ഇന്ത്യാസ് ബെസ്‌റ്റ് ഡാൻസേഴ്‌സിൽ വിധി കർത്താവ് ആയ ഗീത കപൂർ, ടെലിവിഷൻ പ്രേക്ഷകർക്ക് ചിരപരിചിതയാണ്. ഫറാ ഖാന്‍റെ ഗ്രൂപ്പിൽ പശ്ചാത്തല നർത്തകിയായി ജോലി ചെയ്യാൻ മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന ഒരു കാലമുണ്ടായിരുന്നു ഗീതയ്ക്ക്. 15 വയസ്സുള്ളപ്പോൾ ഒരുപാട് വേദികൾ സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ടുകൊണ്ട് ഗീത "കുച്ച് കുച്ച് ഹോ താ ഹേ", "കോയി മിൽഗയ" എന്നീ ചിത്രങ്ങളിൽ നൃത്തം ചെയ്തു. പിന്നീട് കാലംമാറി. അസിസ്‌റ്റന്‍റ് കൊറിയോഗ്രഫറിൽ നിന്ന് അവർ ഒരു മുഴുവൻ സമയ നൃത്തസംവിധായികയായി. "ഫിസ, അശോക, സാത്തിയ, ഹേ ബേബി, തേരേ നാൽ ലവ് ഹോ ഗയ" തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിറ്റുകൾ സൃഷ്‌ടിച്ചു. എന്നാൽ ടെലിവിഷനിൽ "ഡാൻസ് ഇന്ത്യ ഡാൻസ്" എന്ന പരിപാടിയിലെ ജഡ്‌ജയായപ്പോഴാണ് അവരുടെ യഥാർത്ഥ വ്യക്തിത്വം പുറത്തുവന്നത്. അവിടെ ഇരുന്നുകൊണ്ട് ഗീത കപൂർ എല്ലാവരുടേയും "ഗീത മാ” ആയി മാറി. വാത്സല്യത്തോടെയുള്ള ശാസനയും അകമഴിഞ്ഞ പ്രശംസയും കണ്ണീരിന്‍റെ പിന്തുണയും നൽകികൊണ്ട് റിയാലിറ്റി ഷോകളിൽ നിന്ന് നൃത്തത്തെ നമ്മുടെ ഡ്രോയിംഗ് റൂമിലെ വികാരമാക്കി മാറ്റി.
നൃത്തരംഗത്ത് 25 വർഷം പൂർത്തിയാക്കിയ ഗീതമായ്ക്ക് നൃത്തം ജീവിതരീതി കൂടിയാണ്. ക്യാമറയ്ക്ക് മുന്നിൽ അവർ ഒരു കർശനമായ വിധികർത്താവാണ്. പിന്നണിയിലെ പുതു മുഖങ്ങൾക്ക് വലിയൊരു പിന്തുണയും അവർ നൽകുന്നു.
"പ്രായം, രൂപം, പശ്ചാത്തലം എന്നിവയെ ആശ്രയിച്ചല്ല കഴിവ് നിശ്ചയിക്കേണ്ടത്, വേദി എല്ലാവരുടേതുമാണ്." അവർ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നൂറുകണക്കിന് നൃത്തസംവിധായകരേയും ആയിരക്കണക്കിന് നർത്തകരേയും അവർ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇന്നും റിഹേഴ്‌സൽ ഹാളിൽ ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവരാണ്. ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് മാതൃകയായ ഗീത കപൂർ ഒറ്റയ്ക്ക് പോരാടി സ്വന്തം ഇടം സൃഷ്ടിച്ച വ്യക്തിയാണ്.
ഗീത കപൂർ മുംബൈയിലാണ് ജനിച്ചത്. കൊളാബയിൽ താമസിച്ച അവർ അവിടെയാണ് കുട്ടിക്കാലം ചെലവഴിച്ചത്. 15 വയസ്സുള്ളപ്പോൾ മുതൽ ഗീത ജോലി അന്വേഷിക്കാൻ തുടങ്ങി. ചില സാഹചര്യങ്ങൾ കാരണം പഠനം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ ആഗ്രഹം പൂർത്തീകരിക്കാതെ പോയി. എന്നാൽ ഗീത ഇപ്പോഴും ധാരാളം വായിക്കുന്നു. അവരുടെ അമ്മ ഒരു അധ്യാപികയായിരുന്നു. അവളുടെ അച്ഛൻ ഗൾഫിൽ ജോലി ചെയ്തു. അദ്ദേഹം ഒരു എയർ ലൈനിന്‍റെ ഗ്രൗണ്ട് സ്‌റ്റാഫ് ആയിരുന്നു. 2008-ൽ ആണ് ഡാൻസ് ഇന്ത്യ ഡാൻസ് വിധികർത്താവാകാൻ ഗീത കപൂറിന് ക്ഷണം ലഭിച്ചത്. 17 വർഷമായി ക്ഷണങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
ഗീത കപൂറിന് ഗീത മാ എന്ന പേര് എങ്ങനെ ലഭിച്ചു?
ഗീതമാ എന്ന പേര് എനിക്ക് വളരെ വർഷങ്ങൾക്ക് മുമ്പാണ് ലഭിച്ചത്. ഡാൻസ് ഇന്ത്യ ഡാൻസ് എന്നൊരു ഷോ ചെയ്തപ്പോഴാണ് ഞാൻ അവരെ കണ്ടുമുട്ടിയത്. എന്‍റെ ടീമിൽ ധാരാളം ദക്ഷിണേന്ത്യക്കാർ ഉണ്ടായിരുന്നു. അവർ എന്നെ സ്നേഹപൂർവ്വം വിളിക്കുമായിരുന്നു. "സുഖമാണോ മാ?" യഥാർത്ഥത്തിൽ അതാണ് അവരുടെ രീതി. "ഡാൻസ് ഇന്ത്യ ഡാൻസ്" കാണാൻ വന്ന കുട്ടികൾ ബഹുമാനസൂചകമായി എനിക്ക് അമ്മയുടെ പദവി നൽകുന്നത് എനിക്കും മറ്റ് കുട്ടികൾക്കും ഇഷ്ടമായി. അങ്ങനെ എല്ലാവരും എന്നെ മാ എന്ന് വിളിക്കാൻ തുടങ്ങി. പിന്നെ ഒരിക്കൽ തമാശയായി എല്ലാവരും എന്നെ മാ എന്ന് വിളിക്കുന്നുവെന്ന് ഷോയിൽ പരാമർശിച്ചു. പക്ഷേ ആ തമാശ ഗൗരവമായി മാറി. പിന്നെ എപ്പോഴാണ് ഞാൻ മുഴുവൻ ഇന്ത്യയുടേയും അമ്മയായതെന്ന് എനിക്കറിയില്ല. ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല, പക്ഷേ പിന്നീട് ഈ പേരിനൊപ്പം ഒരു ഉത്തരവാദിത്തം കൂടി എന്‍റെ മേൽ വന്നിട്ടുണ്ടെന്നും ആ ഉത്തരവാദിത്തം നിറവേറ്റേണ്ടത് എന്‍റെ കടമയായി മാറിയെന്നും ഞാൻ മനസ്സിലാക്കി."





