോൾ വായന അവസാനിപ്പിച്ച് കസേരക്കരികിൽ ചാരിവെച്ചിരുന്ന വാക്കിംഗ് സ്റ്റിക്കുമെടുത്ത് ഉണ്ണിത്താൻ മുറ്റത്തേക്കിറങ്ങി.

സമ്പന്നതയുടെ ധാടിയും മോടിയുമൊന്നും ഉണ്ണിത്താന്‍റെ വേഷത്തിലുണ്ടായിരുന്നില്ല. ഒരു മുണ്ടും തോളിലൊരു തോർത്തും മാത്രം. സ്വന്തം ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളുടെ മേൽ നോട്ടമെല്ലാം ഉണ്ണിത്താൻ നേരിട്ടാണ് നടത്തുന്നത്. ഈ ലോകത്തുള്ള സമസ്ത സസ്യജാലങ്ങളും അദ്ദേഹത്തിന്‍റെ ബലഹീനതയാണെന്ന് മാത്രമല്ല, ആ വിഷയത്തിൽ അഗാധപാണ്ഡിത്യമുള്ള ഒരാളുമാണദ്ദേഹം

ഉണ്ണിത്താൻ മുൻവശത്തെ വിശാലമായ ഉദ്യാനത്തിലെ വാക്ക് വേയിലൂടെ പൂക്കളുടെ വർണ്ണഭംഗിയാസ്വദിച്ചുകൊണ്ട് കുറച്ച് സമയം ഉലാത്തിയശേഷം പിറകിലെ തൊടിയിലേക്ക് നടന്നു. കായ്കറിത്തോട്ടത്തിലെ പാവൽപന്തലിനരികിൽ ഉണ്ണിത്താന്‍റെ വിശ്വസ്തഭൃത്യനായ ധർമ്മേന്ദ്രൻ നില്പുണ്ടായിരുന്നു. പാവലിന്‍റെ ചുരുണ്ടിരിക്കുന്ന ഇലകൾ ഓരോന്നായി അടർത്തി ശ്രദ്ധാപൂർവ്വം ഒരു പ്ളാസ്റ്റിക് കവറിനുള്ളിൽ നിക്ഷേപിക്കുകയായിരുന്നു അയാൾ.

“ഒന്നിനേപ്പോലും ബാക്കിവെച്ചേക്കരുത് കേട്ടോ ധർമ്മാ, അവറ്റോള് ഇലകള് മുഴുവൻ തിന്ന് തീർക്കും” ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു.

“ശരിയാ. തപസ്സിരിക്കാൻ തുടങ്ങണതിന് മുൻപ് ഇവറ്റകൾക്ക് മുടിഞ്ഞ വിശപ്പാ.”മറ്റൊരില നുള്ളിയെടുത്ത് അതിൽ ഒളിഞ്ഞിരിക്കുന്ന പച്ചപുഴുവിനെ കവറിനകത്തേക്ക് നിക്ഷേപിച്ചുകൊണ്ട് ഒരു പ്രപഞ്ചസത്യം പ്രവചിക്കുംപോലെ ഗൗരവത്തോടെ ധർമ്മേന്ദ്രൻ അഭിപ്രായപ്പെട്ടു.

“അവ തപസ്സിരിക്കുന്നതൊന്നുമല്ലെടോ. ചിറക് മുളക്കുന്നതുവരെ ഒരു സമാധിഘട്ടത്തിലാണവ.”

ഇളിഭ്യചിരിയോടെ ധർമ്മേന്ദ്രൻ പാതി തന്നോടുതന്നെയെന്നപോലെ പറഞ്ഞു.”ജീവനോടെ സമാധിയിരിക്കണതിന് തപസ്സിരിക്യാന്ന് പറേണതില് തെറ്റൊന്നൂല്ല. സമാധിയിരിക്കുമ്പോ പഞ്ചാക്ഷരമന്ത്രംകൂടി ജപിക്കണുണ്ടോന്നാർക്കറിയാം. ങ്ഹാ! അല്പം കൂടി ക്ഷമിച്ചോ, എല്ലാത്തിനേം ഒരുമിച്ച് സ്വർഗ്ഗത്തിലേക്കയച്ചേക്കാം.”

മുന്നോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ഉണ്ണിത്താൻ വിളിച്ച് ചോദിച്ചു.”നീയെന്തെങ്കിലും പറഞ്ഞോ ധർമ്മാ?”

“ഓ, ഇല്ല” ധർമ്മേന്ദ്രൻ വിനീതനായി.

ഉണ്ണിത്താൻ തിരികെ സിറ്റൗട്ടിലേക്ക് കയറുമ്പോൾ ഡ്രോയിംഗ്റൂമില്‍ ഭാര്യ സേതുലക്ഷ്മി ഫോണിലാരോടോ സംസാരിക്കുന്ന സ്വരം. അകത്തേക്കുവെച്ച കാൽ പിന്നോട്ടെടുത്ത് ഉണ്ണിത്താൻ വാതിലിന്‍റെ മറവിലേക്ക് നീങ്ങിനിന്നുകൊണ്ട് ശ്രദ്ധിച്ചു.

“അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല, ജുജുമോളെ. നീയിവിടെവരെ വന്നേ ഒക്കൂ. അത്ര നല്ല കേസാ. അതുകൊണ്ടാ.”

തിരുവനന്തപുരത്തെ കോളേജ്- ഹോസ്റ്റലിൽ താമസിച്ച് ഡിഗ്രി ഫൈനലിയറിന് പഠിക്കുന്ന മകളോടാണ് സേതുലക്ഷ്മി സംസാരിക്കുന്നതെന്ന് ഉണ്ണിത്താന് മനസ്സിലായി. മഞ്ജുവെന്നാണ് മകളുടെ പേര്. അവളെ സേതുലക്ഷ്മി “ജുജൂ”വെന്നാണ് വിളിക്കുന്നത്. ഉണ്ണിത്താൻ മഞ്ചാടിമോളെന്നും.

ചെറിയൊരിടവേള. മകളുടെ മറുപടിയൊട്ടും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്ന അസഹ്യതയാണ് സേതുലക്ഷ്മിയുടെ മുഖത്തിപ്പോൾ

“ഇതങ്ങനെ നീട്ടിക്കൊണ്ട്പോകാൻ പറ്റില്ല മോളൂ. ചടങ്ങ് നടത്താൻ വൈകിയാൽ പയ്യനെ മറ്റാരെങ്കിലും റാഞ്ചിക്കൊണ്ട് പോകും. അത്രക്ക് നല്ല കേസാ. ശനീം ഞായറും നിനക്ക് മുടക്കമല്ലേ? ശനിയാഴ്ച നീയിങ്ങോട്ടെത്തിയാൽ ഞായറാഴ്ച രാവിലെ ചടങ്ങ് നടത്താം.”

എന്തോ അനക്കംകേട്ട് സേതുലക്ഷ്മി തിരിഞ്ഞുനോക്കി. ഉണ്ണിത്താനെ കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും സംഭാഷണം തുടർന്നു.”ശനിയാഴ്ചതന്നെ നീയീങ്ങോട്ടെത്തിയേക്കണം. ഇല്ലെങ്കിൽ മമ്മി നിന്നോടിനി മിണ്ടില്ല. പറഞ്ഞേക്കാം. ബൈ ജുജൂ”

ഫോൺ ക്രേഡിലിൽവെച്ച് സേതുലക്ഷ്മി തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ ഉണ്ണിത്താൻ പിറകേ കൂടി.”രാവിലെ മോളേ വിളിച്ച് സംസാരിക്കുന്നത് കേട്ടല്ലോ എന്താ കാര്യം”

ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി ഒരക്ഷരം മറുപടി പറയാതെ മുഖം വെട്ടിതിരിച്ചുകൊണ്ട് സേതുലക്ഷ്മി അകത്തേക്ക് പോയി. ഉണ്ണിത്താനിൽനിന്നും നിസ്സഹായതയുടെ ഒരു നെടുവീർപ്പുയർന്നു.

അച്ഛനായ തന്നോടുപോലും ഒരുവാക്ക് പറയാതെയാണ് സേതുലക്ഷ്മി മകൾക്ക് വിവാഹമാലോചിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. തന്‍റെ മരുമകൻ ശിവരാമകൃഷ്ണനെക്കൊണ്ട് മഞ്ജുവിന്‍റെ കഴുത്തിൽ താലികെട്ടിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്ന് സേതുലക്ഷ്മിക്കറിയാം. ആ ബന്ധം സേതുലക്ഷ്മിക്ക് തീരെ ഇഷ്ടമല്ല. പോസ്റ്റ്ഗ്രാജ്വേഷനും കഴിഞ്ഞിട്ട് മതി സ്വന്തം വിവാഹമെന്ന അഭിപ്രായമാണ് മഞ്ജുവിന്.

ഇത്രപെട്ടെന്ന് തന്‍റെ ഭാര്യ മകൾക്ക് ഒരു ഭർത്താവിനെ അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് സ്വപ്നത്തിൽപോലും ഉണ്ണിത്താന്‍ കരുതിയിരുന്നില്ല. സേതുലക്ഷ്മിയുടെ നീക്കങ്ങൾക്കെതിരെ താനെങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചായിരുന്നു ഉണ്ണിത്താന്‍റെ അടുത്ത ചിന്ത.

മഞ്ജു വരട്ടെ. അവളെ വേണ്ടപോലൊന്ന് ഉപദേശിച്ച് നോക്കാം. യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാനുള്ള ബുദ്ധിയൊക്കെ തന്‍റെ മകൾക്കുണ്ടെന്നതൊരാശ്വാസമാണ്. ഉണ്ണിത്താൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ധർമ്മേന്ദ്രൻ കൃഷിപ്പണി കഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പാചകക്കാരി മണ്ഡോദരി തിരക്കിട്ട ജോലിയിലാണ്.

“മണ്ഡൂ, അല്പം തിളച്ചവെള്ളം” ധർമ്മേന്ദ്രൻ വളരെ അനുനയസ്വരത്തില്‍ തന്‍റെ ആവശ്യമറിയിച്ചു. അടിമുടി വിയർപ്പിൽ കുളിച്ച് പോയിരുന്നു അയാൾ. പുഴുക്കൾ പുളയുന്ന പ്ളാസ്റ്റിക്ക് കൂടിലേക്ക് നോക്കി അറപ്പോടെ മണ്ഡോദരി പരിഹസിച്ചു “ഓ! ധർമ്മൻചേട്ടൻ വേട്ട കഴിഞ്ഞെത്തിയോ?”

“കഴിഞ്ഞൂന്ന് തീർത്ത് പറയാനാവില്ല. ശത്രുക്കളെ ബന്ദികളാക്കിയിട്ടേയുള്ളു. ഇനി വധ ശിക്ഷ നടപ്പാക്കണം.”

“എന്തിനാ ധർമ്മൻചേട്ടാ ഈ മുടിഞ്ഞ പണിക്ക് പോണത്. പുഴുക്കേടിനെന്തെങ്കിലും മരുന്നു തളിച്ചാൽപോരേ?”

“മണ്ടത്തരം പറയല്ലേ, എന്‍റെ മണ്ഡോദരി, കീടനാശിനികൾ കൊടിയ വിഷമാണെന്നറിഞ്ഞൂടേ നിനക്ക്?”

കയ്യിലെ വാച്ചിൽ നോക്കി മണ്ഡോദരി വേവലാതിപ്പെട്ടു “അയ്യോ! നേരമൊരുപാടായി. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കൊച്ചമ്മ ഇപ്പഴെത്തും.. വീട്ടുകാരാകെ രണ്ട് പേരേയുള്ളു. എന്നാലെന്താ? ഈരാറ് പന്ത്രണ്ടിഷ്ടങ്ങളല്ലേ. അതാ അടുക്കളേലെ പണിതീരാത്തത്. മാഡത്തിന് ഷാങ്ങ്ഹായ് ഓംലറ്റും കോൺഫ്ളേക്സും മതിയെന്നാ ഓഡർ. സാറിന് പുട്ടും പഴോം കടലക്കറീം.”

ചുറ്റുമൊന്ന് കണ്ണോടിച്ച് അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയശേഷം ധർമ്മേന്ദ്രൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.”പ്രശ്നം തന്‍റെ മാഡം തന്നെയാണ്. സാറിന് പുട്ട് മതിയെന്ന് പറഞ്ഞാൽ തനിക്കും അത് മതീന്ന് വിചാരിച്ചൂടെ ആയമ്മക്ക്?”

“മറിച്ചും ആവാല്ലോ. ധർമ്മൻചേട്ടന്‍റെ സാറിനെന്താ ഒന്ന് അഡുജസ്റ്റ് ചെയ്താല് ?”

“ഒരു വീടായാൽ ആണുങ്ങടെ ഇഷ്ടമാ നോക്കേണ്ടത്”

“അത് വെറും ഷോനിസമാണെന്നാ മാഡം പറയുന്നേ”

“എന്ന് പറഞ്ഞാലെന്തോന്നാ?”

“അത്….. പിന്നെ.. സത്യം പറഞ്ഞാ അതെന്തോന്നാണെന്ന് എനിക്കുമറിഞ്ഞൂടാ. ആണുങ്ങടെ ഒരുതരം ഷോവാണെന്ന് കൂട്ടിക്കോ. മാഡമെപ്പോഴും സാറിനെക്കുറിച്ചങ്ങനെയൊക്കെ പറേണത് കേക്കാം. അയ്യോ! നേരം പോയി കേട്ടോ. ബാങ്കി പോകാന്‍ വൈകീന്നും പറഞ്ഞ് മാഡമിന്ന് പടവാളെടുക്കും ഒറപ്പ്.”

“കുറച്ച് തിളച്ചവെള്ളം കിട്ടിയാൽ ഞാനങ്ങ് പൊയ്ക്കോളാം.”

“വെള്ളം തിളപ്പിക്കാനൊന്നും സ്റ്റൗ ഒഴിയത്തില്ലെന്നേ”

“പതുക്കെ മതി. താൻ പണിയെടുക്കുന്നതും കണ്ടോണ്ട് ഞാനിവിടെയിരുന്നോളാം.”

“അയ്യട! അങ്ങിനെയിപ്പോൾ വായ് നോക്കിയിരിക്കണ്ട. ദേ, ഈ ഉള്ളിയൊന്ന് തൊലിച്ച് തന്നേക്ക്.”

(മേല്‍ ഷോവനിസം = പുരുഷമേധാവിത്വ പ്രവണത)

കൈയെടുത്താൽ ഇവറ്റകള് രക്ഷപ്പെട്ടാലോന്നാണ്.”

“കിടന്ന് പുളക്കുന്നത് കണ്ടോ. അറച്ചിട്ട് വയ്യ” പ്ളാസ്റ്റിക് കൂടിലേക്ക് നോക്കിക്കൊണ്ട് മണ്ഡോദരി മുഖം ചുളിച്ചു.

അടുക്കളയിലുള്ള കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ രണ്ടുപേരും സംഭാഷണം അവസാനിപ്പിച്ച് ചെവിയോർത്തു.

“സാറായിരിക്കും പൂജാമുറിയിൽ ചന്ദനമരച്ച് വെക്കാൻ മറന്നു. അതിനായിരിക്കും.” ധർമ്മേന്ദ്രൻ പറഞ്ഞു.

കവറിന്‍റെ അറ്റം പിണച്ച് കെട്ടി അത് അടുക്കള സ്ളാബിൽ വെച്ച് അയാൾ നടക്കാൻ തുടങ്ങുമ്പോൾ മണ്ഡോദരി തടഞ്ഞു “അത് പുറത്തെവിടേങ്കിലും വെച്ചിട്ട് പോയാൽ മതി.”

“ഓ, ഉത്തരവുപോലെ ഞാൻ വരുമ്പോഴേക്കും തിളച്ചവെള്ളം റെഡിയാക്കി വെച്ചേക്കണം കേട്ടോ ”

“ങ്ഹാ” മണ്ഡോദരി അർദ്ധസമ്മതത്തോടെ ഒന്ന് മൂളി. പിന്നെ ധൃതിയിൽ പാചകം തുടർന്നു.

ചാണയിലരച്ച് തയ്യാറാക്കിയ ചന്ദനവുമായി ധർമ്മേന്ദ്രൻ പൂജാമുറിയിലെത്തുമ്പോൾ അസ്വസ്ഥതയോടെ ഉലാത്തുകയാണ് ഉണ്ണിത്താൻ. ഇലക്കീറിലെ ചന്ദനംകൊണ്ട് നെറ്റിയിലും മാറിലും കുറി വരച്ച് ദൈവങ്ങൾക്ക് മുന്നിൽ ഭക്തിപൂർവ്വം ഒരു ദണ്ഡനമസ്ക്കാരവും കഴിച്ചശേഷം പതിഞ്ഞസ്വരത്തിൽ ഉണ്ണിത്താൻ പറഞ്ഞു. ”നീയാ വാതിലൊന്നടക്ക് ധർമ്മാ. പ്രധാനപ്പെട്ടൊരു കാര്യം നിന്നോട് സംസാരിക്കാനുണ്ടെനിക്ക്.”

ധർമ്മേന്ദ്രൻ അനുസരണയോടെ ഉടന്‍തന്നെ വാതിൽ ചേർത്തടച്ചു.

“നിന്‍റെ കൊച്ചമ്മയിന്ന് മഞ്ചാടിമോൾക്ക് ഫോൺ ചെയ്ത് എന്തോ കല്യാണാലോചനയുടെ കാര്യം പറയുന്നത് കേട്ടു. ഞാൻ ചോദിച്ചിട്ട് സേതു ഒന്നും പറയുന്നുമില്ല. അവള്‍ മണ്ഡോദരിയോട് വിശേഷങ്ങളെല്ലാം വിസ്തരിച്ച് പറഞ്ഞുകാണും. വിവരങ്ങളെല്ലാം മണ്ഡോദരിയോട് ചോദിച്ചറിഞ്ഞ ശേഷം നീയത് എത്രേം വേഗം എന്നെ അറിയിക്കണം.”

“അയ്യോ! രഹസ്യം ചോർത്താൻ ചെന്നാൽ അവളെന്നെ കടിച്ച് കീറാൻ വരും.”

“നീയവളെ എങ്ങനേങ്കിലും വളച്ചെടുത്ത് കാര്യം സാധിക്കാൻ നോക്കെന്‍റെ ധർമ്മാ” ഉണ്ണിത്താന്‍റെ സ്വരത്തിൽ നിസ്സഹായത നിഴലിച്ചു.

“ങ്ഹാ, ശ്രമിച്ച് നോക്കാം” ധർമ്മേന്ദ്രൻ ദൗത്യം ഏറ്റെടുത്തുകൊണ്ട് ഗൗരവപൂർവ്വം പുറത്തേക്കിറങ്ങി നടന്നു.

ഡൈനിംഗ് ടേബിളിൽ പ്രാതലിനുള്ള വിഭവങ്ങളെല്ലാം ഒരുക്കിവെച്ച് എല്ലാം വേണ്ടപോലായിട്ടുണ്ടോയെന്ന് ഒരിക്കൽകൂടി പരിശോധിക്കുകയായിരുന്നു മണ്ഡോദരി.

സേതുലക്ഷ്മിക്കുള്ള പ്ളേറ്റിനടുത്ത് കത്തി, ഫോർക്ക് നാപ്കിൻ ഇവയൊക്കെ യഥാസ്ഥാനത്ത് ഒരുക്കിവെച്ചിരിക്കുന്നു. ടേബിളിന്‍റെ എതിർവശത്ത് ഉണ്ണിത്താനുള്ളതും ഒരു തൂശനിലസഹിതം തയ്യാറാക്കിവെച്ചിരിക്കുന്നു.

അവൾ അടുക്കളയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ധർമ്മേന്ദ്രനും പിറകേ കൂടി. ”മണ്ഡൂ, തന്നെ ശരിക്കും തൊഴണം. സ്വന്തം ജോലി ഇത്ര അച്ചട്ടായി ചെയ്യുന്ന ഒരു പെണ്ണും ഈ ഭൂമണ്ഡലത്തിലുണ്ടാവില്ല”

“ധർമ്മൻചേട്ടനെന്തിനാ രാവിലെ സോപ്പിടുന്നേ.”

“അതേയ്, ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയാമോ”

“ഇല്ലല്ലോ. കിന്നാരം പറയാനൊന്നും എനിക്ക് തീരെ സമയമില്ല. കിച്ചണിൽ നൂറ്കൂട്ടം പണി കിടക്കുന്നു. മാഡത്തിന് ലഞ്ച് കൊണ്ടുപോകേണ്ടതല്ലേ. തിളച്ചവെള്ളം എടുത്ത് വെച്ചിട്ടുണ്ട്. പഞ്ചായത്തിന് നില്ക്കാതെ അതുമെടുത്ത് വേഗം സ്ഥലം വിട്ടേക്ക്.”

തിളച്ചവെള്ളവുംകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ധർമ്മേന്ദ്രൻ പറഞ്ഞു. ”ഞാനിപ്പോ വന്നേക്കാം കേട്ടോ.”

“എന്തിനാ”

“നിന്നെ സഹായിക്കാൻ”

മണ്ഡോദരിയുടെ മുഖത്തെ ഗൗരവം മെല്ലെ തണുക്കുന്നത് കണ്ടപ്പോൾ ധർമ്മേന്ദ്രൻ അവൾ കാണാതെ വിജയഭാവത്തിൽ തലയനക്കി. അവളെ പ്രസാദിപ്പിക്കുന്നതിനുള്ള ഏകമാർഗ്ഗം അവളെ പാചകജോലിയിൽ സഹായിക്കുക എന്നത് മാത്രമാണെന്ന് അയാൾക്കറിയാമായിരുന്നു. അന്നത്തെ പച്ചക്കറി വിഭവങ്ങളുടെ പാചകം മൊത്തം തലയിലായെങ്കിലും ധർമ്മേന്ദ്രൻ അതിവിദഗ്ദ്ധമായി രഹസ്യങ്ങൾ ചോർത്തിയെടുത്തു.

ഉണ്ണിത്താന്‍റെ സംശയം ശരിയായിരുന്നെന്ന് തീർച്ചയായപ്പോൾ സത്യത്തിൽ ധർമ്മേന്ദ്രന്‍റെ രക്തം ധാർമ്മികരോഷംകൊണ്ട് തിളച്ചു പോയി. സ്വന്തം മകളെ ജീവന് തുല്യം സ്നേഹിക്കുന്ന സാറിനോട് പറയാതെ കൊച്ചമ്മ അവൾക്ക് വിവാഹാലോചന നടത്തിയത് പൊറുക്കാനാകാത്ത ധിക്കാരമാണെന്നായിരുന്നു യജമാനസ്നേഹിയായ അയാളുടെ നിലപാട്.

ഉണ്ണിത്താനെ വാർത്തകളറിയിക്കാൻ സേതുലക്ഷ്മി ബാങ്കിലേക്കിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവന്നു അയാൾക്ക്

കുറച്ച് കഴിഞ്ഞപ്പോൾ കടുംപച്ചനിറത്തിൽ കസവുകരയുള്ള പട്ടുസാരിയും മാച്ച് ചെയ്യുന്ന ബ്ളൗസും ആഭരണങ്ങളുമണിഞ്ഞ് സേതുലക്ഷ്മി ഡൈനിംഗ് ഹോളിലേക്ക് ധൃതിയിൽ നടന്ന് വന്നു. പുട്ടും പഴവും നന്നായി കുഴച്ചുരുട്ടി ആസ്വദിച്ച് വായിലാക്കുകയായിരുന്നു ഉണ്ണിത്താൻ.

ടക്കിടെ വാച്ചിൽ നോക്കിക്കൊണ്ട് ഷാങ്ഹായ് ഓംലെറ്റ് ഫോർക്കിൽ കുത്തിയെടുത്ത് കഴിക്കുന്നതിനിടയിൽ ഉണ്ണിത്താനെ ശ്രദ്ധിക്കുന്ന സേതുലക്ഷ്മിയുടെ മുഖത്ത് അസഹ്യത തെളിഞ്ഞു. സേതുലക്ഷ്മിയുടെ നീരസം കലർന്നഭാവം തീർത്തും അവഗണിച്ചുകൊണ്ട് ഉണ്ണിത്താൻ വിരലുകൾ ഇടക്കിടെ ഈമ്പിക്കൊണ്ട് ഭക്ഷണം തുടർന്നു.

പെട്ടെന്ന് സേതുലക്ഷ്മി പൊട്ടിത്തെറിച്ചു. ”ശങ്കരേട്ടന് മര്യാദക്ക് ഭക്ഷണം കഴിച്ചൂടെ? ഇതൊരുമാതിരി സംസ്ക്കാരമില്ലാത്തപോലെ.”

വിരലുകൾ ഒരിക്കൽകൂടി ഈമ്പിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു. ”ഇങ്ങനെ പുട്ട് കഴിക്കുന്നതിലെന്താടോ കുഴപ്പം? എന്‍റെ വീട്ടിലിരുന്ന് പുട്ടും പഴോം തിന്നാൻ എനിക്കിത്രയൊക്കെ സംസ്ക്കാരം മതി.”

“മാന്യന്മാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇത്തരം വൃത്തികേടുകളൊക്കെ കാണിച്ചാൽ.

“താനേതായാലും ആ വകുപ്പിൽ പെടില്ലല്ലോ. പിന്നെയാരാ വേറെ മാന്യന്മാര്”

“ജുജൂന്‍റെ ബന്ധു വീട്ടുകാരായി വരാൻ പോകുന്നവര്.”

“ഓ! അവളെ കല്യാണം കഴിക്കാൻ പോകുന്നത് എന്‍റെ മരുമകൻ ശിവരാമകൃഷ്ണനല്ലേ? അവനും ഇതേ ശൈലിയിലാ പുട്ടും പഴോം തിന്നുന്നത്. അവൻ മാത്രല്ലാ, അവന്‍റെ അമ്മ, അതായത് എന്‍റെ പെങ്ങൾ ഈശ്വരിച്ചേച്ചിയുമതേ.”

“ഒരു ശിവരാമകൃഷ്ണൻ! ആ മരമണ്ടൂസിന് ഞാനെന്‍റെ മകളെ കൊടുക്കില്ല, തീർച്ച”

“അത് നമുക്ക് കാണാം”

ഭക്ഷണം മതിയാക്കി എഴുന്നേറ്റുകൊണ്ട് ഒരങ്കത്തിന് തയ്യാറായിട്ടെന്നപോലെ സേതുലക്ഷ്മി പറഞ്ഞു “കാണാം”

കൈകഴുകി വാഷ്ബേസിന് മുകളിലെ ചുവരിൽ തൂക്കിയിരുന്ന കണ്ണാടിയിൽ ഒരിക്കൽകൂടി മുഖത്തെ മേക്കപ്പ് പരിശോധിച്ചശേഷം സേതുലക്ഷ്മി കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറിയിരുന്നു. പൊൻകുന്നത്തുള്ള ഒരു പബ്ളിക്സെക്ടർ ബാങ്കിൽ മാനേജരാണ് സേതുലക്ഷ്മി.

കാർ അകന്നുപോകുന്ന സ്വരം കേട്ടയുടനെ ധർമ്മേന്ദ്രൻ ഉണ്ണിത്താന്‍റെ അടുത്തെത്തി. “സാറേ, സംഗതി വാസ്തവമാ, മഞ്ജുക്കുഞ്ഞിനെ കാണാൻ ഒരു ഐ,എ.എസ്സുകാരൻ വരുന്നു. പേര് മുരളീമനോഹർ. ഇരുപത്തൊമ്പത് വയസ്സ്, ആറടി പൊക്കം, വെളുത്ത നിറം, സുമുഖൻ. കൊച്ചമ്മ പയ്യന്‍റെ ഫോട്ടോ മണ്ഡോദരിക്ക് കാണിച്ചു കൊടുത്തെന്ന് ”

“സേതു എന്നെ അറിയിക്കാതെ മരുമകനെ കണ്ടുപിടിക്കാനുള്ള ശ്രമമാണല്ലേ?”

“യാതൊരു സംശയോം വേണ്ട. കൊച്ചമ്മേടെ ഉദ്ദേശം അത് തന്നെയാ. അല്ലെങ്കിൽ മണ്ഡോദരിക്ക് ചെക്കന്‍റെ ഫോട്ടോവരെ കാണിച്ചുകൊടുത്ത കൊച്ചമ്മക്ക് ഈ വിവരം സാറിനോടൊന്ന് പറഞ്ഞേക്കാമെന്ന് തോന്നിയില്ലല്ലോ”

എരിതീയില്‍ എണ്ണ പകരുംപോലെ ആ പരാമര്‍ശം ഉണ്ണിത്താനെ പ്രകോപിപ്പിച്ചു. “നടക്കട്ടെ, നടക്കട്ടെ“ എന്തോ തീരുമാനിച്ചു ഉറപ്പിച്ചതുപോലെയായിരുന്നു ആ വാക്കുകള്‍…..

(തുടരും)

അമ്മയുടെ നിഴൽ

ജംഗ്ഷനിൽ റെഡ് സിഗ്നൽ തെളിഞ്ഞതോടെ ഇരമ്പി വന്ന വാഹനങ്ങളുടെ വേഗത കുറഞ്ഞു. ഓഫീസ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശിൽപ. നോർത്ത് സ്റ്റേഷനടുത്തുള്ള റോഡിലെ സ്ഥിരം ബ്ലോക്ക് കഴിഞ്ഞതേയുള്ളൂ. ഇനിയിപ്പോ ഈ സിഗ്നൽ…. ശിൽപ ശരിക്കും മൂഡോഫായി. ഓഫീസിൽ പതിവിൽ കവിഞ്ഞ ജോലിയുണ്ടായിരുന്നു. എന്നിരുന്നാലും വീക്കെന്‍റ് ആയതിനാൽ അടുത്ത രണ്ടു ദിവസം അവധി കിട്ടുമല്ലോ, ശിൽപ സമാധാനിച്ചു. അവൾ കാറിന്‍റെ സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കികൊണ്ടിരുന്നു. സുഖദമായ ഒരു തണുത്ത കാറ്റ് അവളെ തലോടിക്കൊണ്ട് കടന്നുപോയി. ഇരുണ്ട് മേഘാവൃതമായ ആകാശം. റോഡരികിൽ ഒരു കൊച്ചുകടയിൽ മുളകുബജിയും, ഉഴുന്നുവടയും പഴംപൊരിയും ചിപ്സുമൊക്കെ വറുക്കുന്നുണ്ടായിരുന്നു.

രണ്ടു ദിവസം മുമ്പ് അമ്മായിയമ്മ സൂചിപ്പിച്ച ഒരു കാര്യം ശിൽപയ്ക്ക് ഓർമ്മ വന്നു. “മോളേ പണ്ട് ഞങ്ങൾ എറണാകുളത്ത് താമസിക്കുന്ന സമയത്ത് നി‍ന്‍റെ അമ്മായിച്ഛൻ ജോലി കഴിഞ്ഞ് വരുന്ന സമയത്ത് പഴംപൊരിയോ മുളുകുബജിയോ ഒക്കെ കൊണ്ടുവരുമായിരുന്നു. അത്രയും രുചികരമായ ലഘുഭക്ഷണം ഇവിടെയെങ്ങും കണ്ടിട്ടേയില്ല. നിങ്ങൾ പരിഷ്കാരികൾക്ക് ചിപ്സും ബർഗറുമൊക്കെ മതിയല്ലോ.”

എന്തായാലും അമ്മയ്ക്ക് ഇന്ന് ഒരു സർപ്രൈസ് കൊടുക്കണം. മനസ്സിൽ പ്രണയമോ ഗൃഹാതുരത്വമോ ഒക്കെ ഉണർത്തുന്ന മഴയ്ക്കു മുമ്പുള്ള ശാന്തമായ കാലാവസ്ഥ. ശിൽപ കാർ റോഡിന്‍റെ ഒരു ഭാഗത്തേക്ക് ഒതുക്കിയിട്ടു. കുറച്ചു മുളകുബജിയും പഴംപൊരിയും രണ്ടു പായ്ക്കറ്റുകളിലായി വാങ്ങി. മടങ്ങാനൊരുങ്ങവേ ഒന്നുരണ്ടു മഴത്തുള്ളികൾ അവളുടെ മുഖത്തും കൈകളിലും പതിച്ചു. കാറ്റിന് ശക്തി കൂടി, ചെറിയ ചാറ്റൽ മഴയും തുടങ്ങി. ശിൽപയുടെ മനസ്സ് ശരിക്കും തണുത്തു. മടുപ്പും ക്ഷീണവുമൊക്കെ പാടെ മാറി.

കാർ ഡ്രൈവ് ചെയ്ത് വീട്ടിലെത്തി കോൾബെൽ അമർത്തി. കൊച്ചു രാഹുൽ തുള്ളിച്ചാടിക്കൊണ്ട് ഡോറിനടുത്തെത്തിയെങ്കിലും ഡോർ ലോക്കിൽ കൈയെത്താത്തതിനാൽ അമ്മ വരുന്നതുവരെ അക്ഷമനായി നിന്നു. അമ്മായിയമ്മയെ സ്നേഹത്തോടെ അമ്മാ എന്നാണ് ശിൽപയും വിക്രമും മകൻ രാഹുലും വിളിക്കാറുള്ളത്.

ഡോർ തുറന്നതും കൊച്ചു രാഹുൽ ശിൽപയോടു ചേർന്നു നിന്നു, “മമ്മീ, ഇതെന്താ?” ശിൽപയുടെ കൈയിലെ പായ്ക്കറ്റുകളിലേക്ക് അവൻ ആകാംഷയോടെ നോക്കി.

ശിൽപ ചിരിച്ചുകൊണ്ട് രണ്ട് പായ്ക്കറ്റും അമ്മയെ ഏൽപിച്ചു. “അമ്മാ… ദാ നോക്കിയേ എന്താണെന്ന്…?” സരളാദേവി പായ്ക്കറ്റ് വാങ്ങി മേശമേൽ വച്ചു.

“നീയാകെ നനഞ്ഞിട്ടുണ്ടല്ലോ. വേഗം പോയി ഡ്രസ്സ് മാറ്റി വരൂ…. അപ്പോഴേക്കും ഞാൻ നിനക്ക് കാപ്പിയുണ്ടാക്കിത്തരാം.”

“വേണ്ട അമ്മാ…” ശിൽപ സരളാദേവിയെ സ്നേഹത്തോടെ സോഫയിലിരുത്തി. “രമണി ചായയുണ്ടാക്കും. അപ്പോഴേക്കും ഞാൻ ഡ്രസ്സ് മാറിയിട്ടു വരാം. ഇതൊന്നു കഴിച്ചു നോക്കൂ… എറണാകുളത്തേക്കാൾ നല്ലതാണോ ഇവിടുത്തെ മുളകുബജിയന്നു നോക്കൂ…”

മരുമകളുടെ സ്നേഹവും പരിഗണനയും കണ്ട് സരളാദേവിക്ക് വലിയ ഉത്സാഹമായി. “രാഹുൽ… കുട്ടികളുടെ മനസ്സാ നിന്‍റെ മമ്മിക്ക്…”

ശിൽപ ഡ്രസ്സ് ചേയ്ഞ്ച് ചെയ്തു വന്നപ്പോഴേക്കും രമണി അവർക്ക് മൂന്നുപേർക്കുള്ള ചായ ടേബിളിൽ കൊണ്ടു വച്ചിരുന്നു. കുശലവും തമാശപറച്ചിലുമൊക്കെയായി അവർ മൂന്നുപേരും ചേർന്ന് മുളകുബജിയും പഴംപൊരിയും കഴിച്ചു തീർത്തു. പെട്ടെന്ന് ശിൽപ നിർത്താതെ തുമ്മാൻ തുടങ്ങി, “എന്താണെന്നറിയില്ല അമ്മാ, വല്ലാത്ത തലവേദന. പനിയാവാതിരുന്നാൽ ഭാഗ്യം…”

“ഓഫീസിൽ തലപുകച്ചു ജോലി ചെയ്യും. തലയിൽ ഒരിറ്റ് എണ്ണ തേക്കുകയുമില്ല. അതെങ്ങനെയാ? ഫാഷൻ കുറഞ്ഞു പോയാലോ? ഇനിയെങ്കിലും ഞാൻ പറയുന്നത് ഒന്നു നേരെചൊവ്വേ കേൾക്ക്. ഇവിടെ വന്നിരിക്ക്. ഞാൻ തലയിൽ എണ്ണ തടവിത്തരാം. കുറച്ചു നേരം വിശ്രമിച്ചാൽ തലവേദന മാറും.” സരളാദേവി ഉപദേശിച്ചു.

എണ്ണയെന്നു കേൾക്കുന്നതേ അലർജിയാണ് ശിൽപയ്ക്ക്. പക്ഷേ അമ്മയുടെ നിർബന്ധം കാരണം അവൾ സമ്മതം മൂളി.

ശിൽപയുടെ തലയിൽ എണ്ണ തടവുന്നതിനിടയ്ക്ക് സരളാദേവി ശാസനയും ലാളനയും കലർന്ന സ്വരത്തിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അൽപസമയം കണ്ണടച്ചു വിശ്രമിക്കാൻ നിർദ്ദേശിച്ച് മുറിയിൽ ഒരു കത്തിച്ചു വച്ച് സരളാദേവി കൊച്ചുമകനേയും കൂട്ടി മുറിക്കു പുറത്തു കടന്നു.

അമ്മായിയമ്മയുടെ സ്നേഹവും കരുതലും കണ്ട് മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത വല്ലാത്തൊരു അടുപ്പവും ബഹുമാനവും അവരോടു തോന്നി. കുറ്റപ്പെടുത്തുന്നതെന്നു തോന്നിക്കുമങ്കിലും സ്നേഹമസൃണമായ അവരുടെ സംസാരം കേട്ട് അവൾക്ക് ചിരിയടക്കാനായില്ല. ശിൽപയുടെ മനസ്സ് മൂന്നു വർഷങ്ങൾക്കപ്പുറത്തേക്ക് പാറി നടന്നു. അന്ന് ഇതുപോലൊരു സന്ധ്യയ്ക്ക് കടുത്ത പനി കാരണം അനങ്ങാൻ വയ്യാതെ കിടക്കുകയായിരുന്നു. നെറ്റിയിൽ തണുത്ത തുണി മാറി മാറി വച്ച് സാന്ത്വനവാക്കുകളുമായി അമ്മായിയമ്മ അരികിലിരുന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പുറമേ അൽപം പരുക്കൻ സ്വഭാവമാണവരുടേതെന്ന് പലപ്പോഴും തോന്നിയിരുന്നെങ്കിലും സുഖമില്ലാത്ത അവസരത്തിൽ എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയതെന്ന് ശിൽപയ്ക്ക് അന്നേ ബോധിച്ചതാണ്. വെണ്ണയേക്കാൾ എത്രയോ മൃദുലമാണ് അമ്മയുടെ മനസ്സ്. ബാല്യത്തിൽ തനിക്കെപ്പോഴോ നഷ്ടപ്പെട്ട, താൻ കൊതിച്ചുകൊണ്ടിരുന്ന മാതൃസ്നേഹം…

ശാന്തമായ അന്തരീക്ഷത്തിൽ കണ്ണടച്ചാണ് കിടന്നതെങ്കിലും ശിൽപയ്ക്ക് തീരെ ഉറക്കം വന്നില്ല. ഓർമ്മകളുടെ ഇടവഴികളിലൂടെ ചിന്തകൾ പാഞ്ഞു നടന്നു. മനസ്സിനെ കൊളുത്തി വലിക്കുന്ന ചില ഓർമ്മകൾ…

ധനികനും ബിസിനസ്സുകാരനുമായ മോഹനചന്ദ്രന്‍റെയും ശ്രുതിലക്ഷ്മിയുടേയും ഏകമകളാണ് ശിൽപ. തിരുവനന്തപിരതാതണ് അവൾ ജനിച്ചു വളർന്നത്. മോഹനചന്ദ്രൻ ബിസിനസ്സ് ആവശ്യങ്ങൾക്കായി പലപ്പോഴും വിദേശയാത്രകൾ നടത്തിയിരുന്നു. ഒൻപതാം വയസ്സിലാണ് ശിൽപയ്ക്ക് അമ്മയെ ആകസ്മികമായി നഷ്ടപ്പെട്ടത്. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ മോഹനചന്ദ്രൻ തയ്യാറായില്ല. തിരക്കുകൾ കാരണം മകൾക്കൊപ്പം സമയം ചെലവഴിക്കാനും സാധിച്ചില്ല. സമ്പന്നതയ്ക്കു നടുവിൽ അവൾ ഏകയായി.

ശിൽപയ്ക്ക് ശരിയായ പരിചരണവും ശ്രദ്ധയും ലഭിക്കുന്നതിനായി പപ്പ അവളെ അകലെയുള്ള ഒരു പോഷ് സ്കൂളിൽ ചേർത്തു. ഹോസ്റ്റൽ ചുവരുകൾക്കുള്ളിൽ അവളുടെ ജീവിതം പാടേ മാറുകയായിരുന്നു.

6-7 വർഷത്തെ അധ്യയനം പൂർത്തിയാക്കി അവൾ വീട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്തെ ഒരു മികച്ച കോളേജിൽ ശിൽപയ്ക്ക് അഡ്മിഷൻ കിട്ടി. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു ശിൽപ. എന്നാൽ മാതൃസ്നേഹത്തിന്‍റെ അഭാവവും ഹോസ്റ്റൽ ജീവിതവും അവളുടെ ജീവിതത്തെ വളരെ സ്വാധീനിച്ചു.

സമ്പന്നന്‍റെ മകൾ, പഠനത്തിൽ അഗണ്യ, സ്കൂൾ അധ്യയനകാലത്ത് അധ്യാപകരുടേയും സഹപാഠികളുടേയും ശ്രദ്ധ നേടാൻ സാധിച്ചു. സാമ്പത്തികമായ ഒരു പരാധിനതയും അവളെ ഒരിക്കലും അലട്ടിയില്ല. അതോടെ വാശിയും അഹങ്കാരവുമൊക്കെ അവളുടെ സ്വഭാവത്തിന്‍റെ ഭാഗമായി. ഒരു നെഗറ്റീവ് വാക്ക് പോലും കേൾക്കാൻ അവൾ തയ്യാറായിരുന്നില്ല. സ്വഭാവത്തിലെ ന്യൂനതകൾ സ്വയം മനസ്സിലാക്കിയിരുന്നെങ്കിലും മാറാൻ അവൾ തയ്യാറായില്ല. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി അവളെ തിരുത്താൻ ആരും മുതിർന്നതുമില്ല.

വിദ്യാഭ്യാസരംഗത്ത് ഔന്നിത്യത്തിന‍റെ പടവുകൾ ചവിട്ടിക്കയറുമ്പോഴും ദൈംദിനജീവിതത്തിലെ സാമാന്യ അറിവുകളും ബന്ധങ്ങളുടെ ഊഷ്മളതയും അവൾക്ക് അപ്രാപ്യമായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞുവീണു. കോളേജ് പഠനത്തിനു ശേഷം എംബിഎയ്ക്ക് ബാംഗ്ലൂരിൽ ചേർന്നു, ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയും കിട്ടി.

അവിടെ വച്ചാണ് തന്‍റെ സീനീയർ ഓഫീസറായ വിക്രമിനെ ശിൽപ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തി.

വിക്രമിന്‍റെ വീട്ടിൽ അമ്മ സരളാദേവി മാത്രമണ് ഉണ്ടായിരുന്നത്. മൂത്ത രണ്ട് ചേട്ടന്മാർ കുടുംബസമേതം മംഗലാപുരത്തായിരുന്നു താമസം. ഭർത്താവിന്‍റെ മരണശേഷം അവർ ഇളയ മകനോടൊപ്പം ബോംബോയിൽ വന്നു താമസിക്കുകയായിരുന്നു. സാമാന്യം വലിയ ഫ്ളാറ്റായിരുന്നു. മകന്‍റെ കാര്യങ്ങളും ഭക്ഷണവുമൊക്കെ അവർ തന്നെയാണ് ചെയ്തിരുന്നത്, മറ്റ് ജോലികൾക്കായി ഒരു ജോലിക്കാരിയെയും നിയോഗിച്ചിരുന്നു.

മകന്‍റെ പ്രണയവിവാഹത്തിന് മൗനാനുവാദം നിൽകിയെങ്കിലും പരിചയത്തിലുള്ള താൻ തിരഞ്ഞെടുക്കുന്ന പെൺകുട്ടിയായിരിക്കണം വിക്രമിന്‍റെ വധുവെന്ന് അവർ ഏറെ ആഗ്രഹിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവളും ഉദ്യോഗസ്ഥയുമാണ് ശിൽപ എന്നറിഞ്ഞപ്പോൾ തന്‍റെ വീടിന് യോജിച്ചവളായിരിക്കുമോ എന്ന് സരളാദേവി ആശങ്കിച്ചു.

വിവാഹവും ഹണിമൂണുമായി രണ്ടാഴ്ച പിന്നിട്ടു. ശിൽപ ഓഫീസിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അടുക്കള ജോലികൾ ഒതുക്കാൻ ശിൽപ സഹായിക്കുമെന്നാണ് സരളാദേവി കരുതിയത്. കുക്കിംഗിൽ യാതൊരു അഭിരുചിയും ഇല്ലാതിരുന്ന ശിൽ ഇതേക്കുറിച്ച് ചിന്തിച്ചതു പോലുമില്ല.

