റിട്ടയർമെന്‍റ്

ഇറങ്ങിയപ്പോൾ തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു. അവസാനമായി ഈ വീടിന്‍റെ പടിയിറങ്ങുകയാണല്ലോ. പക്ഷേ മനസ്സിനെ നിയന്ത്രിച്ചു. കമ്പനിയുടെ കോട്ടേഴ്സ് ഉണ്ടായിട്ടും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹം മൂലം കമ്പനിക്ക് അടുത്ത് തന്നെ സ്ഥലം വാങ്ങിച്ച് വെച്ച വീടാണ്. മുമ്പിൽ ഒരു പൂന്തോട്ടം. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന അപൂർവ്വ ഇനങ്ങളിൽ പെട്ട ചെടികളും സ്വയം പരിപാലിച്ചു വളർത്തിയ ബോൺസായി മരങ്ങളും. അവയിൽ ചില മാവുകൾ പതിവായി കായ് ഫലം തരുന്നവയുമാണ്. പൂന്തോട്ടത്തിൽ ചെറിയ മീൻ കുളം. കുളം നിറയെ വർണ്ണ മത്സ്യങ്ങൾ.

വീടിനു പുറകിൽ ഒരു പച്ചക്കറി തോട്ടം. വേണ്ടയും വഴുതനയും മുരിങ്ങയും എല്ലാം ഉണ്ട്.

എല്ലാം സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിച്ചതാണ്. ഈ വീടാണ് ഇന്ന് വിടുന്നത്. വീട് വിടാൻ ഉള്ളത് എന്ന് ഏതോ ഒരു വാസ്തുവിദഗ്ധൻ എഴുതിയത് എവിടെയോ വായിച്ചത് ഓർമിച്ചു.

പക്ഷേ ഇന്നിവിടം വിടുമ്പോൾ തിരിഞ്ഞു നോക്കരുത്. നൊമ്പരവും ആശ്വാസവും ഒപ്പം ഉള്ളിൽ ഒതുക്കി ആർക്കും ഒരു സംശയത്തിനും ഇട കൊടുക്കാതെ സാധാരണ മട്ടിൽ ഇറങ്ങണം. അതിനുവേണ്ടി കുറെ നാളായി വളരെ കരുതലോടെ ആയിരുന്നു എല്ലാം ചെയ്ത് തീർത്തത്. ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയിരുന്നുവെങ്കിൽ ഇന്നിങ്ങനെ ഇവിടം വിട്ടു പോകാൻ സാധിക്കില്ലായിരുന്നു.

ഓഫീസിൽ തൽക്കാലം ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി പിരിഞ്ഞു പോകാൻ മൂന്നുമാസം കൂടിയുണ്ട്. ഈ മൂന്നുമാസവും ലീവ് എടുക്കണം. ലീവിന്‍റെ സമയത്ത് ഒരു അജ്ഞാതവാസവും. എവിടെ എന്ന് ആരും അറിയാൻ ഇല്ലാത്ത ഒരു യാത്രയും. ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ഇന്ന് തന്നെ റിട്ടയർമെന്‍റിന്‍റെ കടലാസുകൾ ഒക്കെ ശരിയാക്കി ഒപ്പിടണം. പിഎഫ്, ഗ്രാറ്റുവിറ്റി എന്നീ വകയിൽ കിട്ടുന്നതിന്‍റെ പാതി ഭാഗം തന്‍റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലും. ബാക്കി തുക പുതുതായി രഹസ്യമായി തുടങ്ങിയിട്ടുള്ള പുതിയ അക്കൗണ്ടിലും നിക്ഷേപിക്കാൻ ഏർപ്പാട് ചെയ്യണം. വീട് ഭാര്യയ്ക്കും ഇളയ മകനുമായി നേരത്തെ എഴുതിവെച്ചു കഴിഞ്ഞു.

മൂത്തമകൻ വിവാഹിതനായി മറ്റൊരു പട്ടണത്തിൽ താമസിക്കുന്നു. അവനെക്കുറിച്ച് വേവലാതി വേണ്ട. അവന് സാമാന്യം തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്. അവന്‍റെ ഭാര്യയും ഉദ്യോഗക്കാരിയാണ്. മാത്രവുമല്ല അവന് കൊടുക്കാനുള്ളത് അവൻ വീട് വച്ചപ്പോൾ തന്നെ കൊടുത്തിട്ടുണ്ടല്ലോ. മകൾക്കും വേണ്ടതിലധികം കൊടുത്തിട്ടുണ്ട്. അവൾക്കും ഉദ്യോഗമുണ്ട്.

ഏറ്റവും ഇളയവനെ പറ്റിയായിരുന്നു വേവലാതി. കൂട്ടുകെട്ട് മോശമായിപ്പോയി. അനുസരണയില്ലാത്തവൻ ആയി. പഠിത്തം ഉഴപ്പി. അതിനിടയിൽ ഒരന്യ ജാതിക്കാരി പെൺകുട്ടിയെ രജിസ്റ്റർ കല്യാണം കഴിച്ചു. ഒട്ടും ധനസ്ഥിതിയില്ലാത്ത ഒരു കുടുംബത്തിലെ പെൺകുട്ടി. കോളേജിൽ വെച്ച് പരിചയപ്പെട്ട് പ്രേമം ആയതാണ്. അവളെയും കൂട്ടി വീട്ടിൽ വന്നു കയറിയപ്പോൾ തടഞ്ഞില്ല. തടഞ്ഞാൽ മകനെ നഷ്ടപ്പെടും എന്ന് തോന്നി.

വിവാഹം കഴിഞ്ഞപ്പോൾ മകന് ഒരു ചെറിയ കട ഇട്ടു കൊടുത്തു. പക്ഷേ അതിന്‍റെ വലിപ്പം പോരെന്നായി പരാതി. ഭാര്യക്കും അതുതന്നെയായിരുന്നു അഭിപ്രായം. നിങ്ങളുടെ സ്റ്റാറ്റസിന് പറ്റിയ ഒരു വലിയ കട തുടങ്ങിക്കൂടായിരുന്നോ? എന്ന ചോദ്യവും. വലിയ ഒരു ഡിപ്പാർട്ട്മെന്‍റ് സ്റ്റോർ പോലെ ഒരെണ്ണം അവർ പ്രതീക്ഷിച്ചിരുന്നെന്നു തോന്നി. അത്രയും വലിയൊരു തുക കയ്യിലില്ലായിരുന്നു പറഞ്ഞപ്പോൾ പിഎഫിൽ നിന്നും കടമെടുത്താൽ മതിയായിരുന്നല്ലോ എന്നായി. പിരിഞ്ഞു പോരുമ്പോൾ കിട്ടുന്ന തുക അല്ലാതെ ഒരു പൈസ പോലും പെൻഷൻ ഇല്ലാത്തവൻ ആണ് താനെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുകയായിരുന്നോ? ചെറിയ കട നന്നായി നോക്കി നടത്തി വിപുലപ്പെടുത്തേണ്ട ചുമതല എങ്കിലും അവൻ ഏറ്റെടുക്കണം. അല്ലെങ്കിൽ അധ്വാനത്തിന്‍റെ, അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്‍റെ വില മനസ്സിലാവില്ല.

എങ്കിലും ജോലിയിൽ നിന്നും വിരമിക്കുമ്പോൾ കിട്ടുന്ന തുകയിൽ ഒരു ഭാഗം കൊണ്ട് അവന്‍റെ കട വികസിപ്പിക്കുന്ന കാര്യം മനസ്സിലുണ്ടായിരുന്നു.

ആയിടെയാണ് ഒരു ദിവസം യാദൃശ്ചികമായി അമ്മയും മകനും തമ്മിലുള്ള സംഭാഷണം കേൾക്കാൻ ഇടയായത്. അച്ഛന് റിട്ടയർ ചെയ്യാൻ ഇനി എത്രനാൾ ഉണ്ടെന്ന് അവൻ ചോദിക്കുന്നു. കണക്കുകൂട്ടി അവൾ മറുപടി പറയുന്നു. ഒരു നാലഞ്ചു മാസം മുമ്പാണ് സംഭവം.

പെട്ടെന്ന് ഉള്ളിലൊരാന്തൽ. പിന്നെ എത്ര ശ്രമിച്ചിട്ടും മനസ്സ് ശാന്തമായില്ല.

മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് സഹപ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ പറഞ്ഞത് ഓർമ്മ വന്നു.

തനിക്കറിയാമോ, എനിക്കിപ്പോൾ വീട്ടിൽ പോകാൻ ഭയമാണ്. ഒരിക്കൽ രണ്ടുപേരും കൂടി ഒരിടത്തു പോയിട്ട് തിരികെ വരുമ്പോഴായിരുന്നു. വിചാരിച്ചതിലും കൂടുതൽ വൈകിയതിനെ കുറിച്ച് സംസാരിച്ചപ്പോൾ. എനിക്ക് മാത്രമല്ല, മറ്റു ചിലർക്കുമുണ്ട് ഇപ്പോൾ ഈ ഭയം.

അന്ന് സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. താൻ വേണ്ടാത്തതൊന്നും ആലോചിക്കരുത്.

വിശ്വസിച്ചില്ല, വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതം പങ്കിട്ട ഭാര്യ. ഓമനിച്ചു വളർത്തിയ മക്കൾ. അവരങ്ങനെ ചെയ്യുമോ?

എങ്കിലും കഴിഞ്ഞകൊല്ലം കുളിമുറിയിൽ കാൽ തെന്നി ടാപ്പിൽ തലയിടിച്ചു വീണ് മരിച്ച ജോസഫ് മരിയദാസിന്‍റെ മുഖം വീണ്ടും വീണ്ടും ഓർമ്മയിൽ വന്നുകൊണ്ടിരുന്നു. ജോസഫ് റിട്ടയർ ചെയ്യുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു മരണം. മേൽപ്പറഞ്ഞ സംഭാഷണം നടന്നു കഴിഞ്ഞ് കുറച്ചുനാൾക്കകം റിട്ടയർമെന്‍റിനു മുമ്പ് തന്നെ സുബ്രഹ്മണ്യൻ കുളത്തിൽ മുങ്ങി മരിച്ചു.

ജോസഫിന്‍റെയും സുബ്രഹ്മണ്യന്‍റെയും ഓരോ മക്കൾക്ക് കമ്പനിയിൽ ജോലി കിട്ടി.

കമ്പനിയിൽ കുറെ നാൾ അടക്കിപ്പിടിച്ച സംസാരം ഉണ്ടായി. ജോലി കഴിഞ്ഞാൽ ലീവിന് അപേക്ഷ കൊടുക്കണം. പിന്നെ കമ്പനിയുടെ പടിയിറങ്ങുന്നു.

കുറച്ചു ദിവസങ്ങൾക്കകം തന്‍റെ രാജി കത്ത് ഓഫീസിൽ കിട്ടും. വളരെ അടുത്ത ഒന്ന് രണ്ട് സ്നേഹിതരോട് മാത്രം ചിലതൊക്കെ സൂചിപ്പിച്ചിട്ടുണ്ട്.

ഒരു ജോഡി ഡ്രസ്സും പോലും എടുക്കാതെ, ഒറ്റയ്ക്ക് യാത്ര തുടങ്ങുന്നു.

ഇടവഴിയിലെ വെളിച്ചം

ശിൽപ്പയും സുമേഷും പിരിയാനാവാത്ത വിധം അടുത്ത് പോയ പ്രണയികളായിരുന്നു. പക്ഷേ എന്തുകൊണ്ടോ അവരുടെ പ്രണയം വിവാഹത്തിൽ എത്തിയില്ല. ചിലർ പ്രണയിക്കാൻ വേണ്ടി മാത്രം കണ്ടുമുട്ടുന്നവരാണ് ചിലർ ഒന്നിച്ച് ജീവിക്കുവാനും.

കോളേജ് വിട്ടപ്പോൾ രണ്ടാളും രണ്ടു വഴിക്കായി. പിന്നീട് കാണുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതു വളരെ യാദൃശ്ചികമായി ഒരു കൊമേഴ്സ്യൽ കോംപ്ലക്സിന്‍റെ പരിസരത്ത് വെച്ച്. രണ്ടാളുടെയും ഓഫീസ് അടുത്തടുത്തായിരുന്നു. ഇനി എന്നും കാണാം, സംസാരിക്കാം. രണ്ടുപേർക്കും സന്തോഷമായി. ചെറിയ കാലയളവിലെങ്കിലും കാലം അവരിലും മാറ്റങ്ങൾ വരുത്തിയിരുന്നു.

ആദ്യം കണ്ടപ്പോൾ കുശലാന്വേഷണങ്ങൾക്കപ്പുറം ഡീറ്റെയിൽ ആയി ഒന്നും ഇരുവരും ചോദിച്ചിരുന്നില്ല. പിന്നീടുള്ള കണ്ടുമുട്ടലുകളിൽ നിന്ന് ഒരു കാര്യം ശിൽപയ്ക്ക് മനസ്സിലായി. സുമേഷിന്‍റെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല.

ഒരിക്കൽ സുമേഷ് പറഞ്ഞു, ഞാൻ നിന്നെ കല്യാണം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതാണ്.

എന്തിനാണ് ഇങ്ങനെയെല്ലാം സംസാരിക്കുന്നത്? ശിൽപ വല്ലാതായി.

ഞാൻ പറയുന്നത് എന്‍റെ ഹൃദയവേദനകളാണ്.

സത്യം പറയൂ. വന്ദനയോടൊപ്പം ഉള്ള നിന്‍റെ ജീവിതം സുഖകരം അല്ലേ ? ശിൽപ മടിച്ചു മടിച്ചു ചോദിച്ചു.

അല്ല അതൊന്നും പറയാതിരിക്കുന്നതാണ് ഭേദം.

നിന്‍റെ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്. നീ വളരെ സന്തോഷവാനായിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. സുമേഷ്… നിന്‍റെ ദുഃഖങ്ങളും പ്രയാസങ്ങളും എന്നോട് പങ്കുവയ്ക്കാം. നിനക്ക് ആശ്വാസമാകും എങ്കിൽ. ശിൽപ സുമേഷിനോട് ക്യാമ്പസ് കാലത്തിൽ എന്നപോലെ സ്നേഹം കാണിച്ചു.

വന്ദനയും ഞാനും നല്ല ജോഡി ആണെന്നാണ് കുടുംബക്കാരെല്ലാം പറയുന്നത്. പക്ഷേ ഞങ്ങൾ തമ്മിൽ ചേരില്ല. എന്‍റെ ചിന്താഗതി അല്ല അവളുടേത്. സുമേഷിന്‍റെ ശബ്ദം ഇടറി.

പൊരുത്തക്കേടിന്‍റെ മുഖ്യകാരണം എന്താണ്? ശിൽപ ചോദിച്ചു.

ഞങ്ങൾ രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ ആണ്. ഒന്നിലും പൊതുവായ പൊരുത്തമില്ല. വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളും ഉണ്ട്. പക്ഷേ ചിരിയും സന്തോഷവും ഇല്ല. അവളുടെ പിടിവാശിയും സംശയവും വഴക്കാളി സ്വഭാവവും എനിക്ക് തീരെ പിടിക്കുന്നില്ല.

സംശയം എന്ന് പറയുന്നത്… ഈ മറ്റു സ്ത്രീകളുമായി സംസാരിക്കുന്നതും കളിച്ചു ചിരിച്ച് ഇടപെടുന്നതും ഇഷ്ടമല്ല എന്നാണോ?

ഭർത്താവിനെ കെട്ടിയിട്ട് വളർത്തണം എന്ന ചിന്തിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിലാണ് വന്ദനയും. എനിക്ക് ഒരു സ്വാതന്ത്ര്യവുമില്ല. ചിലപ്പോൾ തോന്നും ഡിവോഴ്സ് ആണ് നല്ലതെന്ന്. സുമേഷ് ഭാര്യയോടുള്ള വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഹൃദയം തുറന്നു.

സുമേഷ് നീ രണ്ടു കുട്ടികളുടെ അച്ഛനാണ്. ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ശരിയല്ല. ഞാനും ഭർത്താവും നാളെ നിന്‍റെ വീട്ടിൽ വരാം. നിന്‍റെ ഭാര്യയെയും കുട്ടികളെയും കാണാലോ.

അയ്യോ നീ എന്‍റെ പൂർവ്വ കാമുകിയാണെന്ന് തമാശ മട്ടിൽ പോലും വന്ദനയോട് പറയല്ലേ. ഒരിക്കലും നല്ല അതിഥിയായി എന്‍റെ വീട്ടിൽ നിനക്ക് വരാൻ പറ്റില്ല.

ഡോണ്ട് വറി. എല്ലാം ഞാൻ നോക്കിക്കൊള്ളാം. യാത്ര പറഞ്ഞു പിരിഞ്ഞു.

അന്ന് രാത്രി ശിൽപ ഭർത്താവ് രവിയോട് സുമേഷിന്‍റെ കാര്യം പറഞ്ഞു. രവി ശിൽപ്പയുടെ നല്ല കൂട്ടുകാരനും ബുദ്ധിമാനായ ഭർത്താവ് സ്നേഹമുള്ളവനും ആണ്. ഭർത്താവിനോട് അവൾ ഒന്നും ഒളിച്ചു വയ്ക്കാറില്ല.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രവി ചിരിച്ചുകൊണ്ട് ചോദിച്ചു. അല്ല ഇനി ഇതിൽ നിന്‍റെ റോൾ എന്താണ്? നീയും ടെൻഷനില്‍ ആണല്ലോ.

സുമേഷിന്‍റെയും വന്ദനയുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ശിൽപ ഉള്ളു തുറന്നു.

എന്തിന്?

എന്തിനെന്നോ?

ഞാൻ ഉദ്ദേശിച്ചത് ഇനി നീ ഇടപെട്ട് കാര്യങ്ങൾ കൂടുതൽ വഷളാക്കണ്ട എന്നാണ്.

സാറേ… സുമേഷ് ഹൃദയം കൊണ്ട് നല്ലവനാണ്. പക്ഷേ വിവേകബുദ്ധി ഇല്ല. അതുകൊണ്ടാണല്ലോ എന്നെ നഷ്ടപ്പെട്ടതും ഇപ്പോൾ ഭാര്യയോടൊപ്പം ജീവിക്കുമ്പോൾ സന്തോഷിക്കാൻ കഴിയാത്തതും. അവനെ നേരെയാക്കാനുള്ള ശ്രമമാണ് എന്‍റേത്. ശിൽപ ഭർത്താവിനോട് ചേർന്നിരുന്നു.

അവരെ ഹൃദയം കൊണ്ടടിപ്പിക്കാനാണ് നീ ശ്രമിക്കുന്നത് അല്ലേ? രതീഷ് ശിൽപയുടെ കരം കവർന്നു.

അതിനെ എനിക്ക് നിങ്ങളുടെ സഹായം വേണം. എന്‍റെ പ്രിയതമാ… ശിൽപ പുഞ്ചിരിച്ചു.

രവി ശിൽപയെ ചുംബിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു. അപ്പോൾ ആകാശത്ത് കൂടുതൽ നക്ഷത്രങ്ങൾ തിളങ്ങി.

അടുത്ത ഒഴിവ് ദിനത്തിൽ രവിയും ശിൽപയും കൂടി സുമേഷിന്‍റെ വീട് സന്ദർശിച്ചു. അവർ വന്നപ്പോൾ മുതൽ സുമേഷിന്‍റെ ഹൃദയം മിടിക്കാൻ തുടങ്ങി. ഒരു സമാധാനവുമില്ല. മൈനിന്‍റെ മുകളിൽ ചവിട്ടിയ പോലുള്ള അവസ്ഥ. രണ്ടുമണിക്കൂർ കഴിഞ്ഞ് അവർ പോയപ്പോഴാണ് സുമേഷിന് ആശ്വാസം തോന്നിയത്.

ശിൽപയും വന്ദനയും കൂട്ടുകാരായതാണ് സുമേഷിനെ കൂടുതൽ സന്തോഷിപ്പിച്ചത്. അവർ കൂട്ടാവും എന്ന് സുമേഷ് ഒരിക്കലും കരുതിയിരുന്നില്ല. തനിക്ക് ശിൽപിയോട് തോന്നുന്ന അടുപ്പം ഒരിക്കലും വധനയോടെ് തോന്നാത്തത് എന്താണെന്ന് അയാൾ ആ നിമിഷം ഓർത്തു.

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം തന്നെ സുമേഷ് തന്‍റെ സ്വപ്നം ജീവിക്കുകയാണെന്ന് തോന്നി. അത്രയും റിലാക്സ്ഡ് ആയിരുന്നു അയാൾ. ശിൽപയും സുമേഷും ഒന്നിച്ച് ഷോപ്പിങ്ങിനും മറ്റും പോകാൻ തുടങ്ങി. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണു കഴിക്കാനും ഒരുമിച്ചായി. ഒരു ദിവസം സുമേഷ് തന്നെയുള്ളിൽ കൊണ്ടുനടന്നിരുന്ന കാര്യം ശിൽപയോട് ചോദിക്കുക തന്നെ ചെയ്തു.

ശിൽപ, രവിയും ഒത്തുള്ള നിന്‍റെ ദാമ്പത്യം എങ്ങനെ പോകുന്നു?

ഞാൻ ഭാഗ്യവതിയാണ്. ശിൽപ ഉത്സാഹത്തോടെ പറഞ്ഞു. പ്രതീക്ഷിക്കാത്ത മറുപടി ആയതുകൊണ്ടാവാം സുമേഷിന്‍റെ മുഖം വിളറി.

നീയെന്താ അങ്ങനെ ചോദിച്ചത്? ശിൽപ ചോദിച്ചു.

അല്ല… ഞാൻ വിചാരിച്ചത് നമ്മുടെ സൗഹൃദം വേദനിപ്പിക്കുന്നുണ്ടെന്നാണ്. സുമേഷ് മടിച്ചു മടിച്ചു പറഞ്ഞു.

അങ്ങനെയൊന്നുമില്ല. ഇഷ്ടമുള്ള സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾ പരസ്പരം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കാര്യവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഉണ്ടാവില്ല.

നീ ശരിക്കും മഹാഭാഗ്യവതിയാണ് ശിൽപേ…

നമ്മൾ കൂട്ടായല്ലോ. അതുകൊണ്ട് ഇനി നിന്‍റെ ഭാഗ്യത്തിന്‍റെ താക്കോലും ഞാൻ ആകും.

വന്ദന ഒരിക്കലും നിന്നെപ്പോലെ ആകില്ല. അവൾക്ക് മാറാനാവില്ല.

സുമേഷിന്‍റെ നിരാശ കണ്ടപ്പോൾ ശിൽപ സംസാരം മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടു.

ഒരു ഞായറാഴ്ച അവർ നാല് പേരും കുട്ടികളോടൊപ്പം പിക്നിക്കിനു പോയി.

അതിമനോഹരമായ വെള്ളച്ചാട്ടം കണ്ട് അവരുടെ മനസ്സ് തണുത്തു. രവി വന്ദനയോട് കൂട്ടുകൂടി നടന്നു. അതുകൊണ്ടുതന്നെ സുമേഷിനെ ശിൽപയുമായി കൂടുതൽ നേരം ഇടപഴകാൻ സമയം കിട്ടി. പക്ഷേ പഴയതുപോലെ മനസ്സറിഞ്ഞ് സന്തോഷിക്കാൻ സുമേഷനായില്ല.

രവി നിന്‍റെ വലിയ ഫാനായെന്നാ തോന്നുന്നത്. ഒരു രാത്രി സുമേഷ് വന്ദനയോട് പരാതി പോലെ പറഞ്ഞു.

നിങ്ങളെപ്പോലെ ചുറ്റിക്കളിക്കൊന്നും എന്നെ കിട്ടില്ല. നിങ്ങൾ എന്തിനാണ് വെറുതെ ബിപി കൂട്ടുന്നത്? വന്ദന പറഞ്ഞപ്പോൾ സുമേഷിന് മറുപടി ഇല്ലാതായി.

അടുത്ത ദിവസം കണ്ടപ്പോൾ ശിൽപയോടും സുമേഷ് ഈ കാര്യം പറഞ്ഞു. രവിയെ വന്ദനയിൽ നിന്ന് അകറ്റുക എന്ന ഉദ്ദേശത്തോടെയാണ് സുമേഷ് ഈ കാര്യം എടുത്തിട്ടത്.

ശിൽപയുമായി തനിക്ക് ബന്ധമുള്ളതിനാൽ വന്ദനയോടുള്ള രവിയുടെ കൂട്ട് ഒഴിവാക്കാൻ സുമേഷിന് പറയാനാകുമായിരുന്നില്ല. സ്വന്തം കാര്യം വരുമ്പോൾ ആരും ദുർബലരാകുമല്ലോ.

രവിക്ക് വന്ദനയോടുള്ള അടുപ്പം സുമേഷിന് ശിൽപയോടുള്ളതുപോലെ തന്നെയായിരുന്നു. മുമ്പ് സുമേഷ് മറ്റു സ്ത്രീകളുമായി സംസാരിച്ചിരിക്കുന്നത് പോലും വന്ദനയെ വിഷമിപ്പിച്ചിരുന്നു. ഇപ്പോൾ അങ്ങനെയുള്ള ഫീലിംഗ്സ് ഒന്നുമില്ല. രവി വീട്ടിൽ വരുമ്പോൾ ഒക്കെ മുമ്പ് വന്ദന അനുഭവിച്ച അതേ മാനസിക അവസ്ഥയായി സുമേഷിനും. അയാളുടെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നത് ശിൽപയും രവിയും അറിഞ്ഞിരുന്നു.

അങ്ങനെ അവൾ പ്ലാൻ ചെയ്ത ദിവസം വന്നെത്തി. ഒരു രക്ഷാബന്ധൻ ദിനം. അന്ന് വന്ദന തന്‍റെ മൂത്ത ജേഷ്ഠന്‍റെ അടുത്തേക്ക് രവിയുടെ കാറിൽ പുറപ്പെട്ടു. ശിൽപയും ഒപ്പം ഉണ്ടായിരുന്നു. ആ പരിപാടി തലേദിവസം ഉറപ്പിച്ചതായിരുന്നു. കാരണം, സുമേഷിന് അന്നേദിവസം ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നു.

വന്ദന പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അവളുടെ സഹോദരൻ വിജേഷ് സുമേഷിന് ഫോൺ ചെയ്തു.

ചേച്ചി രാഖി കെട്ടാൻ എപ്പോഴാണ് വരിക? വിജേഷ് ചോദിച്ചു.

അവൾ ഇതുവരെ അവിടെ എത്തിയില്ലേ? സുമേഷ് ചോദിച്ചു.

അവളിതെവിടെ പോയി? അയാൾ ഉടൻ തന്നെ ശിൽപയെ വിളിച്ചു.

എന്നെ എന്‍റെ അമ്മയുടെ വീട്ടിൽ ഇറക്കിയിട്ട് രവിയും വന്ദനയും പോയല്ലോ… കുറെ നേരമായി ശിൽപ പറഞ്ഞു.

സുമേഷിന് ശരിക്കും വട്ടു പിടിച്ചു തുടങ്ങിയിരുന്നു. അസ്വസ്ഥമായ മനസ്സോടെ സുമേഷ് ഭാര്യ വീട്ടിലേക്ക് വിളിച്ചു. അമ്മായിയമ്മയാണ് ഫോണെടുത്തത്.

വന്ദന ഇതുവരെ എത്തിയില്ലല്ലോ. വിജേഷ് അവന്‍റെ ഭാര്യയെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. അവർ പറഞ്ഞു. കൂടുതലൊന്നും ചോദിക്കാതെ സുമേഷ് ഫോൺ വച്ചു.

ലഞ്ച് സമയമായിട്ടും വന്ദന വീട്ടിലെത്താഞ്ഞപ്പോൾ സുമേഷിന് ദേഷ്യം വന്നു. ഹാഫ് ഡേ ലീവ് എഴുതി കൊടുത്തിട്ട് അയാൾ ഓഫീസിൽ നിന്ന് ഇറങ്ങി. നേരെ ശിൽപിയെ കാണാനാണ് സുമേഷ് പോയത്.

തന്‍റെ ആങ്ങളയെ രാഖി അണിയിച്ച് ശിൽപ വീട്ടിലെത്തിയിരുന്നു. വന്നു കയറിയ ഉടനെ വിളറിയെടുത്ത മൃഗത്തെപ്പോലെ അയാൾ ചോദിച്ചു. വന്ദന ഇവിടെയുണ്ടോ?

ഉണ്ടല്ലോ. പക്ഷേ നീ എന്താണ് ഇത്ര വിയർക്കുന്നത്? ശിൽപയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു.

രവി എന്തിനാ വന്ദനയെ ഇങ്ങോട്ട് കൊണ്ടുവന്നത്?

നമുക്ക് അകത്തിരുന്ന് സംസാരിക്കാം. മറ്റുള്ളവർ കേൾക്കണ്ട, ശിൽപ്പ പറഞ്ഞു.

സുമേഷ് ഡ്രോയിംഗ് റൂമിൽ എത്തി. അവിടെ വന്ദന രവിയുമൊത്ത് ചിരിച്ചു കളിച്ചിരിക്കുന്നത് കണ്ട അയാൾ ആകെ തകർന്നു പോയി.

എടാ… സുമേഷ് രവിയുടെ കഴുത്തിൽ പിടിക്കാനായി മുന്നോട്ടാഞ്ഞു.

സുമേഷ്, ഞങ്ങൾ പ്ലാൻ ആകെ മാറ്റിയിരുന്നു. അതുകൊണ്ട്… രവി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാനറിയാതെ പ്ലാൻ മാറ്റിയത് എന്തിനാ? ഞാൻ ഇവളുടെ ഭർത്താവാണ്. സുമേഷിന്‍റെ മുഖം ദേഷ്യത്താൽ ചുവന്നു.

ഇങ്ങനെ കാര്യമറിയാതെ ദേഷ്യപ്പെടുന്നത് എന്തിനാണ്? ശിൽപ ചോദിച്ചു.

ആരും എന്നെ പറ്റിക്കാൻ നോക്കണ്ട. എന്‍റെ ചോദ്യത്തിന് ഉത്തരം നൽകുന്നതാണ് നിങ്ങൾക്ക് നല്ലത്.

നിങ്ങളുടെ പെരുമാറ്റത്തിൽ ഞാൻ ലജ്ജിക്കുന്നു സുമേഷ് രവി പറഞ്ഞു.

നീ ചെയ്തതും വൃത്തികേട് അല്ലേ? സുമേഷ് രവിയെ തല്ലാൻ കൈയുയർത്തി. നീ വന്ദനയെ വശീകരിച്ചിരിക്കുകയല്ലേ. ഗിഫ്റ്റ് കൊടുത്തും ഫോൺ ചെയ്തും ഞാൻ ഇല്ലാത്തപ്പോൾ വീട്ടിൽ ചെന്നും ഇന്ന് ഈ വീട്ടിൽ കൊണ്ടുവന്നും…

സുമേഷ് വന്ദനയെ പുറത്തേക്ക് പിടിച്ചു വലിച്ച് ഇറക്കി. അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

ധൃതിയിൽ വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോൾ മുൻപിൽ വിജേഷ്. വിജേഷിനെ കണ്ട് സുമേഷ് ഒന്ന് തണുത്തു.

നീ എങ്ങനെ ഇവിടെ എത്തി?

ചേച്ചിയോട് രാഖി കെട്ടാൻ ഇവിടെ വരാനാണ് ഞാൻ പറഞ്ഞിരുന്നത്. വിജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ, ഇവിടെ വച്ചാക്കിയത് എന്തിനാ?

രവി ഫോൺ ചെയ്തത് കൊണ്ടാ വന്നത്.

നീ എന്തിനാ ഇവരെ ഇവിടേക്ക് വരുത്തിയത്. എന്‍റെ കുടുംബം കുളമാക്കാൻ ആണോ നിന്‍റെ പരിപാടി? സുമേഷ് വീണ്ടും കലിതുള്ളി.

വന്ദനയ്ക്ക് വീട്ടിൽ പോകാൻ പറ്റിയില്ല. പക്ഷേ അവൾ ഇവിടെ വന്ന് ആങ്ങളയുടെ കൈയിൽ രാഖി കെട്ടി. ഇതാ കണ്ടോ? രവി തന്‍റെ കയ്യിൽ വന്ദന കെട്ടിയ രാഖി കാണിച്ചുകൊടുത്തു.

സുമേഷ്, നിന്‍റെ ചിന്താഗതി മാറ്റാനാണ് ഞങ്ങൾ ഇങ്ങനെ ഒരു കളി കളിച്ചത് ശിൽപ പറഞ്ഞു.

അപ്പോൾ എല്ലാവരും രംഗത്തേക്ക് വന്നു. സുമേഷിന് താൻ കാണിച്ച മണ്ടത്തരം ഓർത്ത് ലജ്ജ തോന്നി.

നിങ്ങൾ മറ്റു സ്ത്രീകളുമായി ചുറ്റി നടക്കുമ്പോൾ വന്ദന എത്രമാത്രം വേദനിച്ചിരിക്കും എന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ? ശിൽപ ഇത് ചോദിച്ചപ്പോൾ അയാൾ കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു.

സുമേഷിനെ നേർവഴിക്ക് കൊണ്ടുവരാൻ എല്ലാവരും ചേർന്ന് ഒരുക്കിയ നാടകമായിരുന്നു ഇതെങ്കിലും ബോധോദയം ഉണ്ടായപ്പോൾ സുമേഷിന് ആരോടും ദേഷ്യം തോന്നിയില്ല.

അന്ന് അവർ അവിടെ ഒരു പാർട്ടി ഒരുക്കി. മുറ്റത്തെ മുല്ലയ്ക്കയാണ് കൂടുതൽ മണവും സൗന്ദര്യവും. സുമേഷിന് അത് മനസ്സിലായി.

തന്‍റെ ജീവിതം തിരിച്ചുപിടിക്കാൻ സഹായിച്ച ശിൽപയോടും രവിയോടും സുമേഷ് നന്ദി പറഞ്ഞു. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വന്ദന സുമേഷിന്‍റെ തോളിൽ തലചായ്ച്ചു കിടന്നു. കാർ വീട് എത്താറായപ്പോഴേക്കും സുമേഷിനും ആ മണം അനുഭവപ്പെട്ടു. മുറ്റത്തു നിറഞ്ഞ മുല്ലപ്പൂക്കളുടെ മണം.

അനുരാഗ നദിയുടെ തീരങ്ങൾ

നിനച്ചിരിക്കാതെയാണ് അഞ്ജനയുടെ വീട്ടിലേക്ക് ഭൂകമ്പങ്ങൾ കടന്നുവരുന്നത്. അന്നൊരു മനോഹരമായ പ്രഭാതമായിരുന്നു. അഞ്ജന പതിവുള്ള മോണിംഗ് വാക്കിന് പുറത്തുപോയ നേരം. അനിയൻ അഭിലാഷും അച്ഛനും ഉണർന്നിട്ടേയില്ല. അപ്പോഴാണ് തിരുവനന്തപുരത്തു നിന്ന് അഞ്ജനയുടെ ഇളയ അമ്മായിയുടെ ഫോൺ വരുന്നത്. അഞ്ജലിയുടെ അമ്മ സരോജം ഓടിച്ചെന്ന് ഫോൺ എടുത്തു. അവരുടെ ഏറ്റവും ഇളയ മകൾ സ്വാതിയുടെ വിവാഹം തീരുമാനിച്ചു എന്നതായിരുന്നു വാർത്ത.

സാധാരണയായി സരോജം അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം ചെയ്യും. മിക്കവാറും അടുക്കളയിൽ തിരക്കിലാവും. എന്നാൽ അന്ന് അതിരാവിലെ തന്നെ സ്വാതിയുടെ വിവാഹം നിശ്ചയിച്ചു എന്ന് അറിഞ്ഞപ്പോൾ മുതൽ സരോജം ആകെ അസ്വസ്ഥയായി. സ്വാതിയാകട്ടെ അഞ്ജലിയെക്കാൾ 10- 12 വയസ്സിന് ഇളയതുമാണ്. സരോജത്തിന് രാഘവൻനായരോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

ദേ, ഞാൻ പറയുന്നത് ഒന്നു കേൾക്കുന്നുണ്ടോ, ഈ കുംഭകർണ്ണ സേവയൊന്നു മതിയാകൂ.

എണീക്കാം, പക്ഷേ ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളാമായിരുന്നു. രാഘവൻ നായർ പാതി ഉറക്കത്തിൽ പറഞ്ഞു.

തരാം… അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ചായയുടെ വിചാരം മാത്രമല്ലേയുള്ളൂ. ഭാരിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്ക് സമയമുണ്ടോ?

എന്താ കാര്യം? വെറുതെ അതും ഇതും പറഞ്ഞ് സമയം കളയാതെ കാര്യം എന്തെന്ന് പറയൂ സരോജം. രാഘവൻ നായർക്ക് ദേഷ്യം വന്നു.

പ്രശ്നമൊന്നുമില്ല… നിങ്ങളുടെ കുഞ്ഞി പെങ്ങൾ ഇന്ദിരയുടെ ഏറ്റവും ഇളയ മകളായ സ്വാതിയുടെ വിവാഹവും നിശ്ചയിച്ചുവെന്ന്. സരോജം രാഘവൻ നായരെ കുറ്റപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു.

ആഹാ… സന്തോഷമുള്ള കാര്യമാണല്ലോ. ആദ്യം എന്തെങ്കിലും മധുരം തരൂ. അതിനുശേഷം ചായ ഉണ്ടാക്കിയാൽ മതി. രാഘവൻ നായർ ഉറക്കെ പറഞ്ഞു.

മധുര പലഹാരം തരാനോ? നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ? ഇളയ പെങ്ങളുടെ മൂന്നാമത്തെ മകളുടെ വിവാഹം വരെ തീരുമാനമായി. ഇവിടെ ഒരുത്തി ഉണ്ടല്ലോ. സ്വാതിയെക്കാൾ 10- 12 വയസ്സിന് മൂത്തതായി.

ഓ! അപ്പോഴേക്കും തുടങ്ങി താരതമ്യം ചെയ്യൽ. സ്വാതി എവിടെ? നമ്മുടെ അഞ്ജന എവിടെ? സൗന്ദര്യവും ശമ്പളവും ബംഗ്ലാവും കാറും എന്നുവേണ്ട എന്തെല്ലാം സൗകര്യങ്ങൾ ആണ് അഞ്ചുവിന്. നീ വിഷമിക്കാതെ ഇരിക്കൂ. നമ്മുടെ അഞ്ജനയെ വിവാഹം കഴിക്കാൻ ഒരു രാജകുമാരൻ തന്നെ എത്തും. സ്വാതിയെ അഞ്ജനയുമായി ഉപമിച്ചല്ലോ എന്നോർക്കുമ്പോൾ തന്നെ എനിക്ക് ശരിക്കും ചിരി വരുന്നു. രാഘവൻ നായർ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിനിടയ്ക്ക് പറഞ്ഞു.

എന്നുവരും നിങ്ങളുടെ രാജകുമാരൻ? ഇതൊക്കെ കണ്ടും കേട്ടും എനിക്ക് തലവേദന തുടങ്ങി. സരോജം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.

പിന്നെ ഞാനെന്തു ചെയ്യാനാണ്? അഞ്ജനയ്ക്കു വേണ്ടി വരന്മാരെ വരിവരിയായി നിർത്തണമോ? നിർത്തിയാൽ തന്നെ നിങ്ങൾക്ക് ഇഷ്ടമായാലല്ലേ? വിദ്യാഭ്യാസം കുറവാണ്, ജീവിതം നിലവാരം താഴ്ന്നതാണ്, കൂട്ടുകുടുംബമാണ്, ഒറ്റ മകനായാൽ ഉത്തരവാദിത്വം കൂടും, ഇനി ഇതൊക്കെ ശരിയായാൽ തന്നെ പേഴ്സണാലിറ്റി ഇല്ല എന്ന സ്ഥിരം പരാതിയും.

രാഘവൻ നായർ തിരിച്ചു കുറ്റപ്പെടുത്തുന്ന സ്വരത്തിൽ മറുപടി നൽകി.

അല്ലാതെ വഴിയിലൂടെ പോകുന്ന ആർക്കെങ്കിലും മോളേ കെട്ടിച്ചു കൊടുക്കുവാൻ പറ്റുമോ? സരോജവും കയർത്തു സംസാരിച്ചു. വേണ്ട വേണ്ട. കുതിരപ്പുറത്ത് കിരീടവും വെച്ച് രാജകുമാരൻ ഇപ്പോ ഇങ്ങു വരും. കാത്തിരിക്കണം എന്ന് മാത്രം. ചിലപ്പോൾ അഞ്ജനയ്ക്ക് പ്രായം കൂടിപ്പോകും. പക്ഷേ അതൊന്നും പ്രശ്നമാക്കണ്ട.

രാഘവൻ നായരും സരോജവുമായുള്ള തർക്കം അവസാനം സരോജത്തിന്‍റെ കണ്ണീരിലാണ് അവസാനിക്കാറ്. അപ്പോഴേക്കും നടക്കാൻ പോയ അഞ്ജന മടങ്ങിയെത്തി.

എന്താ? രാവിലെ തന്നെ കീരിയും പാമ്പും പോലെ? അച്ഛനമന്മാർക്കിടയിൽ യുദ്ധമുണ്ടായി കാണുമെന്ന് അവരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അഞ്ജന മനസ്സിലാക്കി.

ചേച്ചി, ഇന്ന് വെളുപ്പാൻകാലത്ത് ചെറിയ അമ്മായിയുടെ ഫോൺകോൾ വന്നിരുന്നു. ചെറിയമ്മയുടെ ഏറ്റവും ഇളയ മകളുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചുവത്രേ. അഞ്ജനയുടെ ഇളയ സഹോദരൻ അഭിലാഷ് പറഞ്ഞു.

സത്യമാണോ? എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല. ഇത്ര ചെറുപ്പത്തിലോ… ഇത്ര ചെറുപ്രായത്തിൽ തന്നെ വിവാഹവും കുടുംബവും…. രണ്ടുമാസം മുമ്പല്ലേ അവൾക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയത്. അഞ്ജന ആശ്ചര്യത്തോടെ തിരക്കി.

നിന്‍റെ ചെറിയമ്മായിയുടെ വീട്ടിൽ രണ്ടു വർഷത്തിനുള്ളിൽ മൂന്നാമത്തെ പന്തലാ ഉയരുന്നത്. സരോജം അഞ്ജനയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

കേട്ടില്ലേ അഭിലാഷ്, നീ വേഗം ഏതെങ്കിലും അഭിലാഷിണിയെ വിളിച്ചു കൊണ്ടുവാ. അമ്മയ്ക്ക് വീട്ടിൽ പന്തൽക്കെട്ടാൻ തിടുക്കമായി. നീയെങ്കിലും അമ്മയെ സഹായിക്കടാ. അഞ്ജന അഭിലാഷിനെ കയ്യോടെ പിടികൂടി.

ചേച്ചി, എനിക്കൊരു അഭിലാഷിണിയും ഇല്ല. അഭിലാഷ് പറഞ്ഞു.

നുണയൻ എന്നെ പറ്റിക്കാൻ നോക്കണ്ട. തിങ്കളാഴ്ച ഡോളപ്പ് പാർലറിൽ ആരുടെ കൂടെയിരുന്നാ നീ ഐസ്ക്രീം കഴിച്ചത്? അഞ്ജന അഭിലാഷിനെ കളിയാക്കും വിധം പറഞ്ഞു.

അഞ്ജു, തമാശ മതിയാകൂ. എനിക്കിതൊന്നും ഇഷ്ടമാകുന്നില്ല. അഭിലാഷ് അത്തരക്കാരനൊന്നുമല്ല. നിന്‍റെ കല്യാണം നടത്താതെ ഇവന് കല്യാണമോ? സരോജം രണ്ടു മക്കളെയും കുറ്റപ്പെടുത്തി.

രാഘവൻ നായർ മിണ്ടാതെ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി. അന്നത്തെ ദിവസം സരോജം ഇനിയും നിസ്സാര കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാക്കുമെന്ന് രാഘവൻ നായർക്ക് നന്നായി അറിയാമായിരുന്നു.

അമ്മേ, ചേച്ചി ഐസ്ക്രീം പാർലറിൽ എന്തു ചെയ്യുകയായിരുന്നു എന്ന് ഒന്നു ചോദിച്ചു നോക്കിക്കേ. ചേച്ചിയുടെ വിചാരം എനിക്കൊന്നും അറിയില്ലെന്നാ അഭിലാഷ് പുഞ്ചിരിച്ചു.

ഓഫീസിൽ നിന്നും മടങ്ങുമ്പോൾ മനുവിനെ കണ്ടു. കുറെനാൾ കൂടിയല്ലേ അവനെ കാണുന്നത്. അതുകൊണ്ട് ഒരു ഐസ്ക്രീം കഴിക്കാം എന്ന് കരുതി. ഞാൻ തന്നെയാണ് മനുവിനെ ഡോളപ്പ് പാർലറിലേക്ക് ക്ഷണിച്ചത് അഞ്ജന പറഞ്ഞു.

ആരാ ഈ മനു? സരോജം പുരികക്കൊടികൾ ചുളിച്ചുകൊണ്ട് ചോദിച്ചു.

ഓ! മനു… മനോജ്. അമ്മയ്ക്ക് ഓർമ്മയില്ലേ 10 വർഷം ഞങ്ങൾ ഒന്നിച്ച് പഠിച്ചതല്ലേ. പഴയ പരിചയം… അത്രേയുള്ളൂ… അഞ്ജന പറഞ്ഞു. പഴയ പരിചയമൊക്കെ കൊള്ളാം അല്ലാതെ… സരോജം മുറുമുറുത്തു.

അഞ്ജനയ്ക്കും അഭിലാഷിനും അമ്മയോട് കൂടുതൽ നേരം സംസാരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലായി. അവർ പതുക്കെ വലിഞ്ഞു. അമ്മയെ അത്രവേഗം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമല്ലെന്ന് അവർക്കറിയാമായിരുന്നു.

അമ്മേ… ഞാൻ പോവാ… സമയമായി… അഞ്ജന മുടി ചീകി ഒതുക്കുന്നതിനിടയ്ക്ക് ഉറക്കെ പറഞ്ഞു.

എങ്ങോട്ട് പോവുകയാണ്? ഇന്ന് ശനിയാഴ്ച അല്ലേ? പോരാത്തതിന് അവധിയും? സരോജം ആശ്ചര്യത്തോടെ തിരക്കി.

ശനിയാഴ്ചയാണ്. പക്ഷേ അടുത്ത ആഴ്ച ഞങ്ങളുടെ ഹെഡ് ഓഫീസിൽ നിന്നും ചില ഓഫീസർമാർ ഇൻസ്പെക്ഷനു വരുന്നുണ്ട്. അതുകൊണ്ട് കുറച്ചു ജോലി കൂടി ചെയ്തു തീർക്കാൻ ഉണ്ട്. അമ്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അഞ്ജന വീടിനു പുറത്തിറങ്ങി.

പക്ഷേ ഓഫീസിലേക്ക് പോകുന്നതിനു പകരം കൂട്ടുകാരിയായ സുഷ്മയുടെ വീട്ടിലേക്കാണ് അവൾ പോയത്.

അഞ്ജു നീയോ? ഞാൻ കുറച്ചുനേരം മുമ്പാണ് നിന്‍റെ വീട്ടിലേക്ക് വിളിച്ചത്. നീ ഓഫീസിലേക്ക് പോയെന്നാണല്ലോ അഭിലാഷ് പറഞ്ഞത്.

അങ്ങനെയൊക്കെ വിചാരിച്ചാ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ പകുതി വഴി താണ്ടിയപ്പോൾ നിന്നെ കണ്ടു പോകാം എന്നു കരുതി. എന്താ കാര്യം? എന്തിനാ എന്നെ വിളിച്ചത്? അഞ്ജന സോഫയിൽ ഇരിക്കുന്നതിനിടയ്ക്ക് ചോദിച്ചു.

പറയാം. അതിനുമുമ്പ് എന്തെങ്കിലും കഴിക്കാം. ഞാനിതുവരെ ഒന്നും കഴിച്ചിട്ടില്ല. സുഷ്മ പറഞ്ഞു.

വീട്ടിലുള്ളവരെല്ലാം ഞങ്ങളുടെ ബന്ധുവിന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് സുഷ്മ പറഞ്ഞു.

നീ പോയില്ലേ? അഞ്ജന ചിരിച്ചുകൊണ്ട് ചോദിച്ചു.

എനിക്ക് ആ കല്യാണത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ എന്നെ കണ്ടാൽ ആളുകൾ പലതരം ചോദ്യങ്ങൾ ചോദിച്ച് അമ്മയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുമെന്നും പറഞ്ഞ് വലിയൊരു വാക്ക് വാദം തന്നെ നടന്നു. ഞാനാണ് കുറ്റക്കാരി എന്നാണ് അമ്മ പറയുന്നത് കണ്ണീർ തുടച്ച് സുഷ്മ പറഞ്ഞു.

എന്നെ എന്തിനാ ഫോൺ ചെയ്തത്? അഞ്ജന ചോദിച്ചു.

ഞാനും നവീനും വിവാഹിതരാവാൻ തീരുമാനിച്ചു.

അതിനു നിന്‍റെ അച്ഛനും അമ്മയും സമ്മതിക്കുമോ? അഞ്ജന അവളെ നോക്കി.

ഇല്ല ഒരിക്കലും ഇല്ല. സഹോദരങ്ങളെയും കുടുംബത്തെയും നോക്കി നവീന്‍റെ ജീവിതം പാഴാകും എന്നാണ് വീട്ടുകാർ പറയുന്നത് സുഷ്മ പറഞ്ഞു.

പിന്നെ?

അച്ഛനില്ലെങ്കിൽ സഹോദരങ്ങളെ പരിപാലിക്കേണ്ട ഉത്തരവാദിത്വം മൂത്ത സഹോദരനല്ലേ. പക്ഷേ അച്ഛനും അമ്മയ്ക്കും ഇതൊക്കെ പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ട് ഞങ്ങൾ അടുപ്പമുള്ള സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരാവാൻ തീരുമാനിച്ചു. സുഷ്മ ദൃഢസ്വരത്തിൽ പറഞ്ഞു.

അല്പസമയത്തേക്ക് രണ്ടുപേരും മിണ്ടാതിരുന്നു. ഞാൻ പൂർണമായും നിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. ജീവിതത്തിലെ മറ്റു കാര്യങ്ങളിൽ നാം സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ പിന്നെ വിവാഹം പോലുള്ള സുപ്രധാന തീരുമാനങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നത് എന്തിനാണ്? അഞ്ജന ചിരിച്ചുകൊണ്ട് പറഞ്ഞു. ഉപദേശിക്കാൻ വളരെ എളുപ്പം സുഷ്മ ചിരിച്ചു.

നീയെന്താ പറയാൻ ഉദ്ദേശിക്കുന്നത്? അഞ്ജന ചോദ്യരൂപേണ സുഷ്മയെ നോക്കി.

നീ ഇപ്പോൾ എന്നോട് പറഞ്ഞത് സജിത്തിനോട് പറയാൻ നിനക്കെന്താ ഇത്ര മടി?

സജിത്തിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നില മോശമാണെന്നാണ് അമ്മ പറയുന്നത്.

അമ്മയുടെ അഭിപ്രായമല്ല, നിന്‍റെ അഭിപ്രായം പറയൂ. സജിത്തിന് നല്ല ജോലിയില്ലേ? നല്ല സ്വഭാവം അല്ലേ? നീ എന്തിനാ സജിത്തിന്‍റെ വിവാഹഭ്യർത്ഥന നിരസിച്ചത്.

എനിക്കറിയാം സജിത്ത് മിടുക്കൻ ആണെന്ന്.

എന്നാൽ ശരി. ഞാനിപ്പോൾ സജിത്തിനെ വിളിക്കാം. സുഷ്മ റിസീവർ കയ്യിലെടുത്തു.

വേണ്ട… ഞാൻ പറയാം. അഞ്ജന സുഷ്മയുടെ കൈ തടുക്കാൻ ശ്രമിച്ചപ്പോഴേക്കും സുഷ്മ സജിത്തുമായി ഫോണിലൂടെ സംസാരിച്ചു തുടങ്ങിയിരുന്നു.

ഞാൻ സജിത്തിനോട് ഇപ്പോൾ തന്നെ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞിട്ടുണ്ട്. റിസീവർ വച്ച് പുഞ്ചിരിച്ചുകൊണ്ട് സുഷ്മ പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ സജിത്ത് അവിടെ എത്തിച്ചേർന്നു. അഞ്ജന ഒന്നും പറയാതെ ഇരുന്നു.

നോക്കൂ സജിത്ത്, ഞാനും അഞ്ജനയും സ്കൂളിൽ ഒന്നിച്ചാണ് പഠിച്ചത്. ജോലിക്ക് പോയി തുടങ്ങിയതും ഒന്നിച്ചാണ്. ഇപ്പോൾ ഒരേ കല്യാണ മണ്ഡപത്തിൽ വച്ച് വിവാഹിതരാവാൻ ആഗ്രഹിക്കുന്നു. നവീൻ എന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അഞ്ജനയും വിവാഹത്തിനു സമ്മതം മൂളിയിട്ടുണ്ട്. ഇനി സജിത്തിന്‍റെ സമ്മതം മതി. സുഷ്മ പറഞ്ഞു.

കുറച്ചുനേരത്തേക്ക് സജിത്ത് നിശബ്ദനായിരുന്നു. പിന്നീട് അഞ്ജനയെ നോക്കി ചോദിച്ചു. അഞ്ജനേ, ഞാൻ ഈ കേൾക്കുന്നത് സത്യമാണോ? എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. അഞ്ജന തലകുലുക്കി സമ്മതം അറിയിച്ചു.

മധുര പലഹാരങ്ങൾ ഒന്നുമില്ല. തൽക്കാലം പഞ്ചസാര കഴിച്ച് സന്തോഷം പങ്കുവയ്ക്കാം. സുഷ്മ ചിരിച്ചുകൊണ്ട് പഞ്ചസാരയുടെ പാത്രം എടുത്തു കൊണ്ടുവന്നു.

കഥയറിയാതെ

യൂണിവേഴ്സിറ്റിയിൽ എത്തിയ ആദ്യത്തെ ദിവസം. മനസ്സിനെ അകാരണമായ ഒരു ഭയം അലട്ടിക്കൊണ്ടിരുന്നു. ഗ്രാജുവേഷന് ഉയർന്ന മാർക്കുണ്ടെന്നതിനാൽ സീറ്റ് കിട്ടുമെന്നുറപ്പായിരുന്നു. ഗോവണി കയറി മുകൾ നിലയിലെത്തിയപ്പോൾ നോട്ടീസ് ബാർഡിനു മുന്നിൽ നാലോ അഞ്ചോ വിദ്യാർത്ഥികൾ നമ്പർ തിരയുന്ന തിരക്കിലായിരുന്നു. നെടുവീർപ്പും ആശ്വാസവും സങ്കടവും സന്തോഷവും ഓരോരുത്തരുടേയും മുഖത്ത് പ്രകടമായിരുന്നു. ഫിസിക്സ് പോസ്റ്റ് ഗ്രാജുവേഷൻ ലിസ്റ്റിൽ രണ്ടാമതായി പേര് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.

അഡ്മിഷൻ നടപടികൾ കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതിനിടയിൽ പിന്നിൽ നിന്നും ആരോ വിളിക്കുന്നു, “ഹലോ, ഒന്നു നിൽക്കണേ…”

എന്നോടായിരിക്കുമോ? ഒരു നിമിഷം ഞാൻ തിരിഞ്ഞു നോക്കി. നീല ജീനസും ഭംഗിയുള്ള ഷോർട്ട് ടോപ്പും ധരിച്ച ഒരു പെൺകുട്ടി. കാഴ്ചയ്ക്ക് ആരെയും ആകർഷിക്കുന്ന പ്രകൃതം, അപ്സര സൗന്ദര്യം. ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു. എന്‍റെ മുഖത്ത് ആശ്ചര്യവും ആകാംഷയും നിറഞ്ഞുനിന്നിരുന്നു.

“ഷൂസിന്‍റെ ലേസ് അഴിഞ്ഞു കിടക്കുന്നു.” അവൾ എന്‍റെ ഷൂസിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാനും ശ്രദ്ധിച്ചു. ശരിയാണ്, പക്ഷേ തട്ടിവീഴാനും പാകത്തിന് ലേസ് അഴിഞ്ഞിട്ടില്ല. എന്തായാലും നന്ദി പറഞ്ഞ് മുന്നോട്ട് നടക്കാനൊരുങ്ങവേ പിന്നിൽ നിന്നും പൊട്ടിച്ചിരിയുടെ ചിലമ്പൽ കേട്ടു.

അടുത്ത ദിവസം ക്ലാസിലെത്തിയപ്പോൾ മുൻവശത്തെ ബെഞ്ചിൽ രണ്ടാമതായി തലേദിവസത്തെ പരിചയക്കാരി. പേര് ഹസീന അഷ്റഫ്. കളിചിരി തമാശയോട് കൂടിയ പ്രകൃതം. എന്നാൽ എന്‍റേത് അൽപം ഒതുങ്ങിയ പ്രകൃതവും. അടുത്തിരിക്കുന്ന പെൺകുട്ടി നേഹയുമായി മാത്രമായിരുന്നു കൂട്ട്.

ക്ലാസ് തുടങ്ങി, പുസ്തകത്താളുകൾ മറിയും വേഗത്തിൽ ദിനങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. പഠനത്തിൽ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞു. എനിക്കായിരുന്നു ക്ലാസിൽ ഉയർന്ന മാർക്ക്. “മിസ്. മുംതാസിന്‍റെ ഉത്തരക്കടലാസ് നിങ്ങൾ ഓരോരുത്തരം വായിക്കണം. വളരെ ചുരുങ്ങിയ വാക്കുകളിൽ എത്ര ഭംഗിയായാണ് ആ കുട്ടി ഉത്തരം പ്രസന്‍റ് ചെയ്തിരിക്കുന്നത്. ” മാഡം പെരേര പറഞ്ഞതുകേട്ട് ഉള്ളിന്‍റെയുള്ളിൽ ആഹ്ലാദവും അഭിമാനവും അലതല്ലി.

ക്ലാസ് കഴിഞ്ഞിരുന്നു, ക്യാമ്പസിൽ പൂത്തുനിൽക്കുന്ന ഗുൽമോഹർ വൃക്ഷങ്ങൾക്കിടയിലൂടെയുള്ള പാടയിലൂടെ ഞാൻ മുന്നോട്ട് നടന്നു. മെയിൻ ഗേറ്റ് കടന്ന് മുന്നിലെ റോഡ് മുറിച്ചു കടക്കാനൊരുങ്ങവേ പിന്നിൽ നിന്നും ഇമ്പമാർന്ന അതേ സ്വരം. “മിസ്. മുംതാസ്… ഒന്ന് നിൽക്കൂ…”

തിരിഞ്ഞുനോക്കിയപ്പോഴേക്കും തൊട്ടു പിന്നിലെത്തിയിരുന്നു ഹസീന. ഞാനുടനെ ഷൂസിലേക്ക് നോക്കി. എന്‍റെ പരിഭ്രമം കണ്ട് അവൾ കിലുകിലെ പൊട്ടിച്ചിരിച്ചു. ഒപ്പം കുപ്പിവള കിലുങ്ങുന്ന ഭംഗിയുള്ള കൈകൾ എന്‍റെ നേരെ നീട്ടി. ഇതെന്ത് തമാശ… ഞാനവളെത്തന്നെ നോക്കി. “മുംതാസ്… എന്നെ ഫ്രണ്ടാക്കുന്നതിൽ വിരോധമുണ്ടോ?” എന്തുപറയണം. എന്‍റെ ആശങ്ക കണ്ടിട്ടാവണം അവൾ ചോദിച്ചു, “മുംതാസ്… ആ ഉത്തരക്കടലാസ് ഒന്ന് വായിക്കാൻ തരുമോ? മാഡം പെരേര പറഞ്ഞിരുന്നല്ലോ…” ഞാൻ ഒന്നും മിണ്ടാതെ ഉത്തരക്കടലാസ് നൽകി.

ഇലപൊഴിയും പോലെ ദിനങ്ങളും കൊഴിഞ്ഞു തുടങ്ങിയിരുന്നു. പിന്നീടെപ്പോഴോ ഞാനവളുമായി സൗഹൃദത്തിലായി. അല്ല, അവൾ എന്‍റെ സൗഹൃദം നേടിയെടുക്കുകയായിരുന്നു. എവിടെ പോകുമ്പോഴും അവൾ എന്നേയും കൂട്ടിയിരുന്നു. ഏതുകാര്യവും നിമിഷനേരത്തിനകം ചെയ്തു തീർക്കാൻ സഹായിച്ചിരുന്നു. എന്നാൽ മറ്റുള്ളവരിലെ കുറ്റങ്ങളും കുറുവുകളും ചികഞ്ഞ് ഉറക്കെ പരിഹസിക്കുന്ന ഹസീനയുടെ സ്വഭാവം എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. പലവട്ടം ഞാനവളെ ഒഴിവാക്കാൻ ശ്രമിച്ചിവെങ്കിലും ഓരോ ന്യായങ്ങൾ പറഞ്ഞ് അവൾ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ശ്രദ്ധിച്ചു.

സമ്പന്ന കുടുംബത്തിലാണ് ഹസീന ജനിച്ചതും വളർന്നതും. ഒരേയൊരു സഹോദരൻ. യാതൊരു സാമ്പത്തിക പരാധീനതകളുമില്ലെന്നതിനാൽ ഏതാഗ്രഹവും ഉടനെ സാധിച്ചുകിട്ടിയിരുന്നു.

വാരിക്കോരി സൗന്ദര്യം കിട്ടിയിരുന്നുവെങ്കിലും അത്രതന്നെ പൊങ്ങച്ചവും പരിഹാസവും അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു. സ്വഭാവത്തിലും സാഹചര്യങ്ങളിലും ഞങ്ങൾക്കിടയിൽ വലിയൊരു അന്തരം തന്നെയുണ്ടായി. രണ്ട് സഹോദരികളും ഒരു സഹോദരനുമടങ്ങുന്ന ഇടത്തരം കുടുംബമായിരുന്നു എന്‍റേത്. സാമ്പത്തിക പരാധീനതകൾ കുറേ അലട്ടിയിരുന്നു. ആഗ്രഹങ്ങളും യാഥാർത്ഥ്യമായി സദാ ഒരു മല്ലിടൽ മാത്രം നടന്നിരുന്നു. എൻജിനീയറിംഗ് പഠനം കഴിഞ്ഞ് ജ്യേഷ്ഠൻ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇളയ സഹോദരി സൈന ഗ്രജുവേഷന് പഠിക്കുന്ന കാലം.

ഒരു ദിവസം യൂണിവേഴ്സിറ്റിയിൽ മ്യൂസിക് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അടിപൊളി ഡ്രസ്സൊന്നും വേണ്ട സിംപിൾ സാരി മതിയെന്ന് എല്ലാവരും തീരുമാനിച്ചു. നേരത്തെയെത്തിയവർ ഹാളിന് പുറത്ത് കൂട്ടുകാരികളെ കാത്തുനിൽക്കുകയായിരുന്നു.

അപ്പോൾ നീണ്ടുമെലിഞ്ഞ 5 അടി 6 ഇഞ്ച് ഉയരക്കാരി റിയ നടന്നുവരുന്നു. ക്രേപ്പ് ഷിഫോൺ സാരിയാണ് വേഷം. സ്വതേ ഉയരമുള്ള റിയയ്ക്കപ്പോൾ വല്ലാത്ത ഉയരക്കൂടുതൽ തോന്നിച്ചു.

“ഉണക്കക്കമ്പേൽ തുണി ചുറ്റിയിരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ റിയയെ നോക്കിയാൽ മതി.” റിയ അടുത്തെത്തിയതും ഹസീന പറഞ്ഞു. വലിയൊരു തമാശയൊപ്പിച്ചെന്ന മട്ടിൽ അവൾ കുണുങ്ങിച്ചിരിക്കാൻ തുടങ്ങി. ചമ്മലും വിഷമവും കൊണ്ട് റിയയുടെ മുഖം ചുവന്നു.

“ഏയ്… അങ്ങനെയൊന്നുമില്ല റിയാ, നിനക്ക് സാരി നന്നായി ഇണങ്ങുന്നുണ്ട്. നല്ല ഹൈറ്റുള്ളതുകൊണ്ട് ഏതു സാരിയും നിനക്ക് നല്ല ചേർച്ചയായിരിക്കും.” ഞാൻ റിയയുടെ കൈ പിടിച്ച് സാന്ത്വനിപ്പിച്ചു.

“മുംതാസ്… നീ വെറുതെ ഇവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയല്ലേ. ഓരോ മനുഷ്യർക്കും തങ്ങളാരാണെന്ന് വ്യക്തമായ ബോധമുണ്ടായിരിക്കണം. റിയാ… ഉള്ളത് ഉള്ളതുപോലെ തുറന്നു പറയുന്ന പ്രകൃതമാണെന്‍റേത്. അതുകൊണ്ട് നീയെന്നെ തെറ്റിദ്ധരിക്കരുത്. നിനക്ക് വല്ലാത്ത ഉയരക്കൂടുതലുണ്ട്. അതുകൊണ്ട് ഈ വേഷം നിനക്കൊട്ടും ഇണങ്ങുകയില്ല. ആത്രയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ ഓർഗൻസാ സാരി ഉടക്കാമായിരുന്നു. അതായിരുന്നെങ്കിൽ ഒപ്പിക്കാമായിരുന്നു…”

റിയയുടെ വലിയ കണ്ണുകൾ ഈറനണിഞ്ഞു. ഞാൻ അവളെയും കൂട്ടി ഹാളിനടുത്തേക്ക് നീങ്ങി. ഹസീന അവിടെ നിൽക്കാൻ എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നുവെങ്കിലും ഞാനതൊന്നും ശ്രദ്ധിക്കാതെ റിയയെയും കൂട്ടി ഹാളിലൊരിടത്തു ചെന്നിരുന്നു. റിയ ആകെ മൂഡോഫായി. എനിക്കും വല്ലാത്ത വിഷമം തോന്നി. പ്രോഗ്രാം കഴിയാൻ കാത്തു നിൽക്കാതെ ഞങ്ങൾ ഹാളിൽ നിന്നും പുറത്തിറങ്ങി.

അടുത്ത ദിവസം അവധിയായിരുന്നു. യാതൊരു ഭേദഭാവവും കൂടാതെയാണ് പിറ്റേന്ന് ഹസീന എന്നോടും റിയയോടും പെരുമാറിയത്. അന്നത്തെ ആ സംഭവത്തെ തുടർന്നുണ്ടായ ദേഷ്യം എനിക്കപ്പോഴും മാറിയിരുന്നില്ല. പിന്നീട് ഹസീനയോട് ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഞാനതിനേക്കുറിച്ച് രൂക്ഷമായി വിമർശിച്ചു. “ഹസീന, നീ സുന്ദരിയാണെന്ന് സമ്മതിച്ചു. എന്നുവെച്ച് മറ്റുള്ളവരെ ഇങ്ങനെയൊന്നും അപമാനിക്കരുത്. നീ ഇന്നലെ റിയയോട് അങ്ങനെയൊന്നും സംസാരിക്കരുതായിരുന്നു. ശരിക്കും പറഞ്ഞാൽ നീ അവളോട് ക്ഷമ ചോദിക്കേണ്ടതുണ്ട്.”

കുറ്റബോധവും പശ്ചാത്താപവും ഹസീനയെ അലട്ടുമെന്നാണ് ഞാൻ കരുതിയത്. പകരം അവൾ ഉറക്കെ ചിരിക്കുകയാണുണ്ടായത്. “മുംതാസ്, അപ്പോ നീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. ഓരോ മനുഷ്യരിലും എന്തെങ്കിലുമൊക്കെ കുറ്റങ്ങളും കുറവുകളും കാണും. ഇതൊക്കെ മനസ്സിലാക്കി അതിനനുസരിച്ച് വേഷവിതാനം അണിയാനാണ് ശ്രമിക്കേണ്ടത്. എന്തായാലും സാരി റിയയ്ക്ക് ഒട്ടും ചേരില്ല. അനാവശ്യ സഹതാപം കാട്ടി അവളെ സന്തോഷിപ്പിക്കുന്നതിലും നല്ലത് സത്യം തുറന്ന് പറയുന്നതല്ലേ, സത്യം മനസ്സിലാക്കി അതിനനുസരിച്ച് ഇനിയെങ്കിലും അവൾ ഡ്രസ്സിംഗിൽ ശ്രദ്ധിക്കുമല്ലോ?”

“സത്യാസ്ഥ അറിഞ്ഞുകൊണ്ട് തന്നെയാ ഓരോരരുത്തരും ജീവിക്കുന്നത്. ഉള്ളതൊക്കെ പെരുമ്പറകൊട്ടി മറ്റുള്ളവരുടെ മനസ് വിഷമിപ്പിക്കുന്നതിൽ ഒരു കാര്യവുമില്ല.” മറുപടിയൊന്നും കേൾക്കാൻ കാത്തുനിൽക്കാതെ ഞാനെഴുന്നേറ്റ് നടന്നു.

ഫിസിക്സ് പൊതുവേ ടഫ് വിഷയമാണല്ലോ? നല്ല മാർക്ക് നേടുകയായിരുന്നു ലക്ഷ്യമെന്നതിനാൽ മുഴുവൻ സമയവും പഠനത്തിൽ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. പരീക്ഷ ഭാദപ്പെട്ട രീതിയിൽ എഴുതാൻ സാധിച്ചു. പരീക്ഷയ്ക്ക് ശേഷം പിക്നിക് പ്രോഗാമും പ്ലാൻ ചെയ്തിരുന്നു. കറക്കമൊക്ക കഴിഞ്ഞ് ഞങ്ങൾ അടുത്തൊരു പാർക്കിൽ ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അൽപം അകലെയായി കുറച്ച് കുട്ടികൾ കളിക്കുന്നുണ്ട്. പെട്ടെന്ന് പന്ത് എന്‍റെയരികിൽ വന്ന് വീണു. ഹസീനയാണ് പെന്തെടുത്തത്. തുടുത്തുരുണ്ട് ഓമനത്തം തോന്നിക്കുന്ന ഒരു കുഞ്ഞ് ഞങ്ങൾക്കരികിലേക്ക് ഓടിയെത്തി.

“എന്താ പേര്?” ഹസീന കുട്ടിയെ അരികിലേക്ക് വിളിച്ചു.

“ഗൗരവ്?” കുട്ടി കിതച്ചുകൊണ്ട് പറഞ്ഞു.

“മോനെത്ര വയസ്സുണ്ട്?”

“പതിനൊന്ന്?” അവൻ പോകാൻ തിടുക്കം കൂട്ടി.

“നിന്‍റെ മമ്മിയും പപ്പയും നിന്നെ മൂപ്പെത്തും മുമ്പ് പറിച്ചെടുത്തതാണെന്ന് തോന്നുന്നല്ലോ. അതാ ഇങ്ങനെ ചുരുങ്ങി കുള്ളനായത്. ഉയരം വേണമെങ്കിൽ ഇനി തൂങ്ങികിടക്കേണ്ടി വരും.” ഹസീന പറഞ്ഞു.

അടുത്തിരുന്ന നാലഞ്ച് പെൺകുട്ടികളും ഹസീനയുടെ ഈ തമാശകേട്ട് പൊട്ടിച്ചിരിച്ചു.

ഗൗരവ് ഹസീനയുടെ കൈയിലുള്ള പന്ത് തട്ടിപ്പറിച്ച് രണ്ടടി ഓടി തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു, “മാഡം, ഒരുപാട് മൂപ്പെത്തിയ ശേഷമാകും നിങ്ങളുടെ മമ്മിയും പപ്പയും പറിച്ചെടുത്തത്.” മറുപടി കേൾക്കാൻ നിൽക്കാതെ അവൻ ഒറ്റയോട്ടം.

ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി ഹസീന ആദ്യമായാണ് കേൾക്കുന്നത്. അവൾ ശരിക്കും ഇളിഭ്യയായി. എന്തായാലും വടി കൊടുത്തടി വാങ്ങിയല്ലോ. എനിക്ക് ചെറിയൊരു സന്തോഷം തോന്നി.

അവസാനവർഷ പരീക്ഷയും കഴിഞ്ഞു. കുറ്റങ്ങൾ ചികയുന്ന ഹസീനയുടെ ശീലത്തിനു മാത്രം മാറ്റം വന്നില്ല. എന്നാൽ അപ്പോഴേക്കും ഞങ്ങൾ അവളുടെ ഈ ശീലവുമായി പൊരുത്തപ്പെട്ടിരുന്നു.

ജൂനിയേഴ്സ് ഞങ്ങളുടെ സെന്‍റ് ഓഫ് ഗംഭീരമാക്കാൻ തീരുമാനിച്ചിരുന്നു. രണ്ടാം വർഷ വിദ്യാർത്ഥിയായ ഹർഷ നന്നായി പാട്ട് അവതരിപ്പിച്ചു. ഹാളിൽ നിർത്താതെയുള്ള കരോഘോഷത്തിന്‍റെ ആരവം തന്നെ ഉണ്ടായി.

പാട്ടിനുശേഷം അവൾ എന്‍റെയരികിൽ വന്നിരുന്നു. ഞാനവളെ പ്രത്യേകം അഭിനന്ദിച്ചു. രണ്ട് സീറ്റിനപ്പുറത്തിരുന്ന ഹസീന പതിയെ എണീറ്റ് ഞങ്ങൾക്കരികിലുള്ള ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു. “പാട്ടൊക്കെ കൊള്ളാം പക്ഷേ, ഈ ഡ്രസ് ബഹുമോശം. ഇരുണ്ട നിറമുള്ളവർക്ക് കടും മഞ്ഞനിറം ഒട്ടും ചേരില്ല. പാലും കരിക്കട്ടയും പോലുള്ള കോമ്പിനേഷൻ.”

ഒരു വിചിത്രജീവിയെ നോക്കികാണുന്നതുപോലെ ഹർഷ ഹസീനയെ തുറിച്ചു നോക്കി.

“ഭംഗിയും നിറവുമൊക്കെ സ്വാഭാവികമായി കിട്ടുന്നതല്ലേ? അതെന്‍റെ തെറ്റല്ലല്ലോ. പക്ഷേ, കരുതിക്കൂട്ടി ആളുകളെ ചെറുതാക്കി കാണിക്കുന്ന ചേച്ചിയുടെ ഈ പെരുമാറ്റം അത് സ്വയം ശ്രമിച്ചാൽ മാറ്റാവുന്നതേയുള്ളൂ…”

തന്‍റെ നീരസമറിയിച്ചുകൊണ്ട് അവൾ വേഗമെഴുന്നേറ്റ് നടന്നു. മറുപടി പറയാൻ അവസരം കിട്ടാത്തതിലുള്ള ദേഷ്യം ഹസീനയുടെ മുഖത്ത് പ്രകടമായിരുന്നു.

ഫൈനൽ പരീക്ഷ കഴിഞ്ഞു. എല്ലാവരും അവരവരുടേതായ തിരക്കുകളിൽ വ്യാപൃതരായി. റിസൾട്ട് വന്നു. പ്രതീക്ഷിച്ചതുപോലെ എനിക്ക് നല്ല മാർക്ക് ലഭിച്ചു. പിഎച്ച്ഡിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. എങ്കിലും ഇടയ്ക്കിടെ സുഹൃത്തുക്കളുമായി ഫോണിൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. വല്ലപ്പോഴും ഹസീനയും വിളിക്കാറുണ്ടായിരുന്നു. രണ്ട് മാസത്തിനുശേഷം ഹസീന വിവാഹക്ഷണക്കത്തുമായി വീട്ടിലെത്തി.

ധനികനായ ഒരു ബിസിനസുകാരനായിരുന്നു വരൻ. ഞാനും കോളേജ് സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുത്തു. വിവാഹം അതിഗംഭീരമായി. വിശാലമനസ്കരും ധനികരുമായ ഹസീനയുടെ രക്ഷിതാക്കൾ, അതിലേറെ സമ്പന്നമായ ഭർതൃഗൃഹം. വധുവരന്മാർ തമ്മിൽ നല്ല ചേർച്ച. ഹസീനയെപ്പോലെ സ്മാർട്ടായിരുന്നു സഹീറും.

യാത്ര പറഞ്ഞ് മടങ്ങാനൊരുങ്ങവേ ഹസീന എന്‍റെ തോളിൽ കൈയിട്ടു പറഞ്ഞു, “കണ്ടോ മുംതാസ്, ഞാൻ കരുതിയതുപോലെ നല്ലൊരു ഭർതൃഗൃഹം തന്നെ….” അവൾ കിലുകിലെ പൊട്ടിച്ചിരിച്ചു.

ഒന്നോരണ്ടോ മാസങ്ങൾക്കുശേഷം എനിക്കും നല്ലൊരു വിവാഹാലോചന വന്നു. വീട്ടുകാർക്കെല്ലാം ഇഷ്ടമായി. ഉടനെ വിവാഹം നിശ്ചയിച്ചു. ഞാൻ കൂട്ടുകാരികൾക്കെല്ലാം വിവാഹക്ഷണക്കത്ത് നൽകി ഒപ്പം ഫോണിൽ സംസാരിക്കുകയും ചെയ്തു. ഹസീന ഭർത്താവിനൊപ്പം അമേരിക്കയിൽ പോയിരിക്കുകയാണെന്നാണ് അറിഞ്ഞത്.

ഹസീന വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്നത് മനസ്സിൽ എന്തുകൊണ്ടോ ആശ്വാസം നിറച്ചു. എന്‍റെ ഭാവിവരൻ കമാലുദ്ദീൻ പണവും പത്രാസുമില്ലാത്ത ഒരു സാധാരണ യുവാവ്. എന്നെയും വീട്ടുകാരെയും സംബന്ധിച്ച് ഈയോരു വിവാഹബന്ധം സന്തോഷം നൽകുന്നതായിരുന്നു. വിവാഹജീവിതവും തുടർന്നുള്ള സാഹചര്യങ്ങളും കാരണം ഞാൻ ഉപരിപഠനം വേണ്ടെന്നുവെച്ചു.

മനുഷ്യന്‍റെ ബാഹ്യരൂപത്തിനല്ല ആന്തരികസൗന്ദര്യത്തിനാണ് ഞാനെന്നും മുൻതൂക്കം നൽകിയിരുന്നത്. നല്ല മനസ്സും ഹൃദ്യമായ പെരുമാറ്റവും… അതായിരുന്നു എന്‍റെ കാഴ്ചപ്പാടിൽ ശരിക്കുള്ള സൗന്ദര്യം. കമാലുദ്ദീനും നല്ലൊരു മനസ്സിനുടമയാണെന്നത് രണ്ടാമത്തെ കൂടിക്കാഴ്ചയിൽ തന്നെ എനിക്ക് ബോധ്യമായി.

“സ്ത്രീധനത്തെക്കുറിച്ചോർത്ത് താങ്കൾ ടെൻഷനാവേണ്ട. വീട്ടിൽ ഒന്നിനുമൊരു കുറവുമില്ല. വീട്ടുകാര്യമൊക്കെ നോക്കുന്ന നല്ല വിവേകമുള്ള ഒരു പെൺകുട്ടി. അങ്ങയുടെ മകളെ വധുവായി ലഭിക്കുന്നത് തന്നെ ഭാഗ്യം. പണം ധൂർത്താക്കിയുള്ള വിവാഹമൊന്നും വേണ്ട.” കമാലുദ്ദീൻ. ബാപ്പയോട് പറയുന്നത്കേട്ട് മനസ്സ് ശരിക്കും തണുത്തു.

ആർഭാടമൊന്നുമില്ലാതെ വിവാഹം നടന്നു. ബംഗ്ലൂരിലായിരുന്നു ഭർതൃഗൃഹം. വളരെ പെട്ടെന്നുതന്നെ അവിടുത്തെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ എനിക്ക് സാധിച്ചു. നാളുകൾ പിന്നിട്ടു. എനിക്കൊരു ആൺകുഞ്ഞുണ്ടായി. വലിയ സന്തോഷം നിറഞ്ഞ ദിനങ്ങൾ. അമ്മായിയമ്മ ശ്രദ്ധയോടെ കുഞ്ഞിനെ പരിപാലിച്ചു. വർഷങ്ങൾ കടന്നുപോയി.

സഹോദരന്‍റെ വിവാഹത്തിനു നാട്ടിലെത്തിയപ്പോൾ തിരക്കുകാരണം കൂട്ടുകാരികളെ കാണാനോ സംസാരിക്കാനോ സാധിച്ചില്ല. സഹോദരി സൈനയുടെ വിവാഹവും ഇതിനോടകം കഴിഞ്ഞിരുന്നു. ഞാൻ വീണ്ടുമൊരു പെൺകുഞ്ഞിന് ജന്മം നൽകി. ജീവിതം ശരിക്കും സാർത്ഥകമായതുപോലെ. സമയം ചിറകടിച്ചു പറന്നുകൊണ്ടിരുന്നു.

പിന്നീട് സഹോദരന്‍റെ മകന്‍റെ പിറന്നാളിനാണ് നാട്ടിലെത്തുന്നത്. ഇത്തവണ രണ്ടാഴ്ചയെങ്കിലും വീട്ടിൽ തങ്ങണമെന്ന് വീട്ടുകാർശഠിച്ചു. ഇതറിഞ്ഞ് കുട്ടികളും സന്തോഷിച്ചു. കമാലുദ്ദീനും അവധിയായിരുന്നു. നാളുകൾക്ക് ശേഷമാണ് ബന്ധുക്കളെല്ലാം ഒത്തുചേർന്ന ഈ ഫംഗ്ഷനിൽ പങ്കെടുക്കാൻ സാധിക്കുന്നത്.

ഇടയ്ക്കൊരു ദിവസം ഞാനും സൈനയും ഷോപ്പിംഗിനായി പുറത്തിറങ്ങി. മാളിലേക്ക് കടക്കുന്നതിനിടയിലാണ് പെട്ടെന്ന് എന്‍റെ കണ്ണുകൾ ഹസീനയിലുടക്കിയത്. പരസ്പരം തിരിച്ചറിയാൻ ഏറെ നേരമൊന്നും വേണ്ടിവന്നില്ല. എന്നെക്കണ്ട് ഹസീനയുടെ സന്തോഷത്തിനതിരില്ലായിരുന്നു. ഞാൻ കുട്ടികളേയും സൈനയേയും അവൾക്ക് പരിചയപ്പെടുത്തി. സാധാരണ കുഞ്ഞുങ്ങളിൽ കവിഞ്ഞ് പ്രത്യേകതയൊന്നുമില്ലാത്ത എന്‍റെ കുട്ടികളെ ചേർത്തുനിർത്തി അവൾ താലോലിച്ചു.

ഹസീന വല്ലാതെ മാറിയിരുന്നു. അധികാരസ്വരത്തിന് പകരം വിനയത്തോടെയാണവൾ സംസാരിച്ചത്. എനിക്ക് ആശ്ചര്യം തോന്നി. അവളുടെ സൗന്ദര്യത്തിന് ഒട്ടും മങ്ങലേറ്റിരുന്നില്ല. പക്ഷേ, കണ്ണുകളിൽ വിഷാദത്തിന്‍റെ അലയടിക്കുന്നതായി തോന്നി. “ഹസീന, എല്ലാവർക്കും സുഖമല്ലേ?”

പതിവുപോലെ കിണുങ്ങിച്ചിരിച്ചുവെങ്കിലും ചിരി വല്ലാതെ പതിഞ്ഞിരുന്നു. ഇതുവരെ കാണാത്തതിലും സംസാരിക്കാത്തതിലുമുള്ള പരാതികളും പരിവേദനങ്ങൾക്കൊടുവിൽ യാത്ര പറുമ്പോൾ ഹസീനയുടെ പുതിയ മേൽവിലാസം എന്‍റെ കൈവശം വന്നുചേർന്നിരുന്നു. ഒപ്പം വീട് സന്ദർശിക്കാമെന്ന ഉറപ്പും.

വീട്ടിലാണെങ്കിൽ ഓരോ ദിവസവും ഓരോരോ തിരക്കുകൾ. നിന്നു തിരിയാൻ പോലും നേരമില്ല. ഹസീനയുടെ വീട്ടിൽ പോകാൻ അവസരമൊത്തുവരുന്നില്ല. ഒരു ദിവസം വീട്ടിലെല്ലാവരും സിനിമ കാണാൻപോയി. ഈയവസരത്തിൽ ഞാൻ ഹസീനയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചു. കൊട്ടാരസദൃശ്യമായ വീട്. ഗേറ്റിൽ നിന്നിരുന്ന വാച്ച്മാൻ കൈയിലുള്ള കാർഡ് കാണിച്ചപ്പോൾ അകത്ത് കടക്കുവാൻ അനുവാദം നൽകി. ഫിലിം സെറ്റ് പോലെ തോന്നിക്കുന്ന വീടും പരിസരവും.

എന്നെക്കണ്ടതും ഹസീന ഓടി വന്ന് സ്നേഹത്തോടെ അകത്തേക്ക് കൂട്ടി. ചായസത്കാരത്തിനിടയ്ക്ക് രണ്ട് കുട്ടികൾ ഓടിവന്നു. പെൺകുട്ടിക്ക് എട്ട് വയസ്സും ആൺകുട്ടിക്ക് ആറ് വയസ്സും തോന്നിച്ചു. വീട്ടിലെ ജോലിക്കാരുടെ കുട്ടികളായിരിക്കുമെന്ന് ഞാൻ കരുതി.

“മുംതാസ്, ഇതെന്‍റെ കുട്ടികൾ, സുഹ്റയും സമീറും.” ഹസീന കുട്ടികളെ പരിചയപ്പെടുത്തി.

കുട്ടികൾ കൈവീശി ഹായ് പറഞ്ഞുവെങ്കിലും ആശ്ചര്യംകൊണ്ട് ഞാൻ സ്തബ്ധയായിരുന്നു. തലയൊന്നു ചെരിച്ച് യാന്ത്രികമായി മറുപടി പറഞ്ഞു. കുട്ടികളെ ഒന്ന് ലാളിച്ചതുപോലുമില്ല. ഇത് ഹസീനയുടെ കുട്ടികളാണെന്ന് മനസ്സ് സമ്മതിക്കുന്നില്ല. പെൺകുട്ടി കറുത്ത് നീണ്ട് മെലിഞ്ഞ്… ഹസീനയുമായി താരതമ്യം ചെയ്യാനേ പറ്റില്ല. വെളുത്ത നിറമായിരുന്നു ആൺകുട്ടിയുടേത്, പക്ഷേ കുഴിഞ്ഞ, അഭംഗി തോന്നിക്കുന്ന കണ്ണും മൂക്കും. കുറച്ച് കഴിഞ്ഞപ്പോൾ കുട്ടികൾ അകത്തേക്ക് പോയി.

ഞാൻ ഒന്നും മിണ്ടാതെ ഹസീനയെ തന്നെ നോക്കി ഒരു നിമിഷമിരുന്നു. എന്‍റെ കണ്ണുകൾ പലതും സംസാരിച്ചു. അതു മനസ്സിലായെന്നോണം ഹസീനയുടെ കണ്ണുകളും നിറഞ്ഞു. അല്ല അവൾ കരയുകയായിരുന്നു. കരഞ്ഞ് മനസ്സ് തെല്ലൊന്ന് ശാന്തമായതോടെ ഞാൻ മുന്നിലിരുന്ന ഒരു ഗ്ലാസ്സ് വെള്ളം അവൾക്ക് നേരെ നീട്ടി. “മുംതാസ്, നീ പറഞ്ഞത് സത്യമാണ്. സൗന്ദര്യവും നിറവുമൊക്കെ സ്വാഭാവികമായി കിട്ടുന്നതല്ലേ, കുറ്റപ്പെടുത്തുവാനും പരിഹസിക്കാനും നമ്മുക്കവകാശമില്ല. അന്നൊക്കെ സൗന്ദര്യത്തിൽ മതിമറന്ന് അഹങ്കരിച്ചിരുന്നു. നീ ഒരു നൂറു തവണ ഉപദേശിച്ചെങ്കിലും എന്‍റെ സ്വഭാവം മാറിയതേയില്ല. അതിനുള്ള ശിക്ഷ ഞാനിന്ന് അനുഭവിക്കുകയാണ്. ജീവിക്കുന്നുണ്ട് പക്ഷേ… ചിരിക്കാതെ ജീവിക്കുന്നു.”

വിചിത്രമായൊരു ദുഃഖവും പേറിയാണ് ഞാൻ മടങ്ങിയത്. എല്ലാമുണ്ട്, പക്ഷേ, ഒന്നുമില്ലെന്ന അവസ്ഥ. ഗർവ്വും അഹങ്കാരവും ശമിപ്പിക്കാന കാലം നൽകിയ ശിക്ഷയാവുമോയിത്…..

“ഒരുപക്ഷേ, എന്‍റെ തീരെ ചെറുപ്പത്തിൽ തന്നെ നീയുമായി കൂട്ടായിരുന്നെങ്കിൽ…. എത്ര നന്നായിരുന്നു. ഭംഗി, ഡ്രസ്സിംഗ്, സ്റ്റൈൽ… ചെറുപ്പം മുൽക്കേ മമ്മിയും പപ്പയും സദാ എന്നെ പ്രശംസിക്കുകയായിരുന്നു.”

“മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ താഴ്ത്തി സംസാരിക്കുക, പരിഹസിക്കുക, കുറ്റപ്പെടുത്തുക എന്‍റെ സ്വഭാവമായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും എന്നെ തലയിലേറ്റിവച്ചിരിക്കുകയായിരുന്നല്ലോ. നീ മാത്രമാണ് എപ്പോഴും എന്നെ ഉപദേശിച്ച് നന്നാക്കാൻ നോക്കിയത്. ഒരു സാധാരണക്കാരി എന്നെ വിലക്കുകയോ? പലപ്പോഴും നിന്നോട് ദേഷ്യം തോന്നിയിരുന്നു.”

“എന്നാൽ പഠനത്തിൽ നീ മിടുക്കിയായതുകൊണ്ട് നിന്‍റെ സൗഹൃദം എന്‍റെയൊരാവശ്യം കൂടിയായിരുന്നു. പതിയേ നിന്‍റെ ഈ സ്വഭാവം മറ്റുള്ളവരെ കെയർ ചെയ്യുന്ന രീതി ഒക്കെ എനിക്കിഷ്ടമായി. എന്‍റെ ഈ തുറന്നടിച്ചുള്ള സംസാരം നിനക്കിഷ്ടമില്ലായിരുന്നു. പലപ്പോഴും നീ എന്നിൽ നിന്നകലാൻ ശ്രമിച്ചു. പക്ഷേ ഞാനതിനുവദിച്ചില്ല. പൊങ്ങച്ചവും സൗന്ദര്യത്തിന്‍റെ ഗർവ്വും യൂണിവേഴ്സിറ്റിയിൽ മിത്രങ്ങളേക്കാൾ അധികം ശത്രുക്കളെ സമ്പാദിക്കുകയായിരുന്നു ഞാൻ. പിന്നീട് സുന്ദരനും ധനികനുമായ സഹീറുമായുള്ള എന്‍റെ വിവാഹം. എന്നിലെ അഹങ്കാരത്തെ പാരമ്യത്തിലെത്തിക്കുകയായിരുന്നു. വിദേശയാത്രകൾ, നല്ല ഭർതൃഗൃഹാന്തരീക്ഷം… ഞാൻ വീണ്ടും അഹങ്കരിച്ചുകൊണ്ടിരുന്നു.”

“ഒന്നാം വിവാഹവാർഷികത്തിനാണ് സഹീർ ഈ കൊട്ടാരസദൃശ്യമായ വീട് എനിക്ക് സമ്മാനിക്കുന്നത്. അന്ന് ലോകത്തെ ഏറ്റവും സന്തോഷവതി ഞാനായിരുന്നു. ഇതേ വർഷം എനിക്കൊരു പെൺകുഞ്ഞുണ്ടായി. സുഹ്റ. കുഞ്ഞിനെ കണ്ടവർ മൂക്കത്ത് വിരൽ വെച്ചു. ഇത്ര സുന്ദരിയായ സ്ത്രീക്ക് കറുത്ത് അഭംഗിയുള്ള കുഞ്ഞോ…”

“പക്ഷേ, ഞാനുമൊരു അമ്മയല്ലേ, എന്നിലെ മാതൃഹൃദയം കുഞ്ഞിന്‍റെ പോരായ്മകൾ ചികയുവാൻ തുനിഞ്ഞില്ല. മറിച്ച് നിറയെ മാതൃത്വവും സ്നേഹവും മാത്രമായിരുന്നു. പിന്നീടാണ് മകൻ ജനിക്കുന്നത്. വെളുത്ത നിറം പക്ഷേ, കണ്ണിനും മൂക്കിനും ചെറിയൊരപാകത.”

“സഹീറിനും എനിക്കും ഇവരെന്നു വച്ചാൽ ജീവനാ. ഇവരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആവും വിധമൊക്കെ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഈ വിചിത്രമായ ലോകം… മനുഷ്യർ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കുന്നില്ല. ഞാനിവരേയും കൂട്ടി പുറത്തുപോകുമ്പോൾ ഫംഗ്ഷനിലും മറ്റും ഇതാകും സംസാരം. കുട്ടികളാണല്ലോ… പക്ഷേ, ചിലർ തുറിച്ചു നോക്കും, ചിലർക്ക് ആശ്ചര്യം, മറ്റുചിലർ മുഖത്തടിച്ചതുപോലെ കമന്‍റ് പറയും.”

“കുഞ്ഞുങ്ങളായിരുന്നപ്പോൾ അവർക്കിതൊന്നും മനസ്സിലായിരുന്നില്ല. പക്ഷേ, വളർച്ചയുടെ ഓരോ ഘട്ടങ്ങളും പിന്നിട്ടതോടെ ഞാനും അവരും തമ്മിലുള്ള അന്തരം അറിഞ്ഞു തുടങ്ങി. ഇപ്പോൾ അവർ എന്‍റെയൊപ്പം പുറത്ത് വരാൻ താൽപര്യമില്ല. അവരെ കുറ്റപ്പെടുത്താനും പറ്റില്ലല്ലോ. ഇതാണോ നിന്‍റെ കുട്ടികൾ… എന്ന പുച്ഛവും പരിഹാസവും കേട്ട് ആർക്കും മുടുത്തു കാണും.”

“ഇതൊക്കെ കേട്ട് അവരിൽ അപകർഷതാബോധം ഏറി വരുകയാണ്. ഞാനും ഹീറും അവർക്ക് സ്നേഹവും വാത്സല്യവും വാരിക്കോരി കൊടുക്കുന്നുണ്ട്. അവർക്കും ഞങ്ങളെ ഇഷ്ടമാണ്. പക്ഷേ, ഞങ്ങളോടൊപ്പം എങ്ങുമില്ലെന്ന ശാഠ്യം മാത്രമേയുള്ളൂ. സ്കൂൾ പരിപാടിക്ക് പോലും ഞങ്ങൾ പോകുന്നവർക്കിഷ്ടമല്ല. സ്വന്തം കുഞ്ഞുങ്ങൾ ഇങ്ങനെ തഴയുന്നത് ശിക്ഷയാണ്.”

അവൾ വീണ്ടുമൊന്ന് വിതുമ്പി. ഞാൻ ഹസീനയെ എന്നോട് ചേർത്തുപിടിച്ച് സാന്ത്വനിപ്പിച്ചു. “തെറ്റാണ് ചെയ്തതെന്ന് മനസ്സ് സമ്മതിച്ചല്ലോ… തെറ്റ് ഏറ്റു പറഞ്ഞല്ലോ… നിന്‍റെ തെറ്റിനുള്ള ശിക്ഷ കിട്ടിക്കഴിഞ്ഞു. കുട്ടികൾ ഇല്ലായിരുന്നെങ്കിലോ… ബാഹ്യരൂപം കണ്ട് മനുഷ്യരെ വിലയിരുത്തരുതെന്ന് ഞാൻ പറയാറില്ല. മനസ്സ് പെരുമാറ്റം ഒക്കെ നന്നാവണം. നിന്‍റെ കുട്ടികൾ കാഴ്ചയ്ക്ക് ഭംഗിയില്ലെങ്കിലും പഠനത്തിലും മറ്റും മുന്നിലാണല്ലോ. അവർ പ്രഗത്ഭരാകും.”

“ദാ… ഈ ഞാൻ തന്നെ ഉദാഹരണമല്ലേ, സാധാരണക്കാരിയാണെങ്കിലും പഠനത്തിൽ യൂണിവേഴ്സിറ്റിയിൽ എന്‍റെയൊപ്പം നിൽക്കാൻ ആരുമില്ലായിരുന്നു. നിന്‍റെ കുട്ടികളും വളർന്നു വലുതാകുമ്പോൾ മിടുക്കരാകും. സമൂഹത്തിൽ സ്ഥാനം നോടും. പിന്നെ ഈ അകൽച്ചയും പ്രശ്നങ്ങളുമൊക്കെ അവസാനിക്കും.”

എന്‍റെ വാക്കുകൾ ഹസീനയുടെ മുഖത്ത് ആശ്വാസം നിറച്ചു. ഇത്തവണ ഞാൻ കുട്ടികളെ ചേർത്തുപിടിച്ചു, മതിവരുവോളം താലോചിച്ചു. പതിയെ സുഹ്റയുടെ നീണ്ടു മെലിഞ്ഞ കൈകൾ എന്‍റെ കൈവെള്ളയിൽ ഒതുക്കി ഞാൻ പറഞ്ഞു. “സുഹ്റാ, നീണ്ടുമെലിഞ്ഞ നിന്‍റെ കൈകൾ… ഭാവിയിൽ നീയൊരു വലിയൊരു കലാകാരിയാകും. പേരും പ്രശസ്തിയും നേടും. ” അപ്പോൾ ഒരു പ്രവാചകയുടെ ഭാവമായിരുന്നു എനിക്ക്.

കുഞ്ഞുസുഹ്റയുടെ മുഖത്ത് സന്തോഷം അലതല്ലി. സ്പോർട്സിലുള്ള തന്‍റെ അഭിരുചിയെക്കുറിച്ച് സമീറും വാതോരാതെ പറയാൻ തുടങ്ങി. ഭാവിയിൽ വലിയൊരു കായികതാരമാകണമെന്നും നല്ലൊരു മനുഷ്യനാകണമെന്നും ഞാനവനെ ഉപദേശിച്ചു.

അൽപസമയത്തിനകം അവർ എന്നോട് ഏറെ അടുത്തു. ഞാൻ മടങ്ങാൻ ഒരുങ്ങുന്നത് കണ്ട് വീണ്ടും വരണമെന്ന് നിർബന്ധം പിടിക്കുവൻ തുടങ്ങി. അവരുടെ കണ്ണുകളിൽ സന്തോഷവും ആത്മവിശ്വാസവും സ്ഫുരിക്കുന്നുണ്ടായിരുന്നു.

“മുംതാസ്, ഒഴിവുകിട്ടുമ്പോൾ ഇടയ്ക്ക് വരണേ… കുട്ടികൾക്ക് നിന്നെ വളരെ ഇഷ്ടമായി…”

“തീർച്ചയായും വരാം… നിനക്കു വേണ്ടിയല്ല, നിന്‍റെ ഈ കുഞ്ഞുങ്ങൾക്കു വേണ്ടി.” ഞാൻ ഹസീനയുടെ കൈകൾ പിടിച്ച് യാത്ര പറഞ്ഞു.

വിചിത്രമായൊരു ദുഃഖവും പേറിയാണ് ഞാൻ മടങ്ങിയത്. എല്ലാമുണ്ട്, പക്ഷേ, ഒന്നുമില്ലെന്ന അവസ്ഥ. ഗർവ്വും അഹങ്കാരവും ശമിപ്പിക്കാൻ കാലം നൽകിയ ശിക്ഷയാവുമോയിത്…

ആനന്ദ വേഷങ്ങൾ

പുലർകാല മഞ്ഞിൽ വെള്ളി മണികളുടെ കിലുക്കങ്ങളും കുതിരക്കുളമ്പടികളുടെ ശബ്ദങ്ങളും പതുക്കെ പതുക്കെ അകന്നകന്ന് പൊയ്ക്കൊണ്ടിരിക്കുന്നു.

പ്രസാദവും മയിൽപീലി തുണ്ടുകളും കൈയിൽ നിന്നും ഓട്ടോയുടെ കുലുക്കത്തിലും ചാട്ടത്തിലും താഴെ വീണു പോകാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധ വെച്ചു.

അവൾ ആഹ്ലാദവതിയായിരുന്നു. ഇന്ന് ഹരിയേട്ടന്‍റെ ജന്മദിനമാണ്. ഹോസ്പിറ്റലിന്‍റെ ആദ്യ ഗേറ്റ് കടക്കുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിച്ചു. പുറത്ത് താമസിക്കുന്നവരും ഹോസ്പിറ്റലിൽ താമസിക്കുന്നവരും ആയ ആളുകൾ എത്തിത്തുടങ്ങുന്നതേയുള്ളൂ.

ഓട്ടോയുടെ കൂലി നൽകി പതുക്കെ നടന്ന് ഓഫീസ് രജിസ്റ്ററിൽ ഒപ്പുവയ്ക്കുമ്പോൾ ആശ്വാസം പൂണ്ടു. ഹാവൂ സമാധാനം, തീരെ ലേറ്റ് ആയില്ലല്ലോ ഇന്ന്.

റിസപ്ഷൻ കൗണ്ടറിൽ എല്ലാ ദിവസവും ഒരു ചെറിയ തിളങ്ങുന്ന ഓട്ടുരുളിയിൽ വെള്ളം പാതി നിറച്ച് പുതുതായി പറിച്ചെടുത്ത് റോസാപ്പൂക്കളും കോളാമ്പി പൂക്കളും നഴ്സിംഗ് വിദ്യാർത്ഥികൾ കലാ ചാതുരിയോടെ ഒരുക്കിവെക്കുന്നു. എന്നും പൂക്കൾ മാറ്റണമെന്ന് നിർബന്ധം ഗസ്റ്റ് റിലേഷൻസിലെ മീനയ്ക്ക് ഉണ്ടായിരുന്നു.

ഷിഫ്റ്റുകൾ മാറുമ്പോഴെല്ലാം കൗണ്ടറിൽ പെൺകുട്ടികൾ വിളക്ക് വയ്ക്കുകയും കുരിശു വരയ്ക്കുകയും നിശബ്ദം പ്രാർത്ഥിക്കുകയും ചെയ്തു.

റിസപ്ഷൻ കൗണ്ടറിന് മുൻവശത്തെ ഇടതുഭാഗത്തെ ചുവരിൽ എല്ലായിപ്പോഴും അവൾ തുറന്നു വെച്ചിരുന്ന രണ്ടു ജനാല വാതിലുകൾ ഉണ്ട്.

ക്രിസാന്തമവും മാരിഗോൾഡും സൺഫ്ലവറും മറ്റും ജനലഴികൾക്കിടയിലൂടെ മുറ്റത്ത് ഇടകലർന്ന വിടർന്നു നിൽക്കുന്നത് കാണുന്നത് മനസ്സ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു.

അപ്പോൾ ഫോൺ ബെൽ അടിച്ചു.

എക്സ്റ്റൻഷൻ നമ്പർ നോക്കി, കാന്‍റീനിൽ നിന്നാണ്.

മാഡം, ചായ കൊണ്ടുവരട്ടെ.

ആ കൊണ്ടുവന്നോളൂ, പക്ഷേ ഒന്നു മതിട്ടോ. അവൾ മറുപടി നൽകി.

ആ നിമിഷം, ലിഫ്റ്റ് ഇറങ്ങി വന്ന താടി വച്ച് മെലിഞ്ഞ് ഉയരം കുറഞ്ഞ മേൽ ഉദ്യോഗസ്ഥൻ, ആശുപത്രിയിൽ മുഴുവൻ തന്‍റെ തലയിൽ ആണെന്ന ഭാവേന തുറിച്ചുനോക്കി നടന്നു പോയി.

ഹാവൂ ആശ്വാസം!! പഹയൻ കമന്‍റ് ഒന്നും പറഞ്ഞില്ലല്ലോ. കണ്ണുകൾ പരിഭ്രമത്തോടെ പിൻവലിച്ച് അവൾ സമാശ്വാസിച്ചു.

തൊട്ടു മുകളിലത്തെ നിലയിൽ 6 ഓപ്പറേഷൻ തീയറ്ററുകളും രണ്ട് ജനറൽ വാർഡുകളും വീതിയുള്ള രണ്ടോ മൂന്നോ വരാന്തകളും ഉണ്ട്. ആ വരാന്തകളിൽ രോഗികൾക്കും കൂട്ടിനു നിൽക്കുന്നവർക്കും ഇരിക്കുവാനായി ചുവന്ന സോഫകളും കറുത്ത പെയിന്‍റടിച്ച ഇരുമ്പ് കസേരകളും നിരത്തിയിട്ടിരിക്കുന്നു. ചുമരുകളിൽ ലോക കാഴ്ചകളുടെ പ്രകൃതി സൗന്ദര്യങ്ങളുടെ ഉന്മാദ ദൃശ്യങ്ങൾ മനോഹരമായി ഫ്രെയിം ഇട്ട് ആണികളിൽ തൂക്കിയിരിക്കുന്നു.

എട്ടു മണി 25 മിനിറ്റ് കഴിഞ്ഞുള്ള ആദ്യത്തെ ബസ് ഫോൺ മുഴക്കി അപ്പോൾ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിച്ചു.

ജന വാതിലിനടുത്ത് ചുമരും ചാരിയിരുന്നു ശബ്ദം താഴ്ത്തി സംസാരിച്ചുകൊണ്ടിരുന്ന കുറച്ചു പേർ ധൃതിയിൽ എണീറ്റ് ബസ്സിനു നേരെ കുതിച്ചു. മേശപ്പുറത്ത് വച്ചിരുന്ന സ്റ്റീൽ ഡംബ്ലറിൽ നിന്നും കുറച്ചു വെള്ളം എടുത്ത് കുടിച്ച് മറ്റൊരു വൃദ്ധനും ധൃതിയിൽ നടന്നു. 5 മിനിറ്റിനു ശേഷം നിറയെ യാത്രക്കാരുമായി അടിപൊളി സംഗീതവുമായി ബസ് ഹോൺ മുഴക്കി നഗരത്തിലേക്ക് വീണ്ടും മടങ്ങി.

മാർക്കറ്റിംഗ് സെക്ഷൻ എവിടെയാണ് മാഡം? കൗണ്ടറിനു മുൻപിൽ നാലഞ്ചു പേർ ബാഗും തൂക്കി വന്നു. ബസ്സിറങ്ങി വന്നവരാകാം. അവൾ മാർക്കറ്റിംഗ് ഡിവിഷൻ കാണിച്ചു കൊടുത്തു. പിന്നെ തിരിച്ച് റിസപ്ഷനിലേക്ക് നടന്നു.

ആശുപത്രിയുടെ സ്വന്തം ബസ് നഗരത്തിൽ നിന്നും രോഗികളുമായി വരുവാൻ ഇനിയും സമയം ബാക്കിയാണ്. അതും കൂടി എത്തിക്കഴിഞ്ഞാൽ ആശുപത്രി അങ്കണം പിന്നെ തിരക്കിലാവും. ചായം തേച്ച് മനോഹാരിതയോടെ കാത്തുസൂക്ഷിച്ചിരുന്ന ആ ഹോസ്പിറ്റലിന് ഒരു ത്രീ സ്റ്റാർ ഹോട്ടലിന്‍റെ പ്രതീതിയാണ്.

എൻആർഐ കാരായ ഡോക്ടർമാർ തുടങ്ങിവെച്ച ഈ സ്ഥാപനത്തിൽ ഒരു ജോലി ആ നാട്ടിലെ തൊഴിൽരഹിതരായ യുവജനങ്ങളുടെ സ്വപ്നമാണ്.

പല രൂപത്തിലും നിറത്തിലുമുള്ള ഹോസ്പിറ്റൽ കെട്ടിടത്തിന്‍റെ ഹോർഡിങ്ങുകൾ നാഷണൽ ഹൈവേയുടെ ഓരങ്ങളിലും നഗരപ്രാന്തങ്ങളിലും തലയെടുപ്പോടെ കാണാമായിരുന്നു. അപ്പോഴേ അവൾ ആഗ്രഹിച്ചതാണ് ഇവിടെ ഒരു ജോലി.

റിസപ്ഷനിസ്റ്റ് ആയി ഇവിടെ ജോലിയിൽ ചേർന്നിട്ട് ഒരു വർഷവും മൂന്നുമാസവും തികഞ്ഞിരിക്കുന്നു. തലമുടിയിൽ പിച്ചകപ്പൂ മാലയും തുളസിയിലയും ചൂടി മുഖം കനിപ്പിച്ച് സഹപ്രവർത്തകയും റൂംമേറ്റുമായ നിമ്മി അരികെ സീറ്റിൽ വന്നിരുന്നു.

നിമ്മി തലതാഴ്ത്തിയിരുന്നു കൊണ്ട് പതുക്കെ പറഞ്ഞു. നിന്നെ ഞാൻ തട്ടും. എന്നെ നിനക്ക് ശരിക്കും അറിയില്ല.

ആ വാക്കുകൾ അവളെ തെല്ലൊന്നു ഭയചകിതയാക്കി. നിമ്മി പെടുന്നനെ തന്‍റെ രണ്ട് കൈത്തലങ്ങളും എടുത്ത് കൂട്ടിപ്പിടിച്ച് മെല്ലെ ഊറി ചിരിച്ചു. നീയെന്താ, എന്നെ കൃഷ്ണ ക്ഷേത്രത്തിലേക്ക് കൂട്ടാഞ്ഞത്? നിമ്മി പരിഭവിച്ചു.

പിന്നെ, ശ്ശോ! ബോറടിക്കുന്നു. എന്തൊരു മണുക്കൂസാ നീ എന്ന് പിറുപിറുത്തു കൊണ്ട് കസേര പുറകോട്ട് തള്ളി മാറ്റി ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലേക്ക് ലാത്തി അടിക്കാൻ വച്ചടിക്കുകയും ചെയ്തു.

നിമ്മിയുടെ സ്വഭാവം അങ്ങനെയാണ്. മറ്റുള്ളവരെ ചിരിപ്പിക്കാനും സ്വയം ചിരിക്കാനും ഇവൾ ബഹുകേമിയാണ്. സുന്ദരി ആൻഡ് സ്മാർട്ട് എന്ന് വേണമെങ്കിൽ ആ പേരിനോട് ചേർത്തു വിളിക്കാം. തന്‍റെ എല്ലാ ടോപ് സീക്രട്ടുകളും പൊളിച്ച് കൈയിൽ തന്നത് ഇവളാണ്.

ഹരിയേട്ടന്‍റെ മിസ്ഡ് കോളുകളും. തന്‍റെ ഔട്ട് ഗോയിങ് കോളുകളും. എല്ലാം തന്‍റെ മൊബൈലിൽ നിന്നും കൂസലില്ലാതെ എടുത്ത് ചുരുട്ടി പുറത്തിട്ടതും ഇവൾ തന്നെ. ആ കവിളുകളിൽ തെളിഞ്ഞു കാണുന്ന നീല ഞരമ്പിന്‍റെ നിഴലിനു പോലും നിമ്മിയുടെ സൗന്ദര്യം കൂട്ടുവാനെ കഴിഞ്ഞിട്ടുള്ളൂ. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് മുറ ചെറുക്കന്മാരെ പ്രേമിക്കുക എന്നാണ് അവളുടെ പക്ഷം.

അപ്പോൾ പുറത്ത് നിരത്തിന് ജീവൻ വയ്ക്കുകയായിരുന്നു. ഇരുമ്പ് കൊളുത്തുകളിൽ തൂക്കിയിട്ടിരിക്കുന്ന ശരറാന്തൽ വിളക്കുകൾ പോലെ മൂന്നോ നാലോ വലിയ കടന്നൽക്കൂടുകൾ മൂന്നാം നിലയിലെ സൺഷെയിഡിൽ തുല്യ അകലങ്ങൾ കാത്തുസൂക്ഷിച്ച് ഞാനു കിടന്നിരുന്നു. അടുത്ത ഗ്രാമത്തിൽ കാട്ടുതേനീച്ചകൾ കുത്തി നാലഞ്ച് ആളുകൾ മരിച്ചു എന്ന് കേട്ടതിനു ശേഷം വരാന്തകളിലേയും റൂമുകളിലെയും ക്യാമ്പസുകളിലെയും മുഴുവൻ ലൈറ്റുകളും കറുത്തവാവ് ദിവസങ്ങളിൽ കെടുത്തി തീ പന്തങ്ങൾ കത്തിച്ച് കാണിച്ചും മയക്കു മരുന്നുകൾ സ്പ്രേ ചെയ്തും മെയിന്‍റനൻസിലെ പിള്ളേര് സംഘം ഇവറ്റയെ പലവട്ടം ഭയപ്പെടുത്തി വിട്ടതാണ്. എന്നിട്ടും അതേ സ്ഥാനത്ത് അതിലേറെ വാശിയോടെ തിരിച്ചുവന്ന് വീണ്ടും കൂടുകൾ കെട്ടി.

കടന്നൽ കൂടുതൽ കാറ്റ് തട്ടി ഉലയുന്നുണ്ടായിരുന്നു. വരാന്തകളിൽ ചിരിയും സംഭാഷണങ്ങളും നിറഞ്ഞപ്പോൾ പെട്ടെന്ന് അവളും ആഹ്ലാദവതിയായി. മുറ്റത്ത് പച്ചപ്പുല്ലിന് മുകളിൽ ചുവന്ന ചിറകുള്ള ഓണത്തുമ്പികൾ അവിടവിടായി പാറി കളിക്കുന്നുണ്ടായിരുന്നു. പടിഞ്ഞാറ് നിന്നും ച കൂട്ടങ്ങളും മുല്ല തോട്ടങ്ങളും കടന്നുവന്ന കാറ്റിന് അപ്പോൾ വിടർന്ന മുല്ലപ്പൂക്കളുടെ മണവും ചെറിയ കുളിരും ഉണ്ടായിരുന്നു.

പുതുമഴയുടെ സുഗന്ധം മുറ്റത്തെ പച്ച പുല്ലിൽ നിന്നും ഉയർന്നു. ചിന്തകൾ വീണ്ടും ഹരിയേട്ടനിലേക്ക് തന്നെ മടങ്ങി. ആ മുഖത്തേ നൈർമല്യവും കണ്ണുകളിലെ ഒളിപ്പിച്ചുവെച്ച നിഷ്കളങ്കതയും തനിക്ക് മാത്രമായി ഓർത്തുവയ്ക്കാനും സന്തോഷിക്കുവാനും ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. മയമില്ലാത്ത കൊച്ചു കൊച്ചു വാക്കുകൾ കൊണ്ട് തന്‍റെ മനസ്സിനെ മുറിവേൽപ്പിക്കണമെന്ന് ഹരിയേട്ടൻ എപ്പോഴും നിർബന്ധം കാണിച്ചു.

പ്രണയം നിറഞ്ഞ കണ്ണുകളിൽ മഹാസമുദ്രങ്ങളുടെ ഒരംശം എപ്പോഴും കാത്തുസൂക്ഷിച്ചു. പല ചോദ്യങ്ങൾക്കും മറുപടി നൽകാതെ കേൾക്കാത്ത ഭാവം നടിച്ചു. അസാമാന്യ ബുദ്ധിശക്തിയും വാക് പാടവവും കൂട്ടിനുണ്ടായിരുന്നു. ആമുഖ ഗാന്ധി മറ്റു പെൺകുട്ടികളുടെ മനസ്സുകളെയും അലോസരപ്പെടുത്തുമോ എന്ന് അവൾ ഏറെ ഭയന്നു. ആ മുഖത്തെ ചൈതന്യവും വിടർന്ന ചിരിയും തന്‍റേതു മാത്രമാവണമെന്ന് അവൾ മോഹിച്ചു. സ്നേഹ കൂടുതലും പരിഭവവും ഭാവിച്ച് ഒരിക്കൽ അവൾ ചോദിച്ചു.

ശരിക്കും ഹരിയേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടോ?

വീട്ടുകാർ അറിയാതെ കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള ആദ്യ കാർ യാത്രയിൽ ആയിരുന്നു. ആ ചോദ്യം തൊടുത്തു വിട്ടത്.

അവളുടെ നീണ്ട സമൃദ്ധമായ തലമുടിയിൽ നിന്നും പച്ച പട്ടു ജാക്കറ്റിൽ നിന്നും മുല്ലപ്പൂവിന്‍റെ മണം മത്തുപിടിപ്പിച്ച് കൊണ്ട് ഉയർന്ന് പൊങ്ങുന്നുണ്ടായിരുന്നു. അവൾ ഒന്നുകൂടി അവന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു.

നിന്നെ സ്നേഹിക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ലല്ലോ കുട്ടി. നീയെന്‍റെ മുറപ്പെണ്ണ് അല്ലേ അയാൾ പരിഹസിച്ചു.

ചെറിയ കുട്ടികളെപ്പോലെ സംസാരിക്കാതിരിക്കൂ അവൾ ശാസിച്ചു.

അവളുടെ വീട്ടുകാർ ആദ്യം ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും അവസാനം ഗൾഫുകാരുടെയും ജാതകക്കുറിപ്പുകൾ പരിശോധിക്കുന്ന തിരക്കിലായിരുന്നു അപ്പോൾ.

കൈതണ്ടയിലെ ചുവന്ന കുപ്പിവളകൾ പതുക്കെ പതുക്കെ കിലുക്കി കൊണ്ടും കുസൃതി നിറഞ്ഞ കണ്ണുകളോടെയും അവൾ ഭയപ്പെടുത്തി. ധനികനും വലിയ വ്യവസായിയുമായതിനുശേഷം മാത്രം മതി വിവാഹം എന്നുണ്ടെങ്കിൽ അപ്പോഴേക്കും ഞാൻ ഉണ്ടാവില്ല കേട്ടോ.

കൗതുക വസ്തുക്കൾ വിൽക്കുന്ന കടയും സ്വല്പം റിയൽ എസ്റ്റേറ്റ് ബിസിനസും കൈമുതലായി അയാൾക്കുണ്ടായിരുന്നു. പ്രണയ ചിന്തകൾ നാൾ തോറും കൂടുതൽ ചേതോഹരങ്ങൾ ആവുകയായിരുന്നു അവളിൽ. തണുത്ത കാറ്റ് വീണ്ടും തുറന്നിട്ട് ജനാലകളിലൂടെ അകത്തേക്ക് പ്രവേശിച്ചു.

കുറച്ചു വൈകി, സോറിട്ടോ… ദാ ചായ. കാന്‍റീനിലെ മറ്റു തിരക്കുകൾ തീർന്നശേഷമാണ് അവൻ ചായയുമായി വന്നിരിക്കുന്നത്.

രാവിലെ നേരത്തെ കാന്‍റീനിൽ നിന്നും കുമാരേട്ടൻ പതിവുപോലെ കൊടുത്തു വിട്ടിരുന്ന ഇഡലിയിലും സാമ്പാറിലും ഉറമ്പുകൾ കൂട്ടത്തോടെ പൊതിഞ്ഞിരുന്നു. തലേന്നാൽ കുടിച്ചു വച്ച ചായക്കപ്പുകളും മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നു.

പ്ലേറ്റുകളും കപ്പുകളും എടുത്തു കൊണ്ടുപോയിക്കൊള്ളാൻ അവനോട് പറഞ്ഞു. മേൽ പുരയിലും സൺ ഷേഡിലും മറ്റും കൂടുകെട്ടി താമസിക്കുന്ന സന്യാസി പ്രാവുകൾ കൂട്ടത്തോടെ പറന്നുയർന്ന രണ്ടോ മൂന്നോ സംഘങ്ങളായി വേർപ്പിരിഞ്ഞ് ആശുപത്രി കെട്ടിടം വലം വെച്ച് വീണ്ടും അവിടെത്തന്നെ വന്നിരുന്നു.

റിസപ്ഷനിൽ തിരക്കൊഴിയുമ്പോൾ വായനയും സന്യാസി പ്രാവുകളുടെ പ്രകടനവും ശ്രദ്ധിച്ചിരിക്കലാണ് തന്‍റെയും നിമ്മിയുടെയും പതിവ്. സന്യാസി പ്രാവുകൾ എന്ന പേരിട്ടതും കൂട്ടത്തിൽ ഒറ്റക്കണ്ണുള്ള കുഞ്ഞൻ വില്ലനെ കണ്ടെത്തിയതും നിമ്മിയാണ്.

ഹോസ്പിറ്റൽ ലൈബ്രറിയിൽ നിന്നും എടുത്ത സുഗതകുമാരിയുടെ രാത്രിമഴ വായന തീർത്ത് ഇനിയും കൊടുത്തിട്ടില്ല. ലൈബ്രറിയിൽ നിന്നും മുകുന്ദൻ സാർ പുസ്തകത്തിനായി ദേഷ്യപ്പെട്ട് എപ്പോഴാണ് ഇനിയും കടന്നുവരുന്നത് എന്നറിയില്ല.

സ്പെഷ്യൽ വാർഡിലേക്കുള്ള വഴിയേതാ?

കൗണ്ടറിനു മുൻപിൽ ഒരു വൃദ്ധൻ വന്നു നിന്നു. കൂടെ തീരെ മെലിഞ്ഞ ഒരു പയ്യനും ഉണ്ട്.

ദാ, ആ വളഞ്ഞ കോണി കയറിപ്പോയാൽ മതി.

ഇന്ന് ഞായർ ആയതുകൊണ്ട് തീരെ തിരക്കില്ല. ശബ്ദവും ബഹളവും കുറവാണ് താനും. പെട്ടെന്ന് ഫോൺ ബെൽ അടിച്ചു.

ഹലോ ഗുഡ്മോർണിങ്…

പെട്ടെന്ന് തന്നെ ടപ്പേ എന്ന് അവൾ ഫോൺ ക്രാഡിലില്‍ വെച്ചു. മറു തലയ്ക്കൽ യുവജന സംഘടന പ്രവർത്തകരിൽ ആരോ ഒരുവനാണ്. പണ്ടെന്നോ ഹോസ്പിറ്റലിൽ നിന്നും സംഭാവന കൊടുക്കാത്തതിലുള്ള അരിശവും അമർഷവും ഇനിയും തീർന്നിട്ടില്ല. എങ്കിലും കേട്ടാൽ അറയ്ക്കുന്ന തെറി വാക്കുകളും ചീത്തവിളികളും ഇപ്പോൾ ശമനം ഉണ്ട്.

ഒരു നിമിഷം അവൾ ഭയം കൊണ്ട് തളർന്നു. കൈതലങ്ങൾ അകാരണമായി വിറച്ചു കൊണ്ടിരുന്നു. തന്‍റെ ധൈര്യവും ഉത്സാഹവും തീരെ കുറഞ്ഞു പോയെന്ന് അവൾക്ക് തോന്നി.

മനസ്സിന്‍റെ താൽക്കാലിക ആസ്വാസ്ഥ്യം കുറയ്ക്കുവാനായി രാത്രിമഴ എടുത്ത് വായന തുടർന്നു. എങ്കിലും അവളുടെ മനസ്സിന്‍റെ മൗഢ്യം വർദ്ധിച്ചുവന്നു. ടെലഫോൺ തുടർച്ചയായി റിംഗ് ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് നിമ്മി ധൃതിയിൽ കടന്നുവന്നത്.

ആശ്വാസമായി, അവൾ ബാക്കിയുള്ള ജോലികൾ നിമ്മിയെ ഏൽപ്പിച്ച ഹോസ്പിറ്റലിലേക്ക് പതിയെ നടന്നു. പുറത്ത് ക്യാമ്പസ് ഓണാഘോഷത്തിലേക്കുള്ള തിരക്കിലാണ്. വൈകുന്നേരം ഉള്ള ഗ്രാൻഡ് സ്റ്റേജ് ഷോയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ക്യാമ്പസ് ഉത്സവലഹരിയിലാണ്. വലിയും ഗുസ്തി മത്സരവും പൂക്കള മത്സരവും ഒക്കെയായി എല്ലാവരും തിരക്കോട് തിരക്ക് തന്നെ.

രാത്രി ഗ്രൂപ്പ് ഡാൻസുകളും പാട്ടുകളും മിമിക്രിയും സമ്മാനദാനങ്ങളും ഒക്കെയായി പ്രോഗ്രാം കലക്കും എന്നാണ് അറിവ്. പാടാൻ അറിയാത്തവരും നടന ശേഷിയില്ലാത്തവരും ആശ്രയം പൂണ്ടിരിക്കുന്നത് ഈ വർഷത്തെ മാസ്റ്റർപീസ് ആയ ആനന്ദ വേഷങ്ങൾ കെട്ടുന്നതിൽ ആണ്. അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ അവർ കോപ്പിയടിച്ചിരിക്കുന്നത് കാവിലമ്മയുടെ ഉത്സവദിവസം ഭക്തർ സമർപ്പിച്ച പലവിധ വേഷങ്ങളാണ്. നോമ്പ് നോൽക്കാതെ എടുത്താൽ കാവിലമ്മയുടെ ശാപം കിട്ടുമെന്ന് സമീപവാസികൾ ഭയപ്പെടുത്തുന്നു എങ്കിലും ആവേശലഹരിയിൽ ആരും അത് ഉൾക്കൊള്ളാനോ അനുസരിക്കാനോ തയ്യാറല്ല.

പെട്ടെന്നോർത്തു, ഇന്നത്തെ പ്രോഗ്രാം കാണുവാൻ ഹരിയേട്ടൻ എത്തുന്നതിന് മുൻപേ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വരാതെ പറ്റില്ല. ഇന്നത്തെ നൈറ്റ് ഡ്യൂട്ടിയും തന്‍റെ തലയിൽ തന്നെയാണല്ലോ.

പിന്നീട് ഒന്ന് മയങ്ങി മടങ്ങി വരുമ്പോൾ അരങ്ങിൽ നിന്നും ഗ്രീൻ റൂമിൽ നിന്നും ഉയരുന്ന ചെണ്ടയുടെയും കാൽ ചെലങ്കുകളുടെയും ശബ്ദങ്ങളും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഒരുമിച്ചുള്ള നൃത്തവും പാട്ടുകളും അവളെ ആവേശഭരിതിയാക്കി. കുരുത്തോലകളും വർണ്ണ ബലൂണുകളും കളർ ബൾബുകളും അവിടവിടെ തൂക്കി ക്യാമ്പസ് മനോഹരമാക്കിയിരിക്കുന്നു.

മഴവില്ലിൻ വരവായി, പൂക്കാലം ഇനിയും വരവായി… ആരോ ചിട്ടയായി പാടിക്കൊണ്ടിരുന്നു.

പാട്ട് കേട്ട് മയങ്ങി ആവണം ആൺമയിലുകളും ദൂരെ മാറിനിന്ന് പീലി വിടർത്തി നൃത്തം ആടാനുള്ള ശ്രമത്തിലാണ്. അവളുടെ മനസ്സും പ്രതീക്ഷകളും കാൽച്ചിലങ്കകൾ അണിഞ്ഞ് ഒപ്പം നൃത്തം ആടാൻ തുടങ്ങി. കാണികളിൽ നിന്നും ചൂളം വിളികളും കൈയ്യടികളും ഉയർന്നുകൊണ്ടിരുന്നു

അവളുടെ ആ പഴയ മൗഢ്യം വിട്ടകന്നു. ഒടുവിൽ എല്ലാവരും പ്രതീക്ഷയോടെ കാത്തുനിന്ന അവസാന ഐറ്റം ആയ ആനന്ദ വേഷങ്ങൾ അനൗൺസ് ചെയ്തു. അപ്പോൾ ക്യാമ്പസ് നിറഞ്ഞ് കാതടിപ്പിക്കുന്ന കൈയ്യടി ഉയർന്നു.

ആനന്ദ വേഷങ്ങൾ ധരിച്ചെത്തിയവരുടെ ഓരോ ചലനങ്ങളിലും അവർ കൈകളിലും കാലുകളിലും ധരിച്ചിരുന്ന ഓടിന്‍റെയും പിച്ചളയുടെയും വളകളും തളകളും കിലുങ്ങി കൊണ്ടിരുന്നു.

“ഞങ്ങൾ സ്തുതിപാഠകരല്ല…

ഞങ്ങൾ ആനന്ദ വേഷിതർ…

ഞങ്ങളിൽ മതമില്ല…

ഞങ്ങളിൽ മതവിദ്വേഷങ്ങളും ഇല്ല…

ലോകാസമസ്താ… സുഖിനോ ഭവന്തു…

ഞങ്ങൾ ആനന്ദ വേഷിതർ…”

മുന്നിൽ നടന്ന് ഭാവഗായകർ പാടിക്കൊണ്ടിരുന്നു.

ആനന്ദ വേഷങ്ങൾ ധരിച്ചെത്തിയവരുടെ ചടുല നൃത്തങ്ങളും ഭാവ ഗായകരുടെ പാട്ടുകളും കണ്ടും കേട്ടും ഭയന്നുവിറച്ച കുട്ടികളുടെ കരച്ചിലും അമ്മമാരുടെ ആശ്വാസവചനങ്ങളും സ്വാന്തനങ്ങളും ബഹളങ്ങളിൽ മുഴുകി.

ആനന്ദ വേഷിതരിൽ ചിലർ അസാധാരണമായ ലജ്ജയോടെ, നിരനിരയായി നിന്നിരുന്ന നെല്ലിമരങ്ങളുടെ ചില്ലകൾ വകഞ്ഞു മാറ്റി പുറത്ത് കടന്ന് ക്യാമ്പസ് മൂലകളിൽ തലയും കുനിച്ചിരുന്നു.

ഇതിനിടയിൽ സ്വല്പം അകത്താക്കിയ ശൃംഗാരപ്രിയരായ ചിലർ പെൺകുട്ടിയുടെ നേർക്ക് കമന്‍റ് പാസാക്കുന്നത് മാതാപിതാക്കളിൽ അസ്വസ്ഥതകളും വളർത്തി തുടങ്ങിയിരുന്നു.

അൽപ വസ്ത്രങ്ങൾ സ്ഥാനം തെറ്റിച്ചു ധരിച്ച മറ്റൊരു വേഷക്കാരൻ ലജ്ജാവിഹീനനായി തിക്കി തിരക്കി പെൺകുട്ടികളുടെയും യുവതികളുടെയും ഒത്ത നടുവിൽ ചെന്നിരുന്നു.

എന്താണ് ആ തെമ്മാടി കാണിക്കുന്നത്? ഇതുകണ്ട് അരിശം കൊണ്ട് ആരോ ഒരാൾ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു.

ഞാൻ അയാളെ കൊല്ലും. അയാളെ ഞാൻ ജീവനോടെ പുറത്തു വിടുകയില്ല.

ഇത് കേട്ട് ഇഴയുന്ന ശബ്ദത്തിൽ മറ്റൊരു വേഷക്കാരൻ മൊഴിഞ്ഞു. കൂടുതൽ അപശബ്ദങ്ങളും അസ്വസ്ഥതകളും വളർത്താൻ അത് നിമിത്തമായി തീർന്നു.

പെട്ടെന്നാണ് അടിപൊട്ടിയത്. അതൊരു തരംഗമായി അസാധാരണ കൂട്ടപ്പൊരിച്ചിൽ ആയി മാറുകയും ചെയ്തു. അതിഥികൾ തമ്മിലും വേഷക്കാർ പരസ്പരവും അതിഥികളും വേഷക്കാരും ഇടകലർന്നു അടിയോടടി.

ഗായക സംഘത്തിലെ പ്രധാന അഭിനേതാവും ഭാവഗായകനുമായ അറുമുഖം മുഖത്തും നെറ്റിയിലും ഉതിർന്നുവീണ ചോര തുള്ളികളും വിയർപ്പും ഷർട്ട് ഊരി ഒപ്പിയെടുത്ത് കാലുകൾ നിലത്തുറപ്പിക്കുവാൻ കഴിയാതെ ഉറക്കെ ഉറക്കെ അലറി നിലവിളിക്കുന്നുണ്ടായിരുന്നു.

ബഹളം കേട്ട് ഭയന്ന് വരാന്തകളിൽ നിന്നും വാർഡുകളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തു കടന്നു.

പിന്നീട് ഏറെനേരത്തിനു ശേഷം പോലീസ് എത്തി ആളുകളെ വിരട്ടിയതിനുശേഷം ആണ് ആളുകൾ പിരിഞ്ഞു പോകുവാൻ തുടങ്ങിയത്.

നരച്ചു തുടങ്ങിയ നീളൻ തലമുടി ഇഴകൾ ഒതുക്കി വെച്ച് കുമാരേട്ടൻ വയലന്‍റ് ആകുന്ന നാലഞ്ചു ചെറുപ്പക്കാരെ തടഞ്ഞുനിർത്തി എന്തൊക്കെയോ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.

പിന്നീട് ചെറിയ കുട്ടികളെ പോലെ മിനിറ്റുകൾ തോറും തേങ്ങുകയും വെറുതെ ആവലാതിപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. ചെറുപ്പക്കാർ കുമാരേട്ടനു നേരെ അസഭ്യ വാക്കുകൾ ചൊരിഞ്ഞ് ആ കനത്ത ഇരുട്ടിൽ ഭീകരരെ പോലെ നിന്നു.

അപ്പോൾ തെരുവിന്‍റെ മറ്റൊരു വശത്ത് വിളക്ക് കാലുകൾക്ക് ചുവട്ടിൽ, മറ്റൊരു കൂട്ടം ചെറുപ്പക്കാർ കൂട്ടം കൂടുകയും എന്തൊക്കെയോ ഉച്ചത്തിൽ ബഹളം വെച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.

ആനന്ദ വേഷിതരിൽ ഒരുവൻ അവളുടെ അടുത്ത് വന്നു നിന്നു കൊണ്ട് ഒരു വൃത്തികെട്ട ചിരിയോടെ പതുക്കെ പറഞ്ഞു ഗുഡ് ഈവനിംഗ് മാഡം…

അവന്‍റെ വേഷം മറ്റുള്ളവരെക്കാൾ വിചിത്രമായിരുന്നു. അവനെ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും വൃത്തികെട്ട മണം ആയിരുന്നു.

എല്ലാവരും നല്ല ഫിറ്റാണ്… നിമ്മി പതുക്കെ ചെവിയിൽ മന്ത്രിച്ചു. പെട്ടെന്ന് അവളുടെ മുഖം രോഷം കൊണ്ട് ചുമന്നു.

എന്തിനാണ് ചെറുപ്പക്കാർ പഠിപ്പും ചിന്താശക്തിയും ഇല്ലാത്തവരെ പോലെ പെരുമാറുന്നത്?

ചുമലുകൾ ക്ഷോഭത്തോടെ കുലുക്കി ഹൗസ് കീപ്പിങ്ങിലെ കരുണനും സംഘവും മുകളിൽ നിന്നും വളഞ്ഞ കോണി ഇറങ്ങി അപ്പോൾ വരുന്നുണ്ടായിരുന്നു. ആകാശം കുറേക്കൂടി ഇരുണ്ടു തുടങ്ങിയിരുന്നു.

ഇരുട്ട് കുറേക്കൂടി കനത്തതിനുശേഷം ആണ് മഴ വീണ്ടും പെയ്തു തുടങ്ങിയത്. സന്യാസി പ്രാവുകൾ സ്ഥലം മാറാൻ കൂട്ടാക്കാതെ മഴയിൽ കുതിർന്നും തണുത്തും പ്രതിഷേധത്തോടെ അവിടെ തന്നെ ഇരുന്ന് കുറുകുവാൻ തുടങ്ങി. കൂട്ടത്തിൽ ഒറ്റക്കണ്ണുള്ള സന്യാസി കുഞ്ഞനും ഉണ്ട്. അവന്‍റെ ഇളം കാലുകളും കൊക്കും ശരീരവും എല്ലാം തന്നെ തണുത്ത് വിറങ്ങലിക്കുന്നത് ആ മങ്ങിയ വെളിച്ചത്തിൽ കാണാമായിരുന്നു.

കുളിമുറിയിൽ കയറി വാഷ് ബേസിനിൽ വെള്ളത്തിന്‍റെ ടാപ്പ് തുറന്നു വിട്ടതിനുശേഷം മുഖത്തും കഴുത്തിലും വെള്ളമൊഴിക്കുമ്പോൾ അവളുടെ കണ്ണുനീർത്തുള്ളികളും ഒപ്പം ഒഴുകി വീണു കൊണ്ടിരുന്നു.

അവളുടെ തലമുടിയാകെ ഇളകി ചിതറി കിടന്നിരുന്നു. കവിളുകൾ അസാധാരണമായി ചുവക്കുകയും ചെയ്തിരുന്നു. തൊണ്ടയിൽ ഒരു തേങ്ങൽ തടഞ്ഞുനിന്നു. അവൾ ജീവിതത്തിൽ ഇത്രയധികം ഭയപ്പാട് അനുഭവിച്ചിട്ടില്ല. ഇതുവരെ ഉറക്കെ ഒന്ന് നിലവിളിക്കാൻ പോലും കെൽപ്പ് ഉണ്ടായിരുന്നില്ല. അപ്പോൾ ഹൃദയം ധൃതിയിൽ മിടിച്ചു കൊണ്ടിരുന്നു.

അവൾ ഗദ്ഗദത്തോടെ, നനയുന്ന കണ്ണുകളോടെ മന്ത്രിച്ചു. അവനവന്‍റെ പ്രാധാന്യം പ്രദർശിപ്പിക്കുവാൻ ആയി ഈ ചെറുപ്പക്കാർ വെറുതെ എന്തൊക്കെയോ എന്തിനൊക്കെയോ ഗുസ്തി പിടിക്കുകയാണ്. അവൾ കണ്ണാടിയിലെ തന്‍റെ പ്രതിച്ഛായ നോക്കി വീണ്ടും വിമ്മിക്കരയുവാൻ തുടങ്ങി.

ഒരു നിമിഷം അവൾ മാറി ചിന്തിച്ചു. ഇത്രയും നേരമായിട്ടും ഹരിയേട്ടൻ എത്തിയില്ലല്ലോ.

ഏറെ എതിർപ്പുകൾക്കും നിരാഹാര സമരങ്ങൾക്ക് ശേഷം, വീട്ടുകാർ തന്‍റെയും ഹരിയേട്ടന്‍റെയും വിവാഹം ഉറപ്പിച്ചതിനുശേഷം ഉള്ള ആദ്യ സമാഗമം ആണ് ഇന്ന്. ഈ കാറ്റത്തും മഴയെത്തും ഇഷ്ടൻ എവിടെ പോയി കിടക്കുകയാണ്.

ചെലവ് ചെയ്യണമെന്ന നിമ്മിയുടെ ആവശ്യം ഹരിയേട്ടൻ ആണല്ലോ ആദ്യം കയറിയേറ്റത്. താനാകെ വികാരപരവശയാകുന്നത് പോലെ തോന്നുന്നു ഇപ്പോൾ.

അപ്പോൾ വാതിലിൽ ആരോ പതുക്കെ മുട്ടുന്നുണ്ടായിരുന്നു. വാതിൽ തുറന്നപ്പോൾ മുന്നിൽ നിമ്മി.

നിമ്മിയുടെ മുഖം ആകെ വിളറിയിരിക്കുന്നു. ആകെ വിരണ്ട ഭാവം.

പാവം…

അപ്പോൾ അവൾ അപൂർവമായി മാത്രം പുറത്തെടുക്കാനുള്ള വാത്സല്യ ഭാവത്തോടെ നിമ്മിയോട് ചോദിച്ചു.

എന്തുപറ്റി നിമ്മി നിനക്ക്?

നിമ്മി പതുക്കെ പറഞ്ഞു ഇയാൾക്ക് നാട്ടിൽ നിന്നും ഒരു ഫോൺ കോൾ ഉണ്ട്.

അവൾ ധൃതിയിൽ റിസപ്ഷൻ കൗണ്ടറിലേക്ക് നടന്നു.

ഫോണിൽ അനിയത്തി ആയിരുന്നു. എന്തോ അവളുടെ ശബ്ദം വല്ലാതെ പതറുന്നുണ്ടായിരുന്നു.,.

ഹരിയേട്ടൻ…. എന്ന വിതുമ്പലോടെ അനിയത്തി പറഞ്ഞതും ലൈൻ കട്ട് ആയതും ഒരുമിച്ചായിരുന്നു.

ടേബിളിനകത്ത് നിന്ന് തന്‍റെ മൊബൈൽ ഫോൺ ധൃതിയിൽ എടുത്ത് മഴ പെയ്തു തോർന്ന പുറത്തെ പുൽപ്പരപ്പിലേക്ക് വിറയ്ക്കുന്ന കാലടികളോടെ അവൾ നടന്നു.

എത്ര ശ്രമിച്ചിട്ടും ആരുടെയും ലൈൻ കിട്ടുന്നുണ്ടായിരുന്നില്ല.

ഒരു നിമിഷം! തിരിഞ്ഞ് അവൾ പുറകിൽ നോക്കി.

അപ്പോൾ നിമ്മി നിറയുന്ന കണ്ണുകൾ തുടരെത്തുടരെ തുടച്ചു കൊണ്ട് അവളുടെ അരികെ വന്നു നിന്നു.

പറയൂ നിമ്മി എന്താണ് സംഭവിച്ചത്, എന്‍റെ ഹരിയേട്ടന്? അവൾ കരയുവാൻ തുടങ്ങി.

മഴയിൽ വണ്ടി സ്ലിപ്പ് ചെയ്ത് കൊക്കിയിലേക്ക് ഹരിയേട്ടനടക്കം… നടുക്കുന്ന ആ യാഥാർത്ഥ്യം പറയാൻ കഴിയാതെ അധൈര്യയായി വിറച്ചു വിറച്ചു കൊണ്ട് നിമ്മി പതുക്കെ തേങ്ങി.

ആ നിമിഷത്തിൽ, മരണത്തിന്‍റെ അപ്രതീക്ഷിതമായ കാലടി ശബ്ദങ്ങൾ മുന്നിൽ കേട്ട് അവൾ ആകെ തളർന്നു. ഉതിരാത്ത കണ്ണുനീർത്തുള്ളികൾ ഓടെ അവൾ വിതുമ്പി.

എന്‍റെ ഹരിയേട്ടാ… എന്‍റെ ഹരിയേട്ടാ…

ആ വാക്കുകൾ മുറിഞ്ഞ് പിന്നീട് നേർത്ത് നേർത്ത് അവ്യക്തങ്ങളായി തീർന്നു.

കഴുത്തിലെ മുത്തുമാലകൾ പൊട്ടി ചിതറി. അതേ നിമിഷത്തിൽ തന്നെ ഓർമ്മകൾ മറഞ്ഞ് അവൾ നിലത്തുവീണു.

അരികിൽ അവളിൽ നിന്നും വീണുപോയ മൊബൈലിലെ വെളിച്ചം അണയാതെ കിടന്നു. പെട്ടെന്ന് ദീർഘമായ ഒരു മിന്നലിന്‍റെ അകമ്പടിയോടെ വലിയൊരു ഇടിവെട്ടി.

വരാന്തകളിലെയും റൂമുകളിലെയും മൊത്തം ക്യാമ്പസിലെയും ലൈറ്റുകൾ അടുത്ത നിമിഷം അണയുകയും ചെയ്തു.

ഞെട്ടി, ഭയന്നുപോയ സന്യാസി കുഞ്ഞൻ മാത്രം ആ കനത്ത ഇരുട്ടിലും ഇടയ്ക്കിടെയുള്ള ഇടിമിന്നലിന്‍റെ പ്രകാശത്തിലും വട്ടത്തിൽ തട്ടിത്തടഞ്ഞ് പറന്നുകൊണ്ടിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഇത്തിരിക്കുഞ്ഞന്‍റെ ചിറകിൽ തട്ടി ആ വലിയ ഓരോ കടന്നൽ കൂടും ഭയാനകമാം വിധം ഇളകിയാടാൻ തുടങ്ങി.

കണ്ണുകൾ അടച്ചു തുറക്കും മുൻപേ,

മഴപെയ്തു തോർന്ന പുൽപ്പരപ്പിലേക്ക് ഇരുട്ടിൽ തിളങ്ങിയ മൊബൈൽ വെളിച്ചത്തിലേയ്ക്കും വീണു കിടക്കുന്ന അവളുടെ ശരീരത്തിലേക്കും ആക്രമണോത്സുകരായി നൂറുകണക്കിന് തേനീച്ച കൂട്ടങ്ങൾ വന്നു പൊതിഞ്ഞു.

തേനീച്ച കൂട്ടങ്ങൾ കൂറ്റൻ മൺകൂന കണക്കേ ഉയർന്നുയർന്നു വന്നു. ആ നിമിഷം ലോകം ശാന്തമായി ഉറങ്ങുകയായിരുന്നു.

പിന്നീട്, മഴയുടെ ശമനം എന്നോണം നീളൻ പനമരങ്ങളുടെ ഇലകളിൽ നിന്നും നിശബ്ദം മഴത്തുള്ളികൾ ആ ഇളം പച്ചപ്പുല്ലുകളിൽ വീണുകൊണ്ടിരുന്നു.

മഴ നനഞ്ഞു തോർന്ന നെല്ലി മരങ്ങളുടെ ഇടയിൽ കൂടി കടന്നുവന്ന ലഹരി ഇറങ്ങിപ്പോയ ആനന്ദ വേഷങ്ങൾ ഒന്നും ചെയ്യുവാനുള്ള മനക്കരുത്ത് ഇല്ലാതെ തേനീച്ചകളാൽ പൊതിഞ്ഞ അനക്കമറ്റ ശരീരം നോക്കി നിശബ്ദം സ്തംഭിച്ചു നിന്നു.

Story: മഞ്ജരി

മൂന്ന് ദിവസത്തെ ഔദ്യോഗികാവശ്യത്തിനായി ഞാൻ മുബൈയിലെത്തി. മുബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു മീറ്റിംഗ്. രാത്രി ഏകദേശം 12 മണിവരെ മീറ്റിംഗ് തുടർന്നു. അതിനുശേഷമായിരുന്നു ഡിന്നർ.

ഡൈനിംഗ് ഹാളിൽ ജനാലയോട് ചേർന്നുള്ള സീറ്റ് ഞങ്ങൾക്കായ് ബുക്ക് ചെയ്തിരുന്നു. അവിടെ നിന്ന് നോക്കിയാൽ മറൈൻ ഡ്രൈവിൽ ചീറിയടിക്കുന്ന തിരമാലകൾ കാണാം.

ബെയറർ ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തി വെച്ചു. രാഗിണി വാതോരാതെ ഓരോരോ വിശേഷങ്ങൾ പറഞ്ഞതല്ലാതെ അധികം ഭക്ഷണം കഴിച്ചില്ല.

“നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ ഞാനൊരു മോശപ്പെട്ട പെണ്ണാണെന്ന്. അതല്ലാതെ നിങ്ങൾക്ക് എന്നെക്കുറിച്ച് മറ്റെന്തറിയാം. എന്‍റെ ഭർത്താവ് അമേരിക്കയിലാണ്. 5 വർഷം മുമ്പ് പ്രണയവിവാഹതിരായവരാണ് ഞങ്ങൾ. വെൽസെറ്റിൽഡായ ശേഷമേ വിവാഹജീവിതം ആസ്വദിക്കൂ എന്ന് ഞങ്ങൾ മുമ്പേ തീരുമാനിച്ചിരുന്നു. ഇതിനിടയിൽ ഞങ്ങൾ പരസ്പരം വ്യക്തിപരമായി ഒരുകാര്യത്തിലും ഇടപെടുകയില്ലെന്നും. എന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി ഞാനെന്‍റെ രാജ്യം തെരഞ്ഞെടുത്തു. അദ്ദേഹം അമേരിക്കയും.”

പറഞ്ഞ് പറഞ്ഞ് അവളുടെ കണ്ണുകൾ ചുവന്നു തുടുക്കുന്നത് ഞാൻ ഒളികണ്ണാലെ കണ്ടു.

“എന്‍റെ വളാവളാ സംസാരംകേട്ടിരുന്നാൽ ഭക്ഷണം തണുത്തുപോകും.” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

ഞാൻ നിശ്ശബ്ദം ഭക്ഷണം കഴിക്കാൻ തുടങ്ങി.

“സത്യം പറയട്ടെ ജയശങ്കർ” അവൾ തുടർന്നു.  “അന്ന് നിങ്ങൾ പറഞ്ഞത് വിഡ്ഢിത്തമാണെന്നാ എനിക്ക് തോന്നിയത്. പക്ഷേ, ഇപ്പോൾ ഞാൻ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. പ്രണയത്തിനുവേണ്ടി സ്വന്തം കരിയർ അപകടത്തിലാക്കുന്നത് ചില്ലറക്കാര്യമല്ല. ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കേ കഴിയൂ. നിങ്ങളെ പ്രണയിച്ച ആ പെൺകുട്ടി എത്ര ഭാഗ്യവതിയാണ്.”

“നിന്‍റെ ഭർത്താവും നിന്നെ സ്നേഹിക്കുന്നില്ലേ?” ഞാൻ പതിഞ്ഞസ്വരത്തിൽ ചോദിച്ചു.

എന്‍റെ ചോദ്യം കേട്ട് രാഗിണി വിചിത്രഭാവത്തിൽ പൊട്ടിച്ചിരിച്ചു, “അങ്ങേര് ഏത് കൾച്ചറിലാ ജീവിക്കുന്നത് എന്നറിയില്ലേ? അവിടെ സ്നേഹവും പ്രണയമവുക്കെ സ്വാർത്ഥമോഹങ്ങൾക്കു വേണ്ടിയാ. കണ്ണൊന്ന് ചിമ്മി തുറക്കേണ്ട താമസം പങ്കാളിയെ മാറ്റിക്കളയും. ബ്ലഡി ബിച്ച്…”

അന്യന്‍റെ ഭാര്യ വേറൊരുത്തന്‍റെ കൈയുംപിടിച്ച് നടക്കുന്നത് കാണാം. വിരൽ ഞൊടിക്കേണ്ട താമസമേയുള്ളൂ. വലിയ വലിയ ഡീൽ നടക്കാൻ. അവിടെ പാർട്ടി സംഘടിപ്പിക്കുന്നതുതന്നെ അതിനുവേണ്ടിയല്ലേ. ആരുടെ ഭാര്യയാണോ സുന്ദരിയും മിടുക്കിയും അവരുടെ ലാഭവും കൂടും. എല്ലാവരും മൃഗങ്ങളാണ് വെറും മൃഗങ്ങൾ. ദേഷ്യം കൊണ്ട് അവളുടെ മുഖപേശികൾ വലിഞ്ഞുമുറുകുന്നത് ഞാൻ ശ്രദ്ധിച്ചു.

“നമ്മൾ മുമ്പ് കണ്ടുമുട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങളെന്‍റെ ഭർത്താവാകുമായിരുന്നു.”

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതുപോലെ. “ജയശങ്കർ, ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയട്ടെ.” അവൾ എന്‍റെ വശത്തേക്ക് ചരിഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, “കുറേ ദിവസം മുമ്പ് കിട്ടിയതാ എന്‍റെ പ്രമോഷൻ ലെറ്റർ. പക്ഷേ, ഞാനത് കീറി വേസ്റ്റ് ബാസ്ക്കറ്റിലിട്ടു. എനിക്ക് നിങ്ങളെ വിട്ട് ദൂരെ പോകാൻ കഴിയില്ല.”

ഞാൻ ഞെട്ടത്തരിച്ചിരുന്നു.

“എനിക്ക് ഭ്രാന്താണെന്ന് നിനക്ക് തോന്നുന്നുണ്ടോ? എന്‍റെ അനുഭവങ്ങൾ എന്നെ ഭ്രാന്തിയാക്കിയില്ലെങ്കിലേ ഉള്ളൂ.”

“സ്റ്റോപ്പ് ഇറ്റ്.” ഞാൻ ഉച്ചത്തിൽ പറഞ്ഞു.

“രാത്രി ഏറെയായിരിക്കുന്നു. വരൂ… റൂമിൽ കൊണ്ടുവിടാം.”

“നോ ഐ ആം ഓകെ…” അവൾ പറഞ്ഞു.

“നിങ്ങളെന്ത് മനുഷ്യനാ, ഇവിടെ താമസിച്ചിട്ടും നമ്മുടെ സാമൂഹിക മര്യാദകളൊന്നും പഠിച്ചിട്ടില്ല. ഒരു പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ ഛെ…”

വിശാലമായ മുറിയിൽ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി ഇരുന്നു. ഞാൻ അവളെ മുറിയിൽ കൊണ്ടുവിട്ടശേഷം മടങ്ങാനൊരുങ്ങവേ അവൾ കള്ളക്കരച്ചിലിലൂടെ എന്നെ തടഞ്ഞുനിർത്തി എന്‍റെ കൈകൾ കൂട്ടിപ്പിടിച്ചു. എന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി, “ഈ മൂന്നാം നിലയിലേക്ക് ഞാൻ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി കയറി വന്നതല്ലേ. പകരം ഒറ്റക്കുതിപ്പിന് ഇവിടെ എത്തിയോ… യൂനോ… ഇതുപോലുള്ള മുറികളിൽ വച്ച് കമ്പനി ഹെഡ് എന്നെ പലതവണ… ഇഷ്ടമില്ലാഞ്ഞിട്ടും കൂടി… അയാളുടെ മുന്നിൽ എനിക്ക് വിവസ്ത്രയാകേണ്ടി വന്നിട്ടുണ്ട്. ഇഫ് യൂ വാണ്ട് ടു അറ്റെയിൻ സംതിംഗ് യു ഹാവ് ടു പേ ഫോർ ദാറ്റ്. എന്‍റെ സ്വന്തം കഴിവുകൊണ്ട് ഞാൻ ഈ ഉയരം കീഴടക്കുമായിരുന്നു… പക്ഷേ എന്‍റെ കഴിവിനെ ആരും കണ്ടില്ല പകരം എന്‍റെ ശരീരസൗന്ദര്യമാണ് എല്ലാവരുടെയും കണ്ണിൽപെട്ടത്. അവളുടെ ഉള്ള് പിടഞ്ഞപ്പോൾ ഒരു വലിയ കണ്ണീർച്ചാൽ… ആ കണ്ണീർ തുള്ളി ഞാൻ നോക്കിയിരുന്നു. ഇങ്ങനെയൊരു രൂപത്തിൽ അവളെ ആദ്യമായിട്ടാണ് കാണുന്നത്.

“കം… ഞാൻ നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു.” അവൾ എന്‍റെ കൈകളിൽ പിടിച്ചുവലിച്ചു. “ഇവിടെ നമ്മളല്ലാതെ മറ്റാരുമില്ല. വി കാൻ എൻജോയ്.” വല്ലാത്തൊരു ആസക്തിയോടെ അവളെന്നെ ചുറ്റിപ്പിണയാൻ ശ്രമിക്കവെ ഞാനവളെ ശക്തിയായി പിടിച്ച് തള്ളി സ്വന്തം മുറിയിലേക്ക് നടന്നു.

എന്‍റെ ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടൽ. ഞാൻ പതിയെ ജനാലക്കരികിൽ ചെന്ന് നിന്നു. അങ്ങ് കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടൽ. കടലിലേക്ക് നോക്കി നിന്നപ്പോൾ പെട്ടെന്ന് മഞ്ജരിയെക്കുറിച്ചുള്ള ഓർമ്മ എന്‍റെ മനസ്സിലേക്ക് ഓടിവന്നു. എന്തോ നഷ്ടപ്പെട്ടവളെപ്പോലെ അവളുടെ ശൂന്യമായ കണ്ണുകൾ എന്നെ തന്നെ നോക്കിയിരിക്കുന്നതുപോലെ.

“മഞ്ജരി… നിന്‍റെ സ്ഥാനം ആർക്കും തട്ടിയെടുക്കാനാവില്ല. എന്‍റെ വിറയാർന്ന ചുണ്ടുകൾ മന്ത്രിച്ചുക്കൊണ്ടിരുന്നു.”

കോളേജിൽ പഠിക്കുന്ന സമയത്താണ് എല്ലാവരിൽ നിന്നും വ്യത്യസ്തമായ ഒരു പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നത്. മഞ്ജരി. കൃത്രിമത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത പെരുമാറ്റവും സൗന്ദര്യവും. നിഷ്കളങ്കമായ മുഖം. അവളുടെ ലാളിത്യം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.

ഒഴിവുള്ള പീരിയഡുകളിൽ അവൾ കോളേജ് ലൈബ്രറിയിൽ വരുന്നത് പതിവായിരുന്നു.

“എക്സ്ക്യൂസ് മീ” ഒരു ദിവസം അവൾ എന്നെ നോക്കി പറഞ്ഞു. അതായിരുന്നു അവളാദ്യമായി എന്നോട് പറഞ്ഞ രണ്ട് വാക്കും. ഞാനവൾക്കുമുന്നിൽ പകച്ചു നിന്നു.

“ഞാനിവിടെ ഇരുന്നോട്ടെ?” ബെഞ്ചിൽ എന്‍റെ തൊട്ടടുത്തായി ഇരിക്കാൻ സമ്മതം ചോദിക്കുകയാണ്.

“ങ്ഹാ… ങ്ഹാ…” എന്‍റെ നാവ് കുഴഞ്ഞുപോയി. ഞാൻ ഒതുങ്ങിയിരുന്ന് അവൾക്ക് ഇരിക്കാൻ സ്ഥലമൊരുക്കിക്കൊടുത്തു.

“എനിക്ക് നോട്സിനായി റഫർ ചെയ്യാനുള്ള പുസ്തകം നിങ്ങൾ എടുത്തിട്ടുണ്ടെന്ന് ലൈബ്രേറിയൻ പറഞ്ഞു. വിരോധമില്ലെങ്കിൽ ആ പുസ്തകം…”

അവൾ പറഞ്ഞുതീരും മുമ്പേ ഞാൻ യാന്ത്രികമായി പുസ്തകം അവൾക്കുനേരെ നീട്ടി.

“താങ്ക്യൂ” അവൾ മനോഹരമായി പുഞ്ചിരിച്ചു. അവൾ പുസ്തകത്തിൽ മുഴുകി. ഞാൻ ഇടയ്ക്കിടെ ഇടം കണ്ണിട്ട് അവളെ നോക്കിക്കൊണ്ടിരുന്നു. ഉയരുകയും താഴുകയും ചെയ്യുന്ന കണ്ണിമകളിൽ എന്‍റെ ഹൃദയം അലിഞ്ഞു ചേർന്നു. ആ ദിവസം മുഴുവനും അവളുടെ ഗന്ധമായിരുന്നു എനിക്ക്. എവിടെ പോയാലും ആ ഗന്ധം എന്നെ ചുറ്റിപ്പൊതിഞ്ഞു നിന്നു.

ഇന്നും ആ ഗന്ധം എന്‍റെയരികിലേക്ക് വന്നതുപോലെ….

ഞങ്ങൾ രാവിലത്തെ ഫ്ളൈറ്റിൽ തന്നെ കൊച്ചിയിലേക്ക് മടങ്ങി. രാഗിണിക്ക് മറ്റൊരു മുഖമായിരുന്നു അപ്പോൾ. തലേന്ന് രാത്രിയിൽ കണ്ട ആളല്ല. ആത്മവിശ്വാസവും പ്രസരിപ്പും തുടിക്കുന്ന മുഖഭാവം. ഒരു പക്കാ പ്രൊഫഷണലായി അവൾ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവം അവളെ തെല്ലും വേദനിപ്പിച്ചില്ല. ആ രാത്രി കഴിഞ്ഞുപോയിരുന്നു. ഒരടഞ്ഞ അദ്ധ്യായം. കഴിഞ്ഞതിനെ പൂർണ്ണമായും മറന്ന് മുന്നേറുക അതാണ് കലർപ്പില്ലാത്ത കോർപ്പറേറ്റ് വ്യക്തിത്വം. മടക്കയാത്രയിൽ അവൾ ഭൂരിഭാഗം സമയവും ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.

എയർപോർട്ടിൽ നിന്ന് ഞാൻ നേരിട്ട് വീട്ടിലെത്തി.

മെയിൻഗേറ്റ് പൂട്ടിയിരിക്കുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ. കാറിന്‍റെ ശബ്ദം കേട്ടിട്ടാവണം അടുത്ത വീട്ടിലെ പെൺകുട്ടി ഓടി വന്ന് എന്‍റെ കൈയിൽ താക്കോലും ഒരു കവറും തന്നു.

“ആന്‍റി ഇന്നലെ രാവിലെ പോയി.” എന്‍റെ മുഖത്തെ അസ്വസ്ഥത കണ്ടിട്ട് അവൾ പറഞ്ഞു.

“എവിടെ?”

“മമ്മി അത് ചോദിച്ചിരുന്നു പക്ഷേ ആന്‍റിയൊന്നും പറഞ്ഞില്ല. പകരം ഈ കവർ ആങ്കിളിന്‍റെ കൈയിൽ തരാൻ പറഞ്ഞു.”

മഞ്ജരി വളരെ വിരളമായിട്ടേ എങ്ങും പോയിരുന്നുള്ളൂ. പക്ഷേ എങ്ങോട്ടാവും അവൾ പോയിരിക്കുക? എന്തോ അജ്ഞാതമായ ശങ്കയിൽ എന്‍റെ ഹൃദയം വല്ലാതെ പിടയാൻ തുടങ്ങി. ഞാൻ വാതിൽ തുറന്ന് അകത്ത് കയറി. തിടുക്കപ്പെട്ട് കവറിൽ നിന്നും ക്തത് പുറത്തെടുത്തു.

ജയശങ്കർ,

കോളേജിൽ പരിചയപ്പെട്ട ആദ്യ ദിനങ്ങളെ നിങ്ങൾ ഒന്നോർത്തുനോക്കൂ. എന്‍റെ സാമീപ്യത്തിനുവേണ്ടി നിങ്ങൾ എത്ര കൊതിയോടെയാ എന്‍റെയടുത്ത് വന്നിരുന്നത്. ആ സ്നേഹം, അടുപ്പം, ആ നിമിഷങ്ങൾ… ഞാൻ എല്ലാ നിമിഷവും അതിവിടെയും തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അതെല്ലാം വ്യർത്ഥമോഹങ്ങളായിരുന്നു. അതെല്ലാം നിങ്ങൾ മനസ്സിൽ നിന്ന് എന്നേ ഉപേക്ഷിച്ചിരിക്കുന്നു. ഞാൻ ഇവിടെ ഈ ഏകാന്തതയിൽ സഞ്ചരിച്ച് എന്‍റെ നിഴലിനോട് തന്നെ സംസാരിച്ച് മടുത്തിരിക്കുന്നു. ഇനിയുള്ള കാലം ഞാൻ ആ ഓർമ്മകളിൽ ജീവിച്ചുകൊള്ളാം. ഈ നഗരത്തിലെ കൃത്രിമത്തോടാണ് നിങ്ങൾക്ക് താൽപര്യം. എന്‍റെ ഇടത്തേക്ക് ഞാൻ പോവുകയാണ്. ആ അധികാരത്തേയും എന്നിൽനിന്നും ആർക്കും തട്ടിയെടുക്കാനാവില്ല. നിങ്ങൾക്കുപോലും.

മഞ്ജരി

അക്ഷരങ്ങൾ ഇഴയുന്നതുപോലെ… ഞാൻ ജീവച്ഛവമായി സോഫയിലിരുന്നു. കൈകൾ വിയർക്കുന്നു. ആ ഇരുപ്പ് കുറച്ചുനേരം തുടർന്നു. പിന്നീട് ബോധോദയം ഉണ്ടായപ്പോൾ ഞാൻ സ്റ്റേഷനിലേക്ക് ഓടി, ടിക്കറ്റെടുത്ത് ആദ്യ ട്രെയിനിൽ കയറി.

ജനാലയ്ക്കരികിലിരുന്ന് വീണ്ടും കോളേജ് ഓർമ്മകളിലേക്ക് ഊളിയിട്ടിറങ്ങി.

കോളേജിലെത്തിയ ഞാൻ ക്ലാസിൽ മഞ്ജരിയെ അന്വേഷിച്ചുകൊണ്ടിരുന്നു. ലൈബ്രറിയിലും കണ്ടില്ല. അവളെക്കാണാൻ എന്‍റെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു. അവളുടെ ശരീരത്തിൽനിന്നും ഉയരുന്ന നേർത്ത സൗരഭ്യത്തെക്കുറിച്ചും ഓർത്തപ്പോൾ എന്‍റെ മനസ്സ് പിടഞ്ഞു.

രണ്ടാമത്തെ ദിവസവും ഇപ്രകാരം കടന്നുപോയി. മൂന്നാം ദിവസവും അവൾ വരുമെന്ന ഊഹത്തിൽ ഞാൻ കോളേജിൽ പോയി. അന്നും അവളെ കണ്ടില്ല. ക്ലാസിൽ ഞാൻ കടുത്ത ഏകാന്തതയനുഭവിച്ചു. മനസ് മടുത്തപ്പോൾ ക്ലാസിൽ നിന്നുമിറങ്ങി കോളേജിന് മുന്നിലെ വാകമരച്ചോട്ടിൽ പോയിരുന്നു. ഉറക്കം എന്‍റെ കണ്ണുകളിൽ കനം വെച്ചു തുടങ്ങിയിരുന്നു. ഉറങ്ങിയിട്ട് എത്ര ദിവസമായിരിക്കുന്നു. ആവളുടെ വീട്ടിൽപ്പോയി അന്വേഷിച്ചാലോയെന്ന ചിന്ത എന്‍റെ മനസ്സിൽ ഓടിവന്നു. അവളുടെ വീട് അറിയാമെങ്കിലും അവിടെ നേരിട്ട് ചെന്ന് അന്വേഷിക്കാൻ ബുദ്ധിമുട്ട് തോന്നി. അവളുടെ വീട്ടുകാർ എന്ത് കരുതും.

മറ്റ് എന്തെങ്കിലും പോംവഴി മനസ്സിൽ വന്നുമില്ല. മനസ്സ് ശൂന്യമായിരുന്നു. ഞാൻ ലൈബ്രറിയിലേക്ക് നടന്നു. അത്ഭുതം അവൾ ലൈബ്രറിയിൽ ഏതോ പുസ്തകത്തിൽ മുഴുകിയിരിക്കുകയാണ്. അവളെ കണ്ട സന്തോഷത്തിൽ ഞാൻ അടുത്ത നിമിഷം അവളുടെ മുന്നിലെത്തി.

“രണ്ടുദിവസം എവിടെയായിരുന്നു?”

“എന്‍റെ വിഷമത്തെക്കുറിച്ച് നിനക്കൊരു ചിന്തയുമില്ല. ഓരോ നിമിഷവും ഞാൻ കഴിച്ചുകൂട്ടിയതെങ്ങനെയാണെന്ന് നിനക്കറിയാമോ? ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടായിരുന്നോ…” ഞാൻ ഒറ്റശ്വാസത്തിൽ അവളോട് ചോദിച്ചു.

അവളെന്നെ പകച്ച് നോക്കിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകളിൽ അത്ഭുതം തിരയിളക്കുകയായിരുന്നു.

“എന്തിനാ വിഷമിക്കുന്നത്?” അവൾ നിഷ്കളങ്കമായി ചോദിച്ചു.

ഞാൻ ചുറ്റിലും നോക്കി… നിശ്ശബ്ദത… പക്ഷേ ആ ചോദ്യത്തിനുള്ള മറുപടി ഉണ്ടായിരുന്നില്ല. ലൈബ്രേറിയൻ ഇടയ്ക്കിടെ തലയുയർത്തി ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ട് അവൾ എന്നേയും കൂട്ടി പുറത്ത് കടന്നു.

“കഴിഞ്ഞ ദിവസമാണ് ഞങ്ങൾ ഇവിടെയടുത്ത് താമസം മറിവന്നത്. സാധനങ്ങളെല്ലാം അവിടെയും ഇവിടെയും കിടക്കുകയായിരുന്നു. അതൊക്കെ അഡ്ജസ്റ്റ് ചെയ്തുവയ്ക്കാൻ സമയം എടുക്കുമല്ലോ, അതുകൊണ്ടാ രണ്ട് ദിവസം വരാതിരുന്നത്.”

മൂന്ന് വർഷം കഴിഞ്ഞുപോയത് ഞങ്ങൾ അറിഞ്ഞതേയില്ല. കഴിഞ്ഞുപോയ ഓരോ നിമിഷത്തേയും ഞങ്ങൾ മനസ്സിൽ ചേർത്തു പിടിച്ചു. ഈ കാലയളവിനുള്ളിൽ ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയിരുന്നു. ഞാൻ പിജി കഴിഞ്ഞശേഷം ജോലി അന്വേഷിച്ചു തുടങ്ങി. മഞ്ജരി ഡിഗ്രി കഴിഞ്ഞ് ഏതോ പാർട്ട്ടൈം കോഴ്സിന് ചേർന്നു.

മഞ്ജരിയെ വീട്ടിലെല്ലാവർക്കും ഇഷ്ടമായിരുന്നു. പക്ഷേ ജോലി കിട്ടിയിട്ടേ അവളുടെ കഴുത്തിൽ താലികെട്ടൂ, അതായിരുന്നു തീരുമാനം.

“ഭാവിയെക്കുറിച്ച് എന്താ തീരുമാനം?”

മഞ്ജരി എന്‍റെ തോളിൽ തലചായ്ച്ചുവെച്ച് ഒരു ദിവസം ചോദിച്ചു. “എംബിഎ ചെയ്യാനാണ് എന്‍റെ പ്ലാൻ. ഞാനവളുടെ കണ്ണുകളിൽ ഉറ്റുനോക്കി. കുറച്ചുകാലത്തേക്ക് ഈ നഗരത്തിൽ നിന്നും അകന്നു നിൽക്കേണ്ടി വരും.” അവൾ നിശ്ശബ്ദയായിരുന്നു.

“നിന്‍റെ നിശ്ശബ്ദത എന്നെ ദുർബലനാക്കും.” ഞാനവളുടെ കൈയിൽ പതിയെ നുള്ളി. “നിന്നെ വേർപിരിയുന്നത് എനിക്ക് സഹിക്കില്ല. പക്ഷേ നമ്മുടെ ജീവിതം ഭദ്രമാക്കാൻ ആ വേർപാട് അനിവാര്യമാണ്. ”

മുംബൈയിലെ ആദ്യദിനങ്ങൾ വല്ലാത്ത സംഘർഷം നിറഞ്ഞതായിരുന്നു. പകൽ സമയം കോളേജിൽ ബാക്കിയുള്ള സമയം ഹോസ്റ്റലിൽ പഠനം. ഉറങ്ങുമ്പോൾ മഞ്ജരിയക്കുറിച്ചുള്ള ഓർമ്മകൾ എന്നിൽ വന്ന് നിറയും.

എംബിഎയ്ക്കുശേഷം എനിക്ക് അധികനാൾ ജോലിക്കായി കാത്തിരിക്കേണ്ടി വന്നില്ല. നല്ലൊരു കമ്പനിയിൽ തന്നെ ജോലി കിട്ടി. ഇനി മഞ്ജരിക്കും എനിക്കുമിടിയിലുള്ള അകലം അവസാനിക്കാൻ പോകുകയാണ്.

ഇരുവീട്ടുകാരും ചേർന്ന് യോജിച്ച ഒരു വിവാഹത്തീയതി നിശ്ചയിച്ചു. ഞങ്ങളുടെ വിവാഹം സമംഗളമായി നടന്നു.

“നിന്‍റെ കോലം കണ്ടില്ലേ, ഹോട്ടലീന്നും മറ്റും കഴിച്ചിട്ടാ. ഇനിയിപ്പോൾ അവൾ കൂടെയുണ്ടല്ലോ, അപ്പോ പിന്നെ ഭക്ഷണപ്രശ്നമുണ്ടാകില്ല.” അച്ഛൻ തമാശയെന്നോണം പറഞ്ഞു.

എന്‍റെ മനസ്സ് നിറഞ്ഞു. ഇനിമുതൽ അവൾ എന്നോടൊപ്പം എപ്പോഴുമുണ്ടാകും. മഞ്ജരിയുടെ വരവോടെ ചെറിയ ഫ്ളാറ്റ് വലിയൊരു പൂന്തോട്ടമായി. ഞാൻ പകൽ മുഴുവനും ഓഫീസിൽ തിരക്കിലാകുമ്പോൾ അവൾ വീട്ടിൽ തനിച്ചാകും. പക്ഷേ അവൾ ഒന്നിലും പരിഭവം കാട്ടിയില്ല.

എന്‍റെ ബോസ് പ്രൊമോഷനോടുകൂടി ട്രാൻസ്ഫറായി പോയ ഒഴിവിലേക്ക് രാഗിണി വന്നു. കഷ്ടിച്ച് 30-31 വയസ്സ് പ്രായമുള്ള രാഗിണി സുന്ദരിയായിരുന്നു. അതിലേറെ കാര്യശേഷിയുളളവളും. മാനേജുമെന്‍റിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവൾ. അവൾ ചാർജ്ജെടുത്ത് ഏതാനും ദിവസം കഴിഞ്ഞപ്പോൾത്തന്നെ അതിന്‍റെ ഫലം കണ്ടുതുടങ്ങിയിരുന്നു. എന്‍റെ അധികാര പദവി ഉയർന്നു. ഓഫീസുമായി ബന്ധപ്പെട്ട ഓരോ ചെറിയ കാര്യങ്ങളിൽ വരെ എന്‍റെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. ബിസിനസ് ടൂറുകളിൽ എനിക്ക് രാഗിണിയെ അനുഗമിക്കേണ്ടത് അനിവാര്യമായി.

കമ്പനി എനിക്ക് ഫ്ളാറ്റും വാഹനവും അനുവദിച്ചു. ശബളത്തിന്‍റെ സ്ഥാനത്ത് മികച്ചൊരു പാക്കേജും. ഞാനൊരു യന്ത്രമായി തുടങ്ങി.

“നിങ്ങൾ ഇത്രയധികം മാറിപ്പോകുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല.” അതിർ വരമ്പുകൾ ലംഘിക്കപ്പെടുമ്പോൾ മഞ്ജരി പൊട്ടിത്തെറിക്കും.

“എന്നോട് ഇത്തിരി നേരം സംസാരിക്കാൻ പോലും നിങ്ങൾക്ക് സമയമില്ല. ഞാനിവിടെ വന്നപ്പോൾ മുതൽ തുടങ്ങിയതാ ഈ നാലുചുവരുകൾക്കുള്ളിലെ ജയിൽവാസം. എനിക്ക് മടുത്തു.”

“വീട്ടിൽ വണ്ടിയുണ്ട്. നിനക്ക് വേണമെങ്കിൽ പുറത്തൊക്കെ പോകമല്ലോ. അതിനൊരു വിലക്കുമില്ല.”

“തനിച്ചെവിടെ പോകാനാ ഞാൻ?”

“എന്‍റെ നിസ്സാഹായവസ്ഥ നിനക്ക് മനസ്സിലാക്കിക്കൂടേ. ഇത്രയും നല്ല ജോലിയും അവസരവും വളരെ വിരളമായിട്ടേ കിട്ടൂ. നല്ല പ്രമോഷൻ കിട്ടുന്ന ജോലിയാണ്.”

“നിങ്ങൾ എപ്പോഴേ മുന്നേറിക്കഴിഞ്ഞിരിക്കുകയാണല്ലോ. ഇനി തിരിഞ്ഞൊന്ന് നോക്കിയാൽ പോലും നിങ്ങൾക്ക് ഒന്നും കാണാനാകില്ല.” അവൾ കരഞ്ഞു തുടങ്ങി. “ഇതെന്താ ഈ പറയുന്നത്?” ഞാൻ ചോദ്യഭാവത്തിൽ നോക്കി.

“ഞാനൊരു പ്രതിമയല്ല. മജ്ജയും മാംസവുമുള്ള ഒരു മനുഷ്യജീവിയാണ്.”

“നിനക്ക് തെറ്റിധാരണയാണെന്ന് എനിക്കറിയാം. വളരെക്കുറച്ച് സമയമേ ഞാൻ നിക്കൊപ്പം ചെലവഴിക്കുന്നുള്ളൂ. പക്ഷേ, നിന്നോടുള്ള സ്നേഹവും കരുതലും അതപ്പടിയുണ്ട്. അതേ ആഴത്തിലും തീവ്രതയിലും…”

“നിങ്ങൾ എന്നെയും നിങ്ങളെയും ചതിച്ചുകൊണ്ടിരിക്കുകയാണ് ജയശങ്കർ.” അവൾക്ക് സങ്കടം സഹിക്കാനായില്ല.

“ഞാനിതൊക്കെ ആർക്കുവേണ്ടിയാ ചെയ്യുന്നത്?”

“എനിക്ക് വലിയ ബംഗ്ലാവും വണ്ടിയും വേണ്ട. ചെറിയൊരു വീട്ടിലായാലും ഞാൻ സന്തോഷത്തോടെ കഴിയും. പക്ഷേ, നിങ്ങളുടെ ഈ അകൽച്ച ഞാൻ സഹിക്കുകയില്ല. ഞാനിവിടെ ശ്വാസം മുട്ടി മരിക്കും. എനിക്ക് മടുത്തു, പ്ലീസ്…” അവളുടെ ഹൃയവേദന പെരുമഴയായി.

സങ്കടംകൊണ്ട് കലങ്ങിയ അവളുടെ മുഖം കണ്ടപ്പോൾ എന്‍റെ ഹൃദയം പിടഞ്ഞു. പിറ്റേദിവസം രാഗിണിയെ വിളിച്ച് ഞാൻ അവധിയിലായിരിക്കുമെന്ന വിവരം ധരിപ്പിച്ചു. അന്ന് ഓഫീസിൽ തിരക്കുള്ള ദിവസമായിട്ടും ഞാനതൊക്കെ മാറ്റി വെച്ച് മഞ്ജരിയേയും കൂട്ടി പുറത്ത് കറങ്ങാൻ പോയി.

ഭക്ഷണം പുറത്തു നിന്നും കഴിച്ചു. ഉച്ച കഴിഞ്ഞ് സിനിമയും കണ്ട് ഹോട്ടലിൽ നിന്ന് ഡിന്നറും കഴിച്ചാണ് ഞങ്ങൾ വീട്ടിലെത്തിയത്. ഇനിയൊരിക്കലും അവളുടെ മുഖം വാടരുത്, അതിനുവേണ്ടി എന്തെല്ലാമോ ചെയ്യാം അതെല്ലാം ചെയ്യുമെന്ന് ഞാൻ മനസ്സിൽ തീരുമാനമെടുത്തിരുന്നു.

പിറ്റേദിവസം ഓഫീസിലെത്തിയപ്പോൾ രാഗിണി ഗൗരവഭാവത്തിലായിരുന്നു. ഏറെ കഴിഞ്ഞ് രാഗിണി എന്നെ ക്യാബിനിൽ വിളിപ്പിച്ചു.

“ലുക്ക് മി. ജയശങ്കർ. വൈകാരികമായി എടുക്കുന്ന തീരുമാനം എപ്പോഴും ശരിയാകണമെന്നില്ല. നിങ്ങൾക്ക് നല്ല കാലിബർ ഉണ്ട്. അതുകൊണ്ടാണ് ഞാനിതൊക്കെ പറയുന്നത്. നിങ്ങൾക്ക് നല്ലൊരു ഭാവിയുണ്ട്. നിങ്ങളുടെ ഭാര്യക്ക് അതൊന്നും മനസ്സിലാവുകയില്ല. അതുകൊണ്ട് അഡ്ജസ്റ്റ്മെന്‍റ് പ്രശ്നങ്ങൾ ഉണ്ടാകാം. പക്ഷേ, പതിയെ അവർ സാഹചര്യങ്ങളുമായി ഒത്തിണങ്ങിക്കോളും.”

എനിക്കവളുടെ അഭിപ്രായപ്രകടനം ഇഷ്ടമായില്ലെങ്കിൽകൂടി അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി.

“ഞാൻ വളരെ ഹാർഡ് വർക്ക് ചെയ്തിട്ടാണ് ഇവിടെവരെ എത്തിയത്. എന്‍റെ പെർഫോമൻസിൽ കമ്പനിഹെഡ് സന്തുഷ്ടരാണ്. ഇക്കാര്യത്തിൽ എനിക്ക് റിസ്ക് എടുക്കാനാവില്ല. മാത്രമല്ല എന്‍റെ പ്രൊമോഷനെക്കുറിച്ച് കമ്പനി സീരിയസ്സായി ചിന്തിക്കുന്നുമുണ്ട്. ഞാൻ പോയശേഷം നിങ്ങൾക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാം. പക്ഷേ, അതുവരെ നിങ്ങൾ സത്യസന്ധമായ നിലപാട് സ്വീകരിക്കണം.”

അവരുടെ വാക്കുകൾ എനിക്ക് തള്ളിക്കളയാനേ കഴിഞ്ഞില്ല. ഞാൻ മുഴുവൻ സത്യാവസ്ഥയും മഞ്ജരിയെ ധരിപ്പിച്ചു.

“എനിക്ക് നിങ്ങളെ വിശ്വാസമാണ്.” അവൾ എന്‍റെ നെഞ്ചോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.

മഞ്ജരിയുടെ വിശ്വാസം ഹനിക്കാതിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ ജോലിയായിരുന്നു. ഞാൻ ആഗ്രഹിക്കാതിരുന്നിട്ടും എന്‍റെ ദിനങ്ങൾ പഴയതുപോലെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

മാസങ്ങൾ കടന്നുപോയി. അതോടൊപ്പം മഞ്ജരിയിലേക്കുള്ള എന്‍റെ ദൂരവും. ഭൂരിഭാഗം സമയവും ഞാൻ രാഗിണിക്കൊപ്പമായിരുന്നു.

എന്‍റെ മനസ്സിലെ വൈകാരികഭാവങ്ങൾ എവിടെയോ പോയിമറഞ്ഞിരുന്നു. മഞ്ജരി അവളുടെ മനസ്സും വികാരങ്ങളും എനിക്ക് അപ്രാപ്യമായ യാഥാർത്ഥ്യങ്ങളായിരുന്നു. എന്നിലെ മാറ്റങ്ങൾക്ക് സമാന്തരമായി അവളുടെ മനസ്സിലും ചില ഉടച്ചു വാർക്കലുകൾ ഉണ്ടായി. അവൾ കൂടുതൽ നിശ്ശബ്ദയായിക്കൊണ്ടിരുന്നു. പക്ഷേ, അവളുടെ കണ്ണുകളിൽ ഉറഞ്ഞുകൂടിയിരുന്ന കണ്ണുനീർ ഞാൻ കാണാതെയുമിരുന്നില്ല.

“മഞ്ജരി പ്ലീസ്, കൺട്രോൾ യുവർസെൽഫ്.” അവളുടെ സങ്കടം കണ്ട് ഞാൻ അസ്വസ്ഥതയോടെ പറഞ്ഞു.

“ഇനി നീ സങ്കടപ്പെടില്ല.”

“ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാൻ.” അവൾ നിർവികാരയായി പറഞ്ഞു.

ട്രെയിൻ വലിയ മുരൾച്ചയോടെ പ്ലാറ്റ്ഫോമിൽ വന്നുനിന്നു. എന്‍റെ മനസ്സ് മുഴുവനും മഞ്ജരിയായിരുന്നു. അവളുടെ സാമീപ്യത്തിനായി കൊതിക്കുമ്പോഴും അവളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ആശങ്കയായിരുന്നു എനിക്ക്.

അന്നാദ്യമായി ഏകാന്തത എന്നെ കഠിനമായി വേദനിപ്പിച്ചു. തീർത്തും തനിച്ചായി പോയതുപോലെ. ഉണങ്ങിയ ഇലപോലെ വ്യർത്ഥമായ ജീവിതം. “മഞ്ജരി എന്നോട് ക്ഷമിക്കൂ… ഞാനെല്ലാം ഉപേക്ഷിച്ചു വന്നിരിക്കുകയാണ്. നിനക്കു വേണ്ടി, നിനക്ക് അവകാശമുള്ള ആ സ്നേഹവും സുരക്ഷിതത്വവും ഞാൻ…” എന്‍റെ മനസ്സ് പലയാവർത്തി മന്ത്രിച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ പ്രണയത്തിന്‍റെ പുതുനാമ്പുകൾ തിളിർത്ത ആ കൊച്ചു പട്ടണത്തിലൂടെ ഞാൻ വീണ്ടും സഞ്ചരിച്ചു…. വീണ്ടും പ്രണയം തളിർക്കുന്നതും പൂക്കുന്നതും പ്രതീക്ഷിച്ച്…

ആദിത്യന്‍റെ വീട്

ആദിത്യൻ നിശബ്ദനായിരുന്നു. ഭാര്യ പറഞ്ഞത് അയാൾക്ക് വിശ്വാസമായില്ല. അയാൾ ഉറച്ച ശബ്ദത്തോടെ ചോദിച്ചു, “റിച്ചാ, നീയീപ്പറഞ്ഞത് സത്യം തന്നെയാണോ?”

“ആദ്യം എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ഞാനൊരു സ്ത്രീയാണ്. അങ്കിത ഇപ്പോൾ കടന്നുപോകുന്ന പ്രായത്തിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. അവളുടെ പെരുമാറ്റം കാണുമ്പോൾ എനിക്കറിയാം. എന്തോ കുഴപ്പമുണ്ടെന്ന്.”

ആദിത്യന്‍റെ കണ്ണുകളിൽ ഒരു ചോദ്യമുയർന്നു. റിച്ചയ്ക്ക് അയാളുടെ കണ്ണുകൾ വായിക്കാൻ കഴിഞ്ഞു.

“രാവിലെ നേരത്തേ വീട്ടിൽ നിന്നിറങ്ങുന്നു. സന്ധ്യക്ക് വൈകി വരുന്നു. ചോദിച്ചപ്പോൾ പറഞ്ഞത് ടൈപ്പിംഗ് ക്ലാസിൽ ജോയിൻ ചെയ്തു എന്നാണ്. അവൾക്കതിന്‍റെ ആവശ്യമില്ല. അവൾ ഇക്കാര്യം നമ്മളോട് ചോദിച്ചുകൂടിയില്ല. വീട്ടിലും ഒറ്റക്കിഇരിക്കാനാണ് ഇഷ്ടം. എപ്പോൾ നോക്കിയാലും മൊബൈലും പിടിച്ച് മുറിയടച്ച് ഇരുപ്പാണ്.”

“അവളോട് സംസാരിച്ചോ?”

“ഇതുവരെ ഇല്ല. ആദ്യം നിങ്ങളോട് പറയുന്നതാണ് നല്ലതെന്ന് തോന്നി. പെൺകുട്ടിയുടെ കാര്യമല്ലേ, ധൃതി കാണിച്ചാൽ കാര്യം വഷളാകും. ഒരു മോനെ നമുക്ക് നഷ്ടപ്പെട്ടു. ഇനി മോളെയും കൂടെ നഷ്ടപ്പെട്ടാൽ നമ്മുടെ ലോകം തന്നെ ഇല്ലാതാകും.”

ആദിത്യൻ ആലോചനയിൽ മുഴുകി. “ഇതെന്തൊരു കാലമാണ്. മക്കൾ അച്ഛനമ്മമാരുടെ നിഴലിൽ നിന്ന് ദൂരെപ്പോകുകയാണ്. മുതിരുമ്പോഴേക്കും പ്രേമത്തിന്‍റെ വഴിയേ പോകാൻ തുടങ്ങും. ചിറകുമുളച്ച പക്ഷിക്കുഞ്ഞുങ്ങൾ ഇനിയൊരിക്കലും കൂട്ടിലേക്ക് തിരിച്ചുവരാത്തവണ്ണം ദൂരെ പറന്നു പോകുന്ന ഇന്നത്തെ തലമുറയിലെ ആൺകുട്ടികളും പെൺകുട്ടികളും യൗവ്വനത്തിൽ എത്തും മുമ്പേ തന്നെ പ്രേമത്തിന്‍റെ ലോകത്ത് മുഴുകുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് അച്ഛനമ്മമാരിൽ നിന്ന് ദൂരെ പോകുന്നു.”

ആദിത്യന്‍റെയും റിച്ചയുടെയും ഏകമകനും ഇതുതന്നെയാണ് ചെയ്തത്. ഇന്ന് അവർ രണ്ടുപേരും സ്വന്തം മകനിൽ നിന്ന് ദൂരെയാണ്. മകൻ അവരെക്കുറിച്ച് അന്വേഷിക്കാറുമില്ല. ഇതിൽ തെറ്റ് ആരുടേതാണ്? ആദിത്യന്‍റെയെന്നോ അയാളുടെ ഭാര്യയുടെയെന്നോ അല്ലെങ്കിൽ അവരുടെ മകന്‍റെയെന്നോ പറയാൻ ബുദ്ധിമുട്ടാണ്.

ആദിത്യൻ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് ആലോചിച്ചിട്ടു കൂടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് അയാളുടെ ഏകമകളും ആരുടേയോ പ്രണയത്തിൽ സ്വയം മറക്കുമ്പോൾ, ആരെയോ സ്വപ്നം കാണുമ്പോൾ ആയാൾ ഭൂതവും ഭാവിയും വിശകലനം ചെയ്ത് വിവശനാകുകയാണ്.

പ്രതീക് എംബിഎ ചെയ്തതായിരുന്നു. ബെംഗ്ലൂരുവിലെ ഒരു വലിയ കമ്പനിയിൽ മാനേജർ ആയിരുന്നു. എംബിഎ ചെയ്യുന്ന സമയത്തുതന്നെ അയാൾക്ക് ഒരു പെൺകുട്ടിയുമായി പ്രണയം ഉണ്ടായിരുന്നു. അതുവരെ അയാൾ വീട്ടിൽ പറഞ്ഞിരുന്നില്ല. ജോലി കിട്ടിയ ഉടനെ അച്ഛനമ്മാരോട് പ്രേമത്തിന്‍റെ കാര്യം പറഞ്ഞു. ആദിത്യനും റിച്ചയ്ക്കും ഇഷ്ടമായില്ല. അവൻ അവരുടെ ഏകമകനായിരുന്നു. അവർക്ക് അവരുടേതായ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കാര്യം അവർ ആധുനികരായിരുന്നു. പുതിയ കാലത്തിന്‍റെ രീതികളക്കുറിച്ച് അറിയാമായിരുന്നു. എങ്കിലും ഭാരതീയരുടെ കഴ്ചപ്പാട് വളരെ ദുർഗ്രഹമാണ്.

നമ്മൾ വിദ്യാഭ്യാസം നേടി ആധുനികരാകാൻ ശ്രമിക്കുന്നു. പുതിയ കാലത്തിന്‍റെ എല്ലാം സ്വന്തമാക്കുന്നു. പക്ഷേ, നമ്മുടെ കാഴ്ചപ്പാട് മാത്രം ഒരിക്കലും മാറുന്നില്ല. നമ്മുടെ മക്കൾ ആരെയെങ്കിലും പ്രേമിച്ചാൽ, അവർ പ്രേമവിവാഹം ചെയ്യാൻ ആഗ്രഹിച്ചാൽ നമുക്കത് സഹിക്കാൻ പറ്റില്ല.

നമ്മുടെ ചെറുപ്പത്തിൽ നമ്മളും ഇതൊക്കെതന്നെ ചെയ്യുന്നു അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ നമ്മുടെ മക്കൾ അതുതന്നെ ചെയ്യാൻ തുടങ്ങുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. അതിനെ എതിർക്കുന്നു.

അവർക്ക് പ്രതീകിന്‍റെ വിവാഹം കെങ്കേമമായി നടത്തണമെന്നുണ്ടായിരുന്നു. അവർ അവനെ കാമധേനുവായിട്ടാണ് കണ്ടിരുന്നത്. അവന്‍റെ വിവാഹത്തിന് നല്ല സ്ത്രീധനം ലഭിക്കും. ഈ പ്രതീക്ഷയിൽ അവരുടെ ഒരു ബന്ധുവിനോട് അവന്‍റെ വിവാഹക്കാര്യം പറഞ്ഞുവെച്ചിരുന്നു. ഇവിടെയാണ് അച്ഛനമ്മമാർക്ക് തെറ്റുപറ്റുന്നത്. തങ്ങളുടെ മുതിർന്ന മക്കളുടെ കാര്യം സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുന്നു. ഇക്കാരം അവരെ അറിയിക്കുക പോലുമില്ല. കുട്ടികളുടെ വികാരങ്ങളെപറ്റി ആവർ ആലോചിക്കുന്നേയില്ല. ഒന്നും മിണ്ടാതെ അവരുടെ എല്ലാവാക്കും അനുസരിക്കുന്ന ജീവനില്ലാത്ത വസ്തുവായിട്ടാണ് അവർ തങ്ങളുടെ മക്കളെ കാണുന്നത്. പക്ഷേ മക്കൾക്ക് വിവരം വയ്ക്കുമ്പോൾ അവർ തങ്ങളുടെ ജീവിതം സ്വയം തീരുമാനിക്കാൻ, തങ്ങളുടെതായ രീതിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു.

പ്രതീക് തന്‍റെ പ്രേമത്തിന്‍റെ കാര്യം അവരോട് പറഞ്ഞപ്പോൾ അവർ അന്തംവിട്ടുപോയി. ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ല. മകന്‍റെ മേൽ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് അവർ കരുതിരുന്നത്. ആദിത്യനും റിച്ചയും ആദ്യം പരസ്പരം നോക്കി പിന്നെ പ്രതീകിനെ. അയാൾ തന്‍റെ വിവാഹക്കാര്യം അച്ഛനമ്മമാരോട് സംസാരിക്കുന്നതിന് ഒരാഴ്ചത്തെ അവധിയെടുത്ത് വന്നതായിരുന്നു. പ്രേമിച്ചു എന്നത് ശരി തന്നെ പക്ഷേ, അയാൾക്ക് അവരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം. അവർ സമ്മതിച്ചാൽ നല്ലത്. ഇല്ലങ്കിലും അയാൾ തീരുമാനിച്ചിരുന്നു, തനിക്കഷ്ടപ്പെട്ട പെൺകുട്ടിയത്തന്നെയേ വിവാഹം കഴിക്കൂ എന്ന്. പ്രേമിച്ചവളെ ചതിക്കുകയില്ല.

റിച്ച തന്നെയാണ് സംസാരം തുടങ്ങിയത്, “പക്ഷേ മോനേ, നിന്‍റെ വിവാഹത്തെപറ്റി ഞങ്ങൾ വേറെ ചിലതാണ് ആലോചിച്ചിരിക്കുന്നത്.”

“അതെങ്ങനെ? ഞാൻ എനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടുപിടിച്ചു കഴിഞ്ഞു. അവൾ എനിക്ക് ചേർന്നതാണ്. ഞങ്ങൾ ഒരുമിച്ചാണ് എംബിഎ ചെയ്തത്. ഇപ്പോൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നതും. ഒരുമിച്ച് ജീവിക്കുകയും ചെയ്യും.”

“പക്ഷേ, ഞങ്ങളുടെ സ്വപ്നം….” റിച്ച തർക്കിക്കാൻ ശ്രമിച്ചു. പക്ഷേ, പ്രതീകിന്‍റെ ഉറച്ചതീരുമാനത്തിന്‍റെ മുന്നിൽ അത് ദുർബലമായി. റിച്ചയുടെ ശബ്ദത്തിന് ഒട്ടും ശക്തിയുണ്ടായിരുന്നില്ല. താൻ തോറ്റുപോകും എന്ന് അവൾക്ക് തോന്നി.

“മമ്മീ, ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ, മക്കൾ തന്നെയാണ് അച്ഛനമ്മമാരുടെ സ്വപ്നം. ഞാൻ സന്തോഷത്തോടെയിരുന്നാൽ നിങ്ങളുടെ സ്വപ്നം സഫലമാകും. അല്ലെങ്കിൽ എല്ലാം വെറുതെയാണ്.”

“അല്ലെങ്കിലും എല്ലാം വെറുതെയായിക്കഴിഞ്ഞു. ഞാനിനി ബലനോട് എന്തുപറയും?” ആദിത്യൻ ആദ്യമായി സംസാരിച്ചു. “അദ്ദേഹത്തോടൊപ്പം ബന്ധുക്കളും നമ്മിൽ നിന്ന് അകലും.”

“ആരും ആരിൽ നിന്നും അകലാൻ പോകുന്നില്ല. നിങ്ങൾ വിവാഹം ആഘോഷമായിത്തന്നെ നടത്തൂ. ബന്ധുക്കൾ രണ്ട് ദിവസം അതുമിതും പറയും. പിന്നെ അതെല്ലാം മറക്കും. പ്രേമവിവാഹം ഇപ്പോൾ പുതിയ കാര്യമൊന്നുമല്ല.” പ്രതീക് വളരെ ധൈര്യത്തോടെ തന്‍റെ ഭാഗം പറഞ്ഞു.

“നിനക്ക് മനസ്സിലാവില്ല മോനേ. നമ്മൾ ഉന്നതകുലത്തിൽപെട്ടവരാണ്. നമ്മുടെ സമുദായം ഇക്കാര്യത്തിൽ ഇപ്പോഴും ആധുനികരായിട്ടില്ല. എത്രപേരാണ് നിനക്കുവേണ്ടി ഓടിനടക്കുന്നത്. സ്വന്തം മക്കളെക്കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കാൻ. നീ വേറെ ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നറിഞ്ഞാൽ അവർ നമ്മളെ സമുദായത്തിൽ നിന്ന് പുറത്താക്കും. നിന്‍റെ അനുജത്തിയുടെ വിവാഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും.”

“അവളും പ്രേമവിവാഹം നടത്തട്ടെ.” പ്രതീക് സാധാരണമട്ടിൽ പറഞ്ഞു. പക്ഷേ അദിത്യനും റിച്ചയ്ക്കും അത് അത്ര സാധാരണമായിരുന്നില്ല.

“മോനേ, നീ ഒന്നുകൂടെ ആലോചിക്ക്. നിന്‍റെ തീരുമാനം ചിലപ്പോൾ മാറിയെങ്കിലോ. ഞങ്ങൾ അതിനേക്കാൾ സുന്ദരിയായ പെൺകുട്ടിയെ നിനക്കുവേണ്ടി കണ്ടുപിടിക്കാം.”

“മമ്മീ, ഇത് ഞാൻ ഇന്നെടുത്ത തീരുമാനമല്ല. കഴിഞ്ഞ 3 വർഷമായി ഞങ്ങൾ തീരുമാനിച്ച് വച്ചിരിക്കുകയാണ്. ഇനിയതിൽ മാറ്റമില്ല. നിങ്ങൾ നിങ്ങളുടെ കാര്യം പറയൂ. നിങ്ങൾ ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ അതോ ഞങ്ങൾ തനിയെ നടത്തണോ?”

ആരും പ്രതീകിനോട് മറുപടി പറഞ്ഞില്ല. അവരാകെ അന്തംവിട്ടിരിക്കുകയായിരുന്നു. അവർ സംസ്കാരം ഉള്ളവരായിരുന്നു. അടിയും വഴക്കും ഉണ്ടാക്കാൻ കഴിയില്ല. വാക്കുകൾകൊണ്ട് കാര്യം ശരിയാക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് രണ്ടുപേർക്കും പ്രതീകിനെ സമ്മതിപ്പിക്കാനോ തീരുമാനം അംഗീകരിക്കാനോ കഴിഞ്ഞില്ല. പ്രതീക് അടുത്ത ദിവസം ബെംഗ്ലൂരുവിന് തിരിച്ചുപോയി. പിന്നീടാണ് അറിഞ്ഞത് അയാൾ നിയമപരമായി പ്രണയിനിയെ വിവാഹം കഴിച്ചുവെന്ന്.

പ്രതീക് സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് അവർക്ക് അറിയാമായിരുന്നെങ്കിലും അയാൾ അവരുടെ മനസ്സിൽ നിന്നും പോയിരുന്നില്ല. അവർക്ക് അവരുടേതായ വാശിയുണ്ടായിരുന്നു എന്ന് മാത്രം. ആ വാശി കാരണം ഇതുവരെ മകനുമായി ബന്ധപ്പെട്ടിട്ടില്ല. മകൻ ആദ്യം ഒന്നുരണ്ട് പ്രാവശ്യമൊക്കെ ഫോൺ ചെയ്തിരുന്നു. ആദിത്യനും റിച്ചയും അയാളോട് സംസാരിച്ചിരുന്നു, വിശേഷമൊക്കെ ചോദിച്ചു. പക്ഷേ വീട്ടിലേക്ക് വരാൻ ഒരിക്കലും പറഞ്ഞില്ല. പിന്നെ മകൻ ഫോൺ വിളിക്കുന്നത് നിർത്തി.

ആ വാശി ചിലപ്പോൾ തീരുമായിരിക്കും. എങ്കിലും അങ്കിതയുടെ കാര്യത്തിൽ അവർ ആദ്യത്തെ തെറ്റ് ആവർത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല. “റിച്ചാ, നമ്മൾ ബുദ്ധിപൂർവ്വം നീങ്ങണം. പെൺകുട്ടിയുടെ കാര്യമാണ് പ്രേമത്തിന്‍റെ കാര്യത്തിൽ ഒരുവിവേകവുമില്ലാതെ, വികാരപരമായി പെരുമാറും. അച്ഛനമ്മമാർ തങ്ങളുടെ പ്രേമത്തിന് എതിരാണെന്ന് അവർക്ക് തോന്നിയാൽ പിന്നെ വലിയ അബദ്ധങ്ങൾ കാണിക്കും. ഒന്നുകിൽ വീട്ടിൽനിന്ന് ഓടിപ്പോകും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും. അങ്കിത അങ്ങനെ ഒന്നും ചെയ്യാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.” ആദിത്യൻ ശാന്തനായി പറഞ്ഞു.

റിച്ച ആകുലയായി “നമ്മൾ എന്തുചെയ്യും?”

“ഒന്നും ചെയ്യേണ്ട കാര്യമില്ല, അവളോട് സംസാരിച്ചാൽ മതി. അവൾ പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കൂ, അവളുടെ മനസ് അറിയാൻ ശ്രമിക്കൂ. നമുക്ക് ചിലപ്പോൾ അവളെ സഹായിക്കാൻ പറ്റും. അവൾക്ക് മനസ്സിലായാൽ വഴിതെറ്റാതെ രക്ഷപ്പെടും. അവൾ തെറ്റായ വഴിയിൽ നീങ്ങുകയില്ല. ആ വഴി വളരെ വഴുക്കലുള്ളതാണ്. കാല് തെറ്റാൻ അധികനേരം വേണ്ട.”

“ശരി” റിച്ച ആശ്വാസത്തോടെ പറഞ്ഞു.

റിച്ച ഒട്ടും വൈകിച്ചില്ല. പെട്ടെന്നു തന്നെ അവസരം കിട്ടി. അവൾ തന്‍റെ മുറിയിലായിരുന്നു. റിച്ച മുറിയിൽ കടന്ന ഉടനെ ചോദിച്ചു. “മോളേ നി എന്തുചെയ്യുകയാ?”

അങ്കിത പരിഭ്രമിച്ച് ചാടിയെഴുന്നേറ്റു. അവൾ കട്ടിലിൽ കിടന്ന് ആരോടോ സംസാരിക്കുകയായിരുന്നു. അങ്കിതയുടെ മുഖഭാവം കണ്ടാൽ തോന്നും അവൾ ഏതോ കള്ളത്തരം കാണിച്ചിട്ട് പിടിക്കപ്പെട്ടപോലെയുണ്ടെന്ന്.

റിച്ചക്ക് എല്ലാം മനസ്സിലായി. പക്ഷേ, അവൾ ധൈര്യത്തോടെ പറഞ്ഞു, “മോളേ നിന്‍റെ പഠിത്തം എങ്ങനെ പോകുന്നു?”

“നന്നായി പോകുന്നു.” അങ്കിത സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകൾ കിടക്കയുടെ നേരെയായിരുന്നു. അവൾക്ക് അമ്മയുടെ നേരെ നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

അങ്കിതയുടെ മനസ്സിൽ എന്താണെന്ന് റിച്ചക്ക് മനസ്സിലാകുമായിരുന്നു. അവൾ മകളെ കട്ടിലിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു, “ഇരിക്ക്, എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക.”

അവളും മകളുടെ കൂടെ കട്ടിലിന്‍റെ ഒരു ഭാഗത്ത് ഇരുന്നു. അങ്കിതയുടെ ഹൃദയം വളരെ വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു. എന്താണാവോ സംഭവിക്കാൻ പോകുന്നത്. മമ്മിക്ക് എന്തായിരിക്കും പറയാനുള്ളത്? അവൾക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പക്ഷേ, അവളുടെ മനസ്സിൽ കുറ്റബോധമുണ്ടായിരുന്നു. അവൾ ഫോൺ ചെയ്യുന്നത് മമ്മി കണ്ടിരുന്നു. റിച്ച നേരെ പറയാൻ തുടങ്ങി “മോളേ, എനിക്ക് നിന്‍റെ മനസ്സിന്‍റെ പോക്ക് മനസ്സിലാകും. ഞാൻ നിന്‍റെ അമ്മയാണ്. ഈ പ്രായത്തിൽ എല്ലാവർക്കും പ്രേമം തോന്നും.”

പ്രേമം എന്ന വാക്ക് റിച്ച എടുത്തു പറഞ്ഞു. “നിനക്ക് സംഭവിക്കുന്നത് പുതിയ കാര്യമൊന്നുമില്ല. പക്ഷേ, മോളേ, ഈ പ്രായത്തിൽ പെൺകുട്ടികൾ പലപ്പോഴും വഴി തെറ്റിപ്പോകും. ആൺകുട്ടികൾ അവരെ പ്രലോഭിപ്പിച്ച്, നടക്കാത്ത സ്വപ്നങ്ങൾ കാണിച്ച് അവരുടെ മാനം കൊണ്ട് കളിക്കും. പിന്നീട് പെൺകുട്ടികൾക്ക് മാനക്കേടല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. അവർ അപമാനത്തിന്‍റെ കറ പുരണ്ട് ജീവിക്കും. ഉള്ളിന്‍റെ ഉള്ളിൽ മരിച്ച് ജീവിക്കും.”

അങ്കിതയുടെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിച്ചു.

“മോളേ, നിനക്ക് അങ്ങനെ വല്ലതും സംഭവിക്കുന്നുണ്ടെങ്കിൽ ഞങ്ങളോട് പറയൂ. നീ തെറ്റായ വഴിയിലൂടെ നടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നീ അറിവില്ലാതെ ഓരോന്ന് ചെയ്ത് മാനക്കേടുണ്ടാക്കരുത്. ഇപ്പോൾ പഠിക്കേണ്ട കാലമാണ്. പക്ഷേ, നിനക്ക് വല്ല പ്രേമമോ മറ്റോ ഉണ്ടെങ്കിൽ തുറന്നു പറയുക. ആ പയ്യന് നിന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ?  അവൻ നിന്‍റെ കാര്യത്തിൽ സീരീയസാണോ അതോ വെറും കളിയാണോ?”

അങ്കിത മനസ്സ് തുറന്നു. പതുക്കെ പതുക്കെ അവൾ എല്ലാക്കാര്യവും തുറന്നു പറഞ്ഞു. റിച്ച മകളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു, എല്ലാം ശരിയാക്കാമെന്ന്. പയ്യനും അവന്‍റെ വീട്ടുകാരും സമ്മതിക്കുകയാണെങ്കിൽ ഈ വർഷം തന്നെ അവളുടെ വിവാഹം നടത്താം.

തന്‍റെ കൂടെ പഠിക്കുന്ന ഒരു ആൺകുട്ടിയുമായി പ്രേമത്തിലാണെന്നാണ് അങ്കിത പറഞ്ഞത്. അവന്‍റെ വീട്ടുകാരെക്കുറിച്ച് അവൾക്ക് അധികമൊന്നുമറിയില്ല. അവർ രണ്ടുപേരും പ്രേമത്തിന്‍റെ സുന്ദരസ്വപ്നങ്ങൾ കാണുക മാത്രമാണ് ചെയ്യുന്നത്. ചിറകില്ലാതെ പറക്കുന്നു. ഭാവിയെക്കുറിച്ച് അറിയില്ല. പ്രേമത്തിന്‍റെ അവസാനം എന്താവും എന്നതിനെപ്പറ്റി ആലോചിച്ചിട്ടുപോലുമില്ല. അവർക്ക് പരസ്പരമുള്ള ആവേശം മാത്രമേയുള്ളൂ. ഇത് ശാരീരിക ആകർഷണം മാത്രമാണ്. ഇതുകാരണം പെൺകുട്ടികൾ അനഭിലഷണീയമായ വിപത്തുകൾക്ക് ഇരയാകുന്നു.

റിച്ച ആദിത്യനോട് എല്ലാം പറഞ്ഞു. കാര്യം ശരിക്കും ഗൗരവമുള്ളതാണ്. അങ്കിത ഇപ്പോൾ അറിവില്ലാത്തവളാണ്, ചിന്തകൾക്ക് പക്വത വന്നിട്ടില്ല. അവൾക്കിപ്പോൾ 20 വയസ്സാണ്. ആൺകുട്ടിക്കും ഇതേ പ്രായമായിരിക്കും. അവർ രണ്ടുപേരും നാശത്തിലേക്കാണ് നീങ്ങുന്നത്, അവരെ നിയന്ത്രിച്ചേ പറ്റൂ.

പക്ഷേ, റിച്ചക്കും ആദിത്യനും ഒന്നും ചെയ്യേണ്ടി വന്നില്ല, കാര്യം തനിയെ ശരിയായി. കൃത്യസമയത്ത് തന്നെ അവൾക്ക് ബുദ്ധിയുദിച്ചു. മമ്മിക്ക് എല്ലാക്കാര്യവും അറിയമെന്ന് അങ്കിത പറഞ്ഞപ്പോൾ അവൻ പരിഭ്രമിച്ചു, “ഇതിൽ പരിഭ്രമിക്കാൻ എന്താണുള്ളത്? മമ്മി നിന്‍റെ ഡാഡിയുടെ അഡ്രസ്സും ഫോൺ നമ്പറും ചോദിച്ചിട്ടുണ്ട്. അവർക്ക് നിന്‍റെ വീട്ടുകാരുമായി നമ്മുടെ വിവാഹക്കാര്യം സംസാരിക്കണമെന്നുണ്ട്.”

“ആകെ കുളമായി. നിന്‍റെ അച്ഛനും അറിയാമോ?” അവന്‍റെ നെറ്റിയിൽ വിയർപ്പ് പെടിഞ്ഞു.

“തീർച്ചയായും അറിയാമായിരിക്കും. മമ്മി പറഞ്ഞിട്ടുണ്ടാകും. പക്ഷേ, നീയെന്തിനാ വിഷമിക്കുന്നത്?  നമ്മൾ പരസ്പരം പ്രേമിക്കുന്നുണ്ട്, വിവാഹം കഴിക്കുന്നതിൽ എന്താ കുഴപ്പം? എന്നായാലും ചെയ്യണ്ടേ, ഇന്നല്ലെങ്കിൽ നാളെ.” അങ്കിത വലിയ ധൈര്യത്തോടെ പറഞ്ഞു.

“എടീ, നിനക്ക് അറിയില്ല. വിവാഹം കഴിക്കാനുള്ള പ്രായമാണോ ഇത്. ഡാഡി എന്‍റെ തല തല്ലിപൊട്ടിക്കും, പിന്നയല്ലേ വിവാഹം?”

അവൾ ചോദിച്ചു. “നിനക്ക് എന്നെ പ്രേമിക്കാമെങ്കിൽ പിന്നെ വിവാഹത്തിന്താ പ്രശ്നം? അച്ഛനമ്മമാരോട് ചോദിച്ചിട്ടല്ലല്ലോ പ്രേമിച്ചത്. അവർ നമ്മുടെ വിവാഹത്തിന് തയ്യാറാവില്ലെങ്കിൽ വിവാഹവും അവരോട് ചോദിക്കാതെ ചെയ്യണം. നമ്മൾ പ്രായപൂർത്തിയായവരല്ലേ.”

“എന്തു മണ്ടത്തരമാണ് പറയുന്നത്, എങ്ങനെ വിവാഹം കഴിക്കാനാണ്?” അവൻ ദേഷ്യത്തോടെ പറഞ്ഞു. “നമ്മൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛനമ്മമാരോട് ചോദിക്കാതെ ഇത്രവലിയ കാര്യം എങ്ങനെ ചെയ്യാനാണ്?”

“അതുശരി, അച്ഛനമ്മമാരോട് ചേദിക്കാതെ നിനക്ക് പെൺകുട്ടികളെ പ്രലോഭിപ്പിക്കാം. അവരെ കപട പ്രേമത്തിൽ കുടുക്കാം. വിവാഹം ചെയ്യാമെന്ന് പറഞ്ഞ് അവരുടെ മാനം കവരാം. ഇതെല്ലാം ചെയ്യാൻ നിനക്ക് പ്രായപൂർത്തിയായി. പക്ഷേ, വിവാഹത്തിന് കഴിയില്ല.” അവൾക്ക് കരച്ചിൽ വന്നു.

അങ്കിതയ്ക്ക് മമ്മിയുടെ വാക്കുകൾ ഓർമ്മ വന്നു. സത്യമാണ് പറഞ്ഞത്. ഈ പ്രായത്തിൽ പെൺകുട്ടികളെ ആൺകുട്ടികൾ പ്രലോഭിപ്പിച്ച് മാനം കൊണ്ട് കളിക്കും. ശിവനും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. കൃത്യസമയത്തുതന്നെ മമ്മി മുന്നറിയിപ്പ് തന്നു. അവൾ രക്ഷപ്പെട്ടു. അൽപം വൈകിയിരുന്നെങ്കിൽ ശിവൻ എന്നെങ്കിലും ഒരിക്കൽ അവളുടെ മാനം കവർന്നേനേ. എത്ര വരെ സ്വയം രക്ഷിക്കും. അവൾക്ക് അവനൊരു ഭ്രാന്തായിരുന്നു.

അങ്കിത ഒരിക്കൽക്കൂടെ ശ്രമിച്ചു, “നീ നിന്‍റെ വീടിന്‍റെ അഡ്രസ്സും ഫോൺ നമ്പറും താ. നിന്‍റെ അച്ഛനമ്മമാർക്ക് ഈ ബന്ധം സമ്മതമാണോ എന്ന് ചോദിക്കുകയെങ്കിലും ചെയ്യാമല്ലോ.”

“എന്തിനാ വിവാഹത്തിൽ കയറിപ്പിടിച്ചിരിക്കുന്നത്.” അവൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു, “നമ്മൾ പഠിക്കാനാണ് കോളേജിൽ വന്നിരിക്കുന്നത്, അല്ലാതെ വിവാഹം കഴിക്കാനല്ല.”

“അല്ല, പ്രേമിക്കാൻ…” അങ്കിത അവനെ അനുകരിച്ചു. അവളും പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു, “എന്നാൽ വാ, നമുക്ക് പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കാം.” അവളുടെ വാക്കുകൾക്ക് കാഠിന്യം വന്നു. “ദുഷ്ടാ, നിന്നെപ്പോലുള്ള ആൺകുട്ടികൾ കാരണം പെൺകുട്ടികൾക്ക് മാനം നഷ്ടപ്പെട്ടിരിക്കുന്നു. ഞാനും വിഡ്ഢിയാണ്. നിന്‍റെ കുരുക്കിൽ വീണുപോയി. എല്ലാം അവസാനിച്ചു. ഇനിയൊരിക്കലും എന്‍റെ അടുത്ത് വന്നുപോകരുത്.”

അന്ന് വൈകുന്നേരം അങ്കിത നേരത്തേ വീട്ടിൽ വന്നു. കുറേ നാളുകൾക്കുശേഷമാണിത്. റിച്ചയും ആദിത്യനും പരസ്പരം നോക്കി. അവൾ ഒന്നുംമിണ്ടാതെ മുറിയിലേക്ക് പോയി. അവർ പിന്നാലെ ചെന്നു.

“ഇന്ന് വളരെ നേരത്തേ വന്നല്ലോ മോളേ?” റിച്ച ചോദിച്ചു.

“മമ്മീ, ഇന്ന് ഞാനെന്‍റെ മനസ്സിന്‍റെ ഭാരം ഇറക്കിവെച്ചിട്ടാണ് വന്നിരിക്കുന്നത്.” അവൾ എല്ലാം തുറന്നു പറഞ്ഞു.

റിച്ച അവളെ പുണർന്നുകൊണ്ട് പറഞ്ഞു, “എനിക്ക് നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. എല്ലാ അച്ഛനമ്മമാർക്കും നിന്നെപ്പോലത്തെ മകളെ കിട്ടിയിരുന്നെങ്കിൽ…”

“മമ്മീ, കൃത്യസമയത്ത് മമ്മി എന്നെ നിയന്ത്രിച്ചതുകൊണ്ട് നാശത്തിന്‍റെ കുഴിയിൽ വീഴാതെ രക്ഷപ്പെട്ടു. മമ്മി അൽപം കൂടി വൈകിയിരുന്നെങ്കിൽ എന്‍റെ നാശം സംഭവിക്കുമായിരുന്നു. ഇനി ഞാൻ മനസ്സിരുത്തി പഠിക്കും. നിങ്ങളുടെ ഉപദേശം അനുസരിച്ച് ഒരു നല്ല മകളായി ജീവിക്കും.”

“അതേ മോളേ, നീയല്ലാതെ ഞങ്ങൾക്ക് മറ്റാരാണ് ഉള്ളത്?”

“എന്തിനാ മമ്മി ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ നിങ്ങളുടെ കൂടെയുണ്ട് പിന്നെ ചേട്ടനും ചേച്ചിയുമുണ്ട്.”

“അവർ ഇപ്പോൾ നമ്മുടെ കൂടെയില്ലല്ലോ…” റിച്ച പശ്ചാത്താപത്തോടെ പറഞ്ഞു.

“അങ്ങനെയല്ല മമ്മി, അവർ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്.”

“നീയിതെന്താ പറയുന്നത്?”

“മമ്മീ, ഞാനൊരു രഹസ്യം പറയാം. ചേട്ടനോടും ചേച്ചിയോടും ഞാൻ എന്നും സംസാരിക്കാറുണ്ട്. ചേച്ചി തന്നെയാണ് വിളിക്കാറ്. ഞാൻ അവരെ കണ്ടിട്ടില്ല. പക്ഷേ അവർ സ്നേഹത്തോടെയാണ് സംസാരിക്കുക. അവർക്ക് നമ്മളെയെല്ലാം കാണണമെന്നുണ്ട്. ചേട്ടനാണെങ്കിൽ ഒരു ദിവസംപോലും എന്നോട് സംസാരിക്കാതിരിക്കാൻ പറ്റില്ല. ചേട്ടനും ചേച്ചിക്കും ഇവിടെ വരണമെന്നുണ്ട്. പക്ഷേ, ഡാഡിയെ പേടിച്ചിട്ടാണ് വരാത്തത്. മമ്മീ, നിങ്ങൾ ഒരുപ്രാവശ്യം ക്ഷമിച്ചു എന്ന് അവരോട് പറയൂ, അവർ ഓടി വരും.”

“സത്യമാണോ?” അവളെ തന്‍റെ മാറോട് ചേർത്തു. “മോളേ നീയെനിക്ക് ഇരട്ടി സന്തോഷമാണ് തന്നത്.”

“അതേ മമ്മീ, അവരെ ഫോണെങ്കിലും ചെയ്യൂ. എനിക്ക് ചേച്ചിയെ കാണണം” അങ്കിത ആവേശം കൊള്ളുകയായിരുന്നു.

“ഇപ്പോൾ ചെയ്യാം. ആദ്യം അദ്ദേഹത്തോട് പറയട്ടെ. കേട്ടാൽ അദ്ദേഹവും സന്തോഷം കൊണ്ട് തുള്ളിച്ചാടും. ഞങ്ങൾ അവരെ വിളിക്കാൻ പലപ്രാവശ്യം ആലോചിച്ചു, എന്നാൽ മകന്‍റെ മുന്നിൽ തല കുനിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഇന്ന് മകനുവേണ്ടി ചെറുതാവും.”

മുറിക്ക് പുറത്ത് നിന്നിരുന്ന ആദിത്യൻ തന്‍റെ കണ്ണ് തുടക്കുകയായിരുന്നു. അയാൾക്ക് നഷ്ടപ്പെട്ട സന്തോഷം ഇന്ന് തരികേ ലഭിക്കുകയാണ്. മകളും ഇരുട്ട് നിറഞ്ഞ വഴിയിൽനിന്ന് രക്ഷപ്പെട്ടു, മകനേയും കിട്ടി. ഇന്ന് അയാളുടെ കടുംപിടുത്തമെല്ലാം തകർന്നുവീണു. ആദിത്യൻ പുറത്ത് നിൽക്കുന്നത് റിച്ച കണ്ടു. അയാളുടെ അടുത്ത് ചെന്ന് പറഞ്ഞു, “വരൂ, മോന് ഫോൺ ചെയ്യാം. മരുമകളെ സ്വീകരിക്കാൻ തയ്യാറെടുക്കാം. ഇന്ന് നമുക്ക് ഇരട്ടി സന്തോഷമാണ് ലഭിച്ചിരിക്കുന്നത്. കൂട്ടിൽനിന്നും പറന്നുപോയ കിളി തിരിച്ചുവരുന്നതുപോലെയാണ് തോന്നുന്നത്. ഇനി നമ്മുടെ കിളിക്കൂട് ശൂന്യമാകില്ല.”

ഒഴുക്കിൽ ഒരില

അമ്മേ, ഇന്ന് രാത്രിയെന്താ കഴിക്കാൻ? “ചപ്പാത്തിയും പയറു കറിയുമുണ്ട്.”

“പയറു കറിയോ?”

“ഛെ, ഇത് മാത്രമേ ഉണ്ടാക്കിയുള്ളോ?” എനിക്കെങ്ങും വേണ്ട.”

“നല്ലത്, വാട്സാപ്പിൽ കൂട്ടുകാരി പ്രിയയുമായി ചാറ്റ് ചെയ്തു കൊണ്ടിരുന്നത് തുടർന്നു കൊണ്ട് താൽപര്യമില്ലാത്ത മട്ടിൽ ഞാൻ, മഞ്ജരി മറുപടി പറഞ്ഞു.”

“അമ്മേ ഫോൺ വെച്ചേ, ഞാൻ പറയുന്നത് കേൾക്കൂ.”

“നീ പറഞ്ഞോ, ഞാൻ കേട്ടു കൊള്ളാം. നിന്നെ നോക്കേണ്ട ആവശ്യമില്ലല്ലോ? മറന്നു പോയോ, നീയല്ലേ സംസാരിച്ച് തുടങ്ങിയത്?

എന്‍റെ മറുപടി കേട്ടിട്ടാവണം എന്‍റെ 20 വയസ്സുകാരൻ മകൻ അഭി ദേഷ്യപ്പെട്ട് മുറിവിട്ടു പോയി. “എപ്പോൾ നോക്കിയാലും ഫോണിൽ ബിസിയാ.”

ഞാൻ അതത്ര കാര്യമാക്കിയില്ല. പ്രിയ അയച്ചു തന്ന വാട്സാപ്പ് ജോക്സ് വായിച്ച് പൊട്ടിച്ചിരിച്ചു.

അവൻ മുഖം വീർപ്പിച്ചു, “അമ്മ മുമ്പ് ഇങ്ങനെയായിരുന്നില്ലല്ലോ?”

ഞാനവന്‍റെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു. “മോൻ പറഞ്ഞത് ശരിയാ, അമ്മയ്ക്കും ചേഞ്ച് വേണമെന്ന് മോൻ പറഞ്ഞിട്ടില്ലേ.”

ഞാൻ ഡൈനിംഗ് ടേബിളിൽ ഭക്ഷണം എടുത്തു വയ്ക്കവെ ഭർത്താവ് ഹരികൃഷ്ണനും മൂത്തമകൾ നേഹയും ഡൈനിംഗ് റൂമിലേക്ക് വന്നു. അഭി മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ട് ഹരി തമാശ മട്ടിൽ പറഞ്ഞു.

“എന്ത് പറ്റി സാറിന്, ഇന്നും നിനക്കിഷ്ടമില്ലാത്ത ഭക്ഷണമാണോ?”

“അതെ അച്‌ഛാ, ഇത് കണ്ടോ ചപ്പാത്തിയും പയർ കറിയും?”

ഹരികൃഷ്ണൻ അഭിയെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു. “മഞ്ജരി കുട്ടികൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തു കൂടെ.”

“എന്താ, ഈ ഭക്ഷണത്തിന് കുഴപ്പം?” എന്‍റെ മറുചോദ്യത്തിന്‍റെ കാർക്കശ്യത കേട്ടിട്ടാവണം എല്ലാവരും ഒരു നിമിഷം എന്നെ പകച്ചു നോക്കി. പിന്നെയാരും ഒന്നും പറയാൻ ധൈര്യപ്പെട്ടില്ല.

“അമ്മേ, അമ്മ നേരത്തെ ഇങ്ങനെയായിരുന്നില്ലല്ലോ.” നേഹ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.

അത്താഴം കഴിച്ച ശേഷം ഞാനും ഹരിയും എപ്പോഴത്തേയും പോലെ മുറ്റത്തു കൂടി ഉലാത്തി കൊണ്ടിരിക്കെ ഹരി ചോദിച്ചു.

“ങ്ഹും, മഞ്ജരി ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു?”

“എന്നത്തേയും പോലെ.”

“എന്ത് ചെയ്തു?”

“എന്നും ചെയ്യുന്നത് തന്നെ.”

“എന്തെങ്കിലും പുതുതായി.”

“ഒന്നുമില്ല.”

“മുമ്പ് നീ എന്തെല്ലാം കാര്യങ്ങൾ സംസാരിച്ചിരുന്നു. അതൊക്കെ എവിടെ പോയി ഒളിച്ചു?”

ഞാനൊരു നിമിഷം ഹരിയെ നോക്കി. അദ്ദേഹം എന്തോ മനസിലാക്കിയിട്ടാകണം പിന്നെയൊന്നും പറയാൻ തുനിഞ്ഞില്ല. മുമ്പും ഇത് തന്നെ സംഭവിച്ചിരുന്നു. ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. ഇതേ ഉത്തരവും. പക്ഷേ ഒരു വ്യത്യാസം മാത്രം. ചോദ്യം ചോദിച്ചിരുന്നത് ഞാനും ഉത്തരം നൽകിയിരുന്നത് അദ്ദേഹവുമായിരുന്നു എന്നു മാത്രം.

ഉറങ്ങാൻ സമയമായപ്പോൾ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. ഹരി അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കുട്ടികളുടെ അടുത്ത് പോയിരിക്കാൻ കൊതിച്ചെങ്കിലും മനസ്സു കൊണ്ട് ആ തോന്നലിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചു. അടുത്തിടെയായി പല കാര്യങ്ങളും വീട്ടുകാരോട് പറയുന്നത് ഒഴിവാക്കിയിരുന്നു. ഞാൻ പണ്ടത്തെപ്പോലെയല്ല മാറിപ്പോയിരിക്കുന്നുവെന്ന് ഹരിയും കുട്ടികളും പറയുന്നത് എത്ര ശരിയാണ്. ആ മാറ്റത്തിൽ ഞാൻ ഗൂഢമായി അഹങ്കരിച്ചു.

ചില കാര്യങ്ങളുടെ പേരിൽ ഞാൻ മാനസികമായി തളർന്നു പോവുകയോ അതുമല്ലെങ്കിൽ അതിന്‍റെ പേരിൽ വീട്ടിലെല്ലാവരുമായി കലഹിക്കുകയോ ചെയ്യുന്നത് പതിവായത് ഞാൻ മനസ്സിലാക്കിയിരുന്നു.

കുറെ ദിവസത്തെ ആലോചനക്കൊടുവിലാണ് സ്വയം ഒരു മാറ്റത്തിനായി ഞാൻ ശ്രമിച്ച് തുടങ്ങിയത്. അവർ മൂന്നുപേരും അവരവരുടേതായ ജീവിതത്തിൽ ഏറെ തിരക്കിലാണ്. അക്കാര്യമോർത്ത് ഞാൻ എന്‍റെ ജീവിതകാലം മുഴുവനും സങ്കടപ്പെട്ടിരിക്കണോ? അല്ല, അത് ശരിയല്ല. മുമ്പ് കുട്ടികൾ അവരുടെ കൂട്ടുകാരുമായി ചാറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും സംസാരിക്കാൻ ഞാനവരുടെ അടുത്ത് കൊതിയോടെ ചെന്നിരുന്ന കാലമുണ്ടായിരുന്നു. അവർക്ക് ഫോണിൽ നിന്നും കണ്ണെടുക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഒരിക്കൽ ആദ്യമായി എന്‍റെ ചോദ്യത്തിന് എന്താ അമ്മ പറഞ്ഞതെന്ന് അഭി ചോദിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. ഞാൻ ചോദ്യം വീണ്ടും ആവർത്തിക്കുമായിരുന്നു, ദേഷ്യപ്പെടുമായിരുന്നു. “നിനക്ക് ആ ഫോൺ മാറ്റി വച്ചിട്ട് ഒന്ന് കേട്ടുകൂടെ?”

അപ്പോൾ അവന്‍റെ മറുപടിയെത്തും.

“കാതുകൊണ്ട് കേട്ടാൽ പോരെ അതിന് കണ്ണു കൊണ്ട് നോക്കേണ്ടതുണ്ടോ?”

അന്ന് ഞാൻ ഏറെ ദേഷ്യപ്പെട്ടിരുന്നു.

“നിനക്കാ ഫോൺ വച്ചിട്ട് എന്നോടൊന്ന് സംസാരിച്ചു കൂടെ?”

അതിന് അവന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

“അമ്മേ, അമ്മയോട് പിന്നീട് എപ്പോഴെങ്കിലും സംസാരിക്കാമല്ലോ. കൂട്ടുകാർ ഓൺലൈനിലുണ്ട്. ഞങ്ങൾ ഗ്രൂപ്പ് ചാറ്റിംഗ് ചെയ്യുവാ.”

ഹരി ജോലി സംബന്ധമായി യാത്രയിലാണെങ്കിൽ നേഹയോട് ഞാൻ പലപ്പോഴും ആവശ്യപ്പെടുമായിരുന്നു.

“മോളെ, അമ്മയുടെ കൂടെ മാർക്കറ്റിലൊന്ന് വരാമോ?”

“ഇല്ലമ്മേ.”

“എന്താ? നിന്‍റെ ഫ്രണ്ട്സ് എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ നീ ഓടി പോകുമല്ലോ.”

“എന്താമ്മേ, ഇത് അമ്മയ്ക്കും അമ്മേടെ ഫ്രണ്ട്സിനൊപ്പം പോകാമല്ലോ.”

“ആരുടെ കുടെ പോകാനാ.”

“എന്തൊരു കഷ്ടമാ. അതും ഞാൻ പറഞ്ഞു തരണോ. അമ്മയ്ക്ക് പരിചയമുള്ള ഏതെങ്കിലും കൂട്ടുകാരിയെ കൂട്ടിക്കൂടെ?”

അന്നൊക്കെ മനസ്സ് മുറിഞ്ഞ് വേദനിച്ചിരുന്നു. പിന്നെ പിന്നെ എനിക്ക് തോന്നിത്തുടങ്ങി. തെറ്റ് എന്‍റേതാണ്. വീട്, കുട്ടികൾ, കുടുംബം ഇതിനപ്പുറം മറ്റൊന്നിനും ഞാൻ പ്രാധാന്യം കണ്ടിരുന്നില്ല. അല്ലെങ്കിൽ അത് മാത്രമായിരുന്നു എന്‍റെ ഏറ്റവും സന്തോഷമുള്ള ലോകമെന്ന് പറയാം. സന്തോഷം കണ്ടെത്താനും സമയം ചെലവഴിക്കാൻ കഴിയുന്നതുമായ ഏറ്റവും അടുത്തു നിൽക്കുന്ന കുറച്ച് കൂട്ടുകാരികൾ എനിക്കും വേണമായിരുന്നു.

അതിനു ശേഷം ഞാൻ ജയയും റീനയും മീനാക്ഷിയും അനിതയുമായൊക്കെ ചങ്ങാത്തത്തിലായി. ഇവരെയൊക്കെ പണ്ടു മുതലെ പരിചയമുള്ളതാണ്. അവരാണെങ്കിൽ തമ്മിൽ അടുത്ത ചങ്ങാത്തം പുലർത്തുന്നവരുമായിരുന്നു. എവിടേയും അവർ ഒരുമിച്ചാണ് പോയിരുന്നത്. ഇനി മുതൽ അവർക്കൊപ്പം പോയി സിനിമ കാണാമല്ലോ. ചിലപ്പോൾ അവർക്കൊപ്പം ഷോപ്പിംഗിന് പോയി മറ്റ് ചിലപ്പോൾ അവർക്കൊപ്പം പുറത്തു പോയി ഭക്ഷണം കഴിച്ചു. ഞങ്ങൾ പരസ്പരം സുഖ ദുഃഖങ്ങൾ പങ്കു വച്ചു.

ഞങ്ങളുടെ സൗഹൃദം ഞങ്ങൾക്ക് തന്നെ വലിയ തണൽ മരമായി മാറി. തളിർക്കുകയും പൂക്കുകയും ചെയ്യുന്ന തണൽ മരം. വീട്ടിലുള്ളവർ എന്നെ പരിഗണിക്കാതെ വരുമ്പോൾ ഞാനവരോട് ഒട്ടും ദേഷ്യം പ്രകടിപ്പിച്ചില്ല. ഈ മാറ്റമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീട്ടിലുള്ളവർ ഭക്ഷണം കഴിച്ചോ ഇല്ലയോ കുട്ടികൾ പഠിക്കുന്നുണ്ടോ അതോ ഫോണിലാണോ എപ്പോൾ ഉറങ്ങി എപ്പോൾ എഴുന്നേറ്റു തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് തലപുകയ്ക്കാൻ എിക്ക് തോന്നിയതേയില്ല… അല്ലെങ്കിൽ അതാവശ്യമാണെന്ന് തോന്നാതെയായി. കുട്ടികൾ സ്വന്തം കാര്യങ്ങൾ തീരുമാനിക്കാൻ പ്രാപ്തിയുള്ളവരാണല്ലോ.

എപ്പോഴും തിരക്കുള്ള ജനറൽ മാനേജരാണല്ലോ ഹരി. ഔദ്യോഗിക തിരക്കു മൂലം ഹരി കഷ്ടപ്പെടുന്നതു കാണുമ്പോൾ മുമ്പൊക്കെ ചോദിക്കുമായിരുന്നു. ആശ്വസിപ്പിക്കുമായിരുന്നു. അപ്പോഴൊക്കെ എന്‍റെ ചോദ്യം കേട്ട് ഹരി അരിശപ്പെടുന്നത് പതിവായിരുന്നു. പലപ്പോഴും അസ്വസ്ഥതയോടെയുള്ള മറുപടിയായിരുന്നു വന്നിരുന്നത്. ഇപ്പോൾ ഞാനാണ് തിരിച്ച് അരിശപ്പെട്ട് മറുപടി നൽകാൻ തുടങ്ങിയിരിക്കുന്നത്. അവർ എന്നോട് സ്വന്തം പ്രശ്നങ്ങൾ പങ്കുവച്ച് ടെൻഷൻ കുറയ്ക്കട്ടെ എന്നു മാത്രമേ ഞാൻ അന്നൊക്കെ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാൽ എനിക്ക് സന്തോഷം നൽകുമായിരുന്ന ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങൾ എന്നെ അപ്പോഴൊക്കെ മാനസിക പിരിമുറുക്കത്തിലാക്കുകയായിരുന്നു.

പതിയെ പതിയെ ഏകാന്തതയുടെ ഒരു മടുപ്പൻ കൂട്ടിനുള്ളിൽ ഞാൻ തളയ്ക്കപ്പെട്ടു തുടങ്ങിയിരുന്നു. ഹോർമോണുകളുടെ അസന്തുലിതമായ നേരമ്പോക്കുകളും ശാരീരിക പരിവർത്തനങ്ങളുമൊക്കെ നാം ആഗ്രഹിക്കാതെ തന്നെ നമ്മുടെ സ്വഭാവത്തിലും മാറ്റം ഉണ്ടാക്കും. എന്‍റെ കുഞ്ഞുങ്ങൾക്ക് ദിശ നൽകിയത് ഞാനാണ്. പക്ഷേ സ്വന്തമായി ഒരു ലക്ഷ്യവുമില്ലാത്ത യാത്ര പോലെയായി പിന്നീടുള്ള എന്‍റെ ജീവിതം. ആ തോന്നൽ എന്‍റെ മനസ്സിനെ കാർന്നു തിന്നു കൊണ്ടിരുന്നു.

ആത്മാവും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത വീട്ടിലെ ഒരു അനാവശ്യ വസ്തുവാണെന്ന തോന്നൽ എന്നെ വല്ലാതെ പൊള്ളിച്ചു കൊണ്ടിരുന്നു.

മുമ്പ് ഞാൻ ഏതെങ്കിലും ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ തിരയുമ്പോഴോ അല്ലെങ്കിൽ കടയിൽ കയറി ഏതെങ്കിലും കലാവസ്തുക്കൾ നോക്കുമ്പോഴോ ഹരി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്ന തിരക്കിലായിരിക്കും. അതുമല്ലെങ്കിൽ മൊബൈലിൽ ഫോട്ടോയെടുത്ത് ഷെയർ ചെയ്യും. ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട് തൊട്ടടുത്ത് നിൽക്കുന്ന വ്യക്തിയുടെ സാന്നിദ്ധ്യത്തെപ്പോലും ഒരാൾക്കെങ്ങനെയാണ് ഇത്ര വിദഗ്ദ്ധമായി അവഗണിക്കാനാവുന്നത്? കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന വ്യക്തിയുമായി ഇവർക്കെങ്ങനെ ഇത്ര മനോഹരമായി സമ്പർക്കം പുലർത്താനും സൗഹൃദത്തിന്‍റെ മാധുര്യം നുകരാനും കഴിയുന്നു. ആ മനഃശാസ്ത്രം എനിക്ക് പലപ്പോഴും ദഹിക്കാത്ത ഒന്നായി മനസ്സിൽ കല്ലിച്ചു കിടന്നു.

പിന്നെയും… ഞാൻ അതിന് ഉത്തരം കണ്ടെത്തി ആശ്വസിച്ചു. അവരൊക്കെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവരാകാം. അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടങ്ങൾ മാത്രമാണ്. എനിക്ക് ഹരിയേയോ കുട്ടികളേയോ എന്‍റെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് മാറ്റിയെടുക്കാനുമാവില്ല.

പുതിയ ചിന്തകൾക്കും പുതിയ വിചാരങ്ങൾക്കുമൊപ്പം താദാത്മ്യം പ്രാപിക്കാൻ എനിക്കൽപം ബുദ്ധിമുട്ട് തോന്നിയെങ്കിവും അതത്ര അസാദധ്യമായി തോന്നിയില്ല. വീടിനെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു എനിക്കെപ്പോഴും. ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും ഞാൻ ഉദ്യോഗത്തെപ്പറ്റി ഒരിക്കൽ പോലും ചിന്തിച്ചതേയില്ല. വിദ്യാഭ്യാസം നേടുകയെന്നത് എന്നെ സംബന്ധിച്ച് ഉദ്യോഗം നേടാനുള്ള യോഗ്യതയുമായിരുന്നില്ല. അല്ലെങ്കിൽ ഒരു വീട്ടുടമയാകുകയെന്നത് അർത്ഥമില്ലാത്ത ഒന്നല്ലായിരുന്നു എനിക്ക്. വിദ്യാസമ്പന്നയായ വ്യക്തി വീട്ടുകാര്യം നോക്കി നടത്തിയാലും കൃഷിപ്പണി ചെയ്‌താലും അത് മികച്ച രീതിയിൽ ചെയ്യണമെന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ.

പിന്നെ ഞാൻ സ്വയം മാറ്റത്തിന് തയ്യാറായി. സ്വന്തം വിചാരങ്ങൾക്കും ചിന്തകൾക്കും ഞാൻ പുത്തൻ ദിശ പകർന്നു. പല കാര്യങ്ങളും ഞാൻ പുതുതായി പഠിച്ചു. എനിക്ക് പുതിയ ചിറകുകൾ മുളച്ചു. ഇന്‍റർനെറ്റിന്‍റെ വിശാലമായ ആകാശത്തിൽ ഞാൻ യഥേഷ്ടം നീന്തിത്തുടിച്ചു. ആദ്യം ബ്ലോഗിംഗ് പഠിച്ചു പിന്നെ ഫേസ്ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ചു. പിന്നെയങ്ങോട്ട് പുതിയതും പഴയതുമായ കൂട്ടുകാരെ കണ്ടെത്തിക്കൊണ്ടിരുന്നു.

എന്‍റേതായ ലോകത്ത് ഞാൻ സദാ സമയവും മുഴുകിയിരിക്കുന്നത് കണ്ട് കുട്ടികൾ അദ്ഭുതത്തോടെ നോക്കി. ഏതോ വിചിത്ര ജീവിയെ കാണും പോലെ അവരുടെ അദ്ഭുതത്തോടെയുള്ള നോട്ടം എന്നെ അതിശയിപ്പിച്ചു. എന്നെ ഏറ്റവും രസിപ്പിച്ചത് മറ്റൊരു കാര്യമാണ്. വീട്ടിലുള്ള ആരെങ്കിലും എന്നോട് സംസാരിക്കാൻ മുതിരുമ്പോൾ ഞാൻ ഫോണിലോ നെറ്റിലോ ചാറ്റിംഗ് തുടരും. ഇതിനിടെ മുഖമുയർത്തി ഒരു നിമിഷം വെയ്റ്റ് ചെയ്യൂ എന്ന ആംഗ്യം കാട്ടി ഞാൻ ചാറ്റ് തുടർന്നു കൊണ്ടേയിരിക്കും.

ഇത്രയും കാലം മനസ്സിൽ കൊണ്ടു നടന്നിരുന്ന മോഹങ്ങളെല്ലാം ഞാൻ സാക്ഷാത്കരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പണ്ട് പാതിവഴി ഉപക്ഷേിച്ച നൃത്തപഠനം വീണ്ടും പൊടിതട്ടിയെടുത്ത് പരിശീലനമാരംഭിച്ചു. വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇഷ്ടപ്പെട്ട പുസ്തകങ്ങളും മാസികകളും ആർത്തിയോടെ വായിച്ചു. ഓരോ പുതിയ മാറ്റങ്ങളും ഞാൻ ആസ്വദിച്ചു കൊണ്ടിരുന്നു.

ഒഴുക്കിൽ പെട്ട ഒരു ഇലയെപ്പോലെ… ജീവിതത്തിന് പുതിയൊരു അർത്ഥതലമുണ്ടായതു പോലെ സൗന്ദര്യമുണ്ടായതു പോലെ ഞാനും ലോകത്തിനൊപ്പം ഒരു വിജയിയുടെ ഭാവത്തോടെ നടന്നു. എന്‍റെ പകലുകളേയും രാത്രികളേയും ഞാൻ പ്രണയിച്ചു കൊണ്ടിരുന്നു. കൊതി തീരാതെ പ്രണയിച്ചുകൊണ്ടിരുന്നു.

Story- തെളിവുകൾ

എനിക്കിവിടെ ആരോടും കടപ്പാടുകളില്ല. ചെയ്തു തീർക്കാൻ കടമകളില്ല. പാറിപ്പറക്കാം. ഞാൻ അവധി ചോദിച്ചിരിക്കുകയാണ്; ദൈവത്തോട്. എനിക്കിപ്പോൾ ശരീരമില്ലല്ലോ. എവിടെയുമെത്താം, എന്തും കാണാം. കുറച്ചു ദിവസങ്ങൾ ഏതായാലും എനിക്കനുവദിച്ച് കിട്ടിയിട്ടുണ്ട്, ഏതാണ്ട് നല്ലനടപ്പിന് കിട്ടുന്ന പരോൾ പോലെ.

ആദ്യം ഞാൻ ദൈവത്തിന്‍റെ അടുത്തെത്തുമ്പോൾ എനിക്ക് സ്വബോധമുണ്ടായിരുന്നില്ല; ഏതാണ്ട് മയങ്ങുന്ന അവസ്ഥയിലാണത്രേ എന്നെ പരലോകത്തിലെത്തിച്ചത് എന്ന് അവിടെ കാവൽ നിൽക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ എന്നോട് പറഞ്ഞു. ദുർമരണം ആണെങ്കിലും സ്വന്തം തെറ്റുകൊണ്ടല്ലാത്തതിനാലാവും എനിക്ക് പ്രധാന മാലാഖയെ വളരെക്കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കാണാൻ സാധിച്ചത്. ആ മാലാഖയാണെങ്കിൽ ഗന്ധർവ കിന്നരൻമാരുടെ വീണാവാദനം ആസ്വദിക്കുകയും.

എനിക്കദ്ഭുതമായിരുന്നു; മാലാഖമാരുടെയടുത്ത് ഗന്ധർവ കിന്നരൻമാർക്ക് എന്തു കാര്യം? ഏറ്റവും നല്ല തമാശ എന്താണെന്ന് കേൾക്കണോ? സർവമതസ്ഥരുടെയും ആരാധനാമൂർത്തികൾ ഈ സ്വർഗ്ഗലോകത്തുണ്ട്.

സ്വർഗ്ഗം… സ്വർഗ്ഗം… എന്ന് ഭൂലോകവാസികളെ ഉദ്ബോധിപ്പിച്ചിട്ട് പ്രത്യേകം പ്രത്യേകം സ്വർഗ്ഗം പണിയാനൊന്നും അവർ മിനക്കെട്ടില്ലല്ലോ എന്ന് ഓർത്ത് കൗതുകമാണ് തോന്നിയത്. പിന്നെ അദ്ഭുതങ്ങളുടെ പൂരക്കാഴ്ച തന്നെയായിരുന്നു.

മരണ ശേഷം എത്തിച്ചേരുന്ന ആത്മാക്കളെ ഏത് ദേവന്‍റെയടുത്തും കൊണ്ടു പോയേക്കാം. എല്ലാവരും ഒരുപോലെ ശാസിക്കും! കഠിന പാപികളെ നരകജീവിതത്തിലേക്ക് അയയ്ക്കും; അത് ഭൂമിയിലെ പാപവും കലഹവും നിറഞ്ഞ ജീവിതവുമാകാം.

നീയെന്താണ് എന്നെ ആരാധിക്കാഞ്ഞത് എന്ന് ഒരു ദൈവവും ആരോടും ചോദിക്കുന്നത് കേട്ടില്ല. പക്ഷെ, അവരെല്ലാം ഒരു പോലെ, പ്രബോധനം ചെയ്ത കാര്യങ്ങളിൽ നിന്നും വ്യതിചലിച്ചവരെ, ചെയ്ത തെറ്റുകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതും, അവരവരുടെ കർമ്മത്തിനനുസരിച്ചു തക്കതായ പുനരധിവാസം കൊടുക്കുന്നതും കണ്ടു.

ഈ വായിക്കുന്നതെല്ലാം തമാശയായേ നിങ്ങൾക്ക് തോന്നൂ എന്നെനിക്കറിയാം. ഒരിക്കലെങ്കിലും അനുഭവിച്ചാലല്ലേ നിങ്ങൾക്കിത് മനസിലാവൂ. ഞാനേതായാലും എന്‍റെ യാത്ര തുടങ്ങിക്കഴിഞ്ഞു.

എനിക്ക് ഏറ്റവും സന്തോഷം, ഞാനെന്‍റെ അച്ഛനെക്കണ്ടു. പിന്നെ സ്കൂളിൽ പഠിക്കുമ്പോൾ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച എന്‍റെ പ്രിയ കൂട്ടുകാരിയെ കണ്ടു.

അച്ഛനെന്നോട് പറഞ്ഞു: പല പ്രാവശ്യം ഞങ്ങളെക്കാണാൻ വീട്ടിൽ വന്നിട്ടുണ്ടെന്ന്. സ്വർഗ്ഗം ഒരു വിചിത്ര സ്ഥലം തന്നെ. ആരും പരസ്പരം അധികം സംസാരിക്കില്ല. അതു തന്നെ വളരെ പതിഞ്ഞ ശബ്ദത്തിൽ. ചുറ്റും എപ്പോഴും പൂർണ്ണമായും തെളിച്ചമുള്ള ഒരു അലൌകിക പ്രഭയാണ്. ഉറക്കവുമില്ല. ആ ദിവ്യ പ്രകാശധാരയുമായി ഇണങ്ങിയാൽപ്പിന്നെ ഭൂമണ്ഡലത്തിലെ രാത്രി ഇരുട്ട് ഓർക്കുമ്പോൾത്തന്നെ അരോചകമാകും.

ഞാൻ അമ്മയെ ഓർക്കുകയായിരുന്നു. അമ്മ അന്ന് എന്‍റെ ചലനമറ്റ ദേഹം കണ്ട് മോഹാലസ്യപ്പെടുകയും, ബോധം തെളിഞ്ഞപ്പോഴൊക്കെ അലമുറയിടുകയും ചെയ്തിരുന്നു. ഞാനന്ന് എവിടെയും പോയിട്ടില്ല. എനിക്ക് അമ്മയുടെ കരച്ചിൽ സഹിക്കാൻ കഴിയുമായിരുന്നില്ല. തൂവലിന്‍റെ ഭാരം പോലുമില്ലാത്ത ഞാൻ എന്തു ചെയ്യാൻ?

പാവം ചേട്ടൻ അടുത്തു നിന്ന് തേങ്ങുന്നുണ്ടായിരുന്നു. എന്‍റെ ശവസംസ്കാരത്തിനുള്ള കാര്യങ്ങൾ നോക്കി നടത്തേണ്ടിയിരുന്നതിനാൽ ചേട്ടനൊന്ന് മനസു തുറന്ന് കരയാൻ പോലും കഴിഞ്ഞില്ല. എന്‍റെ കൂട്ടുകാരികളുടെ കരച്ചിൽ ഇപ്പോഴും കൺമുന്നിലുണ്ട്.

ഞാനേതായാലും ആദ്യം എന്‍റെ അമ്മയെ കാണാൻ പോകും. അമ്മയുടെ കരച്ചിൽ നിന്നിട്ടുണ്ടാവുമോ? ഒരാഴ്ചയായപ്പോഴേക്കും വേണ്ടപ്പെട്ടവരൊക്കെ എന്നെ മറന്നിട്ടുണ്ടാവുമോ? അല്ല, എല്ലാവരും കരയാതിരിക്കട്ടെ. അവർക്കറിയില്ലല്ലോ, നൻമ ചെയ്തു ജീവിച്ചാൽ, കരച്ചിലും, പല്ലുകടിയുമില്ലാത്ത, രാത്രിയുടെ പേടിപ്പെടുത്തുന്ന ഇരുട്ടില്ലാത്ത, സ്നേഹ സുരഭിലവും, സംഗീത സാന്ദ്രവും, പ്രകാശമാനവും, ഭൂമിയിലെ ദേവാധിദേവകളെല്ലാം ഏകോദര സഹോദരൻമാരായി വസിക്കുകയും ചെയ്യുന്ന ഒരു സുന്ദരലോകത്തിലേക്കാണ് വിസ ലഭിക്കുക എന്ന്.

അമ്മ വേലുവണ്ണന്‍റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരികയാണ്. ഇടയ്ക്കമ്മ തോർത്തിന്‍റെ തുമ്പെടുത്ത് മൂക്കു തുടയ്ക്കുന്നുമുണ്ട്. ഈ അമ്മയുടെ ഒരു കാര്യം. അമ്മേ, അമ്മയുടെ ഈ മകൾ എത്ര സന്തോഷവതിയാണെന്നോ? പാവം അമ്മ എങ്ങനെ കരയാതിരിക്കും? കല്യാണം കഴിഞ്ഞ് ഞാനും സുകുവേട്ടനും കൂടി വിരുന്നിനെത്തേണ്ട ദിവസങ്ങൾ. അമ്മ വെപ്രാളത്തോടെ വിഭവങ്ങൾ പാചകം ചെയ്ത് ഓടി നടക്കേണ്ട സമയം. ആ വീട്ടിൽ ഇപ്പോൾ ശ്മശാന മൂകത. ഏട്ടൻ ജോലി കഴിഞ്ഞ് രാത്രിയിലെത്തി എന്തെങ്കിലും സംസാരിച്ചാലായി.

പശുക്കുട്ടി കരയുന്ന സ്വരം കേൾക്കുന്നുണ്ട്. അമ്മയുടെ ഓമനപ്പൂവാലി എവിടെ? അതിനെയും കൊടുത്തു കാണും. എന്‍റെ കല്യാണച്ചെലവിന് പണം സ്വരൂപിക്കാൻ വേണ്ടി കാത്തു പരിപാലിച്ചിരുന്നതാണ് അവളെ. പത്തു ലിറ്റർ പാലു കിട്ടുന്ന നല്ലയിനം പശുവായിരുന്നു. ഞാനുള്ളപ്പോൾ അവളുടെ അടുത്ത് നിന്നും മാറില്ല. സന്ധ്യാ സമയം കഴിഞ്ഞിട്ടും എന്നെ കണ്ടില്ലെങ്കിൽ അവൾ നിർത്താതെ അമറും. അമ്മയുടെ സ്വൈരം നശിച്ചിട്ടുണ്ടാവും.

ഇനി ഏട്ടൻ ജോലി നോക്കുന്ന ബേക്കറിയിലേക്ക് പോകാം. ഹായ്, അതാ ഏട്ടൻ. ഈ ഏട്ടന്‍റെ മുഖവും സങ്കടം പൊട്ടി വരും പോലെയാണ്. കൂട്ടുകാരെയും, അടുത്ത പരിചയക്കാരെയുമെല്ലാം എന്‍റെ കല്യാണത്തിന് ക്ഷണിച്ചിരുന്നു ഏട്ടൻ. എല്ലാവരും കൂടി തലേ ദിവസം മുതൽ തന്നെ ഒരാഘോഷമാക്കാൻ തീരുമാനിച്ചിരുന്നുവത്രെ.

അച്ഛനില്ല എന്ന ഒരു കുറവ് ഏട്ടനെന്നെ അറിയിച്ചിട്ടില്ല. ആദ്യമൊക്കെ ഏട്ടന് രാത്രി കൂട്ടുകരോടൊപ്പം ചുറ്റി നടക്കലൊക്കെ ഉണ്ടായിരുന്നു. പക്ഷെ അമ്മയും, ഞാനും ഏട്ടനെ കാണാതെ വിഷമിക്കുന്നുണ്ടെന്ന് മനസിലാക്കി രാത്രി കൂട്ടുകെട്ടുകൾ എല്ലാം ഒഴിവാക്കുകയായിരുന്നു.

എന്‍റെ സുകുവേട്ടൻ എന്തു ചെയ്യുകയായിരിക്കും? മോട്ടോർ വർക്ക്ഷോപ്പിൽ ജോലിക്ക് പോയിത്തുടങ്ങിയില്ല എന്നു തോന്നുന്നു. കല്യാണം പ്രമാണിച്ച് ഒരാഴ്ചത്തെ അവധി ചോദിച്ചിരുന്നതല്ലേ. എന്നെ എത്രമേൽ സ്നേഹിച്ചിരുന്നു, സുകുവേട്ടൻ. ചില കാര്യങ്ങൾ ഓർത്താൽ ചിരി വരും. എനിക്ക് ഉത്സവത്തിന് കതിന പൊട്ടുന്നത് പേടിയാണ് എന്ന് പറഞ്ഞപ്പോൾ എത്രമാത്രം കളിയാക്കിയിരുന്നു. എന്‍റെ പെണ്ണേ! ഇങ്ങനെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് ധൈര്യം പകരാൻ എന്തെല്ലാം ശ്രമം നടത്തിയിരുന്നു.

ഇനി എനിക്ക് കാണേണ്ടത് അവനെയാണ്; എന്‍റെ ഭൂമിയിലെ സ്വപ്നങ്ങളവസാനിപ്പിച്ചവനെ. എന്‍റെ ഏട്ടനെപ്പോലെ ഞാൻ കരുതിയിരുന്നവൻ. പരസ്പരം അറിയാത്തവരായി ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വീട്ടുകാരുമില്ല.

എന്നു മുതലാണ് രമേശേട്ടൻ നഗരത്തിലെ ലഹരിക്കച്ചവടക്കാരുമായി ചങ്ങാത്തത്തിലായത്? അറിയില്ല. ലഹരിയും മദ്യവും ഉപയോഗിച്ച് നാട്ടിൽ വഴക്കും വക്കാണവും ഉണ്ടാക്കിത്തുടങ്ങിയപ്പോൾ കൂട്ടുകാർ പോലും അവനെ വെറുത്തു.

“അമ്മേ, രമേശേട്ടന് ഒരു പന്തിയല്ലാത്ത നോട്ടമാണ് കേട്ടോ. എന്നെ പലപ്പോഴായി ഓരോന്നു പറഞ്ഞു ശല്യം ചെയ്യുന്നു. എന്നെ സുകുവേട്ടന് കല്യാണം പറഞ്ഞുറപ്പിച്ചതാണെന്ന് രമേശേട്ടന് അറിയാഞ്ഞിട്ടാണോ?” അമ്മയോട് ഇത് പറയുമ്പോൾ എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. മിക്കപ്പോഴും അമ്മാവന്‍റെ മകൾ ചിന്നു കൂടി തയ്യൽ ജോലി കഴിഞ്ഞ് കൂട്ടിനുണ്ടാകും. അതൊരു ധൈര്യമായിരുന്നു.

ആ വൈകുന്നേരം ബൈൻഡിംഗ് പ്രസിലെ ജോലി കഴിഞ്ഞിറങ്ങാൻ അൽപം വൈകി. പ്രകാശം ചെറുതായി മങ്ങി തുടങ്ങി. ബസിറങ്ങി നടക്കുമ്പോൾ ആരും കൂട്ടിനുണ്ടായില്ല. സാധാരണ വൈദ്യശാലയിൽ പോയി മടങ്ങുന്ന ആരെങ്കിലും ഉണ്ടാവും.

കരിമ്പന കൂട്ടങ്ങൾ നിറഞ്ഞു നിൽക്കുന്ന നാണുവാശാന്‍റെ ഒഴിഞ്ഞ പറമ്പിനടുത്ത് എത്തിയപ്പോൾ എന്തോ നെഞ്ചിടിപ്പു വല്ലാതെ വർദ്ധിച്ചു. അവിടെ ചില ആളുകൾ മദ്യപാനമൊക്കെ നടത്താറുണ്ട് എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. രമേശൻ അവിടെ പതുങ്ങി നിൽപുണ്ടായിരുന്നു.

എന്തോ ഒന്നും രണ്ടും പറഞ്ഞ് തർക്കമായി. ആ ചോദ്യവും നിൽപ്പും എല്ലാം എനിക്ക് വല്ലാതെ പേടിയാവുന്നുണ്ടായിരുന്നു. കഷ്ടിച്ചു അരക്കിലോമീറ്റർ മാത്രമേ വീട്ടിലേക്കുളളൂ. ഓടാൻ ശ്രമിക്കുമ്പോഴേക്കും അവൻ കടന്നുപിടിച്ചു. എതിർക്കുന്നത് തടയാൻ കുറെ അടിച്ചു. അവന്‍റെ ഉദ്ദേശ്യം നടക്കില്ല എന്നു വന്നപ്പോൾ അടുത്ത കിടന്ന പാറക്കഷ്ണം കൊണ്ട് എന്‍റെ തലയിലിടിച്ചു. എനിക്കു പിന്നെ ഒന്നും ഓർമ്മയില്ല.

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു എന്നെനിക്കറിയാം. പിറ്റേന്ന് സുകുവേട്ടന്‍റെ അടുത്ത ബന്ധുക്കൾ കുറച്ചു പേർ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നുവെന്ന് അറിയിച്ചിരുന്നു. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞങ്ങളുടെ ഗ്രാമത്തിൽ വളരെക്കുറച്ച് ആളുകളെ ഉള്ളു എന്ന്. എന്നാലും ഒരു ചടങ്ങിന് വേണ്ടി. അത്ര തന്നെ.

വീട്ടിൽ വന്നിട്ട് പിറ്റേന്നത്തെ ആവശ്യത്തിന് വേണ്ട പലഹാരങ്ങൾ ഉണ്ടാക്കാൻ ഞാനും കൂടാം എന്നു വാക്കു കൊടുത്തിട്ടാണ് ഞാൻ രാവിലെ ഇറങ്ങിയത്. രാത്രി മുഴുവൻ എന്നെ ആളുകൾ അന്വേഷിച്ചു നടന്നു. ഞാൻ എവിടെ എന്നു ചോദിച്ചു ബൈൻഡിംഗ് പ്രസിലെ മാമനെ കുറെപ്പേർ ഉപദ്രവിച്ചത്രേ. പിറ്റേന്ന് വെളുപ്പാൻകാലമായപ്പോഴാണ് അവർക്ക് എന്‍റെ ചലനമറ്റ ശരീരം കരിമ്പനക്കാടുകൾക്കിടയിൽ നിന്ന് കണ്ടെടുക്കാനായത്.

ഞാനിപ്പോൾ ഞങ്ങളുടെ അടുത്തുള്ള ഗ്രാമീണ വായനശാലയിലാണ്. ഞങ്ങളുടെ ഗ്രാമത്തിൽ ടി.വി ഉള്ളത് ഇവിടെയും, പത്രോസ് മുതലാളിയുടെ വീട്ടിലും മാത്രം. ഇപ്പോഴും വിശകലനങ്ങൾ നിന്നിട്ടില്ല. എന്നെപ്പറ്റി ഞാൻ പോലും ഞെട്ടിപ്പോകുന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.

മറ്റു പല ബന്ധങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം പോലും. ഈ ഗ്രാമവും അവിടെ ജീവിക്കുന്ന 40, 50 കുടുംബങ്ങളും. ഈ ഗ്രാമത്തിലെ മനുഷ്യരുടെ നിഷ്കളങ്കതയും, വിശുദ്ധിയും, ഈ പച്ചപ്പരിഷ്കാരികളോട് പറഞ്ഞിട്ട് കാര്യമില്ല.

പത്താം ക്ലാസിനപ്പുറം ഇവിടെ ആരും പഠിച്ചിട്ടില്ല. പിന്നീട് പഠിക്കണമെങ്കിൽ അടുത്തുള്ള പട്ടണത്തിൽ പോകണം. രണ്ടും മൂന്നും മണിക്കൂറുകൾ ഇടവിട്ട് വരുന്ന ബസുകളാണ് ആശ്രയം. അത് തന്നെ സമയത്ത് വരാറില്ല. ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ട് ഞാൻ കൂടുതൽ പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

വീട്ടിൽ ടിവിയും പത്രവും ഇല്ലാത്തത് എത്ര നന്നായി! അല്ലെങ്കിൽ പാവം അമ്മ, ഈ വാർത്തകൾ ഒക്കെ കണ്ട് എത്ര ദുഃഖിക്കും? സ്വന്തം മകളെ ഒരുത്തൻ ക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ ദു:ഖം താങ്ങാനാവാതെ കഴിയുമ്പോൾ ആ ദാരുണ മരണം ഒരാഘോഷമാക്കുന്നവർ. കാക്ക മലം ചിക്കിച്ചികയും പോലെ അപവാദങ്ങൾക്കായി പരതുന്നവർ. നേരും നെറിയുമുള്ളവർ വളരെക്കുറവ്. വല്ലാത്ത ലോകം തന്നെ. എന്നെ കൊന്നതിന് ജയിലിൽ പോയ രമേശേട്ടൻ തിന്നു കൊഴുത്തിട്ടുണ്ട്. അയാൾക്ക് പട്ടണത്തിൽ വലിയ ആളുകളുമായി ചങ്ങാത്തമുണ്ടത്രേ.

ഇന്നെനിക്ക് രൂപമില്ല. സ്വരമില്ല. ആത്മാവ് മാത്രം. പലരുടെയും ഓർമ്മകളിൽ മാത്രം എനിക്ക് മരണമില്ല. ഞാൻ മരിച്ചതെത്ര നന്നായി എന്നു അമ്മയ്ക്കറിയോ? അർദ്ധ പ്രാണനോടെങ്കിലും ഞാൻ ജീവിച്ചിരുന്നെങ്കിൽ ധാരാളം തെളിവുകൾ അവർ എന്നോട് ചോദിച്ചേനേ.

ഈ ദുർ നടത്തക്കാരനുമായി എനിക്ക് രഹസ്യ ബന്ധമില്ല എന്നതിന് തെളിവുണ്ടോ! സന്ധ്യയായപ്പോൾ രമേശൻ എന്നെ കാത്ത് കരിമ്പനകൾക്കിടയിൽ പതുങ്ങി നിന്നതിന് തെളിവുണ്ടോ? ഞാൻ സ്വമേധേയാ രമേശനെ കാണാൻ എത്തിയതല്ല എന്നതിന് തെളിവുണ്ടോ? കല്യാണപ്പന്തൽ സ്വപ്നം കണ്ട് വീട്ടിലേക്ക് തിരിച്ച എന്‍റെ ചാരിത്ര്യം ഇതിന് മുൻപ് നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവുണ്ടോ? ഇതിനും പുറമേ ഈ ക്രൂരകൃത്യം ചെയ്തത് രമേശൻ തന്നെയാണെന്ന് തെളിവുണ്ടോ? അമ്മേ ഇപ്പോൾ പറയൂ. ഞാൻ മരിച്ചതെത്ര നന്നായി. തെളിവുകൾ ഒന്നും വേണ്ടല്ലോ… ദുഷ്കൃത്യങ്ങളൊക്കെ തെളിയാതെ.. ജീവനുള്ളവർക്ക് കണ്ണുണ്ടെങ്കിലും കാണാൻ പറ്റാത്ത തെളിവുകളായി അങ്ങനെ അവശേഷിക്കട്ടെ. അമ്മ ഇനി കരയരുത്.

നൈസ് ടു മീറ്റ് യു

ആന്‍റ് ദി അവാർഡ് ഫോർ ദി ബെസ്റ്റ് ഫിക്ഷൻ ഗോസ് ടു… മിസ്റ്റർ സുദീപ് ചന്ദ്ര ഫോർ ദി സ്റ്റോറി ദി അൺ സെന്‍റ് പോസ്റ്റ്…

വിടർന്ന കണ്ണുകളും തോളറ്റം മുടിയുമുള്ള സുന്ദരിയായ ആങ്കർ മനോഹരമായ പുഞ്ചിരിയോടെ സദസിനെ നോക്കി സൂചകമായി കൈവിരലുയയർത്തിക്കാട്ടി. സദസ് ആരവത്തോടെ ആ പ്രഖ്യാപനത്തെ ഏറ്റുവാങ്ങുമ്പോൾ സീമയുടെ മനസിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. സുദീപ് ചന്ദ്ര… അത് അദ്ദേഹം തന്നെയാവുമോ? 20 വർഷമായി ആ പേര് എവിടെയെങ്കിലും കേട്ടിട്ട്… ഇവിടെ… എത്രയോ വർഷമായി ആ മുഖം കണ്ടിട്ട്… ആകാംഷ, ആവേശം… ഇവയെല്ലാം നിറഞ്ഞ സമ്മിശ്രവികാരത്തിൽ സീമയുടെ ശരീരം വിറച്ചുപോയി. അവൾ സ്വന്തം വിരലുകൾ കോർത്തുപിടിച്ചു.

ആ സമയം സാമാന്യം നല്ല ഉയരമുള്ള ഒരാൾ സ്റ്റേജിലേക്ക് ചുറുചുറുക്കോടെ കയറിവന്നു. ഇരു ചെവിക്കു പിന്നിലെ മുടിയിഴകളിൽ നേർത്ത വരപോൽ പടർന്ന വെളുപ്പുനിറം. പക്ഷേ, യുവത്വം സ്ഫുരിക്കുന്ന ആ മുഖവും പുഞ്ചിരിയും തിടുക്കപ്പെട്ടുള്ള നടത്തവും കണ്ണുകളിലെ ഗൂഢഭാവവും… അതിനുമാറ്റമില്ല. സീമ സ്വയമറിയാതെ പുഞ്ചിരിച്ചുപോയി. സുദീപ്… കാലം എത്ര ദൂരേക്ക് മാറ്റിയാലും നിങ്ങളെ തിരിച്ചറിയാൻ ഇപ്പോഴും എനിക്ക് കഴിയുന്നല്ലോ..

“താങ്ക്യൂ സോ മച്ച്… ദിസ് റിയലി മീൻസ് എ ലോട്ട് ടു മി…”

സുദീപിന്‍റെ പ്രസംഗം വളരെ ഹ്രസ്വമായിരുന്നു. പക്ഷേ, ആ സംസാരരീതികൾ, മാനറിസങ്ങൾ, ഗൂഢാർത്ഥ വാക്പ്രയോഗങ്ങൾ എല്ലാം അവളിൽ ഓർമ്മകളുടെ വേലിയേറ്റങ്ങൾ നിറച്ചു.

സാഹിത്യസമ്മേളനത്തിന്‍റെ സമാപന സമയമായിരിക്കുന്നു. റിഫ്രഷ്മെന്‍റ്സിനുള്ള സംവിധാനമുണ്ട്. വേദിയുടെ പുറത്ത് ചായ, കോഫി, സ്നാക്സ് ഇതൊക്കെ ഒരുക്കിയിട്ടുണ്ട്. ആളുകൾ അങ്ങോട്ട് തിക്കിതിരക്കി പോകുന്നു. അവൾക്ക് ഒട്ടും താൽപര്യം തോന്നിയില്ല. വിശപ്പ് കെട്ടടങ്ങിയപോലെ… ആൾക്കൂട്ടത്തിൽ നിന്ന് പുറത്ത് കടക്കാൻ അവൾ കൊതിച്ചു.

വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കണ്ടപ്പോൾ മനസ് ആകെ കലങ്ങി മറിഞ്ഞുപോയി. എവിടെയോ നഷ്ടപ്പെട്ട മനസ് വീണ്ടെടുക്കാനെന്നപോലെ അവൾ ദീർഘമായി ശ്വസിച്ചു. പ്രവേശന കവാടത്തിലെ തിരക്ക് അൽപം കുറയാനായി കാത്തുനിൽക്കുമ്പോൾ ഒരു പരിചിതശബ്ദം അവളെ പിന്നിൽനിന്ന് വിളിച്ചു.

“എക്സ്ക്യൂസ് മി”

തിരിഞ്ഞുനോക്കാതെ തന്നെ ആ ശബ്ദത്തിന്‍റെ ഉടമയെ സീമക്കു മനസ്സിലായി. ഒരു നിമിഷനേരത്തേക്ക് ഹൃദയം നിലച്ചതുപോലെ അവൾ കണ്ണടച്ചു നിന്നു. വീണ്ടും അതേ ശബ്ദം… കുറച്ചുകൂടി അടുത്തായി.

സീമക്ക് തിരിഞ്ഞുനോക്കാതെ നിവൃത്തിയില്ലെന്നായി. അദ്ദേഹം… മുഖത്ത് സംശയത്തിന്‍റെയോ ആകാംഷയുടെയോ സമ്മിശ്രഭാവത്തോടെ തന്നെത്തന്നെ നോക്കി നിൽക്കുന്നു.

“വിളിച്ചതിൽ ക്ഷമിക്കണം… ഈ മുഖം എനിക്ക് നന്നായറിയാം… പക്ഷേ…” സുദീപ് നെറ്റിയിൽ കൈവിരലമർത്തി സീമയുടെ മുഖത്തേക്ക് ഉറ്റു നോക്കി.

സത്യത്തിൽ സീമക്ക് കടുത്ത ആശയക്കുഴപ്പം തോന്നി. എന്തു ചെയ്യണമെന്നറിയാതെ അവൾ ദൂരേക്ക് മിഴികളൂന്നി…

“ഹാ… സീമ… സീമ വിശ്വാസ്… ശരിയല്ലേ?” അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. സീമ യാന്ത്രികമായി പുഞ്ചിരിച്ചു.

“അതേ… സീമ തന്നെ…” അപ്പോൾ അദ്ദേഹവും ചിരിക്കുകയാണ്. കണ്ണുകളിൽ സന്തോഷത്തിന്‍റെ തിരയിളകുന്നു.

“നീണ്ട മുടിയുണ്ടായിരുന്നല്ലോ നേരത്തേ… ഇപ്പോൾ മുടി ഷോർട്ടായപ്പോൾ അൽപനേരത്തേക്ക് എനിക്കൊരു കൺഫ്യൂഷൻ.”

“എന്താ, എനിക്ക് മാത്രമാണോ മാറ്റം സംഭവിച്ചത്?”

അവളുടെ മറുപടി ആസ്വദിച്ചുകൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു. താൻ ഒറ്റനിമിഷംകൊണ്ട് ഭൂതകാലത്തിലേക്ക് പോയതായി അവൾക്ക് തോന്നി. കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചോർക്കുമ്പോൾ ഇങ്ങനെ ഒപ്പം നിന്ന് ചിരിക്കാനും തമാശ പറയാനും തനിക്കെങ്ങനെ കഴിഞ്ഞു. സീമ അമ്പരന്നു.

“ഭക്ഷണം കഴിക്കാൻ പോകുന്നോ?” സുദീപ് ചന്ദ്ര ചോദിച്ചു.

“ഒട്ടും വിശക്കുന്നില്ല. മാത്രമല്ല, അവിടെ എന്തു തിരക്കാണ്…”

“യു ആർ റൈറ്റ്.” സുദീപ് പറഞ്ഞു

“എന്നാൽ നമുക്ക് പുറത്തു നിന്ന് ഒരു കപ്പ് കാപ്പി കുടിച്ചാലോ?”

“താങ്കൾ ഫ്രീയാണെങ്കിൽ…” ശരീരത്തെ വ്യാപിച്ച വിറയൽ ശബ്ദത്തിലേക്ക് പടരാതിരിക്കാൻ സീമ നന്നേ പണിപ്പെട്ടു.

“ഓകെ… ഞാൻ വരാം…”

സുദീപിനൊപ്പം അൽപനേരം കൂടി കിട്ടുന്നതിന് തന്‍റെ മനസ് കൊതിക്കുന്നത് സീമ അറിഞ്ഞു. ഇക്കഴിഞ്ഞ വർഷങ്ങളത്രയും രണ്ടുപേരും കാണാതെ, വിവരങ്ങൾ ഒന്നും അറിയാതെ ജീവിക്കുകയായിരുന്നല്ലോ. 20 വർഷം മുമ്പ് അവരുടെ ജീവിതം രണ്ടു വഴിയിലാണ്. വിളിച്ചപ്പോഴുടൻ കോഫി കുടിക്കാൻ കൂടെ ചെന്നാൽ സുദീപ് തന്നെക്കുറിച്ച് എന്തു വിചാരിക്കും? ഒരു നിമിഷം സീമ ആലോചിച്ചു. പക്ഷേ, ചിന്തകളെ അതിന്‍റെ വഴിക്ക് വിട്ടുകളഞ്ഞു.

സമയം 7 മണിയായിട്ടുണ്ടാകും. അവർ നഗരത്തിലെ തിരക്കുള്ള കഫേയിലേക്ക് കയറുമ്പോൾ അവിടെ കൂടുതലും ചെറുപ്പക്കാരായിരുന്നു. അവർക്കിടയിലേക്ക് ചെല്ലുമ്പോൾ അവൾക്ക് ചെറിയ മടി തോന്നിയെങ്കിലും സുദീപ് അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നി. ഒതുങ്ങിയ ഇടം തേടിയ അയാൾ ജനാലയ്ക്കരികിൽ രണ്ട് സീറ്റുകൾ കണ്ടുപിടിച്ചു.

“അപ്പോൾ അതും സംഭവിച്ചു.” അയാൾ ആശ്ചര്യഭാവത്തിൽ പുഞ്ചിരിച്ചു.

“സീമാ, തന്നെ ഇനി കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതും ഈ മസൂറിയിൽ…” അതുകേട്ട് സീമ പുഞ്ചിരിച്ചു.

“കൊൽക്കത്തയിൽ നിന്ന് ഞാനിവിടെ വന്നത് ഒരു സുഹൃത്തിന്‍റെ കല്യാണത്തിൽ പങ്കെടുക്കാനാണ്. ഇന്നലെയായിരുന്നു.” സീമ പറഞ്ഞു

“ഇന്ന് ഞാൻ ഫ്രീയായിരുന്നു… അപ്പോൾ പുറത്ത് കാഴ്ച കാണണമെന്ന് തോന്നി. പിന്നെ…”

“പിന്നെ…?” സുദീപ് ചോദിച്ചു

“എന്‍റെ ഫ്രണ്ട് മീനുവാണ് സാഹിത്യോൽസവത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് പാസുണ്ടായിരുന്നു. എന്‍റെ സാഹിത്യപ്രേമം അറിയാവുന്നതുകൊണ്ട് അവൾ പാസ് എനിക്ക് തന്നു.” അവൾ തല ചെരിച്ചുപിടിച്ച് സുദീപിനെ നോക്കി.

“തികച്ചും അവിചാരിതമായ കണ്ടുമുട്ടൽ. താങ്കൾ ഇപ്പോഴും ഡൽഹിയിലാണോ താമസം?”

“ഓ… യെസ്.. ആം സ്റ്റിൽ എ ഡെൽഹൈറ്റ്.” അയാൾ പറഞ്ഞു.

“ഓൺലൈൻ വഴി നടന്ന കഥാമത്സരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് സംഘാടകർ എന്നെ അറിയിച്ചത്. മസൂറിയിൽ നടക്കുന്ന സമ്മേളനത്തെക്കുറിച്ചും… താമസസൗകര്യവും യാത്രാസൗകര്യവും അവർതന്നെ ഏർപ്പെടുത്തിത്തന്നു.”

“എഴുത്തിനോടുള്ള സുദീപിന്‍റെ ആവേശത്തെക്കുറിച്ച് മറ്റാരേക്കാളും എനിക്കറിയാമല്ലോ… എന്‍റെ അഭിനന്ദനങ്ങൾ… പക്ഷേ, ഒന്നു ചോദിച്ചോട്ടെ… ഇത്രയും കാലം എന്നെ മറന്നിരിക്കുകയായിരുന്നോ?”

“മറവി, അതല്ലല്ലോ സീമേ, പഴയതുപോലെ കമ്യൂണിക്കേഷൻ ആരുമായും നിലനിർത്താൻ കഴിയുന്നില്ല എന്നേയുള്ളൂ.”

ആ വിഷയം അവിടെ അവസാനിച്ചു. പക്ഷേ, സീമയുടെ മനസിൽ പലതരം സംശയങ്ങൾ ഉണർന്നുകൊണ്ടിരുന്നു. സുദീപ് ഇപ്പോൾ ബാങ്ക് ഓഫ് ഇന്ത്യയിൽ ഡവലപ്മെന്‍റ് ഓഫീസറാണ്. ജോലിയുടെ തിരക്കുകളിലും ഇടവേളകളിൽ എഴുത്തിന്‍റെ ലോകത്തും അയാൾ ജീവിക്കുകയാണ്. സീമയെ സംബന്ധിച്ചാണെങ്കിൽ അച്ഛൻ മരിച്ചു. അമ്മയാകട്ടെ വാർദ്ധക്യത്തിന്‍റെ അവശതകളിലും.

“സുദീപ് ഭാര്യയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?”

“എന്തു പറയാനാണ്… എന്‍റെ…?” സുദീപിന്‍റെ സ്വരം വളരെ നേർത്തു.

“ഞാൻ രണ്ട് വിവാഹം ചെയ്തു…” അയാൾ അൽപനേരം നിശബ്ദനായി.

“പക്ഷേ, നിർഭാഗ്യം കൊണ്ടാകാം, രണ്ടും പരാജയമായിരുന്നു. എല്ലാം എന്‍റെ തെറ്റായിരുന്നു.”

“ഏയ്, അങ്ങനെ കുറ്റബോധം തോന്നേണ്ട കാര്യമില്ല, എനിക്ക് മനസ്സിലാകും ആ സാഹചര്യങ്ങൾ. ഒരു പക്ഷേ, നമ്മൾ തെറ്റായ ഇടങ്ങളിലായിരിക്കണം സന്തോഷം കണ്ടെത്താൻ ശ്രമിച്ചത്. അതുകൊണ്ടാകാം ഇങ്ങനെയൊക്കെ… നീരജും ഞാനും വിവാഹമോചനം നേടിയിട്ട് ഇപ്പോൾ 8 വർഷമായിരിക്കുന്നു.”

സീമ പറഞ്ഞതുകേട്ട് സുദീപ് ഞെട്ടലോടെ അവളെ നോക്കി. എന്നിട്ട് പറഞ്ഞു “കഴിഞ്ഞുപോയ കാലം കഴിഞ്ഞു. അത് ഇനി മറക്കാം. അതല്ലേ നല്ലത്.”

പക്ഷേ, സീമക്ക് ഒന്നും അങ്ങനെ എളുപ്പം മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ ജീവിതം എത്ര ഏകാന്തമാണ് സീമ ആലോചിച്ചു. കോളേജിലെ പ്രണയജോഡികളായിരുന്നു അവർ. വിവാഹം കഴിക്കണമെന്ന് വരെ തീരുമാനിച്ചിരുന്നവർ. പക്ഷേ, വീട്ടലറിഞ്ഞപ്പോൾ സീമയുടെ പപ്പയ്ക്ക് കടുത്ത എതിർപ്പായിരുന്നു.

സുഹൃത്തിന്‍റെ വെൽ സെറ്റിൽഡ് ആയ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് പപ്പയ്ക്ക് നിർബന്ധമായിരുന്നു. നീരജിന് അപ്പോൾ ഒരു ബഹുരാഷ്ട്രകമ്പനിയിൽ ലക്ഷങ്ങളുടെ ശബളമുണ്ടായിരുന്നു. പക്ഷേ, സുദീപിനാകട്ടെ ശരാശരി വരുമാനവും. സുദീപിന്‍റെ ആദ്യ ജോലിയായിരുന്നു അത്. ഒരു സാധാരണക്കാരന്‍റെ പ്രതിഛായയുള്ള സുദീപിനു മേലെ തിളങ്ങുന്നതായിരുന്നു നീരജിന്‍റെ കോർപ്പറേറ്റ് ലുക്ക്. എന്നിട്ടും പപ്പയുടെ നിർബന്ധത്തെ അവഗണിച്ച് സുദീപും താനും ഒരുമിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി 2003 ഏപ്രിൽ 30 ന് വൈകിട്ട് 6 മണിക്ക് ഹൗറ സ്റ്റേഷനിൽ എത്താൻ ഞങ്ങൾ തീരുമാനിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഡൽഹിയിലേക്കുള്ള ഹൗറ എക്സ്പ്രസിൽ. പക്ഷേ… വിചാരിച്ചതുപോലെയൊന്നും കാര്യങ്ങൾ നടന്നില്ല.

“അപ്പോൾ എപ്പോഴാണ് മടക്കം?” സുദീപിന്‍റെ ചോദ്യം അവളെ ചിന്തകളിൽനിന്നുണർത്തി.

“ഞാൻ നാളെ മടങ്ങും.” അവൾ പറഞ്ഞു “ശീതൽ എക്സ്പ്രസ്… 8 മണിക്ക്.”

“അപ്പോൾ 2 മണിക്കൂർ നേരത്തേ ഞാനും പുറപ്പെടും. 6 മണിക്കാണ് എന്‍റെ വണ്ടി. അത്രയും നേരത്തേ പോകാൻ ഇഷ്ടമുണ്ടായിട്ടല്ല, പക്ഷേ വിമല ട്രസ്റ്റ് ബുക്ക് ചെയ്തത് ആ വണ്ടിയാണ്.”

പിരിയുന്നതു വരെ മതിവരാത്തവരെപ്പോലെ അവർ സംസാരിച്ചുകൊണ്ടിരുന്നു. ബസ് സ്റ്റോപ്പിലെത്തുന്നതിന് അൽപനേരം മുമ്പാണ് സുദീപ് മനസ് തുറന്നത്.

“വളരെ വൈകിയെന്നെറിയാം, എങ്കിലും നിന്നോടത് പറയാതെ വയ്യ, അന്ന് ഞാൻ മനപൂർവം വരാതിരുന്നു. നമ്മൾ പ്ലാൻ ചെയ്തതിനു വിരുദ്ധമായി. എന്‍റെ പ്രവൃത്തികൾ തുറന്നതായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ഒരു ഒളിച്ചോട്ടം എനിക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷേ, അത് എനിക്ക് നിന്നോട് തുറന്ന് പറയാൻ മടി തോന്നി. നിന്നെ സ്നേഹിക്കുന്നില്ലെന്ന് ചിന്തിക്കുമെന്ന് ശങ്കിച്ചു.” അയാൾ ദീർഘമായി നിശ്വസിച്ചു.

“ഹൊ.. ഞാനെത്ര ഭീരുവായിരുന്നു. പക്ഷേ, സത്യമായും എന്നെ വിശ്വസിക്കൂ… എനിക്ക് ആ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഉറക്കം നഷ്ടപ്പെടും. നീ എന്നെക്കാത്ത് എത്രസമയം റെയിൽവേ സ്റ്റേഷനിലിരുന്നിട്ടുണ്ടാവും, നിന്‍റെ അവസ്ഥ എന്തായിരുന്നു, ഇതൊക്കെ ആലോചിക്കുമ്പോൾ ചെയ്ത തെറ്റ് ഒരു വേതാളത്തെപ്പോലെ ഇത്രയും കാലം എന്നെ പിന്തുടരുകയാണ്. ഇന്ന് നിന്നെ ഇവിടെവെച്ച് കാണുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. അതോടൊപ്പം ഭീതിയും. നീയെന്നെ വെറുക്കുന്നില്ലേ എന്ന ഭീതി. സീമ, ആം റിലി സോറി… പ്ലീസ്…” സുദീപ് ഗദ്ഗദകണ്ഠനായി. അന്ന് പറയാൻ മറന്നതെല്ലാം അയാളുടെ നിറഞ്ഞ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.

“പക്ഷേ, സുദീപ് ഞാനും അന്ന് സ്റ്റേഷനിൽ വന്നില്ല. ആരുമറിയാതെ, ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ഒളിച്ചോടുന്നത് എന്‍റെ ആശയങ്ങൾക്ക് വിരുദ്ധമായി എനിക്കു തോന്നി. നിങ്ങൾ പറഞ്ഞ അതേ കാരണങ്ങൾ കൊണ്ടുതന്നെ അക്കാര്യം അന്ന് സംസാരിക്കാനും മടി തോന്നി.”

സുദീപ് അതുകേട്ട് അമ്പരന്നു പോയി. ഒരു പക്ഷേ, ജാള്യത മറക്കാൻ അവൾ നുണ പറയുന്നതാവുമോ? അങ്ങനെയാകാൻ തരമില്ല. അവളുടെ കണ്ണുകളിൽ കണ്ട തിളക്കം… അത് പക്ഷേ, അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് അതല്ലെന്നത് സീമക്ക് മാത്രമറിയാവുന്ന രഹസ്യം. അതങ്ങനെ തന്നെയിരിക്കട്ടെ. ആ സത്യം  ആർക്കു മുന്നിലും മറ നീക്കിക്കാണിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. ആൾക്കൂട്ടത്തിന്‍റെ ബഹളങ്ങളിൽ തികച്ചും ഒറ്റപ്പെട്ട് അസ്തപ്രജ്ഞനായി നിന്ന നിമിഷങ്ങൾ. ആ ആരവങ്ങൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.

അപ്രതീക്ഷിതമായി മനസ്സിലെ ആ മൂടുപടങ്ങൾ മെല്ലെ ഊരിയെറിയാൻ അവസരം കിട്ടിയിരിക്കുന്നു. കലങ്ങിത്തെളിഞ്ഞ ജലം പോലെ മനസ്. പക്ഷേ, എന്താണിപ്പോഴും ചെറിയ ഓളങ്ങൾ? ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മനസ് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നതിനിടെ അവൾ സ്വയമറിയാതെ പറഞ്ഞു, “വൈകി, ഞാൻ പോകട്ടെ… നാളെ പുലർച്ചെ പോകേണ്ടതല്ല… ഇറ്റ് വാസ് നൈസ് ടു മീറ്റ് യു….”

സീമ വാച്ചിലേക്ക് നോക്കി. സമയം 7.30, ട്രെയിൻ വരാൻ ഇനിയുമുണ്ട് അരമണിക്കൂർ. ചിന്തകളുടെ വേലിയേറ്റങ്ങളിൽ സ്വയം മുങ്ങി സീമ വീണ്ടും പരവശപ്പെട്ടു. താനന്ന് സുദീപിനെ കാത്ത് മണിക്കൂറുകളോളം സ്റ്റേഷനിൽ നിന്നത് അറിഞ്ഞുവെങ്കിൽ എങ്ങനെയാണ് അയാൾ പ്രതികരിക്കുക. അത് പറയാമായിരുന്നു. ഒരു പക്ഷേ… അവൾക്ക് വീണ്ടും നിരാശ തോന്നി.

ട്രെയിൻ വരുന്ന വിവരം അനൗൺസ് ചെയ്യുന്നത് കേട്ടു. അത് വിധിവാചകം പോലെ അവളുടെ കാതുകളെ വിറകൊള്ളിച്ചു. തന്‍റെ വിധി. വീണ്ടും ഒരു ട്രെയിനിന്‍റെ രൂപത്തിൽ തന്നെ തേടിയെത്തുകയാണ്. കൊൽക്കത്തയിലേക്ക് മടങ്ങിപോകാൻ… സ്വന്തം വീട്ടിലേക്ക്… ജോലിയിലേക്ക്… പതിവു ജീവിതത്തിലേക്ക്…

ട്രെയിൻ പാളങ്ങളിൽ ഞെരിഞ്ഞമർന്നു നിൽക്കുന്നതിന്‍റെ ശബ്ദം. അഞ്ച് മിനിട്ടേയുള്ളൂ, യാത്രക്കാർ കയറാനും ഇറങ്ങാനും തിരക്കു കൂട്ടുന്നു. പാദങ്ങൾ ചലിപ്പിക്കാനാകാതെ സീമ നിന്നു. അവളുടെ ഹൃദയം ഒരു തീരുമാനത്തിന് വേണ്ടി മടിച്ചുകൊണ്ടിരുന്നു. എന്‍റെ വിധി എന്ന് പറഞ്ഞ് ഈ വണ്ടിയിൽ കയറി കൊൽക്കത്തയിലെ തിരക്കുകളിലേക്ക് മടങ്ങിയെത്തണോ? സുദീപ് ഇപ്പോൾ ഡൽഹിയിലേക്ക് മടങ്ങിയിട്ടുണ്ടാകണം. എന്നിട്ടും എന്താണ് താൻ ചെയ്യുന്നത്… ആ നിമിഷങ്ങളിൽ തീവണ്ടി മെല്ലെ അനങ്ങിത്തുടങ്ങി. പക്ഷേ, നിന്നനിൽപ്പിൽ നിന്ന് അനങ്ങാൻ സീമയ്ക്ക് കഴിഞ്ഞില്ല. മടങ്ങിപ്പോകുന്നില്ല… എങ്ങോട്ടും…

റെയിൽവേ സ്റ്റേഷനിലെ ക്ലോക്കിൽ 8.10 എന്ന് മിന്നിത്തെളിയുന്നു. അവൾ തൊട്ടടുത്ത് കണ്ട ബെഞ്ചിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകളിലെ നനവ് ആരും കാണാതെ ഒപ്പിയെടുക്കാൻ അവൾ മുഖം കുനിച്ചു. ആ സമയം ആരോ തോട്ടടുത്തിരുന്ന് മുരടനക്കി.

അവൾ അറിയാതെ നോക്കി… സുദീപ്, അവിശ്വസനീയമായ മിഴികളോടെ അതിലേറെ സന്തോഷം നിറഞ്ഞ ഉന്മാദത്തോടെ അവൾ ഉറ്റു നോക്കി.

6 മണിയുടെ വണ്ടിക്ക് പോകേണ്ടിയിരുന്നു സുദീപ്.. വണ്ടി കിട്ടിയില്ലെന്നുണ്ടോ?

സുദീപ് ലേശം മടിയോടെ പറഞ്ഞു “നീ പോകുന്നതിന് മുമ്പ് യാത്ര തിരിക്കാൻ വിഷമം തോന്നി. എന്തോ ഒരു ശക്തി എന്നെ പിടിച്ചു നിറുത്തി. ഇതുപോലൊരു തോന്നൽ എന്‍റെ ജീവിതത്തിലിന്നുവരെ ഉണ്ടായിട്ടില്ല… ഒരുപക്ഷേ, നീ വണ്ടിയിൽ കയറുമോ എന്ന് കാത്തിരിക്കാമെന്ന് കരുതി.”

സുദീപിന്‍റെ ആ ഇടപെടൽ… ആ സംസാരം… അത് അവളെ രക്ഷപ്പെടുത്തി. എന്താണ് താൻ പോകാതിരുന്നത് എന്ന് വിശദീകരിക്കുന്നതിൽ നിന്ന്.

അവരുടെ കണ്ണുകൾ ഏറെ സംസാരിച്ചു. ഒന്നും മിണ്ടാതെ ഹൃദയങ്ങൾ അവരുടെ പ്രണയം ചേർത്തു പിടിച്ചു. പരസ്പരം ഇനിയും മനസ്സിലാക്കാതിരിക്കാനാവില്ല.

“നമ്മൾ വീണ്ടും ഒരു അപ്പോയ്ൻമെന്‍റ് എടുത്തിരിക്കുന്നു. ഒട്ടും മുൻവിധിയില്ലാതെ. ഇത് നമ്മുടടെ ഹൃദയങ്ങൾ രഹസ്യമായെടുത്ത തീരുമാനമാണ്.” സുദീപിന്‍റെ വാക്കുകൾ കേട്ടപ്പോൾ സീമയുടെ ഹൃദയം വിതുമ്പി. അയാൾ സ്നേഹത്തോടെ അവളെ ചേർത്തു പിടിച്ചു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें