ജംഗ്ഷനിൽ റെഡ് സിഗ്നൽ തെളിഞ്ഞതോടെ ഇരമ്പി വന്ന വാഹനങ്ങളുടെ വേഗത കുറഞ്ഞു. ഓഫീസ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശിൽപ. നോർത്ത് സ്റ്റേഷനടുത്തുള്ള റോഡിലെ സ്ഥിരം ബ്ലോക്ക് കഴിഞ്ഞതേയുള്ളൂ. ഇനിയിപ്പോ ഈ സിഗ്നൽ.... ശിൽപ ശരിക്കും മൂഡോഫായി. ഓഫീസിൽ പതിവിൽ കവിഞ്ഞ ജോലിയുണ്ടായിരുന്നു. എന്നിരുന്നാലും വീക്കെന്‍റ് ആയതിനാൽ അടുത്ത രണ്ടു ദിവസം അവധി കിട്ടുമല്ലോ, ശിൽപ സമാധാനിച്ചു. അവൾ കാറിന്‍റെ സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കികൊണ്ടിരുന്നു. സുഖദമായ ഒരു തണുത്ത കാറ്റ് അവളെ തലോടിക്കൊണ്ട് കടന്നുപോയി. ഇരുണ്ട് മേഘാവൃതമായ ആകാശം. റോഡരികിൽ ഒരു കൊച്ചുകടയിൽ മുളകുബജിയും, ഉഴുന്നുവടയും പഴംപൊരിയും ചിപ്സുമൊക്കെ വറുക്കുന്നുണ്ടായിരുന്നു.
രണ്ടു ദിവസം മുമ്പ് അമ്മായിയമ്മ സൂചിപ്പിച്ച ഒരു കാര്യം ശിൽപയ്ക്ക് ഓർമ്മ വന്നു. “മോളേ പണ്ട് ഞങ്ങൾ എറണാകുളത്ത് താമസിക്കുന്ന സമയത്ത് നിന്‍റെ അമ്മായിച്ഛൻ ജോലി കഴിഞ്ഞ് വരുന്ന സമയത്ത് പഴംപൊരിയോ മുളുകുബജിയോ ഒക്കെ കൊണ്ടുവരുമായിരുന്നു. അത്രയും രുചികരമായ ലഘുഭക്ഷണം ഇവിടെയെങ്ങും കണ്ടിട്ടേയില്ല. നിങ്ങൾ പരിഷ്കാരികൾക്ക് ചിപ്സും ബർഗറുമൊക്കെ മതിയല്ലോ.”
എന്തായാലും അമ്മയ്ക്ക് ഇന്ന് ഒരു സർപ്രൈസ് കൊടുക്കണം. മനസ്സിൽ പ്രണയമോ ഗൃഹാതുരത്വമോ ഒക്കെ ഉണർത്തുന്ന മഴയ്ക്കു മുമ്പുള്ള ശാന്തമായ കാലാവസ്ഥ. ശിൽപ കാർ റോഡിന്‍റെ ഒരു ഭാഗത്തേക്ക് ഒതുക്കിയിട്ടു. കുറച്ചു മുളകുബജിയും പഴംപൊരിയും രണ്ടു പായ്ക്കറ്റുകളിലായി വാങ്ങി. മടങ്ങാനൊരുങ്ങവേ ഒന്നുരണ്ടു മഴത്തുള്ളികൾ അവളുടെ മുഖത്തും കൈകളിലും പതിച്ചു. കാറ്റിന് ശക്തി കൂടി, ചെറിയ ചാറ്റൽ മഴയും തുടങ്ങി. ശിൽപയുടെ മനസ്സ് ശരിക്കും തണുത്തു. മടുപ്പും ക്ഷീണവുമൊക്കെ പാടെ മാറി.
കാർ ഡ്രൈവ് ചെയ്ത് വീട്ടിലെത്തി കോൾബെൽ അമർത്തി. കൊച്ചു രാഹുൽ തുള്ളിച്ചാടിക്കൊണ്ട് ഡോറിനടുത്തെത്തിയെങ്കിലും ഡോർ ലോക്കിൽ കൈയെത്താത്തതിനാൽ അമ്മ വരുന്നതുവരെ അക്ഷമനായി നിന്നു. അമ്മായിയമ്മയെ സ്നേഹത്തോടെ അമ്മാ എന്നാണ് ശിൽപയും വിക്രമും മകൻ രാഹുലും വിളിക്കാറുള്ളത്.
ഡോർ തുറന്നതും കൊച്ചു രാഹുൽ ശിൽപയോടു ചേർന്നു നിന്നു, “മമ്മീ, ഇതെന്താ?” ശിൽപയുടെ കൈയിലെ പായ്ക്കറ്റുകളിലേക്ക് അവൻ ആകാംഷയോടെ നോക്കി.
ശിൽപ ചിരിച്ചുകൊണ്ട് രണ്ട് പായ്ക്കറ്റും അമ്മയെ ഏൽപിച്ചു. “അമ്മാ... ദാ നോക്കിയേ എന്താണെന്ന്...?” സരളാദേവി പായ്ക്കറ്റ് വാങ്ങി മേശമേൽ വച്ചു.
“നീയാകെ നനഞ്ഞിട്ടുണ്ടല്ലോ. വേഗം പോയി ഡ്രസ്സ് മാറ്റി വരൂ.... അപ്പോഴേക്കും ഞാൻ നിനക്ക് കാപ്പിയുണ്ടാക്കിത്തരാം.”
“വേണ്ട അമ്മാ...” ശിൽപ സരളാദേവിയെ സ്നേഹത്തോടെ സോഫയിലിരുത്തി. “രമണി ചായയുണ്ടാക്കും. അപ്പോഴേക്കും ഞാൻ ഡ്രസ്സ് മാറിയിട്ടു വരാം. ഇതൊന്നു കഴിച്ചു നോക്കൂ... എറണാകുളത്തേക്കാൾ നല്ലതാണോ ഇവിടുത്തെ മുളകുബജിയന്നു നോക്കൂ...”
മരുമകളുടെ സ്നേഹവും പരിഗണനയും കണ്ട് സരളാദേവിക്ക് വലിയ ഉത്സാഹമായി. “രാഹുൽ... കുട്ടികളുടെ മനസ്സാ നിന്‍റെ മമ്മിക്ക്...”
ശിൽപ ഡ്രസ്സ് ചേയ്ഞ്ച് ചെയ്തു വന്നപ്പോഴേക്കും രമണി അവർക്ക് മൂന്നുപേർക്കുള്ള ചായ ടേബിളിൽ കൊണ്ടു വച്ചിരുന്നു. കുശലവും തമാശപറച്ചിലുമൊക്കെയായി അവർ മൂന്നുപേരും ചേർന്ന് മുളകുബജിയും പഴംപൊരിയും കഴിച്ചു തീർത്തു. പെട്ടെന്ന് ശിൽപ നിർത്താതെ തുമ്മാൻ തുടങ്ങി, “എന്താണെന്നറിയില്ല അമ്മാ, വല്ലാത്ത തലവേദന. പനിയാവാതിരുന്നാൽ ഭാഗ്യം...”