സരളാദേവി അന്ന് ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ച് ഇരുവരും ഓഫീസിലേക്ക് പോയി, ഉച്ചഭക്ഷണം കാന്‍റീനിൽ നിന്നും കഴിച്ചു. വൈകുന്നേരം സരളാദേവീ ചായയും സ്നാക്സും ഉണ്ടാക്കി വച്ചിരുന്നു.

“മോളേ, അൽപസമയം വിശ്രമിച്ച ശേഷം രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കണം. പകൽ മുഴുവനും വീട്ടുജോലി ചെയ്ത് ഞാൻ ശരിക്കും തളർന്നു.” സരളാദേവി ശിൽപയോട് പറഞ്ഞു.

“പക്ഷേ അമ്മാ, ഞാൻ ഓഫീസിൽ പ്ലഷർ ട്രിപ്പിനു പോയതല്ല. തലപുകഞ്ഞ് ചിന്തിക്കേണ്ട ജോലിയാ എന്‍റേത്. ഭക്ഷണം ഉണ്ടാക്കാൻ എനിക്ക് സാധിക്കില്ല.” ശിൽപ തുറന്നടിച്ചു പറഞ്ഞു.

അവസാനം വിക്രം ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി.

അമ്മയ്ക്ക് പ്രായമായി വരികയല്ലേ, വീട്ടുജോലികളെല്ലാം അമ്മയ്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ദിവസവും വവക്കും തർക്കവുമുണ്ടാവുമെന്നതിൽ സംശയിക്കേണ്ടതില്ല. മകന്‍റെ കാര്യങ്ങൾ നോക്കിയിരുനന സരളാദേവി ഒറ്റയ്ക്കാണ് നോക്കിയിരുന്നത്. ഇപ്പോൾ മരുമകളുടെ കാര്യം കൂടി… നാട്ടുനടപ്പും പഴഞ്ചൻ ചിന്താഗതിയും കൊണ്ടാവാം മരുമകളും കുറച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന നിലപാടായിരുന്നു അവരുടേത്.

വിക്രമും ശിൽപയും ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തി. വീട്ടിൽ ഒരു ഫുൾടൈം ജോലിക്കാരിയെ നിയോഗിച്ചു. വീട്ടുജോലികളും ഭക്ഷണവുമുണ്ടാക്കുന്ന ജോലി കമലാബായിക്കായിരുന്നു. അവരെയൊന്നു ശ്രദ്ധിക്കണമെന്നതു മാത്രമായിരുന്നു സരളാദേവിയ്ക്ക് ചെയ്യാനുണ്ടായിരുന്നത്.

എന്നിരുന്നിട്ടും അമ്മായിയമ്മ മരുമകൾ പോര് പൂർണ്ണമായും അവസാനിച്ചില്ല. നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയാണ് പലപ്പോഴും തർക്കമുണ്ടാവുക. ഉരുളയ്ക്കുപ്പേരിയെന്നതു പോലെ മറുപടി നൽകുന്നതിൽ ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കും. ഒരു ദിവസം അവർ ഒന്നിച്ചിരുന്ന് ചായ കുടിക്കുകയായിരുന്നു. ഇടയ്ക്ക് സരളാദേവി മകനെ വാത്സല്യത്തോടെ ചോദിച്ചു “മോനേ, ഓഫീസിലിന്ന് തിരക്കായിരുന്നോ, നീ ശരിക്കും തളർന്നല്ലോ…”

“അമ്മാ… ഞാനും ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. എന്‍റെ ക്ഷീണവും തളർച്ചയും ആരും കാണത്തതെന്താ?” ശിൽപ നീരസത്തോടെ പറഞ്ഞു.

അതോടെ അമ്മായിയമ്മ മരുമകൾ ബന്ധം കൂടുതൽ വഷളാകുന്നത് കൊച്ചു രാഹുലിന്‍റെ ജനനത്തോടെയാണ്. കുഞ്ഞുണ്ടായതിന്‍റെ ആഹ്ലാദാന്തരീക്ഷമായിരുന്നു വീട്ടിൽ. ആറ് മാസത്തെ മെറ്റേർണിറ്റി ലീവ് അവസാനിക്കാറായി. ശില്പയ്ക്ക് ജോലിയിൽ പ്രവേശിക്കാറായി കുഞ്ഞിന്‍റെ പരിചരണത്തെപ്പറ്റിയായി അവർക്കിടയിൽ വാക്കേറ്റം.

ചൈൽഡ് കെയർ പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ മോഡേൺ രീതിയിൽ കുഞ്ഞിനെ വളർത്താനായിരുന്നു ശിൽപയ്ക്ക് താൽപര്യം. സരളാദേവിയ്ക്കാകട്ടെ പഴയ അനുഭവങ്ങളുടെ വെളിച്ചത്തിൽ നാട്ടുനടപ്പനുസരിച്ച് പേരക്കുട്ടിയെ വളർത്തണമെന്ന അഭിപ്രായവും. പേരക്കുട്ടിയുടെ ഇളം ശരീരത്തിനിണങ്ങിയ കോട്ടൺ വസ്ത്രങ്ങൾ സരളാദേവി സ്വയം തയ്ച്ച് തയ്യാറാക്കിയിരുന്നു. എന്നാൽ ശിൽപ വിക്രമിനേയും കൂട്ടി ധാരാളം ബേബി ഡ്രസ്സ് വാങ്ങിച്ചുകൊണ്ടുവന്നു.

അമ്മ കൈകൊണ്ട് തയ്ച്ചുണ്ടാക്കിയ എംബ്രോയ്ഡറി വസ്ത്രങ്ങൾ അവൾ ശ്രദ്ധിച്ചതേയില്ല. “വേണ്ട, തൽക്കാലം ഒന്നും പറയണ്ട” സരളാദേവി വിവേകത്തോടെ തീരുമാനിച്ചു. പരിഷ്കാരി അമ്മയല്ലേ, സ്വന്തം കുഞ്ഞിനെ ഇഷ്ടം പോലെ വളർത്തട്ടേ, വീടിന്‍റെ ശാന്തതയ്ക്ക ഭംഗം വരുത്താൻ ്വർ ആഗ്രഹിച്ചില്ല.

കാലം കടന്നുപോയി. അമ്മായിയമ്മ മരുമകൾക്കിടയിൽ കാര്യമായ തർക്കമോ വഴക്കോ ഉണ്ടായില്ല. എന്നാൽ അവരുടെ ബന്ധത്തിൽ വിചിത്രമായ ഒരകൽച്ചയും മരവിപ്പും നലനിൽക്കാൻ തുടങ്ങി. രണ്ടുപേരും ആവശ്യത്തിനു മാത്രം സംസാരിക്കും. അവർക്കിടയിൽ സ്നേഹവും പരിഗണനയും പേരിനുപോലുമില്ലായിരുന്നു.

ശിൽപ ഓഫീസിൽ പോകാൻ തുടങ്ങി. ഒരുദിവസം കടുത്ത പനി കാരണം ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ഉടനെ അവൾ കട്ടിലിൽ ചെന്നു കിടന്നു.

മരുമകളുടെ ഈ അവസ്ഥ കണ്ട് സരളാദേവിയുടെ മന്സലിഞ്ഞു. തണുത്ത തുണി നെറ്റിയിൽ വച്ചും തലോടിയും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പനി അൽപം കുറഞ്ഞപ്പോഴാണ് ശിൽപയ്ക്ക് ബോധം തെളിഞ്ഞത്, സ്വന്തം അമ്മ തന്നെയാണ് അടുത്തിരുന്ന് അശ്വസിപ്പിക്കുന്നതെന്ന് അവൾക്ക് തോന്നി, “അമ്മാ… അമ്മാ…”

“മോളേ ഇപ്പോ എങ്ങനെയുണ്ട്? ആശ്വാസമായോ? പറയൂ…” സരളാദേവി ശിൽപയുടെ മുടി ഒതുക്കി വച്ചു.

അമ്മായിയമ്മയെ അടുത്തു കണ്ട് ശിൽപ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു, ഇത്കണ്ട് അവർ ശിൽപയെ താങ്ങി കട്ടിലിൽ കിടക്കാൻ നിർദ്ദേശിച്ചു. “മോളേ എഴുന്നേൽക്കണ്ട, പനി ശരിക്കും മാറട്ടെ. ഞാൻ നിനക്ക് ചുക്കു കാപ്പി ഉണ്ടാക്കിത്തരാം. പനി മാറാനുള്ള ഗുളിക കഴിച്ച് വിശ്രമിച്ചോളൂ?”

അവർ ഉടനെ ഡോക്ടറെ ഫോൺവിളിച്ച് വരുത്തി. 3-4 ദിവസത്തിനുളഅളിൽ പനി മാറി. ഈയോഗു സംഭവത്തോടെ ശിൽപ സ്വയം മാറഅറത്തിനൊരുങ്ങുകയായിരുന്നു. സരളാദേവി തന്‍റെ അമ്മായിയമ്മയല്ല സ്വന്തം അമ്മ തന്നെയാണെന്ന് മനസ്സ് മനത്രിച്ചുകൊണ്ടിരുന്നു. ഈ അമ്മയോടാണല്ലോ താൻ വിവേകമില്ലാതെ പെരുമാറിയതെന്നോർത്ത് അവൾക്ക് കുറ്റബോധം തോന്നി.

പക്വതയില്ലാത്ത മനസ്സാണ് തന്‍റേത്, അമ്മയോട് ക്ഷമ ചോദിക്കണമെന്ന് പലവട്ടം മനസ്സ് മന്ത്രിച്ചു. 80 വയസ്സിനോടടുത്ത മുത്തശ്ശി ഒരിക്കൽ തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ കാര്യമാണ് അവൾ അപ്പോൾ ഓർത്തത് “മോളേ ഞങ്ങൾക്ക് വലിയ പഠിപ്പും പത്രാസുമൊന്നുമില്ല, അമ്മായിയമ്മയും നാത്തൂനുമായി എന്തേലും വഴക്കുണ്ടായാൽ അത് അപ്പോൾത്തന്നെ പറഞ്ഞു തീർക്കും. മനസ്സിൽ കൊണ്ടുനടക്കറില്ല.”

മുത്തശ്ശി പറഞ്ഞതിലും കാര്യമുണ്ട്. അമ്മയ്ക്ക് മുന്നിൽ മനസ്സ് തുറക്കണം, തെറ്റിധാരണയൊക്കെ മാറ്റിയെടുക്കണം. ശിൽപ സ്വയം തിരുത്താൻ തയ്യാറായി.

അടുത്ത ദിവസം ക്ഷീണം കാരണം അവൾ ഓഫീസിൽ പോയില്ല. വീട്ടുജോലികളെല്ലാം ചെയ്തശേഷം അമ്മയുടെ മുറിയിൽ വന്നു. അവരോട് ചേർന്നിരുന്നു. ശിൽപയ്ക്കെന്തോ പറയാനുണ്ടെന്ന് അവർക്ക് തോന്നി. “മോളേ ഇപ്പോ എങ്ങനെയുണ്ട്?”

അമ്മായിയമ്മയുടെ സ്നേഹമസൃണമായ സ്വരം കേട്ട് ശിൽപയുടെ കണ്ണു നിറഞ്ഞു. അമ്മയുടെ തോളിൽ തല ചായ്ച് ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു, “അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മയുടെ സ്വന്തം മകളാണെന്നു കരുതി ക്ഷമിക്കു അമ്മാ.. ചെറുപ്പത്തിലെ എനിക്കന്‍റെ അമ്മയെ നഷ്ടമായി, അതിനുശേഷം മാതൃസ്നേഹം എന്തെന്നോ കുടുബബന്ധങ്ങളുടെ പ്രാധാന്യമെന്തെന്നോ എനിക്ക് ആരും പറഞ്ഞുതന്നതുമില്ല. പഠനത്തിൽ ഞാൻ ഒന്നാമതായെങ്കിലും ലോകപരിചയവും ബന്ധങ്ങളുടെ ഊഷ്മളതയും എനിക്കന്യമായി. അതുകൊണ്ടാണ് അമ്മയുടെ ഇഷ്ടാനിഷ്ടങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കാതിരുന്നത്, എനിക്ക് അമ്മയിൽ നിന്നും കുറേ കാര്യങ്ങൾ പഠിച്ചെടുക്കാനുണ്ട്.”

ശിൽപയിലെ മനംമാറ്റം കണ്ട് അമ്മായിയമ്മയുടെ മനസ്സു നിറഞ്ഞു. “എന്‍റെ മകനെന്നതിലുപരി രാഹുൽ അമ്മയുടെ പേരക്കുട്ടിയാണ്. അമ്മയ്ക്ക് അറിവും ലോകപരിചയവുമുണ്ട്, ഇനിമുതൽ രാഹുലിന്‍റെ കാര്യങ്ങൾ അമ്മ ശ്രദ്ധിച്ചോളണം.”

“മോളം, നിനക്ക് ഓഫീസിൽ പിടിപ്പതു പണിയുണ്ടെന്നെനിക്കറിയാം. വീട്ടുകാര്യങ്ങൾ നോക്കിനടത്താൻ ഞാൻ ഇവിടെയില്ലേ. പക്ഷേ നിങ്ങൾ ചെറുപ്പക്കാരിൽ നിന്ന് അൽപം സ്നേഹവും ബഹുമാനവും ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.”

അതിനുശേഷം അവരുടെ കാഴ്ചപ്പാട് മാറി. വൈകാരികമായ അടുപ്പവും അവർക്കിടയിൽ ഉടലെടുത്തു. വീട്ടിലെ ശാന്തമായ അന്തരീക്ഷം കണ്ട് വിക്രമിനു പലപ്പോഴും ആശ്ചര്യം തോന്നി.

“ഏ, ഇതെന്താ രണ്ട് പാർട്ടിക്കും സുഖമില്ല… ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ലല്ലോ…” അന്ന് ഓഫീസിൽ നിന്നും മടങ്ങിയെത്തിയപ്പോൾ വിക്രം തിരക്കി.

ഓഫീസിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശിൽപയുടെ മൊബൈൽ ശബ്ദിച്ചു. “മോളേ നീ എവിടെയാണ്… വേഗം വാ… കമല ഉഴുന്നുവടയും മുളകുബജിയും ഉണ്ടാക്കിയിട്ടുണ്ട്. വിക്രമും വന്നു…”

അവൾ അമ്മയുടെ വാത്സല്യത്തിലേക്ക് യാത്ര ചെയ്തു.

ഓരിതൾ പൂക്കൾ

സുമിതയ്ക്ക് കടുത്ത നിരാശ തോന്നി ഇന്നും മമ്മിയുടെ ശകാരം ഏറെ കേട്ടു. അത്ര പുതിയ കാര്യമൊന്നുമല്ല ഈ ശകാരവും പിണക്കവുമൊക്കെ. എങ്കിലും സങ്കടം തോന്നും. എല്ലാ കലഹത്തിന്‍റെയും അന്ത്യം സുമിതയുടെ കരച്ചിലിലേ അവസാനിക്കൂ.

ഇന്നും നിസ്സാര കാര്യത്തിനാണ് ഉദയനുമായി വഴക്കുണ്ടായത്. അനിയന്‍റെ പോസ്റ്റർ കളേഴ്സ് സുമിത എടുത്തു. അതാണ് വഴക്കിന്‍റെ കാരണം. അവൻ പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയാണ്. സുമിത ബി. എ ഫൈനൽ ഇയറും. എങ്കിലും ചേച്ചിയോട് കയർക്കാൻ ഒരു മടിയുമില്ല.

വരയ്ക്കാൻ വലിയ ഇഷ്ടമാണ് സുമിതയ്ക്ക്. അതും സ്വന്തം കഥയ്ക്ക് ഇലസ്ട്രേഷൻ വരയ്ക്കാൻ… അതിനാണ് അവൾ ഉദയന്‍റെ കളർ ബോക്സിൽ നിന്ന് ചായപ്പെൻസിൽ എടുത്തത്. കൃത്യസമയത്ത് തന്നെയാണ് പ്രൊജക്ട് ചെയ്യാൻ അവൻ കളർ തെരയാൻ തുടങ്ങിയത്. അന്വേഷിച്ചു മടുത്തിരിക്കുമ്പോൾ കളർ ബോക്സ് സുമിതയുടെ സമീപത്ത് കണ്ടതും അവൻ പൊട്ടിത്തെറിച്ചു.

“ഹോ… ഇതു ശല്യമായല്ലോ… എനിക്കു പ്രൊജക്ട് ചെയ്യാനുണ്ട്. എനിക്ക് കളേസ് തരൂ… ”

“രാജാ രവിവർമ്മയാണെന്നാ ഭാവം… ഞങ്ങളുടെ പഠിത്തം കൂടി താറുമാറാക്കും… അത്രയേയുള്ളൂ.” അടുത്തു തന്നെ നിന്ന അനുജത്തി സുനന്ദ പറഞ്ഞു. “വീട്ടിലോ ഒരുപകാരവുമില്ല. നിനക്കിതെന്തിന്‍റെ കേടാ…” നേരാ ഇളയ അനുജത്തിയാണ് സുനന്ദ.

ഇതെല്ലാം കേട്ടു നിന്ന മമ്മി അടുക്കളയിൽ നിന്ന് ഒച്ചയെടുത്തു. “സുമിതാ… നീ മൂത്ത കുട്ടിയല്ലേ… അവരുടെ സാധനങ്ങൾ എടുത്ത് വഴക്കുണ്ടാക്കരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്. നാശം നീ സുനന്ദയെ കമ്ടു പഠിക്ക്… അവൾ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്, വീട്ടുജോലിയും ചെയ്യും… നീയോ? എപ്പോഴും ഇളയത്തുങ്ങളുമായി കലഹം…”

“മമ്മി എന്നെ മാത്രമേ ചീത്ത പറയുകയുള്ളൂവെന്ന് എനിക്കറിയാം.” സുമിത നിലവിളി കുരുങ്ങിയ ശബ്ദത്തിൽ പറഞ്ഞു.

“പിന്നെ… നിന്നെ സപ്രമഞ്ചത്തിലിരുത്തി ആട്ടണോ?”

“ഹൊ… മടുത്തു…” സുനന്ദ പുസ്തകങ്ങൾ ശബ്ദത്തോടെ പെറുക്കിവെച്ച് പുറത്തേക്കു പോയി.

“എപ്പോ നോക്കിയാലും കണ്ട പടം വരച്ച് സമയം കളഞ്ഞോളും. നിനക്കെന്ന് ബോധം വരും… എനിക്കറിയില്ല. കെട്ടിച്ചു വിട്ടേക്കാമെന്നു വച്ചാൽ ഒന്നും ശരിയാകുന്നുമില്ല. എന്തൊരു കഷ്ടമാണിത്.” മമ്മ നിർത്താനുള്ള ലക്ഷണമില്ല. ഇത്രയൊക്കെയായപ്പോഴേക്കും സുമിത പതിവുപോലെ കരയാൻ തുടങ്ങി.

സുമിതയ്ക്ക് ഒരു കാര്യത്തിലും സീരിയസ്നെസ്സില്ലെന്നാണ് എല്ലാവരുടേയും പരാതി. പ്രായം 20 കഴിഞ്ഞു. എന്നിട്ടും കരിയറിനെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഒരു ചിന്തയുമില്ലാത്ത പെൺകുട്ടി. അവൾ വീടിന് ഭാരമാവാതിരിക്കുമോ? അമ്മയുടെ ചിന്ത ഇങ്ങനെയാണ്.

ആധാരമെഴുത്തുകാരനായ വിജയകുമാറിന്‍റെയും വീട്ടമ്മയായ സുദയുടെയും മൂത്ത മകൾ ആണ് സുമിത.

ഭാവിയെക്കുറിച്ച് തനിക്ക് വ്യക്തമായ ചിന്തയുണ്ട്. അത് സുമിതയ്ക്കറിയാം. പക്ഷേ, വീട്ടുലാർക്കും വിശ്വാസമില്ല. മറ്റുള്ളവർ കാണുന്ന സ്വപ്നങ്ങളല്ല സുമിതയുടേത്. അവൾ വളരെ ഒതുങ്ങിയ ലജ്ജാലുവായ പെൺകുട്ടിയാണ്. അനിയനും അനുജത്തിയും കാട്ടുന്ന വികൃതിത്തരങ്ങൾക്കു പോലും സദാ തല്ലുകൊള്ളുന്നവൾ, മമ്മിയുടെ ശകാരം മുറ തെറ്റാതെ ഏറ്റു വാങ്ങുന്നവൾ.

പെയിന്‍റിംഗിലും കഥയെഴുത്തിലുമാണ് സുമിതയ്ക്ക് കമ്പമെന്നു പറഞ്ഞല്ലോ. ചെറുപ്പം മുതൽ അവൾ അങ്ങനെയാണ്. മനസ്സിന്‍റെ ക്യാൻവാസിൽ നിറക്കൂട്ടുകൾ ചാലിച്ച് സുന്ദരമായ ചിത്രങ്ങൾ നെയ്തുകൊണ്ടിരിക്കും. സ്ത്രീകൾ തന്നെയാണ് അവളുടെ പെയിന്‍റിംദിന്‍റെയും കഥയുടെയും കേന്ദ്രബിന്ദു. സ്ത്രീജീവിതത്തിന്‍റെ പല ഘട്ടങ്ങൾ, പല വികാരങ്ങൾ എല്ലാം അവൾ കഥയിലും ചിത്രങ്ങളിലും പകർത്തി വയ്ക്കും.

അവളുടെ വായനാശീലവും പെയിന്‍റിംഗ് ക്രേസും അവളുടെ ഇമേജ് തന്നെ മാറ്റിക്കളഞ്ഞു. പഠിക്കാതിരിക്കാനും സമയം കളയാനുമുള്ള സൂത്രമാണതൊക്കെ എന്ന് കുട്ടിക്കാലം മുതലേ മമ്മിയും സഹോദരങ്ങളും മാർക്കിട്ടു വച്ചിരിക്കുകയാണ്. അൽപമെങ്കിലും പിന്തുണ കിട്ടിയത് പപ്പയിൽ നിന്നാണ്.

ഏതു സമയവും ആലോചനയിലാണ്ടിരിക്കും. മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാതായപ്പോൾ പഠനത്തിന്‍റെ നിലവാരവും കുറഞ്ഞു. സുമിതയുടെ സർഗ്ഗശേഷിയുടെ പ്രകടനമായി ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവ് ആർക്കുമുണ്ടാവില്ല. പക്ഷേ കോളേജിലെ അധ്യാപകർക്ക് അവളുടെ കഴിവ് മനസ്സിലായിരുന്നു. വളരെ പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുന്ന കുട്ടി എന്ന് ഇംഗ്ലീഷ് പ്രൊഫസറായ ലാൽ ജോൺ പറയുന്നത് വെറുതെയായിരുന്നില്ല.

ആര് വഴക്കു പറഞ്ഞാലും അവൾ പിണങ്ങാറില്ല. മമ്മിയുടെ ചില നേരത്ത ശകാരം അവളെ ഉലക്കുമെന്നു മാത്രം. 18 വയസ്സു കഴിഞ്ഞപ്പോൾ മുതൽ വിവാഹാലോചനകൾ വരാൻ തുടങ്ങിയതാണ്യ പക്ഷേ അവൾ സമ്മതിച്ചില്ല. വിവാഹം ഉടനെ വേണ്ടെന്ന് സുമിത ഉറപ്പിച്ചു പറഞ്ഞു. വിവാഹസ്വപ്നങ്ങൾ കാണേണ്ട പ്രയത്തിൽ അവൾ കുട്ടികളെപ്പോലെ ശലഭങ്ങളെ നോക്കി, കുഞ്ഞുപൂക്കളോട് കിന്നാരം പറഞ്ഞ് നടന്നു. കിളിക്കൂട്ടങ്ങൾക്കൊപ്പം പറക്കാന കൊതിച്ച വൈകുന്നേരങ്ങളിൽ അവൾ ധാരാളം സമയം പറമ്പിലും പാടത്തും കറങ്ങി നടക്കും.

ജീവിതത്തിൽ വിവാഹം അന്തിമമായ കാര്യമായി ഇതുവരെ അവൾക്ക് തോന്നിയിട്ടേയില്ല. വിവാഹശേഷം സ്ത്രീക്ക് മാത്രമായി ഒരു മാറ്റം എന്തുകൊണ്ട്? എല്ലാവരേയും മനസ്സിലാക്കി പെരുമാറണമെന്ന നിബന്ധനകൾ. അതും സ്ത്രീക്ക് മാത്രം. എന്തുകൊണ്ടാണിങ്ങനെ?

സ്ത്രീജീവിതത്തെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സന്ദേഹങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു. തകഴിയുടേയും എം.ടിയുടേയും മാധവിക്കുട്ടിയുടേയും ആരാധകയായ സുമിതയ്ക്ക് സ്ത്രീ കഥാപാത്രമായ കഥകളെഴുതാനായിരുന്നു കൂടുതലിഷ്ടം.

ജീവിതത്തോടു പോരാടിത്തന്നെ മികച്ച സാഹിത്യ സൃഷ്ടികൾ വായാനാപ്രേമികൾക്ക് നൽകിയ മഹാശ്വേതാദേവിയുടെ അനുഭവങ്ങൾ അവളെ ഏറെ സ്വാധീനിച്ചു. സിക്കന്ദർ മഹാൻ, ഐൻസ്റ്റീൻ എഡിസൺ, എപിജെ അബ്ദുൾ കലാം തുടങ്ങിയ മഹാരഥന്മാരുടെ ജീവിതത്തെക്കുറിച്ച് അവൾ ചിന്തിച്ചിരിക്കും. അവളുടെ കഥകളിലും കവിതകളിലും അതിന്‍റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. ഇങ്ങനെ എഴുത്തും വായനയും വരയും ചിന്തയുമായി നടക്കുമ്പോഴാണ് മനസ്സിനെ കുത്തിനോവിച്ച് മമ്മിയുടെ ശകാരം ചെവികളിൽ തുളഞ്ഞു കയറുന്നത്.

ഒരു കരച്ചിലിനുള്ള വഴി ഇന്നും തുറന്നു കാട്ടി എന്നൊക്കെ ചിന്തിച്ച് അവൾ മനസ്സിനെ അശ്വസിപ്പിക്കാൻ ശ്രമിക്കും. പക്ഷേ, ഇന്നലെ അനിയന്‍റെ കളർപെൻസിൽ എടുത്തതിന് അവരെല്ലാം കൂടി തന്നെ ഇത്രയും വഴക്കു പറഞ്ഞത് എന്തിനാണെന്ന് സുമിതയ്ക്ക് അതിശയം തോന്നി.

രാവിലെ വൈകിയാണ് ഉണർന്നത്. അൽപം കഴിഞ്ഞപ്പോഴേക്കും കൽപ്പന വന്നു. പുതിയ ചുരിദാറിൽ അവൾ വളരെ സുന്ദരിയായിരിക്കുന്നു. ഉദാസീനമായ മുഖത്തോടെ സുമിത അവളെ നോക്കി. കോളേജിൽ പോകാറായോ? അവൾ വാച്ച് ശ്രദ്ധിച്ചു. സമയം 8.30

“സുമീ, നീ വരുന്നില്ലേ?”

“ഉണ്ടല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു ചെയ്യാൻ?” അവൾ വേഗം ബാത്ത്റൂമിലേക്ക് നടന്നു. ഞൊടിയിടയിൽ കോളേജിലേക്ക് യാത്രയായെങ്കിലും അവളുടെ മനസ്സ് എങ്ങും ഉറയ്ക്കുണ്ടായിരുന്നില്ല.

“നിന്‍റെ മൂഡ് ഇതുവരെ ശരിയായില്ലേ?”

“ഇല്ല കല്ലൂ…”

“വീട്ടിൽ വഴക്കുണ്ടക്കി അല്ലേ?”

“അതേ. പതിവു കാര്യം തന്നെ. പക്ഷേ ഇന്നെന്തോ ഒന്നും മറക്കാൻ പറ്റുന്നില്ല.”

“എടാ. അമ്മ വഴക്കു പറയുന്നത് നിന്‍റെ നന്മയ്ക്കു വേണ്ടിയാണെന്ന് കരുത്.”

“നന്മ… ഇങ്ങനെയാണോ നന്മ വരുന്നത്…” സുമിത ഓർത്തു. അവർ സംസാരിച്ചിരിക്കേ ശ്രീകുമാരി ടീച്ചർ പുഞ്ചിരിയോടെ സമീപത്തേക്കു വരുന്നു.

“ഗുഡ്മോണിംഗ് മാം… ”

“വെരി ഗുഡ്മോണിംഗ്. എന്താ സുമിതയുടെ മുഖത്തൊരു വാട്ടം?”

“ഒന്നുമില്ല മാം. രാത്രി ഉറങ്ങാൻ വൈകി.”

“സുമിതാ, നിനക്ക് ഒരു സന്തോഷവാർത്തയുണ്ട്…”

“എനിക്ക്…..” അവൾ അദ്ഭുതപ്പെട്ടു.

“നീ കഥ എഴുതിയില്ലേ… ഈ പേപ്പർ നോക്ക്…” ടീച്ചർ പത്രമെടുത്ത് നീട്ടി. “രാജ്യാന്തര കഥാമത്സരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.”

“നോക്കട്ടെ….” കൽപന പത്രം തട്ടിയെടുത്ത് വായിച്ചു.

“ഹായ്… ഒന്നാം സമ്മാനം 1 ലക്ഷം രൂപയാണ്. അതും മുഖ്യമന്ത്രി പുരസ്കാരദാനം നിർവ്വഹിക്കും.”

“നീ ഇതെന്തായാലും അയയ്ക്ക്…” അവൾ ആലോചിച്ചിരിക്കേ ടീച്ചർ പറഞ്ഞു, “സുമീ ആലോചിച്ചിരിക്കാനൊന്നുമില്ല ഉടനെ കഥ അയയ്ക്ക്?”

വീട്ടിൽ കാര്യം പറഞ്ഞപ്പോൾ പതിവുപോലെ മമ്മി പ്രതിഷേധിച്ചു.

“എക്സാമിന് പഠിക്കാനുള്ളതാ. നീ കഥയെഴുതി സമയം കളഞ്ഞോ. ഇത്തവണ ഫസ്റ്റ്ക്ലാസ് വാങ്ങിയില്ലെങ്കിൽ കോളേജിൽ പോക്ക് നിർത്തണം. പറഞ്ഞില്ലെന്നു വേണ്ട.”

അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. കരച്ചിൽ അടക്കിപ്പിച്ചു. പിന്നെ മുറിയിൽ കയറി വാതിലടച്ചു. സൃഷ്ടിയിൽ വേദനയുണ്ടാകും. കഥയായാലും അങ്ങനെ തന്നെ. കഥാരചനയുടെ ഇടവേളകളിൽ പരീക്ഷാക്കാലം നിറംമങ്ങി കടന്നുപോയി.

മമ്മിയുടെ ശകാരത്തിന് മൂർച്ച കൂടി വരുന്നു. അടുക്കാറായിട്ടാകണം. ഉച്ചയ്ക്ക് പാതി മയക്കത്തിലാണ് ആ ഫോൺ കോൾ വന്നത്. ഡൽഹിയിലെ രാജ്യാന്ത കഥാപുരസ്കാര സമിതി ഓഫീസിൽ നിന്നാണ്. ഉദയനാണ് ഫോണെടുത്തത്. അവൻ സ്തബ്ധനായി നിൽക്കുന്നു.

“ചേച്ചി, ചേച്ചിക്കാണ് ഫസ്റ്റ്പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും.”

പിന്നെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ഒരു നിമിഷം കൊണ്ട് സുമിത സ്റ്റാറായി. വീട്ടിൽ പത്രക്കാരുടേയും സുഹൃത്തുക്കളുടേയും സാംസ്കാരികനായകന്മാരുടേയും ബഹളം. അൽപം അകന്നു നിന്ന സുനന്ദയേയും മമ്മിയേയും കൂടി ക്യാമറയ്ക്കു മുന്നിലേക്ക് വലിച്ചു നിർത്തുമ്പോൾ സുമിതയുടെ കണ്ണ് വീണ്ടും നിറഞ്ഞു. സന്തോഷത്തിന്‍റെ കണ്ണീർ.

ഉത്തരം തേടുന്ന ചോദ്യങ്ങൾ

ഷൈലജയുടെ കാൽ ആക്സലേറ്ററിൽ അമർന്നുകൊണ്ടേയിരുന്നു. പോരാ, സ്പീഡ് ഇത്രയും പോരാ എന്നായിരുന്നു അപ്പോൾ, മനസ്സിന്‍റെ പാച്ചിൽ. ആരൊയൊക്കെയോ തോൽപിക്കാൻ, എന്തിനെയൊക്കെയോ പേടിച്ചുള്ള ഒരു മരണപ്പാച്ചിൽ..

ആലുവായിലുള്ള അമ്മവീട്ടിൽ നിന്നിറങ്ങിയപ്പോൾ വിമൻസ് ക്ലബ്ബിലൊന്നു കയറി. എല്ലാ മുഖങ്ങളിലും ഒരു അവിശ്വസനീയത കാണാമായിരുന്നു. പെട്ടെന്ന് ലതിക ലത്തീഫ് വന്ന് കരം ഗ്രഹിച്ചു.

“ഹലോ ഷൈലു, നീയിപ്പോഴെത്തിയതേയുള്ളോ?”

മറുപടി അവൾക്കാവശ്യമില്ലായിരുന്നു. ചുണ്ടുകോട്ടി ഒന്നു ചിരിച്ചശേഷം മറിയ പോളിന്‍റെയടുത്തേക്ക് ചെന്നു. തന്നെ കണ്ടപ്പോൾ അവൾ പരുങ്ങുന്നതായി തോന്നി. അവൾ പ്രതീക്ഷിക്കുന്നതിനു മുമ്പു തന്നെ തന്‍റെ വലതുകൈ അവളുടെ ഇടതുകവിളിൽ ശക്തിയായി പതിച്ചു കഴിഞ്ഞിരുന്നു. അവൾക്കറിയാം താനെന്തിനാണ് അത് ചെയ്തതെന്ന്. സ്തംഭിച്ചു നിൽക്കുന്നവരെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് പുറത്തേക്കു നടന്നു.

നേരെ കാറിൽ കയറി റിവേഴ്സെടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആരോ പറയുന്നതു കേട്ടു “ഇതവളുടെ ഒടുക്കത്തെ പോക്കാകട്ടെ…”

ഒന്നു തിരിഞ്ഞു നോക്കി. അതു പറഞ്ഞവളാരാണെന്നു മനസ്സിലായില്ല. കാർ പുറത്തേക്കെടുക്കുമ്പോൾ മനസ്സു പറഞ്ഞു, “അതേ, ഇതെന്‍റെ ഒടുക്കത്തെ  പൊക്കു തന്നെയാണ്.”

നാഷണൽ ഹൈവേയിൽ കൂടി കാർ ഓവർസ്പീഡിൽ പാഞ്ഞു. പനമ്പള്ളി നഗറിലെ തന്‍റെ വീടായിരുന്നു ലക്ഷ്യം. ഒരുപാട് ശാപങ്ങൾ തന്‍റെ തലയ്ക്കു മുകളിലുണ്ട്. അത് സാധ്യമാവുന്നെങ്കിൽ… അത് തന്‍റെ കാറോട്ടത്തിൽക്കൂടി തന്നെയായാൽ അതല്ലേ നല്ലത്. ഒന്നുരണ്ടിടത്ത് ട്രാഫിക് പോലീസ് കൈകാണിച്ചു. കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു പാഞ്ഞു. ഒരു പെണ്ണായതുകൊണ്ട് അവർ തന്നെ പിന്തുടർന്നുവരില്ല. നമ്പർ നോട്ട് ചെയ്യുന്നതു കണ്ടു. തന്‍റെ വേഗത കണ്ടിട്ടാവണം എതിരെ വരുന്ന വാഹനങ്ങൾ ഒതുങ്ങിപ്പോയിരുന്നു. അവർ കരുതിയിരിക്കും… ഇവൾ രണ്ടും കൽപിച്ചിറങ്ങിയവൾ തന്നെയാണ്.

ഷൈലജയ്ക്ക് തന്നോടുതന്നെ വെറുപ്പു തോന്നി. കാറിന്‍റെ സാപീഡിനൊത്ത് മനസ്സും പിന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ഒന്നും ആഗ്രഹിച്ചിരുന്നില്ല. കാരണം ഒരു മിഡിൽക്ലാസ് ഫാമിലിയിൽ ജനിച്ചു വളർന്ന തനിക്ക് അതിനർഹതയുണ്ടെന്നു തോന്നിയില്ല. താൻ ജനിച്ചതേ ശാപം എന്നു കരുതുന്ന ബന്ധുക്കളുടെ മുന്നിൽപ്പെടാതെ അകന്നുമാറി എന്നും അമ്മയോടൊട്ടി നിൽക്കുവാനായി വെമ്പൽ കൊണ്ടു. എന്തോ കണ്ടു ഭയന്നു പകച്ചു. ഏങ്ങളടി കൂടി മറന്ന്, അരക്ഷിതാവസ്ഥയിലെന്നപോലെ നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ രൂപം മനസ്സിലെപ്പോഴും മായാത നിൽക്കുന്നു. അത് തന്‍റേതായിരുന്നെന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണീ വെറുപ്പ്. തന്നെ എതിർക്കുന്ന എല്ലാറ്റിനോടും ഒരു പക. ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നൊരു വാശി.

അമ്മ, അമ്മാവന്മാരുടെ മുന്നിൽ കാശിനായി കൈ നീട്ടുമ്പോൾ തനിക്ക് അവരോടായിരുന്നില്ല വെറുപ്പ്. അച്ഛനോടായിരുന്നു. ഒരിക്കലും അമ്മയുടെ കണ്ണിൽ നീര് പൊടിയരുതെന്ന് ആശിച്ചു. അതിനായി മനസ്സിനെ സജ്ജമാക്കുകയായിരുന്നു അപ്പോൾ മുതൽ.

അച്ഛനും അമ്മയും തെറ്റിയതെന്തിനെന്ന് ഇപ്പോഴും തനിക്കറിയില്ല. ഒരുപാട് നാൾ അടുത്തറിഞ്ഞതിനു ശേഷം ഒന്നായവർ. രണ്ടുപേരുടേയും ഫാമിലി സ്റ്റാറ്റസ് വളരെ കേമം അച്ഛന്‍റെ വീട്ടുകാർക്കെല്ലാം എന്നും തന്നെ ഏറെ ഇഷ്ടമായിരുന്നു.

അച്ഛമ്മ മരിച്ചതറിഞ്ഞ് അച്ഛന്‍റെ അനിയത്തി (ചിറ്റ) വന്നപ്പോഴാണ് ഞാനവരെ ആദ്യമായി കണ്ടത്. അച്ഛമ്മയുടെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി. തന്നോടവർക്ക് എന്തിഷ്ടമായിരുന്നു, അമ്മൂ… എന്നുള്ള വിളി ഇപ്പോഴും കാതിലുണ്ട്.

എന്നേക്കാൾ അഞ്ച് വയസ്സിനിളയതായിരുന്നു ചിറ്റയുടെ മോൾ. അന്നെനിക്ക് എട്ട് വയസ്സായിരിക്കണം. ചിറ്റ എന്നെ മടിയിൽ വച്ച് കൊഞ്ചിക്കുമ്പോഴെല്ലാം എനിക്കെന്ത് സന്തോഷമായിരുന്നു. ചിറ്റയുടെ മോൾ നീനു ആയിരുന്നു എന്‍റെ കൂട്ടുകാരി. അവൾ ചേച്ചീ… ചേച്ചീയെന്ന് വിളിച്ച് പിറകേ നടക്കുമ്പോൾ താൻ ഏതോ വലിയ ലോകത്തെത്തിയതുപോലെ തോന്നി.

ചിറ്റ വളരെ സ്ട്രിക്റ്റായിരുന്നു. അതുകൊണ്ട് ഭയങ്കര പേടിയായിരുന്നു. പക്ഷഏ, ഒരിക്കൽപോലും വഴക്കു പറയുകയോ ശാസിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടില്ല. വല്യമ്മമാർ അമ്മയോട് തന്നെക്കുറിച്ച് കളിയാക്കി പറയുന്നതും മറുപടിക്കായ് അമ്മ പതറുന്നതും ഞാൻ പലതവണ കണ്ടിട്ടുണ്ട്. പക്ഷേ അമ്മ ചിറ്റയുടെ അടുക്കൽ എന്തു പറഞ്ഞാലും “സാരമില്ല ഏട്ടത്തിയമ്മേ, അവൾ മിടുക്കിയാവും” എന്നായിരിക്കും മറുപടി.

ഓർമ്മകൾ കാടുകയറുന്നതായി തോന്നി. പിടിച്ചിട്ടു കിട്ടുന്നില്ല. കൈകൾ സ്റ്റിയറിംഗിനെ എങ്ങനെയോ നിയന്ത്രിക്കുന്നു. തന്‍റെ ചിന്തകൾക്കാണോ കാറിനാണോ സ്പീഡ് അധികം…

അച്ഛന്‍റെ ഉപേക്ഷിച്ചു പോകലും അമ്മയുടെ നിസ്സഹായാവസ്ഥയും തന്നെ ഒരു മന്ദബുദ്ധിയാക്കിയെന്ന് അമ്മാവന്മാരും വിചാരിച്ചു. എന്നാൽ തന്‍റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന, എന്താ പറയുക… സിംഹം ഒരു നായ് ആവാൻ തയ്യാറല്ലായിരുന്നു. എല്ലാവരുടേയും നിർബന്ധത്താൽ വീണ്ടും അച്ഛനും അമ്മയും ഒത്തുചേർന്നു. അപ്പോഴും എനിക്ക് ആരുമായും ഒത്തുചേരാനായില്ല.

സെന്‍റ്മേരീസ് കോൺവെന്‍റ് സ്കൂളിൽ നിന്ന് പത്താംതരം പാസ്സായി പുറത്തു വന്നപ്പോൾ അഹങ്കാരം തോന്നിയെന്ന് പറയുകയാകും ശരി. സ്കൂളിൽ ഫസ്റ്റ് ആയതിന്‍റെ ആരോടൊക്കെയോ പക തീർതത്തിന്‍റെ, ഒരു മന്ദബുദ്ധിയല്ലല്ലോയെന്ന് തെളിയിച്ചതിന്‍റെ അഹങ്കാരം.

പിന്നെ കോളേജിൽ പ്രീ ഡിഗ്രിക്ക് അമ്മയുടേയും അച്ഛന്‍റെയും ഇഷ്ടപ്രകാരം മാത്ത്സ് ഗ്രൂപ്പ് എടുത്തപ്പോഴും അവർ വിചാരിച്ചു ഞാൻ നല്ല കുട്ടിയായി തീർന്നിരിക്കുന്നുവെന്ന്. പക്ഷേ, എന്‍റെ ഉള്ളിൽ വാശി കൂടുകയായിരുന്നു.

പ്രീഡിഗ്രി നല്ല മാർക്കോടെ പാസ്സായപ്പോൾ അച്ഛൻ പറഞ്ഞു, എഞ്ചിനീയറിംഗിന് ചേരണമെന്ന്. അമ്മയുടെ അഭിപ്രായവും അതായിരുന്നു. പക്ഷേ, താൻ ആദ്യമായി എതിർപ്പ് കാണിച്ചു തുടങ്ങിയത് അന്നു മുതൽക്കായിരുന്നു. എനിക്ക് ഫ്രെഞ്ച് ബി. എയ്ക്ക് ചേർന്നാൽ മതിയെന്ന് വാശിപിടിച്ചു. അങ്ങനെയവർ എന്‍റെ വാശിക്കു വഴങ്ങി. ഞാൻ എറണാകുളത്തെ പ്രസിദ്ധമായ സെന്‍റ് തെരേസാസ്സ് കോളേജിലെ സ്റ്റുഡന്‍റായി. അവിടെ തുടങ്ങി എന്‍റെ ജൈത്രയാത്ര.

ആരുടെയും അഭിപ്രായങ്ങൾക്ക് ഞാൻ ചെവികൊടുത്തില്ല. അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

“ഷൈലു, ഇത് കേരളമാണ്. പെൺപിള്ളേർക്ക് കുറച്ച് അടക്കവും ഒതുക്കവും വേണം. തറവാടിന്‍റെ സൽപേര് കളയരുത്.”

ഇത് കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരിക. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, മന്ദബുദ്ധിയെന്ന് തന്നെ എഴുതിത്തള്ളിയത് ഈ തറവാടല്ലേയെന്ന് ചോദിക്കുവാൻ. പി്നെ ഓർത്തു, സമയമായില്ല. വരട്ടെ. അച്ഛൻ കൊച്ചുന്നാൾ തരാതെ പോയ സ്നേഹം വാരിച്ചൊരിയുകയായിരുന്നു. തന്‍റെ ഇഷ്ടം എന്തോ, അതായിരുന്നു അച്ഛന്‍റെയും ഇഷ്ടം. പലപ്പോഴും അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അച്ഛൻ പറയും…

“അവൾ കുട്ടിയല്ലേ. അവളുടെ ആഗ്രഹം എന്താണെന്നു വച്ചാൽ അതായിരിക്കട്ടെ.”

ഒരിക്കലും ഒന്നിനും എതിർക്കാതിരുന്ന അച്ഛൻ. ഇന്ന് അച്ഛന് എന്നെകാണുമ്പോൾ ചതുർത്ഥിയാണ്. എത്ര തന്നെ സ്നേഹിച്ചിരുന്നുവോ, അത്രയ്ക്കധികം വെറുക്കുന്നുണ്ടോ? ഒരു സംശയം എന്തായാലും എന്‍റെ പാത ഞാൻ തന്നെ തീരുമാനിച്ചു.

ബി. എ കഴിഞ്ഞപ്പോൾ ഫ്രെഞ്ചിൽ എം. എയ്ക്ക് ചേരണമെന്നായി. മദ്രാസ് യൂണിവേഴ്സിറ്റിയിലോ പോണ്ടിച്ചേരിയിലോ പോകണം. അതിന് അമ്മയ്ക്ക് ഒട്ടും തന്നെ ഇഷ്ടമില്ലായിരുന്നു. അതിനിടയിൽ പറ്റിയ അബദ്ധത്തെക്കുറിച്ചാണ് ഓർത്തത്. അറിയാതെ തന്നെ, അതോ അറിഞ്ഞോ തന്നെ കളിയാക്കിയിരുന്നവരുടെ മുന്നിൽ ഞാനും വലുതായിയെന്നു കാണിക്കാനുള്ള അൽപത്തരമോ എന്തോ അറിയാതെ ഒരു പ്രേമബന്ധത്തിൽ കുരുങ്ങി. ശരി ഇതായിരിക്കും… പുള്ളിക്കാരന്‍റെയും കൂടി അനുവാദത്തോടെയാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഫ്രെഞ്ച് എം. എ യ്ക്ക് ചേർന്നത്.

പക്ഷേ, പിന്നീട് മനസ്സിലായി. തന്നെയെപ്പോഴും സംശയത്തോടെ നോക്കുന്നയാളുടെ ഭാര്യയായിരിക്കുന്നതിലും ഭേദം വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന്. യൂണിവേഴ്സിറ്റി മിഡ്ടേം എക്സാം തുടങ്ങുന്നതിനു മുമ്പുതന്നെ അയാളോട് ഗുഡ്ബൈ പറഞ്ഞു. വിവാഹനിശ്ചയം നടന്നതിനാൽ അവർ അതിൽ പിടിച്ച് പല കോളിളക്കങ്ങളും ഉണ്ടാക്കി. അത് എങ്ങനെയെല്ലാമോ അച്ഛൻ ഒതുക്കിത്തീർത്തു.

ഇനിയൊരിക്കലും ഇങ്ങനെയൊരബദ്ധം പറ്റരുതെന്ന വാശിയോടെ പഠിപ്പിൽ മാത്രം ശ്രദ്ധിച്ചു. കോളേജും ഹോസ്റ്റലുമായി കഴിഞ്ഞു.

മാസങ്ങൾ കടന്നുപോയതറിഞ്ഞില്ല. എം. എ ഫസ്റ്റ് ഇയർ എക്സാം എഴുതി സംതൃപ്തിയോടെ ഹോസ്റ്റലിലേയ്ക്ക് നടക്കാനൊരുങ്ങുമ്പോഴാണ് പുറകിൽ നിന്നും ആ വിളി കേട്ടത്.

“ഹലോ ഷൈലജാ, ഒരു അഞ്ച് മിനിട്ട് എനിക്കായ് സ്പെൻഡ് ചെയ്യാമോ?”

കോളേജിലെ ഏറ്റവും സ്മാർട്ടായ വ്യക്തി, ബുദ്ധിജീവി, സ്പോർട്സ്മാൻ, കവി… അലോഷിയെന്നു വിളിക്കുന്ന അലോഷ്യസ് ജോസഫ്. എന്തിനാണ് അയാൾ തന്നെ കാത്തു നിന്നത്? ചെല്ലണോ? ഒന്നു സംശയിച്ചു. പിന്നെ വിചാരിച്ചു. എന്‍റെ തന്‍റേടം എന്നെ രക്ഷിക്കും.

അയാളുടെ കൂടെ കോളേജ് കാന്‍റീനിലേക്ക് നടക്കുമ്പോൾ ഒട്ടും പേടി തോന്നിയില്ല.

“എന്തിനാണ് മിസ്റ്റർ അലോഷ്യസ് വിളിച്ചത്?” ഒട്ടും മടിക്കാതെ ചോദിച്ചു.

“വരൂ നമ്മുക്കിവിടെ ഇരിക്കാം. അതിനു ശേഷം സംസാരിക്കാം.”

കാന്‍റീനിൽ മുഖാമിരുന്നപ്പോൾ അയാൾ നിശ്ശബ്ദനായി. എന്തോ പറയാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നി.

“കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു. എന്തോ ഒരു ദുഃഖം. ആരോടോ ഉള്ള വാശി. എന്തിനെയൊക്കെയോ ഉള്ള ഒരു പക. എല്ലാം തന്‍റെയുള്ളിലുണ്ട്. കൂട്ടുകാരുമായി പങ്കുവച്ചാൽ മനസ്സിന്‍റെ വിഷമം മുക്കാൽ പങഅകും മാറിക്കിട്ടും. തനിക്കാണെങ്കിൽ… ഒരു കൂട്ടുകാരെയും ഇതുവരെ കണ്ടിട്ടില്ല. വരുന്നതും പോകുന്നതും ഒറ്റയ്ക്ക്. വിരോധമില്ലെങ്കിൽ തനിക്ക് എന്നെ ഒരു ഗുഡ് ഫ്രണ്ടായി കാണാം. നമുക്ക് ഗുഡ് ഫ്രണ്ടായിരിക്കാം. എന്താ തന്‍റെ അഭിപ്രായം?”

അലോഷ്യസിന്‍റെ ചോദ്യം കേട്ട് ഒന്ന് അന്ധാളിച്ചു. ഒന്നും മിണ്ടാതിരുന്നപ്പോൾ വീണ്ടും അയാൾ പറഞ്ഞു തുടങ്ങി, “ഷൈലജാ, താൻ ഹോസ്റ്റലിൽ പോയിരുന്ന് ഒന്നാലിച്ചുനോക്കൂ അതിനുശേഷം… ഇതാണ് എന്‍റെ സെൽ നമ്പർ. ഇതിലേയ്ക്ക് ഒരേയൊരു വാക്ക് എസ് എം എസ് അയയയ്ക്കുക. യെസ് ഓർ നോ.”

അയാളെഴുന്നേറ്റ് നടന്നു പോകുന്നത് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് താനും എഴുന്നേറ്റ് കാന്‍റീനിൽ നിന്നും പുറത്തുകടന്നു.

ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ആലോചിച്ചു, ആയാളുടെ അഭിപ്രായം സ്വീകരിക്കണമെ, വേണ്ടയോ? മനസ്സ് രമ്ടു തട്ടിലുംഒരേ പോലെ നിന്നു. അവസാനം ഒരു ഫ്രണ്ട് എന്നല്ലേ പറഞ്ഞത് സ്വീകരിക്കാം. ഒരു നല്ല കൂട്ട് എപ്പോഴും നല്ലതാണ്. ഉറച്ച തീരുമാനമെടുത്തതിനു ശേഷം അയാളുടെ സെല്ലുലാർ ഫോണിലേക്ക് യെസ് എന്ന മെസ്സേജയച്ചപ്പോൾ കൈകൾ വിറച്ചിരുന്നു.

തികച്ചും ജെന്‍റിൽമാൻ ആയിരുന്നു അലോഷ്യസ്. എന്തിനും തയ്യാറായ നല്ല പെരുമാറ്റം. വിഷമങ്ങൾ പറയുമ്പോൾ ക്ഷമയോടെ കേട്ടിരിക്കും. അതിനുശേഷം അതിന് നല്ലൊരു സോൾവിംഗ് മെത്തേഡ് പറഞ്ഞുതരും.

പയ്യെപ്പയ്യെ ഞങ്ങളുടെ അടുപ്പം ഒരു പ്രണയബന്ധത്തിലായത് അറിഞ്ഞില്ല. പക്ഷേ, വിവാഹത്തിനു ശേഷം നമുക്ക് പ്രണയിക്കാം എന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു. എംഎ പാസായി എം ഫിലിനു ചേർന്നു രണ്ടുപേരും. അത് കഴിഞ്ഞപ്പോൾ പി എച്ച് ഡി എടുത്താലെന്താ എന്നൊരു തോന്നൽ തന്നിലുണ്ടായി. അലോഷ്യസ് എതിരൊന്നും പറഞ്ഞില്ല. അയാൾ യൂണിവേഴ്സിറ്റിയിൽ തന്നെ ജോലിയ്ക്ക് ജോയിൻ ചെയ്തു.

പി എച്ച് ഡി ക്കായി പ്രിപ്പെയർ തുടങ്ങാം എന്നു കരുതിയിരിക്കുമ്പോഴാണ് അമ്മ തനിക്ക് വിവാഹാലോചന തുടങ്ങിയത്.

എത്ര എതിർത്തിട്ടും അച്ഛനും അമ്മയും അതിൽ ഉറച്ചു നിന്നു. അവരുടെ മനസ്സ് മാറ്റാൻ കഴിയില്ലെന്നു വന്നപ്പോൾ അലോഷിയുടെ കാര്യം പറയേണ്ടി വന്നു. എല്ലാവരും എതിർത്തു. പക്ഷേ, താൻ പിടിച്ച പിടിയിൽ തന്നെ നിന്നു. അതോടെ അച്ഛൻ എന്നെന്നേക്കുമായി തന്നെ ഉപേക്ഷിച്ചു. അമ്മാവന്മാർ കണ്ട ഭാവം നടിക്കാതെയായി. അമ്മ മാത്രം അനുകൂലിച്ചു. അച്ഛൻ വീണ്ടും അമ്മയിൽ നിന്നകന്നു. എന്നിട്ടും അമ്മ തന്നോട് ചേർന്നു നിന്നു. അമ്മ ചിറ്റയെ വിളിച്ച് വിവരം പറഞ്ഞു.

“അവളുടെ ഇഷ്ടം അതാണെങ്കിൽ അതു നടക്കട്ടെ ഏട്ടത്തിയമ്മേ, മതം ഏതായാലും മനസ്സിന്‍റെ ഇഷ്ടം നോക്കിയാൽപ്പോരേ?” ഇതായിരുന്നു ചിറ്റയുടെ മറുപടി.

അലോഷിയുമായി സംസാരിച്ചു. തൽക്കാലം പി എച്ച് ഡി വേണ്ടെന്ന് തീരുമാനിച്ച് താനും യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു.

കല്യാണം രജിസ്റ്റർ ഓഫീസിൽ വച്ചാവാം എന്ന് തീരുമാനിച്ചു. പക്ഷേ, തനിക്ക് ഒരു വാശിയുണ്ടായിരുന്നു. എല്ലാം ബന്ധുക്കളേയും ക്ഷണിക്കണം. ഇഷ്ടമുള്ളവർ വരട്ടെ. അച്ഛന്‍റെയും അമ്മയുടെയും ബന്ധത്തിലുള്ളവരെയെല്ലാം. ക്ഷണിച്ചു. എല്ലാവരും ഒരു പുഞ്ചിരിയോടെ നോക്കി. ചിറ്റയെ ക്ഷണിച്ചപ്പോൾ ചിറ്റയുടെ വാക്കുകളുടെ അർത്ഥം ഇന്നും തനിക്ക് മനസ്സിലായിട്ടില്ല. “മോളേ അമ്മൂ പണ്ടുള്ളവർ പറയും ലൈഫ് ഈസ് നോട്ട് എ ബെഡ് ഓഫ് റോസസ്സ് എന്ന്, എന്നാൽ ചിറ്റയ്ക്ക് അതിനോട് യോജിപ്പില്ല.”

“പക്ഷേ, കല്യാണം? ജീവിതം… എല്ലാം ഒരു ലഡു പോലെയാണ്. അത് ഉതിർന്നു പോകാതെ നോക്കണം.”

ഒന്നും മിണ്ടാതെ ചിറ്റയ്ക്ക് ദക്ഷിണ കൊടുത്തു മടങ്ങിപ്പോരുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. എല്ലാം കഴിഞ്ഞ് തിരിച്ച് കോളേജിൽ എത്തിയപ്പോൾ അലോഷി ഒരാഴ്ചയായി വന്നിട്ടില്ലെന്നറിഞ്ഞു. കല്യാണത്തിന് രണ്ടുദിവസം കൂടിയുണ്ട്. പെട്ടെന്ന് മനസ്സ് പരിഭ്രമിക്കാൻ തുടങ്ങി. അലോഷി കാലുമാറിയോ? അറിയാതെ മനസ്സ് മന്ത്രിച്ചു. വേഗം സെൽ എടുത്തു നമ്പർ ഡയൽ ചെയ്തു.

നമ്പർ ഈസ് നോട്ട് റീച്ചബിൾ എന്ന റിപ്ലൈ.

നാളെയാണ് കല്യാണം. ഇതുവരെ അലോഷിയുടെ വിവരം ഒന്നും കിട്ടിയിട്ടില്ല. അയാളുടെ റൂംമേറ്റ് രാജുവിനെ കാണാമെന്നു കരുതി ലോഡ്ജിലേക്ക് എത്തേണ്ടി വന്നില്ല. അതിനു മുമ്പേ രാജു എതിരെ വരുന്നത് കണ്ടു. അയാൾ അടുത്തെത്തിയപ്പോൾ തന്നെ കാണാത്ത മട്ടിൽ ഒഴിഞ്ഞുപോകാൻ ശ്രമിച്ചു.

“രാജൂ, ഒന്നു നിൽക്കുമോ? ഒരു കാര്യം ചോദിക്കാൻ” അയാൾ നിന്നു.

“രാജു, അലോഷി എവിടെപ്പോയതാണ്? അറിയുമോ? വിവരങ്ങളെല്ലാം അലോഷി രാജുവിനോട് പറഞ്ഞില്ലേ? നാളെയാണ്…”

അയാൾ ഒന്നും മിണ്ടാതെ കുറച്ചുനേരം നിന്നു.

“ഷൈലജേ… ഐ ആം വെരി സോറി. അലോഷിയുടെ കല്യാണം കഴിഞ്ഞ തിങ്കളാഴ്ച കഴിഞ്ഞു. താൻ അന്ന് നാട്ടിലായിരുന്നു. നമ്മുടെ കൂടെ പഠിച്ച മരിയാ പോളിന്‍റെ കസിനാണ്. താൻ അവനെ മറന്നേക്കൂ. അവൻ ജോലി റിസൈൻ ചെയ്യുകയാണ്. അവൻ ഫ്രാൻസിലേക്ക് പോവുകയാണത്രേ..”

ഇത്രയും പറഞ്ഞ് അയാൾ വേഗം തിരിച്ചു നടന്നു. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. വീണ്ടും അബദ്ധം പറ്റിയിരിക്കുന്നു. വീട്ടുകാർ പറുന്നതു പോലെ താൻ മന്ദബുദ്ധിയാണ്. ഇവിടെ താൻ വിതച്ചതു തന്നെ കൊയ്തിരിക്കുന്നു. ഇനി ഒരു കാത്തിരിപ്പിന്‍റെ ആവശ്യമില്ല.

പോകാം സ്വതന്ത്രമായി.

പെട്ടെന്ന് കാറിന്‍റെ പിന്നിൽ ശക്തിയായി എന്തോ വന്നിടിച്ചു. കാർ നിയന്ത്രണം വിട്ട് സൗത്ത് ഓവർബ്രിഡ്ജിന്‍റെ കൈവരി തകർത്തുകൊണ്ട് താഴേക്കു മറിഞ്ഞുകഴിഞ്ഞു.

എല്ലാം മറ്റൊരു ജന്മത്തിലേക്കുള്ള യാത്രയുടെ തുടക്കം. തനിക്ക് കിട്ടുവാനുള്ള ഉത്തരങ്ങൾ തേടി ഒരു യാത്ര.

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് അവസാന ഭാഗം

കമ്പനി കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ഉമേഷ്. അതുകൊണ്ട് ഗൗതമൻ അൽപാൽപമായി വിശ്രമജീവിതത്തിലേക്ക് കടക്കാൻ തുടങ്ങി. പ്രായം 64 ആയി ഇത്രയും കാലം എന്തൊരു ഓട്ടമായിരുന്നു. ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള ഓട്ടം. അതിൽ എൺപത് ശതമാനവും വിജയിച്ചു. ഇനി സ്പീഡ് അൽപം കുറയ്ക്കാമെന്ന് ഉമ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. അവൾ രണ്ടുമാസം മുമ്പ് ഇന്ത്യയിലേക്ക് പോയിട്ട് കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്. ബന്ധുക്കളുടെ വീടെല്ലാം ചുറ്റിക്കറങ്ങി അവൾ കുറച്ചു റിലാക്സ്ഡ് ആയിട്ടാണ് മടങ്ങിവന്നത്.

നാട്ടിൽ നിന്ന് കുറേയധികം വിഭവങ്ങളുമായിട്ടാണ് ഉമയുടെ വരവ്. ഉർവ്വശി ഗർഭിണിയാണെന്നറിഞ്ഞതിനാൽ ബന്ധുക്കൾ എല്ലാവരും തന്നെ പലവിധ സാധനങ്ങൾ കൊടുത്തുവിട്ടിരുന്നു.

ഉർവ്വശിക്കിത് എട്ടാം മാസമാണ് ഒരു മാസം കൂടി കമ്പനികാര്യങ്ങളിൽ സജീവമായ ശേഷം റെസ്റ്റെടുക്കാനാണ് ഉമയും രേണവും അവളോട് പറഞ്ഞത്. പക്ഷേ ഉർവ്വശിക്ക് വീട്ടിലിരിക്കണമെന്നേയില്ല. പ്ലസവത്തിന്‍റെ തലേന്നുകൂടി ജോലി ചെയ്യണമെന്നാണ് അവളുടെ ചിന്ത. വീട്ടിൽ നിന്ന് ഇരുപത് മിനിറ്റ് യാത്രയേയുള്ളൂ ഓഫീസിലേക്ക്. അതും കാറിലാണ് പോകുന്നത്. പിന്നെന്തിനാണ് വെറുതെ വീട്ടിലിരിക്കുന്നതെന്നാണ് അവളുടെ ചോദ്യം.

വാഷിംഗ്ടണിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ഗൗതമന്‍റെ അടുത്ത സുഹൃത്തുമായ ഡോ. സുഭാഷ് ഗോയലിനെയാണ് ഉർവ്വശി കൺസൾട്ട് ചെയ്യുന്നത്. ഇന്ത്യാക്കാരായ കുടുംബങ്ങൾ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെയടുത്താണ് പോവുക. എല്ലാ സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലെ ചികിത്സയെപറ്റി അവിടെയുള്ളവർക്കും നല്ല മതിപ്പാണ്. നോർത്തിന്ത്യനാണ് സുഭാഷ്. ഉർവ്വശിയുടെ എല്ലാ കെയറും ഡോ. ഗോയൽ നേരിട്ട് ഏറ്റെടുത്തു.

മാർച്ചിലെ ഒരു തെളിഞ്ഞ സന്ധ്യ.

ഉർവ്വശി അൽപം നേരത്തേ ഓഫീസിൽ നിന്നു പോന്നിരുന്നു. ചെറിയ വിഷമം തോന്നിയതുകൊണ്ടാണ്. അവൾ ഉമയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വീട്ടിൽ വന്നശേഷം അസ്വസ്ഥത കൂടുതലായപ്പോൾ ഉമേഷ് ഉടനെ വണ്ടിയെടുത്തു. ഗൗതമനും ഉമയും കൂടി ഉർവ്വശിയെ കാറിലേക്കു കയറ്റി.

“ഡോണ്ട് വറി മാൻ… ഞാനില്ലെ ഇവിടെ…”

ഡോ. ഗോയൽ ഉമേഷിന്‍റെ ടെൻഷൻ നിറഞ്ഞ മുഖം കണ്ട് ചിരിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.

ലേബർ റൂമിനു മുന്നിൽ ആകാംഷയോടെ കാത്തിരുപ്പ്. ഓരോ വട്ടം ഡോർ തുറക്കുമ്പോഴും ആറ് കണ്ണുകൾ അങ്ങോട്ടു നീളും.

ഡോ.ഗോയലിന്‍റെ ഹോസ്പിറ്റലിൽ ഓരോ ഗർഭിണിക്കും പ്രത്യേകം ലേബർ റൂം ഉണ്ട്. അതോട് ചേർന്ന ഫാമിലിക്ക് പ്രത്യേകം വെയ്റ്റിംഗ് റൂം. ലേബർ റൂമിൽ ഭർത്താവിന് മാത്രമാണ് പ്രവേശനം. ഒരു നേഴ്സ് വന്ന് ഉമേഷിനെ വിളിച്ചുകൊണ്ടുപോയി.

ഉർവ്വശിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിട്ട് അഞ്ച് മണിക്കൂറായി കാണും. പുലർച്ചയോടെ പ്രസവം ഉണ്ടാകുമെന്നാണ് ഡോ. ഗോയൽ പറഞ്ഞത്. ഫാമിലി റൂമിൽ ഉറങ്ങാനുള്ള സൗകര്യമുണ്ട്. പുലരുന്നതുവരെ ഉറങ്ങാതിരുന്ന ഗൗതമൻ അൽപനേരം റൂമിൽ വിശ്രമിച്ചു. രാവിലെ 6.45 ന് ഡോ. ഗോയൽ വന്ന് വിളിച്ചു.

“വരൂ…”

ഉമയും ഗൗതമനും അകത്തേക്കു നടന്നു. നഴ്സ് ഒരു ഇളം പൈതലിനെ ഡോ. സുഭാഷിന്‍റെ കൈവശം കൊടുത്തു.

“കൺഗ്രാചുലേഷൻസ് ഗതം… താനൊരു ഗ്രാൻപാ ആയിരിക്കുന്നു. ഇതാ തന്‍റെ ഗ്രാന്‍റ്സൺ…”

കുഞ്ഞിനെ ഗൗതമിന്‍റെ മടിയിലേക്ക് വച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു. പതുപതുഞ്ഞ വെള്ള ടൗവലിൽ പൊതിഞ്ഞ കുഞ്ഞിന്‍റെ റൊസാപ്പൂവിതൾ നിറമുള്ള മുഖത്തേക്കു നോക്കിയപ്പോൾ ഗൗതമൻ ആഹ്ലാദവാനായി. അയാൾ കുഞ്ഞിനെ ഉമ്മവയ്ക്കാനും താലോലിക്കാനും തുടങ്ങിയപ്പോൾ ഡോ. ഗോയൽ പറഞ്ഞു.

“നോ, ഗൗതം… ടോണ്ട് ടച്ച് ഹിം… നൗ, ഇപ്പോ ഉണ്ടായല്ലേ ഉള്ളൂ. കുഞ്ഞിനെ സ്പർശിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഇൻഫെക്ഷനുണ്ടാക്കും…”

ഉമയുടെ മടിയിൽ കുഞ്ഞിനെ അൽപനേരം വച്ചുകൊടുത്ത ശേഷം കുഞ്ഞിനെ നിയോനാറ്റൽ നഴ്സറിയിലേക്ക് നഴ്സ് കൊണ്ടുപോയി. ഉർവ്വശിയെ റൂമിലേക്കു മാറ്റുമ്പോഴേ ഇനി കുഞ്ഞിനെ കൊണ്ടുവരൂ. നാലു മണിക്കൂറിനു ശേഷമേ അവളെ റൂമിലേയ്ക്ക് മാറ്റുകയുള്ളൂ.

“സുഭാഷ്, ഇത്രയും ക്രൂരനാവല്ലേ. എനിക്കവനെ കണ്ട് കൊതി തീർന്നില്ല. കുറച്ചുനേരം കൂടി ഇവിടെ കിടത്തികൂടേ?”

ഗൗതമൻ കൊച്ചുകുഞ്ഞിനെപ്പോലെ കെഞ്ചി. അതുകേട്ട് ഡോ. സുഭാഷ് ഗോയൽ തലയിൽ കൈവച്ചു.

“വാട്ട് യാർ…? ഇറ്റ്സ് എ ഹോസ്പിറ്റൽ വീ ഹാവ് സം റൂൾസ് ആന്‍റ് റെഗുലേഷൻസ്…”

അമ്മയെ റൂമിലേക്ക് കൊണ്ടുവരുമ്പോൾ മാത്രമെ കുഞ്ഞിനെ ബന്ധുക്കളെ ഏൽപിക്കുകയുള്ളു.

“ചേച്ചി, ഇവന് സന്തോഷം കൊണ്ട് സമനില തെറ്റിയോ…” ഡോക്ടർ ഉമയോട് കളിയായി പറഞ്ഞു.

“രാത്രി മുഴുവൻ ഉറക്കം വിട്ടിട്ടുണ്ടാവും. ഗൗതം… ഞാൻ നിന്നെ ഡ്രോപ് ചെയ്യാം. ഇനി ഇവിടെ നിൽക്കണമെന്നില്ല.”

“ഒ.കെ. പക്ഷേ എനിക്ക് ഉർവ്വശിയെ കണ്ട് സംസാരിക്കണം.” ഗൗതമൻ പറഞ്ഞു.

“ശരി, എങ്കിൽ ഞാൻ ഒ.പിയിൽ പോയിവരാം. അപ്പോഴേക്കും മരുമകളെ കണ്ടിറങ്ങ്.” ഡോക്ടർ പറഞ്ഞു.

ഗൗതമൻ അകത്തേക്കു ചെന്നു. ഉർവ്വശി കണ്ണടച്ചു കിടക്കുകയായിരുന്നു.

“ഇപ്പോൾ ബോധം തെളിഞ്ഞതേയുള്ളൂ.” നഴ്സ് പറഞ്ഞു. അവൾ ക്ഷീണിച്ച കണ്ണുകളോടെ ഗൗതമനെ നോക്കി.

“മോളേ, ടുഡേ ആം വെരി ഹാപ്പി…”

അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു, പെട്ടെന്ന് അവളുടെ കണ്ണു നിറഞ്ഞു.

“പപ്പാ, ആൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഞാൻ തെല്ലൊന്നു ഭയന്നുപോയി. ഒരു പെൺകുട്ടി വേണമെന്നായിരുന്നല്ലോ പപ്പയുടെ ആഗ്രഹം. അങ്ങനെ നേരത്തേ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ…”

“ഛേ… എന്താ ഇത് മോളേ… അതോർത്ത് സങ്കടപ്പെടുകയോ? കഴിഞ്ഞ ഏഴ് തലമുറയായി ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടി പിറന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഒരിക്കൽ അങ്ങനെ പറഞ്ഞത്.” ഉമ വാത്സല്യത്തോടെ തഴുകി.

“ഗൗതം… ഇനി അൽപം വിശ്രമിച്ചോളൂ… ഞാനും ഉമേഷും ഇവിടെ ഉണ്ടല്ലോ.” ഉമ പറഞ്ഞു. ഗൗതമൻ പോകാൻ തുടങ്ങുമ്പോൾ ഉമേഷ് മുന്നോട്ടു വന്നു.

“പപ്പാ, ഉർവ്വശിയുടെ മമ്മിയെ വിളിച്ചു വിവരം പറഞ്ഞേക്കണേ…”

“ഇതുവരെ രേണുവിനെ വിളിച്ചു പറഞ്ഞില്ലേ?” ഉമ വേവലാതിപ്പെട്ടു.

“സാരമില്ല മമ്മീ… പപ്പ തന്നെ വിളിച്ചു പറഞ്ഞാൽ മതി.” ഉർവ്വശി പറഞ്ഞു. ഗൗതമൻ അവളെ നോക്കി മെല്ലെ ചിരിച്ചു. ഇതിനിടെ ഡോക്ടർ വന്ന് ഉമയോട് പറഞ്ഞു.

“ചേച്ചി, ഞാൻ ഇദ്ദേഹത്തെ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു, ഒന്ന് കൂടണം.”

“ഓ.കെ ഭായ്സാബ്”

ഗൗതമനും സുഭാഷും കാറിൽ കയറി. വീട്ടിൽ ചെല്ലുമ്പോൾ ഡോ. ഗോയലിന്‍റെ ഭാര്യ വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കിയിരുന്നു. ഭക്ഷണം കഴിച്ചശേഷം ഗൗതമൻ മടങ്ങാനൊരുങ്ങി. പക്ഷേ ഡോക്ടർ തടഞ്ഞു. “ഇന്ന് ഇവിടെ കൂടാം…” ഗൗതമൻ സ്നേഹത്തോട നിരസിച്ചു.

“വേണ്ട, ഇന്നെനിക്ക് എന്‍റെ വീട്ടിൽ തനിച്ച് ഉറങ്ങണം. ഒരു ഫ്രീ ബേഡായി. ലോൺലിനെസ്സ് എനിക്കിഷ്ടമാണ്. ഏറെനാളായി ഇങ്ങനെ സന്തോഷം നിറഞ്ഞ ഒരു ദിനം ജീവിതത്തിൽ വന്നെത്തിയിട്ട്.”

“ഓ.കെ ദെൻ ഗൊ ആന്‍റ് എൻജോയ് യുവേഴ്സെൽഫ്.”

ഡോ. സുഭാഷ് തന്നെ ഗൗതമനെ വീട്ടിൽ കൊണ്ടുപോയി. രാത്രി 8 മണിയായി. പിറ്റേന്ന് ഞായറാഴ്ചയാണ് ഓഫീസ് അവധി… ഒട്ടും തിരക്കിലാതെ… ടിവി കാണലും വായനുമൊക്കെയായി ഒരു രാത്രി. ഗൗതമൻ മുറിയിലേക്കു പോയി ഡ്രസ് മാറി. ഡ്രോയിംഗ് റൂമിൽ വന്ന് ടി.വി ഓൺ ചെയ്തു. അപ്പോഴാണ് ഉർവ്വശി പറഞ്ഞ കാര്യം ഓർക്കുന്നത്. രേണുവിനെ വിളിച്ചില്ലല്ലോ…

ഗൗതമൻ ഉടനെ മൊബൈലിൽ രേണുവിനെ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല. അൽപം കഴിഞ്ഞു വീണ്ടും ശ്രമിച്ചപ്പോൾ കിട്ടി.

“ഹലോ… രേണുവാണ്…”

“രേണൂ, ഞാൻ ഗൗതമനാണ് സംസാരിക്കുന്നത്.”

“ഹായ്… ഗൗതം…”

“രേണൂ, ഒരു ഹാപ്പി ന്യൂസ് ഉണ്ട്. പറയാൻ വൈകിയതിനാൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. നമ്മുടെ വീട്ടിൽ ഒരാൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 6.45 ന്.”

“റിയലി… എന്നിട്ട് ഉമേഷും വിളിച്ചില്ല…”

“സോറി രേണൂ… അവൻ ഹോസ്പിറ്റലിലല്ലേ…”

“ഓ.കെ. ഞാൻ രാവിലെ തന്നെയെത്താം. ഉർവ്വശിക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലല്ലോ…?”

“നോ. അവർ സുഖമായിരിക്കുന്നു.”

“ശരി. എങ്കിൽ നാളെ കാണാം. ഗുഡ്നൈറ്റ്…” രേണു ഫോൺ വച്ചു.

ആശുപത്രിയിൽ നിന്ന് ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് വന്ന നവ അതിഥിയെ കാണാൻ സുഹൃത്തുക്കളുടെ തിരക്കായി. സന്ദർശകരുടെ എണ്ണം കൂടിയപ്പോൾ ഗൗതമൻ പറഞ്ഞു “നമുക്ക് ഉടനെ ഒരു പാർട്ടി നടത്താം. അല്ലെങ്കിൽ എന്നും സന്ദർശകരുടെ ബഹളമായിരിക്കും.”

മൂന്നാഴ്ചയ്ക്കു ശേഷം ഗംഭീരൻ പാർട്ടി ഉമേഷ് അറേഞ്ച് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ബന്ധുക്കളെ കൂടി ക്ഷണിച്ചിരുന്നു. രേണുവിന്‍റെ ബന്ധുക്കളെയും ക്ഷണിക്കാൻ പറഞ്ഞിട്ടും അവൾ വിളിച്ചിട്ടില്ലെന്ന് തോന്നി.

അമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. അമ്മാവൻ നാട്ടിൽ നിന്നു വന്നിട്ടുണ്ടായിരുന്നു. അമ്മയില്ലാത്ത വിഷമം മാറിയത്. അങ്കിളിനെ കണ്ടപ്പോഴാണ് പാർട്ടിക്കു ശേഷം കുറച്ചുപേർ കൂടി പിരിയാനുണ്ടായിരുന്നു. മൂന്ന് കസേരയ്ക്ക് അപ്പുറം ഒറ്റയ്ക്കിരിക്കുന്ന വൃദ്ധനെ അപ്പോഴാണ് ഗൗതമൻ ശ്രദ്ധിച്ചത്. നല്ല പരിചയമുള്ള മുഖം.

ഇത്… ഗൗതമൻ അടുത്തേക്ക് ചെന്നു.

“അങ്ങ്… രേണുവിന്‍റെ അച്ഛനല്ലേ…?” ഗൗതമനെ കണ്ട് ആ വൃദ്ധൻ എഴുന്നേൽക്കാനൊരുങ്ങി.

“അതേ… മോനേ…. നീ എന്നെ തിരിച്ചറിഞ്ഞല്ലോ. ഞാൻ നിന്നോട് ചെയ്ത തെറ്റിന് മാപ്പിരക്കാനാണ് ഇവിടെ വന്നത്. രേണുവിനോട് ഞാനാ പറഞ്ഞത്, എന്‍റെ വരവ് നിന്നെ അറിയിക്കേണ്ട എന്ന്.”

അദ്ദേഹം ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി. രേണു ഇതെല്ലാം അൽപം മാറി നിന്ന് കാണുന്നുണ്ടായിരുന്നു.

“ഗൗതം… പപ്പയ്ക്ക് ദുഃഖമുണ്ട്. നിങ്ങളോട് ചെയ്ത തെറ്റുകളിൽ അദ്ദേഹം പശ്ചാത്തപിക്കുന്നു.”

“രേണുവിന്‍റെ ജീവിതത്തിൽ വീണ്ടും സന്തോഷത്തിന്‍റെ ദിനങ്ങൾ തിരിച്ചെത്തിയത് നിങ്ങളുടെ കുടുംബവുമായുള്ള ബന്ധത്തിലൂടെയാണ്.” ഇത്രയും പറഞ്ഞത് അയാൾ കണ്ണു തുടച്ചു.

“നോ… പപ്പ… ഇത് കരയാനുള്ള അവസരമല്ല, സന്തോഷിക്കാനുള്ള സമയമാണ്.”

“അതെ… ഈ കണ്ണീരിൽ ദുഃഖത്തിന്‍റെയല്ല ഗൗതം… സന്തോഷാശ്രുക്കൾ മാത്രം…”

(അവസാനിച്ചു)

ഒരു അവിവാഹിതനും കുറെ യാമിനിമാരും- അവസാനഭാഗം

അയക്കുന്ന ആള്‍ – യാമിനി നിഖിലേഷ് അറ്റ് ജീമെയില്‍ ഡോട്കോം 20-2-2022

സ്വീകരിക്കുന്ന ആള്‍ -രാജീവ് രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെക്കുറിച്ച്

സുഹൃത്തേ,

നിങ്ങള്‍ 25-1-22 ല്‍ അയച്ച ഈമെയിലുകളില്‍ സന്ദര്‍ഭവശാല്‍ എന്‍റെ ഈ മേയില്‍ ഐ ഡിയും ഉള്‍പെട്ടിരുന്നു. നിങ്ങളുടെ പ്രേമാതുരമായ സന്ദേശം വായിച്ചപ്പോള്‍ നിങ്ങളോടെനിക്ക് സഹതാപം തോന്നി. നിങ്ങളിലെ ഈ വികാരവിക്ഷോഭം ഒരു യുവാവിന് പ്രഥമദര്‍ശനത്തില്‍തന്നെ ഒരു പെണ്‍കുട്ടിയോട് തോന്നിയേക്കാവുന്ന അതിഗാഢവും അഗാധവുമായ പ്രണയാനുഭൂതിയുടെ പ്രതിസ്പന്ദനമാകാം. അത് താല്‍ക്കാലികമായ ഒരഭിനിവേശം മാത്രമാകാനിടയില്ല. അല്ലെങ്കില്‍ റോംഗ് നമ്പര്‍ തന്ന പെണ്‍കുട്ടിയെ തേടി കണ്ടുപിടിക്കാന്‍ നിങ്ങള്‍ മെനക്കെടുകയില്ലായിരുന്നല്ലോ.

നിങ്ങളെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സേലത്താണ് എന്‍റെ താമസം. നിങ്ങളുടെ മനം കവര്‍ന്ന പെണ്‍കുട്ടി തിരുവനന്തപുരത്തുകാരിയും. അവളെ കണ്ടുപിടിക്കാന്‍ ഞാനൊരു ഉപായം കണ്ടെത്തി .

ഞാനെന്‍റെ ഫേസ്‌ബുക്കില്‍ യാമിനി എന്ന് പേരുള്ളവരെ ക്ഷണിച്ചുകൊണ്ട് “നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു” എന്നൊരു പേജ് ഉണ്ടാക്കി. നിങ്ങളയച്ച ഈമെയിലുകളില്‍ ഉള്‍പ്പെട്ട ആറുപേരെ കൂടാതെ മറ്റുചിലരും ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ അത് പതിനൊന്നുപേരുടെ ഒരു സൗഹൃദഗ്രൂപ്പായി വളര്‍ന്നിരിക്കയാണ്. ഒരംഗം വഴി നിങ്ങളുടെ രണ്ടാമത്തെ മേയിലും എനിക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഇനിയും പുതിയ അംഗങ്ങളെ പ്രതീക്ഷിക്കുന്നുമുണ്ട്‌. അന്യോന്യം പരിചയപ്പെടാനും ചാറ്റ് ചെയ്യാനും അവസരമുണ്ടാക്കിത്തന്ന നിങ്ങളോട് യാമിനിമാരുടെ ഈ സുഹൃദ്സംഘത്തിന്‍റെ നന്ദി അറിയിക്കട്ടെ. നിങ്ങളുടെ “ഹൃദയവുമായി” കടന്നു കളഞ്ഞ പെണ്‍കുട്ടിയെ എങ്ങനെയെങ്കിലും കണ്ടെത്താതെ പിന്മാറുകയില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഞങ്ങള്‍. ആ പെണ്‍കുട്ടിയെക്കുറിച്ച് വിവരം കിട്ടിയാല്‍ നിങ്ങളുടെ രണ്ട് ഈമെയില്‍ സന്ദേശവും ഞങ്ങളവള്‍ക്ക് അയച്ചുകൊടുക്കും. അവളുടെ തീരുമാനം നിങ്ങളെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

ഈ അന്വേഷണം ശുഭപര്യവസായിയോ അല്ലയോ എന്നറിയാനുള്ള അത്യാകാംക്ഷയിലാണ് ഞാനും എന്‍റെ സുഹൃത്തുക്കളും. വിജയമാശംസിച്ചുകൊണ്ട്,

യാമിനി നിഖിലേഷ്

അയക്കുന്ന ആള്‍- യാമിമഹേന്ദ്രന്‍അറ്റ്ജീമെയില്‍ഡോട്കോം 10-3-2022

സ്വീകരിക്കുന്ന ആള്‍- രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഒരു ക്ഷമാപണക്കത്ത്

മിസ്റ്റര്‍ രാജീവ്‌,

ഇതിനുമുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാന്‍. എങ്ങിനെ തുടങ്ങണം? എന്തെഴുതണം? യാതൊരു പ്രകോപനവുമില്ലാതെ ഒരാളോട് അപമര്യാദയായി പെരുമാറിയതിന്‍റെ കുറ്റബോധം വാക്കുകളുടെ വഴിമുടക്കുന്നു. യാമിനി നിഖിലേഷിന്‍റെ കത്തും രാജീവിന്‍റെ രണ്ട് ഈ മെയിലുകളും എന്‍റെ ഒരു സ്നേഹിത വഴി എനിക്ക് കിട്ടി. അതെല്ലാം വായിച്ചപ്പോഴാണ് ഞാൻ ചെയ്ത തെറ്റിന്‍റെ ഗൗരവം മനസ്സിലായത്. രാജീവിന്‍റെ സുതാര്യമായ നല്ല മനസ്സ് ആ മെയിലുകളിലൂടെ എനിക്ക് കാണാനായി.

ഫാസ്റ്റ്ഫുഡ്‌ കടയിൽ വെച്ച് ഞാന്‍ റോംഗ് നമ്പര്‍ തന്ന നിമിഷം മുതല്‍ ആ സംഭവം ഓര്‍ക്കുമ്പോഴെല്ലാം വല്ലാത്തൊരു അപരാധബോധം എന്നെ പിടികൂടിയിരുന്നു. സംസ്ക്കാരശൂന്യമായ എന്‍റെ പ്രവൃത്തിയെ ഞാന്‍ സ്വയം ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. ഒരു അപരിചിതനോടുള്ള പെരുമാറ്റത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ മാത്രമായിരുന്നു അതെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും അല്പംകൂടി മര്യാദ കാണിക്കാമായിരുന്നു എന്ന് മനസ്സ് കുറ്റപ്പെടുത്തി. ഇപ്പോഴെനിക്ക് തെറ്റ് തിരുത്താനുള്ള അവസരം ലഭിച്ചിരിക്കയാണ്.

എന്‍റെ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് കോളേജില്‍ ടീച്ചറാണ് ഞാന്‍. അമ്മ. അശ്വതി. അച്ഛന്‍ മഹേന്ദ്രന്‍. എന്‍റെ മൊബൈല്‍ നമ്പര്‍ 984—— (റോംഗ് നമ്പര്‍ അല്ല. യഥാര്‍ത്ഥനമ്പര്‍) എനിക്ക് രാജീവിനെ നേരില്‍ കണ്ട് ക്ഷമ ചോദിക്കണമെന്നുണ്ട്. കൂടുതല്‍ പരിചയപ്പെടണമെന്നുണ്ട്.

എന്‍റെ നമ്പറില്‍ വിളിക്കുമല്ലോ.

യാമിനി നിഖിലേഷിന്‍റെ കത്തില്‍ യാമിനി എന്ന് പേരുള്ള വനിതകളുടെ ഒരു ഫേസ്ബുക്ക്‌ പേജ് ഉണ്ടാക്കിയെന്നും അങ്ങനെ കുറെ നല്ല സുഹൃത്തുക്കളെ ലഭിച്ചെന്നും അതിന് കാരണക്കാരായ നമ്മളോട് നന്ദിപറയുന്നെന്നും എഴുതിയിരുന്നു. ഞാനതിന് മറുപടി അയക്കാന്‍ പോകുകയാണ്, എനിക്കും അവരോട് നന്ദി പറയണം. രാജീവിനെപ്പോലെ ഒരു നല്ല സുഹൃത്തിനെ പരിചയപ്പെടുത്തിതന്നതിന്…

സ്നേഹപൂര്‍വം

യാമിനി മഹേന്ദ്രന്‍

സുഗന്ധി

മകളുടെ കല്യാണം കഴിഞ്ഞപ്പോഴേക്കും സുഗന്ധി ആകെ തളർന്നിരുന്നു. കല്യാണം കഴിഞ്ഞ് ആറേഴു ദിവസം വീടെല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പെടാപാടിലായിരുന്നു സുഗന്ധിക്ക്. മകൾ പോയപ്പോഴാണ് ശരിക്കും വീട്ടിലെ ശൂന്യത സുഗന്ധി അറിഞ്ഞത്. അവളുള്ളപ്പോൾ വീട്ടിലാകെ ഒച്ചയും ബഹളവുമാണ്. ഒരു കിലുക്കാംപെട്ടിയായിരുന്നു അവൾ. അതിഥികളും വേണ്ടപ്പെട്ടവരും ഒഴിഞ്ഞുപോയപ്പോൾ ഉണ്ടായ ഒറ്റപ്പെടൽ മകനും കൂടി ഹോസ്റ്റലിലേയ്ക്ക് മടങ്ങിയതോടെ പൂർണ്ണമായി പേടിപ്പെടുത്തുന്ന ഏകാന്തത. പിന്നെ ഭർത്താവ് മനീഷുള്ളതാണ് കുറച്ചെങ്കിലും ആശ്വാസം. പക്ഷേ ബിസിനസ്സ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് ഫോൺ ഒഴിഞ്ഞ നേരമില്ല. മകളുടെ കല്യാണത്തിന് അഞ്ചു ദിവസം ലീവെടുത്തതിന്‍റെ അധികതിരക്കും ഉണ്ട്. മാത്രമല്ല, മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ മനീഷ് വിദേശത്തു പോകാൻ ഇരിക്കുകയാണ് ബിസിനസ്സ് ആവശ്യത്തിന്. പുള്ളിക്കാരനും കൂടി പോയാൽപ്പിന്നെ താനെന്തു ചെയ്യും ഈ വലിയ വീട്ടിൽ… ആലോചിച്ചപ്പോൾ സുഗന്ധിക്ക് പേടി തോന്നി.

ബ്രേക്ക്ഫാസ്റ്റിനിരുന്നപ്പോൾ വിദേശയാത്രയുടെ ഒരുക്കങ്ങളെക്കുറിച്ച് മനീഷ് പറഞ്ഞതുകേട്ട് സുഗന്ധിക്ക് നിയന്ത്രണം വിട്ടുപോയി. ഒറ്റക്കരച്ചിലിലാണ് അവൾ ആ പ്രഭാതം തുടങ്ങിയത്.

മനീഷ് ഇതാദ്യമൊന്നുമല്ല വിദേശത്തു പോകുന്നത്. 10- 20 ദിവസം കഴിഞ്ഞാണ് എപ്പോഴും മനീഷ് മടങ്ങാറ്. സുഗന്ധിക്ക് മനീഷിനെ വിട്ട് നിൽക്കുന്നത് പുതിയ അനുഭവമൊന്നുമല്ല. പിന്നെ ഇപ്പോൾ ഇനെന്താണിങ്ങനെ? ആദ്യമായി ഭർത്താവ് യാത്ര പോകുന്നതു പോലെ. മകളും കൂടി പോയതോടെ വീട്ടിൽ കൂട്ട് നഷ്ടപ്പെട്ടതിന്‍റെ വേദനയാണ് സുഗന്ധിക്ക്. സുഗന്ധി നിർത്താതെ കരഞ്ഞപ്പോൾ മനീഷ് പേടിച്ചുപോയി.

അയാൾ പറഞ്ഞു, “എന്താണിത് സുഗന്ധീ… നീ ഇങ്ങനെ നെർവ്വസ് ആകാതെ. എല്ലാ രണ്ട് മാസം കൂടുമ്പോഴും എനിക്ക് ഇങ്ങനെ ഒരു ടൂർ ഉള്ളതല്ലേ. പിന്നെ എന്താ ഇത്ര വിഷമിക്കാൻ?” അയാൾ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.

മനീഷ് ആശ്വസിപ്പിച്ചപ്പോൾ അവളുടെ കരച്ചിൽ ഉച്ചത്തിലായി. “ഇത്രയും ദിവസം മോളും മോനും എന്‍റെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങൾ ദൂരെ പോകുമ്പോൾ എനിക്ക് ഇത്ര വിഷമം തോന്നിയിരുന്നില്ല. ഈ ഒറ്റപ്പെടൽ എനിക്ക് താങ്ങാനാവില്ല, മനീഷേട്ടാ.”

സുഗന്ധി മനീഷിന്‍റെ തോളിലേയ്ക്ക് പറഞ്ഞുകൊണ്ട് തേങ്ങി. “നമുക്കിപ്പോൾ എന്തിന്‍റെ കുറവാണുള്ളത്? എന്നിട്ടും നിങ്ങൾ ബിസിനസ്സ് വിപുലീകരിച്ചിരിക്കുന്നതിനെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. മാത്രമല്ല ആറ് മാസം കൂടി കഴിഞ്ഞാൽ മോൻ എംബിഎ കഴിയും. അപ്പോൾ ബിസിനസ്സിന്‍റെ കാര്യങ്ങൾ അവനെ ഏൽപിക്കാമല്ലോ.”

സുഗന്ധി പറഞ്ഞത് കേട്ട് മനീഷ് ഉറക്കെ ചിരിച്ചു. “നീ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ കഷ്ടപ്പെട്ട് പടുത്തുയർത്തിയ സംരഭങ്ങൾ ഒറ്റയടിക്ക് വൈന്‍റ്അപ്പ് ചെയ്യാനാവില്ലല്ലോ. നിങ്ങളെ കൂടാതെ എനിക്കും വിദേശത്ത് സന്തോഷം ഉണ്ടാകുമെന്നാണോ നീ വിചാരിക്കുന്നത്. നിവൃത്തികേടു കൊണ്ടാണ് എനിക്കവിടെ പോകേണ്ടി വരുന്നത്.”

സുഗന്ധിക്ക് കാര്യം മനസ്സിലാവും. ഒരു നല്ല ബിസിനസ്സുകാരന്‍റെ ബുദ്ധിയുള്ള ഭാര്യയാണ് അവൾ. പക്ഷേ ഇന്ന് വല്ലാതെ സെന്‍റിമെന്‍റലായി. മനീഷ് അവളുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് നിന്‍റെയീ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണാൻ തീരെ ഇഷ്ടമല്ല. വാ എഴുന്നേൽക്ക് നല്ല കുട്ടിയാവാം… വാ… നൗ ചിയർ അപ്പ് ഡിയർ.”

“സമയം 9.30 കഴിഞ്ഞു. എനിക്ക് ഇന്ന് ഓഫീസിൽ ധാരാളം പണിയുണ്ട്. കമോൺ… യാത്രയ്ക്കുള്ള ഒരുക്കങ്ങളും ചെയ്യണം. ഞാനിന്ന് ഉച്ചയ്ക്ക് കഴിക്കാൻ വരില്ല, നല്ല തിരക്കുണ്ട്.”

എല്ലാവരും വീട്ടിൽ പോയിക്കഴിഞ്ഞാൽ അവൾ അടുക്കള ജോലിക്കാരി നാണിയമ്മയുമായി കുറേ നേരം സംസാരിച്ചിരുന്നു. പണി തീർത്ത് അവരും പോയപ്പോൾ സുഗന്ധിക്ക് ആകെ ബോറടിയായി. പിന്നെ അവൾ മകൾ ശ്വേതയുടെ വിവാഹ ആൽബം മറിച്ചു നോക്കാൻ തുടങ്ങി. ഇന്ന് രാവിലെയാണ് ഫോട്ടോഗ്രാഫർ അത് കൊണ്ടുവന്നത്. മകൾ ഫോട്ടോയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നുവല്ലോ എന്ന് സുഗന്ധി ആഹ്ലാദിച്ചു. ആൽബത്തിന്‍റെ താളുകൾ മറിച്ചതിനൊപ്പം അവളുടെ ഓർമ്മകൾ കുറേ വർഷം പിറകോട്ട് പോയി.

25 വർഷം മുമ്പാണ് സുഗന്ധിയുടേയും മനീഷിന്‍റെയും കല്യാണം കഴിഞ്ഞത്. അന്ന് രണ്ടുപേരെയും എത്ര നല്ല ചേർച്ചയുള്ളവർ എന്ന് പറഞ്ഞ് എല്ലാവരും അനുഗ്രഹിച്ചത് ഇന്ന് ഓർക്കുമ്പോൾ പോലും സുഗന്ധിക്ക് രോമാഞ്ചമുണ്ടാക്കുന്ന സംഭവമാണ്. ഇന്നും ആളുകൾ പരിചയപ്പെടുമ്പോൾ പറയുന്നത് മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ്. അതൊരു സൗഭാഗ്യമാണ്. ആത്മാവും ശരീരവും ഒന്നാവുന്ന അവസ്ഥ. ജീവിതത്തിൽ പിന്നെ എന്തെല്ലാം മാറ്റങ്ങൾ വന്നു. പക്ഷേ മനീഷിനോടുള്ള സുഗന്ധിയുടെ സ്നേഹത്തിനു മാത്രം മാറ്റമുണ്ടായിട്ടില്ല. മനീഷിനോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ. അയാളും അങ്ങനെയാണ്. സ്നേഹിച്ച് വീർപ്പു മുട്ടിച്ചുകളയും. മകൾക്കും അങ്ങനെയുള്ള ഒരു ഹൃദയത്തിന്‍റെ ഉടമയെത്തന്നെ കിട്ടിയതിൽ സുഗന്ധിയാണ് ഏറ്റവും സന്തോഷിച്ചത്. അവൾ ആൽബത്തിന്‍റെ താളിൽ കണ്ണും നട്ടിരുന്നു.

മനീഷിന്‍റെ അമ്മയായിരുന്നു തന്‍റെ ജീവിതത്തിലെ മറ്റൊരു ഭാഗ്യം. സുഗന്ധി ഓർത്തു. ഒരു മകളെപ്പോലെയാണ് അവർ തന്നെ നോക്കിയത്. നല്ല വീട്ടുകാരിയാക്കിയതും നല്ല ഭാര്യയാക്കിയതും നല്ല അമ്മയാക്കിയതും അവരാണ് പക്ഷേ മോളുടെ കല്യാണം കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. അവരുടെ മരണമാണ് തന്നെ ഉലച്ചുകളഞ്ഞത്. മൂന്ന് വർഷം മുമ്പ് എന്നും രാവിലെ ഏഴരവെളുപ്പിന് എഴുന്നേൽക്കാറുള്ള ആൾ അന്ന് ഉണർന്നില്ല. ഒരു കണക്കിനു നോക്കുമ്പോൾ പുണ്യം ചെയ്ത ജന്മമാണ് അമ്മായിയമ്മയുടേത്. ആരെയും അധികം വേദനിപ്പിക്കാതെ പോയി.

ഇടയ്ക്ക് ഒരു ഫോൺ റിംഗ് ചെയ്തപ്പോഴാണ് സുഗന്ധി ആൽബം പൂട്ടിവച്ച് ഓർമ്മകളിൽ നിന്ന് പുറത്ത്കടന്നത്.

“ഹലോ… ആരാണ്?” ഫോൺ കട്ടായി.

സുഗന്ധി കട്ടിലിൽ പോയി കിടന്നു. ഇനി സമയം പോകാൻ എന്താണ് വഴി. മനീഷ് എല്ലാ വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴും തനിക്ക് കൊണ്ടുവരാറുള്ള സുഗന്ധതൈലത്തിന്‍റെ കുപ്പികൾ ഒരു അലമാരയിൽ അവൾ നിരത്തി വച്ചിട്ടുണ്ട്. പലതും പകുതിയെ ഉപയോഗിച്ചിട്ടുള്ളു.

“ഇത് എന്‍റെ സുഗന്ധമുള്ള സുഗന്ധിക്ക് വാങ്ങിയതാണ്?”

കല്യാണം കഴിഞ്ഞ ശേഷം ആദ്യമായി വിദേശത്ത് പോയി വരുമ്പോൾ മനീഷ് കൊണ്ടുവന്ന പെർഫ്യൂമിന്‍റെ ബോട്ടിൽ സുഗന്ധി ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ആരേയും മത്ത് പിടിപ്പിക്കുന്ന സുഗന്ധമാണിതിന്. അവൾ അതിൽ ബാക്കിയുണ്ടായിരുന്നത് എടുത്തു പൂശി. സ്നേഹത്തിന്‍റെ സുഗന്ധം ആ മുറിയാകെ നിറഞ്ഞു.

വെയിലിന് ചൂടു പിടിച്ചു തുടങ്ങിയതേയുള്ളൂ. ക്ലോക്കിൽ 12 അടിച്ചപ്പോഴാണ് താൻ ഇത്രയും നേരം മുറിയിൽ തന്നെ ചടഞ്ഞ് കൂടിയിരിക്കുകയായിരുന്നുവല്ലോ എന്ന് സുഗന്ധി ഓർത്തത്. അവൾ ജനൽ തുറന്ന് പുറത്ത് നോക്കി. പറമ്പിൽ പൂമ്പാറ്റകൾ അനേകം ഉണ്ട്. അവൾ മുറ്റത്തേക്കിറങ്ങി. എല്ലാ ദിവസവും കോളേജ് വിട്ട് മോള് ഈ സമയമാകുമ്പോഴേക്കും വരാറുണ്ടായിരുന്നു. ആ ശൂന്യത ശരിക്കും അറിയാനുണ്ട് ഇനി. താൻ തനിച്ചിരുന്ന് ഭക്ഷണം കഴിക്കണം. എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാത്ത, ജീവിതം ആസ്വദിക്കാൻ കഴിയാത്ത ഒരാളുടെ വിരസത എങ്ങനെയാണ് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കുക. സങ്കടവും വിഷാദവും സുഗന്ധിയെ ഒരുപോലെ പിടികൂടിത്തുടങ്ങിയിരുന്നു.

ജോലിക്കാരി പോകുമ്പോൾ തുറന്നിട്ട ഗേറ്റ് അടച്ചതിനുശേഷം അവൾ അകത്തു കയറി. പിന്നെ മനസില്ലാമനസ്സോടെ ഊണ് കഴിക്കാനിരുന്നു. മനീഷിനെ ഓഫീസിൽ വിളിച്ച് കുശലം ചോദിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുമൂന്ന് വട്ടം ട്രൈ ചെയ്തിട്ടും ഭർത്താവിനെ ലൈനിൽ കിട്ടിയില്ല. നാളെ വിദേശയാത്രയുള്ളതാണ്. അതിന്‍റെ തിരക്കുകൾ കാണും മാത്രമല്ല മോളുടെ കല്യാണത്തിനു വേണ്ടി ലീവെടുത്തശേഷം ഇന്നാദ്യമായാണ് ഓഫീസിൽ പോയത്. അതിന്‍റെ പ്രശ്നങ്ങളും കാണും.

സുഗന്ധി പിന്നെ മനീഷിനെ ട്രൈ ചെയ്തില്ല. പെട്ടെന്നാണ് മകളെ ഒന്നു വിളിച്ചുകളയാം എന്ന് സുഗന്ധി വിചാരിച്ചത്. പക്ഷേ അവളുടെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു.

ഇനി… മരുമകന്‍റെ നമ്പറിൽ വിളിച്ചു നോക്കാമെന്ന് കരുതിയപ്പോഴാണ് ആ നമ്പർ തന്‍റെ കയ്യിൽ ഇല്ലല്ലോയെന്ന് സുഗന്ധി ഓർത്തത്. അവൾ മനീഷിന്‍റെ ഡയറി എടുക്കാനായി ഡ്രോ തുറന്നു. ഡയറിയുടെ അടുത്ത് ഒരു കെട്ട് കത്തുകൾ ഉണ്ടായിരുന്നു. എല്ലാം എയർമെയിലുകൾ. ആദ്യം അതെന്താണെന്നറിയാനുള്ള കൗതുകം തോന്നിയെങ്കിലും വിട്ടു കളഞ്ഞു. പിന്നെ മനസ്സ് നിർബന്ധിച്ചപ്പോഴാണ് അവൾ അതെല്ലാം എടുത്ത് വായിച്ചു നോക്കിയത്. ആദ്യം വായനയിൽ തന്നെ സുഗന്ധിക്ക് തല കറങ്ങുന്നതുപോലെ തോന്നി…

പ്രണയലേഖനം പോലെ… ഒരു സ്ത്രീ എഴുതിയ ഹൃദയഭാഷ…

കത്തുവായിച്ചു തീർന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടതുപോലെ സുഗന്ധിക്ക് തോന്നി.

പ്രിയ മനീഷ്…

നിങ്ങൾ മകളുടെ കല്യാണത്തിരക്കിലായിരിക്കും. എന്നാലും ഞാൻ നിന്നെ ഇവിടെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈയിടെയായി ശരീരത്തിന് തീരെ സുഖമില്ല. ഇന്നലെ ഡോക്ടറെ കാണിച്ചിരുന്നു. ഒരിക്കൽകൂടി സോണോഗ്രാഫി ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ്. സമയം അടുത്ത് വരുന്നതായി മനസ്സ് പറയുന്നു. എനിക്ക് വല്ലാതെ പേടിയായി തുടങ്ങിയിരിക്കുന്നു. മനീഷ്… വല്ലാത്ത ഒറ്റപ്പെടലുമുണ്ട്. നിങ്ങൾ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

കല്യാണത്തിനു നിങ്ങൾക്കായി ഒരു കുപ്പി സുഗന്ധതൈലം ഇതോടൊപ്പം അയക്കുന്നു. അതിന്‍റെ സുഗന്ധം അനുഭവിക്കുമ്പോഴെല്ലാം ചുരുങ്ങിയപക്ഷം നിങ്ങൾ എന്നെ ഓർക്കുമല്ലോ… വീട്ടിലെ എല്ലാവർക്കും സ്നേഹം നേരുന്നു.

സ്വന്തം സോണിയ, ചിക്കാഗോ

സുഗന്ധിയുടെ കണ്ണു നിറഞ്ഞു. അവൾ പിന്നെ അവിടെയോക്കെ പരതിയപ്പോൾ ഒരു കത്തുകൂടി കിട്ടി. മനീഷ് സോണിയയ്ക്ക് എഴുതിയത്. കല്യാണത്തിരക്കിനിടയിൽ പോസ്റ്റ് ചെയ്യാൻ മറന്നതാവാം. നിറകണ്ണുകളോടെ സുഗന്ധി അതു വായിച്ചു നോക്കി.

പ്രിയ സോണിയ…

മുത്തേ, നിന്‍റെ കത്ത് കിട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ നിന്‍റെ ആരോഗ്യസ്ഥിതി അറിഞ്ഞിട്ട് എനിക്ക് യാതൊരു സമാധാനവുമില്ല. നീ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു. പേടിക്കരുത്. നിനക്ക് ഒന്നും സംഭവിക്കുകയില്ല. കല്യാണത്തിരക്ക് കഴിഞ്ഞയുടൻ ഞാനിവിടെ പറന്നെത്താം. ചെക്കപ്പ് മുടക്കരുത്. നിന്‍റെ സോണോഗ്രാഫി ടെസ്റ്റും മറ്റും നോർമ്മലായിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ അവസ്ഥയിൽ കൂടുതൽ ടെൻഷനടിക്കരുത്. അത് നന്നല്ല. ഭക്ഷണക്കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിക്കണം. ജ്യൂസും മരുന്നും ഒരിക്കലും മുടക്കരുത്. നീ അയച്ച പെർഫ്യൂം കിട്ടി. അതിന്‍റെ വാസന എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് സോണിയ… ഉടനെ കാണാം.

നിന്‍റെ സ്വന്തം മനീഷ്

ഇത്രയും വായിച്ചതോടെ സുഗന്ധി തല കറങ്ങി വീണു. അവളെ ആസ്വസിപ്പിക്കാൻ അവിടെ മക്കൾ പോലുമില്ല. എത്ര പെട്ടെന്നാണ് എല്ലാവരും അകന്നു പോയത്. അവൾ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രിയതമൻ വിശ്വാസവഞ്ചന കാണിച്ചത് അവൾക്ക് പൊറുക്കാനും സഹിക്കാനുമായില്ല.

ഇങ്ങനെയുള്ള ഒരാളെയാണോ ഞാൻ ഇത്രയും കാലം സ്നേഹിച്ചത്… ബഹുമാനിച്ചത്… ഇരുപത്തഞ്ച് വർഷങ്ങൾ… സുഗന്ധി വാവിട്ടു കരഞ്ഞു. അവൾ ഹൃദയം പൊട്ടി കരയുന്നത് കേട്ടിട്ടാവണം പൂമ്പാറ്റകളെല്ലാം പറമ്പിൽ നിന്ന് മറ്റെങ്ങൊട്ടേയ്ക്കോ പറന്നു പോയി.

ജീവിതം ഒരു വലിയ നുണയാണെന്ന് സുഗന്ധിക്ക് തോന്നി. മനീഷിന്‍റെ ഡ്രോ തുറക്കേണ്ടിയിരുന്നില്ല. ഒരു ശപിക്കപ്പെട്ട നിമിഷത്തിലാണ് എനിക്കത് ചെയ്യാൻ തോന്നിയത്. സുഗന്ധി വീണ്ടും അസ്വസ്ഥയായി.

അന്ന് പതിവിലും നേരത്തേ മനീഷ് വീട്ടിലെത്തി. അയാൾ വന്ന ഉടനെ സുഗന്ധി അയാളുടെ ദേഹത്തേക്ക് പെർഫ്യും അടിച്ചു. പിന്നെ വളരെ ശാന്തഭാവത്തിൽ ചോദിച്ചു, “നിങ്ങളുടെ ആരാണ് സോണിയ?”

ഇതുകേട്ട് മനീഷ് ഒന്നു പതറിയില്ലെങ്കിലും ഭാവപ്പകർച്ചയില്ലാതെ, ഒരു സാധാരണ കാര്യം കേട്ടതുപോലെ ചിരിച്ചു.

“നിങ്ങൾ പൊട്ടൻ കളിക്കുകയൊന്നും വേണ്ട. എല്ലാം ഞാനറിഞ്ഞു.” സുഗന്ധി ഒച്ചവെച്ചു.

“പതുക്കെ… പ്ലീസ്…. ആരെങ്കിലും കേൾക്കും.”

“എല്ലാവരും കേൾക്കട്ടെ. അറിയട്ടെ നിങ്ങളുടെ സ്വഭാവശുദ്ധി.” അവൾ പെർഫ്യും ബോട്ടിൽ തറയിലേക്ക് വലിച്ചെറിഞ്ഞു.

“സുഗന്ധി പ്ലീസ്… നീ വിചാരിക്കുന്നതു പോലുള്ള യാതൊന്നും സംഭവിച്ചിട്ടില്ല. സോണിയ എന്‍റെ നല്ല സുഹൃത്ത് മാത്രമാണ്. എന്‍റെ പാർട്ട്ണർ സുരേഷിന്‍റെ ചിക്കാഗോ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീ. അവിടെ ബിസിനസ്സ് ആവശ്യത്തിന് പോകുമ്പോൾ കൂട്ടായതാണ്. പിന്നെ നല്ല ചങ്ങാത്തത്തിലായി. ബുദ്ധിമതിയായ മാന്യയുവതിയാണ്… പലപ്പോഴും ഡീലുകൾ, ബിസിനസ്സ് മീറ്റുകൾ എല്ലാം അവരാണ് നമ്മുടെ കമ്പനിക്ക് ചെയ്തു തരാറുള്ളത്. ഒരു പ്രൊഫഷണൽ ബന്ധമായിരുന്നു ആദ്യമൊക്കെ. പിന്നെ സുഹൃത്തായി… അതും അവരുടെ രോഗവിവരം അറിഞ്ഞപ്പോൾ. അവർക്ക് കാൻസറാണ്.”

“സോണിയയ്ക്ക് ഇനി അധികകാലമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അവസാനമായി എന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു. അതാണ് കത്ത് എഴുതിയത്. അല്ലാതെ മറ്റ് ഒളിച്ചുകളിയൊന്നുമില്ല. എന്‍റെ മനസ്സിൽ നീ മാത്രമേയുള്ളൂ. അന്നും ഇന്നും…”

“എന്നിട്ട് നിങ്ങൾ ഇതെല്ലാം എന്നോട് മറച്ചു വച്ചതെന്തിനാണ് മനീഷ്” സുഗന്ധിയുടെ ശബ്ദം ഇടറി.

“ഞാൻ നിന്നെ എപ്പോഴും വിദേശത്തു പോകുമ്പോൾ വിളിക്കാറുള്ളതാണ്. നീ ഒരിക്കൽ പോലും കൂടെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെപ്പിന്നെ ഞാനും നിർബന്ധിക്കാതായി. നീ എന്നെങ്കിലും എന്‍റെ കൂടെ വന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവില്ലായിരുന്നു.”

ശരിയാണ്, മനീഷ് വിളിപ്പോഴൊന്നും താൻ പോയിട്ടില്ല. അമ്മായിമ്മയെ വിട്ട് നിൽക്കാൻ വയ്യാത്ത സ്ഥിതി… കുട്ടികളായപ്പോൾ അവരുടെ കാര്യം നോക്കണമെന്ന വിചാരം… വീട് വിട്ട് പോകാൻ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. തെറ്റ് എനിക്കും പറ്റിയിട്ടുണ്ട്. ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്ക് പലപ്പെഴും നിന്നുകൊടുത്തിട്ടില്ല.

“ഇപ്രാവശ്യം നിങ്ങൾ ചിക്കാഗോയിൽ ഒറ്റയ്ക്ക് പോകുന്നില്ല.” സുഗന്ധി പറഞ്ഞു. “ഞാനും വരുന്നു. എനിക്കും അവരെ കാണണം.” മനീഷ് ഇതുകേട്ട് ചിരിച്ചു.

“ഹണിമൂണിനു പോലും വിദേശയാത്രയ്ക്ക് വരാത്ത ആളാണ്. ഇപ്പോൾ എന്‍റെ ഒപ്പം യാത്ര പോകണമെന്ന് പറയുന്നത്…”

“എന്നെ കളിയാക്കണ്ട, നിങ്ങളെ ഇഷ്ടപ്പെട്ട ഒരാളെ കാണാൻ എനിക്കും ആഗ്രഹം തോന്നുന്നു.”

“എന്നെ ഇഷ്ടപ്പെടുന്ന ഒരാളേയുള്ളൂ.” അയാൾ സുഗന്ധിയെ മാറോടണച്ചു.

“അതാരാണ്?” സുഗന്ധി ഭർത്താവിനോടുള്ള സ്നേഹം ഉള്ളിലൊതുക്കാതെ ചോദിച്ചു.

“നീ തന്നെ. എന്‍റെ പ്രിയപ്പെട്ട സുഗന്ധി…”

ഒരു അവിവാഹിതനും കുറെ യാമിനിമാരും- 1

അയക്കുന്ന ആള്‍ – രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്ട് കോം

25-1-2022

സ്വീകരിക്കുന്നവര്‍: യാമിനിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനിദേവിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനി നിഖിലേഷ് അറ്റ്‌ജിമെയില്‍ഡോട്ട്കോം, യാമിനി ജോസ് അറ്റ് ജിമെയില്‍ ഡോട്ട്കോം…

എന്നിങ്ങനെ 35 ഈമെയില്‍ ഐഡികള്‍…

സന്ദേശം – ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെകുറിച്ച് (ഈ മുപ്പത്തഞ്ചോളം മെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പു ചോദിച്ചുകൊണ്ട്…)

ഇന്നലെ രാത്രി ഏതാണ്ട് ഏഴര മണി. കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലെ എന്‍റെ ഓഫീസിൽ നിന്ന് ലോഡ്ജിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. വഴിയരികിലെ മൈതാനത്തിൽ പതിവില്ലാത്തവിധം കണ്ണഞ്ചിക്കുന്ന വെളിച്ചം. നല്ല ആൾത്തിരക്കുമുണ്ട്. പുതുതായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നിന്നും കലാപരിപാടികളുടെ ശബ്ദഘോഷങ്ങള്‍ മുഴങ്ങുന്നു. ലോഡ്ജിലേക്ക് പോകാതെ ഞാന്‍ അങ്ങോട്ട്‌ കയറി. അവിടെ യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ നൃത്തമത്സരങ്ങള്‍ നടക്കുകയാണെന്ന് മനസ്സിലായി. പന്തലില്‍ നല്ല തിരക്ക്. ഒഴിഞ്ഞ ഒരു കസേരക്കായി തിരയുമ്പോഴാണ് അങ്ങനെയൊന്ന് ഞാന്‍ കണ്ടെത്തുന്നത്.

നമ്മുടെ ജീവിതത്തില്‍ യാദൃശ്ചികമായി എന്തെല്ലാം സംഭവിക്കുന്നു.. അല്ലെങ്കില്‍ നിന്നെ ഞാന്‍ ഒരിക്കലും കണ്ടുമുട്ടുകയില്ലായിരുന്നല്ലോ. ഇങ്ങനെയൊരു അന്വേഷണത്തിന്‍റെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല.

ഞാന്‍ കണ്ടെത്തിയ ഒഴിഞ്ഞ കസേരയുടെ തൊട്ടടുത്തുള്ള ഇരിപ്പിടത്തിലാണ് നീയിരുന്നിരുന്നത് എന്നതുകൊണ്ടുമാത്രം സംഭവിച്ച ഒരു മുഖാമുഖം. നിന്നെ കണ്ടപ്പോള്‍ ഏറെനാളായി ഞാന്‍ തേടി നടന്നിരുന്ന ഒരു വ്യക്തിയെ കണ്ടെത്തിയതുപോലെയാണ് എനിക്ക് തോന്നിയത്. ആ നിമിഷം മുതല്‍ നിന്നെ കൂടുതല്‍ പരിചയപ്പെടാനും അടുക്കാനും എന്‍റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു

അവതാരകയുടെ ഓരോചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട് നീ സ്റ്റേജിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. പക്ഷെ പരിപാടി കാണുന്നതിനിടക്ക് ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിന്‍റെ നേരെ പാറിവീണുകൊണ്ടിരുന്നു. സ്റ്റേജില്‍ തുടര്‍ച്ചയായി അവതരിക്കപ്പെട്ട ഓരോ നൃത്തവും നീ ആസ്വദിക്കുന്നതും മത്സരാര്‍ത്ഥികള്‍ക്ക് കയ്യടി നൽകി അനുമോദിക്കുന്നതും ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചു.

അതിനിടക്ക് വീണ്ടും ആകസ്മികതയുടെ മായാജാലം! മനോഹരമായ ഒരു നൃത്താവതരണത്തിനു ശേഷം കാണികള്‍ക്കൊപ്പം ആവേശത്തോടെ കൈയ്യടിക്കുന്നതിനിടയില്‍ നിന്‍റെ കൈപത്തി ചെറിയൊരു നഖക്ഷതമേല്പ്പിച്ചുകൊണ്ട്‌ എന്‍റെ കൈത്തണ്ടയില്‍ വന്നുമുട്ടി. നീയുടനെ മുഖം തിരിച്ച് നനുത്ത പുഞ്ചിരിയോടെ ക്ഷമായാചനം ചെയ്തു. “സോറി”.

“യു ആര്‍ മോസ്റ്റ്‌ വെല്‍കം “എന്നായിരുന്നു ആ സന്ദര്‍ഭത്തിന് തീരെ യോജിക്കാത്ത എന്‍റെ മറുപടി. പുഞ്ചിരിക്കുന്ന നിന്‍റെ മുഖം എന്‍റെ കണ്ണുകള്‍ക്ക്‌ അത്രമാത്രം.

ആകര്‍ഷണീയമായി തോന്നിയതുകൊണ്ട് മാത്രമാണോ എന്നില്‍നിന്ന് അങ്ങനെ ഒരു മറുപടി ഉണ്ടായത്? അതോ ആ നിമിഷത്തില്‍ എന്‍റെ ഹൃദയമാണോ നിന്നോട് സംസാരിച്ചത്?.

സത്യമതായിരുന്നു. എന്‍റെ ഹൃദയം ഞാൻ പോലുമറിയാതെ നിന്നെ എന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

നിന്നെ പരിചയപ്പെടാനുള്ള ആ അവസരം ഞാന്‍ പാഴാക്കിയില്ല. “ഡാന്‍സ് വളരെ ഇഷ്ടമാണല്ലേ?”

“ഉം” നീയൊന്ന് മൂളുക മാത്രം ചെയ്തു.

“പഠിച്ചിട്ടുണ്ടോ?”

“ഉവ്വ്”

തുടര്‍ന്ന് സംസാരിക്കാന്‍ ഒരു വിഷയം തുറന്നുകിട്ടിയ ഉത്സാഹത്തിലായി ഞാന്‍ ”സ്റ്റേജില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌ ഭാരതനാട്യമല്ലേ?”

“അല്ല. കുച്ചിപ്പുടി”

“രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണ്?”

“പലതും”

ഇനിയൊന്നും പറയാനില്ലാത്തതുപോലെ നീ കസേരയുടെ എതിര്‍വശത്തേക്ക് ചാഞ്ഞിരുന്നുകൊണ്ട് സ്റ്റേജിലേക്ക്തന്നെ ശ്രദ്ധയൂന്നി.

കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ ശ്രമം പരാജയപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ വാച്ചില്‍ നോക്കി. മണി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ലോഡ്ജിലേക്ക് മടങ്ങിയാലോ ഞാന്‍ ആലോചിച്ചു.

പക്ഷെ എന്തോ ഒരു മടി… കാരണമെന്തായിരിക്കാം എന്നാലോചിച്ചപ്പോഴാണ് ആ സത്യം എനിക്ക് മനസ്സിലായത്‌. നിന്നെ വേര്‍പിരിയാന്‍ എന്‍റെ മനസ്സ് തയ്യാറല്ലെന്ന സത്യം.

കുറച്ച് കഴിഞ്ഞപ്പോള്‍ നീ എഴുന്നേറ്റ് പന്തലിന് പുറത്തേക്ക് നടന്നു. പിറകേ ഞാനും എഴുന്നേറ്റു. മൈതാനത്തിന്‍റെ ഒരറ്റത്ത് ഷാമിയാന മേഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴെയുള്ള ഫാസ്റ്റ്ഫുഡ് കടയിലേക്കാണ് നീ പോയത്. എനിക്കും നല്ല വിശപ്പുണ്ടായിരുന്നു. നിന്നെ ഉടനെ പിന്തുടര്‍ന്നാല്‍ നിനക്കെന്നെക്കുറിച്ച് ആശങ്ക തോന്നിയാലോ? അതുകൊണ്ട് അല്പസമയം കഴിഞ്ഞാണ് ഞാന്‍ കടയിലേക്ക് കയറിയത്.

അപ്പോഴതാ വീണ്ടും യാദൃശ്ചികതയുടെ ആശിര്‍വാദം!.

നിന്‍റെ മുന്നിലെ മേശയുടെ എതിര്‍വശത്തുള്ള കസേരയൊഴിച്ച് മറ്റെല്ലാം ഫുള്‍. അതുകൊണ്ട് യാതൊരു സംശയവും തോന്നിക്കാതെ എനിക്ക് നിന്‍റെ എതിര്‍വശത്തിരിക്കാന്‍ കഴിഞ്ഞു. നീയപ്പോള്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിരുന്നു

“ഭക്ഷണം കൊള്ളാമോ?” നിന്നെ കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ രണ്ടാമത്തെ ശ്രമമായിരുന്നു അത്.

“നോട്ട് ബാഡ്” എന്ന മറുപടി കിട്ടി.

നിന്‍റെ ചുണ്ടുകളില്‍ വിരിഞ്ഞ മൃദുമന്ദഹാസത്തിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ ചോദിച്ചു. “ബന്ധുക്കളാരോ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടല്ലേ?”

“ബന്ധുവല്ല. സ്നേഹിതയുടെ മകള്‍”

“വളരെ വൈകിയല്ലോ. എത്രാമത്തെ ഐറ്റമാണ്?”

“പത്തൊന്‍പതാമത്തെ.”

“അപ്പോള്‍ ഇനിയും രണ്ടെണ്ണംകൂടി കഴിയണമല്ലേ?”

“അതെ”

“എന്‍റെ പേര് രാജീവ്‌. അവിവാഹിതന്‍. വീട് പാലക്കാട്ടാണ്. കഴകൂട്ടത്തെ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇവിടെയടുത്ത് ഒരു ലോഡ്ജിലാണ് താമസം. വാട്ടീസ് യുവര്‍ ഗുഡ് നെയിം” നീ ചോദിക്കാതെതന്നെ ഞാന്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ നിന്നെ അറിയിച്ചു. പിന്നെ നിന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു

“യാമിനി” നീ മറുപടി നല്‍കി

തുടക്കം മുതല്‍ എന്നെ അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യം ഞാനറിയാതെ എന്‍റെ നാവില്‍നിന്നും പൊഴിഞ്ഞുവീണു “ആര്‍ യു മാരീഡ്?”

“നോ” (അല്ല)

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചു. അങ്ങനെ നീ ആഹാരം കഴിച്ച് കഴിയുന്നതുവരെ നമ്മള്‍ ഏതാനും വാക്കുകള്‍ കൈമാറി. പുതുതായി പരിചയപ്പെട്ട രണ്ട് അപരിചിതരെപ്പോലെ.

ബില്ലിന്‍റെ തുക മേശപ്പുറത്തുവെച്ച് നീ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോല്‍ ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി. ഒരു നിധിപോലെ അതെന്‍റെ മൊബൈലില്‍ സേവ് ചെയ്തു.

അപ്പോഴേക്കും ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തി. ധൃതിയില്‍ ഭക്ഷണം കഴിച്ച് ഞാന്‍ തിരികെ എത്തിയപ്പോഴേക്കും ഞാനിരുന്ന കസേര ആരോ കയ്യേറിയിരുന്നു… നിരാശയോടെയാണെങ്കിലും നിന്‍റെ മൊബൈല്‍ നമ്പര്‍ എന്‍റെ കയ്യിലുണ്ടല്ലോ എന്ന ആശ്വാസത്തോടെ ഞാന്‍ ലോഡ്ജിലേക്ക് മടങ്ങി…

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാനായില്ല. മനസ്സു മുഴുവന്‍ നീയായിരുന്നു.

ഇന്ന് ഓഫീസിലേക്കിറങ്ങുന്നതിനു മുന്‍പ് ഞാന്‍ നിന്‍റെ നമ്പറില്‍ വിളിച്ചു. “ഹലോ” മറുതലയ്ക്കല്‍നിന്ന് ഉറക്കച്ചടവോടെയുള്ള ഒരു പുരുഷസ്വരം.

“യാമിനിയില്ലേ” എന്ന എന്‍റെ ചോദ്യത്തിന് “ഏത് യാമിനിയാടോ, നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് വന്നൊന്ന് ഉറങ്ങാന്‍ കിടന്നതാ. അപ്പോഴാ തന്‍റെയൊരു യാമിനി!” എന്ന ശകാരം പിറകേ.

നീ തന്നത് റോംഗ് നമ്പര്‍ ആണെന്ന് എനിക്ക് മനസ്സിലായി. കൂടുതല്‍ അടുക്കാനുള്ള എന്‍റെ അത്യാകാംക്ഷയെ നീ സംശയിച്ചിരിക്കാം. ഞാനൊരു പൂവാലനാണെന്ന് കരുതിയാകാം നീയെന്നെ ഒഴിവാക്കാന്‍ ശ്രമിച്ചത്. പക്ഷെ, എനിക്ക് നിന്നെ ഒഴിവാക്കാനാകില്ലല്ലോ. നീ എന്നോടൊപ്പമില്ലെങ്കില്‍ എന്‍റെ ജീവിതം പൂര്‍ണ്ണമാവില്ലെന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

35 മെയില്‍ ഐഡികളില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകാം ഇല്ലെന്നും വരാം. ഒരിക്കല്‍ക്കൂടി തമ്മില്‍ കാണാന്‍ എനിക്കാഗ്രഹമുണ്ട്. നീയെന്‍റെ ക്ഷണം സ്വീകരിക്കുമോ?

എന്‍റെ ഈ പ്രണയ സന്ദേശം നിന്നിലേക്ക് എത്തിയെങ്കില്‍… നിങ്ങള്‍ യാമിനിമാര്‍ ആരെങ്കിലും എന്നെ സഹായിച്ചെങ്കില്‍ എന്നെല്ലാം പ്രതീക്ഷിച്ചുകൊണ്ട് നിന്‍റെ മറുപടിക്കായി കാത്തുകൊണ്ട്…

ക്ഷമാപണപൂര്‍വം

രാജീവ്

അയക്കുന്ന ആള്‍ രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

12-2-2022

സ്വീകരിക്കുന്നവര്‍ – യാമിനി ജോര്‍ജ്ജ് അറ്റ് ജീമെയില്‍ ഡോട്കോം, യാമിനി രഞ്ജിത്ത് അറ്റ് ജീമെയില്‍ ഡോട്കോം തുടങ്ങി 25 ഇമെയില്‍ ഐഡികള്‍

സന്ദേശം “ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു.” എന്ന സംഭവത്തെക്കുറിച്ച് (ഈ 25 ഈമെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പുചോദിച്ചുകൊണ്ട് )

നിന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ ആ സംഭവത്തെക്കുറിച്ച് ഞാനൊരു സൂചന നല്‍കാം വെറും എട്ടു ദിവസങ്ങള്‍ക്ക് മുന്‍പുള്ള സംഭവമായതുകൊണ്ട് നീയത് മറക്കാനിടയില്ലെങ്കിലും യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയില്‍വെച്ചാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത്. സത്യത്തില്‍ നിന്നെ കണ്ടപ്പോള്‍ വളരെകാലമായി ഞാന്‍ തേടിനടന്ന ഒരു വ്യക്തിയെ കണ്ടെത്തിയപോലെയാണ് എനിക്ക് തോന്നിയത്. നിന്നെ പരിചയപ്പെടാനും അടുക്കാനുമുള്ള എന്‍റെ ശ്രമം അൽപം കടന്നു പോയെന്ന് എനിക്ക് മനസ്സിലായി. പക്ഷെ എനിക്കെന്നെ നിയന്ത്രിക്കാനായില്ല. അല്പം അപമര്യാദയാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണെങ്കിലും ഫാസ്റ്റ്ഫുഡ് കടയിൽവെച്ച് എന്നെ സ്വയം പരിചയപ്പെടുത്താനും നിന്നെക്കുറിച്ചറിയാനും ഞാൻ വീണ്ടും ഒരു ശ്രമംകൂടി നടത്തി.

പേര് രാജീവ്‌, കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലാണ് ജോലി. അവിവാഹിതന്‍. വീട് പാലക്കാട്ടായതുകൊണ്ട് ഇവിടെ അടുത്ത് ഒരു ലോഡ്ജില്‍ താമസിക്കുന്നു എന്നെല്ലാം നീ ചോദിക്കാതെതന്നെ ഞാന്‍ നിന്നോട് പറഞ്ഞു. നിന്‍റെ പേര് യാമിനി എന്നാണെന്നും വിവാഹിതയല്ലെന്നും ഞാൻ ചോദിച്ചറിയുകയും ചെയ്തു. ഫാസ്റ്റ് ഫുഡ് കടയില്‍വെച്ച് ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചോദിച്ചറിയാമല്ലോ എന്നുകരുതിയാണ് ഞാന്‍ സമാധാനത്തോടെ ലോഡ്ജിലേക്ക് മടങ്ങിയത്.

പിറ്റേന്ന് നീ തന്ന നമ്പറില്‍ വിളിക്കുന്നതുവരെ ആകാംക്ഷയുടെ പിരിമുറുക്കത്തിലായിരുന്നു ഞാന്‍. പക്ഷേ, ആ നമ്പറില്‍നിന്ന് ഒരു പുരുഷന്‍റെ സ്വരമാണ് കേട്ടത്. “യാമിനിയോ? ഏതു യാമിനിയാടോ?” എന്ന് പരിഹാസസ്വരത്തിലുള്ള ആ ചോദ്യം കേട്ടപ്പോള്‍ എനിക്കുണ്ടായ നൈരാശ്യത്തെക്കുറിച്ച് നിനക്കൂഹിക്കാനാകുമോ? നീ തന്നത് റോംഗ് നമ്പറാണെന്ന് എനിക്ക് മനസ്സിലായി തികച്ചും അപ്രതീക്ഷിതമായി എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതുപോലെ നീ പെട്ടെന്ന് മറയുകയാണോ? എന്‍റെ മനസ്സ് ആകുലപ്പെട്ടുകൊണ്ടിരുന്നു. എങ്കില്‍ ഞാനെങ്ങിനെ നിന്നെ കണ്ടെത്തും? എന്‍റെ പ്രണയം നിന്നെ എങ്ങനെ അറിയിക്കും?

ഒരേ ഒരു പോംവഴി ഈമെയില്‍ ആണെന്നെനിക്ക് തോന്നി. നിനക്ക് ഒരു ഈമെയില്‍ ഐഡി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അന്ന് രാത്രിതന്നെ ഞാന്‍ യാമിനി എന്നാരംഭിക്കുന്ന 35 ഈമെയില്‍ ഐഡികളുണ്ടാക്കി എന്‍റെ സന്ദേശം അതിലെഴുതി അയച്ചു. അതില്‍ കുറെ മെയിലുകള്‍ ബൗണ്സ് (അഡ്രസ്‌ ശരിയല്ലെന്ന സന്ദേശം ലഭിക്കുക) ചെയ്യുകയും ചെയ്തു. പിറ്റേന്ന് തന്നെ അതില്‍ ഒരു യാമിനിയുടെ മറുപടി വന്നു.

റോംഗ് നമ്പര്‍ തന്നതിൽ നിന്ന് നിനക്കെന്നോടുള്ള താല്പര്യക്കുറവ് വ്യക്തമായ സ്ഥിതിക്ക് വെറുതെ സമയം പാഴാക്കുന്നതെന്തിനെന്നാണ് ആ മാന്യവനിതയുടെ ചോദ്യം. അത് ശരിയാണെങ്കിലും പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. അപ്പോഴെല്ലാം ഞാന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഞാനാദ്യം അയച്ച മെയില്‍ ഐഡിയില്‍ നീയും ഉള്‍പ്പെട്ടുകാണുമോ? എന്നിട്ടും നീ മൗനം പാലിക്കുകയാണോ? ആ മെയില്‍ നീ കണ്ടിട്ടുണ്ടാവില്ലെന്ന് വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു മനസ്സ് ഉപദേശിച്ചത്. ഞാന്‍ പ്രത്യാശ കൈവിടാതെ കാത്തിരുന്നു. ആശങ്കയുടെ നിഴല്‍വീണ അവസാനമില്ലാതെ നീളുന്ന പകലുകളെയും രാത്രികളേയും ശപിച്ചുകൊണ്ട് ദുസ്സഹമായൊരു കാത്തിരിപ്പ്‌.

ഇപ്പോള്‍ ഈ സന്ദേശത്തിലൂടെ ഞാന്‍ നിന്നെ കണ്ടെത്താന്‍ ഒരിക്കല്‍കൂടി ശ്രമിക്കുകയാണ്. അവസാനത്തെ ശ്രമം. ഈ 25 പേരില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകുമോ എന്നറിയില്ലെങ്കിലും എന്‍റെ സന്ദേശം മറ്റ് യാമിനിമാര്‍ ആരെങ്കിലും വഴി നിനക്ക് കിട്ടിയാല്‍ നീ നിന്‍റെ തീരുമാനം അതെന്തുതന്നെ ആയാലും എന്നെ അറിയിക്കുമോ? ഒരിക്കല്‍ക്കൂടി തമ്മില്‍ കാണുവാന്‍ നീയെനിക്ക് അനുവാദം തരുമോ?

എന്‍റെ മെയിലില്‍ ഉള്‍പെട്ടിട്ടുള്ള എല്ലാ യാമിനിമാരോടും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ക്ഷമാപണപൂര്‍വ്വം…

രാജീവ്‌

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें