മകളുടെ കല്യാണം കഴിഞ്ഞപ്പോഴേക്കും സുഗന്ധി ആകെ തളർന്നിരുന്നു. കല്യാണം കഴിഞ്ഞ് ആറേഴു ദിവസം വീടെല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പെടാപാടിലായിരുന്നു സുഗന്ധിക്ക്. മകൾ പോയപ്പോഴാണ് ശരിക്കും വീട്ടിലെ ശൂന്യത സുഗന്ധി അറിഞ്ഞത്. അവളുള്ളപ്പോൾ വീട്ടിലാകെ ഒച്ചയും ബഹളവുമാണ്. ഒരു കിലുക്കാംപെട്ടിയായിരുന്നു അവൾ. അതിഥികളും വേണ്ടപ്പെട്ടവരും ഒഴിഞ്ഞുപോയപ്പോൾ ഉണ്ടായ ഒറ്റപ്പെടൽ മകനും കൂടി ഹോസ്റ്റലിലേയ്ക്ക് മടങ്ങിയതോടെ പൂർണ്ണമായി പേടിപ്പെടുത്തുന്ന ഏകാന്തത. പിന്നെ ഭർത്താവ് മനീഷുള്ളതാണ് കുറച്ചെങ്കിലും ആശ്വാസം. പക്ഷേ ബിസിനസ്സ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് ഫോൺ ഒഴിഞ്ഞ നേരമില്ല. മകളുടെ കല്യാണത്തിന് അഞ്ചു ദിവസം ലീവെടുത്തതിന്‍റെ അധികതിരക്കും ഉണ്ട്. മാത്രമല്ല, മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ മനീഷ് വിദേശത്തു പോകാൻ ഇരിക്കുകയാണ് ബിസിനസ്സ് ആവശ്യത്തിന്. പുള്ളിക്കാരനും കൂടി പോയാൽപ്പിന്നെ താനെന്തു ചെയ്യും ഈ വലിയ വീട്ടിൽ… ആലോചിച്ചപ്പോൾ സുഗന്ധിക്ക് പേടി തോന്നി.

ബ്രേക്ക്ഫാസ്റ്റിനിരുന്നപ്പോൾ വിദേശയാത്രയുടെ ഒരുക്കങ്ങളെക്കുറിച്ച് മനീഷ് പറഞ്ഞതുകേട്ട് സുഗന്ധിക്ക് നിയന്ത്രണം വിട്ടുപോയി. ഒറ്റക്കരച്ചിലിലാണ് അവൾ ആ പ്രഭാതം തുടങ്ങിയത്.

മനീഷ് ഇതാദ്യമൊന്നുമല്ല വിദേശത്തു പോകുന്നത്. 10- 20 ദിവസം കഴിഞ്ഞാണ് എപ്പോഴും മനീഷ് മടങ്ങാറ്. സുഗന്ധിക്ക് മനീഷിനെ വിട്ട് നിൽക്കുന്നത് പുതിയ അനുഭവമൊന്നുമല്ല. പിന്നെ ഇപ്പോൾ ഇനെന്താണിങ്ങനെ? ആദ്യമായി ഭർത്താവ് യാത്ര പോകുന്നതു പോലെ. മകളും കൂടി പോയതോടെ വീട്ടിൽ കൂട്ട് നഷ്ടപ്പെട്ടതിന്‍റെ വേദനയാണ് സുഗന്ധിക്ക്. സുഗന്ധി നിർത്താതെ കരഞ്ഞപ്പോൾ മനീഷ് പേടിച്ചുപോയി.

അയാൾ പറഞ്ഞു, “എന്താണിത് സുഗന്ധീ… നീ ഇങ്ങനെ നെർവ്വസ് ആകാതെ. എല്ലാ രണ്ട് മാസം കൂടുമ്പോഴും എനിക്ക് ഇങ്ങനെ ഒരു ടൂർ ഉള്ളതല്ലേ. പിന്നെ എന്താ ഇത്ര വിഷമിക്കാൻ?” അയാൾ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.

മനീഷ് ആശ്വസിപ്പിച്ചപ്പോൾ അവളുടെ കരച്ചിൽ ഉച്ചത്തിലായി. “ഇത്രയും ദിവസം മോളും മോനും എന്‍റെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങൾ ദൂരെ പോകുമ്പോൾ എനിക്ക് ഇത്ര വിഷമം തോന്നിയിരുന്നില്ല. ഈ ഒറ്റപ്പെടൽ എനിക്ക് താങ്ങാനാവില്ല, മനീഷേട്ടാ.”

സുഗന്ധി മനീഷിന്‍റെ തോളിലേയ്ക്ക് പറഞ്ഞുകൊണ്ട് തേങ്ങി. “നമുക്കിപ്പോൾ എന്തിന്‍റെ കുറവാണുള്ളത്? എന്നിട്ടും നിങ്ങൾ ബിസിനസ്സ് വിപുലീകരിച്ചിരിക്കുന്നതിനെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. മാത്രമല്ല ആറ് മാസം കൂടി കഴിഞ്ഞാൽ മോൻ എംബിഎ കഴിയും. അപ്പോൾ ബിസിനസ്സിന്‍റെ കാര്യങ്ങൾ അവനെ ഏൽപിക്കാമല്ലോ.”

സുഗന്ധി പറഞ്ഞത് കേട്ട് മനീഷ് ഉറക്കെ ചിരിച്ചു. “നീ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ കഷ്ടപ്പെട്ട് പടുത്തുയർത്തിയ സംരഭങ്ങൾ ഒറ്റയടിക്ക് വൈന്‍റ്അപ്പ് ചെയ്യാനാവില്ലല്ലോ. നിങ്ങളെ കൂടാതെ എനിക്കും വിദേശത്ത് സന്തോഷം ഉണ്ടാകുമെന്നാണോ നീ വിചാരിക്കുന്നത്. നിവൃത്തികേടു കൊണ്ടാണ് എനിക്കവിടെ പോകേണ്ടി വരുന്നത്.”

സുഗന്ധിക്ക് കാര്യം മനസ്സിലാവും. ഒരു നല്ല ബിസിനസ്സുകാരന്‍റെ ബുദ്ധിയുള്ള ഭാര്യയാണ് അവൾ. പക്ഷേ ഇന്ന് വല്ലാതെ സെന്‍റിമെന്‍റലായി. മനീഷ് അവളുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് നിന്‍റെയീ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണാൻ തീരെ ഇഷ്ടമല്ല. വാ എഴുന്നേൽക്ക് നല്ല കുട്ടിയാവാം… വാ… നൗ ചിയർ അപ്പ് ഡിയർ.”

“സമയം 9.30 കഴിഞ്ഞു. എനിക്ക് ഇന്ന് ഓഫീസിൽ ധാരാളം പണിയുണ്ട്. കമോൺ… യാത്രയ്ക്കുള്ള ഒരുക്കങ്ങളും ചെയ്യണം. ഞാനിന്ന് ഉച്ചയ്ക്ക് കഴിക്കാൻ വരില്ല, നല്ല തിരക്കുണ്ട്.”

എല്ലാവരും വീട്ടിൽ പോയിക്കഴിഞ്ഞാൽ അവൾ അടുക്കള ജോലിക്കാരി നാണിയമ്മയുമായി കുറേ നേരം സംസാരിച്ചിരുന്നു. പണി തീർത്ത് അവരും പോയപ്പോൾ സുഗന്ധിക്ക് ആകെ ബോറടിയായി. പിന്നെ അവൾ മകൾ ശ്വേതയുടെ വിവാഹ ആൽബം മറിച്ചു നോക്കാൻ തുടങ്ങി. ഇന്ന് രാവിലെയാണ് ഫോട്ടോഗ്രാഫർ അത് കൊണ്ടുവന്നത്. മകൾ ഫോട്ടോയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നുവല്ലോ എന്ന് സുഗന്ധി ആഹ്ലാദിച്ചു. ആൽബത്തിന്‍റെ താളുകൾ മറിച്ചതിനൊപ്പം അവളുടെ ഓർമ്മകൾ കുറേ വർഷം പിറകോട്ട് പോയി.

25 വർഷം മുമ്പാണ് സുഗന്ധിയുടേയും മനീഷിന്‍റെയും കല്യാണം കഴിഞ്ഞത്. അന്ന് രണ്ടുപേരെയും എത്ര നല്ല ചേർച്ചയുള്ളവർ എന്ന് പറഞ്ഞ് എല്ലാവരും അനുഗ്രഹിച്ചത് ഇന്ന് ഓർക്കുമ്പോൾ പോലും സുഗന്ധിക്ക് രോമാഞ്ചമുണ്ടാക്കുന്ന സംഭവമാണ്. ഇന്നും ആളുകൾ പരിചയപ്പെടുമ്പോൾ പറയുന്നത് മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ്. അതൊരു സൗഭാഗ്യമാണ്. ആത്മാവും ശരീരവും ഒന്നാവുന്ന അവസ്ഥ. ജീവിതത്തിൽ പിന്നെ എന്തെല്ലാം മാറ്റങ്ങൾ വന്നു. പക്ഷേ മനീഷിനോടുള്ള സുഗന്ധിയുടെ സ്നേഹത്തിനു മാത്രം മാറ്റമുണ്ടായിട്ടില്ല. മനീഷിനോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ. അയാളും അങ്ങനെയാണ്. സ്നേഹിച്ച് വീർപ്പു മുട്ടിച്ചുകളയും. മകൾക്കും അങ്ങനെയുള്ള ഒരു ഹൃദയത്തിന്‍റെ ഉടമയെത്തന്നെ കിട്ടിയതിൽ സുഗന്ധിയാണ് ഏറ്റവും സന്തോഷിച്ചത്. അവൾ ആൽബത്തിന്‍റെ താളിൽ കണ്ണും നട്ടിരുന്നു.

മനീഷിന്‍റെ അമ്മയായിരുന്നു തന്‍റെ ജീവിതത്തിലെ മറ്റൊരു ഭാഗ്യം. സുഗന്ധി ഓർത്തു. ഒരു മകളെപ്പോലെയാണ് അവർ തന്നെ നോക്കിയത്. നല്ല വീട്ടുകാരിയാക്കിയതും നല്ല ഭാര്യയാക്കിയതും നല്ല അമ്മയാക്കിയതും അവരാണ് പക്ഷേ മോളുടെ കല്യാണം കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. അവരുടെ മരണമാണ് തന്നെ ഉലച്ചുകളഞ്ഞത്. മൂന്ന് വർഷം മുമ്പ് എന്നും രാവിലെ ഏഴരവെളുപ്പിന് എഴുന്നേൽക്കാറുള്ള ആൾ അന്ന് ഉണർന്നില്ല. ഒരു കണക്കിനു നോക്കുമ്പോൾ പുണ്യം ചെയ്ത ജന്മമാണ് അമ്മായിയമ്മയുടേത്. ആരെയും അധികം വേദനിപ്പിക്കാതെ പോയി.

ഇടയ്ക്ക് ഒരു ഫോൺ റിംഗ് ചെയ്തപ്പോഴാണ് സുഗന്ധി ആൽബം പൂട്ടിവച്ച് ഓർമ്മകളിൽ നിന്ന് പുറത്ത്കടന്നത്.

“ഹലോ… ആരാണ്?” ഫോൺ കട്ടായി.

സുഗന്ധി കട്ടിലിൽ പോയി കിടന്നു. ഇനി സമയം പോകാൻ എന്താണ് വഴി. മനീഷ് എല്ലാ വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴും തനിക്ക് കൊണ്ടുവരാറുള്ള സുഗന്ധതൈലത്തിന്‍റെ കുപ്പികൾ ഒരു അലമാരയിൽ അവൾ നിരത്തി വച്ചിട്ടുണ്ട്. പലതും പകുതിയെ ഉപയോഗിച്ചിട്ടുള്ളു.

“ഇത് എന്‍റെ സുഗന്ധമുള്ള സുഗന്ധിക്ക് വാങ്ങിയതാണ്?”

കല്യാണം കഴിഞ്ഞ ശേഷം ആദ്യമായി വിദേശത്ത് പോയി വരുമ്പോൾ മനീഷ് കൊണ്ടുവന്ന പെർഫ്യൂമിന്‍റെ ബോട്ടിൽ സുഗന്ധി ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ആരേയും മത്ത് പിടിപ്പിക്കുന്ന സുഗന്ധമാണിതിന്. അവൾ അതിൽ ബാക്കിയുണ്ടായിരുന്നത് എടുത്തു പൂശി. സ്നേഹത്തിന്‍റെ സുഗന്ധം ആ മുറിയാകെ നിറഞ്ഞു.

വെയിലിന് ചൂടു പിടിച്ചു തുടങ്ങിയതേയുള്ളൂ. ക്ലോക്കിൽ 12 അടിച്ചപ്പോഴാണ് താൻ ഇത്രയും നേരം മുറിയിൽ തന്നെ ചടഞ്ഞ് കൂടിയിരിക്കുകയായിരുന്നുവല്ലോ എന്ന് സുഗന്ധി ഓർത്തത്. അവൾ ജനൽ തുറന്ന് പുറത്ത് നോക്കി. പറമ്പിൽ പൂമ്പാറ്റകൾ അനേകം ഉണ്ട്. അവൾ മുറ്റത്തേക്കിറങ്ങി. എല്ലാ ദിവസവും കോളേജ് വിട്ട് മോള് ഈ സമയമാകുമ്പോഴേക്കും വരാറുണ്ടായിരുന്നു. ആ ശൂന്യത ശരിക്കും അറിയാനുണ്ട് ഇനി. താൻ തനിച്ചിരുന്ന് ഭക്ഷണം കഴിക്കണം. എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാത്ത, ജീവിതം ആസ്വദിക്കാൻ കഴിയാത്ത ഒരാളുടെ വിരസത എങ്ങനെയാണ് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കുക. സങ്കടവും വിഷാദവും സുഗന്ധിയെ ഒരുപോലെ പിടികൂടിത്തുടങ്ങിയിരുന്നു.

ജോലിക്കാരി പോകുമ്പോൾ തുറന്നിട്ട ഗേറ്റ് അടച്ചതിനുശേഷം അവൾ അകത്തു കയറി. പിന്നെ മനസില്ലാമനസ്സോടെ ഊണ് കഴിക്കാനിരുന്നു. മനീഷിനെ ഓഫീസിൽ വിളിച്ച് കുശലം ചോദിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുമൂന്ന് വട്ടം ട്രൈ ചെയ്തിട്ടും ഭർത്താവിനെ ലൈനിൽ കിട്ടിയില്ല. നാളെ വിദേശയാത്രയുള്ളതാണ്. അതിന്‍റെ തിരക്കുകൾ കാണും മാത്രമല്ല മോളുടെ കല്യാണത്തിനു വേണ്ടി ലീവെടുത്തശേഷം ഇന്നാദ്യമായാണ് ഓഫീസിൽ പോയത്. അതിന്‍റെ പ്രശ്നങ്ങളും കാണും.

സുഗന്ധി പിന്നെ മനീഷിനെ ട്രൈ ചെയ്തില്ല. പെട്ടെന്നാണ് മകളെ ഒന്നു വിളിച്ചുകളയാം എന്ന് സുഗന്ധി വിചാരിച്ചത്. പക്ഷേ അവളുടെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു.

ഇനി… മരുമകന്‍റെ നമ്പറിൽ വിളിച്ചു നോക്കാമെന്ന് കരുതിയപ്പോഴാണ് ആ നമ്പർ തന്‍റെ കയ്യിൽ ഇല്ലല്ലോയെന്ന് സുഗന്ധി ഓർത്തത്. അവൾ മനീഷിന്‍റെ ഡയറി എടുക്കാനായി ഡ്രോ തുറന്നു. ഡയറിയുടെ അടുത്ത് ഒരു കെട്ട് കത്തുകൾ ഉണ്ടായിരുന്നു. എല്ലാം എയർമെയിലുകൾ. ആദ്യം അതെന്താണെന്നറിയാനുള്ള കൗതുകം തോന്നിയെങ്കിലും വിട്ടു കളഞ്ഞു. പിന്നെ മനസ്സ് നിർബന്ധിച്ചപ്പോഴാണ് അവൾ അതെല്ലാം എടുത്ത് വായിച്ചു നോക്കിയത്. ആദ്യം വായനയിൽ തന്നെ സുഗന്ധിക്ക് തല കറങ്ങുന്നതുപോലെ തോന്നി…

പ്രണയലേഖനം പോലെ… ഒരു സ്ത്രീ എഴുതിയ ഹൃദയഭാഷ…

കത്തുവായിച്ചു തീർന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടതുപോലെ സുഗന്ധിക്ക് തോന്നി.

പ്രിയ മനീഷ്…

നിങ്ങൾ മകളുടെ കല്യാണത്തിരക്കിലായിരിക്കും. എന്നാലും ഞാൻ നിന്നെ ഇവിടെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈയിടെയായി ശരീരത്തിന് തീരെ സുഖമില്ല. ഇന്നലെ ഡോക്ടറെ കാണിച്ചിരുന്നു. ഒരിക്കൽകൂടി സോണോഗ്രാഫി ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ്. സമയം അടുത്ത് വരുന്നതായി മനസ്സ് പറയുന്നു. എനിക്ക് വല്ലാതെ പേടിയായി തുടങ്ങിയിരിക്കുന്നു. മനീഷ്… വല്ലാത്ത ഒറ്റപ്പെടലുമുണ്ട്. നിങ്ങൾ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

കല്യാണത്തിനു നിങ്ങൾക്കായി ഒരു കുപ്പി സുഗന്ധതൈലം ഇതോടൊപ്പം അയക്കുന്നു. അതിന്‍റെ സുഗന്ധം അനുഭവിക്കുമ്പോഴെല്ലാം ചുരുങ്ങിയപക്ഷം നിങ്ങൾ എന്നെ ഓർക്കുമല്ലോ… വീട്ടിലെ എല്ലാവർക്കും സ്നേഹം നേരുന്നു.

സ്വന്തം സോണിയ, ചിക്കാഗോ

സുഗന്ധിയുടെ കണ്ണു നിറഞ്ഞു. അവൾ പിന്നെ അവിടെയോക്കെ പരതിയപ്പോൾ ഒരു കത്തുകൂടി കിട്ടി. മനീഷ് സോണിയയ്ക്ക് എഴുതിയത്. കല്യാണത്തിരക്കിനിടയിൽ പോസ്റ്റ് ചെയ്യാൻ മറന്നതാവാം. നിറകണ്ണുകളോടെ സുഗന്ധി അതു വായിച്ചു നോക്കി.

പ്രിയ സോണിയ…

മുത്തേ, നിന്‍റെ കത്ത് കിട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ നിന്‍റെ ആരോഗ്യസ്ഥിതി അറിഞ്ഞിട്ട് എനിക്ക് യാതൊരു സമാധാനവുമില്ല. നീ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു. പേടിക്കരുത്. നിനക്ക് ഒന്നും സംഭവിക്കുകയില്ല. കല്യാണത്തിരക്ക് കഴിഞ്ഞയുടൻ ഞാനിവിടെ പറന്നെത്താം. ചെക്കപ്പ് മുടക്കരുത്. നിന്‍റെ സോണോഗ്രാഫി ടെസ്റ്റും മറ്റും നോർമ്മലായിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ അവസ്ഥയിൽ കൂടുതൽ ടെൻഷനടിക്കരുത്. അത് നന്നല്ല. ഭക്ഷണക്കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിക്കണം. ജ്യൂസും മരുന്നും ഒരിക്കലും മുടക്കരുത്. നീ അയച്ച പെർഫ്യൂം കിട്ടി. അതിന്‍റെ വാസന എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് സോണിയ… ഉടനെ കാണാം.

നിന്‍റെ സ്വന്തം മനീഷ്

ഇത്രയും വായിച്ചതോടെ സുഗന്ധി തല കറങ്ങി വീണു. അവളെ ആസ്വസിപ്പിക്കാൻ അവിടെ മക്കൾ പോലുമില്ല. എത്ര പെട്ടെന്നാണ് എല്ലാവരും അകന്നു പോയത്. അവൾ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രിയതമൻ വിശ്വാസവഞ്ചന കാണിച്ചത് അവൾക്ക് പൊറുക്കാനും സഹിക്കാനുമായില്ല.

ഇങ്ങനെയുള്ള ഒരാളെയാണോ ഞാൻ ഇത്രയും കാലം സ്നേഹിച്ചത്… ബഹുമാനിച്ചത്… ഇരുപത്തഞ്ച് വർഷങ്ങൾ… സുഗന്ധി വാവിട്ടു കരഞ്ഞു. അവൾ ഹൃദയം പൊട്ടി കരയുന്നത് കേട്ടിട്ടാവണം പൂമ്പാറ്റകളെല്ലാം പറമ്പിൽ നിന്ന് മറ്റെങ്ങൊട്ടേയ്ക്കോ പറന്നു പോയി.

ജീവിതം ഒരു വലിയ നുണയാണെന്ന് സുഗന്ധിക്ക് തോന്നി. മനീഷിന്‍റെ ഡ്രോ തുറക്കേണ്ടിയിരുന്നില്ല. ഒരു ശപിക്കപ്പെട്ട നിമിഷത്തിലാണ് എനിക്കത് ചെയ്യാൻ തോന്നിയത്. സുഗന്ധി വീണ്ടും അസ്വസ്ഥയായി.

അന്ന് പതിവിലും നേരത്തേ മനീഷ് വീട്ടിലെത്തി. അയാൾ വന്ന ഉടനെ സുഗന്ധി അയാളുടെ ദേഹത്തേക്ക് പെർഫ്യും അടിച്ചു. പിന്നെ വളരെ ശാന്തഭാവത്തിൽ ചോദിച്ചു, “നിങ്ങളുടെ ആരാണ് സോണിയ?”

ഇതുകേട്ട് മനീഷ് ഒന്നു പതറിയില്ലെങ്കിലും ഭാവപ്പകർച്ചയില്ലാതെ, ഒരു സാധാരണ കാര്യം കേട്ടതുപോലെ ചിരിച്ചു.

“നിങ്ങൾ പൊട്ടൻ കളിക്കുകയൊന്നും വേണ്ട. എല്ലാം ഞാനറിഞ്ഞു.” സുഗന്ധി ഒച്ചവെച്ചു.

“പതുക്കെ… പ്ലീസ്…. ആരെങ്കിലും കേൾക്കും.”

“എല്ലാവരും കേൾക്കട്ടെ. അറിയട്ടെ നിങ്ങളുടെ സ്വഭാവശുദ്ധി.” അവൾ പെർഫ്യും ബോട്ടിൽ തറയിലേക്ക് വലിച്ചെറിഞ്ഞു.

“സുഗന്ധി പ്ലീസ്… നീ വിചാരിക്കുന്നതു പോലുള്ള യാതൊന്നും സംഭവിച്ചിട്ടില്ല. സോണിയ എന്‍റെ നല്ല സുഹൃത്ത് മാത്രമാണ്. എന്‍റെ പാർട്ട്ണർ സുരേഷിന്‍റെ ചിക്കാഗോ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീ. അവിടെ ബിസിനസ്സ് ആവശ്യത്തിന് പോകുമ്പോൾ കൂട്ടായതാണ്. പിന്നെ നല്ല ചങ്ങാത്തത്തിലായി. ബുദ്ധിമതിയായ മാന്യയുവതിയാണ്… പലപ്പോഴും ഡീലുകൾ, ബിസിനസ്സ് മീറ്റുകൾ എല്ലാം അവരാണ് നമ്മുടെ കമ്പനിക്ക് ചെയ്തു തരാറുള്ളത്. ഒരു പ്രൊഫഷണൽ ബന്ധമായിരുന്നു ആദ്യമൊക്കെ. പിന്നെ സുഹൃത്തായി… അതും അവരുടെ രോഗവിവരം അറിഞ്ഞപ്പോൾ. അവർക്ക് കാൻസറാണ്.”

“സോണിയയ്ക്ക് ഇനി അധികകാലമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അവസാനമായി എന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു. അതാണ് കത്ത് എഴുതിയത്. അല്ലാതെ മറ്റ് ഒളിച്ചുകളിയൊന്നുമില്ല. എന്‍റെ മനസ്സിൽ നീ മാത്രമേയുള്ളൂ. അന്നും ഇന്നും…”

“എന്നിട്ട് നിങ്ങൾ ഇതെല്ലാം എന്നോട് മറച്ചു വച്ചതെന്തിനാണ് മനീഷ്” സുഗന്ധിയുടെ ശബ്ദം ഇടറി.

“ഞാൻ നിന്നെ എപ്പോഴും വിദേശത്തു പോകുമ്പോൾ വിളിക്കാറുള്ളതാണ്. നീ ഒരിക്കൽ പോലും കൂടെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെപ്പിന്നെ ഞാനും നിർബന്ധിക്കാതായി. നീ എന്നെങ്കിലും എന്‍റെ കൂടെ വന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവില്ലായിരുന്നു.”

ശരിയാണ്, മനീഷ് വിളിപ്പോഴൊന്നും താൻ പോയിട്ടില്ല. അമ്മായിമ്മയെ വിട്ട് നിൽക്കാൻ വയ്യാത്ത സ്ഥിതി… കുട്ടികളായപ്പോൾ അവരുടെ കാര്യം നോക്കണമെന്ന വിചാരം… വീട് വിട്ട് പോകാൻ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. തെറ്റ് എനിക്കും പറ്റിയിട്ടുണ്ട്. ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്ക് പലപ്പെഴും നിന്നുകൊടുത്തിട്ടില്ല.

“ഇപ്രാവശ്യം നിങ്ങൾ ചിക്കാഗോയിൽ ഒറ്റയ്ക്ക് പോകുന്നില്ല.” സുഗന്ധി പറഞ്ഞു. “ഞാനും വരുന്നു. എനിക്കും അവരെ കാണണം.” മനീഷ് ഇതുകേട്ട് ചിരിച്ചു.

“ഹണിമൂണിനു പോലും വിദേശയാത്രയ്ക്ക് വരാത്ത ആളാണ്. ഇപ്പോൾ എന്‍റെ ഒപ്പം യാത്ര പോകണമെന്ന് പറയുന്നത്…”

“എന്നെ കളിയാക്കണ്ട, നിങ്ങളെ ഇഷ്ടപ്പെട്ട ഒരാളെ കാണാൻ എനിക്കും ആഗ്രഹം തോന്നുന്നു.”

“എന്നെ ഇഷ്ടപ്പെടുന്ന ഒരാളേയുള്ളൂ.” അയാൾ സുഗന്ധിയെ മാറോടണച്ചു.

“അതാരാണ്?” സുഗന്ധി ഭർത്താവിനോടുള്ള സ്നേഹം ഉള്ളിലൊതുക്കാതെ ചോദിച്ചു.

“നീ തന്നെ. എന്‍റെ പ്രിയപ്പെട്ട സുഗന്ധി…”

और कहानियां पढ़ने के लिए क्लिक करें...