“അല്ലാ... അമ്മ ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെയാണല്ലോ മാഷിനെ നോക്കുന്നത്?”
നന്ദൻമാഷിൽത്തന്നെ ശ്രദ്ധ കേന്ദീകരിച്ചിരുന്ന ഹേമാംബിക, ശബ്ദം കേട്ടിടത്തേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കി. നയനയാണെന്നു കണ്ട് അല്പം ലജ്ജയോടെ പറഞ്ഞു.
“ഞാൻ... ഞാൻ നന്ദൻമാഷിന് ആഹാരം എടുത്തു കൊടുക്കുകയായിരുന്നു.”
“അല്ല അതുമനസ്സിലായി... അതുകൊണ്ടാണല്ലോ ഞാൻ ചോദിച്ചത് അമ്മ നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞെന്ന വണ്ണമാണ് പരിചരിക്കുന്നതെന്ന്.” അവൾ അർത്ഥഗർഭമായിട്ടാണ് അത് പറയുന്നതെന്ന് ഹേമാം ബികയ്ക്ക് മനസ്സിലായി. പെട്ടെന്ന് തലകുനിച്ച് ഹേമാംബിക പറഞ്ഞു.
“അല്ലെങ്കിൽ നിന്നോട് ഞാനെന്തിനാ മറയ്ക്കുന്നത്. നിനക്കറിയില്ല മോളെ ഞാനിപ്പോൾ എത്ര സന്തോഷവതിയാണെന്ന്. എന്‍റെ ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിലൊന്നാണിത്. നന്ദൻമാഷിനെ ഇങ്ങനെ അടുത്തിരുന്ന് പരിചരിക്കാനാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.”
“എന്‍റെ അമ്മ ഭാഗ്യവതിയാണ്. സ്നേഹിച്ച പുരുഷനെ അടുത്തു കിട്ടുന്നതിനോളം ഭാഗ്യം ഒരു സ്ത്രീക്ക് മറ്റൊന്നില്ല. അതിനു പുറമേ അദ്ദേഹത്തെ പരിചരിക്കാൻ കൂടി അവസരം ലഭിച്ചാലോ?”
“അതെ മോളെ. ഞാനിന്ന് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന് തോന്നിപ്പോകുന്നു. ജീവിതത്തിൽ എല്ലാം നഷ്ടപെട്ടു എന്നു കരുതി ജീവിച്ചവളാണ് ഞാൻ. എന്നാലിന്ന് ജീവിതത്തെക്കുറിച്ച് എനിക്കേറെ ശുഭാപ്തിവിശ്വാസം തോന്നുന്നു.”
“അമ്മേ... അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കും എന്നെനിക്കുറപ്പുണ്ട്. നന്ദൻമാഷിനെ രക്ഷിച്ചെടുക്കാൻ അമ്മക്കു കഴിയും.”
“അതെ മോളെ... എനിക്കും അക്കാര്യത്തിൽ ഉറപ്പു തോന്നുന്നു. എന്‍റെ എല്ലാ പരിശ്രമവും ഇനി അതിലേക്കു മാത്രമായിരിക്കും.”
“നോക്കു അമ്മേ... നന്ദൻമാഷിന് ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു. നമുക്ക് അദ്ദേഹത്തിനെ കിടക്കയിലേക്ക്കിടത്താം”
“ശരിയാണ് മോളെ. ഞാൻ നിന്നോടു വർത്തമാനം പറഞ്ഞിരുന്നതുകൊണ്ട് നന്ദൻമാഷിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ആകെ ക്ഷീണിതനാണ്. ഈ സ്ഥിതിയിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയാണ് എന്‍റെ ആദ്യ കർത്തവ്യം.”
നയന എഴുന്നേറ്റ് നന്ദൻമാഷിനെ കിടക്കയിലേക്ക് കിടത്തുവാൻ ഹേമാംബികയെ സഹായിച്ചു. തലയിണ വച്ച് തല ഉയർത്തി അദ്ദേഹത്തിന് സുഖകരമായി കിടക്കുവാൻ അനുവദിച്ചു. എന്നിട്ട് ഒരു കൊച്ചു കുഞ്ഞിന്‍റെ ശാന്തത അദ്ദേഹത്തിന്‍റെ മുഖത്ത് കളിയാടുന്നത് നോക്കി അവർ ഇരുവരും ഇരുന്നു.
“ഈ മുഖം കണ്ടാലറിയാം അമ്മേ അദ്ദേഹം എത്രമാത്രം നല്ലവനാണെന്ന്.”
“അതെ നയന. ഒരു കാലത്ത് സൂര്യതേജസ്സായിരുന്നു ഈ മുഖത്തിനുണ്ടായിരുന്നത്. അത് നോക്കി ഞാൻ സ്വയം മറന്ന് എത്ര നിന്നിട്ടുണ്ടെന്നോ. എന്നാലിപ്പോൾ അദ്ദേഹത്തിന്‍റെ കിടപ്പു കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല കുട്ടീ...” ഹേമാംബികയുടെ കണ്ണുകൾ കരകവിഞ്ഞൊഴുകി. അതുകണ്ട് നയന പറഞ്ഞു.
“അയ്യേ... അമ്മ എന്തിനാ കരയുന്നത്? നമ്മൾ അദ്ദേഹത്തെ ഈ സ്ഥിതിയിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കില്ലേ?”
“ശരിയാണ് കുട്ടീ... അതോർക്കുമ്പോൾ മാത്രമാണ് ഞാൻ ആശ്വസിക്കുന്നത്. ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികളാണ് എന്‍റെ മുന്നിൽ നീണ്ടു കിടക്കുന്നത്. മാത്രമല്ല ഇനി കുറെ നാളത്തേക്ക് മറ്റുള്ള ആരുടെ കാര്യത്തിലും ഞാൻ കൂടുതലായി ഇടപെടുകയില്ല. എല്ലാം നീ തന്നെ കൈകാര്യം ചെയ്തു കൊള്ളണം.”
“ശരി അമ്മേ... അതമ്മ എന്നോട് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടോ എല്ലാം നോക്കിം കണ്ടും ഞാൻ ചെയ്തു കൊള്ളാം.”