വിവാഹപൊരുത്തം

“കീർത്തനേ… നിന്നോടല്ലേ അകത്തേക്ക് പോകാൻ പറഞ്ഞത്.” വിജയലക്ഷ്മി മകളോട് ദേഷ്യപ്പെട്ടു. ഭാവിവരൻ മനോജിനോടൊപ്പം പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കീർത്തന. അവൾ ഒരു നിമിഷം ശരിക്കും പകച്ചുപോയി. അമ്മയെ അവഗണിക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. എന്തു പറയണമെന്നറിയാതെ മനോജും വിഷമിച്ചു. കൂടുതൽ സംസാരിച്ച് രംഗം വഷളാകാതിരിക്കാൻ അയാൾ ആഗ്രഹിച്ചു.

“ആന്‍റി, ഫൈൻ ആർട്സ് ഹാളിൽ നല്ലൊരു പ്രോഗ്രാമുണ്ട്. ഗസൽ സന്ധ്യയാണ്. നാടകവുമുണ്ട്. വളരെ പ്രയാസപ്പെട്ടാണ് രണ്ട് ടിക്കറ്റ് ശരിയാക്കിയത്. ആന്‍റി സമ്മതിക്കുകയാണെങ്കിൽ…” വാക്കുകളിൽ വിനയം നിറയ്ക്കുകയായിരുന്നു മനോജ്.

“മോനേ, ഒന്നും വിചാരിക്കരുത്. പാരമ്പര്യത്തിൽ വിശ്വസിക്കുന്ന കുടുംബമാണിത്. വിവാഹത്തിന് മുമ്പ് ഇവളിങ്ങനെ കറങ്ങി നടക്കുന്നത്… ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ… നമ്മുടെ സമൂഹം ഇതൊന്നും അംഗീകരിക്കില്ല. കീർത്തനയുടെ പപ്പയ്ക്കും ഇഷ്ടമാകില്ല…” ഇനി കൂടുതൽ സംസാരിക്കാനും കേൾക്കാനും താൽപര്യപ്പെടുന്നില്ല എന്ന വിധത്തിലാണ് വിജയലക്ഷ്മി സംസാരിച്ചത്.

“ആന്‍റി… ഈയൊരു ദിവസത്തേക്ക് മാത്രം. വിവാഹം കഴിയുന്നതു വരെ ഇനി ഇങ്ങനെയൊന്നുമുണ്ടാകില്ല.” മനോജ് നയത്തിൽ സംസാരിക്കാൻ ശ്രമിച്ചു.

“മോനേ, പറയാനുള്ളത് പറഞ്ഞല്ലോ. ഇനി ഇതാവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അവർ നീരസത്തോടെ മുഖം തിരിച്ചു.

അമർഷം കടിച്ചമർത്തിയാണ് മനോജ് പുറത്തിറങ്ങിയത്. എത്ര ബുദ്ധിമുട്ടിയാണ് രണ്ട് ടിക്കറ്റ് തരപ്പെടുത്തിയത്. കീർത്തനയുടെ അമ്മയിൽ നിന്ന് ഇത്തരം പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് മാസങ്ങൾക്ക് മുമ്പാണ് കീർത്തനയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. അതിനുശേഷം അവർ പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നു. ഫോണും ചെയ്യുമായിരുന്നു. ചിലപ്പോഴൊക്കെ ഒന്നിച്ച് പുറത്തൊക്കെ കറങ്ങാനും പോകും. എന്നാൽ അന്നൊന്നും ഈ പാരമ്പര്യത്തെക്കുറിച്ച് ആരുമൊന്നും സംസാരിച്ചിരുന്നില്ല. എന്നിട്ട്…. ഇന്നിപ്പോൾ… കടലിരമ്പുന്ന ദേഷ്യത്തോടെയാണ് മനോജ് വീട്ടിൽ മടങ്ങിയെത്തിയത്.

“എന്താ… രണ്ടാളും കൂടെ നാടകം കാണാൻ പോകുന്നുവെന്ന് പറഞ്ഞിട്ട്…”

“ഇതൊന്നും അവരുടെ സംസ്കാരത്തിന് ചേരില്ലെന്നാണ് പറയുന്നത്.”

“എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.”

“വിവാഹത്തിന് മുമ്പ് മകൾ ഭാവിവരനുമായിങ്ങനെ ചുറ്റിക്കറങ്ങുന്നത് മോശമാണത്രേ.”

“അല്ലാ, ഇതൊക്കെ നിന്നോടാരാ പറഞ്ഞത്?”

“കീർത്തനയുടെ അമ്മ, അല്ലാതാരാ.”

“പക്ഷേ, നിങ്ങൾ രണ്ടാളും ഇതിനു മുമ്പ് ഒന്നിച്ച് പുറത്തൊക്കെ പോയിട്ടുണ്ടല്ലോ?”

“ഓഹ്, വലിയ അടക്കവും ഒതുക്കവുമുള്ള കൂട്ടർ. അവരുടെ വിചാരം നമുക്കൊന്നും അറിയില്ലെന്നാണ്. കീർത്തനയുടെ ചേച്ചി ഒളിച്ചോടിയല്ലേ വിവാഹം കഴിച്ചത്. നിനക്ക് കീർത്തനയെ ഇഷ്ടമായതുകൊണ്ട് മാത്രമാ… ഇല്ലെങ്കിൽ ആ വീട്ടിൽ ഒരാലോചനയുമായി ആരെങ്കിലും ചെയ്യുമോ?”

“അതൊക്കെ പോട്ടേ… അവളുടെ ചേച്ചിയുടെ കാര്യമല്ലല്ലോ പ്രധാനം… പിന്നെ എനിക്ക് മാത്രമല്ല അമ്മയ്ക്കും കീർത്തനയെ വലിയ ഇഷ്ടമല്ലേ?” മനോജ് ചിരിച്ചു.

“മോനേ, ഇത് വെറുതെ ചിരിച്ചു തള്ളേണ്ട കാര്യമല്ല. എനിക്കിതിലെന്തൊക്കെയോ പന്തികേട് തോന്നുന്നു. അവളുടെ മനസ്സിൽ മറ്റാരെങ്കിലും…”

“അമ്മേ കീർത്തന തെറ്റുകാരിയല്ല. അവൾ എന്‍റെയൊപ്പം വരാൻ തയ്യാറായിരുന്നു. പക്ഷേ, അവളുടെ അമ്മയുടെ പെരുമാറ്റമാണ് വിഷമിപ്പിച്ചത്.” മനോജ് നിരാശനായി.

“ഇവരുടെയൊക്കെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം. എപ്പോ എങ്ങനെ പെരുമാറുമെന്ന് പറയാനാവില്ല.”

“അമ്മേ, വെറുതെ ദേഷ്യം പിടിച്ച് ബിപി കൂട്ടേണ്ട. ആദ്യം കാര്യമെന്താണെന്ന് അറിയട്ടെ.”

“നമ്മൾ എന്തിനാ മിണ്ടാതിരിക്കുന്നത്. നമ്മളും മാനവും അഭിമാനവും ഒക്കെയുള്ളവരാണ്. നീയി ബന്ധം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.”

“ശരിയാ അമ്മേ, പപ്പ വരട്ടെ. പപ്പയോട് ചോദിക്കാതെ വെറുതെ ഒരു തീരുമാനം എങ്ങനെയെടുക്കും.”

“അതിന് അദ്ദേഹം അടുത്ത ആഴ്ചയെ വരൂ. ഇന്ന് രാവിലെ ഫോൺ വന്നിരുന്നു. അല്ലെങ്കിൽ തന്നെ അങ്ങേര് വീട്ടിലുണ്ടായിട്ട് വേണ്ടേ…” ജയന്തി കുറ്റപ്പെടുത്തി.

“അല്ല അമ്മേ, പപ്പയെ കുറ്റം പറഞ്ഞിട്ടെന്താ. പപ്പയുടെ ജോലി അത്തരത്തിലുള്ളതല്ലേ.”

അടുത്ത ദിവസം മനോജ് ഓഫീസിലെത്തിയപ്പോഴേക്കും കീർത്തനയുടെ ഫോൺ വന്നു.

“പറയൂ, ഈ കൊള്ളരുതാത്തവനെ എങ്ങനെ ഓർത്തു.”

“മനു, നിനക്കെല്ലാം വെറും തമാശയാ. ഇവിടെ എന്‍റെ ജീവൻ പോകുന്ന കളിയാ നടക്കുന്നത്…” കീർത്തനയുടെ ശബ്ദം ഇടറി.

“ഇന്നലെ നിന്‍റെ അമ്മ എന്നോട് വളരെ മോശമായാണ് പെരുമാറിയത്.” മനോജിന്‍റെ ശബ്ദം കനത്തു.

“അതുകൊണ്ടാ ഫോൺ ചെയ്തത്. പറ്റുമെങ്കിൽ ടൗൺഷിപ്പിനു മുന്നിലുള്ള കോഫി ഷോപ്പിൽ വരുമോ? എനിക്കൊരുപാട് പറയാനുണ്ട്.”

“ഞാനൊരു ഉദ്യോഗസ്ഥനാണ്. നിന്നെപ്പോലെ കോളേജ് വിദ്യാർത്ഥിയല്ല. കോഫിഷോപ്പിൽ റിലാക്സ്ഡായി ഇരിക്കാൻ.”

“അറിയാം. നിങ്ങൾ നല്ല തിരക്കുള്ളയാളെന്നും എനിക്ക് പണിയൊന്നുമില്ലെന്നുമൊക്കെ. അത്യാവശ്യമായതു കൊണ്ടല്ലേ ഫോൺ ചെയ്തത്, ഇല്ലെങ്കിൽ….” കരയുമെന്ന അവസ്ഥയിലായിരുന്നു കീർത്തന. അപ്പോഴാണ് പ്രശ്നത്തിന്‍റെ ഗൗരവം മനോജ് മനസ്സിലാക്കുന്നത്.

“ശരി. നീയവിടെ വെയ്റ്റ് ചെയ്യ്. ഞാൻ പത്തു മിനിട്ടിനകം വരാം.”

മനോജിനെ കണ്ട് കീർത്തന ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.

“എന്തുപറ്റി? എന്തെങ്കിലുമൊന്ന് പറയ്?” മനോജ് കീർത്തനയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“ഇനി മേലാൽ മനോജിനെ കാണുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ് അമ്മയെന്നെ വിലക്കി.”

“അതെനിക്ക് ഇന്നലെയെ മനസ്സിലായി. പക്ഷേ, എന്താണ് സംഗതിയെന്നു മാത്രം…” മനോജ് നെറ്റി ചുളിച്ചു.

“ഞാൻ ഈ വിവാഹത്തിൽ നിന്ന് പിൻമാറണമെന്നാണ് അമ്മ പറയുന്നത്.”

“ഏ… അതെന്തിനാ?”

“പപ്പയ്ക്ക വേറെയാരെയോ ഇഷ്ടമായിട്ടുണ്ട്. നിശ്ചയമല്ലേ കഴിഞ്ഞുള്ളൂ, വിവാഹം കഴിഞ്ഞില്ലല്ലോ ഭാഗ്യം എന്ന് മമ്മി പറഞ്ഞാശ്വസിക്കുന്നതും കേട്ടു.”

“ഓഹോ… അപ്പോ ആ പുതുമണവാളനിൽ എന്ത് പ്രത്യേകതയാണുള്ളത്. ഞാനും കൂടി ഒന്നറിയട്ടെ.”

“അയാൾ സർക്കാറുദ്യോഗസ്ഥനാണ് പോലും.”

“അതിന്?”

“പപ്പ പറയുന്നത്, സർക്കാർ ഉദ്യോഗമെന്നാൽ പാതാളം വരെ വേര് ചെല്ലും എന്നാണ്.”

“അങ്ങനെയാണെങ്കിൽ പാതാളത്തിൽ പോയി ജീവിച്ചോ, ആരെങ്കിലും തടഞ്ഞോ.” മനോജ് ചിരിച്ചു.

“മനു, നിനക്ക് എന്തു പറഞ്ഞാലും തമാശയാണ്. ഇവിടെ എന്‍റെ പ്രാണൻ പോകുന്നു.”

“എന്നാൽ പിന്നെ ഈ കടങ്കഥ പറച്ചിൽ നിർത്തി കാര്യമെന്താണെന്ന് വ്യക്തമായി പറയ്.”

“ഞാനെന്താണ് ആഗ്രഹിക്കുന്നെന്ന് നിനക്ക് വ്യക്തമായി അറിയാം. മറ്റരാളുമായുള്ള വിവാഹത്തെക്കുറിച്ച് ആലോചിക്കാനെ വയ്യാ…” കീർത്തന കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

“പിന്നെയന്താണ് പ്രശ്നം? നിനക്ക് മറ്റൊരു വിവാഹത്തിന് സമ്മതമല്ലെന്ന് തുറന്നുപറയണം.”

“ഒക്കെ പറഞ്ഞുനോക്കി. പക്ഷേ, അവർ കേൾക്കാനെ തയ്യാറല്ല. മനു, നീയെന്തെങ്കിലും ചെയ്താലേ…”

“അപ്പോ പിന്നെ ഒരേയൊരു പോവഴിയേയുള്ളൂ, നമുക്ക് ഒളിച്ചോടി വിവാഹിതരാകാം.”

“അതുവേണ്ട മനു. അത് ശരിയാകില്ല. ചേച്ചി ഇതുപോലെ ഓടിപ്പോയാണ് വിവാഹം കഴിച്ചത്. അന്ന് എത്രമാത്രം മനോവിഷമമാണ് എല്ലാവർക്കും ഉണ്ടായത്. നാണക്കേട് വേറെയും. ഹോ… ഓർത്തിട്ട് പേടിയാകുന്നു.”

“അതല്ലാതെ വേറെ വഴിയില്ലല്ലോ?”

“പ്ലീസ് മനു, മറ്റെന്തെങ്കിലുമൊരു വഴി കണ്ടെത്തിയേ തീരു. ഇല്ലെങ്കിൽ ഞാൻ…”

“ഇത്ര ചെറിയ കാര്യത്തിന് നീയിങ്ങനെ നിരാശപ്പെടല്ലേ. എന്നെ വിശ്വസിക്ക്. നമ്മളെ പിരിക്കാൻ ആർക്കുമാകില്ല. പിന്നെ നീ പുതിയ പയ്യന്‍റെ പേരും അഡ്രസും എനിക്ക് തരപ്പെടുത്തി താ.”

“അതിപ്പൊത്തന്നെ പറയാം. മാധവ് എന്നാണയാളുടെ പേര്. സെയിൽസ് ടാക്സ് ഓഫീസിലാണ് ജോലി. അയാളുടെ ഫോട്ടോയും എന്‍റെ കൈവശമുണ്ട്.” കീർത്തന പേഴ്സിൽ നിന്നുമൊരു ഫോട്ടോ പുറത്തെടുത്തു. ഫോട്ടോ കണ്ടയുടനെ മനുവിന്‍റെ മുഖത്ത് ചിരി പടർന്നു.

“ഏ… ഇവനോ… ഇവൻ എന്‍റെ സ്കൂൾ മേറ്റാണ്. ഞാനിന്നു തന്നെ ഇവനെപോയി കാണാം. ഞാൻ പറഞ്ഞാൽ ഇവൻ കേൾക്കും.”

“ഇത്രയ്ക്കങ്ങ് ശുഭപ്രതീക്ഷ വേണ്ട. എന്‍റെ കൂട്ടുകാരി മീര കഴിഞ്ഞയാഴ്ച ഈ മാന്യനെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചതാ. പക്ഷേ, താൻ പിടിച്ച മുയലിന് മൂന്ന് ചെവിയെന്ന് വാശിയാണയാൾക്ക്. നിശ്ചയമല്ലേ കഴിഞ്ഞത്. വിവാഹം ഇതുവരെ കഴിഞ്ഞില്ലല്ലോയെന്ന്. മാത്രമല്ല പെൺകുട്ടി ഇപ്പോഴും സ്വന്തം വീട്ടിലല്ലേ എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കുകയാണ് പോലും.”

“നീ വിഷമിക്കണ്ട. ഇവനെ പറഞ്ഞ് മനസിലാക്കിക്കുന്ന കാര്യം ഞാനേറ്റു.” മനോജ് കീർത്തനയെ ആശ്വസിപ്പിച്ചു.

“അറിയില്ല. എനിക്കിപ്പോൾ ആരെയും വിശ്വാസമില്ല. അച്ഛനമ്മമാർ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുമെന്ന് ഞാനൊരിക്കലും കരുതിയതല്ല.” കീർത്തന ഏങ്ങിക്കരഞ്ഞു.

“നീ വെറുതെയിങ്ങനെ വിഷമിക്കാതിരിക്ക്. ആരൊക്കെ എത്രയൊക്കെ എതിർത്താലും നമ്മുടെ വിവാഹം നടക്കും.” മനോജിന്‍റെ ഉറച്ച ശബ്ദം കീർത്തനയെ സാന്ത്വനിപ്പിച്ചു.

ആ ദിവസം കഴിഞ്ഞ് മനോജ് മാധവിനെ കാണാനെത്തി.

“എന്നെ മനസ്സിലായോ?” മനോജ് തെല്ലൊരു ഹുങ്കോടെ മാധവിന്‍റെ തോളിൽ ക്യ്യിട്ടു.

“കൊള്ളാം, നല്ല ചോദ്യം. നിന്നെ ആരെങ്കിലും മറക്കുമോ? നീയാരുന്നില്ലേ ഞങ്ങളുടെ ക്ലാസിലെ ഹീറോ? അല്ല, ഇപ്പോ ഇവിടെ എന്തു ചെയ്യുന്നു?” സ്വതസിദ്ധമായ രീതിയിൽ മാധവ് ചോദിച്ചു.

“ഒരു സോഫ്റ്റ്‍വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.”

“അപ്പോൾ അടിപൊളി സാലറിയായിരിക്കുമല്ലോ?”

“20 ലക്ഷം ഇയർലി പാക്കേജ്. അതിരിക്കട്ടെ നീ…”

“ഞാനിങ്ങനെയൊക്കെ ജീവിച്ചു പോകുന്നു. നിന്‍റേതുപോലെ 20 ലക്ഷമൊന്നും വരുമാനമില്ല. ഈ ഫ്ളാറ്റ് എന്‍റേതാണ്. ഇതുപോലെ മൂന്നെണ്ണം വേറെയുണ്ട്. പിന്നെ പാർക്കിനടുത്ത് മൂന്ന് പീടികയുണ്ട്. വീട്ടിലെത്ര പണമുണ്ട്. എവിടെയൊക്കെയാണെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.” മാധവ് അഭിമാനത്തോടെ പറഞ്ഞു. അതിനിടക്ക് സ്വീറ്റ്സും ചിപ്സും നിറച്ച പ്ലേറ്റ് വേലക്കാരി മേശപ്പുറത്ത് കൊണ്ടുവെച്ചു.

“സർ, ചായ എടുക്കട്ടെ?”

“കൂൾ ആയ എന്തെങ്കിലും മതി. ഈ സാർ ചായ കുടിക്കാറില്ല.” മാധവാണ് മറുപടി നൽകിയത്.

“ആഹ്… നീയിതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?” മനോജിന്‍റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

“ഞാനൊന്നും മറന്നിട്ടില്ല. നിങ്ങളുടെ ഗ്യാംഗ് അന്നൊക്കെ എന്നെ പരിഹസിക്കുമായിരുന്നില്ലേ. അതിന് നിങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പഠനത്തിലും സ്പോർട്സിലുമൊന്നും ഞാൻ മിടുക്കനായിരുന്നില്ലല്ലോ. കാലം മാറി. എന്‍റെ ജീവിതത്തിലെ വസന്തദിനങ്ങളാണിത്.”

“നിന്‍റെ ജീവിതം അപ്പാടെ മാറ്റിമറിച്ച അത്ഭുത സംഭവം?”

“നീയെന്‍റെ കളിക്കൂട്ടുകരാനല്ലേ. നിന്നോടെന്തൊളിക്കാനാണ്. പപ്പ കൈയയഞ്ഞ് സഹായിച്ചതുകൊണ്ട് സെയിൽസ് ടാക്സ് ഓഫീസിൽ ഒരു ജോലി തരപ്പെട്ടു. പിന്നീടങ്ങോട്ട് ഐശ്വര്യവും സമ്പത്തും വന്നുനിറയുകയായിരുന്നു. ഇപ്പോ എനിക്കാരോടും പരാതിയോ പരിഭവമോ ഇല്ല, കൈ നിറയെ പണം വരുന്നുണ്ട് എന്നാലും ഇന്നും ലളിതമായ ജീവിത്തിലും ഉന്നത ചിന്തകളിലും വിശ്വസിക്കുന്നു. കൂടുതലൊന്നും പറയുന്നില്ല. ചുവരുകൾക്കും ചെവിയുണ്ടെന്നല്ലേ പറയാറ്.”

“നീയെന്തൊക്കെ പറഞ്ഞാലും സത്യസന്ധമായി ജീവിക്കുന്നതിന്‍റെ സുഖം ഒന്ന് വേറെതന്നെയാണ്.” മനോജ് പറഞ്ഞു.

“മനോജ്, തെറ്റ് കുറ്റങ്ങൾ കണ്ടുപിടിച്ച് ടീച്ചറെക്കൊണ്ട് നിങ്ങൾ ശകാരിപ്പിക്കുന്ന പഴയ മാധവല്ലിത്. സത്യസന്ധത കൊണ്ടൊന്നും കാര്യമില്ല. ശരിക്കും സത്യസന്ധനായ ഒരാളെപ്പോലും ഞാനിന്നേ വരെ കണ്ടിട്ടില്ല. അല്ല നിനക്കങ്ങനെ വല്ലവരേയും പരിചയമുണ്ടെങ്കിൽ എനിക്കുംകൂടി പരിചയപ്പെടുത്തി തരണേ… പണത്തിനു മീതേ പരുന്തും പറക്കുമെന്നല്ലേ പറയാറ്… സത്യസന്ധത… വിശ്വാസം… എല്ലാം മണ്ണാങ്കട്ടയാ.”

“അതിരിക്കട്ടെ ഞാൻ വന്നത് മറ്റൊരു കാര്യം പറയാനാണ്.” മനോജിന് സംഭാഷണം തുടരാൻ താൽപര്യമില്ലായിരുന്നു.

“എന്താ കാര്യം? സെയിൽസ് ടാക്സ് ഓഫീസിൽ വല്ല സുഹൃത്തിന്‍റെയോ പരിചയക്കാരുടെയോ വല്ല ടാക്സ് പ്രോബ്ലം. ധൈര്യമായി പറഞ്ഞോ… എനിക്ക് കാര്യമായ പിടിപാടുണ്ട്. പോക്കറ്റ് നിറച്ചാൽ ശരിയാകാത്ത കാര്യം വല്ലതും ഉണ്ടോ.”

“നോ… നോ… അതൊന്നുമല്ല. ഞാൻ തീർത്തും പേഴ്സണലായ ഒരു കാര്യത്തിന് വന്നതാണ്.”

“ഓകെ. ഞാനെന്ത് സഹായമാണ് ചെയ്യേണ്ടതെന്ന് പറയ്…”

“നീ നാളെ പെണ്ണ് കാണാൻ പോകുകയല്ലേ?”

“പെണ്ണ് കാണാനല്ല. വിവാഹം ഉറപ്പിക്കാൻ… ആദ്യമായാണ് ഒരു പെൺകുട്ടിയെ എനിക്കിഷ്ടമാകുന്നത്.”

“നീ ആദ്യം ഞാൻ പറയുനന്നതൊന്ന് കേൾക്ക്. പിന്നെ പഴമ്പുരാണമൊക്കെ വിളമ്പാം. ആ പെൺകുട്ടിയുമായുള്ള എന്‍റെ വിവാഹനിശ്ചയം കഴിഞ്ഞതാ. അതുകൊണ്ട് അവളെ കാണാൻ പോകുന്ന പ്ലാൻ മനസ്സിൽ നിന്നും പിഴുതു കളഞ്ഞോ…”

“ഇത് ആജ്ഞയാണോ അതോ അഭ്യർത്ഥനയാണോ?”

“നീയിത് എങ്ങനെയെടുത്താലും എനിക്ക് പ്രശ്നമില്ല. പക്ഷേ, ഞാൻ പറഞ്ഞതിന്‍റെ പൊരുൾ നിനക്ക് മനസ്സിലായി കാണുമല്ലോ?”

“എന്‍റെ ഭാഗം കൂടിയൊന്ന് കേൾക്കാം. കീർത്തനയുടെ വീട്ടിൽ പോകാൻ പ്രോഗ്രാമിട്ടതാണ്. അതങ്ങനെ തന്നെ നടക്കും. ഈ അവസാന നിമിഷം പോകേണ്ട എന്നു പറയുന്നത് ശരിയല്ലല്ലോ. എന്തായാലും വരാനാരു വേണമെന്ന് പെണ്ണുതന്നെ തീരുമാനിക്കട്ടെ. വരണമാല്യം ഇപ്പോഴും അവളുടെ കൈയിലാണല്ലോ…” മാധവ് ചിരിച്ചു.

“എന്താ വെല്ലുവിളിക്കുകയാണോ? ഒടുക്കം ദുഃഖിക്കേണ്ടി വരും. ശ്രമിച്ച് നോക്ക്, കീർത്തന നിന്നെ വിവാഹം കഴിക്കുന്ന പ്രശ്നമുദിക്കുന്നില്ല.”

“സമയമാകട്ടെ, ആര് ആരെ വിവാഹം കഴിക്കുമെന്നൊക്കെ നമുക്ക് കാണാം…”

“ശരി… ഞാൻ നിന്‍റെ വെല്ലുവിളി സ്വീകരിക്കുന്നു. നീ പോയി പെണ്ണുകാണ്… നിരാശയോടെ മടങ്ങേണ്ടി വരുമെന്ന് മാത്രം.” മനോജ് കലങ്ങിയ മനസ്സുമായി പടിയിറങ്ങി.

ശാന്തനാകാൻ ശ്രമിക്കുന്തോറും മനോജിന്‍റെ മനസ്സ് കൂടുതൽ കലുഷിതമായിക്കൊണ്ടിരുന്നു. പണത്തിന്‍റെ ഹുങ്കാണവന്… അഹങ്കാരി… പക്ഷേ കീർത്തന… അവൾ ഒരിക്കലും സമ്മതിക്കില്ല. ജീവിതത്തിന്‍റെ പുറംപോക്കിൽ അയാളുടെ മനസ്സ് ചത്തുകിടന്നു.

പിന്നീട് മനോജ് കീർത്തനയെ ഫോൺ വിളിക്കാനോ നടന്ന കാര്യങ്ങൾ വിശദീകരിക്കാനോ ശ്രമിച്ചില്ല.

രണ്ട് ദിവസത്തിനുശേഷം കീർത്തന മനോജിനെ വിളിച്ചു, “മനു, എന്തു പറയണമെന്നെനിക്കറിയില്ല. പക്ഷേ, ഞാനതെങ്ങനെ പറയും…?” ദുഃഖം കലർന്ന ശബ്ദത്തോടെ വളരെ നാടകീയമായാണവൾ സംസാരിച്ചത്.

“നീയെന്താ ഇതുവരെ വിളിക്കാതിരുന്നത്?”

“സോറി മനൂ… മമ്മിയും പപ്പയും നിർബന്ധിച്ചപ്പോൾ… അല്ല അവരെ വിഷമിപ്പിച്ച് ഒരു ലൈഫ്…. അവസാനം ഞാൻ സമ്മതിക്കുകയായിരുന്നു. മനു…”

അതിനു മറുപടിയായി അന്ന് താനെന്തൊക്കെ പറഞ്ഞുവെന്ന് മനു വ്യക്തമായി ഓർക്കുന്നില്ല. ഈയൊരു സംഭവമേൽപ്പിച്ച ആഘാതം മാസങ്ങളോളം മനുവിനെ ഉലച്ചുകൊണ്ടിരുന്നു. കൈക്കൂലി തന്‍റെ ജീവിതത്തെയും ഇതുപോലെ പിഴുതെറിയുമെന്ന് മനു സ്വപ്നേപി കരുതിയില്ല. ഇന്നലെകളിലെ കൊടുങ്കാറ്റ് ഏതാണ്ട് ശമിച്ചിരിക്കുന്നു.

വർഷങ്ങൾക്കു ശേഷം ഒരു പാർട്ടിയിൽ വെച്ച് സർവ്വാഭരണവിഭൂഷിതയായി കീർത്തനയെ കണ്ട നിമിഷം മനു പകച്ച് നിന്നു. തന്നെ പെണ്ണ് കാണാൻ വന്ന അന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണ സെറ്റാണ് മാധവ് അവൾക്ക് സമ്മാനിച്ചത്. സ്ത്രീധനം എണ്ണിയെണ്ണി ചോദിക്കുന്ന ഇക്കാലത്ത് ഇതുപോലൊരു ഉപഹാരം… വിവാഹം മുടങ്ങാനുള്ള കാരണത്തെക്കുറിച്ച് കീർത്തന തന്നെയാണ് വിശദീകരിച്ചത്.

“പ്ലീസ് മനു… മറ്റെന്തെങ്കിലുമൊരു വഴി കണ്ടെത്തിയെ തീരൂ… ഇല്ലെങ്കിൽ ഞാൻ….” സങ്കടത്തോടെ ഹൃദയം തകരുന്നത് മനു അറിഞ്ഞിരുന്നു. ആ പ്രണയ ദിനങ്ങൾ കൂടുതൽ ഓർത്തെടുക്കാൻ അയാൾ ആഗ്രഹിച്ചില്ല.

സാഗർ ജൈസി ആഘോം വാലി….

പാർട്ടിയിൽ സുമുഖനായ ഗായകൻ പാടിത്തുടങ്ങി.

കീർത്തന പാർട്ടിയുടെ സംഗീതത്തിൽ അലിഞ്ഞു.

കെട്ടുപാടുകളുടെ ഭാരമേതുമില്ലാതെ മനോജും ഈ ഗാനം ഏറ്റുപാടി…

തൂഹി ബതാ…. തേരാ നാമ് ഹെ ക്യാ…

സ്നേഹം വന്ന് വിളിച്ചപ്പോൾ…

പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയ ശേഷം ഡ്രൈവർ തിടുക്കപ്പെട്ട ലഗേജുകൾ ഓരോന്ന് എടുത്ത് പുറത്ത് വെച്ചു. ശാലിനിയും മകനും ഡോർ തുറന്നു കാറിൽ നിന്നും പുറത്തിറങ്ങി. അപ്പോഴേക്കും ഓടിയടുത്ത പോർട്ടറോട് ലഗേജുകൾ എടുത്ത് പ്ലാറ്റ്ഫോമിൽ എത്തിക്കാൻ ആവശ്യപ്പെട്ട ശേഷം ശാലിനി മകന്‍റെ കയ്യും പിടിച്ച് പതിയെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. പിന്നാലെ ലഗേജും തൂക്കിപിടിച്ചുകൊണ്ട് ഡ്രൈവറും പോർട്ടറും നടന്നു. ഒരാഴ്ച മുമ്പ് ഡൽഹിയിലെത്തിയതായിരുന്നു ശാലിനിയും മകനും. ഇനി നേരെ കൊച്ചിയിൽ ഇളയ ജേഷ്ഠനെ കാണാൻ പോകണം.

ട്രെയിൻ എത്തുന്നതും നോക്കി അവൾ മകനൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്നു. കുറച്ചു കഴിഞ്ഞ് ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തി. യാത്രക്കാർ ഓരോരുത്തരായി തിടുക്കപ്പെട്ട ട്രെയിനിൽ കയറിക്കൊണ്ടിരുന്നു. ശാലിനിയുടെ ലഗേജുകൾ ഓരോന്നായി ട്രെയിനിൽ കയറ്റി വെച്ചശേഷം പോർട്ടർ പണവും വാങ്ങി പോയി.

ശാലിനി ജനാലയ്ക്ക് അടുത്തായി ഇരുന്നു. എതിർവശത്ത് ഇരുന്ന മകൻ പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും നടന്നുപോകുന്ന യാത്രക്കാരെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. തനിച്ച് ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. ട്രെയിൻ വലിയൊരു മുരൾച്ചയോടെ പതിയെ നീങ്ങിയപ്പോഴേക്കും എന്തുകൊണ്ടോ ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു. മറ്റ് യാത്രക്കാർ കാണാതെ അവൾ കണ്ണുകൾ തുടച്ചു. അപ്പോഴേക്കും കൺമുന്നിലൂടെ ദൃശ്യങ്ങൾ വളരെ വേഗം പിന്നോട്ട് ഓടിക്കൊണ്ടിരുന്നു. അവളുടെ മനസ്സും ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു തുടങ്ങി.

അമ്മ മരിച്ചിട്ട് രണ്ടു വർഷമായി. അമ്മയുള്ളപ്പോൾ എല്ലാ അവധിക്കാലത്തും എല്ലാവരും തറവാട്ട് വീട്ടിൽ ഒത്തുകൂടുന്നതായിരുന്നു പതിവ്. ആ സമയത്ത് ഓരോ അവധിക്കാലവും സന്തോഷത്തിന്‍റെ കാലമായിരുന്നു. അമ്മയുടെ മടിയിൽ തലചായ്ച്ച് കിടന്ന് മുംബൈയിലെ ഓരോരോ വിശേഷങ്ങൾ പറയാനുള്ള ആവേശമായിരുന്നു. പക്ഷേ… രണ്ടു വർഷങ്ങൾക്കുശേഷം കൂടപ്പിറപ്പുകളെ കാണാൻ പോകുന്നത് ഇതാദ്യമായിട്ടാണ്.

വീട്ടിൽ നിന്നും ചെറിയേട്ടന്‍റെയും ഭാര്യയുടെയും ഫോൺ അടിക്കടി വന്നിരുന്നത് കൊണ്ട് വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു. അതുപോലെ വല്യേട്ടനും ഭാര്യയും അവളെ എല്ലാ അവധിക്കാലത്തും ഡൽഹിയിലേക്ക് ക്ഷണിക്കുമായിരുന്നു. എങ്കിലും എന്തുകൊണ്ടോ എങ്ങോട്ടും പോകാൻ തോന്നിയിരുന്നില്ല. പക്ഷേ ഇത്തവണ 15 ദിവസം ചേട്ടന്മാർക്കൊപ്പം ചെലവഴിക്കാൻ വേണ്ടി ഇറങ്ങി പുറപ്പെടുകയായിരുന്നു. ഒരാഴ്ച വല്യേട്ടന്‍റെ കൂടെയും അടുത്തൊരാഴ്ച ചെറിയേട്ടനൊപ്പവും.

കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ വല്യേട്ടനൊപ്പം ആയിരുന്നു അവൾ. ഡൽഹിയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് വല്യേട്ടനും ചേച്ചിയും. അവരുടെ രണ്ടു മക്കളും അവിടെത്തന്നെയുള്ള ഒരു മുന്തിയ റസിഡൻഷ്യൽ സ്കൂളിലാണ് പഠിച്ചിരുന്നത്. കുട്ടികളുടെ കാര്യം ശരിയാവണ്ണം ശ്രദ്ധിക്കാൻ സമയം ലഭിക്കാത്തതിനാലാണ് വല്യേട്ടനും ചേച്ചിയും അവരെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചിരുന്നത്.

അമ്മയുള്ളപ്പോൾ സഹോദരങ്ങൾ എല്ലാവരും കുടുംബസമേതം കൊച്ചിയിലെ തറവാട്ട് വീട്ടിൽ ഒത്തുചേരുകയാണ് പതിവ്. വീട്ടിൽ അതൊരു ഉത്സവമായിരുന്നു. വീട്ടിലെത്തുമ്പോഴൊക്കെ എപ്പോഴും അമ്മയുടെ പിറകെ നടന്നിരുന്നതിനാൽ ചേട്ടന്മാരുടെ ഭാര്യമാരുമായി അത്രയ്ക്ക് അടുത്ത് ഇടപഴകേണ്ടിയും വന്നിരുന്നില്ല. ഏറെ ജോലിത്തിരക്കുള്ള ആളായതിനാൽ മൂത്ത ചേട്ടനും കുടുംബവും കുറച്ചു ദിവസം മാത്രമേ വീട്ടിൽ തങ്ങിയിരുന്നുള്ളൂ.

ഇത്തവണ വല്യേട്ടൻ ഏറെ നിർബന്ധിച്ചതിനാൽ ആണ് രണ്ട് ചേട്ടന്മാരെയും കാണാൻ യാത്ര പുറപ്പെട്ടത്. അതുകൊണ്ട് ന്യൂഡൽഹി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയപ്പോൾ അവളുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ വല്യേട്ടനെയും ചേച്ചിയെയും തിരഞ്ഞു കൊണ്ടിരുന്നു. പക്ഷേ സ്റ്റേഷനിൽ അവർക്ക് പകരം ഡ്രൈവറാണ് അവളെയും മകനെയും സ്വീകരിക്കാൻ എത്തിയത്. അവളുടെ മനസ്സിനത് വല്ലാത്തൊരു ആഘാതമായി. വല്യേട്ടനും ചേച്ചിയും ഒഴിവാക്കാനാവാത്ത ജോലി തിരക്കുകൾ ഉള്ളത് കൊണ്ടാവും സ്റ്റേഷനിൽ എത്താതിരുന്നത് എന്ന് ഓർത്ത് സമാധാനിക്കുകയായിരുന്നു അവൾ.

കാറിൽ കയറി വീട്ടിൽ എത്തിയപ്പോഴും നിരാശയായിരുന്നു ഫലം. വീട്ടിൽ വേലക്കാരികൾ മാത്രം. അവർ ഉടൻ തന്നെ ശാലിനിക്കും കുട്ടിക്കും വേണ്ട ഭക്ഷണം ഒരുക്കി വെച്ചു. അപ്പോഴേക്കും ചേച്ചിയുടെ ഫോൺ വന്നു. സോറി ശാലിനി, ഇന്നൊരു അത്യാവശ്യ മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ടാ, ചേട്ടനും എന്തോ അർജന്‍റ് അപ്പോയിൻമെന്‍റ് ഉണ്ട്. ഞങ്ങൾ എത്താൻ വൈകുന്നേരം ആകും. ഭക്ഷണം എടുത്ത് കഴിക്കണം.

അത്രയും പറഞ്ഞശേഷം ചേച്ചി ഫോൺ കട്ട് ചെയ്തു. അവളും യാന്ത്രികമായി ഫോൺ വച്ചു. അമ്മയുടെ മരണശേഷം ആദ്യമായി വല്യേട്ടനെയും കുടുംബത്തെയും കാണാൻ വരികയാണ്. വല്യേട്ടനെയും കുടുംബത്തെയും കാണാൻ മനസ്സ് തുടിക്കുകയായിരുന്നു. പക്ഷേ അത്തരം ഒരു ആവേശം അവരിൽ ഉണ്ടായിരുന്നില്ല. എങ്കിലും അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

യാത്രാക്ഷീണം മൂലം ശാലിനിയും മകനും നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു. രാത്രി 8 മണി ആയതോടെയാണ് വല്യേട്ടനും ചേച്ചിയും എത്തിയത്. രണ്ടു വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച ആയതിനാൽ വല്യേട്ടനോടും ചേച്ചിയോടുമുള്ള പരാതിയും പരിഭവവും അവൾ മറന്നിരുന്നു. ശാലിനിയോട് യാത്രാ വിശേഷങ്ങൾ ആരാഞ്ഞശേഷം രണ്ടുപേരും ഫ്രഷ് ആകാൻ ആയി സ്വന്തം മുറിയിലേക്ക് പോയി. ശാലിനി മുറിയിൽ ഒറ്റയ്ക്കായി. യാത്രാ ക്ഷീണം ഉണ്ടായിരുന്നതിനാൽ മകൻ നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങിക്കഴിഞ്ഞിരുന്നു. ഇരുവരും കുളികഴിഞ്ഞ് തയ്യാറായി ഡൈനിംഗ് റൂമിൽ എത്തി. അപ്പോഴേക്കും വേലക്കാരി അവർക്കെല്ലാവർക്കും ആയി ഭക്ഷണം ചിട്ടപ്രകാരം വിളമ്പി വച്ചിരുന്നു. മൂവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടെ  വല്യേട്ടനും ചേച്ചിയും അവളോട് ഓരോരോ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. എങ്കിലും അവരുടെ സംസാരത്തിൽ ഒരു അകൽച്ചയുടെ നിഴൽ പതിഞ്ഞിരുന്നു. വളരെ കൃത്യമായി അളന്നു മുറിച്ചുള്ള പെരുമാറ്റവും സംസാരവും. എല്ലാറ്റിലും  ഒരു പരിധിയും കൃത്യതയും പാലിക്കപ്പെടണമെന്ന നിർബന്ധ ബുദ്ധിയോടെയുള്ള വല്യേട്ടന്‍റെയും ചേച്ചിയുടെയും സമീപനം ശാലിനിയെ നോവിച്ചു കൊണ്ടിരുന്നു. ഇങ്ങോട്ട് വരേണ്ടി ഇരുന്നില്ലെന്ന് അവളുടെ മനസ്സ്കേണുകൊണ്ടിരുന്നു. ഭക്ഷണം കഴിച്ച ശേഷം അവർ തിടുക്കപ്പെട്ട് ഉറങ്ങാൻ പോയി. ശാലിനിയും മകനടുത്തായി വന്നു കിടന്നു. യാത്രാ ക്ഷീണം ഏറെ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടോ ശാലിനിക്ക് ഉറക്കം വന്നില്ല.

ചേട്ടന്‍റെ രണ്ടു മക്കളും ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. നാളെ ഞായറാഴ്ച ആയതിനാൽ കുട്ടികൾ വീട്ടിലെത്തുമെന്ന് ചേച്ചി ശാലിനിയോട് പറഞ്ഞിരുന്നു. കുട്ടികൾ എത്തുമ്പോഴേക്കും സ്ഥിതിഗതികൾ ശരിയാവുമെന്ന ധാരണയോടെ ഓരോന്ന് ആലോചിച്ചു കിടന്നതിനാൽ അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

നേരം വെളുത്ത ഉടനെ ശാലിനി ഉണർന്നു. അവൾ പതിയെ ഒച്ചയുണ്ടാക്കാതെ മുറിക്ക് പുറത്തിറങ്ങി. വീട് ആകെ ശൂന്യമായിരിക്കുന്നതുപോലെ. വേലക്കാർ മുതൽ വീട്ടു ഉടമസ്ഥൻ വരെ നല്ല ഉറക്കത്തിലായിരുന്നു.

പ്രത്യേകിച്ച് ചെയ്യാനായി ഒന്നുമില്ലാത്തതിനാൽ അവൾ ഏറെ നേരം ബാൽക്കണിയിൽ അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടന്നു. കുറച്ചു കഴിഞ്ഞ് അടുക്കളയിൽ പാത്രങ്ങൾ അനങ്ങുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. ചേച്ചി ആയിരിക്കുമെന്ന ധാരണയിൽ അവൾ അടുക്കളയിൽ ചെന്ന് നോക്കി. വേലക്കാരി ആയിരുന്നു അത്. പ്രാതൽ ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു അവൾ.

മാഡം, ചായ തയ്യാറായിട്ടുണ്ട്. തമിഴ്ചുവയുള്ള മലയാളത്തിൽ വേലക്കാരി ശാലിനിയോട് പറഞ്ഞു.

ചേട്ടനും ചേച്ചിയും ഉണരട്ടെ. അപ്പോൾ മതി.

സാഹബും മേംസാബും ഉണരാൻ 8- 9 മണിയാവും. ഇന്ന് അവധിയല്ലേ മാഡം. പിന്നെ സാഹബ് കുട്ടികളെ കൂട്ടിക്കൊണ്ടു വരാൻ പോകും.

വേലക്കാരി കപ്പിൽ പകർന്നു നൽകിയ ചായയുമായി ശാലിനി വീണ്ടും ബാൽക്കണിയിൽ വന്നിരുന്നു. ഏറെ നേരം കഴിഞ്ഞ് ഉണർന്ന  വല്യേട്ടൻ കുളിച്ച് തയ്യാറായി കുട്ടികളെ കൊണ്ടുവരാൻ പുറപ്പെട്ടു.

അതുകഴിഞ്ഞ് ഉണർന്ന ചേച്ചിയും ബാൽക്കണിയിൽ എന്‍റെ അടുത്തേക്ക് വന്നിരുന്നു. ചേച്ചിയുടെ സംസാരത്തിലുടനീളം ഒരുതരം ഗർവ് നിഴലിച്ചിരുന്നു. ആർക്കും കീഴടക്കാൻ ആവാതെ ചുറ്റും ഒരു വൻമതിലോടുകൂടിയ കൂറ്റൻ കോട്ട പോലെയായിരുന്നു ചേച്ചി.

സാമാന്യരീതിക്ക് നിരക്കാത്ത ചേച്ചിയുടെതായ ചില യുക്തികൾ അവളെ പലപ്പോഴും കുത്തി നോവിച്ചു കൊണ്ടിരുന്നു. വീട്ടിലെ അന്തരീക്ഷത്തിന് പോലും അതേ കൃത്രിമത്വം. എന്തെല്ലാം മോഹങ്ങൾ ആയിരുന്നു. ചേച്ചിയുടെ അടുത്തിരുന്ന പഴയ കഥകൾ ഒക്കെ പറഞ്ഞ് രസിച്ച്… അമ്മയുടെ ഓർമ്മകളെ അയവിറക്കി. പക്ഷേ ആ പ്രതീക്ഷകൾക്ക് ഇനി ഇവിടെ സ്ഥാനമില്ല. വല്യേട്ടന്‍റെയും ചേച്ചിയുടെയും ജീവിതം ഏതാണ്ട് യന്ത്രസമാനമായി അവൾക്ക് തോന്നി. ഇരുവരും പരസ്പരം മനസ്സ് തുറന്ന് ചിരിക്കാറു പോലും ഇല്ലെന്ന് അവൾക്ക് തോന്നി.

കുറച്ചു കഴിഞ്ഞ് വല്യേട്ടൻ കുട്ടികളെയും കൂട്ടി വന്നു. കുട്ടികളുടെ വരവ് ബോറടിച്ചിരുന്ന മകന് ഒരാശ്വാസം ആകുമല്ലോ എന്ന് അവൾ ഓർത്തു. അവിടെയും കണക്കുകൂട്ടലുകൾ പിഴച്ചു.

ഇരു കുട്ടികളും വളരെ ഔപചാരികമായി അവരെ നോക്കി അഭിവാദ്യം ചെയ്തു. അതിനുശേഷം ശാലിനിയോട് എന്തോ ഒന്നു രണ്ടു വാക്കുകൾ ഉരിയാടിയ ശേഷം അവർ മമ്മിയോടും പപ്പയോടും സ്കൂൾ വിശേഷങ്ങൾ പറയാൻ തിടുക്കം കാട്ടി. സ്കൂളിലെയും കൂട്ടുകാരുടെയും അധ്യാപകരുടെയും വിശേഷങ്ങളെക്കുറിച്ച് വാതോരാതെ കുട്ടികൾ വല്യേട്ടനോടും ചേച്ചിയോടും പറഞ്ഞുകൊണ്ടിരുന്നു. ശാലിനിയുടെയും മകന്‍റെയും സാന്നിധ്യം കുറെ നേരത്തേക്ക് അവർ നാലുപേരും മറന്നതുപോലെ.

ചേച്ചി കുട്ടികൾക്കായി അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഉച്ചഭക്ഷണം ഒരുക്കി. എന്നാൽ തന്‍റെ മകന്‍റെ ഇഷ്ടത്തെപ്പറ്റി അവർ യാതൊരു കാര്യവും അന്വേഷിക്കാത്തതിൽ ശാലിനി കുണ്ഠിതപ്പെട്ടു. വൈകുന്നേരത്തോടെ ചേട്ടൻ കുട്ടികളെ ഹോസ്റ്റലിൽ കൊണ്ടുവിട്ടു. രാത്രി വല്യേട്ടനും ചേച്ചിയും ശാലിനിയേയും മകനെയും കൂട്ടി ഡൽഹിയിലെ മുന്തിയ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.

പിറ്റേന്ന് മുതൽ ചേട്ടനും ചേച്ചിയും പതിവ് ദിനചര്യയിലേക്ക് മടങ്ങി. അവധി കിട്ടില്ലെന്നത് ഒരു തരം ഒഴിഞ്ഞുമാറലല്ലേ. അല്ലെങ്കിൽ ദിവസം മുഴുവനും ശാലിനിക്കും മകനും ഒപ്പം വീട്ടിൽ നിൽക്കുക എന്നത് അവരെ സംബന്ധിച്ച് ബോറടിപ്പിക്കലാവുമോ…  ഒന്നും മനസ്സിലാവുന്നില്ല. ഇടയ്ക്ക് ഒരു ദിവസം വല്യേട്ടനും ചേച്ചിയും ശാലിനിയെയും മകനെയും കൂട്ടി ഷോപ്പിങ്ങിനു പോയി. അവർക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങൾ വാങ്ങി നൽകി. മകന് വിലപിടിപ്പുള്ള കളിപ്പാട്ടങ്ങളും. പണം വാരിക്കോരി ചെലവഴിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുക്കുക… അതിലവസാനിപ്പിക്കുകയാണോ ബന്ധങ്ങളുടെ തീവ്രത.

അസ്വസ്ഥത പൂണ്ട മനസ്സും പേറിയാണ് ശാലിനിയും മകനും ഡൽഹിയിൽ നിന്നും മടങ്ങിയത്. വല്യേട്ടൻ ഓഫീസിൽ എത്തിയശേഷം ശാലിനിക്കും മകനും റെയിൽവേ സ്റ്റേഷനിൽ പോകാനായി കാർ അയച്ചുകൊടുത്തു. അവർ കാറിൽ കയറി നേരെ സ്റ്റേഷനിൽ എത്തി. അതുകൊണ്ടാവാം ചെറിയേട്ടന്‍റെ അടുത്ത് പോകാനും അവൾക്ക് തീരെ താല്പര്യം തോന്നിയില്ല.

ട്രെയിനിൽ ജനാലയ്ക്ക് അടുത്തായി ഇരുന്ന ശാലിനിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. പക്ഷേ നാട്ടിലേക്ക് ഡൽഹിയിൽ നിന്നും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതിനാൽ തിരിച്ചു  മുംബൈയിലേക്ക് മടങ്ങി ചെല്ലുന്നതും അബദ്ധമാണ്.

പെട്ടെന്ന് തിരിച്ചു ചെന്നാൽ രാജേഷ് കാരണമാരായും. രാജേഷിനോട് വല്യേട്ടനെയും ചേച്ചിയെയും പറ്റി എങ്ങനെയാണ് മോശമായി പറയുക. പറയാനാണെങ്കിൽ തന്നെ എന്ത് പറയാൻ. മനസ്സ് വേദനിച്ചെന്നോ… അതെല്ലാം കേവലം തോന്നലുകൾ അല്ലേ.

നഷ്ടബോധം നിറഞ്ഞ മനസ്സുമായിട്ടായിരുന്നു ശാലിനിയുടെ യാത്ര. അതിനാൽ ചെറിയേട്ടനെയും ചേച്ചിയെയും കാണാനുള്ള തിടുക്കവും ആവേശമൊന്നും അവളിൽ ഉണ്ടായിരുന്നില്ല. അവരെങ്ങനെ പെരുമാറിയാലും അതെല്ലാം അഭിമുഖീകരിക്കാൻ ശാലിനി തയ്യാറായിരുന്നു. എങ്ങനെയെങ്കിലും ഒരാഴ്ച കഴിച്ചുകൂട്ടി മുംബൈയിൽ മടങ്ങിയെത്തിയാൽ മതി.

ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ ചേട്ടനെയും ചേച്ചിയെയും കാണാനുള്ള അടക്കാനാവാത്ത ആവേശം ഒന്നും അവളിൽ ഉണ്ടായിരുന്നില്ല. ട്രെയിനിൽ കയറിയ പോർട്ടറോട് അവൾ ലഗേജുകൾ എടുക്കാൻ ആവശ്യപ്പെട്ടു. പോർട്ടർ ലഗേജ്മെടുത്ത് മുന്നോട്ട് നടന്നു. പിന്നാലെ മകന്‍റെ കയ്യും പിടിച്ച് ശാലിനിയും ട്രെയിനിൽ നിന്നും ഇറങ്ങി.

സ്റ്റേഷനിൽ ഇറങ്ങിയ ഉടനെ അത്ഭുതകരമായ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. മുന്നിൽ ചെറിയേട്ടനും ചേച്ചിയും. ചേച്ചി ഓടിവന്ന് അവളെ മാറോട് ചേർത്തു. ചേച്ചിയുടെ സ്നേഹപൂർണ്ണമായ സ്പർശം അവളിൽ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ ഉണർത്തി. എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.  വല്യേട്ടന്‍റെയും ചേച്ചിയുടെയും നീരസം കലർന്ന പെരുമാറ്റമോ അതോ ചെറിയേട്ടന്‍റെയും ചേച്ചിയുടെയും സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ സമീപനമായിരുന്നോ… അതോ അമ്മയെ കുറിച്ചുള്ള ഓർമ്മകളോ… ഒന്നും അപ്പോഴും വ്യക്തമല്ലായിരുന്നു.

ഒടുവിൽ ചേച്ചി സംസാരിച്ചു തുടങ്ങി. രണ്ടു വർഷമായി നീ വന്നിട്ട്. അമ്മയില്ലെന്ന് കരുതി ഞങ്ങളെയൊക്കെ മറന്നു കളയാമോ. നിന്നെ ഒന്ന് കാണാൻ ഞങ്ങൾ എത്രമാത്രം കൊതിച്ചെന്നോ. ഞാനും നിനക്ക് അമ്മയെ പോലെയല്ലേ.

ചേച്ചിയുടെ സ്നേഹം കലർന്ന അധികാര ഭാവം മനസ്സിനെ വല്ലാതെ കുളിരണിയിച്ചു. ചെറിയേട്ടൻ സന്തോഷവും സങ്കടവും നിറഞ്ഞ വികാരത്തോടെ അവളെ തന്നെ ഏറെ സമയം നോക്കി നിന്നു.

ചെറിയേട്ടനും ചേച്ചിയും മകനെ പൊക്കിയെടുത്ത് കവിളിൽ തുരുതുരെ ഉമ്മ വച്ചു.

ചെറിയേട്ടൻ സ്റ്റേഷന് പുറത്ത് കടന്നയുടനെ ഒരു ഓട്ടോറിക്ഷ വിളിപ്പിച്ചു. ലഗേജുകൾ റിക്ഷയ്ക്ക് മുകളിലും ബാക്കിയുള്ളത് പിന്നിലും വച്ചശേഷം അവരെല്ലാവരും കൂടി റിക്ഷയിൽ കയറി നേരെ വീട്ടിലേക്ക് തിരിച്ചു.

ശാലിനി ഓട്ടോറിക്ഷക്കാരന് പണം കൊടുക്കാൻ ഒരുങ്ങിയ ഉടൻ ചെറിയേട്ടൻ അവളെ തടഞ്ഞു. ചേച്ചി പ്രാതലിനൊപ്പം പലതരം പലഹാരങ്ങൾ തയ്യാറാക്കിയിരുന്നു. ടേബിളിൽ നിറയെ വിഭവങ്ങൾ… അവൾക്ക് പെട്ടെന്ന് അമ്മയെ കുറിച്ച് ഓർമ്മ വന്നു. അമ്മയും ഇതുപോലെയായിരുന്നു. ശാലിനി വരുന്നു എന്ന് അറിയുമ്പോഴേ അമ്മ ദിവസങ്ങൾക്കു മുമ്പേ ഒരുക്കങ്ങൾ തുടങ്ങുമായിരുന്നു.

ചേച്ചി ഇന്നലെ ഉറങ്ങിയില്ലെന്ന് തോന്നുന്നല്ലോ? എന്തെല്ലാമാ ഉണ്ടാക്കി വെച്ചിരിക്കുന്നത്. ശാലിനി അത്ഭുതത്തോടെ ഓരോ വിഭവങ്ങൾ നോക്കി.

പിന്നെ… എനിക്കിത് ചെയ്യാതിരിക്കാനാവുമോ, രണ്ടു വർഷത്തിനുശേഷം വരികയല്ലേ നീ. ചേച്ചിയുടെ പരിഭവം വീണ്ടും അണപൊട്ടി.

ശരിക്കും അമ്മയെ പോലെ…സ്നേഹത്തിന്‍റെ ഒരു കടൽ. ശാലിനി ചേച്ചിയെ തന്നെ ഉറ്റു നോക്കിയിരുന്നു.

ചേച്ചി, ഇന്ന് ഓഫീസിൽ പോകുന്നില്ലേ? ശാലിനി വിഷയം മാറ്റി.

നിന്നെ ഇവിടെ ഇരുത്തിയിട്ട് പോകുകയോ? ഞാൻ ഒരാഴ്ച ലീവ് എടുത്തിരിക്കുകയാണ്. ചേച്ചി ഉത്സാഹത്തോടെ പറഞ്ഞു. ശാലിനി അത്ഭുതത്തോടെ ചേച്ചിയെ നോക്കി.

വല്യേട്ടന്‍റെ വീട്ടിൽ കിട്ടിയ സ്വീകരണത്തെക്കുറിച്ച് അവൾ ഒരു നിമിഷം ഓർത്തുപോയി.

ചെറിയേട്ടനും ചേച്ചിയും മക്കളും ശാലിനിയുടെയും മകന്‍റെയും സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നതിൽ സദാ ജാഗരൂകരായിരുന്നു. ചെറിയേട്ടന്‍റെ മക്കൾ അമ്മായി പറയുന്നത് എന്തും സാധിച്ചു കൊടുക്കാൻ തയ്യാറായി നിന്നു. ഉച്ചഭക്ഷണവും കെങ്കേമം ആയിരുന്നു. ശാലിനിക്ക് ഇഷ്ടപ്പെട്ട കറികൾ ചേച്ചി പ്രത്യേകം തയ്യാറാക്കിയിരുന്നു.

അമ്മ ഉണ്ടാക്കിയിരുന്ന വിഭവങ്ങൾക്ക് നല്ല രുചിയായിരുന്നു. പെട്ടെന്ന് ആ രുചിയുടെ ലോകത്തേക്ക് മടങ്ങി വന്നതുപോലെ ശാലിനിക്ക് തോന്നി.

രാത്രിയിൽ കുട്ടികൾ മൂന്നുപേരും ഒരു മുറിയിൽ കിടന്നു. ചെറിയേട്ടൻ സോഫയിൽ കിടക്കാനായി ബെഡ്ഷീറ്റ് വിരിച്ചു. നിങ്ങൾ രണ്ടുപേരും ബെഡ്റൂമിൽ കിടന്നോ… നിങ്ങൾക്ക് രണ്ടുപേർക്കും ധാരാളം സംസാരിക്കാൻ കാണുമല്ലോ.

ശാലിനി അത്ഭുതപ്പെട്ടു. അച്ഛനും ഇതുപോലെയായിരുന്നു. ശാലിനി വരുമ്പോഴൊക്കെ അച്ഛൻ കിടപ്പ് സ്വീകരണ മുറിയിലാക്കുമായിരുന്നു. അമ്മയും മകളും വിശേഷങ്ങൾ പറഞ്ഞോട്ടെ എന്ന് കരുതും അച്ഛൻ.

വേണ്ട ചെറിയേട്ടാ, ചെറിയേട്ടൻ ബെഡ്റൂമിൽ കിടന്നോ. ഞങ്ങൾക്ക് പകൽ സംസാരിക്കാമല്ലോ. ഞാൻ സോഫയിൽ കിടന്നോളാം.

എന്തിനാ മോളെ, ഞാനിവിടെ സുഖമായി ഉറങ്ങിക്കോളാം.  ചെറിയേട്ടൻ കിടന്നു കഴിഞ്ഞു.

രാത്രി ഏറെ നേരം ചേച്ചിയോട് സംസാരിച്ചിരുന്നതിനാൽ പിറ്റേന്ന് വളരെ വൈകിയാണ് ശാലിനി എഴുന്നേറ്റത്. എഴുന്നേറ്റയുടൻ തന്നെ ശാലിനി കുളിച്ചൊരുങ്ങി അടുക്കളയിൽ ചെന്നു.

നീ തയ്യാറായോ. ചേട്ടൻ നിന്നെ കാത്തിരിക്കുകയാ. നമുക്ക് ബ്രേക്ഫാസ്റ്റ് കഴിക്കാം. അതുകഴിഞ്ഞാൽ ചേട്ടൻ ഓഫീസിൽ പോകും.

ചേട്ടൻ ഇതുവരെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലേ?

ഇല്ല, നീയും കൂടി വന്നിട്ട് മതിയെന്ന് പറഞ്ഞ് കാത്തിരിക്കുകയാ. ചേച്ചി പറഞ്ഞു.

ചേച്ചിയുടെ ലാളിത്യം കലർന്ന പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു.

ശാലിനി ചെറിയേട്ടനും കുടുംബത്തിനുമായി വസ്ത്രങ്ങൾ വാങ്ങി കരുതിയിരുന്നു. അമ്മായിയിൽ നിന്നും കുട്ടികൾ സന്തോഷപൂർവ്വം സമ്മാനങ്ങൾ ഏറ്റുവാങ്ങി.

നല്ല സാരി, ചേച്ചി കൗതുകത്തോടെ സാരിയിലൂടെ വിരലോടിച്ചു.

പക്ഷേ… ശാലിനി നീ എന്തിനാ വെറുതെ പണം കളഞ്ഞത്. നീയും മോനും വന്നതാ ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വലുത്.

പൊടുന്നനെ അവളുടെ കണ്ണുകളിൽ വലിയേട്ടന്‍റെ വീട് തെളിഞ്ഞു. വല്യേട്ടനും ചേച്ചിക്കും കുട്ടികൾക്കും സമ്മാനപ്പൊതികൾ കൊടുത്തപ്പോൾ അവർ തുറന്നു നോക്കുക പോലും ചെയ്യാതെ താങ്ക് യു എന്ന ഔപചാരിക പദത്തോടെ പാക്കറ്റ് വശത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

താങ്ക്യൂ പറഞ്ഞു എല്ലാം അവസാനിപ്പിക്കാമല്ലോ. സമ്മാനത്തിന്‍റെ വില എല്ലാവർക്കും ഒരേ പോലെ ആകണമെന്നില്ലല്ലോ. ചിലർ സമ്മാനത്തെ അതിന്‍റെ വില കൊണ്ടാണ് അളക്കുന്നത്. ചിലർ സമ്മാനത്തിന്‍റെ വലിപ്പത്തെപ്പറ്റിയാവും ശ്രദ്ധിക്കുക. മറ്റുചിലരാകട്ടെ സമ്മാനത്തിന് പിന്നിലുള്ള ആ സ്നേഹത്തെ ആവും അറിയുക.

ഒരാഴ്ച ചെറിയേട്ടനും ചേച്ചിക്കും ഒപ്പം ശരിക്കും ആഘോഷിക്കുകയായിരുന്നു. ചെറിയൊരു സങ്കടത്തിനും പരിഭവത്തിനും ശേഷം വലിയൊരു സന്തോഷം കടന്നു വന്നതുപോലെ….

ശാലിനിക്കും ഭർത്താവിനും കുട്ടിക്കും ആയി ചേച്ചി നേരത്തെ തന്നെ വസ്ത്രങ്ങൾ വാങ്ങി വച്ചിരുന്നു.

നിനക്കിത് ഇഷ്ടമാകുമോ എന്നറിയില്ല. വസ്ത്രങ്ങൾ കൊടുക്കവേ ചേച്ചി ആശങ്കയോടെ പറഞ്ഞു.

ചേച്ചി… ശാലിനി ചേച്ചിയെ കെട്ടിപ്പിടിച്ചു.

അതിനുശേഷം അവൾ കൊടുത്ത പാക്കറ്റ് തുറന്ന് സാരിയും മറ്റും കൗതുകത്തോടെ നോക്കി.

ചേച്ചി, രാജേഷിന്‍റെ ഷർട്ട് ഉഗ്രൻ തന്നെ. നല്ല കളർ കോമ്പിനേഷൻ. രാജേഷിന് ഇത് തീർച്ചയായും ഇഷ്ടമാകും. ശാലിനിയുടെ മറുപടി കേട്ട് ചേച്ചിയുടെ കണ്ണുകൾ തിളങ്ങി.

ചേച്ചി മുൻകൂട്ടി തയ്യാറാക്കിയ വച്ചിരുന്ന അച്ചാറും ചിപ്സും പലഹാരങ്ങളും ഒക്കെ ഭദ്രമായി പാക്ക് ചെയ്ത് ശാലിനിയെ ഏൽപ്പിച്ചു. ചേച്ചി ശരിക്കും അമ്മയെ പോലെ തന്നെ. ശാലിനി ഓർത്തു.

