എനിക്കിവിടെ ആരോടും കടപ്പാടുകളില്ല. ചെയ്തു തീർക്കാൻ കടമകളില്ല. പാറിപ്പറക്കാം. ഞാൻ അവധി ചോദിച്ചിരിക്കുകയാണ്; ദൈവത്തോട്. എനിക്കിപ്പോൾ ശരീരമില്ലല്ലോ. എവിടെയുമെത്താം, എന്തും കാണാം. കുറച്ചു ദിവസങ്ങൾ ഏതായാലും എനിക്കനുവദിച്ച് കിട്ടിയിട്ടുണ്ട്, ഏതാണ്ട് നല്ലനടപ്പിന് കിട്ടുന്ന പരോൾ പോലെ.
ആദ്യം ഞാൻ ദൈവത്തിന്‍റെ അടുത്തെത്തുമ്പോൾ എനിക്ക് സ്വബോധമുണ്ടായിരുന്നില്ല; ഏതാണ്ട് മയങ്ങുന്ന അവസ്ഥയിലാണത്രേ എന്നെ പരലോകത്തിലെത്തിച്ചത് എന്ന് അവിടെ കാവൽ നിൽക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ എന്നോട് പറഞ്ഞു. ദുർമരണം ആണെങ്കിലും സ്വന്തം തെറ്റുകൊണ്ടല്ലാത്തതിനാലാവും എനിക്ക് പ്രധാന മാലാഖയെ വളരെക്കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കാണാൻ സാധിച്ചത്. ആ മാലാഖയാണെങ്കിൽ ഗന്ധർവ കിന്നരൻമാരുടെ വീണാവാദനം ആസ്വദിക്കുകയും.
എനിക്കദ്ഭുതമായിരുന്നു; മാലാഖമാരുടെയടുത്ത് ഗന്ധർവ കിന്നരൻമാർക്ക് എന്തു കാര്യം? ഏറ്റവും നല്ല തമാശ എന്താണെന്ന് കേൾക്കണോ? സർവമതസ്ഥരുടെയും ആരാധനാമൂർത്തികൾ ഈ സ്വർഗ്ഗലോകത്തുണ്ട്.
സ്വർഗ്ഗം... സ്വർഗ്ഗം... എന്ന് ഭൂലോകവാസികളെ ഉദ്ബോധിപ്പിച്ചിട്ട് പ്രത്യേകം പ്രത്യേകം സ്വർഗ്ഗം പണിയാനൊന്നും അവർ മിനക്കെട്ടില്ലല്ലോ എന്ന് ഓർത്ത് കൗതുകമാണ് തോന്നിയത്. പിന്നെ അദ്ഭുതങ്ങളുടെ പൂരക്കാഴ്ച തന്നെയായിരുന്നു.
മരണ ശേഷം എത്തിച്ചേരുന്ന ആത്മാക്കളെ ഏത് ദേവന്‍റെയടുത്തും കൊണ്ടു പോയേക്കാം. എല്ലാവരും ഒരുപോലെ ശാസിക്കും! കഠിന പാപികളെ നരകജീവിതത്തിലേക്ക് അയയ്ക്കും; അത് ഭൂമിയിലെ പാപവും കലഹവും നിറഞ്ഞ ജീവിതവുമാകാം.
നീയെന്താണ് എന്നെ ആരാധിക്കാഞ്ഞത് എന്ന് ഒരു ദൈവവും ആരോടും ചോദിക്കുന്നത് കേട്ടില്ല. പക്ഷെ, അവരെല്ലാം ഒരു പോലെ, പ്രബോധനം ചെയ്ത കാര്യങ്ങളിൽ നിന്നും വ്യതിചലിച്ചവരെ, ചെയ്ത തെറ്റുകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതും, അവരവരുടെ കർമ്മത്തിനനുസരിച്ചു തക്കതായ പുനരധിവാസം കൊടുക്കുന്നതും കണ്ടു.
ഈ വായിക്കുന്നതെല്ലാം തമാശയായേ നിങ്ങൾക്ക് തോന്നൂ എന്നെനിക്കറിയാം. ഒരിക്കലെങ്കിലും അനുഭവിച്ചാലല്ലേ നിങ്ങൾക്കിത് മനസിലാവൂ. ഞാനേതായാലും എന്‍റെ യാത്ര തുടങ്ങിക്കഴിഞ്ഞു.
