ആന്‍റ് ദി അവാർഡ് ഫോർ ദി ബെസ്റ്റ് ഫിക്ഷൻ ഗോസ് ടു... മിസ്റ്റർ സുദീപ് ചന്ദ്ര ഫോർ ദി സ്റ്റോറി ദി അൺ സെന്‍റ് പോസ്റ്റ്...
വിടർന്ന കണ്ണുകളും തോളറ്റം മുടിയുമുള്ള സുന്ദരിയായ ആങ്കർ മനോഹരമായ പുഞ്ചിരിയോടെ സദസിനെ നോക്കി സൂചകമായി കൈവിരലുയയർത്തിക്കാട്ടി. സദസ് ആരവത്തോടെ ആ പ്രഖ്യാപനത്തെ ഏറ്റുവാങ്ങുമ്പോൾ സീമയുടെ മനസിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. സുദീപ് ചന്ദ്ര... അത് അദ്ദേഹം തന്നെയാവുമോ? 20 വർഷമായി ആ പേര് എവിടെയെങ്കിലും കേട്ടിട്ട്... ഇവിടെ... എത്രയോ വർഷമായി ആ മുഖം കണ്ടിട്ട്... ആകാംഷ, ആവേശം... ഇവയെല്ലാം നിറഞ്ഞ സമ്മിശ്രവികാരത്തിൽ സീമയുടെ ശരീരം വിറച്ചുപോയി. അവൾ സ്വന്തം വിരലുകൾ കോർത്തുപിടിച്ചു.
ആ സമയം സാമാന്യം നല്ല ഉയരമുള്ള ഒരാൾ സ്റ്റേജിലേക്ക് ചുറുചുറുക്കോടെ കയറിവന്നു. ഇരു ചെവിക്കു പിന്നിലെ മുടിയിഴകളിൽ നേർത്ത വരപോൽ പടർന്ന വെളുപ്പുനിറം. പക്ഷേ, യുവത്വം സ്ഫുരിക്കുന്ന ആ മുഖവും പുഞ്ചിരിയും തിടുക്കപ്പെട്ടുള്ള നടത്തവും കണ്ണുകളിലെ ഗൂഢഭാവവും... അതിനുമാറ്റമില്ല. സീമ സ്വയമറിയാതെ പുഞ്ചിരിച്ചുപോയി. സുദീപ്... കാലം എത്ര ദൂരേക്ക് മാറ്റിയാലും നിങ്ങളെ തിരിച്ചറിയാൻ ഇപ്പോഴും എനിക്ക് കഴിയുന്നല്ലോ..
“താങ്ക്യൂ സോ മച്ച്... ദിസ് റിയലി മീൻസ് എ ലോട്ട് ടു മി...”
സുദീപിന്‍റെ പ്രസംഗം വളരെ ഹ്രസ്വമായിരുന്നു. പക്ഷേ, ആ സംസാരരീതികൾ, മാനറിസങ്ങൾ, ഗൂഢാർത്ഥ വാക്പ്രയോഗങ്ങൾ എല്ലാം അവളിൽ ഓർമ്മകളുടെ വേലിയേറ്റങ്ങൾ നിറച്ചു.
സാഹിത്യസമ്മേളനത്തിന്‍റെ സമാപന സമയമായിരിക്കുന്നു. റിഫ്രഷ്മെന്‍റ്സിനുള്ള സംവിധാനമുണ്ട്. വേദിയുടെ പുറത്ത് ചായ, കോഫി, സ്നാക്സ് ഇതൊക്കെ ഒരുക്കിയിട്ടുണ്ട്. ആളുകൾ അങ്ങോട്ട് തിക്കിതിരക്കി പോകുന്നു. അവൾക്ക് ഒട്ടും താൽപര്യം തോന്നിയില്ല. വിശപ്പ് കെട്ടടങ്ങിയപോലെ... ആൾക്കൂട്ടത്തിൽ നിന്ന് പുറത്ത് കടക്കാൻ അവൾ കൊതിച്ചു.
വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കണ്ടപ്പോൾ മനസ് ആകെ കലങ്ങി മറിഞ്ഞുപോയി. എവിടെയോ നഷ്ടപ്പെട്ട മനസ് വീണ്ടെടുക്കാനെന്നപോലെ അവൾ ദീർഘമായി ശ്വസിച്ചു. പ്രവേശന കവാടത്തിലെ തിരക്ക് അൽപം കുറയാനായി കാത്തുനിൽക്കുമ്പോൾ ഒരു പരിചിതശബ്ദം അവളെ പിന്നിൽനിന്ന് വിളിച്ചു.
“എക്സ്ക്യൂസ് മി”
തിരിഞ്ഞുനോക്കാതെ തന്നെ ആ ശബ്ദത്തിന്‍റെ ഉടമയെ സീമക്കു മനസ്സിലായി. ഒരു നിമിഷനേരത്തേക്ക് ഹൃദയം നിലച്ചതുപോലെ അവൾ കണ്ണടച്ചു നിന്നു. വീണ്ടും അതേ ശബ്ദം... കുറച്ചുകൂടി അടുത്തായി.
സീമക്ക് തിരിഞ്ഞുനോക്കാതെ നിവൃത്തിയില്ലെന്നായി. അദ്ദേഹം... മുഖത്ത് സംശയത്തിന്‍റെയോ ആകാംഷയുടെയോ സമ്മിശ്രഭാവത്തോടെ തന്നെത്തന്നെ നോക്കി നിൽക്കുന്നു.
“വിളിച്ചതിൽ ക്ഷമിക്കണം... ഈ മുഖം എനിക്ക് നന്നായറിയാം... പക്ഷേ...” സുദീപ് നെറ്റിയിൽ കൈവിരലമർത്തി സീമയുടെ മുഖത്തേക്ക് ഉറ്റു നോക്കി.
സത്യത്തിൽ സീമക്ക് കടുത്ത ആശയക്കുഴപ്പം തോന്നി. എന്തു ചെയ്യണമെന്നറിയാതെ അവൾ ദൂരേക്ക് മിഴികളൂന്നി...
“ഹാ... സീമ... സീമ വിശ്വാസ്... ശരിയല്ലേ?” അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. സീമ യാന്ത്രികമായി പുഞ്ചിരിച്ചു.
“അതേ... സീമ തന്നെ...” അപ്പോൾ അദ്ദേഹവും ചിരിക്കുകയാണ്. കണ്ണുകളിൽ സന്തോഷത്തിന്‍റെ തിരയിളകുന്നു.