ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിയെഴുതിയ ചിത്രമായിരുന്നു രൺവീർ സിങ് നായകനായ “ധുരന്ധർ". ഹംസ അലി മസാരിയായി രൺവീർ തിളങ്ങിയപ്പോൾ, യെലീന ജമാൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സാറ അർജുനായിരുന്നു. ചിത്രത്തിന്‍റെ വിജയത്തിനൊപ്പം സാറയുടെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പ്രേക്ഷകർക്ക് മുന്നിലുണ്ട് സാറ അർജുൻ. ബാലതാരമായി തുടങ്ങി, ഇന്ന് 21-ാം വയസ്സിൽ അനുഭവസമ്പത്തിന്‍റെ പക്വതയോടെ നായികയായി മുന്നേറുകയാണ് അവർ. “ധുരന്ധർ” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ പുതിയൊരു സ്ഥാനം നേടിയ സാറ തന്‍റെ കരിയറിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് ഇപ്പോൾ ആസ്വദിക്കുന്നത്.
ബാല്യം മുതൽ ക്യാമറകളുടെ ലോകത്ത്
വളരെ ചെറുപ്പത്തിൽ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയ സാറ നൂറു കണക്കിന് പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ക്ലിനിക് പ്ലസ് ഷാംപുവിന്‍റെ പരസ്യങ്ങളിലെ ആ കൊച്ചു മുഖം ഇന്നും പലർക്കും പരിചിതമാണ്. തമിഴിലെ “ദൈവ തിരുമകൾ" എന്ന ചിത്രത്തിൽ വിക്രമിന്‍റെ മകളായി അഭിനയിച്ച സാറയുടെ നിഷ്കളങ്കമായ പ്രകടനം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അത്രയും ചെറുപ്പത്തിൽ തന്നെ ഇത്ര സ്വാഭാവികമായി അഭിനയിക്കാൻ കഴിയുന്ന ബാലതാരങ്ങൾ അപൂർവമാണെന്ന് നിരൂപകരും അഭിപ്രായപ്പെട്ടു. തുടർന്ന് ഏക് തി ദായാൻ, ജയ് ഹോ, സാൻഡ് കി ആങ്ക് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തു. മലയാളത്തിൽ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടേയും മനസ്സിൽ ഇടം നേടി.
പ്രതിഭയ്ക്ക് പ്ലാൻ ബി ഇല്ല
ഒരു ബാലതാരമായിരുന്ന കാലം മുതൽ അഭിനയം തന്നെയാണ് തന്‍റെ ജീവിതത്തിലെ ഏക ലക്ഷ്യമെന്ന് സാറ പറയുന്നു. പ്രൊഫഷണൽ സമ്മർദ്ദത്തെ ഒരു ഭാരമായി കാണാതെ ഉത്തരവാദിത്വത്തിന്‍റെ അടയാളമായാണ് അവർ സ്വീകരിക്കുന്നത്.
സാറയുടെ വലിയ ശക്തി അവരുടെ അനായാസമായ അഭിനയമാണ്. അമിതാഭിനയമില്ലാത്ത, കഥാപാത്രത്തോട് പൂർണമായി ചേർന്ന് നിൽക്കുന്ന പ്രകടനം തന്നെയാണ് അവരെ വ്യത്യസ്തയാക്കിയത്. അതുകൊണ്ട് തന്നെ സാറയെ ആളുകൾ ഒരു സുന്ദരിയായ പെൺകുട്ടിയായല്ല കഴിവുറ്റ ഒരു കലാകാരിയായാണ് കാണുന്നത്. ബാലതാരങ്ങളിൽ പലരും പിന്നീട് നായികമാരായി വിജയിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സാറയ്ക്കും വെല്ലുവിളികൾ ഉണ്ടായിരുന്നു. ശക്തമായ പശ്ചാത്തലമുള്ള പുതിയ താരങ്ങളും വലിയ പിആർ സംവിധാനങ്ങളുമുള്ള മത്സരലോകത്താണ് അവർ മുന്നേറിയത്. എന്നാൽ ധുരന്ധർ തുടർന്ന് ധുരന്ധർ 2 എന്നിവയിലൂടെ സാറ വീണ്ടും ശ്രദ്ധാകേന്ദ്രമായി. ചിത്രത്തിലെ പ്രകടനത്തിനൊപ്പം തന്നേക്കാൾ ഇരട്ടി പ്രായമുള്ള രൺവീർ സിങുമായുള്ള പ്രണയരംഗങ്ങളും കെമിസ്ട്രിയും വലിയ ചർച്ചയായി. ഇതിനിടെ പുറത്തിങ്ങിയ തെലുങ്ക് ചിത്രം യൂഫോറിയയിലും നായികയായി എത്തിയ സാറയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സോഷ്യൽ മീഡിയ ബാധിക്കുന്നില്ല
യെലീന ജമാൽ എന്ന കഥാപാത്രത്തിലേക്കു തന്‍റെ പരിവർത്തനത്തി ന് സംവിധായകൻ ആദിത്യ ധറിന്‍റെ വ്യക്തമായ കാഴ്ച്ചപ്പാടാണ് സഹായിച്ചതെന്ന് സാറ പറയുന്നു. സെറ്റിൽ രൺവീർ സിങ്ങിന്‍റെ സമർപ്പണത്തെയും അവർ പ്രശംസിക്കുന്നു. രൺവീറുമായു ള്ള പ്രായവ്യത്യാസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായെങ്കിലും അത് തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് സാറ പറയുന്നു.