എനിക്ക് ഏറ്റവും സന്തോഷം, ഞാനെന്‍റെ അച്ഛനെക്കണ്ടു. പിന്നെ സ്കൂളിൽ പഠിക്കുമ്പോൾ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച എന്‍റെ പ്രിയ കൂട്ടുകാരിയെ കണ്ടു.
അച്ഛനെന്നോട് പറഞ്ഞു: പല പ്രാവശ്യം ഞങ്ങളെക്കാണാൻ വീട്ടിൽ വന്നിട്ടുണ്ടെന്ന്. സ്വർഗ്ഗം ഒരു വിചിത്ര സ്ഥലം തന്നെ. ആരും പരസ്പരം അധികം സംസാരിക്കില്ല. അതു തന്നെ വളരെ പതിഞ്ഞ ശബ്ദത്തിൽ. ചുറ്റും എപ്പോഴും പൂർണ്ണമായും തെളിച്ചമുള്ള ഒരു അലൌകിക പ്രഭയാണ്. ഉറക്കവുമില്ല. ആ ദിവ്യ പ്രകാശധാരയുമായി ഇണങ്ങിയാൽപ്പിന്നെ ഭൂമണ്ഡലത്തിലെ രാത്രി ഇരുട്ട് ഓർക്കുമ്പോൾത്തന്നെ അരോചകമാകും.
ഞാൻ അമ്മയെ ഓർക്കുകയായിരുന്നു. അമ്മ അന്ന് എന്‍റെ ചലനമറ്റ ദേഹം കണ്ട് മോഹാലസ്യപ്പെടുകയും, ബോധം തെളിഞ്ഞപ്പോഴൊക്കെ അലമുറയിടുകയും ചെയ്തിരുന്നു. ഞാനന്ന് എവിടെയും പോയിട്ടില്ല. എനിക്ക് അമ്മയുടെ കരച്ചിൽ സഹിക്കാൻ കഴിയുമായിരുന്നില്ല. തൂവലിന്‍റെ ഭാരം പോലുമില്ലാത്ത ഞാൻ എന്തു ചെയ്യാൻ?
പാവം ചേട്ടൻ അടുത്തു നിന്ന് തേങ്ങുന്നുണ്ടായിരുന്നു. എന്‍റെ ശവസംസ്കാരത്തിനുള്ള കാര്യങ്ങൾ നോക്കി നടത്തേണ്ടിയിരുന്നതിനാൽ ചേട്ടനൊന്ന് മനസു തുറന്ന് കരയാൻ പോലും കഴിഞ്ഞില്ല. എന്‍റെ കൂട്ടുകാരികളുടെ കരച്ചിൽ ഇപ്പോഴും കൺമുന്നിലുണ്ട്.
ഞാനേതായാലും ആദ്യം എന്‍റെ അമ്മയെ കാണാൻ പോകും. അമ്മയുടെ കരച്ചിൽ നിന്നിട്ടുണ്ടാവുമോ? ഒരാഴ്ചയായപ്പോഴേക്കും വേണ്ടപ്പെട്ടവരൊക്കെ എന്നെ മറന്നിട്ടുണ്ടാവുമോ? അല്ല, എല്ലാവരും കരയാതിരിക്കട്ടെ. അവർക്കറിയില്ലല്ലോ, നൻമ ചെയ്തു ജീവിച്ചാൽ, കരച്ചിലും, പല്ലുകടിയുമില്ലാത്ത, രാത്രിയുടെ പേടിപ്പെടുത്തുന്ന ഇരുട്ടില്ലാത്ത, സ്നേഹ സുരഭിലവും, സംഗീത സാന്ദ്രവും, പ്രകാശമാനവും, ഭൂമിയിലെ ദേവാധിദേവകളെല്ലാം ഏകോദര സഹോദരൻമാരായി വസിക്കുകയും ചെയ്യുന്ന ഒരു സുന്ദരലോകത്തിലേക്കാണ് വിസ ലഭിക്കുക എന്ന്.