പുലർകാല മഞ്ഞിൽ വെള്ളി മണികളുടെ കിലുക്കങ്ങളും കുതിരക്കുളമ്പടികളുടെ ശബ്ദങ്ങളും പതുക്കെ പതുക്കെ അകന്നകന്ന് പൊയ്ക്കൊണ്ടിരിക്കുന്നു.
പ്രസാദവും മയിൽപീലി തുണ്ടുകളും കൈയിൽ നിന്നും ഓട്ടോയുടെ കുലുക്കത്തിലും ചാട്ടത്തിലും താഴെ വീണു പോകാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധ വെച്ചു.
അവൾ ആഹ്ലാദവതിയായിരുന്നു. ഇന്ന് ഹരിയേട്ടന്‍റെ ജന്മദിനമാണ്. ഹോസ്പിറ്റലിന്‍റെ ആദ്യ ഗേറ്റ് കടക്കുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിച്ചു. പുറത്ത് താമസിക്കുന്നവരും ഹോസ്പിറ്റലിൽ താമസിക്കുന്നവരും ആയ ആളുകൾ എത്തിത്തുടങ്ങുന്നതേയുള്ളൂ.
ഓട്ടോയുടെ കൂലി നൽകി പതുക്കെ നടന്ന് ഓഫീസ് രജിസ്റ്ററിൽ ഒപ്പുവയ്ക്കുമ്പോൾ ആശ്വാസം പൂണ്ടു. ഹാവൂ സമാധാനം, തീരെ ലേറ്റ് ആയില്ലല്ലോ ഇന്ന്.
റിസപ്ഷൻ കൗണ്ടറിൽ എല്ലാ ദിവസവും ഒരു ചെറിയ തിളങ്ങുന്ന ഓട്ടുരുളിയിൽ വെള്ളം പാതി നിറച്ച് പുതുതായി പറിച്ചെടുത്ത് റോസാപ്പൂക്കളും കോളാമ്പി പൂക്കളും നഴ്സിംഗ് വിദ്യാർത്ഥികൾ കലാ ചാതുരിയോടെ ഒരുക്കിവെക്കുന്നു. എന്നും പൂക്കൾ മാറ്റണമെന്ന് നിർബന്ധം ഗസ്റ്റ് റിലേഷൻസിലെ മീനയ്ക്ക് ഉണ്ടായിരുന്നു.
ഷിഫ്റ്റുകൾ മാറുമ്പോഴെല്ലാം കൗണ്ടറിൽ പെൺകുട്ടികൾ വിളക്ക് വയ്ക്കുകയും കുരിശു വരയ്ക്കുകയും നിശബ്ദം പ്രാർത്ഥിക്കുകയും ചെയ്തു.
റിസപ്ഷൻ കൗണ്ടറിന് മുൻവശത്തെ ഇടതുഭാഗത്തെ ചുവരിൽ എല്ലായിപ്പോഴും അവൾ തുറന്നു വെച്ചിരുന്ന രണ്ടു ജനാല വാതിലുകൾ ഉണ്ട്.
ക്രിസാന്തമവും മാരിഗോൾഡും സൺഫ്ലവറും മറ്റും ജനലഴികൾക്കിടയിലൂടെ മുറ്റത്ത് ഇടകലർന്ന വിടർന്നു നിൽക്കുന്നത് കാണുന്നത് മനസ്സ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു.
അപ്പോൾ ഫോൺ ബെൽ അടിച്ചു.
എക്സ്റ്റൻഷൻ നമ്പർ നോക്കി, കാന്‍റീനിൽ നിന്നാണ്.
മാഡം, ചായ കൊണ്ടുവരട്ടെ.
ആ കൊണ്ടുവന്നോളൂ, പക്ഷേ ഒന്നു മതിട്ടോ. അവൾ മറുപടി നൽകി.
ആ നിമിഷം, ലിഫ്റ്റ് ഇറങ്ങി വന്ന താടി വച്ച് മെലിഞ്ഞ് ഉയരം കുറഞ്ഞ മേൽ ഉദ്യോഗസ്ഥൻ, ആശുപത്രിയിൽ മുഴുവൻ തന്‍റെ തലയിൽ ആണെന്ന ഭാവേന തുറിച്ചുനോക്കി നടന്നു പോയി.
ഹാവൂ ആശ്വാസം!! പഹയൻ കമന്‍റ് ഒന്നും പറഞ്ഞില്ലല്ലോ. കണ്ണുകൾ പരിഭ്രമത്തോടെ പിൻവലിച്ച് അവൾ സമാശ്വാസിച്ചു.
തൊട്ടു മുകളിലത്തെ നിലയിൽ 6 ഓപ്പറേഷൻ തീയറ്ററുകളും രണ്ട് ജനറൽ വാർഡുകളും വീതിയുള്ള രണ്ടോ മൂന്നോ വരാന്തകളും ഉണ്ട്. ആ വരാന്തകളിൽ രോഗികൾക്കും കൂട്ടിനു നിൽക്കുന്നവർക്കും ഇരിക്കുവാനായി ചുവന്ന സോഫകളും കറുത്ത പെയിന്‍റടിച്ച ഇരുമ്പ് കസേരകളും നിരത്തിയിട്ടിരിക്കുന്നു. ചുമരുകളിൽ ലോക കാഴ്ചകളുടെ പ്രകൃതി സൗന്ദര്യങ്ങളുടെ ഉന്മാദ ദൃശ്യങ്ങൾ മനോഹരമായി ഫ്രെയിം ഇട്ട് ആണികളിൽ തൂക്കിയിരിക്കുന്നു.
എട്ടു മണി 25 മിനിറ്റ് കഴിഞ്ഞുള്ള ആദ്യത്തെ ബസ് ഫോൺ മുഴക്കി അപ്പോൾ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിച്ചു.
ജന വാതിലിനടുത്ത് ചുമരും ചാരിയിരുന്നു ശബ്ദം താഴ്ത്തി സംസാരിച്ചുകൊണ്ടിരുന്ന കുറച്ചു പേർ ധൃതിയിൽ എണീറ്റ് ബസ്സിനു നേരെ കുതിച്ചു. മേശപ്പുറത്ത് വച്ചിരുന്ന സ്റ്റീൽ ഡംബ്ലറിൽ നിന്നും കുറച്ചു വെള്ളം എടുത്ത് കുടിച്ച് മറ്റൊരു വൃദ്ധനും ധൃതിയിൽ നടന്നു. 5 മിനിറ്റിനു ശേഷം നിറയെ യാത്രക്കാരുമായി അടിപൊളി സംഗീതവുമായി ബസ് ഹോൺ മുഴക്കി നഗരത്തിലേക്ക് വീണ്ടും മടങ്ങി.