ജയദേവൻ പതിയെ കണ്ണുകൾ തുറന്നു നോക്കി. അവൾ നീണ്ടു നിവർന്നു മുന്നിൽ കിടക്കുന്നു. ആംബുലൻസ് ഒരോ തവണ കുലുങ്ങി ചാടുമ്പോഴും രക്തത്തിന്‍റെ നേർത്ത പാട അവളുടെ തലയോട്ടിക്ക് ചുറ്റും പരക്കുന്നു. തുറന്നടച്ച തലയോട്ടിയുടെ പ്രതിഷേധം. ജയദേവൻ അരുമയോടെ അവളുടെ നെറ്റിത്തടത്തിൽ തലോടി. കൈകളിൽ നേരിയ നനവ്. രക്തത്തിന്‍റെ ഗന്ധം.
ഒരു അണ്ണാൻ കുഞ്ഞിനെ പോലെ, വീതി കുറഞ്ഞ ഗോവണിപ്പടികളിലൂടെ കൈയിൽ തുണികൾ നിറച്ച ബക്കറ്റുമായി അവൾ കയറുന്നത് ജയദേവൻ കണ്ടതാണ്. അതൊരു അപകടം പിടിച്ച കയറ്റം ആണെന്ന് ഓർത്തതുമാണ്. ജയദേവന്‍റെ ശ്രദ്ധ പാറിപ്പതറിയ ഒരു നിമിഷം, അത് അവിടെ വെച്ചേക്ക് ഞാൻ ചെയ്തോളാം. എന്നാൽ വാക്കുകൾ മറന്നു വച്ച നിമിഷം ഒരു കിളി കുഞ്ഞിനെ പോലെ അവൾ പാറിപ്പാറി താഴേക്ക് വന്നു.
എന്താണ് നടന്നതെന്ന് ജയദേവന് മനസ്സിലാവും മുന്നേ നേർത്ത ശരീരം വിറച്ച് വെള്ളിക്കമ്പികൾ പാകിയ തല രക്താഭമായി. താണസ്ഥായിയിൽ ഏട്ടാ എന്നൊന്ന് വിളിച്ച് അവൾ കണ്ണുകൾ ഇറുകെ അടച്ചു കളഞ്ഞു. കണ്ണടയ്ക്കും മുന്നേ ഇനി ഈ ജന്മത്ത് മറ്റു കാഴ്ചകൾ ആവശ്യമില്ലെന്ന് മട്ടിൽ അവൾ ജയദേവനെ മിഴികളിലേക്ക് ആവാഹിച്ചു കളഞ്ഞു.
മടക്കമില്ലാത്ത ഒരു യാത്രയുടെ യാത്രാമൊഴി ഇത്ര നിസ്സാരവും ലളിതവുമായത് എങ്ങനെയെന്നു മാത്രം ജയദേവൻ അറിയുന്നില്ല. അവൾ തന്നോട് എന്തോ തെറ്റ് ചെയ്തു എന്ന കേറുവ് വിട്ടുമാറാത്ത മുഖത്തോടെ ജയദേവൻ തലതാഴ്ത്തിയിരുന്നു.
ആശുപത്രിയിൽ കിടന്ന മൂന്നു ദിവസവും അവൾ തിരിച്ചു വരുമെന്ന് തന്നെ ജയദേവൻ മോഹിച്ചു. ജന്മങ്ങളുടെ നേർത്ത നൂൽപ്പാലത്തിൽ ശരറാന്തലുകൾ മുനിഞ്ഞു കത്തി. അവൾക്ക് മറു ജന്മത്തിന്‍റെ ദിശ കാണിച്ചു കൊണ്ടേയിരുന്നിട്ടും ജയദേവന്‍റെ അസഹ്യമായ പിൻവിളി അവളെ പിന്തിരിപ്പിച്ചു കൊണ്ടേയിരുന്നു. പതിവുപോലെ ജയദേവന്‍റെ ശ്രദ്ധ പതറിയ ഒരു നിമിഷം അവൾ സാവധാനം നടന്നു കളഞ്ഞു.
ആംബുലൻസ് പതിയെ നിന്നു. മകൻ നീട്ടി പിടിച്ച കൈകളിൽ പിടിച്ച് ജയദേവൻ പുറത്തിറങ്ങി. കൽക്കട്ടയിലെ താരയുടെ ശ്മശാനത്തിൽ അവൾ ഒരിക്കൽ വന്നിട്ടുണ്ട്. ഈ ശ്മശാനത്തെയും കാളി ക്ഷേത്രത്തെയും അവൾ ഭയക്കുകയും വെറുക്കുകയും ചെയ്തു. ഏറ്റവും വെറുത്തിടത്തു തന്നെ അവളെ അന്ത്യവിശ്രമത്തിന് എത്തിച്ചതിന്‍റെ കുറ്റബോധത്തിൽ ജയദേവന്‍റെ തല ഒന്നുകൂടി താഴ്ന്നു.
ജയദേവന്‍റെ കൂടെ അഞ്ച് പതിറ്റാണ്ട് കൽക്കട്ടയിൽ താമസിച്ചിട്ടും അവളുടെ മനസ്സിൽ എപ്പോഴും തറവാട്ടു കുളവും പൂപ്പൽ പിടിച്ച ഉരുളൻ തൂണുകളും ഇരുളും വെളിച്ചവും ചാലിട്ട തണുത്ത മുറികളും ക്ലാവു പിടിച്ചു കിടന്നു. ചാറ്റൽ മഴ നനഞ്ഞ് ചിതറി വീഴുന്ന പവിഴമല്ലി പൂക്കൾക്കരികെ, പാതിരാ കാറ്റ് തലോടുന്ന കല്ലറയിൽ അന്തിത്തിരി വയ്ക്കാൻ വരുന്ന പ്രിയപ്പെട്ടവരുടെ പദസ്വനം കേട്ട് കിടക്കാൻ ആഗ്രഹിച്ചവൾ.
നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജയദേവൻ ആവുന്നത്ര കൊഞ്ചിയതാണ്. താരയുടെ ശ്മശാനവും ഗംഗ മാതാവും കൽക്കട്ടയിൽ ഉണ്ട്. പിന്നെ ഞാനും അച്ഛനും. ഇതിൽ കൂടുതൽ അമ്മയ്ക്ക് എന്താണ് വേണ്ടത്? മകൻ ചോദിച്ചു. ജയദേവൻ നിശബ്ദനായി.