അമ്മായിചുട്ടത് മരുമോനിക്കായ്

രാവിലെ ഓഫിസിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. പെട്ടെന്ന് വല്ലാത്ത ക്ഷീണവും അസ്വസ്ഥതയും തോന്നി. ഭയന്നിട്ടാവണം ചെറിയൊരു നെഞ്ചുവേദനയുമുണ്ട്. അയ്യോ.. തലയും കറങ്ങുന്നു. ശ്രീമതിയെ വിളിച്ച് കാര്യം അറിയിക്കണമെന്നുണ്ട്. പക്ഷേ, ഒച്ചവെച്ചിട്ടും ശബ്ദം പുറത്തുവരുന്നില്ല, തൊണ്ടയിൽ കുടുങ്ങിയതുപോലെ… വല്ലാതെ വിയർക്കുന്നുണ്ട്, എന്തു ചെയ്യും? ശ്രീമതി പ്രാതൽ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. “ഇന്നെന്താ ഓഫീസിൽ പോകുന്നില്ലേ, ലേറ്റാവുമല്ലോ? ദാ… ഞാൻ ലഞ്ചുബോക്സ് തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതെന്താ നിലത്ത് കുത്തിയിരിക്കുന്നത്? ഇന്ന് ഓഫീസിൽ പോകാൻ ഉദ്ദേശ്യമില്ലേ?” അവസാനമായി അവളുടെ ശബ്ദം എന്‍റെ കാതുകളിൽ വീണു.

പിന്നെ ഒന്നും ഓർമ്മയില്ല. എന്താണ് നടന്നതെന്ന് ബോധം വന്നപ്പോൾ ശ്രീമതി പറഞ്ഞാണ് അറിഞ്ഞത്, “നിങ്ങൾ നിലത്ത് കിടക്കുന്നത് കണ്ടപ്പോൾ എന്നെ കമ്പളിപ്പിക്കാനുള്ള എന്തോ സൂത്രമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. എന്നിട്ടും നിങ്ങൾക്ക് കുലുക്കമൊന്നുമില്ലെന്ന് കണ്ടപ്പോൾ ഞാൻ ചെറുതായൊന്നു പതറി. നിങ്ങളെ തൊട്ടുനോക്കുമ്പോൾ ഐസുപോലെ തണുത്ത് മരവിച്ചിരിക്കുന്നത് കണ്ട് ഞാൻ ശരിക്കും ഞെട്ടി. നിങ്ങൾ വിയർത്തുകുളിച്ചിരുന്നു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു. പിന്നെ ഓടി അയൽപക്കത്തുള്ള മണിചേട്ടനേയും സൗദാമിനിചേച്ചിയേയും വിവരം അറിയിച്ചു. അവർ ഓടിയെത്തി. നിങ്ങൾക്ക് ഹാർട്ട് അറ്റാക്കായിരിക്കുമെന്ന് പറഞ്ഞു.”

“കേട്ടിട്ട് എന്‍റെ കൈകാലുകൾ വിയർക്കുവാൻ തുടങ്ങി. പിന്നെയുള്ള 3 ദിവസങ്ങൾ. ഇഞ്ചക്ഷനും രക്തം നൽകലും വൈകിയിരുന്നെങ്കിൽ…” ശ്രീമതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“അതിന് നീയെന്തിനാ കരയുന്നത്, ഞാനില്ലാതെയായാൽ നിനക്ക് പകരം ജോലി കിട്ടില്ലേ. ഫണ്ടിലെ പണം, ബീമാ പോളിസി പിന്നെ കുറച്ച് സ്വസ്ഥതയും..” ഞാൻ കട്ടിലിൽ കിടന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്രീമതി സാരിത്തലപ്പുകൊണ്ട് തത്തമ്മ മൂക്ക് ചീറ്റി… “നിങ്ങൾ എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത്. ഇനിയും ഇങ്ങനെയൊക്കെപ്പറഞ്ഞാൽ വിഷം കഴിച്ച് ഞാൻ ചത്തുകളയും.” അവളുടെ മുഖത്ത് ദുഃഖഭാവം നിഴലിച്ചു.

“ഓഹോ… മരിക്കുമ്പോഴും വലിയ പണച്ചിലവുണ്ടാക്കിയിട്ടേ പോകൂ എന്നുണ്ടോ?” ഞാൻ പരിഹാസസ്വരത്തിൽ പറഞ്ഞു.

“അല്ല അതിരിക്കട്ടെ, ഡോക്ടർ എനിക്കെന്തു രോഗമാണെന്നാണ് പറഞ്ഞത്?” ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“3 ട്യൂബിലും ബ്ലോക്കേജുണ്ട്. കൊളസ്ട്രോൾ ലെവൽ ഉയർന്നിട്ടുണ്ട്. എണ്ണയിൽ വറുത്തത് കഴിക്കണ്ടെന്ന് ഞാൻ നൂറാവർത്തി പറഞ്ഞിട്ടില്ലേ? ഈ ഉപ്പും എരിവും ഇല്ലാത്ത പുഴുങ്ങിയ പച്ചക്കറി കഴിച്ച് മടുത്തു, എന്നായിരുന്നല്ലോ പരാതി. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ഞാനെത്ര ശ്രദ്ധിച്ചിരുന്നെന്ന് ഇപ്പോ മനസ്സിലായില്ലേ. ഇനിയിപ്പോ ഞാനുണ്ടാക്കുന്നത് കഴിച്ച് മിണ്ടാതിരുന്നോളണം.”

“ഇങ്ങനെ ഉപ്പും എരിവും ചേർക്കാതെ വേവിച്ച ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഭേദമാണ് മരിക്കുന്നത്.” എനിക്ക് ദേഷ്യമടക്കാനായില്ല.

“ഇങ്ങനെ പോയാൽ ഞാൻ വിചാരിച്ചാൽ നിങ്ങൾ നന്നാകുമെന്ന് തോന്നുന്നില്ല. ഈ ലോകത്തിൽ ഒരാൾ വിചാരിച്ചാൽ മാത്രമേ കാര്യം നടക്കൂ…” അടുത്ത ദിവസം ശ്രീമതി ചിരിച്ചുകൊണ്ടാണ് മുറിയിൽ വന്നത്. അവൾ പറഞ്ഞ കാര്യം കേട്ട് എനിക്ക് വെറുതെ ഹാർട്ട്അറ്റാക്ക് വരുമോയെന്നുപോലും ഞാൻ സംശയിച്ചു.

“ചേട്ടാ, നാളെ സന്ധ്യയ്ക്കകം മമ്മി ഇങ്ങെത്തും.”

“നിന്‍റെ മമ്മിയോ? അതെന്തിനാ?” എന്‍റെ മുഖം വിവർണ്ണമായി.

“നിങ്ങളെ കാണാൻ. അല്ലാതെന്തിനാ?”

“അതിന് എനിക്കിപ്പൾ കുഴപ്പമൊന്നുമില്ലല്ലോ…”

“മമ്മി നിങ്ങളെ കാണണമെന്ന് വാശിപിടിക്കുമ്പോൾ വേണ്ടെന്ന് ഞാനങ്ങനെ പറയും.” ശ്രീമതി ഒഴിഞ്ഞുമാറി.

പിറ്റേന്ന് സന്ധ്യയോടെ അമ്മായിയമ്മ രംഗത്തെത്തി. എന്നെക്കണ്ടതും ഓടി അരികിലെത്തി. സുഖവിവരങ്ങൾ തിരക്കുന്നതിനു പകരം ഒറ്റശ്വാസത്തിൽ ഒരു ഡസനോളം ഉപദേശങ്ങൾ വെച്ചുവിളമ്പി.

അടുത്ത ദിവസം ബ്രഡിനൊപ്പം വെണ്ണ നൽകിയില്ല. വെള്ളം ചേർത്ത് കാച്ചിയ പാലും ഉപ്പും എരിവും ചേർക്കാത്ത ചമ്മന്തിയും. ഒരു നിമിഷം ഞാൻ തലയ്ക്ക് കൈകൊടുത്തിരുന്നുപോയി. ഇതെല്ലാം വിളമ്പിയതോ സാക്ഷാൽ അമ്മായിയമ്മ.

മുട്ടയില്ല മീനില്ല ചിക്കനില്ല… സാരമില്ല ഫ്രൂട്ട്സെങ്കിലും നേരാംവണ്ണം കിട്ടിയാൽ മതിയായിരുന്നു. സ്വീകരണമുറിയിലെ ഡൈനിംഗ്ടേബിളിനു മീതെ മാതളനാരങ്ങ, പപ്പായ, ആപ്പിൾ, ഓറഞ്ച് ഒക്കെ നിറച്ച കൂടകൾ കാണാമായിരുന്നു. പക്ഷേ ഇതിൽ 25ശതമാനം മാത്രമേ രോഗിയായ എനിക്ക് കിട്ടിയിരുന്നുള്ളൂ. ബാക്കി എവിടെ പോകുന്നു? ഫ്രൂട്ട്സിന്‍റെ തൊലി അമ്മായിയമ്മയുടെ മുറിയ്ക്കകത്തുള്ള വേസ്റ്റ് ബിന്നിൽനിന്നും കണ്ടെടുത്തതോടെ സംഗതി പിടികിട്ടി.

അടുത്ത ദിവസം എന്‍റെ സുഹൃത്ത് ടോണിയും പാചകവിദഗ്ദ്ധനുമായ ഭാര്യ അന്നയും എന്നെ കാണനെത്തി. എന്‍റെ ഭക്ഷണക്കൊതി കണ്ട് തന്തൂർ ചിക്കൻ തയ്യാറാക്കി ആരുമറിയാതെ വീട്ടിലെത്തിക്കാമെന്ന് അവരേറ്റു. ജീവിതത്തിനൊരു അർത്ഥം വന്നതുപോലെ… ചിക്കൻ കാര്യം ഞാൻ സാവകാശം ശ്രീമതിയോടും പറഞ്ഞു. അവളെക്കൊണ്ട് ഒരു കണക്കിന് സമ്മതിപ്പിച്ചു. അത്താഴത്തിന് സമയമാകുന്നു. എനിക്കിനി കാത്തിരിക്കാൻ വയ്യ. പ്രതീക്ഷകൾക്ക് വിപരീതമായി അമ്മായിമ്മയാണ് പ്ലെയിറ്റുമായി മുറിയിലെത്തിയത്. പ്ലെയിറ്റിൽ ചിക്കനു പകരം പരിപ്പുകറി. “മോന്‍റെ കൂട്ടുകാരൻ… പേര് മറന്നല്ലോ… ആ.. ഓർമ്മവന്നു. ഒരു മി.ടോണി തന്തൂർ ചിക്കൻ ഇവിടെ എത്തിച്ചിട്ടുണ്ട്. സുഖമില്ലാത്തവരിതൊന്നും കഴിക്കരുതെന്ന് ആ പഹയന് അറിയില്ലെന്ന് തോന്നുന്നു. ” എന്‍റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം അമ്മായിയമ്മ ഇത്രയും പറഞ്ഞത്.

“അമ്മേ അത്… ചിക്കൻ എവിടെ?” എന്‍റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.

“പാവം അയാൾ കഷ്ടപ്പെട്ട് ഇത്രേടം വരെ കൊണ്ടുവന്നതല്ലേ, വെറുതെ കളയണ്ട. മോൻ വേഗം ചപ്പാത്തിയും പരിപ്പുകറിയും കഴിച്ച് തീർക്ക് ഞാനപ്പോഴേക്കും..” അമ്മായിയമ്മ മുറിവിട്ട് പുറത്തിറങ്ങി.

ഞാൻ കണ്ണടച്ച് പരിപ്പുകറിയിൽ മുക്കി ചപ്പാത്തി കഴിച്ചു. “അവർ തന്നയച്ച ചിക്കൻ മുഴുവനും അറ്റയിരുപ്പിന് മമ്മിയാണ് കഴിച്ച് തീർത്തത്.” പിറ്റേന്ന് ഭാര്യ പറഞ്ഞു. പിന്നെ എനിക്ക് കിട്ടേണ്ട പല ഭക്ഷണസൗഭാഗ്യങ്ങൾക്കും അമ്മായിയമ്മ വിലങ്ങുതടിയാവുകയായിരുന്നു. ഒരു മാസം കടന്നുപോയി. ഒരു ദിവസം ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ചെക്ക്അപ്പും രക്തപരിശോധനയും നടത്തി. “ഒരു മാസമല്ലേ ആയുള്ളു. ഈയൊരു ഡയറ്റ് പിന്തുടർന്നാൽ 3-4 മാസത്തിനകം നോർമ്മലാകും.” ഡോക്ടർ ശ്രീമതിയെ പ്രശംസിച്ചു.

അവർ സന്തോഷിച്ചു. പക്ഷേ ഭക്ഷണത്തിലെ ഈ തൊട്ടുകൂടായ്മയെ കുറിച്ചോർത്ത് ഞാൻ ശരിക്കും വിഷമിച്ചു. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമേ വായ്ക്കു രുചിയുള്ള ഭക്ഷണം കിട്ടൂ എന്നറിഞ്ഞ് എന്‍റെ സകല ഉത്സാഹവും കെട്ടടങ്ങി. എന്നാൽ അമ്മായിയമ്മയുടെ ശരീരഭാരം ഒറ്റയടിയ്ക്ക് 85 ആയി.

“നിങ്ങളുടെ രോഗം ശരിക്കും ഭേദമായിട്ടേ മമ്മി മടങ്ങുന്നുള്ളു” ഭാര്യ ഒരുനാൾ പറഞ്ഞു. പിന്നീട് ഇഷ്ടഭക്ഷണം കിട്ടാത്ത മൂന്ന് മാസങ്ങൾ എങ്ങനെയോ തള്ളിനീക്കി.

പെട്ടെന്നൊരു ദിവസം ഭാര്യ അലമുറയിട്ട് കരഞ്ഞുകൊണ്ട് എന്‍റെ അരികിലെത്തി. “ഒന്നോടി വരൂ, മമ്മിയ്ക്ക് സഹിക്കാനാകാത്ത നെഞ്ചുവേദന, വല്ലാതെ വിയർക്കുന്നുമുണ്ട്. എനിക്ക് പേടിയാകുന്നു.” ഞാൻ ഉടനെ അവളുടെ സഹായത്തിനായി ഓടി. എന്‍റെ അതേ അവസ്ഥ. തത്ക്ഷണം ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.

ഹാർട്ട്അറ്റാക്ക് ഡോക്ടർ വിധിയെഴുതി. ഇനിമുതൽ മുട്ട, നെയ്യ്, വെണ്ണ, ചിക്കൻ ഒന്നും തൊടരുത്. ഭക്ഷണനിയന്ത്രണത്തിൽ എനിക്ക് നൽകിയതിനേക്കാൾ കൂടുതൽ ശക്തമായ വിലക്കുകൾ.

ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി. ആശുപത്രി വാർഡുപോലെയായി വീടും. എന്നെ കണ്ടാവണം അമ്മായിയമ്മ മുഖത്ത് ചിരി വരുത്തി “മോനെ, വേണ്ടിയിട്ടല്ല. ഭക്ഷണസാധനങ്ങൾ വീട്ടിലിരുന്നാൽ മോനതൊക്കെ എടുത്ത് കഴിക്കുമല്ലോ എന്നോർത്ത് ഭയന്നാണ് വേണ്ടാതിരുന്നിട്ടും പലതും ഞാൻ കഴിച്ചത്.” പറയുമ്പോൾ മുഖത്തെ കൃത്രിമചിരി നിലനിർത്താൻ നന്നേ പാടുപെട്ടു.

“എന്‍റെ ആരോഗ്യകാര്യത്തിൽ അമ്മയ്ക്കെന്തൊരു ശ്രദ്ധയാണ്. പക്ഷേ, രോഗിയായ എന്നെ ശുശ്രൂഷിക്കാൻ വന്ന അമ്മയും രോഗിയായല്ലോ എന്ന ഒറ്റസങ്കടമേയുള്ളൂ.” എന്‍റെ കുറിക്കുകൊള്ളുന്ന മറുപടി കേട്ട് അമ്മായിയമ്മയും ഭാര്യയും തരിച്ചു നിന്നു.

മനം പോലെ…

അലാറം നിർത്താതെ അടിച്ചു കൊണ്ടിരുന്നു. ഞാൻ കൊതുകു വലയ്ക്കുള്ളിൽ നിന്നും കൈ നീട്ടി അലാറം നിർത്താൻ ശ്രമിച്ചു എങ്കിലും അതെങ്ങനെയോ നിലത്ത് വീണു. അതെടുത്ത് അലാറം കീ അമർത്തിയപ്പോഴേക്കും ഒരു കനത്ത നിശബ്ദത പരന്നു. തൊട്ടടുത്ത് ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ നോക്കിയപ്പോൾ വല്ലാത്ത ദേഷ്യം തോന്നി. ഇനിയും ഒരു മണിക്കൂർ കൂടി അദ്ദേഹത്തിന് സുഖമായി ഉറങ്ങാമല്ലോ. ഞാൻ മുറിക്ക് പുറത്തേക്ക് വന്നു.

നാത്തൂൻ മൃദുലയുടെ മുറിയിൽ വെളിച്ചമുണ്ട്. അവൾ എംബിബിഎസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അവളെ കണ്ടപ്പോൾ എനിക്ക് എന്‍റെ ബാല്യം ഓർമ്മ വന്നു. ഏതോ മഹത് കാര്യം ചെയ്യാനാണ് ഞാൻ ജനിച്ചത് എന്ന തോന്നലായിരുന്നു അപ്പോഴെല്ലാം. ഭാവിയെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ മെനഞ്ഞെടുക്കുവാനുള്ള ശ്രമത്തിൽ കേവലം പഠനത്തിൽ മാത്രമേ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. പഠിക്കുന്ന കാലത്ത് ഞാനായിരുന്നു എപ്പോഴും മുൻപന്തിയിൽ. 86 ശതമാനം മാർക്ക് നേടിയത് കണ്ട് അച്ഛനമ്മമാർ ഏറെ സന്തോഷിച്ചു. അന്നൊക്കെ ആൺകുട്ടിയായിരുന്നു എങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

അടുത്ത ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ എന്‍റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളും വീട്ടിൽ സ്ഥിരമായി അരങ്ങേറി. വിവാഹം പഠനത്തെ ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചതും ഇല്ല. ഇന്നല്ലെങ്കിൽ നാളെ വിവാഹിതയാകേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും. എന്‍റെ സുന്ദര സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്ന ആ രാജകുമാരനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ…

ഞാൻ അടുക്കളയിൽ പോയി ചായക്ക് വെള്ളം വച്ചു. രാവിലെ എഴുന്നേറ്റ ഉടനെ പാത്രം കഴുകാൻ ആർക്കാണ് ഇഷ്ടമാവുക? എന്നാലും കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കാതെ തരമില്ലല്ലോ. ടിവിയിൽ ജോഗിംഗ് ചെയ്യുന്ന പെൺകുട്ടികളെ കണ്ടപ്പോൾ ഈ പ്രാരാപ്തങ്ങൾ ഒക്കെ ഇട്ടെറിഞ്ഞ് എനിക്കും ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ മനസ്സുവെമ്പി.

എനിക്ക് മൃദുലയോട് അതിരു കവിഞ്ഞ സ്നേഹം തോന്നി. ചായ ഉണ്ടാക്കി കൊടുത്താൽ അവൾക്ക് സന്തോഷമാകും. കണ്ണുകളിൽ നന്ദി കലർന്ന സ്നേഹം നിഴലിക്കും. അവളതുവരെ ചെയ്ത കൊള്ളരുതായ്മകൾ അവളുടെ സ്നേഹത്തോടെയുള്ള ഒരൊറ്റ കടാക്ഷം കൊണ്ട് ഞാൻ മറക്കും. ഞാൻ ചായ ഗ്ലാസ് മൃദുലയുടെ മേശപ്പുറത്ത് വെച്ചപ്പോൾ അവൾ ഒന്നു നോക്കിയത് പോലുമില്ല. ഇങ്ങനെ ഒരാൾ വന്നു പോയെന്നു പോലും അറിഞ്ഞ ഭാവം നടിച്ചില്ല. എന്നോട് ഇത്ര അവഗണനയോ… ഇത്രയധികം അംഗങ്ങളുള്ള വീട്ടിൽ ഞാനൊഴികെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും ദേഷ്യത്തിനുമൊക്കെ വിലകൽപ്പിക്കപ്പെട്ടിരിക്കുന്നു.

കേവലം എന്നെ മാത്രം ആരും ശ്രദ്ധിക്കുന്നില്ല. ഞാൻ കാറ്റിന്‍റെ അല പോലെയായിരുന്നു. എന്‍റെ ആവശ്യം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിൽ കൂടി എന്നെ ആരും ശ്രദ്ധിക്കാറില്ല. മൃദുലയെ കുറിച്ച് ആലോചിച്ചു വെറുതെ എന്തിന് മനസ്സ് വേദനിപ്പിക്കണം. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അവളുടെ വിവാഹവും കഴിയും. അപ്പോൾ മനസ്സ് ഇത്ര അസ്വസ്ഥമാകില്ലല്ലോ.

വാസ്തവത്തിൽ എന്‍റെ മനസ്സിനെ എനിക്ക് തന്നെ പിടികിട്ടിയില്ല. ഡോക്ടർ ആവണം എന്നുള്ള എന്‍റെ ആഗ്രഹം പൂർത്തീകരിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം അവളുടെ എങ്കിലും ആഗ്രഹം സാക്ഷാത്കരിക്കട്ടെ എന്ന് മനസ്സിൽ തോന്നും. പക്ഷേ ഉടനെ തന്നെ സ്വയം വിഡ്ഢിയാകാതിരിക്കൂ എന്ന് മനസ്സുമന്ത്രിക്കും പോലെ…

എന്തോ നല്ല കാലം അടുത്തു വരുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. രാത്രി അമ്മയും സുധീറും എന്തോ പതുക്കെ ചർച്ച ചെയ്യുന്നതായി എനിക്ക് തോന്നി. എനിക്കൊരു സ്ഥാനവും ഇല്ലായിരുന്നു. അഭിപ്രായങ്ങൾ ചോദിക്കുന്നത് പോയിട്ട് യാതൊരു പ്രധാന വിഷയവും എന്നോട് അവതരിപ്പിക്കാറില്ല.

അമ്മയും മകനും പറഞ്ഞില്ലെങ്കിൽ പോലും സംഭാഷണത്തിന്‍റെ ചില ഭാഗങ്ങൾ എനിക്ക് കേൾക്കാൻ സാധിച്ചു. ഒരു ആർമി ഓഫീസറെ കുടുക്കുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. നല്ല കുടുംബം. സ്ത്രീധനം വേണ്ടെന്നാണ് അവർ പറഞ്ഞതത്രേ. അവരുമായി എങ്ങനെയെങ്കിലും വിവാഹബന്ധം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു. മൃദുലയെ വിവാഹം കഴിക്കാൻ പോകുന്ന ആ ആർമി ഓഫീസറോട് എനിക്ക് ദയ തോന്നി.

ഈ വാർത്ത കേട്ട് എന്‍റെ മനസ്സിൽ സന്തോഷം അലതല്ലി. ആർമി ഓഫീസർ സൂരജ് മൃദുലയെ കാണാൻ വരുന്നു എന്നാണ് കേട്ടത്. ഇത്ര പെട്ടെന്ന് എന്‍റെ മാർഗ്ഗ തടസ്സം മാറുമെന്ന് ഞാൻ വിചാരിച്ചതല്ല. എങ്ങനെയെങ്കിലും മൃദുലയെ ആ ആർമി ഓഫീസറെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ഞാൻ വിചാരിച്ചു.

മൃദുലയെ ഒരുക്കണമെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ആ പഴയ സുമയായോ എന്ന് തോന്നിപ്പോയി. ഞാൻ അമ്മയോട് പറഞ്ഞു. അമ്മ വിഷമിക്കാതെ ഇരിക്കൂ, ഞാനൊക്കെ കൈകാര്യം ചെയ്തോളാം.

ഞാൻ ആദ്യം തന്നെ പ്രാതലിനുള്ള ലിസ്റ്റ് തയ്യാറാക്കി. സേമിയാ പായസവും ഉഴുന്നുവടയും വീട്ടിൽ തന്നെ തയ്യാറാക്കി. ബാക്കി സാധനങ്ങൾ പുറത്തുനിന്നും വാങ്ങാമെന്ന് തീരുമാനിച്ചു. പിന്നീട് ഞാൻ മുറികൾ എങ്ങനെ ആകർഷകമാക്കാം എന്ന ചിന്തയിൽ ആയി. ഞാൻ ഓടിച്ചെന്ന് എനിക്ക് വിവാഹത്തിന് ലഭിച്ച മനോഹരമായ വർക്കുള്ള കുഷ്യൻ കവർ കൊണ്ടുവന്നു. വീട് കഴുകി വൃത്തിയാക്കി. വിലപിടിപ്പുള്ള ഫ്ലവർ വേഴ്സും പുതിയ ടേബിൾ ക്ലോത്തും വിരിച്ചു.

ഇതെല്ലാം കണ്ട് അമ്മായിയമ്മ രണ്ട് പ്രാവശ്യം പറഞ്ഞു മതി മോളെ, ഇനി കുറച്ചു വിശ്രമിക്കൂ.

ആദ്യമായി കാണുന്നതുപോലെ സുധീർ എന്നെ തന്നെ തുറിച്ചു നോക്കി കൊണ്ടുനിന്നു. ഒരു കണക്കിന് എല്ലാം ശരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ ശരിക്കുള്ള പരീക്ഷണ ഘട്ടം ഇനി വരാൻ പോകുന്നതേയുള്ളൂ.

മൂന്നുദിവസം കടന്നുപോയത് അറിഞ്ഞത് കൂടിയില്ല. മൃദുല ദുഃഖിതയായി കാണപ്പെട്ടു. അവൾ ആകും വിധം തടസ്സങ്ങൾ ഒക്കെ പറഞ്ഞു നോക്കി. അമ്മയോ ഏട്ടനോ അതൊന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു. അമ്മയുടെയും ഏട്ടന്‍റെയും കണ്ണുകളിൽ പഠനം, ഭാവി, പരീക്ഷ ഒക്കെ വ്യർത്ഥമായിരുന്നു. നല്ല പയ്യനെ അന്വേഷിച്ച് വിവാഹം കഴിപ്പിച്ച് അയക്കണം എന്നും മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.

വിവാഹിതയാകാൻ പോകുന്ന പെൺകുട്ടി വീടും ചുറ്റുപാടും വിട്ടുപോകുന്ന വേളയിൽ വിഷമിക്കുന്നത് സ്വാഭാവികം. എന്നാൽ പെണ്ണുകാണാൻ വരുന്ന ദിവസം അവളുടെ കോലം കണ്ടപ്പോൾ മനസ്സ് അസ്വസ്ഥമായി. അവളുടെ മുഖം ആകെ വാടിയിരുന്നു. മോളുടെ അടുത്ത് ചെന്ന് ഒരുങ്ങുവാൻ പറഞ്ഞപ്പോൾ കടിച്ചു കീറാൻ വരുന്നതുപോലെ എന്നെ രൂക്ഷമായി നോക്കി. “എന്നെ ശല്യപ്പെടുത്താതിരിക്കൂ ചേട്ടത്തി, എനിക്കിനി ഒരുങ്ങുവാൻ ഒന്നും താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.”

പിന്നെ ഞാൻ അധികം ഒന്നും നിർബന്ധിച്ചില്ല. മറ്റുത്തരവാദിത്വങ്ങൾ അമ്മായിമ്മയെ ഏൽപ്പിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. 10 മണി ആയപ്പോഴേക്കും സൂരജിന്‍റെ വീട്ടുകാരെത്തി. സൂരജിന്‍റെ ഒപ്പം അമ്മയും ഏടത്തിയും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. മൂത്ത ജേഷ്ഠന്‍റെ ഒപ്പമാണ് സൂരജ് ഇരുന്നത്.

സന്തോഷത്തോടെ ഞാൻ പലഹാരങ്ങളും മറ്റും ഡ്രോയിംഗ് റൂമിൽ എത്തിച്ചു. അവിടെ എല്ലാവരും കൂടി ഏറെ സന്തോഷത്തോടെ സംസാരിക്കുകയായിരുന്നു.

ബലിയാടാകാൻ പോകുന്ന മൃഗത്തിന് സമം ആയിരുന്നു മൃദുലയുടെ അവസ്ഥയപ്പോൾ. ഞാനാണ് അവളെ കൂട്ടിക്കൊണ്ടു പോകേണ്ടിയിരുന്നത്. ഈ അവസ്ഥയിൽ അവൾ എന്‍റെ സഹായം ആവശ്യപ്പെടാത്തത് എന്നെ ഏറെ അസ്വസ്ഥയാക്കി. ഞാൻ ആലോചിച്ചു ഈ പെൺകുട്ടി എന്നെ ഒന്നു മനസ്സിലാക്കുന്നത് കൂടി ഇല്ലല്ലോ.

മൃദുല അകത്തേക്ക് വന്നപ്പോൾ അവളെ തന്നെ നോക്കി. സൂരജ് ആകട്ടെ അവളുടെ സൗന്ദര്യത്തിലാകൃഷ്ടാനായി അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഏവരും അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായിരുന്നു. പഠനത്തിന്‍റെ തിരക്കിൽ അണിഞ്ഞൊരുങ്ങാൻ ഒന്നും അവൾക്ക് സമയം ഉണ്ടായിരുന്നില്ല. പഠിച്ച് നല്ലൊരു ജോലി സമ്പാദിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ പാവം ഇപ്പോൾ ഇവളും…

വിവാഹസമ്മതം രണ്ടു കുടുംബാംഗങ്ങളുടെയും കണ്ണുകളിൽ നിഴലിച്ചിരുന്നു. അമ്മയും സുധീറും റിലാക്സ് ആയി കാണപ്പെട്ടു. ഞാനിവിടെ ഉണ്ടായിട്ടും ഇല്ലാത്തതിന് തുല്യമായിരുന്നു. പെട്ടെന്ന് ഞാൻ എഴുന്നേറ്റ് സൂരജിന്‍റെ പക്കൽ പോയിരുന്നു. ഞാൻ മന്ദസ്മിതം തൂകി സൂരജിനോട് പറഞ്ഞു, “താങ്കളോട് ഒരു അഭ്യർത്ഥനയുണ്ട്. നോക്കൂ മൃദുല പഠിക്കാൻ മിടുക്കിയാണ്. എംബിബിഎസ് കംപ്ലീറ്റ് ചെയ്തു ഡോക്ടർ ആവുക എന്ന അവളുടെ ആഗ്രഹം പൂർത്തിയാക്കുവാൻ താങ്കൾ സഹായിക്കുമല്ലോ.”

സൂരജ് അൽപ്പനേരം ചിന്താമഗ്നനനായി ഇരിക്കുന്നത് കണ്ട് എനിക്ക് സംശയം തോന്നി.

ഏടത്തി മൃദുലയുടെ ആഗ്രഹം ഇനി എന്‍റെയും കൂടി ആഗ്രഹമല്ലേ, ഞാൻ മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിലേക്ക് പോവുകയാണ്. അപ്പോഴേക്കും മൃദുലയുടെ പഠനം പൂർത്തിയാവുകയും ചെയ്യും.

നീരജ് നമുക്ക് ഇന്നുതന്നെ സൂരജിന്‍റെയും മൃദുലയുടെയും വിവാഹനിശ്ചയം നടത്തണം. സുമ സൂരജിന്‍റെ ജ്യേഷ്ഠനോടായി പറഞ്ഞു.

ശരിയാണ് നിശ്ചയം കഴിയുന്നതും വേഗം നടത്തണം. പിന്നീട് സൂരജ് ഓസ്ട്രേലിയയിലേക്ക് പോയാലും കുഴപ്പമില്ലല്ലോ. സൂരജിന്‍റെ അമ്മ പറഞ്ഞു. ആചാരപ്രകാരം ആർഭാടമായി തന്നെ വിവാഹനിശ്ചയം നടന്നു.

അതിഥികൾ പോയി. ഞാൻ പതിവ് പോലെ അടുക്കളയിൽ ജോലികൾ ഓരോന്നായി ചെയ്യുവാൻ തുടങ്ങി. ബാക്കി വന്ന പലഹാരങ്ങൾ ഒതുക്കി വയ്ക്കുമ്പോൾ പെട്ടെന്ന് പുറകിൽ ആരോ വന്നു നിൽക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ മൃദുല നിറകണ്ണുകളുമായി നിൽക്കുന്നതാണ് കണ്ടത്. അവൾ പറഞ്ഞു ഏടത്തി മറ്റാരും ചെയ്യാത്തതാണ് എനിക്ക് വേണ്ടി ചെയ്തത്. ഏടത്തി എന്നെ രക്ഷിച്ചു.

മൃദുലേ ഞാനൊന്നും ചെയ്തില്ല. ഞാനിന്ന് മറ്റൊരു സുമയെ കൊലയ്ക്ക് കൊടുക്കുന്നതിൽ നിന്നും രക്ഷിച്ചു എന്നേയുള്ളൂ. ഭാഗ്യം എന്നു പറയട്ടെ ഇന്നത്തെ സുമ രക്ഷപ്പെട്ടു.

ഇത്രയും പറഞ്ഞ് സുമയും മൃദുലയും പൊട്ടിച്ചിരിച്ചു.

പൊരുത്തം

ആർത്തലച്ചെത്തിയ തിരമാലകൾ കാലുകളെ നനക്കാതിരിക്കാനാണ് രേഖ കുറച്ചു കൂടി പുറകിലേക്ക് മാറി നിന്നത്. പക്ഷേ അവൾ ആദ്യം നിന്ന സ്ഥലത്തെത്തുന്നതിന് മുൻപേ കടൽ തിരികെ പോയി. നിൽക്കുന്ന സ്ഥലം വരെ എത്തില്ലെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്ന അടുത്തതായി എത്തിയ തിരമാലകൾ രേഖയുടെ കാലുകളെ തഴുകി. ഇത്തരം ചെറിയ ചെറിയ സംഭവങ്ങളാണ് രേഖയുടെ നിരാശയുടെ ആഴവും പരപ്പും കൂട്ടുന്നത്. ജീവിതത്തിലെ കാര്യങ്ങളെല്ലാം അപ്രതീക്ഷിതങ്ങളോ പ്രതീക്ഷയ്ക്ക് വിപരീതങ്ങളോ ആയിരിക്കുമെന്ന് നിരാശ നൽകുന്ന വിശ്വാസം അവളിൽ ശക്തമാവുകയും ചെയ്യും.

രേഖേ പരിചയമുള്ള ഒരു സ്വരം അവളെ ചിന്തയിൽ നിന്നുണർത്തി.

ഓ, സാബുവോ അയാളെ കണ്ടപ്പോൾ രേഖ ഞെട്ടി.

പാറിപ്പറന്ന് തലമുടി, വളർന്നിറങ്ങിയ താടി, മുഷിഞ്ഞ വസ്ത്രങ്ങൾ ഏതാനും വർഷങ്ങൾ കൊണ്ട് ഒരാൾക്ക് ഇത്ര മാറ്റമോ? അവസാനമായി സാബുവിനെ കണ്ടപ്പോൾ എത്ര ആകർഷണിയമായ രൂപം ആയിരുന്നു അയാളുടെതെന്ന് ഓർത്തു. ഷേവ് ചെയ്ത് മിനുസമേറിയ കവിളുകളിൽ വെറുതെ വിരൽ ഓടിക്കാൻ ആയിരുന്നു അവൾക്ക് ഏറെ ഇഷ്ടം.

എന്‍റെ രൂപം കണ്ട് വിഷമമായോ? നിനക്ക് സന്തോഷിക്കാം. ഇത് എന്‍റെ മാത്രം കുറ്റമല്ലേ സാബു നിസംഗതയോടെ പറഞ്ഞു.

മറ്റുള്ളവരുടെ വിഷമം കണ്ട് സന്തോഷിക്കാൻ ഒരു മനസ്സ് എനിക്കില്ല. ഉറച്ച സ്വരത്തിലാണ് രേഖ പറഞ്ഞത്.

അല്ല രേഖ, ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. നിനക്ക് എന്‍റെ ഈ അവസ്ഥ കണ്ട് പൊട്ടിച്ചിരിക്കാം. അയാളുടെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു.

എനിക്ക് നിന്‍റെ സ്വഭാവം അല്ല സാബു അങ്ങനെ പറയണമെന്നല്ല അവൾ ആഗ്രഹിച്ചത്. എന്നിട്ടും പറഞ്ഞു. അഞ്ചു വർഷങ്ങൾക്കു മുമ്പ് അടച്ച ഒരു പുസ്തകം തുറക്കാൻ ശ്രമിക്കുന്നതിനിടയിലെ തത്രപ്പാടുകൾ.

ഒരുതവണ എനിക്ക് തെറ്റി. പൊറുക്കാനാവാത്ത തെറ്റ്. നിനക്കും എനിക്കും ഇടയിൽ അസമാനതകൾ ഏറെയുണ്ട്. അവ ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. അയാൾ ഒരു നിമിഷം നിർത്തി. നിന്നോട് അല്പം സംസാരിക്കണം എന്നുണ്ടെനിക്ക് നമുക്ക് എവിടെയെങ്കിലും ഇരുന്നാലോ?

എന്തു കാര്യം? ഇനിയും വല്ലതും ബാക്കിയുണ്ടോ വിരസതയോടെ അവൾ തിരക്കി.

സാബുവിന്‍റെ രൂപം മനസ്സിൽ ഉണർത്തിയ ആശങ്ക മറക്കുന്നതിൽ അവൾ ഏറെ വിജയിച്ചു. അവനോട് സംസാരിക്കണോ വേണ്ടയോ എന്ന ചിന്തയാണ് അവളെ കുഴക്കിയത്.

നീ തെറ്റിദ്ധരിക്കേണ്ട ഞാനിപ്പോൾ പഴയ സാബു അല്ല. കാലം എന്നെ മാറ്റി. അയാളുടെ സ്വരം വല്ലാതെ തളർന്നിരുന്നു. പിന്നീട് അപേക്ഷ രൂപേണ ഒരിക്കൽ കൂടി പറഞ്ഞു പ്ലീസ്, ഒരു തവണത്തേക്ക് മാത്രം നമുക്ക് ഇത്തിരി സംസാരിക്കാം.

ശരി പക്ഷേ ഇപ്പോഴല്ല. നാളെ സിറ്റി കഫെയിൽ ഇതേസമയം വന്നാൽ മതി. ഇത്രയും പറഞ്ഞശേഷം അവൾ ഓട്ടോയിൽ കയറി തിരിച്ചുപോയി. സാബുവിനോട് ഇത്രയും സംസാരിച്ചപ്പോൾ തന്നെ രേഖയുടെ രക്തസമ്മർദ്ദം ഉയരുകയും ശരീരം വിയർക്കുകയും ചെയ്തു.

അപ്രതീക്ഷിത സംഭവങ്ങൾക്ക് ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാനുള്ള ശക്തി ഉണ്ടോ? വീട്ടിലെത്തിക്കഴിഞ്ഞ് ഗതകാല സംഭവങ്ങൾ ഓർക്കുകയായിരുന്നു രേഖ. സാബു മൂലം അവളുടെ ജീവിതത്തിൽ ഭൂകമ്പം പോലെ എന്തോ ഒന്ന് സംഭവിച്ചതിനെ പറ്റി അവളുടെ സ്വപ്നങ്ങൾ എല്ലാം ഒരു തൂവൽ പോലെ കാറ്റിൽ പറന്നു എങ്ങോ പോയി മറഞ്ഞതിനെപ്പറ്റി.

അച്ഛൻ റിട്ടയർ ചെയ്യുന്നതിനു മുമ്പ് മകളുടെ വിവാഹം നടത്തണം എന്നായിരുന്നു അവളുടെ അമ്മയ്ക്ക്. ആലോചനകൾ ആണെങ്കിൽ ഒന്നും ശരിയാകുന്നില്ല. അച്ഛനമ്മമാരുടെ ഉറക്കം നഷ്ടപ്പെട്ടു. അവരുടെ അവസ്ഥ കണ്ട് രേഖയ്ക്ക് സമാധാനവും നഷ്ടപ്പെട്ടു. അവളുടെ കല്യാണം അത്ര മഹാകാര്യമൊന്നുമല്ലെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല.

ആരോഗ്യം, സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം, വിവരം, ജോലി ഒന്നിനും അവൾക്ക് കുറവില്ല. അവളെക്കാൾ ധാരാളം കുറവുകൾ ഉള്ള കൂട്ടുകാരികളൊക്കെ ഒന്നും രണ്ടും കുട്ടികളുടെ അമ്മയായി കഴിഞ്ഞു. തന്‍റെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് അവൾക്ക് തോന്നിയത്. പക്ഷേ അച്ഛൻ തോൽക്കാൻ തയ്യാറായിരുന്നില്ല.

ഒരു ദിവസം ആ സന്തോഷ വാർത്തയുമായി അച്ഛൻ എത്തി. അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍റെ മകനായ സാബുവിന് രേഖയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടത്രേ. രേഖയ്ക്ക് ഇതറിഞ്ഞപ്പോൾ ആ വീട്ടുകാരോട് ആദരവ് തോന്നി. ചൊവ്വ ദോഷമുള്ള അവളുടെ ജാതകം അവർക്ക് പ്രശ്നമായില്ലല്ലോ. സാബുവിന്‍റെ പ്രമോഷൻ ശരിയാകുമ്പോഴേക്കും ഒരു വർഷത്തിനുള്ളിൽ വിവാഹം തീരുമാനിച്ചു.

വീട്ടിൽ ആകെ ഉത്സവ അന്തരീക്ഷം ആയിരുന്നു സാബു ഇടയ്ക്കിടെ ഫോൺ ചെയ്യാൻ തുടങ്ങി. പിന്നീട് അത് കൂടിക്കാഴ്ചകളിലേക്ക് വ്യാപിച്ചു, വീട്ടുകാരുടെ അനുഗ്രഹാശിസും പിന്തുണയുമാണ് രേഖയ്ക്ക് കരുത്തേകിയത്. നിറയെ പ്രണയം കൊടുക്കാനും സ്വീകരിക്കാനും അടുത്തറിയാനും ഇങ്ങനെയൊരു സുവർണ്ണാവസരം കിട്ടിയല്ലോ എന്നോർത്ത് അവൾ ഏറെ സന്തോഷിച്ചു. സാബുവിനെ കാണാതെ അയാളുടെ ശബ്ദം കേൾക്കാതെ പറ്റില്ലെന്ന് അവസ്ഥയിലായി രേഖ. സാബുവിന് പ്രമോഷനായി. ഒപ്പം അടുത്ത പട്ടണത്തിലേക്ക് സ്ഥലം മാറ്റവും.

വിവാഹം വേഗം നടത്തണമെന്ന് രേഖയുടെ അച്ഛൻ സാബുവിന്‍റെ അച്ഛനെ അറിയിച്ചു. മറുപടിക്കായി 15 ദിവസം, 20 ദിവസം….. കാത്തിരിപ്പ് ഒരു മാസം വരെ നീണ്ടു. അച്ഛന്‍റെ ക്ഷമ നശിച്ചു. ഒരു ദിവസം സാബുവിന്‍റെ കത്ത് വന്നു.

ബഹുമാനത്തോടെ അച്ഛന്, ഒരു കാര്യം അറിയിക്കാൻ ആണ് ഇത് എഴുതുന്നത്. തീരുമാനം പറയാൻ വൈകിയതിന് മാപ്പ്. അങ്ങയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് കാര്യം തുറന്നു പറയാൻ കഴിഞ്ഞില്ല. ഞാൻ ജാതകത്തിൽ വിശ്വസിക്കുന്ന ആളാണ്. കുടുംബജീവിതത്തിന്‍റെ ഭദ്രതയ്ക്ക് ജാതകത്തിന് വളരെ സ്വാധീനം ഉണ്ടെന്ന് വിശ്വാസമുണ്ട് എനിക്ക്. എന്‍റെയും അങ്ങയുടെ മകളുടെയും ജാതകങ്ങൾ തമ്മിൽ യാതൊരു പൊരുത്തവുമില്ല. അതുകൊണ്ട് ഈ വിവാഹത്തിൽ എനിക്ക് താല്പര്യമില്ല.

അങ്ങയെ അച്ഛനെ പോലെ കരുതുന്ന സ്വന്തം സാബു.

ഇടിമിന്നലേറ്റ അവസ്ഥയിൽ എത്തി ആ മാതാപിതാക്കൾ. രേഖയാണെങ്കിലോ തന്‍റെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട അവസ്ഥയിലും. പിറ്റേന്ന് ഓഫീസിലേക്ക് ഇറങ്ങിയ രേഖ നേരെ പോയത് സാബുവിന്‍റെ ഓഫീസിലേക്കാണ്. അവൾക്കറിയാവുന്നിടത്തോളം, ആകർഷകമായ വ്യക്തിത്വത്തിനുടമയായിരുന്നു സാബു. ഏതൊരു പെണ്ണും മോഹിക്കും അവനെ ഭർത്താവായി കിട്ടാൻ. പറഞ്ഞറിയിക്കാനാവാത്ത ഒരു നോവ് അവളുടെ മനസ്സിനെ അസ്വസ്ഥമാക്കി.

നീ എന്തിനാ എന്‍റെ അച്ഛനോട് നുണ പറഞ്ഞത്? പെട്ടെന്നാണ് അവൾ ചോദിച്ചത്.

എനിക്കാ മനുഷ്യന്‍റെ ഹൃദയം വ്രണപ്പെടുത്താൻ വയ്യ. കുനിഞ്ഞ ശിരസ്സോടെ സാബു പറഞ്ഞു.

ഇപ്പോൾ ഹൃദയം വ്രണപെട്ടില്ലെന്നാണോ?

അച്ഛന് വിഷമം ഉണ്ടാകും എന്ന് അറിയാം. നീയെങ്കിലും ഞാൻ പറയുന്നത് മനസ്സിലാക്കണം.

നീ ഇത്ര തന്ത്രപൂർവ്വം ഒഴിവാക്കുമെന്ന് ഞാൻ ചിന്തിച്ചതേയില്ല. വെറുപ്പോടെ രേഖ പറഞ്ഞു.

എന്നെ തന്ത്രശാലി എന്ന് എത്ര തവണ വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ ദാമ്പത്യജീവിതം സുഖകരമാക്കാനുള്ള സമവാക്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി ജാതക പൊരുത്തം ഇല്ലായ്മ മൂലം എന്തെങ്കിലും കുഴപ്പം വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഒന്ന് നിർത്തുന്നുണ്ടോ? ജാതക പൊരുത്തം ഉണ്ടായാൽ മാത്രം ജീവിതം ഹാപ്പി ആകും എന്നാണോ ഇയാള് കരുതിവെച്ചിരിക്കുന്നത്? ഇതൊക്കെ നോക്കി കിട്ടിയിട്ടും ഡൈവോഴ്സ് കേസുകൾ എത്രയാ നടക്കുന്നത്? സ്നേഹവും സമർപ്പണവും ആണ് ദാമ്പത്യ ജീവിതത്തിന്‍റെ സമവാക്യങ്ങൾ. രേഖ അവസാന ആയുധവും പ്രയോഗിച്ചു നോക്കി.

ഇത് നിന്‍റെ കാഴ്ചപ്പാട് ആയിരിക്കും. എനിക്ക് എന്‍റേതായ വീക്ഷണമുണ്ട്. അടുത്ത ആഴ്ച എന്‍റെ കല്യാണമാണ്. ഏതായാലും ഞാൻ ക്ഷണിക്കുന്നു. വരുകയോ വരാതിരിക്കുകയോ നിന്‍റെ ഇഷ്ടം. പറ്റുമെങ്കിൽ വരിക.

ഓഹോ അപ്പോൾ അതാണ് കാരണം. നിങ്ങൾ വധുവിന്‍റെ ജാതകം പരിശോധിച്ചു നോക്കിയോ? പൊരുത്തം ഉണ്ടോന്ന് ?പുച്ഛത്തോടെ രേഖ തിരക്കി.

10 പൊരുത്തവും ഉണ്ട് സാബു ചിരിച്ചു.

അവൾ നിരാശയായി മടങ്ങി. കണ്ട് സംസാരിച്ചു കഴിയുമ്പോൾ സാബു എല്ലാം മറന്ന് തന്‍റെ സ്നേഹം മനസ്സിലാക്കുമെന്നാണ് രേഖ കരുതിയത്. അവൾ ഏറെ പണിപ്പെട്ട് മനസ്സിനെ അടക്കി. അവൾ ബാഗും എടുത്ത് അവിടുന്ന് ഇറങ്ങി. പുറത്തെ വെയിലിന് ചൂട് പിടിച്ചു തുടങ്ങി.

ഇന്ന് തികച്ചും അപ്രതീക്ഷിതമായി സാബു മുന്നിൽ വന്നപ്പോൾ അറിയാതെ ചിന്തകൾ പിന്നിലേക്ക് പോയെന്നു മാത്രം. സിറ്റി കഫെയിൽ പിറ്റേന്ന് അവൾ എത്തിയപ്പോൾ സാബു കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എനിക്കുറപ്പായിരുന്നു നീ വരുമെന്ന് അയാളുടെ കണ്ണുകൾ പ്രകാശിച്ചു.

എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?

എനിക്ക് മനസ്സിലായില്ല.

എന്‍റെ ഭാര്യയുടെ രക്തം എച്ച്ഐവി പോസ്റ്റീവ് ആണ്. സ്വരം താഴ്ത്തി അയാൾ പറഞ്ഞു.

എന്താ ഞാൻ ഈ കേൾക്കുന്നത്? രേഖ സ്തബ്ധയായി.

അതേ രേഖേ, എന്‍റെ ജീവിതം നശിച്ചു. ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. നിന്‍റെ സാമീപ്യം ഉണ്ടായിരുന്നുവെങ്കിൽ എത്ര ആശ്വാസമായേനേന്നോ?

ബ്ലഡ് ഗ്രൂപ്പിന് പകരം ജാതകം നോക്കിയത് വഴി തെറ്റ് ചെയ്തു. അത് പോരാഞ്ഞാണോ ഞാൻ കൂടെ വേണം എന്ന് പറയുന്നത്? നിങ്ങളുടെ ഭാര്യക്ക് പിന്തുണ നൽകുകയാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.

പക്ഷേ…

ഒരുപക്ഷേയുമില്ല. ജാതകത്തിന്‍റെ പേരും പറഞ്ഞ് നിങ്ങളെന്നെ വേണ്ടെന്നുവച്ചു. പക്ഷേ മനുഷ്യത്വമെങ്കിലും വിചാരിച്ച് നിങ്ങൾ ഭാര്യയെ ഉപേക്ഷിക്കരുത്.

നീ പറഞ്ഞതാണ് ശരി. ഇനി തെറ്റുകൾ ഞാൻ ആവർത്തിക്കില്ല. അവളുടെ മുന്നിൽ ഒന്ന് പൊട്ടിക്കരയാൻ പോലും ആവാതെ അയാൾ നിസ്സഹായനായി. കുറെ നേരം ഇരുവരും ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്നു.

ഏതൊക്കെയോ ഓർമ്മയിൽ ഇരുവരുടെയും കണ്ണുനിറഞ്ഞു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-4

എല്ലാവരേക്കാളും മുമ്പ് സ്കൂളിലെത്തണം. ഹെഡ് മാഷ് നേരത്തെ എത്തും.
ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് അദ്ദേഹത്തോട് പറയണം. അതറിയുമ്പോൾ ഉമ്മായ്ക്കും സന്തോഷമാകും.

അവൾ വേഗം കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പോകാനായി ഇറങ്ങി. ഉമ്മ തന്‍റെ പ്രവൃത്തികളോരോന്നും സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അവൾക്ക് തോന്നി.

വഴിയിൽ വെച്ച് ഇബ്രാഹിംകുട്ടി മാഷിനെക്കുറിച്ച് മനസ്സിലങ്ങനെ വിചാരിച്ചതേയുള്ളൂ. ദൂരെ നിന്നും സ്കൂട്ടറിൽ അയാൾ വരുന്നത് കണ്ടു.

കള്ളപൂച്ച ഇബ്രാഹിംകുട്ടി മാഷ് പഴയതുപോലെ ഒരു ചിരി മാത്രം പാസാക്കി തന്നെ കടന്നു പോകുമെന്നാണ്ട് വിചാരിച്ചത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അയാൾ അവൾക്ക് മുന്നിൽ സ്കൂട്ടർ കൊണ്ട് വന്ന് സ്ലോ ചെയതു.
“ടീച്ചർ എങ്ങോട്ടാണ് ഇത്ര നേരുത്തെ?” അയാൾ ചോദിച്ചു.

“എനിക്ക് നേരുത്തെ ചെന്നിട്ട് കുറച്ച് ടീച്ചിംഗ്സ് നോട്ട് എഴുതാനുണ്ടായിരുന്നു.” അവൾ പറഞ്ഞു
“ഞാനിന്ന് ലീവാണ്. കുറച്ച് അത്യാവശ്യ കാര്യങ്ങളുണ്ട്.” ഇബ്രാഹിംകുട്ടി മാഷ് ഒരു വെള്ളപ്പറവയെപ്പോലെ പറന്നു പോയി. അയാൾ കണ്ണിൽ നിന്ന് മായുന്നതുവരെ അവൾ ആ കാഴ്ച നോക്കി നിന്നു.

ഇബ്രാഹിംകുട്ടി മാഷ് എത്ര നല്ലവനാണ്. നിർവ്വികാരമെന്നു തോന്നുന്ന ആ കണ്ണുകളിൽ അലതല്ലുന്നത് സ്നേഹത്തിന്‍റെ സാഗരങ്ങളാണ്. അല്ലാഹു എത്ര വലിയവനും കരുണാമയനുമാണ്.

പ്രതീക്ഷിച്ചതു പോലെ ഹെഡ് മാഷ് നേരത്തെ എത്തിയിട്ടുണ്ടായിരുന്നു. എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത്?

ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് നേരേ വാ നേരേ പോ എന്ന മട്ടിൽ നേരിട്ടങ്ങു പറഞ്ഞാലോ? അല്ലെങ്കിൽ അതു വേണ്ട.

മാഷ് ഇന്നാള് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ? അങ്ങനെ തുടങ്ങാം . അതാണ് നല്ലത്.

ഹെഡ്മാഷ് പതിവുപോലെ രജിസ്റ്ററിലെന്തോ എഴുതുകയാണ്. അയാൾ അവളെ ശ്രദ്ധിക്കുന്നതു പോലുമില്ല.

ഇങ്ങേർക്ക് എന്താണ് എപ്പോഴുമിങ്ങനെ എഴുതാനുള്ളത്? ലോകത്ത് ഇങ്ങേര് മാത്രമേ ഹെഡ്മാഷായിട്ടുള്ളോ? ഒരു മനുഷ്യജീവി വന്നു നില്ക്കുന്നത് കണ്ടാൽ ഒന്നു മുഖമുയർത്തി നോക്കിയാൽ എന്താണ് ചേദം?

അവൾ ബാഗും കുടയും ഡെസ്കിന്‍റെ പുറത്ത് ‘ഠപ്പോ…’ന്ന് വെച്ചു. ഹെഡ് മാഷ് തലയുയർത്തി നോക്കി.

വളരെ നാളുകൾക്ക് ശേഷം അയാൾ അവളെ നോക്കി ഉള്ളുതുറന്ന് ചിരിച്ചു.

“ങ്ഹാ… ടീച്ചർ നേരത്തെ എത്തിയോ?” എന്ന് പറഞ്ഞ് കൊണ്ട് അയാൾ രജിസ്റ്ററിലേക്ക് വീണ്ടും ഊളിയിട്ടു.

“ടീച്ചറ് വല്ല നേർച്ചയും നേർന്നുട്ടാണ്ടായിർന്നോ? എന്തായാലും ങ്ങടെ കണ്ണിലെ ഒരു കരട് ഇന്ന് ഒഴിഞ്ഞു പോകുകയാണ്.”

സബീന ടീച്ചർ. ഒന്നും മനസ്സിലാകാതെ മിഴിച്ചു നിലക്കവെ ഹെഡ് മാഷ് തുടർന്നു. “മ്മടെ ഇബ്രാഹിംകുട്ടി മാഷ് പതിനഞ്ചു കൊല്ലത്തെ ദീർഘകാല അവധിയെടുത്ത് ഗൾഫിൽ പോകുകയാണ്. അയാൾക്ക്‌ അവിടെ ഒരു സ്കൂളിൽ അറബിക് അധ്യാപകനായി ജോലി ശരിയായി. ഇവിടുത്തേതിന്‍റെ അഞ്ചാറിരട്ടി ശംബളമുണ്ടത്രേ. ഇന്ന് അങ്ങേരുടെ വക പാർട്ടിയുണ്ട്. ബിരിയാണിയാണ്. കോഴിയാണോ? ആടാണോ? നല്ലയൊരു മട്ടൺ ബിരിയാണി കഴിച്ചിട്ട് എത്ര നാളായി.”

ഹെഡ് മാഷ് ഏതോ മധുര സ്മരണയിൽ കണ്ണുകളടച്ച് കസേരയിലേക്ക് ചാഞ്ഞു കിടന്നു.

സബീന ടീച്ചർ ഒന്നും മിണ്ടാതെ വന്ന് കസേരയിൽ ഒരു മരപ്രതിമ പോലെയിരുന്നു. മനസ്സിലെ സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് എരിഞ്ഞടങ്ങിയ പോലെ.

എന്തെങ്കിലും കാരണം പറഞ്ഞ് ലീവെടുത്ത് വീട്ടിൽ പോയാലോ എന്ന് വിചാരിച്ചു. എന്ത് കാരണം പറയും? ഹെഡ് മാഷ് എന്ത് വിചാരിക്കും? വീട്ടിലോട്ട് കയറി ചെന്നാൽ ഉമ്മായോട് എന്ത് പറയും? എങ്ങോട്ടാണ് ഓടിയൊളിക്കുന്നത്. അവൾ അവിടെത്തന്നെയിരുന്നു.

പ്രേയറിന് ബെല്ലടിച്ചതറിഞ്ഞില്ല. ആരോഹണ അവരോഹണ ക്രമങ്ങളിലൂടെ പ്രാർത്ഥന ചൊല്ലുന്ന കുട്ടികളുടെ ഈണത്തിലുള്ള ശബ്ദം മുഴങ്ങുന്നു.

ചന്തമേറിയ പൂവിലും

ശബളാഭമാം ശലഭത്തിലും

സന്തതം കരതാരിയെന്നൊരു

ചിത്ര ചാതുരി കാട്ടിയും

ഹന്ത ചാരു കടാക്ഷമാലക

ളര്‍ക്കരശ്മിയിൽ നീട്ടിയും

ചിന്തയാം മണി മന്ദിരത്തില്‍

വിളങ്ങു മീശനെ വാഴ്ത്തുവിന്‍

ഹാജർ പുസ്തകവുമെടുത്ത് ടീച്ചർ മനസ്സില്ലാമനസ്സോടെ ക്ലാസ്സിലേക്കു പോയി. പഠിപ്പിക്കാൻ യാതൊരു മൂഡും തോന്നുന്നില്ല. പരിശീലന പ്രശ്ശങ്ങൾ നോക്കി രണ്ടു മൂന്ന് കണക്കിട്ടു കൊടുത്ത് അവിടെ എവിടെയെങ്കിലും ഇരിക്കാമെന്ന് വിചാരിച്ചു. മനസ്സിന് സുഖമില്ലെങ്കിൽ പിന്നെന്തു ചെയ്യും? അറിയുന്നവര് ചെയ്യും അറിയാൻ വയ്യാത്തവർ കണ്ടെഴുതും അതിനും താല്പര്യമില്ലാത്തവരെ എന്ത് ചെയ്താലും ശരിയാകില്ല തത്തമ്മയെ പൂച്ച, പൂച്ച എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതു പോലെ എപ്പോഴുമിങ്ങനെ വായിട്ടലയ്ക്കാൻ ടീച്ചർമാരെന്താണ് വല്ല ടേപ്പ് റിക്കാർഡറോ, മൈക്രോഫോണോ മറ്റോ ആണോ?

ടീച്ചർ ക്ലാസ്സിലേക്ക് പോകുമ്പോൾ ആറാം ക്ലാസ്സിലെ ഒരു പെണ്ണും ഏഴാം ക്ലാസ്സിലെ ഒരു ചെറുക്കനും ഒരൊഴിഞ്ഞ കോണിൽ നിന്ന് ഒരേ സംസാരം. അവൻ ഓരോന്ന് മന്ത്രിച്ച് മന്ത്രിച്ച് അവസാനം അവളുടെ കാത് തന്നെ കടിച്ചു പറിക്കൂമെന്ന് ടീച്ചർക്ക് തോന്നി.. കുറെ നാളായി ടീച്ചർ ശ്രദ്ധിക്കുന്നു. രണ്ടിന്‍റെയും ഒരു ചുറ്റിക്കളി. പെണ്ണ് സാമാന്യം പഠിക്കുന്നതാണ്. പ്രായത്തിൽ കവിഞ്ഞുളള വളർച്ചയുണ്ട്. ചെറുക്കൻ ആളൊരു ചട്ടമ്പി. അവൻ ഏഴാം ക്ലാസ്സിൽ രണ്ടാം കൊല്ലമാണന്ന് തോന്നുന്നു. ആണും പെണ്ണും ഇങ്ങനെ ചുറ്റിത്തിരിഞ്ഞ് നടക്കാൻ ഇത് കോളേജ് ക്യാമ്പസോ പാർക്കോ ബീച്ചോ ഒന്നുമല്ലല്ലോ. നാട്ടിന്‍ പുറത്തെ ഒരു സാധാരണ യുപി സ്കൂൾ. നാലക്ഷരം പഠിക്കണമെന്ന വിചാരത്തോടെ വരുന്ന കൂട്ട്യോള് വേറെ കാണില്ലേ? അവർക്കിടയിലാണ് രണ്ടിന്‍റേയുമൊരു…

ടീച്ചർ രണ്ടിനേയും കൈയോടെ പിടി കൂടി. “ന്താ… ഇവിടെ കാര്യം. ബെല്ലടിച്ചത് കേട്ടില്ലേ?” ടീച്ചർ ഗൗരവത്തിൽ ചോദിച്ചു.

“ഞങ്ങൾ തമ്മിൽ പ്രേമത്തിലാണ്…” പെൺകുട്ടി യാതൊരു കൂസലുമില്ലാതെ പ്രഖ്യാപിച്ചു

“ഓഹോ… അറിഞ്ഞില്ല. എത്രനാളായി തുടങ്ങിയിട്ട്?”

ചെറുക്കനാണതിന് മറുപടി പറഞ്ഞത്, “അങ്ങനെ നേരോം കാലോം ഒന്നും നോക്കിയിട്ടല്ല. ടീച്ചറേ പ്രേമിക്കാൻ തുടങ്ങിയത്.”

എന്തൊരു അഹങ്കാര വർത്തമാനമാണ്? രണ്ടിനേയും അങ്ങനെ വെറുതെ വിട്ടാൽ കൊള്ളില്ല.

“ഹെഡ് മാഷെ ചെന്നു കണ്ടിട്ട് ഇനി രണ്ടാളും ക്ലാസ്സിൽ കയറിയാൽ മതി.” ടീച്ചർ ഉത്തരവിട്ടു.

“അതൊന്നും നടക്കൂല ടീച്ചറേ. ഹെഡ് മാഷിനെ ഞങ്ങള് ദിവസോം കാണുന്നതാ. പ്രത്യേകിച്ചിനി കാണാനൊന്നുമില്ല.” ചെറുക്കനും പെണ്ണും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.

പോകുന്ന വഴിക്ക് ചെറുക്കൻ പറഞ്ഞു, “ടീച്ചറങ്ങനെ വലിയ ശീലാവതി ചമയുകയൊന്നും വേണ്ട. ടീച്ചറും ഇബാഹിംകുട്ടി മാഷും തമ്മിലുള്ള രഹസ്യ ലൈനിന്‍റെ കാര്യമൊക്കെ കൂട്ട്യോൾക്ക് മുഴുവൻ അറിയാം. മിണ്ടാച്ചപ്പൂച്ചയെപ്പോലെ നടന്നാൽ ആരും ഒന്നുമറിയില്ലന്നാണ് ടീച്ചർമാരുടെ ഒരു വിചാരം.”

സബീന ടീച്ചർ അറിയാതെ തലയിൽ കൈവെച്ചു. അവൾ പിന്നൊന്നും പറയാൻ പോയില്ല. പറഞ്ഞിട്ടും ഉപദേശിച്ചിട്ടും ഒരു കാര്യവുമില്ല.

എന്തായാലും ടീച്ചറന്ന് പരിശീലന പ്രശ്നങ്ങൾ വിട്ട് സമാന്തരവും, അല്ലാത്തതുമായ രേഖകളെക്കുറിച്ച് ക്ലാസ്സെടുക്കാൻ തീരുമാനിച്ചു സമാന്തര രേഖകൾ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. ചിലപ്പോൾ അവയ്ക്കിടയിലുളള അകലം ഒരു അണുവിട മാത്രമായിരിക്കും. എന്നിട്ടും ഈ ദുനിയാവിന്‍റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീട്ടിയാലും അവ പരസ്പരം ഖണ്ഡിക്കുന്നതേയില്ല.

എന്നാൽ സമാന്തരമല്ലാത്ത രേഖകൾ എവിടെ വെച്ചെങ്കിലും കൂട്ടി മുട്ടുന്നു. കൂട്ടിമുട്ടുന്ന ആ ബിന്ദുവില്‍ അവ നാല് പൂകോണുകൾ സൃഷ്ടിക്കുന്നു. അവ പരസ്പരം കൈകോർത്ത് പിടിച്ച് ഒരു വൃത്ത വലയമുണ്ടാക്കുന്നു. കോണോട് കോൺ ചേർന്ന് പരസ്പരം പുറം തിരിഞ്ഞിരിക്കുന്നവർ ഇരട്ടകളത്രെ.

കുട്ട്യോളെല്ലാം ടീച്ചറുടെ ക്ലാസ്സ് കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. ആരും ഒരു ബഹളോം വെച്ചില്ല. അവർ തലങ്ങും വിലങ്ങും രേഖകൾ വരച്ച് പൂക്കോണുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ടീച്ചറന്ന് പരമാവധി സന്തോഷമഭിനയിച്ച് എല്ലാ ക്ലാസ്സുകളിലും തകൃതിയായി പഠിപ്പിച്ചു. മനസ്സ് നെരിപ്പോട് പോലെ എരിയുകയാണ്. വിഷമിച്ചിരിക്കുന്നത് കണ്ടാൽ കുട്ട്യോള് വേറെ കഥകൾ മെനയും. എന്തിന് കുട്ട്യോളെ മാത്രം പറയുന്നു. മനസ്സിലുള്ളത് ചികഞ്ഞെടുത്ത് വെറുതെ കുത്തിനോവിക്കാൻ കൂടെ ജോലി ചെയ്യുന്നവർക്കും നല്ല മിടുക്കാണ്. എങ്ങനെയെങ്കിലും വീട്ടിലെത്തി എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയാരുന്നു.

വൈകുന്നേരം സ്കൂൾ നേരത്തെ വിട്ടു. ഇബ്രാഹിംകുട്ടി മാഷും അതിനോടൊപ്പം എപ്പഴോ എത്തിയിരുന്നു. പാർട്ടി നടത്താൻ വേണ്ടി ഹെഡ് മാഷ് ഡെസ്കിന്‍റെ  പുറത്തുള്ള ടീച്ചർമാരുടെ ബാഗ്, കുട, ടിഫിൻ ബോക്സ് എല്ലാം ഒഴിപ്പിച്ചു.

ഹെഡ്മാഷ് ഇബ്രാഹിംകുട്ടി മാഷിന് എല്ലാവിധ ആശംസകളും അർപ്പിച്ച് ഒരു പ്രസംഗം തന്നെ നടത്തി. പിന്നെ താമസിച്ചില്ല. ചുരുങ്ങിയ വാക്കുകളിലുള്ള നന്ദി പ്രകടനത്തിന് ശേഷം ഇബ്രാഹിംകുട്ടി മാഷ് തന്നെ എല്ലാർക്കും ബിരിയാണി പൊതി വിളമ്പി. നെയ്യും, മസാലയും, സുഗന്ധ വ്യഞ്ജന കൂട്ടും ചേർന്നുള്ള വെന്ത മാംസത്തിന്‍റെ കൊതി പിടിപ്പിക്കുന്ന ഗന്ധം മുറി മുഴുവൻ നിറഞ്ഞു.

“ഇബ്രാഹിംകുട്ടി മാഷെ… നല്ല അസ്സല് ബിരിയാണി. എല്ലാം നിങ്ങളുടെ മനസ്സിന്‍റെ  നന്മ.” ആരോ പറയുന്നത് കേട്ടു.

സബീന ടീച്ചർ ബിരിയാണിയിൽ കൈ വിരലുകൾ കൊണ്ട് വെറുതെ ചികഞ്ഞ് അങ്ങനെയിരുന്നു. അപ്പോൾ ഇബ്രാഹിംകുട്ടി മാഷ് അവളുടെ അടുത്തേക്ക് വന്നു.

“ന്താ… സബീന ടീച്ചറേ ങ്ങളൊന്നും കഴിക്കാത്തത്. പാർട്ടി ഞാൻ നടത്തുന്നത് കൊണ്ടാണോ?” അയാൾ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നതേയുള്ളൂ.

“എനിക്ക് ടീച്ചറോട് ഒരിഷ്ടം തോന്നി. ഞാനത് ഹെഡ്മാഷുമായുള്ള അടുപ്പം വെച്ച് പറഞ്ഞും പോയി. അതിന് ന്‍റെ ടീച്ചറേ ങ്ങളെന്തിനാണ് എന്നോട് പിണങ്ങി നടക്കുന്നത്. നമ്മളെല്ലാരും മയ്യത്തായി പോകുന്ന വെറും മനുഷ്യരല്ലേ? ഇന്നൂടെ കഴിഞ്ഞാൽ ഇനി നമ്മള് ഈ ജന്മത്ത് കണ്ടില്ലാന്ന് തന്നെയിരിക്കും.” ഇബ്രാഹിംകുട്ടി മാഷ് പറഞ്ഞു.

പാർട്ടി കഴിഞ്ഞ് ഇബ്രാഹിംകുട്ടി മാഷ് എല്ലാവരോടും യാത്ര ചോദിച്ച് സ്കൂളിന്‍റെ പടിയിറങ്ങി. ഒരു പ്രവാചകനെപ്പോലെ അയാൾ എല്ലാവർക്കുമായി കൈവീശി.

അപ്പോൾ തന്‍റെ കണ്ണുകൾ നിറയുന്നത് ആരും കാണാതിരിക്കാൻ സബീനടീച്ചർ പ്രത്യേകം ശ്രദ്ധിച്ചു.

(അവസാനിച്ചു)

നോവൽ പവിഴമല്ലിപ്പൂക്കൾ അവസാനഭാഗം

ഹേമാംബികയും നന്ദൻമാഷും ഞെട്ടിത്തരിച്ച് എഴുന്നേറ്റു. തങ്ങളുടെ പുറകെ ആരോ ഉണ്ടായിരുന്നുവെന്ന് അവർക്ക് ബോധ്യമായി. ഇരുട്ടിൽ അതാരാണെന്ന് വ്യക്തമാകാതെ അവർ പരുങ്ങിനിന്നു.

“ആരാണ് നിങ്ങൾ?” നന്ദൻമാഷ് അല്പം ജാള്യതയോടെ എന്നാൽ അല്പം ഉറക്കെ ചോദിച്ചു. അപ്പോൾ ഇരുട്ടിൽ നിന്നും നിലാവെട്ടത്തേക്ക് നീങ്ങിനിന്നു അയാൾ പറഞ്ഞു.

“ഞാൻ ആരുമായിക്കൊള്ളട്ടെ. നിങ്ങൾ രണ്ടു പേരും ഈ പാതി രാത്രിയിൽ ഇവിടെ എന്തു ചെയ്യുകയാണെന്നാണ് ഞാൻ ചോദിച്ചത്?”

നിലാവെട്ടത്തിൽ നന്ദൻമാഷിനും, ഹേമാംബികക്കും ആളെ മനസ്സിലായി. അത് വൃദ്ധമന്ദിരത്തിലെ ശാന്തൻ എന്നു പേരുള്ള ഒരു റിട്ടയേഡ് പോലീസുകാരനാണ്. അന്വേഷണ കുതുകിയായ അയാളുടെ ദൃഷ്ടികൾ അവരുടെ കള്ളത്തരം കണ്ടുപിടിക്കുകയായിരുന്നു. രാത്രിയിൽ ഉറങ്ങാതെ കിടന്നിരുന്ന അയാൾ തന്‍റെ മുറിയുടെ ജനലിലൂടെ ആരോ പ്രധാന വാതിൽ തുറന്ന് പുറത്തിറങ്ങുന്നത് കണ്ടിരുന്നു. അത് ആരാണെന്ന് നോക്കുവാൻ അയാളുടെ പോലീസ് ബുദ്ധിയിൽ ഔത്സുക്യം തോന്നി അയാളും അവരെ പിന്തുടർന്ന് പുറത്തെത്തിയതാണ്. അപ്പോഴാണ് നിലാവെളിച്ചത്തിൽ അത് നന്ദൻമാഷും ഹേമാംബികയുമാണെന്ന് അയാൾക്ക് മനസ്സിലായത്. കുറച്ചു നാളുകളായി നന്ദൻമാഷിന്‍റെയും, ഹേമാംബിക ടീച്ചറിന്‍റെയും പെരുമാറ്റത്തിൽ അപാകത തോന്നി അയാൾ അവരെ വീക്ഷിച്ചു വരികയായിരുന്നു.

“നിങ്ങൾക്ക് രണ്ടു പേർക്കും ഒരു നാണവുമില്ലല്ലോ. അതും ഈ വയസ്സുകാലത്ത് ഇതു വേണമായിരുന്നോ മാഷെ. ഏതായാലും ഞാനിത് ഇവിടെ എല്ലാവരേയും വിളിച്ചുണർത്തി അറിയിക്കാൻ പോവുകയാണ്.”

നന്ദൻമാഷും, ഹേമാംബിക ടീച്ചറും ഒന്നും പറയാനാകാതെ നിന്നുരുകുകയായിരുന്നു. പെട്ടെന്ന് ഹേമാംബിക തൊഴുകൈകളോടെ പറഞ്ഞു.

“സാർ ദയവു ചെയ്ത് ആരേയും ഇത് അറിയിക്കരുത്. ഞങ്ങളിതിനി ആവർത്തിക്കുകയില്ല. വേണമെങ്കിൽ ഞാൻ സാറിന്‍റെ കാലുപിടിക്കാം.”

“എന്തിനാ ടീച്ചറേ, നിങ്ങൾ രണ്ടും പേരേയും കുറിച്ച് ഞങ്ങൾക്കെല്ലാം എത്രനല്ല അഭിപ്രായമായിരുന്നു. ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ടു പേരും ഭാവിതലമുറക്ക് മാതൃകയാവേണ്ട അധ്യാപകരല്ലേ. എല്ലാപേർക്കും അറിവ് ഉപദേശിച്ചു കൊടുക്കേണ്ടവർ. ആ നിങ്ങൾ… നിങ്ങളെക്കുറിച്ചുണ്ടായിരുന്ന എല്ലാ അഭിപ്രായവും മാറ്റിമറിച്ചില്ലേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ പ്രായത്തെക്കുറിച്ചെങ്കിലും നിങ്ങളിരുവരും ഓർക്കേണ്ടതായിരുന്നു. ഇന്നിപ്പോൾ ഈ വൃദ്ധസദനത്തിനു തന്നെ നിങ്ങൾ നാണക്കേടുണ്ടാക്കി വച്ചു.”

പെട്ടെന്ന് പുറത്തെ ലൈറ്റുകൾ തെളിഞ്ഞു. ആരൊക്കെയോ ചിലർ ശബ്ദം കേട്ട് എഴുന്നേറ്റ് വന്നതാണ്. ഹേമാംബികക്ക് തല ചുറ്റുന്നതു പോലെ തോന്നി. അവർ അടുത്തുളള പവിഴമല്ലി മരത്തിൽ മുറുകെപ്പിടിച്ചു നിന്നു. എന്നാൽ നന്ദൻമാഷിന്‍റെ ജാള്യതയെല്ലാം അപ്പോഴേക്കും അകന്നുപോയിക്കഴിഞ്ഞിരുന്നു. അദ്ദേഹം എന്തും നേരിടാൻ തയ്യാറായി ധൈര്യം അവലംബിച്ച് നിന്നു.

“ആരാ ഈ ഇരുട്ടത്ത് നിന്ന് വർത്തമാനം പറയുന്നത്? എന്താ ഇവിടെ?” ആരൊക്കെയോ അങ്ങനെ ചോദിച്ചു കൊണ്ട് അവിടെയെത്തി. അക്കൂട്ടത്തിൽ രാഘവൻ മാഷും രാജീവനുമുണ്ടായിരുന്നു.

“ഏയ്, ഈ നന്ദൻമാഷ് തനിയെ പുറത്തിറങ്ങിനടക്കുന്നതു കണ്ട് ഞാനും, ഹേമാംബികടീച്ചറും വന്നു നോക്കിയതാണ്. അദ്ദേഹത്തിന് നല്ല സുഖം തോന്നുന്നില്ലത്രെ.”

ശാന്തൻ എന്ന ആ പോലീസുകാരൻ നന്ദൻമാഷിനെ നോക്കി ചിരിച്ചുകൊണ്ട് അറിയിച്ചു. അതോടെ അവിടെ കൂടിനിന്ന പലരും പിരിഞ്ഞു പോയി. നന്ദൻമാഷിന്‍റേയും ഹേമാംബികയുടേയും ശ്വാസം നേരേ വീണു. എന്നാൽ രാഘവൻ മാഷും രാജീവനും പിരിഞ്ഞു പോയില്ല. അവർ പോലീസുകാരന്‍റെ മുഖത്തെ കപടഭാവം കണ്ട് എന്തോ ഊഹിച്ചിരുന്നു. മാത്രമല്ല ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും പരുങ്ങി നില്പും അവർ ശ്രദ്ധിച്ചു. രാഘവൻ മാഷ് പോലീസുകാരന്‍റെ അടുത്തെത്തി പറഞ്ഞു.

“ഒരു പോലീസുകാരനായിട്ടും നിങ്ങൾ ഒരു നല്ല കാര്യമാണ് ചെയ്തത്. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. നിങ്ങൾ ഈ സ്നേഹസദനത്തിന്‍റെയും എന്‍റെ സുഹൃത്തിന്‍റെയും മാനമാണ് രക്ഷിച്ചത്.”

“അതിന് എനിക്കും ഈ സ്ഥാപനത്തോട് ഒരു കടമയില്ലെ സാർ. പിന്നെ നന്ദൻമാഷിനേയും ഹേമാംബിക ടീച്ചറിനേയും ഞാനും ഇഷ്ടപ്പെട്ടിരുന്നു. അവർക്ക് ഒരു നാണക്കേടുണ്ടാക്കാൻ ഞാനും ആഗ്രഹിച്ചില്ല.”

“അത് നന്നായി ശാന്തൻ. എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു.” പിന്നീടദ്ദേഹം നന്ദൻമാഷിന്‍റെ അടുത്തെത്തി.

“എനിക്ക് നിങ്ങൾ രണ്ടു പേരുടേയും പെരുമാറ്റത്തിൽ നേരത്തേ സംശയം തോന്നിയിരുന്നു. ഇപ്പോൾ ആ സംശയം ശരിയായിരുന്നു എന്ന് മനസ്സിലായി. കഷ്ടം നന്ദൻമാഷെ, നിങ്ങൾക്കിതിന്‍റെ വല്ല ആവശ്യമുണ്ടായിരുന്നോ? നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ വിവാഹം നടത്തിത്തരുമായിരുന്നല്ലോ. എനിക്കറിയാം ഹേമാംബികടീച്ചറിന് പണ്ടു മുതൽ നന്ദൻമാഷിനെ ഇഷ്ടമാണെന്ന്. പക്ഷെ നിങ്ങൾ രണ്ടു പേരും രണ്ടു വഴിക്ക് പോയപ്പോൾ ഞാൻ അതെന്‍റെ തോന്നൽ മാത്രമായിരുന്നു എന്ന് കരുതി. എന്നാലിന്നിപ്പോൾ അങ്ങനെയല്ലെന്ന് മനസ്സിലായി.”

രാഘവൻമാഷ് നോക്കിയപ്പോൾ ഹേമാംബികടീച്ചറിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപമാനവും, നിസ്സഹായതയും അവരെ തളർത്തി. നന്ദൻമാഷ് രാഘവൻ മാഷിന്‍റെ മുന്നിൽ ജാള്യതയോടെ തല കുനിച്ചു നിന്നു.

രാഘവൻ മാഷാകട്ടെ നന്ദൻമാഷിന്‍റെ തോളിൽത്തട്ടിപ്പറഞ്ഞു. “ഒട്ടും വിഷമിക്കേണ്ടെടോ. എല്ലാറ്റിനും നമുക്ക് പരിഹാരമുണ്ടാക്കാം. നാളെയാകട്ടെ. താനിപ്പോൾ സമാധാനമായിട്ട് പോയിക്കിടന്നുറങ്ങ്. ടീച്ചറും ചെന്നാട്ടെ.”

രാഘവൻ മാഷ് അവരെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു. തലകുനിച്ചു കൊണ്ട് അവർ ഇരുവരും നടന്നു നീങ്ങി.

എല്ലാം കേട്ടു നിന്ന രാജീവ് അപ്പോൾ രാഘവൻ മാഷിന്‍റെ അടുത്തെത്തി പറഞ്ഞു. “എന്നാലും നന്ദൻമാഷിനെയും ഹേമാംബിക ടീച്ചറിനേയും കുറിച്ച് ഞാനിങ്ങനെയൊന്നും കരുതിയിരുന്നില്ല. അവർക്ക് രണ്ടു പേർക്കും ഈ വയസ്സുകാലത്ത് ഇങ്ങിനെയൊക്കെ തോന്നാൻ എന്താണ് കാരണം?”

“ഹേമാംബിക ടീച്ചറിന് പണ്ടുമുതലേ നന്ദൻമാഷിനെ ഇഷ്ടമായിരുന്നു. അത് ഞാനും ഊഹിച്ചിട്ടുണ്ട്. എങ്കിലും രണ്ടു പേരും വിവാഹിതരാവാതെ അകന്നു പോയപ്പോൾ ഞാൻ എല്ലാം എന്‍റെ തോന്നലായി കരുതി. ഇനിയിപ്പോൾ ഈ വാർദ്ധക്യ കാലത്താണ് അവർക്കതിനുള്ള യോഗം എന്നു തോന്നുന്നു. നമുക്ക് അവരുടെ വിവാഹം നടത്താമെടോ.”

“സാർ എന്താണ് ഈ പറയുന്നത്? അവർ രണ്ടു പേരുടേയും പ്രായം?”

“അതിനെന്താടോ? രണ്ടു പേർക്ക് തമ്മിൽ പ്രണയിക്കാൻ പ്രായം തടസ്സമല്ലെങ്കിൽ പിന്നെ വിവാഹം കഴിക്കാൻ എന്താണ് തടസ്സം? നാം ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് താനോർക്കണം. ഇന്നിത് പാശ്ചാത്യനാടുകളിൽ മാത്രം നടന്നു വരുന്ന ഒരു സ്ഥിതിവിശേഷമാണെന്ന് നമുക്കു തോന്നാം. എന്നാൽ ഭാരത സമൂഹവും ഇന്ന് മാറി കൊണ്ടിരിക്കുകയാണ്.

വൃദ്ധന്മാർ സമൂഹത്തിൽ വല്ലാതെ ഒറ്റപ്പെടുന്നു. മക്കൾക്ക് അച്ഛനമ്മമാരെ നോക്കാൻ സമയമില്ല. അല്ലെങ്കിൽ അവർക്കതിനുള്ള മനസ്ഥിതിയില്ല. എന്‍റെ കാര്യം തന്നെ നോക്കൂ. നിത്യവും മദ്യം ഉപയോഗിക്കുന്ന, ദുർമാർഗ്ഗിയായ നടക്കുന്ന ഏകമകനോട് കള്ളുകുടിക്കരുതെന്നും, നേർവഴിക്ക് ജീവിക്കണമെന്നും പറഞ്ഞതിഷ്ടപ്പെടാതെ അവനെന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. ആത്മാഭിമാനിയായ ഞാൻ പിറ്റേന്നു തന്നെ ഭാര്യയേയും കൂട്ടി ഇങ്ങോട്ട് പോന്നു.

ഈ ഒരു പരിതസ്ഥിതിയിൽ വാർദ്ധക്യത്തിലെത്തുമ്പോൾ കൂടെ ഇണയില്ലാതെ ഒറ്റപ്പെട്ടു പോയവർ, തങ്ങൾക്ക് ഒരു തുണ വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നാമെല്ലാം ഇനി അങ്ങനെ ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്. കാലം ആ മാറ്റം ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് തന്നെ പോലുള്ളവരാണ് അതിന് മുൻകൈ എടുക്കേണ്ടത്. കാരണം വൃദ്ധ സദനങ്ങളിലാണ് ഇത്തരത്തിൽ നിരാശയും ഏകാന്തതയും ഒറ്റപ്പെടുത്തുന്നവരെ ഏറെ കണ്ടെത്താൻ കഴിയുന്നത്. അവരുടെയെല്ലാം വാർദ്ധക്യത്തിൽ അല്പകാലമെങ്കിലും വസന്തം വിരുന്നിനെത്തുമെങ്കിൽ അത് നല്ലതല്ലേടോ?”

“സാർ പറയുന്നത് ശരിയാണ്. നമുക്കതിനെപ്പറ്റി ഗൗരവപൂർവ്വം ആലോചിക്കാം സാർ. എങ്കിൽ ഈ വൃദ്ധമന്ദിരത്തിലെ ആദ്യത്തെ വാർദ്ധക്യവിവാഹം നന്ദൻമാഷിന്‍റെയും, ഹേമ ടീച്ചറിന്‍റേയും ആയിക്കോട്ടെ. നാളെ തന്നെ നമുക്കതിനുള്ള ഒരുക്കങ്ങൾ തുടങ്ങാം.”

അടുത്തു നിന്ന ശാന്തനാണ് അത് പറഞ്ഞത്. രാജീവും അതു തന്നെ തലകുലുക്കി സമ്മതിച്ചു.

“അതെ സാർ, ഞാനും സാറിനോട് യോജിക്കുന്നു നാളെ തന്നെ നമുക്കതിനുള്ള ഏർപ്പാടുകൾ തുടങ്ങാം.” രാജീവ് പറഞ്ഞു.

“എങ്കിൽ പിന്നെ സാറും കൂടി ഇവിടെ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് വിവാഹം കഴിക്ക്…” ശാന്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിന് രാഘവൻ മാഷിന്‍റെ ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യയുമുണ്ട്…” രാജീവ് പറഞ്ഞു.

“അപ്പോൾ തനിക്കാണ് ഒരാളെ വേണ്ടത്. താനും ഒരാളെ കണ്ടുപിടിക്കെടോ…” രാഘവൻ മാഷ് പറഞ്ഞു

“ഞാൻ അതിനു തയ്യാറാണ്. സാറെ… പക്ഷെ പറ്റിയ ഒന്നിനെ കിട്ടണ്ടെ.” രാഘവൻ മാഷ് അത് കേട്ട് പൊട്ടിച്ചിരിച്ചു. അങ്ങനെ പറഞ്ഞു ചിരിച്ചു കൊണ്ട് അവർ മൂന്നു പേരും തങ്ങളുടെ ഉറക്കറകളിലേക്കു പോയി.

പിറ്റേന്ന് രാജീവ് പ്രധാന ഹാളിൽ ഒരു മീറ്റിംങ്ങ് വിളിച്ചു കൂട്ടി അവിടെ വന്നു കൂടിയവരോടായി പറഞ്ഞു.

“ഇന്ന് നമ്മൾ ഇവിടെ ഒത്തുകൂടിയത് ഒരു സന്തോഷവർത്തമാനം പങ്കിടാനാണ്. ഈ സ്നേഹസദനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി മംഗളകരമായ ഒരു ചടങ്ങിന് തുടക്കം കുറിക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

നിങ്ങൾക്കേവർക്കും അറിയാം നന്ദൻമാഷിനെ. അദ്ദേഹം ഈ സ്നേഹസദനത്തിൽ എത്തുമ്പോൾ ഏതു സ്ഥിതിയിലായിരുന്നുവെന്നും ഇന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യം എത്ര മാത്രം പുരോഗമിച്ചുവെന്നും നിങ്ങൾക്കെല്ലാമറിയാം. അദ്ദേഹത്തിന് ഈ പുനരുജ്ജീവനം നൽകിയത് ഹേമാംബിക ടീച്ചറാണെന്നും നമുക്കറിയാം. എങ്കിൽ പിന്നെ ഹേമാംബിക ടീച്ചറിനെ തന്നെ ഇനിയുള്ള ജീവിതത്തിലും അദ്ദേഹത്തിന്‍റെ പങ്കാളിയാക്കിത്തീർത്താലോ. അന്വേഷിച്ചപ്പോൾ അവർക്കിരുവർക്കും പരസ്പരം ഇഷ്ടമാണെന്ന് ഞാനറിഞ്ഞു. ഈ വാർദ്ധക്യത്തിൽ അവർക്ക് പരസ്പരം സ്നേഹിക്കാനും ജീവിതം പങ്കുവെക്കാനും ഒരു തുണ വേണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഈ സ്നേഹസദനത്തിൽ നടക്കുന്ന ആദ്യത്തെ വിവാഹമായിരിക്കുമിത്. നിങ്ങൾ എല്ലാവരും എന്തു പറയുന്നു? നിങ്ങൾക്കെല്ലാവർക്കും സമ്മതമല്ലേ?”

“അതെ… ഞങ്ങൾക്കെല്ലാവർക്കും സമ്മതം തന്നെ. നന്ദൻമാഷ് ഹേമാംബിക ടീച്ചറിനെ തന്നെവിവാഹം കഴിക്കട്ടെ. അവർ നല്ല ജോടികളാണ്.” അന്തേവാസികൾ എല്ലാവരും ഒത്തൊരുമിച്ചു പറഞ്ഞു.

“എങ്കിൽപ്പിന്നെ അങ്ങനെ തീരുമാനിക്കാം അല്ലേ? ഞാൻ നന്ദൻമാഷിന്‍റെ മകനെ ഈ വിവരം അറിയിക്കാൻ പോകുകയാണ്. കാരണം നന്ദൻമാഷിനെ ഇവിടെ കൊണ്ടു വന്നാക്കിയത് അയാളാണ്. അയാളുടെ സമ്മതം കൂടി ഇക്കാര്യത്തിൽ ആവശ്യമാണല്ലോ.”

ഹേമാംബികക്കും നന്ദൻമാഷിനും എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് അവിടെ എല്ലാവരും ചേർന് ഒരു കോറസ്സായി പറഞ്ഞു. “വേണം വേണം” അതോടെ അതും തീരുമാനിക്കപ്പെട്ടു.

തീരുമാനം ഉറയ്ക്കപ്പെട്ടതോടെ അന്തേവാസികൾ, ഇരുവരെയും നടുക്കുനിർത്തി, ഉറക്കെ കരങ്ങൾ കൊട്ടി ആഹ്ളാദം പ്രകടിപ്പിച്ചു.

അങ്ങിനെ ആ വാർദ്ധക്യകാല പ്രേമം വൃദ്ധ മന്ദിരത്തിന്‍റെ ആഘോഷമായി. എത്രയും പെട്ടെന്ന് നന്ദൻമാഷിന്‍റെ മക്കളെ വിവരമറിയിക്കുവാൻ മാനേജർ തിടുക്കം കൂട്ടി.

വിവരമറിഞ്ഞ് സുമേഷ് വക്കീലിനെയും കൂട്ടി ഓടിയെത്തി. അവന്‍റെ മുഖത്ത് ചതിവു പറ്റിയ ഭാവമുണ്ടായിരുന്നു. അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയാണെങ്കിൽ സ്വത്തുക്കൾ മുഴുവൻ അവർക്ക് അന്യാധീനപ്പെട്ടു പോകുമെന്ന് അയാൾ വിശ്വസിച്ചു. നിർബന്ധപൂർവ്വം, നന്ദൻമാഷിനെക്കൊണ്ട് താനെഴുതിയുണ്ടാക്കിയ വിൽപത്രത്തിൽ ഒപ്പുവെപ്പിക്കാൻ അയാൾ ശ്രമിച്ചു. എന്നാൽ മകന് താനല്ല സ്വത്തു മാത്രമാണ് ആവശ്യമെന്ന് മനസ്സിലാക്കിയ നന്ദൻമാഷ് ഒപ്പുവെയ്ക്കുവാൻ വിസമ്മതിച്ചു അദ്ദേഹം അതു വലിച്ചു കീറി കാറ്റിൽ പറത്തി.

അതിനെത്തുടർന്ന് രോഷാകുലനായ സുമേഷ്, നന്ദൻമാഷിനെ വൃദ്ധമന്ദിരത്തിൽ നിന്നും ബലമായി പിടിച്ചിറക്കി തന്‍റെ കാറിൽ കയറ്റുവാൻ ശ്രമിച്ചു. വൃദ്ധമന്ദിരത്തിലുള്ളവരും മാനേജറും കൂടിച്ചേർന്ന് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ മകനിൽ നിന്നും മോചിപ്പിച്ചു.

രാജീവ് ദേഷ്യത്തോടെ സുമേഷിനോട് പറഞ്ഞു. “നിങ്ങൾ ബലപ്രയോഗം നടത്തി ഇദ്ദേഹത്തെ ഇവിടെ നിന്ന് കൊണ്ടുപോകാനാണ് ഭാവമെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും.”

അതു കേട്ട് സുമേഷ്, ഭീഷണി പുറപ്പെടുവിച്ചു.“എങ്കിൽ നമുക്ക് അതു തന്നെ കാണാം. എന്‍റെ പിതാവിനെ ഇവിടെ നിന്ന് കൊണ്ടു പോകുവാൻ കഴിയുമോന്ന് ഞാനും നോക്കട്ടെ.”

അങ്ങിനെ ഉറക്കെ പറഞ്ഞു കെണ്ട് അയാൾ വക്കീലുമൊത്ത് കാറോടിച്ചു പോയി. മകന്‍റെ വാക്കുകൾ വൃദ്ധമന്ദിരത്തിലെ എല്ലാവരേയും ഉലച്ചുവെങ്കിലും നന്ദൻമാഷ് കൂസാതെ നിന്നു.

ഒരിക്കൽക്കൂടി തന്‍റെ കിനാക്കളെല്ലാം താഴെ വീണുടയുന്നുവെന്ന് കരുതിയ ഹേമാംബിക കണ്ണീരോടെ വാതിൽക്കൽ നിന്നിരുന്നു.

നന്ദൻമാഷ് അവരുടെ അടുത്തെത്തി ആ കൈ പിടിച്ചു മറ്റുള്ളവരോടു പറഞ്ഞു.

“ഉടൻ തന്നെ ഞങ്ങൾക്ക് രജിസ്റ്റർ ഓഫീസിലേക്ക് പോകുവാൻ ഒരു കാർ ഏർപ്പാടാക്കിത്തരിക. ഞങ്ങൾ ഇപ്പോൾ തന്നെ വിവാഹിതരാവാൻ തീരുമാനിച്ചു.”

അതു കേൾക്കെ ഹേമാംബികയുടെ വിടർന്ന കണ്ണുകളിൽ ആയിരം പവിഴമല്ലികൾ പൂത്തു വിടരുന്നത് നന്ദൻമാഷ് മാത്രം കണ്ടു… തനിക്കായി മാത്രം വിടർന്ന പവിഴമല്ലിപ്പൂക്കൾ!

വൃദ്ധമന്ദിരത്തിലുള്ളവർ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അല്പം കഴിഞ്ഞ് അവിടെ വന്നെത്തിയ ടാക്സി കാറിലേക്ക് നന്ദൻമാഷ്, ഹേമാംബികയുടെ കൈ പിടിച്ചു കയറി.

അരമണിക്കൂറോളം നീണ്ട കാർ യാത്രയ്ക്കു ശേഷം അവർ രജിസ്റ്റർ ഓഫീസിലെത്തി. വിവാഹ രജിസ്ട്രേഷനു മുമ്പായി ഓഫിസിന് മുൻപിൽ ഒരു പോലീസ് ജീപ്പു വന്നു നിന്നു.

ഒരു പോലീസ് ഓഫീസർ മുന്നോട്ടു വന്നു ഹേമാംബികയെ ഗൗരവപൂർവ്വം നോക്കി ചോദിച്ചു. “നിങ്ങളല്ലെ ഹേമാംബിക?”

ഹേമാംബിക പകപ്പോടെ അയാളെ നോക്കി. അവരുടെ ചുണ്ടുകൾ മെല്ലെ അനങ്ങി.

“അതെ. ഞാനാണ് സർ ഹേമാംബിക.”

പോലീസ് ഓഫീസർ അവരെ നോക്കി പറഞ്ഞു, ”ഓർമ്മക്കുറവുള്ള തന്‍റെ അച്ഛനെ നിങ്ങൾ ബലമായി പിടിച്ചുവച്ച് വിവാഹത്തിനു പ്രേരിപ്പിക്കുകയാണെന്ന്, നന്ദൻമാഷിന്‍റെ മകൻ ഞങ്ങൾക്ക് ഒരു കംപ്ലെയിന്‍റ് തന്നിട്ടുണ്ട്. അയാളുടെ അച്ഛൻ ഡിമെൻഷ്യ രോഗിയാണെന്നുള്ളതിന് അയാൾ ഡോക്ടറുടെ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. എന്താ നന്ദൻമാഷേ?? അപ്പോൾ മകന്‍റെ കൂടെ പോവുകയല്ലെ.”. ഓഫീസർ നന്ദൻമാഷിനെ ഗൗരവപൂർവ്വം നോക്കി.

ഹേമാംബികയ്ക്കോ വധൂവരന്മാർക്കു ചുറ്റും കൂടിനിന്ന അന്തേവാസികൾക്കോ ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല. കാരണം അയാൾ ഇപ്പോൾ രോഗിയല്ലെന്ന് തെളിയിക്കുവാൻ അവരുടെ കൈയ്യിൽ അപ്പോൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഒരിക്കൽക്കൂടി തന്‍റെ സ്വപ്നങ്ങൾ കൈവിട്ടു പോകുന്നത് ഓർത്ത് ഹേമാംബിക പൊട്ടിക്കരഞ്ഞു പോയി.

“ഉം സമയമാകുന്നു വേഗമാകട്ടെ.” പോലീസ് ഓഫീസർ തിടുക്കം കൂട്ടി.

ഹേമാംബിക നനഞ്ഞ മിഴികളുയുർത്തി നന്ദൻമാഷിനെ നോക്കി. തന്‍റെ കൈകളിൽ സൂക്ഷിച്ചിരുന്ന പവിഴമല്ലിപ്പൂക്കൾ അവർ നന്ദൻമാഷിന് കൈമാറി.

വീണ്ടും ഒരിക്കൽക്കൂടി നന്ദൻമാഷിന്‍റെ തലച്ചോറിൽ മഴമേഘങ്ങൾ കൂട്ടിമുട്ടി. തന്‍റെ ഹൃദയം ആയിരം നുറുങ്ങുകളായി പൊട്ടിത്തെറിക്കുന്നതായി അദ്ദേഹത്തിന് തോന്നി. തന്‍റെ നെഞ്ചു പൊത്തിപ്പിടിച്ചു നടന്ന, നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ചു വലിച്ച് സുമേഷ് കാറിനടുത്തേക്ക് നയിച്ചു. ഒരിക്കൽക്കൂടി ഓർമ്മകൾ കൈവിട്ട നന്ദൻമാഷ് ഒരു മന്ദബുദ്ധിയെപ്പോലെ മകന്‍റെ കൈ പിടിച്ച് നടന്നു.

വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി കാറിൽ കയറുമ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകൾ ഹേമാംബികയിൽ തങ്ങി നിന്നു.

അപ്പോൾ അവർ പുറകോട്ട് നിലം പതിക്കുന്നത് നന്ദൻമാഷ് കണ്ടു. പക്ഷെ അപ്പോഴേക്കും കാർ അകന്നു കഴിഞ്ഞിരുന്നു. തന്‍റെ ശിരസ് സീറ്റിലേക്ക് ചാച്ച് നന്ദൻമാഷ് നിസ്സഹായനായി കിടന്നു. അപ്പോൾ അദ്ദേഹത്തിന്‍റെ മുമ്പിൽ ഭൂതവും ഭാവിയും വർത്തമാനവും ലയിച്ച് ഒന്നായി ഒരു കറുത്ത ഗോളമായി തീർന്നിരുന്നു

വീട്ടിലേക്ക് അതിവേഗം കാറോടിച്ചെത്തിയ സുമേഷ് പുറത്തിറങ്ങിയ ഉടനെ നന്ദൻമാഷിന്‍റെ ഡോർ തുറന്നു.അനക്കമറ്റിരിക്കുന്ന അദ്ദേഹത്തെ ബലമായി പിടിച്ച് പുറത്തിറക്കാൻ നോക്കി. അതോടെ നന്ദൻമാഷിന്‍റെ ശരീരം ദുർബ്ബലമായി പുറത്തേക്ക് വീണു. ആ കണ്ണുകൾ തുറന്നിരുന്നുവെങ്കിലും ചലനമറ്റിരുന്നു.

അപ്പോഴും, ആ പവിഴമല്ലിപ്പൂക്കൾ മാത്രം താഴെ വീണുതിർന്നു പോകാതെ അദ്ദേഹം കൈകളിൽ മുറുകെപ്പിടിച്ചിരുന്നു. തന്നെ വേദനിപ്പിക്കുന്ന ദുരന്തസ്മൃതികളിൽ നിന്ന് എന്നന്നേക്കുമായി സുഖകരമായ ഒരു മോചനം കൂടിയായിരുന്നു അദ്ദേഹത്തിനാ മടക്കയാത്ര. അതിന്‍റെ സന്തോഷം ആ ചുണ്ടുകളിൽ തങ്ങിനിന്നിരുന്നു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-3

അന്ന് പതിവിലുമേറെ വൈകിയാണ് സബീന ടീച്ചർ വീട്ടിലെത്തിയത്. രജിസ്ട്രേഷൻ കഴിയാത്ത ഒരു പുതിയ കാറ് ഒരപൂർവ്വ ജന്തുവിനെപ്പോലെ മുറ്റത്ത് കണ്ണ് തുറിച്ച് കിടക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ കണ്ടത് പുത്തൻ പണക്കാരൻ നാസർ സോഫയിൽ ചാരി കിടന്ന് ചായ കുടിക്കുന്നതാണ്. മുറിയിലെ വെള്ളി വെളിച്ചത്തിൽ അയാളുടെ തടിച്ചുരണ്ട കൈത്തണ്ടയിലെ റിസ്റ്റ് വാച്ചിന്‍റെ സ്വർണ്ണ ചെയിൻ മിന്നിത്തിളങ്ങി.

അവൾ അയാളെ കണ്ട ഭാവം നടിക്കാതെ അകത്തേക്ക് കയറിപ്പോയി. ഈയിടെയായി നാസറിന്‍റെ വരവും ഉമ്മായുടെ ചായ സല്ക്കാരവും അല്പം കൂടുന്നുണ്ട്.

താൻ സ്കൂൾ വിട്ട് വരുന്ന സമയം നോക്കിയാണ് അയാൾ വരുന്നത്? വസ്തുവിന്‍റെയും തടിയുടേയും കച്ചവടമാണയാൾക്ക്. കച്ചവടം എന്നു പറഞ്ഞു കൂടാ, കച്ചകവടം എന്നു തന്നെ പറയണം. വസ്തുവും, വലിയ മരങ്ങളും ചുളുവിലയ്ക്ക് വാങ്ങി മോഹവില കിട്ടുമ്പോൾ മറിച്ചു വില്ക്കുക. അതാണയാളുടെ കച്ചവടം. കൂടാതെ ഫർണിച്ചറിന്‍റെ ബിസിനസുമുണ്ട്.

മണ്ണും മരവും കണ്ടു മോഹിച്ചാൽ അത് ഏത് വിധേനയും സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് അയാളെ കുറിച്ച് പറയാറുള്ളത്.

അയാൾ പോയിക്കഴിഞ്ഞപ്പോൾ അവൾ ഉമ്മയോട് കയർത്തു. “ങ്ങളെന്തിനാണ് വല്ലോരെയെക്കെ കൂടെക്കൂടെ പുരയ്ക്കകത്ത് കയറ്റി സൽക്കരിക്കുന്നത്? നാട്ടുകാരെ കൊണ്ട് വെറുതെ അതുമിതും പറയിപ്പിക്കരുത്.”

ഉമ്മ അവളെ തീഷ്ണമായി ഒന്നു നോക്കി. “വല്ലവരുമോ?”

ശരിയാണ്. അങ്ങനെ പറയേണ്ടിയിരുന്നില്ല. വാക്കുകൾ പലപ്പോഴും നിയന്ത്രണം തെറ്റിച്ച് നാവിൽനിന്നും പുറത്തു ചാടുന്നു. വാപ്പിച്ചയുടെ സ്വന്തം സഹോദരിയുടെ മകനാണയാൾ. അയാൾക്കവിടെ എപ്പോൾ വേണമെങ്കിലും വരാനുള്ള അവകാശമുണ്ട്.

പണ്ടുമുതലേ താൻ അയാളുടെ പെണ്ണാണന്നായിരുന്നു അയാളുടെ ഒരു മട്ടും ഭാവവും. നാസർ എട്ടാം തരത്തിലേ പഠിത്തം അവസാനിപ്പിച്ചു. പിന്നെ പല പല കച്ചവടങ്ങൾ മാറി മാറി ചെയ്ത് ചെറു പ്രായത്തിലേ നല്ലവണ്ണം സമ്പാദിച്ചിരുന്നതിനാൽ വീട്ടുകാർക്കും ആ ബന്ധത്തിന് താല്പര്യമായിരുന്നു.

ഉമ്മ പറയും “അവൻ ജീവിക്കാൻ പഠിച്ച പയ്യനാണ്. അവനെക്കെട്ടുന്നവർക്ക് ജീവിതത്തിൽ ഒരു അല്ലലുമറിയേണ്ടി വരില്ല.”

പക്ഷെ എന്തുകൊണ്ടോ അയാൾക്ക് തന്‍റെ മനസ്സിൽ ഒരു സ്ഥാനവുമുണ്ടായില്ല. തന്‍റെ മേൽ അതിരു കടന്ന അവകാശം സ്ഥാപിക്കുന്നു എന്ന് തോന്നിയപ്പോൾ വെറുപ്പാണ് തോന്നിയത്. ദൂരെ ടൗണിൽ ടീച്ചേഴ്സ് ട്രെയ്നിംഗിന് ചേർന്നു പഠിക്കുമ്പോൾ ട്രെയിൻ യാത്രക്കിടയിലാണ് അഷ്റഫിനെ പരിചയപ്പെടുന്നതും അയാളുമായി സ്നേഹത്തിലാകുന്നതും. അഷ്റഫിന്‍റെ വീട്ടിൽ നിന്നു തന്നെയാണ് പെണ്ണ് ആലോചിച്ചു വന്നത്.

പേരുകേട്ട തറവാട്. അതി സമ്പന്നമായ കുടുംബം, ഉന്നത വിദ്യാഭ്യാസമുള്ള ചെറുക്കൻ, സുമുഖൻ, വശ്യമായ പെരുമാറ്റം, ഗൾഫിൽ ഉയർന്ന ജോലി. ആ വിവാഹ ആലോചന വാപ്പയ്ക്ക് നന്നേ ബോധിച്ചു. പടച്ചോൻ കടുംബത്തിന്‍റെ മേൽ ചൊരിഞ്ഞ അനുഗ്രഹമായിട്ടാണ് വാപ്പ അതിനെ കണ്ടത്.

വാപ്പ വേറൊന്നും ചിന്തിച്ചില്ല. കുടുംബ ഓഹരിയായി കിട്ടിയ അമ്പത് സെന്‍റ് പുരയിടം വിറ്റ് ചെറുക്കൻ വീട്ടുകാരുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന നിലയിൽ ആർഭാടമായാണ് നിക്കാഹ് നടത്തിയത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ഒരുനാൾ അസമയത്ത് നാസർ കുടിച്ച് ലക്ക് കെട്ട് വീട്ടിൽ കയറി വന്നു. വാപ്പയോട് കയർത്തു. തറുതല പറഞ്ഞു. ഉമ്മായെ കണക്കില്ലാതെ ചീത്ത വിളിച്ചു. കൈയ്യങ്കാളി ഒഴിച്ച് ബാക്കിയെല്ലാം അന്നവിടെ നടന്നു. എന്തൊക്കയോ ഭീഷണി തനിക്ക് നേരെയും മുഴക്കിയിട്ടാണ് അന്നയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ആ പടി ചവിട്ടുന്നത് കഴിഞ്ഞ കൊല്ലം വാപ്പ മയ്യത്താകുമ്പോൾ മാത്രമാണ്.

അവൾ കുളിച്ച് വസ്ത്രം മാറി അടുക്കളയിലേക്ക് ചെല്ലുമ്പോഴും ഉമ്മ മുഖം വീർപ്പിച്ചിരുന്ന് എന്തോ മുറുമുറുക്കുകയാണ്.

“നീയറിഞ്ഞോ?”

“ന്ത്?”

“നാസറുകുട്ടി അവന്‍റെ പെണ്ണിനെയൊഴിഞ്ഞു.”

“ഓഹോ. നല്ല കാര്യമായി. അതിന് ഞാനിപ്പോൾ എന്ത് വേണം?”

“ഒന്നും വേണ്ട ന്‍റെ മോള് ഞാൻ പറേന്നത് മാത്രം കേട്ടാൽ മതി. നാസറുകുട്ടിക്ക് പ്പോഴും നിന്നെ കെട്ടാൻ പൂതിയുണ്ട്.”

ഉമ്മായോട് പറഞ്ഞിട്ട് കാര്യമില്ല. പഴയ മനസ്സാണ്. ഒരു കാര്യം മനസ്സിലുറച്ചാൽ അതു തന്നെ വെറുതെ പറഞ്ഞു കൊണ്ടിരിക്കും. അഷ്റഫ് എന്നൊരാൾ മകളെ കെട്ടിച്ചു കൊടുത്ത കാര്യം കൂടി അവർ ഓർക്കുന്നില്ല.

ഉമ്മ പറയുകയാണ് “ആ പെണ്ണൊരു മെനകെട്ടവളായിരുന്നു. അനുസരണയെന്നൊന്നത് ഓൾക്ക് തീരെ ഇല്ലായിരുന്നു. അങ്ങനെയുള്ളതിനെ ഒഴിഞ്ഞു കളയാതെ ഓൻ പിന്നെന്തു ചെയ്യും?”

കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് ‘അനുസരണയുള്ള പട്ടി, അനുസരണയുള്ള പൂച്ച എന്നു പറയുന്നതുപോലെ അനുസരണയുള്ള ഭാര്യ’ വിചിത്രം തന്നെ എന്തു കണ്ടാലും കേട്ടാലും അനുഭവിച്ചാലും ഒന്നും മിണ്ടാതെ എല്ലാ സഹിച്ച് വീടിന്‍റെ ചുവരുകൾക്കുള്ളിൽ സ്വയം തളച്ച് ഒതുങ്ങി കഴിയണം. ഉമ്മയുടെ കാഴ്ചപ്പാടിൽ അനുസരണ എന്നാൽ അതാണ്.

“ന്‍റെ പഴേ മനസ്സാണ്. എങ്കിലും നിന്നേക്കാൾ കുറയധികം വർഷം നോമ്പു പിടിച്ചതിന്‍റെ ലോക പരിചയത്തിൽ പറയുകയാണ്. നിന്‍റെ നല്ല ഭാവിയെയോർത്ത് മാത്രമെന്ന് കരുതിയാൽ മതി. നീയിപ്പോഴും ചെറുപ്പമാണ്. കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളം പോലെ ഈ ചെറുപ്പത്തിന്‍റെ ചോരയും നീരുമൊക്കെ, നോക്കി നോക്കി നില്ക്കെ വാർന്നു പോകും. നാസറിനെ ഇഷ്ടമല്ലങ്കിൽ വേണ്ട. വേറെയും പല ആലോചനകളും വരുന്നുണ്ട്. നീയേതെങ്കിലുമൊന്നിന് സമ്മതിക്കണം. അഷ്റഫിനെ ഇനി കാത്തിരിക്കേണ്ട. അവൻ വരില്ല. തീർച്ചയാണ്.” അതു പറഞ്ഞ് ഉമ്മയുടെ കണ്ണകൾ സജലങ്ങളാകുന്നു. ഉമ്മ തന്‍റെ മുന്നിൽ കരച്ചിൽ എന്ന അവസാന അടവും പുറത്തെടുക്കുകയാണ്.

“ന്‍റെ ഉമ്മാ എന്താണ് നിങ്ങളിങ്ങനെ? രണ്ടു പ്രസവിച്ചൂ എന്നല്ലാതെ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ങ്ങൾക്ക് ഒന്നുമറിയില്ല. ഞാനൊരു പുരുഷനെ ഉള്ളു തുറന്ന് സ്നേഹിച്ചു. പോയി. ഇനിയീ ജന്മം വേറൊരാളെ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അഷ്റഫിക്ക വരുന്നില്ലങ്കിൽ വരേണ്ട. എനിക്ക് പടച്ചോൻ കനിഞ്ഞ് സ്വന്തമായി ജോലീം വരുമാനവുമുണ്ട്. അത് കൊണ്ട് ഞാനിങ്ങനെയൊക്കെയങ്ങ് കഴിഞ്ഞോളാം.”

ഉമ്മ ദേഷ്യപ്പെട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി. പോകുന്ന വഴിക്ക് പറഞ്ഞു, “നെന്നോടൊക്കെ ഉപദേശിക്കാനും പറയാനും ഇനി ഞാനില്ല. നെന്നെയൊക്കെ. കൂടുതൽ പഠിപ്പിച്ചതാണ് ങ്ങടെ വാപ്പിച്ചായ്ക്ക് പറ്റിയ തെറ്റ്. ന്‍റെ കണ്ണടഞ്ഞാൽ നെനക്ക് ആരും കാണില്ലാന്നോർത്തോ?”

ഉമ്മ തന്‍റെ ശരീരത്തിലേക്ക് ഇടയ്ക്കിടയ്ക്ക് എരിതീ കോരിയിടുന്നതു പോലെ അവൾക്ക് തോന്നി. ഉമ്മായെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അഷ്റഫ് എന്നെങ്കിലും ഒരു നാൾ മടങ്ങി വരുമെന്ന് താനല്ലാതെ ആരും പ്രതീക്ഷിക്കുന്നില്ല. അഷ്റഫിനെ കുറിച്ചന്വേഷിക്കാൻ ഇനിയൊരിടവുമില്ല. കൊടുക്കാത്ത പരാതികളില്ല. മുട്ടാത്ത വാതിലുകളില്ല.

അഷ്റഫിന്‍റെ വീട്ടുകാർക്ക് പോലും അയാളെ കുറിച്ച് അന്വേഷിക്കുന്നതിനോ കണ്ടെത്തുന്നതിനോ താല്പര്യമില്ല. ഒരാളില്ലന്ന് വെച്ച് അവർക്ക് എന്താണ് നഷ്ടം. അവർ ഡോക്ടർമാരും എഞ്ചിനീയർമാരും കോളേജ് പ്രൊഫസമാരുമായിട്ട് ഇനിയും ഒരു പാട് പേരുണ്ടല്ലോ? നഷ്ടം അത് തന്‍റെതു മാത്രമാണ് അതുകൊണ്ട് അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും താനാണ്.

അഷ്റഫിന്‍റെ ഉമ്മ. ഇന്നാള് ഒരു നാൾ, കണ്ടപ്പോൾ പറഞ്ഞു, “പെണ്ണുങ്ങൾക്ക് മിടുക്കില്ലാത്തതാണ് ആണുങ്ങൾ അകന്നു പോകുന്നതിന്‍റെ കാരണം.”

എന്ത് മിടുക്കിന്‍റെയും മിടുക്കുകേടിന്‍റെയും കാര്യമാണ് അവർ പറഞ്ഞത്. മനസ്സിലാകുന്നില്ല. അഷ്റഫിന്‍റെ വീട്ടുകാർ തന്നെ ഏതാണ്ട് മൊഴിചൊല്ലിയ മട്ടാണ്.

ഉമ്മ എത്രനാൾ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നു. എന്നിട്ട് പേരിന് പോലും ഒരെണ്ണം തിരിഞ്ഞ് നോക്കിയില്ല.

പോസ്റ്റ്മാൻ പിന്നെയും പലതവണ വലിയ കെട്ടുമായി സ്കൂളിന്‍റെ പടികടന്നു വന്നു. പക്ഷേ അതിലെങ്ങും സബീന ടീച്ചർക്ക് മാത്രം കത്തുണ്ടായിരുന്നില്ല. വന്ന ചില കത്തുകളാകട്ടെ സലീനയുടെ ഭർത്താവിന് ലോണെടുക്കാൻ ജാമ്യം നിന്നതിന്‍റെ പേരിലുള്ള ബാങ്ക് നോട്ടീസുകളായിരുന്നു.

എങ്കിലും ഒരു നാൾ ഒരു വിസ്മയം പോലെ അഷ്റഫിന്‍റെ ഒരു കത്തോ ഫോൺകാളോ തന്നെ തേടി വരുമെന്ന് അവൾ വിശ്വസിച്ചു. മുഖ്യമന്ത്രിയുടെ അദാലത്തിൽ പോയി നേരിട്ട് കണ്ട് ഒരു പരാതി കൂടി കൊടുത്താലോ എന്നവൾ വിചാരിച്ചു. അതിനെപ്പറ്റി ആലോചിക്കാനായി ഒരു ദിവസം അവൾ അഷ്റഫിന്‍റെ വീട്ടിൽ ചെന്നു.

അഷ്റഫിന്‍റെ വാപ്പ ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞു. ഉമ്മ മുനവെച്ച് സംസാരിച്ചു. അവൾ സങ്കടപ്പെട്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു. ഇനി എന്തുവന്നാലും അഷ്റഫിന്‍റെ കാര്യം പറഞ്ഞ് ആ വീട്ടിലേക്ക് പോകില്ലന്ന് അവൾ തീർച്ചയാക്കി.

അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യക്ക് അപ്രതീക്ഷതമായി റുഖിയത്തും അവളുടെ ഭർത്താവും കൂടി കയറി വന്നു. റുഖിയത്തിന്‍റെ കണ്ണുകളിൽ ആഹ്ലാദം അലതല്ലി. അവൾ സബീനയുടെ കാതുകളിൽ മന്ത്രിച്ചു.

“ഇത്താ, ഞങ്ങക്ക് ഒരു വിശേഷമുണ്ട്. ഞാനൊരു ഉമ്മയാകാൻ പോകുന്നു.”

“മറ്റെനാൾ ഞാൻ പോകുകയാണ്. ഇത്തവണ ഞാനെന്‍റെ റുഖിയേയും കൂടങ്ങ് കൊണ്ടു പോകുകയാണ്. ഭാര്യേം ഭർത്താവും അക്കരേം ഇക്കരേം കഴിഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? അല്ലെങ്കിൽത്തന്നെ അവൾക്ക് ഒരു സഹായത്തിന് ഇവിടെ ആരാണുള്ളത്. ഞങ്ങള് യാത്ര പറയാൻ വന്നതാണ്. പോകുന്നതിന് മുമ്പ് എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.” സെയ്തൂട്ടി പറഞ്ഞു.
സബീന ആകാംക്ഷയോടെ അയാളെ നോക്കി, “എന്താ സെയ്തേ?”
“ഞാൻ അഷ്റഫിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ വന്നതാണ്. അയാൾ ഇപ്പോഴും ജീവനോടെയുണ്ട്. ഒരു കുഴപ്പവുമില്ലാതെ. പൂർണ്ണ ആരോഗ്യത്തോടെ. വലിയ സമ്പന്നനായി.”

എന്തോ ചോദിക്കാനായി സബീനയുടെ കണ്ഠമിടറിയെങ്കിലും വാക്കുകൾ പുറത്ത് വന്നില്ല. അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം സെയ്തൂട്ടി പറഞ്ഞു, “അയാൾ അവിടെ വെച്ച് വേറൊന്നൂടെ കെട്ടി. ഒരു നസ്രാണി പെണ്ണാണ്‌. മോഡലാണ്. ടിവിയിലും പരസ്യത്തിലുമൊക്കെ ടീച്ചറും കണ്ടിട്ടുണ്ടാകണം. രണ്ടു പേരും കൂടെ ഇപ്പോൾ അമേരിക്കയിലോ മറ്റോ ആണ്. അവിടുത്തെ പൗരത്വവും എടുത്തെന്നാണ് അറിയുന്നത് ഇടയ്ക്ക് വെച്ച് ഒരു പ്രാവശ്യം വാപ്പയേയും ഉമ്മയേയും കാണാൻ അയാൾ രഹസ്യമായി നാട്ടിലും വന്നു എന്നാണ് കേൾക്കുന്നത്.”

ഇടിമിന്നലേറ്റ പോലെ അവൾ തരിച്ച് നിന്നു പോയി.

“ടീച്ചർക്ക് എന്നോട് വിരോധമൊന്നും തോന്നരുത്. ഞാനിക്കാര്യം നേരുത്തെ പറയാതിരുന്നത് കാത്തിരുന്ന് മടുക്കുമ്പോ ങ്ങള് വേറെ നിക്കാഹിന് സമ്മതിക്കുമെന്ന് കരുതിയിട്ടാണ്. ന്‍റെ റുഖിക്ക് ങ്ങളെന്ന് വെച്ചാൽ ജീവനാ. ഞാനിനിയും അത് പറയാതിരുന്നാൽ പടച്ചോൻ പൊറുക്കൂല.”

റുഖിയത്തും ഭർത്താവും പിന്നവിടെ അധികനേരം നിന്നില്ല. മറ്റെന്തോ അത്യാവശ്യം പറഞ്ഞ് അവർ പെട്ടന്ന് പോയി.

സബീന കിടക്കയിൽ പോയി തളർന്നു കിടന്നു. ഇത്രനാൾ പ്രാർത്ഥനയോടെ കാത്തിരുന്നത് ഇത് കേൾക്കാനാണോ? അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമ്മ ശുഷ്കിച്ച കൈവിരലുകൾ കൊണ്ട് അവളുടെ ചുമലിൽ തലോടി.

“ന്‍റെ മോള് വെശമിക്കരുത്. മ്മളാരോടും ഒരു ദ്രോഹോം ചെയ്തിട്ടില്ല. മ്മളെ ചതിച്ചോനെ പടച്ചോൻ വെറുതെ വിടില്ല.”

മധുവിധു നാളുകളിൽ… പ്രണയത്തിന്‍റെ സുന്ദര സുരഭിലമായ നിമിഷങ്ങളിൽ… അഷ്റഫ് പറഞ്ഞ മധുര സംഭാഷണങ്ങളോരോന്നായി അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു…

മനുഷ്യർക്ക് എത്ര മുഖങ്ങളാണുള്ളത്? ഏതെല്ലാം ഭാവങ്ങളാണുളളത്. ഓരോന്നും എത്ര കൗശലപൂർവ്വം അവൻ മാറി മാറി. എടുത്തണിയിന്നു.

അഷ്റഫ്… അയാൾ മരിച്ചു പോയി എന്ന് കേട്ടിരൂന്നെങ്കിൽ താനിത്ര മാത്രം ദു:ഖിക്കുമായിരുന്നില്ല. അതിലും എത്രയോ വേദനാജനകമാണ് ഒരു സത്രീക്ക് സ്വന്തം പുരുഷൻ അവളെ ഉപേക്ഷിച്ച് മറ്റൊരുവളുടെ കൂടെ പോയി എന്നു കേൾക്കുമ്പോൾ തോന്നുന്നത്?

രാത്രിയിൽ ഒട്ടും ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ച് അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അഷ്റഫിന് ഇപ്പോൾ ഒരു ചെകുത്താന്‍റെ രൂപമാണ്. കൂര്‍ത്ത നഖങ്ങളും ചോരയൊലിപ്പിക്കുന്ന ദ്രംഷ്ടകളുമുള്ള ഒരു ചെകുത്താന്‍.

നേരം പുലരുന്നതിന് മുമ്പേ അവൾ എഴുന്നേറ്റു.

‘എന്നെ വേണ്ടാത്തവരെപ്പറ്റിയോർത്ത് ഞാനെന്തിനാണ് വെറുതെ ദു:ഖിക്കുന്നത്? എന്നെ സ്നേഹിക്കുന്നവരെക്കുറിച്ചോർത്ത് സന്തോഷിക്കുകയാണ് വേണ്ടത്.’

അവൾ നിലക്കണ്ണാടിക്ക് മുന്നിൽപ്പോയി ഏറെ നേരം നിന്നു. കാലം ആദൃശ്യനായ ഒരു ചിത്രകാരനെപ്പോലെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും തന്‍റെ സൗന്ദര്യത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല. ഉടൻ തന്നെ ഒരു വിവാഹം കഴിക്കണം. ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യയാകണം. കുസൃതി കുടുക്കകളായ മക്കളുടെ ഉമ്മയാകണം. അവരെ താലോലിച്ച് വളർത്തണം. അപ്പോൾ മാത്രമേ ഒരു സ്ത്രീയുടെ ജന്മം സഫലമാകുകയുള്ളൂ. അഷ്റഫിന്‍റെ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ അന്തസ്സായി ജീവിക്കണം. എല്ലാ സൗഭാഗ്യങ്ങളോടെയും കൂടുതൽ സന്തോഷവതിയായി.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 22

അന്ന് നന്ദൻമാഷിനിഷ്ടപ്പെട്ട പവിഴമല്ലിപ്പൂക്കൾ കൊണ്ട് അവർ മാല കൊരുക്കാൻ തുടങ്ങി. ഒരു സന്ധ്യനേരത്ത് പൂന്തോട്ടത്തിൽ ആരുമില്ലാത്ത നേരം നോക്കി നന്ദൻമാഷിനെയും കൊണ്ട് അവർ അവിടെ പോയിരുന്നു… ആ നേരത്ത് താൻ കൊരുത്ത ആ മാല അദ്ദേഹത്തിന് നൽകിക്കൊണ്ടു പറഞ്ഞു.

“മാഷിന് പവിഴമല്ലിപ്പൂക്കൾ ഏറെ ഇഷ്ടമാണെന്ന് എനിക്കറിയാം. ഈ മാല ഞാൻ മാഷിനു വേണ്ടി ഉണ്ടാക്കിയതാണ്.”

അതു പറയുമ്പോൾ ഹേമാംബിക ടീച്ചറിന്‍റെ കണ്ണുകളിൽ തങ്ങിനിന്ന പ്രേമഭാവം അദ്ദേഹം ശ്രദ്ധിച്ചു. ഇതിനു മുമ്പ് പലപ്പോഴും ഹേമാംബികയുടെ ചലനങ്ങളിൽ തന്നോടുള്ള പ്രത്യേക അടുപ്പം നന്ദൻമാഷ് ശ്രദ്ധിച്ചിരുന്നു. ഒരനുരാഗത്തിന്‍റെ സ്പർശം അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും സൗദാമിനിയെ മറക്കുവാൻ തനിക്കാവുകയില്ലെന്ന് അറിയാവുന്നതു കൊണ്ട് അദ്ദേഹം അതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ആ മാല നീട്ടുമ്പോൾ ഹേമാംബികയുടെ കണ്ണുകളിലെ നനവ് അദ്ദേഹം ശ്രദ്ധിക്കാതെ ഇരുന്നില്ല. ആ മനസ്സിലെ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം അദ്ദേഹത്തിന് ബോദ്ധ്യപ്പെടുകയായിരുന്നു.

നന്ദൻമാഷ് ഹേമാംബികയുടെ കയ്യിൽ നിന്ന് പവിഴമല്ലിപ്പുക്കൾ സ്വീകരിച്ചു കൊണ്ടു പറഞ്ഞു. “എനിക്കേറെ ഇഷ്ടമാണ് പവിഴമല്ലി പൂക്കൾ. വിശുദ്ധിയുടെ നിറമുള്ള ചെറുപൂക്കൾ.”

“അതെ മാഷേ. എനിക്കും ഈ പൂക്കൾ ഇഷ്ടമാണ്. പണ്ടു മുതലേ മാഷിനെ ഞാൻ ഇഷ്ടപ്പെടുന്നതു പോലെ. നമ്മൾ രണ്ടുപേരുടേയും ഇഷ്ടങ്ങൾക്ക് തമ്മിൽ ഒരു പാട് സാമ്യമുണ്ട്.”

“എന്ത്… ഹേമാംബിക എന്നെ നേരത്തെ മുതൽ സ്നേഹിച്ചിരുന്നുവെന്നോ.”

“അതെ മാഷേ… നമ്മൾ ഒരുമിച്ച് സ്കൂളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ എനിക്ക് മാഷിനെ ഇഷ്ടമായിരുന്നു. എന്‍റെ ചെറുപ്പകാലത്ത് ഞാൻ മാഷിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനിച്ചിരുന്നു.”

അത് നന്ദൻമാഷിന് ഒരു പുതിയ അറിവായിരുന്നു. അദ്ദേഹം ഹേമാംബികയെ അത്ഭുതത്തോടെ നോക്കി ചോദിച്ചു.

“എന്നിട്ട് എന്തുകൊണ്ട് ടീച്ചർ അന്ന് എന്നോടു പറഞ്ഞില്ല.”

“ഞാൻ പലപ്പോഴും പറയാൻ തുനിഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്കന്ന് അതിനു കഴിഞ്ഞില്ല. അതിനു ശേഷം എന്‍റെ അമ്മയുടെ സമ്മതത്തോടുകൂടി ഞാൻ പറയാൻ തീരുമാനിച്ചു വന്ന ദിവസം മാഷിന്‍റെ വിവാഹം നിശ്ചയമായിരുന്നു. അതറിഞ്ഞ ഞാൻ ബോധം കെട്ടു വീണു. രാജലക്ഷ്മി ടീച്ചറും കുട്ടികളും കൂടിച്ചേർന്നാണ് അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.”

നന്ദൻമാഷിന്‍റെ ഓർമ്മകൾ പെട്ടെന്ന് പഴയ കാലത്തിലെത്തി നിന്നു. അദ്ദേഹം പറഞ്ഞു

“അന്ന് ഹേമാംബിക ടീച്ചർ ബോധം കെട്ടു വീണ കഥ ഞാനും അറിഞ്ഞതാണ്. പക്ഷെ അത് ഹേമാംബികക്ക് എന്തോ അസുഖമായിട്ടാണെന്ന രീതിയിലാണ് അന്ന് സ്കൂളിൽ പ്രചരിച്ചത്.”

“അതെ മാഷെ. അതു കഴിഞ്ഞ ഉടനെ എനിക്ക് ചിക്കൻപോക്സ് വന്നുവെങ്കിലും അതിനു കാരണം ഈ മാനസികാഘാതം കൂടിയാണ്. പിന്നീട് മൂന്നു മാസം കഴിഞ്ഞ് ഞാൻ സ്കൂളിൽ വരുമ്പോൾ മാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു. അതോടെ ഞാൻ തീർത്തും നിരാശയായി. പിന്നീട് ഏറെക്കാലം കഴിഞ്ഞ് അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞാൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.”

നന്ദൻമാഷ് ഒരു പുതിയ കഥ കേൾക്കുന്നതു പോലെ എല്ലാം കേട്ടിരുന്നു. ഹേമാംബികയെ താൻ അറിയാതെ പോയതിൽ അദ്ദേഹത്തിന് അപ്പോൾ വലിയ കുറ്റബോധം തോന്നി. അദ്ദേഹം ഹേമാംബികടീച്ചറിന്‍റെ കൈകൾ തന്‍റെ കൈകളിലെടുത്തു. ആ സ്പർശനത്തിൽ ഹേമാംബിക കോരിത്തരിച്ചു.

“ഇനി മുതൽ എന്‍റെ മനസ്സിൽ ഹേമാംബികക്ക് ഒരു പ്രത്യേക ഇടമുണ്ടായിരിക്കും. സൗദാമിനിയെ മറക്കാൻ എനിക്കാവില്ലയെങ്കിലും ഹേമാംബികയെ ഒഴിച്ചു നിർത്താനും എനിക്കാവില്ല. കാരണം സൗദാമിനിക്ക് മുന്നേ എന്‍റെ ജീവിതത്തിൽ ഇടം നേടേണ്ടവളായിരുന്നു നീ. എന്നിട്ടും ഈശ്വരൻ അന്ന് അതിനനുവദിച്ചില്ല. ഇന്നിപ്പോൾ നമ്മെ വീണ്ടും ഒന്നിപ്പിച്ചപ്പോൾ ഈശ്വരൻ മറ്റെന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു.”

നന്ദൻമാഷിന്‍റെ പ്രേമാർദ്രമായ നോട്ടം ഹേമാംബികയിൽ പതിഞ്ഞു. ആ നോട്ടത്തിനു മുന്നിൽ ഹേമാംബിക തല കുനിച്ചു. ഇരുട്ട് ആ സംഗമത്തിന് മറയായി കുടപിടിച്ച് നിന്നു. െപട്ടെന്ന് ആരോ നടന്നു വരുന്നതുപോലെ തോന്നി. വന്ന ആൾ അടുത്തെത്തി.

“അല്ലാ… നിങ്ങൾ രണ്ടു പേരുമായിരുന്നോ ആരാ ഈ സന്ധ്യനേരത്ത് ഒറ്റക്കിവിടെ എന്ന് നോക്കി വരികയായിരുന്നു ഞാൻ.” അത് രാഘവൻ മാഷായിരുന്നു എന്നറിഞ്ഞ് അവർ ഇരുവരും വല്ലാതെ നടുങ്ങി.

ഹേമാംബിക പെട്ടെന്ന് എഴുന്നേറ്റു നിന്ന് പറഞ്ഞു. “ഞങ്ങളാണ് മാഷെ. നന്ദൻമാഷിന് അല്പനേരം പൂന്തോട്ടത്തിൽ വന്നിരിക്കണമെന്ന് പറഞ്ഞതിനാൽ ഞാൻ കൊണ്ടു വന്നതാണ്.” ഹേമാംബിക ആത്മസംയമനം വീണ്ടെടുത്ത് പറഞ്ഞു.

“ഓ… ഹേമാംബിക ടീച്ചറും നന്ദൻമാഷും ആയിരുന്നോ. ഏതായാലും പൂന്തോട്ടത്തിൽ വന്നിരിന്ന് കാറ്റു കൊള്ളുന്നത് നല്ല കാര്യമാണ്. പക്ഷെ അതീ സന്ധ്യനേരത്ത് വേണമായിരുന്നോ എന്നേ ഞാൻ ചോദിച്ചുള്ളൂ. വല്ല ഇഴ ജന്തുക്കളും ഈ സമയത്ത് ഇറങ്ങിനടക്കും ടീച്ചറേ.”

അതു പറയുമ്പോൾ രാഘവൻ മാഷിന്‍റെ മനസ്സിൽ ചില സംശയങ്ങൾ തോന്നാതെ ഇരുന്നില്ല. പണ്ടത്തെ സഹപ്രവർത്തകർ എന്ന നിലയിൽ നന്ദൻമാഷിനേയും ഹേമാംബിക ടീച്ചറിനേയും അദ്ദേഹം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എങ്കിലും അവർ ഒരു പുരുഷനും സ്ത്രീയുമാണ്. വാർദ്ധക്യകാലത്തിലും അവരിൽ പ്രേമം മൊട്ടിട്ടു കൂടായ്കയില്ല. പക്ഷെ നന്ദൻമാഷിന്‍റെയും ഹേമാംബിക ടീച്ചറിന്‍റേയും സ്വഭാവശുദ്ധിയിൽ സംശയമില്ലായിരുന്ന അദ്ദേഹം തന്‍റെ സംശയം അസ്ഥാനത്തായിരിക്കുമെന്ന് ഉറച്ചു. നന്ദൻമാഷ് എഴുന്നേറ്റുവന്ന് അദ്ദേഹത്തിന്‍റെ തോളിൽ കൈയിട്ടു.

“ഇവിടെ വന്നിരുന്ന് ഞങ്ങൾ പഴയ സ്ക്കൂൾ കാര്യങ്ങൾ അയവിറക്കുകയായിരുന്നു മാഷേ. ഇപ്പോൾ ഞാൻ എല്ലാം വ്യക്തമായി ഓർക്കുന്നു.”

മറവിരോഗത്തിനടിപ്പെട്ട നന്ദൻമാഷിന്‍റെ ചികിത്സയുടെ ഭാഗമാണതെന്ന് അറിഞ്ഞിരുന്ന രാഘവൻ മാഷ് അതിനെ അഭിനന്ദിച്ചു കൊണ്ടറിയിച്ചു

“അതേതായാലും നന്നായി മാഷെ. ആ കാലങ്ങൾ മാഷിനെ ഓർമ്മപ്പെടുത്തുന്നതിന് ഹേമാംബിക ടീച്ചറിന് കഴിയും. ഏതായാലും ഹേമാംബിക ടീച്ചറിന്‍റെ പരിശ്രമങ്ങളാണ് മാഷിനെ ഈ നിലയിലേക്ക് കൊണ്ടുവന്നത് എന്ന് മാഷ് മറക്കരുത്.”

“ഇല്ല മാഷെ. അതൊരിക്കലും എനിക്ക് മറക്കാനാവുകയില്ല. അക്കാര്യത്തിൽ ഞാൻ ഹേമാംബിക ടീച്ചറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.”

അവർക്കു പുറകേ നടന്നു കൊണ്ടിരുന്ന ഹേമാംബികയും നന്ദൻമാഷിന്‍റെ ഈ വാക്കുകൾ കേട്ടു. ഒരുൾപ്പുളകം കൊള്ളിമീൻ പോലെ അവരിലൂടെ പാഞ്ഞു പോയി.

ശാന്തി തിരിച്ചു വന്നത് താരയ്ക്ക് വലിയ ആശ്വാസമായി. അവൾ പതിവുപോലെ ഓഫീസിൽ പോയി തുടങ്ങി. സ്ക്കൂൾ തുറന്നതോടെ മൂന്നാം ക്ലാസ്സിലായ ചിന്നു മോളും സ്ക്കൂളിൽ പോയിത്തുടങ്ങി. അവളിൽ പഴയ ഉത്സാഹമെല്ലാം കെട്ടടങ്ങിയിരുന്നു. തങ്ങളോടൊപ്പം കളിച്ചിരുന്ന അപ്പൂപ്പനെ കാണാനാവാത്തതിൽ ആ കുഞ്ഞു മനസ്സിൽ നൊമ്പരം തങ്ങിനിന്നു.

അന്നൊരു ഒഴിവുദിനമായിരുന്നു. താര, കിച്ചുവിനെ കുളിപ്പിച്ച് അവന്‍റെ തല തുവർത്തുമ്പോഴാണ് അവൾ മൊബൈലിൽ ആ മണിയടി കേട്ടത്. അവൾ ഓടിച്ചെന്നെടുത്തു നോക്കിയപ്പോൾ അത് സുരേഷായിരുന്നു.

അവൾ ഒരു ഞെട്ടലോടെ ഫോണും കൊണ്ട് ഷേവ് ചെയ്തു കൊണ്ടിരുന്ന സുമേഷിന്‍റെ അടുത്തെത്തി.

“സുമേഷേട്ടാ… ഇത് സുരേഷേട്ടനാണ്. ഇതാ ഫോൺ” സുമേഷ് ആദ്യം ഒന്നമ്പരന്നുവെങ്കിലും ഫോൺ വാങ്ങി.

“ഹലോ സുരേഷേട്ടാ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ…”

“ഹലോ സുമേഷേ… എത്ര ദിവസമായെന്നോ നിന്നെ ഒന്ന് വിളിക്കണമെന്ന് കരുതുന്നു. ഇവിടെയെത്തിയപ്പോൾ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായി വന്നു. ജോലിത്തിരക്കിൽ നിന്ന് തലയുയർത്താൻ കഴിഞ്ഞില്ല. അച്ഛന്‍റെ കാര്യങ്ങൾ അറിയാതിരുന്നിട്ട് ഇത്ര ദിവസവും സമാധാനവും ഉണ്ടായിരുന്നില്ല. അച്ഛൻ ഇപ്പോൾ അടുത്തുണ്ടോ? എത്ര നാളായി ഞാൻ അച്ഛനോട് സംസാരിക്കാൻ നോക്കുന്നു. അപ്പോഴൊന്നും നീ അച്ഛന് സംസാരിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞിരുന്നത്. ഇന്നിപ്പോൾ ഏതായാലും അച്ഛനൊന്ന് ഫോൺ കൊടുക്ക്.”

“അച്ഛനിപ്പോൾ കുഴപ്പമൊന്നുമില്ല സുരേഷേട്ടാ. അദ്ദേഹം പഴയതിനേക്കാൾ നല്ല ആരോഗ്യവാനായി. ഇപ്പോൾ അദ്ദേഹം നടക്കാൻ പോയിരിക്കുകയാണ്. തിരിച്ചു വരാൻ ഇനിയും ഒരുമണിക്കൂർ എടുക്കും.”

“അത് വളരെ നല്ല ന്യൂസാണല്ലോ സുമേഷേ എനിക്ക് വളരെ സന്തോഷമായി. ഏതായാലും ഞാൻ പോന്നതിൽപ്പിന്നെ നീ അച്ഛനെ നല്ലവണ്ണം നോക്കിയല്ലോ. എനിക്കതുമതി.”

“അതെ സുമേഷേട്ടാ… അച്ഛനിപ്പോൾ എല്ലാ കാര്യങ്ങളും നല്ല ഓർമ്മയുണ്ട്. ഇടക്ക് ഞാൻ അച്ഛനെ നമ്മുടെ സൈമൺ ഡോക്ടറെ കൊണ്ടു പോയി കാണിക്കാറുണ്ട്. അച്ഛന്‍റെ പുരോഗതിയിൽ അദ്ദേഹവും എന്നെ അഭിനന്ദിച്ചു.”

“നീ എന്‍റെ അനുജൻ തന്നെയാടാ സുമേഷേ. ഏതായാലും ഞാൻ അവിടെ വരുമ്പോൾ നിനക്ക് ഇതിന് ഒരു പ്രത്യേക സമ്മാനം തരുന്നുണ്ട്.”

“ഒന്നും എന്‍റെ മാത്രം കഴിവല്ല കുറെയൊക്കെ ചേട്ടന്‍റെയും കുടിയുണ്ട്. പിന്നെ ഈശ്വരനും നമ്മളെ തുണച്ചു.”

“ശരിയാണെടാ. ആ സർവ്വശക്തന് നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കാനാവില്ല. അമ്മ പോയതു തന്നെ ഒരു വലിയ ആഘാതമായിരുന്നു. അതിനോടൊപ്പം അച്ഛനും കൂടി പോയിരുന്നെങ്കിൽ ആ ആഘാതം താങ്ങാൻ എനിക്കാവുമായിരുന്നില്ല. ഏതായാലും താങ്ക്സ് എടാ. ദൈവത്തിനോടും നമുക്ക് നന്ദി പറയാം. ഇനി ഞാൻ വക്കട്ടെ. ഈ ഗുഡ് ന്യൂസ് ഞാൻ സുനന്ദയേയും കുട്ടികളേയും അറിയിക്കട്ടെ. എന്‍റെ സ്നേഹാന്വേഷണങ്ങൾ നീ അച്ഛനോട് പറയണം. ഇനി ഞാൻ അച്ഛനുള്ളപ്പോൾ വിളിക്കാം.”

അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു. സുമേഷും താരയും പരസ്പരം നോക്കി ചിരിച്ചു. ഒരു വലിയ കള്ളം തങ്ങൾക്ക് ഒളിപ്പിക്കാൻ കഴിഞ്ഞതിൽ അവർ ഏറെ സന്തോഷിച്ചു.

“സുമേഷേട്ടനെ ഞാൻ സമ്മതിച്ചിരിക്കുന്നു. താര പറഞ്ഞു.

“അത് പിന്നെ എന്നെക്കുറിച്ച്‌ നീ എന്താ വിചാരിച്ചത്? ഇനി നീ കണ്ടോ ചില പ്ലാനുകൾ എന്‍റെ മനസ്സിലുണ്ട്. അത് എത്രയും വേഗം നടപ്പിലാക്കണം. അതിനുള്ള ഒരവസരം നോക്കി ഇരിക്കയാണ് ഞാൻ.”

“അതെന്താ സുമേഷേട്ടാ എന്നോട് പറയില്ലേ?” താര അതീവ സ്നേഹത്തോടെ സുരേഷിനോട് ആരാഞ്ഞു.

“അതിനുള്ള സമയമായിട്ടില്ല താരെ. ആകുമ്പോൾ ഞാൻ പറയാം.” അങ്ങനെ പറഞ്ഞ് സുമേഷ് അവളെ നിരാശപ്പെടുത്തി. സുമേഷിനോട് കൂടുതൽ ചോദിച്ചിട്ട് ഫലമില്ലെന്ന് കണ്ട് താര പിന്തിരിഞ്ഞു നടന്നു.

ദിവസങ്ങൾ അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. നന്ദൻമാഷ് സ്നേഹസദനത്തിലെ എല്ലാ പേരുമായി കൂടുതൽ അടുത്തു. നയന അദ്ദേഹത്തിന് സ്വന്തം മകളായി. സ്നേഹസദനത്തിലുള്ളവരോടൊപ്പം അദ്ദേഹം പലവിധ കളികളിലേർപ്പെട്ടു. ചെസ് കളികൾ ബുദ്ധിക്കുള്ള ഒരു വ്യായാമമെന്ന നിലയിൽ ആ കളിയിൽ നന്ദൻമാഷ് കൂടുതൽ വ്യാപൃതനായി. ഹേമാംബികയും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൂടാതെ ബാഡ്മിന്‍റനിലും ക്യാരംസിലും നന്ദൻമാഷ് പ്രാവിണ്യം നേടി. ഇതെല്ലാം അദ്ദേഹത്തിന്‍റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായകമായി. ഒഴിവുള്ളപ്പോൾ സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള കൊച്ചു പുഴയിൽ ചൂണ്ടയിടാനും നീന്താനും അദ്ദേഹം പോയിത്തുടങ്ങി.

നന്ദൻമാഷിലെ മാറ്റം സ്നേഹസദനത്തിലെ ഓരോരുത്തരേയും അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. അവർ അദ്ദേഹത്തെ അതിരറ്റു സ്നേഹിച്ചു തുടങ്ങി. മറ്റുളളവർക്ക് തന്‍റെ സഹായം എത്തിക്കുന്നതിലും ഹേമാംബികയോടൊപ്പം അദ്ദേഹവും മുന്നിട്ടു നിന്നു. ഇതിനിടയിൽ ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും അനുരാഗനദി ആരുമറിയാതെ നിർവ്വിഘ്നം ഒഴുകിക്കൊണ്ടിരുന്നു.

രണ്ടു കണ്ണുകൾ മാത്രം ഇടയ്ക്കിടയ്ക്ക് ചില സംശയങ്ങളോടെ അവരെ പിന്തുടർന്നുകൊണ്ടിരുന്നു.

നന്ദൻമാഷ് സുഖംപ്രാപിക്കും തോറും ഹേമാംബികയുടെ മനസ്സിൽ ചില ഭയങ്ങൾ അങ്കുരിക്കാൻ തുടങ്ങി. നന്ദൻമാഷ് സുഖം പ്രാപിച്ചതറിഞ്ഞാൽ അദ്ദേഹത്തെ സുമേഷ് വന്ന് കൂട്ടിക്കൊണ്ടു പോകുമോ എന്ന ഭയമായിരുന്നു ഹേമാംബികക്ക്. ഹേമാംബികയുടെ ഭയം ശരിയായ രീതിയിൽ, ഒരിക്കൽ രാജീവ് അതവതരിപ്പിക്കുകയും ചെയ്തു.

“നന്ദൻമാഷ് ഇപ്പോൾ പഴയതിനേക്കാൾ നല്ല ആരോഗ്യവാനായില്ലെ ഹേമടീച്ചർ. നമുക്ക് ഇക്കാര്യം സുമേഷിനെ അറിയിച്ചാലോ. സുമേഷ് വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പൊയ്ക്കോട്ടെ അല്ലേ? അല്ലെങ്കിലും സ്വന്തം കുടുംബത്തിൽ മക്കളോടൊപ്പം കഴിയുന്നതായിരിക്കുമല്ലോ ഏതൊരു മാതാപിതാക്കൾക്കും ആനന്ദം പകരുന്നത്. നന്ദൻമാഷും അതാഗ്രഹിക്കുന്നുണ്ടെങ്കിലോ.”

രാജീവന്‍റെ വാക്കുകൾ കേട്ട് ഹേമാംബികടീച്ചർ ഒന്ന് ഞെട്ടി. താൻ ഊഹിച്ചതു തന്നെ സംഭവിക്കാൻ പോകുന്നു. അദ്ദേഹം തന്നെ വിട്ടകലാൻ പോകുന്നു. ഇല്ല… ഒരിക്കലും താനതിന് സമ്മതിക്കുകയില്ല. ഹേമാംബിക ടീച്ചർ രാജീവനെ തടുത്തു കൊണ്ട് തിടുക്കത്തിൽ പറഞ്ഞു.

“വേണ്ട രാജീവ്… അദ്ദേഹം അതാഗ്രഹിക്കുന്നുണ്ടാവില്ല. സുമേഷിന്‍റെ വീട്ടിലുള്ളതിനേക്കാൾ സന്തോഷവും സൗഖ്യവും ഇപ്പോൾ അദ്ദേഹം ഇവിടെ അനുഭവിക്കുന്നുണ്ട്. ഇനിയും നാമായിട്ട് അതു നശിപ്പിക്കണോ. ഇല്ല… ഒരിക്കലും ഞാനതിന് സമ്മതിക്കുകയില്ല.”

“അല്ല, ടീച്ചർ പറയുന്നത് ശരിയായിരിക്കാം എങ്കിലും അതല്ലല്ലോ. ഒരു മകനെന്നനിലയിൽ സുമേഷിനെ, അദ്ദേഹം സുഖംപ്രാപിച്ച വിവരം അറിയിക്കേണ്ട ചുമതല നമുക്കില്ലേ?”

“ഇല്ല രാജീവ്.സുമേഷിനെപ്പോലെ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മകന് അതിനവകാശമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാനേതായാലും ഇതിനെ അനുകൂലിക്കുകയില്ല. രാജീവിന്‍റെ ഈ തീരുമാനം നന്ദൻമാഷിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് തളളിവിടുന്നതിനെ ഉപകരിക്കുകയുള്ളു.”

ഹേമാംബിക ടീച്ചറിന്‍റെ ശക്തമായ പ്രതിഷേധം രാജീവിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

“ടീച്ചർ പറഞ്ഞതു തന്നെയാണ്‌ ശരി. ഞാനും ഇപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചത്. സുമേഷ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവനാണ്. അച്ഛനാണെന്ന പരിഗണനയില്ലാതെ അയാൾ നന്ദൻമാഷിനെ കൊണ്ടുപോയി ദ്രോഹിക്കുകയേ ഉള്ളൂ. ചിലപ്പോൾ ചേട്ടനു നൽകാതെ, നന്ദൻമാഷിന്‍റെ സ്വത്തുക്കൾ കൂടുതലും അയാൾ തനിയെ കൈവശപെടുത്താൻ ശ്രമിക്കുകയും ചെയ്യും.”

“അതെ അതാണ് ഞാൻ പറഞ്ഞത് രാജീവ്.ഇപ്പോൾ സുമേഷിനെ ഒന്നും അറിയിക്കേണ്ട എന്ന്. അദ്ദേഹം മരിക്കുന്നതുവരെ സന്തോഷത്തോടെ ഇവിടെത്തന്നെ ജീവിക്കട്ടെ.”

രാജീവ് ഹേമാംബികയുടെ വാക്കുകൾക്ക് വില കല്പിച്ച് അവിടെ നിന്നും മടങ്ങി.

നാളുകൾ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഹേമാംബികയും നന്ദൻമാഷും പരസ്പരം കൂടുതൽ അടുത്തു. രാത്രിയും പകലും അവർക്ക് തമ്മിൽ വേർപിരിയാനാവാത്ത സ്ഥിതിയിലായി. മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് നന്ദൻമാഷിന്‍റെ അടുത്ത് ഓടിയെത്തുക ഹേമാംബിക പതിവാക്കി. ഇതെല്ലാം നയന മാത്രം അറിഞ്ഞ് മാറിനിന്ന് സന്തോഷിച്ചു. ജീവിതത്തിൽ അമ്മയോടൊപ്പം ഒരഛനേയും തനിക്കു ലഭിക്കുന്നതായി അവൾക്കു തോന്നി.

നല്ല നിലാവുള്ള ഒരു രാത്രിയിൽ മറ്റെല്ലാവരും ഗാഡനിദ്രയിലായിരുന്ന നേരത്ത് ഹേമാംബിക ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. നന്ദൻമാഷായിരുന്നു അവരുടെ മനസ്സുനിറയെ ആ രാത്രിയിൽ അദ്ദേഹത്തിന്‍റെ മടിയിൽ തലവച്ചു കിടന്ന് കഥകൾ പറയാൻ അവർക്ക് മോഹം തോന്നി. പെട്ടെന്ന് തന്‍റെ മുറിയുടെ വാതിൽ തുറന്ന് ഒരു പൂച്ചയുടെ പാദപതനങ്ങളോടെ അവർ മാഷിന്‍റെ അടുത്തെത്തി. നന്ദൻമാഷും എന്തോ ഓർത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു.

“മാഷ്, നല്ല നിലാവുള്ള രാത്രി. ഈ രാത്രിയിൽ മാഷിനെ ഓർത്തു കിടന്നിട്ട് എനിക്കുറക്കം വരുന്നില്ല. മാഷിന്‍റെ മടിയിൽ തലവച്ചു കിടന്ന് എനിക്ക് കഥകൾ പറയാൻ തോന്നുന്നു.”

“ശരിയാണ് ഹേമാംബികേ. ഈ രാത്രിയിൽ നീ എന്‍റെ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആലോചിച്ചതേ ഉള്ളു. നമുക്ക് ആ പവിഴമല്ലിച്ചോട്ടിൽ പോയിരുന്ന് അതിന്‍റെ സുഗന്ധം നുകർന്ന് കഥകൾ പറഞ്ഞാലോ.”

“ഈ രാത്രിയിൽ നമ്മൾ പുറത്തിറങ്ങിയാൽ ആരെങ്കിലും കാണുകയില്ലേ മാഷേ.”

“ആരു കാണാനാണ്. എല്ലാവരും നല്ല ഉറക്കമായില്ലേ? നമുക്ക് ആരുമറിയാതെ പുറത്തിറങ്ങാം.”

“എങ്കിൽ വരൂ മാഷ്. നമുക്ക് ആ പവിഴമല്ലിച്ചോട്ടിലേക്കു പോകാം.”

അനുരാഗവിവശരായ ആ കാമുകീ കാമുകന്മാർ ആരും അറിയാതെ മെല്ലെ പുറത്തിറങ്ങി പവിഴമല്ലിച്ചോട്ടിലേക്കു നടന്നു. അപ്പോൾ ഒരു നിഴൽ അവരെ പിന്തുടരുന്നത് അവർ അറിഞ്ഞില്ല.

ചീവീടിന്‍റെ സംഗീതം രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ഒഴുകിയെത്തുന്നത് അവർക്ക് കേൾക്കാമായിരുന്നു. ഹേമാംബിക അല്പം ഭയത്തോടെ നന്ദൻമാഷിന്‍റെ കൈകളിൽ മുറുകെപ്പിടിച്ചു. അവർ ഇരുവരും കൈ കോർത്ത് പവിഴമല്ലിയുടെ ചുവട്ടിൽ ഇരുന്നു.

പവിഴമല്ലിപ്പൂക്കളുടെ സുഗന്ധം അവിടെങ്ങും വ്യാപിച്ചിരുന്നു. ഒരു രാപ്പാടി ചിലച്ചു കൊണ്ട് പറന്നുപോകുന്നത് അവർ കേട്ടു. തെങ്ങോലകൾക്കിടയിൽ മറഞ്ഞിരുന്ന് പൂർണ്ണ ചന്ദ്രൻ അവരെ എത്തി നോക്കി. ഹേമാംബിക പെട്ടെന്ന് ഏതാനും പവിഴമല്ലിപ്പൂക്കളെടുത്ത് തന്‍റെ സാരിയിലെ നൂലുപയോഗിച്ച് ഒരു മാല കോർത്തു കെട്ടി. അത് നന്ദൻമാഷിന്‍റെ കഴുത്തിലണിയിച്ചു കൊണ്ടു പറഞ്ഞു.

“ചെറുപ്പം മുതൽ ഞാൻ മോഹിച്ചിരുന്നത് ഇപ്പോഴാണ് സഫലമായത് മാഷേ. ഇനി എനിക്ക് മരിച്ചാലും സാരമില്ല.” നന്ദൻമാഷ് ഹേമാംബികയെ ചേർത്തുപിടിച്ചു.

അനുരാഗ വിവശരായ ആ കാമുകീ കാമുകന്മാർ പരസ്പരം ചുംബിച്ചു. പെട്ടെന്ന് ഹേമാംബിക എഴുന്നേറ്റിരുന്ന് പറഞ്ഞു.

“ഈ പ്രായത്തിൽ നമ്മൾ മാത്രമായിരിക്കും യൗവ്വനത്തിലേതു പോലെ ഇത്ര ഗാഢമായി പ്രേമ ചാപല്യങ്ങൾ കാണിക്കുന്നത് അല്ലേ മാഷേ. ദൈവം പോലും നമ്മളെ നോക്കി ഇപ്പോൾ അസൂയപ്പെടുന്നുണ്ടാവും.”

“യൗവനം മടക്കി നൽകാൻ അനുരാഗത്തിനു മാത്രമേ കഴിയുകയുള്ളു എന്ന് എനിക്ക് തോന്നുന്നു ടീച്ചറേ.”

“ആരാ അവിടെ?” പെട്ടെന്ന് ഇരുട്ടിൽ നിന്നും മുഴങ്ങിക്കേട്ട ആ പുരുഷശബ്ദം കേട്ട് അവർ വല്ലാതെ ഞെട്ടിത്തരിച്ചു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-2

ടീച്ചർ ക്ലാസ്സിലെത്തിയിട്ടും പിള്ളാരുടെ ബഹളത്തിന് യാതൊരു കുറവും വന്നില്ല. അടങ്ങിയിരിക്കാൻ പറഞ്ഞിട്ട് ഒറ്റയൊരെണ്ണം വകവെയ്ക്കുന്നില്ല. ടീച്ചർ ചൂരലെടുത്ത് രണ്ടു മൂന്നെണ്ണത്തിന് തലങ്ങും വിലങ്ങും കൊടുത്തു. അതോടെ ക്ലാസ്സ് കുറച്ചൊന്നു ശാന്തമായി.

അപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഇബ്രാഹിംകുട്ടി മാഷ് പഠിപ്പിക്കുകയാണ്. അവർക്കിടയിൽ ഈറപ്പൊളി കൊണ്ടുണ്ടാക്കിയ ഒരു ചുവരുണ്ട്. കുട്ട്യോള് അത് മുഴുവൻ കുത്തിത്തുരന്ന് നാശമാക്കിയിരിക്കുന്നു. അവൾ കൂടെക്കൂടെ ശ്രദ്ധിച്ചു. പഠിപ്പിക്കുന്നതിനിടയിൽ ഇബ്രാഹിംകുട്ടി മാഷിന്‍റെ നോട്ടം തന്‍റെ മേൽ വഴുതി വീഴുന്നുണ്ടോ? ഏയ് ഒന്നുമില്ല.

ഇബ്രാഹിംകുട്ടി മാഷ് പഠിപ്പിക്കുകയാണ്. ഖുറാനിലെ ഏതോ വരികൾ അയാൾ ഈണത്തിൽ ചൊല്ലുന്നു. കുട്ടികൾ അത് താളാത്മകമായി ഏറ്റ് ചൊല്ലുന്നു. പിന്നെ അതൊരു സ്വർണ്ണമാനിന്‍റെ മിന്നലാട്ടം പോലെ ബ്ലാക്ക് ബോർഡിലേക്ക് പകർത്തിയെഴുതുന്നു. ഇബ്രാഹിംകുട്ടി മാഷ്ടെ ക്ലാസ്സിലേക്ക് ഇടയ്ക്കിടയ്ക്ക് അങ്ങനെ ഒളിഞ്ഞു നോക്കുന്നതിൽ സബീന ടീച്ചർക്കൂ തന്നെ ഒരു വല്ലായ്മ തോന്നി.

കുട്ട്യോള് എന്ത് വിചാരിക്കും? പഴയകാലമല്ല. അരികും തുമ്പും ചേർത്ത് അവർ ഓരോന്ന് മെനഞ്ഞെടുക്കും. എല്ലാം ഒരുപോലെ തെറിച്ച പിള്ളാരാണ്. ചിലതിനെയൊക്കെ വീട്ടിലെ ശല്യം ഒഴിവാക്കാൻ വേണ്ടിയാണ് സ്കൂളിലേക്ക് പറഞ്ഞയക്കുന്നതെന്ന് തോന്നിപ്പോകും. ഒരന്തവുമില്ലാതെ അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ച് നില്ക്കുമ്പോൾ അടുത്ത പീരീഡിന്‍റെ ബെല്ലടിച്ചു.

സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി ഇബ്രാഹിംകുട്ടി മാഷ് പറഞ്ഞു, “ന്‍റെ സബീന ടീച്ചറേ… ങ്ങളുടെ ക്ലാസ്സിലെ കൂട്ട്യോൾടെ ബഹളം കാരണം എനിക്ക് ഇന്ന് ഒരു വക പഠിപ്പിക്കാൻ കഴിഞ്ഞില്ല.”

സബീന ടീച്ചർക്ക് മനസ്സിന് ഒരു സുഖോം തോണിയില്ല. ഒരു സ്വസ്ഥതയുമില്ല. തലയോട്ടിയിൽ എന്തോ ഇരുന്ന് കരളുന്നു പോലെ. ടീച്ചർക്ക് ലെഷർ പീരീഡായിരുന്നു. അവൾ സ്റ്റാഫ് റൂമിലെ ഡെസ്കിൽ തല താഴ്ത്തിവെച്ചു കിടന്നു. ഈയിടെയായി അഷ്റഫിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടുന്നു.

ഒരു കത്തെഴുതാൻ കഴിയാത്തവണ്ണം, ഒന്ന് ടെലഫോൺ ചെയ്യാൻ കഴിയാത്തവണ്ണം അയാൾക്ക് എന്തോ വലിയ ആപത്ത് പിണഞ്ഞിരിക്കുന്നു.

“ന്‍റെ കഴുത്തിൽ മിന്നുകെട്ടി, മധുവിധുവിന്‍റെ ലഹരിയാറും മുമ്പെ ന്‍റെ അഷ്റഫ് ഇക്കാ നിങ്ങൾ ഏത് ദുനിയാവിലേക്കാണ് മാഞ്ഞു പോയത്?” അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന് അവൾ അറിയാതെ മയങ്ങിപ്പോയി. അറബിക്കഥയിലെ ഏതോ സുൽത്താനെപ്പോലെ അഷ്റഫ് ഒരു നാൾ തന്‍റെ വീടിന് മുന്നിൽ പറന്നിറങ്ങുന്നതായി അവൾ സ്വപനം കണ്ടു.

“സബീനാ, എന്തു പറ്റി ആഹാരം കഴിക്കുന്നില്ലേ?” ആരോ അവളെ തട്ടി വിളിച്ചു. ഉച്ചയ്ക്കലത്തെ ഇന്‍റെർവെല്ലിന് സ്കൂൾ വിട്ടിരിക്കുന്നു. അവൾ ടിഫിൻ തുറന്നു വെച്ചു.

“എന്റുമ്മാ… ഈ കൊച്ചു ബോക്സിനുള്ളിൽ എന്തെല്ലാമാണ് കുത്തിനിറച്ചു വെച്ചിരിക്കുന്നത്?” വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ തോന്നുന്നില്ല. അവൾ ആഹാരം പുറത്ത് കൊണ്ട് പോയി തട്ടി പൈപ്പിന് ചുവട്ടിൽ നിന്ന് ടിഫിൻ ബോക്സ് കഴുകി തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഒരു മഞ്ഞു പ്രതിമ പോലെ ഇബ്രാഹിംകുട്ടി മാഷ് നില്ക്കുന്നു.

ഈ നേരമത്രയും പിന്നിൽ പതുങ്ങി നിന്ന് അയാൾ തന്‍റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നോ? നാണമില്ലാത്ത മനുഷ്യൻ. ഛെ, താനെന്തൊക്കെ വേണ്ടാതീനങ്ങളാണ് ചിന്തിക്കുന്നത്? ഇബ്രാഹിംകുട്ടി മാഷ് സ്കൂട്ടർ എടുക്കാൻ വന്നതാണ്. വെള്ളിയാഴ്ചയാണ്. അയാൾ പള്ളിയിലേക്ക് പോകാനുള്ള ധൃതിയിലാണ്.

ഉച്ചയ് ശേഷം സബീന ടീച്ചർ ലീവെടുത്തു. റുഖിയത്തിന്‍റെ ഭർത്താവ് സെയ്തൂട്ടി ഗൾഫിൽ നിന്ന് വന്നിട്ടുണ്ടെന്നറിഞ്ഞു. അയാളെ ഒന്നു കാണണം. അഷ്റഫ് ജോലി ചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് അയാളും. ഒരു പക്ഷെ സെയ്തൂട്ടിക്ക് അഷ്റഫിനെ കുറിച്ച് എന്തെങ്കിലും വിവരം നല്കാൻ കഴിഞ്ഞേക്കും.

പണ്ട് ഉമ്മയെ വീട്ട് ജോലിക്കൊക്കെ സഹായിക്കാൻ വരുമായിരുന്ന സുഹ്റത്താത്തയുടെ മകളാണ് റുഖിയത്ത്. അവളെ പഠിപ്പിക്കാനും കെട്ടിച്ചയയ്ക്കാനും എല്ലാ സഹായങ്ങളും ചെയ്തത് തന്‍റെ വീട്ടുകാരാണ്. ആ നന്ദിയും കടപ്പാടും അവൾക്കിപ്പോഴുമുണ്ട്.

റുഖിയത്തിന്‍റെ വീടെത്തിയപ്പോൾ അതു തന്നെയാണോ വീടെന്ന് സംശയിച്ചു പോയി. ഒരു ചെറ്റക്കൂടിൽ ഇരുന്ന സ്ഥലമാണ്. അവിടെ ഇപ്പോൾ ഒരു മണിമാളിക ഉയർന്നിരിക്കുന്നു. അതിന്‍റെ ഓരം ചേർന്ന് ആ ചെറ്റക്കുടിലിന്‍റെ അവശിഷ്ടം പോലെ ഒരു ഭാഗം ഇപ്പോഴും കാണാം. പൂർവ്വ സ്മൃതികളുടെ ഏതോ അടയാളം പോലെ…

സബീന ടീച്ചർ അവിടെ പരിഭ്രമിച്ചു നില്ക്കെ എവിടെ നിന്നോ റുഖിയത്ത് ഓടി വന്ന് അവളുടെ കൈയ്ക്ക് പിടിച്ചു. ശലഭച്ചിറകിന്‍റെ മൃദുലതയുള്ള. കരസ്പർശം അവൾക്ക് അനുഭവപ്പെട്ടു.

“ഇത്താത്തയെ കണ്ടിട്ട് എത്ര നാളായി. ഞാൻ വിചാരിച്ചു ഇത്താത്ത ഈ വഴിയൊക്കെ മറന്നു കാണുമെന്ന്. ഇത്താത്ത വല്ലാതങ്ങ് ക്ഷീണിച്ചു പോയിരിക്കുന്നു.”

സബീന റുഖിയത്തിനെ ശ്രദ്ധിക്കുകയായിരുന്നു. റുഖിയത്ത് പണ്ടത്തേതിനേക്കാളും സുന്ദരിയായിരിക്കുന്നു. അവളുടെ കവിളുകളിൽ സദാ നുണക്കുഴിപ്പൂവുകൾ പൂത്തു നിന്നു.

“സെലീനയൊക്കെ വരാറുണ്ടോ?” കുശലാന്വേഷണങ്ങൾക്കിടെ റുഖിയത്ത് ചോദിച്ചു.

“സെലീനയ്ക്ക് കെട്ട്യോനായി കൂട്ട്യോളായി ഇനി ഇത്തയേയും ഉമ്മയേയുമൊക്കെ കാണാൻ അവൾ എന്തിനാണ് വരുന്നത്?”

അറിയാതെ ആ വാക്കുകൾ സബീനയുടെ നാവിൽ നിന്ന് വീണു പോയി. അപ്പോൾ അകത്ത് നിന്ന് സെയ്തൂട്ടി ഇറങ്ങി വന്നു. അയാൾ വെളുത്ത് നല്ല തടി വെച്ചിരിക്കുന്നു. അയാൾ അവളെ അടിമുടിയൊന്നു നോക്കി. ആ നോട്ടത്തില്‍ ശരിക്കും അവളൊന്നു ചൂളി പോയി. ഈയിടെയായി പലയിടത്ത് നിന്നും ഇതേ പോലെയുള്ള നോട്ടം തന്‍റെ നേരെ നീണ്ടു വരുന്നു.

“ടീച്ചർക്ക് ഒരു മാറ്റവുമില്ല. ഞാൻ പണ്ട് വന്നേച്ച് പോകുമ്പം കണ്ടതുപോലെ തന്നെ.” സെയ്തൂട്ടി പറഞ്ഞു.

വീടിനകത്തെ സൗകര്യങ്ങൾ അത്ഭുതത്തോടെ നോക്കി കാണവേ സെയ്തുട്ടി പറഞ്ഞു “ഇതുവരെ പതിനഞ്ച് രൂപയോളമായി. ഇനിയൊരു മൂന്ന് നാല് ലക്ഷം കൂടി വേണ്ടി വരും. പടച്ചോൻ കനിഞ്ഞാൽ അടുത്ത വരവിന് പാല് കാച്ച് നടത്തണം.” സെയ്തൂട്ടി പിന്നെയും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. ഗൾഫിലെ വിശേഷങ്ങൾ, അയാളുടെ അവിടുത്തെ ബിസിനസ്, സുഹൃത് ബന്ധങ്ങൾ, അയാളുടെ അറബിക്ക് അയാളോടുള്ള സ്നേഹവും വിശ്വാസവും. അങ്ങനെ പലതും…..

അയാളുടെ വാക്കുകളിൽ മുഴങ്ങികേൾക്കുന്നത് അഭിമാനമാണോ? പൊങ്ങച്ചമാണോ? രണ്ടും തമ്മിൽ ഒരു നേർത്ത അതിർ വരമ്പ് മാത്രമേയുള്ളൂവെന്ന് അവൾക്ക് തോന്നി. അവൾക്ക് അത് തുടർന്ന് കേൾക്കുന്നതിൽ ഒട്ടും താല്പര്യം തോന്നിയില്ല.

“സെയ്തേ….. ഞാൻ വന്നത്….”

“അറിയാം ടീച്ചറേ അഷ്റഫിന്‍റെ എന്തേലും വിവരമുണ്ടോന്നറിയാനല്ലേ.. എന്നെക്കൊണ്ട് കഴിയാവുന്നതിന്‍റെ പരമാവധി ഞാൻ അന്വേഷിച്ചു. രണ്ട് കൊല്ലത്തോളം അയാൾ അവിടെയുണ്ടായിരുന്നു. പിന്നെ എവിടേക്ക് പോയെന്ന് ആർക്കും ഒരു നിശ്ചയോമില്ല. ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. ന്‍റെ ടീച്ചറേ… ഈ ഗൾഫ് എന്ന് വെച്ചാൽ എന്താന്നാ നിങ്ങടെ വിചാരം. അവിടെ ഒരാളെ തെരയുന്നത് മണൽ കൂമ്പാരത്തിൽ നിന്ന് ഒരു മൺതരി തെരയുന്നത് പോലെയാ.”

വളരെ പ്രതീക്ഷയോടെയാണ്ട് സെയ്തൂട്ടിയെ കാണാൻ പുറപ്പെട്ടത്. സംസാരം കേട്ടിട്ട് അയാളും അഷ്റഫിനെ കുറിച്ച് കാര്യമായി അന്വേഷിച്ച മട്ടില്ല. ഓരോരുത്തരും അവരവരുടെ സാമ്രാജ്യം കെട്ടിപ്പൊക്കുന്നതിനുള്ള പരക്കം പാച്ചിലിലാണ്. അതിനിടയ്ക്ക് മറ്റൊരാളെക്കുറിച്ചോർക്കാൻ എവിടെയാണ് സമയം?

സെയ്തൂട്ടിയെ കാണാനായി ആരോ രണ്ട് പേര് കാറിൽ വന്നു. വില കൂടിയ ഏതോ അത്തറിന്‍റെ പരിമളം കാറ്റിൽ ഒഴുകി പരന്നു വന്നു.

റുഖിയത്ത് സബീനയെ അകത്തെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി. ഭർത്താവ് കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നായി അവൾ സബീനയെ കാണിച്ചു. എന്തൊക്കെ സാധനങ്ങളാണ്. എന്ത് മാത്രം തുണിത്തരങ്ങളാണ്.

“റുഖിയാ നീയെത്ര ഭാഗ്യവതിയാണ്. പണ്ട് ഞാനെന്‍റെ നിറം മങ്ങിത്തുടങ്ങിയ പട്ടുറുമാലോ, കമ്മീസോ നിനക്ക് തരുമ്പോൾ നീയെന്ത് ആഹ്ലാദത്തോടെയാണ് അവ ധരിച്ചിരുന്നത്. അതൊക്കെ നിനക്ക് തരുന്നതിന് സെലീന എന്നോട് വഴക്കടിച്ചിരുന്നത് ഒരിക്കലും അതവൾക്ക് വേണമായിരുന്നിട്ടല്ല. അതൊക്കെയണിയുമ്പോൾ നീ ഞങ്ങളേക്കാൾ സുന്ദരിയാണന്ന് തോന്നിയത് കൊണ്ടാണ്.”

യാത്രപറഞ്ഞ് ഇറങ്ങാൻ തുടങ്ങവേ റുഖിയത്ത് മുഖത്തിടുന്ന ക്രീം, ഷാംപൂ, പെർഫ്യും, സോപ്പ്, പൗഡർ, അങ്ങനെ ഏതാണ്ടക്കയോ സാധനങ്ങൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി അവൾക്ക് നേരെ നീട്ടി.

“ഇതെല്ലാം ഇത്താത്തക്കുള്ളതാണ്.”

എത്ര നിർബന്ധിച്ചിട്ടും സബീന അതൊന്നും വാങ്ങിയില്ല. അതിൽ നിന്ന് അവൾ തലവേദനയ്ക്കുള്ള ഒരു ബാം മാത്രമെടുത്തു. റുഖിയത്ത് കരയുന്നത് പോലെയായി.

“എന്‍റെ ഇത്താത്ത… ഇതൊക്കെ കൊടുക്കാൻ നിങ്ങളല്ലാതെ എനിക്ക് മറ്റാരാണുള്ളത്?” സബീന വാത്സല്യത്തോടെ അവളുടെ കവിളുകളിൽ തലോടി.

നൊടിയിടയിൽ വിടരുകയും അടുത്ത നിമിഷത്തിൽ മാഞ്ഞു പോകുകയും ചെയ്യുന്ന ആ നുണക്കുഴിപ്പൂവിന്‍റെ മൃദുലത അവൾക്കനുഭവപ്പെട്ടു.

“അതു കൊണ്ടല്ല. മോളേ, നിന്‍റെ സെയ്തൂട്ടിയെപ്പോലെ എനിക്കുമുണ്ടൊരു ഭർത്താവ്. അയാൾ ഗൾഫിലേക്കെന്നും പറഞ്ഞ് പോയിട്ട് വർഷങ്ങൾ എട്ടു കഴിഞ്ഞു. അയാളെന്നെ മിന്നുകെട്ടുമ്പോൾ എനിക്കും നിന്നെപ്പോലെ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അയാള് തിരിച്ചു വരാതെ ഞാനീ സാധനങ്ങളൊന്നും ഉപയോഗക്കില്ല. ഇതെന്‍റെ ശപഥമാണ്.” റുഖിയത്ത് പിന്നെയവളെ നിർബന്ധിച്ചില്ല.

“നീയി ക്രീമും പേസ്റ്റുമൊക്കെ വാരി മുഖത്തെങ്ങും അധികം തേക്കരുത്. എല്ലാം ഒരു ജാതി കെമിക്കൽസാണ്. പൊള്ളും. ദേ.. നോക്കിയേ… ഇപ്പോൾ തന്നെ നിന്‍റെ ചുണ്ടിലും കഴുത്തിലുമൊക്കെ ചോരനിറമുള്ള പാടുകൾ വീണു തുടങ്ങിയിരിക്കുന്നു.” ഇറങ്ങാൻ നേരത്ത് ഒരുപദേശം പോലെ അവൾ പറഞ്ഞു.

റുഖിയത്തിന്‍റെ മുഖം ലജ്ജ കൊണ്ട് തുടുത്തു, “ഇത് അതുകൊണ്ടൊന്നുമല്ല ഇത്താ, ഈ ആണുങ്ങളുടെ ഒരു കാര്യം സ്നേഹം കുടുമ്പോൾ എന്ത് ചെയ്യണമെന്നറിയാൻ വയ്യ.” നാണത്തിന്‍റെ ഒരു തിര പോലെ അവൾ പെട്ടന്ന് എങ്ങോട്ടോ പോയി കുറെയധികം ചോക്ലേറ്റ് മിഠായകളുമായി വന്ന് അവളുടെ ബാഗിലിട്ടു കൊടുത്തു.
“ഇതും വേണ്ടന്ന് പറയരുത്. സലീനയൂടെ കുട്ട്യോള് വരുമ്പം കൊടുക്കാം.”

സെലീനയെപ്പറ്റി പറഞ്ഞപ്പോഴാണോർത്തത് അവളുടെ ഭർത്താവിന് ഏതോ ലോണിന് വേണ്ടി താൻ ജാമ്യം നിന്നിരുന്നല്ലോ? കഴിഞ്ഞയാഴ്ച ബാങ്കിൽ നിന്നും അതിന്‍റെ നോട്ടീസ് വന്നിരുന്നു. ഇതുവരെ ഒരു തവണ പോലും അടച്ചിട്ടില്ലത്രേ.

അയാൾക്ക് എന്താണ് കുഴപ്പം. നല്ല ബിസിനസല്ലേ മുറയ്ക്ക് മുറയ്ക്ക് അവിടേയും ഇവിടേയുമൊക്കെ വസ്തൂം, വകകളും വാങ്ങിയിടുന കാര്യം പറയുന്നത് കേൾക്കാമല്ലോ? പിന്നെന്താണ് അയാൾക്ക് ലോണടച്ചാൽ?

കുടുംബോം കുട്ട്യോളുമില്ലാത്ത ഇത്തയ്ക്ക് എന്തിനാണ് പണം എന്ന് സെലീനയും വിചാരിക്കുന്നുണ്ടാകും. അവളുടെ നിക്കാഹിന് 50 പവന്‍റെ പൊന്ന് ഞാൻ ഒറ്റയ്ക്ക് കൊടുത്തില്ലേ. അവളേക്കാൾ മൂന്നോ, നാലോ വയസ്സ് കൂടുതലാണെന്നൊഴിച്ചാൽ ഞാനും അവളെപ്പോലൊരു പെണ്ണു തന്നയല്ലേ?

പഴയ തറവാടാണ് മഴ പെയ്യുമ്പോൾ അവിടെയുമിവിടെയുമൊക്കെ ചോരുന്നു. അതിന്‍റെ മേൽക്കൂര ഒന്ന് അഴിച്ച് പണിയണമെന്ന് എത്ര നാളായി വിചാരിക്കുന്നു. ഇനി അതൊന്നും അവളെ ബാധിക്കുന്ന വിഷയമല്ലല്ലോ? ഉമ്മയോട് പറഞ്ഞ് സെലീനയുടെ ഭർത്താവിനെക്കൊണ്ട് എങ്ങനെയെങ്കിലും ആ ലോൺ അടച്ചു തീർക്കണമെന്ന് അവൾ വിചാരിച്ചു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 21

“അല്ലാ… അമ്മ ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെയാണല്ലോ മാഷിനെ നോക്കുന്നത്?”

നന്ദൻമാഷിൽത്തന്നെ ശ്രദ്ധ കേന്ദീകരിച്ചിരുന്ന ഹേമാംബിക, ശബ്ദം കേട്ടിടത്തേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കി. നയനയാണെന്നു കണ്ട് അല്പം ലജ്ജയോടെ പറഞ്ഞു.

“ഞാൻ… ഞാൻ നന്ദൻമാഷിന് ആഹാരം എടുത്തു കൊടുക്കുകയായിരുന്നു.”

“അല്ല അതുമനസ്സിലായി… അതുകൊണ്ടാണല്ലോ ഞാൻ ചോദിച്ചത് അമ്മ നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞെന്ന വണ്ണമാണ് പരിചരിക്കുന്നതെന്ന്.” അവൾ അർത്ഥഗർഭമായിട്ടാണ് അത് പറയുന്നതെന്ന് ഹേമാം ബികയ്ക്ക് മനസ്സിലായി. പെട്ടെന്ന് തലകുനിച്ച് ഹേമാംബിക പറഞ്ഞു.

“അല്ലെങ്കിൽ നിന്നോട് ഞാനെന്തിനാ മറയ്ക്കുന്നത്. നിനക്കറിയില്ല മോളെ ഞാനിപ്പോൾ എത്ര സന്തോഷവതിയാണെന്ന്. എന്‍റെ ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിലൊന്നാണിത്. നന്ദൻമാഷിനെ ഇങ്ങനെ അടുത്തിരുന്ന് പരിചരിക്കാനാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.”

“എന്‍റെ അമ്മ ഭാഗ്യവതിയാണ്. സ്നേഹിച്ച പുരുഷനെ അടുത്തു കിട്ടുന്നതിനോളം ഭാഗ്യം ഒരു സ്ത്രീക്ക് മറ്റൊന്നില്ല. അതിനു പുറമേ അദ്ദേഹത്തെ പരിചരിക്കാൻ കൂടി അവസരം ലഭിച്ചാലോ?”

“അതെ മോളെ. ഞാനിന്ന് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന് തോന്നിപ്പോകുന്നു. ജീവിതത്തിൽ എല്ലാം നഷ്ടപെട്ടു എന്നു കരുതി ജീവിച്ചവളാണ് ഞാൻ. എന്നാലിന്ന് ജീവിതത്തെക്കുറിച്ച് എനിക്കേറെ ശുഭാപ്തിവിശ്വാസം തോന്നുന്നു.”

“അമ്മേ… അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കും എന്നെനിക്കുറപ്പുണ്ട്. നന്ദൻമാഷിനെ രക്ഷിച്ചെടുക്കാൻ അമ്മക്കു കഴിയും.”

“അതെ മോളെ… എനിക്കും അക്കാര്യത്തിൽ ഉറപ്പു തോന്നുന്നു. എന്‍റെ എല്ലാ പരിശ്രമവും ഇനി അതിലേക്കു മാത്രമായിരിക്കും.”

“നോക്കു അമ്മേ… നന്ദൻമാഷിന് ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു. നമുക്ക് അദ്ദേഹത്തിനെ കിടക്കയിലേക്ക്കിടത്താം”

“ശരിയാണ് മോളെ. ഞാൻ നിന്നോടു വർത്തമാനം പറഞ്ഞിരുന്നതുകൊണ്ട് നന്ദൻമാഷിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ആകെ ക്ഷീണിതനാണ്. ഈ സ്ഥിതിയിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയാണ് എന്‍റെ ആദ്യ കർത്തവ്യം.”

നയന എഴുന്നേറ്റ് നന്ദൻമാഷിനെ കിടക്കയിലേക്ക് കിടത്തുവാൻ ഹേമാംബികയെ സഹായിച്ചു. തലയിണ വച്ച് തല ഉയർത്തി അദ്ദേഹത്തിന് സുഖകരമായി കിടക്കുവാൻ അനുവദിച്ചു. എന്നിട്ട് ഒരു കൊച്ചു കുഞ്ഞിന്‍റെ ശാന്തത അദ്ദേഹത്തിന്‍റെ മുഖത്ത് കളിയാടുന്നത് നോക്കി അവർ ഇരുവരും ഇരുന്നു.

“ഈ മുഖം കണ്ടാലറിയാം അമ്മേ അദ്ദേഹം എത്രമാത്രം നല്ലവനാണെന്ന്.”

“അതെ നയന. ഒരു കാലത്ത് സൂര്യതേജസ്സായിരുന്നു ഈ മുഖത്തിനുണ്ടായിരുന്നത്. അത് നോക്കി ഞാൻ സ്വയം മറന്ന് എത്ര നിന്നിട്ടുണ്ടെന്നോ. എന്നാലിപ്പോൾ അദ്ദേഹത്തിന്‍റെ കിടപ്പു കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല കുട്ടീ…” ഹേമാംബികയുടെ കണ്ണുകൾ കരകവിഞ്ഞൊഴുകി. അതുകണ്ട് നയന പറഞ്ഞു.

“അയ്യേ… അമ്മ എന്തിനാ കരയുന്നത്? നമ്മൾ അദ്ദേഹത്തെ ഈ സ്ഥിതിയിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കില്ലേ?”

“ശരിയാണ് കുട്ടീ… അതോർക്കുമ്പോൾ മാത്രമാണ് ഞാൻ ആശ്വസിക്കുന്നത്. ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികളാണ് എന്‍റെ മുന്നിൽ നീണ്ടു കിടക്കുന്നത്. മാത്രമല്ല ഇനി കുറെ നാളത്തേക്ക് മറ്റുള്ള ആരുടെ കാര്യത്തിലും ഞാൻ കൂടുതലായി ഇടപെടുകയില്ല. എല്ലാം നീ തന്നെ കൈകാര്യം ചെയ്തു കൊള്ളണം.”

“ശരി അമ്മേ… അതമ്മ എന്നോട് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടോ എല്ലാം നോക്കിം കണ്ടും ഞാൻ ചെയ്തു കൊള്ളാം.”

“അതു മതി മോളെ. നയന എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ. അതു തന്നെ എന്‍റെ വലിയ ഭാഗ്യം.”

“അമ്മയുടെ സന്തോഷമാണ് എന്‍റെയും സന്തോഷം. ഞാനെപ്പോഴും പറയാറില്ലെ എനിക്ക് ഈ ജന്മത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് എന്‍റെ അമ്മ എന്ന്.” നയന ഹേമാംബികയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

“അതെ. ഇനി വരുന്ന എല്ലാ ജന്മങ്ങളിലും നീയെന്‍റെ മകളായി പിറക്കട്ടെ.” ഹേമാംബിക അവളെ തന്നോട് വലിച്ചടുപ്പിച്ച് ആ നെറുകയിൽ ചുംബിച്ചു.

“നന്ദൻമാഷ് ആഹാരം കഴിച്ച് ഉറങ്ങിയല്ലോ അല്ലേ ടീച്ചറെ.” ശബ്ദം കേട്ട് ഹേമാംബികയും നയനയും ഞെട്ടിത്തിരിഞ്ഞു നോക്കി. അപ്പോൾ വാതിൽക്കൽ നിന്ന രാജീവ് പറഞ്ഞു.

“ഹും… ഇങ്ങനെയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞയുടനെ അമ്പതിനായിരം രൂപ സംഭാവനയും തന്ന് അയാൾ പോയി. അച്ഛനെ വീണ്ടും ഒന്നു കാണണമെന്നു പോലും അയാൾക്കില്ല…”

“ആര് സുമേഷോ” ഹേമാംബിക ചോദിച്ചു.

”അതെ ആ സുമേഷ് തന്നെ. നന്ദികെട്ട ഒരു മകനാണയാൾ. നന്ദൻമാഷിനെ ഇനി അയാൾ തിരിഞ്ഞു നോക്കുമെന്ന് തോന്നുന്നില്ല. എല്ലാ ഭാരവും ഇവിടെ ഒഴിച്ചു വച്ച ആശ്വാസത്തിലാണ് അയാൾ പോയത്.”

“പാവം നന്ദൻമാഷ്. ആയ കാലത്ത് ഭാര്യക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണിദ്ദേഹം. അദ്ദേഹത്തിനോട് ഇങ്ങനെ കാണിക്കാൻ ആ മകനെങ്ങനെ മനസ്സു വന്നു.” അതു പറയുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ  ഈറനായി.

“ശരിയാണ് എനിക്കുമറിയാം നന്ദൻമാഷ് ഒരദ്ധ്യാപകനെന്ന നിലയിലും ഒരച്ഛനെന്ന നിലയിലും എത്ര നല്ലവനും സ്നേഹമുള്ളവനുമാണെന്ന്.” രാജീവിന്‍റെ കണ്ണുകളിലും നീർ നിറഞ്ഞു നിന്നു.

“അദ്ദേഹത്തിന് ഒരു മകൻ കൂടിയില്ലെ? അയാൾ എവിടെയാണ്?” ഹേമാംബിക ചോദിച്ചു.

“അയാൾ ഗൾഫിലെങ്ങാണ്ടോ ആണെന്നു തോന്നുന്നു. അയാളുടെ സ്വഭാവം എന്താണെന്ന് ആർക്കറിയാം. എനിക്കയാളെ വലിയ പരിചയമില്ല. അയാളെ പറ്റിയുള്ള ഒരു വിവരവും നൽകാൻ സുമേഷ് തയ്യാറായതുമില്ല. ഞാൻ അയാളുടെ നമ്പർ ചോദിച്ചപ്പോൾ ചേട്ടനല്ല ഞാനാണ് അച്ഛന്‍റെ കാര്യങ്ങൾ അന്വേഷിക്കുന്നത് എന്നാണയാൾ പറഞ്ഞത്. അതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഇനി അയാൾ അറിയാതെയാണോ സുമേഷ്, നന്ദൻമാഷിനെ ഇവിടെക്കൊണ്ടുവന്നു പാർപ്പിച്ചതെന്നുമറിയില്ല.”

“ഇപ്പോഴത്തെ കാലത്തെ മക്കളല്ലെ. അച്ഛനമ്മമാരെക്കുറിച്ചുള്ള കരുതൽ ഇത്രയൊക്കെയെ ഉണ്ടാവുകയുള്ളു. നിത്യവും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലെ അത്.” ഹേമാംബിക ടീച്ചർ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു

അപ്പോൾ അടുത്തു നിന്ന നയന പരിഭവത്തോടെ പറഞ്ഞു

“അമ്മേ… വേണ്ട… എന്നെ ആഗണത്തിൽപ്പെടുത്തേണ്ട.”

“ഓ… എന്‍റെ മോൾ ആഗണത്തിലൊന്നും പെടുകയില്ലെന്ന് എനിക്കറിയില്ലെ? എന്‍റെ നയനയെപ്പോലെ മാറ്റാരും ഈ ലോകത്തിൽ ഉണ്ടാവുകയില്ലെന്നും.” അവരുടെ സ്നേഹ പരിഭവങ്ങൾ കൗതുകത്തോടെ വീക്ഷിച്ചു നിന്ന രാജീവ് പറഞ്ഞു.

“ശരി ടീച്ചർ. ഇന്നു മുതൽ നന്ദൻമാഷിന്‍റെ സംരക്ഷണച്ചുമതല ടീച്ചറിനാണ്. നയന, ടീച്ചറിനെ അസിസ്റ്റു ചെയ്താൽ മതി.”

“തീർച്ചയായും രാജീവ് സാർ. അമ്മക്ക് എന്തു സഹായവും ചെയ്യാൻ ഞാൻ തയ്യാറാണ്.”

“എന്നാൽ അമ്മയും മകളും കൂടി സ്നേഹിച്ച് കലഹിച്ചോളു. ഞാൻ പോകുകയാണ്.” അങ്ങനെ പറഞ്ഞ് രാജീവ് അവിടെ നിന്നും നടന്നു മറഞ്ഞു.

മെയിൻറോഡിൽ ഏതോ കാറുകൾ തമ്മിൽ ചെറുതായി കൂട്ടിമുട്ടി ട്രാഫിക് ബ്ലോക്കുണ്ടായിരുന്നതു കൊണ്ട് സുമേഷ് ഒരു മണിക്കൂറുകൊണ്ടാണ് വണ്ടിയോടിച്ച് വീട്ടിലെത്തിയത്. വീട്ടിലെത്തിയയുടനെ അയാൾ മുറ്റത്തു തന്നെ വണ്ടി നിർത്തി. കാറിൽ നിന്നിറങ്ങി സിറ്റൗട്ടിൽ ഏറെ ചുറുചുറുക്കോടെ ചാടിക്കയറി അയാൾ താരയെ വിളിച്ചു.

“താരെ… എടീ താരെ… നീ എവിടെപ്പോയി കിടക്കുവാ…”

സുമേഷിന്‍റെ വിളി കേട്ട് കിച്ചുവിനെ ഒക്കത്തു വച്ച് താര ഓടിയെത്തി. അവളുടെ നൈറ്റിയിൽ മുഴുവൻ വിവിധ കറകൾ പുരണ്ടിരുന്നു. നെറ്റിയിലൂടെ വിയർപ്പ് ഒലിക്കുന്നുണ്ടായിരുന്നു.

“എന്താ സുമേഷേട്ടാ… എന്തിനാ വിളിച്ചത്?ഞാൻ ഇവിടെ അടുക്കളയിൽ കിടന്ന് നക്ഷത്രം എണ്ണുകയാ… എനിക്കീ അടുക്കളപ്പണിയൊന്നും ശരിക്ക് വശമില്ലെന്ന് സുമേഷേട്ടനറിഞ്ഞുകൂടെ. ശാന്തിയെക്കിട്ടിയതിൽ പിന്നെ ഞാൻ അടുക്കളയിൽ കയറിയിട്ടുമില്ല. ഓഫീസ്ജോലി മാത്രം നോക്കി ജീവിച്ചാ മതിയായിരുന്നു. ഇപ്പം ഏതോ നരകത്തിൽ നിക്കുന്ന പ്രതീതിയാ. കിച്ചുവാണെകി ഏതു സമയവും വാശിപിടിച്ച് കരച്ചിലാ. അതിനിടക്കാ സുമഷേട്ടന്‍റെ വിളി…”

“നല്ല കാര്യം. നീ പറഞ്ഞു നിർബ്ബന്ധിച്ചിട്ട് നിന്‍റെ ഒരു വലിയ ബുദ്ധിമുട്ട് ഒഴിച്ചിട്ടല്ലേ ഞാൻ വരുന്നത്. ഇനി മുതൽ നിനക്ക് സുഖമായില്ലെ? അച്ഛന്‍റെ കാര്യമൊന്നും നോക്കണ്ടല്ലോ?”

“അപ്പോൾ നിങ്ങൾ അങ്ങേരെ അവിടെത്തന്നെ നിർത്താൻ പോകുകയാണോ? അത് നന്നായി. ഞാൻ വിചാരിച്ചത് അസുഖം മാറിക്കഴിഞ്ഞാൽ അങ്ങേരെ ഇങ്ങ് കൊണ്ടുവരുമെന്നാ. അപ്പോ സുരേഷേട്ടനെ നിങ്ങള് അറിയിച്ചില്ലെ, അച്ഛനെ അവിടെക്കൊണ്ടു പോയാക്കിയ കാര്യം.”

“ഏയ് ഇല്ല. ഏട്ടനിപ്പോ ഇതൊന്നും അറിയണ്ട. അറിഞ്ഞാൽ അച്ഛനെ അവിടെക്കൊണ്ടാക്കാൻ സമ്മതിക്കുകയില്ല. മാത്രമല്ല നമ്മള് നോക്കാതെ അച്ഛന്‍റെ നില വീണ്ടും വഷളായി എന്നറിഞ്ഞാൽ സുരേഷേട്ടൻ നമ്മളോട് പിണങ്ങും. പിന്നെ ചിലപ്പോൾ ഉടനെ വന്ന് അച്ഛനെ ഗൾഫിലേക്ക് വിളിച്ചുകൊണ്ടു പോയി എന്നും വരും.”

“അത് നല്ലകാര്യമല്ലെ സുമേഷേട്ടാ. അച്ഛന്‍റെ ബാധ നമുക്ക് എന്നന്നേക്കുമായി ഒഴിയുമല്ലോ.”

“ങാ… അതും ശരിയാണ്… പക്ഷെ അതിപ്പോൾ വേണ്ട… അല്പം കൂടി കഴിയട്ടെ… നീ പോയി ഇപ്പോൾ കാപ്പിയെടുത്തു വയ്ക്ക്. നല്ലവണ്ണം വിശക്കുന്നു.”

“സുമേഷേട്ടൻ കുറച്ചുനേരം ഇവനെ യൊന്നു പിടിച്ചേ. ഞാൻ ഇപ്പം ബ്രേക്ക്ഫാസ്റ്റ് എടുക്കാം.” കാപ്പിയെടുക്കാൻ തിരിഞ്ഞ താരയോടയാൾ വീണ്ടും പറഞ്ഞു.

“ങാ… ഗൾഫീന്ന് ഏട്ടനോ ഏടത്തിയോ വിളിച്ചാൽ നീ അച്ഛനിവിടുണ്ടെന്നു പറഞ്ഞാൽ മതി. അല്ലാതെ സ്നേഹസദനത്തിൽ കൊണ്ടാക്കിയ കാര്യമൊന്നും എഴുന്നെള്ളിക്കാൻ നിക്കണ്ട.”

“അപ്പോ അച്ഛന്‍റെ കൈയ്യിൽ ഫോൺ കൊടുക്കാൻ അവര് പറഞ്ഞാലോ?”

“അത് നീ അപ്പോൾ തോന്നുന്ന പോലെ പറ. നിന്നെപ്പോലുള്ള പെണ്ണുങ്ങൾക്കാണോ നുണകൾ ചമക്കാൻ കഴിയാത്തത്?”

ഒടുവിൽ പറഞ്ഞത് താരയ്ക്കിഷ്ടമായില്ലെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. അടുക്കളയിൽ ദോശ കരിയുന്ന മണം കേട്ട് അവൾ വെപ്രാളപ്പെട്ടു കൊണ്ട് ഓടി.

അടുക്കളയിൽ പ്രാതലിനുള്ള വിഭവം ഒരുക്കുമ്പോൾ സുരേഷിന്‍റെ മുഖഭാവം അവൾ ഓർത്തു. അയാൾ അവളിൽ നിന്ന് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നതായി താരക്ക് തോന്നി. പക്ഷെ അത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല. സൗകര്യം കിട്ടുമ്പോൾ നയപൂർവ്വം ചോദിച്ചറിയാമെന്ന് വിചാരിച്ച് അവൾ തന്‍റെ ജോലി തുടർന്നു.

നന്ദൻമാഷ് ഉച്ചവരെ തളർന്ന് ഉറങ്ങി. ഹേമാംബിക കണ്ണിമയ്ക്കാതെ അദ്ദേഹത്തെ ശുശ്രൂഷിച്ച് അടുത്തിരുന്നു. മാഷ് ഉറങ്ങിയ സമയത്ത് ഹേമാംബിക അദ്ദേഹത്തിന് നൽകേണ്ട മരുന്നുകളെപ്പറ്റി പഠിക്കുകയായിരുന്നു.

ഉച്ചയ്ക്ക് ആഹാര ശേഷം അദ്ദേഹത്തിന് മരുന്നു നൽകേണ്ടതുണ്ട്. ഇടക്ക് നയന വന്നപ്പോൾ നന്ദൻമാഷിനുള്ള ആഹാരം കൂടി എടുത്തു കൊണ്ടുവരാൻ ഹേമാംബിക ആവശ്യപ്പെട്ടു.

നയന ഉടൻ തന്നെ അടുക്കളയിൽച്ചെന്ന് അദ്ദേഹത്തിനുള്ള ചോറും കറികളും പാത്രത്തിലാക്കി എടുത്തു കൊണ്ടു വന്നു.

ഇടക്ക് നന്ദൻമാഷ് കണ്ണുതുറന്നപ്പോൾ ഹേമാംബികയും നയനയും കൂടി അദ്ദേഹത്തെ രാവിലത്തെ പോലെ കിടക്കയിൽ തലയിണ വച്ച് ചാരി ഇരുത്തി. ഇപ്പോൾ നന്ദൻമാഷ് വലിയ പ്രതിഷേധമൊന്നും കാണിച്ചില്ല. ഹേമാംബികയുടേയും നയനയുടേയും ഇടപെടൽ അത്രത്തോളം സൗമ്യമായിരുന്നു നന്ദൻമാഷിനെ ഒരു കൊച്ചുകുഞ്ഞിനെ എന്ന പോലെയാണ് അവർ കൈകാര്യം ചെയ്തത്. അവരുടെ സ്പർശനത്തിൽ നന്ദൻമാഷിന് നല്ല സുഖം തോന്നി. അദ്ദേഹം പ്രതിഷേധം കൂടാതെ ആഹാരവും മരുന്നും കഴിച്ചു.

ഇതിനിടയിൽ സ്നേഹസദനത്തിലെ പലരും ഹേമാംബികയെ അന്വേഷിച്ചു തുടങ്ങി. തങ്ങളെ ഏറെ സ്നേഹത്തോടെ പരിചരിച്ചിരുന്ന ഹേമാംബികയുടെ അഭാവം അവരെ വല്ലാതെ അസ്വസ്ഥരാക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തു.

“ഹേമ ടീച്ചർ എവിടെ? ഞങ്ങൾക്ക് ഹേമ ടീച്ചറിനെ കാണണം. ഹേമ ടീച്ചർ ഞങ്ങൾക്ക് എല്ലാം ചെയ്തു തന്നാൽ മതി.” നയന ചെന്നപ്പോൾ അവർ വാശിപിടിച്ചു തുടങ്ങി.

“ഹേമാമ്മ ഇന്നു വന്ന പുതിയ രോഗിയുടെ അടുത്താണ്. അദ്ദേഹം വളരെ ഗുരുതരമായ രോഗാവസ്ഥയിലാണ്. അതിനാൽ ഹേമാമ്മ അദ്ദേഹത്തിന്‍റെ അടുത്തുനിന്ന് മാറാതെ ശുശ്രൂഷിക്കുകയാണ്.”

അതുകേട്ട് ഏറെ പ്രായാധിക്യത്താൽ അവശരായ സുമതിക്കുട്ടിയും കാർത്യായനിയും വേലായുധനും എല്ലാം പറഞ്ഞു.

“ഓ… അങ്ങനെയാണല്ലേ കാര്യങ്ങൾ. എങ്കിൽപ്പിന്നെ അയാൾക്ക് വേഗം സുഖമാവട്ടെ. ഹേമ ടീച്ചറിനാകുമ്പോൾ അതിനു കഴിയും…”

“അതാണ് ഹേമാമ്മയ്ക്ക് പകരം ഞാൻ വന്നത്. ഹേമാമ്മ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്കു വേണ്ടി ഇനി ഞാനാണ് ചെയ്യാൻ പോകുന്നത്.”

“ഏതായാലും ഹേമ ടീച്ചറില്ലാതെ എനിക്ക് സത്യത്തിൽ കുളിക്കാൻ പോലും തോന്നുന്നില്ല. പിന്നെ എന്തു ചെയ്യാനാ ഞങ്ങളെക്കാൾ കഷ്ടസ്ഥിതിയിലായ ഒരുത്തനെ രക്ഷിക്കാനല്ലെ. ഞങ്ങൾക്കു പരാതിയില്ല. നയന മോൾ ഞങ്ങളെ കുളിപ്പിക്കുകയും ആഹാരം വാരിത്തരികയുമൊക്കെ ചെയ്താൽ മതി. നീയും ഹേമ ടീച്ചറിനെപ്പോലെ സ്നേഹമുള്ളവളാണെന്ന് ഞങ്ങൾക്കറിയാം.”

അങ്ങനെ പറഞ്ഞ് അവരെല്ലാം നയനയോട് സഹകരിച്ചു. അന്ന് രാത്രിയിൽ നയനയും ഹേമാംബികയും ഒരുമിച്ച് നന്ദൻമാഷിന്‍റെ മുറിയിൽ കിടന്നുറങ്ങി.

പകൽ സമയങ്ങളിൽ നന്ദൻമാഷിനെ ദിനകൃത്യങ്ങൾ ചെയ്യിക്കലും കുളിപ്പിക്കലും മറ്റും രാജീവിന്‍റെ ജോലിയായിരുന്നു… രാജീവ് കുളിപ്പിക്കുമ്പോൾ നന്ദൻമാഷ് ആദ്യമൊക്കെ പ്രതിഷേധിച്ചെങ്കിലും പിന്നീട് സഹകരിച്ചു. അങ്ങനെ ദിനങ്ങൾ അതിവേഗം ഓടി മറഞ്ഞു കൊണ്ടിരുന്നു കൃത്യമായ മരുന്നും, ഭക്ഷണവും, സ്നേഹ പൂർണ്ണമായ പരിചരണങ്ങളും നന്ദൻമാഷിനെ അതിവേഗം നല്ല ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു കൊണ്ടിരുന്നു.

ഇടയ്ക്കിടക്ക് സ്മൃതി ഹോസ്പിറ്റലിലെ സൈമൺ ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം സ്നേഹസദനം സന്ദർശിച്ച് വേണ്ട നിർദേശങ്ങളും മരുന്നും നന്ദൻമാഷുൾപ്പെടെ എല്ലാവർക്കും നൽകിക്കൊണ്ടിരുന്നു നന്ദൻമാഷിന്‍റെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയിൽ അദ്ദേഹം രാജീവിനെയും ഹേമാംബികയെയും പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.

മാസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.

ശരീരക്ഷീണം അകന്നപ്പോൾ ഹേമാംബിക അദ്ദേഹത്തെയും മറ്റുള്ളവരോടൊപ്പം രാവിലെ നടത്തത്തിന് ഒപ്പം കൂട്ടി. നന്ദൻമാഷിന് ഏറ്റവും സന്തോഷകരമായ ഒരു വ്യായാമമായിരുന്നു അത്. ചുറ്റുമുള്ള പച്ചപ്പു നോക്കി അദ്ദേഹം നടക്കും. അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ കൂടെ നടന്ന് സ്ക്കൂളിലെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പതുക്കെ പതുക്കെ നന്ദൻമാഷിന്‍റെ മനസ്സിൽ ആ ഓർമ്മകൾ തെളിഞ്ഞുവന്നു. താൻ സൗദാമിനിയായി കരുതിയിരുന്നത് ഹേമാംബികടീച്ചർ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

നന്ദൻമാഷ് പതുക്കെ പതുക്കെ പഴയ ഓർമ്മകളിൽ നിന്ന് പുതിയതിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്നു. താൻ ഇപ്പോൾ എവിടെയാണെന്നും എങ്ങനെയാണ് താൻ ഇവിടെയെത്തിച്ചേർന്നതെന്നും എല്ലാം അദ്ദേഹത്തിന് മനസ്സിലായി.

അങ്ങനെ നന്ദൻമാഷ് വീണ്ടും ഒരു സാധാരണ മനുഷ്യനായി. ഭൂതവും വർത്തമാനവും ഭാവിയും എല്ലാം ഉള്ള സാധാരണ മനുഷ്യൻ.

അപ്പോഴും ചെറുപ്പം മുതൽ തന്‍റെ മനസ്സിൽ ഒളിഞ്ഞു കിടന്നിരുന്ന നന്ദൻമാഷിനോടുള്ള സ്നേഹം ഹേമാംബികക്ക് അദ്ദേഹത്തോട് വെളിപ്പെടുത്താനായില്ല. അക്കാര്യത്തിൽ അവർ ദുഃഖിതയായിരുന്നു. ഒറ്റക്കിരുന്ന് പലപ്പോഴും അവർ കണ്ണീർ വാർത്തു. അത് തിരിച്ചറിഞ്ഞ നയന പലപ്പോഴും ഹേമാംബികയോടു പറഞ്ഞു കൊണ്ടിരുന്നു.

“ഹേമാമ്മേ. നിങ്ങൾ തനിച്ചാകുമ്പോൾ ഹേമാമ്മ മനസ്സിലുള്ളത് നന്ദൻമാഷിനോട് തുറന്നു പറയൂ. അദ്ദേഹം അതറിഞ്ഞ് അമ്മയെ സ്നേഹിച്ചു തുടങ്ങും.”

“എന്തിനാ കുട്ടി… ഈ വയസ്സുകാലത്ത് അദ്ദേഹത്തിന്‍റെ മനസ്സിൽ ഇടം നേടിയിട്ട്. ഇനിയും ഒത്തൊരുമിച്ചുള്ള ഒരു ദാമ്പത്യജീവിതം ഞങ്ങൾക്ക് സാദ്ധ്യമാവുകയില്ലല്ലോ.” ഹേമാംബിക നയനയോട് പ്രതികരിച്ചത് അങ്ങനെയാണ്.

“എന്നാരു പറഞ്ഞു. കാലം മാറിക്കൊണ്ടിരിക്കുകയാണ് അമ്മേ. പാശ്ചാത്യനാടുകളിലേത് പോലെ ഇവിടെയും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. വാർദ്ധക്യ കാലത്ത് ഒരു തുണ സ്ത്രീക്കും പുരുഷനും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത്. കാരണം മക്കളെല്ലാം അച്ഛനമ്മമാരെ അകറ്റിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറക്ക് അവരുടെ ജീവിതമാണ് പ്രധാനം. നന്ദൻമാഷിന് ഹേമാമ്മയെപ്പോലെ ഒരാളുടെ തുണ ഏറ്റവും അത്യാവശ്യമായ ഒരു ഘട്ടമാണ് ഇത്.”

“നീ പറയുന്നത് ശരിയാണ് നയനേ. നന്ദൻമാഷില്ലാതെ ഒരു ജീവിതം എനിക്കുമാവില്ല. പക്ഷെ ഞാനതെങ്ങിനെ അദ്ദേഹത്തോട് പറയും?”

“നിങ്ങൾക്കു മുന്നിൽ ഇപ്പോൾ മറ്റു തടസ്സങ്ങൾ ഒന്നുമില്ല. നിങ്ങൾ തനിച്ചാകുമ്പോൾ അമ്മ മനസ്സു തുറക്കൂ…”

നയനയുടെ വാക്കുകൾ ഹേമാംബികയെ ഒരു പുതിയ കാഴ്ചപ്പാടിലേക്കു നയിച്ചു. അവർ നന്ദൻമാഷിനോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു.

Story- വീട്

വിവാഹമോചിതരായവരുടെ സങ്കടങ്ങൾ കാണിക്കുന്ന ഒരു റിയാലിറ്റി ഷോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അതിൽ പങ്കെടുക്കുന്നവരെല്ലാം സ്ത്രീകളാണ്. പുരുഷന്മാരാൽ പീഡിപ്പിക്കപ്പെട്ടവർ. പുരുഷൻ പുറംലോകത്തിന് പിന്നാലെ പായുകയാണ്. അവരുടെ കണ്ണിൽ ഭാര്യയൊഴിച്ച് ബാക്കിയെല്ലാം നല്ലതാണ്. സുന്ദരം… എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. എഴുത്തും വായനയും സാമൂഹ്യപ്രവർത്തനവുമായി നടക്കുന്നതിനിടെ കടന്നുവരുന്ന ഇത്തരം ചിന്തകൾ മനസ്സിനെ വല്ലാതെ കീറിമുറിക്കാറുണ്ട്. പ്രത്യേകിച്ച് നിഷ്കളങ്കരായ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ. അധികനേരം ആ പ്രോഗ്രാം കണ്ടിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ടിവി ഓഫ് ചെയ്തു.

അടുത്ത ദിവസം തികച്ചും അവിചാരിതമായാണ് എനിക്ക് കോൽക്കത്തയിൽ പോകേണ്ടി വന്നത്. ഞാൻ ജനിച്ചുവളർന്ന കോൽക്കത്ത എനിക്കെന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് അവിടുത്തെ വഴികൾക്ക് ഇരുവശങ്ങളിലായുള്ള കടകളിൽ ഷോപ്പിംഗിന് പോവുകയെന്നുള്ളത് എനിക്കിപ്പോഴും ഹരമാണ്. കടയിൽ നിന്നുയരുന്ന പഴമയുടെ ആ മണം എന്നെ കഴിഞ്ഞുപോയ ജീവിതവുമായി ബന്ധിപ്പിക്കുന്നതുപോലെ. ആ വഴികളിലൂടെ നടക്കുമ്പോൾ ഗൃഹാതുരമായ ഓർമ്മകളാണ് മനസ്സിൽ ഓടിയണയുക. കുട്ടിയായിരുന്നപ്പോഴും മുതിർന്നപ്പോഴും ഈ വഴികളിലൂടെ എത്രയോ തവണ സഞ്ചരിച്ചിരുന്നു.

കോൽക്കത്തയിൽ എപ്പോൾ പോയാലും അവിടുത്തെ ഓർമ്മയ്ക്കായി ഇഷ്ടമുള്ളത് എന്തെങ്കിലും വാങ്ങുക പതിവാണ്. ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ കണ്ണിൽ കണ്ടതെല്ലാം ഞാൻ വാങ്ങിച്ചുകൂട്ടും. ഒരിക്കൽ ഇവിടെ നിന്നും അരി വരെ വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്.

ഇത്തവണ സമയമില്ലാതിരുന്നിട്ടും ഞാൻ പതിവുപോലെ മാർക്കറ്റിലെ ഒരു കോണിലുള്ള പലവ്യഞ്ജന കടയിൽ കയറി. മനസ്സിനെ മോഹിപ്പിക്കുന്ന ധാരാളം സാധനങ്ങളുണ്ട് അവിടെ. ഗ്രാമത്തിന്‍റെ തനിമയും സുഗന്ധവും പേറുന്ന കുളി സോപ്പുകൾ എന്നുവേണ്ട സകലതും ലഭിക്കുന്ന ഒരു പഴയ കടയായിരുന്നുവത്.

പഴയ കട ആയിരുന്നെങ്കിലും കാലത്തിനനുസരിച്ച് ചില രൂപവ്യത്യാസങ്ങൾ കടയിൽ ദൃശ്യമായിരുന്നു. നേരത്തേ ഉണ്ടായിരുന്ന കടയുമയുടെ മക്കളാണിപ്പോൾ നടത്തിപ്പുകാർ. അവർ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അവരിലൊരാൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ സമയം കടയിൽ മറ്റൊരാളുണ്ടായിരുന്നു. വേഷത്തിലും സംസാരത്തിലും മാന്യത സ്ഫുരിക്കുന്ന മധ്യവയസ്സിലോടടുക്കുന്ന സുമുഖനായ വ്യക്തി. കടയിലെ പയ്യൻ ആദരവോടെ എന്നെ നോക്കി.

ഞാനവനെ തിടുക്കപ്പെട്ട് കയ്യിൽ സൂക്ഷിച്ചിരുന്ന ലിസ്റ്റ് ഏൽപ്പിച്ചു. “വേഗം വേണം.”

പയ്യൻ പെട്ടെന്ന് തന്നെ ലിസ്റ്റിലുള്ള സാധനങ്ങൾ എടുത്ത് കിറ്റിലാക്കി. കണക്കുകൂട്ടി. കടക്കാരുമായി സംസാരിച്ചു നിൽക്കുന്ന സുമുഖൻ എന്നെ കൂടെക്കൂടെ നോക്കുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. നാണമില്ലാത്ത മനുഷ്യൻ… മനസ്സിലോർത്തു. 20- 25 വർഷം മുമ്പായിരുന്നു ഈ വായനോട്ടമെങ്കിൽ അത്ഭുതപ്പെടേണ്ടതില്ലായിരുന്നു. പക്ഷേ, ഇതിപ്പോൾ ഈ വൈകിയ വേളയിൽ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കേ പയ്യൻ സാധനമടങ്ങിയ കിറ്റ് എന്നെ ഏൽപ്പിച്ചു.

“മൊത്തം എത്രയായി?” ഞാൻ ചോദിച്ചു.

“മാഡംജി, പണം ബഡാസാബ് തന്നല്ലോ.”

ഞാൻ അതിശയഭാവത്തിൽ അയാളെ നോക്കി. ഇതെന്ത് മറിമായം, എന്തിന് അപരിചിതനായ ഒരാൾ എനിക്കുവേണ്ടി പണം മുടക്കണം. മനസ്സിൽ ഒരു വല്ലായ്മ തോന്നി. സാധനങ്ങളുടെ വില ഏകദേശം 350 രൂപ വരും. ഇത്രയും പണം അപരിചിതനായ ആ വ്യക്തി കൊടുത്തെന്നോ?

ഞാനയാളെ ആപാദചൂഡം വീക്ഷിച്ചു. കാഴ്ചയിൽ വളരെ കുലീനത്വം തോന്നിക്കുന്ന മുഖം. പക്ഷേ, ഇയാളാരാണ്? എവിടെയെങ്കിലും കണ്ടതായിപോലും ഓർമ്മയില്ല. പക്ഷേ, ഇയാളെന്തിന് എന്‍റെ പണം കൊടുത്തു. എന്താവും കാരണം? ഞാനയാളെ വീണ്ടും സൂക്ഷിച്ചു നോക്കി. അയാൾ എന്നെത്തന്നെ നോക്കി പുഞ്ചിരി തൂകി. മനസ്സിൽ എന്തെങ്കിലും മോശമായി ചിന്തിക്കാനും കഴിയുന്നില്ല. എന്താവും കാരണം?

“വരൂ നമുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം.” തെല്ലും കൂസലന്യേ അയാൾ എനിക്കടുത്തുവന്നു. ഞാൻ ഞെട്ടിത്തരിച്ചുനിന്നു. എവിടെയോ എപ്പോഴോ കണ്ട ചെറിയൊരു പരിചയമുള്ളതുപോലെ…

“ഇതാ പണം…” ഞാൻ പണം അയാളുടെ നേർക്ക് നീട്ടി.

“അയ്യോ, എന്നെ മനസ്സിലായില്ലേ?” ഞാൻ തെല്ലൊരു ജാള്യതയോടെ അയാളെ നോക്കി.

ഇയാൾ അപരിചിതനാകാൻ വഴിയില്ല. തന്‍റെ ജീവിതവുമായി നല്ല അടുപ്പമുള്ള ആളായിരിക്കാമെന്ന് ആ ചോദ്യത്തിൽ നിന്നും ഊഹിച്ചെടുത്തു. പക്ഷേ, എത്രയാലോചിച്ചിട്ടും ഈ മുഖം ഓർത്തെടുക്കാനായില്ല. പഴയ സുഹൃത്തുക്കളെ ഓരോരുത്തരെയായി മനസ്സിലേക്ക് പായിച്ചു നോക്കി. ഇല്ല, ഓർമ്മ വരുന്നില്ല. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

“ഇപ്പോഴും എന്നെ മനസ്സിലായില്ല അല്ലേ, ലച്ചി?”

ലച്ചി, ഈ പേരുപോലും ഞാനെന്നേ മറന്നു പോയതാണ്. കുട്ടിക്കാലത്ത് ഏറെ അടുപ്പമുള്ളവർ എന്നെ വിളിച്ചിരുന്നത് ലച്ചി എന്നായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട യോദ്ധാവിനെപ്പോലെ ഞാൻ ആ മുഖത്തേക്ക് നോക്കി. ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.

അയാൾ പൊട്ടിച്ചിരിച്ചു, “വരൂ, നമുക്ക് നെസ്റ്റിൽ പോയി ചായ കുടിക്കാം. അപ്പോൾ ഓർമ്മ വരൂം.”

“നെസ്റ്റ്….”പെട്ടെന്ന് എന്‍റെ മനസ്സിൽ കൊള്ളിയാൻ മിന്നി.

“ഗൗതം… നീയോ…”

“ഹൊ, ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ. ഞാൻ പേടിച്ചിരിക്കുകയായിരുന്നു. നീയെങ്ങാനും പോലീസിനെ വിളിച്ച് എന്നെ ജയിലിലാക്കുമോയെന്ന്. അതും ഈ പ്രായത്തിൽ ഒരു സ്ത്രീയെ ശല്യം ചെയ്തതിന്.” ഗൗതമനും ചിരിയടക്കാനായില്ല.

ആ ചിരിയിൽ ഞാനും പങ്കുകൊണ്ടു. “നീ വല്ലാതെയങ്ങ് തടി വെച്ചു. പിന്നെങ്ങനെയാ ഞാൻ തിരിച്ചറിയുക?”

“നീയും തടിച്ചു. പക്ഷേ, വലിയ മാറ്റമൊന്നുമില്ല.” ഗൗതം വീണ്ടും ചിരിച്ചു.

“പക്ഷേ, ഇവിടെ എങ്ങനെ? ബാംഗ്ലൂരിൽ സെറ്റിൽ ചെയ്തുവെന്നാണല്ലോ കേട്ടത്. അവിടെ വീട് വെച്ചുവെന്നും.”

“വാ… നമുക്കിരുന്ന് സംസാരിക്കാം…”

നെസ്റ്റ് അടുത്ത് തന്നെയായിരുന്നു. ഗ്ലാസ് ഡോർ തുറന്ന് ഞങ്ങൾ അകത്തു കടന്നു. നെസ്റ്റ് മാറിയിരിക്കുന്നു. ഇരിപ്പിടങ്ങൾക്കെല്ലാം പ്രൗഢി കൈവന്നിരിക്കുന്നു. ഒരൊഴിഞ്ഞ കോണിലായുള്ള ടേബിളിന് അഭിമുഖമായി ഞങ്ങൾ ഇരുന്നു.

“ഇനി പറ.. കുറച്ചു നാളായി ഞാൻ നിന്നെ ഓർക്കുന്നുണ്ടായിരുന്നു. പക്ഷേ, യാദൃശ്ചികമെന്നു പറയട്ടെ, ഇന്നെനിക്ക് നിന്നെ കാണാൻ കഴിഞ്ഞു.” ഗൗതം പറഞ്ഞു.

“ചിലപ്പോൾ ഞാനും ആ പഴയകാലമൊക്കെ ഓർക്കാറുണ്ട്. പക്ഷേ, നീയെന്താ എന്നെ ഓർക്കാൻ കാരണം? എന്തെങ്കിലും പ്രത്യേകിച്ച്…” ഞാൻ ഗൗതമിന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി.

പെട്ടെന്ന് ഗൗതമിന്‍റെ മുഖം ഗൗരവമാർന്നു. “ഞാൻ വല്ലാതെ തളർന്നുപോയി. തീർത്തും തനിച്ചാണ് ലച്ചി.” ഗൗതമിന്‍റെ മുഖത്ത് നിരാശ പ്രകടമായിരുന്നു.

“പക്ഷേ, എങ്ങനെ? പ്രഫസറായി ഉദ്യോഗകയറ്റം കിട്ടി ബാംഗ്ലൂരിൽ കുടുംബവുമൊത്ത് സന്തോഷമായി ജീവിക്കുന്നുവെന്നാണല്ലോ കേട്ടത്.” ഞാൻ ഗൗതമിനെ ഉറ്റു നോക്കി.

“എന്‍റെ പഠനകാലത്തെ സംഘർഷങ്ങളെ നീ ഓർക്കുന്നുണ്ടവുമല്ലോ?”

“ഓർമ്മയുണ്ട്. അതൊക്കെ കഴിഞ്ഞുപോയ അനുഭവങ്ങളല്ലേ ഗൗതം?”

കുറച്ചുമുമ്പ് കണ്ട ഗൗതമായിരുന്നില്ല ഇപ്പോൾ മുന്നലിരിക്കുന്നതെന്ന് എനിക്ക് തോന്നി. വിഷയം മാറ്റാനായി ഞാൻ പറഞ്ഞു “ഇവിടെ വരുമ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മവരും അല്ലേ ഗൗതം?”

“ശരിയാണ്, നമ്മൾ അഞ്ച് സുഹൃത്തുക്കൾ. നീ, ഞാൻ, മാലതി, പ്രകാശ്, അരുൺ ഘോഷ്… ഒരു തണ്ടിലെ പൂക്കളെപ്പോലെയായിരുന്നു നമ്മൾ. പക്ഷേ പിന്നീട് എല്ലാവരും എവിടേക്കോ പോയി. തിരിച്ചുകിട്ടാനാവാത്തതു പോലെ. പക്ഷേ, ലച്ചി നീ ചെയ്ത ഉപകാരങ്ങൾ അതാണ് എന്നെ മുന്നോട്ട് നയിച്ചത്. എനിക്ക് മറക്കാനാവില്ല അതൊന്നും.”

“ഞാൻ മാത്രമല്ല. എല്ലാവർക്കും നിന്നെക്കുറിച്ച് ചിന്തയുണ്ടായിരുന്നു. നിന്നെ എല്ലാവരും ഏറെ സ്നേഹിച്ചിരുന്നു. നിന്‍റെ ആവശ്യങ്ങളറിഞ്ഞ് സഹായിച്ചിരുന്നു. എന്തിന് ഞങ്ങൾ പരസ്പരം മത്സരിച്ച് നിന്‍റെ ഫീസടച്ചിട്ടുണ്ട്. അതൊക്കെയും നിന്നോടുള്ള ആ സൗഹൃദത്തിന്‍റെ ബലമായിരുന്നു.”

“ശരിയാണ്. അതെല്ലാം ഞാൻ ഓർക്കാറുണ്ട്. ആ സൗഭാഗ്യങ്ങൾ അനുഭവിച്ച ഞാൻ ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ തന്നെയാണ്. പക്ഷെ ലച്ചീ, ഒറ്റ നോട്ടത്തിൽ തന്നെ നീ എന്‍റെ വിശപ്പ് തിരിച്ചറിയുമായിരുന്നു. എത്രയോ തവണ കോളേജ് കാന്‍റീൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നിരിക്കുന്നു. എന്തിന്, വീട്ടിൽ കൊണ്ടുപോയി അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിപ്പിച്ചിട്ടില്ലേ.” ഗൗതമിന്‍റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.

“പക്ഷേ, ഗൗതം നീ ഇവിടെ?”

“ഇവിടെ യൂണിവേഴ്സിറ്റി കോളേജിലാണ് ഞാനിപ്പോൾ. കുഴപ്പമില്ലാത്ത സാലറിയുണ്ട്. ഈ ജോലിയിൽ നിന്നും അവധിയെടുത്തല്ലേ ഞാൻ ബാംഗ്ലൂരിൽ പഠനത്തിന് പോയത്. അവിടെ ദീർഘകാലം ജോലി ചെയ്തു. എല്ലാം മതിയാക്കി തിരിച്ചുപോന്നു.”

“അവിടുത്തെ വീടോ?” ഞാൻ ആത്ഭുതത്തോടെ നോക്കി.

“അതങ്ങനെ തന്നെയുണ്ട്, വൈഫിന് അവിടെ രണ്ട് ബുട്ടീക്കുകൾ ഉണ്ട്. മാസത്തിൽ 70- 80 കിട്ടും. അത് ചില്ലറ കാര്യമാണോ ലച്ചീ?”

“ഗൗതം ഇവിടെ തനിച്ച്?”

“ഇവിടെ ക്വർട്ടേഴ്സിലാ. ഭക്ഷണം പാകം ചെയ്യാൻ കൂടെ ഒരു പയ്യനുണ്ട്.”

“ഈ പ്രായത്തിൽ തനിച്ച് താമസിക്കുകയെന്നാൽ…”

“ഞാനിപ്പോൾ തീർത്തും ശാന്തമായി ജീവിക്കുകയാണ്. പക്ഷേ നീയും തനിച്ചല്ലേ തമസം.” ഗൗതം തെല്ലും കൂസലില്ലാതെ പറഞ്ഞു.

“ഗൗതം, ഇത് ശരിയല്ല. എന്‍റെ കാര്യം വ്യത്യസ്തമാണ്. ഭർത്താവില്ല. അദ്ദേഹം മരിച്ച ശേഷം എനിക്ക് തനിച്ച് താമസിക്കേണ്ടി വന്നു. അതെന്‍റെ വിധി. സ്വന്തം വീട്ടിലോ ഭർത്താവിന്‍റെ വീട്ടിലോ പോയാലും മോളുടെ പഠനം ഉഴപ്പും. അന്നവൾ പത്താം ക്ലാസിലായിരുന്നു. അതുകൊണ്ട് എനിക്ക് തനിച്ച് താമസിക്കേണ്ടി വന്നു. പക്ഷേ, ഗൗതം, നീ സ്വന്തം വീട്ടിൽ നിന്ന് ഒളിച്ചോടുകയല്ലേ?”

“നീ പറഞ്ഞതൊക്കെയും ശരിയാണ്. ഭാര്യക്കും കുട്ടികൾക്കും ഒപ്പമുള്ള താമസം എനിക്ക് മടുത്തു. എന്‍റെ അസ്തിത്വം തന്നെ നഷ്ടപ്പടുകയാണെന്ന് തോന്നി. അതുകൊണ്ട് കുറച്ചുകാലം എനിക്ക് ഞാനായി ജീവിക്കണമെന്ന് തോന്നി. അതൊരു തെറ്റാണോ?”

“അതെന്താ അങ്ങനെ?”

“എന്‍റെ ഭാര്യയും, വളർന്നു വരുന്ന മക്കൾ പോലും എനിക്ക് എതിരാണ്.”

“കുട്ടികളോ?”

“അതെ, ജനിച്ചനാൾ തുടങ്ങി എന്നെപ്പറ്റി മക്കളോട് അവൾ ഓരോന്ന് പറഞ്ഞ് ധരിപ്പിച്ചു വച്ചിരിക്കുകയാണ്. കാൽകാശിന് ഗതിയില്ലാത്ത തറവാട് മഹത്വമില്ലാത്തയാളാണ് ഞാൻ. അവൾ കാരണമാണത്രേ ഞാനീ നിലയിലെത്തിയത്.” ഗൗതമിന്‍റെ കണ്ണുകൾ നിറഞ്ഞു.

“എന്തായീ പറയുന്നത്. ഗൗതം കഷ്ടപ്പെട്ട് പഠിച്ച് നേടിയതല്ലേ എല്ലാം. അന്നൊന്നും ഭാര്യയില്ലായിരുന്നല്ലോ. ജോലി കിട്ടി ഏറെ നാൾ കഴിഞ്ഞായിരുന്നുവല്ലോ നിങ്ങളുടെ വിവാഹം.”

“അത് നമ്മൾ അറിയുന്ന സത്യം. പക്ഷേ, എന്‍റെ മക്കൾ നേരെ തിരിച്ചാണ് ധരിച്ചുവെച്ചിരിക്കുന്നത്. എല്ലാം അവരുടെ അമ്മയുടെ കേമത്തരം കൊണ്ട് നേടിയതാണെന്നാ വിചാരം. അതും പൂർണ്ണമായിട്ടൊന്നും നേടിയിട്ടില്ല.”

വിചിത്രമായ ഒരു പദപ്രശ്നം കണക്കേ ഗൗതമിന്‍റെ ജീവിതം എനിക്ക് മുന്നിൽ വട്ടം കറങ്ങി നിന്നു. നാളെ വിവാഹമോചനപ്പട്ടികയിൽ ഉൾപ്പെട്ടാക്കാവുന്ന മറ്റൊരു ജീവിതം. വളരെ എളിമയുള്ള ആരോടും മനസ്സ് തുറന്ന് സംസാരിക്കുന്ന, ആർക്കും എന്ത് സഹായവും ചെയ്യുന്ന മാന്യനായ വ്യക്തിയാണ് ഗൗതം. ആരോടും മുഖം കറുത്ത് സംസാരിക്കാൻ പോലും സാധിക്കാത്ത സാധു. പക്ഷേ, ഇവിടെ വിധി വൈപരീത്യം പോലെ ജീവിതം അയാളെ അശാന്തിയുടെ തീരങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഞാൻ നിസ്സഹായതോടെ നോക്കി.

“ഗൗതം എനിക്ക് നിന്നെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നുന്നു. നീ ഇവിടെ സ്ഥിരമായി നിൽക്കാൻ തീരുമാനിച്ചോ?”

“അതെ, തിരികെ ജോലിയിൽ ജോയിൻ ചെയ്തത് അതുകൊണ്ടാണ്.”

“അതുമാത്രമല്ലല്ലോ.. തനിച്ച്… കുട്ടികൾക്ക് അവരുടെ അച്ഛനെ കാണണ്ടേ?”

“അവർക്കതിന്‍റെ ആവശ്യമില്ലെന്ന് തോന്നുന്നു. കോളേജിന്‍റെ ലാബ് അസിസ്റ്റന്‍റിന്‍റെ ബന്ധത്തിൽപ്പെട്ട ഒരു പയ്യൻ എന്‍റെ സഹായത്തിനായുണ്ട്. അവനാണ് ഭക്ഷണമൊക്കെ തയ്യാറാക്കുന്നത്. പത്ത് വരെ പഠിച്ച കുട്ടിയാ. അതുകൊണ്ട് ഞാനവനെ അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്തു. എന്‍റെ കൂടെയാ താമസം. അവന്‍റെ അമ്മ മുറി വൃത്തിയാക്കിയിടും.”

“പക്ഷേ, ഇത്രയും നാളും ഭാര്യക്കും കുട്ടികൾക്കുമൊപ്പം കഴിഞ്ഞിട്ട്. പുതിയ ശീലങ്ങളുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ട് തോന്നുന്നില്ലേ?”

“വിഷമമുണ്ടായിരുന്നു. പക്ഷേ, ശീലങ്ങൾ മാറണമല്ലോ. ഇപ്പോൾ ഒരു കുഴപ്പവുമില്ല.”

“ഗൗതം വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്നു തോന്നുന്നു.”

“അല്ല ലച്ചീ, ഇത് വൈകാരികമല്ല. സ്നേഹം, അടുപ്പം, ഇഷ്ടം… ഇതിന്‍റെയെല്ലാം അർത്ഥവും നന്മയുമെല്ലാം ഞാൻ എന്നേ മറന്നുപോയിരിക്കുന്നു. ഗൃഹനാഥനെന്ന നിലയിൽ അൽപമെങ്കിലും നിലയും വിലയും ആദരവും എനിക്ക് ലഭിക്കേണ്ടതല്ലേ. അയാം നോട്ട് അറ്റോൾ എ മെയിൽഷോവനിസ്റ്റ്, ബട്ട് അറ്റ്ലീസ്റ്റ് അസ് എ പേഴ്സൺ, ഐ ഡിസെർവ് സം റെസ്പക്ട്, ബട്ട്….” ഗൗതം ചിരിച്ചു.

“അതെന്തുകൊണ്ട് അങ്ങനെ സംഭവിച്ചു?”

“നിനക്കറിയാമല്ലോ, ഞാൻ കോളേജിലെ ടോപ് റാങ്ക് ഹോൾഡറായിരുന്നു. പരീക്ഷ കഴിഞ്ഞയുടൻ നീ കല്യാണം കഴിച്ചു പോയതുകൊണ്ട് പിന്നീട് നടന്ന കഥയൊന്നും അറിയാനിടിയില്ല. അതുകഴിഞ്ഞ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത് ഞാൻ പഠിച്ചു. പരീക്ഷകൾ എഴുതി. വലിയ കമ്പനിയിൽ ജോലി, നല്ല ശബളം, എനിക്ക് ധാരാളം വിവാഹാലോചനകൾ വന്നു. നാട്ടിലുള്ള മുത്തശ്ശിയല്ലാതെ എനിക്ക് ആരുമില്ലായിരുന്നല്ലോ. ശരിയായ തീരുമാനമെടുക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ വന്ന ആലോചനയായിരുന്നു സുമയുടേത്. സമ്പന്ന, സുന്ദരി, എംഎക്കാരി… എല്ലാം അവർ തീരുമാനിക്കുകയായിരുന്നു.”

“സന്തോഷിക്കേണ്ടതല്ലേ…”

“അതേ, ഞാൻ സന്തോഷിക്കേണ്ടവൻ തന്നെയാ. പക്ഷേ, മുത്തശ്ശി സന്തോഷിച്ചു. സന്തോഷം സഹിക്കാനാവാതെ മുത്തശ്ശി കല്യാണം കഴിഞ്ഞതിന്‍റെ പിറ്റേമാസം എന്നെ വിട്ടുപോയി. പക്ഷേ, ജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടായില്ല.

സുമയുടെ അച്ഛൻ എന്‍റെ വീടിന്‍റെ ഓരോ മുറിയും അലങ്കരിച്ചു. ബാംഗ്ലൂരിൽ വീട്, സമ്പന്നരായ ബന്ധുക്കൾ, അവളുടെ കൂട്ടുകാരികൾ എല്ലാവരും വീട്ടിൽ വന്നു പോയ്ക്കൊണ്ടിരുന്നു. ചിലർ ഞങ്ങൾക്കൊപ്പം താമസിച്ചു.

ആദ്യമാദ്യം എനിക്കും അതൊക്കെ സന്തോഷമുള്ള കാര്യമായിരുന്നു. ബന്ധുക്കളുടെ സാന്നിദ്ധ്യം ഞാനും ഇഷ്ടപ്പെട്ടു. നിഷ്കളങ്കനായതുകൊണ്ട് അവളുടെ ബന്ധുക്കളുടെ പുച്ഛമൊന്നും മനസ്സിലാക്കാനായില്ല. എന്‍റെ ഭാര്യ എന്‍റെ തറവാടിത്തമില്ലായ്മയെക്കുറിച്ചും രീതികളെക്കുറിച്ചും കഥകൾ പറഞ്ഞ് ചിരിച്ചു. അതൊക്കെ തമാശയായി കണ്ട് ആദ്യമൊക്കെ ഞാനും കൂടെ ചിരിച്ചു.”

കുറച്ചു നേരം ഗൗതം നിശ്ശബ്ദനായിരുന്നു. തൊണ്ട വരണ്ടതിനാൽ ചായ കുടിച്ചു.

“ഈ നില തുടർന്നപ്പോഴാണ് ഞാനെന്‍റെ അസ്തിത്വത്തെക്കുറിച്ചും മാനഭിമാനത്തെക്കുറിച്ചും ഓർക്കുന്നത്. അപ്പോഴേക്കും വർഷങ്ങൾ കടന്നുപോയിരുന്നു. കുട്ടികളും വളർന്നു.

അമ്മയ്ക്കൊപ്പം ചേർന്ന് അവരും എന്നെ വിവരമില്ലാത്തവനും വിലകെട്ടവനായും മുദ്രകുത്തി. ഞാൻ എതിർത്തപ്പോഴൊക്കെ എന്‍റെ കുടുംബമഹിമയെപ്പറ്റി പറഞ്ഞ് അപഹാസ്യനാക്കി.

ഒരു മനുഷ്യനെ ഒരാൾക്ക് എത്രതവണ കൊല്ലാൻ കഴിയും. പക്ഷേ, എന്‍റെ കാര്യത്തിൽ പല തവണ കൊല ചെയ്യപ്പെട്ട ആളാണെന്നു വേണം പറയാൻ.”

ഗൗതമിനോട് എന്തു പറയെണമന്നറിയാതെ ഞാൻ സ്തബ്ധയായിരുന്നു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും “ഇനി എന്താണ് തീരുമാനം?”

“മ്യൂച്ചൽ ഡിവോഴ്സ്” ഗൗതമിന്‍റെ അറത്തുമുറിച്ചുള്ള മറുപടി എന്നെ ഞെട്ടിച്ചു.

“ഭാര്യ അതിന് സമ്മതിക്കുമോ?”

“സമ്മതിക്കാതിരിക്കുകയില്ല.” ഗൗതം ഒരു നിമിഷം നിശ്ശബ്ദനായി ഇരുന്ന ശേഷം തുടർന്നു “ഇത്രയും നാളും സഹിച്ച് കുടുംബജീവിതത്തെ ഭദ്രമാക്കാൻ ഞാൻ ഏറെ ശ്രമിച്ചു. ഇനി വയ്യ.”

വാക്കുകൾ കിട്ടാതെ ഞാൻ ഗൗതമിന് മുന്നിൽ നിസ്സഹായയി നിന്നു. എന്‍റെ എല്ലാമെല്ലാമായ എന്‍റെ സഹോദരന്… ഒരു നിമിഷം എന്‍റെ മനസ്സിൽ ഉയർന്ന തേങ്ങൽ അടക്കിപ്പിടിച്ച് ഞാൻ ഗൗതമിന് മുന്നിൽ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. ജനിച്ചനാൾ മുതൽ ഏറെക്കുറെ അനാഥത്വത്തിൽ കഴിഞ്ഞിരുന്ന ഗൗതമിന് ഏത് തെറ്റിന്‍റെ പേരിലാണ് ഈ ശിക്ഷ വിധിച്ചത്?

“എന്താണ് ചിലരുടെ ജീവിതത്തിൽ മാത്രം എപ്പോഴും സങ്കടങ്ങൾ കൂട്ട് കൂടുന്നത് എന്നറിയാമോ ലച്ചിക്ക്…” ഗൗതം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ടാണ് ഇത് ചോദിച്ചത്.

“ഹൃദയം നിറയെ സ്നേഹം ഉള്ളതുകൊണ്ട് എല്ലാം ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി ഉണ്ടെന്ന് അറിയുന്നതുണ്ടാവാം.”

ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കാതെ കൈ കൊടുത്ത് പിരിഞ്ഞു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें