കമ്പനി കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ഉമേഷ്. അതുകൊണ്ട് ഗൗതമൻ അൽപാൽപമായി വിശ്രമജീവിതത്തിലേക്ക് കടക്കാൻ തുടങ്ങി. പ്രായം 64 ആയി ഇത്രയും കാലം എന്തൊരു ഓട്ടമായിരുന്നു. ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള ഓട്ടം. അതിൽ എൺപത് ശതമാനവും വിജയിച്ചു. ഇനി സ്പീഡ് അൽപം കുറയ്ക്കാമെന്ന് ഉമ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. അവൾ രണ്ടുമാസം മുമ്പ് ഇന്ത്യയിലേക്ക് പോയിട്ട് കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്. ബന്ധുക്കളുടെ വീടെല്ലാം ചുറ്റിക്കറങ്ങി അവൾ കുറച്ചു റിലാക്സ്ഡ് ആയിട്ടാണ് മടങ്ങിവന്നത്.
നാട്ടിൽ നിന്ന് കുറേയധികം വിഭവങ്ങളുമായിട്ടാണ് ഉമയുടെ വരവ്. ഉർവ്വശി ഗർഭിണിയാണെന്നറിഞ്ഞതിനാൽ ബന്ധുക്കൾ എല്ലാവരും തന്നെ പലവിധ സാധനങ്ങൾ കൊടുത്തുവിട്ടിരുന്നു.
ഉർവ്വശിക്കിത് എട്ടാം മാസമാണ് ഒരു മാസം കൂടി കമ്പനികാര്യങ്ങളിൽ സജീവമായ ശേഷം റെസ്റ്റെടുക്കാനാണ് ഉമയും രേണവും അവളോട് പറഞ്ഞത്. പക്ഷേ ഉർവ്വശിക്ക് വീട്ടിലിരിക്കണമെന്നേയില്ല. പ്ലസവത്തിന്‍റെ തലേന്നുകൂടി ജോലി ചെയ്യണമെന്നാണ് അവളുടെ ചിന്ത. വീട്ടിൽ നിന്ന് ഇരുപത് മിനിറ്റ് യാത്രയേയുള്ളൂ ഓഫീസിലേക്ക്. അതും കാറിലാണ് പോകുന്നത്. പിന്നെന്തിനാണ് വെറുതെ വീട്ടിലിരിക്കുന്നതെന്നാണ് അവളുടെ ചോദ്യം.
വാഷിംഗ്ടണിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ഗൗതമന്‍റെ അടുത്ത സുഹൃത്തുമായ ഡോ. സുഭാഷ് ഗോയലിനെയാണ് ഉർവ്വശി കൺസൾട്ട് ചെയ്യുന്നത്. ഇന്ത്യാക്കാരായ കുടുംബങ്ങൾ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെയടുത്താണ് പോവുക. എല്ലാ സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലെ ചികിത്സയെപറ്റി അവിടെയുള്ളവർക്കും നല്ല മതിപ്പാണ്. നോർത്തിന്ത്യനാണ് സുഭാഷ്. ഉർവ്വശിയുടെ എല്ലാ കെയറും ഡോ. ഗോയൽ നേരിട്ട് ഏറ്റെടുത്തു.
മാർച്ചിലെ ഒരു തെളിഞ്ഞ സന്ധ്യ.
ഉർവ്വശി അൽപം നേരത്തേ ഓഫീസിൽ നിന്നു പോന്നിരുന്നു. ചെറിയ വിഷമം തോന്നിയതുകൊണ്ടാണ്. അവൾ ഉമയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വീട്ടിൽ വന്നശേഷം അസ്വസ്ഥത കൂടുതലായപ്പോൾ ഉമേഷ് ഉടനെ വണ്ടിയെടുത്തു. ഗൗതമനും ഉമയും കൂടി ഉർവ്വശിയെ കാറിലേക്കു കയറ്റി.
“ഡോണ്ട് വറി മാൻ... ഞാനില്ലെ ഇവിടെ...”
ഡോ. ഗോയൽ ഉമേഷിന്‍റെ ടെൻഷൻ നിറഞ്ഞ മുഖം കണ്ട് ചിരിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.
ലേബർ റൂമിനു മുന്നിൽ ആകാംഷയോടെ കാത്തിരുപ്പ്. ഓരോ വട്ടം ഡോർ തുറക്കുമ്പോഴും ആറ് കണ്ണുകൾ അങ്ങോട്ടു നീളും.
ഡോ.ഗോയലിന്‍റെ ഹോസ്പിറ്റലിൽ ഓരോ ഗർഭിണിക്കും പ്രത്യേകം ലേബർ റൂം ഉണ്ട്. അതോട് ചേർന്ന ഫാമിലിക്ക് പ്രത്യേകം വെയ്റ്റിംഗ് റൂം. ലേബർ റൂമിൽ ഭർത്താവിന് മാത്രമാണ് പ്രവേശനം. ഒരു നേഴ്സ് വന്ന് ഉമേഷിനെ വിളിച്ചുകൊണ്ടുപോയി.
ഉർവ്വശിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിട്ട് അഞ്ച് മണിക്കൂറായി കാണും. പുലർച്ചയോടെ പ്രസവം ഉണ്ടാകുമെന്നാണ് ഡോ. ഗോയൽ പറഞ്ഞത്. ഫാമിലി റൂമിൽ ഉറങ്ങാനുള്ള സൗകര്യമുണ്ട്. പുലരുന്നതുവരെ ഉറങ്ങാതിരുന്ന ഗൗതമൻ അൽപനേരം റൂമിൽ വിശ്രമിച്ചു. രാവിലെ 6.45 ന് ഡോ. ഗോയൽ വന്ന് വിളിച്ചു.
“വരൂ...”
ഉമയും ഗൗതമനും അകത്തേക്കു നടന്നു. നഴ്സ് ഒരു ഇളം പൈതലിനെ ഡോ. സുഭാഷിന്‍റെ കൈവശം കൊടുത്തു.
“കൺഗ്രാചുലേഷൻസ് ഗതം... താനൊരു ഗ്രാൻപാ ആയിരിക്കുന്നു. ഇതാ തന്‍റെ ഗ്രാന്‍റ്സൺ...”