ചേച്ചിയുടെ കരുതലും സ്നേഹവും ശാലിനിക്ക് അമ്മയുടെ സ്നേഹ വാത്സല്യം പോലെ തോന്നിച്ചു. ചേച്ചിയുടെ ഓരോ ചലനത്തിലും ഉണ്ട് സ്നേഹത്തിന്‍റെയും കരുതലിന്‍റെയും മധുരം നിറഞ്ഞൊരു ഈണം. അതിനുമുന്നിൽ വലിയേട്ടന്‍റെയും ചേച്ചിയുടെയും വിലപിടിച്ച സമ്മാനങ്ങളും മുന്തിയ ഹോട്ടലിലെ ഡിന്നറും കാറും ഡ്രൈവറും ആഡംബരവും ഒക്കെ വെറും ശൂന്യങ്ങൾ ആയി ശാലിനിക്ക് തോന്നി. ബന്ധങ്ങളുടെ അർത്ഥ വ്യാപ്തി എവിടെയോ മറന്നുവെച്ച യന്ത്ര മനുഷ്യർ….

ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്നും പതിയെ നീങ്ങി തുടങ്ങി. എല്ലാവരുടെയും മുഖത്ത് വിഷമം കനം വെച്ചിരുന്നു. ചെറിയേട്ടനും ചേച്ചിയും കുട്ടികളും കണ്ണിൽ നിന്നും മറയുന്നത് വരെ ശാലിനിയും മകനും കൈവീശി കൊണ്ടിരുന്നു. സ്നേഹിക്കുന്നവരെ അലോസരപ്പെടുത്താത്ത മധുരമായ ഒരു ശബ്ദം പുറപ്പെടുവിച്ച് തീവണ്ടി കുതിച്ചു.

ഭാര്യയ്ക്ക് ചില പൊടിക്കൈകൾ

സദാ കയ്പ്പുചുവ സംസാരം മാത്രം ശീലമാക്കിയ ശ്രീമതിയെ പ്രമേഹം എങ്ങനെ പിടികൂടി എന്നത് ഗവേഷണ വിഷയമാക്കേണ്ട കാര്യമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

അങ്ങനെയിരിക്കയാണ് ഞങ്ങളുടെ ഡോക്ടർ സഹോദരി വീട്ടിൽ എത്തുന്നത്. അവളുടെ പക്കൽ ഷുഗർ മെഷർ ചെയ്യുന്ന മെഷീനും ഉണ്ടായിരുന്നു. അവൾ ബാഗിൽ നിന്നും മെഷീൻ പുറത്തെടുത്തതും ശ്രീമതിയും ഞെളിഞ്ഞവിടെ എത്തി.

ഏയ് സിന്ധു, നീ വലിയ ഡോക്ടർ ആയിരിക്കും. ചേട്ടനെ മാത്രം പരിശോധിച്ചാൽ പോരാ. എന്നെപ്പോലെ പാവം പിടിച്ച ഒരുത്തിയും ഇവിടെയുണ്ടെന്ന് കാര്യം മറക്കണ്ട. അവൾ സഹോദരിയോട് മൊഴിഞ്ഞു.

അർത്ഥം വെച്ചൊരു നോട്ടം എന്നിലേക്ക് എറിഞ്ഞ് അവൾ സംസാരം തുടർന്നു. ഇങ്ങേരുടെ കാര്യമാണോ? ഇതുപോലൊരു കുഴിമടിയന് ഒരു അസുഖവും വരത്തില്ലെന്നോ. ദേ, എന്‍റെ ഷുഗർ ഒന്ന് പരിശോധിച്ചേ. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഉടനെ അറിയാൻ പറ്റുമല്ലോ. ഞാൻ ഒഴിഞ്ഞിട്ടു വേണം വേറൊരു തീ കെട്ടാൻ എന്ന ഇങ്ങേരുടെ മനസ്സിലിരിപ്പ്.

സഹോദരിയുടെ വ്യഥ കേട്ട് മനസ്സലിഞ്ഞെന്നോണം സിന്ധു ഉടനെ  ശ്രീമതിയുടെ രക്തം പരിശോധിച്ചു. ചേച്ചി ഇനി മുതൽ മധുരം കുറച്ചു മതി.

സിന്ധു ഇവളോട് മധുരം കുറച്ചു കഴിക്കാനും മധുരം മാത്രം സംസാരിക്കാനും പറയ്. വീണു കിട്ടിയ അവസരം മുതൽ എടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

കേൾക്കേണ്ട താമസം ശ്രീമതിയുടെ മുഖഭാവം മാറി.

സിന്ധു, ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. ഇങ്ങേര് ഇതുവരെ എനിക്ക് ഒരു ടെസ്റ്റ് നടത്താൻ വേണ്ടി കാൽപണം പോലും ചെലവഴിച്ചിട്ടില്ല.

എന്‍റെ പൊന്നു ഭാര്യേ, നീ വെറുതെ ടെൻഷൻ അടിക്കല്ലേ. ഷുഗർ പ്രഷർ ആവാൻ അധികം നേരം വേണ്ട.

എന്തായാലും മധുരം കുറച്ചു കഴിക്കാൻ ഡോക്ടർ പറഞ്ഞാൽ പ്രമേഹമാണ് എന്നല്ലേ അർത്ഥം ആക്കേണ്ടത്. ഡയബറ്റിസ്… ഇന്ന് സദാ അലമുറയിടുന്ന ശ്രീമതിയെ ഞാൻ ഒരു കണക്കിന് സമാധാനിപ്പിക്കാൻ ശ്രമിച്ചു. മണ്ടി, നിനക്കറിയില്ലേ പ്രമേഹവും പ്രഷറും ഒക്കെ സമ്പന്നരുടെ രോഗമാണെന്ന്. അപ്പോൾ നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്. നീ എവിടെയെങ്കിലും ചെന്ന് മധുരം ചേർക്കാത്ത ചായ ആവശ്യപ്പെട്ടാൽ അവർ പറയും പണക്കാരിയല്ലേ. അതാ ഉപ്പും മധുരവും ഒന്നും വേണ്ടാത്തതെന്ന്.

അതോടെ പ്രമേഹം എങ്ങനെ സുഖപ്പെടുത്താം എന്ന ചിന്ത അവളെ പിടികൂടി. അല്ലെങ്കിൽ തന്നെ പണ്ട് മുതൽക്കേ പൊടിക്കൈകളിലും നാട്ടുവൈദ്യത്തിലും അവൾക്ക് വലിയ വിശ്വാസമാണ്.

അടുത്തദിവസം മുതൽ അവൾ കോളനിയിലെ പൊങ്ങച്ചക്കാരികൾക്കിടയിൽ ഇരുന്നു താനൊരു പ്രമേഹ രോഗിയാണെന്ന് വച്ചുകാച്ചി.

ഒരു ഞായറാഴ്ച വീട്ടുമുറ്റത്തിരുന്ന് വിശ്രമിക്കുകയായിരുന്നു. അതിനിടയ്ക്കാണ് അയൽക്കാരൻ പിള്ള സാർ അവിടെ എത്തിയത്. ശ്രീമതി എല്ലാവർക്കും വേണ്ടി ചായ തയ്യാറാക്കി കൊണ്ടുവന്നു. നീ വിത്തൗട്ട് കുടിച്ചാൽ മതി ഞാൻ ഓർമിപ്പിച്ചു.

കേട്ടപാതി മിസ്റ്റർ പിള്ള ശ്രീമതിയുടെ നേരെ തിരിഞ്ഞു. ചേച്ചി, പ്രമേഹം അല്പം പ്രശ്നക്കാരനാ. ഒന്നും നേരാവണ്ണം തിന്നാനും കുടിക്കാനും കൂടി പറ്റില്ല. പക്ഷേ വിഷമിക്കാൻ ഒന്നുമില്ല. ഒരൊറ്റ കാര്യം ചെയ്താൽ മതി. ഒരു കിലോ പാവയ്ക്ക വാങ്ങുക. മിക്സിയിൽ ഇട്ട് അരച്ച് ജ്യൂസ് തയ്യാറാക്കി അരിപ്പയിൽ അരിച്ച് ഒരൊറ്റ  വലിക്ക് അകത്താക്കുക. ദിവസവും മൂന്നോ നാലോ തവണ ഇതാവർത്തിച്ചാൽ പ്രമേഹം പമ്പകടക്കും.

ചായ കുടി കഴിഞ്ഞ ഉടനെ, ശ്രീമതിക്ക് ഇരിക്കപ്പൊറുതി ഇല്ലാത്തത് കണ്ട് ഞാൻ ഉടനെ മാർക്കറ്റിൽ ചെന്ന് പാവയ്ക്ക വാങ്ങി. ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് ഉണ്ടാക്കി അവൾക്ക് നൽകി. ഓരോ ഇറക്കു കുടിക്കുമ്പോഴും ശ്രീമതിയുടെ മുഖമുദ്രകൾ മാറുന്നത് കണ്ട് ചെറിയൊരു സന്തോഷം എനിക്ക് തോന്നാതിരുന്നില്ല. പ്രതികാരം വീട്ടിയതിന്‍റെ സുഖം എനിക്ക് അനുഭവപ്പെട്ടു.

ഒരു പൊടിക്കായി പ്രയോഗം പൊടിപൊടിക്കുന്നതിനിടയിൽ അവളുടെ കൂട്ടുകാരി മറ്റൊരു കിടിലൻ പ്രയോഗവുമായി എത്തി. ഏയ് മഞ്ജു… ഈ പായ്ക്കറ്റും പാവയ്ക്കയും ഒക്കെ പഴഞ്ചൻ പ്രയോഗം അല്ലേ. നീ ആര്യവേപ്പിന്‍റെ ഇല കഴിച്ചു നോക്ക്. ആടുകളെ കണ്ടിട്ടില്ലേ. എപ്പോഴും ഇല ചവച്ചു കൊണ്ട് നടക്കുന്നത്. അവയ്ക്കുണ്ടോ ഈ പ്രമേഹം?.

അങ്ങനെ ആര്യവേപ്പ് ഇല അന്വേഷണവും എന്‍റെ ദൗത്യമായി. ആരാന്‍റെ പറമ്പിൽ നിന്ന് ആര്യവേപ്പില മോഷ്ടിച്ചു കൊണ്ടുവരുന്ന പണിയും എനിക്ക് കിട്ടി.

പെട്ടെന്നൊരു ദിവസം ശ്രീമതിയുടെ അമ്മായി എത്തി. മഞ്ജു, നീ ഒരു കിലോ വെണ്ടയ്ക്ക വാങ്ങ്. പറഞ്ഞുതീരും മുമ്പ് അവർ എന്‍റെ നേരെ തിരിഞ്ഞു. രമേശാ, വേഗം പോയി ഒരു കിലോ വെണ്ടയ്ക്ക വാങ്ങി വാ.

പിന്നെ, വെണ്ടയ്ക്ക അരിഞ്ഞ് രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കണം. രാവിലെ ഉണർന്ന ഉടനെ വെറും വയറ്റിൽ ജ്യൂസ് കുടിക്കണം. ഒരു മാസം ഇത് പതിവാക്കണം. പ്രമേഹം പമ്പ കടക്കും. മാത്രമല്ല വെണ്ടയ്ക്ക നിനക്ക് ഇഷ്ടമുള്ള പച്ചക്കറിയും ആണല്ലോ. ജ്യൂസ് ഉണ്ടാക്കാൻ 200 ഗ്രാം വെണ്ടയ്ക്ക മതി. ബാക്കിയുള്ളതുകൊണ്ട് നിനക്ക് ഇടയ്ക്കിടയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാമല്ലോ.

ചുരുക്കിപ്പറഞ്ഞാൽ വഴിപോക്കർ പോലും വീട്ടിൽ കയറി പൊടിക്കൈകൾ പറഞ്ഞു പോകാൻ തുടങ്ങി. സത്യം പറയാമല്ലോ  അവരെയൊക്കെ കൈവയ്ക്കണം എന്ന് എനിക്കുണ്ട്.

ഒരു ദിവസം അവൾ അഞ്ച് കിലോ ഉലുവ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇത് ചൂർണ്ണം ആക്കി പതിവായി നാലഞ്ചുവട്ടം കഴിക്കണം പോലും.

ശ്രീമതിയെ പിണക്കുന്നത് ശരിയല്ല എന്നതിനാൽ എതിർവാക്കൊന്നും പറയാതെ ഞാൻ അതെല്ലാം അതേപടി അനുസരിക്കും. വല്ലായ്മ കാണിച്ചാൽ എനിക്ക് ശ്രീമതിയോട് ഇഷ്ടമല്ലെന്നല്ലേ ആരും കരുതൂ. എന്നിരുന്നാലും മാറിമാറി പ്രയോഗിക്കുന്ന ഈ പൊടിക്കൈകൾ എന്‍റെ കീശ കാലിയാക്കി കൊണ്ടിരുന്നു.

ഒരു ദിവസം ഞാനും ശ്രീമതിയും ഡ്രോയിങ് റൂമിലിരുന്ന് ടെലിവിഷൻ കാണുകയായിരുന്നു. പ്രമേഹത്തിൽ നിന്നും മോചനം! ഹെർബൽ ടിവി ശീലമാക്കു…

പരസ്യം കണ്ട് ശ്രീമതിയുടെ കണ്ണു മഞ്ഞളിച്ചു. ഒപ്പം ആരെയും ആകർഷിക്കുന്ന വിധത്തിലുള്ള വിദേശ യുവതികളുടെ അവതരണവും. ഉടനെ തന്നെ ശ്രീമതിക്കും വേണം ഹെർബൽ ടീ വെറും 4999 രൂപ ഒരു പായ്ക്കറ്റിന്. കരയുന്ന മനസ്സോടെ ഞാനും ഒരു പായ്ക്കറ്റിനും ഓർഡർ നൽകി.

എന്‍റെ പരിചരണം കൊണ്ട് ശ്രീമതിയുടെ ഷുഗർ ലെവൽ താഴ്ന്നോ എന്നറിയില്ല. ശബ്ദത്തിന് കുറച്ച് മയം വന്നിട്ടുണ്ട്. സിന്ധു പിന്നെയും വീട്ടിലെത്തി. സിന്ധുവിനെ കണ്ടതും ശ്രീമതി കൈ മുന്നോട്ടു നീട്ടി. സിന്ധുടനെ തന്നെ ഷുഗർ ലെവൽ പരിശോധിച്ചു നോർമൽ. ശ്രീമതിക്ക് സന്തോഷമായി.

സിന്ധു പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു. ചേട്ടാ, അന്ന് മെഷീൻ കേടായിരുന്നു. അതുകൊണ്ടാ ചേച്ചിക്ക് ഷുഗർ കൂടുതലാണെന്ന് തോന്നിയത്. പ്രമേഹം ഒന്നും ഇല്ലായിരുന്നു.

പണം കുറെ പോയാലും സങ്കടമില്ല.  അവളുടെ ഇന്നാളു വരെയുള്ള ചെയ്തികൾക്ക് പാവയ്ക്ക ജ്യൂസ് കുടിപ്പിച്ചു പകരം വീട്ടാൻ പറ്റിയല്ലോ. കയ്പ്പിന്‍റെ ഫലം മധുരം ആണെന്ന് പറയുന്നത് വെറുതെയല്ല.

നിഴൽ ശില്പങ്ങൾ

അപർണ സന്തോഷത്തിലായിരുന്നു. ഇന്ന് അവളുടെയും സന്ദീപിന്‍റെയും ഒന്നാം വിവാഹ വാർഷികമാണ്. മേക്കപ്പിന് അവസാനമായി ഒരു ടച്ച് കൊടുത്തുകൊണ്ട് ഭംഗിയുള്ള കസവുകൾ നിറഞ്ഞ സാരിയുടെ മുന്താണി കയ്യിൽ വിടർത്തിയിട്ട ശേഷം ഡ്രസ്സിംഗ് ടേബിളിന് മുന്നിലുള്ള കണ്ണാടിയിൽ നോക്കി പുഞ്ചിരി തൂകി. പിങ്ക് നിറമുള്ള പട്ടുസാരി അവളെ ഒരു റോസാപ്പൂ പോലെ സുന്ദരിയാക്കി.

ഇന്ന് രാവിലെ സന്ദീപ് സമ്മാനിച്ച വിലകൂടിയ സാരിയാണ് ഇത്. ഇന്ന് സന്ദീപിന് ഞാനും ഒരു സമ്മാനം കരുതി വെച്ചിട്ടുണ്ട്. തീർച്ചയായും സന്ദീപിനത് ഒത്തിരി ഇഷ്ടമാവും. അപർണയുടെ സുന്ദരമായ മുഖം ലജ്ജയാൽ കൂമ്പി പോയി.

കുറച്ചു ദിവസങ്ങളായി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. അതിന്‍റെ ചില ലക്ഷണങ്ങളും സൂചനകളും അവളുടെ ശരീരം കാട്ടിത്തുടങ്ങിയിരിക്കുന്നു. വെഡിംഗ് ആനിവേഴ്സറി ഡേയിൽ ഈ വാർത്ത അറിയിച്ച് സന്ദീപിനെ അത്ഭുതപ്പെടുത്താമല്ലോ. ജീവിതത്തിലെ ഏറ്റവും ശുഭകരമായ വാർത്ത അറിയാൻ ഇതിലും മനോഹരമായ മറ്റേതു ദിവസമാണ് ഉള്ളത്. ഇന്ന് രണ്ട് പരിപാടികളാണ് സന്ദീപ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്ന് സിനിമ അതുകഴിഞ്ഞ് ഗ്രീൻ പാർക്കിൽ ഡിന്നർ.

ഡിന്നർ കഴിഞ്ഞ് അവർ ഗ്രീൻ പാർക്കിൽ നിന്നും പുറത്തിറങ്ങി. രാത്രി ഏറെ വൈകിയിരുന്നു. കറുത്തിരുണ്ട ആകാശത്തിൽ ഒരൊറ്റ നക്ഷത്രത്തെ പോലും കാണാനില്ല. ആഞ്ഞുവീശിയ കാറ്റിനൊപ്പം ഇരമ്പിയെത്തിയ മഴ നനഞ്ഞ അവർ ഹോട്ടലിലെ കാർ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. സന്ദീപും അപർണയും തിടുക്കപ്പെട്ട് കാറിൽ കയറി. സന്ദീപ് കാർ സ്റ്റാർട്ട് ആക്കി. വഴി വിജനമായിരുന്നു. വീട്ടിലേക്ക് ഇനി കുറെ ദൂരം ഉണ്ട്. പെട്ടെന്ന് കാർ ഒരു ഞെരുക്കത്തോടെ നിന്നു. എൻജിനിൽ വെള്ളം കയറിയത് ആയിരുന്നു.

ഏതെങ്കിലും വാഹനത്തിൽ ലിഫ്റ്റ് കിട്ടുമെന്ന് പ്രതീക്ഷയിൽ അവർ വണ്ടിയിൽ തന്നെയിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു കാർ വരുന്നത് കണ്ട് സന്ദീപ് പുറത്തേക്കിറങ്ങി വാഹനത്തിന് നേരെ കൈവീശി. സന്ദീപിന് തൊട്ടടുത്തായി കാർ വന്നുനിന്നു. ഗ്ലാസ് താഴ്ത്തി ഒരു യുവാവ് പുറത്തേക്ക് നോക്കി. അയാൾ അപർണയെ ഒന്നു നോക്കിയശേഷം പിൻവശത്തെ ഡോർ തുറന്നു. അപർണ നന്ദി സൂചകവുമായി ചിരിച്ചുകൊണ്ട് കാറിലേക്ക് കയറി. സന്ദീപ് തന്‍റെ കാർ ലോക്ക് ചെയ്യുന്നതിനിടെ യുവാവ് കാർ സ്റ്റാർട്ട് ആക്കി ചീറിപ്പാഞ്ഞു. സന്ദീപ് അലറി വിളിച്ചു കൊണ്ട് കാറിന് പിന്നാലെ ഏറെ ദൂരം പാഞ്ഞുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.

കാറിന്‍റെ പിൻസീറ്റിൽ ഉണ്ടായിരുന്ന യുവാവ് അപർണയെ കടന്നു പിടിച്ചു. അപർണ അയാളുടെ കൈ തട്ടി മാറ്റി കൊണ്ട് ഡോർ തുറക്കാനായി മുന്നോട്ടാഞ്ഞു. അടുത്തിരുന്ന യുവാവ് അവളെ ബലമായി പിടിച്ചു വലിച്ചു. അവളുടെ മുഖം പിടിച്ചുയർത്തി മൃഗീയമായ ആവേശത്തോടെ അയാൾ ചുംബിക്കാനാഞ്ഞു.

അവൾ ഉച്ചത്തിൽ ബഹളം വെച്ചതോടെ യുവാക്കളിൽ ഒരുവൻ അവളുടെ ചുണ്ടു കടിച്ചു പറിച്ചു. കടുത്ത വേദനയിൽ നിലവിളി അവളുടെ തൊണ്ടയിൽ കുടുങ്ങി. വായിൽ രക്തത്തിന്‍റെ ഉപ്പു രസം. ഏറെ ദൂരം മുന്നോട്ടു പോയ ശേഷം അവർ വിജനമായ റോഡരിയിൽ കാർ നിർത്തി. അവളുടെ ദീനരോദനം പുറത്തു കേൾക്കാതിരിക്കാൻ അവർ കാർ സ്റ്റീരിയോയിലൂടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിന്‍റെ ശബ്ദം ഉയർത്തി. മൂവരും മദ്യലഹരിയിൽ ആയിരുന്നു.

വേട്ടക്കാരന്‍റെ വലയിൽ വീണ മാൻപേടയെ പോലെ അവൾ പിടഞ്ഞു. തന്നെ വെറുതെ വിടണം എന്ന് അവൾ താണുകേണ് പേക്ഷിച്ചുകൊണ്ടിരുന്നു. നിസ്സഹായതയോടെ ഒരു മരപ്പാവ കണക്കെ അവൾ കണ്ണിറുക്കി പിടിച്ചു തേങ്ങി. കരഞ്ഞു കരഞ്ഞ് അവളുടെ തൊണ്ട വരണ്ടു പോയിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ അവർ സന്ദീപിന്‍റെ കാർ കിടന്നയിടത്ത് അവളെ ഉപേക്ഷിച്ചിട്ട് വേഗത്തിൽ ഓടിച്ചു പോയി. കാറിനരികിൽ എത്തിയ സന്ദീപ് തളർന്ന് റോഡിൽ കിടന്ന അവളെ താങ്ങിയെടുത്ത് പിൻസീറ്റിൽ ഇരുത്തി. അവളുടെ കീറിപ്പറിഞ്ഞ വസ്ത്രവും തിണർത്തു പൊന്തിയ മുഖവും കണ്ട് അയാൾ മുഖം പൊത്തി കരഞ്ഞു.

മഴ പൂർണ്ണമായും തോർന്നു കഴിഞ്ഞിരുന്നു. എങ്ങനെയോ കാർ സ്റ്റാർട്ട് ആക്കിയശേഷം അയാൾ അപർണയേയും കൂട്ടി ഡോക്ടർ മനോജ് കുമാറിന്‍റെ വീട്ടിലെത്തി. മനോജിന്‍റെ ഭാര്യ നിഷയും ഡോക്ടറായിരുന്നു.

പോലീസിൽ പരാതി കൊടുക്കാൻ തുനിഞ്ഞെങ്കിലും മനോജിന്‍റെയും ഭാര്യയുടെയും അഭിപ്രായം മാനിച്ച് അയാൾ അതിൽനിന്നും പിന്തിരിഞ്ഞു. ഇക്കാര്യം പുറത്തറിഞ്ഞ് പ്രശ്നം വഷളാക്കേണ്ട എന്ന നിലപാടിൽ ആയിരുന്നു അവർ.

നിഷയുടെ പരിചരണത്തിൽ അപർണയുടെ ശാരീരികമായ വിഷമതകൾ മാറിയെങ്കിലും മനസ്സിനേറ്റ മുറിവ് മാരകമായിരുന്നു. സന്ദീപ് കോളേജിൽ നിന്നും ദീർഘ അവധിയെടുത്ത് അപർണ്ണയോടൊപ്പം ചെലവഴിച്ചു. അപർണ തെറ്റുകാരി അല്ലെന്നും അവളെ പഴയത് പോലെ തന്നെ സ്നേഹിക്കാൻ ഉണ്ടെന്നുമുള്ള വിശ്വാസം വളർത്തിയെടുക്കാനും അയാൾ തനിക്കാവുംവിധം ശ്രമിച്ചുകൊണ്ടിരുന്നു.

പതിയെ അവൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ട് തുടങ്ങി. പക്ഷേ ജീവിതം അവൾക്കത്ര അനായാസം ആയിരുന്നില്ല. മാസങ്ങൾ കടന്നുപോകവെ അപർണയുടെ ശരീരത്തിൽ ചില മാറ്റങ്ങൾ വന്നു. ഏറെ നാളായി മരവിപ്പിന്‍റെ ലോകത്തായിരുന്നതിനാൽ താനൊരു അമ്മയാവാൻ പോവുകയാണെന്ന കാര്യം പോലും എന്നെ മറന്നു കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഈ യാഥാർത്ഥ്യം സന്ദീപിനെ സംബന്ധിച്ച് ഒരു കളങ്കം തന്നെയായിരുന്നു.

അയാൾ പതിയെ അവളിൽ നിന്നും ഒഴിഞ്ഞുമാറി തുടങ്ങി. അയാളിലെ മാറ്റം അവളിൽ കൂടുതൽ അസ്വസ്ഥയാക്കി. അവൾ ഒരു ദിവസം പൊട്ടിക്കരഞ്ഞു.

എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്?

ഒന്നുമില്ല, സന്ദീപ് ചിരിക്കാൻ ശ്രമിച്ചു.

ഇല്ല, എന്തോ ഉണ്ട്.

ഒന്നുമില്ലെന്നല്ലേ പറഞ്ഞത്. അയാളുടെ ശബ്ദം കനത്തു.

അത് കള്ളം, മനസ്സിൽ എന്താണെന്ന് തുറന്നു പറയാമല്ലോ. അറിയണമെന്ന് വാശിയിലായിരുന്നു അപർണ.

തുടർന്ന് സംസാരം ഒഴിവാക്കാനായി അയാൾ എഴുന്നേറ്റ് പോകാൻ ഒരുങ്ങി. അവൾ അയാളുടെ കയ്യിൽ കടന്നു പിടിച്ച ഉടനെ അയാൾ പറഞ്ഞു, അപർണ, നമുക്കിത് അബോർഷൻ…

ചെവിക്കുള്ളിൽ എന്തോ ഉരുകിയൊലിക്കുന്ന അസഹ്യതയോടെ അവൾ ചെവി പൊത്തി. സമനില വീണ്ടെടുക്കാൻ അവൾക്ക് ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു.

പുരുഷൻ എത്ര ദയാലുവായാലും മറ്റൊരാളുടെ കുഞ്ഞിനെ അംഗീകരിക്കാൻ ഒരിക്കലും തയ്യാറാവുകയില്ല. എന്നാൽ ഇത് സ്വന്തം കുഞ്ഞായിരുന്നിട്ട് കൂടി…

അവൾ അയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചു. അവളുടെ കണ്ണുകൾ പ്രതീക്ഷയുടെ രണ്ട് അഗ്നിഗോളങ്ങളായി തിളങ്ങി. സന്ദീപ് എന്നെ വിശ്വസിക്കൂ, ഇത് നമ്മുടെ കുഞ്ഞാണ്. നമ്മുടെ സ്നേഹത്തിന്‍റെ അടയാളം.

അങ്ങനെയായിരുന്നുവെങ്കിൽ നിനക്ക് എന്നോട് നേരത്തെ പറയാമായിരുന്നല്ലോ. അസഹ്യതയോടെ സന്ദീപ് പറഞ്ഞു. എന്നെന്നേക്കുമായി തകർന്നു പോകുമായിരുന്ന തന്‍റെ ജീവിതത്തെ കൈക്കുമ്പിളിൽ കോരിയെടുത്ത് നിധി പോലെ സൂക്ഷിച്ച സന്ദീപ് തന്നെയാണോ ഇത്? അയാളുടെ ആദ്യത്തെയും അവസാനത്തെയും പ്രണയമായിരുന്നു താൻ. ചെയ്യാത്ത ഒരു തെറ്റിനുള്ള ശിക്ഷയാണല്ലോ സന്ദീപ് വിധിച്ചത്.

എന്താ ആലോചിക്കുന്നേ? ഇക്കാര്യങ്ങളൊക്കെ പരസ്യമാകാൻ അധിക സമയം ഒന്നും വേണ്ട. ആളുകൾ ഓരോന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. അപർണ്ണ നിർവികാരയായി തലയാട്ടി.

സന്ദീപിന്‍റെ വീട്ടുകാർ തീർത്തും അവളെ അവഗണിച്ചു. തന്‍റെ എല്ലാമെല്ലാമായ സ്നേഹത്തിന്‍റെ മുദ്രയെ മായിച്ചു കളയാൻ അവൾ ഒരിക്കലും ആഗ്രഹിച്ചില്ല. ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ.

അവൾ സന്ദീപിനെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിന് വീണ്ടും ശ്രമിച്ചു. എന്നാൽ അബോർഷനെ കുറിച്ചല്ലാതെ അയാൾ മറ്റൊന്നിനെക്കുറിച്ചും പറയാൻ താല്പര്യപ്പെട്ടില്ല.

ഭാര്യ ഭർത്താവ് ബന്ധത്തിൽ സംശയത്തിന്‍റെ കരിനിഴൽ പടർന്നു കഴിഞ്ഞാൽ പിന്നെ ആ ബന്ധത്തിന് എന്ത് അസ്തിത്വമാണ് ഉള്ളത്.

പിറ്റേന്ന് രാവിലെ തന്നെ അപർണ സന്ദീപിനൊരു കത്തെഴുതി വെച്ചിട്ട് വീട് വിട്ടിറങ്ങി. ജീവനില്ലാത്ത ആ ബന്ധം പേറി നടന്നിട്ട് എന്തുകാര്യം? അവളുടെ ഓരോ ചുവടുവെപ്പും ഉറച്ചതായിരുന്നു. അപർണ തന്‍റെ ബാല്യകാലസഖി ആയിരുന്ന നിമ്മിയുടെ വീട്ടിലെത്തി. സന്ദീപ് തേടി വരാൻ സാധ്യതയില്ലാത്ത ഒരേയൊരു ഇടം. നിമ്മിയുടെ വീട്ടിൽ നിമ്മിയും പരിചാരികയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രണയബന്ധം ഉണ്ടായിരുന്നത് തകർന്നതോടെ വിവാഹം കഴിക്കാതെ തനിച്ച് ജീവിക്കുകയാണ് അവൾ. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥ.

അപർണയുടെ കഥയറിഞ്ഞ് നിമ്മിയുടെ മനസ്സലിഞ്ഞു. കഷ്ടിച്ച് 24 വയസ്സുള്ള അപർണ നേരിട്ടത് എത്ര ക്രൂരമായ അനുഭവങ്ങളാണ്. എന്നിട്ടും ജീവിക്കണമെന്ന് മോഹം അവളുടെ ഉള്ളിന്‍റെയുള്ളിൽ തെളിഞ്ഞിരിക്കുകയല്ലേ.

അപർണയ്ക്കിപ്പോൾ ധൈര്യവും ആത്മവിശ്വാസവും പകരുകയാണ് വേണ്ടത്. അതിന് അത്യാവശ്യമായി ഒരു ജോലി സംഘടിപ്പിക്കണം. നിമ്മി തന്‍റെ ഓഫീസിൽ തന്നെ അപർണയ്ക്ക് ജോലി ശരിയാക്കി.

ജീവിതം പുതിയൊരു പാതയിലൂടെ ഓടിത്തുടങ്ങി. അപർണ ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നൽകി. അരവിന്ദ്. അരവിന്ദിനും സന്ദീപിനും ഇടയിൽ ഉണ്ടായിരുന്നു സമാനതകൾ അവളെ ആശ്ചര്യപ്പെടുത്തി. അതെ ഉയർന്ന നെറ്റിത്തടം കറുത്തിരുണ്ട മുടി ചിരിക്കുമ്പോൾ താടിയിൽ വിരിയുന്ന കുഞ്ഞൻ കുഴി… അപർണയുടെ നിരപരാധിത്വം തെളിയിക്കാൻ വിധി നൽകിയ ഏറ്റവും വലിയ തെളിവുകൾ അല്ലേ ഇത്. അരവിന്ദിനെ ഒന്ന് കാണാൻ സന്ദീപ് വന്നിരുന്നെങ്കിൽ എന്ന് അപർണ വെറുതെ മോഹിച്ചു. സന്ദീപിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവളെ രഹസ്യമായ ചില നീക്കങ്ങളും നടത്തിയിരുന്നു. എന്നാൽ സന്ദീപ് വിദേശത്ത് എവിടെയോ ജോലി തേടി പോയെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇന്ന് സ്കൂളിൽ ആനുവൽ ഡേ ആണ്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉത്സാഹത്തോടെ ഓടിനടക്കുന്ന കാഴ്ചയായിരുന്നു സ്കൂളിൽ എങ്ങും. കുട്ടികളുടെ കലാപരിപാടിക്കുശേഷം സ്കൂളിലെ പ്രിൻസിപ്പൽ സിപി നായർ സ്റ്റേജിൽ എത്തി. ഓരോ രംഗങ്ങളിലും മികവ് തെളിയിച്ച കുട്ടികൾക്ക് പുരസ്കാരം നൽകാനായി പ്രധാന അതിഥിയായ സന്ദീപ് മേനോനെ സ്റ്റേജിലേക്ക് പ്രിൻസിപ്പൽ ക്ഷണിച്ചു.

അനൗൺസ്മെന്‍റ് കേട്ട ഉടനെ ഹാളിൽ ഉണ്ടായിരുന്ന അപർണ ഞെട്ടിത്തരിച്ചിരുന്നു. സ്റ്റേജിൽ കൈകൂപ്പി കടന്നുവന്ന പ്രധാന അതിഥിയെ കണ്ട് അവൾ സ്തബ്ധയായി. സന്ദീപ്… അരവിന്ദിന്‍റെ അച്ഛൻ. എത്ര ആഗ്രഹിച്ചിട്ടും ഒരു നിമിഷം പോലും മറക്കാനാവാത്ത മുഖം. അവളുടെ മനസ്സിൽ കൊടുങ്കാറ്റ് ഉയർന്നു. പ്രിൻസിപ്പലിന്‍റെ ശബ്ദം ദൂരെ നിന്നും മുഴങ്ങുന്നത് പോലെ. പ്രിൻസിപ്പൽ സന്ദീപിനെ സദസ്സിനെ പരിചയപ്പെടുത്തി. സ്കൂളിലെ സമർത്ഥനായ മുൻ വിദ്യാർഥി.

അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ഇന്നാണ് ന്യായവിധി. സന്ദീപ് സ്വന്തം മകനെ തിരിച്ചറിയുമോ? അവൾ ആരും കാണാതെ കണ്ണുതുടച്ചു.

ആദ്യത്തെ പേര് അരവിന്ദിന്‍റെ ആയിരുന്നു. സ്റ്റേജിൽ എത്തിയ അരവിന്ദ് സന്ദീപിനെ നോക്കി പുഞ്ചിരിച്ചു. സന്ദീപ് അവനെ കൈകൊടുത്ത് അഭിനന്ദിച്ചു. പൊടുന്നനെ സന്ദീപിന്‍റെ ഹൃദയമിടിച്ചു. ഏതായിരിക്കും ഈ കുട്ടി? വളരെ പരിചിതമായ മുഖം. അയാളുടെ ഓർമ്മകളിലേക്ക് അയാളുടെ കുട്ടിക്കാലം ഓടിയെത്തി. തന്‍റെ അതേ ഛായയുള്ള കുട്ടി.

അരവിന്ദിന്‍റെ പേര് ആവർത്തിച്ചാവർത്തിച്ച് അനൗൺസ് ചെയ്തു. അവൻ എല്ലാ രംഗത്തും ഒന്നാം സ്ഥാനത്തായിരുന്നു. ഓരോ തവണയും സ്റ്റേജിൽ കടന്നുവന്ന അരവിന്ദിന്‍റെ ശിരസ്സിൽ സന്ദീപ് വാത്സല്യപൂർവം തലോടി. മിടുക്കനായ ഈ കുട്ടി ആരുടെ മകൻ ആയിരിക്കും? ജിജ്ഞാസ അയാളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

സമ്മാന വിതരണത്തെ തുടർന്ന് ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ രക്ഷിതാക്കൾ പുറത്തെ വിശാലമായ ഗ്രൗണ്ടിലേക്ക് നടന്നു.

ആ സമയം അരവിന്ദ് തന്നെയും നോക്കി നിൽക്കുന്നത് സന്ദീപ് ശ്രദ്ധിച്ചു. അയാൾ പതിയെ അരവിന്ദിന്‍റെ അടുത്തേക്ക് ചെന്ന് ശിരസ്സിൽ തലോടി.

മോന്‍റെ പപ്പയുടെ പേരെന്താ?

സന്ദീപ് മേനോൻ.

മമ്മിയോ?

അപർണ…

സന്ദീപിന്‍റെ നെഞ്ചിടിപ്പ് ഉയർന്നു. അരവിന്ദ് തന്‍റെ മകനാണ്. അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ അരവിന്ദനെ ചേർത്ത് നിർത്തി. മോനെ, നിന്‍റെ മമ്മി എവിടെ?

മമ്മി ഇവിടെ എവിടെയെങ്കിലും ഉണ്ടാവും.

അവളെ കാണാൻ അയാളുടെ മനസ്സ് കൊതിച്ചു. അവളോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം. സംഭവങ്ങളുടെ സത്യാവസ്ഥ അയാൾ ഡോക്ടർ നിഷയിൽ നിന്നും നേരത്തെ അറിഞ്ഞിട്ടുണ്ടായിരുന്നു.

അങ്ങകലെ കുന്നിൻ ചെരുവിൽ ചുവപ്പ് രാശി പടർന്നു.

കണ്ണിമ ചിമ്മാതെ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ സൂര്യന്‍റെ അവസാനത്തെ തുണ്ടും കുന്നിന് പിന്നിൽ മായുന്നത് കണ്ട് അവൾ ദീർഘനിശ്വാസ മുതിർത്തു. ഈ സമയം സന്ദീപ് അവളുടെ പിന്നിൽ വന്നുനിന്നത് അവൾ അറിഞ്ഞതേയില്ല.

നിന്നിഷ്ടം എന്നിഷ്ടം

“ചേച്ചി, സിറ്റർ സുന്ദരി തന്നെയാ, പക്ഷേ ചേച്ചിയുടെ അത്രയുമില്ല കേട്ടോ” ശിൽപയെ അടിമുടി നോക്കിയശേഷം ആനന്ദ് ഉറക്കെ ചിരിച്ചു.

“എടാ, നിന്‍റെ വിലയിരുത്തൽ ശരിയല്ല.” അരവിന്ദനും ചിരി നിയന്ത്രിക്കാനായില്ല.“ ഇവൾ ശിൽപയെക്കാൾ സുന്ദരിയാ.”

“ശിൽപയെ കണ്ടിട്ട് അനിയന്‍റെ കണ്ണ് മഞ്ഞളിച്ചു പോയെന്നാ തോന്നുന്നത്.” ശ്രുതി അവനെ കളിയാക്കി.

“ചേച്ചി, എന്‍റെ സ്മാർട്ട്നസിന് എന്താ കുറവ്. അത് കണ്ടിട്ടാകണം കക്ഷി കൺഫ്യൂഷനിലായത്. നോക്ക്, കണ്ണ് മിഴിച്ച് നോക്കുന്നത് കണ്ടില്ലേ.” ആനന്ദ് കോളർ പിടിച്ചുയർത്തി ഗമ കാണിച്ചു.

“ഹേയ് മിസ്റ്റർ, അത് നിങ്ങളുടെ തെറ്റിദ്ധാരണയാ. മൃഗശാലയിൽ ചെന്നാൽ നമ്മൾ ചില വിചിത്രജീവികളെ അത്ഭുതത്തോടെ നോക്കാറില്ലേ? എന്താ സ്മാർട്ട്നസ് ഉള്ളതുകൊണ്ടാണോ?” ശിൽപ തിരിച്ചടിച്ചു.

“വെരിഗുഡ്… നല്ല മറുപടി തന്നെ.” അരവിന്ദ് കൈ കൊട്ടി ചിരിച്ചു.

“ശിൽപ, എന്തുപറയണമെന്ന് ഈ പെണ്ണിന് ഒരു നിശ്ചയവുമില്ല. വായിൽ വന്നതങ്ങ് പറയുകയാ.” സാവിത്രിയമ്മ ശിൽപയെ ചെറുതായൊന്ന് താക്കീത് ചെയ്തു.

“ആന്‍റി… വഴക്ക് പറയണ്ട. പ്രശംസ കുറഞ്ഞുപോയതിന്‍റെ പ്രതിഷേധമാ” ആനന്ദ് ശിൽപയെ നോക്കി ചിരിച്ചു.

“നിനക്ക് ശിൽപയെ ഇഷ്ടമായോ?” ശ്രുതി ആനന്ദിനെ നോക്കി.

“ങ്ഹാ, കുഴപ്പമില്ല.” ആനന്ദ് അലക്ഷ്യമായി പറഞ്ഞു.

വീട്ടിലെ ഏറ്റവും ഇളയ ആളായതിനാൽ ആനന്ദിനോട് ചേട്ടനും ഭാര്യ ശ്രുതിക്കും പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഭർത്താവിന്‍റെ അനുജൻ എന്നതിലുപരി ആനന്ദ് ശ്രുതിക്ക് സ്വന്തം അനുജനപ്പോലെയായിരുന്നു. ആനന്ദിനും ചേച്ചിയെന്നാൽ ജീവനായിരുന്നു. വീട്ടിൽ വരുമ്പോഴൊക്കെ അനുജത്തിയോടും അമ്മയോടും ആനന്ദിനക്കുറിച്ച് പറയാനേ അവൾക്ക് നേരമുള്ളൂ. മൂംബൈയിൽ എൻജിനീയറാണ് ആനന്ദ്.

ചേട്ടന്‍റെയും ചേച്ചിയുടെയും വിവാഹവാർഷികം ആഘോഷിക്കാനാണ് ശിൽപയും സാവിത്രിയമ്മയും തിരുവന്തപുരത്തു നിന്നും കൊച്ചിയിലെ അവരുടെ വീട്ടിലെത്തിയത്. അരവിന്ദന്‍റെയും ആനന്ദിന്‍റെയും അച്ഛനമ്മമാർ നേരത്തേ മരിച്ചു പോയതിനാൽ ഏത് വിശേഷാവസരത്തിലും സാവിത്രിയമ്മ വേണമെന്നത് അവർക്ക് നിർബന്ധമായിരുന്നു.

ചേട്ടന്‍റെയും ചേച്ചിയുടെയും വിവാഹവാർഷികം ആഘോഷിക്കാനായി ആനന്ദ് ഒരാഴ്ചത്തെ അവധിയെടുത്ത് മുംബൈയിൽ നിന്നും പറന്നെത്തുകയായിരുന്നു. ഇതിലുപരിയായി അനന്ദും ശിൽപയും പരസ്പരം കാണണമെന്നും ശ്രുതിക്കും അരവിന്ദിനും ഉദ്ദേശ്യമുണ്ടായിരുന്നു. അനിയന്‍റെ ഭാര്യയായി ശിൽപ വരുന്നതിൽ അരവിന്ദനാണ് ഏറ്റവുമധികം സന്തോഷിച്ചിരുന്നത്. കാരണം അരവിന്ദിന് ശിൽപയോട് ഒരനുജത്തിയോടുള്ള വാത്സല്യമുണ്ടായിരുന്നു. അരവിന്ദ് ഈ ആഗ്രഹം അറിയിച്ചപ്പോൾ സാവിത്രിയമ്മക്ക് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഒരേ വീട്ടിലേക്ക് പെൺമക്കളെ വിവാഹം കഴിച്ചയക്കുക ഒരു ഭാഗ്യം തന്നെയല്ലേ. ശ്രുതിക്കും അതിൽ വലിയ താൽപര്യമായിരുന്നു.

അതുകൊണ്ട് ഈ കൂടിക്കാഴ്ചയിൽത്തന്നെ അവരുടെ വിവാഹകാര്യത്തെക്കുറിച്ച് തീരുമാനം ഉണ്ടാകണമെന്ന് അവരെല്ലാവരും ഒരേപോലെ ആഗ്രഹിച്ചിരുന്നു.

ശിൽപയെ ഇഷ്ടമായിയെന്ന് ആനന്ദ് തന്‍റെ പെരുമാറ്റത്തിലൂടെ ആദ്യമെ പ്രകടമാക്കിയിരുന്നു.

അയാളുടെ കണ്ണുകൾ ആ ഇഷ്ടം വെളിപ്പെടുത്തിയിരുന്നു. തന്നെപ്പോലെ സ്മാർട്ടായ ഒരു ചെറുപ്പക്കാരനെ ശിൽപക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ലെന്ന് അയാൾ ധരിച്ചു.

രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്ന ചേച്ചിയെ സഹായിക്കാനായി ശിൽപയും അവിടേക്ക് വന്നു.

“എന്‍റെ ഫേവറേറ്റ് ഡിഷസ് ഏതൊക്കെയാണെന്ന് ചേച്ചിക്ക് നല്ലവണ്ണം അറിയാം. അതൊക്കെ നേരത്തേ ചോദിച്ച് മനസ്സിലാക്കിയേക്കണേ.” ആനന്ദ് ശിൽപയെ കളിയാക്കാനെന്നോണം പറഞ്ഞു.

“എനിക്കൊരു ആഗ്രഹമുണ്ട്… അക്കാര്യം ഒരുപക്ഷേ താങ്കൾക്ക് അറിയില്ലായിരിക്കാം.” ശിൽപയും വിട്ടുകൊടുക്കാൻ തയ്യാറായില്ല.

“എങ്കിൽ… അതെന്താണെന്ന് ഞാനൊന്ന് കേൾക്കട്ടെ…”

“ലോകത്തെ ഏറ്റവും മോശം പാചകക്കാരിയാകണമെന്നാ എന്‍റെ ആഗ്രഹം. അതുകൊണ്ട് കുക്കിംഗിനെക്കുറിച്ച് പഠിക്കാൻ എനിക്കൊട്ടും താൽപര്യമില്ല.”

“ഇതൽപം ടെൻഷൻ പിടിച്ച കാര്യമാണല്ലോ. ഞാനാണെങ്കിൽ ഒരു തീറ്റപ്രിയനുമാ.”

“അതിന് ഞാനെന്തു വേണം?” ശിൽപ തിരിച്ചടിച്ചു.

“പക്ഷേ ശിൽപ, നീ കുക്കിംഗ് പഠിച്ചില്ലെങ്കിൽ ഞാനെന്ത് കഴിക്കും?” ആനന്ദ് തലയിൽ കൈവച്ചു. ആനന്ദ് മനപൂർവ്വം ഓരോന്ന് പറഞ്ഞ് ശിൽപയെ ചൊടിപ്പിച്ചുകൊണ്ടിരുനന്നു.

പിറ്റേദിവസം ശ്രുതിയുടെയും അരവിന്ദന്‍റെയും വിവാഹവാർഷികമായിരുന്നു. അന്ന് എല്ലാവരും ചേർന്ന് വീട്ടിൽ ഒരുഗ്രൻ സദ്യ തയ്യാറാക്കി. അവർക്ക് വിവാഹാശംസകൾ നേരാൻ ചില കൂട്ടുകാരുമെത്തി. ആഘോഷത്തിനിടയിലും ആനന്ദും ശിൽപയും തർക്കിച്ചുകൊണ്ടിരുന്നു. ആനന്ദിന്‍റെ പെരുമാറ്റം ചിലപ്പോഴൊക്കെ ശിൽപയിൽ നീരസമുണ്ടാക്കി. ആഘോഷവും വിരുന്നും സൽക്കാരവും കഴിഞ്ഞ് ശിൽപ അമ്മയോടും ചേച്ചിയോടുമായി ആനന്ദിനക്കുറിച്ചുള്ള തന്‍റെ അഭിപ്രായമറിയിച്ചു.

“ചേച്ചി എന്‍റെ സങ്കൽപത്തിലുള്ള ഒരാളേയല്ല ആനന്ദ്. അയാളെ പാർട്ണറായി അംഗീകരിക്കാൻ എനിക്കാവില്ല. അതുകൊണ്ട് നിർബന്ധിക്കരുത്.” ശിൽപ ഉറച്ചസ്വരത്തിൽ തീരുമാനമറിയിച്ചു.

“എന്ത് കഉറവാ മോളേ അവനുള്ളത്?” സാവിത്രിയമ്മക്ക് അവളോട് ദേഷ്യം തോന്നി.

“അമ്മേ… അമ്മയ്ക്കറിയില്ല. ആനന്ദിനപ്പോലെ ആയിരം പേർ കാണും. സദാസമയവും തമാശയും പറഞ്ഞ് പെൺകുട്ടികളുടെ പിന്നാലെ സൊള്ളി നടക്കുന്നവർ. ഇവർക്കൊന്നും ജീവിതത്തെക്കുറിച്ചൊന്നും ഒരു ധാരണയുമുണ്ടാവില്ല. സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ ഇത്തരക്കാർ പിന്നാലെ കൂടിക്കോളും.” ശിൽപ ദേഷ്യത്തോടെ പറഞ്ഞു.

“ശിൽപ, ഒന്ന് പതുക്കെ, അവൻ കേൾക്കും. എനിക്ക് അവനെ നന്നായി അറിയുന്നതുകൊണ്ടാ ഞാൻ ഈ ബന്ധത്തിന് താൽപര്യം കാട്ടിയത് തന്നെ, വേണ്ടെങ്കിൽ വേണ്ട.” ശ്രുതി തെല്ലൊരു നീരസത്തോടെ പറഞ്ഞു.

“ചേച്ചി അയാൾ മോശക്കാരനാണെന്ന് ഞാൻ പറയുന്നില്ല. അയാളെപ്പോലെയുള്ള ഒരാളെ ഭർത്താവായി കരുതാൻ എനിക്കാവില്ലെന്നെ ഞാൻ പറയുന്നുള്ളൂ. എന്തോ ഒരു വിശ്വാസക്കുറവ്.”

“അയാളെ നന്നായി മനസ്സിലാക്കാതെ ഞാനെങ്ങനെ സമ്മതം മൂളും? ഇക്കാര്യം പറഞ്ഞ് നിങ്ങളെന്നെ നിർബന്ധിച്ചാൽ ഞാൻ നാളത്തന്നെ വീട്ടിലേക്ക് പോകും.” ശിൽപ ഭീഷണി മുഴക്കിയതോടെ പിന്നീട് അതേക്കുറിച്ച് സാവിത്രിയമ്മയോ ശ്രുതിയോ ഒന്നും മിണ്ടിയില്ല.

രാത്രി കിടക്കാൻ നേരത്ത് ശ്രുതി ഇക്കാര്യം അരവിന്ദിനെ ധരിപ്പിച്ചു. അയാൾ അവളെ ആശ്വസിപ്പിച്ചു. “തീരുമാനമെടുക്കാനുള്ള അവകാശം അവൾക്കുണ്ട്. അവളെ കുറ്റപ്പെടുത്തണ്ട. ഞാനീക്കാര്യം ആനന്ദിനെ പറഞ്ഞ് ധരിപ്പിച്ചുകൊള്ളാം. നീ വിഷമിക്കാതിരിക്ക്”

പിറ്റേന്ന് രാവിലെ തന്നെ അരവിന്ദ് രഹസ്യമായി ആനന്ദിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു.

“ശിൽപക്ക് എന്തോ ഒരു താൽപര്യക്കുറവ്. നീ വളരെ ഫ്രീയായി ഇടപെടുന്നതൊന്നും അവൾക്ക് ഇഷ്ടമാകുന്നില്ല. അവളൽപം റിസർവ്ഡ് ടൈപ്പാണ്. അതുകൊണ്ട് നീ സ്വയം കുറച്ച് കൺട്രോൾ ചെയ്യണം. ഇക്കാര്യത്തിൽ നമുക്കാരെയും നിബന്ധിക്കാനാവില്ലല്ലോ.”

“പക്ഷേ ചേട്ടാ… ഞാനവളെ വിവാഹം കഴിക്കാൻ പോവുകയല്ലേ. ആ സ്വതന്ത്ര്യം കൊണ്ടാ…”

“ഞങ്ങൾക്കറിയാം… പക്ഷേ…” അരവിന്ദ് നിസ്സാഹായനായി നോക്കി.

“പിന്നെന്തുകൊണ്ടാ ഈ മനം മാറ്റം?”

“നീ അതോർത്ത് വിഷമിക്കണ്ട. ഇത്തരം കാര്യങ്ങളിൽ നമ്മൾ വാശി പിടിക്കുന്നതിൽ അർത്ഥമില്ലല്ലോ?”

“എനിക്ക് മനസ്സിലായി. ഇനി പരാതിക്കിട വരുത്തുന്ന രീതിയിൽ യാതൊന്നും ഞാൻ ചെയ്യില്ല.” ആനന്ദ് ഉദാസീനനായി പറഞ്ഞു.

അന്ന് മുഴുവൻ ആനന്ദ് നിശ്ശബ്ദനായിരുന്നു. വൈകുന്നേരം ശിൽപയെ തനിച്ച് കിട്ടിയപ്പോൾ അയാൾ പറഞ്ഞു, “ശരിക്കും പറഞ്ഞാൽ ഞാനൊരു തിരുമണ്ടനാ. എന്‍റെ വാക്കുകൾ ശിൽപയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. ഐ ആം സോറി ഫോർ ദാറ്റ്.”

“ഏയ്, അങ്ങനെ വിഷമമൊന്നുമുണ്ടായിട്ടില്ല. നിങ്ങളെല്ലാവരും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.” ശിൽപ പുഞ്ചിരിയോടെ പറഞ്ഞെങ്കിലും ആനന്ദിനെ മുഖം മ്ലാനമായിരുന്നു. തുടർന്ന് അവൾ എന്തെങ്കിലും പറയും മുമ്പേ ആനന്ദ് അവിടെ നിന്നും എഴുന്നേറ്റ് പോയി.

അന്നു മുഴുവൻ ആനന്ദ് ആരോടും അധികമൊന്നും സംസാരിച്ചതേയില്ല. എത്രയും പെട്ടെന്ന് ഈ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയായിരുന്നു ശിൽപക്ക്. അമ്മയോട് പറയാൻ അവൾക്ക് ധൈര്യമുണ്ടായില്ല. കാരണം ചേച്ചിയിപ്പോൾ ആറു മാസം ഗർഭിണിയാണ്. ചേച്ചിയുടെ കൂടെ 3- 4 ദിവസം കഴിയാൻ കൂടിയാണ് അമ്മ ഇത്രയും ദൂരം വന്നതുതന്നെ. മാത്രമല്ല ഏറെ നാളത്തെ ചികിത്സയെത്തുടർന്നാണ് ചേച്ചി ഗർഭിണിയായത്. അമ്മക്കും കാണില്ലേ മകളെ ശുശ്രൂഷിക്കാൻ മോഹം.

എന്നാൽ അന്ന് രാത്രി ശ്രുതി അടുക്കളയിൽ വീണു. അന്നേരം കുഴപ്പമൊന്നും തോന്നാതിരുന്നതിനാൽ ശ്രുതിയത് കാര്യമായെടുത്തില്ല. രാത്രി ഏറെ കഴിഞ്ഞതോടെ കഠിനമായ വയറുവേദന തുടങ്ങി, തുടർന്ന് രക്തസ്രാവുമുണ്ടായി. എല്ലാവരും ഭയഭീതരായി. ഒട്ടും താമസിയാതെ അരവിന്ദും ആനന്ദും ശ്രുതിയെയും കൊണ്ട് അടുത്തുള്ള നേഴ്സിംഗ് ഹോമിലേക്ക് പാഞ്ഞു. സാവിത്രിയമ്മയ്ക്ക് ഇങ്ങനെയുള്ള സാഹചര്യത്തിൽ പ്രഷർ ഉണ്ടാകുമെന്നതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ അരവിന്ദ് വിസ്സമതിച്ചു.

വീട്ടിൽ സാവിത്രിയമ്മയും ശിൽപയും വീട്ടിൽ ശ്രുതിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയിലായിരുന്നു. ശ്രുതിയെ ഐസിയുവിൽ ആക്കിയിരിക്കുകയാണെന്ന് കുറച്ചു കഴിഞ്ഞ് അരവിന്ദ് വിളിച്ചു പറഞ്ഞു. അതുകേട്ട് അവർ കൂടുതൽ പരിഭ്രമിച്ചു. അന്ന് രാത്രി അവർക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ആനന്ദ് മടങ്ങിയെത്തി. അയാളുടെ കണ്ണുകൾ കണ്ടാലറിയാം ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലെന്ന്.

“ചേച്ചിക്ക് നല്ല ക്ഷീണമുണ്ട്.” തുടർന്ന് ഒന്നും പറയാനാകതെ അയാളുടെ കണ്ഠമിടറി.

ആനന്ദ് പെട്ടെന്ന് തന്നെ കുളി കഴിഞ്ഞ് പ്രാതൽ കഴിക്കാൻ നിൽക്കാതെ ചായ കുടിച്ചശേഷം ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആനന്ദ് പോയി അരമണിക്കൂറിന് ശേഷം അരവിന്ദ് വീട്ടിലെത്തി. അയാളുടെ ഉദാസീനമായ മുഖം കണ്ട് സാവിത്രിയമ്മ പൊട്ടിക്കരഞ്ഞു.

നല്ല തളർച്ചയും ക്ഷീണവും കാരണം അരവിന്ദ് കുറച്ചുസമയം മയങ്ങി. കുറച്ച് കഴിഞ്ഞ് സാവിത്രിയമ്മ അരവിന്ദനെ എണീപ്പിച്ച് പ്രാതൽ കഴിക്കാൻ ആവശ്യപ്പെട്ടു.

പ്രാതൽ കഴിച്ചശേഷം അരവിന്ദും സാവിത്രിയമ്മയും നേഴ്സിംഗ് ഹോമിലേക്ക് പുറപ്പെട്ടു. വീട്ടിൽ തനിച്ചായ ശിൽപ എല്ലാവർക്കുമായി ഭക്ഷണമൊരുക്കി കാത്തിരുന്നു. വൈകുന്നേരം ആശുപത്രിയിൽ നിന്നും ആരുമെത്തിയില്ല. ശ്രുതിയുടെ വിവരമൊന്നുമറിയാത്തതിനാൽ  അവൾ ഉത്കണ്ഠപ്പെട്ടു. അരവിന്ദനെ വിളിക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ആനന്ദിനെ വിളിക്കാൻ അവർക്ക് തോന്നിയില്ല, സാവിത്രിയമ്മയ്ക്ക് മൊബൈൽ ഇല്ലതാനും.

ഏകദേശം 7 മണിയോടെ അരവിന്ദും സാവിത്രിയമ്മയും മടങ്ങിയെത്തി. ചേച്ചിയുടെ അടുത്തുനിന്നും ഒരു മിനിറ്റുപോലും മാറി നിൽക്കാൻ ആനന്ദ് തയ്യാറായിരുന്നില്ല.

ഇപ്പോൾ ശ്രുതിയും കുഞ്ഞും അപകടനില തരണം ചെയ്തിരിക്കുന്നു. കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞ ശിൽപയ്ക്ക് ആശ്വാസം തോന്നി.

ആ രാത്രിയും അരവിന്ദും ആനന്ദും ആശുപത്രിയിൽ നിന്നു. ശിൽപയും സാവിത്രിയമ്മയും ഉറങ്ങാതെ തിരിഞ്ഞുംമറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. നേരം പുലർന്നതോടെ സാവിത്രിയമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ശിൽപ കുറച്ച്നേരം കൂടി ആലോചനയിലാണ്ട് കിടന്നു. പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നോക്കി.

പുറത്ത് ബാൽക്കണിയിൽ ആനന്ദ് നിലത്തിരിക്കുന്നത് കണ്ട് അവൾ അത്ഭുതത്തോടെ നോക്കി. അയാളുടെ മിഴികൾ നനഞ്ഞിരിക്കുന്നു. ആരും കാണാതെ അയാൾ കരയുകയാണെന്ന് അവൾക്ക് മനസ്സിലായി. ശിൽപ പരിഭ്രാന്തിയോടെ വാതിൽ തുറന്ന് അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. പിന്നിലൂടെ ആരോ വരുന്ന ശബ്ദം കേട്ട് തിടുക്കപ്പെട്ട് അരവിന്ദ് കണ്ണുകൾ തുടച്ച് തിരിഞ്ഞുനോക്കി.

ആനന്ദിന്‍റെ തളർന്ന് ക്ഷീണിച്ച മുഖം കണ്ട് അവൾ ഭയന്നു. അരുതാത്തതെന്തെങ്കിലും….. നെഞ്ചിടിപ്പുകളുടെ വേഗം കൂടുന്നത് അവൾ അറിഞ്ഞു.

“ചേച്ചിക്കിപ്പോൾ….” ശിൽപ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

“ഒരു കുഴപ്പവുമില്ല. സുഖമായിരിക്കുന്നു.” ആനന്ദ് പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

“പിന്നെന്താ കരയുന്നേ?” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അത് സന്തോഷം കൊണ്ടാ ശിൽപ.” ആനന്ദ് കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ചിരിക്കാൻ ശ്രമിച്ചു.

“ശിൽപ, സമാധാനമായി പോയ്ക്കോളൂ, ചേച്ചി ഈസ് ഓകെ.”

ആനന്ദ് നിസ്സംഗതയോടെ നോക്കി നിന്നു. ശിൽപയ്ക്ക് സങ്കോചം തോന്നി. ആനന്ദ് തന്‍റെ സാന്നിദ്ധ്യത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നതുപോലെ.

“എന്തിനാ ഈ ഒഴിഞ്ഞുമാറൽ, എന്താ ഞാൻ ശല്യമായോ?” ശിൽപ ശബ്ദം താഴ്ത്തി ചോദിച്ചു.

“അത് മനപൂർവ്വമല്ല. മനസ്സിൽ നിന്നും ശിൽപയെ മാറ്റിനിർത്താനുള്ള ശ്രമം വിഷമമുണ്ടാക്കുമല്ലോ. ഞാനിപ്പോൾ അതിനുള്ള തയ്യാറെടുപ്പിലാണ്.” ആനന്ദ് നിസ്സംഗതയോടെ പറഞ്ഞു.

“എങ്കിൽ ആ ശ്രമം ഉപോക്ഷിച്ചേക്കൂ ജെന്‍റിൽമാൻ. ഞാനിപ്പോൾ ആ കള്ളകാമുകനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. റിയലി ഐ ലവ് യു.” അവൾ ആവേശത്തോടെ ആനന്ദിന്‍റെ കൈ പിടിച്ചു.

ആനന്ദിന്‍റെ മുഖത്ത് ആയിരം പൂത്തിരികൾ കത്തിച്ചതുപോലെ സന്തോഷം നിറഞ്ഞു. എന്നാലും അയാളത് പ്രകടിപ്പിക്കാതെ ഗൗരവം നടിച്ചു.

“ഞാനിപ്പോൾ ഒരു വലിയ ടെൻഷനിലാ. എന്നോട് ഇഷ്ടം തോന്നി എന്‍റെ കൈയിൽ പടിച്ചിരിക്കുന്ന പെണ്ണിനെ കല്യാണം കഴിച്ചാൽ മാരീഡ് ലൈഫ് ശരിയാകുമോയെന്നാണ്….”

“ഓഹോ… എന്നെ കളിയാക്കുകയാണല്ലേ…” ശിൽപ അയാളുടെ കൈയിൽ നുള്ളി.

“പിന്നെ…”

“പിന്നെ എന്താ…?” ആനന്ദ് അവളുടെ കണ്ണുകളിൽ പ്രണയാർദ്രമായ മിഴികളോടെ ഉറ്റുനോക്കി.

“ഞാനിപ്പോൾ നിങ്ങളെ ശരിക്കും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.” എന്നു പറഞ്ഞുകൊണ്ട് മുഷ്ടിചുരുട്ടി ആനന്ദിന്‍റെ നെഞ്ചിൽ ചെറുതായൊന്ന് ഇടിച്ചശേഷം അകത്തേക്ക് ഓടിപ്പോയി. അയാളുടെ മനസ്സ് വീണ്ടും പൂമരമായി. ജീവിതത്തിൽനിന്ന് അടർത്തിമാറ്റാനാകാത്ത സ്നേഹം പോലെ അവളുടെ സ്നേഹം അയാളുടെ ഉള്ളിൽ പൂത്തുനിന്നു. ഒരിക്കലും കൊഴിയാനാകാത്ത വിധം.

യാത്രാമൊഴി

ജയദേവൻ പതിയെ കണ്ണുകൾ തുറന്നു നോക്കി. അവൾ നീണ്ടു നിവർന്നു മുന്നിൽ കിടക്കുന്നു. ആംബുലൻസ് ഒരോ തവണ കുലുങ്ങി ചാടുമ്പോഴും രക്തത്തിന്‍റെ നേർത്ത പാട അവളുടെ തലയോട്ടിക്ക് ചുറ്റും പരക്കുന്നു. തുറന്നടച്ച തലയോട്ടിയുടെ പ്രതിഷേധം. ജയദേവൻ അരുമയോടെ അവളുടെ നെറ്റിത്തടത്തിൽ തലോടി. കൈകളിൽ നേരിയ നനവ്. രക്തത്തിന്‍റെ ഗന്ധം.

ഒരു അണ്ണാൻ കുഞ്ഞിനെ പോലെ, വീതി കുറഞ്ഞ ഗോവണിപ്പടികളിലൂടെ കൈയിൽ തുണികൾ നിറച്ച ബക്കറ്റുമായി അവൾ കയറുന്നത് ജയദേവൻ കണ്ടതാണ്. അതൊരു അപകടം പിടിച്ച കയറ്റം ആണെന്ന് ഓർത്തതുമാണ്. ജയദേവന്‍റെ ശ്രദ്ധ പാറിപ്പതറിയ ഒരു നിമിഷം, അത് അവിടെ വെച്ചേക്ക് ഞാൻ ചെയ്തോളാം. എന്നാൽ വാക്കുകൾ മറന്നു വച്ച നിമിഷം ഒരു കിളി കുഞ്ഞിനെ പോലെ അവൾ പാറിപ്പാറി താഴേക്ക് വന്നു.

എന്താണ് നടന്നതെന്ന് ജയദേവന് മനസ്സിലാവും മുന്നേ നേർത്ത ശരീരം വിറച്ച് വെള്ളിക്കമ്പികൾ പാകിയ തല രക്താഭമായി. താണസ്ഥായിയിൽ ഏട്ടാ എന്നൊന്ന് വിളിച്ച് അവൾ കണ്ണുകൾ ഇറുകെ അടച്ചു കളഞ്ഞു. കണ്ണടയ്ക്കും മുന്നേ ഇനി ഈ ജന്മത്ത് മറ്റു കാഴ്ചകൾ ആവശ്യമില്ലെന്ന് മട്ടിൽ അവൾ ജയദേവനെ മിഴികളിലേക്ക് ആവാഹിച്ചു കളഞ്ഞു.

മടക്കമില്ലാത്ത ഒരു യാത്രയുടെ യാത്രാമൊഴി ഇത്ര നിസ്സാരവും ലളിതവുമായത് എങ്ങനെയെന്നു മാത്രം ജയദേവൻ അറിയുന്നില്ല. അവൾ തന്നോട് എന്തോ തെറ്റ് ചെയ്തു എന്ന കേറുവ് വിട്ടുമാറാത്ത മുഖത്തോടെ ജയദേവൻ തലതാഴ്ത്തിയിരുന്നു.

ആശുപത്രിയിൽ കിടന്ന മൂന്നു ദിവസവും അവൾ തിരിച്ചു വരുമെന്ന് തന്നെ ജയദേവൻ മോഹിച്ചു. ജന്മങ്ങളുടെ നേർത്ത നൂൽപ്പാലത്തിൽ ശരറാന്തലുകൾ മുനിഞ്ഞു കത്തി. അവൾക്ക് മറു ജന്മത്തിന്‍റെ ദിശ കാണിച്ചു കൊണ്ടേയിരുന്നിട്ടും ജയദേവന്‍റെ അസഹ്യമായ പിൻവിളി അവളെ പിന്തിരിപ്പിച്ചു കൊണ്ടേയിരുന്നു. പതിവുപോലെ ജയദേവന്‍റെ ശ്രദ്ധ പതറിയ ഒരു നിമിഷം അവൾ സാവധാനം നടന്നു കളഞ്ഞു.

ആംബുലൻസ് പതിയെ നിന്നു. മകൻ നീട്ടി പിടിച്ച കൈകളിൽ പിടിച്ച് ജയദേവൻ പുറത്തിറങ്ങി. കൽക്കട്ടയിലെ താരയുടെ ശ്മശാനത്തിൽ അവൾ ഒരിക്കൽ വന്നിട്ടുണ്ട്. ഈ ശ്മശാനത്തെയും കാളി ക്ഷേത്രത്തെയും അവൾ ഭയക്കുകയും വെറുക്കുകയും ചെയ്തു. ഏറ്റവും വെറുത്തിടത്തു തന്നെ അവളെ അന്ത്യവിശ്രമത്തിന് എത്തിച്ചതിന്‍റെ കുറ്റബോധത്തിൽ ജയദേവന്‍റെ തല ഒന്നുകൂടി താഴ്ന്നു.

ജയദേവന്‍റെ കൂടെ അഞ്ച് പതിറ്റാണ്ട് കൽക്കട്ടയിൽ താമസിച്ചിട്ടും അവളുടെ മനസ്സിൽ എപ്പോഴും തറവാട്ടു കുളവും പൂപ്പൽ പിടിച്ച ഉരുളൻ തൂണുകളും ഇരുളും വെളിച്ചവും ചാലിട്ട തണുത്ത മുറികളും ക്ലാവു പിടിച്ചു കിടന്നു. ചാറ്റൽ മഴ നനഞ്ഞ് ചിതറി വീഴുന്ന പവിഴമല്ലി പൂക്കൾക്കരികെ, പാതിരാ കാറ്റ് തലോടുന്ന കല്ലറയിൽ അന്തിത്തിരി വയ്ക്കാൻ വരുന്ന പ്രിയപ്പെട്ടവരുടെ പദസ്വനം കേട്ട് കിടക്കാൻ ആഗ്രഹിച്ചവൾ.

നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജയദേവൻ ആവുന്നത്ര കൊഞ്ചിയതാണ്. താരയുടെ ശ്മശാനവും ഗംഗ മാതാവും കൽക്കട്ടയിൽ ഉണ്ട്. പിന്നെ ഞാനും അച്ഛനും. ഇതിൽ കൂടുതൽ അമ്മയ്ക്ക് എന്താണ് വേണ്ടത്? മകൻ ചോദിച്ചു. ജയദേവൻ നിശബ്ദനായി.

ശ്മശാനത്തിൽ കത്തി തീരാറായ ചിതയ്ക്കരികെ ഇരുന്ന് ബാവുൽ ഗായകൻ ഏക്താരാ നീട്ടി സാന്ദ്ര മധുരമായി പാടുന്നു ദേഹം നഷ്ടപ്പെട്ട ദേഹികൾ ഏകാഗ്രതയോടെ ആ ഗാനം കേട്ട് യാത്രയ്ക്ക് ഒരുങ്ങുന്നു.

നിന്‍റെ ശരീരം അലിഞ്ഞ് കഴിഞ്ഞു. ഹരിയുടെ കൈപിടിച്ച് നടക്കൂ. അപരിചിത വഴികളിൽ നീ ഏകാകിയല്ല. നിന്‍റെ നിഴലായി ഹരി കൂടെ വരും.

പുതിയ ശവം വന്നെത്തിയതറിഞ്ഞ് താരാനാഥൻ കുടിലിൽ നിന്നും പുറത്തിറങ്ങി. ശ്മശാന സൂഷിപ്പുകാരനെക്കാൾ അയാൾക്ക് ചേരുക ഗൂഢ താന്ത്രികന്‍റെ മുഖമാണ്. ഈ ലോകത്തെയും പരലോകത്തെയും ബന്ധിപ്പിക്കുന്ന അടഞ്ഞ ശബ്ദത്തിൽ താരാനാഥൻ ചോദിച്ചു കന്യാ യാ ആത്മഹത്യ.

രണ്ടുമല്ല എന്നറിഞ്ഞ താരാനാഥന്‍റെ കണ്ണുകളിൽ നിരാശ നിഴൽ വിരിച്ചു. അമ്മാവാസി നാളിലെ പൂജയ്ക്ക് ഒത്തൊരു തലയോട് കിട്ടാൻ ഇനിയും എത്ര ചിതകൾ എരിയേണ്ടി വരുമെന്ന് ചിന്തയോടെ താരാനാഥൻ കർമ്മങ്ങളിലേക്ക് കടന്നു.

അവളുടെ തണുത്ത കൈവിരലുകൾ തന്‍റെ കൈത്തണ്ടമേൽ അമരുന്നത് ജയദേവൻ മാത്രം അറിഞ്ഞു. പേടിക്കണ്ട ഞാനില്ലേ കൂടെ…ജയദേവൻ പിറുപിറുത്തു.

നശ്വരമാണ് മനുഷ്യശരീരം എന്ന് പലവുരു ആവർത്തിച്ച് പഠിപ്പിച്ചിട്ടും കോടിത്തുണി കീറി അവളുടെ മുഖമൊന്ന് കാണാൻ ആർത്തി പിടിക്കുന്ന മനസ്സ്.

ജയദേവന്‍റെ ഇഷ്ടങ്ങളും വാശികളും നെഞ്ചിലേറ്റി ലാളിച്ചവൾ. കണ്ണുകൾ അടച്ച് ശാന്തമായി കിടന്നു. ഇളം ചൂടുള്ള നനുത്ത ചുണ്ടുകൾ ഇനി പരാതിയോടെയും സ്നേഹത്തോടെയും ജയദേവന്‍റെ കവിൾത്തടങ്ങളെ തേടി വരികയില്ല. കുസൃതി നിറഞ്ഞ കണ്ണുകളോടെ സിന്ദൂരച്ചെപ്പ് തുറന്നു പിടിച്ച് സീമന്തരേഖയിൽ സിന്ദൂരം ചാർത്താനായവൾ ഇനി തലകുനിക്കില്ല. സ്പന്ദനം നിലയ്ക്കാത്ത തന്‍റെ ഹൃദയത്തെ അങ്ങേയറ്റം വെറുത്ത് ജയദേവൻ ഇരുന്നു. ഓർമ്മകളുടെ കനം താങ്ങാനാവാതെ ഏതുനിമിഷവും ഇറുന്ന് വീഴാവുന്ന ഹൃദയത്തെ കാത്ത്.

രാത്രികളിൽ ജയദേവന്‍റെ ഇഷ്ടഭക്ഷണം കഞ്ഞിയാണ് എന്നറിയാഞ്ഞിട്ടല്ല, അവൾ കിടപ്പിലായ അന്നുമുതൽ മരുമകൾ ജയദേവന് ചപ്പാത്തി നൽകിയത്. കൈ നിറയെ ചുവന്ന വളകൾ അണിഞ്ഞ് താക്കോൽ കൂട്ടം അരയിൽ തിരുകി യഥേഷ്ടം ചുവന്ന ചായം തേച്ച ചുണ്ടുകൾ പിളർത്തി മരുമകൾ സാസുജിയുടെ ഇപ്പോഴത്തെ സ്ഥിതി എങ്ങനെയെന്ന് ഉത്സാഹപൂർവ്വം അന്വേഷിക്കുമ്പോൾ ജയദേവൻ കട്ടികൂടിയ ചപ്പാത്തികൾ ബാക്കിവെച്ച് എഴുന്നേറ്റു.

കോപം അമർത്താൻ കഴിയാതെ അവൾ പിറുപിറുത്തു ഇത്തിരി അഡ്ജസ്റ്റ് ചെയ്താൽ എന്താ?

മകൻ താണ ശബ്ദത്തിൽ ആശ്വസിപ്പിച്ചു. അമ്മ അച്ഛനെ കൊഞ്ചിച്ച് വഷളാക്കി കളഞ്ഞു. ഇത്തിരി സമയം കൊടുക്കൂ ഹണി, ശരിയാവും.

ശരിയാണ് അവൾ തന്നെ കൊഞ്ചിച്ച് നാശമാക്കി. ജയദേവന്‍റെ കണ്ണുകൾ ഈറൻ അണിഞ്ഞു. ആ നനവിൽ അവളുടെ ആത്മാവ് അസ്വസ്ഥമായി ചിണുങ്ങി.

ചിത ഒരുങ്ങി തുടങ്ങി. കൽക്കരി വേണ്ട നല്ല മരമാകട്ടെ മകന്‍റെ ശബ്ദം. അമ്മയ്ക്കുള്ള അവസാന ധാരാളിത്തം. പൂവിതൾ കൊണ്ടുപോലും താൻ നോവിക്കാത്ത അവളുടെ ശരീരത്തിന് മേലെ മരക്കഷണങ്ങൾ അടിഞ്ഞു കൂടുന്നു. ജയദേവൻ കണ്ണുകൾ ഇറുക്കി അടച്ചു. ആദ്യമായാണ് ഒരു യാത്രയിൽ അവൾ തനിയെ. ഹൃദയം ശൂന്യമാകുന്നു. തന്‍റെ ചുണ്ടുകൾ മാത്രം സ്പർശിച്ച അവളുടെ നനുത്ത ചുണ്ടുകൾ ഇന്ന് അഗ്നി ജ്വാലകൾ ആർത്തിയോടെ ചുംബിക്കും. ജയദേവൻ വിയർപ്പിൽ കുതിർന്നു.

പേടിയോടെ അവൾ ജയദേവന്‍റെ കൈകളിൽ ഇറക്കിപ്പിടിച്ചത് ജയദേവൻ മാത്രം വീണ്ടും അറിഞ്ഞു.

ദാ ഇപ്പോൾ തീരും. ജയദേവൻ ആശ്വസിപ്പിച്ചു. ഒരു സൂചി കുത്തണമെങ്കിൽ പോലും കണ്ണുകൾ ഇറക്കിപ്പിടിച്ച് പടപടയ്ക്കുന്ന ഹൃദയം ജയദേവനെ അവൾ ഏൽപ്പിക്കും. ആ ഹൃദയം പിന്നെ ചൂടാറ്റി തണുപ്പിച്ച് കുളിർത്തെടുക്കുക ജയദേവൻ ആണ്.

തനിച്ചാക്കില്ലെന്ന് വാക്കു തന്നവൾ മർമ്മര ശബ്ദത്തിൽ ഒന്നുമറിയാത്ത പോലെ ആളുന്നു. ചുവന്ന ജ്വാലകളായി.

ചിത കത്തിയമർന്നു തുടങ്ങി. വേഗം കത്തി തീർന്നതിൽ മകന് ആശ്വാസം. വൈകിട്ടത്തെ ഫ്ലൈറ്റിൽ ഡൽഹിക്ക് പോവാൻ ഉള്ളതാണ്. ആ ധൃതി അവളും മനസ്സിലാക്കി കാണണം. താരാനാഥന്‍റെ കയ്യിൽ കാശ് എണ്ണിക്കൊടുത്ത് മകൻ ധൃതിയോടെ ജയദേവനെ തോണ്ടി വിളിച്ചു.

ഞാനില്ല, അവൾക്ക് വലിയ പേടിയാ. തനിച്ചി രാത്രിയിൽ ഒറ്റക്കാക്കി ഞാൻ വരില്ല ജയദേവൻ കേണു.

വാച്ചിൽ നോക്കി അക്ഷമനായി മകൻ ചീറി. അച്ഛന് ഭ്രാന്താണ്.

ആ നിമിഷം ജയദേവന്‍റെ പിടി വിട്ടു വാക്കുകൾ മൂർച്ചയോടെ പുറത്തുചാടി. നീ അറിയും മുന്നേ ഞാൻ അറിയും ഈ കൽക്കട്ടയെ. ഞാൻ വീട്ടിലെത്തി കൊള്ളാം. അവളെ വിട്ട് ഇന്ന് ഞാൻ വരില്ല.

ജയദേവന്‍റെ വാശികൾ നന്നായി അറിയാവുന്ന മകൻ തിരിഞ്ഞു നടന്നു. ബാവുൽ ഗായകരുടെ ഏക്താരയുടെ ഈണത്തിൽ ഏകാന്ത യാത്രികരായ ആത്മാക്കൾ അലയുന്ന ശ്മശാനത്തിൽ ജയദേവൻ അവൾക്ക് കൂട്ടിരുന്നു.

താരാനാഥൻ ഹട്ടിനു പുറത്തിറങ്ങി. പതിയെ ജയദേവന്‍റെ അരികെ എത്തി. അനുസരണയോടെ ജയദേവൻ താരനാഥനെ പിന്തുടർന്ന് ഹട്ടിനു മുന്നിൽ ഇരുന്നു. താരാനാഥൻ ഛിലം ജയദേവന്‍റെ മുന്നിലേക്ക് വച്ച് നീട്ടി. ആഞ്ഞൊന്നു വലിക്കൂ. അവരെ കാണാനാവും പറഞ്ഞയച്ച് വരൂ.

ഇഹപരലോകങ്ങൾക്കിടയിലെ മധ്യവർത്തിയുടെ പ്രോത്സാഹനം!

ഇപ്പോൾ ജയദേവൻ വെറുമൊരു കടലാസ് തുണ്ട് ആണ്. ഇളം കാറ്റിൽ പാറി പറക്കുന്ന നേർത്ത കടലാസ്. കാഴ്ചകൾ വ്യക്തമാവുന്നു. രക്തം പൊടിയുന്ന ശിരസ്സുമായി അവൾ ചിരിക്കുന്നു. എപ്പോഴും തന്നെ നിരായുധീകരിക്കുന്ന ചിരി. മകനേ ദേഷ്യം പിടിപ്പിച്ച് പറഞ്ഞയച്ചത് എന്തിനെന്ന ചോദ്യം ആ മുഖത്ത് നിന്നും വായിച്ചെടുത്ത് ജയദേവൻ ഈർഷ്യയോടെ മുരണ്ടു, എന്‍റെ ദേഷ്യവും സങ്കടവും നീ കാണണ്ട. തനിച്ച് ഞാനെന്തു ചെയ്യും? നീയില്ലാത്ത ഈ ലോകത്തെ ഞാൻ അങ്ങേയറ്റം വെറുക്കുന്നു. നീയില്ലാത്ത ഞാനെന്ന സത്യം അപൂർണ്ണമാണ്. എന്‍റെ സ്വപ്നങ്ങൾക്ക് തളിർക്കാനും പൂക്കാനും പടരാനുമുള്ള വൻ വൃക്ഷമായിരുന്നു നീ. ഞാൻ വെറുമൊരു ഇത്തിൾ കണ്ണി. നിന്‍റെ സൗരഭ്യം മത്ത് പിടിപ്പിക്കാത്ത രാത്രികളെയും നിന്‍റെ വിശുദ്ധിയിലേക്ക് പിറക്കാത്ത പകലുകളേയും ഞാൻ വെറുക്കുന്നു. എന്‍റെ പ്രാണനെ പുകച്ച് ഞാൻ പുറത്ത് ചാടിക്കും വരെ നീ എന്നെ കാത്തിരുന്നേ മതിയാവൂ.

അവളുടെ നേർത്ത വിരലുകൾ പിൻ കഴുത്തിൽ തലോടുന്നു. മുടിയിഴകൾക്കിടയിലൂടെ അരിച്ചു നീങ്ങുന്നു. പറഞ്ഞറിയിക്കാനാവാത്ത സുഖാലസ്യത്തിൽ മുങ്ങി ജയദേവൻ മണ്ണിൽ മലർന്നു കിടന്നു. തന്നിലെ ഉന്മാദി അഗാധമായ ഒരു പ്രണയത്തിന്‍റെ മഞ്ഞുവീഴ്ചയിൽ തണുത്തുറയുന്നത് അറിഞ്ഞ്.

രാത്രിയുടെ തണുപ്പിലും കുളിരിലും പങ്കുപറ്റി അവൾ അരികത്ത് ഇരിക്കുന്നു. കഞ്ചാവ് പുകയല്ലാതെ മറ്റൊന്നും ഉള്ളിൽ ഇല്ലാത്ത ജയദേവന്‍റെ ചെവികളിൽ തണുതണുത്ത നനുത്ത ചുണ്ടുരസി അവൾ പറയുന്നു വേണ്ടാത്ത ശീലം ഒന്നും വേണ്ടാട്ടോ.

നേരം അർദ്ധരാത്രിയോട് അടുത്തു. താരാനാഥന്‍റെ ഹോമകുണ്ഡം എരിയാൻ തുടങ്ങി. കടും ചോരയുടെ ഗന്ധം ഉയർന്നു. ആളുന്ന തീയിൽ പൊട്ടിച്ചിതറുന്ന ഹോമ ദ്രവ്യങ്ങൾ…ഉയരുന്ന ധൂപങ്ങൾ. മത്തുപിടിപ്പിക്കുന്ന ഗന്ധം. അവൾ പേടിയോടെ ജയദേവന്‍റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. പാവം ജയദേവന്‍റെ മനസ്സ് പിടഞ്ഞു. കൈകൾ കൊണ്ട് പതിയെ അവളുടെ തലയിൽ തലോടി. രക്തത്തിന്‍റെ നേർത്ത ഗന്ധം.

ഞാനിന്ന് മടങ്ങിയിരുന്നുവെങ്കിൽ നീ എന്ത് ചെയ്യും? കുസൃതിയോടെ അവളെ ചേർത്തുപിടിച്ച് ജയദേവൻ തിരക്കി.

അവൾ നേരത്തെ ചിരിയോടെ ജയദേവന്‍റെ കണ്ണുകളിൽ ചുംബിച്ചു. താടി പിടിച്ചുലച്ചു. പിന്നെ പതിയെ പറഞ്ഞു പോവില്ല എന്ന് എനിക്ക് അറിയാലോ. എന്നെ തനിച്ചാക്കി പോയിട്ടുണ്ടോ ഇതുവരെ?

ഒരു ജന്മത്തിന്‍റെ കരുതലും സാഫല്യവും കുളിരായി ജയദേവനിൽ നിറഞ്ഞു. സംതൃപ്തിയുടെ പൂക്കൾ വിടർന്ന ഹൃദയത്തിൽ നിന്നും പ്രണയ സൗരഭ്യം ഉയർന്നുപൊങ്ങി.

ഉണക്ക റൊട്ടിയും മുഷിഞ്ഞ കിടക്ക വിരികളും കാത്തിരിക്കുന്ന വീട്ടിൽ താൻ ഇനി ഒരു അധികപ്പറ്റാണെന്ന് ജയദേവന് തോന്നി. അപൂർണ്ണൻ എന്ന സത്യം പല്ലിളിക്കുന്നു. സ്വപ്നങ്ങൾ ഇനി ജാലക ചില്ല് തുറന്ന് കടന്നു വരികയില്ല. മഴ ചാറ്റലിൽ അലിഞ്ഞു തീരുകേ ഉള്ളൂ. നിഴൽ നഷ്ടപ്പെട്ട ജീവിതമിനി ഏകാകിയാണ്.

ഒരു യാത്രയിലും അവളെ തനിച്ചു വിടാൻ മനസ്സ് വരാത്ത ജയദേവൻ അവളുടെ ചിതയ്ക്കരികിലേക്ക് ചെന്നു. കത്തി അമർന്ന ചിതയ്ക്ക് കൊടുംചൂട്. കൽക്കരിത്തുണ്ടുകൾ വാരിയിട്ട് ചിത വീണ്ടും ജ്വലിപ്പിച്ചു. പിന്നെ പതിയെ ജയദേവൻ ചിതയിലേക്ക് അമർന്ന് കിടന്നു.

അവളുടെ ഇളം ചൂടിൽ ഉരുകിയും വെന്തും ജയദേവൻ അവൾക്ക് കൂട്ടു ചെന്നു. ഒരു യാത്രയിലും അവളെ തനിച്ച് വിടാൻ മനസ്സില്ലാതെ.

മഞ്ഞുമൂടി നിൽക്കുന്ന വഴിത്താരയുടെ വളവിന് അപ്പുറം കാണുന്ന പ്രകാശം അറിയാനുള്ള കൗതുകത്തിൽ അവരുടെ കൈകൾ ഒന്നിച്ചു ചേർന്നു. പാദങ്ങൾ ഒരുമിച്ചു ചലിച്ചു. ഒരു യാത്ര തുടങ്ങുകയാണ്.

താരാനാഥൻ ക്രിയകൾ അവസാനിപ്പിച്ച് എഴുന്നേറ്റു. കെട്ടടങ്ങിയ ഒരു ചിത വീണ്ടും ആളുന്നത് കണ്ട കൗതുകത്തിൽ ചെന്ന് നോക്കി. ഒരു നിമിഷം പകച്ചുനിന്ന താരാനാഥൻ അലിവോടെ പാതി വെന്തടർന്ന ജയദേവന്‍റെ ശരീരത്തിൽ കൽക്കരിത്തുണ്ടുകൾ വാരിവിതറി.

പിന്തിരിഞ്ഞു നടക്കുമ്പോൾ ആയിരം ചിതകൾ ജ്വലിപ്പിച്ച താരാനാഥന്‍റെ നെഞ്ചിൽ ആദ്യമായി ഒരു ചിത എരിഞ്ഞു. കർമ്മ ബന്ധങ്ങളുടെ ദൃഢതയ്ക്കു മുന്നിൽ വീണ് ആ കണ്ണുനീർത്തുള്ളി പൊട്ടിച്ചിതറി നിശബ്ദ പ്രണാമത്തോടെ.

ജീവിതയാത്ര

അഞ്ജു, കാവേരി, വന്ദന, ശീതൽ… കാമ്പസിൽ നാലാളറിയുന്ന വലിയ ഗ്യാങ്ങൊന്നുമല്ല ഇവരുടേത്. എന്നാൽ ഇവർക്കിടയിൽ നല്ല സൗഹൃദമാണ്. ഒഴിവുവേളകളിലും ഉച്ചയൂണിനുശേഷമുള്ള ചെറിയ ഇടവേളകളിലുമൊക്കെ കാമ്പസിലുള്ള വലിയ പേരാൽ തറയിൽ അവർ ഒത്തുകൂടും. പിന്നെ തമാശകളും കുറ്റംപറച്ചിലുമൊക്കെയായി സമയം നീങ്ങുന്നതറിയില്ല.

ഒരു വൈകുന്നേരം നാലാളും പതിവുസ്ഥലത്ത് ഒത്തുകൂടി. അഞ്ജു ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് എല്ലാവരെയും കാണിച്ചു. “ഇതുകണ്ടോ പ്രശസ്ത പാമിസ്റ്റ് കീറോയുടെ ബുക്കാണ്. വാങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു, കുറെയൊക്കെ ഞാൻ മനഃപാഠമാക്കിയിട്ടുണ്ട്. ങാ, ഞാനുമൊരു കൈനോട്ടക്കാരിയാണ്. ഭാവിയെക്കുറിച്ച് അറിയേണ്ടവർക്ക് കൈ നീട്ടാം. കാശൊന്നും വേണ്ട, ഫ്രീ സർവീസാണ്.” അഞ്ജു ഗമയോടെ കൂട്ടുകാരികളെ നോക്കി.

കാവേരിയും വന്ദനയും മത്സരിച്ച് കൈ നീട്ടി. അവരുടെ കൈ നോക്കി ഭാവി പ്രവചിച്ചശേഷം അഞ്ജു ശീതളിനെ നോക്കി. “എവിടെ, നിന്‍റെ കൈയൊന്ന് കാണട്ടെ.” അഞ്ജു ശീതളിന്‍റെ കൈ വലിച്ചു. “ഇത് ലവ് മാര്യേജ് തന്നെ.”

“ലവ് മാര്യേജോ… എനിക്കോ?” ശീതൾ നെറ്റി ചുളിച്ചു. “അഞ്ജു നിനക്ക് തെറ്റി. എന്‍റെ കാര്യത്തിൽ നിന്‍റെ പ്രവചനം ശരിയാകാൻ പോകുന്നില്ല. നിനക്കെന്‍റെ വീട്ടിലെ അവസ്ഥ അറിയാമല്ലോ. എന്‍റെ വീട്ടുകാർ കോളേജിലേക്ക് അയക്കുന്നത് തന്നെ എന്‍റെ ഭാഗ്യം. പഠിത്തം കഴിഞ്ഞാലുടൻ എന്‍റെ കല്യാണം നടത്തും.”

“എങ്കിൽ കേട്ടോ, എന്‍റെ പ്രവചനം തെറ്റാൻ വഴിയില്ല. വിവാഹശേഷം നീ ധാരാളം യാത്രകൾ നടത്തും. പ്രത്യേകിച്ച് വിദേശയാത്രകൾ.” തന്നെ വെല്ലാൻ ആരുമില്ലെന്ന ഭാവത്തോടെയാണ് അഞ്ജു പറഞ്ഞത്.

“കൊള്ളാം, മനസ്സിന് സന്തോഷം തോന്നുന്ന ഒരു കാര്യമെങ്കിലും നീ പറഞ്ഞല്ലോ.” ശീതൾ സന്തോഷത്തോടെ അഞ്ജുവിന്‍റെ തോളിൽ തട്ടി. പക്ഷേ, പെട്ടെന്ന് തന്നെ അവളുടെ മുഖം വാടി. “അഞ്ജു, ഈ പ്രവചനവും ശരിയാകാൻ വഴിയില്ല. ഞാൻ ഈ കൊച്ചി നഗരം പോലും ശരിക്കും കണ്ടിട്ടില്ല. പിന്നയല്ലേ വിദേശയാത്ര…”

“അങ്ങനെ നിരാശപ്പെടല്ലേ, നിനക്ക് വിദേശത്ത് പോകാൻ യോഗമുണ്ട്. അതുനടക്കും.”

അടുത്ത അവറിനുള്ള മണി മുഴങ്ങി. പ്രതീക്ഷാഭരമായ ഭാവി സ്വപ്നങ്ങളും പേറി അവർ ക്ലാസ് ലക്ഷ്യമാക്കി നടന്നു.

അവസാനവർഷ പരീക്ഷ കഴിഞ്ഞു. ഫെയർവെൽ പാർട്ടിക്കു ശേഷം അവർ പിരിഞ്ഞു. ഉപരിപഠനത്തിനൊന്നും പോകാതെ ശീതൾ വീട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. തുടർന്ന് പഠിക്കാനുള്ള ചുറ്റുപാടില്ലായിരുന്നു വീട്ടിൽ. അഞ്ജുവും വന്ദനയും യൂണിവേഴ്സിറ്റിയിൽ ചേർന്നു. കാവേരി വിവാഹിതയായി മുംബൈയിൽ താമസമാക്കി.

കൂട്ടുകാരികൾ നാലുപേരും ജീവിതത്തിന്‍റെ നാലുവഴിക്ക് പോയി. സമയം പോയിക്കൊണ്ടിരുന്നു. അഞ്ജുവിന്‍റെ പ്രവചനം മാത്രം ശീതൾ മറന്നില്ല.

വാസ്തവത്തിൽ സ്വപ്നലോകത്തിൽ നീന്തിത്തുടിക്കാൻ കൊതിക്കുന്ന മനസ്സായിരുന്നു ശീതളിന്‍റേത്. ഉയർന്ന ഉദ്യോഗവും വിദേശയാത്രകളുമൊക്കെ നടത്തുന്ന ഭാവിവരനെക്കുറിച്ച് അവൾ സുവർണ്ണ സ്വപ്നങ്ങൾ നെയ്തുകൂട്ടി.

“ചേച്ചി വേഗം തന്നെ മണവാട്ടിയാകാൻ ഒരുങ്ങിക്കോ. ഇളയമ്മായി നല്ലൊരു ആലോചന കൊണ്ടുവന്നിട്ടുണ്ട്. അമ്മക്കും അച്ഛനും ഇഷ്ടമായി.” ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ശീതളിനോട് സഹോദരി പറഞ്ഞു.

ശീതളിന്‍റെ മനസ്സിൽ സന്തോഷം നിറഞ്ഞുതുളുമ്പി. എന്നാൽ പയ്യാൻ ഒരു സർക്കാർ സ്ഥാപനത്തിൽ ക്ലർക്കാണെന്നറിഞ്ഞപ്പോൾ ശീതൾ നിരാശയായി. തന്‍റെ സ്വപ്നങ്ങൾ…

അവൾക്ക് ഈ ബന്ധം ഒട്ടും ഇഷ്ടമായില്ല. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ആരും തന്നെ അവളുടെ അഭിപ്രായങ്ങൾ വകവെച്ചില്ല. നല്ലൊരു വിവാഹബന്ധം കളഞ്ഞുകുളിക്കാനും മാത്രം അവളുടെ രക്ഷിതാക്കൾ അത്ര മണ്ടന്മാരായിരുന്നില്ല.

ശീതൾ വിവാഹശേഷം ഭർതൃഗൃഹത്തിലെത്തി. തുടക്കത്തിലൊക്കെ തന്‍റെ സ്വപ്നങ്ങളെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കിയ പ്രതീതിയാണവൾക്കുണ്ടായത്. എന്നാൽ വിജയ് നല്ലൊരു ഭർത്താവായിരുന്നു. സ്നേഹമുള്ളവൻ. തന്‍റെ സ്വപ്നങ്ങളിലെ രാജകുമാരനെപ്പോലെ… പ്രവചനവുമായി തട്ടിക്കുമ്പോൾ യാത്രകൾ പോകുന്നില്ലെന്ന ഒരൊറ്റ കുറവ് മാത്രമാണുണ്ടായിരുന്നത്. സാഹചര്യങ്ങൾ അതിന് അനുവദിക്കാത്തതായിരുന്നു. കാലത്തിനൊപ്പം ശീതളും ജീവിതത്തിൽ ധാരാളം വിട്ടുവീഴ്ചകൾ ചെയ്യാൻ ശീലിച്ചു.

അന്നൊരിക്കൽ അയൽപക്കത്തുള്ള മിസിസ് ഇന്ദുജ പതിവിലും സന്തോഷവതിയായിരിക്കുന്നത് കണ്ടു.

“ഇന്നെന്താ, വലിയ സന്തോഷത്തിലാണല്ലോ?” ശീതൾ തിരക്കി.

“കാര്യമുണ്ടെന്ന് കൂട്ടിക്കോ.” ഇന്ദുജയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. “അദ്ദേഹത്തിന് ഒരു ഒഫീഷ്യൽ ടൂർ തരപ്പെട്ടിട്ടുണ്ട്. പാരീസിലേക്ക്. ഞാനും കൂടെ പോകുന്നുണ്ട്.”

“കൺഗ്രാചുലേഷൻസ്.” ശീതൾ മനസ്സില്ലാമനസ്സോടെ അഭിനന്ദനമറിയിച്ചു. വിദേശയാത്ര… താൻ എത്രമാത്രം കൊതിക്കുന്നുണ്ട്. എന്നിട്ടിപ്പോ… സന്ധ്യക്ക് വിജയ് വീട്ടിൽ മടങ്ങിയെത്തിയ ശേഷവും അവൾ മൗനം പാലിച്ചു.

“എന്താ ശീതൾ? ഇന്ന് ഒച്ചയും അനക്കവുമൊന്നുമില്ലല്ലോ?” വിജയ് ഇത് പറയേണ്ട താമസം അതുവരെ ഉരുകിമറിഞ്ഞിരുന്ന ലാവപോലെ മനസ്സിലുള്ളത് എന്തൊക്കെയോ നാവിൽ വീണു.

“യാത്രക്ക് പോകാനും മറ്റും തരപ്പെടുന്ന വിധത്തിൽ നിങ്ങൾക്ക് നല്ലവല്ല ജോലിയും നോക്കിക്കൂടേ?”

“ഓഹോ… അപ്പോ അതാണ് കാര്യം.” വിജയ് ചിരിച്ചു. “ഞാൻ കുറേദിവസമായി തിരക്കിലായിരുന്നു. നിന്നെയും കൂട്ടി പുറത്തെങ്ങും പോകാൻ പറ്റിയില്ല. സാരമില്ല. നീ വേഗം റെഡിയാക്, നമുക്ക് ഒരു അടിപൊളി സിനിമ കണ്ടിട്ടുവരാം.”

“എനിക്ക് സിനിമയൊന്നും കാണണ്ട.” ശീതളിന്‍റെ ദേഷ്യം വിട്ടുമാറിയിരുന്നില്ല.

“പിന്നെ…?”

“വിജയ്, നമുക്കും ഒരു വിദേശയാത്രയ്ക്ക് പോയാലോ? നീണ്ട ഒരു യാത്ര… വിദേശത്തൊന്നും പോയില്ലെങ്കിലും നമ്മുടെ നാട്ടിൽത്തന്നെ എവിടെങ്കിലും. അറിയാമോ? മിസിസ് ഇന്ദുജയും ഭർത്താവും പാരീസിലേക്ക് പോകുന്നുണ്ട്.”

“നീ എന്തൊക്കെയാ ഈ പറഞ്ഞുകൂട്ടുന്നത്. എന്‍റെ അവസ്ഥ നിനക്കറിയാവുന്നതല്ലേ? സജീവിന്‍റേതു പോലെ ഉയർന്ന പോസ്റ്റൊന്നുമല്ല എന്‍റേത്. ഇതിനൊക്കെ കാര്യമായ പണച്ചെലവുണ്ടാകില്ലേ…”

“അതിന് വിദേശയാത്രക്ക് പോകണമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ?”

“നിനക്ക് അത്രയ്ക്ക് വലിയ ആഗ്രഹമുണ്ടെങ്കിൽ ഞാൻ പണം സ്വരൂപിച്ചുകൊള്ളാം. നമുക്ക് ഇവിടെ അടുത്തുള്ള കുറേ സ്ഥലങ്ങളൊക്കെ പോയികാണാം. പിന്നെ ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കാം. കുറച്ച് ദിവസം അവിടെ നിൽക്ക്. അപ്പോ മനസ്സൊന്ന് ഉഷാറാകും. ഈ ബോറടിയൊക്കെ അങ്ങ് മാറും.”

“എനിക്ക് അടുത്തുള്ള സ്ഥലങ്ങൾ കണേണ്ട. ഞാൻ വീട്ടിലേക്കും പോകുന്നില്ല.” ശീതൾ കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു.

“പിന്നെ?”

“നമുക്ക് ഊട്ടിയിലും ബാംഗ്ലൂരിലുമൊക്കെ പോയാലോ?”

“വിചാരിച്ചാൽ എന്താ നടക്കാത്തത്? ചെലവേറും… എനിക്ക് എക്സ്ട്രാ ജോലി ചെയ്യേണ്ടി വരും. നിനക്കിങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഞാനായിട്ടെന്തിനാ തടസ്സം നിൽക്കുന്നത്. പക്ഷേ, അൽപം വെയ്റ്റു ചെയ്യേണ്ടി വരും. ഒന്നുരണ്ട് മാസം പാർട്ട് ടൈം ജോലി ചെയ്താൽ…. എന്താ ഇപ്പോ സന്തോഷമായല്ലോ?” വിജയ് ശീതളിന്‍റെ മുഖത്ത് വീണ മുടിയിഴകൾ സ്നേഹത്തോടെ കോതിഒതുക്കി.

“വിജയ്, യു ആർ ഗ്രേറ്റ്.” ശീതൾ വിജയുടെ തോളിൽ തല ചായ്ച്ച് വീണ്ടും സ്വപ്നലോകത്തിലൂടെ ഒഴുകിനടന്നു. വിജയ് ജോലിത്തിരക്കുകളുടെ ലോകത്ത് തളയ്ക്കപ്പെട്ടു.

അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ നേരമൊരുപാട് ഇരുട്ടിയ ശേഷം മാത്രം മടങ്ങും. ഭക്ഷണം കഴിച്ച് പിന്നീട് ഒറ്റയുറക്കമാണ്. നേരം പുലർന്നാൽ വീണ്ടും പതിവ് പരിപാടി. വീട്ടുചെലവുകൾ കുറയ്ക്കാൻ ശീതളും ആവുന്നത് ശ്രമിച്ചു. അധികം വൈകാതെ ശീതൾ ഒരാൺകുഞ്ഞിന് നൽകി. സ്വരൂപിച്ചുവെച്ച പണമെല്ലാം പ്രസവത്തിനും മറ്റുമായി ചെലവായി.

ശീതളിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാതെ കിടന്നു. കൈയിൽ പണമെത്തുമ്പോൾ എന്തെങ്കിലുമൊക്കെ തടസ്സങ്ങൾ വന്ന് അത് അതേപടി ചെലവാകും.

അങ്ങനെയിരിക്കെ ഒരുദിവസം ശീതൾ കുഞ്ഞിനെയുമെടുത്ത് ഷോപ്പിംഗ് മാളിലെത്തി. അഞ്ജുവും മാളിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയിരുന്നു.

“ഹെയ്… അഞ്ജു നീയിവിടെ…”

ശീതൾ അഞ്ജുവിന്‍റെ തൊട്ടരികിലെത്തി. പഴയതും പുതിയതുമായ ഒരുപാട് വിശേഷങ്ങൾ അവർ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കാൻ ശ്രമിച്ചു. അവസാനം ശീതളിന്‍റെ ക്ഷണം നിരസിക്കാനാകാതെ അഞ്ജു അവർക്കൊപ്പം വീട്ടിലേക്ക് തിരിച്ചു.

“അഞ്ജു ഞാൻ വിദേശത്തൊക്കെ പോകുമെന്ന് അന്ന് നീ കോളേജിൽ വച്ച് പറഞ്ഞത് ഓർമ്മയുണ്ടോ? ദാ ഇപ്പോ കല്യാണം കഴിഞ്ഞ് മൂന്ന് വർഷമാകാറായി. എന്നിട്ടും ഒരു യാത്രയും തരപ്പെട്ടില്ല. നിന്‍റെ പ്രവചനം ശരിയായില്ല.”

“അതിന് എന്‍റെ പ്രവചനം എങ്ങനെയാ ശരിയാകാൻ പോകുന്നത്?” അഞ്ജു പൊട്ടിച്ചിരിച്ചു.

“മനസ്സിലായില്ല.” ആശ്ചര്യത്തോടെ ശീതൾ അവളെ നോക്കി.

“മനസ്സിലാക്കാൻ എന്തിരിക്കുന്നു. അതൊക്കെ നിങ്ങളുടെ മുന്നിൽ ആളാകാൻ ഞാൻ കാട്ടിക്കൂട്ടിയ നാടകമല്ലേ…. കൈയിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ആ പുസ്തകം ഞാൻ വായിച്ചിരുന്നു എന്നത് ശരി തന്നെ. പക്ഷേ, അതൊക്കെ ശുദ്ധഅസംബന്ധമല്ലേ. പണിയെടുക്കാതെ ഭാവി നന്നാക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

ഭാരമുള്ളൊരു കല്ല് തലയിൽ വന്ന് വീണതുപോലെ ശീതൾ ഒരുനിമിഷം തരിച്ചിരുന്നു.

“അപ്പോ അന്ന് നീ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുകയായിരുന്നുവല്ലേ?” ശീതളിന്‍റെ മുഖത്ത് നിരാശയും ഈർഷ്യയും പ്രകടമായിരുന്നു.

“അല്ലാതെപിന്നെ… അതൊക്കെ നിങ്ങളെ വട്ടാക്കാൻ ഞാനൊപ്പിച്ച സൂത്രങ്ങളല്ലേ. വേറെ ആരുടെ അടുത്തെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞാൽ തല്ലു കിട്ടും. പിന്നെ നിങ്ങളാകുമ്പോൾ…”

“മതി… മതി… ” ശീതളിന്‍റെ മുഖം മ്ലാനമായി. നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു.

യാത്രയുടെ പേരിൽ ചെയ്തുകൂട്ടിയ നിസ്സാര കാര്യങ്ങൾ പോലും അവളുടെ മനസ്സിലൂടെ ഓടിമറഞ്ഞു. വിജയിന് പാർട് ടൈം ജോലിക്ക് പോകേണ്ടി വന്നതും പിശുക്കി പിശുക്കി വീട്ടുചെലവുകൾ നടടത്തി പണം മിച്ചം പിടിച്ചതും രാപ്പകൽ യാത്രകളെക്കുറിച്ച് മാത്രം സ്വപ്നം കണ്ടതും…

“അഞ്ജു, നീ ശരിക്കുമൊരു നുണച്ചി തന്നെ.” ശീതൾ കൂട്ടുകാരിയെ കുറ്റപ്പെടുത്തി. “നിനക്കറിയില്ല, നിന്‍റെ ഈ നുണ കാരണം എനിക്ക് എത്രമാത്രം കഷ്ടപ്പെടേണ്ടി വന്നെന്നോ. നീ തമാശയ്ക്കാണെങ്കിൽ പോലും അന്നത് പറയേണ്ടിയിരുന്നില്ല.” നഷ്ടപ്പെട്ട നാളുകൾ തിരിച്ചുപിടിക്കാവില്ലല്ലോ എന്ന വിഷമമായിരുന്നു ശീതളിന്.

“ഞാൻ പറഞ്ഞ നുണ നീ ഇത്ര കാര്യമായി എടുക്കുമെന്ന് ഞാനറിഞ്ഞില്ല. അങ്ങനെയെങ്കിൽ ഞാനിതൊന്നും ഒരിക്കലും പറയില്ലായിരുന്നു. എന്തായാലും ഒരു കാര്യം പറയാം. കൈരേഖയിൽ വിശ്വസിക്കരുത്. ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രമാണ്. ഞാൻ പറഞ്ഞ മണ്ടത്തരങ്ങൾ കേട്ട് നീ ജീവിതത്തിന്‍റെ സുഖം കെടുത്തി. വിധിച്ചിട്ടുള്ളത് നടക്കും. ഇനിയെങ്കിലും ഈ യാത്രാഭ്രമം നീ മനസ്സിൽനിന്ന് ദൂരെയെറിയ്. നല്ലൊരു ഭാര്യയും അമ്മയുമായി കാര്യങ്ങൾ നോക്ക്, ഒരുപക്ഷേ നിന്‍റെ മകനാകും നിന്നെ ലോകം ചുറ്റിക്കാണിക്കാൻ പോവുക.”

മനസ്സിൽ അടക്കിവെച്ച ഭാരം പെട്ടെന്നില്ലായതുപോലെ ശീതളിന് തോന്നി. അഞ്ജു അവിടെനിന്നും മടങ്ങിയ ശേഷവും അവളുടെ മനസ്സ് തെറ്റുകളെ വിശകലനം ചെയ്തുകൊണ്ടിരുന്നു.

“ഞാനെന്തൊരു മണ്ടിയാ… ഒരിക്കലും നടക്കാത്ത സ്വപ്നത്തിനു പിന്നാലെ പായുകയായിരുന്നു ഇതുവരെ. അപ്രാപ്യമായ സ്വപ്നങ്ങളുടെ മായികലോകത്തായിരുന്നല്ലോ. എല്ലാം വെറും ഭ്രാമമായിരുന്നു. ഇപ്പോഴെങ്കിലും സത്യം പുറത്തുവന്നല്ലോ. എന്‍റെ ഈ പാഴ്സ്വപ്നം സാക്ഷാത്കരിക്കാൻ വിജയ് എന്തുമാത്രം പ്രാരാബ്ദങ്ങളാണ് ചുമലിലേറ്റിയത്.”

നേരം വൈകിത്തുടങ്ങി. വിജയ് വരാൻ സമയമാകുന്നു. ശീതൾ വേഗം ഭംഗിയുള്ള സാരിയുടുത്ത് മുടി നന്നായി ചീകിയൊതുക്കി. കണ്ണിൽ കണ്മഷി പുരട്ടി, ലൈറ്റായി ലിപ്സ്റ്റിക്കുമിട്ടു. മുൻവശത്തെ വരാന്തയിൽ വന്ന് ഇളംമഞ്ഞ നിറത്തിലുള്ള റോസാപ്പൂവെടുത്ത് മുടിയിൽ തിരുകി. ചുണ്ടി. ഒരു മൂളിപ്പാട്ടുമായി വിജയിനെ കാത്തുനിന്നു.

അൽപസമയം കഴിഞ്ഞപ്പോൾ വിജയ് എത്തി. “എന്താ, ഇന്ന് അപ്പാടെ ഒരു മാറ്റം? എന്തിനുള്ള പുറപ്പാടാണ്…” വിജയുടെ കുസൃതിചോദ്യം കേട്ട് ശീതൾ ചിരിച്ചു.

“ഏയ്… ഒന്നുമില്ല.”

“അപ്പോ, ഇതൊക്കെ എന്നെ കാണിക്കാനായിരുന്നല്ലേ?”

“അല്ലല്ല, ഈ അച്ചുമോനുവേണ്ടിയാ…” ശീതൾ കുടുകുടെ ചിരിച്ചു.

“ഊം… മമ്മിയുടെ മട്ടും ഭാവവും കണ്ട് അവൻ പേടിച്ചുപോകുമല്ലോ. അതിരിക്കട്ടെ എവിടെ ആ വികൃതിക്കുട്ടൻ…” വിജയ് അകത്തേക്ക് നടന്നു.

“നല്ല ഉറക്കമാ. നിങ്ങൾ ഫ്രഷായി വരൂ, അപ്പോഴേക്കും ഞാൻ ചായയെടുക്കാം.” ശീതൾ തിടുക്കത്തിൽ അടുക്കള ലക്ഷ്യമാക്കി നടന്നു.

വിജയ് കുളിച്ച് ഫ്രഷായി ഡൈനിംഗ് ടേബിളിൽ വന്നിരുന്നു. ചായക്കൊപ്പം ആവി പറക്കുന്ന ഉഴുന്നുവടയും ചട്നിയും.

“ഏ, ഇതൊക്കെ സത്യമാണോ?” സ്വയം നുള്ളിനോക്കി. “ഭാര്യയായാൽ നിന്നെപ്പോലെയാകണം. ഇന്ന് പാർട്ട് ടൈം ജോലി ചെയ്യാൻ നല്ല രസമായിരിക്കും.”

“ഇന്നത്തോടെ പാർട്ട് ടൈം ജോലി തീർന്നു.” ശീതൾ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.

“ഏ… അതെന്തിനാ… ഇങ്ങനെയൊരു വിലക്ക്. നിനക്കെന്തുപറ്റി?” വിജയ് പരിഭ്രമത്തോടെ ചോദിച്ചു.

“എനിക്കൊന്നും പറ്റിയില്ല.”

“പിന്നെന്തിനാ പാർട്ട് ടൈം ജോലിക്ക് വിലക്ക്?”

“ഞാനിതുവരെ അന്ധവിശ്വാസങ്ങളുടെ ചുവടും പറ്റി നടക്കുകയായിരുന്നു. സത്യത്തിൽ ഇപ്പോഴാണെന്‍റെ കണ്ണ് തുറന്നത്.” ശീതൾ കുറ്റബോധത്തോടെ തലതാഴ്ത്തി.

“അല്ല, നിനക്കെന്തുപറ്റി? നിന്‍റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”

ശീതൾ ഭർത്താവിനോട് നടന്ന കാര്യങ്ങൾ സവിസ്താരം പറഞ്ഞു. “ഓഹോ… അപ്പോ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണല്ലേ.” വിജയ് പതിയെ തലകുലുക്കി. “പക്ഷേ, ആശ്ചര്യം തോന്നുന്നു. യാത്രയ്ക്ക് പോകണമെന്ന് നിന്‍റെ മനസ്സ് അതിയായി ആഗ്രഹിച്ചപ്പോൾ സാക്ഷാത്കരിക്കാൻ ഒരു വഴിയും തെളിഞ്ഞു വരുന്നുണ്ടായിരുന്നില്ല. നിന്‍റെ സ്വപ്നങ്ങൾ അലിഞ്ഞില്ലാതായതോടെ വഴിയും തെളിഞ്ഞുവന്നിട്ടുണ്ട്.”

“എന്തുവഴി?” ശീതൾ ആശ്ചര്യത്തോടെ നോക്കി.

“അതറിയിക്കാനാണ് ഞാനിന്ന് തിടുക്കത്തിൽ വീട്ടിലേക്ക് വന്നത്. പക്ഷേ, നിന്‍റെ സൗന്ദര്യത്തെ പ്രശംസിച്ച് നിന്ന് ഞാൻ പറയാൻ മറന്നു. യാത്രക്ക് പോകാനുള്ള നിന്‍റെ അതിയായ ആഗ്രഹം കണ്ട് ഞാൻ എയർ ഇന്ത്യയിയിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. അവിടെ നല്ലൊരു പോസ്റ്റിൽ ജോലി ശരിയായിട്ടുണ്ട്. ഇനിയിപ്പോ വർഷാവർഷം എവിടെയെങ്കിലുമൊക്കെ കറങ്ങി വരാമല്ലോ?”

“ഇതൊക്കെ സത്യമാണോ?” ശീതൾ വിജയിനെ വാരിപ്പുണർന്നു. ഏറെ ആഗ്രഹിച്ച സ്വപ്നം യാഥാർത്ഥ്യമാകുന്നു.

എന്‍റെ ഗ്യാസ് തീർന്നു!

ബോംബ് പൊട്ടുന്നതു പോലല്ലേ ദിവസവും ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിക്കുന്നത്… പത്രം തുറന്നാൽ, ടിവി ഓണാക്കിയാൽ ഞെട്ടിക്കുന്ന ഈ വാർത്തകളേയുള്ളൂ… ഇതൊക്കെ എത്രയോ വട്ടം കണ്ടും കേട്ടുമിരിക്കുന്നു. എന്നുകരുതി ഗ്യാസ് സിലിണ്ടർ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ഇല്ലല്ലോ…

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നാട്ടിൽ സിലിണ്ടർ ക്ഷാമം രൂക്ഷമാണ്. ഗ്യാസ് സ്റ്റൗവില്ലാതെ ഒരു പാചകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ശ്രിമതി തയ്യാറല്ല. വിശന്ന് കുടൽ കരിഞ്ഞാലും വിറക് അടുപ്പും മണ്ണെണ്ണ സ്റ്റൗവുമൊന്നും ഈ വീട്ടിൽ പുകയുകയില്ല.

കഷ്ടകാലം എന്നലാതെന്ത് പറയാൻ… വീട്ടിലെ ഗ്യാസ് സിലിണ്ടർ തീർന്നു. പരാതി പറഞ്ഞ് പറഞ്ഞ് ശ്രീമതി ക്ഷീണിച്ചു. ഗ്യാസ് ഏജൻസിയിൽ പരാതി ബോധിപ്പിച്ച് ഞാനും അവശനായി. സിലിണ്ടർ സ്റ്റോക്കില്ലെന്ന ഏജൻസിയുടെ സ്ഥിരം പല്ലവിക്ക് മുന്നിൽ നിസ്സഹായനായി മടങ്ങുകയല്ലാതെന്ത് ചെയ്യാൻ… ഗ്യാസ് തരമാകാത്തതിനാൽ ശ്രീമതി ഇൻഡക്ഷനിൽ ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി. കറന്‍റ് ബിൽ വന്നപ്പോൾ കണ്ണുതള്ളി. മാസാമാസമുള്ള ബിൽ തുകയുടെ നാലിരട്ടി. ഇത് വീട്ടാവശ്യത്തിനു തന്നെയാണോ അതോ ഇതിന്‍റെ മറവിൽ ചെറുകിട ബിസിനസ് സംരംഭം വല്ലതും പ്രവർത്തിക്കുന്നുണ്ടോയെന്ന് ഇലക്ട്രിസിറ്റി ബോർഡിന് സംശയം.

അല്ല, സിലിണ്ടർ ക്ഷാമമാണല്ലോ വിഷയം. ഒടുവിൽ ഞാനെന്‍റെ വിഷമം ഏറ്റവും അടുപ്പമുള്ള സുഹൃത്തിനോട് പറഞ്ഞു. ആദ്യം മറുപടിയൊന്നും പറയാതെ സുഹൃത്ത് എന്നെ നോക്കി വെറുതയങ്ങ് ചിരിച്ചു, “വീട്ടിൽ കിട്ടേണ്ട ഗ്യാസൊക്കെ ഹോട്ടലുകളിലല്ലേ കൊടുക്കുന്നത്. പിന്നെ ക്ഷാമമെങ്ങനെ മാറാനാ?”

എന്‍റെ മുഖത്തെ അമ്പരപ്പ് അവഗണിച്ച് സുഹൃത്ത് തുടർന്നു, “നീ എന്തായാലും വിഷമിക്കേണ്ട, നമുക്ക് സമാധാനമുണ്ടാക്കാം. ഗ്യാസ് ഏജൻസിയുടെ മാനേജർ എന്‍റെ സുഹൃത്താണ്. വാ… നമുക്ക് അയാളുടെ വീട് വരെയൊന്നു പോയി നോക്കാം. സംസാരിച്ചാൽ തീരാവുനന പ്രശ്നങ്ങളേയുള്ളൂ. വെറുതേ പോലീസിനെയും വക്കീലിനെയും കണ്ട് വഷളാക്കേണ്ട. വഴക്കും വക്കാണവും കൊണ്ട് ഒരു കാര്യവുമില്ല….” ഒരു ശാന്തിദൂതനെപ്പോലെ അയാൾ പറഞ്ഞു.

കുറേയാളുകൾ ഗ്യാസ് ഏജൻസിക്ക് നേരെ കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചു. പോലീസ് റെയ്ഡ് വരെ നടന്നു. എന്നിട്ടോ… പരാതിപ്പെട്ടവർ മോശക്കാരുമായി. നിയമവശങ്ങളാണ് പറഞ്ഞത്. അത് ഭീഷണിയാക്കി മാറഅറി. ഒരു തവണയല്ലല്ലോ… ജീവിതകാലം മുഴുവനും വേണ്ടി വരുന്നതല്ലേ ഗ്യാസ് കണക്ഷൻ. സുഹൃത്ത് എന്‍റെ തോളി. കൈ വെച്ചു.

ഒറ്റയ്ക്കായിരുന്നെങ്കിൽ ഹോട്ടലിൽ നിന്നും കഴിക്കാമായിരുന്നു. ിതിപ്പോ കുഞ്ഞുകുട്ടി പ്രാരാബ്ധമുള്ള ആളായിപ്പോയില്ലേ!

സിലണ്ടറില്ലാതെ വീട്ടിൽ പോയാൽ ശ്രീമതി പൊട്ടിത്തെറിക്കുമെന്ന കാര്യം ഉറപ്പാ… കൂടുതലൊന്നും ആലോചിക്കാതെ സുഹൃത്തിനൊപ്പം മാനേജരുടെ വീട് ലക്ഷ്യമാക്കി നടന്നു. വെറും കൈയോടെ പോകുന്നതെങ്ങനെയാ, കുട്ടികൾക്ക് കൊടുക്കാനായി ചെറിയൊരു പാക്കറ്റ് ചോക്ലേറ്റും വാങ്ങി.

സുഹൃത്തിനെ കണ്ട് മാനേജർ ഭവ്യതയോടെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

“പറയൂ.. ഞാനെന്ത് സഹയമാണ് ചെയ്യേണ്ടത്?”

“സാർ, ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്തിട്ട് ഒരുപാട് നാളായി. പക്ഷേ, ഇതുവരെ സിലിണ്ടർ കിട്ടിയിട്ടില്ല. ബില്ലിൽ 447 എന്നാണ് കാണിക്കുന്നത്. പക്ഷേ 460 കൊടുക്കാറുണ്ട്. എപ്പോ ചോദിച്ചാലും സ്റ്റോക്കില്ല എന്നേ പറയൂ. ഹോട്ടലിലൊക്കെ… നിയമപരമായി പറഞ്ഞാൽ….”

സംസാരം മുഴുമിപ്പിക്കും മുമ്പ് മാനേജർ ഇടപെട്ടു “നിയമനടപടികളെക്കുറിച്ച് പറയാനാണെങ്കിൽ വീട്ടിൽ വരേണ്ടിയിരുന്നില്ലല്ലോ? ഏജൻസിയിൽ വന്നാൽ പോരായിരുന്നോ? വേഗം വേണമെന്ന് പറയും. ഏജൻസിയിൽ ജീവനക്കാർ കുറവാണെന്നറിയാമല്ലോ. 10- 20 കൊടുത്താലേ അവർക്കും ഒരുത്സാഹം കാണൂ…”

രംഗം വഷളാകുന്നത് കണ്ട് സഹൃത്ത് ഇടപ്പെട്ടു, “അല്ല സുഹൃത്തേ പറയാൻ വന്നത് ഒന്ന്, പറഞ്ഞവതരിപ്പിച്ചത് വേറൊന്ന്… കുറഞ്ഞത് 2 മാസം മുമ്പാണ് പുള്ളിയുടെ വീട്ടിൽ ഗ്യാസ് സിലിണ്ടർ കിട്ടിയത്. പിന്നെ ബുക്ക് ചെയ്തിട്ടും ഇതുവരെ റെസ്പോൺസുമില്ല. നീയെന്തെങ്കിലും ചെയ്യ്… പാവം വലിയ കഷ്ടത്തിലാണ്.” പറയുമ്പോൾ സുഹൃത്തിന്‍റെ മുഖത്ത് ദൈന്യത നിറഞ്ഞു.

“എന്നാ ബുക്ക് ചെയതത്?” മാനേജർ ഗൗരവത്തോടെ ചോദിച്ചു.

“രണ്ട് മാസം മുമ്പ്” ഞങ്ങൾ ഒന്നിച്ച് പറഞ്ഞു.

“അതിപ്പോ ലാപ്സായിക്കാണുമല്ലോ?”

“സാർ, 21 ദിവസം മുമ്പ് വീണ്ടും ബുക്ക് ചെയ്തിരുന്നു.” പ്രതീക്ഷയൊട്ടും കൈവിടാതെ ഞാൻ പറഞ്ഞു.

“വിറക് അടുപ്പ്, മണ്ണെണ്ണ സ്റ്റൗ പോലെ മറ്റ് കുക്കിംഗ് ഡിവൈസൊന്നും വീട്ടിലില്ലേ?”

“ഇല്ല സാർ.” നിരാശയുടെ പടുഗർത്തത്തിൽ വീഴുന്ന പ്രതീതിയായിരുന്നു എനിക്ക്.

“എങ്കിൽ ഒരു സെപ്പറേറ്റ് കണക്ഷൻ കൂടി എടുത്തുകൂടേ?”

“സാർ, ഉണ്ട് സാർ, ഭാര്യയുടെ പേരിൽ… പക്ഷേ, വേനലവധിയായിരുന്നല്ലോ.  കുട്ടികളും ഗസ്റ്റും… പക്ഷേ, നിയമാനുസൃതമായി ബുക്ക് ചെയ്ത് വാങ്ങിയ രണ്ട് കണക്ഷനുകളാണല്ലോ…”

സംസാരം മുഴുമുപ്പിക്കും മുമ്പ് മാനേജർ ചോദിച്ചു, “സുഹൃത്തേ, നിങ്ങൾ കുറേ നേരമായി നിയമവശങ്ങൾ പറയുന്നു. നിങ്ങൾക്ക് നിയമങ്ങളിലാണോ സ്നേഹത്തിലാണോ കൂടുതൽ വിശ്വാസം?”

“ക്ഷമിക്കണം സാർ. അത്… സ്നേഹത്തിൽ തന്നെയാ എനിക്ക് വിശ്വാസം.” ഞാൻ ചെറിയൊരു ചമ്മലോടെ പറഞ്ഞു.

“അപ്പോ ഭാര്യയോടും ഈ സ്നേഹമൊക്കെ കാണുമല്ലോ?”

ഇതെന്തൊരു ചോദ്യമാണ്… ഞാൻ ആലോചിച്ചു.

“ഭാര്യയെ അത്രയ്ക്ക് ഇഷ്ടമാണെങ്കി. പിന്നെയെന്തിനാണ് അവരോടിത്ര പക? സ്ത്രീധനമൊക്കെ കാര്യമായിട്ട് കിട്ടികാണുമല്ലോ!”

“ഉവ്വ് സർ….” ഇയാളിതെന്തൊക്കെയാണ് പുലമ്പുന്നത്. എന്‍റെ ശബ്ദം നേർത്തു വന്നു.

മാനേജരുടെ മുഖത്ത് ഗൗരവം നിറഞ്ഞു. “വിചിത്രമായിരിക്കുന്നു… കാര്യമായ സ്ത്രീധനം കിട്ടിയിട്ടുണ്ട്. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്നുമുണ്ട്.രണ്ട് മാസത്തോളമായി സിലിണ്ടർ കിട്ടിയിട്ടുപോലും.”

മാനേജരുടെ മറുപടി കേട്ട് ഞാൻ പതിയെ എഴുന്നേറ്റു.

“ശരി സാർ. ഞങ്ങളിറങ്ങുന്നു.”

“അല്ല… അപ്പോ സവാരിക്കിറങ്ങിയതാണോ… അതോ ഗ്യാസ് സിലിണ്ടർ വാങ്ങാൻ വന്നതാണോ?” മാനേജർ പരിഹാസത്തോടെ പറഞ്ഞു.

“രണ്ട് മാസത്തോളമായി വീട്ടിൽ ഗ്യാസ് തീർന്നിട്ട്. എന്നിട്ട് ഇപ്പോഴാണ് വരുന്നത്? ഏജൻസി കയറിയിറങ്ങേണ്ട വല്ലകാര്യവുമുണ്ടോ? ഏ… മിസ്റ്റർ! പൂച്ചയെ പിടിക്കാൻ എലി പിന്നാലെ ഓടുന്ന കാലമാണിത്. നിങ്ങൾ അപ്പോൾ ഈ യുഗത്തിലൊന്നുമല്ലേ ജീവിക്കുന്നത്.”

ഒക്കെ കേട്ടുകൊണ്ട് നിന്നതല്ലാതെ എന്ത് പറയാൻ.

മാനേജർ സംസാരം തുടർന്നുകൊണ്ടേയിരുന്നു. “നിങഅങളുടേതുപോലെ നിയമവശങ്ങൾ സംസാരിച്ചു കൊണ്ടിരുന്നുവെങ്കിൽ ഏജൻസി വേറെ ആളുടെ കൈകളിലെത്തിയേനെ… ഞാൻ പറഞ്ഞത് മനസ്സിലാകുന്നില്ലേ… മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സിലിണ്ടർ അവർ പറയുന്നിടത്ത് എത്തിക്കേണ്ടി വരാറുണ്ട്. ഞങ്ങൾക്കും ജീവിക്കേണ്ടേ… ഇക്കണക്കിന് നിങ്ങളെപ്പോലുള്ളവർ ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമല്ലോ…”

“തെറ്റുപറ്റി സാർ. ദേഷ്യപ്പെടരുത്… ഈയൊരു പ്രശ്നത്തിൽ താങ്കളുടെ സഹായം…” ഞാൻ കൊകൂപ്പി.

“ശരി, ഇവിടെ വരെ വന്നതല്ലേ. പോരാത്തതിന് എന്‍റെ സുഹൃത്തിന്‍റെ സുഹൃത്തും. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ആളല്ലേ… ശരി ഒരു 100 രൂപ അധികം തന്നാൽ മതി. ഗ്യാസ് സിലിണ്ടർ നിങ്ങൾ പറയുന്ന സമയത്ത് പറയുന്നിടത്ത് എത്തിക്കുന്ന ഉത്തരവാദിത്തം ഞങ്ങളുടേതാണ്. ഇനി ധൈര്യമായി പൊയ്ക്കൊള്ളൂ…”

മറ്റൊരു പോംവഴിയുമില്ല. ഞാൻ പണം നൽകി മാനേജർ സസന്തോഷം വാങ്ങി. ഏജൻസി കയറിയിറങ്ങേണ്ട, ഗോഡൗണിനു മുന്നിൽ ക്യൂ നിൽക്കേണ്ട, ഇനി ബുക്കിംഗും വേണ്ട. ഫോൺ വിളിക്കുക, പണം കൊടുക്കുക, ഉടനടി സിലിണ്ടർ വീട്ടിലെത്തും!

അകലെ ആകാശം

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അജിത വാതിൽ തുറന്നു. മുന്നിൽ സൗമ്യനായി പുഞ്ചിരിച്ചു നിൽക്കുന്ന നിഖിൽനെയാണ് കണ്ടത്. കയ്യിൽ ഒരു പൂച്ചെണ്ടും. വിവാഹ ദിനാശംസകൾ അവൻ പറഞ്ഞു.

താങ്ക്സ്, പൂച്ചെണ്ടു വാങ്ങുന്നതിനിടയ്ക്ക് അജിത മന്ദസ്മിതം തൂകി. അപ്പോൾ നിഖിലിന് ഞങ്ങളുടെ വിവാഹ വാർഷികം ഓർമ്മയുണ്ട് അല്ലേ?

എനിക്ക് ഈ ദിവസം എങ്ങനെ മറക്കാനൊക്കും. രണ്ടുകൊല്ലം മുമ്പല്ലേ ചേച്ചി എന്‍റെ ഉറ്റമിത്രത്തെ എന്നിൽ നിന്നും തട്ടിയെടുത്തത്.

അപ്പോൾ വിവാഹശേഷം അഞ്ജലിയും നിന്നെ ഇതുപോലെ തട്ടിയെടുക്കുമായിരിക്കും അല്ലേ.

അത് ശരിയാ, മുതിർന്നവരെ കണ്ടല്ലേ ചെറിയവർ അനുകരിക്കുന്നത്.

ആരെന്ത് അനുകരിച്ച് എന്നാ നിങ്ങൾ ഈ പറയുന്നത്? ഡ്രോയിംഗ് റൂമിൽ എത്തിയ ശ്രീകാന്ത് കാര്യമറിയാതെ ഇരുവരെയും നോക്കി.

ഇത് ഏട്ടത്തിയും അനിയനും തമ്മിലുള്ള പ്രശ്നമാണ്. നിങ്ങൾ ഇതിൽ ഇടപെടേണ്ട.

അതു കൊള്ളാം, ഏട്ടൻ ഇപ്പോഴും തയ്യാറായില്ലേ? നിഖിൽ ശ്രീകാന്തിനോട് ചോദിച്ചു.

തയ്യാറാവുകയോ എന്തിന്? എവിടെ പോകാനാണ്? അജിത അത്ഭുതം കൂറി.

ചേച്ചി, ഇന്നാണ് എയർ ഷോ. ഞാൻ അതിൽ പങ്കെടുക്കുന്നുണ്ട്. ശ്രീകാന്ത് ഏട്ടനും ഇതിൽ പങ്കെടുക്കണമെന്ന് ഉണ്ട് . ചേച്ചി സമ്മതിക്കുകയാണെങ്കിൽ….

നിഖിൽ ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണെന്ന് അറിയാമല്ലോ.

അറിയാം ചേച്ചി, അതാ ഞാൻ നിർബന്ധിക്കാതിരുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചേട്ടൻ തന്നെ സമ്മാനം തട്ടിയെടുക്കും എന്നാണ് പറയുന്നത്. അജിത പറഞ്ഞു മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ നിഖിൽ പറഞ്ഞു.

എന്ത്… ഞാനെപ്പോ പറഞ്ഞു. ഇവൻ ഒന്നാന്തരം കള്ളത്തരമാ പറയുന്നത്. ശ്രീകാന്ത് അസ്വസ്ഥനായി പറഞ്ഞു.

ഇന്ന് ഈ മത്സരത്തിൽ ഏട്ടനെങ്ങാനും പങ്കെടുത്താൽ ഞങ്ങളുടെ കാര്യം തഥൈവ, അതുമാത്രമല്ല മൗറീഷ്യസിലേക്കുള്ള സൗജന്യ യാത്ര ടിക്കറ്റും ഏട്ടൻ തന്നെ തട്ടിയെടുക്കും. നിഖിൽ സത്യാവസ്ഥ വെളിപ്പെടുത്തി.

അതെയോ, ഈ സൗജന്യ ടിക്കറ്റ് കൊണ്ട് ഭാര്യയെയും കൂടെ കൊണ്ടുപോകാൻ സാധിക്കുമോ? ശ്രീകാന്ത് ഒന്നുമറിയാത്തതുപോലെ നിഖിലിനെ നോക്കി.

ശരിയാണ് ചേച്ചിക്കും മൗറീഷ്യസിൽ പോകണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും നിങ്ങൾക്ക് ഇന്ന് പോകാൻ സാധിക്കില്ല. ഇന്ന് നിങ്ങളുടെ വിവാഹ വാർഷികം അല്ലേ? വെറും രണ്ടു മണിക്കൂർ മാറിനിൽക്കുക തന്നെ ഏട്ടനെ സംബന്ധിച്ച് ഇന്ന് ബുദ്ധിമുട്ടായിരിക്കും.

നിഖിലിന്‍റെ ചെവിക്ക് പിടിച്ച് നുള്ളി കൊണ്ട് അജിത പറഞ്ഞു. നിഖിൽ, ശ്രീയേട്ടൻ ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. അതല്ലേ കാര്യം. അങ്ങനെയാണെങ്കിൽ നിനക്ക് തന്നെ ഫസ്റ്റ് ആവാമല്ലോ അല്ലേ. എന്നിട്ട് അഞ്ജലിയെയും കൊണ്ട് നിനക്ക് മൗറീഷ്യസിലേക്ക് പറക്കാം. നിന്‍റെ മനസ്സിൽ ഇരിപ്പു കൊള്ളാം.

നിഖിൽ ചെവി തിരുമ്മി കൊണ്ട് പറഞ്ഞു. ശരി ചേച്ചി. പക്ഷേ ഒരു നിബന്ധനയുണ്ട്. അഞ്ജലി വരില്ലെന്ന് പറഞ്ഞാൽ ചേച്ചിയ്ക്ക് എന്‍റെയൊപ്പം വരേണ്ടിവരും.

നിന്നെ ഞാൻ… അജിത് നിഖിലിനെ അടിക്കുവാൻ കൈ ഓങ്ങിയപ്പോഴേക്കും ശ്രീകാന്ത് ഇടയ്ക്ക് കയറി. വെറും രണ്ടു മണിക്കൂർ കാര്യമല്ലേയുള്ളൂ ഞാൻ വേഗം മടങ്ങി വരാം.

ശരി നിഖിൽ, നീ ശ്രീ ഏട്ടനെയും കൂടെ കൊണ്ടുപോയി കൊള്ളൂ. പക്ഷേ ഇങ്ങേര് കൂടുതൽ ഷൈൻ ചെയ്യാനായി സാഹസികത വല്ലതും കാണിച്ചാൽ അറിയാമല്ലോ? അതിന്‍റെയെല്ലാം ഉത്തരവാദിത്വം നിനക്കായിരിക്കും.

ശരി ചേച്ചി, നിഖിൽ ചിരിച്ചു.

പിന്നെ, നീ വൈകുന്നേരം മടങ്ങിവരുമ്പോൾ അഞ്ജലിയെ നിർബന്ധമായും കൊണ്ടുവരണം. വൈകുന്നേരത്തെ ഭക്ഷണം നമുക്ക് ഒരുമിച്ച് ആകാം അജിത പറഞ്ഞു.

നേവൽ ബേസിൽ ആകട്ടെ ശ്രീകാന്തും നിഖിലും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി മത്സരത്തിൽ ശ്രീകാന്ത് ഒന്നാമനും നിഖിൽ രണ്ടാമനും ആയിരുന്നു. ഇത്തവണയും എല്ലാവരുടെയും മുഴുവൻ പ്രതീക്ഷയും ഇവരിൽ തന്നെ. ശ്രീകാന്തും നിഖിലുമായുള്ള സൗഹൃദം സ്ക്വാഡ്റനിൽ ഒരു ചർച്ച വിഷയം ആയിരുന്നു. ഇവരുടെ ഉറച്ച സൗഹൃദം ഏവർക്കും മാതൃക തന്നെയായിരുന്നു.

എല്ലാ തയ്യാറെടുപ്പുകളോടെയും ശ്രീകാന്തും നിഖിലും തങ്ങളുടെ ഊഴവും കാത്ത് റൺവേക്കുള്ളിൽ നിലയുറപ്പിച്ചു.

സുഹൃത്തേ, രണ്ടു മണിക്കൂറിനുള്ളിൽ മടങ്ങി വന്നേക്കണം. പറഞ്ഞേക്കാം. അല്ലെങ്കിൽ ചേച്ചി എന്നെ ബാക്കി വെച്ചേക്കില്ല. കേട്ടോ… നിഖിൽ മുടിയിഴകൾ കൈക്കൊണ്ട് ഒതുക്കുന്നതിന് ഇടയ്ക്ക് പറഞ്ഞു.

അധിക സമയം ഒന്നും എടുക്കില്ല. അല്പ സമയത്തേക്ക് വ്യോമാഭ്യാസം ഡൽഹിയിൽ വച്ചായിരിക്കും. പിന്നീട് ജമ്മു വിമാനത്താവളം വരെ പോയി മടങ്ങി വരികയേ വേണ്ടൂ. എല്ലാം കൂടി 100 മിനിറ്റിലേറെ സമയമെടുക്കില്ലല്ലോ? നിന്‍റെ ഊഴം രണ്ടാമത് അല്ലേ. എന്‍റേത് പതിനഞ്ചാമതും. ഫ്രീ ആവുകയാണെങ്കിൽ അഞ്ജലിയെയും കൊണ്ട് എന്‍റെ വീട്ടിലെത്തിച്ചേരണം. അല്പസമയത്തിനുള്ളിൽ ഞാനും എത്തിച്ചേരാം. അജിതയ്ക്ക് നല്ലൊരു ഗിഫ്റ്റ് കൊടുക്കണം. അഞ്ജലിക്ക് ഗിഫ്റ്റ് സെലക്ഷൻ നന്നായി അറിയാമല്ലോ?

സ്ക്വാഡ്റൺ ലീഡർ നിഖിൽ, മൈക്കിലെ അനൗൺസ്മെൻറ് കേട്ട് നിഖിൽ ശ്രീകാന്തിനോട് യാത്ര പറഞ്ഞ് തന്‍റെ വിമാനത്തിനടുത്തേക്കു നീങ്ങി. വിമാനം റൺവേയിൽ നിന്നും മറഞ്ഞ് മേഘങ്ങൾക്കിടയിലേക്ക് പൊങ്ങി. പലതരം അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി. താഴെ ഇരിക്കുകയായിരുന്ന എയർ വൈസ് മാർഷലും മറ്റ് അതിഥികളും നിഖിലിന്‍റെ ഈ കലാപ്രകടനങ്ങൾ കണ്ട് ശ്വാസമടക്കി നിന്നു.

ശ്രീകാന്ത് അഭിമാനത്തോടെ നിഖിലിന്‍റെ വിമാനം പറന്നുയരുന്നതും നോക്കി നിന്നു. നിഖിൽ തന്നെ ഒന്നാമൻ ആകട്ടെ എന്നയാൾ മനസാ ആഗ്രഹിച്ചു. കൂട്ടുകാരൻ എന്ന് വെച്ചാൽ സ്നേഹത്തിനായി ജീവിക്കുകയും സ്നേഹത്തിനായി മരിക്കുന്നവനും ആയിരിക്കണം. ശുദ്ധ ഹൃദയനായിരിക്കണം.

സത്യസന്ധനായ മനുഷ്യൻ. സ്നേഹം മാത്രം നിറച്ച കടലിന്‍റെ അഗാധതയെക്കാളും ഏറെ ആഴമുള്ള മനസ്സ്. ശ്രീകാന്ത് തന്‍റെ വാച്ചിലേക്ക് നോക്കി അടുത്തുള്ള കാന്‍റീനിലെ വെയിറ്ററോടു പറഞ്ഞു. ഇനി എന്‍റെ ഊഴം വരുന്നതിന് ഏറെ സമയം എടുക്കും അതുവരെ ഒരു കാപ്പി ആവാം അല്ലേ?

യെസ് സാർ.

അതിനുശേഷം ശ്രീകാന്ത് ക്യാപ്റ്റന്‍റെ അടുത്തേക്ക് നടന്നു.

തന്‍റെ കലാപ്രകടനങ്ങൾക്ക് ശേഷം നിഖിൽ ജമ്മു ഭാഗത്തേക്കാണ് വിമാനം പറത്തിയത്.

ജമ്മു വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം വേഗം മടങ്ങണമെന്നായിരുന്നു അയാൾക്ക് ലഭിച്ച നിർദ്ദേശം. റൺവേയിൽ നിന്നും പറന്നുയരുന്നതിനുള്ള അനുവാദത്തിനായി കൺട്രോൾ ടവറുമായി ബന്ധപ്പെട്ടപ്പോൾ ജമ്മുവിൽ തന്നെ തങ്ങാനുള്ള അറിയിപ്പാണ് അയാൾക്ക് ലഭിച്ചത്. അയാൾ ആശ്ചര്യത്തോടെ തിരക്കി, എനിക്ക് അത്യാവശ്യമായി തിരികെ ഡൽഹിയിൽ എത്തിച്ചേരണം.

താങ്കൾ വേണമെങ്കിൽ ഡൽഹിയിലെ കൺട്രോൾ ടവറുമായി കോൺടാക്ട് ചെയ്യൂ.

എടിസി ഡൽഹിയിൽ നിന്നുള്ള സന്ദേശം കേട്ട് നിഖിലിന് കടുത്ത ആഘാതമേറ്റതുപോലെ തോന്നി. വിമാനം തന്‍റെ പിടിയിൽ നിന്നും കൈവിട്ട് തല കീഴായി വീഴുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.

കൺട്രോൾ യുവർ സെൽഫ്, വിമാനത്തെ നിയന്ത്രിക്കൂ. ഇന്ത്യൻ എയർഫോഴ്സിന്‍റെ സമർത്ഥനായ പൈലറ്റ് ഇത്ര അധീരനാവരുത്. ഇത് കേവലം ഒരു അപകടം മാത്രം. ഷോ ഇപ്പോഴും തുടരുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ പെർഫോമൻസിൽ ശ്രദ്ധിക്കൂ. അപകട സ്ഥലത്ത് നിന്നും വിമാന അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. താങ്കൾ ഒരു 10 മിനിറ്റു നേരം ജമ്മുവിൽ തങ്ങണം. അതിനുശേഷം ഡൽഹിയിലേക്ക് മടങ്ങാം. ഓവർ.

നിഖിൽ മഞ്ഞുകട്ട കണക്കെ മരവിച്ചുറച്ചു നിന്നു. സ്ക്വാഡ്റൺ ലീഡർ ശ്രീകാന്ത് രക്ഷപ്പെടുവാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ? നിഖിൽ വിഷമിച്ച് കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു.

ഞങ്ങൾക്ക് ഖേദമുണ്ട്. അദ്ദേഹം അകാല മൃത്യു കൈവരിച്ചു. ഇന്ത്യൻ എയർഫോഴ്സിന് സമർത്ഥനും പ്രഗത്ഭനുമായ ഒരു പൈലറ്റിനെ നഷ്ടമായി. ഇപ്പോൾ തൽക്കാലം താങ്കൾ ലാൻഡിങ്ങിൽ ശ്രദ്ധിക്കൂ… താങ്കൾ റൺവേയിലേക്ക് അപ്പ്രോച്ച് ചെയ്യുകയാണ്.

ജമ്മുവിൽ എത്തിയതിനു ശേഷം നിഖിൽ ഹെഡ് കോർട്ടേഴ്സിലേക്ക് ഫോൺ ചെയ്ത് സിവിൽ എയർലൈൻസിൽ മടങ്ങുന്നതിനുള്ള അനുവാദം വാങ്ങി. അയാളുടെ ശാരീരികവും മാനസികവുമായ സ്ഥിതി കണക്കിലെടുത്ത് അയാൾക്ക് തിരിച്ചുപോകാനുള്ള അനുമതി നൽകി. ഡൽഹി എയർപോർട്ടിൽ എത്തിച്ചേർന്ന അയാൾക്ക് ഒരടി മുന്നോട്ടു നീങ്ങുവാനുള്ള ശക്തി പോലും ഇല്ലായിരുന്നു. കണ്ണിനു മുന്നിൽ ഇരുട്ട് കട്ടപിടിച്ചു കൊണ്ടേയിരുന്നു.

ഞാനിനി അജിത ചേച്ചിയെ എങ്ങനെ അഭിമുഖീകരിക്കും. അവരുടെ ആഹ്ളാദഭരിതമായ ജീവിതം ഒരു നിമിഷം കൊണ്ട് തകർന്നു തരിപ്പണമായില്ലേ. നിഖിൽ സ്വയം ശപിച്ചുകൊണ്ടിരുന്നു. ഭാര്യയിൽ നിന്നും രണ്ടു മണിക്കൂർ നേരത്തെ അനുവാദം വാങ്ങിയാണ് ശ്രീകാന്ത് മരണത്തിന്‍റെ ഇരുട്ടിലേക്ക് മറഞ്ഞത്. അതിന് പകരം സമ്മാനമായി മൗറീഷ്യസിലേക്ക്! ശ്രീകാന്ത് ഇല്ലാത്ത ഈ ലോകത്ത് ഞാൻ എങ്ങനെ?

അജിത ഒരിക്കലും ശ്രീകാന്തിനെ അനാവശ്യമായി പുറത്തു പോകാൻ അനുവദിക്കില്ലായിരുന്നു. സന്തോഷത്തോടെ വിവാഹ വാർഷികം ആഘോഷിക്കാം എന്ന് തീരുമാനിച്ചിരുന്ന ശ്രീകാന്തിനെ ഞാനല്ലേ വലിച്ചിഴച്ച് മരണ വക്രത്തിൽ എത്തിച്ചത്. സുഹൃത്തെന്നു നടിച്ച് സുഹൃത്തിന്‍റെ കഴുത്തറുത്തല്ലോ ഞാൻ. ഞാൻ കുറ്റക്കാരനാണ്… കൊലപാതകിയാണ്… അപരാധിയാണ്…

എങ്ങോട്ടാണ് പോകേണ്ടത് സാർ. ടാക്സി ഡ്രൈവറുടെ ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി. ജീവിതത്തിലെ ആ ഭയാനക നിമിഷങ്ങൾ നിഖിൽനെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ടാക്സിയിൽ നിന്നിറങ്ങി വീടിനടുത്ത് എത്താൻ ഒരുപാട് സമയം എടുത്തത് പോലെ… അയാൾക്ക് തോന്നി.

വാതിൽ തുറന്നു അജിത വെളുത്ത സാരിയുടുത്ത് ഒരുങ്ങാതെ മുന്നിൽ നിൽക്കും. എന്നിട്ട് എന്നോട് പറയും, എനിക്ക് സൗഭാഗ്യങ്ങൾ സമ്മാനങ്ങൾ നൽകിയ… കാർമേഘം അല്ലേ… എന്‍റെ സുഖകരമായ ജീവിതം താറുമാറാക്കിയവനല്ലേ നീ…

എന്തുപറ്റി? എന്താണ് ആലോചിക്കുന്നത് സ്ക്വാഡ്റൺ ലീഡർ? താൻ എപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത് എന്നോ അജിത ചേച്ചി എപ്പോഴാണ് വാതിൽ തുറന്നത് എന്നോ ഒന്നും അയാൾക്ക് മനസ്സിലായില്ല. കണ്ണുതുറന്നപ്പോൾ മുന്നിൽ അണിഞ്ഞൊരുങ്ങി വിവാഹ വസ്ത്രം ധരിച്ചു നിൽക്കുന്ന അജിതയെ ആണ് കണ്ടത്. രണ്ടുവർഷം മുമ്പാണ് ഇതേ വേഷത്തിൽ അവരെ കണ്ടത്.

കൊള്ളാമല്ലോ ആശാൻ ഒറ്റയ്ക്കാണോ വന്നത്.

അപ്പോൾ അജിത ഇതുവരെ നടന്നതൊന്നും അറിഞ്ഞില്ലേ. ജീവിതത്തിലെ ഈ ഭീകരമായ യാഥാർത്ഥ്യം അവൾക്കിപ്പോഴും അജ്ഞാതമാണോ? എന്നോർത്ത് നിഖിൽ വളരെയേറെ വിഷമിച്ചാണ് മറുപടി നൽകിയത്.

അതെ

നീ ഒറ്റയ്ക്ക് വരും എന്ന് എനിക്ക് തോന്നിയിരുന്നു.

അത് ചേച്ചി … ശ്രീകാന്ത്… ശ്രീകാന്ത്…

എനിക്കറിയാം ശ്രീകാന്ത് എവിടെയാണെന്ന് എന്ന് പറഞ്ഞ് അജിത ഒരു ഗ്ലാസ് വെള്ളം നിഖിലിന് കൊടുത്തു.

എവിടെ, നിഖിൽ അറിയാതെ ചോദിച്ചു.

കേക്ക് മേടിക്കാൻ പോയി കാണും. ഞാനറിയാതെ എഗ്ഗ്ലെസ് കേക്ക് വാങ്ങാനായി പോയതായിരിക്കും. എപ്പോഴും ഇങ്ങനെയാ പതിവ്.

ഇല്ല… ഇല്ല, ചേച്ചി ഇനി ശ്രീകാന്ത് ഏട്ടൻ ഒരിക്കലും കേക്ക് കൊണ്ടുവരില്ല.

ഓ, കൊണ്ടുവന്നില്ലെങ്കിൽ വേണ്ട. കേക്ക് എനിക്ക് അത്രയ്ക്ക് ഒന്നും ഇഷ്ടമല്ല. പക്ഷേ നിഖിൽ ഒറ്റയ്ക്ക് വന്നത് എന്തിനാണെന്ന കാര്യമാണ് എനിക്ക് മനസ്സിലാകാത്തത്.

ഹോ, ചേച്ചിയെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.

നീ ശരിക്കും ഒരു ഭീരു തന്നെ. സത്യാവസ്ഥ വെളിപ്പെടുത്താൻ എന്തിനാണ് ഭയപ്പെടുന്നത്.

അതെ ചേച്ചി, എനിക്ക് ഭയമാണ് എല്ലാവരെയും.

അഞ്ജലിയെയും നിനക്ക് ഭയമാണോ? എന്നിട്ടാണോ എന്നോട് പറഞ്ഞത്, ഞാൻ ശ്രീയേട്ടനെയും മറ്റും നിന്നിൽ നിന്നും തട്ടിയെടുത്തു എന്നൊക്കെ. ഇപ്പോഴേ ഭാര്യയുടെ അടിമയാണോ നാണമില്ലേ നിനക്ക്? അവർ കളിയാക്കി. നിനക്ക് കുടിക്കാൻ ചായ വേണോ കൂൾ ഡ്രിങ്ക്സ് വേണോ?

ഒന്നും വേണ്ട ചേച്ചി നിഖിൽ അജിതയെ നോക്കി കുറ്റബോധത്തോടെ പറഞ്ഞു. ചേച്ചി എന്നോട് ക്ഷമിക്കണം.

മാപ്പ് നൽകണോ? ഒരിക്കലുമില്ല. നിന്‍റെ തെറ്റ് പൊറുക്കാൻ പറ്റിയതല്ല. നീ ശിക്ഷിക്കപ്പെടേണ്ടവനാണ്.

അപ്പോൾ ചേച്ചിക്ക് എല്ലാം അറിയാമോ? നിഖിൽ ആശ്ചര്യത്തോടെ ചോദിച്ചു.

പിന്നല്ലാതെ. എനിക്ക് സമ്മാനം കൊണ്ടുവരാം എന്ന് പറഞ്ഞു നീ വെറും കയ്യോടെ അല്ലേ വന്നത്. പുറത്തെ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നു. ശ്രീകാന്ത് ഏട്ടൻ മടങ്ങി വന്നതായിരിക്കും.

ചേച്ചി നിഖിൽ ഉറക്കെ അലറി. ശ്രീകാന്ത് ഏട്ടൻ മരിച്ചു. ചേട്ടന്‍റെ വിമാനം ഒരു തീ ഗോളമായി എരിഞ്ഞു തീർന്നു. അതോടൊപ്പം ചേച്ചിയുടെ ഭാവനകൾ, ആഗ്രഹങ്ങൾ, സ്നേഹം, ജീവിതം… ഇത്രയും പറഞ്ഞ് നിഖിൽ സോഫയിൽ കുഴഞ്ഞുവീണു.

നിഖിലിനു ബോധം തെളിഞ്ഞപ്പോൾ തലയ്ക്കൽ ഇരിക്കുന്ന അജിതയെയും മുന്നിലിരുന്ന് തന്നെ നിർന്നിമേഷയായി നോക്കിയിരിക്കുന്ന അഞ്ജലിയെയും കണ്ടു.

നിഖിൽ ഒറ്റയ്ക്ക് വന്നതുകൊണ്ട് എനിക്ക് അഞ്ജലിയെ വിളിപ്പിക്കേണ്ടിവന്നു.

അഞ്ജലിയെ കുറിച്ച് ചോദിക്കുന്തോറും നീ അസ്വസ്ഥനാകുമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു തമാശ പറഞ്ഞാൽ ബോധക്കേട് ഉണ്ടാവുകയോ?

ചേച്ചി, ഞാൻ ചേച്ചിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? ശ്രീകാന്ത് ഏട്ടൻ…

നീ എന്താ കുറെ നേരമായിട്ട് ശ്രീകാന്ത് ഏട്ടന്‍റെ പേര് പറഞ്ഞു കൊണ്ടിരിക്കുന്നത്. നീ ബോധംകെട്ട് കിടക്കുന്നത് കണ്ട് അദ്ദേഹം ആറേഴു ഡോക്ടർമാരെ എങ്കിലും വിളിച്ചിട്ട് ഉണ്ടാവും. ഇപ്പോൾ അവരെയും പ്രതീക്ഷിച്ച് പുറത്ത് നിൽക്കുകയാണ്.

എന്താ, ചേച്ചി ഈ പറയുന്നത്?

നിഖിൽ എന്താ നിനക്ക് സുഖമില്ലേ? ജമ്മുവിൽ വച്ച് നിന്‍റെ ആരോഗ്യനില മോശമായിരുന്നില്ലെങ്കിൽ, നീയാകുമായിരുന്നു ഈ മത്സരത്തിൽ വിജയിയെന്ന് സി. ഒ. സാർ പറഞ്ഞു.

അപ്പോൾ ആ അപകടം, എയർ ക്രാഷ്… നിഖിൽ വിക്കി വിക്കി ചോദിച്ചു.

ഭയാനകം തന്നെ. ഓർക്കുമ്പോൾ പേടി തോന്നുന്നു. ഞാൻ പറപ്പിക്കുവാൻ ഉദ്ദേശിച്ചിരുന്ന ഒരു ആ വിമാനം നിമിഷനേരത്തിനുള്ളിൽ ഒരു തീഗോളമായി മാറി. നീ പോയതിനുശേഷം ഞാൻ കാന്‍റീനിലേക്ക് കാപ്പി കുടിക്കുവാൻ പോയി. അവിടെവച്ച് തട്ടി താഴെ വീണു കാലിൽ മുറിവ് ഉണ്ടായി. ഒപ്പം നീരും. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടും എനിക്ക് ഫ്ലയിങ്ങിനുള്ള അനുമതി നൽകിയില്ല. എനിക്ക് പകരം അത് സ്ക്വാഡ്റൺ ലീഡർ ശ്രീകാന്ത് മേനോൻ ആണ് നൽകിയത്. അങ്ങനെ എന്‍റെ മരണം സ്വയം ശ്രീകാന്ത് മേനോൻ ഏറ്റെടുക്കുകയായിരുന്നു. കഷ്ടം ആ ഓഫീസർ ഒരു കാരണവും കൂടാതെ കൊല്ലപ്പെട്ടു. നല്ല മനുഷ്യനായിരുന്നു അയാൾ. നിങ്ങളുടെ മെഡൽ ഞാൻ തട്ടിയെടുക്കും നോക്കിക്കോ എന്ന് പറഞ്ഞ് ഇറങ്ങിയതാണ്. വിധിവൈപരീതം… മെഡൽ അല്ല പകരം മരണമാണ് അയാൾ തട്ടിയെടുക്കാൻ പോകുന്നതെന്ന് കാര്യം ആർക്കും അറിയില്ലായിരുന്നല്ലോ…. ഇത് പറയുമ്പോൾ ശ്രീകാന്തിന്‍റെ കണ്ണ് നിറഞ്ഞു.

ഓ… അപ്പോൾ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. നിഖിലിനപ്പോൾ ഒരു പുതിയ ജന്മം ലഭിച്ച പോലെ തോന്നി.

ജ്യോതിയുടെ കത്തുകൾ

വർഷങ്ങൾക്കു ശേഷം ജ്യോതിയെ മുന്നിൽ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. വിനീതിന് നല്ല ദാമ്പത്യം ആശംസിക്കാൻ ആണ് അവൾ അമേരിക്കയിൽ നിന്ന് എത്തിയത്. അവന്‍റെ കല്യാണം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞ്.

ഞാൻ കുറെ നാളായി യുഎസിലായിരുന്നു. ഇപ്പോൾ കുറച്ച് നാളായി പൂനെയിലാണ്. വിനീത് വിവാഹിതനായ വിവരം ഞാൻ അടുത്തിടെയാണ് അറിഞ്ഞത്. വളരെ സന്തോഷം തോന്നി. പിന്നെ മാഡത്തിനെ ഒന്ന് കാണണമെന്നും. അതാണ് ഓടി വന്നത്. ഇത് ചില കത്തുകൾ ആണ്. ഇതിനി മാഡത്തിന്‍റെ സ്വത്താണ്. മാഡത്തിന് അത് സൂക്ഷിച്ചു വയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. ഞാൻ അവളുടെ മുഖത്ത് മിഴിച്ചു നോക്കിയിരുന്നു.

കുറച്ചുനേരം ഇരിക്കരുതോ… ചായ എന്തെങ്കിലും… ഞാൻ ആതിഥ്യ മര്യാദ പാലിക്കാൻ ശ്രമിച്ചു എങ്കിലും അവൾ അത് സ്നേഹപൂർവ്വം നിരസിച്ചു. എന്തോ ജോലി ചെയ്തു തീർക്കാൻ ഉണ്ടെന്ന് പറഞ്ഞ് തിടുക്കപ്പെട്ട് ഇറങ്ങിപ്പോയി.

അവൾ പോയ ശേഷം ടീപോയിൽ വെച്ചിരുന്ന കത്തുകൾ എടുത്ത് ഓരോന്ന് തുറന്നു നോക്കി. എനിക്ക് എന്‍റെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല . വിനീത് ജ്യോതിക്ക് അയച്ച പ്രണയ ലേഖനങ്ങൾ ഒന്ന് രണ്ടെണ്ണം വായിച്ച ശേഷം ഞാൻ അതെല്ലാം എടുത്ത് അലമാരയിൽ ഭദ്രമായി വെച്ചു.

വിദ്യാർത്ഥികളുടെ പുസ്തകങ്ങളിൽ നിന്നും ഇത്തരം കത്തുകൾ പിടിച്ചെടുക്കുകയും വായിക്കുകയും ചെയ്തിരുന്നു. അന്ന് അതിൽ നേരിയ രസം തോന്നിയിരുന്നു എന്നത് സത്യമാണ്. പക്ഷേ ഇപ്പോൾ സ്വന്തം മകൻ എഴുതിയ കത്തുകൾ വായിക്കേണ്ടി വരിക. ജീവിതത്തിൽ ഒരിക്കലും വിചാരിച്ചതല്ല. ഒന്ന് രണ്ട് കത്തുകളിൽ നിന്നും അവരുടെ പ്രണയത്തിന്‍റെ ആഴത്തെക്കുറിച്ച് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. പക്ഷേ വിനുമോൻ ഇതേപ്പറ്റി ഒരിക്കൽ പോലും എന്നോട് സൂചിപ്പിക്കാതിരുന്നതിൽ എനിക്ക് ആശ്ചര്യം തോന്നി.

കോളേജിൽ ചെന്നിട്ടും സ്വസ്ഥത കിട്ടിയില്ല. ഔദ്യോഗിക തിരക്കുകളിൽ മുഴുകുമ്പോൾ പ്രശ്നം തൽക്കാലത്തേക്ക് എങ്കിലും മറക്കാം എന്ന് വിചാരിച്ചിരുന്നതാണ്.

അവൾ മുമ്പത്തേതിലും കൂടുതൽ സുന്ദരി ആയിരിക്കുന്നു. നടപ്പിലും എടുപ്പിലും തികഞ്ഞ ആത്മവിശ്വാസം. അവളുടെ വ്യക്തിത്വത്തിന് അഭൗമ്യമായ പ്രൗഡി കൈവന്നിരിക്കുന്നു. ജ്യോതിയെക്കുറിച്ച് കൂടുതൽ ചോദിക്കാതിരുന്നതിൽ എനിക്ക് കുറ്റബോധം തോന്നി.

ജ്യോതി എന്‍റെ പ്രിയ ശിഷ്യയായിരുന്നു. പിന്നീട് എപ്പോഴോ എനിക്ക് അവളോട് ഇഷ്ടക്കേട് തോന്നിയത് നേരാണ്. ഇതേ കോളേജിൽ പഠിക്കുന്ന എന്‍റെ മകന്‍റെയും കൂട്ടുകാരുടെയും ഒപ്പം കാണാനിടയായതായിരുന്നു കാരണം. വിനീത്… എന്‍റെ മകൻ എനിക്കെന്നും ദൗർബല്യമായിരുന്നു. ജയശങ്കറിന്‍റെ മരണശേഷം ഞാൻ അവനു വേണ്ടി മാത്രമാണ് ജീവിച്ചത്. എല്ലാമെല്ലാമായ പൊന്നു മോനെ മറ്റാരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം എന്നെ എപ്പോഴും വേട്ടയാടിയിരുന്നു. ഒരിക്കൽ ആരുമില്ലാത്ത നേരത്ത് അവളെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി ശകാരിക്കുക വരെ ചെയ്തു.

നീ കോളേജിൽ പഠിക്കാനോ അതോ സൗന്ദര്യം പ്രദർശിപ്പിക്കാനാണോ വരുന്നത്? പഠിപ്പിൽ ശ്രദ്ധിയ്ക്ക്, അല്ലാതെ വല്ല ആമ്പിള്ളേരുടെയും പുറകെ തൂങ്ങി നടക്കുകയല്ല വേണ്ടത്. എനിക്ക് നിന്‍റെ ബാക്ക്ഗ്രൗണ്ട് നന്നായി അറിയാം. ഇനി മേലിൽ ഇത് ആവർത്തിക്കരുത്. ആവർത്തിച്ചാൽ ചിലപ്പോൾ നീ കോളേജിൽ നിന്നും പുറത്താവും. നൗ ഗെറ്റ് ലോസ്റ്റ് ഒരു പ്രിൻസിപ്പാളിന്‍റെ കാർക്കശ്യം നിറഞ്ഞ മൂടുപടമായിരുന്നു എങ്കിലും ആശങ്കകൾ അനുഭവിക്കുന്ന ഒരു സാധാരണ അമ്മയുടെ മനസ്സായിരുന്നു എനിക്കപ്പോൾ.

ജ്യോതി പിന്നീട് ഒരിക്കലും എനിക്ക് പരാതിക്കിട തന്നിട്ടില്ല. ഞാൻ അതോടെ ആശ്വാസം കൊണ്ടു. വിനീത് കുറച്ചുദിവസം അസ്വസ്ഥനായി നടന്നുവെങ്കിലും വാർഷിക പരീക്ഷ അടുത്തപ്പോൾ അവന്‍റെ ശ്രദ്ധ മുഴുവൻ പഠനത്തിലായി. പിജി കഴിഞ്ഞതോടെ അവന് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നല്ലൊരു ജോലി തരപ്പെട്ടു. ജോലിയോടൊപ്പം ഉപരിപഠനവും നടത്താമെന്ന് ഉദ്ദേശത്തോടെയായിരുന്നു അവൻ ആ ഓഫർ സ്വീകരിച്ചത്. പിന്നീട് വിവാഹം. നല്ല തറവാട്ട് മഹിമയുള്ള കുടുംബത്തിലെ പെൺകുട്ടിയായിരുന്നു അപർണ. സുന്ദരി, വിനുവിന് എന്തുകൊണ്ടും ചേരും.

എന്നിട്ടും ഇതിനിടയിൽ ഒരിക്കൽപോലും വിനീത് ജ്യോതിയുടെ പേര് ഉച്ചരിച്ചില്ല. വിനീതിന്‍റെയും അപർണയുടെയും വിവാഹം കഴിഞ്ഞിട്ടിപ്പോൾ രണ്ടുവർഷം ആയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഞാൻ ഒരു മുത്തശ്ശി ആവാൻ പോവുകയാണെന്ന വാർത്ത അറിഞ്ഞത്. എനിക്ക് സന്തോഷമടക്കാൻ ആയില്ല. അപർണയോടുള്ള എന്‍റെ സ്നേഹവും കരുതലും അതോടെ ഇരട്ടിച്ചു.

അവർ രണ്ടുപേരും എന്‍റെ അടുത്തു വരാൻ പോവുകയാണ്. എല്ലാം നല്ല ഭംഗിയായി സന്തോഷത്തോടെ കടന്നുപോകുന്നതിനിടെയാണ് ജ്യോതിയുടെ വരവ്. അതും വിനീത് എഴുതിയ പ്രണയലേഖനങ്ങളുമായി. ഈ പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്? ബ്ലാക്ക് മെയിലിംഗ് ആണോ? ഈ കത്തെല്ലാം ഫോട്ടോ കോപ്പി എടുത്ത് അവൾ സൂക്ഷിച്ചിട്ടുണ്ടാവുമോ? വിനീത് വിവാഹിതനായ വിവരം അറിഞ്ഞ സ്ഥിതിക്ക് അവൾക്കത് കത്തിച്ചു കളയാമായിരുന്നില്ലേ? അല്ലെങ്കിൽ വിനീതിനു തന്നെ അത് മടക്കി കൊടുക്കാമായിരുന്നു. പക്ഷേ അപർണയുള്ളപ്പോൾ അവൾ അത് ചെയ്യുമോ? യഥാർത്ഥത്തിൽ അവൾ എന്താണ് ഉദ്ദേശിക്കുന്നത്. അതോ ഞാനിക്കാര്യത്തിൽ നിഷ്കളങ്കയാണ്. നിങ്ങളുടെ മകനാണ് എന്നെ സ്നേഹിച്ചിരുന്നത്. കത്തെഴുതിയിരിക്കുന്നത് എന്ന് സ്ഥാപിച്ചെടുക്കാനുള്ള അടവാണോ അവളുടേത്.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ… എന്നെ കൂടുതൽ അസ്വസ്ഥയാക്കി കൊണ്ടിരുന്നു. ഈ കത്തെല്ലാം എടുത്ത് കത്തിച്ചു കളഞ്ഞാലോ എന്ന് തോന്നി പോകുന്നുണ്ട്.

ഇനി ഇതിൽ എന്തെങ്കിലും സത്യമുണ്ടെന്ന് ഇരിക്കട്ടെ അവൻ പിന്നെ എന്തിനാ അവളെ ഉപേക്ഷിച്ചത്. എന്‍റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ ഇനി വിനീതിനെ കഴിയൂ. ഫോണിലൂടെ വിളിച്ചു ചോദിക്കുന്നത് ഉചിതമല്ല. അതുകൊണ്ട് അവൻ വരുന്നതുവരെ കാത്തിരിക്കാനേ നിർവാഹമുള്ളൂ.

വിനീത് വന്നെങ്കിലും കത്ത് കാണിക്കാനോ അതേപടി സംസാരിക്കാനോ അവസരം ഒത്തു വന്നില്ല. അവന് മടങ്ങി പോകാനുള്ള ദിവസം അടുത്തുകൊണ്ടിരുന്നു. മരുമകൾക്കായി സാരിയും മറ്റും വാങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഞാൻ വിനീതിനോട് പറഞ്ഞു. അവൻ കൈമലർത്തി.

അമ്മേ, ഈ ജോലി മാത്രം എന്നോട് പറയരുത്. നിങ്ങൾ രണ്ടുപേരും കൂടി അങ്ങ് പോയാൽ മതി. ഞാൻ അപ്പോഴേക്കും ചില ജോലികൾ ചെയ്തു തീർക്കട്ടെ.

എനിക്ക് അവന്‍റെ സംസാരം അത്ര രസിച്ചില്ല. മടങ്ങും വഴി ഇടയ്ക്കുവെച്ച് വണ്ടി നിർത്താൻ അപർണയോട് ആവശ്യപ്പെട്ടു. എന്നെ ഇവിടെ ഇറക്കിയേക്കൂ. ഞാൻ റിക്ഷ പിടിച്ച് വീട്ടിൽ പൊയ്ക്കൊള്ളാം. വീട്ടിൽ ചെന്നിട്ട് ഭക്ഷണമൊക്കെ തയ്യാറാക്കേണ്ടതുണ്ട്. ആ കമല വേണ്ടവണ്ണം ഒന്നും ചെയ്യില്ല. എല്ലാറ്റിനും എന്‍റെ കൈച്ചെല്ലണം.

നീ അപ്പോഴേക്കും ആവശ്യമുള്ള സാധനങ്ങളും വാങ്ങി വീട്ടിൽ വന്നോ. അവളെ കുറച്ച് നേരത്തെക്കെങ്കിലും ഒഴിവാക്കാൻ ഞാൻ മനപ്പൂർവം കണ്ടെത്തിയ സൂത്രം ആയിരുന്നു അത്.

അപർണ എന്നെ വഴിയിൽ ഇറക്കിയ ശേഷം കാറും ഓടിച്ചു പോയി. ഞാൻ ആദ്യം കണ്ട ഓട്ടോയും പിടിച്ച് തിരക്കിട്ട് വീട്ടിലെത്തി. ഞാൻ തനിച്ച് വന്നത് കണ്ട് വിനീത് പരിഭ്രമിച്ചു പോയി.

അമ്മ എന്താ തനിച്ചു വന്നത്? അവൾ എവിടെ?

അവൾ വരുന്നുണ്ട്. അവൾക്ക് കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ട്. അതുകൊണ്ട് ഞാൻ നേരത്തെ ഇങ്ങ് പോന്നു. എനിക്ക് നിന്നോട് തനിച്ച് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. കത്തുകൾ എടുത്ത് വിനീതിന് മുന്നിൽ വച്ചു.

കത്ത് കണ്ടു വിനീതിന്‍റെ മുഖം വാടി.

ഇതെങ്ങനെ അമ്മയുടെ കയ്യിൽ എത്തി? അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

അത് ഊഹിക്കാമല്ലോ. ജ്യോതി തന്നിട്ട് പോയതാ. നീ അവളെ ഏറെ സ്നേഹിച്ചിരുന്നു അല്ലേ. നിനക്ക് അവളെ പ്രേമിക്കാനുള്ള ധൈര്യമേ ഉണ്ടായിരുന്നുള്ളൂ. എന്നോട് എന്താ ഇക്കാര്യം പറയാതിരുന്നത്?

അതല്ല അമ്മാ, ഞാൻ അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതാ…

പിന്നെന്താ? എന്‍റെ നെഞ്ചിടിപ്പിന്‍റെ വേഗത കൂടി. ഇനി ഞാൻ അവളെ താക്കീത് ചെയ്ത വിവരം ജ്യോതി എങ്ങാനും വിനീതിനോട് പറഞ്ഞു കാണുമോ? ഇക്കാര്യത്തിൽ അവൾ മാത്രമല്ല എന്‍റെ മകനും തുല്യപങ്കാളിത്തം ഉണ്ടെന്ന സത്യം ഞാൻ അപ്പോൾ മനസ്സിലാക്കിയിരുന്നില്ലല്ലോ.

അമ്മേ, അമ്മയ്ക്ക് ജ്യോതിയെ പറ്റിയുള്ള അഭിപ്രായം എന്തായിരുന്നു? വിനീത് അപ്പോഴേക്കും സമനില വീണ്ടെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ ഈ അഗ്നി പരീക്ഷയെ തരണം ചെയ്യേണ്ടത് ഇനി ഞാനാണ്.

എന്താ അതിനർത്ഥം? ആവശ്യമില്ലാത്ത കാര്യം എന്തിനാ ചോദിക്കുന്നത്? എനിക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.

ഛെ, അമ്മ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാൻ തുടക്കം മുതലുള്ള കാര്യങ്ങൾ പറയാം. എനിക്ക് അവളെ ഇഷ്ടമായിരുന്നു. പക്ഷേ, അവൾ എന്നെക്കുറിച്ച് എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവൾക്ക് കത്തെഴുതി. പക്ഷേ ഒന്നിനും അവൾ മറുപടി എഴുതിയില്ല. അവളുടെ മനസ്സിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു. അതെനിക്ക് അറിയാമായിരുന്നു. പക്ഷേ എന്താണെന്ന് അറിയില്ല അവളെന്നെ ഭയപ്പെട്ടിരുന്നു. പിന്നീട് ഞാനത് മനസ്സിലാക്കി. എന്‍റെ അമ്മയെ അല്ല പ്രിൻസിപ്പാളിനോടുള്ള ഭയമായിരുന്നു അത്. അതുകൊണ്ട് പ്രിൻസിപ്പാളിന്‍റെ മകനെ സ്നേഹിക്കാനുള്ള ധൈര്യം കാട്ടാൻ അവൾക്കായില്ല.

ഞാൻ അവളെ കണ്ട് ഇതേക്കുറിച്ച് ധാരാളം തവണ സംസാരിച്ചതാണ്. ഒരു ജോലി കിട്ടിയ ശേഷം നമുക്ക് വിവാഹിതരാകാം എന്നൊക്കെ ഞാൻ അവളോട് പറഞ്ഞതാണ്. അത് കേട്ട് അവൾ എല്ലാ കാര്യവും സമ്മതിച്ചതാണ്. പക്ഷേ, പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. അവളെ കാണാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. എതിരെ വരുന്നത് കണ്ട് കഴിഞ്ഞാൽ ഉടനെ ഒഴിഞ്ഞുമാറി കളയും. ഒടുവിൽ ഞാൻ അവളെ കയ്യോടെ പിടികൂടി.

അവൾ എനിക്കെതിരായി എല്ലാകാര്യവും മകനോട് പറഞ്ഞിരിക്കുമോ എന്ന ഭീതിയിൽ ഞാൻ അവന്‍റെ മുഖത്തേക്ക് നോക്കി അക്ഷമയോടെ പറഞ്ഞു.

വേഗം പറ, അപർണ ഇങ്ങെത്തും. എന്‍റെ നെഞ്ചിടിപ്പിന്‍റെ വേഗം കൂടി.

അപർണയ്ക്ക് ജ്യോതിയെ പറ്റി അറിയാം. ഞാനെല്ലാം അവളോട് പറഞ്ഞിട്ടുണ്ട്. ഈ കത്തുകൾ ഒഴിച്ചുള്ള കാര്യങ്ങളെപ്പറ്റി. വിനീത് മുഖംതാഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

എന്തിന്? നീ എന്തിനാ ഇതൊക്കെ അവളോട് വിളമ്പിയത്! എനിക്ക് വിനീതിനോട് ദേഷ്യം തോന്നി. ഒന്നിനു പുറകെ ഓരോ പ്രശ്നങ്ങൾ കടന്നു വരികയാണോ?

ആവശ്യമുണ്ടായിരുന്നു അമ്മേ, അതുകൊണ്ടാ പറഞ്ഞത്.

ഇവനെന്താ വട്ടുണ്ടോ എന്ന് എനിക്ക് തോന്നിപ്പോയി.

ആദ്യം ഞാൻ പറയുന്നത് അമ്മ കേൾക്ക്. അമ്മയ്ക്ക് കാര്യം മനസ്സിലാവും. എന്നെ വിവാഹം ചെയ്യാൻ ആവില്ലെന്ന് അവളാണ് പറഞ്ഞത്. കാർ ആക്സിഡന്റിൽ പെട്ട അവളുടെ അച്ഛനും അമ്മയും മരിച്ചുവെന്നും ആ അത്യാഹിതത്തിൽ അവൾക്ക് അമ്മയാവാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്നും. അതുകൊണ്ട് അവൾക്ക് ആരെയും വിവാഹം ചെയ്യാൻ ആവില്ലെന്ന്. അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. അവളി രഹസ്യം വളരെ വൈകിയാണ് പറഞ്ഞത്. വിവാഹശേഷമാണ് ഇതറിഞ്ഞതെങ്കിലോ? എങ്കിലും എന്‍റെ മനസ്സ് മറ്റൊരു വഴിക്കാണ് സഞ്ചരിച്ചത്. ഇനി അവളെന്നെ പരീക്ഷിക്കാൻ വേണ്ടി ആവുമോ? അങ്ങനെ പറഞ്ഞിരിക്കുക. ആദ്യമേ അത് പറയാതിരുന്നതിൽ അവൾക്ക് പശ്ചാത്താപം ഉണ്ടായിരുന്നു അത്രേ. അവൾ മടങ്ങി പോകാൻ ഒരുങ്ങവേ ഞാൻ അവളെ തടഞ്ഞു. അവളെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും കുഞ്ഞുങ്ങളെ ദത്തെടുക്കാം എന്നും ഒക്കെ പറഞ്ഞു നോക്കി.

ഞാൻ വിനീതിനെ വിചിത്ര ജീവിയെ പോലെ നോക്കിയിരുന്നു. ഈ സമയം അവനോട് ദേഷ്യം പ്രകടിപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല എന്ന് തോന്നി. കാരണം അവൻ ജോലിയെ കുറിച്ചുള്ള ഓർമ്മകളിൽ സ്വയം മറന്നിരിക്കുകയായിരുന്നു.

അവൾ ഒടുവിൽ പറഞ്ഞത് എന്താണെന്ന് അറിയാമോ അമ്മേ. വൈകാരികമായ തീരുമാനം കൊണ്ട് എന്‍റെയോ അവളുടെയോ ജീവിതം നശിപ്പിക്കാൻ അവൾക്ക് ആഗ്രഹമില്ലെന്ന്. എന്നെ വിവാഹം ചെയ്തതുകൊണ്ട് നാളെ അവൾ അമ്മയുടെയും മറ്റുള്ളവരുടെയും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരും പോലും. ആ സമയം ഞാൻ അവളെ അവഹേളിക്കുകയോ സഹതാപത്തോടെ നോക്കുകയോ ചെയ്യും. ഇത് രണ്ടും അവൾക്ക് സഹിക്കാൻ ആവില്ല.

അന്നെനിക്ക് അമ്മയോടും ദേഷ്യം തോന്നിയിരുന്നു. അമ്മ പ്രിൻസിപ്പാൾ ആയതുകൊണ്ടാവും അവൾ ഈ ബന്ധത്തിൽ നിന്ന് പിന്മാറുന്നതെന്ന് എനിക്ക് തോന്നി. ഇപ്പോൾ അവൾ ചെയ്തതാണ് ശരി എന്ന് എനിക്ക് തോന്നുന്നു. സ്നേഹം എന്നത് പരിശുദ്ധമാണ്. അതിൽ കലർപ്പും കാലുഷ്യവും ഉണ്ടായാൽ പിന്നെയാ ബന്ധം നിലനിൽക്കില്ല. അതുകൊണ്ട് അവൾ ഉപരിപഠനത്തിനായി അമേരിക്കയിൽ പോയി. അതോടെ ഞങ്ങൾ തമ്മിലുള്ള കോൺടാക്ട് കുറഞ്ഞു.

കുറച്ചു മാസങ്ങൾക്കു മുമ്പ് ഞാൻ അവളെ യാദൃശ്ചികമായി കാണാനിടയായി. പൂനയിലെ ഒരു ഐടി കമ്പനിയിൽ എച്ച്ആർ മാനേജർ ആണ് അവൾ ഇപ്പോൾ. ഒരു മീറ്റിങ്ങിന് പോയപ്പോഴാണ് ഞാൻ അവളെ കണ്ടത്. അന്ന് ഞങ്ങൾ കുറെ സംസാരിച്ചു. ഒരുമിച്ച് ലഞ്ചും കഴിച്ചു. അവൾ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല.

അപർണയുടെ സഹോദരനുവേണ്ടി അവളെ ആലോചിച്ചാലോ എന്ന് എനിക്ക് തോന്നി. അജിയേട്ടന്‍റെ ഭാര്യ മരിച്ചിട്ട് മൂന്നുവർഷമായില്ലേ. നല്ല കുടുംബം. അജിയേട്ടന്‍റെ സ്വഭാവവും തരക്കേടില്ല. നല്ല വിവാഹാലോചനകൾ വരുന്നുണ്ടെങ്കിലും നയനമോളേ ഓർത്ത് അതെല്ലാം ഉപേക്ഷിക്കുകയാണ് അജിയേട്ടൻ. വരുന്ന പെണ്ണ് കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ടില്ലെങ്കിലോ എന്നാണ് അജിയേട്ടന്‍റെ പേടി. മാത്രമല്ല സ്വന്തമായി ഒരു കുഞ്ഞുണ്ടായാൽ നയന മോളെ അവൾ അവഗണിക്കില്ലേ. ജ്യോതിയാണെങ്കിൽ അജിയേട്ടന് എന്തുകൊണ്ടും ചേരും.

നീ കാര്യം ജ്യോതിയോട് പറഞ്ഞോ?

പറഞ്ഞു. വിനീത് തലയാട്ടി.

എന്നിട്ട് അവൾ എന്താ പറഞ്ഞത്? ഞാൻ ആകാംക്ഷയോടെ വിനീതിനെ നോക്കി.

ഞാൻ വിചാരിക്കുന്നത് പോലെ അത്ര പെട്ടെന്ന് വഴങ്ങുന്നവളല്ല അവൾ. അവളുടെ വ്യക്തിപരമായ ജീവിതത്തിൽ കൈകടത്തുന്നത് എന്തിനാണെന്ന് പറഞ്ഞ് അവൾ എന്നോട് ദേഷ്യപ്പെട്ടു.

ഞാൻ ആവുന്നതും പറഞ്ഞു നോക്കി. വയസ്സായാൽ നീ തനിച്ചാകില്ലേ എന്നൊക്കെ. കുറച്ചു കഴിഞ്ഞപ്പോൾ ആലോചിച്ചിട്ട് മറുപടി പറയാം എന്ന് അവൾ പറഞ്ഞു. അവൾ ഭൂതകാലം മറന്ന് പുതിയൊരു ജീവിതം ആരംഭിക്കാൻ ആയിട്ടാവും ഈ കത്തുകൾ മടക്കി തന്നത് എന്ന് തോന്നുന്നു. പക്ഷേ, അത് അവൾ അമ്മയെ എന്തിനാണ് ഏൽപ്പിച്ചത് എന്ന് മനസ്സിലാവാത്തത്.

ഓ നീ അത് വിട്ടുകള, ഞാൻ കത്തുകൾ എല്ലാം എടുത്ത് എത്രയും പെട്ടെന്ന് ആ ചർച്ച അവസാനിപ്പിക്കാൻ ആഗ്രഹിച്ചു, ഇനിയാ പ്രശ്നം ചർച്ച നടത്തി രൂക്ഷമാക്കേണ്ടെന്നു കരുതി പറഞ്ഞു. ഞാൻ ഈ കത്തുകൾ കത്തിച്ചുകളയാൻ പോവുകയാ, അവൾ ഇനി ഒരു പുതിയ ജീവിതം തുടങ്ങട്ടെ.

അതേ അമ്മേ, വിനീതിന്‍റെ മുഖം പ്രസന്നമായി. അവൻ മുന്നിൽ വച്ചിരുന്ന കത്തുകളിൽ വലിയ താല്പര്യം കാട്ടിയില്ല. കുറച്ചുകഴിഞ്ഞ് അപർണ മടങ്ങി എത്തി.

വിനീതും അപർണയും തിരികെ മുംബൈയിലേക്ക് മടങ്ങി. കത്തിച്ചു കളയാനായി ജ്യോതിയുടെ കത്തുകൾ ഞാൻ അലമാരയിൽ നിന്നും പുറത്തെടുത്തു. അവൾ എന്തുകൊണ്ടാണ് ഈ കത്തുകൾ എന്നെ തന്നെ ഏൽപ്പിച്ചത് എന്ന് എനിക്ക് മനസ്സിലായി. ഒരിക്കൽ ഞാൻ അവളെ താക്കീത് ചെയ്തിരുന്നു. കോളേജിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞിരുന്നു. ഒരുപക്ഷേ അത് അവളിൽ ഭയം നിറച്ചിട്ടുണ്ടാവണം. ആ അപമാനം വർഷങ്ങളോളം അവളെ അലട്ടിയിരിക്കണം. സ്വന്തം നിഷ്കളങ്കത തെളിയിക്കാനാവണം വർഷങ്ങൾ കഴിഞ്ഞിട്ടും അവൾ ഇവിടെ വന്നത്. എന്‍റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടി കഴിഞ്ഞിരിക്കുന്നു.

മെഴുകുതിരി നാളത്തിൽ നിന്നും പടർന്നതീയിൽ കത്തുകൾ എരിഞ്ഞടങ്ങി കൊണ്ടിരുന്നു. ഒരു കുഞ്ഞു തേങ്ങൽ പോലെ അക്ഷരങ്ങൾ തെളിഞ്ഞൊരുണ്ടു കൂടി. പക്ഷേ എന്‍റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. എന്നെ നാണം കെടുത്താൻ ആയിരുന്നോ ഈ പെൺകുട്ടിയുടെ വരവ്. പക്ഷേ, തെറ്റുകാരി നീയാണ് ജ്യോതി വർമ്മ.

അപൂർണ്ണയായിട്ടും നീ എങ്ങനെ എന്‍റെ മകനെ സ്നേഹിക്കാനുള്ള ധൈര്യം കാട്ടി? ഈ കത്തുകൾ നീ ഇത്രയും കാലം സൂക്ഷിച്ചു വെച്ചത് നിനക്കെന്‍റെ മകനോട് സ്നേഹമില്ലാഞ്ഞിട്ടല്ലല്ലോ. ഞാൻ വിജയിയുടെ ഭാവത്തോടെ കത്തുകൾ എരിഞ്ഞടങ്ങുന്ന തീയിലേക്ക് നോക്കി. ഏറ്റവും ഒടുവിലായി തീയിലേക്ക് ഇടാനായി എടുത്ത ഒരു കത്ത് എനിക്ക് വിചിത്രമായി തോന്നി. മറ്റ് കവറുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ഒന്ന്. ഞാനത് തീയിലേക്ക് ഇടാനായി നീട്ടിയെങ്കിലും കവറിന് പുറത്ത് എഴുതിയിരിക്കുന്ന പേര് കണ്ടു ഞെട്ടിപ്പോയി. അത് എന്‍റെ പേരിലുള്ള കത്ത് ആയിരുന്നു. പെട്ടെന്ന് ഞാൻ തീ അണച്ചു. വിറയാർന്ന കൈകളോടെ കവറിനകത്ത് നിന്നും കത്ത് പുറത്തെടുത്തു. കത്ത് എനിക്കുള്ളത് തന്നെ.

ഡിയർ മാഡം,

കാലം എല്ലാ വേദനകളെയും മായ്ക്കും എന്നാണല്ലോ പറയാറ്. പക്ഷേ, എന്നെ സംബന്ധിച്ച് അത് ശരിയല്ല. നിങ്ങൾ വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയ എന്‍റെ മനസ്സിന്‍റെ വിങ്ങൽ അതേപടി തന്നെയുണ്ട്.

ശരിയാണ്, എന്‍റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്. മാഡം, സ്വന്തം മകനോട് ഇതേപ്പറ്റി ചോദിക്കാതെ എന്നെ കുറ്റപ്പെടുത്തുകയായിരുന്നില്ലേ? അതുവരെ നിങ്ങളോട് ഉണ്ടായിരുന്ന ആദരവാണ് വീണുടഞ്ഞത്. പ്രിൻസിപ്പാളിന്‍റെ കസേരയിൽ മുൻവിധികളുള്ള ഒരമ്മ സംസാരിക്കുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയി. പിറ്റേദിവസം തന്നെ കത്തുകൾ കൊണ്ടുവന്ന് കാണിക്കാമായിരുന്നു. പക്ഷേ, അതുകൊണ്ട് എന്ത് പ്രയോജനം. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കില്ലല്ലോ? നിങ്ങൾ എനിക്ക് ഒരവസരം പോലും തന്നില്ല. എന്നെ ചാരിത്ര്യമില്ലാത്തവളായി മുദ്ര കുത്തുകയായിരുന്നു. ഇക്കാര്യം വിനീതിനോട് പറഞ്ഞാൽ അവൻ നിങ്ങൾക്കെതിരെ ശബ്ദമുയർത്തും. ഒരച്ഛന്‍റെയും അമ്മയുടെയും സ്നേഹ വാത്സല്യങ്ങൾക്കായി കൊതിക്കുന്ന അനാഥയായ ഞാനൊരിക്കലും മറ്റൊരു അമ്മയ്ക്കും മകനും ഇടയിൽ വിലങ്ങ് തടിയാവില്ല. സ്നേഹം ഇനിയും കിട്ടും. പക്ഷേ ഒരു അമ്മയെ കിട്ടില്ലല്ലോ. അതുകൊണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു കള്ളം പറഞ്ഞ് വിനുവിൽ നിന്നും ഞാൻ അകന്നു മാറുകയായിരുന്നു.

എന്‍റെ കൈകൾ വിറയാർന്നു. കണ്ണുകൾ അക്ഷരങ്ങളിലേക്ക് ചേർത്തുപിടിക്കാൻ ഞാൻ പാടുപെട്ടു. വിനുവിന് നല്ലൊരു ഭാര്യയെ കിട്ടി അമ്മയും ഉണ്ട്. പക്ഷേ എനിക്കൊന്നുമില്ല. എന്‍റെ അക്കൗണ്ട് എപ്പോഴും സീറോ ബാലൻസ് ആണ്. സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ ആരുമില്ലാത്ത….

അതുകൊണ്ടാണ് ഞാൻ അമേരിക്കയ്ക്ക് പോയതും വാശിയോടെ പഠിച്ചതും. എല്ലാം മറക്കാൻ ഒരു ഒളിച്ചോട്ടം. എനിക്കിപ്പോൾ നല്ല ജോലിയുണ്ട് നല്ല ബാങ്ക് ബാലൻസ് ഉണ്ട്. എന്നാലും എന്തോ ഒരു ശൂന്യത. ഒരു ആശ്വാസത്തിന് വേണ്ടിയാണ് നാട്ടിലേക്ക് മടങ്ങിയത്.

പക്ഷേ, ആ തീരുമാനം തെറ്റായിപ്പോയി. ഒരു സുഹൃത്ത് എന്ന നിലയിൽ വിനുവിന്‍റെ ആവശ്യം എനിക്ക് നിറവേറ്റാൻ ആകില്ല. എനിക്ക് വിനുവിനോട് ഒരിക്കലും സത്യം പറയാനും കഴിയില്ല. അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ എല്ലാം ജീവിതത്തിൽ വന്നതിനും നിങ്ങൾക്ക് വേദന പകർന്നതിനും മാപ്പ് പറയട്ടെ.

സ്നേഹപൂർവ്വം,

ജ്യോതി വർമ്മ.

അനാഥത്വം കോറിയിട്ട വിഷാദം പോലെ അവളുടെ മുഖം എന്നെ അലട്ടിക്കൊണ്ടിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें